Showing posts with label 11. Show all posts
Showing posts with label 11. Show all posts

29 Mar 2016

മണിച്ചിത്രത്താഴ് /കഥ



സീമ മേനോൻ

നന്നായി തിളപ്പിച്ചു കുറുക്കി പഞ്ചസാരയിട്ടു ആറ്റി പതം വരുത്തിയ ചായ ബെഡ് സൈഡ് ടേബിളില്‍ അടച്ചുവച്ച്, പെരുവിരലൂന്നി ശബ്ദമുണ്ടാക്കാതെ പ്രശാന്ത് മുറിവിട്ടു പോവുന്നത് ഇടംകണ്ണിട്ടു നോക്കിക്കിടന്ന അനഘക്ക് ചിരി പൊട്ടി പോയി. ''പ്രശാന്ത് ഒരു പാവാട്ടോ' എന്ന് തന്നോടു തന്നെ പറഞ്ഞു, ബ്ലാങ്കെറ്റ് ഒന്ന് കൂടെ വലിച്ചിട്ടു ചുരുണ്ടു കിടന്നു അനഘ.
അടഞ്ഞ വാതിലിലൂടെ അരിച്ചെത്തുന്ന ശബ്ദങ്ങള്‍ പ്രശാന്തിന്റെ ഓരോ ചലനങ്ങളും അനഘക്ക് അപ്പോളപ്പോള്ത്തന്നെ ചോര്ത്തിക്കൊടുക്കുന്നുണ്ടായിരുന്നു. അടുകളയില്‍ കെറ്റില്‍ ഓണ്‍ ചെയ്തു, ട്വിനിങ്ങ്സിന്റെ ഇംഗ്ലീഷ് റ്റീ ബാഗ് ചേര്ത്ത് ചായ ഉണ്ടാക്കുകയാണ് പ്രശാന്ത് ഇപ്പോള്‍ ചെയ്യുന്നത്. ഒപ്പം കാബിനെറ്റ് വലിച്ചു തുറന്നു കേല്ലോഗ്സിന്റെ കോണ്ഫ്ലേക്സ് ഒരു ബൌളില്‍ ഇടുന്നുമുണ്ട്. ഇപ്പോളിതാ നുറുക്കിയ പഴക്കഷണങ്ങള്‍ സീറിയലിനു മീതെ വിതറി പ്രശാന്ത് ബ്രേക്ഫാസ്റ്റ് കഴിക്കാനിരിക്കുന്നു എന്ന് കസേര കരഞ്ഞു. ദേ, പ്രശാന്ത് ഷൂ ഇട്ടു കഴിഞ്ഞു എന്ന് ഷൂ ഷെല്‍ഫിന്റെ വാതിലുകള്‍ പറഞ്ഞു. ഇനിയിപ്പോള്‍ കൃത്യം അഞ്ചു മിനുട്ടിനുള്ളില്‍ നീല ബീ എം ഡബ്ലിയൂവില്‍ കയറി പ്രശാന്ത് യാത്രയായാല്‍ അനഘക്ക് എണീക്കാം, അഭിനയത്തിന് കുറച്ചു മണിക്കൂറിന്റെ ഇടവേള. ഓഫീസില്‍ നിന്നു പ്രശാന്ത് തിരിച്ചു വരുമ്പോഴേക്കും ടി വി കാണലും ലൈബ്രറിയില്‍ പോക്കും ഷോപ്പിങും ഇന്ററ്നെറ്റ് ചാറ്റിങും കഴിഞ്ഞു വീണ്ടും റൂമില്‍ അടച്ചിരുന്നാല്‍ മതി. ഇനിയിപ്പൊ ഒരു ദിവസം മുഴുവനും ബ്രിട്ടീഷ് മ്യുസിയത്തില്‍ കറങ്ങി നടന്നെന്നു വയ്ക്കുക, എന്നാലും അക്കാര്യമൊക്കെ ചോദിച്ചു അനഘയെ ദേഷ്യം പിടിപ്പിക്കാന്‍ പ്രശാന്ത് വരില്ല. അനഘ ഒരു രോഗിയാണല്ലൊ.. ജെയിംസ് ബോണ്ടിനെ പോലെ ‘’രോഗി. മനോ..രോഗി’‘’ എന്നു പറഞു കുലുങ്ങി ചിരിച്ചു അനഘ.
ഒരു മനോരോഗിയായി അഭിനയിക്കാന്‍ ഇത്ര ഈസി ആണെന്ന് ഒരു കൊല്ലം മുമ്പ് അനഘയോടു ആരെങ്കിലും പറഞ്ഞാല്‍ അനഘ അത് വിശ്വസിക്കില്ലായിരുന്നു. 'മണിച്ചിത്രത്താഴി'ല് ശോഭന മുടിയൊക്കെ അഴിച്ചിട്ട്, കണ്ണും മുഖവുമൊക്കെ വികൃതമാക്കി വരുന്നതു കാണുമ്പോള്‍, 'ഈ ശോഭനേടെ ഒരു കാര്യം‘’ എന്നു പറഞ്ഞു പ്രശാന്തിന്റെ ഒപ്പം അനഘയും കൂടുമായിരുന്നു ചിരിക്കാന്‍.
നാടും വീടും വിട്ടു പ്രശാന്തിനോടൊപ്പം രാജനഗരത്തിലെത്തിയ ത്രില്ലിലായിരുന്നല്ലോ അന്നെല്ലാം അനഘ. ആഞ്ഞൊന്നു ശ്വാസമെടുത്ത് ചിറകൊക്കെ കുടഞ്ഞു അങ്ങിനെ ഒറ്റ പറക്കല്‍ പറന്നു പോകുന്നതിന്റെ സന്തോഷം. കാവല്ക്കാര്‍ സ്വമേധയാ കൂട് തുറന്നു പക്ഷിക്കുഞ്ഞിനോടു പറന്നു പോവാന്‍ പറയുമ്പോള്‍ പക്ഷിക്കുഞ്ഞിനുണ്ടാവുന്ന ആ ഒരു അവിശ്വാസം കലര്ന്ന ഒരു ‘’ഇദി‘’ല്ലെ, അത് തന്നെ.
എയര്പോര്ട്ടില്‍ ചെക്ക്-ഇന് ചെയ്യുമ്പോള്‍, മുമ്പിലൊരു അമ്മച്ചിയുടെ തുരുപ്പന്‍ കെട്ടഴിഞ്ഞു വീണത് കണ്ടു പൊട്ടി പൊട്ടി ചിരിച്ച അനഘയെ കണ്ടു പ്രശാന്ത് അമ്പരന്നു പോകുകയുണ്ടായി. ആദ്യമായി നാടും വീടും ഒക്കെ വിട്ടു പോന്ന അനഘയെ എങ്ങിനെ സമാധാനിപ്പിക്കും എന്നാലോചിച്ചു രാത്രി മുഴുവനും ഉറങ്ങാതെ കിടന്നത് വെറുതെയായി എന്നയാള്‍ വിഷമത്തോടെ ചിന്തിച്ചു. പഴഞ്ചനാണെങ്കിലും പ്രശാന്ത് എസന്ഷ്യലി ഒരു നല്ല മനുഷ്യന്‍ ആണല്ലോ. പിന്നെ അനഘ ചിറകു വിരിക്കുകയാണെന്നും, കൂട്ടില്‍ നിന്നും പുറത്തു വന്ന ആശ്വാസത്തിലാണെന്നുമൊക്കെ ഊഹിച്ചെടുക്കാന്‍ പ്രശാന്ത് ഒരു കവിയൊന്നുമല്ലല്ലൊ.
പിന്നെ പിന്നെ ആവശ്യത്തിനും അനാവശ്യത്തിനും അനഘ ചിരിക്കുന്നത് കാണുമ്പോള്‍ ആദ്യമൊക്കെ പ്രശാന്തിന് പരിഭ്രമം തോന്നിയിരുന്നു. ചിരിയും കരച്ചിലുമൊക്കെ വളരെ പിശുക്കി മാത്രം ചിലവാക്കി ബാക്കിയൊക്കെ പലിശയില്ലാതെ ബാങ്കിലിട്ടു ജീവിക്കുന്ന ഒരു കുടുംബത്തില്‍ നിന്നായിരുന്നല്ലോ പ്രശാന്ത് വന്നത്. അനഘയും ഒട്ടും മോശമില്ലാത്ത ഒരു തറവാട്ടിന്റെ സന്തതി തന്നെ. നേരവും കാലവും നോക്കാതെ ഒരു തുമ്മല്‍ പോലും അവിടെ കടന്നു വരില്ല - അത് കൊണ്ടല്ലേ, "അമ്മേ എനിക്ക് പഠിച്ചാല്‍ മതി, കല്യാണം വേണ്ട" എന്ന് അനഘ ആവര്ത്തിച്ചു പറഞ്ഞിട്ടും ചുവരുകളല്ലാതെ ആരും അത് കേള്ക്കാതിരുന്നതും.
ഒന്നു രണ്ടു കല്യാണാലോചനകള്ക്കൊക്കെ എതിരുപറഞ്ഞു അനഘ തന്നെ ആകെ മടുത്തു നില്ക്കുന്ന കാലത്താണ് പ്രശാന്ത് പെണ്ണുകാണാന്‍ വന്നതും, ജാതകങ്ങള്‍ തമ്മില്‍ നല്ല ചേര്ച്ചയാണെന്നു വീട്ടുകാര്‍ കണ്ടെത്തിയതും. അപ്പോള്‍ പിന്നെ അനഘയും വിചാരിച്ചു, ഈ തടവറയില്‍ നിന്നും പറന്നു പറന്നു അങ്ങ് ദൂരെ ലണ്ടന്‍ നഗരത്തില്‍ ചെന്നൊരു കൂട് കൂട്ടിയാല്‍ പിന്നെ ഇഷ്ടം പോലെയൊക്കെ ജീവിക്കാമല്ലോ എന്ന്. പ്രശാന്തിനു തന്നെ ഇഷ്ടപ്പെടണേ എന്ന പ്രാര്ത്ഥനയോടെ തന്നെയാണ് കറുപ്പില്‍ ഓറഞ്ച് ബോര്ഡര്‍ ഉള്ള കാഞ്ചീപുരം ചുറ്റി മുടിയില്‍ തുളസിക്കതിരൊക്കെ വച്ചു അനഘ പ്രശാന്തിനൊരു ചായ നല്കിയത്. ഒരാണിനേയും പെണ്ണിനേയും കല്യാണംകഴിപ്പിക്കാന്‍ വീട്ടുകാര്‍ തീരുമാനിക്കുന്നിടത്ത് കൊച്ചു വര്ത്തമാനത്തിനെന്തു പ്രസക്തി എന്ന് പ്രശാന്തിനു അത് വരെ പിടി കിട്ടിയിട്ടുണ്ടയിരുന്നില്ലാത്തതിനാല്‍, എന്താ പേര്, എത്ര വരെ പഠിച്ചു എന്ന നോര്മല്‍ ചോദ്യങ്ങള്ക്കൊക്കെ അനഘക്ക് ഉത്തരം കൊടുക്കാതെ കഴിഞ്ഞു .
പ്രശാന്തിന്റെ കയ്യും പിടിച്ചു പുതിയ ചുരിദാറുമിട്ടു താലിമാലയൊന്നു കൂടി വലിച്ചിട്ടു എയര്പോര്ട്ടില്‍ പോവാന്‍ പടിയിറങ്ങിയപ്പോള്‍, മൌനിയായി പടിയിലിരിക്കുന്ന അച്ഛന്റെ മനസ്സു വായിക്കാനൊരു ശ്രമം നടത്തി അനഘ. പറ്റുമായിരുന്നെങ്കില്‍ അച്ഛന്‍ ഇപ്പോളും പറഞ്ഞേനെ, ‘അനഘ എന്തിനാ എയര്പോര്ട്ടിലും വിദേശരാജ്യത്തും പോണേ, പകരം രഘു പോയ്കോട്ടെ, അവനല്ലേ ആണ്കുട്ടി’’ എന്ന്.
അനഘയുടെ ആകെയുള്ള ഒരു ഇരട്ട സഹോദരന്‍ ആണ് രഘു എന്നു വായനക്കാര്ക്ക് അറിയാം എന്നാണ് കഥാകാരിയുടെ പ്രതീക്ഷ. 3 മിനിട്ടിന്റെ മൂപ്പു കൊണ്ട് രഘു മൂത്തതായതില്‍ അനഘക്കു വിഷമമൊന്നും അന്നു തോന്നിയിട്ടില്ല. വിഷമം തോന്നിയത് പിന്നേയും എത്രയോ വര്ഷങ്ങള്‍ കഴിഞ്ഞ് രഘു പഠിക്കുന്നതു ഇംഗ്ലീഷ് മീഡിയം സ്കൂളിലും താന്‍ പഠിക്കുന്നത് സര്ക്കാര്‍ വക മലയാളം പള്ളിക്കൂടത്തിലുമാണെന്ന തിരിച്ചറിവ് വന്നപ്പോളായിരുന്നു. പിന്നെ പിന്നെ താനും രഘുവും തമ്മിലുള്ള വ്യത്യാസങ്ങള്‍ അനഘക്കു മനസ്സിലായിത്തുടങി.
ഊണു കഴിക്കുമ്പോള്‍ രഘുവിനു വറുത്ത മീനും അനഘക്കു പുളിയിട്ടു വച്ച മീന്‍തലയും. പുളിയിട്ടു വച്ച മീന്ചാറിനു വറുത്ത മീനിനെക്കാള്‍ രുചിയെന്നു മുത്തശ്ശി പറഞ്ഞതു പാവം അനഘ കുറേക്കാലം വിശ്വസിച്ചു എന്നതു സത്യം.
കാലത്ത് നേരത്തെ എണീറ്റ് അമ്മയെ അടുക്കളയില്‍ സഹായിച്ചും രഘു പറയുന്ന കഥകളിലൂടെ പുതിയ സിനിമളെ കണ്ടും, വില്ലേജ് ലൈബ്രറിയില്‍ നിന്നും അവനു മനസ്സലിവു തോന്നുമ്പോള്‍ കൊണ്ടുവരുന്ന മുട്ടത്തു വര്‍ക്കിക്കഥകള്‍ വായിച്ചും ഒരു രണ്ടാംതരം ജീവിയായി അങ്ങിനെ ജീവിച്ചുപോന്ന കാലത്തൊന്നും ഇതിനെ പറ്റിയൊക്കെ ഒന്നു പൊട്ടിത്തെറിച്ചാലോ എന്നു അനഘ ആലോചിച്ചിട്ടില്ല. അമ്മയും മുത്തശ്ശിയുമടക്കമുള്ള പെണ്പ്രജകളൊന്നും അത്തരമൊരു പ്രെസീഡന്സ് വീട്ടില്‍ ഉണ്ടാക്കി വച്ചിട്ടുമില്ലല്ലൊ.
ആ ആലോചന വന്നതു പത്താം ക്ലാസ്സില്‍ ഡിസ്റ്റിങ്ഷനോടെ പാസ്സായിട്ടും അനഘക്കായി അഛന്‍ തിരഞ്ഞെടുത്തത് മാത്തുക്കുട്ടിസ്സാറിന്റെ നളന്ദ പാരലല്‍ കോളേജും കഷ്ടിച്ചു ഫസ്റ്റ് ക്ലാസ്സ് ഒപ്പിച്ച രഘുവിനു ഡൊണേഷന്‍ കൊടുത്തു നഗരത്തിലെ കോളേജില്‍ ഫസ്റ്റ് ഗ്രൂപ്പും വാങ്ങിയപ്പോളായിരുന്നു.
പ്രാക്ടിക്കലെന്നും പരീക്ഷയെന്നും പറഞ്ഞു പെണ്കുട്ടികള്‍ വൈകിവരുന്ന ഏര്പ്പാടൊന്നും ഇവിടെ പറ്റില്യാന്നു അച്ഛന്‍ പറഞ്ഞതു കേട്ടു ഓടിച്ചെന്നു കുളത്തില്‍ ചാടിയാലോന്നു പലവട്ടം ആലോചിച്ചു അനഘ. താഴത്തെ തൊടിയുടെ മൂല വിറ്റ് രഘുവിന് എഞ്ചിനീറങ്ങിന് അഡിമിഷന്‍ വാങ്ങിച്ച ദിവസവും കുളത്തിനെ കുറിച്ചോര്മ്മ വന്നു അനഘക്ക്. ജെയ്‌ന്‍ ഓസ്റ്റിന്റെ നായികമാരാരും തങ്ങളുടെ നിര്‍ഭാഗ്യത്തില്‍ മനം നൊന്ത് ആത്മഹത്യക്കൊരുങ്ങിയില്ലല്ലൊ എന്നാലോചിച്ചപ്പോള്‍ തല്ക്കാലത്തെക്കു അടങിയിരിക്കാന്‍ അനഘയുടെ മനസ്സ് തീരുമാനിച്ചു. ഒരു മിസ്റ്റര്‍ ഡാഴ്സി ** എന്നു വേണമെങ്കിലും അയലത്തു താമസിക്കാന്‍ വരാമെന്നതു ഒരു പോസ്സിബിലിറ്റിയല്ല എന്നു പറയാന്‍ പറ്റില്ലല്ലൊ.
കല്യാണം കഴിഞ്ഞ് പ്രശാന്തിനോട് പറയാന്‍ കുറെയേറെ കുഞ്ഞുവിശേഷങ്ങള്‍ മനസ്സിലൊതുക്കി വച്ചിരുന്നു അനഘ. എയര്ഹോസ്റ്റസ് ആവാന്‍ അപേക്ഷ അയച്ചതും, അതു വീട്ടിലറിഞ്ഞു പുകിലായതും വേണമെങ്കില്‍ ടീ ടീ സീക്കൊ, ബീ എഡിനോ പോകാം, അതിനപ്പുറം ഈ വീട്ടിലെ പെണ്ണുങ്ങളൊന്നും വളരണ്ട എന്ന അച്ഛന്റെ ഓഫറിനെ എതിര്ത്തു രണ്ടു ദിവസം പട്ടിണി കിടന്നതും ഒക്കെ പ്രശാന്തിനോട് പറഞ്ഞു, ഇനി ലണ്ടന്നഗരത്തില്‍ എനിക്ക് ഗ്ലാമര്‍ ഉള്ള ജോലി തന്നെ വാങ്ങിച്ചു തരണേ എന്ന് കൊഞ്ചണമെന്നു നേരത്തെ മനസ്സിലുറപ്പിച്ചിരുന്നു അനഘ. വിരുന്നുപോക്കിന്റെ ആദ്യ ദിനങ്ങളില്‍ പതുക്കെ മുട്ടിയുരുമ്മിയിരുന്നു ‘’സബ്ജക്റ്റ് മാറ്റര്‍’‘’ പതുക്കെയൊന്നു പുറത്തെടുത്തപ്പോള്‍ വലിയ റെസ്പോണ്സ് ഒന്നും കാണാതെ അനഘ ആദ്യമൊന്നു പകച്ചു പോയി.
ലണ്ടനില്‍ വന്ന ആദ്യദിവസങ്ങളിലൊക്കെ പ്രശാന്തിന്റെ ഈ തണുപ്പന്‍ സ്വഭാവം പതുക്കെ പതുക്കെ മാറ്റിയെടുക്കാമെന്നു പ്രതീക്ഷയുണ്ടായിരുന്നു അനഘയ്ക്ക്. അതുകൊണ്ടല്ലേ, ‘കുട്ടി എന്തിനാ ഇപ്പോള്‍ ജോലിക്കു പൊണേ, വീട്ടില്‍ നല്ല ഭക്ഷണം ഒക്കെ ഉണ്ടാക്കി സുഖമായി ഇരുന്നൂടെ ’’ എന്നു പ്രശാന്ത് ആവര്ത്തിച്ചുപറഞ്ഞിട്ടും അനഘ ക്ലാസിഫൈഡ്സ് നോക്കി തുരുതുരാ സീവീകള്‍ അയച്ചിട്ടത്.
ഒന്നിനും മറുപടി വരാതെ വിഷമിച്ചിരിക്കുമ്പോളാണു്, ഒരു ദിവസം അനഘയുടെ തലച്ചോറില്‍ ഒരു ബള്ബ് മിന്നിയത് – എന്തെങ്കിലും പഠിച്ചാലോ എന്ന്. അതിനെപ്പറ്റി ചിന്തിച്ചു തുടങ്ങിയപ്പോഴേക്കും പ്രശാന്ത് ചൊടക്കം പറഞ്ഞു : ‘’ എന്തിനാ ഇനി പഠിച്ചിട്ട്, വേണമെങ്കില്‍ വല്ല കുക്കിങ് ക്ലാസ്സിനും ചേരാലോ’‘ . അന്നാണ് അനഘ ആദ്യമായി പോട്ടിത്തെറിച്ചതെന്നു പ്രശാന്ത് സുഹൃത്തായ മനശാസ്ത്രജ്ഞനോടു് പറയുന്നതു അനഘ ഒളിച്ചുനിന്നു കേട്ടിരുന്നു.
"അനഘക്കു ഇവിടെ എന്തിന്റെ കുറവാ?’‘ എന്നു ചോദിച്ചു പ്രശാന്ത് കണ്ണുനിറച്ചപ്പോള്‍ അനഘക്കു ചിരി വന്നു. പാവല്ലെ പ്രശാന്ത് എന്നൊരു തളര്ച്ചയില്‍ അനഘ കുക്കിങ് ക്ലാസ്സിനെ വെട്ടിയരിഞ്ഞുകളഞ്ഞു. എന്നിട്ട് അസ്സലൊരു കരിംകാളന്‍ ഉണ്ടാക്കി പ്രശാന്തിന് ഉച്ചയ്ക്ക് ഊണു കൊടുത്തു.
ലൈബ്രറിയില്ന്നും കൊണ്ടു വന്ന ‘“ലേഡി ചാറ്റര്‍ലിയുടെ കാമുകന്’ ‘’രസം പിടിച്ചു വായിക്കുന്നതിനിടയിലാണ് പ്രശാന്തിന്റെ അടുത്ത കമന്റ് വന്നത് ‘’അനഘയെ പറ്റി ഞാന്‍ ഇങിനെയൊന്നുമല്ല ധരിച്ചിരുന്നതു. തറവാട്ടില്‍ പിറന്ന പെങ്കുട്ടികള്‍ വായിക്കണ പുസ്തകമാണോ ഇതു, കുട്ടി ലൈബ്രറിയിലും മ്യുസിയത്തിലുമൊക്കെ പോണതെന്തിനാ? മലയാളം ചാനലൊക്കെ ഇവിടെ ഉണ്ടല്ലൊ, അതൊക്കെ കണ്ടുടെ?’‘
‘ബോറടിച്ചിട്ടു വയ്യ, പ്രശാന്ത്’ അനഘ പറഞ്ഞുനോക്കി. ‘
‘’തനിക്കു പരദൂഷണം പറയാന്‍ ഞാന്‍ നല്ലൊരു കമ്പനി തരാം’ എന്നു പറഞ്ഞു അനഘയെ ഒരു സുഹൃത്തിന്റെ വീട്ടില്‍ കൊണ്ടു പോയപ്പോള്‍, പ്രശാന്തിനു കുഴപ്പം പിടിച്ചൊരു പ്രോബ്ലം സോള്വ്ചെയ്ത അഹങ്കാരമായിരുന്നു. പെണ്ണിന് പറയാന്‍ പരദൂഷണവും സീരിയല്‍ കഥകളും മതിയെന്നു കണ്ടു പിടിച്ചതു പ്രശാന്ത് അല്ലല്ലൊ.
‘’എന്താ കുട്ടീ, സന്തോഷമായില്ലെ?’‘
വൈകീട്ടു മടങ്ങുന്ന നേരത്തു അനഘയുടെ വാടിയ മുഖം പ്രശാന്തിനെ അത്ഭുതപ്പെടുത്തി.
‘കുട്ടി, ഇങിനെ ആവശ്യമില്ലാത്ത പുസ്തകങ്ങള്‍ വായിച്ചു കൂട്ടാതെ, കുറച്ചു നാമംചൊല്ലു ദിവസവും, അപ്പൊ പിന്നെ വേണ്ടാത്ത ചിന്തകള്‍ ഒന്നും മനസ്സില്‍ വരില്ല’’ എന്നു നല്ലൊരു സൊലൂഷന്‍ കൂടി അനഘയുടെ പ്രശ്നങ്ങള്ക്ക് കണ്ടു പിടിച്ചു പ്രശാന്ത് പിറ്റേ ദിവസം. അല്ലെങ്കിലും ശിലായുഗം മുതല്ക്കെ ആണിന്റെ സ്പെഷാല്റ്റിയാണല്ലൊ പ്രശ്നങ്ങള്ക്കു സൊലൂഷന്‍ കാണുന്നത്, മാറിയതു സ്ത്രീ മാത്രമല്ലെ.
‘’ഈ പ്രശാന്ത് എന്താ ഇങ്ങിനെ?’’ എന്നു അനഘ സ്വയം ചോദിച്ചുതുടങ്ങിയ ദിവസങ്ങള്‍ ആയിരുന്നു അതു്. അതേ ചോദ്യം തന്നെ അനഘയെപ്പറ്റി പ്രശാന്തും ചോദിച്ചുതുടങ്ങിയിരുന്നു.
മുറിയുടെ ചുവരുകള്‍ അടുത്തടുത്തുവന്നു ശ്വാസംമുട്ടിച്ചു കൊല്ലുന്നതായി സ്വപ്നം കണ്ടു അനഘ ഉറക്കത്തില്‍ ഞെട്ടിയെണീറ്റു് കരഞ്ഞ ദിവസമാണ് പ്രശാന്ത് മനശ്ശാസ്ത്രജ്ഞന്റെ സഹായം തേടാന്‍ തീരുമാനിച്ചത്. മണിചിത്രത്താഴ് സിനിമ കണ്ട് നാഗവല്ലിയെ മനസ്സിലിട്ടു നടക്കുന്ന നേരത്താണ് കഷ്ടകാലത്തിന് അനഘയോട് മനശാസ്ത്രജ്ഞന്റെ കണ്ടുപിടുത്തം വിവരിക്കാന്‍ പ്രശാന്തിനു തോന്നിയത്. ‘’എനിക്കു വട്ടാണോ? എനിക്കു വട്ടാണോ’’ എന്നു അനഘ അപാര്ട്ടുമെന്റിന്റെ ചുവരുകള്‍ ഭേദിക്കുമാറ് അലറിയത് അസ്സല്‍ നാഗവല്ലി സ്റ്റൈലില്‍ തന്നെ എന്നു മുറി അടച്ചു ഓടിപ്പോയി സ്നേഹിതനു് ഫോണ്ചെയ്തുപറഞ്ഞു പ്രശാന്ത്.
പിന്നെ പിന്നെ അനഘക്കു അസുഖമാണെന്നും, പക്ഷെ അനഘയുടെ ആവശ്യങ്ങള്‍ എല്ലാം സാധിപ്പിച്ചുകൊടുത്താല്‍ ആളൊരു പാവമായി ഒതുങ്ങി കിടന്നോളുമെന്നൊക്കെ മനസ്സിലായപ്പോള്‍ പ്രശാന്ത് ശ്രദ്ധ ജോലിയിലേക്കും, അപ്പുറത്തെ സീറ്റിലിരിക്കുന്ന കരോലിനിലേക്കും തിരിച്ചുവിട്ടു. പാവം പ്രശാന്തിനും വേണ്ടേ എന്തെങ്കിലും ഒന്നു ആശ്വസിക്കാന്‍.

പതിയെ പതിയെ ചുവരുകള്‍ മര്യാദക്കുട്ടികളാവുന്നതായി മാറുന്നതു അനഘയ്ക്കു മനസ്സിലാവുന്നുണ്ടായിരുന്നു. ഇപ്പൊ കണ്ണടയുമ്പോഴേക്കും ഓടി അടുത്തു വരുന്നതു വെളുത്തു തുടുത്ത മേഘക്കുഞ്ഞുങ്ങളാണ്. ഫൂട്പാത്തിനരികിലെ പൂത്തുനില്ക്കുന്ന വര്‍ണ്ണച്ചെടികള്‍ ചിലപ്പോളൊക്കെ ഗന്ധങ്ങളുടെ ചിറകേറി വിരുന്നു വന്നുതുടങ്ങിയിരിക്കുന്നു. ഹബീബ അമ്മായി** പറഞ്ഞതു പോലെ വശങ്ങളിലായി രണ്ട് കുഞ്ഞിച്ചിറകുകള്‍ വരുന്നുണ്ടൊന്നൊരു സംശയം തോന്നുന്നുണ്ട് ഒന്നു രണ്ടു ദിവസമായി. അതൊന്നു പ്രശാന്തിനോടു ചോദിച്ച് ഉറപ്പുവരുത്തണമെന്ന പ്ലാനില്‍, ലൈബ്രറിയുടെ പടികള്‍ ഇറങ്ങുന്ന അനഘയ്ക്കു മുമ്പില്‍ പരസ്പരം കെട്ടിപ്പുണര്ന്ന് പ്രശാന്തും കരോലിനും വന്നുപെട്ടതുവരെയുള്ള കഥയേ കഥാകാരിക്കറിയൂ.
ഈ കഥക്കൊരു ക്ലൈമാക്സ് ഓരോ വായനക്കാരനും (ക്കാരിയും) സ്വയം കണ്ടുപിടിക്കേണ്ടതാവുന്നു. പുതിയ സൈക്കോമെട്രിക്ക് പരീക്ഷകളിലെ പോലെ നിങ്ങളുടെ ഉത്തരം നിങ്ങളുടെ പേര്സണാലിറ്റിയിലേക്കുള്ള ചൂണ്ടുപലക ആയിരിക്കും.
സുനാമിത്തിരമാലകളെപ്പോലെ ഒരു ആവേശത്തിനു് പ്രശാന്തിനുനേരെ അലറിയാര്ത്തുചെന്ന അനഘയേയും പിന്നത്തെ രംഗത്തില്‍ മനോരോഗാശുപത്രിയിലെ കട്ടിലില്‍ ചാഞ്ഞിരുന്നാടുന്ന അനഘയേയും കാണിച്ചുതരുന്നവന്‍ ഭാവനാശൂന്യനായ മുരടന്‍. പ്രിയദര്ശന്സിനിമകളില്‍ നമ്മള്‍ എത്രയോ തവണ കണ്ടു മടുത്തതാ ഈ രംഗങ്ങള്‍.
ഇഷ്ടംപോലെ ജീവിക്കാന്‍ അനഘയ്ക്കുള്ള അതേ സ്വാതന്ത്ര്യം പ്രശാന്തിനുമുണ്ടല്ലൊ എന്നു നിങ്ങള്‍ പറഞ്ഞാല്‍ നിങ്ങളെ ഒരു പിന്തിരിപ്പന്‍ മൂരാച്ചിയായേ കരുതാനാവൂ. സ്വാതന്ത്ര്യം, വേദന, മനസ്സ് ... ഇതൊക്കെ പെണ്ണിന് മാത്രമായ വികാരങ്ങളാണെന്ന് നിങ്ങള്ക്കറിയാത്തത് ആധുനികസാഹിത്യവുമായി നിങ്ങളുടെ ബന്ധമില്ലായ്മയാണു കാണിക്കുന്നത്.
പ്രശാന്ത് പ്രശാന്തിന്റെ വഴിയിലും, അനഘ അനഘേടെ വഴിയിലും തിരിഞ്ഞു പോയി എന്നാണ് നിങ്ങളുടെ മറുപടിയെങ്കില്‍, കൊള്ളാം നിങ്ങള്‍ യാഥാര്ത്ഥ്യബോധമുള്ള ആളാണ് എന്നു കരുതാം. കേരളത്തിലെ ഒരു സര്‍ക്കാര്‍ജോലിക്കു് തികച്ചും അനുയോജ്യന്‍.
അന്നത്തെ വൈകുന്നേരത്തെ ഫ്ലൈറ്റിനുതന്നെ അനഘ നാട്ടിലേക്കു മടങ്ങിപ്പോയെന്നൊ, ഇങ്ങിനെ ഒരു നാടകം കളിച്ച് പ്രശാന്തിനെ പറ്റിച്ചതില്‍ പശ്ചാത്താപവിവശയായ അനഘ അയാളുടെ കാലില്‍ കെട്ടിപ്പിടിച്ചു മാപ്പിരന്നുവെന്നും ഇനി മുതല്‍ ഒരു നല്ല ‘ഭാര്യ’ ആയി അടങ്ങി ഒതുങ്ങിക്കൂടാനും ചോറുമൊക്കെ വച്ചു ജീവിച്ചുകൊള്ളാമെന്ന് സമ്മതിച്ചുവെന്നും ഒക്കെ ക്ലൈമാക്സുകള്‍ തിരഞ്ഞെടുക്കുവാന്‍ ധാരാളം.
ഒരു പഴയ മലയാള സിനിമയില്‍ പപ്പുവിന്റെ കഥാപാത്രം പറഞ്ഞതുപോലെ ‘’നമുക്കു ഊഹിക്കലോ’’ എന്നൊരു ക്ലൂകൂടി നല്കി കഥാകാരി യാത്രയാവുകയാണ്, അടുത്ത ജാലകക്കാഴ്ചയിലേക്ക്.
സൂചനകള്‍
* പ്രൈഡ് ആന്റ് പ്രജുഡിസിലെ നായകന്‍.
*** ഫാത്തിമ മെറ്നിസ്സിയുടെ ഡ്രീംസ് ഒഫ് ട്രെസ്പാസിലെ കഥാപാത്രം.

1 Mar 2016

ശിക്ഷ

 സന്തോഷ് പാലാ
mcsanthosh@yahoo.com


രാത്രികാലങ്ങളില്‍
നിലാവിലേക്ക്
ശ്രദ്ധയരുത്;
നിഴലുകളിലേക്കാവട്ടെ
അത്.

വിരൂപമായ നിഴലില്‍
എത്ര നോക്കിയിട്ടും
കണ്ണകളതിലെവിടെയെന്ന്
തിരിച്ചറിയാനാവുന്നുണ്ടോ?

ഒച്ച 
ഉയര്‍ന്നുതാഴുമ്പോള്‍
നിഴലുകളെങ്ങെനെയാവുമത്
വരയ്കുകയെന്നറിയാനാവുന്നുണ്ടോ?

തൊട്ടുനില്‍ക്കുമ്പോള്‍
ഒത്തുചേരുന്ന
ചൂടെവിടയാണതിലുണ്ടാകുകയെന്ന്
അന്വേഷിച്ചിട്ടുണ്ടോ?

പകല്‍ വെളിച്ചത്തില്‍
സൂര്യനെ നോക്കി
ചന്ദ്രനാണെന്നും
രാത്രിയില്‍
തിരിച്ചും പറയുന്നൊരു
നിഴലാണെന്റേത്.

വളര്‍ന്നു വളര്‍ന്നു
വലുതാകുമ്പോഴും
വളര്‍ച്ച മുരടിച്ചു
വലയുന്നൊരെണ്ണം.

ചിന്താക്കുഴപ്പത്തി-
ലുള്ളിലുരുണ്ടുകേറുന്നതും
നാവു കുഴയുന്നതും
തൊണ്ട വരണ്ടുനീറുന്നതുമൊക്കെ-
യടയാളപ്പെടുത്തേണ്ടേ?

സങ്കടങ്ങള്‍ 
എവിടെയെങ്കിലും
പകര്‍ന്നുവെന്ന് വിചാരിച്ച് 
ശിക്ഷിക്കരുതെന്നു പറയാന്‍
മുന്‍‌കൂര്‍ ജാമ്യമെടുത്തതാണ്.

16 Jan 2016

ഉണ്ണിക്കുട്ടന്റെ യാത്ര




ഇസ്മയിൽ മേലടി

പൂമുഖത്തും
മുറ്റത്തും
തൊടിയിലുമൊക്കെ
കയറിയിറങ്ങി കളിച്ചുകൊണ്ടിരുന്ന
ഉണ്ണിക്കുട്ടൻ
നടയിറങ്ങിപ്പോയി
നേരെ ചെന്നുകയറിയത്‌
ഡിസ്നി ലാന്റിലായിരുന്നു
മൂവാണ്ടൻ മാവിലെ
കളിയൂഞ്ഞാൽ
ഉണ്ണിക്കുട്ടനെ
ആടി മാടി വിളിച്ചു
അപ്പോഴേയ്ക്ക്‌
ഉണ്ണിക്കുട്ടൻ
വൈൽഡ്‌ സ്വിംഗ്‌ റൈഡിൽ
കയറിക്കഴിഞ്ഞിരുന്നു
കണ്ണൻചിരട്ട
ഉണ്ണിക്കെത്ര അപ്പംവേണം
എന്നു ചോദിക്കുമ്പോഴേയ്ക്ക്‌
അവൻ രസംപിടിച്ച്‌
റോളർ കോസ്റ്ററിനകത്ത്‌
വട്ടം കറങ്ങുകയായിരുന്നു
കിണ്ണം നിറയെ
ഉണ്ണിയപ്പവുമായി
നാണിയമ്മ അണച്ചുകൊണ്ട്‌
ഓടിയണയുമ്പോഴേയ്ക്ക്‌
കെ.എഫ്‌.സി
ചിക്കൻ ഫില്ലറ്റ്‌
അകത്താക്കി
ടിഷ്യു പേപ്പറിൽ
കൈ തുടയ്ക്കുകയായിരുന്നു
ഉണ്ണിക്കുട്ടൻ

26 Dec 2015

ആലില /കവിത

പി കെ ഗോപി
ആലിലകൾ
സംസാരിക്കുന്നതു പോലെ
മറ്റൊരിലയും
സംസാരിക്കുകയില്ല
തെന്നലിന്റെ
കൈപിടിച്ച്‌
ഭൂമിയെ തൊടുന്നതുവരെ
അത്‌ സംസാരിച്ചു-
കൊണ്ടേയിരിക്കും
ആകാശങ്ങളിൽ
എഴുതിവെച്ചതെല്ലാം
ഉരുവിട്ടു
മനഃപാഠമാക്കിയത്‌
ആവർത്തിക്കുകയാണവ.
ആഴങ്ങളിൽ നിന്ന്‌
ശേഖരിച്ചതെല്ലാം
ആത്മമുരളികൾ
നെഞ്ചോടു ചേർത്ത്‌
ആലപിക്കുകയാണവ.
കൽപടവിൽ
കാറ്റുകൊണ്ട്‌
കാതോർത്തിരിക്കുമ്പോൾ
ആലിലകൾ
പറയാൻ വിട്ടത്‌
തായ്ത്തടിയുടെ
ഇതിഹാസവിരലുകൾ
എഴുതിത്തരും.
പുരുഷാന്തരങ്ങളുടെ
അനന്തമായ
നാവു പോലെ
ആലിലകൾ
ആരോടെന്നില്ലാതെ
സത്യം മാത്രം
സംസാരിച്ചു കൊണ്ടിരിക്കുന്നു!

26 Nov 2015

അദൃശ്യം /കവിത

കെ. വി. സുമിത്ര

കാറ്റില്‍ പൂത്തുലഞ്ഞ
കടല്‍,
തിര, സന്ധ്യ, നിറങ്ങള്‍
നിറവില്‍ ദീപ്തിമുദ്ര പതിഞ്ഞ
ഞാറ്റുവേലകള്‍, ഹരിതഗന്ധം.
മുഖശൂന്യം, ഇരുട്ടില്‍ ഭ്രാന്തന്‍പാറകള്‍
ആത്മാവില്‍ തൊട്ടൊരാള്‍...
ആകാശത്തിനും മഴമേഘങ്ങള്‍ക്കും മീതെ
നെഞ്ചിന്‍കൂട്ടില്‍ തീയും പുകയും
മഴയും വെയിലുമായി...
അദൃശ്യമായൊരു നൂലില്‍
കെട്ടിവലിഞ്ഞുകൊണ്ടങ്ങനെ
കാണാസ്വപ്‌നങ്ങള്‍ക്കും
കണ്ടുണര്‍ന്ന ദിനങ്ങള്‍ക്കും
കരളുറച്ച് വഴിയുറച്ച്
നനഞ്ഞൊട്ടി നില്ക്കാനൊരാള്‍
മഴപോലെ, മഴവില്ലൊളി
തെളിയുംപോലെ
ഉള്ളില്‍ തട്ടിവിളിക്കും
ഉള്ളുറപ്പുള്ളൊരാള്‍

 

26 Oct 2015

എം കെ ഹരികുമാർ സാഹിത്യ കളരി



സർഗ്ഗാത്മക  സാഹിത്യരചനയിൽ  പരിശീലനം
കൂത്താട്ടുകുളം  എലൈറ്റ്  അക്കാദമിയിൽ  ആരംഭിക്കുന്നു .
പരിശീലകൻ  എം  കെ  ഹരികുമാർ  സാഹിത്യ കളരി

21 Aug 2015

നിശ്ചയദാർഢ്യം ഒരു വിജയരഹസ്യം

ജോൺ മുഴുത്തേറ്റ്‌


 സ്കൂളിൽ നിന്നും വൈകുന്നേരം കരഞ്ഞുകൊണ്ട്‌ വീട്ടിലെത്തിയ മകനോട്‌ അമ്മ ചോദിച്ചു..,
"എന്താ മോനെ പറ്റിയത്‌.....? നീ എന്തിനാണ്‌ കരയുന്നത്‌?"
"അമ്മേ, പിള്ളേരെന്നെ കളിയാക്കി" അവൻ വിങ്ങിപ്പൊട്ടിക്കൊണ്ട്‌ പറഞ്ഞു.
"എന്തിനാ കളിയാക്കിയത്‌?", അമ്മ കാര്യം തിരക്കി.
"നിന്റെ അച്ഛൻ മദ്യപാനിയാണ.​‍്‌ കഴിഞ്ഞ ദിവസം ക്ലബ്ബിൽ വച്ച്‌ വെള്ളമടിച്ച്‌ പൂസായി ബഹളമുണ്ടാക്കി.. ഒടുവിൽ ശർദ്ദിച്ച്‌ ക്ലബ്ബിൽ കിടന്നു. ആരൊക്കെയോ എടുത്താണ്‌ കാറിൽ ഇരുത്തിയത്‌.......", കുട്ടികൾ പറഞ്ഞ കാര്യങ്ങൾ കണ്ണീരോടെ അവൻ വിവരിച്ചു.
"ആരാണിത്‌ സ്കൂളിൽ വന്ന്‌ പറഞ്ഞത്‌?", അമ്മ ആകാംക്ഷയോടെ ചോദിച്ചു.
"എന്റെ ക്ലാസിലെ സജി. അവന്റെ അച്ഛൻ ക്ലബ്ബിലുണ്ടായിരുന്നു".
"അത്‌ ചുമ്മാ പറയുന്നതായിരിക്കും. മോൻ വന്ന്‌ കാപ്പികുടിക്ക്‌", അമ്മ  അവനെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അമ്മയ്ക്കും സങ്കടമായി.
രണ്ടു ദിവസം മുൻപ്‌ രാത്രിയിൽ കുടിച്ച്‌ ഓവറായിട്ടാണ്‌ അച്ഛൻ വന്നത്‌. പക്ഷെ ക്ലബ്ബിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടായതായി അറിഞ്ഞില്ല. രാവിലെ ജോലിയ്ക്ക്‌ പോവുകയും ചെയ്തു.
പ്രദീപ്‌ ഇലക്ട്രിസിറ്റി ബോർഡിലെ എൻജിനിയറാണ്‌. പലപ്പോഴും കുടിച്ചു ലക്കില്ലാതെ വരാറുണ്ട്‌. എത്രപറഞ്ഞാലും കുടി നിർത്തുകയില്ല. കരഞ്ഞ്‌ പറഞ്ഞ്‌ നോക്കി. അപ്പോൾ സമ്മതിക്കും. പിന്നെ കുറച്ച്‌ ദിവസത്തേയ്ക്ക്‌ കുടിക്കുകയില്ല. പക്ഷെ പിന്നെയും അവസരം വരുമ്പോൾ  കുടിക്കും. തുടങ്ങിയാൽ പിന്നെ ലക്കില്ലാതാകുന്നതുവരെ കുടിക്കും. അതാണ്‌ സ്വഭാവം. പിന്നെ പറയുന്നതും പെരുമാറുന്നതും ഒന്നും സ്വബോധത്തോടെയല്ല. ലഹരി ഇറങ്ങിക്കഴിഞ്ഞാൽ പ്രശ്നമില്ല.
പ്രദീപ്‌ വീട്ടിലെത്തിയപ്പോഴാണ്‌ ഭാര്യ സ്കൂളിലെ സംഭവം വിവരിച്ചതു. അവളുടെ കണ്ണ്‌ നിറയുന്നുണ്ടായിരുന്നു. മോൻ വിഷമം  കൊണ്ട്‌  നേരത്തെ കിടന്നുറങ്ങി. താൻ മൂലം മോനുണ്ടായ അപമാനം എത്ര ദയനീയമായിരുന്നു എന്ന്‌ അയാൾക്ക്‌ ഊഹിക്കാൻ കഴിഞ്ഞു. കരഞ്ഞു തളർന്ന്‌ ഉറങ്ങുന്ന തന്റെ പൊന്നുമോന്റെ മുഖം കണ്ടപ്പോൾ അയാളുടെ കണ്ണ്‌ നിറഞ്ഞു, മനസ്സ്‌ വിങ്ങി.
ഈ സംഭവം പ്രദീപിന്‌ വലിയൊരാഘാതമായിരുന്നു. ഇങ്ങനെപോയാൽ തന്റെയും തന്റെ കുടുംബത്തിന്റെയും ഭാവി എന്താവും.  സമൂഹം തന്റെ മക്കളെ മുഴുക്കുടിയന്റെ സന്തതികൾ എന്ന്‌ മുദ്രകുത്തും. അവർ സമൂഹത്തിൽ അവഗണിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യും. അയാൾ ഒരു ഉറച്ച തീരുമാനം എടുത്തു. 'ഇനി മദ്യം കഴിക്കുകയില്ല'.
ഇത്‌ പ്രദീപിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായിരുന്നു. അയാളുടെ ജീവിതത്തെ സമൂലം മാറ്റി മറിച്ചു ആ സംഭവം. അതിന്‌ ശേഷം അയാൾ മദ്യപിച്ചിട്ടില്ല. ആദ്യമൊക്കെ ക്ലബ്ബിൽ പോകാതിരുന്നു. പിന്നെ കൂട്ടുകാർ നിർബന്ധിച്ചപ്പോൾ ക്ലബ്ബിൽ പോയിതുടങ്ങി. പക്ഷെ, മദ്യം കഴിക്കുവാൻ തയ്യാറായില്ല. കൂട്ടുകാർ പലപ്പോഴും പ്രലോഭിപ്പിച്ചു, നിർബന്ധിച്ചു, പക്ഷെ അയാൾ വഴങ്ങിയില്ല. അയാളുടേത്‌ ഉറച്ച തീരുമാനമായിരുന്നു. ദൃഢനിശ്ചയം അയാൾക്ക്‌ അസാമാന്യമായ ശക്തി നൽകി. മറ്റുള്ളവരുടെ പ്രലോഭനങ്ങളും സമ്മർദ്ദങ്ങളും അതിനു മുന്നിൽ വിലപ്പോയില്ല. അയാൾ തികച്ചും ഒരു വ്യത്യസ്ത വ്യക്തിയായിത്തീർന്നു. മദ്യം കഴിക്കാൻ പ്രേരണയേറുമ്പോൾ തന്റെ മകന്റെ കരയുന്ന മുഖം  മനസ്സിൽ തെളിയും. തന്റെ കുട്ടികൾ സ്കൂളിൽ അപമാനിതരാകുന്ന രംഗം മനസിൽ വിരിയും. തന്റെ ഉറച്ച തീരുമാനത്തിൽ നിന്നും വ്യതിചലിക്കാതിരിക്കാൻ ഇത്‌ അയാളെ സഹായിച്ചു. അയാളുടെ അചഞ്ചലമായ നിശ്ചയദാർഢ്യത്തിൽ മറ്റുള്ളവർക്ക്‌ അതിശയം തോന്നി. അയാളോട്‌ ബഹുമാനവും.
ജീവിതത്തിൽ വിജയം കൈവരിക്കുവാൻ ഏവർക്കും അനിവാര്യമായ ഒരു വ്യക്തിത്വ സവിശേഷതയാണ്‌ ഉറച്ച തീരുമാനം എടുക്കുക എന്നത്‌.  തീരുമാനങ്ങൾ എടുക്കുകയും പിന്നീട്‌ അതിൽ ചഞ്ചലപ്പെടുകയും തീരുമാനങ്ങൾ തിരുത്തുകയും പിൻവലിക്കുകയും ഒക്കെ ചെയ്യുന്ന എത്രയോ അനുഭവങ്ങൾ വിവിധ മേഖലകളിൽ നമുക്ക്‌ കാണുവാൻ കഴിയും.
നിശ്ചയദാർഢ്യം വിജയത്തിന്റെ സുപ്രധാന ഘടകമാണ്‌. ഉറച്ച തീരുമാനമെടുത്ത്‌ ഏതു പ്രതികൂല സാഹചര്യങ്ങളിലും മനസ്സ്‌ മടുക്കാതെ അത്‌ നടപ്പാക്കുവാനുള്ള ശേഷിയാണ്‌ നിശ്ചയദാർഢ്യം. അത്‌ നിങ്ങൾക്ക്‌ വിജയത്തിന്റെ പടവുകൾ കയറുവാൻ ശക്തിയും ഊർജ്ജവും പ്രദാനം ചെയ്യുന്നു. അതുകൊണ്ടാണ്‌ ക്രിസ്റ്റൻ ബെൽ (Kristen Bell) ഇങ്ങനെ പറഞ്ഞത്‌, "വിജയത്തിന്റെ ചേരുവകൾ എന്തൊക്കെയാണെന്ന്‌ എന്നോട്‌ ആളുകൾ ചോദിച്ചാൽ ഞാൻ പറയും, ഒന്ന്‌, വൈദഗ്ദ്ധ്യം, രണ്ട്‌ നിശ്ചയദാർഢ്യം, മൂന്നാമത്തേത,​‍്‌ വെറും ഭാഗ്യം. ഇതിൽ രണ്ടെങ്കിലും നിങ്ങൾക്ക്‌ ഉണ്ടാവണം".
ഇൻഫോസിസ്‌ ടെക്നോളജിയുടെ ശിൽപിയും പ്രശസ്തമാനേജ്‌മന്റ്‌ വിദഗ്ധനുമായ എൻ .ആർ നാരായണ മൂർത്തി ഒരിക്കൽ പറഞ്ഞു, " മികവ്‌ യാദൃശ്ചികമല്ല. ദൃഢനിശ്ചയവും, കഠിനാദ്ധ്വാനവും, കഴിവുകളും മാത്രമാണ്‌ വിജയപാതയിലെ വിലയേറിയ കൂട്ടുകാർ എന്ന വിശ്വാസമാണ്‌ മികവ്‌".
ബഞ്ചമിൻ ഫ്രാങ്ക്ലിൻ തന്റെ വ്യക്തിത്വത്തിന്റെ ഭാഗമാക്കാൻ ശ്രമിച്ച പതിമൂന്ന്‌ ഗുണങ്ങളിൽ ഒന്നായിരുന്നു നിശ്ചയദാർഢ്യം.
കഠിനമായ പരിശ്രമത്തിലൂടെ അത്‌ അദ്ദേഹം  സ്വായത്തമാക്കുകയും ചെയ്തു.
നിശ്ചയദാർഢ്യം ഇല്ലാത്ത നേതാക്കൻമാരും ഭരണാധികാരികളും രാജ്യപുരോഗതിയ്ക്ക്‌ തടസ്സം സൃഷ്ടിക്കുന്നു. രാജ്യത്തേയും ജനങ്ങളേയും ദുരന്തങ്ങളിലേയ്ക്കും, ദുരിതങ്ങളിലേയ്ക്കും നയിക്കുന്നു. സർദാർ വല്ലഭായി പട്ടേൽ ഉരുക്ക്‌ മനുഷ്യൻ എന്ന്‌ അറിയപ്പെടുന്നത്‌ അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തിന്റെ പേരിലായിരുന്നു. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യമാണ്‌ ഇന്ത്യയുടെ അഖണ്ഡത നിലനിർത്തുവാൻ സഹായകമായത്‌.
കൊളംബസിന്റെ നിശ്ചയദാർഢ്യം ഒന്നുകൊണ്ട്‌ മാത്രമാണ്‌ ദീർഘമായ കപ്പൽ യാത്രയ്ക്ക്‌ ശേഷം അമേരിക്ക കണ്ടെത്തുവാനായത്‌. സഹയാത്രികരൊക്കെ യാത്ര അവസാനിപ്പിച്ച്‌ തിരിച്ച്‌ പോകുവാൻ വേണ്ടി വഴക്കടിച്ചപ്പോഴും കൊളംബസ്‌ തന്റെ തീരുമാനത്തിൽ നിന്നും വ്യതിചലിച്ചില്ല.
നിശ്ചയദാർഢ്യത്തിന്റെ കാര്യത്തിൽ സ്ത്രീപുരുഷ വ്യത്യാസം കൽപ്പിക്കേണ്ടതില്ല. അപാരമായ നിശ്ചയദാർഢ്യം പ്രകടിപ്പിച്ച എത്രയോ സ്ത്രീകളെ ചരിത്രത്തിൽ നമുക്ക്‌ കണ്ടെത്തുവാൻ കഴിയും. ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായിരുന്ന മാർഗരറ്റ്‌ താച്ചർ ഏത്‌  പ്രതികൂല സാഹചര്യങ്ങളിലും നിശ്ചയദാർഢ്യം പ്രകടിപ്പിച്ച ഭരണാധികാരിയായിരുന്നു.
മരണത്തിനുപോലും ഇളക്കാൻ കഴിയാത്ത നിശ്ചയദാർഢ്യമാണ്‌ ബേനസീർ ഭൂട്ടോ പ്രകടിപ്പിച്ചതു. ജാൻസി റാണിയും നിശ്ചയദാർഢ്യത്തോടെ പോർക്കളത്തിലേയ്ക്ക്‌ കുതിച്ച ധീരവനിതയായിരുന്നു.
ഇന്ദിരാഗാന്ധിയുടെ ഉറച്ച തീരുമാനങ്ങളായിരുന്നു അവരെ കഴിവുറ്റ ഭരണാധികാരിയാക്കിയത്‌. പ്രതിസന്ധിഘട്ടങ്ങളിൽ അവരുടെ ഉറച്ച തീരുമാനങ്ങളാണ്‌ നിർണ്ണായക വിജയങ്ങൾ നേടിക്കൊടുത്തത്‌ എന്ന്‌ നാം ഓർക്കണം.
തികച്ചും മൂല്യവത്തായ കാര്യങ്ങൾക്കുവേണ്ടിയാവണം നാം നിശ്ചയദാർഢ്യം പ്രകടിപ്പിക്കേണ്ടത്‌. കഴമ്പില്ലാത്ത കാര്യങ്ങൾക്ക്‌ വേണ്ടി നിശ്ചയദാർഢ്യം പ്രകടിപ്പിക്കുന്നത്‌ പ്രയോജനപ്രദമായിരിക്കുകയില്ല.
നിശ്ചയദാർഢ്യം ആർക്കും പരിശ്രമത്തിലൂടെ വളർത്തിയെടുക്കാവുന്ന ഗുണവിശേഷമാണ്‌. അത്‌ ക്രമേണ വ്യക്തിത്വത്തിന്റെ ഭാഗമായിത്തീർന്നുകൊള്ളുകയും ചെയ്യും. നിശ്ചയദാർഢ്യം വളർത്തിയെടുക്കുവാൻ ചില മാർഗ്ഗങ്ങൾ നിർദ്ദേശിക്കാം.
*   നിങ്ങളുടെ ജീവിത ലക്ഷ്യം വ്യക്തമായി നിർവചിക്കുക. അത്‌ കൈവ    രിക്കുവാനുള്ള സുപ്രധാന തീരുമാനങ്ങൾ എടുക്കുക. ഏത്‌ പ്രതികൂല സാഹചര്യത്തിലും സമ്മർദ്ദത്തിനടിപ്പെടാതെ, അടിപതറാതെ, അതിൽ ഉറച്ചു നിൽക്കുക.
*    മൂല്യവത്തായ കാര്യങ്ങൾക്കായി ഉറച്ച നിലപാടുകൾ സ്വീകരിക്കുക. അതിൽ അചഞ്ചലമായി നിലയുറപ്പിക്കുക.
*    നിങ്ങൾ വിശ്വസിക്കുകയും, വിലമതിക്കുകയും ചെയ്യുന്ന കാര്യങ്ങൾക്ക്‌ വേണ്ടി ത്യാഗമനുഷ്ഠിക്കാനും, കഠിനാധ്വാനം ചെയ്യാനും തയ്യാറാവുക.
*   സ്വന്തം തീരുമാനങ്ങളുടെ അന്തിമ നേട്ടങ്ങളെപ്പറ്റി ചിന്തിക്കുകയും, സ്വപ്നം കാണുകയും ചെയ്യുക.
*    പ്രതികൂല പ്രേരണകളും സമ്മർദ്ദങ്ങളും നിങ്ങളുടെ ഉറച്ച തീരുമാനത്തെ ഇളക്കാൻ അനുവദിക്കുകയില്ല എന്ന്‌ മുൻകൂട്ടി നിശ്ചയിക്കുക.
*    ഉറച്ച തീരുമാനങ്ങൾ എഴുതി സൂക്ഷിക്കുക. അത്‌ ഇടയ്ക്ക്‌ വായിക്കുകയും മനസിൽ ഏറ്റ്‌ പറയുകയും ചെയ്യുക. നിങ്ങളുടെ ഉപബോധമനസിലും അവ നിറഞ്ഞ്‌ നിൽക്കട്ടെ.
*    നിങ്ങളുടെ ഉറച്ച തീരുമാനങ്ങൾ മറ്റുള്ളവർ കേൾക്കെ പ്രഖ്യാപിക്കുക. പ്രതികൂലസാഹചര്യങ്ങളും സമ്മർദ്ദങ്ങളും നേരിടേണ്ടി വരുമ്പോൾ ഈ പ്രഖ്യാപനം ആവർത്തിക്കുക.
*   നിശ്ചയദാർഢ്യം കൊണ്ട്‌ നേട്ടങ്ങൾ കൈവരിച്ച മഹാൻമാരെപ്പറ്റി പഠിക്കുകയും കുട്ടികളുടെ മുൻപിൽ വച്ച്‌ അവരെ പുകഴ്ത്തി സംസാരിക്കുകയും ചെയ്യുക. അവരെ മാതൃകയാക്കാൻ കുട്ടികൾക്ക്‌ ഇത്‌ പ്രേരണ നൽകും.
*   നിങ്ങളുടെ തീരുമാനങ്ങളോട്‌ വൈകാരികമായ ഒരു ആത്മബന്ധം പുലർത്തുക. നിശ്ചയദാർഢ്യത്തിന്‌ ഇളക്കം തട്ടുമ്പോൾ നിങ്ങളുടെ ആന്തരിക ശക്തിയുടെ ദൗർബല്യമാണ്‌ പ്രകടമാകുന്നത്‌ എന്ന്‌ മനസ്സിലാക്കുക.
'ഞാൻ എന്തെല്ലാം നേടിയിട്ടുണ്ടോ, അതെല്ലാം ദൈവാനുഗ്രഹം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും ആണ്‌ നേടിയത്‌', എന്ന മേരി ഫെയർ ചൈൽഡിന്റെ (Mary Fair Child)ന്റെ വാക്കുകൾ നമുക്ക്‌ മറക്കാതിരിക്കാം. ?

19 Jul 2015

ചിത്രകലയിലെ വിശുദ്ധി: കെ.വി.ഹരിദാസൻ



കാട്ടൂർ നാരായണപിള്ള

    തിരുവനന്തപുരം കോളേജ്‌ ഓഫ്‌ ഫൈൻ ആർട്ട്സിൽ പ്രോഫസർ, പ്രിൻസിപ്പൽ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ഭാരതത്തിലെ നവീന ചിത്രകലയിലെ ഉപജ്ഞാതാക്കളിലൊരാളായ പ്രമുഖ ചിത്രകാരൻ കെ.വി.ഹരിദാസൻ 2014 ഒക്ടോബർ 26ന്‌ 77-​‍ാം വയസ്സിൽ കലാലോകത്തോട്‌ വിടപറഞ്ഞു. താന്ത്രിക്‌ കലാസങ്കേതങ്ങളിലൂടെയാണ്‌ ഹരിദാസന്റെ കല പൂർണതയിലെത്തുന്നതും ആസ്വാദകമനസ്സുകളിൽ ഇടംനേടുന്നതും.
    ഭാരതത്തിലെ പ്രമുഖ ചിത്രകാരന്മാരുടെ നിരയിൽ മുഖ്യസ്ഥാനത്തുതന്നെ ശോഭിച്ചിരുന്ന കെ.വി.ഹരിദാസൻ, കണ്ണൂർ കല്യാശേരി ബിഇഎം ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. സൈക്കോളജിയിൽ ബിരുദം നേടിയശേഷമാണ്‌ മദ്രാസ്‌ കോളേജ്‌ ഓഫ്‌ ഫൈൻ ആർട്ട്സിൽ ചേർന്ന്‌ ചിത്രകലയിൽ പഠനം പൂർത്തിയാക്കിയത്‌. കെ.സി.എസ്‌ പണിക്കരുടെ ശിഷ്യരിൽ പ്രധാനിയായിരുന്നു കെ.വി.ഹരിദാസൻ. ചിത്രകലാപഠനം കഴിഞ്ഞ്‌ രണ്ടുവർഷത്തോളം ഭാരതത്തിലെ വിവിധ കലാകേന്ദ്രങ്ങളിൽ (മഹാബലിപുരം, അജന്ത, എല്ലോറ, ഹംപി, ബേലൂർ, ഹലേബിഡ്‌ തുടങ്ങിയ സ്ഥലങ്ങളിൽ അന്യസ്ഥലങ്ങളിൽ നിന്നും വരുന്ന സഞ്ചാരികൾക്കുവേണ്ടി ഗൈഡായും ഹരിദാസൻ പ്രവർത്തിച്ചിരുന്നു. കെ.സി.എസ്‌ പണിക്കരുടെ നേതൃത്വത്തിൽ ചോഴമണ്ഡലം ആർട്ടിസ്റ്റ്‌ വില്ലേജിന്റെ പൂർത്തീകരണത്തിനും അവിടെത്തന്നെ വീട്‌ സ്വന്തമാക്കി ചിത്രരചനയിലും സമയം ചെലവഴിച്ച്‌ മുന്നോട്ടുവന്നു. തുടർന്ന്‌ തിരുവനന്തപുരം കോളേജ്‌ ഓഫ്‌ ഫൈൻ ആർട്ട്സിൽ അധ്യാപകനായി ചേരുകയും അവിടെ പ്രോഫസറായും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ച്‌ വിരമിച്ച്‌ അദ്ദേഹം 1981 മുതൽ 1992 വരെ 11 വർഷം ചോഴമണ്ഡലത്തിലെത്തി മുഴവൻ സമയ ചിത്രരചനയുമായി കഴിയുമ്പോഴാണ്‌ അന്ത്യമുണ്ടായത്‌.
    ഭാരത പാരമ്പര്യ വഴികളെപ്പറ്റിയുള്ള അന്വേഷണവുമായി ബന്ധപ്പെടുത്തിയാണ്‌ കെ.വി.ഹരിദാസൻ തന്റെ ചിത്രകലാശൈലി രൂപപ്പെടുത്തിയത്‌. ഭാരത-ശിൽപകലകളുടെ ഉദാത്തമായ ചൈതന്യം അടങ്ങിയിരിക്കുന്നത്‌ പഴയകാല കലാരൂപങ്ങളിലാണെന്ന്‌ ഉറച്ചുവിശ്വസിച്ചിരുന്ന ഹരിദാസൻ അതുകൊണ്ടുതന്നെയാവാം ഭാരതത്തിലങ്ങോളമിങ്ങോളം സഞ്ചരിക്കുവാനും അവിടങ്ങളിലെ പഴമകളുടെ രൂപങ്ങളെ ആവോളം കാണുവാനും ഗൈഡായിപ്പോലും പ്രവർത്തിക്കുവാനും ഇഷ്ടപ്പെട്ടിരുന്നത്‌. പൗരസ്ത്യജീവിത കൽപിതമായ താന്ത്രികവിധികളെ ഹരിദാസൻ തന്റെ പഠനങ്ങളിലൂടെ ആഴത്തിലറിയുവാൻ ശ്രമിച്ചു. താന്ത്രികവിധികളിലെ ജൈവവും അനുഷ്ഠാനപരവും താത്വികവുമായ സവിശേഷതകളെ അറിഞ്ഞ്‌ യോഗ, ധ്യാനം പോലെയുള്ള ജീവിതചര്യകൾ അവലംബിക്കാനും ഹരിദാസൻ പല വർഷങ്ങൾ ഉത്സുകനായി സമയം ചെലവഴിച്ചിട്ടുണ്ട്‌. അങ്ങനെയുള്ള പശ്ചാത്തലത്തിൽ താന്ത്രികവിധികളെ ദൃശ്യവൽക്കരിച്ചുകൊണ്ട്‌ ആചാര്യന്മാർ പണ്ട്‌ രൂപപ്പെടുത്തിയ ദൃശ്യ-ബിംബങ്ങൾ തന്റെ ചിത്രകലയുടെ ഉൾപുളകമായി സംവേദിപ്പിക്കുവാൻ ഹരിദാസൻ തന്റെ സർഗ്ഗ-പ്രതിഭാവിലാസം തുറന്നുവയ്ക്കുകയായിരുന്നു. ഇത്തരത്തിലെ കൽപിതബിംബങ്ങളിൽ പ്രകൃതിയെയും ജീവജാലങ്ങളെയും മനുഷ്യരെയും സർവോപരി പ്രപഞ്ചത്തെതന്നെയും പ്രതിബിംബിക്കുവാൻ പോയകാല ആചാര്യന്മാർക്ക്‌ കഴിഞ്ഞിട്ടുണ്ടെന്ന്‌ വിശ്വസിച്ചുതന്നെയാവണം ഹരിദാസന്‌ തന്റെ നവീന താന്ത്രിക ചിത്രകലാപ്രസ്ഥാനം ആവിഷ്കരിക്കുവാനായത്‌. അവയിൽ നിന്നു കിട്ടിയ പ്രതീകാത്മക രൂപങ്ങളായ വൃത്തം, പലവിധ ചതുരങ്ങൾ, ത്രികോണം തുടങ്ങിയ ബഹുകോണരൂപങ്ങൾ, ചന്ദ്രക്കലകൾ, ബിന്ദുക്കൾ,അഗ്നിരൂപങ്ങൾ, ജല-സസ്യരൂപങ്ങൾ, താമരപോലെയുള്ള പുഷ്പങ്ങൾ, മനുഷ്യാകാരങ്ങൾ തുടങ്ങിയവയെ തന്റെ ചിത്രകലാ ദർശനാനുകൃതമായ രൂപീകരണങ്ങളിലൂടെയും വർണരേഖാലയങ്ങളിലൂടെയും വൈവിധ്യമാർന്ന തനതു ചിത്രപരമ്പരയെ നവീന താന്ത്രിക ശൈലിയിലൂടെ ഹരിദാസൻ വരച്ച്‌ ധന്യനായി. ഹരിദാസന്റെ ഇത്തരം ചിത്രങ്ങളെ ബ്രഹ്മസൂത്ര, പ്രകൃതിസൂത്ര, സൗന്ദര്യലഹരിസൂത്ര, നിർവൃതിയന്ത്ര എന്നൊക്കെ പേരുകളിൽ അവയുടെ പരമ്പരകളായി അടയാളപ്പെടുത്തിയതും പാരമ്പര്യസ്വത്വമായ അനുഭവത്തെ തന്റെ ചിത്രങ്ങളിൽ ലഭിക്കാനാവും എന്നു കരുതിയാവും. ഹരിദാസന്റെ രൂപ-വർണ ബിംബങ്ങൾക്ക്‌ തനതായ സവിശേഷാനുഭൂതി പ്രേക്ഷകർക്കും അനുഭവമാകുന്നു.

കെ.വി.ഹരിദാസൻ

    2013ൽ കേരള സംസ്ഥാനം ഹരിദാസന്റെ ചിത്രകലാ സവിശേഷതകൾ മാനിച്ച്‌ രാജാരവിവർമ പുരസ്കാരം നൽകിയിരുന്നെങ്കിലും സ്വീകരിക്കാനായില്ല. 2014 നവംബറിൽ പ്രസ്തുത ബഹുമതി മകൻ സ്വീകരിക്കുകയാണുണ്ടായത്‌. തമിഴ്‌നാട്‌ അക്കാദമികളുടെ പുരസ്കാരങ്ങളും കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പും ഹരിദാസന്‌ ലഭിച്ചിട്ടുണ്ട്‌.
    ശ്രദ്ധേയമായ നിരവധി പ്രദർശനങ്ങളിലും ക്യാമ്പുകളിലും സജീവസാന്നിദ്ധ്യമായിരുന്ന ഹരിദാസന്റെ ചിത്രങ്ങൾ വിവിധ കലാശേഖരങ്ങളിലും ഗ്യാലറികളിലും പ്രദർശിപ്പിച്ചിരുന്നു. സംസ്കാരസമ്പന്നവും മാന്യവുമായ ഒരു ജീവിതചര്യ അവലംബിച്ച ഹരിദാസൻ ജീവിതത്തിലും കലയിലും വിശുദ്ധി പരിപാലിച്ച വ്യക്തിത്വമായിരുന്നു.

24 Jun 2015

ജോൺ അബ്രഹാം, അങ്ങ് സദയം പൊറുക്കുക.




         സലോമി ജോൺ വത്സൻ

 


ആരാധ്യനായ  ചലച്ചിത്രകാരൻ എന്ന് ചലച്ചിത്രരംഗം, ആസ്വാദകർ,നിരൂപകർ പണ്ടും, ഇപ്പോഴും വിശേഷിപ്പിക്കുന്ന വ്യക്തി. അന്തരിച്ചിട്ട് മുപ്പതാണ്ടോടടുക്കുന്നു. മരണ വാർഷികങ്ങൾ ചലച്ചിത്ര , സാംസ്കാരിക ലോകം സ്മരിക്കുന്നു. സെമിനാറുകളും ചലച്ചിത്ര മേളകളും അദ്ദേഹത്തിന്റെ പേരിൽ സംഘടിപ്പിക്കുന്നു. ജോണിൻറെ ചലച്ചിത്രങ്ങൾ ''മഹത്തായവ'' ആയിരുന്നുവോ? അതിലുപരി  ആ ജീവിതമോ? സ്വന്തം വ്യക്തിത്വം ശ്രദ്ധിക്കാതെ  അപരിചിതരോടുവരെ ലഹരിക്കായും മറ്റും  പണം  ചോദിച്ചിരുന്ന വ്യക്തി .....പ്രിയപ്പെട്ടവർ മനപൂർവ്വം ഒഴിവാക്കിയിരുന്നയാൾ……..  പ്രതിഭകൾക്കും ശുഷ്ക പ്രതിഭകൾക്കും മരണാനന്തരം പ്രശംസയും അംഗീകാരവും വാരിക്കോരി കൊടുക്കുന്നതിൽ മലയാള മാധ്യമങ്ങളും സാംസ്കാരിക സാഹിത്യ വേദികളും യാതൊരു പിശുക്കും കാട്ടാറില്ലല്ലോ .ഒരു പ്രതിഭയും ഇങ്ങനെ മദ്യത്തിലും കഞ്ചാവിലും മയങ്ങി ജീവിതം തകർത്തു തരിപ്പണമാക്കരുതെന്നു  അനുസ്മരണ വേദികളിൽ തുറന്നു പറയാൻ ആരെങ്കിലും കഴിഞ്ഞ മുപ്പതു വർഷത്തിനുള്ളിൽ ധൈര്യപ്പെട്ടിട്ടുണ്ടോ എന്നറിയില്ല. എങ്കിൽ ക്ഷമിക്കുക. (ജോൺ അബ്രഹാമിനോടുള്ള ആരാധന മൂത്ത് ഇങ്ങനെ അക്കാലത്ത് എത്രയോ ചെറുപ്പക്കാർ ഉണ്ടായിരുന്നു.എത്രപേരുടെ ജന്മം പാഴായി എന്നൊന്നും ഒരിടത്തും ചരിത്രം രേഖപ്പെടുത്തുകയില്ലല്ലോ....)
അദ്ദേഹം ഒരു നല്ല വ്യക്തിയായിരുന്നു. . പൂനെയിൽ  പഠിക്കുന്ന കാലം. ഋത്വിക്   ഘട്ടക്കിന്റെ  പ്രിയ ശിഷ്യൻ....(നല്ല മരത്തിനു ഇത്തിൾകണ്ണി പിടിക്കും എന്ന് പഴമക്കാർ പറയാറുണ്ട്.) സാഹിത്യകാരൻ, കവി, കലാകാരൻ, ചലച്ചിത്രകാരൻ തുടങ്ങിയവരെ എക്കാലത്തും ചെറുപ്പക്കാർ ആരാധിക്കുന്നു. ഇക്കൂട്ടരെ  സാധാരണ വ്യക്തികളിൽ നിന്നും വിഭിന്നമാക്കുന്നത്  ചില ആന്തരിക വെളിപാടുകളാണ്. ഇതാകട്ടെ വ്യക്തി ജീവിതത്തിൽ പലപ്പോഴും വല്ലാത്ത സംഘർഷങ്ങൾ സൃഷ്ടിക്കും. ഇവിടെ വ്യക്തിക്ക്, സന്തുലിതമായ വ്യക്തിത്വം തൻറെ സർഗപരതയോടൊപ്പം കൊണ്ടുപോകാൻ കഴിയാതെ വരുമ്പോഴാണ് സൃഷ്ടിപരമായ ലഹരിക്കുമപ്പുറം പുറമേ നിന്നുള്ള ലഹരി തേടുന്നത്. തൻറെ ഉള്ളിലെ വിഹ്വലതകൾ കൊണ്ടാണ് ജോൺ അസ്വസ്തനായത്.  അക്കാലത്ത് ''അത്യന്താധുനികർ'' കൊട്ടിഘോഷിച്ചിരുന്ന  ഇറക്കുമതി ചരക്കായ അസ്തിത്വ ദുഃഖവും ''പേറി'' ജീവിതത്തെ അഭിമുഖീകരിക്കാൻ  ത്രാണിയില്ലാത്തവർ കഞ്ചാവിനെ നെഞ്ചോടു ചേർത്തു. സ്വകാര്യ ജീവിതവും സർഗജീവിതവും തമ്മിൽ കൂട്ടിയിടിച്ചു പാളം തെറ്റിപ്പോകുമ്പോൾ ഒരു വ്യക്തി എന്ന നിലയിൽ പ്രതിഭകൾ  തികഞ്ഞ പരാജയമാകും.  തൻറെ ചുറ്റുമുള്ളവർക്ക് മാതൃകയാകാൻ  ഒരു  സന്ദേശവും അയാളിൽ നിന്ന് ലഭിക്കില്ല..... പകരം ജീവിതം തല്ലിതകർക്കുവാൻ ,അതിൽ ശരികൾ കണ്ടെത്തുവാൻ  സന്തത സഹചാരികളെ  മനപ്പൂർവമല്ലെങ്കിലും പ്രേരിപ്പിക്കും.......
ജോൺ അബ്രഹാമിൻറെ  ജീവിതം മദ്യ ലഹരിയിൽ തകർന്നു പോയതിനെ ചൊല്ലി ഏതാനും നാൾ മുൻപ് സംവിധായകൻ ശ്രീ .കെ ജീ ജോർജ് വേദനയോടെ പരാമർശിച്ചിരുന്നു. (ഈയിടെ അദ്ദേഹത്തെ അടുത്തറിഞ്ഞിരുന്ന  സാഹിത്യകാരൻ ശ്രീ .സേതുവും ഞാൻ നടത്തിയ അഭിമുഖത്തിനിടയിൽ ഇതേ വിഷമം പ്രകടിപ്പിച്ചു.) ജോൺ അബ്രഹാം എന്ന ലഹരി പ്രതിഭ  [ആരാധകർ  സദയം പൊറുക്കുക. ]  മരിച്ചിട്ട് മുപ്പതു വർഷത്തോളമായിട്ടും അദ്ദേഹത്തെ ആരാധിച്ചു സർവവും നഷ്ടപ്പെട്ടിട്ടും ഇന്നും ആരാധനയുടെ  ഹാങ്ങ് ഓവറിൽ [ ഒപ്പം മദ്യത്തിന്റെയും..] നടക്കുന്ന ഒരാളുണ്ട്....ഫോർട്ട് കൊച്ചിയിലും ,കൽവത്തി പരിസരത്തും അയാളെ കാണാം.  ജോണിനെ ആരാധിച്ചു കുടുംബവും തൊഴിലും കൂട്ടുകാരെയും നഷ്ടപ്പെട്ട  അബ്ദുറബ് ഹസ്സൻ എന്ന വെറും സാധാരണ മനുഷ്യൻ.  കെ.ജീ ജോർജിന്റെ പരാമർശം വായിച്ചപ്പോൾ മുതൽ അബ്ദുറബ്ബ് എന്ന പാവം മനുഷ്യൻ  ആർദ്രത യാചിക്കുന്ന കണ്ണുകളോടെ മദ്യത്തിന്റെ ചെടിപ്പിക്കുന്ന മണത്തോടെ വീട്ടിൽ ആദ്യമായി വന്നതോർത്തുപോയി…… ഫോർട്ട് കൊച്ചിയിലെ ജോൺ അബ്രഹാമിന്റെ ലഹരി നേരങ്ങളിലെ സന്തത സഹചാരിയായിരുന്നു അബ്ദുറബ് ഹസ്സൻ.... ലഹരിനുരഞ്ഞു പൊന്തിയ ആ  ആ സൌഹൃദത്തിൽ റബ്ബിനു നഷ്ടപ്പെട്ടു , സ്വന്തം  കുടുംബം, കൈ നിറയെ പണം കിട്ടിയിരുന്ന കേന്ദ്ര സർക്കാർ ജോലി , അങ്ങനെ ഒരു ശരാശരി മനുഷ്യന് സാമൂഹ്യമായി അംഗീകാരം കിട്ടാൻ വേണ്ടിയിരുന്ന പലതും.
ഒരു ഫ്ലാഷ് ബാക്ക് .


ഏകദേശം നാല് വർഷം മുൻപുള്ള ഒരു വരണ്ട വേനൽപകൽ. നട്ടുച്ച. വല്ലാതെ വിയർത്തു അവശനായ ഒരാൾ……   തണൽ  നിറഞ്ഞു പടർന്നു കിടന്ന മുറ്റത്ത് നിരത്തിയിട്ടിരുന്ന കസേരയിൽ ഇരിക്കാൻ പറഞ്ഞു. ഏകദേശം അറുപത്തഞ്ച് വയസ്സോടടുത്തുണ്ടാവണം . അനാരോഗ്യത്താൽ ക്ഷയിച്ച ശരീരം. മുഷിഞ്ഞ ഉടുപ്പ്.ആടിതെറിച്ചുള്ള  നടത്തം. വന്നത് എന്നെ അന്വേഷിച്ചായിരുന്നു. പത്രപ്രവർത്തകയാണെന്ന്   ആരോ പറഞ്ഞറിഞ്ഞു. കയ്യിൽ  വൃത്തിയുള്ള ഒരു ഫയൽ. എന്തോ കാര്യമായ ആവശ്യം ഉണ്ടെന്നു തോന്നിപ്പിക്കുന്ന ശരീര ഭാഷ. സാമ്പത്തിക സഹായമായിരിക്കും എന്ന് ഏതാണ്ടുറപ്പിച്ചു. അവശതയാർന്ന ആ മനുഷ്യൻറെ ദേഹം അങ്ങനെ എന്നെ ചിന്തിപ്പിച്ചു. കുടിക്കാൻ എടുക്കാൻ പിൻവാങ്ങുമ്പോൾ തണുത്തതൊന്നും വേണ്ട ,തനിക്കൊരു കട്ടൻ ചായ മതിയെന്ന് പറഞ്ഞു. എന്തോ അസുഖം ബാധിച്ചു ചികിത്സിക്കാൻ നിവർത്തിയില്ലാഞ്ഞു  സഹായം തേടി വരുന്നവരുടെ കൂട്ടത്തിൽ ഒരാൾ എന്ന് ചിന്തിച്ചു.


  ചായ കുടിക്കുന്നതിനിടെ  അയാൾ കയ്യിലിരുന്ന ഫയൽ തുറന്നു നീട്ടി.കൈകളിൽ വിറയൽ.കപ്പു തുളുമ്പാതിരിക്കാൻ അയാൾ പണിപ്പെട്ടു…. മനോഹരമായ കയ്യക്ഷരം. '' ജോൺ അബ്രഹാം'' എന്ന തലക്കെട്ട്. 12 പേജിൽ എഴുതിയിരിക്കുന്ന ഒരു സ്ക്രിപ്റ്റ്.   എഴുതിയിരിക്കുന്നത് അബ്ദുറബ് ഹസ്സൻ. എൻറെ മുന്നിൽ കരുണ തേടുന്ന മനുഷ്യൻറെ  മുഖവും രൂപവുമായിരിക്കുന്നയാൾ..  ഞാൻ ആ ഫയൽ പതുക്കെ വൽസനെ ഏല്പ്പിച്ചു. ജോൺ  തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും താൻ ഓർമകളിൽ നിന്നും ഓരോ ഏടുകൾ എടുത്തു എഴുതിയ സ്ക്രിപ്റ്റ് ആണെന്നും അത് എങ്ങനെയും ഒരു ഷോർട്ട് ഫിലിം ആക്കണമെന്നും  വളരെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. വായിച്ചു നോക്കട്ടെ എന്ന് പറയാനേ തല്ക്കാലം എനിക്ക് കഴിയുമായിരുന്നുള്ളൂ. സ്ക്രിപ്റ്റ് എന്നെ ഏല്പ്പിച്ചു രണ്ടു ദിവസം കഴിഞ്ഞു വരാമെന്ന് പറഞ്ഞു അബ്ദുറബ് പോയി. ഏതാനും ദിവസം കഴിഞ്ഞു വീണ്ടും വന്നു. അതിനിടയിൽ ഒരുദിവസം ഞാൻ സ്ക്രിപ്റ്റ് വായിച്ചിരുന്നു. ജോണിനോടുള്ള അമിതമായ ആരാധനയിൽ രചിക്കപ്പെട്ട  വിഹ്വലമായ ഒരു ഓർമ്മക്കുറിപ്പായിരുന്നു അത്. അതിനപ്പുറം ഒന്നും വായിച്ചെടുക്കാനായില്ല.   സ്ക്രിപ്റ്റിൽ പലയിടത്തും ജോണിന് മിശിഹായുടെ പരിവേഷം നല്കിയിരുന്നു. അബ്ദു റബ്ബിന്റെ ആരാധനയുടെ ആഴം അപ്പോഴാണ് എനിക്ക് യഥാർത്ഥത്തിൽ വ്യക്തമായത്. രണ്ടു ദിവസം കഴിഞ്ഞു അയാൾ വീണ്ടും വന്നു. അതേ വേഷ ഭാവങ്ങളോടെ . താൻ ആ സ്ക്രിപ്റ്റുമായി നടക്കാൻ തുടങ്ങിയിട്ട് ഒരുപാട് വർഷമായെന്നും പലരും ചെയ്യാമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ലെന്നും വളരെ സങ്കടത്തോടെ പറഞ്ഞു.


ഒരു മുപ്പതിനായിരം രൂപ ഉണ്ടെങ്കിൽ ചിത്രം ചെയ്യാമെന്നും അയാൾ പ്രതീക്ഷയോടെ പറഞ്ഞു. അങ്ങനെ പ്രത്യാശയോടെ എൻറെ മുന്നിൽ നിൽക്കുന്ന ആ മനുഷ്യനോടു എങ്ങനെയാണ് ആ സ്ക്രിപ്റ്റ് ഒന്നിനും കൊള്ളില്ലെന്നും അയാൾ കൊണ്ട് നടക്കുന്നത് ഒരിക്കലും നടക്കാൻ ഇടയില്ലാത്ത  ഒരു സ്വപ്നത്തിന്റെ മുഷിഞ്ഞ ഭാന്ടമാണെന്നും പറയാനാവും എന്നോർത്ത് ഞാൻ വിഷമിക്കുകയായിരുന്നു. അതിലുപരി ആ സ്ക്രിപ്റ്റ് എഴുതാനുണ്ടായ പശ്ചാത്തലമാണ് അയാളുടെ ജീവിതം തകർത്തത് എന്ന് പറയണമെന്ന് തോന്നി. എന്നാൽ അത് ശവത്തിൽ കുത്തുന്നതിനു തുല്യമാണെന്നറിഞ്ഞു.... ചില നിഷ്കളങ്കർ ചില നേരങ്ങളിൽ നമ്മുടെ പടിവാതുൽക്കൽ എത്തും.. അവരെ സഹായിക്കാൻ , അവരുടെ ആവശ്യങ്ങളുടെ പൊരുളില്ലായ്മ കൊണ്ട് നമുക്ക് കഴിയാതെ വരും. അക്കൂട്ടത്തിൽ ഒരാളായിരുന്നു അബ്ദുറബ് ഹസ്സൻ എന്ന നിർഭാഗ്യവാൻ.  സ്ക്രിപ്റ്റിനു ഒരു നിർമാതാവിനെ സംഘടിപ്പിക്കുകയോ അല്ലെങ്കിൽ ഞാൻ അത് നിർമിക്കുകയോ ചെയ്യണമെന്നു അയാൾ പലകുറി എന്നോട് അഭ്യർത്ഥിച്ചു. തല്ക്കാലം നമുക്കത് കുറച്ചു നാളത്തേയ്ക്ക്  മാറ്റിവെയ്ക്കാമെന്നും എന്തെങ്കിലും ഒരു വഴി തെളിയുമെന്നും ഭംഗി വാക്ക് പറഞ്ഞു അയാളെ നിരുൽസാഹപ്പെടുത്താൻ  ഞങ്ങൾ വല്ലാതെ കഷ്ടപ്പെട്ടു.അതിനിടയിൽ അയാൾ താനൊരു ആർട്ടിസ്റ്റ് ആണെന്ന് പറഞ്ഞു. അത് കേട്ടപ്പോൾ സന്തോഷം തോന്നി. ചിത്രകലയോടുള്ള ആവേശം കൊണ്ട് അതിന്റെ ശാസ്ത്രീയ വശങ്ങൾ ആരാഞ്ഞു. അയാളിൽ ഒരു  ഗുരുവിനെ കണ്ടെത്താനാവുമോ  എന്നായി എൻറെ ചിന്ത. ചിത്രകലയെക്കുറിച്ച് ഒരുപാട് ചോദിച്ചു. വീട്ടിൽ വന്നു പഠിപ്പിച്ചാൽ അയാൾക്ക് ഫീസിനത്തിൽ ഒരു വരുമാനം ലഭിക്കുമല്ലോ എന്നോർത്തു. ആഴ്ചയിൽ ഒരു ദിവസം, ഞായറാഴ്ച വരാമെന്ന് അയാൾ സമ്മതിച്ചു. മറ്റു ദിവസങ്ങളിൽ ഫ്ലാറ്റു നിർമാണ തൊഴിലാളികളുടെ കൂടെ പെയിന്റിംഗ് ജോലിക്ക് പോകുമെന്നും അതാകട്ടെ എന്നും ഉണ്ടാവില്ലെന്നും ചെന്ന് നോക്കിയാലെ അറിയൂ എന്നും പറഞ്ഞു.  അത്തരത്തിൽ ജോലി ചെയ്യാൻ ആ മനുഷ്യന് ആരോഗ്യമുണ്ടെന്ന് തോന്നിയില്ല. സംശയം പ്രകടിപ്പിച്ചപ്പോൾ പറഞ്ഞു. പരിചയക്കാരുടെ കൂടെയാണ് പണിക്കു പോകുന്നത്. അവർ തനിക്കു പറ്റിയ വിധത്തിലുള്ള പണിയേ എടുപ്പിക്കൂ എന്നും  സ്ഥിരമായി പണി ഉണ്ടാവാറില്ല എന്നും പറഞ്ഞു. താമസിക്കുന്ന ഒറ്റ മുറി വീടിൻറെ വാടക കൊടുക്കാനും ഭക്ഷണത്തിനും അങ്ങനെ അത്യാവശ്യങ്ങൾക്കും ഉള്ള പണം ഇപ്രകാരം മാഷ് കണ്ടെത്തി. വലിയ വിദ്യാഭ്യാസമൊന്നും ഉള്ള ആളായിരുന്നില്ലെങ്കിലും ആ മനുഷ്യന്റെ അറിവ് എന്നെ അത്ഭുതപ്പെടുത്തി.   ആ അറിവും ഒരു ചിത്രകാരൻ എന്ന സിദ്ധിയും അദ്ദേഹത്തെ മാഷ് എന്ന പേരിൽ പൊതുവെ അറിയപ്പെടാൻ ഇടയാക്കി.ജോൺ വിശേഷങ്ങൾ പലപ്പോഴും കടന്നു വന്നു.  മാഷ് വായിച്ച പുസ്തകങ്ങളുടെ ലിസ്റ്റ് കേട്ട് അതിശയം തോന്നി.  ബോർഹസ്, സോറൻ കിർക്കഗാർ , പാവ്ലോ കൊയ്ലോ ,മാഷ് ഇവരെ വായിച്ചു. ഹിമാലയാൻ യാത്ര[ രാജൻ കാക്കനാടൻ]  ,ആരോഗ്യനികേതൻ  [ബംഗാളി നോവൽ] മാഷിന്റെ മൊഴികളിൽ അറിവ് നിറഞ്ഞു നിന്നു… 'ഒരു ലക്ഷത്തിൽ പരം പ്രവാചകർ വന്നു .സമൂഹത്തെ നന്നാക്കാൻ. എന്നിട്ട് സമൂഹം നന്നായോ?.യുണിവേഴ്സ് ഈസ് യുനിവേഴ്സിറ്റി,  . തമ്പുരാൻ നമ്മെ എൽ. കെ . ജീ മുതൽ പഠിപ്പിക്കാൻ വിട്ടിരിക്കയാണ്.നമ്മൾ വളരണമെങ്കിൽ  മനസ്സ് അത്രയും താഴ്ത്തണം..... ‘’ [മദ്യപാനം കൊണ്ട് പൊറുതി മുട്ടിയപ്പോൾ ഭാര്യ രണ്ടു പെണ്മക്കളെയും കൊണ്ട് വീട് വിട്ടു. മക്കൾ വിവാഹിതരായി.....] പലപ്പോഴും മദ്യപിക്കാൻ പണമില്ലാതെ വരുമ്പോൾ മാഷ് വീട്ടിലേക്കു വന്നു. കുറെ ''ഉപദേശിച്ചു'' നോക്കി. മാഷിനു വേണ്ടിയിരുന്നത് ഉപദേശമായിരുന്നില്ല,ഉന്മാദമായിരുന്നു . മദ്യം സിരകളിൽ ഒഴുക്കുന്ന ഉന്മാദം. .. ഒടുവിൽ പതുക്കെ ഒഴിഞ്ഞു മാറേണ്ടിവന്നു.മാഷിൻറെ  വർദ്ധിച്ചു വന്ന സാമ്പത്തിക ആവശ്യം നികത്തുവാൻ  കഴിയുമായിരുന്നില്ല.മദ്യപിക്കാത്ത ഭർത്താവിന്റെ വരുമാനം  മദ്യത്തിനു നല്കുന്നതിലെ അധാർമികത ഓർത്തു. ജോൺ  അബ്രഹാമിനെ മിശിഹായോടാണ് സമ നില തെറ്റിയ മാഷ് വിശേഷിപ്പിച്ചിരുന്നത്.ആരാധനയുടെ ആഴം!  ഒടുവിൽ    വിഷമത്തോടെ മാഷിനെ ഒഴിവാക്കി.

 കുറച്ചു നാൾ കഴിഞ്ഞു. ഒരു ദിവസം ജോണിനെക്കുറിച്ചുള്ള സ്ക്രിപ്റ്റ് നഷ്ടപ്പെട്ടെന്നും എന്റെ കയ്യിലെങ്ങാനും ഉണ്ടോ എന്നും അന്വേഷിച്ചെത്തി...ഞാൻ അത് തിരികെ കൊടുത്തിരുന്നു എന്ന് ഓർമ്മിപ്പിച്ചു. അല്പം പണം കൊടുത്തു,വാടക കൊടുക്കാൻ പണം ഇല്ലെന്നു പറഞ്ഞപ്പോൾ. പിന്നീട് മാഷ് ബുദ്ധിമുട്ടിക്കാൻ വന്നിട്ടേയില്ല…… വർഷങ്ങൾക്കു ശേഷം മാഷിനെ ഈയിടെ കണ്ടു. വഴിയിൽ വെച്ച്.തീരെ അവശൻ.സ്ക്രിപ്റ്റ് കിട്ടിയിലെന്നും നിർമ്മാതാവിനെ കിട്ടിയാൽ ആ നിമിഷം എഴുതാവുന്നതേയുള്ളെന്നും ,തൻറെ മനസ്സിൽ പതിഞ്ഞു കിടപ്പുണ്ടെന്നും പറഞ്ഞു.
മുഷിഞ്ഞ വേഷം.പക്ഷേ മദ്യപിച്ചിരുന്നില്ല. എന്തെങ്കിലും കഴിക്കു എന്ന് പറഞ്ഞു  അല്പം പണം കൊടുത്തു.. നന്ദിനിറഞ്ഞ നോട്ടം. വലിയ ഉപകാരം എന്ന് പറഞ്ഞു. തിളയ്ക്കുന്ന ഉച്ച നേരം. കുടിക്കാൻ പോകാതെ ഭക്ഷണം കഴിക്കണേ എന്ന് പറഞ്ഞു. നിറ ചിരിയോടെ  ഉവ്വെന്നു പറഞ്ഞു. ഓട്ടോയിൽ കയറാൻ സ്റ്റാന്റിലേക്ക് നടക്കുന്നതിനിടെ തിരിഞ്ഞു നോക്കി. മാഷ് എവിടെ? നാൽക്കവലയിൽ ചുടു വെയിലിൽ മാഷ് അതേപടി അവിടെ നിൽക്കുന്നു!
മദ്യത്തിൻറെ പ്രലോഭനത്തിലാവാം.വഴിതെറ്റിപ്പോയ ആ യാത്രികന് ഇനി മടങ്ങാൻ നേരമില്ല.അയാൾ പ്രാർഥനയോടെ നെഞ്ചിൽ ഏറ്റിയ ജോൺ അബ്രഹാം എന്ന മിശിഹാ കാട്ടിക്കൊടുത്ത പാതയിലൂടെ അരനാഴിക ദൂരം മാത്രം; ഇനി അവശേഷിക്കുന്ന അനന്ത യാത്ര...

24 May 2015

ഓർമ്മയിലെ വിദ്യാലയം

മനോജ്

അക്ഷരപ്പൂക്കൾവിരിഞ്ഞൊരീവൃക്ഷമേ
നന്മതൻപാഠം പഠിപ്പിച്ചു എന്നെ നീ
കണ്ണുതെളിഞ്ഞുമനംനിറഞ്ഞു
ഞാനെന്ന ഭാവമൊപോയ്മറഞ്ഞു
പച്ചമഷിത്തണ്ടാൽ മായ്ച്ചുകളഞ്ഞതും-
പിന്നെക്കുറിച്ചതും ഓർമ്മവന്നു
പുസ്തകത്താളിൽ ഒളിപ്പിച്ചുവച്ചൊരാ-
മയിൽപീലിയെങ്ങാനും മാനംകണ്ടൊ
അക്ഷരമാകും സരസ്വതീസ്പർശത്തെ
അലിവോടെനൽകിയഗുരുമുഖങ്ങൾ
ദക്ഷിണക്കാശിനല്ലഅക്ഷീണപരിശ്രമം
ഉണ്ണിമനസ്സിലെനന്മതൻകൈത്തിരിഎങ്
ങുംപ്രകാശംപരത്തീടുവാൻ
അദ്ധ്യാപികമാരാം അമ്മമനസ്സുകൾ
ഉണ്മയാം സ്നേഹത്തിൻ കേദാരങ്ങൾ
പെറ്റമ്മയോളം വരുകയില്ലെങ്കിലും
ഈ പോറ്റമ്മമാരെമറക്കുവതെങ്ങിനെ
ഉപ്പുമാവിൻക്യൂവിൽകൈനീട്ടിനിന്നതും
ഒട്ടിയവയറിന്റെചൂളംവിളികളും
ഉറ്റസതീർത്ഥ്യൻനൽകിയപാഥേയം
പഞ്ചാമൃതംപോലേകഴിച്ചുഞ്ഞാനും
പാതിമിഴികൂമ്പിനിന്നനേരം
പലപലരൂപങ്ങൾതെളിഞ്ഞുമുന്നിൽ
അറിവാംതീർത്ഥംനിറുകിൽതളിച്ചവർ
അന്നവും വസ്ത്രവും പലകുറി നൽകിയോർ
മകനായ്ക്കണ്ട്നിറുകിൽമുകർന്നവർ
പാതിവഴിയിൽകൊഴിഞ്ഞസുമങ്ങൾ
വറുതിയും വ്യാധിയുംപങ്കിട്ടെടുത്തൊരാ-
സൗഹൃദപൂർണ്ണരൂപങ്ങൾ
വിജ്ഞാനതികവിന്റെ അഹംഭാവമില്ലാതെ
വിദ്യതൻ നെയ്യ്ത്തിരി എന്നും തെളിയ്ക്കുന്ന-
നിന്നെമറന്നീടാനാകുമോ
വിദ്യാലയമാം ഈയുഗസുകൃതമെ
ഒന്നുനമസ്കരിച്ചീടട്ടെഞ്ഞാൻ
ഈ പുണ്യപുരാതനശ്രീലകത്തെ
അറിവിന്റെദേവിഅക്ഷരരൂപിയായ്‌
അവിരാമംവാഴുന്നസന്നിധിയെ.

22 Apr 2015

ശ്രീനാരായണായ(നോവൽ)

എം.കെ.ഹരികുമാറിന്റെ പുതിയ നോവൽ 'ശ്രീനാരായണായ' എന്ന നോവലിന്റെ പ്രീ പബ്ലിക്കേഷൻ തുടങ്ങി.


11 Mar 2015

നൂറുമേനിയുടെ കൊയ്ത്തുകാർ


സിഡിബി ന്യൂസ്‌ ബ്യൂറോ കൊച്ചി - 11

തെങ്ങിനിടയിൽ ജാതി, കൊക്കോ, കുരുമുളക്‌ എന്നിവ ഇടവിളയായി വളർത്തി നാളികേര കൃഷി വൻ ലാഭകരമാക്കിയ കൃഷിക്കാരനാണ്‌ പൊള്ളാച്ചി താലൂക്കിലെ ഓടക്കയം സ്വദേശിയായ ഓവിആർ സോമസുന്ദരം. മദ്രാസ്‌ ക്രിസ്ത്യൻ കോളജിൽ നിന്ന്‌ ബോട്ടണിയിൽ ബിരുദം നേടിയ സോമസുന്ദരം ഉപരിപഠനത്തിനു പോകാതെ ഗ്രാമത്തിലെ സ്വന്തം കൃഷിയിടത്തിലേയ്ക്ക്‌ ഇറങ്ങുകയായിരുന്നു. 
ശാസ്ത്രീയമായ കൃഷിരീതികളിലൂടെ അദ്ദേഹം തന്റെ തെങ്ങുകൃഷിയിടം ഒരു ബഹുവിളതോട്ടമായി മാറ്റി. പ്രത്യേകിച്ച്‌ ജാതി കൃഷിയിൽ. ഇന്ന്‌ ഇന്ത്യയിലെ ഏറ്റവും മികച്ച ജാതി കർഷകരിൽ ഒരാളാണ്‌ ഓവിആർ. സമീപത്തുള്ള കൃഷിക്കാർക്ക്‌ ആവശ്യമുള്ള ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ അദ്ദേഹം മിതമായ വിലയക്ക്‌ തന്റെ കൃഷിയിടത്തിൽ നിന്ന്‌ ലഭ്യമാക്കി. താൻ സ്വായത്തമാക്കിയ കൃഷി വിജ്ഞാനം മറ്റു കർഷകർക്കായി പങ്കു വയ്ക്കുന്നതിൽ ഉത്സുകനായ ഓവിആർ തമിഴ്‌നാട്ടിലും ഇന്ത്യയിലും ഇന്ത്യയ്ക്കു വെളിയിലും വിജ്ഞാന വ്യാപന യാത്രകൾ യഥേഷ്ടം നടത്താറുണ്ട്‌.
ഇന്ന്‌ അദ്ദേഹത്തിന്റെ കൃഷിയിടം നാളികേര കർഷകർക്ക്‌ ഒരു മാതൃകാ കൃഷിത്തോട്ടമാണ്‌. കൃഷിരീതികൾ, സസ്യസംരക്ഷണം, ജലസേചനം, വിളവെടുപ്പ്‌, സംസ്കരണം തുടങ്ങി എല്ലാ മേഖലകളിലും ഓവിആറിന്റെ കൃഷിയിടം പുതിയ ധാരാളം അറിവുകൾ നൽകുന്നു.ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ, കേന്ദ്ര തോട്ടവിള സ്ഥാപനം, നാളികേര വികസന ബോർഡ്‌. ഇന്ത്യൻ സുഗന്ധവിള ഗവേഷണ കേന്ദ്രം, തമിഴ്‌നാട്‌ കാർഷിക സർവ കലാശാല, തമിഴ്‌നാട്‌ കൃഷി വകുപ്പ്‌ എന്നിവ ഓവിആറിന്റെ കൃഷിയിടത്തെ മാതൃകാ കൃഷിയിടമായി അംഗീകരിച്ചിരിക്കുന്നു.
ഇന്ത്യയിൽ നിന്നുള്ള വിവിധ സർവകലാശാലകളിൽ നിന്നു മാത്രമല്ല, അമേരിക്കയിലെ കോർണൽ സർവകലാശാലയിലേയും മറ്റ്‌ നിരവധി അന്തർദേശിയ സർവകലാശാലകളിലേയും ഗവേഷണ കേന്ദ്രങ്ങളിലേയും വിദ്യാർത്ഥികളും ഗവേഷകരും പഠനങ്ങൾക്കായി ഓടക്കയത്തുള്ള ഈ കൃഷിയിടത്തിൽ എത്തുന്നു. 2014 ജൂണിൽ ഓസ്ട്രേലിയ, ന്യൂസിലാന്റ്‌,ഇംഗ്ലണ്ട്‌ എന്നീ രാജ്യങ്ങളിൽ നിന്ന്‌ ഒൻപതു ശാസ്ത്രജ്ഞർ ഓവിആറിന്റെ കൃഷിയിടത്തിൽ ഗവേഷണത്തിനായി എത്തി. ഓസ്ട്രേലിയയിലെ ലാറ്റ്‌റോബ്‌ സർവകലാശാലയിൽ നിന്ന്‌ ഡോ.പീറ്റർ സെയിലിന്റെ നേതൃത്വത്തിൽ 15 വിദ്യാർത്ഥികൾ 2014 ജനുവരിയിലും ഇവിടെ എത്തിയിരുന്നു.
തെങ്ങിനെ ബാധിക്കുന്ന നിരവധി രോഗങ്ങൾ പ്രതിരോധിക്കാൻ നാളികേര വികസന ബോർഡ്‌, കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം, തമിഴ്‌നാട്‌ കാർഷിക സർവകലാശാല എന്നിവയുമായി അദ്ദേഹം സഹകരിക്കുന്നു. 
നിലവിൽ തമിഴ്‌നാട്‌ ദൂരദർശൻ കാർഷിക ഉപദേശക സമിതി അംഗം, കോയമ്പത്തൂർ ഫോറസ്റ്റ്‌ ഇൻസ്റ്റിറ്റിയൂട്ട്‌ ഉപദേശക സമിതി അംഗം, തമിഴ്‌നാട്‌ ജൈവകൃഷി നയരൂപീകരണ സമിതി അംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന ഓവിആർ, നാളികേര വികസന ബോർഡ്‌ ഗവേഷണ സമിതി അംഗം, തമിഴ്‌നാട്‌ കാർഷിക സർവകലാശാല നിർവഹാകസമിതി അംഗം, സർവകലാശാല പ്രാദേശിക ഗവേഷണ സമിതി അംഗം, ഇന്ദിരാഗാന്ധി വന്യജീവി സംരക്ഷണ കേന്ദ്രം ഓണററി വാർഡൻ, തമിഴ്‌നാട്‌ വനം വകുപ്പ്‌ ഉപദേശക സമിതി അംഗം, തമിഴ്‌നാട്‌ ജൈവകൃഷി ഉന്നതാധികാര സമിതി അംഗം എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്‌. 
കാർഷിക മേഖലയിൽ ഇതിനോടകം നിരവധി പുരസ്കാരങ്ങൾ ഓവിആറിനെ തേടി എത്തിയിട്ടുണ്ട്‌. 1991 ൽ സിപിസിആർഐയുടെ മികച്ച നാളികേര കർഷകൻ, 2005 ലെ തമിഴ്‌നാട്‌ കാർഷിക സർവകലാശാലയുടെ വേലൻമയി ചെമ്മാൾ അവാർഡ്‌, 2011 ൽ സിപിസിആർഐയിൽ നടന്ന അന്താരാഷ്ട്ര നാളികേര ജൈവ വൈവിധ്യ കോൺഫറൺസിൽ അംഗീകാര പത്രം, 2010 ൽ പൊള്ളാച്ചി എൻജിഎം കോളജ്‌ അലുമിനിയുടെ മികച്ച പൂർവവിദ്യാർത്ഥിക്കുള്ള പുരസ്കാരം എന്നിവ ചിലതു മാത്രം.
കൃഷിയുമായി ബന്ധപ്പെട്ട്‌ അമേരിക്ക, യൂറോപ്പ്‌, ഓസ്രട്രേലിയ, ഇന്തോനേഷ്യ, തായ്‌ലൻഡ്‌, ഫിലിപ്പീൻസ്‌, ഇസ്രായേൽ, സിംഗപ്പൂർ, പപ്പുവാ ന്യൂഗിനിയ, ശ്രീലങ്ക, വെസ്റ്റ്‌ ഇൻഡീസ്‌ തുടങ്ങിയ രാജ്യങ്ങളിൽ ഓവിആർ സന്ദർശനം നടത്തിയിട്ടുണ്ട്‌. ജാതി കർഷകരുടെ ക്ഷണപ്രകാരം 2005 ൽ വെസ്റ്റ്‌ ഇൻഡീസിലും വിത്തു തേങ്ങയുടെ ഉത്പാദന രീതികൾ ചർച്ച ചെയ്യാൻ തമിഴ്‌നാട്‌ കാർഷിക സർവകലാശാലയുടെ ശാസ്ത്രജ്ഞർക്കൊപ്പം ശ്രീലങ്കയും സന്ദർശിച്ചു. വനിലയുടെ സംസ്കരണ രീതികൾ മനസിലാക്കാൻ 2001 ൽ പപ്പുവന്യൂഗിനിയയും കൊക്കോടെക്‌ മീറ്റിംങ്ങിൽ പങ്കെടുക്കാൻ ഇന്തോനേഷ്യയും സന്ദർശിക്കുകയുണ്ടായി.
കൃഷിയിൽ അനുവർത്തിക്കുന്ന നൂതന മാതൃകകളുടെ പേരിൽ വാർത്താ മാധ്യമങ്ങളിൽ നിരന്തരം നിറഞ്ഞു നിൽക്കുന്ന പേരാണ്‌ ഓവിആറിന്റേത്‌. ദൂർദർശൻ, ഇന്ത്യാവിഷൻ, അമൃത, മക്കൾടിവി തുടങ്ങിയ ചാനലുകൾ ഓവിആറിന്റെ നാളികേര കൃഷി, കൊക്കോ കൃഷി, ജാതി കൃഷി എന്നിവയെക്കുറിച്ച്‌ പ്രത്യേക പരിപാടികൾ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്‌. അദ്ദേഹത്തിന്റെ നാളികേരാധിഷ്ഠിത കൃഷിരീതികളെ കുറിച്ച്‌ ആകാശവാണിയും പരിപാടികൾ പ്രക്ഷേപണം ചെയ്തിട്ടുണ്ട്‌. കൂടാതെ ഇന്ത്യൻ നാളികേര ജേണൽ, കർഷകൻ, മലയാള മനോരമ, ദീപിക, ദിനമലർ, ദ ഹിന്ദു, വിവിധ തമിഴ്‌ ആനുകാലികങ്ങൾ എന്നിവയിൽ നിരവധി തവണ ഓവിആറിന്റെ കൃഷിയും കൃഷിയിടങ്ങളും ലേഖനങ്ങളും ഫീച്ചറുകളുമായി വന്നിട്ടുണ്ട്‌.
കൂടാതെ തമിഴ്‌നാട്‌ കാർഷിക സർവകലാശാല, ധാർവാദ്‌ കാർഷിക സർവകലാശാല, അരക്കനട്‌ ആൻഡ്‌ സ്പൈസ്‌ റിസേർച്ച്‌ ഡയറക്ടറേറ്റ്‌ , ഐസിഎആർ,ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സ്പൈസ്‌ റിസേർച്ച്‌ തുടങ്ങിയ സ്ഥാപനങ്ങളുടെ ജേണലുകളിൽ ഓവിആറിന്റെ ലേഖനങ്ങളും പഠനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
മരണാന്തര ബഹുമതിയായിട്ടാണ്‌ ഡോ.ഹരിദാസിന്‌ ഈ പുരസ്കാരം സമർപ്പിക്കുന്നത്‌. നാളികേര മേഖലയിൽ, പ്രത്യേകിച്ച്‌ വെളിച്ചെണ്ണയുമായി ബന്ധപ്പെട്ട്‌ നടത്തിയ ഗവേഷണത്തിന്‌ അദ്ദേഹം നൽകിയ മഹത്തായ സംഭാവനയുടെ പേരിലാണ്‌ ഈ പുരസ്കാരം. കോഴിക്കോട്‌ ജനിച്ച ഡോ.ഹരിദാസിന്റെ കുടുംബവീട്‌ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലാണ്‌. മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജിലായിരുന്നു പഠനം. ബയോകെമിസ്ട്രി, ഫാർമക്കോളജി, മൈക്രോബയോളജി, ഫൊറൻസിക്‌ മെഡിസിൻ എന്നിവയിൽ സ്വർണ മെഡലോടെയാണ്‌ എംബിബിഎസ്‌ പാസായത്‌. തുടർന്ന്‌ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന്‌ എംഡി, ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന്‌ കാർഡിയോളജിയിൽ ഉപരിപഠനം. പിന്നീട്‌ തിരുവനന്തപുരം ആലപ്പുഴ മെഡിക്കൽ കോളജുകളിൽ കാർഡിയോളജി ട്യൂട്ടറായി അധ്യാപക വൃത്തി.
1990 ൽ അമേരിക്കയിലെ പോർട്ട്ലാന്റിലുള്ള ഒറിഗോൺ സർവകലാശാലയിൽ ഉപരിപഠനം.തിരികെ എത്തി മദ്രാസ്‌ മെഡിക്കൽ മിഷൻ ആശുപത്രിയിൽ 98 വരെ കാർഡിയോളജി വിഭാഗം തലവൻ. 2002 ൽ ഇന്ത്യൻ കോളജ്‌ ഓഫ്‌ കാർഡിയോളജിയുടെ ഫെലോഷിപ്‌. 1998 ൽ അദ്ദേഹം കൊച്ചിയിൽ അമൃത ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ ശയൻസ്‌ സ്ഥാപിക്കുന്നതിനായി ക്ഷണിക്കപ്പെട്ടു. ഇന്ന്‌ ഹൃദ്‌ രോഗ ചികിത്സയിൽ ഇന്ത്യയിലെ തന്നെ മികച്ച ആശുപത്രിയാണ്‌ അമൃത. അനേകം അന്താരാഷ്ട്ര പുരസ്കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
ചികിത്സാ രംഗത്തെ സേവനങ്ങൾ മാനിച്ച്‌ ഡബ്ലിനിലെ റോയൽ കോളജിന്റെ ഫെലോഷിപ്പ്‌ 2010 ൽ ഡോ.ഹരിദാസിനെ തേടിയെത്തി. നാളികേര വികസന ബോർഡും അമൃത ഇൻസ്റ്റിറ്റിയൂട്ടുമായി സഹകരിച്ച്‌ നടത്തുന്ന വിവിധ ഗവേഷണങ്ങളുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററാണ്‌ ഡോ. ഹരിദാസ്‌. ഭക്ഷണസാധനങ്ങൾ തയാറാക്കാൻ വെളിച്ചെണ്ണ ഉപയോഗിക്കുമ്പോൾ അതിന്‌ എത്രത്തോളം ഹൃദ്‌രോഗ സാധ്യത ഉണ്ട്‌ എന്നതായിരുന്നു ഗവേഷണം. സൂര്യകാന്തി എണ്ണയുമായി താരതമ്യം ചെയ്തായിരുന്നു പഠനം നടത്തിയത്‌. ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന ഹൃദ്‌ രോഗികളെ തന്നെയാണ്‌ പഠനവിധേയമാക്കിയത്‌. വെളിച്ചെണ്ണയും ഹൃദ്‌രോഗവുമായി ഒരു ബന്ധവുമില്ല എന്നതായിരുന്നു പഠനഫലം. പക്ഷെ 2012ൽ ഗവേഷണം പൂർത്തിയാകുന്നതിനും മുമ്പെ ഡോ.ഹരിദാസ്‌ ദിവംഗതനായി. ലോകത്തിൽ ആദ്യമായിട്ടാണ്‌ വെളിച്ചെണ്ണയെ കുറിച്ച്‌ ഇത്തരത്തിൽ ഒരു ഗവേഷണം നടന്നത്‌.
കർണാടകത്തിലെ മികച്ച നാളികേര കർഷകനായ വിജയകുമാറിന്‌ സ്കൂൾ വിദ്യാഭ്യാസ കാലം മുതൽ കൃഷി ഒരു അഭിനിവേശമായിരുന്നു. 1961 ൽ മൈസൂർ സർവകലാശാലയിൽ നിന്ന്‌ ബോട്ടണിയിൽ ബിരുദം നേടി. അതിനു മുമ്പെ തന്നെ അദ്ദേഹം നാളികേര കൃഷി ആരംഭിച്ചിരുന്നു. ടി ഇന്റു ഡി, തിപ്ത്തൂർ ടോൾ, വെസ്റ്റ്‌ കോസ്റ്റ്‌ ടോൾ എന്നീ ഇനങ്ങളാണ്‌ വിജയകുമാർ കൂടുതലായി കൃഷി ചെയ്ത തെങ്ങിനങ്ങൾ. തെങ്ങിൻ തോപ്പിൽ തണ്ണിമത്തൻ കൃഷി ചെയ്യുകയായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു വിനോദം. കൂടാതെ മുന്തിരി കൃഷിയും ആരംഭിച്ചു. ഡോ.പ്രേംനാഥ്‌, ഡോ.ഒപി ദത്ത്‌ എന്നീ ശാസ്ത്രജ്ഞരായിരുന്നു മുഖ്യ ഉപദേഷ്ടാക്കൾ. 
ഹരിതവിപ്ലവത്തിന്റെ ഭാഗമായി ഫിലിപ്പീൻസിൽ നിന്ന്‌ പുതിയ ഇനം നെൽവിത്തിനങ്ങൾ കൊണ്ടു വന്നപ്പോൾ രാജ്യത്ത്‌ ആദ്യമായി ഐ.ആർ - 8 എന്ന അത്യുത്പാദന ശേഷിയുള്ള നെല്ല്‌ കൃഷി ചെയ്ത കർഷകനാണ്‌ വിജയകുമാർ. കൂടാതെ വഴുതിന, മെയ്സ്‌, ക്യാപ്സിക്കം, നിലക്കടല എന്നിവയുടെയും സങ്കര ഇനങ്ങൾ അദ്ദേഹം പരീക്ഷണാർത്ഥം കൃഷി ചെയ്ത്‌ കർഷകർക്ക്‌ മാതൃക കാട്ടി. 1972 ൽ അദ്ദേഹത്തെ ഒരു വർഷത്തെ കൃഷി പഠന പരീക്ഷണങ്ങൾക്കായി ഗവണ്‍മന്റ്‌ ഓഫ്‌ ഇന്ത്യയുടെ വിജ്ഞാനവ്യാപന വിഭാഗം അമേരിക്കയിലേയ്ക്ക്‌ അയച്ചു. 1974-ൽ ന്യൂഡൽഹിയിൽ നടന്ന പ്രഥമ കാർഷിക മേളയിൽ അദ്ദേഹത്തെ ഫാർമർ പ്രോഫസർ എന്ന പേരിൽ ആദരിച്ചു. ബാംഗളൂർ കാർഷിക സർവകലാശാലയുടെ നെൽ കൃഷിക്കായുള്ള പാനൽ അംഗമാണ്‌.
രാമനഗരത്തിൽ ഇരുപത്‌ ഏക്കർ നാളികേര കൃഷിയുള്ള വിജയകുമാർ തോട്ടത്തിലെ നാളികേരം സംസ്കരിച്ച്‌ ഡസിക്കേറ്റഡ്‌ കോക്കനട്‌ ഉത്പാദിപ്പിക്കുന്നു. കൂടാതെ ചകരിനാര്‌, കൊയർ പിത്ത്‌, ചിരട്ടക്കരി എന്നിവ ഉത്പാദിപ്പിക്കുന്ന യൂണിറ്റുകളും ഇതോടനുബന്ധിച്ച്‌ പ്രവർത്തിക്കുന്നു. രാജ്യത്തെ 60 ശതമാനം ഡസിക്കേറ്റഡ്‌ കോക്കനട്ടും ഉത്പാദിപ്പിക്കുന്നത്‌ കർണാടകത്തിലാണ്‌. ഇതിന്റെ ഉത്പാദക അസോസിയേഷന്റെ നിർവാഹക സമിതി അംഗമാണ്‌ വിജയകുമാർ. കർണാടക കൊയർ ഉത്പാദക അസോസിയേഷൻ ഉപദേശക സമിതി അംഗവുമാണ്‌. 
1997 ൽ ബാംഗളൂർ താലൂക്കിലെ കൊളുരുവിൽ അദ്ദേഹം ഭാഗ്യലക്ഷ്മി ഫാംസ്‌ എന്ന പേരിൽ 3000 നാളികേര വൃക്ഷങ്ങളുള്ള ഒരു കൃഷിയിടം ഉണ്ടാക്കി. ഇവിടെ നിന്നുള്ള നാളികേരത്തിൽ ഭൂരിഭാഗവും കരിയ്ക്കായി വിളവെടുത്ത്‌ ബാംഗളൂർ നഗരത്തിൽ വിൽപനയ്ക്ക്‌ നൽകുന്നു. നാളികേരത്തിനൊപ്പം 3000 മാവ്‌, 1000 സപ്പോട്ട, കാപ്പി, ലിച്ചി, റംബുട്ടാൻ തുടങ്ങിയവ ഇടവിളയായും നട്ടു വളർത്തി. മരുമകൻ നാഗരാജിന്റേതാണ്‌ ഇപ്പോൾ ഈ ഫാം. നാളികേര വികസന ബോർഡ്‌, ബാഗൽകോട്ട്‌ കാർഷിക സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങളുടെ പുരസ്കാരങ്ങൾക്ക്‌ ഈ കൃഷിയിടം അർഹമായിട്ടുണ്ട്‌. ഒരു തെങ്ങിൽ നിന്ന്‌ വർഷം ശരാശരി 250 നാളികേരമാണ്‌ വിളവ്‌. നാളികേര വികസന ബോർഡ്‌, വിവിധ കാർഷിക സർവകലാശാലകൾ എന്നിവയുടെ വിവധി സമിതികളിൽ ഇദ്ദേഹം അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്‌.

22 Feb 2015

മുഖപരിചയം


ടി. ആർ. രാജൻ
കാഷ്വാലിറ്റിയിൽ കിടക്കുന്ന ആദ്യ കാഴ്ചയിൽത്തന്നെ എനിക്ക്‌ നല്ല മുഖപരിചയം തോന്നി. പക്ഷെ എവിടെയാണ്‌ കണ്ടിട്ടുള്ളതെന്നോ ആരാണെന്നോ ഒരു ഊഹവും ഇല്ല. ഞാൻ മെഡിക്കൽ ഓഫീസറുടെ ടേബിളിൽ നിന്നും ചാർട്ട്‌ എടുത്ത്‌ പേരും അഡ്രസ്സും നോക്കി. ഇല്ല ഒരു പരിചയവും തോന്നിയില്ല.
11 വയസ്സ്‌ മാത്രം പ്രായമുള്ള അവനെ റോഡപകടത്തെതുടർന്നാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചതു. ഞാൻ രണ്ട്‌ ദിവസം ലീവ്‌ ആയിരുന്നതിനാൽ ഇന്നാണ്‌ അവനെ കാണുന്നത്‌. ഞാൻ കാഷ്വാലിറ്റിയിലെ സ്ക്രീൻ മാറ്റി അവന്റെയടുത്തേക്ക്‌ ചെല്ലുമ്പോൾ അവന്റെ ഹൃദയത്തുടിപ്പുകൾ പരിശോധിക്കുന്ന ഇ.സി.ജി ടെസ്റ്റ്‌ നടത്തുകയായിരുന്നു. ഞാൻ ഡോക്ടറുടെ സമീപത്തിരിക്കുന്ന കമ്പ്യൂട്ടറിലേക്ക്‌ നോക്കി നിന്നു. ഇല്ല എനിക്ക്‌ ആകെ ഒരസ്വസ്ഥത.
ഞാൻ കാഷ്വാലിറ്റിയുടെ പുറത്തേക്കിറങ്ങി. ഈ പരിചിതമായ മുഖം എനിക്ക്‌ ഓർമ്മ വന്നില്ല. വാതിക്കൽ മറ്റൊരു മുഖം. കരഞ്ഞു വീർത്ത കണ്ണുകളോടെ ഒരു സ്ത്രീ. അവന്റെ അമ്മയാണെന്ന്‌ എനിക്ക്‌ വേഗം തിരിച്ചറിവായി.
അവന്റെ ജീവൻ ഡോക്ടർമാരെ ഏൽപിച്ച്‌ പ്രതീക്ഷയും നിരാശയും ചേർന്ന മുഖഭാവത്തോടെ ഒരു കൂട്ടം ബന്ധുക്കളും അവരോടൊപ്പം ഉണ്ടായിരുന്നു. പൊടുന്നനെ എന്റെ മനസ്സിനുള്ളിൽ ആരോ ഒരു പിടി തീക്കനൽ വാരി വിതറി. ഞാനാ കുട്ടി കിടക്കുന്ന ബെഡിലേക്ക്‌ ഒന്നു കൂടി ചെന്ന്‌ നോക്കി. സർജന്മാരുടെ ശസ്ത്രക്രിയ പ്രഖ്യാപനം കാത്ത്‌ വേദന കൊണ്ട്‌ കിടക്കുന്ന കുട്ടിയെ കണ്ടപ്പോൾ ഒരു പറ്റം മാലാഖമാരെയാണ്‌ എനിക്ക്‌ ഓർമ്മ വന്നത്‌.
ജോലിയുടെ ഭാഗമായി ഏറ്റവും ധർമ്മ സങ്കടത്തിലാക്കുന്ന സാഹചര്യവും ഇതുതന്നെ. ഇത്തരം സാഹചര്യങ്ങളിൽ പതറരുതെന്ന്‌ പലവട്ടം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചാലും ചിലപ്പോഴെങ്കിലും പതറിപ്പോകാമുണ്ടെന്നതാണ്‌ സത്യം.

15 Jan 2015

ജ്ഞാനമാർഗ്ഗത്തിൽ


എം.തോമസ്‌ മാത്യു
കേരളത്തിലെ സർവ്വകലാശാല വൈസ്‌ ചാൻസലർന്മാർ ചാൻസലർ കൂടിയായ ഗവർണറോട്‌ തങ്ങൾക്ക്‌ അംഗരക്ഷകരെ നിയമിച്ചു നൽകണമെന്ന്‌ ആവശ്യപ്പെട്ടിരിക്കുന്നു പോൽ! കാക്കിക്കുപ്പായമണിഞ്ഞ്‌, ബയണറ്റു പിടിപ്പിച്ച തോക്കുമേന്തി ഓരോരോ രൂപങ്ങൾ വൈസ്‌ ചാൻസലർമാരുടെ പിന്നാലെ നടക്കുന്ന  ചിത്രം ആലോചിച്ചു നോക്കൂ. കേരളത്തിലെ വൈജ്ഞാനികാന്വേഷണരംഗത്തിന്റെ ആന്തരഗൗരവം വിളിച്ചോതുന്ന നല്ല പ്രതീകമായിരിക്കും ആ ആയുധധാരികൾ. എന്തുകൊണ്ട്‌ വൈശ്ചാൻസലർമാരെല്ലാം ഐ.പി.എസ്‌ കേഡറിലുള്ളവരായിരിക്കണമെന്ന്‌ ആലോചിച്ചു കൂടാ. വിദ്യാഭ്യാസ ധുരണ്ഠരന്മാരുടെയെല്ലാം പിന്നാലെ നിഴൽപോലെ ഒരു തോക്കുധാരി സഞ്ചരിക്കുന്നതിനേക്കാൾ നല്ലത്‌ അതായിരിക്കുകയില്ലേ? എല്ലാ സർവ്വകലാശാലാ ക്യാമ്പസിലും ക്രമസമാധാനപാലനത്തിന്‌ ഒരു കുപ്പിണിപ്പട്ടാളത്തെ നിർത്തുന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണ്‌. അവർക്ക്‌ ഇടയ്ക്കിടെ ക്യാമ്പസ്‌ നിരത്തുകളിലൂടെ കവാത്തു നടത്തി സത്യാന്വേഷണവും തത്ത്വനിർദ്ധാരണവും അഭംഗുരം നിർവ്വഹിക്കപ്പെടുന്നുണ്ട്‌ എന്ന്‌ ഉറപ്പുവരുത്താവുന്നതാണ്‌. എല്ലാവർക്കും വിദ്യാഭ്യാസം എന്നതിനു പകരം എല്ലാവർക്കും സുരക്ഷിത വിദ്യാഭ്യാസം എന്നൊരു പുതിയ മുദ്രാവാക്യം മന്ദ്രസ്ഥായിയിൽ വിളിച്ച്‌ രോമാഞ്ചം കൊള്ളുകയും ആകാം!
    ഈ പരിഷ്കാരങ്ങളെ എന്തിന്‌ സർവ്വകലാശാലകളിൽ മാത്രമായി ഒതുക്കി നിർത്തുന്നു? എന്തുകൊണ്ട്‌ കോളേജുകളിലേക്കും ഹയർ സെക്കന്ററി സ്കൂളുകളിലേക്കും ഇത്‌ വ്യാപിപ്പിച്ചു കൂടാ. പ്രിൻസിപ്പൽമാരുടെ ജീവനും ആരോഗ്യവും വൈശ്ചാൻസലർമാരുടേതിനേക്കാൾ വിലകുറഞ്ഞതാണോ? എല്ലാവർക്കും ഒരേ പദവി പാടില്ലെന്നാണെങ്കിൽ വൈസ്‌ ചാൻസലർമാർക്ക്‌ എ.കെ.47 ഏന്തിയ വീരഭടൻ, പ്രിൻസിപ്പൽമാർക്ക്‌ വെറും തോക്കുകാരൻ, ഹയർസെക്കന്ററി തലത്തിൽ ലാത്തി ചുഴറ്റുന്ന ഒരു സദാവേഷം എന്ന്‌ നിശ്ചയിക്കാം. എന്തായാലും വിദ്യാഭ്യാസം സുരക്ഷിതമായിരിക്കണം. എല്ലാ വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും സമീപത്ത്‌ ഏത്‌ നിമിഷവും പാഞ്ഞെത്തി സമാധാനപാലനം നിർവഹിക്കാൻ പാകത്തിൽ സദാസന്നദ്ധമായ സേനയെ ഒരുക്കി നിർത്തുന്നതും അഭികാമ്യമായിരിക്കും!!
    ജ്ഞാനാന്വേഷണ നിരതമായ ജാഗ്രദ്‌ മനസ്സുകളുടെ വിഹാരരംഗമായിരുന്നു, ആകണം, സർവ്വകലാശാലകൾ എന്നാണ്‌ സങ്കൽപം. രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും ദിശാബോധം നൽകുകയും അവയുടെ നിലവാരത്തിന്‌ ഉറപ്പുവരുത്തുകയും ചെയ്യേണ്ടത്‌ സർവ്വകലാശാലയുടെ ധർമ്മവും ഉത്തരവാദിത്വവുമാണ്‌. ഇങ്ങനെയൊക്കെയാണ്‌ നമ്മൾ സങ്കൽപിച്ചിരുന്നത്‌; ഇങ്ങനെയൊക്കെയാണ്‌ പണ്ട്‌, രാജ്യത്തിന്റെയും ലോകത്തിന്റെയും ഭാവിഭാഗധേയത്തെക്കുറിച്ച്‌ സ്വപ്നങ്ങൾ കണ്ടിരുന്നവർ സങ്കൽപിച്ചിരുന്നത്‌. അതൊക്കെ പഴഞ്ചൻ സങ്കൽപങ്ങൾ, എന്നേ കാലഹരണപ്പെട്ടവ, എന്നല്ലേ പുതിയ കാലം തെളിയിക്കുന്നത്‌. പണ്ടൊക്കെ കുട്ടികൾ ഒരു ശൈലിയായി പറഞ്ഞിരുന്നു- 'അതങ്ങ്‌ പള്ളിയിൽ പറഞ്ഞാൽ മതി' നടപ്പില്ലാത്ത കാര്യങ്ങൾ പറയാനുള്ള ഇടമാണ്‌ പള്ളി എന്ന അർത്ഥം. ഇന്ന്‌ പള്ളിയിൽ പറയേണ്ട, പറയാവുന്ന കാര്യങ്ങളുടെ എണ്ണം കൂടി; ഏത്‌ ആദർശവും, ഏതു സ്വപ്നവും അനാഥമായി. താത്കാലികമായ ലാഭവും പ്രയോജനവുമല്ലാതെ മറ്റൊന്നിനെക്കുറിച്ചും ആലോചിക്കുകയേ വേണ്ടാ എന്ന്‌ വന്നിരിക്കുന്നു; പ്രയോജനവാദികളുടെ സുവർണ്ണയുഗം പിറന്നിരിക്കുന്നു. സ്വർണ്ണത്തിനു സുഗന്ധം എന്ന്‌ പണ്ട്‌ കവികൾ സങ്കൽപിച്ചിരുന്നു; ഈ സ്വർണ്ണത്തിനു ദുർഗന്ധമാണല്ലോ പടച്ചവനേ എന്ന്‌ ഖേദം തോന്നുന്നു. ഒരു പഴമനസ്സിന്റെ വെറും തോന്നലാവാം. അഥവാ, ഈ ലോകത്തിൽ മണക്കാനുള്ള കഴിവു നിലനിൽക്കുന്നതിൽപരം ഒരു ദുര്യോഗമുണ്ടോ?
    സർവ്വകലാശാലയിലെ വിവിധ സ്ഥാനങ്ങളെ അതതുകാലത്തെ ഭരണക്കാർ വീതിച്ചെടുക്കുന്ന രീതി വന്നതാണ്‌ ഇതിനുള്ള കാരണങ്ങളിൽ പ്രധാനം. ഇതു പറഞ്ഞാലുടനെ വരും അരാഷ്ട്രീയവാദി എന്ന പരിഹാസം! രാഷ്ട്രീയക്കാരെയും ആൾക്കൂട്ട നായകന്മാരെയും തിരിച്ചറിയാൻ കഴിയാത്ത സുഖകരമായ അവസ്ഥയിൽ നിന്നാണ്‌ ഈ പരിഹാസത്തിന്റെ വരവേന്ന്‌ അവരൊന്നും അറിയുന്നേയില്ല. ഒരു സിവിൾ സമൂഹത്തിന്റെ ഘടനയെക്കുറിച്ചും ആ ഘടന ഏതേതു ലക്ഷ്യങ്ങൾ പ്രാപിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌, ആ ലക്ഷ്യത്തിലെത്താൻ എന്തു കർമ്മപരിപാടിയാണ്‌ നടപ്പിലാക്കേണ്ടത്‌ എന്ന്‌ സങ്കൽപിക്കുകയും വലിയ ലക്ഷ്യസ്ഥാനങ്ങളെ കിനാവുകണ്ട്‌ ആ കിനാവുകളാൽ ജനതയെ മുഴുവൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നവനാണ്‌ രാഷ്ട്രീയക്കാരൻ. അധികാരം പിടിച്ചടക്കാനും പിടിച്ചടക്കിയ അധികാരത്തിൽ പിടിച്ചു തൂങ്ങാനും ഓരോരോ കളികൾ കളിക്കുകയും ആ കളികളെല്ലാം ജനങ്ങൾക്കുവേണ്ടിയാണെന്ന്‌ അവരെ തെറ്റിദ്ധരിപ്പിച്ച്‌ കൂടെ നിർത്തുകയും ചെയ്യുന്നവർ ആൾക്കൂട്ട നായകന്മാർ മാത്രം. അവരുടെ കളിക്കളങ്ങളായി മാറി വിദ്യാലയങ്ങളും സർവ്വകലാശാലകളും. അവരുടെ തുച്ഛ താത്പര്യങ്ങൾ സംരക്ഷിക്കുക മാത്രമാണ്‌ സർവ്വകലാശാലകളുടെ ധർമ്മം.
    ഈ സാഹചര്യത്തിൽ സർവ്വകലാശാലകളിൽ കയ്യാങ്കളിക്ക്‌ അവസരമുണ്ടാകുന്നതിൽ അത്ഭുതമുണ്ടോ? എന്തെങ്കിലും അക്കാദമിക്‌ മേന്മ നോക്കിയല്ല വൈസ്‌ ചാൻസലർമാരെ നിയമിക്കുക. ഇയാൾ നമ്മുടെ ആളാണോ നമ്മൾ പറയുന്നത്‌ കേൾക്കുന്ന ആളാണോ എന്നേ നോക്കുന്നുള്ളൂ. ഇത്തരം ആളുകൾ സർവ്വകലാശാലാ സമിതികളിൽ നിറയുന്നു. അവരുടെ അജ്ഞാനുവർത്തികളാകാൻ തന്നെ പഠന വകുപ്പുകളിൽ വരണമെന്ന്‌ അവർ ശാഠ്യം പിടിക്കുന്നു. അങ്ങനെ അരങ്ങിൽ നിന്ന്‌ വിടചൊല്ലി ഇറങ്ങുന്നത്‌ അക്കാദമിക്‌ താത്പര്യങ്ങൾ മാത്രമാകുന്നു. ബാക്കിയെല്ലാം അവശേഷിക്കും. കക്ഷിപ്പോരുകൾ, ജാതി താത്പര്യങ്ങൾ, ഇതിനിടയിൽ മിടുക്കന്മാരുടെ ചില്ലറ സ്വാർത്ഥതകൾ. എല്ലാം അവരവർക്ക്‌ അർഹതപ്പെട്ട വിഹിതം പറ്റാൻ ഒരുങ്ങി നിൽക്കും. അർഹതപ്പെട്ടതെന്ന്‌ തങ്ങൾ കരുതുന്നത്‌ കിട്ടുന്നില്ലെങ്കിൽ എന്തുചെയ്യാനും അവർ മടിക്കുകയുമില്ല. അൽപം സുരക്ഷിതത്വം ഉണ്ടായാൽ കൊള്ളാമെന്ന്‌ ഒരു വൈസ്‌ ചാൻസലർ ആഗ്രഹിക്കുന്നതിൽ അപാകത കാണാമോ?
    ഞങ്ങൾ ഭരിക്കുമ്പോൾ ഞങ്ങളുടെ ആളിനെയല്ലേ വൈസ്‌ ചാൻസലറായി നിയമിക്കേണ്ടത്‌ എന്ന്‌ പച്ചയായി ചോദിക്കാവുന്ന അവസ്ഥയിലേക്ക്‌ കേരളത്തിലെ സർവ്വകലാശാലാ രംഗം അധഃപതിച്ചിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ്‌ കോളേജുകളുടെ സ്വയംഭരണാവകാശത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നത്‌ - കഷ്ടം!

18 Dec 2014

ഭീകരമായ അവസ്ഥ


എം.തോമസ്മാത്യു
നന്നേ ക്ഷീണിച്ചിരുന്നു മടങ്ങിയെത്തിയപ്പോൾ, രാവിലെ എട്ടു മണിക്കു പുറപ്പെട്ടു; മടങ്ങിയെത്തുമ്പോൾ പിറ്റേന്നു വെളുപ്പിനെ മൂന്നു മണി! കോട്ടയത്തു നിന്ന്‌ വിജോയ്‌ ബസ്സിൽ യാത്ര ചെയ്തെത്തി പാതയോരത്തു കാത്തു നിന്നിരുന്നു. അദ്ദേഹത്തെയും കൂട്ടി കാറിൽ നേരെ കണ്ണൂരിലെത്തി. അവിടെ ഏതാണ്ട്‌ ഒരു മണിക്കൂർ നേരം പത്മനാഭന്റെ അടുത്തിരുന്നു വർത്തമാനം പറഞ്ഞു. വെറുതെ നാട്ടുകാര്യങ്ങൾ, ചില്ലറ സാഹിത്യകാര്യങ്ങളും സാഹിത്യത്തിലെ തമാശയൂറുന്ന രാഷ്ട്രീയങ്ങളും. ആളുകൾ വെറുതെയെന്തിനിങ്ങനെ ചെറുതാകുന്നു എന്ന്‌ അത്ഭുതം തോന്നും! പക്ഷേ, ഇത്തരം കാര്യങ്ങൾ ഒന്നും ചർച്ച ചെയ്ത്‌ ഏതെങ്കിലും തീരുമാനത്തിലെത്തി നടപ്പിലാക്കാനായിരുന്നില്ലല്ലോ മുന്നൂറോളം കിലോമീറ്റർ കാർ ഓടിച്ചു ചെന്ന്‌ ഒട്ടും വൈകാതെ മടങ്ങിപ്പോന്നത്‌. അല്ല, പത്മനാഭന്റെ സഹധർമ്മിണി നിര്യാതയായിട്ട്‌ കുറച്ചു ദിവസങ്ങൾ ആയി. സംസ്കാരചടങ്ങുകളിൽ പങ്കെടുക്കാൻ പോയില്ല. വിവരമറിഞ്ഞ്‌ അവിടെ ഓടിപ്പിടഞ്ഞെത്തുമ്പോഴേക്കും അതൊക്കെ കഴിഞ്ഞിരിക്കും. വിവരമറിയിക്കുമ്പോൾ അറിയിക്കുന്നെന്നേയുള്ളൂ. തിരക്കിട്ട്‌ ഓടിവരികയൊന്നും വേണ്ടാ എന്നുകൂടി അദ്ദേഹം പറഞ്ഞിരുന്നു. ഏതു വിഷമസന്ധിയിലും, എന്തു ദുഃഖം വന്നു പൊതിയുമ്പോഴും മറ്റുള്ളവരുടെ പ്രയാസങ്ങളെക്കുറിച്ചോർക്കാനും, താനായിട്ട്‌ ആരെയും പ്രയാസപ്പെടുത്തിക്കൂടാ എന്നു ചിന്തിക്കാനും തോന്നിപ്പിക്കുന്ന മനസ്സ്‌ ആരെങ്കിലും തിരിച്ചറിയാറുണ്ടോ? ഒന്നോ രണ്ടോ മുറിവാചകങ്ങളിൽ ഭാര്യയുടെ രോഗവൃത്താന്തവും മരണസാഹചര്യവും അദ്ദേഹം വിവരിച്ച്‌ തന്നിട്ട്‌, തിടുക്കപ്പെട്ട്‌ തന്നെ ഇതൊന്നും ബാധിച്ചിട്ടില്ലെന്നു ബോധ്യപ്പെടുത്താനെന്നവണ്ണം മറ്റു വിഷയങ്ങളിലേക്ക്‌ കടക്കുകയാണ്‌ ചെയ്തത്‌. പഴയമട്ടിലുള്ള ഫലിതങ്ങൾ പറഞ്ഞു ചിരിക്കുകയോ ചിരി അഭിനയിക്കുകയോ ചെയ്യുന്നുമുണ്ടായിരുന്നു. അപ്പോഴെല്ലാം ആ തേങ്ങുന്ന മനസ്സ്‌ ഞാൻ അറിയുന്നുണ്ടായിരുന്നു. ഔപചാരികത തീണ്ടിയ ഒറ്റവാക്കും  ആരിൽ നിന്നും പുറപ്പെട്ടില്ല. ഒരിക്കൽ മാത്രം ആ കയ്യിൽ ഒന്ന്‌ അമർത്തിപ്പിടിച്ചു, അത്രമാത്രം.
    മടക്കവേളയിൽ ഞാൻ വിജോജിയോടു ചോദിച്ചു: "നമ്മൾ എന്തിനാണ്‌ പോയത്‌? വെറുതെ പണ്ടത്തെപ്പോലെ സൊറ പറഞ്ഞിരിക്കാനോ?" വിജോയ്‌ പറഞ്ഞു: "ഇല്ല, നമ്മൾ ഒന്നും പറഞ്ഞില്ല. പക്ഷേ, നമ്മൾ ചെന്നത്‌ അദ്ദേഹത്തിനു സന്തോഷമായി."
    അപ്പോൾ ഞാൻ 'യാത്ര' എന്ന കഥയുടെ കാര്യം വിജോയിയോടു പറഞ്ഞു. അപ്പനായരുടെ അനുജൻ അപകടമരണമണഞ്ഞു എന്നു കേട്ടിട്ട്‌ ഉടനെ പുറപ്പെട്ടതാണ്‌. മഴക്കെടുതിയുടെ കാലം പേരാമ്പ്രയിലേക്കുള്ള വഴി മുഴുവൻ നാശമായിരിക്കുന്നു. ഇടയ്ക്കെല്ലാം വഴിതന്നെ ഇല്ല. മലവെള്ളപ്പാച്ചിൽ എല്ലാറ്റിനെയും കൊണ്ടുപോയി. വാഹനം ഓടുന്നില്ല. അങ്ങനെ നടന്നുപിടിച്ചും വഞ്ചിയിൽ കയറിയും ഒടുവിൽ അപ്പനായരുടെ വീട്ടിൽ എത്തി, മടങ്ങാൻ വയ്യ. അന്നവിടെ തങ്ങി. രാത്രി കിടക്കാൻ നേരം അപ്പനായർ അടുത്തുവന്ന്‌ മെല്ലെ പറഞ്ഞു: "നിങ്ങൾ വരുമെന്ന്‌ എനിക്കറിയാമായിരുന്നു."
    അവിടെ തീർന്നു, എല്ലാ പ്രകടനങ്ങളും- അത്‌ മനസ്സിന്റെ ഉള്ളിൽ, ആഴത്തിലെവിടെയോ, ഉള്ള എന്തിന്റെയോ പ്രകാശമായിരുന്നല്ലോ. ഏറെ പണിപ്പെട്ട്‌, ക്ലേശിച്ച്‌, യാത്ര ചെയ്തതിന്റെ പൊരുളാണ്‌ ആ കുറഞ്ഞ അക്ഷരങ്ങളിൽ ഒതുങ്ങി നിൽക്കുന്നത്‌. ആ മനസ്സിനെ നിരാശപ്പെടുത്തിക്കൂടാ; നിരാശപ്പെടുത്തുന്നത്‌ പാപമാണ്‌-സ്നേഹത്തോടു ചെയ്യുന്ന കൊടിയപാപം.
    പത്മനാഭൻ ഫോണിൽ, ആരുണ്ട്‌ വീട്ടിൽ എന്ന ചോദ്യത്തിന്‌ മറുപടി പറഞ്ഞു: ജാസ്തി ആളുകളുണ്ട്‌. പക്ഷേ, നമ്മൾ ഒറ്റയ്ക്കല്ലേ! അതേ, മനുഷ്യൻ ഒറ്റയ്ക്കാണ്‌. എത്രപേർ ചുറ്റും ഇരുന്നാലും, അവർ എത്രയൊക്കെ സ്നേഹം ചൊരിഞ്ഞാലും, മനുഷ്യൻ ഒറ്റയ്ക്കാണ്‌. എന്നാൽ ആത്മാവ്‌ ആരെയോ തൊടാൻ ആഞ്ഞുകൊണ്ടിരിക്കും, ഹൃദയം സ്പർശിനികൾ നീട്ടി പരതിക്കൊണ്ടിരിക്കും. മിക്കപ്പോഴും അവ ആരെയും തൊടുന്നുണ്ടാവുകയില്ല. പക്ഷേ, ആരോ അപ്പുറത്തുണ്ട്‌, തന്റെ സ്പർശം കാത്ത്‌ ആരോ ഉണ്ട്‌, എന്ന പ്രതീക്ഷ എല്ലായ്പോഴും ഒരു നെയ്ത്തിരി പോലെ ഉള്ളിൽ എരിഞ്ഞു കൊണ്ടിരിക്കും. ജീവിക്കാൻ ആ തിരിയുടെ വെട്ടം മതി; പക്ഷേ, അതു വേണം. അതില്ലാതായാൽ തമസ്സാണ്‌, ഒരടി മുന്നോട്ടുവയ്ക്കാൻ അനുവദിക്കാത്ത കൊടിയ ഇരുട്ട്‌. ഭ്രാന്തിലേക്കോ ആത്മഹത്യയിലേക്കോ നയിക്കാവുന്ന വിഷമസന്ധിയാണിത്‌. ഏകാകിത്വത്തിന്റെ ശൂന്യാന്ധകാരം വിളയാട്ടം നടത്തുന്ന ആ ദുരന്ത മുഹൂർത്തം മനുഷ്യന്‌ താങ്ങാനാവുകയില്ല. തന്റെ നിശ്ശബ്ദമായ തേങ്ങലുകൾ കേൾക്കാൻ കഴിയുന്ന അന്തശ്രോത്രങ്ങൾ എവിടെയോ ആരിലോ ഉണ്ട്‌ എന്ന ഉറപ്പാണ്‌ അപ്പനായരിലൂടെ നാം കേൾക്കുന്നത്‌.
    ആ ഉറപ്പ്‌ നഷ്ടമാക്കുന്നു എന്നതാണ്‌ ആധുനിക ലോകത്തിന്റെ ഏറ്റവും ഭീകരമായ അവസ്ഥ. സ്വകാര്യതയുടെ പവിത്രത എന്ന സങ്കൽപം തീരെ ചീത്തയൊന്നുമല്ല. മറ്റുള്ളവരുടെ കാര്യത്തിൽ എവിടം വരെ ഇടപെടാം എന്നതിന്‌ ആ സങ്കൽപം ചില മാനദണ്ഡങ്ങൾ കൽപിക്കുകയും ചെയ്തിട്ടുണ്ട്‌. എല്ലാം പൊതുജനങ്ങളുടെ അറിവോടും സമ്മതത്തോടും വേണം ചെയ്യാൻ എന്നു വരുന്നതും ഒരു തരത്തിൽ നഗ്നനാവലാണ്‌. എന്നെ എന്റെ പാട്ടിനു വിട്ടേക്കൂ എന്നു പറയാവുന്ന അനവധി കാര്യങ്ങളുണ്ട്‌. അവിടെയെല്ലാം തലയിടാൻ മനുഷ്യനു കൗതുകം തോന്നും. താക്കോൽ പഴുത്‌ താക്കോൽ കടത്താൻ മാത്രമല്ല ഒളിഞ്ഞു നോക്കാൻ കൂടിയാണെന്ന്‌ വിചാരിക്കുന്ന ഒരു മനോരോഗം തന്നെയുണ്ട്‌. അതു ചികിത്സിക്കപ്പെടേണ്ട രോഗവുമാണ്‌. സമൂഹം നേരിട്ട്‌ ചികിത്സിക്കണമോ മനോരോഗചികിത്സകന്റെ സഹായം തേടണമോ എന്നതിനെക്കുറിച്ചു തർക്കിക്കാം. എന്തായാലും രഹസ്യത്തെയും സ്വകാര്യതയേയും വേറിട്ടു കാണാൻ കഴിയുന്നത്‌ സംസ്കാരത്തിന്റെ ലക്ഷണം തന്നെയാണ്‌. എന്നാൽ, മറ്റാരുടെയും കാര്യത്തിൽ നമുക്കൊരു കാര്യവുമില്ല. ആർക്കും എന്തും സംഭവിച്ചോട്ടെ, എന്നെ ബാധിക്കാത്ത ഒന്നിലും ഞാൻ ഇടപെടേണ്ട, ഒന്നിലും എനിക്കു താത്പര്യവുമില്ല എന്നിടത്തേക്ക്‌ ഈ മനോഭാവം വളരുന്നത്‌ ആപത്താണ്‌. ചുറ്റിലും നിലവിളികൾ ഉയർന്നോട്ടെ, ഞാൻ എന്തിന്‌ അസ്വസ്ഥതപ്പെടണം എന്ന ചോദ്യം മനുഷ്യനിൽ നിന്ന്‌ ഉയരേണ്ടതല്ല. പക്ഷേ, അവിടെയാണ്‌ നാം എത്തിയിരിക്കുന്നത്‌. ചോരവാർന്ന്‌ മരണാസന്നനായി കിടക്കുന്ന ഒരു പഥികനെ മറി കടന്നു പോകാൻ  നമുക്കു വല്ല മടിയുമുണ്ടോ? കഴിയുന്നത്ര തിടുക്കത്തിൽ സ്ഥലം വിട്ട്‌ തടി രക്ഷിക്കണമെന്നല്ലേ നമ്മളൊക്കെ വിചാരിക്കുക?  അവിടെയാണ്‌, 'നിങ്ങൾ വരുമെന്ന്‌ എനിക്കറിയാമായിരുന്നു' എന്ന ക്ഷീണിച്ച ശബ്ദം, ദുഃഖവും സമാശ്വാസവും കൂടിച്ചേർന്ന ശബ്ദം പ്രസക്തമാകുന്നത്‌. ഒരു പിടി വള്ളിക്കു പരതുന്ന നിസ്സാഹായ ഹസ്തങ്ങൾ നിറഞ്ഞതാണ്‌ ഈ ലോകം. ഈ ലോകത്തിൽ സ്വസ്ഥത അനുഭവിക്കുന്ന നിങ്ങൾ രാക്ഷസജന്മം വരിച്ചിരിക്കുന്നു എന്ന്‌ ഓർക്കുക.

22 Nov 2014

പ്രണയപഞ്ചകം

19 Oct 2014

'വിടുകൃതി' ആയിക്കിട്ടാൻ...


സി.രാധാകൃഷ്ണൻ

ഞാൻ സ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്ത്‌ കുടുംബസുഹൃത്തും കോൺഗ്രസ്‌ നേതാവുമായ ടി.ഗോപാലക്കുറുപ്പിനോട്‌ ഒരു പെണ്ണാരുത്തി കൂടെക്കൂടെ വന്ന്‌ കരഞ്ഞു പറയുമായിരുന്നു. അവർക്ക്‌ ഒരു ആണൊരുത്തനിൽനിന്ന്‌ വിടുകൃതിയാക്കിക്കൊടുക്കാൻ.
    നാടിന്‌ സ്വാതന്ത്രം നേടിയെടുക്കാൻ ശ്രമിക്കുന്ന ആളായതിനാൽ മൂപ്പരോടപേക്ഷിച്ചാൽ ഇയാളിൽനിന്നു സ്വാതന്ത്ര്യം ഏർപ്പാടാക്കിക്കിട്ടുമെന്ന്‌ ആരോ പറഞ്ഞുപിടിപ്പിച്ചതാണുപോൽ. ആ പെണ്ണൊരുത്തിയുടെ മനസ്സിൽ മാത്രമായിരുന്നു വാസ്തവത്തിൽ പ്രശ്നം. അഥവാ, ആ ആണൊരുത്തൻ  യാതൊരുവിധത്തിലും കുറ്റക്കാരനല്ല എന്നതായിരുന്നു ഈ കേസിന്റെ സവിശേഷത. സ്വന്തം മനസ്സിൽ സ്വയം പ്രതിഷ്ഠിച്ച ആളിൽനിന്നുള്ള മോചനമായിരുന്നു ആ സ്ത്രീയുടെ ആവശ്യം! മറന്നുകളഞ്ഞാൽ മതി എന്ന്‌ എല്ലാവരും പറഞ്ഞു. പക്ഷെ, സാധിക്കണ്ടെ!
    സ്വാതന്ത്ര്യത്തെക്കുറിച്ച്‌ ഓർക്കുമ്പോഴെല്ലാം ഈ പുരാവൃത്തം എന്റെ ഉള്ളിലുദിക്കാറുണ്ട്‌. എന്താണ്‌ യഥാർത്ഥത്തിൽ സ്വാതന്ത്ര്യം എന്ന ചോദ്യത്തിന്‌ തൃപ്തികരമായ ഉത്തരം നൽകാൻ ഇതിനു കഴിയുന്നു. അൽപ്പസ്വൽപം ശയൻസും ഫിലോസഫിയുമൊക്കെ പഠിച്ച്‌ വീണ്ടും വീണ്ടും ആലോചിച്ചപ്പോഴും സ്വാതന്ത്ര്യത്തിന്‌ നിർവചനം തരാൻ ഈ കഥ മതിയാവുന്നുമുണ്ട്‌.
    ഒഴിച്ചുകൂടാനാവാത്ത കുറെ അസ്വാതന്ത്ര്യങ്ങൾ ജീവികൾക്കെല്ലാമുണ്ടല്ലോ. പ്രകൃതിനിയമങ്ങൾ നമുക്കേർപ്പെടുത്തുന്ന ബന്ധനങ്ങൾ ഉദാഹരണം. സമയം, പരിണാമം, സ്ഥലം എന്നിവയുടെ ബന്ധനങ്ങൾ അനിവാര്യങ്ങൾ. സദാസമയവും മാറിക്കൊണ്ടിരിക്കുന്ന അനേകായിരം ഭൗതികബലങ്ങൾക്ക്‌ എല്ലാവരും അടിമപ്പെട്ടിരിക്കുന്നു. ഈ ബലങ്ങളുടെയെല്ലാം എണ്ണമോ വണ്ണമോ പ്രകൃതമോ പൂർണ്ണമായി അറിയാൻ ഒരിക്കലും സാധ്യമല്ലാത്തതിനാൽ എന്നുമെപ്പോഴും ഭാവി, ഇഷ്ടപ്പടി സ്വയം നിശ്ചയിക്കാൻ ഇടതരാതെ, എവർക്കും അനിശ്ചിതമായി ഭവിക്കുന്നു.
    ഒരർത്ഥത്തിൽ എല്ലാമെല്ലാം മുൻനിശ്ചയമാണ്‌ എന്നതുതന്നെയാണ്‌ വാസ്തവം. പ്രപഞ്ചസൃഷ്ടിയുടെ ആരംഭത്തിൽ എല്ലാ ഗതിവിഗതികളും നിശ്ചിതമായിത്തീരുന്നു. ആ നിശ്ചയം തന്നെ അതിനു മുമ്പെ കഴിഞ്ഞ സൃഷ്ടിസ്ഥിതിലയങ്ങളുടെ തുടർച്ചയായതിനാൽ യഥാർത്ഥ ആരംഭം അതിനുമപ്പുറത്തുമാണ്‌. വിധിവിഹിതമാർക്കുമേ ലംഘിച്ചുകൂടെന്ന്‌ ഭാഷാപിതാവ്‌ പറയുന്നത്‌ ഇതിനാലാണ്‌.
    എന്നാലോ, ആരെന്തു ചെയ്താലും വിധിവിഹിതമേ നടക്കൂ എന്ന ധാരണ, ഒന്നിനെപ്പറ്റിയും അധികമൊന്നും പരിഭ്രമിക്കാനില്ല എന്ന ആശ്വാസമെന്നതിലേറെ എന്തു ചെയ്തിട്ടും ഒരു കാര്യവുമില്ല എന്ന ആത്മനാശകരമായ ഉപേക്ഷയിലേക്കാണ്‌ നമ്മെ നയിച്ചതു. അങ്ങനെയാണ്‌ ഈ നാട്‌, കഷ്ടമെന്നു പറയാം. ആയിരത്താണ്ടുകൾ കൂരിരുളിൽ ഉറങ്ങിക്കഴിച്ചതു.
    മനുഷ്യജീവിതത്തിന്റെ സാമാന്യമായ നടപ്പുവശം കുറച്ചൊന്നു പരിശോധിച്ചാൽ ഈ ആലസ്യം അപ്പാടെ നീങ്ങിപ്പോവും. ഉദാഹരണത്തിന്‌, നാമൊരു നാൽക്കൂട്ടപ്പെരുവഴിയിൽ എത്തുന്നു എന്നും ഏതു വഴി പോകണമെന്നറിയില്ലെന്നും കരുതുക. ചോദിക്കാൻ ആരെയും കാണുന്നുമില്ല. ഏറെ ആലോചിച്ചും അവസാനം നാലും കൽപ്പിച്ചും നാം ഒരു വഴി തെരഞ്ഞെടുക്കുന്നു. ആ വഴിയെ മാത്രമെ നാമപ്പോൾ പോകൂ എന്നു മുൻപെതന്നെ വിധിനിശ്ചയം ഉണ്ടായിരുന്നതായി കരുതാവുന്നതേ ഉള്ളൂ. അതേസമയം, ഏതുവഴി തെരഞ്ഞെടുക്കാനും നമുക്ക്‌ സ്വാതന്ത്ര്യമുണ്ടായിരുന്നു. നാം ഏതു വഴി തെരഞ്ഞെടുത്തു എന്നത്‌ നമ്മെയും ഈ മഹാപ്രപഞ്ചത്തെയും ഒരുപോലെ ബാധിക്കുന്ന കാര്യമാണ്‌. ഉള്ള അറിവും മുൻപരിചയവും വച്ച്‌ കഴിയുന്നത്ര ആലോചിച്ച്‌ നാം വിവേകപൂർവം ഒരു തീരുമാനത്തിൽ എത്തുന്നുവേങ്കിൽ ശരി. അല്ല, ഏതെങ്കിലും നൈമിഷകമോ ശീലക്കേടു കൊണ്ടുണ്ടാകുന്നതൊ ആയ കാരണത്താലാണ്‌ നാം ഒരു വഴി തെരഞ്ഞെടുക്കുന്നതെങ്കിലോ? മഹാപ്രപഞ്ചത്തിന്റെ പോക്കിൽ അപ്പോഴും ഒന്നും പിഴയ്ക്കില്ല എങ്കിലും നമ്മുടെ കാര്യം അവതാളത്തിലാവും!
    ഇത്രയും വരുമ്പോൾ രണ്ടു വസ്തുതകൾ നമുക്കു വെളിപ്പെട്ടുകിട്ടുന്നു. ഒന്ന്‌, എനിക്കു സ്വാതന്ത്ര്യമുണ്ട്‌ എന്നു ഞാൻ കരുതുമ്പോഴെ എനിക്കതുള്ളു! ഉറച്ചു കരുതിയാൽ അത്‌ ഏതു പരിതസ്ഥിതിയിലും ഉണ്ടുതാനും! രണ്ട്‌, യഥാർത്ഥമായ സന്തോഷത്തിന്റെ വഴിയിൽ കണ്ണുനട്ടു വേണം സ്വാതന്ത്ര്യം ഉപയോഗിക്കാൻ. അതായത്‌, സ്വാതന്ത്ര്യത്തിന്റെ ശരിയായ ഉപയോഗത്തിലാണ്‌ സ്വാതന്ത്ര്യം നിലനിൽക്കുന്നതിനുള്ള ഗ്യാരണ്ടി വേരുറപ്പിക്കുന്നത്‌.
    അന്തിക്ക്‌ നടുറോഡിൽ നട്ടം തിരിയുന്ന ലഹരിയടിമയെ ശ്രദ്ധിക്കുക. ബാറിലേക്കോ, മയക്കുമരുന്നുകേന്ദ്രത്തിലേക്കോ
, അതിലും മോശമായ മറ്റിടങ്ങളിലേക്കോ, എവിടേക്കും പോകാതിരിക്കാനുള്ള സ്വാതന്ത്ര്യം അയാൾക്കുണ്ട്‌. ലഹരിയുടെ നീരാളിപ്പിടി ആ സ്വാതന്ത്ര്യത്തെ കാര്യമായി കീഴ്പ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. എങ്കിലും, അയാൾ അപ്പോഴും ഉള്ളിന്റെ ഉള്ളിൽ ആ കെട്ടുപാടിൽനിന്ന്‌ മോചനം ആഗ്രഹിക്കുന്നുണ്ടാകാം. ഓരോ തവണ ഈ ആഗ്രഹത്തെ ദുശ്ശീലത്തിന്റെ നീരാളിപ്പിടി തോൽപ്പിക്കുമ്പോഴും അയാളുടെ സ്വാതന്ത്ര്യം അത്രകൂടി നഷ്ടമാകുന്നു. ക്രമേണ അടിമത്തം പൂർണ്ണമാവുകയും ചെയ്യുന്നു.
    ശരിയല്ല എന്നു മനസ്സു പറയുന്ന ഏതു പ്രവൃത്തിയും ചെയ്യുന്ന ആരുടെയും യഥാർത്ഥ സന്തോഷം പടിപടിയായി നഷ്ടമായിക്കൊണ്ടിരിക്കും. നൈമിഷികമായ ഇന്ദ്രിയസുഖവും മനോസുഖവും ഉണ്ടായെന്നു വരാം. അത്‌ അടിമത്തത്തിന്‌ വേരു പിടിക്കാൻ മാത്രമെ ഉതകൂ. യഥാർത്ഥ സുഖത്തിന്റെ പേര്‌ യഥാർത്ഥസ്വതന്ത്രത എന്നുതന്നെ!
    ചുരുക്കത്തിൽ, നല്ലതെന്തെന്നു വിവേചിച്ചറിഞ്ഞ്‌ അത്‌ ചെയ്യാനാണ്‌ സ്വാതന്ത്ര്യം ഉപയോഗിക്കേണ്ടത്‌. അല്ലെങ്കിൽ, സ്വാതന്ത്ര്യം ചീഞ്ഞുപോകും! നമ്മുടെ സ്വാതന്ത്ര്യത്തെ പ്രധാനമായും ഹനിക്കുന്ന രണ്ടു രാക്ഷസരെ ഗീത പരിചയപ്പെടുത്തുന്നു- കാമവും ക്രോധവും. രണ്ടാമത്തേത്‌ ആദ്യത്തേതിന്റെ ഉൽപ്പന്നമായതിനാൽ യഥാർത്ഥകക്ഷി കാമം തന്നെ. ഞാൻ വേറെയാണ്‌; എനിക്കുമാത്രം വേണം എന്ന വിചാരമാണ്‌ കാമം. അതിനാൽ ആകൃഷ്ടനാകരുത്‌, ആ കനി തിന്നരുത്‌. എന്നാണ്‌ വിവേകത്തിന്റെ കൽപ്പന. ഒരിക്കൽ വഴങ്ങിക്കൊടുത്താൽ അത്‌ നമ്മെ പായ്ത്തോണിയെ കാറ്റെന്ന പോലെ ബലമായി അതിന്റെ വഴിയെ കൊണ്ടുപോകും.
    മറിച്ചാണെങ്കിൽ, ഓരോ തവണ ഈ പഹയനെവകവയ്ക്കാതെ തീരുമാനമെടുക്കുമ്പോഴും നമ്മുടെ സ്വാതന്ത്ര്യത്തിന്റെ വ്യാപ്തിയും ആഴവും വർധിക്കും. അങ്ങനെവളർന്ന്‌ അത്‌ എത്രത്തോളം എത്തുന്നുവോ ജീവിതം അത്രത്തോളം കൂടുതൽ സുഖസമൃദ്ധമാവും, പ്രസാദം നിലനിൽക്കും. ചിദാനന്ദത്തിന്റെ അമൃതവർഷമാണ്‌ ഈ ദിശയിലുള്ള യാത്രയുടെ ഫലശ്രുതി.   
    സ്നേഹമാണ്‌ സ്വാതന്ത്ര്യത്തിന്റെ മുഖമുദ്ര. കാമം സ്വാർഥമാകയാലും യഥാർഥ സ്നേഹം സ്വാർത്ഥത്തിന്‌ കടകവിരുദ്ധമാകയാലും, കാമിക്കുന്നവന്‌ സ്നേഹിക്കാൻ പറ്റില്ല. കാമവും സ്നേഹവും ഇരുളും വെളിച്ചവുംപോലെയാണ്‌. ഇതേസമയം, പരിപൂർണ്ണസ്നേഹമാണ്‌ പരിപൂർണ്ണസ്വാതന്ത്ര്യത്തിന്റെ അനുഭവളക്ഷണം. പാരതന്ത്ര്യം മൃതിയേക്കാൾ ഭയാനകമാകുന്നത്‌ അത്‌ സ്നേഹശൂന്യതയുടെ പരമകാഷ്ഠയായതിനാൽതന്നെ. ഒട്ടും മടിക്കേണ്ട, നമ്മെ അടിമപ്പെടുത്തുന്ന എല്ലാറ്റിൽനിന്നും വിടുകൃതി നേടുക. ജീവിതത്തെ ഫലപ്രദമായി ഉപയോഗിക്കാൻ കുറുക്കുവഴികളില്ല. ഞാൻ എന്ന ഭാവം ഉപേക്ഷിക്കുകയെന്ന വഴിയേയുള്ളൂ.
    ആരാന്റമ്മയ്ക്ക്‌ ഭ്രാന്തായാൽ കാണാൻ നല്ല രസം എന്നു ചിരിച്ച പൂർവകാലമനീഷി താൻ ഈ പറഞ്ഞതുകൊണ്ടുദ്ദേശിച്ചതു. അവരുടെ കോപ്രായം കണ്ടു രസിച്ചോളുക എന്നല്ല, ആശ്വസിപ്പിക്കാണോ അറുതിവരുത്താണോ കഴിഞ്ഞില്ലെന്നാലും കണ്ടു രസിച്ചു ചിരിക്കരുത്‌ എന്നാണ്‌. കാരണം, പരദുഃഖം കണ്ട്‌ ചിരിക്കാതിരിക്കുന്നതാണ്‌ സ്വാതന്ത്ര്യത്തിലേക്കുള്ള വഴി. അന്യദുഃഖം സ്വന്തമായി തോന്നാത്തവന്‌ തന്റെ ദുഃഖങ്ങളിൽനിന്ന്‌ മോചനമില്ല. അന്യത്വം അനുഭവ ലോകത്തിന്റെ വ്യാപ്തി ചുരുക്കി നമ്മെ തടവിലാക്കുന്നു. ചുവരുകളില്ലാതെയുള്ള ഈ തടവിൽനിന്നു പുറത്തു കടക്കാൻ എളുപ്പവുമല്ല.
    ഇന്ദ്രിയനിഗ്രഹമുള്ള പുരുഷന്‌ സൗഖ്യങ്ങളെല്ലാം വന്നുകൂടും എന്നുകൂടി ഭാഷാപിതാവ്‌ പറഞ്ഞുതരുന്നുണ്ട്‌. അതിനാൽ ആത്മനിയന്ത്രണം ശീലിക്കാനുതകുന്ന വിദ്യാഭ്യാസം ഏവരും ആവശ്യം ശീലിക്കണമെന്നും താൽപര്യപ്പെടുന്നു.
    ജീവലോകത്തെ നോക്കുക. മറ്റു ജീവികൾക്കൊന്നും അവയുടെ അസ്വാതന്ത്ര്യങ്ങളിൽ നിന്ന്‌ മോചനം നേടാൻ വഴിയൊന്നുമില്ല. ജീവപരിണാമം, അസ്വാതന്ത്ര്യക്കൂടുതലിലൂടെ പുരോഗമിച്ച്‌, അവസാനം, തലച്ചോറിന്‌ മുൻദളങ്ങളും അതുവഴി ഭാവനയ്ക്കുപായവുമുള്ള, മനുഷ്യനിൽ എത്തുമ്പോൾ തന്റെ അസ്തിത്വം പ്രപഞ്ചത്തോളം വലുതായിക്കണ്ട്‌ എല്ലാ അളവിലും തരത്തിലുമുള്ള അസ്വാതന്ത്ര്യങ്ങളിൽനിന്നും ഒറ്റയടിക്ക്‌ മോചനം സാധ്യമാവുന്നു! ഒന്നേ വേണ്ടു-സ്ഥിതപ്രജ്ഞനാവുക, എന്നുവച്ചാൽ ബുദ്ധിയുറച്ചുകിട്ടുക!

19 Sept 2014

ഏഷ്യ-പസഫിക്‌ നാളികേര സമൂഹ രാജ്യങ്ങൾ


സി.ഡി.ബി. ന്യൂസ്‌ ബ്യൂറോ, കൊച്ചി - 11

മൈക്രോനേഷ്യ
ഫെഡറൽ സ്റ്റേറ്റ്‌ ഓഫ്‌ മൈക്രോനേഷ്യ എന്ന്‌ അറിയപ്പെടുന്ന ഈ ദ്വീപസമൂഹം പസഫിക്‌ സമുദ്രത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്‌.വിഭിന്ന ഭാഷകളും വിഭിന്ന സംസ്കാരങ്ങളുമുള്ള  607 ചെറു ദ്വീപുകൾ ഫെഡറേറ്റ്‌ ചെയ്ത്‌ 1978 ൽ രാഷ്ട്രമായി. ഇതിൽ 70 ദ്വീപുകളിൽ മാത്രമെ ജനവാസമുള്ളു.  ലോകബാങ്കിന്റെ കണക്കു പ്രകാരം 2008 ൽ മൈക്രോനേഷ്യയിലെ  ജനസംഖ്യ 110,000 ആണ്‌. 18 ഭാഷകൾ സംസാരിക്കുന്ന ദ്വീപസമൂഹത്തിലെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷാണ്‌.
കൃഷിയാണ്‌ മുഖ്യ വരുമാനം. പക്ഷെ, മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ ഇതിന്റെ കണക്കില്ല. നാളികേരമാണ്‌ മുഖ്യ വിള. പരമ്പരാഗതമായി കൊപ്രയാണ്‌ പ്രധാന ഉത്പ്പന്നം എന്നാൽ നാളികേര മേഖലയിൽ നിലനിന്ന വിലയിടിവും,  വളരെ പ്രായമായ നാളികേര വൃക്ഷങ്ങളും മൂലം കഴിഞ്ഞ കുറെ വർഷങ്ങളായി ഉത്പാദനം വളരെ കുറവാണ്‌. വിപണി സജീവമായതോടെ നാളികേര മേഖലയുടെ പുനരുദ്ധാരണവും വൈവിധ്യവത്ക്കരണവുമാണ്‌ ഇപ്പോൾ ഗവണ്‍മന്റിന്റെ മുഖ്യ പരിഗണന. അതിനായി  2012 ൽ നാളികേര പുനരധിവാസ പദ്ധതിയും, 2013 ൽ തീവ്ര നാളികേര വിഭവ പരിശോധനയും നടത്തിക്കഴിഞ്ഞു.ഇതു കൂടാതെ വ്യാപകമായ തോതിൽ ആവർത്തന കൃഷിയും വിപണി ലക്ഷ്യമാക്കി സംസ്കരണ ശേഷി വർധിപ്പിക്കലും, തെങ്ങിൻ തടി ഉപയോഗിച്ചുള്ള വ്യവസായങ്ങളും ആരംഭിച്ചിട്ടുണ്ട്‌. തെങ്ങിൽ നിന്നു ലഭിക്കുന്ന എല്ലാ വസ്തുക്കളും പരമാവധി ഉപയോഗിക്കാനും അവയിൽ നിന്ന്‌ മൂല്യവർധിത ഉത്പ്പന്നങ്ങൾ നിർമ്മിക്കാനും മൈക്രോനേഷ്യയിലെ കോക്കനട്‌ ഡവലപ്‌മന്റ്‌ അതോറിട്ടിയുടെ നേതൃത്വത്തിലാണ്‌  നടപടികൾ പുരോഗമിക്കുന്നത്‌. സ്വകാര്യ സംരംഭകരെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള നാളികേര മേഖലയുടെ സമഗ്ര വികസനമാണ്‌ രാജ്യം ലക്ഷ്യമിടുന്നത്‌.
ഫിജി
പതിനാലായിരം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഫിജി 322 ദ്വീപുകളുടെ സമൂഹമാണ്‌.  രാജ്യത്തെ  60,085 ഹെക്ടറിൽ നാളികേരമാണ്‌ മുഖ്യ കൃഷി. ഇതിൽ 70 ശതമാനം തെങ്ങുകളും പ്രായാധിക്യം മൂലം ഉത്പ്പാദനം കുറഞ്ഞവയാണ്‌. രാജ്യത്തെ ഗ്രാമീണജനങ്ങളിൽ 11 ശതമാനം, ഏകദേശം ഒരു ലക്ഷം പേർ  നാളികേര കൃഷിയെ ആശ്രയിച്ച്‌ ജീവിക്കുന്ന കർഷകരാണ്‌. 20 മെട്രിക്‌ ടൺ കൊപ്രയാണ്‌ പ്രതിവർഷ ഉത്പാദനം. മുഖ്യ ഉത്പ്പന്നം വെളിച്ചെണ്ണതന്നെ. മൊത്തം 165 ദശലക്ഷം നാളികേരമാണ്‌  ഉത്പാദനം. ഇതിൽ 35 ശതമാനം വീതം കൊപ്രനിർമ്മാണത്തിനും ഗാർഹിക ഉപയോഗത്തിനുമായി നീക്കിവയ്ക്കുന്നു. ബാക്കി വിളവെടുക്കാതെ നശിക്കുന്നു. ലഭിക്കുന്ന നാളികേരത്തിൽ ഒരു ശതമാനം മാത്രമാണ്‌ വെർജിൻ വെളിച്ചെണ്ണ ഉത്പ്പാദിപ്പിക്കാൻ ഉപയോഗിക്കുന്നത്‌.
തെഴിലാളികളുടെ ക്ഷാമം, വേണ്ടത്ര നടീൽ വസ്തുക്കളുടെ അഭാവം,  നിക്ഷേപവിമുഖത,  യുവ കർഷകരുടെ അലംഭാവം തുടങ്ങി നിരവധി കാരണങ്ങൾ മൂലമാണ്‌ ഫിജിയിൽ തെങ്ങുകൃഷി മാന്ദ്യത്തിലായിരിക്കുന്നത്‌. ഇതിൽനിന്ന്‌ മുക്തി നേടി നാളികേര കൃഷിയിൽ വൻ മുന്നേറ്റം നടത്താൽ രാജ്യം ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി സിസിയ ദ്വീപിനെ കഴിഞ്ഞ വർഷം ജൈവകൃഷി മേഖലയായി പ്രഖ്യാപിച്ചു. കർഷകർക്ക്‌ നികുതി ഇളവുകൾ പ്രഖ്യാപിച്ചു, നാളികേരസംസ്കരണത്തിന്‌ ഇറക്കുമതി ചെയ്യുന്ന യന്ത്രങ്ങൾക്കും നികുതി ഇളവുണ്ട്‌. സ്ത്രീകൾക്ക്‌ പരിശീലനം നൽകി തൊഴിലാളി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നു. തെങ്ങിൻ തോപ്പിൽ ഇടവിളകൃഷിയും മൃഗപരിപാലനവും പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ കൃഷി വകുപ്പിന്റെ മേൽനോട്ടത്തിൽ  ഗുണമേന്മയുള്ള പത്തു ലക്ഷം തെങ്ങിൻ തൈകൾ നടുന്ന പദ്ധതി 2013 ൽ ആരംഭിച്ചിട്ടുണ്ട്‌. ഇത്‌ 2015 ൽ പൂർത്തിയാകും. പുനരധിവാസി പദ്ധതിയിൽ ഉൾപ്പെടുത്തി 123000 തെങ്ങിൻ തൈകൾ പുതുതായി കൃഷി ചെയ്തിട്ടുണ്ട്‌. വെർജിൻ കോക്കനട്‌ ഓയിൽ വിപണി പഠനങ്ങൾ 2013 ൽ ആരംഭിച്ചു. ആദ്യ ഷിപ്പ്‌മന്റ്‌ കൊറിയയിലേയക്ക്‌ അയച്ചുകഴിഞ്ഞു.സ്ലേവേനിയ, റഷ്യ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നാളികേരോൽപന്ന വിപണി കണ്ടെത്താൻ ശ്രമിക്കുന്നു.
ഇന്തോനേഷ്യ
ഇന്തോനേഷ്യയുടെ ഏറ്റവും വലിയ ആസ്തിയും വരുമാന സ്രോതസും തെങ്ങുകൃഷിയും നാളികേരവുമാണ്‌. പടിഞ്ഞാറു മുതൽ കിഴക്കുവരെ  5000 കിലോമീറ്ററിലായി രാജ്യത്തുടനീളം തെങ്ങുകൃഷി വ്യാപിച്ച്‌ കിടക്കുന്നു. എഴുപതു ലക്ഷം കുടുംബങ്ങളാണ്‌ തെങ്ങു കൃഷിയെ ആശ്രയിച്ച്‌ ജീവിക്കുന്നത്‌. മൂന്ന്‌ പ്രധാന നാളികേര ഉത്പാദക കേന്ദ്രങ്ങൾ സുമാട്ര (മൊത്തം കാർഷിക മേഖല 31.8 ശതമാനം) ജാവ (22.7 ശതമാനം) സുലവേഷി( 20.8 ശതമാനം) എന്നീ ദ്വീപുകളാണ്‌. ഈ വർഷത്തെ കണക്കുകൾ പ്രകാരം മൊത്തം കാർഷിക മേഖല 3.79 ദശലക്ഷം ഹെക്ടറാണ്‌. പുനർകൃഷിയുടെ കണക്കുകൾ കൂടി ശേഖരിക്കുമ്പോൾ വിസ്തൃതി 0.28 ശതമാനം, അതായത്‌ 11000 ഹെക്ടർ കൂടി വർധിച്ചേക്കും.
നിലവിലുള്ള തെങ്ങുകളിൽ 13 ശതമാനവും പ്രായം കൂടി, രോഗകീടങ്ങൾ ബാധിച്ച്‌ ഉത്പ്പാദനം ഇല്ലാത്തവയാണ്‌ എന്നു പറയാം.തോട്ടങ്ങളിൽ ഏകവിള സമ്പ്രദായമാണ്‌, അതിനാൽ വളപ്രയോഗം വളരെ കുറവാണ്‌. വിവിധ മേഖലകളിലായി നാളികേര കൃഷി വ്യാപിച്ചു കിടക്കുന്നതിനാൽ,  സമഗ്ര നാളികേര സംസ്കരണ സംവിധാനം വികസിപ്പിച്ച്‌ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം ബുദ്ധിമുട്ടാണ്‌. മിക്ക കൃഷിക്കാരും കൊപ്ര, പച്ചത്തേങ്ങ എന്നിങ്ങനെയാണ്‌ ഉത്പ്പന്നം വിൽക്കുന്നത്‌. എന്നാലും ഗ്രാമങ്ങൾ കേന്ദ്രീകരിച്ച്‌ നാളികേര സംസ്കരണം ആരംഭിക്കാനും നാളികേരം മൂല്യവർധിത ഉത്പ്പന്നങ്ങളാക്കി പുതിയ വിപണികൾ കണ്ടെത്തി വിൽക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്‌. പാചക എണ്ണ, വെർജിൻ ഓയിൽ, നാളികേര പഞ്ചസാര, കയർ ഉത്പ്പന്നങ്ങൾ, നാറ്റാ ഡി കൊക്കോ, ഉത്തേജിത കരി തുടങ്ങിയ ഉത്പ്പന്നങ്ങൾ നിർമ്മിക്കാൻ ഇന്തോനേഷ്യയുടെ 17 പ്രവിശ്യകളിലും നടപടികൾ ആരംഭിച്ചിട്ടുണ്ട്‌.
കൂടുതൽ മേഖലകളിലേയക്ക്‌ തെങ്ങു കൃഷി വ്യാപിപ്പിക്കുക, ഉത്പ്പാദനം കുറഞ്ഞ വൃക്ഷങ്ങൾ വെട്ടി മാറ്റി പകരം പുതിയ തൈകൾ കൃഷി ചെയ്യുക, എംബ്രിയോ കൾച്ചർ സാങ്കേതിക വിദ്യയിലൂടെ മികച്ച ഇനം തെങ്ങിൻ തൈകൾ ഉത്പ്പാദിപ്പിക്കുക മുതലായ സംരംഭങ്ങളുമായി രാജ്യത്തെ നാളികേര മേഖല കുതിക്കുകയാണ്‌. ചെറുകിട നാളികേര കർഷകരുടെ വരുമാനം വർധിപ്പിക്കുക എന്നതത്രെ ഈ നടപടികളിലൂടെ ഗവണ്‍മന്റിന്റെ ലക്ഷ്യം.
ജമൈക്ക
ദ്വീപിലെ കാർഷിക മേഖലയുടെ 6 ശതമാനം നാളികേരമാണ്‌. 2013 ലെ കണക്കു പ്രകാരം ജമൈക്കയിൽ 15,700 ഹെക്ടർ നാളികേര കൃഷിയുണ്ട്‌. പരമ്പരാഗതമായി ദ്വീപിന്റെ കിഴക്ക്‌ വടക്ക്‌ മേഖലകളിൽ വ്യാവസായികാടിസ്ഥാനത്തിലാണ്‌  തെങ്ങു കൃഷി നടത്തുന്നത്‌. കൂടാതെ മറ്റു ചില ഒറ്റപ്പെട്ട പ്രദേശങ്ങളിലും കൃഷിയുണ്ട്‌.  കോക്കനട്‌ ഇൻഡസ്ട്രി ബോർഡാണ്‌ നാളികേര കൃഷിയുടെ മേൽനോട്ടം വഹിക്കുന്നത്‌. 96.4 ദശലക്ഷം നാളികേരം ഉത്പ്പാദിപ്പിച്ചതിൽ 93.9 ദശലക്ഷവും രാജ്യത്ത്‌ വിവിധ ആവശ്യങ്ങൾക്കായി വിനിയോഗിച്ചു. ഇതിൽ  20 ദശലക്ഷം വെർജിൻ കോക്കനട്‌ ഓയിൽ നിർമ്മാണത്തിനുപയോഗിച്ചു. 19 മെട്രിക്‌ വിത്തു തേങ്ങ വടക്കേ അമേരിക്കയിലേയ്ക്ക്‌ കയറ്റി അയച്ചു.
1997 ൽ മഞ്ഞളിപ്പ്‌ രോഗബാധ കണ്ടതിനെ തുടർന്ന്‌ കോക്കനട്‌ ഇൻഡസ്ട്രി ബോർഡ്‌ നാളികേര പുനരധിവാസ പദ്ധതി ആരംഭിച്ചു. പത്തു ലക്ഷം തെങ്ങിൻ തൈകൾ നടുക എന്നതാണ്‌ ലക്ഷ്യം. വർഷം 60000 തൈകൾ രോഗബാധയുള്ള തെങ്ങുകൾ വെട്ടി നീക്കിയശേഷവും, 40000 തൈകൾ പുതിയ സ്ഥലങ്ങളിലും എന്ന രീതിയിലാണ്‌ പദ്ധതി മുന്നേറുന്നത്‌. തെങ്ങിൻ തൈകളും കൃഷിക്ക്‌ ആവശ്യമായ 80 ശതമാനം വളങ്ങളും സൗജന്യമായി നൽകും.  പദ്ധതി പ്രകാരം 2013 ൽ 541 ഹെക്ടറിൽ തെങ്ങുകൃഷി ചെയ്തിട്ടുണ്ട്‌. മഞ്ഞളിപ്പ്‌ രോഗത്തിനു പ്രതിവിധി കണ്ടെത്താനുള്ള ഗവേഷണങ്ങളും പുരോഗതിയിലാണ്‌. ശാസ്ത്രജ്ഞന്മാരുടെ  സഹായത്തോടെ ഉപദോശക സമിതി രൂപീകരിച്ച്‌ ഗവേഷണ ഫലങ്ങൾ കർഷകർക്കിടയിൽ നൽകി, വേണ്ട സാങ്കേതിക സഹായത്തോടെ അവ കൃഷിയിടങ്ങളിൽ നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. കൂടതെ, രാജ്യത്തെ തെരഞ്ഞെടുത്ത സ്കൂളുകൾ കേന്ദ്രീകരിച്ച്‌  നാളികേരം വിഷയമാക്കി വിവിധ മത്സരങ്ങൾ നടത്തി വിദ്യാർത്ഥികൾക്കിടയിൽ നാളികേരത്തോടുള്ള താൽപര്യം വളർത്താനുള്ള പദ്ധതിയും ആവിഷ്കരിച്ചച്ച്‌ നടപ്പാക്കി വരുന്നു.
കെനിയ
ആഫ്രിക്കൻ രാജ്യമായ കെനിയയിൽ തീരമേഖലയിലെ 14 ജില്ലകളിലാണ്‌ തെങ്ങുകൃഷി വ്യാപകമായിട്ടുള്ളത്‌. നാളികേരം കെനിയയുടെ പ്രധാന വിളയും വരുമാനമാർഗ്ഗവുമാണ്‌ . ഒന്നര ലക്ഷത്തോളം കുടുംബങ്ങൾ തെങ്ങു കൃഷിയെ മാത്രം ആശ്രയിച്ച്‌ ജീവിക്കുന്നു.  നാളികേരത്തിന്റെ മൂല്യവർധിത ഉത്പ്പന്നങ്ങൾ നിർമ്മിച്ചും പുതിയ കയറ്റുമതി വിപണികൾ കണ്ടെത്തിയും നാളികേര മേഖലയിൽ വൻ വരുമാനം കൊയ്യാൻ കെനിയ തയാറെടുക്കുകയാണ്‌. ഈ ലക്ഷ്യം മുന്നിൽ കണ്ടാണ്‌ 2007 ൽ ഗവണ്‍മന്റ്‌ കെനിയ കോക്കനട്‌ ഡവലപ്‌മന്റ്‌ അഥോറിട്ടി രൂപീകരിച്ചതു. ആദ്യം വെളിച്ചെണ്ണ തുടർന്ന്‌ കൊപ്ര, സോപ്പ്‌, വെർജിൻ കോക്കനട്‌ ഓയിൽ എന്നിവയുടെ ഉത്പ്പാദനം ആരംഭിക്കാൻ പ്രദേശിക വ്യവസായികൾക്ക്‌ അഥോറിട്ടി പ്രോത്സാഹനം നൽകി. പ്രതിവർഷം 249 ദശലക്ഷം ഡോളറിന്റെ വുമാനമാണ്‌ നാളികേര ഉത്പ്പന്നങ്ങൾ കയറ്റിഅയച്ച്‌ ഇപ്പോൾ കെനിയ നേടുന്നത്‌. യൂറോപ്പ്‌, അമേരിക്ക എന്നിവിടങ്ങളിലാണ്‌ വിദേശ വിപണി കണ്ടെത്തിയിരിക്കുന്നത്‌.
രാജ്യത്തെ നാളികേരത്തിന്റെ 99 ശതമാനം ഉത്പ്പാദനവും തീര ദേശ മേഖലയിൽ നിന്നാണ്‌.ഏകദേശം രണ്ടു ലക്ഷം ഹെക്ടർ സ്ഥത്ത്‌ നാളികേര കൃഷി ഉണ്ടെന്നാണ്‌ കണക്ക്‌. തീരപ്രദേശം വിട്ടാൽ പടിഞ്ഞാറൻ മേഖലയിൽ ന്യാൻസയിലും കിഴക്കൻ മേഖലയിൽ റിഫ്റ്റ്‌ വാലിയിലും ചില ഒറ്റപ്പെട്ട മേഖലകളിൽ തെങ്ങു കൃഷിയുണ്ട്‌.വെർജിൻ കോക്കനട്‌ ഓയിൽ, ഡസിക്കേറ്റഡ്‌ കോക്കനട്‌ പൗഡർ, കോക്കനട്‌ മിൽക്ക്‌, ചകിരിനാര്‌ തുടങ്ങിയ ഉത്പ്പന്നങ്ങൾ ഇവിടെ നിർമ്മിക്കുന്നു.
 രാജ്യത്തെ 7.4 ദശലക്ഷം തെങ്ങുകളും വളരെ പഴക്കമുള്ളവയും ഉത്പ്പാദനം കുറഞ്ഞ ഈസ്റ്റ്‌ ആഫ്രിക്കൻ ടോൾ എന്ന ഇനവുമാണ്‌. നട്ടാൽ ഏഴ്‌ എട്ട്‌ വർഷം കാത്തിരിക്കണം ഈ തെങ്ങുകൾ കായ്ക്കാൻ. എന്നാൽ ഉത്പ്പാദന ശേഷി കൂടി കുറിയഇനങ്ങൾ വേഗം ആദായം നൽകുമെന്നതിനാൽ, അഞ്ചു ലക്ഷം കുറിയ ഇനം പുതിയ തെങ്ങിൻ തൈകൾ വർഷം തോറും നടാണുള്ള തയാറെടുപ്പിലാണ്‌ കെനിയ കോക്കനട്‌ ഡവലപ്‌മന്റ്‌ അഥോറിട്ടി. പഴയ തെങ്ങുകൾ വെട്ടി മാറ്റി നടുന്നതിനായി ഇതിനോടകം 20 ലക്ഷം തൈകൾ കർഷകർക്ക്‌ നൽകി കഴിഞ്ഞു. കഴിഞ്ഞ സീസണിൽ തീരദേശ മേഖയിലെ 81,000 കൃഷിക്കാർ ഒരു ലക്ഷത്തോളം പുതിയ തൈകൾ കൃഷി ചെയ്തിട്ടുണ്ട്‌. മുന്തിയ ഇനം മാതൃവൃക്ഷങ്ങൾ കണ്ടെത്തി അതിന്റെ വിത്തു തേങ്ങ ശേഖരിച്ച്‌ തൈ ഉത്പാദിപ്പിക്കാൻ കെനിയ ആഗ്രിക്കൾച്ചർ റിസേർച്ച്‌ ഇൻസ്റ്റിറ്റിയൂട്ടിന്റെ സേവനവും അഥോറിട്ടി തേടിയിട്ടുണ്ട്‌. കൂടാതെ വെർജിൻ കോക്കനട്‌ ഓയിൽ, കയർ ഭൂവസ്ത്രം തുടങ്ങിയ ഉത്പ്പന്നങ്ങളുടെ നിർമ്മാണത്തിലും ആഗ്രിക്കൾച്ചർ റിസേർച്ച്‌ ഇൻസ്റ്റിറ്റിയൂട്ടിന്റെ  സേവനം  ലഭിക്കുന്നുണ്ട്‌.
അഥോറിട്ടിയുടെ ശ്രമഫലമായി ശാസ്ത്രീയ പരിപാലന മുറകളിലൂടെ ഒരു തെങ്ങിന്റെ വാർഷിക ഉത്പ്പാദനം 30 ൽ നിന്ന്‌ 100 നാളികേരമായി വർധിച്ചിരിക്കുന്നു. ലക്ഷ്യം ഒരു തെങ്ങിൽ നിന്ന്‌ 300 നാളികേരമാണ്‌ എന്ന്‌ അഥോറിട്ടിയുടെ എക്സ്റ്റൻഷൻ ഉദ്യോഗസ്ഥർ പറയുന്നു. തെങ്ങിൻ തോപ്പുകളിൽ മെയ്സ്‌, ബീൻസ്‌, വാഴ തുടങ്ങിയ ഇടവിളകൾ കൃഷി ചെയ്തും കർഷകർ കൂടുതൽ വരുമാനം നേടുന്നു.
കെനിയയിലെ മുഖ്യ ധനകാര്യ സ്ഥാപനങ്ങളായ കോ - ഓപ്പറേറ്റീവ്‌ ബാങ്ക്‌ ഓഫ്‌ കെനിയ, ഇക്വിറ്റി ബാങ്ക്‌ എന്നിവ നാളികേര കർഷകർക്ക്‌ ധനസഹായങ്ങൾ ലഭ്യമാക്കുന്നതിന്‌  അഥോറിട്ടിയുമായി ചേർന്ന്‌ പ്രവർത്തിക്കുന്നു.
കിരീബത്തി
നിങ്ങൾ ഒരാൾക്ക്‌ ഒരു മീനിനെ നൽകുമ്പോൾ നിങ്ങൾ അയാൾക്ക്‌ ആഹാരം നൽകുന്നു, എന്നാൽ അയാൾക്ക്‌ ചൂണ്ട നൽകുമ്പോൾ , അയാൾക്ക്‌ നിങ്ങൾ നൽകുന്നത്‌ ജീവിതോപാധിയാണ്‌. അതുപോലെ നിങ്ങൾ ഒരാൾക്ക്‌ ഒരു നാളികേരം നൽകുമ്പോൾ നിങ്ങൾ അയാൾക്ക്‌ ഭക്ഷണം നൽകുന്നു, എന്നാൽ, തെങ്ങു കൃഷി ചെയ്യാൻ പഠിപ്പിക്കുമ്പോൾ, അയാൾക്ക്‌ ജീവിതം മുഴുവൻ വേണ്ട വരുമാനം നൽകുന്നു - ഏഷ്യൻ പസഫിക്ക്‌ നാളികേര സമൂഹത്തിന്റെ 50-​‍ാം വാർഷിക സമ്മേളനത്തിൽ കിരീബത്തി വാണിജ്യ മന്ത്രി കാടിയ പൈന്റോ തന്റെ പ്രസംഗം ആരംഭിച്ചതു ഈ വാചകങ്ങളോടെയാണ്‌.നാളികേരകൃഷിക്
ക്‌ അത്രയേറെ പ്രാധാന്യം നൽകുന്ന രാജ്യമാണ്‌ കിരീബത്തി. കിരീബത്തിയുടെ ദേശീയ വരുമാനത്തിന്റെ മുന്തിയ ഭാഗം 46 ശതമാനം(2010), 76 ശതമാനം (2011) 58.9(2013)  നാളികേര മേഖലയിൽ നിന്നാണ്‌.
കരിബിത്തി 2013 മുതലാണ്‌ കൊപ്രയുടെ കയറ്റുമതി ആരംഭിച്ചതു. കരിബിത്തി കൊപ്ര മിൽ കമ്പനി ലിമിറ്റഡ്‌, കരിബിത്തി കൊപ്ര കോ ഓപ്പറേറ്റീവ്‌ സോസൈറ്റി എന്നീ സ്ഥാപനങ്ങളാണ്‌ രാജ്യത്തെ കൊപ്ര വ്യാപരവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നത്‌. ഇപ്പോൾ വെർജിൻ കോക്കനട്‌ ഓയിൽ, നാളികേര പഞ്ചസാര എന്നീ മൂല്യവർധിത ഉത്പ്പന്നങ്ങളുടെ നിർമ്മാണവും ഉണ്ട്‌. ജൈവ നാളികേര ഉത്പ്പാദനമാണ്‌ ഇപ്പോൾ കരിബിത്തി ലക്ഷ്യമിടുന്ന മറ്റൊരു മേഖല. ഇതിനായി വർഷം 422.5 ഹെക്ടർ വീതം പുതിയ നാളികേര തോട്ടങ്ങൾ വച്ചു പിടിപ്പിച്ചു വരികയാണ്‌. ഓരോ ദ്വീപിലേയ്ക്കും ഈ വർഷം 2000 തൈകൾ വീതം നൽകിയിട്ടുണ്ട്‌.
കൂടാതെ പല വിധത്തിൽ നാളികേര കർഷകർക്ക്‌ വിദഗ്ധ പരിശീലം നൽകുന്ന പദ്ധതിയും ഗവണ്‍മന്റ്‌ ആവിഷ്കരിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി ദൂരെയുള്ള ദ്വീപുകളിലെ കൃഷിക്കാർക്ക്‌ നടീൽ വസ്തുക്കൾ, കൃഷിഉപകരണങ്ങൾ എന്നിവയുടെ വിതരണം , കൂടുതൽ കൊപ്ര സഹകരണ സംഘങ്ങളുടെ രൂപീകരണം, പുതിയ തെങ്ങു കൃഷി പ്രോത്സാഹനം, ജൈവ കർഷക കൂട്ടായ്മകൾ എന്നിവയാണ്‌ കരിബിത്തിയിൽ ഗവണ്‍മന്റ്‌ നാളികേര മേഖലയിൽ ചെയ്തു വരുന്നത്‌.
മലേഷ്യ
രാജ്യത്തെ നാളികേര കൃഷി മേഖല 2011 ൽ 106312 ഹെക്ടറായിരുന്നു.അത്‌ 2013 ൽ 98533 ഹെക്ടറായി കുറഞ്ഞു. എന്നാൽ ഇതേ കാലയളവിൽ ഉത്പാദനം 468.8 ദശലക്ഷം നാളികേരത്തിൽ നിന്ന്‌ 539 ദശലക്ഷം നാളികേരമായി ഉയർന്നു. ഗുണമേന്മ കൂടിയ പുതിയ തെങ്ങിനങ്ങൾ കൃഷി ചെയ്ത്തതിലൂടെയാണ്‌ വിളവിൽ വർധനയുണ്ടായത്‌. ഒപ്പം നാളികേര വ്യവസായ മേഖലയിലേയ്ക്ക്‌ സ്വകാര്യ സംരംഭകർക്കും പ്രവേശനം അനുവദിച്ചു. രാജ്യത്തെ മൊത്തം നാളികേര കൃഷി 1.87 ശതമാനം ഭൂമിയിൽ മാത്രമാണ്‌.  അതായത്‌ 98533 ഹെക്ടർ. നാളികേര മേഖലയുമായി ബന്ധമുള്ള കൃഷിക്കാരുടെ എണ്ണം 82,110 മാത്രം.  രാജ്യത്തെ പ്രതിശീർഷ ഉപഭോഗം വർഷം 25  നാളികേരമാണ്‌.  2013 ലെ കണക്കു പ്രകരാം 43 ശതമാനം നാളികേര വൃക്ഷങ്ങളും ഉത്പാദനം കുറഞ്ഞ മലയൻ നെടിയ ഇനമാണ്‌.
നാളികേര പുനരുജ്ജീവന പദ്ധതിയിലൂടെ  ഈ മേഖലയിൽ വലിയ മാറ്റമുണ്ടാക്കാനുള്ള ശ്രമത്തിലാണ്‌ മലേഷ്യൻ ഗവണ്‍മന്റ്‌. ഇതിന്‌ മാറ്റാഗ്‌, പാണ്ടൻ എന്നീ അത്യുത്പാദന ശേഷിയുള്ള നാളികേര ഇനങ്ങൾ  കൂടുതലായി കൃഷി ചെയ്യാൻ കർഷകരെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. ഒരു ഹെക്ടറിൽ നിന്ന്‌ വർഷം 7000 നാളികേരം ഉത്പ്പാദിപ്പിക്കുകയാണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌. കൃഷി വകുപ്പാണ്‌ ഇതിനുള്ള നേതൃത്വം നൽകുന്നത്‌. 2013 ൽ 574 ഹെക്ടറിലെ നാളികേര ആവർത്തന കൃഷിയാണ്‌ ലക്ഷ്യമിട്ടിരുന്നത്‌. ഇതിൽ 500 ഹെക്ടറിൽ കൃഷി നടത്താൻ സാധിച്ചു. തെങ്ങിനെ ബാധിക്കുന്ന വിവിധ രോഗ കീടങ്ങൾക്കെതിരെ പ്രതിരോധത്തിന്‌ ദൗത്യസേനയെ തന്നെ നിയമിച്ചിട്ടുണ്ട്‌. ഇവർ ശിൽപശാലകൾ വഴി കർഷകർക്ക്‌ വേണ്ട നിർദ്ദേശങ്ങളും പരിശീലനങ്ങളും നൽകിവരുന്നു.
മാർഷൽ ദ്വീപുകൾ
മധ്യ പസഫിക്‌ മേഖലയിലെ 750000 ചതുരശ്ര മെയിൽ മാത്രം വിസ്തൃതിയുള്ള അഞ്ചു ദ്വീപുകളുടെ സമൂഹമാണ്‌ മാർഷൽ ദ്വീപുകൾ. ജനസംഖ്യ 60000 വരും. ഇതിൽ 60 ശതമാനവും തലസ്ഥാനമായ മജൂറോയിലാണ്‌ താമസം. രാജ്യത്തെ 8000 ഹെക്ടറിലാണ്‌ നാളികേര കൃഷിയുള്ളത്‌. വാർഷിക ഉത്പാദനം 35 ലക്ഷം നാളികേരം. ( ഇതിൽ നിന്ന്‌ പ്രതിവർഷം  7000 മെട്രിക്‌ ടൺ കൊപ്ര ഉത്പ്പാദിപ്പിക്കുന്നു.) മൊത്തം ജനസംഖ്യയുടെ 30 ശതമാനം ആളുകൾ നാളികേര കൃഷിയെ ഉപജീവിച്ച്‌ കഴിയുന്നു.  2013 ലെ കൊപ്ര ഉത്പാദനം 7200 മെട്രിക ടൺ ആയിരുന്നു. അതായത്‌ മാസം 600 മെട്രിക്‌ ടൺ. മത്സ്യബന്ധനം കഴിഞ്ഞാൽ ദ്വീപ്‌ നിവാസികളുടെ മുഖ്യ വരുമാനം നാളികേര കൃഷി തന്നെ.  കൊപ്രയും വെളിച്ചെണ്ണയുമാണ്‌ മുഖ്യ കയറ്റുമതി ഉത്പ്പന്നങ്ങൾ. ഗവണ്‍മന്റ്‌ ഉടമയിലുള്ള കൊപ്ര പ്രോസസിംങ്ങ്‌ അഥോറിട്ടിയാണ്‌ കയറ്റുമതി അധികാരി.  ഏക സംസ്കരണ പ്ലാന്റ്‌  ടോബോളറും. പ്രതിവർഷം 2000 ടൺ പിണ്ണാക്കും 3200 ടൺ വെളിച്ചെണ്ണയുമാണ്‌ പ്രതിവർഷ കയറ്റുമതി.
മാർഷൽ ദ്വീപിൽ നാളികേര ആവർത്തന കൃഷി പദ്ധതി 2012ലാണ്‌ ആരംഭിച്ചതു. ദാരിദ്ര്യ നിർമാർജന പദ്ധതിയിൽ ഉൾപ്പെടുത്തി ഏഷ്യൻ ഡവലപ്‌മന്റ്‌ ബാങ്കാണ്‌ പദ്ധതിക്കാവശ്യമായ ധനസഹായം നൽകിയത്‌. ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ വിതരണമായിരുന്നു ഇതിലൂടെ മുഖ്യമായി ലക്ഷ്യമിട്ടത്‌. ഇതുവഴി സാധാരണ കർഷകന്റെ വാർഷിക വരുമാനം 4500 ഡോളറായി ഉയർത്തുന്നതിനുള്ള ശ്രമമാണ്‌ ഗവണ്‍മന്റ്‌ നടത്തുന്നത്‌.
പപ്പുവ ന്യൂഗിനിയ
രാജ്യത്തെ നാളികേര മേഖലയിലെ ഗവേഷണവും വികസനവും കൃഷി വിജ്ഞാന വ്യാപനവും എല്ലാം ഏകോപിപ്പിക്കുന്നത്‌ പപ്പുവ ന്യൂഗിനിയ കൊക്കോ ആൻഡ്‌ കോക്കനട്‌ ഇൻസ്റ്റിറ്റിയൂട്ട്‌ ആണ്‌.  നാളികേര വ്യവസായ മേഖലയിലെ മൊത്തം പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക, ചെറുകിട കർഷകരുടെ വരുമാനം വർധിപ്പിക്കുക തുടങ്ങിയവയാണ്‌ ഇതുവഴി ഗവണ്‍മന്റ്‌ ഉദ്ദേശിക്കുന്നത്‌. പപ്പുവ ന്യൂഗിനിയ വിഷൻ 2050 എന്ന പദ്ധതി പ്രകാരം 2030 ൽ നാളികേര മേഖലയിലെ വ്യവസായങ്ങൾ എല്ലാം ചേർന്ന്‌ 440000 ടൺ കൊപ്ര ഉത്പ്പാദിപ്പിക്കണം. കൂടുതൽ തൊഴിലവസരങ്ങൾ, കയറ്റുമതി, മൊത്ത ആഭ്യന്തര ഉത്പാദന വർധന, ഭക്ഷ്യ വ്യവസായം എന്നീ മേഖലകളിലാണ്‌ നാളികേരത്തിൽ നിന്നുള്ള വിഹിതം ഉയരേണ്ടത്‌. ഇതര കാർഷിക മേഖലകളെ അപേക്ഷിച്ച്‌ ഇപ്പോൾ ഇത്‌ വളരെ കുറവാണ്‌.
നാളികേര ഉത്പാദനം, പുതിയ തെങ്ങിൻ തൈകളുടെ കൃഷി, സഹകരണ അടിസ്ഥാനത്തിൽ നാളികേര സംസ്കരണ വ്യവസായങ്ങൾ (ഡസിക്കേറ്റഡ്‌ കോക്കനട്‌, നാളികേര പാൽ, ക്രീം, കരി, ഉത്തേജിത കരി,കയർ ഉത്പ്പന്നങ്ങൾ, വെർജിൻ കോക്കനട്‌ ഓയിൽ തുടങ്ങിയവ) പ്രോത്സാഹിപ്പിക്കുക, ഗുണ മേന്മയുള്ള ഉത്പ്പന്നങ്ങളുടെ നിർമ്മാണവും വിപണനം നടത്തുക തുടങ്ങിയ പദ്ധതികളാണ്‌ ഗവണ്‍മന്റ്‌ നിലവിൽ ഉദ്ദേശിച്ചിരിക്കുന്നത്‌.
ഫിലിപ്പീൻസ്‌
ലോക ഭക്ഷ്യ കാർഷിക സംഘടനയുടെ കണക്കു പ്രകാരം ലോകത്തിലെ രണ്ടാമത്തെ വലിയ നാളികേര ഉത്പാദക രാജ്യമാണ്‌ ഫിലിപ്പീൻസ്‌. 2012 ൽ 1.5 ദശലക്ഷം ടൺ കൊപ്രയാണ്‌  ഫിലിപ്പീൻസ്‌ കയറ്റമതി ചെയ്തത്‌. കൂടാതെ, വെളിച്ചെണ്ണ, പിണ്ണാക്ക്‌, ഡസിക്കേറ്റഡ്‌ കോക്കനട്‌, ചിരട്ട, കരി, ഉത്തേജിത കരി തുടങ്ങിയ ഉത്പ്പന്നങ്ങളും കയറ്റി അയക്കുന്നുണ്ട്‌. രാജ്യത്തെ 25 ശതമാനം(3.5 ദശലക്ഷം ഹെക്ടർ) കാർഷിക മേഖലയിലും മുഖ്യ വിള നാളികേരമാണ്‌. 25-35 ശതമാനം ആളുകൾ നാളികേര കൃഷിയെ ഉപജീവിച്ച്‌ കഴിയുന്നവരാണ്‌.
2013 നവംബറിൽ  വീശിയടിച്ച ഹയാൻ ചുഴലിക്കൊടുങ്കാറ്റ്‌ ഫിലിപ്പീൻസിന്റെ നാളികേര മേഖലയ്ക്ക്‌ കനത്ത നഷ്ടം വരുത്തുകയുണ്ടായി. തക്ലോബാൻ മേഖലയിൽ മാത്രം 33 ദശലക്ഷം തെങ്ങുകൾ നശിച്ചു. 396 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ്‌ രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക്‌  ഇതുമൂലം ഉണ്ടായത്‌ എന്ന്‌ ഫിലിപ്പീൻസ്‌ കോക്കനട്‌ അഥോറിട്ട്‌ വ്യക്തമാക്കി.
രാജ്യത്തെ 81 പ്രവിശ്യകളിൽ 68 ഉം നാളികേര ഉത്പാദക മേഖലയാണ്‌. 1195 കോക്കനട്‌ മുനിസിപ്പാലിറ്റികൾ ഉണ്ട്‌. 338 ദശലക്ഷം തെങ്ങുകളാണ്‌ രാജ്യത്ത്‌ ഉള്ളത്‌. ഇതിൽ നിന്ന്‌ 15.238 ബില്യൺ നാളികേരമാണ്‌ വാർഷിക ഉത്പാദനം. 2.760 മെട്രിക്‌ ടൺ ആണ്‌ കൊപ്ര ഉത്പാദനം.
ഫിലിപ്പീൻസിലെ പ്രധാന നാളികേര ഉത്പ്പാദക മേഖലയായ ദവാവോയിൽ ഫിലിപ്പീൻസ്‌ കോക്കനട്‌ അഥോറിട്ടിയുടെ നേതൃത്വത്തിൽ നാളികേര പുനരുജ്ജീവന പദ്ധതി നടപ്പാക്കി വരികയാണ്‌. 2018 ആകുമ്പോൾ 34 ദശലക്ഷം ഡോളറിന്റെ ഉത്പ്പാദനം ആണ്‌ കോക്കനട്‌ റീഹാബിലിറ്റേഷൻ റോഡ്‌ മാപ്പ്‌ എന്ന പദ്ധതിയുടെ ലക്ഷ്യം. 64000 കുടംബങ്ങൾക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കും. 2012 ൽ 20 ദശലക്ഷവും 2013 ൽ 26 ദശലക്ഷവും തൈകൾ ആവർത്തന കൃഷി ചെയ്യാനായിരുന്നു പദ്ധതി. മുഖ്യമായി ഈ മേഖലയിലെ എതിരാളികളായ ഇന്തോനേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളെ പിന്നിലാക്കുക എന്നതാണ്‌ ഇതുകൊണ്ട്‌ ഉദ്ദേശിച്ചതു. കൊക്കോപിത്ത്‌ ആണ്‌ പ്രധാനമായും ഫിലിപ്പീൻസ്‌ കയറ്റി അയക്കുന്ന ഒരു ഉത്പ്പന്നം. 2011 ൽ ഫിലിപ്പീൻസ്‌ 5000 മെട്രിക്‌ ടൺ കൊക്കോപിത്ത്‌ കയറ്റി അയച്ചപ്പോൾ ഇന്ത്യ 400,000 മട്രിക്‌ ടൺ കയറ്റി അയച്ചു. ശ്രീലങ്കയ്ക്ക്‌ 82000 മെട്രിക്‌ ടൺ കയറ്റി അയക്കാനേ സാധിച്ചുള്ളു. പക്ഷെ, 2012 ലെ ആദ്യ നാലുമാസം കൊണ്ട്‌  ഫിലിപ്പീൻസിൽ നിന്ന്‌ ആറ്‌ ദശലക്ഷം ലിറ്റർ തേങ്ങവെള്ളം കയറ്റി അയച്ചു. ഈ മേഖലയിൽ ഇന്നും ഫിലിപ്പീൻസാണ്‌ മുന്നിട്ടു നിൽക്കുന്നത്‌.
സമോവ
പത്ത്‌ ദ്വീപുകളുടെ സമൂഹമാണ്‌ സമോവ എന്ന ചെറിയ രാജ്യം. സാമോവയിലെ പ്രധാന സാമ്പത്തിക സ്രോതസിൽ ഒന്നാണ്‌ നാളികേര കൃഷി. കൊപ്രയും വെളിച്ചെണ്ണയുമാണ്‌ പ്രധാന ഉത്പ്പന്നങ്ങൾ.  ഉത്പ്പന്ന വൈവിധ്യവത്ക്കരണത്തിലൂടെ കയർ, ശുദ്ധിചെയ്ത വെളിച്ചെണ്ണ, ചിരട്ടയിൽ നിന്നുള്ള ഉത്പ്പന്നങ്ങൾ തുടങ്ങിയവയുടെ ഒരു ശ്രേണി തന്നെ രാജ്യത്തെ നാളികേര വ്യവസായ മേഖലയിൽ നിർമ്മിച്ച്‌ കയറ്റുമതി ചെയ്യുന്നുണ്ട്‌.  ഇന്റഗ്രേറ്റഡ്‌ കോക്കനട്ട്‌ പ്രോസസിംങ്ങ്‌ പ്ലാന്റ്‌, നാളികേര മില്ല്‌, വെർജിൻ കോക്കനട്‌ ഓയിൽ നിർമാണം, കൊപ്ര   ഉത്പാദനം  കോക്കനട്‌ ക്രീം നിർമാണം തുടങ്ങിയ മേഖലകളിലാണ്‌ രാജ്യത്തെ നാളികേര മേഖലയിലെ കർഷകർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. സാവായിലെ കോക്കനട്‌ ഫാർമേഴ്സ്‌ അസോസിയേഷന്‌ ഫെയർ ട്രേഡ്‌ സർട്ടിഫിക്കറ്റ്‌ ലഭിച്ചിട്ടുണ്ട്‌. സമോവയിൽ ആദ്യമായി സർട്ടിഫിക്കേഷൻ ലഭിക്കുന്ന കർഷക സമൂഹമാണ്‌ സാവാ.
ശ്രീലങ്ക
നാളികേര വികസനത്തിനു വേണ്ടി മാത്രം പ്രത്യേക മന്ത്രാലയമുള്ള ലോകത്തിലെ ഏക രാജ്യമാണ്‌ ശ്രീലങ്ക. രാജ്യത്തെ മൊത്തം നാളികേര മേഖല 417,000 ഹെക്ടറാണ്‌. ഉത്പാദനം 2014 ൽ 3,300 ദശലക്ഷം നാളികേരവും. നഗരങ്ങളിൽ തെങ്ങു വച്ചുപിടിപ്പിക്കുന്നതിന്റെ ഭാഗമായി കുറിയ ഇനം തെങ്ങിൻ തൈകളുടെ വിതരണം ഉൾപ്പെടെ നാല്‌ വ്യത്യസ്ത പദ്ധതികളാണ്‌ ശ്രീലങ്കയിൽ തെങ്ങു വികസന മന്ത്രാലയം നടപ്പാക്കി വരുന്നത്‌. 2016 ൽ ഇടവിളകൃഷിയോടുകൂടിയ 40000 ഹെക്ടറും, മൃഗസംരക്ഷണം ഉൾപ്പെടെയുള്ള സംയോജിത കൃഷി നടപ്പാക്കുന്ന 40000 ഹെക്ടറും വീതം നാളികേര കൃഷി വ്യാപിപ്പിക്കുന്നതിന്‌ വിവിധ സാമ്പത്തിക സഹായങ്ങൾ കർഷർക്കായി ഗവണ്‍മന്റ്‌ ലഭ്യമാക്കി വരുന്നു. രാജ്യവ്യാപകമായി 10 ശതമാനം സബ്സിഡി നിരക്കിൽ രാസവളം വിതരണം ചെയ്യുക വഴി ഉത്പാദനം 10 ശതമാനം വർധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്‌.
തെങ്ങിനെ ബാധിക്കുന്ന വിവിധ രോഗങ്ങൾ തടയുന്നതിനുള്ള ഗവേഷണം ശ്രീലങ്കയിൽ പുരോഗമിക്കുന്നു. കൂടാതെ ഡേശിക്കേറ്റഡ്‌ കോക്കനട്‌ നിർമാണം, കയർ ഉത്പാദനം മേഖലകളിൽ രണ്ടു മൂന്നു വർഷമായി പിന്നിലായിരുന്നു ശ്രീലങ്ക. എന്നാൽ ചിരട്ട അടിസ്ഥാനമാക്കിയുള്ള വ്യവസായം 2008 മുതൽ നല്ല പുരോഗതിയിലാണ്‌.  125 രാജ്യങ്ങളിലേയ്ക്ക്‌ 30 -ൽ പരം ഉത്പ്പന്നങ്ങൾ ശ്രീലങ്കയിൽ നിന്ന്‌ കയറ്റി അയക്കുന്നുണ്ട്‌.  ലോകത്തിൽ ഏറ്റവും അധികം കയർ ഉത്പ്പാദിപ്പിക്കുന്ന രാജ്യമാണ്‌ ശ്രീലങ്ക. യുഎസ്‌എ, ഫ്രാൻസ്‌, ജപ്പാൻ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലേയ്ക്കാണ്‌ ചിരട്ട ഉത്പ്പന്നങ്ങൾ കയറ്റുതി ചെയ്യുന്നത്‌. രാജ്യത്തിന്റെ മൊത്തം വരുമാനത്തിൽ 4ശതമാനം നാളികേര ഉത്പ്പന്നങ്ങളിൽ നിന്നാണ്‌. (ഉദ്ദേശം 46 ദശലക്ഷം ശ്രീലങ്കൻ രൂപ)
സോളമൻ ദ്വീപുകൾ
ആയിരത്തോളം ചെറു ദ്വീപുകളുടെ സമൂഹമായ സോളമൻ ദ്വീപുകൾ 2020 ലക്ഷ്യമാക്കി  നാളികേര മേഖലയിൽ വൻ കുതിപ്പിന്‌ ഒരുങ്ങുകയാണ്‌. രാജ്യത്തെ 85 ശതമാനം ആളുകളും കൊപ്ര വ്യവസായത്തെ ആശ്രയിച്ച്‌ ജീവിക്കുന്നവരാണ്‌. അതുകൊണ്ട്‌ ഗ്രാമീണ മേഖലയിൽ നാളികേരാധിഷ്ഠിതമായ പുതിയ തൊഴിൽ അവസരങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു.  മൂല്യവർധിത ഉത്പ്പന്നങ്ങളുണ്ടാക്കുക എന്നതിന്‌  വൻ സാധ്യതയുണ്ട്‌ എന്നതിനാൽ, ആ മേഖലയിൽ മുന്നേറാനാണ്‌ ഇപ്പോൾ സോളമൻ ദ്വീപിലെ കർഷകർ ശ്രമിക്കുന്നത്‌. 2009     മുതലാണ്‌ സോളമൻ ദ്വീപുകൾ തെങ്ങുകൃഷിയിലേയ്ക്ക്‌ കൂടുതൽ ശ്രദ്ധ തിരിച്ചതു.
ദ്വീപിലെ പകുതി സ്ഥലത്തും നാളികേര തോട്ടങ്ങളാണ്‌. എല്ലാം തന്നെ ചെറിയ കൃഷിയിടങ്ങളുമാണ്‌. ജനങ്ങളുടെ പ്രധാന ഭക്ഷണങ്ങളെല്ലാം നാളികേരം ചേർത്തവയാണ്‌. അതിനാൽ നാളികേരത്തിന്റെ ആഭ്യന്തര ഉപഭോഗം തന്നെ നല്ല തോതിലുണ്ട്‌. കൊപ്രയാണ്‌ മുഖ്യ കയറ്റുമതി സാമഗ്രി. പ്രധാന വിപണി ഫിലിപ്പീൻസാണ്‌.  2010 ൽ 20000 ടൺ കൊപ്രയാണ്‌ ഉത്പാദിപ്പിച്ചതു. വെർജിൻ കോക്കനട്‌ ഓയിലും ഉത്പാദിപ്പിക്കുന്നുണ്ട്‌. 100 ടൺ ആണ്‌ വാർഷിക ഉത്പ്പാദനം. ഗ്രാമങ്ങളിൽ കിലോഗ്രാമിന്‌വില 20 ഡോളറാണ്‌. ദ്വീപിലെ നാളികേര വിപണി വളരെ ദുർബലമാണ്‌ എന്നതാണ്‌ കർഷകർ നേരിടുന്ന വലിയ പ്രശ്നം. എങ്കിലും പ്രശ്നങ്ങൾ പരിഹരിക്കാനായി കോക്കനട്‌  സെക്ടർ സെക്രട്ടേറിയറ്റ്‌ പരിശ്രമിച്ചു വരികയാണ്‌. പ്രധാനമന്ത്രിയുടെ ഓഫീസ്‌ നേരിട്ടാണ്‌ നാളികേര മേഖലയുടെ പ്രശ്നങ്ങൾ സെക്രട്ടേറിയറ്റ്‌ വഴിയായി പരിഹരിക്കുന്നത്‌.  2020 ലക്ഷ്യമാക്കി നാളികേര മേഖലയിൽ വൻ വികസന പദ്ധതികൾ ആവിഷ്കരിച്ച്‌ നടപ്പാക്കി വരുന്നു.
ടോംഗ
171 ദ്വീപുകളുടെ സമൂഹമാണ്‌ ടോംഗ. ഇതിൽ 40 ദ്വീപുകളിൽ മാത്രമെ ജനവാസമുള്ളു. ഇവയെ  അഞ്ചു ദ്വീപുജില്ലകളായി വിഭജിച്ചിരിക്കുന്നു.  മൊത്തം ജനസംഖ്യ 103252 മാത്രം. തെങ്ങിനെ ജീവന്റെ വൃക്ഷമായിട്ടാണ്‌ ദ്വീപിലെ ജനങ്ങൾ കരുതുന്നത്‌. പക്ഷെ 60 ശതമാനം തെങ്ങുകളും ഉത്പാദനക്ഷമത കുറഞ്ഞവയാണ്‌. മൊത്തം സ്ഥലത്തിന്റെ 74 ശതമാനം തെങ്ങു കൃഷിയാണ്‌. കൃത്യമായ ഭൂവിനിയോഗ നയം ഇല്ലാത്തതിനാൽ നഗരവത്ക്കരണത്തിന്റെ ഭാഗമായി നാളികേര കൃഷിയിടങ്ങൾ ജനവാസ മേഖലകളായി മാറ്റുന്നു. ഇതാണ്‌ തെങ്ങുകൃഷി കുറഞ്ഞു വരാൻ കാരണം.
ദ്വീപിൽ ഇപ്പോഴും മുഖ്യ ഭക്ഷ്യസ്രോതസായി നിൽക്കുന്നത്‌ നാളികേരം തന്നെ. 23.4 ദശലക്ഷം നാളികേരമാണ്‌ വാർഷിക ഉപഭോഗം. ഇതിന്‌ ഒരു ദശലക്ഷം നാളികേരവൃക്ഷങ്ങൾ വേണം. സാമ്പത്തിക പ്രശ്നങ്ങൾ മൂലം ആവർത്തന കൃഷി നടത്തുന്നില്ല. ഉത്പ്പന്നങ്ങൾ ഒന്നും കയറ്റി അയക്കുന്നില്ല. അടുത്തകാലത്തായി ചില വനിതാ സംഘടനകൾ നാളികേര വികസനപദ്ധതികളിൽ വലിയ താൽപര്യം കാണിക്കുന്നുണ്ട്‌. പുതിയ ഉത്പ്പന്നങ്ങൾ നിർമ്മിച്ച്‌ വിദേശരാജ്യങ്ങളിലേയ്ക്ക്‌ കയറ്റി അയക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു വരുന്നു.
തായ്‌ലന്റ്‌
രാജ്യത്തെ മുഖ്യ വിളകളുടെ പട്ടികയിൽ നാളികേരം ഇല്ലെങ്കിലും തായ്‌ലന്റിലെ പ്രധാന നാണ്യവിളയാണ്‌ നാളികേരം. 69 ദശലക്ഷം വരുന്ന ജനസംഖ്യയിൽ 332033 ചെറുകിട കൃഷിക്കാർ നാളികേര കൃഷി കൊണ്ട്‌ ഉപജീവനം കഴിക്കുന്നു.ഇതിൽ 87 ശതമാനം കൃഷിയിടങ്ങളും അഞ്ച്‌ ഹെക്ടറിൽ താഴെ മാത്രം വിസ്തൃതിയുള്ളവയാണ്‌. മൊത്തം വിസ്തീർണത്തിൽ(321 ദശലക്ഷം ഹെക്ടർ) 213,000 ഹെക്ടറിലും നാളികേരമാണ്‌ കൃഷി ചെയ്യുന്നത്‌.
രാജ്യത്തെ നാളികേര ഉത്പ്പാദനത്തിൽ 60 ശതമാനവും ആഭ്യന്തര ഉപയോഗങ്ങൾക്കാണ്‌. 35 ശതമാനം നാളികേര പാൽ ഉത്പാദനത്തിനും 5 ശതമാനം വെളിച്ചെണ്ണ നിർമ്മാണത്തിനും ഉപയോഗിക്കുന്നു. പത്ത്‌ നാളികേര പാൽ സംസ്കരണ യൂണിറ്റുകൾക്കും 15 തേങ്ങാവെള്ളം സംസ്കരണ യൂണിറ്റുകൾക്കുമായി ദിവസം രണ്ടു ദശലക്ഷം നാളികേരം വേണം.  രാജ്യത്തെ മൊത്ത ആഭ്യന്തരഉത്പാദനത്തിൽ  0.3 ശതമാനം നാളികേര ഉത്പ്പന്നങ്ങളുടെ കയറ്റുമതിയിൽ നിന്നാണ്‌.
2011 ലും 12 ലും തായൽന്റ്‌ നാളികേരം ഇറക്കുമതി ചെയ്യുകയുണ്ടായി. സംസ്കരണത്തിന്‌ ആവശ്യമായ ഉത്പാദനം ഇല്ലാതെ വന്നപ്പോഴായിരുന്നു ഇത്‌.  തുടർന്ന്‌ നാളികേര മേഖലയ്ക്ക്‌ ഗവണ്‍മന്റ്‌ വലിയ സഹായങ്ങൾ നൽകി തുടങ്ങി. 2011 -15 കാലഘട്ടത്തിലേയ്ക്ക്‌ വിവിധ പുനരുദ്ധാരണ പദ്ധതികളാണ്‌ ഇപ്പോൾ നാളികേര മേഖലയിൽ തായ്‌ലന്റ്‌ ഗവണ്‍മന്റും കൃഷി മന്ത്രാലയവും ചേർന്ന്‌ നടപ്പാക്കി വരുന്നത്‌. ഉത്പാദനം വർധിപ്പിക്കുക,  രോഗ, കീട നിവാരണ മാർഗ്ഗങ്ങൾ അവലംബിക്കുക, പുതിയ നാളികേര തൈകൾ കൃഷിചെയ്യുക, തുടങ്ങിയവയാണ്‌ പരിപാടികൾ. കയറ്റുമതി ലക്ഷ്യമാക്കി ഗുഡ്‌ അഗ്രിക്കൾച്ചർ  പ്രാക്ടീസ്‌ (ജിഎപി) വെർജിൻ കോക്കനട്‌ ഓയിലിന്റെ ഉത്പാദനം എന്നീ മേഖലകളിലേയ്ക്കും ഗവണ്‍മന്റ്‌ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നു.
വിയറ്റ്നാം
രാജ്യത്തെ നാളികേര ഉത്പാദന മേഖല 156654 ഹെക്ടറാണ്‌.  ശരാശരി വാർഷിക ഉത്പാദനം തെങ്ങ്‌ ഒന്നിന്‌ 24 നാളികേരമാണ്‌. 4,000,000 വിയറ്റ്നാം കർഷകർ മൊത്തം ജനസംഖ്യയുടെ 4.6 ശതമാനം നാളികേര കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നു. പ്രതിസന്ധികൾക്കിടയിലും വിയറ്റ്നാം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 118 ദശലക്ഷം ഡോളറിന്റെ നാളികേര ഉത്പ്പന്നങ്ങൾ കയറ്റി അയച്ചു. കൃഷിക്കാർക്ക്‌ വേണ്ട സാമ്പത്തിക സഹായം നൽകാൻ ഗവണ്‍മന്റിനു സാധിക്കാത്തത്താണ്‌ നാളികേര മേഖലയിലെ വലിയ പ്രതിസന്ധി എന്ന്‌ അധികൃതർ തന്നെ സമ്മതിക്കുന്നു. ഉത്പാദനം കുറഞ്ഞ വൃക്ഷങ്ങൾ വെട്ടി മാറ്റി പുതിയ തൈകൾ വയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല. ചില മേഖലകളിലെ കാലവസ്ഥയും കാർഷികോത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നു.
കോക്കനട്‌ കാൻഡി, വെളിച്ചെണ്ണ, ഡസിക്കേറ്റഡ്‌ കോക്കനട്‌ പൗഡർ, കോക്കനട്‌ മിൽക്ക്‌, ചിരട്ടക്കരി, ഉത്തേജിത കരി തുടങ്ങിയ പരമ്പരാഗത ഉത്പ്പന്നങ്ങൾ കൂടാതെ, പുതിയ  നിരവധി ഉത്പ്പന്നങ്ങളും വിയറ്റനാം വിദേശത്തേയ്ക്ക്‌ കയറ്റി അയക്കുന്നുണ്ട്‌. കരിക്ക്‌, നാറ്റാഡി കൊക്കോയിൽ നിന്ന നിർമ്മിക്കുന്ന ഫേഷ്യൽ മാസ്ക്‌ തുടങ്ങിയവ ഈ ഇനത്തിൽ ഉൾപ്പെടുന്നു. നാളികേര സംസ്കരണമേഖലയിൽ സുസ്ഥിര നാളികേര വ്യവസായങ്ങൾ തുടങ്ങുന്നതിനായി വിയറ്റ്നാം കൂടുതൽ വിദേശ നിക്ഷേപകരെ തേടുകയാണ്‌ ഇപ്പോൾ.
വനാടു
83 ദ്വീപുകളുടെ സമൂഹമാണ്‌ വനാടു. 70 ശതമാനം ഗ്രാമങ്ങളിലും നാളികേരം മുഖ്യ വിളയാണ്‌. അഞ്ച്‌ ഹെക്ടർ വരുന്ന ചെറിയ കൃഷിയിടങ്ങളാണ്‌ എല്ലാം. കയറ്റുമതി ലക്ഷ്യമാക്കി വൻ തോതിൽ കൊപ്രയാണ്‌ എല്ലാ കർഷകരും ഉത്പ്പാദിപ്പിക്കുന്നത്‌. 119384 ഹെക്ടറിൽ  ഏകദേശം 9736676 നാളികേര വൃക്ഷങ്ങളുണ്ടെന്നാണ്‌ കണക്ക്‌. മൊത്തം വാർഷിക ഉത്പാദനം 778,934,080 നാളികേരം.  ഇതിൽ 329 600 000 നാളികേരം കൊപ്രയാക്കുന്നു. 647348 നാളികേരം പ്രതിവർഷം ഭക്ഷ്യാവശ്യങ്ങൾക്ക്‌ ഉപയോഗിക്കുന്നു.  പകുതിയിലേറെ വൃക്ഷങ്ങൾ 50 വർഷത്തിനു മേൽ പ്രായമുള്ളവയാണ്‌. വനാടു കമ്മോഡിറ്റി മാർക്കറ്റിംങ്ങ്‌ ബോർഡാണ്‌ നാളികേര - കൊപ്ര വ്യാപാരം നിയന്ത്രിക്കുന്നത്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...