Showing posts with label 31. Show all posts
Showing posts with label 31. Show all posts

23 May 2015

എഴുത്തിന്റെ വഴിയിൽ- ശ്രീദേവി നായർ

ശ്രീദേവി നായർ



തയ്യാറാക്കിയത്;
സ്മിത എസ്


(1)           എഴുത്തിന്റെ വഴിയിൽ   എത്തിയതെങ്ങനെയണ്  ?

 അച്ഛനായിരുന്നു പിന്തുണ തന്നത്. ആദ്യം എഴുതിയത് എട്ടു  വയസ്സിലാണ് .അത് ഒരു നാടകം ആയിരുന്നു .വെറും  നാല് ആദ്ധ്യായങ്ങളുള്ള   ഒരു ചെറിയ നാടകം.  പേരു     തെറ്റിദ്ധാരണ (..വാക്കിന്റെ അർത്ഥമറിഞ്ഞാണോ   നീ ഇതെഴുതിയതെന്ന്  അമ്മ  ചോദിച്ചു .ഞാൻ ചിരിച്ചു    എനിയ്ക്  അറിയാമായിരുന്നു )      എന്ന് നാടകം വായിച്ചപ്പോൾ   അമ്മയ്ക്ക്  മനസ്സിലായി ...അതു കണ്ട് അച്ഛൻ  സന്തോഷിച്ചു   അതാണെന്റെ ആദ്യത്തെ എഴുത്തിന്റെ വഴി

എന്റെ അച്ഛൻ വിദ്വാൻ     N . ഗോവിന്ദൻ നായർ  ആണു  .   ഭാഷ നിപുണനായ അദ്ദേഹത്തിന്റെ  ശിക്ഷണം ആകാം എന്നിലെ കവിതകളെ രൂപപ്പെടുത്തിയത്.


2)എങ്ങനെയാണു കവിതയുടെ വഴിയിൽ വന്നത് ?

കോളേജിൽ  എത്തുന്നതിനു മുൻപ് തന്നെ  ഞാൻ  കവിത എഴുതിതുടങ്ങിയിരുന്നു. പക്ഷെ ഒന്നും പ്രസിദ്ധീകരിക്കാൻ  തക്കതായിരുന്നോ എന്ന് അറിയില്ല

ഒളിച്ചും പതുങ്ങിയും  നോട്ടു ബുക്കിന്റെ   പേപ്പറിൽ ആയിരുന്നു അതൊക്കെ എഴുതിയിരുന്നത്

3  വിവാഹശേഷം   ആണ് ചെറുകഥകൾ എഴുതിത്തുടങ്ങിയത് .എന്നാൽ അതും രഹസ്യമായിരുന്നു .വളരെ നേരത്തെ കുടുംബിനി  ആയതുകാരണം  ചുമതലകളുടെ  നടുവിലായി.      എഴുത്തിന്റെവഴി രഹസ്യമാക്കി വയ്ക്കാൻ മാത്രം ശ്രമിച്ചു  ! ......

4)ഏറ്റവും ഇഷ്ടപ്പെട്ട സ്വന്തം കവിത ഏതാണു ?...

ഞാൻ ഇഷ്ടപ്പെടുന്ന കവിതകളെല്ലാം  പറയണമെന്നുണ്ട്  .എങ്കിലും , ഒന്ന് മാത്രം പറയാം;'വഴക്കാളികളായ  അടുക്കളപ്പാത്രങ്ങൾ'

ആ കവിതാ സമാഹാരം അഞ്ച്  ഭാഷകളിൽ  വിവർത്തനം ചെയ്തിട്ടുണ്ട് .....അതും ഒരു കാരണം ആകാം ......

പദ്യകവിതകൾ വേറെയുണ്ട് .എല്ലാം എന്റെ പ്രിയപ്പെട്ടവ തന്നെ !


5)വായിച്ച കവിതകളിൽ  ഏറ്റവും സ്വാധീനിച്ചത് ?

ആശാന്റെ വീണപൂവ്,വൈലോപ്പിള്ളിയുടേ കുടിയൊഴിക്കൽ...






(6 )         കുടുംബിനി  എന്ന നിലയിൽ എഴുത്ത് തുടരാൻ കഴിയുന്നുണ്ടൊ

തിരുവനന്ത പുരത്തെ  പുരാതന പ്രശസ്ത കുടുംബമാണ്  എന്റെ ഭർത്താവിന്റേതു. അതിനാലാവാം  ഉത്തരവാദിത്തവും  ചുമതലയും   ഒരു പാടുണ്ടായിരുന്നു .പട്ടത്താണു കുടുംബവീട്
ഇപ്പോൾ കുടുംബത്തിന്റെ   ഉത്തരവാദിത്തങ്ങളിൽ   കുറെ മാറ്റം  വന്നു . മക്കൾ  വളർന്നു ..
വളരെ അറിയപ്പെടാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു.


ഭർത്താവ്  ശ  Ramachandran nair  (Rtd  Accounts  Officer  K.S.E.Board) വളരെ പ്രോത്സാഹനം   തരുന്നു .. മക്കൾ   2 പേർ; .Dileep, Anoop.അവർ  എഞ്ചിനീയർമാരാണ് .അവരും എന്നെ പ്രോത്സാഹിപ്പിക്കുന്നു
7) ബുക്കുകൾ പബ്ലിഷ് ചെയ്തു .ഇനിയും പ്രസിദ്ധീകരിക്കാനുണ്ട് .
കുടുംബ സുഹൃത്തും     പ്രശസ്ത   സാഹിത്യകാരനും  നിരൂപകനുമായ ശ്രീ.എം കെ  ഹരികുമാർ ആണ്    എന്റെ  എഴുത്തിന്റെ  വഴിയിൽ    പുറം ലോകം  കാട്ടിതന്നത്. 
ഇപ്പോൾ ഓണ്‍ ലൈൻ  മാസിക കളിലും ,blog  എഴുത്തിലും  സജീവമാണ് .ഫേസ് ബുക്കിൽ   കവിതകളും കഥകളും  എഴുതുന്നു ....

ഏറെ സന്തോഷിച്ചതു   രണ്ടായിരത്തിയേഴിൽ  ആദ്യ പുസ്തകം പബ്ലിഷ്  ചെയ്തപ്പോഴാണ്  . പിന്നെ കലാകൌമുദിയിൽ കവിതകൾ വന്നപ്പോൾ .കവർ   ഫോട്ടോയും  കുറിപ്പും വന്നപ്പോൾ .ശ്രീ ദേശമംഗലം രാമകൃഷ്നൻ എന്നെക്കുറിച്ചെഴുതി.
രണ്ടായിരത്തി ഒൻപതിൽ   വാരാന്ത്യ കൌമുദിയിൽ   ഒരു പേജ്  കവർ സ്റ്റോറി  വന്നു .
കവിതയെ സ്നേഹിച്ച വീട്ടമ്മ എന്നപേരിൽ  ശ്രീ , ആശ മോഹൻ  എഴുതിയ  കുറിപ്പ് എന്നെ വല്ലാതെ സന്തോഷിപ്പിച്ചു.
ഇനിയും   എഴുത്തിന്റെ വഴിയിൽ   എനിയ്ക്ക്  ഒരുപാടു ദൂരം     സഞ്ചരിക്കേണ്ടതിനു  ഞാൻ   ദൈവത്തിൽ  എല്ലാം  സമർപ്പിക്കുന്നു.
ഒപ്പം എന്റെ വായനകാരോടുള്ള സ്നേഹവും    ഞാൻ ഇവിടെ പങ്കു വയ്ക്കുന്നു.


 വഴക്കാളികളായ  അടുക്കളപ്പാത്രങ്ങൾ'

 ശ്രീദേവി നായർ
എന്റെ അടുക്കളയിലെ  പാത്രങ്ങൾ
 പലതും  സംസാരിക്കാണ്ടു
സിനിമയെക്കുറിച്ച് ,പാചകത്തെക്കുറിച്ച്
,സംഗീതത്തെ ക്കുറിച്ച് വസ്ത്രധാരണത്തെക്കുറിച്ച് .
ചിലകാര്യങ്ങളിൽ  അവർ കടുത്ത പക്ഷപാതികളാണ്
ചിലപ്പോൾ  അവർ ഭിന്നതയുടെ   പേരിൽ  കലഹിക്കും
താഴെ വീണ്  ആത്മഹത്യ ചെയ്യും
എപ്പോഴും പരാതിപറയുന്ന വൃദ്ധരായാവരുടെ
മനസ്സാണ് എന്റെ പാത്രങ്ങളുടെ കൈമുതൽ
എങ്ങനെ അടുക്കിവച്ച് മാന്യത കാട്ടിയാലും
അവർ പിണങ്ങും
പിണക്കം തമ്മിലടിയിലും പൊട്ടിച്ചിതറലിലുമാവും
അവസാനിക്കുക
ഞാൻ ഉറങ്ങാൻ കിടന്നാലും അവർ ഉറങ്ങാറില്ല
രാത്രി ഒരു മണിക്കും രണ്ടു മണിക്കും അവർ പോരടിക്കാറുണ്ട്
മദ്ധ്യസ്ഥതയ്ക്കെത്തുന്ന പൂച്ചയെ അവർ വിരട്ടിയോടിക്കാറാണ് പതിവ്
രാത്രിയിലൊരു പോള കണ്ണടയ്ക്കതെ ഈ പാത്രങ്ങൾ  എന്താണു ചെയ്യുന്നത് ?
ഞാൻ വരുന്നുണ്ടെന്ന്  അറിഞ്ഞാൽ  കയാക്കിക്കൊണ്ടുള്ള
മൌനം പാലിക്കൽ ,വരിതെറ്റി ക്കാതെ നോക്കൽ
ഇവയുടെ സ്ഥിരം ഏർപ്പാടാണ്.
വെള്ളത്തിനായി ദാഹിക്കുമെങ്കിലും  കുടിക്കില്ല,
കുളിക്കാനിഷ്ടമില്ല.
കണ്‍നിരുകുടിച്ചു വറ്റിച്ച മുഖം മാത്രം മിനുക്കി
എന്നെ നോക്കി ചിരിക്കും,
എന്നെ സന്തോഷിപ്പിക്കാൻ മാത്രം.
ഞാൻ പുറത്ത് പോയാൽ  അവ അവ അങ്ങില്ല,
വരുന്നതുവരെ വരെ ഒരെയിരുപ്പാണ്.
നിശബ്ദത പാലിക്കുക എന്നത് എത്രയോ ഹൃദയഭേദകമാണ് എന്ന്
മനസ്സിലാക്കിയത്
എന്റെ പാത്രങ്ങളെ കണ്ടാണ്‌ .

22 Apr 2015

ഒരു അമേരിക്കന്‍ പുതുവര്‍ഷ പ്രാര്‍ത്ഥന



സന്തോഷ് പാലാ
mcsanthosh@yahoo.com

ടൈംസ്ക്വയറില്‍ ബോളു വീഴാന്‍
കാത്തിരുന്നവര്‍ക്കിട്ട്
ഒരു പണികൊടുക്കാനും
ഞങ്ങള്‍ ടെക്കികള്‍
വെറും കടലാസുപുലികളും
കൂലിയടിമകളുമല്ലെന്ന്
തെളിയിക്കാനുമായി
ഡല്‍ഹിലേക്ക് ചാനല്‍ മാറ്റി
ഒരു ഷോട്ടകത്താക്കി.

പുളകിതമാക്കും പുഞ്ചിരിയാല്‍
എന്നെ ആനയിച്ച്,
ആഘോഷിപ്പിച്ച്
കഴിഞ്ഞ വര്‍ഷം ചെയ്ത സഹായങ്ങളെ
ഒത്തിരി സ്നേഹത്തോടെ ഓര്‍ത്തെടുത്ത
ബന്ധുക്കളെയും കൂട്ടുകാരെയും
കെട്ടിപ്പിടിച്ച് ഉമ്മ വച്ച് ,പൊട്ടിച്ചിരിച്ച് ,തൊട്ടുനക്കി
ബെന്‍സുകാറിന്റെ മുന്‍സീറ്റിലേക്കു ചായുമ്പോള്‍
അമ്പട നിന്നെ പറ്റിച്ചേയെന്നവരും
അമ്പട നിങ്ങളെ പറ്റിച്ചേയെന്നു ഞാനും
ഇയാളെ പറ്റിച്ചേയെന്നു ഭാര്യയും
എല്ലാരെയും പറ്റിച്ചേയെന്നു മക്കളും
മന:സുഖം തീര്‍ത്ത് യാത്ര തുടരുമ്പോള്‍,
ആണ്ടുമുഴുവന്‍ കൊടുത്ത പണികളെ ഓര്‍ത്ത്
ബന്ധുക്കളും കൂട്ടുകാരും
വീണ്ടും വീണ്ടും പുഞ്ചിരിക്കുമ്പോള്‍,
ആണ്ടുമുഴുവന്‍ കൊടുത്ത പണികളെ ഓര്‍ത്ത്
ഞാനുമെന്റെ കാറും
വീണ്ടും വീണ്ടും പൊട്ടിച്ചിരിക്കുമ്പോള്‍
അമേരിക്കന്‍ അഭിനയക്കളരിയിലെ
മഹാപ്രതിഭകളായ മലയാളിമനുഷ്യജീവിതങ്ങളെ,
അത്യുല്‍‌പ്പാദന ശേഷിയുള്ള കറവപ്പശുക്കളുടെ
അകിടുതാങ്ങികളെ,പാല്‍‌വില്‍പ്പനക്കാരെ,
നിങ്ങളുടെ പ്രതിനിധിയായ
എന്നോടു പൊറുക്കേണമേ...
ദൈവമെ,വിശപ്പില്‍ മാത്രം പൊട്ടിമുളയ്ക്കുന്ന
വിപ്ലവത്തിന്റെ വിത്ത്
ഞങ്ങളുടെ മണ്ണിലുണ്ടാകാതെ കാക്കേണമേ...

ഫ്ലോറല്‍ പാര്‍ക്കിലെ കുര്യാച്ചനങ്കിളും
പുതു വര്‍ഷവും
സ്നേഹത്തിന്റെ ചിഹ്നങ്ങളായ പുളിച്ച തെറികള്‍
പൂക്കളായഭിഷേകം ചെയ്യാന്‍ തുടങ്ങുന്നതിനു മുമ്പെ
നിലത്തിരുന്ന ബക്കറ്റില്‍
കഴിഞ്ഞ വര്‍ഷത്തെ ഒന്നും മിച്ചമില്ലെന്ന്
ഒളികണ്ണിട്ട് ഉറപ്പാക്കിയിരുന്നു.

ന്യൂഇയര്‍ റെസലൂഷന്‍ അവിടെയിരിക്കട്ടെ.
കുപ്പി മുത്തുന്ന ഫോട്ടോയ്ക്ക്
ഫെയിസ്‌ബുക്കിലൊരു
ലൈക്കടിക്കാന്‍ കരുണയുണ്ടാകേണമേ...

11 Mar 2015

Poem is misunderstanding of meanings within the words, വെള്ളം തറയില്‍ പലതലകളായി

 M K HARIKUMAR

Writing a poem is
Quite anachronistic.
The myriad misrepresentations of truths
And relativity of impressions.

The memory as a wall
In which no one can write .
It is a block.
A picture painted is not
Firm and reliable.
But the wall was
Rough and old.

A feel gives a glance to the
Still photographic views of mind.
Like the hopeless readings of
Ancient literature.

Everything has gone.
No word ,no sign remains.
It is a parting experience.
Forget to smile,cry and die.
Life without death is more
newer and tasty with time!
A face unearthed from
the mind is still a museum piece.
Nothing is a discovery.
It is human custom to
Forget the past.

Love is also the withering
Element of the past.
Love is a spoiled spirituality
And greed.
It is a whispering of hatred ,
Jeolous and suspicion.
Man is a caged being
In front of unlimited lust.
No poetry , no fiction is seen.
Poem is misunderstanding
Of meanings within the words.
The images are bygone .
The meanings are pretending
To be truthful.

The pictures in the verbal
Geography of words are
Silent and not alive.
Beauty is no more.
The images are false.
The moods are quite opposite.
Songs are not
Suited to the occasion.
It is cheating.
Smuggling
Masking.

വെള്ളം തറയില്‍ പലതലകളായി

ഒരു ഗ്ളാസ്‌ വെള്ളം
തറയിലേക്ക്‌ മറിഞ്ഞൊഴുകി.
വെള്ളം തറയില്‍ പല തലകളായി നാമ്പെടുത്തു
ഫണങ്ങള്‍ മത്സരിച്ച്‌ തലപൊക്കി നീങ്ങി.
അല്ല, അവ അങ്ങനെ ഭാവിച്ചു.
ഉപരിതലത്തിലെ ചെറിയ കുഴികള്‍
വളരെ അഗാധമാണെന്ന് നടിച്ച്‌
വളഞ്ഞും പുളഞ്ഞും ഒഴുകി.
ഞാനും ഒരു ഫണമായി ,
ആ തലകളിലൊന്നായി
തറയിലെന്തോ വീണത്‌
പരതുകയാണെന്ന വ്യാജേന
ഇഴഞ്ഞും ഒഴുകിയും കളിച്ചു

21 Feb 2015

സദാചാരത്തിലെ സാരം


ശിവപ്രസാദ്‌ താനൂർ
   
     വഴിതെറ്റി വന്ന ഒരു ഫോൺ കോൾ. അവിടെ നിന്നായിരുന്നു തുടക്കം. അവർ എന്നും ഫോൺ ചെയ്യുമായിരുന്നു.  തെളിഞ്ഞ ശബ്ദം. സംസാരത്തിൽ തികഞ്ഞ കുലീനത. സൂര്യനു കീഴിലുള്ള സകല വിഷയങ്ങളിലും അതിയായ അവഗാഹം. കുടുംബത്തെക്കുറിച്ച്‌ ചോദിക്കുമ്പോൾ മാത്രം മൗനം. അത്‌ ആവർത്തിച്ചപ്പോൾ അയാൾ ആ ചോദ്യം തന്നെ ഒഴിവാക്കി. എന്തായാലും അവർ അയാളുടെ മനസ്സിൽ പറ്റിപ്പിടിച്ചു പടന്നു കയറി; പിന്നെ പുഷ്പിച്ചു, പൂത്തുലഞ്ഞു! ഒരു യുവാവിനെ സംബന്ധിച്ച്‌ ഇതെല്ലാം ധാരാളം.
    അന്നും അവർക്കു വേണ്ടി  അയാളുടെ ഫോൺ പ്രവർത്തനനിരതമായി. അത്ഭുതപ്പെടുത്തിക്കൊണ്ട്‌ അവർ പറഞ്ഞു.
    "നിർബന്ധമായും കാണണം, ഇന്നു തന്നെ."
    സമയവും സ്ഥലവും പറഞ്ഞു.
    "ഞാൻ എങ്ങിനെ  തിരിച്ചറിയും?" അയാൾ ചോദിച്ചു.
    "പറഞ്ഞ സമയത്ത്‌ ക്ഷേത്രത്തിനടുത്തുള്ള ആൽച്ചുവട്ടിൽ ഞാനുണ്ടാകും. ഇളം നീല സാരിയും ബ്ലൗസും. എന്നെ കണ്ടാൽ മനസ്സിലാകും. നേരെ അടുത്തേക്ക്‌ വന്നാൽ  മതി. സംശയമുണ്ടെങ്കിൽ മാത്രം എന്റെ പേര്‌ ചോദിയ്ക്കുക".
    നെഞ്ചിൽ പടയണി മേളം. ബസ്സിലിരിക്കുമ്പോഴും അവരുടെ കാണാത്ത മുഖത്തിന്റെ സൗന്ദര്യം ആയിരുന്നു മനസ്സിൽ. ഇത്രയും നല്ല ശബ്ദമുള്ള ഒരു യുവതിയ്ക്ക്‌ നല്ലതല്ലാത്ത ഒരു മുഖവും രൂപവുമുണ്ടാകുമോ?  ബസ്സിറങ്ങി ഇടവഴിയിലൂടെ നടന്ന്‌ വളവും കടന്ന്‌ ക്ഷേത്രത്തിന്റെ ആൽത്തറയ്ക്കടുത്തെത്തി. അകലെ നിന്നേ കണ്ടു. മനസ്സിൽ കണ്ടതിലും ഏറെ സുന്ദരി. ഇളം നീല സാരിയിൽ രൂപലാവണ്യം വഴിഞ്ഞൊഴുകുന്നു.
    അവർ തന്നെ പേര്‌ ചോദിച്ചു. ആളെ തിരിച്ചറിഞ്ഞതിൽ സന്തോഷം. ആൽത്തറയിൽ ഇരുന്ന്‌ സംസാരം തുടങ്ങി. മുഖവുരയും കഴിഞ്ഞ്‌ അവർ കാര്യത്തിലേയ്ക്ക്‌ കടക്കുകയായിരുന്നു. അപ്പോൾ ഒരാളെത്തി. അയാൾ ചോദിച്ചു.
    "നിങ്ങളാരാ?"
 മറുപടി പറയാൻ  തുടങ്ങവേ അടുത്ത ആൾ എത്തി. ചോദ്യവുമായി:
    "എവിടെ നിന്നു വരുന്നു?"
മറുപടിയ്ക്കു മുൻപേ മൂന്നാമനും പിന്നെ നാലാമനുമെത്തി. നിമിഷം കൊണ്ട്‌ ഒരു സ്ത്രീയും പുരുഷനും ആൾക്കൂട്ടത്തിനു നടുവിലായി. ആക്രോശങ്ങൾക്കും അസഭ്യവർഷങ്ങൾക്കും നടുവിൽ അവർ അനാശാസ്യത്തിനെത്തിയവരായി. ചെറുപ്പക്കാരന്റെ മുഖത്തും നെഞ്ചിലും കൈക്കരുത്തുപരിശോധനകൾ നടന്നു. സ്ത്രീയുടെ ശരീരത്തിൽ  അവരിൽ പലരും മാന്യത തെളിയിച്ചുകൊണ്ടുമിരുന്നു.
    അടുത്തപടി നിയമത്തിനു മുൻപിൽ ഹാജരാക്കലാണ്‌. സാരിത്തുമ്പുകൊണ്ടു മൂടി  കുനിഞ്ഞ ശിരസ്സുമായി അവരും തൂവാലകൊണ്ട്‌ മുഖം പൊത്തി ചെറുപ്പക്കാരനും നടന്നു. ആക്രോശങ്ങളും വിശദീകരണവുമായി പേ പിടിച്ച മനുഷ്യർ പുറകേയും. കാണികൾ അവർക്കു പിന്നിലെ കൂട്ടത്തിൽ ലയിച്ച്‌, കൂട്ടം വലുതായിക്കൊണ്ടിരുന്നു. പോലീസ്‌ സ്റ്റേഷനകത്തേക്കു കയറാൻ മടിച്ചു നിന്ന രണ്ടുപേരെയും പതിവ്‌ രീതിയിൽ അഭിഷേകം നടത്തി അവർ യജമാനന്റെ  മുറിയിലേക്ക്‌ ആനയിച്ചു. സാരിത്തലപ്പുകൊണ്ട്‌ മുഖം മറച്ചിരുന്ന  സ്ത്രീയുടെ മുഖം ശരിയ്ക്കു കണ്ടപ്പോൾ പുതുതായി ചാർജ്ജെടുത്ത എസ്‌.ഐ.         ഞെട്ടി....... സ്വന്തം ഭാര്യ!
    അയാൾ അലറി. അലർച്ചയുടെ മൂർച്ചയിൽ പോലീസുകാർ മുറിയ്ക്ക്‌ പുറത്തേക്ക്‌ തെറിച്ചു. സ്റ്റേഷന്‌ പുറത്ത്‌ ചാനലുകാരുടെ പ്രളയം. ഇതിനിടെ ചെറുപ്പക്കാരൻ ബോധമറ്റു വീണു. എത്തിയ സദാചാരക്കാരേയും ചാനലുകാരേയും എസ്‌.ഐ. പറപ്പിച്ചു വിട്ടു. അനന്തരം ജ്വലിക്കുന്ന കണ്ണുമായി ഭാര്യയുടെ നേരെ തിരിഞ്ഞു.
    പതറാത്ത കണ്ണുകളുമായി ഭാര്യ ദൃഢസ്വരത്തിൽ പറഞ്ഞു.
    "എനിക്ക്‌ സംസാരിക്കാനുണ്ട്‌".
     ഒരു നിമിഷം നിശ്ശബ്ദത. ഭാര്യയുടെ സ്വരമുയർന്നു.
    "എനിക്ക്‌ സംസാരിക്കാനുണ്ടെന്ന്‌"
    എസ്‌.ഐ.യുടെ കണ്ണിലെ കനൽ കെട്ടു.
    ബോധമറ്റു കിടക്കുന്ന ചെറുപ്പക്കാരനെ ജീപ്പ്പിന്റെ പിൻസീറ്റിൽ കിടത്തി മുൻസീറ്റിൽ ഭാര്യയേയുമിരുത്തി എസ്‌.ഐ. വീട്ടിലേക്ക്‌ തിരിച്ചു. സ്വീകരണമുറി കോടതിയായി.
    ഭർത്താവിന്റെ അവഗണനയും അവിഹിത ബന്ധങ്ങളും പുറത്തുപറയാനാവാത്ത നിസ്സഹായയായ ഒരു ഭാര്യയുടെ ചിത്രം അവർ വരച്ചു കാട്ടിയപ്പോൾ എസ്‌. ഐ. യുടെ മനസ്സിലെവിടെയോ കുറ്റബോധം. മറ്റാരുമറിയാത്ത ഒരു സുഹൃത്തിനോട്‌ താൻ അനുഭവിക്കുന്ന മാനസിക പീഡനങ്ങൾ പങ്കുവെക്കുന്നത്‌ തെറ്റാണോ എന്ന ചോദ്യം അയാളെ ഇരുത്തി ചിന്തിപ്പിച്ചു............. അനിവാര്യമായ ബോധോദയം!
    വാൽസല്യപൂർവ്വം ഭാര്യയുടെ തലയിൽ സ്വയമറിയാതെ തടവിക്കൊണ്ടിരിക്കുമ്പോൾ ജീപ്പ്പിൽ ബോധമറ്റു കിടക്കുന്ന ആ ചെറുപ്പക്കാരനെ അയാൾ ഓർത്തു. ഒരു ജഗ്ഗ്‌ വെള്ളവുമായി അവനെ ഉണർത്താൻ അയാൾ ജീപ്പ്പിനടുത്തേക്ക്‌ നടന്നു.

15 Jan 2015

മലയാളി കൊളോണിയൽ മയക്കത്തിൽ .



 സലോമി ജോൺ വൽസൻ
                                                              

മാതൃഭാഷ ശ്രേഷ്ഠമാണെന്നു പുതിയതലമുറയെ അംഗീകരിപ്പിക്കാൻ കഴിയുമെന്ന വിശ്വാസമില്ല .. സൌകര്യങ്ങളാണ് ഇന്നു മനുഷ്യ ജീവിതത്തിന്റെ മുദ്രാവാക്യം.ഇടി മിന്നലിന്റെ വേഗതയാണ്  നമ്മെ മുന്നോട്ടു കൊണ്ടുപോകുന്നത്. അവിടെ ചിലപ്പോൾ മാതൃഭാഷ  മരണാസന്നമാകും.
ജനിച്ച മണ്ണും ഗോത്രവും പിന്തള്ളപ്പെടും. അത് കാലഗതിയാണെന്ന് പറഞ്ഞു നമ്മൾ  ആശ്വസിക്കും. അതെ തരമുള്ളൂ. ആരെയും കുറ്റപ്പെടുത്താനാവില്ല..

എങ്കിലും ചിലത് ചിന്തിച്ചു പോകും, ഭാരതത്തിൽ ഇത്തരത്തിൽ മറ്റൊരു ജനസമൂഹമുണ്ടോ? .മലയാളിക്ക് അവന്റെതായ ഒരു വ്യക്തി ബോധം  നിരാശ തോന്നും വിധം നഷ്ടപ്പെട്ടു കഴിഞ്ഞില്ലേ.?
വിദ്യാലയതലത്തിൽ മാതൃ ഭാഷ ഒഴിച്ച് നിർത്തി വിദ്യ അഭ്യസിക്കാൻ അവസരമുള്ള, ഒരു പക്ഷെ , ഭാരതത്തിലെ ഏക ദേശമായിരിക്കും കേരളം എന്ന് സങ്കടത്തോടെ പറയട്ടെ.
വ്യവഹാര ഭാഷ  മലയാളത്തിലാക്കുമെന്നു എത്രയോ കാലമായി കേൾക്കുന്നു .. അത് പൂർണമായും നടപ്പാക്കുമ്പോൾ ഉണ്ടാകാവുന്ന വൈഷമ്യം ചിന്തിക്കാവുന്നതെയുള്ളു.  ഇനി ജീവിതം മുന്നോട്ടു കൊണ്ടുപോകാനിരിക്കുന്ന തലമുറ എങ്ങനെ മലയാളത്തിൽ എഴുത്തുകുത്തുകൾ നടത്തും?
അവർക്ക്‌   സാധ്യമാകുമോ?  മലയാളിത്തം അന്യമായിക്കൊണ്ടിരിക്കുന്ന ഒരു തലമുറയെ എങ്ങനെ പിന്നിലേക്ക്‌ നടത്തും?  തികച്ചും അസാധ്യം.

(പൊതു വാഹനങ്ങളിൽ പോലും ഇംഗ്ലീഷിൽ പേരിടൽ കർമ്മം നടത്തുന്ന മലയാളി. സ്ഥലപ്പേരുകൾ മലയാളത്തിൽ എഴുതില്ലെന്ന് വാശി. ഇംഗ്ലീഷ് അറിയാത്തവർ വീട്ടിലിരിക്കട്ടെ! യാത്ര ചെയ്യേണ്ട.!! അൽപം കരുണയുള്ള ചിലർ വളരെ ചെറുതാക്കി മലയാളത്തിൽ  സ്ഥലപ്പേരെഴുതാൻ  സന്മനസ്സു കാട്ടുന്നത് നന്ദിയോടെ ഓർക്കട്ടെ!!)

പുസ്തകച്ചന്തകളിൽ മലയാള  പുസ്തകശാലകളിൽ തിരക്കൊഴിയുന്നു. അതോടനുബന്ധിച്ച് നടക്കുന്ന സായാഹ്ന്ന സാഹിത്യ ചര്ച്ചാ വേദികൾ അമ്പതു കഴിഞ്ഞവരുടെ, അറുപതിനും എണ്‍പതിനും ഇടയ്ക്കുള്ള വിരലിൽ എണ്ണാവുന്നവരുടെ കൂട്ടം.

 ഇംഗ്ലീഷ് പുസ്തക പ്രസാധകർ തിരക്കിലാണ്.

വായിച്ചാൽ ദഹിക്കാത്ത ,വില്പനയ്ക്കില്ലെന്നു നന്നായറിയുന്ന  പുസ്തകങ്ങളുടെ പേര് മംഗ്ലീഷിലും ഇംഗ്ലീഷിലും ചോദിക്കുന്ന ജാടക്കൂട്ടങ്ങൾ.. മലയാളത്തിന്റെ ഭാവി അറിയണമെന്ഗിൽ  അന്താരാഷ്‌ട്ര പുസ്തകോൽ സവങ്ങളിൽ ഒന്ന് ചുറ്റി കറങ്ങണം. ചുരുങ്ങിയത് രണ്ടു മൂന്നു ദിവസമെന്ഗിലും….. മലയാളിയുടെ ഇംഗ്ലീഷ് പ്രേമം കാണാം. ചിലയിടങ്ങളിൽ വെറും പൊങ്ങച്ചത്തിന്റെ ശൂന്യ പേടകം ചുമന്നു കൊണ്ട് തന്നെ.

 ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക പാർക്കിൽ അറുപത്തഞ്ചിനും എണ്‍പതിനും ഇടയ്ക്കുള്ള പത്തിരുപതിൽപ്പരം ''മുതിർന്ന'' പൗരന്മാരുടെ ഒരു സായാന്ന സ്നേഹ കൂട്ടം  ഉണ്ട്. അവിടെ നടക്കുന്ന ഏതാണ്ട് എല്ലാ മലയാള ഭാഷാ ചടങ്ങുകളിലും അവരുടെ സാന്നിധ്യം ഉണ്ട്. പോയ വർഷങ്ങളിൽ ഉണ്ടായിരുന്ന എത്രയോ പേർ ഇന്നു അവരുടെ ഇടം അടുത്ത ഊഴക്കാർക്ക് കൈ മാറി കാലത്തിന്റെ തിരശീലയ്ക്ക് പിന്നിലേക്ക്‌ മടങ്ങി. അവർ ഭാഷയെ , സ്വന്തം ദേശത്തെ, തള്ളിപ്പറയാത്തവരാണു.

തൊഴിൽ തീർന്നു . ഒടുവിൽ അതിൻറെ ഓർമ അയവിറക്കാൻ കിട്ടുന്ന പെൻഷൻ. ചിലർക്ക് അതുപോലുമില്ല. എന്നിട്ടും ശൈശവ ദശയിൽ നീങ്ങുന്ന ഒരു മലയാള സാംസ്കാരിക മാസികയെ പരിപോഷിപ്പിക്കാൻ അവർ  വരിക്കാരായി.. കയ്യിൽ കാശ്  കൊണ്ടുവരാതിരുന്നവർക്ക് കൂട്ടത്തിലുള്ളവർ കടം കൊടുത്തു. ഈയടുത്തുണ്ടായ അനുഭവം  ഭാഷാ സ്നേഹി എന്ന നിലയ്ക്ക് നിറഞ്ഞ നന്ദിയോടെ ഓർക്കുന്നു……

ടോൾസ്റ്റൊയ്, മാക്സിം ഗോർക്കി, ദസ്തെയെവ്സ്കി, തോമസ്‌ ഹാർഡി തുടങ്ങിയവരുടെ മഹദ് രചനകൾ പരിഭാഷപ്പെടുത്തി മലയാളിക്ക് വായനയൊരുക്കിയതു നിസ്സാരവൽക്കരിച്ചു കാണാനാവില്ല. ഇംഗ്ലീഷ് ഭാഷ ആശങ്കാകുലമാകും വിധം മലയാളത്തിനു ഭീഷണി ആകാതിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു മേൽപ്പറഞ്ഞ പരിഭാഷകൾ ഉണ്ടായത്.   ലോക സാഹിത്യം അറിയണം. പരിചയപ്പെടണം. എങ്കിലേ ലോക മാനവികതയുടെ സ്പർശം മനസ്സിനെ മഹത്വവൽകരിക്കൂ.
പക്ഷെ വീണ്ടു വിചാരമില്ലാത്ത വിദ്യാഭ്യാസ നയത്തിൽ നമുക്ക് നഷ്ടപ്പെട്ടത് നമ്മുടെ  ദേശ ബന്ധിതമായ ഭാഷയാണ്‌. അതിൽ വേര് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സാഹിത്യമാണ്.

അതിജീവനം പ്രശ്നമായി മാറിയപ്പോൾ മലയാളിക്ക് ആദ്യം നഷ്ടപ്പെട്ടത് വീടും നാടും. അനുബന്ധമായി മാതൃ ഭാഷയും, സാഹിത്യവും.

ഗബ്രിഎൽ ഗാർസിയാ മാർകെസും, ഓർഹാൻ പാമുക്കും, യോസയും ,പാവ്ളോ കൊയ്ലയുമൊക്കെ പരാവർത്തനം   ചെയ്യപ്പെട്ടു  മലയാള സാഹിത്യ കുടുംബത്ത്തിലെത്തിയപ്പോൾ വായനക്കാരുണ്ടായി. പതിപ്പുകൾ പലകുറി ഇറക്കപ്പെട്ടു.

അവർ പ്രതിഭ കൊണ്ട്  മഹത്വമാർന്നവരാണു . സന്ദേഹമില്ല. പക്ഷെ, അവർ എഴുതിയത് സ്വന്തം ദേശത്തിന്റെ കഥയാണ്‌. ആ മണ്ണിൽ ഉറച്ച വേരുകളുടെ ഗരിമയോടെയാണ്. അതിലുപരി സ്വന്തം ഭാഷയിലാണ്.

എം.ടി എഴുതിയത് കൂടല്ലൂരിന്റെ അനുഭവം പേറിയാണ്. ബഷീർ, തകഴി, ഉറൂബ്,മലയാറ്റൂർ ,കോവിലൻ ,കാക്കനാടൻ ,സേതു ,എം മുകുന്ദൻ ,സഖറിയ ,തുടങ്ങിയവർ[പേര് പറയാത്ത മറ്റു പ്രശസ്ത സാഹിത്യകാരന്മാരും] ദേശത്തിനും ഭാഷയ്ക്കും കൊടുത്ത നിവേദ്യമാണ് അവരുടെ സർഗ സൃഷ്ടികൾ. എന്തിനു തിരക്കഥാകാരന്മാരും വെള്ളിത്തിരയിലൂടെ ഹൃദയത്തെ വേദനയുടെ വിത്തുകൾ പാകി ഉഴുതു മറിച്ചതും ദേശത്തിന്റെ നീണ്ട പാതയിലൂടെ സഞ്ചരിച്ചു കൊണ്ടായിരുന്നു. ഇന്നു സിനിമയ്ക്ക്‌ മലയാളത്തിൽ ഒരു പേര് പോലും നൽകാൻ യുവ ചലച്ചിത്ര കാരൻ മാർക്ക്‌ സന്മനസ്സില്ലാതായിരിക്കുന്നു. ഫ്രോഡ്  , ആന്ഗ്രി ബേബീസ്, ഫോർ സെയിൽ , അയ്‌ ലവ് മി ...എന്നിങ്ങനെ നൂറു കണക്കിന് പേരുകൾ  .                  

സാമൂഹ്യ മാധ്യമങ്ങളിൽ മലയാളി നിറയുന്നത് മാതൃഭാഷയിൽ  അല്ല. മംഗ്ലീഷിലും ഇംഗ്ലീഷിലും. ഭാഷ ജനിക്കുന്നതും അതിനെ ഊട്ടിവളർതുന്നതും ദേശത്തിന്റെ സൂതികാ ഗൃഹത്തിൽ നിന്നാണു. മൂന്നരക്കോടി ജനം സംസാരിക്കുന്ന മാതൃഭാഷ എങ്ങനെ നമുക്ക് നിസ്സാരവൽക്കരിക്കാനാകും?

നമ്മുടെ ഭാഷയെ കൊല്ലാൻ അധിനിവേശക്കാർക്ക് ചുവന്ന പരവതാനി വിരിച്ചു കൊടുത്തു കൊണ്ട് നാം പിൻവാതിലിലൂടെ പതുക്കെ മുങ്ങുകയായിരുന്നു. പല പല താല്പര്യങ്ങൾ അത് ചെയ്തവർക്കുണ്ടായിരുന്നു. മാതൃഭാഷയിൽ ജനിതക സ്പന്ദനമുണ്ട്. ഹൃദയമില്ലാത്തവരായി നാം മാറിയതിന്റെ പിൻപുറങ്ങൾ തേടുമ്പോൾ ചെന്നെത്തുന്നത് തത്വ ദീക്ഷ ഇല്ലാതെയുള്ള ,നമ്മുടെ അധിനിവേശ സംസ്കാരത്തോടുള്ള അതിവിധേയത്വത്തിലാണ്. അതെ. ഒന്ന് ''ബിനാലെ'' കാണുക.....മലയാളിയുടെ ഇനിയും മരിക്കാത്ത , അഥവാ ഒരിക്കലും മരിക്കാൻ ഇടയില്ലാത്ത ''കൊളോണിയൽ ഹാങ്ങ് ഓവർ'' കാണാം. അഭിമാനമുള്ളവർക്ക് അപമാന ഭാരത്താൽ തല കുനിക്കാം.... 

18 Dec 2014

മട്ടണ്‍ കഡായി


ശ്രീകൃഷ്ണദാസ് മാത്തൂര്‍

******************
കറി കണ്ടപ്പോളോക്കാനം,
ചുടു ചാറില്‍ വിലങ്ങനെ
കാലു നീട്ടി കിടക്കുന്നു
ദേഹമില്ലായ്മ.
കടികൊള്ളും മുമ്പേ
പുല്‍മേട്ടിലെ
പുല്ലാങ്കുഴല്‍ പോലുള്ള
കിളുന്തെല്ല്
ശബ്ദനാഡിയിലുടക്കുന്നു.
കണ്ണങ്ങിനെയെങ്കിലും
നീറി നിറയുന്നു!
ചെകിടില്‍ പെട്ട കടുകിന്‍
മനപ്പൊട്ടല്‍ രുചി
ആട്ടുകുളമ്പിന്നറ്റത്ത് ,
വറുത്തരച്ചതില്‍ തെറ്റി
വീണ ജീവന്റെ ഒത്തുകിടപ്പ്.
വായിലെ കടലില്‍
കപ്പലില്‍ കടത്തപ്പെടും
കുഞ്ഞാടിന്റെ കണ്ണേറ്;
പാലിലും രുചി ചോരയ്ക്കോ?
വിശപ്പിനെ ഞെക്കിക്കൊന്നു
മട്ടണ്‍ കഡായി മുന്നില്‍,
സ്നേഹ നെരിപ്പോടിന്റെ
പുക രുചി വെന്തമാംസത്തില്‍ !
എന്റെ കുഞ്ഞാടെ, യെ-
ന്നുള്ളു കാളുമ്പോള്‍
തൊഴുത്തിലെ കൊമ്പി, അമ്മിണി..
കണ്ണിലെ കട്ടിവര കൊ-
'ണ്ടമ്മേ, യമ്മേ' എന്നെഴുതുന്നു.
ഓട്ടുകഡായിയില്‍ നി-
ന്നൊറ്റക്കാലു പൊക്കുന്നത്
പാപഭാരോദ്വഹനം,
വിശപ്പെനിക്കില്ലെന്ന്
ഭിത്തിമേലിടയന്റെ ചിരി...!
*********** 

22 Nov 2014

വിമർശനം അനുഷ്ഠാനമല്ല


എം.കെ.ഹരികുമാർ

    ക്ലാസിസത്തിന്റെ മഹത്വം എത്രയുണ്ടെന്ന്‌ പറഞ്ഞാലും, അത്‌ ഇന്ന്‌ നിരന്തരമായി അനുകരിക്കപ്പെട്ട്‌ യാതൊരു അർത്ഥവുമില്ലാത്ത വ്യായാമമായിത്തീർന്നിരിക്കുകയാ
ണ്‌. സാഹിത്യരംഗത്ത്‌ മുടങ്ങാതെ സംഭവിക്കുന്നത്‌ അനുകരണം മാത്രമാണ്‌. കഥാപാത്രങ്ങളും പ്രമേയങ്ങളും ആവർത്തിച്ചുകൊണ്ടിരിക്കുന്നു. കവിതയിൽ ഒരേ വിചാരമോ വികാരമോ പൂർവ്വ നിശ്ചിതമായി ബിംബവൽക്കരിക്കപ്പെടുകയാണ്‌. പദ്യ നിർമ്മിതി എന്ന്‌ വിവക്ഷിക്കാവുന്നതരത്തിൽ ചിന്തകൾ, അതെത്ര താണതായാലും കാവ്യവത്ക്കരിക്കപ്പെടുന്നു. ഒരിടത്ത്‌ പുരാണകഥാപാത്രങ്ങൾ വിരേതിഹാസം എന്ന നിലയിൽ തന്നെ പുനരവതരിക്കുന്നു. ഇതിലൊന്നും ഉള്ളടക്കമില്ല. മറ്റൊരിടത്ത്‌ വ്യക്തിപരമായതെന്തും കവിതയാവുകയാണ്‌. കവികൾക്കുതന്നെ സ്വന്തം രചനകളിലുള്ള നിയന്ത്രണമോ സൂക്ഷ്മതയോ കൈമോശം വന്നിരിക്കുന്നു. അവർ അവരെത്തന്നെ കവിതയായി പരാവർത്തനം ചെയ്യുന്നു.
    സാഹിത്യചിന്തയിൽ ഇന്ന്‌ മൗലികമായിതീർന്നിരിക്കുന്ന യാഥാസ്ഥിതിക വാദം, അതിന്റെ സകലസീമകളും ലംഘിച്ചിരിക്കുന്നു. എങ്ങനെയാണ്‌ സാഹിത്യനിരൂപകൻ ഇതിന്റെയൊക്കെ ആസ്വാദകനാവുന്നത്‌? പഴയത്തിനെയും പുതിയതിനെയും താരതമ്യം ചെയ്തുകൊണ്ടോ, ഒരു കവിതയെ അതേകാലഘട്ടത്തിലെ നോവലുമായോ നാടകവുമായോ ഉള്ളടക്കത്തിന്റെ തലത്തിൽ സമന്വയിപ്പിച്ചുകൊണ്ടോ നിരൂപകന്‌ എങ്ങനെ മുന്നേറാൻ കഴിയും. ഈ കാലഘട്ടത്തിലെ രചയിതാക്കൾ പൊതുവിൽ അകപ്പെട്ടിരിക്കുന്ന കുരുക്കിലേക്ക്‌ വിമർശകനും ചെന്ന്‌ ഒരു നാളികേരമുടച്ച്‌ പങ്കാളിയാകണമോ? അതുകൊണ്ടാണ്‌ ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ അവതരിച്ച സാഹിത്യചിന്തകർ, നിരൂപണം എന്ന കേവലരൂപത്തിൽ നിന്ന്‌ വ്യതിചലിച്ച്‌ മനുഷ്യവ്യവഹാരത്തിന്റെ വിവിധ മേഖലകളിലേക്ക്‌ ജ്ഞാനതൃഷ്ണയോടെ യാത്രയാരംഭിച്ചതു. പുസ്തകം വായിക്കുന്നതു തന്നെ വലിയൊരു സമസ്യയാണെന്ന്‌ തിരിച്ചറിഞ്ഞത്‌ അങ്ങനെയാണ്‌. വായനക്കാരൻ ജീവനുള്ള ഒരു മനുഷ്യനാണ്‌, കലാകാരനാണ്‌, ഭാവനാശാലിയാണ്‌ എന്നൊക്കെ പറയുന്നതിനുമപ്പുറം എഴുത്തുകാരന്റെ ഭാഷപോലും അയാളുടേതല്ലെന്നും, അയാളുടെ അർത്ഥം എന്ന നിർമ്മാണം വളരെ പ്രാചീനമായ ഒരു വ്യവസ്ഥയുടെ പ്രതിധ്വനി മാത്രമാണെന്നും സിദ്ധാന്തം പറഞ്ഞവരുണ്ട്‌.
    ഇതൊക്കെ മനുഷ്യൻ എന്ന ചിന്താജീവിയുടെ അനിവാര്യതയാണ്‌. മറ്റൊരിടത്തേക്കും പോകാനാകാത്ത സാഹചര്യമാണിത്‌. ഒരു നോവലിന്റെ പഠനം, ഒരു കവിതയിലെ സ്ഥലകാലബോധം, കാൽപനിക കാലഘട്ടത്തിലെ കവിതകളിലെ മൃതുബോധം തുടങ്ങിയവിഷയങ്ങളൊക്കെ, നാം സമീപിക്കുന്നതിനു മുമ്പേ പഴകി തുരുമ്പിച്ചതാണ്‌. ഈ വിഷയങ്ങളെ എത്ര ഗാഢമായി സമീപിച്ചാലും ഒന്നും തന്നെ ലഭിക്കുകയില്ല. ഇതിനാവശ്യമായ അറിവ്‌ നേരത്തെതന്നെ ഇവിടെ ശേഖരിച്ചുവച്ചിട്ടുള്ളതാണ്‌. അത്‌ വേറൊരു രീതിയിൽ അടുക്കിയാൽ മതി. റൊമാന്റിക്‌ കവികൾ മൃതുബോധത്തെ എങ്ങനെയൊക്കെ സങ്കൽപിക്കും? റൊമാന്റിസം എന്താണെന്ന്‌ മനസിലാക്കിയാൽ,  അവരുടെ മൃതുബോധവും പുറത്തുവരും. ഒരു നോവലിനെ എങ്ങനെയാണ്‌ പഠിക്കേണ്ടത്‌? മനഃശ്ശാസ്ത്രപരമായി? ദളിത്‌ ചിന്തകളുടെ ബലത്തിൽ? സ്ത്രീ വാദത്തിന്റെ അടിസ്ഥാനത്തിൽ? തൊഴിലാളിവർഗ കാഴ്ചപ്പാടിൽ? ഇതിൽ ഏതായാലും ഉത്തരം നേരത്തെ തന്നെ ലഭിച്ചിട്ടുള്ളതാണ്‌. പ്രസ്തുത നോവലിൽ ഈ ആശയങ്ങൾ കണ്ടെത്തുക എന്ന ജോലി മാത്രമായിരിക്കും നിരൂപകനുള്ളത്‌. അയാൾക്ക്‌ സ്വന്തമായി ഒരന്വേഷണവും നടത്താനില്ല. കെട്ടിക്കിടക്കുന്ന ഇത്തരം ജലാശയങ്ങൾ സംരക്ഷിച്ചുപോരുകയല്ല വിമർശകന്റെ ജോലി. അക്കാദമിക്‌ പണ്ഡിതരും അവരുടെ അനുയായികളും ചേർന്ന്‌, എന്തിനെയും പഠിക്കപ്പെട്ട ആശയങ്ങളുടെ തൊഴുത്താക്കി മാറ്റുകയാണിന്ന്‌. ഇവിടെ വിമർശകന്‌ സ്വന്തമായി തിളങ്ങാനുള്ള സിദ്ധാന്തമോ വീക്ഷണമോ ലഭിക്കുകയില്ല.
    സാഹിത്യവിമർശകൻ ഈ യാഥാസ്ഥിതികത്വത്തെയാണ്‌ പൊളിക്കേണ്ടത്‌. സാഹിത്യത്തിന്റെ 'ഗ്രന്ഥകാര കേന്ദ്രീകൃതമായ' ആഖ്യാനത്തെയും അതിന്റെ അർത്ഥോൽപാദനത്തെയും തള്ളിക്കളഞ്ഞുകൊണ്ട്‌, ഒറ്റയ്ക്ക്‌ നീങ്ങേണ്ട സമയമാണിത്‌. അതുകൊണ്ട്‌ ഇന്നത്തെ വിമർശകൻ അർബനിസ്റ്റും  (Urbanist)സാങ്കേതികതയുടെ സൈദ്ധാന്തികനുമായി മാറുന്നത്‌. നഗരം, ചരിത്രം, സാങ്കേതികത, തത്ത്വശാസ്ത്രം, രാഷ്ട്രീയം, സൈബർശയൻസ്‌ തുടങ്ങിയ ഇടങ്ങളിലേക്കൊക്കെ വിമർശകന്‌ പോകേണ്ടതുണ്ട്‌. പാഠങ്ങൾ വേലികെട്ടി വച്ചതൊക്കെ പിഴുതെറിഞ്ഞ്‌, സ്കൂളുകളിൽ നിന്ന്‌ ഒന്നൊന്നായി പടിയിറങ്ങേണ്ടിവന്നിരിക്കുന്നു. വിഷയത്തിനു അതിർവരമ്പുകൾ ഇല്ലാതായി.
    സാമ്പ്രദായിക വിമർശനത്തിൽ വലിയൊരു വഞ്ചനയും പിന്നോക്കം പോക്കും പതിയിരിക്കുകയാണ്‌. പുനർവായനകൾപോലും വഞ്ചിക്കുകയാണ്‌. ഓരോ ആശയശാസ്ത്രത്തിന്റെ വാലായി ചുരുങ്ങുന്നതുകൊണ്ട്‌ എന്താണ്‌ പ്രയോജനം? ഒരു സ്വതന്ത്ര്യചിന്തകനെ മഷിയിട്ടുനോക്കിയാലും കാണാനോക്കില്ല. സ്വന്തമായി ഒരു തത്ത്വമോ ആശയമോ കണ്ടെത്താൻ ആരെയും അനുവദിക്കാത്തവിധം, ഭൂതകാലത്തിന്റെ അടിമകൾ കിരാതമായ മനസ്സോടെ നമ്മെ ആക്രമിക്കുന്നു. എന്റെ 'നവാദ്വൈതം' മാർക്ക്സിസത്തിൽ നിന്ന്‌ ഉത്ഭവിച്ചതാണെന്ന്‌ ഒരു എഴുത്തുകാരൻ പറഞ്ഞത്‌ ഈ പശ്ചാത്തലത്തിലാണ്‌ കാണേണ്ടത്‌. മനസിനെ വിമോചിപ്പിക്കാനാവാത്തവിധം എഴുത്തുകാർ എസ്റ്റാബ്ലിഷ്‌മന്റിന്റെ അവശിഷ്ടമാകാൻ മത്സരിക്കുകയാണ്‌. ഇവിടെ മറ്റൊന്നിന്റെ വാലാകാനാണ്‌ എഴുത്തുകാരും വിമർശകരും മത്സരിക്കുന്നത്‌. മാനസികമായ അടിമത്തം ഏറ്റവും കൂടുതലുള്ളത്‌ എഴുതുകയും വായിക്കുകയും ചെയ്യുന്നവർക്കിടയിലാണ്‌. ഒരു ബലിഷ്ടമായ സ്ഥാപനവത്കൃതമായ ആശയശാസ്ത്രത്തിന്റെ മുറ്റത്തുകയറി നിന്നാൽ സുരക്ഷിതമായി എന്ന്‌ ചിന്തിക്കുന്നവരുടെ കാലമാണിത്‌.
    വിമർശകന്‌ വേണ്ടത്‌ അച്ചടക്കമോ വിധേയത്വമോ അല്ല; അനുസരണക്കേടും ഒറ്റയ്ക്കുള്ള ഇറങ്ങിപ്പോക്കുമാണ്‌. ഒരു നിശ്ചിതലക്ഷ്യമില്ലാതെ യാത്രചെയ്യണം. മനസിനു ഇഷ്ടമുള്ള ഇടങ്ങളിലേക്കെല്ലാം ആകാംക്ഷയോടെ പ്രവേശിക്കണം. സാഹിതീയമായ കീഴ്‌വഴക്കങ്ങളിൽ നിന്ന്‌ മാറി  പരമ്പരാഗതമായ വ്യവഹാരങ്ങളിൽ നിന്ന്‌ വേർപെട്ട്‌ പുതിയ ദിശയിലേക്ക്‌ സംക്രമിക്കേണ്ടതുണ്ട്‌. പാഠ്യവിഷയം കമ്പാർട്ട്‌മന്റല്ല. മറ്റേത്‌ രൂപത്തിനും കമ്പാർട്ട്‌മന്റലൈസേഷൻ ഇണങ്ങുമെങ്കിലും, വിമർശനത്തിന്‌ അത്‌ ഗുണകരമല്ല. വിമർശനം കലയുടെ ഉപഭോക്താവും നിർമ്മാതാവുമാകുകയാണ്‌. കലയുടെ ഗുണപരമായ സാക്ഷാത്കാരം ഏതൊരു ഉപഭോഗവസ്തുവിലും കാണാം. വിമർശനം അതിന്റേതായ കലോപസനയ്ക്ക്‌ മാത്രമാണ്‌ നിന്നുകൊടുക്കുന്നത്‌. ഒരു മൊബെയിൽഫോണിന്റെ നിർമ്മാണത്തിൽ കലയുണ്ട്‌. എന്നാൽ അത്‌ സമ്പൂർണ്ണമായി കലാവസ്തുവല്ല. പിക്കാസോയുടെ ചിത്രങ്ങൾ സമ്പൂർണമായി കലാവസ്തുവാണ്‌. അത്‌ വർണ്ണങ്ങളെയും അനുഭൂതിയെയും പ്രതിനിധീകരിക്കുന്നു. അതുപോലെയല്ല മൊബെയിൽ ഫോൺ പ്രവർത്തിക്കുന്നത്‌. അത്‌ വാൾപേപ്പറിലൂടെയും റിംഗ്ടോണുകളിലൂടെയും കലാവസ്തുവിന്റെ കമനീയത പ്രത്യക്ഷത്തിൽ നിലനിർത്തുമ്പോൾ തന്നെ, ഉപയോഗത്തിൽ സങ്കീർണവും വളരെ പ്രയോജനകരവുമായ കാര്യങ്ങളിലേക്ക്‌ തുറക്കപ്പെട്ടിട്ടുള്ളതാണ്‌. അതിന്റെ പദ്ധതികൾക്ക്‌, അതിന്റെ രൂപഭംഗിയുമായി ബന്ധമില്ല. പിക്കാസോയുടെ ചിത്രങ്ങൾ ഒരിക്കലും, അവയുടെ പദ്ധതികളെയും രൂപഭംഗിയെയും വേർതിരിച്ച്‌ കാണാൻ അനുവദിക്കുന്നില്ല. വിമർശനം ഈ ഘടനയിലല്ല വിശ്വസിക്കേണ്ടത്‌. വിമർശനത്തിന്റെ പൂർവ്വ നിശ്ചിതമല്ലാത്ത ഉള്ളടക്കം അനിവാര്യമായിരിക്കുന്നു. അതുകൊണ്ടാണ്‌ സമകാലീനരായ ചില വിമർശകർ സംസ്കാരത്തെയും നാഗരികതയെയും അവരുടെ സൗന്ദര്യശാസ്ത്രപരമായ അന്വേഷണങ്ങൾക്ക്‌ ഉപയോഗപ്പെടുത്തുന്നത്‌. വിമർശകന്‌ സ്വന്തമായ ഒരിടമാണ്‌ ഉണ്ടാകേണ്ടത്‌.
    പ്രാചീനവും അക്കാദമികവുമായ സൗന്ദര്യശാസ്ത്രത്തിൽ തന്നെ തളം കെട്ടിക്കിടക്കുന്നത്‌ സാഹസികമായ ഉൾപ്രപഞ്ച ജീവിതത്തെ തടസ്സപ്പെടുത്തുകതന്നെ ചെയ്യും. ആ ശാസ്ത്രങ്ങളുടെ നൂതനമായ സരണികൾ കണ്ടുപിടിക്കേണ്ടതുണ്ട്‌. നമുക്ക്‌ ചുറ്റിനുമുള്ള നാനാവിധ പഠനവിഷയങ്ങളും ചിന്താമണ്ഡലങ്ങളും വിജ്ഞാനശാഖകളും സംവാദയോഗ്യമാക്കി സ്വന്തം കലയിൽ കൂട്ടിച്ചേർക്കുകയാണ്‌ പ്രധാനം. വിമർശനം ഒരു അനുഷ്ഠാനമല്ല; അത്‌ ഇനിയും നിർവ്വചിക്കാനാവാത്ത ഭാവനയുടെ മേഖലയാണ്‌. വിമർശനം ഒരു ഉൽപന്നത്തിന്റെ വിൽപനയെ സഹായിക്കുന്നതിനുള്ളതാണോ? ഇന്നത്തെ പുസ്തകനിരൂപണങ്ങൾ, ചലച്ചിത്ര കുറിപ്പുകൾ, ഫേസ്ബുക്ക്‌ കമന്റുകൾ എല്ലാം വിപണിയെ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ്‌. ആരെയെങ്കിലും വിജയിപ്പിച്ചുകൊടുക്കാൻ നിരൂപണം എഴുതരുത്‌. വിമർശനത്തിന്റെ തനത്‌ പാഠാവലിയിൽ ഒതുങ്ങുകയും പുറംലോകത്തെ അപ്പാടെ തിരസ്കരിക്കുകയും ചെയ്യുകയാണെങ്കിൽ, അത്‌ അടഞ്ഞ ലോകത്തിന്റെ ഉദാഹരണമായിത്തീരും.
    വിമർശനം ഇന്ന്‌ ഏതൊരാളുടെ കയ്യിലേയും ആയുധമാണ്‌. അതിന്റെ പിറകിലുള്ള മനനമോ, പഠനമോ, തത്ത്വശാസ്ത്രമോ മനസിലാക്കേണ്ട ആവശ്യമില്ലാത്ത വിധം അത്‌ ചിന്താശൂന്യതയിൽ വിലയം പ്രാപിക്കുകയാണ്‌. ഫേസ്ബുക്ക്‌, ട്വിറ്റർ തുടങ്ങിയ സാമൂഹ്യ ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന അഭിപ്രായങ്ങൾ ആരും വിമർശനത്തിന്‌ അതീതരല്ല എന്നല്ല പഠിപ്പിക്കുന്നത്‌; ആർക്കും വിമർശകനാകാം എന്നാണ്‌. ഇതാണ്‌ വിമർശനത്തെ അനുഷ്ഠാനകളയാക്കുന്നത്‌. സാഹിത്യത്തെ അതിന്റെ അനുഭൂതിതലത്തിലോ താത്ത്വികതലത്തിലോ പിന്തുടരാത്തവർ, വായനയിലൂടെ സ്വനന്ത്രമായ സൗന്ദര്യം തേടാത്തവർ, ഇന്ന്‌ സാഹിത്യവിമർശനത്തെ, കുട്ടികൾ കളിപ്പാട്ടങ്ങൾ തട്ടിത്തെറിപ്പിക്കുന്നതുപോലെ, അലസമായി കൈകാര്യം ചെയ്യുന്നു. അവർക്കും 'ആരാധകരെ' കിട്ടാൻ പ്രയാസമില്ല. ഇത്‌ സാഹിത്യനിരൂപണത്തിന്റെ മരണത്തെപ്പറ്റിയുള്ള ആകുലതയാവും ഒരാളിൽ സൃഷ്ടിക്കുക. കവിതയുടെ തനിയാവർത്തനത്തിൽ സ്തംഭനമനുഭവപ്പെട്ടപ്പോഴാണ്‌ ചിലർ നോവൽ എന്ന സാഹിത്യരൂപവുമായി വന്നത്‌. അതുപോലെ ചട്ടപ്പടി, അക്കാദമിക്‌ നിരൂപണങ്ങൾ ഇന്ന്‌ മടുപ്പിക്കുകയാണ്‌. ഊഷര ഭൂമികയാണ്‌ അവിടെയുള്ളത്‌. അതുകൊണ്ട്‌ വിമർശകന്‌, തന്റേതായ അതിജീവനം, യാഥാർത്ഥ്യമാക്കുന്നതിനായി അസ്തിത്വത്തിന്റെ ഒരു കണമെങ്കിലും കണ്ടുപിടിക്കേണ്ടതുണ്ട്‌. വിമർശനം രണ്ടു തരത്തിൽ ഉണ്ടാകുന്നു: ണല്ലോരു അഭിരുചിബോധം ഉള്ളതുകൊണ്ടും ഇല്ലാത്തതുകൊണ്ടും അഭിരുചിയുള്ളവർ, എന്തിന്‌ ഗതാനുഗതികത്വത്തിൽ കുടുങ്ങി കിടക്കണം? അവർ എന്തിന്‌ ക്ലാസ്‌ ർറൂമുകളിൽപ്പോയി നടുവുവളച്ചിരിക്കണം? അതുകൊണ്ടാണ്‌ അമേരിക്കൻ ചിന്തകനായ ജോർജ്‌ യൂഡിസ്‌ (Yudice)സംസ്കാരത്തിന്റെ ഉപയോഗത്തെ (The expedieucy of culture; uses of culture in the global era..)പ്പറ്റി ഫ്രഞ്ച്‌ സൈദ്ധാന്തികനായ പോൾ വിറിലിയോ യുദ്ധത്തെപ്പറ്റിയും വേഗതയെപ്പറ്റിയും വേഗതയെപ്പറ്റിയും സാങ്കേതിക ശാസ്ത്രത്തെപ്പറ്റിയും (The Accident of Art)എഴുതുന്നത്‌. നിയതമായ പാതകളിൽ നിന്ന്‌ വിമർശകൻ രക്ഷപ്പെടുന്നത്‌ അവനു വേണ്ടി മാത്രമല്ല; ഫേസ്ബുക്ക്‌, ടിറ്റ്വർ, പൾപ്പ്‌ മേഖലകളിലെ ദുസ്സ്വാധീനത്തിൽപ്പെട്ട വിമർശകരിൽ നിന്ന്‌ വിമർശനത്തെ, രക്ഷിക്കുന്നതിനും, വേണ്ടിക്കൂടിയാണ്‌. വ്യക്തിപരമായി, ഞാൻ സമകാലിന വിമർശകരെ മറികടന്നത്‌ എന്റെ നവാദ്വൈതം എന്ന തത്ത്വചിന്തയിലൂടെയും, ഉത്തര-ഉത്തരാധുനികത എന്ന സമ്പൂർണ്ണ വ്യവഹാര വിച്ഛേദത്തിലൂടെയുമാണ്‌.
www.mkharikumar.com
kuthattukulam@gmail.com

19 Oct 2014

വെർജിൻ വെളിച്ചെണ്ണയിൽ നിന്ന്‌ കേര ബല തൈലം


ഡോ. എം. രതീഷ്‌
അസിസ്റ്റന്റ്‌ പ്രോഫസർ, ബയോകെമിസ്ട്രി വിഭാഗം, സെന്റ്‌ തോമസ്‌ കോളേജ്‌, പാല

വേദന സംബന്ധമായ രോഗങ്ങളിൽ ഒന്നാം സ്ഥാനത്താണ്‌ സന്ധിവാതം. നീരു വീക്കത്തോടെയുള്ള സന്ധിവാതം ഗുരുതരമായ രോഗാവസ്ഥയാണ്‌. വാതരോഗം ബാധിച്ച കോശങ്ങളിൽ ഉണ്ടാകുന്ന നീർക്കെട്ട്‌ ക്രമേണ കാർട്ടിലേജ്‌, ലിഗ്‌മന്റ്‌ തുടങ്ങിയവയുടെ നാശത്തിനു കാരണമാകുന്നു. ലോക ജനതയിൽ 1% ആളുകൾ ഈ രോഗത്താൽ കഷ്ടത അനുഭവിക്കുന്നവരാണ്‌. പുരുഷന്മാരെ അപേക്ഷിച്ച്‌ സ്ത്രീകളിലാണ്‌ ഈ രോഗം കൂടുതലായി കാണപ്പെടുന്നത്‌.
സന്ധിവാതം ഉൾപ്പെടെയുള്ള വാതരോഗങ്ങൾക്കു ആധുനിക ചികിത്സാ ശാസ്ത്രം ഇതുവരെ ഫലപ്രദമായ പ്രതിവിധികൾ കണ്ടെത്തിയിട്ടില്ല. ഇപ്പോൾ നിലവിലുള്ള മരുന്നുകളിൽ ഭൂരിഭാഗവും പലവിധത്തിലുള്ള പാർശ്വ ഫലങ്ങൾക്കു കാരണമാകുന്നു എന്നതും ഈ രോഗത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു. വാത സംബന്ധമായ രോഗങ്ങൾക്കു ഒരു ശാശ്വത പരിഹാരം കാണുന്നതിനായി പാലാ സെന്റ്‌ തോമസ്‌ കോളേജിലെ ബയോകെമിസ്ട്രി വിഭാഗം, നാളികേര വികസന ബോർഡിന്റെ സഹകരണത്തോടെ നടത്തുന്ന ഗവേഷണം ആദ്യഘട്ടം പിന്നിട്ടു. ബയോ കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ്‌ പ്രോഫസർ ഡോ. എം. രതീഷിന്റെ നേതൃത്വത്തിൽ നടക്കുന്ന ഗവേഷണത്തിൽ റിസർച്ച്‌ അസിസ്റ്റന്റ്‌ ആയി എ. വൈശാഖ്‌, ജിക്കു മാർട്ടിൻ ജേക്കബ്‌ എന്നിവരും പ്രവർത്തിക്കുന്നു. വെർജിൻ വെളിച്ചെണ്ണ ഉപയോഗിച്ച്‌ നിർമ്മിച്ച കേരബലതൈലം സന്ധിവാത സംബന്ധമായ നീർവീക്കത്തിനും വേദനയ്ക്കും പരിഹാരമായി മാറുന്നതായി ഗവേഷണഫലങ്ങൾ സൂചിപ്പിക്കുന്നു. സ്വാഭാവിക ആന്റിഓക്സിഡന്റുകളുടെ കലവറയായ കേരബലതൈലം ശരീരത്തിൽ ഉണ്ടാകുന്ന ഫ്രീ റാഡിക്കലുകളെ നശിപ്പിച്ചു കോശങ്ങളെ സംരക്ഷിക്കുന്നു എന്നതാണ്‌ ഗവേഷണ ഫലം. മനുഷ്യ ശരീരത്തിലെ എല്ലുകളെയും കോശങ്ങളെയും പുനരുജ്ജീവിപ്പിക്കാനും ഈ മരുന്നിനു ശേഷിയുള്ളതായി പരീക്ഷണങ്ങൾ വ്യക്തമാക്കുന്നു.
നിശ്ചിതമായ അനുപാതത്തിൽ വെർജിൻ വെളിച്ചെണ്ണ ഉപയോഗിച്ച്‌ പ്രത്യേക ഊഷ്മാവിൽ പാകപ്പെടുത്തിയ കേര ബലതൈലത്തിന്റെ ആദ്യഘട്ട പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയായി. നീർ വീക്ക സംബന്ധമായ പരീക്ഷണങ്ങളിൽ, വളരെ കുറഞ്ഞ അളവിലുള്ള കേരബലതൈലം നീർവീക്കത്തെ തുടർന്ന്‌ ശരീരത്തിൽ ഉണ്ടാകുന്ന പദാർത്ഥങ്ങളായ ഹിസ്റ്റാമിൻ, സെറാടോനിൻ, പ്രോസ്റ്റാ ഗ്ലാന്റിൻ, പ്രോട്ടിയേസ്‌, ലൈസോസോം എന്നിവയെ ലഘൂകരിക്കുകയും അവയുടെ ഉത്പാദനത്തെ തടയുകയും ചെയ്യുന്നു. തന്മൂലം രോഗിയുടെ നീർവീക്കത്തിനു കുറവുണ്ടാവുന്നു. കാർട്ടിലേജ്‌, ലിഗ്‌മന്റ്‌ പോലുള്ള ഭാഗങ്ങളുടെ തകരാറിനുള്ള സാദ്ധ്യതയും ഇല്ലാതാക്കുന്നു.
രണ്ടാംഘട്ട ഗവേഷണത്തിന്റെ ഭാഗമായി കേര ബലതൈലത്തിന്റെ സെല്ലുലോർ സ്റ്റഡിയും - മോളിക്യൂലാർ ലെവൽ ആക്ഷനും പരീക്ഷണ വിധേയമാക്കുന്നു. ഈ പരീക്ഷണം കൂടി പൂർത്തിയാകുമ്പോൾ വാതസംബന്ധമായ രോഗങ്ങളാൽ കഷ്ടത അനുഭവിക്കുന്ന രോഗികൾക്കു പാർശ്വഫലങ്ങളില്ലാതെ, കുറഞ്ഞ ചിലവിൽ, വെന്ത വെളിച്ചെണ്ണയിൽ നിന്നുള്ള കേരബല തൈലം പരിഹാരമാകുമെന്നു സെന്റ്‌ തോമസ്‌ കോളേജിലെ ബയോകെമിസ്ട്രി വിഭാഗം അവകാശപ്പെടുന്നു.

21 Aug 2014

അരിമണികള്‍


സുനിതാ മധു
-------------------------
: ഹിന്ദി കവി , കേദാർ നാഥ് സിംഗ്
“ഇല്ല, പോവില്ല ഞങ്ങള്‍
ചന്തക്ക് പോവില്ല…”
പത്തായത്തില്‍ നിന്നും
തലപൊക്കി നോക്കിക്കൊണ്ട്,
പറയുന്നു, അരിമണികള്‍…
“നോക്കിക്കോ, പോയാലിനി
തിരിച്ചു വരില്ലല്ലോ, ഒരിക്കലും..”
പോണപോക്കിന് പറഞ്ഞിട്ടു
പോവുന്നു, അരിമണികള്‍…
” ഇനിയെങ്ങാനും തിരിച്ചുവന്നാലും
ഞങ്ങളെക്കണ്ടാലാരും തിരിച്ചറിയൂലല്ലോ…”
അവസാനത്തെ കത്തില്‍ ഇങ്ങനെ
പരിഭവിച്ചിരുന്നു, അരിമണികള്‍…
ഇപ്പൊ മാസമെത്രയായി,
ആ തെരുവിലേക്കൊരു





22 Mar 2014

ചുവടു തെറ്റിയ നർത്തകി


ശ്രീദേവി നായർ
പൊട്ടിയ കുമിളകൾ പോലെന്റെ ഗാനങ്ങൾ
പൊങ്ങിയും താണും ശ്രുതിമുറിഞ്ഞു
ആദിമഗാനങ്ങൾ എന്നു‍ള്ളിലന്നൊരു
അന്തിമഗാനമായ്‌ ചമഞ്ഞു
മീട്ടിയ വീണതൻ നാദമെനിക്കപ്പോൾ
ഘോരകഠോരമാം നാദങ്ങളായ്‌
മിന്നുന്ന ദീപങ്ങൾ എന്നുള്ളിൽ വീണ്ടും
മിന്നലേകും ഭയം കാട്ടിയപ്പോൾ
നാദധ്വനികളാം പക്കമേളങ്ങൾ
ഘോരതപം ചെയ്യും തപസ്വിനിയായ്‌
നീളുന്ന കൺകളിൽ കണ്ടു ഞാനാദ്യമായ്‌
മാലയാം സദസ്സിൻ ആരവങ്ങൾ
എന്നുള്ളിൽ നിറയും ദുഃഖങ്ങള്‍ക്കൊക്കെ
കൂട്ടിനായ്‌ വന്നു ഒരു കുളിർത്തെന്നലായ്‌
കൂട്ടത്തിൽ നിന്നൊരു പിഞ്ചിളംകുഞ്ഞിന്റെ
കീർത്തനമൊത്ത ഇളം വിലാപം
നീറുന്നയെൻ മനം ദാഹിയായി
ദാഹം പത്തി വിടർത്തിയാടിയാടി
ചുറ്റും നിരന്നൊരു പാനപാത്രമാകെ
തീർത്തവയാടി വിഷം ചീറ്റിയാടി
ചുറ്റും വിഷം വീണു കംബളം തന്നിലെ
പുഷ്പ്പങ്ങളെല്ലാം കരിഞ്ഞുപോയി
വേഗതയേറിയ ചുവടിൻ കാറ്റേറ്റ്‌
പുഷ്പ്പങ്ങളെല്ലാം പറന്നുപൊങ്ങി

പാദസരത്തിലെ മുത്തുകള്‍ ഞെട്ടലാല്‍
ഓരോന്നോരോന്നായടർന്നു വീണു
ശേഷിച്ച മുത്തുകൾ പേടിച്ചരണ്ടപ്പോൽ
ശബ്ദമുതിർക്കാതെ മയങ്ങിവീണു

25 Feb 2014

വംശഭേതം


ധർമ്മരാജ് മടപ്പള്ളി

വീടുകളാണെങ്ങും
മരച്ചോട്ടിലും
പൂന്തോപ്പിലും
കുന്നിൻ പുറത്തും
നദീ മുഖത്തും.

ഉടുത്തൊരുങ്ങി നില്ക്കുന്നത്
കാണുമ്പോൾ തോന്നും
ഈ രാത്രി തന്നെ ഒളിച്ചോടുമെന്ന് !

ഒരു പക്ഷെ നല്ല ഇണകളെ
കിട്ടാത്തതു കൊണ്ടാവാം അവ
ഇങ്ങനെ മരങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്നത്
ചിലപ്പോൾ രാഹുകാലങ്ങള്ക്കു കാക്കുകയുമാവാം.

അയൽ പക്കത്ത് കാവി നിറമുള്ള
ഒരു വീടുണ്ട് കണ്ടാൽ തോന്നും
കാശിക്കാണെന്ന്...
അതിനപ്പുറം
പച്ചയുടെ ഹജ്ജിലേക്ക്‌...
കൊന്തയുടെ യെരുശലേമിലേക്ക്...

ഇടവഴികൾതിരിഞ്ഞു
ഇടത്തോട്ടു പോയാൽ
കൊല്ലപെട്ടവന്റെ
ഒരു കുടിലുണ്ട്.
മുറ്റത്തെ പ്ലാവിൻചോട്ടിൽ
ചോര പുരണ്ട ഒരു ചെരുപ്പ് ഇപ്പോഴും ഉണ്ട്.
അവൻഎന്നെങ്കിലും തിരിച്ചു വന്ന്
നടക്കാനിറങ്ങും എന്ന പ്രതീക്ഷയിൽ
അവന്റെ അമ്മ സൂക്ഷിക്കുന്നത് !

റബ്ബർ തൊട്ടത്തിനപ്പുറമാണ്
പീഡിപ്പിക്കപ്പെട്ടവളുടെ വീട്
അതിന്റെ ഒറ്റ വഴിയിലൂടെയാണ്
പോലീസ് നായ ഓടിപ്പോയത്.
പിറകെ അതിന്റെ സംവിധാനങ്ങളും,

മേല്പ്പറഞ്ഞ വീടുകളെല്ലാം
നീരീക്ഷണത്തിലാണ്.
ഇങ്ങനെ തുറിച്ചു നോക്കുമ്പോൾ
വീടുകള്ക്ക് വിഭ്രമം
ബാധിക്കുകയും അവ
'വീടല്ല വീടല്ല ഞങ്ങൾവീടുകളല്ല' എന്ന് ഉറക്കെ
വിളിച്ചു പറയാൻതുടങ്ങുകയും ചെയ്യുന്നു.

വീടുകൾഇങ്ങനെ പെരുമാരുകയാൽ
ഞാൻവീട് മാറി.
ഇപ്പോൾതാമസം
കുന്നിൻ ചെരുവിലെ
കാറ്റാടിയുടെ മരപ്പൊത്തിലാണ്.

മനുഷ്യർ ഇങ്ങനെയൊക്കെ
പെരുമാരുകയാൽ ഞാൻ ജൻമ്മവും മാറി
ഇപ്പോൾ ഞാനൊരു പൊന്മാനാണ്.
പോരുന്നോ എന്റെ കൂട്ടിലേക്ക്
എനിക്കൊരു ഇണയെ ആവശ്യമുണ്ട്
വീടും ജൻമ്മവും മാറിയവന്റെ
വംശം നിലനിർത്താൻ.

21 Jan 2014

ശൂന്യത


ശ്രീദേവി നായർ
പ്രണയതീരത്തുനിന്ന് ഞാന്‍ മടങ്ങിപ്പോന്നത്
മനസ്സിന്റെ ഉഷ്ണവനത്തിലേക്കാണ്.
ഒന്നുമില്ലാത്ത ഈ ലോകത്തിന്റെ തനത്
സ്വഭാവം ചൂടുമാത്രമാണെന്ന് ഇപ്പോഴറിയുന്നു.
മനസ്സിലുള്ളതെല്ലാം നമ്മുടെ അവകാശങ്ങളുടെ
പട്ടികയില്‍ ഇടം തേടുമെന്ന് നാം വ്യാമോഹിക്കുന്നു!
നമ്മള്‍ ശൂന്യരാണ്.
ആരോടും സ്നേഹമില്ലാത്തവർ!
ജനിതകമായും നമ്മള്‍ ശൂന്യരാണ്!
ശരീരത്തിനുള്ളിലെ അവയവങ്ങള്‍ക്ക്
നമ്മെക്കാള്‍ എത്രയോ മാന്യതയുണ്ട്.
വ്യക്തമായ കാരണങ്ങള്‍ ഉള്ളപ്പോഴാണ്
അവ സംവാദത്തിനോ,വിവാദത്തിനോ
ഒരുമ്പെടുന്നത്!
എന്നാല്‍ നമ്മൽ;
അയുക്തിയുള്ളപ്പോഴെല്ലാം ക്രമം തെറ്റിക്കും.
(ഓര്‍മ്മയുടെ ദുരന്തങ്ങള്‍ക്ക് മേല്‍
സംഗീതത്തിന്റെയും,പ്രേമത്തിന്റെയും
സുഗന്ധം പുരട്ടി എല്ലാം മറക്കാന്‍
കഴിയുന്ന നമ്മള്‍ എത്ര ശൂന്യർ!

23 Dec 2013

ഭഗവദ്ഗീതയുടെ പുനരുപയോഗം



എം.കെ.ഹരികുമാർ
ഏറ്റവും നിസ്സാരമായ അസ്തിത്വം മനുഷ്യന്റേതാണെന്ന്‌, ഇന്നത്തെ ഏറ്റവും വലിയ സാങ്കേതിക മിഥ്യാസുരക്ഷിതത്വത്തിനകത്തും ബോധ്യപ്പെടുത്തുന്ന കൃതിയാണ്‌ 'ഖസാക്കിന്റെ ഇതിഹാസം' എന്തിനാണ്‌ ഇങ്ങനെയൊരു ബോധ്യപ്പെടുത്തൽ? ആത്മബോധത്തിലൂടെ, തന്നിൽനിന്നുതന്നെ ഒഴുകിപ്പരക്കുന്ന അവസ്ഥയുടെ സ്വാഭാവികമായ പരിണാമമാണിത്‌. ഈ നോവലിന്‌ മുമ്പോ ശേഷമോ മലയാള നോവലിന്‌ ഇത്ര സ്വയംസമ്പൂർണ്ണമായ ഭാഷയോ ആഖ്യാനസൂക്ഷ്മതയോ ആത്മലോകവിശേഷമോ ഇല്ല ഇന്നും 'ഖസാക്കിന്റെ ഇതിഹാസം' മലയാളത്തിൽ ഒറ്റപ്പെട്ടുനിൽക്കുകയാണ്‌.

നോവലിന്‌ സ്ഥൂലമായ പ്രതലങ്ങൾ മതിയെന്ന്‌ വിചാരിക്കുന്നവരുണ്ട്‌. അവർ ജീവിതത്തിന്റെ ഉപരിതലത്തിലുള്ള സാമൂഹികതയെ പ്രധാന അസംസ്കൃതവസ്തുവാക്കി നിരത്തുന്നു. വിസ്തൃതിയേറിയ പ്രതലത്തിലെ സഞ്ചാരത്തിലൂടെ വായനക്കാരൻ എത്തിച്ചേരുന്നത്‌ വായനക്കാരൻ ശൂന്യതയിലാണെന്നുമാത്രം. തനിക്കറിയാവുന്നതെല്ലാം നോവലിസ്റ്റ്‌ പറയുന്നു എന്ന്‌ വായനക്കാരന്‌ തോന്നും. അയാൾ വായനക്കായി ഉപയോഗിച്ച സമയത്തെ പഴിക്കരുതല്ലോ എന്നോർത്ത്‌, മറ്റൊന്നും പറയുന്നില്ലെന്നുമാത്രം. 'ഖസാക്കിന്റെ ഇതിഹാസം' സ്ഥൂലമായ പ്രതലത്തിലല്ല, ഒരാളെ അയാളുടെ അകംലോകങ്ങളിലേക്ക്‌, ജ്ഞാനരഹസ്യാത്മക ദ്വീപുകളിലേക്ക്‌ നയിക്കുന്ന കൃതിയാണ്‌. ഇതിന്‌ സമാനമായ ഒരു നോവലും നമ്മുടെ ഭാഷയിൽ ഉണ്ടായിട്ടില്ല. ടി.ആറിന്റെ 'കൊരുന്ന്യേടത്ത്‌ കോമുട്ടി', കോവിലന്റെ 'തോറ്റങ്ങൾ', വൈക്കം ചന്ദ്രശേഖരൻ നായരുടെ 'സ്മൃതികാവ്യം', കൽപറ്റ ബാലകൃഷ്ണന്റെ 'അകംപൊരുൾ പുറംപൊരുൾ', ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും'. മേതിൽ രാധാകൃഷ്ണന്റെ 'സൂര്യവംശം', കാക്കനാടന്റെ 'അജ്ഞതയുടെ താഴ്‌വര', ബഷീറിന്റെ 'ബാല്യകാലസഖി', തകഴിയുടെ 'ഏണിപ്പടികൾ' എന്നീ നോവലുകളാണ്‌ മലയാള നോവലിന്റെ ആഖ്യാനകലയ്ക്ക്‌ എന്തെങ്കിലുമൊക്കെ സംഭാവന നൽകിയിട്ടുള്ളത്‌. എന്നാൽ ഈ നോവലുകളെല്ലാം കലയുടെ കാര്യത്തിൽ 'ഖസാക്കിന്റെ ഇതിഹാസ'ത്തിന്‌ പിന്നിലാണ്‌. മലയാള ഭാഷയുടെ പുതിയ സാധ്യതയാണ്‌ വിജയൻ തുറന്നത്‌. മലയാളംകൊണ്ട്‌ ഇതുവരെ ആവിഷ്കരിക്കാൻ കഴിയാതിരുന്ന ചില യാഥാർത്ഥ്യങ്ങളെ വിജയൻ പുറത്തു വിട്ടു. അതുപോലെ, വെളിപാടുപോലെ തനിക്കു ലഭിച്ച സൊ‍ാചനകളെയും ചിന്തകളെയും പകരാൻ പറ്റിയ നവമായൊരു മലയാളത്തെയും അദ്ദേഹം കണ്ടെടുത്തു. ഇതു രണ്ടും സമ്മേളിക്കുന്നത്‌ അപൂർവ്വമാണ്‌ പുതിയ യാഥാർത്ഥ്യം, പുതിയ ഭാഷ ഇതാണ്‌ 'ഖസാക്കിലൂടെ' പുറത്തുവന്നത്‌. മലയാള നോവലിൽ ഇത്തരം അന്വേഷണങ്ങൾ പൊതുവെ ഇല്ലല്ലോ.

എന്തുകൊണ്ട്‌ ഭാഷ?

മലയാള നോവൽ സാഹിത്യത്തിലെ ഏറ്റവും മഹത്തായ വാക്യം വിജയന്റേതാണെന്ന്‌ ഞാൻ വിചാരിക്കുന്നു. ഇതാണ്‌ ആ വാചകം. "കാവിക്കച്ച ചുറ്റി ചവിട്ടുവഴിത്താരയിലൂടെ കുന്നുകയറി വള്ളമിറങ്ങി ബസ്സുനിരത്തിലേക്ക്‌ നടന്നപ്പോൾ മരങ്ങളും പാറകളും കുറ്റിച്ചെടികളും ഗർഭബീജങ്ങളെപ്പോലെ ഉയിർത്ത്‌ രൂപംകൊള്ളുകയായിരുന്നു." ഖസാക്കിലെ ഈ വാക്യം വ്യത്യസ്തമായ ചിന്തയെയും പദസംസ്കാരത്തെയുമാണ്‌ പ്രസരിപ്പിക്കുന്നത്‌. മരങ്ങളും പാറകളും കുറ്റിച്ചെടികളും ഗർഭബീജങ്ങളെപ്പോലെ ഉയിർത്ത്‌ രൂപംകൊള്ളുന്നു എന്നുപറഞ്ഞാൽ, അത്‌ ഒരാളുടെ ഉള്ളിലെ ഇമേജറിയാണ്‌. രവിയുടെ മനസ്സിന്റെ, സ്വഭാവത്തിന്റെ തന്മാത്രകൾ പോലും ഇവിടെ പ്രവർത്തിക്കുന്നു. ലോകത്തോടും പ്രകൃതിയോടുമുള്ള ബന്ധം അയാൾ ഉള്ളിലാണ്‌ അനുഭവിക്കുന്നത്‌. അതുവരെ അവിടെ ഇല്ലാതിരുന്ന പാറകളും ചെടികളുമാണ്‌. ഇങ്ങനെ പെട്ടെന്ന്‌ ഉയിര്‍ത്തുവന്നതെന്ന ധ്വനി ഈ വാക്യത്തിലുണ്ട്‌. യഥാർത്ഥിൽ ആ പാറകളും ചെടികളും അവിടെയുണ്ടായിരുന്നു. എന്നാൽ രവിക്ക്‌ അത്‌ പുതുതായി രൂപം കൊള്ളുന്നതാണ്‌. ഈ രൂപാന്തരം മലയാളഭാഷയിൽ പുതിയ നിറം കൂട്ടിച്ചേർക്കുന്നതുപോലെയാണ്‌ അനുഭവപ്പെടുന്നത്‌.


'കഥനസ്വഭാവമില്ലാത്ത ഓർമ്മകളുടെ വലിയൊരു മൂടൽമഞ്ഞ്‌ തന്നെ സ്പർശിച്ചെന്ന്‌ തോന്നി' എന്നെഴുതുമ്പോഴും മലയാളത്തിന്‌ വിസ്തൃതി ലഭിക്കുകയാണ്‌. മനനം ചെയ്തുകൊണ്ടുള്ള ഈ എഴുത്താണ്‌. 20-നൂറ്റാണ്ടിലെ നമ്മുടെ ഗദ്യത്തിന്‌ ഉൾക്കനം നൽകിയത്‌. മനനമില്ലാതെ അദ്ദേഹം ഒന്നുമെഴുതിയിട്ടില്ല. മനനമില്ലാതെ, യുക്തിയിലൂടെ മാത്രം സഞ്ചരിച്ചും എഴുതാം; ആനന്ദ് എഴുതുന്നതുപോലെ. എന്നാൽ വിജയന്റെ ഭാഷയുടെ മാനം ഉണ്ടാകില്ല. ഭാരതീയമായ ദർശനങ്ങളെ തന്നിൽനിന്ന്‌ വേർപെടുത്താൻ കഴിയാതെ വിജയൻ നിലകൊണ്ടു. ശ്രീകൃഷ്ണന്റെ അദ്വൈതവുമായിട്ടായിരുന്നു കലഹവും ഒത്തുതീർപ്പും. കൃഷ്ണചരിതമെഴുതുന്നവരുടെ കൃഷ്ണദർശനമല്ലിത്‌. ഭാരതീയ പശ്ചാത്തലത്തിൽ, ചിന്താപരിസരത്ത്‌ നിന്ന്‌ മാറ്റിനിർത്തിക്കൊണ്ട്‌, അനുഭവപരമായ പഥങ്ങളിലൂടെ വിജയൻ എത്തുന്നത്‌, സ്വന്തം ഭാരതീയതയുടെ കണ്ടെത്തലിലാണ്‌. ഉള്ളിൽ നിന്ന്‌ വീണ്ടെടുക്കുന്ന ഭാരതീയത.

ഉപനിഷത്തോ, വേദമോ വായിച്ച്‌, അതിനോട്‌ ഇടഞ്ഞശേഷം, സ്വന്തം ശരീരത്തിനുള്ളിൽ നിന്ന്‌ ഔപനിഷദികമെന്ന്‌ വിശേഷിപ്പിക്കാവുന്ന, ആന്ത്യന്തികമായ രമ്യതയുടെയും ആന്തരികപ്രസാദത്തിന്റെയും അപാരതകളെ കണ്ടെത്തി തരുന്നു.
മലയാള അക്കാദമിക്‌ നിരൂപണത്തിന്‌ ഇപ്പോഴുള്ളത്‌ ദർശനദാരിദ്രമാണ്‌. സവർണ, അവർണ ദ്വന്ദ്വങ്ങളിലും അധിനിവേശ, സാമ്രാജ്യത്വ ഹാങ്ങോവറുകളിലും കുടുങ്ങിക്കിടന്ന്‌, അവർ വൈയക്തികവും, സാർവലൗകികവുമായ പരമസൗന്ദര്യത്തെക്കുറിച്ചുള്ള അന്വേഷണത്തെ കാണാതെ പോകുന്നു. രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നതോ, സമരത്തിൽ പങ്കെടുക്കുന്നതോ മാത്രമാണ്‌ യഥാർത്ഥ രാഷ്ട്രീയം എന്ന്‌ അവർ വിചാരിക്കുന്നു. എന്നാൽ റോഡരുകിൽ നിൽക്കുന്ന അരയാലിനും രാഷ്ട്രീയമുണ്ട്‌. ഓരോ വാക്യത്തിനും രാഷ്ട്രീയമുണ്ട്‌. അത്‌ മറ്റു പ്ലാനറ്റുകളുമായുള്ള ബന്ധങ്ങളിൽ നിന്നാണ്‌ ഉണ്ടാകുന്നത്‌. വിജയന്റെ രാഷ്ട്രീയം. തന്റെ അപാര വിനിമയങ്ങളുടെ നേർരേഖകളിലൂടെ, ചുറ്റുമുള്ള ലോകത്തിന്റെ എണ്ണമറ്റ സംഭാഷണങ്ങളിൽ ശ്രദ്ധാലുവായി എന്നതാണ്‌. വലിയൊരു പ്രവർത്തനം അതിലുണ്ട്‌. വിജയന്റെ ഇന്ത്യയെ കണ്ടെത്തൽ എന്താണെന്നറിയാതെ, ചിലർ അദ്ദേഹത്തിലും ചാർത്തി, ആ പഴയ തുരുമ്പിച്ച പിച്ചളമാല - സവർണപക്ഷപാതി. ഇത്രയും ദയനീയമായ വിമർശനം വിജയൻ നേരിട്ടിട്ടുണ്ടാവില്ല. വസ്തുതകളുടെ ആഴത്തിലേക്ക്‌ പോകാൻ പ്രയാസമുള്ളവർക്കെല്ലാം ഈ ചതിപറ്റും.

ദുഃഖത്തിന്റെ ഹൃദ്യത, സ്നിഗ്ധതയുടെ വാൾമുന തുടങ്ങിയ പ്രയോഗങ്ങളിൽ വലിയൊരു ആന്തരിക ജീവിതമാണുള്ളത്‌. 'ഖസാക്കിന്റെ ഇതിഹാസ'ത്തിനുശേഷം വന്ന കൃതികളിലൊന്നും ഇതിനെ മറികടക്കുന്ന ഭാഷ കണ്ടിട്ടില്ല. ഖസാക്കിലെ ദൈവപ്പുരയിലെ ദേവതയെപ്പറ്റി രവി ചിന്തിക്കുന്നത്‌. ഭാരതീയതയുടെ ഉള്ളിലെ ചാർവാകനെപ്പോലുള്ളവരുടെ യുക്തിവാദത്തെയും കൂട്ടുപിടിക്കുന്നതാണ്‌. ഇതെല്ലാം ആശയ സംഘട്ടനത്തിന്റെ കലാപരമായ അവതരണമാണ്‌. ആ ഭാഗം ഇതാണ്‌. "അവളും തന്നെപ്പോലെ ഒരഭയാർത്ഥിയാണെന്നറിഞ്ഞിട്ട്‌ സൃഷ്ടിസ്ഥിതിലയങ്ങളുടെ ദുരൂഹതയെ ഭയന്നാണ്‌ പൂശാരിയുടെ നൈവേദ്യമുണ്ടുകൊണ്ട്‌ അവളാ പുരയിൽ കുടി പാർത്തത്‌. യാഥാർത്ഥ്യത്തിന്റെയും മിഥ്യയുടേയും അപാരതകളിൽ നിന്ന്‌ ഓടിയകന്ന താനും ഈ ഗ്രാമത്തിലെ ദൈവപ്പുരയിൽ അഭയം തേടുകയായിരുന്നു. അതിന്റെ ഗർഭത്തിൽ അവളുടെ കൂടെ ചുരുണ്ടുറങ്ങാൻ അയാൾ കൊതിച്ചു. ആ സായൂജ്യത്തിലാകട്ടെ, അയാൾ അവളുമായി ദുഃഖം പങ്കിടുകയായി. അതോടെ അത്‌ നിരർത്ഥകമല്ലെന്ന്‌ അയാളറിഞ്ഞു." ഈ ഏകാന്തത്തയുടെ അന്തർനാടകത്തിൽ വലിയൊരു പ്രാചീനചരിത്ര സംവാദമാണ്‌ വിജയൻ സംഘടിപ്പിക്കുന്നത്‌. നോവലിന്റെ ബോധധാരയായി ഈ ആഖ്യാനത്തെ നിലനിർത്തുന്നതോടൊപ്പം, കൂടുതൽ അഗാധത നൽകുകയാണ്‌ ഇതിലൂടെ നോവലിസ്റ്റ്‌ ചെയ്യുന്നത്‌.

ദൈവപ്പുരയിലെ ദേവത അഭയാർത്ഥിയാണെന്നും അവളെപ്പോലെയാണ്‌ താനും എന്ന്‌ ചിന്തിക്കുന്നതും ഇന്ത്യൻ ആത്മീയതയെക്കുറിച്ചുള്ള നവ ഭാഷ്യമാണ്‌. സൃഷ്ടിസ്ഥിതിലയങ്ങളുടെ ദുരൂഹതയെ ദേവത ഭയക്കുന്നു. യാഥാർത്ഥ്യത്തിന്റെയും മിഥ്യയുടേയും അപാരതകളെയാണ്‌ താൻ ഭയക്കുന്നതെന്ന്‌ രവിയും പറയുന്നു. മാനവിക ജീവിതത്തിനുള്ളിലെ സേൻസിറ്റിവിറ്റിയെ അതിസൂക്ഷ്മമായി നിലനിർത്തുമ്പോഴേ ഇത്തരം ഭയങ്ങളെ തിരിച്ചറിയാൻ കഴിയൂ. ഇങ്ങനെ സ്ഥാവര, ദൈവശാസ്ത്ര, ജൈവലോകത്തെയാകെ സംയോജിപ്പിച്ചുകൊണ്ട്‌ ആധുനികതയുടെ കാലത്തെ ഒരു നോവലിസ്റ്റും എഴുതിയിട്ടില്ല. ഈ എഴുത്തുമായി താരതമ്യം ചെയ്യുമ്പോൾ സേതുവിന്റെ 'പാണ്ഡവപുര'മൊക്കെ എത്ര നിർജീവമാണ്‌. സാറാജോസഫിന്റെ നോവലുകളിലാകട്ടെ യാതൊരു ആന്തരിക സംഘർഷങ്ങളുമില്ല. വിജയനാകട്ടെ, ഓരോ വരിയും സംഘർഷത്തിൽ നിന്നാണ്‌ തപ്പിയെടുക്കുന്നത്‌. അതിലുപരി, വാക്യങ്ങളെ മനുഷ്യവികാരങ്ങളുടെ അറിയപ്പെടാത്ത സ്ഥലികളിലേക്ക്‌ കൊണ്ടുപോകുന്നു.

ചില ഉദാഹരണങ്ങൾ കുറിക്കട്ടെ.
1. പുരികങ്ങളുടെയും കണ്ണുകളുടെയും ചുവന്ന പാതയിലെ സായാഹ്ന യാത്രകളുടെയും അച്ഛാ, ഇലകൾ തുന്നിച്ചേർത്ത ഈ കൂടുവിട്ട്‌ ഞാൻ പുറത്തേക്ക്‌ പോവുകയാണ്‌ യാത്ര.
2. കർമബന്ധത്തിന്റെ നൊടി നേരത്തെ പരിചയം.
3. യുഗാന്തരസ്മരണയുടെ കർക്കിടകങ്ങളിൽ ആ പ്രഭവസ്ഥാനങ്ങളിൽ നിന്ന്‌ കലക്കുവെള്ളങ്ങൾ താഴോട്ടൊഴുകി, വാർദ്ധക്യത്തിന്റെ ഒഴുക്ക്‌ ചേറ്‌ തന്നിൽ നിക്ഷേപിച്ചുകൊണ്ട്‌....
4. മന്ദാരത്തിന്റെ ഇലകൾ ചേർത്തുതുന്നിയ ഈ പുനർജനിയുടെ കൂടുവിട്ട്‌ ഞാൻ വീണ്ടും യാത്രയാണ്‌.
5. വിസ്തൃതിയുടെ ലഹരിയിൽ മുഴുകിയ രാത്രി. ദൂരെ ദൂരെ ഈരച്ചൂട്ടുകൾ മിന്നിമിന്നിക്കടന്നുപോയി. കനൽത്തുമ്പിന്റെ ചലനത്തിലൂടെ ഏതോ വ്യഥിതമായ സന്ദേശമാവർത്തിച്ചുകൊണ്ട്‌ ബഹിരാകാശക്കപ്പലുകളെപ്പോലെ അവ രാത്രിയിൽ അകന്നകന്നു മറഞ്ഞു.
6. വെള്ളത്തിന്റെ അന്ധമായ ആശ്ലേഷം.
7. അനാദിയായ മഴവെള്ളത്തിന്റെ സ്പർശം.
8. ഏതോ സാന്ദ്രതയുടെ കിനിവുകൾ അയാളുടെ നിദ്രയിലിറ്റുവീണു.
9. കാലത്തിലൂടെ സ്ഥാവരങ്ങളുടെ പ്രയാണം.
10. പള്ളിത്തണുപ്പിന്റെ ആലിലയിൽ അയാൾ കിടന്നു. ആലിലയെ മൂടിക്കൊണ്ട്‌, കനത്ത കടലിനു മുകളിൽ അശാന്തിയുടെ മൂടൽമഞ്ഞുയരുകയായിരുന്നു.

ഈ ഭാഷയെ നമ്മൾ കാണേണ്ടത്‌, 1939-ൽ ബോർഹസ്‌ എഴുതിയ 'Pierre Menard-author of the Quixote' എന്ന കൃതിയുടെ പശ്ചാത്തലത്തിലാണ്‌. എഴുത്തുകാരൻ എന്ന കർതൃത്വം ഇല്ലാതായി എന്ന്‌ റോളാങ്ങ്‌ ബാർത്ത്‌ സിദ്ധാന്തപരമായി വികസിപ്പിച്ചതു, ബോർഹസിന്റെ കൃതിയെ അടിസ്ഥാനമാക്കിയായിരുന്നല്ലോ. സ്ഥിരം പ്രമേയങ്ങളുടെയും ഭാഷാ പ്രയോഗങ്ങളുടെയും കെണിയിൽ അകപ്പെട്ട സാഹിത്യം ഏറെക്കുറെ മരിച്ചു എന്ന്‌ ബാർത്ത്‌ പറഞ്ഞതോർക്കുന്നു. Literature of exhaustion എന്ന ലേഖനം ബാർത്ത്‌ എഴുതുന്നത്‌ The Atlantic-ൽ 1967-ലാണ്‌. ഇപ്പോൾ നാം എഴുതിക്കൊണ്ടിരിക്കുന്നത്‌ 19-​‍ാം നൂറ്റാണ്ടിലെ സാഹിത്യഭാവന തന്നെയാണെന്ന്‌ വ്യാഖ്യാനിക്കാൻ അദ്ദേഹത്തിനു പ്രയാസമുണ്ടായില്ല. ജീവിതത്തെ പുതിയ രീതിയിൽ കാണാൻ സഹായിക്കുന്ന ഒരു വാക്യംപോലും ഉണ്ടാകുന്നില്ലല്ലോ. ദൈവത്തിന്റെ മരണം എന്ന ആശയം 20-​‍ാം നൂറ്റാണ്ടിനു ലഭിച്ചതു. ഈ സാർവത്രികമായ ആശയ നാശത്തിന്റെ പശ്ചാത്തലത്തിലാണ്‌. ഇപ്പോഴിതാ ഗ്രന്ഥകാരനും മരിച്ചിരിക്കുന്നു എന്ന്‌ ബാർത്ത്‌ പറഞ്ഞു. ഗ്രന്ഥകാരന്റെ ഈ മരണമാണ്‌, സെർവാന്തസിന്റെ ഡോൺ ക്വിക്സോട്ടിനെ ആധാരമാക്കി ബോർഹസ്‌ എഴുതിയ കഥയിലുള്ളത്‌. ക്വിക്സോട്ട്‌ എഴുതിയത്‌ സെർവാന്തസ്‌ ആണെന്ന്‌ പഴയ സങ്കൽപമാണെന്നും അത്‌ താൻ മറ്റൊരു രീതിയിൽ എഴുതുകയാണെന്നുമായിരുന്നു ബോർഹസിന്റെ വാദം. പഴയ യാഥാർത്ഥ്യങ്ങളെ തന്നെ പുനരുപയോഗിച്ചുകൊണ്ട്‌, പുതിയ ഭാവന ഉണ്ടാക്കാൻ കഴിയണം.

അതിനു പരിഹാസവും ദർശനവും എല്ലാം കൂടിക്കലരണം. അന്തിമമായ പരിഹാരങ്ങൾക്കായി ഉഴറുന്ന മാനവ സമൂഹത്തിനു മുമ്പിൽ തേഞ്ഞു പഴകിയ ഉപകരണങ്ങൾ വിലപ്പോകില്ല. ബോധധാരയുടെ പാരമ്പര്യവഴികളെ പുനരുപയോഗിച്ച്‌, തന്റേതായ ആക്ഷേപഹാസ്യാത്മകമായ ഫാന്റസി വിജയൻ വികസിപ്പിച്ചു. 'പള്ളിത്തണുപ്പിന്റെ ആലില' എന്ന പ്രയോഗത്തിൽ ശ്രീകൃഷ്ണനെ തിരയാൻ വായനക്കാരൻ നിർബന്ധിക്കപ്പെടുന്നത്‌, ഇതുകൊണ്ടാണ്‌. ഈ ആലില ഇന്ത്യൻ മിഥോളജിയുടെ പ്രതീകമാണല്ലോ. അതിനെയാണ്‌ പള്ളിത്തണുപ്പിൽ ഈ എഴുത്തുകാരൻ കൊണ്ടുവെക്കുന്നത്‌. ഇതിലൂടെ വിജയന്റെ വാക്യങ്ങൾക്ക്‌ പല കാലങ്ങളുടെയും പല സംസ്കാരങ്ങളുടെയും സ്വരങ്ങൾ ലഭിക്കുകയാണ്‌. ഭഗവദ്ഗീതയെ പുനരുപയോഗിച്ച നോവലാണ്‌ 'ഖസാക്കിന്റെ ഇതിഹാസം'പുരാണ കഥകളെ ചെറിയ മാറ്റങ്ങൾ വരുത്തി നോവലോ കവിതയോ നിർമ്മിക്കുന്നതുപോലെയല്ല ഇത്‌. 'ഖസാക്കിന്റെ ഇതിഹാസ'ത്തിൽ പ്രത്യക്ഷത്തിൽ ഇന്ത്യൻ പുരാണമില്ല. എന്നാൽ ഇന്ത്യൻ പരിത്യക്തതയെയും ലൈംഗികവിരക്തിയെയും രവിയിലൂടെ വിജയൻ പരിഹസിക്കുകയാണ്‌. ഈ പരിഹാസമാകട്ടെ, രവി എന്ന മനുഷ്യന്റെ ആകെത്തുകയല്ല. അയാൾ പ്രത്യേകമായ ഒരു അന്തസത്തയോ തത്വശാസ്ത്രമോ പേറുന്നില്ല. ഇതാണ്‌ കാതലായ സംഗതി. അയാൾ അയാളെത്തന്നെ തേടുകയാണ്‌ ചെയ്യുന്നത്‌. പലരും തട്ടിവിടുന്നതുപോലെയുള്ള 'സ്വത്വം' അയാൾക്കില്ല. തന്നെത്തന്നെ അന്വേഷിക്കുന്നതിലൂടെ അയാൾ ഒന്നിന്റെയും ലേബലൊട്ടിച്ച ഉൽപന്നമോ പ്രചാരകനോ അല്ലാതാവുന്നു. ഭഗവദ്ഗീതയിൽ പറയുന്നതുപോലെ നമ്മൾ ഒന്നും കൊണ്ടുവരികയോ കൊണ്ടുപോവുകയോ ചെയ്യുന്നില്ല. രവിയും അതാണ്‌ ചെയ്യുന്നത്‌. പക്ഷേ, അയാൾ ഇത്‌ ചെയ്യുന്നത്‌, ഈ തത്വം പാലിക്കാൻ വേണ്ടിയല്ല. രവിയുടെ പുസ്തകശേഖരത്തിലുള്ള ഭഗവദ്ഗീതയും മുട്ടത്തുവർക്കിയും ഇതു വ്യക്തമാക്കുന്നു. അയാൾക്ക്‌ ഭഗവദ്ഗീതയോടും താൽപര്യമില്ല. ദേവതയെയും സൃഷ്ടിസ്ഥിതിലയങ്ങളുടെ ദുരൂഹതയെ ഭയക്കുന്നവളായി കാണുന്നതിലൂടെ അയാൾ ദൈവശാസ്ത്രത്തെയും പൊളിക്കുന്നു. മതരഹിതനായ, ദൈവരഹിതനായ സന്യാസിയാണ്‌ രവിയെന്ന്‌ വേണമെങ്കിൽ പറയാം. ഭഗവദ്ഗീതയെ ഇതുപോലെ പുനരുൽപാദിപ്പിച്ച മറ്റൊരു കൃതി ഇന്ത്യൻ സാഹിത്യത്തിലില്ല.

തന്റെ ഗതകാലത്തിന്റെ ആശയങ്ങളുടെയെല്ലാം മഹാവൃക്ഷത്തിനു താഴെ നിൽക്കുമ്പോഴുള്ള ജാള്യതയും സങ്കോചവും വിജയനുണ്ട്‌. അതുകൊണ്ട്‌ സാഹിത്യപരമായ ഉൽപാദനരാഹിത്യത്തെ, അദ്ദേഹം ഗീതയെ പുനരുപയോഗിച്ചുകൊണ്ട്‌ മറികടക്കുകയാണ്‌. ഓരോ നിമിഷവും ഭഗവദ്ഗീതയുമായി കലഹിക്കുകയാണ്‌ വിജയൻ. ഇതാണ്‌ എഴുത്തുകാരന്റെ സ്വാതന്ത്ര്യം. നോവൽ അവസാനിക്കുന്നിടത്ത്‌, "മുകളിൽ, വെളുത്ത കാലവർഷം പെരുവിരലോളം ചുരുങ്ങി" എന്നെഴുതിയിട്ടുണ്ട്‌. ഈ പെരുവിരലും കൃഷ്ണനെ ഓർമ്മിപ്പിക്കുന്നില്ലേ? ഗീതാ സാരവുമായി ഇണങ്ങിയും പിണങ്ങിയും നീങ്ങുന്ന ആഖ്യാനഘടന ഖസാക്കിലുണ്ട്‌. രവിയാകട്ടെ ബോധപൂർവം ഈ ഘടനയുടെ ഭാഗമാവുന്നില്ല. വിജയന്റെ തന്നെ വാക്കുകൾ ഇതിനു തെളിവു നൽകുന്നുണ്ട്‌. തന്റെ വലതുകൈയ്ക്ക്‌ വാതം ബാധിച്ചതിനെപ്പറ്റി അദ്ദേഹം എഴുതിയിട്ടുള്ളത്‌ ഇതാണ്‌.
"പഞ്ചഭൂതങ്ങൾ ചുറ്റഴിയുന്നതുപോലെ. അങ്ങനെ ചിതറുന്ന സൂക്ഷ്മാംശങ്ങളുടെ വലിയൊരു നെബ്യുലയ്ക്കു നടുവിൽ ഒരു സൗരരൂപത്തെപ്പോലെ സ്ഥലം പിടിച്ചുകൊണ്ട്‌ പ്രാണൻ ആ അഴിവിനെ നോക്കിക്കാണുന്നു." (ഇതിഹാസത്തിന്റെ ഇതിഹാസം). "പിന്നെ അവശേഷിക്കുക പെരുവിരലിന്റെ ചുഴികൾ മാത്രമാവും. ഞാനെന്ന ഭാവം അവയിൽ കൂടിക്കൊള്ളും. കാലം ചെല്ലുമ്പോൾ അവയും തേഞ്ഞുപോകും. പരിണമിക്കും. " (ഖസാക്കിന്റെ ഇതിഹാസം) വേദനയുടെ യോഗസിദ്ധിയിൽ സന്ദേഹങ്ങൾ പരിണമിച്ച്‌ അറിവായിത്തീരുന്നു. പിതൃമന്ത്രം ജപിച്ച്‌ അവസാനം രവി തന്റെ യാഥാർത്ഥ്യത്തിലേക്കുള്ള യാത്ര പുറപ്പെടുന്നു. ഭാഗവത സപ്താഹം കഴിഞ്ഞ്‌ തക്ഷകനെ നേരിടാൻ, എന്റെ ഈ ഉഴുതുപൂട്ടാത്ത പാഴ്‌നിലത്തിൽ അപൂർവ്വസസ്യങ്ങൾ വിളയിക്കുന്നത്‌ ആരാണ്‌? അവൻ, ആ ആദിസ്പർശി! ഇങ്ങനെ ഭഗവദ്ഗീതയുടെ ആശയങ്ങളെ പുനർനിർമ്മിക്കുന്ന എത്രയോ വാക്യങ്ങൾ വേണമെങ്കിലും വിജയന്റെ എഴുത്തിൽ നിന്ന്‌ കണ്ടെത്താം. എന്നാൽ ഈ പുനർനിർമ്മാണം വെറും പറ്റിയെഴുത്തല്ല. അസ്തിത്വവാദത്തിന്റെയും വേദാന്തത്തിന്റെയും അനുഷ്ഠാനങ്ങളുടെയും അറിവുകൾക്ക്‌ കുറുകെയുള്ള സഞ്ചാരമാണിത്‌.

എന്നാൽ ഇതിനിടയിൽ ഗീതയോട്‌ കലഹിക്കുകയും ചെയ്യുന്നു. ഗീത വ്യക്തിപരമായ അനുഭവമെന്ന നിലയിലാണ്‌ ഇവിടെ പ്രത്യേക ഘടനയായിത്തീരുന്നത്‌. "ജീവന്റെ മുക്തി ചിലന്തിയുടെ യുഗത്തിലാവട്ടെ, മനുഷ്യന്റെ യുഗത്തിലാവട്ടെ, ദുഃഖസമസ്യയായി അവശേഷിക്കുന്നു." എന്നുള്ളത്‌, ഗീതാ സാരത്തെത്തന്നെ പൊളിച്ചെഴുതുന്ന വാക്യമാണ്‌. അതേസമയം, "പാമ്പിന്റെ പത്തിവിടരുന്നത്‌ രവിയും കൗതുകത്തോടെ നോക്കി. വാത്സല്യത്തോടെ കാൽപടത്തിൽ പല്ലുകൾ അമർന്നു. പല്ലു മുളയ്ക്കുന്ന ഉണ്ണിക്കുട്ടന്റെ വികൃതിയാണ്‌".- എന്നീ വാക്യങ്ങളിൽ ഗീതാ സാരമുണ്ട്‌. ലൗകികാതീതമായ അവബോധവും പ്രസാദവും കാണാം.
തന്റെ പ്രാചീനതയെ അതേപടി പുനരാവിഷ്കരിക്കുന്നത്‌, എഴുത്തുകാരന്‌ ഖ്യാതി നൽകില്ല എന്നാൽ വിജയനെപ്പോലെ സർഗ്ഗാത്മകമായി പുനരന്വേഷിക്കുകയും തന്നെത്തന്നെ അന്വേഷണ വിഷയമായി പ്രഖ്യാപിച്ച്‌ തർക്കത്തിലിടപെടുന്നതും പ്രധാനപ്പെട്ട കാര്യങ്ങളാണ്‌. കസന്‍ത്‌സാക്കിസ് , ദ്‌ ലാസ്റ്റ്‌ ടെമ്പ്റ്റേഷൻ ഓഫ്‌ ക്രൈസ്റ്റ്‌ എന്ന കൃതിയിൽ ചെയ്തതിനേക്കാൾ കലാപരമായാണ്‌, തന്റെ പൂർവകാല സംജ്ഞകളെ വിജയൻ നോവലിലൂടെ അവതരിപ്പിച്ചതു. നബോക്കോവിന്റെ ലോലിത, ഒർഹാൻ പാമുക്കിന്റെ 'മൈ നെയിം ഈസ്‌ റെഡ്‌', എന്നീ കൃതികളേക്കാൾ വ്യക്തിപരമായ കലാനുഭവം 'ഖസാക്കിന്റെ ഇതിഹാസ'മാണ്‌ നൽകുന്നത്‌. എന്നാൽ നോവലിന്റെ ക്രാഫ്‌റ്റിനെ കാഫ്കയെപ്പോലെ അട്ടിമറിക്കാനൊന്നും വിജയന്‌ കഴിഞ്ഞിട്ടില്ല. ഫിലിപ്പ്‌ റോത്ത്‌, അല്ലൻ റോബ്ബേഗ്രിയേ, വില്യം ഫോക്നർ തുടങ്ങിയവരുടെ ക്രാഫ്റ്റ്‌ വിജയൻ നേടിയിട്ടില്ലായിരിക്കാം. എന്നാൽ ലോകത്തിലെ ഏത്‌ നൂതന നോവലിലുള്ളതുപോലെ, മിത്തിനെയും കൽപിത കഥയെയും യാഥാർത്ഥ്യത്തെയും ചരിത്രത്തെയും ദൈവശാസ്ത്രത്തെയും രാഷ്ട്രത്തെയും കൂട്ടികലര്‍ത്തി, നവകാലത്തിലെ മനുഷ്യന്റെ ശിഥിലമായ അകംലോകങ്ങളെ പ്രശ്നവത്കരിക്കുകയും തുറന്നുകാണിക്കുകയും ചെയ്യുന്നത്‌ 'ഖസാക്കിന്റെ ഇതിഹാസ'ത്തിലും കാണാം. എം.കൃഷ്ണൻനായർ നിരീക്ഷിച്ചതുപോലെ ഇത്‌ വെറുമൊരു 'എക്സിസ്റ്റെൻഷ്യൽ നോവൽ' അല്ല; ഇന്ത്യൻ നോവലാണ്‌.

എന്നാൽ ഭാരതീയതയെ തന്നെ റീസൈക്കിൾ ചെയ്ത 'ഖസാക്കിന്റെ ഇതിഹാസ'ത്തെ അനുകരണമെന്ന്‌ ആക്ഷേപിച്ച ജി.എൻ.പണിക്കരും മറ്റും ഇനിയെങ്കിലും ഒരു സത്യം പുറത്തുവിടേണ്ടതുണ്ട്‌. ആരുടെ പ്രേരണയിലാണെങ്കിൽ എന്തുകൊണ്ട്‌ അതിൽ തന്നെ ഉറച്ചുനിൽക്കുന്നുവേന്ന്‌. ഖസാക്ക്‌ പ്രസിദ്ധീകരിച്ച്‌ 25 വർഷം കഴിഞ്ഞാണ്‌ അതിന്‌ ഇംഗ്ലീഷ്‌ തർജമയുണ്ടായത്‌. ഇതിനും നോവലിസ്റ്റിൻ പഴിക്കണോ? ഫിലിപ്പ്‌ റോത്ത്‌ പറഞ്ഞതുപോലെ, കഥയെഴുതിക്കൊണ്ട്‌ ആത്മകഥയും ആത്മകഥയിലൂടെ കഥയുമാണ്‌ വിജയനും പൂർത്തിയാക്കിയത്‌

24 Nov 2013

Happy I am!


Dr.k.g.balakrishnan
==============

On the sea-shore;

I feel;

The waves are singing;

For me, for me alone;

But, are they aware?

I wonder;

As my love it is!

Who does know me?

Never my mind can

Disclose the toning;

Or the cadence or tune;

Yet, I am happy,

For it is the life thrilling!

23 Oct 2013

ഗന്ധങ്ങൾ സംവദിക്കുന്നത്

സുജയ
                                                            
വള്ളത്തോള്‍ക്കവിതകളിലെ സവിശേഷതകളെപ്പറ്റി വിവരിയ്ക്കുമ്പോള്‍

എ.പി.പി. നമ്പൂതിരി ഒരു വാക്കുപയോഗിച്ചിട്ടുണ്ട് – ‘ സര്‍വ്വേന്ദ്രിയ സന്ദര്‍പ്പകത്വം ’ .

വായനക്കാരന്റെ അഞ്ചിന്ദ്രിയങ്ങളേയും സംതൃപ്തമാക്കുന്ന സാഹിത്യത്തിന്റെ

ശ്രേഷ്ഠതയാണിവിടെ വ്യക്തമാക്കുന്നത്. ഇതില്‍ ഒരു പക്ഷേ ഗൃഹാതുരത ഏറ്റവുമധികം

സംവേദ്യമാക്കാന്‍ കഴിയുന്നത് ഗന്ധത്തിനാകും. ഒരു മാത്ര കൊണ്ട് നമ്മെ

ഭൂതകാലത്തിലേയ്ക്കെത്തിച്ച് ഒരു ദീര്‍ഘയാത്ര ചെയ്യിയ്ക്കാന്‍  നാമൊരിയ്ക്കലേറെ

ഇഷ്ടപ്പെട്ട , പിന്നെ മറന്നു പോയ ഗന്ധങ്ങള്‍ക്കാകും. മുണ്ടൂര്‍ സേതുമാധവന്റെ

വയല്പ്പച്ചയുടെ  ഗന്ധം എന്ന കൃതി നിറവേററുന്നതീ കൃത്യമാണ്. പഴമയുടെ

നിറവിന്റേയും വറുതിയുടേയും സ്നേഹത്തിന്റെ ലാഭങ്ങളുടേയും നഷ്ടങ്ങളുടേയുമൊക്കെ

കണക്കുകള്‍ ഈ ഗന്ധം നമ്മുടെ മനസ്സില്‍ കോറിയിടുന്നു , ഒപ്പം ഒരു ഹരിതാഭയും.

കണ്ണീരിന്റെ നനവുള്ള കാലം

    

     വിട്ടുവീഴ്ച്ചകളില്ലാത്ത വിധി കല്പിയ്ക്കുന്ന ശക്തിയാണ് കാലം. നമ്മോടൊപ്പം

സഞ്ചരിയ്ക്കുന്ന , നമ്മള്‍ ശ്രദ്ധിയ്ക്കാത്ത നമ്മുടെ എല്ലാ പ്രവൃത്തികള്‍ക്കും മൂകസാക്ഷി

യായി നില്‍ക്കുന്ന കാലം അത്ഭുതമായി ,ആകസ്മികതയായി, കുററപ്പെടുത്തലായി ,

ഓര്‍മ്മപ്പെടുത്തലായി , ചില നിമിഷങ്ങളില്‍ പൊടുന്നനെ വെളിപാടുകളായി മുന്നില്‍

അവതരിയ്ക്കുന്നു. സമൃദ്ധിയുടെ നിറവില്‍  മതിമറന്നാഹ്ളാദിയ്ക്കുന്നവര്‍  അപ്പുറത്ത് 

വരള്‍ച്ചയുടെ വറുതി കാത്തിരിയ്ക്കുന്നത് പലപ്പോഴും അറിയില്ല.
അദ്ധ്യാപനവും പ്രസംഗ

വുമൊക്കെയായി  തിരക്കിലാഴ്ന്നു നടന്നിരുന്ന നാരായണന്‍ മാഷുടെ കഥയാണ്‌  ‘ മണ്ണോട്ടു

കരയിലേയ്ക്കുള്ള വഴി ’. റിട്ടയര്‍മെന്‍റിന്‍റെ ആഘോഷങ്ങള്‍

നടന്നു കൊണ്ടിരിയ്ക്കെ ഒരു ഫോണ്‍കോള്‍.കഴിഞ്ഞ

വര്‍ഷം വിരമിച്ച സുകുമാരന്‍ മാഷാണ്. മാഷിപ്പോള്‍

മണ്ണോട്ടു കരയിലെ  വൃദ്ധസദനത്തിലാണ്  താമസം. ഒരു

വലിയ ചിരിയോടെ താനും വരുന്നോ എന്നൊരു ചോദ്യ

മെറിഞ്ഞ്  മാഷ്‌ സംസാരമവസാനിപ്പിച്ചു. പതിവുരീതിയി

ലുള്ള പ്രസംഗങ്ങളും ഉപഹാരസമര്‍പ്പണവുമൊക്കെയായി

ചടങ്ങ്  ഭംഗിയായി നടന്നു. വലിയൊരു തറവാട്,  ഭാര്യ

മരിച്ചതോടെ ഒററയ്ക്കുളള ജീവിതം, തിരക്കുകള്‍ക്കിടയി

ലൂടെ കൂടെ വരാന്‍ ക്ഷണിയ്ക്കുന്ന മക്കള്‍ - സഹപ്രവര്‍ത്തകരുടേയും  ശിഷ്യരുടേയും

സ്നേഹത്തിനു നടുവില്‍ നില്‍ക്കുമ്പോള്‍  മാഷുടെ മനസ്സില്‍ ചിന്തകളുണര്‍ന്നു. വീട്ടില്‍

കൊണ്ടുപോയാക്കുക എന്ന ചടങ്ങിന്  ഉത്സാഹത്തോടെ അദ്ധ്യാപകരൊരുങ്ങി കാറില്‍

കയറിയപ്പോള്‍ മാഷ് പറഞ്ഞു – കാറ് മണ്ണോട്ടു കരയിലേയ്ക്ക്  വിടാന്‍.

പ്രാരാബ്ദ്ധങ്ങളെ കുറിച്ച്  വേവലാതിപ്പെടാതെ സംതൃപ്തനായി വിരമിയ്ക്കാന്‍ സാധിച്ച

അദ്ദേഹത്തിനു കാലം കരുതിവെച്ചത്  അതായിരുന്നു.

  കാലം- അനിവാര്യമായ യാത്ര .എല്ലാം തട്ടിപ്പറിച്ച് പ്രായവും അതിന്റെ മോഹങ്ങളുമെല്ലാം

തകര്‍ത്തെറിഞ്ഞ് എല്ലാവരെയും വൃദ്ധരാക്കിക്കൊണ്ടുള്ള യാത്ര. പിടിച്ചു നിര്‍ത്താന്‍

മോഹിച്ചാലും പറ്റാത്ത , നില്‍ക്കാന്‍ കാലത്തിനു മോഹമുണ്ടായാലും നില്‍ക്കാനാകാത്ത

യാത്ര . അവിടെ നാമൊന്നറിയുന്നു. നാം തന്നെയാണ് കാലം. മനുഷ്യനും കാലവും

തമ്മിലുള്ള ഈ അദ്വൈതഭാവം വ്യക്തമാക്കുന്ന കഥയാണ്‌  ‘ 2010 ഉം ഞാനും ’. ചില

സന്ദര്‍ഭങ്ങളില്‍ നമുക്ക് പ്രിയപ്പെട്ട കാലം പിന്‍വിളിയായെത്തും. മനസ്സിന്റെ

ആഴങ്ങളിലേയ്ക്ക് തിരുകി മാറ്റിവെച്ച ഓര്‍മ്മകളിലൂടെ കൈ പിടിച്ചു പിച്ച വെപ്പിയ്ക്കും.

ഗൃഹാതുരത്വമെന്തെന്നു അനുഭവിപ്പിച്ച് പഠിപ്പിയ്ക്കും. ഉപയോഗ്യശൂന്യമായി കിടന്ന

പഴയ തറവാട് വില്‍ക്കാന്‍ ശ്രമിയ്ക്കുന്ന അനുജനോടൊപ്പം വന്ന ജ്യേഷ്ഠന്  ആ

തറവാടിനോടുള്ള ആത്മബന്ധം വിച്ഛേദിയ്ക്കാന്‍ കഴിയുന്നില്ല. തറവാട്

നശിപ്പിയ്ക്കരുതെന്ന അമ്മയുടെ വാക്കുകള്‍ മനസ്സില്‍ മുഴങ്ങിക്കൊണ്ടിരിയ്ക്കേ

പട്ടണത്തില്‍ സ്ഥലവും വീടും സ്വപ്നം കാണുന്ന അനുജന്റെ നിര്‍ബ്ബന്ധത്തിനു വഴങ്ങേണ്ടി

വന്നു. കാലത്തിന്റെ മുന്നോട്ടുള്ള ഒഴുക്കില്‍ ഗതകാലത്തോടുള്ള മമതയെ നിമജ്ജനം

ചെയ്യേണ്ടി വന്നെങ്കിലും ഈ ചൈതന്യം നിറഞ്ഞ പ്രശാന്തത തന്നില്‍ എന്നും

അവശേഷിയ്ക്കും എന്നുറപ്പിച്ചു സ്വയം പറയാന്‍ മാത്രമേ അയാള്‍ക്കായുള്ളൂ.

മനസ്സില്ലാമാനസ്സോടെ സ്വന്തം വേരുകള്‍  വെട്ടിമുറിയ്ക്കുന്നവന്റെ ധര്‍മ്മസങ്കടങ്ങളാണ് 

' തറവാട് ' എന്ന കഥയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.


തിരിച്ചറിവുകള്‍

     സ്വന്തം ജീവിതത്തിലേയ്ക്കുററു നോക്കിക്കൊണ്ട്  ജീവിയ്ക്കുന്ന വ്യക്തിയ്ക്ക്

ആത്മവിശകലനം ചെയ്തുനോക്കിയാല്‍ അറിയാവുന്ന കാര്യമാണ് താന്‍ തന്റെ

സദ്ഗുണങ്ങളെന്ന് വാഴ്ത്തുന്ന സഹതാപവും ബഹുമാനവുമെല്ലാം ബാദ്ധ്യതയുടെ

ഘനമേശാത്തവയാണെന്ന്. അങ്ങനെയൊരു ഭാരത്തെക്കുറിച്ചുള്ള സൂചന കിട്ടുന്ന

നിമിഷം ഇല്ലാതാകുന്ന ക്ഷണികതകളാണവ .കാപട്യത്തിന്റെ വൈകൃതം

പുറത്തറിയാതിരിയ്ക്കാന്‍ ധരിയ്ക്കുന്ന മുഖംമൂടികള്‍. സ്വന്തം തിരിച്ചറിവിലേയ്ക്ക്

ചൂണ്ടുന്ന വിരലുകള്‍. കുട്ടിക്കാലത്ത് തനിയ്ക്ക് വാത്സല്യവും അംഗീകാരവും തന്ന

രാഘവന്‍ മാഷെ ഉദ്യോഗസ്ഥനായി ക്കഴിഞ്ഞിട്ടും ലീവില്‍ ചെല്ലുമ്പോഴെല്ലാം ദാമോദരന്‍

പോയിക്കാണുമായിരുന്നു – ആവശ്യപ്പെടാതെത്തന്നെ. പക്ഷേ ഒന്ന് കാണണമെന്ന് 

മാഷ്‌ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ക്ക്‌ സംശയം തോന്നി. ചെടിപ്പും അത്ഭുതവും തോന്നി.

പണം, വിവാഹപ്രായമെത്തിയ പെണ്മക്കള്‍ ,സഹായം – എന്തായിരിയ്ക്കും മാഷുടെ

ഉന്നമെന്നായിരുന്നു ആശങ്ക. ബാങ്ക് ലോണ്‍ സംഘടിപ്പിയ്ക്കാനുള്ള സഹായമാവശ്യപ്പെട്ട

മാഷുടെ മുന്നില്‍  കുടുംബത്തോടെ ആത്മഹത്യ ചെയ്ത വൈസ് പ്രസിഡന്റിന്റെ കഥ

അവതരിപ്പിച്ചു. അടുത്ത ലീവിന് നാട്ടിലെത്തിയപ്പോള്‍ മാഷെ കാണാന്‍ 

സംശയത്തോടെ ചെന്നു. വഴി മദ്ധ്യേ തന്നെ തിരക്കി വരുന്ന മാഷ്‌! താന്‍ കഴിഞ്ഞ

പ്രാവശ്യം പറഞ്ഞു കൊടുത്ത കഥ ഇഷ്ടമായെന്ന് പറഞ്ഞു ചിരിയ്ക്കുന്ന മാഷ്‌ ! തന്നെ

സ്വാധീനിച്ച വ്യക്തിയെന്ന ഉയരത്തില്‍ പ്രതിഷ്ഠിച്ച മനുഷ്യന്‍ പ്രാരാബ്ദ്ധങ്ങളെക്കുറിച്ച്

സാധാരണക്കാരനായി നിന്ന് സംസാരിച്ചപ്പോള്‍ വളരെ ചെറുതായിപ്പോയി എന്ന്

ചിന്തിയ്ക്കുന്നവന്‍ ഭൌതികതയുടെ കഷ്ടപ്പാടുകള്‍  മുന്നിലെത്തുമ്പോള്‍ ആദര്‍ശങ്ങളുടെ

പൊള്ളത്തരങ്ങള്‍  സ്വയം തിരിച്ചറിയുന്ന കാപട്യക്കാരനാണ്. മുഖംമൂടിയ്ക്കുള്ളിലെ

അഹംബോധത്തിന്റെ പൊളിച്ചെടുത്തു കാണിയ്ക്കലാണ്  ‘ രാഘവന്‍ മാഷ്‌ ’  എന്ന കഥ.

     വിശ്വാസരാഹിത്യം ആത്മാര്‍ത്ഥതയെ കവച്ചുവെച്ചു പുച്ഛച്ചിരിയോടെ മുന്നേറുമ്പോള്‍

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്ക് പ്രസക്തിയേറുന്നു. മുതലാളി കൂലി കൊടുക്കില്ലെന്നുറപ്പിച്ച

പ്പോള്‍ പാവങ്ങള്‍ അവകാശത്തിനു വേണ്ടി സമരത്തിനിറങ്ങി. മുതലാളി പുതിയ

പണിക്കാരെ ഇറക്കി. സമരം രൂക്ഷമായി. പിക്കററിങ്ങും അറസ്ററുമൊക്കെ മുറയ്ക്ക്

നടന്നു. വിശ്രമമെന്യേ പ്രവര്‍ത്തിയ്ക്കാനിറങ്ങിയ നേതാവ് മുതലാളിയും തനിയ്ക്ക്

വിവരങ്ങള്‍ ചോര്‍ത്തിത്തരുന്ന തൊഴിലാളിയും രാത്രിയുടെ മറവില്‍ ഒന്നിച്ചു ചിരിച്ചു

നില്‍ക്കുന്ന കാഴ്ച കണ്ടു സ്തബ്ധനായി – സമരം ആര്‍ക്കു വേണ്ടി ?  ആര്‍ ജയിച്ചു ?ആര്‍ 
തോററു ? ഏതൊരു കാലത്തും ഉത്തമ ലക്ഷ്യത്തോടെ സംഘടിച്ചു നില്‍ക്കുന്ന

വിപ്ലവശക്തികള്‍ക്കിടയില്‍  നമുക്ക് കാണാവുന്നതാണ് ഇരുപുറവും നില്‍ക്കുന്ന

നട്ടെല്ലില്ലാത്ത സ്വാര്‍ത്ഥതല്‍പരരായ  വഞ്ചകരെ. ഈ യാഥാര്‍ത്ഥ്യത്തിന്റെ നിശിതമായ

ആവിഷ്ക്കാരമാണ് ‘ അണികള്‍ ’ എന്ന കഥ. 

     ഈ പൊയ്മുഖങ്ങള്‍ക്കും , കാപട്യങ്ങള്‍ക്കും ,വഞ്ചനകള്‍ക്കുമൊക്കെയപ്പുറം മനുഷ്യത്വം

തീരെയില്ലാതായിട്ടില്ല എന്ന പ്രത്യാശ ജനിപ്പിയ്ക്കുന്ന കഥയാണ്‌ ‘ വഴിപാട് ’ . ആറു

കൊല്ലം കാത്തിരുന്നുണ്ടായ ഉണ്ണി ജനിച്ചയുടന്‍  കരഞ്ഞില്ല എന്ന് കണ്ടു നേര്‍ന്ന

വഴിപാട് – പഴം കൊണ്ട് തുലാഭാരം . രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ചെയ്യാനായില്ല. ഒരു

ദുഃസ്വപ്നമുണര്‍ത്തിയ  പേടി കൊണ്ട് ഉടന്‍ വഴിപാട് ചെയ്യണമെന്നു കരുതി  മാല

പണയം വെച്ചുണ്ടാക്കിയ കാശുമായി ഒരുങ്ങിയിറങ്ങിയപ്പോള്‍  ഭാര്യയ്ക്ക് പ്രസവവേദന

തുടങ്ങിയെന്നു പറഞ്ഞ് പരിഭ്രമിച്ചോടിയെത്തിയ സുഹൃത്ത് . അയാള്‍ക്ക്‌  ആ പണം

കൊടുത്തു. സഹായിയ്ക്കാന്‍ കൂടെ ചെന്നു. അതാണ്‌ ദൈവത്തിനു കൊടുക്കേണ്ട

ശരിയായ വഴിപാടെന്നയാളെ തോന്നിച്ചത്  അയാളിലെ മനുഷ്യത്വമാണ്‌. അന്യന്റെ

സങ്കടം കണ്ടറിയാനും സ്വന്തം കാര്യം മാറ്റിവെച്ച്  അവനെ സഹായിയ്ക്കാനുമുള്ള

സന്നദ്ധത എല്ലാ നന്മകളും തകര്‍ന്നടിഞ്ഞ ഊഷരതയില്‍ ഒട്ടെങ്കിലും കാണാവുന്ന

ആര്‍ദ്രതയാണ്.

ഓര്‍മ്മകള്‍ക്ക് പറയാനുള്ളത്

     ഓര്‍മ്മകള്‍ക്ക് മനസ്സില്‍ കൊണ്ടുവരാനുള്ളത് ഒരു സംഭവമല്ല , സംഭവ പരമ്പരകള്‍ 

തന്നെയായിരിയ്ക്കും. അപ്രിയമുണ്ടാക്കുന്നവയാണെങ്കില്‍  പോലും അവയെ മനസ്സിന്റെ

പടിയിറക്കി വിടാന്‍ മിക്കപ്പോഴും ആര്‍ക്കും കഴിയില്ല.  ഒരു പുതിയ മുറിവ് പോലെ കാല

പ്പഴക്കത്തിലും നീറിക്കൊണ്ടിരിയ്ക്കുന്ന ഓര്‍മ്മകള്‍  മനസ്സൊന്നു വിശ്രമിയ്ക്കുന്ന ഒരു

ഞൊടിയിടയില്‍ പിന്‍വിളിയുമായെത്തുന്ന കഥയാണ്‌  ‘ ദുഃഖത്തിന്‍റെ തീരഭൂമിയില്‍ ’ .

യോഗ്യതക്കുരവ് അപ്രാപ്തനാക്കിയതിനാല്‍  ഒരിയ്ക്കലുപേക്ഷിയ്ക്കേണ്ടിവന്ന കാമുകിയെ

കാലങ്ങള്‍ക്ക് ശേഷം കാണുന്നത് വിധവയും ദരിദ്രയുമായാണ് . കുട്ടിയ്ക്ക്  മരുന്ന്

വാങ്ങാന്‍  അഞ്ചുരൂപ ചോദിച്ചെത്തിയ  അവളെ വീട്ടുജോലിയ്ക്ക്  നിര്‍ത്താമെന്ന്

വേലക്കാരി നിര്‍ദ്ദേശിച്ചുവെങ്കിലും  അയാള്‍ക്ക്‌ സമ്മതിയ്ക്കാനായില്ല. അതവള്‍ക്ക്‌ 

സഹായമാകുമെന്നറിയാമായിരുന്നുവെങ്കിലും ആരുമറിയാത്ത സത്യം തുറന്നു പറയാന്‍ 

കഴിയാത്ത അയാള്‍ക്ക്‌  ഒഴിഞ്ഞു മാറേണ്ടി വന്നു. രൊമ്പതാം ക്ലാസ്സുകാരന്റെ

ആദ്യാനുരാഗം – കൌമാരചാപല്യമെന്നു വിളിയ്ക്കാവുന്ന ആ അനുഭവത്തിന്റെ

ഓര്‍മ്മകളാണ്  ‘ ഓര്‍മ്മയുടെ ചതുരം ’ എന്ന കഥയില്‍ . വര്‍ഷങ്ങള്‍ക്കുശേഷം

ഭാര്യയുമൊത്ത് നാട്ടിലെത്തിയ അയാള്‍ക്ക്‌ അവള്‍ പറയുമ്പോലെ തന്റെ നാടിനെ ഒരു

കാട്ടുമുക്കായി കാണാനായില്ല. മനസ്സില്‍ ഒരു സര്‍ക്കസ്സുകൂടാരവും , രഹസ്യമായി നുഴഞ്ഞു

കയറി താന്‍ കണ്ടിരുന്ന ഒറ്റക്കമ്പിയില്‍ നൃത്തം ചെയ്യുന്ന പെണ്‍കിടാവും , സര്‍ക്കസ്സുകാര്‍

പരിപാടി കഴിഞ്ഞു മറ്റെങ്ങോട്ടോ പോയപ്പോഴുണ്ടായ സങ്കടവും നിരാശയും

ഉയിര്‍ത്തെഴുനേററു. ഇന്നവിടെ വലിയൊരു ബംഗ്ലാവാണ്. അവിടെ എന്തൊക്കെയോ

സര്‍ക്കസ്  നടക്കുന്നുണ്ടെന്ന ദ്വയാര്‍ത്ഥത്തിലുള്ള അഭിപ്രായം കേട്ടപ്പോള്‍

മനസ്സിലുയര്‍ന്നു വന്നിരുന്ന അയഥാര്‍ത്ഥമോഹങ്ങളുടെ ഓര്‍മ്മകള്‍ തകര്‍ന്നു. മനസ്സിന്റെ

അനിയന്ത്രിതമായ യാത്ര സമ്മാനിയ്ക്കുന്ന ഓര്‍മ്മകള്‍ക്ക് പറയാനൊരുപാട്

കാര്യങ്ങളുണ്ട്.     

അദ്ധ്യാപകന്റെ ചാരിതാര്‍ത്ഥ്യം

     ജീവിതത്തില്‍ ഏതു ദുഃഖവും അതെത്ര മനസ്സിനെ മഥിയ്ക്കുന്നതായാലും

തല്ക്കാലത്തേയ്ക്കെങ്കിലുമൊന്നു മാറ്റിവെയ്ക്കാന്‍  മനസ്സ് തയ്യാറാകുന്ന സന്ദര്‍ഭമുണ്ട്‌ -

സ്വന്തം കര്‍ത്തവ്യം യഥാവിധി പാലിയ്ക്കുന്ന അവസരങ്ങള്‍. അത് ശരിയായി ചെയ്യാന്‍

കഴിഞ്ഞു എന്ന സാര്‍ത്ഥകത നല്‍കുന്ന സംതൃപ്തിയുടെ നിമിഷങ്ങള്‍ - തന്റെ

കലിയുഗമെന്ന  നോവല്‍ സിനിമയാകാനൊരുക്കങ്ങള്‍  നടക്കുന്ന കാലം,

നാല്പത്തേഴുദിവസത്തെ എന്‍. ജി. ഒ – അദ്ധ്യാപകസമരത്തിന്റെ കാലം – ഒരേ സമയം

ആഹ്ലാദത്തിന്റേയും അസ്വസ്ഥതയുടേയും ഭാരം പേറി നടന്ന ദിവസങ്ങള്‍.

 സമരമവസാനിച്ചപ്പോള്‍  പരീക്ഷയ്ക്ക് മുമ്പുള്ള കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍

പാഠങ്ങളെടുത്തു തീര്‍ക്കാനുള്ള തിരക്കിലായി. മറ്റെല്ലാം മറന്നു. നഷ്ടപ്പെട്ട ദിവസങ്ങള്‍ 

കൂടുതല്‍ സമയം അദ്ധ്വാനിച്ച് പരിഹരിച്ചപ്പോള്‍  കുട്ടികള്‍ക്ക് കനത്ത വിജയശതമാനം !

സമരം വേണ്ടി വന്നാലും മനസ്സില്‍ ക്ലാസ്സും കുട്ടികളും ഉണ്ടായിരിയ്ക്കണം എന്ന

ഉപദേശമാണ്  ‘ ശങ്കരന്‍കുട്ടി വായിയ്ക്കാന്‍ ’  എന്ന ആത്മകഥാപരമായ ഈ കഥയി

ലൂടെ കഥാകൃത്തിന് മുന്നോട്ടു വെയ്ക്കാനുളളത് .  ‘ മണ്ണോട്ടു കരയിലേയ്ക്കുള്ള വഴി ’

എന്ന കഥയിലും നിറഞ്ഞു നില്‍ക്കുന്നത്   ഒരദ്ധ്യാപകന്റെ ചാരിതാര്‍ത്ഥ്യമാണ് .

കഥാകൃത്തിന്റെ ഉള്ളിലെ അദ്ധ്യാപകന്‍  നേരിട്ടെത്തി പറയും പോലെ പ്രത്യക്ഷാനുഭൂതി

ഉളവാക്കുന്ന കഥകള്‍.

    പതിനഞ്ച്  കഥകളാണീ സമാഹാരത്തില്‍. പുസ്തകത്തിന്റെ ആദ്യപേജില്‍  കഥാകൃത്ത് 

കുറിച്ചിട്ടിരിയ്ക്കുന്നു – ‘ കണ്ണീരിന്റെ നനവുള്ള കാലമേ, നിനക്ക് ’ . മനസ്സില്‍

ഉര്‍വ്വരതയുടെ ഗന്ധം നിറയ്ക്കുന്ന ഭാവവൈവിദ്ധ്യം പൂണ്ട കഥകള്‍  സമര്‍പ്പിയ്ക്കേണ്ടത്

അനാദിയും അക്ഷയവുമായ കാലത്തിനല്ലാതെ മറ്റാര്‍ക്ക്  ? യാന്ത്രികതയുടേയോ

നിരാര്‍ദ്രതയുടേയോ ലാഞ്ഛനയില്ലാത്ത കാവ്യഭംഗിയാര്‍ന്ന ഭാഷ ഉയിര്‍ നല്‍കുന്ന

കഥകള്‍ക്ക്  ആദ്യസാക്ഷ്യം ‘ വയല്‍പ്പച്ചയുടെ ഗന്ധം ’ എന്ന ശീര്‍ഷകം തന്നെ. ഒരു

കഥാസമാഹാരത്തിന്റെ ശീര്‍ഷകം അതിലെ എല്ലാ കഥകളുടേയും അന്തര്‍ഭാവം

സംവഹിയ്ക്കുന്ന കാഴ്ചയാണിവിടെ കാണുന്നത്. പ്രത്യേകിച്ച് ആ പേരിലൊരു കഥ ഈ

കൃതിയില്‍ ഇല്ലെന്നിരിയ്ക്കെ.


വയല്‍പ്പച്ചയുടെ  ഗന്ധം
മുണ്ടൂർ സേതുമാധവൻ
എസ്ചറി ബുക്സ്
ഒറ്റപ്പാലം

22 Sept 2013

എഫ്പിഒ - നൂതന ഹരിത വിപ്ലവത്തിന്റെ രാസത്വരകം


കെ. എസ്‌. സെബാസ്റ്റ്യൻ
അസി. മാർക്കറ്റിംഗ്‌ ഓഫീസർ, നാളികേര വികസന ബോർഡ്‌, കൊച്ചി-11

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത്‌ രാജ്യത്തെ കാർഷികമേഖലയിൽ ഏറ്റവും കൂടുതൽ ആവർത്തിക്കപ്പെടുന്ന പദങ്ങളിലൊന്ന്‌ എഫ്‌.പി.ഒ. ആയിരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. എഫ്പിഒ എന്നത്‌ ഫാർമർ  പ്രോഡ്യൂസർ ഓർഗനൈസേഷൻ എന്നതിന്റെ ചുരുക്കപ്പേരാണ്‌. കാർഷികോൽപന്നങ്ങൾ ഉത്പാദിപ്പിക്കുന്നവരുടെ ഒരു കൂട്ടായ്മയെയാണ്‌ എഫ്പിഒ എന്ന പദംകൊണ്ട്‌ വിവക്ഷിക്കുന്നത്‌. രാജ്യവ്യാപകമായി നിലവിൽ ആയിരക്കണക്കിന്‌ കർഷക കൂട്ടായ്മകൾ രൂപീകരിച്ച്‌ പ്രവർത്തിക്കുന്നുണ്ട്‌. എന്നാൽ എഫ്പിഒയുടെ ശരിയായ നിർവചനമെന്താണെന്നും നിലവിൽ പ്രവർത്തിക്കുന്ന ഈ കർഷക കൂട്ടായ്മകളൊക്കെ എഫ്പിഒ ആയി പരിഗണിക്കാൻ കഴിയുമോയെന്നും അറിയാൻ ഈ രംഗത്ത്‌ പ്രവർത്തിക്കുന്ന എല്ലാവർക്കും ആകാംക്ഷയുണ്ട്‌. അതുപോലെത്തന്നെ കാർഷികമേഖലയിൽ എഫ്പിഒയുടെ പ്രസക്തിയും പ്രാമുഖ്യവും എന്തുകൊണ്ട്‌ എന്ന്‌ ചിന്തിക്കുന്നവരുമുണ്ട്‌.


എന്തുകൊണ്ട്‌ എഫ്പിഒ ?
രാജ്യത്തെ കർഷകരുടെ 84 ശതമാനവും ചെറുകിട, നാമമാത്ര കർഷകരാണ്‌. അവരുടെ എണ്ണം നിലവിൽ 10 കോടിയാണെന്ന്‌ കണക്കാക്കപ്പെടുന്നു. കൃഷിക്ക്‌ ഉപയുക്തമായ ഭൂമിയുടെ 41 ശതമാനത്തിൽ കൃഷിചെയ്യുന്നത്‌ 84 ശതമാനം വരുന്ന ഈ ചെറുകിട, നാമമാത്ര കർഷകരാണ്‌. ചെറുകിട, നാമമാത്ര കർഷകരിൽ 90 ശതമാനത്തിലേറെപ്പേരും മഴയെമാത്രം ആശ്രയിച്ച്‌ കൃഷി ചെയ്യുന്നവരാണ്‌. ജനപ്പെരുപ്പത്താലും മറ്റും കൃഷിഭൂമി ഭാഗിക്കപ്പെടുന്നതിനാൽ നാമമാത്ര കർഷകരുടെ എണ്ണം പ്രതിവർഷം 20 ലക്ഷത്തോളം  വർദ്ധിച്ചുകൊണ്ടിരിക്കുന്നു. രാജ്യത്ത്‌ നടപ്പിലാക്കുന്ന കാർഷിക മേഖലയിലെ വികസന പദ്ധതികളിൽ പലതും ചെറുകിട, നാമമാത്ര കർഷകർക്ക്‌ മതിയായ പ്രാമുഖ്യം നൽകുന്നവ യാണെങ്കിൽക്കൂടി വിവിധ കാരണങ്ങളാൽ ഇത്തരക്കാരുടെ ജീവിത നിലവാരം ഉയർത്താൻ ഈ പദ്ധതികൾക്കൊന്നും സാധിച്ചിട്ടില്ലെന്നതാണ്‌ വാസ്തവം. ശാസ്ത്ര ഗവേഷണ നേട്ടങ്ങളും വിജ്ഞാന വ്യാപന സംവിധാനങ്ങളുമൊന്നും ചെറുകിട, നാമമാത്ര കർഷകന്റെയടുക്കൽ യഥാവിധി എത്തുന്നില്ല. നിലവിൽ 9 ശതമാനം കർഷകർക്ക്‌ മാത്രമേ സർക്കാരിന്റെ വിജ്ഞാനവ്യാപന സംവിധാനത്തിന്റെ പ്രയോജനം ലഭിക്കുന്നുള്ളൂ. 19 ശതമാനം കർഷകർ ഉത്പാദനോപാധികളുടെ വിതരണക്കാരായ സ്വകാര്യസംരംഭങ്ങളെയാണ്‌ തങ്ങളുടെ വിജ്ഞാനാവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്തുന്നത്‌. ഉത്പാദന സംബന്ധമായി കർഷകൻ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുവാനും ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനുമുള്ള ശ്രമങ്ങൾക്ക്‌ യഥാസമയം സഹായം നൽകുവാനുള്ള സംവിധാനം നിലവില്ലെന്നുതന്നെ പറയാം. വിജ്ഞാനവ്യാപനത്തിന്റെ ഈ പോരായ്മ കാർഷിക മേഖലയിലെ ഗവേഷണനേട്ടങ്ങൾ കർഷകരിലെത്തിക്കുവാനോ പ്രയോഗത്തിൽ വരുത്തുവാനോ കഴിയാത്ത സ്ഥിതി സംജാതമാക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും വിപുലമായ കാർഷിക ഗവേഷണ സംവിധാനങ്ങൾ ഇന്ത്യൻ കൗൺസിൽ ഓഫ്‌ അഗ്രികൾച്ചർ റിസർച്ച്‌ എന്ന സ്ഥാപനത്തിലൂടെ നമുക്ക്‌ സ്വന്തമായി ഉണ്ടെന്ന്‌ അഭിമാനിക്കുമ്പോഴും, ഈ സ്ഥാപനത്തിന്റേതായ പല കണ്ടെത്തലുകളും കർഷകർക്ക്‌ പ്രവൃത്തിപഥത്തിലെത്തിക്കുവാൻ കഴിഞ്ഞിട്ടില്ലായെന്നുള്ളത്‌ ദയനീയമായ വസ്തുതയാണ്‌. ഈ സ്ഥാപനത്തിലൂടെ പ്രതിവർഷം ഒരു ലക്ഷം കോടിരൂപ ഗവേഷണങ്ങൾക്കും വിജ്ഞാനവ്യാപനത്തിനുമായി വിനിയോഗിക്കുമ്പോഴും അതിന്റെ ഗുണവശങ്ങൾ ഉത്പാദനക്ഷമതയിലോ ചെറുകിട, നാമമാത്ര കർഷകരുടെ ജീവിത നിലവാരം ഉയർത്തുന്നതിലോ പ്രതിഫലിക്കുന്നില്ലായെന്നുള്ളത്‌ നിഷേധിക്കാനാവില്ല.


രാജ്യത്തെ 47 ശതമാനം ചെറുകിട നാമമാത്ര കർഷകരും തങ്ങളുടെ കാർഷിക ആവശ്യങ്ങൾക്കുള്ള പണം കണ്ടെത്തുവാൻ സ്വകാര്യ പണമിടപാടുകാരെയാണ്‌ ആശ്രയിക്കുന്നത്‌. അംഗീകൃത ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന്‌ വായ്പ ലഭിക്കുന്നത്‌ വെറും 15 ശതമാനം ചെറുകിട, നാമമാത്ര കർഷകർക്ക്‌ മാത്രമേയുള്ളൂ. പതിനൊന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത്‌ കാർഷിക മേഖലയിലുള്ള വായ്പാ വിതരണം വലിയതോതിൽ വർദ്ധിച്ചുവേങ്കിലും ചെറുകിട, നാമമാത്ര കർഷകർക്ക്‌ ഇതിൽ 10 ശതമാനത്തിൽ താഴെ മാത്രമേ ലഭിച്ചുള്ളൂവേന്ന്‌ റിസർവ്വ്വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ കണക്കുകളിൽ നിന്നും വ്യക്തമാകുന്നു.
കാർഷികോൽപന്നങ്ങളുടെ വിപണനത്തിലെ ചൂഷണം ഒഴിവാക്കുവാൻ ഒരു പരിധി വരെ അഗ്രികൾച്ചർ പ്രോഡക്ട്‌ മാർക്കറ്റിംഗ്‌ കമ്മിറ്റി (അജങ്ങഇ) കൾക്ക്‌ കഴിയുന്നുണ്ടെങ്കിലും  (കേരളത്തിൽ എപിഎംസി വിപണികൾ നിലവിൽ വന്നിട്ടില്ല) മതിയായ മത്സരക്ഷമതയില്ലായ്മയും എപിഎംസി മാർക്കറ്റുകളുടെ എണ്ണക്കുറവും മൂലം പലപ്പോഴും ഉൾഗ്രാമങ്ങളിലുള്ള ചെറുകിട, നാമമാത്ര കർഷകർക്ക്‌ ഇത്തരം സംവിധാനങ്ങളുടെ പ്രയോജനം പലപ്പോഴും തന്നെ ലഭിക്കുന്നില്ല. വൻകിട കമ്പനികൾ വൻകിട കർഷകരിൽ നിന്നും ഇടനിലക്കാർ കൂടിയായി പ്രവർത്തിക്കുന്ന ഉൽപന്ന ശേഖകരിൽ നിന്നുമാത്രം ശേഖരിക്കുന്നതിനാൽ ചെറുകിട, നാമമാത്ര കർഷകർ തങ്ങളുടെ ഉൽപന്നങ്ങൾ വിറ്റഴിക്കുവാൻ തന്നെ ബുദ്ധിമുട്ട്‌ നേരിടുന്ന അവസ്ഥയുണ്ട്‌.
രാജ്യത്ത്‌ വളങ്ങളുടെ വിതരണത്തിൽ ഏകദേശം 30 ശതമാനം സഹകരണമേഖലയിലൂടെയാണ്‌ നടക്കുന്നതെങ്കിലും യഥാസമയം വളങ്ങൾ ലഭ്യമാക്കുവാൻ കഴിയാത്തതിനാലും, വിതരണത്തിലെ കാര്യക്ഷമതയില്ലായ്മയും അഴിമതിമൂലവും ഇപ്പോഴും ബഹുഭൂരിപക്ഷം ചെറുകിട, നാമമാത്ര കർഷകർക്കും ഈ സംവിധാനം ഉപയോഗപ്പെടുത്തുവാൻ കഴിയുന്നില്ല.
ആഗോളവത്ക്കരണവും ഉയർന്ന വരുമാനക്കാരുടേയും ഇടത്തരക്കാരുടേയും ഭക്ഷ്യവസ്തുക്കൾക്കായി വിനിയോഗിക്കുന്ന വരുമാനത്തിലുണ്ടായിരിക്കുന്ന വൻ വർദ്ധനവും ബഹുരാഷ്ട്ര വൻകിട സ്ഥാപനങ്ങളെ സംസ്ക്കരിച്ച ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തിലേക്ക്‌ ആകർഷിച്ചിട്ടുണ്ടെങ്കിലും ഇത്തരം സ്ഥാപനങ്ങൾ തങ്ങൾക്ക്‌ ആവശ്യമായ ശേഖരണം വൻകിട, ഇടത്തരം കർഷകരിൽ നിന്നുമായി പലപ്പോഴും പരിമിതപ്പെടുത്തിയതായി കാണാം. മതിയായ അളവിൽ ശേഖരിക്കാൻ ആവശ്യമുള്ളത്ര ഉൽപന്നങ്ങളുടെ അഭാവവും കർഷക കൂട്ടായ്മകൾ പ്രവർത്തനക്ഷമമല്ലാത്തതിനാലും തങ്ങളുടെ ഉൽപന്നങ്ങൾക്ക്‌ കുറച്ചുകൂടി മെച്ചപ്പെട്ട വില ലഭിക്കാനുള്ള എല്ലാ അവസരങ്ങളും ചെറുകിട, നാമമാത്ര കർഷകർക്ക്‌ നിലവിൽ നിഷേധിക്കപ്പെടുകയാണ്‌. കാർഷിക രംഗത്തെ ഗവേഷണ ഫലങ്ങൾ കാലവിളംബം കൂടാതെ കർഷകരിലേക്ക്‌ എത്തിക്കുവാനും കാർഷികാവശ്യത്തിനുള്ള വായ്പകൾ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന്‌ മിതമായ പലിശ നിരക്കിൽ കണ്ടെത്തുന്നതിനും ഗുണമേന്മയുള്ള ഉത്പാദനോപാധികൾ യഥാസമയം എത്തിക്കുന്നതിനും വിപണന സൗകര്യങ്ങൾ വിപുലപ്പെടുത്തി ഉൽപന്നങ്ങളുടെ മൂല്യവർദ്ധനവിനുമെല്ലാം കർഷകരുടെ പ്രത്യേകിച്ച്‌ ചെറുകിട, നാമമാത്ര കർഷകരുടെ കൂട്ടായ്മ അനുപേക്ഷണീയമാകുന്നു.
മേഖലയ്ക്കായുള്ള പദ്ധതികളിലെ വ്യക്ത്യധിഷ്ഠിത സബ്സിഡികൾ ഒഴിവാക്കി ചെറുകിട, നാമമാത്ര കർഷക കൂട്ടായ്മകൾ പ്രോത്സാഹിപ്പിച്ച്‌ സംഘടിത ശ്രമങ്ങളിലൂടെയുള്ള ശാക്തീകരണത്തിലൂടെ മാത്രമേ ചെറുകിട, നാമമാത്ര കർഷരുടെ പട്ടിണി മാറ്റി ജീവിത നിലവാരം ഉയർത്തുവാൻ കഴിയുകയുള്ളുവേന്ന്‌ കാർഷിക മേഖലയിലേക്കുള്ള 12-​‍ാം പഞ്ചവത്സര പദ്ധതികൾ രൂപപ്പെടുത്തുന്നതിലേക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള എല്ലാ വർക്കിംഗ്‌ ഗ്രൂപ്പുകളും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടിരിക്കുന്നത്‌ ശ്രദ്ധേയമാണ്‌.
സഹായകരമായ സാഹചര്യങ്ങൾ
ചെറുകിട, നാമമാത്ര കർഷകരെ ഒരുമിപ്പിച്ചുകൊണ്ടുള്ള എഫ്പിഒകൾ ഉണ്ടാക്കുകയെന്നുള്ളത്‌ പരമപ്രധാനമായ കാര്യമാണ്‌. ഇതൊരു ദൗത്യമായിത്തന്നെ കരുതി രാജ്യവ്യാപകമായി ഇതിനുള്ള തയ്യാറെടുപ്പുകൾ എടുക്കേണ്ടിയിരിക്കുന്നു. ഇത്തരം പ്രസ്ഥാനങ്ങൾക്ക്‌ തങ്ങളുടെ അംഗങ്ങൾക്കും ഗ്രാമവാസികളായ സാധുക്കൾക്കും അവശ്യ വസ്തുക്കളും സേവനങ്ങളും എത്തിക്കുവാനും ദാരിദ്ര്യനിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ കാര്യമായ സംഭാവനകൾ നൽകുവാനും സാധിക്കും. വികസ്വര രാജ്യങ്ങളിൽ വർദ്ധിച്ചുവരുന്ന വാണിജ്യാവസരങ്ങൾ ചെറുകിട, നാമമാത്ര കർഷകർക്ക്‌ നിലവിൽ നിഷേധിക്കപ്പെട്ടിരിക്കുന്ന അവസരത്തിൽ ഇത്തരം പ്രസ്ഥാനങ്ങൾ ശക്തിപ്പെട്ടാൽ ഇക്കൂട്ടർക്ക്‌ അവസരസമത്വം ലഭിക്കും. എന്നാൽ ചെറുകിട, നാമമാത്ര കർഷകരെ യോജിപ്പിക്കാനും ഇത്തരം പ്രസ്ഥാനങ്ങൾ ഉണ്ടാക്കുവാനും രാസത്വരകമായി പ്രവർത്തിക്കുവാനുള്ള സ്ഥാപനങ്ങളുടെ സഹായം ഉണ്ടായേ മതിയാകൂ. ഇത്തരം സ്ഥാപനങ്ങളെ ഈ പ്രവർത്തനങ്ങളിൽ വ്യാപരിപ്പിക്കുവാനും ഏറ്റവും ചുരുങ്ങിയത്‌ മൂന്ന്‌ വർഷമെങ്കിലും കർഷക കൂട്ടായ്മകളുടെ കാര്യശേഷി വർദ്ധിപ്പിക്കാനുള്ള  പരിശീലനങ്ങൾ നൽകുവാനുമുള്ള ഫണ്ട്‌ കണ്ടെത്തേണ്ടിയിരിക്കുന്നു.  കാർഷിക സർവ്വകലാശാലകൾ, സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക്‌ ഇത്തരം പ്രവർത്തനങ്ങളിൽ പരിചയവും നല്ല പ്രവർത്തന പശ്ചാത്തലവുമുണ്ടെങ്കിൽ പരിശീലനപരിപാടിക്കായി പരിഗണിക്കാവുന്നതാണ്‌.
വിവക്ഷിക്കപ്പെടുന്ന രീതിയിലുള്ള കർഷക ഉത്പാദക പ്രസ്ഥാനങ്ങൾ (എഫ്പിഒ) പലപ്പോഴും രൂപപ്പെടുന്നത്‌ ചെറിയ ചെറിയ കർഷകകൂട്ടായ്മകളിലൂടെയായതിനാലും ഇത്തരം ചെറുതും ശക്തവുമായ കൂട്ടായ്മകൾ എഫ്പിഒകളുടെ വിജയത്തിന്‌ അത്യാവശ്യമായതിനാലും വിവിധ പേരുകളിലും രൂപത്തിലുമുള്ള ചെറിയ കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കുവാൻ  പദ്ധതികളുമായി നിരവധി ഏജൻസികൾ മുന്നിട്ടിറങ്ങിയിട്ടുള്ളതിനാലും എഫ്പിഒകൾ രൂപീകരിക്കുവാൻ ഏറ്റവും അനുകൂലമായ സാഹചര്യങ്ങളാണ്‌ ഇപ്പോൾ നിലവിലുള്ളത്‌.
സ്വയം സഹായ സംഘങ്ങളുടെ രൂപീകരണത്തിൽ രാജ്യത്ത്‌ അടുത്ത കാലത്തുണ്ടായ രീതിയിലുള്ള ഒരു മുന്നേറ്റം എഫ്പിഒകളുടെ രൂപീകരണത്തിലും ഉണ്ടാകേണ്ടിയിരിക്കുന്നു. നബാർഡ്‌ പോലെയുള്ള സ്ഥാപനങ്ങളുടെ നിരന്തരമായ പ്രോത്സാഹനത്തിലും പരിശീലനത്തിലും അനുകൂലമായ നയരൂപീകരണം സംജാതമായ സാഹചര്യത്തിലാണ്‌ ഇത്തരത്തിലുള്ള സ്വയം സഹായസംഘങ്ങൾ രാജ്യവ്യാപകമായി രൂപപ്പെടുവാനും പ്രാമുഖ്യം നേടുവാനും കഴിഞ്ഞത്‌.
സേവനദാതാക്കൾ സംസ്ഥാനതലത്തിലും വേണം
എഫ്പിഒകൾക്കും അവയുടെ രൂപീകരണത്തിനായി ഏർപ്പെടുത്തുന്ന സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാരുകൾക്കും സാങ്കേതിക സഹായം, പരിശീലനാവസരങ്ങൾ മുതലായവ നൽകുവാനുള്ള ഏകജാലകസംവിധാനങ്ങൾ സ്ഥാപിക്കേണ്ടത്‌ ആവശ്യമാണ്‌. ഇത്തരം സ്ഥാപനങ്ങൾക്ക്‌ എഫ്പിഒകൾക്ക്‌ സാമ്പത്തിക സഹായം, സാങ്കേതിക സഹായം, വിപണി എന്നിവ കണ്ടെത്തുവാൻ സഹായിക്കുകയും ചെയ്യാവുന്നതാണ്‌.  നല്ല പ്രവർത്തന സ്വാതന്ത്ര്യവും മികവുറ്റ പ്രോഫഷണൽ മാനേജുമന്റുമുള്ള സ്ഥാപനങ്ങളാണ്‌ ഇതിലേക്കായി പരിഗണിക്കപ്പെടേണ്ടത്‌. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്മോൾ ഫാർമേഴ്സ്‌ അഗ്രി ബിസിനസ്‌ കൺസോർഷ്യമെന്ന (ടഎഅഇ)   സ്ഥാപനത്തെ പ്രവർത്തനമികവും പരിചയവും പരിഗണിച്ച്‌ ഇത്തരം സേവനം നൽകുന്നതിലേക്കായി നിയോഗിച്ചിരിക്കുകയാണ.​‍്‌ എന്നാൽ ഇത്രയും ഭാരിച്ച ഉത്തരവാദിത്വം ഒരു ഏജൻസിക്ക്‌ മാത്രമായി തൃപ്തികരമായി ഏറ്റെടുത്ത്‌ നടത്തുവാൻ കഴിയുമെന്ന്‌ തോന്നുന്നില്ല. ആയതിനാൽ സംസ്ഥാനതലത്തിലും ഇത്തരം സേവനങ്ങൾ നൽകാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത്‌ ഉചിതമായിരിക്കും.
സാമ്പത്തിക സ്ഥാപനങ്ങൾ സഹകരിക്കണം
എഫ്പിഒകളുടെ തുടർപ്രവർത്തനങ്ങൾക്കും മൂലധന സ്വരൂപണത്തിനും അനുകൂലമായ നയരൂപീകരണം ഇതോടൊപ്പം ഒരുക്കേണ്ടിയിരിക്കുന്നു. ഭൂരിപക്ഷവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ചെറുകിട, നാമമാത്ര കർഷകർ  അംഗങ്ങളായിട്ടുള്ളതിനാൽ എഫ്പിഒകൾക്ക്‌ മതിയായ ആസ്തികൾ ജാമ്യമായി നൽകുവാൻ കഴിയാത്തതിനാൽ ദീർഘകാല വായ്പയോ പ്രവർത്തന മൂലധനമോ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുവാൻ പ്രയാസം നേരിടും. വായ്പ തരപ്പെട്ടാൽ തന്നെ നിലവിലുള്ള പലിശ നിരക്ക്‌ മൂലം (13 മുതൽ 14 ശതമാനം വരെ) എഫ്പിഒ കൾക്ക്‌ പ്രവർത്തനങ്ങൾ ലാഭകരമായി മുന്നോട്ട്‌ കൊണ്ടുപോകുവാൻ വിഷമം സൃഷ്ടിക്കും. വ്യക്തിഗത കർഷകർക്ക്‌ നിലവിൽ ലഭ്യമാക്കുന്ന പലിശ ഇളവുകൾ എഫ്പിഒകൾക്ക്‌ നിലവിൽ ലഭിക്കില്ല. നിലവിലുള്ള നിയമമനുസരിച്ച്‌ എഫ്പിഒകളിൽ അംഗങ്ങളല്ലാത്തവർക്ക്‌ ഷെയറുകൾ നൽകുവാനോ വ്യക്തികളിൽ നിന്നോ ബാങ്കിങ്ങേതര സ്ഥാപനങ്ങളിൽ നിന്നോ വായ്പയെടുക്കുന്നതും അനുവദനീയമല്ല. ചുരുക്കത്തിൽ എഫ്പിഒകൾക്ക്‌ ആവശ്യമായ വായ്പ ലഭിക്കുവാനുള്ള അവസരങ്ങൾ തുലോം പരിമിതമാണ്‌. എഫ്പിഒകളുടെ രൂപീകരണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമായ മദ്ധ്യപ്രദേശിൽ സംസ്ഥാന സർക്കാർ ആ സംസ്ഥാനത്ത്‌ രൂപീകരിച്ചിരിക്കുന്ന എഫ്പിഒകൾക്ക്‌ തുടക്കസഹായമായി 25 ലക്ഷം രൂപയും അടിസ്ഥാന സൗകര്യങ്ങളായ ഭൂമി, യന്ത്രസാമഗ്രികൾ, സംഭരണശാലകൾ തുടങ്ങിയവയെല്ലാം സൗജന്യനിരക്കിൽ നൽകി ഒരു മാതൃക കാണിച്ചിരിക്കുകയാണ്‌.
എഫ്പിഒകൾക്ക്‌ നയപരമായ സാഹചര്യങ്ങൾ ഒരുക്കുന്നതിന്‌ നിരവധി ശുപാർശകൾ ദേശീയ ഉപദേശക സമിതി രൂപീകരിച്ച വർക്കിംഗ്‌ ഗ്രൂപ്പ്‌ നിൽകിയിരിക്കുന്നത്‌ ഇത്തരുണത്തിൽ ശ്രദ്ധേയമാണ്‌.
വർക്കിംഗ്‌ ഗ്രൂപ്പിന്റെ ശ്രദ്ധേയമായ  നിർദ്ദേശങ്ങൾ
1.    അംഗങ്ങൾ വഴി ശേഖരിക്കുന്ന മൂലധനത്തിന്‌ തുല്യമായി പരമാവധി 10 ലക്ഷം രൂപവരെ സഹായധനമായി അനുവദിക്കുക.  നിലവിലുള്ളതോ പുതുതായി ആരംഭിക്കുന്നതോ ആയ കേന്ദ്ര കൃഷി മന്ത്രാലയത്തിന്റേയോ, ഗ്രാമ വികസന വകുപ്പിന്റേയോ പദ്ധതികളിൽപ്പെടുത്തി ഈ സഹായം നൽകാവുന്നതാണ്‌.
2.    മുൻഗണന വായ്പ മേഖലകൾക്കായുള്ള വ്യവസ്ഥകളിൽ മാറ്റം വരുത്തി എഫ്പിഒകളുടെ 25 ലക്ഷം രൂപവരെയുള്ള വായ്പകൾക്ക്‌ നിലവിലുള്ള ജാമ്യ വ്യവസ്ഥകൾ ഉപേക്ഷിക്കുക. നിലവിൽ സ്വയം സഹായസംഘങ്ങൾക്ക്‌ 5 ലക്ഷം രൂപ വരെ ജാമ്യ വ്യവസ്ഥകൾ കൂടാതെ വായ്പയായി ലഭിക്കുന്ന സാഹചര്യത്തിൽ സ്വയംസഹായ സംഘങ്ങളുടെ ഫെഡറേഷനുകളായോ അവയ്ക്ക്‌ തത്തുല്യമായോ പ്രവർത്തിക്കുന്ന എഫ്പിഒകൾക്ക്‌ ജാമ്യവ്യവസ്ഥയിൽ മതിയായ ഇളവുകൾക്ക്‌ തികച്ചും അർഹതയുണ്ട്‌.
3.    പണയവസ്തുക്കളുടെ പിൻബലത്തിൽ ലോൺ നൽകുന്നതിന്‌ പകരം പദ്ധതിയുടെ സാമ്പത്തികക്ഷമത വിലയിരുത്തി ലോൺ നൽകുന്ന രീതിയിലേക്ക്‌ ലോകമൊന്നാകെ നീങ്ങുന്ന സാഹചര്യമാണ്‌ ഉരുത്തിരിഞ്ഞുവരുന്നത്‌. ചെറുകിട, നാമമാത്ര, ഇടത്തര വ്യവസായ സംരംഭങ്ങൾക്ക്‌ നിലവിൽ ജാമ്യവ്യവസ്ഥകളില്ലാതെ തന്നെ ഒരു കോടി രൂപവരെ വായ്പ നൽകുന്ന ബാങ്കുകൾക്കായി ക്രെഡിറ്റ്‌ ഗ്രാരന്റി ഫണ്ട്‌ ട്രസ്റ്റ്‌ ഫോർ മൈക്രോ ആന്റ്‌ സ്മോൾ എന്റർപ്രൈസസ്‌ (സിജിടിഎംഎസ്‌ഇ) എന്ന ഫണ്ട്‌ നിലവിലുണ്ട്‌. ഈ ഫണ്ടിന്റെ പരിധിയിലേക്ക്‌ എഫ്പിഒകളെ ഉൾപ്പെടുത്തുകയോ, പുതുതായി എഫ്പിഒകൾക്കായി ഈ മാതൃകയിലുള്ള ഒരു ഫണ്ട്‌ ആരംഭിക്കുന്ന കാര്യമോ സർക്കാർ ഗൗരവമായി പരിഗണിക്കണം.
4.    ജാമ്യ വ്യവസ്ഥകളിൽ ഇളവ്‌ വരുത്തിക്കൊണ്ട്‌ വ്യവസായ സംരംഭങ്ങൾക്ക്‌ ഒരു കോടി രൂപവരെ വേഞ്ച്വർ ക്യാപ്പിറ്റൽ സഹായം നൽകണം. നിലവിൽ എസ്‌എഫ്‌ഏശിക്ക്‌ ഈ രീതിയിലുള്ള സഹായ പദ്ധതിയുണ്ടെങ്കിലും, വലിയ പദ്ധതികൾക്ക്‌ അനുയോജ്യമായി രൂപപ്പെടുത്തിയതിനാലും, പദ്ധതി സഹായം ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും എടുക്കുന്ന വായ്പയുമായി ബന്ധപ്പെടുത്തിമാത്രം നൽകുന്നതിനാലും ഇത്‌ എഫ്പിഒകൾക്ക്‌ ഗുണമാകാനിടയില്ല. എഫ്പിഒകൾക്ക്‌ കൂടി ഗുണകരമാകുന്ന ഒരു വേഞ്ച്വർ ക്യാപ്പിറ്റൽ സഹായ പദ്ധതി എസ്‌എഫ്‌ഏശി രൂപകൽപ്പന ചെയ്യേണ്ടതാകുന്നു.
5.    മുൻഗണനാ മേഖലയിൽപ്പെടുത്തി വ്യക്തിഗത കർഷകർക്ക്‌ പലിശയിളവോടെ വായ്പ നൽകുന്ന മാതൃകയിൽ എഫ്പിഒകൾക്ക്‌ പലിശയിളവോട്‌ കൂടി വായ്പ നൽകണം. തുടക്കത്തിൽ കുറഞ്ഞത്‌ 5 വർഷമെങ്കിലും വാണിജ്യാടിസ്ഥാനത്തിലുള്ള ഉയർന്ന പലിശ എഫ്പിഒകളിൽ നിന്നും ഈടാക്കരുത്‌.
6.    എഫ്പിഒകൾക്ക്‌ സഹകരണ സ്ഥാപനങ്ങൾ, സ്റ്റേറ്റ്‌ ഫിനാൻസ്‌ കോർപ്പറേഷൻ, എൻസിഡിസി (ചഇഉഇ), തത്തുല്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ ലഭിക്കുവാൻ അർഹതയുണ്ടായിരിക്കേണ്ടതാണ്‌.
7.    വെയർഹൗസ്‌ രശീതിയുടെ അടിസ്ഥാനത്തിൽ ലോൺ എടുക്കുവാൻ എഫ്പിഒകളെ നിലവിലുള്ള നിയമത്തിൽ മതിയായ ഭേദഗതി വരുത്തി അനുവദിക്കുക
8.    വാണിജ്യാവശ്യങ്ങൾക്ക്‌ പുറമേ നിന്നുമുള്ള വായ്പകൾ സ്വീകരിക്കുവാൻ നിലവിൽ എഫ്പിഒകൾക്ക്‌ അനുവാദമില്ല. 10 മില്ല്യൺ അമേരിക്കൻ ഡോളറിന്‌ തുള്ള്യമായ തുക പുറമേ നിന്ന്‌ വായ്പ സ്വീകരിക്കുവാൻ മൈക്രോ ഫൈനാൻസിങ്ങിൽ ഏർപ്പെട്ടിരിക്കുന്ന ബാങ്കിങ്ങേതര സ്ഥാപനങ്ങളേയും സർക്കാരേതര സ്ഥാപനങ്ങളേയും ഈ അടുത്ത കാലത്ത്‌ അനുവദിച്ച സാഹചര്യത്തിൽ ഇത്തരം സൗകര്യങ്ങൾ എഫ്പിഒകൾക്ക്‌ കൂടി അനുവദിക്കേണ്ടതാണ്‌.
9.    സഹകരണ സ്ഥാപനങ്ങൾക്ക്‌ അനുവദനീയമായ എല്ലാവിധ നികുതിയിളവുകളും എഫ്പിഒകൾക്കും അനുവദിക്കുക.
10.    എഫ്പിഒകൾക്ക്‌ സംഭരണകേന്ദ്രം, സംസ്ക്കരണ യൂണിറ്റുകൾ, കാർഷികോപകരണങ്ങളുടെ ശേഖരണം, ശീതികരണം, ഗുണനിലവാര പരിശോധന തുടങ്ങിയവയ്ക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ ആർകെവിവൈ, ഐഡബ്ല്യൂആർഎം, എംജിഎൻആർഇജിഎ , എൻആർഎൽഎം, എൻഎച്ച്‌എം , എൻഎഫ്‌എസ്‌എം മുതലായ പദ്ധതികളിൽപ്പെടുത്തി നൽകുക.
11.    പ്രോഡ്യൂസർ കമ്പനി ആക്ട്‌ അനുസരിച്ച്‌ രജിസ്റ്റർ ചെയ്ത്‌ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ സഹകരണ സ്ഥാപനങ്ങൾക്ക്‌ തുള്ള്യമായിക്കണ്ട്‌ സഹകരണ സ്ഥാപനങ്ങൾക്ക്‌ അനുവദനീയമായ എല്ലാ സൗജന്യങ്ങളും ഇളവുകളും അനുവദിക്കുക.
12.    ദേശീയ തലത്തിൽ ഒരു ഏജൻസി സ്ഥാപിച്ച്‌ എഫ്പിഒകളിലെ അംഗങ്ങളുടെ വിളകൾക്കും ജീവനും ഗ്രൂപ്പ്‌ ഇൻഷൂറൻസ്‌ പരിരക്ഷ നൽകുക.
13.    എഫ്പിഒകളെ ഗുണനിലവാരമുള്ള വിത്തുകളുടേയും തൈകളുടേയും മറ്റ്‌ നടീൽ വസ്തുക്കളുടേയും അംഗീകൃത വിതരണക്കാരായി അംഗീകരിക്കുകയും ഇവയുടെ ഉത്പാദനത്തിനും വിതരണത്തിനും സഹായം നൽകുകയും ചെയ്യുക.
14.    നാഷണൽ സീഡ്സ്‌ കോർപ്പറേഷൻ, സ്റ്റേറ്റ്‌ സീഡ്‌ ഫാംസ്‌ കോർപ്പറേഷൻ ഓഫ്‌ ഇന്ത്യ പോലെയുള്ള സ്ഥാപനങ്ങൾ തങ്ങൾ ശേഖരിക്കുന്ന വിത്തുകളുടേയും തൈകളുടേയും ഒരു നിശ്ചിത ശതമാനം എഫ്പിഒകളിൽ നിന്ന്‌ ശേഖരിക്കാൻ നടപടിയെടുക്കുക.
15.    ആർകെവിവൈ ,എൻഎഫ്‌എസ്‌എം , ആത്മ  പോലെയുള്ള കാർഷിക മേഖലയിലെ വികസന പദ്ധതികൾ നടപ്പാക്കുവാനുള്ള ഏജൻസികളായി എഫ്പിഒകളെ പരിഗണിക്കുക.
എഫ്പിഒ - വർക്കിംഗ്‌ ഗ്രൂപ്പ്‌ നിർവചനത്തിൽ
1.    വാണിജ്യപ്രവർത്തനങ്ങൾ നടത്താനോ ലാഭം ഉണ്ടാക്കി അംഗങ്ങൾക്കിടയിൽ വിതരണം ചെയ്യുവാനോ നിയമപരമായി അനുവദനീയമല്ലാത്തതിനാൽ ചാരിറ്റബിൾ സോസൈറ്റീസ്‌ ആക്ട്‌, ട്രസ്റ്റ്‌, കമ്പനി ആക്ട്‌ സെക്ഷൻ 25 എന്നിവപ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്ന സ്ഥാപനങ്ങളെ എഫ്പിഒകളായി പരിഗണിക്കരുത്‌.
2.    പ്രൈമറി അഗ്രികൾച്ചർ കോ ഓപ്പറേറ്റീവ്‌ സോസൈറ്റികളെ (പിഏശിഎസ്‌  - പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ) താഴെപ്പറയുന്ന കാരണങ്ങളാൽ എഫ്പിഒകളായി പരിഗണിക്കേണ്ടതില്ല.
    എ) പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളിലെ അംഗങ്ങൾ കൂടുതലും ഇടത്തരം, വൻകിട കർഷകരാണ്‌. രാജ്യത്തെ കർഷകരിൽ 83 ശതമാനവും ചെറുകിട, നാമമാത്ര കർഷകർ ആണെങ്കിൽക്കൂടി ഇത്തരം സംഘങ്ങളിലെ അവരുടെ അംഗത്വം രാജ്യവ്യാപകമായി പരിഗണിക്കുമ്പോൾ 6 മുതൽ 20 ശതമാനം വരെ മാത്രമാണ്‌.
    ബി) സ്വന്തമായി ഭൂമിയുള്ളവർക്ക്‌ മാത്രമേ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളിൽ അംഗത്വം എടുക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ പാട്ടത്തിനെടുത്ത സ്ഥലങ്ങളിൽ കൃഷിചെയ്യുന്ന കർഷകർക്ക്‌ എഫ്പിഒകളിൽ അംഗമാകാവുന്നതാണ്‌.
    സി) ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഫെഡറേറ്റ്‌ ചെയ്യപ്പെട്ടിട്ടുള്ള ഒരു സംവിധാനത്തിന്റെ ഭാഗം കൂടിയായതിനാൽ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക്‌ പൂർണ്ണമായി പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടാകില്ല. ഈ ഫെഡറൽ സംവിധാനങ്ങൾ എല്ലാം തന്നെ സംഘടിത രാഷ്ട്രീയ പാർട്ടികളുടെ നിയന്ത്രണത്തിലുമാണ്‌. അംഗങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുവാനുള്ള പദ്ധതികൾ നടപ്പിലാക്കാനോ ക്രിയാത്മക ഇടപെടലുകൾ നടത്താനോ ഉള്ള പൂർണ്ണ സ്വാതന്ത്ര്യം ഇത്തരം സംഘങ്ങൾക്ക്‌ ഇല്ല. അംഗങ്ങളുടെ ഉൽപന്നങ്ങൾക്ക്‌ ഉയർന്ന മൂല്യം ലഭിക്കുക എന്ന മുഖ്യഉദ്ദേശ്യത്തിലായിരിക്കണമെന്നില്ല ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്‌.
4) എഫ്പിഒ കൾ പൂർണ്ണമായ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കുന്ന സംവിധാനങ്ങളായിരിക്കും. തങ്ങളുടെ അംഗങ്ങളുടെ ആവശ്യങ്ങളും ആശങ്കകളും പരിപൂർണ്ണമായി  പ്രതിഫലിപ്പിക്കുവാനുള്ള സംവിധാനങ്ങളായിരിക്കും എഫ്പിഒകൾ.
5)    അംഗങ്ങളുടെ ഉൽപന്നങ്ങൾ സ്വരൂപിക്കാനും മൂല്യവർദ്ധനവ്‌ നൽകാനും വിപണന സൗകര്യങ്ങൾ ഒരുക്കുവാനുമുള്ള പ്രാഥമിക ഉദ്ദേശ്യത്തോടുകൂടി സ്ഥാപിതമായിട്ടുള്ള എഫ്പിഒകൾക്ക്‌ പ്രാഥമിക കാർഷിക സംഘങ്ങളേക്കാൾ കാര്യക്ഷമമായി ഈ മേഖലകളിൽ പ്രവർത്തിക്കുവാൻ സാധിക്കും.
ഇക്കാരണങ്ങളാൽ സംസ്ഥാന, കേന്ദ്ര സഹകരണ നിയമപ്രകാരമോ ഉത്പാദക കമ്പനി നിയമപ്രകാരമോ രജിസ്റ്റർ ചെയ്തിട്ടുള്ള, പ്രാഥമിക ഉത്പാദകരോ അവരുടെ സ്ഥാപനങ്ങളോ അംഗങ്ങളായ സംവിധാനത്തെ എഫ്പിഒ ആയി നിർവചിക്കുന്നതാണ്‌ ഉചിതമെന്ന അഭിപ്രായത്തിലാണ്‌ വർക്കിംഗ്‌ ഗ്രൂപ്പെത്തിയിരിക്കുന്നത്‌.
എന്നാൽ ചെറുകിട, നാമമാത്ര കർഷകരുടെ കൂട്ടായ്മകൾ രൂപപ്പെടുത്തുവാനും ശാക്തീകരണത്തിനുമായി പ്രവർത്തിച്ചുവരുന്ന പല സംഘടനകളും വർക്കിംഗ്‌ ഗ്രൂപ്പിന്റെ ഈ ശുപാർശയോട്‌ പൂർണ്ണമായി യോജിച്ചിട്ടില്ല. ഏത്‌ ചട്ടപ്രകാരം രജിസ്റ്റർ ചെയ്തതെന്നതിലുപരി പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ യോഗ്യരായ കർഷക കൂട്ടായ്മകളെ എഫ്പിഒകളായി പരിഗണിക്കപ്പെടണമെന്ന അഭിപ്രായവും സജീവമായി നിലവിലുണ്ട്‌. എന്നാൽ വർക്കിംഗ്‌ കമ്മറ്റി വിവക്ഷിക്കുന്ന രീതിയിലുള്ള ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത്‌ നടത്തുവാൻ ശക്തവും പഴുതുകളില്ലാത്തതുമായ ചട്ടക്കൂടിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കേ കഴിയൂ എന്നത്‌ പരമാർത്ഥമാണ്‌.
12-​‍ാം പഞ്ചവത്സര പദ്ധതി ലക്ഷ്യം
എഫ്പിഒകളുടെ രൂപീകരണം രാജ്യവ്യാപകമായി ദ്രുതഗതിയിലാക്കുവാനും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുവാനുമുള്ള ശ്രമങ്ങൾ ബന്ധപ്പെട്ട ഏജൻസികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും പല സംസ്ഥാനങ്ങളിലും ഇത്തരം പ്രവർത്തനങ്ങൾ പ്രതീക്ഷിച്ച ഗതിവേഗം ആർജ്ജിച്ചിട്ടില്ലെന്നുള്ളത്‌ വസ്തുതയാണ്‌.  കേന്ദ്ര-സംസ്ഥാന കൃഷി വകുപ്പുകളും ഗ്രാമവികസന വകുപ്പും കാർഷിക മേഖലയിൽ നടപ്പിലാക്കുന്ന നിലവിലുള്ളതും പുതുതായി ആവിഷ്ക്കരിച്ചിട്ടുള്ളതുമായ എല്ലാ പദ്ധതികളിലും എഫ്പിഒ രൂപീകരണത്തിനായുള്ള തുക വകയിരുത്തണമെന്ന്‌ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും പാലിക്കപ്പെട്ടിട്ടില്ല എന്നുള്ളത്‌ നിരാശാജനകമാണ്‌. എന്നാൽ സമയം അതിക്രമിച്ചിട്ടില്ലെന്നും ഇനിയും നിർദ്ദേശം നടപ്പിലാക്കാമെന്നുള്ളതും പ്രത്യാശയ്ക്ക്‌ വക നൽകുന്നു.
12-​‍ാം പഞ്ചവത്സര പദ്ധതിക്കാലത്ത്‌  രാജ്യത്തെ 10 കോടി വരുന്ന ചെറുകിട, നാമമാത്ര കർഷകരിൽ 1 കോടി കർഷകരെ എഫ്പിഒകളുടെ കുടക്കീഴിൽ കൊണ്ടുവരാൻ കഴിയുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. അടുത്ത അഞ്ച്‌ വർഷം  പ്രതിവർഷം 720 കോടി രൂപ എന്ന തോതിൽ ഇതിലേക്കായി വിനിയോഗിക്കപ്പെടേണ്ടി വരുമെന്ന്‌ പ്രതീക്ഷിക്കുന്നു.  ഈ തുക കൃഷി ഗ്രാമ വികസന മന്ത്രാലയങ്ങളുടെ 12-​‍ാം പഞ്ചവത്സരപദ്ധതിയിലെ വാർഷിക ബഡ്ജറ്റായ 1,30,000 കോടി രൂപയുടെ 0.55 ശതമാനത്തിന്‌ തുള്ള്യമേ ആകുന്നുള്ളൂ.
എഫ്പിഒകൾക്ക്‌ കേന്ദ്രസഹായം
താഴെപ്പറയുന്ന രീതിയിൽ എഫ്പിഒകളെ സഹായിക്കുവാനാണ്‌ കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്‌.
1.    കേന്ദ്രകൃഷിമന്ത്രാലയം എഫ്പിഒകളുടെ രൂപീകരണത്തിനും വളർച്ചയ്ക്കുമുള്ള നോഡൽ ഏജൻസിയായി പ്രവർത്തിക്കും.
2.    എഫ്പിഒകൾക്ക്‌ സാങ്കേതിക സഹായം, പരിശീലന  ആവശ്യങ്ങൾ, ശാസ്ത്ര ഗവേഷണ അറിവുകൾ, മുതൽ മുടക്കിനുള്ള സാമ്പത്തിക സ്രോതസ്സ്‌, വിപണി കണ്ടെത്തൽ എന്നിവയ്ക്കായി സമീപിക്കാവുന്ന ഏകജാലക സംവിധാനമായി എസ്‌എഫ്‌ഏശി  പ്രവർത്തിക്കും.
3.    പൊതുമേഖലയിലേയും സ്വകാര്യമേഖലയിലേയും ഉത്പാദനോപാധികളുടെ വിതരണക്കാർ, സാങ്കേതികവിദ്യയുടെ കൈവശക്കാർ, വിജ്ഞാനവ്യാപന പ്രവർത്തകർ, സംസ്ക്കരണ വിപണന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവർ എന്നിവരുമായി സ്ഥായിയായ ബന്ധം സ്ഥാപിക്കുവാൻ ടഎഅഇ എഫ്പിഒകളെ സജ്ജരാക്കും.
4.    നാഷണൽ കോ ഓപ്പറേറ്റീവ്‌ ഡവലപ്‌മന്റ്‌ കോർപ്പറേഷന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളാകുവാൻ സഹകരണ സ്ഥാപനങ്ങളോടൊപ്പം എഫ്പിഒകളേയും അനുവദിക്കും.
5.    നാഫെഡ്‌ നടത്തുന്ന താങ്ങുവില സംഭരണത്തിനുള്ള അംഗീകൃത ഏജൻസികളായി പ്രവർത്തിക്കാൻ എഫ്പിഒകളെ അനുവദിക്കും.
6.    ഫുഡ്‌ കോർപ്പറേഷൻ ഓഫ്‌ ഇന്ത്യ (എഫ്സിഐ) നടത്തുന്ന താങ്ങുവില സംഭരണങ്ങളിൽ പങ്കെടുപ്പിക്കാവുന്ന ഏജൻസികളായി എഫ്പിഒകളെ മാറ്റുവാൻ ശ്രമിക്കും.
7.    കേന്ദ്ര കൃഷിമന്ത്രാലയം ടഎഅഇ യുമായി ചേർന്ന്‌, നബാർഡിൽ നിന്നും മറ്റ്‌ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഹ്രസ്വ-ദീർഘകാല വായ്പകളും പ്രവർത്തന മൂലധനവും എഫ്പിഒകൾക്ക്‌ ലഭ്യമാക്കും. എഫ്പിഒയിലെ എല്ലാ അംഗങ്ങളേയും ബാങ്കിംഗ്‌ സേവന പരിധിയിൽ ഉൾപ്പെടുത്തുകയും കിസാൻ ക്രെഡിറ്റ്‌ കാർഡ്‌ തരപ്പെടുത്തി കൊടുക്കുകയും ചെയ്യും.
8.    കമ്പനി മന്ത്രാലയവുമായി ചേർന്ന്‌ എഫ്പിഒകളുടെ രജിസ്ട്രേഷൻ നടപടികൾ ലഘൂകരിക്കാൻ ശ്രമിക്കും.
ആവശ്യപ്പെട്ടിരിക്കുന്ന സംസ്ഥാന സർക്കാർ സഹായം
വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെ സംസ്ഥാന സർക്കാരുകളുടെ എഫ്പിഒ രൂപീകരണ ശ്രമങ്ങളെ സഹായിക്കുന്നതിനൊപ്പം, താഴെപ്പറയുന്ന നടപടിക്രമങ്ങളിലൂടെ എഫ്പിഒകൾക്ക്‌ കൂടുതൽ പ്രോത്സാഹനം നൽകണമെന്ന്‌ സംസ്ഥാന സർക്കാരുകളോട്‌ കേന്ദ്രസർക്കാർ ശുപാർശ ചെയ്തിരിക്കുകയാണ്‌.
1.    എഫ്പിഒകളെ സഹകരണ സ്ഥാപനങ്ങൾക്ക്‌ സമാന സ്ഥാപനമായി കണക്കാക്കി തത്തുല്യ പരിഗണ നൽകണം.
2.    വളവും, കീടനാശിനികളും, വിത്തും കാർഷികോപകരണങ്ങളും സംഭരിക്കുവാനും വിപണനം ചെയ്യുവാനുമുള്ള ലൈസൻസ്‌ നടപടിക്രമങ്ങൾ ലഘൂകരിച്ച്‌ എഫ്പിഒകൾക്ക്‌ നൽകുക.
3.    ഉത്പാദനത്തിനും വിപണനത്തിനും സഹകരണ സ്ഥാപനങ്ങൾക്ക്‌ നൽകുന്നതിന്‌ തുല്യമായ സഹായം നൽകി എഫ്പിഒകളെ വിത്തുകളുടേയും തൈകളുടേയും മറ്റ്‌ നടീൽ വസ്തുക്കളുടേയും അംഗീകൃത ഉത്പാദകരായി മാറ്റുക.
4.    വിവിധ കാർഷിക പദ്ധതികളുടെ പ്രത്യേകിച്ച്‌ ആർകെവിവൈ, എൻഎഫ്‌എസ്‌എം , ആത്മ  എന്നിവയുടെ നടത്തിപ്പുകാരായി എഫ്പിഒകളെ നിയോഗിക്കുക.
5.    എഫ്പിഒകളെ സഹകരണ ബാങ്കുകൾ, സ്റ്റേറ്റ്‌ ഫിനാൻഷ്യൽ കോർപ്പറേഷൻ പോലുള്ള സാമ്പത്തിക സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി ആവശ്യമായ പ്രവർത്തന മൂലധനവും മറ്റ്‌ വായ്പാവശ്യങ്ങളും നേടിയെടുക്കുവാൻ സഹായിക്കുക.
6.    പ്രവർത്തനക്ഷമവും സ്വന്തംകാലിൽ നിൽക്കുന്നതുമായ പ്രസ്ഥാനങ്ങളായി എഫ്പിഒകളെ മാറ്റുവാൻ ഉതകുന്ന രീതിയിലുള്ള നയരൂപീകരണം സംസ്ഥാന തലത്തിൽ എടുക്കുക.
കേന്ദ്ര സംസ്ഥാന സർക്കാരുകളും ടഎഅഇയും കാർഷിക മേഖലയുടെ വികസനത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന വിവിധ ഏജൻസികളും ഒത്തൊരുമിച്ച്‌ പ്രവർത്തിച്ചാൽ 12 -​‍ാം പഞ്ചവത്സര പദ്ധതിക്കാലത്ത്‌ തന്നെ രാജ്യത്തെ 1 കോടി ചെറുകിട, നാമമാത്ര കർഷകരെ എഫ്പിഒകളിലൂടെ സംഘടിപ്പിച്ച്‌ അവരുടെ വരുമാനം വർദ്ധിപ്പിച്ച്‌ ജീവിതനിലവാരം ഉയർത്തുവാൻ കഴിയുമെന്നുള്ളത്‌ നിസ്തർക്കമാണ്‌.
ഇന്ത്യൻ കാർഷിക മേഖലയുടെ ശിരോലിഖിതം മാറ്റിയെഴുതുവാനും നൂതന ഹരിത വിപ്ലവത്തിനും സാദ്ധ്യമായ ശക്തമായ സംവിധാനമായി, രാജ്യത്തെ ഗ്രാമീണ സമ്പട്‌ വ്യവസ്ഥയുടെ കുതിച്ചുചാട്ടത്തിനുള്ള രാസത്വരകമായി എഫ്പിഒകൾ മാറുമെന്ന്‌ തന്നെ പ്രതീക്ഷിക്കാം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...