Showing posts with label sunny george. Show all posts
Showing posts with label sunny george. Show all posts

21 Aug 2014

ഇന്ത്യയിലെ ആദ്യത്തെ കോക്കനട്ട്‌ ഫാർമർ പ്രോഡ്യൂസർ കമ്പനി


സണ്ണി ജോർജ്‌
ചെയർമാൻ, തേജസ്വിനി ഫാർമർ പ്രോഡ്യൂസർ കമ്പനി, ചെറുപുഴ, കണ്ണൂർ

1956ലെ ഇന്ത്യൻ കമ്പനി ആക്ട്‌ പ്രകാരം  രാജ്യത്ത്‌  ആദ്യമായി രജിസ്റ്റർ ചെയ്ത കർഷകരുടെ ഉത്പാദക കമ്പനിയാണ്‌ ചെറുപുഴ തേജസ്വിനി കോക്കനട്‌ ഫാർമേഴ്സ്‌ പ്രോഡ്യൂസർ കമ്പനി. 2013 ജൂൺ മൂന്നിനാണ്‌  കമ്പനി രജിസ്റ്റർ ചെയ്തു പ്രവർത്തനം ആരംഭിച്ചതു. കമ്പനിയുടെ പ്രവർത്തന പാതയിലെ ഏറ്റവും വലിയ നാഴിക കല്ലായി മാറിയത്‌ 2014 ജൂൺ 5-ന്‌ ബഹു. കേരള മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി കമ്പനിയുടെ ആധുനിക ഫാക്ടറി സമുച്ചയത്തിനു തറക്കല്ലിട്ട നടപടിയാണ്‌.  ചടങ്ങിൽ ഗ്രാമ വികസന മന്ത്രിയും ഇരിക്കൂർ എംഎൽഎയുമായ ശ്രീ കേശി ജോസഫും സന്നിഹിതനായിരുന്നു.
പ്രവർത്തനം തുടങ്ങി ആറുമാസത്തിനുള്ളിൽ തന്നെ കമ്പനി  ചെറുപുഴ - പയ്യന്നൂർ റോഡരികിൽ പെരിങ്ങോത്ത്‌ നാല്‌ ഏക്കർ സ്ഥലം വാങ്ങിയിരുന്നു. നാളികേരം മൂല്യ വർദ്ധിത ഉത്പ്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള ഫാക്ടറി സമുച്ചയം സ്ഥാപിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതിനാണ്‌ മുഖ്യമന്ത്രി തറക്കല്ലിട്ടിരിക്കുന്നത്‌. ഇവിടെ തന്നെയാണ്‌ കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ്‌ ബ്ലോക്കും നിർമ്മിക്കുക. കർഷക കൂട്ടായ്മയിലാണ്‌ കമ്പനിയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു നീങ്ങുന്നത്‌. ചീഫ്‌ എക്സിക്കുട്ടീവ്‌ ഓഫീസർ, എക്സിക്കുട്ടീവ്‌ ഓഫീസർ, കമ്പനി സെക്രട്ടറി, ഓഡിറ്റർ, അക്കൗണ്ടന്റ്‌ ഓഫീസ്‌ സ്റ്റാഫ്‌ എന്നിവരെയും നിയമിച്ചു കഴിഞ്ഞു. കമ്പനിയുടെ കീഴിലായി വിവിധ ഫെഡറേഷനുകളിൽ 10 കൃഷി അസിസ്റ്റന്റുമാരും സേവനം അനുഷ്ഠിക്കുന്നു. ഇപ്പോൾ കമ്പനിയുടെ ആസ്ഥാനം ചെറുപുഴയിലാണ്‌.
കണ്ണൂർ, കാസർഗോഡ്‌ ജില്ലകൾ പ്രവർത്തന മേഖലയായി നിശ്ചയിച്ച്‌ 10 ഫെഡറേഷനുകളും 152 സിപിഎസുകളും ചേർന്നാണ്‌ തേജസ്വിനി കമ്പനി രൂപീകരിച്ചിരിക്കുന്നത്‌. 16438 കർഷകർ കമ്പനിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. ഈ കർഷകരുടെ നാളികേരം സംഭരിച്ച്‌ കമ്പനിയിൽ എത്തിച്ച്‌, സംസ്കരിച്ച്‌ മൂല്യ വർധിത ഉത്പ്പന്നങ്ങളാക്കി വിപണനം നടത്തുക എന്നതാണ്‌ കമ്പനിയുടെ ആദ്യ ലക്ഷ്യം. അതിനായി കമ്പനി കർഷകരിൽ നിന്ന്‌ ഇടനിലക്കാരില്ലാതെ നേരിട്ട്‌ കാർഷികോത്പ്പന്നങ്ങൾ വാങ്ങുകയും കമ്പനി ഉത്പ്പാദിപ്പിക്കുന്ന ജൈവവളവും, ജൈവ കീടനാശിനികളും, നടീൽ വസ്തുക്കളും നേരിട്ട്‌ കർഷകരിൽ എത്തിക്കുകയും ചെയ്യുന്നു.  ഇതു വഴി ലഭിക്കുന്ന ലാഭം കർഷകർക്കു തന്നെ തിരികെ വിതരണം ചെയ്യുകയും ചെയ്യുന്നു. പത്തുകോടി രൂപയുടെ ഫാക്ടറി സമുച്ചയമാണ്‌ മൂന്നു ഘട്ടങ്ങളായി  തേജസ്വിനി  നിർമ്മിക്കുക. ചകിരിയിൽ നിന്ന്‌ നാര്‌ വേർതിരിക്കുന്ന ഡീഫൈബറിംങ്ങ്‌ യൂണിറ്റ്‌, അതിൽ നിന്നു ലഭിക്കുന്ന കൊയർ പിത്ത്‌ ഉപയോഗിച്ച്‌ ജൈവവളം നിർമ്മിക്കുന്ന യൂണിറ്റ്‌ എന്നിവ ആദ്യഘട്ടത്തിൽ ഉണ്ടാവും. 25 ലക്ഷമാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌.  കൂടാതെ ദിവസം 35000 തേങ്ങ കൊപ്രയാക്കാൻ ശേഷിയുള്ള ഡ്രയറും, മണിക്കൂറിൽ 1000 കിലോ കൊപ്ര വെളിച്ചെണ്ണയാക്കാൻ ശേഷിയുള്ള എക്സപ്പല്ലറും ഫാക്ടറിയുടെ പ്രധാന ഭാഗങ്ങളാണ്‌. ഇതോടൊപ്പം കോക്കനട്‌ ചിപ്സ്‌, തേങ്ങാവെള്ളത്തിൽ നിന്നുള്ള സോഡ, വെർജിൻ വെളിച്ചെണ്ണ, ഹെയർ ഓയിൽ, കോക്കനട്‌ ബിസ്ക്കറ്റ്‌ തുടങ്ങിയവയുടെ ഉത്പാദനവും കമ്പനി ലക്ഷ്യമിടുന്നു.
കമ്പനിയുടെ മേൽനോട്ടത്തിൽ ചെറുപുഴയിൽ, അത്യുത്പാദന ശേഷിയുള്ള തെങ്ങിൻ തൈകളുടെ നഴ്സറി പ്രവർത്തിച്ചുവരുന്നു. തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി 30000 കുറിയ ഇനം മലയൻ തെങ്ങിൻ തൈകളും, 50000 വിത്തു തേങ്ങയും കർഷകർക്ക്‌ വിതരണം ചെയ്തു. തിരുമേനിയിൽ മുതുവം എന്ന സ്ഥലത്ത്‌ പരിശീലന കേന്ദ്രം സ്ഥാപിച്ച്‌ തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തെ പരിശീലിപ്പിച്ചു വരുന്നു. ഏഴു ബാച്ചുകളായി 187 പേർ ഇതിനോടകം പരിശീലനം നേടി കഴിഞ്ഞു. ഇവർക്കെല്ലാം തിരിച്ചറിയൽ കാർഡുകളും നൽകിയിട്ടുണ്ട്‌.  നാളികേര ഉത്പ്പാദക സംഘം ഭാരവാഹികൾക്കുള്ള പരിശീലനവും ഇവിടെ നൽകുന്നുണ്ട്‌. ഇതിനകം നാലു ബാച്ചുകളിലായി 205 പേർ പരിശീലനം പൂർത്തിയാക്കി.
കമ്പനി നീര ടാപ്പിംങ്ങ്‌ ആരംഭിച്ചു കഴിഞ്ഞു. ആദ്യപടിയായി നീര പരമ്പരാഗത രീതിയിൽ സംസ്കരിച്ച്‌ പാനിയാക്കിയാണ്‌ വിൽപ്പന നടത്തുന്നത്‌. ഇതിന്റെ ആദ്യ വിൽപന ജൂൺ അഞ്ചിന്‌ മന്ത്രി ശ്രീ.കെ.സി ജോസഫ്‌ പെരിങ്ങോത്ത്‌ നിർവഹിക്കുകയുണ്ടായി. നിലവിൽ നീര ടാപ്പിങ്ങിനുള്ള ലൈസൻസ്‌ ലഭിച്ചിരിക്കുന്നത്‌  ചെറുപുഴ ഫെഡറേഷനാണ്‌. ചൂരപ്പടവ്‌ ഉത്പാദക സംഘം വക തെങ്ങുകളാണ്‌ ഇപ്പോൾ ടാപ്പു ചെയ്യുന്നത്‌.  ദിവസം 25 ലിറ്റർ നീര വീതമാണ്‌ ഇപ്പോൾ ഉത്പാദനം. മറ്റ്‌ ഫെഡറേഷനുകൾ നീര ടാപ്പിങ്ങിനുള്ള അപേക്ഷ നൽകി കാത്തിരിക്കുന്നു. കമ്പനിയുടെ ജൈവ വളയൂണിറ്റ്‌ ഈ മാസം പ്രവർത്തനം ആരംഭിക്കും.
കമ്പനിയുടെ കീഴിലുള്ള പത്തു ഫെഡറേഷനുകൾ തെങ്ങു പുനരുദ്ധാരണ പദ്ധതിപ്രകാരം  ഇതിനോടകം 15 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു. അംഗങ്ങളായ കർഷകരുടെ തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി കൃഷി ചെയ്യുന്നതിന്‌ കമ്പനി നേരിട്ട്‌ വാഴ, ചേന, ഇഞ്ചി തുടങ്ങിയവയുടെ വിത്തുകൾ വിതരണം ചെയ്തുവരുന്നു. നാളികേരത്തിനു പുറമെ മറ്റ്‌ കാർഷിക വിളകളുടെ ജൈവകൃഷിയും  ഉത്പാദനവും വിപണനവും കമ്പനി പ്രോത്സാഹിപ്പിക്കുന്നുണ്ട്‌. ജൈവ സാക്ഷ്യപത്രം നേടിയ 300 ഹെക്ടർ കൃഷിയിടം തേജസ്വിനിയുടെ പ്രവർത്തന പരിധിയിലുണ്ട്‌. കൂടുതൽ കർഷകർ സാക്ഷ്യപത്രത്തിനായി കാത്തിരിക്കുന്നു.
 ഗ്രാമീണ സഹവാസ പരിപാടി പ്രകാരം കേരള കാർഷിക സർവകലാശാലയിലെ  55 വിദ്യാർത്ഥികൾ ഒരാഴ്ച്ചക്കാലം തേജസ്വിനിയിൽ താമസിച്ച്‌ പ്രായോഗിക പരിശീലനം നേടുകയുണ്ടായി. കോഴിക്കോട്‌ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മന്റിൽ നിന്നുള്ള 14 വിദ്യാർത്ഥികളും ഇതുപോലെ കമ്പനിയിൽ പരിശീലനം നേടുന്നുണ്ട്‌. കാർഷിക സർവകലാശാലയുടെ വെള്ളാനിക്കരയിലുള്ള കോളജ്‌ ഓഫ്‌ കോഓപ്പറേഷൻ, ബാങ്കിംങ്ങ്‌ ആൻഡ്‌ മാനേജ്‌മന്റിലെ
രണ്ട്‌ വിദ്യാർത്ഥികൾ കമ്പനിയിൽ ഇന്റേൺഷിപ്പും ചെയ്തുവരുന്നു.
ഒത്തിരി സ്വപ്നപദ്ധതികളുമായാണ്‌ കമ്പനി മുന്നോട്ടു നീങ്ങുന്നത്‌. ഗുണമേന്മയുള്ള ജൈവവളം കർഷകർക്ക്‌ ലഭ്യമാക്കാൻ ഒരു ജൈവവളപ്ലാന്റ്‌, നീര സംസ്കരണയൂണിറ്റ്‌, ചകരിനാര്‌ ഉത്പാദന യൂണിറ്റ്‌ എന്നിവ 2014 ഒക്ടോബറിനു മുമ്പായി പൂർത്തിയാക്കണം. കമ്പനിയുടെ പെരിങ്ങോം ഫാക്ടറി സമുച്ചയത്തിൽ നിർമ്മാണം നടക്കുന്ന കൊപ്രഡ്രയർ, എക്സ്പെല്ലർ യൂണിറ്റുകൾ എന്നിവ നവംബറിൽ  കമ്മിഷൻ ചെയ്യണം. അതോടൊപ്പം നീര ബ്രാൻഡ്‌ ചെയ്ത്‌ വിപണിയിലിറക്കണം. അതിനുള്ള വിപണന ശ്രുംഖല ഉണ്ടാക്കണം. മാധ്യമങ്ങളിലൂടെയും മറ്റുമുള്ള പരസ്യ പ്രചാരണങ്ങൾ നടത്തണം. നീര പ്ലാന്റിൽ ഗുണപരിശോധനയ്ക്കായി ലാബ്‌ സ്ഥാപിച്ച്‌  അവിടെ  കെമിസ്റ്റിൻ നിയമിക്കണം. ഇക്കാര്യങ്ങളെല്ലാം സമയബന്ധിതമായി ഈ വർഷം തന്നെ പൂർത്തിയാക്കാമെന്നു കരുതുന്നു.
തേജസ്വിനി കൂട്ടായ്മയിൽ വിശ്വസിക്കുന്നു. കൂട്ടായ്മയിലൂടെ മാത്രമെ വലിയ ലക്ഷ്യങ്ങൾ നേടാനാവൂ. നീര പോലുള്ള ഉത്പ്പന്നങ്ങളുടെ വിപണനത്തിന്‌ അത്‌ അത്യാവശ്യമാണെന്ന്‌ തേജസ്വനി കരുതുന്നു. ഇന്ത്യയിൽ മുന്തിരി കർഷകർക്ക്‌ ഇത്തരം കൂട്ടായ്മയുണ്ട്‌. അതുകൊണ്ടാണ്‌ വിപണന, കയറ്റുമതി മേഖലയിൽ അവർക്ക്‌ വിജയിക്കാനായത്‌.കർഷിക മേഖലയിൽ ഒരു കൺസോർഷ്യം ഉണ്ടായാൽ, അതിലെ ഏറ്റവും സജീവമായ അംഗമാകാൻ തേജസ്വിനി ആഗ്രഹിക്കുന്നു.
നിറമുള്ള സ്വപ്നങ്ങളാണ്‌ തേജസ്വിനി കാണുന്നത്‌. കേരളത്തിലുടനീളം കർഷകരുടെ സൂപ്പർമാർക്കറ്റുകൾ തുടങ്ങണം. ഇവിടേയ്ക്കുള്ള കാർഷിക ഉത്പ്പന്നങ്ങളുടെ സംഭരണം ശേഖരണം സംസ്കരണം എന്നിവയ്ക്കായി ഓരോ സിപിഎസുകളിലേയും 10-20 കർഷകർക്ക്‌ ഉത്തരവാദിത്വം നൽകണം. കർഷകരുടെ ഉത്പ്പന്നങ്ങൾക്ക്‌ ഓൺലൈൻ വിപണി തുടങ്ങണം. എല്ലാ ഉത്പാദക സംഘങ്ങളിലും പരിശീലനം നേടിയ യുവാക്കളെ നിയമിച്ച്‌ പ്രവർത്തനങ്ങൾ ശാസ്ത്രീയമാക്കണം. കാർഷിക ഉത്പ്ന്നങ്ങളുടെ സംഭരണം, സംസ്കരണം, വിപണനം എന്നിവയ്ക്കായി സ്മോൾ ഫാർമേഴ്സ്‌ അഗ്രിബിസിനസ്‌ കൺസോർഷ്യവുമായി സഹകരണം ഉണ്ടാക്കണം. അന്താരാഷ്ട്ര സർട്ടിഫിക്കേഷനും അക്രഡിറ്റേഷനും നേടണം. അങ്ങനെ വാനോളം ഉയർന്ന സ്വപ്നപദ്ധതികളുമായി തേജസ്വിനി മുന്നോട്ടു പോകുന്നു. തേജസ്വിനിയുടെ സാരഥി ശ്രീ.ഷെബി സഖറിയായുടെ നിശ്ചയദാർഢ്യവും, ശ്രീ.ടി.എ റസാഖിന്റെ മാനേജ്‌മന്റ്‌ വൈദഗ്ധ്യവും, കർമ്മോത്സുകരായ ഡയറക്ടർമാരുടെ ആത്മാർത്ഥതയും  എല്ലാറ്റിനുമുപരി  തെങ്ങിനെ ഉപജീവനമാർഗ്ഗമായി കരുതി പരിപാലിക്കുന്ന കമ്പനിയുടെ നെടും തൂണുകളായ ഫെഡറേഷനുകളിലെ പതിനായിരക്കണക്കിനു കേര കർഷകരുടെ കൂട്ടായ പ്രവർത്തനങ്ങളുടെയും കേരളത്തിന്റെ കാർഷിക ചരിത്രത്തിൽ വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന്‌ ഉറപ്പാണ്‌.
ഫോൺ : 94951 47228

26 Mar 2013

സ്വപ്നങ്ങൾക്ക്‌ നിറം പകർന്ന്‌ കോക്കനട്ട്‌ പ്രോഡ്യൂസർ കമ്പനി


സണ്ണി ജോർജ്ജ്‌
കർഷകശ്രീ, ചെറുപുഴ, കണ്ണൂർ

നാളികേര കർഷകരുടെ ചിരകാല സ്വപ്നമാണ്‌ കർഷകകൂട്ടായ്മയിൽ ഒരു കോക്കനട്ട്‌ കമ്പനി രൂപീകരിക്കുകയെന്നത്‌. സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള കഠിനപ്രയത്നത്തിലാണ്‌ ചെറുപുഴയിലെ കർഷക കൂട്ടായ്മ. നാളികേരോത്പാദക സംഘങ്ങളും (സിപിഎസ്‌) നാളികേര ഫെഡറേഷനും ചങ്ങാതിക്കൂട്ടവും യാഥാർത്ഥ്യമാക്കി വിസ്മയം തീർത്തവർക്ക്‌  പ്രോഡ്യൂസർ കമ്പനിയും സാക്ഷാത്ക്കരിക്കുവാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ്‌ പുരോഗമനേച്ഛുക്കളായ ഈ പ്രദേശത്തെ  കർഷകർ കേരളത്തിലെ ആദ്യത്തെ പ്രോഡ്യൂസർ കമ്പനിക്ക്‌ തുടക്കം കുറിച്ചിട്ടുള്ളത്‌. ചെറുപുഴ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തേജസ്വിനി ഇക്കോഫാം ടൂറിസം സോസൈറ്റിയാണ്‌ നാളികേര കർഷകരുടെ കൂട്ടായ്മ രൂപീകരിക്കുന്നതിന്‌ നേതൃപരമായ പങ്ക്‌ വഹിക്കുന്നത്‌.
തേജസ്വനി ഇക്കോഫാം ടൂറിസം സോസൈറ്റി
മലയോരത്തെ കർഷകരെ ഒത്തൊരുമിപ്പിച്ചുകൊണ്ട്‌ സമ്പൂർണ്ണ ജൈവകൃഷി നടപ്പാക്കുന്നതിനും ഇക്കോ ടൂറിസത്തിന്റെ അനന്തസാദ്ധ്യതകൾ കണ്ടറിഞ്ഞ്‌ പ്രയോജനപ്പെടുത്തുന്നതിനും വേണ്ടി രൂപീകൃതമായ ജൈവകർഷകരുടെ സംഘടനയാണ്‌ ചെറുപുഴ തേജസ്വനി ഇക്കോ ടൂറിസം സോസൈറ്റി. കർഷകർക്ക്‌ പരിശീലനം നൽകി അവരെ സന്നദ്ധരാക്കുന്നതിന്‌ പുറമേ വിവിധ വകുപ്പുകൾ നടപ്പാക്കുന്ന കാർഷിക പദ്ധതികൾ ജനങ്ങളിൽ എത്തിക്കുന്നതിനും തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും പരിശീലനം നൽകുന്നതിനും കൃഷി അനുബന്ധ മൃഗസംരക്ഷണ പ്രവർത്തനങ്ങളിലും സംഘടന ശ്രദ്ധവെയ്ക്കുന്നു. അനവധി പരിശീലന പരിപാടികൾക്ക്‌ പുറമേ വിവിധ പദ്ധതികളും കർഷക ക്ഷേമത്തിനായി വിജയകരമായി സോസൈറ്റി നടപ്പാക്കിവരുന്നു.
ജൈവകൃഷി വികസന പദ്ധതി
2010-11 വർഷത്തിൽ പയ്യന്നൂർ ബ്ലോക്കിലെ ചെറുപുഴ പഞ്ചായത്തിൽ കൃഷിഭവന്റെ സഹായത്തോടെ 45 ഹെക്ടർ ലക്ഷ്യമിട്ട സ്ഥാനത്ത്‌ 90 ഹെക്ടർ സ്ഥലത്ത്‌ ജൈവകൃഷി പദ്ധതി നടപ്പാക്കി സർട്ടിഫിക്കേഷൻ നേടുവാൻ സോസൈറ്റിയുടെ ശ്രമഫലമായി കഴിഞ്ഞു.  രണ്ടാംഘട്ടമായി 75 ഹെക്ടർ സ്ഥലത്ത്‌ പദ്ധതി അനുവദിച്ചപ്പോൾ 150 ഹെക്ടർ സ്ഥലത്ത്‌ പദ്ധതി നടപ്പിലാക്കി സർട്ടിഫിക്കേഷന്‌ സമർപ്പിച്ചിട്ടുണ്ട്‌. ജൈവ സർട്ടിഫിക്കേഷനുള്ള തേങ്ങയ്ക്ക്‌ ഈ വർഷം കിലോഗ്രാമിന്‌ 19 രൂപ വരെ ലഭിച്ചുവേന്നത്‌ പ്രത്യേകം പ്രസ്താവ്യമാണ്‌.
മുയൽ വളർത്തൽ, ഫാം വിസിറ്റ്‌, വൈറ്റ്‌ വാട്ടർ റാഫ്റ്റിംഗ്‌
സോസൈറ്റിയുടെ  നേതൃത്വത്തിൽ മുയൽ വളർത്തൽ പദ്ധതി നടപ്പാക്കി വരന്നുണ്ട്‌.  മാംസ സംസ്ക്കരണവും വിപണനവുമാണ്‌ ലക്ഷ്യമിടുന്നത്‌. പ്രകൃതി മനോഹരമായ കൊട്ടത്തലച്ചിമലയും കാതംവയലും ഉൾപ്പെടുന്ന പ്രദേശം ഫാം വിസിറ്റിന്‌ അനുയോജ്യമാണ്‌. കൊട്ടത്തലച്ചിയിൽ ആരംഭിച്ച ഗ്രീൻഹിൽ ഹോംസ്റ്റേയിൽ താമസിച്ച്‌ പ്രകൃതിസൗന്ദര്യം നുകരുകയും നാടൻ ഭക്ഷണം രുചിക്കുകയും ചെയ്യാം. തേജസ്വിനി പുഴയിൽ മഴക്കാലത്ത്‌ നടക്കുന്ന വൈറ്റ്‌ വാട്ടർ റാഫ്റ്റിംഗ്‌ സാഹസികതയും വിനോദവും കോർത്തിണക്കിയ ഒന്നാണ്‌
കാർഷിക നഴ്സറി
സോസൈറ്റിയുടെ അനുബന്ധ സ്ഥാപനമായി ചെറുപുഴ മേലേബസാറിന്‌ സമീപം ചെറുപുഴ ഗാർഡൻസ്‌ എന്ന പേരിൽ കാർഷിക നഴ്സറി പ്രവർത്തിച്ചുവരുന്നു. അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളും നടീൽ വസ്തുക്കളും ഫലവൃക്ഷത്തൈകളും അലങ്കാരചെടികളും നഴ്സറിയിൽ ലഭ്യമാണ്‌.  കർഷകർ ഉത്പാദിപ്പിക്കുന്ന വിത്തുകളും തൈകളും നഴ്സറി വിതരണം ചെയ്യുന്നു.  കുറിയ തെങ്ങിനങ്ങളായ മലയൻ പച്ച, മലയൻ മഞ്ഞ, മലയൻ ഓറഞ്ച്‌ എന്നിവയുടെ ഗുണമേന്മയുള്ള 7000ത്തോളം തൈകൾ സ്റ്റോക്കുണ്ട്‌.
യന്ത്രവത്കൃത ചകിരി വ്യവസായ സഹകരണസംഘം, ക്ലിപ്തം നമ്പർ 1083
കയർ ബോർഡിന്റെ സഹകരണത്തോടെ യന്ത്രവൽകൃത ചകിരിനാര്‌ ഉത്പാദക കേന്ദ്രം സോസൈറ്റിയുടെ നേതൃത്വത്തിൽ ചൂരപ്പടവിൽ പ്രവർത്തനസജ്ജമായി വരുന്നു.സർക്കാരിന്റെ എല്ലാ അനുമതിയും നേടിക്കഴിഞ്ഞ പ്രസ്തുത യൂണിറ്റ്‌ പ്രവർത്തനമാരംഭിക്കുന്നതോടെ മലയോരത്ത്‌ പാഴാകുന്ന ചകിരി മൂല്യവർദ്ധിത ഉൽപന്നമായ ചകിരിനാരായി മാറും.
നാളികേരോത്പാദക സംഘങ്ങൾ
ചെറുപുഴയിലും പരിസര പ്രദേശങ്ങളിലും പരക്കെ നാളികേരോത്പാദകസംഘങ്ങൾ രൂപീകരിക്കുവാൻ തേജസ്വിനി സോസൈറ്റി മുൻകൈ എടുത്തു. ഈ പ്രദേശത്ത്‌ ഇപ്പോൾ 26 നാളികേരോത്പാദക സംഘങ്ങളിലായി 2000 നാളികേര കർഷകർ അംഗങ്ങളായുണ്ട്‌. ഉത്പാദക സംഘങ്ങളുടെ കൂട്ടായ്മയായ ചെറുപുഴ നാളികേര ഫെഡറേഷനും നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു.  കണ്ണൂർ ജില്ലയിലെ ആദ്യത്തെ ഫെഡറേഷൻ ആയ ചെറുപുഴ ഫെഡറേഷനിൽ നിലവിൽ 26 ഉത്പാദക സംഘങ്ങളും 2000 കർഷകരും 1.21 ലക്ഷം കായ്ക്കുന്ന തെങ്ങുകളും ഉണ്ട്‌. ചിട്ടയായ പ്രവർത്തനം മുഖമുദ്രയാക്കിയ ചെറുപുഴ ഫെഡറേഷന്റെ നേതൃത്വത്തിൽ 2013 ജനുവരി 12 ന്‌ നടത്തിയ കർഷകസംഗമം ജനപങ്കാളിത്തം കൊണ്ടും സജീവമായ ചർച്ചകൊണ്ടും ശ്രദ്ധേയമായിരുന്നു.
ചങ്ങാതിക്കൂട്ടം
തെങ്ങ്‌ കയറ്റതൊഴിലാളികളെ സംഘടിപ്പിച്ച്‌  നാളികേര വികസന ബോർഡിന്റെ പരിശീലനത്തിനയച്ച്‌ രൂപീകരിച്ച ചങ്ങാതിക്കൂട്ടത്തിൽ നിലവിൽ 63 അംഗങ്ങളുണ്ട്‌. ചങ്ങാതിക്കൂട്ടം നിലവിൽ വന്നതോടെ തേങ്ങ പറിക്കാനാളില്ലാത്ത അവസ്ഥയ്ക്ക്‌ മാറ്റം വന്നു. തൊഴിലാളികൾക്ക്‌ ജോലി സ്ഥിരത ഉറപ്പായി. കൂലി ഏകീകരണം നടപ്പായി. നാളികേരോത്പാദക സംഘങ്ങൾക്കെല്ലാം ചങ്ങാതിക്കൂട്ടത്തിന്റെ സേവനം ഇപ്പോൾ ലഭ്യമാണ്‌. ചെറുപുഴയിൽ നടത്തിയ വിത്തുത്സവത്തോടനുബന്ധിച്ച്‌ തൊഴിലാളികൾ കർഷകരിൽ നിന്ന്‌ കരിക്ക്‌  ശേഖരിച്ച്‌ നടത്തിയ കരിക്ക്‌ സ്റ്റാൾ പുത്തൻമാതൃകയായി.
തേജസ്വനി കോക്കനട്ട്‌ പ്രോഡ്യൂസർ കമ്പനി ലിമിറ്റഡ്‌ (ടിപിസിഎൽ)
ചെറുപുഴ നാളികേര ഫെഡറേഷന്റെ നേതൃത്വത്തിൽ കണ്ണൂർ - കാസർഗോഡ്‌ ജില്ലകളിലെ മലയോര മേഖല കേന്ദ്രീകരിച്ച്‌ തേജസ്വിനി കോക്കനട്ട്‌ പ്രോഡ്യൂസർ കമ്പനി രൂപീകരിച്ച്‌ പ്രവർത്തനം ആരംഭിക്കുകയാണ്‌. നാളികേരോത്പാദക സംഘങ്ങളേയും നാളികേരോത്പാദകരേയും ചേർത്ത്‌ ഇന്ത്യയിൽ ആദ്യത്തെ കമ്പനിയാണ്‌ യാഥാർത്ഥ്യമാകുന്നത്‌. നിർദ്ദിഷ്ട കമ്പനിക്ക്‌ അംഗീകൃതമായ മൂലധനം 10 കോടി രൂപയാണ്‌ നിശ്ചയിച്ചിരിക്കുന്നത്‌. കമ്പനിയുടെ ഷെയറുകൾ നാളികേരോത്പാദക സംഘങ്ങൾക്കും വ്യക്തിഗത നാളികേരോത്പാദകർക്കും നൽകും. 50,000 രൂപയുടെ 2000 ഷെയറുകൾ ഉണ്ടാകും കമ്പനിക്ക്‌.
നാളികേര വികസന ബോർഡ്‌, കൃഷി വകുപ്പ്‌, നബാർഡ്‌,  വ്യവസായ വകുപ്പ്‌, ജൈവ സർട്ടിഫിക്കേഷൻ സംഘടനകളായ ഇൻഡോസേർട്ട്‌, ഇന്ത്യൻ ഓർഗാനിക്‌ പ്രോഡ്യൂസർ കമ്പനി ലിമിറ്റഡ്‌ (ഐഒപിസിഎൽ) തുടങ്ങിയവരുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ചാ
ണ്‌ കമ്പനി രൂപീകരണത്തിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്‌.
ഒന്നാംഘട്ടത്തിൽ സൾഫർ, പുക തുടങ്ങിയ മാലിന്യങ്ങൾ കലരാത്ത പരിശുദ്ധമായ വെളിച്ചെണ്ണ, ഓർഗാനിക്‌ വെർജിൻ വെളിച്ചെണ്ണ, തൂൾതേങ്ങ, തേങ്ങാപ്പാൽ, ഓർഗാനിക്‌ വിനാഗിരി, ചകിരി-ചിരട്ട ഉൽപന്നങ്ങൾ തുടങ്ങിയവയുടെ ഉത്പാദനവും വിതരണവുമാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌.
സർക്കാർ അനുമതി നൽകുന്നപക്ഷം നീര ഉത്പാദനവും സംസ്ക്കരണവും ആരംഭിക്കുവാൻ കമ്പനിക്ക്‌ ഉദ്ദേശ്യമുണ്ട്‌. നാളികേര കർഷകരെ 1000 തെങ്ങുകളുള്ള യൂണിറ്റുകളാക്കി തിരിച്ച്‌ ജൈവകൃഷിരീതിയിൽ തേങ്ങ ഉത്പാദനം, ലേബർ ബാങ്ക്‌, ചങ്ങാതിക്കൂട്ടം ഉപയോഗിച്ച്‌ കർഷകരുടെ കൃഷിയിടങ്ങളിൽ നേരിട്ടെത്തി വിളവെടുപ്പ്‌ തുടങ്ങിയവ കമ്പനി ഉദ്ദേശിക്കുന്നു. ജൈവനാളികേരത്തിന്‌ അധികവിലയും കർഷകർക്ക്‌ സാമ്പത്തിക സുരക്ഷയും ഇത്തരത്തിൽ ഉറപ്പാക്കാനാകും. കൂടാതെ ചകിരിച്ചോർ ഉപയോഗിച്ച്‌ ജൈവവള, ജീവാണുവളങ്ങളുടെ ഉത്പാദനം, ചകിരിനാര്‌ ഉത്പാദനം, ചിരട്ടയിൽ നിന്നുള്ള ഉൽപന്നങ്ങളുടെ നിർമ്മാണം എന്നിവയും സാദ്ധ്യമാക്കാൻ ഉദ്ദേശിക്കുന്നു. രോഗ-കീടങ്ങളുടെ നിയന്ത്രണവും നിർമ്മാർജ്ജനവും കമ്പനിയുടെ പ്രവർത്തനമേഖലയിൽ നേരിട്ടേറ്റെടുക്കാനും കമ്പനി ലക്ഷ്യമിടുന്നു. തെങ്ങിന്‌ ഇടവിളയായി ആയുർവേദ മരുന്നുകൾ കൃഷി ചെയ്ത്‌ അവയുടെ സംഭരണം, വിപണനം, പ്രാദേശികമായി ലഭ്യമായ വിവിധ കാർഷികോൽപന്നങ്ങളുടെ സംഭരണം, സംസ്ക്കരണം, വിപണനം ഇവയൊക്കെ കമ്പനി ഏറ്റെടുക്കുവാൻ ഉദ്ദേശിക്കുന്നു. കാർഷികോപാധികളുടേയും കാർഷികോപകരണങ്ങളുടെയും ഏജൻസി ഏറ്റെടുത്ത്‌ ന്യായവിലയ്ക്ക്‌ വിപണനം നേരിട്ട്‌ നടത്തുവാനും കമ്പനിക്ക്‌ പദ്ധതിയുണ്ട്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...