Showing posts with label 70. Show all posts
Showing posts with label 70. Show all posts

27 Apr 2013

അവള്‍ക്കായൊരു മഴക്കാലം

അജിത്‌ പി നായർ 


ഓര്‍മ്മയില്‍ തെളിവായ് ചിന്നുന്ന മഴക്കാലത്തിന്‍
മേഘമേ….
തെളിവാര്‍ന്നൊരു മഴയായ് പെയ്‌തൊഴിയുക നീയും ….
കാലങ്ങള്‍ എന്നെ വിളിക്കുന്നു …
തൊടിയിലെ മഷിതണ്ടിന്‍ ചാര്‍ത്തിനായ് ..
പായലിന്‍ നനവുകള്‍ ,പാടത്തെ തുടികളും
മായുന്ന നന്മകളാല്‍ സ്മൃതികള്‍ പായുമ്പോള്‍ ..
മോഹിച്ചീടുന്നൊരു കൂട്ടുകാരീ നീ…
പെടിച്ചിരണ്ടോ…ഈ മഴക്കാലത്തു…
മഴ നൂലിനാല്‍ പൊതിഞ്ഞ നിന്‍ ചെറു പുഞ്ചിരി …
മറക്കുവാന്‍ ഒരു മഴക്കാലം ക്കൂടി ..
ചന്ദന ക്കുറികള്‍ മാച്ച മഴ മുത്തുകളോടവള്‍
പരിഭവപ്പെട്ടപ്പോള്‍…
മഴവില്ലുകള്‍ കാട്ടിയവളെ മഴചിരിപ്പിച്ചു.
ചെറുകുടയാല്‍ മറഞ്ഞ നിന്‍ മിഴികോണുകള്‍
മഴചിന്തുകള്‍ മാടിയൊതുക്കിയ ഈറന്‍ മുടികള്‍
മഴപക്ഷികള്‍ പാടിയ ആ പാട്ടിനൊപ്പം
ചിരികള്‍ വിടര്‍ത്തി ആകാശം തണുത്തു.
മഴകാറ്റിനൊപ്പം അവള്‍ എങ്ങോ പോയ് മറഞ്ഞതോര്‍ത്ത് …
ഇനിയൊരു കാര്‍മേഘ തണുപ്പിനായവന്‍ കാത്തിരിക്കുന്നു

23 Feb 2013

എന്‍ രാക്കുയിലിന്‍ ഓര്‍മയില്‍

അസ്സീസ് 

ഇന്നലെ ഞാനെന്‍
ഹൃദയത്തില്‍ എഴുതിയ കവിതകള്‍
ഇന്നീ മഴയില്‍ ……
നനഞ്ഞു പോയോ………
പ്രണയത്തിന്‍ രാക്കിളി പാടിയ ഗീതങ്ങള്‍
രാവിന്‍ കുളിര്‍ മഞ്ഞില്‍ ലയിച്ചുപോയോ …….
അറിയാതെ എങ്കിലും …….മനസ്സില്‍ കൊളുത്തിയ
മണ്‍ചിറാതണഞ്ഞു പോയോ …..
ഇന്നെന്‍ സ്വപ്‌നങ്ങള്‍ മഞ്ഞില്‍ വിരിഞ്ഞൊരു
മഴവില്ലു പോലെ മാഞ്ഞു പോയോ…
ഒരു രാത്രി കൂടി ഞാന്‍
മോഹങ്ങളൊഴുകുന്ന
ഈ പുഴയുടെ തീരത്തിരുന്നോട്ടെ
അറിയാതെ ഓര്‍മ്മകള്‍
തട്ടിയുണത്തുന്നു എന്‍ പ്രണയത്തിന്‍
നഷ്ട രാഗങ്ങളെ ………….
ഇനിയുമെന്‍ നോവുകള്‍ …..
പെയ്യാന്‍ വിതുമ്പുന്ന ..
മഴക്കാറുപോലെ യാണു സഖീ …….
ഒരു നേര്‍ത്ത നിന്‍ മിഴി ശ്രുതിയില്‍
ഉണരുമെന്‍ പ്രണയത്തിന്‍ മനസ വീണ
ഇടറുമാ തന്ത്രിയില്‍ നിന്നൊഴുകാനിനിയും…
കവിതകലെത്ര ഞാന്‍ കാത്തു വെച്ചു
ഇനിയൊരു …ജന്മത്തില്‍ ..പ്രണയത്തിന്‍ …………
സംഗീതം ..ഉണരുമോ ….എന്‍ പ്രാണ സഖീ ………
കാത്തിരിക്കാം ഞാന്‍ ………….
.ഇനിയെത്ര …ജന്മങ്ങള്‍ ….
കൊഴിയുമീ ..ഭൂവിന്‍ ………..
ഏകാന്തമാം…..തടവറയില്‍ ……………………
(ഈ പ്രണയ ദിനത്തിനൊരു…..ഉപഹാരം !!!!!!!
പ്രണയം ….!!!…
പറഞ്ഞു തീരാത്ത ..മോഹിച്ചു തീരാത്ത…….സ്വപ്നങ്ങളുടെ ..ചിറകുകള്‍ വിടര്‍ത്തി ….ഈണങ്ങളുണര്‍ത്തി…പറന്നുയരും ”)

24 Jan 2013

പ്രണയം

സലില മുല്ലൻ

അടിയില്‍ പതിയിരിക്കുന്ന
മുള്ളുകള്‍ കാണാതെയല്ല
വാനമ്പാടി പനിനീര്‍പ്പൂവുമായി
പ്രണയത്തിലായത്.
സ്വന്തം ഹൃദയം
പൂവിനു നല്‍കിയപ്പോള്‍
പൂവിന്റെ മുള്ളുകളും
അവള്‍ക്കു സ്വന്തം.

വരാനിരിക്കുന്ന ക്ഷയം
അറിയാതെയല്ല
പൂര്‍ണ്ണചന്ദ്രനെ
രാപ്പാടി പ്രണയിച്ചത്.
സ്വയം
ചന്ദ്രന് സമര്‍പ്പിച്ചപ്പോള്‍
ആ ക്ഷയാഭിവൃദ്ധികളും
അവള്‍ക്കു സ്വന്തം.

ഉദയ സൂര്യനെ
പ്രണയിക്കുമ്പോള്‍
വരാനിരിക്കുന്ന അസ്തമയം
സൂര്യകാന്തിക്കറിയാമായിരുന്നു.
.

നാലുനാള്‍ക്കകം
മണ്ണടിയുമെന്നറിഞ്ഞു തന്നെയാണ്
പൂത്തുമ്പിയെ കാറ്റു പ്രണയിച്ചത്.

സായാഹ്നത്തിലെത്തി
എന്നറിയാതെയല്ല ,
നമ്മള്‍ പരസ്പരം പ്രണയിച്ചത്
ആഹ്ലാദത്തിലും അവശതയിലും
അന്യോന്ന്യം ചാരാന്‍ ,
ഒരു കൈക്കടിയില്‍ മറ്റൊരുകൈ
താങ്ങാവാന്‍ ,
ചുവടുകള്‍ പിഴക്കുമ്പോള്‍
ഉറപ്പുള്ള ഊന്നുവടിയാവാന്‍ ,
അവസാന ശ്വാസത്തിലും
ഒന്നായലിയാന്‍ ‍.....
ഒന്നായി പുനര്‍ജ്ജനിക്കാന്‍ ....

22 Dec 2012

മഞ്ഞുതുള്ളിയുടെ ദുഃഖം

ഗീതാനന്ദൻ നാരായണരു

ഇലതുമ്പുകളിലുറങ്ങി നീ നീർമണിമുത്തായ്
നേരം പുലരുന്ന നേരത്തിറ്റുവീണതാണോ
അതോ കഥപറയാനില്ലാതെ രാവുറങ്ങുന്നേരം
കദനഭാരം വിങ്ങി താഴേക്കു താനേ പതിച്ചതാണോ

മോഹമൊരുപാടു പേറി പകലുകളിൽ
നീ വാനിലെത്താൻ കൊതിച്ചലയും നേരത്തിലാ
കാറ്റിലറിയാതലിഞ്ഞു നീ ലക്ഷ്യം മറന്നു
ഒടുവിലാദിത്യനങ്ങു പടിഞ്ഞാറസ്ഥമിക്കും നേരം
നീയാകെ പകച്ചുപോയ് എന്തെന്നറിയാതെ

വിരഹ കഥകളൊരുപാടു പറഞ്ഞിരിക്കാൻ
നീയിലതാളുകളിലഭയം ചോദിച്ചണഞ്ഞ നേരം
ഒന്നുമറിയാതവൾ ….. അറിയാത്തവൾ
മണ്ണിന്റെ മാറിലേക്കയച്ചുവല്ലേ
മണ്ണിലലിയാത്തതായൊന്നുമില്ല
മണ്ണിന്റെ ഉണ്മനീയറിയുകയെന്നും
മണ്ണിലേക്കെത്തിയതു സുകൃതമെന്നറിയുക
മണ്ണിലെ നേരുകളിലുറങ്ങുക നീയിനി.

22 Nov 2012

എന്‍റെ സ്വപ്നങ്ങള്‍


അസിഫ് വയനാട്


പുതുമണം മാറാത്ത മണ്ണിലെന്‍ പാദങ്ങള്‍
തരളമായ് മെല്ലെ പതിഞ്ഞ നേരം
നിറമാര്‍ന്നോരോര്‍മയില്‍ ചേര്‍ന്നു മയങ്ങുമ്പോള്‍
ഒരു കുളിര്‍ തെന്നലിന്‍ ഓര്‍മ്മകള്‍ ആര്‍ദ്രമായ്
ഹൃത്തില്‍ പറന്നു പോയി .

അറിയാതെ കണ്കോണില്‍ ഊറിയ കണ്ണുനീര്‍
കൈവിരല്‍ തുമ്പിനാല്‍ തോര്ത്തിടുമ്പോള്‍
എന്‍ അമ്മയെ ഞാനോന്നുര്‍ത്തുപോയി
എന്നുമെന്‍ ദു;ഖങ്ങള്‍ കണ്ടുമ്മ നല്‍കുന്ന
സ്വാന്തന വാക്കുകള്‍ ഓര്‍ത്തു പോയി .

അന്നൊരുനാള്‍ അമ്മതന്‍ കണ്കള്‍ നിറഞ്ഞതും
എന്തിനാണെന്നു ഞാന്‍ ഓര്‍ത്തുപോയി
താങ്ങുവാന്‍ ആവാത്ത ദുഃഖങ്ങള്‍ ഏറുമ്പളെ
എന്നമ്മ കരയാറുള്ളൂ .
അതുകണ്ടെന്‍ കണ്‍ കോണില്‍ നിറഞ്ഞോരാ
അശ്രു കണങ്ങളെ ഞാനോര്‍ത്തു പോയി .

പാതി തുറന്നോരാ ജനലഴിക്കുള്ളിലൂടെ
താരകം മിഴികള്‍ തുറന്ന നേരം
തൊടിയിലെ മാവിന്‍റെ ചില്ലയില്‍ നിന്നൊരു
രാപ്പാടി മെല്ലെ കരഞ്ഞിരുന്നോ ?

മിഴികള്‍ എന്‍ തൊടിയിലെ നനവാര്‍ന്ന
പുല്‍നാമ്പില്‍ അലസമായി പരതീടവേ
ഒരു മൃതു സ്പര്ശനം എന്‍ ചുമലില്‍ ഏററ് ഞാന്‍
ഞെട്ടി തിരിഞ്ഞു നോക്കിടവെ,

പുഞ്ചിരി തൂകിയെന്‍ അമ്മ നില്‍പ്പൂ
മിഴികള്‍ ഒരു വേള ചിമ്മിതുറന്നു ഞാന്‍
കൊതിയോടെ അമ്മയെ നോക്കിടവെ
ജനലിഴവിടവിലൂടൊരു ഒരു ചെറു കടവാവല്‍
കല പില കൂട്ടി പറന്നു പോയി .

വാല്‍സല്യ മോടമ്മ താരാട്ട്‌ പാടി ഉറക്കിയ രാവുകള്‍
കൊതിയോടെ വീണ്ടും ഞാനോര്‍ത്തു പോയി

തോട്ടിലെന്നോര്‍ത്തു ആ കൈകളില്‍ മുഖം ചേര്‍ത്തു
ശാന്തമായി ഞാന്‍ ഉറങ്ങിയ രാവുകള്‍ .

ഉണ്ണി കുടവയര്‍ നിറയുവോളം കഥകള്‍ പറഞ്ഞമ്മ
ഊട്ടിയ സദ്യയും

ഒരു കുഞ്ഞു പാട്ടിനു താളമിട്ടന്നമ്മ
നെല്‍കിയ സ്നേഹമുത്തങ്ങളും.

കുഞ്ഞരി പല്ലുകള്‍ കാട്ടിചിരിച്ചു ഞാന്‍
അമ്മ തന്‍ കണ്‍കളില്‍ നോക്കികിടന്നതും

കൊതിയോടെ കൊതിയോടെയ്‌ ഓര്‍ത്തു പോയി
ആ ഓര്‍മയില്‍ ഞാനറിയാതെ ഉണര്‍ന്നു പോയി.

നൊമ്പരത്തോടെ ഞാന്‍ മിഴികള്‍ തുറന്നപ്പോള്‍
അറിയുന്നിത് വെറും സ്വപ്നമെന്ന്

ഓര്‍മ്മകള്‍ പോലും മധുരിക്കുന്നോരാ
നിമിഷം ഒരു വേള അണഞ്ഞിടുമോ?

കൊതിയോടെ കൊതിയോടെ
ഓര്‍ത്തു പൊയ് ഞാന്‍……..

23 Oct 2012

ഇന്നലെകള്‍ ഇങ്ങനെയായിരുന്നു

റോബിൻസ് കെ പോൾ

പിളര്‍ന്നൊരു കരളും
പൊരിവെയിലിന്റെ വിശപ്പും
ഇടകലര്‍ന്ന പൂര്‍വാശ്രമം.
പൂവിന്റെ രക്ത വര്‍ണ്ണങ്ങളില്‍
പിറവിയുടെ പുണ്യങ്ങളെ
പിഴുതെടുത്ത നാളുകളില്‍
വേദന കടലിന്റെ ഇരമ്പലായി
കാടിന്റെ കറുത്ത മുഖമായി
ജന്മമെടുത്തു.കുരുതി കൊടുത്ത പ്രണയത്തിന്റെ
ഓര്‍മയ്ക്കായി കോറിയിട്ട വരികള്‍
വിലപേശി വിറ്റവന്‍.
ഓടി ഒളിക്കാന്‍ തീപ്പന്തങ്ങള്‍ നിറച്ചു
മദ്യശാലയില്‍ പാട്ട് പാടിയവന്‍.
ഓര്‍ത്തു മറക്കുവാന്‍ കുമ്പസാര കൂടിനു
ആണിയടിച്ചവന്‍.
വൃത്തികേടിന്റെ മാറാല ചുമന്നവളുടെ
വെറുപ്പിന്റെ ചുവന്ന ചുണ്ടുകള്‍
കടിച്ചു മുറിപ്പെടുത്തിയവന്‍.
പാപിയാണവന്‍
പാപിനിയുടെ ഗര്‍ഭപാത്രത്തില്‍ പിറന്നവന്‍.
നോക്കുകുത്തികളുടെ ലോകത്ത്
നോവിന്റെ ഉള്‍വിളികള്‍ നേര്‍പ്പിച്ച്
വിഷക്കുപ്പിയുടെ നുര പൊന്തലില്‍
ജനിപ്പിച്ചവളെ എന്നെന്നേക്കുമായി
നഷ്ടപ്പെടുത്തിയവന്‍. കാറ്റും കടലും കാട്ടാറും
കൊടിമരങ്ങളും കടന്നിതാ
ജീവിതത്തിന്റെ തണുത്ത
ജീര്‍ണത പുതയ്ക്കുവാന്‍
കിതപ്പാറ്റി നില്‍ക്കുകയാണ്.
യന്ത്രങ്ങള്‍ ഞെരിഞ്ഞമരുന്ന
ഈ രാജ്യത്തിന്റെ യാന്ത്രികതയില്‍
രാവിന്റെ സ്ഫടിക ജാലകങ്ങളില്‍
നിര്‍വികാരനായി..
കണികകളുടെ ശാസത്രമാപിനിയുമായി
വലിയ കണ്ണടകള്‍ വെച്ച്
എല്ലാം അളന്നു തിട്ടപ്പെടുത്തുകയാണവന്‍.
നിറം മങ്ങലുകള്‍ക്കിടയിലും
പതിവ് പുലര്ച്ചയകുവാന്‍
പ്രാര്‍ഥിക്കുകയാണ്..

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...