Showing posts with label 53. Show all posts
Showing posts with label 53. Show all posts

19 Jul 2013

പശ്ചിമ ഭാരതത്തിൽ തെങ്ങിൻ തൈകളുടെ ആവശ്യകതയിൽ വർദ്ധന


ടി. ഐ. മാത്യുക്കുട്ടി
ഡയറക്ടർ, നാളികേര വികസന ബോർഡ്‌, ബാംഗ്ലൂർ

തെങ്ങ്‌ പോലെ വൈവിദ്ധ്യമാർന്ന ഉപയോഗങ്ങൾക്കിണങ്ങുന്ന മറ്റൊരു ഉദ്യാനവിള സസ്യപ്രപഞ്ചത്തിൽ വേറൊന്നില്ല തന്നെ.  മനുഷ്യജീവിതത്തിന്‌ ആവശ്യമുള്ളതെല്ലാം തന്നെ തെങ്ങിൽ നിന്ന്‌ ലഭിക്കുന്നു. അതിനാൽ തെങ്ങിനെ കൽപവൃക്ഷമെന്ന്‌ വിളിക്കുന്നത്‌ അന്വർത്ഥമാണ്‌. തെങ്ങുകൃഷിയിൽ ഇന്ത്യ ലോകത്ത്‌ ഒന്നാം സ്ഥാനത്താണ്‌. ഇവിടെ 18.95 ലക്ഷം ഹെക്ടർ സ്ഥലത്താണ്‌ തെങ്ങുകൃഷിയുള്ളത്‌. നാളികേരോത്പാദനം 1694.30 കോടി നാളികേരവും ഉത്പാദനക്ഷമത ഹെക്ടറൊന്നിന്‌ 8965 നാളികേരവുമാണ്‌.
നമ്മുടെ രാജ്യത്ത്‌ തെങ്ങുകൃഷി ചെയ്യുന്ന പതിനെട്ട്‌ സംസ്ഥാനങ്ങളിൽ കർണ്ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്‌ എന്നിവിടങ്ങളിലായി 4.82 ലക്ഷം ഹെക്ടറിലാണ്‌ തെങ്ങുകൃഷിയുള്ളത്‌; ഇത്‌ രാജ്യത്തെ മൊത്തം തെങ്ങുകൃഷിയുടെ 25.40 ശതമാനം വരും. തെങ്ങുകൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീർണ്ണം ദേശീയ വിസ്തീർണ്ണത്തിന്റെ നാലിലൊന്നോളം വരുമെങ്കിലും നാളികേരോത്പാദനം 16.70 ശതമാനം മാത്രമാണുള്ളത്‌. അതായത്‌ മൂന്ന്‌ സംസ്ഥാനങ്ങളിലും കൂടി നാളികേരോത്പാദനം 181.3 ലക്ഷം മെട്രിക്‌ ടൺ നാളികേരമാണ്‌ (പട്ടിക 1). ജനിതകപരമായ കാരണങ്ങളും ജലസേചനത്തിലും പരിപാലന രീതികളിലുമുള്ള കുറവും കുറഞ്ഞ ഉത്പാദനക്ഷമതയ്ക്ക്‌ കാരണമാകുന്നു. ഈ പ്രദേശത്ത്‌ പ്രധാനമായും കൃഷി ചെയ്യുന്ന ഇനങ്ങൾ പശ്ചിമ തീര നെടിയ ഇനവും, തീപ്തൂർ ടാൾ, ബെനോളീം ടാൾ, കലൻഗുട്ടെ (ഗോവൻ ടാൾ) എന്നിവയുമാണ്‌. അത്യുത്പാദനശേഷിയുള്ള ഡി ഃ ടി സങ്കരയിനവും കുറിയ ഇനങ്ങളായ ചാവക്കാട്‌ ഓറഞ്ച്‌, ചാവക്കാട്‌ പച്ച, മലയൻ മഞ്ഞ,  മലയൻ പച്ച, ഗംഗാബോന്തം തുടങ്ങിയവയ്ക്ക്‌ പശ്ചിമേന്ത്യൻ സംസ്ഥാനങ്ങളിൽ ഇനിയും പ്രചാരം ലഭിച്ചു തുടങ്ങിയിട്ടില്ല. കർണ്ണാടകത്തിൽ ഉത്പാദിപ്പിക്കുന്ന നാളികേരത്തിന്റെ 15 ശതമാനവും കരിക്കിനാണ്‌ ഉപയോഗിക്കുന്നതെങ്കിലും മലയൻ പച്ച, ഗംഗാബോന്തം എന്നീ കുറിയ ഇനങ്ങൾ ഇനിയും ഇവിടെ വൻതോതിൽ കൃഷി ചെയ്യാൻ തുടങ്ങിയിട്ടില്ല.
തെങ്ങിൻ തൈകളുടെ ആവശ്യകത
തെങ്ങ്‌ ഒരു ബഹുവർഷ വിളയാണ്‌. തെങ്ങിൽ നിന്ന്‌ 60 വർഷത്തിലധികം കാലത്തേക്ക്‌ വിളവ്‌ ലഭിക്കുന്നു. തൈ നട്ട്‌ നാല്‌ മുതൽ ഏഴ്‌ വർഷം വരെ കഴിഞ്ഞാണ്‌ കായ്ക്കാൻ തുടങ്ങുക.  നെടിയ ഇനങ്ങൾ പൂർണ്ണതോതിൽ കായ്ഫലം തരുന്നതിന്‌ 8 മുതൽ 12 വർഷം വരെ വേണ്ടിവരും. അതേസമയം കുറിയയിനങ്ങൾ 6 മുതൽ 8 വർഷത്തിനുള്ളിൽ പൂർണ്ണതോതിൽ വിളവ്‌ നൽകാൻ തുടങ്ങും. സങ്കരയിനങ്ങളിൽ എട്ട്‌ മുതൽ പത്ത്‌ വർഷം വരെയാണ്‌ വേണ്ടിവരിക. ഗുണമേന്മ കുറഞ്ഞ നടീൽ വസ്തുക്കൾ ഉപയോഗിച്ചാൽ കൃഷി തന്നെ ലാഭകരമല്ലാതായി മാറും, കർഷകരാകട്ടെ നഷ്ടത്തിലേക്ക്‌ കൂപ്പ്‌ കുത്തും. തെങ്ങുകൃഷിയിൽ വിളവ്‌ ലഭിച്ചുതുടങ്ങുന്നതിനു മുൻപ്‌ തന്നെ ഗണ്യമായ പണച്ചെലവ്‌ ആവശ്യമായി വരുന്നതിനാൽ  അഭികാമ്യമായ ഇനത്തിന്റെ ഗുണനിലവാരമുള്ള നടീൽ സാമഗ്രികൾ തെരഞ്ഞെടുക്കുന്നതിൽ അതീവ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്‌. തെങ്ങിന്റെ കാര്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട മാതൃവൃക്ഷങ്ങളിൽ നിന്ന്‌ ശേഖരിക്കുന്ന വിത്തുതേങ്ങ പാകി കിളിർപ്പിച്ചെടുക്കുന്ന തെങ്ങിൻ തൈകൾ മുഖേന മാത്രമേ വംശവർദ്ധന നടക്കുകകയുള്ളൂ.  കോശസംവർദ്ധനം മുഖേനയുള്ള വംശവർദ്ധനയ്ക്കായുള്ള പ്രയത്നങ്ങൾ പല തലങ്ങളിൽ പുരോഗമിക്കുന്നുണ്ടെങ്കിലും പൂർണ്ണമായും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. ഇപ്പോൾ വികസിപ്പിച്ചുവരുന്ന ഭ്രുണസംവർദ്ധന (പ്ലൂമ്യൂൾ കൾച്ചർ) സാങ്കേതികവിദ്യയിൽ ഒരു വിത്തുതേങ്ങയുടെ ഭ്രൂണത്തിൽ നിന്ന്‌ പതിനെട്ട്‌ വരെ തൈകൾ ഉത്പാദിപ്പിച്ചെടുക്കാൻ സാധിക്കും. അത്യുത്പാദനശേഷിയുള്ള ഡിതടി സങ്കരയിനം തെങ്ങിൻ തൈകളുടെ ആവശ്യകത വർദ്ധിച്ച്‌ വരുന്നുണ്ടെങ്കിലും രാജ്യത്ത്‌ കുറിയയിനം മാതൃവൃക്ഷങ്ങൾ പരിമിതമായ തോതിൽ മാത്രം ലഭ്യമായതിനാൽ ആവശ്യകത പൂർത്തീകരിക്കുവാൻ നമുക്ക്‌ കഴിയുന്നില്ല.
രാജ്യത്ത്‌ കഴിഞ്ഞ ദശകത്തിൽ തെങ്ങുകൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീർണ്ണത്തിൽ 0.8 ശതമാനം വർദ്ധനയാണ്‌ രേഖപ്പെടുത്തിയത്‌. വരും വർഷങ്ങളിലും ഇതേ നിലയ്ക്ക്‌ തന്നെ വർദ്ധനയുണ്ടാകാം. കൂടാതെ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്‌, ആസ്സാം, മറ്റ്‌ വടക്ക്‌ കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെല്ലാം തെങ്ങുകൃഷി വ്യാപിപ്പിക്കുന്നതിന്‌ സാദ്ധ്യതകളുണ്ട്‌.  രാജ്യത്തെ മൊത്തം തെങ്ങുകൃഷി ഭൂമിയുടെ 25 ശതമാനം (4.82 ലക്ഷം ഹെക്ടർ) കയ്യാളുന്ന ഈ നാല്‌ സംസ്ഥാനങ്ങളിൽ ശരാശതി 1 ശതമാനം കൃഷി സ്ഥലത്തേക്ക്‌ അതായത്‌ 4820 ഹെക്ടറിലേക്ക്‌ കൂടി തെങ്ങുകൃഷി വ്യാപിപ്പിച്ചാൽ തന്നെ ഹെക്ടറൊന്നിന്‌ 160 തെങ്ങുകൾ എന്ന തോതിൽ ഒരുവർഷത്തേക്ക്‌ 7.70 ലക്ഷം തെങ്ങിൻ തൈകൾ ആവശ്യമായി വരും. അടിത്തൈ വയ്ക്കുന്നതിനോ, വെട്ടിമാറ്റുന്ന തെങ്ങുകൾക്ക്‌ പകരം നട്ടുപിടിപ്പിക്കുന്നതിനോ ഒരു ശതമാനം കൂടി ആവശ്യമായി വന്നാൽ കർണ്ണാടക, ഗോവ, ഗുജറാത്ത്‌, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ പ്രതിവർഷം 15 ലക്ഷം തെങ്ങിൻ തൈകൾ ആവശ്യമായ്‌ വരും. 15 ലക്ഷം തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുന്നതിന്‌ 23 ലക്ഷം വിത്തുതേങ്ങകൾ ശേഖരിച്ച്‌ നഴ്സറിയിൽ പാകേണ്ടതായിട്ട്‌ വരും.
കരിക്കിന്റെ വർദ്ധിച്ചുവരുന്ന ആവശ്യകത പരിഗണിച്ച്‌ കരിക്കിന്‌ അനുയോജ്യമായ ഇനങ്ങളായ ചാവക്കാട്‌ ഓറഞ്ച്‌, മലയൻ മഞ്ഞ, മലയൻ ഓറഞ്ച്‌, ഗംഗാബോന്തം മുതലായ കുറിയ ഇനങ്ങൾ പ്രചരിപ്പിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. പ്രസ്തുത സംസ്ഥാനങ്ങളിൽ പുതുതായി നട്ട്‌ പിടിപ്പിക്കുന്ന തെങ്ങിൻ തൈകളിൽ 30 മുതൽ 40 ശതമാനം വരെ കുറിയ ഇനങ്ങളും സങ്കരയിനങ്ങളും ആയിരിക്കണം. ഇതിനായി പ്രതിവർഷം 5 ലക്ഷത്തോളം സങ്കരയിനത്തിലും കുറിയ ഇനത്തിലുംപെട്ടതുമായ തെങ്ങിൻ തൈകളുടെ ആവശ്യമുണ്ടാകും. നാളികേര വികസന ബോർഡിന്റെ മാണ്ഡ്യയിലെ പ്രദർശന വിത്തുത്പാദന തോട്ടത്തിൽ നിന്നും ഗോവയിലെ ഡീജെഫാം, ബോർഡ്‌ സഹായം നൽകിയിട്ടുള്ള ന്യൂക്ലിയസ്‌ സീഡ്‌ ഗാർഡനുകൾ, സ്വകാര്യ വിത്തുത്പാദന തോട്ടങ്ങൾ എന്നിവിടങ്ങളിൽ നിന്നുമെല്ലാം കുറിയയിനം തൈകൾ ലഭിക്കുന്നതാണ്‌.
അഞ്ച്‌ ലക്ഷം കുറിയ ഇനങ്ങളുടേയും സങ്കരയിനങ്ങളുടേയും വാർഷിക ആവശ്യകത പൂർത്തീകരിക്കുന്നതിന്‌ പ്രസ്തുത സംസ്ഥാനങ്ങളിൽ ലഭ്യമായിട്ടുള്ള മാതൃവൃക്ഷങ്ങളുടെ സ്ഥിതിവിവരകണക്കുകൾ ശേഖരിച്ച്‌ ഡാറ്റാബേസ്‌ ഉണ്ടാക്കേണ്ടതുണ്ട്‌. അയൽ സംസ്ഥാനമായ തമിഴ്‌നാടിനേയും ഈ ആവശ്യത്തിനായി സമീപിക്കാവുന്നതാണ്‌.
ശേഷിക്കുന്ന പത്ത്‌ ലക്ഷം ഗുണനിലവാരമുള്ള നെടിയ ഇനം തൈകൾ ലഭ്യമാക്കുന്നതിന്‌ ബോർഡും അതാത്‌ സംസ്ഥാന സർക്കാരുകളും സംയുക്തമായി പ്രവർത്തിക്കേണ്ടതുണ്ട്‌. കേരകർഷകരും, നാളികേരോത്പാദക സംഘങ്ങളും, കേരകർഷക സംഘടനകളും വിത്തുതേങ്ങ ശേഖരിക്കുന്നതിനും നഴ്സറികൾ തുടങ്ങുന്നതിനും മുൻകൈ എടുക്കേണ്ടത്‌ അനിവാര്യമാണ്‌. ഗുണമേന്മയുള്ള തെങ്ങിൻ തൈകളുടെ ആവശ്യകത നികത്തുന്നതിന്‌ ഉത്തമ മാതൃവൃക്ഷങ്ങളുടെ തോട്ടങ്ങൾ കണ്ടെത്തി മാതൃവൃക്ഷങ്ങൾ തെരഞ്ഞെടുക്കേണ്ടതാണ്‌. കർണ്ണാടകയിൽ നിന്ന്‌ 30,000 മാതൃവൃക്ഷങ്ങളും മഹാരാഷ്ട്രയിൽ നിന്ന്‌ പതിനായിരവും ഗോവയിൽ നിന്ന്‌ മൂവായിരവും മാതൃവൃക്ഷങ്ങളും കണ്ടെത്താമെന്ന്‌ കണക്കാക്കിയിരിക്കുന്നു (പട്ടിക 3).
ഒരു വൃക്ഷത്തിൽ നിന്ന്‌ കുറഞ്ഞത്‌ 40 വിത്തുതേങ്ങകൾ വീതം വർഷംതോറും ശേഖരിക്കാവുന്നതാണ്‌. മേൽപ്പറഞ്ഞ 43,000 മാതൃവൃക്ഷങ്ങളിൽ നിന്ന്‌ 17 ലക്ഷം വിത്തുതേങ്ങ ശേഖരിക്കാവുന്നതാണ്‌. ഛത്തീസ്ഗഢ്‌, ബീഹാർ, ആസ്സാം മുതലായ സംസ്ഥാനങ്ങളിൽ നെടിയ ഇനം വിത്തുതേങ്ങകളുടെ ആവശ്യകതയുള്ളതിനാൽ ഈ രണ്ട്‌ സംസ്ഥാനങ്ങളിലേക്ക്‌ രണ്ടോ, മൂന്നോ ലക്ഷം വിത്തുതേങ്ങകൾ നൽകേണ്ടിവരും. തെരഞ്ഞെടുക്കപ്പെട്ട മാതൃവൃക്ഷങ്ങളിൽ നിന്ന്‌ ശേഖരിക്കുന്ന വിത്തുതേങ്ങകൾ മുഴുവൻ പാകി കിളിർപ്പിച്ചാൽ നെടിയ ഇനം തെങ്ങിൻ തൈകളുടെ ആവശ്യം നികത്താവുന്നതേയുള്ളൂ.
 കർണ്ണാടകയിലെ അരസിക്കര, കഡൂർ താലൂക്കുകളിൽ നിന്ന്‌ തെരഞ്ഞെടുത്ത 22 മാതൃവൃക്ഷത്തോട്ടങ്ങളുടെ കർഷകരുടെ പേര്‌, മാതൃവൃക്ഷങ്ങളുടെ എണ്ണം, മൊബെയിൽ നമ്പർ എന്നിവ പട്ടിക 4 ൽ നൽകിയിരിക്കുന്നു.
തെങ്ങിൻ തൈ ഉത്പാദനം
സാധാരണ നെടിയ ഇനം തെങ്ങുകളെ അപേക്ഷിച്ച്‌ വിവിധ മാതൃ-പിതൃ വൃക്ഷങ്ങളിൽ നിന്ന്‌ വികസിപ്പിച്ചെടുക്കാവുന്ന അത്യുത്പാദനശേഷിയുള്ള സങ്കരയിനങ്ങളായ ഡിX ടി, ടി X ഡി എന്നിവ  25 മുതൽ 40 ശതമാനം വരെ അധികം വിളവ്‌ തരുന്നു. നിരവധി ഡിX ടി സങ്കരയിനങ്ങൾ വികസിപ്പിച്ച്‌ പുറത്തിറക്കിയിട്ടുണ്ടെങ്കിലും അവയുടെ ലഭ്യത വളരെ പരിമിതമാണ്‌. ഡിX ടി സങ്കരയിനങ്ങൾ വളരെ നേരത്തെ കായ്ക്കുന്നതിനാലും ഉയരം കുറവായതിനാലും ഉയർന്ന വിളവ്‌ തരുന്നതിനാലും കേരകർഷകർ അവ നട്ടുപിടിപ്പിക്കാൻ അധികം താൽപര്യം കാണിക്കുന്നു. കുറിയയിനം മാതൃവൃക്ഷങ്ങളുടെ ദൗർലഭ്യമാണ്‌ ഡി ഃ ടി സങ്കരയിനങ്ങളുടെ ഉത്പാദനത്തിനുള്ള വലിയൊരു പരിമിതി. കുറിയ ഇനം മാതൃവൃക്ഷങ്ങളുള്ള തോട്ടങ്ങൾ പരിമിതമായ എണ്ണം മാത്രമേ ഇപ്പോൾ ലഭ്യമായിട്ടുള്ളൂ. രാജ്യത്ത്‌ നെടിയ, കുറിയ, സങ്കരയിനം തെങ്ങുകളുടെ ഇനം തിരിച്ചുള്ള അനുപാതം 50:30:20 എന്നായിരിക്കണം. ഈ ലക്ഷ്യം കൈവരിക്കുന്നതിന്‌ പുതുതായി തെങ്ങിൻ തൈകൾ വെച്ച്‌ പിടിപ്പിക്കുമ്പോൾ കുറിയ ഇനം തൈകൾ കൂടുതലായി നടുന്നതിന്‌ അത്യധികം ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്‌.
പശ്ചിമ ഭാരതത്തിൽ തെങ്ങിൻ തൈകളുടെ മുഖ്യസ്രോതസ്സുകൾ ബോർഡിന്റെ മാണ്ഡ്യയിലെ പ്രദർശന വിത്തുത്പാദനതോട്ടം, സംസ്ഥാന ഹോർട്ടികൾച്ചർ വകുപ്പിന്റെ നഴ്സറികൾ, സംസ്ഥാന കാർഷിക സർവ്വകലാശാലകൾ, കേന്ദ്രതോട്ടവിള ഗവേഷണ സ്ഥാപനം, സ്വകാര്യ നഴ്സറികൾ എന്നിവയാണ്‌. ചുരുക്കം ചില കർഷകർ അവരുടെ ആവശ്യത്തിനായി സ്വന്തം തോട്ടങ്ങളിൽ നിന്ന്‌ തെരഞ്ഞെടുത്ത മാതൃവൃക്ഷങ്ങളിൽ നിന്ന്‌ വിത്തുതേങ്ങ ശേഖരിച്ച്‌ തെങ്ങിൻ തൈ ഉത്പാദിപ്പിക്കുന്നുണ്ട്‌.  സംസ്ഥാന കൃഷിവകുപ്പിന്‌ ബോർഡിന്റെ ടി ഃഡി സങ്കരയിനങ്ങളുടേയും മെച്ചപ്പെട്ട മറ്റ്‌ ഇനങ്ങളുടേയും ഉത്പാദനം, പ്രാദേശിക തെങ്ങിൻ നഴ്സറികൾ എന്നീ പദ്ധതികൾക്ക്‌ കീഴിൽ ധനസഹായം നൽകുന്നുണ്ട്‌. ബോർഡിന്റെ ന്യൂക്ലിയസ്‌ വിത്തുതോട്ടം, സ്വകാര്യ നഴ്സറി പദ്ധതി എന്നിവയ്ക്ക്‌ കീഴിൽ നാളികേരോത്പാദക സംഘങ്ങൾക്കും നഴ്സറി തുടങ്ങുന്നതിന്‌ ധനസഹായം നൽകുന്നുണ്ട്‌.
സ്വകാര്യ നഴ്സറി പദ്ധതിയിൽ 25,000 തെങ്ങിൻ തൈകൾ ഉത്പഠിപ്പിക്കുന്നതിന്‌ പ്രതിവർഷം 1 ലക്ഷം രൂപ വീതം മൊത്തം 2 ലക്ഷം രൂപ ധനസഹായം നൽകുന്നു. 6250 തെങ്ങിൻതൈകൾ ഉത്പാദിപ്പിക്കുന്ന നഴ്സറിക്ക്‌ 25,000 രൂപ വീതം രണ്ട്‌ വാർഷിക തവണകളായി നൽകുന്നു. ഗുണനിലവാരമുള്ള കുറിയ ഇനത്തിൽപ്പെട്ടതും നെടിയ ഇനവും മാതൃ,പിതൃ വൃക്ഷങ്ങളെ വളർത്തി അത്യുത്പാദനശേഷിയുള്ള
ഡി X ടി സങ്കരയിനങ്ങൾ ഉത്പാദിപ്പിക്കുകയെന്നതാണ്‌ ന്യൂക്ലിയസ്‌ വിത്തുതോട്ടങ്ങൾ സ്ഥാപിക്കുന്നതുകൊണ്ട്‌ ലക്ഷ്യമിടുന്നത്‌. ന്യൂക്ലിയസ്‌ വിത്തുതോട്ടം സ്ഥാപിക്കുന്ന പദ്ധതിക്ക്‌ കീഴിൽ ചുരുങ്ങിയത്‌ 600 തെങ്ങിൻ തൈകൾ മൂന്ന്‌ വർഷക്കാലയളവിൽ 40 ഹെക്ടർ സ്ഥലത്ത്‌ നട്ടുപിടിപ്പിക്കുന്നതിന്‌ 4 ലക്ഷം രൂപ ബോർഡ്‌ ധനസഹായമായി നൽകുന്നു.
ടി X ഡി സങ്കരയിനം തൈകളും മറ്റ്‌ അത്യുത്പാദനശേഷിയുള്ള ഇനങ്ങളും ഉത്പാദിപ്പിക്കുന്ന പദ്ധതിക്ക്‌ കീഴിൽ ബോർഡ്‌ കർണ്ണാടക സംസ്ഥാന ഹോർട്ടികൾച്ചർ വകുപ്പിന്‌ ധനസഹായം നൽകുന്നുണ്ട്‌. മാണ്ഡ്യ കൃഷ്ണരാജ സാഗറിലുള്ള വിത്തുതോട്ടത്തിൽ പ്രസ്തുത പദ്ധതിക്ക്‌ കീഴിൽ 25,000 സങ്കരയിനം തെങ്ങിൻ തൈകളാണ്‌ വർഷംതോറും ഉത്പാദിപ്പിക്കുന്നത്‌. ഈ പദ്ധതിക്ക്‌ കീഴിൽ 2012-13 വർഷത്തിൽ 3.125 ലക്ഷം രൂപയാണ്‌ ബോർഡിന്റെ വിഹിതമായി നൽകിയത്‌. കർണ്ണാടക ഹോർട്ടികൾച്ചർ വകുപ്പിന്റെ പദ്ധതികൾക്ക്‌ കീഴിൽ പ്രധാനമായും നെടിയയിനം തെങ്ങിൻതൈകൾ ഉത്പാദിപ്പിക്കുന്ന നഴ്സറികൾ സംസ്ഥാനത്ത്‌ തെങ്ങുകൃഷിയുള്ള വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്നുണ്ട്‌.
ബോർഡിന്റെ മാണ്ഡ്യയിലെ പ്രദർശന വിത്തുത്പാദന തോട്ടത്തിൽ കുറിയയിനം, നെടിയയിനം, സങ്കരയിനം തെങ്ങിൻ തൈകൾ ലഭ്യമാണ്‌. മാണ്ഡ്യയിലെ തോട്ടത്തിലെ വാർഷിക ഉത്പാദന ലക്ഷ്യം 2.40 ലക്ഷം തെങ്ങിൻ തൈകളായി നിജപ്പെടുത്തിയിരിക്കുന്നു. 2007-08 മുതൽ മാണ്ഡ്യ പ്രദർശന വിത്തുത്പാദന തോട്ടത്തിൽ ഉത്പാദിപ്പിച്ച്‌ വിതരണം ചെയ്ത തെങ്ങിൻ തൈകളുടെ എണ്ണം പട്ടിക 5 ൽ കൊടുത്തിരിക്കുന്നു
കർണ്ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്‌ എന്നീ നാല്‌ പശ്ചിമേന്ത്യൻ സംസ്ഥാനങ്ങളിൽ ആവശ്യമായി വരുന്ന നെടിയ ഇനം തെങ്ങിൻ തൈകളുടെ ആവശ്യകത നികത്തുന്നത്‌ പ്രധാനമായും കർണ്ണാടക, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിൽ നിന്നായിരിക്കും.  ഈ സംസ്ഥാനങ്ങളിൽ കുറിയയിനം, സങ്കരയിനം തെങ്ങിൻ തൈകൾ കൂടുതലായി നട്ടുപിടിപ്പിക്കേണ്ടതുണ്ട്‌. കുറിയ ഇനം തൈകൾ നട്ടുപിടിപ്പിക്കുന്നതിന്‌ കർഷകരുടെ മനോഭാവത്തിലും മാറ്റം വരുത്തേണ്ടതുണ്ട്‌. മാണ്ഡ്യയിലെ പ്രദർശന വിത്തുത്പാദന തോട്ടത്തിലെ തെങ്ങിൻ തൈകൾ ഭൂരിഭാഗവും തമിഴ്‌നാട്ടിൽ നിന്നുള്ള കർഷകരാണ്‌ ഉപയോഗപ്പെടുത്തുന്നത്‌. അതിനാൽ, പശ്ചിമേന്ത്യൻ സംസ്ഥാനങ്ങളിലെ കർഷകർക്ക്‌ കുറിയയിനം, സങ്കരയിനം തൈകളുടെ ആവശ്യകത നികത്തുന്നതിന്‌ തമിഴ്‌നാടിനെ ആശ്രയിക്കേണ്ടതായി വരും. ബോർഡിന്റെ വിവിധ പദ്ധതികൾ പ്രയോജനപ്പെടുത്തി സംസ്ഥാന സർക്കാർ വകുപ്പുകൾക്കും നാളികേരോത്പാദക സംഘങ്ങൾക്കും, നാളികേരോത്പാദക ഫെഡറേഷനുകൾക്കും സ്വകാര്യ നഴ്സറികൾക്കും പശ്ചിമേന്ത്യൻ സംസ്ഥാനങ്ങളിൽ ആവശ്യമുള്ളത്ര ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ ഉത്പാദിപ്പിച്ച്‌ വിതരണം ചെയ്യാൻ സാധിക്കും.

27 Apr 2013

റിട്ടേണ്‍ ഓഫ് ഓമനക്കുട്ടന്‍ : സീസണ്‍ കഷ്ടകാലം

വില്ലേജ്മാൻ 


സാഹചര്യങ്ങളുടെ സമ്മര്ദത്താല്‍ ! ആദ്യരാത്രിയുടെ പിറ്റേന്ന് ഗള്‍ഫിലേക്ക് കടന്ന ഓമനക്കുട്ടന്‍ ഒന്നരവര്‍ഷങ്ങള്‍ക്ക്‌ശേഷം ബീഹെഡിംഗ് കമ്പനി മുതലാളി കനിഞ്ഞു നല്‍കിയ നാല്പത്തഞ്ചു ദിവസത്തെ പരോളുമായി വീണ്ടും നാട്ടിലെത്തി.
എമിഗ്രഷനിലെ പതിവ് മണ്ടന്‍ ചോദ്യങ്ങളില്‍ നിന്നും(വീടെവിടെ, അവിടെ അടുത്തൊരു പള്ളിയുണ്ടല്ലോ,അതിനടുത്ത് നില്ക്കുന്ന അടക്കാമരം ഈ തവണ കായ്ചൂന്നു കേട്ടു ) രക്ഷ നേടി, ഓമനക്കുട്ടന്‍ പുറത്തെത്തി .നൂറു വാട്ട് ബള്‍ബു ഇടേണ്ട സ്ഥാനത് സീറോ വാട്ട് ബള്‍ബു ഇട്ട മാതിരിയുള്ള മുഖഭാവവുമായി സുഗന്ധി പുറത്തു കാത്തുനില്‍ക്കുന്നുണ്ടായിരുന്നു .
വണ്ടി ഓടിക്കുന്ന പയ്യന്‍, മരണം അറിഞ്ഞു വന്ന മുഖഭാവത്തില്‍ ഇരുന്നപ്പോള്‍,തലേദിവസം ഏതെങ്കിലും യുവജന സംഖടനയുടെ കലക്ട്രെട്ടു പിക്കറ്റിങ്ങില്‍ പങ്കെടുത്തു അടിമേടിച്ചു കെട്ടിയതാവും എന്ന് ഓമനക്കുട്ടന്‍ ആശ്വസിച്ചു.സുഗന്ധി ഒന്നും മിണ്ടാതെയിരുന്നപ്പോള്‍, ഒന്നരവര്‍ഷമായി, ഓഡിയോ ,വീഡിയോ ചാറ്റില്‍ മാത്രം കണ്ടിട്ടുള്ള മഹാത്മാവിനെ നേരിട്ട് കാണുമ്പോഴുള്ള നാണമായിരിക്കും എന്ന് ഓമനക്കുട്ടന്‍ ഓര്‍ത്തു.എന്നാല്‍ സുഗന്ധിക്ക് ഫേസ്ബുക്ക് ഓപ്പണ്‍ ചെയ്യാനുള്ള അനുവാദം കൊടുത്തിരുന്നെങ്കില്‍ അവളെ കണ്ടു പിടിക്കണമെങ്കില്‍ പിന്നെ കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷനില്‍ പോകേണ്ടി വരുമായിരുന്നല്ലോ എന്നോര്‍ത്ത് തന്റെ ദീര്‍ഖദൃഷ്ട്ടിയില്‍ ഓമനക്കുട്ടന്‍ അഭിമാനിച്ചു .
ചായ കുടിക്കാനായി പന്തളത്ത് ഒരു കാപ്പിക്കടയില്‍ വണ്ടി നിര്‍ത്തിയപ്പോള്‍, ഒരു അല്ഭുതവസ്തുവിനെ കാണുന്നപോലെ ആള്‍ക്കാര്‍ ചുറ്റിനും കൂടി.സാധാരണയായി ആള്‍ക്കാര്‍ ചോദിക്കുന്ന’എന്നാ വന്നെ, എപ്പഴാ പോണേ ‘ എന്നീ ചോദ്യങ്ങല്ക്ക് പകരം , ‘ അവിടുന്നെല്ലാരും തിരിച്ചു പോരുകാ അല്ലെ ?’ എന്നുള്ള ചോദ്യവും, ‘ഇനീപ്പം ഗള്‍ഫില്‍ പോയിട്ട് ഒരുകാര്യോമില്ല ‘ എന്നുള്ള മുനവെച്ച ആത്മഗതവും കൂടി കേട്ടപ്പോഴാണ്, സാധാരണയായി എയര് ഇന്ത്യയുടെ രൂപത്തില് വരുന്ന കഷ്ട്ടകാലം ഈ തവണ സൗദിയിലെ സ്വദേശീവല്ക്കരണം എന്ന രൂപത്തിലാണ് വരുന്നത് എന്ന് ഓമനക്കുട്ടന് മനസ്സിലായത്.
ഓമനക്കുട്ടന്‍ വരുന്നത് പ്രമാണിച്ച്,പങ്കുവമ്മാവന്‍ ഹാജരുണ്ടായിരുന്നു.സ്വര്ണത്തിനു വിലക്കുറഞ്ഞത് മൂലം, കുശല അടിച്ചു മാറ്റിയ നൂറ്റൊന്നു പവന്‍ തിരിച്ചു കൊടുത്ത വകയില്‍ ഏകദേശം രണ്ടുലക്ഷം രൂപ ലാഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു അമ്മാവന്‍. സ്റ്റുഡിയോ പൊട്ടി പാളീസായെന്നും ഫോട്ടോഗ്രാഫര്‍ ഷൈന്‍ പ്രാവുംകൂട്, അസിസ്റ്റന്റ് ഡയറക്ടര്‍ എന്നും പറഞ്ഞു, ഏതോ സീരിയലുകാരുടെ ക്യാമറ ചുമക്കുകയാണെന്നുമുള്ള സുഗന്ധിയുടെ വിക്കിലീക്‌സിന്റെ വെളിച്ചത്തില്‍, .കുശലക്കും ഷൈനും സുഖമല്ലേ എന്ന് ചോദിച്ചപ്പോള്‍ പങ്കുവമ്മാവന്‍ .ഷൈന്‍ പ്രാവുംകൂടിനെ രണ്ടു ചീഫ്ബീപ് അടിച്ച ശേഷം,ഒരുതരം സാഡിസ്ടിക് പ്ലഷരില്‍ ഒരു താങ്ങ് താങ്ങി. ‘പറഞ്ഞു വിട്ടു…ല്ലേ..സാരമില്ലടാ,എല്ലാം വിധിയാണെന്ന് കരുതി സമാധാനിക്യാ..’അതിനു ശേഷം ‘വാര്ക്കപ്പണിക്കും ചുമട് എടുക്കാനും പോലും ഇവിടെ ആളെ കിട്ടാനില്ലാതിരിക്കുകയാ ‘ എന്നുള്ള കോള് വെച്ച ഡയലോഗും കൂടി കേട്ടപ്പോള്‍ ‘എന്നാ പിന്നെ തമിഴ്‌നാട്ടില്‍ സീരിയല് ക്യാമറാ ചുമ്മുന്നതിനു പകരം നാട്ടിലെങ്ങാനും വല്ല ചുമടും എടുത്തു നടക്കാന്‍ മരുമകനോട് പറയണം’എന്ന് പറഞ്ഞപ്പോള്‍,പണ്ട് പങ്കുവമ്മാവന്‍ സമാധിയാകുമ്പോള്‍ മനസ്സില് പൊട്ടിക്കാന്‍ സൂക്ഷിച്ചുവെച്ച രണ്ടു ലഡു ചിലവായി എന്ന് ഓമനക്കുട്ടന് മനസ്സിലായി.
ഓമനക്കുട്ടന്‍ വരുന്നതറിഞ്ഞ് ഒരു ചെറിയ ജനക്കൂട്ടം കാസനോവ കണ്ടിറങ്ങിയ ഫാന്‌സിനെപ്പോലെയുള്ള മുഖഭാവവുമായി, അവിടെ ഉണ്ടായിരുന്നു.അവര്‍ ഓമനക്കുട്ടന്റെ ജാഡജീവിതത്തിനു ഒരന്ത്യമായതില്‍ ഉള്ളുകൊണ്ട് സന്തോഷിക്കുകയും,എന്നാല്‍ പുറമേ സര്ക്കാരിന്റെ അനാസ്ഥയില്‍ പ്രതിഷേധിക്കുന്ന ഇടതുപക്ഷക്കാരനെപ്പോലെ അമ്മായിയെയും യുവരാജാവിനെയും തെറി വിളിക്കയും ചെയ്തു.തന്റെ പണി പോയിട്ടില്ലെന്നും നാല്പ്പത്തഞ്ചു ദിവസം കഴിഞ്ഞു താന്‍ തിരിച്ചു പോകുകയും ചെയ്യും എന്ന ഓമനക്കുട്ടന്റെ പ്രഖ്യാപനം ആരും വിശ്വസിച്ചില്ല .
ഓമനക്കുട്ടനെ ഗള്‍ഫില്‍ നിന്നും പിരിച്ചു വിട്ടു എന്ന വിവരം പ്രാവുംകൂട് മുഴുവന്‍ ഫ്‌ലാഷായി. ആള്ക്കാരുടെ ചോദ്യം മൂലം വീട് വിട്ടിറങ്ങാതെ ഓമനക്കുട്ടന്‍ തന്റെ പരോള്‍ കൂടുതല്‍ വികസനോന്മുഖമായ പ്രക്രിയക്കായി നീക്കിവെച്ചു.തിരിച്ചു വന്ന ഓമനക്കുട്ടന്റെ പുനരധിവാസത്തിന് വേണ്ടി മന്ത്രിജി എന്ത് ചെയ്തു എന്ന ചോദ്യം ചോദിച്ച എല്. സി .മെമ്പര്‍ കുഞ്ഞനെ ഒരു കൂട്ടം യൂത്തന്മാര്‍ തങ്ങളുടെ പാര്ട്ടിയുടെ ദേശീയ ദ്രാവകമായ പാമോയില്‍ ഒഴിക്കും എന്ന് രായമ്മാന്റെ ചായക്കടയില്‍ വെച്ച് ,ഭീഷണിപ്പെടുത്തി.ഗള്‍ഫില്‍ എത്ര മലയാളികള്‍ ഉണ്ട് എന്നുപോലും അറിയാത്ത തങ്ങളുടെ മന്ത്രിക്ക് ഇതുപോലെയുള്ള ചീളുകാര്യങ്ങള്‍ നോക്കാനല്ല അമ്മായി ശമ്പളം കൊടുക്കുന്നത് എന്നവര്‍ വാദിച്ചു.ഒരു പരമാധികാരരാഷ്ട്രത്തിന്റെ അഭ്യന്തര കാര്യത്തില്‍ ഇടപെടാന്‍ നമുക്ക് പറ്റില്ലെന്നും,മന്ത്രിജി കത്തയച്ചിട്ടുണ്ട് എന്നും അവര്‍ പറഞ്ഞു. മീനില്‍ അമോണിയാ ഇട്ട തമിഴ്‌നാടിനും,കെ.എസ്. ആര്ട്ടിസിക്ക് ഡീസല്‍ കിട്ടാന്‍ കേന്ദ്രത്തിനും,ഇറ്റലിക്കാരുടെ കേസ് കൊല്ലത്തു നടത്താന്‍ അവര്ക്കും, കത്തയച്ചതുപോലെ ഈ കത്തിനും അതെ ഗതി വരും എന്ന് മനസ്സിലാക്കണമെന്നും മണ്ഡലം സെക്രട്ടറി ഔസെപ്പ് കൂവക്കന്‍ പറഞ്ഞു.നോക്കുകൂലി വീതിക്കേണ്ടി വരുമോ എന്ന ആശങ്ക, ആള്‍ കേരള നോക്കുകൂലി അസോസ്സിയേഷന്‍ പ്രാവുംകൂട് ഏരിയ സെക്രട്ടറി ശങ്കുപ്പിള്ള പങ്കുവെച്ചു .
‘എന്തെങ്കിലും കുറയുമോ’എന്ന് പ്രാവുംകൂട് ചന്തയില്‍ വെച്ച് മീന്‍കാരനോട് ചോദിച്ച ഓമനക്കുട്ടനെ,മലയാള സിനിമയില്‍ തങ്ക ലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ട’എന്തൊക്കെയായിരുന്നു..മലപ്പുറംകത്തി’എന്ന വിഖ്യാതമായ ഡയലോഗുമായി റിട്ടയേര്‍ഡ് പോലീസുകാരന്‍ വിജയന്‍ ന്യായമായ രീതില്‍ ഒന്ന് ഊതി.കഷ്ട്ടകാലത്ത് ഏതു പീസിയും വിപ്പാകും എന്ന ആപ്തവാക്യം മനസ്സിലോര്‍ത്ത് വിജയന് പൊതുമാപ്പ് പ്രഖ്യാപിച്ചു ഓമനക്കുട്ടന്‍ സ്ഥലം കാലിയാക്കി .
മീന്‍കാരി ശാന്തയുടെ നടുവേദന മുതല്‍ എച് വണ്‍ വിസ ലോട്ടറി വരെ ചര്ച്ച ചെയ്തിരുന്ന ചാനലുകളില്‍, പ്രതികരണ തൊഴിലാളികള്‍ ദിവസം മുഴുവന്‍ ഗള്‍ഫ്കാരന്റെ മടങ്ങി വരവ് ചര്‍ച്ചിക്കുന്നത് കേട്ട് ഭ്രാന്തായ ഓമനക്കുട്ടന്‍ ടിവിയുടെ കേബിള്‍ ഊരിക്കളഞ്ഞു.രാഷ്ട്രീയ നേതാക്കള്‍ മരിക്കുമ്പോള്‍ മാത്രം വെക്കുന്ന പ്രത്യേകതരം രാഗത്തിന്റെ അകമ്പടിയോടെ,ഗള്‍ഫിലുള്ള എല്ലാവരും തിരിച്ചു വന്നാല്‍ എന്ത് ചെയ്യും,എന്ന ബിന്ദു ചന്ദ്രകുമാറിന്റെ വികാരരഹിതമായ ചോദ്യം കേട്ടപ്പോള്‍, ഇവള്‌ക്കൊന്നും വേറെ പണിയില്ലേ എന്ന് ഓമനക്കുട്ടന്‍ ഓര്‍ത്തു.ഇവരുടെ ഒക്കെ ചര്ച്ച കേട്ടാല്‍ നാളെ കാലത്തെ ഉറക്കം ഉണര്‍ന്ന ഉടനെ ഗള്‍ഫ്കാരെല്ലാം പാസ്‌പോര്ട്ടും എടുത്തു വള്ളം പിടിക്കാന്‍ മുട്ടിനില്ക്കുന്നു എന്ന് തോന്നുമല്ലോ എന്ന് പറഞ്ഞപ്പോള്‍ സുഗന്ധി ഒന്നും മിണ്ടിയില്ല. എത്ര ശ്രമിച്ചിട്ടും സുഗന്ധിയും അമ്മയും പോലും ഓമനക്കുട്ടന്‍ തിരിച്ചു പോകും എന്ന് വിശ്വ സിക്കാഞ്ഞപ്പോള്‍,ഇതുപോലുള്ള വീടുകളില്‍ നിന്നാണ് ബീവറേ ജസുകാര്ക്ക് പുതിയ വാഗ്ദാനങ്ങളെ കിട്ടുന്നത് എന്ന് ഓമനക്കുട്ടന്‍ ഓര്‍ത്തു .
വിലക്കയറ്റം,കടല്‍ക്കൊല,കൊട്ടാരക്കര ട്രാന്‌സ്‌പോര്ട്ട് കോര്‍പ്പരേഷന്‍ അടച്ചുപൂട്ടല്‍ എന്നിവയൊക്കെ ജനം മറന്നു.ഗള്‍ഫുകാരന് പെണ്ണാലോചിച്ചു ചെന്നതിന്റെ പേരില്,ബ്രോക്കര്‍ പപ്പന്റെ ബി.പി.എല് ചെത്തിക്കളയും എന്ന് കറണ്ട് തൊമ്മന്‍ എന്നറിയപ്പെടുന്ന തോമസുചേട്ടന്‍ പറഞ്ഞു.
കട്ടയുംപടവും മടങ്ങി വരുന്നവരെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ ഒരു പുതിയ ഡസ്‌ക് ഇടും എന്ന മുഖ്യന്റെ പ്രസ്താവന വന്ന ദിവസം,ഓമനക്കുട്ടന്‍ തിരിച്ചു പോകാനൊരുങ്ങി.ഓമനക്കുട്ടന്‍ തിരിച്ചു പോകും എന്നുറപ്പായതോട് കൂടി,സുഗന്ധിയുടെ മുഖം,അമ്പതുകോടി കൊടുത്താലും ഭാര്യ ഒഴിഞ്ഞു പോകുമല്ലോ എന്നറിയുമ്പോഴുള്ള മന്ത്രിയുടെ മുഖം പോലെ പ്രസന്നമായി.വിമാനത്താവളത്തില്‍ വെച്ച്,ഓമനക്കുട്ടനെ പിടികൂടിയ ഹരിഹരപ്രിയ ചാനലിന്റെ റിപ്പോര്‍ട്ടര്‍ അജു മങ്കജ് ,തത്സമയം സംപ്രേക്ഷണം ചെയ്ത ബിറ്റില്‍ നിന്നും..
‘ആ..മൃഗേഷ്..ആ…ഞാനിപ്പോള്‍..ആ…തിരുവനതപുരം…ആ ..വിമാനത്താവളത്തില്‍ നിന്നും ഗള്ഫിലേക്ക് തിരിക്കുന്ന….ആ..കേള്‍ക്കാമോ..ആ….ശ്രീ ഓമനക്കുട്ടന്റെ….ആ … ആശങ്ക പങ്കുവെക്കുകയാണ്’.ഓമനക്കുട്ടന്‍ പറഞ്ഞു.. ‘പൊന്നു ചേട്ടാ, നിങ്ങള്‍ ഈ പറയുന്ന ആശങ്ക ഒന്നും അവിടെ ഇല്ല.നാട്ടില്‍ കഴിയുന്ന ഗല്ഫുകാരുടെ കുടുംബത്തെ സമാധാനമായി കഴിയാന്‍ അനുവദിക്കുക.വിസ ഇല്ലാതെ ഗള്‍ഫില്‍ ഒരിടത്തും ജോലി ചെയ്യാന്‍ പറ്റില്ല.അക്കാമ ഇല്ലാതെ പോലീസ് പിടിച്ചാല്‍ ഏതു നാട്ടുകാരനെയും കേറ്റി വിടും.പിന്നെ ഫ്രീവിസാ എന്നൊന്ന് എന്റെ അറിവില്‍ ഇല്ല.ഒരു ജോലിക്കാരന് അയാളുടെ സ്‌പോണ്‍സര്‍മാരുടെ കീഴിലെ ജോലിചെയ്യാനാവൂ എന്ന നിയമം പണ്ടേ ഉള്ളതാ.ഈ സാറന്മാരൊക്കെ ഗള്‍ഫില്‍ വന്നിട്ട് അവിടുത്തെ കോട്ട് ലവേര്‍സ് അസോസിയെഷന്കാരുടെ പിന്നാലെ നടക്കുന്നതല്ലാതെ ഒന്നും നടക്കില്ല. പറ്റുമെങ്കില്‍ വണ്ടിക്കൂലി ഒന്ന് കുറക്കാന്‍ അവരോടു പറ…പറ്റുമോ.. അല്ലെങ്കില്‍ ഈ കൂതറ വകുപ്പ്…
‘ആ…മൃഗേഷ്…..ഓമനക്കുട്ടന്‍ എന്ന യാത്രക്കാരനുമായുള്ള ബന്ധം ആ…നഷ്ട്ടപ്പെട്ടിരിക്കുകയാണ്… ആ…’
ഓമനക്കുട്ടനെ വഹിച്ചുകൊണ്ടുള്ള എയര് ഇന്ത്യ വിമാനം,അന്ന് പതിവില്ലാതെ കൃത്യ സമയത്ത് പറന്നുയര്‍ന്നു. ആറുമണിക്കുള്ള സീരിയലിനു മുന്നേ വീട്ടില് എത്തിച്ചെക്കണം എന്ന ഉത്തരവ് കാര് െ്രെഡവര്‍ക്ക് കൊടുത്തു പിന്നിലെ സീറ്റിലേക്ക് മറിയുമ്പോള്‍ സുഗന്ധിക്ക് ചെറുതായി മനം പുരട്ടുന്നത് പോലെ തോന്നി..

26 Mar 2013

വടക്ക്‌ കിഴക്കൻ ഇന്ത്യയിലെ കേരവികസനം


ഗോവിന്ദചന്ദ്ര ആചാര്യ, രഞ്ജന ചക്രവർത്തി, ഹിമാദ്രി റാഭ
കേന്ദ്രതോട്ടവിള ഗവേഷണ സ്ഥാപനം, കഹികുചി, ഗുവാഹട്ടി

വടക്ക്‌ കിഴക്കൻ ഇന്ത്യ നമ്മുടെ രാജ്യത്തിന്റെ വടക്ക്‌ ഭാഗത്ത്‌ ഏറ്റവും കിഴക്കേ അറ്റത്തുള്ള പ്രദേശമാണ്‌. അരുണാചൽപ്രദേശ്‌, ആസ്സാം, മണിപ്പൂർ, മേഘാലയ,മിസോറം, നാഗാലാന്റ്‌,ത്രിപുര, സിക്കിം എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെട്ടതാണ്‌ ഈ പ്രദേശം. കനത്ത വടക്ക്‌ കിഴക്കൻ വർഷകാലവും ലഘുവായതോ കടുത്തതോ ആയ ശൈത്യകാലവും ഉൾപ്പെട്ട ഉപോഷ്ണമേഖല കാലാവസ്ഥയാണ്‌ ഇവിടെ. വേനൽക്കാലവും കടുത്ത ചൂടുള്ളതല്ല. ബ്രഹ്മപുത്ര - ബരാക്ക്‌ നദീ തടത്താലും പോഷകനദികളാലും ഫലഭൂയിഷ്ടമാണ്‌ ഇവിടം.
രാജ്യത്തെ തീരപ്രദേശങ്ങളിലെ പ്രധാന വിളയാണെങ്കിലും, പിന്നീട്‌ പാരമ്പര്യേതര സംസ്ഥാനങ്ങളിലെ അനുയോജ്യമായ ഇടങ്ങളിൽ തെങ്ങ്‌ കൃഷി ചെയ്യാൻ തുടങ്ങി. വൻതോതിൽ കൃഷി ചെയ്യുന്നതിനും പുരയിടകൃഷിയെന്ന നിലയ്ക്കും മുഖ്യവിളയായും സഹവിളയായും ഈ മേഖലയിൽ തെങ്ങ്‌ കൃഷി ചെയ്യാൻ അനുയോജ്യമാണ്‌. വൈവിധ്യമാർന്ന വിളയായതിനാൽ തെങ്ങിന്‌ ജനപ്രീതിയാർജ്ജിക്കാൻ കഴിഞ്ഞൂ. അതിനാൽ 1976-77 കാലയളവിൽ ആസ്സാമിൽ 4923 ഹെക്ടറിൽ മാത്രമുണ്ടായിരുന്ന തെങ്ങുകൃഷി 2010-11 ആയപ്പോഴേക്ക്‌ 18,800 ഹെക്ടറായി ഉയർന്നു.  നാളികേരോത്പാദനവും 25071 ആയിരം നാളികേരത്തിൽ നിന്ന്‌ 1470 ലക്ഷം നാളികേരമായി ഉയർന്നു. ഈ മേഖലയിൽ തെങ്ങുകൃഷി വേഗത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുന്നു. വരും നാളുകളിൽ ഈ മേഖലയിലെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുക എന്നതാണ്‌ പ്രാധാന്യമർഹിക്കുന്നത്‌. ആസ്സാമിൽ നഗാവ്‌ ജില്ലയിലാണ്‌ ഏറ്റവുമധികം തെങ്ങുകൃഷിയുള്ളത്‌, 3224 ഹെക്ടർ. 2914 ഹെക്ടർ തെങ്ങുകൃഷിയുമായി കാമരൂപ്‌ രണ്ടാംസ്ഥാനത്തുണ്ട്‌ (2008-09). സോനിത്പൂർ, മൊറിഗാവ്‌, ദരാംഗ്‌,കാചർ, നൽബാരി, ബാർപേട്ട എന്നീ ജില്ലകളിലും ഗണ്യമായ തോതിൽ തെങ്ങുകൃഷിയുണ്ട്‌.
ത്രിപുരയിൽ 2009-10ലെ കണക്കനുസരിച്ച്‌ 5800 ഹെക്ടറിൽ തെങ്ങുകൃഷി ചെയ്യുന്നുണ്ട്‌; ഉത്പാദനം 116 ലക്ഷം നാളികേരമാണ്‌. നാഗാലാന്റിൽ 900 ഹെക്ടറിലാണ്‌ തെങ്ങുകൃഷി, ഉത്പാദനമാകട്ടെ 436000 നാളികേരവും.
വടക്ക്‌ കിഴക്കൻ സംസ്ഥാനങ്ങളിൽ തെങ്ങുകൃഷി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ
ശാസ്ത്രീയ പരിപാലനമുറകൾ അവലംബിക്കാതെ മഴയെ മാത്രം ആശ്രയിച്ചാണ്‌ വടക്ക്‌ കിഴക്കൻ സംസ്ഥാനങ്ങളിൽ തെങ്ങുകൃഷി ചെയ്യുന്നത്‌. അതിനാൽ തന്നെ നാളികേരോത്പാദനം വളരെക്കുറവാണ്‌. ഈ മേഖലയിലെ 80 ശതമാനം കർഷകരും ചെറുകിട-നാമമാത്ര കർഷകരാണ്‌. ആസ്സാമിൽ കൃഷിഭൂമിയുടെ 85.25 ശതമാനത്തോളം 23.44 ലക്ഷത്തോളം വരുന്ന ചെറുകിട, നാമമാത്ര കർഷക കുടുംബങ്ങളുടെ (0.6 ഹെ.) പക്കലാണ്‌. ഇതിന്‌ പ്രധാന കാരണം, സംസ്ഥാനത്തിന്റെ മൂന്നിൽ രണ്ട്‌ ഭാഗത്തോളം കുന്നും മലകളും ആയതിനാൽ വലിയ തോട്ടങ്ങൾ ഉണ്ടാക്കുക അസാദ്ധ്യമാണ്‌. കൃഷിഭൂമിയുടെ ശരാശരി വലിപ്പം വളരെക്കുറവായതിനാൽ ആധുനിക പരിപാലനമുറകൾ അവലംബിക്കുകയെന്നത്‌ അസാദ്ധ്യമാണ്‌. തനിവിളയായാണ്‌ തെങ്ങുകൃഷി ചെയ്യുന്നത്‌.
മച്ചിങ്ങ കൊഴിച്ചിൽ സർവ്വ സാധാരണമാണ്‌. പോഷകങ്ങളുടെ കുറവ്‌, പ്രതിരോധശക്തി കുറവ്‌,  രോഗ-കീടാക്രമണം, കായ്ക്കാനുള്ള കഴിവില്ലായ്മ, ഈർപ്പക്കുറവ്‌, വെള്ളക്കെട്ട്‌, വായുസഞ്ചാരത്തിന്റെ കുറവ്‌ തുടങ്ങിയ പ്രതികൂല സാഹചര്യങ്ങൾ മൂലമാണ്‌ മച്ചിങ്ങ കൊഴിച്ചിൽ ഉണ്ടാകുന്നത്‌. ചെന്നീരൊലിപ്പും കൂമ്പടപ്പുമാണ്‌ പ്രധാനമായി കാണപ്പെടുന്ന രോഗങ്ങൾ. കൊമ്പൻചെല്ലി, ചെമ്പൻചെല്ലി, മണ്ഡരി തുടങ്ങിയവയുടെ ആക്രമണവും കണ്ടുവരുന്നു.
ആസ്സാമിലെ രോഗ, കീടാക്രമണത്തെക്കുറിച്ച്‌ ശേഖരിച്ച സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത്‌ കാമരൂപ്‌, നഗാവ്‌, മൊറിഗാവ്‌, ദരാംഗ്‌ എന്നീ ജില്ലകളിലെ വിവിധ മേഖലകളിൽ 1 മുതൽ 16 ശതമാനം വരെയാണ്‌ ചെന്നീരൊലിപ്പ്‌ ബാധ കണ്ടുവരുന്നത്‌.  കൂമ്പടപ്പ്‌ രോഗബാധ കാമരൂപയിലെ ചില പ്രദേശങ്ങളിൽ 20 ശതമാനത്തോളം കാണപ്പെടുന്നതായി കണക്കാക്കപ്പെടുന്നു. മോറിഗാവിലും നഗാവിലും മണ്ഡരിയുടെ ആക്രമണമുള്ളതായും കണക്കാക്കപ്പെട്ടിരിക്കുന്നു.
വടക്ക്‌ കിഴക്കൻ മേഖലയിലെ നാളികേര വികസനം
വടക്ക്‌ കിഴക്കൻ സംസ്ഥാനങ്ങളിൽ നാളികേരവികസനത്തിനായി താഴെപ്പറയുന്ന മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതുണ്ട്‌.
*ശുപാർശ ചെയ്തിട്ടുള്ള ഇനങ്ങളുടെ ഗുണമേന്മയുള്ള നടീൽ സാമഗ്രികൾ വച്ചുപിടിപ്പിക്കുക
* ജലസേചനവും ശാസ്ത്രീയ വളപ്രയോഗവും അവലംബിക്കുക
*തെങ്ങിൻ ചുവട്ടിൽ തന്നെ മണ്ണ്‌, ഈർപ്പ സംരക്ഷണ മാർഗ്ഗങ്ങൾ സ്വീകരിക്കുക, പ്രത്യേകിച്ച്‌ ചരിഞ്ഞ പ്രദേശങ്ങളിൽ.
* പ്രധാനപ്പെട്ട രോഗങ്ങൾക്കും കീടങ്ങൾക്കുമെതിരെ സമഗ്ര നിയന്ത്രണ മാർഗ്ഗങ്ങൾ അവലംബിക്കുക
* കേരാധിഷ്ഠിത ഇടവിള/ മിശ്രവിളകൃഷി രീതികൾ അവലംബിക്കുക
* ജൈവാവശിഷ്ടങ്ങൾ പുന: ചംക്രമണം ചെയ്യുക
അനുയോജ്യ ഇനങ്ങൾ
വടക്ക്‌ കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച്‌ ആസ്സാമിൽ നവംബർ മാസം മുതൽ ജനുവരി വരെ നീണ്ടുനിൽക്കുന്ന ശൈത്യകാലവും ജൂലായ്‌ മുതൽ ആഗസ്റ്റ്‌ വരെ കനത്ത വർഷകാലവുമാണ്‌. അതുകൊണ്ട്‌ കഠിനമായ കാലാവസ്ഥ വ്യതിയാനങ്ങളോട്‌ കിടപിടിക്കുവാൻ അനുയോജ്യമായ ഇനങ്ങൾ തെരഞ്ഞെടുത്താൽ മാത്രമേ ഉത്പാദനക്ഷമത ഉയർത്താൻ സാധിക്കൂ. കുറിയ ഇനങ്ങൾക്ക്‌ ഈ കാലാവസ്ഥയിൽ നന്നായി വളരുവാൻ കഴിയില്ല. അതിനാൽ നെടിയ ഇനങ്ങളാണ്‌ വടക്ക്‌ കിഴക്കൻ കാലാവസ്ഥയ്ക്ക്‌ അനുയോജ്യം. വിവിധതരം മണ്ണിലും കഠിനമായ കാലാവസ്ഥയിലും നെടിയ ഇനങ്ങൾ നന്നായി വളരുന്നു. ആസ്സാം നെടിയയിനം (കാമരൂപ നെടിയയിനം), പശ്ചിമ തീര നെടിയയിനം, പൂർവ്വതീര നെടിയയിനം, ആൻഡമാൻ ഓർഡിനറി പോലെയുള്ള ഇനങ്ങൾ എന്നിവ ഈ മേഖലയ്ക്ക്‌ അനുയോജ്യമാണ്‌. ഉയർന്ന വിളവ്‌, ഗുണമേന്മയുള്ള നാളികേരം, കുറഞ്ഞ താപനില, വെള്ളക്കെട്ട്‌ എന്നീ അവസ്ഥകളിൽ നിലനിൽക്കാനുള്ള കഴിവ്‌, രോഗ-കീടങ്ങൾക്കെതിരെ പ്രത്യേകിച്ച്‌ ചെന്നീരൊലിപ്പിനെതിരെ വർദ്ധിച്ച പ്രതിരോധശേഷി എന്നിവയാണ്‌ കാമരൂപ ഇനത്തിനുള്ള ഗുണമേന്മകൾ.
ബഹുവിളക്കൃഷി
വടക്ക്‌ കിഴക്കൻ മേഖലയിൽ തെങ്ങ്‌ പുരയിട വിളയായാണ്‌ കൃഷി ചെയ്യുന്നത്‌. തെങ്ങുകൾക്കിടയിൽ ദീർഘകാല വിളകളും ഹ്രസ്വകാല വിളകളും കൃഷിചെയ്തും കന്നുകാലികളെ വളർത്തിയും ആദായം വർദ്ധിപ്പിക്കാം. കൂടാതെ, പോഷക സമ്പന്നവും വൈവിധ്യമാർന്നതുമായ ആഹാര ലഭ്യതയും ഉറപ്പാക്കാം. ഇതിലൂടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുകയും പരിസ്ഥിതി സന്തുലനം ഉറപ്പാക്കുകയും ചെയ്യാം.
ഉത്പാദനക്ഷമത വർദ്ധിപ്പിച്ചും മറ്റ്‌ ഉത്പാദനോപാധികൾ മുഖേനയും ഉൽപന്ന വൈവിധ്യവൽക്കരണത്തിലൂടേയും നൂതന ഉൽപന്നങ്ങൾക്ക്‌ ഡിമാന്റ്‌ ഉണ്ടാക്കിയും കൃഷിയിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കുകയും വിവിധ ജില്ലകളിലെ അനുയോജ്യ മേഖലകളിൽ വലിയ തെങ്ങിൻതോട്ടങ്ങൾ ക്ലസ്റ്റർ സമീപനത്തിലൂടെ വെച്ച്‌ പിടിപ്പിക്കുകയുമാണ്‌ അത്യന്താപേക്ഷിതമായിരിക്കുന്നത്‌.  ജൈവ സസ്യ കീടനാശിനികളും ഫിറമോണുകളും മുഖേനയുള്ള സമഗ്ര രോഗ, കീട, പോഷക നിയന്ത്രണം, ഉയർന്ന ഉത്പാദനക്ഷമത കൈവരിക്കുന്നതിന്‌ അനിവാര്യമാണ്‌.

23 Feb 2013

ജീവിതം ആഘോഷിക്കാന്‍ ഉള്ളതല്ല

സിറാജ് അളൂര്‍ 

അമേരിക്കയിലുള്ള കൊച്ചു മകള്‍ ഷിമ വന്നപ്പോള്‍ മുതല്‍ ശാരദക്ക് അതൊരു കടുത്ത തല വേദനയായി മാറി.
ഒരനുസരണയുമില്ലാത്ത ഈ കൊച്ചിനെ ആണോ ഭഗവാനെ എന്റെ മോളും മരുമകനും എന്റെയടുത്തേക്ക് അയച്ചത്? എന്ന കടുത്ത വ്യാധിയോടെ അന്നും അവര്‍ അവള്‍ക്ക് വേണ്ടി കാത്തിരുന്നു
രാത്രി അല്‍പ്പം വൈകി ഒരു ബൈക്ക് മുറ്റത്ത് വന്നു നിന്നപ്പോള്‍ അവര്‍ അങ്ങോട്ട് നോക്കി മങ്ങിയ വെളിച്ചത്തില്‍ ആ ചെറുക്കന്റെ മുഖം കാണാനുണ്ട് പരസ്പം മുത്തം കൊടുത്താണ് അവര്‍ അന്നത്തേക്ക് പിരിഞ്ഞതും. നിസ്സംതയോടെ അവര്‍ മുഖം തിരിച്ചു. ഓടി ചാടി കയറി വന്ന കൊച്ചു മകളെ ശാരദ രൂക്ഷമായി നോക്കി.’ഇതെന്തു കൂത്താട്ടമാണ് നീ കാണിക്കുന്നത് ഇവിടെയിതൊന്നും ഞാന്‍ സമ്മതിക്കില്ല്യാ’ എന്ന്! ഗൗരവത്തോടെ പറഞ്ഞു . വളരെ തണുപ്പന്‍ മട്ടോടെയാണ് ഷിമ മറുപടി പറഞ്ഞത് ‘നിങ്ങളുടെ സമ്മതം എനിക്കാവിശ്യല്ല്യ, മാത്രമല്ല ജീവിതം ആഘോഷിക്കാന്‍ ഉള്ളതാണ്’ ഇതും പറഞ്ഞു അവള്‍ കിടപ്പുമുറിയില്‍ കയറി വാതിലടച്ചു.
പിറ്റേന്ന് രാവിലെ ഷിമയുടെ അമ്മയുടെ ഫോണ്‍ വന്നപ്പോള്‍ ശാരദ മകളോട് എല്ലാം പറഞ്ഞു . പ്രതീക്ഷിക്കാത്തതായിരുന്നു ഷിമയുടെ അമ്മയുടെ പ്രധികരണം . ഒട്ടും അതിശയോക്തിയില്ലാതെ അവള്‍ പറഞ്ഞു ‘അതവളുടെ ബോയ്ഫ്രണ്ട് ആണ് അമ്മേ, പിന്നെ നമ്മളൊക്കെ പഴയ കണ്ണുകൊണ്ട് നോക്കുന്നത് കൊണ്ടാ,അവരൊക്കെ ചെറുപ്പമല്ലേ ജീവിതം ആഘോഷിക്കാന്‍ ഉള്ളതല്ലേ ?’ പിന്നെ ശാരദ ഒന്നും മിണ്ടിയില്ല തെല്ല് പരിഹാസത്തോടെ തന്നോട് കൈ വീശി പോകുന്ന കൊച്ച്ചുമകളെ നോക്കി നെടുവീര്‍പ്പിട്ടു.
അന്നും പതിവുപോലെ ആ പാര്‍ക്കിന്റെ മൂലയില്‍ ഷിമയും പ്രവീണും ഒത്തൊരുമിച്ച് കൊഞ്ചികൊണ്ടിരുന്നു
തന്റെ മടിയില്‍ കിടക്കുന്ന കിടക്കുന്ന പ്രവീണിന്റെ നെറുകില്‍ തലോടി കൊണ്ട് ഷിമ പറഞ്ഞു ‘ നോക്ക് പ്രവീണ്‍ താനല്‍പ്പം സന്തോഷിക്കാന്‍ സമയമായിരിക്കുന്നു’
എന്തെ? എന്നര്‍ത്ഥത്തില്‍ പ്രവീണ്‍ ഷിമയെ നോക്കി
ഷിമ അല്‍പ്പം ചമ്മലോടെ പറഞ്ഞു ‘ ഞാന്‍ ഗര്‍ഭിണിയാണ്’
പ്രവീണ്‍ തെല്ല് പുഞ്ചിരി യോടെ ചോദിച്ചു ‘ തനപ്പോ ആ ടാബ്ലെറ്റ് കഴിച്ചില്ല??’ ഇല്ലെന്ന്! ഷിമ തലയാട്ടി . പ്രവീണ്‍ വീണ്ടും പറഞ്ഞു ‘ എന്നാല്‍ താന്‍ വേഗം അബോര്‍ഷന്‍ ചെയ്യാന്‍ പ്രിപ്പെയര്‍ ആകു നമുക്ക് നാളെത്തന്നെ പോകാം’
ഷിമ അത്ഭുതത്തോടെ പറഞ്ഞു ‘നമ്മള്‍ !കല്യാണം കഴിക്കാന്‍ പോകുകയല്ലേ പിന്നെന്താ?’
പ്രവീണ്‍ തെല്ല് പുച്ഛത്തോടെ പറഞ്ഞു ‘ കല്യാണമോ നിന്നെയോ?,എടൊ ജീവിതം ആഘോഷിക്കാന്‍ ഉള്ളതല്ലേ ? മാത്രമല്ല ഭാര്യ എന്നൊക്കെ പറഞ്ഞാല്‍ ഒരു നാടന്‍ പെണ്ണാ നല്ലത് നമ്മള്‍ എന്നും നല്ല കൂട്ടുകാര്‍ ആയിരിക്കും നമ്മുക്ക് അടിച്ചു പോളിക്കാടാ’
ഷിമ നടുക്കത്തോടെ ഇരിക്കുമ്പോള്‍ പ്രവീണ്‍ ചോദിച്ചു ‘തന്നെ ഞാന്‍ ഡ്രോപ്പ് ചെയ്യണോ?’ നിറകണ്ണുകളോടെ ഷിമ വേണ്ടെന്നു തലയാട്ടി.
പ്രവീണ്‍ നടന്നകലുന്നതും നോക്കി ഷിമ അവിടെയിരുന്നു അവന്റെ വാക്കുകള്‍ അപ്പോഴും ചെവിയില്‍ അലയടിക്കുന്നുണ്ടായിരുന്നു ‘ജീവിതം ആഘോഷിക്കാന്‍ ഉള്ളതല്ലേ?’


24 Jan 2013

ഡീജെ ഫാം - സങ്കരയിനം തൈകളുടെ സ്വകാര്യ മേഖലയിലെ സ്രോതസ്സ്‌ ഒരു അനുകരണീയ മാതൃക


ബീന എസ്‌.

സങ്കരതെങ്ങിന്റെ ഉത്പത്തി നമ്മുടെ നാടിന്‌ സ്വന്തം. 1932ൽ പ്രമുഖ കേരശാസ്ത്രജ്ഞൻ ഡോ. ജെ. എസ്‌. പട്ടേൽ കൃത്രിമസങ്കരണം വഴി സങ്കരയിനം തെങ്ങുകൾക്ക്‌ ജന്മം നൽകിക്കൊണ്ട്‌ കേരചരിത്രത്തിൽ ഭാരതത്തിന്റെ നാമം സുവർണ്ണലിപികളിൽ എഴുതിച്ചേർത്തു. അദ്ദേഹം നട്ടുപിടിപ്പിച്ച സങ്കര കേരവൃക്ഷങ്ങൾ നീലേശ്വരത്തെ തോട്ടത്തിൽ ഓലപ്പീലിവിരിച്ചാടുന്നു, പക്ഷേ; പിന്നീടങ്ങോട്ട്‌ കേന്ദ്രതോട്ടവിളഗവേഷണ സ്ഥാപനവും കേരളകാർഷിക സർവ്വകലാശാലയടക്കം വിവിധ നാളികേരോത്പാദക സംസ്ഥാനങ്ങളിലെ കാർഷിക സർവ്വകലാശാലകളും ഉയർന്ന ഗുണമേന്മയുള്ള സങ്കര തെങ്ങിനങ്ങൾ പുറത്തിറക്കുന്നുണ്ടെങ്കിലും സ്വകാര്യമേഖലയിൽ ശ്രദ്ധേയമായ ചുവടുവെയ്പ്‌ നടത്തിയത്‌ ശ്രീ. ഡേവിഡ്‌ ലോബോയാണ്‌.
പ്രമുഖ ബ്രീഡറായിരുന്ന പ്രോ. ആന്റണി ഡേവിസിന്റെ വാക്കുകളിൽ നിന്ന്‌ പ്രചോദനം ഉൾക്കൊണ്ടാണ്‌  പൗൾട്രി ഫാമിംഗിൽ ഏർപ്പെട്ടിരുന്ന ശ്രീ. ഡേവിഡ്‌ ലോബോ സങ്കരതെങ്ങിനങ്ങൾ ഉത്പാദിപ്പിക്കുന്നതിന്‌ ഇറങ്ങിത്തിരിച്ചതു. ഇന്തോനേഷ്യയിലും മലേഷ്യയിലുമെല്ലാം ഭക്ഷ്യകാർഷിക സംഘടനയുടെ സഹായത്തോടെ സങ്കര തെങ്ങിനങ്ങൾ ഉത്പാദിപ്പിക്കുന്ന വൻ തോട്ടങ്ങൾ തുടങ്ങുന്നതിന്‌ സാരഥ്യം വഹിച്ചിരുന്ന ഐക്യരാഷ്ട്ര സംഘടനയുടെ കേരവിദഗ്ദ്ധൻ ആയിരുന്നു പ്രോ. ഡേവിസ്‌. "താൻ പറയുന്നതനുസരിച്ച്‌ സങ്കരതെങ്ങുകൾ ഉത്പാദിപ്പിച്ചാൽ നിങ്ങൾക്ക്‌ ഈ രംഗത്ത്‌ മികച്ച സംഭാവനകൾ നൽകാൻ സാധിക്കും" എന്നായിരുന്നു പ്രോ. ഡേവിസിന്റെ വാക്കുകൾ എന്ന്‌ ശ്രീ. ഡേവിഡ്‌ ലോബോ അനുസ്മരിക്കുന്നു.
അതനുസരിച്ച്‌ 1983ൽ തമിഴ്‌നാട്ടിൽ മധുരയ്ക്കടുത്ത്‌ 80 ഹെക്ടറിൽ തോട്ടത്തിന്‌ സ്ഥലം കണ്ടെത്തി.  അവിടെയായിരുന്നു ഡീജെ ഫാമിന്റെ തുടക്കം. പിന്നിടങ്ങോട്ട്‌ മികച്ച മാതൃ-പിതൃവൃക്ഷങ്ങൾ കണ്ടെത്താനുള്ള ശ്രമമായിരുന്നു. പ്രോ. ഡേവിസ്‌ നിർദ്ദേശിച്ച തോട്ടങ്ങളിൽ നിന്നാണ്‌ വിത്തുതേങ്ങകൾ ശേഖരിച്ചതു. കർശന മാനദണ്ഡങ്ങളാണ്‌ വിത്തുതേങ്ങകൾ ശേഖരിക്കാനായി അവലംബിച്ചതെന്ന്‌ ശ്രീ. ലോബോ ഓർക്കുന്നു. "മൂന്ന്‌ വർഷം വേണ്ടിവന്നു വിത്തുതേങ്ങകൾ ശേഖരിക്കാൻ. അഞ്ച്‌ വർഷംകൊണ്ടാണ്‌ ആവശ്യമുള്ളത്ര നടീൽ വസ്തുക്കൾ ലഭിച്ചതു".
തെങ്ങിൻ തൈ നടുന്നതിനുള്ള രൂപരേഖ ചമച്ചതു പ്രോ. ഡേവിസായിരുന്നു. "ഞങ്ങൾ വിശ്വസ്തത്തയോടെ അത്‌ പൈന്തുടരാൻ ശ്രമിച്ചു. അദ്ദേഹം പറഞ്ഞതനുസരിച്ചു. ഇന്ന്‌ ഞങ്ങളുടെ കൈവശം മികച്ച സങ്കരയിനം തെങ്ങുണ്ട്‌. രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്ന്‌ വിത്തുതേങ്ങകൾ ശേഖരിച്ച,​‍്‌ അവയുടെ വർഗ്ഗഗുണങ്ങൾ രേഖപ്പെടുത്തി, അവയെ പല ഗ്രൂപ്പുകളായിത്തിരിച്ചു. പിതൃ വൃക്ഷങ്ങളും മാതൃവൃക്ഷങ്ങളുമായി തരംതിരിച്ചവയിൽ വർഗ്ഗ സങ്കരണം നടത്തിയാണ്‌ സങ്കരയിനം തെങ്ങുകൾ ഞങ്ങൾ ഉരുത്തിരിച്ചെടുത്തത്‌".
പ്രോ. ഡേവിസിന്റെ നിർദ്ദേശമനുസരിച്ച്‌ വംശപാരമ്പര്യമുള്ള, നിറത്തിൽ സവിശേഷത പുലർത്തുന്ന കുറിയ ഇനത്തിൽപ്പെട്ട രണ്ടിനം തെങ്ങുകളെയാണ്‌ മാതൃവൃക്ഷമായി തെരഞ്ഞെടുത്തത്‌. ആൻഡമാൻ നെടിയത്‌, തിപ്തൂർ നെടിയത്‌, നാഗർകോവിൽ നെടിയത്‌, പശ്ചിമതീര നെടിയത്‌ എന്നീ തെരഞ്ഞെടുക്കപ്പെട്ട തെങ്ങിനങ്ങളിലെ വിത്തുതേങ്ങകൾ പിതൃ വൃക്ഷങ്ങൾക്കായി നട്ടുപിടിപ്പിച്ചു. ഗുണമേന്മയെ മുൻനിർത്തി കർശന മാനദണ്ഡങ്ങൾ അനുസരിച്ച്‌ തെരഞ്ഞെടുത്ത ഏറ്റവും നല്ല കുറിയയിനം മാതൃവൃക്ഷങ്ങളും നെടിയയിനം പിതൃവൃക്ഷങ്ങളും മാത്രമാണ്‌ ബ്രീഡിംഗ്‌ തോട്ടത്തിൽ നിലനിർത്തിയിട്ടുള്ളതെന്ന്‌ ശ്രീ. ലോബോ പറഞ്ഞു.
തെരഞ്ഞെടുത്ത മാതൃ-പിതൃ വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചതു 1984ൽ ആണ്‌. അടുത്ത മൂന്ന്‌ വർഷങ്ങൾകൊണ്ട്‌ ഫാം പതിനായിരം തെങ്ങുകളുമായി 200 ഏക്കറിലേക്ക്‌ വളർന്നു. ആദ്യത്തെ സങ്കര തെങ്ങിൻ തൈ ഉത്പാദിപ്പിച്ചതു 1990ൽ ആണ്‌. ഇന്ന്‌ ഡീജെ ഫാമിൽ ഉത്പാദിപ്പിച്ച  10 ലക്ഷം സങ്കരയിനം തെങ്ങുകൾ ദക്ഷിണേന്ത്യയിലെ പല തെങ്ങിൻ തോപ്പുകളിലായി കായ്ഫലം നൽകുന്നു.
വർഷങ്ങളായുള്ള നിരന്തര നിരീക്ഷണങ്ങൾക്കൊടുവിൽ അനുപമ ഗുണമേന്മയുള്ള മാതൃവൃക്ഷം ഉരുത്തിരിച്ചെടുക്കാനായതാണ്‌ ഡി.ജെ. ഫാമിന്റെ വൻനേട്ടങ്ങൾക്ക്‌ കാരണമായി ശ്രീ. ലോബോ ചൂണ്ടിക്കാണിക്കുന്നത്‌.  ഈ മാതൃവൃക്ഷം വളരെ നേരത്തെ, അതായത്‌ 18 മാസങ്ങൾക്കുള്ളിൽ പുഷ്പിക്കാൻ തുടങ്ങും വലിപ്പം കൂടിയ തേങ്ങകളും ഉയർന്ന വിളവും ഇതിന്റെ സവിശേഷതകളാണ്‌. ഡീജേയുടെ ബ്രീഡിംഗ്‌ തോട്ടത്തിൽ ഇത്തരത്തിലുള്ള പതിനായിരത്തിലേറെ കുറിയയിനം മാതൃവൃക്ഷങ്ങളാണുള്ളത്‌.
"ഈ മാതൃവൃക്ഷങ്ങളാണ്‌ ഞങ്ങളുടെ സങ്കരതെങ്ങുകളുടെ അടിത്തറ. മറ്റിനങ്ങളെ അപേക്ഷിച്ച്‌ മൂന്നിലൊന്ന്‌ സമയത്തിനുള്ളിൽ പുഷ്പിക്കുകയും മൂന്നിരട്ടി വിളവ്‌ തരുകയും ചെയ്യുന്ന സങ്കരയിനം തെങ്ങുകളാണ്‌ ഇന്ന്‌ ഇവിടെ ഉത്പാദിപ്പിക്കുന്നത.​‍്‌"
"ഞങ്ങളുടെ മാതൃവൃക്ഷത്തിന്റെ പിതൃ- മാതൃവൃക്ഷങ്ങളെ ഞങ്ങൾക്ക നന്നായറിയാം. ഈ മാതൃവൃക്ഷത്തെ പിതൃവൃക്ഷമായും ഞങ്ങൾക്ക്‌ ഉപയോഗിക്കാം. പക്ഷേ; മാതൃവൃക്ഷമായി ഉപയോഗിക്കുമ്പോഴാണ്‌ ഏറ്റവും മെച്ചപ്പെട്ട സങ്കരതെങ്ങിന്റെ ഉത്പാദനം സാദ്ധ്യമാകുന്നത്‌".
ഡീജേ ഫാമിൽ സങ്കരണ രീതികൾക്ക്‌ സവിശേഷതകളുണ്ട്‌. ചൊട്ടവിരിയുന്നതുവരെ ഇവർ കാത്തുനിൽക്കുന്നില്ല. ചൊട്ട വിരിയുന്നതിന്‌ മുമ്പ്‌ തന്നെ തുറന്ന്‌ ആൺ പൂക്കൾ മുറിച്ച്‌ മാറ്റുകയാണ്‌ ചെയ്യുന്നത്‌. ചൊട്ട തുറക്കാൻ അനുയോജ്യമായ സമയം അനുഭവ സമ്പത്തിലൂടെ ആർജ്ജിക്കുകയാണ്‌ ചെയ്യുന്നതെന്ന്‌ ശ്രീ. ലോബോ പറയുന്നു. പ്രസ്തുത ജോലിയിൽ വിദഗ്ദ്ധരായവർക്ക്‌ അനുയോജ്യസമയം ചൊട്ടകണ്ടാലുടൻ തിരിച്ചറിയാൻ സാധിക്കുമത്രേ. കൃത്യസമയത്ത്‌ തുറക്കാതിരുന്നാൽ പരാഗം പടർന്ന്‌ തുടങ്ങുമെന്നാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം. നേരത്തെ തുറന്നാൽ തേങ്ങകൾ പാകമാകുകയുമില്ല. പരാഗങ്ങൾ ശേഖരിച്ച്‌ ലബോറട്ടറിയിൽ സൂക്ഷിക്കുകയാണ്‌ ചെയ്യുന്നത്‌.
പ്രധാനമായി മൂന്നിനം സങ്കരതെങ്ങുകളാണ്‌ ഡീജേ ഉരുത്തിരിച്ചെടുത്തിരിക്കുന്നത്
‌, സമ്പൂർണ്ണ, പുഷ്ക്കല, വിശ്വാസ്‌. ഇവയിൽ 'സമ്പൂർണ്ണ' പൊതുവേയുള്ള ഉപയോഗം ലക്ഷ്യമിട്ടാണ്‌ പുറത്തിറക്കിയത്‌. രണ്ട്‌ വർഷത്തിനുള്ളിൽ കായ്ക്കുന്ന ഈയിനത്തിൽ പ്രതിവർഷം 250 ഓളം തേങ്ങ പിടിക്കുന്നു. ഇളനീർ വിളവെടുക്കുമ്പോൾ 30 ശതമാനത്തിലധികം വിളവിൽ വർദ്ധനയുണ്ടാകുമെന്നാണ്‌ കർഷകരുടെ അനുഭവം.ഏഴ്‌ മാസം പ്രായമായ കരിക്കിൽ 500 മി. ലി. വെള്ളമുണ്ടാകും, അതും മാധുര്യമേറിയത്‌. 200 ഗ്രാമാണ്‌ കൊപ്രതൂക്കം.
'പുഷ്ക്കല' ഇളനീരിന്റെ ഉപയോഗത്തിന്‌ പ്രത്യേകമായി വികസിപ്പിച്ചെടുത്തത്താണ്‌. ഇതിൽ 600 മുതൽ 800 മി.ലി. വരെ വെള്ളമുണ്ടാകും. ഇളനീർ നേരിട്ട്‌ കുടിക്കുന്നതിനേക്കാളേറെ കരിക്കിൻവെള്ളം സംസ്ക്കരിക്കുന്ന യൂണിറ്റുകൾക്കാണ്‌ ഈയിനം ഏറെ പ്രയോജനപ്രദം.
തെങ്ങുകൃഷിക്ക്‌ അത്ര അനുകൂലമല്ലാത്ത പരിസ്ഥിതികളിൽ കൃഷി ചെയ്യുന്നതിന്‌ യോജിച്ചതാണ്‌ 'വിശ്വാസ്‌.' തേങ്ങയ്ക്ക്‌ അൽപ്പം വലിപ്പം കുറവാണെങ്കിലും നന്നായി പരിപാലിച്ചാൽ ജലസേചനം കുറഞ്ഞാലും നല്ല വിളവ്‌ നൽകുന്നു. കരിക്കിൽ 300 മി. ലി. വെള്ളവും, നല്ല കൊപ്രത്തൂക്കവുമുണ്ട്‌.
ശ്രീ. ലോബോയുടെ അഭിപ്രായത്തിൽ ടി ത ഡി ഇനങ്ങളേക്കാൾ ഡി ത ടി ഇനങ്ങളാണ്‌ കൃഷി ചെയ്യാൻ ഉത്തമം. ഡീജേ സങ്കരങ്ങളെല്ലാം തന്നെ രോഗ, കീടാക്രമണങ്ങൾക്കെതിരെ നെടിയ ഇനങ്ങളേയും കുറിയ ഇനങ്ങളേയും അപേക്ഷിച്ച്‌ മെച്ചപ്പെട്ട പ്രതിരോധക്ഷമത കാണിക്കുന്നുവേന്നാണ്‌ അദ്ദേഹം അവകാശപ്പെടുന്നത്‌.
തമിഴ്‌നാട്ടിൽ മധുരയിലും അമ്പൂരും കർണ്ണാടകയിലെ ബെയ്‌ലൂരും ഗോവയിലുമായി 450 ഏക്കറിലായി ഡീജേ ഫാം പ്രവർത്തിക്കുന്നു. ഡീജേ സങ്കരങ്ങൾക്ക്‌ നല്ല ഡിമാന്റാണുള്ളത്‌. രണ്ടു വർഷത്തേക്കു മുൻകൂട്ടിയുള്ള ബുക്കിംഗാണ്‌ നടക്കുന്നതെന്ന്‌ ശ്രീ ലോബോ പറയുന്നു. പ്രതിവർഷം അഞ്ചു ലക്ഷം തൈകളാണ്‌ ഇപ്പോൾ ഉത്പാദിപ്പിക്കുന്നത്‌.  മൂന്നു നാലു വർഷത്തിനുള്ളിൽ ഉത്പാദനം 10 ലക്ഷത്തിൽ എത്തിക്കുവാനും 6-7 വർഷത്തിനുള്ളിൽ 20 ലക്ഷമായി ഉയർത്തുവാനുമാണ്‌ അദ്ദേഹത്തിന്റെ ഉദ്ദേശ്യം. ഡിമാന്റ്‌ കൂടുതലും തമിഴ്‌നാട്ടിൽ നിന്നാണ്‌. യാതൊരു പരസ്യപ്രചാരണവുമില്ലാതെ അനുഭവസ്ഥർ പറഞ്ഞത്‌ കേട്ടറിഞ്ഞാണ്‌ തൈകളുടെ വിപണനം നടക്കുന്നത്‌.
ലാഭത്തേക്കാളേറെ കർഷക സേവനം ലക്ഷ്യമിടുന്ന ശ്രീ. ഡേവിഡ്‌ ലോബോയുടെ ഭാവി പരിപാടികളിൽ നാളികേരത്തിന്റെ മൂല്യവർദ്ധനയാണ്‌ അടുത്ത പടി. കർഷക ക്ഷേമം മുൻനിർത്തിക്കൊണ്ടു തന്നെ അവരെ മധ്യവർത്തികളുടെ കരാളഹസ്തങ്ങളിൽ നിന്ന്‌ രക്ഷിക്കാനായി നീരയിൽ നിന്ന്‌ പാം ഷുഗർ ഉത്പാദിപ്പിക്കുന്നതിനുള്ള ഒരു പദ്ധതി ഒരു വർഷത്തിനുള്ളിൽ ഗോവയിൽ ആരംഭിക്കുവാൻ അദ്ദേഹം ലക്ഷ്യമിടുന്നു. അടുത്ത രണ്ടു വർഷത്തിനുള്ളിൽ കരിക്കിൻ വെള്ളം പായ്ക്കു ചെയ്യുന്ന യൂണിറ്റ്‌ സ്ഥാപിക്കുകയെന്നതാണ്‌ ശ്രീ ലോബോയുടെ സ്വപ്ന പദ്ധതികളിൽ രണ്ടാമത്തേത്‌.
കർഷകരോട്‌ അദ്ദേഹത്തിനു പറയാനുള്ളത്‌ തന്റെ അനുഭവ സമ്പത്തിന്റെ സുഗന്ധം പുരണ്ട വാക്കുകളാണ്‌. 'ഒരു ഏക്കറിൽ നിന്ന്‌  ഒരു ലക്ഷത്തിലേറെ രൂപ  വരുമാനമുണ്ടാക്കുന്ന ചെറുകിട കർഷകരെ എനിക്ക്‌ നേരിട്ട്‌ അറിയാം. തെങ്ങുകൃഷിയാണ്‌ ഏറ്റവും മികച്ച ബിസിനസ്സ്‌.' കർഷകർക്ക്‌ ഉദ്ദേശിച്ച പ്രയോജനം ലഭിക്കുന്നതു വരെ വിൽപന പൂർണ്ണമാകുന്നില്ലായെന്ന്‌ വിശ്വസിക്കുന്ന ഡേവിഡ്‌ ലോബോ കർഷകന്‌ വിൽപനാനന്തര സേവനവും നൽകുന്നുണ്ട്‌. കർഷകരുടെ തോട്ടങ്ങൾ നേരിട്ട്‌ സന്ദർശിച്ച്‌ യഥാസമയത്തുള്ള പരിപാലന രീതികൾ മനസ്സിലാക്കികൊടുക്കുകയും കുറവുകൾ കണ്ടെത്തി പരിഹാരം  നിർദ്ദേശിക്കുകയും ചെയ്യുന്നു. തീർച്ചയായും, കേരകർഷക  സമൂഹത്തിന്‌ അക്ഷരാർത്ഥത്തിൽ സേവനം തന്നെയാണ്‌ ശ്രീ ഡേവിഡ്‌ ലോബോ ചെയ്യുന്നത്‌.സങ്കര തെങ്ങിനങ്ങളുമായി അദ്ദേഹം ജൈത്രയാത്ര തുടരട്ടെ.
മൊബെയിൽ: 9900267361,

22 Dec 2012

സംയോജിത തെങ്ങുകൃഷി



രമണി ഗോപാലകൃഷ്ണൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര
വികസന ബോർഡ്‌, കൊച്ചി


ഏതു കാർഷിക വിളയുടേയും  വിസ്തീർണ്ണത്തിലുണ്ടാകുന്ന കുറവ്‌ ഉത്​‍്പാദനക്ഷമത കൂട്ടുന്നതിന്റെ ആവശ്യകതയിലേയ്ക്കാണ്‌  വിരൽ  ചൂണ്ടുന്നത്‌. കേരമേഖലയിലും ഈ തത്വം അന്വർത്ഥമാകുകയാണ്‌. തെങ്ങുകൃഷി വിസ്തീർണ്ണം വലിച്ചു നീട്ടാൻ പറ്റാത്ത അവസ്ഥയിൽ നാമിന്നു എത്തിച്ചേർന്നിരിക്കുന്നു. ഉള്ള സ്ഥലത്തു നിന്നു പരമാവധിക്ഷമത കൈവരിച്ചു കഴിഞ്ഞു എന്ന്‌ പറയാനാകില്ല. ദേശീയ തലത്തിൽ 8303 നാളികേരം ഉത്പാദിപ്പിച്ചുകൊണ്ടു മറ്റു വൻകിട രാജ്യങ്ങളുടെ മുമ്പിൽ നിൽക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ ഉത്പാദനക്ഷത വളരെ വളരെ പരിമിതമാണെന്നേ പറയാനാവു. കാരണം 19000വും 13000വും നാളികേരം ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളും നമ്മുടെ രാജ്യത്തുണ്ട്‌. 7365 നാളികേരം ഉത്​‍്പാടിപ്പിച്ചു കൊണ്ടു 9-​‍ാം സ്ഥാനം കൊണ്ട്‌ തൃപ്തിപ്പെട്ടു നിൽക്കുകയാണ്‌ കേരളമിന്ന്‌. എന്നാൽ സംസ്ഥാനത്തിനകത്തു തന്നെ വളരെ ഉയർന്ന ഉത്​‍്പാദനക്ഷമത തരുന്ന തെങ്ങുകളും തോട്ടങ്ങളും ഉണ്ടെന്നത്‌ നമ്മുടെ കണ്ണുതുറപ്പിക്കേണ്ട അവസ്ഥാ വിശേഷമാണ്‌.
നാളികേര വികസന ബോർഡ്‌ പ്രവർത്തനമാരംഭിച്ച്‌ 3 ദശാബ്ദം പിന്നിട്ടിട്ടും താഴേക്കു വളരുന്ന ഉത്പാദനക്ഷമതയെക്കുറിച്ചു ഉത്കണ്ഠാകുലരാണ്‌ നാമിന്ന്‌. എങ്കിലും ഈ ഉദ്ദേശ്യലക്ഷ്യം വച്ചു തുടങ്ങിയ പദ്ധതികൾ മറ്റു പല ലക്ഷ്യങ്ങളും കൈവരിക്കാൻ പര്യാപ്തമാ യെന്ന്‌ പറയാതിരിക്കാൻ വയ്യ. കേരകർഷകരുടെ ഇടയിൽ കൂട്ടായ്മയ്ക്ക്‌ തുടക്കമിട്ടത്‌ ഇതിൽ ഏറ്റവും പ്രാമുഖ്യം അർഹിക്കുന്നു.
ഉത്​‍്പാദനക്ഷമതയിലൂന്നി ബോർഡ്‌ നടത്തുന്ന സംയോജിത തെങ്ങുകൃഷി പദ്ധതിയ്ക്ക്‌ രണ്ടര ദശാബ്ദ കാലത്തെ പഴക്കമുണ്ട്‌.ഏഴാം പഞ്ചവത്സര പദ്ധതിയുടെ മൂന്നാം വർഷത്തിൽ കൃത്യമായി പറഞ്ഞാൽ 1987 -1988 കാലഘട്ടത്തിൽ 10,000 ഹെക്ടർ സ്ഥലത്താണ്‌ സംയോജിത കൃഷി പദ്ധതിക്ക്‌ പ്രാരംഭം കുറിച്ചതു. കാറ്റുവീഴ്ച രോഗമാണ്‌ ഉത്പാദനക്ഷമതയ്ക്ക്‌ വിലങ്ങുതടിയായി നിൽക്കുന്നത്‌ എന്ന വാദം തന്നെയായിരുന്നു ഈ പദ്ധതിയുടെ ശാസ്ത്രീയ അടിത്തറയും. അതുകൊണ്ടു തന്നെ തെങ്ങുവെട്ടു സബ്സിഡിയും, ഇടവിളകൃഷി സബ്സിഡിയുമെല്ലാം ആ പദ്ധതിയിൽ സ്ഥാനം പിടിച്ചിരുന്നു. തെങ്ങോന്നിന്‌ 75 രൂപയും പുനർ നടീലിന്‌ തൈയൊന്നിന്‌ 4 രൂപയും ജലസേചന സൗകര്യമൊരുക്കുന്നതിന്‌ യൂണിറ്റൊന്നിന്‌ 1000 രൂപയും ബഹുവിളകൃഷി സമ്പ്രദായം നടപ്പാക്കുന്നതിന്‌ ഹെക്ടറൊന്നിന്‌ 50 രൂപയുമായിരുന്നു അന്നത്തെ സബ്സിഡി നിരക്കുകൾ. ഇത്‌ ബോർഡും സംസ്ഥാന കൃഷി വകുപ്പും തുല്യമായി വഹിക്കണമായിരുന്നു. തുടർന്ന്‌ ഏഴാം പഞ്ചവത്സര പദ്ധതി അവസാനിച്ചതോടു കൂടി 1990-91ഉം, 91-92ഉം വാർഷിക പദ്ധതികളായി തുടർന്നപ്പോൾ 10000 ഹെക്ടറിൽ കൂടി പദ്ധതി വ്യാപിപ്പിച്ചു. വളമിടീലും ഇടവിള കൃഷിയും 60 ശതമാനം കൃഷിസ്ഥലത്ത്‌, അതായത്‌ 6000 ഹെക്ടറിൽ വീതമാണ്‌ ഈ കാലഘട്ടത്തിൽ നടപ്പിലാക്കിയത്‌.
ഇന്ത്യയിലെ നാളികേരകൃഷിയുടെ ഉത്പാദനവും ഉത്​‍്പാദനക്ഷമതയും എന്ന വിഷയത്തിൽ 1986 സെപ്തംബർ 27ന്‌ തലസ്ഥാനത്തു നടന്ന ദേശീയ സെമിനാർ ഏവരുടെയും ശ്രദ്ധയാകർഷിച്ചിരുന്നു. കേന്ദ്രകൃഷി മന്ത്രാലയവും, സംസ്ഥാന സർക്കാരും സംയുക്തമായി സംഘടിപ്പിച്ച ഈ സെമിനാറിൽ കാര്യമാത്ര പ്രസക്തമായ പല ശുപാർശകളും ഉരുത്തിരിഞ്ഞു വന്നിരുന്നു
തെങ്ങിന്റെ ഉത്​‍്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനു വേണ്ടി 10,000 ഹെക്ടറിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന സംയോജിത കൃഷി പദ്ധതി 1 ലക്ഷം ഹെക്ടറിലേക്ക്‌ വ്യാപിപ്പിക്കണമെന്നതായിരുന്നു ശ്രദ്ധേമായ ഒരു ശൂപാർശ. ഈ ശൂപാർശ കണക്കിലെടുത്ത്‌ 1992-1993 ൽ ആരംഭിച്ച 8-​‍ാം പഞ്ചവത്സര പദ്ധതിയിൽ കേരളത്തിൽ ഒരു ലക്ഷം ഹെക്ടറിലേക്ക്‌ സമഗ്ര കേരവികസന പദ്ധതി ചില മുഖംമിനുക്കുകളും  പുതുമകളും വരുത്തി പരിഷ്കരിച്ചു നടപ്പിലാക്കി. കാറ്റുവീഴ്ച രോഗം ആ കാലയളവിൽ 4 ലക്ഷം ഹെക്ടർ കവിഞ്ഞിരുന്നു. തന്നെയുമല്ല രോഗത്തിന്റെ കരാളഹസ്തം തമിഴ്‌നാട്ടിന്റെ അതിർത്തികളിലേക്കും നീണ്ടുതുടങ്ങിയിരുന്നു. കൂടാതെ ആന്ധ്രാപ്രദേശ്‌, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും സമാനമായ ഗാനോഡർമ്മ വിൽട്ടും, തടിപകാവിൽട്ടും പടർന്നു കൊണ്ടിരുന്നത്‌ ആ പദ്ധതി മറ്റു സംസ്ഥാനങ്ങളിൽ കൂടി വ്യാപിപ്പിക്കുവാൻ ആവശ്യമുയർന്നു. തുടർന്നു മറ്റു സംസ്ഥാനങ്ങളിൽ 13,680 ഹെക്ടർ സ്ഥലത്തു കൂടി പദ്ധതി വ്യാപിപ്പിച്ചു നടപ്പിലാക്കി.
ചില മുഖംമിനുക്കലുകളും മാറ്റങ്ങളും വരുത്തിയാണ്‌ പദ്ധതി 8-​‍ാം പഞ്ചവത്സര പദ്ധതിയിൽ നടപ്പിലാക്കിയതെന്ന്‌ സൂചിപ്പിച്ചുവല്ലോ. മുൻ കാലയളവിൽ ഇല്ലാതിരുന്ന വളം സബ്സിഡി ഉൾപ്പെടുത്തിയത്‌ പുതുമയായെങ്കിൽ ജലസേചന സബ്സിഡി എടുത്തുമാറ്റിയത്‌ തിരിച്ചടിയായി. നാഷണൽ കമ്മീഷൻ ഓൺ പ്ലാസ്റ്റിക്‌ ഇൻ അഗ്രിക്കൾച്ചർ (എൻസിപിഎ) നടപ്പിലാക്കിയിരുന്ന പദ്ധതികളുടെ ആവർത്തനമാകുന്നു എന്നതായിരുന്നു ഈ തീരുമാനത്തിനു പിന്നിൽ. തെങ്ങുവെട്ടുന്നതിന്‌ 75 രൂപയിൽ നിന്ന്‌ 200 രൂപ ആക്കിയതും തൈ സബ്സിഡി  5 രൂപയാക്കിയതും വളത്തിനും സസ്യസംരക്ഷണത്തിനും തെങ്ങോന്നിന്‌ 8 രൂപയാക്കിയതും ഇടവിളകൃഷിക്ക്‌ ഹെക്ടറൊന്നിന്‌ 200 രൂപയാക്കിയതും മുഖ്യമാറ്റങ്ങളായിരുന്നു. ബോർഡും സംസ്ഥാന സർക്കാരും പദ്ധതി ചെലവിന്റെ  തുല്യ വിഹിതം വഹിച്ചിരുന്നതിന്‌ പകരം പൂർണ്ണമായും ബോർഡ്‌ വഹിക്കാൻ തുടങ്ങിയത്‌ നയപരമായ മാറ്റങ്ങളിൽ സുപ്രധാനമായി.
നേരിട്ടുള്ള പദ്ധതി നടത്തിപ്പിന്റെ തുടക്കം
തുടക്കം മുതൽ പദ്ധതി നടത്തിപ്പ്‌ വിജയകരമായിരുന്നുവേങ്കിലും ഗുണഫലം കൃത്യമായി നിജപ്പെടുത്തുവാൻ സാധ്യമായിരുന്നില്ല.  അതിനാൽ ഒരു പുതിയ ചുവടുവെയ്പ്പിന്‌  ബോർഡ്‌ തുടക്കമിട്ടത്‌ ഈ കാലയളവിൽ തന്നെയായിരിന്നു. എറണാകുളം ജില്ലയിൽ കുമ്പളം, കടമക്കുടി പഞ്ചായത്തുകളിൽ വീടുവീടാന്തരം കണക്കെടുപ്പ്‌ നടത്തുകയും വെട്ടാനുള്ള തെങ്ങുകൾ മാർക്ക്‌ ചെയ്ത്‌ വെട്ടുകയും ഇടവിള സബ്സിഡികൾ നേരിട്ട്‌ നൽകുകയും ചെയ്തത്‌ പദ്ധതിക്ക്‌ ഒരു പുതിയ ദിശാബോധം നൽകി. സാങ്കേതിക വിദ്യാ കൈമാറ്റത്തിൽ സുപ്രധാനവും അതേസമയം പലപ്പോഴും  അവഗണിക്കപ്പെടുകയും ചെയ്തിരുന്ന ബോധവത്ക്കരണ പരിപാടിക്ക്‌ ആക്കം കൂട്ടിയത്‌ ഈ പദ്ധതിപ്രദേശത്തായിരുന്നു. കൃഷിഭവനുകളും എൻജിഓകളും ബോർഡിന്റെ പദ്ധതയിൽ ശക്തമായി പങ്കാളികളായതും ഈ ചുവടുവെയ്പ്പിലായിരുന്നു.
ഈ കാലയളവിൽ ദേശീയ ഉത്​‍്പാദനക്ഷമത 5179 നാളികേരത്തിൽ നിന്ന്‌ 7779 നാളികേരമായി ഉയർന്നതും, കേരളത്തിന്റേത്‌ 4493ൽ നിന്ന്‌ 6013 നാളികേരമായുയർന്നതും പദ്ധതി ഗുണഫലം കണ്ടുവേന്നതിനു തെളിവായിരുന്നു.
പദ്ധതി പ്രകാരം വെട്ടി മാറ്റാൻ കഴിഞ്ഞ തെങ്ങുകൾ തുലോം കുറവായിരുന്നെങ്കിലും കാറ്റുവീഴ്ച രോഗത്തിന്റെ തീവ്രത 1984 ൽ രേഖപ്പെടുത്തിയ 32.37 ശതമാനത്തിൽ നിന്നും 1996 ആയപ്പോഴേക്കും 24.05 ശതമാനമായി കുറഞ്ഞത്‌ പദ്ധതിയുടെ ഗുണഫലമായി തന്നെ വ്യാഖ്യാനിക്കപ്പെട്ടു.
ക്രമേണ പത്താം പഞ്ചവത്സരപദ്ധതിയിൽ സംയോജിതകൃഷി പദ്ധതിയിൽ നിന്ന്‌ തെങ്ങുവെട്ടി  മാറ്റുന്നതിനുള്ള സബ്സിഡി അടർത്തിമാറ്റി പ്രത്യേകഘടകമാക്കി നിലനിർത്തിയതാണ്‌ ഈ കാലയളവിലുണ്ടായ മറ്റൊരു മാറ്റം.
10-​‍ാം പഞ്ചവത്സര പദ്ധതിയിൽ കൂടുതൽ പ്രദേശത്ത്‌ സംയോജിതകൃഷി പദ്ധതി നേരിട്ടു നടത്തുവാൻ ക്ലസ്റ്റർ എന്ന ആശയവുമായി ബോർഡ്‌ കടന്നുവന്നത്‌ മറ്റൊരു വഴിത്തിരിവായി. കൂട്ടായ്മയിലൂടെ സുതാര്യവും സുദൃഢവുമായ രീതിയിൽ ക്ലസ്റ്റർ പദ്ധതി മുന്നേറി. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി 750 ക്ലസ്റ്ററുകൾ 25,600 ഹെക്ടറിൽ നടപ്പിലാക്കിയത്‌ വിപ്ലവകരമായ മുന്നേറ്റം തന്നെയായിരുന്നു. ഏതാണ്ട്‌ ഒരു ലക്ഷം കർഷകർ ഈ പദ്ധതിയുടെ പരിധിയിൽ ഗുണഭോക്താക്കളായിരുന്നു.
ക്ലസ്റ്റർ തെരഞ്ഞെടുപ്പു രീതി
ഒരോ സാമ്പത്തിക വർഷാരംഭവും പത്രമാദ്ധ്യമങ്ങളിൽ കൂടിയോ പഞ്ചായത്ത്‌/കൃഷിവകുപ്പ്‌ മുഖേനയോ നൽകുന്ന അറിയിപ്പ്‌ ക്ലസ്റ്ററുകളുടെ തെരഞ്ഞെടുപ്പ്‌ അതീവ സുതാര്യമാക്കിയിരുന്നു. കർഷകർ ഗ്രൂപ്പുകൾ രൂപീകരിച്ച്‌ കൺവീനറേയും ലീഡർമാരേയും തെരഞ്ഞെടുത്ത്‌ പ്രദേശത്തിന്റെ ഭൂപടവും, വായ്പ നൽകാമെന്നുറപ്പു നൽകുന്ന ധനകാര്യസ്ഥാപനത്തിന്റെ കത്തും സഹിതം ബോർഡിന്‌ അപേക്ഷ നൽകിയിരുന്നു.
അപേക്ഷകൾ പരിശോധിച്ച്‌ ബോർഡ്‌ നിജസ്ഥിതി ഉറപ്പുവരുത്തുന്നു. ഈ പ്രക്രിയയിൽ കൃഷി വകുപ്പ്‌ ഉദ്ദ്യോഗസ്ഥൻ, കൃഷി വിജ്ഞാന കേന്ദ്രം പ്രതിനിധി എന്നിവരുടെ പങ്കാളിത്തവും ഉറപ്പു വരുത്തുന്നു.
പ്രവർത്തനരീതി
25-50 ഹെക്ടർ പ്രദേശമാണ്‌ പദ്ധതിക്കു തെരഞ്ഞെടുക്കുന്നത്‌. കർഷക പങ്കാളിത്തം ഉറപ്പുവരുത്തുന്നതിൽ പ്രാമുഖ്യം നൽകുന്നതിനാൽ പദ്ധതി നടത്തിപ്പ്‌ കർഷക പ്രതിനിധികൾക്കു തന്നെ നൽകി സുതാര്യത ഉറപ്പു വരുത്തുന്നു. ക്ലസ്റ്റർ കൺവീനർ, ഗ്രൂപ്പു ലീഡർമാർ, സബ്ഗ്രൂപ്പു ലീഡർമാർ എന്നിങ്ങനെ പൊതുയോഗം തെരഞ്ഞെടുക്കുന്ന പ്രതിനിധികൾ കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്നു. ഓരോ ക്ലസ്റ്റർ പ്രദേശത്തും 5 മുതൽ 10 വരെ ഹെക്ടർ പ്രദേശത്ത്‌ സബ്‌ ഗ്രൂപ്പുകൾ രൂപീകരിക്കുകയും സബ്ഗ്രൂപ്പിൽ നിന്ന്‌ പ്രതിനിധികളെ തെരഞ്ഞെടുക്കുകയുമാണ്‌ ചെയ്യുന്നത്‌. തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലെ പങ്കാളിത്ത സ്വഭാവം ക്ലസ്റ്റർ പദ്ധതിയെ വേറിട്ടു നിർത്തുന്നു. സമയോചിതമായ കൃഷിരീതികളും ആദായവർദ്ധനവുമാണ്‌ ലക്ഷ്യമിടുന്നത്‌.
ക്ലസ്റ്ററിലെ മണ്ണു പരിശോധന നടത്തിയശേഷമുള്ള ശാസ്ത്രീയ വളപ്രയോഗം കൃഷിരീതികൾ കൂടുതൽ പ്രായോഗികമാക്കുന്നു. സമഗ്രവളപ്രയോഗവും സസ്യസംരക്ഷണ നടപടികളും യഥാസമയം കൈക്കൊള്ളാൻ ഓരോ മാസത്തേയും പരിപാലനമുറകളുടെ കലണ്ടർ, കാർഷികവൃത്തി കൃത്യമായി അനുവർത്തിക്കുന്നതിന്‌ വഴികാട്ടിയാകുന്നു. രാസവളം മാത്രമോ, ജൈവവളം മാത്രമോ അടിച്ചേൽപിക്കാതെ എല്ലാം ചേർത്ത്‌ ഒരു സമീകൃത വളപ്രയോഗം കർഷകരിൽ വിശ്വസ്തത്ത ഊട്ടിയുറപ്പിക്കുന്നു. വളപ്രയോഗത്തിന്റെ ആവശ്യകതയ്ക്ക്‌ അടിത്തറയായി മണ്ണു പരിശോധനയും നിർബന്ധമാക്കിയിട്ടുണ്ട്‌.
കാർഷിക സാമഗ്രികൾ
വേപ്പിൻ പിണ്ണാക്ക്‌, രാസവളങ്ങൾ, കുമ്മായം, മീൻവളം, ഇടവിളകൾ, കീടനാശിനികൾ,  എലിവിഷം ഇങ്ങനെ പോകുന്നു ക്ലസ്റ്ററിൽ നൽകുന്ന സാമഗ്രികളുടെ ലിസ്റ്റ്‌. വേപ്പിൻ പിണ്ണാക്കും പച്ചക്കറി വിത്തുമൊഴികെയുള്ള എല്ലാ സാമഗ്രികളും സഹകരണ ബാങ്കുകൾവഴി വിതരണം ചെയ്യുമ്പോൾ വേപ്പിൻ പിണ്ണാക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ഉത്പാദക യൂണിറ്റുകൾ വഴിയും, പച്ചക്കറി വിത്തുകൾ വെജിറ്റബിൾ ആൻഡ്‌ ഫ്രൂട്ട്‌ പ്രോമോഷൻ കൗൺസിൽ കേരളം (വിഎഫ്പിസികെ) എന്ന സ്ഥാപനത്തിൽ നിന്നുമാണ്‌ വാങ്ങിയിരുന്നത്‌. നിർദ്ദിഷ്ട ഗുണമേന്മ മാനദണ്ഡങ്ങളനുസരിച്ചായിരിക്കും ജൈവവളങ്ങൾ വിതരണം നടത്തുന്നത്‌.
ഒരു ഹെക്ടറിൽ 175 തെങ്ങുകളെന്നകണക്കിനാണ്‌ തെങ്ങുകളുടെ സാന്ദ്രത കണക്കാക്കുന്നത്‌. തെങ്ങോന്നിന്‌ 100 രൂപ കണക്കിൽ 17500 രൂപയാണ്‌ ഹെക്ടറൊന്നിന്‌ നൽകുന്നത്‌. ഈ തുക വളം, കീടനാശിനി, നടീൽ വസ്തുക്കൾ എന്നിവയുടെ ചിലവിനാണ്‌ നൽകുന്നത്‌. മരുന്നുതളിയുടെ ചിലവിന്റെ 50 ശതമാനം പദ്ധതി ചിലവിൽ നിന്നും വഹിക്കും. കാർഷിക സാമഗ്രികളുടെ കൈപ്പറ്റു രസീത്‌ സമർപ്പിച്ചാലുടൻ, സാമഗ്രികളുടെ വില അതാതു സ്ഥാപനങ്ങൾക്ക്‌ ബോർഡ്‌ നൽകും.
പദ്ധതിയുടെ വിലയിരുത്തലുകൾ ക്രമമായും ചിട്ടയോടെയും നടത്തുന്നുവേന്നതാണ്‌ ഈ പദ്ധതിയുടെ വിജയത്തിന്റെ ഘടകം. ബോർഡുദ്യോഗസ്ഥർ, കൃഷി വകുപ്പുദ്യോഗ്യസ്ഥർ, പഞ്ചായത്തു പ്രതിനിധികൾ, ക്ലസ്റ്റർ കൺവീനർമാർ എന്നിവരുടെ ഒരു ശൃംഖലയാണ്‌ പദ്ധതി നടത്തിപ്പിലും മേൽനോട്ടത്തിലും ഭാഗഭാക്കാകുന്നത്‌.
ക്ലസ്റ്ററുകളുടെ ഗുണഫലം
പരിപാലനമുറകളും സസ്യസംരക്ഷണ നടപടികളും സുഗമമാക്കുന്നതിനോടൊപ്പം കൃഷിച്ചിലവ്‌ ഗണ്യമായി കുറയ്ക്കാനും ഈ രീതി ലക്ഷ്യമിടുന്നു. ഉത്പാദനം മുതൽ വിപണനം വരെയുള്ള ഒരു ശൃംഖലാപ്രവർത്തനമാണ്‌ ക്ലസ്റ്ററുകൾ ലക്ഷ്യമിടുന്നത്‌. കൃഷിയിടങ്ങളിൽ നാളികേരത്തിന്‌ മൂല്യവർദ്ധന ലഭ്യമാക്കുകയാണ്‌ മറ്റൊരു ലക്ഷ്യം.  കർഷകകൂട്ടായ്മയിലൂടെ വിപണനരംഗത്ത്‌ വളരെ നേട്ടങ്ങൾ കൈവരിയ്ക്കാനാകുമെന്നതും ഈ പദ്ധതിയിൽ ലക്ഷ്യമിട്ടിരുന്നു. ചെറുകിട കർഷകരുടെ ഉൽപന്നങ്ങൾ സമാഹരിച്ച്‌ കൊപ്രകൂടാതെ തൊണ്ടും ചിരട്ടയും തേങ്ങവെള്ളവും എല്ലാം കൃഷിയിടത്തിൽതന്നെ ഉപയോഗപ്പെടുത്തി ആദായം വർദ്ധിപ്പിക്കുകയുമാകാം. മാത്രവുമല്ല വിവിധ കേര വികസന പദ്ധതികൾ നടപ്പിലാക്കുന്നതിന്‌ ക്ലസ്റ്റർ ഒരു വേദിയാകുന്നുവേന്നതും അഭിലഷണീയമാകുന്നു. കർഷകരുടെ ഗ്രൂപ്പുകളിലേക്ക്‌ സാങ്കേതിക വിദ്യ ഒരേ സമയം എത്തിക്കുകയും അവരെ ബോധവത്ക്കരിക്കുകയും ചെയ്യുകയാണിവിടെ. ഇവിടുത്തെ ചെറുകിട കൃഷിഭൂമിയുടെ തനതായ ദൗർബല്ല്യങ്ങളെ കാര്യക്ഷമമായി അതിജീവിക്കാൻ നമ്മുടെ മുന്നിൽ തുറന്നു കിട്ടിയ ഒരു വാതിലാണ്‌ ക്ലസ്റ്റർ പദ്ധതി.
ഉത്പാദനക്ഷമത 8303ലേക്ക്‌ മാത്രമേ ഉയർന്നുള്ളുവേങ്കിലും കേരമേഖലയിലെ കൂട്ടായ്മയിലൂടെയുള്ള കാര്യനിർവഹണത്തിനു നാന്ദി കുറിച്ചതു ഈ ക്ലസ്റ്റർ പദ്ധതി തന്നെയായിരുന്നുവേന്നു പറയാം.
ഇന്നു നാമെത്തി നിൽക്കുന്നത്‌  അർത്ഥവത്തായ മറ്റൊരു മുന്നേറ്റ പ്രക്രിയയുടെ സാക്ഷാത്ക്കാരവുമായാണ.​‍്‌ ക്ലസ്റ്ററിൽ തുടങ്ങി കൂട്ടായ്മ ഉത്പാദന സംഘമായി രൂപകൽപന ചെയ്തതും സംഘങ്ങൾ ഫെഡറേഷനുകളും കമ്പനികളുമായി രൂപാന്തരം പ്രാപിക്കുകയും  ചെയ്യുന്ന സ്വപ്നം യാഥാർത്ഥ്യമായിക്കഴിഞ്ഞു. ക്ലസ്റ്റർ പദ്ധതി ഇനി ഉത്പാദക സംഘങ്ങൾ വഴി മാത്രമേ നടപ്പിലാക്കുകയുള്ളൂ. ഇനി പ്രവർത്തന മികവു കൊണ്ട്‌ കർമ്മമേഖല പുഷ്ടിപ്പെടുത്തി ഫെഡറേഷനുകളുടേയും കമ്പനികളുടേയും കീഴിൽ കൃഷിയും സംസ്ക്കരണവും വിപണനവും വിപുലപ്പെട്ട്‌ ദേശീയ തലത്തിൽ നിന്നും  അന്താരാഷ്ട്രതലത്തിലേക്ക്‌ ചിറകുവിടർത്തി പറന്നുയരുന്ന ഒരു കേരമേഖലയെ നമുക്കു സ്വപ്നം കാണാം. ഗുണമേന്മകൊണ്ടു സമ്പന്നമായ കേരോൽപന്നങ്ങൾ സുലഭമായ ഒരു കേരമേഖല- ഇതായിരിക്കണം നമ്മുടെ ചെറുകിട കേരകർഷരുടെ ഉയർത്തെഴുന്നേൽപ്പിനു നാന്ദി കുറിക്കേണ്ടത്‌. ഇതിനെല്ലാം വഴിവെച്ച സംയോജിത കൃഷി എന്ന ഇന്റഗ്രേറ്റഡ്‌ ഫാമിംഗ്‌ പദ്ധതി ഏറെ അർത്ഥവത്തായി പൂർവ്വാധികം ഭംഗിയായി നടപ്പിലാക്കുവാൻ നമ്മൾ പ്രതിജ്ഞാബദ്ധരാണ്‌.

22 Nov 2012

എഴുത്തിനിരുത്ത്

വി.ദത്തൻ
അരിയിലെൻ വിരൽ പിടിച്ചുകൊണ്ടച്ഛൻ
ഹരി ശ്രീ:യെന്നാദ്യമെഴുതിപ്പിച്ചതും
അമിത സന്തോഷത്തിരകളിൽ പൊങ്ങി-
യതിദ്രുതമേറ്റു പറഞ്ഞതുമോർത്തെന്റെ
മകനെയക്ഷരമെഴുതിക്കാനായി
മടിയിലേറ്റവേ കുതറിമാറുന്നു.
അനുനയങ്ങളും പ്രലോഭനങ്ങളു-
മവനിലല്പവുമലിവു ചേർത്തില്ല.
“എനിക്കു കമ്പ്യൂട്ടർ ഗയിം കളിക്കണ,-
മെഴുതത്തില്ല ഞാൻ;”-പറയുന്നൂ ദൃഢം.

ബലപ്രയോഗത്തിന്നവസാനമവ-
നലസമായെന്തോ വരയ്ക്കു;ന്നേങ്ങലിൽ
പറഞ്ഞതൊക്കയും ചിലമ്പുന്നു;മെല്ലെ
പരുക്കനെന്മനമലിഞ്ഞുവെങ്കിലും
എഴുത്തിന്മേലെന്ത്രം ജയക്കൊടി നാട്ടി-
യെഴുന്നള്ളുന്നതിൻ മഹാരവങ്ങളിൽ
വരും തലമുറ സ്വയം മറക്കുന്ന
ദുരന്തമോർത്തെന്റെയകം നടുങ്ങുന്നു.
.....................................

23 Oct 2012

ഒരു കൊച്ചു ബ്രൂട്ടസിന്റെ കഥ!

കുഞ്ഞുമോൻ


വണ്ടി ഇരച്ചും തുമിച്ചും കയറ്റം കയറുന്നു, ഹൈറെയ്ഞ്ച് പാതയിലെ ഹെയര്‍പിന്‍ ബെന്റുകള്‍ കടന്ന് ആ ടൂറിസ്റ്റ് ബസ്, ഊട്ടിയെ ലക്ഷ്യമാക്കി പോകുന്നു. നനുത്ത കോടമഞ്ഞ് വണ്ടിയുടെ ജനാലചില്ലില്‍ ഒരുക്കുന്ന വേര്‍പ്പുകണങ്ങളുടെ ചാലുകള്‍ നോക്കിയിരുന്ന അവന്റെ ചുമലില്‍ കൈ വച്ച് കൊണ്ട് അവള്‍ പറഞ്ഞു…. ‘എനിക്കിന്നു വരെ നിന്നെപ്പോലൊരു കൂട്ടുകാരന്‍ ഉണ്ടായിട്ടില്ല…’ അവന്‍ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് മെല്ലെ അവളുടെ കൈയ്യിലൊന്നു കൈവച്ചു, എന്നിട്ട് വീണ്ടും ജനാലച്ചില്ലിലെ വേര്‍പ്പുകണങ്ങളുടെ കുസൃതിയില്‍ മുഴുകി. അവള്‍ അവന്റെ ചുമലിലേക്ക് തല ചായ്ച്ച് കണ്ണുകളടച്ചു.
എല്ലാവരും ടൂറിന്റെ ആലസ്യത്തിലാണ്. ആടിയും തിമിര്‍ത്തും രണ്ട് ദിനങ്ങള്‍ പിന്നിട്ടതിന്റെ ആലസ്യം അവനും വേണ്ടുവോളം ഉണ്ട്. പക്ഷേ മനസ്സ്, കനമുള്ള വടം കൊണ്ട് ബന്ധിച്ച പോരുകാളയെപ്പോലെ അസ്വസ്ഥമാണ്. എല്ലാം നന്നായി പൊയ്‌ക്കൊണ്ടിരുന്ന തന്റെ കോളേജ് ജീവിത്തിലെ ആനന്ദത്തില്‍ പെട്ടെന്ന് ഈ ദിവസം എന്താണ് സംഭവിച്ചത്? അവന്റെ മനസ്സ് യ്യാത്ര ചെയ്യുകയാണ്, ഒരുപാട് പിന്നിലെക്കൊന്നുമല്ല, രണ്ട് ദിവസം മുമ്പ് ടൂറ് പുറപ്പെട്ടതു മുതല്‍ കുറച്ച് നാള്‍ പിന്നിലേക്ക്.
ഓര്‍മ്മകള്‍ക്ക് എത്തിപിടിയ്ക്കാന്‍ കഴിഞ്ഞ ആദ്യ കോളേജ് ദിനം മുതല്‍ ഈ കൂട്ടത്തിലെ ഒരാള്‍ തന്നെയായിരുന്നു താനും. ഇന്നലെ വരേയും അത് അങ്ങനെ തന്നെയായിരുന്നു! മാറ്റങ്ങള്‍ തുടങ്ങിയതു അവളില്‍ നിന്നാണ്. ആണുങ്ങള്‍ മാത്രം പഠിക്കുന്ന പ്രഫഷണല്‍ കോഴ്‌സിലേക്ക് വഴി തെറ്റി വന്ന അഞ്ചു പെണ്‍കുട്ടികളില്‍ കൂടുതല്‍ കാണാന്‍ കൊള്ളാവുന്ന ഒരു പെണ്ണ് എന്ന രീതിയില്‍ ആണു ആദ്യം അവളെ കാണുന്നത്. ഏറ്റവും അടുത്ത സുഹൃത്തിന്റെ പ്രണയാഭ്യര്‍ത്ഥനയുമായി അവളെ സമീപിക്കുമ്പോഴും ആ ചിന്തയില്‍ മാറ്റങ്ങളൊന്നും ഇല്ലായിരുന്നു. നിരാശ മാത്രം സുഹൃത്തിനു സമ്മാനിച്ച വീണ്ടും വീണ്ടുമുള്ള പ്രണയാഭ്യര്‍ത്ഥനകള്‍ പക്ഷേ, അവനേയും അവളേയും തമ്മില്‍ കൂടുതല്‍ അടുപ്പിച്ചു! സൌഹൃദം എന്നത് ഉണ്ടാക്കുന്നതല്ല ഉണ്ടാകുന്നതാണെന്ന് അവന്‍ പഠിച്ചു. സീമാധീനമായ ആണ്‍പെണ്‍ സൌഹൃദങ്ങള്‍ക്ക് നേരെ അവര്‍ കൊഞ്ഞനം കുത്തി!
പക്ഷേ അവനറിയുന്നുണ്ടായിരുന്നില്ല, അവന്‍ ഒരു കാല്പനിക ദുരന്ത പ്രണയകഥയിലെ വില്ലന്‍ ആവുകയാണെന്ന്! അതിന്റെ ക്ലൈമാക്‌സില്‍, ‘ഒരേ വേവ് ലെംഗ്തില്‍ ചിന്തിക്കുന്ന’ ഏറ്റവും അടുത്ത കൂട്ടുകാരന്‍ പോലും തനിക്കെതിരെ പൊട്ടിത്തെറിക്കുമെന്നും അവന്‍ സ്വപ്‌നേപി കരുതിയില്ല! റോമിയോ ജൂലിയറ്റ് കഥയിലേക്ക് ബ്രൂട്ടസ് കടന്നു വന്നതു പോലെയായിരുന്നു സുഹൃത്തിന്റെ മുന്നില്‍ അവന്‍ നിന്നിരുന്നത്. റോമിയോയുടെ ഹൃദയത്തിലേക്ക് മൂര്‍ച്ചയേറിയ കഠാര കുത്തിയിറക്കിയിട്ട് ജൂലിയറ്റുമായ് യവനികയില്‍ നൃത്തം ചെയ്യുന്ന ബ്രൂട്ടസ്!! ചോര വാര്‍ന്നൊലിക്കുന്ന ഹൃദയവുമായ് റോമിയോ പിടയ്ക്കുന്നു… കാണികള്‍ക്ക് മുന്നില്‍ ബ്രൂട്ടസ് വില്ലനാകാന്‍ ഇതില്പരം എന്തു വേണം??
ബ്രൂട്ടസിന്റെ മനസ്സും വികാരങ്ങളും കച്ചവട മൂല്യമില്ലാത്ത ചരക്കുകളാണ്!! റോമിയോയുടെ വേദനയ്ക്ക് നല്ല മാര്‍ക്കറ്റ് വാല്യൂ ആണ്, കാണികള്‍ക്ക് അതിനോടാണ് പ്രിയം കൂടുതല്‍. വേദനയില്‍ പുളയുന്ന റോമിയോക്ക് മുന്നില്‍ സഹതാപത്തിന്റെ കെട്ടുകളുമായി കാണികള്‍ ഓരോരുത്തരായി എത്തി. അവന്റെ മുറിവിലേക്ക് അവര്‍ സഹതാപതിന്റെ നീര് പിഴിഞ്ഞൊഴിച്ചു. അതിന്റെ നീറ്റല്‍ മരിക്കുവാന്‍ തുടങ്ങുകയായിരുന്ന അവന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി പുതുജീവന്‍ നല്‍കുന്നു, വീണ്ടെടുത്ത വീര്യവുമായ് അവന്‍ ബ്രൂട്ടസിന്റെ കഴുത്തിനെ ലാക്കാക്കി ഖഢ്ഗം പായിക്കുന്നു……ശുഭപര്യവസാനം!

യവനികയിലായാലും, ജീവിതത്തിലായാലും അവന്റെ കഥാപാത്രം വില്ലന്‍ തന്നെയാണ്. അവന്റെ ദു:ഖം ഹാസ്യമായാണ് അരങ്ങിലെത്തുക! അവന്റെ സെന്റിമെന്റ്‌സ് സദസ്സില്‍ ചിരി പടര്‍ത്തും. അതു തന്നെയാണ് ഇന്ന് സംഭവിച്ചത്. പിടിച്ചു നിര്‍ത്താന്‍ ഒരുപാട് ശ്രമിച്ചെങ്കിലും, കണ്‍പോളകള്‍ നിറഞ്ഞ് കവിഞ്ഞപ്പോള്‍ കൈത്തണ്ടയില്‍ വീണു പൊട്ടിയ ആ അശ്രുകണത്തെ നോക്കി ചിരിച്ച കൂട്ടുകാര്‍ക്ക് മുന്നില്‍ ഭൂമി പിളര്‍ന്നു താഴേക്ക് പോയിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം അവന്‍ കൊതിച്ചു! ടൂറിനിടയില്‍ ഉളുക്കിയ കാലുമായ് വേച്ച് നടന്ന അവളെ വണ്ടിക്കുള്ളില്‍ ഇരിക്കാന്‍ കല്‍പ്പിച്ച് എല്ലാവരും ത്രിവേണി സംഗമം കാണാന്‍ പോയപ്പോള്‍ നിരാശയോടെയിരുന്ന അവളുടെ നേര്‍ക്ക് അവന്‍ കൈനീട്ടിയത്, അതൊരു കൊടിയ പാതകമായി മാറും എന്നറിയാതെയാണ്! അവളുടെ കൈ പിടിച്ച് അവന്‍ നടന്ന വീഥികളില്‍ അവര്‍ക്കു പിന്നില്‍ കത്തുന്ന കണ്ണുകളുമായി ആ കാമുകന്‍ നടന്നത് അവന്‍ കണ്ടില്ല! ഒടുവില്‍ ത്രിവേണി സംഗമത്തിന്റെ കല്‍പ്പടവുകളില്‍ ഇരുന്ന അവരെ കടന്നു പോയ ആ കാമുകനെ ഒപ്പമിരിക്കാന്‍ ക്ഷണിച്ചപ്പോള്‍, എന്തിനും, ഏതിനും എപ്പോഴും കൂടെയുണ്ടായിരുന്ന ആ കൂട്ടുകാരന്‍ അതുവരെ അവന്റെ ഉള്ളിലൊളിപ്പിച്ച അമര്‍ഷത്തിന്റെ അണ തുറന്നു വിട്ടു. ആര്‍ത്തലച്ചു വന്ന ആ ശകാരവര്‍ഷത്തിനു കേള്‍വിക്കാര്‍ കൂടി. തന്നെ ബാധിക്കുന്നതൊന്നും ഇവിടെ നടക്കുന്നില്ല എന്ന ഭാവത്തില്‍ അവര്‍ മറ്റെങ്ങോ നോക്കിയിരിക്കാന്‍ ശ്രമിച്ചു. തന്റെയുള്ളിലെ അമര്‍ഷത്തിന്റെ തിരയിളക്കം അല്പമൊന്ന് ശമിച്ചപ്പോള്‍ കൈയ്യിലിരുന്ന ക്രിസ്റ്റല്‍ പാവ തറയിലേക്കെറിഞ്ഞ് പൊട്ടിച്ച് ആ കൂട്ടുകാരന്‍ നടന്നകന്നു. കേള്‍വിക്കാര്‍ അവനു പിന്നാലെയും! അപ്പോള്‍ മുതല്‍ അടക്കി വച്ച മനസ്സിന്റെ വിങ്ങലാണ് ഒരു ബാഷ്പബിന്ദുവായ് ഉതിര്‍ന്ന് വീണ് അവനെ പരിഹാസ്യനാക്കിയത്!
‘എല്ലാവരും ഇറങ്ങിക്കോ’ എന്ന െ്രെഡവറിന്റെ ഉറക്കെയുള്ള വിളി കേട്ടാണ് അവന്‍ ചിന്തയില്‍ നിന്നുണര്‍ന്നത്. ഊട്ടിയിലെ ഒരു ഹോട്ടലില്‍ താമസം റെഡിയാക്കിയതിന് ശേഷമുള്ള അഹ്വാനമായിരുന്നു അത്. വണ്ടി നിര്‍ത്തിയിട്ടിട്ട് കുറച്ച് നേരമായി എന്നവന്‍ ഊഹിച്ചു, ‘താനുറങ്ങുകയായിരുന്നില്ലല്ലോ….? എന്തോ അറിയില്ല’ ബസ്സിനുള്ളില്‍ ബാഗുകള്‍ വലിച്ചെടുക്കുന്നതിന്റേയും മറ്റും ബഹളങ്ങള്‍ തുടങ്ങി. എല്ലാവരും ക്ഷീണിച്ചവശരാണ്, ഒന്നുറങ്ങിയാല്‍ മതി എന്ന ഭാവത്തില്‍ എല്ലാവരും മുറികളെ ലക്ഷ്യമാക്കി ഉറക്കച്ചടവില്‍ നടക്കുന്നു. അവളും മറ്റു പെണ്‍കുട്ടികളോടൊപ്പം പൊയ്ക്കഴിഞ്ഞിരുന്നു. അവന്‍ ഡോര്‍മെട്രിയുടെ വാതില്‍ക്കല്‍ എത്തിയപ്പോള്‍ അവളവിടെ കാത്തുനിക്കുന്നുണ്ടായിരുന്നു. അതു കണ്ട് കുസൃതിച്ചിരികളുമായി മറ്റുള്ളവര്‍ ഡോര്‍മെട്രിയിലേക്ക് കയറി. അവര്‍ മാത്രമായപ്പോള്‍ അവള്‍ അവനോട് പറഞ്ഞു, ‘എനിക്കറിയാം നീ നിന്റെ കൂട്ടുകാരുടെ ഇടയില്‍ എത്രത്തോളം ഒറ്റപ്പെടുന്നെന്ന്…’ ഒന്നു നിര്‍ത്തി, കുറച്ച് നേരം മറ്റെങ്‌നോ നോക്കി നിന്നതിനു ശേഷം അവള്‍ തുടര്‍ന്നു, ‘ഈ സമൂഹത്തിനു മുന്നില്‍ നമുക്ക് അടുത്തിടപഴകണമെങ്കില്‍ ഒന്നുകില്‍ നമ്മള്‍ പ്രണയിക്കണം അല്ലെങ്കില്‍…….ഒരു വയറ്റില്‍ പിറക്കണം.’ അവന്‍ മുഖത്തൊരു കൃത്രിമച്ചിരി വരുത്തി, എന്നിട്ട് വാച്ചില്‍ നോക്കി ഒരു തമാശ പോലെ പറഞ്ഞു, ‘ഉറങ്ങാന്‍ നേരം തെറ്റി അല്ലേ, പിച്ചും പേയും പറയാതെ നീ പോയി ഉറങ്ങാന്‍ നോക്ക്.’ അവള്‍ക്ക് ചിരി വന്നില്ല, ബാഡ് ജോക്ക് എന്നറിയിക്കാന്‍ അവള്‍ വിരലുകള്‍ കൊണ്ട് ‘V’ എന്നു കാണിച്ചിട്ട് അവളുടെ മുറിയിലേക്ക് പോയി.
ചിരിച്ച് കൊണ്ട് യാത്ര പറയുമ്പോഴും അവന്റെ മനസ്സ് കലുഷിതമായിരുന്നു. കമ്മിറ്റ് ചെയ്യാനാകാത്ത പ്രണയജോഡികളുടെ അഭയസ്ഥാനം ആണ് ‘ഫ്രണ്ട്ഷിപ്പും’, ‘സാഹോദര്യവും’ എന്ന് അവനും വിശ്വസിച്ചിരുന്നു, പക്ഷേ, വയറോ, പൊക്കിള്‍കൊടിയോ, രക്തമോ, വര്‍ണ്ണമോ ഒന്നും സൌഹൃദത്തിനും, സഹോദര്യത്തിനും മാനദണ്ഡങ്ങളല്ല, അതിനെല്ലാമപ്പുറമുള്ള എന്തോ ഒന്ന്… പേരറിയാത്ത എന്തോ ഒന്ന്, അതാണ് അതിനെല്ലാമാധാരം എന്നിപ്പോളവന്‍ മനസ്സിലാക്കുന്നു.

20 Sept 2012

പ്രണിയിനി രാധ കേഴുന്നു


ശ്രീലത പടിഞ്ഞാറേമറ്റത്തിൽ

വിസ്മൃതിയുടെ ശയ്യാതലത്തിൽ; സ്മൃതിയുടെ തലോട-
ലിനായി കേഴുന്നതീ രാധ!
മുറവിളി കൂട്ടുന്നു മനസ്സിൽ,
യെന്നോ മറിഞ്ഞു വീണ പൂനിലാകിണ്ണം
ജ്ഞാനത്തിൻ മുരളീരവത്താലീ-
ചന്ദന ചാണസുഗന്ധപൂരിതമാക്കുവാൻ!
പ്രണയിനിയവൾ കേഴുന്നു! പ്രണയിനീയിവൾ കേഴുന്നു!
ഒളിച്ചു കളിക്കുന്നോ കണ്ണാ...നീയീ പ്രതീക്ഷയുടെ-
യമുനാ തടത്തിൽ.
കനവുകളിൽ കാലിമേച്ചിടാതെ
ലാടൻ തറച്ച തീരത്ത്‌ പേണികുളമ്പടി നാദ-
മിന്നൊരു മരീചിക മാത്രം
രാഗസുധയൊഴുകാത്ത സ്മൃതി വനമെന്നേ-
മരുഭൂവായി.
കെട്ടികിടക്കുമീ നദീതടത്തിനു നഷ്ടമാകുന്നു;
അനർഗ്ഗള സംഗീതം
അജ്ഞാനത്തിൻ കാളിയൻ വിഷജ്വാല ചീറ്റുമ്പോൾ
നഷ്ടമാകുന്നതീ മോഹതീരത്തിനു സർഗ്ഗാത്മകതതൻ
പാലും വെണ്ണയും
വരിക ! കാമലോചനാ! പ്രണയാതുരനായെന്നിൽ!
സ്മൃതിയിൽ മഞ്ജീരധ്വനിയുണർത്തി പ്രകാശവർഷ-
മാടുവാൻ
അജ്ഞതയുടെ കാളിമപേറും പത്തികളിൽ നീ പ്രണയ-
താണ്ഡവമാടില്ലേ?
പ്രണയവിരഹയാമെന്നിൽ പ്രഭാനാളമായിഴുകില്ലേ?
സാഗരം പൂകിയായനന്ത ശയ്യാതലത്തിൽ രമിക്കുവാൻ
പൂർണ്ണ സ്വരൂപം നിന്നർദ്ധാംഗിയായെന്നെ ക്ഷണിക്കില്ലേ?
സാഗരത്തിലാഴ്‌ന്നയീ പ്രേമകുടീരത്തെ ഭാവപൂർണ്ണമായു-
ണർത്തുവാൻ
നന്മയുടെ വൃന്ദാവനത്തിൽ നമുക്കീ കാലികളെ-
മേച്ചീടുവാൻ
പ്രണയഹർഷനായണയുകെന്നിൽ പ്രഭാപൂരമാടുവാൻ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...