Showing posts with label JOHN MUZHUTHETTU. Show all posts
Showing posts with label JOHN MUZHUTHETTU. Show all posts

28 Sept 2015

വിജയരഹസ്യങ്ങൾ


ജോൺ മുഴുത്തേറ്റ്‌


ഇന്നത്തെ ജോലികൾ ഇന്ന്‌
പ്രശസ്ത മാനേജ്‌മന്റ്‌ വിദഗ്ദ്ധനും കൺസൾട്ടന്റുമായിരുന്ന ഇവി ലീ (ഋ​‍്​‍്യ ഘലല)  ഒരിക്കൽ ടൈം മാനേജ്‌മന്റ്‌ സെമിനാറിനായി പട്ടണത്തിൽ എത്തി. ആ പട്ടണത്തിലെ പ്രമുഖ വ്യവസായ സ്ഥാപനത്തിന്റെ തലവനായ തന്റെ സുഹൃത്തിനെ ഫോണിൽ വിളിച്ച്‌ തമ്മിൽ കാണാനുള്ള ആഗ്രഹമറിയിച്ചു. വളരെ തിരക്കുള്ള അദ്ദേഹം വൈകുന്നേരം സെമിനാർ നടക്കുന്ന ഹോട്ടലിൽ വന്ന്‌ ലീയെ കണ്ടുകൊള്ളാമെന്ന്‌ അറിയിച്ചു.
സെമിനാറിനു ശേഷം ഹോട്ടൽ മുറിയിൽ ലീ സ്നേഹിതനെ കാത്തിരുന്നു. അയാൾ കുറച്ചു വൈകിയാണ്‌ എത്തിയത്‌. ക്ഷമാപണത്തോടെ തന്റെ മുറിയിൽ കടന്നുവന്ന സ്നേഹിതനെ ലീ അഭിവാദ്യം ചെയ്തു. പറഞ്ഞ സമയത്ത്‌ എത്താൻ കഴിയാത്തതിന്റെ കാരണം അയാൾ വ്യക്തമാക്കി. തനിക്ക്‌ ഒന്നിനും സമയം കിട്ടുന്നില്ല. ഇന്നത്തെ പ്രധാനജോലികൾ പോലും നാളേയ്ക്ക്‌ മാറ്റിവയ്ക്കേണ്ടി വരുന്നു. പക്ഷേ നാളെയും ചെയ്യുവാൻ കഴിയുന്നില്ല. അങ്ങനെ ജോലികൾ കുന്നുകൂടുന്നു. അത്‌ ഗുരുതരമായ പ്രതിസന്ധികളും പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. തന്റെ ജീവിതം തീർത്തും സംഘർഷഭരിതവും ദുരിതപൂർണ്ണവുമായിത്തീർന്നിരിക്
കുന്നു...
സ്നേഹിതന്റെ പ്രശ്നങ്ങൾ കേട്ട്‌ ലീ ചിരിച്ചതേയുള്ളു.
"താങ്കൾ ടൈംമാനേജ്‌മന്റ്‌ വിദഗ്ദ്ധനല്ലേ? എനിക്ക്‌ എന്തെങ്കിലും പോംവഴി പറഞ്ഞുതരൂ", അയാൾ അപേക്ഷിച്ചു. പരിഹാരം പറഞ്ഞു കൊടുക്കാമെന്ന്‌ ലീ ഏറ്റു.
അവരുടെ സംഭാഷണം മറ്റു വിഷയങ്ങളിലേക്ക്‌ തിരിഞ്ഞു. ഒടുവിൽ ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ സ്നേഹിതൻ തന്റെ പ്രശ്നങ്ങൾ ലീയെ ഓർമ്മപ്പെടുത്തി. അപ്പോൾ ലീ ഒരു കടലാസ്‌ കഷണം എടുത്തു. അതിൽ തന്റെ നിർദ്ദേശങ്ങൾ ചുരുക്കി എഴുതി:
*   എല്ലാദിവസവും വൈകുന്നേരം നാളെ ചെയ്യേണ്ട ആറു പ്രധാനജോലികൾ മുൻഗണനാക്രമത്തിൽ എഴുതിവയ്ക്കുക
* പിറ്റേദിവസം രാവിലെ ഇവ ഓരോന്നും മുൻഗണനയനുസരിച്ച്‌ ചെയ്തു തുടങ്ങുക. പരമാവധി ജോലികൾ തീർക്കുക.
*   ദിനാന്ത്യത്തിൽ തലേദിവസത്തെ ലിസ്റ്റ്‌ കീറിക്കളയുക. പിറ്റേ ദിവസത്തേക്ക്‌ വീണ്ടും മുൻഗണനാ ലിസ്റ്റ്‌ തയ്യാറാക്കുക.
മുൻലിസ്റ്റിൽ തീരാതെ കിടക്കുന്ന പ്രധാന ജോലികൾ ഉണ്ടെങ്കിൽ അവയും പുതിയ ലിസ്റ്റിൽപെടുത്താം. ഇങ്ങനെ മുൻകൂട്ടിയുണ്ടാക്കുന്ന മുൻഗണനാ ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ദിവസവും ജോലികൾ പൂർത്തിയാക്കുക.
ലീയുടെ നിർദ്ദേശാനുസരണം പ്രവർത്തിക്കുമെന്നു സ്നേഹിതൻ ഉറപ്പു നൽകി. ഈ ഉപദേശത്തിന്‌ ഫീസ്‌ എത്രയെന്ന്‌ ചോദിച്ചപ്പോൾ ലീ തമാശയായി പറഞ്ഞു, "ഇത്‌ ഫലിക്കുന്നെങ്കിൽ ഇഷ്ടമുള്ള ഫീസ്‌ ചെക്കായി അയച്ചു തന്നാൽ മതി".
അവർ പിരിഞ്ഞു. മാസങ്ങൾ കഴിഞ്ഞു. ലീ തന്റെ ഉപദേശത്തിന്റെ കാര്യമൊക്കെ മറന്നു. ഒരു ദിവസം അപ്രതീക്ഷിതമായി സ്നേഹിതന്റെ കത്തുവന്നു. അത്‌ ആകാംക്ഷയോടെ തുറന്നു നോക്കി.
'താങ്കളുടെ ഉപദേശം വളരെഫലപ്രദം. ഇതിന്റെ ഫീസായി ഞാൻ സസന്തോഷം 25000 ഡോളറിന്റെ ചെക്ക്‌ അയയ്ക്കുന്നു. ദയവായി സ്വീകരിക്കുക.
ലീ പിന്നീട്‌ സെമിനാറുകളിൽ '25000 ഡോളർ വിലയുള്ള ഉപദേശം' എന്നു പറഞ്ഞാണ്‌ ഈ നിർദ്ദേശങ്ങൾ നൽകിയത്‌.
ഇന്ന്‌ ചെയ്യേണ്ട പ്രധാന ജോലികൾ നാളേയ്ക്ക്‌ മാറ്റി വയ്ക്കുന്നത്‌ പിന്നീട്‌ ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ലീ പറഞ്ഞതുപോലെ മുൻഗണനാക്രമത്തിൽ ജോലികൾ ചെയ്തു തുടങ്ങിയാൽ പ്രധാനപ്പെട്ട ജോലികൾ നാളേയ്ക്ക്‌ മാറ്റി വയ്ക്കുവാൻ ഇടയാവുകയില്ല. ഏതെങ്കിലും ജോലികൾ മാറ്റിവയ്ക്കേണ്ടി വന്നാൽ അതു താരതമ്യേന അപ്രധാനമായവയായിരിക്കും.
ലോകത്ത്‌ ഏറ്റവും വലിയ സമയനഷ്ടം സംഭവിക്കുന്നത്‌ ജോലിനീട്ടിവയ്ക്കൽ പ്രക്രിയകൊണ്ടാണ്‌. 'മുൻഗണന' എന്ന വിറ്റാമിന്റെ കുറവുകൊണ്ടുണ്ടാകുന്ന ഒരു വൈകാരിക രോഗമാണ്‌ ജോലിനീട്ടിവയ്ക്കൽ അഥവാ പ്രോക്രാസ്റ്റിനേഷൻ', എന്നാണ്‌ പ്രശസ്ത ബ്രിട്ടീഷ്‌ മാനേജ്‌മന്റ്‌ വിദഗ്ദ്ധനായ ജോൺ അഡയർ അഭിപ്രായപ്പെട്ടത്‌.
ക്രിസ്റ്റഫർ പാർക്കർ ഒരിക്കൽ സരസമായി പറഞ്ഞു, "ജോലിനീട്ടിവയ്ക്കൽ ഒരു ക്രെഡിറ്റ്‌ കാർഡ്‌ പോലെയാണ്‌. ബില്ലു കിട്ടുന്നതുവരെ അതുരസകരമാണ്‌".
അലസതയുടെയും അലംഭാവത്തിന്റെയും ഫലമായി ഇന്നത്തെ ജോലി നാളേയ്ക്കു മാറ്റി വയ്ക്കുന്ന ശീലം ഒരു വ്യക്തിയുടെ പരാജയത്തിനും തകർച്ചയ്ക്കും കാരണമായിത്തീരുന്നു. അതിനെ അതിജീവിക്കുവാൻ നാം ശീലിക്കേണ്ടിയിരിക്കുന്നു. ഈ ദുശ്ശീലത്തിൽ നിന്നും രക്ഷനേടുന്നതിനുള്ള ചില പ്രായോഗികവഴികൾ വിശദമാക്കാം:
1. ശാരീരികവും മാനസികവുമായ ഊർജ്ജസ്വലത കൈവരിക്കുക
ശാരീരികവും മാനസികവുമായ ക്ഷീണവും ഉൻമേഷരാഹിത്യവും നിങ്ങളെ ജോലി ചെയ്യുന്നതിൽ നിന്ന്‌ പൈന്തിരിപ്പിച്ചേക്കാം. ശാരീരികവും മാനസികവുമായ ആരോഗ്യവും ഉൻമേഷവും കൈവരിയ്ക്കാൻ സഹായകരമായ ഒരു ജീവിതശൈലി സ്വീകരിക്കുക. പഴങ്ങളും, പച്ചക്കറികളും ധാരാളമടങ്ങിയ മിതമായ ആഹാരരീതികൾ, പതിവായ വ്യായാമം, മതിയായ സുഖനിദ്ര തുടങ്ങിയവ വളരെ പ്രധാനമാണ്‌. നിർജ്ജലീകരണം ക്ഷീണത്തിന്‌ കാരണമാകാറുണ്ട്‌. അതുകൊണ്ട്‌ ജലപാനം ശീലമാക്കുക. മദ്യപാനം, അമിതമായ ടി. വി. കാണൽ തുടങ്ങിയവ ഒഴിവാക്കുക.
2. വ്യക്തമായ ലക്ഷ്യബോധം വളർത്തുക
പ്രചോദനാത്മകമായ ഒരു ലക്ഷ്യം മുന്നിൽ കാണുകയും അത്‌ കൈവരിക്കാനുള്ള അഭിവാഞ്ഛ പുലർത്തുകയും ചെയ്യുമ്പോൾ ജോലികൾ ചെയ്ത്‌ തീർക്കുവാൻ ഉത്സാഹവും ഉന്മേഷവും തോന്നുക സ്വാഭാവികമാണ്‌. രാത്രിയിൽ ഉറങ്ങാൻ പോകുമ്പോഴും രാവിലെ ഉണരുമ്പോഴും ഈ ലക്ഷ്യപ്രാപ്തി വ്യക്തമായി ഭാവനയിൽ കാണുക. അത്‌ നിങ്ങൾക്ക്‌ ഉത്തേജനമേകുന്നു.
3. മുൻഗണനാ ക്രമത്തിൽ ജോലി തെരഞ്ഞെടുത്ത്‌ ചെയ്യുക
ജോലിബാഹുല്യം അനുഭവപ്പെടുന്നവർ, ജോലികളുടെ മുൻഗണനാക്രമത്തിലുള്ള ലിസ്റ്റ്‌ തയ്യാറാക്കുകയും അതനുസരിച്ച്‌ പ്രവർത്തിച്ചു തുടങ്ങുകയും ചെയ്യുക. അപ്പോൾ പ്രധാന ജോലികൾ ഉപേക്ഷിച്ച്‌ അപ്രധാന ജോലികളിൽ മുഴുകി സമയം കളയുവാൻ ഇടവരികയില്ല.
4. കുറെ ജോലികൾ മറ്റുള്ളവരെ ഭരമേൽപ്പിക്കുക
എല്ലാ ജോലികളും താൻ തന്നെ ചെയ്താലെ ശരിയാവു എന്ന ചിന്ത വെടിഞ്ഞ്‌ മറ്റുള്ളവരെ വിശ്വാസത്തിലെടുക്കുകയും അവരെ കുറെ ജോലികൾ ചെയ്യാൻ ഏൽപ്പിക്കുകയും ചെയ്യുക. ഒരു മാനേജർ തന്റെ ചില ജോലികൾ തന്റെ കീഴിൽ ജോലി ചെയ്യുന്ന കഴിവുള്ള ജീവനക്കാരെ കണ്ടെത്തി ഏൽപ്പിച്ചു കൊടുക്കുമ്പോൾ അതവർക്ക്‌ ഒരു പ്രചോദനവും അംഗീകാരവുമായിത്തീരുന്നു. മാനേജർക്ക്‌ തന്റെ സുപ്രധാന ജോലികൾ നാളേയ്ക്കു നീട്ടി വയ്ക്കാതെ നിർവഹിക്കുവാൻ കഴിയുകയും ചെയ്യും.
5. ശരിയായ ആസൂത്രണത്തോടെ പ്രവർത്തിക്കുക
ഒരു ജോലി പൂർണ്ണമായി ചെയ്തു തീർക്കുവാൻ എത്ര സമയം വേണമെന്ന്‌ മുൻകൂർ കണക്കാക്കുകയും അതിനുള്ള സമയം നീക്കിവയ്ക്കുകയും ചെയ്യണം. അവസാനം ചെയ്യാമെന്ന്‌ കരുതി നീക്കിവയ്ക്കുന്ന ജോലികൾ സമയക്കുറവു മൂലം ചെയ്തു തീർക്കുവാൻ കഴിയാതെ വരികയാണ്‌ പതിവ്‌. മുൻകൂട്ടിയുള്ള ആസൂത്രണത്തോടെ പ്രവർത്തിച്ചാൽ നിശ്ചിതസമയപരിധിക്കുള്ളിൽ ജോലി പൂർത്തിയാക്കാൻ കഴിയും.

6. ജോലിവൈഭവം വർദ്ധിപ്പിക്കുക
ഒരു ജോലി നന്നായി ചെയ്യുന്നതിനുള്ള വൈഭവവും ആത്മവിശ്വാസവും ഇല്ലെങ്കിൽ അതു ചെയ്യാതെ നീട്ടി വയ്ക്കുന്നതിന്‌ പ്രേരണയാകുന്നു. ജോലി വൈഭവം വർദ്ധിപ്പിക്കുമ്പോൾ ആത്മവിശ്വാസം വളരുകയും ജോലി ചെയ്യാനുള്ള താൽപര്യം ഉണരുകയും ചെയ്യും. ഇതിനുള്ള പ്രത്യേക പരിശീലന പരിപാടികളിൽ പങ്കെടുക്കുകയോ പരിചയസമ്പന്നരായ സഹപ്രവർത്തകരുടെ സഹായം തേടുകയോ ചെയ്യാം.
7. പരാജയബോധം അകറ്റി വിജയപ്രതീക്ഷ വളർത്തുക
ജോലിയിൽ പരാജയപ്പെടുമോ എന്ന ആശങ്കയും ഭയവും അതേറ്റെടുക്കുന്നതിൽ നിന്നും നിങ്ങളെ പൈന്തിരിപ്പിക്കുന്നു. പരാജയബോധം വെടിഞ്ഞ്‌ വിജയപ്രതീക്ഷ വളർത്തുക എന്നതാണ്‌ ഇതിനൊരു പോംവഴി. വിജയം സ്വപ്നം കാണുക.
പ്രോക്രാസ്റ്റിനേഷന്റെ അപകടങ്ങൾ മനസിലാക്കിയിരുന്ന ലോർഡ്‌ ചെസ്റ്റർ ഫീൽഡ്‌ തന്റെ മകനയക്കുന്ന കത്തുകളിൽ എപ്പോഴും നൽകുന്ന ഉപദേശം ഇതായിരുന്നു, 'ഇന്നു ചെയ്യാവുന്ന ജോലികൾ നാളേക്ക്‌ മാറ്റി വയ്ക്കാതിരിക്കുക.'

19 Jul 2015

സൗഹൃദത്തിന്റെ ശക്തി


ജോൺ മുഴുത്തേറ്റ്‌


സുഹൃത്ബന്ധങ്ങൾ മനുഷ്യന്റെ മനഃശാസ്ത്രപരവും, സാമൂഹികവും ജനിതകപരവുമായ ആവശ്യമാണ്‌ എന്നത്‌ ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞിട്ടു
ണ്ട്‌. സൗഹൃദങ്ങൾ വളർത്തിയെടുക്കുവാനുള്ള ആന്തരിക പ്രവണത ഓരോ വ്യക്തിയിലും കുടികൊള്ളുന്നു. എങ്കിലും പലരും അതിൽ വിജയം വരിക്കുന്നില്ല. അതിവേഗ ജീവിതം നയിക്കുന്ന ആധുനിക മനുഷ്യന്‌ അതിനുവേണ്ടി സമയം ചെലവഴിക്കുവാൻ കഴിയാതെ പോവുന്നു. സുഹൃത്ബന്ധങ്ങളുടെ യഥാർത്ഥ അർത്ഥവും പ്രാധാന്യവും ശരിയായി ഉൾക്കൊള്ളുവാൻ കഴിയാതെ പോയതാവാം ഇതിനുള്ള പ്രധാന ഹേതു.
പ്രശസ്ത അമേരിക്കൻ ചിന്തകനായിരുന്ന എമേഴ്സൺ ഒരിക്കൽ പറഞ്ഞു; 'ഒരു സുഹൃത്തിനെ ലഭിക്കുവാനുള്ള ഏറ്റവും നല്ലമാർഗ്ഗം, ഒരു സുഹൃത്താവുക എന്നതാണ്‌.' അദ്ദേഹത്തിന്റെ ഈ വാക്കുകൾ ഇവിടെ ഏറെ പ്രസക്തമാണ്‌. നിങ്ങൾ ഒരാളുടെ സുഹൃത്തായിത്തീരുമ്പോൾ, അയാൾ സ്വാഭാവികമായിത്തന്നെ നിങ്ങളുടെ സുഹൃത്തായിത്തീർന്നുകൊള്ളും.
നല്ല ഒരു സൗഹൃദത്തിന്‌ ഉണ്ടായിരിക്കേണ്ട പ്രത്യേക ഗുണങ്ങൾ എന്തൊക്കെയാണ്‌? അല്ലെങ്കിൽ ഉത്തമസൗഹൃദത്തിന്റെ പ്രധാനഘടകങ്ങൾ ഏതൊക്കെയാണ്‌ എന്നറിഞ്ഞെങ്കിൽ മാത്രമേ നല്ല സുഹൃത്തുക്കളെ തിരിച്ചറിയുവാനും അവരുമായി സൗഹൃദം ശക്തിപ്പെടുത്തുവാനും കഴിയുകയുള്ളു.
ഉത്തമ സൗഹൃദത്തിൽ അനേകം ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. എങ്കിലും പ്രധാനമായി ഉണ്ടായിരിക്കേണ്ട ഘടകങ്ങൾ താഴെപ്പറയുന്നവയാണ്‌.
1. സത്യസന്ധത
രണ്ടു സുഹൃത്തുക്കൾ തമ്മിൽ അനിവാര്യമായി പാലിക്കേണ്ട ഒന്നാണ്‌ സത്യസന്ധത. നിങ്ങളുടെ സുഹൃത്ത്‌ നിങ്ങളോട്‌ കള്ളം പറയുകയും നിങ്ങളിൽ നിന്ന്‌ സത്യം മറച്ചുവയ്ക്കുകയും ചെയ്യുമ്പോൾ അയാൾ നിങ്ങളോടു സത്യസന്ധത പുലർത്താത്ത വ്യക്തിയായിത്തീരുകയും നിങ്ങളുടെ നല്ല സുഹൃത്ത്‌ അല്ലാതായിത്തീരുകയും ചെയ്യുന്നു.
2. വിശ്വസ്തത്ത
വിശ്വസ്തനായ ഒരു സുഹൃത്ത്‌ നിങ്ങളുടെ വിജയങ്ങളിലും പരാജയങ്ങളിലും, ദുരന്തങ്ങളിലും ദുഃഖങ്ങളിലും എല്ലാം നിങ്ങളോടൊപ്പം നിൽക്കും. ഏതു പ്രതിസന്ധിയിലും പ്രതികൂല സാഹചര്യങ്ങളിലും അയാൾ നിങ്ങളെ വിട്ടൊഴിഞ്ഞു പോവുകയില്ല. നിങ്ങളെ തള്ളിപ്പറയുകയുമില്ല. അതുകൊണ്ടാണ്‌ അരിസ്റ്റോട്ടിൽ ഇങ്ങനെ പറഞ്ഞത്‌, 'ആരെല്ലാം യഥാർത്ഥ സുഹൃത്തുക്കൾ അല്ലാ എന്ന്‌ ദൗർഭാഗ്യം നിങ്ങൾക്കു കാണിച്ചുതരും.'
വാട്ടർ വിനിഗൽ അഭിപ്രായപ്പെട്ടതുപോലെ, 'ലോകം മുഴുവൻ പുറത്തേയ്ക്കു നടക്കുമ്പോൾ, ഉള്ളിലേയ്ക്ക്‌ കടന്നുവരുന്നവനാണ്‌ യഥാർത്ഥ സുഹൃത്ത്‌'
3. വിശ്വാസം
നല്ല സുഹൃത്‌ ബന്ധത്തിൽ അനിവാര്യമായി ഉണ്ടായിരിക്കേണ്ട ഒരു ഘടകമാണ്‌ പരസ്പര വിശ്വാസം. നിങ്ങളെ വിശ്വസിക്കാത്ത കൂട്ടുകാരൻ ഒരിക്കലും നല്ല ചങ്ങാതിയായിരിക്കില്ല. അയാളുടെ വിശ്വാസരാഹിത്യം പെരുമാറ്റത്തിൽ പ്രതിഫലിക്കുകയോ പ്രതിഫലിക്കാതിരിക്കുകയോ ചെയ്യാം.
4. തന്മയീഭാവം (Empathy)
കൂട്ടുകാരന്റെ സാഹചര്യങ്ങൾ മനസിലാക്കി അയാളുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ശരിയായി ഉൾക്കൊള്ളുവാനുള്ള ശേഷിയാണിത്‌. താൻ അതേ സാഹചര്യത്തിലാണെങ്കിൽ തനിക്കെങ്ങനെ അനുഭവപ്പെടും എന്നറിയാവുന്ന വ്യക്തിയാണ്‌ യഥാർത്ഥ സ്നേഹിതൻ.
5. നിസ്വാർത്ഥത
യാതൊരു സ്വാർത്ഥമോഹവും ഇല്ലാതെയുള്ള സ്നേഹബന്ധമാണ്‌ ഉത്തമമായ സുഹൃത്ബന്ധം. ഗോ‍ൂഢമായ സ്വാർത്ഥ താൽപര്യങ്ങളോടും ലക്ഷ്യങ്ങളോടും കൂടി വലിയ ചങ്ങാത്തം കാണിക്കുകയും സ്നേഹം പ്രകടിപ്പിക്കുകയും ഒക്കെ ചെയ്യുന്ന വ്യക്തി നിങ്ങളുടെ യഥാർത്ഥ സ്നേഹിതനായിരിക്കുകയില്ല. ലക്ഷ്യം നേടാൻ സാധിക്കുകയില്ല എന്ന്‌ മനസ്സിലാക്കിയാൽ അയാൾ നിങ്ങളെ വിട്ടകന്നുപൊയ്ക്കളയും.
6. നിരുപാധിക സ്നേഹം (Unconditional Love)
നല്ല സൗഹൃദത്തിന്റെ ഉത്തമലക്ഷണമാണ്‌ ഉപാധികളില്ലാത്ത സ്നേഹം. നിങ്ങളുടെ കഴിവുകളോ, കഴിവുകേടുകളോ നേട്ടങ്ങളോ പരാജയങ്ങളോ, പദവിയോ പ്രശസ്തിയോ ഒന്നും നോക്കാതെ നിങ്ങളെ സ്നേഹിക്കുന്ന വ്യക്തിയാണ്‌ യഥാർത്ഥ സുഹൃത്ത്‌ എന്ന്‌ ഓർത്തിരിക്കുക. നിങ്ങളും അതുപോലെ സ്നേഹിക്കുമ്പോഴാണ്‌ ഒരു നല്ല സുഹൃത്തായി മാറുന്നത്‌. അതുകൊണ്ടാണ്‌ എൽബർട്ട്‌ ഹ്യൂബ്ബാർഡ്‌ (Elbert Hubbard) ഇങ്ങനെ പറഞ്ഞത,​‍്‌ 'നിങ്ങളെപ്പറ്റി എല്ലാം അറിയുന്നവനായിട്ടും, നിങ്ങളെ ഇഷ്ടപ്പെടുന്നവനാണ്‌ നിങ്ങളുടെ സുഹൃത്ത്‌.'
7. സഹായിക്കുവാനുള്ള സന്മനസ്സ്‌
അവശ്യഘട്ടങ്ങളിൽ സഹായിക്കുവാൻ സന്മനസ്സ്‌ കാണിക്കാത്ത ചങ്ങാതി ഒരിക്കലും ആത്മാർത്ഥതയുള്ള ഒരു സുഹൃത്തായിരിക്കില്ല.  അയാളിൽ നിന്നും നിങ്ങൾക്ക്‌ യാതൊരു പ്രയോജനവും ലഭിക്കുകയില്ല. ആ ബന്ധം നിലനിൽക്കുകയുമില്ല. ആപത്ഘട്ടങ്ങളിൽ സുഹൃത്തിനെ സഹായിക്കേണ്ടത്‌ നിങ്ങളുടെ കടമയാണ്‌.
8. അംഗീകരിക്കാനുള്ള മനസ്സ്‌
നിങ്ങളെ അംഗീകരിക്കുവാനും അഭിനന്ദിക്കുവാനും വൈമനസ്യം കാണിക്കുന്ന കൂട്ടുകാർ യഥാർത്ഥത്തിൽ നല്ല കൂട്ടുകാരാവാനിടയില്ല. അവർ നിങ്ങളോട്‌ അസൂയ പുലർത്തുന്നവരാവാനേ തരമുള്ളു. നിങ്ങളുടെ വളർച്ചയിലും ഉയർച്ചയിലും സന്തോഷിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും അവർക്കാവില്ല.
9. തെറ്റുകളും പോരായ്മകളും ചൂണ്ടിക്കാട്ടാനുള്ള ധീരത
'ചങ്ങാതി നന്നെങ്കിൽ കണ്ണാടി വേണ്ട', എന്നാണല്ലോ ചൊല്ല്‌. നിങ്ങളുടെ യഥാർത്ഥ സ്നേഹിതൻ നിങ്ങളുടെ വ്യക്തിത്വത്തിന്റെ ഗുണദോഷങ്ങൾ പ്രതിഫലിപ്പിക്കുന്ന ഒരു ദർപ്പണമാണ്‌. നിങ്ങളെ എപ്പോഴും പുകഴ്ത്തുകയും പ്രീതിപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തി ഒരിക്കലും നല്ല സുഹൃത്താവാനിടയില്ല. നിങ്ങളുടെ തെറ്റുകളും മഠയത്തരങ്ങളും പോരായ്മകളും, ദുശ്ശീലങ്ങളും ഒക്കെ വേണ്ട സമയത്ത്‌ ക്രിയാത്മകമായി ചൂണ്ടിക്കാട്ടുകയും വിമർശിക്കുകയും അവയിൽ നിന്ന്‌ മോചനം നേടുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നവനാണ്‌ യഥാർത്ഥ ചങ്ങാതി. നിങ്ങളുടെ പ്രീതിയല്ല, നന്മയായിരിക്കണം സുഹൃത്തിന്റെ ലക്ഷ്യം.
10. ക്ഷമിക്കാനുള്ള മനസ്സ്‌
നിങ്ങളുടെ ഭാഗത്തുനിന്ന്‌ എന്തെങ്കിലും തെറ്റുകളും വീഴ്ചകളും ഉണ്ടായിട്ടുണ്ടെങ്കിൽ, അവയൊക്കെ യഥാസമയം ക്ഷമിക്കാനും മറക്കാനുമുള്ള ശേഷിയുള്ളവനാണ്‌. യഥാർത്ഥ സുഹൃത്ത്‌. അതിനുകഴിയാത്ത സാഹചര്യത്തിൽ ആ സൗഹൃദം നിലനിൽക്കുകയില്ല എന്ന്‌ അനുഭവങ്ങൾ വ്യക്തമാക്കുന്നു.
11. ശ്രദ്ധാപൂർവ്വം കേൾക്കുവാനുള്ള ശേഷി
ഏതു സൗഹൃദബന്ധത്തിന്റെയും അനിവാര്യമായ ഒരു ഘടകമാണ്‌ ശ്രദ്ധാപൂർവ്വം കേൾക്കുവാനുള്ള ശേഷി. നിങ്ങൾ പറയുന്നത്‌ കേൾക്കുവാൻ തയ്യാറാവാത്ത വ്യക്തികളെ നിങ്ങൾക്കിഷ്ടപ്പെടുവാൻ കഴിയുകയില്ല എന്നതാണു പരമാർത്ഥം. ണല്ലോരു സുഹൃത്താകുവാൻ ണല്ലോരു കേൾവിക്കാരനാവുകയാണ്‌ ആദ്യം വേണ്ടത്‌.
12. നർമ്മബോധം
അരസികനായ ഒരു ചങ്ങാതിയെ ഏറെ നാൾ ഇഷ്ടപ്പെടുവാൻ ആർക്കും തന്നെ കഴിയുകയില്ല. എപ്പോഴും തമാശകൾ പറയുകയും ചിരിക്കുകയും ചിരിപ്പിക്കുകയും ഒക്കെ ചെയ്യുന്ന കൂട്ടുകാരെയാണ്‌ ഏവർക്കും ഇഷ്ടം. സുഹൃത്തുമൊത്തുള്ള നിമിഷങ്ങൾ നർമ്മ മധുരവും ആഹ്ലാദകരവുമായിത്തീരുമ്പോൾ ആബന്ധം ഏറെ ദൃഢതയുള്ളതായി പരിണമിക്കുന്നു.
മുകളിൽ വിവരിച്ച ഈ ഘടകങ്ങളെല്ലാം നിങ്ങളുടെ സുഹൃത്‌ ബന്ധങ്ങളിൽ അടങ്ങിയിട്ടുണ്ടോ എന്ന്‌ പരിശോധിക്കുക. ഇല്ലായെങ്കിൽ അവയെല്ലാം ഉൾക്കൊള്ളുവാൻ ബോധപൂർവ്വം പരിശ്രമിക്കുക. അതനുസരിച്ചു പെരുമാറുക. അപ്പോൾ തീർച്ചയായും നിങ്ങൾക്കൊരുത്തമസുഹൃത്തായിത്തീരുവാൻ കഴിയും.
സുഹൃത്ബന്ധങ്ങൾ സുദൃഢമാക്കാൻ
സുഹൃത്ബന്ധങ്ങൾ ക്ലാവ്‌ പിടിച്ച ഒരു ഓട്ടു പാത്രംപോലെയാണ്‌. അവ ഇടയ്ക്കിടയ്ക്ക്‌ പോളീഷ്‌ ചെയ്തുകൊണ്ടിരുന്നെങ്കിൽ മാത്രമേ തിളക്കമാർജ്ജിക്കുകയുള്ളു. അതുകൊണ്ട്‌ പഴയ ബന്ധങ്ങൾ നിങ്ങൾതന്നെ മുൻകൈയെടുത്ത്‌ പുതുക്കേണ്ടിയിരിക്കുന്നു. ഇടയ്ക്കൊക്കെ പഴയകൂട്ടുകാരുമായി ടെലഫോണിലോ, കത്തുകളിലൂടെയോ ഈമെയിലിലൂടെയോ, ബന്ധപ്പെടുക. അത്യാവശ്യ സമയങ്ങളിൽ സ്നേഹിതന്റെ സമീപമെത്തുക, കത്തുകൾക്കും സന്ദേശങ്ങൾക്കും കൃത്യമായ സമയത്തുതന്നെ മറുപടി നൽകുക, സ്നേഹിതന്റെ വിജയത്തിൽ ആത്മാർത്ഥമായി ആഹ്ലാദിക്കുകയും യഥാ സമയം അനുമോദിക്കുകയും ചെയ്യുക, ഇടയ്ക്കിടയ്ക്ക്‌ കൂടിക്കാണുക, ജന്മദിനങ്ങൾ ഓർത്തിരിക്കുകയും, ആശംസകൾ അയക്കുകയും ചെയ്യുക, ക്രിസ്തുമസ്‌, ഫെസ്റ്റിവെൽ കാർഡുകൾ അയക്കുക, മൊബെയിൽ സന്ദേശങ്ങൾ അയക്കുക തുടങ്ങിയ കാര്യങ്ങൾ കൂടി ശീലിച്ചാൽ നിങ്ങൾക്ക്‌ സുദൃഢമായ സൗഹൃദബന്ധങ്ങൾ നിലനിർത്തുവാൻ കഴിയും. അതു നിങ്ങളുടെ  ജീവിതത്തെ സന്തുഷ്ടവും സമ്പുഷ്ടവുമാക്കിത്തീർക്കുകയും ചെയ്യും.
ലോകപ്രശസ്ത മാനേജ്‌മന്റ്‌ ഗുരു ആയിരുന്ന ലീ ഇയാക്കോക്ക (Lee Iacocca) ഒരിക്കൽ പറഞ്ഞു;'എന്റെ അച്ഛൻ എപ്പോഴും പറയുമായിരുന്നു, നിങ്ങൾ മരിക്കുമ്പോൾ നിങ്ങൾക്ക്‌ അഞ്ച്‌ യഥാർത്ഥ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ നിങ്ങൾക്കൊരു മഹത്തായ ജീവിതം ഉണ്ടായിരുന്നു എന്ന്‌.'
ആധുനിക ജീവിതത്തിന്റെ തിരക്കിനിടയിൽ സുഹൃത്‌ ബന്ധങ്ങളുടെ മഹത്വം നാം മറന്നു പോകാതിരിക്കണം. 'ഒരു യഥാർത്ഥ സുഹൃത്തിനെ രണ്ടു കയ്യും ചേർത്തുപിടിക്കുക' എന്ന നൈജീരിയൻ പഴമൊഴി നമുക്ക്‌ ഓർക്കാം.

24 May 2015

കൃത്യനിഷ്ഠയെന്ന സദ്ഗുണം


ജോൺ മുഴുത്തേറ്റ്‌


വർഷങ്ങൾക്കു മുൻപ്‌ നടന്ന  സംഭവം. പ്രശസ്തമായ ഒരു കോളേജിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾ നടക്കുന്നു. സമാപനസമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മൂന്നു ദിവസമായി നടന്നുവന്നിരുന്ന വിവിധ പരിപാടികളെല്ലാം ഗംഭീരം. പൂർവ്വവിദ്യാർത്ഥി സംഗമം, രക്ഷാകർതൃ സമ്മേളനം, കലാസന്ധ്യ തുടങ്ങി ഒട്ടേറെ പരിപാടികൾ ഭംഗിയായി നടന്നതിന്റെ വിജയലഹരിയിലും ആവേശത്തിലുമാണ്‌ എല്ലാവരും.
സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്‌ പൂർവ്വവിദ്യാർത്ഥി കൂടിയായ മന്ത്രിയാണ്‌. മൂന്നുമണിക്കാണ്‌ സമ്മേളനം ആരംഭിക്കേണ്ടത്‌. സദസ്‌ സമ്പുഷ്ടമാണ്‌. വിദ്യാർത്ഥികളും മാതാപിതാക്കളും നാട്ടുകാരും, വിശിഷ്ടാതിഥികളും എല്ലാം അക്ഷമരായി കാത്തിരിക്കുന്നു. മന്ത്രിമാത്രം എത്തിയിട്ടില്ല. സംഘാടകരും സദസ്യരും കാത്തിരുന്നു മുഷിഞ്ഞു. കുട്ടികൾ താലപ്പൊലിയുമായി കാത്തുനിൽക്കുന്നു. ഒരു മേളക്കൊഴുപ്പിനുവേണ്ടി ഇതൊക്കെ സംഘടിപ്പിച്ചതാണ്‌.
മന്ത്രിയുടെ അഭാവത്തിൽ യോഗം തുടങ്ങാമെന്ന്‌ ചിലർ അഭിപ്രായപ്പെട്ടു. മന്ത്രിയുടെ പാർട്ടിക്കാരായ ചിലർ അതിനെ എതിർത്തു. അത്‌ മന്ത്രിയെ അവഹേളിക്കുന്നതിനുതുല്യമല്ലേ? എന്നാൽ, 'മന്ത്രി ഇത്രയും ആളുകളുടെ സമയം നഷ്ടപ്പെടുത്തുകയല്ലേ? അത്‌ അവരെ അവഹേളിക്കുന്നതിനു തുല്യമല്ലേ? അത്‌ മര്യാടാ ലംഘനമാണ്‌. അധാർമ്മികമാണ്‌' എന്ന്‌ മറുപക്ഷം. 'വളരെ ബിസിയായ വി.ഐ.പി കൾക്ക്‌ ചിലപ്പോൾ കൃത്യസമയം പാലിക്കാൻ കഴിഞ്ഞെന്നുവരില്ല അതു സംഘാടകർ സഹിക്കണം', എന്ന്‌ മന്ത്രിപക്ഷം. ഏതായാലും നാലുമണികഴിഞ്ഞപ്പോഴേക്കും ഭൂരിപക്ഷവും എതിർപക്ഷമായി. അവരുടെ ക്ഷമ നശിച്ചൂ. പലരും നിരാശരായി ഹാളുവിട്ടു. സമ്മേളനം തുടങ്ങാത്ത അധികൃതരുടെ അനാസ്ഥയെ പലരും പഴിച്ചു. ചിലർക്ക്‌ അവരുടെ നിസ്സഹായതയിൽ സഹതാപം. അവസാനം മന്ത്രിപക്ഷക്കാർക്കും മടുത്തു.  അവർക്ക്‌ മിണ്ടാട്ടമില്ലാതായി. മന്ത്രി കാണിക്കുന്നത്‌ തികച്ചും അനീതിയാണ്‌ എന്ന്‌ അവർ പരസ്പരം അടക്കം പറഞ്ഞുതുടങ്ങി.
ഏതായാലും നീണ്ടകാത്തിരിപ്പിനൊടുവിൽ മന്ത്രി ശിങ്കിടികളോടൊപ്പം എത്തി. മിക്കവരും വാച്ചിൽ നോക്കി. സമയം നാല്‌ പതിനഞ്ച്‌, ഒരു മണിക്കൂറിലേറെ കാത്തിരിക്കേണ്ടി വന്ന ജനം മന്ത്രിയോടുള്ള വെറുപ്പും രോഷവും ഉള്ളിലൊതുക്കി എഴുന്നേറ്റു നിന്ന്‌ ബഹുമാനം പ്രകടിപ്പിച്ചു. ഒന്നും സംഭവിക്കാത്തതുപോലെ മന്ത്രി സദസ്യരെ നോക്കി പുഞ്ചിരിച്ചു.
വാസ്തവത്തിൽ എത്രവലിയ അനീതിയാണു മന്ത്രി അവരോടു ചെയ്തത്‌. ഏകദേശം അറുനൂറോളം ആളുകൾ അവിടെ സന്നിഹിതരായിരുന്നു. ഓരോരുത്തർക്കും നഷ്ടമായത്‌ ഒന്നേകാൽ മണിക്കൂർ വീതം. ആകെ അവിടെ നഷ്ടമായത്‌ 750 മണിക്കൂർ. 750 മാൻ അവേഴ്സിന്റെ (Man - hours)വില കൂട്ടിയാൽ നഷ്ടത്തിന്റെ സാമ്പത്തികവശം മാത്രമെ ആകുന്നുള്ളു. അതിലെത്രയോ വലുതാണു യഥാർത്ഥ നഷ്ടം. പരീക്ഷയ്ക്ക്‌ ഒരുങ്ങുന്ന വിദ്യാർത്ഥികൾക്കുണ്ടായ സമയനഷ്ടം, ആളുകൾ അനുഭവിച്ച മാനസിക സംഘർഷങ്ങൾ, നേരത്തെ എത്തിയിരുന്ന വിശിഷ്ടാതിഥികൾക്കുണ്ടായ വിലയേറിയ സമയനഷ്ടം, അവർ പങ്കെടുക്കേണ്ട മറ്റു പരിപാടികളിൽ എത്താൻ കഴിയാത്തതുകൊണ്ടുണ്ടാവുന്ന കൃത്യവിലോപം, അതുമൂലം അവർക്കു നഷ്ടമാകുന്ന ജനസമ്മതിയും ബഹുമാനവും.... ഈ നഷ്ടക്കണക്കുകൾ അനന്തമായി നീളുന്നു... എല്ലാത്തിനും കാരണം മന്ത്രിയുടെ കൃത്യനിഷ്ഠാരാഹിത്യം!
ഇതൊക്കെ നമ്മുടെ നാട്ടിൽ സാധാരണമല്ലേ എന്നുചോദിച്ചേക്കാം. കൃത്യനിഷ്ഠപാലിക്കാത്തവർ  അത്തരത്തിൽ ചിന്തിച്ചേക്കാം. പക്ഷെ യഥാർത്ഥത്തിൽ ഇതിന്റെ പ്രത്യാഘാതങ്ങളും അതുമൂലം മറ്റുള്ളവർക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങളും അളവറ്റതാണ്‌. കൃത്യനിഷ്ഠയില്ലായ്മ കൃത്യവിലോപമാണ്‌, വാഗ്ദാന ലംഘനമാണ്‌, വഞ്ചനയാണ്‌. അത്‌ തികച്ചും അധാർമ്മികമാണ്‌. അതുകൊണ്ടാണ്‌, 'കൃത്യനിഷ്ഠപാലിക്കാത്തവൻ സത്യസന്ധതയില്ലാത്തവനാണ്‌' എന്ന്‌ ഹൊറേസ്മാൻ (Horace Mann) പറഞ്ഞത്‌.
കൃത്യനിഷ്ഠപാലിക്കാത്തവൻ മറ്റുള്ളവരെയും തന്നെത്തന്നെയും അവഹേളിക്കുകയാണ്‌ ചെയ്യുന്നത്‌. ഇതൊരു ആത്മവഞ്ചനയാണ്‌. ആത്മാഭിമാനം ബലികഴിക്കലാണ്‌ ഇത്‌ നിസാരമായി തള്ളിക്കളയാവുന്ന കാര്യമല്ല. ഗൗരവമേറിയ കൃത്യവിലോപമാണ്‌, തിന്മയാണ്‌. ഇതു വരുത്തുന്ന നഷ്ടം വ്യക്തിപരം മാത്രമല്ല, ഒരു സാമൂഹ്യ നഷ്ടവും ദ്രോഹവുമാണ്‌, കൃത്യനിഷ്ഠാരാഹിത്യം ഒരു സാമൂഹ്യതിന്മയാണ്‌.
ഭാരതീയർ കൃത്യനിഷ്ഠയുടെ കാര്യത്തിൽ പൊതുവേ അയഞ്ഞ സമീപനമാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. 'നാം കൃത്യനിഷ്ഠയെ ശ്ലാഘിക്കും പക്ഷെ പാലിക്കാറില്ല' എന്നതാണ്‌ വാസ്തവം. ഒരു യോഗം തുടങ്ങാമെന്ന്‌ അറിയിച്ചിരിക്കുന്ന സമയത്തൊന്നും തുടങ്ങാറില്ല. അതിഥികളും നേതാക്കളും കൃത്യസമയത്ത്‌ എത്താറില്ല. കോൺഫ്രൻസുകൾ നിശ്ചിത സമയത്ത്‌ നടക്കാറില്ല. പതിവായി ക്ലാസിൽ താമസിച്ചെത്തുന്ന വിദ്യാർത്ഥികളും ധാരാളം. അത്തരം അധ്യാപകരും കുറവല്ല.
സർക്കാർ ഓഫീസിൽ കൃത്യസമയത്ത്‌ എത്തുന്നവർ എത്രപേരുണ്ട്‌? പത്തുമണിക്ക്‌ ഓഫീസിൽ കയറി നോക്കിയാൽ എത്രപേർ സീറ്റിൽകാണും? അവരെ നിയന്ത്രിക്കുന്ന ഓഫീസർമാർ എത്രപേർ എത്തിയിട്ടുണ്ടാവും? ഇതുമൂലം പൊതുജനങ്ങൾക്കുണ്ടാവുന്ന അസൗകര്യങ്ങളും ദുരിതങ്ങളും ആരു നോക്കാൻ? രാഷ്ട്രീയയൂണിയനുകൾ ജനപക്ഷത്തല്ലല്ലോ!.
'മറ്റുള്ളവർക്ക്‌ ഏറ്റവും കുറവ്‌ അസൗകര്യം ഉണ്ടാക്കുന്ന വ്യക്തിയാണ്‌ മാന്യൻ' എന്നാണ്‌ മഹദ്‌വചനം. അത്‌ സംസ്കാര സമ്പന്നതയുടെ  ലക്ഷണമാണ്‌. കൃത്യനിഷ്ഠപാലിക്കാത്തവൻ തനിക്കും മറ്റുള്ളവർക്കും അസൗകര്യങ്ങൾ സൃഷ്ടിക്കുന്നു. അവരെ അവഹേളിക്കുന്നു. അവർക്ക്‌ കഷ്ടനഷ്ടങ്ങൾ വരുത്തുന്നു. അത്‌ തികഞ്ഞ സംസ്കാര ശൂന്യതയാണ്‌.
പണ്ടുകാലം മുതൽ രാജാക്കന്മാർ കൃത്യനിഷ്ഠ മഹത്തായ നന്മയായി കരുതിയിരുന്നു. അതിന്‌ വില കൽപിച്ചിരുന്നു. 'കൃത്യനിഷ്ഠ രാജാക്കന്മാരുടെ നന്മ', 'കൃത്യനിഷ്ഠ രാജകുമാരൻമാരുടെ മര്യാദ' എന്നൊക്കെയുള്ള ചൊല്ലുകൾ ഉണ്ടായതും ഇതുകൊണ്ടാണ്‌. അവർ കൃത്യനിഷ്ഠപാലിക്കാൻ അർപ്പണ ബോധം കാണിച്ചിരിക്കുന്നു. ആ രാജാക്കന്മാർ ജനങ്ങളുടെ ആദരവും സ്നേഹവും അനായാസം പിടിച്ചുപറ്റി. ജനഹൃദയങ്ങളിൽ അവർ ചിരപ്രതിഷ്ഠ നേടി. കഴിവുറ്റ രാജ്യഭരണം കാഴ്ചവയ്ക്കുവാൻ കൃത്യനിഷ്ഠ അവരെ സഹായിക്കുകയും ചെയ്തു.
അതുപോലെ മേലധികാരികളുടെയും സഹപ്രവർത്തകരുടെയും, കീഴ്ജീവനക്കാരുടെയും സാധാരണക്കാരുടെയുമൊക്കെ സ്നേഹവും ബഹുമാനവും ആർജ്ജിക്കുവാൻ കൃത്യനിഷ്ഠ ഏവരെയും സഹായിക്കുന്നു. കൃത്യനിഷ്ഠ നിങ്ങൾക്കു ശക്തിപകരുന്നു നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. വ്യക്തിബന്ധങ്ങൾ സുദൃഢമാക്കുന്നു. മികച്ച 'ടൈം മാനേജ്‌മന്റി'ലൂടെ ജീവിതത്തിൽ ഉന്നതനേട്ടങ്ങൾ കൈവരിക്കുവാൻ സഹായിക്കുന്നു.
ഈ പ്രപഞ്ചത്തിൽ കൃത്യനിഷ്ഠയോടെയാണ്‌ എല്ലാം നടക്കുന്നത്‌. പ്രകൃതിയിലെ ഓരോ ചലനവും സംഭവവും പ്രകടമായ കൃത്യനിഷ്ഠയോടെ നടക്കുന്നു. സൂര്യനുദിക്കുന്നതും അസ്തമിക്കുന്നതും കൃത്യതയോടെയല്ലേ? കാലങ്ങളുടെ ഗമനാഗമനങ്ങൾ കൃത്യമായി സംഭവിക്കുന്നു. പക്ഷികൾ പ്രഭാതത്തിൽ ഇരതേടിപ്പോകുന്നതും സന്ധ്യയ്ക്ക്‌ ചേക്കേറുന്നതും എത്രയോ  കൃത്യനിഷ്ഠയോടെയാണ്‌.! ദിനരാത്രങ്ങളുടെ മാറ്റങ്ങളും കൃത്യമായി നടക്കുന്നു. ഫലവൃക്ഷങ്ങൾ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത്‌ കൃത്യമായ കാലങ്ങളിലാണല്ലോ. പ്രകൃതിയിലെവിടെയും കൃത്യനിഷ്ഠയുടെ പ്രകടനം കാണാം.
കൃത്യനിഷ്ഠ ഒരു പ്രകൃതി നിയമമാണ്‌,  പ്രപഞ്ചതത്ത്വമാണ്‌. കൃത്യനിഷ്ഠയുടെ ലംഘനം പ്രകൃതിനിയമത്തിന്റെ ലംഘനമാണ്‌, പ്രപഞ്ചതത്ത്വത്തിന്റെ തിരസ്കാരമാണ്‌. അതു സംസ്കാരരാഹിത്യമാണ്‌. കൃത്യനിഷ്ഠയുടെ അഭാവം നമ്മെ അസന്തുഷ്ടിയിലേക്കും അരാജകത്വത്തിലേയ്ക്കും നയിക്കുന്നു.
കൃത്യനിഷ്ഠയുടെ കാര്യത്തിൽ പാശ്ചാത്യർ, ഭാരതീയരെ അപേക്ഷിച്ച്‌ ബഹുദൂരം മുന്നിലാണ്‌. പലകാര്യത്തിലും പാശ്ചാത്യരെ ആവേശപൂർവ്വം അനുകരിക്കുന്ന നാം ഇക്കാര്യത്തിൽ അവരെ അനുകരിക്കുവാൻ തയ്യാറാവുന്നില്ല. അത്‌ പരിതാപകരമാണ്‌.
കൃത്യനിഷ്ഠ വളർത്തിയെടുക്കുവാൻ ഏതാനും പ്രായോഗിക മാർഗ്ഗങ്ങൾ നിർദ്ദേശിക്കാം.
*   കൃത്യനിഷ്ഠയുടെ മൂല്യം മനസിലാക്കുകയും എപ്പോഴും അതുപാലിക്കുമെന്ന്‌ പ്രതിജ്ഞയെടുക്കുകയും ചെയ്യുക.
*   വാച്ചും, ക്ലോക്കും കൃത്യസമയം കാണിക്കുന്ന രീതിയിൽ സെറ്റുച്ചേയ്യുക. അതുകൂടക്കൂടെ കാണാവുന്ന രീയിയിൽ വയ്ക്കുക.
*   ദിനചര്യകൾക്കും ഒരു ദിവസത്തെ പ്രവർത്തനങ്ങൾക്കും ഒരു ടൈം  ടേബിൾ തയ്യാറാക്കുക. അതനുസരിച്ച്‌ ദിവസം ക്രമീകരിക്കുക.
*    നിങ്ങൾ ചെയ്തുതീർക്കേണ്ട ജോലികൾക്ക്‌ മുൻഗണനാക്രമം നിശ്ചയിക്കുക. ഓരോന്നിനും സമയം നൽകുക. അതനുസരിച്ച്‌ പ്രവർത്തിക്കുക.
*    അടിയന്തിരമായ കൂടിക്കാഴ്ചകൾ, പരീക്ഷകൾ, ജോലിക്കുള്ള  ഇന്റർവ്യൂകൾ തുടങ്ങിയവയ്ക്ക്‌ പോകുമ്പോൾ അപ്രതീക്ഷിതമായ   തടസങ്ങൾ മുൻകൂട്ടികണ്ട്‌ നേരത്തെ തന്നെ യാത്രപുറപ്പെടുക.   നേരത്തെ എത്തിയാൽ ആ സമയം നഷ്ടമാവാതെ വായിക്കുവാനായി വേണ്ട  പുസ്തകങ്ങൾ നോട്ടുബുക്കുകൾ തുടങ്ങിയവ കരുതുക.
*    യാത്രയ്ക്ക്‌ പോകുമ്പോൾ കൂടെകൊണ്ടുപോകേണ്ട സാധനങ്ങൾ, ഡ്രസ്സുകൾ, ടിക്കറ്റുകൾ തുടങ്ങി  വേണ്ട എല്ലാ സാധനങ്ങളുടെയും  ലിസ്റ്റുണ്ടാക്കി,  അവ തലേദിവസം തന്നെ റെഡിയാക്കി  വയ്ക്കുക. അവസാനനിമിഷത്തിലെ 'ഹറിബറിയും'പ്രശ്നങ്ങളും മൂലമുണ്ടാകുന്ന താമസം ഒഴിവാക്കുവാൻ ഇത്‌ നിങ്ങളെ സഹായിക്കുന്നു.
*   സമയം നഷ്ടപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഏവയെന്ന്‌ വിശകലനം  ചെയ്യുക, അത്‌ ഒഴിവാക്കുക. കൃത്യനിഷ്ഠ പാലിക്കുവാൻ അനിവാര്യമായ ഒന്നാണ്‌ ടൈംമാനേജ്‌മന്റ്‌.
*   കൃത്യനിഷ്ഠ ജീവിത ശൈലിയാക്കുക. അതിലൂടെ ആകർഷണീയ        വ്യക്തിത്വവും മാന്യതയും കൈവരിക്കാമെന്ന്‌ തിരിച്ചറിയുക.

22 Apr 2015

വിജയരഹസ്യങ്ങൾ





ജോൺ മുഴുത്തേറ്റ്‌

നല്ല വായന നിങ്ങളെ നല്ല വ്യക്തിയാക്കും
ജയരാജ്‌ വളരെ സമർത്ഥനായ വിദ്യാർത്ഥിയായിരുന്നു. അവൻ എം.എയ്ക്ക്‌ പഠിക്കുന്നു. പലപ്പോഴും അവൻ വളരെ ദുഃഖിതനായി കാണപ്പെട്ടു. മനസിന്‌ ഒരസ്വസ്ഥത. ജീവിതത്തിലുണ്ടായ പരാജയങ്ങളെപ്പറ്റിയും നഷ്ടങ്ങളെപ്പറ്റിയും ഓർത്തു വിഷമിക്കുന്ന സ്വഭാവം. പലപ്പോഴും പഠിക്കാൻ കഴിയുന്നില്ല. പുസ്തകത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പോലും പ്രയാസം. നിസാരപ്രശ്നങ്ങൾ അവനെ തളർത്തിക്കളയുന്നു. പ്രശ്നങ്ങളെപ്പറ്റി ചിന്തിച്ച്‌ ചിന്തിച്ച്‌ തല ചൂടാക്കുന്നു. ഒന്നിനും ഒരാത്മവിശ്വാസവുമില്ല, ഒന്നിലും ഒരു താൽപര്യവുമില്ല.
ഇതിന്‌ ഒരു പരിഹാരം തേടിയാണ്‌ ജയരാജ്‌ കൗൺസിലിംഗിനെത്തിയത്‌. രണ്ടു കൂടിക്കാഴ്ചയ്ക്കു ശേഷം ഒരു പുസ്തകം വായിക്കാനായി നൽകി. ഡെയ്‌ല്‌ കാർണിയുടെ ?ഹൗ ടു സ്റ്റോപ്പ്‌ വറിയിംങ്ങ്‌ ആന്റ്‌ സ്റ്റാർട്ട്‌ ലിവിംഗ്‌? എന്ന പ്രശസ്ത ഗ്രന്ഥം. അയാൾ ആവേശപൂർവ്വം പുസ്തകം കൈപ്പറ്റി. പറഞ്ഞിരുന്നതുപോലെ ഒരാഴ്ച കഴിഞ്ഞ്‌ വീണ്ടും എത്തി. തികഞ്ഞ ആത്മവിശ്വാസവും സന്തോഷവും ജയരാജിന്റെ മുഖത്തു ദൃശ്യമായിരുന്നു. ഈ ഗ്രന്ഥം വളരെ നേരത്തെ വായിക്കേണ്ടതായിരുന്നു എന്ന അഭിപ്രായപ്പെടുകയും ചെയ്തു. തന്റെ ചിന്താരീതികൾക്ക്‌ മാറ്റം വരുത്തുവാൻ ഇടവരുത്തിയ ഈ പുസ്തകം തെരഞ്ഞെടുത്തു നൽകിയതിന്‌ അയാൾ നന്ദി പറഞ്ഞു. അയാൾക്ക്‌ കൂടുതൽ കൗൺസലിംഗ്‌ കൂടിക്കാഴ്ചകൾ വേണ്ടിവന്നില്ല. ഇപ്പോൾ അയാൾ ഒരു നല്ല വായനക്കാരനായി മാറിയിരിക്കുന്നു. നല്ല പുസ്തകങ്ങൾ അയാളുടെ ഉറ്റമിത്രങ്ങളായിത്തീർന്നിരിക്കുന്നു. അയാൾ തികച്ചും സംതൃപ്തനും സന്തുഷ്ടനുമായിത്തീർന്നിരിക്കുന്നു.
ഇതുപോലെ ധാരാളം അനുഭവങ്ങൾ നിങ്ങൾക്കും പറയാനുണ്ടാകും. ഉത്തമഗ്രന്ഥങ്ങൾ അമൂല്യമായ രത്നഖനികളാണ്‌. അതിന്റെ മൂല്യം മനസിലാക്കാൻ പ്രാപ്തി നേടണമെന്നതാണ്‌ പ്രധാനം. 
വിശാലമായ വിജ്ഞാനലോകത്തിലേയ്ക്കുള്ള കവാടമാണ്‌ ഉത്തമഗ്രന്ഥങ്ങൾ. അത്ഭുതകരമായ നൂതന മാസ്മരിക മേഖലകളിലേയ്ക്ക്‌ അവ നിങ്ങളെ കൈപിടിച്ച്‌ ഉയർത്തുന്നു. നിങ്ങളുടെ ചിന്തയേയും മനോഭാവത്തെയും സ്വാധീനിക്കുന്നു. ജീവിതത്തിന്‌ പുതിയ ദർശനം നൽകുന്നു. നിങ്ങളുടെ സ്വഭാവത്തിലും, പെരുമാറ്റത്തിലും വ്യതിയാനം വരുത്തുന്നു. 
കുട്ടികളുടെ വ്യക്തിത്വ വികസനത്തിൽ ഗ്രന്ഥങ്ങൾക്കുള്ള പങ്ക്‌ അവർണനീയമാണ്‌. മഹാന്മാരുടെ ആത്മകഥകൾ അവർക്ക്‌ പ്രചോദനമേകുന്നു.  അവരുടെ ആദര രൂപങ്ങൾ അവരുടെ മനസിൽ ചിരപ്രതിഷ്ഠ നേടുന്നു. അത്‌ അവരുടെ ജീവിതത്തെ സ്വാധീനിക്കുകയും ധന്യമാക്കുകയും ചെയ്യുന്നു.
നിങ്ങൾ ഒരു ഡിക്റ്ററ്റീവ്‌ നോവൽ വായിക്കുന്ന ലാഘവത്തോടെയല്ലാ ഒരു ?സെൽഫ്‌ ഹെൽപ്പ്‌ ബുക്ക്‌? (Self Help Book) വായിക്കേണ്ടത്‌. അത്തരം പുസ്തകങ്ങൾ അതീവ ശ്രദ്ധയോടു കൂടിയാവണം വായിക്കേണ്ടത്‌. നെപ്പോളിയൻ ഹില്ലിന്റെ അഭിപ്രായത്തിൽ ?ഗ്രന്ഥകർത്താവ്‌ നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്താണെന്നും അയാൾ നിങ്ങൾക്ക്‌ വേണ്ടി പ്രത്യേകം എഴുതുകയാണെന്നും വിചാരിച്ചു കൊണ്ട്‌ വേണം ഗ്രന്ഥപാരായണം നടത്തുവാൻ.
എബ്രഹാം ലിങ്കൺ പുസ്തക പാരായണം നടത്തിയിരുന്നത്‌ അത്തരത്തിലായിരുന്നു. വായിക്കുമ്പോൾ ഓരോ ആശയങ്ങളെപ്പറ്റിയും ചിന്തിക്കുന്നതിനും അവ സ്വന്തം ജീവിതവുമായി ബന്ധപ്പെടുത്തുന്നതിനും ശ്രമിച്ചിരുന്നു. 
മോർട്ടിമർ ജെ. അഡ്ലർ (Mortimer J. Adler) ഒരു പുസ്തകം എങ്ങനെയാണ്‌ വായിക്കേണ്ടത്‌ എന്ന്‌ വിശദമാക്കുന്നു. നാലു ഘട്ടങ്ങളാണ്‌ അദ്ദേഹം നിർദ്ദേശിക്കുന്നത്‌.
1. ഒന്നാംഘട്ടം
ആദ്യഘട്ടത്തിൽ ഗ്രന്ഥത്തിന്റെ പൊതുവായ ഉള്ളടക്കം മനസിലാക്കുക. ഈ ആദ്യവായനയിൽ പ്രധാന പദങ്ങളും വാചകങ്ങളും അടിവരയിട്ട്‌ അടയാളപ്പെടുത്തുക. മാർജിനിൽ നോട്ടു കുറിക്കാം. (സ്വന്തം പുസ്തകമെങ്കിൽ മാത്രം). വായനാവേളയിൽ തെളിയുന്ന പുത്തൻ ആശയങ്ങൾ പ്രത്യേകം കുറിച്ചിടുക.
2. രണ്ടാംഘട്ടം
രണ്ടാംഘട്ട വായന ആശയങ്ങളിൽ പ്രത്യേകമായ ഊന്നൽ കൊടുത്തുകൊണ്ടുള്ളതാണ്‌. പുത്തൻ ആശയങ്ങൾ ഗ്രന്ഥത്തിൽ ഉണ്ടെങ്കിൽ അത്‌ ശരിയായി ഉൾക്കൊള്ളാൻ പ്രത്യേകം ശ്രദ്ധിക്കണം.
3. മൂന്നാംഘട്ടം
മൂന്നാംഘട്ടവായന ഭാവിയിലേക്ക്‌ വേണ്ടിയാണ്‌. ഇത്‌ ഒരു ഓർമ്മ പുതുക്കൽ ആണ്‌. പ്രത്യേകമായ അർത്ഥതലങ്ങൾ ഉള്ള വാചകങ്ങൾ അതേപടി ഓർക്കാൻ ശ്രമിക്കുക. നിങ്ങളുടെ ആനുകാലിക പ്രശ്നങ്ങളുമായി അവയെ ബന്ധപ്പെടുത്തുക. പുതിയ നല്ല ആശയങ്ങൾ സ്വജീവിതത്തിൽ പകർത്തുക.
4. നാലാംഘട്ടം
നാലാംഘട്ട വായന, പ്രധാനാശയങ്ങൾ വീണ്ടും ഓർക്കുന്നതിനും ലഭിച്ച പ്രചോദനം പുനർജനിപ്പിക്കുന്നതിനുമാണ്‌. നിങ്ങൾക്ക്‌ പണ്ടു ലഭിച്ച ഉയർന്ന ഉത്തേജനവും ആവേഗവും നാളുകൾ കൊണ്ട്‌ കെട്ടടങ്ങിയിട്ടുണ്ടെങ്കിൽ അത്‌ വീണ്ടും ഊതികത്തിക്കാൻ ഈ വായന ഉപകരിക്കും.
ജോസഫ്‌ അഢിസൺ പറഞ്ഞതുപോലെ 'ശരീരത്തിന്‌ വ്യായാമം പോലെയാണ്‌ മനസിന്‌ വായന'. 'ഒരു നല്ല ജീവിതം നയിക്കുന്നതിനുള്ള അടിസ്ഥാന ആയുധമാണ്‌ വായന' എന്നാണ്‌ മോർട്ടിമർ ജെ. ആഡ്ലർ (Mortinier. J. Adler) ഉദ്ഘോഷിച്ചതു.
നിങ്ങളുടെ ജീവിതത്തിൽ അത്ഭുതകരമായ മാറ്റങ്ങളുണ്ടാക്കാവുന്ന ഏതാനും ഉത്തമഗ്രന്ഥങ്ങളാണ്‌ താഴെപ്പറയുന്നവ. വേറെയും ധാരാളം ഗ്രന്ഥങ്ങൾ ലഭ്യമാണെങ്കിലും ഈ ലേഖകനെ കൂടുതൽ ആകർഷിച്ച ആറ്‌ ഗ്രന്ഥങ്ങളാണിവ.
1. തിങ്ക്‌ ആന്റ്‌ ഗ്രോ റിച്ച്‌  - നെപ്പോളിയൻ ഹിൽ
2. ദി പവ്വർ ഓഫ്‌ പോസിറ്റീവ്‌ തിങ്കിംഗ്‌ - നോർമൻ വിൻസെന്റ്‌ പീൽ
3. ഹൗ ടു സ്റ്റോപ്‌ വറിയിങ്‌ ആന്റ്‌ സ്റ്റാർട്ട്‌ ലിവിംഗ്‌ - ഡെയ്‌ല്‌ കാർണി
4. 7 ഹാബിറ്റ്സ്‌ ഓഫ്‌ ഹൈലി ഇഫക്ടീവ്‌ പീപ്പിൾ - സ്റ്റീഫൻ. ആർ. കോവെ
5. ഓട്ടോബയോഗ്രാഫി ഓഫ്‌ ബഞ്ചമിൻ ഫ്രാങ്ക്ലിൻ - ബഞ്ചമിൻ ഫ്രാങ്ക്ലിൻ
6. സൈക്കോസൈബർനെറ്റിക്സ്‌  - മക്സ്‌വെൽ മുൾട്സ്‌
പ്രശസ്ത എഴുത്തുകാരനായിരുന്ന നോർമൻ കസിൻസ്‌ പറഞ്ഞതുപോലെ ?വായിക്കാൻ കഴിയുന്ന ഓരോരുത്തർക്കും അഗാധമായി എങ്ങനെ വായിക്കണം എന്ന്‌ പഠിക്കാൻ കഴിയും. അങ്ങനെ സമ്പൂർണ്ണമായി ജീവിക്കുന്നതിനും?. പക്ഷെ ഇന്നത്തെ പ്രധാനപ്രശ്നം വായിക്കാൻ സമയമില്ല എന്നതാണ്‌. നമ്മെ സമ്പൂർണ്ണ ജീവിതത്തിലേക്ക്‌ നയിക്കുന്ന വായന അവഗണിക്കപ്പെടുകയാണോ?
കുട്ടികളിൽ വായനാശീലം വളർത്തുന്നത്‌ അവരെ നന്നായി ജീവിക്കാൻ പഠിപ്പിക്കുന്നതിനു തുല്യമാണ്‌. ഗുസ്റ്റാവ്‌ ഫ്ലോബേർ പറഞ്ഞതുപോലെ 'ജീവിക്കാൻ വേണ്ടി വായിക്കുക.'
പണ്ടൊക്കെ മുത്തശ്ശിമാർ പറഞ്ഞു കൊടുക്കുന്ന കഥകളായിരുന്നു കുട്ടികൾക്ക്‌ അനുഗ്രഹമായിരുന്നത്‌. ഇന്നത്തെ അണുകുടുംബങ്ങളിൽ അതിനുള്ള സൗകര്യം ലഭിക്കാതെ പോകുന്നു. അതുകൊണ്ട്‌ രാത്രിയിൽ കിടക്കാൻ പോകുന്ന കുട്ടികൾക്ക്‌ കഥ പറഞ്ഞു കൊടുക്കുന്ന മാതാപിതാക്കൾ അവരുടെ മാനസിക വളർച്ചയിൽ ഒരു വലിയ പങ്കാണ്‌ വഹിക്കുന്നത്‌. ദൂരെ ജോലിയുള്ള മാതാപിതാക്കൾ കുട്ടികൾക്ക്‌ വേണ്ടി കഥകൾ വായിച്ച്‌ റിക്കാർഡ്‌ ചെയ്ത്‌ അയയ്ക്കുന്നു. കുട്ടികൾ അമ്മയുടെ/അച്ഛന്റെ പ്രിയപ്പെട്ട ശബ്ദത്തിൽ ഈ കഥകൾ കേൾക്കുന്നു. അതവർക്ക്‌ അതിയായ ആനന്ദം നൽകുന്നു. മാതാവോ പിതാവോ ജയിലിലാണെങ്കിൽ പോലും അവരുടെ ശബ്ദത്തിൽ കഥകൾ വായിച്ച്‌ റിക്കാർഡ്‌ ചെയ്ത  കാസറ്റോ സിഡിയോ കുട്ടികൾക്ക്‌ ലഭ്യമാക്കാൻ ?ദി സ്റ്റോറി ബുക്ക്‌ പ്രോഗ്രം, ദി റോളിംഗ്‌ റീഡേഴ്സ്‌ തുടങ്ങിയ പേരുകളിൽ സന്നദ്ധസംഘടനകൾ തന്നെ അമേരിക്കയിൽ പ്രവർത്തിക്കുന്നു.
അമേരിക്കയിൽ നോവലുകളും കഥകളും റിക്കാർഡ്‌ ചെയ്ത കാസറ്റും സിഡിയും ലഭ്യമാണ്‌. കാറിലോ, ബസിലോ, ട്രെയിനിലോ എല്ലാം യാത്ര ചെയ്യുമ്പോഴും ബസ്റ്റാൻഡിലോ, റെയിൽവേ സ്റ്റേഷനിലോ, എയർപോർട്ടിലോ കാത്തിരിക്കുമ്പോഴും പാട്ടുകേൾക്കുന്നതുപോലെ ഈ കഥകൾ ശ്രവിക്കാൻ കഴിയും. 
അമേരിക്കയിൽ തടവുകാരുടെയിടയിൽ നടപ്പാക്കുന്ന ചെയ്ഞ്ചിംഗ്‌ ലൈവ്സ്‌ ത്രൂ ലിറ്ററേച്ചർ (Changing Lives Through Literature) എന്ന പ്രത്യേക പരിപാടിയിലൂടെ ധാരാളം തടവുകാരുടെ മാനസികാവസ്ഥയിൽ മാറ്റമുണ്ടാക്കാൻ കഴിയുന്നുണ്ട്‌. രണ്ടാഴ്ചയിൽ ഒരു നോവൽ വച്ച്‌ ആറു നോവലുകൾ അവർ കൂട്ടായി വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നു. അവരുടെയിടയിലുള്ള തുടർകുറ്റകൃത്യങ്ങൾ 80 ശതമാനം വരെ കുറയ്ക്കാൻ ഇതുമൂലം സാധിക്കുന്നുണ്ട്‌ എന്നാണ്‌ റിപ്പോർട്ടുകൾ.
വില്യം എല്ലെറി ചാന്നിങ്‌ (William Ellery Charnning) പറഞ്ഞതുപോലെ ??ഉത്തമഗ്രന്ഥങ്ങളിലൂടെ മഹാന്മാർ നമ്മോടു സംസാരിക്കുന്നു. അവരുടെ ഏറ്റവും വിലയേറിയ ചിന്തകൾ നമുക്ക്‌ നൽകുന്നു. അവരുടെ ആത്മാവുകളെ നമ്മിലേക്ക്‌ ചൊരിയുന്നു.
ഉത്തമകൃതികൾ നമുക്കു ചിറകുകൾ നൽകുന്നു, നമ്മുടെ ചിന്തയെ ഉത്തേജിപ്പിക്കുന്നു, ഹൃദയത്തെ ഉദ്ദേ‍ീപിപ്പിക്കുന്നു, മനസിനെ പ്രസന്നമാക്കുന്നു, നമ്മിൽ ആത്മബോധം ജനിപ്പിക്കുന്നു, നമ്മെ ആത്മജ്ഞാനത്തിലേക്ക്‌ നയിക്കുന്നു. അവ ഏകാന്തത്തയിലെ ഉറ്റ ചങ്ങാതിമാരാകുന്നു. ഗുരുവും ഉപദേശകനും കൗൺസിലറുമാകുന്നു. അവ നമ്മെ പ്രചോദിപ്പിക്കുന്നു. രസിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ്‌ ആഡ്രൂ കാർണിജി (Andrew Carnegie) ഇങ്ങനെ പറഞ്ഞത്‌: 'മനുഷ്യന്റെ വായനാപദ്ധതി അവന്റെ ആഹാരദിനചര്യ പോലെ തന്നെ വളരെ ശ്രദ്ധാപൂർവ്വം പ്ലാൻ ചെയ്യണം. എന്തുകൊണ്ടെന്നാൽ അതും ഒരാഹാരമാണ്‌. അതില്ലാതെ അവന്‌ മാനസികമായി വളരുവാൻ കഴിയുകയില്ല.'

21 Feb 2015

കാരുണ്യം നൽകുന്ന കരുത്ത്‌

ജോൺ മുഴുത്തേറ്റ്‌



ബാഹുലേയന്റെ ബാല്യം ദാരിദ്ര്യവും  രോഗങ്ങളും ദുരിതങ്ങളും നിറഞ്ഞതായിരുന്നു. മരണം തന്റെ മൂന്നുസഹോദരങ്ങളെയും കവർന്നു കൊണ്ടുപോയി. ഭീകരരോഗങ്ങളുടെ രൂപത്തിൽ മരണം ബാഹുലേയനേയും പിൻതുടർന്നു. മരണത്തോട്‌ മല്ലടിച്ചു. ഒടുവിൽ മരണം പിൻവാങ്ങി.
...വളരെ കഷ്ടതകൾ സഹിച്ചും. മറ്റുള്ളവരുടെ സാമ്പത്തിക സഹായത്താലും മദ്രാസ്‌ മെഡിക്കൽ കോളേജിൽ നിന്നും ബാഹുലേയൻ എം.ബി.ബി.എസ്സ്‌ പാസ്സായി. പഠനം പൂർത്തിയാക്കാൻ വേണ്ടി കല്യാണവും കഴിച്ചു. അദ്ദേഹം കേരളത്തിലെ ആദ്യ ന്യൂറോ സർജനായി. ഉപരിപഠനത്തിനായി ഇംഗ്ലണ്ടിൽ പോയി. തിരിയെ എത്തിയപ്പോൾ  നിർബന്ധിത സൈനിക സേവനത്തിന്‌ അദ്ദേഹം നിയോഗിക്കപ്പെട്ടു.
പട്ടാളസേവനം കഴിഞ്ഞു തിരിച്ചെത്തിയ അദ്ദേഹത്തിന്‌ മാന്യമായ ജോലി നൽകിയില്ല. ആരോടും യാചിക്കാൻ തയ്യാറല്ലാതിരുന്ന അദ്ദേഹം കാനഡയിലേക്ക്‌ പോയി. പിന്നീട്‌ അമേരിക്കയിലെത്തി. നാലു വർഷം അമേരിക്കയിൽ വീണ്ടും പഠനം, അമേരിക്കയിൽ അദ്ദേഹം പ്രഗൽഭനായ ന്യൂറോസർജനായി അറിയപ്പെടാൻ തുടങ്ങി. ധാരാളം പണം സമ്പാദിച്ചു. ക്രമേണ അദ്ദേഹം ഒരു കോടീശ്വരനായി മാറി. ബാല്യത്തിൽ അനുഭവിക്കേണ്ടി വന്ന ദാരിദ്ര്യത്തോട്‌ ഒരു പകരം വീട്ടലായിരുന്നു പിന്നീട്‌.
ആഡംബരം അദ്ദേഹത്തിന്‌ ഒരു ഹരമായി. അഞ്ചു മേഴ്സിഡസ്‌ കാറുകൾ, സ്വകാര്യ വിമാനം, മറ്റുരാജകീയ സൗകര്യങ്ങൾ! തികഞ്ഞ പ്രൗഢിയിലും ആഡംബരത്തിലും അദ്ദേഹം ജീവിതത്തിന്റെ ലഹരി നുകരുകയായിരുന്നു.
ഡോ. ബാഹുലേയനും ഭാര്യയും നാളുകൾക്ക്‌ ശേഷം നാട്ടിലെത്തി, ചെമ്മനാകരിയിൽ തന്റെ നാട്ടിലെ പാവങ്ങൾക്കായി എന്തെങ്കിലും ചെയ്യണമെന്ന്‌ അദ്ദേഹത്തിനു തോന്നി. ഭാര്യയും പ്രോത്സാഹിപ്പിച്ചു. ആദ്യം ഒരു ചെറിയ ക്ലിനിക്കാണ്‌ തുടങ്ങിയത്‌. പിന്നീട്‌ 250 കിടക്കകളും സാങ്കേതിക സൗകര്യങ്ങളുമുള്ള ഇൻഡോ-അമേരിക്കൻ ആശുപത്രി സ്ഥാപിച്ചു. പാവപ്പെട്ടവർക്ക്‌ ചുരുങ്ങിയ ചെലവിൽ അതിവിദഗ്ദ്ധ ചികിത്സ ലഭ്യമാക്കി.
1998-ൽ കുമാർ ബാഹുലേയൻ ചാരിറ്റബിൾ ഫൗണ്ടേഷൻ സ്ഥാപിച്ചു. 80 കോടിയോളം രൂപ ഫൗണ്ടേഷന്‌ കൈമാറി. പാവപ്പെട്ടവർക്കും സ്വന്തം നാടിനും  വേണ്ടി തന്റെ സമ്പാദ്യം നീക്കി വെച്ചു. അതിൽ സായൂജ്യം നേടി. തന്റെ ആഡംബര ജീവിതത്തെക്കാൾ എത്രയോ ആനന്ദകരവും അർത്ഥപൂർണ്ണവുമാണ്‌ സേവനത്തിന്റെയും കാരുണ്യത്തിന്റെയും പാത എന്നദ്ദേഹം തിരിച്ചറിഞ്ഞു.
അദ്ദേഹം സമ്പാദിച്ചതെല്ലാം മറ്റുള്ളവർക്കായി ത്യജിച്ചു. വിലയേറിയ  വിമാനവും വാഹനവ്യൂഹങ്ങളും വിറ്റു. വീടും സ്ഥലവും ആഡംബരവസ്തുക്കളും വിറ്റു. കിട്ടിയ പണമെല്ലാം ഫൗണ്ടേഷന്‌ നൽകി. ഒടുവിൽ താൻ സ്ഥാപിച്ച ഇൻഡോ-അമേരിക്കൻ ആശുപത്രിയുടെ മാനേജിംഗ്‌ ഡയറക്ടർ സ്ഥാനം ഉപേക്ഷിച്ചു. ആശുപത്രിഭരണം ഒരു സംഘം ഡോക്ടർമാരെ ഏൽപ്പിച്ചു.
ഒരുകാലത്ത്‌ വാശിയോടെ ആഡംബരത്തിന്റെ തീവ്രലഹരിയിൽ ജീവിച്ച ഡോ.ബാഹുലേയൻ ലളിതജീവിതത്തിന്റെ ശാന്തിയും ധന്യതയും അനുഭവിക്കാൻ തുടങ്ങി. അദ്ദേഹം മാംസാഹാരം ഉപേക്ഷിച്ചു. ആശുപത്രി കാന്റീനിൽ നിന്നും ലഭിക്കുന്ന വെജിറ്റേറിയൻ ആഹാരമാണ്‌ കഴിക്കുന്നത്‌. ആശുപത്രിയിലെ ഒരു ചെറിയ മുറിയിലാണ്‌ താമസം.
ഈ 83-​‍ാം വയസ്സിലും അദ്ദേഹം ഊർജ്ജസ്വലനും ഉത്സാഹഭരിതനുമാണ്‌. ഇപ്പോഴും അദ്ദേഹം അനേകം ശസ്ത്രക്രിയകൾ നിർവഹിക്കുന്നു. ജീവിതത്തിൽ വാശിയോടെ നേടിയതെല്ലാം അദ്ദേഹം നാടിനും നാട്ടാർക്കുമായി നൽകി. "നിഷ്ക്കാമകർമ്മമാണ്‌ ഞാൻ ചെയ്യുന്നത്‌ തിരിച്ച്‌ യാതൊന്നും ഞാൻ പ്രതീക്ഷിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നില്ല" എന്ന്‌ അദ്ദേഹം പറയുമ്പോൾ ആ മുഖത്ത്‌ അവാച്യമായ ആനന്ദവും ആത്മസംതൃപ്തിയും അലയടിക്കുന്നതു കാണാം.
ഓസ്ട്രിയായിലെ ടെൽഫിൽ നിന്നുള്ള ബിസിനസ്സുകാരനായിരുന്നു കാൾ റബേദർ. 30 ലക്ഷം പൗണ്ട്‌ വരുന്ന തന്റെ മുഴുവൻ സമ്പത്തും ജീവകാരുണ്യപ്രവൃത്തികൾക്കായി വിനിയോഗിക്കുവാൻ അദ്ദേഹം തീരുമാനിച്ചു. അദ്ദേഹം ധാരാളം സമ്പത്തു സമ്പാദിച്ചിരുന്നു. ആഡംബരത്തിലും മോടിയിലും ജീവിച്ചു. പക്ഷേ ജീവിതത്തിൽ സന്തുഷ്ടിയും സംതൃപ്തിയും കണ്ടെത്താനായില്ല. ഇത്രയും നാൾ ആവശ്യമില്ലാത്തതും ആഗ്രഹമില്ലാത്തതുമായ കാര്യങ്ങൾക്കു വേണ്ടി അടിമയെപ്പോലെ ജോലിയെടുക്കുകയായിരുന്നു. ആഡംബരഭ്രമവും ഉപഭോഗതൃഷ്ണയും യഥാർത്ഥ സന്തോഷത്തെ തടയുമെന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞു. സമ്പത്ത്‌ മറ്റുള്ളവർക്കായി ചെലവിടുമ്പോഴാണ്‌ സന്തുഷ്ടിയും ധന്യതയും അനുഭവിക്കാൻ കഴിയുന്നത്‌.
ആൽപ്സിൽ 3455 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വില്ല തടാകസൗകര്യങ്ങളോടു കൂടിയതായിരുന്നു. ഇതിന്റെ മതിപ്പ്‌ വില 14 ലക്ഷം പൗണ്ടും പ്രോവിൻസിൽ 17 ഹെക്ടർ സ്ഥലവും അതിലെ ഫാം ഹൗസും സ്വന്തമായിരുന്നു. അവയെല്ലാം അദ്ദേഹം വിറ്റു. തന്റെ മനോഹരമായ ആഡംബരകാർ വിറ്റ വകയിൽ 44,000 പൗണ്ട്‌ കിട്ടി. ഈ പണമെല്ലാം അദ്ദേഹം ജീവകാരുണ്യപ്രവൃത്തികൾക്കായി നീക്കിവെച്ചു. തന്റെ സമ്പത്തു മുഴുവൻ ഇത്തരത്തിൽ ഫലപ്രദമായി ചെലവിടുമ്പോൾ ലഭിക്കുന്ന ആനന്ദവും ആത്മസുഖവും അവർണ്ണനീയമെന്ന്‌ അദ്ദേഹം വ്യക്തമാക്കുന്നു.
ലോകത്തിലെ സമ്പന്നരുടെ പട്ടികയിൽ എപ്പോഴും മുൻനിരയിൽ നിൽക്കുന്ന ബിൻഗേറ്റ്സ്‌ വാറൻബുഫറ്റ്‌, ആഡ്രൂ കാർണിജി, ജോൺ ഡി. റോക്ക്‌  ഫെല്ലർ തുടങ്ങിയവർ കാരുണ്യ പ്രവർത്തനങ്ങളുടെ മഹത്വം മനസിലാക്കിയവരാണ്‌.
മൈക്രോസോഫ്റ്റ്‌ മേധാവി ബിൽഗേറ്റ്സും ഭാര്യ മെലിന്റായും ചേർന്നു സ്ഥാപിച്ച 'ബിൽ ആന്റ്‌ ഗേറ്റ്​‍്സ്‌? ഫൗണ്ടേഷൻ ഇന്ന്‌ ലോകത്താകമാനം കാരുണ്യപ്രവർത്തനങ്ങൾക്കായി പണം ചെലവഴിക്കുന്നു തന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും ഈ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകുന്നു. ന്യുമോണിയ രോഗത്തിനു പരിഹാരം കണ്ടെത്തുവാനുള്ള ഒരു പ്രോജക്റ്റിന്‌ 1.3 മില്ല്യൻ ഡോളറാണ്‌ അവർ സംഭാവന നൽകിയത്‌. എയ്ഡ്സ്‌ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി അവർ ഇന്ത്യയിലെ ചേരിപ്രദേശങ്ങൾ സന്ദർശിക്കുകയുണ്ടായി.
വാറൻ ബുഫറ്റ്‌ തന്റെ സമ്പത്തിന്റെ 85 ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കാൻ ഗേറ്റ്സ്‌ ഫൗണ്ടേഷനെ ഏൽപ്പിക്കുകയുണ്ടായി.
അമേരിക്കൻ സ്റ്റീൽ വ്യവസായിയും കോടീശ്വരനുമായ ആഡ്രൂകാർണിജി 1911-ൽ സ്ഥാപിച്ച 'കാർണിജി കോർപ്പറേഷൻ? അമേരിക്കയിലെ പുരാതനവും പ്രമുഖവുമായ സ്ഥാപനമായി മാറിക്കഴിഞ്ഞു. മനുഷ്യരുടെയിടയിൽ പരസ്പര ധാരണയും വിജ്ഞാനവും പ്രസരിപ്പിക്കുന്നതിനും മറ്റുജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി ഈ സ്ഥാപനം ഏറെ പണം ചെലവഴിക്കുന്നു.
പ്രമുഖ വ്യവസായി ജോൺ റോക്ക്‌ ഫെല്ലറും അദ്ദേഹത്തിന്റെ പുത്രൻ ജോൺ ഡി.റോക്ക്‌ ഫെല്ലറും  (ജൂനിയർ) ചേർന്ന്‌ 1913-ൽ ആരംഭിച്ച റോക്ക്‌ ഫെല്ലർ ഫൗണ്ടേഷൻ ലോകമെമ്പാടും കാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നു. കൂടാതെ യു.എൻ.ഓ യുടെ നേതൃത്വത്തിൽ ലോകമെമ്പാടും നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക്‌ ഫൗണ്ടേഷൻ വലിയ സാമ്പത്തിക സഹായവും ചെയ്യുന്നു.
'ദി ബോഡിഷോപ്പ്‌?എന്ന പ്രശസ്ത സ്ഥാപനത്തിന്റെ മേധാവിയും സമ്പന്നയുമായ ഡാമെ അനിതാ റോഡിക്‌ പണത്തിനു വേണ്ടിയുള്ള പരക്കംപാച്ചിൽ ഉപേക്ഷിച്ച്‌ ദാനശീലയായിതീരുകയാണുണ്ടായത്‌ എന്ന്‌ അവർ തന്നെ വെളിപ്പെടുത്തുകയുണ്ടായി. അതാണ്‌ അവർക്ക്‌ സന്തോഷവും സംതൃപ്തിയും നൽകുന്നത്‌.  അവർ വ്യക്തമാക്കുന്നു, "ഒരു പരിധികഴിഞ്ഞാൽ കമ്പനി ബാലൻസ്‌  ഷീറ്റുകൾ നിങ്ങൾക്ക്‌ സന്തോഷവും സംതൃപ്തിയും നൽകുകയില്ല ...... ഈ ലോകത്തിന്‌ വ്യത്യസ്തമായി എന്തുനൽകാം എന്നതിലാണ്‌ എനിക്ക്‌ താൽപര്യം."
ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ്‌ അംബാനിയും ഭാര്യ നിതയും ചേർന്നു സ്ഥാപിച്ച ധിരുഭായി അംബാനി ഫൗണ്ടേഷൻ?  കാരുണ്യപ്രവൃത്തികൾക്ക്‌ മുൻനിരയിൽ തന്നെയുണ്ട്‌.
ഇൻഫോസിസ്‌ ടെക്നോളജി സ്ഥാപകനും  മെന്ററുമായ നാരായണമൂർത്തിയും  ഇന്ത്യയിൽ ഇത്തരം പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്നു. ആശുപത്രികൾ, അനാഥശാലകൾ, പുനരധിവാസ കേന്ദ്രങ്ങൾ, സ്കൂളുകൾ, ലൈബ്രറികൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ്‌ അവരുടെ പ്രവർത്തനങ്ങൾ. 'ദാനം ചെയ്യുമ്പോഴാണ്‌ പണത്തിന്‌ ശക്തിയും മൂല്യവുമുണ്ടാകുന്നത്‌?, എന്നാണ്‌ നാരയണമൂർത്തിയുടെ അഭിപ്രായം.
ഡോ. സാമുവൽ ജോൺസൺ  വ്യക്തമാക്കിയതു പോലെ , 'ഒരുമനുഷ്യന്റെ ബിസ്സിനസ്‌ എല്ലാം പണസമ്പാദനമല്ല.  ദയവളർത്തുക എന്നത്‌ ജീവിതത്തിലെ ബിസ്സിനസിന്റെ വിലയേറിയ ഭാഗമാണ്‌.

19 Aug 2012

തേൻ ഒരു സർവ്വരോഗ സംഹാരി


ജോൺ മുഴുത്തേറ്റ്‌


അതിപുരാതനകാലം മുതൽ മനുഷ്യൻ തേനിന്റെ അത്ഭുതകരമായ ഔഷധ ഗുണങ്ങൾ
മനസിലാക്കിയിരുന്നു. തേനിന്റെ ഔഷധ ഗുണങ്ങളെപ്പറ്റി ബൈബിളിൽ
പ്രതിപാദിക്കുന്നുണ്ട്‌. തേൻ ഒരുസമ്പൂർണ്ണ ആഹാരവും ഉത്തമ ഔഷധവുമാണെന്ന്‌
ഖുറാൻ വ്യക്തമാക്കുന്നു. 'തേൻ എല്ലാ രോഗങ്ങൾക്കും പരിഹാരമാണ്‌.' എന്ന്‌
മുഹമ്മദ്‌ നബി തന്റെ അനുയായികളെ  ഉപദേശിച്ചിരുന്നു.
പേർഷ്യയിലേയും ചൈനയിലേയും ഈജിപ്തിലേയും, ഇന്ത്യയിലേയും പുരാതന വിശുദ്ധ
ഗ്രന്ഥങ്ങൾ എല്ലാം തന്നെ തേനിന്റെ ഗുണങ്ങൾ വ്യക്തമാക്കുന്നു. ഒന്നാം
നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക്‌ ഭിഷഗ്വരനായിരുന്ന ഡയോസ്കോറൈഡ്സ്‌
(Dioscorides) ന്റെ 'മെറ്റീരിയ മെഡിക്ക' ൽ തേനിന്റെ ഔഷധ ഗുണങ്ങളെപ്പറ്റി
പ്രതിപാദിക്കുന്നു. ബിസി 320-ൽ ജീവിച്ചിരുന്ന അരിസ്റ്റോക്സേനസ്‌
(Aristoxenus) തേനും ഉള്ളിയും ബ്രെഡും ദിവസവും പ്രഭാതഭക്ഷണത്തിൽ
ഉൾപ്പെടുത്തിയാൽ ജീവിതകാലം മുഴുവൻ രോഗരഹിതനായിരിക്കാമെന്ന്‌
വ്യക്തമാക്കിയിട്ടുണ്ട്‌.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഹിപ്പോക്രാറ്റിസ്‌
തേനിന്റെ ഔഷധ വീര്യം ഇങ്ങനെ വിശദമാക്കുന്നു. 'തേൻ ചൂടു നൽകുന്നു,
പഴുപ്പുകൾ വൃത്തിയാക്കുന്നു. ചുണ്ടുകളിലെ വ്രണങ്ങൾ ഭേദമാക്കുന്നു,
കുരുക്കളെയും ഒലിക്കുന്ന വ്രണങ്ങളെയും സുഖപ്പെടുത്തുന്നു.'
ശ്വാസതടസത്തിനും മറ്റുപല രോഗങ്ങൾക്കും പ്രതിവിധിയായി തേൻ ഉപയോഗിക്കുവാൻ
അദ്ദേഹം തന്റെ രോഗികൾക്ക്‌ നിർദ്ദേശം നൽകിയിരുന്നു.
തേൻ ആയുർവേദത്തിൽ
ആയുർവേദത്തിലെ ഔഷധ നിർമ്മാണത്തിനു തേൻ വ്യാപകമായി ഉപയോഗപ്പെടുത്തുന്നു.
പലഅഷധങ്ങളും തേൻ ചേർത്തുകഴിക്കുവാൻ നിർദ്ദേശിക്കുന്നു. മരുന്ന്‌
ശരീരത്തിലേയ്ക്ക്‌ അതിവേഗം ആഗീരണം ചെയ്യപ്പെടുവാൻ തേൻ സഹായിക്കുന്നു.
എല്ലാ കോശങ്ങളിലും പേശികളിലും ഔഷധം വേഗം എത്തിച്ചേരുന്നു.
അഷ്ടാംഗ ഹൃദയത്തിൽ തേനിന്റെ ഔഷധഗുണങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്‌. അതിൽ
പ്രധാനമായത്‌ താഴെപ്പറയുന്നു.
*       കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്ചയ്ക്കും വളരെ നല്ലതാണ്‌ തേൻ
*       ദാഹത്തെ ശമിപ്പിക്കുന്നു.
*       കഫത്തെ ലയിപ്പിച്ചുകളയുന്നു.
*       വിഷാദരോഗങ്ങളെ ശമിപ്പിക്കുന്നു.
*       എക്കിൾ നിർത്തുന്നു.
*       മൂത്രാശയരോഗങ്ങളെ ശമിപ്പിക്കുന്നു.
*       ആസ്തമ, ചുമ, ഛർദ്ദി, ഡയറിയ തുടങ്ങിയ രോഗങ്ങളെ ശമിപ്പിക്കുന്നു.
*       മുറിവുകളെ അണുവിമുക്തമാക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്നു.
*       കോശവളർച്ചയെ സഹായിക്കുന്നു.
*       പഴകിയ തേൻ ദഹനപ്രക്രിയയെ സഹായിക്കുകയും കഫത്തെ കുറയ്ക്കുകയും ചെയ്യുന്നു.
*       പുതിയതായി ശേഖരിച്ച തേൻ ശരീരഭാരം വർദ്ധിപ്പിക്കുകയും സുഖശോചന നൽകുകയും
ചെയ്യുന്നു.
തേൻ സൗന്ദര്യവർദ്ധകം
തേൻ ഒരു സൗന്ദര്യ വർദ്ധക ഔഷധമായി പണ്ടുമുതലേ ഉപയോഗിച്ചുവരുന്നു. തേൻ
മുഖത്തുലേപനം ചെയ്ത്‌ അരമണിക്കൂർ കഴിഞ്ഞ്‌ കഴുകികളയുന്നത്‌ മുഖസൗന്ദര്യം
വർദ്ധിപ്പിക്കുന്നു. ക്ലിയോപാട്ര തന്റെ മുഖസൗന്ദര്യം വർദ്ധിപ്പിക്കുവാൻ
തേൻ ഉപയോഗിച്ചിരുന്നത്രെ. ഓട്ട്മീലും തേനും സംയോജിപ്പിച്ച്‌ ഒരു
പേസ്റ്റ്‌ രൂപത്തിലാക്കിയശേഷം മുഖത്തുലേപനം ചെയ്യുക. 15-30 മിനിട്ടിനു
ശേഷം ചൂടു വെള്ളവും തണുത്തജലവും കൊണ്ടു മാറി മാറി മുഖം കഴുകുക. അവസാനം
തണുത്തജലം കൊണ്ട്‌ വേണം മുഖം കഴുകുവാൻ. മുഖപേശികൾ ദൃഢമാകുന്നതിനും
മുഖകാന്തിയും യൗവ്വനവും നിലനിർത്തുന്നതിനും ക്ലിയോപാട്രയെ സഹായിച്ചതു ഈ
തേൻ പ്രയോഗമാണത്രെ.
തേൻ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
*       തേൻ തീയിൽ വച്ച്‌ ചൂടാക്കാൻ പാടില്ല. വെയിലത്തു വച്ച്‌ ജലാംശം വറ്റിക്കാം.
*       ചൂടു ഭക്ഷണ സാധനങ്ങളുമായി കലർത്തി ഉപയോഗിക്കുവാൻ പാടില്ല.
*       വളരെ ചൂടുള്ള അന്തരീക്ഷത്തിൽ കൂടുതൽ ജോലി ചെയ്യുമ്പോൾ അധികമായി തേൻ
കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
*       മഴവെള്ളം എരിവും പുളിയുമുള്ള ഭക്ഷണം, വിസ്കി, റം, ബ്രാണ്ടി
തുടങ്ങിയവയുമായി കലർത്തി തേൻ കഴിക്കുന്നത്‌ നല്ലതല്ല.
*       തേൻ ഫ്രിഡ്ജിൽ വച്ച്‌ തണുപ്പിക്കേണ്ട ആവശ്യവുമില്ല.
ചിലചികിത്സാരീതികൾ/ഉപയോഗക്രമങ്ങൾ
ആരോഗ്യവും  യൗവ്വനവും നിലനിർത്തുന്നതിന്‌ തേനിന്റെ പതിവായ ഉപയോഗം
സഹായിക്കുമെന്ന്‌ പഠനങ്ങൾ തെളിയിക്കുന്നു. രണ്ടോ, മൂന്നോ, സ്പൂൺ തേൻ ഒരു
ഗ്ലാസ്‌ ജലത്തിൽ ചേർത്തു കഴിച്ചാൽ ശരീരക്ഷീണം ക്ഷണത്തിലകറ്റാൻ കഴിയും.
അതു മാനസിക ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
രാത്രികിടക്കുന്നതിന്‌ മുമ്പ്‌ രണ്ടു സ്പൂൺ തേൻ വെള്ളത്തിലോ, പാലിലോ
ചേർത്തുകഴിക്കുന്നത്‌ ഉറക്കമില്ലായ്മയ്ക്ക്‌ പ്രതിവിധിയാണ്‌.
ജലദോഷവും തൊണ്ടപഴുപ്പും അകറ്റുവാൻ തേൻ പാലിൽ കലർത്തികഴിക്കുന്നത്‌
പ്രയോജനപ്രദമാണ്‌. തേനും സമം ചെറുനാരങ്ങാനീരും ചേർത്ത്‌ ഓരോ സ്പൂൺ
കഴിക്കുന്നതും തൊണ്ടവേദനയകറ്റാൻ സഹായിക്കുന്നു.
തേനും ഇഞ്ചിനീരും തുല്യഅളവിൽ ചേർത്ത്‌ ഇടക്കിടയ്ക്ക്‌ ഒന്നോ, രണ്ടോ സ്പൂൺ
വച്ച്‌ കഴിക്കുന്നത്‌ ജലദോഷവും ചുമയും, കഫശല്യവും മാറുന്നതിന്‌
സഹായിക്കുന്നു. അത്‌ ദഹനക്കേട്‌ മാറ്റുന്നതിനും സഹായകരമാണ്‌.
രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഒരു ടിസ്പൂൺ വെളുത്തുള്ളി നീരും രണ്ടു
ടിസ്പൂൺ തേനും ചേർത്തുകഴിക്കുന്നത്‌ ഫലപ്രദമാണ്‌.
അതിരാവിലെ ചെറുചൂടുള്ള ഒരു ഗ്ലാസ്‌ ജലത്തിൽ രണ്ട്‌ ടിസ്പൂൺ തേനും, ഒരു ടി
സ്പൂൺ നാരങ്ങാനീരും, കലർത്തി കഴിച്ചാൽ അജീർണ്ണം കുറയുകയും രക്തം
ശുദ്ധീകരിക്കപ്പെടുകയും ചെയ്യും.

ശരീരത്തിൽ തീപ്പൊള്ളലേറ്റാൽ ഉടൻതന്നെ പൊള്ളിയ ഭാഗത്തു തേൻ ലേപനം ചെയ്യുക.
ശരീരത്തിൽ പൊള്ളലിന്റെ പാട്‌ പോലും കാണുകയില്ല.
രണ്ടുസ്പൂൺ തേൻ ചേർത്തു കാരറ്റ്‌ ജ്യൂസ്‌ പതിവായി കഴിച്ചാൽ കാഴ്ചശക്തി
വർദ്ധിക്കും. കമ്പ്യൂട്ടറിന്റെ മുന്നിലിരിന്ന്‌ കൂടുതൽ സമയം
ജോലിചെയ്യുന്നവർക്ക്‌ ഇത്‌ കൂടുതൽ ആശ്വസകരമാണ്‌.
തേൻ ഒരു അണുനാശിനിയാണ്‌. അതുകൊണ്ട്‌ മുറിവിലും വ്രണത്തിലുമൊക്കെ തേൻ
പുരട്ടുന്നത്‌ അണുബാധ തടയുന്നു.

കാരെള്ളു തേൻ ചേർത്തുചവച്ചരച്ചു കഴിക്കുന്നതു ലൈംഗിക ശേഷി
വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു.
ദിവസവും രാവിലെ നാലഞ്ച്‌ ബദാം പരിപ്പ്‌ തേൻ ചേർത്ത്‌ കഴിക്കുന്നത്‌
ശരീരക്ഷീണം അകറ്റുവാനും. കായബലം വർദ്ധിപ്പിക്കുവാനും സഹായിക്കുന്നു.
ഇതൊരു ബ്രെയ്ൻ ഫുഡ്‌ ആയും കരുതപ്പെടുന്നു.
തേൻ ഒരു ഔഷധവും ടോണിക്കുമാണ്‌. പഞ്ചസാരയ്ക്കും, ജാമിനുമൊക്കെ പകരമായി തേൻ
ഉപയോഗിക്കാം. സർവ്വരോഗസംഹാരിയായ തേനിന്റെ പതിവായ ഉപയോഗം ആരോഗ്യവും,
ദീർഘയാസും നിത്യയൗവ്വനവും പ്രദാനം ചെയ്യും.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...