Showing posts with label k v sumithra. Show all posts
Showing posts with label k v sumithra. Show all posts

26 Nov 2015

അദൃശ്യം /കവിത

കെ. വി. സുമിത്ര

കാറ്റില്‍ പൂത്തുലഞ്ഞ
കടല്‍,
തിര, സന്ധ്യ, നിറങ്ങള്‍
നിറവില്‍ ദീപ്തിമുദ്ര പതിഞ്ഞ
ഞാറ്റുവേലകള്‍, ഹരിതഗന്ധം.
മുഖശൂന്യം, ഇരുട്ടില്‍ ഭ്രാന്തന്‍പാറകള്‍
ആത്മാവില്‍ തൊട്ടൊരാള്‍...
ആകാശത്തിനും മഴമേഘങ്ങള്‍ക്കും മീതെ
നെഞ്ചിന്‍കൂട്ടില്‍ തീയും പുകയും
മഴയും വെയിലുമായി...
അദൃശ്യമായൊരു നൂലില്‍
കെട്ടിവലിഞ്ഞുകൊണ്ടങ്ങനെ
കാണാസ്വപ്‌നങ്ങള്‍ക്കും
കണ്ടുണര്‍ന്ന ദിനങ്ങള്‍ക്കും
കരളുറച്ച് വഴിയുറച്ച്
നനഞ്ഞൊട്ടി നില്ക്കാനൊരാള്‍
മഴപോലെ, മഴവില്ലൊളി
തെളിയുംപോലെ
ഉള്ളില്‍ തട്ടിവിളിക്കും
ഉള്ളുറപ്പുള്ളൊരാള്‍

 

28 Sept 2015

പച്ച കണ്ണിലെഴുതിയ കാരമുള്ള്



കെ. വി.സുമിത്ര

കാരമുള്ളിന്റെ കണ്ണില്‍ നോക്കി
പ്രണയത്തോടെ പച്ചില പറഞ്ഞു:
“കൂര്‍ത്തതാണ് നിന്റെ മാറെങ്കിലും
വിഷമല്ലേ നിറയേയതില്‍!
എന്‍റിച്ച് സള്‍ഫാന്‍!
നാളെ ഞാന്‍ കൊഴിഞ്ഞ്,
മണ്ണിലലിഞ്ഞുതീരും,
നിന്റെ വിഷമുള്ളിന്റെ ഊറ്റം കെടുത്താന്‍
അകം നിറയെ ഞാനപ്പോള്‍ പടരുമ്പോള്‍,
നിന്റെ മുള്ളാണിയിലെന്റെ
പച്ചപ്രണയരാശികള്‍ നിറഞ്ഞൊഴുകും.”
അന്നുരാത്രി അതിശക്തമഴയില്‍
ഇലയടര്‍ന്ന് നിലംപൊത്തി.
പിറ്റേന്ന് പ്രകാശവില്ലോളം
ഉയര്‍ന്നൊരു വന്‍മരം.
അതിന്റെ ഉച്ചിയില്‍ കാണാം
ഇലയെ ചുംബിച്ച് കൊതിതീരാതെ
പാതിയടഞ്ഞ കാരമുള്ളിന്‍ കണ്ണ്.

20 Apr 2012

നിനക്കാരല്ല ഞാന്‍ ...?!


                                                                                                            കെ . വി . സുമിത്ര



   ഞാന്‍ നിനക്കാരെന്ന്
  തിരയുമ്പോഴാണ് ,
  നിനക്കാരല്ലന്ന്
  ഞാനറിയുന്നത് ..!!

നിനക്കാരെല്ലാമാണെന്നഹന്തയുടെ 
കൊടി , പഴയൊരു പായ്കപ്പലിന്‍
മേല്‍കൂരയില്‍
പാറിച്ചാഘോഷിച്ചതെയുള്ളൂ ഞാന്‍ .

കൊടി മരത്തണലില്‍
പിച്ചകം നട്ടതും
പൂപ്പരത്തിയിലയില്‍
കഞ്ഞിയൂറ്റിയതും
ഉറുമ്പരിച്ചു കുറുകുറെ
തരിപ്പുണ്ടായതു -
മവിടെയെല്ലാം
ഉമ്മവെച്ചുമ്മവെച്ച്
മലര്‍ക്കേ പടര്‍ന്നു
കയറിയതും
എപ്പോഴെന്നെ
നിനക്കാരല്ലാതാക്കിയില്ലാ ..!!

അടുപ്പങ്ങള്‍ക്കകലം
കൂട്ടുമെന്ന് ഭയന്നിട്ടോ ,
അകലങ്ങള്‍ , വേദനയിറ്റുമ്പോള്‍ 
തീ കടയുന്നപോലൊരാളല്‍
അടുപ്പാകുമടുപ്പമെന്നോ ..!!

ഇല്ല, ഒരിക്കല്‍ പോലുമാ-
ഭിത്തിയിലിളക്കം
വരുത്തരുതെന്ന മറുപടിയില്‍ ,
കാലം വരച്ച  മണ്‍ഭിത്തി
പോലെയായി  ഞാന്‍ ..

വരരുതൊരിക്കലുമാ
പൂപ്പരത്തിച്ചില്ലയില്‍
പിച്ചകമണത്തില്‍
ഉറുമ്പായും തരിയായും
കുളിരായൊന്നുമൊരിക്കലും...!

കല്ലറയില്‍ പെട്ടുപോയ സൂര്യോദയം ..!
കാണേക്കാണേ മറഞ്ഞകന്ന യുഗാന്തരം..!
ഇരുള്‍കീറിയൊരിക്കലും
കിരണമേല്‍ക്കരുതെന്നില്‍ ,
ഞാന്‍ നിനക്കാരുമല്ലേ ...!!

19 Feb 2012

പച്ച കണ്ണിലെഴുതിയ കാരമുള്ള്


കെ.വി.സുമിത്ര

കാരമുള്ളിന്റെ കണ്ണിൽ നോക്കി
പ്രണയത്തോടെ പച്ചില പതിയേ പറഞ്ഞു:
''കൂർത്തതാണ് നിന്റെ മാറെങ്കിലും
വിഷമല്ലേ നിറയേ അതിൽ!എൻറിച്ച് സൾഫാൻ!
നാളെ ഞാൻ കൊഴിഞ്ഞ്
മണ്ണിലലിഞ്ഞ് തീരും,
നിന്റെ വിഷമുള്ളിന്റെ ഊറ്റം കെടുത്താൻ
അകം നിറയെ ഞാനപ്പോൾ പടരുമ്പോൾ,
നിന്റെ മുള്ളാണിയിലെന്റെ പച്ച പ്രണയ
രാശികൾ നിറഞ്ഞൊഴുകും''
അന്നു രാത്രി
അതിശക്തമഴയിൽ
ഇലയടർന്ന് നിലം പൊത്തി
പിറ്റേന്ന്
പച്ച പ്രകാശ വില്ലോളം,
ഉയർന്നൊരു വന്മരം
അതിലുച്ചിയിൽ കാണാം

ഇലയെ ചുംബിച്ച് കൊതിതീരാത്ത

പാതിയടഞ്ഞ കാരമുള്ളിൻ കണ്ണ്

13 Sept 2011

ഇലക്കാതുകൾ




കെ.വി.സുമിത്ര

ഉറക്കത്തിലേപ്പോഴോ
അവളെനിക്കൊരു
ഉമ്മ തന്നു
ചുണ്ടമർത്തി, കണ്ണടച്ച്‌
മധുരരസം പൂണ്ട അധരത്തിലപ്പോൾ
കിനാവിൽ പൂത്ത പുഴയോരം
കളിമുറ്റത്ത്‌
മൂവാണ്ടൻമാമ്പഴപൂര്‌.
ഊഞ്ഞാലാട്ടം
ഉമ്മിണി തെയ്യം,
ഉത്രാടരാവിൽ
കുതിർന്ന പഞ്ചാരമണൽ
ഇലക്കാതുകടടുപ്പിച്ചോരോ
സ്വപ്നസഞ്ചാരങ്ങൾക്കും
കാതുകൂർപ്പിച്ചു ഞാൻ
നീലമലകൾ,
പുൽമൈതാനം,
തുറന്ന്‌ വിട്ട കുഞ്ഞാടിൻകൂട്ടം
താഴ്‌വരത്തട്ടിൽ
പാതിയുണർന്ന്‌ സൂര്യൻ.
അപ്പോഴേക്കും;
ചക്രവാളത്തിരികൾ
കൊളുത്തി പകൽപക്ഷി
പറന്നെത്തി
തൂവൽപൊഴിയാത്ത
വിദൂരസ്മൃതികളുടെ
പുതപ്പുമൂടി
പിന്നെയും പുഴമണം
കാത്ത്‌ ഞാൻ കിടന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...