Showing posts with label sreejith muthedath. Show all posts
Showing posts with label sreejith muthedath. Show all posts

16 Jan 2016

വിശ്വമാനവികതയുടെ ദര്‍ശനം..

ശ്രീജിത്ത്   മൂത്തേടത്ത്

        ഫാസിസം എന്ന പദം വളരെയധികം വളച്ചൊടിക്കപ്പെടുകയും,
അപനിര്‍മ്മിക്കപ്പെടുകയും, അയഥാര്‍ത്ഥമായി തെറ്റിദ്ധരിപ്പിക്കും വിധം
ജനമനസ്സുകളിലേക്ക് കടത്തിവിട്ടുകൊണ്ടിരിക്കുന്നുവെ
ന്നത് ഒരു സമകാലിക
യാഥാര്‍ത്ഥ്യമാണ്. ഫാസിസത്തിന്റെ വക്താക്കള്‍ തന്നെ ഫാസിസത്തിനെതിരെ
എന്നപേരില്‍ പുരോഗമനച്ചെങ്കുപ്പായമണിഞ്ഞുകൊണ്ട് തെരുവുകൂത്തുകള്‍
നടത്തുന്നതും, അവ സമൂഹത്തില്‍ അരാജകത്വം പടര്‍ത്തുന്നതും, ലൈംഗിക
വ്യാപാരവും, മയക്കുമരുന്നു വ്യാപാരവും വ്യാപകമാക്കുന്നതുമായ കാഴ്ചയും
കേരള ജനത ഈയടുത്ത കാലങ്ങളിലായി കാണുകയുണ്ടായി. മാധ്യമങ്ങള്‍ ഏറെ
പണിപെട്ട് വലിയ ആഘോഷങ്ങള്‍ സൃഷ്ടിച്ച്, സമൂഹമധ്യത്തില്‍
ചര്‍ച്ചയാക്കിയെടുത്ത ഇത്തരം ആഭാസങ്ങളുടെയൊക്കെ ലക്ഷ്യം ഫാസിസത്തിന്റെ
ഒളിപ്പിച്ചുവച്ച നഖങ്ങളിലെ ചോരപ്പാടുകള്‍ മറച്ചുവെക്കാനും,
പുരോഗമനത്തിന്റെ കുപ്പായമണിയിച്ച് ജനതയെ വിഡ്ഢികളാക്കാനുമായിരുന്നു
എന്നതും ഇത്തരം ആഭാസസമരങ്ങളുടെ വക്താക്കള്‍ പെണ്‍വാണിഭത്തിന്
പിടിയിലായപ്പോള്‍ സാമാന്യ ജനത്തിനു മനസ്സിലായി. കോഴിക്കോട് ഒരു
പെണ്‍വാണിഭകേന്ദ്രം അടിച്ചുതകര്‍ത്തപ്പോള്‍ അതിനെതിരെ ചുംബനസമരം നടത്തിയ
ഫാസിസ്റ്റ് ശക്തികള്‍, തങ്ങളുടെ മുഖം അഴിഞ്ഞുവീഴുമോയെന്ന് ഭയപ്പെട്ട്,
അതിന്റെ പേര് താമസിയാതെ ഫാസിസത്തിനെതിരെ ചുംബനസമരം എന്നും,
ഫാസിസത്തിനെതിരെ തെരുവുചുംബനം എന്നും മറ്റുമാക്കി മാറ്റുകയായിരുന്നു.
        ഫാസിസം അതിന്റെ ചരിത്രം പരിശോധിച്ചാല്‍ അതിന്റെ വളര്‍ച്ചയ്ക്കായി
ഉപയോഗിച്ചിരുന്ന പശ്ചാത്തലം അരാജകത്വത്തിന്റെതായിരുന്നുവെന്നു
മനസ്സിലാക്കാം. "ദാരിദ്ര്യവും, അരക്ഷിതാവസ്ഥയുമുള്ളിടത്തു മാത്രമേ
കമ്മ്യൂണിസം വളരൂ" എന്നത് കമ്മ്യൂണിസ്റ്റ് ഫാസിസത്തിന്റെ വക്താവായ
‌ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണാധികാരി മാവോ സേ തൂങ്ങിന്റെ വാക്കുകളാണ്.
അതേപോലെയാണ് അരാജകത്വമുള്ളിടത്തേ ഫാസിസത്തേയും വളര്‍ത്താനാവൂ എന്ന സംഹിത.
ലോകത്ത് ആധിപത്യമുറപ്പിച്ച മത-കമ്മ്യൂണിസ-ഫാസിസ്റ്റ് ശക്തികള്‍ക്ക്
ഭാരതത്തില്‍ മാത്രം വേരുറപ്പിക്കാന്‍ കഴിയാതെ പോയത് ഭാരതത്തിന്റെ ആത്മീയ
വെളിച്ചവും, വിജ്ഞാനസമ്പത്തും, സാംസ്കാരിക വൈഭവവും കാരണമായിരുന്നു.
        ദീര്‍ഘകാലം ബ്രിട്ടീഷുകാര്‍ ഭരണം നടത്തി, ഭരണത്തിന്റെ പിന്തുണയോടെ
മിഷണറി പ്രവര്‍ത്തനം നടത്തുകയും, ആധുനിക വിദ്യാഭ്യാസം എന്ന പേരില്‍
തദ്ദേശീയമായ വിജ്ഞാനങ്ങളെ അവഗണിച്ചും, മാറ്റിനിര്‍ത്തിയും, പകരം
വൈദേശികാടിമത്ത ബോധം പുതുതലമുറയില്‍ സൃഷ്ടിച്ചെടുക്കുവാനായി ദീര്‍ഘകാലം
ശ്രമം നടത്തിയിട്ടും ആ മതപ്രചാരകര്‍ക്ക് കേവലം രണ്ട് ശതമാനത്തിനപ്പുറം
എണ്ണം കൂട്ടാന്‍ കഴിയാതെ പോയത് ഭാരതത്തിലെ സമ്പന്നമായ സാംസ്കാരിക ബോധം
കാരണമായിരുന്നു. അതിനും മുമ്പ് ഭരണം നടത്തിയ സുല്‍ത്താന്‍ - മുഗള്‍
ഭരണാധികാരികള്‍ക്കും ബലപ്രയോഗത്തിലൂടെ മതപരിവര്‍ത്തനം നടത്തിയിട്ടും,
ഹിന്ദുവായി ജീവിക്കുവാന്‍ ജസിയ എന്ന നികുതി നല്‍കണമെന്ന അവസ്ഥ
സൃഷ്ടിച്ചിട്ടും, ഭാരതത്തില്‍ മാത്രം മതാധിപത്യം ഉറപ്പിക്കുവാന്‍
അവര്‍ക്കും കഴിഞ്ഞില്ല. സെമറ്റിക് മതങ്ങള്‍ സ്വര്‍ഗ്ഗം എന്ന മോഹന
സങ്കല്പം വാഗ്ദാനം ചെയ്തതുപോലെ, കമ്മ്യൂണിസ്റ്റുകള്‍ സോഷ്യലിസം എന്ന
ലോകത്തൊരിടത്തും നടപ്പിലാക്കുവാന്‍ സാധിക്കാത്ത മോഹന സങ്കല്പം
മുന്നോട്ടുവച്ചു പ്രവര്‍ത്തനം നടത്തിയിട്ടും അവര്‍ക്കും ഈ ഭാരത മണ്ണില്‍
വേരുറപ്പിക്കുവാന്‍ കഴിഞ്ഞില്ല എന്നതിനും കാരണം ഭാരതീയരുടെ
രക്തത്തിലലിഞ്ഞു ചേര്‍ന്ന ആത്മീയ വെളിച്ചവും, ധാര്‍മ്മിക ബോധവും,
സാംസ്കാരിക സ്വത്വവും കാരണമായിരുന്നു.
        ഇക്കാലമത്രയും അക്ഷീണം ഭാരതം കീഴടക്കുവാനായി മത – കമ്മ്യൂണിസ –
ഫാസിസ്റ്റ് ശക്തികള്‍ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്. തങ്ങള്‍ക്കിവിടെ
സ്വാധീനമുറപ്പിക്കാന്‍ സാധിക്കാത്തത് ഭാരതീയരുടെ സാംസ്കാരിക
ഉണ്‍മയാണെന്ന് അവര്‍ക്ക് മനസ്സിലായിട്ടുണ്ട്. അതിനാലാണ് ഭാരതത്തിന്റെ
സാംസ്കാരിക ബിംബങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ അവര്‍
നടത്തിക്കൊണ്ടിരിക്കുന്നത്. ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തെ
നശിപ്പിച്ചാല്‍ മാത്രമേ തങ്ങള്‍ക്കിവിടെ ആധിപത്യം നേടാന്‍ സാധിക്കൂ എന്ന
അവരുടെ തിരിച്ചറിവിന്റെ ഫലമാണ് ഇത്തരത്തിലുള്ള സാംസ്കാരിക ആക്രമണങ്ങള്‍.
അതിനായി ഏറ്റവും പുതുതായി അവര്‍ ഉപയോഗിക്കുന്ന തന്ത്രമാണ് ഭാരതത്തില്‍
ഫാസിസം നിലനില്‍ക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കുക എന്നത്. ഭാരതത്തില്‍
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വികസന കാഴ്ചപ്പാടിലൂന്നിയ, കരുത്തുറ്റ,
ഊര്‍ജ്ജസ്വലമായ ഒരു ഭരണവ്യവസ്ഥ നിലവില്‍ വന്നതില്‍പ്പിന്നെയാണ് ഈ
സാംസ്കാരിക ആക്രമണം അവര്‍ ശക്തമാക്കിയത്. വമ്പിച്ച തോതിലുള്ള ധനവും,
ആള്‍ബലവും, വാടകയ്ക്കെടുക്കപ്പെട്ട ബുദ്ധിശക്തിയും അതിനായവര്‍
ഉപയോഗിക്കുന്നുണ്ട്.
        സമൂഹത്തിലെ സാംസ്കാരികശക്തി ക്ഷയിപ്പിക്കാന്‍ ഏറ്റവും ഉചിതമായ മാര്‍ഗ്ഗം
ലഹരിയുടെ വ്യാപനമാണെന്ന് അവര്‍ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ്
ലഹരിയെ മഹത്വവത്കരിക്കുന്ന സിനിമകളും, പ്രചാരണങ്ങളും ഈ ഫാസിസത്തിന്റെ
വക്താക്കള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ ലഹരി വ്യാപാരത്തിനും,
ലൈംഗിക വ്യാപാരത്തിനും ഒരു പുരോഗമനമുഖം നേടിയെടുക്കുവാനുള്ള ശ്രമമാണവര്‍
ആദ്യം നടത്തിയത്. രാഷ്ട്രീയത്തിലും, സാഹിത്യ – കലാ - സാംസ്കാരിക
രംഗങ്ങളിലും, തങ്ങള്‍ക്കുള്ള സ്വാധീനമാണവരതിനായുപയോഗപ്പെടുത്തിയത്.
ചുംബനാഭാസ സമരങ്ങള്‍ നടത്തിയപ്പോള്‍ ചില പുരോഗമനമുഖമണിഞ്ഞ പ്രമുഖ
രാഷ്ട്രീയപ്പാര്‍ട്ടികള്‍ അതിന് പിന്തുണ പ്രഖ്യാപിച്ചത് അതുകൊണ്ടാണ്.
തങ്ങളുടെ കൂടെനിന്നാല്‍ അതിലൈംഗികതയുടെയും, ലഹരിയുടെയും മോഹിതലോകത്ത്
ആറാടാം എന്ന പ്രലോഭനമാണ് യുവാക്കളുടെമുന്നില്‍ അവര്‍ വെക്കുന്നത്.
അതിലൂടെ യുവാക്കളെ ലഹരിയിലേക്കും അസാന്മാര്‍ഗ്ഗികതയിലേക്കും നയിക്കുകയും,
തദ്വാരാ സാംസ്കാരികാധഃപതനം സാധ്യമാക്കുകയുമാവാം എന്നതും, ആ ഉഴുതിട്ട
മണ്ണില്‍ ഫാസിസത്തെ എതിരില്ലാതെ മുളപ്പിച്ചെടുക്കാം എന്നുമാണവര്‍ സ്വപ്നം
കാണുന്നത്.
        രാഷ്ട്രീയ – മത കൊലപാതകങ്ങളിലൂടെ സമൂഹത്തില്‍ ഭീതിവിതച്ച്,
എളുപ്പത്തില്‍ ഭാവിയില്‍ അധികാരം കൊയ്യാം, അല്ലെങ്കില്‍ അധികാരം
നിലനിര്‍ത്താം, ചൈനയിലും, ഇറ്റലിയിലും, കമ്പൂച്ചിയയിലും, ജര്‍മ്മനിയിലും,
റഷ്യയിലും മറ്റും നടപ്പിലാക്കിയതുപോലുള്ള സ്വേച്ഛാധിപത്യ ഫാസിസ്റ്റ്
ഭരണക്രമം ഇവിടെയും നടപ്പിലാക്കാം എന്നതാണവരുടെ ആഗ്രഹം.
അതിനുവേണ്ടിയാണിവിടെ അരാജകത്വത്തിന്റെ വളക്കൂറുള്ള മണ്ണ്
ഉഴുതുമറിച്ചുണ്ടാക്കുന്നത്.
        ഈയൊരു നീക്കം തിരിച്ചറിയാന്‍ കഴിഞ്ഞു എന്നതാണ് കോഴിക്കോട് വിശ്വമാനവ
സംഗമം സംഘടിപ്പിച്ച ചെറുപ്പക്കാരുടെ ഏറ്റവും സവിശേഷമായ പ്രത്യേകത. തനതായ
സാംസ്കാരിക ബിംബങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും, അവയ്ക്കുനേരെ
ഉണ്ടാവുന്ന ആക്രമണങ്ങളെ തുറന്നു കാണിച്ചുകൊണ്ടും, വെറും ജനാധിപത്യ
അധികാരം മാത്രം ഉണ്ടായിട്ടുകൂടി ഫാസിസത്തിന്റെ വക്താക്കളായ
കമ്മ്യൂണിസ്റ്റുകാരും, മതമൗലിക വാദികളും ചെയ്തുകൂട്ടിയ അരുംകൊലകളുടെയും,
ഫാസിസ്റ്റ് നടപടികളുടെയും നേര്‍ക്കാഴ്ചകള്‍ സമൂഹത്തിനു മുന്നില്‍
തുറന്നുകാട്ടിയും യൂത്ത് എഗനിസ്റ്റ് ഫാസിസം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച
വിശ്വമാനവസംഗമം എന്ന യഥാര്‍ത്ഥ ഫാസിസ്റ്റ് വിരുദ്ധ സംഗമം വലിയൊരു
സാംസ്കാരിക പ്രതിരോധ ശ്രമമാണ്. മാധ്യമങ്ങളെയും, ബുദ്ധിജീവി
നാട്യക്കാരെയും, വന്‍കിട കോര്‍പ്പറേറ്റുകളെയും വിലയ്ക്കു വാങ്ങിക്കഴിഞ്ഞ
മത – കമ്മ്യൂണിസ്റ്റ് ഫാസിസ്റ്റുകളുടെ കഴുകന്‍ നഖങ്ങളെ പ്രതിരോധിക്കാന്‍
ഈ ശ്രമങ്ങള്‍ വേണ്ടത്ര ബലവത്താണോ എന്ന ആശങ്ക മാത്രമേയുള്ളൂ.
        എന്തുതന്നെയായാലും, ഫാസിസത്തിന്റെ വിത്ത് ഭാരതഭൂമിയില്‍
മുളപ്പിക്കുവാനുള്ള ശ്രമങ്ങളെ തിരിച്ചറിഞ്ഞ്, അരാജാകത്വത്തിന്റെയും,
ലഹരിവില്പനലോബികളുടെയും, പെണ്‍വാണിഭ ലോബികളുടെയും ആസൂത്രിത ശ്രമങ്ങളെ
തിരിച്ചറിഞ്ഞ് അതിശക്തമായ സാംസ്കാരിക പ്രതിരോധം വിശ്വമാനവസംഗമത്തിലൂടെ
തീര്‍ത്ത "യൂത്ത് എഗനിസ്റ്റ് ഫാസിസം" പ്രവര്‍ത്തകര്‍ ഒരു പ്രചോദനമാണ്.
ഇവരില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട്, കേരളത്തിന്റെ ഇതര ഭാഗങ്ങളിലും,
രാജ്യത്തിന്റെ ഇതരഭാഗങ്ങളിലും സമാനമായ പ്രതിരോധശ്രമങ്ങള്‍
ഉണ്ടാവുമെന്നതില്‍ സംശയം വേണ്ട. സംസ്കാരസംരക്ഷണത്തിനായി യുവത
ഉണര്‍ന്നുകഴിഞ്ഞിരിക്കുന്നു. യൂത്ത് എഗനിസ്റ്റ് ഫാസിസം എന്ന സംഘടനയുടെ
പ്രവര്‍ത്തകര്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

28 Sept 2015

ഭാഷയ്ക്ക്‌ മണ്ണിന്റെ മണമുണ്ടാവണം


ശ്രീജിത്ത്‌ മൂത്തേടത്ത്‌

    ഭാഷ അതിന്റെ ധർമ്മം നിർവ്വഹിക്കുന്നത്‌ മനുഷ്യന്റെ സർഗ്ഗാത്മക മനസ്സിന്റെ ദർപ്പണമാവുമ്പോഴാണ്‌. കേവലം ആശയ വിനിമയത്തിനുള്ള ഉപാധി എന്നതിനപ്പുറം മനുഷ്യ മനസ്സിന്റെ അന്തഃചോദനകളുടെ പ്രകാശനത്തിനുള്ള ഉപാധി കൂടിയാവണം ഭാഷ. രൂപപ്പെടലിന്റെ ഘട്ടത്തിൽ ഇത്തരമൊരു നിർവ്വചനമോ, ഉദ്ദേശ്യമോ, ധർമ്മ വ്യാഖ്യാനമോ ഭാഷയ്ക്കില്ലായിരുന്നുവേങ്കിലും അതിന്റെ വികാസഘട്ടത്തിൽ വന്നുചേർന്നിട്ടുള്ള ചുമതലകളാണിവ. വികാസം പ്രാപിച്ച്‌ പുരോഗമിക്കുന്ന ഒന്നിനു മാത്രമാണല്ലോ പുതിയ ധർമ്മങ്ങൾ ചാർത്തപ്പെടുന്നത്‌. ഒരു ചെടി വളർന്ന്‌ വലുതാവുമ്പോഴാണല്ലോ അതിന്‌ തണൽ നൽകുക, ഫലം നൽകുക, വിവിധ ജീവജാലങ്ങൾക്ക്‌ കൂടൊരുക്കുക തുടങ്ങിയ അനേകമനേകം ധർമ്മങ്ങൾ കൽപിക്കപ്പെടുന്നത്‌. ഭാഷ അതിന്റെ ധർമ്മം നിർവ്വഹിക്കുന്നത്‌ സാഹിത്യത്തിലൂടെയാണ്‌. എഴുത്തുരൂപത്തിലുള്ളതോ, വാമൊഴി രൂപത്തിലുള്ളതോ ആയ സാഹിത്യത്തിലൂടെയാണ്‌ ഭാഷയുടെ സർഗ്ഗാത്മക വികാസം സാധ്യമായിട്ടുള്ളത്‌ എന്നു പറയാം.
    അങ്ങിനെ നോക്കുമ്പോൾ ഭാഷയുടെയും, സാഹിത്യത്തിന്റെയും നിൽപ്‌ പരസ്പര പൂരകമാണെന്നു വ്യക്തമാകും. അതായത്‌ ഭാഷയുടെ വികാസം സർഗ്ഗാത്മക സാഹിത്യത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ എന്നതും, സർഗ്ഗാത്മക സാഹിത്യത്തിന്റെ വികാസം ഭാഷയുടെ വികാസത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ എന്നതും പരസ്പരാശ്രിതങ്ങളാണ്‌. ഇവിടെ സാഹിത്യത്തിനും, ഭാഷാ വികാസത്തിനും ഒരു സന്തുലിത ലക്ഷ്യം കൈവരുന്നു. സർഗ്ഗാത്മക വികാസം. പ്രശസ്ത ദക്ഷിണാഫ്രിക്കൻ വിമോചന സമരപ്പോരാളിയും, ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ടുമായിരുന്ന നെൺസൺ മണ്ഡേല പറയുന്നു : ?നിങ്ങൾ ഒരാളോട്‌ അയാൾക്കു മനസ്സിലാവുന്ന ഏതെങ്കിലുമൊരു ഭാഷയിൽ സംസാരിക്കുമ്പോൾ അത്‌ അയാളുടെ തലച്ചോറിലേക്കു കയറുന്നു. നിങ്ങൾ ഒരാളോട്‌ അയാളുടെ സ്വന്തം മാതൃഭാഷയിൽ സംസാരിക്കുമ്പോൾ അത്‌ അയാളുടെ ഹൃദയത്തിലേക്കു കയറുന്നു? (“If uou talk to a man in a language he understand, that goes t his head. If you talk him in his own language, that goes to his heart”) ദീർഘകാലം ഭാഷാ - വർണ്ണാധിനിവേശത്തിൽ കഴിയേണ്ടിവന്ന ഒരു നേതാവിന്റെ വാക്കുകളാണിവയെന്നോർക്കണം. ആൽബർട്ട്‌ ഐൻസ്റ്റീൻ മുതൽ, രബീന്ദ്രനാഥ്‌ ടാഗോർ വരെ നിരവധി പേർ ഇതേ ആവശ്യമുന്നയിച്ചവരാണ്‌.
    സാഹിത്യം പരിപോഷിപ്പിക്കപ്പെടുകയും, അത്‌ കൂടുതൽ സർഗ്ഗാത്മകമാവുകയും ചെയ്യുക അത്‌ തലച്ചോരിനേക്കാൾ ഹൃദയത്തോടു ചേർന്നു നിൽക്കുമ്പോഴാണ്‌. ഹൃദയത്തോടു ചേർന്നു നിൽക്കണമെങ്കിൽ അവനവന്റെ മാതൃഭാഷയിലൂടെയാവണം രചന. മാതൃഭാഷയിലുള്ള സാഹിത്യ രചന മാതൃഭാഷയെ പ്രോത്സാഹിപ്പിക്കുകയും, തദ്വാരാ മാതൃഭാഷയുടെ വികാസം സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മലയാള ഭാഷയുടെ വികാസപരിണാമമോ, തമിഴ്‌ ഭാഷയുടെ വികാസ പരിണാമമോ, പഠനവിധേയമാക്കുമ്പോൾ നമ്മൾ എഴുത്തച്ഛനിലേക്കും, തിരുവുള്ളരിലേക്കും പോവുന്നത്‌ അതുകൊണ്ടാണ്‌. നമ്മൾ മലയാള ഭാഷ പഠിക്കുന്നത്‌ കുഞ്ചൻ, തുഞ്ചൻ, ചെറുശ്ശേരി; ആശാൻ, ഉള്ളൂർ, വള്ളത്തോൾ തുടങ്ങിയവരുടെ കാവ്യരചനകളിലൂടെയും, സി.വി. രാമൻപിള്ള, ഒ. ചന്തുമേനോൻ തുടങ്ങിയവരുടെ ഗദ്യരചനകളിലൂടെയുമാണല്ലോ.
    പറഞ്ഞുവന്നത്‌, ഭാഷയ്ക്ക്‌ മണ്ണിന്റെ മണമുള്ള സാഹിത്യസൃഷ്ടികളുടെ പൈന്തുണയുണ്ടാവണം അത്‌ ഹൃദയത്തോടുചേർന്ന്‌ വളർന്ന്‌ വികാസം പ്രാപിക്കുവാൻ എന്നതാണ്‌. മലയാള ഭാഷയിൽ ഈയടുത്തകാലത്തായി സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെന്താണെന്നൊന്നു നമുക്കു പരിശോധിക്കാം. ഈയിടെ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ വച്ചുനടന്നൊരു സാഹിത്യ ചർച്ചയിൽ പ്രശസ്ത സാഹിത്യ നിരൂപകനും, അക്കാദമി മുൻ വൈസ്‌ പ്രസിഡണ്ടുമായ ബാലചന്ദ്രൻ വടക്കേടത്ത്‌ ഇങ്ങിനെയൊരഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി : ?മലയാളത്തിൽ ഇന്ന്‌ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്നത്‌ അന്യദേശപ്രമേയങ്ങളായ കൃതികളാണ്‌. ഇന്നത്തെ ബെസ്റ്റ്‌ സെല്ലറുകളായ ബെന്ന്യാമിന്റെ 'ആടുജീവിതം', കെ.ആർ. മീരയുടെ 'ആരാച്ചാർ', ടി.ഡി. രാമകൃഷ്ണന്റെ 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' എന്നിവയെല്ലാം അന്യദേശ പ്രമേയങ്ങളായ കൃതികളാണ്‌. ഇത്‌ മലയാളിയുടെ ജാഡയാണ്‌.? സാഹിത്യ അക്കാദമിയിൽ വച്ചുതന്നെ നടന്ന മറ്റൊരു ചർച്ചയിൽ പ്രശസ്ത കഥാകൃത്ത്‌ യു.കെ. കുമാരൻ പറയുകയുണ്ടായി : ?മണ്ണിന്റെ മണമുള്ള നമ്മുടെ സ്വന്തം പ്രദേശത്തിന്റെ കഥ നമ്മുടെ നാട്ടുഭാഷയിൽ എഴുതി ഫലിപ്പിക്കുന്നതിന്റെ സുഖവും, സംതൃപ്തിയും മറ്റൊന്നിലും കിട്ടില്ല.? അദ്ദേഹത്തിന്റെ 'തക്ഷൻകുന്ന്‌ സ്വരൂപം' എന്ന നോവലിന്റെ അധികരിച്ചുള്ള ചർച്ചയ്ക്ക്‌ മറുപടി പറയവെയാണ്‌ യു.കെ. കുമാരൻ അങ്ങിനെ പ്രസ്താവിച്ചതു.
    മേൽ പറഞ്ഞ കാര്യങ്ങൾക്ക്‌ എന്തെങ്കിലും സാധുതയുണ്ടോ എന്നതും, മലയാളഭാഷയിൽ വായനക്കാർ നെഞ്ചേറ്റിയ എഴുത്തുകാരെയും അവരുടെ രചനകളെയും പരിശോധിച്ച്‌ നമുക്ക്‌ ഒന്നു വിലയിരുത്താം. ഏറ്റവും ആദ്യം 'ഒരു ദേശത്തിന്റെ കഥ'യും, 'നാടൻ പ്രേമ'വുമെഴുതി മലയാളി മനസ്സിനെ കവർന്നെടുത്ത എസ്‌.കെ. പൊറ്റെക്കാടിന്റെ കൃതികൾ നമുക്ക്‌ പരിശോധിക്കാം. ഒരു സഞ്ചാരസാഹിത്യകാരൻ എന്ന നിലയിൽ അന്യദേശ വിഷയിതമായിട്ടുള്ള നിരവധി സഞ്ചാരക്കുറിപ്പുകൾ എഴുതിയിട്ടുണ്ടെങ്കിലും മലയാളി ഏറ്റവും കൂടുതൽ നെഞ്ചേറ്റിയത്‌ ഒരു ദേശത്തിന്റെ കഥയാണെന്നു കാണാം. 1980ൽ അദ്ദേഹത്തെ ജ്ഞാനപീഠത്തിനർഹനാക്കിയതും ഈ കൃതിതന്നെയാണല്ലോ. അതിരാണിപ്പാടത്തെ ശ്രീധരനെയും, കൊച്ചാപ്പുവിനെയുമൊക്കെ മലയാളിക്ക്‌ മറക്കാനാവുമോ? തദ്ദേശീയമായ ഭാഷ ഉപയോഗിക്കാൻ എഴുത്തുകാരൻ ശ്രമിച്ചതും, മണ്ണിന്റെ മണമുള്ള പ്രമേയം സ്വീകരിച്ചതുമാണ്‌ ഈ നോവലിന്റെ വിജയം എന്നു പറഞ്ഞാൽ തള്ളിക്കളയാനാവുമോ, മലയാളിയെ ചിരിക്കാനും ചിന്തിക്കാനും ഒരേ സമയം പ്രേരിപ്പിച്ച വൈക്കം മുഹമ്മദ്‌ ബഷീറിന്റെ കൃതികൾ ഒന്നു പരിശോധിച്ചു നോക്കൂ. പാത്തുമ്മയുടെ ആടും, ആനവാരിയും പൊൻകുരിശും, എട്ടുകാലി മമ്മൂഞ്ഞുമൊക്കെ മലയാളിയുള്ളിടത്തോളം കാലം ജീവിക്കുന്നവയാണ്‌. തദ്ദേശീയമായ ഭാഷയും, പ്രമേയവുമായിരുന്നു ബഷീറിന്റെ വിജയം.
    മലയാളി സാഹിത്യത്തിലൂടെയും, സിനിമയിലൂടെയും നെഞ്ചേറ്റിയ തകഴിയുടെ ചെമ്മീൻ കടലോരഭാഷയാണ്‌ സംസാരിക്കുന്നത്‌. കറുത്തമ്മയെയും, പരീക്കുട്ടിയെയും, ഓർക്കുമ്പോൾ മലയാളി ആ കടലോരവും, കടലോരഭാഷയും ഓർക്കുന്നു. കടൽത്തിരകളുടെ മണവും, നനഞ്ഞ പൂഴിമണലിന്റെ മണവും ലഭിക്കുന്നു. കടലോരസംസ്കാരത്തിന്റെ മണം ലഭിക്കുന്നു. എം.ടി. വാസുദേവൻ നായരുടെ കൃതികൾ നമ്മെ വള്ളുവനാട്ടിലെ നിളാതീരഗ്രാമങ്ങളിലേക്കാണു കൊണ്ടുപോകുന്നത്‌. മലയാളിക്ക്‌ ഇത്രയധികം സ്വീകാര്യനാവാൻ എം.ടി.ക്ക്‌ കഴിഞ്ഞത്‌ അദ്ദേഹത്തിന്റെ കൃതികളിലെ പ്രാദേശിക പ്രമേയവും, ഭാഷയും കാരണമാണെന്ന്‌ പറയാതിരിക്കാൻ വയ്യ. നായർ തറവാടുകളുടെ ജീവിതവും, സംസ്കാരവും, ഒപ്പം അതോടൊത്തു ജീവിതം മുന്നോട്ടു കൊണ്ടുപോവുന്ന ഇതരജീവിതങ്ങളെയും നമുക്ക്‌ എം.ടി.യുടെ കൃതികളിൽ കാണുവാനാവുന്നു. മലയാളിക്ക്‌ ഇത്രയധികം സ്വീകാര്യനാവാൻ എം.ടി.ക്ക്‌ കഴിഞ്ഞത്‌ അദ്ദേഹത്തിന്റെ കൃതികളിലെ പ്രാദേശിക പ്രമേയവും, ഭാഷയും കാരണമാണെന്ന്‌ പറയാതിരിക്കാൻ വയ്യ. ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിലൂടെ മലയാള സാഹിത്യ ചരിത്രത്തെ ഖസാക്കിനു മുമ്പും, ശേഷവും എന്നു വിഭജിച്ച ഒ.വി. വിജയൻ പാലക്കാട്‌ ജില്ലയിലെ തസ്രാക്ക്‌ ഗ്രാമത്തിന്റെയും, ഗ്രാമ്യഭാഷയുടെയും, ഗ്രാമ്യ കഥാപാത്രങ്ങളുടെയും ബലത്തിലാണ്‌ ഖസാക്കിന്റെ ഇതിഹാസം എന്ന നോവൽ മലയാളിയുടെ ഇതിഹാസമാക്കിയത്‌. രവിയെയും, മൈമൂനയെയും അറിയാത്ത മലയാളികളുണ്ടാവില്ലല്ലോ.
    മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ ഹൃദയത്തിലിടം പിടിച്ച എം. മുകണ്ടന്റെ കൃതികളിൽ ഭൂരിഭാഗവും അദ്ദേഹത്തിന്റെ ജന്മദേശമായ മയ്യഴിയും, പരിസരവുമാണ്‌ ഭൂമിക. പ്രമേയം നാട്ടുജീവിതവും, ഭാഷ നാട്ടുഭാഷയും. ഈ നാടും, നാട്ടുഭാഷയും സൃഷ്ടിക്കുന്ന വൈകാരികതയെയാണ്‌ തന്റെ കൃതികളുടെ വിജയമെന്ന്‌ മുകുന്ദൻ തന്നെ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്‌. ഉറൂബിന്റെ ഉമ്മാച്ചുവും സംസാരിക്കുന്നത്‌ നാട്ടുഭാഷയും, പറയുന്നത്‌ നാട്ടുകഥയുമാണല്ലോ. യു.എ. ഖാദറിന്റെ തൃക്കോട്ടൂർ പെരുമയും, കഥകളും, എൻ.എസ്‌. മാധവന്റെ ലന്തൻ ബത്തേരിയിലെ ലുത്തിനിയകളും സംസാരിക്കുന്നത്‌ നാട്ടുഭാഷതന്നെ. ഏറ്റവുമൊടുവിൽ സുഭാഷ്‌ ചന്ദ്രന്റെ മനുഷ്യന്‌ ഒരു ആമുഖം എന്ന നോവലിന്റെ സ്വീകാര്യതയ്ക്കും കാരണം അത്‌ പ്രമേയമാക്കുന്നത്‌ കടുങ്ങല്ലൂർ ഗ്രാമത്തിലെ മനുഷ്യരെയും, മണ്ണിനെയും ഭാഷയെയും സംസ്കാരത്തെയുമാണ്‌ എന്നതാണ്‌.
    ഇത്രയും പറഞ്ഞത്‌ മലയാള സാഹിത്യത്തിന്റെ വികാസപരിണാമ ചരിത്രത്തിൽ ഹൃദയത്തോട്‌ ചേർന്നു നിന്ന്‌ നിസ്തുലമായ പങ്കുവഹിച്ചതു മാതൃഭാഷയുടെ പ്രാദേശിക ഭേദങ്ങളുടെ ഉപയോഗവും, മണ്ണിന്റെ മണവുമുള്ള തദ്ദേശീയമായ പ്രമേയവും ആണെന്നുള്ളതാണ്‌. മറ്റുള്ളവ മോശമാണെന്നോ, അനാവശ്യമാണെന്നോ അതിനർത്ഥമില്ല. പക്ഷെ ഭാഷയുടെ സർഗ്ഗാത്മക വികാസത്തിനും, സർഗ്ഗാത്മകഭാവനാസമ്പുഷ്ടമായ സാഹിത്യത്തിന്റെ വികാസത്തിനും, എന്റെ ഭാഷ, എന്റെ ഭൂമി, എന്റെ സംസ്കാരം എന്ന ധ്യേയവാക്യം എത്രത്തോളം ഉയിരും, നീരും നൽകുന്നുവേന്നതാണ്‌ കാര്യം.
    നമ്മുടെ നാട്ടുഭാഷയും, നാട്ടുപേച്ചുകളും, നാട്ടുമണവും, നാട്ടുസംസ്കാരവും കുഴിച്ചാലും, കുഴിച്ചാലും തീരാത്ത അക്ഷയ ഖാനികളാണ്‌. അതിൽ ഇനിയുമെത്രയോ സഹശ്രമിരട്ടി അമൂല്യ രത്നങ്ങളും, മുത്തുകളുമുണ്ട്‌. അവയെ ശ്രദ്ധാപൂർവ്വമൊന്നു പൊടിതട്ടിയെടുത്താൽ മാത്രം മതി അത്‌ വെട്ടിത്തിളങ്ങി പ്രകാശം പരത്താൻ. കൈത്തഴക്കവും, ശ്രദ്ധയും, ധ്യാനവും ചേർന്ന ഉരച്ചു മിനുക്കലുകളിൽ നിന്നും പുറപ്പെടുന്ന വജ്രശോഭ ലോകമെങ്ങും വ്യാപിപ്പിക്കുവാൻ സാധിക്കുകയും ചെയ്യും. ലോകത്ത്‌ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ലാറ്റിനമേരിക്കൻ സാഹിത്യമായാലും, ഇംഗ്ലീഷ്‌ സാഹിത്യമായാലും, അവരവരുടെ പ്രദേശത്തിന്റെ പ്രമേയവും ഭാഷയുമാണ്‌ അവയെ ധന്യമാക്കിയതെന്നും, വ്യത്യസ്തമാക്കിയതെന്നും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്‌. നമ്മുടെ നാടിന്റെ നനവും, മണവുമുള്ള നാട്ടുപേച്ചുകളിലുള്ള ഭാഷയും, നാട്ടു സംസ്കാരത്തിലൂന്നിയ ഭൂമികയും നമ്മുടെ മലയാള സാഹിത്യത്തെ കൂടുതൽ കൂടുതൽ പുഷ്കലമാക്കട്ടെയെന്ന്‌ നമുക്ക്‌ ആശിക്കാം. അതിനായി എന്റെ ഭാഷ, എന്റെ ഭൂമി, എന്റെ സംസ്കാരം എന്ന ആപ്തവാക്

21 Aug 2015

പൊക്കൻ

ശ്രീജിത്ത്  മൂത്തേടത്ത്
പൊക്കനെപ്പിടിച്ച്,
വാലിൽ കുടുക്കിട്ട്,
കല്ലെടുപ്പിച്ചും
പറപ്പിച്ചും
രസിച്ച കുട്ടി
കോലാത്തെമ്പത്തിരുന്നു
കരഞ്ഞു.
പൊക്കൻ
പറന്നുപോയത്രെ!!
കാതിൽ
കടുക്കനിട്ട
കുഞ്ഞിപ്പറമ്പത്തെ
പൊക്കേട്ടൻ
കുട്ടിയെ ആശ്വസിപ്പിച്ചു -
''ഞ്ഞ്യെന്തിനാ മോനേ
കരേന്നെ?
പറക്ക്ന്ന പൊക്കൻ
പോയാലെന്താ മോന്
ഈ നടക്ക്ന്ന
പൊക്കേട്ടനില്ലേ?''
കുട്ടിയും
പൊക്കേട്ടനും
കുഞ്ഞിപ്പറമ്പത്തെ
മിറ്റത്ത്
തുള്ളിക്കളിച്ചു.

25 Feb 2014

മുളങ്ങ് ഗ്രാമം സമരച്ചൂടിലാണ്

ശ്രീജിത്ത് മൂത്തേടത്ത്


മുളങ്ങ് നിവാസികള്‍ പ്രകടനം നടത്തുന്നു
തൃശൂര്‍ ജില്ലയിലെ പറപ്പൂക്കര പഞ്ചായത്തിലെ മുളങ്ങ് ഗ്രാമത്തിലെ ജനങ്ങള്‍ ജീവന്‍മരണപ്പോരാട്ടത്തിലാണ്. ഗുരുതരമായൊരു അത്യാഹിതത്തിനുമുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കേണ്ടിവരികയാണ് ഈ ജനത. ഉറക്കെ നിലവിളിക്കുകയല്ലാതെ മറ്റൊന്നിനുമാവില്ലെന്നതുപോലൊരു നിസ്സഹായാവസ്ഥയിലാണ് ഇവിടുത്തെ സ്ത്രീകളും കുട്ടികളും. അനുഭവിക്കുന്ന ഘോരമായ രാസമാലിന്യാഘാതത്തെ ചെറുക്കാന്‍ മാര്ഗ്ഗമില്ലാത്ത അബലജനത എന്തുചെയ്യും? ഈയൊരു നിസ്സഹയായാവസ്ഥയില്‍ നിന്നാണ് മുളങ്ങില്‍ ഗ്രാമജനത തങ്ങളുടെ ജീവന്‍ ഹനിക്കുന്ന രാസമാലിന്യം പുറന്തള്ളുന്ന ഫാക്ടറിക്കെതിരെ മരണംവരെ നിരാഹാരസമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ലേഖനമെഴുതുന്ന ദിവസം നിരാഹാരസമരം 23 ദിവസമാണ്. ഈ ഗ്രാമത്തിലെ മുഴുവന്‍ ജനതയുടെയും ജീവന്‍ അപകടത്തിലാക്കിക്കൊണ്ട് അതിമാരകമായ രാസമാലിന്യങ്ങള്‍ പുറന്തള്ളുന്ന അലൂമിനിയം ഫാക്ടറി, നിയമത്തെയും നീതിയെയും വെല്ലുവിളിച്ചുകൊണ്ട് ഒരു കൂസലുമില്ലാതെ പ്രവര്‍ത്തിക്കുന്നു. പേരിനൊരു പഞ്ചായത്തു ലൈസന്‍സുപോലും ഈ ഫാക്ടറിക്കില്ലെന്നതാണ് ആശ്ചര്യകരം. രാജ്യത്തെ നിയമസംവിധാനങ്ങളെ മുഴുവന്‍ നോക്കുകുത്തികളാക്കിക്കൊണ്ടു പ്രവര്‍ത്തിക്കുന്ന കൊലയാളി ഫാക്ടറിയെ, ജനങ്ങള്‍ ഇടതിങ്ങിത്താമസിക്കുന്ന പ്രദേശത്തു സ്ഥാപിക്കുവാനാവശ്യമായ ഒത്താശകള്‍ ചെയ്തുകൊടുത്തതാവട്ടെ ജനപ്രതിനിധിയായ ബഹുമാനപ്പെട്ട പഞ്ചായത്തുപ്രസിഡണ്ടും. ഇതുപോലൊരു വൈരുദ്ധ്യം ലോകത്തെവിടെയെങ്കിലും കാണുവാന്‍ കഴിയുമോയെന്ന കാര്യ സംശയമാണ്.

ജനകീയ സമരങ്ങള്‍ക്കു പേരുകേട്ട ജില്ലയാണ് തൃശൂര്‍. ലാലൂര്‍ എന്ന ഗ്രാമത്തിലെ മാലിന്യനിക്ഷേപത്തിനെതിരെ നടന്ന സമരവും, കാതിക്കുടത്തെ നിറ്റാജലാറ്റിന്‍ വിരുദ്ധ സമരവും, പാലിയേക്കര ടോള്‍ പ്ലാസ വിരുദ്ധസമരവും, മുനിയാട്ടുകുന്ന് മുനിയറ സംരക്ഷണസമരവും, പല്ലിശ്ശേരി കായല്‍ കൃഷിഭൂമി സംരക്ഷണസമരവും, മുരിയാട്ടുകായല്‍ സംരക്ഷണസമരവും എല്ലാം തൃശൂര്‍ ജില്ലയിലാണ് നടന്നുവരുന്നത്. ഈ സമരങ്ങളോടെല്ലാം കാണിക്കുന്ന നിഷേധസ്വഭാവമാണ് ഇപ്പോള്‍ മുളങ്ങ് ഗ്രാമത്തോടും സര്‍ക്കാര്‍ കാണിക്കുന്നത്. ജനങ്ങള്‍ ശ്വാസംമുട്ടിപ്പിടയുമ്പോള്‍ അത് വെറുമൊരു ജനകീയ സമരമല്ലേയെന്ന നിസ്സംഗാവസ്ഥ! തങ്ങളെ അധികാരത്തിന്‍ അപ്പക്കഷണം നുകരാന്‍ തെരഞ്ഞെടുത്തത് ഈ ജനങ്ങള്‍ തന്നെയാണെന്ന സത്യം രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും, അധികാരസ്ഥാനങ്ങളിലിരിക്കുന്നവരും മറന്നുപോവുന്നു. അല്ലെങ്കില്‍ തങ്ങള്‍ക്കു ലഭിക്കുന്ന സര്‍ക്കാര്‍ ശമ്പളം തങ്ങളുടെ തറവാട്ടുസ്വത്തില്‍നിന്നെടുത്തു തരുന്നതല്ലെന്നും, ഈ ജനങ്ങള്‍ നല്‍കുന്ന നികുതിയില്‍ നിന്നുമാണെന്നും ഉദ്യോഗസ്ഥ ദുഷ് പ്രഭുത്വവും മറന്നുപോവുന്നു.

സമരവുമായിബന്ധപ്പെട്ട് പത്രത്തില്‍വന്ന വാര്‍ത്തകള്‍
വെറും രണ്ടുവര്‍ഷം മുമ്പുമാത്രം സ്ഥാപിതമായ മുളങ്ങിലെ സൗപര്‍ണ്ണിക അലൂമിനിയം ഷീറ്റ് ഫാക്ടറിക്കുമുന്നില്‍ മുളങ്ങുജനത ശ്വാസംമുട്ടിപ്പിടയുകയാണ്. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ പ്രദേശത്തെ നിരവധിയാളുകളെ കമ്പനി രോഗികളാക്കിമാറ്റിക്കഴിഞ്ഞു. സ്വച്ഛമായ ഗ്രാമപ്രദേശത്തെ ജനങ്ങള്‍ ഇപ്പോള്‍ പുറത്തിറങ്ങിനടക്കുന്നത് മാസ്ക് ധരിച്ചുകൊണ്ടാണെന്നത് രാസമാലിന്യം പുറന്തള്ളുന്ന കമ്പനി സൃഷ്ടിക്കുന്ന ഭീകരാവസ്ഥയ്ക്ക് സാക്ഷ്യമാണ്. ഗത്യന്തരമില്ലാതെ കൊലയാളി ഫാക്ടറിക്കെതിരെ ഗ്രാമവാസികള്‍ സംഘടിക്കുകയായിരുന്നു. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ, മുളങ്ങ് പൗരസമിതിയുടെ നേതൃത്വത്തില്‍ കമ്പനി അടച്ചുപൂട്ടാനാവശ്യപ്പെട്ടുകൊണ്ടുള്ള സമരപരിപാടികള്‍ ആരംഭിച്ചു. നിരാഹാരസമരം ഇരുപത്തിമൂന്നു ദിവസം പിന്നിട്ടിട്ടും ബന്ധപ്പെട്ട അധികാരികള്‍ക്ക് ഒരു കൂസലുമില്ലെന്നത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്.
മതിയായ കെട്ടിട സൗകര്യങ്ങളില്ലാതെയാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. ഇവിടെ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ഒരു ഓയില്‍ മില്‍ കെട്ടിടത്തിലാണ് മാരകമായ രാസവിഷ മാലിന്യങ്ങള്‍ പുറന്തള്ളുന്ന ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. അലൂമിനിയം ഷീറ്റുകള്‍ നിര്‍മ്മിച്ച്, അനൊഡൈസിംഗ്, പൗഡര്‍ കോട്ടിംഗ്, മുതലായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന കമ്പനി വാതകരൂപത്തിലും, ദ്രാവകരൂപത്തിലും മാരകമായ രാസമാലിന്യങ്ങള്‍ പുറന്തള്ളുകയാണ്. അലൂമിനിയം ഹൈഡ്രോക്സൈഡ്, അലൂമിനിയം ക്ലോറൈഡ്, അലൂമിനിയം നൈട്രേറ്റ്, അലൂമിനിയം അമോണിയ, ഡിസ്ഗ്രേഡഡ് സള്‍ഫ്യൂറിക് ആസിഡ്, കാര്‍ബണ്‍ ഡയോക്സൈഡ് എന്നിവയ്ക്കുപുറമെ, DYE സീലന്റ്, സോള്‍വെന്റ്, ക്ളീനേഴ്സ് തുടങ്ങിയവയുമായി പ്രതിപ്രവര്‍ത്തിച്ചുണ്ടാവുന്ന വിവിധയിനം രാസമാലിന്യങ്ങളും അന്തരീക്ഷവായുവിനെയും, മണ്ണിനെയും വെള്ളത്തെയും മലീമസമാക്കുന്നു.

കിണറുകളില്‍ കറുത്ത ജലം

കുറഞ്ഞകാലത്തെ പ്രവര്‍ത്തനംകൊണ്ടുമാത്രം കമ്പനിക്കു തൊട്ടടുത്ത വീടുകളിലെ കിണറുകളിലെ ജലം കറുത്തതായി മാറിയെന്നത് ഞെട്ടിപ്പിക്കുന്നതാണ്. കമ്പനി പ്രദേശത്തിനടുത്തു കൃഷിചെയ്തിരുന്ന വാഴകളൊക്കെ അഴുകി നശിച്ചു. തെങ്ങുകള്‍ക്കും, കമുങ്ങുകള്‍ക്കുമൊക്കെ മഞ്ഞനിറം ബാധിച്ചു മൃതപ്രായമായി നില്‍ക്കുന്നു. പ്രദേശത്ത് കാക്കകള്‍ ഒരു കാരണവുമില്ലാതെ ചത്തുവീഴുന്നുവെന്നതും ദയനീയമായ കാഴ്ചയാണ്. കഴിഞ്ഞവര്‍ഷംവരെ ഇവിടുത്തെ ചതുപ്പുകളില്‍ ഡിസംബര്‍, ജനുവരി മാസങ്ങളിലെത്തിക്കൊണ്ടിരുന്ന ദൈശാടനപക്ഷികള്‍ ഈ വര്‍ഷമെത്തിയില്ല. തെരുവുനായ്ക്കള്‍ പോലും എവിടെയോ പോയ് മറഞഞു. ഇത്രയും ഭീകരമായ, ഭയാനകമായ പരിതസ്ഥിതിയിലാണ് കിടപ്പാടമുപേക്ഷിച്ചെങ്ങോട്ടുപോകുമെന്ന ചോദ്യചിഹ്നമായി ഒരുകൂട്ടം മനുഷ്യര്‍ മരണവുമായി മല്ലടിച്ചു ജീവിക്കുന്നത്.

സമരത്തിനു നേരെ രാസാക്രമണം.

കഴിഞ്ഞയാഴ്ച നിരാഹാരസമരം 14 ദിവസം പിന്നിടുമ്പോള് സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തി ഈ ലേഖകന്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് കമ്പനി എക്സോസ്റ്റ് ഫാന്‍ പ്രവര്‍ത്തിപ്പിച്ച് ഒരുതരം ദുര്‍ഗന്ധമുണ്ടാക്കുന്ന പൊടിയും പുകയും പുറത്തേക്കു തള്ളിയത്. സമരത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന പതിനാലുവയസ്സുകാരന്‍ തല്‍ക്ഷണം കുഴഞ്ഞുവീണു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനങ്ങള്‍ നിലവിളിയുയര്‍ത്തിയപ്പോഴാണ് ഫാന്‍ ഓഫ് ചെയ്തതും, പുക പുറന്തള്ളുന്നതു നിര്‍ത്തിയതും. ഫാക്ടറി തൊഴിലാളികള്‍ അന്യനാട്ടുകാരായ ബംഗാളികള്‍ ആയതുകൊണ്ട് അവര്‍ ഈയൊരാരോഗ്യപ്രശ്നത്തെക്കുറിച്ച് ബോധവാന്‍മാരല്ല. എങ്കിലും ഇടക്കിടെ കമ്പനിവക വാഹനത്തില്‍ തൊഴിലാളികളെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നത് തൊഴിലാളികള്‍ക്കിടയിലും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നതിന് തെളിവാണ്.

കമ്പനിയുടെ പ്രവര്‍ത്തനാരംഭത്തില്‍ കമ്പനിയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്ന പറപ്പൂക്കര പഞ്ചായത്ത് പ്രസിഡണ്ട് പി. കെ. പ്രസാദ് ജനവികാരം മനസ്സിലാക്കി സമരത്തിനനുകൂലമാണിപ്പോള്‍. ജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നു കരുതിയാണ് താന്‍ കമ്പനി സ്ഥാപിക്കുന്നതിന് സഹായം ചെയ്തുകൊടുത്തതെന്നും, അതു സൃഷ്ടിക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ച് താന്‍ ബോധവാനായിരുന്നില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. പഞ്ചായത്ത് കമ്പനി അടച്ചുപൂട്ടാനുള്ള സ്റ്റോപ്പ് മെമ്മോ കൊടുത്തുവെങ്കിലും കമ്പനി അധികൃതര്‍ അതു കണക്കിലെടുക്കുന്നില്ല. പോലീസില്‍ നല്‍കിയ പരാതിയനുസരിച്ച് ചേര്‍പ്പ് സി.. യുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം കമ്പനി അടച്ചുപൂട്ടിയെങ്കിലും ഒരാഴ്ചയ്ക്കകം വീണ്ടും തുറന്നു പ്രവര്‍ത്തിക്കുകയാണുണ്ടായത്. കോടതിയെ സമീപിച്ച കമ്പനി അധികൃതര്‍ കേസ് തീര്‍പ്പാവുന്നതുവരെ തത്സ്ഥിതി തുടരാനുള്ള ഉത്തരവ് സമ്പാദിച്ച് അതിന്റെ മറവില്‍ പ്രവര്‍ത്തനം തുടരുകയാണ്. പോലീസ് അധികൃതരാവട്ടെ കേസ് കോടതിയാലാണെന്ന ന്യായം പറഞ്ഞ് കയ്യും കെട്ടി നോക്കി നില്‍ക്കുന്നു.
പഞ്ചായത്തിന്റെ ലൈസന്‍സുപോലുമില്ലാതെ, ഒരു തരത്തിലുമുള്ള മലിനീകരണനിയന്ത്രണ ഉപാധിയുമില്ലാതെ, തൊട്ടടുത്ത തോട്ടിലും കനാലിലും മാലിന്യം നിക്ഷേപിച്ച് പ്രവര്‍ത്തിക്കുന്ന അത്യന്തം ഭീകരാവസ്ഥ സൃഷ്ടിക്കുന്ന കമ്പനിയെ നിയന്ത്രിക്കാനും മരണപ്പിടച്ചില്‍ പിടയുന്ന ഗ്രാമജനതയുടെ ദീനരോദനങ്ങള്‍ കേള്‍ക്കാനും അധികൃതര്‍ തയ്യാറാവുന്നില്ലെന്നിരിക്കെ, ജനങ്ങള്‍ അന്തിമ സമരത്തിനൊരുങ്ങുകയാണ്. എല്ലാ പ്രകൃതി സ്നേഹികളുടെയും, മനുഷ്യസ്നേഹികളുടെയും പിന്തുണ ഈ ജീവന്‍മരണപ്പോരാട്ടത്തിനായര്‍ത്ഥിക്കുന്നു.

ബന്ധപ്പെടേണ്ട നമ്പറുകള്‍ :

Shri.Rajan (president, pourasamithy) : +919995891640
Shri. Sandeep (co-ordinator, samara samithy) : +919447381334


24 Aug 2013

കാതിക്കുടത്ത് ഞങ്ങള്‍ കണ്ടത്...




ശ്രീജിത്ത് മൂത്തേടത്ത്







ചേര്‍പ്പ് എഴുത്തുകൂട്ടം പ്രതിനിധികള്‍ കാതിക്കുടം നിറ്റാജലാറ്റിന്‍ സമരഭൂമി സന്ദര്‍ശിച്ചപ്പോള്‍...
കാതിക്കുടം നിറ്റാ ജലാറ്റിന്‍ ഇന്ത്യാ ലിമിറ്റഡ് കമ്പനിയുടെ പ്രധാന ഗേറ്റ്


കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനി
സമരാന്തരീക്ഷം കനത്തുനില്‍ക്കുന്ന കാതിക്കുടത്ത് ഞങ്ങളെത്തുമ്പോള്‍ സമയം മൂന്നുമണിയായിരുന്നു. വാഹനം പാര്‍ക്ക് ചെയ്ത് സമരപ്പന്തല്‍ അന്വേഷിച്ചുചെന്ന ഞങ്ങളെ എതിരേറ്റത് യുദ്ധം കഴിഞ്ഞതുപോലെ തോന്നിക്കുന്ന വാരിവലിച്ചെറിയപ്പെട്ട സമരപ്പന്തലിന്റെ ഓലകളും, മുളകളും മറ്റവശിഷ്ടങ്ങളും. പോലീസ് നരനായാട്ടിനിടയില്‍ അടിച്ചുതകര്‍ക്കപ്പെട്ടവ.. പിഞ്ചുകുഞ്ഞുങ്ങളെപ്പോലും വെറുതെവിടാതെ തല്ലിച്ചതച്ച പോലീസ് കാടത്തം അതിജീവനസമരത്തിന്റെ പ്രതീകമായ സമരപ്പന്തലിന്റെ തൂണുകള്‍ പോലും അടിച്ചുതകര്‍ത്തിരുന്നു. പന്തല്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു സമരഭടന്‍മാര്‍.. നേരത്തെ ഫോണില്‍ ബന്ധപ്പെട്ടിരുന്ന സമരസമിതി കണ്‍വീനര്‍ അനില്‍കുമാറിനെ അന്വേഷിച്ച ഞങ്ങളെ അവിട കൂടിനിന്നവര്‍ സമരപ്പന്തലിന്റെ പിന്നിലെ ചായക്കടപോലെ തോന്നിക്കുന്ന ഒരു ഷെഡ്ഡിലേക്ക് കൊണ്ടുപോയി. ഇതു തന്നെയാണ് അനില്‍കുമാറിന്റെ വീടെന്ന് പിന്നീടറിയാന്‍ കഴിഞ്ഞു. അകത്ത് സമരസമിതി ചെയര്‍മാന്‍ പ്രേം കുമാര്‍ എന്തൊക്കെയോ എഴുതിത്തയ്യാറാക്കുന്ന തിരക്കിലായിരുന്നു. തങ്ങളെ സ്വീകരിച്ചിരുത്തിയ പ്രേംകുമാര്‍ എഴുത്ത് മാറ്റിവച്ച് ഞങ്ങളോട് സംസാരിക്കാന്‍ തയ്യാറായി. സ്ഥലം എം.എല്‍.എ ക്ക് കൊടുക്കാനാവശ്യമായ ചില നോട്ടുകള്‍ തയ്യാറാക്കുകയായിരുന്നുവത്രേ അദ്ദേഹം.
ഇവിടുത്തെ സ്ഥിതിഗതികളൊക്കെ അറിയാമായിരിക്കുമല്ലോ? പ്രേം കുമാര്‍ സംസാരിച്ചുതുടങ്ങി. നിറ്റാ ജലാറ്റിന്‍ ഇന്ത്യാ ലിമിറ്റഡ് കമ്പനിക്കെതിരെ നടന്നുവരുന്ന സമരത്തിന്റെ ഭാഗമായി ഇപ്പോള്‍ നടക്കുന്നത് ഉപരോധ സമരമാണ്. ദിവസവും രാവിലെമുതല്‍ അഞ്ചുപേര്‍ വീതം ഉപരോധമിരിക്കുന്നു. ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങളും ആ സമയത്ത് ഇവിടുണ്ടാവും. ഉപരോധം തീര്‍ക്കുന്ന അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിക്കഴിഞ്ഞാല്‍ ഉച്ചയോടെ എല്ലാവരും പിരിഞ്ഞുപോവുന്നു. വീണ്ടും ഭക്ഷണംകഴിഞ്ഞ് എല്ലാവരും വൈകിട്ട് അഞ്ച് മണിയോടെ സമരപ്പന്തലിനുമുന്നിലെത്തുന്നു.ഇന്നാട്ടിലെ ജനങ്ങള്‍ ഒരനുഷ്ഠാനം പോലെ നടത്തുന്ന സഹനസമരത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി പ്രേംകുമാര്‍ പറഞ്ഞുനിര്‍ത്തി.
രാഷ്ട്രീയപ്പാര്‍ട്ടികളില്‍ സി.പി.എം. ആണ് ഞങ്ങളെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നത്. എന്തിനുവേണ്ടിയാണ് ഈ എതിര്‍പ്പ് എന്നു ഞങ്ങള്‍ക്ക് മനസ്സിലാവുന്നില്ല. കെട്ടുകണക്കിന് പണം എണ്ണിവാങ്ങിയിട്ടുണ്ടാവും. മുഖ്യമന്ത്രിയുടെയും വ്യവസായമന്ത്രിയുടെയും കാര്യവും ഇതുപോലെത്തന്നെ. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ പണം സംഭാവന നല്‍കുന്ന തൃശൂര്‍ ജില്ലയിലെ രണ്ട് സ്ഥാപനങ്ങളാണല്ലോ ഈ കമ്പനിയും (നിറ്റാ ജലാറ്റിന്‍ ഇന്ത്യാ ലിമിറ്റഡ്), ടോള്‍ പ്ലാസയും (പാലിയേക്കര ടോള്‍ പ്ലാസ). അപ്പോള്‍ അവര്‍ക്ക് പണം നല്‍കുന്ന യജമാനന്‍മാരുടെ മുന്നില്‍ വാലാട്ടാതിരിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് പറ്റില്ലല്ലോ?” പ്രേംകുമാര്‍ അമര്‍ഷം മറച്ചുവയ്ക്കുന്നില്ല. “പക്ഷെ കോണ്‍ഗ്രസിന്റെ പഞ്ചായത്ത് നേതൃത്വം ഞങ്ങള്‍ക്ക് അനുകൂലമാണ്. അവര്‍ ഞങ്ങളോട് സഹകരിക്കുന്നുണ്ട്. പക്ഷെ സി.പി.എം.ന്റെ പ്രാദേശിക നേതൃത്വം പോലും ഞങ്ങളോട് ശത്രുതാപരമായ നിലപാടാണ് സ്വീകരിക്കുന്നത്. കഴിഞ്ഞയാഴ്ച പോലീസ് അതിക്രമമുണ്ടായതിനെത്തുടര്‍ന്ന് പബ്ലിസിറ്റിക്കുവേണ്ടി അവര്‍ ഒരു പ്രതിഷേധപ്രകടനം നടത്തി. കമ്പനിക്ക് മുന്നില്‍ വേണമായിരുന്നു അവര്‍ പൊതുയോഗം നടത്തേണ്ട്ത്. അല്ലെങ്കില്‍ സമരപ്പന്തലിന് സമീപം. ഇതിനുപകരം അപ്പുറത്തെ വളപ്പില്‍ പൊതുയോഗം ചേര്‍ന്ന് സമരസമിതിയെ തെറിവിളിക്കുകയാണ് അന്നവിടെ പ്രസംഗിച്ച എം.ബി.രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ ചെയ്തത് . പക്ഷെ ബി.ജെ.പി.യുടെയും, ആര്‍.എസ്.എസ്.ന്റെയും, ഹിന്ദു ഐക്യവേദിയുടെയും പ്രവര്‍ത്തകര്‍ ഇവിടെ സജീവമാണ്.” പ്രേംകുമാര്‍ പറയുന്നു.
ലാത്തി ചാര്‍ജ്ജ് ഒന്നുമല്ല ഇവിടെ നടന്നത്. ആസൂത്രിതമായ അടിച്ചമര്‍ത്തല്‍ ശ്രമമായിരുന്നു. പ്രാദേശിക സമരപ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് അവര്‍ തല്ലിച്ചതച്ചു. ചെറിയ കുട്ടികളെപ്പോലും വെറുതവിട്ടില്ല. വീടുകള്‍ തോറും കയറി വീട്ടുകാരെ മുഴുവന്‍ തല്ലിയോടിച്ചു. വീട്ടുസാമാനങ്ങളും പാചകം ചെയ്തുവച്ചിരുന്ന ചോറും കറികളും വരെ തട്ടിത്തെറിപ്പിച്ചു. ടി.വി.യില്‍ നിങ്ങള്‍ കണ്ടുകാണുമല്ലോ?” പാറക്കടവ് മൂഴിക്കുളം പുഴസംരക്ഷണസമിതി പ്രവര്‍ത്തകനായിരുന്ന പ്രേംകുമാര്‍ ഇപ്പേള്‍ കാതിക്കുടം സമരസമിതിയുടെ ചെയര്‍മാന്‍ ആണ്. എന്നും രാവിരെ കാതിക്കുടത്ത് സമരപ്പന്തലിലെത്തുന്നു. രാത്രിയേറെ വൈകിമാത്രം തിരിച്ചുപോവുന്നു. ജീവിതം തന്നെ ജീവനുവേണ്ടിസമരംചെയ്യുന്ന ജനങ്ങള്‍ക്കുവേണ്ടി ഉഴിഞ്ഞുവച്ച ഈ സമരഭടന് പ്രായമിത്രയായിട്ടും വിശ്രമമില്ല.
ജനകീയ സമരങ്ങള്‍ വിജയിച്ചുകാണാന്‍ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ചിലര്‍ ഇഷ്ടപ്പെടുന്നില്ല. അവരുടെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന് അതുവെല്ലുവിളിയായിരിക്കുമെന്നതുകൊണ്ടാണതെന്നു തോന്നുന്നു. സി.പി.എം. ഏറ്റെടുത്ത സമരങ്ങളെല്ലാം തന്നെ അവസാനം അവര്‍തന്നെ ഒറ്റുകൊടുത്ത ചരിത്രമാണു നമുക്ക് കാണാന്‍ കഴിയുക.”ഇതിനിടെ ഓഫീസിലേക്ക് വന്ന പാലിയേക്കര സമരസമിതി കണ്‍വീനറും ആക്ടിവിസ്റ്റുമായ സ്വാമി എന്നുവിളിക്കപ്പെടുന്ന സാബു പറഞ്ഞു.
നിറ്റാജലാറ്റിന്‍ ഇന്ത്യാ ലിമിറ്റിഡ് എന്നത് ഒരു ജപ്പാനീസ് കമ്പനിയാണ്. കേരള വ്യവസായ വികസന കോര്‍പ്പറേഷന്(K.S.I.D.C.) ഇതില്‍ 33 ശതമാനം ഓഹരികള്‍ മാത്രമേയുള്ളൂ... അഞ്ച് ശതമാനം മറ്റ് സ്വകാര്യവ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും. ബാക്കി 62 ശതമാനവും ജപ്പാനീസ് കമ്പനിയുടെ ഓഹരിയാണ്. 51% ല്‍ കൂടുതല്‍ ഗവണ്‍മെന്റ് ഓഹരിയുണ്ടെങ്കില്‍ മാത്രമേ പൊതുമേഖലാ സ്ഥാപനമായി ഒരു സ്ഥാപനത്തെ കാണാന്‍ കഴിയൂ എന്നിരിക്കെ വെറും 33 ശതമാനം മാത്രം കെ.എസ്..ഡി.സി. ഓഹരിയുള്ള ഈ കമ്പനിയെ പൊതുമേഖലാ സ്ഥാപനമാണ് എന്നു പറഞ്ഞ് പൊതുജനത്തെ കബളിപ്പിച്ച്, കമ്പനിക്കെതിരെ നടക്കുന്ന സമരത്തെ ഗവണ്‍മെന്റിനെതിരെയുള്ള സമരമായി പ്രചരിപ്പിക്കുകയാണ് രാഷ്ട്രീയക്കാരും ഗവണ്‍മെന്റും പോലീസും. ഒരു വിദേശ കമ്പനിക്കെതിരെ അതിന്റ കെടുതിയനുഭവിക്കുന്ന ഗ്രാമവാസികള്‍ നടത്തുന്ന അതിജീവനസമരത്തെ ഗവണ്‍മെന്റിനെതിരെയുള്ള സമരമായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കാനുള്ള ആസൂത്രിതമായ ശ്രമത്തിന്റെ ഭാഗമാണിത്.”
കമ്പനി സൃഷ്ടിക്കുന്ന മാലിന്യപ്രശ്നങ്ങളെ ക്കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നുകഴിഞ്ഞു. എക്സ്പേര്‍ട്ട് കമ്മറ്റി, ജനനീതി സമിതി, നെതര്‍ലാന്റ് യൂണിവേഴ്സിറ്റി സംഘം എന്നിവയെല്ലാം നടത്തിയ പഠനങ്ങളില്‍ കമ്പനി മാരകമായ മാലിന്യങ്ങളാണ് പുറന്തള്ളുന്നത് എന്ന് തെളിഞ്ഞിട്ടുണ്ട്. നമ്മുടെ സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് (kerala pollution controll board)മാത്രമാണ് കമ്പനിക്ക് ക്ലീന്‍ ച്റ്റ് നല്‍കുന്നത്. പണത്തിന്റെ സ്വാധീനമാണ് ഇവിടെ കാണാന്‌ കഴിയുന്നത്. കോടതിയിലും നീതികിട്ടുമോ എന്ന് പ്രതീക്ഷയില്ലാതായിരിക്കുകയാണ്. അവി ഏത് ബെഞ്ചിലേക്ക് കേസ് പരിഗണിക്കപ്പെടണമെന്ന് നിശ്ചയിക്കുന്നത് പണമാണല്ലോ? മുമ്പ് മരണം വിതച്ച മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് കമ്പനിയുടെ വക്കീല്‍ ആയിരുന്ന ആന്റണി ഡോമിനിക് ആണ് ഇപ്പോഴത്തെ ഹൈക്കോടതി ജഡ്ജി. അദ്ദേഹത്തിന്റെ മുന്നില്‍ ഈ കേസ് കിട്ടിക്കഴിഞ്ഞാല്‍ അതിന്റെ വിധി എന്താവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.” പ്രേംകുമാര്‍ പറഞ്ഞു.
സമരസമിതി ചെയര്‍മാന്‍ പ്രേംകുമാര്‍ തൃശൂരില്‍ നടക്കുന്ന ഐക്യദാര്‍ഢ്യ സമിതി രൂപീകരണയോഗത്തിലേക്ക് പുറപ്പെട്ടു. അപ്പോഴേക്കും സമരസമിതി കണ്‍വീനര്‍ ആയ കെ..അനില്‍ കുമാര്‍ എത്തി. അദ്ദേഹം സന്തോഷത്തോടെ സമരസമിതിക്ക് പിന്തുണയുമായി എത്തിയ ഞങ്ങളോട് സംസാരിക്കാന്‍ തയ്യാറായി. പതിമൂന്നു വയസ്സുമുതല്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് അനില്‍കുമാര്‍. സി.പി.എം. കുടുംബം ആയിരുന്നു അദ്ദേഹത്തിന്റെത്. നേരത്തെ കമ്പനിയില്‍ ജീവനക്കാരനായിരുന്ന അനില്‍കുമാര്‍ ജോലിരാജിവച്ച് ഗള്‍ഫില്‍‌ ജോലിക്ക് പോയതായിരുന്നു. കമ്പനിയോട് ചേര്‍ന്ന് തന്നെയായിരുന്നു അനില്‍കുമാറിന്റെ വീടും. (അവിടെയാണ് ഈ സമരസമിതി ഓഫീസ് പ്രവര്‍ത്തിക്കുന്നതും) അമ്മ ക്യാന്‍സര്‍ ബാധിച്ച് മരണപ്പെട്ടതോടെയാണ് അനില്‍കുമാര്‍ സമരത്തില്‍ സജീവമാവുന്നത്. തുടര്‍ന്ന് കമ്പനി അനില്‍കുമാറിനെ വിലക്കെടുക്കാന്‍ ശ്രമിക്കുകയും വീണ്ടും ജോലിനല്‍കാന്‍ ശ്രമിക്കുകയും ചെയ്തുവെങ്കിലും അതിനുവഴങ്ങാതെ സമരരംഗത്ത് സജീവമാവുകയായിരുന്നു. ഇപ്പോള്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ആണ് അദ്ദേഹം. കഴിഞ്ഞ പോലീസ് അതിക്രമത്തില്‍ ഉണ്ടായ മര്‍ദ്ധനത്തില്‍ അനില്‍കുമാറിന്റെ നട്ടെല്ലിന് ക്ഷതമേറ്റിരുന്നു. ബെല്‍ട്ട് ധരിച്ചാണ് അദ്ദേഹം ഇപ്പോള്‍ സമരപ്പന്തലിലെത്തുന്നത്. സമരത്തിനാവശ്യമായ പണം കണ്ടെത്താനും അറസ്റ്റിലാവുന്നവരെ ജാമ്യത്തിലെടുക്കാനുള്ള നികുതി റസീറ്റുകള്‍ സംഘടിപ്പിക്കാനും ജയിലില്‍ കിടക്കുന്ന സമരഭടന്‍മാരെ സന്ദര്‍ശിക്കാനുമൊക്കെ അദ്ദേഹം ഇതിനിടയില്‍ സമയം കണ്ടെത്തുന്നു. അനില്‍കുമാറിനും പറയാനുള്ളത് രാഷ്ട്രീയപാര്‍ട്ടികളുടെ വഞ്ചനാപരമായ നിലപാടുകള്‍ക്കെതിരായ പരാതി തന്നെയാണ്. ആരും സഹായിക്കാനില്ലാതെ സമരം പരാജയപ്പെടുമോ എന്ന ഭീതിയുമുണ്ട് അദ്ദേഹത്തിന്റെ വാക്കുകളില്‍.
ഈ സമരം പരാജയപ്പെട്ടാല്‍ പിന്നെ കാതിക്കുടം എന്ന ഗ്രാമമില്ല. ഇവിടുത്തെ ജനങ്ങള്‍ മാരകരോഗങ്ങള്‍ വന്ന് പുഴുക്കളെപ്പോലെ നരകിച്ച് മരിക്കും.” അനില്‍കുമാറിന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പുന്നുണ്ടായിരുന്നു.
നാലുമണിയായതോടെ നാടിന്റെ പലഭാഗത്തുനിന്നുമായി പലരും വന്നുതുടങ്ങി. സമരസമിതി ഓഫീസില്‍ നിന്നും പുറത്തിറങ്ങിയ ഞങ്ങള്‍ പോലീസ് അതിക്രമത്തില്‍ തകര്‍ന്ന വീടുകളും അതിക്രമത്തില്‍ പരിക്കേറ്റ ജനങ്ങളേയും സന്ദര്‍ശിച്ചു. ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ സിന്ധുവിന്റെ ഭര്‍ത്താവ് സന്തോഷ് ഞങ്ങളെ കമ്പനി പുറന്തള്ളുന്ന മാലിന്യം സൃഷ്ടിക്കുന്ന ഭീകരത നേരിട്ട് കാണിച്ചുതന്നു. ശരീരമാസകലം പോലീസ് ലാത്തിയടിയേറ്റ പാടുകളുള്ള സന്തോഷ് കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെട്ടത്.
കണ്ടില്ലേ? മഴക്കാലത്തു തെഴുത്ത് തഴച്ചുനില്‍ക്കേണ്ടിയിരുന്ന പുല്ലുകളൊക്കെ കരിഞ്ഞിരിക്കുന്നതു കണ്ടില്ലേ?” സന്തോഷ് കാണിച്ചുതന്നു. കമ്പനി മതില്‍ക്കെട്ടിനോട് ചേര്‍ന്ന പാടങ്ങളിലെല്ലാം കറുത്ത് കൊഴുത്ത മലിനജലം കെട്ടിക്കിടക്കുന്നു. രൂക്ഷമായ ഗന്ധം അതില്‍‌നിന്നും മൂക്കിലേക്കടിച്ചുകയറുന്നു. മൂക്കുപൊത്തിയല്ലാതെ ഞങ്ങള്‍ക്ക് നടക്കാന്‍‌ കഴിഞ്ഞില്ല.
ഇവിടെയല്ലാം വീടുകളുണ്ടായിരുന്നു.” ഒഴിഞ്ഞ പറമ്പുകള്‍ ചൂണ്ടിക്കാണിച്ച് സന്തോഷ് പറഞ്ഞു.
രോഗപീഢയും കുടിക്കാന്‍ ശുദ്ധജലവുമില്ലാതെയും വീടുകള്‍ ഉപേക്ഷിച്ചു നാടുവിട്ടുപോയതാണവര്‍.”
ആള്‍ത്താമസമില്ലാത്ത നിരവധി വീടുകള്‍ ഞങ്ങള്‍ക്ക് കാണാന്‍ കാണാന്‍ കഴിഞ്ഞു. ജീവനുംകൊണ്ട് പാലായനം ചെയ്തവര്‍.. ഒരു വ്യവസായസ്ഥാപനം ഒരു ഗ്രാമത്തെ ഒഴിപ്പിച്ചെടുക്കുന്നതെങ്ങിനെയെന്ന് ഞങ്ങള്‍ക്ക് കാണാന്‍ പറ്റി.
ഇവിടെയാണ് മാലിന്യക്കുഴല്‍ തുറക്കുന്നത്.” ചാലക്കുടിപ്പുഴയിലേക്ക് മൂന്നടി വ്യാസമുള്ള മാലിന്യക്കുഴല്‍ തുറക്കുന്ന ഭാഗം സന്തോഷ് ഞങ്ങള്‍ക്ക് കാണിച്ചുതന്നു. വെള്ളം കറുത്ത് കൊഴുത്തു പരക്കുന്നു.
മഴക്കാലമായതുകൊണ്ട് ജലനിരപ്പുയര്‍ന്നതിനാല്‍ മനസ്സിലാവാഞ്ഞിട്ടാണ്. വേനല്‍ക്കാലത്തുവന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ മുഖം കാണാന്‍ സാധിക്കും. പുഴമുഴുവന്‍ വെഴുത്തു പാടപോലെ കമ്പനി മാലിന്യം മൂടിക്കിടക്കും.” സന്തോഷ് പറയുന്നു.
ഞങ്ങളുടെ കിണറുകളും അതുപോലെത്തന്നെയാണ്. വെള്ളം കുടിക്കാന്‍ പറ്റണമെങ്കില്‍ കോരിവച്ച് മാലിന്യപ്പൊടിയൊക്കെ അടിത്തട്ടിലേക്ക് ഊറിയതിനുശേഷം മുകളിലത്തെ തെളിഞ്ഞവെള്ളമെടുത്ത് തിളപ്പിച്ചുമാത്രമേ കുടിക്കാന്‍ പറ്റൂ.”
വിഷം കലര്‍ന്ന കിണര്‍വെള്ളം കുടിക്കേണ്ടിവരുന്ന ജനങ്ങളുടെ നിസ്സഹായാവസ്ഥ കണ്ണുനനയിപ്പിക്കുന്നതാണ്. മനംപുരട്ടലുണ്ടാക്കുന്നതും.
നേരത്തെ ഈ പുഴയില്‍ കരമനക്കാവ് ക്ഷേത്രത്തില്‍നിന്നും പൂരത്തിന്റെ ഭാഗമായി ആറാട്ടുണ്ടാവാറുണ്ടായിരുന്നു. ഇപ്പോള്‍ ആറാട്ടുപോയിട്ട് ആടിനെപ്പോലും ഈ പുഴയിലിറക്കാന്‍ പറ്റില്ല. ചടങ്ങിന് പുഴക്കരയില്‍ നിന്ന് ചെണ്ടയും കൊട്ടി തിരിച്ചുപോവും. പുഴയെക്കാണാന്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് വെറുപ്പാണ്.”
പുഴയില്‍തള്ളുന്ന മാലിന്യത്തിന്റെ ഭീകരത സന്തോഷിന്റെ വാക്കുകളില്‍ വ്യക്തമാവുന്നു. ഇവിടെ നിന്നാണ് കമ്പനി ജലമൂറ്റുന്നത്. പുഴയുടെ കുറച്ച് മുകള്‍ ഭാഗത്തുനിന്നും കമ്പനിയിലേക്ക് ജലമൂറ്റിയെടുക്കുന്ന പമ്പ് ഹൈസ് സന്തോഷ് കാണിച്ചുതന്നു.
ദിവസേന രണ്ടുകോടി ലിറ്റര്‍ വെള്ളമാണ് കമ്പനി ഊറ്റിയെടുക്കുന്നത്. ലിറ്ററിന് ഒരു രൂപ കണക്കാക്കിയാല്‍ത്തന്നെ (നമ്മള്‍ കടയില്‍നിന്നും വെള്ളം വാങ്ങുമ്പോള്‍ ലിറ്ററിന് പതിനഞ്ച് രൂപ കൊടുക്കണം) ദിവസവും കമ്പനി രണ്ടുകോടു രൂപ സര്‍ക്കാരില്‍ കെട്ടണം. പക്ഷെ ഒരു പൈസപോലും കൊടുക്കുന്നില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. പഞ്ചായത്തിന്റെ അനുമതിയില്ലാതെ നടത്തുന്ന ഈ ജലമൂറ്റല്‍ തടയാന്‍ പോലും ഗവണ്‍മെന്റിന് സാധിക്കുന്നില്ല.”
വെള്ളത്തിന് ലിറ്ററിന് 30 പൈസ വച്ച് സര്‍ക്കാരില്‍ അടക്കുന്നുണ്ടെന്നായിരുന്നു കമ്പനി നേരത്തെ അവകാശപ്പെട്ടിരുന്നത്. പക്ഷെ വിവരാവകാശനിയമപ്രകാരം ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കമ്പനിയുടെ കള്ളം പൊളിഞ്ഞത്. ഒരു പൈസപോലും ഇത്രനാളായിട്ടും കമ്പനി അടച്ചിട്ടില്ല.” - സന്തോഷ് പറയുന്നു.
കോണ്‍ഗ്രസ് ആണ് കാതിക്കുടം ഉള്‍പ്പെടുന്ന കാടുകുറ്റിപഞ്ചായത്ത് ഭരിക്കുന്നത്. കോണ്‍ഗ്രസ് പ്രതിനിധിയായ ഡേസി ഫ്രാന്‍സിസ് ആണ് പഞ്ചായത്ത് പ്രസിഡണ്ട്. കമ്പനി നിലനില്‍ക്കുന്ന വാര്‍ഡായ ഒന്‍പതാം വാര്‍ഡിനെ പ്രതിനിധീകരിക്കുന്നത് ആക്ഷന്‍കൗണ്‍സില്‍ പ്രതിനിധിയായ ഷെര്‍ലി പോള്‍ ആണ്. പഞ്ചായത്ത് സര്‍വ്വവിധ പിന്തുണയുമായി സമരത്തോടൊപ്പമുണ്ട്. മുമ്പ് കനകക്കുടമായിരുന്ന കാതിക്കുടത്തെ കാളകൂടമാക്കിമാറ്റിയ കമ്പനിയെ കെട്ടുകെട്ടിക്കാനുള്ള ശ്രമത്തിലാണ് പ്രതീക്ഷകൈവെടിയാതെ നാട്ടുകാര്‍. പക്ഷെ അവര്‍ ദുര്‍ബ്ബലരാണ്. സമരത്തിനാവശ്യമായ ധനശേഷിയും സംഘടനാശേഷിയും അവര്‍ക്കില്ല. പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികളുടെയോ നേതാക്കളുടെയോ പിന്തുണയില്ല. കേരളത്തിന്റെ പൊതുമനസ്സ് നിറ്റാജലാറ്റിന്‍ കമ്പനിയുടെ കാട്ടാളത്തിനെതിരെ ഉണര്‍ന്നേ മതിയാവൂ.. പക്ഷെ മാധ്യമങ്ങള്‍ ജനമനസ്സുണര്‍ത്താന്‍ മെനക്കെടുന്നില്ല. അവര്‍ക്ക് സരിതയുടെ സാരിയുടെ നിറവും, ശാലുമേനോന്റെ ശാലീനതയും, തെറ്റയിലിന്റെ തെറ്റുകളുമൊക്കെയാണ് കാര്യം. അതു പ്രക്ഷേപണം ചെയ്യാന്‍തന്നെ അവര്‍ക്ക് സമയം കിട്ടുന്നില്ലത്രേ! പിന്നെയാണ് ഇവിടെ ചാവാന്‍കിടക്കുന്ന ഗ്രാമവാസികളുടെ കാര്യം.
കാതിക്കുടത്തെ രക്ഷിക്കാന്‍ മുഴുവന്‍ ബ്ലോഗര്‍മാരുടെയും ധാര്‍മ്മികപിന്തുണ ആവശ്യമാണ്. കാതിക്കടത്തെക്കുറിച്ച് സാഹിത്യസൃഷ്ടികള്‍ രചിച്ചും, പ്രചരിപ്പിച്ചും, പറ്റിയാല്‍ ഒരു ബ്ലോഗേഴ്സ് സമ്മിറ്റ് കാതിക്കുടത്ത് സംഘടിപ്പിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും അതിജീവനത്തിനായി സഹനസമരം ചെയ്യുന്ന ജനതയെ സഹായിക്കണമെന്ന് എല്ലാ സഹൃദയരോടും അഭ്യര്‍ത്ഥിക്കുന്നു.


--

19 Jul 2013

ഒബ്സര്‍വേഷന്‍


ശ്രീജിത്ത് മൂത്തേടത്ത്
     ചുണ്ടുകൂര്‍പ്പിച്ച്, പുക ആഞ്ഞ് അകത്തേക്കുവലിച്ചെടുക്കപ്പെടുന്ന സിഗരറ്റിന്റെ ചാരം ജാലകക്കമ്പികള്‍ക്കിടയിലൂടെ പുറത്തേക്ക് തട്ടിക്കളഞ്ഞ് അടുത്ത പുകയ്ക്കായി വീണ്ടും ചുണ്ടോടുചേര്‍ക്കുമ്പോള്‍ സാംബന്‍ ചോദിച്ചു.
                  “ആ ജനലിനോടുചേര്‍ന്നിരിക്കുന്ന സ്ത്രീ എന്തുജോലിയായിരിക്കും ചെയ്യുന്നുണ്ടാവുകയെന്നു പറയാമോ?”
                      നിരഞ്ജന്‍ തിരിഞ്ഞുനോക്കി. പിന്നിലെ സീറ്റിലിരിക്കുന്ന ചുവപ്പും മഞ്ഞയുമിടകലര്‍ന്ന ബോര്‍ഡറുള്ള പച്ചസാരി ധരിച്ച സ്ത്രീ ഒന്നു വശ്യമായി പുഞ്ചിരിച്ചു. ആ വശ്യത നിരഞ്ജനെ ഒരു ചുഴിയിലേക്കെന്നവണ്ണം ആഞ്ഞുവലിക്കുന്ന തരത്തിലായിരുന്നു. ആകര്‍ഷണപരിധിയില്‍ നിന്നുകൊണ്ടുതന്നെ തനിക്കറിയാവുന്ന ലക്ഷണശാസ്ത്രങ്ങള്‍ അപഗ്രഥിച്ച്, നിര‍ഞ്ജന്‍ മറുചോദ്യം ചോദിച്ചു.
           “ഒരു നാടകനടി?”
            “അല്ല.”
            പുക വളയങ്ങളാക്കി, കമ്പിക്കൂടിനുള്ളിലൊളിപ്പിച്ച ഫാനിനുനേരെ ഊതിവിടാന്‍ ശ്രമിച്ചുകൊണ്ട് സാംബന്‍ തുടര്‍ന്നു.
            “അവര്‍ ഒന്നുകില്‍ ഒരു മ്യൂസിക് ടീച്ചറാണ്. അല്ലെങ്കില്‍ ഒരു നര്‍ത്തകി.”
നിര‍ഞ്ജന്‍ ഒന്നുകൂടെ തിരിഞ്ഞുനോക്കി. ഇപ്പോള്‍ അവര്‍ സൈഡ് വിന്‍ഡോവിലൂടെ പുറത്തേക്ക് കണ്ണും നട്ടിരിപ്പാണ്. കാറ്റില്‍ അവരുടെ മുടിയിഴകള്‍ പിന്നിലേക്കു പറക്കുന്നു. ഒപ്പം കരിഞ്ഞുതുടങ്ങിയ മുല്ലപ്പൂവിന്റെ ഗന്ധവും. കോതിയൊതുക്കാന്‍ മിനക്കെടാതെ മുടിയിഴകളെ സ്വതന്ത്രമായി കാറ്റില്‍ പറക്കാന്‍ അനുവദിച്ചിരിക്കുകയാണെന്നു തോന്നും. ഒരു നര്‍ത്തകിയുടെതായ അംഗലാവണ്യമൊന്നും അവരില്‍ കാണാന്‍ നിര‍ഞ്ജനുകഴിഞ്ഞില്ല. കയ്യിലും കഴിത്തിലുമൊക്കെയായി സ്വര്‍ണ്ണത്തിലും പേളിലുമായ ആഭരണങ്ങള്‍ അണിഞ്ഞിട്ടുണ്ട്. അവര്‍ ധരിച്ചിരുന്ന പച്ച ബ്ലൗസിനും സാരിയുടെ തീ നിറമുള്ള ബോര്‍ഡറിനും അനുയോജ്യമായിരുന്നു അവ. മൂക്കുത്തിയില്‍ ചുവന്ന കല്ലുകള്‍ പതിച്ചിരിക്കുന്നു. സൗന്ദര്യബോധമുള്ള സ്ത്രീയാണ്. മുടിയിഴകള്‍ കാറ്റത്തുപറക്കുകയാണെങ്കിലും ശ്രദ്ധാപൂര്‍വ്വമായ ഒരശ്രദ്ധയാണതു പ്രതിഫലിപ്പിക്കുന്നതെന്നു വ്യക്തം.
                    “നര്‍ത്തകിയുമല്ല, മ്യൂസിക് ടീച്ചറുമല്ല. അവരൊരു ബ്യൂട്ടീഷ്യനാണെന്നാണെനിക്കു തോന്നുന്നത്.”
                     നിരഞ്ജന്‍ നിരീക്ഷണനിഗമനം തുറന്നടിച്ചു.
                   “അതാണുപറഞ്ഞത്. നിനക്ക് ഒബ്സര്‍വ്വേഷന്‍ പവറില്ലെന്ന്. ബ്യൂട്ടീഷ്യനായിരുന്നുവെങ്കില്‍ അവര്‍ ലിപ് സ്റ്റിക്കിട്ടേനെ. വസ്ത്രത്തിനൊത്ത പൊട്ടുകുത്തിയേനെ. മേക്കപ്പ് കൊണ്ട് മുഖത്തെ ചുളിവുകള്‍ തീര്‍ത്തേനെ.അവര്‍ മ്യൂസിക് ടീച്ചര്‍ തന്നെ.”
          സാംബന്‍ എരിഞ്ഞുതീര്‍ന്ന സിഗരറ്റിന്റെ ഫില്‍ട്ടര്‍ ട്രയിനിന്റെ വിന്റോവിലൂടെ പുറത്തേക്കെറിഞ്ഞു. ഛക...ഛക... ശബ്ദം ഉച്ചത്തിലായി. ട്രയിനിപ്പോള്‍ ഏതോ പാളത്തിനുമുകളിലൂടെയാണ് പോകുന്നത്. പുഴയില്‍നിന്നും ഒരു തണുത്ത കാറ്റുവീശി. സാംബന്‍ അടുത്ത സിഗരറ്റിന് തീക്കൊളുത്തി.
                   “പുകയില ശിക്ഷാര്‍ഹം” എന്ന് മലയാളത്തിലും, ഹിന്ദിയിലും, ഇംഗ്ലീഷിലും നല്‍കുന്ന അറിയിപ്പിനുനേരെ അയാള്‍ പുക ഊതിവിട്ടു. സിഗരറ്റിന്റെ അറ്റത്തെ കനല്‍ ഒന്നുകൂടെ എരിയിച്ചുകൊണ്ട് അകത്തേക്കുവലിച്ചെടുക്കപ്പെടുന്ന പുക ശ്വാസകോശത്തിന്റെ അകത്തളങ്ങളിലെവിടെയോ കെട്ടിക്കിടക്കുന്നുണ്ടാവണം. അത് വളരെക്കുറച്ചുമാത്രമേ പുറത്തക്കു വമിച്ചുള്ളൂ. സിഗരറ്റിന്റെ ചാരംമൂടിയ തുമ്പ് വിരല്‍കൊണ്ട് തട്ടിക്കളഞ്ഞ്, തിളങ്ങുന്ന അരികുകള്‍ സസൂഷ്മം നിരീക്ഷിച്ചുകൊണ്ട്, സാംബന്‍ പറഞ്ഞു.
                       “ഒരു ഡിക്ടക്ടീവിനും പോലീസുകാരനും കലാകാരനും, സാഹിത്യകാരനും പിന്നെ നമ്മെപ്പോലുള്ളവര്‍ക്കും ഏറ്റവും അത്യാവശ്യം വേണ്ടതാണ് നിരീക്ഷണപാടവമെന്നത്. നിരന്തരപരീക്ഷണത്തിലൂടെ അതു നേടിയേ മതിയാവൂ. ഒറ്റനോട്ടത്തില്‍ ഒരാളെ മനസ്സിലാക്കാന്‍ കഴിയണം.”
സാംബന്‍ പറയുന്നത് നിരഞ്ജന്‍ ശ്രദ്ധിച്ചുകേട്ടു.
                             “ആ സ്ത്രീ മ്യൂസിക് ടീച്ചറാണെന്ന് ഞാന്‍ പറഞ്ഞത് അവരുടെ വേഷം മാത്രം കണ്ടിട്ടല്ല. അവരുടെ ചേഷ്ടകള്‍..., സംഗീതചിഹ്നങ്ങള്‍ ആലേഖനം ചെയ്യപ്പെട്ട അവരുടെ ബാഗ്.... അങ്ങിനെ പലതു കൊണ്ടും അവര്‍ ഒരു മ്യൂസിക് ടീച്ചര്‍ തന്നെയാവാനാണ് സാധ്യത.”
ഇതിനിടയില്‍ ട്രെയിന്‍ വേഗത തീരെകുറച്ച് നീണ്ട നെടുവീര്‍പ്പോടെ നിന്നു. സ്റ്റേഷനല്ല. ഔട്ടറിലെവിടെയോ പിടിച്ചിട്ടിരിക്കുകയാണ്. പാളത്തിനരികില്‍നിന്നോ അതോ ട്രയിനില്‍നിന്നും തന്നെയോ എന്നറിയില്ല ഒരസഹ്യഗന്ധം മൂക്കിലേക്കടിച്ചുകയറി നിരഞ്ജന്‍ മൂക്കുപൊത്തി. ആ സ്ത്രീ എഴുന്നേറ്റ് ടോയ്‍ലറ്റിനുനേരെ നടന്നു.അവരുടെ നടത്തം ഒരു നര്‍ത്തകിയുടെതായ എല്ലാ അംഗചലനങ്ങളോടും കൂടിയായിരുന്നു. അല്ലെങ്കില്‍ ഒരു നൃത്തലാസ്യ ഗമനം.
                                        “ഞാന്‍ പറഞ്ഞില്ലേ? അവര്‍ ഒരു നര്‍ത്തകി കൂടെയാണ്. സംശയമില്ല.”
സാംബന്റെ നിരീക്ഷണപാടവത്തില്‍ നിരഞ്ജന് അസൂയതോന്നി. സാംബന് ഈ രംഗത്ത് ഏറെക്കാലത്തെ പരിചയ സമ്പത്തുണ്ട്. ഓരോ അസൈന്‍മെന്റിനുശേഷവും ബോസ് പറയാറുള്ളത് നിരഞ്ജന്‍ ഓര്‍ത്തു.
                          “സാംബനെ കണ്ടു പഠിക്കണം. ആളുകളെ മുച്ചൂടും മനസ്സിലാക്കി സമര്‍ത്ഥമായി കൈകാര്യം ചെയ്യാനുള്ള അവന്റെ കഴിവാണ് നമ്മുടെ ഗ്രൂപ്പിന്റെ വിജയരഹസ്യം.”
                              ട്രെയിന്‍ സ്റ്റേഷനിലേക്കെത്തുമ്പോഴേക്കും സ്ത്രീ ടോയ്‍ലറ്റില്‍നിന്നും തിരച്ചെത്തിയിരുന്നു. അവര്‍ സാരിയുടെ മുന്‍ഭാഗം കുടഞ്ഞ്, ഞൊറികള്‍ നേരെയാക്കി, മുടിയിഴകള്‍ കോതിയൊതുക്കി, ഇരുന്നു. മനോഹരമായൊരു കീര്‍ത്തനശകലം മുഴക്കിക്കൊണ്ട് അവരുടെ മൊബൈല്‍ ചിലച്ചു. ഹാന്റ്ബാഗിന്റെ സൈഡ് പോക്കറ്റില്‍നിന്നും ഫോണെടുത്ത് അവര്‍ കാതോടുചേര്‍ത്തു. അവരുടെ മുഖത്തു അതിവേഗം മിന്നിമറയുന്ന വ്യത്യസ്ത ഭാവങ്ങളിലായിരുന്നു സാംബന്റെ ശ്രദ്ധ. അയാള്‍ അതിലേക്ക് കൂപ്പുകുത്തി. സ്റ്റേഷനിലെ തിരക്കിനിടയില്‍നിന്നും, വെള്ളഷര്‍ട്ടും മുണ്ടും ധരിച്ച ഒരാള്‍ ധൃതിയില്‍ കയറിവന്ന് അവരുടെയടുത്ത് ചെന്നിരുന്നു. സ്ത്രീയുടെയടുത്ത് അധികാരഭാവത്തില്‍ വന്നിരുന്ന അയാള്‍ ആരെയോ തിരയുന്ന ഭാവത്തില്‍ ചുറ്റും നോക്കി. ടൗവലെടുത്ത് മുഖം അമര്‍ത്തി തുടച്ച്, സ്ത്രീയോട് എന്തോ സ്വകാര്യം പറഞ്ഞു.
                             “ആ വന്നത് അവരുടെ ഹസ്ബന്റായിരിക്കണം.”
                            സാംബന്‍ പറഞ്ഞു. നിരഞ്ജന്‍ മൂളിക്കേട്ടു. അയാള്‍ പോക്കറ്റില്‍നിന്നും സിഗരറ്റ്പാക്കറ്റെടുത്ത് തിരിച്ചും മറിച്ചും നോക്കി, പോക്കറ്റില്‍ത്തന്നെ നിക്ഷേപിച്ചു. നിരഞ്ജന്‍ സിഗരറ്റ് പാക്കറ്റെടുത്ത് പരിശോധിച്ച് തിരികെ വയ്ക്കുന്നതല്ലാതെ ഒരിക്കല്‍പ്പോലും കത്തിക്കുന്നുണ്ടായിരുന്നില്ല.
                               “നേരത്തെ സംസാരിച്ചുറപ്പിച്ചതനുസരിച്ചാവണം അയാള്‍ ഈ സ്റ്റേഷനില്‍ നിന്നും കയറിയത്.”- സാംബന്‍ തുടര്‍ന്നു.
                              “അയാള്‍ ഒരു രാഷ്ട്രീയക്കാരനാണെന്നു തോന്നുന്നു.”
ചീകിയൊതുക്കിവച്ച ഡൈ ചെയ്തു കറുപ്പിച്ച മുടിയും വെട്ടിനിര്‍ത്തിയ മീശയും ഷേവ്ചെയ്ത് മിന്നുന്ന മുഖവും നോക്കി നിരഞ്ജന്‍ പറഞ്ഞു.
                     “മോസ്റ്റ് പ്രോബബ്ലി.”
                      “നമുക്ക് ഒന്നു പോയി പരിചയപ്പെട്ടോലോ?”
                      “ഓ ഷുവര്‍...”
                       സാംബന്റെ ചുണ്ടില്‍ കുസൃതിച്ചിരി മിന്നിമറിഞ്ഞു. അയാള്‍ സിഗരറ്റ് കുറ്റി പുറത്തക്കു വലിച്ചറിഞ്ഞ് സ്ത്രീയുടെ എതിര്‍ സീറ്റില്‍ ചെന്നിരുന്നു. കൂടെ നിരഞ്ജനും. സ്ത്രീ ഇത്തവണയും അവരെ നോക്കി വശ്യമായി പുഞ്ചിരിച്ചു. സാംബന്‍ അത് അവഗണിച്ചു.
                       “സാറ് എവിടേക്കാ?”
                           സാംബന്‍ അയാളോടായി ചോദിച്ചു.
                      “നെക്സ്റ്റ് സ്റ്റേഷന്‍. എറണാകുളം. നിങ്ങളോ?”
                           “ഞങ്ങള്‍ ട്രിവാന്‍ഡ്രത്തേക്കാണ്. മിസ്സിസ്സാണോ?”
                             സ്ത്രീയെ നോക്കി നിരഞ്ജന്‍ ചിരിച്ചു.
                           “അതെ. ഇവള്‍ ജോലികഴിഞ്ഞു വരുന്ന വഴിയാ. കലാമണ്ഡലത്തില്‍ മ്യൂസിക് പഠിപ്പിക്കുവാ. ഒപ്പം നൃത്തവുമുണ്ട്.”
                      സാംബന്‍ ചെറുചിരിയോടെ നിരഞ്ജന്റെ മുഖത്തേക്കു നോക്കി. നിരഞ്ജന്‍ സര്‍വ്വാത്മനാ കീഴടങ്ങി. സ്ത്രീയുടെ വശ്യമായ മുഖം തന്നെ അവരിലേക്കടുപ്പിക്കുന്നതായി നിരഞ്ജനു തോന്നി. അവര്‍ കലാമണ്ഡലത്തേക്കുറിച്ചും, സമകാലിക രാഷ്ട്രീയത്തെക്കുറിച്ചുമെല്ലാം ചര്‍ച്ചചെയ്തു. ഇതിനിടയില്‍ സാംബന്‍ ബാഗില്‍നിന്നും ഒരു ബിസ്കറ്റ് കൂടെടുത്ത് പൊട്ടിച്ചു. ശ്രദ്ധയോടെ മുകള്‍ഭാഗത്തുനിന്നും രണ്ടെണ്ണമെടുത്ത് ദമ്പതിമാര്‍ക്കുനേരെ നീട്ടി.
                               “സന്തോഷം”
                             മടികൂടാതെ ബിസ്കറ്റ് വാങ്ങിയ ദമ്പതിമാരെ നോക്കി സാംബന്‍ അനായാസം നേടിയ ഒരു വിജയത്തിന്റെ എരിവുപടര്‍ന്ന ചിരി ചിരിച്ചു. സ്ത്രീയുടെ കഴുത്തിലും കയ്യിലുമുള്ള ആഭരണങ്ങളും ഭര്‍ത്താവിന്റെ വെളുത്ത ഷര്‍ട്ടിന്റെ കീശയില്‍നിന്നും ഉയര്‍ന്നുനിന്നു വീര്‍പ്പുമുട്ടുന്ന തടിയന്‍ പേഴ്സും തന്നെനോക്കി പുഞ്ചിരിക്കുന്നതായി സാംബനു തോന്നി. അയാള്‍ നിരഞ്ജനുനേരെ നോക്കി കണ്ണടച്ചുകാണിച്ചു. ഉറക്കം പിടിച്ചമാതിരി സീറ്റിലേക്ക് ചായ്ഞ്ഞിരിക്കുമ്പോഴും അയാള്‍ ഭര്‍ത്താവിനേയും സ്ത്രീയെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
                                  “ഈ കളിയും ചിരിയുമൊക്കെ അല്‍പ്പസമയത്തേക്കുമാത്രം. സാവധാനം നിങ്ങള്‍ ഉറങ്ങാന്‍ തുടങ്ങും. നിങ്ങള്‍ ഉറങ്ങുകയാണ്... ഉറങ്ങുകയാണ്....”
സാംബന്‍ ഒരു ഹിപ്നോട്ടിസ്റ്റിനെയെന്നപോലെ മനസ്സില്‍ പറഞ്ഞു. ഇതിനിടയില്‍ സ്ത്രീ ഭര്‍ത്താവിന്റെ പോക്കറ്റില്‍നിന്നും പണമെടുത്ത് പാന്‍ട്രി വില്‍പ്പനക്കാരനില്‍നിന്നും ഓരോ കടലമിഠായി വാങ്ങിക്കഴിച്ചു. ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചുകൊണ്ട് അവര്‍ എന്തോ തമാശപറഞ്ഞു. അവര്‍ക്ക് ഒരു മാറ്റവുമില്ലല്ലോ? പഴയതുപോലെ സ്ത്രീ ഭര്‍ത്താവിനോടൊപ്പം വര്‍ത്തമാനം പറഞ്ഞ് കൊഞ്ചിക്കുഴയുന്നതുകണ്ട് സാംബന്‍ അമ്പരന്നു.
                              “ഇനി സാധനം മാറിപ്പോയോ?”
                            സാംബന്‍ സംശയത്തോടെ ബാഗ് തുറന്നുനോക്കി.
                                “ഇല്ല. മാറിയിട്ടില്ല. ശരിയാണ്.''
                                അയാള്‍ സ്ത്രീയുടെ മുഖത്തേക്കു നോക്കി. അവര്‍ സാംബനെ ശ്രദ്ധിച്ചിരിക്കുകയായിരുന്നു. ഒന്നു പരുങ്ങിപ്പോയ സാംബനുനേരെ സ്ത്രീ കടലമിഠായി നീട്ടി.
                           “സോറി. നോ താങ്ക്സ്.”
ഒഴിയാന്‍ നോക്കിയെങ്കിലും സാംബനെ അവര്‍ നിര്‍ബ്ബന്ധിച്ചു.
                            “കഴിക്കൂന്നേ...”
                     അവരുടെ വശ്യമനോഹരമായ പുഞ്ചിരിയിലും ലാസ്യചേഷ്ടകളിലും പൊതിഞ്ഞെടുത്ത നിര്‍ബ്ബന്ധത്തിനുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാംബനുകഴിഞ്ഞില്ല. ഇന്നോളം കഴിച്ചിട്ടുള്ളതില്‍വച്ചേറ്റവും മത്തുപിടിപ്പിക്കുന്ന മധുരം സ്ത്രീയുടെ ചിരിയില്‍മയങ്ങി ആസ്വദിക്കുന്നതിനിടയില്‍ ട്രയിന്‍ അടുത്ത സ്റ്റേഷനിലെ ബഹളത്തിലേക്കും, ദുര്‍ഗന്ധത്തിലേക്കും, തിരക്കിലേക്കും തള്ളിക്കയറിനിന്നു. സ്ത്രീയും ഭര്‍ത്താവും നിരഞ്ജനോടും സാംബനോടും യാത്രപറഞ്ഞിറങ്ങി.
                          “ഇതെന്തൊരു മറിമായം?”
                    സാംബന്‍ നിരഞ്ജന്റെ മുഖത്തേക്കുനോക്കി. ആദ്യമായാണിങ്ങനെയൊരനുഭവം. കയ്യില്‍ വന്നുചേരേണ്ടിയിരുന്ന ആഭരണങ്ങളും പണവും അകന്നുപോവുന്നതുനോക്കി സാംബന്‍ തരിച്ചിരുന്നു. ആഭരണങ്ങളും, പണവും നഷ്ടപ്പെട്ടതിലുപരി, ഓപ്പറേഷന്‍ പരാജയപ്പെട്ടതിലുള്ള ആശങ്കയായിരുന്നു അയാളുടെ മുഖത്ത് കൂടുതല്‍ നിഴലിച്ചിരുന്നത്. സ്ത്രീ എഴുനേറ്റിടത്തുനിന്നും ഒരു പൊതി നിരഞ്ജന്റെ ശ്രദ്ധയില്‍പ്പെട്ടു. അയാള്‍ അതെടുത്തു തുറന്നുനോക്കി. അതില്‍ രണ്ടു ബിസ്കറ്റുകളും ഒരു കുറിപ്പുമുണ്ടായിരുന്നു.
                              “കുട്ടികളേ... നിങ്ങള്‍ക്ക് തെറ്റിപ്പോയി. നിങ്ങള്‍ വിളവിറക്കിയ നിലം പാടേ മാറിപ്പോയി.”
                  വിഷണ്ണനായ നിരഞ്ജനു തുടര്‍ന്നു വായിക്കാന്‍ കഴിഞ്ഞില്ല. സമര്‍ത്ഥമായി കബളിപ്പിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെയൊരു വീഴ്ച ജീവിതത്തില്‍ ആദ്യമായാണ്. തങ്ങളുടെ ഉദ്ദേശ്യം അപ്പോള്‍ അവര്‍ മനസ്സിലാക്കിയിരിക്കുന്നു. അന്ധാളിച്ച സാംബന്‍ പകച്ച് ചുറ്റും നോക്കി. ഒരു അപകടത്തിന്റെ മണം എവിടെയോ പതിയിരിക്കുന്നു. പിന്‍സീറ്റിലിരുന്ന് ഏതോ മാസിക മറിക്കുകയായിരുന്ന കൊമ്പന്‍മീശക്കാരനെ അപ്പോഴാണ് സാംബന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഈ മീശക്കാരനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ? സാംബന്റെയുള്ളില്‍ ഒരു വെള്ളിടി വെട്ടി. സ്പെഷല്‍ സ്ക്വാഡ്? ചുറ്റും ആരൊക്കെയോ പതിയിരുന്നു തങ്ങളെ നിരീക്ഷിക്കുന്നതായി അയാള്‍ക്കുതോന്നി. അയാള്‍ നിരഞ്ജനേയും കൂട്ടി പഴയ സീറ്റില്‍ത്തന്നെ പോയി ഇരുന്നു. നിരഞ്ജന്‍ സിഗരറ്റ് പാക്കറ്റെടുത്ത് തുറന്ന് ഒരെണ്ണമെടുത്ത് ചുണ്ടില്‍വച്ച് തീക്കൊളുത്തി. സാംബന് ഇരിക്കപ്പൊറുതിയുണ്ടായിരുന്നില്ല. അടുത്ത സീറ്റിലിരിക്കുന്നവരിലൊക്കെ എന്തൊക്കെയോ അസ്വാഭാവികതകള്‍! പലരും പുസ്തകങ്ങളും മാസികകളും വായിക്കുകയാണെങ്കിലും അവരൊക്കെ ഗൂഡമായി തങ്ങളെ ശ്രദ്ധിക്കുന്നതായും പലരുടെയും ഒളിക്കണ്ണുകള്‍ തങ്ങളുടെ മേല്‍ പതിക്കുന്നതായും സാംബന്‍ ഉറപ്പിച്ചു. അയാളുടെ ഓരോ രോമകൂപങ്ങളിലും വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞുതുടങ്ങി.
                      “ചൂടുള്ള വാര്‍ത്ത.”
                        സായാഹ്ന ദിനപ്പത്രം വില്‍പ്പനക്കാരന്‍ നിവര്‍ത്തിക്കാണിച്ച വാര്‍ത്താ തലക്കെട്ടില്‍ ഉടക്കിയ സാംബന്റെ കണ്ണുകള്‍ തള്ളിപ്പോയി.
                               “ട്രെയിനിലെ മോഷണം. പ്രതികളുടെ രേഖാചിത്രം പോലീസ് തയ്യാറാക്കി.”
                     സാംബന്റെ കണ്ണുകളില്‍നിന്നും ചൂടുള്ള ഒരു എരിവ് സിരകളിലൂടെ തലച്ചോറിലേക്ക് അരിച്ചുകയറി. പത്രം വാങ്ങിവായിച്ചുനോക്കാനുള്ള ധൈര്യം അയാള്‍ക്കുണ്ടായില്ല. പേടിയോടെ പിന്നിലെ സീറ്റിലേക്കു നോക്കി. കൊമ്പന്‍മീശക്കാരന്‍ മാഗസിന്റെയുള്ളില്‍ മറച്ചുവച്ച വെള്ളക്കടലാസില്‍നോക്കി മുടി പറ്റെ ക്രോപ്പുചെയ്തയാളോട് എന്തോ അടക്കംപറയുന്നു. തന്റെ ഓരോ ചലനവും ഒരു ക്യാമറിയിലെന്നവണ്ണം നിരീക്ഷിക്കപ്പെടുന്നതായി സാംബനു മനസ്സിലായി. അല്ലെങ്കില്‍ താനിപ്പോഴിരിക്കുന്നത് അനേകം ക്യാമറാക്കണ്ണുകള്‍ക്കുമുന്നിലാണെന്നു അയാള്‍ക്കു തോന്നി. നിരഞ്ജന്‍ ഇതൊന്നുമറിയാത്തമട്ടില്‍ പുറത്തേക്കു കണ്ണുംനട്ട് സിഗരറ്റ് വലിച്ചൂതിവിടുകയാണ്.
                     “ഇനി ഇവനും?”
                  നിരഞ്ജന്റെ നിസ്സംഗത സാംബനില്‍ എന്നോ പതിഞ്ഞുകിടന്നിരുന്ന സംശയത്തിന്റെ വിത്തിനെ പൊടുന്നനെ മുളപ്പിച്ചു. ഇലകള്‍ പൊട്ടിവിരിഞ്ഞ് അത് നൊടിയിടയില്‍ വളര്‍ന്നു.
                         “ചതിയന്‍.... ഒരുമിച്ചുനിന്ന് കാലുവാരുകയായിരുന്നു അല്ലേ?”
                           നിരഞ്ജന്‍ ഒന്നും മനസ്സിലാവാത്തവനെപ്പോലെ നിഷ്കളങ്കമായി ചിരിക്കുന്നു. ഒരു ചതിയന്, ഒരു ഒറ്റുകാരന് അഭിനയിക്കാന്‍ പറ്റുന്നതിന്റെ പരമാവധി നിരഞ്ജന്‍ അഭിനയിച്ചു ഫലിപ്പിക്കുന്നു. പെട്ടുപോയി. കെണിയില്‍നിന്നും രക്ഷനേടാനുള്ള എന്തെങ്കിലും പഴുതുതേടി വിറയലോടെ സാംബന്‍ എഴുനേറ്റു. ചെരിപ്പില്‍നിന്നും കാലുകള്‍ വഴുക്കുന്നു. സാംബനുപിന്നാലെ പിന്‍സീറ്റിലിരുന്ന കൊമ്പന്‍മീശക്കാരനും മുടി പറ്റെ ക്രോപ്പുചെയ്ത ചെറുപ്പക്കാരനും എഴുനേല്‍റ്റു. അവിടവിടെയായി ആരൊക്കെയോ എഴുനേല്‍ക്കുന്നതായി സാംബന്‍ കണ്ടു. എല്ലാവരും കൂടെ അടുത്തനിമിഷം തന്നെ പിടികൂടും. ഉറപ്പ്. പിടികൂടപ്പെട്ടാല്‍ എല്ലാം ഇതോടുകൂടി അവസാനിച്ചു. എല്ലാം. രക്ഷപ്പെടാനുള്ള അവസാന പഴുതിനായി അയാള്‍ ചുറ്റും പരതി. കൃഷ്ണമണികള്‍പോലും ഏതോ പ്രാകൃതഭയത്താല്‍ ഉറഞ്ഞുപോയിരുന്നു.
                         “പിടിക്കപ്പെട്ടുകൂടാ... രക്ഷപ്പെടണം.”
             കീഴടങ്ങാന്‍ തയ്യാറല്ലാതിരുന്ന അയാളുടെ സാഹസമനസ്സ് മന്ത്രിച്ചു. അടുത്തനിമിഷം അയാള്‍ സര്‍വ്വശക്തിയുമെടുത്ത് കംപാര്‍ട്ടുമെന്റിന്റെ വാതില്‍ക്കലേക്കു കുതിച്ചു. ആരൊക്കെയോ പിന്നാലെ ഓടുന്നു. സാംബന്‍ തിരിഞ്ഞുനോക്കി. കൂട്ടത്തില്‍ നിരഞ്ജനുമുണ്ട്. കൊമ്പന്‍മീശക്കാരനൊപ്പംതന്നെ. ഒറ്റുകാരന്റെ മുഖം അയാളില്‍ പകനിറച്ചു. ആളിക്കത്തുന്ന പക. പകയും ദേഷ്യവും രക്ഷപ്പെടാനുള്ള വ്യഗ്രതയും എല്ലാംകൂടെ അയാളുടെ മനസ്സിനെ മഥിച്ചു. അയാള്‍ കണ്ണുകള്‍ മുറുക്കെ ചിമ്മി. സര്‍വ്വദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ചു. പുറത്തേക്ക് ആഞ്ഞുകുതിച്ചു.
                         ട്രയിനിന്റെ ഛക ഛക ശബ്ദത്തോടൊപ്പം സാംബന്റെ ആര്‍ത്തനാദവും അന്തരീക്ഷത്തിലലിഞ്ഞുചേര്‍ന്നു.
                       

                              സൂഹൃത്തിന്റെ ഭൗതിക ശരീരം സംസ്കരിച്ച ശേഷം സ്വന്തം ഫ്ലാറ്റിലെത്തിച്ചേര്‍ന്ന നിരഞ്ജനില്‍നിന്നും നടുക്കം വിട്ടുമാറിയിരുന്നില്ല. ഇന്നലെ നടന്ന സംഭവത്തിലെ ഓരോ നിമിഷവും അയാളെ വേട്ടയാടി. ഒരുപക്ഷെ ഒന്നുകൂടെ ആഞ്ഞുശ്രമിച്ചിരുന്നുവെങ്കില്‍ തന്റെ സുഹൃത്തിനെ രക്ഷിക്കാനാവുമായിരുന്നു. അയാള്‍ വിമ്മിക്കരഞ്ഞു. സിറ്റൗട്ടിലെ സോഫയിലേക്ക് ചാഞ്ഞിരുന്ന അയാള്‍ പത്രം എടുത്തു നിവര്‍ത്തി. പലവാര്‍ത്തകളുടെയുമിടയില്‍നിന്നും നിരഞ്ജന്റെ കണ്ണുകള്‍ ആ വാര്‍ത്ത കണ്ടെടുക്കുകതന്നെയായിരുന്നു.
                         "ട്രയിനിലെ മോഷണം : ദമ്പതിമാര്‍ പിടിയില്‍.”
                        തലക്കെട്ടതായിരുന്നു. നിരഞ്ജന്‍ വാര്‍ത്തയിലേക്ക് ഊളിയിട്ടു.
                        “ട്രയിനില്‍ മയക്കുമരുന്നു കലര്‍ത്തിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ നല്‍കി സഹയാത്രികരില്‍നിന്നും പണവും ആഭരണങ്ങളും മോഷ്ടിക്കുന്ന ദമ്പതിമാര്‍ ഏറണാകുളം നോര്‍ത്ത് റയില്‍വേസ്റ്റേഷനില്‍ പിടിയിലായി. പോലീസ് ഇവരുടെ രേഖാചിത്രം തയ്യാറാക്കി പ്രസിദ്ധീകരിച്ചിരുന്നു. സംശയംതോന്നിയ യാത്രക്കാരാണ് മോഷകദമ്പതികളെ പോലീസിലേല്‍പ്പിച്ചത്. ഇതിനിടയില്‍ ദമ്പതികളില്‍നിന്നും മയക്കുമരുന്നുകലര്‍ന്ന ഭക്ഷണം വാങ്ങിക്കഴിച്ചുവെന്നു സംശയിക്കപ്പെടുന്ന യുവാവ് സമനിലതെറ്റി ഓടുന്ന വണ്ടിയില്‍നിന്നും പുറത്തേക്കുചാടി ആത്മഹത്യ ചെയ്തു.”

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...