Showing posts with label 34. Show all posts
Showing posts with label 34. Show all posts

21 Feb 2015

ഗുരുവിന്റെ പുതിയ മതം


എം.കെ.ഹരികുമാർ
    ശ്രീനാരായണ ഗുരു ഒരു തനി ഹിന്ദുവല്ല ;ഗുരു മറ്റൊരു വഴിക്കാണ്‌ നടന്നത്‌. നൂറ്റാണ്ടുകളായി നടന്നുവന്ന പരമ്പരാഗത ഹിന്ദുവിന്റെ വഴിത്താര വിട്ട്‌ ഗുരു വേറൊരു വഴി കണ്ടുപിടിച്ചു. അത്‌ നാം ഇനിയെങ്കിലും അന്വേഷിക്കേണ്ടതായുണ്ട്‌. ആ വഴിയിലൂടെ പോയ ഗുരു ഒരു തനി ഹിന്ദുസന്യാസിയല്ല, ഗുരുവിന്റെ ആശയങ്ങൾക്കും ദർശനങ്ങൾക്കും ഇണങ്ങുന്നവിധത്തിലുള്ള മറ്റൊരു ഗണത്തിൽപ്പെട്ട സന്യാസിയാണ്‌. ആ രീതിയിൽ ചിന്തിച്ചാൽ ഗുരുവിന്‌ ഒരു മതമുണ്ടെന്ന്‌ കാണാം. ഗുരു മതം സ്ഥാപിക്കണമെന്നോ മത പ്രവാചകനാണെന്നോ പറഞ്ഞിട്ടില്ലായിരിക്കാം. എന്നാൽ ഗുരുവിന്റെ കൃതികളിലൂടെ സഞ്ചരിച്ചാൽ സമ്പൂർണ്ണമായ ഒരു മതത്തിന്റെ ചിന്താപരമായ ഘടന കാണാൻ കഴിയും.
    ജീവിതത്തിന്റെ പ്രശ്നങ്ങൾക്ക്‌ എന്താണ്‌ കാരണമെന്ന്‌ മതപ്രവാചകന്മാർ ചിന്തിച്ചിട്ടുണ്ട്‌. അതിനുള്ള പരിഹാരവും അവർ നിർദ്ദേശിക്കും. പ്രപഞ്ചദർശനത്തിന്റെ ഭാഗമാണത്‌. അത്‌ പരസ്പരം ബന്ധിക്കപ്പെട്ട ചിന്തകളുടെയും പ്രമാണങ്ങളുടെയും സംഘാതമായിരിക്കും. അതിന്റെ കേന്ദ്രം മനുഷ്യനായിരിക്കും. എന്നാൽ ഗുരുവിന്റെ മതം മറ്റ്‌ മതങ്ങൾക്ക്‌ എതിരല്ല; മറ്റേതൊരു മതത്തിൽപ്പെട്ടവർക്കും ഗുരുമതത്തിൽ ഇടമുണ്ടെന്നതാണ്‌ വസ്തുത. ഏറ്റവും ശ്രദ്ധേയമായ വസ്തുത ഒരു ഹിന്ദുവിന്‌ തന്റെ ഹൈന്ദവ ആരാധനയും വഴക്കവും തുടരുമ്പോൾ തന്നെ ഗുരുവിന്റെ മതത്തിലും വിശ്വസിക്കാനാകും എന്നതാണ്‌ കാരണം. ഗുരുമതം എല്ലാമതങ്ങളിൽ നിന്നും വ്യത്യസ്തമാണ്‌. പൊതുവേ, മതങ്ങൾ അവയുടെ സ്വന്തം ദൈവത്തെയും ആരാധനരീതികളെയും മാത്രമേ അംഗീകരിക്കൂ. ഒരു കടുത്ത മതവിശ്വാസിക്ക്‌, അന്യമതത്തിന്റെ ദൈവത്തെ സ്വന്തം ആരാധനമൂർത്തിയായി കാണാൻ പ്രയാസമുണ്ട്‌. ദൈവസങ്കൽപവും വിശുദ്ധവചനങ്ങളും ആചാരങ്ങളും അതിന്‌ സമ്മതിക്കുകയില്ല. മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള ആലോചനയും പാപബോധത്തെപ്പറ്റിയുള്ള കൽപനകളും അതിനു എതിരു നിൽക്കുന്നു. അവിടെയാണ്‌ ഗുരുമതം വേറിട്ടുനിൽക്കുന്നത്‌. ഗുരുമതത്തിൽ ദൈവംതന്നെ മതവിമുക്തമായും പാരമ്പര്യമുക്തമായും നിലനിൽക്കുകയാണ്‌. ഗുരുവിന്റെ മതത്തെ കണ്ടുപിടിക്കുന്നത്‌ എങ്ങനെയെന്ന്‌ വിശദീകരിച്ചാൽ ഇത്‌ കുറേക്കൂടി ബോധ്യമാകും.

ഗുരുവിന്റെ ജാതി
    ഹിന്ദുവിന്റെ ജീവിതത്തിൽ ജാതി എന്നുമുണ്ടായിരുന്നു. ഓരോ ജാതിക്കും ഓരോ തൊഴിൽപോലും കൽപിക്കപ്പെട്ടിരിക്കുന്നു. താഴ്‌ന്ന ജാതിക്കാർക്ക്‌ ക്ഷേത്രങ്ങളിൽ പ്രവേശനമുണ്ടായിരുന്നില്ലല്ലോ, ജാതികൾ തമ്മിലുള്ള കല്യാണം പോലും അസാധ്യമാണല്ലോ.
    ഗുരുവിന്റെ ജാതിനിഷേധം, ഹിന്ദുവിന്റെ പരമ്പരാഗതമായ ജാതിശ്രേണിയെ തകർക്കുന്നതാണ്‌. പശുവിന്‌ പശുത്വം പോലെയാണ്‌ മനുഷ്യന്‌ മനുഷ്യത്വമെന്നും മനുഷ്യത്വമാണ്‌ ജാതിയെന്നും ഗുരുപറഞ്ഞു. ആ മനുഷ്യത്വത്തിന്റെ അടിസ്ഥാനം അനുകമ്പയായിരിക്കണം. അനുകമ്പയുള്ളവനാണ്‌ യഥാർത്ഥ മനുഷ്യനെന്ന്‌ ഗുരു പ്രസ്താവിച്ചു. അതുകൊണ്ട്‌ ജാതി അയുക്തികമായ തൊഴിൽ സങ്കൽപമല്ല; വ്യക്തിയുടെ ശ്രേഷ്ഠഗുണാധിഷ്ഠിതമായ കാഴ്ചപ്പാടാണ്‌.

മതം
    ഹിന്ദുവിന്‌ ചാതുർവർണ്യം ഒഴിവാക്കാൻ ബുദ്ധിമുട്ടായിരിക്കും. ഇപ്പോഴും ക്ഷേത്രങ്ങളിൽ പൂജ ചെയ്യാൻ ബ്രാഹ്മണർക്ക്‌ മാത്രമേ അധികാരമുള്ളൂ. വൈദികവൃത്തി ഉയർന്ന സമുദായത്തിന്‌ നീക്കിവച്ചിരിക്കുന്നു. പ്രധാന ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക്‌ പ്രവേശനമില്ലല്ലോ. ഈ സവിശേഷത ഗുരു അംഗീകരിക്കുന്നില്ല. ഗുരുപ്രതിഷ്ഠിച്ച ക്ഷേത്രങ്ങളിൽ ആർക്കും പ്രവേശിക്കാം. അതിനാണ്‌ ഗുരു പ്രതിഷ്ഠ നടത്തിയത്‌. അതുകൊണ്ട്‌ ഗുരുവിന്റെ മതസങ്കൽപം പരമ്പരാഗത ഹിന്ദുത്വവീക്ഷണത്തിൽ അടിസ്ഥാനപ്പെടുത്തിയുള്ളതല്ല. അബ്രാഹ്മണരുടെ മതപ്രവേശനമാണ്‌ ഗുരു അർത്ഥമാക്കുന്നത്‌. മതത്തിന്റെ പരിരക്ഷയും പദവിയും ലഭിക്കാത്തവർക്ക്‌ ഗുരു അത്‌ പ്രദാനം ചെയ്തു.

ഗുരുവിന്റെ ദൈവം
    പ്രത്യേക ജാതിയോടോ, മതത്തോടോ ആഭിമുഖ്യം കാണിക്കാത്ത ശുദ്ധദൈവമാണ്‌ ഗുരുവിന്റേത്‌. അതായത്‌, ആ ദൈവം ആരെയും വധിക്കുകയോ ഹിംസിക്കുകയോ ചെയ്യില്ല. ഒന്നിനെയും നിഗ്രഹിക്കാതെ, നമ്മുടെയുള്ളിലുള്ള കഴിവ്‌ വളർത്തിക്കൊണ്ടുവരുന്ന ദൈവമാണത്‌. അനുകമ്പയുടെ ദൈവം സൃഷ്ടിക്കുന്നതിനാണ്‌ ഗുരു പ്രാമുഖ്യം കൊടുക്കുന്നത്‌.
ഗുരു പറയുന്നു:
നീയല്ലോ സൃഷ്ടിയും സ്രഷ്ടാ
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുള്ള സാമഗ്രിയായതും
ശത്രുവിനെ നിഗ്രഹിക്കണമെന്നോ പാപിയെ നിർമ്മാർജനം ചെയ്യണമെന്നോ ഗുരു ദൈവത്തോട്‌ പ്രാർത്ഥിക്കുന്നില്ല. ഇത്‌ ഗുരു വഴി മാറുന്നതിന്റെ തെളിവാണ്‌. അനുകമ്പയുള്ള ദൈവങ്ങൾ ആരൊക്കെയാണെന്ന ചോദ്യം ഉയർത്തുന്നത്‌ 'അനുകമ്പാദശക'ത്തിൽ വായിക്കാം.

ദൈവത്തെ നിർമ്മിക്കുന്നു
    ഒരാൾ തന്റെ ദൈവത്തെ ഉള്ളിൽ വളർത്തിക്കൊണ്ടുവരണമെന്ന ഒരാഹ്വാനം ഗുരുകൃതികൾ സൂക്ഷ്മമായി വായിച്ചാൽ ലഭിക്കും. അരുവിപ്പുറത്തെ ദൈവം അബ്രാഹ്മണന്റെ സ്വന്തം ആവശ്യത്തിനു സൃഷ്ടിച്ചതാണ്‌. നാം സൃഷ്ടിയാണ്‌. ദൈവം സൃഷ്ടിയാണെന്ന്‌ 'ദൈവദശക'ത്തിൽ പറഞ്ഞു. ദൈവത്തിന്റെ സൃഷ്ടിയായ നമ്മൾ ദൈവമാണെന്ന്‌ സാരം. ദൈവമായ നമ്മൾ അത്‌ കണ്ടുപിടിക്കണമെങ്കിൽ ഉള്ളിലേക്ക്‌ നോക്കണം. ഏറ്റവും ആന്തരികമായ ആ ഉൾത്തലം, പക്ഷേ എല്ലാവർക്കും അനുഭവവേദ്യമാകണമെന്നില്ല. അതിനായി പ്രയത്നിക്കണം. ആ ദൈവം ശുദ്ധമാണ്‌. അഹിംസാവാദിയാണ്‌, നല്ലതുമാത്രമാണ്‌ ചെയ്യുന്നത്‌. ജാതി, മത വിവേചനമില്ല. വീടും വിദ്യാലയവും ക്ഷേത്രമാണെന്ന്‌ കരുതണമെന്ന്‌ പറഞ്ഞ ഗുരു, വ്യക്തിയിലാണ്‌ ക്ഷേത്രമുള്ളതെന്നും അറിയിച്ചിട്ടുണ്ട്‌. വ്യക്തിയിൽ ക്ഷേത്രമുണ്ടെങ്കിൽ, അതിലെ ദൈവം അവനനവൻ തന്നെയാണ്‌. സ്വയം മലിനപ്പെടുത്തിയിട്ട്‌, ദൈവത്തെ പഴിച്ചിട്ട്‌ കാര്യമുണ്ടോ?
    ഗുരുമതത്തിന്റെ അടിസ്ഥാന ചിന്തയെ ഇങ്ങനെ ക്രോഡീകരിക്കാം. അതായത്‌ അറിവില്ലായ്മയാണ്‌ സകല ദുഃഖത്തിനും കാരണം. നാലു കാരണങ്ങൾ കൊണ്ട്‌ അറിവില്ലായ്മയുണ്ടാകുന്നു.
ഒന്ന്‌: അനാത്മജ്ഞാനം
മനുഷ്യരെ പലതട്ടുകളായും, പ്രാണികളെ ഹിംസിക്കാനുള്ള ജീവികളായും കാണുന്നത്‌ നമ്മുടെ അറിവിനെ നശിപ്പിക്കുന്നു.
രണ്ട്‌: അനുകമ്പയുടെ അഭാവം
അനുകമ്പയില്ലെങ്കിൽ വ്യക്തിക്ക്‌ ഏത്‌ വലിയ പദവി ലഭിച്ചിട്ടും കാര്യമില്ല. അനുകമ്പയിലൂടെ നാം അസ്തിത്വത്തിന്റെ മഹത്വം മനസിലാക്കുന്നു. അനുകമ്പയില്ലാത്ത വ്യക്തി അശുദ്ധനാണ്‌.
മൂന്ന്‌: ധർമ്മച്യുതി
ശ്രീനാരായണ ധർമ്മം എന്ന ആശയം തന്നെ ഗുരു പ്രചരിപ്പിച്ചിട്ടുണ്ടല്ലോ. ജീവിതത്തിൽ നാം ഏത്‌ തൊഴിൽ ചെയ്താലും പദവി അലങ്കരിച്ചാലും അതിന്റെ ശരിയായ ധർമ്മം പാലിക്കണം. അഴിമതിയോ സ്വജനപക്ഷപാതമോ കാണിക്കരുത്‌. അതെല്ലാം അശുദ്ധികളാണ്‌. നല്ല ഭാര്യ രാവിലെ ഉറക്കമുണർന്ന്‌ എഴുന്നേൽക്കുമ്പോൾ, ഭർത്താവിനെ തൊഴുത്‌ വണങ്ങുകയാണെങ്കിൽ അവൾ പുറത്ത്‌ വന്ന്‌ മഴ പെയ്യൂ എന്ന്‌ പറഞ്ഞാൽ മഴ പെയ്യുമെന്ന്‌ ഗുരു പറഞ്ഞതിൽ ഈ ധർമ്മമഹിമയാണുള്ളത്‌.
നാല്‌: ദൈവത്തെക്കുറിച്ചുള്ള അജ്ഞത
ദൈവത്തെപ്പറ്റിയാണ്‌ ഗുരു കൂടുതൽ എഴുതിയിട്ടുള്ളത്‌. എല്ലാ കൃതികളിലും ദൈവചിന്തയുണ്ട്‌. ദൈവത്തെ മറക്കുന്നവൻ അധഃപതിച്ചവനാകുകയേയുള്ളൂ. ഈ ദൈവം എന്താണെന്ന്‌ നേരത്തെ പറഞ്ഞിട്ടുള്ളതാണ്‌. ഈശ്വരവിശ്വാസമില്ലാത്തവനുപോലും ഗുരുവിന്റെ ദൈവസങ്കൽപത്തോട്‌ യോജിക്കാനാവും. സാംസ്കാരികമായി ഉയരുകയും സഹിഷ്ണുതയും ദയയും വലിയ ജീവിതചര്യകളാക്കി മാറ്റുകയും ചെയ്യുമ്പോൾ മനുഷ്യൻ ദൈവമായി മാറുന്നു.
ഇതിനു പരിഹാരമായി ഗുരു കൃതികളിൽ നിന്ന്‌ തിരഞ്ഞെടുക്കാവുന്ന എട്ട്‌ മാർഗങ്ങൾ ഇവിടെ അവതരിപ്പിക്കുന്നു.
1. ദൈവനിർമ്മാണം:
ഓരോരുത്തരും അവരുടെ വ്യക്തിമഹത്വത്തിലൂടെ പ്രകൃതിക്ക്‌ ഇണങ്ങുന്ന തരത്തിൽ ദൈവികമായ ഉയർച്ച നേടണം. നിരന്തരപ്രക്രിയയാണിത്‌. തിന്മകളെ മാറ്റി നന്മകളെ നിരന്തരം നിർമ്മിക്കുക. അഹിംസയിൽ നിന്ന്‌ ദൈവത്തെ നേടുക.
2. അനുകമ്പ
പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളോടുമുള്ള അനുകമ്പ.
3. ലോകത്തെ ആരാധനാരൂപമാക്കുക. ലോകം മനുഷ്യർക്ക്‌ നല്ല ഭാവനയ്ക്കുള്ള ഇടമാണ്‌.എല്ലാറ്റിലും നിന്ദിക്കാനായി ഒന്നും കാണാത്ത അവസ്ഥ കണ്ടുപിടിക്കുക.
4. വ്യക്തി മതാതീതനും ക്ഷേത്രവുമാകുക.
ഒരു വ്യക്തി സ്വയം ക്ഷേത്രമാകണം.അവനെ മറ്റുള്ളവർ പൂജിക്കുന്ന നിലയിലെത്തണം.
5. പാപങ്ങളിൽ നിന്നുള്ള മോചനം.
എല്ലാ പാപങ്ങളും വ്യക്തിയെ നശിപ്പിക്കുന്നു. ദൈവത്തെ അന്വേഷിക്കുന്നതിന്റെ ആദ്യപടി പാപത്തെക്കുറിച്ചുള്ള അറിവാകുന്നു.
6. പഞ്ചശുദ്ധി
എല്ലാ ഇന്ദ്രിയങ്ങളും ശുദ്ധമാക്കി വയ്ക്കുക.
7. ധർമ്മശക്തി
ധർമ്മം ക്ഷയിക്കാതിരിക്കാൻ എപ്പോഴും പ്രയത്നിച്ചു കൊണ്ടിരിക്കുക.ഗുരുവിനെ ലഭിച്ചാൽ പിന്നെ ധർമ്മം ക്ഷയിക്കുകയില്ല.
8. ജ്ഞാനശക്തി
പ്രപഞ്ചസാരത്തെപ്പറ്റിയുള്ള ആലോചന നമ്മെ ഉയർന്ന  ജീവിതത്തെപ്പറ്റി, അപര ലോകത്തെപ്പറ്റി അറിവുള്ളവനാകുന്നു. ദൈവ നിർമ്മാണത്തിന്റെ അവസാനഘട്ടമാണിത്.
    ഗുരുവിന്‌ ഒരു മതം ആവശ്യമില്ലെന്ന്‌ പറയുന്നവരുണ്ടാകാം. എന്നാൽ ഇത്‌ ഗുരുവിനു വേണ്ടിയല്ല; ആശയങ്ങളുടെ സ്വാഭാവികമായ പരിണതിയാണ്‌. പ്രാപഞ്ചികമായ ആശയങ്ങൾ സ്വമേധയാ ഒരു വിസ്ഫോടനത്തിനു തയ്യാറെടുക്കുന്നു. അത്‌ തടയാൻ മനുഷ്യശക്തിക്ക്‌ കഴിയില്ല.

22 Nov 2014

ലക്ഷദ്വീപിലെ ജൈവ നാളികേര കൂട്ടായ്മ


അബ്ദുൾ സലാം കെ. സി.
നോഡൽ ഓഫീസർ, നാളികേര വികസന ബോർഡ്‌, ലക്ഷദ്വീപ്‌

അബിക്കടലിന്റെ നീലിമയിൽ അഗാധതയിൽ പവിഴതുരുത്തുകളായി ഉയർന്നു നിൽക്കുന്ന മരതകമുത്തുകളാണ്‌ "ലക്ഷദ്വീപ്‌". ഭൂമിശാസ്ത്രപരമായി ആകെ 36 ചെറിയ ദ്വീപുകൾ ഉണ്ടെങ്കിലും അവയിൽ ജനവാസമുള്ളത്‌ പത്തുദ്വീപുകളിൽ മാത്രം. 32 ച.കി.മി വിസ്തൃതിയിൽ അറബിക്കടലിൽ ചിന്നിചിതറി കിടക്കുന്ന ലക്ഷദ്വീപ്‌ സമൂഹത്തിൽ തെങ്ങ്‌ കൃഷിയും മത്സ്യബന്ധനവുമാണ്‌ പ്രധാന ഉപജീവനമാർഗ്ഗം.
നാളികേരമാണ്‌ ദ്വീപിലെ പ്രധാന ഉൽപന്നം. 27.7 ദശലക്ഷം നാളികേരം പ്രതിവർഷം ഉത്പാദിപ്പിക്കുന്നു. ദ്വീപിലെ തെങ്ങുകൾക്ക്‌ പൊതുവേ രോഗം കുറവാണ്‌. ആരോഗ്യമുള്ളതും നല്ല കായ്ഫലം നൽകുന്നതുമായ ഇവിടത്തെ തെങ്ങുകൾ കേരളത്തിൽ കാണപ്പെടുന്ന തെങ്ങുകളിൽ നിന്നും വ്യത്യസ്തമാണ്‌. ഇവിടത്തെ ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ വിനോദസഞ്ചാരികൾക്ക്‌ ഒരു ആകർഷണമായിരുന്നു. ദ്വീപിലെ തെങ്ങിനെ ബാധിച്ചിരിക്കുന്ന ഒരു മാരക രോഗമാണ്‌ മണ്ടരി. കൃഷിവകുപ്പിന്റെ ഇടപെടൽ കാരണം ഇപ്പോൾ ഇതിനെ നിയന്ത്രിക്കുവാൻ ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്‌.
ഇന്നത്തെ സാഹചര്യത്തിൽ ദ്വീപുകളിലെ എല്ലാ തെങ്ങിൻ ചുവട്ടിലും എലികരണ്ട തൊണ്ടുകൾ കാണപ്പെടുന്നു. എലിനായാട്ടോ, തെങ്ങിന്റ മണ്ട വൃത്തിയാക്കുന്ന പ്രവണതയോ ഇവിടെ കാണുന്നില്ല. ഇക്കാരണത്താൽ കഴിഞ്ഞവർഷത്തെ കൊപ്രയുടെ അളവു കുറയാൻ കാരണമായി. നാളികേര വികസന ബോർഡിന്റെ പരിശ്രമഫലമായി ദ്വീപിൽ രൂപീകരിക്കുന്ന സി.പി.എസ്‌ വഴി എല്ലാ ദ്വീപുകളും ഒരു പരിധിവരെ ഈ പ്രശ്നത്തിനു പരിഹാരം കാണാൻ പരിശ്രമിക്കുന്നു.
ലക്ഷദ്വീപ്‌ തികച്ചും ജൈവവളങ്ങൾ കൊണ്ട്‌ സമൃദ്ധമാണ്‌. ദ്വീപിൽ പ്രകൃതിതന്നെ കനിഞ്ഞ്‌ അനുഗ്രഹിച്ച തെങ്ങിൻ തൈകൂട്ടങ്ങൾ ദ്വീപിന്റെ പ്രകൃതിമനോഹാരിതയേ വർദ്ധിപ്പിക്കുന്നു. ഉത്പാദനത്തിന്‌ ഏറെ വളക്കൂറുള്ള മണ്ണ്‌. ലക്ഷദ്വീപിലെ തെങ്ങ്‌ ശാസ്ത്രീയ രീതിയിൽ കൃഷിചെയ്യുകയാണെങ്കിൽ വൻ ഉത്പാദന സാധ്യത പ്രതീക്ഷിക്കാവുന്നതാണ്‌. ഇതിന്‌ നാളികേര വികസനബോർഡ്‌ മുന്നോട്ട്‌ വെയ്ക്കുന്ന ഇജട/ഇജഎ/ഇജഇ മാർഗ്ഗദീപമായി വെളിച്ചം വീശുന്നു.
ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തി ദ്വീപിൽ ആദ്യമായി "ലക്ഷദ്വീപ്‌ യങ്ങ്‌ നാളികേര ഉത്പാദക സംഘം" രൂപീകരിക്കുകയുണ്ടായി. തുടർന്ന്‌ കവരത്തി ദ്വീപിലെ ഓരോ പഞ്ചായത്ത്‌ വാർഡുകൾ കേന്ദ്രീകരിച്ച്‌ ഓരോ ഇജട വീതവും തുടർന്ന്‌ മറ്റ്‌ ദ്വീപുകളായ അമിനി, കടമത്ത്‌, അന്ത്രോത്ത്‌ മുതലായവയിൽ ഓരോ പഞ്ചായത്ത്‌ വാർഡ്‌ അതിർത്തി തിരിച്ചും രൂപീകരണ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നു. അമേനി തെക്കൻമല നാളികേര ഉത്പാദക സംഘം, ലക്ഷദ്വീപ്‌ യങ്ങ്‌ നാളികേര ഉത്പാദക സംഘം, ഗ്രീൻ ആർമി നാളികേര ഉത്പാദക സംഘം തുടങ്ങിയ ഇജട പ്രാരംഭഘട്ടത്തിൽ തന്നെ സ്വന്തമായി ഇടവിള കൃഷി ചെയ്തും ജൈവവള യൂണിറ്റ്‌ ഉണ്ടാക്കിയും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്നു. ദ്വീപിൽ "സ്വച്ച്‌ ഭാരത്ത്‌ അഭിയാൻ" ക്ലീനിങ്ങ്‌ പരിപാടിയിൽ നാളികേര ഉത്പാദക സംഘം പങ്കെടുക്കുകയും, രണ്ട്‌ ദ്വീപിൽ ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. ലക്ഷദ്വീപ്‌ അഡ്മിനിസ്ട്രേറ്റർ ഇവരെ അഭിനന്ദിക്കുകയുമുണ്ടായി.
അസംഘടിത മേഖലയായ തെങ്ങുകൃഷിക്കാരെ ഒരുമിപ്പിക്കാനും ഏകോപിപ്പിച്ച്‌ പ്രവർത്തിക്കാനും സ്വയം പര്യാപ്തത്ത എന്ന ലക്ഷ്യം കൈവരിക്കാനും നാളികേര ഉത്പാദനത്തിനും വിപണനത്തിനും സാധ്യതകൾ കണ്ടെത്താനും ഇജട ലക്ഷ്യം വയ്ക്കുന്നു.
ദ്വീപിലെ ഓർഗാനിക്‌
സർട്ടിഫിക്കേഷൻ
നാളികേര വികസന ബോർഡിന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ്‌ ഓർഗാനിക്‌ സർട്ടിഫിക്കേഷൻ. ആലുവായിലെ ഇൻഡോസർട്ട്‌ നൽകുന്ന ജൈവ സാക്ഷ്യപത്രം ദ്വീപിലെ നാളികേര കർഷകർക്ക്‌ വലിയ മുതൽക്കൂട്ടായി. ഇതുവഴി അമേരിക്കൻ, ഇന്ത്യൻ വിപണിയിലുള്ള അതേമൂല്യം ദ്വീപിലെ കർഷകന്റെ കൊപ്രയ്ക്കും ലഭിക്കാവുന്നതാണ്‌ (ചാർട്ട്‌)
ഓരോ ദ്വീപിലേയും കൃഷിവകുപ്പ്‌ അധികാരികൾ കേര കർഷകന്റെ സ്ഥലം സന്ദർശിക്കുകയും കർഷക സംഘം രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഓരോ പ്രദേശം തിരിച്ച്‌ കേര കർഷകന്‌ ഓർഗാനിക്‌ സർട്ടിഫിക്കേഷൻ നൽകുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപായ ബിത്ര ദ്വീപിനേ തൊട്ടടുത്ത ദ്വീപായ ചെത്ത്ലാത്ത്‌ ദ്വീപിൽ ഉൾപ്പെടുത്തിയാണ്‌ ഓർഗാനിക്‌ സർട്ടിഫിക്കേഷൻ ചാർട്ട്‌ തയ്യാറാക്കിയിരിക്കുന്നത്‌. ദ്വീപിലെ 3844 കേരകർഷകർക്ക്‌ ആദ്യഘട്ടം എന്ന നിലക്ക്‌ ഓർഗാനിക്‌ സർട്ടിഫിക്കേഷൻ കൊടുത്തുകൊണ്ടിരിക്കുന്നു.
ഒരു പരിധി വരെ എല്ലാ ദ്വീപിലും എത്തിപ്പെടാൻ സാധിച്ചെങ്കിലും ലക്ഷദ്വീപിലെ സമ്പൂർണ്ണ ഓർഗാനിക്‌ സർട്ടിഫിക്കേഷൻ എന്ന ലക്ഷ്യം കൈവരിക്കാൻ കൃഷിവകുപ്പ്‌ നിരന്തരം പരിശ്രമിച്ച്‌ കൊണ്ടിരിക്കുന്നു. ലക്ഷദ്വീപിലെ പ്രധാന പ്രശ്നം കൊപ്രയ്ക്കും, മറ്റ്‌ നാളികേര ഉൽപന്നങ്ങൾക്കും മൂല്യവർദ്ധിത വിപണനം കണ്ടെത്താൻ സാധിക്കുന്നില്ല എന്നതാണ്‌. നാളികേര  തൃത്താല കൂട്ടായ്മകൾ ലക്ഷ്യമാക്കുന്നത്‌ കേരകർഷകന്‌ മാന്യമായ വില ലഭ്യമാക്കാൻ സഹായിക്കുക, അതിനു പുതിയ സാധ്യതകൾ കണ്ടെത്തുക എന്നതാണ്‌. നാളികേര വികസന ബോർഡിന്റെ ഈ പ്രത്യേക സമീപനം ലക്ഷദ്വീപിലേ കേരകർഷകനും, ഉത്പാദക സംഘങ്ങൾക്കും, സംഭരണത്തിനും, വിപണനത്തിനും പുതിയ സാധ്യതകളും പ്രതീക്ഷകളും നൽകുന്നു.
ഫോൺ: 9447798036

25 Feb 2014

വിവാഹവും വിവാഹനിശ്ചയവും

സി.പി.രാജശേഖരൻ
               വിവാഹ നിശ്ചയം കഴിഞ്ഞ പിറ്റേന്നാള്‍ പ്രതിശ്രുത  വധു ബൈക്കാക്സിഡന്റില്‍ മരണപ്പെട്ടു എന്നു്‌, കഴിഞ്ഞയാഴ്‌ച്ച  പത്രത്തിൽ ഒരു വാര്‍ത്ത ഉണ്ടായിരുന്നു . ബൈക്കോടിച്ചിരുന്നതാകട്ടെ, അവരുടെ ഭര്‍ത്താവാകാന്‍ ഒരുങ്ങി ഈ  നിശ്ചയത്തില്‍  പങ്കെടുത്ത, ഭാവിവരനായ  യുവാവു തന്നെ. ഇന്നിപ്പോള്‍ വിവാഹനിശ്ചയം പോലും കഴിയണ്ട;; വിവാഹം ആലോചിച്ചുതുടങ്ങിയാല്‍ തന്നെ അവര്‍ ഒരുമിച്ചു യാത്റ ചെയ്യാനും സിനിമ കാണാനും ഹോട്ടലുകളില്‍ നിന്നു്‌ ആഹാരം കഴിയ്ക്കാനും, കുറേക്കൂടി പുരോഗമനമുള്ളവര്‍ ഒരുമിച്ചു്‌ താമസിയ്ക്കാന്‍ പോലും തുടങ്ങിയിട്ടുണ്ടു്‌ എന്നതില്‍ നമുക്കാര്‍ക്കും അപ്റിയമോ, അഭിപ്റായ വ്യത്യാസമോ ഇല്ല. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വിവാഹം കഴിയ്ക്കാന്‍ തീരുമാനിയ്ക്കാതെ തന്നെ, (ചിലര്‍ വിവാഹം കഴിയ്ക്കില്ല എന്നുതന്നെ തീരുമാനിച്ചുകൊണ്ടും) ഒരുമിച്ചു താമസിയ്ക്കുന്നുണ്ടല്ലൊ. ആ രീതി  നല്ലതാണെന്നും അങ്ങിനെ കുറേക്കാലം ഒരുമിച്ചു്‌  ജീവിച്ചു്‌ പരസ്പരം മനസ്സിലാക്കിയശേഷം കല്യാണം കഴിയ്ക്കുന്നതു തന്നെയാണു നല്ലതെന്നും വാദിയ്ക്കുന്നവരുണ്ടു്‌. ആ വാദഗതി പൂര്‍ണ്ണമായും തെറ്റാണെന്നു്‌ പറയാനും ഇവിടെ  മുതിരുന്നില്ല. എന്നാല്‍, അതു ശരിയല്ല; പെണ്ണും ചെറുക്കനും വിവാഹ ശേഷം മാത്റമേ  ഒരുമിച്ചിടപഴകി  ജീവിയ്ക്കാവൂ  എന്നു വാദിയ്ക്കുന്നവര്‍  പറയുന്നതിലും  ശരിയുണ്ടെന്നു്‌ തന്നെയാണു്‌ ആനുകാലിക സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതു്‌.
               നിശ്ചയം കഴിഞ്ഞു്‌, ആറുമാസം മുതല്‍ ഒരുകൊല്ലം വരെ കഴിഞ്ഞു്‌. കല്യാണം നടത്തുന്ന  ഒരു  സമ്പ്രദായത്തിലേയ്ക്കു  കേരളീയ കുടുമ്പങ്ങള്‍ എത്തിക്കഴിഞ്ഞിട്ടുണ്ടു്‌. അതിനു കാരണവും പലതായിരിയ്ക്കും. എന്നാല്‍ ഇന്നു്‌ തീരുമാനം ഏതാണ്ടു്‌ മാനസികമായി ഉറപ്പിച്ചു കഴിഞ്ഞാല്‍ ഉടന്‍, പെണ്ണും ചെറുക്കനും തമ്മില്‍ മൊബൈല്‍ വഴി പ്റേമവും പ്റേമാതിരിക്ത-ബന്ധങ്ങളും തുടങ്ങുകയായി. അതില്‍ ഇരു വീട്ടുകാരും എതിര്‍പ്പു പ്റകടിപ്പിയ്ക്കാറുമില്ല എന്നതു്‌ ഇന്നത്തെ ലോകത്തിന്റെ പോക്കിനു്‌ അനുസരിച്ചായിരിയ്ക്കണം.    ആയിക്കോട്ടെ; പക്ഷേ, ചില മനസിക പ്റശ്നങ്ങള്‍ ഇവിടെ പറയാതെ തരമില്ല. വിവാഹം ഉറപ്പിച്ചാലും ഇല്ലെങ്കിലും,  വിവാഹം കഴിയുന്നതുവരെ അവര്‍ , ഒരു സാധാരണ പുരുഷനും സ്ത്റീയും മാത്റമാണെന്ന സത്യം സമ്മതിച്ചേ മതിയാകൂ. സാധാരണ ഗതിയില്‍ അത്തരം ഒരു പുരുഷനും സ്ത്റീയും തമ്മില്‍ അടുത്തിടപെടുമ്പോള്‍ അവരില്‍ പ്റക്റ്ത്യാ ഉള്ള വൈകാരികഭാവങ്ങള്‍ ഉണാരുകയും ആവേശവും ആകാംക്ഷയും അമിതാവേഗത്തിലാവുകയും ചെയ്യുന്നതു്‌ സ്വാഭാവികം. അതുകൊണ്ടു തന്നെ, അതു അവരുടെ യാത്റയിലും, പ്റത്യേകിച്ചു്‌ ഡ്റൈവിങ്ങിലും  പ്റതിഭലിയ്ക്കും. അപ്പോള്‍ അവര്‍ ചെയ്യുന്ന ജോലികളിലും പഠനങ്ങളിലും കോണ്‍സന്‍ട്റേഷന്‍ കുറയുകയും  അതുമൂലം നഷ്ടങ്ങളോ അപകടങ്ങളോ  ഉണ്ടാകുകയും ചെയ്യുന്നതു്‌ സ്വാഭാവികം.
                           അതേക്കാള്‍ വലിയ ഒരു അപകടം മറ്റൊന്നാണു്‌. ഈ ആറുമാസക്കാലം കൊണ്ടോ ഒരുവര്‍ഷം കൊണ്ടോ അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ ഏറ്റുമുട്ടാന്‍ തുടങ്ങുകയും  അതില്‍ പ്റിയങ്ങളേക്കാള്‍ അപ്റിയങ്ങളാണു്‌ കൂടുതല്‍ വരുന്നതെങ്കില്‍ ഈ വിവാഹം വേണ്ടെന്നു്‌ വയ്ക്കാനുള്ള സാഹചര്യവും കൂടുതലാണു്‌. ഇതിനേയാണു്‌ പാശ്ചാത്യ സമൂഹം നല്ലതായിക്കാണുന്നതു്‌. കാരണം, ‘അടുത്ത്റിയുന്നതോടെ യോജിയ്ക്കാന്‍ പറ്റാത്തവര്‍ യോജിയ്ക്കാതിരിയ്ക്കുന്നതല്ലേ, വിവാഹശേഷം വേര്‍പിരിയുന്നതേക്കാള്‍ നല്ലതു്‌’, എന്നാണു്‌ അവര്‍ ചോദിയ്ക്കുന്നതു്‌. അവരേ സംബന്ധിച്ചു്‌ ആ ചോദ്യം ശരിയുമാണു്‌. കാരണം, അവിടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്റ്റുഡന്റ്‌ലൈഫില്‍തന്നെ, ഒരുമിച്ചു്‌ താമസിയ്ക്കുകയും പരസ്പരം ഇരുവരുടേയും വീടുകളിലെ സ്വകാര്യമുറികളില്‍ ഒത്തുകൂടുകയും ചെയ്യുന്നതു്‌ എല്ലാ വീട്ടിലും പതിവായതിനാല്‍ ആര്‍ക്കും അതില്‍ പരിഭവമോ പ്റശ്നമോ ഇല്ല.
എന്നാല്‍ കേരളത്തിലെ സ്ഥിതി നേരേ മറിച്ചാണു്‌. അത്തരത്തില്‍ വിവാഹനിശ്ചയത്തിനു ശേഷം വിവാഹം വേണ്ടെന്നു വച്ചിട്ടുള്ള സംഭവങ്ങളില്‍,  ആണ്‍കുട്ടിയേക്കാള്‍ കൂടുതലായി പെണ്‍കുട്ടികളില്‍ അതു്‌ പരിക്കേല്‍പ്പിച്ചിട്ടുമുണ്ടു്‌. നമ്മുടെ സമൂഹം അങ്ങിനേയാണു്‌. അവള്‍ ഒരുത്തന്റെ കൂടെ കറങ്ങിയടിച്ചു നടക്കുന്നുണ്ടായിരുന്നു എന്നുകേട്ടു്‌ ‘അതിലെന്താ തെറ്റു’  എന്നു ചോദിയ്ക്കാന്‍ ഇവിടുത്തെ ആണ്‍പിള്ളേര്‍ക്കോ അവരുടെ രക്ഷാകര്‍ത്താക്കള്‍ക്കോ, മനോവികാസം കിട്ടിയിട്ടുണ്ടെന്നു തോന്നുന്നില്ല. സന്തോഷിച്ചതു്‌ ഇരുവരും ഒരുമിച്ചാണെങ്കിലും, അതിന്റെ പാപഭാരം ഏല്‍ക്കേണ്ടിവരുന്നതു്‌ പെണ്ണിനു മാത്റം എന്ന നമ്മുടെ രീതി ശരിയല്ല എന്നുതന്നെയാണു്‌ നാം അഭിപ്റായപ്പെടേണ്ടതും വിശ്വസിയ്ക്കേണ്ടതും. പക്ഷേ, അതു്‌ ഇതുവരെ ഉണ്ടായിട്ടില്ലാത്ത സ്ഥിതിയ്ക്കു്‌ ഈ വിവാഹപൂര്‍വമായ ഒരുമിച്ചു നടപ്പു്‌ വേണ്ടെന്നു വയ്ക്കുന്നതല്ലേ നല്ലതു്‌ എന്നു ചിന്തിച്ചു പോകുന്നുണ്ടു്‌. വിവാഹത്തിനു മുമ്പു്‌ ഒരുവര്‍ഷം ഒരുമിച്ചു നടക്കുന്നതും വിവാഹ ശേഷം ഒരുവര്‍ഷം ഒരുമിച്ചുണ്ടാകുന്നതും ഒരേ വൈകാരികതലത്തിലല്ല  എന്ന  മനശ്ശാസ്ത്റ  തത്വം  യുവതീ യുവാക്കള്‍  അറിയണം. അതുകൊണ്ടു്‌ ഈ ഒത്തുചേരല്‍ വിവാഹമോചനത്തിന്റെ എണ്ണം കുറയ്ക്കാനും, നമ്മുടെ നാട്ടില്‍  സഹായകമായിട്ടില്ല. മൊത്തം വിലയിരുത്തുമ്പോള്‍ വിവാഹപൂര്‍വമായ ഈ അഘോഷങ്ങള്‍ ഗുണത്തേക്കാള്‍ ഏറെ ദോഷമാണുണ്ടാക്കുന്നതു്‌എന്നാണു്‌, അനുഭവം. പള്ളികളില്‍നിന്നു കിട്ടുന്ന പ്റീ മാരിറ്റല്‍ കൌണ്‍സലിംഗ് ഇത്തരം കാര്യങ്ങളേക്കൂടി ഉദ്ബോധിപ്പിയ്ക്കുന്നതു്‌ നല്ലതു്‌ എന്നു തോന്നിപ്പോകുന്നു. സത്യത്തില്‍, കര്‍സ്തീയ സമൂഹത്തില്‍ വിവാഹമോചനം കുറയുന്നതിനു പ്റധാന കാരണം, ഇടവകയുടേയും വികാരികളൂടേയും ഇടപെടലുകളും കൌണ്‍സലിങ്ങും കൊണ്ടാണു്‌ എന്നു പറയാതെ തരമില്ല. ബൈക്കാക്സിഡന്റില്‍ മരണപ്പെട്ട ആ പ്റതിശ്റുതവധുവിന്റെ സങ്കല്‍പ്പങ്ങളും പ്റതീക്ഷകളും തല്ലിക്കെടുത്താന്‍ , അറിഞ്ഞോ, അറിയാതെയോ, ആ ബൈക്കുയാത്റ കാരണമായി എന്നതു്‌ ആ കുടുമ്ബത്തിനെങ്കിലും, തീര്‍ത്താല്‍ തീരാത്ത ഒരു ദു:ഖം തന്നെയാണു്‌. ഇനി ഇതു്‌ മറ്റാര്‍ക്കും ഉണ്ടാകാതിരിയ്ക്കട്ടെ. എല്ലാം വിധി എന്നു പറഞ്ഞു്‌ ദൈവത്തെ പഴിയ്ക്കാതെ, ദൈവം നമുക്കു തന്ന നേര്‍ബുദ്ധി ശരിയാം വണ്ണം പ്റയോഗിച്ചോ എന്നാലോചിയ്ക്കുന്നതല്ലേ ഭംഗി?...
Ph - 9447814101  cp99rajsekhar@gmail.com

24 Nov 2013

പകര്‍ച്ച


സന്തോഷ് പാലാ
എത്രയെത്ര
ശിശിരങ്ങളെ
അതിജീവിച്ചിരിക്കും
മരക്കമ്പുകളുടെ മണം?

എത്രയെത്ര
വേനലുകളെ
അതിജീവിച്ചിരിക്കും
മരക്കമ്പുകളുടെ പച്ച?

നിസ്സഹായതയുടെ
കളത്തില്‍
പ്രതിരോധത്തിന്റെ
സഹനം
പ്രത്യക്ഷമായ
ഒരു വിനോദമായി
നിങ്ങള്‍ക്കും
അനുഭവപ്പെട്ടേക്കാം.

മരം
മഞ്ഞിനോട് ചെയ്യുന്നത്
മഞ്ഞ്
മരത്തിനോട് ചെയ്യുന്നത്,
ആകാശത്തെ ചുമക്കുന്നത്
തുടങ്ങി എന്തൊക്കെവേണമെങ്കിലും
എഴുതി തുലയ്ക്കാം.

വേനലിലുണങ്ങി
വര്‍ഷത്തില്‍ നനഞ്ഞ്
വസന്തത്തില്‍ പൂത്ത്
വീണ്ടുമുണങ്ങി-
പ്പൊഴിയുമ്പോഴേക്കും...

മരം മഞ്ഞിനോട്
ചെയ്യുന്നതുപോലെ,
മഞ്ഞ് മരത്തിനോട്
ചെയ്യുന്നതുപോലെ-
യെന്നൊക്കെപ്പറയുവാനാകുമോ?

മണ്ണ് മനുഷ്യനോട്....
മനുഷ്യന്‍ മണ്ണിനോട് ....
എന്നാക്കിമാറ്റീടുമോ?



ഓണം ഇപ്പോള്‍ പരിധിക്കകത്താണ്

ചാവടിയിലിരുന്ന
സ്വര്‍ണ്ണക്കോളാമ്പി
സൂത്രത്തില്‍
പുകയിലക്കെട്ട്
മണത്തതിനാലാവുമോ
വീണ്ടും വീണ്ടും
ഇരട്ടിമധുരം ഛര്‍ദ്ദിക്കുന്നത്?

തുമ്പിയെക്കൊണ്ട്
കല്ലെടുപ്പിച്ചും
ആനയുടെ
വാലു തപ്പിയും
കണ്ടതെല്ലാം
തല്ലിപ്പൊട്ടിച്ചും
ഒരു ചാറ്റല്‍ മഴ
കുറുക്കന്റെ
കല്യാണമാഘോഷിക്കാനെത്തുന്നു

അണ്ടാവും
അടപ്പായസവും
അണ്ടിപ്പരിപ്പും
ആര്‍ത്തിപണ്ടാരങ്ങളും
ട്രാക്ക് തെറ്റാതെ
ഇഞ്ചോടിഞ്ച്
മത്സരിക്കുന്നു

തുഴഞ്ഞ്
തുഴഞ്ഞ്
ഒരു
തുണയും
കിട്ടാത്ത
ഒരു പാട്ടിനെ
രണ്ടു തുമ്പകള്‍
കരക്കടുപ്പിക്കുന്നു

ആലപ്പുഴ സ്റ്റേഷനില്‍
രഞ്ജിനി
ട്യൂണ്‍ ചെയ്തുകൊണ്ട്
കുറെ ഓണപ്പൂക്കള്‍
ഇളവെയിലിലനങ്ങിയും
അനങ്ങാതെയും
ഒരു കളം
വരച്ചദൃശ്യമാകുന്നു

പതിവിലും നേരത്തെ
പരിപാടികള്‍ തീര്‍ത്ത
യുവദീപ്തി ആര്‍ട്സ് ക്ലബ്ബ്
വാമനനെ
കൈകാര്യം
ചെയ്തുകൊണ്ടിരിക്കുകയാണ്

കിരീടത്തില്‍
നിന്നകന്നു പോയ
സിങ്ക്പേപ്പര്‍
സുലൈമാന്റെ കടയിലെ
തേയിലപ്പെട്ടിയോട്
സങ്കടം പറയുന്നു

പെട്ടെന്ന്
തോട്ടീണ്ടിയില്‍
ആരോ
തോര്‍ത്തുമുണ്ടുലയ്ക്കുന്ന ഒച്ച

തോട്ടില്‍ കൂടി
ഒരു രാജ്യം
നീര്‍ക്കാംകുഴിയിട്ട് നീന്തി
നീര്‍ക്കുമിളകള്‍
അവശേഷിപ്പിക്കുന്നു.

ചെളിവെള്ളം
നിറഞ്ഞ
വായനശാലഗ്രൌണ്ടില്‍
*‘ഒറ്റ‘ ജയിച്ച്
*‘പെട്ട‘യിലേക്കുള്ള
ഊഴം കാത്തു നില്‍ക്കുകയാണ്
പൊടുന്നനെയെത്തിയൊരു
നനുത്ത കാറ്റ്.

മൈക്ക് ഇനി *ലൂക്കിന് കൈമാറുന്നു.


ഒറ്റ,പെട്ട- നാടന്‍പന്തുകളിയിലെ രണ്ട് വ്യത്യസ്ത ഘട്ടങ്ങള്‍
ലൂക്ക്-പ്രശസ്തനായിരുന്ന വള്ളംകളി കമന്റേറ്റര്‍

23 Oct 2013

നാം വെറും ഓർഡർലി


സലോമി ജോൺ വൽസൻ

salomi john <salomijohn123@yahoo.com>

മേഘമലകളുടെ താഴ്വാരങ്ങളിലെവിടെയോ
അഗോചരമായ അനന്തതയിലൊളിച്ച്
അവൻ നമുക്കു നിലയറ്റ ദുരന്തങ്ങളും
സമാധാനമില്ലാത്ത 'സമാധാന'വും സൃഷ്ടിക്കുന്നു


ജീവിതമെന്ന ശിലാലിഖിതത്തിൽ
നാമറിഞ്ഞിട്ടും അറിയാതെ ചുമക്കുന്ന നിരാലംബതയിൽ
മൃതിയോടിടയുവാൻ സുഖസമസ്യകളെ പുണർന്ന്
ജീവിതാവേശങ്ങളുടെ 'മൗസുകൾ' മുറുകെപ്പിടിച്ച്
ദിനരാത്രങ്ങൾ സെയ് വ്   ചെയ്തും ഡിലീറ്റ് ചെയ്തും
പരക്കം പാച്ചിലുകളുടെ താളങ്ങളിലമരുന്നു


ജീവിതക്കുരിശിൽ തറയ്ക്കപ്പെടുന്ന
നമ്മുടെ ശരീരമാനസ വിലാപങ്ങൾ
ഏതോ പാറയിടുക്കുകളിൽ തട്ടിപ്പിടഞ്ഞ്
ആകാശത്തും ഭൂമിയിലും ഇടിമുഴക്കമുതിർക്കുന്നു
നമ്മുടെ ശരീരം വാർന്നുപോയ
ശരീരമെന്ന തടവറയുടെ
ഉള്ളറകളിലുറങ്ങുന്ന അണിയം നഷ്ടപ്പെട്ട
സ്വത്വം നാം എവിടെയും കണ്ടുമുട്ടുന്നില്ല
വേട്ടയാടപ്പെടലിന്റെ ചടുലതയിൽ, നമ്മുടെ
ശരീരം ശവപ്പറമ്പിലെ
എല്ലിന് കൂടുകൾ പൊലെ കത്തിതെറിക്കുന്നു
നാം അവന്റെ ഓർഡർലി
അവന്റെ മാത്രം ഓർഡർലി


അവൻ ചുഴറ്റുന്ന ചാട്ടവാറിൽ മുറിവേറ്റ
ദേഹിയും ദേഹവും
അവന്റെ ഒടുക്കമില്ലാത്ത ദണ്ഡനമുറകളുടെ
മുറിഞ്ഞൊഴുകുന്ന മുറിവിൽ
പിടഞ്ഞുതകർന്നു ചോരവാർന്നു
തളർന്നു വീഴുന്ന കീടജന്മങ്ങൾ
നാം അവന്റെ ഓർഡർലി
ധാർഷ്ട്യം നിറഞ്ഞ അവന്റെ
കൽപ്പനകൾ ഏറ്റുവാങ്ങി
പിടഞ്ഞ് പിടഞ്ഞ്
ജീവിതമാകുന്ന കൽരഥം

ഉരുട്ടി തളർന്നു തകർന്നു വീഴുന്നവർ
നാം അവന്റെ ഓർഡർലി
സ്വത്വചൈതന്യങ്ങൾ തൻ ചങ്ങലപ്പൂട്ടുകൾ
ജീവിതത്തുറുങ്കിൽ നഷ്ടപ്പെടുന്നവർ
ചരമാനന്തര ക്രിയകൾക്കായി
ചിരകാലങ്ങളായി ഒഴുകി നീന്തിത്തളർന്ന
വെറും വെറും മുഖമില്ലാത്ത ഓർഡർലി
അവന്റെ മാത്രം അവന്റെ മാത്രം ഓർഡർലി


മേഘക്കാടുകളിൽ മറഞ്ഞൊതുങ്ങി
നമ്മെ വിധിച്ച് വിഡ്ഢിയാക്കാൻ
അവൻ കല്പാന്തങ്ങളായ് കാത്തിരിക്കുന്നു
ചുണ്ടിൽ പൊട്ടിവിരിയുന്ന പരിഹാസത്തോടെ
പിൻ കാല ചക്രങ്ങളുടെ ആരക്കാലുകളുടെ
കണക്കെടുപ്പെന്ന കനലാടുന്ന പകയോടെ
അവൻ നമുക്കു കല്പിക്കുന്നു
'കോർട്ടു മാർഷൽ' എന്ന
ചരമവൃത്തത്തിന്റെ പൂരകം!





22 Sept 2013

നീര - പ്രകൃതിദത്ത ആരോഗ്യപാനീയം


കെ. ബി. ഹെബ്ബാർ, മാത്യു എ.സി., അറിവഴഗൻ എം., ഷംശുദ്ദേ‍ീൻ കെ., ജോർജ്ജ്‌ വി തോമസ്‌
കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം, കാസറഗോഡ്‌

തെങ്ങിൻ പൂക്കുല ചെത്തിയെടുക്കുന്ന നീര്‌ അഥവാ നീരയും മറ്റ്‌ പനവർഗ്ഗവൃക്ഷങ്ങളിൽ നിന്നെടുക്കുന്ന നീരയും ആരോഗ്യദായകമായ പോഷക പാനീയമാണ്‌. തെങ്ങിന്റ ചൊട്ടയിൽ നിന്ന്‌ ശേഖരിക്കുന്ന ഫ്ലോയം നീരാണിത്‌. ഇത്‌ പഞ്ചസാര, ധാതുക്കൾ, പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ആന്റി ഓക്സിഡന്റുകൾ മുതലായവയാൽ സമൃദ്ധമായതിനാൽ അന്തരീക്ഷ ഊഷ്മാവിൽ തുറന്ന്‌ വെച്ചിരുന്നാൽ പുളിച്ച്‌ ഉപയോഗശൂന്യമായിപ്പോകുന്നു.  കാസറഗോഡ്‌ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിൽ തെങ്ങിൽ നിന്ന്‌ പുളിക്കാത്ത, ശുദ്ധമായ, ആരോഗ്യകരമായ നീര ശേഖരിക്കുന്നതിനുള്ള ലഘു ഉപകരണം  വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. ഇപ്രകാരം ശേഖരിച്ച നീര ഉടനടി പാനീയമായി ഉപയോഗിക്കാവുന്നതോ, രാസപദാർത്ഥങ്ങളൊന്നും തന്നെ ചേർക്കാതെ കോക്കനട്ട്‌ ഹണി, ശർക്കര, കോക്കനട്ട്‌ ഷുഗർ തുടങ്ങിയവ നിർമ്മിക്കുന്നതിനായി ഉപയോഗിക്കാവുന്നതോ ആണ്‌. തുടരെ നീര ചെത്തിയെടുത്തതിനുശേഷം തേങ്ങ ഉത്പാദനത്തിനുള്ള സാങ്കേതികവിദ്യ (ടഇഠചജ) അതായത്‌ ചൊട്ടയുടെ മുക്കാൽ ഭാഗം നീര ചെത്താനായി ഉപയോഗപ്പെടുത്തുകയും ബാക്കിവരുന്ന ചൊട്ട വിടർന്ന്‌ തേങ്ങ കായ്ക്കാൻ അനുവദിക്കുകയും ചെയ്യുക വഴി, നാളികേരോത്പാദനം വേണ്ടെന്ന്‌ വയ്ക്കാതെ തന്നെ കൃഷിയിടത്തിൽ നിന്നുളള വരുമാനം വർദ്ധിപ്പിക്കാൻ സാധിക്കും.
തെങ്ങിന്റെ നീര്‌ - നീര
തെങ്ങിൽ നിന്ന്‌ ചെത്തിയെടുക്കുന്ന നീരാണ്‌ നീര. ഗ്രാമീണജനത ഇത്‌ ധാരാളമായി ഉപയോഗിക്കുന്നു. ഇത്‌ ണല്ലോരു ദഹന സഹായിയും മൂത്രവർദ്ധകവും മഞ്ഞ പ്പിത്തത്തെ പ്രതിരോധിക്കുന്നതുമാണ്‌.
തെങ്ങിൻ പൂക്കുലയിൽ നിന്നാണ്‌ നീര ശേഖരിക്കുന്നത്‌. കായ്ക്കുന്ന ഒരു തെങ്ങിൽ ഓരോ മാസവും ഓരോ പൂക്കുല വീതം വർഷത്തിൽ 12 മുതൽ 14 വരെ പൂക്കുലകൾ ഉണ്ടാകുന്നുണ്ട്‌. തെങ്ങിൻ പൂക്കുല ഒരു ചൊട്ടയ്ക്കകത്ത്‌ ഒരു പ്രധാന പൂക്കുലത്തണ്ടിൽ പല പൂക്കുല ശാഖകളായി  കാണപ്പെടുന്നു. ഓരോ പൂക്കുലത്തണ്ടും പൈപ്പുകൾ പോലെയുള്ള ഭാഗങ്ങളാണ്‌. അവയിൽ നിന്നാണ്‌ മുറിക്കുമ്പോൾ നീര്‌ ഊറിവരുന്നത്‌. ഒരു ചൊട്ടയ്ക്കകത്ത്‌ പൂക്കുലത്തണ്ടുകൾ അണുവിട സ്ഥലം വിടാതെ തിങ്ങിക്കൂടിയിരിക്കുന്നു. തെങ്ങിൻ ചൊട്ട നീളമേറിയതാണ്‌, അതായത്‌ ഒരു മീറ്റർ നീളത്തിൽ വരെ വളരുന്നു.
നീര ശേഖരണം
ചൊട്ട ചെത്തി, പുറത്തേക്ക്‌ ഊറിവരുന്ന മാധുര്യമുള്ള നീര്‌ ശേഖരിക്കുകയാണ്‌ ചെയ്യുന്നത്‌. സാധാരണയായി, നല്ല ജലസേചന സൗകര്യമുള്ള ആരോഗ്യമുള്ള തെങ്ങുകളുള്ള തോട്ടങ്ങളാണ്‌ ചെത്താൻ തെരഞ്ഞെടുക്കുന്നത്‌.  ചൊട്ട മുക്കാൽഭാഗം വളർച്ചയെത്തുമ്പോൾ ചെത്താൻ പാകമായതായി കണക്കാക്കാം. ചൊട്ടയ്ക്കുള്ളിലെ പെൺപൂക്കൾ ചൊട്ടയുടെ ചുവട്ടിലായി മുഴകൾ പോലെ കാണപ്പെടും.  ഇത്‌ ചൊട്ടചെത്താൻ പാകമായി എന്നുള്ളതിന്റെ സൊ‍ാചനയാണ്‌.
ചൊട്ട ചെത്തുന്നതിന്‌ മുൻപായി ചുവട്ടിൽ നിന്ന്‌ മുക്കാൽ ഭാഗം നീളത്തിൽ വരെ കയറുകൊണ്ടോ പ്ലാസ്റ്റിക്‌ ചരടുകൊണ്ടോ ചൊട്ട വിരിഞ്ഞു പോകാതിരിക്കുന്നതിനായി വരിഞ്ഞുകെട്ടുന്നു. ചൊട്ടയുടെ അഗ്രഭാഗം  നേരിയതായി മുറിച്ചുമാറ്റുന്നു. ദിവസവും രാവിലേയും വൈകുന്നേരവും ചൊട്ട ഒരു മരത്തടികൊണ്ട്‌ മുട്ടിക്കൊടുക്കുന്നു. എട്ട്‌, പത്ത്‌ ദിവസം കഴിയുമ്പോൾ നീര ഊറി വരാൻ തുടങ്ങും. ഇത്‌ മൺകുടങ്ങളിലോ മുളങ്കുഴലുകളിലോ ശേഖരിക്കുന്നു.
തെങ്ങിൻ ചൊട്ട 20 ഡിഗ്രി മുതൽ 40 ഡിഗ്രിവരെ ചരിവിലാണ്‌ തെങ്ങിൻ മണ്ടയിൽ നിൽക്കുന്നത്‌.  അതിനാൽ നീര ഒഴുകിപ്പരക്കാൻ സാദ്ധ്യതയുണ്ട്‌. ഇത്‌ തടയുന്നതിനായി, പരമ്പരാഗതമായി ചെയ്യുന്നത്‌ കളിമണ്ണോ, പശിമയുള്ള ഏതെങ്കിലും വസ്തുവോ, ഇലകളുടെ ചാറോ മുറിഭാഗത്തും അരികിലുമായി തേച്ച്‌ പിടിപ്പിക്കുകയാണ്‌. ചൊട്ടയുടെ പുറത്തേക്ക്‌ നീര്‌ ഒഴുകിപ്പരക്കുന്നത്‌ തടയുന്നതിനായി ഒരു ഓലക്കാൽ ചൊട്ടയുടെ മുറിഭാഗത്ത്‌ ചുറ്റിക്കെട്ടി, മൺകുടത്തിലേക്കോ മുളങ്കുഴലിലേക്കോ നീര്‌ തുള്ളിയായി വീഴിക്കുന്നു. നീര്‌ പുളിക്കാതിരിക്കാനായി കുടത്തിനുളളിൽ ചുണ്ണാമ്പ്‌ പുരട്ടിവെയ്ക്കുന്നു. മേൽപ്പറഞ്ഞ പരമ്പരാഗത രീതിയിൽ കളിമണ്ണ്‌ പുരണ്ടും മറ്റും നീര മലിനമാകുന്നതിനു പുറമേ പലപ്പോഴും പ്രാണികളും ഉറുമ്പും പൊടിയും മറ്റും കലർന്ന്‌ നീര വേഗത്തിൽ പുളിച്ചുപോകുന്നു. നീര വൃത്തിയോടെയും പുതുമയോടെയും ശേഖരിക്കുന്നതിനായി കാസറഗോഡ്‌ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിൽ ഒരു ലഘുഉപകരണം വികസിപ്പിച്ചെടുത്തിട്ടുണ്ട്‌.  ചൊട്ടയുടെ വ്യാസത്തിനനുസരിച്ച്‌ ഘടിപ്പിക്കാവുന്ന പല വലിപ്പത്തിലുള്ള കുഴലാണിത്‌. ഇതിന്റെ ഒരറ്റം അടച്ചതും മറ്റേയറ്റം ചൊട്ടയുടെ മുറിഭാഗത്ത്‌ ഘടിപ്പിക്കാവുന്ന രീതിയിലുമായിരിക്കും.  ചൊട്ടയുടെ മുറിഭാഗത്ത്‌ മുറുകെ വിടവില്ലാത്തവിധം ഘടിപ്പിക്കാവുന്നതിനാൽ നീര പുറത്തേക്ക്‌ ഒലിച്ചുപോകുന്നില്ല. ഇതിനോട്‌ ഒരു പൈപ്പ്‌ ഘടിപ്പിച്ചതിനുശേഷം, അതിന്റെ മറുഭാഗം നീര ശേഖരിക്കുന്നതിനുള്ള പാത്രത്തിലേക്ക്‌ ഘടിപ്പിക്കുന്നു. ചൊട്ടയുടെ മുറിഭാഗത്തുനിന്നും ഒഴുകിവരുന്ന നീര കുഴലിലൂടെ പൈപ്പ്‌ വഴി പാത്രത്തിലെത്തുന്നു. നീര ശേഖരിക്കുന്നതിനുള്ള പാത്രം ഐസ്‌ നിറച്ച ബോക്സിലാണ്‌ വെയ്ക്കുന്നത്‌. ചൊട്ടയുടെ മുറിഭാഗത്ത്‌ ഘടിപ്പിക്കുന്ന കുഴൽ മുതൽ ശേഖരിക്കുന്ന പാത്രം വരെ യാതൊന്നും തുറന്നിരിക്കുന്നില്ല, എല്ലാം പൂർണ്ണമായി അടച്ച്‌ വെച്ചിരിക്കും. ശീതികരിച്ച അവസ്ഥയിലായതിനാൽ അത്‌  പുളിച്ചുപോകുന്നില്ല, അതിനാൽ ചുണ്ണാമ്പ്‌ ആവശ്യമായി വരുന്നില്ല. ഇപ്രകാരം ശേഖരിക്കുന്ന നീര ശുദ്ധവും ആരോഗ്യകരവും ഉടനടി പാനീയമായി ഉപയോഗിക്കാവുന്നതും രാസപദാർത്ഥങ്ങളൊന്നും ചേർക്കാതെ തന്നെ കോക്കനട്ട്‌ ഹണി, ചക്കര, തെങ്ങിൻ പഞ്ചസാര തുടങ്ങിയവ നിർമ്മിക്കാൻ ഉപയോഗിക്കാവുന്നതുമാണ്‌. ഉപകരണത്തിന്‌ പേറ്റന്റിനായി അപേക്ഷിച്ചിട്ടുണ്ട്‌.
ദിവസത്തിൽ രണ്ടുതവണ രാവിലേയും വൈകുന്നേരവും നീര ചെത്താവുന്നതാണ്‌. നീരയുടെ അളവ്‌ ഓരോ ദിവസവും ഓരോ സീസണിലും ഓരോ ചൊട്ടയിലും ഓരോ തെങ്ങിലും വ്യത്യസ്തമായിരിക്കും. ആരോഗ്യമുള്ള തെങ്ങിൽ നിന്ന്‌ ഒരു ദിവസം 1.5 മുതൽ 2.5 ലിറ്റർ വരെ നീര ലഭിക്കും. തുടരെ നീര ചെത്തുകയും പിന്നീട്‌ തേങ്ങ ഉത്പാദിപ്പിക്കുകയും ചെയ്യുന്ന സാങ്കേതികവിദ്യ (ടഇഠചജ) മുഖേന നാളികേരോത്പാദനം ഉപേക്ഷിക്കാതെ തന്നെ കൃഷിയിടത്തിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കാൻ സാധിക്കും.
പുതുതായി വികസിപ്പിച്ചെടുത്ത ഉപകരണത്തിന്റെ പ്രയോജനങ്ങൾ
ം    ശുദ്ധവും ആരോഗ്യകരവുമായ നീര രാവിലേയും വൈകുന്നേരവും ലഭിക്കുന്നു.
ം    നീര ആരോഗ്യകരമായ രീതിയിൽ ശേഖരിക്കാൻ കഴിയുന്നു. അതിനാൽ ചുണ്ണാമ്പോ രാസപദാർത്ഥങ്ങളോ കലരാതെ ഉടനടി പാനീയമായി ഉപയോഗിക്കാനും കോക്കനട്ട്‌ ഷുഗർ, ചക്കര,  ഹണി മുതലായ ഉൽപന്നങ്ങൾ നിർമ്മിക്കാനും കഴിയുന്നു.
*    എല്ലാ ഭാഗങ്ങളും ഊരി മാറ്റാവുന്നതിനാൽ അനായാസം വൃത്തിയാക്കാനാവും.
*   പ്രാണികളോ ഉറുമ്പോ പൊടിയോ കലർന്ന്‌ മലിനമാകുന്നില്ല. തെങ്ങിന്‌ ഹാനികരമായ കീടങ്ങളെ ഇതിലടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾ  ആകർഷിക്കുന്നുണ്ട്‌. ഉപകരണം മുറുകെ അടച്ച്‌ വച്ചിരിക്കുന്നതിനാൽ ഇവ പുറത്തേക്ക്‌ വരുന്നില്ല.
*    ഐസ്‌ ബോക്സിൽ സൂക്ഷിക്കുന്നതിനാൽ അതേപടി സംസ്ക്കരിക്കാവുന്നതാണ്‌.
*    ഇത്‌ വളരെ ചെലവ്‌ കുറഞ്ഞതും പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കൾ കൊണ്ട്‌ തയ്യാറാക്കാവുന്നതുമാണ്‌.
*   തെങ്ങ്‌ ചെത്തുന്നതിൽ പരിചയമില്ലാത്ത കയറ്റക്കാർക്കും സ്ത്രീ പുരുഷ ഭേദമെന്യേ ഇത്‌ അനായാസം ഉപയോഗിക്കാൻ സാധിക്കും.
പുതുതായി ശേഖരിച്ച നീരയുടെ ഗുണങ്ങൾ
നീര പോഷകങ്ങളാൽ സമൃദ്ധമായതിനാൽ എൻസൈമുകളുടേയും സൂക്ഷ്മാണുക്കളുടേയും പ്രവർത്തനത്താൽ വേഗം പുളിച്ചുപോകും. പരമ്പരാഗത രീതിയിൽ ശേഖരിച്ച നീരയുടെ പിഎച്ച്‌ 4 മുതൽ 5 വരെയായിരിക്കുമ്പോൾ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം വികസിപ്പിച്ച രീതിയിൽ ശേഖരിച്ച നീരയുടെ പിഎച്ച്‌ 7 മുതൽ 7.5 വരെയായിരുന്നു. റെഫ്രിജറേറ്ററിൽ സൂക്ഷിച്ച നീര പുതുമയോടെ ഇരിക്കുകയും പിഎച്ചിൽ വ്യത്യാസമൊന്നും ഉണ്ടായതുമില്ല.
ജൈവരാസഘടകങ്ങൾ
നീരയിൽ പഞ്ചസാര, ധാതുക്കൾ, പ്രോട്ടീനുകൾ എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. അസ്കോർബിക്‌ ആസിഡിന്റേയും കാർബോഹൈഡ്രേറ്റിന്റേയും സമ്പുഷ്ട ഉറവിടമാണ്‌ നീര. സോഡിയം, ഫോസ്ഫറസ്‌, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയ്ക്ക്‌ പുറമേ സൂക്ഷ്മമൂലകങ്ങളും ഉയർന്ന തോതിൽ അടങ്ങിയിട്ടുണ്ട്‌.
നീരയിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപന്നങ്ങൾ
കോക്കനട്ട്‌ ഷുഗർ
നീര 115 ഡിഗ്രി സെൽഷ്യസ്‌ ഊഷ്മാവിൽ ചൂടാക്കി വെള്ളം ബാഷ്പീകരിച്ച്‌ കളഞ്ഞതിനുശേഷം കോക്കനട്ട്‌ ഷുഗർ ഉണ്ടാക്കുന്നു. തിളപ്പിക്കുമ്പോൾ ഉണ്ടാകുന്ന പത എടുത്ത്‌ കളയുന്നു. ദ്രവരൂപത്തിലുള്ള നീര സിറപ്പ്‌ രൂപത്തിലാക്കുന്നു. ഈ സിറപ്പ്‌ തുടർച്ചയായി ഇളക്കി കുറുക്കുന്നു. തണുക്കുമ്പോൾ കട്ടിയായി തരികളാകുന്ന ഇത്‌ അരിച്ച്‌ ഒരേപോലുള്ള തരികൾ വേർതിരിച്ചെടുക്കാം.
കോക്കനട്ട്‌ ഷുഗർ പ്രകൃതിദത്തമായ ഏറ്റവും നല്ല മധുരമായി കണക്കാക്കുന്നു. ഇത്‌ പൂർണ്ണമായി പ്രകൃതിദത്തവും രാസപദാർത്ഥങ്ങളൊന്നും ചേർക്കാത്തതുമാണ്‌. ആയിരക്കണക്കിന്‌ വർഷങ്ങളായി ദക്ഷിണ, ദക്ഷിണ - പൂർവ്വേഷ്യൻ രാജ്യങ്ങളിൽ പരമ്പരാഗതമായി കോക്കനട്ട്‌ ഷുഗർ ഉപയോഗിച്ച്‌ വരുന്നു. നല്ല ഗുണമേന്മയുള്ളതും ഘടനയുള്ളതുമായ പഞ്ചസാര ലഭിക്കണമെങ്കിൽ നീരയുടെ പിഎച്ച്‌ 7.5ന്‌ മുകളിൽ ആയിരിക്കണം.
കോക്കനട്ട്‌ ഷുഗറിൽ ഉയർന്ന തോതിൽ ധാതുക്കൾ അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം, മഗ്നീഷ്യം,സിങ്ക്‌, ഇരുമ്പ്‌ എന്നിവയുടെ സമൃദ്ധമായ സ്രോതസ്സാണിത്‌. പ്രോട്ടീൻ സംശ്ലേഷണത്തിനാവശ്യമായ എല്ലാ അവശ്യ അമിനോ അമ്ലങ്ങളും വിറ്റാമിൻ ബി1, ബി2, ബി3, ബി6 എന്നിവയും സമൃദ്ധമായി അടങ്ങിയിരിക്കുന്നു. സാധാരണ പഞ്ചസാരയെ അപേക്ഷിച്ച്‌ രണ്ടിരട്ടി ഇരുമ്പും നാലിരട്ടി മഗ്നീഷ്യവും പത്തിരിട്ടി സിങ്കും ഇതിൽ അടങ്ങിയിട്ടുണ്ട്‌.
തെങ്ങിൻ ചക്കര
6.5 മുതൽ 7.0 വരെ പിഎച്ച്‌ ഉള്ള നീര സാവധാനം ചൂടാക്കിയാണ്‌ തെങ്ങിൻ ചക്കരയുണ്ടാക്കുന്നത്‌. ചുണ്ണാമ്പ്‌ ചേർക്കാത്ത നീരയിൽ നിന്നുണ്ടാക്കിയ തെങ്ങിൻ ചക്കരയുടേയും ചുണ്ണാമ്പ്‌ ചേർത്ത നീരയിൽ നിന്നുണ്ടാക്കിയ തെങ്ങിൻ ചക്കരയുടേയും കരിമ്പിൽ നിന്നുള്ള ശർക്കരയുടേയും പോഷകഘടന പട്ടിക മൂന്നിൽ കൊടുത്തിരിക്കുന്നു.
കോക്കനട്ട്‌ ഹണി
കോക്കനട്ട്‌ ഹണി 6.0 മുതൽ 6.5 വരെ പിഎച്ചുള്ള നീരയിൽ നിന്നുണ്ടാക്കുന്ന ഉപോൽപന്നമാണ്‌. ചക്കരയുണ്ടാക്കുന്നതുപോലെ തന്നെയാണ്‌ ഹണിയും ഉണ്ടാക്കുന്നത്‌. അധികനേരം ചൂടാക്കാതെ ശ്രദ്ധിക്കണമെന്ന്‌ മാത്രം.
സാമ്പത്തിക വിശകലനം
നൂറ്‌ തെങ്ങിൽ നിന്ന്‌ ഒരുമാസം ഉത്പാദിപ്പിച്ച നീര ആരോഗ്യപാനിയമായും മൂല്യവർദ്ധിത ഉൽപന്നമായ കോക്കനട്ട്‌ ഷുഗറായും വിപണനം ചെയ്യുമ്പോഴുള്ള സാമ്പത്തിക വിശകലനമാണ്‌ നടത്തിയിരിക്കുന്നത്‌. ചെത്തുന്നതിനുള്ള കത്തി, മരത്തടി, നീര ശേഖരിക്കുന്നതിനുള്ള ഉപകരണം, ഗതാഗത ചെലവ്‌, റെഫ്രിജറേറ്റഡ്‌ സൗകര്യങ്ങൾ, ഇന്ധനച്ചെലവ്‌ എന്നിവ ചെലവുകളുടെ കൂടെ കണക്കാക്കിയിട്ടുണ്ട്‌. ഒരാൾക്ക്‌ 20 ഇടത്തരം ഉയരമുള്ള തെങ്ങുകൾ ഒരുദിവസം ചെത്താമെന്ന തോതിലാണ്‌ കൂലിച്ചെലവ്‌ കണക്കാക്കിയിരിക്കുന്നത്‌. പഞ്ചസാര തയ്യാറാക്കുന്നതിനും  കൂലിച്ചെലവുണ്ട്‌. പഞ്ചസാര നിർമ്മിക്കുന്നതിന്‌ താൽക്കാലികമായി ഷെഡ്ഡ്‌ നിർമ്മിക്കുന്ന ചെലവും ഉൾപ്പെടുന്നു.
വരുമാനം കണക്കാക്കിയിരിക്കുന്നത്‌ 200 മി. ലി. നീരയ്ക്ക്‌ 15 രൂപ, ഒരു കിലോ പഞ്ചസാരയ്ക്ക്‌ 500 രൂപ എന്ന കണക്കിലാണ്‌. നീരയിൽ നിന്ന്‌ 15 ശതമാനം ഷുഗറുണ്ടാക്കാമെന്ന്‌ കണക്കാക്കിയിരിക്കുന്നു. കർഷക്‌ ഒരു മാസം നൂറ്‌ തെങ്ങിന്‌ ഒരു ലക്ഷം രൂപ നൽകിയാലും സംരംഭകന്‌ നീര വിപണനത്തിലൂടെ 1.75 ലക്ഷം രൂപയും പഞ്ചസാര വിപണനത്തിലൂടെ 1.60 ലക്ഷം രൂപയും ആദായമുണ്ടാക്കാമെന്ന്‌ പട്ടിക 4-ൽനിന്ന്‌ സ്പഷ്ടമാകുന്നു. അറ്റാദായം നീരയ്ക്കും പഞ്ചസാരയ്ക്കും യഥാക്രമം 39 ഉം, 36 ഉം ശതമാനമാണ്‌.
(1) മൂലധനം
സ്ഥലവും കെട്ടിടവും - 5 ലക്ഷം
യന്ത്രസാമഗ്രികളും ഉപകരണങ്ങളും -    5 ലക്ഷം

24 Aug 2013

'സരിത'ഗമ-പതനിസ'...



സുകുമാർ അരിക്കുഴ

സുതാര്യകേരളം
മുഖ്യന്റെകേരളം
സൗരോർജ്ജകേരളം
സരിതോർജ്ജകേരളം
ബിജുരാധാകൃഷ്ണന്റെ
കലികാലകേരളം
ജോപ്പന്റെ കേരളം
അതിവേഗമോടീട്ടു
ബഹുദൂരമെത്തുവാനാ-
കാതെനന്നായ്‌
ക്കിതക്കുന്ന കേരളം
'ബഹുമദ്യ'കേരളം
ലഹരിയും ചൂതുമായ്‌
നിൽക്കുന്ന കേരളം
ഇനിയുമൊരുരാമൻ
ജനിക്കുകിൽ എറിയട്ടെ
മഴുതിരിച്ചങ്ങെടുക്കട്ടെ
കടലായിമാറട്ടെവീണ്ടും
സുതാര്യകേരളം
കടലായിമാറട്ടെ വീണ്ടും

19 Jul 2013

അനന്തം

പ്രേം കൃഷ്ണ

ഇന്ന് നാം കാണുമീ
മഴ പെയ്യും മരങ്ങളിൽ
എത്ര ദേശത്തിൻ കിളികൾ
നനഞ്ഞ തൂവൽ പൊഴിച്ചു.

ഇന്ന് നാം കാണുമീ
നഗരഗ്രാമ വീഥികളിൽ
എത്ര യുഗപ്പക്ഷികൾ
പറന്നു ചിറകടിച്ചു .

ഇന്ന് നാം കാണുമീ
വീടിൻ വിലാസ്സങ്ങൾ
എത്ര കടലിരമ്പിയ
എത്ര കാടൊച്ച വച്ച,
ഏതനന്ത വിചാരങ്ങൾ......

21 Jun 2013

കൽപവൃക്ഷത്തണലിൽ


ഇന്ദുലേഖ ടി. എസ്‌.
തുണ്ടിയിൽ, നായരമ്പലം, എറണാകുളം-682509
(നാളികേര വികസന ബോർഡും മൂവാറ്റുപുഴ അക്ഷയ പുസ്തക നിധിയും സംയുക്തമായി സംഘടിപ്പിച്ച രചനാമത്സരത്തിൽ
ഹൈസ്ക്കൂൾ വിഭാഗത്തിൽ സമാശ്വാസ സമ്മാനം നേടിയ കഥ)
പ്രഭാതസൂര്യന്റെ പ്രഥമകിരണങ്ങൾക്കൊപ്പമുണർന്നിരു
ന്ന മുത്തശ്ശി എന്തോ അന്ന്‌ അൽപ്പം വൈകിയാണ്‌ എഴുന്നേറ്റത്‌. പുറത്ത്‌ ആരൊക്കെയോ ഉച്ചത്തിൽ സംസാരിക്കുന്നുണ്ട്‌. മകന്റെ ശബ്ദം ഉയർന്ന്‌ കേൾക്കാം. പുതിയ വീട്‌ പണിയുന്നതിന്റെ ചർച്ചയാണ്‌. കുറച്ച്‌ ദിവസമായി കോൺട്രാക്ടർമാരും പണിക്കാരുമൊക്കെയായി ഓരോരുത്തർ വന്ന്‌ പോകുന്നുണ്ട്‌. എല്ലാം നിശ്ശബ്ദമായി ശ്രദ്ധിക്കുകയല്ലാതെ തന്റെ അഭിപ്രായങ്ങളെ മകന്റെ മുമ്പിലവതരിപ്പിക്കാൻ മുത്തശ്ശിക്കായിട്ടില്ല ഇതുവരെ. അല്ലെങ്കിൽപിന്നെ പഴമയുടെ പാരമ്പര്യമുള്ള ഈ തറവാട്‌ പൊളിച്ച്‌ ആധുനിക രീതിയിലുള്ള കൂറ്റൻ വീട്‌ പണിയുവാൻ മുത്തശ്ശി സമ്മതിക്കുമായിരുന്നോ?  പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെട്ടുവന്ന പൈതൃകസ്വത്തുക്കളെ മക്കൾ തച്ചുടച്ചുകൊണ്ടിരിക്കുമ്പോഴും മുത്തശ്ശി എല്ലാം സഹിക്കുകയാണ്‌.
പുറത്ത്‌ ആളുകൾ സംഭാഷണം തുടർന്നു. മുത്തശ്ശി ശരിക്കൊന്നു ശ്രദ്ധിച്ചപ്പോഴാണ്‌ സംഭാഷണം വീടുപണിയിൽ നിന്നു മറ്റെന്തിലേക്കോ ചേക്കേറിയെന്ന്‌ മനസ്സിലായത്‌. മുത്തശ്ശി പതുക്കെ കട്ടിലിൽ നിന്നും അടുക്കളവശത്തേക്ക്‌ ചെന്നു. മകന്റ ഭാര്യ തിരക്കുപിടിച്ച ജോലിയിലാണ്‌. ഒഴിവ്‌ ദിവസമായതിനാൽ കുട്ടികൾ രണ്ടുപേരും ഉണർന്നിട്ടില്ല. മുത്തശ്ശി ഉമിക്കരിയും ഈർക്കിലിയുമെടുത്ത്‌ മുറ്റത്തേക്കിറങ്ങി. പ്രായം ഒരുപാടായെങ്കിലും മുത്തശ്ശിയുടെ പല്ലുകൾക്കിപ്പോഴും ചെറുപ്പമായിരുന്നു. മുത്തശ്ശി പല്ലുതേപ്പിനുശേഷം മൊന്തയിൽ വെള്ളമെടുത്ത്‌ ഒരു തെങ്ങിന്‌ സമീപത്തേക്ക്‌ നീങ്ങി. എന്നും പല്ലുതേക്കുമ്പോൾ അവർ മുഖം കഴുകുന്നത്‌ ആ തെങ്ങിന്‌ ചുവട്ടിൽ നിന്നായിരുന്നു. അടുക്കള വാതിലിനോട്‌ തൊട്ടുരുമി നിന്നിരുന്ന പ്രായം ചെന്ന ആ തെങ്ങിന്റെ ചുവട്ടിൽ നിന്ന്‌ മുത്തശ്ശി മുഖം കഴുകി. തെങ്ങിനെ സസൂക്ഷ്മം നിരീക്ഷിച്ച്‌ അൽപ്പം ഗൗരവത്തോടെ അടുക്കളയിൽ ജോലി ചെയ്യുന്ന മകന്റെ ഭാര്യയോട്‌ പറഞ്ഞു "ഗീതേ.... ഈ തെങ്ങു കയറാറായീ ട്ടോ.....തേങ്ങ ശരിക്കു മൂത്തിരിക്കണൂ........"
ജോലിയുടെ തെരക്കിൽപ്പെട്ടുഴലുന്ന ഗീതയ്ക്ക്‌ അമ്മയുടെ വാക്കുകൾ അസഹ്യമായിത്തോന്നി "ഓ തെങ്ങുകയറാൻ ഇനി ഒരാളെ അന്വേഷിച്ചു നടക്കാൻ സമയമില്ല, സൗകര്യവുമില്ല. അല്ലെങ്കിൽ തന്നെ ആ തെങ്ങ്‌ വീടുപണിയുമ്പോൾ വെട്ടാനുള്ളതല്ലേ?"
ഒരു കൊടുംകാറ്റിന്റെ ശക്തിയോടെയാണ്‌ ആ വാക്കുകൾ മുത്തശ്ശിയുടെ കാതിലടിച്ചതു. താൻ ജനിച്ച നാൾ മുതൽ കാണുന്ന, പൂർവ്വികരുടെ ചൈതന്യം നിറഞ്ഞ, പൈതൃക സുഗന്ധം വഹിക്കുന്ന ഈ തെങ്ങിനെ വെട്ടുകയോ? മുത്തശ്ശിയുടെ ചിന്തകൾ കൂരമ്പുകൾ പോലെ പാഞ്ഞു...
"എന്ത്‌? ഈ തെങ്ങ്‌ വെട്ടുകയോ? ഗീതേ.....; അരുതാത്തത്‌ ഒന്നും പറയാതെ.... എന്നോടുള്ള ദേഷ്യത്തിനല്ലേ നീ അങ്ങനെ പറഞ്ഞത്‌?"
ഗീത പറഞ്ഞ അവിശ്വസനീയമായ സത്യത്തിന്‌ നേരെ മുത്തശ്ശി തന്റെ നിസ്സഹായമായ ചോദ്യമെറിഞ്ഞു. എന്നാൽ താൻ കേട്ടത്‌ സത്യമാണെന്ന്‌ അടുക്കളയിലേക്ക്‌ അപ്പോൾ കയറിവന്ന മകന്റെ നാവിൽ നിന്നുതന്നെ മുത്തശ്ശി അറിഞ്ഞപ്പോൾ അവർക്കൊന്നും ഉരിയാടാനായില്ല.  പക്ഷേ അവർക്കൊന്നറിയാമായിരുന്നു. തന്റെ ജഡം വീണതിനുശേഷമേ തെങ്ങുവെട്ടാൻ അനുവദിക്കുകയുള്ളൂവേന്ന്‌.
സ്തബ്ധയായി നോക്കിനിൽക്കുന്ന മാതാവിന്‌ നേരെ അധികാരത്തിന്റെ ഗാംഭീര്യം നിറഞ്ഞ സ്വരത്തിൽ മകൻ പറഞ്ഞു "ദേ... ആ പൂറത്ത്‌ വന്നിരിക്കുന്നത്‌ തെങ്ങുവെട്ടുകാരാ, തെങ്ങുവെട്ടാതെ വീടു പണിയുവാൻ കഴിയില്ലെന്നാണ്‌ കോൺട്രാക്ടർ പറഞ്ഞിരിക്കുന്നത്‌. അമ്മ  ഇതിനിടയിൽ വന്ന്‌ വെറുതേ നാശമുണ്ടാക്കരുത്‌". മകന്റെ വാക്കുകൾ കേട്ട അമ്മയ്ക്ക്‌ വിഷമമല്ല, സഹതാപമാണ്‌ തോന്നിയത്‌. തന്റെ പുത്രൻ ഇത്രയും സംസ്ക്കാരശൂന്യനായിപ്പോയല്ലോ എന്നോർത്ത്‌. അവർക്ക്‌ ഒന്നു നിശ്ചയമായിരുന്നു. തെങ്ങുവെട്ടുവാൻ അനുവദിക്കില്ലായെന്ന്‌.
മുണ്ട്‌ മടക്കിക്കുത്തി, തലയിൽ തോർത്ത്‌ കെട്ടി ആയുധങ്ങളുമായി ആ മരംവെട്ടുകാർ തെങ്ങിനടുത്തേക്ക്‌ നീങ്ങി. പിന്നെയൊരു നിമിഷം ചിന്തിക്കേണ്ടി വന്നില്ല മുത്തശ്ശിക്ക്‌, അവർ ഓടി തെങ്ങിനടുത്ത്‌ ചെന്ന്‌ അതിനെ ചുറ്റിപ്പിടിച്ച്‌ നിന്നു. മരം വെട്ടുകാർ ഒന്നു സ്തബ്ധരായി. അസഹനീയമായി, ക്രുദ്ധഭാവത്തിൽ മകൻ അങ്ങോട്ടോടിയെത്തി. അമ്മയെ അവിടെ നിന്നും പിടിച്ചുമാറ്റുവാൻ നോക്കി. പക്ഷേ ആ വൃദ്ധഹൃദയത്തിന്റെ ബലത്തിനു മുമ്പിൽ മകന്‌ തലകുനിക്കേണ്ടിവന്നു.
"മകനെ നീ ചെയ്യുന്നത്‌ കടുത്ത അപരാധമാണ്‌. നിന്റെ പൂർവ്വീകരോട്‌ ചെയ്യുന്ന അപരാധം. ഇത്രയും നാൾ നിനക്കും നിന്റെ പൂർവ്വികർക്കും താങ്ങും തണലുമായി നിന്ന കൽപ്പവൃക്ഷത്തെ സ്വാർത്ഥ താൽപര്യത്തിനുവേണ്ടി ഇത്രവേഗം നശപ്പിക്കുവാൻ നിനക്കെങ്ങനെ തോന്നി? അല്ലെങ്കിൽ തന്നെ സമൃദ്ധമായി പൂത്തു കായ്ച്ചു നിൽക്കുന്ന ഈ വൃക്ഷത്തെ വെട്ടിമാറ്റുവാൻ തക്ക നിഷ്ഠുരനാണോ എന്റെ മകൻ?"
മുത്തശ്ശി കണ്ണീർ വാർത്തു. ഉറക്കത്തിൽ നിന്ന്‌ അപ്പോൾ എണീറ്റ്‌ വന്ന ചെറുമകൾ മുത്തശ്ശിയുടെ അടുത്ത്‌ ചെന്ന്‌ കണ്ണീർ തുടച്ചു.
"മോനേ...... നിനക്കുവേണ്ടി.... നിന്റെ പൂർവ്വികർ ഈ കൽപ്പവൃക്ഷത്തെ കരുതിവെച്ചു.... പക്ഷേ നിന്റെ മക്കൾക്കുവേണ്ടി ഒന്നും നീ നൽകുന്നില്ല എന്നത്‌ എത്ര പരിതാപകരമാണ്‌....."
തന്റെ മക്കളെച്ചൂണ്ടിയുള്ള മുത്തശ്ശിയുടെ വാക്കുകൾ മകന്റെ ചിന്തയിലേക്ക്‌ തുളച്ചുകയറി. അയാൾ ആ വൃക്ഷം വെട്ടുന്നതിൽ നിന്ന്‌ പൈന്തിരിഞ്ഞു. തെങ്ങുവെട്ടാതെ തന്നെ താൻ ആഗ്രഹിച്ച മണിമാളിക തീർത്തു. അപ്പോഴും ആ കുടുംബത്തിന്റെ ഉയർച്ച താഴ്ച്ചകളെല്ലാം ദർശിച്ച്‌ ആ കൽപ്പവൃക്ഷം മന്ദഹാസത്തോടെ നിലകൊണ്ടു. കാലമേറെ കടന്നുപോയി....
പകലിരുണ്ട ഒരു ദിവസം. പ്രഭാതം കാറ്റും മഴയുമായി ആകെ കറുത്തിരുണ്ടിരിക്കുന്നു. മുത്തശ്ശി പതിവുപോലെ ആ തെങ്ങിൻ ചുവട്ടിൽ നിന്ന്‌ പല്ലുതേപ്പ്‌ കഴിഞ്ഞ്‌ മുഖം കഴുകുകയായിരുന്നു. സംഭവിക്കാൻ പാടില്ലാത്തതെന്തോ സംഭവിക്കുവാൻ പോകുന്നു എന്ന ഭാവത്തിൽ ആകാശം ഒന്നുകൂടി ഇരുണ്ടു. പെട്ടെന്ന്‌ ഒരു തേങ്ങ മുത്തശ്ശിയുടെ തലയിൽ വന്ന്‌ വീണു. തെങ്ങു ചതിക്കില്ല എന്ന വാമൊഴി തിരുത്തിക്കൊണ്ട്‌ തെങ്ങുചതിച്ചുവോ?
മകനും ഭാര്യയും കുട്ടികളും ഓടി വന്നു. മണ്ണിൽ ബോധമറ്റു കിടന്നിരുന്ന മുത്തശ്ശിയെ താങ്ങിയെടുത്തവർ ആശുപത്രിയിലേക്കോടി. ഒപ്പം തെങ്ങിനെ അടങ്ങാത്ത രോഷത്താൽ പഴിക്കുന്നുണ്ടായിരുന്നു. ഡോക്ടറുടെ സൂക്ഷ്മനിരീക്ഷണത്തിനുശേഷം അമ്മൂമ്മയ്ക്കൊന്നും സംഭവിച്ചിട്ടില്ലെന്നറിഞ്ഞു.
"ഇന്നുതന്നെ വീട്ടിലേക്ക്‌ കൊണ്ടുപോകാം കുറച്ചു മരുന്നുകൾ മാത്രം മതി മുറിവിന്‌". ഡോക്ടറുടെ ആശ്വാസ വാക്കുകൾ കുടുംബത്തെ സമാധാനിപ്പിച്ചു. കരിങ്കൽ കെട്ടുകൾ പോലെ കനം തൂങ്ങിനിന്നിരുന്ന മേഘങ്ങൾ അപ്പോഴും പെയ്തിറങ്ങുകയായിരുന്നു. എന്നുമില്ലാത്തവിധം കാറ്റ്‌ ആഞ്ഞുവീശി. കാറ്റിന്റേയും മഴയുടേയും ഈ കോളിളക്കം മൂലം ആ കുടുംബം അന്ന്‌ തന്നെ വീട്ടിലേക്ക്‌ മടങ്ങിയില്ല. മുത്തശ്ശിക്കാവശ്യമായ മരുന്നുകളും പരിചരണങ്ങളും സ്വരുക്കൂട്ടി അവർ പിറ്റേദിവസം മാനം തെളിഞ്ഞപ്പോൾ വീട്ടിലേക്ക്‌ മടങ്ങി. മകൻ പക്ഷേ; തീരുമാനമെടുത്തിരുന്നു തെങ്ങ്‌ ഇന്ന്‌ തന്നെ വെട്ടണം.
വീട്ടിലെത്തിയപ്പോൾ അവരെ സ്വീകരിച്ചതു അമ്പരപ്പിക്കുന്ന കാഴ്ചകളായിരുന്നു. മകന്റെ മണിമാളിക ഇന്നലത്തെ പ്രകൃതിയുടെ കലിതുള്ളലിൽ തകർന്ന്‌ വീണിരിക്കുന്നു. ഒരു നെടുവീർപ്പോടെ പരസ്പരം നോക്കി നിന്ന ആ കുടുംബത്തെ സ്നേഹോഷ്മളമായ മന്ദഹാസത്തോടെ കടാക്ഷിച്ചുകൊണ്ട്‌ കൽപവൃക്ഷം അപ്പോഴും അവിടെ തലയാട്ടി നിൽക്കുന്നു. മനുഷ്യരോടുള്ള തന്റെ അണമുറിയാത്ത സ്നേഹബന്ധത്തേയും, കടമകളേയും ശിരസ്സിലേറ്റിക്കൊണ്ട്‌.........

24 May 2013

വാർത്ത

അഴീക്കൽ കൃഷ്ണൻകുട്ടി സ്മാരക കവിതാപുരസ്കാരം എസ് .സരോജത്തിനു .പതിനായിയിരം രൂപയും ശില്പവും അടങ്ങുന്ന പുരസ്കാരം 28 -4 -2013 -ന് അഴീക്കൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് പ്രശസ്ത കഥാകൃത്തായ ബാബു കുഴിമറ്റത്തിൽ നിന്ന് സരോജം ഏറ്റുവാങ്ങി .


 

27 Apr 2013

ഒരു യാത്രയുടെ അവസാനം


പ്രമോദ്‌ കുമാര്‍.കെ.പി

ഒരേ സീറ്റില്‍ ആണെങ്കിലും അകലം പാലിച്ചാണ് ഇരുന്നിരുന്നത്.കുറച്ചു നാളുകള്‍ക്കുള്ളില്‍ മനസ്സില്‍ കടന്നു കൂടിയ വിടവ് തന്നെ കാരണം.കുറെ നാളുകള്‍ക്കു ശേഷമുള്ള ഒരുമിച്ചുള്ള യാത്രയാണ്.അതും വളരെ കഷ്ട്ടപെട്ടു നിര്‍ബന്ധിച്ചു കൂട്ടി കൊണ്ടുവന്നത്. ഭര്‍ത്താവും ഭാര്യയും ആണെന്ന് പറഞ്ഞിട്ടെന്താണ് കാര്യം.കുറച്ചായി താമസം വേറെ വേറെയാണ്.കാണുന്നത് തന്നെ വിരളം.കുട്ടികള്‍ രണ്ടിടത്തുമായി നില്‍ക്കുന്നു.അവരുടെ ആഗ്രഹത്തിനനുസരിച്ചു .. രണ്ടും പെണ്‍ കുട്ടികള്‍ ആണ് .അത് കൊണ്ട് തന്നെ കൂടുതല്‍ ശ്രദ്ധിക്കണം .രണ്ടു വീട്ടിലും അവര്‍ സുരക്ഷിതര്‍ തന്നെ.അവരില്‍ നിന്നും വിശേഷം പരസ്പരം അറിയുന്നു എന്ന് മാത്രം.കഴിഞ്ഞ ദിവസം പിരിയുവാനുള്ള ആവശ്യം കാണിച്ചു വക്കീലിന്റെ കത്ത് കിട്ടിയപ്പോള്‍ അവസാനമായി ഒന്ന് ശ്രമിച്ചു നോക്കാം എന്ന് കരുതി.ഈ പിണക്കം ഒക്കെ കുറച്ചു നാള്‍ കൂടി കഴിഞ്ഞാല്‍ തീരും എന്ന് കരുതിയതാണ്.പക്ഷെ ലെറ്റര്‍ വന്നപ്പോള്‍ അവള്‍ അകലാന്‍ തന്നെയാണ് തീരുമാനിച്ചത് എന്ന് മനസ്സിലായി.അതൊരു ഷോക്ക്‌ ആയിരുന്നു.അതിനാണ് യാത്രക്ക് വിളിച്ചത്.അവസാനമായി ഒരു ശ്രമം.ആദ്യം കുറെ എതിര്‍ത്തുവെങ്കിലും മക്കള്‍ സമ്മതിപ്പിക്കുകയായിരുന്നു അവളെ..സ്വന്തം ഇഷ്ട പ്രകാരമല്ല യാത്ര എന്നത് കൊണ്ട് തന്നെ ഒരു തരം മൌനം തുടക്കം മുതല്‍ അവളെ പിടി കൂടിയിരുന്നു.ഞാന്‍ ചോദിക്കുന്ന കാര്യങ്ങളില്‍ ഉത്തരം മൂളലില്‍ ഒതുക്കി അവള്‍ ഇരുന്നു.അത് കൊണ്ട് തന്നെ ഞങ്ങള്‍ക്കിടയിലെ മൌനം തുടര്‍ന്ന് കൊണ്ടിരുന്നു.

പുറത്തു നല്ല നല്ല കാഴ്ചകള്‍ ഉണ്ടായിരുന്നിട്ടു കൂടി അത് ആസ്വദിക്കുവാന്‍ കഴിയാതെ ആ യാത്ര തുടര്‍ന്ന് കൊണ്ടിരുന്നു.

രണ്ടു പേര്‍ക്കും പരിചയം ഇല്ലാത്ത ദൂരെ ഒരു സ്ഥലംആണ് തിരഞ്ഞെടുത്തത്.കാരണം പറയുവാനുള്ളത് പറയാന്‍ കേള്‍ക്കുവാന്‍ ഉള്ളത് കേള്‍ക്കുവാന്‍ ഇത്തരം സ്ഥലം ആണ് നല്ലത്.ഇന്ന് അവിടെ ചെന്നാല്‍ സന്ധ്യ കഴിഞ്ഞാല്‍ പിന്നെ തിരിച്ചു വരാന്‍ പറ്റില്ല.നാളെ രാവിലെ മാത്രമേ മടക്കം നടക്കൂ.അത് കൊണ്ട് ഇന്ന് പറയുവാന്‍ ഉള്ളത് പറഞ്ഞാല്‍ തന്നെ കേള്‍ക്കുവാന്‍ ഇഷ്ടമല്ലാത്തത് ആണെങ്കില്‍ പോലും മനസ്സിന് തീരുമാനം എടുക്കാന്‍ സമയം ഉണ്ട്.കേള്‍വിക്കിടയില്‍ ഒരു ഒളിച്ചോട്ടം അസാധ്യമാണ്.അവരുടെ പല തര്‍ക്കങ്ങളും പാതിവഴിക്ക് അവസാനിക്കുക ഇത്തരം ഒളിചോട്ടത്തില്‍ കൂടിയായിരുന്നു.പരസ്പരം പറയുവാനുള്ളത് കേള്‍ക്കാതെ ഞാന്‍ ചെയ്തതാണ് ശരി എന്നു ഭാവിച്ചുള്ള പിന്തിരിയാല്‍.പലപ്പോഴും പരസ്പരം മനസ്സിലാക്കുവാന്‍ സാധിക്കാത്തതും അത് കൊണ്ട് തന്നെ.

ആ ഹില്‍ സ്റ്റേഷനില്‍ ഒരു സുഹൃത്ത്‌ ഉണ്ട്.താമസവും മറ്റു സൌകര്യങ്ങളും അവന്‍ ഒരുക്കും.ഇന്ന് ഒരു രാത്രിയും നാളെ ഒരു പകലും മാത്രമാണ് ഉള്ളത്.അതിനുള്ളില്‍ പറയുവാന്‍ ഉള്ളത് പറയണം.വീണ്ടും ഒന്നിക്കുവാന്‍ ഒരു അവസാന ശ്രമം ഞാന്‍ നടത്തും.എന്റെ തെറ്റ് കുറ്റങ്ങള്‍ സമ്മതിക്കാം .മാപ്പ് പറയാം.ബസ്‌ അവസാന സ്റ്റോപ്പില്‍ എത്തിയപ്പോള്‍ സന്ധ്യയായി.സ്റ്റാന്‍ഡില്‍ തന്നെ സുഹൃത്ത്‌ ഉണ്ടായിരുന്നു.

അവന്‍ ഒരുക്കിയ താമസസ്ഥലം ഗംഭീരം ആയിരുന്നു.അവനു അന്ന് രാത്രി ജോലി ആയതിനാല്‍ രാവിലെ കാണാം എന്ന് പറഞ്ഞു പിരിഞ്ഞു.അവിടെ ഒരു ജോലിക്കാരി മാത്രമേ ഉണ്ടായിരുന്നുള്ളൂ ..ആ വീട് വൃത്തിയാക്കിയിടുവാന്‍ നമ്മള്‍ക്ക് ഭക്ഷണവും ഒക്കെ പാകം ചെയ്യുവാന്‍ അവന്‍ അവിടുന്ന് തന്നെ തരപെടുത്തിയതാവാം.വന്നത് മുതല്‍ ഭാര്യ അവളുമായി വര്‍ത്തമാനം ആണ്.അവര്‍ എന്തൊക്കെയോ പറഞ്ഞു പൊട്ടിചിരിക്കുന്നു.യാത്രയുടെ ക്ഷീണം കൊണ്ട് കണ്ണുകളില്‍ ഉറക്കം തളം കെട്ടിനിന്നു.പാടില്ല ഇന്ന് ഒരു ദിവസം ആണ് എന്റെ ഭാവി തീരുമാനിക്കുക.ഇന്ന് പറയുവാന്‍ ഉള്ളതൊക്കെ പറയണം.ക്ഷീണം അകറ്റുവാന്‍ കുളി തന്നെ ശരണം ...ഞാന്‍ കുളിമുറിയിലേക്ക് കയറി.

കുളി കഴിഞ്ഞു വെറുതെ അവരുടെ അടുക്കലേക്ക് പോയി.ആ സംസാരത്തില്‍ പങ്കു ചേര്‍ന്നു.വേലക്കാരി ഭവ്യതയോടെ പറഞ്ഞു.
"സാറേ വിശക്കുന്നുണ്ടോ ?ഇപ്പോള്‍ തയ്യാറാകും .. ഭാര്യ പറഞ്ഞു നിങ്ങള്‍ നേരത്തെ തിന്നുന്ന കൂട്ടത്തിലാനെന്നും വേഗം ഉറങ്ങുന്ന ആള്‍ ആണെന്നും ... "
അവിശ്വസനീയതയോടെ ഞാന്‍ അവളെ നോക്കി.പക്ഷെ അവള്‍ മുഖം തിരിച്ചു കളഞ്ഞു.എങ്കിലും മനസ്സില്‍ ഒരു കുളിര്‍ മഴ പെയ്തതുപോലെ ....

"ചേച്ചിയുടെ പേര് എന്താ ?"ഞാന്‍ ചോദിച്ചു
"രേണുക .."
"ആരൊക്കെയുണ്ട് വീട്ടില്‍ ?"

"രണ്ടു പെണ്‍മക്കളും ഞാനും .... പിന്നെ ഭര്‍ത്താവും ..അയാളെ കുറിച്ച് പറയാതിരിക്കുന്നതാണ് ഭേദം.എപ്പോഴും കുടിയാണ് സാറേ .കൂടാതെ ഉപദ്രവവും . സഹിക്കാന്‍ പറ്റാതായപ്പോള്‍ കുറെ മുന്‍പ് ഞാന്‍ ഇറക്കി വിട്ടു.കുറേകാലം വേറെ ആയിരുന്നു.പക്ഷെ മോള്‍ക്ക്‌ ആലോചന വന്നു തുടങ്ങിയപ്പോള്‍ വരുന്നവര്‍ ഒക്കെ അച്ഛനെ കുറിച്ച് അറിയണം അവര്‍ കാരണം അന്വേഷിക്കുവാന്‍ തുടങ്ങി.സത്യം പറഞ്ഞിട്ടും എല്ലാവരും എന്റെ കുറ്റമായി അതിനെ വിലയിരുത്തി..വീട്ടിലെ പെണ്ണിന്റെ കുഴപ്പം കൊണ്ട് ആണ് പോലും ആണുങ്ങള്‍ മോശം ആകുന്നതും മദ്യത്തിന് പിറകെ പോകുന്നതും അവര്‍ അവിടെ വാഴാത്തതും .കൂടാതെ എന്റെ കുട്ടികളുടെ അച്ഛന്‍ പോലും അയാള്‍ അല്ല എന്ന് വരെ കഥകള്‍ ഇറങ്ങി.അവസാനം അയാളെ വിളിച്ചു കൊണ്ട് വന്നു .ഇപ്പോഴും കുടി പണ്ടത്തെ പോലെ തന്നെ ഉണ്ട് ഉപദ്രവം മാത്രം ഇല്ല..ചിലവിനും തരുന്നുണ്ട്. പക്ഷെ ഒന്നുണ്ട് സാറേ .. മുന്പത്തെ പോലെ പാതിരാത്രി വീടിനു മുട്ടലില്ല.അത് കൊണ്ട് തന്നെ ഇപ്പോള്‍ ഞാന്‍ തലയണക്കിടയില്‍ അരിവാളും സൂക്ഷിക്കാറില്ല... വീട്ടില്‍ ഒരു ആണ്‍ തരിവേണം സാറേ.അല്ലെങ്കില്‍ സ്ത്രീകള്‍ക്ക് രക്ഷയില്ല.. പ്ര ത്യേകിച്ചും പെണ്‍ മക്കള്‍ ഉള്ള വീടുകളില്‍ . നമ്മളുടെ നാട്ടില്‍ പെണ്ണുങ്ങള്‍ എത്ര പുരോഗമിച്ചു എങ്കിലും ആണ്‍ പിന്തുണ ഇല്ലാതെ അവര്‍ക്ക് രക്ഷയില്ല.... അതാണ്‌ സത്യം... "

എനിക്കൊന്നും പറയുവാന്‍ തോന്നിയില്ല.അവളും ഒന്നും രേണുകയോട് ചോദിച്ചുമില്ല.ഭക്ഷണം കഴിഞ്ഞു .. പാത്രങ്ങള്‍ ഒക്കെ കഴുകി വൃത്തിയാക്കി രേണുക പോയി.നമ്മള്‍ രണ്ടുപേര്‍ മാത്രം ആയി.എങ്ങിനെ തുടങ്ങണം എന്നറിയാതെ ഞാന്‍ ഉരുകി നിന്നു. അവള്‍ എന്റെ അടുക്കല്‍ വന്നു എന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു.

"നിങ്ങള്‍ ഇന്ന് രാത്രി മുഴുവന്‍ പറഞ്ഞു മനസ്സിലാക്കുവാന്‍ ശ്രമിക്കുന്ന കാര്യം രേണുക പത്തു മിനിട്ട് കൊണ്ട് എനിക്ക് മനസ്സിലാക്കി തന്നു.നമ്മള്‍ രണ്ടു പേരും തെറ്റുകള്‍ ചെയ്തു.പരസ്പരം മനസ്സിലാക്കാതെ ജോലി ,പണം എന്നിവയുടെ പിറകെ ജീവിതം മറന്നു ഓടിക്കൊണ്ടിരുന്നു.നമ്മളുടെ മനസ്സില്‍ ഉണ്ടായിരുന്ന അഹംഭാവം നമ്മളെ തമ്മില്‍ തിരിച്ചറിയുന്നതില്‍ നിന്നും വിലക്കി.ഇനി അതുണ്ടാവാന്‍ പാടില്ല.അത്രക്ക് ഉപദ്രവിചിട്ടു രേണുകക്ക് അവളുടെ ഭര്‍ത്താവിനെ സഹിക്കാമെങ്കില്‍ ഇതൊന്നും എന്നോട് ചെയ്യാത്ത നിങ്ങളെ ഞാന്‍ എങ്ങിനെ ഉപേക്ഷിക്കും.?...നമ്മള്ടെ ഇഗോ മാത്രം പറിച്ചു കളഞ്ഞാല്‍ മതി . "

ഒരു തണുത്ത കാറ്റ് ഞങ്ങളെ തഴുകി കൊണ്ട് കടന്നു പോയി.പുതിയ ഒരു ജീവിതത്തിനു അവിടെ തുടക്കം കുറി ക്കപെടുകയായിരുന്നു.... വീടിനുള്ളിലേക്ക് കടന്നു വന്ന കുളിര്‍ നമ്മളുടെ മനസ്സിലേക്കും പടര്‍ന്നു.

26 Mar 2013

സൂര്യനെല്ലിയും; ജഡ്ജിയും കുറേ മാദ്ധ്യമ പ്രവർത്തകരും


മഹേഷ്കുമാർ . എസ്‌

    മാദ്ധ്യമ പ്രവർത്തനത്തിലെ ധാർമ്മികതയെന്നത്‌ മറ്റു പല മൂല്യബോധങ്ങൾക്കുമൊപ്പം നമുക്ക്‌ കൈമോശം വരുകയാണോ? ജാധിപത്യത്തിന്റെ നാലാം തൂണ്‌ എന്ന കൊടിക്കൂറയ്ക്കു കീഴിൽ എന്തുമാകാമെന്ന ചിന്തയാണ്‌ ഇന്ന്‌ ഭൂരിഭാഗം മാദ്ധ്യമ പ്രവർത്തകരേയും നയിക്കുന്നതെന്ന്‌ തോന്നുന്നു.  മറ്റുള്ളവർക്കില്ലാത്ത വിശേഷാൽ സ്വാതന്ത്ര്യവും അധികാരവും തങ്ങൾക്കുമില്ലെന്ന്‌ മാദ്ധ്യമ പ്രവർത്തകർ തിരിച്ചറിയാത്തിടത്തോളം മാദ്ധ്യമ പ്രവർത്തനം ഒരു ദുരന്തമായി പരിണമിക്കാനേ ഇടയുള്ളൂ. വ്യവസ്ഥിതി അനുവദിക്കുന്ന ചില ആനുകൂല്യങ്ങൾ സമൂഹത്തിന്റെ അറിയാനുള്ള അവകാശത്തെ സംരക്ഷിക്കുന്നതിനു മാത്രമാണ്‌.
    ബിരുദവും ജേണലിസം ഡിപ്ലോമയും നേടിക്കഴിഞ്ഞാൽ അഥവാ ജേണലിസം ബിരുദവും ബിരുദാനന്തര ബിരുദവും നേടിക്കഴിഞ്ഞാൽ ആർക്കും കടന്നുവരാവുന്ന കേവലം ഒരു തൊഴിൽ മേഖലയായി മാദ്ധ്യമ പ്രവർത്തനവും ഇന്ന്‌ മാറിയിരിക്കുന്നു. അടിയുറച്ച മൂല്യബോധവും ആദർശത്തിലടിയുറച്ച വ്യക്തിത്വമുള്ളവരാകണം മാദ്ധ്യമ പ്രവർത്തകർ എന്ന ചിന്ത ജേണലിസം കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങളുടെ പ്രവേശന മാനദണ്ഡത്തിലോ, മാദ്ധ്യമസ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പു പ്രക്രിയയിലോ കടന്നുവരുന്നില്ല.  ഇൻസ്റ്റിറ്റിയൂട്ടുകളെ സംബന്ധിച്ചിടത്തോളം കോഴ്സ്‌ നടത്തിപ്പ്‌ ഒരു ബിസിനസ്‌ പ്രക്രിയയായി മാറിയിരിക്കുന്നു. മാദ്ധ്യമ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം മാനേജ്‌മന്റിന്റെ ഇംഗിതങ്ങൾക്ക്‌ വഴങ്ങുന്ന നട്ടെല്ലും സമൂഹത്തെ പിച്ചിച്ചീന്തി,  കച്ചവടത്തിനു പാകത്തിലുള്ള വാർത്തകൾ ചമയ്ക്കാനുള്ള മനസുമുണ്ടായാൽ തികഞ്ഞ യോഗ്യതയായി.  മൂല്യബോധവും ആദർശനിഷ്ഠയും കൈമോശം വന്ന ഒരു കൂട്ടം ചാവേറുകളായി മാറുകയാണിവിടെ മാദ്ധ്യമ പ്രവർത്തകർ.  പ്രത്യേകിച്ചും യുവ തലമുറയിലെ ആവേശം തിളയ്ക്കുന്ന കുറേപ്പേർ.  മാദ്ധ്യമ പ്രവർത്തനം ധീരവും ശക്തവും ആദർശനിഷ്ടവും പ്രതിബദ്ധവുമായ ഒരു യജ്ഞമാണെന്ന്‌ ആരും ഇവരെ പഠിപ്പിക്കുന്നില്ല.  അഥവാ ആരെങ്കിലും അതിനു ശ്രമിച്ചാൽ അക്കൂട്ടർ 'കാലഹരണപ്പെട്ട്‌ പുരാവസ്തു' ക്കളായി മുദ്രയടിച്ചു അകറ്റി നിറുത്താനും ഇന്നത്തെ മാധ്യമ പ്രവർത്തകർക്കു മടിയില്ല.  പഠിക്കാനും, അദ്ധ്വാനിച്ച്‌ സത്യം കണ്ടെത്താനും അവർക്കു താൽപര്യമില്ല.  അതുകൊണ്ടുതന്നെ ആരാനും തട്ടിമൂളിക്കുന്ന അർദ്ധ സത്യങ്ങളും അസത്യങ്ങളും ഇവർക്ക്‌ 'വെച്ചലക്കാനു'ള്ള വിഷയങ്ങളായി മാറുന്നു.
    മാദ്ധ്യമ പ്രവർത്തനം അതിരുകളില്ലാത്ത ലോകമല്ല. അവിടത്തെ അതിരുകൾ സ്വയം കൽപിതമാകുകയാണ്‌ ഏറ്റവും ഉചിതം. അതിന്റെ അനുപമമായ സൗന്ദര്യവും അതു തന്നെ. കൽപിക്കപ്പെടുന്ന അതിരുകൾ സാമൂഹ്യ നന്മയ്ക്കും നീതിബോധത്തിനും വേണ്ടിയാകണം. അപ്പോഴാണ്‌ മാദ്ധ്യമ പ്രവർത്തനം ഉത്കൃഷ്ടവും സഫലവുമായ ഒരു സപര്യയായി മാറുന്നത്‌.  ഇന്നത്തെ മാദ്ധ്യമ പ്രവർത്തന ശൈലിയിൽ ഒട്ടേറെ അരുതായ്മകൾ ചൂണ്ടിക്കാട്ടാനാവും.  അതിൽ ഏറ്റവും ഒടുവിലത്തേതും സമകാലികവുമായ ഒന്നാണ്‌ സൂര്യനെല്ലിക്കേസിൽ ഇപ്പോൾ മാദ്ധ്യമങ്ങൾ തുടർന്നു വരുന്ന ശൈലി.
    ഇന്ന്‌, കേരളത്തിലെ മാദ്ധ്യമ രംഗത്ത്‌ 'തേർവാഴ്ച' നടത്തുന്ന മിക്കവാറും  മാദ്ധ്യമപ്രവർത്തകർ സൂര്യനെല്ലി സംഭവം നടക്കുന്ന കാലത്ത്‌ ബാഗും തൂക്കി സ്കൂളുകളിൽ പോകുന്നവരായിരുന്നിരിക്കണം.  പതിനേഴ്‌ വർഷത്തോളം പഴക്കമുള്ള കേസാണ്‌, ഡൽഹി പീഢനത്തിന്റെ ബാക്കിപത്രമെന്നപോലെ, സുപ്രീംകോടതിയിൽ നിന്ന്‌ പെട്ടെന്നുണ്ടായ ഒരു വിധിയിലൂടെ വീണ്ടും വിവാദമായിരിക്കുന്നത്‌.  പെട്ടെന്നുണ്ടായ വിധി എന്നത്‌ ബോധപൂർവ്വം തന്നെ പ്രയോഗിച്ച വാക്കാണ്‌.  കാരണം ഡൽഹിക്കേസിന്റെ പശ്ചാത്തലത്തിൽ സ്ത്രീ പീഢനക്കേസുകളിൽ കോടതി നടപടികളിലുണ്ടാകുന്ന കാലതാമസം ചർച്ചാ വിഷയമായതിന്റെ വെളിച്ചത്തിൽ, അത്തരം കേസുകൾ പൊടിതട്ടിയെടുത്ത്‌ വിധി പ്രസ്താവിക്കാൻ സുപ്രീകോടതി നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ്‌ വർഷങ്ങളായി സുപ്രീം കോടതിയിൽ നിദ്രപൂണ്ടിരുന്നതും ഒരിക്കൽ കോളിളക്കം സൃഷ്ടിച്ചതുമായ സൂര്യനെല്ലിക്കേസിൽ പെട്ടെന്നൊരു വിധി സുപ്രീംകോടതി പുറപ്പെടുവിച്ചതു.  കേസ്‌ പൊടിതട്ടിയെടുത്ത്‌ പരിഗണിച്ച ദിവസം തന്നെ വിധിയും വന്നു എന്നതിൽ നിന്നു തന്നെ കേസിന്റെ മെരിറ്റിലേക്കും വിശദാംശങ്ങളിലേക്കും ഹൈക്കോടതി വിധിയിലേക്കുമൊന്നും സുപ്രീം കോടതി കടന്നില്ല എന്നത്‌ വസ്തുതയാണ്‌.  ഇത്തരമൊരു കേസിൽ സുപ്രീം കോടതിയുടെ ഈ നടപടി ഉചിതമായോ എന്നു പരിശോധിക്കാൻ ഒരു മാദ്ധ്യമ പ്രവർത്തകനുമുണ്ടായില്ല.  കാരണം നമ്മുടെ മാദ്ധ്യമ പ്രവർത്തകർക്ക്‌ ചർച്ച ചെയ്യാനിഷ്ടം കാതലായ   വിഷയങ്ങളല്ല. അവിടെ പഠനവും അദ്ധ്വാനവും ആവശ്യമാണെന്ന്‌ അവർക്കറിയാം.  സുപ്രീംകോടതി വിധിയിൽ തങ്ങൾക്കാഘോഷമാക്കാനുള്ളതെല്ലാം ഉണ്ടെന്ന്‌ അവർ കണ്ടെത്തുകയായിരുന്നു.  ഇന്ന്‌ മാദ്ധ്യമ പ്രവർത്തനം തന്നെ കച്ചവടക്കണ്ണുള്ള ആഘോഷമാകുമ്പോൾ, ഉച്ചവെയിലിന് ഏറെ തീഷ്ണതയുള്ള സത്യത്തെപ്പോലും തമസ്കരിക്കാവുന്നതേയുള്ളൂ.
    തന്നെ ക്രൂരമായി പീഡിപ്പിച്ചവരിൽ ഒരാൾ ഇപ്പോൾ രാജ്യസഭാ ഉപാദ്ധ്യക്ഷണായിട്ടുള്ള പി.ജെ കുര്യനായിരുന്നു എന്ന്‌ ഇരയായ പെൺകുട്ടി              17 വർഷിത്തിനു മുമ്പെന്നപോലെ ഇപ്പോഴും പറയുന്നു എന്നതാണ്‌ പ്രധാന മാദ്ധ്യമ വിഷയം.  ശരിയാണ്‌, ഇത്‌ വാർത്താ പ്രാധാന്യമില്ലാത്ത വസ്തുതയല്ല.  പ്രധാനപ്പെട്ട വാർത്ത തന്നെയാണ്‌. പക്ഷെ, ഇന്ന്‌ കേരള സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഇതാണ്‌ എന്ന നിലയിലുള്ള മാദ്ധ്യമ ശൈലി അഭിലഷണീയമോ എന്നതാണ്‌ ഇവിടെ ചർച്ച ചെയ്യുന്നത്‌.  വസ്തുതകളെ; സംഭവങ്ങളെ വാർത്തയാക്കുക, എന്ന സമീപനം ഇക്കാര്യത്തിൽ മാദ്ധ്യമങ്ങൾ സ്വീകരിച്ചിരുന്നുവേങ്കിൽ, പെൺകുട്ടിയുടെ വെളിപ്പെടുത്തലും പരിണതികളും സ്വാഭാവികമായി നേടി എടുക്കാവുന്ന ജനശ്രദ്ധ എത്രമാത്രമാണോ അത്രമാത്രമേ, ഈ വർത്തയ്ക്ക്‌ കേരളീയ സമൂഹത്തിൽ സ്ഥാനമുള്ളൂ എന്നതാണ്‌ വാസ്തവം.  ബാക്കിയുള്ളതെല്ലാം ഇന്നത്തെ മാദ്ധ്യമ പ്രവർത്തന ശൈലിയുടെ പ്രത്യേക സൃഷ്ടികളാണ്‌.  കുര്യൻ നിയമത്തിനു മുന്നിൽ തെറ്റു ചെയ്തു എങ്കിൽ ശിക്ഷിക്കപ്പെടുകതന്നെ വേണം.  അതിനായി മാദ്ധ്യമങ്ങൾ നിലകൊള്ളുകയും വേണം. എന്നാൽ പി.ജെ. കുര്യന്റെ ചോരകുടിക്കാതെ ഞങ്ങൾ പേനയും മൈക്കും താഴെ വയ്ക്കില്ല എന്നൊരു വാശി മാദ്ധ്യമ പ്രവർത്തകർ കൈക്കൊള്ളുന്നത്‌ 'മീഡിയാ ആക്ടീവിസ'മായി മാറുന്നു. വിചാരണ നടത്താനും വിധിക്കാനും മാദ്ധ്യമ പ്രവർത്തകർക്ക്‌ ആരാണ്‌ അധികാരം നൽകിയിട്ടുള്ളത്‌? സാക്ഷികളെ സൃഷ്ടിക്കലും കേസിന്റെ ഗതി നിർണ്ണയിക്കലും മാദ്ധ്യമ പ്രവർത്തനത്തിന്റെ ഭാഗമാണോ? ടി.വി.യിൽ മുഖം കാണിക്കാൻ വ്യഗ്രതപൂണ്ടു നിൽക്കുന്നവന്റെ വാക്കുകൾ പോലും വേദപുസ്തകത്തിലെ അരുളപ്പാടുകൾ പോലെ, സ്വന്തം നിലയിലുള്ള അന്വേഷണമോ പഠനമോ ഇല്ലാതെ സമൂഹത്തിനു മുന്നിൽ പ്രദർശിപ്പിക്കുന്നതാണോ മാദ്ധ്യമ പ്രവർത്തനം.
    പി.ജെ. കുര്യനെപ്പൊലൊരാൾ സംശുദ്ധി തെളിയിച്ചുകൊണ്ടുമാത്രം പൊതുരംഗത്ത്‌ നിലകൊള്ളുകയാണ്‌ വേണ്ടത്‌. അതിനുള്ള അന്വേഷണങ്ങളും കോടതി നടപടികളും പല ഘട്ടങ്ങളിലായി കഴിഞ്ഞിരുന്നു എന്നതും വസ്തുതയാണ്‌. ഇനി ഒരന്വേഷണം നടത്തിയാൽ, പിന്നെയും കുറ്റക്കാരനല്ലെന്ന്‌ തെളിഞ്ഞാൽ, ഇരയായ പെൺകുട്ടിക്കും ഇവിടത്തെ മാദ്ധ്യമ പ്രവർത്തകർക്കും തൃപ്തിയാകുമോ എന്നചോദ്യവും പ്രസക്തമാണ്‌.  തൃപ്തികരമല്ലെങ്കിൽ എത്ര അന്വേഷണങ്ങൾ ഇതിന്റെ പേരിൽ ആവർത്തിക്കണം ?  എങ്ങനെയും പി.ജെ.കുര്യൻ കുറ്റക്കാരനെന്ന്‌ വിധിക്കുന്നതുവരെയോ? അതല്ലാ കുര്യന്റെ ഇടപെടൽ മൂലമാണ്‌ സത്യം തെളിയാതെ പോയത്‌ എന്നാണെങ്കിൽ ഇടപെടലിന്റെ തെളിവുകൾ സഹിതം കോടതിയെ സമീപിക്കുകയല്ലേ വേണ്ടത്‌? അത്തരമൊരു അഭിപ്രായ രൂപീകരണമല്ലേ മാദ്ധ്യമങ്ങളുടെ ഭാഗത്തു നിന്ന്‌ ന്യായമായും ഉണ്ടാകേണ്ടത്‌.             
        ആ സ്ഥാനത്ത്‌ ഇവർ ചെയ്യുന്നതോ? അധികാരി വർഗ്ഗത്തിന്റെ മേലങ്കി അണിയുന്ന രാഷ്ട്രീയക്കാരെ ഇരയായിക്കിട്ടുമ്പോൾ കടിച്ചുകീറാനുള്ള വ്യഗ്രത സ്വാഭാവികമാണ്‌. എന്നാൽ അതിൽ വൈരനിര്യാതന ബുദ്ധി തെല്ലും അരുത്‌.   കടിച്ചു കീറാൻ നൽകുന്ന മാദ്ധ്യമ പ്രവർത്തകരിൽ എത്രപേർക്ക്‌ കയ്യിലിരിക്കുന്ന കണ്ണാടി സ്വന്തം മുഖത്തിനു നേരേ പിടിക്കാനുള്ള ധൈര്യമുണ്ടാകും? നിങ്ങളുടെ ചെയ്തികൾ അന്വേഷിക്കാനും കണ്ടെത്താനും ചർച്ച ചെയ്യാനും, വാർത്ത സൃഷ്ടിക്കാനും ഇവിടെ ആരും മിനക്കെടുന്നില്ല എന്ന സൗകര്യമല്ലേ നിങ്ങൾ അനുഭവിച്ചു വരുന്നത്‌?
    ഈ കേസുമായി ബന്ധപ്പെട്ട്‌ മാദ്ധ്യമങ്ങൾ സൃഷ്ടിച്ച മറ്റൊരു വിവാദമായിരുന്നു റിട്ട. ജസ്റ്റിസ്‌ ആർ. ബസന്ത്‌ സ്വകാര്യ സംഭാഷണത്തിൽ നടത്തിയ ചില പരാമർശങ്ങൾ. ജസ്റ്റീസ്‌ ബസന്ത്‌ നീതിബോധമുള്ള ന്യായാധിപൻ എന്ന നിലയിൽ ഖ്യാതി നേടിയ വ്യക്തിയാണ്‌. അദ്ദേഹം പറയുന്നത്‌ ശരിയാണെങ്കിൽ, റിപ്പോർട്ട്‌ ചെയ്യില്ല എന്ന ഉറപ്പിന്മേലാണ്‌ ഒരു ചാനലിന്റെ റിപ്പോർട്ടർ കൂടി ഉൾപ്പെട്ട സ്വകാര്യ സദസ്സിൽ അദ്ദേഹം ചില കാര്യങ്ങൾ പറഞ്ഞത്‌.  അങ്ങനെയെങ്കിൽ വാക്കുതെറ്റിച്ച്‌ സ്വന്തം ഖ്യാതിയും കച്ചവടലാഭവും മാത്രം ലക്ഷ്യമാക്കി ആ റിപ്പോർട്ടർ ജസ്റ്റീസ്‌ ബസന്തിന്റെ വാക്കുകൾ വാർത്തയാക്കി വിവാദം സൃഷ്ടിച്ചതു ശുദ്ധവിരവക്കേടും വ്യക്തിത്വമില്ലായ്മയുമാണ്‌. ഈ പ്രവൃത്തിയെ ന്യായീകരിച്ചുകൊണ്ട്‌ മറ്റൊരു ചാനലിലെ പ്രമുഖ അവതാരക ചോദിച്ചതു മാദ്ധ്യമ റിപ്പോർട്ടർ അടങ്ങിയ സദസ്സിൽ ഇത്‌ പറയുമ്പോൾ അത്‌ വാർത്തയാകുമെന്ന്‌ ജസ്റ്റീസ്‌ ബസന്തിന്‌ ചിന്തിക്കാമായിരുന്നില്ലേ എന്നാണ്‌. 'ജെന്റിൽമാൻ ഡീഡ്‌'           എന്ന ഭാഷാ പ്രയോഗം എങ്ങനെയുണ്ടായി എന്ന്‌ ഇക്കൂട്ടർ ചിന്തിക്കുന്നത്‌ നന്നായിരിക്കും.  തന്റെ സ്വകാര്യസദസ്സുകളിൽ 'ജെന്റിൽ' അല്ലാത്തവരെ കൈകാര്യ ചെയ്തുള്ള പരിചയം ഒരു പക്ഷെ അദ്ദേഹത്തിനുണ്ടായിരുന്നിരിക്കില്ല. മാദ്ധ്യമ പ്രവർത്തകരെല്ലാം 'ജെന്റിൽ' ആണെന്നു ചിന്തിച്ചുപോയതും അദ്ദേഹത്തിനു സംഭവിച്ച തെറ്റായിരിക്കാം.  ഒളിക്യാമറയ്ക്ക്‌ ഇരയാകേണ്ട വ്യക്തിത്വമല്ല തന്റേതെന്ന്‌ അദ്ദേഹത്തിനുറപ്പുണ്ടായിരുന്നതുമാകാം കാരണം.
    എന്താണ്‌ സ്വകാര്യ സംഭാഷണത്തിൽ ജസ്റ്റീസ്‌ ബസന്ത്‌ പറഞ്ഞത്‌? സൂര്യനെല്ലിക്കേസ്‌ ഹൈക്കോടതി ഡിവിഷൻ ബഞ്ചിനു മുമ്പാകെ എത്തിയപ്പോൾ, താൻ കൂടി ഒപ്പുവച്ചതും ജസ്റ്റീസ്‌ ഗഫൂർ എഴുതിയുമായ വിധിന്യായത്തിലെ കണ്ടെത്തലുകളെപ്പറ്റിയാണ്‌ ജസ്റ്റീസ്‌ ബസന്ത്‌ സംസാരിച്ചതു.  ഇതാണ്‌ ഒളിക്യാമറയിൽ പകർത്തി 'എസ്ക്ലൂസീവ്‌' ആയി ചാനൽ ദൃശ്യ വിരുന്നാക്കിയത്‌.  പാവം റിപ്പോർട്ടർ! ഈ ഒളിക്യാമറ കൈയിലെടുക്കും മുമ്പ്‌, ആ ഹൈക്കോടതി വിധി ഒന്നു വായിക്കാൻ ശ്രമിച്ചിരുന്നു എങ്കിൽ ഈ വാർത്തയ്ക്ക്‌ ഒരു പുതുമയുമില്ലെന്നും, എസ്ക്ലൂസീവ്നെസ്‌ തീരെയില്ലാത്തത്താണിതെന്നും ബോധ്യപ്പെടുമായിരുന്നു.  പക്ഷെ, വിധിന്യായത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഇന്ന്‌ പൊതുരേഖയാണ്‌. അവർ അതിനല്ല ശ്രമിച്ചതു.  കച്ചവടക്കണ്ണുകൾക്കപ്പുറം ആന്ധ്യം ബാധിച്ചവരാണോ നമ്മുടെ ഇന്നത്തെ മാദ്ധ്യമ പ്രവർത്തകരിലേറെയും എന്നു സംശയിച്ചു പോയാൽ അതൊരു കുറ്റമായി കാണരുത്‌.
    എന്നാൽ പുതുമയുള്ളതും പ്രസക്തവുമായ ഒരു 'പോയിന്റ്‌' ഇതിനിടയിൽ ജസ്റ്റീസ്‌ ബസന്ത്‌ ചൂണ്ടിക്കാട്ടിയിരുന്നു.  നിർഭാഗ്യവശാൽ അതേപ്പറ്റി ചിന്തിക്കാനും ചർച്ച നടത്താനും അന്വേഷിക്കാനും നമ്മുടെ മാദ്ധ്യമ പ്രവർത്തകർക്കാർക്കും കഴിഞ്ഞില്ല. അതുതന്നെയാണ്‌ മാദ്ധ്യമപ്രവർത്തനത്തിലെ ആനുകാലിക ദുരന്തവും.  ഹൈക്കോടതി വിധികേട്ട്‌ സുപ്രീം കോടതി ഞെട്ടി എന്നതിനെപ്പറ്റി ജസ്റ്റിസ്‌ ബസന്ത്‌ പറഞ്ഞത്‌ 'സുപ്രീം കോടതി വിധി വായിക്കാത്തതു കൊണ്ടാവും ഞെട്ടിയത്‌' എന്നാണ്‌.  ഈ ലേഖനത്തിന്റെ തുടക്കത്തിൽ ചൂണ്ടിക്കാട്ടിയതും ഈ വിഷയം തന്നെയാണ്‌.  ഇങ്ങനെയൊരു പരാമർശം ഒരു ന്യായാധിപനിൽ നിന്ന്‌ ഉണ്ടായിട്ടുപോലും അതിന്റെ 'പൊരുൾ' അന്വേഷിക്കണമെന്ന താൽപര്യം ഒരു മാദ്ധ്യമ പ്രവർത്തകനുമുണ്ടായില്ല.  അദ്ദേഹം പറഞ്ഞത്‌ വസ്തുതയാണെങ്കിൽ നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്കു സംഭിവിച്ചിട്ടുള്ളതും മാദ്ധ്യമ പ്രവർത്തകർക്കും സംഭവിച്ചിട്ടുള്ളതും ഒരേ ദുരന്തമാണെന്ന്‌ മനസ്സിലാക്കേണ്ടിവരും.
    മാദ്ധ്യമങ്ങളെ സംബന്ധിച്ചിടത്തോളം സൂര്യനെല്ലി പെൺകുട്ടി, ആനുകാലിക മാധ്യമങ്ങളുടെ കച്ചവട താൽപര്യങ്ങൾക്കിണങ്ങുന്ന ഒന്നാന്തരം ഒരിരയാണ്‌.  അതിനിണങ്ങുന്ന രക്തസാക്ഷി പരിവേഷമാണ്‌ ആ കുട്ടിക്ക്‌ മാധ്യമങ്ങൾ ചാർത്തികൊടുത്തിട്ടുള്ളത്‌. സുപ്രീം കോടതിയിൽ ഈ കേസ്‌ നിദ്രപൂണ്ടിരുന്നപ്പോൾ ആ വിഷയം തന്നെ വിസ്മൃതിയിലായിരുന്നു.  ഒരു മിന്നൽപ്പിണർ പോലൊരു വിധി വന്നപ്പോൾ മാധ്യമങ്ങളുടെ ഒഴുക്ക്‌ സൂര്യനെല്ലിയിലേക്കായി.  ആ പെൺകുട്ടിക്ക്‌ ഒരു ജീവിതം നൽകി സുരക്ഷിതത്വം നൽകുന്നതിന്‌ എന്തെങ്കിലും സഹായമരുളാൻ ഈ മാദ്ധ്യമങ്ങളോ ഒപ്പം നിന്ന്‌ ചരടുവലിക്കുന്നവരോ ഇതുവരെ തയാറായിട്ടില്ല.  എല്ലാവർക്കും നിർണ്ണയിക്കപ്പെട്ട അജണ്ടകൾക്കനുസരിച്ച്‌ സംഭവഗതികൾ കൊണ്ടെത്തിക്കുക എന്നതിലാണ്‌ നോട്ടം.  രക്തസാക്ഷി പരിവേഷവും നൽകി ചുറ്റും കൂടുന്നവർ മറ്റൊരിരയെക്കിട്ടുമ്പോൾ വലിച്ചെറിഞ്ഞുപോകുമെന്ന്‌ മനസ്സിലാക്കാൻ ഇനിയും ആ പാവം പെൺകുട്ടിക്ക്‌ കൂടുതൽ അനുഭവങ്ങൾക്കായി കാത്തിരിക്കേണ്ടി വന്നേക്കാം.
    ഇപ്പോൾ വിവാദമായിരിക്കുന്ന ഹൈക്കോടതി വിധി ന്യായത്തിൽ ജസ്റ്റീസ്‌ ബസന്ത്‌ എഴുതിയ വരികളിലെ അനുകമ്പയും സഹാനുഭൂതിയും ഇന്ന്‌ ഏത്‌ മാദ്ധ്യമ പ്രവർത്തകരാണ്‌; ഏത്‌ അഭ്യുദയകാംക്ഷിയാണ്‌ ഈ പെൺകുട്ടിയോട്‌ പ്രകടിപ്പിക്കുന്നത്‌ എന്ന്‌ കേരള സമൂഹം വിലയിരുത്തട്ടെ. വിധി ന്യായത്തിൽ അനുബന്ധമായി അദ്ദേഹം എഴുതിയതിതാണ്‌. 'നാമിപ്പോൾ ജീവിക്കുന്നത്‌ ശക്തമായ ഒരു ഉപഭോക്തൃ സമൂഹത്തിലാണ്‌. അതു കൊണ്ടുതന്നെ ഒട്ടനവധി പ്രലോഭനങ്ങൾക്ക്‌ ഒരു ചെറിയ പെൺകുട്ടി വിധേയയായിത്തീർന്നു എന്നിരിക്കും. യഥാർത്ഥ ജീവിത മൂല്യങ്ങൾക്കു വില നൽകി ഈ മാതിരി പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള കരുത്ത്‌ ആ പെൺകിട്ടിക്ക്‌ നൽകിയേ മതിയാകൂ. അങ്ങനെയുള്ള പെൺകുട്ടിയെ വഴിതെറ്റിപ്പോയവൾ എന്നു പഴിക്കുകയോ അല്ലെങ്കിൽ അവളുടെ വിധി എന്നു പറഞ്ഞ്‌ അവളെ തള്ളുകയോ ചെയ്യുന്നതിൽ കാര്യമില്ല.  അത്‌ അത്തരം പെൺകുട്ടികൾ ജനിച്ചു വളരാൻ നിർബന്ധിതമായ പരിതസ്ഥിതികളുടെ ഫലമായതു കൊണ്ട്‌ അതവരുടേതെറ്റല്ലെന്നു മനസ്സിലാക്കി അവരോട്‌ സഹതപിക്കാൻ സമൂഹത്തിനു കഴിയണം.  ഭാവി പൗരന്മാരായ അവരിൽ ജീവിതത്തിന്റെ യാഥാർത്ഥമൂല്യം വളർത്തിയെടുക്കുന്നതിനാവശ്യമായ വിദ്യാഭ്യാസവും അറിവും നൽകുന്നതിനുള്ള ബാധ്യതയാണ്‌ ഒരു മതേതര രാഷ്ട്രത്തിനുള്ളത്‌'.

23 Feb 2013

കർഷകക്കൂട്ടായ്മകളുടെ വിജയത്തിന്‌ പദ്ധതികളുടെ കൺവേർജൻസ്‌


ടി.കെ.ജോസ്‌ ഐ എ എസ് 
ചെയര്‍മാന്‍, നാളികേര വികസന ബോര്‍ഡ് 

ഒരു വർഷത്തെ ആലസ്യത്തിൽ നിന്നും നാളികേര വില അൽപ്പം ഉണർവ്വ്വ്‌ കാണിച്ച്‌ തുടങ്ങിയിരിക്കുന്നു. നമ്മുടെ കൂട്ടായ പ്രവർത്തനവും ജനപ്രതിനിധികളുടെ പാർലമന്റിലെ ഇടപെടലുമൊക്കെ വിലയിലെ ഉണർവ്വിന്‌ സഹായകരമായിട്ടുണ്ട്‌. ഇത്തരത്തിലുള്ള പ്രവർത്തനം നാളികേരത്തിന്‌ വിലസ്ഥിരത നേടുന്നതിനും ആവശ്യമുണ്ട്‌. തന്നെയുമല്ല മെച്ചപ്പെട്ട താങ്ങുവില കൂടിയുണ്ടെങ്കിലേ, വിലയിലെ ഉണർവ്വ്വ്‌ നിലനിർത്താനാവുകയുള്ളൂ. ഈ വർഷത്തെ കൊപ്രസംഭരണത്തിന്‌ ഫെഡറേഷനുകളെ സംസ്ഥാനതല നോഡൽ ഏജൻസിയാക്കി മാറ്റുന്നതിനും നമുക്ക്‌ പരിശ്രമിക്കേണ്ടതുണ്ട്‌.
ഒരു കേരവൃക്ഷത്തിന്‌ സൂര്യപ്രകാശവും ജലവും കാർബൺ ഡയോക്സൈഡും ഓലകളിലെ ക്ലോറോഫിലും കൂടിച്ചേരുമ്പോഴാണ്‌ പ്രകാശസംശ്ലേഷണം വഴി ഊർജ്ജം സംഭരിക്കാനും ഭക്ഷണമുത്പാദിപ്പിക്കാനും കഴിയുന്നത്‌. വേരുപടലങ്ങൾ, ജലവും മൂലകങ്ങളും ആഗിരണം ചെയ്ത്‌ തടിയിലും ഓലകളിലുമെല്ലാം എത്തിച്ചെങ്കിൽ മാത്രമേ ശരിയായ വിളവുണ്ടാകൂ. മണ്ണിലെ ജലാംശവും, അമ്ല-ക്ഷാര നിലയും സൂക്ഷ്മ മൂലകങ്ങളും വളംപോലെ തന്നെ പ്രധാനമാണ്‌. ഇങ്ങനെ വിവിധ ഘടകങ്ങളുടെ ഉചിതമായൊരു സംയോജനം വഴിയാണ്‌ അചേതനമായ വസ്തുക്കളിൽ നിന്നും ഒരു കേരവൃക്ഷത്തിന്‌ ഇളനീരും നാളികേരവും ഉത്പാദിപ്പിക്കുവാൻ കഴിയുന്നത്‌. കർഷകരുടെ പ്രവർത്തനവിജയത്തിനും ഇത്തരത്തിലൊരു കൂട്ടായ്മ ആവശ്യമാണ്‌. വിവിധ ഘടകങ്ങൾ, യഥാസമയത്ത്‌ വേണ്ടരീതിയിൽ ഒരുമിച്ച്‌ ചേർത്ത്‌ ആ ഘടകങ്ങളുടെ ആകെത്തുകയേക്കാൾ റിസൾട്ടുണ്ടാക്കുന്നതിനെയാണ്‌ കൺവേർജൻസ്‌ എന്നതുകൊണ്ട്‌ വിവക്ഷിക്കുന്നത്‌.
കാർഷിക മേഖലയിൽ പദ്ധതികളില്ലാത്തതിനാലോ, സാങ്കേതികവിദ്യയില്ലാത്തതിനാലോ, പദ്ധതികൾക്കാവശ്യമായ വിഹിതം ഇല്ലാത്തതിനാലോ അല്ല പലപ്പോഴും ഇച്ഛിക്കുന്ന രീതിയിലുള്ള ഫലമുളവാകാതെ പോകുന്നത്‌. 


നല്ല വെയിലത്ത്‌ ഒരുകഷണം പഞ്ഞി വെച്ചാൽ അതിന്‌ തീ പിടിക്കില്ല. എന്നാൽ ഒരു കോൺവെക്സ്‌ ലെൻസ്‌ ഉപയോഗിച്ച്‌  പ്രകാശരശ്മികളെ ആ പഞ്ഞിക്കഷണത്തിലേക്ക്‌ കേന്ദ്രീകരിച്ചാലോ? നിമിഷങ്ങൾക്കകം തീജ്വാലയുണ്ടാകുന്നത്‌ കാണാം. ചിതറിപ്പൊയ്ക്കോണ്ടിരിക്കുന്ന പ്രകാശരശ്മികളെ ഉചിതമായ ലെൻസ്‌ ഉപയോഗിച്ച്‌ ഫോക്കസ്‌ ചെയ്യുമ്പോൾ അവയുടെ കേന്ദ്രീകരണം വഴി താപനില ഉയരുന്നതിനും അഗ്നി ജ്വലിപ്പിക്കുന്നതിനും കഴിയും. വിവിധ വകുപ്പുകളുടേയും ഏജൻസികളുടേയും സ്ഥാപനങ്ങളുടേയും പ്രവർത്തനങ്ങളും സൂര്യരശ്മികൾ പോലെ സമാന്തരമായി നടത്തിക്കൊണ്ടിരിക്കുകയാണ്‌. എന്നാൽ ഉചിതമായ രീതിയിൽ ഈ പ്രവർത്തനങ്ങൾക്ക്‌ ഫലം കണ്ടെത്താൻ കഴിയുന്നുണ്ടോ? സംശയിക്കേണ്ട; ഇല്ല എന്നു തന്നെയാണ്‌ ഉത്തരം. നാളികേര കർഷകർക്കുള്ള പദ്ധതികളിലെങ്കിലും സമാന്തരമായി പൊയ്ക്കൊണ്ടിരിക്കുന്ന സൂര്യപ്രകാശ രശ്മികളെപ്പോലെ നടപ്പാക്കുന്ന പദ്ധതികളെ  ഉചിതമായ തലത്തിൽ ഫോക്കസ്‌ ചെയ്യിക്കാൻ കഴിഞ്ഞാലോ? മെച്ചപ്പെട്ട പ്രവർത്തന വിജയം നമുക്ക്‌ നേടാനാവുമെന്നതിൽ സംശയമുണ്ടോ?
ഏതു തലത്തിലാണ്‌ ഇത്തരം പ്രവർത്തനങ്ങളെ കൂട്ടിയോജിപ്പിക്കാൻ കഴിയുക? ഇതിനുള്ള ഉത്തരം കർഷക കൂട്ടായ്മകൾ എന്നു തന്നെയാണ്‌. ഇപ്പോൾ സിപിഎസുകളും ഫെഡറേഷനുകളും ധാരാളമായി രൂപീകരിച്ചുകൊണ്ടിരിക്കുകയാണ്‌; കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും. കേരളത്തിൽ സിപിഎസുകളുടെ എണ്ണം 1900വും ഫെഡറേഷനുകൾ 60 ഉം ആയിക്കഴിഞ്ഞു. കർഷകകൂട്ടായ്മകളെ കേന്ദ്രബിന്ദുവാക്കിക്കൊണ്ട്‌ വിവിധ ഏജൻസികളുടേയും വകുപ്പുകളുടേയും കേരകൃഷിക്കായുള്ള പദ്ധതികൾ ഒരുമിച്ച്‌ നടപ്പാക്കുന്നതിനാണ്‌ ഇനി ശ്രദ്ധവെയ്ക്കേണ്ടത്‌. കേരളത്തിലെ കേരകർഷകർക്കായി സംസ്ഥാന കൃഷിവകുപ്പിന്റേയും ഹോർട്ടികൾച്ചർ മിഷൻ, വിഎഫ്പിസികെ, എച്ച്പിഡി കോർപറേഷൻ, എസ്‌എഫ്‌ഏശി, ആത്മ എന്നീ ഏജൻസികളുടേയും ഏതെല്ലാം പദ്ധതികൾ നമുക്ക്‌ പ്രയോജനപ്പെടുത്താൻ കഴിയുമെന്ന്‌ സിപിഎസുകളും ഫെഡറേഷനുകളും ചിന്തിക്കേണ്ടതുണ്ട്‌. അതുപോലെത്തന്നെയാണ്‌ ആർകെവിവൈ, എൻആർഎൽഎം തുടങ്ങിയ കേന്ദ്രാവിഷ്കൃത കാർഷിക പദ്ധതികളും. ഇടവിളക്കൃഷിക്കായി കാഷ്യൂ-കൊക്കോ ഡയറക്ടറേറ്റ്‌, സ്പൈസസ്‌ ബോർഡ്‌ തുടങ്ങിയ സ്ഥാപനങ്ങളുടെ പദ്ധതികൾ ഉപയോഗപ്പെടുത്തുവാൻ കഴിയില്ലേ? കയർബോർഡിന്റെ വിവിധ സ്കീമുകൾ തൊണ്ടുസംഭരണത്തിനും, ഡീ ഫൈബറിംഗ്‌ യൂണിറ്റുകൾക്കും പ്രയോജനപ്പെടുത്താനുള്ള സാദ്ധ്യതകൾ ആരായണം. ഭക്ഷ്യ-സംസ്ക്കരണ മന്ത്രാലയത്തിന്റേയും നാഷണൽ ഹോർട്ടികൾച്ചർ ബോർഡിന്റേയും സ്കീമുകളും കർഷക കൂട്ടായ്മകൾ വഴി പ്രയോജനപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്‌.


എങ്ങനെയാണ്‌ മേൽപ്പറഞ്ഞ വകുപ്പുകളുടേയും ഏജൻസികളുടേയും പദ്ധതികൾ കേരകർഷകർക്കായി പ്രയോജനപ്പെടുത്തുക? ആദ്യമായി ഇക്കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ അറിവുണ്ടാകണം. ഈ ലക്കം മാസിക കൺവേർജൻസ്‌ സ്പേഷ്യലായി പ്രസിദ്ധീകരിക്കുന്നത്‌ ഇക്കാര്യം മനസ്സിൽകണ്ടാണ്‌. ഈ ലക്കത്തിലും വരും ലക്കങ്ങളിലുമായി മേൽസൂചിപ്പിച്ച ഏജൻസികളെപ്പറ്റിയുള്ള വിവരങ്ങളും അവരുടെ പദ്ധതികളും, അവയിൽ കേരകർഷകർക്ക്‌ പ്രയോജനപ്പെടുത്താവുന്നവയെപ്പറ
റിയുള്ള വിവരങ്ങളും കർഷകർക്കും കർഷകകൂട്ടായ്മകൾക്കും നൽകിത്തുടങ്ങുകയാണ്‌. ഇവ വായിച്ച്‌ മനസ്സിലാക്കി വ്യക്തമായ അവബോധം സൃഷ്ടിക്കലാണ്‌ അടുത്ത പടി. സാക്ഷരതയിൽ ഒന്നാം സ്ഥാനത്താണെങ്കിലും വ്യക്തമായ അറിവുകൾ പല വിഷയങ്ങളെക്കുറിച്ച്‌ നാം വളർത്തിയെടുക്കേണ്ടതുണ്ട്‌. ഈ ഏജൻസികളുടെ പദ്ധതികൾ കർഷക കൂട്ടായ്മകൾ വഴി പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുകയാണ്‌ അടുത്തപടി. സിപിഎസ്‌, ഫെഡറേഷൻ ഭാരവാഹികളും ജില്ലാ ചാർജ്ജ്‌ ഓഫീസർമാരും ഇക്കാര്യത്തിൽ മുൻകയ്യെടുക്കണം. ഓരോ പദ്ധതികൾക്കും ഏത്‌ ഓഫീസ്‌ വഴി ആരെ, എങ്ങനെ സമീപിക്കണം എന്ന്‌ വ്യക്തമായി അറിഞ്ഞ്‌ സിപിഎസുകളും ഫെഡറേഷനുകളും അതിനായി പരിശ്രമിക്കുകയും പ്രവർത്തിക്കുകയും വേണം. ജില്ലാ ചാർജ്ജ്‌ ഓഫീസർമാർ ഇതിന്‌ നേതൃത്വം നൽകുകയും വേണം.
അടുത്തപടി, നാളികേര മേഖലയിൽ നാമുണ്ടാക്കിയെടുത്ത കൂട്ടായ്മകളെപ്പറ്റിയും അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെപ്പറ്റിയും ഇപ്പോഴത്തെ അവസ്ഥയെപ്പറ്റിയും നമ്മുടെ അടുത്ത ഒരു വർഷത്തേയും പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്തേയും വ്യക്തമായ ലക്ഷ്യങ്ങളെക്കുറിച്ചും കേരകൃഷിയുമായി ബന്ധപ്പെട്ടതോ, കേരകർഷകർക്ക്‌ പ്രയോജനപ്പെടുത്തുവാൻ സാദ്ധ്യതയുള്ളതോ ആയ വകുപ്പുകളേയും ഏജൻസികളേയും അറിയിക്കുക എന്നതാണ്‌. പല വകുപ്പുകളുടേയും പ്രവർത്തനങ്ങൾ നേരിട്ട്‌ കർഷകകൂട്ടായ്മകൾ വഴി കർഷകരിലെത്തിക്കുവാനുള്ള സംവിധാനമായി സിപിഎസുകളേയും ഫെഡറേഷനുകളേയും കാണാൻ കഴിഞ്ഞാൽ അത്തരം പ്രവർത്തനങ്ങളിൽ പങ്കാളിത്തം നേടാൻ കഴിയും. പരസ്പരം അറിയുകയും അറിഞ്ഞ്‌ മനസ്സിലാക്കുകയും ചെയ്യുക എന്നതാണ്‌ കൂട്ടായ പ്രവർത്തനത്തിനുവേണ്ട ആദ്യച്ചുവട്‌വെയ്പ്‌. വ്യക്തമായ അറിവുകളും പരസ്പര വിശ്വാസവും കൂട്ടായ പ്രവർത്തനത്തിലേക്ക്‌ തന്നെ നയിക്കും. സിപിഎസുകളേയും ഫെഡറേഷനുകളേയും കാർഷിക മേഖലയിൽ പ്രത്യേകിച്ച്‌ കേരകർഷക മേഖലയിൽ ഗുണപരമായ മാറ്റങ്ങൾ ഉളവാക്കാൻ പറ്റിയ സംഘടനാ സംവിധാനമായി മാറ്റിയെടുക്കണം. അതിനായി ചിട്ടയായ പ്രവർത്തനം ആവശ്യമുണ്ട്‌. 
 പ്രവർത്തിക്കുന്ന സംഘങ്ങളെ മാത്രമേ ആളുകൾ ശ്രദ്ധിക്കൂ. വ്യക്തമായ പ്രവർത്തനശൈലി, പ്രവർത്തന രീതി, പ്രവർത്തനത്തിന്റേയും കൂട്ടായ്മയുടേയും സംസ്ക്കാരം, കൂട്ടായ തീരുമാനമെടുക്കൽ, സുതാര്യമായ കണക്ക്‌ സൂക്ഷിക്കൽ തുടങ്ങി ഒരു സിപിഏശിൽ വേണ്ട കാര്യങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിനാണ്‌ താഴെത്തട്ടുമുതൽ നാം ശ്രദ്ധിക്കേണ്ടത്‌. 2012 ജൂൺ ലക്കത്തിലെ മാസികയിൽ സിപിഎസുകളുടെ ആദ്യ ഒരു വർഷത്തെ പ്രവർത്തനങ്ങൾക്ക്‌ മാർഗ്ഗനിർദ്ദേശം നൽകുന്നതിന്‌ 10 കാര്യങ്ങൾ പ്രതിപാദിച്ചിരുന്നു. അതിൽ പത്താമതായി സൂചിപ്പിച്ചിരിക്കുന്നതും വിവിധ വകുപ്പുകളുടേയും ഏജൻസികളുടേയും സ്കീമുകൾ സിപിഎസ്‌ തലത്തിൽ ഏറ്റെടുത്ത്‌ നടത്തുക എന്നതായിരുന്നു. ചില സിപിഎസുകൾ എങ്കിലും ഈ മേഖലയിൽ കുറേ മുന്നോട്ട്‌ പോയിട്ടുണ്ട്‌.
നമ്മുടെ നാട്ടിൽ സിപിഎസുകളും ഫെഡറേഷനുകളും ഏറ്റവും കൂടുതൽ ബന്ധപ്പെടേണ്ട പ്രധാന സ്ഥാപനങ്ങൾ തൃത്താല പഞ്ചായത്തീരാജ്‌ സ്ഥാപനങ്ങളാണ്‌. ഗ്രാമ-ബ്ലോക്ക്‌-ജില്ലാ പഞ്ചായത്തുകളുടെ കാർഷികമേഖലയിലെ പദ്ധതികൾ കേരകർഷകർക്ക്‌ പ്രയോജനപ്പെടുത്തുന്നതിനായി നമുക്ക്‌ എന്തുചെയ്യാനാവും ? ഏറ്റവും ആദ്യഘട്ടം സിപിഎസുകളുടെ അംഗങ്ങൾ ഇത്തരം പ്രവർത്തനങ്ങളെപ്പറ്റി അറിയുകയും മനസ്സിലാക്കുകയും ചെയ്യുക എന്നതാണ്‌.  അത്തരം അറിവുകളുമായി ഗ്രാമസഭയിൽ നിർബന്ധമായും പങ്കെടുക്കണം. വാർഡ്‌ മെമ്പർമാരുമായി ആശയവിനിമയം നടത്തി ഗ്രാമസഭകളുടെ തീയതിയും സമയവും അറിഞ്ഞ്‌ എല്ലാ സിപിഎസ്‌ അംഗങ്ങളും പങ്കെടുക്കുക.കേവലം ഔദാര്യങ്ങളോ, സൗജന്യങ്ങളോ ആവശ്യപ്പെടാനല്ല ഈ പങ്കാളിത്തം; മറിച്ച്‌ കർഷകരുടെ, കേരകർഷകരുടെ പ്രശ്നങ്ങൾ തൃത്താല പഞ്ചായത്തുകളുടെ ശ്രദ്ധയിൽ കൊണ്ടുവരികയും അവിടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളിൽ കേരകർഷകരുടെ പങ്കാളിത്തം ഉറപ്പ്‌ വരുത്തുകയുമാണ്‌ വേണ്ടത്‌. പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനും ആശയങ്ങൾ നൽകുന്നതിനും സിപിഎസ്‌ അംഗങ്ങൾക്കും സഹായിക്കാൻ സാധിക്കും. കേരളത്തിലെ ചില ബ്ലോക്ക്‌ പഞ്ചായത്തുകൾ സിപിഎസുകളും ഫെഡറേഷനുകളുമായി നല്ല ബന്ധം സ്ഥാപിക്കുകയും പദ്ധതി പ്രവർത്തനങ്ങൾ സിപിഎസുകൾ വഴി നടത്തുന്നതിന്‌ തുടക്കമിടുകയും ചെയ്തിട്ടുണ്ട്‌. ഗ്രാമപഞ്ചായത്തുകൾ സിപിഎസുകൾക്കും ഫെഡറേഷനുകൾക്കും ചെറിയ റിവോൾവിംഗ്‌ ഫണ്ട്‌ നൽകാൻ പദ്ധതിയിട്ടുകൊണ്ടാണ്‌ തുടക്കം. അതുപോലെ തന്നെ കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അടുത്ത സീസണിലേക്ക്‌, ഒരുലക്ഷം തെങ്ങിൻ തൈകൾ തയ്യാറാക്കുന്ന പ്രവർത്തനം സിപിഎസുകൾ വഴിയാണ്‌ നടപ്പാക്കുന്നത്‌. സിപിഎസുകളെ പഞ്ചായത്തീരാജ്‌ സ്ഥാപനങ്ങളുടെ നിർവ്വഹണ ഏജൻസികളാക്കി മാറ്റിക്കൊണ്ടുള്ള ഗവണ്‍മന്റ്‌ ഉത്തരവ്‌ (നമ്പർ 18239/ഡിഎ1/11/തസ്വഭവ തീയതി 30-03-12) പുറപ്പെടുവിച്ചിരുന്നു.
നബാർഡിന്റെ കാർഷികമേഖലയിലെ പദ്ധതികളുമായി കൂടിച്ചേർന്ന്‌ സിപിഎസുകൾക്ക്‌ തീർച്ചയായും പ്രവർത്തിക്കാനാകും. വിവിധ ദേശസാൽകൃത ബാങ്കുകൾക്കും ഷെഡ്യൂൾഡ്‌ - കൊമേഴ്സ്യൽ ബാങ്കുകൾക്കും ഗ്രാമീൺ ബാങ്കുകൾക്കും കർഷകർക്കുള്ള വായ്പാ സ്കീമുകളും അവസരങ്ങളുമുണ്ട്‌. അവ പ്രയോജനപ്പെടുത്താനും കഴിയണം. എല്ലാ സിപിഎസ്‌ അംഗങ്ങൾക്കും ബാങ്ക്‌ അക്കൗണ്ടും കിസാൻ ക്രെഡിറ്റ്‌ കാർഡും എടുക്കാൻ കഴിയണം.

നാളികേരത്തിന്റ താങ്ങുവില ഉയർത്തുന്നതിന്‌ ആദ്യമായി എംപിമാർ വഴി കേന്ദ്ര ഗവണ്‍മന്റിനോട്‌ ആവശ്യപ്പെട്ട വർഷമായി 2013 മാറി. ചിന്നിച്ചിതറിക്കിടക്കുന്ന കർഷകർ കൂട്ടായ്മകളായി മാറുമ്പോഴാണ്‌ ഇത്തരം കൂട്ടായ പ്രവർത്തനങ്ങൾ വഴി ഗവണ്‍മന്റ്‌ നയങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന നിലയിലേക്ക്‌ ഉയരാനാവുക.
കേരകർഷകർ നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക്‌ ഇത്തരത്തിലുള്ള വിവിധ ഏജൻസികളുടെ കൂട്ടായ പ്രവർത്തനം വഴി ഉത്തരം തേടാൻ നമുക്കാവണം. കൂടാതെ മൂല്യവർദ്ധിത ഉൽപന്നങ്ങളും ധാരാളമായി തയ്യാറാക്കി വിപണിയിലെത്തിക്കുന്നതിനും ഇത്തരം കൺവേർജൻസ്‌ പ്രയോജനപ്പെടുത്താൻ കഴിയില്ലേ? റിവോൾവിംഗ്‌ ഫണ്ടിനുവേണ്ടി, ഒരു ഫെഡറേഷൻ മുന്നോട്ട്‌ വെച്ച ആശയം പരിഗണനയർഹിക്കുന്നു. ഫെഡറേഷനിലെ ഓരോ സിപിഏശിലേയും അംഗങ്ങളായ കർഷകരോട്‌ രണ്ട്‌ വിളവെടുപ്പ്‌ കാലത്തെ തൊണ്ട്‌ സൗജന്യമായി നൽകുവാനാണ്‌ അവർ ആവശ്യപ്പെട്ടിരിക്കുന്നത്‌. ഏകദേശം 8 ലക്ഷത്തോളം തൊണ്ട്‌ ഇത്തരത്തിൽ ഫെഡറേഷന്‌ റിവോൾവിംഗ്‌ ഫണ്ടായി സമാഹരിക്കുവാൻ കഴിയുമെന്ന്‌ പ്രതീക്ഷിക്കുന്നു. ഒരു തൊണ്ടിന്‌ ഒരു രൂപയെന്ന നിരക്കിൽ വില ലഭിച്ചാൽ മറ്റാരുടേയും മുമ്പിൽ കൈ നീട്ടാതെ തങ്ങൾക്കാവശ്യമായ ഫണ്ട്‌ സ്വരൂപിക്കാനാകും. ഇനി കയർ ബോർഡിന്റെ സഹായത്തോടെ ഒരു മൊബെയിൽ ഡീ ഫൈബറിംഗ്‌ യൂണിറ്റുകൂടി ഫെഡറേഷൻ തലത്തിൽ പ്രവർത്തിപ്പിച്ചാലോ? ഇന്ന്‌ നാം അവഗണിച്ച്‌ വലിച്ചെറിയുന്ന തൊണ്ടിൽ നിന്ന്‌ മൂല്യമുണ്ടാക്കാനാവും. ചിരട്ടയുടേയും കഥ ഇതുതന്നെ, ഒരു ചിരട്ടയ്ക്ക്‌ 75-80 പൈസയ്ക്കുള്ള മൂല്യമുണ്ട്‌.
അങ്ങനെ കേരകർഷകർക്കും കർഷക കൂട്ടായ്മകൾക്കും വിവിധ വകുപ്പുകൾക്കും ഗവണ്‍മന്റ്‌ ഏജൻസികൾക്കും ഒരേപോലെ വിജയം നേടാൻ (Win - Win - Win സാഹചര്യം) കൺവേർജൻസ്‌ എന്ന ആശയം വഴി സാധിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.
  

24 Jan 2013

അവന്‍

ശ്രീലക്ഷ്മി ഗോപാൽ

********
അവന്‍ അറിയാതെ പോകുന്നത്
എന്റെ പ്രണയമാണ്
അവന്‍ കാണാതിരിക്കുന്നത്
എന്റെ കരളാണ്
അവന്‍ കേള്‍ക്കാതെ പോകുന്നത്
എന്റെ വിങ്ങലാണ്

അവന്‍ ഇന്നും തേടിയലയുന്നത്
അവനിലുള്ളിലെ അവനെയാണ്‌
അവന് നഷ്ടമായ അവനെയാണ്‌ /
അവനറിയില്ലല്ലോ
അവന്‍ എന്റെ ഹൃദയത്തിലാണെന്ന്

പ്രിയനേ
നീ നിന്നെ അറിയാന്‍
നീ എന്നെ അറിയണം
നിനക്ക് വേണ്ടി വൃതമിരുന്ന്
എന്നേ ഞാന്‍ നീയായിത്തീര്‍ന്നു/
നിനക്ക് നിന്നെ നേടാന്‍
ഇനി എന്നെ നേടിയേ തീരൂ

22 Dec 2012

The prejudiced grip.



geetha munnurcode

A check, a cross or a band of cunning cops
What’s that standing and posing upright?
Casting shadows, grim and faint…..
In my paths of serene solidarity..…….?
Why am I pushed back?
And shunted
By an unseen force……..?

A prejudiced shrewdness
Seems to echo from nowhere,
Just to gulp my very existence.
Nay…! It’s my catch!
You would better grab not –

How serenely I had built up
Fineries in my deeds and dealings!
Now crushed and crackled
By an unexpected engine hand……!

Yes, I do grudge apologies
To my inner self, that
I could have foreseen
The things change colors often
And a man’s moods
Would change the entropy
Over turning and grounding
What comes his way !
Where the self is the only beneficiary!

സ്നേഹിത


സി.വി.പി.നമ്പൂതിരി

സ്നേഹിതേ ! വിശ്രമാലയം വിട്ടു നാം
വേര്‍പിരിയുന്നു നാളെപ്പുലരിയില്‍...

വോഡ്ക്കയും
പാട്ടുമായ് പാതിരാവിനെ
സ്നേഹസാന്ദ്രമാക്കുന്നു സഞ്ചാരികള്‍
ഇല്ലുറക്കം നമുക്കും ,വരാന്തയില്‍
വന്നിരിപ്പു നാം രണ്ടു സ്വപ്നാടകര്‍
രണ്ടുദിക്കില്‍ നിന്നെത്തീ,ഇടവേള

പോക്കിടുമ്പോള്‍ പരിചിതരായ്,പങ്കു-
വെച്ചു ദുഃഖങ്ങള്‍,ഓര്‍മ്മകള്‍,തേയില-
കാട്ടിലൂടെനടന്നു നാം സന്ധ്യയില്‍
'എന്തു ജീവിതം,ജീവിച്ചു തീര്‍ക്കലി -
ന്നപ്പുറം'-നിന്‍സ്വരം പെയ്തു മഞ്ഞു പോല്‍..
നിന്‍ ചിലമ്പുകള്‍ താളം മറന്നവ
നിന്‍ വിരലുകള്‍ മുദ്ര മറന്നവ
മുത്തുഹാരം തിളക്കം വെടിഞ്ഞത്
നിന്നരങ്ങിരുള്‍ മൂടിക്കിടപ്പത്
കാണികള്‍ ,കരഘോഷങ്ങള്‍,ഒക്കെയും
കണ്ടുമാഞ്ഞ കിനാവായിരുണ്ടത്
പ്രജ്ഞയില്‍ നിഴല്‍ നൃത്തങ്ങള്‍ ബാക്കിയാ-
യെന്നുപാടിനീയാര്‍ദ്ര സ്വരങ്ങളില്‍...
മഞ്ഞുപെയ്കെത്തണുപ്പായുറഞ്ഞു നാം
കുന്നുകേറുന്ന കാറ്റായ് കിതച്ചു നാം

മഞ്ഞുതുള്ളിയെ, ,പൂക്കളെ,വാര്‍മഴ-
വില്ലിനെ,പ്പാതിരാത്താരകങ്ങളെ
എന്തിനോ പ്രണയിച്ചവളാണു നീ
നീലമേഘച്ചിറകു മോഹിച്ചവള്‍
നിന്‍ മിഴികളില്‍ വായിച്ചെടുത്തു ഞാന്‍
താഴ്വരക്കാടു പൂവിട്ട ഭംഗികള്‍...
ദൂതു ചൊല്ലാതെ പോകും മുകിലുകള്‍
ആത്മദുഃഖങ്ങള്‍ പെയ്യുംനിശീഥികള്‍

ഒട്ടു നാളെന്റെ കൂട്ടിനുണ്ടായിരു-
ന്നെന്നപോലെ പരിചിതം നിന്‍ മുഖം.

പോകയാണുനാം നാളെ പുലരിയില്‍
ബാക്കിയെന്തോ പറയാന്‍ മറന്നുവോ?
ആരെനിക്കു നീ?ആരു നിനക്കു ഞാന്‍?
എന്തിനായ് വേദനിപ്പു വേര്‍പാടില്‍ നാം?

പാതിരാവും കഴിഞ്ഞു,സ്നേഹത്തിന്റെ
വീഞ്ഞു മാത്രം പകുത്തുപിരിഞ്ഞിടാം
നീ,എനിക്കെഴുതാന്‍ ബാക്കിയാകുന്നൊ-
രെന്‍ കവിത,നിലാവു നിറഞ്ഞത്‌.....

നിന്‍തപസ്സിലുണരട്ടെ ,മറ്റൊരു
സൂര്യ,നാത്മാവില്‍ വര്‍ണ്ണം വിതറുവാന്‍
കണ്ണെഴുതിച്ചണിയി ച്ചൊരുക്കുവാന്‍
വീണ്ടുമെത്തട്ടെയപ്സര കന്യകള്‍...
കാല്‍ച്ചിലമ്പിടുവിക്കട്ടെ സ്വപ്‌നങ്ങള്‍
കാലിടറാതെ യാത്ര തുടരുക.....

23 Nov 2012

ചരിത്രരേഖ


ഡോ.എം.എസ്‌.ജയപ്രകാശ്‌ 

ഗുരുനിന്ദയുമായി സി.ബി.എസ്‌.ഇ പാഠപുസ്തകം
    യുഗപുരുഷനും മാനവികതയുടെ മഹാസന്ദേശവാഹകനുമായ ശ്രീനാരായണഗുരുവിനെ ആസൂത്രിതമായി അവഹേളിക്കുവാൻ പാഠപുസ്തകങ്ങളെ കരുവാക്കുന്ന നികൃഷ്ട ലോബി സംസ്ഥാനതലം കടന്ന്‌ കേന്ദ്രപാഠപുസ്തകങ്ങളിലും 'ബുദ്ധിവൈഭവം' പ്രകടിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. സംസ്ഥാനത്തെ പത്താംക്ലാസ്‌ പാഠപുസ്തകത്തിൽ ഗുരുനിന്ദയുടെ വിത്ത്‌ വിതച്ചവർക്ക്‌ അത്‌ കൊയ്യാൻ കഴിയാതെ വന്നതിൽ ഇളിഭ്യരാണ്‌. സർക്കാർ വെബ്സൈറ്റിൽ തിരുത്തൽ കാണിച്ചിട്ടുണ്ടെങ്കിലും പാഠപുസ്തകത്തിൽ അതുമാറ്റാതെ ഗുരുനിന്ദയുടെ സംസ്ഥാനകാണ്ഡം നിലനിറുത്താനും, ഈ ദുഷ്ശക്തികൾ ശ്രമിക്കുന്നുണ്ട്‌. അപ്പോഴാണ്‌ ഇന്ത്യയിലെമ്പാടും സി.ബി.എസ്‌.ഇയുടെ എട്ടാം ക്ലാസ്‌ ചരിത്രപാഠപുസ്തകത്തിൽ ഗുരുവിനെ വികളമായി ചിത്രീകരിക്കുന്ന പാഠഭാഗം ഉണ്ടെന്ന കാര്യം പുറത്തുവന്നിരിക്കുന്നത്‌. തീർന്നില്ല കേന്ദ്ര സാഹിത്യഅക്കാദമി അവാർഡു പുസ്തകത്തിലും ഗുരുനിന്ദയുടെ കേന്ദ്രപർവ്വം കാണാം. സംസ്ഥാനകാണ്ഡം രചിച്ചതും കേന്ദ്രപർവ്വം രചിച്ചവരും ഒരേ തൂവൽപക്ഷികളും ജാതിരാക്ഷസിയുടെ കളിത്തോഴന്മാരുമാണ്‌. ഇതിനു പിന്നിൽ മലയാളി മാഫിയ സജീവമായുണ്ട്‌.
    സി.ബി.എസ്‌.ഇ പാഠപുസ്തകത്തിൽ  (പുറം. 116 our pasts- iii) ഗുരുനിന്ദ ഇങ്ങനെ: '' In what is present day Kerala, a guru from among low caste Ezhava, Shri Narayana Guru, proclaimed the ideals of unity for his people. He advocated equality of all within a single sect or caste. He inspired all of them to have faith in one guru alone that is he himself '' സ്വന്ത സമുദായത്തിനുള്ളിലെ സമത്വത്തിനും ഐക്യത്തിനും വേണ്ടിയാണ്‌ നാരായണഗുരു പ്രവർത്തിച്ചതു. ഒരു ഗുരുവിൽ മാത്രം വിശ്വസിക്കണമെന്നും ആ ഗുരുതാനാണെന്നും അദ്ദേഹം പറഞ്ഞുവത്രെ! ഭ്രാന്താലയത്തിനെതിരെ ജാതി ഭേദവും മതദ്വേഷവുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനത്തിനായി ആഹ്വാനം ചെയ്ത ഗുരുവിനെയാണ്‌ ഇപ്രകാരം വികലമാക്കി അവതരിപ്പിച്ചിരിക്കുന്നത്‌. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌ എന്ന അനുപമമായ സന്ദേശത്തെ തമസ്കരിച്ചിരിക്കുന്നു. മാത്രമല്ല ഒരു ജാതിയും ഒരു ഗുരുവും മാത്രമേ ഉള്ളുവേന്നും അത്‌ താനും ഈഴവസമുദായവുമാണെന്നും ഗുരു പ്രഖ്യാപിച്ചതായി കുട്ടികൾ പഠിക്കട്ടെയെന്ന ദുഷ്ടലാക്കാണ്‌ ഇതിനുപിന്നിലുള്ളത്‌. 
ഗുരുസന്ദേശങ്ങളുടെ സാർവ്വലൗകികതയേയും മാനവികതയേയും ബോധപൂർവ്വം  തമസ്കരിച്ച്‌ സങ്കുചിതജാതിചിന്തയുടെ വക്താവായിട്ടാണ്‌ ഈ ദുഷ്ടശക്തികൾ ഗുരുവിനെ ചിത്രീകരിച്ചിരിക്കുന്നത്‌. നൂറ്റാണ്ടുകളുടെ ജാതീയമായ അടിമത്തം പേറിയ മർദ്ദിതജനതയെ വിദ്യയിലൂടെ സ്വതന്ത്രരാക്കുകയും സംഘടനയിലൂടെ ശക്തരാക്കുകയും ചെയ്തുകൊണ്ട്‌ യഥാർത്ഥ ജനാധിപത്യവിപ്ലവം തുടങ്ങേണ്ടിടത്ത്‌ തുടങ്ങിവച്ച വിപ്ലവകാരിയെയാണ്‌ ഇപ്രകാരം അവഹേളിക്കുന്നത്‌.
    കേരളത്തിലെ പാഠപുസ്തകമാഫിയകളെ സ്വാധീനിച്ചതു ഗുരുനിന്ദയുടെ ആദ്യപാഠങ്ങൾ തന്നെയാവണം. എൻ.എസ്‌.എസ്സിന്റെ മുഖപത്രമായിരുന്ന 'മലയാളി' ഗുരുവിനെ ഈ വിധം അവഹേളിച്ചിരുന്നു. (15-04-1961) 'ഒരു ജാതി ഒരു പത്രം ഒരു തെങ്ങ്‌ മനുഷ്യന്‌' എന്ന ഹീനവും നിന്ദ്യവുമായ വാക്കുകളിലൂടെയാണ്‌ മഹത്തായ ഗുരുസന്ദേശത്തെയും അദ്ദേഹത്തിന്റെ സമുദായത്തെയും കേരളകൗമുദി പത്രത്തെയും ആക്ഷേപിച്ചതു. ഇതിൽ നിന്നും ഊർജ്ജം നേടിയ ഇന്നത്തെ ജാതിക്കോമാളികളാണ്‌ ദേശീയതലത്തിൽ ഗുരുനിന്ദയുടെ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്‌. കഴിഞ്ഞ നാലു വർഷക്കാലമായി ഈ പുസ്തകം പഠിപ്പിക്കുകയാണ്‌. ലക്ഷക്കണക്കിന്‌ വിദ്യാർത്ഥികളിലാണ്‌ ലോകാചാര്യനായ ഗുരുവിനെ സ്വയം ഗുരുവായ ഒരു ഗുരു മാത്രമായി ചിത്രീകരിച്ചിരിക്കുന്നത്‌. കേരളത്തിലെ പത്താംക്ലാസ്സ്‌ പുസ്തകത്തിൽ പറഞ്ഞത്‌ ചട്ടമ്പിസ്വാമികളുടെ ആശയങ്ങളും നിലപാടുകളുമാണ്‌ ഗുരു പ്രാവർത്തികമാക്കിയതെന്നാണ്.
 ആ നിലപാടായിരിക്കും ഇപ്പോൾ തൽപരകക്ഷികൾ സി.ബി.എസ്‌.ഇ പാഠപുസ്തകത്തിൽ ചേർത്തിരിക്കുന്നത്‌! അക്കാര്യം കൂടി പാഠഭാഗത്ത്‌ ചേർക്കാനുള്ള 'ആശയവും നിലപാടും' ഉണ്ടാകാതെപോയത്‌ ശ്രദ്ധേയമാണ്‌. സി.ബി.എസ്‌.ഇ സിലബസ്‌ അനുസരിച്ച്‌ പഠിപ്പിക്കുന്ന നിരവധി സ്ഥാപനങ്ങൾ ശ്രീനാരായണഗുരുവിന്റെ പേരിൽ തന്നെയുള്ള നാടാണിത്‌. അവിടെയുള്ള അധ്യാപകർക്കോ മാനേജർമാർക്കോ ഇക്കാര്യം തിരിച്ചറിയാൻ കഴിഞ്ഞില്ല എന്നത്‌ മറ്റൊരു ഗുരുനിന്ദയാണ്‌. ഈ പാഠഭാഗം ഭംഗിയായി പഠിപ്പിച്ച ഗുരുഭക്തരായ അധ്യാപികമാരും അധ്യാപകരും ഉണ്ടാകും. സ്വയം ഗുരുവായി പ്രഖ്യാപിച്ച ' low caste' ഗുരു ആരെന്ന ചോദ്യം കുട്ടികളോട്ചോദിച്ചുകാണുമോ? ഗുരോ ഇവരോടു പൊറുക്കേണമേ! ആര്യരക്തവും റഷ്യൻ ഉൽപത്തിയും തേടി അലയുന്ന ഗുരുശിഷ്യന്മാരുണ്ടോ 'ഒരു ഗുരുവിനെ' അറിയുന്നു.

    രാഷ്ട്രപതിയായിരുന്ന ഡോ.രാധാകൃഷ്ണൻ, ജവഹർലാൽ നെഹ്‌റു, മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോർ തുടങ്ങിയവർ ലോകഗുരുവായി കണ്ട നാരായണഗുരുവിനെയാണ്‌ സി.ബി.എസ്‌.ഇ ദേശീയ തലത്തിൽ അവഹേളിച്ചിരിക്കുന്നത്‌. "ശ്രീനാരായണൻ കേരളത്തിലെ വിപ്ലവകാരിയും യോഗിയുമാണ്‌. വിപ്ലവത്തിന്‌ എല്ലായ്പ്പോഴും മനുഷ്യരുടെ തല കൊയ്യലും ലഹളയും വേണമെന്നില്ല. നാഗരികജീവിതത്തിന്റെ അടിസ്ഥാനം മാറ്റാനുള്ള ഏതാഗ്രഹവും വിപ്ലവകരം എന്ന ഡോ.രാധാകൃഷ്ണന്റെ അഭിപ്രായം സി.ബി.എസ്‌.ഇ പാഠ്യപദ്ധതിക്കാർക്ക്‌ അന്യമാകുന്നതിൽ അതിശയിക്കാനില്ല.
    രാമചന്ദ്രഗുഹയുടെ 'ഇന്ത്യ ആഫ്റ്റർ ഗാന്ധി' എന്ന കൃതിയുടെ 292-​‍ാം പുറത്ത്‌ ചെത്തുകാരുടെയും ചാരായനിർമ്മാതാക്കളുടെയും നേതാവായ നാരായണഗുരുവിന്റെ പേരിലുള്ളതാണ്‌ എസ്‌.എൻ.ഡി.പി എന്ന്‌ പറഞ്ഞിരിക്കുന്നു. ശ്രീനാരായണഗുരുവിന്റെ സന്ദേശവാഹകരായിരിക്കുന്ന വയലാർരവിയും മുല്ലപ്പള്ളി രാമചന്ദ്രനും കേന്ദ്രസർക്കാരിനെ നയിക്കുമ്പോഴാണ്‌ ശ്രീനാരായണഗുരു ഈവിധം അവഹേളിതനാകുന്നത്‌ എന്നകാര്യം നിർഭാഗ്യകരമാണ്‌. ഗുരോ ഇവരോട്‌ പൊറുക്കരുതേ!

23 Oct 2012

രാഷ്ട്രീയം


ഷമീർ

ചോര നിറഞ്ഞൊരു രാഷ്ട്രീയം
ചേരി തിരഞ്ഞൊരു രാഷ്ട്രിയം
തന്നിഷ്ട്ടത്തിന്സാമ്രാജ്യം
തന്തോനികളായ് അനുയായി,
കഷ്ട്ട പാടും പട്ടിണിയും കാണാനില്ലൊരു നേതാവും

അഴിമതി മാത്രം സ്വപ്നം കാണും
നാണം കേട്ടൊരു സര്കാരുകളും
മുക്കി കൊല്ലും പലിശ കെണിയില്
ജനങ്ങള്പലരും ചാവുന്നു
ഇങ്ങിനെ പോയാല്നാളെക്കായ്
കാതിരിപ്പനെന്തുണ്ട് ......
പുത്തന്തലമുറ തന്കുത്തികീറിയ
കുപ്പായതിന്കീശയില്തൂങ്ങും കൊടുവാലുകളും
കാശു നു വേണ്ടി മാനം വില്ക്കും
കന്യകമാര്തന്കൈലാസം

അഴിമതി ഇല്ലാത്തൊരു സര്ക്കരേം
ഞങള്ഇത് വരെ കണ്ടില്ല....
ഗാന്ധിജി പോയോരോ കാലം തൊട്ടു
നാട്ടില്പട്ടിണി കൂട്ടായി

വോട്ടുകള്തെണ്ടും വണ്ടികള്
പലതും ചീറി പാഞ്ഞു ന്ടടക്കുന്നു
എല്ലാം കണ്ടും കെട്ടും മിണ്ടാതങ്ങനെ
തെരുവില്ഞങ്ങള്ശ്വാസം മുട്ടി കഴിയുന്നു..

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...