Showing posts with label 85. Show all posts
Showing posts with label 85. Show all posts

27 Apr 2013

മനുഷ്യനും, പ്രകൃതിയും, മനുഷ്യപ്രകൃതവും


ഡോ പി എം ആലംകോട്ട് 



പ്രകൃതി
പ്രകൃതിയെക്കുറിച്ചു വര്‍ണ്ണിക്കാത്ത കവികളില്ല, പാടാത്ത ഗായകരില്ല,വരക്കാത്ത ചിത്രകാരില്ല… കാരണം? പ്രകൃതി അത്രയ്ക്ക് മനോഹരിയാണ് അതൊരു പ്രപഞ്ച സത്യമാണ്. അഥവാ, എത്ര വര്‍ണ്ണിച്ചാലും, എത്ര പാടിയാലും, എത്ര വരച്ചാലും അതൊന്നും അധികമേയല്ല! ചുരുക്കത്തില്‍, പ്രകൃതിയുടെനിര്‍വചനം അതിനെല്ലാം എത്രയോ അതീതം!
മനുഷ്യന്‍
എല്ലാ ജീവജാലങ്ങള്‍ക്കും ജീവനുണ്ട്, ശരീരമുണ്ട്, മനസ്സുണ്ട്, എന്നാല്‍… മനുഷ്യന്‍, മനുഷ്യമനസ്സ് അതും തികച്ചും നിര്‍വചനാതീതം!
മനുഷ്യപ്രകൃതം
പ്രകൃത്യാലുള്ള മനുഷ്യന്റെ ശാരീരികവും മാനസികവുീ ആയുള്ള, പ്രകൃതിനിയമങ്ങള്‍ അറിഞ്ഞോ അറിയാതെയോ തെറ്റിക്കാതെ മുന്നോട്ടു പോകുന്ന ഒരു തുലാനാവസ്ഥയാണിത്.
മനുഷ്യന്റെ പ്രകൃതിയില്‍നിന്നുള്ള വ്യതിചലനം
പ്രകൃതിയില്‍നിന്നു വ്യതിചലിക്കുമ്പോള്‍ (അറിവോടെയും അല്ലാതെയും)പ്രശ്‌നങ്ങള്‍ അസുഖങ്ങള്‍ ഉണ്ടാവുകയായി. അപ്പോള്‍? ആവുന്നതുംപ്രകൃതിയിലെക്കുതന്നെ മടങ്ങാന്‍ നോക്കുക അത്രതന്നെ. വളരെ ലളിതം!
ഇനി ഒരല്‍പം വിശദീകരണം:
പ്രകൃത്യാലുള്ള മഹത്ശക്തി (Super natural power) എന്ന് നിരീശ്വരവാദികള്‍പറഞ്ഞോട്ടെ; ദൈവീക ചൈതന്യം (Divine power) എന്ന് ഈശ്വരവിശ്വാസികളുംപറഞ്ഞോട്ടെ; തര്‍ക്കം വേണ്ട ആ പ്രപഞ്ചസത്യത്തെ മറികടക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു എന്നല്ലേ ശരി?
പ്രകൃതി കോപിക്കുന്നുണ്ട്. അത് വഴി മനുഷ്യരാശിക്ക് പ്രശ്‌നങ്ങള്‍ഉണ്ടാവുന്നുമുണ്ട്. എന്നാല്‍, സാധാരണനിലക്ക്, പ്രകൃതി നിയമങ്ങളെനാം തെറ്റിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ അസുഖങ്ങള്‍ വന്നുകൂടുന്നു എന്നത്ഒരു പരമാര്‍ത്ഥമാണല്ലോ.
പുതിയ പുതിയ കണ്ടുപിടുത്തങ്ങളോടുകൂടി, സുഖസൌകര്യങ്ങള്‍ കൂടിയതോടുകൂടി നാം പ്രകൃതിയില്‍നിന്നു അകലാന്‍ തുടങ്ങി. പ്രകൃതിദത്തമായതിന്റെ എല്ലാം സ്ഥാനത്ത് കൃത്രിമമായി ഉണ്ടാക്കിയതൊക്കെ പകരം വെക്കുമ്പോള്‍ അതിനു അധികം ആയുസ്സ് ഉണ്ടാവില്ല.
പ്രകൃതിയുമായി ഇണങ്ങി ജീവിച്ചുപോകാന്‍ നാം ആവുന്നതും ശ്രമിക്കണം. പ്രശ്‌നങ്ങള്‍, അസുഖങ്ങള്‍ വന്നുചേരുമ്പോഴെങ്കിലും പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. അഥവാ, പ്രകൃതിയുമായി ഇണങ്ങുന്നചികിത്സാ സമ്പ്രദായങ്ങളില്‍ താത്പ്പര്യം കാണിക്കണം. അല്ലാതെ, ഉടന്‍ഒരു വിപരീത മാര്‍ഗ്ഗത്തിലൂടെ, കൃത്രിമ മാര്‍ഗ്ഗത്തിലൂടെപരിഹാരംകാണാന്‍ ശ്രമിക്കുകയല്ല വേണ്ടത്.
പ്രകൃതിയെയും, പ്രകൃതിദത്തമായ എന്തിനെയും മനസ്സിലാക്കി അത് പ്രകാരം മുന്നോട്ടുപോകുന്ന ചികിത്സാ ശാസ്ത്രങ്ങളെയും അവഗണിക്കാതിരിക്കുക.(എന്നാല്‍…. അടിയന്തര ഘട്ടങ്ങളില്‍ ആധുനിക രീതിക്ക് മടി കാണിക്കാതെയും ഇരിക്കുക അതാണ് അഭിലഷണീയം, അതാകട്ടെ കരണീയം.)
പ്രകൃതിയോടു ഇണങ്ങി ജീവിക്കുമ്പോള്‍, മനുഷ്യന് ഉദ്ദേശിച്ച ശരാശരി വയസ്സായ100 വര്‍ഷങ്ങള്‍ ക്ലേശകരമല്ലാതെ ജീവിക്കാം എന്നത് പ്രകൃതി തത്വം. നിര്‍ഭാഗ്യവശാല്‍, മനുഷന്‍തന്നെ ആ ആയുര്‌ദൈര്ഖ്യം കുറച്ചുകൊണ്ടും, ക്ലേശകരമാക്കിക്കൊണ്ടും വരുന്നതായാണ് കാണുന്നത്!
***
കുറിപ്പ്: വളരെ വിശാലമായ, എന്നാല്‍ തികച്ചും ലളിതമായ ഒരു ശാസ്ത്രപഠനംആണിത്; ബ്ലോഗിനുള്ള സൌകര്യാര്‍ത്ഥം വളരെ ചുരുക്കി എഴുതി എന്ന് മാത്രം. ഉദ്ദേശിച്ചസന്ദേശം വായനക്കാരില്‍ എത്തി എങ്കില്‍ ഈ ലേഖകന്‍ കൃതാര്‍ത്ഥനായി.

26 Mar 2013

കരിയിലകള്‍

ഗോപകുമാർ 



കറുപ്പും, ചുവപ്പും കലര്‍ന്ന്
തവിട്ടുനിറമുള്ള കുറെ ഇലകള്‍.
കുടിച്ചുതീര്‍ത്ത കൈപ്പുനീരിന്റെ
ചവര്‍പ്പിനാലോ, കരുതിവച്ചതൊക്കെ
നഷ്ടമായതിന്റെ വേദനയാലോ
ഹരിതാഭമകന്ന് ആകെ ശുഷ്‌ക്കിച്ചിരിക്കുന്നു.
അധികപ്പറ്റായി അവര്‍ ചില്ലകളില്‍
അങ്ങിങ്ങ് തൂങ്ങിക്കിടക്കുന്നു.
അടര്‍ന്നു പോകുന്നില്ലല്ലോ ഇവര്‍
എന്ന് പരിതപിച്ച് വൃക്ഷങ്ങള്‍
ചില്ലകള്‍ കുലുക്കുന്നു .
മുന്‍പേ അടര്‍ന്നുപോയവരല്ലേ
വേരുകളിലൂടെ വീണ്ടും പുനര്‍ജനിക്കുന്നത് ..?

22 Feb 2013

സൂര്യന്‍

അനീഷ്‌ പുതുവലില്‍


ഒരു സൂര്യന്‍ 
എന്‍റെ പുറകെ 
കൂടിയിട്ടുണ്ട് 
ഓര്‍മ്മകളെ കൊറിച്ച് 
കോലായില്‍ ഇരിക്കുമ്പോള്‍ ,
മേല്‍ക്കൂര തുളച്ചെത്തുന്ന 
ആകാശത്തോടൊപ്പം 
ഉറങ്ങാന്‍  കിടക്കുമ്പോള്‍ ,
നിറയെ തിരക്കുള്ള 
തീവണ്ടിയിലെ 
ഒറ്റപ്പെട്ട യാത്രകളില്‍ 
ഒക്കെ പെട്ടന്ന് ഉദിക്കും 
ഓരോ ഇരുട്ടിനെയും 
തിരഞ്ഞു പിടിച്ച് 
വിചാരണ ചെയ്യും 
സാക്ഷികളെ നിരത്തി 
വിസ്തരിക്കും 
തെളിവുകള്‍ കാട്ടി 
ഉത്തരം മുട്ടിക്കും 
വാദങ്ങളും 
പ്രതിവാദങ്ങളും 
കഴിഞ്ഞ് 
ശിക്ഷ വിധിക്കും മുന്‍പ് 
അസ്തമിക്കും 
അതോടെ 
കോലായില്‍ തിക്കും തിരക്കും ആകും 
ആകാശം, മേഘങ്ങള്‍ക്ക് 
പിറകില്‍ പരുങ്ങും 
തിരക്കുകളില്‍ അലിഞ്ഞ് 
തീവണ്ടി മറയും ...

                                       

24 Jan 2013

ഹെപ്തനേഷ്യ മുതല്‍ മുംബൈ വരെ

കെ.ആര്‍.നാരായണന്‍ 


ബ്രിട്ടീഷു ഭരണക്കാലത്ത്, ദക്ഷിണേന്ത്യയിലെ കാര്‍വാര്‍ മുതല്‍ ‍ഇന്ത്യന്‍ ഉപഖണ്ടത്തിന്റെ വടക്ക് പടിഞ്ഞാറേ അറ്റത്തു പാക്കിസ്ഥാനിലെ സിന്ധു നദീ തീരം വരെ (ബോംബയിലെ ബ്രിട്ടീഷു ഗവർണ്ണര്‍ക്ക് താഴെ) വിസ്തരിച്ചു കിടന്നിരുന്ന വളരെ വലിയ ഒരു പ്രവിശ്യ ആയിരുന്നു "ബോംബെ പ്രസിഡൻസി". പതിനേഴാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ചതാണ് ഈ വന്‍ പ്രവിശ്യ. ഇന്നത്തെ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയും, യെമനിലെ ബ്രിട്ടീഷ് പ്രദേശമായ ഏഡനും, ഇന്ത്യയുടെ ഗുജറാത്ത് സംസ്ഥാനം, മഹാരാഷ്ട്ര സംസ്ഥനത്തിന്റെ മുക്കാല്‍ ഭാഗവും, കൊങ്കണ്‍ പ്രദേശവും, ഉത്തര കര്‍ണ്ണാടകവും എല്ലാം ഈ പ്രസിഡന്സിയില്‍ ‍ ഉള്‍പ്പെട്ടിരുന്നു. ഭൂമിശാസ്ത്രപരമായി പോര്‍ട്ടുഗീസുകാരുടെ ഗോവ, ദാമന്‍, ഡ്യൂ തുടങ്ങിയ പ്രദേശങ്ങളും, ഗുജറാത്തിലെ ബറോഡ , സൌരഷ്ട്ര (സൌരാഷ്ട്രാ) ഉപഖണ്ടത്തിന്റെ നൂറില്‍പരം നാട്ട് രാജ്യങ്ങളും, പഴയ കച്ചു സംസ്ഥാനവും മറ്റും ഇതില്‍പ്പെടും ആയിരുന്നെങ്കിലും, പ്രസിടെന്സിയുടെ നേരിട്ടുള്ള ഭരണത്തിന്‍ കീഴില്‍ അല്ലായിരുന്നു.ഈ പ്രസിഡന്സിയുടെ വിസ്തീര്‍ണ്ണം (അതിലെ നാട്ടു രാജ്യങ്ങള്‍ ഉള്‍പ്പടെ) ഉദ്ദേശം രണ്ടു ലക്ഷം ചതുരശ്ര മൈലോളം വരുമായിരുന്നുവത്രേ.

ഇത്ര വലിയ ഒരു ബ്രിട്ടീഷ് പ്രവിശ്യയുടെ തലസ്ഥാന നഗരമായിരുന്ന ഇന്നത്തെ "മുംബൈ"ക്ക് ഒരു വലിയ വിപുലവും പ്രാധാന്യം ഉള്ളതുമായ ഒരു ചരിത്രം ഉണ്ട്.

ഇന്നത്തെ മുംബൈ നഗരം, അറബി ക്കടലിന്റെ തീരത്ത്‌, ഖംബാത്തു ഉള്‍ക്കടലിന്നു തെക്കായി കിടന്നിരുന്ന - ടോളമി (Ptolemy) "ഹെപ്തനെഷിയ (Heptanesia) എന്ന് വിളിച്ചിരുന്ന - ഏഴു ദ്വീപുകളുടെ ഒരു സമൂഹമായിരുന്നു. മുംബൈ ദ്വീപ്, കുലാബ, ചെറിയ കുലാബ അല്ലെങ്ങില്‍ ഒമാണി ദ്വീപു, മാഹിം, മാസഗോന്‍, പരേല്‍, വര്‍ലി തുടങ്ങിയ കൊച്ചു ദ്വീപുകളായിരുന്നു ടോളമിയുടെ 'ഹെപ്തനെഷിയ ദ്വീപ് സമൂഹം". ഇവക്കു അടുത്തു കിടന്നിരുന്ന ട്രോമ്പേ, സാല്സേററു, ഗാരാപുരി (എലിഫന്ടാ) , ബുച്ചര്‍ ദ്വീപ്, ഒയിസ്ട്ടര്‍ റോക്ക്, ഈസ്റ്റ് അയലന്റ്റ് തുടങ്ങിയ ചില കൊച്ചു ദ്വീപുകളും ഹെപ്തനെഷിയ ദ്വീപ സമൂഹവു൦ ആയി കൂടി ചേര്‍ന്നായിരുന്നു ഇപ്പോള്‍ നാം കാണുന്ന മുംബൈ നഗരം ഉണ്ടായത്.

ഇന്ത്യയുടെ ഇന്നത്തെ ഈ മഹാ നഗരത്തിനു പല കാല ഘട്ടത്തിലും പല പേരുകള്‍ ഉണ്ടായിരുന്നു എന്നാണു ചരിത്രക്കാര്‍ പറയുന്നത്. ഇവിടുത്തെ ആദിമ നിവാസികള്‍ ആയിരുന്ന “കോളി” മുക്കുവ സമൂഹത്തിന്റെ കുല ദൈവം ആയിരുന്ന "മുംബാ ദേവി" യുടെ ‘മുംബയും’ അമ്മ എന്നര്‍ത്ഥം വരുന്ന "ആയി" എന്ന പദവും കൂടി ചേര്‍ന്ന "മുംബൈ" എന്നായിരുന്നുവത്രേ ഈ ദ്വീപ് സമൂഹത്തിന്റെ സാക്ഷാല്‍ പേര്. പതിനാറാം നൂറ്റാണ്ടില്‍, ഇന്നത്തെ ബസീന്‍ ("വസായി") ആസ്ഥാനമാക്കി നടന്നിരുന്ന പോര്‍ത്തു ഗീസുകാരുടെ ഭരണ കാലത്ത് അവര്‍ ഇതിനു "നല്ല ഉള്‍ക്കടല്‍ (ഗുഡ് ബേ)" എന്നര്‍ത്ഥം വരുന്ന "ബോം ബഹിയാ" എന്ന പേരാണ് കൊടുത്തത്. കാലക്രമത്തില്‍ ഇത് ബോമയീം, ബോംബയിം എന്നീ പേരുകളിലും അറിയപ്പെട്ടു. (ഇന്നും പോര്‍ത്തുഗീസു കാര്‍ മുംബൈ നഗരത്തെ അറിയുന്നത് ഈ പേരില് തന്നെ ‍ ആണത്രേ!) . പിന്നീട് ഈ പ്രദേശം പോര്‍ത്തു ഗീസു രാജകുമാരിയെ വിവാഹം കഴിച്ച ബ്രിട്ടീഷു രാജകുമാരന്നു സ്ത്രീധനമായി ലഭിച്ച ശേഷം, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കു കിട്ടിയപ്പോള്‍ (1662), അവര്‍ അതിന്റെ പേര് മാറ്റി "ബോംബെ" എന്നാക്കി. അന്നുമുതല്‍ 1995 വരെ ഈ നഗരം "ബോംബെ" എന്ന പേരില്‍ തന്നെ വളര്‍ന്നു വലുതാകയും ഭാരതത്തിന്റെ വാണിജ്യ-വ്യവാസായ കേന്ദ്രമായി തീരുകയും ചെയ്തു.

മുന്നൂറ്റി മുപ്പത്തി മൂന്നു വര്‍ഷങ്ങള്‍ (1662-1995) ഈ പേരില്‍ പിന്നിട്ട ശേഷം, 1995ൽ ബോംബെ നഗരം വീണ്ടും "മുംബൈ" ആയി തീരുകയും ചെയ്തു.




22 Dec 2012

ഒരു മഴക്കാല ഓര്‍മ്മയ്ക്ക്‌


 നിഹാസ്  വളവുപച്ച


മക്ക റോഡില്‍ എക്സിറ്റ് 29-ല്‍ സിഗ്നല്‍ കാത്തു കിടക്കവേ പെട്ടെന്നോരുമഴ..
മരുഭൂമിയെ കുളിരനിയിക്കാന്‍ പടച്ചവന്റെ സ്നേഹ സമ്മാനം .
ആ മഴ
കണ്ടപ്പോള്‍ എന്റെ ഓര്‍മ്മകള്‍ നാല് വര്ഷം പിന്നിലേക്ക്‌ പോയി ,
ഇത് പോലൊരു മഴക്കാലം
കൃത്യമായി പറഞ്ഞാല്‍ 2008-sep
മാസം,ആ മഴയനല്ലോ എന്‍റെ,ജീവിതം കീഴ്മേല്‍ മറിച്ചതും.
പതിവ് പോലെ ജോലിക്ക് പോകാന്‍ ഇറങ്ങിയപ്പോഴാണ്
എന്‍റെ
മൊബൈല്‍ റിംഗ് ചെയ്തത്..
റിംഗ് ടോണ്‍ കേട്ടപ്പോള്‍ തന്നെ ആളെ
മനസിലായി…….ജസ്ന .ഇവളെന്താ ഇത്ര രാവിലെ .?രാവിലെ ഉള്ള ഫോണ്‍ വിളി പതിവുള്ളതല്ല .ഞാന്‍ കാള്‍ അറ്റന്‍ഡ് ചെയ്തു;
എന്താ ജസീ ….രാവിലെ തന്നെ…(വീട്ടില്‍ അവളെ ജസി എന്നാണ്
വിളിക്കുന്നത്‌ )
എനിക്കെന്താ രാവിലെ വിളിച്ചൂടെ…?
കളിക്കാതെ കാര്യം പറ ജസീ…!
അല്ലെങ്കിലും ഇക്ക ഇങ്ങനാ …..ഞാന്‍ ഒരു സര്‍പ്രൈസ് പറയാനാ വിളിച്ചത് ..
കേള്‍ക്കാന്‍ താല്പര്യമിലെങ്കില്‍ സാര്‍ കേള്‍ക്കേണ്ട ..
ഞാന്‍ കേള്‍ക്കാം നീ പറഞ്ഞോളൂ…
എന്‍റെ ഉപ്പ വരുന്നു ,
ഈ മാസം 24-)o തിയതി ..
ഞങ്ങള്‍ രണ്ടുപേരും കേള്‍ക്കാന്‍ കൊതിച്ചിരുന്ന വാര്‍ത്ത ,അവളുടെ
ഉപ്പ ഗള്‍ഫില്‍ നിന്ന് വന്നാലുടെന്‍ ഞങ്ങളുടെ വിവാഹം .അത് കൊണ്ടാണ് ആ
വാര്‍ത്തക്ക് മാധുര്യമേറിയതും ,
ഞാനും ജസിയും ഒരുപാട് നാള്‍ കണ്ട സ്വപ്നം പൂവണിയാന്‍ പോകുന്നു …
അങ്ങനെ ആ ദിവസം വന്നെത്തി .
അവളുടെ ഉമ്മ രാവിലെ വീട്ടില്‍ വന്നു പറഞ്ഞു ,
മോനെ ഉച്ചക്ക് എയര്‍
പോര്‍ട്ടില്‍ പോകാന്‍ നീയും കൂടി വരണം ,…
.
ഞാന്‍ പറഞ്ഞു . നോക്കട്ടെ പണി തീരുമെന്കില്‍ വരാം ,
വളവുപച്ചയിലെ
നിസാം കാക്കയുടെ വീട്ടിലാണ് ഇന്ന് ജോലി ,മറ്റെന്നാള്‍ പാല് കാച്ചാനുള്ളതാ …
കുറച്ചു വയറിംഗ് കൂടി ബാക്കി ഉണ്ട്
എങ്കില്‍ ശരി മോനെ …അവര്‍ വീട്ടില്‍ നിന്നും ഇറങ്ങി..
ഞാന്‍ ജോലിക്കും പോയി …
രാവിലെ ഒരു പതിനോന്നു മണി ആയി കാണും ,ജസിയുടെ ഫോണ്‍ വരുന്നു ,
ഇക്ക ഞങ്ങള്‍ ഇറങ്ങുകയാ…..
ഇക്ക വരുന്നില്ലേ ,,,,?
ഇല്ല …നിങ്ങള്‍ പോയി വരൂ…
ഞങ്ങള്‍ ഇപ്പോള്‍ വളവുപച്ചയില്‍ കൂടി വരും ഇക്ക റോഡില്‍ നില്‍ക്കുമോ…?
നില്‍ക്കാം …..
അങ്ങനെ അവര്‍ വരുന്നത് കാത്തു ഞാന്‍ റോഡില്‍ നിന്നു,അവരുടെ വണ്ടി
എന്റെ അടുത്ത് നിര്‍ത്തി ,
അവള്‍ അന്ന് എനിക്ക് ഈറ്റവും ഇഷ്ട്ടപെട്ട റോസ് നിറത്തിലുള്ള ചുരിദാര്‍ ആണ് ധരിച്ചിരുന്നത് ,
ആ വേഷത്തില്‍ അവളുടെ സൗന്ദര്യം ഇരട്ടിയായി എനിക്ക് തോന്നി
..അവളുടെ കണ്ണുകള്‍ക്ക്‌ പതിവിലേറെ തിളക്കവും……
എനിക്ക് നേരെ കൈ വീശി ,ചുണ്ടില്‍ ചെറു പുഞ്ചിരിയോടെ അവള്‍
എയര്‍ പോര്ടിലേക്ക് പോയി.
.
സമയം നാലുമണി ,ജോലിയും കഴിഞ്ഞു ഞങ്ങള്‍ റോഡില്‍ വന്നപ്പോള്‍ ,നല്ല മഴ , ആകാശം മുഴുവന്‍ ഇരുണ്ടു കൂടി,ശക്തമായ ഇടിയും മിന്നലും ,
അര മണിക്കൂര്‍ കഴിഞ്ഞില്ല , ടാക്സി ഡ്രൈവര്‍മാര്‍ എല്ലാരും എന്തൊക്കെയോ ,സംസാരിക്കുന്നു , ഞാന്‍ കാര്യം തിരക്കി
,എന്താ ഷമീര്‍ ..?
അളിയാ നമ്മുടെ പ്രസാദ്‌ അണ്ണന്റെ വണ്ടി അപകടത്തില്‍ പെട്ടു.. നിലമേല്‍ വഴോട് വളവില്‍ വെച്ച് ,,സൂപ്പര്‍ ഫാസ്റ്റു ബസുമായി കൂട്ടി ഇടിച്ചു…
എന്റെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി .. അല്ലാഹ് ,ആവണ്ടിയിലല്ലേ അവര്‍ എയര്‍ പോര്‍ട്ടില്‍ പോയത്
ഞാന്‍ അവളുടെ മൊബൈലില്‍ വിളിച്ചു …. പരിധിക്ക് പുറത്ത്‌ ..
ഞാന്‍ ബൈക്കുമെടുത്ത്‌ സംഭവ സ്ഥലത്തേക്ക് പോയി..
അവിടെ ചെന്നപ്പോള്‍ ,എല്ലാരേയും ഹോസ്പിറ്റലില്‍ കൊണ്ടുപോയെന്നു ,ഒരാള്‍ പറഞ്ഞു ,
ഞാന്‍ നേരെ മെഡിക്കല്‍കോളേജ്‌ ആശുപത്രിയിലേക്ക് ,വണ്ടി വിട്ടു ,
അപ്പോഴും എന്റെ പ്രാര്‍ത്ഥന ആര്‍ക്കും ഒന്നും സംഭവിക്കരുതേ
എന്നായിരുന്നു…… നേരെ i c u .വിലേക്ക് ഓടി അവിടെ നസീര്‍ ഇക്ക
നില്‍ക്കുന്നു , ഞാന്‍ നസീര്‍ ഇക്കയോട് ചോദിച്ചു …ഇക്ക അവര്‍ക്ക് എങ്ങനെ ഉണ്ട് ….
ഒരു പൊട്ടി കരച്ചിലായിരുന്നു മറുപടി ………..
ഞാനറിഞ്ഞില്ല ,എന്റെ നേരെ കൈ വീശി അവള്‍ യ്ത്രയായ്തു മരണത്തിലെക്കെന്നു ………………
പിറ്റേന്ന് മലയാള പത്രങ്ങള്‍ ഇറങ്ങിയത് ..ഇങ്ങനെയാണ്…….
നിലമേല്‍ ,വഴോട് വാഹനാപകടം ഒരു കുടുംബത്തിലെ നാലുപെരുല്‍പെടെ അഞ്ചു മരണം
പുറകില്‍ ഉള്ള വണ്ടിക്കാരുടെ നീണ്ട ഹോണ്‍ കേട്ടാണ് ഞാന്‍ ചിന്തയില്‍ നിന്നുണര്‍ന്നതു ,കണ്ണില്‍ നിന്നും ഇട്ടു വീണ കണ്ണീര്‍ തുള്ളിയെ തുടച്ചുകൊണ്ട് ഞാന്‍ പ്രവാസത്തിന്റെ ഇരുട്ടറയിലേക്ക് യാത്രയായി…………………..

22 Nov 2012

എന്മകജെ– എന്‍ഡോസള്‍ഫാന്‍ ദുരന്തം വിതച്ച വഴികളിലൂടെ

കെ.എം.ഇർഷാദ്


ഉത്തരദേശത്തെ കാണാകാഴ്‌ചകള്‍ എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനി ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചതും ഏറ്റവും ആദ്യം ഈ കീടനാശിനി ദുരന്തത്തിന്റെ അലയൊലികള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുകയും ചെയ്‌ത പ്രദേശമാണ്‌ എണ്‍മകജെ. കേരളത്തിന്റെ ഏറ്റവും വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന മലയോര ഗ്രാമം. പ്രകൃതി കനിഞ്ഞരുളി സൗന്ദര്യം നല്‍കിയ ഭൂപ്രദേശങ്ങള്‍. എന്‍ഡോസള്‍ഫാന്‍ പ്രയോഗത്തില്‍ മണ്ണിനും ജലത്തിനും മായം ചേര്‍ക്കപ്പെട്ടെങ്കിലും എങ്ങും പച്ചപ്പ്‌ നിറഞ്ഞ കാഴ്‌ചകളോടെയാണ്‌ എണ്‍മകജെ കാഴ്‌ചക്കാരെ സ്വാഗതം ചെയ്യുന്നത്‌. എണ്‍മകജെ കഴിഞ്ഞ കുറെ വര്‍ഷമായി ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ സ്ഥിരമായി ഇടംപിടിച്ചു.

1975 മുതല്‍ തളിച്ചു തുടങ്ങിയ എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി ദുരന്തത്തിന്റെ പര്യായമായി എണ്‍മകജെ അറിയപ്പെട്ടു. പ്രശസ്‌ത എഴുത്തുകാരന്‍ അംബികസുതന്‍ മാങ്ങാട്‌ എന്‍ഡോസള്‍ഫാന്‍ ദുരിതം പ്രമേയമാക്കി രചിച്ച നോവലിന്‌ നല്‍കിയ പേരും `എണ്‍മകജെ’ എന്ന്‌ തന്നെയായിരുന്നു. അതും ഈ നാടിനെ പ്രശസ്‌തമാക്കിത്തീര്‍ത്തു. കീടനാശിനി പ്രയോഗത്തിന്റെ വലിയ രക്തസാക്ഷിത്വ ഭൂമികളായ പെഡ്രെ, സ്വര്‍ഗ തുടങ്ങിയ പ്രദേശങ്ങള്‍ എണ്‍മകജെയിലാണ്‌.പെഡ്രെ സ്വദേശിയായ ശ്രീപെഡ്രെ എന്ന കര്‍ഷകനും പത്രപ്രവര്‍ത്തകനും കൂടിയായ സാമൂഹ്യ പ്രവര്‍ത്തകനാണ്‌ ഈ ദുരന്തത്തെക്കുറിച്ച്‌ ആദ്യം പുറംലോകത്തെ അറിയിച്ചത്‌. പെര്‍ളയാണ്‌ എണ്‍മകജെയുടെ തലസ്ഥാനം. ചെറിയ ടൗണ്‍. വ്യത്യസ്‌തരായ ജനവിഭാഗങ്ങള്‍ താമസിക്കുന്ന പ്രദേശം. കന്നട, മലയാളം, തുളു, മറാഠി, ബ്യാരി ഭാഷകള്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നു.പെര്‍ളയ്‌ക്കടുത്തുള്ള മണിയംപാറയും പെര്‍ളയില്‍ നിന്ന്‌ 5 കി.മീ. ദൂരമുള്ള അട്‌ക്കസ്ഥലയും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന മനോഹര പ്രദേശങ്ങളാണ്‌.

പെര്‍ള ടൗണില്‍ ബുധനാഴ്‌ച തോറും നടക്കുന്ന ആഴ്‌ചച്ചന്ത പ്രാദേശിക വിപണനത്തിന്റെ വലിയ സാധ്യതകള്‍ തുറക്കുന്നു. അതോടൊപ്പം കര്‍ഷകര്‍ക്ക്‌ മികച്ച അവസരങ്ങളും നല്‍കുന്നു. ഷിറിയ, അട്‌ക്കസ്ഥല തുടങ്ങിയ പുഴകള്‍ പെര്‍ളയുടെ പരിസരത്തായി ഒഴുകുന്നു. സര്‍പ്പമല, മണിയംപാറ തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങള്‍ ഈ നാടിന്‌ ആഢ്യത്വം നല്‍കുന്നു. പെര്‍ള, പെഡ്രെ, സ്വര്‍ഗ തുടങ്ങിയ പ്രദേശങ്ങള്‍ അടങ്ങുന്ന എണ്‍മകജെ പഞ്ചായത്ത്‌ 1952ലാണ്‌ രൂപം കൊണ്ടത്‌. വടക്കും കിഴക്കും കര്‍ണാടകയുമായി അതിര്‌ പങ്കിടുന്ന ഈ പഞ്ചായത്തില്‍ പ്രധാനമായും കവുങ്ങ്‌, തെങ്ങ്‌, നെല്ല്‌, കുരുമുളക്‌, വാഴ തുടങ്ങിയവ കൃഷി ചെയ്യുന്ന കര്‍ഷകരാണ്‌ അധിവസിക്കുന്നത്‌. കവുങ്ങ്‌ കൃഷിയും എണ്‍മകജെയിലെ പ്രധാന കൃഷിയാണ്‌. അതില്‍ ബജകുടില്‍കാവ്‌ വളരെയധികം ചരിത്രപ്രാധാന്യമുള്ളതാണ്‌. ബജകൂടിലെ ഗോജന്യ ആയുല്‍വ്വേദ മരുന്ന്‌ ഉല്‍പാദക കേന്ദ്രം, മരുന്നുല്‍പാദനത്തിനും ഗോ സംരക്ഷണത്തിനും പ്രശസ്‌തമാണ്‌. കേരളത്തില്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കാസര്‍കോട്‌ ഇനം പശുക്കളെ വളര്‍ത്തുന്ന കേന്ദ്രമാണിത്‌. അതുപോലെ രാജസ്ഥാന്‍ ഇനങ്ങളും ഇവിടെ വളര്‍ത്തുന്നുണ്ട്‌.

എല്ലാ വര്‍ഷവും നടത്തുന്ന എണ്‍മകജെ നേമോത്സവം പ്രശസ്‌തമാണ്‌. പിലിച്ചാമുണ്ഡി, രക്തേശ്വരി പരിവാര ദൈവങ്ങളുടെ പേരില്‍ അഞ്ചുദിവസങ്ങളിലായാണ്‌ ഉത്സവം നടക്കുന്നത്‌. ഭൂതക്കോലങ്ങളുമായി ബന്ധപ്പെട്ടാണ്‌ ഈ ഉത്സവം നടക്കുന്നത്‌. ബല്ലാ രാജാക്കന്മാരുടെ കാലം തൊട്ടേ നടന്നുവരുന്നു. ഏതാണ്ട്‌ 470 വര്‍ഷത്തെ പഴക്കമുണ്ട്‌ എണ്‍മകജെ നേമോത്സവത്തിന്‌. എണ്‍മകജെ തറവാടിന്റെ ഉത്സവമായാണ്‌ ഇത്‌ നടക്കുന്നത്‌. എണ്‍മകജെ തറവാട്‌ പുരാതനമായ തറവാടും ശേഷിപ്പുകളും അടങ്ങിയതാണ്‌. 1994ല്‍ നടന്ന തീപിടിത്തത്തില്‍ ക്ഷേത്രവും മറ്റും കത്തിനശിച്ചെങ്കിലും പിന്നീട്‌ പുനരുദ്ധാരണം നടത്തി. തറവാടിന്റെ പ്രധാന വ്യക്തി `യജമാനെ’യാണ്‌. ഇപ്പോഴത്തെ `യജമാനെ’ വിശ്വനാഥ റായിയാണ്‌. സാംസ്‌കാരിക രംഗത്തും എണ്‍മകജെയുടെ സാന്നിധ്യം കാണാന്‍ കഴിയും. യക്ഷഗാന രംഗത്തെ പ്രശസ്‌ത കലാകാരന്‍ കൃഷ്‌ണ ഭട്ട്‌ എണ്‍മകജെ, പെര്‍ള സ്വദേശിയാണ്‌. പഡ്രെ ചന്തു സ്‌മാരക നാട്യനിലയം കലാ-സാംസ്‌കാരിക രംഗത്ത്‌ പ്രവര്‍ത്തിക്കുന്നു. അതുപോലെ തന്നെ പെര്‍ളയിലെ നളന്ദ ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജ്‌ ജില്ലയിലെത്തന്നെ പ്രമുഖ കോളേജുകളില്‍ ഒന്നാണ്‌. കാട്ടുകുക്കെ ക്ഷേത്രത്തിലെ ഷഷ്‌ടി ഉത്സവം, ബജകൂഡ്‌ലു ക്ഷേത്രോത്സവം തുടങ്ങിയവ ഈ നാടിന്റെ പ്രധാന ഉത്സവങ്ങളാണ്‌.
അതുപോലെ വിവിധ പള്ളികളിലെ ഉറൂസുകളും ക്രിസ്‌ത്യന്‍ പള്ളികളിലെ പെരുന്നാളുകളും ഇവിടുത്തെ പ്രധാനപ്പെട്ട ആഘോഷങ്ങളാണ്‌. പെര്‍ള, മണിയംപാറ, മൈര, ഉക്കിനടുക്കം എന്നിവിടങ്ങളിലെ മുസ്ലിം പള്ളികളും സുബ്രായ ക്ഷേത്രം, ദുര്‍ഗാ പരമേശ്വരി ക്ഷേത്രം, മഹാലിംഗേശ്വര ക്ഷേത്രം, ധൂമാവതി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളും മണിയംപാറ, ഉക്കിനടുക്കം തുടങ്ങിയ ഇടങ്ങളിലെ ക്രിസ്‌ത്യന്‍ പള്ളികളും ഈ പ്രദേശത്തെ പ്രധാന ആരാധനാലയങ്ങളാണ്‌.

23 Oct 2012

കേരനീരിന്‌ ആയിരം നന്ദി


എം. പി. മുഹമ്മദ്‌
നെല്ലിയോട്‌ വീട്‌,  കപ്പുറം, വട്ടോളി ബസാർ പി.ഒ., ബാലുശ്ശേരി വഴി - 673623

നാളികേര വികസന ബോർഡും മൂവാറ്റുപുഴ അക്ഷയ പുസ്തക നിധിയും സംയുക്തമായി സംഘടിപ്പിച്ച രചനാമത്സരത്തിൽ അദ്ധ്യാപക വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ ലേഖനം

എന്റെ ഉമ്മയുടെ ആങ്ങളയുടെ ഭാര്യയും മക്കളുമെല്ലാം ഗൾഫിൽ സ്ഥിരതാമസക്കാരാണ്‌. എല്ലാ വർഷവും സ്കൂൾ വെക്കേഷൻ സമയത്ത്‌ അവർ നാട്ടിൽ വരും. ഇവിടുത്തെ സ്കൂൾ വെക്കേഷൻ സമയത്തല്ല അവരുടെ വെക്കേഷൻ.  വെക്കേഷൻ സമയമാകുമ്പോഴേ നാട്ടിൽ വരാൻ അവർ ബഹളം വെച്ചുതുടങ്ങും. അതിന്‌ കാരണമുണ്ട്‌. പറമ്പിലെ ചക്കരമാങ്ങ, പഞ്ചാരച്ചക്ക, മുഴുത്ത പേരയ്ക്ക, പലതരത്തിലുള്ള വാഴപ്പഴങ്ങൾ എല്ലാം അവർക്കിഷ്ടമാണ്‌. നന്നേ രാവിലെ എഴുന്നേറ്റ്‌ പറമ്പിലൂടെ ഓടി നടക്കുന്ന അവർ അണ്ണാറക്കണ്ണനേയും വിവിധതരം കിളികളേയും കാണുമ്പോൾ നിശബ്ദരാവും. എന്നിട്ട്‌ അവയുടെ അവയുടെ ഓരോ ചലങ്ങളും സസൂക്ഷ്മം നോക്കി നിൽക്കും. അവയെ ഉപദ്രവിക്കുകയോ കല്ലെടുത്ത്‌ എറിയുകയോ ചെയ്യില്ല.  കുലീനവും മാന്യവുമായ പെരുമാറ്റമാണ്‌ ഞാൻ അവരെ ഇഷ്ടപ്പെടാൻ കാരണം. സൗമ്യമായ സംസാരം ആരെയും ആകർഷിക്കും.

ചൂട്‌ സമയങ്ങളിൽ ഞങ്ങളൊരു പ്രത്യേക ഭക്ഷണം ഉണ്ടാക്കും. വൈകുന്നേരം 7 മണിയാണ്‌ അതിന്റെ സമയം. നാടൻ പൂവമ്പഴം ഉടച്ച്‌ കുഴമ്പാക്കിയത്‌, തേങ്ങ ചിരവി വെള്ളം ചേർക്കാതെ ഞെക്കിയെടുത്ത പാൽ, ഒന്നാന്തരം പശുവിൻ പാൽ, കൂട്ടത്തിൽ ചെറിയ ഉള്ളിയും ഇഞ്ചിയും ഇടിച്ചു പിഴിഞ്ഞെടുത്ത നീരും പാകത്തിന്‌ പഞ്ചസാരയും. അതിൽ ചേർക്കാൻ ഉരലിലിട്ട്‌ ഇടിച്ചെടുത്ത നെല്ലരിയുടെ അവിൽ ചൂടോടെ വറുത്തെത്തതും. ഇത്‌ ഉണ്ടാക്കിയ ചെമ്പ്‌ പിന്നെ വെള്ളം ചേർത്ത്‌ കഴുകേണ്ടതില്ല, എല്ലാവരും ചേർന്ന്‌ വടിച്ചു നക്കി മിനുസപ്പെടുത്തിയിരിക്കും. അങ്ങനെ പലതരം നാടൻ വിഭവങ്ങൾ. അവർ തിരിച്ച്‌ പോകുന്നതുവരെ ഞങ്ങൾ സമയം പോകുന്നതറിയില്ല. മുമ്പൊക്കെ അവർ വരുമ്പോൾ തേങ്ങ കിട്ടാൻ തേങ്ങ പറിക്കാരന്റെ വീട്ടിൽ പലപ്രാവശ്യം പോകണം. ഇപ്രാവശ്യം സംഗതിയാകെ മാറി. അന്നൊരിക്കൽ ഒരു സംഭവമുണ്ടായി. പണിയൊന്നുമില്ലാതെ സൊറപറഞ്ഞ്‌ ബസ്‌ സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന ചെറുപ്പക്കാരെ പൂനൂറിലെ സലീം മാഷ്‌ 5 ദിവസത്തെ ഒരു ക്യാമ്പിന്‌ കൂട്ടികൊണ്ടുപോയി. ആറാംദിവസം അവർ തിരിച്ചുവന്നത്‌ ഓരോ തെങ്ങുകയറ്റ യന്ത്രവുമായിട്ടാണ്‌. ഇതുകണ്ട്‌ തെങ്ങുപറമ്പിന്റെ ഉടമയായ ആലിക്കായും,  ഗൾഫിൽ നിന്ന്‌ ജോലി നഷ്ടപ്പെട്ട്‌ തിരിച്ചുവന്ന ഖാദറും വേറെ ചിലരും പരിശീലനത്തിനുപോയി, സർട്ടിഫിക്കറ്റും യന്ത്രവുമായി തിരിച്ചുവന്നു. ഇവരിൽ പലരും തെങ്ങുകയറ്റക്കാർ മാത്രമല്ല, തെങ്ങ്‌ സംരക്ഷകരും പരിചാരകരുമായിത്തീർന്നത്‌ അത്ഭുതത്തോടെയാണ്‌ ഗ്രാമം നോക്കിക്കണ്ടത്‌.
തേങ്ങ പറിക്കാൻ ആളെക്കിട്ടാതെ തലയിൽ കൈവെച്ച്‌ ശപിച്ചുകൊണ്ടിരുന്ന ആലിക്കാക്കയ്ക്ക്‌ ഇന്ന്‌ നാവ്‌ ഇളക്കാൻ സമയമില്ല. കേന്ദ്രസർക്കാരിന്റെ സ്കീമിന്‌ നന്ദി പറയണം! പറഞ്ഞ്‌ പറഞ്ഞ്‌ അവരെത്തി വിദേശത്തുള്ള ബന്ധുക്കളായ എന്റെ കൂട്ടുകാർ. ഇപ്രാവശ്യം വന്നതിന്റെ പിറ്റേദിവസം രണ്ടാമത്തെ കുട്ടിക്ക്‌ ഛർദ്ദി. പിന്നെ ക്ഷീണവും തളർച്ചയും. ഉടനെ ആശുപത്രിയിൽ പോകാൻ അവന്റെ ഉമ്മ ധൃതി കാണിച്ചു. വല്ല്യുമ്മ പറഞ്ഞു"ആ കുഞ്ഞിന്‌ ഒരു കരിക്ക്‌ പറിച്ചുകൊടുക്കാൻ നോക്ക്‌". ഞാൻ വഴിയിലേക്കിറങ്ങി. ഒരു പറമ്പിലെ പണികഴിഞ്ഞ്‌ അടുത്ത പറമ്പിൽ തേങ്ങയിടാൻ പോവുന്ന മുരളിയേട്ടനെ കൂട്ടിവന്ന്‌ കരിക്ക്‌ ഇടുവിച്ചു. ഒന്ന്‌ വെട്ടിക്കൊടുത്ത്‌ കുടിപ്പിച്ചു. കുറച്ചുകൂടി കഴിഞ്ഞപ്പോൾ ഒന്നും കൂടി വേണമെന്ന്‌ പറഞ്ഞു. പിന്നീട്‌ കോലായിലെ ചാരുകസേരയിൽ കാറ്റുകൊണ്ടുകിടന്ന്‌ ഉറങ്ങിപ്പോയി. എണീറ്റപ്പോൾ തിന്നാനും എന്തെങ്കിലും വേണം എന്നുപറഞ്ഞു. കോയാമുവിന്റെ ഭാര്യ കദിശുമ്മാ പാലുമായി വരുന്ന സമയം. ഒരു പിഞ്ഞാണത്തിൽ കുത്തരിക്കഞ്ഞിയുമായി വല്ല്യുമ്മയും കോലായിലെത്തി.  പാലുമായി വീണ്ടും അടുക്കളയിൽ പോയി. ഈന്തിൾകായ പൊടിച്ചതുകൊണ്ട്‌ പുട്ടുണ്ടാക്കി. അതിൽ തേങ്ങചിരവി ചേർത്ത്‌ അൽപം പഞ്ചസാരയും ചേർത്ത്‌ കോലായിലെത്തി. എല്ലാവർക്കും പാൽച്ചായയും തന്നു. നമ്മുടെ ഛർദ്ദിക്കാരൻ ചായയും കടിയും നന്നായി തന്നെ അകത്താക്കി. പിന്നീട്‌ അവന്റെ നോട്ടം കളിസ്ഥലത്തേയ്ക്കായിരുന്നു. അപ്പോൾ വല്ല്യുമ്മയുടെ കമന്റ,​‍്‌ "മോന്റെ ഡോക്ടർ ഫീസും, മരുന്ന്‌ കാശും, വണ്ടിച്ചെലവും എനിക്ക്‌ തന്നേക്കണേ". അപ്പോൾ അവിടെ ഒരു കൂട്ടച്ചിരി ഉയർന്നു.

19 Sept 2012

മരണാശ്വാസം

എസ് കണ്ണൂർ


ആശകള്‍ നിരാശയില്‍
കൂമ്പിയടയുന്നു.
എല്ലാ പ്രതീക്ഷയും
കരിഞ്ഞുണങ്ങി.
ആശ്വാസത്തിന് വകയിരിപ്പ്,
ഒരിക്കല്‍ മരിക്കുമല്ലോ!
എന്തൊരാശ്വാസം.
എപ്പൊഴും തുറന്നിട്ട
വാതിലാണ് മരണം!
മുട്ടുകയേ വേണ്ടു
തുറക്കുന്നതിന്?
ജീവിതം നടുക്കടലില്‍,
കൊടുങ്കാറ്റില്‍
തകര്‍ന്നടിയാനൊരുങ്ങിയ,
നൗകപോല്‍ ആടിയുലഞ്ഞ്
കടലിന്റെ പിളര്‍ന്ന
വായയിലേക്ക്.
പ്രതീക്ഷയറ്റ ജീവിതത്തിന്
കൈത്താങ്ങായി മരണം!
നരകത്തില്‍ നിന്നും
സ്വര്‍ഗത്തിലേക്കുള്ള മോചനം.
നിരാശയും ഖേദവുമെന്തിന്?
അവസാനത്തെ അന്താഴമായി
മരണം കാത്തിരിക്കുന്നു.
മരിച്ച പ്രതീക്ഷകള്‍
മരണത്തിനുമുമ്പില്‍
പുനര്‍ജനിക്കും!
പ്രത്യാശ കൈവെടിയരുത്,
നിങ്ങളും പുനര്‍ജനിക്കും!
ജീവിതത്തിലെ കൂരിരുട്ടില്‍
നിലാവും വെളിച്ചവും
സുഗന്ധവും പടരും.
ശവങ്ങള്‍ ചീഞ്ഞുനാറാത്ത
ചിതയെരിയാത്ത
എല്ലാവരും മരണമില്ലാതെ
ജീവിക്കുന്ന താഴ്‌വരപോലെ
ദ്രംഷ്ടകളില്ലാത്ത പുഞ്ചിരിയും
ദു:ഖഭരിതമായ മുഖവുമില്ലാതെ
സുമുഖരായി
സംതൃപ്തരായി
സുഹൃദമായി.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...