Showing posts with label achamma thomas. Show all posts
Showing posts with label achamma thomas. Show all posts

19 Jul 2013

എഴുതാത്ത കഥയിലെ രാധിക



അച്ചാമ്മ തോമസ്‌

കഥയെഴുതാൻ ആഗ്രഹിക്കുമ്പോഴൊക്കെ അതിനു സമയം കിട്ടാറില്ല. കിട്ടുമ്പോൾ അത്‌ ഒന്നിലുമെത്താത്ത ധർമ്മസങ്കടങ്ങളോടെ അടുക്കളയിലെ തിരക്കിട്ട പണിയിലോ അടുപ്പിൽ കത്താതെ പുകഞ്ഞു കൊണ്ടിരിക്കുന്ന വിറകുകൊള്ളിയിലോ എത്തിച്ചേരുന്നു. മനസിൽ കഥാപാത്രങ്ങൾ തിക്കിത്തിരക്കി ശ്വാസം മുട്ടിക്കുന്ന അവസ്ഥയിൽ ആരെ സ്വീകരിക്കണമെന്ന തിക്കുമുട്ടലോടെ സ്വയംവരപന്തലിലേക്കിറങ്ങുന്ന കന്യകയുടെ വിഹ്വലത. സാഹിത്യദേവത അപൂർവദർശനമനുവദിക്കുമ്പോൾ ഇരിക്കാനിടമില്ലാതെ ഇരുന്നാലും എഴുതാൻ കടലാസും പേനയുമില്ലാതെ ഇതെല്ലാം ഒത്തുവരുമ്പോൾ ഘടികാരം അഞ്ചന്നടിക്കും. കണ്ണുതിരുമ്മി എഴുന്നേൽക്കുകയും രാത്രിയിൽ പത്തിലേക്കു സൂചി കയറുമ്പോഴേക്കും ഉറക്കത്തിനു വെമ്പൽ കൂട്ടുന്ന തളർന്ന ശരീരവുമായി എന്തെഴുതാൻ.
    വെള്ളപേപ്പറെടുത്തു രാധികയെപ്പറ്റി എഴുതാനിരിക്കുമ്പോളാണ്‌ അടുപ്പിൽ കറി കരിയുന്ന മണം വന്നത്‌. ഞാൻ അടുക്കളയിലേക്കോടി. അടുപ്പിൽനിന്നും കറി വാങ്ങിവച്ചിട്ടു തിരിച്ചുവന്നപ്പോഴേക്കും രാധിക അവളെ ക്ഷണിച്ചയാളുടെ കൂടെ ഓട്ടോയിൽ കയറി കഴിഞ്ഞിരുന്നു. ഇനി രക്ഷയില്ല. ഒരുപക്ഷേ, നാളെ വന്നേക്കാം. ഇല്ലെങ്കിൽ മറ്റെന്നാളാകാം. ആലോചിച്ചിരിക്കാൻ സമയമില്ല. അവരെ പൈന്തുടർന്നാലോ? എങ്ങനെ? ഒരു ഓട്ടോയെടുത്തു പുറകെ പോകാമെന്നുവച്ചാൽ ഈ പാവം വീട്ടമ്മയ്ക്ക്‌ എവിടെ പൈസ? കഥയെഴുതാൻ പേപ്പറില്ലാഞ്ഞിട്ടു മകൾ നോട്ടെഴുതി പകുതിക്കു നിറുത്തിയ ബുക്കും തപ്പിയെടുത്താണിരിപ്പ്‌. പച്ചക്കറി മേടിക്കാൻ കരുത്തിയ പൈസാകൊണ്ട്‌ രാധികയെ പൈന്തുടർന്നാലോ? വേണോ? വേണ്ട. അത്ര അത്യാവശ്യമൊന്നുമില്ല.
    രാവിലെ പള്ളിയിൽപോയി തിരിച്ചുവരുമ്പോൾ രാധിക അവളുടെ വീട്ടിലേക്കുള്ള ഇടവഴിയുടെ ഓരത്ത്‌ ഓട്ടോയിൽ വന്നിറങ്ങുന്നു. ബ്ലൗസിനടിയിൽനിന്നും രൂപയെടുത്ത്‌ ഓട്ടോക്കൂലി കൊടുത്തു മുഖം തിരിച്ചപ്പോൾ അവളെന്നെ കണ്ടു. ഉറക്കച്ചടവുള്ള ആ മുഖത്ത്‌ വല്ലാത്തൊരു സന്തോഷം. "ഓ ചേച്ചിയോ? എത്ര നാളായി കണ്ടിട്ട്‌. ചേച്ചിയുടെ കഥകളൊക്കെ ഞാൻ വായിക്കാറുണ്ട്‌. എന്നെപ്പോലുള്ളവരുടെ കഥയെഴുതാമെന്നു പറഞ്ഞിട്ട്‌ എഴുതിയോ?"
    നിലനിൽക്കുന്ന നിമിഷങ്ങളെ അതിജീവിക്കാനുള്ള വെമ്പലിൽ എല്ലാ മറക്കുന്ന രാധികയുടെ പുഞ്ചിരി എനിക്കുൾക്കൊള്ളാൻ വിഷമമായിരുന്നു. ഞാനവളെ മനസിലാക്കിയിരുന്നതുകൊണ്ട്‌ ഞാനവളുടെ കൂടെ നടന്നു. പള്ളിയും വീടും ഞാൻ മറന്നു. നാട്ടിൽ വ്യഭിചാരിണിയെന്നു പരക്കെ അറിയപ്പെടുന്ന രാധിക എനിക്കായി തുറന്ന ഇരുളടഞ്ഞ മുറിയിലേക്കു ഞാൻ നടന്നു. ഞാനറിയാത്ത ഏതോ പുരുഷനൊപ്പം അതോ എനിക്കു നല്ല പരിചയമുള്ള മുഖമാണോ ആരുമാകട്ടെ, അവരുടെ ഒപ്പം ശയിച്ച സ്ത്രീയുടെ കൂടെയുള്ള നടത്തം എന്റെ അഭിമാനത്തിനു പറ്റുന്ന ഒന്നായിരുന്നില്ല. എന്നാൽ ചുറ്റുപാടുകൾ അവൾക്കായി തീർത്ത ഇടുങ്ങിയ വഴികളും അവളുടെ വിശാലമായ മേച്ചിൽപ്പുറങ്ങളും അവളെനിക്കു കാട്ടിത്തന്നു. ഉത്തരവാദിത്വത്തോടെ ചെയ്ത ഓഫീസുജോലിപോലെ. ഇളയത്തുങ്ങൾക്കു ഫീസ്‌. അച്ഛനു മരുന്ന്‌. അടുക്കളയിലേക്ക്‌ ആഹാരം. എല്ലാം പങ്കുവച്ചു കഴിക്കുമ്പോൾ രാത്രികളിലെ കൂലി തീർന്നു. നാളത്തെ വിളിക്കായി കാതോർക്കുന്ന രാധിക.
    പരപുരുഷഗന്ധമുള്ള നോട്ടുകളാണ്‌ അവളുടെ സഹോദരങ്ങളെ ഡിഗ്രിക്കാരാക്കുന്നത്‌. അവരൊരു നിലയിലെത്തുമ്പോൾ താനീപണി നിർത്തും. "അമ്മയുമച്ഛനും പണിക്കുപോയ ഒരു ദിവസം കുറച്ചു നെയ്യപ്പവും മുട്ടായിയും വാങ്ങിത്തന്നോമനിച്ച എന്റെ ഒരു ബന്ധുവാണാദ്യം.." അവളൊന്നു നിർത്തി. ആ പഴയകാലങ്ങൾ ഓർത്തെടുക്കുംപോലെ. മറുപടി ഒന്നും പറയാനില്ലാതെ ഞാനുമൊന്നു പകച്ചു. "ഞാൻ കണ്ടുമുട്ടിയവരെ ഓർക്കാൻ ഞാനൊരിക്കലും ആഗ്രഹിച്ചിട്ടില്ല. ആരുടെയും മുഖമന്റെ മനസിന്റെ കോണിലെങ്കിലും സൂക്ഷിച്ചിരുന്നില്ല. വാസനസോപ്പുപതപ്പിച്ചു ശരീരത്തിൽ പറ്റിയ അഴുക്കുകൾ ഒഴുക്കുനീറ്റിൽ കഴുകിക്കളഞ്ഞ്‌ കുളിച്ചു കയറുമ്പോഴൊക്കെ ഞാനോർക്കും ഇനി ഇല്ല. അയൽക്കാരും പല സംഘടനക്കാരുമൊക്കെ ഉപദേശിക്കാൻ വന്നു. പക്ഷേ, ആർക്കാർക്കും ജീവിക്കാൻ ഒരു വഴി നിർദ്ദേശിക്കാനില്ലായിരുന്നു. എല്ലാവർക്കുമൊപ്പം തലയുയർത്തി നിൽക്കാൻ പറ്റാത്ത അഭിമാനമില്ലാത്തൊരു ജന്മമായി എന്റേത്‌. ഈ കഥകളൊക്കെ എഴുതണം ചേച്ചി. ചേച്ചിക്കു പ്രശസ്തിയും പണവും കിട്ടും. പുസ്തകം ധാരാളം പണം ചേച്ചിക്കു നേടിത്തരും."
    "രാധികേ ഓരോരുത്തരും അവനവന്റെ പ്രയാസങ്ങളെ കാണുന്നൊള്ളു. എന്നെപ്പോലുള്ള എഴുത്തുകാർക്കു ധാരാളം അരുതായ്കകളുണ്ട്‌. പൊടിപ്പും തൊങ്ങലും മസാലകളുമൊക്കെ ചേർത്ത്‌ എഴുതാൻ മനസ്സുള്ള എനിക്കാവുകയില്ല. സമൂഹത്തോടും ചുറ്റുവട്ടത്തോടും കുടുംബത്തോടും തന്നോടുതന്നെയും ചില ഉത്തരവാദിത്വമുള്ള എഴുത്തുകാർക്കും അവരുടെ അരുതായ്കകളിൽനിന്നും പുറത്തുകടക്കാൻ കഴിയില്ല. മുലയൂട്ടുമ്പോൾ കുഞ്ഞിനോടുള്ള ഒരമ്മയുടെ വാത്സല്യംപോലെ ആണെനിക്കെന്റെ എഴുത്തിനോടുള്ളത്‌". രാധിക എന്റെ ആത്മവിലാപം കലർന്ന കണ്ണുകളോടെ കേട്ടു.
    "ചേച്ചി പറയുന്നതെനിക്കു മനസ്സിലാകുന്നില്ല. ഐയിഷുവിന്റെ കഥ ചേച്ചിയെഴുതിയതു ഞാൻ വായിച്ചു. അതിലവരുടെ ആത്മസംഘർഷങ്ങൾ നന്നായി. രണ്ടു കുഞ്ഞുങ്ങളുമായി ജീവിതത്തിന്റെ നാൽക്കവലയിൽ നിൽക്കുമ്പോഴും പകലന്തിയോളം പണിചെയ്തു ജീവിക്കുന്ന അയിഷു. ചേച്ചിയുടെ എല്ലാ കഥകളെയും പോലെയല്ലാതെ എന്റെ കഥ എഴുതുമ്പോൾ സഭ്യതയുടെ ചട്ടക്കൂടിനു പുറത്തുപോകുമെന്നു ചേച്ചിക്കു പേടിയുണ്ടോ? അവളുടെ ചോദ്യം പ്രസക്തമാണ്‌. അതിലപ്പുറം എന്നെ അതിശയിപ്പിച്ചതു അവളെന്റെ കഥയിലെ നായികമാരെ സഖികളാക്കി എന്നുള്ളതാണ്‌. ലൈംഗികത്തൊഴിലാളിയുടെ കഥകൾ ചൂടപ്പംപോലെ വിറ്റുപോകുന്ന ഈ കാലത്ത്‌ ഒന്നും മൂടിവച്ചിട്ടു കാര്യമില്ല. വീണ്ടുമവൾ വാചാലയായി. ഞാനൊരു കേൾവിക്കാരിയും. "ആരാണു ചേച്ചി എന്നെ സ്നേഹിക്കാനുള്ളത്‌. ഒളിഞ്ഞും തെളിഞ്ഞും വരുന്നവനോക്കെ കാര്യം കഴിഞ്ഞു പൊടിയും തട്ടിയങ്ങുപോകും. വഴിക്കെവിടെയെങ്കിലും കാണാനിടയായാൽ വെറുപ്പോടെ മുഖം തിരിച്ചു കളയും. സ്വന്തം വീട്ടിൽപോലും സ്ഥാനമില്ലാത്ത അവസ്ഥ. എന്നെപ്പോലൊരാളുടെ കഥയെഴുതി പേരു ചീത്തയാക്കേണ്ട എന്നു ചേച്ചി കരുതുന്നുണ്ടാകും. ഇതെല്ലാമുപേക്ഷിച്ചു ദൂരെയെവിടെയെങ്കിലും പോയി ആരുമറിയാതെ ജീവിക്കണമെന്നുണ്ട്‌."
    ഞാനങ്ങോട്ടു പറയാനിരിക്കുകയായിരുന്നു. എന്തെങ്കിലും ജീവിക്കാനൊരു പണിയും കണ്ടുപിടിക്കണം." "പക്ഷേ," രാധിക എന്തോ ആലോചനയിലെന്നപോലെ. "അതിനുമുൻപ്‌ ആരുടെയെങ്കിലും കൈകൾ എന്റെ കഴുത്തിലേക്കു നീണ്ടുവരുമോ എന്തോ?" "നീ വെറുതേ ഒന്നും ചിന്തിക്കാതെ, നിന്നെ എനിക്കറിഞ്ഞുകൂടെ. ഇനി കാണുമ്പോഴേയ്ക്കും നിന്റെ കഥ ഞാനെഴുതിയിരിക്കും."
    വേണ്ടതും വേണ്ടാത്തതും എഴുതി കടലാസും സമയവും ചെലവിട്ടിരിക്കുന്ന നാളുകളിലാണു രാധികയെപ്പറ്റി പിന്നീടു ഞാൻ കേട്ടത്‌. അടുക്കളയുടെ തിരക്കുകളിലേക്കു നീങ്ങുന്നതിനു മുമ്പ്‌ ദിനപ്പത്രത്തിന്റെ പേജുകളിൽ കൂടിയുള്ള യാത്രയിലായിരുന്നു ആ വാർത്ത കണ്ണിൽ പെട്ടത്‌. 'തൊടുപുഴയാറ്റിലെ കുളിക്കടവുകളിലൊന്നിൽ അജ്ഞാതയുവതിയുടെ മൃതദേഹം.' മൃതദേഹത്തിന്റെ ഫോട്ടോ പരിചയമുള്ളൊരു മുഖത്തെ ഓർപ്പിച്ചു. "ആരുടെയെങ്കിലും കൈകൾ എന്റെ കഴുത്തിലേക്കു നീളുമോ എന്തോ". ആ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങി. ആറ്റുതീരത്തെ റബർതോട്ടത്തിൽകൂടി ഞാൻ വേഗം നടന്നു. ആൾത്തിരക്കിൽ പരിചയക്കാരുടെ ദൃഷ്ടിയിൽ പെടാതെ ഞാനെത്തിക്കുത്തി നോക്കി. ശരീരത്തിന്റെ പാതി വെള്ളത്തിലും പാതി കാട്ടുചെടികൾക്കിടയിലും ഉടക്കിക്കിടക്കുന്ന ജഡം. സൂക്ഷിച്ചുനോക്കാതെ തന്നെ അതു രാധികയുടേതാണെന്നു ഞാൻ തിരിച്ചറിഞ്ഞു. പൂർണ്ണനഗ്നമായ ശരീരം. കാട്ടുചെടികളിലുടക്കി ആരോ വലിച്ചെറിഞ്ഞപോലെ കിടക്കുന്ന അവളുടെ സാരി. ഒരു മായാവിയാകാൻ സാധിച്ചിരുന്നെങ്കിൽ ആരുടെയും കണ്ണിൽപെടാതെ ചെന്ന്‌ ആ സാരിയെടുത്ത്‌ അവളുടെ നഗ്നത മറയ്ക്കാമായിരുന്നു എന്നു ഞാൻ വെറുതേ ചിന്തിച്ചു.
    "ഇവളുമാർക്കു പറഞ്ഞിരിക്കുന്ന അന്ത്യംതന്നെ. അല്ലാതെന്താ?" ഒരു സദാചാരക്കാരന്റെ ആത്മഗതം. "ഇവൾക്കൊക്കെ ചാകാൻ കണ്ട സ്ഥലം. ണല്ലോരു കുളിക്കടവായിരുന്നു." വേറൊരു പ്രകൃതിസ്നേഹിയുടെ വേദന. "വ്യഭിചാരത്തിനു കിട്ടിയ ശിക്ഷ". അതു മറ്റൊരു സ്മാർത്ത വിചാരക്കാരന്റെ വിചാരണയായിരുന്നു. ഞാനിതിലൊന്നും പെടാതെ ഈ നാട്ടുകാരനേ അല്ലെന്നുള്ള മട്ടിൽ തിരിച്ചുനടന്നു. ലളിതസമവാക്യങ്ങൾകൊണ്ടു കഥപറച്ചിലിന്റെ ആഖ്യാനത്തിലൂടെ രാധികയുടെ കഥയെഴുതണമെന്നും അതിൽ അവളെ പിച്ചിച്ചീന്തിയവരുടെ മുഖംമൂടികൾ പറിച്ചെറിയണമെന്നും വിചാരിച്ചിരുന്ന എന്നിലെ ആദർശ എഴുത്തുകാരി ചുരുണ്ട അട്ട കണക്കേ തലയും താഴ്ത്തി നടന്നപ്പോൾ എനിക്കെന്നോടുതന്നെ അവജ്ഞ തോന്നി. ജയിക്കുന്നവന്റെ പുറകെയുള്ള സമൂഹത്തിന്റെ ഓട്ടത്തിൽ ഞാനും മടികൂടാതെ ഓട്ടം തുടങ്ങി. വാദിയും പ്രതിയും സാക്ഷിയും കക്ഷിയും മൊഴിമാറ്റലുമൊന്നുമാവശ്യമില്ലാ
തെ രാധികയുടെ ജഡം അപ്പോഴും തൊടുപുഴയാറിന്റെ കരയ്ക്കടിഞ്ഞ്‌ ആ ഓളങ്ങളിൽ പതുക്കെ ചാഞ്ചാടിക്കൊണ്ടിരുന്നു.

21 Jun 2013

രണ്ടു കവിതകൾ


അച്ചാമ്മ തോമസ്‌
ചെണ്ട
കാണുന്നവനൊന്നു കൊട്ടും
താളം തീരുവോളം മാരാരും
ജീവിതം തീരുവോളം വിധിയും
മെരുങ്ങുന്നില്ലയെന്റെ മനസ്സു
മാത്രം ചെണ്ടയാവാൻ.




സമാഗമം
അച്ചാമ്മ തോമസ്‌

ആകാശം നീലക്കുപ്പായമൂരി
കടലിലേയ്ക്കെറിഞ്ഞു
അവളുടെനഗ്നതയിലേയ്ക്കുനോക്കി
സൂര്യൻപടിഞ്ഞാറുനിന്നു
ലജ്ജയാൽ ചുവന്നു തുടുത്ത-
വൾ മനോഹരിയായി
നക്ഷത്രങ്ങളുടെ അകമ്പടിയോടെ
ഒരുവൻവന്നവൾക്കുപുടവനൽകി
അവരുടെ സമാഗമം കാണാനാകാതെ
സൂര്യൻ കടലിന്റെ ആഴത്തിലേയ്ക്ക്‌
രാവിന്റെ കരിമ്പടകൂടാരത്തിനുള്ളി
ലേയ്ക്കിരുവരും കയറുമ്പോൾ
പൂത്തുലഞ്ഞ നിശാഗന്ധികളെ
ഭൂമി അവർക്കു സമ്മാനിച്ചു
വിനാഴികകളുടെ അന്ത്യത്തിൽ
ആകാശം കിഴക്കുപെറ്റിട്ട
കുട്ടിസൂര്യനെ കണ്ട്‌
നിലാവേങ്ങോപോയൊളിച്ചു.

25 May 2013

മരണം നട്ടുനനയ്ക്കുന്നവർ


അച്ചാമ്മ തോമസ്‌
    വർഷങ്ങളുടെ പഴക്കമുള്ള ആ രാത്രിയുടെ, ജനൽപ്പാളി തുറക്കുമ്പോൾ, പുറത്തെവിടെയോനിന്ന്‌ നായ ഓരിയിട്ടു. ഉറക്കമില്ലാത്ത രാത്രിയുടെ കാവൽക്കാർ. മൺകുടം തട്ടിയിട്ടുടച്ച കറുമ്പൻ പൂച്ച, അതിന്റെ പച്ചക്കണ്ണുകൾ തെളിച്ച്‌ ഇരുട്ടിലൂടെ പുറത്തേയ്ക്ക്‌ പാഞ്ഞു. അതിനൊരു നന്ദി പറയാൻ കഴിഞ്ഞില്ല. ഇതെവിടെയാണ്‌? ഈ കുടുസ്സുമുറി ഏതാണ്‌? ഒന്നും വ്യക്തമാകുന്നില്ല. കാലം എത്രകഴിഞ്ഞിരിക്കുന്നു. പോരാത്തതിന്‌ തലയുടെ പകുതി നഷ്ടപ്പെട്ടിരിക്കുന്നു. ഓർമ്മകളും പകുതിയേ കാണു. തയിലേയ്ക്കുയർത്തിയ കൈയ്യാകട്ടെ, കൈപ്പത്തിയില്ലാതെ നിന്നു തേങ്ങി. ജീവൻ പാകിവയ്ക്കരുതെന്നുള്ള ക്രൂരതയിൽ വെട്ടുമ്പോൾ, അറ്റുപോകുന്ന ശരീര ഭാഗങ്ങൾ പിന്നീടവയെല്ലാം പെറുക്കിക്കൂട്ടാൻ സാധിച്ചാലായി. അല്ലെങ്കിൽ അവയൊക്കെ മൃഗങ്ങൾക്കു ഒരു നേരത്തെ ആഹാരമായി.
    ദൂരെ കുറ്റിച്ചെടികൾക്കിടയിൽ നിന്നും ഒരു വെളിച്ചം, നിലാവെളിച്ചവുമായി കൂടികളർന്ന്‌, ഭീകരമായ ഒരു രൂപമായി, വായുവിൽ ലയിച്ചു. കുറുക്കന്മാർ ഓലിയിടുകയും, മുരളുകയും, ചീറുകയും ചെയ്തുകൊണ്ട്‌ ഓടി നടക്കുന്നു. ഇതുപോലൊരു രാത്രിയുടെ ഓർമ്മ, കാഴ്ചയുടെ വിരുന്നൊരുക്കി മുന്നിൽ തെളിഞ്ഞു. ഓർമ്മയുടെ തടാകത്തിൽ ഓളങ്ങളുണ്ടാക്കി, വേദനയുടെയും പകയുടെയും നാഗങ്ങൾ, പരസ്പരം ചുറ്റിപ്പിണഞ്ഞു. ജാതിയുടെയോ, രാഷ്ട്രീയത്തിന്റെയോ, വേലിക്കെട്ടുകളില്ലാതെ, ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ വ്യത്യാസമില്ലാതെ, മനുഷ്യനെ സ്നേഹിച്ചതിനു കിട്ടിയ സമ്മാനം. ഒരു സമ്മേളനത്തിൽ പങ്കെടുത്ത്‌ മടങ്ങുമ്പോൾ, വഴിയരികിലെ പൊന്തൽക്കാട്ടിൽ നിന്നും, ചാടിവീണ കുറെനിഴലുകൾ, വെട്ടിയും കുത്തിയും അടിച്ചും മൃതപ്രായനാക്കി. എന്താണ്‌ സംഭവിക്കുന്നത്‌. എന്നറിയാനുള്ള സമയം കിട്ടുന്നതിനു മുമ്പ്‌ വെട്ടുവീണു. ജീവനുവേണ്ടി ചിലപ്പോൾ, തുരുതുരാ വെട്ടുന്നവർക്ക്‌ ജീവൻ ബാക്കി വയ്ക്കരുതെന്ന നിർദ്ദേശം പാലിക്കേണ്ടിയിരുന്നു. രക്തംകണ്ട്‌ അറപ്പ്‌ മാറിയ ക്രൂരതയുടെ പര്യായങ്ങൾ. ഡ്രാക്കുളയുടെ രീതി കേട്ടിട്ടുണ്ട്‌. ആർക്കും പിടികൊടുക്കാത്ത ഊർജ്ജം വീണ്ടെടുക്കാൻ രക്തം പാനം ചെയ്യും. പക്ഷേ ജീവൻ എടുക്കില്ല. എന്നാൽ മനുഷ്യൻ അങ്ങനെയല്ല. കരുണയില്ലാത്ത അവനാവശ്യം ജീവനാണ്‌. എന്നാൽ ചിലരാകട്ടെ നാണയത്തുട്ടുകൾക്കായി ഒരു പരിചയവുമില്ലാത്ത സഹജീവിയെ ചൂണ്ടിക്കാട്ടുമ്പോൾ കൊല്ലാൻ തയ്യാറാകുന്ന മനുഷ്യമനസ്സ്‌. വെട്ടുകൊണ്ട ചോരക്കളത്തിൽ കിട്ടുന്ന, ശരീരത്തിന്റെ ആത്മാവുവിട്ടുപിരിഞ്ഞുപോകാനാകാതെ, കാറ്റിനോടൊത്ത്‌ മുകളിൽ ചുറ്റിപ്പറ്റി നിന്നു. സ്നേഹിച്ചു തീരാത്ത ഭാര്യയെ ഓർത്ത്‌, സ്കൂൾ ബാഗും കുടയുമൊക്കെ കൊണ്ടു ചെല്ലാമെന്ന്‌ പറഞ്ഞിട്ടുപോയ, അച്ഛൻ ചെല്ലുന്നതും കാത്തിരിക്കുന്ന മക്കൾ. മകന്റെ സംരക്ഷണയിൽ ജീവിക്കാൻ കൊതിച്ചിരിക്കുന്ന അച്ഛനും അമ്മയും. ജീവിതം ജീവിച്ചു തീരാത്ത യൗവ്വനം, പാതിവഴിക്കായ ജഡത്തെ ഓർത്ത്‌, ആത്മാവ്‌ വിട്ടുപിരിയാനെ, അവിടെ കാത്തുനിന്നു. ഒഴുകി പടർന്ന്‌ സ്വന്തം രക്തത്തിൽ തലചായിച്ച്‌, അറ്റുവീഴാറായ കൈകൾ കൊണ്ട്‌, മണ്ണിനെ വാരിപ്പുണർന്ന്‌, ഇടവിട്ടിടവിട്ട്‌ തുറക്കുന്ന  വായുടെ വശങ്ങളിലൂടെ ഒഴുകുന്ന ചോരയും നീരും നീർക്കുമിളകളും, അടയാത്ത ആ കണ്ണുകളിലെ ഭാവമെന്തായിരുന്നു? ആരായിരുന്നു? എന്തിനായിരുന്നു ജീവനെടുത്തത്‌? ആശയങ്ങളുടെ പൊരുത്തക്കേടുകൾക്കായിട്ടോ? ഒറ്റികൊടുത്തവനും ഒറ്റുവാങ്ങിയവനും എന്താണ്‌ നേട്ടമുണ്ടായത്‌?
    പക്ഷേ അവരറിഞ്ഞില്ല, സ്വന്തം ജീവിതത്തിന്റെ കടയ്ക്കലാണ്‌ മരണംനട്ട്‌, രക്തംകൊണ്ട്‌ നനയ്ക്കുന്നതെന്ന്‌. ഏതായാലും ഇനി ഊഴമൊന്ന്‌ മാറുകയാണ്‌. കൊത്തിനുറുക്കപ്പെട്ട ശരീരം കണ്ട്‌, ബോധം മറഞ്ഞ്‌, പിച്ചും പേയും പറഞ്ഞ്‌, മരിച്ച അമ്മയ്ക്കായി ചിലത്‌ ചെയ്യാനുണ്ട്‌. പ്രതികാരത്തിന്റെയും, പകയുടെയും പുകപടലങ്ങൾ, അന്തരീക്ഷത്തിലുയർന്നു. രാത്രി അവസാനിക്കും മുമ്പ്‌ മഞ്ഞയും ചുവപ്പും, കറുപ്പുമായി മേഘപ്പാളികൾ കാറ്റിനൊപ്പം നീങ്ങി. ചിതയിൽ കത്തി ജ്വലിക്കുന്ന അസ്ഥിക്കഷണം പോലെ മഞ്ഞ മേഘപ്പാളികൾക്കിടയിൽ ചന്ദ്രക്കല ഒളിഞ്ഞു കിടന്നു.

27 Apr 2013

മറുകരയ്ക്കുള്ള പ്രയാണം





അച്ചാമ്മ തോമസ്‌ 

  ജീവിതത്തിൽ പലപ്പോഴായി ചെയ്തുകൂട്ടിയ കർമ്മങ്ങൾ. അവ രണ്ടുതട്ടുകളിലാക്കുമ്പോൾ തിന്മയുടെ വശത്തേയ്ക്ക്‌ കൂടുതൽ ചരിവ്‌. എങ്ങനെ ചരിവ്‌ വരാതിരിക്കും? അത്തരമൊരു ജനനമാണല്ലോ. രാവിന്റെ യാമങ്ങളിൽ, ഇരുട്ടിന്റെ മറയ്ക്കുള്ളിലോ രതിക്രീഢകളിലെ സ്ഖലിതബീജങ്ങളിലേക്ക്‌, നന്മയുടെ ഉറവകളുമായി ഇറങ്ങിവന്ന മാലാഖമാർ, ഭ്രാന്തിപ്പെണ്ണിനെ കീഴടക്കുന്ന ഏതോ ദുഷ്ടയുവത്വത്തിന്റെ വന്യവും നീചവുമായ പ്രവൃത്തികണ്ട്‌, ഒഴുകി നടന്ന മേഘത്തുണ്ടുകളിലൂടെ, വന്നിടത്തേയ്ക്കു തന്നെ മടങ്ങി. ഇരുട്ടിൽ കാത്തുനിന്ന ആത്മാക്കൾ, തിന്മയുടെ ജീവകണികകൾ, പാവം ആ ഭ്രാന്തിയുടെ ഉള്ളറകളിൽ നിക്ഷേപിച്ചു. പിന്നീടെന്തൊക്കെ നടന്നിരിക്കും?
    ഓർമ്മ ഉറച്ചു തുടങ്ങുമ്പോൾ, കള്ളുഷാപ്പിലെ കപ്പപ്പുഴുക്കും ഇറച്ചിക്കറിയും തയ്യാറാക്കുന്നതിന്റെ വാസനകൾക്കിടയിലൂടെ ഓടി നടക്കുകയായിരുന്നു. ചത്തുകിടന്ന ഭ്രാന്തിത്തള്ളയുടെ മാറത്തുനിന്നടർത്തിയെടുത്ത 'ള്ള' കുഞ്ഞിനെ പാറു അമ്മ തന്റെ രണ്ടു പെൺകുഞ്ഞുങ്ങളുടെ കൂടെ വളർത്തി. ജീവിതത്തിൽ കിട്ടിയ ഒരേയൊരു സൗഭാഗ്യം. അതിന്റെ മറുവിലയ്ക്കപ്പുറവും പാറുഅമ്മയെയും മക്കളെയും  സ്നേഹിച്ചു.
    മണ്ടപോയ തെങ്ങുകളും കമ്മ്യൂണിസ്റ്റ്‌ പച്ചകളും കൊണ്ട്‌, ആളനക്കമില്ലാത്ത പറമ്പിലിട്ടാണ്‌, പാറുഅമ്മയുടെ കെട്ടിയോൻ കേശവൻ കാളകളെ കൊല്ലുക, വയറൊട്ടി എല്ലുകളുയർന്ന ദൈന്യതയുടെ അവതാരംപോലെ നിൽക്കുന്ന അവയെ നിർദ്ദയം അടിച്ചുവീഴ്ത്തി ചൂടാറാതെ തൊലി പൊളിച്ച്‌ ഇറച്ചി വിൽക്കുന്ന കേശവനെയാണ്‌ കണ്ട്‌ വളർന്നത്‌. സന്ധ്യകളിൽ ചാരായമടിച്ച്‌ ഉടുതുണി ഭാരമായി പറിച്ചെറിഞ്ഞ്‌ കിടക്കുന്ന കേശവനെ അച്ഛാ എന്ന്‌ വിളിച്ചുവളർന്ന തന്നിലേക്ക്‌ ആ സ്വഭാവമഹിമ വളർന്നത്‌ സ്വാഭാവികം.
    പിത്തശൂല പിടിച്ച ചെറുക്കൻ എത്ര പെട്ടെന്നാണ്‌ വളർന്നത്‌? കപ്പപ്പുഴുക്കും കാളഇറച്ചിയും പേശികളിൽ ചൂടും ചൂരും നിറച്ചു. മസിലുകൾ ഉരുണ്ടു കളിയ്ക്കുന്ന നീണ്ട കൈകാലുകൾ. കറുത്തിരുണ്ട മുടിയും കട്ടിമീശയും. പൗരുഷത്തിന്റെ കരുത്തും ഉറപ്പുമായി ഇറച്ചിക്കടയിൽ നിവർന്നു നിൽക്കുമ്പോൾ അച്ഛനോടുള്ളതിനേക്കാൾ സൗഹാർദ്ദവുമായി പരിചയക്കാർ. വീടിനടുത്തുള്ള കനാലിലെ ഒഴുക്കു വെള്ളത്തിൽ നീന്തിത്തുടിച്ച്‌ കയറിപ്പോകുന്ന തന്നെ നോക്കി, ഒളിഞ്ഞും തെളിഞ്ഞും നാണിക്കുന്ന സൗന്ദര്യങ്ങളെ ഒന്നിനെയും നിരാശപ്പെടുത്താതെ അടുപ്പിച്ചു നിർത്തി. നിലാവുള്ള രാത്രികളിൽ, ഉറക്കം വരാതെ കിടക്കുമ്പോൾ, സിരകളിൽ കോളിളക്കം സൃഷ്ടിച്ചുകൊണ്ട്‌ പൊട്ടിത്തെറിച്ച്‌ വികാരങ്ങൾ കിനിഞ്ഞിറങ്ങി. മദം പൊട്ടിയ ഗജവീരനെപ്പോലെ പരക്കംപാഞ്ഞ്‌ കാട്ടിക്കൂട്ടിയതെന്തെല്ലാം?
    ഒടുവിൽ സിറ്റൗട്ടിലെ ചാരുകസേരയിൽ ഒടിഞ്ഞുമടങ്ങിയുള്ള കിടപ്പ്‌. പാറു അമ്മയുടെ പെൺമക്കളെ പട്ടിണിക്കിടാതെവന്മാരുടെ കൂടെത്തന്നെ, പറഞ്ഞയച്ചു. കൊന്നുകൂട്ടിയ മിണ്ടാപ്രാണികളുടെ ശാപമായിരിക്കാം സംസാരിക്കാൻ പറ്റാതെ, പെട്ടെന്നൊരിടി മിന്നലിൽ, വളർത്തച്ഛന്റെ മരണം. പൊള്ളലേറ്റ്‌ പകുതി ജീവൻ പോയ ശരീരവുമായി, കിടന്നും ഇരുന്നും ഒരു ജീവിതം ബാക്കിയായി. ലോകത്തെല്ലാറ്റിനോടും യാത്രാവചനം ചൊല്ലി. വിവാഹിതനാകാത്തതിനാൽ, ഒരു സ്ത്രീയുടെ കണ്ണുനീർ കാണാതെ കഴിഞ്ഞു. അന്ത്യത്തിനായുള്ള കാത്തിരിപ്പ്‌. അതൊരു വല്ലാത്ത കാത്തിരിപ്പുതന്നെ. പാറുഅമ്മയുടെ നിസ്വാർത്ഥമായ മാതൃസ്നേഹത്തിനു മാത്രം ഇന്നും ഒരു കുറവുമില്ല. ആ കടം എങ്ങനെവീട്ടുമെന്നുമാത്രം അറിയില്ല. മറുകരതാണ്ടാനുള്ള ഈപ്രയാണത്തിൽ വിധിയുടെ ചരടുവലിയിലെ പാവകൾ, അവ കളിയ്ക്കുന്നു, ഒന്നുമറിയാതെ.

26 Mar 2013

ചിന്താവിഷ്ടയാകാൻ സീതയ്ക്കു സമയമില്ല


അച്ചാമ്മ തോമസ്‌

നഗരങ്ങളും ഗ്രാമങ്ങളും പിന്നിട്ട്‌ വനത്തിലേയ്ക്കു കയറിയപ്പോഴെ സീത കാറിന്റെ ചില്ലു താഴ്ത്തി. 'ഓ എത്രനല്ല കാട്‌. പക്ഷികളുടെ സ്വരം, കുരങ്ങമ്മാരും മറ്റു മൃഗങ്ങളും കാണും ഇല്ലേ അനി" "കാണും" ഡ്രൈവിംങ്ങിൽ ശ്രദ്ധിക്കുന്ന അനിക്ക്‌ വനഭംഗി ആസ്വദിക്കാനുള്ള മനസ്സില്ലായിരുന്നു. അതുപോലൊരു  ദൗത്യമാണ്‌ തനിക്കുള്ളത്‌. "രാജൻ കൂടെ വന്നെങ്കിൽ", സീത അതു പറയുമ്പോഴേയ്ക്കും വാഹനം ഒരു പുഴയുടെ തീരത്തായി നിർത്തി അനി ഇറങ്ങി. സീതയും കൂടെയിറങ്ങി.
    'നല്ല പുഴ' അവൾ പുഴയിലിറങ്ങി നിന്ന്‌ കൈക്കുമ്പിളിൽ ജലമെടുത്തു. കാർ സ്റ്റാർട്ടാക്കുന്ന സ്വരം കേട്ട്‌ സീത തിരിഞ്ഞുനോക്കി. എന്താ അനി പോകുവാണോ?' 'ജ്യേഷ്ടൻ ഇവിടെ കൊണ്ടു വന്നു വിടാനാണ്‌ പറഞ്ഞത്‌. ജ്യേഷ്ടത്തിയുടെ ചാരിത്ര ശുദ്ധിയിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിശ്വാസമില്ല. ഒന്നുമല്ലെങ്കിലും കൊട്ട്വേഷൻ വിളിച്ച്‌ ജ്യേഷ്ടത്തിയ കൊല്ലിച്ചില്ലല്ലോ അതു തന്നെ ഭാഗ്യം എന്നു കരുതിയ്ക്കോ? സീത അന്തിച്ചു നിൽക്കേ അനി ഒരു പൂച്ചക്കുഞ്ഞിനെ കാട്ടിലുപേക്ഷിക്കുന്ന ലാഘവത്തോടെ അവളെ ഉപേക്ഷിച്ച്‌ മടങ്ങി.
    അനി നിലത്തേക്കെറിഞ്ഞിട്ട ബാഗ്‌ അവൾ കണ്ടു. ഇതെപ്പോഴെടുത്തുവച്ചു. താനറിഞ്ഞില്ലല്ലോ. അപ്പോഴെല്ലാം പ്ലാൻ ചെയ്തു തന്നെയായിരുന്നു. ഒരു വർഷം മുമ്പാണ്‌ ആശുപത്രിയിൽ കിടന്ന അച്ഛനു ചോറുമായി പോയ തന്നെ ഓട്ടോക്കാരൻ രമണൻ തട്ടിക്കൊണ്ടു പോയത്‌! എത്ര പാടുപെട്ടാണ്‌ താനയാളുടെ തടവിൽ നിന്നും രക്ഷപ്പെട്ടത്‌. തന്നെ കൊണ്ടുവന്നു പാർപ്പിച്ചതു അടുത്ത മരത്തിലിരുന്നു കണ്ട വാനരൻ ഓടിവന്നു. കൈയ്യിലിരുന്ന പൊതിച്ചോറു കിട്ടിയ സന്തോഷത്തിൽ അവൻ പൊട്ടി പൊളിഞ്ഞിരുന്ന ജനൽ വലിച്ചു പൊളിച്ചു. താനതിലേ ചാടി രക്ഷപ്പെട്ടു. ആ ജനാലയിലൂടെ കുനിഞ്ഞു കടക്കുമ്പോഴും കാട്ടിലൂടെ ഓടുമ്പോഴും ശരീരത്തിൽ പലേടത്തും ചോര പൊടിഞ്ഞു.
    തിരിച്ചു വന്ന തന്നെ ആരും വിശ്വസിച്ചില്ല. ഭർത്താവു കൂടെ നിൽക്കുമെന്നു കരുതി. എത്ര ഗൈനക്കോളജിസ്റ്റുകളെ കൊണ്ടു പരിശോധിപ്പിച്ചു. നാർക്കോ അനാലിസ്സിസും ബ്രെയിൻമാപ്പിംങ്ങും സിഡി അനാലിസ്സിസും എന്നു വേണ്ട എന്തെല്ലാം പരിശോധനകൾ. എന്നിട്ടും ഭർത്താവിന്‌ വിശ്വാസമില്ലന്നോ. ജനങ്ങൾ അവർക്കിതിലെന്തുകാര്യം എന്നു ചിന്തിക്കാനുള്ള ആണത്തം രാജനില്ലേ. ഒരു പുരുഷനെ സ്ത്രീ തടവിലാക്കിയെങ്കിൽ അവനെ ആരും ചോദ്യം ചെയ്യില്ല. സ്ത്രീക്കു മാത്രമായി ഒരു ചാരിത്ര്യമോ? എല്ലാ പരീക്ഷണങ്ങൾക്കും ശേഷം രാജൻ കൂടെ താമസിച്ചു. താനൊരു സംശയവും രാജനിൽ കണ്ടില്ല. അത്രയ്ക്കു സ്നേഹമഭിനയിച്ചു രാജൻ. രണ്ടു മൂന്നു മാസം ഗർഭിണിയായി കഴിഞ്ഞപ്പോൾ മുതൽ ഒരു മനംമാറ്റം. ഏതു തിരക്കിലും ഫോൺ ചെയ്തിരുന്ന രാജന്‌ ഇപ്പോൾ ഒന്നിനും സമയമില്ല. ജോലിത്തിരക്ക്‌, സന്ദർശകർ. പുറത്തു പോകണമെങ്കിൽ ആരെയെങ്കിലും കൂട്ടിനു വിളിച്ചുപൊയ്ക്കൊള്ളാൻ ശർമ്മിളയ്ക്കാണെങ്കിൽ ഒന്നിനും താൽപര്യമില്ല.
    ഭാര്യ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ മുതൽ പണ്ടെങ്ങോ നടന്ന സംഭവത്തിന്റെ പേരിലൊരു സംശയം. ചാരിത്ര്യം മണ്ണാങ്കട്ട ഇതിന്റെ പേരും പറഞ്ഞ്‌ കാര്യം കണ്ടു കഴിഞ്ഞ്‌ ഉപേക്ഷിക്കാനുള്ള തന്ത്രം അനുവദിക്കാൻ മാത്രം ഈ സീത ഒരുക്കമല്ല. വനിതാക്കമ്മീഷനിൽ ഒരു പരാതികൊടുക്കണം. അവൾ ആരും കാണാതെ കൂടെ കൊണ്ടുനടന്നിരുന്ന ഫോണെടുത്ത്‌ വിളിച്ചു. അമ്മത്തൊട്ടിലുകൾ ഉണ്ടാകും മുമ്പ്‌ തന്നെ അമ്മ വയലിൽ ഉപേക്ഷിച്ചു. അവിടെ നിന്നും കണ്ടെടുത്ത്‌ രക്ഷിച്ച ശരണാലയഭവനിൽ നിന്നും വാഹനം വന്നു. ഒരിയ്ക്കലും ഇവിടേയ്ക്കിനിവരേണ്ടി വരുമെന്നു ഓർത്തില്ല. മാന്യനായ രാജൻ തന്നെ സ്നേഹിയ്ക്കുമെന്നും ണല്ലോരു കുടുംബ ജീവിതം ഉണ്ടാകുമെന്നും കരുതി. എല്ലാം തെറ്റി. ജീവിതത്തിൽ തെറ്റലുകളേ ഉള്ളോ? ശരികളില്ലേ?
    ശരികളെ മുറുകെ പിടിച്ച തനിയ്ക്കുണ്ടായ നഷ്ടങ്ങൾ തന്നെയല്ലേ ശരികളില്ല എന്നുള്ളതിന്‌ തെളിവ്‌. എന്തെല്ലാം പാരിതോഷികങ്ങൾ എന്തെല്ലാം സമ്മാനങ്ങൾ എല്ലാമുപേക്ഷിച്ചല്ലേ തടവറയിൽ നിരാഹാരമിരുന്നത്‌. അതിന്റെ മുറ്റത്തു നിന്ന ബദാം മരത്തിന്റെ തണലായിരുന്നു തന്റെ ഏക ആശ്വാസം ഒടുവിൽ അതിലിരുന്ന കുരങ്ങനും. ശരണാലയത്തിൽ ആരുമായും ചങ്ങാത്തം കൂടാതെ ഒറ്റയ്ക്കു കഴിഞ്ഞു. അതിനിടയിൽ ആൺകുട്ടിയെ പ്രസവിച്ചു. ഒന്നും മകനിൽ നിന്നൊളിച്ചില്ല. അമ്മയുടെ ജീവിതത്തെ മകൻ പഴിച്ചില്ല. അവനും സത്യം ഗ്രഹിക്കാനുള്ള നിഷ്ക്കളങ്കത ഉണ്ടായിരുന്നു.
    സീതയില്ലാതെ വിവാഹത്തിന്റെ ഗോൾഡൻ ജൂബിലി ആഘോഷിക്കുന്ന രാജന്റെ കഥ സീത അറിഞ്ഞു. സീത കുട്ടിയെ അച്ഛന്റെ അടുത്തേയ്ക്കയച്ചു. കുട്ടിയിൽ നിന്നും സത്യം ഗ്രഹിച്ച രാജൻ സീതയെത്തേടി വീണ്ടുമെത്തി. പക്ഷെ ഒരു വ്യവസ്ഥ കുട്ടി ഡി.എൻ.എ ടെസ്റ്റു നടത്തി സത്യം തെളിയിക്കണം.
    അവൾക്കതു കേട്ടതേ വെറുപ്പാണ്‌ തോന്നിയത്‌. ഇനിയും സ്ത്രീത്വത്തെ അപമാനിക്കലോ ഇയാളുടെ സംശയങ്ങൾ തീർത്ത്‌ തീർത്ത്‌ ഞാനെന്തിനെന്റെ ജീവിതം പാഴാക്കണം. മാനസികമായി ഈ പീഡനം താങ്ങാൻ വയ്യ. ശരണാലയത്തിലായിരുന്നപ്പോൾ പഠിച്ച തയ്യലും കമ്പ്യൂട്ടറും അവൾക്കു സഹായത്തിനെത്തി. അടുത്തുള്ളൊരു സ്കൂളിൽ ക്ലാർക്കായി ജോലികിട്ടി. കുട്ടിയെ അവിടെ പഠിപ്പിക്കാനും സാധിച്ചു. സ്കൂട്ടി ഓടിക്കാൻ പഠിച്ച്‌ ലൈസൻസ്സെടുത്തു. വിധിയെ പഴിച്ച്‌ ആശാന്റെ സീത ചിന്തിച്ചിരുന്ന കാലം കഴിച്ചു. അവസാനം അഗ്നിയിൽ ചാടി ശുദ്ധിതെളിയിച്ചിട്ടും തെളിയാത്ത രാമന്റെ കണ്ണു തള്ളിച്ചു കൊണ്ട്‌ ഭൂമി പിളർന്നവൾ അപ്രത്യക്ഷയായി. അത്തരം അത്ഭുതങ്ങൾ കാട്ടി ഭർത്താവിനെയും ബന്ധുക്കളെയും വിശ്വസിപ്പിക്കാൻ നിൽക്കാതെ സീതത്തന്റെ കുട്ടിയെ സ്കൂളിലേയ്ക്കു വിട്ട്‌ ആഫീസിലെ ജോലിതിരക്കിൽ മുഴുകി. ചിന്താവിഷ്ടയാകാൻ സീതയ്ക്കു ഒട്ടും സമയമില്ല.






23 Feb 2013

പാവം നിരാലംബൻ


അച്ചാമ്മ തോമസ്‌

വിശ്വാസ്യത ഇല്ലാത്ത
വിശ്വസ്തതയുടെ ലോകം
അവിടെയല്ലേ നാമെല്ലാം
ചിരിച്ചുകൊണ്ട്‌
ഹായ്‌ 'ബായ' പറയുന്നത്‌,
വിശ്വാസം അതല്ലേ എല്ലാം
ഈശ്വരനിലും മനുഷ്യനിലും
വിശ്വാസം
മതത്തിലുംപാർട്ടിയിലും
അതിലേറേ  വിശ്വാസം
രോഗിക്ക്‌ ഡോക്ടറെ  വിശ്വാസം,
ഡോക്ടർക്ക്‌ രോഗിയുടെ
പോക്കറ്റിൽ വിശ്വാസം,
പക്ഷെ ,മരണപ്പെട്ടവന്‌
ജീവിച്ചിരിക്കുന്നവരെ
വിശ്വാസമില്ല ,കാരണം
മരണം വിശ്രമമാണെന്ന
അറിവിനെ കീറിമുറിച്ചും
മരുന്നുകളിട്ട്‌ മരവിപ്പിച്ച്‌
ക്യാമറയ്ക്കു മുന്നിൽ പോസ് ചെയ്യിച്ചും
പ്രദർശനം ചെയ്യിച്ചും
വിശ്രമിക്കാനനുവദിക്കാത്ത
ജീവിച്ചിരിക്കുന്നവരെ
മരണപ്പെട്ടവനുഭയമാണ്‌;
പാവം നിരാലംബൻ

24 Jan 2013

നോട്ടം


അച്ചാമ്മ തോമസ്

നിന്റെ നോട്ടം എന്റെ വാക്കുകൾ
ക്കപ്പുറത്തേക്കായിരുന്നു
ഞാനോ നിന്റെ മൗനങ്ങൾ
ക്കപ്പുറത്തെ നിഗൂഢതയെ
വിശകലനം ചെയ്യുന്ന
നോട്ടത്തിലായിരുന്നു

22 Dec 2012

തിന്മയുടെ ബീജം


അച്ചാമ്മ തോമസ്‌

    ജീവിതത്തിൽ പലപ്പോഴായി ചെയ്തുകൂട്ടിയ കർമ്മങ്ങൾ അവ രണ്ടു തട്ടുകളിലാകുമ്പോൾ തിന്മയുടെ വശത്തേയ്ക്ക്‌ കൂടുതൽ ചരിവ്‌. എങ്ങനെ ചരിവ്‌ വരാതിരിക്കും. അത്തരമൊരു ജനനമാണല്ലോ രാവിന്റെ യാമങ്ങളിൽ ഇരുട്ടിന്റെ മറയ്ക്കുള്ളിലെ രതിക്രീഡകളിലെ സ്ഖലിതബീജങ്ങളിലേയ്ക്കു നന്മയുടെ ഉറവകളുമായ്‌ ഇറങ്ങിവന്ന മാലാഖമാർ ഭ്രാന്തിപെണ്ണിനെ കീഴടക്കുന്ന ഏതോ ദുഷ്ടയുവത്വത്തിന്റെ വന്യവും നീചവുമായ പ്രവർത്തികണ്ട്‌ ഒഴുകി നടന്ന മേഘത്തുണ്ടുകളിലൂടെ വന്നിടത്തേയ്ക്കു തന്നെ മടങ്ങി. ഇരുട്ടിൽ കാത്തുനിന്ന ആത്മാക്കൾ തിന്മയുടെ ജീവകണികകൾ പാവമാ ഭ്രാന്തിയുടെ ഉള്ളറകളിൽ നിക്ഷേപിച്ചു. പിന്നിടെന്തൊക്കെ നടന്നിരിക്കും.
    ഓർമ്മ ഉറച്ചു തുടങ്ങുമ്പോൾ കള്ളുഷാപ്പിലേ കപ്പപ്പുഴുക്കും ഇറച്ചിക്കറിയും തയ്യാറാക്കുന്നതിന്റെ വാസനകൾക്കിടയിലൂടെ ഓടിനടക്കുകയായിരുന്നു. ചത്തുകിടന്ന ഭ്രാന്തിത്തള്ളയുടെ മാറത്തുനിന്നടർത്തിയെടുത്ത കുഞ്ഞിനെ പാറുവമ്മ തന്റെ രണ്ടു പെൺകുഞ്ഞുങ്ങളുടെ കൂടെ വളർത്തി. ജീവിതത്തിൽ കിട്ടിയ ഒരേയൊരു സൗഭാഗ്യം അതിന്റെ മറുവീലയ്ക്കപ്പുറവും പാറുവമ്മയെയും മക്കളെയും സ്നേഹിച്ചു.
    മണ്ടപോയ തെങ്ങുകളും കമ്മ്യൂണിസ്റ്റ്‌ പച്ചകളും കൊണ്ട്‌ ആളനക്കമില്ലാത്ത പറമ്പിലിട്ടാണ്‌ പാറുവമ്മയുടെ കെട്ടിയോൻ കേശവൻ കാളകളെ കൊല്ലുക. വയറൊട്ടി എല്ലുകളുയർന്നു ദൈന്യതയുടെ അവതാരംപോലെ നിൽക്കുന്ന അവയെ നിർദയം അടിച്ചു വീഴ്ത്തി ചൂടാറാതെ തൊലിപൊളിച്ച്‌ ഇറച്ചിവിൽക്കുന്ന കേശവനെയാണ്‌ കണ്ടുവളർന്നത്‌. സന്ധ്യകളിൽ ചാരായമടിച്ച്‌ ഉടുതുണിഭാരമായി പറിച്ചെറിഞ്ഞ്‌ കിടക്കുന്ന കേശവനെ അച്ഛാ എന്നു വിളിച്ചു വളർന്ന തന്നിലേയ്ക്ക്‌ അസ്വഭാവമഹിമ വളർന്നത്‌ സ്വാഭാവികം.
    പിത്തശൂല പിടിച്ച ചെറുക്കൻ എത്രപെട്ടെന്നാണ്‌ വളർന്നത്‌. കപ്പപ്പുഴുക്കും കാളയിറച്ചിയും പേശികളിൽ ചൂടും ചൂരും നിറച്ചു. മസിലുകൾ ഉരുണ്ടുകളിയ്ക്കുന്ന നീണ്ടകൈകാലുകൾ. കറുത്തിരുണ്ട്‌ മുടിയും കട്ടിമീശയും. പുരുഷത്വത്തിന്റെ കരുത്തും ഉറപ്പുമായി ഇറച്ചിക്കടയിൽ നിവർന്നുനിൽക്കുമ്പോൾ അച്ഛനോടുള്ളതിനേക്കാൾ സൗഹാർദ്ദവുമായി പരിചയക്കാർ. വീടിനടുത്തുള്ള കനാലിലെ ഒഴുക്കുവെള്ളത്തിൽ നീന്തിതുടിച്ചുകയറി പോകുന്ന തന്നെ നോക്കി ഒളിഞ്ഞും തെളിഞ്ഞും നാണിപ്പിക്കുന്ന സൗന്ദര്യങ്ങളെ ഒന്നിനെയും നിരാശപ്പെടുത്താതെ അടുപ്പിച്ചുനിർത്തി. നിലാവുള്ള രാത്രികളിൽ ഉറക്കം വരാതെ കിടക്കുമ്പോൾ സിരകളിൽ കോളിളക്കങ്ങൾ സൃഷ്ടിച്ചുകൊണ്ട്‌ പൊട്ടിത്തരിച്ച്‌ വികാരങ്ങൾ കിനിഞ്ഞിറങ്ങി. മദം പൊട്ടിയ കരിവീരനെപ്പോലെ പരക്കംപാഞ്ഞ്‌ കാട്ടിക്കൂട്ടിയതെന്തെല്ലാം.
    ഒടുവിൽ സിറ്റൗട്ടിലെ ഈ ചാരുകസേരയിൽ ഒടിഞ്ഞുമടങ്ങിയുള്ള കിടപ്പ്‌. പാറുവമ്മയുടെ പെൺമക്കളെ പട്ടിണിക്കിടാത്തവന്മാരുടെ കൂടെത്തന്നെ പറഞ്ഞയച്ചു. കൊന്നുകൂട്ടിയ മിണ്ടാപ്രാണികളുടെ ശാപമായിരിക്കാം സംസാരിക്കാൻ പറ്റാതെ പെട്ടെന്നൊരു ഇടിമിന്നലിൽ വളർത്തച്ഛന്റെ മരണം. പൊള്ളലേറ്റ്‌ പകുതി ജീവൻപോയ ശരീരവുമായി കിടന്നും ഇരുന്നും ഒരു ജീവിതം ബാക്കിയായി. ലോകത്തെല്ലാത്തിനോടും യാത്രാവചനംചൊല്ലി. വിവാഹിതനാകാത്തതിനാൽ ഒരു സ്ത്രീയുടെ കണ്ണുനീർ കാണാതെ കഴിഞ്ഞു. അന്ത്യത്തിനായുള്ള കാത്തിരിപ്പ്‌. അതൊരു വല്ലാത്ത കാത്തിരിപ്പുതന്നെ. പാറുവമ്മയുടെ നിസ്വാർത്ഥമായ മാതൃസ്നേഹത്തിനുമാത്രം ഇന്നും ഒരു കുറവുമില്ല. ആ കടം എങ്ങനെ വിട്ടുകിട്ടുമെന്നു മാത്രം അറിയില്ല. മറുകരതാണ്ടാനുള്ള ഈ പ്രയാണത്തിൽ വിധിയുടെ ചരടുവലിയിലെ പാവകൾ. അവ കളിയ്ക്കുന്നു ഒന്നുമറിയാതെ.

23 Nov 2012

എന്റെ സ്വന്തം പുഴ


അച്ചാമ്മ തോമസ്‌

ഈ പുഴ എന്റേതാണ്‌ എന്റേതുമാത്രം
എന്റെ സ്വന്തംപുഴ എന്നെതൊട്ടൊഴുകുന്നപുഴ
അവളെ ഞാനെന്റെ കുടുന്നയിലൊളിപ്
പിക്കാൻ കൊതിച്ചു
അവളെന്റെ കൈക്കുമ്പിളിൽ
സ്നേഹത്തിന്റെ നനവേൽപിച്ച്‌ എങ്ങോട്ടോ ഒഴുകി
അവളെ തണലണിയിച്ച മരങ്ങളാകെ
പൂത്തപ്പോളവൾ സുന്ദരിയായി .
എന്റെ എകാന്തതകളെ കുളിരണിയിച്ചുകൊണ്ട്

അവൾ സംഗീതമൊഴുക്കി
ആ കുളിർത്തടങ്ങളെ, ആലിലവയറിനെ
നൃത്തംചവിട്ടുന്ന നിതംബങ്ങളെ
കെട്ടിപുണരാൻ ഞാൻ കൈകൾ നീട്ടി .
അവളുടെ ചുരുൾമുടിയിൽ പൂക്കളർപ്പിക്കുന്ന
ആറ്റുവഞ്ചികളോട് ഞാൻ വഴക്കിട്ടു
അവളെ പുണരുന്ന കാട്ടുചേമ്പുകളെ
നോക്കി ഞാൻ കണ്ണുരുട്ടി
അവയ്ക്കിടയിലിരുന്ന കാട്ടുകോഴികൾ
അകലങ്ങളിലേയ്ക്ക്‌ പറന്നുപോയി
നിന്നിൽ നീന്തിതുടിയ്ക്കുന്ന ചേരക്കോഴികളെ
നിർദ്ദയം ഞാൻ കല്ലെറിഞ്ഞു,
നിന്റെ അഴകിന്റെ അതിരുകളെ
മലിനമാക്കുന്നവരെ ശപിച്ചു
കാർമേഘവർണ്ണന്റെ നിറംചാലിച്ച
നിന്റെ മെയ്യിൽ സന്ധ്യ സിന്ധൂരം
ചാർത്തുമ്പോൾ ഞാനെന്റെ
പ്രണയം ഒളിപ്പിക്കുന്നില്ല
ഈ പുഴ എന്റെ സ്വന്തംപുഴ

കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ - ഒരു പഠനം


അച്ചാമ്മ തോമസ്‌


അരുന്ധതി റോയിയുടെ GOD OF SMALL THINGS  എന്ന നോവലിന്റെ  മലയാള പരിഭാഷയെ അടിസ്ഥാനമാക്കി ഒരന്വേഷണം
ദി ഗോഡ്‌ ഓഫ്‌ സ്മോൾതിംഗ്സ്‌ അഥവാ കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ. 1997 ലെ ബുക്കർ പ്രൈസ്‌ ലഭിച്ച നോവൽ. സ്ത്രീ-പുരുഷ സമത്വത്തിനും സ്ത്രീക്കും കുടുംബസ്വത്തിൽ തുല്യഅവകാശമാണ്‌ വേണ്ടതെന്നവാദിച്ചു ജയിച്ച മേരിറോയിയുടെ മകളായ അരുന്ധതിറോയിയുടെ ആദ്യ നോവൽ.
    പ്രിയ എ.എസ്‌ ഈ പുസ്തകത്തിന്റെ മലയാള വിവർത്തനം ചെയ്തിരിക്കുന്നു. വിവർത്തനത്തിനു വഴങ്ങാത്ത പുസ്തകം എന്നെല്ലാരും വിശേഷിപ്പിച്ചപ്പോൾ വിവർത്തനം ചെയ്തേ അടങ്ങൂ എന്ന വാശിയിൽ നിന്നുണ്ടായ ഗുണം മലയാളിയ്ക്കു തന്നെയാണ്‌. എല്ലാവരുമുണ്ടായിട്ടും എല്ലാമുണ്ടായിട്ടും ഒറ്റയ്ക്കാവുന്നവരുടെ സങ്കടത്തിന്റെ ആരും കാണാത്ത കടലാണീ പുസ്തകം. മലയാളം എന്ന ഇംഗ്ലീഷ്‌ വാക്ക്‌ മുന്നോട്ടും പുറകോട്ടും വായിക്കാം. അതുപോലെ ഈ പുസ്തകവും മുന്നോട്ടും പുറകോട്ടും വായിക്കണമെന്ന്‌ പ്രിയ എഴുതുന്നുണ്ട്‌. വളരെ ശരിയാണ്‌. ബോധധാരാരീതിയിൽ എഴുതപ്പെട്ട ഈ നോവൽ ആദ്യം മുന്നോട്ടും പിന്നെ പുറകോട്ടും ഞാൻ വായിച്ചു. ഇടയ്ക്ക്‌ ചില അധ്യായങ്ങൾ പ്രത്യേകം വായിച്ചു. ചിലത്‌ അടയാളം വച്ചിട്ട്‌ വീണ്ടും വീണ്ടും വായിച്ചു. ഇതിലെ എസ്തയുടെയും റാഹേലിന്റെയും കുസൃതികൾ നമ്മെ ചിരിപ്പിക്കും. എന്നാൽ ചില വരികളിൽ ഒളിഞ്ഞിരിക്കുന്ന വേദനകളിൽ നാമറിയാതെ തേങ്ങിപ്പോകും.
    ഈ നോവലിൽ മൂന്നു മരണങ്ങൾ നടക്കുന്നുണ്ട്‌. സോഫിമോളുടെയും അമ്മുവിന്റേയും മരണത്തെക്കാൾ വായനക്കാരന്റെ മനസ്സുലയ്ക്കുന്നത്‌ കുഞ്ഞു കാര്യങ്ങളുടെ ഒടേ തമ്പുരാന്റെ മരണമാണ്‌! ഏഴു വയസ്സുള്ളപ്പോൾ നഷ്ടപ്പെട്ട സഹോദരനെ 23 വർഷങ്ങൾക്കുശേഷം കണ്ടുമുട്ടുമ്പോൾ അവനിലെ ചിന്താശക്തി നഷ്ടപ്പെട്ടതറിഞ്ഞ്‌ ഇരട്ട അണ്ഡങ്ങളിലൊന്നായ റാഹേലിന്റെ മനസ്സ്‌ വേദനിയ്ക്കുമ്പോൾ നാമും വേദന പങ്കിട്ടു പോകുന്നു.
    കോട്ടയത്തെ അയ്മനം ഗ്രാമവും മീനച്ചിലാറും ഇതിലെ പ്രധാന കഥാപാത്രങ്ങളാണ്‌. നാട്ടിൻപുറത്തിന്റെ എല്ലാ നിഷ്കളങ്കതയും നെഞ്ചേറ്റിയ നോവൽ. വലിയൊരു തറവാടിന്റെ അകത്തളത്തിലെ ജീവിതവും തൊട്ടുകൂടായ്മയും, രാഷ്ട്രീയം, ആണാവശ്യങ്ങൾ, സ്ത്രീക്ക്‌ നിരോധിക്കപ്പെട്ട പിതൃസ്വത്ത്‌ എന്നുവേണ്ട സമൂഹത്തിന്റെ നേർഛേദമായി വളരുന്നു നോവൽ.
    അന്നത്തെയും എന്നത്തേയും രാഷ്ട്രീയചിന്താഗതികളും ചിന്തയ്ക്കായി ഇതിലെ വാക്കുകളിൽ ചേർക്കപ്പെട്ടിരിക്കുന്നു. വല്ല്യപാപ്പൻ പരവനും മക്കൾ കുട്ടപ്പനും വെളുത്തയുമില്ലാതെ ഈ നോവൽ നോവലേ അല്ല. എസ്തയുടെയും റാഹേലിന്റെയും കുഞ്ഞുകാര്യങ്ങളിലെ തമ്പുരാനായ വെളുത്ത പിന്നീടെപ്പോഴോ അവരുടെ അമ്മ അമ്മുവിന്റെ തമ്പുരാനായി മാറുന്നു. അതായത്‌ നോവലിൽ ആവർത്തിച്ചുപറയുന്നപോലെ കാര്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറിമറിയാം.
    അരുന്ധതി കാലത്തെയും ചരിത്രത്തെയും സാധാരണക്കാരുടെ ഇടയിലെ രാഷ്ട്രീയഇടപെടലുകളെയും ബ്രിട്ടീഷ്‌ അധിനിവേശത്തിൽ നിന്നുളവായ സാമൂഹ്യമാറ്റത്തെയും തൊട്ടുകൂടാത്തവരുടെയും തൊടാവുന്നവരുടെയും അകലങ്ങളെപ്പറ്റിയുമെല്ലാം ണല്ലോരു വിശദീകരണം തന്നെ നോവലിലൂടെ വരച്ചു കാട്ടുന്നുണ്ട്‌. തങ്ങളുടെ കാലടികൾ പതിഞ്ഞ കാൽപ്പാടുകൾ മായ്ച്ചു കളയാനായി കൈയ്യിൽ ചൂലുമായി പിന്നോട്ടുനടന്ന്‌ അടിച്ച്‌ മായ്ച്ചുകളഞ്ഞ്‌ കാലം. ചിലരെ സംബന്ധിച്ച്‌ ഈ കാലം ഒന്നുമല്ലായിരിക്കും. എന്നാൽ ചൂലില്ലാതെയും കാൽപാടുകളെമായ്ച്ചുകളയേണ്ടി വരുന്ന മനുഷ്യരെ സംബന്ധിച്ചിടത്തോളം ഇതൊക്കെ വിലപിടിപ്പുള്ള വെളിപ്പെടുത്തലുകൾ തന്നെ.
    രാഷ്ട്രീയതാൽപര്യങ്ങളും വ്യക്തിതാൽപര്യങ്ങളും പാർട്ടിനിയമങ്ങളും ആർക്കുവേണ്ടിയാണ്‌ ഉണ്ടാക്കപ്പെട്ടിരിക്കുന്നത്‌. വ്യക്തിതാൽപര്യത്തേക്കാൾ മുകളിലാണ്‌ സഖാവേ സംഘടനാ താത്പര്യം എന്നു പറഞ്ഞ്‌ വെളുത്തയെ കൈയ്യൊഴിയുന്ന നേതാവു പിള്ള. പിന്നീടുണ്ടായ സംഭവപരമ്പരകളിൽ അയ്മനം വീടിന്റെ ഉടമസ്ഥതയിലെ അച്ചാർ ഫാക്ടറി പിടിച്ചെടുക്കുമ്പോൾ അരുന്ധതി ചെറിയൊരു വരിയിൽ കാര്യങ്ങളൊതുക്കുന്നു. ചരിത്രം കാത്തുവച്ച കൈയ്യുറയിലേയ്ക്ക്‌ അയാൾ തന്റെ തയ്യാറായിരിക്കുന്ന വിരലുകൾ ചുമ്മാതെ കടത്തി അത്രമാത്രം. ഒരൊറ്റികൊടുക്കലിന്റെ വിജയം.
    ഇതിവൃത്തമോ ആഖ്യാനമോ ഒന്നുമില്ലാത്ത ഒരസംബന്ധനാടകത്തിനകത്തുപെട്ടുപോ
കുന്നവർ. താന്താങ്ങളുടെ ഭാഗങ്ങളിലൂടെ തപ്പിത്തടഞ്ഞ്‌ മറ്റാരുടെയോ സങ്കടങ്ങളെ താലോലിച്ചും വളർത്തിയും മറ്റാരുടെയോ സങ്കടങ്ങളിൽ അകപ്പെട്ടുപോകുന്നവർ. നാടകങ്ങൾ തിരുത്തിയെഴുതാൻ കഴിയില്ലാത്തവർ. എല്ലാം നാടകങ്ങളിൽ മുൻപേർ എഴുതപ്പെട്ടവ. എത്ര ഉദാത്തമായ നിർവ്വചനമാണ്‌ നമ്മളൊക്കെ വിധിയെന്നു പറയുന്ന സംഭവങ്ങൾക്കു നൽകിയിരിക്കുന്നത്‌. നമ്മുടെയൊക്കെ ജീവിതത്തിലും മുൻപേർ എഴുതപ്പെട്ടുപോയ വിധികൾ തിരുത്തിയെഴുതാൻ കഴിവില്ലാതെ അകപ്പെട്ടുപോയി സങ്കടങ്ങളുടെ ആഴങ്ങളിൽ മുങ്ങിതാണുപോയില്ലേ. ഇതേപോലൊന്നാണ്‌ അമ്മുവിന്റെയും വെളുത്തയുടെയും ഇണചേരൽ. ഇതിന്റെ അവസാനം ഭയങ്കരമായതെന്തോ നടക്കുമെന്നറിഞ്ഞുകൊണ്ടു തന്നെ നിയന്ത്രിക്കാൻ പറ്റാതായിപോയ ഒന്നാണ്‌ ആ ഒത്തുചേരൽ. അമ്മുവിന്റെ ആത്മഹത്യ വെളുത്തയെ പോലീസ്‌ മർദ്ദിച്ചു കൊല്ലുന്നത്‌ പുഴ കാണുകകൂടി ചെയ്യാത്ത സോഫിമോൾ പുഴയിൽപെട്ടു മരിക്കുന്നത്‌ ഇതിനൊന്നും ആരും ഉത്തരവാദികളല്ല. പക്ഷെ തറവാട്ടു മഹിമയുള്ള കുടുംബപ്പേരിന്‌ കളങ്കം വരാതെയും രക്ഷപെടലിനും ഇഷ്ടക്കേടുകൾക്കുമൊടുവിൽ ഒരാൾ ശിക്ഷിക്കപ്പെടേണ്ടത്‌ അനിവാര്യമായിരുന്നു. എല്ലാവർക്കുമായി ഒരാൾ കുരിശിലേറ്റപ്പെടുന്നത്‌ നല്ലതാണ്‌ എന്ന്‌ യേശുവിന്റെ കാലത്ത്‌ പുരോഹിതശ്രേഷ്ഠർ വിധിച്ചപോലെ വെളുത്തയുടെ കാര്യത്തിലും സംഭവിച്ചു എന്നേയുള്ളൂ.
    പഴയ സാരി കഷണങ്ങൾ ചുറ്റിവെളുത്തയുടെ വീട്ടിലേയ്ക്കു ചെല്ലുന്ന കുഞ്ഞുങ്ങളെ മിസ്സിസ്സ്‌ ഈപ്പൻ മിസ്സിസ്സ്‌ പിള്ള മിസ്സിസ്സ്‌ രാജഗോപാൽ എന്നു വിളിച്ച്‌ അവരെ സ്വീകരിക്കുന്നവെളുത്ത. കുഞ്ഞുങ്ങളുടെ കുഞ്ഞുകാര്യങ്ങളെ അതായിത്തന്നെ നിലനിർത്തികൊണ്ടുള്ള കത്തിടപെടൽ. കരിക്കിട്ടു കൊടുത്ത്‌ കുഞ്ഞുമരസ്പൂണുകൾ ഉണ്ടാക്കി സമ്മാനിച്ചു കറുത്തകോഴിയമ്മയ്ക്കു പരിചയപെടുത്തികൊടുത്ത്‌. പിന്നീട്‌ മുതിർന്ന റാഹേൽ ഓർമ്മിച്ചെടുക്കുന്നു സഹജമായ മുതിർന്ന ഭാവം മാറ്റി ഇടപെടൽ കുഞ്ഞുകഥയിലെ കുഞ്ഞുകാര്യങ്ങളെ അതിന്റെ തനതുഭാവത്തിൽ പെരുമാറിയതോർത്ത്‌ റാഹേലിന്‌ ആ സംഭവത്തിന്റെ മധുരം തിരിച്ചറിയാനാകുന്നു. വെളുത്ത ചെയ്തത്‌ കുഞ്ഞുങ്ങളുടെ ഇടയിലേയ്ക്ക്‌ കുഞ്ഞുമനസ്സുമായി ഇറങ്ങിചെല്ലുകയാണ്‌. അതാണ്‌ വെളുത്തയെ കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാനാക്കുന്നത്‌! പ്രപഞ്ചത്തിൽ ഒരു തുള അവശേഷിപ്പിച്ച്‌ കടന്നുപോയ വെളുത്ത ഒരു ഗുഡ്‌ ബൈ പോലും പറയാതെപോയ അമ്മ ഒരു നങ്കൂരവുമില്ലാത്തിടത്ത്‌ ഇരുട്ടിൽ അലയാൻ വിട്ട്‌ എല്ലാവരുമുണ്ടായിട്ടും എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്ത അനാഥർ എസ്തയും റാഹേലും ഈ നോവലിനെ വ്യത്യസ്ഥമാക്കുന്നതും യാഥാർത്ഥ്യമാക്കുന്നതും വായിക്കുന്നവന്റെ മുമ്പിലേയ്ക്ക്‌ എല്ലാം അതേപടി പകർത്തുകയാണ്‌ ഒന്നും കൂട്ടുന്നുമില്ല കുറയ്ക്കുന്നുമില്ല.
    ഛെ ഇത്രയ്ക്കും വേണോ എന്ന്‌ സദാചാരവിശുദ്ധരെന്ന്‌ കരുതുന്നവർ മൂക്കത്തുവിരൽവയ്ക്കുന്ന ഒന്നാണ്‌ നാരങ്ങാപാനീയക്കാരൻ എസ്തയോടു ചെയ്യുന്നത്‌. "ഉടുത്തിരുന്ന വെള്ളമൽമൽ തുണിമാറ്റി ലിംഗമെടുത്ത്‌ ഇതുപിടിച്ചേ ഞാനൊരു നാരങ്ങാ വെള്ളമെടുത്തുതരാം" എന്നു പറഞ്ഞ്‌ വളരെ ലാഘവത്തോടെ ജോലിയിലേയ്ക്ക്‌ തിരിയുന്ന കച്ചവടക്കാരൻ. ആ കൗശലത്തിൽ അകപെടുന്ന കുഞ്ഞ്‌ ജീവിതത്തിലുടനീളം വഴുവഴുത്ത്‌ ഒട്ടുന്ന കൈ അവന്റെ ശരീരത്തിന്റെ ഭാഗമല്ലാതെ അനുഭവപ്പെടുന്നു. ആരോടും പങ്കുവയ്ക്കാൻ പറ്റാതെ മനസ്സിൽ ദഹിക്കാതെ കിടന്ന നാരങ്ങാപാനീയം ഒടുവിൽ അവന്റെ മാനസികനിലതന്നെ തെറ്റിയ്ക്കുന്നു. ഇപ്പോൾ ഈ വർത്തമാന കാലത്തിൽ ഇത്തരം ദുരുപയോഗങ്ങളിൽ പെട്ടുപോകുന്ന കുഞ്ഞുങ്ങളുടെ അവസ്ഥയിലേയ്ക്ക്‌ നമ്മുടെ ശ്രദ്ധതിരിയേണ്ടിയിരിക്കുന്നു.
    ഗ്രാമീണ നിഷ്കളങ്കതയുടെ ഒരുദാഹരണം മാത്രം ചേർക്കാം. എസ്തയെവിടെ എന്ന്‌ വെളുത്ത ചോദിക്കുമ്പോൾ അവനെ കൊച്ചീല്‌ വിറ്റു ഒരു ചാക്കരിയ്ക്ക്‌ എന്ന്‌ റാഹേലിന്റെ മറുപടി. നിന്നെ ഞങ്ങൾ ചന്തേന്നു വാങ്ങിയതാ എന്ന്‌ അമ്മമാർ കുഞ്ഞുങ്ങളെ വാത്സല്ലിക്കുന്നത്‌ ഓർമ്മയിൽ വരുന്നു. ആകർഷണീയമായ എഴുത്തു ശൈലി.
    സ്ത്രീയുടെ രണ്ടാം വിവാഹം ഇന്നും നാട്ടുനടപ്പല്ല. പുരുഷന്‌ അനുവദനീയമാണു താനും. ജീവിതം ഒച്ചയില്ലാത്ത നദിപോലെ ഒഴുകുകയേ സ്ത്രീയ്ക്ക്‌ എന്നുമുള്ളു. അരുന്ധതി തുറന്നെഴുതുമ്പോൾ ആർക്കും ദഹിക്കില്ല. സദാചാരത്തിന്റെ വഴിയേ നാം നടക്കുമ്പോഴും കള്ള സദാചാരത്തിന്റെ പിന്നാമ്പുറങ്ങൾ നമ്മുടെയിടയിൽ തലയുയർത്തി ഗമയിൽ നിലയുറപ്പിച്ചിട്ടുണ്ട്‌ എന്ന്‌ പറയാതെ വയ്യ. ഇതിലെ പലതും എഴുതാതിരിക്കാൻ വയ്യാത്ത കാര്യങ്ങൾ തന്നെയാണ്‌. അതുകൊണ്ടുതന്നെ ഈ പുസ്തകം മുന്നോട്ടും പിന്നോട്ടും വായിക്കണം.
    ഈ നോവൽ 14 വർഷം പൂർത്തിയാക്കുകയാണ്‌. കുഞ്ഞുകാര്യങ്ങളും കുഞ്ഞുങ്ങളും കൂടി കാലത്തെവളരാൻ വിടാതെ പിടിച്ചു നിർത്തിയ നോവൽ. സങ്കടങ്ങളെല്ലാം മാറിവരുന്ന കാലത്ത്‌ അവിടെ നിന്ന്‌ ജീവിതം തുടരാൻ കാത്തിരിക്കുന്ന കുഞ്ഞുമനസ്സുകൾക്ക്‌ വായിക്കാൻ ഒട്ടകപക്ഷിയുടെ മുട്ട തൊണ്ടയിൽകൂടി ഇറങ്ങുമ്പോഴുള്ള അവസ്ഥയിൽ കണ്ണീരില്ലാതെ കരയാൻ നോവൽ നമ്മെ കൊണ്ടെത്തിയ്ക്കുന്നു.

18 Mar 2012

തൊമ്മനും ഞാനും പിന്നെ ഒരു മലവെള്ളപ്പാച്ചിലും


അച്ചാമ്മ തോമസ്‌

ഞങ്ങൾ അതായത്‌ ഭർത്താവും കുട്ടികളുമൊന്നിച്ചു തൊമ്മൻകുത്ത്‌
വെള്ളച്ചാട്ടം കാണാനായിപ്പോയ ഒരു വൈകുന്നേരമുണ്ടായ കാഴ്ചയാണെന്നെ
ഞെട്ടിച്ചുകൊണ്ട്‌ എന്റെ വിശ്വാസങ്ങളെ മാറ്റിമറിച്ചതു. തൊമ്മൻകുത്ത്‌
കവലയിൽ ചെന്നപ്പോഴേക്കും ഇടിയും മിന്നലും തുടങ്ങി. എന്നാൽ മഴയില്ലതാനും.
'മലമുകളിലെങ്ങോ നല്ല മഴയുണ്ട്‌. മഴ താഴേയ്ക്കുവരാൻ അധികനേരം വേണ്ട'
ഞങ്ങളെ വനഭംഗിയും വെള്ളച്ചാട്ടവും കാണിക്കാമെന്നേറ്റ സുഹൃത്ത്‌
പറയുന്നതുകേട്ടപ്പോഴേയ്ക്കും ഞങ്ങൾക്കു നിരാശയായി. മഴയത്ത്‌
വനത്തിലൂടെയുള്ള നടത്തം ബുദ്ധിമുട്ടാണ്‌.
       ഞങ്ങളവിടെച്ചെല്ലുമ്പോൾ ചെറിയൊരുതോട്ടിലെ വെള്ളമൊഴുക്കുമായി
വെള്ളച്ചാട്ടം തീരെക്ഷീണിച്ചുപോയിരുന്നു. കുത്തിനു താഴെ വെള്ളമില്ല.
മണൽത്തിട്ടയിലെ ആറ്റുവഞ്ചികൾ കാറ്റിലാടി കാഴ്ചക്കാരെ മാടിവിളിയ്ക്കുന്നു.
"നിങ്ങൾ വന്ന ദിവസം അത്ര നന്നായില്ല തീരെ വെള്ളമില്ലാത്ത
വെള്ളച്ചാട്ടത്തിന്റെ ഭംഗി എന്താസ്വദിക്കാനാ" പരിചയക്കാരും
നാട്ടുകാർക്കും പ്രയാസം. പത്തുമുപ്പതുപേർ സന്ദർശകരായി അവിടെയുണ്ട്‌.
ഏതായാലും വന്നതല്ലേ കുറെനേരം ചെലവഴിച്ചിട്ടുപോകാം. കുട്ടികളൊക്കെ
പാറപുറത്ത്‌ ഓടികളിയ്ക്കുന്നു. ഭർത്താവാകട്ടെ പരിചയക്കാരെയോ
കിട്ടിയതുകൊണ്ട്‌ സംസാരിച്ചുകൊണ്ട്‌  കെട്ടിടവരാന്തയിലെ
ബഞ്ചിലിരിപ്പുണ്ട്‌.
       പ്രകൃതിയുടെ ഭംഗി എന്നുമെനിയ്ക്കൊരു ബലഹീനതയാണ്‌.
വെള്ളമൊഴുക്കുതീരെയില്ലാത്ത ആ പാറയുടെ അടുത്തേക്കു ഞാൻ നടന്നു. തെളിഞ്ഞ
വെള്ളത്തിൽ ഓടി കളിയ്ക്കുന്ന മീനുകൾ. തണുത്ത ജലത്തിൽ ചവിട്ടി അടുത്തുള്ള
മരത്തിൽ ചാരിനിന്ന്‌ പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടത്തിലേയ്ക്കു നോക്കി.
അസാധാരണമായൊരു കാഴ്ച എന്റെ സ്ഥലകാലബോധങ്ങളെ മറച്ചു. വെള്ളം പാറയിൽ തട്ടി
വീഴുമ്പോഴുണ്ടാകുന്ന പുകമറയ്ക്കപ്പുറം നീന്തിതുടിയ്ക്കുന്ന
ഒരുപറ്റമാളുകൾ. ഞാനൊന്നുകൂടി സൂക്ഷിച്ചു നോക്കി. ഭൂമിയിൽ നിന്നും മറ്റൊരു
ലോകത്തേക്ക്‌ സ്ഥാനം മാറി നിൽക്കുംപോലെ. എന്റെ ശരീരപ്രവർത്തനങ്ങളെല്ലാം
ചലനമറ്റു. ഭയന്ന കണ്ണുകളോടെ ഞാനാ കാഴ്ച കണ്ടു. ജലത്തിനുമീതെ
പൊങ്ങികിടക്കുന്ന കുറെ ശരീരങ്ങൾ വെള്ളം കുടിച്ച്‌ ചീർത്ത്‌ ചിലതൊക്കെ
ചുക്കിച്ചുളിഞ്ഞ്‌. നോക്കി നിൽക്കെ അവയൊക്കെ നീന്തിത്തുടിക്കുന്നു.
പിന്നെ പിന്നെ ഒരലർച്ചയോടെ വെള്ളത്തിന്റെ ആഴക്കയങ്ങളിലേയ്ക്ക്‌
ഊളിയിട്ടു. ചലിയ്ക്കുന്ന നിഴലുകൾ ആ പ്രവാഹത്തിൽ മുങ്ങിപൊങ്ങി. അതിലൊരാൾ
മാത്രം എന്റെ അടുത്തേയ്ക്കുവന്നു. വെള്ളത്തിനുമീതെ നടക്കുന്ന ഒരു
വെള്ളത്തിപ്പാറ്റയെപ്പോലെ വളരെ ലാഘവത്തോടെ വരുന്നവരവ്‌ നോക്കി ഞാനെന്റെ
കണ്ണുകൾ അടച്ചുതുറന്നു.
       "ഞാൻ തൊമ്മൻ ഈ സ്ഥലത്തിനു തൊമ്മൻകുത്ത്‌ എന്നുപേരുവരാൻ കാരണമായവൻ
തൊമ്മൻ. അയാളുടെ ശബ്ദത്തിനും ഒരു ഗുളുഗുളു ഒച്ച. ചാരിനിന്ന മരത്തിൽ ഞാൻ
മുറുകെപിടിച്ചു. ഒരുകൈകൊണ്ട്‌ ഞാനെന്റെ മാലയിലെ കുരിശിൽ തലോടി. ചുറ്റിനും
ആരുമില്ല. ഈ പാറയിലും പരിസരത്തും കാഴ്ചകണ്ടു നടന്നവരെവിടെ. നിറയെ
കുമിളകളുമായി താഴേക്കു പതിയ്ക്കുന്ന ജലപാതവും ഇഞ്ചക്കാടുകളും ഞാനും
തൊമ്മനും മാത്രം. തൊട്ടടുത്തുള്ള കാട്ടുപൊന്തകളിൽ തിളങ്ങുന്ന കണ്ണുകൾ
പ്രത്യക്ഷപ്പെട്ടോ? ഇഞ്ചക്കാടുകളിൽ നിന്നും നാഗങ്ങളുടെ സീൽക്കാരങ്ങൾ
കേൾക്കുന്നുണ്ടോ? കുളിർമ്മയുള്ള അന്തരീക്ഷത്തിലും ഞാൻ നിന്നുവിയർത്തു.
ഇളംചൂടുള്ള ജലം എന്റെ കാലുകളിലൂടെ താഴേയ്ക്ക്‌ ഒഴുകുന്നുണ്ടോ?
കൂർത്തുയർന്നും പടർന്നും നിൽക്കുന്ന മരക്കൂട്ടങ്ങളുടെ ഇടയിലൂടെ
ആകാശത്തുനിന്നും കൊള്ളിയാൻ ഒരു ഭയവുമില്ലാതെ
ഭൂമിയിലേയ്ക്കെത്തിപൊട്ടിച്ചിതറുന്നു."നിങ്ങൾ ഭയപ്പെടേണ്ട നിങ്ങൾ
എഴുത്തുകാരിയാണല്ലേ. അതിന്റെ ഒരു സ്നേഹവും ബഹുമാനവുമുണ്ടെനിക്ക്‌. 'ഞാൻ
ഒന്നും ചെയ്യില്ല. ഈ ഒഴുകുന്ന ജലമാണേ സത്യം. എന്റെ കഥപറയാൻ കാത്തിരുന്നു.
പലരും ഇവിടെ വന്നു. വനത്തിന്റെയും വെള്ളച്ചാട്ടത്തിന്റെയും ഭംഗികാണാൻ
വരുന്നവർ ചിലർ മറ്റു ചിലരൊക്കെ തിന്നാനും കുടിക്കാനും ആഹാരം കാണാതെ
കിടന്നവരെപ്പോലെ തിന്നും കുടിച്ചും ലക്കുകെട്ടു. പാറയുടെ വഴുക്കലോ
പാറയിടുക്കളിലോ കയങ്ങളോ ഒന്നും അവരുടെ ലഹരി പിടിച്ച
ചിന്തകളിലില്ലാതെപോയി. വെളിവുകെട്ട്‌ കാലിടറിവീണവരങ്ങനെ. ജീവിതത്തെ
മടുത്ത്‌ ചിലർ, അബന്ധത്തിൽ കയത്തിൽ വീണുപോയവർ. ഇങ്ങനെ കുറെപേർ നിങ്ങളുടെ
വരവുകാത്തിരുന്നു. ഞങ്ങളെല്ലാം കുറെപേർ നിങ്ങളുടെ വരവുകാത്തിരുന്നു.
ഞങ്ങളെല്ലാം സ്നേഹിക്കുന്നവരുടെ കരവലയത്തിൽനിന്നും വഴുതിപോന്നവരാണ്‌!
കളിയും ചിരിയുമായി കൗമാരത്തിന്റെയും അതിർത്തിയിൽ നിന്നും യൗവനത്തിന്റെ
പടിക്കെട്ടിലൂടെ നടന്നുനീങ്ങിയവർ.കയങ്ങളുടെ ആഴങ്ങളെപ്പറ്റി
അറിവില്ലാപൈതങ്ങൾ പാറകളുടെ വഴുക്കലെപ്പറ്റി കേട്ടിട്ടില്ലാത്ത വർ
ഒഴുക്കിലെ ചുഴികളും മലരീകളും കണ്ടിട്ടില്ലാത്തവർ കുളിമുറികളിലെ ഷവറിന്റെ
കീഴിൽമാത്രം കുളി ആസ്വദിച്ചിട്ടുള്ളവർ ഇങ്ങനെ എത്രയോ പേർ ഇവിടെ വന്ന്‌
എന്റെ കൂടെ കൂടി സ്നേഹിക്കുന്നവരെ വേർപാടിന്റെ കയങ്ങളിലേയ്ക്ക്‌
തള്ളിയിട്ടിരിക്കുന്നു. അതും കുടുംബത്തിന്റെ പ്രതീക്ഷകളായിരുന്ന യുവാക്കൾ
ഒറ്റപുത്രന്മാർ മകനെ പഠിപ്പിക്കാൻ അന്യനാടുകളിൽ പോയി ജോലിയെടുക്കുന്നവർ
വിവാഹം കഴിഞ്ഞിട്ടധികനാളാകാത്തവർ. സ്നേഹിച്ചു കൊതിതീരാത്തവർ തൊമ്മൻ
പറഞ്ഞു നിർത്തി എന്നെ നോക്കിച്ചിരിച്ചു. വെറ്റിലക്കറ പുരണ്ട ചിരി. ആ ചിരി
തികച്ചും സൗഹാർദ്ദപരവും വിധേയത്തപരവുമായിരുന്നു. അതെന്റെ ഭയത്തെ
ദൂരയകറ്റി. "നിങ്ങൾ ചക്കയിടാൻ പ്ലാവിൽ കയറിയെന്നും കാൽ വഴുതി ഈ
വെള്ളച്ചാട്ടത്തിൽ പതിച്ചെന്നും അന്നുമുതൽ ഇവിടം തൊമ്മൻകുത്തായി
എന്നുമാണ്‌ ഞാനറിഞ്ഞത്‌. ശരിയാണോ? നിങ്ങളെന്താണ്‌ എന്നെ കാത്തിരുന്നത്‌?
മറ്റുള്ളവരൊക്കെ നിങ്ങളെ കാണില്ലേ? ഇവിടെ കണ്ടവരെല്ലാം ഇവിടെ
അപകടത്തിൽപെട്ടവരാണോ? "ഒറ്റശ്വാസത്തിൽ ഞാൻ ചോദ്യങ്ങൾ ചോദിച്ചുതീർത്തു.
"എന്നെയും എന്റെ കൂട്ടരെയും ആർക്കും കാണാൻ സാധിക്കില്ല. എന്റെ കഥപറയാനും
എന്റെ കൂടെയുള്ളവരുടെ ദുഃഖം നിങ്ങളുമായി പങ്കുവെയ്ക്കാനുമാണ്‌ ഞാൻ
വന്നത്‌. മൃതിദേവത ഭ്രാന്തെടുത്ത്‌ അലറി പാഞ്ഞൊഴുകുന്ന ഈ കുത്തൊഴുക്കിൽ
നഷ്ടപ്പെട്ട ജീവനുകളെത്രയെന്നോ? മക്കളെ വിളിച്ചു തേങ്ങുന്ന
അമ്മയച്ഛന്മാരുടെ നിലവിളി ഭർത്താവിനെ വിളിച്ചുകരയുന്ന ഭാര്യയുടെ സഹോദരനെ
വിളിച്ചു കരയുന്ന സഹോദരിയുടെ ഇങ്ങനെ നിലവിളികളാൽ രാവിന്റെ മൗനങ്ങൾ
ശബ്ദമുഖരിതമായി ഞങ്ങളുടെ ചിന്തകളെ നിശ്ചലമാകും. നിങ്ങളൊരു
എഴുത്തുകാരിയായതുകൊണ്ട്‌ ഞങ്ങളുടെ കഥകേൾക്കാനും എഴുതാനും സൗമനസ്സ്യം
കാണിക്കുമെന്നിനിക്കറിയാം. ജീവിച്ചു കൊതിതീരാത്തവരാണു ഞങ്ങൾ. ആത്മഹത്യയും
കൊലപാതകവും വിഡ്ഢിത്വമാണ്‌. മനുഷ്യനിലൂടെ ദൈവസ്നേഹത്തിന്റെ
വെള്ളമൊഴുകുന്നുണ്ട്‌. അതൊക്കെ അറിയണമെങ്കിൽ ഞങ്ങളുടെ ലോകത്തുവരണം. എന്റെ
കഥ പറയാം. ഈ മലമുകളിലെ പാറക്കെട്ടിലെ ഗുഹയിൽ ജീവിച്ച്‌ അതിരുകളില്ലാതെ
ഉല്ലസിച്ചു നടന്ന കാലത്താണ്‌ ഞാനന്റെ പെണ്ണിനെ കാണുന്നത്‌.

കാട്ടീന്തിന്റെ പഴവും തിന്ന്‌ കൂട്ടുകാരികളൊത്ത്‌ ഉല്ലസിച്ചു
നടന്നപെണ്ണ്‌ കാട്ടുതേനിന്റെ നിറം പുല്ലാന്തിപ്പൂവിന്റെ മണം
വെള്ളാരംകല്ലിന്റെ കണ്ണുകൾ. ഞാനെന്റെ പെണ്ണിന്‌ താഴംപൂവും കാട്ടുതേനും
കാട്ടുപഴങ്ങളും സമ്മാനിക്കും. പുല്ലാന്തിച്ചെടികൾ ഞങ്ങൾക്കായി
പൂത്തുലഞ്ഞ്‌ കുടിലുകൾ തീർത്തു. ഈറ്റയിലകളാൽ കിടക്കയൊരുക്കി.
ആദ്യസമാഗമത്തിന്റെ പുളകത്തിൽ ഈ കാട്ടരുവിപോലും നാണിച്ചൊഴുകി.
രണ്ടുപരൽമീനുകളായി ഈ ജലത്തിൽ ഞങ്ങൾ നീന്തിത്തുടിച്ചു. ലോലമായ അവളുടെ
വയറിന്മേൽ ഞാൻ മുത്തമിടുമ്പോൾ ഇക്കിളിയാൽ അവളെന്റെ ചെവികളിൽ ചുണ്ടുകൾ
ചേർക്കും. പ്രണയത്തിന്റെ ലഹരികൾ.

       ഇവിടത്തെ വനദേവതകൾക്ക്‌ ഞങ്ങളുടെ ലീലകൾ കൊതിപിടിപ്പിച്ചിരിക്കും.
അവളെന്റെ കുഞ്ഞിനെ ഗർഭിണിയായിരിക്കുമ്പോൾ അവൾക്കൊരു വരിക്കച്ചക്കപ്പഴം
തിന്നണം. ആ കുത്തിന്റെ ചരുവിൽ വളർന്നു പടർന്നു നിന്ന വരിക്കപ്ലാവിൽ ഞാൻ
പിടിച്ചുകയറി. ഒരുത്തരും അതിൽ കയറാറില്ല. താഴെ കുത്തിയൊലിച്ചൊഴുകുന്ന
വെള്ളച്ചാട്ടത്തിലേക്ക്‌ ഒന്നേ നോക്കിയൊള്ളു. പ്ലാവിന്റെ ശിഖിരം ഒടിഞ്ഞ്‌
കയത്തിലേക്കു വീണു. ഒരെത്തുംപിടിയും ഇല്ലാത്ത കയം. ഞാനതിന്റെ ഇടുങ്ങിയ
പൊത്തിൽ അകപ്പെട്ടുപോയി. വനദേവതയെപ്പോലെ ജീവിച്ച എന്റെ പെണ്ണ്‌ എന്റെ
കുഞ്ഞ്‌. തൊമ്മൻ വാക്കുകൾ മുഴുമിക്കാതെ തിരിഞ്ഞു നടന്നു പെട്ടെന്ന്‌
എന്തോ ഓർത്ത്‌ തിരിഞ്ഞു നിന്ന്‌ കൈകൂപ്പി മറക്കാതെ എന്റെ കഥ എഴുതണേ.
വനത്തിൽ മഴ തോർന്നുകാണും. മഴവെള്ളം ഇരച്ചെത്തും. വേഗം പൊയ്ക്കോ". എന്റെ
കൺമുമ്പിലെ പുകമറ മാഞ്ഞുപോയി. ഓടിക്കളിച്ചുനടന്ന കുട്ടികളും സന്ദർശകരും
വരാന്തയിലിരുന്നു വിശ്രമിക്കുന്നു. ഞാൻ അങ്ങോട്ടോടിച്ചെന്നു കയറിയതും
ഇരമ്പിപ്പാഞ്ഞുവന്ന ഇരമ്പിപ്പാഞ്ഞുവന്ന മലവെള്ളം പാറക്കെട്ടുകളേയും
വേലിക്കെട്ടിനേയും മൂടി. ഞാൻ ചാരിനിന്ന മരത്തിന്റെ മുകൾഭാഗം വരെ വെള്ളം
പൊങ്ങിയിരിക്കുന്നു. വളരെ പഴക്കം ചെന്ന ദ്രവിച്ചുതുടങ്ങിയ ഒരു മരക്കഷണം
ഒഴുകിവന്ന്‌ ഇരുമ്പുകമ്പിൽ ഉടക്കി. പാവം തൊമ്മനെ വീഴിച്ച പ്ലാവിൻ
കൊമ്പായിരിക്കുമോ? കഥ പറഞ്ഞ ഒഴുക്കിൽ നിന്നും എന്നെ രക്ഷിച്ച തൊമ്മന്‌
സാക്ഷ്യവുമായി വന്നതാണോ ആ ശിഖിരവും?

18 Feb 2012

നീ ആരായിരുന്നു?


അച്ചാമ്മ തോമസ്‌
രക്തം വാര്‍ന്ന്‌ വിളറി ചേതനയറ്റു കിടക്കുന്ന ശരീരംപോലെ ഗലീലി കടല്‍ അങ്ങകലെകാണാം. അടിച്ചമര്‍ത്തപ്പെട്ട അസ്വാസ്ഥമായൊരലര്‍ച്ചപോലെ ഇടയ്ക്കിടയ്ക്ക്‌ തിരകളടിയ്ക്കുന്ന ശബ്ദം. എന്തിണ്റ്റെയൊക്കെയോ പിന്നാലെ പായുന്ന കടല്‍ത്തിരകള്‍പോലെ പീലാത്തോസിണ്റ്റെ ചിന്തകളും പാഞ്ഞുപൊയ്ക്കൊണ്ടിരുന്നു. നിയന്ത്രിച്ചിട്ടും നില്‍ക്കാനിഷ്ടപെടാത്ത നൌകയ്ക്കു തുല്യമായി അത്‌ ആടിയുലഞ്ഞുകൊണ്ടേയിരുന്നു. മട്ടുപ്പാവിലുലാത്തുന്ന പീലാത്തോസിന്‌ കെദ്രൊന്‍ താഴ്‌വരയുടെയും ഒലിവുതോട്ടത്തിണ്റ്റെയും വീര്‍ത്തുകെട്ടിയ രൂപം മനസ്സില്‍ അസ്വസ്ഥതകളുണര്‍ത്തി. 
അവിടെനിന്നാണ്‌ യേശുവിനെ പട്ടാളക്കാരും പുരോഹിതശ്രേഷ്ഠന്‍മാരും കൂടി പിടികൂടിയത്‌! ഒറ്റികൊടുത്തതാകട്ടെ യൂദാസ്‌ എന്ന ശിഷ്യനും. അതും മുപ്പതുവെള്ളിക്കാശിന്‌. എത്രയോ നാളുകള്‍ അവന്‍ യേശുവിണ്റ്റെ കൂടെ നടന്നു. യേശു പ്രവര്‍ത്തിച്ച അത്ഭുതങ്ങള്‍ പറഞ്ഞ വചനങ്ങള്‍ കളങ്കമറ്റ ആ ജീവിതം ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും അനുഭവിച്ചിട്ടും മാറ്റംവരാത്ത ധനാര്‍ത്തി അതോ ചരിത്രത്തിണ്റ്റെ താളുകളില്‍ എഴുതപ്പെട്ടുപോയ മായ്ച്ചാലും മായാത്തവിധിയോ? അതുപോലൊരു വിധി തന്നെയല്ലേ തനിക്കും ഈ കെണിവച്ചത്‌. ചിന്തകള്‍ ഇത്രത്തോളമായപ്പോള്‍ പീലാത്തോസിണ്റ്റെ ദൃഷ്ടികള്‍ ഗോഗുല്‍ത്തായുടെ നിഴല്‍പ്പാടുകളിലേയ്ക്കായി കനത്ത ഇരുട്ടില്‍ പേടിച്ചരണ്ടുനില്‍ക്കുന്ന ഗതി നീലച്ച ഒരു രാക്ഷസരൂപംപോലെ തോന്നിച്ചു ആ കുന്നിന്‍പ്പുറം. ഗോഗുല്‍ത്തായുടെ അഗ്രങ്ങളെ തൊട്ടുനില്‍ക്കുന്ന ആകാശമേലാപ്പില്‍ കനല്‍ക്കട്ടകള്‍ പോലെ നക്ഷത്രങ്ങള്‍ ജ്വലിയ്ക്കുന്നു. പേടിപ്പെടുത്തുന്ന ആ ഇരുളിണ്റ്റെ മാര്‍വ്വിടത്തില്‍ മൂന്നു കുരിശുകള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നതുകണ്ട്‌ പീലാത്തോസ്‌ ഞെട്ടി. കണ്ണുകളടച്ചു തുറന്ന്‌ വീണ്ടും ഉറ്റുനോക്കി. തലയില്‍ മുള്ളുകൊണ്ടുള്ള മുടി കൈകാലുകളില്‍ ആണികൊണ്ട്‌ തറച്ച്‌ രക്തമൊഴുകുന്ന ശരീരം യേശുവിണ്റ്റെ ശരീരത്തില്‍ നിന്ന്‌ അഗ്നിയുടെ ചൂട്‌ കൊട്ടാരത്തിണ്റ്റെ നേര്‍ക്ക്‌ വീശുന്നു. 
ഇടിമിന്നലിണ്റ്റെ ചിറകുകള്‍ യേശുവിന്‌ അവന്‍ തണ്റ്റെ നേരെ എപ്പോള്‍ വേണമെങ്കിലും പറന്നുവരാം. കണ്ണുതുറന്നാലുമടച്ചാലും പേടിപ്പെടുത്തുന്ന നിഴലുകള്‍. പീലാത്തോസ്‌ മുറിയ്ക്കുള്ളില്‍ കയറി കതകടച്ചു പൂട്ടി. 
യേശുവേ നീ ആരായിരുന്നു? 
യൂദന്‍മാരുടെ രാജാവേ? 
തീര്‍ച്ചയായും നീയൊരു സാധാരണ മനുഷ്യനല്ലായിരുന്നു. ക്ളോഡീയാ പറയുംപോലെ നീ ദൈവപുത്രനായിരുന്നുവോ? മരിച്ചവരെ ഉയര്‍പ്പിച്ചവന്‍, കുഷ്ഠരോഗികളെ സുഖമാക്കിയവന്‍ പാപവഴികളില്‍ നിന്ന്‌ മോചനം നല്‍കിയവന്‍ സ്നേഹത്തിണ്റ്റെ നിയമവും സത്യത്തിണ്റ്റെ പ്രവാചകനുമായവന്‍ നിന്നെ പുരോഹിതര്‍ ഭയപ്പെട്ടിരുന്നു. പക്ഷെ ഞാനോ ഞാനെന്തിനായി പേടിച്ചു. സീസറിണ്റ്റെ വിരോധം സമ്പാദിക്കാതിരിക്കുക എന്ന ലക്ഷ്യമായിരുന്നു. നിന്നെ അവര്‍ ഇത്ര ദാരുണമായി വധിക്കുമെന്ന്‌ ഞാന്‍ കരുതിയില്ല. മാപ്പ്‌ മാപ്പ്‌ അയാള്‍ ആത്മനിന്ദയോടെ ഇരിപ്പിടത്തില്‍ നിന്നും ചാടിയെണീറ്റു മേല്‍കുപ്പായമൂരി ദൂരെയെറിഞ്ഞു. 
ബോധമണ്ഡലത്തിനപ്പുറത്തുനിന്നും വലിഞ്ഞുമുറുകിയ ചിന്തയുടെ മിന്നല്‍പിണരുകളില്‍ പീലാത്തോസ്‌ നിന്നു വിറച്ചു. യേശുവിണ്റ്റെ മരണത്തോടനുബന്ധിച്ചുണ്ടായ സംഭവങ്ങള്‍ അയാളും കേട്ടിരുന്നു. അങ്ങനെയെങ്കില്‍ എന്താകും തനിയ്ക്കു സംഭവിക്കുക. ജീവിച്ചിരുന്ന യേശുവിനെക്കാള്‍ ഭയക്കേണ്ടത്‌ മരിച്ചവനെ ആണല്ലോ എന്ന അറിവ്‌ അയാളുടെ സിരകളില്‍ തീപടര്‍ത്തി. 
യൂദാസിണ്റ്റെ ആത്മഹത്യയെപ്പറ്റി സൈന്യാധിപന്‍ വിവരിച്ചത്‌ പിലാത്തോസിണ്റ്റെ ചിന്തകളില്‍ ഒരു കടന്നല്‍ കൂടിണ്റ്റെ ആരവമുണര്‍ത്തി. യേശുവിനെ കുരിശില്‍ തറച്ചുകൊല്ലാന്‍ കൊണ്ടുപോയെന്നറിഞ്ഞ യൂദാസിന്‌ സമനില നഷ്ടപ്പെട്ടു. അവന്‍ ദേവാലയത്തിലേയ്ക്കോടി. രക്തത്തിണ്റ്റെ വിലയായ നാണയങ്ങള്‍ തിരികെയെടുത്തിട്ടു ഗുരുവിണ്റ്റെ ജീവന്‍ തിരിച്ചു നല്‍കാന്‍ കേണു. 
ഒരു ജീവന്റെ വിലയ്ക്കും ഈ കച്ചവടം ഉറപ്പിച്ചതെന്ന്‌ അവന്‍ തിരിച്ചറിഞ്ഞിരുന്നില്ല. പാളിപ്പോയ ചിന്തയുടെയും പണത്തോടുള്ള ആര്‍ത്തിയുടെയും നേരിയ വിളുമ്പില്‍ നിന്നും പാറയിടുക്കുകളുടെ അഗാധഗര്‍ത്തത്തിലേയ്ക്കവന്‍ പതിച്ചു. കുറുനരികളുടെ ആമാശയങ്ങളില്‍ അവനായവര്‍ കല്ലറകള്‍ തീര്‍ത്തു. സത്യത്തിന്റെ ആത്മാവ്‌ ഒരിക്കലും പൊറുക്കാത്തപാതകം സ്നേഹിച്ചവനെ ചതിക്കുക. ഒന്നുമല്ലാത്തവനായിരുന്ന യൂദാസിനെപോലൊരുവനെ ഗുരുശിഷ്യനാക്കി. അവനെനെഞ്ചോടുചേര്‍ത്ത്‌ അണച്ചുപീടിച്ചു. പിടിയ്ക്കുന്നവണ്റ്റെ കൈയ്യില്‍ നിന്നും വഴുതിപോകുന്ന സാല്‍മണ്‍ മത്സ്യംപോലെ യൂദാസും വഴുതിമാറി രക്ഷപെടാനാവാത്ത തീത്തടാകത്തിലേയ്ക്കു വീണു. തീപിടിച്ച ചിന്തകളെ ആറിത്തണുപ്പിക്കാന്‍ പീലാത്തോസ്‌ വീഞ്ഞുപാത്രം കൈയ്യിലെടുത്തു. യജമാനണ്റ്റെ പാരവശ്യം കണ്ട പരിചാരിക വീഞ്ഞു നിറച്ചപാനപാത്രം വീണ്ടും മേശമേല്‍നിരത്തി. 
പീലാത്തോസ്‌ അവര്‍ക്കുമുഖം കൊടുക്കാതെ പൊയ്ക്കൊള്ളാന്‍ ആംഗ്യം കാണിച്ചു. ആരെയും തന്നെ കാണാന്‍ അനുവദിക്കരുതെന്നും പ്രത്യേകം ശട്ടംകെട്ടി. യേശുവിണ്റ്റെ മരണസമയത്തെ സംഭവങ്ങളിലേയ്ക്ക്‌ പീലാത്തോസിണ്റ്റെ ചിന്തകള്‍ നടന്നുകയറി. രണ്ടു കള്ളന്‍മാരുടെ നടുവില്‍ മറ്റൊരു പെരുങ്കള്ളനെപോലെ യേശുവിനെ അവര്‍ കുരിശില്‍ തറച്ചു. ശരീരമാസകലം മുറിവുകളോടെ രക്തത്തില്‍ കുഴച്ചെടുത്ത മാംസപിണ്ഡം കണക്കെ കണ്ണുകള്‍ തുറക്കാനാവാതെ തലതാഴേയ്ക്കുതൂങ്ങി പ്രാണണ്റ്റെ നേരിയ ഒരു തുടിപ്പുമാത്രമായി. 
ചിന്തകളെതൂത്തെറിയാനെന്നോണം പീലാത്തോസ്‌ തലവശങ്ങളിലേയ്ക്കു കുടഞ്ഞു. കുടഞ്ഞാലും പറിച്ചെറിഞ്ഞാലും പോകാത്ത ചോരകുടിയനട്ടയെപ്പോലെ അതുവീണ്ടും പീലാത്തോസിണ്റ്റെ തലച്ചോറിനുള്ളിലേയ്ക്കു നുഴഞ്ഞു കയറി. എല്ലാം പൂര്‍ത്തിയായപ്പോഴേയ്ക്കും സൂര്യനെമേഘങ്ങള്‍ മറച്ചുകളഞ്ഞു. ഇടിമിന്നലുകള്‍ ചക്രവാളങ്ങളെ വിറപ്പിച്ചു. ഭൂമി അന്തഃക്ഷോഭത്താല്‍ കുലുങ്ങി. കല്ലറകളില്‍ നിന്നും മനുഷ്യരൂപങ്ങള്‍പോലെ നിഴലുകള്‍ പുറത്തിറങ്ങി പാഞ്ഞുനടന്നു. ദേവാലയ തിരശ്ശീല കീറി പകുത്തു
"ഇവന്‍ നീതിമാനായിരുന്നു" 
ജനങ്ങള്‍ മാറത്തടിച്ചു നിലവിളിച്ചു.
 "യേശുവേ നീ നീതിമാനായിരുന്നു. 
ഇവന്റെ രക്തത്തില്‍ പങ്കില്ലെന്നുപറഞ്ഞ്‌ കൈകഴുകിയ ഞാനെത്ര മണ്ടന്‍. കൈകളല്ല ശരീരംമൊത്തം കഴുകിയാലും ഗലീലികടലില്‍ മുങ്ങികുളിച്ചാലും പോകാത്ത രക്തക്കറ പറ്റിയ ശരീരം. കൈകള്‍ ചുരുട്ടി മട്ടുപ്പാവിനെ അലങ്കരിക്കുന്ന ദേവദാരു തൂണുകളിലിടിച്ചു പിന്നെയും പിന്നെയും ഭ്രാന്തമായൊരാവേശത്തോടെ അംഗരക്ഷകനോടിവന്നു. അദ്ദേഹത്തെ പിടിച്ചുമാറ്റി സപ്രമഞ്ചത്തില്‍ കിടത്തി. വിജാതീയനായ തന്നെ യാഹുദന്‍മാര്‍ക്ക്‌ അത്ര ബഹുമാനമില്ലെന്ന്‌ പീലാത്തോസിന്‌ നിശ്ചയമുണ്ട്‌. യേശുവിനെ അവരുടെ ഇഷ്ടത്തിന്‌ വിട്ടുകൊടുത്താല്‍ ജനങ്ങളുടെയും സീസറിണ്റ്റെയും പ്രീതി പിടിച്ചു പറ്റാന്‍ കഴിയുമെന്ന്‌ അയാളാശിച്ചു. 
പക്ഷെ ,എല്ലാം കൈവിട്ട്‌ പോകുക തന്നെ ചെയ്തു. യേശുവേ നിന്നെ വധിക്കുവാന്‍ എണ്റ്റെ അനുവാദം അവര്‍ക്കുവേണ്ടിയിരുന്നു. അതിനായി അവരെന്നെ നാലുകോണില്‍ നിന്നും പൂട്ടിയിട്ടു. ആശയങ്ങളുടെ ചങ്ങലയാല്‍ ദുരഭിമാനത്തിണ്റ്റെ കൊളുത്തുകളാല്‍ അധികാരത്തോടുള്ള എണ്റ്റെ കൊതിയുടെ കാല്‍വണ്ണയില്‍ തന്നെ അവരാ ചങ്ങലയിട്ടുപൂട്ടി. ഭാര്യ എത്രയോവട്ടം അപേക്ഷിച്ചു. പക്ഷെ ചങ്ങലയുടെ ഭാരം കസേരയില്‍ നിന്നനങ്ങാന്‍ സമ്മതിച്ചില്ല. കൈകഴുകിയാല്‍ രക്തക്കറ മാറിക്കിട്ടുമെന്ന്‌ കൌശലക്കാരനായ ഞാന്‍ കരുതി. 
എന്നാല്‍ ലോകാവസാനത്തോളം ചരിത്രത്തിണ്റ്റെ താളുകളില്‍ ഈ കറപടര്‍ന്നുകിടക്കും പീലാത്തോസിണ്റ്റെ ജനനജീവിതമരണങ്ങള്‍ക്കൊന്നിനും ചരിത്രത്തില്‍ സമാനമില്ല. എന്നാല്‍ വിധി എനിക്കായി എഴുതിയിട്ട ഈ കോമാളിവേഷത്തിണ്റ്റെ കറപുരണ്ട അധ്യായങ്ങള്‍ മാത്രമെ ലോകം വായിച്ചു രസിക്കൂ. "പീലാത്തോസ്‌ ഭാര്യയെ വിളിക്കാന്‍ ആളയച്ചു. കിടക്കയില്‍ മരണാസന്നനായ ഒരുരോഗി എന്നപോലെ കിടക്കുന്ന ഭര്‍ത്താവിനരികില്‍ ക്ളോഡിയാ ഇരുന്നു. 
അനുതാപപൂര്‍വ്വം ആ നെഞ്ചില്‍ത്തടവി. ആ കണ്ണുകളില്‍ നിന്നൊഴുകുന്നത്‌ പാപക്കറ പുരളാത്ത ജലമാണെന്ന്‌ ബുദ്ധിമതിയായ ക്ളോഡിയ മനസ്സിലോര്‍ത്തു. സ്വസ്ഥമായി കരഞ്ഞുകൊള്ളൂ. ഉള്ളില്‍ കെട്ടിനില്‍ക്കുന്നതെല്ലാം കഴുകി പുറത്തുപോകട്ടെ. എത്രയോദിനരാത്രങ്ങള്‍ ഞാനും യേശുവിനെ സ്നേഹിച്ചവരും ദുഃഖിച്ചു. എന്നാല്‍ മൂന്നു നാളുകള്‍ക്കുശേഷമിന്ന്‌ എല്ലാവരും സന്തോഷത്തിലാണ്‌. പട്ടുടയാടകളിഞ്ഞ അവളെ ശ്രദ്ധിച്ചുതപ്പോഴാണ്‌. "എന്താണുണ്ടായത്‌? വേഗം പറയൂ?" 
പീലാത്തോസ്‌ എഴുന്നേറ്റിരുന്നു.
 "യേശു മരിച്ചവരില്‍ നിന്ന്‌ ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നു" ക്ളോഡിയ വലിയവളച്ചുകെട്ടില്ലാതെപറഞ്ഞു. 
 "എങ്ങനെ? 
അയാളുടെ ശിഷ്യര്‍ ശരീരം മാറ്റിയതായിരിക്കില്ലേ?"
 "അല്ല അവനെ നേരില്‍ കണ്ടവരില്‍ നിന്നുള്ള വാര്‍ത്തയാണിത്‌! യേശുവിനെയും അമ്മയേയും അനുഗമിച്ചിരുന്ന ഒരുവള്‍ എണ്റ്റെ തോഴിയായിരുന്നു. അവളിലൂടെ ഞാനെല്ലാമറിഞ്ഞു. ആ നീതിമാനെ നിങ്ങളുടെ അടുക്കല്‍ കൊണ്ടുവന്നപ്പോള്‍ മുതല്‍ ഞാനനുഭവിച്ച വേദന കണ്ടപേടിസ്വപ്നങ്ങള്‍ എത്രപ്രാവശ്യം മുന്നറിയിപ്പുതന്നു. ഒരുസ്ത്രീയുടെ ഭയം മാത്രമായതിനെതള്ളികളഞ്ഞു. നിങ്ങള്‍ സത്യത്തെയല്ല ജനങ്ങളെ ഭയപ്പെട്ടു." പീലാത്തോസ്‌ പരവശനായി ക്ളോഡിയായുടെ തോളില്‍ തലചായ്ച്ചു. അവസാനനിമിഷം പറുദീസയിലിടം ചോദിച്ചു സ്വായത്തമാക്കിയ കള്ളനെ അവളോര്‍ത്തു."നീ എണ്റ്റെ കൂടെ പറുദീസയിലായിരിക്കും" യേശുവിണ്റ്റെ വാക്കുകള്‍. തണ്റ്റെ നില ഭദ്രമെന്നുറപ്പുള്ളവനല്ലെ തണ്റ്റെയടുക്കല്‍ വരുന്നവനും ഉറപ്പുകൊടുക്കാന്‍ പറ്റൂ. തീര്‍ച്ചയായും "നീതിമാനായ യേശുവേ ഞങ്ങള്‍ക്കും പറുദീസയിലൊരിടം തരികയില്ലേ" ക്ളോഡിയാ മനമുരുകി കേണു.


14 Jan 2012

കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ ഒരു പഠനം



അച്ചാമ്മ തോമസ്‌

അരുന്ധതിറോയിയുടെ' ദി ഗോഡ് ഓഫ് സ്മോൾതിംഗ്സ് 'എന്ന നോവലിനെക്കുറിച്ച്


ദി ഗോഡ്‌ ഓഫ്‌ സ്മോൾ തിംഗ്സ്‌ അഥവാ കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ.
1997ലെ ബുക്കർപ്രൈസ്‌ ലഭിച്ച നോവൽ. സ്ത്രീ പുരുഷ സമത്വത്തിനും
സ്ത്രീക്കും കുടുംബസ്വത്തിൽ തുല്യ അവകാശമാണ്‌ വേണ്ടതെന്ന്‌ വാദിച്ചു
ജയിച്ച മേരിറോയിയുടെ മകളായ അരുദ്ധതിറോയിയുടെ ആദ്യനോവൽ.
പ്രിയ എ.എസ്‌.മലയാള വിവർത്തനം ചെയ്തിരിക്കുന്നു. വിവർത്തനത്തിനു
വഴങ്ങാത്ത പുസ്തകം എന്നെല്ലാരും വിശേഷിപ്പിച്ചപ്പോൾ വിവർത്തനം ചെയ്തേ
അടങ്ങൂ എന്ന വാശിയിൽ നിന്നുണ്ടായ ഗുണം മലയാളിയ്ക്കു തന്നെയാണ്‌.


എല്ലാവരുമുണ്ടായിട്ടും എല്ലാമുണ്ടായിട്ടും ഒറ്റയ്ക്കാവുന്നവരുടെ
സങ്കടത്തിന്റെ ആഴം കാണാതെ കടലാണീ പുസ്തകം. മലയാളം എന്ന ഇംഗ്ലീഷ്‌ വാക്ക്‌
മുന്നോട്ടും പുറകോട്ടും വായിക്കാം. അതുപോലെ ഈ പുസ്തകവും മുന്നോട്ടും
പുറകോട്ടും വായിക്കണമെന്ന്‌ പ്രിയ എഴുതുന്നുണ്ട്‌. വളരെ ശരിയാണ്‌.
ബോധാധാരാരീതിയിൽ എഴുതപ്പെട്ട ഈ നോവൽ ആദ്യം മുന്നോട്ടും പിന്നെ പുറകോട്ടും
ഞാൻ വായിച്ചു. ഇടയ്ക്ക്‌ ചില അധ്യായങ്ങൾ പ്രത്യേകമെടുത്തു വായിച്ചു.
ചിലത്‌ അടയാളംവച്ചിട്ട്‌ വീണ്ടും വീണ്ടും വായിച്ചു. ഇതിലെ എസ്തയുടെയും
റാഹേലിന്റെയും കുസൃതികൾ നമ്മെ ചിരിപ്പിക്കും. എന്നാൽ ചിലവരികളിൽ
ഒളിഞ്ഞിരിക്കുന്ന വേദനകളിൽ നാമറിയാതെ തേങ്ങിപ്പോകും.

       ഈ നോവലിൽ മൂന്നുമരണങ്ങൾ നടക്കുന്നുണ്ട്‌. സോഫിമോളുടെയും അമ്മുവിന്റെയും
മരണത്തേക്കാൾ വായനക്കാരന്റെ മനസ്സുലയ്ക്കുന്നത്‌ കുഞ്ഞുകാര്യങ്ങളുടെ
ഒടേതമ്പുരാന്റെ മരണമാണ്‌. ഏഴുവയസുള്ളപ്പോൾ നഷ്ടപ്പെട്ട സഹോദരനെ 23
വർഷങ്ങൾക്കുശേഷം കണ്ടുമുട്ടുമ്പോൾ അവനിലെ ചിന്താശക്തി
നഷ്ടപ്പെട്ടതറിഞ്ഞ്‌ ഇരട്ട അണ്ഡങ്ങളിലൊന്നായ റാഹേലിന്റെ മനസ്സ്‌
വേദനിയ്ക്കുമ്പോൾ നാമും വേദന പങ്കിട്ടു പോകുന്നു.

       കോട്ടയത്തെ അയ്മനം ഗ്രാമവും മീനച്ചിലാറും ഇതിലെ പ്രധാന
കഥാപാത്രങ്ങളാണ്‌. നാട്ടിൻപുറത്തിന്റെ എല്ലാ നിഷ്ക്കളങ്കതയും നെഞ്ചേറ്റിയ
നോവൽ. വലിയൊരു തറവാടിന്റെ അകത്തളത്തിലെ ജീവിതവും തൊട്ടുകൂടായ്മയും
രാഷ്ട്രീയം ആവശ്യങ്ങൾ സ്ത്രീയ്ക്ക്‌ നിരോധിക്കപ്പെട്ട പിതൃസ്വത്ത്‌
എന്നുവേണ്ട സമൂഹത്തിന്റെ നേർഛേദമായി വളരുന്നു നോവൽ. അന്നത്തെയും
എന്നത്തെയും രാഷ്ട്രീയ ചിന്താഗതികളും ചിന്തയ്ക്കായ്‌ ഇതിലെ വാക്കുകളിൽ
ചേർക്കപ്പെട്ടിരിക്കുന്നു. വല്ല്യപാപ്പൻ പരവനും മക്കൾ കുട്ടപ്പനും
വെളുത്തയുമില്ലാതെ ഈ നോവൽ നോവലേ അല്ല. എസ്തയുടെയും റാഹേലിന്റെയും
കുഞ്ഞുകാര്യങ്ങളിലെ തമ്പുരാനായ വെളുത്ത പിന്നീടെപ്പോഴോ അവരുടെ അമ്മ
അമ്മുവിന്റെ തമ്പുരാനായി മാറുന്നു. അതായത്‌ നോവലിൽ ആവർത്തിച്ചു
പറയുമ്പോലെ കാര്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറിമറയാം.

       അരുദ്ധതി കാലത്തേയും ചരിത്രത്തേയും സാധാരണക്കാരുടെ ഇടയിലെ
രാഷ്ട്രീയഇടപെടലുകളേയും ബ്രട്ടീഷ്‌ അധിനിവേശത്തിൽ നിന്നുളവായ
സാമൂഹ്യമാറ്റത്തെയും തൊട്ടുകൂടാത്തവരുടെയും തൊടാവുന്നവരുടെയും
അകലങ്ങളെപ്പറ്റിയുമെല്ലാം നല്ലരു വിശദീകരണം തന്നെ നോവലിലൂടെ വരച്ചു
കാട്ടുന്നുണ്ട്‌. തങ്ങളുടെ കാലടികൾ പതിഞ്ഞ കാൽപാടുകൾ മായ്ച്ചുകളയാനായി
കൈയ്യിൽ ചൂലുമായി പിന്നോട്ടു നടന്ന്‌ അടിച്ചുമായ്ച്ചുകളഞ്ഞ കാലം. ചിലരെ
സംബന്ധിച്ച്‌ ഈ കാലം ഒന്നുമല്ലായിരിക്കാം. എന്നാൽ ചൂലില്ലാതെയും
കാൽപാടുകളെ മായ്ച്ചുകളയേണ്ടിവരുന്ന മനുഷ്യരെ സംബന്ധിച്ചിടത്തോളം ഇതൊക്കെ
വിലപിടിപ്പുള്ള വെളിപ്പെടുത്തൽ തന്നെ.

       രാഷ്ട്രീയ താൽപര്യങ്ങളും വ്യക്തിതാൽപ്പര്യങ്ങളും പാർട്ടി നിയമങ്ങളും
ആർക്കുവേണ്ടിയാണ്‌ ഉണ്ടാക്കപ്പെട്ടിരിക്കുന്നത്‌.
വ്യക്തിതാൽപ്പര്യത്തേക്കാൾ മുകളിലാണ്‌ സഖാവെ സംഘടനാ താൽപ്പര്യം
എന്നുപറഞ്ഞ്‌ വെളുത്തയെ കൈയ്യൊഴിയുന്ന നേതാവ്‌ പിള്ള. പിന്നീടുണ്ടായ
സംഭവപരമ്പരകളിൽ അയ്മനം വീടിന്റെ ഉടമസ്ഥതയിലെ അച്ചാർ ഫാക്ടറി
തിരിച്ചെടുക്കുമ്പോൾ അരുദ്ധതി ചെറിയ ഒരു വരിയിൽ കാര്യങ്ങൾ ഒതുക്കുന്നു.
ചരിത്രം കാത്തുവച്ച കൈയ്യുറയിലേക്ക്‌ അയാൾ തന്റെ തയ്യാറായിരിക്കുന്ന
വിരലുകൾ ചുമ്മാതെ കടത്തി അത്രമാത്രം. ഒരൊറ്റികൊടുക്കലിന്റെ വിജയം.


       ഇതിവൃത്തമോ ആഖ്യാനമോ ഒന്നുമില്ലാത്ത ഒരസബന്ധനാടകത്തിനകത്തു
പെട്ടുപോകുന്നവർ. താൻതാന്തങ്ങളുടെ ഭാഗങ്ങളിലൂടെ തപ്പിത്തടഞ്ഞ്‌
മറ്റാരുടേയോ സങ്കടങ്ങളെ താലോലിച്ചും വളർത്തിയും മറ്റാരുടെയോ സങ്കടങ്ങളിൽ
അകപ്പെട്ടുപോകുന്നവർ. നാടകങ്ങൾ തിരുത്തി എഴുതാൻ കഴിവില്ലാത്തവർ. എല്ലാം
നാടകങ്ങളിൽ മുൻപേർ എഴുതപ്പെട്ടവ. എത്ര ഉദാത്തമായ നിർവചനമാണ്‌ നമ്മളൊക്കെ
വിധിയെന്നു പറയുന്ന സംഭവങ്ങൾക്കു നൽകിയിരിക്കുന്നത്‌. നമ്മുടെയൊക്കെ
ജീവിതത്തിലും മുൻപേർ എഴുതപ്പെട്ടുപോയ വിധികൾ തിരുത്തി എഴുതാൻ കഴിവില്ലാതെ
അകപ്പെട്ടുപോയി സങ്കടങ്ങളുടെ ആഴങ്ങളിൽ മുങ്ങി താണുപോണില്ലേ.
ഇതേപോലൊന്നാണ്‌ അമ്മുവിന്റെയും വെളുത്തയുടെയും ഇണചേരൽ. ഇതിന്റെ അവസാനം
ഭയങ്കരമായതെന്തോ നടക്കുമെന്നറിഞ്ഞുകൊണ്ട്‌ തന്നെ നിയന്ത്രിക്കാൻ
പറ്റാതായിപ്പോയ ഒന്നാണ്‌ പോലീസ്‌ മർദ്ദിച്ചുകൊല്ലുന്നത്‌ .

പുഴകാണുകകൂടിചെയ്യാത്ത സോഫിമോൾ പുഴയിൽപെട്ടു മരിക്കുന്നത്‌ ഇതിനൊന്നും ആരും
ഉത്തരവാദികളല്ല. പക്ഷെ തറവാട്‌ മഹിമയുള്ള കുടുംബപ്പേരിന്‌ കളങ്കം വരാതെ
രക്ഷപെടലിനും ഇഷ്ടക്കേടുകൾക്കുമൊടുവിൽ ഒരാൾ ശിക്ഷിക്കപ്പെടേണ്ടത്‌
അനിവാര്യമായിരുന്നു. എല്ലാവർക്കുമായി ഒരാൾ കുരിശിലേറ്റപ്പെടുന്നത്‌
നല്ലതാണ്‌ എന്ന്‌ യേശുവിന്റെ കാലത്ത്‌ പുരോഹിത ശ്രേഷ്ഠർ വിധിച്ചപോലെ
വെളുത്തയുടെ കാര്യത്തിലും സംഭവിച്ചു എന്നേയുള്ളൂ.

       പഴയസാരിക്കഷണങ്ങൾ ചുറ്റി വെളുത്തയുടെ വീട്ടിലേക്കു ചെല്ലുന്ന
കുഞ്ഞുങ്ങളെ മിസ്സ്സ്സ്‌ ഈപ്പൻ മിസ്സസ്സ്‌ പിള്ള മിസ്സസ്സ്‌ രാജഗോപാൽ
എന്നുവിളിച്ച്‌ അവരെ സ്വീകരിക്കുന്ന വെളുത്ത. കുഞ്ഞുങ്ങളുടെ
കുഞ്ഞുകാര്യങ്ങളെ അതായിത്തന്നെ നിലനിർത്തിക്കൊണ്ടുള്ള കുഞ്ഞിടപെടൽ.
കരിക്കിട്ടുകൊടുത്ത്‌ കുഞ്ഞുമരസ്പൂണുകൾ ഉണ്ടാക്കി സമ്മാനിച്ചു.
കറുത്തകോഴിയമ്മയ്ക്കു പരിചയപ്പെടുത്തികൊടുത്ത്‌. പിന്നീട്‌ മുതിർന്ന
റാഹേൽ ഓർമ്മിച്ചെടുക്കുന്നു സഹജമായ മുതിർന്ന ഭാവം മാറ്റി ഇടപെടൽ.
കുഞ്ഞുകഥയിലെ കുഞ്ഞുകാര്യങ്ങളെ അതിന്റെ തനതുഭാവത്തിൽ പെരുമാറിയതോർത്ത്‌
റാഹേലിന്‌ ആ സംഭവത്തിന്റെ മധുരം തിരിച്ചറിയാനാവുന്നു. വെളുത്ത ചെയ്തത്‌
കുഞ്ഞുങ്ങളുടെ ഇടയിലേക്ക്‌ കുഞ്ഞുമനസ്സുമായി ഇറങ്ങിച്ചെല്ലുകയാണ്‌.
അതാണ്‌ വെളുത്തയെ കുഞ്ഞുകാര്യങ്ങളുടെ ഒടേയതമ്പുരാനാക്കുന്നത്‌.
പ്രപഞ്ചത്തിൽ ഒരു തുള അവശേഷിപ്പിച്ച്‌ കടന്നുപോയ വെളുത്ത ഒരു ഗുഡ്ബൈ
പോലും പറയാതെ പോയ അമ്മ. ഒരു നങ്കൂരവുമില്ലാത്തിടത്ത്‌ ഇരുട്ടിൽ അലയാൻ
വിട്ട്‌ എല്ലാവരുമുണ്ടായിട്ടും എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്ത അനാഥർ
എസ്തയും റാഹേലും ഈ നോവലിനെ വ്യത്യസ്തമാക്കുന്നതും വായിക്കുന്നവന്റെ
മുമ്പിലേക്ക്‌ എല്ലാം അതേപടി പകർത്തുകയാണ്‌. ഒന്നും കൂട്ടുന്നുമില്ല
കുറയ്ക്കുന്നുമില്ല.

       ഛെ! ഇത്രയ്ക്കുംവേണോ എന്ന്‌ സദാചാര വിശുദ്ധരെന്ന്‌ കരുതുന്നവർ മൂക്കത്തു
വിരൽവയ്ക്കുന്ന ഒന്നാണ്‌ നാരാങ്ങാപാനീയക്കാരൻ എസ്തയോടു ചെയ്യുന്നത്‌.
"ഉടുത്തിരുന്ന വെളള മൽമൽ തുണി മാറ്റി ലിംഗം എടുത്ത്‌ ഇതു പിടിച്ചേ ഞാൻ
ഒരു നാരാങ്ങാ വെള്ളം എടുത്തു തരാം" എന്നു പറഞ്ഞ്‌ വളരെ ലാഘവത്തോടെ
ജോലിയിലേക്കു തിരിയുന്ന കച്ചവടക്കാരൻ. ആ കൗശലത്തിൽ അകപ്പെടുന്ന ഒരു
കുഞ്ഞ്‌ ജീവിതത്തിലുടനീളം വഴുവഴുത്ത ഒട്ടുന്ന കൈ അവന്റെ ശരീരത്തിന്റെ
ഭാഗമല്ലാതെ അനുഭവപ്പെടുന്നു. ആരോടും പങ്കുവയ്ക്കാൻ പറ്റാതെ മനസ്സിൽ
ദഹിക്കാതെ കിടന്ന നാരങ്ങാപ്പാനീയം ഒടുവിൽ അവന്റെ മാനസിക നിലതന്നെ
തെറ്റിക്കുന്നു. ഇപ്പോൾ ഈ വർത്തമാനകാലത്തിൽ ഇത്തരം ദുരുപയോഗങ്ങളിൽ
പെട്ടുപോകുന്ന കുഞ്ഞുങ്ങളുടെ അവസ്ഥയിലേക്ക്‌ നമ്മുടെ ശ്രദ്ധ
തിരിയേണ്ടിയിരിക്കുന്നു.

       ഗ്രാമീണ നിഷ്കളങ്കതയുടെ ഒരുദാഹരണം മാത്രം ചേർക്കാം. എസ്തയെവിടെ എന്ന്‌
വെളുത്ത ചോദിക്കുമ്പോൾ അവനെ കൊച്ചീല്‌ വിറ്റു ഒരു ചാക്കരിയ്ക്ക്‌ എന്ന്‌
റാഫേലിന്റെ മറുപടി. നിന്നെ ഞങ്ങളെചന്തേന്നുവാങ്ങിയതാ എന്ന്‌ അമ്മമാർ
കുഞ്ഞുങ്ങളെ വാത്സല്ലിക്കുന്നത്‌ ഓർമ്മയിൽ വരുന്നു. ആകർഷണീയമായ
എഴുത്തുശൈലി.

       സ്ത്രീയുടെ രണ്ടാം വിവാഹം ഇന്നും നാട്ടുനടപ്പുള്ള പുരുഷന്‌
അനുവദനീയമാണുതാനും. ജീവിതം ഒച്ചയില്ലാത്തനദിപോലെ ഒഴുകുകയേ സ്ത്രീയ്ക്ക്‌
എന്നുമുള്ളു. അരുദ്ധതി തുറന്നെഴുതുമ്പോൾ ആർക്കും ദഹിക്കില്ല.
സദാചാരത്തിന്റെ വഴിയേ നാം നടക്കുമ്പോഴും കള്ള സദാചാരത്തിന്റെ
പിന്നാമ്പുറങ്ങൾ നമ്മുടെയിടയിൽ തലയുയർത്തി ഗമയിൽ നിലയുറപ്പിച്ചിട്ടുണ്ട്‌
എന്നു പറയാതെവയ്യാ. ഇതിലെ പലതും എഴുതാതിരിക്കാൻ വയ്യാത്തകാര്യങ്ങൾ
തന്നെയാണ്‌. അതുകൊണ്ട്‌ തന്നെ ഈ പുസ്തകം മുന്നോട്ടും പുറകോട്ടും
വായിക്കണം.

       ഈ നോവൽ 14 വർഷം പൂർത്തിയാക്കുകയാണ്‌. കുഞ്ഞുകുഞ്ഞുകാര്യങ്ങളും
കുഞ്ഞുങ്ങളും കൂടി കാലത്തെ വളരാൻ വിടാതെ പിടിച്ചു നിർത്തിയ നോവൽ.
സങ്കടങ്ങളെല്ലാം മാറിവരുന്ന കാലത്ത്‌ അവിടെ നിന്ന്‌ ജീവിതം തുടരാൻ
കാത്തിരിക്കുന്ന കുഞ്ഞുമനസ്സുകൾക്ക്‌ വായിക്കാൻ ഒട്ടകപക്ഷിയുടെ
മുട്ടതൊണ്ടയിൽ കൂടി ഇറങ്ങുമ്പോഴുള്ള അവസ്ഥയിൽ കണ്ണീരില്ലാതെ കരയാൻ നോവൽ
നമ്മെ കൊണ്ടെത്തിയ്ക്കുന്നു.

14 Dec 2011

ഇറവാലവെള്ളവും കടലാസ്സുതോണിയും


അച്ചാമ്മ തോമസ്‌

നാട്ടുവെട്ടം വീണലിയുന്ന ചെമ്മൺപാതയിലേക്ക്‌ വല്യപ്പച്ചനും സംഘവും
കാളകളെയും കൊണ്ട്‌ ഇറങ്ങികഴിഞ്ഞപ്പോഴാണ്‌ മോളുണർന്നത്‌. നേരത്തെ
വിളിച്ചെഴുന്നേൽപ്പിക്കാത്തതിന്
‌ മോൾ പിണങ്ങി. ഇറയത്തെ തൂണുംചാരി
ഉറക്കച്ചടവോടെ ഇരിക്കുമ്പോൾ തണുത്ത കാറ്റ്‌ വന്ന്‌ അവളെചുറ്റിപ്പറ്റി
നിന്നു. കൂടെ മഴത്തുള്ളികൾ പുറപ്പുറത്ത്‌ തലതല്ലി വീഴുന്ന സ്വരവും.
"തണുപ്പത്തിരിക്കേണ്ടിവന്ന്‌ അവലോസുണ്ടയും കട്ടൻകാപ്പിയും കുടിച്ചോ.
വല്യപ്പച്ചൻ മോൾക്ക്‌ വച്ചിട്ടു പോയതാ." കുഞ്ഞമ്മയാണോ വെല്ല്യമ്മച്ചിയാണോ
പറഞ്ഞതെന്നവൾ ശ്രദ്ധിച്ചില്ല. അവളോടി ഉണ്ടകൈയ്യിലെടുത്തു. കട്ടൻ
ഒറ്റവലിയ്ക്കകത്താക്കി തിരിച്ചുവന്നു വല്യപ്പച്ചന്റെ കട്ടിലിൽ കയറി
കിടന്നു.
"ഈതലയിണയ്ക്ക്‌ വല്യപ്പച്ചന്റെ മണം."

       മൂരിക്കുട്ടന്മാരുടെ കഴുത്തിൽ കലപ്പവച്ച്‌ കെട്ടി ഒഴാൻ തുടങ്ങികാണും.
കൊച്ചമ്മാവൻ കാപ്പിയും കൊണ്ടുപോകുമ്പോൾ കൂടെപോകണം. പാടവരമ്പിന്റെ
അതിരിലൂടെ ഒഴുകുന്ന കൈത്തോട്ടിൽ പരലുകളും നെറ്റിയേപൊന്നനും
കല്ലേമുട്ടിയും നീന്തിനടക്കുന്നുണ്ടാവും. ചെറിയതോർത്തിന്റെ അറ്റം
കഴുത്തിൽ കെട്ടി മറ്റേഅറ്റംകൊണ്ട്‌ മീൻപിടിക്കണം. "മോളുപോരുന്നോ
പാടത്തേയ്ക്ക്‌" അമ്മാവന്റെ വിളികേൾക്കേണ്ട താമസം അവളേറ്റോടി.
"വാഴയിലക്കെട്ട്‌ ഞാംപിടിയ്ക്കാം." അമ്മാവന്റെ തലയിലെ കൊട്ടയിൽ
ഉണക്കക്കപ്പ പുഴുങ്ങിയതും ഇളവൻതേങ്ങാകൊത്തിട്ട്‌ ഉണക്കമീൻ കറി
വച്ചതുമുണ്ട്‌. കൈയ്യിൽ കരിപ്പെട്ടി കാപ്പിതൂക്കം പാത്രത്തിലും.

       കുറച്ചുപെണ്ണുങ്ങൾ ഞാറു പറിയ്ക്കുന്നു. കുറേപേർ അവ കഴുകി തലമുറിച്ചു
ചെറിയ കെട്ടുകളാക്കുന്നു. ഞാറിന്റെ മുറിച്ചുവിട്ട തലകൾ ചെന്നടിഞ്ഞ്‌
കൈത്തോട്ടിൽ ചിറഉണ്ടായിരിക്കുന്നു. ആണുങ്ങൾ ഞാറുകൾ വല്ലത്തിലാക്കി
കാളപൂട്ടു കഴിഞ്ഞ കണ്ടങ്ങളിൽ നിരനിരയായി ഇട്ടുപോകുന്നു പെണ്ണുങ്ങൾ
ഈണത്തിൽ പാടിക്കൊണ്ട്‌ നടന്നു. മോളേകണ്ടതേ പാറുച്ചേച്ചി
"സുന്ദരിമോളേപല്ലൊക്കെപ്പോയോ
പുത്തരി അവലെങ്ങനെ തിന്നും മോളേ" എന്നു നീട്ടി പാടി. അതുകേട്ട്‌
ആണുങ്ങളും പെണ്ണുങ്ങളും ചിരിതുടങ്ങി. മോളോടുള്ള ഇഷ്ടം കൊണ്ടാ ഈ
പാട്ടെന്നവൾക്കറിയാം. സാവിത്രി വാഴയ്ക്കാ വരിയനെ പിടിച്ചുതന്നു.
പാപ്പച്ചൻ കൈതപ്പൂ പറിച്ചു തന്നു. അവരൊക്കെ കാപ്പി കുടിച്ചപ്പോൾ
ഇലയിട്ട്‌ വരമ്പിലിരുന്നു പുഴുക്കുതിന്നു. പാറുചേച്ചി പാടിയതുപോലെ
തേങ്ങാക്കൊത്തുകടിയ്ക്കത്തില്ല അവളത്‌ ആരും കാണാതെ തോട്ടിലേയ്ക്കിട്ടു.
മീനുകളതിനു പുറകെ ഓട്ടമായി. കാളപൂട്ടുകാണാൻ വന്ന പിള്ളേർക്കും കൊടുത്തു
കരിപ്പെട്ടി കാപ്പിയും പുഴുക്കും. പൂഹോയ്‌...കാളപൂട്ടലുകാർ
ഇറങ്ങികഴിഞ്ഞു. എല്ലാവരും ആരവത്തോടെ പണയിലേയ്ക്ക്‌.

       ചിങ്ങത്തിൽ കൊയ്ത്ത്‌ അതൊരു ഉത്സവം തന്നെ. കൊയ്ത്തും കറ്റചുമക്കലും
കളത്തിൽ മെതിക്കലും എന്തൊരാരവം. പെട്രോമാക്സ്‌ കത്തിച്ചുവയ്ക്കും.
വിറകുകൂട്ടിയിട്ട്‌ തീ കത്തിച്ച്‌ ചുട്ടെടുക്കുന്ന കപ്പക്കിഴങ്ങും
ചേമ്പും തിന്നാൻ എന്താരുചി. അപ്പോഴെക്കും പുന്നെല്ലുകൊണ്ട്‌ ചായ്പിൽ
അവലിടിയ്ക്കാൻ തുടങ്ങും. പച്ചനെല്ലുണക്കി അരിപൊടിച്ച്‌ രാമൻ
ചെത്തികൊണ്ടുവരുന്ന കള്ളുമൊഴിച്ച്‌ കള്ളപ്പം. നിലത്തുവീണുപോയ നെന്മണികൾ
തിന്ന്‌ കൊഴുത്തിരുന്ന പാവം പൂവൻകോഴി കള്ളപ്പത്തിനു കൂട്ടായി. ഹോർമോൺ
തീറ്റതിന്നാതെ പുല്ലും പുഴുക്കളും മണ്ണും തിന്ന്‌ വളർന്ന കോഴി
മാംസത്തിന്റെ രുചി. വല്യപ്പച്ചനും രാമനും ഔസേപ്പുമൂപ്പനും ചിരുതയും
തെർത്ത്യയും മോളും അമ്മാവൻന്മാരും അമ്മായിമാരുമെല്ലാം ഒരേ പന്തിയിൽ രണ്ടു
പന്തിയും രണ്ടു വിളമ്പുമില്ലാതെ സ്നേഹത്തിന്റെയും ഒരുമയുടെയും കൂട്ടായ്മ.

       പിന്നീട്‌.
       മോൾ വളർന്നു. യുവതിയായി. കാലവും പ്രകൃതിയും മാറ്റങ്ങൾ ഉൾക്കൊണ്ട്‌
മാറിക്കൊണ്ടിരുന്നു. കൃഷികളിൽ നിന്നും കന്നുകാലി വളർത്തലിൽ നിന്നും
ജനങ്ങൾ മാറി തുടങ്ങി. അവളുടെ വിവാഹവും പട്ടണമായി വളർന്നുവരുന്ന
തൊടുപുഴയിലെ ഉദ്യോഗസ്ഥനുമായി നടന്നു. സ്വന്തം ഗ്രാമത്തിൽ നിന്നും വളരെ
വ്യത്യാസം. പാടങ്ങളുടെ മാറിലൂടെ തന്നെ ടാറിട്ടറോഡുകളുയർന്നു. കെട്ടിടങ്ങൾ
വാണിജ്യകേന്ദ്രങ്ങൾ ചന്തകൾ വ്യവസായങ്ങൾ കോളേജുകളും സ്കൂളുകളും
ആരാധനാലയങ്ങളും വാഹനവ്യൂഹവുമെല്ലാം കൂടി തിരക്കായി. നഗരത്തിന്റെ ഉറക്കം
നഷ്ടപ്പെട്ടു. അതിന്‌ ഉറങ്ങണമെങ്കിൽ ലഹരി വേണമെന്നായി. ചുരുക്കം ചിലർ
കൃഷിചെയ്തു. എന്നാൽ സഹായത്തിനാരുമില്ലാത്ത അവസ്ഥ. കൃഷിയിൽ ലാഭം കാണാതെ
ജീവിതം അവസാനിപ്പിക്കുന്നവരും കൃഷിവെട്ടി നശിപ്പിക്കുന്നവരും
പ്രകൃതികൃഷിക്കാരനെ ചതിച്ചും ആകെ കലുഷിതമായ അന്തരീക്ഷം. ദേഹത്ത്‌ മണ്ണും
ചെളിയും പറ്റിക്കാനിഷ്ടപ്പെടാത്ത ഉദ്യോഗത്തിനായി എല്ലാവരും ക്യൂവിലാണ്‌.
മറ്റുചിലർ ഗൾഫിലേക്ക്‌ ചേക്കേറി. പത്തുസെന്റു വീടും കാറും നമ്മൾ രണ്ടും
നമുക്കു രണ്ടും. നമ്മളിലേക്ക്‌ ചുരുങ്ങുന്ന സൗഹാർദ്ദങ്ങൾ.

       തൊടുപുഴയാറിന്റെ തീരത്തടിഞ്ഞുകൂടുന്ന മാലിന്യങ്ങളും പ്ലാസ്റ്റിക്‌
കൂടുകളും പുഴയുടെ സൗന്ദര്യം കെടുത്തി. താനീ നഗരത്തിൽ ആദ്യം വന്നപ്പോൾ
തനിക്കേറ്റവുമിഷ്ടം വൈകുന്നേരങ്ങളിൽ ഭർത്താവിന്റെ കൈപിടിച്ച്‌ ആറിന്റെ
തീരത്തുകൂടി നടക്കുകയോ വലിയ പാറപുറത്തു കയറിയിരുന്ന്‌ സംസാരിച്ചിരിക്കുക
ആയിരുന്നു. പറഞ്ഞാലും പറഞ്ഞാലും തീരാത്ത എന്തെല്ലാമോ. കണ്ണിൽ കണ്ണിൽ
നോക്കിയിരുന്ന്‌ ജീവിതത്തിന്റെ അങ്ങേയറ്റം വരെ പോകാനുള്ള തയ്യാറെടുപ്പ്‌.
കാലംപോകപ്പോകെ എന്തെല്ലാം മാറ്റങ്ങൾ. ആറിന്റെ തീരങ്ങളിലെ കാട്ടുകോഴികളുടെ
കുതുഹലസ്വരം കേൾക്കാനേ ഇല്ല. പൊന്തക്കാടുകൾ കരിങ്കല്ലുകെട്ടി
ഉയർത്തിയിരിക്കുന്നു. സ്വന്തം മണ്ണിൽ പൊന്നുവിളഞ്ഞുകണ്ട അവൾ വീടിനു
ചുറ്റും പച്ചക്കറികൾ നട്ടു. ചെറിയൊരു കുളം തീർത്ത്‌ ഗ്രാമ്പ്കാർപ്പിനെ
വളർത്തി മുറ്റത്ത്‌ കോഴികൾ അടുക്കളയിലെ മിച്ചം തിന്നുവളർന്നു. അത്യാവശ്യം
പച്ചമരുന്നുകൾ. അവളുടെ കുട്ടികൾ കമ്പ്യൂട്ടറിന്റെ
ശാസ്ത്രത്തിന്റെയുമൊക്കെ അനന്തസാധ്യതകളിലേക്ക്‌ തിരിഞ്ഞെങ്കിലും
മണ്ണിന്റെ മണം വിട്ടുമാറ്റാതെ അവൾ വളർത്തി.

ഇന്ന്‌.

പേരക്കുട്ടികൾ നാലുപേരുണ്ട്‌. അവരൊക്കെ കമ്പ്യൂട്ടർ ഗെയിമിന്റെ
തിരക്കിലാണ്‌. വരൂ മക്കളെ ഓലപ്പന്തുകളിയ്ക്കാം. ശരീരത്തിലെ അഴുക്കൊക്കെ
വിയർപ്പായിപോകട്ടെ. തെങ്ങോലകൊണ്ട്‌ വാച്ചുണ്ടാക്കിത്തരാം. ഓലപ്പീലിവേണോ"
"വേണ്ട ഗ്രാൻമാ കമ്പ്യൂട്ടറിൽ ബോൾ ഗെയിം കിടപ്പുണ്ട്‌. ബെൻടെന്റയും
സ്പൈഡർമാന്റെയും വാച്ചുള്ളപ്പോൾ കോക്കനട്ടിന്റെ ലീഫുകൊണ്ട്‌ വാച്ചോ"
പൊട്ടിച്ചിരിച്ചുകൊണ്ട്‌ അവളോടിപ്പോയി. ഗ്രാൻമാ ഇരുന്ന ഇരുപ്പിൽ
അമ്പത്തിരണ്ടുവർഷം പിന്നോട്ടുപോയി. അമ്മാവന്മാരുടെ മക്കളും ഒരു
ബെറ്റിക്കോട്ടുകാരിയും കൂടി ഓലവാച്ചും കെട്ടി പ്ലാവിലതൊപ്പിയും വച്ച്‌
ഓലക്കണ്ണാടിയിൽ കൂടി നോക്കിക്കണ്ട്‌ ഗമയിൽ നടക്കുന്നു. അമ്മയുടെ
പഴയസാരിയുടെ കഷണമെടുത്ത്‌ സാരിയാക്കി ചുറ്റി ഇലയിൽ മണ്ണപ്പം
ചുട്ടതെടുത്തുവച്ച്‌ സദ്യ ഉണ്ണുന്നു. ചാമ്പങ്ങാ, നെല്ലിക്കാ, വാളൻപുളി
ഇതൊക്കെ ഉപ്പും കൂട്ടി തിന്നുന്നു ചിലർ. നാക്കിന്റെ തുമ്പത്തുവന്ന രുചി
ഗ്രാൻമാ ഒന്നുകൂടി നുണഞ്ഞിറക്കി. പഴയൊരു നോട്ടീസ്സ്‌ കടലാസ്സെടുത്ത്‌
വഞ്ചിയുണ്ടാക്കി. പണ്ടത്തെപ്പോലെ അത്രയ്ക്കങ്ങ്‌ ശരിയാകുന്നില്ല. പക്ഷെ
വഞ്ചിയൊഴുക്കാൻ ഇറവാല വെള്ളമുണ്ടോ? മുറ്റത്ത്‌ ടെയിൽസല്ലേ.

       മുറ്റത്തരീകെ നട്ട മെയിലാഞ്ചി നിറയെ ഇലകൾ. ചെമ്പരത്തിയും തഴച്ചു
വളരുന്നുണ്ട്‌. അതിന്റെ ഇലകൊണ്ട്‌ താളിതേയ്ക്കാനോ കൈകൾ ചുമപ്പിക്കാനോ
പേരക്കുട്ടികൾക്കുനേരമില്ല. നെയിൽ പോളിഷും, ഷാംപും തരാതരം അലമാരയിൽ
മുടിയിൽ കളറടിച്ച്‌ മസ്കാരപുരട്ടി ക്യാറ്റ്‌ വാക്കുചെയ്യുന്നതാണ്‌ ഫാഷൻ.
ഫാസ്റ്റുഫുഡും ബേക്കറിയും ഹോർമോൺതിന്നു തടിച്ച കോഴിയും കഴിച്ച്‌ കാറിൽ
യാത്രചെയ്യുന്ന അവരുടെ ശരീര വടിവുകൾക്കായി എന്തെല്ലാമോ മേഷ്യനുകൾ
മേടിച്ചു വച്ചിരിക്കുന്നു.

       പ്രകൃതിയെ മറക്കാതിരിക്കാൻ ഗ്രാൻമാ അവരെ പലപ്പോഴും പറഞ്ഞ്‌
മനസ്സിലാക്കിക്കാറുണ്ട്‌. കളറുള്ള ജൂസിനുപകരം കയ്യാലയിർറൂമ്പിലെ
ചപ്പങ്ങത്തിന്റെ കാതലിട്ടു തിളപ്പിച്ച്‌ പിങ്കു നിറമാക്കിയ വെള്ളം
കൊടുക്കുക. പേരയ്ക്കയും നെല്ലിയ്ക്കയും കപ്പളങ്ങാ, ലീച്ചിപ്പഴം ഇവയൊക്കെ
അവരുടെ രുചികളിൽ നിറയ്ക്കുന്നതിൽ അവർ വിജയിച്ചു. കാലാവസ്ഥ മാറി മറിഞ്ഞു
വരുന്നത്‌ ശ്രദ്ധിയ്ക്കുന്ന ഗ്രാൻമായ്ക്ക്‌ അതിലൊക്കെ ആശങ്കയുണ്ട്‌.
മരിച്ചുകൊണ്ടിരിക്കുന്ന ഭൂമിയും ആഗോളതാപനവുമൊക്കെ പത്രങ്ങളിൽ നിന്നും
വായിച്ചറിയുമ്പോൾ ചെറുപ്പത്തിലേ ബെറ്റിക്കോട്ടുകാരിയുടെ കൊച്ചു കാലടികൾ
പതിഞ്ഞ പാടവരമ്പു ഓർമ്മയിൽ തെളിഞ്ഞു വരുന്നു. 
പുൽതുമ്പുകളിലെ ജലകണികകളിൽ തട്ടുന്ന സൂര്യരശ്മികളാൽ അവ മരതകകല്ലുപോലെ തിളങ്ങിനിൽക്കും. നെല്ലോലകളെ  തഴുകിവരുന്ന കാറ്റിന്റെ സുഗന്ധം ഒന്നുവേറെ തന്നെയാണ്‌. ഇന്നാ ഇളംവെയിൽപോലും കായാൻ കൊള്ളില്ല. കൈത്തോട്ടിലെ വെള്ളത്തിൽ കാലിറക്കിയാലുടൻ  കല്ലേമുട്ടി മീനുകൾ വന്ന്‌ ഇക്കിളിയിടാൻ തുടങ്ങും. അന്നത്തെ ബാല്യം
ഓർമ്മയിൽ തെളിയുമ്പോൾ എവിടെയോ ഉപ്പൻകൂവുന്നു.
"കള്ളേൻ ചക്കേട്ടു കണ്ടാൽ  മിണ്ടണ്ട" ചുറ്റിലും വെറുതെ നോക്കിപോകുന്നു. എല്ലാമൊരു മോഹം മാത്രം. ഈ മോഹങ്ങളെല്ലാം വെറുതെയാണെങ്കിലും ആസ്വദിച്ചമോഹങ്ങളാണവയെല്ലാം തനിക്ക്‌
എന്നാൽ ഭാവികുരുന്നുകൾക്കോ? അവരെന്തോർമ്മിയ്ക്കും. എന്തു ഭൂതകാലം
അയവിറക്കും.

       ചൂടുകൊണ്ട്‌ ഉരുകിയിറങ്ങുന്ന, ഹിമാലയപർവ്വതനിരയുടെ താഴ്‌വാരങ്ങളിൽ
നിറയുന്ന ജലനിരപ്പിനെപ്പറ്റിയോ കരയെ വിഴുങ്ങുന്ന കടലിനെപ്പറ്റിയോ ചൂടു
സഹിക്കാതെ ഇത്തിരി തണലിനായി കേഴുന്ന കിളികളെപ്പറ്റിയോ എനിക്കു
നിശ്ചയമില്ല ഒന്നും. എന്നാൽ ശരീരത്തിന്റെ ബലം കുറയുമുമ്പ്‌ കുറച്ചു
വൃക്ഷങ്ങൾകൂടി നട്ട്‌ ഭൂമിയുടെ താപം തെല്ലു കുറയ്ക്കട്ടെ.
കൈത്തോട്ടിലേയ്ക്കും തോട്ടിലേയ്ക്കും മാലിന്യങ്ങൾ വലിച്ചെറിയുന്നവരോട്‌
അതു സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞുമനസ്സിലാക്കട്ടെ. ചെവിയുള്ളവൻ
കേൾക്കട്ടെ കണ്ണുള്ളവൻ കാണട്ടെ!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...