Showing posts with label 83. Show all posts
Showing posts with label 83. Show all posts

27 Apr 2013

ഡീസൽ എഞ്ചിനുകളിൽ വെളിച്ചെണ്ണ ഇന്ധനമാക്കിയാൽ?


വിജയൻ ആർ.
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്‌, നാളികേര വികസന ബോർഡ്‌, കൊച്ചി

    റുഡോൾഫ്‌ ഡീസൽ, 1900ൽ താൻ കണ്ടുപിടിച്ച ഡീസൽ എൻജിനിൽ ഇന്ധനമാക്കാൻ ഉദ്ദേശിച്ചിരുന്നത്‌ അദ്ദേഹത്തിന്റെ തന്നെ കൃഷിയിടത്തിൽ ഉത്പാദിപ്പിച്ചിരുന്ന  സസ്യയെണ്ണകളായിരുന്നു. കാരണം അന്നത്തെ പെട്രോളിയം ഉൽപന്നങ്ങളുടെ ഉയർന്ന വിലതന്നെ. ഇതു കൂടാതെ പരിസ്ഥിതി സൗഹാർദ്ദ ഗുണങ്ങളുള്ള സസ്യഎണ്ണകളുടെ വർദ്ധിച്ച വിപണന സാദ്ധ്യതയും അതിലൂടെ കർഷകരുടെ സാമ്പത്തിക ഉന്നമനവും അദ്ദേഹം മുന്നിൽ കണ്ടിരുന്നു.  പിന്നീടാണ്‌ ഗ്യാസോലീൻ നിർമ്മാണ പ്രക്രിയയിലെ ഉപോൽപന്നവും, താരതമ്യേന വിലകുറഞ്ഞതും ഇന്നു നിലവിലുള്ളതുമായ ഡീസൽ ഓയിലിന്റെ  രംഗപ്രവേശമുണ്ടായത്‌.
    ഏകദേശം 25 വർഷം മുമ്പുവരെ ഉത്​‍്പാടിപ്പിച്ചിരുന്ന ഡീസൽ എൻജിനുകളിൽ വെളിച്ചെണ്ണ നേരിട്ട്‌ ഉപയോഗിക്കാൻ പറ്റുമായിരുന്നു. അത്രയേറെ ഉറപ്പേറിയതായിരുന്നു അവയുടെ നിർമ്മാണരീതി. എന്നാൽ  ഇന്നുള്ള ഡീസൽ എഞ്ചിനുകളിൽ വെളിച്ചെണ്ണ നേരിട്ടുപയോഗിച്ചാൽ എഞ്ചിൻ നിന്നുപോകുകയും, എണ്ണ മുഴുവൻ കത്തിത്തീരാതെ എഞ്ചിനകത്ത്‌ കരി പിടിക്കുകയും ചെയ്യുന്നു. ഇന്നു ലഭ്യമാകുന്ന ഡീസലിന്റേയും 20 വർഷം മുമ്പുവരെ ലഭ്യമായിരുന്ന ഡീസലിന്റേയും ഘടനയിലും വ്യത്യാസമുണ്ട്‌. പണ്ടു ലഭിച്ചിരുന്ന ഡീസൽ ഇന്നുള്ള ഡീസൽ എഞ്ചിനുകളിൽ ഒഴിച്ചാലും വെളിച്ചെണ്ണ ഒഴിച്ചാലുണ്ടാകുന്ന ദോഷങ്ങളുണ്ടാകും. ഇന്ന്‌ ലഭ്യമായ ഡീസൽ എഞ്ചിനുകളുടെ മുഖ്യ ആകർഷണീയത അവയുടെ വർദ്ധിച്ച ഇന്ധനക്ഷമത തന്നെയാണ്‌.   
    കുറഞ്ഞുവരുന്ന ക്രൂഡോയിൽ നിക്ഷേപങ്ങളും, വരുംകാലങ്ങളിൽ പ്രതീക്ഷിക്കാവുന്ന വിലവർദ്ധനവും, അന്തരീക്ഷ മലിനീകരണവും കണക്കിലെടുത്താൽ പെട്രോളിയം ഉൽപന്നങ്ങൾക്കു പകരമായി സസ്യഎണ്ണകൾക്ക്‌ സാദ്ധ്യത വർദ്ധിക്കുന്നു. പെട്രോളിയം ഉൽപന്നങ്ങൾ കത്തുന്നതു മൂലം അന്തരീക്ഷത്തിലുണ്ടാകുന്ന കാർബണിന്റെ അളവിൽ 40 മുതൽ 60 ശതമാനം വരെ കുറവുണ്ടാകാൻ സസ്യഎണ്ണകൾ ഇന്ധനമാക്കുന്നതിലൂടെ സാധിക്കുന്നു. ഡീസൽ എഞ്ചിൻ ലൂബ്രിക്കേറ്റ്‌ ചെയ്യുവാനായി ഡീസലിനൊപ്പം ചേർക്കുന്ന വിഷകരമായ സൾഫർ കത്തുമ്പോഴുള്ള അന്തരീക്ഷ മലിനീകരണവും കുറയുന്നു. സസ്യഎണ്ണകൾ പ്രാദേശികമായി ഉത്പാദിപ്പിക്കുന്നതു മൂലം ക്രൂഡോയിൽ ഇറക്കുമതിക്കാവശ്യമായ വിദേശനാണ്യം ലാഭിക്കുവാനും, കർഷകരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുവാനും സാധിക്കുന്നു.
ബയോഡീസൽ
    ബയോഡീസൽ നിർമ്മാണത്തിന്‌ സസ്യഎണ്ണയിൽ നിരവധി രാസവസ്തുക്കൾ ചേർത്ത്‌ വിസ്കോസിറ്റി ഡീസലിന്‌ തുല്യമാക്കി മാറ്റുന്നു. ബയോഡീസൽ  കടന്നുപോകുന്ന എഞ്ചിനുകളുടെ റബർ, പ്ലാസ്റ്റിക്‌ പാർട്ടുകൾക്കും ഫ്യുവൽ ഇൻജക്ഷൻ പമ്പുകൾക്കും കേടുവരുവാൻ സാദ്ധ്യതയുണ്ട്‌. മറ്റൊരു മാർഗ്ഗം  നിശ്ചിത ശതമാനം മണ്ണെണ്ണയോ, ഡീസലോ, പെട്രോളോ സസ്യഎണ്ണയുമായി കലർത്തി ഉപയോഗിക്കുകയാണ്‌. ഇവയെല്ലാം ഇന്നു ലഭ്യമായ ആധുനിക ഡീസൽ എഞ്ചിനുകളിൽ നേരിട്ടുപയോഗിച്ചാൽ എഞ്ചിന്റേയും ഘടകങ്ങളുടേയും പ്രവർത്തനക്ഷമതയെ കാര്യമായി ബാധിക്കും. അതു മാത്രമല്ല ഇന്നു ലഭ്യമായ ഡീസലിന്റെ ഗുണങ്ങളെല്ലാമുള്ള ബയോഡീസൽ നിർമ്മാണം വളരെ ചിലവേറിയതാണ്‌. ബയോഡീസലിനെ അപേക്ഷിച്ച്‌ വെളിച്ചെണ്ണ രാസപദാർത്ഥങ്ങൾ ചേർക്കാത്തതുമൂലം വിഷരഹിതവും, ജീർണ്ണിക്കുന്നതും, ചിലവു കുറഞ്ഞതും, വെള്ളത്തിലലിഞ്ഞാൽ കുഴപ്പമില്ലാത്തതും, പെട്ടെന്ന്‌ തീ പിടിക്കാത്തതും, പ്രാദേശികമായി ഉത്പാദിപ്പിക്കാവുന്നതും പ്രകൃതിദത്തവുമായ ഇന്ധനമാണ്‌.
ഡീസലും വെളിച്ചെണ്ണയും തമ്മിലുള്ള വ്യത്യാസങ്ങൾ
    വെളിച്ചെണ്ണ മറ്റു സസ്യഎണ്ണകളെ പോലെ തന്നെ ഡീസലിനേക്കാൾ 11 മടങ്ങുവരെ വിസ്കോസിറ്റി അഥവാ കട്ടികൂടിയ ദ്രാവകമാണ്‌. അതുപോലെ തന്നെ വെളിച്ചെണ്ണയുടേയും ഡീസലിന്റേയും ഫ്ലാഷ്‌ പോയിന്റ്‌ അഥവാ തീ പിടിക്കുന്ന താപനിലയിലും വളരെ അന്തരമുണ്ട്‌. ഡീസൽ 62 ഡിഗ്രി സെന്റീഗ്രേഡിനുമുകളിൽ ചൂടാകുമ്പോൾ തീ പിടിക്കുന്നു, വെളിച്ചെണ്ണ 200 ഡിഗ്രി സെന്റീഗ്രേഡിനു മുകളിലും, റേപ്സീഡ്‌ തുടങ്ങിയ മറ്റു സസ്യഎണ്ണകൾ 290 ഡിഗ്രി സെന്റിഗ്രേഡിനുമുകളിലും തീ പിടിക്കുന്നു. ഡീസൽ മൈനസ്‌ 9 ഡിഗ്രി സെന്റിഗ്രേഡിൽ ഘനീഭവിക്കുമ്പോൾ വെളിച്ചെണ്ണ 25 ഡിഗ്രി  സെന്റിഗ്രേഡിൽ  താഴെ ഘനീഭവിക്കുന്നു. ഈ ദോഷമുള്ളതിനാൽ അന്തരീക്ഷ താപനില കുറഞ്ഞ ഭൂപ്രദേശങ്ങളിൽ വെളിച്ചെണ്ണ ഇന്ധനമായുപയോഗിക്കുവാൻ ഇന്ധനടാങ്കും ചൂടാക്കേണ്ടതുണ്ട്‌. ഈ പറഞ്ഞ ദോഷങ്ങളെല്ലാം വെളിച്ചെണ്ണയ്ക്കുണ്ടെങ്കിലും  80 ഡിഗ്രി സെന്റിഗ്രേഡിൽ ചൂടാവുമ്പോൾ വിസ്കോസിറ്റി ഡീസലിനു തുല്യമാകുന്നു. ഈ അവസ്ഥയിൽ വെളിച്ചെണ്ണയും ഡീസൽ പോലെ തന്നെ ചൂടായ എഞ്ചിനകത്ത്‌ കത്തുന്നു. പഠനങ്ങളിലെല്ലാം തെളിയുന്നത്‌ വെളിച്ചെണ്ണ ഡീസൽ എഞ്ചിനിൽ മറ്റു സസ്യഎണ്ണകളേക്കാൾ മികച്ച രീതിയിൽ കത്തുന്നു എന്നതാണ്‌. ഇന്ധനക്ഷമതയിലും കാര്യമായ മാറ്റമൊന്നും വരുന്നില്ല എന്നതും ശ്രദ്ധേയമാണ്‌.
എസ്‌.വി.ഒ. കിറ്റുകൾ
    വെളിച്ചെണ്ണയും മറ്റു സസ്യഎണ്ണകളും ഇന്നുള്ള ആധുനിക ഡീസൽ എഞ്ചിനുകളിൽ, യന്ത്രഭാഗങ്ങൾക്ക്‌ കേടുവരാതെ ദീർഘനാൾ ഇന്ധനമായി ഉപയോഗിക്കുവാൻ എഞ്ചിന്റെ ഘടനയിൽ ചെറിയ വ്യതിയാനങ്ങൾ വരുത്തേണ്ടതുണ്ട്‌. സസ്യഎണ്ണകൾ നേരിട്ട്‌ ഡീസൽ എഞ്ചിനിൽ ഉപയോഗിക്കാവുന്ന (സ്ട്രെയിറ്റ്‌ വെജിറ്റബിൾ ഓയിൽ - എസ്‌.വി.ഒ.) ഡീസൽ കൺവെർഷൻ കിറ്റുകൾ ജർമനി, യു.എസ്‌.എ, ബ്രിട്ടൻ മുതലായ രാജ്യങ്ങളിൽ ലഭ്യമാണ്‌. ഇന്ത്യയിൽ ഇവയ്ക്ക്‌ ആവശ്യക്കാർ കുറവായതിനാൽ വിപണിയിൽ ലഭ്യമായി തുടങ്ങിയിട്ടില്ല. ഡീസൽ എഞ്ചിനുകളുടെ വിവിധ മോഡലുകൾക്കനുസൃതമായതും, ഫ്യുവൽ ഇൻജക്ടറുകൾക്ക്‌ അനുയോജ്യവുമായ കിറ്റുകൾ ഇന്ന്‌ ലഭ്യമാണ്‌. കാറുകൾ, ലോറികൾ, ജനറേറ്ററുകൾ തുടങ്ങി എല്ലാ വിധ ഉപയോഗങ്ങൾക്കും പറ്റിയ വിവിധ ഹോഴ്സ്‌ പവറിനനുയോജ്യമായ കിറ്റുകൾ ലഭ്യമാണ്‌. വിദേശ രാജ്യങ്ങളിലെല്ലാം ഹോട്ടലുകളിലും മറ്റും വറുക്കാനായി ഉപയോഗിച്ച എണ്ണകൾ വളരെ കുറഞ്ഞ വിലയിൽ ലഭ്യമാണ്‌. കിറ്റുകൾ ഘടിപ്പിച്ച വാഹനങ്ങളിലും ജനറേറ്ററുകളിലും ഇവ ഫിൽട്ടർ ചെയ്ത ശേഷം ഉപയോഗിക്കുന്നുണ്ട്‌. വേസ്റ്റ്‌ വെജിറ്റബിൾ ഓയിലിൽ ആഹാരങ്ങളുടെ അവശിഷ്ടങ്ങളും, മൃഗക്കൊഴുപ്പും മറ്റുമടങ്ങിയിരിക്കുന്നതിനാൽ എഞ്ചിൻ പരിപാലനം കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്‌.
പ്രവർത്തന രീതി
    രണ്ടു ടാങ്കുകളിലായി ഡീസലും വെളിച്ചെണ്ണയും സൂക്ഷിക്കുന്നു. ഡീസൽ ഉപയോഗിച്ച്‌ എഞ്ചിൻ സ്റ്റാർട്ടാക്കി എഞ്ചിൻ ചൂടാവുന്നതോടെ വെളിച്ചെണ്ണ ഉപയോഗിച്ച്‌ എഞ്ചിൻ പ്രവർത്തിപ്പിക്കുന്നു. എഞ്ചിൻ നിർത്തുന്നതിനു മുമ്പായി കുറച്ചുനേരം ഡീസൽ ഉപയോഗിച്ച്‌ എഞ്ചിൻ പ്രവർത്തിപ്പിച്ച ശേഷം എഞ്ചിൻ നിർത്താവുന്നതാണ്‌. അപ്പോൾ എഞ്ചിന്റെ ഉൾഭാഗത്ത്‌ സസ്യഎണ്ണ തീർത്തും മാറ്റപ്പെടുകയും അടുത്ത തവണ ഡീസലിൽ എഞ്ചിൻ സ്റ്റാർട്ട്‌ ചെയ്യുവാനായി തയ്യാറാവുകയും ചെയ്യുന്നു.
    ഫിൽട്ടർ ചെയ്ത വെളിച്ചണ്ണയാണ്‌ ഉപയോഗിക്കേണ്ടത്‌. ഓയിൽ ഫിൽട്ടറുകൾ, ഹീറ്റ്‌ എക്സ്ചേഞ്ചർ, സ്വിച്ചിങ്ങ്‌ വാല്വ്‌,  ഇന്ധനടാങ്ക്‌, ചൂടാക്കാനുള്ള ഹീറ്ററുകൾ ഘടിപ്പിച്ച ഓയിൽ ഫിൽട്ടർ, വാൽവുകൾ,  ഹോസുകൾ, ഇവയ്ക്കുള്ള ഇലക്ട്രിക്‌ സംവിധാനം, ഇവയെല്ലാം അടങ്ങിയതാണ്‌. കിറ്റുകൾ. അമ്പതിനായിരം രുപ മുതൽ മുകളിലോട്ടാണ്‌ വിദേശങ്ങളിൽ ഇവയുടെ വില.
സിങ്കിൾ ടാങ്ക്‌ എസ്‌.വി.ഒ. കിറ്റ്‌
    ഡീസൽ എഞ്ചിൻ സസ്യഎണ്ണയിൽ തന്നെ സ്റ്റാർട്ട്‌ ചെയ്ത്‌ സസ്യഎണ്ണ മാത്രം ഇന്ധനമാക്കുന്ന രീതിയിൽ പ്രവർത്തിപ്പിക്കുന്നതിനുള്ള സിങ്കിൾ ടാങ്ക്‌ എസ്‌.വി.ഒ. കിറ്റുകളും ചില നിർമ്മാതാക്കൾ ഇറക്കുന്നുണ്ട്‌. ചൂടാക്കാവുന്ന ഇന്ധനടാങ്കും, ഗ്ലോപ്ലഗ്ഗുകളും, പ്രത്യേകം നിർമ്മിച്ച ഇൻജക്ടർ പമ്പും, ഫ്യവൽ ഇൻജക്ടറും, ഇതിലുൾപ്പെടുന്നു. വില താരതമ്യേന കൂടുതലാണ്‌.
പോരായ്മകൾ
    
പുതിയ വാഹനങ്ങളിൽ എസ്‌.വി.ഒ. കിറ്റുകൾ ഘടിപ്പിച്ചാൽ വാഹനനിർമ്മാതാക്കൾ നൽകുന്ന എഞ്ചിൻ വാറണ്ടിയിൽ കുറവു വരുത്തിയേക്കാം. ഡയറക്ട്‌ ഇൻജക്ഷൻ രീതി ഉപയോഗിക്കുന്ന ഇന്നത്തെ പുതിയ ഡീസൽ എഞ്ചിനുകളിൽ വളരെ കൂടിയ ശക്തിയിലാണ്‌ ഫ്യുവൽ ഇൻജക്ഷൻ നടക്കുന്നത്‌. വിസ്കോസിറ്റി കൂടിയ സസ്യഎണ്ണകൾ 80 ഡിഗ്രിക്കു മുകളിൽ ചൂടാക്കിയാൽ മാത്രമേ ഫ്യുവൽ ഇൻജക്ഷൻ ഡീസലിനു തുല്യമായി നടക്കുകയുള്ളു.  വാഹനപരിപാലനം കൃത്യമായി നോക്കേണ്ടതുണ്ട്‌. ഇന്ത്യയിൽ ഈ കിറ്റുകൾ ഇറക്കുമതി ചെയ്യേണ്ടതുമുണ്ട്‌. കിറ്റുകൾ ഫിറ്റുചെയ്യുന്ന വിധവും മറ്റും വിശദീകരിക്കുന്ന വീഡിയോകളും മാനുവലുകളും ലഭ്യമാണെങ്കിലും ഇതു ചെയ്ത്‌ പരിചയമുള്ളവർ കുറവാണ്‌.
    വെജിറ്റബിൾ ഓയിൽ കൺവെർഷൻ കിറ്റ്‌, എസ്‌.വി.ഒ.കിറ്റ്‌ എന്നിങ്ങനെ ഇന്റർനെറ്റിൽ സെർച്ച്‌ ചെയ്താൽ എസ്‌.വി.ഒ.കിറ്റ്‌ നിർമ്മാതാക്കളുടെ വെബ്സൈറ്റുകളിലെത്താവുന്നതാണ്‌. ഇന്റർനെറ്റ്‌ ഡിസ്ക്കഷൻ ഫോറങ്ങളിൽ എസ്‌.വി.ഒ. കിറ്റുകളുടെ മേന്മകളും പോരായ്മകളും വിശദമായി വിവരിക്കുന്നുണ്ട്‌.

26 Mar 2013

അവസാനവാക്ക്!!!

പ്രജിതാ നമ്പ്യാർ 



യാത്ര ചോദിയ്ക്കാന്‍ ഇല്ലെനിക്കാരും…
ഒരു പുല്‍കൊടി തുമ്പ്‌പോലും…
ഇന്നുവരെ ഞാനെന്ന മനുഷ്യന്‍…
നാളെ ഒരു ആത്മാവുമാത്രം…
ഭുതകാലത്തില്‍നിന്നും ഓര്‍മകള്‍മാത്രം….
കൂടെ വരാന്‍ആരും കൂട്ടാകിയില്ല…!!
എന്നും തനിച്ചായി പോയ എന്‍ജന്മം….
ഒടുവില്‍….
മാഞ്ഞുപോവുകയാണ്….
വിണ്ണിന്‍കര്‌മെഘഗളിലേക്ക് …!!!
ഹൃദയത്തില്‍എവിടെയോ
നിന്നോട് പറയാന്‍മറന്ന പ്രണയം….!!!
പുസ്തകതാളില്‍ ഒളുപിച്ചു വച്ച മയില്‍പീലി പോലെ…
ജീവിതം…!!
എന്നെങ്കിലും കുഞ്ഞുപീലികള്‍
പുനര്‍ജനിക്കുമെന്ന് പ്രതീക്ഷിച്ച്….
പോവുകയാണ് ഞാന്‍….
ആഴഗളിലേക്ക്…!!!!
ആരുമറിയാതെ…….!

22 Feb 2013

ജീവനക്കാരന്‍

 സുനില്‍ മാലൂര്‍ 

രണ്ടു ഉഴവു കാളകളുടെ
നുകത്തില്‍ വെച്ചുകെട്ടിയ
മരമാണ് സര്‍ നിങ്ങള്‍
വണ്ടിക്കാരന്‍റെ
പ്രിഷ്ട ചുവട്ടിലിരുന്നു
ഇട്ടേ ..ഇര്‍.. രേ ...
ശബ്ദത്തോട് ഒപ്പം
തെക്ക് വടക്ക്
വണ്ടി തിരിക്കാന്‍
വിധിക്കപ്പെട്ട വെറും മരം

പിന്നെ വല്ലപ്പോഴും ഒക്കെ
വണ്ടിക്കാളകളുടെ വിടവിലൂടെ
താഴേക്ക്‌ നോക്കി
ഞാന്‍ മുകളിലാണെന്ന്
നെടു വീര്‍പ്പിടാം
എന്ന് മാത്രം

24 Jan 2013

സാഗര ഗര്‍ജ്ജനം




ദേവന്‍ തറപ്പില്‍
--------------------------------------------------------------

ഇടിവെട്ടി ഹുങ്കാര ശബ്ദം പരത്തീട്ടി -
ടിമിന്നലായീ മറഞ്ഞല്ലൊ മാഷും ,
വാക്കുകള്‍ കൊണ്ടെത്ര വിസ്മയം തീര്‍ത്തൂ
വാചാലനായി,വെളിച്ചമായ് മാഷും .

ഉദിക്കും പ്രഭാതം വരവേറ്റു മാഷിന്‍റെ
ക്ഷോഭിച്ച തീക്കനലമ്പുമായെത്തിടാന്‍ ,
ഭീഷണിയെന്നൊരു വാക്കും ശ്രവിക്കാത്ത,
ധീഷണ ശാലിയാം മാഷിന്‍ നിഘണ്ടുവില്‍ ,

വാക്കുകള്‍,വാളാക്കി ജീര്‍ണ്ണതക്കെതിരായ്,
വാക്കിന്‍റെ സുര്യന്‍ നിശബ്ദനായീ ...':
ഗര്‍ജ്ജിച്ചു വിജ്ഞാന ഭണ്‍ണ്ടാരാവും പേറി
വര്‍ജ്ജിക്കും നീതി ബോധത്തെയും കാക്കുവാന്‍ '".

പോരാടി വിജ്ഞാനം, കുരുക്ഷേത്ര ഭൂമിന്നു
നിത്യതയില്‍ തിരപോ,..ലകന്നു പോയീ ..'
ഇനിയൊരു നാളിലുമാശബ്ദം കേള്‍ക്കുവാന്‍
കഴിയുമോ സഹജരേ നമ്മള്‍ക്കിനി ....'

അക്ഷര ശോഭയില്‍ സൂര്യനായ് നില്‍ക്കവേ "
സാഗര ഗര്‍ജ്ജനം ശാന്തമായ് നിത്രയില്‍ ..'
അക്ഷര കേരള നാടശ്രു പൂജയില്‍
അര്‍പ്പിച്ചിടുന്നൊരു പിടി പൂക്കള്‍ ഞാന്‍ ..."

ദേവന്‍ തറപ്പില്‍
-------------------@@@@@@@-----------------------
( ജനുവരി 24-നു അഴിക്കോട് മാഷ്‌
മണ്‍മറഞ്ഞിട്ടു ഒരു വര്ഷം തികയുന്നു .'
കള്ളന്മാരും കൊള്ളക്കാരുമായ
രാഷ്ട്രിയക്കാരെ നേരിടാന്‍ ചങ്കുറ്റമുള്ള
ആരാണുള്ളത്.......)

22 Dec 2012

യാത്ര


 പ്രവീൺ
യാത്ര,
ലക്ഷ്യത്തിലേക്കാവണമെന്നു
സമൂഹം…
യാത്ര,
ലക്ഷ്യമന്വേഷിക്കാനാണെന്നു
ഗുരു….
യാത്ര,
ലക്ഷ്യമില്ലാത്തതാണെന്നു ,
സ്വയം….
യാത്രയ്ക്കിടയില്‍,
ഒരിക്കല്‍,
തിരിച്ചറിവിന്‍റെ നാമ്പുകള്‍
പൊട്ടി മുളച്ചപ്പോളറിഞ്ഞു,
“യാത്ര
മാത്രമാണ്,
ലക്‌ഷ്യം…

22 Nov 2012

തൊളസീ.. കൊട എടുത്തില്ല അല്ലേ ?

ഷാഫി മുഹമ്മദ് റാവുത്തർ 


തൊളസീ.. കൊട എടുത്തില്ല അല്ലേ ? അന്ന് ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്നു. സ്കൂളിലേക്ക് പോകുന്ന വഴിയില്‍ എന്നും അവളെ കാണുമായിരുന്നു കണ്ടു കണ്ട് എനിക്ക് അവളോട്‌ എന്തോ ഒരിത്. ഉറങ്ങുമ്പോള്‍ സ്വപ്നത്തില്‍ അവള്‍. പഠിക്കുമ്പോള്‍ പുസ്തകത്തില്‍ അവള്‍ . ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. എവിടെയും എപ്പോഴും അവള്‍……….

മാസം രണ്ടു കഴിഞ്ഞു. എന്‍റെ ഇഷ്ടം അവളോട്‌ ഇതുവരെ ഞാന്‍ പറഞ്ഞില്ല. എന്‍റെ ബഞ്ചിലെ ശങ്കരനോടും, തങ്കരാജിനോടും, ജോസഫ് പി.കെ യോടും ഞാന്‍ ചോദിച്ചു. എന്തുചെയ്യണം ? ഉപ്പയുടെ പോക്കറ്റില്‍ നിന്നും ഓസിയ രണ്ടു രൂപയ്ക്ക് വാങ്ങിയ പ്യാരീസ് മിട്ടായിയുടെ ബലത്തില്‍….. അവസാനം പദ്ധതി ഉരുത്തിരിഞ്ഞു. ഞാന്‍ അവളോട്‌ നേരിട്ട് സംസാരിക്കണം പ്രേമം നേരിട്ട് പറയാത്തവന്‍ ആണ് അല്ലെന്നുപോലും. തങ്കരാജിന്റെ കണ്ടെത്തല്‍.(കാലന്‍….! അവനു സ്മിത ബിയെ പ്രേമിക്കാന്‍ പാതിരാത്രിയില്‍ കുത്തിയിരുന്നു കത്തെഴുതിക്കൊടുത്തവനാണ്. ഈ ഞാന്‍) ഞാനൊന്നും മിണ്ടിയില്ല ആവശ്യക്കാരന്‍ ഞാനായിപ്പോയില്ലേ ആശാ അക്കാദമിയിലെ റ്റ്യൂഷന്‍ ക്ലാസ്സ്‌ കഴിഞ്ഞു അവള്‍ അമ്പലത്തിനടുത്തുള്ള വഴിയിലൂടെ വരുമ്പോള്‍ നേരിട്ട് കാര്യം പറയണം. “എനിക്ക് നിന്നെ ഇഷ്ടമാണെന്ന്” പലതവണ ചര്‍ച്ച ചെയ്തു അന്തിമ രൂപരേഖ തയ്യാറായി. നട്ടുച്ച. ഒടുക്കത്തെ വെയില്‍….. അവളെയും കാത്തുള്ള നില്‍പ്പ് തുടങ്ങിയിട്ട് ഒന്നര മണിക്കൂര്‍ ആകുന്നു. ദാഹിച്ചു വലഞ്ഞു അവള്‍ വരാനുള്ള സമയം അടുക്കുന്തോറും മനസ്സില്‍ തീ നിറയുന്നു കയ്കാലുകള്‍ തളരുന്നു. തൊണ്ട വരളുന്നു. മനസ്സില്‍ പലവട്ടം പറയേണ്ട ഡയലോഗുകള്‍ കാണാതെ പഠിച്ചു. മരിച്ചു പോയ പൂര്‍വികരോട് മനശക്തി തരുവാന്‍ അപേക്ഷിച്ചു മസ്സില് പിടിച്ചു നിന്നു അതാ അവള്‍ വരുന്നു. കുറ്റിക്കാട്ടിനുള്ളില്‍ ഒളിച്ചിരിക്കുന്ന കൂട്ടുകാര്‍ വിളിച്ചു പറഞ്ഞു. പോടാ..

പോയി പറയ് നിന്‍റെ ആണത്തം തെളിയിക്ക്.. ഞാന്‍ രണ്ടും കല്‍പ്പിച്ചു അവളുടെ അടുത്തേക്ക്‌ നടന്നു. എന്നെ കണ്ട് അവള്‍ ചിരിച്ചു. ഞാനും ചിരിച്ചു. പാടത്ത് എള്ള് പൂത്തു നില്‍ക്കുന്ന പോലെ. എന്തും വരട്ടെ എന്ന് മനസ്സില്‍ ഉറച്ചു ഞാന്‍ കാര്യം പറയാന്‍ തീരുമാനിച്ചു. “തൊളസീ.. കൊട എടുത്തില്ല അല്ലേ.. ഭയങ്കരവെയിലാ. കറത്ത് പോകും…” മറുപടിയായി അവള്‍ ചിരിച്ചു കൊണ്ട് എന്നെ കടന്നു പോയി. തങ്കരാജിനും,ജോസഫിനും,കാര്യങ്ങള്‍ ഒന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവളുടെ ചിരി കണ്ട് വിജയിച്ചു എന്ന് മനസ്സിലായി. ഒരു നിമിഷം കൊണ്ട് അവരുടെ ഇടയില്‍ ഞാനൊരു ഹീറോ ആയി മാറി. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. തങ്കരാജ് പട്ടാളത്തില്‍, ജോസഫ് ഗള്‍ഫില്‍, ശങ്കരന്‍ ബിസിനസ്‌മായി കഴിയുന്നു. ഇപ്പോഴും ഏതെങ്കിലും പെണ്ണിനെ പരിചയപ്പെടണമെങ്കില്‍.. അവന്മാര്‍ എന്നോട് ഉപദേശം ചോദിക്കും. അളിയാ. എങ്ങനാടാ. അത്…..? ഞാന്‍ ചിരിക്കും. എന്നിട്ട് ആദിവസം ഓര്‍ക്കും. “തൊളസീ.. കൊട എടുത്തില്ല അല്ലേ.. ഭയങ്കരവെയിലാ.. കറത്ത് പോകും..”

23 Oct 2012

നോവൽ/കുലപതികൾ


സണ്ണി തായങ്കരി

രണ്ട്‌

ഹിത്യനായ എബ്രോണിനോട്‌ നാനൂറ്‌ ഷെക്കൽ വെള്ളികൊടുത്തുവാങ്ങിയ പൂർവദിക്കിലുള്ള മാമ്രേയുടെ കിഴക്കുഭാഗത്തെ മക്പലായുടെ ഗുഹയിലെ കല്ലാര്‌റയിലേയ്ക്ക്‌ കിഴക്ക്‌ വെള്ളകീറുംമുമ്പ്‌ അബ്രാഹവും ഏലിയേസറും ഏതാനും ഭൃത്യന്മാരും കഴുതപ്പുറത്ത്‌ യാത്രതിരിച്ചു.
മക്പലായുടെ മണൽത്തിട്ടകൾ കടന്ന്‌ ചോളവയലുകൾ അതിരു തീർക്കുന്ന ഹിത്യരുടെ ഭൂമിയിൽ അവരെത്തി. വയൽക്കരയിൽ വളർന്നു പന്തലിച്ചുനിൽക്കുന്ന വൃദ്ധവൃക്ഷച്ചുവട്ടിൽ, സാറായുടെ കല്ലാര്‌റ സ്ഥിതിചെയ്യുന്ന ഗുഹയ്ക്കുപുറത്ത്‌ ഭൃത്യൻ കഴുതയെ നിറുത്തി. ക്ഷീണിതനായ അബ്രാഹത്തിനെ കഴുതപ്പുറത്തുനിന്ന്‌ ഇറങ്ങാൻ ഭൃത്യൻ സഹായിച്ചു. വിദഗ്ധനായ മരയാശാരി ഓക്കുമരത്തിന്റെ ശിഖരം ചീകിമിനുസ്സപ്പെടുത്തി കൊത്തുപണികൾ ചെയ്ത്‌ മനോഹരമാക്കി, കൈപ്പിടിയിൽ സ്വർണം പൊതിഞ്ഞ വടിയൂന്നി, മറുകൈ ഏലിയേറിന്റെ തോളിലിട്ട്‌ അബ്രാഹം ഗുഹയിലേയ്ക്ക്‌ നടന്നു. മറ്റൊരു ഭൃത്യൻ ഗുഹാമുഖം മറച്ചിരുന്ന കല്ലുരുട്ടിമാറ്റി. ഗുഹയിലേക്ക്‌ കടക്കാൻ തുനിഞ്ഞ ഭൃത്യനെ വിലക്കി, അബ്രാഹം തനിച്ച്‌ ഗുഹയിൽ കടന്നു. വീഴാതിരിക്കാൻ ഗുഹയുടെ അരുകുചേർന്ന്‌ ഭിത്തിയിൽ ഇടതുകൈയൂന്നി മുന്നോട്ടുനീങ്ങി.
മക്പലായുടെ ആകാശമദ്ധ്യത്തിൽ, മൊട്ടക്കുന്നുകൾക്കുമുകളിൽ സൂര്യൻ ജ്വലിച്ചുനിന്നെങ്കിലും ഗുഹയ്ക്കുള്ളിൽ പ്രകാശത്തിന്‌ ചാരനിറമായിരുന്നു. പുറത്തുനിന്നും അരിച്ചെത്തിയ ശുഷ്ക്കിച്ച പ്രകാശ രേണുക്കൾ പടർന്നിറങ്ങുന്ന ഗുഹാദ്വാരത്തിലൂടെ  വേച്ചുവേച്ചു നടക്കുമ്പോൾ നരിച്ചീറുകൾ കൂട്ടത്തോടെ ചിറകടിച്ചുപറന്നു. ഗുഹാമുഖത്തുനിന്നെത്തിയ വെളിച്ചത്തിന്റെ ചീളുകൾ പതിച്ചപ്പോൾ ഗുഹയുടെ മേലാപ്പിൽ ചിറകിട്ടടിച്ച്‌ അവ ഏതിർദിശയിലേയ്ക്ക്‌ പറന്നുപോയി.
കല്ലാര്‌റയുടെ ഉയർന്നുനിൽക്കുന്ന മേൽത്തട്ടുകണ്ടു. നിർന്നിമേഷനായി, വാർധക്യത്തിന്റെ വർധിതമായ അടയാളങ്ങളോടെ, കല്ലാര്‌റയോട്‌ ചേർന്ന്‌, ഗുഹാഭിത്തിയിൽ ചാരിനിൽക്കുമ്പോൾ പീളകെട്ടിയ കണ്ണുകളിൽനിന്ന്‌ ബാഷ്പബിന്ദുക്കൾ നെഞ്ചോളമെത്തുന്ന സമൃദ്ധമായ ശുഭ്രവർണമുള്ള ദീക്ഷയിൽ വീണ്‌ പടർന്നു.
നിശബ്ദമായ ധ്യാനനിമിഷങ്ങൾ... പരാതികൾ... സങ്കടങ്ങൾ...
കല്ലാര്‌റയുടെ തലയ്ക്കൽ ഉയർന്നുനിന്ന കരിങ്കൽ ഭിത്തിയിൽ ചിറകിട്ടടിച്ച്‌ ഏതോ പക്ഷി വട്ടം പറക്കുന്നത്‌ അബ്രാഹം അറിഞ്ഞു. ഉള്ളിലെവിടെയോ ഒരു വിസ്ഫോടനം... തലച്ചോറിൽ അത്‌ തരംഗങ്ങളായി അലയടിച്ചു. ശുഭ്രവസ്ത്രത്തിന്റെ നിഴലാട്ടം... അബ്രാഹത്തിന്റെ മുഖം വിവർണമായി. പ്രകാശം  സ്വർണക്കതിരുകളായി പടർന്നുകയറി. ആരുടെ കേവലദൃശ്യത്തിനായി കേണുവോ, അതേരൂപം... തൊട്ടരുകിൽ... ഇനി തുറക്കാം ഇടനെഞ്ചിലെ സങ്കടങ്ങളുടെ പേടകം.
ശരീരത്തിന്‌ വിറയൽ ബാധിക്കുന്നത്‌ അബ്രാഹം അറിഞ്ഞു. സാവധാനം കല്ലാര്‌റയ്ക്ക്‌ സമീപമുള്ള കരിങ്കൽ പീഠത്തിൽ അബ്രാഹം ഇരുന്നു.
"പ്രിയേ... ഈ വേർപാട്‌ എനിക്ക്‌ സഹിക്കാനാവുന്നില്ല..."
പീളകെട്ടിയ കണ്ണുകളിൽ സ്പർശിക്കണമെന്നുണ്ട്‌, സാറായ്ക്ക്‌. പക്ഷേ... മരണം തങ്ങൾക്കിടയിൽ അദൃശ്യവും അഭേദ്യവുമായ കൽമതിൽ തീർത്തിരിക്കുകയാണല്ലോ?
"അങ്ങിത്ര ബലഹീനനാകുന്നതെന്ത്‌? ഒരു ജന്മംമുഴുവൻ ഞാൻ കൂടെയുണ്ടായിരുന്നതല്ലേ?"
"അതെ. അതുകൊണ്ടുതന്നെയാണ്‌ എനിക്കീഏകാന്തത്ത ജീവിതശൂന്യതയായത്‌."
പിന്നീട്‌ നിരാശയുടെ പ്രഖ്യാപനമായിരുന്നു-
"എനിക്കാരുമില്ല. ഞാൻ പരിത്യക്തനാണ്‌... മാലാഖപോലും എന്നെ ഉപേക്ഷിച്ചിരിക്കുന്നു."        ശക്തനും പൗരുഷ്യത്തിന്റെ പ്രതീകവുമായ അബ്രാഹം കേഴുന്നു! സാറായ്ക്ക്‌ അത്‌ സഹിച്ചില്ല. പ്രിയതമന്റെ നിസ്സഹായാവസ്ഥ അവൾക്ക്‌ നുറുങ്ങുന്ന വേദനയായി.
"അങ്ങ്‌ ദൈവഹിതത്തിനായി കാതോർക്കു. അവിടുന്ന്‌ ശൂന്യമായതിനെ സമൃദ്ധമാക്കുന്നവനല്ലേ?"
ദൈവത്തിനും അബ്രാഹത്തിനുമിടയിൽ ഉണ്ടായിരിക്കുന്ന അനഭിലഷണീയമായ വിടവ്‌ സാറാ തിരിച്ചറിഞ്ഞു.
"പലരാത്രികളിലും ഞാനവിടുത്തോട്‌ യാചിച്ചു. നിന്നെ വിളിച്ചിടത്തേക്ക്‌ എന്നേയും കൂട്ടാൻ. രാത്രി മുഴുവൻ ബലിപീഠത്തിനുമുമ്പിൽ വിലപിച്ചു. പക്ഷേ, അവിടുന്ന്‌ എന്റെ പ്രാർത്ഥന കേട്ടില്ല. എനിക്ക്‌ സമാശ്വാസമായി മാലാഖയേയും അയച്ചില്ല."
അബ്രാഹത്തിന്റെ പരിദേവനത്തിൽ സാറാ നൊന്തു.
"അങ്ങ്‌ ആത്മാവിൽ നിരാശ നിറച്ചതുകൊണ്ടാണത്‌. അവിടുത്തെ തിരുഹിതങ്ങൾ പൂർണമായും അറിയുന്നവനായിരുന്നില്ലേ അങ്ങ്‌? തന്നേക്കാൾ കൂടുതലായി ആരേയും സ്നേഹിക്കാൻ നമ്മുടെ ദൈവം ആഗ്രഹിക്കുന്നില്ല. ഇക്കാര്യത്തിൽ അവിടുന്ന്‌ സ്വാർഥനാണ്‌. അതങ്ങ്‌ മറന്നോ?"
മറന്നുപോയ സത്യം സാറായെന്ന നിഴൽ രൂപത്തിലൂടെ ദൈവം വെളിപ്പെടുത്തിയപ്പോൾ ഉൾക്കിടിലത്തോടെ ഒരു തിരിച്ചറിവിലേയ്ക്ക്‌ അബ്രാഹം ഉയർന്നു. വിജാതിയരുടെ ബാൽദേവന്മാരിൽനിന്നും എത്രയോ ശക്തനും പരിശുദ്ധനുമാണ്‌ തന്റെ ദൈവമായ കർത്താവ്‌. വിശ്വസ്തത്തയ്ക്ക്‌ ആയിരം തലമുറകൾവരെ അവിടുന്ന്‌ അനുഗ്രഹം ചൊരിയും. അവിശ്വസ്തത്തയ്ക്ക്‌ അതേ നാണയത്തിൽ നിഷ്ഠൂരതാണ്ഡവമേൽപ്പിക്കുന്ന അസഹിഷ്‌ണുവായ ദൈവം... 
തെറ്റുപറ്റി. ഏകാന്തത്തയും നിരാശയും വാർധക്യത്തിന്റെ അരിഷ്ടതകളും തന്നെ അവിടുത്തെ സംരക്ഷണത്തിൽനിന്ന്‌ അകറ്റി. സ്രഷ്ടാവിനേക്കാൾ സൃഷ്ടിയെ വലുതായി കാണാൻ ശ്രമിച്ചു. സാറാ ജീവിച്ചിരുന്നപ്പോൾ ഒരിക്കലും അങ്ങനെ സംഭവിച്ചിട്ടില്ല. അവളുടെ പരാതികളും കണ്ണീരും അത്യുന്നതന്റെ തീർപ്പിനുമുമ്പിൽ ഒന്നുമായിരുന്നില്ല. ഇസഹാക്കിനെ ബലിയർപ്പിക്കാൻ കൊണ്ടുപോകുമ്പോൾപോലും സാറാ അത്‌ അറിഞ്ഞിരുന്നില്ല. ഉദരഫലത്തെ ബലിയർപ്പിക്കാൻ സന്തോഷത്തോടെ ഒരു മാതാവും പറഞ്ഞയയ്ക്കില്ലെന്ന്‌ അറിയാമായിരുന്നു. എല്ലാം മറക്കാൻ സ്ത്രീക്ക്‌ ഒരു നിമിഷം മതിയല്ലോ! മാതൃത്വത്തിന്റെ ചുട്ടുപൊള്ളുന്ന കണ്ണീർലാവകൊണ്ട്‌ സാറാ തന്നെ മൂടിയിരുന്നെങ്കിൽപോലും ദൈവത്തിന്റെ ആജ്ഞയ്ക്കുമുമ്പിൽ താനതിന്‌ തൃണവിലയേ കൽപിക്കുമായിരുന്നുള്ളു.
എന്നിട്ടും ഇന്ന്‌ അബ്രാഹം അതെല്ലാം മറന്നു...! അതും അവിടുന്ന്‌ തുണയായിതന്ന സ്ത്രീയുടെ വേർപാടിൽ നൊന്ത്‌...!!  നന്ദിഹീനതയാണ്‌. അറിഞ്ഞോ അറിയാതെയോ സർവശക്തനോട്‌ ചെയ്ത കൃതഘനത.
"ശരിയാണ്‌ സാറാ. നിന്റെ വേർപാട്‌ എന്നെ ബലഹീനനാക്കി. ഒന്നിലും മനസ്സുറയ്ക്കാത്ത അവസ്ഥ... വാർധക്യവും ആവശ്യത്തിലേറെ അവശതകൾ നിറച്ചിരിക്കുന്നു." കുറ്റസമ്മതമെന്നോണം അബ്രാഹം പുലമ്പി.
"അങ്ങേയ്ക്ക്‌ ഒന്നുചെയ്യാനുണ്ട്‌. നിരാശവെടിഞ്ഞ്‌ മക്കൾക്കായി വധുക്കളെ കണ്ടെത്തൂ. ഭവനത്തിൽ സന്തോഷമുണ്ടാകും. അങ്ങയുടെ ഏകാന്തത്ത പരിഹൃതമാകും."
"അതേ സാറാ. അതുതന്നെയാണ്‌ ശരി. ഇസഹാക്കിന്‌ ഒരു വധു..."
"ആദ്യം ഇസ്മായേലിനാണ്‌ അങ്ങ്‌ വധുവിനെ കണ്ടെത്തേണ്ടത്‌. അവനാണ്‌ കടിഞ്ഞൂൽപുത്രൻ."
"പക്ഷേ, അവൻ ഉപേക്ഷിക്കപ്പെട്ട ഹാഗാറിന്റെ പുത്രനല്ലേ?"
"അങ്ങയുടെ കടിഞ്ഞൂൽപുത്രനാണവൻ." സാറാ ഓർമ്മിപ്പിച്ചു.
"ഹാഗാറിനോടും അവളുടെ പുത്രനോടും നാം അനീതികാട്ടി."
വൈകിവന്ന വിവേകം വാക്കുകളിൽ രൂപംകൊള്ളുന്നത്‌ അബ്രാഹം അറിഞ്ഞു. അത്‌ നീറുന്ന മനസ്സിൽ നിറച്ച കുളിർമ തെല്ലൊന്നുമല്ല.
"ഹാഗാറിനോടുള്ള എന്റെ പെരുമാറ്റം ക്രൂരമായിപ്പോയതുകൊണ്ടാകാം അവിടുന്ന്‌ അവളെയും കുഞ്ഞിനെയും ഉപേക്ഷിക്കാൻ പറഞ്ഞത്‌. ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടവന്റെ ഭവനം ശിഥിലമാകാതിരിക്കാൻ. അവിടുന്ന്‌ വേദനയോടെയല്ല അപ്രകാരം പറഞ്ഞതെന്ന്‌ ആരു കണ്ടു?"
മരണത്തോളമുയർന്ന ഒരു തിരിച്ചറിവാണ്‌ സാറായുടെ നിഴൽ സംസാരിക്കുന്നതെന്ന്‌ അബ്രാഹം  ഓർത്തു. അവൾ പറയുന്നതായിരിക്കാം യാഥാർഥ്യം. അന്യരായ രണ്ടുസ്ത്രീകൾക്ക്‌ ഒരേ വീട്ടിൽ സ്വസ്ഥതയോടെ കഴിയാനാവില്ലെന്ന്‌ ദൈവത്തിനറിയാമായിരുന്നു. സ്രഷ്ടാവല്ലാതെ സൃഷ്ടിയുടെ ബലഹീനതകളെക്കുറിച്ച്‌ പൂർണമായും അറിയുക മറ്റാരാണ്‌? നീതിസൂര്യനായ ദൈവം ഹാഗാറിനോടും ഇസ്മായേലിനോടും ക്രൂരമായി പെരുമാറുമ്പോൾ ആ പിതൃഹൃദയം പിടച്ചിരിക്കില്ലേ? ആ വേദന അവിടുന്ന്‌ സഹിച്ചതു തനിക്കും സാറായ്ക്കും വേണ്ടി മാത്രമായിരിക്കില്ലേ?
"ഒടുങ്ങാത്ത പകയുമായി ഇസ്മായേൽ നടക്കുകയാണ്‌. പിതാവിനും സഹോദരനുമെതിരെ കരുക്കൾനീക്കി മരുഭൂമിയിൽ എവിടെയോ അവൻ അലഞ്ഞുതിരിയുന്നു."
മകനോടുള്ള ഗോപ്യമായ വാത്സല്യം വാക്കുകളിൽ ഉന്മീലിതമായി. കൈക്കുഞ്ഞുമേന്തി നിൽക്കുന്ന ഹാഗാറിന്റെ ചുമലിൽ ഒരു തുകൽ സഞ്ചി വെള്ളവും ഏതാനും അപ്പങ്ങളുമടങ്ങുന്ന ഭാണ്ഡം വച്ചുകൊടുക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു. ഇസ്മായേലിനോടുള്ള അദ്ദേഹത്തിന്റെ സ്നേഹത്തിന്‌ മറ്റൊരു സാക്ഷ്യപത്രം ആവശ്യമില്ല.
"അവനെ ഇവിടേയ്ക്ക്‌ കൂട്ടിക്കൊണ്ടുവരു. ഈ കല്ലാര്‌റ അവന്റെ മനസ്സ്‌ മാറ്റിയേക്കാം."
"അവൻ വരില്ല. കാരണം അവൻ നിന്നെ അത്രമാത്രം വെറുക്കുന്നു. എന്റെ പിൻഗാമിയായി ദൈവം തെരഞ്ഞെടുത്ത ഇസഹാക്കിനേക്കാളേറെ... എന്നേക്കാളേറെ... അബ്രാഹത്തിന്റെ വാക്കുകളിൽ നിരാശ കനൽക്കട്ടപോലെ ജ്വലിച്ചു.
"ചെയ്ത തെറ്റിന്‌ പ്രായശ്ചിത്തം ചെയ്താൽ അങ്ങേയ്ക്ക്‌ കൂടുതൽ ശാന്തി ലഭിക്കും. ഇസ്മായേലിന്‌ പുത്രവധുവിനെ കണ്ടെത്തേണ്ടത്‌ പിതാവായ അങ്ങയുടെ കടമയാണ്‌. അർഹമായ കടിഞ്ഞൂൽ പുത്രാവകാശവും കൊടുക്കണം. പിന്നീടവൻ ഇസഹാക്കിന്റെ ജീവന്‌ ഭീഷണിയാവില്ല. രണ്ടുപേരുടെയും സന്തതി പരമ്പരകൾ ഒരു പക്ഷേ, ശത്രുതയില്ലാതെ കഴിഞ്ഞേക്കും."
നീണ്ട കാത്തുനിൽപ്പിനുശേഷം ഭൃത്യൻ ഏലിയേസർ ഗുഹയിൽ പ്രവേശിച്ച്‌ കല്ലാര്‌റയ്ക്കടുത്തെത്തുമ്പോൾ യജമാനൻ സ്വയം എന്തൊക്കെയോ പിറുപിറുക്കുന്നത്‌ കണ്ടു.
ഏലിയേസറിന്റെ തോളിൽ കൈയിട്ട്‌ ഗുഹയുടെ പുറത്തേയ്ക്ക്‌ നടക്കുമ്പോൾ അബ്രാഹത്തിന്റെ കണ്ണുകളെ മൂടിയ പീള അപ്രത്യക്ഷമായിരുന്നു. അവിടെ വെളിച്ചം പ്രത്യാശയുടെ തിളക്കമായി.

 തുടരും

19 Sept 2012

കാടിനെ ധ്യാനിച്ച്‌ ഗവിയിലേക്ക്

മൻസൂർ ചെറുവാടി

ഈയടുത്തക്കാലത്തായി ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായിരിക്കും ‘ഗവി’. ഏകദേശം അഞ്ചോളം ലേഖനങ്ങള്‍ വിവിധ മാധ്യമങ്ങളില്‍ വായിച്ചിട്ടുണ്ട് ഗവിയെ പറ്റി. ‘ഓര്‍ഡിനറി’ എന്ന സിനിമയാണ് ഗവിയുടെ തിരുത്തി എഴുതപ്പെട്ട ജാതകത്തിന് പിന്നില്‍ എന്ന് അവിടെ കണ്ടു മുട്ടിയ സന്ദര്‍ശകരില്‍ നിന്നും മനസ്സിലാകാന്‍ പറ്റി. ഈ സ്ഥലം നിങ്ങള്‍ കണ്ടിരിക്കണം എന്ന് പറയാതെ പറഞ്ഞിരിക്കണം ആ സിനിമ. കാരണം ആ സിനിമ ഇറങ്ങിയതിനു ശേഷം സഞ്ചാരികളുടെ കുത്തൊഴുക്ക് തന്നെ ഉണ്ടായിട്ടുണ്ട് ഇവിടേയ്ക്ക്. ഇവരെല്ലാം ഗവി ആസ്വദിച്ചിരിക്കാം ഇല്ലായിരിക്കാം. പക്ഷെ എരുമേലി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ശ്രീ. ബേബി ജോണ്‍ പറയുന്നത്, ഈ സന്ദര്‍ശകരുടെ ബാഹുല്യം ഏറ്റവും കൂടുതല്‍ ബാധിച്ചതും ബാധിക്കാന്‍ പോകുന്നതും ഇവിടത്തെ പ്രകൃതിയെ ആണ്. യാത്രയിലുടനീളം വഴിയരികിലും , കാട്ടരുവികളുടെ തീരത്തും മരച്ചുവട്ടിലും എല്ലാം കാണുന്നത് വലിച്ചെറിയപ്പെട്ട മദ്യ കുപ്പികളും മറ്റു മാലിന്യങ്ങളുമാണ്. ആഘോഷ തിമിര്‍പ്പിന്റെ അവശിഷ്ടങ്ങള്‍ ഏറ്റു മുറിവേറ്റ പ്രകൃതി ഇങ്ങിനെ വിളിച്ചു പറയുന്നത് കേള്‍ക്കാം. ‘എന്നെ ആസ്വദിച്ചോളൂ.. ഉപദ്രവിക്കരുതേ’ എന്ന്. ആഘോഷങ്ങള്‍ക്ക് മാത്രമായി കാടുകയറി പ്രകൃതിയെ ഇങ്ങിനെ ബലാല്‍സംഘം ചെയ്യുന്നവരോട് നിയമം അല്‍പം കൂടി ഗൗരവമായി ഇടപെട്ടേ പറ്റൂ എന്നൊരു അപേക്ഷ കൂടി ഈ കുറിപ്പിനൊപ്പം വെക്കുന്നു.
ഇന്ത്യയില്‍ ഏറ്റവും ശക്തവും കണിശവുമായ നിയമങ്ങള്‍ ഉള്ളത് പരിസ്ഥിതി വകുപ്പിനാണ് എന്ന് പറയപ്പെടുന്നു. ലക്ഷ കണക്കിന് തീര്‍ഥാടകര്‍ എത്തുന്ന ശബരി മല റോഡ് വികസനം പോലും വനം ഭൂമി വിട്ട് കിട്ടാതെ നിയമ കുരുക്കില്‍ പെട്ട് നില്‍ക്കുന്നു. എങ്കില്‍ അതേ കണിശമായ നിയമങ്ങള്‍ ഇങ്ങിനെ പ്രകൃതിയോട് എട്ടുമുട്ടുന്നവരോടും സ്വീകരിച്ചേ മതിയാവൂ. കഴിഞ്ഞ ആഴ്ച വന്ന വാര്‍ത്തയില്‍ പറയുന്നു ഗവിയിലേക്ക് സന്ദര്‍ശകരെ നിയന്ത്രിച്ചു എന്ന്. നിയന്ത്രിക്കേണ്ടത് സന്ദര്‍ശകരെ അല്ല, അവരില്‍ ചിലരുടെ നടപടികളെ ആണ്. ചുരുങ്ങിയത് അഞ്ചു ചെക്ക് പോസ്റ്റുകള്‍ എങ്കിലും ഉണ്ട് ഗവിയിലേക്ക് എത്തുന്നതിനു മുമ്പായിട്ട്. മൂഴിയാര്‍ ഡാം ചെക്ക് പോസ്റ്റില്‍ വിശദമായ പരിശോധന തന്നെയുണ്ട്. എന്നിട്ടും മദ്യ കുപ്പികള്‍ വനത്തിനകത്തേക്ക് എത്തിപ്പെടുന്നു എങ്കില്‍ ഈ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ അപാകതയുണ്ട് എന്ന് വേണം കരുതാന്‍. പ്രകൃതിയോടുള്ള സ്‌നേഹമാണ് ഇത്തരം നിയന്ത്രണങ്ങള്‍ക്ക് പിന്നിലെങ്കില്‍ അതില്‍ പ്രധാനമായും ഉള്‍പ്പെടുത്തേണ്ടത് മദ്യ നിരോധനം ആണ്. കര്‍ണാടകയിലേയോ തമിഴ്‌നാട്ടിലേയോ വനത്തിലേക്ക് കടക്കുമ്പോള്‍ ശക്തമായ നിയന്ത്രണമാണ് ഉള്ളത്. ഒരു ബിസ്‌കറ്റിന്റെ പാക്കറ്റ് പോലും പൊളിച്ച് കവര്‍ ഒഴിവാക്കിയേ അവര്‍ അകത്തേക്ക് കടത്തി വിടൂ. ഇവിടെ മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും ലഹരിയില്‍ മനുഷ്യന്റെ നിലവിളി പോലും കേള്‍ക്കാത്തവര്‍ എങ്ങിനെ പ്രകൃതിയുടെ നിലവിളി കേള്‍ക്കും…?
ഗവിയിലേക്ക്
കോട്ടയം വരെ ട്രെയിനിലും അവിടന്ന് എരുമേലി കുമളി കാഞ്ഞിരപ്പള്ളി വഴി ഗവിയിലേക്ക് എത്തിപ്പെടുന്നതുമാണ് ഞങ്ങളുടെ യാത്രാ പരിപാടി, സുഹൃത്തുക്കളായ മുണ്ടക്കയം സ്വദേശികള്‍ ജോമോനും സഹോദരന്‍ മാത്തുക്കുട്ടിയും പിന്നെ പൂഞ്ഞാര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി റെജിയും ഞങ്ങളെ കാത്ത് നില്‍പ്പുണ്ടായിരുന്നു. കൂടെ എല്ലാ സഹായവും ചെയ്ത് തന്ന് എരുമേലി ഡെപ്യൂട്ടി റെയ്ഞ്ചാര്‍ ബേബി ജോണ്‍ സാറും ഉണ്ടായിരുന്നു ഞങ്ങളോടൊപ്പം. നന്ദി ഏറെയുണ്ട് ഓഫീസര്‍, നിങ്ങള്‍ ചെയ്തു തന്ന സഹായത്തിന്.
ഞങ്ങളുടെ വരവിന് നന്നായി ഒരുങ്ങിയിട്ടുണ്ട് ജോമോനും കൂട്ടരും. ഒരു ചെമ്പ് നിറയെ ദമ്മിട്ട ചിക്കന്‍ ബിരിയാണി, കപ്പ പുഴുങ്ങിയതും നല്ല കാന്താരി ചമ്മന്തിയും, പഴവര്‍ഗങ്ങള്‍, പിന്നെ വെള്ളവും എല്ലാം കൂടെ കരുതിയിട്ടുണ്ട്. കാടിനകത്തൂടെ കുറെ യാത്ര ചെയ്യണം ഗവിയിലേക്ക്. ഉച്ച ഭക്ഷണത്തിന് സമയമായി. പെന്‍ സ്‌റ്റോക്ക് പൈപ്പുകള്‍ക്ക് മീതെ പാലത്തില്‍ വെച്ചു ബിരിയാണിയുടെ ദമ്മു പൊട്ടിച്ചു. പിന്നൊന്നും ഓര്‍മ്മയില്ല. ഭക്ഷണത്തിന് ശേഷം കമാണ്ടര്‍ ജീപ്പ് വീണ്ടും ആനച്ചൂര് മണക്കുന്ന കാട്ടു വഴിയിലൂടെ നുഴഞ്ഞുകയറി. ദുര്‍ഘടമായ ഈ വഴികളിലൂടെ അനായാസകരമായി നീങ്ങാന്‍ ജീപ്പ് തന്നെ നല്ല വാഹനം. കാടിന്റെ സൌന്ദര്യം നന്നായി ആസ്വദിച്ചു ഞങ്ങളും അച്ചായന്‍ കത്തികളുമായി യാത്രയെ സജീവമാക്കി മാത്തുക്കുട്ടി വാഹനം ഓടിക്കുന്നു. കോണ്‍ഗ്രസ് അനുഭാവി എങ്കിലും പീ സി ജോര്‍ജ്ജിന്റെ ആരാധകന്‍ ആണ് മാത്തുക്കുട്ടി.
നാല് ഡാം രിസര്‍വോയിറുകള്‍ ഗവിയിലേക്ക് എത്തുന്നതിനു മുമ്പ് കാണാം. മൂഴിയാര്‍ ഡാം, ആനത്തോട് ഡാം, കാക്കി ഡാം, പമ്പ ഡാം . എല്ലാം ശബരിഗിരി ഹൈഡ്രോ ഇലക്ട്രിക്ക് പ്രോജക് റ്റിന്റെ ഭാഗമായി ഉള്ളത്. ഇതില്‍ കാക്കി ഡാമും പരിസരവും ആണ് ഏറ്റവും മനോഹരമായിട്ടുള്ളത്. കുത്തനെ നില്‍ക്കുന്ന പാറകള്‍ക്കിടയില്‍ വലിയ കരിങ്കല്‍ തൂണുകള്‍ സ്ഥാപിച്ചു അതുവഴി റെയില്‍ സംവിധാനവും ക്രെയിനും കൊണ്ടുവന്നാണ് ജോലി പൂര്‍ത്തിയാക്കിയത്. ആ സമര്‍പ്പണത്തിന്റെ അടയാളമെന്നോണം ഇപ്പോഴും ആ തൂണുകള്‍ കാട് മൂടി കിടപ്പുണ്ട് ഇവിടെ. എങ്ങിനെ അതവിടെ ഉണ്ടാക്കി എന്ന ചോദ്യം ഡാം തന്നെ പണിതില്ലേ എന്ന ഉത്തരത്തില്‍ തട്ടി നില്‍ക്കും. പൊന്നാപ്പുരം കോട്ട എന്ന സിനിമയുടെ ഷൂട്ടിംഗ് ഇവിടെ വെച്ചാണ് നടന്നത്. പക്ഷെ ഈയടുത്ത് ഒരു മലയാള പത്രത്തില്‍ ഗവിയെ പറ്റി വായിച്ച റിപ്പോര്‍ട്ടില്‍ ആ സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി സെറ്റ് ഇട്ടതാണ് ഈ തൂണുകള്‍ എന്ന് കണ്ടു. തെറ്റാണ് അത് എന്ന് ഇവിടത്തെ കാവല്‍ക്കാര്‍ പറയുന്നു. കൃത്രിമമായ ഈ തടാകത്തില്‍ ബോട്ടിംഗ് ഉണ്ട്. പക്ഷെ പൊതുജങ്ങള്‍ക്ക് തുറന്നു കൊടുത്തിട്ടില്ല. ചുറ്റും കൊടും കാടുകളും ഈ ജലാശയവും ഡാമും മതി മറക്കുന്ന ഒരു കാഴ്ച തന്നെ.

പക്ഷെ ഇവിടെ എന്നെ ആകര്‍ഷിച്ച കാഴ്ച മറ്റൊന്നാണ്. 1967 – ല്‍ ഈ ഡാം ഉത്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഈ. എം. എസ്. നമ്പൂതിരിപ്പാടാണ്. ഭൂപരിഷകരണം തുടങ്ങി കുറെ ചരിത്രങ്ങള്‍ ആ പേരിനോടൊപ്പം ചേര്‍ത്ത് വായിച്ചിട്ടുണ്ട്. പക്ഷെ കേരളത്തില്‍ അങ്ങോളമിങ്ങോളം മുക്കിലും മൂലയിലും കാണുന്ന ശിലാഫലകങ്ങള്‍ക്കിടയില്‍ ഈ.എം.എസ് . ഉത്ഘാടനം ചെയ്തു എന്ന് കൊത്തിവെച്ച ഈ ശിലാഫലകം നന്നായി ആകര്‍ഷിച്ചു. ഇന്നും യാത്ര ദുര്‍ഘടമായ വഴികള്‍ താണ്ടി അദ്ദേഹം ഇവിടെയെത്തിപ്പെടാന്‍ നന്നായി ബുദ്ധിമുട്ടി കാണണം. ഫോട്ടോഗ്രാഫി നിരോധിച്ചത് കാരണം അതിന്റെ ചിത്രം എടുക്കാന്‍ പറ്റിയില്ല. എന്റെ ആദര്‍ശം മറ്റൊന്നെങ്കിലും ഇതൊക്കെ കാണുന്നത് സന്തോഷകരം തന്നെ.
കാക്കി ഡാം കഴിഞ്ഞാല്‍ വീണ്ടും വനപാത തന്നെ. റോഡരികില്‍ എല്ലാം ഈറ്റ വെട്ടി കെട്ടി വെച്ചിട്ടുണ്ട്. മേലെ ആദിവാസികളുടെ കുടിലുകള്‍ കാണാം. പാറകള്‍ക്കും മരത്തിനും ഇടയില്‍ കെട്ടി കൂട്ടിയ ചെറിയ സങ്കേതങ്ങള്‍. ഒരാള്‍ക്ക് പോലും നിവര്‍ന്നു നില്‍ക്കാന്‍ കഴിയാത്ത ഇതിനകത്ത് എങ്ങിനെ മൂന്നു നാലാളുകള്‍ താമസിക്കുന്നു. കാറ്റിനെയും മഴയേയും കാട്ടു മൃഗങ്ങളെയും അതിജീവിച്ചു ഇവരെങ്ങിനെ ഇവിടെ ജീവിക്കുന്നു എന്ന ചോദ്യം പ്രസക്തമല്ല. ദൈവം ഓരോരുത്തര്‍ക്കും അവരുടെ സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള പ്രത്യേകത നല്‍കിയിരിക്കണം. ’മല പണ്ടാരങ്ങള്‍’ എന്ന ആദിവാസി വിഭാഗം ആണിവര്‍. നല്ല കാട്ടുതേന്‍ കിട്ടും എന്നറിഞ്ഞു ഞങ്ങള്‍ അവരുടെ കുടിലിലേക്ക് കയറി ചെന്നു. മുളയുടെ കുറ്റികളില്‍ ശേഖരിച്ചു വെച്ച തേന്‍ രുചി നോക്കിയപ്പോള്‍ തന്നെ മനസ്സിലായി മേന്മ. ഒട്ടും മായം ഇല്ലാത്തത്. തേനീച്ച കൂടിന്റെ അവശിഷ്ടങ്ങള്‍ വരെ ഉണ്ട് അതില്‍. ലിറ്ററിന് നാനൂറു രൂപ വെച്ചാണ് ഇവര്‍ വില്‍ക്കുന്നത്. വില പേശിയപ്പോള്‍ രണ്ട് ലിറ്റര്‍ മുന്നൂറു രൂപയ്ക്കു തന്നു. കാലത്ത് തേന്‍ ചൂട് വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ തടി കുറയുമത്രെ. ഭക്ഷണം കുറയ്ക്കാതെ തടി കുറയുമെങ്കില്‍ പരീക്ഷണം ഈ കാട്ടുതേനില്‍ ആക്കണം. നാട്ടിലെത്തട്ടെ.

വഴിയില്‍ ഇറങ്ങിയും വിശ്രമിച്ചും യാത്ര തുടരുകയാണ്. ഇപ്പോള്‍ എക്കോ പാറ എന്ന് വിളിക്കുന്ന സ്ഥലത്താണ്. കാക്കി ഡാമിന് വേണ്ടി പാറ പൊട്ടിച്ച സ്ഥലം ആണിത്. ഉറക്കെ കൂവിയാല്‍ ശബ്ദം പ്രതിധ്വനിക്കുന്നത് കാരണം ആണ് ഈ പേര് വീണത്. കപ്പയും കാന്താരി മുളകും കഴിക്കാന്‍ ഈ സ്ഥലം ആണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്. കോട്ടയംക്കാരുടെ കാന്താരി ചമ്മന്തിയുടെ എരുവ് ഇപ്പോഴും പോയിട്ടില്ല നാവില്‍ നിന്നും. അത്രക്കും രുചിയും ഉണ്ട്. യാത്രയില്‍ എല്ലാര്‍ക്കും ഒരേ സ്വരത്തില്‍ സംസാരിക്കാന്‍ പറ്റുന്നത് ഭക്ഷണക്കാര്യത്തില്‍ ആണ്.
വഴിയരികില്‍ കാഴ്ചകള്‍ ആസ്വദിച്ച് പതുക്കെ നീങ്ങുന്നത് കാരണം ഗവിയിലെക്കുള്ള ദൂരവും കൂടുന്നു. ഇന്ന് പച്ചക്കാനം എന്ന സ്ഥലത്ത് അന്തിയുറങ്ങി നാളെ ഗവിയിലേക്ക് പോവാനാണ് പരിപാടി. പച്ചക്കാനം വരെ കെ .എസ്. ആര്‍. ടി. സി . ബസ് സര്‍വീസ് ഉണ്ട്. കാലത്തും വൈകീട്ടും.

പക്ഷെ ഇതുവഴി ഗവിയിലേക്ക് വരുന്നവര്‍ കുറെ നടക്കേണ്ടി വരും അവിടെയെത്താന്‍. നല്ല ഭംഗിയുള്ള താഴ്വാരം ആണ് പച്ചക്കാനം. കെ. എസ്. ഈ. ബി. യുടെ ഒരു ചെറിയ കാന്റീന്‍ ഉണ്ട് ഇവിടെ. നേരത്തെ ഓര്‍ഡര്‍ കൊടുത്താല്‍ ഭക്ഷണം കിട്ടും. ഞങ്ങള്‍ താമസിക്കുന്നത് കെ. എസ്. ഈ. ബി. യുടെ ‘പമ്പ ഹൗസ്’ എന്ന റസ്റ്റ് ഹൗസിലാണ്. തിരുവനന്ദപുരം വൈദ്യുതി ഭവന്‍ മുഖേന ബുക്ക് ചെയ്താല്‍ ഇവിടെ താമസം കിട്ടും. മുറ്റത്ത് നിന്നാല്‍ തൊട്ടു മുന്നില്‍ പമ്പ ഡാം ആണ്. അതി മനോഹരമായ സ്ഥലം. പക്ഷെ ഡാമിനടുത്തേക്ക് പ്രവേശനം ഇല്ല. പക്ഷെ ഈ മുറ്റത്ത് ഇരുന്നാല്‍ തന്നെ സ്വയം മറന്നു പോകും. കാടിന് നടുവില്‍ പമ്പ ഹൌസും, ഡാമും ജലാശയവും എല്ലാം കൂടി മൂഡിലേക്ക് എത്തിക്കും .
ചെറിയ വിശ്രമത്തിന് ശേഷം ഞങ്ങള്‍ നടന്നു താഴെ വന്നു. ചായ ചോദിച്ചപ്പോള്‍ കരിംചായ മാത്രമേ ഉള്ളൂ എന്നായി . അതെന്ത് എന്ന രീതിയില്‍ എല്ലാരും മുഖത്തോട് മുഖം നോക്കി. ഇനി കരിംകുരങ്ങ് രസായനം പോലെ വല്ല സാധനവും ആയിരിക്കുമോ? സംഗതി വന്നപ്പോള്‍ എല്ലാവരിലും ചിരി ആയി. വൈക്കം മുഹമ്മദ് ബഷീര്‍ പ്രസിദ്ധമാക്കിയ സുലൈമാനി എന്ന കട്ടന്‍ ചായ തന്നെ. അതോടെ ഇടയ്ക്കിടയ്ക്ക് ഒരു കരിംചായ എന്ന് പറഞ്ഞു വാങ്ങിക്കുന്നത് രസകരമാക്കി. പച്ചക്കാനത്ത് ഇടയ്ക്കിടെ കടുവ ആക്രമണം ഉണ്ടാവാറുണ്ട് എന്ന് ബേബി ജോണ്‍ സാര്‍ ഓര്‍മ്മപ്പെടുത്തി. പശുക്കളെ ഇടയ്ക്കിടയ്ക്ക് പിടിച്ചു കൊണ്ട് പോകുമത്രേ. അതോടെ ഇത്തിരി ഭയം കയറി. കാരണം താമസിക്കുന്ന പമ്പ ഹൗസിലേക്ക് കുറച്ച് ദൂരം നടന്നു വേണം പോകാന്‍. സമയം രാത്രിയും. ചുമ്മാ മനുഷ്യനെ പേടിപ്പിക്കാന്‍ ഓരോ കാര്യങ്ങള്‍. ഏതായാലും രാത്രി ഒരു ട്രെക്കിംഗ് നടത്തി. കാട് ഏറ്റവും ഭീതിയും രസകരവും ആവുന്നത് രാത്രിയില്‍ ആണ്. ഓരോ ഇലയനക്കവും ഉള്ളില്‍ നേരിയ ഒരു ഭീതി ഉണ്ടാക്കും. അപ്പോള്‍ പേടി തോന്നുമെങ്കിലും ഓര്‍ക്കാന്‍ രസമുള്ള അനുഭവം ആണത്. ഒരു കൊമ്പനെ വഴിയില്‍ കാണണേ എന്ന് ആഗ്രഹിക്കുന്നതോടൊപ്പം ഉള്ളിലെ ഭീതി കാണരുതേ എന്നും പറയുന്നുണ്ടാവും. ആ ത്രില്‍ തന്നെയാണ് ഇതിലെ രസവും. പക്ഷെ മാത്തുക്കുട്ടിയുടെ മുഖത്ത് ഒരു പേടിയും ഇല്ല. കാടിനെ കീറി മുറിച്ചു പാട്ടും പാടി കൂളായി ചെയ്യുന്നു . എനിക്കാണേല്‍ ആന മുന്നില്‍ വന്നു പെട്ടാല്‍ എന്ത് ചെയ്യും എന്ന് മാത്തുകുട്ടിയോട് ചോദിക്കാന്‍ പോലും ധൈര്യമില്ല.

നല്ല തണുപ്പും കോടമഞ്ഞും ഒക്കെ നിറഞ്ഞു നില്‍ക്കുന്ന പ്രഭാതം . പൂത്തു നില്‍ക്കുന്ന പല വര്‍ണ്ണത്തിലുള്ള വേലിച്ചെടികള്‍ സൂര്യ വെളിച്ചത്തില്‍ നന്നായി തിളങ്ങുന്നു. ലെന്റാന എന്ന് വിളിക്കുന്ന ഈ വേലിച്ചെടികള്‍ക്ക് ഒരു ഗൃഹാതുരത്വത്തിന്റെ മുഖവും മണവുമാണ്. സ്‌കൂളിന്റെ അരികില്‍, നമ്മള്‍ സഞ്ചരിച്ച നാട്ടു വഴികളില്‍ , മറ്റേതേലും ഗ്രാമത്തില്‍ എല്ലാം ചിരപരിചയക്കാരെ പോലെ ഇവ നമ്മളെ നോക്കി ചിരിക്കാറില്ലേ..? ഒരിക്കലും ഒരു അന്യതാ ബോധം നല്‍കില്ല ഇവ. നിത്യവും നമ്മള്‍ കാണുന്ന ഒരു സുഹൃത്തിനെ പോലെ തോന്നും ഈ കുഞ്ഞു പൂക്കളെ കാണുമ്പോള്‍. നിഷ്‌കളങ്കാരായ ഈ പൂക്കളെ വേലി ചെടികള്‍ എന്ന് പറഞ്ഞു മാറ്റി നിര്‍ത്തിയത് ആരാണ് ..?
നൂല്‍പ്പുട്ടും മുട്ടക്കറിയും പിന്നെ കരിംചായയും. ഇതാണ് പ്രഭാത ഭക്ഷണം . വന്നു നിന്ന കെ എസ് ആര്‍ ടി സി ബസ്സില്‍ നിന്നും ഗവിയിലെക്കുള്ള യാത്രക്കാര്‍ ഇറങ്ങി. ഉച്ചയോടടുക്കും ഇവര്‍ നടന്നു അവിടെ എത്തുമ്പോള്‍. ഒരു വാഹനം പോലും കിട്ടില്ല . അതറിയാതെ വന്നു പെടുന്നവര്‍ ആകും. പക്ഷെ വണ്ടിപ്പെരിയാര്‍ വഴി വരുന്നവര്‍ക്ക് വാഹന സൗകര്യം കിട്ടുമെന്ന് തോന്നുന്നു. ആനച്ചൂര് അടിച്ചപ്പോള്‍ പേടിച്ചു വഴിയില്‍ നിന്ന രണ്ട് പേരെ ഞങ്ങളുടെ വണ്ടിയില്‍ കയറ്റി. തീര്‍ച്ചയായും അവര്‍ക്കത് ആശ്വാസമായിക്കാണണം.

പെരിയാര്‍ വന്യ ജീവി സംരക്ഷണ വനത്തിന്റെ ഭാഗമാണ് ഗവി. സമൃദ്ധമായ കാടുകളാല്‍ ചുറ്റപ്പെട്ട പ്രദേശം. പ്രകൃതി അതിന്റെ എല്ലാ സൗന്ദര്യവും നല്‍കിയത് നമ്മുടെ കേരളത്തിനാണോ..? കേരളത്തിലെ മിക്ക സ്ഥലങ്ങള്‍ കാണുമ്പോഴും ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട് എന്ന് തോന്നും. ഗവിയും വിത്യസ്ഥമല്ല. നിബിഡ വനങ്ങള്‍ അതിരിടുന്ന തടാകത്തില്‍ ബോട്ടിംഗ് നടത്താം. പക്ഷെ പാക്കേജ് ടൂറിന്റെ ഭാഗമായി വരുന്നവര്‍ക്കെ അവിടേക്ക് പ്രവേശനം ഉള്ളൂ. അതൊരു കുറവ് തന്നെയാണ്. മറ്റു നിലയില്‍ എത്തിപ്പെടുന്നവര്‍ക്ക് ടിക്കറ്റ് വെച്ചെങ്കിലും അതിനടുത്തേക്ക് പ്രവേശനം അനുവദിക്കാമായിരുന്നു. അതുപോലെ തടാകത്തിനു അരികെയുള്ള ചുവന്ന മണ്ണുകള്‍ ചെറിയൊരു കൃത്രിമത്വം തോന്നിപ്പിക്കുന്നുണ്ട്. നന്നായി മതിലുകള്‍ കെട്ടി അതൊന്നു മോടി പിടിപ്പിക്കാമായിരുന്നു.

ഗവി എന്ന ചെറിയ സ്ഥലത്തേക്കാള്‍ ഇവിടേക്കുള്ള യാത്ര ആയിരിക്കും നമ്മെ കൂടുതല്‍ സന്തോഷിപ്പിക്കുക. കാരണം നിഗൂഡമായ കാട്ടു വഴികളിലൂടെ കാടിന്റെ സ്പന്ദനം അറിഞ്ഞു , കാട്ടു മൃഗങ്ങളോട് സല്ലപ്പിച്ചു , കാഴ്ചകള്‍ കണ്ടും ആസ്വദിച്ചും ഇങ്ങിനെ യാത്ര ചെയ്യുന്നത് സമാനതകളില്ലാത്ത അനുഭവം തന്നെ. ആ ആനന്ദത്തിനൊപ്പം പ്രകൃതി സമ്മാനമായി നല്‍കിയ മഴ ആ സന്തോഷത്തെ ഇരട്ടിയാക്കി. ഒരു മലയണ്ണാന്‍ ചിലച്ചു കൊണ്ട് മറ്റൊരു മരത്തിലേക്ക് ചാടി മറിഞ്ഞു. ഈ മഴ അവനെയും സന്തോഷിപ്പിച്ചിരിക്കണം.

ശബരി മല തീര്‍ഥാടനം ചെയ്യുന്നവര്‍ വാവര്‍ പള്ളിയില്‍ കയറിയിട്ടെ പോകൂ. അപ്പോഴേ അവരുടെ കര്‍മ്മം പൂര്‍ത്തിയാകൂ എന്നാണ് വിശ്വാസം. ഞങ്ങളും നടത്തിയത് ഒരു തീര്‍ത്ഥയാത്ര തന്നെ . പക്ഷെ പ്രകൃതിയിലേക്ക് ആണെന്ന് മാത്രം. യാത്ര അവസാനിക്കുന്നതിനു പകരം പള്ളിയില്‍ കയറിയാണ് യാത്ര തുടങ്ങിയത്. എരുമേലി വന്നു പെട്ടപ്പോള്‍ മത സൗഹാര്‍ദ്ദത്തിന്റെ പ്രതീകമായ ആ പള്ളിയും കണ്ടു എന്ന് മാത്രം. കോട്ടയം, പത്തനംത്തിട്ട , ഇടുക്കി , എന്നീ ജില്ലകളിലൂടെയുള്ള യാത്ര നല്ലൊരു അനുഭവം ആയിരുന്നു.

കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ജനശതാബ്ദി എക്‌സ്പ്രസ്സില്‍ കോഴിക്കോട്ടേക്ക് കയറുമ്പോള്‍ മനസ്സ് നിറയെ സന്തോഷമുണ്ട്. ഒരു തീര്‍ഥാടനം നടത്തിയ സുഖം. പ്രകൃതി ഒരുക്കിയ കാഴ്ച്ചകള്‍, വാര്‍ത്തകളില്‍ വായിച്ചറിഞ്ഞ സ്ഥലങ്ങള്‍, ജോമോനും മാത്തുക്കുട്ടിയും സുഹൃത്തുക്കളും നല്‍കിയ ഊഷ്മളമായ ആഥിത്യം അങ്ങിനെ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഹൃദ്യമായ രണ്ട് ദിവസങ്ങള്‍. അവധിക്കാലങ്ങള്‍ സന്തോഷകരമാവുന്നത് ഇങ്ങിനെയൊക്കെയാണ്. പുതിയ ദേശങ്ങള്‍ കാഴ്ച്ചകള്‍ , സ്‌നേഹം കോരി ചൊരിയുന്ന സുഹൃത്തുക്കള്‍. ഇവരെ, ഈ കാഴ്ചകളെ ഞാനെന്റെ സന്തോഷങ്ങളുടെ പുസ്തകത്തിലേക്ക് എഴുതി ചേര്‍ക്കുന്നു. ഇടയ്ക്കിടയ്ക്ക് എടുത്ത് പൊടിപിടിക്കാതെ മറിച്ചുനോക്കാന്‍.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...