Showing posts with label r sreelathavarma. Show all posts
Showing posts with label r sreelathavarma. Show all posts

27 Apr 2013

അക്ഷരരേഖ


            ആർ.ശ്രീലതാവർമ്മ

പാർക്കാൻ ഒരിടം
   സുരക്ഷിതമായി ജീവിക്കാൻ കഴിയുന്ന ഇടം എന്നതാണ് വീടിനെ കുറിക്കുന്ന അടിസ്ഥാന സങ്കല്പനം. പ്രകൃതിശക്തികളിൽനിന്നും ഹിംസ്രമൃഗങ്ങളിൽ നിന്നും രക്ഷനേടാനായി പ്രാചീനമനുഷ്യൻ ഉണ്ടാക്കിയെടുത്ത ആദ്യത്തെ പാർപ്പിടത്തിന്റെ ഘടന എന്തായിരുന്നിരിക്കും?നമ്മുടെ സങ്കല്പസീമകൾക്ക് അപ്പുറമാണത്.കാരണം,ഇന്ന് നമ്മുടെ സങ്കല്പങ്ങളിൽ തലയുയർത്തി നിൽക്കുന്നത് പ്രൗഢിയുടെയും പൊങ്ങച്ചത്തിന്റെയും പ്രദർശനശാലകളായ വമ്പൻ കെട്ടിടങ്ങളാണ്.
                        ആവശ്യം,സൗകര്യം എന്നീ ആശയങ്ങൾക്ക് ഇന്ന് നമ്മുടെ ഗൃഹനിർമ്മാണരംഗത്ത് വലിയ പ്രാധാന്യമൊന്നും ഇല്ലെന്നു വേണം കരുതാൻ.എന്തെന്നാൽ,ആവശ്യത്തിനു
പരിയാണ് ആഡംബരം ഉയർത്തുന്ന പ്രലോഭനങ്ങൾ.അതുപോലെ സൗകര്യം എന്നതിനെ മറികടന്നുകൊണ്ട് ധാടിയും മോടിയും സമഗ്രമായ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്.'ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം'എന്ന പഴഞ്ചൊല്ല് പാർപ്പിടനിർമ്മാണം സംബന്ധിച്ച പരിതോവസ്ഥകളിലേക്ക് മാറ്റിപ്പറയുന്നു എന്നിരിക്കട്ടെ;വീട് കണ്ടിട്ട് ഒരിക്കലും മലയാളികളുടെ സാമ്പത്തികസ്ഥിതി മനസ്സിലാക്കാനാവില്ല.സാമ്പത്തികഭദ്രത ഉള്ളവരും ഇല്ലാത്തവരും ഗൃഹനിർമ്മാണമേഖലയിലെ ആഡംബരങ്ങൾ ഒരുപോലെ തിരഞ്ഞെടുക്കുന്നു.ബാങ്കുകൾ വച്ചുനീട്ടുന്ന മോഹിപ്പിക്കുന്ന വായ്പാപദ്ധതികൾ,മോഹങ്ങൾക്ക് ഒരിക്കലും കടിഞ്ഞാണിടരുതെന്നും ആവുന്നത്ര മോഹിക്കാനും നേടിയെടുക്കാനും ശ്രമിക്കണമെന്നും നമ്മളോട് നിശ്ശബ്ദമായി പറയാൻ തുടങ്ങിയിട്ട് എത്രയോ കാലം കഴിഞ്ഞിരിക്കുന്നു.ഉള്ളവൻ/ഇല്ലാത്തവൻ എന്ന ഭേദചിന്ത,അസമത്വത്തിലൂന്നിയ സാമൂഹികവ്യവസ്ഥിതിയെയാണല്ലോ കുറിക്കുന്നത്.ഇത്തരം ചിന്താപരിസരങ്ങളിൽ നേരത്തെ സൂചിപ്പിച്ച വിധമുള്ള ഭിന്നതയെക്കുറിച്ച് എടുത്തുപറയുന്നത്,ഇല്ലാത്തവരുടെ ഇല്ലായ്മയിലേക്ക് വിരൽ ചൂണ്ടാനല്ല്.ഉയർന്ന സാമ്പത്തികസ്ഥിതി കൈവരിക്കാൻ കഴിയാത്തവർ മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾക്കായി പരിശ്രമിക്കരുത് എന്നു ചിന്തിച്ചിട്ടുമല്ല.ഇത്തരം തിരഞ്ഞെടുപ്പുകൾ പലരെയും കൊണ്ടെത്തിക്കുന്നത് മറ്റ് ചില ദുരന്തങ്ങളിലായിരിക്കും എന്ന് ചൂണ്ടിക്കാട്ടാനായി മാത്രമാണ്.കഴിഞ്ഞ ഒരു ദശകമായി കടക്കെണിയിൽപ്പെട്ട് ആത്മഹത്യ ചെയ്യുന്നവരെ സംബന്ധിച്ചുള്ള വാർത്തകൾ എന്നും എന്നതുപോലെ പത്രങ്ങളിൽ നാം വായിക്കുന്നുണ്ട്.പക്ഷേ,ഒന്നിനും പരിഹാരമുണ്ടാകുന്നില്ലെന്നു മാത്രമല്ല,എല്ലാം അതേപടി ആവർത്തിച്ചുകൊണ്ടുമിരിക്കുന്നു.
                     മുൻകാലങ്ങളിൽ വീട് പണിയുന്നതിനു വേണ്ട 'സാമ്പത്തികം'ഉണ്ടാക്കിയെടുക്കാനായിരുന്നു ആളുകൾ ക്ലേശിച്ചിരുന്നതെങ്കിൽ,ഇന്ന്,മോടിയിൽ പണിതെടുത്ത വീട് അലങ്കരിക്കുന്നതിനും തത്തുല്യമായ 'സാമ്പത്തികം' കണ്ടെത്തിയേ തീരൂ.ഫർണീച്ചർ,മറ്റ് ഗൃഹോപകരണങ്ങൾ,അലങ്കാരവസ്തുക്കൾ എന്നുതുടങ്ങി കർട്ടനുകൾ,ചുവർച്ചിത്രങ്ങൾ ഇവയിലെല്ലാം ആഡംബരവും പ്രൗഢിയും നിലനിർത്തണം.ലാൻഡ് സ്കെയ്പ് ചെയ്യാനായി വേറെ തുക വകയിരുത്തണം.പുൽത്തകിടിയും താമരക്കുളവും അലങ്കാരവിളക്കുകളും പാറക്കൂട്ടങ്ങളും ചേർന്ന് സൃഷ്ടിക്കുന്ന ലാവണ്യാന്തരീക്ഷം ഒരു വീട്ടിൽ ആവശ്യമാണോ?എങ്കിൽ മറ്റൊന്നും ചിന്തിക്കേണ്ടതില്ല.ഇഷ്ടം,പണം-ഇവ മാത്രം കണക്കിലെടുത്താൽ മതി.സംഗതി 'കളർഫുൾ' ആക്കണം എന്നു മാത്രമാണ് കരാറുകാരന്റെ ആദ്യാവസാന നിർദേശം.പണി തീർന്ന ഘട്ടത്തിൽ വീട്ടുടമയ്ക്ക് ഒരുവിധമൊക്കെ 'കളർഫുള്ളായ'അനുഭവം ഉണ്ടാകുമായിരിക്കും.അതേക്കുറിച്ച് കരാറുകാരൻ അഭിപ്രായം പറഞ്ഞു കേൾക്കാത്തതിനാൽ ആ ഭാഗം അവ്യക്തം.
            കാലത്തിനൊത്ത് കോലം മാറി വരാത്ത എന്തിനെയും പഴഞ്ചനെന്നും കാലഹരണപ്പെട്ടതെന്നും അടച്ചാക്ഷേപിച്ച് പുറന്തള്ളുന്ന സമീപനം നമ്മൾ കേരളീയർക്ക് എന്നും സ്വന്തമാണ്.'നാടോടുമ്പോൾ നടുവേ'എന്ന ചൊല്ല് നമുക്ക് ഏറെ പ്രിയങ്കരമാണ്.അവരവർക്ക് സ്വയം ബോധ്യപ്പെടാനല്ലാതെ മറ്റുള്ളവരെ ബോധ്യപ്പെടുത്താനാണ് ഓരോ മലയാളിയും ജീവിക്കുന്നതെന്ന് തോന്നിപ്പിക്കുന്ന സന്ദർഭങ്ങൾ ഇന്ന് ധാരാളമാണ്.എന്തുതന്നെയായാലും മുൻപെങ്ങുമില്ലാത്തതുപോലെ മലയാളികൾ ഏറ്റുപിടിച്ചു നടത്തുന്ന ഗൃഹനിർമ്മാണോത്സവങ്ങൾ പല പുനർവിചാരങ്ങൾക്കും വിധേയമാകേണ്ടതുണ്ട്.
               

27 Mar 2013

അക്ഷരരേഖ



ആർ.ശ്രീലതാവർമ്മ
ഫലപ്രദമായ മാറ്റം
         മാറ്റം എന്നത് അവസ്ഥയിലുള്ള വ്യത്യാസത്തെ കുറിക്കാനായി നമ്മൾ ഉപയോഗിക്കുന്ന ചെറിയൊരു പദമാണ്.ഈ ചെറിയ പദം വിപുലമായ ഒട്ടേറെ അർഥാന്തരങ്ങളിലേക്ക് വ്യാപിക്കുന്നുണ്ട് എന്ന് നമുക്കറിയാം.ചിലപ്പോൾ മാറ്റം വ്യക്തിപരമാകാം;പലപ്പോഴും സാമൂഹികവും.ഏത് തരത്തിലായാലും ഗുണപ്രദമായ മാറ്റത്തെയാണ് നമ്മൾ സ്വീകരിക്കുക.അല്ലാത്തവയെ നമ്മൾ ശ്രദ്ധിക്കുക പോലുമില്ല.വാസ്തവം ഇതാണെങ്കിലും നമ്മുടെ അടിസ്ഥാനവിശ്വാസങ്ങളും ആചാരങ്ങളും ഇന്നും മാറ്റമില്ലാതെ തുടരുന്നുണ്ട്.നമ്മുടെ പല സങ്കല്പങ്ങളും വ്യവസ്ഥാപിതസ്വഭാവം ഉള്ളവയാണ്.അവയൊക്കെ തിരുത്തിയെഴുതപ്പെടേണ്ടവയാണെന്
ന് നമ്മൾ ചിന്തിക്കാറില്ല.അഥവാ ചിന്തിച്ചാലും അതിനായി ശ്രമിക്കാറില്ല.
              നമ്മുടെ സമൂഹം വർഷങ്ങളായി അങ്ങനെയല്ലേ?നവോത്ഥാനത്തിലൂടെ കൈവന്ന സാമൂഹികപുരോഗതിയെ അതേരീതിയിൽ ,തുടർചലനങ്ങളിലൂടെ മുന്നോട്ടു കൊണ്ടുപോകാനോ,നവോത്ഥാനം മുന്നോട്ടുവച്ച മൂല്യസങ്കല്പനങ്ങൾ പിന്തുടരാനോ നമുക്ക് കഴിഞ്ഞില്ല.ഏതേത് മൂല്യങ്ങളാണ് അന്ന് ഉയർത്തപ്പെട്ടിരുന്നത്,അവയുടെയെല്ലാം വിപരീതഭാവമോ, അഭാവമോ ആണ് ഇന്നത്തെ സമൂഹത്തിലുള്ളത്.അപചയങ്ങളുടെ പട്ടിക അതിബൃഹത്താണെങ്കിലും ഇന്ന് നാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്ത് അഴിമതിയല്ലാതെ മറ്റൊന്നുമല്ല.അഴിമതി എന്ന് കേൾക്കുമ്പോൾ,രാഷ്ട്രീയം എന്ന് കൂട്ടിച്ചേർക്കാനുള്ള പ്രവണത എങ്ങനെയോ ഉറച്ചുകിട്ടിയിട്ടുണ്ട്.രാഷ്ട്രീയരംഗത്ത് ധാരാളം അഴിമതിയുണ്ട്.പക്ഷേ,എല്ലാ അഴിമതിയും രാഷ്ട്രീയമാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്.സൂക്ഷ്മമായി ചിന്തിക്കുമ്പോൾ അല്ല എന്ന ഉത്തരത്തിലാണ് നാം എത്തുക.
                  ദൈനംദിനജീവിതത്തിലെ അതിസാധാരണകാര്യങ്ങളിൽപ്പോലും സത്യാത്മകമായി ഇടപെടാൻ നമുക്ക് പറ്റുന്നില്ല എന്നതാണ് വാസ്തവം.വീട്ടിലെ അന്തരീക്ഷത്തിൽ നിന്നാണ് കുട്ടികൾ സത്യവും നന്മയും നീതിയും മറ്റും അറിഞ്ഞും അനുഭവിച്ചും വളരുന്നത്,വളരേണ്ടത്.അച്ഛന്റെ സമയക്കുറവ് മൂലമോ,മറ്റെന്തെങ്കിലും വ്യക്തിപരമായ കാരണങ്ങളാലോ,അദ്ദേഹത്തിന്റെ സന്ദർശകനായി എത്തുന്ന ഒരാളോട് 'അച്ഛാൻ ഇവിടെയില്ല'എന്നുപറയാൻ നിർബന്ധിതനായിത്തീരുന്ന കുട്ടിഉൾക്കൊള്ളുന്ന ആശയം,വേണമെങ്കിൽ അസത്യം പറയാം എന്നുള്ളതാണ്.കുട്ടികളുടെ വയസ്സ് കുറച്ചുകാണിച്ച് യാത്രകളിൽ പകുതി നിരക്കിൽ ടിക്കറ്റെടുക്കുകയും സിനിമാ തീയേറ്ററുകളിൽ ടിക്കറ്റെടുക്കാതെ കുട്ടികളെ മടിയിലിരുത്തുകയും ചെയ്യുന്നവരുണ്ട്.ഈവക അനഭിലഷണീയപ്രവണതകൾ കുട്ടികളുടെ മനസ്സിലുണ്ടാക്കുന്ന തെറ്റായ ചിന്തയെക്കുറിച്ച് അപ്പോഴവർ ഓർക്കാറില്ല.
                വലിയ അഴിമതികളെക്കുറിച്ച് വാതോരാതെ വിമർശിക്കുന്നവർ സ്വന്തം ചുറ്റുവട്ടത്തുള്ള ഇത്തരം ചെറിയ-വലിയ അസത്യങ്ങളെക്കുറിച്ച് മിണ്ടാറില്ല.ഈ വിധമുള്ള വ്യതിചലനങ്ങളിലൂടെ,അഥവാ അസത്യങ്ങളിലൂടെ വലിയ തെറ്റുകളിലേക്കും അപകടങ്ങളിലേക്കും ഉള്ള വഴി പെട്ടെന്ന് തുറന്നുകിട്ടുകയായി.സത്യം തിരിച്ചറിയാനും ഉൾക്കൊള്ളാനും ചെറുപ്പത്തിൽത്തന്നെ കുട്ടികൾക്ക് കഴിയണമെങ്കിൽ അതിനുള്ള അന്തരീക്ഷം വീടുകളിൽ തീർച്ചയായും ഉണ്ടാകണം.സത്യം എന്താണെന്ന് തിരിച്ചറിയാൻ കഴിയാതിരിക്കുന്ന അവസ്ഥ രോഗം തെറ്റായി നിർണയിക്കുന്നതുപോലെ അപ്കടകരമാണ്.ഇല്ലാത്ത രോഗത്തിന് ചികിത്സ നൽകിക്കൊണ്ടിരിക്കുകയും ,ഉള്ള രോഗം ചികിത്സിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന സ്ഥിതിയെക്കുറിച്ച് ആലോചിച്ചാൽത്തന്നെ അതിന്റെ ഭീകരത വ്യക്തമാകും.
              ഇതെല്ലാം നമ്മെ എവിടേക്കാണ് നയിക്കുക എന്നതിനെക്കുറിച്ച് വേണ്ടത്ര ചിന്തിക്കുന്നവർ നമുക്കിടയിൽ തന്നെ എത്രപേരുണ്ടാകും?അനീതിയ്ക്കെതിരെ ശബ്ദിക്കുന്നവരുണ്ട്.പക്ഷേ,അവരെ പിന്തുണയ്ക്കാൻ എപ്പോഴും ഒരു ന്യൂനപക്ഷമേ ഉണ്ടാവുകയുള്ളൂ.ഭൂരിപക്ഷം പേരും സ്വന്തം നില ഭദ്രമാക്കുന്ന തരത്തിലുള്ള നിലപാടുകളായിരിക്കും സ്വീകരിക്കുക.ഈ നിലയ്ക്കാണ് മാറ്റമുണ്ടാകേണ്ടത്.ഏതുരംഗത്തുമുള്ള അനഭിലഷണീയപ്രവണതകൾ തിരിച്ചറിഞ്ഞ് അവയെ ഇല്ലാതാക്കാൻ സംഘബോധത്തോടെ പ്രവർത്തിക്കുകയാണ് ആവശ്യം.പൊതുനന്മ മാത്രമാണിവിടെ ലക്ഷ്യം.സാമൂഹികക്ഷേമത്തിനുള്ള പദ്ധതികൾ നമുക്ക് വേണ്ടുവോളമുണ്ട്.പക്ഷേ,അവ നടപ്പിലാക്കുന്ന രീതികളിലാണ് കുഴപ്പം.ഒന്നുകിൽ പല പ്രവർത്തനങ്ങളും കടലാസ്സിൽ ഒതുങ്ങുന്നു.അല്ലെങ്കിൽ അവയ്ക്ക് വലിയ കാലതാമസം നേരിടുന്നു.ആ വക തടസ്സങ്ങൾ നീങ്ങി നടപ്പിൽ വന്നാൽത്തന്നെ,ചിലപ്പോൾ പരിതാപകരമായ വിധത്തിലായിരിക്കും അവ നടപ്പിലായിട്ടുണ്ടാവുക.അപ്രകാരമായ പ്രതികൂലസാഹചര്യങ്ങളിൽ പ്രവർത്തിക്കാൻ രാഷ്ട്രീയവും സാമൂഹികവുമായ തികഞ്ഞ അവബോധം വേണം.അതിനുപരിയായി ഉയർന്ന ജനാധിപത്യവീക്ഷണവും മാനുഷികതയും ധാർമ്മികതയും കൂടാതെ കഴിയുകയുമില്ല.അങ്ങനെയുള്ള അവബോധങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞുവന്ന കൂട്ടായ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട സാമൂഹികസാഹചര്യങ്ങളിലേക്ക് നമ്മെ നയിക്കുമെന്നതിൽ സംശയമില്ല.

23 Feb 2013

അക്ഷരരേഖ


          ആർ.ശ്രീലതാവർമ്മ


സ്വകാര്യത തകർത്തു കൊടുക്കപ്പെടും
            കൊടുക്കും,കൊടുക്കപ്പെടും എന്നിങ്ങനെ പ്രയോഗത്തിലേയുള്ളൂ വ്യത്യാസം,അർഥത്തിലില്ല.എങ്കിലു

ം,കൊടുക്കപ്പെടും എന്ന കർമ്മണിപ്രയോഗത്തിൽ വാഗ്ദാനം ചെയ്യലിന്റെ ഒരു രീതിയുണ്ട്.കമ്പ്യൂട്ടർ യുഗത്തിനു മുൻപ് നമ്മൾ സ്ഥിരം കണ്ടിരുന്ന,ഇന്ന് പൂർണമായും മറവിയിലാണ്ടുപോയ ഒരു ബോർഡ് ഇപ്രകാരമായിരുന്നു-"ടൈപ്പ് ചെയ്ത് കൊടുക്കപ്പെടും".ഇവിടെ വാഗ്ദാനരീതിയോടൊപ്പം ടൈപ്പ് ചെയ്യുന്നതിന്റെ ശബ്ദവും പ്രതിധ്വനിക്കുന്നതുപോലെ തോന്നിയിട്ടുണ്ട്.ഇന്ന് ഇപ്രകാരമുള്ള ബോർഡുകളില്ല;അതുകൊണ്ട് ഈ വക തോന്നലുകളും.
                              
      സ്വകാര്യത തകർത്തു കൊടുക്കപ്പെടും എന്ന ബോർഡുമായി കേരളത്തിൽ ആരെങ്കിലും കച്ചവടത്തിനിറങ്ങുമെന്ന് കരുതിയിട്ടല്ല ഇങ്ങനെയൊരു ശീർഷകം സ്വീകരിച്ചത്.ഗൂഢമായ പല ശ്രമങ്ങളും പ്രവത്തനരീതികളും ബോർഡുവച്ച് പബ്ലിസിറ്റി നൽകാനുള്ളതല്ല എന്ന് എല്ലാ ദേശക്കാരെയും പോലെ മലയാളികൾക്കുമറിയാം.അതുകൊണ്ട് അത്തരമൊരു ബോർഡിനോ പരസ്യവാചകത്തിനോ സാംഗത്യമില്ല.പക്ഷേ,മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കരുത് എന്നോ,അത് നിരന്തരം തകരണം എന്നോഉള്ള വിധ്വംസകമായ ചിന്താരീതികൾ അഥവാ പ്രവണതകൾ ഇന്ന് വളരെ ശക്തമായിക്കൊണ്ടിരിക്കുന്നു എന്ന സത്യം അവഗണിക്കാനാവില്ല.
                              
   സ്വന്തം കാര്യം എന്ന സങ്കുചിതമായ അർഥത്തിലേക്ക് സ്വകാര്യതയെ ഒരിക്കലും ചുരുക്കാനാവില്ല.സംസ്കാരവുമായി ബന്ധപ്പെട്ട വളരെ വിപുലമായ ഒരർഥമണ്ഡലം സ്വകാര്യതയ്ക്കുണ്ട്.സമൂഹജീവിയായിരിക്കുമ്പോൾത്തന്നെ വ്യക്തി എന്ന നിലയിലുള്ള മനുഷ്യന്റെ ജീവിതവ്യാപാരങ്ങൾ ഒന്നാകെ മറ്റുള്ളവർക്കു മുന്നിൽ തുറന്നുകാട്ടാനുള്ളതല്ല.ഒരിക്കലും അങ്ങനെ ആകാൻ പാടില്ല എന്നു പറയുന്നതാകും കൂടുതൽ ശരി.ഇതിന് കാരണമുണ്ട്.പ്രാകൃതമനുഷ്യനെയും പരിഷ്കൃതമനുഷ്യനെയുംവേർതിരിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.ഇവയിൽ അടിസ്ഥാനപരമായ ഒരു വ്യത്യാസം പൊതുജനസമക്ഷം ചെയ്യാൻ കഴിയുന്നത്/കഴിയാത്തത് എന്നതായിരുന്നു.ഇതിൽ കഴിയാത്തത് എന്നതിൽ നിന്നാണ് സ്വകാര്യത രൂപം കൊള്ളുന്നത്.മനുഷ്യവർഗം ഒരു ജീവിതരീതിയിൽ നിന്ന് മറ്റൊന്നിലേക്ക്,സംസ്കൃതിയിലേക്ക് പരിണമിച്ചതിന്റെ ചരിത്രവും ഇതിലടങ്ങുന്നുണ്ടെന്ന വസ്തുത അധികമാരും ഓർക്കാറില്ല.
       സ്വാതന്ത്ര്യം,സൗഹൃദം,സ്വകാര്യത ഇങ്ങനെ 'സ'കാരത്തിൽ തുടങ്ങുന്ന ചില വാക്കുകൾ അടുപ്പിച്ചുവയ്ക്കുമ്പോൾ ഈ വാക്കുകളെ അർഥപരമായി ബന്ധിപ്പിക്കാവുന്ന നിരവധി തലങ്ങളുണ്ടെന്ന് കാണാം.സ്വാതന്ത്ര്യവും സ്വകാര്യതയും തമ്മിലുള്ള ദൃഢബന്ധം കാണാതിരിക്കരുത്.ഈ രണ്ട് സങ്കല്പനങ്ങളും വ്യക്തിനിഷ്ഠമായി ആപേക്ഷികമാണെങ്കിലും പ്രായോഗികമായി ചില പൊതുഘടകങ്ങൾ ഇവയിൽ ഉൾച്ചേരുന്നുണ്ട്.ഒരു വ്യക്തിയുടെ സർവവ്യാപാരങ്ങളുടെയും ആത്യന്തികമായ നിയന്ത്രണം അയാൾക്ക്/അവൾക്ക് ആയിരിക്കും.ഈ നിയന്ത്രണം സമൂഹത്തിന്റെ പൊതുവായ നന്മയെ മറികടക്കുന്നതായിരിക്കുകയുമില്
ല.അങ്ങനെ വരുമ്പോഴാണ് അത് വിഘടനത്തിന് വഴിയൊരുക്കാതെ ഒരുവിധമൊക്കെ സമരസപ്പെട്ടുപോകുക എന്ന രീതിയാകുന്നത്.ആർക്കുവേണ്ടിയാണ് ഈ സമരസപ്പെടൽ എന്ന് ചോദിക്കുന്നവരുണ്ടാകും.തനിക്കും സമൂഹത്തിനും വേണ്ടി എന്നാണ് ഇതിനുത്തരം.ഉഭയപക്ഷങ്ങളിൽ നിന്നും വലിയ തകരാറുകളൊന്നും പറയാനില്ലാത്ത ഈ നില സ്വീകരിച്ച് ഭൂരിപക്ഷം പേരും മുന്നോട്ടു പോകുന്നു.അതാണ് എല്ലാവർക്കും സ്വീകാര്യമായ,എല്ലാവരും മനസ്സിലെങ്കിലും ഒന്നു കൈയടിച്ചുപോകുന്ന കാഴ്ച.
              പക്ഷേ,കാര്യങ്ങൾ ഇപ്രകാരമെല്ലാമാണെന്ന് സമ്മതിച്ചാലും ചില അപവാദങ്ങളില്ലേ?തീർച്ചയായുമുണ്
ട്.ഏതുവിധത്തിലും അഭികാമ്യമെന്ന് ആർക്കും സമ്മതമാകുന്ന തരത്തിൽ ജീവിക്കാൻ താൻ ബാധ്യസ്ഥൻ/ബാധ്യസ്ഥ-ആണെന്നു വന്നാൽപ്പോലും അയാളുടെ /അവളുടെ ബാധ്യത തന്നോടു മാത്രമായിരിക്കും.അത്രയ്ക്ക് ദൈർഘ്യമൊന്നും പ്രതീക്ഷിക്കാനില്ലാത്ത ഒരു ചെറുജീവിതം ആർക്കെങ്കിലുമൊക്കെ ബോധ്യപ്പെടാനുള്ളതാണെന്ന് വരുന്നതിനപ്പുറം ഒരു ദുരന്തം മറ്റെന്താണ്?സത്യം ഇതാണെങ്കിലും ഇതിനെ ബുദ്ധികൊണ്ട് ഉൾക്കൊള്ളുന്നുണ്ട് എങ്കിലും ഹൃദയം കൊണ്ട് ഉൾക്കൊള്ളാതിരിക്കുക എന്നതാണ്‌ നമ്മുടെ ജീവിതപരിസരങ്ങളിൽ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്.അന്യന്റെ ഓരോ വ്യാപാരവും വീക്ഷിച്ചും വിശകലനം ചെയ്തും വിമർശിച്ചും ജീവിതത്തിന്റെ വിലപ്പെട്ട സമയത്തിൽ വലിയൊരു പങ്ക് നഷ്ടപ്പെടുത്തുക എന്ന പാഴ്വേലയിൽ കേരളീയസമൂഹം മുങ്ങിപ്പോയിട്ട് കാലങ്ങളായി.ഇതിൽ നിന്ന് കരകയറുക സാധ്യമാണെങ്കിലും താത്പര്യമില്ലാത്തതുകൊണ്ട് അതൊരിക്കലും സംഭവിക്കുകയില്ല എന്നുറപ്പാണ്.സദാചാരപ്പൊലീസ് തുടങ്ങി സമീപകാലത്ത് ആവിർഭവിച്ച പദങ്ങളുടെ ഉദ്ഭവവും അവയുടെ സാംസ്കാരികപശ്ചാത്തലവും പരിശോധിച്ചാൽ ഈ വസ്തുത കൂടുതൽ തെളിഞ്ഞുകിട്ടും.ഔദ്യോഗികമോ അനൗദ്യോഗികമോ ആയ ഏത് സാഹചര്യത്തിലും ഔപചാരികവും അനൗപചാരികൗമായ ഏത് അന്തരീക്ഷത്തിലും സമൂഹത്തിന്റെ പൊതുനന്മയെ തകർക്കാത്ത തരത്തിൽ വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും സംരക്ഷിക്കപ്പെടണം.

22 Dec 2012

അക്ഷരരേഖ

 

  ആർ.ശ്രീലതാവർമ്മ

ആക്രമണോത്സുകം
      
           സമാധാനം,സ്വസ്ഥം,സ്വൈരം,സംയമനം തുടങ്ങി പോസിറ്റിവ് ആയ ഏതൊരവസ്ഥയെയും തകർത്തുകളഞ്ഞ് അവയുടെ സ്ഥാനത്ത് ആക്രമണോത്സുകതയ്ക്ക് സ്ഥിരമായ ഇരിപ്പിടം ഉണ്ടാക്കിക്കൊടുക്കാൻ ആരൊക്കെയോ കരുതലോടെ ശ്രമിക്കുന്ന കാലഘട്ടമാണിത്.ആരൊക്കെയോ എന്നു പറയുന്നതിൽ തീർച്ചയായും അവ്യക്തതയുണ്ട്.പക്ഷേ,ചൂണ്ടിക്
കാട്ടാവുന്നത്ര വ്യക്തത ഇല്ലാത്തിടത്തോളവും,ഏതെങ്കിലും ചില വ്യക്തികളിലോ പ്രസ്ഥാനങ്ങളിലോ മാത്രമായി ഈ അവസ്ഥകളുടെ ഉത്തരവാദിത്വം അടിച്ചേല്പിക്കാൻ കഴിയാത്തിടത്തോളവും ഈ അവ്യക്തത നിലനിർത്തുകയേ വഴിയുള്ളൂ.കളിയിൽ,കലയിൽ,മറ്റ് സാംസ്കാരികമണ്ഡലങ്ങളിൽ എല്ലാം കാണുന്ന ആക്രമണോത്സുകത വെറും ഒരു ആകസ്മികതയാണോ?

                       ടീം സ്പിരിറ്റ് എന്നൊരു പദമുണ്ട് ഇംഗ്ലീഷിൽ.കൂട്ടായ്മയെക്കുറിച്ചുള്ള ബോധമെന്നോ,ഒത്തുചേരലിന്റെ ഉത്സാഹമെന്നോ അർത്ഥം പറയാവുന്ന ഈ വാക്ക് തത്ത്വത്തിലല്ലാതെ പ്രയോഗത്തിൽ കൊണ്ടുവരേണ്ട ഒന്നാണെന്ന് ആരും സമ്മതിക്കും.സംഘം ചേർന്നുള്ള കളികളിൽ,മത്സരങ്ങളിൽ എല്ലാം ഈ ബോധം വളരെ പ്രധാനമാണ്.ഒത്തൊരുമിച്ചുള്ള പ്രയത്നം സഫലതയിലെത്തുമ്പോഴുണ്ടാകുന്ന ഉത്സാഹ,ആഹ്ലാദാതിരേകങ്ങൾ പലപ്പോഴും പറഞ്ഞു ഫലിപ്പിക്കാൻ കഴിയാറില്ല.പക്ഷേ, എതിരാളിയെ ആക്രമണോത്സുകമായി നേരിട്ട് അടിയറവ് പറയിപ്പിക്കുന്ന രീതി മേൽപ്പറഞ്ഞതിൽ നിന്ന് ഭിന്നമാണ്.ക്രിക്കറ്റ് പോലുള്ള കളികളിൽ കഴിഞ്ഞ ഏതാനും വർഷത്തെ ചരിത്രം മാത്രം എടുത്തുനോക്കിയാലറിയാം,മത്സരങ്ങളിൽ ആക്രമണോത്സുകതയ്ക്ക് സിദ്ധിച്ചിട്ടുള്ള പ്രാമാണ്യം.ഞാൻ അഗ്രെസ്സീവാണ് എന്ന് അഭിമാനത്തോടെ പറയുന്ന ക്രിക്കറ്റർ സംവേദനം ചെയ്യുന്നത് എന്തായിരിക്കും?'പഴയതു പോലെയൊന്നുമല്ല,കാലം മാറിയില്ലേ' എന്ന ദുർബലയുക്തി കൊണ്ട് ഈ പ്രശ്നത്തെ നേരിടാൻ ശ്രമിക്കുന്നത് ബുദ്ധിശൂന്യതയിൽ കവിഞ്ഞൊന്നുമല്ല.സുനിൽ ഗാവസ്കറുടെ മുഖത്തെ സ്ഥിതപ്രജ്ഞതയും പ്രസന്നതയും അത്ര എളുപ്പത്തിൽ മറക്കാനാകുമോ?സച്ചിൻ ടെണ്ടുൽക്കറുടെ കളിരീതിയിൽ ഇന്നുമുണ്ട് മുൻപറഞ്ഞ സ്ഥിതപ്രജ്ഞത,പ്രസന്നത,പ്രതിപക്ഷബഹുമാനം.സെവാഗും ദ്രാവിഡുമൊന്നും കളിക്കളത്തിൽ ആക്രമണോത്സുകരായി പ്രത്യക്ഷപ്പെട്ടു കണ്ടിട്ടില്ല.മാറിയ കാലത്തിന്റെ യുക്തിയിൽ നിന്നുകൊണ്ട് സംസാരിക്കുന്നവർ ഇവരുടെ കളിരീതിയുടെ നേരെ കണ്ണടയ്ക്കുകയാണ് ചെയ്യുന്നത്.തുറിച്ചുനോക്കിയും ആക്രമണത്തിന്റെ ശരീരഭാഷ ഉപയോഗിച്ചും അറ്റകൈയ്ക്ക് അസഭ്യം വർഷിച്ചും എതിരാളിയെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നത് ആത്മവിശ്വാസമില്ലയ്മയുടെയും അപകർഷതാബോധത്തിന്റെയും പ്രകടനം മാത്രമാണ്.സ്വന്തം കഴിവിലുള്ള വിശ്വാസം പരാജയപ്പെടുമ്പോഴാണ് ചില മോശം രീതികളിലേക്ക് മനുഷ്യൻ തരംതാഴുന്നത്.
                  കളിയിൽ മാത്രമല്ല ,കാര്യത്തിലും ആക്രമണോത്സുകത കൊടിപാറിക്കാൻ തുടങ്ങിയിട്ട് എത്രയോ നാളുകളായി.ഗൗരവപ്പെട്ട വിഷയങ്ങളിൽ ടെലിവിഷൻ ചാനലുകളും മറ്റും നടത്തുന്ന ചർച്ചകളും സംവാദങ്ങളും ശ്രദ്ധിച്ചു നോക്കിയാലും,തിരഞ്ഞെടുപ്പ് വേളകളിൽ ചാനലുകൾ അവതരിപ്പിക്കുന്ന സ്ഥാനാർത്ഥികളും ജനങ്ങളും തമ്മിലുള്ള സംവാദങ്ങളും മറ്റും എടുത്തുനോക്കിയാലും ആക്രമനോത്സുകതയുടെ അതിപ്രസരം പെട്ടെന്ന് തിരിച്ചറിയാനാകും.സംവാദം എന്നത് വീരവാദമായും അപവാദമായും തരംതാണ് ആക്രോശങ്ങളും അട്ടഹാസങ്ങളും കൊണ്ട് അന്തരീക്ഷം മലീമസമാകുന്നത് കണ്ടും കേട്ടും എത്രയോ മടുത്തുകഴിഞ്ഞിരിക്കുന്നു.ഇടയിൽ നിസ്സഹായതയോടെ നിൽക്കുന്ന അവതാരകൻ/അവതാരക,സമാധാനാന്തരീക്ഷം സൃഷ്ടിക്കാൻ പെടുന്ന പാട് കുറച്ചൊന്നുമല്ല.ക്രുദ്ധമായ നോട്ടം,അവജ്ഞയോടെയുള്ള ചിരി,എതിരാളിയെ കടിച്ചുകീറാനുള്ള ശൗര്യം ഇതെല്ലാം കക്ഷിരാഷ്ട്രീയഭേദം കൂടാതെ 'സംവാദ'കർത്താക്കൾ ഒരുപോലെ കാഴ്ചവയ്ക്കാറുണ്ട്.
             കഥകളുടെയും ഭാവനയുടെയും അദ്ഭുതലോകം വെടിഞ്ഞും മറന്നും കുട്ടികളും ആക്രമണോത്സുകതയുടെ വഴികളിൽ സഞ്ചരിക്കാൻ തുടങ്ങിയിരിക്കുന്നു.ഒന്ന് പറഞ്ഞാൽ രണ്ടാമത്തേതിന് ശബ്ദമുയർത്തുന്ന കുട്ടി ഈ കാലഘട്ടത്തിന്റെ മാത്രം സൃഷ്ടിയാണ്.ഇത്തരത്തിലുള്ള ഒരു കുട്ടിയെക്കുറിച്ച് കുട്ടിയുടെ സ്വന്തം അമ്മ ഏറെ സങ്കടത്തോടെ പറഞ്ഞ കാര്യങ്ങൾ അതിശയിപ്പിക്കുന്നതും അതേസമയം കുറെയേറെ ചിന്തിപ്പിക്കുന്നതുമാണ്.ചാനലുകളിൽ വരുന്ന സിനിമകൾ,വിശേഷിച്ചും ഇടിപ്പടങ്ങൾ ,വിടർന്ന കണ്ണുകളോടെ കണ്ടിരിക്കുന്ന കുട്ടി,നായകന്റെ അടി,ഇടി രീതികൾ അനുകരിക്കുന്നു.ചോര ചീറിത്തെറിക്കുന്ന കൊലപാതകരംഗങ്ങൾ വീണ്ടും വീണ്ടും കാണാൻ താത്പര്യപ്പെടുന്നു.തന്തയ്ക്കും തള്ളയ്ക്കും വിളിക്കുന്ന അറപ്പിക്കുന്ന ഭാഷ മന:പാഠമാക്കുന്നു.ഒടുവിൽ സിനിമ തീർന്ന് ജീവിതത്തിലേക്ക്
തിരിച്ചെത്തുമ്പോൾ നിഷേധവും അനുസരണക്കേടുമായി കുട്ടി,താനറിയാതെ ഉൾക്കൊണ്ട ആക്രമണോത്സുകത ജീവിതശൈലിയാക്കി മാറ്റുന്നു.
                             മഹാനായ ഒരു ഭാരതീയന്റെ ജന്മദിനം ലോക അഹിംസാദിനമായി ആചരിക്കുന്നു.ഏത് മൂർച്ചയുള്ള ആയുധത്തിനു മുന്നിലും എടുത്തുപിടിക്കാൻ അഹിംസ എന്ന ഒരേ ഒരായുധം മാത്രം എന്നും കരുതി വച്ച ആ മഹാത്മാവിന്റെ പേരിൽ ഇനിയും എത്ര നാൾ നമുക്ക് അഭിമാനിക്കാൻ കഴിയും?ഇല്ലാത്ത അഭിമാനം ഉണ്ടെന്നു വരുത്തി ചിലരെങ്കിലും കുറെനാൾ കൂടി മുന്നോട്ടു പോകാൻ ശ്രമിച്ചേക്കും.പക്ഷേ,കളിയും കൈയടിയും കഴിഞ്ഞ് ഗാലറികൾ ഒഴിഞ്ഞാലും ജീവിതം ബാക്കിയാണ്.സിനിമ തീർന്ന് ടെലിവിഷൻ ഓഫ് ചെയ്താലും ജീവിതം ബാക്കിയാണ്.ജീവിതത്തെ ആക്രമിക്കാൻ നിന്നാൽ പരാജയപ്പെടുക മനുഷ്യനാണ്.പ്രസന്നതയോടെ കൈപിടിച്ച് നടക്കാൻ ശ്രമിച്ചാലോ,അവിടെ മനുഷ്യൻ എന്നും വിജയിക്കുക തന്നെ ചെയ്യും.

23 Nov 2012

അക്ഷരരേഖ


       ആർ.ശ്രീലതാ വർമ്മ

ഒരു ഗാനം കൂടി
            സംഗീതനിർഭരമാണ് ലോകം.കാറ്റിനും കടലിനും മഴയ്ക്കും മാത്രമല്ല വെയിലിനും നിലാവിനും സംഗീതമുണ്ട്.ഈണവും താളവും ഇഴചേർന്ന ഒരു സംഗീതികയാണ് മനുഷ്യജീവിതം.സ്വരക്രമത്തിലെ ആരോഹണാവരോഹണത്തിനു തുല്യമായി ജനിമൃതികൾ,ഉയർച്ച താഴ്ചകൾ,ദേശ,കാല,ഭാഷാസംസ്കാരങ്
ങൾക്കതീതമായി ആസ്വദിക്കാൻ കഴിയുന്ന ഒന്നാണ് സംഗീതം.മറ്റൊരു വിധത്തിൽ പറഞ്ഞാൽ സംഗീതത്തിന്റെ ഭാഷ സാർവലൗകികമാണ്.മനസ്സിനെ ഇത്രയേറെ സ്വാധീനിക്കാൻ കഴിയുന്ന മറ്റൊരു കലയും ഇല്ല.
    ദൃശ്യമാധ്യമങ്ങൾക്കും ഡിജിറ്റൽ സംസ്കൃതിക്കും മുൻപ് വിനോദോപാധി എന്ന നിലയിൽ ശ്രവ്യമാധ്യമമായ റേഡിയോയ്ക്ക് സമഗ്രാധിപത്യമുണ്ടായിരുന്ന ഒരു കാലം.അന്ന് ചലച്ചിത്രഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സംഗീതപരിപാടികൾ കേൾക്കാനാണ് ജനം ഏറ്റവുമധികം കാതോർത്തിരുന്നത്.ഓർമ്മവച്ച കാലം മുതൽ പാടിയും പറഞ്ഞും റേഡിയോ വീട്ടിലെ ഒരംഗം തന്നെയായിരുന്നു.ചലച്ചിത്രഗാനങ്ങളുടെ അനന്തമായ ഒരു പ്രവാഹമാണ് അന്ന് മനസ്സിലേക്ക് ഒഴുകിയെത്തിയത്.കേട്ടഗാനവും കേൾക്കാത്ത ഗാനവും ഒരുപോലെ മധുരതരമായിത്തീർന്ന ഒരു സുവർണയുഗമായിരുന്നു അത്.മലയാളിയുടെ ശ്രവ്യസംസ്കാരത്തെ രൂപപ്പെടുത്തുന്നതിൽ ഈ ടെലിവിഷൻ പൂർവയുഗത്തിനുണ്ടായിരുന്ന പങ്ക് നിർണായകമാണ്.
               ഇന്ന് നാം തിരക്കുകൾക്ക് നടുവിലാണ്.സ്വസ്ഥമായി ഇരുന്ന് പാട്ടുകേൾക്കാൻ കഴിയാത്ത സ്ഥിതി.ഐ പോഡ് വഴി,അല്ലെങ്കിൽ മൊബൈൽ ഫോൺ വഴി പാട്ട് കേൾക്കുന്നവരെ കൂടുതലും കണ്ടുമുട്ടുക യാത്രാവേളകളിലാണ്.പണിത്തിരക്കുകളിൽ നട്ടംതിരിയുമ്പോൾ,അടുക്കളയുടെ മൂലയിൽ സ്ഥിരമായി സ്ഥാനമുറപ്പിച്ചിട്ടുള്ള മ്യൂസിക് സിസ്റ്റം എന്നെ സംബന്ധിച്ച് ഏറെ സന്തോഷകരമാണ്.പ്രഷർ കുക്കറിന്റെ ഉച്ചത്തിലുള്ള വിസിലുകൾക്കിടയിലും നിലച്ചുപോകാതെ അലയടിക്കുന്ന ഗാനതരംഗങ്ങൾ അന്തരീക്ഷത്തിൽ പടർത്തുന്ന ലാഘവത്വം ഒന്നു വേറെയാണ്.
              സംഗീതസംബന്ധിയായ റിയാലിറ്റി ഷോകളിൽ സംഗീതാഭിരുചി,സംഗീതാഭിമുഖ്യം,സംഗീതവൈദഗ്ധ്യം ഇവയെല്ലാം എങ്ങനെ പരിചരിക്കപ്പെടുന്നു എന്നത് വേറിട്ട നിരീക്ഷണങ്ങൾക്ക് വിധേയമാക്കേണ്ട വിഷയങ്ങളാണ്.മനസ്സിനെ സാന്ത്വനിപ്പിക്കാനോ,ഉദാത്ത തലങ്ങളിലേക്ക് നയിക്കാനോ കഴിയുന്ന യാതൊന്നും ഇത്തരം മത്സരവേദികൾ കാഴ്ചവയ്ക്കുന്നില്ല എന്നതാണ് യാഥാർഥ്യം.വൈവിധ്യ വൈചിത്ര്യങ്ങൾക്കായി പരക്കം പായുന്നതിനിടെ സംഗീതത്തിന്റെ തനിമയും ഹൃദയഹാരിത്വവും ചോർന്നുപോകുന്നത് കഷ്ടമാണ്.റിയാലിറ്റി ഷോകളിൽ ആക്രോശങ്ങളും അട്ടഹാസങ്ങളും ഓരിയിടലുകളും നിറച്ച്,ക്രുദ്ധമായ മുഖഭാവത്തോടെ പല മത്സരാർഥികളും പോരിലേർപ്പെടുന്നതു പോലെ പാടുന്നത് കണ്ടിട്ടുണ്ട്,സംഘർഷങ്ങൾ ഇല്ലാതാക്കാൻ കഴിയുന്ന സംഗീതത്തെ ഇങ്ങനെ സംഘർഷഭരിതമായി സമീപിക്കുന്നുവല്ലോ  എന്ന് അദ്ഭുതപ്പെട്ടിട്ടുണ്ട്.

          ഒരു ദിവസം ഒരു പാട്ടെങ്കിലും കേൾക്കാത്തവരുണ്ടോ?ഇല്ല എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.കാരണം,മനുഷ്യമനസ്സിനെ ആർദ്രമാക്കാൻ സംഗീതത്തിനു കഴിയുന്നതുപോലെ മറ്റൊന്നിനും കഴിയില്ല.കേൾക്കുന്നത് ഏതുതരം സംഗീതമായാലും അത് നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്നു,സ്വാധീനിക്കുന്നു.ഭാഷയ്ക്കും ദേശത്തിനും സംസ്കാരത്തിനും അതീതമായി സംഗീതം ആസ്വദിക്കപ്പെടുന്നു.ചില പാട്ടുകൾ സമുദ്രത്തിന്റെ ആഴങ്ങളെ ഓർമ്മിപ്പിക്കുന്നു.മറ്റ് ചിലത് പ്രഭാതകാന്തിയും നക്ഷത്രശോഭയും പകരുന്നു.ഭാവനയുടെ ഉത്തുംഗ ശൃംഗങ്ങളിലേക്ക് ശ്രോതാക്കളെ കൂട്ടിക്കൊണ്ടു പോകുന്നു.സമയക്കുറവിനീക്കുറിച്ചുള്ള നമ്മുടെ പരാതികൾക്ക് ഒരിക്കലും അവസാനമില്ല.എങ്കിലും ചില മാത്രകളിൽ നമ്മൾ സംഗീതത്തിൽ ജീവിക്കുന്നു,അടുത്ത ഗാനത്തിനായി കാതോർത്ത്,കാത്തുകാത്ത്.

23 Oct 2012

അക്ഷരരേഖ


           ആർ.ശ്രീലതാ വർമ്മ

ദൃശ്യശബ്ദ ഘോഷങ്ങൾക്കിടയിൽ

         ദൃശ്യബഹുലതയുടെയും ശബ്ദബഹുലതയുടെയും കാലമാണിത്.കാണുക,കേൾക്കുക എന്നീ ഇന്ദ്രിയാനുഭവങ്ങളെ അവയുടെ സൂക്ഷ്മത നഷ്ടപ്പെടുത്തുംവിധം മായക്കാഴ്ചകളിലും ശബ്ദകോലാഹലങ്ങളിലും കൊണ്ടെത്തിക്കുന്ന ഒരു രീതിയിലേക്ക് നമ്മൾ എത്തിച്ചേർന്നിരിക്കുന്നു.കണ്ണു
കൾക്കു മുന്നിലുള്ളത് ദൃശ്യങ്ങളല്ല,ദൃശ്യവിസ്മയങ്ങളാണ്.ഇന്ന് ഏതൊരു ആഘോഷത്തോടും ബന്ധപ്പെട്ട് ദൃശ്യവിസ്മയം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നുണ്ട്.ഏതൊരു പുരസ്കാരദാനച്ചടങ്ങും നമുക്ക് ദൃശ്യവിസ്മയമാണ്.ഏതൊരു ഉദ്ഘാടനവേളയും ദൃശ്യവിസ്മയമാണ്.എന്തിനു കൂടുതൽ പറയണം?ഓരോ വ്യക്തിയും ഓരോ ദൃശ്യവിസ്മയമാണ് എന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുംവിധത്തിൽ പ്രകടനപരതയും പൊങ്ങച്ചവും എല്ലായിടങ്ങളിലുമുണ്ട്.ശബ്ദായമാനമായ അവസ്ഥയാണ് പൊങ്ങച്ചം.പൊങ്ങച്ചത്തിന്റേതായ ഇടങ്ങളിൽ ഒരുതരം അസുഖകരമായ ശബ്ദായമാനത നിലനിൽക്കുന്നു.ഒറ്റവാക്കിൽ പറഞ്ഞാൽ ആസുരം.
                        ഭാവനയുമായി വലിയ ബന്ധമൊന്നുമില്ല ഇന്നത്തെ കുട്ടികൾക്ക്.വിഷ്വൽസ് മുന്നിലുള്ളപ്പോൾ വിഷ്വലൈസ് ചെയ്യേണ്ടതില്ലല്ലോ.കഥകൾ കേട്ടും വായിച്ചും മുതിർന്ന തലമുറകൾക്ക് സ്വന്തമായിരുന്ന ഭാവനയുടെ വിശാലവും വിചിത്രവുമായ ലോകം ഇവർക്ക് അന്യമാണ്.ഇത് ആരുടെയെങ്കിലും പോരായ്മ കൊണ്ട് സംഭവിക്കുന്നതല്ല.എല്ലാം യഥാതഥമായി മുന്നിലുള്ളപ്പോൾ എന്തിനെയാണ് വിഭാവന ചെയ്യേണ്ടത്?സാഹസികകഥകൾ,ചിത്രകഥകൾ-ഇവയിലൊന്നും

 ആകൃഷ്ടരാകാത്തവരാണ് ഇന്ന് പല കുട്ടികളും.ഇതിന് അപവാദങ്ങളുണ്ടാകും.എങ്കിലും
 ഭൂരിപക്ഷവും ആദ്യം പറഞ്ഞ വിഭാഗത്തിൽ പെടുന്നു.കമ്പ്യൂട്ടർ ഗെയിമുകൾ
നൽകുന്ന രസം ഒരു ചിത്രകഥയും നൽകുന്നില്ല എന്നവർ വിമുഖതയില്ലാതെ
സമ്മതിക്കുകയും ചെയ്യും.ചിത്രകഥയിലെ വീരനായകൻ ചെയ്തിരുന്ന ധീരകൃത്യങ്ങൾ കീ
ബോർഡിലെ ചലനങ്ങളിലൂടെ
തനിക്കു തന്നെ ചെയ്യാം എന്നുവരുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്നതാണ് ഈ രസം.ഒരു നായകനെ കണ്ടുനിൽക്കുന്നതിലും സന്തോഷം സ്വയം നായകനായി ഉയരുന്നതിലാകുമല്ലോ,ഏതൊരു കുട്ടിയ്ക്കും.ചെവികളിൽ ഐ -പോഡിന്റെ/മൊബൈൽ ഫോണിന്റെ ഇയർ ഫോൺ തിരുകി,കമ്പ്യൂട്ടർ സ്ക്രീനിൽ തന്നെ കണ്ണുനട്ട്,കീ ബോർഡിൽ ദ്രുതഗതിയിലുള്ള ചലനങ്ങൾ തീർത്ത് പരിസരം മറന്നിരിക്കുന്ന കുട്ടിയുടെ ചിത്രം നമ്മളോട് എന്തെല്ലാമോ പറയുന്നുണ്ടെന്ന് തീർച്ച.ഭാവനയുടെയും ഏകാഗ്രതയുടെയും നഷ്ടം മാത്രമല്ല ഇവിടെ സംഭവിക്കുന്നത്.സാമൂഹികമായ ഇടപെടലുകളിലും വ്യക്തിബന്ധങ്ങളിലെ ഇഴയടുപ്പങ്ങളിലും എല്ലാം വിള്ളലുകളുണ്ടാകുന്നു.ഒറ്റപ്പെട്ട ഒരു തുരുത്തായി ഓരോ കുട്ടിയും സ്വയം പരിണമിക്കുന്നു.

          പ്രതിവിധി നിർദേശിച്ച് പരിഹരിക്കേണ്ട പ്രശ്നങ്ങളല്ല ഇവ.എങ്കിലും സാങ്കേതികവിദ്യയുടെ ഗുണഫലങ്ങൾ മനസ്സിലാക്കുന്നതു പോലെ അവയുടെ അനിയന്ത്രിതമായ ഉപയോഗം കൊണ്ടുണ്ടാകുന്ന ദൂഷ്യങ്ങളും കുട്ടികൾ ശരിയായി മനസ്സിലാക്കേണ്ടതുണ്ട്.വായനയെന്നല്ല,മറ്റേതൊരു  വ്യാപാരവും ആരിലും അടിച്ചേൽപ്പിക്കുന്നതിൽ അർഥമില്ല.എങ്കിലും ലാപ് ടോപ്,ഐ-പോഡ്,മൊബൈൽഫോൺ എന്നിങ്ങനെ ഒതുങ്ങാൻ ഒരിക്കലും അനുവദിക്കേണ്ടതില്ല.കലാപരമായി,കായികമായി താത്പര്യമുള്ള മേഖലകൾ തിരഞ്ഞെടുക്കുന്നതിൽ കുട്ടികളെ സഹായിക്കാനും അവയിൽ വേണ്ടത്ര പ്രോത്സാഹനം നൽകാനും മുതിർന്നവർക്ക് കഴിയും.അതിനായി നീക്കി വയ്ക്കാനുള്ള സമയവും മനസ്സും ഉണ്ടാകണമെന്ന് മാത്രം.വെർച്വൽ ലോകവുമായി ഭേദിക്കാനാകാത്ത ബന്ധം സ്ഥാപിക്കുക എന്നാൽ,യഥാർഥ ലോകത്തെ നിസ്സാരമായും ഗൗരവമില്ലാതെയും കാണുക, ഉൾക്കൊള്ളുക എന്നും കൂടിയാണ്.ദൃശ്യവിസ്മയങ്ങളിലല്ല,ദൃശ്യങ്ങളിലാണ് കണ്ണുകളെത്തേണ്ടതെന്നും ശബ്ദകോലാഹലങ്ങളിലല്ല,ശബ്ദങ്ങളിലാണ് കാതുകളെത്തേണ്ടതെന്നും നമ്മുടെ കുഞ്ഞുങ്ങൾ അറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.ദൃശ്യത്തിനുള്ളിലെ ദൃശ്യത്തിനായി കണ്ണുകൾ തിരഞ്ഞു ചെല്ലാൻ,ശബ്ദത്തിനുള്ളിലെ ശബ്ദത്തിനായി കാതോർക്കാൻ തുടങ്ങുമ്പോൾ കാഴ്ചയുടെയും കേൾവിയുടെയും മറ്റൊരു ലോകത്തിലേക്ക് പ്രവേശിക്കാൻ അവർക്ക് കഴിയുമെന്ന് തീർച്ച.

19 Jul 2012

അക്ഷരരേഖ

 ആർ ശ്രീലതാവർമ്മ

 മാതൃഭാഷയെ രക്ഷിക്കണം

മാതൃഭാഷാപഠനത്തെ സംബന്ധിക്കുന്ന വിചാരങ്ങളിൽ ഭാഷാപഠനത്തിനുള്ള അവസരങ്ങൾ എത്രത്തോളമുണ്ട് എന്നത് പ്രധാന വിഷയമാണ്.ലോകരാഷ്ട്രങ്ങളിൽ ഔദ്യോഗികപദവിയുള്ള മറ്റനേകം ഭാഷകളെക്കാൾ എണ്ണത്തിൽ വളരെ മുന്നിലാണ് മലയാളം സംസാരിക്കുന്നവർ.പക്ഷേ നമ്മുടെ നാട്ടിൽ നമ്മുടെ സ്വന്തം ഭാഷ പഠിക്കാൻ നമുക്ക് വേണ്ടത്ര അവസരങ്ങൾ ഇല്ല എന്നതാണ് വാസ്തവം.പത്താം ക്ലാസ്സ് വരെയുള്ള പഠനകാലയളവിൽ സംസ്ഥാന പാഠ്യപദ്ധതിയനുസരിച്ച് പഠിക്കുന്ന വിദ്യാർഥികൾക്ക് മാതൃഭാഷാപഠനത്തിന് അവസരങ്ങൾ ഉണ്ടെന്ന് സമ്മതിക്കുമ്പോൾത്തന്നെ,ഹയർ സെക്കൻഡറി ,കോളേജ് തലങ്ങളിൽ മലയാളം പഠിക്കുന്നതിനുള്ള അവസരങ്ങൾ താരതമ്യേന വളരെ കുറവാണെന്ന വസ്തുത ചൂണ്ടിക്കാട്ടേണ്ടതുണ്ട്.രണ്ടാം ഭാഷയായി മലയാളം പഠിച്ചാൽ ഉയർന്ന മാർക്ക് വാങ്ങാൻ കഴിയില്ല എന്നൊരു അബദ്ധ ധാരണയും പൊതുവേ നിലനിൽക്കുന്നുണ്ട്.ഈ വക ധാരണകൾ മാറ്റിയെടുക്കുക എളുപ്പമല്ല.
                  കോളേജ് തലത്തിൽ മാതൃഭാഷാപഠനത്തിനവസരങ്ങൾ കുറയാൻ കാരണങ്ങൾ പലതാണ്.അവയിൽ ചിലതിനെക്കുറിച്ച് ഇവിടെ സൂചിപ്പിക്കാം.നമ്മുടെ സംസ്ഥാനത്ത് നാല്പത് ഗവണ്മെന്റ് കോളേജുകളുള്ളതിൽ പതിമൂന്നിടത്ത് മാത്രമാണ് മലയാളം ബി.എ. കോഴ്സുള്ളത്.നമ്മുടെ അയൽസംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കർണാടകയിലും അവരുടെ മാതൃഭാഷകൾ പഠിക്കാനുള്ള അവസരം എല്ലാ കോളേജുകളിലുമുണ്ട്.കേരളത്തിൽ പകുതി കോളേജുകളിൽ പോലും മാതൃഭാഷാപഠനത്തിന് അവസരമില്ല.എല്ലാ ഗവണ്മെന്റ് കോളേജുകളിലും ബിരുദ ബിരുദാനന്തര കോഴ്സുകൾ അനുവദിക്കണമെന്ന് നിയമസഭാസമിതി ശുപാർശ ചെയ്തിരുന്നു.പക്ഷേ ഇതിന്മേൽ ഒരു നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല.40 ഗവണ്മെന്റ് കോളേജുകളിൽ 13 കോളേജുകളിൽ ബി.എ.മലയാളം കോഴ്സുണ്ടെന്നു പറഞ്ഞു.മലയാളം എം.എ.കോഴ്സാകട്ടെ 6 കോളേജുകളിൽ മാത്രമായി ചുരുങ്ങിയിരിക്കുന്നു.ഈ സ്ഥിതി എത്ര ശോചനീയമാണെന്ന് പ്രത്യേകം പറയേണ്ടതില്ല.ഇതിൽ നെടുമങ്ങാട്,ആറ്റിങ്ങൽ,കാഞ്ഞിരം
കുളം,മടപ്പള്ളി,അമ്പലപ്പുഴ,മണിമലക്കുന്ന് ഗവണ്മെന്റ് കോളേജുകളിൽ ബി.എ.മലയാളവും,പാലക്കാട്,തിരൂർ,പേരാമ്പ്ര,ചിറ്റൂർ,കോഴിക്കോട്,കണ്ണൂർ ഗവണ്മെന്റ് കോളേജുകളിൽ എം.എ.മലയാളവും തുടങ്ങണമെന്ന് അതത് കോളേജുകളിലെ പ്രിൻസിപ്പൽമാർ ആവശ്യപ്പെട്ടിട്ടുള്ളതും
 ഇവിടെ ഓർക്കാം.
              കേരളീയരെ ഒന്നാകെ ഇണക്കിച്ചേർക്കുന്ന ഒരു കണ്ണിയാണ് മലയാളം.മലയാളത്തിനുവേണ്ടിയുള്ള ഓരോ സംസാരവും മറ്റ് ഭാഷകളെ എതിർത്തുകൊണ്ടു വേണം എന്നൊരു ധാരണയോ രീതിയോ ഉണ്ട്.ഇത് ശരിയല്ല.മറ്റ് ഭാഷകളോടുള്ള പുറം തിരിഞ്ഞ സമീപനം മാറി,അവയുടെ അധികാര,ആധിപത്യരീതികളെ ചെറുക്കുകയാണ് വേണ്ടത്.ഇംഗ്ലിഷിന്റേതടക്കം മറ്റ് ഭാഷകളുടെ ഉടമമനോഭാവം തകർക്കുകയും അതിന്റെ സ്ഥാനത്ത് ജനാധിപത്യത്തിലൂന്നുന്ന  സ്വാശ്രയമനോഭാവം വികസിക്കുകയും വേണം.ഒട്ടനവധി വൈജാത്യങ്ങൾക്കിടയിലും മലയാളിജനതയെ ഒന്നിച്ചുനിർത്തുന്ന ഒരു സാംസ്കാരികമണ്ഡലമാണ് മലയാളഭാഷ.മലയാളിയെ സംബന്ധിച്ച് മതനിരപേക്ഷമായ,അടിമുടി ജനാധിപത്യപരമായ ഒരേ ഒരു സംസ്കാരം-അതാണ് നമ്മുടെ മലയാളഭാഷ.ഇവിടെയാണ് ഭാഷ നമുക്ക് പ്രതിരോധത്തിനുള്ള ഉപാധിയാകുന്നത്.അപ്പോൾ മാതൃഭാഷ നഷ്ടപ്പെടുത്തുക എന്നാൽ കടുത്ത സാംസ്കാരികദുരന്തം സംഭവിക്കുക എന്നാണ് അർഥമെന്ന് ഓരോ മലയാളിയും തിരിച്ചറിയേണ്ടതുണ്ട്.

17 Jun 2012

അക്ഷരരേഖ


 ആർ .ശ്രീലതാവർമ്മ

മാതൃഭാഷാപഠനം-ചില വിചാരങ്ങൾ

            വിദ്യാഭ്യാസം വ്യക്തിയുടെ ജ്ഞാനവികാസത്തിനു വേണ്ടിയാണെന്ന കാര്യത്തിൽ സംശയത്തിനിടയില്ല.എന്നാൽ വ്യക്തിയിൽ തുടങ്ങി വ്യക്തിയിൽ ഒടുങ്ങുന്ന വിദ്യാഭ്യാസം ഒരു തരത്തിലുള്ള സമൂഹിക വികാസത്തിനും പ്രേരകമാകുന്നില്ല.ഒരുവിധത്തിൽ ചിന്തിച്ചാൽ ഇത്തരം വിദ്യാഭ്യാസരീതി സമൂഹപുരോഗതിയ്ക്ക് വിഘാതമാകുന്നു എന്നതാണ് വാസ്തവം.ഈ പശ്ചാത്തലത്തിൽ നിന്നാണ് മാതൃഭാഷാപഠനത്തെക്കുറിച്ച് നാം ചിന്തിച്ചു തുടങ്ങേണ്ടത്.ഭാഷയും സമൂഹവും തമ്മിൽ സ്ഥൂലതലത്തിലും സൂക്ഷ്മതലത്തിലും ബന്ധമുണ്ട്.സ്ഥൂലരീതിയിൽ ഭാഷയെ ആശവിനിമയോപാധിയായി വിവരിക്കാം.സൂക്ഷ്മരീതിയിൽ അത് സാമൂഹികവികസനത്തിന്റെ നിർണായകഘടകങ്ങളിലൊന്നാണെന്ന കാര്യം മറക്കാനാവില്ല.മാതൃഭാഷാപഠനത്തെ സാമൂഹികവികസനവുമായി എങ്ങനെ ബന്ധിപ്പിക്കാം?
                              ഭാഷ എല്ലായിടത്തുമുണ്ട്.ദൈനംദിനവ്
യവഹാരത്തിൽ,സാങ്കേതികമേഖലയിൽ,സാഹിത്യത്തിൽ,ശാസ്ത്രകൃതികളിൽ എല്ലാം ഭാഷയുണ്ട്.അങ്ങനെ വരുമ്പോൾ ഭാഷ പഠിക്കുക എന്നു പറയുമ്പോൾ എന്താണ് ലക്ഷ്യമാക്കുന്നത്?ഏത് ഭാഷയ്ക്കും വ്യക്തമായ ഒരു പരിണാമചരിത്രവും ഘടനയുമുണ്ട്.ഈ ഘടനയ്ക്കുള്ളിൽ നിന്നുകൊണ്ടാണ് മൊഴിയിലും എഴുത്തിലും ഭാഷയുടെ സവിശേഷതകൾ തിരിച്ചറിയേണ്ടത്.നാളിതുവരെ രണ്ടാം ഭാഷയായി നിലനിന്നതും സമീപഭാവിയിൽ ഒന്നാം ഭാഷയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതുമാണ് നമ്മുടെ മലയാളം.എന്തുകൊണ്ടാണ് അതിദീർഘമായ ഈ കാലയളവ് മുഴുവൻ മലയാളം രണ്ടാം ഭാഷയായി തരം താണു പോയത്?
                              ഭാഷ എന്നത് സംസ്കാരത്തിന്റെ അടയാളം മാത്രമല്ല,പ്രതിരോധത്തിനുള്ള ഉപാധി കൂടിയാണെന്ന തിരിച്ചറിവ് ഇല്ലാതെപോയതിനാലാണ് മുഖ്യമായും ഈ നില വന്നത്.കേരലീയരെ ഒന്നാകെ ഇണക്കിച്ചേർക്കുന്ന ഒരു കണ്ണിയാണ് മലയാളം.മലയാളത്തിനു വേണ്ടിയുള്ള എല്ലാ വർത്തമാനങ്ങളും മറ്റു ഭാഷകളെ എതിർത്തുകൊണ്ടുവേണം എന്നൊരു രീതിയോ ധാരണയോ ഉണ്ട്.ഇത് ശരിയല്ല.മറ്റ് ഭാഷകളോടുള്ള ശത്രുതാമനോഭാവം മാറി,അവയുടെ അധികാര/ആധിപത്യ രീതികളെ ചെറുക്കുകയാണ് വേണ്ടത്.ഇംഗ്ലിഷിന്റേതടക്കം മറ്റ് ഭാഷകളുടെ ഉടമമനോഭാവം തകർക്കുകയും അതിന്റെ സ്ഥാനത്ത് ജനാധിപത്യത്തിലൂന്നുന്ന സ്വാശ്രയമനോഭാവം വികസിക്കുകയും വേണം.സാമ്പത്തികവും മതപരവും ജാതീയവും ലിംഗപരവുമായ ഒട്ടേറെ വ്യത്യാസങ്ങൾക്കിടയിലും മലയാളിജനതയെ ഒന്നിച്ചുനിർത്തുന്ന ഒരു സാംസ്കാരികമണ്ഡലമാണ് മലയാളഭാഷ.മലയാളിയെ സംബന്ധിച്ച് മതനിരപേക്ഷമായ,ജനാധിപത്യപരമായ ഒരേ ഒരു സംസ്കാരമാണ് മലയാളഭാഷ.ഇവിടെയാണ് ഭാഷ നമുക്ക് പ്രതിരോധത്തിനുള്ള ഉപാധിയാകുന്നത്.അപ്പോൾ മാതൃഭാഷ നഷ്ടപ്പെടുത്തുക എന്നാൽ കടുത്ത സാംസ്കാരികദുരന്തം സംഭവിക്കുക എന്നാണ് ഓരോ മലയാളിയും മനസ്സിലാക്കേണ്ടത് എന്നു വരുന്നു.കൈവശമായതിനെ വിലവയ്ക്കാത്ത മനുഷ്യസഹജമായ മനോഭാവമാണ് മാതൃഭാഷയോട് നമുക്കുള്ളത്.അതുപോലെ ഇംഗ്ലിഷിനെ യജമാനഭാഷയായി പ്രതിഷ്ഠിച്ച് അതിനോട് വിധേയത്വവും ഭീതിയും പുലർത്തുകയും ഭാരതീയവും വൈദേശികവുമായ മറ്റ് ഭാഷകളോടെല്ലാം അകൽചയും താത്പര്യക്കുറവും കാണിക്കുകയുമാണ് നമ്മൽ പിന്തുടർന്നു പോരുന്ന രീതി.ഈ മനോഭാവങ്ങളും രീതികളും തുടച്ചുമാറ്റിയാൽ മാത്രമേ ഭാഷാപഠനത്തെയും ഭാഷാസംരക്ഷണത്തെയും മൂല്യബോധവുമായി ബന്ധപ്പെടുത്തി ഉൾക്കൊള്ളാൻ കഴിയുകയുള്ളൂ.ഇതു സംബന്ധിച്ച ചില വിശദാംശങ്ങൾ അടുത്ത ലക്കത്തിൽ ചർച്ച ചെയ്യാം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...