Showing posts with label geethakumari. Show all posts
Showing posts with label geethakumari. Show all posts

23 Feb 2013

ഗദ്ദര്‍




ഗീതാകുമാരി 

ഒറ്റച്ചിലമ്പ് കിലുക്കി കാലത്തിന്റെ 

ഗര്‍ജ്ജനമാകുന്നു ഗദ്ദര്‍ !
ഗദ്ഗദം വന്നു നിറയുന്നു ,നിന്‍ -
ഗാന നിര്‍ജ്ജരി കേള്‍ക്കുന്ന മാത്രയില്‍ !

ആ ദളങ്ങള്‍ ,ദളിതര്‍ തന്‍ രോദനം 
മാറ്റൊലിക്കൊള്ളുന്നു നിന്നില്‍ 
ഏതു പടഹധ്വനിയായ്‌ ,പടവാളായ്
പോരാടി ,ചാട്ടുളിയായി .....

കാറ്റിന്‍ പ്രചണ്ഡന താളമായ് ,
ആയിരം സാഗരഗര്‍ജ്ജന  നാദമായ്
ഹൃത്തിന്റെ ഉള്ളറ കീറി ,പ്രകമ്പനം
കൊള്ളുന്നു കാവ്യ കല്ലോലിനി ......

ഉള്ളിലണയാത്ത തീപ്പൊരിയൂതി-
ചലനത്തിന്‍ ,അഗ്നിയങ്ങാളിപ്പടര്‍ത്തി
'പോരാട്ട'മെന്തെന്നു കാട്ടി നീ ,ഇന്നിന്റെ 
'കണ്ണകി' യായുറഞ്ഞാടി

'വിറ്റലിന്‍'നാമമുപേക്ഷിച്ചു ,മാറ്റത്തിന്‍
വിത്തുവിതയ്ക്കുന്നു നീയും 
'വിപ്ലവം'അര്‍ഥങ്ങള്‍ തെറ്റി ,ഉറയൂരി 
നിശ്ചലമാകുന്നു മുന്നില്‍ !

ഭാഷ്യം ചമയ്ക്കുന്നു നീയും ,ചെഞ്ചോര
ചീറ്റുന്നു നിന്‍ നെഞ്ചിലിന്നും !
ഈ 'പുറംപൂച്ചി'ന്‍ യുഗത്തിന്റെ -
-യപ്പുറം കണ്ടവന്‍ ,ഗദ്ദര്‍ 

നിന്‍ മുളവടി തുമ്പില്‍ ,സ്ഫുരണമായ്‌
നിന്നു ജ്വലിക്കട്ടെകാലം !!

17 Jun 2012

ഞാനുമൊരമ്മ

                         

ഗീതാകുമാരി .സി

ഞാനുമൊരമ്മ ,രണ്ടു പെണ്‍മക്കളെ 
നോവറിഞ്ഞങ്ങു ഭൂജാതയാക്കിയോള്‍ .
ഈശ്വരന്റെയപാരമാം സൗന്ദര്യ - 
സൃഷ്ടിയാം സ്ത്രീകുലത്തെ ചുമന്നവള്‍
ഏറിടുന്നോരഭിമാനബോധമായ് 
വാണിടാന്‍വേണ്ട വൃത്തികള്‍ ചെയ്യുവോള്‍ !
*************************************
ഭൂമി ;ഞാനിന്നിങ്ങെന്നില്‍ കുരുത്തൊരീ 
പൂഞ്ചെടികളിവ,വാടിക്കരിയാതെ 
പാരിനാകവേ , പൂമണം ,  നന്മയായ് 
വീശുവാന്‍ , വളം എന്നുപദേശമായ്
നോമ്പു നോല്‍ക്കുന്നു ഞാന്‍ , ചോര ; നീരാക്കിയെന്‍ 
പൂഞ്ചെടികള്‍ ; തളിര്‍ക്കുവാന്‍ ,പൂക്കുവാന്‍ !
*************************************
എന്‍ പ്രതീക്ഷയ്ക്കുമാശയ്ക്കുമപ്പുറം
ഏറെയാശങ്കയെന്നെ ഭരിക്കവേ
കണ്ണൂതെറ്റിയാല്‍ , എന്‍ ശ്രദ്ധ പാളിയാല്‍ 
എന്തു താനിന്നു വന്നു ഭവിച്ചിടും?
ഇന്നു കണ്‍കളില്‍ ഉറക്കം വഴിമാറ്റി 
എണ്ണയിട്ടു തുറന്നു വെയ്ക്കുന്നു ഞാന്‍ 
*************************************
എത്ര ' സൗമ്യ ' കുസുമങ്ങള്‍ തന്‍ ദലം
തത്ര വീണു കിടക്കുന്നു ഭൂമിയില്‍ 
അത്ര തന്നെ വിടരാന്‍ ഭയന്നിതാ 
കൂമ്പി നില്‍ക്കുന്നൊരായിരം മൊട്ടുകള്‍ 
*************************************
കണ്ണൂപെട്ടങ്ങു വാടിക്കരിയുമോ ?
പൂവിതള്‍ ; പ്രതീക്ഷകള്‍ കൊഴിയുമോ ?
ആക്കഴുകന്‍മാര്‍ കൂര്‍ത്ത നഖവുമായ് 
എത്തിടാം പിന്നെ കൊമ്പുകളാഴ്ത്തുവാന്‍ 
എത്രയാര്‍ത്തിയോടെത്തിടാം പ്രാണികള്‍ 
വന്നു ത്രാണിയകറ്റിക്കടന്നിടാം
**************************************
കര്‍മ്മമാണെന്‍ ;ധര്‍മ്മവും ,മക്കളില്‍ 
ധര്‍മ്മബോധമുണര്‍ത്തി വലുതാക്കി 
കര്‍മ്മ പാതയില്‍ വീണൂകിടക്കാതെ 
വര്‍ണ്ണമോടെ വിടര്‍ന്നങ്ങു നില്‍ക്കുവാന്‍ 
**************************************
ഏതു കാറ്റിലുമാടാതെ ,ഭൂമിയില്‍ 
വേരുറപ്പിച്ചു നില്‍ക്കുവാന്‍ പോന്നോരാ 
വീര്യവും നേരും സൂര്യകിരണമായ് 
നേരേ വന്നു പതിച്ചുല്ലസിക്കട്ടെ 
***************************************
ചുട്ടുപൊള്ളും മനവുമായിന്നു ഞാന്‍ 
നില്‍പ്പു... കാക്കുവാന്‍ മേനിയും മാനവും 
എന്റെ നോവറിഞ്ഞങ്ങു മഴയായി 
പാരിനുടയോന്‍ കനിഞ്ഞങ്ങണഞ്ഞെങ്കില്‍ .... !!
***************************************

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...