Showing posts with label SUMOD NAMBOOTHIRI. Show all posts
Showing posts with label SUMOD NAMBOOTHIRI. Show all posts

15 Jan 2015

നാളികേര ഉത്പാദക കമ്പനികളുടെ ഭാവി സാധ്യതകൾ


സുമോദ്‌ നമ്പൂതിരി
ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ റൂറൽ മാനേജ്‌മന്റ്‌, ആനണ്ട്‌

പ്രശസ്ത വ്യവസായി ഹെന്ററി ഫോർഡ്‌ വിജയത്തിലേയ്ക്കുള്ള വഴിയായി വിശദീകരിക്കുന്ന ഒരു ആപ്തവാക്യമുണ്ട്‌ - ഒരുമിച്ചു ചേരൽ തുടക്കമാണ്‌, ഒരുമിച്ചു നിൽക്കൽ പുരോഗതിയാണ്‌, ഒരുമിച്ചുള്ള പ്രവൃത്തി വിജയമാണ്‌. ഇതിൽ ഒരുമിച്ചു ചേരൽ ഇന്ത്യൻ നാളികേര മേഖലയിൽ നടന്നു കഴിഞ്ഞു. അതായത്‌ പതിമൂന്ന്‌ നാളികേര ഉത്പാദക കമ്പനികൾക്ക്‌ തുടക്കമായിക്കഴിഞ്ഞു.
കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി
രാജ്യത്തെ നാളികേര കർഷകർ വലിയ വെല്ലുവിളികൾ നേരിടുകയാണ്‌. വിദേശ
രാജ്യങ്ങളിൽ നിന്നുള്ള എണ്ണകളുടെ ഇറക്കുമതി, ബഹുരാഷ്ട്ര കമ്പനികളുടെ ചൂഷണം, ഉത്പ്പന്നങ്ങൾക്ക്‌ വിലവ്യതിയാനം, വിപണിയിലേയ്ക്ക്‌ വിലകുറഞ്ഞ ബദൽ ഉത്പ്പന്നങ്ങളുടെ പ്രവാഹം തുടങ്ങിയ
പ്രതിഭാസങ്ങൾ ഒന്നാം തരം ഉത്പ്പന്നങ്ങളുടെ വില പോലും കുത്തനെ ഇടിച്ചു. എന്നാൽ ഉപഭോക്താക്കൾക്കാകട്ടെ കുറഞ്ഞവിലയ്ക്ക്‌ ഈ ഉത്പ്പന്നങ്ങൾ ലഭിച്ചതുമില്ല. ചുരുക്കത്തിൽ ഇടനിലക്കാർ കൃഷിക്കാർക്കും ഉപഭോക്താക്കൾക്കും മധ്യേ നിന്നുകൊണ്ട്‌ വലിയ ലാഭമുണ്ടാക്കി. കർഷകർക്ക്‌ വിപണി പ്രാപ്യമായിരുന്നില്ല,
ഉത്പ്പന്നങ്ങൾ ഒറ്റയ്ക്ക്‌ വിപണനം ചെയ്യാൻ അവർക്ക്‌ സാധിച്ചിരുന്നുമില്ല. ഈ പശ്ചാത്തലത്തിലാണ്‌ കർഷകരുടെ ഉത്പാദക കമ്പനികൾ രംഗപ്രവേശം ചെയ്യുന്നത്‌.
നാം ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ. രാജ്യത്തെ നാളികേരത്തിന്റെ വിപണിയിൽ വലിയ ചാഞ്ചാട്ടങ്ങളായിരുന്നു കഴിഞ്ഞ ഏതാനും വർഷങ്ങളായി കണ്ടുവന്നിരുന്നത്‌. എന്നാൽ നമ്മുടെ ഒരു പ്രധാന നിത്യോപയോഗ സാധനമായ പാലിന്റെ വിലയിലാകട്ടെ പതിറ്റാണ്ടുകളായി ഇത്തരത്തിലുള്ള കയറ്റിറക്കങ്ങൾ ഒന്നും ഉണ്ടായിട്ടുമില്ല. മാത്രവുമല്ല അത്‌ കൃത്യമായ ഇടവേളകളിൽ കുതിച്ച്‌ ഉയരുന്നുമുണ്ട്‌. ഇത്‌
എന്തുകൊണ്ട്‌? ക്ഷീരവ്യവസായമേഖല പാലിനെ ഒരു ക്രയവസ്തു എന്ന അവസ്ഥയിൽ നിന്ന്‌ സംസ്കരിച്ച ഉത്പ്പന്നം എന്ന തലത്തിലേയ്ക്ക്‌ മാറ്റി. കർഷകരിൽ നിന്ന്‌ വാങ്ങുന്ന പാൽ സംസ്കരിച്ച്‌ പായ്ക്കറ്റിലാക്കുന്നതോടെ അല്ലെങ്കിൽ ഏതെങ്കിലും ക്ഷീര ഉത്പ്പന്നമാകുന്നതോടെ സാധാരണ പാൽ ക്രയ വസ്തു അല്ലാതാകുന്നു.
ഇതേ പ്രക്രിയ തന്നെയാണ്‌ നാളികേരത്തിന്റെ വിലനിലവാരം ഉയർത്തുന്നതിനും വേണ്ടത്‌. നാളികേരം ഒരു ക്രയവസ്തു എന്ന തലത്തിൽ നിന്ന്‌ മാറേണ്ടിയിരിക്കുന്നു. അതായത്‌ നാളികേരം സംസ്കരിച്ച്‌, മൂല്യവർധനവ്‌ നടത്തി, പ്രകൃതത്തിൽ തന്നെ മാറ്റം വരുത്തിയാലെ വിലവ്യതിയാനത്തിൽ നിന്നു രക്ഷപ്പെടാൻ സാധിക്കൂ എന്നു ചുരുക്കം. നേരത്തെ ചൂഷണത്തെകുറിച്ച്‌ ബോധവാന്മാരായിരുന്നു എങ്കിലും ചൂഷകരെ എതിർത്തു നിൽക്കാൻ ചൂഷിതരായ കൃഷിക്കാർക്ക്‌ ശക്തി ഇല്ലായിരുന്നു. കാരണം അവർ വിദൂരപ്രദേശങ്ങളിൽ ഒറ്റപ്പെട്ട്‌ താമസിച്ചിരുന്നവരും നാളികേരത്തിൽ നിന്ന്‌ മൂല്യ വർധിത ഉത്പ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ വശമില്ലാത്തവരും ആയിരുന്നു. ഇന്ന്‌ സ്ഥിതി അതല്ല. നാളികേര കർഷകർ സംഘടിച്ചിരിക്കുന്നു. ഉത്പാദക കമ്പനികളുടെ കീഴിൽ കുത്തകകളുടെ ചൂഷണത്തിനെതിരെ അണി നിരന്നിരിക്കുന്നു. ഒരു ഉത്പാദക സംഘം എന്നാൽ അമ്പത്‌ കൃഷിക്കാരും അവരുടെ ഉടമസ്ഥതയിലുള്ള 5000 തെങ്ങുകളുമാണ്‌. ഇത്തരത്തിലുള്ള 20 സംഘങ്ങൾ ചേർന്ന്‌ ഒരു ഫെഡറേഷനും പത്തു ഫെഡറേഷനുകൾ ചേരുമ്പോൾ ഒരു കമ്പനിയും രൂപം കൊള്ളുന്നു. അതായത്‌ ഒരു കമ്പനിയുടെ കീഴിൽ ഏകദേശം 10 ലക്ഷം തെങ്ങുകളുണ്ടായിരിക്കും. തെങ്ങോന്നിൽ നിന്ന്‌ എൺപതു നാളികേരം വച്ച്‌ ഇവയുടെ മൊത്തം ഉത്പാദനം എട്ടു കോടി നാളികേരവും ആകുന്നു. അതായത്‌ പതിനായിരം കർഷകർ ഉൾപ്പെടുന്ന ഒരു കമ്പനിയുടെ അധികാര മേഖലയിൽ നിന്ന്‌ ഒരു വർഷം എട്ടു കോടി നാളികേരം ആണ്‌ ആദായമായി ലഭിക്കേണ്ടത്‌. എന്നാൽ അംഗങ്ങൾ ഒന്നിച്ച്‌ പ്രവർത്തിക്കാത്ത
പക്ഷം ഈ സംഖ്യ കടലാസിൽ മാത്രം
ഉതുങ്ങും എന്നും ഓർമ്മിക്കുക. അതിനാൽ അടുത്ത പ്രധാന ദൗത്യം ഈ കൃഷിക്കാരെ യോജിപ്പിൽ നിലനിർത്തുക എന്നതത്രെ. അതിന്‌ അവരിൽ ഉടമസ്ഥതാ ബോധം സൃഷ്ടിക്കണം. അംഗങ്ങൾക്കിടയിൽ പരസ്പരം കരുതലും ധാരണയും വളർത്തണം.
കമ്പനിയിൽ നിന്ന്‌ ഏതെങ്കിലും വിധത്തിലുള്ള ആനുകൂല്യം ലഭിച്ചാൽ മാത്രമെ അംഗങ്ങൾ ഉത്പാദക സംഘത്തിൽ തുടരുകയുള്ളു. അംഗങ്ങളെ ഒന്നിച്ച്‌ നിർത്തുന്നതിൽ ഈ തൃത്താല സംവിധാനത്തിൽ ഓരോ തലങ്ങൾക്കും അതതിന്റേതായ പങ്ക്‌ ഉണ്ട്‌. താഴെ തട്ടിലുള്ള സംഘങ്ങൾ തെങ്ങിൻ തൈകളുടെയും വളത്തിന്റെയും വിതരണം, ഇടവിളകളുടെ കൃഷി, ഉത്പാദനം തുടങ്ങിയ പ്രവർത്തനങ്ങളുമായി മുന്നേറുന്നതോടൊപ്പം അവർ അവരുടെ സംഘങ്ങളിൽ നിന്ന്‌ നാളികേരം സംഭരിച്ച്‌ നൽകി ഫെഡറേഷനുകളെയും സഹായിക്കണം. ഫെഡറേഷനുകളാകട്ടെ, കീഴ്‌ ഘടകങ്ങളായ സംഘങ്ങളിൽ നിന്ന്‌ നാളികേരം സംഭരിക്കുകയും, സംസ്കരിക്കുകയും ചെയ്യണം. കൂടാതെ വളങ്ങളും ഇടവിളകളുടെ നടീൽ വസ്തുക്കളും നൽകി സംഘാംഗങ്ങളെ സഹായിക്കുകയും ചെയ്യണം. ഈപരസ്പര സഹായം സംഘങ്ങൾക്കും ഫെഡറേഷനുകൾക്കുമിടയിൽ ദൃഢമായ ഒരു ബന്ധം സൃഷ്ടിക്കും.
ഫെഡറേഷനുകൾ സംഭരിക്കുന്ന നാളികേരം സംസ്കരിച്ച്‌ വൈവിധ്യമാർന്ന
ഉത്പ്പന്നങ്ങളാക്കി വിപണിയിൽ എത്തിച്ച്‌ വിൽപന നടത്തുക എന്നതാണ്‌ കമ്പനികളുടെ ദൗത്യം. ഇതോടൊപ്പം നാളികേര സംഭരണത്തിന്‌ ഫെഡറേഷനുകളെ സഹായിക്കുകയും വേണം. സംഭരിക്കുന്ന നാളികേരത്തിന്‌ മൂല്യവർധന വരുത്തുക
എന്നതാണ്‌ കമ്പനികൾ അനുഷ്ടിക്കേണ്ട ധർമ്മം. നാളികേരചിപ്സ്‌, പായ്ക്കറ്റിലാക്കിയ കരിക്കിൻ വെള്ളം, അച്ചാർ, നാളികേര പാൽ, ഡസിക്കേറ്റഡ്‌ കോക്കനട്‌, വിനാഗിരി തുടങ്ങി ഡസനിലേറെ ഉത്പന്നങ്ങൾ ഉണ്ടാക്കാമല്ലോ. ഒരിക്കൽ നാളികേരം ഒരു മൂല്യവർധിത ഉത്പ്പന്നമായി മാറിയാൽ പിന്നെ അതൊരു വിൽപന ചരക്കല്ല, വിപണിയിലെ വില വ്യതിയാനങ്ങളിൽ നിന്ന്‌ അതു പൂർണമായും സ്വതന്ത്രവുമാണ്‌. ഇപ്രാകാരമാണ്‌ നാളികേരത്തിന്‌ കർഷകർ വിലസ്ഥിരത നേടേണ്ടതും കൃഷി ലാഭകരമാക്കേണ്ടതും. ഒരിക്കൽ ഈ
കണ്ണികൾ പരസ്പരം ചേർക്കപ്പെട്ടു കഴിഞ്ഞാൽ പിന്നെ ആർക്കും കമ്പനികളുടെ വിജയകരമായ മുന്നേറ്റത്തെ തടയാനാവില്ല. അതോടെ കർഷകരെ ചൂഷണം ചെയ്തുവരുന്ന ഇടനിലക്കാർ ഈ മേഖലയിൽ നിന്ന്‌ അപ്രത്യക്ഷമാകും. അങ്ങനെയാണ്‌ തൃത്താല കർഷക കൂട്ടായ്മ നാളികേര മേഖലയിലെ നിക്ഷേപം, സംഭരണം, സംസ്കരണം, വിപണനം തുടങ്ങി പൊതുവായ പ്രശ്നങ്ങൾ പരിഹരിക്കുക.
ഒരിക്കൽ ഈ തൃത്താല സംവിധാനം വിജയകരമായി പ്രവർത്തിച്ചു തുടങ്ങിയാൽ, കമ്പനിക്ക്‌ ആവശ്യമുള്ള അസംസ്കൃത വസ്തുക്കൾ അന്വേഷിക്കേണ്ട ആവശ്യവും വരുന്നില്ല. കാരണം ഓരോ കമ്പനിയുടെയും പ്രവർത്തന പരിധിക്കുള്ളിൽ നിന്നു തന്നെ പ്രതിവർഷം എട്ടു കോടി നാളികേരത്തിന്റെ ലഭ്യത ഉറപ്പാണ്‌. അതെസമയം സ്വകാര്യ സംരംഭകർക്കും മറ്റ്‌ കോർപ്പറേറ്റ്‌ സ്ഥാപനങ്ങൾക്കും കർഷകരുടെ നാളികേരം അന്വേഷിച്ച്‌ നടക്കണം, അവ സംഭരിക്കണം, ദൂരെയുള്ള ഫാക്ടറികളിലേയ്ക്ക്‌ വാഹനങ്ങളിൽ കൊണ്ടുപോകണം.
പക്ഷെ കർഷകരുടെ ഉത്പ്പാദക കമ്പനികൾക്കാകട്ടെ, ഇതിന്റെയൊന്നും ആവശ്യമില്ല. എല്ലാം സമീപത്തുണ്ട്‌. തന്മൂലം ഉത്പദന ചെലവ്‌ പതിന്മടങ്ങ്‌ കുറയ്ക്കാൻ അവർക്കാകും. ഉത്പാദന ചെലവ്‌ കുറയുമ്പോൾ ഉത്പ്പന്നങ്ങൾക്ക്‌ വില കുറയും, അപ്പോൾ വിപണിയിൽ എതിർ ബിസിനസ്‌ സ്ഥാപനങ്ങളുമായി മത്സരിക്കാൻ അവർക്ക്‌ സാധിക്കും. വിപണിയിൽ ഡിമാന്റുള്ള ഉത്പ്പന്നങ്ങൾ ഏതൊക്കെയെന്നു തിരിച്ചറയുക, അവയുടെ വിപണനത്തിന്‌ ഫലപ്രദമായ തന്ത്രങ്ങൾ മെനയുക എന്നിവയിലൂടെ മാത്രമെ കമ്പനിക്ക്‌ ഉപഭോക്താക്കളുടെ ഹൃദയങ്ങളിലേയ്ക്ക്‌ എത്തി വിപണി പിടിച്ചടക്കാൻ സാധിക്കുകയുള്ളു.
ഇനി നമുക്ക്‌ നാളികേര മേഖലയിൽ നിലവിലുള്ള ചിത്രം പരിശോധിക്കാം.
ഒരു നാളികേര ഉത്പാദക കമ്പനിയുടെ കാര്യം എടുക്കുക. അവർ ബിസിനസ്‌ തുടങ്ങുന്നത്‌ ദിവസവും 10,000 നാളികേരം ഉണങ്ങി കൊപ്രയാക്കാൻ ശേഷിയുള്ള ഡ്രയർ സ്ഥാപിച്ചുകൊണ്ടാണ്‌ എന്നു കരുതുക. ഇതോടൊപ്പം ഒരു എണ്ണമില്ലും വിനാഗിരി ഉത്പാദന യൂണിറ്റും കൂടി പ്രവർത്തിക്കുന്നു. സാധാരണ വെളിച്ചെണ്ണയുടെ
വില വിപണിയിൽ കയറിയും ഇറങ്ങിയും നിൽക്കുമ്പോൾ പായ്ക്കറ്റിൽ നിറച്ച, ബ്രാൻഡ്‌ ചെയ്ത വെളിച്ചെണ്ണയുടെ വിലയെ അത്‌ അത്ര ബാധിക്കുന്നില്ല. പൊതു വിപണിയിൽ വെളിച്ചെണ്ണ വില ലീറ്ററിന്‌ 150 രൂപയിൽ നിൽക്കുമ്പോൾ ബ്രാൻഡ്‌ ചെയ്ത വിളിച്ചെണ്ണയ്ക്ക്‌ ലീറ്ററിന്‌ 180 രൂപയാണ്‌. ഒരു നാളികേരത്തിന്റെ ശരാശരി തൂക്കം 450 ഗ്രാം എന്നു കണക്കാക്കിയാൽ 10,000 നാളികേരത്തിൽ നിന്ന്‌ 1485 കിലോഗ്രാം കൊപ്ര ലഭിക്കും. ഇതിൽ നിന്ന്‌ 891 ലീറ്റർ വെളിച്ചെണ്ണയും അത്‌ ബ്രാൻഡ്‌ ലേബലിൽ വിൽക്കുമ്പോൾ 160380 രൂപയും ലഭിക്കും. ബാക്കി 535 കിലോഗ്രാം പിണ്ണാക്ക്‌ ലഭിക്കും. ഇതിന്‌ കിലോഗ്രാമിന്‌ 20 രൂപ നിരക്കിൽ വിൽക്കുമ്പോൾ 10,700 രൂപയും ലഭിക്കുന്നു. നാളികേരം പൊതിച്ചപ്പോൾ ലഭിച്ച 900 കിലോഗ്രാം തൊണ്ടിൽ പകുതിയോളം ഡ്രയറിൽ ഇന്ധനമായി
ഉപയോഗിച്ചു.ബാക്കി പകുതി ടണ്ണിന്‌ 6000 രൂപ നിരക്കിൽ വിൽക്കാനും സാധിക്കുന്നു. ഇനി അടുത്ത വരുമാന മേഖല നോക്കാം. ഒരു തേങ്ങയിൽ 200 മില്ലി എന്ന നിരക്കിൽ വെള്ളം ലഭിക്കും. ഇതിന്റെ 75 ശതമാനം വിനാഗിരി നിർമ്മാണത്തിന്‌ മാറ്റിവച്ചാൽ 1500 ലീറ്റർ ഇങ്ങനെ ഉപയോഗപ്പെടുത്താം. ഇപ്രകാരം നിർമ്മിക്കുന്ന വിനാഗിരി ലീറ്ററിന്‌ 80 രൂപ നിരക്കിൽ വിറ്റാൽ വരുമാനം 1,20,00 രൂപ. ഇനി നമുക്ക്‌ ഈ യൂണിറ്റിൽ നിന്നുള്ള ഒരു ദിവസത്തെ വരുമാനം
കണക്കാക്കാം.
അക്കങ്ങളിൽ കാണുന്ന പോലെ
അത്ര ലളിതമല്ല ഈ ഉത്പാദന യൂണിറ്റ്‌. തെഴിലാളികൾ കുറഞ്ഞത്‌ 20 പേരെങ്കിലും വേണം. അവർക്ക്‌ കൂലിയിനത്തിൽ 12000 രൂപ ചെലവുണ്ട്‌. ഉത്പ്പന്നങ്ങൽ വിൽക്കാൻ സമർത്ഥരായ മാർക്കററിംങ്ങ്‌ ജീവനക്കാരും ശൃംഖലയും വേണം. അതിന്‌ ദിവസം 5000 രൂപ ചെലവ്‌ എന്നു കരുതാം. വിനാഗിരിയുണ്ടാക്കുന്നതിന്‌ പഞ്ചസാര തുടങ്ങിയവയ്ക്ക്‌ ചെലവ്‌ 10,750 രൂപ.വൈദ്യുതി, പായ്ക്കിംങ്ങ്‌, തേയ്മാനം തുടങ്ങി മറ്റ്‌ ചെലവുകൾ എല്ലാം കൂടി ദിവസം 10,000 രൂപ വേറെയും. മൊത്തത്തിൽ 37750 രൂപ
എന്നു കണക്കാക്കാം. 4500 കിലോഗ്രാം നാളികേരത്തിൽ നിന്ന്‌ മൊത്തം വരവ്‌ 2,93,780 - 37750 = 2,56,060. ഒരു കിലോ നാളികേരത്തിനു ലഭിക്കുന്നത്‌ 56.9 രൂപ.(256060/4500 കിലോഗ്രാം).
നമ്മൾ വെളിച്ചെണ്ണ ലിറ്ററിന്‌ 145 രൂപ നിരക്കിൽ വിറ്റാൽ പോലും 50 രൂപ ഒരു കിലോ നാളികേരത്തിൽ നിന്ന്‌ കർഷകർക്ക്‌ ലഭിക്കും. ഇത്‌ കണക്കുകളുടെ കളിയാണ്‌, വിശ്വസിക്കാനാവില്ല എന്നു തോന്നിയേക്കാം. പക്ഷെ ഒരു കൊപ്രഡ്രയർ, വെളിച്ചെണ്ണ മില്ല്‌, വിനാഗിരി നിർമ്മാണ യൂണിറ്റ്‌ എന്നിവ ഉണ്ടെങ്കിൽ ഇതു നമുക്ക്‌ നേടാനാവും. ഇതിന്റെ പ്രധാന നേട്ടം വിവിധ നിർമ്മാണ യൂണിറ്റുകൾ ഒരുമിച്ച്‌ നാളികേരം എന്ന ഒറ്റ അസംസ്കൃത
വസ്തു ഉപയോഗിച്ച്‌ വൈവിധ്യമാർന്ന
ഉത്പ്പന്നങ്ങൾ നിർമ്മിക്കുന്നു എന്നതിലാണ്‌. ഒരു ചെറുകിട കർഷകന്‌ ഇത്‌ ഒരിക്കലും സങ്കൽപിക്കാനാവില്ല. ഏതെങ്കിലും സ്വകാര്യ സംരംഭകനെ ആശ്രയിച്ചാലും ഈ മികച്ച വില ലഭിക്കില്ല. കാരണം അതിൽനിന്നു കിട്ടുന്ന അധിക വില അയാൾ വീട്ടിൽ കൊണ്ടു പോകും.
മുകളിൽ നാം പറഞ്ഞ ഉദാഹരണത്തിൽ ദിവസം 10,000 നാളികേരം മാത്രമെ ഉപയോഗിക്കുന്നുള്ളു. അപ്പോൾ വാർഷിക സംഭരണം 3,00,000 നാളികേരം മാത്രം. പക്ഷെ നമുക്ക്‌ ഒരു കമ്പനിക്ക്‌ വർഷം എട്ടു കോടി നാളികേരമാണ്‌ ഉത്പാദനം. വെർജിൻ കോക്കനട്‌ ഓയിൽ, പായ്ക്ക്‌ ചെയ്ത കരിക്കിൻ വെള്ളം, നാളികേര ചിപ്സ്‌, തേങ്ങ അച്ചാർ, തുടങ്ങി നമുക്ക്‌ ഉത്പാദിപ്പിക്കാൻ സാധിക്കുന്ന നിരവധി മൂല്യവർധിത ഉത്പ്പന്നങ്ങൾ വേറെയും ഉണ്ട്‌. മൊത്തം സംഭരിക്കുന്ന നാളികേരത്തിന്റെ 25 ശതമാനം ഉപയോഗിച്ച്‌ മൂല്യവർധിത ഉത്പ്പന്നങ്ങൾ നിർമ്മിച്ചാൽ, ആ കമ്പനിക്ക്‌ വെളിച്ചെണ്ണ വിപണിയിലെ ചാഞ്ചാട്ടങ്ങളെ ഒരിക്കലും ഭയപ്പെടേണ്ടതില്ല.
ഇതുപോലെ തന്നെയാണ്‌ തെങ്ങിൽ നിന്ന്‌ ഉത്പ്പാദിപ്പിക്കുന്ന നീരയുടെ കാര്യവും. മൊത്തം തെങ്ങുകളിൽ ഒരു ശതമാനം (10000 തെങ്ങുകൾ) മാത്രം നീര ഉത്പാദിപ്പിക്കുന്നതിന്‌ നീക്കി വച്ചാൽ പ്രതിദിന ഉത്പാദനം ഏകദേശം 15,000 ലീറ്ററായിരിക്കും. ഇത്‌ ന്യായമായ വിലയ്ക്ക വിൽക്കാൻ സാധിച്ചാൽ ( ഇപ്പോഴത്തെ വില ലിറ്ററിന്‌ 125 രൂപയാണ്‌) ഒരു ദിവസത്തെ വരുമാനം 18,75,000 രൂപയായിരിക്കും. പക്ഷെ, അപ്പോഴും ഓർമ്മിക്കുക, ക്രിയത്മക നടപടികളിലേയ്ക്ക്‌ കടക്കാത്ത പക്ഷം അക്കങ്ങൾ അക്കങ്ങളായി മാത്രം നിൽക്കും. കമ്പനിയിലെ ഓരോ അംഗവും സജീവമായി പ്രവർത്തിച്ചാൽ മാത്രമെ ആ കമ്പനി വിജയലക്ഷ്യം നേടുകയുള്ളു. അതിന്‌ ഓരോ അംഗവും കഠിനമായി അധ്വാനിക്കേണ്ടതുണ്ട്‌. പൊതുവായ ലക്ഷ്യങ്ങൾ മുന്നിലുള്ളപ്പോൾ വ്യക്തിപരമായ ലക്ഷ്യങ്ങളെ മാറ്റി നിർത്തണം. ഒന്നിച്ച്‌ പ്രവർത്തനം തുടങ്ങുന്ന ആ നിമിഷം മുതൽ വിജയം നേടാൻ സാധിക്കും. അതു സംഭവിക്കുന്നില്ലെങ്കിൽ കർഷകർ ഇനിയും നാളികേരത്തിന്റെ വിലയെക്കുറിച്ചും വിപണിയിലെ ചാഞ്ചാട്ടങ്ങളെ കുറിച്ചും ഇടനിലക്കാരുടെ ചൂഷണത്തെ കുറിച്ചും വിലപിച്ചുകൊണ്ടെയിരിക്കും. അതിനു മാറ്റമുണ്ടാവില്ല.
വിജയത്തിലെത്താൻ ആദ്യം ചെയ്യേണ്ടത്‌, നമുക്ക്‌ അതു സാധിക്കും എന്നു
വിശ്വസിക്കലാണ്‌ - നിക്കോസ്‌ കസാന്തിസാക്കിസ്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...