Showing posts with label 77. Show all posts
Showing posts with label 77. Show all posts

26 Mar 2013

കൊക്കുകളില്‍ മുടിച്ചുകൊണ്ട് പെണ്‍ജന്മം!

അഷ്രഫ് കാളത്തോട് 


സുരഭിലമാകുന്ന പൂവ്വിലേക്ക്
തരളിതമാകുന്ന വണ്ടാണ് പുരുഷന്‍
ചേലിടാന്‍ ശ്രമിക്കുന്നു
പൂവ്വാന്‍ കോഴിയുടെയും
ജനുസ്സു നോക്കാതെ
സ്ഥലകാലങ്ങള്‍ നോക്കാതെ
ഇണ ചേരുന്ന സങ്കര
നായ്ക്കളുടെ (Crossbreed)
കാമാന്ധതയില്‍ മാതൃത്വം
പോലും മറക്കുന്നു…
സഹോദരി പോലും ചിലപ്പോള്‍
കാമുകിയായും മാറുന്നു.
ഇണ ചേരുക എന്നതുമാത്രം
ജീവിത ലക്ഷ്യമായി വിഹരിക്കുന്ന
വന്യജീവിയായി പുരുഷന്‍
വേഗത്തില്‍ പ്രായപൂര്‍ത്തിയാവുന്നു.
വിഹായസ്സില്‍ തീകണ്ണുമായി
പാറിപ്പറക്കുന്ന ഗരുഡ
കോപത്തില്‍ സഹജീവിയുടെ
രോദനത്തെ പോലും കൊക്കുകളില്‍
മുടിച്ചുകൊണ്ട് കാല്‍നഖങ്ങളുടെ
കൂര്‍ത്ത മുള്ളുകളില്‍
നിണമൊഴുകി തീരുവാന്‍
മാത്രം പെണ്‍ജന്മം!

23 Feb 2013

അടുക്കള മാലിന്യം കൊണ്ട് നിങ്ങള്‍ എന്ത് ചെയ്യുന്നു….?


അഡ്വ. മുഹമ്മദ്‌  അന്‍സാരി 

ഓരോ ദിവസവും പച്ചക്കറികളുടെയും പഴ വര്‍ഗ്ഗങ്ങളുടെയും വില കുതിച്ചുയരുന്നു. കറിവേപ്പില പോലും വിലകൊടുത്തു വാങ്ങേണ്ട സ്ഥിതിയിലാണ് നാമിപ്പോള്‍. മുളക്, പപ്പായ, വെണ്ടയ്ക്ക, വഴുതനങ്ങ, ചീര, കോവക്ക, കുമ്പളം, പാവക്ക, പയര്‍, തുടങ്ങിയവയെല്ലാം നമ്മുടെ വീടിന്റെ ഇത്തിരിവട്ടത്തില്‍ വളര്‍ന്നിരുന്ന കാലത്ത് ബന്ധുക്കളോ മറ്റോ വിരുന്നിനു വരുമ്പോള്‍ മാത്രമായിരുന്നു ചന്തകളില്‍ നിന്ന് പച്ചക്കറി വാങ്ങിയിരുന്നത്. പച്ചക്കറി കൃഷി കൂടുതലായി ഇല്ലാതിരുന്ന വീട്ടുകാരും ചന്തകളില്‍ നിന്ന് കറി ഇനങ്ങള്‍ അധികമായി വാങ്ങിയിരുന്നില്ല. വാഴക്കൂമ്പും ചേമ്പിന്‍ താളും മുരിങ്ങ ഇലയും പയര്‍ ഇലയും, തഴുതാമയും ചക്കക്കുരുവും ഒക്കെ ഉപയോഗിച്ച് രുചികരമായ കറികള്‍ വെച്ചിരുന്നു.
ഇപ്പോള്‍, സമയക്കുറവും മറ്റു പല ഘടകങ്ങളും കാരണം നമുക്ക് പച്ചക്കറി മാര്‍ക്കറ്റിനെ ആശ്രയിക്കേണ്ടി വരുന്നു. തീവില കൊടുത്തു മാരക വിഷമാണ് നാം കഴിക്കാന്‍ വാങ്ങുന്നത് എന്ന് നാം ബോധപൂര്‍വം മറക്കുകയാണോ? നമ്മുടെ മേലനങ്ങാ ശീലത്തിനു വിഷം കഴിച്ചു നമ്മോടു തന്നെ പകരം വീട്ടുകയാണോ… ? മുന്‍പ് കറിവേപ്പില ആരുംവിലയ്ക്ക് വാങ്ങില്ലായിരുന്നു. എല്ലാ കിണറുകളുടെയും അടുത്ത് കുറച്ചു കറിവേപ്പിലയും മറ്റു ചെടികളും വെച്ചു പിടിപ്പിച്ചിരുന്നു. വെള്ളം കോരുമ്പോള്‍ ഒരുതൊട്ടി വെള്ളം ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കും. കിണറിലേക്ക് ഒഴുക്ക് വെള്ളം വീഴുന്നത് തടയാനും വെള്ളം ശുദ്ധീകരിക്കാനും ഇത് സഹായിച്ചിരുന്നു. മോട്ടോറും പൈപ്പ് കണക്ഷനും വന്നതോടെ വെള്ളം കോരേണ്ട ആവശ്യം ഇല്ലാതാവുകയും കിണറിന്റെ അടുത്തുണ്ടായിരുന്ന സസ്യ ലോകം ഇല്ലാതാവുകയും ചെയ്തു.
ഏഴെട്ടു വര്‍ഷം മുന്‍പ് വരെ പത്തോ ഇരുപതോ രൂപയ്ക്കു പച്ചക്കറി വാങ്ങിയാല്‍ കുറച്ചു കറിവേപ്പിലയും മല്ലിയിലയും ഫ്രീ ആയി കിട്ടുമായിരുന്നു. ഇപ്പോള്‍ കറിവേപ്പില തൂക്കി വാങ്ങണം. കറികള്‍ക്ക് കറിവേപ്പില എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞ മാര്‍ക്കെറ്റ് ലോബി അത് വിലയ്ക്ക് വില്‍ക്കാന്‍ തുടങ്ങി. വിലകിട്ടുമെന്ന്! അറിഞ്ഞപ്പോള്‍ വിഷം തളിച്ച വാടിപ്പോകാത്ത കറിവേപ്പിലകള്‍ വിപണിയിലെത്തി. പക്ഷെ ഗുണവും മണവും അതിനു നഷ്ടപ്പെട്ടെന്നു മാത്രം. കറിവേപ്പിലയും അതിന്റെ മണവും അന്യം നിന്ന് പോകുമ്പോള്‍ നാം ഇപ്പോഴും ഒരു ചടങ്ങ് പോലെ പ്ലാസ്റ്റിക് സമാനമായ കറിവേപ്പില കറികള്‍ക്കിടുന്നു…. മാരകമായ വിഷമാണെന്ന് തിരിച്ചറിഞ്ഞിട്ടും കറിവേപ്പിലക്ക് പകരം കറികളില്‍ ചേര്‍ക്കാന്‍ നമുക്കൊന്നുമില്ല. വിഷമില്ലാത്ത ഒരു മൂട് കറിവേപ്പ് നമ്മുടെ വീടിന്റെ ചുമരിനോട് ചേര്‍ന്ന് നടാനും നമുക്ക് കഴിയുന്നില്ല. സമയക്കുറവുണ്ടാകാം എങ്കിലും ….!!!.
കറിവേപ്പില ഒരു സൂചന മാത്രമാണ്. ജീവിതത്തിലും ദൈനംദിന ജീവിതത്തിലും. നമ്മുടെ ഗുണവും മണവും ഊറ്റിയെടുത്ത ശേഷം കറിവേപ്പില പോലെ (വി എസ് പറഞ്ഞത് പോലെ അല്ല) നാം കുടുംബത്തില്‍ നിന്ന്, ജോലിയില്‍ നിന്ന്, രാഷ്ട്രീയത്തില്‍ നിന്ന്, സാമൂഹിക ജിവിതത്തില്‍ നിന്ന്, ഒക്കെ വലിച്ചെറിയപ്പെടുന്നു. കൊടും വിഷമാണെന്ന് അറിഞ്ഞിട്ടും പലപ്പോഴും ഒരു ചടങ്ങുപോലെയോ നിര്‍ബ്ബന്ധിത വ്യവസ്ഥപോലെയോ നമുക്ക് കുടുംബവും ജോലിയും രാഷ്ട്രീയവും ഒക്കെ തുടരേണ്ടിയും വരുന്നു. കറിവേപ്പില പോലെ വിപണിയുടെ തന്ത്ര മന്ത്രങ്ങളിലും പരസ്യ കുതന്ത്രങ്ങളിലും മയങ്ങി ചില്ലിട്ടതും ചില്ലില്‍ ഇട്ടതും പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞതും ടിന്നിലടച്ചതും മറ്റു പലതും വാങ്ങുന്നു, കഴിക്കുന്നു…
ഇവിടെയാണ് ആദ്യം കുറിച്ച ചോദ്യത്തിന് പ്രസക്തി വരുന്നത്. അടുക്കള മാലിന്യം കൊണ്ട് നാം എന്ത് ചെയ്യുന്നു…?
ഒരു വീട്ടില്‍ നിന്ന് ശരാശരി മൂന്നു കിലോ മാലിന്യമാണ് ദിവസവും പുറംതള്ളുന്നത്. ഇതില്‍ ജൈവവും അജൈവവുമായ പദാര്‍ഥങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. പ്ലാസ്റ്റിക് പോലെ ഒരിക്കലും നശിക്കാത്തതും മണ്ണിന്റെ ഘടന തന്നെ മാറ്റിക്കളയുന്ന തരം രാസ വസ്തുക്കളും ഒരുമിച്ചാണ് നാം പുറത്തേക്കു കളയുന്നത്. മാലിന്യ കൂമ്പാരങ്ങളില്‍ നിന്ന് ഒരിക്കലും ഇത് വേര്‍തിരിക്കാന്‍ കഴിയില്ല. ജൈവ മാലിന്യങ്ങള്‍ പ്രകൃതിക്കോ മനുഷ്യനോ ദോഷകരമായി ബാധിക്കുന്നതല്ല. അവ മണ്ണില്‍ അലിഞ്ഞു ചേരുന്നതാണ്. എന്നാല്‍ പ്ലാസ്റ്റിക്കും മറ്റു അജൈവ പദാര്‍ഥങ്ങളും മണ്ണിന്റെ ഘടനയെ ബാധിക്കുന്നതും അപകടകരവുമാണ്.

യഥാര്‍ത്ഥത്തില്‍ ജൈവ മാലിന്യം വീടുകളില്‍ നിന്ന് ഒഴിവാക്കാന്‍ വേണ്ടിയാണ് നാം പ്ലാസ്റ്റിക്കും പുറം തള്ളുന്നത്. എന്നാല്‍ ജൈവ മാലിന്യം വീട്ടില്‍ തന്നെ കൈകാര്യം ചെയ്യാന്‍ സാധാരണ നേരിടുന്ന പ്രശ്‌നങ്ങള്‍ കാരണമാണ് അവ വഴിയരികില്‍ വലിച്ചെറിയാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. വീട്ടു വളപ്പില്‍ മാലിന്യം കളയാന്‍ സ്ഥലമില്ലാതാകുക, ദുര്‍ഗന്ധം, ഈച്ചകളും പുഴുക്കളും സൃഷ്ടിക്കുന്ന ശല്യം, തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ എങ്ങനെയെങ്കിലും മാലിന്യം ഒഴിവാക്കാന്‍ വീട്ടുകാര്‍ ശ്രമിക്കുന്നു. ചില പഞ്ചായത്തുകളും നഗര സഭകളും വീടുകളില്‍ നിന്ന് ഇപ്പോള്‍ നേരിട്ട് മാലിന്യം ശേഖരിക്കാറുണ്ട്. മാസം നൂറു രൂപ വീട്ടുകാര്‍ നല്‍കണം. റോഡില്‍ പലയിടത്തായി വലിച്ചെറിഞ്ഞു കൊണ്ടിരുന്ന മാലിന്യം ഏതെങ്കിലും ഒരു സ്ഥലത്ത് കൊണ്ട് കൂട്ടിയിടുന്നതിനപ്പുറം കാര്യമായി ഒന്നും ചെയ്യാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നില്ല. മാലിന്യ നിര്‍മാര്‍ജ്ജന പദ്ധതികള്‍ക്കായി ലക്ഷങ്ങളും കോടികളും ചിലവിട്ടശേഷം കാര്യമായ തുടര്‍പ്രവര്‍ത്തനങ്ങളോ അവലോകനമോ ഇല്ലാതെ പദ്ധതികള്‍ പാഴാക്കുകയാണ് മിക്ക സ്ഥലങ്ങളിലും. നന്നായി പദ്ധതികള്‍ നടപ്പിലാക്കുന്നവരുമുണ്ട്. എന്നാല്‍ ഭൂരിപക്ഷം പേരും കാര്യമായി ഒന്നും ചെയ്യാത്തവരാണ്.
ചുരുക്കത്തില്‍, നേരത്തെ പണം മുടക്കാതെ പ്രകൃതിക്ക് ദോഷം വരുത്തുന്നു. ഇപ്പോള്‍ മാസം നൂറു രൂപ നല്‍കി പ്രകൃതി നാശത്തിനു കൂട്ടുനില്‍ക്കുന്നു.
ഇപ്പോള്‍, വീണ്ടും ആദ്യത്തെ ചോദ്യം കൂടുതല്‍ ഗൗരവമുള്ള ഒന്നായി മാറുന്നു.
അടുക്കള മാലിന്യം കൊണ്ട് നാം എന്ത് ചെയ്യും…..?
ആര്‍ക്കു വേണ്ടിയാണ് നാം മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടത് എന്നത് വളരെ പ്രധാനമാണ്. സബ്‌സിഡി വാഗ്ദാനം ചെയ്തു സര്‍ക്കാര്‍ ചെയ്യേണ്ടതല്ല ഇത്. ഓരോരുത്തരും സ്വയം ചെയ്യേണ്ട കാര്യങ്ങള്‍ . . പ്രകൃതി ഇതുപോലെ ഇത്രയെങ്കിലും മനോഹരമായി ( ഇപ്പോള്‍ മനോഹരമാണെന്ന് പൂര്‍ണ്ണമായ അഭിപ്രായം ഇല്ല…എങ്കിലും ) വരും നാളുകളിലും ഉണ്ടായിരിക്കണം എന്ന് നാം തിരിച്ചറിയണം. ഇന്നത്തെ തലമുറ അനുഭവിച്ച പ്രകൃതി വിഭവങ്ങള്‍ വരും തലമുറകള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്നും അതവര്‍ക്ക് നിഷേധിക്കാന്‍ നമുക്ക് അവകാശമില്ലെന്നും തിരിച്ചറിയണം. നാം ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങളുടെ അവകാശികള്‍ നമ്മള്‍ മാത്രമല്ല, ഭൂമിയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന മറ്റു മനുഷ്യരും ഇനി വരാനിരിക്കുന്ന മനുഷ്യരും ഇതര ജീവജാലങ്ങളും കൂടിയാണെന്നും ഓര്‍ക്കണം. രോഗതുരമാണ് നമ്മുടെ ജീവിത ശൈലി എന്ന് മനസ്സിലാക്കണം. പൊള്ളുന്ന വിലകൊടുത്തു വിഷം നിറഞ്ഞ ആഹാര സാധനങ്ങളാണ് നാം കഴിക്കുന്നത് എന്നും അതില്‍ നിന്ന് ഒരു മാറ്റം നമുക്ക് വേണം എന്നും വരും തലമുറയ്ക്ക് വിഷമില്ലാത്ത ആഹാരം കൊടുക്കാന്‍ നാം കരുതല്‍ എടുക്കണമെന്നും ചിന്തിക്കണം. കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ വര്‍ധിച്ചു വരുന്നത് നമ്മുടെ ആഹാര ശീലങ്ങള്‍ കൊണ്ട് കൂടിയാണ് എന്ന് അറിയണം. ഇത്രയും കാര്യങ്ങള്‍ ചിന്തിച്ചാല്‍ തന്നെ പുതിയൊരു ജീവിത ശീലത്തിനു നാം തയാറാകും. പുതിയൊരു മനോഭാവം നാം രൂപപ്പെടുത്തും. അങ്ങനെ ഒരു മനോഭാവം നിങ്ങള്‍ക്കുണ്ടെങ്കില്‍ ഇനി വായിക്കുക……
വളരെ രസകരമായ ഒരു ഗയിം ആണ് ഇപ്പോള്‍ നമ്മുടെ മുന്‍പില്‍.
ദിനംപ്രതി കുമിഞ്ഞു കൂടുന്ന അടുക്കള മാലിന്യം. അത് നിക്ഷേപിക്കാനുള്ള സ്ഥല പരിമിതി. പുറത്തു കളയാന്‍ പ്രയാസം. പൊള്ളുന്ന പച്ചക്കറിവില. ജീവന് ദോഷകരമായ രാസ വസ്തുക്കള്‍, സമയക്കുറവ്.
ഈ ആറു പ്രശ്‌നങ്ങള്‍ ഒരുമിച്ചു പരിഹരിക്കപ്പെടണം. അധികം മുതല്‍ മുടക്കാതെയും സമയം കളയാതെയും വേണം.
ഒരു പരിഹാര ചങ്ങല (Solution Chain) യിലൂടെ നമുക്കിത് പരിഹരിക്കാം. ദിവസവും അഞ്ചു മിനിട്ട് സമയം ചിലവഴിച്ചാല്‍ മതി. അടുക്കളയിലെ ദൈനംദിന പരിപാലന ക്രമത്തില്‍ ഒരല്‍പം ചിട്ടയും ശ്രദ്ധയും കൂടി ഇതിനു ആവശ്യമാണ്. എങ്കില്‍ തീരെ സ്ഥലം കളയാതെ, സമയം കളയാതെ ചുവടെ ചേര്‍ക്കുന്ന കാര്യങ്ങള്‍ സാധ്യമാകും.
  1. മാലിന്യ നിര്‍മ്മാര്‍ജ്ജനം
  2. മാനസിക ഉല്ലാസം
  3. വിഷ രഹിതമായ പച്ചക്കറി
  4. സാമ്പത്തിക ലാഭം
  5. രോഗ രഹിതമായ ശരീരം
  6. അഭിമാനം
അടുക്കള മാലിന്യം നാം എന്ത് ചെയ്യണം….?
മാലിന്യം വേര്‍തിരിക്കുക എന്നതാണ് സംസ്‌കരണത്തിന് ഏറ്റവും ആവശ്യം വേണ്ടത്. ഉറവിടത്തില്‍ തന്നെ മാലിന്യം വേര്‍തിരിക്കാന്‍ കഴിഞ്ഞാല്‍ സംസ്‌ക്കരണത്തിന്റെ എഴുപതു ശതമാനം പൂര്‍ത്തിയായി. വീട്ടില്‍ വളരെ സുഗമമായി ഇത് സാധിക്കും. അടുക്കളയില്‍ ഒരു തയ്യാറെടുപ്പാണ് ഇതിനു വേണ്ടത്.
ആദ്യം വീട്ടില്‍ ഉണ്ടാകാന്‍ ഇടയുള്ള മാലിന്യങ്ങള്‍ നമുക്ക് തരംതിരിക്കാം.
  1. പുറത്തു നിന്ന് സാധനങ്ങള്‍ പൊതിഞ്ഞുകൊണ്ട് വരുന്ന പേപ്പറുകള്‍, പേപ്പര്‍ കവറുകള്‍,
  2. മീനും ഇറച്ചിയും പാലും കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറുകള്‍, ക്യാരി ബാഗുകള്‍.
  3. അരി കഴുന്ന വെള്ളം (കാടി) പാത്രങ്ങള്‍ കഴുകുന്ന വെള്ളം.
  4. പച്ചക്കറികളുടെയും മീന്‍, ഇറച്ചി തുടങ്ങിയവയുടെയും അവശിഷ്ടങ്ങള്‍.
  5. പൊട്ടിയ ഗ്ലാസ്സുകളുടെയും പാത്രങ്ങളുടെയും കേടായ ബള്‍ബുകളുടെയും ചില്ലുകള്‍.
  6. ഭക്ഷണാവശിഷ്ടങ്ങള്‍.
ഇതില്‍ പേപ്പര്‍ ഇനത്തില്‍ വരുന്നവ അടുക്കി വയ്ക്കുക. പത്രക്കടലാസിനു കിലോക്ക് 7-8 രൂപ ലഭിക്കും. മറ്റു പത്രങ്ങള്‍ക്കൊപ്പം വില്‍ക്കാം. നനഞ്ഞ കടലാസുകള്‍ അടുപ്പിന്റെ പരിസരത്ത് വച്ചോ മറ്റെവിടെയെങ്കിലും നിവര്‍ത്തി വച്ചോ ഉണക്കി അടുക്കി വയ്ക്കുക.

ഒരു നൂല്‍ കമ്പിയോ കുട കമ്പിയോ അടുക്കള വാതിലിനു പുറത്തു ചുമരില്‍ തൂക്കിയിടുക. വലിയ കവറുകള്‍ മടക്കി വേണം കൊളുത്തിയിടാന്‍. മീനും ഇറച്ചിയും കൊണ്ടു വരുന്ന കാരി ബാഗുകള്‍ കഴുകിയ ശേഷം ഇതില്‍ കൊളുത്തിയിടുക. കഴുകാതെ ഒരു കാരണവശാലും സൂക്ഷിക്കരുത്. വൃത്തിയായ പ്ലാസ്റ്റിക് മാത്രമേ പുനരുപയോഗിക്കാനും വില്‍ക്കാനും കഴിയുകയുള്ളൂ. മാത്രമല്ല കവറുകളില്‍ അഴുക്കു ഉണങ്ങിപിടിച്ചാല്‍ പിന്നെ കഴുകി വൃത്തിയാക്കാന്‍ കൂടുതല്‍ സമയവും വേണം.
അടുക്കളയുടെ ചുവരിനോട് ചേര്‍ന്ന് ഒരു പഴയ ചാക്കോ ബക്കറ്റോ വെയ്ക്കുക. പൊട്ടിയ ഗ്ലാസുകളും കുപ്പികളും ചില്ലുകളും ഇതില്‍ ഇട്ടു വെക്കുക. കുറച്ചുനാള്‍ കഴിയുമ്പോള്‍ വില്‍ക്കാവുന്നതാണ്.
ഇപ്പോള്‍ നമ്മുടെ വീട്ടിലെ അജൈവ മാലിന്യങ്ങള്‍ തരാം തിരിക്കപ്പെട്ടു.
ഇനി ജൈവ മാലിന്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യാം എന്ന് നോക്കാം.
വീടിനു പുറത്തു വെക്കാന്‍ അഞ്ചു പ്ലാസ്റ്റിക് ചെടി ചട്ടികള്‍ വേണം. കമ്പോസ്റ്റ് ബിന്നുകളാണ് ഇവ. അടുക്കളയില്‍ ഒരു വേസ്റ്റ് ബിന്‍ സൂക്ഷിക്കുക. ഒരു പ്ലാസ്റ്റിക് കവര്‍ ഇതില്‍ ഇറക്കി വെച്ച് പച്ചക്കറി അരിഞ്ഞതിന്റെയും മീനിന്റെയും ഇറച്ചിയുടെയും അവശിഷ്ടങ്ങള്‍ ഇതില്‍ ഇടുക. അലിഞ്ഞു ചേരുന്ന മാലിന്യങ്ങള്‍ എന്തും ഇതില്‍ ഇടാം. വൈകിട്ട് ഈ മാലിന്യങ്ങള്‍ വെള്ളം ഊറ്റിക്കളഞ്ഞ ശേഷം ചെടിച്ചട്ടിയിലേക്ക് ഇടുക. 10-12 ദിവസം കൊണ്ടു ഒരുചട്ടി നിറയും. അടുത്ത ചട്ടികളില്‍ ഇത് ആവര്‍ത്തിക്കുക. ഏകദേശം 40 ദിവസം കൊണ്ടു ഈ മാലിന്യങ്ങള്‍ കമ്പോസ്റ്റ് ആയി മാറും. കമ്പോസ്റ്റ് ചട്ടികള്‍ക്ക് ചുവട്ടില്‍ തുളയുണ്ടായിരിക്കണം. ഓരോ ചട്ടിയും നിറയുമ്പോള്‍ വായു കടക്കുന്ന വിധത്തില്‍ വല കൊണ്ടു മൂടണം. വായുവിന്റെ സാന്നിധ്യത്തിലാണ് ഇവിടെ കമ്പോസ്റ്റിംഗ് നടക്കുന്നത്.
ഒരു പ്രശ്‌നം നേരിടാനുള്ളത്, വായുവിന്റെ യഥാര്‍ത്ഥത്തില്‍ ഓക്‌സിജന്റെ അഭാവമുണ്ടായാല്‍ ദുര്‍ഗന്ധം വരും. ഉറുമ്പും, മറ്റു ചെറിയ ജീവികളും ഈ പാത്രത്തിലേക്ക് ആകര്‍ഷിക്കപ്പെടും. ഇതിനെ പ്രതിരോധിക്കാന്‍ Pelrich Composorb പോലുള്ള സൂക്ഷ്മാണു സഹായികള്‍ ഉപയോഗിച്ചാല്‍ മതി. Composorb ഉപയോഗിക്കുമ്പോള്‍ ദുര്‍ഗന്ധം ഉണ്ടാകില്ല. മാലിന്യം സംസ്‌കരിക്കപ്പെട്ടു ഹ്യുമസ് ഉണ്ടാകുന്നു. Composorb ഉപയോഗിച്ചുണ്ടാകുന്ന ഹ്യുമസ് ഉപയോഗിച്ച് ഒരു റൗണ്ട് കമ്പോസ്റ്റിംഗ് കൂടി നടത്താം. വീണ്ടും ഉണ്ടാകുന്ന ഹ്യുമസ് ചെടിച്ചട്ടികളിലോ പ്ലാസ്റ്റിക്, പോളിത്തീന്‍ കവറുകളിലോ നിറച്ചു വിത്തുകള്‍ അതിലേക്കു നേരിട്ട് നടാം. മണ്ണിനു പകരമായ നടീല്‍ മാധ്യമമായും ചെടികള്‍ക്ക് വളമായും ഇത് ഉപയോഗിക്കാം.
വീട്ടില്‍ കുട്ടികളിലൂടെ ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ കൃഷിയുടെ മേന്മകള്‍ മനസ്സിലാകുന്നതിനും പുതിയൊരു ജീവിത സംസ്‌കാരം തുടങ്ങാനും സഹായകമാകും. വളരെ കുറഞ്ഞ സമയവും കുറച്ചു മാത്രം സ്ഥലവും (നാല് ചെടിച്ചട്ടി വെക്കാനുള്ളത്ര മാത്രം) ഉപയോഗിച്ച് വീടും നാടും നമുക്ക് വൃത്തിയാക്കാം. ഒപ്പം വിഷമയമില്ലാത്ത പച്ചക്കറികളും ആരോഗ്യമുള്ള ശീലങ്ങളും പുതിയൊരു ജീവിത സംസ്ക്കാരവും നമുക്ക് സൃഷ്ടിക്കാം.
കൂടുതലായി അറിയേണ്ടവര്‍ എഴുതുക: ansaripta@gmail.com, ansaripta@live.com

24 Jan 2013

പുതുചികിത്സയുമായി ഡോ:പ്രേംചന്ദ്.

 ജെയിംസ് ബ്രൈറ്റ്

ഡോക്ടര്‍ പ്രേംചന്ദിനെ ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തേണ്ടി വരുമെന്നു തോന്നുന്നില്ല. അദ്ദേഹം ബൂലോകം ഓണ്‍ലൈനിന്റെ ഡയറക്ടറാണ്. ലണ്ടനിലെ ക്യൂന്‍സ് ഹോസ്പിറ്റലിലെ ഗാസ്ട്രോ എന്റെറോളജി വിഭാഗത്തിന്റെ തലവനാണ്  പ്രേംചന്ദ്.  അദ്ദേഹത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ വായിക്കാവുന്നതാണ്. ഇന്‍ഫ്ലമേറ്ററി ബവല്‍ ഡിസീസ് അഥവാ അള്‍സറേറ്റിവ് കോളൈറ്റിസ്, ക്രോണ്‍സ് ഡിസീസ് തുടങ്ങിയ അസുഖങ്ങള്‍ക്കെതിരെ ഫലപ്രഥമായ ഒരു പുതിയ ചികിത്സാ രീതി ഇംഗ്ലണ്ടില്‍ ആദ്യമായി പ്രേംചന്ദ് നടപ്പിലാക്കി വരുന്നു എന്നത് നമുക്കേവര്‍ക്കും അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്.
അതിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ വായിക്കുക.
വൈറ്റ് സെല്‍ അഫേരസിസ് എന്ന ഈ പുതു ചികിത്സാ സമ്പ്രദായത്തിന് ഇന്ന് യൂറോപ്പില്‍ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്നു. താമസിയാതെ ഇത് ഇന്‍ഡ്യയിലും വരുമോ?. കാത്തിരുന്നു കാണേണ്ടി വരും അത്. നല്ല റിസള്‍ട്ട് ലഭിക്കുന്നതുമൂലം ഒരുപാടു രോഗികള്‍ ഡോക്ടര്‍ പ്രേംചന്ദിനെ അന്വേഷിച്ചു വരുന്ന സ്ഥിതിവിശേഷമാണ് ഇന്ന് ഇംഗ്ലണ്ടില്‍. വളരെ വേഗം അസുഖത്തില്‍ നിന്നും ആളുകള്‍ സുഖം പ്രാപിക്കുന്നുണ്ട്.
ഈയിടെ ലണ്ടനില്‍ അദ്ദേഹം ഇംഗ്ലണ്ടിലെ എല്ലാ ഗാസ്ട്രോ എന്ററോളജിസ്റ്റുകളെയും ഇക്കാര്യത്തെപ്പറ്റി ബോധവല്‍ക്കരിക്കുകയുണ്ടായി. അതിന്റെ ചിത്രങ്ങളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.

22 Dec 2012

ആഭിജാത്യം..[novel]

ശ്രീദേവിനായർ
അധികം ദിവസം അവിടെ നില്‍ക്കാനുള്ള  മനസ്സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല.
എന്തായാലും അദ്ദേഹത്തിന്റെ തീരുമാനത്തിനു മുങ്കൈയ്യെടുക്കാതെ തന്നെ
കോവിലകത്തേയ്ക്ക് തിരിച്ചു വരാന്‍ കഴിഞ്ഞതില്‍ തെല്ലൊരാശ്വാസം തോന്നി.
മാളികയിലെ ജീവിതവും ജീവിത സൌകര്യവുമൊക്കെ ഒരുകാലം വിട്ടുപോകുന്ന
താണെന്ന യാഥാര്‍ത്ഥ്യം പകലുപോലെ മുന്നില്‍ തെളിഞ്ഞു കൊണ്ടേയിരുന്ന
രാത്രികള്‍   .......

അപ്പുവും അച്ചുവും ഇന്ന് തന്റെ സ്വന്തം മക്കള്‍ തന്നെയാണെന്ന് മനസ്സ് പറഞ്ഞു
കൊണ്ടേയിരുന്നു.സ്വയം വിധിയ്ക്ക് കീഴ്പ്പ്പെട്ടു ജീവിക്കാന്‍ മനസ്സിനെ പറഞ്ഞു
മനസ്സിലാക്കി ക്കഴിഞ്ഞിരിക്കുന്നു.......


നേരം പുലരുന്നതും അസ്തമിക്കുന്നതും കണ്ടു ഒരുതരം നിര്‍വ്വികാരതയില്‍ ഇരിക്കാന്‍
മാത്രം കഴിയുന്നതായി അനുഭവപ്പെടാന്‍ തുടങ്ങിയപ്പോള്‍ എവിടെയോ
ആരോടൊക്കെയോ പ്രതികാരം ചെയ്യാന്‍ മനസ്സ് വെമ്പി.പക്ഷേ.......


പെണ്‍കുട്ടിയല്ല താനിന്ന് ....ഒരു പാകത വന്ന സ്ത്രീയായി  മാറിക്കഴിഞ്ഞിരിക്കുന്നു.
ആരോടാണ് ..എന്തിനോടാണ്  പ്രതികാരം ചെയ്യേണ്ടത്?
തന്നെ ആശ്രയിക്കാന്‍ തയ്യാറായി നില്‍ക്കുന്ന രണ്ടു കുട്ടികള്‍  .....
തന്നെ ഉറ്റുനോക്കുന്ന ബന്ധുക്കള്‍ ......
എല്ലാം നിസ്സാരമായി ക്കാണുന്ന ഭര്‍ത്താവ്....
ഇതുവരെയും മനസ്സിലാക്കാന്‍ കഴിയാത്ത  മനസ്സുള്ള അമ്മായിയമ്മ....

രാത്രിയുടെ അന്ത്യയാമത്തിലെപ്പോഴോ ഞാനുണര്‍ന്നു.എന്തോ ഒരു ശബ്ദം ?
അതു കരച്ചിലായിരുന്നില്ല.എന്നാല്‍ തേങ്ങലോടു കൂടിയ ആശബ്ദം ഞാന്‍ വ്യക്തമായിക്കേട്ടു.
ഇരുട്ടില്‍ ഒന്നും കാണാന്‍ വയ്യായിരുന്നു.വഴിയരികിലെ  പോസ്റ്റിലെ വെളിച്ചം തീരെ മങ്ങിയതായിരുന്നു.
രണ്ടാം നിലയിലെ ഞങ്ങളുടെ മുറിയില്‍ അന്ന് ഞാന്‍ തനിച്ചായിരുന്നു.തൊട്ടപ്പുറം മുറിയില്‍ അപ്പുവും അച്ചുവും
സുഖമായി ഉറങ്ങുന്നു.തലയണ ക്കീഴില്‍ നിന്നും റ്റോര്‍ച്ച്ലൈറ്റെടുത്ത് ഞാന്‍ മെല്ലെ മുറിയില്‍നിന്നും
പുറത്തേയ്ക്കിറങ്ങി.എവിടെനിന്നോ ധൈര്യം കിട്ടിയതുപോലെ ഞാന്‍ ഇടനാഴിയിലേയ്ക്കിറങ്ങി

താഴെ മുറ്റത്ത് ഒരു കാറില്‍ നിന്നും രവിയേട്ടന്‍ ഇറങ്ങുന്നതും ആരോടോ യാത്രപറയുന്നതും കാണാമായിരുന്നു.
എന്നാല്‍ കാറിനകത്ത് നല്ല വെളിച്ചമുണ്ടായിരുന്നു.കാറിനകത്
ത് ഡ്രൈവറെ ക്കൂടാതെ ഒരു സ്ത്രീയും ഉണ്ടായിരുന്നത്
നല്ലപോലെ കാണാമായിരുന്നു.എന്നാല്‍ അതിലിത്ര തെറ്റ് പറയാനില്ലല്ലോ എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു.
ഞാന്‍ തിരികെ വന്ന് ഒന്നുമറിയാത്തതുപോലെ  കട്ടിലില്‍ കിടന്ന് പുതപ്പു വലിച്ചുമൂടി ഉറക്കം അഭിനയിച്ചുകിടന്നു.

എപ്പോഴോ താന്‍ ഉറങ്ങിപ്പോയതും നേരം പുലര്‍ന്നതും അറിഞ്ഞത്  കുട്ടികള്‍ വന്ന് വിളിച്ചപ്പോഴാണ്
കുറ്റബോധവും സങ്കടവും കൊണ്ട് എന്തുപറയണമെന്നറിയാതെ    കട്ടിലില്‍ തന്നെ ഇരുന്ന്പോയി.
അപ്പോള്‍    , ഭര്‍ത്താവ് സ്വന്തം മുറിയില്‍ എത്തിയിട്ടില്ല,തന്നെയും കുട്ടികളെയും കണ്ടിട്ടുമില്ല.....
എല്ലാം സഹിക്കാന്‍ കഴിയണെയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു.......

തന്റെ മുഖം കണ്ടിട്ടാകണം   അമ്മ   സംസാരിക്കാനുള്ള ഭാവത്തില്‍ പതിയെ അടുക്കല്‍ വന്നു.
സകല നിയന്ത്രണവും തെറ്റി താന്‍ ഒന്നു നോക്കി അമ്മയോട് ചോദിച്ചു..
അമ്മേ..രവിയേട്ടന്‍ ഇന്നലെ രാത്രി വന്നിരുന്നോ?
അമ്മയുടെ പരുങ്ങലും പതര്‍ച്ചയും കണ്ടു നില്‍ക്കാതെ തിരിഞ്ഞു നടന്നു.
അത് എന്തോ അത്യാവശ്യത്തിനു വന്നതാ..ഉടനെപ്പോയി......
അവന്‍ പറഞ്ന്നിരുന്നില്ലേ?
മറുപടി അമ്മയും പ്രതീക്ഷിച്ചുകാണില്ല എന്ന് മനസ്സിലായി..
അടുത്ത രണ്ടാഴ്ച്ചയും അദ്ദേഹത്തിനു ബിസിനസ്സ് ടൂറ് ആയിരുന്നു.
ഒന്നു ഫോണ്‍ ചെയ്യാനുള്ള സാവകാശം പോലും ഇല്ലാത്ത  തിരക്കിലാണെന്ന് സ്വയംവിശ്വസിക്കാന്‍  ശ്രമം
നടത്തിക്കൊണ്ട് ഞാന്‍ എന്നെത്തന്നെ ശിക്ഷിക്കുകയായിരുന്നു.
സ്വയം നിശബ്ദയാക്കപ്പെട്ട ഒരു പെണ്ണിന്റെ ജീവിതം ,സമ്പന്നതയുടെ നടുവിലും സദാദുഃഖമയം....

എന്തോ മനസ്സിലാക്കിയതുപോലെ കോവിലകത്തെ അമ്മ ഒരു ദിവസം തനിയ്ക്കുവേണ്ടി  എന്നപോലെ
രഹസ്യങ്ങളുടെ കലവറ  തുറക്കാന്‍ തയ്യാറായി അടുക്കലെത്തി......
അതൊരു തുടക്കമായിരുന്നുവെന്നോ ഒടുക്കമായിരുന്നുവെന്നോ ഇന്നുമെനിയ്ക്ക് അറിയാന്‍ കഴിയുന്നില്ലാ
എന്നാല്‍  അത് തന്റെ തീരുമാനങ്ങളുടെ അതിശക്തമായ  പ്രതിരോധവും ഭാവിയുടെ ഉറച്ച കാഴ്ച്ചപ്പാടുമായിരുന്നു
വെന്ന് ഓര്‍ക്കുമ്പോള്‍ ഇന്നും അഭിമാനത്തോടെ ഓര്‍ക്കാന്‍ കഴിയുന്നു.കത്തിയമര്‍ന്ന ഒരായിരം സ്വപ്നങ്ങളുടെ
ശവപറമ്പില്‍ ഉള്ളുപിടയുമ്പോഴും ഏറ്റെടുത്ത ദൌത്യം നിര്‍വ്വഹിച്ചുകഴിഞ്ഞ ഒരു പെണ്ണിന്റെ  ചാരിതാര്‍ത്ഥ്യം!

അത് ഇങ്ങനെയായിരുന്നു....

ദേവി.....
താന്‍ അമ്മയുടെ മുഖത്തേയ്ക്ക് നോക്കി...
നീ രവിയുടെ  ഭാര്യയല്ലേ?
നിനക്ക് അറിയാത്ത കാര്യങ്ങള്‍ അവനോട് ചോദിക്കണം..
അമ്മയുടെ മുഖത്തു നോക്കി മിണ്ടാതിരുന്നു.....
ഉള്ളില്‍ ഒരായിരം ഉത്തരമുണ്ടങ്കിലും മൌനമാണ് നല്ലതെന്ന് തോന്നി.
പിടിച്ചു നിര്‍ത്താനാവാതെ അമ്മ വാതോരാതെ സംസാരിച്ചുകൊണ്ടേയിരിന്നു.
കാരണമില്ലാതെ ഇത്രയും അസ്വസ്തയായി അമ്മയെ ഇതുവരെകണ്ടിട്ടില്ല.
താന്‍ വെറുമൊരു ഭാര്യമാത്രണെന്ന് അറിയാമെങ്കിലും ഇന്ന് തന്റെ സാന്നിദ്ധ്യം കോവിലകത്ത്
അത്യാവശ്യമാണെന്ന് അമ്മ ആഗ്രഹിക്കുന്നതുപോലെ!
പുരുഷന് സ്ത്രീയുമായിയുള്ള ബന്ധം ഏതാണ്ടൊക്കെ അറിയുന്ന താന്‍ ഇന്ന്  അമ്മയുടെ മുന്നില്‍
ശ്രദ്ധയോടെ എല്ലാം കേട്ടിരിക്കുന്നതായി ഭാവിച്ചു.
രവിയേട്ടനെപ്പോലെ പ്രായമുള്ള ഒരാള്‍ക്ക് താന്‍ ഒരിക്കലും ചേര്‍ന്ന ഭാര്യയല്ലേന്ന് താന്‍
ഇതിനോടകം തന്നെ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു.ഒപ്പം..അമ്മയും?
എന്തും വരട്ടെയെന്ന ഭാവത്തില്‍ അമ്മയോട് ചോദിച്ചു.
അമ്മേ....ആകുട്ടികള്‍ ആരാണ്?
അമ്മ ഒന്നു ഞെട്ടി....
എന്നാല്‍ പിന്നീടുള്ള സംസാരത്തില്‍ താന്‍ ആയിരുന്നു  തകര്‍ന്നുപോയത്....
ദേവി.....അത് എന്റെ സ്വന്തം തെറ്റുതന്നെയാണ്....
അവരുടെ അമ്മ  യോ അഛനോ ആരെന്ന് ആര്‍ക്കുമറിയില്ല...
രവി അവരെ  സ്വയം ഏറ്റെടുക്കുകയായിരുന്നു.
എന്നോടുള്ള പ്രതികാരം അവന്‍ അങ്ങനെ തീര്‍ക്കുകയായിരുന്നു.
ഒരിക്കല്‍ അവന്‍ സ്നേഹിച്ചിരുന്ന പെണ്‍കുട്ടിയെ എന്റെ എതിര്‍പ്പുമറികടന്ന്
അവന് വിവാഹം കഴിക്കാന്‍ കഴിഞ്ഞില്ല.
പിന്നെ വര്‍ഷങ്ങല്ള്‍കഴിഞ്ഞ് ഞാന്‍ അനുവദിച്ചെങ്കിലും  പിന്നെ അതിനെപ്പറ്റിഅവന്‍ ഒന്നും
പറഞ്ഞിരുന്നില്ല.

എന്നാല്‍ വിദേശവാസം കഴിഞ്ഞ് തിരിച്ചു വന്ന അവന്‍ എന്നോട് ആവശ്യപ്പെട്ടത്
ഈകുട്ടികള കൂടെക്കൂട്ടാന്‍ മാത്രമായിരുന്നു.
ആരാണെന്ന് ഇന്നുമറിയില്ല.
എല്ലാപേരോടുംസ്വന്തം മക്കളാണെന്ന് അവകാശപ്പെടുന്ന  അവര്‍  അവ്ന്റെ വളര്‍ത്തു
മക്കളാണെന്ന് കോവിലകത്തുള്ളവര്‍ക്ക് മാത്രമേ അറിയൂ.
കൂടുതല്‍ ചോദിക്കാന്‍ അവന്‍  നിന്നു തരാറുമില്ല.....


മനസ്സ് പെരുമ്പറകൊട്ടുന്നത് അറിയായിരുന്നു.
അപ്പോള്‍?വല്യമ്മ പറ്ഞ്ഞത്?
എല്ലാപേരാലും തെറ്റിദ്ധരിപ്പിക്കപ്പെട്ട  ജീവിതമോ  രവിയേട്ടന്റേത്?
ഇതെല്ലാമെന്തിനു വേണ്ടിയായിരുന്നു?
കോവിലകത്തിന്റെ ഏക ആണ്‍ തരിയുടെ  തലവര....!
ആശ്വാസംതോന്നി......തന്റെ തലവരയേക്കാളും മോശമോ?
ഈശ്വരന്റെ കളികളാണിതെല്ലാ മെന്ന് ആശ്വസിച്ചു.


അന്ന് രാത്രി ഉറക്കം വന്നതേയില്ല.
പാതിരാത്രി യായപ്പോള്‍ കാറിന്റെ ശബ്ദം കേട്ടു.
കാല്‍പ്പെരുമാറ്റംകേട്ടു.അത് അദ്ദേഹം തന്നെയായിരുന്നു.
ദേവി....
ഉറക്കമുണര്‍ന്നതുപോലെ  എഴുനേറ്റു.
കിടന്നോളു..
രാവിലെ കാണാം....
തലയണയില്‍ മുഖമമര്‍ത്തി വീണ്ടും കിടന്നു.
എന്തു പറയണമെന്ന് അറിയില്ല.എല്ലാം ഒരു സ്വപ്നമ്പോലെ....
കാരണം താന്‍  അദ്ദേഹത്ത സ്നേഹിച്ചിരുന്നുവോ?
ഇല്ലയെന്ന് പറയുന്നതാവും ശരി..
ഒരു തരം ബഹുമാനം അതു തന്നെയായിരുന്നില്ലേ അദ്ദേഹത്തിനോട് തനിയ്ക്കുള്ള വികാരം?

സുഖ ഭക്ഷണം,വിശ്രമം,വസ്ത്രം, പിന്നെ ഭാര്യാപദവി...
ഇതു തനിയ്ക്ക്  തരാന്‍ അദ്ദേഹം മടികാണിച്ചിരുന്നില്ലല്ലോ?
കൂടുതല്‍ പ്രതീക്ഷിക്കുവാനുള്ള അവകാശം തനിയ്ക്ക് ഇല്ലെയെന്ന് ആദ്യമേ മനസ്സില്ലായതുമാണല്ല്ലോ?
കണ്ണുപൂട്ടിക്കിടന്ന് ഉറക്കത്തെ സ്വപ്നം കണ്ട്...   ഉറങ്ങുവാന്‍ ശ്രമിച്ചു....

(അവസാനിച്ചു.)

22 Nov 2012

പെന്‍ ഹൗസ് – ഒരു പേന വാങ്ങിയ കഥ

ചീരൂട്ടൻ


 ‘ന്റെ ലോര്‍ഡ് കൃഷ്ണാ നിക്കിപ്പോ വെള്ളക്കടലാസിക്ക് വാള് വെക്കണം.. എനിക്കെഴുതാന്‍ മുട്ടുന്നേ..’ Henri Charriere ന്റെ Papillon വായിച്ച് ഏനക്കേട് പിടിച്ച ഗുബ്ബി വലിയവാവിട്ടു കരഞ്ഞു. വിശന്നു പൊരിഞ്ഞു ഒരൊറ്റ വറ്റിന് വേണ്ടി അലറിക്കരയുന്ന കാരയപ്പനേം, മോലകിട്ടാതെ കരയുന്ന തമിഴന്മാരുടെ ക്ടാങ്ങളേം കൊറേ കണ്ടിട്ടുണ്ട്. ഈ ഗുബ്ബിക്കിതെന്തിന്റെ കേടാ,എഴുതാന്‍ മുട്ടുന്നു പോലും. നശിച്ച നഗരത്തിന്റെ നരക വാതില്‌ക്കെ കിടക്കുന്ന പുസ്തകങ്ങള്‍ കാണുമ്പോള്‍ ആനപ്പിണ്ടതിന്റെ വില കല്‍പ്പിക്കാത്ത ആള്‍ക്കാരുടെ മുന്നിലെക്കാ ഈ എഴുതിയ തുണ്ട് കഷ്ണങ്ങള്‍ ചുരുട്ടി വലിച്ചെറിയുന്നെ. …

 ‘ഈ മനോഹരമാം വല്ലിയില്‍ വിരിഞ്ഞപ്പൂ ക്കള്‍ കൊഴിയും മുന്‍പേ അറുത്തെടുത്താലും കുലംകുത്തിപ്പയുന്ന നദിയില്‍ നിന്നും ഒരിറ്റു ജലം നല്‍കിയതിനോടു കടപെട്ടവനാകു ആ കൈകളുടെ നനുത്ത സ്പര്‍ശത്തിനാല്‍ പുഷ്പ്പം ആനന്ദാശ്രു പോഴിക്കാതിരിക്കില്ല’ എനിക്കൊരു ചായയും ബോണ്ടയും ഒരു തുണ്ട് കടലാസും വേണം, തട്ടുകടയില്‍ നിന്ന് ചായയും ബോണ്ടയും കഴിച്ച് കൈയിലുള്ള ബാക്കി ഒരു രൂപയ്ക്കു ഒരു വെളുത്ത കടലാസ് തുണ്ടം വാങ്ങാന്‍ അവന്‍ നടന്നു.. ‘ഒരു വെള്ളക്കടലാസ്…’ കടലാസ് മടക്കി ഗുബ്ബി കീശയില്‍ എട്ടു ഒരു പരിചിത ശബ്ദം.. എവിടെക്ക്യാ? ഒരു പേന വാങ്ങണം… എഴുത്ത്? അതിപ്പോഴും ഉണ്ട്,ആരോ വിധിച്ച ശിക്ഷയാണത്.. പക്ഷെ എഴുതുമ്പോള്‍ ജീവിതം കൈവിട്ടുപോകുന്നു, ജീവിക്കുമ്പോള്‍ എഴുത്തും. എഴുത്ത് നിര്‍ത്തരുത്… ബുദ്ധിമുട്ടുകള്‍ ഉണ്ടായിരിക്കും തരണം ചെയ്യേണ്ടതുണ്ട്

ഒരുമൂളലോടെ കാലിയായിക്കിടക്കുന്ന പോക്കറ്റുമായി ഗുബ്ബി നടന്നു നീങ്ങി. മനസ്സില്‍ നീറുന്ന ചിന്തകളായിരുന്നു ജീവിതം വേണോ? എഴുത്ത് വേണോ? എഴുതുമ്പോള്‍ ജീവിതത്തെ പറ്റിയുള്ള ആദി.. എഴുതാതിരുന്നാല്‍… പേന വാങ്ങുവാന്‍ പണത്തിനായ് തന്റെ കവിതാസമാഹാരവുമായ് നഗര വീഥിയിലെ ആനപിണ്ടക്കൂബാരം ലക്ഷ്യമിട്ട് നടന്നു.. ‘പ്രഹേളിക’ കവിതാസമാഹാരമാണ്…. ഇവിടെ കവിതകള്‍ക്ക് ചിലവില്ല.. ‘ചിലവില്ല’ ‘ചിലവില്ല’ ‘ചിലവില്ല’ ലോകം വായിക്കുവാന്‍ താല്പര്യപ്പെടാത്ത ചിന്തകളുമായ് ഗുബ്ബി പെന്‍ ഹൗസ് പടിക്കല്‍ നിന്നു.. വാഹനങ്ങളുടെ ഇരമ്പലില്‍ ഒരു ശബ്ദം മാത്രം മുഴങ്ങി നിന്നു മം എന്ത് വേണം? ഒരു.. ഒരു പേന വേണം, പക്ഷെ പണമില്ല കൈയില്‍… ഇതെന്റെ കവിതാസമാഹാരമാണ് ദയവു ചയ്തു ഇതെടുത്തു ഒരു പേന തരണം ചിന്തകളുടെ തീക്കനലുകള്‍ കൂട്ടിയുരസി, പേനയുമായ്,ശിക്ഷയും പേറി, മറ്റൊരു കവിതാസമാഹാരത്തിന് ജന്മം നല്കുവാനായ്, നഗര വീഥിയിലൂടെ ഗുബ്ബി ഏകനായ് മന്ദം മന്ദം നടന്നു നീങ്ങി….

23 Oct 2012

രണ്ടു വേദികളിലെ അനുഭവം നീക്കി ബാക്കി


സി.രാധാകൃഷ്ണൻ


സെപ്റ്റംബർ  22 ഡോ.സി.പി.മേനോന്റെ ഓർമ്മദിനമായിരുന്നു. അതോടനുബന്ധിച്ച അവാർഡുകളുടെ സമർപ്പണവും സ്മാരക പ്രഭാഷണവും അദ്ദേഹം ജീവിതകാലം മുഴുക്കെ അധ്യാപകനായിരുന്ന കൊച്ചി സർവകലാശാലയിൽ നടന്നു.
    ഇതു വായിക്കുന്ന ചിലരുടെ പുരികങ്ങൾ ചോദ്യഭാവത്തിൽ ഉയരുന്നത്‌ എനിക്കിപ്പോൾ ഭാവനയിൽ കാണാം. ആരാണ്‌ ഈ സി.പി.മേനോൻ? പറയാം. അതുപറയാനാണ്‌ ഇതു കുറിക്കുന്നത്‌. അദ്ദേഹം ഫിസിക്സ്‌ പ്രോഫസറായിരുന്നു. ശയൻസ്‌ പോപ്പുലറൈസേഷൻ ജീവിതദൗത്യമായി ഏറ്റെടുത്തിരുന്നു. ചിത്രകല മുതൽ ആയുർവേദം വരെയും തമിഴ്‌ മുതൽ സംസ്കൃതം വരെയും ഇഷ്ടവിഷയങ്ങളായി വേറെയും കൊണ്ടുനടന്നിരുന്നു.
    എന്നിട്ടെന്താ ഇദ്ദേഹത്തെപ്പറ്റി അധികമൊന്നും കേൾക്കാത്തത്‌ എന്നും തോന്നാം. അത്‌ അങ്ങനെയാണല്ലോ. കേൾവിപ്പെടേണ്ട പലതും വിസ്മൃതരാവുകയും കീർത്തിക്ക്‌ അർഹതയില്ലാത്ത പലരും അതു നേടുകയും പതിവായ കാലമല്ലേ? അവിസ്മരണീയനായ അധ്യാപകനും, സമൂഹത്തിന്റെ സായൻസികാവബോധം വർദ്ധിപ്പിക്കാൻ ഒഴിവുസമയമത്രയും ഉപയോഗിച്ചവനും മലയാളത്തിന്‌ മുതൽക്കൂട്ടായ ഏക്കാളത്തേക്കുമുള്ള ഏതാനും കൃതികൾ രചിച്ച ആളും എന്ന നിലയിൽ ഡോ.സി.പി.മേനോൻ അവിസ്മരണീയനാണ്‌.
    കേരളത്തിൽ പോപ്പുലർ ശയൻസ്‌ എന്ന സംഗതി കണ്ടുപിടിച്ചതു ഡോ.എൻ.വി.കൃഷ്ണവാര്യരും പി.ടി.ഭാസ്കരപ്പണിക്കരും കൂടി ആയിരുന്നു. മാനവചരിത്രത്തിൽ ആദ്യമായി 1957-ൽ അന്നത്തെ സോവിയറ്റ്‌ യൂണിയൻ സ്പുട്നിക്‌ എന്ന കൃത്രിമോപഗ്രഹം വിക്ഷേപിച്ച്‌ ഭ്രമണപഥത്തിൽ പ്രതിഷ്ഠിച്ചപ്പോൾ അതവിടെ എത്തിച്ചതെങ്ങനെ എന്നും അവിടെയത്‌ വീഴാതെയും യന്ത്രമില്ലാതെയും നിലനിൽക്കുന്നതെങ്ങനെ എന്നും ഭൂമിയിൽ നിന്ന്‌ അതുമായി മുറിയാത്ത വാർത്താവിനിമയം എങ്ങനെ സാധിക്കുന്നു എന്നുമൊക്കെ അറിയാൻ ആളുകൾ ഉത്സുകരായി. ഇതോടൊപ്പം ജീവശാസ്ത്രത്തിലും പുതിയ കുതിപ്പുകൾ ഉണ്ടായി.
    ഒരു ജിജ്ഞാസ ശമിപ്പിക്കാനാണ്‌ ആദ്യമായി ഒരു ശയൻസെഴുത്തു കൂട്ടായ്മ ഇവിടെ ഉണ്ടാകുന്നത്‌. ആ സംഘത്തിലെ അംഗസംഖ്യ ആറായിരുന്നു. മുൻപറഞ്ഞ രണ്ടാളും സി.പി.മേനോൻസാറും ഡോ.കെ.ജി.അടിയോടിയും സൈക്കൊ എന്ന മുഹമ്മതും പിന്നെ കഷ്ടി 23 വയസ്സായ ഈയുള്ളവനും. ജനങ്ങളുടെ സ്വാഭാവിക ചോദ്യങ്ങൾ ഊഹിച്ച്‌ അവയ്ക്കുള്ള ഉത്തരങ്ങൾ നൽകുക എന്നതായിരുന്നു ദൗത്യം. മാർഗം പത്രമാസികകളുടെ കോളങ്ങളും റേഡിയോയും ധാരാളം സ്ഥലവും സമയവും ഈ കാര്യത്തിനായി നൽകുകയും ചെയ്തു. കേരള ശാസ്ത്ര സാഹിത്യ സമിതി എന്നതായിരുന്നു ആ ആറാൾപ്പടയുടെ പേര്‌. ഇതാണ്‌ പിന്നീട്‌ കേരള ശാസ്ത്ര സാഹിത്യപരിഷത്തായി മാറിയത്‌.
    ഞാൻ പാലക്കാട്‌ അപ്ലൈഡ്‌ ഫിസിക്സ്‌ പോസ്റ്റ്‌ ഗ്രാഡ്വേറ്റ്‌ കോഴ്സിനു ചേർന്ന കാലംമുതൽ എനിക്കു പരിചയമുള്ള ആളായിരുന്നു മേനോൻസാർ. തന്റെ മനോഹര ലേഖനങ്ങളിലൂടെ എനിക്കു കാവ്യാസ്വാദന ശീലം ഉണ്ടാക്കിത്തന്ന ഡോ.എം.ലീലാവതിയുടെ ഭർത്താവ്‌ എന്ന അധികമാനവും അദ്ദേഹത്തോടുള്ള ആദരവിൽ നിഴലിട്ടിരുന്നു.
    ഇപ്പോൾ അദ്ദേഹത്തിന്റെ പേരിൽ നൽകിവരുന്ന പുരസ്കാരങ്ങൾ ഏർപ്പാടു ചെയ്തത്‌ പക്ഷേ, പരിഷത്തോ, മറ്റേതെങ്കിലും സംഘടനകളോ സർക്കാരോ ഒന്നുമല്ല, ലീലാവതി ടീച്ചറും അവരുടെ കുട്ടികളും കൂടിയാണ്‌. രണ്ടായിരമാണ്ടു മുതൽ മുടങ്ങാതെ നൽകുന്ന ഈ പുരസ്കാരങ്ങൾ വൈജ്ഞാനിക സാഹിത്യമേഖലയിലെ കൃതികൾക്കായാണ്‌ കൊച്ചി സർവകലാശാല അതിന്‌ വേദിയും സൗകര്യങ്ങളും നൽകുന്നു. ഇപ്പോഴത്തെ വി.സി.ഡോ.രാമചന്ദ്രൻ തെക്കേടത്തിന്റെ ഗുരുകൂടിയാണ്‌ സ്മര്യപുരുഷൻ എന്നതിനാൽ അദ്ദേഹം ഈ കാര്യത്തിൽ പ്രത്യേകമായ താൽപര്യം കാണിക്കുന്നു എന്നത്‌ വലിയ മനസിന്റെ തെളിവുതന്നെ.
    ഇത്തവണയും പുരസ്കാരങ്ങൾ നേടിയവർ അതിന്‌ തീർത്തും അർഹരാണ്‌. ശാസ്ത്ര വിജ്ഞാനശാഖയിൽ സമ്മാനാർഹനായ ഡോ.വി.പി.എൻ. നമ്പൂതിരി മേനോൻസാറിന്റെ സഹപ്രവർത്തകനും ഒരർത്ഥത്തിൽ ശിഷ്യനുമാണ്‌. പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും കേരളീയർക്ക്‌ സുപരിചിതനായ ഡോ.നമ്പൂതിരി ഫോട്ടോണിക്സിൽ ലോകപ്രസിദ്ധനായ ഗവേഷകൻ കൂടിയാണ്‌.
    ഭാഷാവിജ്ഞാനത്തിൽ സമ്മാനിതനായത്‌ ഡോ.പ്രബോധചന്ദ്രൻനായരാണ്‌. അദ്ദേഹത്തിന്റെ ഭാഷാശാസ്ത്രനിഘണ്ടു ഭാരതീയ ഭാഷകളിലെ അത്തരം ആദ്യകൃതിയാണ്‌. അതേപോലെ വിജയകുമാരമേനോന്റെ ഭാരതീയ കഥാചരിത്രവും ഈ ഇനത്തിൽ ഭാരതീയ ഭാഷകളിലെ ആദ്യ രചനയാണ്‌. പരിസ്ഥിതി ദർശനം മലയാള കവിതയിൽ എന്ന അമൂല്യമായ ഗവേഷണ ഗ്രന്ഥത്തിനാണ്‌ ഡോ.എസ്‌.രാജശേഖരൻ പുരസ്കാരം നേടിയത്‌. മറ്റൊരു പുരസ്കാര ജേതാവായ ഡോ.അനിൽകുമാർ വടവാതൂരിന്റെ വിശക്കുന്ന ലോകവും വിശക്കാത്ത മനുഷ്യരും എന്ന പോപ്പുലർ ശയൻസ്‌ കൂടി ഈ തുറയിൽ പ്രവർത്തിക്കുന്നവർക്ക്‌ മാതൃകയാക്കാവുന്ന ഒന്നാണ്‌.
    ടീച്ചറുടെ അഭാവത്തിൽ ഈ പുരസ്കാരങ്ങൾക്ക്‌ എന്തു സംഭവിക്കുമെന്നതിൽ ആർക്കും ഒരു സംശയവുമില്ലെന്ന വസ്തുതയാണ്‌ ഇക്കാര്യത്തിൽ എനിക്കുള്ള വേദനയുടെ ഉറവിടം. മറ്റാരെയെങ്കിലുമൊക്കെ ഈ വേദന അലട്ടുന്നുവേങ്കിൽ മതിയായ പരിഹാരം കാണാൻ ഒത്തൊരുമിച്ചു ശ്രമിക്കാനുള്ള സമയമായില്ലേ?
    അപൂർവമായ ഒരു കൂട്ടായ്മയുടെ കഥയാണ്‌ രണ്ടാമതായി പറയാനുള്ളത്‌. 23-ന്‌ കോഴിക്കോട്‌ പൂർണാ പബ്ലിഷേഴ്സിന്റെയും ടൂറിംഗ്‌ ബുക്ക്‌ സ്റ്റാളിന്റെയും 46-​‍ാം പിറന്നാളും ഇവയുടെ സ്ഥാപകനായ ബാലകൃഷ്ണമാരാരുടെ 80-​‍ാം ജന്മദിനവും 50-​‍ാം വിവാഹവാർഷികവുമായിരുന്നു, ഒന്നുമില്ലായ്മയിൽ നിന്ന്‌ വളർന്ന്‌ ഇത്രയുമായ ഇത്തരമൊരു സ്ഥാപനം ലോകത്തെങ്ങും വേറെ ഉണ്ടാകില്ല. താനും ഭാര്യയും കൂടി പത്തുവരെ പഠിച്ചു എന്നാണ്‌ അദ്ദേഹം വിനയത്തോടെ അവകാശപ്പെടുന്നത്‌. എന്നുവച്ചാൽ താൻ  നാലുവരെയും ഭാര്യ ആറുവരെയും! നാലും ആറും കൂട്ടിയാലേ പത്താവൂ. സ്കൂളിൽ പോകെ ഉച്ചയ്ക്ക്‌ വിശപ്പടക്കാൻ ഒരു കോപ്രയാട്ടുകാരനിൽ നിന്ന്‌ ഒരു തുണ്ട്‌ ചൂടുള്ള തേങ്ങാപ്പിണ്ണാക്കു കിട്ടിയ കഥ അദ്ദേഹം തന്റെ പഠനീയമായ ആത്മകഥയിൽ കുറിക്കുന്നു. വായനക്കാരിൽ നിന്നും എഴുത്തുകാരിൽനിന്നുമായി ഇരുപുറവും എന്നും അടിമാത്രം കിട്ടുന്ന മദ്ദളമായ പ്രസാധകനെ അനുമോദിച്ചാദരിക്കാൻ ടാഗോർ സെന്റിനറി ഹാളിൽ ഒതുങ്ങാതെ ഈ രണ്ടു വിഭാഗത്തിലെ മാത്രമല്ല അദ്ദേഹത്തോട്‌ മത്സരിക്കുന്ന മറ്റു പ്രസാധകരും ഉണ്ടായിരുന്നു എന്നതാണ്‌ അത്ഭുതം.
    ഇദ്ദേഹം ഒരിക്കൽ മരണത്തോടടുക്കുകയും ജീവൻ സ്വർഗത്തിലേക്കു വിസ വാങ്ങാൻ ചിത്രഗുപ്തനെ സമീപിക്കുകയും ഗുപ്തഗുമസ്തൻ അതു നൽകുകയും ചെയ്തു എന്നാണ്‌ ഉറൂബ്‌ പ്രചരിപ്പിച്ച നർമ്മകഥ തുടങ്ങുന്നത്‌. വിസ കിട്ടിയിട്ടും സ്വർഗത്തിലേക്കു കടക്കാതെ നിന്ന്‌ തവ്വൊരുക്കി മാരാർ ഗുപ്തന്റെ മുന്നിലെ സമസ്തജീവികളുടെയും ജീവിതകഥ എഴുതിയ പുസ്തകം പ്രസിദ്ധീകരണത്തിനു വാങ്ങി തിരികെ പോന്നു എന്നതാണ്‌ കഥാശേഷം. എത്ര കാലം അച്ചടിച്ചാലും തീരാത്ത കൃതിയായതിനാൽ ഇനി മൂപ്പർക്ക്‌ മരണം ഇല്ല എന്നും!
    പൂർണയുടെ പുതുതലമുറ, ആഘോഷങ്ങളുടെ ആസൂത്രകരായി. പുതിയ യുഗത്തിലെ പ്രസാധനത്തിലും മോഡേൺ മാനേജ്‌മന്റിലും തങ്ങൾക്കുള്ള പ്രാവീണ്യം ഈ ദ്വിദിന പരിപാടിയുടെ കുറ്റമറ്റ നിർവഹണത്തിലൂടെ അവർ തെളിയിച്ചു.
    ലോകത്തിനു വായിക്കാൻ നല്ല പുസ്തകങ്ങൾ നൽകുന്നത്‌ ഒരു യജ്ഞമായി എങ്ങനെ ആചരിക്കാമെന്നും അതിൽ നിന്നുള്ള വരുമാനംകൊണ്ട്‌ ഒരു നല്ല കുടുംബം എങ്ങനെ പരിപാലിക്കാമെന്നും അടുത്ത തലമുറയെ ഈ ദൗത്യം ഏൽപിക്കാൻ പാകപ്പെടുത്തുന്നത്‌ എവ്വിധമെന്നും നമുക്കു കാണിച്ചു തന്ന ഈ 'പഠിക്കാത മേതൈ' ശതാഭിഷിക്തനാകുവോളം കർമ്മനിരതനായി വാഴട്ടെ എന്ന്‌ ആശംസിക്കാം. ഇത്തരക്കാരുടെ വർഗം പെരുകട്ടെ.

19 Sept 2012

ഓര്‍മകളിലേക്കാദ്യമെത്തുക നക്ഷത്രങ്ങളാണ്

അഷ്റഫ് കടന്നപ്പള്ളി


അറബി എന്നോ ഒഴിഞ്ഞു പോയ പഴയ വില്ല. അതിനുള്ളിലൊരു ഇടുങ്ങിയ മുറി. വാതിലൊഴിച്ചുള്ള മൂന്നു മൂലയില്‍ മൂന്നു കട്ടിലുകള്‍. വിന്‍ഡോ എസിയുടെ അലറുന്ന ശബ്ദം. മറ്റു രണ്ടു റൂം മേറ്റ്കളുടെ വാതുറന്ന കൂര്‍ക്കം വലി. ഞാന്‍ സീന കുര്യന്‍ ഈ ശബ്ദ കോലാഹലങ്ങള്‍ക്കിടയില്‍ ഉറക്കം വരാതെ …ഓര്‍മകളിലെക്കാദ്യമെത്തുക നക്ഷത്രങ്ങളാണ്..ഭൂമിയിലും ആകാശത്തും നക്ഷത്രങ്ങള്‍ കത്തി നില്‍ക്കുന്ന ക്രിസ്തുമസ് രാത്രി… നക്ഷത്രങ്ങള്‍ മിന്നുന്ന ജോസിന്റെ കണ്ണുകള്‍…
“സീന നീയെന്റെ മഴയാണ് ..സ്നേഹത്തിന്റെ പെരുമഴ..”
മഞ്ഞു പെയ്ത രാത്രിയില്‍ അവന്റെ കണ്ണുകളില്‍ നിന്നും പെയ്തിറങ്ങിയ വാക്കുകള്‍. അപ്പോഴാണവള്‍ കരയുക. പിന്നെ ജോസിന്റെ ആലിംഗനത്തില്‍ നിന്നും തെന്നി മാറി ആകാശത്തിലേക്ക് നോട്ടമെറിയും..
“ജോസ് നിന്നെയെനിക്ക് കിട്ടില്ല..”
ഇന്ന് അമീര്‍ ഭായിയുടെ വിളി വന്നിരുന്നില്ല. ക്ലൈന്റ്സിനെ ഒന്നും കിട്ടിയിട്ടുണ്ടാകില്ല..അതുകൊണ്ട് ഇവിടെ തന്നെ ഉറങ്ങാന്‍ കഴിഞ്ഞു..അല്ലെങ്കില്‍ അമീര്‍ ഭായിയുടെ ക്ലൈന്റ്സി ന്റെ കൂടെ ഏതെങ്കിലും ഹോടലിലെ ശീതീകരിച്ച മുറിയില്‍..
മാസാവസാനം രാത്രികളുടെ കണക്കെണ്ണി അമീര്‍ ഭായി തരുന്ന ദിര്‍ഹംസ് കയ്യില്‍ കിട്ടുമ്പോള്‍ ബാത്‌റൂമില്‍ ഇരുന്നു ഓക്കാനിച്ച രാത്രികളെ മറക്കാം..സിഗരറ്റിന്റെയും മദ്യത്തിന്റെയും മണമുള്ള ചുണ്ടുകളുടെ ആര്‍ത്തിയും പെരുമ്പാമ്പിനെപ്പോലെ ചുറ്റിപ്പിണയുന്ന കൈകാലുകളുടെ മുറുക്കവും മറക്കാം.. ബാങ്കിലേക്ക് പണമയചിടുണ്ട് എന്ന മകളുടെ സന്ദേശവും കാത്ത് ഒരപ്പനുണ്ട് നാട്ടില്‍..കോണ്‍ട്രാക്റ്റ് പണിയിലൂടെ കടക്കാരനായ ഒരപ്പന്‍..മകളുടെ പണത്തിന്റെ വരവനുസരിച്ച് അച്ഛന്‍ കൊടുത്ത ചെക്ക് മാറാന്‍ കാത്തുനില്‍കുന്ന പലിശക്കാര്‍..
പലിശക്കാര്‍ വന്നു അച്ഛനെ ഭീഷണിപ്പെടുത്തിയ ദിവസം ജോലിചെയ്യുന്ന കടയില്‍ നിന്നും നേരെ പോയത് പാസ്പോര്‍ട്ട് കോപ്പിയും കൊണ്ട് മജീദിക്കയുടെ ട്രാവല്‍സിലെക്കാണ്. ഇനി ഒരു പുനര്‍ചിന്ത വേണ്ട. ജീവിക്കണം. ജീവിപ്പികുകയും വേണം. ഒരാളെയല്ല. ആറുപേരെ.അതിനു പണം വേണം. വില്‍ക്കാന്‍ ശരീരമുണ്ട്. ആവശ്യക്കാര്‍ ഏറെയും.. നാട്ടിലും വിദേശത്തും..അല്ലെങ്കില്‍ ഒരു കുടുംബത്തിന്റെ ആത്മഹത്യാ കഥ ജനങ്ങള്‍ക്ക്‌ പത്രത്തില്‍ വായിക്കാം… എന്നിട്ട് നെടുവീര്‍പിടാം..
ആദ്യമായി ഇവിടെ കാലുകുത്തിയ ദിനം..എയര്‍ പോര്‍ടില്‍നിന്നും സുല്‍താനയുടെ റൂമിലേക്ക് ..ഒരു മാറ്റത്തിന്റെ തുടക്കം..അവശേഷിച്ച നെഞ്ചിടിപ്പും കിതയ്പ്പും സുല്‍താന ഒരുദിവസം കൊണ്ട് മാറ്റിയെടുത്തു… അവളുടെ കരവിരുത് അപാരം തന്നെ..പിറ്റേ ദിവസം തന്റെ ശരീര വടിവിനു ഒത്ത വസ്ത്രം സുല്‍താന കൊണ്ടുവന്നപ്പോള്‍ കണ്ണ്‌ മിഴിച്ച് നിന്ന് പോയി..ആവസ്ത്രത്തില്‍ തന്റെ ശരീരം ഒതുങ്ങുമോ എന്ന് ആദ്യം അമ്പരന്നെങ്കിലും അണിഞ്ഞപ്പോള്‍ തന്റെ ശരീര വടിവ് കണ്ടു അത്ഭുതത്തോടെ കണ്ണാടിയില്‍ നോക്കി നിന്നുപോയി…പിറകിലൂടെ വന്നു അരയിലൂടെ ചുറ്റിപ്പിടിച്ച് സുല്‍താന പറഞ്ഞു..
” നീ കായ്ക്കും മോളെ ..പൊന്ന് കായ്ക്കും..”
പിന്നെ കാലടികള്‍ പതറിയില്ല. ശരീരം വിറച്ചില്ല. ഒരോട്ടമായിരുന്നു .. ഇടയ്ക്കിടെ നാടും വീടും നിന്ന് തിളയ്ക്കും മനസ്സില്‍.
കമ്മ്യുണിസ്റ്റ് പച്ചകളും ചൊക്കിപ്പൂചെടികളും പൊതിഞ്ഞു നില്‍ക്കുന്ന ചെറിയ ചെറിയ ഇടവഴികള്‍. ഇലകള്‍ക്കുമേല്‍ കുണ്ങ്ങിയിരിക്കുന്ന മഞ്ഞു തുള്ളികള്‍. മരച്ചില്ലകളില്‍ കലപില കൂട്ടുന്ന വണ്ണാത്തിക്കിളികള്‍, സര്‍കസ് കളിക്കുന്ന അണ്ണാരക്കണ്ണന്‍മാര്‍..സ്കൂള്‍ ബാഗുമെടുത്ത് കൂട്ടുകാരികള്‍ക്കൊപ്പം ചെളിവെള്ളം ചവിട്ടി നടന്നു തീര്‍ത്ത വഴികള്‍. കാലു കൊണ്ട് കളങ്ങള്‍ വരച്ച് മാങ്ങക്കൊരട്ട എറിഞ്ഞു ഒറ്റക്കാലില്‍ തുള്ളിക്കളിച്ച ചരല്‍ പാതകള്‍.. കൂട്ടുകാരികള്‍ക്കൊപ്പം കുത്തിയിരുന്ന്‍ കൊത്തംകല്ല്‌ കളിച്ച ചാണകം തേച്ചു മിനുക്കിയ ഇടനാഴികള്‍..
മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടേയിരുന്നു.. ഇടവഴികള്‍ കല്മതിലുകളാല്‍ അടക്കപ്പെടുകയും ചരല്‍ പാതകള്‍ക്കുമേല്‍ ടാര്‍ ഒഴിക്കുകയും ചാണകം തേച്ച ഇടനാഴികള്‍ സിമന്റിനും ജിബ്സത്തിനും ടൈല്‍സിനും വഴിമാറുകയും ചെയ്തു. ഭാഷയിലെ ലാളിത്യത്തിനു പകരം ക്രിത്വിമത്വവും ചിരികള്‍ക്ക് പകരം അമ്പരപ്പുകളും..ദാവണികള്‍ക്കും ബ്ലൌസിനും പകരം ഇറുകിയ ജീന്‍സും ടോപും. പ്രേമാര്‍ദ്രമായ കാമുകക്കണ്ണുകളില്ല പകരം കാമമൂറുന്ന കള്ളക്കണ്ണുകള്‍.. കുലച്ചു നിന്ന തെങ്ങിന്‍ തോപ്പുകളും ..നൃത്തം ചെയ്തിരുന്ന നെല്‍ വയലുകളും..പൂത്തു നിന്നിരുന്ന കശുമാവുകളും എങ്ങോ മറഞ്ഞു.. .. ദിനേന മുറിവേറ്റു വാങ്ങുന്ന റബര്‍ മരങ്ങളുണ്ടെങ്ങും.. ദിനേന കൂടിവരുന്ന വിലയും…
ഒരു മറിയാചേട്ടത്തിയുണ്ടായിരുന്നു.. . രാവും പകലുമെന്നില്ലാതെ വര്‍ത്തമാനം പറഞ്ഞു കൊണ്ടേയിരിക്കും. ഭൂമിയോടും ആകാശത്തോടും പുല്ലിനോടും മരങ്ങളോടും. ഞങ്ങള്‍ കുട്ടികള്‍ക്ക് മറിയാചേട്ടത്തി ഒരാവേശമാണ്. രാജകുമാരന്മാരുടെയും രാജകുമാരിമാരുടെയും മൃഗങ്ങളുടെയും കഥകള്‍ പറഞ്ഞു തരും. കഥകളുടെ ഒരു കലവറ തന്നെ ചേട്ടത്തി. എത്ര പറഞ്ഞാലും തീരില്ല..പുതിയ പുതിയ കഥകള്‍..ഞാന്‍ ഹൈസ്കൂളില്‍ പഠിക്കുമ്പോഴാണ് മറിയാചേട്ടത്തി കിണറ്റില്‍ ചാടി മരിച്ചത്.. പുതിയ തലമുറക്ക് കഥകള്‍ പറഞ്ഞു കൊടുക്കാന്‍ ഇനിയൊരു മറിയാചേട്ടത്തി ഇല്ല. അല്ലെങ്കിലും പുതിയ തലമുറകള്‍ക്ക് കഥകള്‍ വേണ്ട…
അമീര്‍ഭായിയുടെ മെസ്സേജ് ..കോള്‍ മി ബാക്ക് … മൊബൈലുമെടുത്തു റൂമില്‍ നിന്ന് പുറത്തിറങ്ങി..സമയം ഒരു മണി കഴിഞ്ഞല്ലോ..തിരിച്ചു വിളിച്ചു.. ഒരു പാകിസ്തനിയാ.. ഞാന്‍ വണ്ടി അയക്കാം..
” ഒ കെ. “.. പറഞ്ഞു റൂമില്‍ കയറി..വസ്ത്രം മാറാന്‍. ശബ്ദം കേട്ടുണര്‍ന്ന സിലോണിപെണ്ണ് ബ്ലാങ്കെറ്റില്‍ നിന്നും തല പുറത്തിട്ട് പറഞ്ഞു.. “ഓ നിനക്ക് ഒത്തല്ലോ”
പ്രകാശ പൂരിതമായ നഗര വീഥിയിലൂടെ ചീറിപ്പായുന്ന വാഹനങ്ങള്‍, ജീവിതങ്ങള്‍… ഓരോ ജീവിതവും ഒരു കഥയാണ്.. ഓരോ സ്വകാര്യ കഥ..ഒരു കഥാകാരന്‍ എത്ര എത്തി നോക്കിയാലും ഒന്നും മനസ്സിലാകില്ല..എന്തെക്കെയോ എഴുതാമെന്നല്ലാതെ..എത്തിപ്പെടാന്‍ കഴിയാത്ത അനേകം സങ്കീര്‍ണതകള്‍ ഉണ്ടാകുമതില്‍..വ്യഖ്യാനത്തിനതീതമായി…

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...