Showing posts with label t k jose i a s. Show all posts
Showing posts with label t k jose i a s. Show all posts

19 Jul 2015

ഭാവിയുടെ വാഗ്ദാനങ്ങളായ ഉത്പന്നങ്ങളുണ്ടാവട്ടെ നാളികേര മേഖലയിൽ നിന്നും


ടി.കെ. ജോസ്‌ .ഐ . എ .എസ് 
ചെയർമാൻ , നാളികേര  വികസന  ബോർഡ്

സാന്ദർഭികമായാണ്‌ ഡൽഹിയിലെ ഒരു ഇടത്തരം സൂപ്പർമാർക്കറ്റിൽ, തായ്‌ലന്റിൽ നിന്ന്‌ ഇറക്കുമതി ചെയ്ത 60 ലേറെ നാളികേര ഉത്പന്നങ്ങൾ, കാണാനായത്‌. തേങ്ങാപ്പാലിൽ നിന്നു മാത്രം 20 തരം ഉത്പന്നങ്ങൾ അവിടെ കണ്ടു. സ്വാഭാവികമായും, ഇത്തരം ഉത്പന്നങ്ങൾക്ക്‌ ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ ആവശ്യക്കാരുണ്ടോ എന്ന്‌ അന്വേഷിച്ചപ്പോൾ  ലഭിച്ച മറുപടി,  സാധനങ്ങൾ തികയുന്നില്ല എന്നായിരുന്നു. തായ്‌ലന്റിൽ നിന്നുള്ള നാളികേരോൽപ്പന്നങ്ങൾ മാസത്തിലൊരിക്കലാണ്‌ വരുന്നത്‌. പക്ഷേ, ഉൽപ്പന്നങ്ങൾ മുഴുവൻ രണ്ടാഴ്ചക്കുള്ളിൽ തന്നെ വിറ്റു പോകുമത്രെ. നാളികേര കൃഷിയുടെ ഭൂവിസ്തൃതിയിൽ കോഴിക്കോട്‌, മലപ്പുറം ജില്ലകൾ കൂടിയാൽ തായ്‌ലന്റിനേക്കാൾ വരും. കോഴിക്കോട് മലപ്പുറം ജില്ലകളിലെ നാളികേര ഉത്പാദനം കൂട്ടിയാലും തായ്‌ലന്റിന്റെ ഉത്പാദനത്തിന്റെ ഒന്നര മടങ്ങ്‌ വരും. ഉത്പാദനക്ഷമതയിലും ഈ ജില്ലകളുടെ സ്ഥിതി തായ്‌ലന്റിനേക്കാൾ മുന്നിലാണ്‌. കേരളത്തിനാകട്ടെ, തായ്‌ലന്റിന്റെ ആറു മടങ്ങ്‌ തെങ്ങുകൃഷിയുടെ വിസ്തൃതി; പത്തു മടങ്ങ്‌ ഉത്പാദനം. എന്നിട്ടുമെന്തേ നാളികേര ഉത്പാദനം കുറഞ്ഞ ആ രാജ്യം പോലും ഇത്രയേറെ വൈവിധ്യമാർന്ന മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിച്ച്‌ ഇന്ത്യൻ വിപണിയിൽ​‍്‌ എത്തിക്കുമ്പോൾ കേരളത്തിൽ നിന്നുള്ള ഒരു നാളികേര മൂല്യ വർദ്ധിത ഉത്പന്നവും ഡൽഹിയിലെത്താത്തത്‌? എന്തുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌?
നാളികേര വിപണിയിലെ പ്രധാന ഉത്പന്നങ്ങളുടെ വില  വിവരങ്ങളും വ്യതിയാനങ്ങളുമെല്ലാം നാളികേര വികസന ബോർഡിന്റെ സ്റ്റാറ്റിറ്റിക്സ്‌ വിഭാഗത്തിൽ സൂക്ഷിക്കുന്നുണ്ട്‌. സ്റ്റാറ്റിറ്റിക്സ്‌ വിഭാഗത്തോട്‌ ഇക്കഴിഞ്ഞ 3 ദശാബ്ദക്കാലത്തെ നാളികേര ഉത്പന്നങ്ങളുടെ അളവും വിലയും അപഗ്രഥിച്ച്‌ അതിന്റെ ചരിത്രപരമായ പങ്കെന്തായിരുന്നുവേന്നും, വിലയും ഉത്പന്ന ലഭ്യതയും എങ്ങോട്ടാണ്‌ നീങ്ങുന്നതെന്നും, ഭാവിയിൽ നാം എന്ത്‌ പ്രതീക്ഷിക്കണമെന്നും ഇന്ത്യൻ നാളികേര ജേണലിൽ തന്നെ പ്രസിദ്ധീകരിക്കണമെന്ന്‌ ആവശ്യപ്പെടുകയുണ്ടായി. അതോടൊപ്പം  വിവിധ ഇന്ത്യൻ നഗരങ്ങളിലെ നാളികേര മൂല്യ വർധിത ഉത്പന്നങ്ങളുടെ നിലവിലുള്ള സ്ഥിതി, ഏതെല്ലാം ഉത്പന്നങ്ങളാണ്‌ വിപണിയിൽ ഉള്ളത്‌, അവയുടെ ലഭ്യത, ഏതെല്ലാം രാജ്യങ്ങളിൽ നിന്നാണ്‌ അവ വരുന്നത്‌,  മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവ ഏതെല്ലാം തുടങ്ങിയ കാര്യങ്ങളും  ഈ ലക്കം മാസികയിലൂടെ കേരളത്തിലെ നാളികേര കർഷകരുടേയും ഉത്പാദക കമ്പനികളുടേയും അറിവിലേയ്ക്കായി പ്രസിദ്ധീകരിക്കുകയാണ്‌.

 ഇനിയുള്ള കാലമെങ്കിലും നാളികേര വിപണിയെ അറിഞ്ഞു കൊണ്ടുള്ള കൃഷിയാവട്ടെ ; അതിനുള്ളതാവട്ടെ നാം നടുന്ന തെങ്ങിൻ തൈകൾ.  പൂർവ്വികർ നട്ടു നനച്ചു പരിപാലിച്ച തെങ്ങുകളിൽ നിന്നുള്ള ഉത്പന്നങ്ങൾ അന്നത്തെ കാലഘട്ടത്തിനു വേണ്ടിയുള്ളതായിരുന്നു. നാളികേര വിപണിയിലെ മുഖ്യ ഉത്പന്നങ്ങൾ കൊപ്രയും, വെളിച്ചെണ്ണയുമായിരുന്ന കാലഘട്ടത്തിന്‌ യോജിച്ച കൃഷിയായിരുന്നു അന്ന്‌. പക്ഷേ, കാലം മാറി, ഉപഭോക്തൃ താൽപര്യങ്ങൾ മാറി. അതനുസരിച്ച്‌ പുതിയ പുതിയ ഉത്പന്നങ്ങൾ  വന്നു. ആ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിൽ അര നൂറ്റാണ്ടിനു മുമ്പു നട്ടു വളർത്തിയ തെങ്ങിനങ്ങളുടെ നാളികേരം അനുയോജ്യമാണോ അല്ലയോ എന്നതാണ്‌ കാതലായ ചോദ്യം. ചരിത്രത്തിലൂടെ കടന്ന് ,​‍ വർത്തമാനത്തിലൂടെ നടന്ന്‌, ഭാവിയിലേക്ക്‌ കണ്ണോടിക്കുമ്പോൾ നമുക്ക്‌ കൃത്യമായി മനസ്സിലാകും കഴിഞ്ഞ മുപ്പത്‌ വർഷക്കാലം വെളിച്ചെണ്ണയും കൊപ്രയുമായിരുന്നു നാളികേരവിപണിയേയും, കേര കർഷകരുടെ ഭാഗ്യ നിർഭാഗ്യങ്ങളേയും നിയന്ത്രിച്ചിരുന്നതെന്ന്‌. പക്ഷെ,  വരും കാലങ്ങളിൽ അങ്ങനെയാവില്ല. വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വിലകൾക്ക്‌  ഒരു വഴിക്കും നാളികേരത്തിനു വിലസ്ഥിരത പിടിച്ചു നിർത്താൻ കഴിയില്ലെന്ന്‌ കഴിഞ്ഞകാല അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ആകെ നാളികേരത്തിന്റെ എട്ടു ശതമാനം മാത്രമാണ്‌ ഇപ്പോൾ കൊപ്രയും വെളിച്ചെണ്ണയും ഒഴികെയുള്ള മൂല്യ വർധിത ഉത്പന്നങ്ങളായി മാറുന്നത്‌. ഈ എട്ടു  ശതമാനത്തെ 25 ശതമാനമാക്കി ഉയർത്താൻ  നമുക്ക്‌ കഴിഞ്ഞാൽ നാളികേരത്തിന്റെ വിലയെ പൂർണ്ണമായും കൊപ്ര-വെളിച്ചെണ്ണ വിലകളുടെ പിടിയിൽ നിന്ന്‌ വിമുക്തമാക്കി മാന്യവും ആദായകരവും സ്ഥിരതയുള്ളതുമായ നിലവാരത്തിൽ എത്തിക്കാൻ കഴിയും. അതിനുള്ള തീവ്ര പരിശ്രമങ്ങളാണിനി നടത്തേണ്ടത്‌.
നാളികേരത്തെ ലോകം മാറിക്കണ്ടു തുടങ്ങി. നാളികേരത്തിന്റെ നിലവിലുള്ള അന്താരാഷ്ട്ര താരങ്ങൾ ആരൊക്കെയാണ്‌ എന്നു നാം പഠിക്കേണ്ടതുണ്ട്‌. വരുന്ന 20 - 25 വർഷത്തേക്ക്‌ ഇന്ത്യൻ നാളികേര വിപണിയിലും നാളികേര മൂല്യ വർധിത ഉത്പന്ന വിപണിയിലും എന്താണ്‌ സംഭവിക്കാൻ പോകുന്നത്‌ എന്ന്‌ കൃത്യമായി അന്വേഷിക്കേണ്ടതുമുണ്ട്‌. വിദേശ നാളികേര ഉത്പന്ന വിപണിയിൽ ഏത്‌ ദിശയിലേക്കാണ്‌ മാറുന്നത്‌ എന്നും ഗൗരവമായി പഠിക്കേണ്ടതുണ്ട്‌. തായ്‌ലന്റിലെ ഇപ്പോഴത്തെ പ്രശ്നം ആവശ്യത്തിന്‌ നാളികേരം ലഭ്യമല്ല എന്നതാണ്‌. ലോകത്തിൽ ഏറ്റവും കൂടുതൽ  നാളികേര ഉത്പന്നങ്ങൾ നിർമ്മിക്കുന്ന തായ്‌ലന്റിലെ സി.പി. ഗ്രൂപ്പ്‌ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ അവിടുത്തെ ഇന്ത്യൻ എംബസിയിൽ എത്തി അംബാസിഡറോട്‌ ഇന്ത്യൻ നാളികേര വിപണിയുമായി  സഹകരിക്കുന്നതിനും, കേരളത്തിൽ നിന്ന്‌ നാളികേരം വാങ്ങുന്നതിനും കേരളത്തിൽ വന്ന്‌  നാളികേരത്തിന്റെ മൂല്യ വർധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനും എന്താണു മാർഗ്ഗം എന്നും മറ്റും  അന്വേഷിക്കുകയുണ്ടായി. ഇന്ത്യൻ എംബസി ഈ വിവരങ്ങൾ നാളികേര വികസന ബോർഡിനേയും കേന്ദ്ര കൃഷി മന്ത്രാലയത്തേയും അറിയിച്ച്‌ കത്ത്‌ അയക്കുകയും ചെയ്തു. ലോകത്തിൽ  60 ലേറെ രാജ്യങ്ങളിൽ  ഉത്പന്നങ്ങൾ വിൽക്കുന്ന ബിസിനസ്സ്‌ കൺഗ്ലോമറേറ്റ്‌ ആണ്‌ സി.പി. ഗ്രൂപ്പ്‌.  സ്വന്തം രാജ്യത്ത്‌ സംസ്ക്കരണത്തിനു വേണ്ട നാളികേരം ലഭിക്കാതെ വന്ന സാഹചര്യത്തിലാണ്‌ ഇന്ത്യയിലേയ്ക്ക്‌ അവരുടെ ശ്രദ്ധ തിരിയുന്നത്‌. അതെ, ലോകത്തിൽ നാളികേര ഉത്പാദനത്തിലും ഉത്പാദനക്ഷമതയിലും ഒന്നാം സ്ഥാനത്ത്‌  ഇന്ത്യയാണ.​‍്‌ എന്നാൽ  ഈ വിവരം അറിയാവുന്നവർ ഇന്ത്യയിലും കേരളത്തിലും ചുരുക്കം. പക്ഷേ, അന്താരാഷ്ട്ര വ്യവസായ വിദഗ്ധർ അഞ്ചു  കൊല്ലം മുമ്പേ ഇത്‌ മനസ്സിലാക്കി കഴിഞ്ഞു.  നാളികേര മൂല്യവർദ്ധിത ഉത്പാദന രംഗത്തുള്ള കമ്പനികൾക്ക്‌  ഇത്തരം ഏജൻസികൾ കൊടുക്കുന്ന ഉപദേശം ഇന്ത്യയിലേക്ക്‌,  പ്രത്യേകിച്ച്‌ മികച്ച ഗുണമേന്മയുള്ള നാളികേരം ലഭിക്കുന്ന ദക്ഷിണേന്ത്യയിലേക്കു പോകാനാണ്‌. അതിൽ തന്നെ കേരളത്തിലെ നാളികേരത്തിനേയും അന്തരാഷ്ട്ര വിദഗ്ധർ തിരിച്ചറിഞ്ഞു കഴിഞ്ഞു. പക്ഷെ, നാം എന്നാണ്‌ ഇത്‌ തിരിച്ചറിയുക? ഓസ്ട്രേലിയയിലെ 'കോയോ' കമ്പനി, മറ്റ്‌ രാജ്യങ്ങളിൽ നിന്ന്‌ ഇറക്കുമതി ചെയ്ത തേങ്ങാപ്പാൽ ഉപയോഗിച്ച്‌ നിർമ്മിക്കുന്ന ഐസ്ക്രീമും നാളികേര ഉത്പന്നങ്ങളും ഇന്ത്യയുൾപ്പെടെയുള്ള ലോക രാജ്യങ്ങളിലേക്ക്‌ കയറ്റി അയക്കുന്നു. അമേരിക്കയിലെ  'സോ ഡെലീഷ്യസ്‌ ഡയറി ഫ്രീ' കമ്പനി തേങ്ങാപ്പാലിൽ നിന്നുമാത്രം 64 ലേറെ വിഭവങ്ങൾ നിർമ്മിച്ച്‌ അമേരിക്കയിലെങ്ങും വിത്പന നടത്തുകയും യൂറോപ്പിലേക്ക്‌ കയറ്റി അയക്കുകയും ചെയ്യുന്നു.  ലോകത്തിലെ ഏറ്റവും വലിയ  നാളികേര പഞ്ചസാര ഉത്പാദകരായ ' ബിഗ്ട്രീ ഫാംസ്‌' ഇന്തോനേഷ്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ നീര പഞ്ചസാര കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ കമ്പനിയാണ്‌. അതിന്റെ സ്ഥാപക എം.ഡി.യും  ഇന്ത്യ സന്ദർശിക്കാൻ താത്പര്യംപ്രകടിപ്പിച്ചു കഴിഞ്ഞു.
നാളികേര മേഖലയിൽ നിന്ന്‌ വെളിച്ചെണ്ണയും കൊപ്രയും മുഖ്യധാരയിൽനിന്നു പിൻവാങ്ങുകയും പുതിയ താരങ്ങൾ ഉദയം ചെയ്യുകയുമാണ്‌ . ഒരു ദശാബ്ദത്തിലേറെയായി കരിക്കും കരിക്കിൻവെള്ളവും ഇന്ത്യയിലും ലോകവിപണിയിലും ശക്തമായ വളർച്ച നേടിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ രണ്ടു വർഷമായി തെങ്ങിൻ നീരയിൽ നിന്ന്‌ ഉത്പാദിപ്പിക്കുന്ന പഞ്ചസാരയുടെ അമേരിക്കൻ വിപണി നൂറുശതമാനത്തിലേറെ പ്രതിവർഷം വളരുകയാണ്‌. കഴിഞ്ഞ പന്ത്രണ്ട്‌ വർഷമായി അമേരിക്കയിലെ കരിക്കിൻ വെള്ള വിപണിയുടെ വളർച്ച പ്രതിവർഷം നൂറുശതമാനമായി നിലനിൽക്കുന്നു. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ കഴിഞ്ഞ വർഷത്തെ മിന്നും താരം വെർജിൻ വെളിച്ചെണ്ണയാണ്‌. നാനൂറ്‌ ശതമാനത്തിലേറെ തലേവർഷത്തെ അപേക്ഷിച്ച്‌ കയറ്റുമതി മൂല്യത്തിൽ വർദ്ധനവ്‌ ഉണ്ടാക്കിയ ഏക ഇന്ത്യൻ ഉത്പന്നം വെർജിൻ കോക്കനട്ട്‌ ഓയിലാണ്‌. എന്തേ നാമിതു കാണാതെ പോകുന്നത്‌? തെങ്ങ്‌ വളരാത്ത അമേരിക്കയിലെ ഒരു കമ്പനി തേങ്ങാപ്പാലിൽ നിന്ന്‌ 64 ഇനം ഭക്ഷ്യവസ്തുക്കൾ നിർമ്മിക്കുന്നുവേങ്കിൽ ദിവസവും തേങ്ങാപ്പാൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ കർഷകർക്ക്‌ അവരുടെ കൂട്ടായ്മകൾ വഴി  ഈ രംഗത്തേക്ക്‌ കടക്കുന്നതിന്‌ എന്താണ്‌ തടസ്സം? നമ്മുടെ മുൻപിൽ വിശാലമായ അവസരങ്ങൾ തുറന്നുകിടക്കുന്നു.
പലപ്പോഴും സ്വന്തം ശക്തിയും അവസരങ്ങളും തിരിച്ചറിയാത്ത അവസ്ഥയിലാണ്‌ നമ്മുടെ കർഷക കൂട്ടായ്മകൾ. ഇത്തരം സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിന്‌  നാളികേര ഉത്പാദക കമ്പനികളും ഫെഡറേഷനുകളും ഉത്പാദക സംഘങ്ങളും  എന്തുചെയ്യണമെന്ന്‌ കൂലങ്കഷമായ ചർച്ചകളും പഠനങ്ങളും നടക്കണം. ഓരോ ഉത്പാദക കമ്പനിയും നാളികേര ഉത്പന്നങ്ങളുടെ ഒരു പ്രോഡക്ട്‌ ബാസ്ക്കറ്റ്‌ ഇന്ത്യൻ വിപണിക്കുവേണ്ടിയും വിദേശവിപണിക്കു വേണ്ടിയും പഠിച്ച്‌ തയ്യാറാക്കേണ്ടതുണ്ട്‌. ഇതിനു നിങ്ങളെ സഹായിക്കുന്നതിനു വേണ്ടി തന്നെയാണ്‌ നാളികേര വികസന ബോർഡ്‌ നൂതനമായ മാർക്കറ്റിംഗ്‌ തന്ത്രങ്ങൾ (ശി​‍ി​‍ീ​‍്മശേ​‍്ല ​‍ാമൃസലശ്ഴ ​‍െ​‍്മലേഴശല​‍െ) രൂപപ്പെടുത്തിയിരിക്കുന്നത്‌.
ലോകജനസംഖ്യയിൽ ഒന്നാംസ്ഥാനത്തുള്ള  ചൈനയും രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയും കഴിഞ്ഞാൽ മൂന്നാമത്‌  യു.എസ്‌.എ യാണ്‌. യു.എസ്‌.എയുടെ ആകെ ജനസംഖ്യയെക്കാൾ കൂടുതലാണ്‌ നഗര ഇന്ത്യയുടെ (​‍ൗ​‍ൃയമി കിറശമ) ജനസംഖ്യ. നഗര ജനസംഖ്യയിൽ മികച്ച ക്രയശേഷിയുള്ള (​‍ു​‍ൗ​‍ൃരവമശ്ഴ ​‍ു​‍ീംലൃ) എഴുപത്തഞ്ച്‌ ശതമാനം ആളുകളെ പരിഗണിച്ചാൽ, അമേരിക്കൻ വിപണിയെക്കാൾ വലിയ വിപണി  ഇന്ത്യൻ നഗരങ്ങളിൽ തന്നെയുണ്ട്‌. ഈ ഇന്ത്യൻ നഗര വിപണിയുടെ 78 ശതമാനവും 63 വലിയ പട്ടണങ്ങളിലാണ്‌. ജനറം പട്ടണങ്ങൾ എന്നറിയപ്പെടുന്ന ഇവയിൽ നമ്മുടെ എല്ലാ നാളികേര  ഉത്പന്നങ്ങളും എത്തിക്കുക,  പരിചയപ്പെടുത്തുക, വിപണനം നടത്തുക എന്നുള്ളതാണ്‌ മുഖ്യ ലക്ഷ്യം. ഇവിടെ കർഷകരുടെ പങ്ക്‌ എന്തായിരിക്കണം? നാം  ഇനി നടുന്ന ഓരോ തെങ്ങിൻ തൈകളും ഭാവിയിലെ ഇത്തരം ഉത്പന്നങ്ങൾക്കു വേണ്ടി കരുതലുള്ള തെങ്ങുകളാവേണ്ട?
കേരളത്തിലെങ്കിലും തൃത്താല പഞ്ചായത്തുകൾക്ക്‌ നാളികേരത്തിന്റെ വികസന സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്‌ നല്ല പ്രോജക്ടുകൾ വഴി നാളികേര കർഷക കൂട്ടായ്മകളുമായി കൈകോർത്ത്‌ മുമ്പോട്ടു കൊണ്ടുപോകാൻ കഴിയും. പല ഗ്രാമപഞ്ചായത്തുകളും  ബ്ലോക്കു പഞ്ചായത്തുകളും ജില്ലാപഞ്ചായത്തുകളും ഇത്തരം  മാതൃകകൾ മുമ്പോട്ടു വച്ചിട്ടുമുണ്ട്‌.  നല്ല നടീൽ വസ്തുക്കൾ ഉത്പാദിപ്പിക്കുന്നതിനുള്ള കർഷക കൂട്ടായ്മകളുടെ ശ്രമങ്ങൾക്കു തൃത്താല പഞ്ചായത്തുകൾ കൈത്താങ്ങാകട്ടെ. നാളികേര ഉത്പാദക സംഘങ്ങളെയും ഫെഡറേഷനുകളെയും തൃത്താല പഞ്ചായത്തുകളുടെ കാർഷിക പദ്ധതി നിർവ്വഹണ ഏജൻസികളായി 2012-ൽ തന്നെ സംസ്ഥാന ഗവണ്‍മന്റ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. 2015 മാർച്ച്‌ മാസത്തിൽ തൃത്താല പഞ്ചായത്തുകളുടെ പദ്ധതികളിൽ നീരയുടെ വിപണന മേഖലയിൽ  വേണ്ട സഹായങ്ങൾ ചെയ്യുന്നതിനു കോർഡിനേഷൻ കമ്മറ്റിയും അനുവാദം നൽകിയിട്ടുണ്ട്‌. ഇത്തരം അവസരങ്ങൾ എല്ലാ കർഷക കൂട്ടായ്മകളും പ്രയോജനപ്പെടുത്തേണ്ടതാണ്‌. ദേശസാത്കൃത ബാങ്കുകളെക്കാൾ രണ്ടുശതമാനം പലിശ കുറച്ച്‌ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ അഞ്ച്‌ നാളികേര ഉത്പാദക കമ്പനികൾക്ക്‌ വായ്പ നൽകിക്കഴിഞ്ഞു. എന്നിട്ടും പത്തിൽ താഴെ കമ്പനികൾ മാത്രമേ കെ.എഫ്‌.സി യെ ഇതുവരെ സമീപിച്ചിട്ടുള്ളൂ. ഇക്കാര്യത്തിലും നമ്മുടെ ഉത്പാദക കമ്പനികളുടെ  നേതൃത്വം വേഗത്തിൽ ഉണർന്നു പ്രവർത്തിക്കണം. അതിനുവേണ്ടിയാണ്‌ കമ്പനികളുടെ  ഡയറക്ടർ ബോർഡ്‌ അംഗങ്ങൾക്ക്‌ നേതൃത്വ പരിശീലനം നൽകുന്നത്‌. പരിശീലനത്തിൽ പങ്കെടുത്താൽ അറിവും കഴിവും നേടാം എന്നതുവിട്ട്‌ അതിൽ നിന്ന്‌ എങ്ങനെ ഒഴിവാകാം എന്നു ചിന്തിക്കുന്ന, ഒഴിവാകുന്നതാണ്‌ കഴിവ്‌ എന്നു ചിന്തിക്കുന്ന, നേതൃത്വമുള്ള കമ്പനികളുമുണ്ട്‌. സഹസ്രാബ്ദങ്ങൾക്കു മുമ്പ്‌ ഭഗവാൻ ശ്രീബുദ്ധൻ പറഞ്ഞ കാര്യം വളരെ പ്രസക്തമാണ്‌. അജ്ഞത കുറ്റമല്ല. പക്ഷേ അജ്ഞതയെ അഹന്തകൊണ്ട്‌ ഗുണിക്കുന്നിടത്ത്‌ അപരിഹാര്യമായ നഷ്ടമാണ്‌ ഉണ്ടാവുക. എല്ലാകാര്യത്തിലും അറിവുള്ളവരല്ല നാം. പക്ഷേ അതിനുള്ള അവസരങ്ങൾ തട്ടിമാറ്റി, എല്ലാം അറിയാം എന്ന ഭാവത്തിലിരിക്കുന്നവരാണ്‌ വികസനത്തിന്‌  തടസ്സം സൃഷ്ടിക്കുന്നവർ.
വിപണി മുന്നിൽ കണ്ട്‌, കരുതലോടെയുള്ള  ഉത്പന്ന നിർമ്മാണത്തിലേയ്ക്കും അതിന്‌ ഉപയുക്തമായ കാർഷിക  സമീപനത്തിലേക്കും നാം മാറേണ്ടതുണ്ട്‌. ഉത്പാദകനും ഉപഭോക്താക്കൾക്കുമിടയിൽ നിരവധി തലങ്ങളാണ്‌ ഇന്ത്യയിലുള്ളത്‌. നമ്മുടെ നാട്ടിലെ കാർഷിക മേഖലയുടെ തീരാ ശാപവും ഇതാണ്‌. നാളികേരം മാത്രമല്ല ഏതു കാർഷിക ഉത്പന്നമായാലും ഉത്പാദകനിൽ നിന്ന്‌ ഉപഭോക്താവിലേക്ക്‌ നേരിട്ട്‌ എത്തിക്കുന്നതിന്‌ ഏറ്റവും എളുപ്പമുള്ള കാലഘട്ടമാണിത്‌. ഉത്പാദകകൂട്ടായ്മകളിലൂടെ ഉപഭോക്താവിലേക്ക്‌ നേരിട്ട്‌ എത്തുന്നതിനുള്ള ആധുനിക സംവിധാനങ്ങളിലേക്ക്‌ നമുക്കും നമ്മുടെ ഉത്പാദക കമ്പനികൾക്കും വാതിൽ തുറക്കാം. ആയിരം കോക്കനട്ട്‌ പോയിന്റുകൾ വഴി കേരളത്തിലുടനീളം എല്ലാ നാളികേര ഉത്പന്നങ്ങളും വിൽക്കുന്നതിനേക്കുറിച്ച്‌ ചർച്ച ചെയ്തു തുടങ്ങിയിട്ട്‌ രണ്ടുമൂന്നു വർഷങ്ങളായി.  പക്ഷേ ഇന്നും അത്‌ രണ്ടക്കത്തിൽ ഒതുങ്ങി നിൽക്കുകയാണ്‌. ഇത്തരം ആധുനിക വിപണന സങ്കേതങ്ങളിലേക്ക്‌ നമ്മുടെ ഉത്പാദക കമ്പനികൾ നൂതനമായ മാനേജ്‌മന്റ്‌ അറിവുകൾ ഉൾക്കൊണ്ട്‌ കടന്നു വരണം എന്നു കൂടി അഭ്യർത്ഥിക്കുന്നു. അങ്ങനെ വിപണിയെ മനസ്സിലാക്കിക്കൊണ്ടുള്ള ഉത്പാദനരീതിയിലേക്കും അത്തരം ഉത്പന്നങ്ങളുടെ നിർമ്മാണത്തിനാവശ്യമായ കൃഷി രീതിയിലേക്കും നാം കടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയും അവസരങ്ങൾ നഷ്ടപ്പെടുത്താതെ നമുക്ക്‌ ഉണർന്നെഴുന്നേൽക്കാം.

22 Apr 2015

നമുക്കു വളരാം, നാളികേര ടെക്നോളജി മിഷനിലൂടെ



ടി.കെ.ജോസ് ഐ എ എസ്
ചെയർമാൻ, നാളികേര വികസന ബോർഡ്


പരമ്പരാഗത നാളികേര ഉത്പ്പന്നങ്ങളായ വെളിച്ചെണ്ണയ്ക്കും, കൊപ്രയ്ക്കും പുറമേ വൈവിധ്യമാർന്ന നിരവധി മൂല്യ വർദ്ധിത ഉൽപന്നങ്ങൾ വികസിപ്പിച്ചെടുക്കേണ്ടത്‌ നാളികേര മേഖലയുടെ മെച്ചപ്പെട്ട ഭാവിയ്ക്ക്‌  ആവശ്യമാണ്‌ എന്ന തിരിച്ചറിവിൽ നിന്നാണ്‌ 2002 ൽ  നാളികേര വികസന ബോർഡ്‌ നാളികേര ടെക്നോളജി മിഷൻ (ടെക്നോളജി മിഷൻ ഓൺ കോക്കനട്ട്‌- ടി.എം.ഒ.സി) വിഭാവനം ചെയ്തത്‌. 2003 -04 സാമ്പത്തിക വർഷത്തിൽ തന്നെ ഈ പദ്ധതി ആരംഭിക്കുകയും ചെയ്തു. അന്നു വരെ ഇന്ത്യയിൽ ഉത്പാദിപ്പിക്കാൻ കഴിയാതിരുന്ന നാളികേരോൽപന്നങ്ങൾക്ക്‌ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതിനും, പെയിലറ്റ്‌ ടെസ്റ്റിംഗ്‌ നടത്തി വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിനായി ഈ സാങ്കേതിക വിദ്യകൾ സംരംഭകർക്ക്‌ കൈമാറുന്നതിനും ടി.എം.ഒ.സി വഴി സാധിച്ചു. ഇതുവരെ  13  ഇനങ്ങളിലായി 306 യൂണിറ്റുകൾ നാളികേരോൽപന്നങ്ങൾ നിർമ്മിച്ച്‌ വിപണിയിലെത്തിക്കുന്നു. ഇവയെല്ലാം ചേർന്ന്‌ പ്രതിദിനം  68 ലക്ഷം നാളികേരത്തിന്റെ സംസ്ക്കരണ ശേഷിയാണു വികസിപ്പിച്ച്‌ എടുത്തിരിക്കുന്നത്‌. ഇപ്പോൾ പ്രതിവർഷം  203.9 കോടി  നാളികേരത്തിന്റെ സംസ്ക്കരണശേഷി നമുക്കുണ്ട്‌. അതായത്‌, ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന നാളികേരത്തിന്റെ 8.4 % ആണ്‌ ഈ വ്യവസായങ്ങളിലൂടെ മൂല്യവർദ്ധിത ഉൽപന്നങ്ങളായി മാറുന്നത്‌. അടുത്ത അഞ്ചു  വർഷം കൊണ്ട്‌ ഇത്‌ ഇരട്ടിയായിയെങ്കിലും വർദ്ധിപ്പിക്കേണ്ടത്‌ നാളികേരത്തിന്‌ ആദായകരമായ വിലസ്ഥിരത ഉറപ്പു വരുത്തുന്നതിനാവശ്യമാണ്‌. ഇതാണ്‌ നാളികേര ടെക്നോളജി മിഷന്റെ അടുത്ത അഞ്ചുവർഷത്തെ ലക്ഷ്യമായി നാം എടുക്കേണ്ടത്‌. 
?മേയ്ക്ക്‌ ഇൻ ഇന്ത്യ? പ്രചാരണ പരിപാടിയുടെ ഭാഗമായി വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിന്‌ കേന്ദ്ര ഗവണ്‍മന്റ്‌ ലക്ഷ്യമിടുമ്പോൾ  ആ  മോഹപദ്ധതിയുടെ ഭാഗമാവാൻ നാളികേരത്തിനും കഴിയേണ്ടേ?  നന്നായി ഗൃഹപാഠം ചെയ്ത്‌ വ്യക്തമായ ലക്ഷ്യങ്ങളോടെ പരിശ്രമിച്ചാൽ നാളികേര മേഖലയ്ക്കും ഇക്കാര്യത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കാനാവുമെന്നതിൽ സംശയമില്ല. ലോകത്ത്‌ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്‌. നാളികേര ഉത്പാദന ക്ഷമതയിലും ഇന്ത്യ ഒന്നാമതാണ്‌. അതുകൊണ്ടുതന്നെ ഉൽപന്ന സംസ്ക്കരണത്തിലും വിപണനത്തിലും കയറ്റുമതിയിലും ഒന്നാം സ്ഥാനത്താവാൻ വേണ്ട വിഭവങ്ങൾ നമുക്കുണ്ട്‌. സൗദി അറേബ്യ എങ്ങനെ ക്രൂഡ്‌ ഓയിൽ തങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്കുപയോഗിച്ചുവോ, അതേ രീതിയിൽ നാളികേരമെന്ന കാർഷികോൽപന്നത്തെ നമുക്ക്‌ ഉപയോഗിക്കാനാവണം. അതിനുള്ള ദീർഘ വീക്ഷണത്തോടുകൂടി ആശയങ്ങളും പദ്ധതികളും തയ്യാറാക്കുന്നതിലായായിരിക്കണം നാളികേര ടെക്നോളജി മിഷനിൽ ഇനി ശ്രദ്ധ ചെലുത്തേണ്ടത്‌. 
കൃഷിയും, കൃഷി രീതിയും മെച്ചപ്പെടുത്തുന്നതിനും, രോഗ - കീട നിയന്ത്രണ ഗവേഷണത്തിനും നാളികേര ടെക്നോളജി മിഷനിൽ അവസരമുണ്ട്‌. മുൻകാലങ്ങളിൽ ഇതു മുഖ്യമായും സർക്കാർ സ്ഥാപനങ്ങൾ വഴി മാത്രമായിരുന്നു നടപ്പാക്കിയിരുന്നത്‌. എന്നാൽ,  ഇന്ന്‌ കഴിവും കാര്യപ്രാപ്തിയും താൽപര്യമുള്ള സ്വകാര്യ സ്ഥാപനങ്ങൾക്കും അക്കാദമിക്‌ പരിശീലന കേന്ദ്രങ്ങൾക്കും നാളികേര ടെക്നോളജി മിഷനിലൂടെ ഗവേഷണ പദ്ധതികൾക്ക്‌ സഹായം ലഭിക്കുന്നുണ്ട്‌. അടിസ്ഥാന സൗകര്യങ്ങളും ഗവേഷണപരിചയവും ഉള്ള വിദഗ്ധരായ അദ്ധ്യാപകരും ഗവേഷകരുമുള്ള സ്ഥാപനങ്ങൾക്ക്‌ നാളികേര വികസന ബോർഡുമായി ചേർന്ന്‌ നാളികേര ടെക്നോളജി മിഷനിൽ പദ്ധതികൾ സമർപ്പിക്കുന്നതിനും തുടർഗവേഷണം നടത്തുന്നതിനും അവസരമുണ്ട്‌. നാളികേര മേഖലയുടെ സുരക്ഷിതമായ ഭാവിക്ക്‌ മൂല്യവർദ്ധിത ഉൽപന്നങ്ങളാണ്‌ നാം ശ്രദ്ധ വയ്ക്കേണ്ടത്‌ എന്ന്‌ സൂചിപ്പിച്ചുവല്ലോ. നാളികേരത്തിന്റെ മൂല്യവർദ്ധിത  ഉൽപന്നങ്ങൾ നമുക്ക്‌ അപരിചിതമല്ല.  പക്ഷെ, പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട്‌, ഓരോ പ്രദേശത്തേയും ആളുകൾക്ക്‌ നാളികേരത്തിന്റെ ഏത്‌ ഉൽപന്നങ്ങളാണോ താത്പര്യമുള്ളത്‌ അവ കൂടുതലായി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രോഡക്ട്സ്‌ ബാസ്ക്കറ്റ്‌, അതാണ്‌ നാം മുമ്പോട്ടു വയ്ക്കേണ്ടത്‌. ലോകമെമ്പാടും വെളിച്ചെണ്ണ ഉപയോഗിക്കുന്നു. എന്നാൽ ഇന്ത്യയിൽ  കേരളം വിട്ടാൽ, തമിഴ്‌നാട്ടിലേയും കർണ്ണാടകത്തിലേയും, ചില ജില്ലകളിൽ മാത്രമാണ്‌ വെളിച്ചെണ്ണ പാചക എണ്ണയായി ഉപയോഗിക്കുന്നത്‌. പക്ഷേ ഇന്ത്യയിലെ മറ്റ്‌ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പട്ടണങ്ങളിലും തേങ്ങാപ്പാൽ ഭക്ഷണത്തിനും പാചകത്തിനും  ഉപയോഗിക്കുന്നുണ്ട്‌. നാം ഇത്രയും കാലം തേങ്ങ, കൊപ്ര, വെളിച്ചെണ്ണ എന്ന പഴകിയ പല്ലവിയുമായി ഇരുന്നപ്പോൾ തായ്‌ലന്റിന്റേയും ഫിലിപ്പീൻസിന്റേയും, ഇന്തോനേഷ്യയുടേയും, ശ്രീലങ്കയുടേയും എന്തിനധികം വിയറ്റ്നാമിന്റെ പോലും തേങ്ങാപ്പാൽ ഇന്ത്യയുടെ പട്ടണങ്ങളിൽ അവർ സുലഭമായി എത്തിച്ചു. ഡേശിക്കേറ്റഡ്‌ കോക്കനട്ട്‌, തേങ്ങാപ്പാൽ, പാൽപ്പൊടി, ക്രീം വെർജിൻ കോക്കനട്ട്‌ ഓയിൽ, നീര, നീരയിൽ നിന്നുണ്ടാക്കാവുന്ന മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ, പായ്ക്ക്‌ ചെയ്ത കരിക്കിൻ വെള്ളം, ഉത്തേജിത കാർബൺ തുടങ്ങി പത്തുപന്ത്രണ്ടോളം പാരമ്പര്യേതരവും, മുമ്പ്‌ ഇന്ത്യയിൽ വ്യാപകമായി ഉത്പാദിപ്പിച്ചിട്ടില്ലാത്തതുമായ  ഉൽപ്പന്നങ്ങൾ ?ടെക്നോളജി മിഷൻ ഓൺ കോക്കനട്ട്‌?വഴി ഇന്ന്‌ ഇന്ത്യയിൽ ഉത്പാദിപ്പിച്ചു തുടങ്ങിയിട്ടുണ്ട്‌. ഇവയെല്ലാം സർക്കാരിനോ  സഹകരണ സ്ഥാപനങ്ങൾക്കോ മാത്രമല്ല സ്വകാര്യ മേഖലയിലുള്ള വ്യക്തിഗത സംരംഭകർക്കും, കമ്പനികൾക്കും പോലും കടന്നു വരാവുന്ന മേഖലകളാണ്‌. പക്ഷേ, നിർഭാഗ്യവശാൽ ഈ മേഖലകളിലേക്ക്‌  ഇന്ത്യയിലെ ഭക്ഷ്യസംസ്ക്കരണ രംഗത്ത്‌ പ്രവർത്തിക്കുന്ന  വലിയ കമ്പനികൾ കാര്യമായി ശ്രദ്ധിച്ചിട്ടേയില്ല. തമിഴ്‌നാട്ടിലും, കർണ്ണാടകത്തിലും, ചുരുങ്ങിയ തോതിൽ കേരളത്തിലും സ്വകാര്യ സംരംഭകർ മുമ്പോട്ടു വന്നിട്ടുണ്ട്‌ എന്ന വസ്തുത നിലനിൽക്കുന്നു.  എന്നാൽ കൂടുതൽ വൈവിധ്യമാർന്നതും  നൂതനവുമായ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന മേഖലയിലേക്ക്‌ കടക്കേണ്ടത്‌ നാളികേര കർഷകരുടെ കൂട്ടായ്മകളായ നാളികേര ഉൽപാദക ഫെഡറേഷനുകളുടേയും കമ്പനികളുടേയും ഉത്തരവാദിത്തമായി നാം കാണേണ്ടതുണ്ട്‌. വാണിജ്യാടിസ്ഥാനത്തിൽ ഇത്തരം ഉൽപന്നങ്ങളുടെ ഉത്പാദനം വളരെ കുറഞ്ഞ  ചെലവിലും കാര്യക്ഷമമായും  നടത്തേണ്ടതുണ്ട്‌. ഇതിനാവശ്യമായ ഏറ്റവും മികച്ച സാങ്കേതിക വിദ്യകൾ കണ്ടെത്തുക, അതുപോലെ ഏറ്റവും മികച്ചതും ചെലവു കുറഞ്ഞതുമായ  യന്ത്രസാമഗ്രികൾ കണ്ടെത്തുക, ഇതിനുവേണ്ട ആധുനിക സംസ്ക്കരണ പ്ലാന്റുകൾ സ്ഥാപിക്കുക. മനുഷ്യ വിഭവശേഷി പരിശീലനം നൽകി വിദഗ്ധരെ സംഘടിപ്പിക്കുക, സാങ്കേതിക വിദ്യയിലും മാനേജ്‌മന്റ്‌ രംഗത്തുമുള്ള പ്രോഫഷണലുകളെ കൂട്ടത്തിൽ ചേർക്കുക തുടങ്ങിയ കാര്യങ്ങളാണ്‌ നമ്മുടെ ഉത്പാദക കമ്പനികൾ പുതിയ നാളികേര ഉൽപ്പന്നങ്ങളുടെ  വാണിജ്യാടിസ്ഥാനത്തിലുള്ള നിർമാണത്തിലേയ്ക്ക്‌ കടക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്‌. 
അടുത്ത തലം പ്രധാനമായും വിപണനമാണ്‌. എല്ലാ സംരംഭകരും എപ്പോഴും സംശയം പ്രകടിപ്പിക്കുന്നതു നാളികേര ഉൽപന്നങ്ങളുടെ വിൽപനയെക്കുറിച്ചാണ്‌. ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങളുടെ കണക്കെടുക്കുമ്പോൾ ചൈന, ഇന്ത്യ, യു.എസ്‌.എ എന്നീ ക്രമത്തിലാണ്‌ ജനസംഖ്യയുളള രാജ്യങ്ങളുടെ പട്ടിക. എന്നാൽ ഇന്ത്യയ്ക്കു പുറകിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന യു.എസ്‌.എ.യിൽ  31.5 കോടി ജനങ്ങളുള്ളപ്പോൾ 2014 ലെ കണക്കു പ്രകാരം നഗര ഇന്ത്യ (അർബൻ ഇന്ത്യ) യിൽ 36 കോടി ജനങ്ങളുണ്ട്‌.  ഇത്‌ സൂചിപ്പിക്കുന്നത്‌, യു.എസ്‌.എയിലെ ജനസംഖ്യയുടെ മധ്യവർഗ്ഗത്തിന്റെ ഒപ്പമോ അതിൽ കൂടുതലോ ക്രയശേഷിയുള്ള ഇന്ത്യൻ നഗരവാസികളുടെ എണ്ണം യു.എസ്‌.എ.യുടെ ആകെ ജനസംഖ്യയ്ക്കു തുല്യമാണ്‌ എന്നത്രെ. ഇതിൽ 75% ആളുകളെങ്കിലും മെച്ചപ്പെട്ട ക്രയശേഷിയുള്ളവരാണ്‌. അവർ ഇന്ന്‌ ഉപയോഗിക്കുന്ന നാളികേര ഉൽപന്നങ്ങൾ ഇന്തോനേഷ്യ, ശ്രീലങ്ക, തായ്‌ലന്റ്‌, ഫിലിപ്പീൻസ്‌, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്ന്‌  ഇറക്കുമതി ചെയ്യുന്നവയാണ്‌. ഇന്ത്യയിലെ കൂടുതൽ മെച്ചപ്പെട്ട ഉൽപന്നങ്ങൾ ഈ ഉപഭോക്താക്കളുടെ പക്കലേക്ക്‌ എത്തിക്കുക എന്നുള്ളത്‌ തന്നെ വലിയ വെല്ലുവിളിയാണ്‌. ഇന്ത്യയിലെ നഗര ജനസംഖ്യയുടെ 78 ശതമാനവും 63 പ്രധാന പട്ടണങ്ങളിലാണ്‌ താമസിക്കുന്നത്‌. ആ പട്ടണങ്ങൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു  വിപണന സംവിധാനത്തിനു വേണ്ട പശ്ചാത്തല സൗകര്യമൊരുക്കുന്നതിന്‌ നാളികേര വികസനബോർഡ്‌ കേരകർഷക കൂട്ടായ്മകളോടൊപ്പം തീർച്ചയായും ഉണ്ട്‌. ഈ 63 വൻ നഗരങ്ങളിലും തങ്ങളുടെ ഉൽപന്നങ്ങളുമായി നാളികേര ഉത്പാദക കമ്പനികളെ എത്തിക്കുന്നതിന്‌ ഈ കമ്പനികളുടെ കൺസോർഷ്യം രൂപീകരിച്ചു കഴിഞ്ഞു. ഇനി ചെയ്യേണ്ടത്‌ വൻ തോതിൽ ഇത്തരം ഉൽപ്പന്നങ്ങൾ നിർമ്മിക്കുക എന്നുള്ളതാണ്‌. ഇന്ത്യൻ വിപണി കീഴടക്കിയതു ജോലി കൊണ്ട്‌ മുഴുവനായി എന്നർത്ഥമില്ല. ഇന്ത്യൻ വിപണിയിൽ നാളികേരത്തിന്റെ നിരവധി ഉൽപന്നങ്ങൾ നിർമ്മിച്ച്‌ എത്തിക്കുന്നതോടൊപ്പം തന്നെ അന്താരാഷ്ട്ര വിപണിയിലേയ്ക്കും  നാം എത്തേണ്ടതുണ്ട്‌. അന്താരാഷ്ട്ര വിപണിയിലേക്കു പോകുമ്പോൾ ഓരോ രാജ്യത്തെയും  ഭക്ഷ്യ സംസ്ക്കരണ  നിയമങ്ങൾ മുഴുവൻ പാലിച്ചുകൊണ്ട്‌,  ഉയർന്ന ഗുണമേന്മ ഉറപ്പുവരുത്തിക്കൊണ്ട്‌ നാം  ഉൽപന്നങ്ങൾ നിർമ്മിക്കണം. ആ രംഗത്തേക്ക്‌ കടക്കുമ്പോഴാണ്‌ ഇന്ത്യയിലുള്ള കമ്പനികളുടെ യഥാർത്ഥ കഴിവും കാര്യ പ്രാപ്തിയും തെളിയിക്കാൻ കഴിയുക. നമ്മുടെ ഉത്പാദക കമ്പനികളെയും ഇന്ത്യൻ നാളികേര വ്യവസായ സംരംഭകരെയും ലോകത്തിലെ പ്രധാനപ്പെട്ട വികസിത രാജ്യങ്ങളിലെ വിപണി കൂടി കൈയ്യടക്കാൻ  പ്രാപ്തരാക്കേണ്ടിയിരിക്കുന്നു.
ഈ കാര്യങ്ങളെല്ലാം വിജയിക്കുന്നതിന്‌  വിജ്ഞാന വ്യാപനം അഥവാ എക്സ്റ്റൻഷൻ ആവശ്യമുണ്ട്‌. വലിയ പണച്ചിലവില്ലാതെ നമ്മുടെ കാർഷിക കൂട്ടായ്മകൾ വഴിയും, ആകാശവാണി വഴിയും, കേരളത്തിലെ കാർഷിക പ്രസിദ്ധീകരണങ്ങൾ വഴിയും ഇത്തരത്തിലുള്ള വിജ്ഞാനവ്യാപന ശൃംഖല നമുക്കും രൂപപ്പെടുത്തേണ്ടേ? വേണം.  നാളികേര വികസന ബോർഡിന്റെ സഹായത്തോടു കൂടി നാളികേര ഉത്പാദക കമ്പനികളുടെ കൂട്ടായ്മകൾ ശക്തമായ വിജ്ഞാന വ്യാപന വിഭാഗം കൂടി രൂപപ്പെടുത്തിയെടുക്കണം.  നീരയെക്കുറിച്ച്‌ നിരവധി വാദപ്രതിവാദങ്ങൾ പത്രമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഈ സമയത്ത്‌ നീരയുടെ ഉത്പാദനം ഉയർത്താനുള്ള വിജ്ഞാന വ്യാപനത്തിനാണ്‌ നാളികേര വികസന ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 173 ഫെഡറേഷനുകളും 19 ഉത്പാദക കമ്പനികളും ശ്രമിക്കേണ്ടത്‌. 173 -ൽ നിന്ന്‌ 345 ആയി നിലവിലുള്ള ഉത്പാദക ഫെഡറേഷനുകളുടെ എണ്ണം ഉയർന്നിട്ടുണ്ട്‌. ബാക്കിയുള്ള 172 ഉത്പാദക ഫെഡറേഷനുകൾക്കും നീര ഉത്പാദനത്തിനുള്ള ലൈസൻസ്‌ ലഭ്യമാക്കുന്നതിന്‌ എക്സൈസ്‌ വകുപ്പിനോട്‌ അഭ്യർത്ഥിച്ചിട്ടുണ്ട്‌.
സംസ്ഥാന ഗവണ്‍മന്റിന്റെ 2015-16 വർഷത്തെ ബഡ്ജറ്റിൽ നീരയ്ക്കായി  മൂന്നു മേഖലകളിൽ  പദ്ധതി വിഹിതം വകയിരുത്തിയിരിക്കുന്നു. നാളികേര വികസന ബോർഡ്‌ ആവശ്യപ്പെട്ട ഈ മൂന്നു കാര്യങ്ങൾ നീര ടെക്നീഷ്യന്മാരുടെ പരിശീലനം, നാളികേര ഉത്പാദക കമ്പനികൾക്ക്‌ കർഷകർ സമാഹരിക്കുന്ന ഓഹരിമൂലധനത്തിന്റെ നാലിലൊന്ന്‌ (പരമാവധി ഒരു കോടി രൂപ വരെ) മൂലധന സഹായം,  നീരയും മറ്റ്‌ നാളികേര ഉൽപന്നങ്ങളും നിർമ്മിക്കുന്ന ഉത്പാദക കമ്പനികൾക്ക്‌  മൂലധന ചെലവിന്റെ 25% (പരമാവധി 50 ലക്ഷം രൂപ വരെ) സബ്സിഡി എന്നിവയാണ്‌. ഈ മൂന്ന്‌ ഇനങ്ങളിലായി 30 കോടി ബഡ്ജറ്റിൽ വകയിരുത്തിയിരിക്കുന്നു. ആകെ ഏകദേശം 75 കോടി രൂപയ്ക്കുള്ള വിഹിതം നാളികേര മേഖലയ്ക്കായി വകയിരുത്തിയതായി ബഡ്ജറ്റിൽ അറിയിച്ചിട്ടുണ്ട്‌. നമ്മുടെ കർഷക കൂട്ടായ്മകൾക്ക്‌ ഈ അവസരങ്ങൾ എത്ര വേഗത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താൻ കഴിയും എന്ന്‌ ഗൗരവമായി ചിന്തിക്കണം. നീരയ്ക്ക്‌ ലൈസൻസും ലഭിച്ച്‌, പ്രോസസ്സിംഗ്‌ പ്ലാന്റുകളും ആരംഭിച്ചു വരുമ്പോൾ നാം നേരിടുന്ന പ്രധാനപ്പെട്ട  പ്രശ്നം നീര ടെക്നീഷ്യന്മാരുടെ എണ്ണത്തിലുള്ള പരിമിതിയാണ്‌. അടിയന്തിരമായി 50000 നീര ടെക്നീഷ്യന്മാരെ കണ്ടെത്തി പരിശീലിപ്പിച്ച്‌ നാളികേര ഉത്പാദക ഫെഡറേഷനുകളിലും കമ്പനികളിലും അവരെ നിയമിക്കാൻ കഴിയുമോ എന്നാണ്‌ ചിന്തിക്കേണ്ടത്‌. ഉദാഹരണമായി തൊഴിലുറപ്പു പദ്ധതിയുമായി സംയോജിപ്പിച്ച്‌  ഇതു നടപ്പാക്കാൻ കഴിയുമോ? ഒരു പക്ഷേ  നിശ്ചിത പ്രായവും ശാരീരിക യോഗ്യതയും  ഉള്ള കുടുംബശ്രീ അംഗങ്ങളെ നീര ടാപ്പിംങ്ങ്‌  പരിശീലിപ്പിച്ചാൽ,  തൊഴിലുറപ്പു പദ്ധതി വഴി ഒരു വർഷം കൊണ്ട്‌ അവർക്കു ലഭിക്കുന്ന വരുമാനം ഒരു മാസം കൊണ്ട്‌ തന്നെ ലഭ്യമാക്കാൻ കഴിയും. 
ഇതോടൊപ്പം തന്നെ അടിയന്തിരമായി ശ്രദ്ധിക്കേണ്ട കാര്യമാണ്‌ ഉയരം കുറഞ്ഞ തെങ്ങിനങ്ങൾ വ്യാപകമായി കൃഷി ചെയ്യുക എന്നത്‌. അപ്പോൾ ഭാവിയിൽ, കർഷകർക്കും,വീട്ടമ്മമാർക്കും നീരയുത്പാദനം സാധ്യമാവും. നമ്മുടെ നാട്ടിലെവിദ്യാർത്ഥികൾക്ക്‌ പഠനത്തോടൊപ്പം പാർട്ട്‌ ടൈമായി  നീര ടെക്നീഷ്യന്മാരുടെ ജോലി  ചെയ്യാൻ കഴിയുന്ന സാഹചര്യം ചിന്തിച്ചു നോക്കുക. ഇത്തരം കാര്യങ്ങൾക്ക്‌  തൃത്താല പഞ്ചായത്തുകളുടെയും മുൻസിപ്പാലിറ്റികളുടെയും ഫണ്ട്‌ ഉപയോഗിക്കുന്നതിനു വേണ്ട അനുമതി സമ്പാദിക്കുക. കൂടാതെ എം.പി. മാരുടെയും എം.എൽ.എ മാരുടേയും പ്രാദേശിക വികസന ഫണ്ടുകൾ നാളികേര  ഉത്പാദക കമ്പനികളുടെയും ഫെഡറേഷനുകളുടേയും അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി എങ്ങനെ പ്രയോജനപ്പെടുത്താൻ കഴിയുമെന്നും ഗൗരവമായി പരിശോധിക്കണം
ഇതോടൊപ്പം  മാർക്കറ്റിംഗ്‌ വിഭാഗത്തിന്റെ പ്രവർത്തനവും  ശക്തിപ്പെടുത്തണം. എവിടെയെല്ലാം എന്തെല്ലാം നാളികേര ഉൽപന്നങ്ങൾ എത്രമാത്രം ആവശ്യമുണ്ട്‌ എന്ന്‌ മാർക്കറ്റ്‌ സർവ്വേകൾ നടത്തി പഠിക്കണം.  മാധ്യമ വിഭാഗം ഉൽപന്നങ്ങളെ കുറിച്ച്‌ ഉപഭോക്താക്കളിൽ ബോധവത്ക്കരണം നടത്തണം. അതിനുവേണ്ടി എക്സ്ബിഷനുകളിൽ പങ്കെടുക്കുകയും  മാസികകളിലും പത്രങ്ങളിലും ലേഖനങ്ങൾ എഴുതുകയും, ആ പ്രദേശങ്ങളിലുള്ള മാനേജ്‌മന്റ്‌ പരിശീലന സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട്‌ മാർക്കറ്റ്‌ സർവ്വെകളും മാർക്കറ്റ്‌ റിസർച്ചും നടത്തുകയും വേണം.  അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ്‌ തെങ്ങുകൃഷിയിലെ രോഗപ്രതിരോധം, ചികിത്സ, തെങ്ങിന്റെ ആരോഗ്യപരിപാലനം എന്നിവയ്ക്ക്‌ ആയുർവേദത്തിന്റെ സാധ്യതകൾ നമുക്ക്‌ എത്രമാത്രം പ്രയോജനപ്പെടുത്താം എന്ന അന്വേഷണം. ആയുർവേദത്തിൽ മനുഷ്യർക്കു വേണ്ടിയുള്ള ആയുർവേദം, ജന്തുക്കൾക്ക്‌ വേണ്ടിയുള്ള ആയുർവേദം, വൃക്ഷ ആയുർവേദം എന്നിങ്ങനെ മൂന്ന്‌ വിഭാഗങ്ങൾ ഉണ്ട്‌.  ഇതിൽ വൃക്ഷായുർവേദം കാര്യമായി ആരും ഇനിയും പരീക്ഷിച്ചിട്ടില്ല. നാളികേര വികസന ബോർഡിൽ നിലവിൽ വരുന്ന  ?ഫീൽഡ്‌ റിസർച്ച്‌ പ്രോഗ്രാമിൽ?  കാറ്റുവീഴ്ച ഉൾപ്പെടെയുള്ള രോഗങ്ങൾക്ക്‌ പ്രതിവിധി കണ്ടെത്തുന്നതിന്‌ വൃക്ഷായുർവേദം പ്രയോജനപ്പെടുത്താൻ കഴിയുമോ എന്നുകൂടി ടെക്നോളജി മിഷന്റെ കീഴിൽ പരിശോധിക്കേണ്ടതുണ്ട്‌. 
നാളികേര ഉത്പാദന കമ്പനികൾ എങ്ങനെ ഭംഗിയായി, ഫലപ്രദമായി, പ്രവർത്തിപ്പിക്കാൻ  കഴിയും എന്നതിനെ കുറിച്ചും ഗൗരവമായ  ചർച്ചകൾ നടക്കേണ്ടിയിരിക്കുന്നു.  കർഷക കൂട്ടായ്മകളുടെ തൃത്താല സംവിധാനം ഫലപ്രദവും കാര്യക്ഷമവുമായി പ്രവർത്തിക്കുമ്പോഴാണ്‌ ഭാവിയിൽ  നാളികേരത്തിനും കേരകർഷകർക്കും വിലത്തകർച്ച  ഉണ്ടാകാതെ  മുമ്പോട്ടു പോകാൻ കഴിയുക. ഇതിന്‌ ഏറ്റവും ആവശ്യമുള്ളത്‌ ശക്തമായ നേതൃത്വമാണ്‌. ഇതോടൊപ്പം സാങ്കേതിക വിദഗ്ധരും മാനേജ്‌മന്റ്‌ വിദഗ്ധരും ചേർന്നുള്ള ശക്തമായ ടീംവർക്കു കൂടി രൂപപ്പെടുത്താൻ നമുക്കു കഴിയണം. ഈ  ടീം വർക്ക്‌ വികസിപ്പിച്ചെടുക്കുന്നതിനാണ്‌ അടുത്ത  സാമ്പത്തിക വർഷത്തിൽ നാളികേര ഉത്പാദക സംഘങ്ങളും ഫെഡറേഷനുകളും കമ്പനികളും ശ്രദ്ധിക്കേണ്ടത്​‍.  അതിനുള്ള നടപടികൾ വേഗം തന്നെ ആരംഭിക്കുക.

11 Mar 2015

എപിസിസി മന്ത്രിതല സമ്മേളനം നൽകുന്ന സന്ദേശം



ടി. കെ. ജോസ്‌ ഐ എ എസ്.
ചെയർമാൻ, നാളികേര വികസന ബോർഡ്

നാളികേര ഉൽപാദക രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഏഷ്യൻ പസഫിക്‌ കോക്കനട്ട്‌ കമ്യൂണിറ്റിയുടെ 51-​‍ാമത്‌ മന്ത്രിതല സമ്മേളനത്തിന്‌ ആതിഥ്യമരുളാൻ  ഈ വർഷം ഇന്ത്യയ്ക്കാണ്‌ അവസരം ലഭിച്ചതു . ഇന്ത്യ ഗവണ്‍മന്റാകട്ടെ ഈ സമ്മേളനം നടത്തുന്നതിന്‌ കേരളത്തിൽ കൊച്ചി നഗരത്തെയാണ്‌ തെരഞ്ഞെടുത്തത്‌. ഫെബ്രുവരി 2-5 തിയതികളിൽ  നടന്ന 51-​‍ാമത്‌ എ.പി.സി. സി സമ്മേളനം അംഗരാജ്യങ്ങളുടേയും  സെക്രട്ടറിയേറ്റിന്റെയും  അഭിപ്രായത്തിൽ  അടുത്ത കാലത്ത്‌ നടന്നതിൽ ഏറ്റവും മികവുറ്റതായിരുന്നു. പങ്കാളിത്തം കൊണ്ടും ഗുണപരമായ ആശയവിനിമയങ്ങൾ കൊണ്ടും അർത്ഥവത്തായ പഠനപര്യടനം കൊണ്ടും ഈ സമ്മേളനം പ്രതീക്ഷിച്ചതിനെക്കാൾ വിജയം വരിച്ചു എന്ന്‌ എ.പി.സി. സി സെക്രട്ടറിയേറ്റ്‌ അഭിപ്രായപ്പെട്ടു. 18 അംഗരാജ്യങ്ങളിൽ ശ്രീലങ്ക ഒഴികെയുള്ള 17 രാജ്യങ്ങളും ഈ സമ്മേളനത്തിൽ പങ്കെടുക്കുകയുണ്ടായി.  കൂടാതെ നിരീക്ഷക രാജ്യങ്ങളായി ബംഗ്ലാദേശും റിപ്പബ്ലിക്ക്‌ ഓഫ്‌ ഒമാനും പങ്കെടുക്കുകയും, ഈ കൂട്ടായ്മയിൽ ചേരുന്നതിന്‌ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.  ലോകമെമ്പാടുമുള്ള നാളികേര ഉൽപാദക രാജ്യങ്ങളിലെ കർഷകർക്കും, നാളികേര സംസ്ക്കരണ വിപണന സംരംഭകർക്കും  മികച്ച അവസരങ്ങൾ പ്രദാനം ചെയ്യുന്നതിനു വേണ്ട പദ്ധതികൾ,  അംഗരാജ്യങ്ങൾ തമ്മിലുള്ള പരസ്പര ആശയവിനിമയം, സാങ്കേതികവിദ്യ കൈമാറ്റം, വ്യാപാര ബന്ധങ്ങൾ തുടങ്ങിയവയാണ്‌  എ.പി.സി.സി.യുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ. 1968 ൽ യുനെസ്കോയുടെ കീഴിൽ രൂപീകൃതമായ ഈ അന്താരാഷ്ട്ര നാളികേര കൂട്ടായ്മയുടെ സ്ഥാപക രാജ്യങ്ങളിൽ ഒന്നാണ്‌ ഇന്ത്യ. അന്നു മുതൽ നാളികേര വികനസന പദ്ധതികൾക്കായി എ.പി.സി.സി വഴി ആശയങ്ങളുടെ ആദാനപ്രദാനത്തിന്‌  നമുക്കു കഴിഞ്ഞു. എ.പി.സി.സി യുടെ സമീപകാല പ്രവർത്തനങ്ങളിൽ കൂടുതൽ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നതിനും ഇന്ത്യയ്ക്ക്‌ സാധിച്ചിട്ടുണ്ട്‌. അങ്ങനെയാണ്‌ 2014 വർഷം എ. പി.സി. സി.യുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക്‌ ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടത്‌. കേന്ദ്ര കൃഷി മന്ത്രാലയത്തിലെ ജോയിന്റ്‌ സെക്രട്ടറി ശ്രീ. സഞ്ജീവ്‌ ചോപ്രയായിരുന്നു ഇന്ത്യയ്ക്കു വേണ്ടി ചെയർമാൻ സ്ഥാനം വഹിച്ചിരുന്നത്‌. ഈ സമ്മേളനത്തിൽ, ഇന്ത്യയിൽ നിന്ന്‌  ഇന്തോനേഷ്യ എ.പി.സി.സിയുടെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തു.
 സമ്മേളനത്തിൽ പങ്കെടുത്ത എല്ലാ രാജ്യങ്ങളും അവരുടെ രാജ്യത്തെ തെങ്ങു കൃഷി, തെങ്ങു കൃഷിയിൽ അവരുടെ ഭൂവിസ്തൃതി, ഉൽപാദനം, ഉത്പാദന ക്ഷമത, രാജ്യ,രാജ്യാന്തര വ്യാപാരം, അസംസ്കൃത ഉത്പ്പന്ന സംസ്ക്കരണം എന്നിവയെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ പങ്കുവയ്ക്കുകയുണ്ടായി. കഴിഞ്ഞ മൂന്നു വർഷമായി ഭൂവിസ്തൃതിയിൽ 3-​‍ാം സ്ഥാനത്താണെങ്കിലും,  ഉൽപാദനക്ഷമതയിൽ മുന്നിട്ടു നിൽക്കുന്നതുകൊണ്ട്‌  2011 മുതൽ ഏറ്റവും കൂടുതൽ നാളികേരം ഉൽപാദിപ്പിക്കുന്ന ലോക രാഷ്ട്രമായി ഇന്ത്യ മാറിയിട്ടുണ്ട്‌.   ദേശീയ ശരാശരിയുടെ രണ്ടര തൊട്ട്‌ മൂന്ന്‌ മടങ്ങ്‌ വരെ ഉൽപാദനക്ഷമത  കൈവരിച്ച സംസ്ഥാനങ്ങൾ ഇന്ത്യയിലുണ്ട്‌.  ഇന്ത്യയുടെ നാളികേരത്തിന്റെ  ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിന്‌ ഒത്തിരി കാര്യങ്ങൾ ഇനിയും നാം ചെയ്യേണ്ടതുണ്ട്‌ എന്നു തന്നെയാണ്‌ ഇത്‌ ചൂണ്ടിക്കാണിക്കുന്നത്‌ .  ഉത്പാദന ക്ഷമത വർദ്ധിപ്പിക്കുന്നതിനും നൂതന സാങ്കേതിക വിദ്യകളിലൂടെ നാളികേരത്തിന്റെ യഥാർത്ഥ മൂല്യം നേടിയെടുക്കുന്നതിനും എങ്ങനെ കൂട്ടായി പരിശ്രമിക്കാം എന്നതു തന്നെയായിരുന്നു പല അംഗരാജ്യങ്ങളുടെയും പ്രധാന പ്രശ്നം.  ഉൽപാദനക്ഷമത കുറഞ്ഞ രാജ്യങ്ങൾ പലരും ഇന്ത്യയെ ഉറ്റു നോക്കുന്നുണ്ട്‌. എപ്രകാരമാണ്‌ നാം ഈ ഉൽപാദന ക്ഷമത കൈവരിച്ചതു, ഉൽപാദന ക്ഷമത വർദ്ധനവിനുള്ള തടസ്സങ്ങളും പ്രതിബന്ധങ്ങളും എന്താണ്‌  തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം യോഗത്തിൽ വിശദമായ ചർച്ചകൾ നടന്നു. 
ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിന്‌  ഇന്ത്യ  നേരിടുന്ന പ്രധാന പ്രശ്നം അത്യുത്പാദന ശേഷിയുള്ള, നേരത്തേ കായ്ക്കുന്ന, ഉയരം കുറഞ്ഞ സങ്കരവർഗ്ഗം തൈകളുടെ അഭാവമാണ്‌.  ഗുണമേന്മയും അത്യുൽപാദനശേഷിയുമുള്ള ഒരു കോടിയോളം തെങ്ങിൻ തൈകൾ വർഷം തോറും ഇന്ത്യയിൽ ആവശ്യമുണ്ടെങ്കിലും നിലവിലുള്ള എല്ലാ സ്രോതസുകളിലും കൂടിയുള്ള ഉൽപാദനശേഷി കേവലം 35 ലക്ഷം മാത്രമാണ്‌.  ഉൽപാദനവും ആവശ്യകതയും തമ്മിലുള്ള വിടവ്‌ ഉത്പാദനത്തിന്റെ ഇരട്ടിയോളമാണ്‌.  ഈ വിടവ്‌ നിലവിലുള്ള മാർഗ്ഗങ്ങളിലൂടെ നികത്തുകയെന്നത്‌  ദുഷ്കരമാണ്‌ , ഒരു പക്ഷേ അസാധ്യവുമാണ്‌. നിലവിലുള്ള  ഉൽപാദനക്ഷമത വർദ്ധിപ്പിക്കണമെങ്കിൽ  ഉൽപാദന ശേഷി കുറഞ്ഞ തെങ്ങുകൾ വെട്ടി മാറ്റി നല്ലയിനം തെങ്ങിൻ തൈകളുടെ വർദ്ധിച്ച തോതിലുള്ള ആവർത്തന കൃഷി നടക്കണം. അതിന്‌ നല്ലയിനം തൈകൾ വേണം. കാർഷിക മേഖലയിൽ വൻവിജയം നേടിയ പ്രചുര പ്രജനന സാങ്കേതിക വിദ്യ (റാപ്പിഡ്‌ മൾട്ടിപ്ലിക്കേഷൻ ടെക്നിക്സ്‌) നാളികേര മേഖലയിലും ഉടൻ വികസിപ്പിക്കേണ്ടതുണ്ട്‌. ടിഷ്യൂ കൾച്ചറിലൂടെ ഒരു മാതൃ വൃക്ഷത്തിന്റെ അതേ ഗുണങ്ങളുള്ള പതിനായിരക്കണക്കിനോ ലക്ഷക്കണക്കിനോ തൈകൾ  ഉൽപാദിപ്പിക്കാൻ കഴിഞ്ഞാൽ നടീൽ വസ്തുക്കളുടെ കാര്യത്തിൽ  നാം ഇന്ന്‌ നേരിടുന്ന ദൗർലഭ്യം പരിഹരിക്കാം.  ഈന്തപ്പനയിലും എണ്ണപ്പനയിലും കമുകിലും ടിഷ്യൂകൾച്ചർ ടെക്നോളജി വിജയം നേടിയിട്ടുണ്ട്‌. തെങ്ങിൽ മാത്രം ടിഷ്യൂ കൾച്ചർ ടെക്നോളജികൾ ഇതുവരെ എന്തുകൊണ്ട്‌  വിജയിച്ചിട്ടില്ല.? ഈ ചോദ്യം നാളികേര ഉൽപാദക രാജ്യങ്ങളുടെ സമ്മേളനത്തിൽ നമ്മുടെ ഭാഗത്തു നിന്നും ഉന്നയിച്ചപ്പോൾ ഉൽപാദകരാജ്യങ്ങളിലെ ചെറുകിട രാജ്യങ്ങളിൽ പലരും ഇക്കാര്യത്തിൽ സാങ്കേതിക വിദ്യ  ലഭ്യമല്ല എന്നറിയിച്ചു. പക്ഷേ ഇന്ത്യയെപ്പോലെ മികച്ച ഉൽപാദക രാജ്യങ്ങളായ ഫിലിപ്പൈൻസിലും ഇന്തോനേഷ്യയിലും  ശ്രീലങ്കയിലും  ചെറിയ ഗവേഷണങ്ങളൊഴികെ ഈ മേഖലയിൽ  ഗൗരവമായ  മുന്നേറ്റം ഇതുവരെ ഉണ്ടായിട്ടില്ല. ഇവരെല്ലാവരും ഉറ്റു നോക്കുന്നത്‌ ഇന്ത്യയുടെ നേതൃത്വമാണ്‌. ടിഷ്യൂ കൾച്ചർ സാങ്കേതം ഉപയോഗിച്ച്‌ നാളികേരതൈകൾ  വൻ തോതിൽ ഉൽപാദിപ്പിക്കുന്നതിനുള്ള വിദ്യ വികസിപ്പിച്ചെടുക്കാൻ വളരെ വൈകിയിരിക്കുന്നു. അടിയന്തിരമായി ഇക്കാര്യത്തിൽ നാം കൂട്ടായി മുന്നോട്ടുപോകണം എന്നുള്ള സന്ദേശം ഈ എ.പി.സി.സി. യോഗത്തിലെ മുഖ്യധാരാ ചർച്ചാ വിഷയങ്ങളിൽ ഒന്നായി മാറുകയുണ്ടായി. ഇന്ത്യ  മുന്നോട്ടു വച്ച ഈ ആശയത്തെ പങ്കെടുത്ത 19 രാജ്യങ്ങളും സർവ്വാത്മനാ പൈന്തുണയ്ക്കുകയും ഇന്ത്യയുടെ നേതൃത്വം ഇക്കാര്യത്തിൽ ഉണ്ടാവണമെന്ന്‌ അഭിപ്രായപ്പെടുകയും ചെയ്തു.
ഈ സമ്മേളനത്തിൽ ഇന്ത്യ മുഖ്യമായും മുന്നോട്ടു വെച്ച  പ്രധാനപ്പെട്ട നാലു വിഷയങ്ങൾ ഇനി ചേർക്കുന്നു: ഒന്ന്‌, ഒരു ? അന്താരാഷ്ട്ര നാളികേര വിപണന കേന്ദ്രം? പ്രധാനപ്പെട്ട ഉത്പാദക രാജ്യമായ ഇന്ത്യയിൽ എ.പി.സി.സിയുടെ അംഗകാരത്തോടുകൂടി ആരംഭിക്കുക എന്നുള്ളതാണ്‌. ഇന്ത്യാ ഗവണ്‍മന്റ്‌ ഇതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങളും  സഹായങ്ങളും ചെയ്യാനും കൊച്ചിയിൽ  ഇത്‌ സ്ഥാപിക്കുന്നതിനും തയ്യാറാണ്‌ എന്നറിയിച്ചു. നിലവിൽ ഫിലിപ്പീസിൻസിനു പുറമേയുള്ളത്‌ അന്താരാഷ്ട്ര വാണിജ്യ കേന്ദ്രമായ റോട്ടർഡാമിലാണ്‌ നാളികേര ഉൽപന്നങ്ങളുടെ വില നിശ്ചയിക്കുന്നത്‌. ഇതൊരു വാങ്ങലുകാരുടെ വിപണിയാണ്‌. വിപണിയിൽ വാങ്ങലുകാരന്റെ ഇഷ്ടത്തിനനുസരിച്ച്‌ വെളിച്ചെണ്ണയുടെയും കൊപ്രയുടെയും പിണ്ണാക്കിന്റെയുമെല്ലാം വില നിശ്ചയിക്കുന്ന കേന്ദ്രം.  ഉത്പാദക രാജ്യങ്ങളുടെ താൽപര്യങ്ങൾക്ക്‌  അവിടെ പ്രാധാന്യവുമില്ല പ്രസക്തിയുമില്ല. അതിനാൽ ലോകത്തിലെ ഏറ്റവും മികച്ച ഉത്പാദക രാജ്യമായ ഇന്ത്യയിലെ തുറമുഖപട്ടണവും  വിവരസാങ്കേതിക വിദ്യയുടെ ഹബ്ബുമായ കൊച്ചിയിൽ,  എ.പി.സി.സിയുടെ നേതൃത്വത്തിൽ ഒരു ? അന്താരാഷ്ട്ര നാളികേര വിപണന കേന്ദ്രം ? സ്ഥാപിക്കുന്നത്‌ എന്തുകൊണ്ടും ഉചിതമായിരിക്കും. ഇതായിരുന്നു പ്രഥമ ആശയം. രണ്ടാമത്തെ ആശയം അംഗരാജ്യങ്ങൾ പരസ്പരമുള്ള  നാളികേരത്തിന്റെയും മൂല്യവർദ്ധിത ഉൽപന്നങ്ങളുടെയും വിപണനം കൂടുതൽ പ്രോത്സാഹിപ്പിക്കുക എന്നുള്ളതാണ്‌.  മികച്ച ഉത്പാദക ക്ഷമതയുള്ള ഇന്ത്യയുടെ കാര്യത്തിൽ ഇത്തരത്തിൽ മറ്റ്‌ അംഗരാജ്യങ്ങളുടെ വിപണി കൂടി തുറന്നു കിട്ടുന്നത്‌ നമ്മുടെ കർഷകർക്ക്‌ ഗുണപ്രദമാകും.  മൂന്നാമത്തെ പ്രധാന വിഷയം, നിലവിലുള്ള ഏഷ്യൻ പസഫിക്‌ കോക്കനട്ട്‌ കമ്മ്യൂണിറ്റിയെ  ?  ഇന്റർ നാഷണൽ കോക്കനട്ട്‌ കമ്മ്യൂണിറ്റി? ആയി മാറ്റുക എന്നതാണ്‌. ഏഷ്യ പസഫിക്‌ മേഖലയിലെ നാളികേര ഉത്പാദക രാജ്യങ്ങൾക്കു പുറമെ ആഫ്രിക്കൻ   ലാറ്റിനമേരിക്കൻ മേഖലയിലെ നാളികേര ഉത്പാദക രാജ്യങ്ങളെക്കൂടി ഇതിൽ അംഗങ്ങളായി ചേർക്കുന്നത്‌ ഈ സമൂഹത്തിന്റെ വ്യാപ്തിയും നിലവാരവും  വർദ്ധിപ്പിക്കും. നാളികേര ഉത്പാദനം കൂടുതൽ നടക്കാൻ സാധ്യതയുള്ള ലാറ്റിനമേരിക്കൻ , കരീബിയൻ, ആഫ്രിക്കൻ മേഖലകളിൽ നിന്ന്‌ കൂടുതൽ അംഗരാജ്യങ്ങൾ ഈ അന്താരാഷ്ട്ര നാളികേര സമൂഹത്തിലേയ്ക്ക്‌ വരേണ്ട ആവശ്യമുണ്ട്‌. ഏഷ്യയിൽ നിന്നു തന്നെ ബംഗ്ലാദേശും മ്യാൻമറും മാലിദ്വീപും ഒമാനും മറ്റും ഈ സമൂഹത്തിലേയ്ക്ക്‌ വരാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. ഇങ്ങനെ എ.പി.സി.സിയുടെ പ്രാദേശിക സ്വഭാവം എന്നുള്ളതിനപ്പുറത്ത്‌ ശരിയായ അന്താരാഷ്ട്ര സ്വഭാവത്തിലേക്ക്‌ ഇതിനെ മാറ്റിയെടുക്കുക. നാലാമത്തെയും എന്നാൽ ഏറ്റവും പ്രധാനപ്പെട്ടതുമായ  ആശയം ഒരു ?ഇന്റർനാഷണൽ സെന്റർ ഫോർ എക്സലൻസ്‌ ഇൻ കോക്കനട്ട്‌ ? എന്നതാണ്‌. അതായത്‌ നാളികേരത്തിന്റെ  അന്താരാഷ്ട്ര മികവിന്റെ കേന്ദ്രം ഇന്ത്യയിൽ സ്ഥാപിക്കുക. അംഗരാജ്യങ്ങൾൾക്കിടയിൽ തന്നെ ശാസ്ത്രഗവേഷണങ്ങളും വ്യാപാര വാണിജ്യ ബന്ധങ്ങളും മറ്റും വളർത്തിയെടുക്കുന്നതിനും പഠന പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിനും ഇത്തരത്തിലുള്ള  മികവിന്റെ കേന്ദ്രം ഉപകരിക്കുമെന്ന്‌  കരുതുന്നു. മികവിന്റെ ഈ കേന്ദ്രം ഇന്ത്യയിൽ സ്ഥാപിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ മുന്തിയ പങ്കു വഹിക്കാനും കേന്ദ്ര ഗവണ്‍മന്റ്‌ സന്നദ്ധത അറിയിച്ചു. എ.പി.സി.സിയുടെയും മറ്റ്‌ അംഗരാജ്യങ്ങളുടേയും കൂടി പൈന്തുണ ഇക്കാര്യത്തിലുണ്ടായാൽ തീർച്ചയായും നമുക്ക്‌ മുന്നോട്ടു പോകാൻ കഴിയും. ഈ  അന്താരാഷ്ട്ര കേന്ദ്രത്തോടൊപ്പം ഓരോ രാജ്യങ്ങളിലും ദേശീയതലത്തിൽ  ഓരോ മികവിന്റെ കേന്ദ്രങ്ങൾ കൂടി സ്ഥാപിക്കുകയും, ഇവയെ  അന്താരാഷ്ട്ര കേന്ദ്രവുമായി  ബന്ധിപ്പിക്കുകയും ചെയ്തു കൊണ്ടുള്ള  പ്രവർത്തന പദ്ധതിയാണ്‌ ഇന്ത്യ മുമ്പോട്ടു വയ്ക്കുന്നത്‌.  ഈ നാലു കാര്യങ്ങളിലും ഉടനടി തീരുമാനമെടുക്കാൻ കഴിയുന്നതല്ല എന്നറിയാം. എങ്കിൽ പോലും ഗൗരവമായ ചർച്ചകൾക്കും ആശയവിനിമയത്തിനും ഈ എ.പി.സി.സി സമ്മേളനം വേദിയാവുകയുണ്ടായി. ഒരോ അംഗരാജ്യങ്ങളുടെയും മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ഹൈക്കമ്മിഷണർമാർ, അംബാസഡർമാർ എന്നിവർ തിരികെ തങ്ങളുടെ രാജ്യത്ത്‌ ചെന്ന്‌ ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായും ഭരണാധികാരികളുമായും ആശയവിനിമയം നടത്തി ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാക്കും. ഇതേക്കുറിച്ച്‌ പഠിക്കുന്നതിന്‌ എ.പി.സി.സി  ഒരു സാങ്കേതിക കമ്മറ്റിയെ കൂടി നിയോഗിച്ചിട്ടുണ്ട്‌.
രാജ്യങ്ങളുടെ പങ്കാളിത്തം കൊണ്ടും ചർച്ചകളുടെ വൈപുല്യം കൊണ്ടും, കുറ്റമറ്റ സംഘാടനം കൊണ്ടും മികച്ച സമ്മേളനമായിരുന്നു കൊച്ചിയിൽ നടന്നത്‌ എന്ന്‌ അറിയിച്ച എപിസിസി,  ഇക്കാര്യത്തിൽ  ഇന്ത്യാഗവണ്‍മന്റിന്‌  പ്രത്യേകം നന്ദി അറിയിക്കുകയുമുണ്ടായി. ഇന്ത്യയിൽ നടക്കുന്ന പ്രധാന മുന്നേറ്റമായ കർഷക ഉത്പാദക സംഘങ്ങൾ തൊട്ട്‌ ഉത്പാദക ഫെഡറേഷനുകളിലൂടെ കടന്ന്‌ ഉത്പാദക കമ്പനികളിലേയ്ക്ക്‌ എത്തി നിൽക്കുന്ന കൂട്ടായ്മ മറ്റൊരു നാളികേര ഉത്പാദക രാജ്യത്തിനും പ്രാവർത്തികമാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇതിനെക്കുറിച്ചു കൂടുതൽ പഠിക്കുന്നതിനും  മനസ്സിലാക്കുന്നതിനുമായിരുന്നു പഠന പര്യടന ദിവസം അംഗങ്ങൾ കൂടുതൽ സമയം ചിലവഴിച്ചതു. ആലപ്പുഴ ജില്ലയിലെ കറപ്പുറം നാളികേര ഉത്പാദക കമ്പനിയുടെ ആസ്ഥാനത്തെത്തി കൂട്ടായ്മയുടെ അടിസ്ഥാന തലങ്ങളിൽ  നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച്‌  വിദേശപ്രതിനിധികൾ അന്വേഷിക്കുകയും പഠിക്കുകയും ഉണ്ടായി. തെങ്ങിന്റെ ചങ്ങാതിക്കൂട്ടം വഴി യന്ത്രവത്ക്കൃത തെങ്ങുകയറ്റം പ്രോത്സാഹിപ്പിച്ചതും സാങ്കേതിക വിദഗ്ദ്ധരുടെ ഒരു നിര നാളികേരമേഖലയിൽ രൂപീകരിച്ചതും  വിദേശീയരിൽ വലിയ താൽപര്യം ഉളവാക്കി.  പത്തു പ്രതിനിധികൾ നമ്മുടെ തെങ്ങുകയറ്റ യന്ത്രത്തിന്റെ സാമ്പിളുകൾ വാങ്ങിക്കൊണ്ടുപോവുകയും ചെയ്തു.  അവരുടെ ശ്രദ്ധ ഏറ്റവും ആകർഷിച്ചതു നീരയായിരുന്നു. നീര ഉത്പാദിപ്പിക്കുകയും അതിൽ നിന്ന്‌ മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ  നിർമ്മിച്ച്‌ സ്വദേശ, വിദേശ  വിപണികൾ  കൈയ്യടക്കുകയും ചെയ്ത  രാജ്യങ്ങൾ പോലും ആരോഗ്യപാനീയമെന്ന നിലയിലുള്ള നീരയുടെ വിപണി സാധ്യത ഇതുവരെ ചിന്തിച്ചിട്ടില്ല. ഫിലിപ്പീൻസിലും ഇന്തോനേഷ്യയിലും നീരയുടെ വിപണി എന്നാൽ നീര ഉൽപന്നങ്ങളുടെ വിപണിയാണ്‌. പ്രത്യേകിച്ച്‌ തെങ്ങിൻപഞ്ചസാരയും ശർക്കരയും. തായ്‌ലന്റിലും ശ്രീലങ്കയിലും നീര പോഷക ആരോഗ്യപാനീയമായി നിലവിലുണ്ട്‌. പക്ഷേ രണ്ടു രാജ്യങ്ങളുടെയും ഉത്പാദനശേഷി പരിമിതമാണ്‌.  ഈ  രംഗത്താണ്‌  ?ദൈവത്തിന്റെ സ്വന്തം നാട്ടിലെ  ദൈവത്തിന്റെ സ്വന്തം ആരോഗ്യ പാനീയം? (ഏ​‍ീറ?​‍െ ​‍ീം​‍ി വലമഹവേ റൃശിസ ളൃ​‍ീ​‍ാ ഏ​‍ീറ​‍െ ​‍ീം​‍ി രീ​‍ൗ​‍ി​‍്​‍്യ) എന്ന ആശയവുമായി വൈവിധ്യമാർന്ന നീര പാനീയങ്ങൾ അന്താരാഷ്ട്ര പ്രതിനിധികൾക്കു  മുമ്പിൽ നാം അവതരിപ്പിച്ചതു. എല്ലാവരും രുചിച്ചു നോക്കുകയും മികച്ച അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. 

  അംഗരാജ്യങ്ങൾക്കിടയിലും വിദേശ രാജ്യങ്ങളിലും നീരയ്ക്ക്‌ ആരോഗ്യപാനിയംമെന്ന സാധ്യത ഉണ്ട്‌ എന്ന്‌ അവരെല്ലാം സമ്മതിക്കുകയുണ്ടായി.
ഈ ആശയങ്ങൾ കേര കർഷകരുമായി പങ്കു വയ്ക്കുന്നതിനാണ്‌ ഈ ലക്കം മാസിക ഊന്നൽ നൽകുന്നത്‌. എ.പി.സി.സി സമ്മേളനത്തിന്‌ ആതിഥ്യമരുളിയതുകൊണ്ട്‌ നമ്മുടെ നാട്ടിലെ കർഷകർക്ക്‌ എന്താണ്‌ ഗുണം. കൂടുതൽ ആശയങ്ങൾ ഗ്രഹിക്കുന്നതിനും നമ്മുടെ  ഉത്പാദക കൂട്ടായ്മകൾക്ക്‌  പ്രത്യേകിച്ച്‌, ഉത്പാദക കമ്പനികൾക്ക്‌ മറ്റു രാജ്യങ്ങളിലെ പ്രതിനിധികളുമായി ആശയവിനിമയം നടത്തുന്നതിനും സാധിച്ചു. ഇതുവഴി ഭാവിയിൽ  വികസിത രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളും അവിടുത്തെ കർഷക കൂട്ടായ്മകളുമായി ചേർന്ന്‌ സംയുക്ത സംരംഭങ്ങൾക്കും കയറ്റുമതി സാദ്ധ്യതകൾക്കും തീർച്ചയായം അവസരമുണ്ടാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. കൂടാതെ നാളികേര ഉത്പാദക സമൂഹത്തിൽ കൂട്ടായ്മയുടെ ശക്തി വർധിപ്പിക്കേണ്ടതുമുണ്ട്‌. 
നമ്മുടെ കർഷക കൂട്ടായ്മകൾ എന്താണ്‌ ചെയ്യേണ്ടത്‌? അടിസ്ഥാനതലം മുതൽ കൂടുതൽ ശക്തിയാർജ്ജിച്ച്‌  കെട്ടുറപ്പും ഐക്യവും വളർത്തിയെടുത്ത്‌ സാങ്കേതിക-മാനേജ്‌മന്റ്‌ വിദഗ്ദ്ധരുടെ സഹായത്തോടെ ധനകാര്യസ്ഥാപനങ്ങളുടെ സഹായമുപയോഗിച്ച്‌ ​‍്‌ വേഗത്തിൽ മുന്നേറുക എന്നതാണ്‌ എ.പി.സി.സി സമ്മേളനം ഉത്പാദക കൂട്ടായ്മകൾക്കു നൽകുന്ന സന്ദേശം. ഇങ്ങനെ മുന്നേറുന്നതിന്‌ നമുക്ക്‌ ഒന്നിച്ച്‌ ശ്രമിക്കാം. അടിസ്ഥാന തലത്തിൽ കർഷകരുടെ നേതൃത്വം നാളികേര ഉത്പാദക സംഘങ്ങളിലൂടെ നാം രൂപീകരിക്കണം. പക്ഷേ, സാങ്കേതിക - മാനേജ്‌മന്റ്‌ വൈദഗ്ദ്ധ്യങ്ങൾ നമ്മുടെ ഓരോ ഉത്പാദക കൂട്ടായ്മയ്ക്കും സ്വയം ഉണ്ടാവണമെന്നില്ല. അവിടെ ഇന്ത്യയെപ്പോലുള്ള  ഒരു രാജ്യത്ത്‌  ലഭ്യമായ സാങ്കേതിക ,മാനേജ്‌മന്റ്‌ വിദഗ്ദ്ധരുടെ സഹായം തേടി ഉത്പാദക കൂട്ടായ്മകളുടെയും  നാളികേര ഉത്പാദക കമ്പനികളുടെയും  പ്രവർത്തന പന്ഥാവ്‌ വിപുലപ്പെടുത്തി നാം  മുന്നേറേണ്ടതുണ്ട്‌. ശരിയായ കാര്യങ്ങൾ കണ്ടെത്തി അത്‌ ചെയ്യുന്നതും ചെയ്യിക്കുന്നതുമാണ്‌ ലീഡർഷിപ്പ്‌ അഥവാ നേതൃത്വം. എന്നാൽ, ശരിയായ രീതിയിൽ കാര്യങ്ങൾ ഫലപ്രദമായും  സമയബന്ധിതമായും  ചെയ്യുന്നതാണ്‌   മാനേജ്‌മന്റ്‌വൈദഗ്ധ്യം. ഇങ്ങനെ കർഷകരുടെ നേതൃത്വവും മാനേജ്‌മന്റ്‌ വൈദഗ്ദ്ധ്യവും ഒരുമിച്ച്‌ ചേർത്ത്‌ നാളികേര കർഷകർക്ക്‌ ശോഭനമായ ഭാവി ഒരുക്കുന്നതിനുള്ള കൂട്ടായ്മകൾ നമുക്ക്‌ വേഗത്തിൽ വളർത്തിയെടുക്കാൻ കഴിയണം. ഈ എ.പി.സി.സി.സമ്മേളനം ഇത്തരത്തിലുള്ള പ്രവർത്തനം, കൂടുതൽ വേഗത്തിൽ ചെയ്യുന്നതിനുള്ള ആശയവും ആവേശവും  പ്രദാനം ചെയ്യുന്ന ഒന്നായിരുന്നു. നമ്മുടെ കർഷക കൂട്ടായ്മകൾ അടിയന്തിരമായി വളർച്ചയുടെ പാതയിലേയ്ക്ക്‌ നടന്നു കയറട്ടെ എന്ന്‌ ആശംസിക്കുന്നു.

21 Feb 2015

ആധുനിക സാങ്കേതിക വിദ്യകളും കർഷക കൂട്ടായ്മകളുടെ സംരംഭകത്വ വളർച്ചയും



ടി.കെ.ജോസ് ഐ എ എസ്
ചെയർമാൻ , നാളികേര വികസന ബോർഡ്

    കഴിഞ്ഞ ലക്കത്തിൽ കേരളത്തിലേയും ഇന്ത്യയിലേയും നാളികേര കൃഷിയുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചകളായിരുന്നു മുഖ്യ വിഷയം. കർഷക കൂട്ടായ്മകൾ ഉൾപ്പെടെ നിരവധി ആളുകൾ. തെങ്ങ്‌ കൃഷിയുടെ ഭാവിയെക്കുറിച്ച്‌ കൂടുതൽ പറയാനും എഴുതാനുമുണ്ട്‌ എന്ന്‌ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്‌ ഈ ലക്കത്തിലും നാളികേര മേഖലയുടെ ഭാവി എന്ന വിഷയം തുടർ വിഷയമായി വീണ്ടും സ്വീകരിക്കുന്നത്‌. ഇന്ത്യൻ നാളികേര ജേണലിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ്‌ വായനക്കാരുടെയും ഗുണഭോക്താക്കളുടെയും ആവശ്യം പരിഗണിച്ച്‌ മുൻ വിഷയം തന്നെ തുടർച്ചയായി ചർച്ചചെയ്യുന്ന ജേണൽ പ്രസിദ്ധീകരിക്കേണ്ടി വരുന്നത്‌. ഇതൊരു ശുഭോദർക്കമായ കാര്യമാണ്‌. ഇതിനെ സ്വാഗതം ചെയ്യുകയും ഈ വിഷയത്തെ കുറിച്ച്‌ ആഴത്തിലും വ്യാപ്തിയിലും ചിന്തകളും അന്വേഷണങ്ങളും പങ്കു വെയ്ക്കേണ്ടതുണ്ട്‌ എന്നു മനസ്സിലാക്കുകയും ചെയ്യുന്നു. കഴിഞ്ഞ തവണ നാളികേര മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതു സംബന്ധിച്ചായിരുന്നു പ്രതിപാദനം സ്ഥലപരിമിതി മൂലം അതിൽ ചേർക്കാൻ കഴിയാത്ത ഏതാനും ആശയങ്ങൾ ഈ ലക്കത്തിൽ ഉൾക്കൊള്ളിക്കുന്നു.

    നാളികേര മേഖലയുടെ ഭാവിക്ക്‌ വിത്തുകളുടെയും തൈകളുടെയും ഉദ്പാദനത്തിൽ ഏറ്റവും ആധുനികമായ ശാസ്ത്ര സാങ്കേതികവിദ്യകൾ എങ്ങനെ വേഗത്തിൽ പ്രാവർത്തികമാക്കാം എന്ന്‌ അടിയന്തിരമായി പരിശോധിക്കേണ്ടതുണ്ട്‌. ഒരു പൂങ്കുല വിരിഞ്ഞ്‌ അതിൽ നിന്ന്‌ തേങ്ങയുണ്ടായി, അത്‌ വിത്തായശേഷം ശേഖരിച്ച്‌, പാകി മുളപ്പിച്ച്‌ കർഷകരുടെ പക്കൽ എത്തുമ്പോൾ 22 മുതൽ 25 വരെ മാസങ്ങളുടെ കാലവിളംബമുണ്ട്‌. അത്യുത്പാദന ശേഷിയുള്ളതും രോഗ,കീട,പ്രതിരോധ ശേഷിയുള്ളതുമായ മാതൃവൃക്ഷത്തിൽ നിന്ന്‌ ഒരു വർഷം ഉൽപാദിപ്പിക്കാവുന്ന നാളികേരത്തിന്റെ എണ്ണം പരിമിതമായതുകൊണ്ട്‌ തന്നെ അതിൽ നിന്ന്‌ ഉത്പാദിപ്പിക്കാവുന്ന തൈകളുടെ എണ്ണവും പരിമിതമാണ്‌. അതിനാൽ വിത്തും തൈകളും ഉൽപാദിപ്പിക്കുന്നതിനുള്ള ആധുനിക സാങ്കേതിക മാർഗ്ഗങ്ങൾ തെങ്ങുകൃഷിയിലും നമുക്ക്‌ പ്രാവർത്തികമാക്കണം. പറഞ്ഞു വരുന്നത്‌ ടിഷ്യുക്കൾച്ചർ പോലെയുള്ള തീവ്ര പ്രജനന വിദ്യയെക്കുറിച്ചാണ്‌. ഉത്പാദന ശേഷിയും രോഗപ്രതിരോധ ശേഷിയും കൂടുതലുള്ള മാതൃവൃക്ഷത്തിന്റെ ദശലക്ഷക്കണക്കിന്‌ തൈകൾ കുറഞ്ഞ സമയത്തിനുള്ളിൽ ഉത്പാദിപ്പിക്കാൻ കഴിയുന്ന ഒരു സംവിധാനം ഗവേഷണത്തിലൂടെ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്.

‌നാളികേര വികസനബോർഡു തന്നെ മുൻകൈയെടുത്ത്‌ ഐ.സി.എ.ആർ, ബയോടെക്നോളജി ഡിപ്പാർട്ട്‌മന്റ്‌ (BIRAC)തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെ, ശാസ്ത്ര സങ്കേതങ്ങൾ ഉപയോഗിച്ച്‌ അതിവേഗം തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുന്നതിനുള്ള ഒരു നെറ്റ്‌ വർക്ക്‌ റിസർച്ച്‌ ആരംഭിച്ചിട്ടുണ്ട്‌. ഈ രീതിയിലുടെ ഗുണമേന്മയുള്ള ഇനങ്ങൾ നിർദ്ധാരണം ചെയ്ത്‌ വ്യാപിപ്പിക്കുന്നതിന്‌ അടിയന്തിര ശ്രമങ്ങൾ ഗവേഷണ പദ്ധതികളായി ഏറ്റെടുക്കുക എന്നുള്ളതാണ്‌ നാളികേരത്തിന്റെ ഭാവിക്കു ചെയ്യേണ്ട പ്രധാന കാര്യം. ഇതിൽ നിലവിലുള്ള ശാസ്ത്ര സാങ്കതിക ഗവേഷണ സ്ഥാപനങ്ങളുടെയും സർവ്വകലാശാലകളുടെയും ഗവേകരുടെയും സഹായവും സഹകരണവും ആവശ്യമുണ്ട്‌. നിലത്തുനിന്നു തന്നെ കരിക്കും നാളികേരവും ശേഖരിക്കാവുന്നതും നീര ടാപ്പ്‌ ചെയ്യാവുന്നതും ഉത്പാദനശേഷിയും രോഗപ്രതിരോധശേഷിയും കൂടിയതുമായ ഇനങ്ങൾ നമുക്ക്‌ വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞാൽ നിലവിലുള്ള പല പ്രശ്നങ്ങൾക്കും പരിഹാരമാകും. ഈന്തപ്പന, എണ്ണപ്പന, കമുക്‌ എന്നിവയുടെ ടിഷ്യുക്കൾച്ചർ തൈകൾ വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുന്നുണ്ട്‌. എന്തുകൊണ്ടാണ്‌ നാളികേരകൃഷിയിലും ഈ സാങ്കേതിക വിദ്യ ഇതുവരെ വികസിപ്പിച്ചെടുക്കാതിരുന്നത്‌. ശക്തമായ പിന്തുണ, ടിഷ്യുക്കൾച്ചർ ഗവേഷണ രംഗത്ത്‌ നാളികേരത്തിന്‌ നൽകാൻ ആരും ഉണ്ടായിരുന്നില്ല. ഗുണമേന്മയുള്ള നടീൽ വസ്തുക്കളെക്കുറിച്ച്‌ കർഷകരുടെ ഭാഗത്തുനിന്നുള്ള ഡിമാന്റും ശക്തമാവേണ്ടതുണ്ട്‌. ഗവണ്‍മന്റുകൾ ഇതിൽ താൽപര്യമെടുക്കണം. ഗവേഷണ കേന്ദ്രങ്ങളും ഗവേഷകരും ഇതിന്റെ ആവശ്യകതയും വ്യാവസായിക സാധ്യതയും പഠിക്കണം. ഇന്ത്യയിൽ ഒരു വർഷം ഒരു കോടി തെങ്ങിൻ തൈകളാണ്‌ ആവശ്യമുള്ളത്‌. ഉത്പാദിപ്പിക്കുന്നതോ കേവലം 35 ലക്ഷം. 250 മുതൽ 750 രൂപവരെ വിലയുള്ള ഹൈബ്രിഡ്‌ തെങ്ങിൻ തൈകൾക്കുവേണ്ടി കർഷകൻ ഒരു വർഷം മുമ്പേ പണമടച്ച്‌ കാത്തിരിക്കുന്ന ഈ രാജ്യത്ത്‌, ടിഷ്യുക്കൾച്ചർ തെങ്ങിൻ തൈകൾ മിതമായ വിലയിൽ ഉത്പാദിപ്പിച്ചാൽ കർഷകർക്കു ഗുണകരമാകുമെന്നതു മാത്രമല്ല, സ്വകാര്യ സ്ഥാപനങ്ങൾക്കുപോലും വ്യാവസായികാടിസ്ഥാനത്തിൽ ഇവിടെ ഇടപെടാൻ കഴിയും എന്നാണ്‌ ഇതിന്റെ സാമ്പത്തിക വശം സൂചിപ്പിക്കുന്നത്‌. അതുകൊണ്ട്‌ പൊതുമേഖലയോടൊപ്പം സ്വകാര്യ മേഖലയുടെയും ശ്രദ്ധയും താൽപര്യവും ഈ രംഗത്ത്‌ ഉണ്ടാകണമെന്ന്‌ അഭ്യർത്ഥിക്കുന്നു.

    കർഷക പങ്കാളിത്തത്തോടെയുള്ള ഗവേഷണം എന്നത്‌ നാളികേര മേഖലയിൽ ഇന്നും അന്യമാണ്‌. അടിസ്ഥാനപരമായി, കാർഷിക മേഖലയിലെ ഏത്‌ ഗവേഷണവും കർഷകർക്ക്‌ ഗുണകരമാകുന്നതിനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വിളവ്‌, വരുമാനം, ഉത്പാദന ക്ഷമത എന്നിവ വർദ്ധിപ്പിക്കുന്നതിനുമാകണം. പലപ്പോഴും നാട്ടിൽ നടക്കുന്ന തെങ്ങു ഗവേഷണം കർഷകരിലേക്ക്‌ എത്തുന്നില്ല. ഇതിനു മാറ്റം വരുത്തി, ഗവേഷണത്തിനുള്ള വിഷയങ്ങൾ കർഷക കൂട്ടായ്മകളിൽ നിന്നു സ്വീകരിച്ച്‌ അവരുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഗവേഷണങ്ങളിലേക്ക്‌ നമുക്ക്‌ എന്നാണ്‌ പോകാൻ കഴിയുക? കർഷക പങ്കാളിത്ത ഗവേഷണം എന്ന ആവശ്യം എല്ലാ നാളികേര കർഷകരും ശക്തമായി ഉന്നയിക്കണമെന്നും, കർഷകകൂട്ടായ്മകൾ വഴി ഗവണ്‍മന്റുകളെയും സർവകലാശാലകളെയും സ്വകാര്യ ഗവേഷണ സ്ഥാപനങ്ങളെയും അറിയിക്കണമെന്നും അഭ്യർത്ഥിക്കുന്നു. പുരോഗമന കർഷകർ തങ്ങളുടേതായ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും കൃഷിയിടങ്ങളിൽ നടത്താറുണ്ട്‌. അവരുടെ ഇത്തരം നേട്ടങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാറുമുണ്ട്‌. അനുഭവ സമ്പത്തും പ്രായോഗിക വിജ്ഞാനവുമുള്ള ഈ കൃഷിക്കാരുടെ ഗവേഷണരംഗത്തെ വൈദഗ്ദ്ധ്യവും നിരീക്ഷണങ്ങളും സമന്വയിപ്പിക്കുന്ന ഒരു രീതി നമുക്ക്‌ ഇവിടെ ഉണ്ടാക്കിയെടുക്കേണ്ടേ? കർഷക പങ്കാളിത്ത ഗവേഷണത്തിലെ രണ്ടാമത്തെ ഭാഗം, പരീക്ഷണ ശാലകളിൽ നിന്ന്‌ ഗവേഷകർ കർഷകരുടെ തോട്ടങ്ങളിലേക്ക്‌ ഇറങ്ങി വന്ന്‌ കർഷകരുടെ പങ്കാളിത്തത്തോടെ നടത്തുന്ന ഗവേഷകരെയും ഗവേഷണത്തെയും ഗവേഷണകേന്ദ്രങ്ങളെയും എത്തിക്കാൻ നമുക്ക്‌ എന്തു ചെയ്യാൻ കഴിയും? ചെറിയ തോതിലെങ്കിലും ഇതിനുള്ള ശ്രമം നടത്തുന്ന, കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഗവേഷകർ ഉണ്ട്‌ എന്നുള്ളത്‌ അംഗീകരിക്കുന്നു. അവരെ നന്ദിപൂർവ്വം സ്മരിക്കുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കാർഷിക ഗവേഷണ നയങ്ങളിൽ ഈയൊരു വിഷയം ചർച്ച ചെയ്യാനും അംഗീകരിപ്പാനും നമുക്കു സാധിക്കണം.
    നാളികേര കർഷകരുടെ ഭാവി സുരക്ഷിതമാക്കുന്നതിന്‌ ഉത്പാദക കൂട്ടായ്മകൾ സംരംഭകത്വ മാർഗ്ഗങ്ങളിലേക്ക്‌ അതിവേഗം കടന്നുവരണം. നിരവധി മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ സാങ്കേതിക വിദ്യയും അതിനുള്ള പെയിലറ്റ്‌ പ്ലാന്റുകളും ഇതിനോടകം തന്നെ തയ്യാറായിക്കഴിഞ്ഞു. ഉത്പാദക കമ്പനികളെങ്കിലും ധനവിനിയോഗത്തിലും, ബിസിനസ്സ്‌ പ്ലാനുകൾ ഉണ്ടാക്കുന്നതിലും പദ്ധതികൾക്ക്‌ വിവിധ ധനകാര്യസ്ഥാപനങ്ങളിൽ നിന്ന്‌ വായ്പ നേടിയെടുക്കുന്നതിലും, പദ്ധതികളുടെ നിർവ്വഹണത്തിലും, മേൽനോട്ടത്തിലും കഴിവും പരിജ്ഞാനവുമുള്ള വിദഗ്ധരുടെ സഹായം തേടേണ്ടതുണ്ട്‌. ഞങ്ങൾക്ക്‌ ഇപ്പോൾ പണം കുറവാണ്‌. വരുമാനം കുറവാണ്‌. അതുകൊണ്ട്‌ തത്ക്കാലം കുറഞ്ഞ ശമ്പളത്തിൽ തൃപ്തരാവുന്നവരെ നിയമിക്കാം എന്നതാണ്‌ ചിന്താഗതി. പക്ഷേ കുറഞ്ഞ ശമ്പളത്തിൽ തൃപ്തരാവുന്ന ആളുകൾക്ക്‌ കുറഞ്ഞ ശമ്പളത്തിൽ തൃപ്തരാവുന്ന ആളുകൾക്ക്‌ കുറഞ്ഞ ദൂരവും കുറഞ്ഞ വേഗവും കുറഞ്ഞ വരുമാനവും നേടിത്തരാനേ കഴിയുകയുള്ളൂ. അതുകൊണ്ട്‌, വായ്പയെടുത്തിട്ടാണെങ്കിലും മികച്ച പ്രോഫഷണലുകളെ നിയമിച്ച്‌ അവരെകൊണ്ട്‌ കൂടുതൽ വേഗത്തിൽ, കൂടുതൽ വരുമാനം സ്വരൂപിച്ച്‌, നിശ്ചിത ശമ്പളവും അതിനു പുറമേ അവർ വഴി ഉണ്ടാകുന്ന വരുമാനത്തിന്‌ ആനുപാതികമായി ഇൻസന്റീവു കൂടി കൊടുക്കുന്ന സംവിധാനത്തിലേക്ക്‌ മാറേണ്ടത്‌ ഉത്പാദക കമ്പനികളുടെയും നാളികേര കർഷകരുടെയും നാളികേര മേഖലയുടെയും ശോഭനമായ ഭാവിക്ക്‌ അത്യാവശ്യമാണ്‌ എന്ന്‌ അടിവരയിട്ടു പറയട്ടെ.
    രാസവസ്തുക്കളും അലോപ്പതി മരുന്നുകളും ഉപയോഗിച്ചുള്ള രോഗ കീട നിയന്ത്രണ മാർഗ്ഗങ്ങളെക്കുറിച്ച്‌ മാത്രമേ നമ്മൾ ചിന്തിച്ചിട്ടുള്ളു. എന്നാൽ ഇന്ത്യയുടെ സ്വന്തം ആയുർവേദ-യുനാനി -സിദ്ധ സാങ്കേതിക വിദ്യകളുപയോഗിച്ച്‌ കാർഷിക വിളകളുടെ രോഗങ്ങൾക്ക്‌ പരിഹാരം കാണാൻ കഴിയുമോ? ഒന്നു രണ്ടു സ്ഥലങ്ങളിൽ നിന്നെങ്കിലും, പച്ചമരുന്നുകളും ആയുർവേദ മരുന്നുകളും ഉപയോഗിച്ചുകൊണ്ട്‌ കാറ്റുവീഴ്ചയ്ക്ക്‌ ശമനം കാണാമെന്ന അവകാശവാദങ്ങൾ ഉന്നയിക്കപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടാണ്‌ നമ്മുടെ ഗവേഷണ കേന്ദ്രങ്ങൾ ഇത്തരം വിഷങ്ങൾ ഏറ്റെടുക്കാൻ മടിക്കുന്നത്‌? തെങ്ങിനെ ബാധിക്കുന്ന രോഗങ്ങൾക്കും ചെമ്പൻ ചെല്ലി, കൊമ്പൻ ചെല്ലി തുടങ്ങിയ കീടങ്ങൾക്കും ആയുർവേദത്തിൽ എന്തെങ്കിലും പ്രതിവിധി ഉണ്ടോ എന്ന്‌ അന്വേഷിക്കേണ്ടതല്ലേ? ഉടുമൽപേട്ടയ്ക്കടുത്ത്‌ ദലിയിലെ വിത്തുൽപ്പാദന പ്രദർശന തോട്ടത്തിൽ 2014-15 സാമ്പത്തിക വർഷത്തിൽ നാളികേര വികസന ബോർഡിന്റെ ഒരു 'ഫീൽഡ്‌ റിസർച്ച്‌ സെന്ററും' കൂടി പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്‌. തീർച്ചയായും ഇത്തരം പഠനങ്ങൾ അവിടെ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നു. ഉൽപാദന ക്ഷമത വർദ്ധിപ്പിക്കുന്നതിനും രോഗ കീട നിയന്ത്രണത്തിനും വ്യത്യസ്തമായ മാർഗ്ഗങ്ങളും ആശയങ്ങളും ഉള്ള കർഷകരും ഗവേഷകരും വിശദാംശങ്ങൾ നാളികേര വികസനബോർഡിനെ അറിയിച്ചാൽ, ഇത്തരം ഗവേഷണങ്ങൾ പങ്കാളിത്ത വ്യവസ്ഥയിൽ ഏറ്റെടുക്കാൻ ബോർഡിന്റെ 'ഫീൽഡ്‌ റിസർച്ച്‌ സെന്റർ' സന്നദ്ധമാണ്‌. സാധാരണ ഗതിയിൽ വിശാലമായ കാമ്പസും കൂറ്റൻ കെട്ടിടങ്ങളും സ്ഥാപിച്ച്‌ ദശലക്ഷങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച്‌ എയർകണ്ടീഷനുകളുടെ ശീതളിമയിൽ നടത്തുന്ന ഗവേഷണത്തിനപ്പുറത്ത്‌, കർഷകരോടൊപ്പം ജോലി ചെയ്യാൻ കഴിയുന്ന ചെറുപ്പക്കാരായ ശാസ്ത്രജ്ഞരെ നാം കണ്ടെത്തണം. കർഷക കൂട്ടായ്മകളോടൊപ്പം കൃഷിയിടങ്ങളിൽ പ്രവർത്തിക്കാൻ സന്നദ്ധരായ ഇത്തരം ഗവേഷകരെയാണ്‌ 'ഫീൽഡ്‌ റിസർച്ച്‌ സെന്ററിൽ' ആവശ്യം. ഭാവിയിൽ ഈ സെന്ററിനെ ദേശീയ-അന്തർദേശീയ തലത്തിൽ ഏറ്റവും മികച്ച നാളികേര ഗവേഷണ കേന്ദ്രമായി വിഭാവനം ചെയ്യണം.
    കാർഷിക മേഖലയിലെ ഗവേഷണങ്ങൾ ഐ.സി.എ.ആർ. കാർഷിക സർവ്വകലാശാല തുടങ്ങിയ സ്ഥാപനങ്ങളുടെ മാത്രം ഉത്തരവാദിത്വം എന്നു ചിന്തിച്ച്‌ പല അക്കാദമിക്‌ ഗവേഷണ സ്ഥാപനങ്ങളും മാറി നിൽക്കുന്നു. ആഗോളവത്ക്കരണത്തിന്റെയും ഉദാരവത്ക്കരണത്തിന്റെയും സ്വകാര്യവത്ക്കരണത്തിന്റെയും ഉദാരവത്ക്കരണത്തിന്റെയും കാലഘട്ടത്തിൽ സാങ്കേതിക യോഗ്യതയും, ഗവേഷണ പരിചയമുള്ള ഏതു സ്ഥാപനവും തെങ്ങു കൃഷിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ ഏറ്റെടുക്കുന്നതിനെ നാളികേര വികസന ബോർഡ്‌ സ്വാഗതം ചെയ്യുന്നു. സ്ഥാപനത്തിന്റെ പാരമ്പര്യത്തിനോ പ്രശസ്തിക്കോ അപ്പുറത്ത്‌ ഉത്തരവാദിത്വ പൂർണ്ണമായ ഗവേഷണങ്ങൾ നടത്താൻ കഴിവും കാര്യപ്രാപ്തിയും താത്പര്യവും ഉള്ള ഗവേഷകരും, അവരെ പ്രോത്സാഹിപ്പിക്കുന്ന മാനേജ്‌മന്റുകളും ഉള്ള സ്ഥാപനങ്ങൾക്ക്‌ നാളികേര ഗവേഷണങ്ങളിൽ പങ്കാളികളാകാൻ നാളികേര വികസന ബോർഡ്‌ അവസരം നൽകുന്നു. ബോർഡിന്റെ ആസ്ഥാനത്തല്ല, കേരളത്തിലെ നാളികേര ഉൽപാദകരുടെ കൂട്ടായ്മകളിൽ ആയിരിക്കും ഇത്തരം ഗവേഷണങ്ങൾ നടക്കേണ്ടത്‌. നടീൽ വസ്തുക്കൾ, രോഗ പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവയുടെ മാത്രം ഗവേഷണത്തിലല്ല, പുതിയ നാളികേര ഉൽപ്പന്നങ്ങളും അവയുടെ പുതിയ ഉപയോഗങ്ങളും കണ്ടെത്തുന്നതിനും താത്പര്യമുള്ള ഗവേഷകർക്കും സംരംഭകർക്കും സ്വകാര്യ ഗവേഷണസ്ഥാപനങ്ങൾക്കും അവസരങ്ങളുടെ വാതായനങ്ങൾ തുറന്നിടുന്നു.
    തെങ്ങുകൃഷിയുടെ വിവിധ മേഖലകളിൽ സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലാളികളേയും ടെക്നീഷ്യന്മാരേയും പരിശീലിപ്പിച്ചെടുക്കുകയും കർഷക കൂട്ടായ്മകളോടൊപ്പം നിലനിർത്തുകയും ചെയ്യുക എന്നതും നാളികേരത്തിന്റെ സുരക്ഷിതമായ ഭാവിക്ക്‌ ആവശ്യമാണ്‌. 35075 പേർ തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തിൽ അംഗങ്ങളായി കഴിഞ്ഞു. അടിയന്തിരമായി കേരളത്തിൽ മാത്രം 25000 നീര ടെക്നീഷ്യന്മാരെ പരിശീലിപ്പിച്ചെടുക്കേണ്ടതുണ്ട്‌. നാളികേര ഉൽപ്പന്നങ്ങളുടെ സംസ്ക്കരണം മൂല്യ വർദ്ധനവ്‌ തുടങ്ങിയ മേഖലകളിൽ സർട്ടിഫിക്കറ്റ്‌ കോഴ്സും ഡിപ്ലോമ കോഴ്സും, ഡിഗ്രികോഴ്സും, പോസ്റ്റ്‌ ഗ്രാജ്വേറ്റ്‌ ഡിപ്ലോമ കോഴ്സും, പോസ്റ്റ്‌ ഗ്രാജ്വേറ്റ്‌ കോഴ്സും ആരംഭിക്കുന്നതിന്‌ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുമായി നമുക്ക്‌ എങ്ങനെ കൈകോർക്കാൻ കഴിയും എന്നും നാം ചിന്തിക്കണം.  എല്ലാ ഉൽപാദന കമ്പനികളും ഇതെക്കുറിച്ച്‌ ചിന്തിക്കുകയും ആശയങ്ങൾ പങ്കു വയ്ക്കുകയും ചെയ്യണം. നിരവധി എഞ്ചിനീയറിംഗ്‌ കോളേജുകളിലും മറ്റും സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന കാലഘട്ടത്തിൽ അടുത്ത വിദ്യാഭ്യാസ വർഷമെങ്കിലും കാർഷിക, ഭക്ഷ്യവിഭവ, നാളികേര സംസ്ക്കരണ മേഖലയിലുള്ള ബി-ടെക്‌ കോഴ്സുകളും ഡിപ്ലോമ കോഴ്സുകളും ഒക്കെ ഈ സ്ഥാപനങ്ങളിൽ ആരംഭിക്കുന്നതിന്‌ ഉന്നതവിദ്യാഭ്യാസ കൗൺസിലുമായി നാളികേര ഉൽപാദക കമ്പനികൾ ഈ വിഷയം ചർച്ച ചെയ്യേണ്ട ആവശ്യമുണ്ട്‌.

    സുപ്രധാനമായ ഒരു കാര്യമാണ്‌ വിജ്ഞാന വ്യാപനം. ജീവനും ചൈതന്യവും നഷ്ടപ്പെട്ട്‌ കേവലം ആചാരങ്ങളിലും ആർഭാടങ്ങളിലും മാത്രം ഒതുങ്ങുന്ന കാർഷിക വിജ്ഞാനവ്യാപനമാണ്‌ ഇന്നു നടക്കുന്നത്‌. മേളകളും കാർഷികോത്സവങ്ങളും സംഘടിപ്പിക്കുന്നത്‌ വിജ്ഞാന വ്യാപനത്തെ സഹായിക്കില്ല എന്നല്ല മറിച്ച്‌ അതിനപ്പുറത്തേക്ക്‌ തുടർവിജ്ഞാന വ്യാപനം നടത്തുന്നതിന്‌ നിരന്തരമായി  ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന്‌ ഒരു സംവിധാനം ഉണ്ടാവേണ്ടതുണ്ട്‌. പുതിയ വിജ്ഞാനവും പുതിയ സാങ്കേതങ്ങളും എങ്ങിനെ കർഷകരിൽ വേഗത്തിൽ എത്തിക്കാൻ കഴിയുമെന്ന്‌ ചിന്തിക്കേണ്ടിയിരിക്കുന്നു. സർക്കാർ സംവിധാനത്തിലൂടെ മാത്രമേ ഇതിനു കഴിയുകയുള്ളൂ എന്ന ധാരണയ്ക്കപ്പുറത്ത്‌, കേരളത്തിൽ രൂപീകൃതമായിരിക്കുന്ന 6000 ഉത്പാദക സംഘങ്ങളുടെയും 311 ഉത്പാദക ഫെഡറേഷനുകളുടെയും, 15 ഉത്പാദക കമ്പനികളുടെയും സംവിധാനങ്ങൾ തെങ്ങുകൃഷി മേഖലയിൽ വിജ്ഞാന വ്യാപനത്തിന്‌ എങ്ങനെ ഉപയോഗപ്പെടുത്താമെന്നു വിജ്ഞാനവ്യാപനവിദഗ്ദ്ധർ ചിന്തിക്കുമെന്ന്‌ പ്രത്യാശിക്കുന്നു. ഇത്തരം മേഖലകളിൽ ആലസ്യം ഉപേക്ഷിച്ച്‌ ആർജ്ജവത്തോടെ പുതിയ കാര്യങ്ങളും, പുതിയ ആശയങ്ങളും, പുതിയ പ്രവർത്തന രീതികളും, അവലംബിച്ചാൽ മാത്രമേ തെങ്ങുകൃഷിയുടെ ഭാവി സുരക്ഷിതമാക്കാൻ കഴിയൂ. ഇക്കാര്യത്തിൽ മുൻകൈ എടുക്കേണ്ടത്‌ ഗവണ്‍മന്റുകളോ സർക്കാർ ഉദ്യോഗസ്ഥരോ മാത്രമാണെന്ന്‌ കരുതുന്നില്ല. ഊർജ്ജസ്വലമായ കർഷകരും കർഷക കൂട്ടായ്മകളും ഇക്കാര്യത്തിൽ സർക്കാർ സംവിധാനങ്ങളെയെല്ലാം മുന്നിൽ നിന്നു ചലിപ്പിക്കുന്ന ശക്തിയായി മാറണം. കർഷകരുടെയും, കർഷക കൂട്ടായ്മകളുടേയും സ്ഥാനം സർക്കാരിന്റെയും സർക്കാർ സംവിധാനങ്ങളുടെയും പിന്നിലല്ല. മറിച്ച്‌ മുന്നിലാണ്‌ എന്ന്‌ അറിയുകയും മനസ്സിലാക്കുകയും അത്‌ പ്രവൃത്തിപഥത്തിൽ കൊണ്ടുവരികയും ചെയ്യുന്നതിന്‌ നമുക്ക്‌ കൂട്ടായി പരിശ്രമിക്കാം.

19 Sept 2014

പദ്ധതി നിർവ്വഹണത്തിൽ കാലവിളംബം ഉണ്ടാകാതെ മുന്നേറുക


ടി. കെ. ജോസ്‌  ഐ എ എസ്‌
ചെയർമാൻ, നാളികേര വികസന ബോർഡ്‌

നമ്മുടെ നാട്ടിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ വേഗതക്കുറവിനെക്കുറിച്ച്‌ നാം ധാരാളം പരാതിപ്പെടാറുണ്ട്‌. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ ഉടനീളം പലപ്പോഴും ഗവണ്‍മന്റ്‌ പദ്ധതികളിൽ  കാണപ്പെടുന്ന നിർവ്വഹണ രംഗത്തെ ഈ മാന്ദ്യത്തിന്റെ കാരണമെന്താണ്‌. പദ്ധതി നിർവ്വഹണത്തിലെ മാന്ദ്യം അഥവാ അവധാനത എന്നത്‌ നമ്മുടെ നാട്ടിൽ മാത്രം കാണപ്പെടുന്ന പ്രതിഭാസം ആണോ? ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കേവലം സർക്കാർ പദ്ധതികളിൽ മാത്രമാണോ അതോ സ്വകാര്യ പദ്ധതികളിലും സഹകരണ മേഖലയിലെ പദ്ധതികളിലും പൊതുമേഖല പദ്ധതികളിലും മാന്ദ്യം കാണപ്പെടുന്നുണ്ടോ? ഒരു വികസ്വര രാഷ്ട്രമായ ഇന്ത്യയിൽ പദ്ധതി നിർവ്വഹണത്തിന്റെ കാലതാമസം എപ്രകാരമാണ്‌ നമ്മുടെ സാമ്പത്തിക വളർച്ചയേയും വികസനത്തേയും ബാധിക്കുന്നത്‌ ? ഇത്തരം കാര്യങ്ങളെക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കേണ്ട സമയമായിരിക്കുന്നു. പലപ്പോഴും റോഡ്‌ നിർമ്മാണം, മേൽപ്പാല നിർമ്മാണം, റോഡ്‌ വീതികൂട്ടൽ സർക്കാർ പ്രോജക്ടുകളുടെ നിർവ്വഹണം തുടങ്ങിയവ നിശ്ചിത സമയത്തിനകം പൂർത്തീകരിച്ച ചരിത്രം വളരെക്കുറവാണ്‌.

എന്നാൽ, ഇന്ത്യയുടെ ചരിത്രത്തിൽ ഇതേവരെ പൊതുതെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകൾ കാലതാമസമുണ്ടാക്കിയതിന്റെ പേരിൽ തെരഞ്ഞെടുപ്പ്‌ മാറ്റി വെച്ച സന്ദർഭം ഉണ്ടായിട്ടില്ല. എന്തുകൊണ്ടാണ്‌ അതേ ഗവണ്‍മന്റ്‌ സംവിധാനം വികസന പ്രവർത്തനങ്ങളിൽ കാലതാമസമുണ്ടാക്കുന്നത്‌? ദീർഘമായ ചർച്ചകൾ സംസ്ഥാന-കേന്ദ്ര തലങ്ങളിൽ നടത്തുകയും ഇതേക്കുറിച്ച്‌ നിരവധി സിദ്ധാന്തങ്ങൾ പലരും അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്‌. കൃത്യമായ കലയളവിൽ യഥാസമയമാണോ നിർവ്വഹണം നടക്കുന്നത്‌ എന്ന വിലയിരുത്തലിന,​‍്‌ ഉത്തരവാദിത്വപ്പെട്ടവരുടെയെല്ലാം കൂട്ടായ പ്രവർത്തനവും നിശ്ചയദാർഢ്യവും ഏത്‌ പദ്ധതികളുടേയും പൂർത്തീകരണത്തിന്‌ അത്യാവശ്യമാണ്‌. ഒരുപക്ഷേ ഗവണ്‍മന്റിൽ  എല്ലാ ഘടകങ്ങളും ഒരുമിച്ച്‌ കൂട്ടുന്നതിനും ആ സാമഗ്രികളെ ഒരുമിച്ച്‌ കൊണ്ടുവരുന്നതിനും  കാലതാമസം നേരിട്ടുവേന്ന്‌ വരാം. ഇവിടെയാണ്‌ പദ്ധതികൾക്ക്‌ നേതൃത്വം കൊടുക്കുന്നവരുടെ ഇച്ഛാശക്തിയും, നിശ്ചയദാർഢ്യവും, കർമ്മകുശലതയും, നേതൃത്വപാടവവും പ്രകടമാകേണ്ടത്‌. ഇത്തരത്തിൽ കഴിവും കർമ്മകുശലതയും പ്രകടിപ്പിച്ചവരെയാണ്‌ സമൂഹം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക. ഏത്‌ പ്രതികൂല സാഹചര്യങ്ങളിലും, തങ്ങളുടെ കർത്തവ്യം മറക്കാതെ, ദൃഢനിശ്ചയത്തോടെ എത്ര പ്രതിബന്ധങ്ങളുണ്ടായാലും അവയൊക്കെ തരണം ചെയ്തു വ്യക്തിപരവും ഔദ്യോഗികവുമായ മറ്റ്‌ തിരക്കുകൾ മാറ്റി വെച്ചുകൊണ്ട്‌ ഏറ്റെടുക്കുന്ന പദ്ധതിയിൽ മാത്രം ലക്ഷ്യം വെച്ച്‌ അതിൽ മനസ്സും, ശരീരവും സ്വന്തം ടീമും ഒരേപോലെ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞാൽ ഏത്‌ പദ്ധതിയും സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കും. ഇതിനപവാദങ്ങൾ ഇല്ലെന്നല്ല, പ്രകൃതിക്ഷോഭങ്ങളും മനുഷ്യശക്തിക്ക്‌ അതീതമായ കാര്യങ്ങളും പലപ്രവർത്തനങ്ങളേയും ദീർഘിപ്പിക്കുന്നതിനും മറ്റീവ്പ്പിക്കുന്നതിനും കാരണമാകാം. അത്തരം കാര്യങ്ങളെക്കുറിച്ചല്ല ഇവിടെ പരാമർശിക്കുന്നത്‌. മറിച്ച്‌, മനുഷ്യന്‌ സാധ്യമായ കാര്യങ്ങളെക്കുറിച്ചാണ്‌.

5200ഓളം ഉത്പാദക സംഘങ്ങളും 230 ഉത്പാദക ഫെഡറേഷനുകളും 12 ഉത്പാദക കമ്പനികളും നാളികേര കർഷക കൂട്ടായ്മയിൽ രൂപീകൃതമായിരിക്കുന്ന കേരളത്തിൽ കർഷകരുടെ മാത്രം ഉടമസ്ഥതയിലുള്ള നമ്മുടെ ഉത്പാദക കമ്പനികളെ  പദ്ധതി "നിർവ്വഹണ കാലതാമസം" എന്ന രോഗത്തിൽ നിന്ന്‌ എങ്ങനെ മോചിപ്പിക്കാം; അഥവാ നാം ഏറ്റെടുക്കുന്ന പദ്ധതികൾ യഥാസമയത്ത്‌, യഥാവിധി നിർവ്വഹിക്കുന്നതിന്‌ കൂട്ടായ്മകളെ  എങ്ങനെ പ്രാപ്തമാക്കാം എന്ന്‌ ഗൗരവമായി ചിന്തിക്കാനുള്ള സമയമാണിത്‌. കാരണം 12 നാളികേരോത്പാദക കമ്പനികളും തങ്ങളുടെ കീഴിലുള്ള നാളികേരോത്പാദക ഫെഡറേഷനുകൾക്ക്‌ നീര ഉത്പാദനത്തിന്‌ ലൈസൻസിന്‌ അനുമതി നേടിയവരാണ്‌.  ഇതിൽ എത്രപേരുടെ പ്രോജക്ടുകളാണ്‌ തങ്ങൾ ലക്ഷ്യമിട്ട സമയത്തിനുള്ളിൽ പൂർത്തീകരിക്കാൻ പോകുന്നത്‌ എന്ന്‌ പരിശോധിക്കപ്പെടേണ്ടതുണ്ട്‌. 12ൽ 10 കമ്പനികൾക്കും സ്വന്തമായതോ അഥവാ ലീസിന്‌ എടുത്തതോ ആയ സ്ഥലം ലഭ്യമായിക്കഴിഞ്ഞു. സംസ്ഥാന എക്സൈസ്‌ വകുപ്പിൽ നിന്നും ലഭിക്കേണ്ട ലൈസൻസ്‌ ലഭിക്കുന്നതിനുള്ള എല്ലാ നിയമതടസ്സങ്ങളും മാറിക്കഴിഞ്ഞു. അംഗീകൃത ഓഹരി മൂലധനം 5 കോടി രൂപയെന്ന്‌ കമ്പനി രജിസ്റ്റർ ചെയ്തപ്പോൾ തന്നെ തീരുമാനം എടുക്കുകയും ചെയ്തിട്ടുണ്ട്‌. ഇതേ പംക്തിയുടെ  മുൻലക്കങ്ങളിൽ, കർഷകരിൽ നിന്നുള്ള ഓഹരി സമാഹരണം ഊർജ്ജിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചും സൂചിപ്പിച്ചിരുന്നു. നാളികേരത്തിന്‌  സർവ്വകാല റെക്കോർഡ്‌ വില ലഭിക്കുന്ന ഇക്കാലത്ത്‌ പ്രഥമികമായി പദ്ധതി നിർവ്വഹണത്തിന്റെ ധനസമാഹരണം നടത്തേണ്ടത്‌ കർഷകരിൽ നിന്ന്‌ സമാഹരിക്കുന്ന ഓഹരി മൂലധനം വഴിയാണ്‌. ഓരോ കമ്പനികളും ഈ മേഖലയിലെ തങ്ങളുടെ പ്രവർത്തനം സമയബന്ധിതമായി നടപ്പാക്കിയിട്ടുണ്ടോയെന്ന്‌ പരിശോധിക്കുകയും എവിടെയെങ്കിലും പോരായ്മയും കാലതാമസവും ഉണ്ടായിട്ടുണ്ട്‌ എങ്കിൽ ആ പോരായ്മകൾ പരിഹരിച്ചുകൊണ്ട്‌, മറ്റുള്ളവരോടൊപ്പം മുൻപന്തിയിൽ എത്താൻ കൂട്ടായ ശ്രമം നടത്തണം.  ഏത്‌ പദ്ധതി പ്രവർത്തനത്തിന്റേയും സമയബന്ധിതമായ പുരോഗതിയ്ക്കും പൂർത്തീകരണത്തിനും അടിസ്ഥാനശില ഓഹരി മൂലധനമാണ്‌.

നീരയുത്പാദനത്തിൽ നാം ഇതുവരെ എന്ത്‌ പുരോഗതി കൈവരിച്ചു. വേണ്ടത്ര പുരോഗതിയുണ്ടോ, അതോ പിറകിലാണോ എന്നുകൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. ഏതാനും മാസങ്ങൾക്ക്‌ മുൻപ്‌ തന്നെ ഓരോ ഉത്പാദക കമ്പനികളോടും തങ്ങളുടെ ഡയറക്ടർ ബോർഡിലെ അംഗങ്ങളെ ചെറിയ ടീമുകളാക്കി മാറ്റി, ഓരോരോ പദ്ധതികൾക്കും  പ്രവർത്തനങ്ങൾക്കുമുള്ള ഉത്തരവാദിത്വം, ഓരോ ടീമിനെ ഏൽപ്പിക്കണമെന്ന്‌ അഭ്യർത്ഥിച്ചിരുന്നു. നീര ഉത്പാദനത്തിന്‌ അവശ്യം വേണ്ട ലൈസൻസ്‌ നേടിയെടുക്കുന്നതിന്‌ നാം ഇതുവരെ എത്രമാത്രം കൃത്യനിഷ്ഠയുള്ള പ്രവർത്തനം നടത്തി, അതിൽ എത്രമാത്രം വിജയിച്ചുവെന്ന് കാര്യം തീർച്ചയായും വിലയിരുത്തുകയും  ഉത്തരവാദിത്വം ഏൽപ്പിച്ച ടീം അത്‌ എത്രമാത്രം നിർവ്വഹിച്ചുവേന്ന ഓരോ കമ്പനിയുടേയും ഡയറക്ടർ പ്രതിമാസ സംസ്ഥാനതല റിവ്യൂ യോഗത്തിൽ  ചർച്ച  ചെയ്യേണ്ടതുണ്ട്‌.
അടുത്ത മേഖല നീര ടെക്നീഷ്യന്മാരുടെ പരിശീലനമാണ്‌. പലപ്പോഴും എല്ലാ ജില്ലകളിൽ നിന്നും യഥാസമയം മാസ്റ്റർ ട്രെയിനർമാരെ  പരിശീലനത്തിന്‌ നാമനിർദ്ദേശം ചെയ്യുന്ന കാര്യത്തിൽ കാലവിളംബവും അവധാനതയും കാണുന്നുണ്ട്‌. മാസ്റ്റർ ട്രെയിനർമാരെ സംസ്ഥാനതലത്തിൽ പരിശീലിപ്പിച്ച്‌ കഴിഞ്ഞാൽ മാത്രമേ നിങ്ങളുടെ ജില്ലകളിൽ അവരെ പ്രയോജനപ്പെടുത്തി നീര ടെക്നീഷ്യന്മാരുടെ പ്രരിശീലനം ആരംഭിക്കാൻ കഴിയൂ. ഇപ്രകാരം മാസ്റ്റർ ടെക്നീഷ്യന്മാരെ ലഭിച്ച ജില്ലകളിൽപോലും മാസങ്ങൾ കഴിഞ്ഞിട്ടും നീര ടെക്നീഷ്യന്മാരുടെ പരിശീലനം  ഇതുവരെ ആരംഭിക്കാത്ത ചരിത്രവും മുന്നിലുണ്ട്‌.
 കേവലം നാല്‌ ജില്ലകളിൽ മാത്രമാണ്‌ കമ്പനികളുടെ പരിധിക്കുള്ളിൽ നീര ടെക്നീഷ്യന്മാരുടെ പരിശീലനം ഇതുവരെ ആരംഭിച്ചതായി അറിയിച്ചിട്ടുള്ളത്‌.  നമുക്ക്‌ വലിയ ലക്ഷ്യങ്ങൾ ഉണ്ടെങ്കിലും അതിനുവേണ്ടിയുള്ള തീരുമാനമെടുത്ത്‌ സമയബന്ധിതമായി നടപ്പാക്കുന്ന കാര്യത്തിൽ നാം നല്ല നാളെയ്ക്കുവേണ്ടി കാത്തിരിക്കുന്നു. മറ്റുള്ളവർ നമുക്ക്‌ കാര്യങ്ങൾ ചെയ്തുതരുമെന്ന പ്രതീക്ഷിച്ചുകൊണ്ട്‌ കാത്തിരിക്കുകയാണ്‌. ചില ഡയറക്ടർ ബോർഡിലെങ്കിലും നടക്കുന്ന ചർച്ചകളെക്കുറിച്ച്‌ ഡയറക്ടർമാർ പറയുമ്പോൾ അൽപ്പം ലജ്ജ തോന്നുന്ന അവസ്ഥയാണ്‌. ഡയറക്ടർ ബോർഡ്‌ അംഗങ്ങൾക്ക്‌ എന്ത്‌ ആനുകൂല്യങ്ങളും  സിറ്റിംഗ്‌ ഫീസും കിട്ടും, അതിന്‌ ആരാണ്‌ സഹായിക്കുക എന്നാണ്‌ ഓഹരി മൂലധന സമാഹരണത്തിൽ ഒരടിപോലും മുന്നോട്ട്‌ പോകാത്ത  ഒരു കമ്പനിയിലെ ഡയറക്ടർമാരുടെ ചോദ്യം.  നാളികേര വികസന ബോർഡിൽ നിന്ന്‌ കമ്പനിയുടെ ഡയറക്ടർ ബോർഡിന്റെ പ്രവർത്തനങ്ങൾക്കും സിറ്റിംഗ്‌ ഫീസ്‌ നൽകുന്നതിനും എന്തെങ്കിലും അനുവദിച്ചാൽ വളരെ നന്നായിരിക്കും എന്ന്‌ വളരെ വിനീതമായി സൂചിപ്പിച്ച കമ്പനി ഡയറക്ടർമാരുണ്ട്‌. പ്രിയപ്പെട്ടവരെ, ഇതല്ല  നമ്മൾ തൃത്താല കൂട്ടായ്കളിലൂടെ നാളികേര ഉത്പാദക കമ്പനികളിലേക്ക്‌ എത്തിയപ്പോൾ ലക്ഷ്യമിട്ടിരുന്നത്‌.  സബ്സിഡിയോ, ഗ്രാന്റോ, ഔദാര്യമോ, സൗജന്യമോ ഗവണ്‍മന്റിൽ നിന്നും ലഭിക്കുന്നതിനുള്ള പദ്ധതിയോ അല്ല. മറിച്ച്‌ ആത്മാഭിമാനത്തോടെ സ്വന്തം കാലിൽ നിൽക്കുന്നതിനും കർഷക കൂട്ടായ്മകൾ വളർത്തിക്കൊണ്ട്‌ അർഹമായ അവസരങ്ങൾ നേടിയെടുക്കുന്നതിനും കർഷകരെ സ്വയം പര്യാപ്തരാക്കുന്നതിനും വേണ്ടിയുള്ള കൂട്ടായ്മകളുടെ രൂപീകരണമാണ്‌ ലക്ഷ്യമിട്ടത്‌. സ്വാർത്ഥത മാറ്റിവെച്ച്‌  കൂട്ടായമയ്ക്കുവേണ്ടി  പ്രതിഫലേച്ഛ കൂടാതെ സേവനം ചെയ്യാൻ താൽപര്യമുള്ളവർ മാത്രം ഇതിന്റെ നേതൃത്വത്തിലേക്ക്‌ വരണെന്ന് വളരെ കർശനമായി പറഞ്ഞിരുന്നു. കേവലം സ്ഥാനമാണങ്ങൾക്കുവേണ്ടി നേതൃത്വത്തിലേക്ക്‌ കടന്നുവരുന്നവരാണ്‌ മുകളിൽ സൂചിപ്പിച്ച രീതിയിലുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്നത്‌. 

 ഒരു പ്രാഥമിക സഹകരണ സംഘത്തിന്റെയോ ഗ്രന്ഥശാല സംഘത്തിന്റേയോ ബോർഡിലേക്ക്‌ കടന്നു വന്ന്‌ ?'ഇരുന്ന്‌' കൊടുക്കുന്ന ഡയറക്ടർ ബോർഡ്‌ അംഗങ്ങളെയാണ്‌ നാം സാധാരണ കാണുന്നത്‌. അങ്ങനെ "ഇരുന്ന്‌ കൊടുക്കുന്ന"തിന്‌ സിറ്റിംഗ്‌ ഫീ കിട്ടുകയും ഒരു സ്ഥാനമെന്ന നിലയിൽ തങ്ങളുടെ പദവി സമൂഹത്തിൽ മാന്യതയ്ക്കുവേണ്ടി ഉയർത്തിക്കാണിക്കുകയും ചെയ്യുന്ന പ്രവർത്തനവുമേ നാമിതുവരെ കണ്ടിട്ടുള്ളൂ. കർഷക കമ്പനിയുടെ ഡയറക്ടർമാർ അങ്ങിനെയാവേണ്ടവരും " ഇരുന്നുകൊടുക്കുന്നവരു"മല്ല മറിച്ച,​‍്‌ "ഓടിനടന്ന്‌ പ്രവർത്തിക്കേണ്ട"വരാണ്‌,  ചിലപ്പോൾ കയ്യിൽ നിന്ന്‌ തന്നെ പണം മാറ്റിവെയ്ക്കേണ്ട ആവശ്യങ്ങളും സാഹചര്യങ്ങളും വരുമ്പോൾ  അവ ധൈര്യപൂർവ്വം നേരിടുന്നതിന്‌ കഴിവുള്ളവരും പ്രാപ്തിയുള്ളവരും ആയിരിക്കണം. ഡയറക്ടർമാർ കഴിവും പ്രാപ്തിയും നിങ്ങൾക്കേവർക്കുമുണ്ട്‌ എന്നറിയാം. നിസ്വാർത്ഥമായി, സ്വന്തം താൽപര്യങ്ങൾ മാറ്റി വെച്ച്‌  കൂട്ടായ്മയ്ക്കുവേണ്ടി സമയവും, അദ്ധ്വനവും, പണവും മാറ്റിവെയ്ക്കാൻ സന്നദ്ധതയുള്ളവർക്കേ ഇത്‌ സാധിക്കൂ. ഇതിനർത്ഥം എല്ലാക്കാലത്തും നിങ്ങളുടെ കൈകളിൽ നിന്ന്‌ പണം മുടക്കണമെന്നല്ല, സ്വന്തമായി വരുമാനം ഉണ്ടാകുമ്പോൾ സിറ്റിംഗ്‌ ഫീസ്‌, യാത്രച്ചെലവ്‌ അതുപോലുള്ള കാര്യങ്ങൾ ഓരോ കമ്പനിക്കും നൽകാൻ കഴിയും. അതുവരെ ഇത്തരം കാര്യങ്ങളെക്കുറിച്ച്‌ ചിന്തിക്കുന്നതിനും ഗൗരവമായി പഠിക്കുന്നതിനും തങ്ങളുടെ സമയവും അദ്ധ്വാനവും കുറച്ച്‌ ധനവിഭവങ്ങളും മാറ്റിവെയ്ക്കാൻ കഴിയുന്നില്ലായെങ്കിൽ തങ്ങളുടെ ടീമിന്റെ വേഗത കുറയ്ക്കുന്നതിനേക്കാൾ നല്ലത്‌, സന്മനസ്സും സമയവുമുള്ളവർക്കുവേണ്ടി സ്ഥാനങ്ങൾ ഒഴിഞ്ഞുകൊടുക്കുകയെന്നുള്ളതാണ്‌. 12 കമ്പനികൾക്കും നീര പ്രോജക്ടുകൾ തയ്യാറാക്കുന്നതിന്‌ സഹായം കൊടുത്തിരുന്നു. ഏപ്രിൽ മാസത്തിൽ നാളികേര ടെക്നോളജി മിഷന്റെ പ്രോജക്ട്‌ അപ്രോ‍ാവൽ കമ്മറ്റിയിൽ  അത്‌ പാസ്സാക്കി കൊടുത്തിരുന്നു. പക്ഷെ, ഇതുവരെയുള്ള പ്രവർത്തന പുരോഗതി നോക്കുമ്പോൾ 12 കമ്പനികളിൽ കേവലം 4 കമ്പനികൾ മാത്രമേ അൽപ്പമെങ്കിലും മുന്നോട്ടുപോയിട്ടുള്ളൂ. ബാക്കിയുള്ള കമ്പനികളെല്ലാം തങ്ങളുടെ "നല്ലകാലത്തെ സ്വപ്നം കണ്ടു"കൊണ്ട്‌  സുഖസുഷുപ്തിയിലാണ്‌. ഇതുവരെയും ഉണർന്ന്‌ എണീറ്റിട്ടില്ല. നീരയുടെ സൂര്യനുദിച്ചു കഴിഞ്ഞപ്പോഴും സ്വപ്നം കണ്ടുറങ്ങിയാൽ മതിയോ? പദ്ധതി നിർവ്വഹണം എന്നാൽ വസ്തു വാങ്ങലും അതിന്റെ ആധാരമെഴുത്തുമാണെന്ന്‌ വിശ്വസിക്കുന്നവർ; എല്ലാം മറ്റുള്ളവർ കൊണ്ടുവന്ന്‌ തരുമെന്ന്‌ കരുതുന്നു. ഇതിനപ്പുറത്തേക്ക്‌ ഉണർന്നെഴുന്നേൽക്കാൻ സമയമായിരിക്കുന്നു.

പദ്ധതി നിർവ്വഹണത്തിന്‌ വേഗത കൈവരിച്ച്‌ സമയബന്ധിതമായി പൂർത്തീകരിക്കുകയെന്നത്‌  നമ്മുടെ നാളികേര ഉത്പാദക കമ്പനികളിൽ ആവശ്യമായ കാര്യമാണ്‌. നാട്ടിൽ വിലക്കയറ്റം നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പദ്ധതി നിർവ്വഹണത്തിൽ അധിക ചെലവ്‌ ഉണ്ടാകുന്നത്‌ കാലതാമസവുമായി നേരിട്ട്‌ ബന്ധപ്പെട്ടിരിക്കുന്നു. ഇ​‍ീ​‍െ​‍േ ​‍ീ​‍്ലൃ​‍ൄ​‍ി ശ​‍െ റശൃലരഹ്യേ ​‍ു​‍ൃ​‍ീ​‍ു​‍ീശ്​‍ിമഹ ​‍്‌  ശോല ​‍ീ​‍്ലൃ ​‍ൄ​‍ി എന്നാണ്‌ പറയുക. പലപ്പോഴും ഒരു പദ്ധതി തയ്യാറാക്കി ബാങ്കുവായ്പയും പ്രമോട്ടറുടെ ഓഹരിയും അനുവദനീയമായ/ലഭ്യമായ സബ്സിഡിയും ഒക്കെ വിലയിരുത്തി  നീങ്ങുമ്പോൾ  നിർമ്മാണത്തിലും യന്ത്രസാമഗ്രികളുടെ വാങ്ങളിലും സ്ഥാപിക്കലിലും ട്രയൽ റൺ നടത്തുന്നതിലുമൊക്കെ അൽപം പുറകോട്ട്‌ പോയാൽ നാം പ്രതീക്ഷിച്ചിരുന്ന പദ്ധതിച്ചെലവിനേക്കാൾ തുക ഉയർന്നുപോകാനാണ്‌ സാദ്ധ്യത. ഇതിന്റെ അടിസ്ഥാന കാരണം കൃത്യസമയത്ത്‌ പദ്ധതികൾ പൂർത്തിയാക്കാൻ കഴിയാത്തത്താണ്‌. കൃത്യസമയത്ത്‌ പദ്ധതി പൂർത്തിയാക്കണമെങ്കിലോ, കൃത്യമായ തീരുമാനങ്ങൾ യഥാസമയം എടുക്കണം. തീരുമാനമെടുക്കേണ്ടത്‌ നാളികേര വികസന ബോർഡോ മറ്റാരെങ്കിലോ അല്ല, നിങ്ങൾ തന്നെയാണ്‌;ഓരോ കമ്പനിയിലേയും ഡയറക്ടർ ബോർഡ്‌ അംഗങ്ങൾ.  യഥാസമയത്ത്‌ പൂർത്തിയാക്കാൻ വേണ്ടി നമ്മൾ ലക്ഷ്യമിട്ടുവേങ്കിലും ഇത്തരം തീരുമാനങ്ങളുമെളടുക്കുന്ന പ്രക്രിയ വൈകുമ്പോൾ അതിന്റെ കൂട്ടായ ഫലം പദ്ധതി കമ്മീഷൻ ചെയ്യുന്നതിലെ കാലതാമസമാണ്‌. ഇതിനുള്ള പോം വഴി എല്ലാവരേയും പങ്കെടുപ്പിച്ചുകൊണ്ട്‌ ആശയങ്ങൾ തുറന്നുപറഞ്ഞ്‌, ചർച്ച ചെയ്തുകൊണ്ട്‌ കൂട്ടായി തീരുമാനമെടുക്കുക എന്നതാണ്‌.  ഏപ്രിൽ മാസത്തിൽ മിക്കവാറും എല്ലാ കമ്പനികളും, തങ്ങൾ സെപ്തംബർ അവസാനത്തോടെ നീര വിപണിയിലെത്തിക്കാൻ കഴിയുമെന്ന്‌ വാഗ്ദാനം നടത്തിയിരുന്നു. ഏറ്റവും വൈകിയേ പദ്ധതി നടപ്പിലാക്കാൻ കഴിയുകയുള്ളൂവേന്ന്‌ പറഞ്ഞ കമ്പനിപോലും 2014 ലെ ശബരിമല സീസൺ ആരംഭിക്കുന്ന മണ്ഡല മാസക്കാലത്തിന്‌ മുൻപ്‌ തന്നെ തങ്ങളുടെ നീര വിപണയിൽ എത്തിക്കാൻ കഴിയുമെന്ന്‌ പറഞ്ഞിരുന്നു. 

ഓരോരുത്തർക്കും സ്വയം വിലയിരുത്തലിനുള്ള സമയമായിരിക്കുന്നു. മറ്റുള്ളവരെപ്പറ്റി പരാതി പറയാൻ എളുപ്പമാണ്‌; ക്രിയാത്മകമായ പ്രവർത്ത മാതൃക കാണിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്‌.
പദ്ധതികളുടെ പുരോഗതി വിലയിരുത്തുമ്പോൾ അവ ലക്ഷ്യമിട്ടിരുന്ന സമയത്തിന്‌ പുറകിലാണ്‌ നടക്കുന്നതെങ്കിൽ ആ കാലവിളംബം പരിഹരിക്കുന്നതിന്‌ അധികമായി ജോലി ചെയ്യുകയും ചെയ്യിപ്പിക്കുകയും വേണം. പദ്ധതി ആറുമാസത്തെ പ്രോജക്ട്‌ ആണെങ്കിൽ ഒരു മാസത്തെ നാല്‌ ആഴ്ചകളായി വിഭജിച്ച്‌ ഇരുപത്തിനാലോ ഇരുപത്തിയഞ്ചോ ആഴ്ചകളിലേക്ക്‌ പദ്ധതിയുടെ ഘടകങ്ങളേയും കടമകളേയും ഉത്തരവാദിത്വങ്ങളേയും നിശ്ചയിച്ച്‌ അത്‌ വിലയിരുത്താൻ കഴിഞ്ഞാൽ നമുക്ക്‌ തീർച്ചയായും പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കാൻ കഴിയും. ഇതിന്‌ വേണ്ട ആർജ്ജവത്വവും കഴിവും നിങ്ങൾ നേടിയെടുക്കേണ്ടതുണ്ട്‌.
നീര പ്രോജക്ടുകൾ സമയബന്ധിതമായി പൂർത്തീകരിക്കുകയും എല്ലാ ഉത്പാദക കമ്പനികളിൽ നിന്നും ശബരിമല തീർത്ഥാടന കാലത്ത്‌ തന്നെ തങ്ങളുടെ നീര ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കട്ടെ എന്നും മികച്ച വിൽപന നേടട്ടെയെന്നും ആശംസിക്കുന്നു. ഇതിനായി  നിസ്വാർത്ഥമായി കഠിനാദ്ധ്വാനം ചെയ്യാൻ എല്ലാ ഡയറക്ടർ ബോർഡ്‌ അംഗങ്ങളോടും അഭ്യർത്ഥിക്കുന്നു.                                           

27 Jun 2014

സുരക്ഷിത ഭക്ഷ്യോത്പാദനത്തിനും വിപണനത്തിനും പുതിയ മാതൃകകൾ


ടി.കെ.ജോസ്  ഐ എ എസ്
ചെയർമാൻ, നാളികേര വികസന ബോർഡ്


ആലപ്പുഴ ജില്ലയിലെ പെരുമ്പളം നാളികേരോത്പാദക ഫെഡറേഷന്റെ സെക്രട്ടറിയും പ്രസിഡന്റും അവർ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നതും, ആ ദ്വീപ്‌ മുഴുവൻ വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നതുമായൊരു പദ്ധതിയുടെ ആശയം പങ്കുവെയ്ക്കുന്നതിനായി കഴിഞ്ഞദിവസം നാളികേര വികസന ബോർഡ്‌ ഓഫീസിൽ എത്തുകയുണ്ടായി. പത്തൊൻപത്‌ സിപിഎസുകൾ അടങ്ങിയ പെരുമ്പളം ഫെഡറേഷനിൽ,  കുറെ കർഷകർ രാസകീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കാതെ ഇപ്പോൾ തന്നെ തെങ്ങിൻതോപ്പുകളിൽ പച്ചക്കറികളും പഴവർഗ്ഗങ്ങളും കൃഷിചെയ്യുന്നുണ്ട്‌. ഫെഡറേഷന്റെ നേതൃത്വത്തിൽ അവരുടെ 19 നാളികേരോത്പാദക സംഘങ്ങളിലെ 15 വീതമെങ്കിലും കർഷകരെ ഉൾപ്പെടുത്തി പച്ചക്കറികളും പഴവർഗ്ഗങ്ങളും ജൈവരീതിയിൽ കൃഷി ചെയ്ത്‌ മെച്ചപ്പെട്ട വില നേടുന്നതിനെക്കുറിച്ച്‌ ചർച്ച ചെയ്യുന്നതിനാണ്‌ അവർ എത്തിയത്‌. നാളികേരോത്പാദക സംഘങ്ങളും ഫെഡറേഷനുകളും പരമ്പരാഗതമായി ചിന്തിക്കുന്നതിൽ നിന്നും വ്യത്യസ്തമായി തങ്ങളുടെ കൂട്ടായ്മയുടെ ശക്തി എപ്രകാരം കർഷകർക്ക്‌ പ്രയോജനകരമായും സമൂഹത്തിന്‌ ഗുണപ്രദമായും ഉപയോഗിക്കാം എന്നുചർച്ച ചെയ്യുന്നതിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമാണിത്‌. ആലപ്പുഴ ജില്ലയിൽ  വേമ്പനാട്ടുകായലിനാൽ ചുറ്റപ്പെട്ട ഏകദേശം 16 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്താണ്‌ പെരുമ്പളം. തെങ്ങും പച്ചക്കറികളുമാണ്‌ മുഖ്യകൃഷി. നാളികേരോത്പാദനം സാമാന്യം നല്ല നിലയിൽ നടക്കുന്നുണ്ട്‌. ഉത്പാദക സംഘങ്ങൾ രൂപീകൃതമാകും മുൻപ്‌ ഉൽപന്നത്തിന്റെ വിൽപ്പനയ്ക്ക്‌ കർഷകർ വളരെയധികം ബുദ്ധിമുട്ടിയിരുന്ന പ്രദേശമാണിത്‌. വിപണിയിലേക്ക്‌ പോകണമെങ്കിൽ വാഹനത്തിൽ കയറ്റി ജങ്കാർ മാർഗ്ഗം വേമ്പനാട്ട്‌ കായൽ മുറിച്ചുകടക്കണം. അല്ലെങ്കിൽ വള്ളത്തിൽ കയറ്റി കരയിൽ എത്തിച്ച്‌ അവിടെ നിന്നും വാഹനത്തിൽ കയറ്റി വിൽപ്പന കേന്ദ്രങ്ങളിലെത്തിക്കണം. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം കൊണ്ട്‌ നട്ടം തിരിയുന്ന ഈ ദ്വീപിൽ കർഷക കൂട്ടായ്മകളുടെ രൂപീകരണത്തോടെ കേരളത്തിലെ ഇതര പ്രദേശങ്ങളിലെ ഉത്പാദക സംഘങ്ങൾക്കും ഫെഡറേഷനുകൾക്കും ലഭിക്കുന്ന വരുമാനമോ അതിൽ കൂടുതലോ നാളികേരത്തിന്‌ ലഭിക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്‌. ഈ സമയത്താണ്‌ തെങ്ങിൻ തോപ്പുകളിലെ ജൈവ ഇടവിളക്കൃഷിയെക്കുറിച്ച്‌ അവർ ഗൗരവമായി ചിന്തിച്ചതു. മറ്റ്‌ പല പ്രദേശങ്ങളിൽ നിന്നും കർഷകർ, 'ഞങ്ങളിതാ നാളികേരോത്പാദക സംഘങ്ങൾ രൂപീകരിച്ച്‌ കാത്തിരിക്കുകയാണ്‌. ഇനി നിർബാധം ആനൂകൂല്യങ്ങളും സബ്സിഡികളും ഇങ്ങോട്ട്‌ ഒഴുകിപ്പോന്നോട്ടെ'യെന്ന്‌ ചിന്തിച്ച്‌ മടിച്ചിരിക്കുന്ന അവസ്ഥയാണ്‌. അഥവാ എന്തെങ്കിലും 'അൽപ്പം കൂടുതൽ ആനുകൂല്യങ്ങൾ ഗവണ്‍മന്റിൽ നിന്നും വാങ്ങിയെടുക്കുന്നതിനുവേണ്ടി' ഉണ്ടാക്കിയ  കൂട്ടായ്മയാണ്‌ ഉത്പാദക സംഘങ്ങളും ഫെഡറേഷനുകളും എന്ന്‌ കരുതുന്ന ബഹുഭൂരിപക്ഷം കർഷകരുടെ ഇടയിലാണ്‌, ഇത്തരത്തിൽ നൂതനവും വ്യത്യസ്തവുമായ ആശയങ്ങൾ പെരുമ്പളം ഫെഡറേഷൻ പ്രാവർത്തികമാക്കുവാൻ ശ്രമിക്കുന്നത്‌. ആലപ്പുഴ, കോട്ടയം, വൈക്കം, എറണാകുളം എന്നീ പട്ടണ വിപണികളിൽ നിന്നും വളരെ അകലെയല്ല പെരുമ്പളം ദ്വീപ്‌. ജൈവകൃഷിക്ക്‌ ഏറ്റവും അനുകൂലമായ ഈ പ്രദേശത്ത്‌  കർഷകർ ഒന്നാകെ ജൈവകൃഷിയിലേക്ക്‌ മാറുന്നതിന്‌ സ്വയം തീരുമാനിക്കുകയായിരുന്നു. ഉത്പാദക സംഘങ്ങളും ഫെഡറേഷനുകളും തങ്ങളുടെ കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ഏറ്റെടുക്കാൻ നിർദ്ദേശിച്ചിരുന്ന ഒരു കാര്യമാണ്‌ എങ്കിലും, പലരും ഇതിനെ ഗൗരവമായി കാണുന്നില്ല.
പെരുമ്പളം ഫെഡറേഷന്റെ പുതിയ പ്രവർത്തനങ്ങളെക്കുറിച്ച്‌ നിങ്ങളുമായി പങ്കുവെയ്ക്കുന്നത്‌, ഫാം ടൂറിസം മുഖ്യവിഷയമാക്കി ഇന്ത്യൻ നാളികേര ജേണൽ പ്രസിദ്ധീകരിക്കുന്ന ഈ ലക്കത്തിന്റെ പ്രസക്തിയെക്കുറിച്ച്‌ ചിന്തിക്കാനാണ്‌. മണ്ണ്‌, ജലം , അന്തരീക്ഷം, മനുഷ്യർ എന്നിവയെ കീടനാശിനികൾ കൊണ്ടും രാസവസ്തുക്കൾ കൊണ്ടും മലിനപ്പെടുത്താത്ത  കൃഷിരീതി, നമ്മുടെ നാട്ടിൻപുറങ്ങളിൽ തിരിച്ചുവരേണ്ടത്‌ മനുഷ്യരാശിയുടെ വളർച്ചയ്ക്കും, ആരോഗ്യകരമായ നിലനിൽപ്പിനും അത്യന്താപേക്ഷിതമായിരിക്കുന്നു. കാർഷിക ടൂറിസം എന്നാൽ ജൈവവൈവിദ്ധ്യം  പ്രദർശിപ്പിക്കുക  മാത്രമല്ല,  കാർഷിക വിളകളുടെ നടീൽ രീതികളും,  കൃഷിരീതികളും  വിളവെടുപ്പ്‌,സംസ്ക്കരണം, മൂല്യവർദ്ധനവ്‌, ഉൽപന്നങ്ങൾ ഇവയുടെ പരിചയപ്പെടുത്തലും, ആ ഉൽപന്നങ്ങൾ രുചിച്ചുനോക്കുന്നതിനും ഭക്ഷിക്കുന്നതിനും വാങ്ങുന്നതിനും മറ്റുമുള്ള വലിയ ക്രമീകരണമാണ്‌. നാഗരികതയുടെ മടുപ്പിൽ നിന്നും തിരക്കിൽ നിന്നും പ്രകൃതിയിലേക്ക്‌ ഇറങ്ങുന്ന സന്ദർശകർ കേവലം പട്ടണങ്ങളും ചരിത്രസ്മാരകങ്ങളും സന്ദർശിക്കാൻ മാത്രമല്ല, ജീവൻതുടിക്കുന്ന ഗ്രാമങ്ങളിലേക്ക്‌ കടന്നുചെല്ലാനും ഗ്രാമീണരുമായി അടുത്തിടപഴകാനും കൃഷി, ഭക്ഷ്യവസ്തുക്കൾ, കല, സംസ്ക്കാരം, തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാനും കൂടി താൽപര്യം കാണിക്കുന്നവരാണ്‌. എറണാകുളം ജില്ലയിലെ കുമ്പളങ്ങിയിൽ വർഷങ്ങളായി ഇക്കോ ടൂറിസം പദ്ധതി വിജയകരമായി നടപ്പാക്കുന്നു. മണ്ണും, സൂര്യപ്രകാശവും, ജലവും എങ്ങനെ സമഞ്ജസമായി ഉപയോഗിക്കാം എന്നതിനുള്ള ഉത്തമ മാതൃകയാണ്‌,  നാളികേരാധിഷ്ഠിത സംയോജിക കൃഷിരീതി. ജലസംരക്ഷണം, മണ്ണ്‌ സംരക്ഷണം തുടങ്ങിയ കാര്യങ്ങളെല്ലാം ഇവിടെയുണ്ട്‌. ഇതുതന്നെയായിരിക്കട്ടെ നമ്മുടെ ഫാം ടൂറിസത്തിന്റെ മുഖ്യആകർഷണീയതയും.
നാളികേരം അടിസ്ഥാന വിളയായി സംയോജിത കൃഷി നടത്തുമ്പോൾ കർഷകർക്ക്‌ കൂടുതൽ വരുമാനവും സ്ഥിരതയുള്ള വിലയും വിപണിയും ലഭ്യമാക്കുന്നതോടൊപ്പം, ആശങ്കകളും ഭയവും ഇല്ലാതെ ഉപഭോക്താക്കൾക്ക്‌ കാർഷികോൽപന്നങ്ങൾ വാങ്ങാൻ സാധിക്കുന്ന പശ്ചാത്തലമൊരുക്കുക എന്ന ഉത്തരവാദിത്വവും കൂടി നിറവേറ്റപ്പെടുന്നു.  നമ്മുടെ മണ്ണും ജലവും അന്തരീക്ഷവും വേഗത്തിൽ വിഷലിപ്തമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ആ പ്രക്രിയയ്ക്ക്‌ വിരാമമിടുന്നതിനും ഇതിനോടകം തന്നെ മലിനമായ അന്തരീക്ഷത്തെ മാലിന്യമുക്തമാക്കുന്നതിനുമുള്ള വലിയൊരു മാർഗ്ഗം ജൈവകൃഷിയാണ്‌. മണ്ണിലടിഞ്ഞുകൂടിയ കീടനാശിനികളുടേയും രാസവസ്തുക്കളുടേയും അവശിഷ്ടങ്ങൾ ദീർഘകാലമെടുത്ത്‌ മാത്രമേ നമുക്ക്‌ പുറന്തള്ളാനാകൂ. കൂടാതെ നമ്മുടെ ജലസ്രോതസ്സുകൾ എല്ലാം തന്നെ മലിനപ്പെട്ടുകിടക്കുകയാണ്‌. ഈ സാഹചര്യത്തിലാണ്‌ മലിനീകരണം മൂലം ജീവൻ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വേമ്പനാട്ട്‌ കായലിന്റെയുള്ളിൽ കിടക്കുന്ന പെരുമ്പളം ദ്വീപിലെ കേരകർഷകരുടെ കൂട്ടായ്മകൾ കേവലം കടപ്പാടുകൾക്കപ്പുറത്ത്‌ സമൂഹ്യ ഉത്തരവാദിത്വങ്ങളും പ്രതിബദ്ധതകളും ഏറ്റെടുത്ത്‌ നടപ്പിലാക്കുന്നതിന്‌ തീരുമാനിച്ചിരിക്കുന്നത്‌. കേരളത്തിലെ ഇരുന്നൂറിലേറെ വരുന്ന ഉത്പാദക ഫെഡറേഷനുകൾ ഈ മാതൃക മനസ്സിലാക്കുകയും അനുകരിക്കുകയും ചെയ്യണമെന്ന്‌ അഭ്യർത്ഥിക്കുന്നു.
കോഴിക്കോട്ടുള്ള 'ഇലമന്റസ്‌' എന്ന സ്ഥാപനം ഓർഗാനിക്‌ വെളിച്ചെണ്ണയും ഓർഗാനിക്‌ വെർജിൻ വെളിച്ചെണ്ണയും കാപ്പി, കുരുമുളക്‌, കശുവണ്ടി തുടങ്ങിയ ഉൽപന്നങ്ങളുമായി കൊച്ചിയിലേയ്ക്കും എത്തിയിരിക്കുന്നു. ഏതാനും വർഷങ്ങളായി കോഴിക്കോട്‌, കണ്ണൂർ, വയനാട്‌, കാസർഗോഡ്‌ ജില്ലകളിലെ ചെറുകിട നാമമാത്ര ജൈവ കർഷകരിൽ നിന്നും അവർ ഉത്പാദിപ്പിക്കുന്ന കാർഷിക വിഭവങ്ങൾ ശേഖരിച്ച്‌ സംസ്ക്കരിച്ച്‌ ഫെയർട്രെയ്ഡ്‌ എക്സ്പോർട്ട്‌ സംവിധാനമുപയോഗിച്ച്‌  വിദേശ വിപണികളിൽ എത്തിക്കുന്ന സ്ഥാപനമാണിത്‌. തുടർച്ചയായുള്ള ഇത്തരം പ്രവർത്തനങ്ങൾകൊണ്ട്‌ അന്താരാഷ്ട്രതലത്തിൽ പേരും പ്രശസ്തിയും നേടാൻ അവർക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ഈ മാതൃകയും നമ്മുടെ നാളികേര ഉത്പാദക കമ്പനികൾക്ക്‌ അനുകരിക്കാവുന്നതല്ലേ?



ഇത്തരുണത്തിലാണ്‌ കേരളത്തിൽ നാളികേര മേഖലയിൽ രൂപീകൃതമായ ആദ്യത്തെ ഉത്പാദക കമ്പനിയായ തേജസ്വിനി, എറണാകുളവും കോഴിക്കോടും തൃശ്ശൂരും ഉൾപ്പെടെയുള്ള ഉപഭോക്തൃവിപണിയിലേക്ക്‌ തങ്ങളുടെ കാർഷികഉൽപന്നങ്ങൾ - നാളികേരം മാത്രമല്ല പച്ചക്കറിയും പഴവർഗ്ഗങ്ങളും വെളിച്ചെണ്ണയുമെല്ലാം - ജൈവരീതിയിൽ ഉത്പാദിപ്പിച്ച്‌ എത്തിക്കുവാനുള്ള പദ്ധതിയുമായി മുന്നോട്ട്‌ വരുന്നത്‌. (അതിനെക്കുറിച്ച്‌ അവരുടെതന്നെ വാക്കുകൾ നമുക്ക്‌ ഈ ലക്കത്തിൽ ശ്രദ്ധിക്കാം.) തേജസ്വിനി കമ്പനിയിൽ ഇപ്പോൾ തന്നെ  'ജൈവസാക്ഷ്യപത്രം' നേടിയ ആയിരത്തഞ്ഞൂറിലേറെ കർഷകരുണ്ട്‌.
കഴിഞ്ഞ ആറേഴു മാസങ്ങളിലായി കണ്ട ഒരു പ്രവണത നാളികേര മേഖലയിൽ വില ഉയർന്നു വന്നപ്പോൾ അതിനേക്കാൾ വർദ്ധിച്ച വേഗതയിലാണ്‌ ഉപഭോക്താക്കൾക്ക്‌ നാളികേരവും നാളികേര ഉൽപന്നങ്ങളും ലഭിച്ചിരുന്ന വിലയുടെ കുതിപ്പ്‌ എന്നതാണ്‌.അതായത്‌, കർഷകർക്ക്‌ ലഭിക്കുന്ന വിലയേക്കാൾ പല മടങ്ങ്‌ വില കൊടുത്താണ്‌ ഉപഭോക്താക്കൾ ഇതേ ഉൽപന്നങ്ങൾ വാങ്ങുന്നത്‌ എന്ന്‌ അർത്ഥം.  ഏറ്റവും ലളിതമായ ഉദാഹരണം പച്ചത്തേങ്ങ തന്നെ.  കർഷകർക്ക്‌ പതിനഞ്ച്‌ രൂപ ഒരു തേങ്ങയ്ക്ക്‌ ലഭിക്കുമ്പോൾ അതേജില്ലയിൽ തന്നെയുള്ള പട്ടണത്തിലെ വിപണിയിൽ മുപ്പതും മുപ്പത്തഞ്ചും രൂപ ഉപഭോക്താവ്‌ ഒരു നാളികേരത്തിന്‌ കൊടുക്കേണ്ടി വരുന്നു.  സ്വാഭാവികമായി ഉപഭോക്താക്കൾ നാളികേരം ഉൾപ്പെടെയുള്ള കേര ഉൽപന്നങ്ങളുടെ ഉപയോഗം ചെറിയതോതിൽ കുറച്ചുവേന്നു വരാം. ഇതിനോട്‌ പ്രതികരിച്ചുകൊണ്ട്‌ ഇതിനെ പ്രതിരോധിക്കാൻ നമ്മുടെ കൂട്ടായ്മകൾക്ക്‌ കഴിയും. വ്യക്തിഗതമായി കർഷകർക്ക്‌ കഴിയാത്ത കാര്യങ്ങൾ ഉത്പാദക സംഘങ്ങൾക്കും ഫെഡറേഷനുകൾക്കും ചെയ്യാനാവും. കർഷകർക്ക്‌ ലഭിക്കുന്ന വിലയും കടത്തു ചെലവും, കൈകാര്യം ചെയ്യുന്നതിനുള്ള ഒരു ചെറിയ ഇടലാഭവും കഴിഞ്ഞ്‌ ഏറ്റവും മിതമായ വിലക്ക്‌ ഉപഭോക്താക്കളിലേക്ക്‌ നാളികേരവും വെളിച്ചെണ്ണയും മറ്റ്‌ ഉൽപന്നങ്ങളും എത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തിലെ എല്ലാ ഫെഡറേഷനുകളും ഈ രംഗത്തേക്ക്‌ കടന്നുവരണമെന്ന്‌ അഭ്യർത്ഥിക്കുന്നു. ഉപഭോക്താക്കളെ മറന്നുകൊണ്ട്‌ നമുക്ക്‌ ഒരു കാർഷിക ഉൽപന്നത്തിനും വില സ്ഥിരത നേടാനാവില്ല. അതുകൊണ്ടുതന്നെ ഉപഭോക്താക്കളുമായി നേരിട്ടു ബന്ധപ്പെടുന്ന വിപണന സംവിധാനങ്ങളെക്കുറിച്ച്‌ നാം ആലോചിക്കേണ്ടിയിരിക്കുന്നു.

  ഈ രംഗത്താണ്‌ പാലക്കാടു കോക്കനട്ട്‌ പ്രോഡ്യൂസർ കമ്പനി ലിമിറ്റഡ്‌  പുതിയ ഒരു ആശയവുമായി വന്നിരിക്കുന്നത്‌ - 'ഗോ ടു മാർക്കറ്റ്‌'. അതായത്‌ സംസ്കരണ യൂണിറ്റുകളിൽ നിന്ന്‌ നേരിട്ട്‌ മാർക്കറ്റിലേയ്ക്ക്‌ പോവുക എന്നുള്ള ഒരു കാഴ്ചപ്പാട്‌. കണ്ണൂരിൽ നിന്നുള്ള തേജസ്വിനി കമ്പനിയാകട്ടെ, 'കമ്പനി ടു കൺസ്യൂമർ' എന്നുള്ള ആശയമാണ്‌ മുമ്പോട്ടു വയ്ക്കുന്നത്‌.  ഉത്പാദക കേന്ദ്രങ്ങളിൽ നിന്ന്‌ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ശേഖരിച്ച്‌  തരം തിരിച്ച്‌ വിപണന കേന്ദ്രങ്ങളിലേയ്ക്ക്‌ നേരിട്ട്‌ എത്തിക്കുകയും അവരുടെ സാക്ഷ്യപത്രത്തോടെ ഉപഭോക്താക്കൾക്ക്‌ വാങ്ങുന്നതിനുള്ള അവസരം ഒരുക്കുകയും ചെയ്യുക. നിലവിലുള്ള പന്ത്രണ്ട്‌ നാളികേര ഉത്പാദക കമ്പനികളിൽ രണ്ടെണ്ണം മാത്രമാണ്‌ ഇത്തരത്തിലുള്ള സംവിധാനത്തെക്കുറിച്ച്‌ ചിന്തിച്ചിട്ടുള്ളത്‌.  മറ്റുള്ള കമ്പനികളും ഇത്തരത്തിൽ നൂതനമായ മാർഗ്ഗങ്ങൾ ആലോചിക്കുകയും ചർച്ച ചെയ്ത്‌ തീരുമാനമെടുക്കുകയും ചെയ്യണമെന്ന്‌ അഭ്യർത്ഥിക്കുന്നു.
തൃശ്ശൂർ ജില്ല ആസ്ഥാനമായിട്ടുള്ള കൊടുങ്ങല്ലൂർ നാളികേര ഉത്പാദക കമ്പനി  തങ്ങളുടേതായ ബ്രാൻഡിൽ വെളിച്ചെണ്ണയും മറ്റ്‌ നാളികേര ഉൽപന്നങ്ങളുമായി വിപണിയിൽ എത്താനുള്ള ഒരുക്കങ്ങൾ നടത്തുന്നു. അവരുടെ ആശയങ്ങളും മാർഗ്ഗങ്ങളും മറ്റ്‌ ഉത്പാദക കമ്പനികൾക്കും മാതൃകയാകട്ടെ എന്ന്‌ ആശംസിക്കുന്നു.


നീര ലൈസൻസ്‌ പതിനേഴ്‌ ഉത്പാദക ഫെഡറേഷനുകൾക്ക്‌ കിട്ടി.  ബാക്കി നൂറ്റി അൻപത്തിയാറ്‌ ഫെഡറേഷനുകൾക്ക്‌ നീര ഉത്പാദിപ്പിക്കുന്നതിന്‌ പെയിലറ്റ്‌ ലൈസൻസ്‌ നൽകുന്നതിനുള്ള ഗവണ്‍മന്റ്‌ ഉത്തരവ്‌ ഇറങ്ങിയെങ്കിലും, ചില സാങ്കേതിക പദപ്രയോഗങ്ങളിലെ തെറ്റുകൾ കാരണം ലൈസൻസ്‌ ഇതുവരെ വിതരണം ചെയ്തു തുടങ്ങിയിട്ടില്ല.  ഈ പിഴവ്‌ തിരുത്തുന്നതിനു സംസ്ഥാന ഗവണ്‍മന്റിനോട്‌ അഭ്യർത്ഥിച്ചിട്ടുണ്ട്‌.അനുകൂ

ലമായ  നടപടി ഉടൻ ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കാം. പക്ഷേ, നീര ടെക്നീഷ്യന്മാരെ കണ്ടെത്തലും അവരുടെ പരിശീലനവും നീരയുത്പാദനത്തിനുവേണ്ടി 1500 തെങ്ങുകൾ അടയാളപ്പെടുത്തുന്നതും ഒട്ടും വൈകിക്കേണ്ടതില്ല. ലൈസൻസിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിൽ തന്നെ ഇത്തരം പശ്ചാത്തല നടപടികൾ പൂർത്തിയാക്കിയാൽ, ലൈസൻസ്‌ ലഭിച്ചാലുടൻ പ്രവർത്തനം അതിവേഗത്തിൽ മുന്നോട്ടു കൊണ്ടുപോകുന്നതിന്‌ സഹായകമായിരിക്കും.  കണ്ണൂർ തേജസ്വിനി കമ്പനിയിൽ നിന്നും പാലക്കാട്‌ കോക്കനട്ട്‌ പ്രോഡ്യൂസർ കമ്പനിയിൽ നിന്നും ചെറിയതോതിൽ നീര ഉത്പാദനം  ആരംഭിച്ചിട്ടുണ്ട്‌. സംസ്ഥാന ഗവണ്‍മന്റിന്റെ മൂല്യവർദ്ധിത നികുതിയിലെ അനുകൂലമായ ഉത്തരവ്‌ കൂടി ലഭിച്ചുകഴിഞ്ഞാൽ മാർക്കറ്റിലേക്ക്‌ അവരുടെ ഉൽപന്നങ്ങൾ എത്താൻ കാലതാമസം ഉണ്ടാകില്ല.
ഉത്പാദകരിൽ നിന്ന്‌ നേരിട്ട്‌ മാർക്കറ്റിലേയ്ക്ക്‌ പോകുന്ന  'കമ്പനി ടു കൺസ്യൂമർ' അഥവാ 'ഗോ ടു മാർക്കറ്റ്‌' തുടങ്ങിയ ആശയങ്ങൾ കൂടുതൽ വിപുലപ്പെടുത്തിയെടുക്കേണ്ടതുണ്
ട്‌.  ഇത്തരം കാര്യങ്ങൾക്കുവേണ്ടി നമ്മുടെ നാട്ടിൽ തന്നെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നല്ല മാനേജ്‌മന്റ്‌ സ്ഥാപനങ്ങളുടെ മാനേജ്‌മന്റ,​‍്‌ മാർക്കറ്റിംങ്ങ്‌,ഡിപ്പാർട്ട്‌മന്റുകളുമായും  കമ്പനികൾ തങ്ങളുടെ തലത്തിൽ തന്നെ ബന്ധപ്പെടുകയും അവരുടെ അഭിപ്രായങ്ങളും ആശയങ്ങളും ആരായുകയും അവ സ്വാംശീകരിക്കുകയും ചെയ്യേണ്ടതുണ്ട്‌. ബിൽഡേഴ്സ്‌ അസോസിയേഷൻ ഓഫ്‌ ഇൻഡ്യ, റസിഡന്റ്സ്‌ വെൽഫെയർ അസ്സോസിയേഷൻ തുടങ്ങിയവയ്ക്ക്‌ നഗരങ്ങളിലെ ഫ്ലാറ്റുകളിലും വില്ലകളിലുമൊക്കെ   താമസിക്കുന്നവരുടെ കൂട്ടായ്മകളുമായി ബന്ധമുണ്ട്‌. ഇവരിലേയ്ക്ക്‌ എത്താൻ, നമ്മുടെ ഉത്പാദക കമ്പനികൾ സാമ്പിൾ ഉൽപന്നങ്ങളുമായി അവരോട്‌ നേരിട്ട്‌ സംവദിക്കുന്ന കാര്യം കൂടി ചിന്തിക്കാൻ കഴിയുമോ?   
"സേഫ്‌ ടു ഈറ്റ്‌" പച്ചക്കറികളും പഴവർഗ്ഗങ്ങളും അരിയും നാളികേരവും വെളിച്ചെണ്ണയുമെല്ലാം ഉത്പാദിപ്പിക്കുന്ന ഒരു പ്രക്രിയയിലേയ്ക്ക്‌ നമ്മുടെ നാളികേരകൂട്ടായ്മകൾ കടന്നുവരണം. ഇത്തരം ഭക്ഷ്യ വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള "സേഫ്‌ ടു ഈറ്റ്‌" ഫുഡ്‌ ജോയിന്റുകൾ നമുക്ക്‌ കേരളത്തിൽ ആരംഭിക്കുവാൻ കഴിയില്ലേ? അല്ലെങ്കിൽ അത്തരം പ്രവർത്തനങ്ങളുമായി മുമ്പോട്ടു വരുന്ന സംരംഭകർക്ക്‌ ഉൽപന്നങ്ങൾ എത്തിച്ചു കൊടുക്കുവാൻ കഴിയുമോ എന്ന്‌ ആലോചിക്കണം.  വീടുകളിലേയ്ക്കു മാത്രമല്ല കൂടുതൽ പൊതുജനങ്ങൾ വന്ന്‌ ഭക്ഷണം കഴിക്കുന്ന കേന്ദ്രങ്ങളിലും ഇവ ലഭ്യമാക്കണം. ഇപ്പോൾ നമുക്ക്‌ ഫാസ്റ്റ്‌ ഫുഡും, പോഷ്‌ ഫുഡും, ഡിലീഷ്യസ്‌ ഫുഡും, കോസ്റ്റിലി ഫുഡുമൊക്കെ മാത്രമേ ഉള്ളൂ.  സേഫ്‌ ഫുഡ്‌ (സുരക്ഷിത ആഹാരം) അഥവാ ഹെൽത്തി ഫുഡ്‌ (ആരോഗ്യകരമായ ആഹാരം) തുടങ്ങിയവ വിളമ്പുന്ന സ്ഥാപനങ്ങളുടെ എണ്ണം കേരളത്തിൽ തുലോം പരിമിതമാണ്‌.  ഒരു പക്ഷെ വരും കാലങ്ങളിലെ ഏറ്റവും വലിയ ബിസിനസ്സ്‌ സാധ്യതയും ഇതായിരിക്കും. സുരക്ഷിതമായ ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കുന്ന, അതുപയോഗിച്ച്‌ പാകപ്പെടുത്തുന്ന ആരോഗ്യകരമായ ഭക്ഷണം ലഭ്യമാക്കുന്ന ഹോട്ടലുകളും റെസ്റ്റോറന്റുകളും അവയുടെ  ശൃംഖലയും നമ്മുടെ നാളികേര ഉത്പാദക കൂട്ടായ്മകളുടെ അടിത്തറയിൽ നിന്നുകൊണ്ട്‌ രൂപീകരിക്കുന്നതിനെപ്പറ്റി ചിന്തിക്കേണ്ടതില്ലേ?. പടിപടിയായി ഏറ്റവും അവസാന തലത്തിൽ, യഥാകാലം നൂറുശതമാനവും ജൈവ സാക്ഷ്യപത്രം എന്ന ലക്ഷ്യം മനസ്സിൽ കണ്ടുകൊണ്ട്‌ അങ്ങോട്ടുള്ള ദീർഘയാത്രയ്ക്ക്‌ ആരംഭം കുറിയ്ക്കുവാനുള്ള പ്രവർത്തനങ്ങൾ ഉത്പാദക കമ്പനികൾ ആവിഷ്ക്കരിക്കാൻ സമയമായിരിക്കുന്നു.  

24 May 2014

കമ്പോള മത്സരത്തെ നേരിടാൻ നമുക്ക്‌ ഉൽപന്ന ഗുണമേന്മ ഉറപ്പു വരുത്താം


ടി. കെ. ജോസ്‌  ഐ എ എസ്

നാളികേര വികസന ബോർഡ്


ആഗോളവത്ക്കരണത്തിന്റെ കാലഘട്ടത്തിൽ നാളികേരം ഉൾപ്പെടെയുള്ള എല്ലാ കാർഷിക ഉൽപന്നങ്ങളുടേയും  ഗുണമേന്മ സ്വദേശത്തും വിദേശത്തും വിപണനം നടത്തുമ്പോൾ  ഉറപ്പു വരുത്തേണ്ട കാര്യമാണ്‌. ഭക്ഷ്യ സുരക്ഷിതത്വ നിയമം നമ്മുടെ രാജ്യത്തും കർശനമാക്കിയിരിക്കുന്നതിനാൽ എല്ലാ സസ്യഎണ്ണകളും വെളിച്ചെണ്ണയും നാളികേരം സംസ്ക്കരിച്ചെടുക്കുന്ന ഭക്ഷ്യവസ്തുക്കളും കർശനമായ ഗുണനിലവാരം പാലിക്കേണ്ടത്‌ ആവശ്യമാണ്‌. ഗുണമേന്മയില്ലാത്ത ഉൽപന്നങ്ങൾ വിപണിയിൽ നിന്നു പുറന്തള്ളപ്പെടുന്നുവേന്ന്‌ മാത്രമല്ല നിലവാരമില്ലാത്തതും മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ ഉൽപന്നങ്ങൾ നിർമ്മിക്കുന്നതും  വിൽക്കുന്നതും കുറ്റകരമാകുന്ന സാഹചര്യം കൂടി സംജാതമാവുകയാണ്‌. മനുഷ്യരുടെ ആരോഗ്യവും രോഗപ്രതിരോധശേഷിയുമൊക്കെ ഒരു നല്ല പങ്ക്‌ അവർ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളെയും ആശ്രയിച്ചാണിരിക്കുന്നത്‌. പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം, ഹൃദയ സംബന്ധിയായ രോഗങ്ങൾ തുടങ്ങിയവയെ മരുന്നുകളിലൂടെ എന്ന പോലെ ഭക്ഷണത്തിലൂടെയും നിയന്ത്രിക്കുന്നതിനു കഴിയുമെന്ന്‌ ഈ രംഗത്തെ വിദഗ്ദ്ധർ വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ  നാളികേരത്തിൽ നിന്നുള്ള ഉൽപന്നങ്ങളുടെ ഗുണമേന്മ എപ്രകാരം ഉറപ്പ്‌ വരുത്തുവാൻ കഴിയും, ഗുണമേന്മയുടെ അടിസ്ഥാനതത്വങ്ങൾ എങ്ങനെ ലളിതമായി നാളികേരോൽപന്നങ്ങൾ നിർമ്മിക്കുന്നവരുടെ പക്കലേക്ക്‌ എത്തിക്കുവാൻ കഴിയും, എങ്ങനെ അതിനാവശ്യമായ പരിശീലനം സംരംഭകർക്കും തൊഴിലാളികൾക്കും നൽകാൻ കഴിയും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്‌. ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യുന്നതിലേക്കാണ്‌ ഈ ലക്കം പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നത്‌.

Quality is not an accident, it is the outcome of careful planning, meticulous execution and continuous supervision   എന്നാണ്‌ പറയുക.  ഏത്‌ കാർഷിക വിളയുടേയും പരിപാലനം മുതൽ ഉപഭോക്താക്കളുടെ കയ്യിലേക്ക്‌ ഉൽപന്നങ്ങൾ എത്തുന്നതുവരെ എല്ലാ തലങ്ങളിലും ഗുണമേന്മ ഉറപ്പു വരുത്തണം. പോഷകങ്ങൾ മാത്രമല്ല സൂഷ്മമൂലകങ്ങളുടേയും അളവ്‌ പോലും ഇന്നത്തെ കാർഷികോൽപന്നങ്ങളുടേയും  ഭക്ഷ്യോൽപന്നങ്ങളുടേയും ഗുണമേന്മ പരിശോധനയ്ക്ക്‌ മാനദണ്ഡമാകുന്നുണ്ട്‌. ഭക്ഷ്യോൽപന്നങ്ങളിൽ അടങ്ങിയിരിക്കുന്ന പുറമേ നിന്നുള്ള  രാസസംയുക്തങ്ങളും കീടനാശിനികളുടെ അവശിഷ്ടങ്ങളുമെല്ലാം വിദേശത്തു മാത്രമല്ല, സ്വദേശത്തും വിപണിയിൽ ഭക്ഷ്യസുരക്ഷിതത്വ നിയമത്തിന്റെ പരിധിയിൽപ്പെടുന്നു.
ഭക്ഷ്യസുരക്ഷിതത്വ നിയമത്തിന്റെ പ്രാഥമിക തലങ്ങളെക്കുറിച്ച്‌ അറിയുകയും മനസ്സിലാക്കുകയും, ലളിതമായ രീതിയിൽ അതിനെക്കുറിച്ചുള്ള അവബോധം കൂട്ടായ്മകൾ വഴി കർഷകരിൽ സൃഷ്ടിക്കുകയും ചെയ്യേണ്ടത്‌ ആവശ്യമാണ്‌. പലപ്പോഴും ഗുണമേന്മ പരിശോധന, പിഴ അടക്കമുള്ള ശിക്ഷണ നടപടികളിലേക്ക്‌ എത്തിക്കഴിയുമ്പോഴാണ്‌ സംരംഭകരും ഉൽപന്ന നിർമാതാക്കളും അതിനെക്കുറിച്ച്‌ വിഷമിക്കുന്നത്‌. ഇത്തരം കാര്യങ്ങളെക്കുറിച്ച്‌  അവർക്ക്‌ മുൻകൂട്ടി അറിവ്‌ നൽകുന്നതിനും വേണ്ടത്ര പ്രചരണങ്ങൾ വഴി അവർക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും  നമുക്ക്‌ കഴിഞ്ഞാൽ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളും നഷ്ടങ്ങളും ഒഴിവാക്കാൻ സാധിക്കും. ഇതിനായുള്ള കൂട്ടായ ശ്രമങ്ങൾ നാളികേര കൃഷിയുടെ മേഖലയിൽ ആരംഭിക്കണം. 


ക്ഷ്യസുരക്ഷിതത്വം,  ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ, വിവിധ ഭക്ഷ്യസംസ്ക്കരണ മാർഗ്ഗങ്ങൾ തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കുന്ന ബിരുദ-ബിരുദാനന്തര കോഴ്സുകളും  സ്ഥാപനങ്ങളും നമ്മുടെ നാട്ടിൽ തുലോം പരിമിതമാണ്‌.  വളരെച്ചുരുക്കം കലാശാലകളിൽ മാത്രമാണ്‌ ഇത്തരം കോഴ്സുകൾ ഇന്ന്‌ നിലവിലുള്ളത്‌. സമഗ്ര നാളികേര സംസ്ക്കരണത്തിനായി, വലിയ യൂണിറ്റുകൾ തുടങ്ങുന്നതിന്‌ സന്നദ്ധത പ്രകടിപ്പിക്കുകയും നാളികേര വികസന ബോർഡിൽ ഇത്‌ സംബന്ധിച്ച്‌ അന്വേഷണം നടത്തുകയും ചെയ്യുന്ന പല സംരംഭകരും ചോദിക്കുന്ന അടിസ്ഥാനപരമായ ചോദ്യം, ഈ രംഗത്ത്‌ മികച്ച സാങ്കേതിക വിദ്യാഭ്യാസം സിദ്ധിച്ച ആളുകളെ എങ്ങനെ കണ്ടെത്താൻ സാധിക്കും എന്നാണ്‌.  പ്രത്യേകിച്ച്‌ നാളികേര സംസ്ക്കരണ സംബന്ധമായ ഉന്നത വിദ്യാഭ്യാസ യോഗ്യതയും നൈപുണ്യവും പ്രായോഗിക പരിശീലനവും ലഭിച്ചവരെ ഇന്ത്യയൊട്ടാകെ അന്വേഷിച്ചിട്ടും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന്‌ കേരളത്തിൽ നിന്നുള്ള ഒരു മികച്ച ഭക്ഷ്യസംസ്ക്കരണ വ്യവസായി അടുത്തയിടെ അറിയിക്കുകയുണ്ടായി. അദ്ദേഹം ഇന്ത്യയിൽ തുടങ്ങാൻ പോകുന്ന നിർദ്ദിഷ്ട വ്യവസായത്തിനുവേണ്ടി ഫിലിപ്പീൻസിൽ നിന്നോ ഇന്തോനേഷ്യയിൽ നിന്നോ സാങ്കേതിക വിദഗ്ദ്ധരെ  കനത്ത ശമ്പളം നൽകി നിയമിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണുപോൽ! കേരളത്തിലാകെ ഒരേയൊരു ബി. ടെക്‌ കോഴ്സ്‌ മാത്രമേ ഭക്ഷ്യ സാങ്കേതിക വിദ്യയിൽ ഇന്ന്‌ നടത്തുന്നുള്ളുവത്രെ! ഈ കാലഘട്ടത്തിൽ, ഭക്ഷ്യസംസ്ക്കരണ മേഖലയുടെ വളർച്ചയ്ക്ക്‌ അനുയോജ്യമായ സാങ്കേതികവിദ്യ പഠിപ്പിക്കുന്നതിന്‌ ഐടി, ബയോടെക്നോളജി എന്നിവ പോലെ ഫുഡ്‌ ടെക്നോളജി, ഫുഡ്‌ പ്രോസസിംഗ്‌ തുടങ്ങിയവയുടെയും സ്ഥാപനങ്ങൾ ഉണ്ടാകേണ്ടതുണ്ട്‌. നാളികേര സംസ്ക്കരണ മേഖലയിൽ ബിരുദ, ബിരുദാനന്തര കോഴ്സുകളും ഡിപ്ലോമ, സർട്ടിഫിക്കറ്റ്‌ കോഴ്സുകളും അടിയന്തിരമായി തുടങ്ങുന്നതിന്‌ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. എങ്കിൽ മറ്റൊരു വിളയിലുമില്ലാത്ത രീതിയിൽ വൈവിദ്ധ്യമാർന്ന ഭക്ഷ്യവസ്തുക്കളുടെ ശൃംഖല തന്നെ നാളികേരത്തിൽ നിന്ന്‌ നമുക്ക്‌ ഉത്പാദിപ്പിക്കുവാൻ കഴിയും. ഏതു വിപണിയിലേയ്ക്കും കടന്നു ചെല്ലാൻ കഴിയുന്ന ഗുണമേന്മാ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടോ, എന്ന്‌ പരിശോധിക്കുവാനുള്ള ലബോറട്ടറികളും അത്തരം പരിശോധനകൾ നടത്തുന്നതിന്‌ പ്രാപ്തിയുള്ള സാങ്കേതിക വിദഗ്ദ്ധരും ഉണ്ടാകേണ്ടതുണ്ട്‌.
ഗുണമേന്മയെപ്പറ്റി പറയുമ്പോൾ മുൻകാലങ്ങളിൽ നാം ശ്രദ്ധിച്ചിരുന്നത്‌ ബ്യൂറോ ഓഫ്‌ ഇന്ത്യൻ സ്റ്റാൻഡേർഡ്സ്‌ അല്ലെങ്കിൽ ഐഎസ്‌ഒ സർട്ടിഫിക്കറ്റുകളെക്കുറിച്ച്‌ മാത്രമായിരുന്നു. ഉൽപന്നത്തിന്റെ അന്തിമമായ ഗുണമേന്മ നിശ്ചയിക്കപ്പെടുന്നത്‌ സംസ്ക്കരണ ശാലകളിൽ മാത്രമല്ല;  അടിസ്ഥാനപരമായി കൃഷിയിടം തൊട്ട്‌, വിളവെടുപ്പു രീതി, വിളവെടുപ്പിന്‌ ശേഷമുള്ള സംഭരണം, വിനിമയരീതി തുടങ്ങി നിരവധി മേഖലകളിൽ  ശ്രദ്ധിക്കേണ്ടതുണ്ട്‌. ഇത്തരം കാര്യങ്ങളെക്കുറിച്ച്‌ നമ്മുടെ കർഷക കൂട്ടായ്മകൾ ഗൗരവമായി ചിന്തിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. കേരളത്തിലുള്ള നിരവധി സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ നമുക്ക്‌ ഈ രംഗത്തേക്ക്‌ ആകർഷിക്കാൻ കഴിയണം. ഈ മേഖലയുടെ സാദ്ധ്യതകൾ അവരെ ബോദ്ധ്യപ്പെടുത്തിയാൽ മാത്രമേ കാർഷിക - ഭക്ഷ്യസംസ്ക്കരണ രംഗത്ത്‌ ഗുണമേന്മ നിലനിർത്താനും, ഉത്പാദനരംഗത്തും സർട്ടിഫിക്കേഷൻ രംഗത്തുമെല്ലാം ആവശ്യമായ മാനവവിഭവശേഷി വർദ്ധിപ്പിക്കാനും  നമുക്ക്‌ സാധിക്കുകയുള്ളൂ.
തെങ്ങുകൃഷിയെ സംബന്ധിച്ചിടത്തോളം ഗുണമേന്മയ്ക്കു വേണ്ടിയിട്ടുള്ള ശ്രമങ്ങൾ കൃത്യമായി ആരംഭിക്കേണ്ടത്‌ വിത്തുതേങ്ങകൾ തെരഞ്ഞെടുക്കുമ്പോൾ മുതൽ തന്നെയാണ്‌. നടീൽ വസ്തുക്കളുടെ ജനിതകഗുണവും രോഗപ്രതിരോധശേഷിയും നാളികേരം പോലുള്ള ദീർഘകാല വിളയിൽ വളരെ സ്വാധീനം ചെലുത്തുന്ന ഘടകമാണ്‌. മനുഷ്യരുടെ ആരോഗ്യപരിപാലനം പോലെത്തന്നെ ഗൗരവമായും തുടർച്ചയായും നടക്കേണ്ട പ്രക്രിയയാണ്‌ തെങ്ങുകൃഷിയുടെ ശാസ്ത്രീയമായ പരിചരണമുറകൾ.  നമ്മുടെ നാട്ടിൽ നാളികേരത്തിന്‌ നല്ല വിലകിട്ടുന്ന കാലത്ത്‌ എല്ലാവരും തെങ്ങുകൃഷിയിൽ കാര്യമായി ശ്രദ്ധിക്കുകയും തദ്വാര ഉത്പാദനം വർദ്ധിക്കുകയും മാർക്കറ്റിൽ അമിതമായി ഉൽപന്നം എത്തുകയും ചെയ്യുമ്പോൾ, വിപണി ശക്തികളുടെ ഇടപെടൽ മൂലം വിലയിടിയുകയും ചെയ്തിട്ടുള്ള ചരിത്രമാണ്‌ നാം കണ്ടിട്ടുള്ളത്‌. വിലയിടിയുന്ന കാലത്ത്‌ വീണ്ടും കർഷകർക്കു തെങ്ങുകൃഷിയിലുള്ള താത്പര്യം കുറയുകയും അവർ തെങ്ങുകൃഷിയെ അവഗണിക്കുകയോ ശ്രദ്ധിക്കാതെ വരികയോ ചെയ്യുകയും തൽഫലമായി ഉത്പാദനം കുറയുകയും ചെയ്യുന്ന മറ്റൊരു അവസ്ഥയും സംജാതമാവും. ഇത്തരത്തിൽ ഉത്പാദനം കുറയുന്ന സമയത്താണ്‌  വിപണി ശക്തികളുടെ ഇടപെടൽ മൂലം വീണ്ടും വില ഉയരുകയും അപ്പോൾ ഉൽപന്നം കൈവശം ഇല്ലാതെ കർഷകർ  നഷ്ടം  അനുഭവിക്കുകയും ചെയ്യുന്ന സാഹചര്യം വരുന്നത്‌. അതുകൊണ്ട്‌ നമ്മുടെ കർഷക കൂട്ടായ്മകൾ, വിലയെ മാത്രം ആശ്രയിച്ച്‌ കൃഷി ചെയ്യുന്നതിനു പകരം കൃഷിയിൽ മികച്ച കാർഷിക പരിപാലന മുറകൾ Good Agricultural Practices (GAP)  അനുവർത്തിച്ചുകൊണ്ട്‌ വിലയെയും വിപണിയെ നിയന്ത്രിക്കാൻ കഴിയുന്ന അവസ്ഥയിലേയ്ക്ക്‌ ഉയരണം.
ഉൽപന്നഗുണമേന്മയും വിളവെടുപ്പു സമയവുമൊക്കെ ക്രമീകരിച്ചുകൊണ്ട്‌ നാളികേരത്തിനു മെച്ചപ്പെട്ട വില നേടിയെടുക്കാൻ കഴിയുന്ന പദ്ധതിയിലേക്കാണ്‌ നാം നീങ്ങേണ്ടത്‌. അതേപോലെ നാളികേര ഉൽപന്നങ്ങൾ എന്നാൽ കൊപ്ര, വെളിച്ചെണ്ണ എന്ന പാടിപഴകിയ പല്ലവിക്കപ്പുറത്തേയ്ക്ക്‌ നീര, കരിക്ക്‌, വൈവിധ്യമാർന്ന മൂല്യവർദ്ധിത ഉൽപന്നങ്ങൾ എന്നിവയിലേയ്ക്ക്‌ ശ്രദ്ധ തിരിക്കുന്ന സാഹചര്യം ഉണ്ടായാൽ ചാക്രികമായി സംഭവിക്കുന്ന വിലയിടിവിന്റെയും വിലക്കയറ്റത്തിന്റെയും തീവ്രതയിൽ നിന്ന്‌ സ്ഥിരവിലയിലേയ്ക്കുള്ള ഒരു പാത നമുക്ക്‌ ഉണ്ടാക്കാൻ കഴിയില്ലേ? അതിനുവേണ്ടി പരിശ്രമിക്കുമ്പോഴാണ്‌ ഗുണമേന്മയുള്ള വിത്തിനങ്ങളും തൈകളും തൊട്ട്‌ തെങ്ങിന്റെ പരിപാലന രീതിയും, ജൈവകൃഷി രീതികളും, ജലസേചനവും, മണ്ണിലെ സൂക്ഷ്മ മൂലകങ്ങളുടെ കൃത്യതയും, സൂക്ഷ്മാണുക്കളുടെ മെച്ചപ്പെട്ട പ്രവർത്തനവുമൊക്കെ ശ്രദ്ധിക്കേണ്ടത്‌. ഉൽപന്നത്തിന്റെ യഥാസമയമുള്ള വിളവെടുപ്പു പോലെ അവ ശാസ്ത്രീയമായി  സംഭരിക്കുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള രീതികൾ കൂടി നാം ആവിഷ്കരിക്കേണ്ടതുണ്ട്‌. ഇത്തരം കാര്യങ്ങളെക്കുറിച്ചെല്ലാം ആഴത്തിൽ പഠിക്കുന്നതിനും, കർഷകരുടെ കൂട്ടായ്മകൾ വഴി പ്രായോഗികമായ അറിവുകൾ ശേഖരിച്ച്‌ മുന്നേറുന്നതിനും നമുക്ക്‌ കഴിയണം. ഇതേപോലെ തന്നെയാണ്‌ കുറഞ്ഞ പക്ഷം ഉൽപാദക കമ്പനികളെങ്കിലും, ഉൽപന്നത്തിന്റെ ഗുണമേന്മാപരിശോധനയ്ക്കു വേണ്ട പരിശോധനാശാലകൾ സജ്ജീകരിക്കുക എന്നതും. ഉൽപന്നത്തിന്റെ ഗുണമേന്മാപരിശോധന എന്നത്‌ വല്ലപ്പോഴും മാത്രം നടത്തേണ്ട ഒരു പ്രകിയ അല്ല. നിരന്തരം പരിശോധനകൾ നടത്തി ഉറപ്പുവരുത്തേണ്ട തുടർ പ്രക്രിയയായി തന്നെ ഗുണമേന്മയെ കാണണം. ഇതിന്‌ പാരമ്പര്യ അറിവുകളും, ആധുനിക ഗവേഷണവും, നമ്മുടെ കർഷക കൂട്ടായ്മകളുമായി കൈകോർക്കുന്ന കാഴ്ച നമുക്ക്‌ മനസ്സിൽ കാണാൻ കഴിയും. നാളികേരത്തിന്റെ ഒരു ഉൽപന്നവും ഉപോൽപന്നവും പാഴാവുന്നില്ല എന്ന്‌ ഉറപ്പുവരുത്തുക. ഉദാഹരണത്തിന്‌ എത്രയോ മനോഹരമായ ഉൽപന്നങ്ങൾ നിർമ്മിക്കാൻ കഴിയുന്ന വസ്തുവാണ്‌ തേങ്ങാവെള്ളം. ഇന്ന്‌ പല നാളികേര സംസ്ക്കരണ മേഖലകളിലും തേങ്ങാവെള്ളം പാഴായി പോവുന്നു എന്നുമാത്രമല്ല പരിസ്ഥിതി മലിനീകരണം ഉൾപ്പെടെയുള്ള നിരവധി പ്രശ്നങ്ങളും ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്‌. ഇത്തരം സംഭവങ്ങളിൽ നിന്ന്‌ ഒരു പക്ഷേ നാളികേരത്തേക്കാൾ കൂടുതൽ മൂല്യവർദ്ധിത സാദ്ധ്യതകളുള്ള തേങ്ങാവെള്ളം അറിവിന്റെയും സാങ്കേതിക വിദ്യയുടെയും അഭാവത്തിൽ കേവലം മാലിന്യമായി പാഴായി പോകുന്ന അവസ്ഥയിൽ നിന്ന്‌ മൂല്യം ഉണ്ടാക്കാൻ കഴിയുന്ന സാഹചര്യത്തിലേക്കാണ്‌ നാം മുന്നേറേണ്ടത്‌. 



അതുപോലെ തന്നെയാണ്‌ വെളിച്ചെണ്ണയും. ശ്രദ്ധയോടെ വിളവെടുത്ത നാളികേരത്തിൽ നിന്ന്‌ മാലിന്യങ്ങളോ പൂപ്പലോ ഒന്നുമില്ലാതെ ഉണ്ടാക്കിയെടുക്കുന്ന നല്ല കൊപ്രയിൽ നിന്നെടുക്കുന്ന വെളിച്ചെണ്ണയ്ക്ക്‌ അതിന്റേതായ സുഗന്ധവും ഗുണമേന്മയുമുണ്ടാകും. ആത്യന്തികമായി ഭക്ഷ്യാവശ്യത്തിന്‌ ഉപയോഗിക്കേണ്ടതാണ്‌ എന്നുള്ള ബോധ്യം പോലുമില്ലാതെ, മലിനമായ പരിസരങ്ങളിൽ, തുറസ്സായ സ്ഥലത്ത്‌ പൂപ്പൽ ബാധിച്ച കൊപ്രയിൽ, അത്‌ വൃത്തിയാക്കുന്നതിന്‌ വേണ്ടി സൾഫർ ഡസ്റ്റ്‌ ചേർത്ത ശേഷം ഉത്പാദിപ്പിക്കുന്ന എണ്ണ മനുഷ്യരുടെ ആരോഗ്യത്തെ ബാധിക്കുന്ന അവസ്ഥയാണ്‌ ഇന്നത്തേത്‌. ഇത്‌ സൂചിപ്പിച്ചതു ഉൽപന്നത്തിന്റെ ഗുണമേന്മ പരിശോധന എന്നുപറയുന്നത്‌ നഗ്നനേത്രങ്ങൾകൊണ്ട്‌ അളക്കാവുന്ന മാനദണ്ഡങ്ങൾക്കപ്പുറത്ത്‌ അതിലടങ്ങിയിരിക്കുന്ന രാസ-ജൈവ മാലിന്യങ്ങൾ, ഈർപ്പത്തിന്റെ അളവ്‌, അപകടകാരിയായ ബാഹ്യ രാസവസ്തുക്കളുടെ സാന്നിധ്യം, കീടനാശിനികളുടെ അംശം തുടങ്ങിയവ കണ്ടെത്താനുള്ള വിദഗ്ദ്ധ പരിശോധനകൾ കൂടിയാണ്‌. പരിശോധനയിലൂടെ കണ്ടെത്തി മാർക്കറ്റിൽ നിന്ന്‌ പുറം തള്ളപ്പെടുന്നതിനെക്കാൾ നല്ലത്‌ ഈ ഉൽപന്ന നിർമ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും മികച്ച ശ്രദ്ധ കൊടുക്കുക എന്നതാണ്‌. ഇത്തരത്തിൽ ശ്രദ്ധയോടെയുള്ള ചിട്ടയായ മുന്നൊരുക്കങ്ങളിലൂടെ നമ്മുടെ ഉൽപന്നങ്ങൾക്ക്‌ പരമാവധി ഗുണമേന്മ ഉറപ്പുവരുത്തുന്നതിന്‌ പരിശ്രമിച്ചാൽ തീർച്ചയായും ദേശീയ - അന്തർദേശീയ വിപണിയിൽ നമ്മുടെ നാളികേര ഉൽപന്നങ്ങൾക്ക്‌ മികച്ച ഡിമാന്റുണ്ടാവും. ഗുണമേന്മ (quality) ഒരു പ്രക്രിയയാണ്‌. ഗുണമേന്മ എന്ന സംസ്ക്കാരം, ഗുണമേന്മ എന്ന ജീവിത രീതി, ഗുണമേന്മ എന്ന ശീലം എന്നിവയാണ്‌ നമ്മൾ വളർത്തിയെടുക്കേണ്ടത്‌. ഗുണമേന്മയെന്നു പറയുന്നത്‌ പരിശോധനാ ലബോറട്ടറികളിൽ നിന്നു കിട്ടുന്ന സർട്ടിഫിക്കറ്റിന്റെ മൂല്യം മാത്രമല്ല. ഉത്പാദകരുടെ അഥവാ സംരംഭകരുടെ സംസ്ക്കാരവും അവരുടെ നടപടിക്രമങ്ങളും പ്രക്രിയയും അതേപോലെ തന്നെ അവരുടെ ശീലങ്ങളുമെല്ലാം ചേർന്നു സൃഷ്ടിക്കുന്ന വിശ്വാസ്യതയാണ്‌. ഉപഭോക്താക്കളുടെ ഇടയിലും വിപണിയിലും വിശ്വാസ്യത നേടുന്ന ഉൽപന്നങ്ങൾ ഭാവിയിൽ വളർച്ചയുടെ പടവുകൾ വേഗത്തിൽ കയറുമെന്നതിൽ സംശയമില്ല. ഇത്തരത്തിലുള്ള ഗുണമേന്മ സംസ്ക്കാരത്തിലേയ്ക്കാണ്‌ നാം വളരേണ്ടത്‌. കേവലം ഏതെങ്കിലും വിധത്തിൽ ഉൽപന്നങ്ങൾ ഉണ്ടാക്കുക എന്നുള്ളതിനപ്പുറത്ത്‌ അന്താരാഷ്ട്ര നിലവാരമുള്ള, ഏതു ഗുണമേന്മാ പരിശോധനയിലും വിജയിക്കാൻ കഴിയുന്ന, വിശ്വാസ്യതയുടെ സംസ്ക്കാരം നിലനിർത്തുന്ന കൃഷിയിടങ്ങളും ഉൽപന്നങ്ങളുമാണ്‌ നമുക്ക്‌ ആവശ്യം.
നമ്മുടെ നാളികേര ടെക്നോളജി മിഷനിലും അതുപോലെ മറ്റ്‌ വ്യവസായ സഹായ പരിപാടിയിലുമെല്ലാം കൃത്യമായി അനുവർത്തിക്കേണ്ട പ്രധാന ഭാഗമാണ്‌ ഗുണമേന്മ എന്ന ആശയം. മികച്ച കൃഷി പരിപാലന രീതികളും സംസ്ക്കരണ പ്രക്രിയയും നമ്മുടെ നാളികേര കർഷകരുടെ കൂട്ടായ്മകളുടെ  സംസ്ക്കാരമായി വളർത്തിയെടുക്കാൻ നമുക്ക്‌ ഒന്നിച്ച്‌ പരിശ്രമിക്കാം.
         

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...