Showing posts with label anwarsha umayanalluur. Show all posts
Showing posts with label anwarsha umayanalluur. Show all posts

24 Jun 2015

രണ്ടുകവിതകൾ ..


അന്‍വര്‍ ഷാ ഉമയനല്ലൂര്‍

 കനല്‍വെളിച്ചത്തില്‍

നിന്നെയറിഞ്ഞേന്‍ രചിച്ച കാവ്യങ്ങളെന്‍
രാഗാര്‍ദ്ര സാരസന്ദേശം
നിന്നില്‍നിന്നുതിരുന്ന കണ്ണുനീരെന്നപോ-
ലറിയുന്നതാര്-സാരാംശം?
നിന്നകംനീറ്റുന്ന നാള്‍വഴികള്‍തേടിയെന്‍
പിറകേനടന്നയാ,ക്കാലം
ചിറകൊതുക്കീടുവാ-നനുവദിക്കാതെ, പിന്‍-
നിഴലായിനില്‍ക്കുന്നുവീണ്ടും.
വേര്‍പിരിഞ്ഞൊഴുകുന്ന നീര്‍ച്ചോലയായിയ-
ന്നകലേയ്ക്കകന്നുവെന്നാലും
തെന്നലായേതോ വിലോലഭാവങ്ങള്‍ വിണ്‍-
കണ്ണീര്‍ത്തുടയ്ക്കുന്നു നൂനം!
ചെന്നിണത്തുളളികള്‍ക്കുളളിലായെഴുതിയ-
ന്നൊരുപാടുസ്നേഹപര്യായം
തന്നതില്ലൊടുവില്‍നിന്‍ ചാരത്തണയുവാന്‍
നേരം; കടംകൊണ്ടലോകം
പേരെടുത്തീടുവാന്‍ പോരാടിനില്‍ക്കുവോര്‍
കൂരമ്പൊരുക്കി,യെന്നാലും
ചാരത്തണഞ്ഞില്ലൊരിക്കലും; ചിരിമായ്‌ച്ചു-
കരിചാര്‍ത്തുവാറുളള രൂപം
ദളകാലവേഗംകണക്കെ നില്‍ക്കുന്ന ഞാന്‍
തളരാതിരിക്കുവാന്‍പോലും
ദയയോടെ,പിന്നെയുമെഴുതുന്നു സമയമെന്‍
തുളവീണ ജാതകത്താളില്‍
തിരികൊളുത്തിത്തന്ന വേഗങ്ങള്‍ തിരകെവ-
ന്നെതിരേറ്റിടുന്നപോലേവം;
തെളിക്കുന്നതാരെന്നറിയുവാന്‍ ക്ഷമയോടെ,

തുടച്ചുനോക്കുന്നിതെന്നുളളം!!
                           
കവിപോയകാലം...
ചിന്താനദിക്കരയിലൊരുചെറുതോണിതന്‍-
നിഴലുപോല്‍ നിന്‍ കവിതയരികെവന്നണയുന്നു
വീണ്ടുമീയകമൊന്നു നനയുന്നു പതിയെ,യാ-
സ്മരണണയൊരു നൃപസൂനമായ് വിരിഞ്ഞീടുന്നു.
വര്‍ണ്ണങ്ങളോരോന്നെഴുതിമായ്ച്ചുലകിലെന്‍
കണ്ണീര്‍മുകില്‍പോലെ; തിരുഹിതം പെരുകവേ,
ചെന്നിണംപോല്‍പൊടിഞ്ഞീടുന്നിടനെഞ്ചി-
ലൊരുപാടു സ്‌മരണാര്‍ദ്ധമലരുകള്‍ പതിവിലും.
പൊയ്പ്പോയ നല്ക്കാലമതിവേഗമരികെവ-
ന്നന്‍പോടുണര്‍ത്തുന്നു നിന്‍പെരിയ കവിതകള്‍
ഏകാകിയായകലെനില്‍പ്പുണ്ടു് കാണ്മുഞാന്‍
തവകാവ്യനിഴലുപോലൊരുമഹിതവെണ്‍മുകില്‍.
തണലേകിനില്‍ക്കിലുമിക്കാലമൊരുപോലെ-
തിരയുന്നു പതിവുപോല്‍ പതിയെനിന്‍ഹൃദ്സ്വരം
കൊതിക്കുന്നിതേനുമാ, തുടര്‍ക്കാലഗീതങ്ങള്‍
കേള്‍ക്കുവാന്‍വീണ്ടു,മൊരുപുലരിയായുണരുവാന്‍.
തിടുക്കത്തിലണയുന്നൊരുപാടു സ്‌നേഹിതര്‍
മിടിക്കുമ്പോള്‍മാത്രമെന്നറിഞ്ഞനി-ന്നറിവുപോല്‍
നിറയ്‌ക്കുന്നകമെ,യൊരായിരം സ്‌മരണകള്‍
തുടിക്കയാല്‍പിന്നെയും ഝടിതിയേന്‍ബഹുവിധം.
കുറിക്കയാണിപ്പോളൊരുവേള; കുതിരപോല്‍-
ക്കുതിക്കുവാന്‍വെമ്പിനില്‍ക്കുന്നൊരീ,ക്കവിതകള്‍
വിധിക്കായെറിഞ്ഞുനല്‍കീടാന്‍ തുനിഞ്ഞവര്‍
സ്‌തുതിക്കുന്നൊളിഞ്ഞുനി-ന്നൊരുവേളയീപ്പകല്‍.
* * * * * * *
മറക്കരുതൊരുപോലെയിവരെനാം,സ്നേഹിതാ
യുയര്‍ത്തേണ്ടതുണ്ടിവര്‍ക്കൊരു മഹിത സ്‌മാരകം
തിരിഞ്ഞുനോക്കാറില്ലയാരുമേ, സ്‌മൃതികളില്‍
തെളിച്ചിടുന്നില്ലാര്‍ദ്ര മൊഴികള്‍പോല്‍ പുലരികള്‍.
തിരഞ്ഞെത്തുമൊരുപോലെ,യാരെയുമെന്നറി-
ഞ്ഞന്‍പോടുണര്‍ന്നു വര്‍ത്തിക്കേണമൊന്നുപോല്‍
പിരിഞ്ഞുപോകേണ്ടവരാണുനാം, ധരണിവി-
ട്ടെന്നറിഞ്ഞറിവിനൊരു; സ്ഥിരഭാഷ പകരുവാന്‍!
*കവി ശ്രീ. ഡി. വിനയചന്ദ്രനെ അനുസ്മരിച്ചുകൊണ്ട്

23 May 2015

ഇത്..കവടിയാര്‍കൊട്ടാരം

                                                 
അന്‍വര്‍ ഷാ ഉമയനല്ലൂര്‍



വേര്‍പെട്ട നിലയിലായിരുന്നു-രഥചക്രങ്ങള്‍

ചേര്‍ത്തിട്ടിരിപ്പക,ന്നൊരു ശൂന്യശാലയില്‍

ആമുഗ്ദ്ധഹാസം പൊഴിച്ചുകൊണ്ടതിചരിത-

ഛായാപടങ്ങള്‍ തൂങ്ങുന്നകഭിത്തിമേല്‍.

സ്മരണകളിരമ്പു,ന്നെങ്കിലും; വിരഹിപോല്‍

വദനപ്രസാദമില്ലാതിടയ്‌ക്കൊരു പകല്‍

ശിരസ്സുയര്‍ത്തിത്തന്നെനില്‍പ്പു,തൃപ്രൗഢിയോ-

ടരികെ,ക്കവടിയാറന്തഃപുരമതില്‍.

നാലഞ്ചുസേവകരങ്ങിങ്ങുനി,ന്നെളിയ-

കര്‍മ്മങ്ങള്‍ ചെയ്തിടുന്നിളവെയില്‍തോഴരായ്

സ്മൃതികുടീരങ്ങള്‍ക്കുമകലെയിപ്പാരിതി-

ലതിശ്രേഷ്ഠര്‍ പാര്‍ത്തിരുന്നാനന്ദലീനരായ്.

അരമനമുറ്റത്തൊരിത്തിരിനേരംകൂടി

നമസ്കരിച്ചേന്‍നിന്നുപോയി-സമാദരം!

സിരകളിലൂര്‍ജ്ജപ്രവാഹമായ്, സുകൃതമായ്

ധന്യസാന്നിധ്യേക സാക്ഷിയായ് തിരുപുരം.

ഉദയാര്‍ക്കസാമ്യ,മഴല്‍നീക്കി മലയാള-

മണ്ണിന്‍വെളിച്ചമായ് വാണിരുന്നെങ്കിലും

അമരുലകുപോലിവിടെ നില്‍ക്കുമീ, സൗധമി-

ന്നര്‍ദ്ധമോദത്തിന്‍ നിഴലാണു നിശ്ചയം!

പിന്നിലേയ്ക്കുരുളുന്നു ത്വരിതം: മനോരഥ-

മറിയുന്നിടനെഞ്ചു പൊടിയുന്നയുള്‍വ്യഥ

നേര്‍പ്പിച്ചുതന്നുടന്‍ കാവ്യസിദ്ധൗഷധം

തീര്‍പ്പാക്കവേയോര്‍ത്തിടയ്ക്കു-നരജീവിതം.

* * * *

മുക്തി-ലഭിച്ചവിളംബിതം: സദസ്സിതില്‍*

ഭക്തിയോടൊന്നായുണര്‍ന്നരചദീപങ്ങള്‍

വ്യതിരിക്ത ശ്രുതിമീട്ടിടുന്നിടയ്‌ക്കിമ്പമോ-

ടിരവകലെയെന്നാശ്വസിക്കുന്ന മുകിലുകള്‍.

നവപുസ്തകത്തിന്‍ പ്രമുക്തികര്‍മ്മത്തിനേ-

നാഗതന്‍ ഡര്‍ബാറിലേയ്ക്കു നിമന്ത്രിതന്‍

യോഗ്യനല്ലെങ്കിലും-ഭാഗധേയനിവന്‍

കാലമേ; കാലൂന്നിടാന്‍ കൃപയേകിയോന്‍.

കവടിനിരത്തിപ്പറയുവാന്‍ കഴിയാത്ത-

പുതുചിന്തകള്‍ക്കുയരെയിന്നു,ഞാനെങ്കിലും

ഇല്ല! താരങ്ങള്‍ക്കുമൊരുപൂര്‍ണ്ണ സുസ്മിതം;

തേടുന്നിടയ്ക്കുനിന്‍ കനിവാര്‍ന്ന-ഹൃത്തടം.

കരുണാമയനേ!യടിയങ്ങള്‍ക്കൊരുപോലെ-

തിരുമുന്നിലെത്തുവാനിടയാക്കുമെങ്കിലേന്‍

കൃപയാലെയിപ്പാരിനൊരു പരിവര്‍ത്തനം                        

21 Feb 2015

ഒരുമിച്ചുപോകാം....

15 Jan 2015

രണ്ടു കവിതകൾ

അന്‍വര്‍ ഷാ ഉമയനല്ലൂര്‍



പാവങ്ങളുടെ അമ്മ

ദുഷ്‌കൃതങ്ങള്‍തന്‍ കരിങ്കൂറനീക്കി തന്‍
കനിവിന്റെ ശുഭ്രാംബരം നാടിനേകുവാന്‍
ധന്യ, വചനാമൃതം പകര്‍ന്നേകിയോള്‍;
മന്നിതിലുന്നത ചിന്തപുലര്‍ത്തിയോള്‍.

നന്മനിറഞ്ഞതാം പ്രാര്‍ത്ഥനാസാമ്യമായ്
സന്തത ജീവിത,മത്യുദാരാമൃതം
കാരുണ്യമേറെയും വറ്റിയ പാരിതില്‍
താവക ജന്മമുണ്ടായതാണാദരം.

കന്മതില്‍ തീര്‍ത്തതില്ലകമെ,യാ-ദൃഷ്ടിയി-
ലേവരുമേക കുലത്തില്‍പ്പിറന്നവര്‍
ഹാ! പുണ്യമേ, തവ രമ്യസ്മരണയെന്‍
സോദരര്‍ക്കാശ്വാസമേകുന്നുലകിതില്‍.

വൈശിഷ്ട്യമേറേ നിറഞ്ഞതാം സാഗരം-
പോലേ, വിശാലം മഹിയില്‍നിന്‍ ജീവിതം
മാറേണ്ടതാണുനാ,മിനിയെങ്കിലും സ്വയം
മാതൃകോദാര മനസ്സുപോലീവിധം.

ശാന്തമായൊഴുകിയോരാപുണ്യഹൃത്തടം
താന്തരായോര്‍ക്കേകിയാശ്വാസവാസരം
നീഹാരബിന്ദുപോല്‍ നില്‍പ്പു,നാമേവരും
സ്വീകാര്യമെങ്കിലര്‍പ്പിക്ക!നാം; ജീവിതം.

വിശ്വസാഹോദര്യമെന്നല്ല,യിവിടെനാ
നശ്വരരെന്നുപോലും ഹാ! മറന്നുപോയ്
ഈശ്വരനീവിശ്വമൊന്നില്‍പ്പുനര്‍ജ്ജനി-
ച്ചീടിലിന്നാശ്വാസമെന്നേന്‍ നിനച്ചുപോയ്...!

 നീഹാരം

ഒരുമഹാസാഗരമാകാതെയിനിയെനി-ക്കാവില്ലയനുപമേയൊരുജന്‌മമീവിധം ചുറ്റുമീ ഘനനിബിഡാന്ധകാരം-സദാമുറ്റിനില്‍ക്കുന്നപോലായ് നരജീവിതം.

സ്‌തുതിപാഠകര്‍ക്കതിമോദമാകീടിലു വിധിതന്നിതെന്നറിഞ്ഞീടുന്നു സാദരംമതിയായിതെന്നുരചെയ്‌വൂ നിരന്തരംമൃതിപാതികാര്‍ന്നതാമെന്നാത്മപാദപം.

ചതിയിതെന്നോതിയാറ്റീടിലും നിന്മനം നിരമുറിഞ്ഞീടുന്നതാം സ്വാത്മഗീതകം ധരപോലിതേറ്റം ക്ഷമിപ്പിതേനെങ്കിലും അതിവേനലേറ്റുരുകീടുന്നു നെഞ്ചകം.

ഇറ്റിറ്റുവീണുടയുന്നമല്‍സ്മരണയാല്‍ പറ്റുകില്ലെന്നോതിടുന്നിതെന്നശ്രുനീര്‍വറ്റുന്നു ശാന്തിതന്നിളനീരുമേകിയോ-രെന്മലയാളമേ,തെളിവാര്‍ന്നചിന്തകള്‍.

കരളിലായലിവിന്റെ വര്‍ഷമായിന്നുനീ ഹര്‍ഷംപകരുന്നിതെങ്കിലുമെന്‍സഖേ, ശേഷിപ്പതില്ലെന്‍വിഹായസ്സിലായ്‌ രമ്യ-താരങ്ങളൊന്നുമി-ന്നുന്മേഷമാംവിധം.

ശീതളമാകാന്‍ കൊതിച്ചുവെന്നാലിളം-തിങ്കളേകുന്നെനിക്കിന്നാര്‍ദ്രകുഡ്മളം അകമേ കിലുങ്ങുന്നരുമതന്‍ ചിരിവളവറ്റാതിരുന്നെങ്കിലോര്‍മ്മകള്‍തന്‍നിള.

കരളിലേക്കമ്പെയ്‌തിടുന്നാത്മകാലമേ, തിരയടങ്ങാതലഞ്ഞീടുമെന്‍ കാവ്യമേ,നീഹാരമായ് നിറഞ്ഞീടുമെന്മോഹമേ; നീ, ഹാരമേകി വരവേല്‌പതെന്നീമനം?

വന്നണഞ്ഞീടുകെന്നകമേയൊരുദിന-മുന്മേഷമേനീ-മയൂരമൊന്നായ്സ്വയം പൊന്‍ചിലമ്പായിക്കിലുങ്ങട്ടെ കാലമി-ന്നെന്‍ജീവിതത്തെത്തളച്ചിട്ട; ഹൃത്തടം.





      

22 Nov 2014

പ്രിയസോദരീ...

അൻവർ ഷാ ഉമയനല്ലുർ

പ്രിയസോദരീ...

കരുണാനിധേ,നിന്‍ പരിപൂര്‍ണ്ണജീവിതം

സ്‌മരണീയമായിക്കുറിച്ച-രാമായണം

സ്‌മിതമധുരപാരായണം ചെയ്തിരുന്നുപ-

ണ്ടുലകിലായനുദിനം; ഗ്രാമീണരാദരം.

സുലഭമായഭിലഷിച്ചതിശ്രേഷ്‌ഠ കാവ്യകം;

പാവനമാംമനം കനിവാര്‍ന്നസുസ്വനം

തൃണതുല്യമെന്നാല്‍ കൃപാലുവിന്‍ജീവിത-

മോതിയോരീഗ്രന്ഥസാരമിഹ!നിര്‍ണ്ണയം.

മധുരപദാകലിത ഗ്രന്ഥമിതുഭക്തിയോ-

ടോതേണ്ടതാണുപുതുനാരിമാര്‍ നിശ്ചയം!

എളിമതന്‍നയനങ്ങളില്ലാത്ത തോഴിമാ-

രണിയുന്നഹന്തതന്‍ നവകാലപൊയ്‌മുഖം

ഹിംസയില്‍ കംസനെ മറികടന്നീടുവോര്‍-

പ്പോലുംശ്രവിക്കുകിലൊരുമാത്രതല്‍ക്ഷണം

പരിവര്‍ത്തനംമന,മെന്നതെന്‍ വാഗ്മതം

പരിപൂര്‍ണ്ണമാണിതില്‍; നരധര്‍മ്മജീവിതം.

പാലായനംചെയ്‌തതെവിടേയ്ക്കു ശാലീന-

ഭാവം പുലര്‍ത്തുമൊരു ഗ്രാമീണയൌവ്വനം:

പെരുകാത്തയാശയുമതിലളിതവേഷവും

സുകൃതമായ്‌വീക്ഷിച്ചയലിവാര്‍ന്ന-നന്മകം?

ഹൃദയൈക്യമായ് കര്‍മ്മപാരായണംചെയ്തു

ഗ്രാമ-ഗ്രാമാന്തരങ്ങള്‍പ്പണ്ടു സന്തതം

അറിവിന്‍കിരണങ്ങളണയാതിരിക്കുവാന്‍

ശരണമീഗ്രന്ഥപാരായണം നിര്‍ണ്ണയം.

അന്‍പോടെമുത്തശ്ശനെന്നത്തലോടിയി-

ന്നതിഹൃദ്യഭാഷയില്‍ തുടരുന്നു സാധകം

"ഇനിവരുംകാലങ്ങള്‍ക്കിഴയടുപ്പംവരാന്‍

സുകൃതമായുരചെയ്‌ക!തിരുനാമമെങ്കിലും".

വന്നവഴിപോലുംമറന്നു; സഹമനുജരേ-

യുയരട്ടെയിടനെഞ്ചിലലിവാര്‍ന്ന നൊമ്പരം:

അഭിനവ രാവണന്‍മാരുലകില്‍ പെരുകയാ-

ലാകുവതെങ്ങനിന്നതിസുകൃതജീവിതം?

19 Oct 2014

രണ്ടു കവിതകൾ



 അന്‍വര്‍ ഷാ ഉമയനല്ലൂര്‍
പരിണാമം

ക്ഷണസൂനജാലംകണക്കിവിടെ സകലരും

പുലരേണമെന്നകമെയറിയുന്നുവെങ്കിലും;

മതിവരുന്നില്ലിവിടെ നല്‍കാവ്യലോകമേ,

ജീവിതം! കൊതിയേറ്റിടുന്നതെന്നറിയുന്നു

സുഖമേകിടുന്നയീ വരികള്‍ക്കുമേലെയും

പതിയെത്തളര്‍ന്നുവീണെങ്കിലും; ഖിന്നമാം-

മുഖമിന്നമര്‍ത്തിവച്ചൊന്നു ചുംബിക്കുവാന്‍

തോന്നിടുന്നാ പ്രണയസ്മരണയിന്നീവിധം

ഇടനെഞ്ചിലറിയാതുയരുന്ന കാവ്യമായ്

കനവിന്റെ നൊമ്പരം പരിണമിച്ചെങ്കിലും

പുലരിപോലോര്‍മ്മയിലെന്നും തുടിക്കുന്ന

നിമിഷമൊന്നകലെനിന്നിന്നുമുണര്‍ത്തുന്നു:

"ജന്മാന്ത്യകാലംവരേയ്ക്കുമിഹ ജീവിതം

കദനഞാണിന്മേല്‍ക്കളിതന്നെയെങ്കിലും

സഹനമോടൊപ്പ,മപരന്റെ രോദനം

പരിഹരിച്ചീടുന്നതാം നിന്റെ കാവ്യകം

ഹൃത്താളസാമ്യം തുടിക്കയാലൊരുപുതിയ-

ചിന്തയെക്കൊത്തിയെടുത്തു പറക്കുകില്‍

ഇനിവരും വാസര-രാവുകളോരോന്നും

മധുരമായ് പരിണമിച്ചീടുമീ,വഴിയിലും"

ജീവിതം നുകരാനുണര്‍ത്തുമോ,രീവരം;

ജാതകംപരതിയാല്‍ കാണില്ലയെങ്കിലും;

കാലം നിറംചേര്‍ത്തെഴുതിയ പൂര്‍വ്വകം-

പാടെ നുണഞ്ഞപോലല്ല,യെന്നാകിലും

മോഹമോടൊരു സുഖം, സരസമായീവിധം

തനുവിനോടിന്നുമുണര്‍ത്തുന്നിതിന്‍ രസം

മതിയായതില്ലെന്നുരചെയ്തനന്തരം;

ജീവിതത്തെയെടുത്തണിയിക്കെ-മന്മനം

പാടുന്നു കാവ്യമൊന്നലിവോടെ-തല്‍ക്ഷണം-

പാറുന്നു പരിണമിച്ചീടുമെന്‍ യൗവ്വനം!!



ഓര്‍മ്മിളംതുടിപ്പുകള്‍

എണ്ണിയാല്‍ത്തീരാത്ത കഥകളാലന്നെത്ര

വര്‍ണ്ണങ്ങള്‍ ചാലിച്ചിരുന്നുളളിലെന്നമ്മ

വ്യഥകളാല്‍തിരുകരളിലായന്നു കവിതകള്‍

നിര്‍ണ്ണയമതുപോല്‍ രചിച്ചിരുന്നാ,നന്മ

താരാട്ടുമൂളി തോളത്തെടുത്തെന്നെയും

കൊണ്ടുനടന്നനാള്‍ പ്രകൃതിതന്നീണമായ്

കനിവിന്റെയോരോതുടിപ്പുകള്‍ കാട്ടിയെന്‍

സുദിനഹര്‍ഷങ്ങളന്നൊന്നായ് പകര്‍ത്തിയും

അകമേനിരത്തേണ്ടയനുകമ്പതന്‍ കിരണ-

മിമ്പമോടെന്നെയുണര്‍ത്തിയും തന്വിയാള്‍

സുമവിരല്‍തുമ്പിനാല്‍ മലയാളമാ,മെളിമ-

യീ, നെറ്റിമേല്‍ച്ചാര്‍ത്തിയലിവോടണച്ചതും

സ്മേരചൈതന്യം തുളുമ്പുമാ വദനത്തില്‍

ഗ്രാമനൈര്‍മ്മല്യമന്നണയാതെ കാത്തതും

നെഞ്ചോടുചേര്‍ത്താദ്യ വിദ്യാലയത്തിലേയ്-

ക്കെന്നെയുംകൊണ്ടു നനഞ്ഞുനടന്നതും

പാടവരമ്പുകള്‍ക്കിരുവശത്തായ് നിന്നു-

കാലികള്‍ കൗതുകംപൂണ്ടു കരഞ്ഞതും

തിരികെട്ട ബാലാര്‍ക്കനിന്നുമോര്‍മ്മിപ്പിക്കെ

തെന്നലായാരോ തലോടുന്നു പിന്നെയും

മുന്നിലായൊരുദുരിത സന്താപമൂലയില്‍

നാമംജപിച്ചിരിക്കുന്നു മുത്തശ്ശിയും!

ചടുലമായ് മോഹമെരിച്ചുതീര്‍ക്കുന്നുവോ;

പൊടിതട്ടി തെളിയിച്ചെടുക്കാതെ-കാലവും!!

21 Aug 2014

ഓണം..പൊന്നോണം..

 അന്‍വര്‍ ഷാ ഉമയനല്ലൂര്‍

 ഫോണ്‍- 9846703746




സപ്‌തവര്‍ണ്ണങ്ങളാലവനിതന്‍ കനവുകള്‍

നൃത്തമാടിക്കുമെന്‍ ശാലീനചിങ്ങമേ,

സ്മരണീയ സുകൃതമലയാളപൊന്നോണമേ,

അമൃതേകിടാനരികിലണയുന്ന പുണ്യമേ

മഞ്ജുശലഭങ്ങളീ മമ സൗമ്യകൈരളി-

ക്കതിരറ്റയാനന്ദമേകുമീ വേളയില്‍

പാരിലിന്നെളിമതന്‍ നയനങ്ങളെന്നപോ-

ലുയരുന്നു തെളിമതന്‍ തുമ്പമലരുകള്‍

വിസ്മയംപൂണ്ടെന്നെ നോക്കുന്നു നാമ്പുകള്‍

സുസ്മിതംതൂകിനില്‍ക്കുന്നേറെ; നോവുകള്‍

നിന്നോര്‍മ്മകള്‍ക്കുമേല്‍ കൂടൊരുക്കീടുന്നു

ചിത്രവര്‍ണ്ണച്ചിറകുളളയെന്‍ ചിന്തകള്‍.

രമ്യഭാവങ്ങളാലരുണനീ, പടവുകള്‍

നന്മയുള്ളോര്‍ക്കായലങ്കരിച്ചേകവേ,

ഒച്ചയുണ്ടാക്കാതിളംകാറ്റുവന്നിതെന്‍

കൊച്ചോമനതന്‍ മിഴിപൊത്തിനില്‍ക്കയാല്‍

ലതികകള്‍തോറുംനിറയുന്ന പുഞ്ചിരി

ചെഞ്ചുണ്ടിലേയ്‌ക്കു പകര്‍ത്തുന്നമാതിരി

തളിരിളംകൈകളാലരുമതന്‍ ചൊടികളി-

ലതിലോലസ്മേരമൊന്നെഴുതുന്നു കൈരളി

ശ്രുതിമധുരമായ്‌പ്പാടിടുന്നാത്മനിര്‍വൃതി

ശ്രീലകമായിതെന്‍ മാതൃമനോഗതി

ശ്രാവണമാസമേ, നിന്‍ഹൃദ്യപൂവിളി

ശ്രവണസുഖമേകിടുന്നേറെയി;ന്നെന്‍സ്‌തുതി.

വര്‍ഷങ്ങളെണ്ണിമാറ്റീടവേ, കാലമെന്‍

പുലരിക്കു പുതുവര്‍ണ്ണമേകുമീയവനിയില്‍

പിടിതരാതകലേയ്ക്കുപോയയുത്സാഹമെന്‍

കാല്പാടുകള്‍നോക്കിയെത്തുന്നു ഝടിതിയില്‍

നിസ്‌തുലസ്നേഹം പരക്കുമീവേളയില്‍

സ്വസ്ഥതയൊന്നായ് നുകരുന്നു സോദരര്‍

വിസ്‌തൃതഭൂവിതിലില്ലസ്‌തയമൊ-

ന്നെന്നുണര്‍ത്തീടുന്നതിമോദരാവുകള്‍

ബന്ധംപുതുക്കിനീങ്ങുന്നു; പരസ്‌പരം

കയ്‌പ്പുനീരേകിയിരുന്ന മനസ്സുകള്‍

കന്മഷമാകെയകറ്റി, നവോന്മേഷ-

നിമിഷങ്ങളേകുന്നു-പൊന്നോണനാളുകള്‍.

(..................2)



 -2-

ഹരിതമീ മലയാളഭൂമിതന്‍ നല്‌പ്പുതു-

വര്‍ഷോത്സവം ഹര്‍ഷമായിടാന്‍ സാദരം

തുളസികളെന്നാര്‍ദ്രചിന്തപോല്‍ സന്തതം

പ്രാര്‍ത്ഥനാനിരതമാക്കീടുന്നു സന്ധ്യകള്‍

അര്‍പ്പിപ്പു കൈരളീദേവിതന്‍മുമ്പിലായ്

നാളീകേരങ്ങളീ കല്‌പവൃക്ഷങ്ങളും

കളിചിരി,കുസൃതിക,ളതിമോദപുലരൊളി-

യെങ്ങുംപരക്കുകയാണെന്നുലകിതില്‍

ഈഹര്‍ഷമീവര്‍ഷമിതുപോലെതുടരുകി-

ലതിലേറെയില്ലൊന്നുമെന്നറിഞ്ഞീടുകില്‍

സ്‌തുത്യര്‍ഹസേവകരാകനാം; നന്മതന്‍

നിത്യവസന്തംവരുത്തുവാനവനിയില്‍.

27 Jun 2014

ഉദയമാവുക!

അന്വർഷാ ഉമയനല്ലൂർ



അകമിഴികളില്‍നിന്നുമകലുന്ന, പകലുപോല്‍

ചിലനേരമൊരുനുളളു പൊന്‍വെളിച്ചം

തിരുരക്തതിലകമായ്‌ തെളിയവേ തല്‍ക്ഷണം

തിരികെവാങ്ങുന്നു,നീ മിഴികള്‍രണ്ടും.

കരഗതമാക്കുവാനൊരുനേര്‍ത്ത മനസ്സുമായ്,

തമസ്സിന്റെ മടകള്‍ പൊളിക്കെവീണ്ടും

വഴിയാകെയിന്നും മറന്നുപോയ്, തരികയെന്‍

തിരിതെളിച്ചെഴുതുവാന്‍ പുലരിവേഗം.

കനലുകള്‍പ്പോലിന്നു കവലകള്‍പ്പൊതുവെയെ-

ന്നനുജര്‍തന്നുയിരുവേകിച്ചെടുക്കാന്‍

മഹിയിതിലുണരാത്ത മനസ്സുമായ്‌നില്‍ക്കയാ-

ലറിയാതെയുലയുന്നു വ്യഥിതചിത്തം.

വിരല്‍മുറിഞ്ഞൊഴുകുന്ന നിണമല്ലിതെന്നുടെ-

യുദയാര്‍ക്കഹൃദയകാവ്യത്തിന്‍ നിറം

തെളിമയോടുയരാന്‍ശ്രമിക്കെ,മമ സ്‌മരണയ്ക്കു-

മമ്പേല്‍ക്കയാല്‍ തെറ്റിവീഴുംസ്‌മിതം.

കവിതപോലെഴുതട്ടെയിനിയുമീ,ധരണിപൊന്‍-

പുലരിയാലൊരുപുതിയ സുദീനതീരം

നിരകളില്‍നിന്നുമുയര്‍ന്ന വെണ്മുകിലുപോല്‍

പതിയെഞാന്‍ തുടരട്ടെ-യാത്മഗീതം.

പതിവുപോലുയരുവാനാകാതെ പകുതിയെന്‍

മലരുകളതിരുകള്‍ക്കുളളില്‍ നില്‍പ്പൂ;

നിനവുപോല്‍ സുഭഗ-ഗീതങ്ങള്‍ നുകര്‍ന്നിടാ-

തവനിതന്‍ ഹൃദയുവുമുഴറി നില്‍പ്പൂ.

കസവുനൂല്‍പോലൊരു ശുഭകിരണമെന്നിതെ-

ന്നനുചരര്‍ക്കായ് നല്‍കുമീ,ധരയില്‍?

കരിമുകില്‍വര്‍ണ്ണമെന്‍ ചിരിയിലായെഴുതുവാ-

നുഴറിയോനൊരുവേളയേകിയെങ്കില്‍!!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...