Showing posts with label jayachandran pukkarathara. Show all posts
Showing posts with label jayachandran pukkarathara. Show all posts

24 Aug 2013

ചില ദിനങ്ങള്‍


ജയചന്ദ്രന്‍ പൂക്കരത്തറ
9744283321

നിരത്തിലിറങ്ങി
മനസ്സു നിറഞ്ഞൊന്നു ചിരിച്ച്
ഉറക്കെ കാറിത്തുപ്പുന്ന
ദിവസത്തെ
ഞാന്‍ വിളിക്കുന്നു,
പതിനഞ്ച്.

വേലികളില്ലാത്ത
പറമ്പിലെ
തെങ്ങിന്‍ കുഴിയില്‍
കുന്തിച്ചിരുന്ന്
വയറിളകി
തൂറിയെണീച്ച്
അടുത്തു കണ്ട
കുളത്തില്‍
ശൗചം.

മാവിന്നില പെറുക്കി
പല്ലുതേച്ച്
ഈര്‍ക്കില കീറി
നാക്കു വടിച്ച്
വെളുപ്പു പൊള്ളകള്‍
പടര്‍ത്തി
കുളിച്ചു കേറുമ്പോള്‍
ഞാനറിയുന്നു
ആഗസ്ത് മാസം.

19 Jul 2013

പെയ്ത്ത്


ജയചന്ദ്രന്‍ പൂക്കരത്തറ
9744283321

പെയ്തു തോരാത്ത
മഴയോടു
പതുക്കനെ പറയട്ടെ
ഞാന്‍ രഹസ്യം.

പര്‍വ്വതത്തില്‍
പെയ്യരുത്
കടലിലുമരുത്
കാനനത്തിലൊട്ടുമരുത്.

കുഴിവെട്ടി കുഴിവെട്ടി
തേവിടിശ്ശിപ്പൂക്കളെ
കാവലായ് നിറുത്തിയ
ഗ്രാമങ്ങളുണ്ടല്ലോ
അവര്‍ക്കായി
മാറ്റി വെക്കേണമേ
ബാക്കിയുള്ള
നിന്‍
പെയ്തു തീരാത്ത
ജന്മങ്ങള്‍.

27 Mar 2013

ഓന്ത്


ജയചന്ദ്രന്‍ പൂക്കരത്തറ
9744283321

എന്‍ പൊക്കിളില്‍നിന്നു
ചോര മോന്തി
കോരിത്തരിച്ചൊരു
മഞ്ഞയോന്തേ
നിന്‍ തുറുകണ്ണില്‍
നിറഞ്ഞു നില്പൂ
കാലങ്ങള്‍ പൊയ്പോയ
ബാലവേഗം.
പ്ലാസ്റ്റിക്കുടുപ്പില്‍
നിറഞ്ഞു നില്ക്കും
മാമഴയേല്ക്കാത്ത
പൊക്കിളിന്മേല്‍
ചോരയൂറ്റല്‍പ്പണി
ചെയ്കമൂലം
മാരണം, നിന്‍ വംശ -
നാശമായി.
--------

23 Nov 2012

സ്രാങ്ക്


ജയചന്ദ്രന്‍ പൂക്കരത്തറ
9744283321



കടലിന്റെ നടുക്കു ഞാന്‍
തുഴയും വഞ്ചി
നിലവിട്ടു പലവഴി കുതിക്കയായി
കടലേറ്റം തുടങ്ങിയോ
കരുതിടേണം
ചെറുകാറ്റിന്നൊഴുക്കില്‍ നാം കടന്നു ചെന്നോ
വലയിട്ടു പലമട്ടില്‍
കിനാക്കള്‍ കാണ്‍കേ
വലക്കണ്ണി മുറിഞ്ഞപോലകന്നിടുന്നോ
കടലറ്റമറിയാതീ-
യൊഴുക്കുത്തിന്മേല്‍
മിഴിയറ്റമുറയ്ക്കാത്ത തെളിവാനത്തില്‍
ചെറുകാറ്റിന്നനക്കങ്ങള്‍
വിതറി നില്പൂ
ലവണത നിറച്ചിടും കിനാക്കള്‍‍ മാത്രം
പലമട്ടില്‍ കുതിക്കുമീ
പെരുത്തയാനം
ഒതുക്കി നിര്‍ത്തുവാന്‍ വയ്യാ, തുലഞ്ഞുപോയി
കയര്‍കെട്ടി പലഭാര
മിറക്കി നോക്കി
കടലാഴമൊഴുക്കുന്നു കുതറിടുന്നു
വഞ്ചിയ്ക്കകം തിരഞ്ഞു ‍
ഞാനെടുത്തുകെട്ടി
പലവട്ടം പ്രണയങ്ങള്‍ ചൊരിഞ്ഞൊരാണി
പലരാത്രി കടല്‍ക്കര
യകന്നു നില്ക്കേ

ചെറുകൂര കരയതില്‍ തെളിഞ്ഞ നാളം
പ്രണയത്തിനതിതീവ്ര-
മുരച്ചു നിന്ന
പഴയതാമെഴുത്താണി തുരുമ്പെടുത്തോ?
എഴുത്താണിക്കഴുത്തില്‍ ഞാന്‍
കയറു കെട്ടി
കടലാഴത്തുറപ്പിയ്ക്കാന്‍ ശ്രമിയ്ക്കയായി.
കടലറ്റം തെളിയുന്നു
പ്രഭാതമായി
കടല്‍ക്കാറ്റു നിലയ്ക്കുന്നു, ഒഴുക്കകന്നു
തുഴയുമ്പോളതിവേഗം
കുതിയ്ക്കയല്ലേ
പ്രണയിനി, നിനക്കു ഞാന്‍ മനസ്സു നല്കാം.

20 Sept 2012

വിവാഹം


ജയചന്ദ്രന്‍ പൂക്കരത്തറ 
 - 9744283321

പറയാതെ
പകരമായവള്‍ക്കെന്നെ
നല്കുവാന്‍ കൊതിച്ചല്ലോ
പകലുകള്‍ക്കപ്പോള്‍ത്തന്നെ.


ദത്തെടുത്തതല്ലാ
വാരിക്കുഴിയില്‍
വീഴ്ത്തിയതല്ലാ
കണ്ണാടി കാണിച്ചു
ഭ്രമിപ്പിച്ചതുമല്ലാ
വല കെട്ടി
വീഴ്ത്തിയതുമല്ലാ.


പറയാതെ
ഓര്‍മ്മയ്ക്കും
മറവിക്കും
മധ്യത്തിലുള്ള
വരമ്പിലിരുത്തി
ഉന്മാദിപ്പിച്ചെടുത്തതല്ലേ
കാതരേ
നീയെന്നെ
എന്നേയ്ക്കുമായി.

19 Aug 2012

പൂവേ പൊലി


ജയചന്ദ്രന്‍ പൂക്കരത്തറ
9744283321

അന്നു പുലര്‍ച്ചേ കേള്‍ക്കുന്നൂ
അവളതു വഴിയേ പോയെന്ന്
കേട്ടവര്‍ കേട്ടവര്‍ കൂടുന്നൂ
പലവഴി പലവഴി തിരയുന്നൂ
മതിലുകള്‍ വേലികള്‍ ശീമക്കൊന്ന-
ത്തറികള്‍ പലതും ചാടുന്നൂ
വേലികള്‍ ചാടി മുണ്ടുകള്‍ കീറി
മതിലുകള്‍ ചാടി വിരലു മുറിഞ്ഞ്
മുണ്ടിന്‍ തോരണമുടലില്‍ കെട്ടി
ചോരയൊലിക്കും വിരലു കടിച്ച്
അവളെവിടെപ്പോയെന്നു തിരക്കി
ആളുകള്‍ പലവഴി പോകുന്നു

വഞ്ചിയെടുത്തും നീന്തിയകന്നും
മറുകര നോക്കി പോവുകയായി
തേങ്ങയിടുന്നോന്‍ തെങ്ങില്‍ക്കയറി
ചുറ്റും നോക്കിത്തിരയുകയായി
മൂന്നാം നിലയുടെ മുകളില്‍ക്കയറി
ചെവി പാര്‍ക്കുകയായ് ചില പെണ്ണുങ്ങള്‍.

അന്നു പുലര്‍ച്ചെ വീട്ടില്‍ നിന്നും
മെല്ലെയിറങ്ങിപ്പോകുമ്പോളവള്‍
സുന്ദരിയാകാനാഭരണങ്ങള്‍
മേനി മുഴുക്കെ കെട്ടിയമൂലം
കുട്ടികള്‍ മേടിന്‍ മുകളില്‍ നിന്നും
പൂക്കളറുക്കെ കാണുകയായി
നാടുമുഴുക്കേ കേള്‍ക്കാനായി
കുട്ടികള്‍ പാടി "പൂപ്പൊലി പൂവേ”.

17 Jun 2012

ജൂണ്‍


ജയചന്ദ്രന്‍ പൂക്കരത്തറ

പുതിയതാണുസ്കൂള്‍
പുതിയ പുസ്തകം
പുതിയ വസ്ത്രങ്ങള്‍
കുടയുമായി ഞാന്‍
പഴക്കമാര്‍ന്നവര്‍
മുതിര്‍ന്ന കുട്ടികള്‍
വഴിതെളിച്ചപോല്‍
നടന്നു നീങ്ങുന്നു.
വയല്‍വരമ്പിലൂ-
ടതി വേഗം ഞങ്ങള്‍
മയമില്ലാത്തതാം
നടത്തം കൊണ്ടാവാം
ഞവിഞ്ഞറയില്‍നി-
ന്നടര്‍ന്നു വീണിടും
ധവളിമയാര്‍ന്ന
മുടുകയും ചുറ്റും
പുതുമഴയേറ്റു
നിവര്‍ന്ന പുല്കളും
പതുക്കനെ ചത്തു
മലര്‍ന്നു പോകുന്നു.
ഇടയ്ക്കേതോ കാറ്റി-
ന്നകിട്ടില്‍ നിന്നൊട്ടും
മടക്കമില്ലാതെ
കുട കുതിച്ചതും
മഴയ്ക്കൊപ്പം നിന്നു
കയര്‍ക്കും മാതിരി
വിഴാതെ നെല്ചെടി
പുളഞ്ഞു നിന്നതും
കടന്നു ഞാന്‍ മെല്ലെ,
തെളിതേച്ചു പുത്ത-

നുടുപ്പിട്ടൊരുസ്കൂള്‍
പടി കടന്നതും.
വരാന്തയിലേറെ
മിടുക്കന്മാര്‍ തിക്കും
പൊരിച്ചിലുമായി
നടന്നു ചുറ്റുന്നു.
കുടപ്പിടിമണം
രസിച്ചു കൊണ്ടു ഞാന്‍
പടികേറി ക്ലാസ്സി-
ലിരിക്കുമ്പോ,ളാകെ
നനഞ്ഞൊട്ടി ചുറ്റും
പതറി നോക്കുമ്പോള്‍
"നനഞ്ഞിട്ടേയുള്ളു
കുളിച്ചു ഞാനെന്നു”
പറയുന്ന കണ്ണാ-
ലിരിക്കുന്നു, ചില-
രറിഞ്ഞില്ലാ വസ്ത്രം
നനഞ്ഞുവോ ? സ്വയം
നനയുമ്പോള്‍ മാത്രം
പതറുന്നൂ, ചുറ്റും
നനയുമ്പോഴൊട്ടും
പതറുകില്ലല്ലോ.

20 May 2012

പുതിയ പകല്‍


ജയചന്ദ്രന്‍ പൂക്കരത്തറ


വീണ്ടുമുണര്‍ന്നെഴുന്നേറ്റു പകലുകള്‍
തെണ്ടിത്തിരഞ്ഞു നടന്നശേഷം,
എന്നോ പകലുകള്‍ക്കൂര്‍ജം പകര്‍ന്നുകൊ-
ണ്ടെന്നോ കടത്താലടച്ച ചായ-
പ്പീടികത്തിണ്ണയില്‍ ചന്തിയമര്‍ന്നതിന്‍
വീടാക്കടത്തിന്‍ മിനുപ്പിലന്ന്
അന്തിയുറങ്ങാന്‍ കിടക്കെ മുരണ്ടുവോ
ചിന്തിയ ചോരത്തുടുപ്പിന്‍ മണം.

കൂരിരുളാണകത്തേറെയിരുട്ടില്‍നി-
ന്നൂരിയെടുത്തു തെളിഞ്ഞ കണ്‍കള്‍
ആരെന്‍ സഖാവേ, നിനക്കു ഞാനൊട്ടുമേ
ചേരാത്തൊരാളായ് ഭവിക്കയില്ല
ഇന്നത്തെ തെണ്ടലിലെന്‍മടിശ്ശീലയില്‍
വന്നണഞ്ഞുള്ള വിഭവമെല്ലാം
നമ്മള്‍ക്കു രണ്ടായ് പകുത്തുവെയ്ക്കാ, മിനി
തമ്മില്‍ക്കശപിശ കൂടിടാതെ
ഒന്നും മറുപടി തന്നില്ലയെപ്പൊഴോ
നന്നായ് തിരിഞ്ഞു കിടന്നിടുമ്പോള്‍
എന്തോ പതുക്കെ കവിളിലുരസുന്നു
ചിന്തയിലക്കാര്യമോര്‍മ്മ വന്നു.
കണ്‍മിഴിച്ചേറെ ഭയക്കെത്തെളിയുന്നു
വിണ്‍മനോജ്ഞപ്രഭാ സുപ്രഭാതം.

pho.-9744283321.

13 Sept 2011

വേദന



ജയചന്ദ്രൻ പൂക്കരത്തറ


അക്ഷരങ്ങ-
ളറിഞ്ഞപ്പോ-
ളറിഞ്ഞു
പല സത്യവും.
അന്നു തൊട്ടേ
രുചിച്ചു ഞാൻ
ജീവിതത്തിന്റെ
വേദന.
ഉടലേറ്റി-
ച്ചരിച്ചു ഞാ-
നേതോ ദുർഗമ-
വീഥികൾ.
അവിടം വീണു
പോകാതെ
വലം വയ്ക്കുന്നു
സൂര്യനെ.


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...