Showing posts with label 75. Show all posts
Showing posts with label 75. Show all posts

27 Apr 2013

ഇനിയെത്ര രാവുകൾ

ധനുഷ്  മിന്നൂസ് 

ഇനിയെത്ര രാവുകൾ
മായണം നിന്നിലേക്ക്‌
അടുക്കുവാൻ...

ഇനിയെത്ര പകലുകൾ
കോഴിയേണമെൻ
ഓർമ്മകളുടെ
വാതായനങ്ങളിലേക്ക്
എത്തുവാൻ....

ഇനി എന്നിൽ കവിതയില്ല,
ഇനി എന്നിൽ അക്ഷരങ്ങളില്ല,
ഇനി എന്നിൽ പുലരിയോ,
സന്ധ്യയോ,മഴയോ,വേനലോ
ഇല്ല....

അവശേഷിക്കുന്ന ഞാൻ
വിണ്ണിലെ താരകമായി
തോരാതെ പെയ്യാം ഒരു
പ്രണയമഴക്കാലമായി ....

26 Mar 2013

മറ്റൊരു പ്രണയം

രകു പന്തളം 



ഈറന്‍ പുതച്ചപുലരികള്‍
പൂനിലാവോഴുകും കല്‍ പടവുകള്‍,
വേനല്‍ കരിയില ചൂടും നാട്ടു
വഴികളും അരയാല്‍ തറകളും
ആളില്ല ക്യംപസും ചുവരുകളും
കണ്ണീര്‍ കാടുപിടിച്ച ചിന്തകളും
ഇനി എത്ര എത്ര ഇടങ്ങള്‍.. പ്രണയം
മൊട്ടിട്ട സഞ്ചാര വഴികള്‍…
ആരുമില്ലാത്ത ഇടങ്ങളില്‍ ചില
നേരങ്ങളില്‍ ചില ചിലരില്‍ ..
പെണ്ണല്ല പ്രണയം, മണ്ണല്ല പ്രണയം…
പ്രണയം പ്രണയമാകുന്നു…
പ്രണയം പ്രകൃതി ആകുന്നു…

23 Feb 2013

കാടുതീണ്ടല്‍

കണ്ണന്‍ തട്ടയില്‍ 


ഞാനൊരു പാവം കാട്ടുപെണ്ണ്
എന്റെ കാട്ടുരുപം കണ്ടവരെന്നെ
‘രാക്ഷസി’ എന്നുവിളിച്ചു.
അതു കേട്ടു, പാതി ചിരിയുണരും മുന്‍പേ;
ഞൊടിയിടയില്‍ ആരാണ് എന്റെ മൂക്കും മുലയും . . .!
അകലെ നിര്‍വികാരമോടെ ചുവന്നുതുടുത്ത അന്തിമാനം
കടലില്‍ കയ്യിട്ടിളക്കി തപ്പിനോക്കുന്നു;ചുറ്റും.
ഏതു രാമനാണ് കളവുപദേശിച്ചത് ?
ഏതു ലക്ഷമണകുമാരനാണ് അരിഞ്ഞുവീഴ്ത്തിയത് ?
പീഡനം ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ ?
എല്ലാം സഹനത്തോടെ പൊറുത്തിട്ടും;
ഇപ്പോഴെന്റെ യോനിയിലേക്കാണല്ലോ,
അവരുടെ നായാട്ടുനോട്ടങ്ങള്‍ ?
കുറച്ചുനിമിഷങ്ങളുടെ സാവകാശമെങ്കിലും . . .
ഒരുവള്‍ നിന്നെ പെറ്റിട്ടപോലെ !
ആശങ്കയുടെയും ജിഗ്‌നാശയുടെയും നൊമ്പരങ്ങളുടെയും
നടുക്കളത്തിലേക്ക് ഞാനുമെന്റ്‌റെ കുഞ്ഞിനെ ?
അതിനുശേഷം നിങ്ങള്‍ക്കു കിള ച്ചുഴുതുമാരിക്കാന്‍ തരാം.
പക്ഷെ; ശേഷം തരിശുമാറിടത്തില്‍
തിരയുന്ന കുഞ്ഞിനു ഞാനിനിയെന്തുനല്‍കും ?
രാജകുമാരന്‍മാര്‍ കാടുതീണ്ടിയാല്‍
ഇതിലധികം വരാനിരിക്കുന്നതല്ലേയുള്ളൂ ?
നിന്നെ മോഹിച്ചു വന്നതെന്നു നീ ധരിച്ചു !
യചനയായിരുന്നു; സഹോദരാ ?
പേറ്റുനോവിന്റെ അത്യുന്നതങ്ങളില്‍പ്പെട്ട
ഒരു കാട്ടുപെണ്ണിന്റെ സഹായയാചന.
കാടത്തം കാടുവിട്ടകന്നു കിരീടമണിഞ്ഞു
മുലകള്‍ ഇടിച്ചുനിരത്തി യോനി നികത്തി
ഒരു തെങ്ങ് നട്ടിരുന്നെങ്കില്‍ ?
ഒരിക്കലും കുലക്കാത്ത ഒരു കല്പ്പവ്രക്ഷം
ഇപ്പോഴും ജാനകിമാര്‍ ഒരു വലിയ മഹാമവ്‌നമായി
കുന്തിച്ചുചിന്തിച്ചു മാറിയിരിക്കുന്നു !
ഇന്നും കുമാരന്‍മാര്‍ കിരീടമില്ലാതെയും കാടുകള്‍ തീണ്ടുന്നു.
ഞങ്ങള്‍ കാട്ടുപെണ്ണുങ്ങളെത്തേടിത്തന്നെ.

24 Jan 2013

മലനിരകള്‍ മുഖം നോക്കുന്ന ബാണാസുര സാഗര്‍


banasura-sagar-dam-wayanad-kerala


 രമേഷ് വെള്ളമുണ്ട


വയനാടിന്റെ വിനോദസഞ്ചാര ഭൂപടത്തിലേയ്ക്കു ഒടുവിലാണ് ബാണാസുര സാഗര്‍ ഒരുങ്ങിയെത്തിയത്. ഇന്ന് സഞ്ചാരികളുടെ പറുദീസയായി ഈ ജലാശയം മാറിക്കഴിഞ്ഞു. ഓളപ്പരപ്പുകളും ചെറുദ്വീപുകളും അതിനു അഭിമുഖമായി നില്‍ക്കുന്ന ബാണാസുരമലയും സഞ്ചാരികളുടെ മനം കവരുന്നു. ഏഷ്യയിലെ രണ്ടാമത്തെ വലിയ മണ്ണണയ്ക്ക് മുകളില്‍നിന്ന് വിദൂരദൃശ്യങ്ങളിലേയ്ക്ക് കണ്ണുപായിക്കാന്‍ ഒട്ടേറെ പേര്‍ ദിവസംതോറും ഇവിടെയെത്തുന്നു.
പതിറ്റാണ്ടുകളായി നിര്‍മാണ ഘട്ടത്തിലായിരുന്ന അണക്കെട്ട് മാസങ്ങള്‍ക്കുമുമ്പാണ് കമ്മീഷന്‍ ചെയ്തത്. പടിഞ്ഞാറത്തറയില്‍നിന്ന് മൂന്നു കിലോമീറ്ററോളം പിന്നിടുമ്പോള്‍ റോഡിന് സമാന്തരമായി നീണ്ടുകിടക്കുന്ന മണ്ണണ സഞ്ചാരികളെ സ്വാഗതം ചെയ്യും. ‘ഹൈഡല്‍ ടൂറിസം’ ബോട്ടുയാത്ര തുടങ്ങിയതോടെയാണ് ഇവിടുത്തെ സാധ്യതകള്‍ സഞ്ചാരികള്‍ തിരിച്ചറിഞ്ഞത്. ഓളപരപ്പുകളിലൂടെ ബോട്ടില്‍ മുന്നേറുമ്പോള്‍ അകലങ്ങളില്‍ അനേകം തുരുത്തുകളും അവയോടു ചേര്‍ന്നുള്ള കാനനക്കാഴ്ചകളും തേക്കടിയുടെ വയനാടന്‍ ചിത്രങ്ങളാണ് വരയ്ക്കുന്നത്.
പ്രകൃതി സന്തുലിത വിനോദ സഞ്ചാരത്തിന്റെ മനോഹര ദൃശ്യമാണ് തരിയോട് നിന്നുമുള്ള ബാണാസുര സാഗറിന്റെ മുഖം. സ്വാഭാവികത മാത്രം മുതല്‍ക്കൂട്ടാവുന്ന ചോലവനങ്ങളും മലനിരകളും ജൈവ മേഖലകളുമാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. കാട്ടാനകള്‍ സൈ്വരവിഹാരം നടത്തുന്ന താഴ്‌വാരങ്ങള്‍ ബോട്ടിലെത്തുന്ന സഞ്ചാരികള്‍ക്ക് ഭാവിയിലെ സുന്ദരകാഴ്ചകളാവും.
കഴുത്തിനൊപ്പം മുങ്ങിനില്‍ക്കുന്ന കുന്നിനു മുകളില്‍ ഹെറിറ്റേജ് വീടുകള്‍ നിര്‍മിക്കുന്നതും തുരുത്തുകളിലേയ്ക്കു റോപ്പ്‌വേ സൗകര്യം ഏര്‍പ്പെടുത്തുന്നതും ഹൈഡല്‍ ടൂറിസത്തിന്റെ പരിഗണനയിലാണ്. സാഹസിക സഞ്ചാരികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ് ഈ മലനിരകള്‍. സമുദ്ര നിരപ്പില്‍നിന്ന് 2800ലധികം അടി ഉയരത്തിലേയ്ക്കുള്ള മലഞ്ചെരിവുകളിലൂടെ സാഹസികത നിറയുന്ന പാറക്കെട്ടുകള്‍ താണ്ടാനും ഇവിടെ സഞ്ചാരികള്‍ എത്താറുണ്ട്.
മൊതക്കര-നാരോക്കടവ് വഴിയാണ് ബാണാസുരമലയിലെത്തുക. അരുവികളും ആദ്യമൊക്കെ നിരപ്പുസ്ഥലങ്ങളും പിന്നിട്ട് ചെങ്കുത്തായ പാറകളിലേയ്ക്കു വഴികള്‍ അവസാനിക്കുന്നു. ഇതിനെ മറികടക്കുമ്പോള്‍ ഒന്നുകില്‍ കിലോമീറ്ററോളം വളയണം. അല്ലെങ്കില്‍ പാറക്കെട്ടുകളെ വെല്ലുവിളിക്കാം. മൂന്നു ദിവസങ്ങള്‍വരെ നീണ്ടുനില്‍ക്കുന്ന യാത്രയില്‍ മാത്രമേ കോഴിക്കോട്-വയനാട് ജില്ലകളെ വേര്‍തിരിക്കുന്ന ഈ പശ്ചിമ ഘട്ടത്തിനെ അടുത്തറിയാന്‍ സാധിക്കൂ.
പരിസ്ഥിതി പഠനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്കും ഈ മലനിരകള്‍ കൗതകുമാണ്. നീലഗിരിയില്‍ മാത്രം കണ്ടുവരുന്ന അനേകം സസ്യജാലങ്ങളുടെ കലവറയാണ് ബാണാസുരന്‍ കോട്ട. വെള്ളക്കുറിഞ്ഞി സമൃദ്ധമായി വളരുന്ന അടിക്കാടുകളും ജൈവ സമ്പുഷ്ടതയുള്ള ഷോലെ വനങ്ങളും ഇന്നും ഇവിടെ തനിമ നിലനിര്‍ത്തുന്നു. ഇക്കോ ടൂറിസം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നവയുടെ കൂട്ടത്തില്‍ ഈ മലനിരകളെ ഉള്‍പ്പെടുത്തിയതാണ് ഏറ്റവും ഒടുവില്‍ പ്രതീക്ഷയായത്.
ചുരമില്ലാതെ ഇതുവഴി ലക്ഷ്യമിടുന്ന പൂഴിത്തോട് റോഡിന്റെ സാക്ഷാത്കാരമാണ് ഈ വിനോദസഞ്ചാരകേന്ദ്രത്തിനു മുതല്‍ക്കൂട്ടാവുക. കേന്ദ്രവന മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് ഈ വനപാത. പൂന്തോട്ടങ്ങളും മറ്റു സൗകര്യങ്ങളും ബോട്ടുയാത്ര സൗകര്യത്തോടൊപ്പം നടപ്പാക്കിയാല്‍ മാത്രമേ സഞ്ചാരകേന്ദ്രം പൂര്‍ണതയില്‍ എത്തൂ. അതിനുവേണ്ടിയുള്ള ശ്രമത്തിലാണ് ജനപ്രതിനിധികളും നാട്ടുകാരും. സമീപഭാവിയില്‍ത്തന്നെ വയനാട്ടിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാവാനുള്ള വിജയക്കുതിപ്പിലാണ് ഓളപ്പരപ്പുകളില്‍ സൗന്ദര്യം സൂക്ഷിക്കുന്ന ബാണാസുരസാഗര്‍.

22 Dec 2012

വൈകി എത്തിയ സൂര്യന്‍



 രാജിവ് ഇലന്തൂർ

നിന്നിലെ മൗനമേ, നീറുന്ന കാറ്റിനെ
നെഞ്ചോട് ചേര്‍ത്തങ്ങു നീയുറക്കൂ
മഴയും തോര്‍ന്നില്ല, കനവും മാഞ്ഞില്ല
ഉണര്‍ത്തും വെയിലും വൈകിടുന്നൂ
കിഴക്കില്‍ പൂക്കുന്ന പുഷ്പമാം നിന്നെഞാന്‍
കണ്മിഴിക്കോണില്‍ ഉറക്കിയില്ലേ..
മാറാല മൂടിയ വീടിന്റെ കോണിലെ
ജാലകച്ചില്ലകള്‍ തുറക്കാറായ്
പതിവിന്റെ താളം മറന്നു പോകുന്നീ-
പഴമയില്‍ മുങ്ങിയ കാലചക്രം
ഇനിയും ഉണരാന്‍ മടിക്കും വേളയില്‍
താരാരാജാവിന്‍ ഒളിഞ്ഞുനോട്ടം
പൂജ്യനായ് വന്നെന്റെ പാദം കവര്‍ന്നൂ
തട്ടിവിളിച്ചി,ട്ടുണര്‍ത്തിടുന്നു
പരിഭവം കാട്ടീയീ മിഴികള്‍ നീട്ടി
നീരസഭാവത്തിന്‍ നോക്കിഞാനും
സ്വാന്തന കിരണം ചൊരിഞ്ഞീ മേനിയില്‍
ഇടവം ചതിച്ച കഥയോതി.
കഥയെ,ത്രമാറി തണുത്തെന്‍ മനവും
അശ്രുപൊഴിഞ്ഞൊരു വര്‍ഷമായ്
കാലമേ കാണുക നീയെന്റെ സൂര്യനെ
കാണാമറയത്തോളിച്ചിടാതെ..
സംസര്‍ഗ മിഥ്യയാം കണികയില്‍ കോര്‍ത്തു-
ഭൂമിതന്‍ മാറില്‍ കിടക്കൂന്നൂ ഞാന്‍

22 Nov 2012

അശ്വത്ഥാമാവ്


കുഞ്ഞുമോൻ

ചിരഞ്ജീവിയാണെന്നറിഞ്ഞു, പക്ഷേ കണ്ടില്ല പിന്നീടൊരിക്കലും,

ബ്രഹ്മാസ്ത്ര പ്രയോഗ പരാജയത്തിനു ശേഷം

ഇതിഹാസ പുസ്തകത്താളുകളില്‍-തേടി ഞാനലഞ്ഞു;

പകയുടെ നെരിപ്പോടു –പേറുന്നോരാത്മാവിനെ, “അശ്വത്ഥാമാവിനെ”

കണ്ടില്ല ഞാന്‍, ഇതിഹാസങ്ങളില്‍, പുരാണങ്ങളില്‍,

ശാസ്ത്ര-സാങ്കേതിക വിജ്ഞ്ഞാനകോശങ്ങളില്‍-

യുദ്ധഭൂവില്‍ പരാജിത ശിരസ്സുമായ് നിന്ന ശേഷം!!!

കണ്ടറിഞ്ഞു ഞാന്‍ ചരിത്രപുസ്തകങ്ങള്‍ക്കുള്ളില്‍ നിന്നും-

നാല്പ്പത്തേഴില്‍, കല്ക്കത്താ തെരുവുകളില്‍,

ആ ചിരഞ്ജീവി തന്‍ ഘോര നടനശില്പം!!!

പിന്നീടു കേട്ടു ഞാന്‍ സിഖു വിലാപം-എണ്‍പത്തിനാലില്‍,

ദ്രോണപുത്രന്റെ മറ്റൊരു ദര്‍ശനം!!!

പിന്നെയുമൊരുപാടുവട്ടം കണ്മുന്നില്‍-ദ്രൌണിയാടുന്ന ചുടല നൃത്തം-

ഗുജറാത്തില്‍, മലെഗാവില്‍, മക്കാ മസ്ജിദില്‍…

ആസ്സാമും, മാറാടും, പിന്നെയാ കാശ്മീരും പലവട്ടം പൊട്ടിച്ചിതറി!!!

പിന്നെയിവിടെയീ മുംബൈയില്‍ ഇരുന്നൂറു കബന്ധങ്ങള്‍!!!

നോവോടെ കൊതിക്കുന്നു….സുയോധന പൊളിവചനം

നേരായ് ഭവിച്ചെങ്കില്‍…,പക്ഷേ ആരാണതിനി ചൊല്ലുക…?

“അശ്വത്ഥാമാ ഹത:” ക്രിസ്തുവോ…? കല്‍ക്കിയോ…? ഈസാ നബിയോ…?

23 Oct 2012

ചരിത്രരേഖ

 എം.എസ്‌.ജയപ്രകാശ്‌


സമുദായ സംഘടനകളും രാഷ്ട്രീയപ്പാർട്ടികളും


സമുദായ സംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന്‌ പ്രഖ്യാപിക്കാത്ത രാഷ്ട്രീയപ്പാർട്ടികൾ ഉണ്ടെന്നു തോന്നുന്നില്ല. പ്രത്യേകിച്ച്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾ. തങ്ങൾ കമ്മ്യൂണിസ്റ്റുകളാണെന്നു മാലോകരെ അറിയിക്കാറുള്ളത്‌ സമുദായ സംഘടനകളെ തള്ളിപ്പറഞ്ഞുകൊണ്ടാണ്‌. ഇതിനു പിന്നാലെ വരുന്ന വാർത്ത വിപ്ലവ നേതാവ്‌ ഭാര്യാസമേതനായി അരമനയിലെത്തി ബിഷപ്പിന്റെ കൈമുത്തിയ കാര്യമാണ്‌. ഒപ്പം പെരുന്നയിലെ എൻ.എസ്‌.എസ്‌ നേതാവിനെക്കണ്ട്‌ വിപ്ലവപാതയിലെ തടസ്സങ്ങൾ നീക്കി മടങ്ങുന്ന നേതാക്കളേയും കാണാം.

സി.പി.ഐ നേതാവായ പന്ന്യൻ രവീന്ദ്രൻ സമുദായ സംഘടനകളുടെ ഇടപെടലിനെ നിശിതമായി വിമർശിച്ചുകൊണ്ട്‌ അടുത്തകാലത്ത്‌ പലതവണ പ്രസ്താവം ഇറക്കിയിരുന്നല്ലോ.
പി.കെ.നാരായണപ്പണിക്കർ അന്തരിച്ചപ്പോൾ അദ്ദേഹത്തെപ്പറ്റി പന്ന്യൻ എഴുതിയത്‌ ഇങ്ങനെ: " തിരുവനന്തപുരത്തെ ഉപതിരഞ്ഞെടുപ്പിന്‌ ശേഷം നന്ദി പറയാൻ പലരേയും കാണുന്ന കൂട്ടത്തിൽ ഞാൻ ചങ്ങനാശ്ശേരിയിലും പോയിരുന്നു. ഫലപ്രഖ്യാപനം വന്നിട്ട്‌ അന്ന്‌ അധികദിവസമായിരുന്നില്ല. കണ്ടയുടനെ ഇരുകൈകളും നീട്ടി നിറഞ്ഞ ചിരിയോടെയാണ്‌ പി.കെ.നാരായണപ്പണിക്കർ സർ ഞങ്ങളെ സ്വീകരിച്ചതു. രാഷ്ട്രീയ ചർച്ചകളിലേയ്ക്ക്‌ കടക്കും മുമ്പ്‌ ഞാൻ സന്ദർശനത്തിന്റെ ഉദ്ദേശ്യമറിയിച്ചു. ചെറുചിരിയോടെ ഉടൻ വന്നു സാറിന്റെ പ്രതികരണം: 'നന്ദിയൊന്നും പറയേണ്ടകാര്യമില്ല, താങ്കളെ തോൽപിക്കാനാണ്‌ ഞങ്ങളുടെ തിരുവനന്തപുരത്തെ യൂണിയൻ തീരുമാനിച്ചിരുന്നത്‌. എന്നിട്ടും  താങ്കൾ ജയിച്ചു.


അതിൽ സന്തോഷമുണ്ട്‌. എൻ.എസ്‌.എസ്‌ എന്നെ തോൽപ്പിക്കാൻ തീരുമാനിച്ചകാര്യം പണിക്കർ തുറന്നു പറയുന്നത്‌ കേട്ട്‌ എനിക്ക്‌ തെല്ല്‌ അമ്പരപ്പ്‌ തോന്നാതിരുന്നില്ല. മനസ്സിൽ കളങ്കമില്ലാത്ത നിർമ്മല സ്നേഹത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹം. (പണിക്കർ സാർ). (പന്ന്യൻ രവീന്ദ്രന്റെ ലേഖനം 'മനസിൽ നിറയുന്ന മാന്യതയുടെ മുഖമുദ്ര' ജനയുഗം, മാർച്ച്‌ 1, 2012). എൻ.എസ്‌.എസ്‌ ഉൾപ്പെടെയുള്ള സവർണ കേന്ദ്രങ്ങളുടെ കുതന്ത്രങ്ങളോ, അവർ നടത്തുന്ന പിന്നോക്ക-ദലിത്‌ ദ്രോഹമോ തിരിച്ചറിയാതെ ലെനിനേയും മാർക്ക്സിനേയും ചുമന്നു നടക്കുന്ന നേതാക്കൾക്ക്‌ ഇത്തരം അനുഭവത്തിൽ നിന്നുപോലും പാഠങ്ങൾ പഠിക്കാൻ കഴിയുന്നില്ല. ജാതീയമായി തോൽപിക്കാൻ ശ്രമിച്ച സമുദായ നേതാവിനെക്കണ്ട്‌ ജയിപ്പിച്ചതിന്‌ നന്ദിപറയുന്ന കമ്മ്യൂണിസ്റ്റുകാർ ഇവിടെയല്ലാതെ മറ്റൊരു ദിക്കിലുമുണ്ടാവില്ല. റഷ്യയിൽ ലെനിന്റെ പ്രതിമകെട്ടിയിറക്കുന്ന കാലത്താണ്‌ കമ്മ്യൂണിസ്റ്റുകാർ സമുദായനേതാവിനെ കാണാൻ പോകുന്നത്‌ എന്നകാര്യം ശ്രദ്ധേയമാണ്‌. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റു വിപ്ലവം എങ്ങിനെയുണ്ടാക്കണം എന്ന്‌ ലെനിൻ പറഞ്ഞത്‌ ഇവർ വായിച്ചിട്ടില്ല "ഇന്ത്യയിൽ വിപ്ലവമുണ്ടാക്കുന്നതെങ്ങിനെയെ
ന്ന്‌ ഒരു കമ്മ്യൂണിസ്റ്റ്‌ കൃതിയിലും പറഞ്ഞിട്ടില്ല. ഇവിടെ സ്വതന്ത്രവിപ്ലവ പ്രസ്ഥാനങ്ങളാണ്‌ ഉണ്ടാകേണ്ടത്‌. 
മധ്യകാല ജാതി ജന്മിനാടുവഴി അവശിഷ്ടങ്ങൾക്കെതിരെയാണ്‌ ഇവിടെ സമരം ചെയ്യേണ്ടത്‌; മുതലാളിത്തത്തിനെതിരെയല്ല." എന്നാണ്‌ ലെനിൻ പറഞ്ഞിരിക്കുന്നത്‌. ഇക്കാര്യം കാൾമാക്സും പ്രത്യേകം പറഞ്ഞിട്ടുണ്ട്‌. ഇന്ത്യയിലെ ബ്രാഹ്മണനേതൃത്വം ഇക്കാര്യം മറച്ചുവച്ചാണ്‌ ഇവിടെ കമ്മ്യൂണിസ്റ്റുകാരെ സൃഷ്ടിച്ചതു. ഡാങ്കെ,സുന്ദരയ്യാ, രണദിവ്‌, സുർജിത്‌, ഇ.എം.എസ്‌, ജ്യോതിബസു, യെച്ചൂരി തുടങ്ങിയ ബ്രാഹ്മണ നേതൃത്വമാണ്‌ ഇന്ത്യയിൽ യാഥാർത്ഥ്യങ്ങൾ തുറന്നു പറഞ്ഞ മാർക്ക്സിനേയും ലെനിനേയും തമസ്കരിച്ചതു. അതുകൊണ്ടാണ്‌ തമ്പുരാൻ നല്ല മഹാൻ, നിർമ്മല സ്നേഹത്തിന്റെ പ്രതീകം! എന്നൊക്കെ സഖാക്കൾ പറഞ്ഞുകൊണ്ടിരിക്കുന്നത്‌. (വ്യക്തിപരമായി പന്ന്യൻ രവീന്ദ്രനോട്‌ തികഞ്ഞ ആദരവു പുലർത്തുന്ന ആളാണ്‌ ഈ ലേഖകൻ. സംശുദ്ധിയുള്ള രാഷ്ട്രീയനേതാവ്‌ എന്ന വിശേഷണത്തിന്‌ തികച്ചും അർഹനാണദ്ദേഹം. കേരള രാഷ്ട്രീയത്തിൽ കാണുന്ന ഒരു ജീർണ്ണതയെ വെളിപ്പെടുത്തുകയാണ്‌ ലേഖകന്റെ ഉദ്ദേശ്യം, വ്യക്തിപരമായ അധിക്ഷേപമല്ല.

20 Sept 2012

ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടറുമായി ഇന്ത്യ!!

അലോക് സാഗർ


2017 ഓടെ ലോകത്തെ ഏറ്റവും വേഗത ഏറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ വികസിപ്പിചെടുക്കും എന്നു നമ്മുടെ ടെലികോം ആന്‍ഡ്‌ ഐ.ടി മിനിസ്റ്റ്ര്‍ ശ്രീ കപില്‍ സിബില്‍ അറിയിച്ചു. ഇതിനായി 4700 കോടി രൂപയാണ് നീക്കി വയ്ക്കാന്‍ പോവുന്നത്.സൂപ്പര്‍ കമ്പ്യൂട്ടറിന്റെ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഡിപ്പാര്ട്ട്മെന്‍റ് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍റെ പേരില്‍ ആയിരിക്കും ഈ ഫണ്ട്‌ അനുവദിക്കുക എന്നാണ് അറിയാന്‍ കഴിഞ്ഞത്.
ഏറ്റവും വില കുറഞ്ഞ ടാബ്ലെറ്റ് ആയ ‘ആകാശ്’ ഇറക്കി കൊണ്ടു ടെക് ലോകത്ത് ഇന്ത്യ ചരിത്രം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുക്കാനുള്ള നീക്കത്തില്‍ ആണ് നമ്മുടെ രാജ്യം. സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ ലോക റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്വന്തം ‘പരം’(PARAM) സൂപ്പര്‍ കമ്പ്യൂട്ടറിന്റെ സ്ഥാനം 58 എന്നാണ്. 500 സൂപ്പര്‍ കമ്പ്യൂട്ടര്‍കളുടെ പട്ടികയില്‍ ആണ് 58ആം സ്ഥാനം നമുക്കു ഉള്ളത് എന്നത് ഒരു ചില്ലറ കാര്യം ഒന്നുമല്ല. ഒന്നാം സ്ഥാനം എത്തി പിടിക്കാന്‍ ഉള്ള ശ്രമത്തില്‍ ആണ് ഗവണ്മെന്റ്.
IBM വികസിപ്പിച്ചെടുത്ത സൂപ്പര്‍ കമ്പ്യൂട്ടര്‍ ആയ Sequoia ആണ് നിലവില്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍. .ഫ്ലോപ്സ് (FLOPS) അഥവാ ഫ്ലോടിംഗ് പോയിന്റ്‌ ഓപ്പറേഷന്‍സ് പെര്‍ സെക്കന്ടില്‍ ആണ് സൂപ്പര്‍ കമ്പ്യൂട്ടര്റുകളുടെ വേഗത കണക്കാക്കുന്നതു. ലളിതമായി പറഞ്ഞാല്‍ ഒരു സെക്കന്റില്‍ സൂപ്പര്‍ കമ്പ്യൂട്ടര്‍നു ചെയ്യാന്‍ പറ്റുന്ന കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തില്‍ ആണ് വേഗത നിര്‍ണ്ണയിക്കുന്നത്.16.3 പെറ്റാ ഫ്ലോപ്സ് ആണ് IBM സൂപ്പര്‍ കമ്പ്യൂടര്‍ന്‍റെ വേഗത. ഈ സൂപ്പര്‍ കമ്പ്യൂട്ടര്‍ ഇപ്പോള്‍ Department of Energy Lawrence Livermore National Laboratory ആണവായുധങ്ങളുടെ പഠനത്തിനായി ഉപയോഗിച്ചു വരുന്നു. ഇന്ത്യ വികസിപ്പിച്ചെടുത്ത ‘പരം’ സൂപ്പര്‍ കമ്പ്യൂട്ടര്‍ ശ്രേണിയിലെ ഏറ്റവും പുതിയ പതിപ്പായ പരം യുവ യുടെ വേഗത 54 ടെറ ഫ്ലോപ്സ് ആണ്.
2017ല്‍ ഉള്ളില്‍ IBM സൂപ്പര്‍ കമ്പ്യൂട്ടര്‍നെ കടത്തി വെട്ടാന്‍ പാകത്തിന് ഒരു സൂപ്പര്‍ കമ്പ്യൂട്ടര്‍ ഇറക്കാന്‍ സാധ്യത ഉള്ളതിനാലും മറ്റു സെക്യൂരിറ്റി പ്രശ്നങ്ങള്‍ ഉള്ളതിനാലും ഇന്ത്യയുടെ ഈ പുതിയ സൂപ്പര്‍ കമ്പ്യൂട്ടര്‍നെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ഒന്നും ഇതു വരെ പുറത്തു വിട്ടിട്ടില്ല. ലോകത്തെ ഏറ്റവും വേഗത ഏറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ ആണ് നമ്മുടെ ലക്ഷ്യം. 4700 കോടി രൂപ മുടക്കുന്ന ഈ പദ്ധതി മറ്റൊരു കോമണ്‍ വെല്‍ത്ത് ഗെയിമോ 2G സ്പെക്ട്രമോ ആവാതിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കാം.ഒപ്പം ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ സ്വന്തം ശാസ്ത്രജ്ഞര്‍ക്ക് ആശംസകള്‍ അര്‍പ്പികുന്നു.നമ്മുടെ രാജ്യത്തിന്‍റെ പേര് ലോകത്തിന്‍റെ നെറുകയില്‍ എത്തിക്കാന്‍ അവര്‍ക്ക് ആവട്ടെ എന്നു പ്രത്യാശിക്കുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...