Showing posts with label sudhakaran chanthavila. Show all posts
Showing posts with label sudhakaran chanthavila. Show all posts

19 Oct 2014

കനലുകൾ കത്തുന്നില്ല


സുധാകരൻ ചന്തവിള

മുന്നോട്ടു പോകുന്തോറും
പിന്നോട്ടു പോകുന്നു നാം
പിന്നോട്ടു പോകുമ്പോഴോ
മുന്നോട്ടു പോകാൻ തോന്നും

മുന്നിലുള്ളതാം കടൽ
പച്ചയായ്‌ തോന്നുന്നുണ്ടാം
പിന്നിലോ ജലംവാർന്നു
നീലിച്ച തടാകങ്ങൾ.

സ്വന്തമായെത്താറില്ല.
സന്ധ്യയും പ്രഭാതവും.
ബന്ധങ്ങളനവധി, ബന്ധുരം,
കാണാക്കാഴ്ചയ്ക്കപ്പുറം നീയും
ഞാനും, കടലാഴങ്ങൾ നോക്കി
കണ്ടുകണ്ടിരിക്കുന്നു

പിൻവാങ്ങുവാനോ വന്നു?
കാൽതട്ടിച്ചിതറുന്നുണ്ടിടയ്ക്കു
-
രസിപ്പിക്കും തിരമാലകൾ മുന്നിൽ

എന്തൊരു സുഖമാണീ
മഴയും മഞ്ഞും കാറ്റും
കടലോളവും കണ്ടുകഴിയാൻ..
കിനാവുപോൽ...

യൗവ്വനാവേശത്തിന്റെ തിരകൾ
തളിർക്കുന്നുണ്ടെണ്ണമോഹത്താൽ
നെഞ്ചിലുന്മേഷരോമാഞ്ചങ്ങൾ!
അസ്തമിക്കില്ലെന്നുള്ളൊരാരവം
മുഴങ്ങുന്നു; അഖണ്ഡമനാദിയാം
ആഘോഷപ്പുലർകാലം
അനിയന്ത്രിതമായ വിജയാഹ്ലാദ-
ത്തിന്റെ കുതിരപ്പുറത്തുനാം
ഉലകം ചുറ്റുമ്പോഴും,
ഉയരുന്നുണ്ടാമങ്ങേതലയ്ക്കൽ
അനന്തമായ്‌ കടലിൽ കലാപത്തിൽ
കാട്ടുതീ കത്തീടുന്നു.

ചിരിയിൽ ഒതുക്കുന്ന
സിന്ദൂരമണിച്ചെപ്പിൽ
എരിഞ്ഞുതീരുന്നുണ്ടാം
ചിതമായ്‌ തീരാത്തത്താം
കരിഞ്ഞ കനലുകൾ.
സ്ഥിരമില്ലൊന്നും;
സ്നേഹദുഃഖങ്ങൾ
തീരാക്കടമെഴുതിത്തള്ള-
നുള്ളതല്ലതീജീവക്കടൽ.

അറിയാം നമുക്കു നാം
ഇവിടെ ഏകാന്തത്തിൽ;
അറിയാത്തതു,നമ്മിലുള്ള
നന്മകൾ മാത്രം!
പറയുന്നുണ്ടാം പല പരമാർത്ഥങ്ങൾ
പക്ഷേ, പറയുന്നുണ്ടോ
നമ്മൾ പരമ രഹസ്യങ്ങൾ ?
അറിയാമെന്നുള്ളതിൽ
അറിയുന്നില്ല; തമ്മിലടുക്കാത്ത-
തിലുള്ളനന്തത്തന്മാത്രകൾ.

ആർക്കുമില്ലിവിടെയൊരസ്തിത്വം,
അവകാശം; നേർക്കുനേരെതിർക്കുന്ന
ഓർമ്മകൾ ഒരേവിധം; ഓമനിക്കുവാൻ
കുറേ കൽപനാലില്ലിപ്പൂക്കൾ.
അറിയുന്നുണ്ടാം അറിവിങ്ങനെ...
ആഴക്കടലലകണ്ടിരിക്കുമ്പോൾ
അകമുള്ളറിവുകൾ...

എങ്കിലും പാടേണ്ടതു
ശോകഗാനങ്ങളല്ല, ശംഖുമാലകൾ
കോർക്കുമിന്ദ്രിയാവേശത്തിന്റെ
ചന്ദനസുഗന്ധിയാം കടലിൻ
ആഴങ്ങളെപ്പുണരും നാളങ്ങളെ-
യുണർത്താനുണരുക.

മിഴിമേഘങ്ങൾ പെയ്യാൻ വന്നു
നിൽക്കുന്നു നമ്മിൽ, മഴയായ്‌
മഴവില്ലായ്‌ തുടിക്കുന്നവ വീണ്ടും!
നിൻ നയനങ്ങൾക്കുള്ളിൽ കാണുന്നു
കാണാത്തൊരെൻ കണ്ണുകൾ, കടലുകൾ
പ്രാണനും പ്രണയവും.

23 Feb 2013

പാഠം


സുധാകരൻ ചന്തവിള

ഓർമ്മകളുടെ
ചെങ്കുപ്പായത്തിൽ
ജീവിക്കുക
അസാദ്ധ്യമായ
സാധ്യതയാണെന്ന്‌
നീ ആവർത്തിച്ചു
പറഞ്ഞത്‌ ഞാൻ
മറന്നിട്ടില്ല.

വെറുപ്പിന്റെ
ചെന്നിനായകം കുടിച്ച്‌
പകയുടെ
പുതുവസ്ത്രമണിഞ്ഞ്‌
ഏകാന്തത്തയുടെ
കുടജാദ്രിയിൽ
എത്രകാലമെന്നറിയാതെ നീ
വീണ്ടും തപസ്സന്വേഷിക്കുന്നു.

മാമ്പൂക്കൾ വിടരുന്നതും
മധുമാസചന്ദ്രിക തിളങ്ങുന്നതും
കാണാഞ്ഞിട്ടല്ല;

സ്നേഹത്തിന്റെ പെൺവേഷവും
ധാർഷ്ട്യത്തിന്റെ ആൺവേഷവും
മാറിമാറിയണിയുന്നത്‌
എത്രവട്ടമാണ്‌ ഞാൻ
 അനുഭവിച്ചതു!

പാരസ്പര്യത്തിന്റെ
പരവതാനിയിൽ
നീ പകുത്തുവച്ച
ഇത്തിരി ആർദ്രതയുടെ
ആവരണം ഇനിയും
അഴിഞ്ഞുപോയിട്ടില്ലെന്ന്‌
അർദ്ധരാത്രിയിലിപ്പോഴും
എന്നെ ആർദ്രമാക്കുന്നു.

ഭയപ്പാടിന്റെ
പുറന്തോടുപൊട്ടിച്ച്‌
പലകുറി രക്ഷപ്പെടാൻ
ശ്രമിച്ചെങ്കിലും
ആഭിജാത്യത്തിന്റെ
ആലങ്കാരികത നിന്നെ
ഭയപ്പെടുത്തിക്കൊണ്ടിരുന്നു

സ്വയം ജീവിക്കാത്ത
ജീവിതങ്ങളാണ്‌
അധികം ജീവിക്കുന്നതെന്ന
നിന്റെ വാക്കുകൾക്കപ്പുറം
 എന്താണ്‌ ഇനി
 പുതിയ പാഠം.

വിചിന്തനങ്ങള്‍

  സുധാകരൻ ചന്തവിള


കല്ലടക്കാരന്റെ കാവ്യലോകങ്ങൾ


    മലയാള കവിതയ്ക്ക്‌ ഡി. വിനയചന്ദ്രനെ നഷ്ടപ്പെട്ടു. കവിതയിൽ നിശൂന്യതയുടെ ഇടം കൂടുതൽ ഉണ്ടായതുപോല! കവിയായി ജനിച്ചയാളാണദ്ദേഹം. വ്യാപരിച്ച എല്ലാ മണ്ഡലങ്ങളിലും ഒരു പ്രത്യേകതയോടെ ജീവിച്ചയാൾ. അദ്ധ്യാപനത്തിലും കവിതയിലും ജീവിതത്തിലുമെല്ലാം ഒരു വേറിട്ട ശബ്ദത്തിനുടമ.  ഉടുപ്പിലും നടപ്പിലും ചൊല്ലലിലും വാമൊഴിയിലുമൊക്കെ ഒരു അനന്യത-അതായിരുന്നു ഡി. വിനയചന്ദ്രൻ.
    ആയിരത്തിതൊള്ളായിരത്തിയെൺപതിലാ

ണ്‌ ഞാൻ വിനയചന്ദ്രനെക്കുറിച്ച്‌ കേൾക്കുന്നത്‌. പൊതുവിൽ കവിതയുടെയും സാഹിത്യത്തിന്റെയും ജൈവാവസ്ഥ കൂടുതലുണ്ടായിരുന്ന എൺപതുകൾ എന്നിൽ കാവ്യാഭിനിവേശവും സാഹിത്യാഭിനിവേശവും കടന്നുവന്ന കാലം. രണ്ടുവർഷങ്ങൾക്കുശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സാഹിത്യം ഐച്ഛികമായി പഠിക്കാൻ എത്തിച്ചേർന്നു. ക്ലാസ്സുതുടങ്ങി രണ്ടാം ദിവസം, കുറുത്തു നീണ്ട ആ കല്ലടക്കാരനായ കവിയെ-അദ്ധ്യാപകനെ നേരിൽ കണ്ടു. ഞങ്ങളുടെ ക്ലാസ്‌ ടീച്ചറായിരുന്നു അദ്ദേഹം. ടെയിം ടേബിൾ (Time Table) പറഞ്ഞുതരുന്നതിനിടയിൽ അദ്ദേഹത്തിന്റെ ക്ലാസ്‌ പിരീഡിനെ ഡി. വി (D.V) എന്നു ചുരുക്കിയെഴുതാൻ പറഞ്ഞു. അതിനർത്ഥവും അദ്ദേഹത്തിൽ നിന്നു വൈകാതെ പുറത്തുവന്നു, ഡി. വി. എന്നാൽ 'പരീക്ഷയ്ക്കു പഠിപ്പിക്കാത്ത അദ്ധ്യാപകൻ'. പിറ്റേദിവസം മുതൽ ആ നിർവ്വചനം എത്രയോ ശരിയാണെന്നു മനസ്സിലായി. ക്ലാസ്സുർറൂമിൽ വന്നയുടനെ പുസ്തകം തുറക്കുകയും പിന്നീട്‌ 'ഗുരുവിനും ശിഷ്യനും ഇടയിൽ പുസ്തകം ഗുരുതരമായ തടസ്സമല്ലോ' എന്ന കുഞ്ഞുണ്ണിക്കവിതപോല വല്ലാത്തൊരു അനുഭവമേഖല സൃഷ്ടിക്കുകയും ചെയ്യുന്ന ലഹരിയാണ്‌ സമ്മാനിച്ചതു. മറ്റു ക്ലാസ്സുകളിൽ കയറാത്ത കുട്ടികൾ പോലും വിനയചന്ദ്രൻ മാഷിന്റെ ക്ലാസ്സിൽ കയറിയിരിക്കുന്നത്‌ ഒരു അപൂർവ്വതയായിരുന്നു. രണ്ടാം ഭാഷ മലയാളമായി പഠിക്കുന്നവരുടെ ജനറൽ ക്ലാസ്സുകളും (കോളേജിലെ 400, 108 എന്നീ നമ്പരുകളുള്ള ക്ലാസ്സുമുറികൾ) നിറഞ്ഞു കവിഞ്ഞിരുന്നു.
    അതീവ ഹൃദ്യങ്ങളായിരുന്ന വിനയചന്ദ്രൻ മാഷിന്റെ ക്ലാസ്സുകൾ കാൽ നൂറ്റാണ്ടിനുശേഷവും മനസ്സിൽ മായാതെ-മങ്ങാതെ നിൽക്കുന്നു. 'മഗ്ദലനമറിയ'ത്തിൽ നിന്നു വള്ളത്തോൾ കവിതയുടെ പാരാവാരം തുറന്നിട്ടതും ആശാൻ കവിതയുടെ അനന്താകാശാങ്ങളെ പരിചയപ്പെടുത്തിത്തന്നതും ഊഞ്ഞാലും പന്തങ്ങളും ലില്ലിപ്പൂക്കളും തൊട്ടുകാണിച്ച്‌ വൈലോപ്പിള്ളിയെ ഹൃദയത്തോടടുപ്പിച്ചതും 'ഉത്തരരാമചരിത'ത്തിൽ നിന്ന്‌ ഭവഭൂതിയുടെ കാവ്യബോധത്തെ കാട്ടിത്തന്നതും ഇ. ആർ. രാജരാജവർമ്മയുടെ വൃത്തശാസ്ത്രത്തിന്‌ എന്തു സാംഗത്യമാണുള്ളതെന്നും മലയാളവൃത്തങ്ങൾങ്ങളുടെ വകഭേദത്തെക്കുറിച്ചുമെല്ലാം പാടിയും പറഞ്ഞും തകർത്തുപെയ്ത ആ വിനയചന്ദ്രിക പെട്ടെന്നു മാഞ്ഞുപോകുന്നതെങ്ങനെ? അദ്ദേഹത്തിന്റെ ഇഷ്ടകവികളെക്കുറിച്ചു പറയുമ്പോൾ കൂടുതൽ വാചാലനാകുന്നതും മറ്റുചില കവികളെക്കുറിച്ച്‌ ഒന്നും പറയാതെ പോകുന്നതും ശ്രദ്ധേയമായിരുന്നു. എല്ലാം പരീക്ഷയ്ക്കുവേണ്ടി പഠിക്കുന്ന, പഠിപ്പിക്കപ്പെടുന്ന ഇക്കാലഘട്ടത്തിൽ, പരീക്ഷയ്ക്കു പഠിപ്പിക്കാത്ത ഈ അദ്ധ്യാപകനെ ഇന്നത്തെ കുട്ടികൾ എങ്ങനെ സ്വീകരിക്കുമായിരുന്നു എന്ന്‌ ഈ സന്ദർഭത്തിൽ ചിന്തിച്ചുപോകുന്നു? പക്ഷേ, എല്ലാം പറയുമ്പോഴും എന്തോ ഒളിക്കുന്ന-അന്വേഷിക്കുന്ന തിളങ്ങുന്ന കണ്ണുകൾ ആ മുഖത്ത്‌ കാണാമായിരുന്നു. ഒരു അവധൂതമനസ്സിന്റെ അലച്ചിലായിരുന്നുവോ അതെന്നു മനസ്സിലായത്‌ കുറേക്കഴിഞ്ഞാണ്‌.
     അദ്ധ്യാപനത്തിന്റെയും കവിതയുടെയും മോഡലായി വിദ്യാർത്ഥികൾ അനുകരിച്ചുപോകുന്ന വിനയചന്ദ്രൻ അക്കാലത്തെ ആവേശമായിരുന്നു. കവിതയെഴുത്തിന്‌ സാമ്പ്രദായികമായ ഒരു തൊഴിലും ആവശ്യമില്ലെന്നും ജീവിക്കാൻ മറ്റു വഴിയില്ലാത്തതുകൊണ്ടാണ്‌ അദ്ധ്യാപകവേഷം കെട്ടിയതെന്നും പിൽക്കാലത്ത്‌ അദ്ദേഹം പലപ്രാവശ്യം പറഞ്ഞുകേട്ടു. സ്വയം അലഞ്ഞും എരിഞ്ഞും കവിതയ്ക്കുവേണ്ടി രാപകലുകൾ താണ്ടിയ, ഒറ്റയ്ക്കുള്ള നടപ്പും കിടപ്പും ഒരിക്കലും മടുക്കാത്ത അവിവാഹിതനായ അദ്ദേഹം എഴുതിയ പ്രണയ കവിതകൾക്കു കണക്കില്ല. ഒരു പക്ഷേ, മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രണയകവിതകളെഴുതിയത്‌ താനാണെന്ന്‌ അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളത്‌ ശരിവയ്ക്കേണ്ടതാണ്‌.
    എൺപതുകളിലെ യൂണിവേഴ്സിറ്റി കോളേജ്‌ ഇന്ന്‌ തികച്ചു ഗൃഹാതുരം തന്നെ. പി. വി. ശിവകുമാർ, നരേന്ദ്രപ്രസാദ്‌, ദേശമംഗലം രാമകൃഷ്ണൻ എന്നീ യുവാദ്ധ്യാപകരുടെ ചൈതന്യം കൊണ്ടു ധന്യത പകർന്ന കലാലയാന്തരീക്ഷം. പല പുതുകളും ഉണർന്നുവന്ന നാളുകൾ. ആയിരത്തിതൊള്ളായിരത്തിഎ ൺപത്തിമൂന്നിൽ ഒരുകൂട്ടം വിദ്യാർത്ഥികളായ കവികൾ വിനയചന്ദ്രൻ മാഷിന്റെ നേതൃത്വത്തിൽ ഒത്തുകൂടി യൂണിവേഴ്സിറ്റി കോളേജ്‌ കവിതകൾ (ഈയുള്ളവന്റെ 'മുത്തുകൾ ഉറങ്ങുന്നു' എന്ന കവിതയും അതിൽ ഉൾപ്പെട്ടിരുന്നു) എന്ന പേരിൽ ഒരു കാവ്യസമാഹാരം പ്രസിദ്ധികരിച്ചതും അത്‌ എഡിറ്റ്‌ ചെയ്തുകൊണ്ട്‌ അദ്ദേഹം എഴുതിയ ആമുഖക്കുറിപ്പ്‌ സാഹിത്യാന്തരീക്ഷത്തിൽ ഒച്ചപ്പാടുണ്ടാക്കിയതും പിന്നീട്‌ സാഹിത്യവാരഫലക്കാരനായ എം. കൃഷ്ണൻ നായരുമായുള്ള വാഗ്വാദത്തിന്റെ ഭാഗമായി അദ്ദേഹത്തിനെതിരെ കോളേജ്‌ കാമ്പസിൽ വിനയചന്ദ്രൻ മാഷ്‌ നോട്ടിസടിച്ച്‌ വിതരണം ചെയ്തതുമെല്ലാം സാഹിത്യചരിത്രത്തിന്റെ ഭാഗമാകേണ്ട സംഭവങ്ങളാണ്‌. യൂണിവേഴ്സിറ്റി കോളേജിലെ മഹാഗണി മരങ്ങളെ മുറിച്ചുമാറ്റാൻ ഭരണകൂടം തയ്യാറായപ്പോൾ അതിനെതിരെയുള്ള ചെറുത്തുനിൽപ്പിന്റെ മുൻനിരയിൽ അദ്ദേഹം നിലകൊണ്ടതും മിഴിവുറ്റ സ്മരണയാണ്‌.
    എൺപതുകൾ കടമ്മനിട്ടയും വിനയചന്ദ്രനും ബാലചന്ദ്രൻ ചുള്ളിക്കാടുമെല്ലാം ചൊൽക്കാഴ്ചയിലൂടെ മലയാളിയുടെ കാവ്യബോധവഴിയിൽ കയറിക്കൂടിയ കാലം. കാവ്യാവതരണത്തിലും രചനയിലുമെല്ലാം തികച്ചും പുതുമകൾ പൂത്തുനിന്ന കാവ്യവസന്തത്തിന്റെ കാലം. വിനയചന്ദ്രന്റെ 'യാത്രപ്പാട്ടും' 'വംശഗാഥ'യും 'കൂന്തച്ചേച്ചി'യും 'കുഞ്ഞനുണ്ണി'യും 'കാടു'മെല്ലാം കേരളീയഗ്രാമങ്ങൾക്ക്‌ സുപരിചിതമായിത്തീർന്നു.  സഹകവികളുടെയും നിരൂപകരുടെയും വിമർശനം ഏറ്റുവാങ്ങുമ്പോഴും തന്റെ വഴിയിൽ ഉറച്ചുനിന്നുകൊണ്ട്‌ അൽപവും ഇടറാതെ നിരന്തരം എഴുതാൻ കഴിഞ്ഞ പ്രതിഭയാണ്‌ ഡി. വിനിയചന്ദ്രൻ. നാണാത്തരം കാവ്യരീതികളെ അദ്ദേഹം സ്വീകരിച്ചു. കല്ലടയിൽ നിന്നും തിരുവനന്തപുരവും പട്ടാമ്പിയും എന്നല്ല കേരളവും കടന്ന്‌ ലോകാന്തരങ്ങളിലേയ്ക്ക്‌ കവിതയുടെ തേരോടിച്ചു. ആ കവിതകൾ പലതും കാലദേശങ്ങൾക്ക്‌ അപ്പുറമായി ഭവിച്ചു. വായനയിലും ചിന്തയിലുമെല്ലാം പാരിസ്ഥിതികമായ ബോധവും മാനവികമായ നിലപാടും സ്ഥാപിച്ചു. സഹകവികളെയും ആസ്വാദകരെയും വിസ്മയിപ്പിക്കുന്ന എത്രയെത്ര ഭിന്നാവിഷ്കാരങ്ങളുടെ കലവറയായ ദീർഘകവിതകൾ അദ്ദേഹത്തിൽ നിന്നു പിറന്നുവീണു! ആരെയും അത്രപെട്ടെന്ന്‌ അംഗീകരിക്കാൻ തയ്യാറാകാത്ത ആ കാവ്യഗരിമ തനിക്കിഷ്ടമില്ലാത്തതിനെ മുഖംനോക്കാതെ എതിർക്കാൻ തയ്യാറായി. എന്നാൽ പുതുമയുള്ള കവികളെയും കവിതകളെയും അദ്ദേഹം എന്നെന്നും തിരിച്ചറിഞ്ഞിരുന്നു. കവിയരങ്ങുകളിൽ പുനലൂർ ബാലനെയും കുരീപ്പുഴ ശ്രീകുമാറിനെയും ഉൾപ്പെടുത്തണമെന്നു ഞങ്ങളോട്‌ പറഞ്ഞത്‌ അതിനുദാഹരണമാണ്‌.
    പിൽക്കാലത്ത,​‍്‌ അദ്ദേഹം കോട്ടയം സ്കൂൾ ഓഫ്‌ ഡ്രാമയിൽ നിന്നു വിരമിച്ച ശേഷം തിരുവനന്തപുരം ആയൂർവേദ കോളേജിനു മുൻവശമുള്ള സായികൃഷ്ണ  എന്ന മൂന്നു നില വീട്ടിൽ (മൂന്നു മുറികൾ മാത്രം) പലപ്രാവശ്യം പോകാൻ അവസരമുണ്ടായി. ഒരുമ മാസികയ്ക്കുവേണ്ടി അഭിമുഖം ചെയ്യാനും കവിതകൾ വാങ്ങാനുമായി അവിടെ എത്രയോ ദിവസം ഗേറ്റിനുമുന്നിൽ കാവൽനിൽക്കേണ്ടിവന്നിട്ടുണ്ട്‌. ഗേറ്റിനു മുന്നിൽ ചെന്നുനിന്നു ഫോൺ ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ പതിവുവാക്ക്‌ 'നമസ്കാരം' എന്നുപറഞ്ഞ്‌ ഫോൺ സംസാരിച്ചുതുടങ്ങുന്നതിന്റെ അടുത്തനിമിഷം പുറത്തുവന്ന്‌ ഗേറ്റുതുറന്ന്‌ സംസാരിക്കുക മാത്രം ചെയ്യുമായിരുന്നു. ഒരിക്കൽപോലും അകത്തുകയറ്റി ഇരുത്തുന്ന പ്രകൃതമില്ല. എപ്പോഴോ ഒരിക്കൽ  ഞാൻ സ്വന്തം ഇഷ്ടത്താലേ ആദ്യ മുറിയിൽ കയറാൻ ഇടവന്നപ്പോൾ ആ മുറികണ്ടു ഞെട്ടിപ്പോയി. അലക്ഷ്യമായി വാരിവിതറിയ പുസ്തകക്കൂട്ടങ്ങൾക്കിടയിൽ നിന്നു ഒരു കവിത തപ്പിയെടുത്തു തന്നു. ഒരു ഫോട്ടോ കൂടി ആവശ്യപ്പെട്ടപ്പോൾ കുറേ പുസ്തകങ്ങൾക്കിടയിൽ വീണ്ടും തപ്പിത്തിരഞ്ഞ്‌ കുറേ കവറുകൾക്കകത്തുനിന്നും ഫോട്ടോയും ചെക്കും എടുത്തു. ചെക്കെടുത്ത ഉടനെ വലിച്ചുകീറി. 'എന്താണു മാഷേ അതു കീറിക്കണഞ്ഞത്‌ ' എന്നു ചോദിച്ചപ്പോൾ 'ഇങ്ങനെ പല ചെക്കുകളും ഇവിടെ പുസ്തകങ്ങൾക്കകത്തുണ്ടാവും, അവ പലതും കാലാവധി കഴിഞ്ഞു' എന്നു മാത്രം പറഞ്ഞു. ഒറ്റ മുറിയുള്ള ആദ്യനിലയിലെ ഏറെ പഴകിയ തടിക്കസേര കണ്ടു ഞാൻ ചോദിച്ചു: 'ഈ ഒരു കസേരമാത്രമേ ഇവിടെയുള്ളോ മാഷേ?' കസേരയും കട്ടിലുമെന്തിനാ പടിക്കെട്ടിന്റെ ഇരുവശങ്ങളിലും അടുക്കിയടുക്കിവച്ചിരുന്ന പുസ്തകക്കൂട്ടങ്ങളെ ചൂണ്ടിപ്പറഞ്ഞു 'ഇവിടെയെവിടെയെങ്കിലും കഴിഞ്ഞുകൂടും' ഒറ്റപ്പെടലിന്റെയും ഏകാന്തത്തയുടെയും കൂട്ടുകാരനായ ആ കവിയെ കഴിഞ്ഞ ഒരു മാസം മുമ്പ്‌ കാണുമ്പോഴും  യാതൊരു ഭയാശങ്കയും തീണ്ടിയിരുന്നില്ല. എങ്കിലും എന്തോ ഒരു ക്ഷീണം, ഒരു വയ്യായ്ക ഉണ്ടെന്നു തോന്നാതിരുന്നില്ല. പക്ഷേ ഇത്രപെട്ടെന്ന്‌ ഇങ്ങനെ, തികച്ചും ആകസ്മികമായി മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകുമെന്നു കരുതിയില്ല. മറ്റാരും കൂട്ടിനില്ലാത്ത ആ ഒറ്റയാനായ കവിയ്ക്ക്‌ മരണം തുണയായതാണോ?
    മലയാള കവിതയിൽ തന്റെ ഇടം കണ്ടെത്തി  സ്ഥാപിച്ചുപോയ ആ ഏകാന്തപഥികന്റെ കവിതകൾ മരിക്കുന്നില്ല. അപൂർവ്വമായി മാത്രം ജനിക്കുന്ന ഇത്തരം കാവ്യവ്യക്തിത്വങ്ങളെ നാം അവരുടെ മരണാനന്തരം മാത്രമാണ്‌ തിരിച്ചറിയുന്നത്‌. ഒരുപക്ഷേ, കൂടുതൽ അംഗീകരിക്കപ്പെടാത്തതുകൊണ്ടാകാം
  വൈവിധ്യങ്ങളുടെ കാവ്യാന്വേഷകനായി അദ്ദേഹം മാറിയതും. പി. കുഞ്ഞിരാമൻ നായരെപ്പോലെ ജീവിച്ച കാലമത്രയും കവിതയ്ക്കുവേണ്ടി മാറ്റിവച്ച ആ കല്ലടക്കാരന്റെ വരികൾ മലയാള മണ്ണും മനസ്സും കാടും പുഴയുമെല്ലാം നിരന്തരം ഏറ്റു പാടാതിരിക്കില്ല.

24 Jan 2013

വിചിന്തനങ്ങൾ

 സുധാകരൻ ചന്തവിള

സാംസ്കാരികരംഗവും
അധികാര രാഷ്ട്രീയവും


  
    നാം വളരെ  അഭിമാനപൂർവ്വം  പറയുന്ന 'സാംസ്കാരികരംഗം' പ്രത്യേകമായി മാറ്റി നിർത്താവുന്ന ഒന്നാണോ? സമൂഹം, സാഹിത്യം, കല, രാഷ്ട്രീയം തുടങ്ങിയ സമകാലികങ്ങളായ  പലതിനോടും ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ്‌ സംസ്കാരം. സംസ്കാരം അക്ഷരത്തോടും അക്ഷരം സംസ്കാരത്തോടും അഭേദ്യബന്ധം പുലർത്തുന്നതുകൊണ്ട്‌ എഴുത്തുകാർ എല്ലാ അർത്ഥത്തിലും സാംസ്കാരികപ്രവർത്തകർ കൂടിയാകുന്നു. കാലവും ലോകവും നിരന്തരം സമ്മാനിക്കുന്ന ദുരന്തരൂപങ്ങളെ ദൂരീകരിക്കുവാൻ  ജനമധ്യത്തിലേക്ക്‌ ഇറങ്ങി പൊരുതുക എന്നത്‌ സാംസ്കാരിക പ്രവർത്തകന്റെ കൂടി കടമയാണ്‌.
   എഴുത്ത്‌ ഒരർത്ഥത്തിൽ അധികാരമാണെന്നുപറയാറുണ്ട്‌. തികച്ചം കിരീടമില്ലാതെ, ചെങ്കോലില്ലാതെ,  ജനഹൃദയങ്ങളിൽ ചിന്തയുടെയും പുരോഗതിയുടെയും പുതുമയുടെയും  വക്താക്കളായി നിലകൊള്ളേണ്ടവരാണ്‌ എഴുത്തുകാർ. അവർ രാഷ്ട്രീയാധികാരികളെപ്പോലെ അഞ്ചോ പത്തോ കൊല്ലങ്ങൾ  കഴിയുമ്പോൾ മരിച്ചു പോകുന്നവരല്ല. പ്രപഞ്ച ശക്തിയോളം വീര്യമാർന്ന, സൂര്യകാന്തിയോളം പ്രസരിപ്പുള്ള ഒന്നാണ്‌ പ്രതിഭ. അപൂർവ്വമായി മാത്രം ഉണ്ടാകുന്ന പ്രതിഭാധനന്മാർ, സ്ഥാപിത താൽപര്യത്തിന്റെ കെട്ടുപാടുകളോടും  അധികാരമാടമ്പിമാരുടെ അന്യായങ്ങളോടും സന്ധിയില്ലാതെ കലഹിക്കുന്നവരാണ്‌. അനന്തമായ സത്യാന്വേഷണത്തിന്റെയും അദമ്യമായ ജ്ഞാനവിജ്ഞാന  തൃഷ്ണയുടെയും നിത്യവിസ്മയങ്ങളാണ്‌ യഥാർത്ഥ എഴുത്തുകാർ. സത്യത്തെ ഭയക്കുന്ന ഭരണാധികാരികൾ തങ്ങളുടെ സ്ഥാപിത താൽപര്യച്ചങ്ങലകളിൽ കുരുക്കി എഴുത്തുകാരെയും സാംസ്കാരിക പ്രവർത്തകരെയും അധികാരത്തിന്‌ വിധേയരാക്കാൻ ശ്രമിക്കാറുണ്ട്‌. രാഷ്ട്രീയത്തിന്റെയും ഭരണകൂടത്തിന്റെയും പേടിസ്വപ്നമായിത്തീരുന്ന യഥാർത്ഥ എഴുത്തുകാരെ നിരാകരിക്കുകയും നിരായുധരാക്കുകയും ചെയ്യുക എന്നത്‌ അധികാരശക്തികളുടെ ആനന്ദമാണ്‌. ഈ സത്യം അറിഞ്ഞും അറിയാതെയും പല സംസ്കാരചിത്തരായ എഴുത്തുകാരും  ചിന്തകരും അക്കാദമി പദവികൾക്കും  അവാർഡുതൊപ്പികൾക്കുമായി അധികാരികളുടെ അടിമപ്പണി ചെയ്യാറുണ്ട്‌.  തൽകാലലാഭത്തിൽ സാഹിത്യദർശനവും സത്യദർശനവും വിസ്മരിക്കുന്ന ഇവർ ഒരു ജനസമൂഹത്തെയും ഒരു കാലഘട്ടത്തെയും അറിഞ്ഞുകൊണ്ട്‌ വഞ്ചിക്കുന്നവരാണ്‌.
    അഴിമതിയും ധൂർത്തും ആഗോളവൽക്കരിക്കപ്പെട്ട രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രചാരവേലയ്ക്ക്‌ കൂലിക്കാരനായോ വാടകഗുണ്ടയായോ പരിമിതപ്പെടേണ്ടവരല്ല യഥാർത്ഥ എഴുത്തുകാർ. ശരിയായ ചരിത്രബോധം, സാമൂഹ്യബോധം, രാഷ്ട്രീയബോധം എന്നിവയെല്ലാം  എഴുത്തുകാർക്ക്‌ അനിവാര്യമായി  ഉണ്ടാകേണ്ടതാണ്‌. എന്നാൽ രാഷ്ട്രീയബോധം എന്നതിന്‌ അധികാരരാഷ്ട്രീയം എന്ന  ദുർവ്യാഖ്യാനം നൽകി സുഖിക്കുകയാണ്‌ ചിലർ. എഴുത്തുകാർക്ക്‌ പ്രത്യയശാസ്ത്രത്തോടും പ്രസ്ഥാനത്തോടും  വിശ്വാസമാകാം. മനുഷ്യവർഗ്ഗത്തിന്റെ  അടിസ്ഥാന ബോധത്തിലുള്ള ദർശനം മാത്രമാകാം അത്‌. അല്ലാതെ, അദ്ധ്വാനിക്കുന്നവർക്കും ആദിവാസികൾക്കും വേണ്ടി കവിത എഴുതുകയും ഭരണബഞ്ചിലെത്തുമ്പോൾ കറുത്ത മക്കളെ മറന്നുപോകുന്നതും പോലുള്ള പൂർണ്ണമായ ഇഴുകിച്ചേരലാകരുത്‌. സർഗ്ഗശക്തി ഒരുപക്ഷത്തിനായി പണയം വയ്ക്കുമ്പോൾ  മനുഷ്യവർഗ്ഗത്തിന്റെ പൊതുസ്വത്തായിത്തീരേണ്ട എഴുത്തുകാരുടെ ആത്യന്തികമായ നീതിബോധം നഷ്ടപ്പെടുന്നു.
   രാഷ്ട്രീയത്തിൽ എപ്പോഴും ആവർത്തനം സംഭവിക്കുമ്പോൾ, സാഹിത്യം പുതുമ തേടിക്കൊണ്ടിരിക്കുന്നു. പുതുമ എന്നത്‌ രൂപഭാവങ്ങളിൽ ഒരുപോലെ കടന്നുവരുന്നു. എഴുത്തുകാരന്‌ ഇന്നതേ പറയാവൂ എന്ന്‌ വിലക്ക്‌ ഏർപ്പെടുത്താൻ ഒരു ശക്തിക്കും കഴിയില്ല. സ്വാതന്ത്ര്യത്തിൽ നിന്നു മാത്രമേ സത്യദർശനം ശക്തമാവുകയുള്ളു. നമ്മുടെ പല എഴുത്തുകാരും രാഷ്ട്രീയക്കാർക്ക്‌,സ്വപ്നം കാണാൻ കഴിയാത്ത സത്യങ്ങൾ വിളിച്ചുപറയുവാൻ കഴിയുന്നവരാണ്‌. എന്നാൽ പലരും ആരെയോ, എന്തിനെയോ ഭയക്കുന്നു. രാഷ്ട്രീയ തടവറയിൽ നിന്നു മോചിതരായി ധൈര്യപൂർവ്വം നിലപാടെടുക്കുമ്പോൾ എഴുത്തുകാരെ രാഷ്ട്രീയക്കാർ ഭയക്കാൻ തുടങ്ങും. സ്വാർത്ഥത വെടിയുന്നവർക്കേ എതിർപ്പുകളെ മറികടന്ന്‌ തുറന്നെഴുതാൻ കഴിയുകയുള്ളു. നോബൽ സമ്മാനംപോലും നിരസിച്ച്‌, ഏക്കാളവും നിസ്വരുടെ നിലപാടുകളോടു യോജിച്ച സാർത്രിനെപ്പോലെ, വധശിക്ഷയ്ക്ക്‌ എതിരെ സമരം സൃഷ്ടിച്ച്‌ ഗവണ്‍മന്റിനെക്കൊണ്ട്‌ അതു നിർത്തലാക്കിച്ച കാമുവിനെപ്പോലെ സർഗ്ഗാത്മകമായ ആക്റ്റിവിസം നമ്മുടെ എത്ര എഴുത്തുകാർ ഏറ്റെടുക്കാൻ തയ്യാറാകും?
 മതവും രാഷ്ട്രീയവുമല്ല വലുതെന്നും മനുഷ്യനാണ്‌ അടിസ്ഥാന പ്രശ്നമെന്നും മറ്റാരെക്കാളും മുമ്പെ തിരിച്ചറിയേണ്ട എഴുത്തുകാർ, അധികാരത്തിനുവേണ്ടി പരസ്പരം പഴി പറയേണ്ടവരല്ല. ഒന്നിനോടും ഒരു ഒത്തുതീർപ്പിന്‌  ഒരുമ്പെടാത്ത ശക്തരായ എഴുത്തുകാർ കാലഘട്ടത്തെ സൃഷ്ടിക്കുന്ന വാക്കിന്റെ  മഹാപ്രവാചകരാണ്‌. എതിർപ്പിന്റെയും പ്രതിരോധത്തിന്റെയും ശബ്ദമുയർത്തുന്ന പ്രതിപക്ഷനിര പണിയുന്ന കാലബോധത്തിന്റെ കർമ്മധീരത ഏറ്റുവാങ്ങാൻ കെൽപുള്ളവരാണ്‌ അവർ. രാഷ്ട്രീയ നേതൃത്വം എഴുത്തുകാരുടെ വാക്കുകൾ കാതോർക്കാൻ ശ്രമിക്കുമ്പോൾ കാലം കവിതപോലെ മനോഹരമാകും.





23 Nov 2012

വിചിന്തനങ്ങൾ


സുധാകരൻ ചന്തവിള


മലയാള മനോഭാവത്തിന്റെ ഗതി 



നവംബർ', മലയാളികളെ സംബന്ധിച്ചിടത്തോളം പിറവിയുടെ മാസമാണ്‌. 2012-ലെ നവംബർ കേരളപ്പിറവി മാത്രമല്ല വിശ്വമലയാള മഹോത്സവമായി ആഘോഷിച്ചു. പരാധീനതകളും പരിദേവനങ്ങളും കുറച്ചൊക്കെ ഉണ്ടായിരുന്നെങ്കിലും വിശ്വമലയാള മഹോത്സവപരിപാടികൾ ഒരു വിധം കൊണ്ടാടപ്പെട്ടു. സാംസ്കാരിക-സാഹിത്യനായകന്മാർക്
ക്‌ ചെറുതല്ലാത്ത യാത്രപ്പടിയും ഭക്ഷണപ്പടിയും കിട്ടിയ മാസം! സർക്കാരിന്റെ കാശും കാറും സ്വീകരിച്ചശേഷം സർക്കാരിനെത്തന്നെ കുറ്റം പറഞ്ഞ സാഹിത്യകാരന്മാരുടെ തനിസ്വാഭാവം പുറത്തുവന്ന മാസം!
     കൂടാതെ കേരളത്തിൽ സ്വന്തം ഭാഷയുടെ പേരിൽ ഒരു സർവ്വകലാശാലയ്ക്ക്‌ തുടക്കം കുറിച്ച മാസം. സംസ്കൃത സർവ്വകലാശാല ഉൾപ്പെടെയുള്ള മറ്റ്‌ എത്രയോ സർവ്വകലാശാലകൾ ഇതിനകം ഉണ്ടായെങ്കിലും അവയിലൊന്നും മലയാളത്തിന്‌ വേണ്ടത്ര തൃപ്തിയാകാതെ ഒരു മലയാള സർവ്വകലാശാല, ഭാഷാപിതാവേന്ന്‌ പേർ കേട്ട തുഞ്ചത്ത്‌ രാമാനുജൻ എഴുത്തച്ഛന്റെ ജന്മംകൊണ്ടു പവിത്രമായ തിരൂർ തുഞ്ചൻ പറമ്പിൽ സ്ഥാപിതമായി.  ഉദ്ഘാടനശിലാഫലകം തുരുമ്പെടുത്താലും പ്രസ്തുത സർവ്വകലാശാലയ്ക്ക്‌ സ്ഥലംപോലും ഏറ്റെടുക്കില്ലെന്ന ആക്ഷേപങ്ങൾ ഒരുവശത്ത്‌, മറുവശത്ത്‌ മലയാളത്തെ സംരക്ഷിക്കാൻ ഇനി ഒരു മലയാളം സർവ്വകലാശാല കൊണ്ടു മാത്രം കഴിയുമോ എന്നു വേറേയും വാദഗതികൾ അവശേഷിക്കുന്നു.
    ശരിയായ മലയാളമേത്‌ തെറ്റായ മലയാളമേത്‌ എന്ന തിരിച്ചറിവ്‌ നഷ്ടപ്പെട്ട സമൂഹമായി മലയാളികൾ, പ്രത്യേകിച്ചും പുതുതലമുറ മാറി. മലയാളം തന്നെ വേണോ എന്നു ചോദിക്കുന്ന ഒരു സമൂഹം. എന്തു വൃത്തികെട്ട ഭാഷയാണ്‌ മമ്മി, ഈ 'മലയാലം' എന്നു ചോദിക്കുന്ന കുരുന്നുകൾ യഥേഷ്ടം വളരുന്ന കേരളനാട്ടിൽ ഇനി യും ഒരു മലയാളമഹോത്സവം എന്തിന്‌?
    ഇപ്പോഴത്തെ കുട്ടികൾ അവർക്കറിയുന്ന മലയാളം സംസാരിക്കുന്നു. വീട്ടിൽ കൂടുതൽ നേരം കേൾക്കുകയും കാണുകയും ചെയ്യുന്നത്‌  ടെലിവിഷൻ ചാനലുകളാണ്‌. അവയിലെ അവതാരകകളായി വേഷമിടുന്ന സുന്ദരികളുടെ വേഷഭൂഷാദികളും ഭാഷാവൈകല്യങ്ങളും അനുകരിച്ചുപോകുന്ന കുട്ടികളെ കുറ്റം പറയണോ? അവതാരകകൾ സംസാരിക്കുന്ന മലയാളമാണ്‌ ശരിയായ മലയാളമെന്നു കുട്ടികൾ പഠിച്ചുവച്ചിരിക്കുന്നു. ചാനലുകളിലെ  സംഗീത പരിപാടികളിലും  സാഹിത്യപരിപാടികളിലും വിധികർത്താക്കളായി എത്തുന്നവർ, അതാതു പരിപാടികൾ അവതരിപ്പിക്കുന്നവർ പറയുന്ന ഉച്ചാരണ വൈകല്യത്തേയും അശുദ്ധമായ ഭാഷാപ്രയോഗത്തെയും കുറിച്ച്‌ ഒന്നും പറയാറില്ല.  വിധികർത്താക്കൾ ആദ്യം മാർക്കിടേണ്ടത്‌  അവതാരകളുടെ ഭാഷയ്ക്കാണെന്നത്‌ എടുത്തുപറയേണ്ടതാണ്‌. പക്ഷേ, നിർഭാഗ്യമെന്നു പറയട്ടെ, അത്തരം വികളമായ ഭാഷാപ്രയോഗങ്ങൾ കേട്ട്‌ സായൂജ്യമടയാനല്ലോ സാഹിത്യ-സാംസ്കാരിക പുംഗവന്മാർക്ക്‌ സാധിക്കൂ.
മലയാളം ശരിക്ക്‌ വശമില്ലെന്നു പറയുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചുവരുന്നവരുടെ നാടാണിത്‌.  എന്നാൽ ഇംഗ്ലീഷ്‌ നല്ലവണ്ണം അറിയാമോ എന്നുചോദിച്ചാൽ അതും അത്രയ്ക്ക്‌ അറിയില്ല എന്നു പറയുന്നവരുടെ നാട്‌! മലയാളിക്ക്‌ പരക്കെ വിദ്യാഭ്യാസമുണ്ട്‌; പക്ഷേ ആഴമേറിയ വിദ്യാഭ്യാസമില്ലെന്നു തമിഴർ പോലും കളിയാക്കുന്ന അവസ്ഥയാണുള്ളത്‌.  എന്നാൽ തമിഴർക്ക്‌ പരക്കെ വിദ്യാഭ്യാസമില്ല; വിദ്യാഭ്യാസം നേടിയവർക്ക്​‍്‌ ആഴമേറിയ ബോധമുണ്ടുതാനും.  ഇവിടെ സ്ഥിതി അതല്ല. മലയാളവും ഇംഗ്ലീഷും ശരിക്കറിയാത്ത അവസ്ഥ!
    ~~ഒരു സർവ്വകലാശാല കൊണ്ടു മാത്രം മലയാളത്തിന്‌  പുരോഗതി പ്രാപിക്കാനാവുമോ? മലയാളത്തെ ക്ലാസിക്‌ ഭാഷയാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ സർക്കാർ ലക്ഷങ്ങൾ ചെലവഴിച്ച്‌ മലയാള മാമാങ്കം കൊണ്ടാടിയത്‌. ക്ലാസിക്‌ പദവി ലഭിക്കുകയാണെങ്കിൽ സർക്കാരിന്‌ കേന്ദ്രഗവണ്‍മന്റിൽ നിന്ന്‌ പ്രതിവർഷം ണല്ലോരു സംഖ്യ കിട്ടുകയും ചെയ്യും.  മലയാളിക്ക്‌ വേണ്ടാത്ത മലയാളത്തെ എന്തിന്‌ ക്ലാസിക്‌ ഭാഷയാക്കുന്നു! മലയാളി ഇപ്പോഴും ആവേശത്തോടെയും അഭിമാനത്തോടെയും മലയാളം പഠിക്കുന്നില്ല. ഒരു പക്ഷേ, മലയാളം പഠിക്കുകയും  പഠിപ്പിക്കുകയും ചെയ്യുന്നന്നവരെ വേണ്ടത്ര അംഗീകരിക്കാത്ത  സ്ഥിതിയും മാറിയിട്ടില്ല.  ബ്രിട്ടീഷുകാരുടെ കാലത്ത്‌ മലയാളം  മാഷുമാർക്ക്‌ പാന്റ്സ്‌ ഇടാൻ അവകാശമില്ലായിരുന്നു. ഇപ്പോൾ അതിനുമാറ്റം വന്നതൊഴിച്ചാൽ മലയാളം വകുപ്പിനെ ഇപ്പോഴും കാര്യമായി പരിഗണിക്കുന്നുണ്ടോ? മലയാളത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും പഠിക്കുന്ന കുട്ടികൾ, തങ്ങൾ പഠിക്കുന്ന ഐച്ഛികവിഷയം മലയാളമാണെന്ന്‌ അഭിമാനത്തോടെ പറയുന്നില്ല. കാരണം മറ്റൊന്നും കിട്ടാതെ വന്നപ്പോഴാണ്‌ മലയാളം എടുത്തുപഠിക്കേണ്ടിവന്നത്തെന്ന്‌ പറഞ്ഞ്‌ അവരെ രണ്ടാംതരമാക്കുന്നവരുടെ എണ്ണവും ഇന്നു കുറവല്ല. അങ്ങനെ എന്തോ ഒരു കുറവ്‌ മലയാളത്തിനുണ്ടെന്നുള്ള അപകർഷതാബോധം മലയാളികളെ ആകമാനം ഇപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്നു.
    മലയാളം സർവ്വകലാശാലകൊണ്ട്‌ എന്താണ്‌ പ്രയോജനം? കൂടുതൽ മലയാളം കോഴ്സുകൾ ഉണ്ടാക്കപ്പെടുമെന്നതു ശരിതന്നെ. കുറേ കവിതയും കഥയും നോവലും മറ്റും പഠിപ്പിക്കപ്പെട്ടതുകൊണ്ടുമാത്രം ഭാഷ വികസിക്കുമോ? ഭാഷാപഠനം ചരിത്രപഠനവും സാംസ്കാരിക പഠനവുമാക്കി മാറ്റപ്പെടുക, മലയാളം പഠിക്കുന്ന കുട്ടികൾക്ക്‌ സർക്കാർ സർവ്വീസിൽ ഗ്രേസ്‌ മാർക്ക്‌ നൽകാനുള്ള സാധ്യതയുണ്ടാക്കുക, മലയാളം പഠിക്കാത്ത ഒരു കുട്ടിയും ഇവിടെയുണ്ടാകാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ നടപ്പിലാക്കാൻ കഴിയുമോ? കൂടാതെ മലയാളിയുടെ മനോഭാവത്തിന്‌ മാറ്റം വരുത്താൻ മലയാളം സർവ്വകലാശാലയ്ക്ക്‌ എന്തുചെയ്യാൻ കഴിയും?
    മലയാളിയുടെ മനോഭാവം ആകെ മാറിപ്പോയി. കീശ നിറച്ച്‌ കാശുണ്ടാക്കണമെന്ന ഭാഷാബോധത്തിനപ്പുറം ഇപ്പോൾ മറ്റൊന്നില്ലെന്നു വന്നു. കാശുണ്ടാക്കുന്നവന്‌ ഭാഷയെന്തിന്‌ സംസ്കാരമെന്തിന്‌? കാശുണ്ടെങ്കിൽ എല്ലാം കിട്ടുമല്ലോ? ഭാഷയും സംസ്കാരവും സാഹിത്യവും മറ്റു പലതുപോലെ വിലയ്ക്കുവാങ്ങാൻ കഴിഞ്ഞാൽ വേണ്ടത്ര സുഖവും സുരക്ഷയും വന്നുചേരുമല്ലോ എന്നു കരുതുന്ന മലയാളി മനോഭാവം മാറാതെ ഒരു സർവ്വകലാശാലകൊണ്ടും ഒരു മഹോത്സവം കൊണ്ടും സ്ഥിത്‌ മെച്ചെപ്പെടുമെന്നു തോന്നുന്നില്ല.
 സാംബശിവൻ മുത്താന ഫണ്ട്
മലയാളത്തിലെ പുതുതലമുറക്കവിതയിലെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്ന സാംബശിവൻഅകാലവിയോഗത്തെത്തുടർന്ന്‌ അനാഥമായ അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കുന്നതിന്‌ സുഹൃത്തുക്കൾ ശ്രമം ആരംഭിച്ചിരിക്കുകയാണ്‌.
    എസ്‌. ബി. ടിയുടെ കല്ലമ്പലം ശാഖയിൽ സാംബശിവന്റെ വിധവ സുധർമ്മയുടെ പേരിൽ 67197910507 എന്ന നമ്പരിൽ അക്കൗണ്ട്‌ ആരംഭിച്ചിട്ടുണ്ട്‌. വിലാസം: സുധർമ്മ സാംബശിവൻ, തേജസ്‌, പറകുന്ന്‌ പി. ഒ, നാവായിക്കുളം, തിരുവനന്തപുരം, പിൻ-695603. ബാങ്കിന്റെ ഐ. എഫ്‌. എസ.​‍്‌ സി. കോഡ്‌ എസ്‌. ബി.ടി. ആർ 0000221 എന്നതാണ്‌. സുഹൃത്തുക്കളും അഭ്യുദകാംക്ഷികളും പരമാവധി സഹായം നൽകണമെന്ന്‌ അഭ്യർത്ഥിക്കുന്നു.
    സാംബശിവന്റെ കുടുംബത്തിന്റെ പങ്കാളിത്തമോ സമ്മതമോ ഇല്ലാത്ത വിലാസങ്ങളിലേക്ക്‌ ശരിയായ അന്വേഷണമില്ലാതെ പണമയയ്ക്കരുതെന്നും അഭ്യർത്ഥിക്കുന്നു. ഫോൺ: 9496155138, 9745870100, 9387726596. കുടുംബ സഹായ കൂട്ടായ്മയ്ക്കുവേണ്ടി കൺവീനർ.

22 Oct 2012

വിചിന്തനങ്ങൾ


സുധാകരൻ ചന്തവിള

കവിതയുടെ കൽപ്പണിക്കാരൻ

ഈയിടെ അന്തരിച്ച സാംബശിവൻ മുത്താന എന്ന കവിയെക്കുറിച്ച്
    'പട്ടിണികൊണ്ട്‌ പച്ചമങ്ങിയ ഒരിലയായ' സ്വജീവിതവും കവിതയും ഉപേക്ഷിച്ച്‌ സാംബശിവൻ മുത്താന നിതാന്തമായ ഉറക്കത്തിലേക്ക്‌ കടന്നുപോയി. കഴിഞ്ഞ സെപ്തംബർ 17-നുണ്ടായ തികച്ചും അവിചാരിതമായ ആ വേർപാടിൽ അദ്ദേഹത്തിന്റെ സഹധർമ്മിണി സുധർമ്മയെയും പ്രിയപുത്രിമാരായ ശിൽപയെയും ചിപ്പിയെയും ഒപ്പം നിരവധി സുഹൃത്തുക്കളെയും കാവ്യാസ്വാദകരേയും തീരാദുഃഖത്തിലാഴ്ത്തി.

സാംബശിവൻ മുത്താന

    വർക്കലക്കടുത്തുള്ള മുത്താന എന്ന ഗ്രാമത്തിന്റെയും സമീപഗ്രാമമായ പറകുന്നിന്റെയും മധ്യത്തിലുള്ള കശുവണ്ടിശാലയുടെയും പച്ചവിരിച്ച വയലേലകളുടെയും തോടുകളുടെയും ഓരത്ത്‌ പണിതീരാത്ത ഒരു കുഞ്ഞുവീട്ടിൽ കൽപ്പണിയും കവിതയും കൂട്ടിയോജിപ്പിച്ച സാംബശിവൻ മുത്താനയ്ക്ക്‌ കവിത പച്ചയായ ജീവിതത്തിന്റെ തനിയാവർത്തനങ്ങളായിരുന്നു. അതും തനിക്ക്‌ നേരിട്ടറിയാവുന്ന ജീവിതത്തെക്കുറിച്ചുമാത്രം എഴുതുന്ന ശൈലിയായിരുന്നു ആ കവിതകളുടേത്‌. ആ കവിതകൾക്ക്‌ വസന്തതിലകമോ, ശാർദൂലവിക്രീഡിതമോ, അന്നനടയേ, കേകയോ, കാകളിയോ ഉണ്ടായിരുന്നില്ല. ആലങ്കാരികതയോ, ശബ്ദമാധുര്യമോ, ശ്രവണസുഖമോ ആ കവിതകൾക്ക്‌ അകമ്പടിയില്ലായിരുന്നു. പരുപരുത്ത ജീവിതാവസ്ഥകളുടെ നിമ്നോന്നതങ്ങളായിരുന്നു അവയുടെ ശക്തിസൗന്ദര്യങ്ങൾ. നിത്യദുഃഖത്തിന്റെ താരാട്ടായിരുന്നു അതിന്റെ പല്ലവികൾ. പാറകളുടെ ശബ്ദമായിരുന്നു അതിന്റെ സംഗീതം.
    താനുൾപ്പടെയുള്ള നാലുജീവിതങ്ങൾക്കായി പകൽ മുഴുവനും പാറപൊട്ടിച്ചും ചാന്തുകുഴച്ചും കൂര പണിയവേ അതിജീവനത്തിന്റെ ആയുധമായി സാംബശിവനിൻ കവിതയും കൂട്ടിനെത്തി. എന്താണ്‌ കവിതയെന്നോ, കാവ്യശാസ്ത്രത്തിന്റെ ലക്ഷണങ്ങളെന്തെന്നോ പാഠശാലകളിൽ നിന്നു പഠിച്ചിട്ടില്ലാത്ത സാംബശിവൻ തനിക്കിണങ്ങുന്ന, വഴങ്ങുന്ന ഭാഷയിൽ ആത്മാവിഷ്കാരം നടത്തി. അവ പുതുകവിതയുടെ രസതന്ത്രത്തിൽ സ്ഥാനം നേടി. തികഞ്ഞ അനുഭങ്ങളിൽ നിന്നു വിരിഞ്ഞ നവീന കൽപനകളായിരുന്നു ആ കവിതകൾ. അധുനിക മലയാള കവിതയുടെ രാജശിൽപിയായ ഡോ. കെ. അയ്യപ്പപ്പണിക്കരെപ്പോലുള്ളവരു
ടെ മുക്തകണ്ഠമായ തലോടലിനുപോലും ഇടയാക്കിയിട്ടുണ്ട്‌ ആ കവിതകൾ.
    പട്ടിണിയുടെ പലവഴികളിലൂടെ കടന്നുപോയ സാംബശിവൻ കവിതപോലെ ജീവിതത്തെയും ജീവിതംപോലെ കവിതയെയും സ്നേഹിക്കുകയായിരുന്നു. വാസനയിലൂടെയും സ്വപ്രയത്നത്തിലൂടെയും അറിയപ്പെടുന്ന കവിയായി മാറിയിട്ടും തികച്ചും വിനയാന്വിതനായി ഏവരുടെയും ശ്രദ്ധനേടിയെടുത്ത കൂട്ടുകാരനും നാട്ടുകാരുടെ ഉറ്റ മിത്രവുമായിരുന്നു അദ്ദേഹം. കക്ഷിരാഷ്ട്രീയം നോക്കാതെ നാടിന്റെ ജനകീയപ്രശ്നങ്ങളിൽ ഇടപെട്ടുപ്രവർത്തിക്കാൻ സാംബശിവൻ സമയം കണ്ടെത്തിയിരുന്നു. മുത്താന 'ഗ്രാമശ്രീ' വായനശാലയിലെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും കവിതയ്ക്കും സാഹിത്യത്തിനുമായുള്ള കുഞ്ഞുകുഞ്ഞു കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതിലുമെല്ലാം എപ്പോഴും സാംബശിവൻ കൂട്ടുകാർക്കിടയിൽ മുൻപന്തിയിലായിരുന്നു.
    'ജലശയ്യ', 'കല്ലിൽകൊത്തിയ കവിത' എന്നീ രണ്ടു കവിതാസമാഹാരങ്ങൾ കാവ്യലോകത്തിനു സമർപ്പിച്ച സാംബശിവൻ മൂന്നാമതൊരു കാവ്യസമാഹാരത്തിന്റെ കൂടി കൈയ്യെഴുത്തുപണി തീർത്തിട്ടാണ്‌ തികച്ചും യാദൃച്ഛികമായി മരണത്തിന്റെ പിടിയിലകപ്പെട്ടത്‌. താനൊരു കൽപണിക്കാരനായ കവിയെന്ന്‌ ആരുടെ മുമ്പിലും സങ്കോചമില്ലാതെ പറഞ്ഞിരുന്ന സാംബശിവന്റെ കവിതകൾ മലയാളത്തിലെ മിക്കവാറും എല്ലാ പ്രസിദ്ധീകരണങ്ങളിലും ഇതിനകം ഇടം നേടിയിട്ടുണ്ട്‌. കുറേയൊക്കെ അർഹമായ അംഗീകാരങ്ങളും അറിയപ്പെടലുകളും അദ്ദേഹത്തിനു കിട്ടുകയുണ്ടായി.
    സാംബശിവന്റെ കവിതകളെ അറിയാത്തവരും അറിഞ്ഞവരും അദ്ദേഹത്തിന്റെ വേർപാടിനുശേഷം കൂടുതൽ അറിയുമെന്നത്‌ തീർച്ചയാണ്‌. ഒരുപക്ഷേ, ആ കവിതകൾക്ക്‌ അർത്ഥവത്തായ വായനയും സ്വീകാര്യതയും ഇനിയാണുണ്ടാകുന്നത്‌. കവികൾ കാലശേഷം ജീവിക്കുന്നവരാണെന്ന വാക്യം മലയാളത്തിലെ പല നല്ല കവികളുടെയും ജീവിതത്തിൽ സാർത്ഥകമാണല്ലോ? സാംബശിവൻ മുത്താനയ്ക്കും അങ്ങനെയൊരിടം മലയാള കവിതയിൽ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ഒരു സുഹൃത്കവിയുടെ കണ്ണീരണിഞ്ഞ ആദരാഞ്ജലികൾ!

 സാംബശിവൻ മുത്താന ഫണ്ട്
മലയാളത്തിലെ പുതുതലമുറക്കവിതയിലെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്ന സാംബശിവൻഅകാലവിയോഗത്തെത്തുടർന്ന്‌ അനാഥമായ അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കുന്നതിന്‌ സുഹൃത്തുക്കൾ ശ്രമം ആരംഭിച്ചിരിക്കുകയാണ്‌.
    എസ്‌. ബി. ടിയുടെ കല്ലമ്പലം ശാഖയിൽ സാംബശിവന്റെ വിധവ സുധർമ്മയുടെ പേരിൽ 67197910507 എന്ന നമ്പരിൽ അക്കൗണ്ട്‌ ആരംഭിച്ചിട്ടുണ്ട്‌. വിലാസം: സുധർമ്മ സാംബശിവൻ, തേജസ്‌, പറകുന്ന്‌ പി. ഒ, നാവായിക്കുളം, തിരുവനന്തപുരം, പിൻ-695603. ബാങ്കിന്റെ ഐ. എഫ്‌. എസ.​‍്‌ സി. കോഡ്‌ എസ്‌. ബി.ടി. ആർ 0000221 എന്നതാണ്‌. സുഹൃത്തുക്കളും അഭ്യുദകാംക്ഷികളും പരമാവധി സഹായം നൽകണമെന്ന്‌ അഭ്യർത്ഥിക്കുന്നു.
    സാംബശിവന്റെ കുടുംബത്തിന്റെ പങ്കാളിത്തമോ സമ്മതമോ ഇല്ലാത്ത വിലാസങ്ങളിലേക്ക്‌ ശരിയായ അന്വേഷണമില്ലാതെ പണമയയ്ക്കരുതെന്നും അഭ്യർത്ഥിക്കുന്നു. ഫോൺ: 9496155138, 9745870100, 9387726596. കുടുംബ സഹായ കൂട്ടായ്മയ്ക്കുവേണ്ടി കൺവീനർ.

19 Sept 2012

വിചിന്തനങ്ങൾ


 സുധാകരൻ ചന്തവിള

പെൺ വാണിഭങ്ങളുടെ  പെരുമഴ


        എല്ലാം കച്ചവടമാകുന്ന ജീവിതസാഹചര്യത്തിൽ സെക്സും കച്ചവടമാകുന്നു.
വാങ്ങാനും വിൽക്കാനും ആളുണ്ടാകുന്ന സ്ഥലത്തെ കമ്പോളമെന്നാണല്ലോ
വ്യാഖ്യാനിക്കുക. ഏറ്റവുമധികം സുഖംതരുന്ന വസ്തുവിന്‌, സാധനത്തിന്‌
ഏറ്റവും കൂടുതൽ വില ലഭിക്കുന്നു എന്നത്‌ പുതിയ കാര്യമല്ല.
വിൽക്കുന്നവരെക്കാൾ വാങ്ങുന്നവരുടെ ആവശ്യവും പണാധിപത്യവുമാണ്‌ ഒരു
സാധനത്തെ കൂടുതൽ മാർക്കറ്റുചെയ്യപ്പെടുന്നത്‌. അങ്ങനെ നോക്കുനോക്കുമ്പോൾ
ഇന്ന്‌ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത്‌ സെക്സ്‌ തന്നെയാണ്‌.
        സെക്സ്‌ റാക്കറ്റുകൾ നമ്മുടെ നാട്ടിൽ ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്‌.
എല്ലാം വിലക്കുവാങ്ങാവുന്ന പുതിയ ലോകസാഹചര്യത്തിൽ പെണ്ണിനെയും യഥേഷ്ടം
വാങ്ങുകയും വിൽക്കുകയും ചെയ്യാൻ കഴിയുന്നു. വിവാഹമാർക്കറ്റിൽ സ്ത്രീക്ക്‌
അത്രയ്ക്ക്‌ വിലയില്ലെങ്കിലും പെൺവാണിഭത്തിൽ സ്ത്രീക്ക്‌ മെച്ചപ്പെട്ട
വിലയാണുലഭിക്കുന്നത്‌. അവിടെ സ്ത്രീ ചോദിക്കുന്ന വില അഥവാ കൂലി നൽകാൻ
പുരുഷൻ തയ്യാറാകുന്നു. ഇത്തരത്തിലുള്ള പല വാണിഭങ്ങളും ബലാൽക്കാരേണയും
ഭീഷണിയിലൂടെയുമാണ്‌ നിലനിർത്തുന്നത്‌. പ്രായപൂർത്തിയായവരെ മാത്രമല്ല
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെവരെ ലൈംഗികവ്യാപാരത്തിനായി
തട്ടിയെടുക്കപ്പെടുന്നു. ഇത്തരത്തിൽ ഓരോ വർഷവും പുറത്തുവരുന്ന കണക്കുകൾ
എത്രയധികമാണ്‌! പുറത്തുവരുന്ന ക്രൈമുകളുടെ എണ്ണത്തെക്കാൾ പതിന്മടങ്ങാണ്‌
രജിസ്റ്റർ ചെയ്യപ്പെടാത്ത ക്രൈമുകൾ.
        രാജ്യത്തിനകത്തും പുറത്തുമുള്ള ഗൈംഗികകമ്പോളങ്ങളിലേക്ക്‌ പെൺകുട്ടികളെ എത്തിക്കുന്ന  വൻ മാഫിയാസംഘങ്ങൾ ഇന്ന്‌ അരങ്ങുവാഴുന്നു.  ഇതിന്റെ
ചുരുളഴിക്കുമ്പോൾ ചില ഉന്നതന്മാർ വരെ അകപ്പെട്ടിട്ടുണ്ടെന്നു
മനസ്സിലാകും. പണം എന്ന വലിയ സങ്കൽപം മനുഷ്യനെ മറ്റെല്ലാത്തിനും
അതീതനാക്കി മാറ്റി. ആഗോളവൽക്കരണം പോലുള്ള ആധുനികനയങ്ങൾ മൂലം ദരിദ്രരെയും
പാർശ്വവൽകൃതരെയുമെല്ലാം ഇത്തരത്തിലുള്ള വാണിഭങ്ങൾ വല്ലാതെ
പ്രലോഭിപ്പിക്കുന്നുണ്ട്‌. അതുകൊണ്ടാവാം മരുന്നില്ലാത്ത മഹാരോഗമായ
ഏയ്ഡ്സ്‌ ബാധിക്കുന്നതിലധികം പേരും സമ്പന്നരല്ലാതാകുന്നത്‌. അതിലും
അഞ്ചിലൊരുഭാഗം പേർ കൗമാരക്കാരാണെന്നതാണ്‌ ഞെട്ടിക്കുന്ന മറ്റൊരുവാർത്ത.
        ലൈംഗികത്തൊഴിലാളി യൂണിയൻ ഉണ്ടായിത്തീർന്ന കാലമാണല്ലേ ഇത്‌.
വേശ്യാവൃത്തി പാപമല്ലെന്നും മാന്യമായ തൊഴിലാണെന്നും പറഞ്ഞുപരത്തുന്ന
അത്തരം സംഘടന ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യംതന്നെ സ്വതന്ത്രമായ
ലൈംഗികത്തൊഴിൽ സംസ്കാരത്തിന്റേതാണ്‌. പല രാജ്യങ്ങളിലും ഇന്ത്യയിൽ തന്നെ
പല സംസ്ഥാനങ്ങളിലും ഇത്തരമൊരു സംസ്കാരം എത്തിക്കഴിഞ്ഞു.

   മുതലാളിത്തവ്യവസ്ഥയ്ക്ക്‌ വിധേയമായി ശരീരം വിറ്റുജീവിക്കേണ്ടിവരുന്നവരെയാണ്‌ വേശ്യകളായിഅംഗീകരിക്കപ്പെട്ടുവരുന്നത്‌. ലൈംഗികതയെ വരുമാനം ലഭിക്കുന്ന തൊഴിലായും വ്യവസായമായും മാറ്റിത്തീർക്കണമെന്ന വാദം മൂലധനശക്തികകളുടെ  പണക്കൊതിമാത്രമാണ്‌. അതുവഴി സ്ത്രീ യഥേഷ്ടം വാങ്ങുകയും വിൽക്കുകയും ചെയ്യപ്പെടുന്ന വെറും ചരക്കായിത്തീരുന്നു. മനുഷ്യൻ ഉൽപാദനപരമായി ചെയ്യുന്ന തൊഴിലിനല്ലാതെ മറ്റൊന്നിനും തൊഴിൽ എന്നു വ്യാഖ്യാനിക്കാൻ കഴിയില്ലെന്ന പഴയ വാദഗതി ഇതോടെ അസ്ഥാനത്താകുകയും സുഖഭോഗാധിഷ്ഠിതമായ മറ്റൊരു തൊഴിൽ സംസ്കാരം ഉടലെടുക്കുകയും ചെയ്യുന്നു.
        പ്രേമവും ലൈംഗികതയും അനുരാഗവുമെല്ലാം ഇന്നും ഇന്നലേയും ആരംഭിച്ചതല്ല.
എന്നാൽ അതിനെല്ലാം അതിന്റേതായ ഭംഗിയും മനോഹാരിതയും മുമ്പുണ്ടായിരുന്നു.
ഇപ്പോൾ അങ്ങനെ മനോഹാരിതയ്ക്കുവേണ്ടി ആരും ആരേയും പ്രണയിക്കുന്നില്ല.
എന്തെങ്കിലും വലിയകാര്യം നേടുകയെന്ന ലക്ഷ്യത്തോടുകൂടി മാത്രമേ  ഇപ്പോൾ
പ്രണയം പോലും ഉണ്ടാകുന്നുള്ളൂ. വർദ്ധിച്ചുവരുന്ന പഞ്ചനക്ഷത്രഹോട്ടൽ
സംസ്കാരവും ടൂറിസത്തിന്റെ പേരിൽ നടക്കുന്ന ആഘോഷങ്ങളുമെല്ലാം
ചെന്നെത്തുന്നത്‌ വൻ ലൈംഗിവ്യവസായത്തിലേക്കാണ്‌. സ്വദേശത്തും
വിദേശത്തുമുള്ള ഇത്തരം ഇടങ്ങളിലേക്ക്‌ പെൺകുട്ടികളെ വിതരണം ചെയ്യുന്ന
ചെറുതും വലുതുമായ വാണിഭസംഘങ്ങൾ ഇന്ന്‌ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്‌.
        പെൺകുട്ടികൾക്ക്‌ സധൈര്യം സ്കൂളിലും കോളേജിലുമെല്ലാം പഠിച്ചുവരാൻ
കഴിയുന്ന സാഹചര്യം ഇപ്പോൾ നഷ്ടമായിക്കൊണ്ടിരിക്കുന്നു. എവിടെയും
ഉയർന്നുവരുന്ന കണ്ണ്‌ കാമാന്ധതയുടെതുമാത്രം! മദ്യാസക്തിയും കാമാസക്തിയും
കേരളത്തിൽ ഇപ്പോൾ ഒരുപോലെ പെരുകുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
മദ്യമില്ലാത്ത യാതൊരു ആഘോഷവും ഇല്ലാതായിത്തീർന്നു. ചെറുപ്രായക്കാരായ
കുട്ടികൾ മുതൽ അതിന്റെ സ്വാദ്‌ അനുഭവിച്ചുകൊണ്ടിരിക്കുന്നു. കള്ളുകുടി
ക്രമേണ വളർന്ന്‌ പെണ്ണുപിടിയിലേക്കുവ്യാപിപ്പിക്കുന്ന സ്ഥിതിയാണുള്ളത്‌.
പല ക്രിമിനിൽ കേസ്സുകളിലും പിടിക്കപ്പെടുന്ന പ്രതികളിൽ ഏറിയഭാഗവും
അത്തരക്കാരാണെന്നു കാണാവുന്നതാണ്‌.  മദ്യത്തിന്റെ ദോഷഫലങ്ങളെക്കുറിച്ച്‌
പരസ്യം നൽകുന്ന സ്ഥാപനംതന്നെ പ്രതിമാസം കോടിക്കണക്കിനുരൂപ മദ്യവ്യവസായം
വഴി സമ്പാദിക്കുന്ന നാടാണ്‌ നമ്മുടേത്‌. കള്ളുകച്ചവടം നടത്താതെ
സർക്കാരുകൾക്കുതന്നെ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ്‌ ഇപ്പോൾ
നിലവിലുള്ളത്‌. മറ്റ്‌ ഉൽപാദനമാർഗ്ഗങ്ങളെക്കുറിച്ച്‌ ആരായാതെ
മദ്യവ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടഭീകരതയാണ്‌ പെൺവാണിഭം
പോലുള്ള വൻ വ്യവസായസംസ്കാരത്തിനും കാരണമാകുന്നതെന്ന്‌ പറയേണ്ടിവരും.
         നിത്യേന പുറത്തുവരുന്ന വാണിഭവാർത്തകൾ എത്രയധികമാണ്‌! ഇനിയും നാം
എത്രയെത്ര പെൺവാണിഭവാർത്തകൾ കാണാനും കേൾക്കാനുമിരിക്കുന്നു.
സൂര്യനെല്ലിയും ഐസ്ക്രീം പാർലറും കിളിരൂരും മറവിയുടെ പട്ടികയിൽ
ഉൾപ്പെട്ടേയ്ക്കാം. അതിലൊക്കെ ഉൾപ്പെട്ടവരെയെല്ലാം വാഴ്ത്തുന്ന
ഇക്കാലഘട്ടം കൂടുതൽ കൊതിപ്പിക്കുന്ന, മദിപ്പിക്കുന്ന പെൺവാണിഭവാർത്തകൾ
അനുഭവിക്കാൻ വിധിക്കപ്പെട്ടവരാണ്‌.

19 Jul 2012

പ്രണയം


സുധാകരൻ ചന്തവിള


     
 പ്രണയം, ലഹരി, സർഗ്ഗാത്മകത

മദ്യവും മദിരാക്ഷിയും എന്നത്‌ വളരെ മുമ്പേയുള്ള മനോഹരമായ ഒരു
പ്രയോഗമാണ്‌. ആദ്യാക്ഷരപ്രാസമെന്നതുപോലെ അർത്ഥത്തിലും ഭാവത്തിലും
സാമ്യമുള്ളതാണ്‌ ഈ വാക്കുകൾ.
        മദ്യത്തിലുള്ള ആസക്തിയും ആധിപത്യവും പൂർണ്ണമായി വിട്ടൊഴിയാൻ
മനുഷ്യവർഗ്ഗത്തിനു ഒരു കാലത്തും സാധിച്ചിട്ടില്ല. ഏതുസമൂഹത്തിലും
അതിന്റെ സ്വാധീനം ഒഴിച്ചുകൂടാനാകാത്തത്തായിത്തീർ
ന്നിട്ടുണ്ട്‌. ഇന്ത്യയിൽ
പ്രാചീനകാലം മുതൽ മദ്യം ഉപയോഗിച്ചുവന്ന ചരിത്രമാണുള്ളത്‌. മഹർഷിമാർ
തൊട്ട്‌ രാജാക്കന്മാർവരെ മദ്യം ഉപയോഗിച്ചിരുന്നതായി തെളിവുകളുണ്ട്‌.
രാജാക്കന്മാരുടെ സപ്തവ്യസനങ്ങളിൽ ഒന്നായി മദ്യപാനത്തെ കരുതിയിരുന്നതായും
രേഖകളുണ്ട്‌.
        ഏതെങ്കിലും ഒരു ലഹരിക്കടിമപ്പെടാത്ത മനുഷ്യരില്ല. ബാഹ്യവും
ആഭ്യന്തരവുമായ ലഹരിയാകാം അത്‌. ഇപ്പോൾ സ്ത്രീകൾപോലും യഥേഷ്ടം മദ്യം
ഉപയോഗിക്കുന്നതായി വാർത്തകൾ വരുന്നു; എന്നല്ല സ്ത്രീകൾതന്നെ അത്‌
സമ്മതിക്കുന്നുമുണ്ട്‌. മനുഷ്യന്റെ സുഖവും സംതൃപ്തിയോടുള്ള ആർത്തിയും
ആഘോഷങ്ങളോടുള്ള ആസക്തിയുമെല്ലാം വർദ്ധിക്കുന്നതിനനുസരിച്ച്‌  ലഹരിയിലുള്ള
ആവേശവും വർദ്ധിച്ചുകൊണ്ടിരിക്കുന്നു.
        സർഗ്ഗാത്മകപ്രവർത്തനങ്ങളിൽ പലപ്പോഴും മദ്യത്തിന്റെ-ലഹരിയുടെ സ്വാധീനം
കണ്ടുവരുന്നുണ്ട്‌. പല വിശ്വോത്തര എഴുത്തുകാരും അതിന്റെ അടിമകളായിരുന്നു
എന്നതുശരിയാണ്‌. ലഹരി ഉപയോഗിക്കുന്നവരെല്ലാം കലയും സാഹിത്യവും
സൃഷ്ടിക്കണമെന്നില്ല. എന്നാൽ ഏറ്റവും നല്ല സാഹിത്യം രചിച്ചവരിൽ ഏറിയകൂറും
ലഹരി ഉപയോഗിച്ചിട്ടുള്ളവരാണ്‌. ലഹരിക്കടിമയായി സമൂഹത്തിനു നിരക്കാത്ത
പ്രവർത്തനങ്ങൾ നടത്തി ജയിൽവാസംവരെ അനുഭവിച്ചിട്ടുള്ള എഴുത്തുകാരുണ്ട്‌.
അവരുടെ ജീവിതത്തെയല്ല, വായനക്കാർ വായിക്കുന്നത്‌. അവർ കൃതികളിൽ
ആവിഷ്കരിച്ച ജീവിതാവബോധത്തെയും ദർശനത്തെയുമാണ്‌.
        സർഗ്ഗാത്മകതയുള്ളവരിൽ അധികം പേരും ധിഷണാപരമായ ധിക്കാരമുള്ളവരാണ്‌. അഥവാ
അവർ ധിക്കാരികളാണ്‌. അവർ മറ്റുള്ളവരുമായി സാമാന്യമായി ഇടപെടുന്നതിന്‌
സന്നദ്ധരാകാറില്ല. മാത്രമല്ല ഇവർ സമൂഹജീവിതത്തിന്റെ ഗതിക്കനുസരിച്ച്‌
ജീവിക്കുന്നവരുമല്ല. പി. കുഞ്ഞിരാമൻ നായരും ചങ്ങമ്പുഴ കൃഷ്ണപിള്ളയും ജോൺ
എബ്രഹാമും എ. അയ്യപ്പനുമെല്ലാം  മലയാളത്തിൽ നിന്നുഎടുത്തുകാട്ടാവുന്ന
ഏറ്റവും നല്ല ഉദാഹരണങ്ങളാണ്‌. പുതുചിന്തകളും ഭാവനകളും കൊണ്ടുനിറഞ്ഞ
സർഗ്ഗാത്മകപ്രതിഭകളുടെ മാനസികളോകം പൊരുത്തപ്പെടലുകൾക്ക്‌ വഴങ്ങുന്നതല്ല.
അവർ എതിർക്കാനും എതിർക്കപ്പെടാനും വേണ്ടി ജനിച്ചവരാണ്‌. അതുകൊണ്ടാണ്‌ പി.
കേശവദേവ്‌ തന്റെ ആത്മകഥയ്ക്ക്‌ 'എതിർപ്പുകൾ' എന്ന്‌ പേരിട്ടത്‌. അങ്ങനെ
എതിർക്കപ്പെടുന്ന-വ്യതിരിക്തമായ ചിന്തകളുണ്ടാകുന്നതിൽ മദ്യം വഹിക്കുന്ന
പങ്കും സ്വാതന്ത്ര്യബോധവും എടുത്തുപറയേണ്ടതാണ്‌.
        ബലരാമന്റെ ശക്തി-സൗന്ദര്യങ്ങൾ അവതരിപ്പിക്കപ്പെടുന്ന വൈലോപ്പിള്ളിയുടെ
ജലസേചനം എന്ന കവിതയിൽ
"പച്ചിലക്കുമ്പിളിൽ തുള്ളുമിളം കള്ളിൽ-
 മജ്ജനം ചെയ്കയായ്‌ തൻ ഹൃദയം"-എന്ന്‌ പറഞ്ഞിട്ടുണ്ട്‌. മഴകിട്ടാത്ത
കാരണത്താൽ വർദ്ധിച്ച വേദന പൂണ്ട ഗോവർദ്ധനവാസികൾക്ക്‌ പരിഹാരം കാണാൻ
ബലരാമന്‌ കഴിഞ്ഞത്​‍്‌ അൽപം കള്ള്‌ പച്ചിലക്കുമ്പിളിൽ പകർന്നു
കുടിച്ചപ്പോൾ മാത്രമാൺ​‍്‌. മദ്യം നൽകുന്ന ഉന്മേഷം അഥവാ മദ്യം നൽകിയ
ആത്മബലം കൊണ്ടുമാത്രമാണ്‌ ബലരാമൻ കാളിന്ദീ നദിയെ കലപ്പകൊണ്ട്‌
വലിച്ചുകീറിയത്‌.  അതാകട്ടെ എല്ലാകൃഷിക്കാർക്കും നെല്ലായ്‌, പശുക്കൾക്ക്‌
പുല്ലായ്‌ കിളിർക്കുകയും ചെയ്തു.
        മദ്യത്തിന്റെ ലഹരിപോലെത്തന്നെ പ്രണയത്തിന്റെ ലഹരിയും
എഴുത്തിനെ-കലാപ്രവർത്തനങ്ങളെ ഉന്മേഷഭരിതമാക്കാറുണ്ട്‌.
പ്രണയത്തെക്കുറിച്ചെഴുതാത്ത എഴുത്തുകാരില്ല, വരയ്ക്കാത്ത
ചിത്രകാരന്മാരില്ല. പാടാത്ത പാട്ടുകാരില്ല. വിശ്വപ്രസിദ്ധ
ചിത്രകാരന്മാരായ പിക്കാസോയും ഡാവിഞ്ചിയും രാജാരവിവർമ്മയുമെല്ലാം പ്രണയ
സംബന്ധിയായി വരച്ച ചിത്രങ്ങൾക്ക്‌ ഏറെ മാറ്റുവർദ്ധിച്ചിട്ടുണ്ട്‌.
കാളിദാസൻ ശകുന്തളയെ വാക്കുകൾ കൊണ്ട്‌ വരച്ചുവച്ചപ്പോൾ രവിവർമ്മ
ശകുന്തളയുടെ സൗന്ദര്യമെന്തെന്ന്‌ പ്രത്യക്ഷമായിത്തന്നെ ലോകത്തിനു
കാട്ടിക്കൊടുക്കുകയായിരുന്നു.
        എഴുത്തിൽ, കലയിൽ പ്രണയാനുഭവം സ്വാഭാവികമായി കടന്നു വരുകയാണു പതിവ്‌.
പ്രണയരംഗങ്ങളില്ലാത്ത ഒരു സിനിമയോ നാടകമോ സങ്കൽപിക്കാൻ പ്രേക്ഷകർക്ക്‌
സാധ്യമല്ല. മാത്രമല്ല പ്രണയമില്ലാത്ത കലയ്ക്ക്‌ എന്തോ തകരാറ്‌
സംഭവിച്ചതായും ജനങ്ങൾ ധരിക്കുന്നു. സാഹിത്യത്തിലും അങ്ങനെതന്നെ. ഒരു
കവിതയോ കഥയോ മനോഹരവും ആത്മാവിഷ്കാരപരവുമായി അനുഭവപ്പെടുന്നത്‌ അവയിൽ
ആവിഷ്കരിച്ചിരിക്കുന്ന പ്രണയസന്ദർഭങ്ങളോ വരികളോ വർണ്ണനകളോ കൊണ്ടാകാം.
സർഗ്ഗാത്മകപ്രതിഭകളിൽ ഭൂരിപക്ഷവും ജീവിതപങ്കാളിയെ
തിരഞ്ഞെടുക്കുന്നതുപോലും പ്രണയനിഷ്ഠമായിട്ടായിരിക്കും. അതിനവർ
പ്രായത്തെയോ വർഗ്ഗത്തെയോ ജാതിയേയോ പരിഗണിക്കാറില്ലതന്നെ. മഹാനായ വില്യം
ഷേക്സ്പിയർ പോലും തന്നെക്കാൾ ഏഴുവയസ്സിനു പ്രായക്കൂടുതലുള്ള ആളിനെ
ജീവിതസഖിയായി സ്വീകരിച്ചതു അങ്ങനെയാണ്‌.
        ഫ്രഞ്ച്‌ എഴുത്തുകാരനായ ഴാങ്ങ്‌ പോൾ സാർത്രേ പ്രണയത്തെ സംബന്ധിച്ച്‌
പ്രത്യേക രീതി അവലംബിച്ച്‌ ജീവിതാവസാനം വരെ വിവാഹമെന്ന ബന്ധത്തിൽ
ഇടപെടാതെ തനിക്കിഷ്ടപ്പെട്ട സ്ത്രീയുമായി ശാരീരികവും മാനസികവുമായ ബന്ധം
പുലർത്തി ജീവിച്ചയാളാണ്‌. ഇപ്പോൾ സ്വവർഗ്ഗപ്രണയത്തെയും
വിവാഹപൂർവ്വബന്ധങ്ങളെയും കുറിച്ച്‌ വളരെ സ്വതന്ത്രമായ അഭിപ്രായങ്ങൾ
പുറത്തുവന്നുകൊണ്ടിരിക്കുന്നു. എന്നാൽ  പ്രസിദ്ധനായ എഴുത്തുകാരൻ ഓസ്കാർ
വൈൽഡിന്റെ കാലത്ത്‌ അങ്ങനെയൊരവസരം സാധ്യമായിരുന്നില്ല. പക്ഷേ,
അതുമനസ്സിലാക്കിക്കൊണ്ടുതന്നെ അദ്ദേഹം അതിൽ ഇടപെട്ടു. അങ്ങനെ
സ്വവർഗ്ഗപ്രണയത്തിന്റെ പേരിൽ ഓസ്കാർ വൈൽഡ്‌ ജയിലിലടയ്ക്കപ്പെട്ടു.
        കാമ്പസ്‌ അനുഭവങ്ങളിൽ കവിതയും സാഹിത്യവും പ്രണയവുമെല്ലാം പരസ്പരം
ഇഴപിരിഞ്ഞാണു ഉത്ഭവിക്കുന്നത്​‍്‌.  ഒരുപക്ഷേ, നല്ല കവിതയും
കാവ്യപാരായണവുമെല്ലാം നല്ല കാമുകീ-കാമുക ബന്ധവും അതിൽ നിന്ന്‌ നല്ല ജീവിത
പങ്കാളികളായിത്തീരുന്ന അവസ്ഥയും സംജാതമാകാറുണ്ട്‌.  ലോകത്തെത്തന്നെ
മാറ്റിത്തീർക്കാമെന്ന യൗവ്വനസഹജമായ രാഷ്ട്രീയ-സാമൂഹ്യബോധത്തിൽ  അൽപം
കലയും സാഹിത്യവും കൂടിച്ചേരുന്നത്‌ ഉത്തമമാണ്‌. അതിന്‌ മേമ്പൊടിയായി
വർണ്ണാഭമായ കുഞ്ഞുപ്രണയവും കൂടിയാകുമ്പോൾ ജീവിതം കൂടുതൽ ധന്യമാകും.

17 Jun 2012

പ്രണയം


 സുധാകരൻ ചന്തവിള


സ്ത്രീവിമോചന സമീപനത്തിന്റെ
പൊള്ളത്തരങ്ങൾ


പെണ്ണെഴുത്ത്‌, പെൺപ്രസ്ഥാനം എന്നിവയെല്ലാം ഇന്ന്‌ സാഹിത്യത്തിലും
ജീവിതത്തിലും വളരെയധികം സ്ഥാനം നേടിയിട്ടുണ്ട്‌. 1960-കളിൽ ആരംഭിച്ച
സ്ത്രീവിമോചനപ്രസ്ഥാനം ഇടയ്ക്കൊന്നു മങ്ങലേറ്റെങ്കിലും ഇപ്പോൾ സജീവമായി
വളർവന്നുവന്നിട്ടുണ്ട്‌. പെണ്ണിനുമാത്രമായി ഒരു ജീവിതമുണ്ടോ?
ആണിനുമാത്രമായി ഒരു ജീവിതമുണ്ടോ? പെണ്ണില്ലാതെ ആണിനും ആണില്ലാതെ
പെണ്ണിനും ജീവിക്കാനാവുമോ? കുറച്ചൊക്കെ അങ്ങനെയാകുമെങ്കിലും
യഥാർത്ഥത്തിലുള്ള കുടുംബജീവിതം സാധ്യമല്ലല്ലോ.
       ഒരിക്കലും പൂർണ്ണമായി സാധ്യമല്ലാത്ത സങ്കൽപങ്ങൾ നമ്മുടെ പെൺവിമോചനവാദികൾ
ഉയർത്തിപ്പിടിക്കുന്നുണ്ട്‌. പെൺപക്ഷക്കാരുടെ വാദഗതികൾകൊണ്ട്‌ പലതും
മാറിയിട്ടുണ്ടെങ്കിലും മാറ്റാൻ കഴിയാത്തത്തായി ചില സത്യങ്ങൾ
അവശേഷിക്കുന്നതായി അവർതന്നെ തിരിച്ചറിയുന്നുണ്ടാവും. സ്ത്രീപുരുഷന്മാർ
ഉണ്ടായ കാലത്തുതന്നെ ഭൂമിയിൽ സ്വഭാവ-സ്വരൂപങ്ങളിൽ, തൊഴിൽ-പ്രവർത്തന
മേഖലകളിൽ പ്രകടമായ വ്യത്യാസങ്ങൾ കണ്ടുതുടങ്ങി. കുടുംബത്തെ പോറ്റാനായി
തൊഴിലെടുക്കാനുള്ള എല്ലാവിധ ഉത്തരവാദിത്വങ്ങളും പുരുഷന്മാർ
ഏറ്റെടുത്തുവേങ്കിൽ കുട്ടികളെ പ്രസവിക്കുകയും വളർത്തുകയും ഉൾപ്പെടെയുള്ള
വീട്ടുകാര്യങ്ങളിൽ മാത്രം ശ്രദ്ധിക്കുന്നവളായി സ്ത്രീ മാറുകയുമുണ്ടായി.
ഇത്‌ സ്ത്രീയും പുരുഷനും അറിഞ്ഞോ അറിയാതെയോ സംഭവിച്ചതല്ല. പ്രകൃതിപോലും
അത്തരം ചില നിയമങ്ങളെ ഇന്നും അംഗീകരിച്ചുകൊണ്ടിരിക്കുന്നുവേ
ന്നതാണ്‌
സത്യം.
       ഏതെങ്കിലും പുരുഷന്‌ പ്രസവിക്കാനും മുലയൂട്ടാനും ഇന്നോളം
കഴിഞ്ഞിട്ടുണ്ടോ?  ഭാര്യയുടെ പ്രസവവേദനയ്ക്കും ജീവിതവേദനയ്ക്കും
കൂട്ടുനിൽക്കാനല്ലാതെ ഏറ്റവും അഗാധമായ സ്നേഹമുള്ള ഒരു ഭർത്താവിനുപോലും
മറ്റെന്തു ചെയ്യാൻ കഴിയും. സ്ത്രീക്ക്‌ കൂടിയാൽ എത്ര കുട്ടികളെ വളർത്താൻ
കഴിയും? ഇന്നത്തെ സ്ത്രീക്ക്‌ പരമാവധി ഒന്നോ രണ്ടോ കുട്ടികളെയല്ലേ
പ്രസവിക്കാനും വളർത്താനും കഴിയുകയുള്ളൂ. ഒരു സ്ത്രീക്ക്‌ തന്റെ
ജീവിതകാലമത്രയും കൊണ്ട്‌ പ്രസവിക്കാൻ കഴിയുന്ന കുട്ടികളുടെ എണ്ണം
ഇരുപതാണെന്നു പറയപ്പെടുന്നു. പുരുഷനാകട്ടെ പതിനാറായിരത്തിലേറെ കുട്ടികളെ
ഉൽപാദിപ്പിക്കുവാനുള്ള ശേഷി ഒരു ജീവിതത്തിൽ കഴിയുന്നുവേന്നും കണക്കുകൾ
കാണിക്കുന്നു. അത്രയ്ക്കൊന്നും ഉൽപാദിപ്പിക്കാനും സംരക്ഷിക്കാനും ഇന്ന്‌
ഒരു സ്ത്രീക്കും പുരുഷനും സാധ്യമല്ലെന്നുള്ളത്‌ സമ്മതിക്കുമ്പോൾതന്നെ
പ്രസവം എന്ന പ്രക്രിയ സ്ത്രീയുടെ ഉത്തരവാദിത്വവും ദൗത്യവുമാണെന്നു
സമ്മതിക്കാതിരിക്കാൻ ഒരു സ്ത്രീവിമോചനവാദിക്കും കഴിയുകയില്ല. ഏതു
വനിതാവിമോചകയായ  സ്ത്രീക്കും പ്രസവിക്കേണ്ടിവന്നാൽ പ്രസവിച്ചല്ലേ പറ്റൂ.
വേണ്ടിവന്നാൽ അക്കാര്യം മറ്റൊരു സ്ത്രീയെ ഏൽപിക്കാമെന്നല്ലാതെ ഭർത്താവിനെ
ഏൽപ്പിക്കാൻ കഴിയില്ലല്ലോ.
       സ്ത്രീയും പുരുഷനും എന്ന വ്യത്യാസം പൂർണ്ണമായി മാറ്റാൻ സമൂഹത്തിൽ
ഒരിക്കലും സാധ്യമല്ല. പെണ്ണിനുമാത്രമേ യഥാർത്ഥ പെണ്ണാകാനും ആണിനുമാത്രമേ
യഥാർത്ഥ ആണാകാനും കഴിയുകയുള്ളൂ. ജീവിതത്തെയും സംസ്കാരത്തെയും
സാഹിത്യത്തെയും ശോഭനമാക്കുന്ന പ്രധാനപ്പെട്ട സങ്കൽപവും യാഥാർത്ഥ്യവുമാണ്‌
സ്ത്രീപുരുഷ ബന്ധവും വ്യത്യാസവും. ഇത്തരം ബന്ധങ്ങളെയും ആ ബന്ധങ്ങൾ വഴി
ഉണ്ടാകുന്ന വ്യത്യാസങ്ങളെയും പൂർണ്ണമായി ഒഴിവാക്കിയാൽ ജീവിതത്തിന്റെ
പരിണാമഗുപ്തിയും നാടകീയതയും നഷ്ടമാകും. അങ്ങനെയുള്ള ജീവിതം ആർക്കും
ആവശ്യമില്ലാതാകും.
       ഇതിഹാസങ്ങൾ മുതലുള്ള കാലംതൊട്ടേ ജീവിതത്തെ
ആനന്ദിപ്പിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്‌ സ്ത്രീപുരുഷപ്രണയം. പ്രണയം
ആർക്കും ആരിലും എപ്പോഴുമുണ്ടാകാമെന്നുതന്നെയാണ്‌ ആ കൃതികൾ
ബോധ്യപ്പെടുത്തുന്നത്‌. അച്ഛനുവേണ്ടി വിവാഹാലോചന നടത്തുന്ന മകനെ
മഹാഭാരതകഥയിൽ കാണാമെങ്കിൽ അമ്മയെ കല്യാണം കഴിക്കുന്ന മകനെ
ഗ്രീക്കുസാഹിത്യത്തിൽ ദർശിക്കാം. ഇത്തരം കഥകളിൽ ചുറ്റിപ്പറ്റിനിൽക്കുന്ന
ദർശനബോധത്തെ നമുക്ക്‌ തള്ളിക്കളയാനാകുമോ? ഇതിഹാസങ്ങളും പുരാണങ്ങളും
രചിച്ചതു പുരുഷന്മാരായതുകൊണ്ടാണോ ഇങ്ങനെയുള്ള ബന്ധങ്ങളെക്കുറിച്ച്‌
പ്രതിപാദിക്കേണ്ടിവന്നത്തെന്ന്‌ ഏതെങ്കിലും സ്ത്രീപക്ഷ എഴുത്തുകാരി
പറയുമോ? പുരുഷപക്ഷസാഹിത്യം മാത്രമല്ല പുരുഷന്മാരായ എഴുത്തുകാർ
നിർമ്മിച്ചതു. സ്ത്രീപക്ഷസാഹിത്യം പോലും ആദ്യം രചിച്ചതു പുരുഷനാണെന്ന്‌
മനസ്സിലാക്കാൻ കഴിയും. ശ്രീരാമന്റെ മുഖത്തുനോക്കി തന്റേടത്തോടെ
അഞ്ചാറുവാക്കുകളെങ്കിലും പറയാൻ സീതയ്ക്കു ശക്തികൊടുത്തത്‌
കുമാരനാശാനാണ്‌. (ചിന്താവിഷ്ടയായ സീത). ഇന്ന്‌ ഏതെങ്കിലും സ്ത്രീപക്ഷ
എഴുത്തുകാരി പുരുഷ പീഡനത്തെക്കുറിച്ച്‌ സാഹിത്യമെഴുതുന്നുണ്ടോ? അവർ പലരും
സർവ്വദാ എഴുതിക്കൊണ്ടിരിക്കുന്നത്‌ സ്ത്രീപീഡനത്തെക്കുറിച്ചും
സ്ത്രീവിമോചനത്തെക്കുറിച്ചും മാത്രമല്ലേ?
ഇപ്പോഴും സ്ത്രീപീഡനങ്ങൾ ഉണ്ടാകുന്നുണ്ടെന്നുള്ളത്‌ ശരിതന്നെ. എന്നാൽ
സ്ത്രീപീഡനങ്ങൾ മാത്രമാണോ ജീവിതം അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട
പ്രശ്നം. സ്ത്രീപീഡനങ്ങൾ ഉണ്ടാകുന്നതുപോലെ തന്നെയോ അതിനെക്കാളേറേയോ
പുരുഷപീഡനങ്ങളും ഉണ്ടാകുന്നുണ്ട്‌. സ്ത്രീകളെപ്പോലെ പുരുഷന്മാർ എന്തിനും
ഏതിനും വാവിട്ടുവിളിക്കാറില്ല. അവർ പലരും പലതും യഥേഷ്ടം
സഹിക്കുന്നവരാണ്‌. പലതും പുറത്തു പറയാൻ ഇഷ്ടപ്പെടാത്തവരുമാണ്‌.
അല്ലെങ്കിൽത്തന്നെ ഭാര്യ പീഡിപ്പുച്ചുവേന്ന്‌ പുറത്തറിഞ്ഞാൽ ഉണ്ടാകുന്ന
മാനക്കേടിനെക്കുറിച്ച്‌ പല പുരുഷന്മാരും വേദനിക്കുന്നവരാണ്‌. അവസരം
വരുമ്പോൾ അധികാരികൾക്കുമുമ്പിലോ, കോടതികളിലോ പറയുന്നതൊഴിച്ചാൽ, ഭാര്യ
തന്നെ മർദ്ദിച്ചുവേന്നോ, മാനസികമായി പീഡിപ്പിച്ചുവേന്നോ പുറത്തുപറയാൻ ഒരു
പുരുഷനും ഇഷ്ടപ്പെടുന്നില്ല.
       സ്ത്രീവിമോചനക്കാരുടെ അവകാശസമരങ്ങളിൽ ഉയർന്നുവരുന്ന വാദഗതികളെല്ലാം
പൂർണ്ണമായി തള്ളിക്കളയാനാകില്ലെങ്കിലും ഉദരത്തിൽ കിടക്കുന്ന കുഞ്ഞിന്റെ
ലിംഗപരിശോധന നടത്തുന്നത്‌ തടയണമെന്നകാര്യം പൂർണ്ണമായി സമ്മതിക്കാൻ
കഴിയുമോ? ഒരു സ്ത്രീവിമോചനക്കാരി പോലും ഗർഭം ധരിക്കുമ്പോൾ താൻ
പ്രസവിക്കുന്ന കുഞ്ഞ്‌ ആണായിരിക്കണമെന്ന്‌ ആഗ്രഹിക്കുന്നതെന്തുകൊണ്ടാണ്‌?
ഈ ലോകത്തിൽ ആണുങ്ങൾ മാത്രം മതിയോ?  ആണും പെണ്ണും സമാസമമായി
ഉണ്ടാകാതിരുന്നാലുള്ള പ്രത്യാഘാതത്തെക്കുറിച്ചറിയാത്തതുകൊണ്ടല്ലതാനും.
എപ്പോൾ കുട്ടികൾ വേണമെന്നു തീരുമാനമെടുക്കാൻ ദമ്പതികൾക്ക്‌
അവകാശമുള്ളതുപോലെത്തന്നെ ഏതു കുട്ടിയെയാണ്‌ പ്രസവിക്കേണ്ടത്‌ എന്നു
തീരുമാനിക്കാനുള്ള അവകാശവും നിഷേധിക്കാൻ കഴിയുമോ? സ്ഥിരമായി
പെൺകുഞ്ഞുങ്ങളെ പ്രസവിച്ചുകൊണ്ടിരിക്കുന്നവർ വീണ്ടു ജനിക്കാൻ പോകുന്നത്‌
പെണ്ണാണെന്നറിയാനുള്ള അവസരം നൽകുന്നത്‌ നല്ലതല്ലേ. രണ്ടു
കുട്ടികളാകാമെന്ന നിയമം നിലവിലിരിക്കുന്ന രാജ്യത്ത്‌ ഏല്ലാ ദമ്പതികൾക്കും
ഓരോ ആണിനെയും ഓരോ പെണ്ണിനെയും പ്രസവിക്കാനുള്ള അവസരം സൃഷ്ടിക്കാനായി
ചിലപ്പോൾ ഗർഭഛിദ്രം നടത്തേണ്ടിവന്നാൽപ്പോലും അത്‌
അംഗീകരിച്ചുകൊടുക്കേണ്ടതല്ലേ.
       സ്ത്രീവിമോചനക്കാർ എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു
പ്രധാനപ്പെട്ട പ്രശ്നം 'സ്ത്രീധനം' എന്ന മഹാവിപത്തിനെക്കുറിച്ചാണ്‌.
സ്ത്രീധനം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പണ്ടുകാലം മുതലേ ഇവിടെ
നിലനിന്നുവരുന്നതാണ്‌. കാലക്രമേണ അതിന്റെ രൂപഭാവങ്ങൾ മാറിയെന്നേയുള്ളൂ.
ഏതെങ്കിലും സ്ത്രീവിമോചനക്കാരികൾ സ്വന്തം മക്കളെ സ്ത്രീധനരഹിതമായി വിവാഹം
ചെയ്തുകൊടുക്കുന്നതായി അറിയിക്കുന്നുണ്ടോ? ഏതെങ്കിലും മാധ്യമങ്ങളിലൂടെ
അവർ അത്തരമൊരു വാർത്ത നൽകി സമൂഹത്തിനുമുമ്പിൽ പരസ്യപ്പെടുത്തുന്നുണ്ടോ?
       കാലം ഇന്ന്‌ ഏറെ മാറിയിരക്കുന്നു. തെഴിൽ സമീപനത്തിലും സാമൂഹിക
സമീപനത്തിലും സ്ത്രീക്ക്‌ ഏറെ തുല്യത ലഭിച്ചുകൊണ്ടിരിക്കുന്ന
സാഹചര്യമാണുള്ളത്‌. സ്ത്രീക്ക്‌ ഏതു തൊഴിൽ തിരഞ്ഞെടുക്കാനും അവസരമുണ്ട്‌.
പുരുഷനെക്കാൾ തിരക്കും വേതനവുമുള്ള തൊഴിൽപോലും സ്ത്രീക്ക്‌ ഇപ്പോൾ
ലഭ്യമാണ്‌. പഴയതുപോലെ  ധാരാളം കായികമായി അധ്വാനിക്കാതെ-ഭാരം ചുമക്കാതെ,
വേട്ടയാടാതെ, യുദ്ധം ചെയ്യാതെ വളരെ ലാഘവമുള്ള തൊഴിലുകൾ സ്വീകരിക്കാൻ
ഇപ്പോൾ കഴിയുന്നു. ആഫീസിലിരുന്ന്‌ അധികം വിയർക്കാതെ, മെയ്യണങ്ങാതെ
പണിയെടുക്കുന്ന ഒരു സ്ത്രീക്ക്‌ വീട്ടിലെത്തിയാൽ അല്ലറ ചില്ലറ ജോലികൾ
ചെയ്യാൻ താൽപര്യമില്ലാതെ വരുന്നു. മാത്രമല്ല താൻ സാമ്പത്തികമായി
ഭദ്രതയുള്ളവളാണെന്ന ബോധം അവളെ എപ്പോഴും പിൻതുടരുന്നു. പുരുഷന്റെ
സഹായമില്ലെങ്കിൽക്കൂടി തനിക്ക്‌ ഒന്നും സംഭവിക്കില്ലെന്ന ധാരണ സ്ത്രീയെ
അൽപമെങ്കിലും അഹങ്കാരിയാക്കിത്തീർക്കുന്നു.
       ഇത്തരം ചിന്തകളിൽ നിന്ന്‌ ഉളവാകുന്ന മനോഭാവമാണ്‌ വളർന്നുവളർന്ന്‌ വെറുതെ
പുരുഷനെ (ഭർത്താവിനെ) കുറ്റം പറയുന്ന അവസ്ഥയിലെത്തുന്നത്‌.
തുണിയലക്കുന്നതിലും പാചകം ചെയ്യുന്നതിലും കുട്ടികളെ
വളർത്തുന്നതിലുമെല്ലാം പുരുഷൻ സ്ത്രീയെ സാഹായിച്ചിട്ടും സ്ത്രീകൾ പൊതുവിൽ
'വെറും സ്ത്രീ വിമോചനക്കാരി'കളായി മാറുന്നതിൽ എന്തു ന്യായമാണുള്ളത്‌.
യഥാർത്ഥത്തിൽ ഇന്ന്‌ മോചനമല്ല വേണ്ടത്‌; മറിച്ച്‌ കൂടുതൽ തിരിച്ചറിവും
അവബോധവുമാണ്‌ ഉണ്ടാകേണ്ടത്‌. പരസ്പരമറിഞ്ഞും അറിയിച്ചും സഹകരിച്ചും
ക്ഷമിച്ചും ജീവിക്കുന്ന ദാമ്പത്യത്തിൽ-കുടുംബത്തിൽ യാതൊരു വിമോചനവും
ആവശ്യമില്ലെന്നുള്ളതാണ്‌ സത്യം. അവരവരുടെ കർത്തവ്യങ്ങൾ അവരവർതന്നെ
നിറവേറ്റിയാൽ തീരുന്ന പ്രശ്നങ്ങളേ കുടുംബങ്ങളിലുള്ളൂ. അതിനു
സജ്ജരാകുകയാണ്‌ സ്ത്രീപുരുഷന്മാർ മൊത്തത്തിൽ ചെയ്യേണ്ടത്‌.

20 May 2012

പ്രണയം


സുധാകരൻ ചന്തവിള

സംസ്കാരത്തിന്റെ വിലയെന്ത്‌

   ''  സംസ്കാരമെന്തെന്ന തിരിച്ചറിവില്ലാതെ മതപരമായ ഭീകരതയിലേക്കുള്ള ഈ പോക്ക്‌എവിടെയാണ്‌ ചെന്നെത്തുന്നത്‌?''

       സംസ്കാരത്തിന്‌ ഇന്ന്‌ എന്താണ്‌ വില? സംസ്കാരമെന്നാൽ എന്ത്‌, എന്തിന്‌
എന്നെല്ലാം ചോദിക്കുന്നവരുടെ മുമ്പിൽ  ജീവിക്കുന്ന അവസ്ഥയിൽ
സംസ്കാരത്തെക്കുറിച്ച്‌ ഒരു ലേഖനംതന്നെ ആവശ്യമുണ്ടോ?
       ഇല്ലെന്നു പറയുന്നവരുടെയിടയിൽ അൽപം
സംസ്കാരചിന്തയാകാമെന്നുഉറപ്പിച്
ചുകൊണ്ടാണ്‌ ഈ കുറിപ്പെഴുതുന്നത്‌.
നമ്മുടെ നാടും ദേശവുമെല്ലാം ഇക്കാലമത്രയും എന്തെങ്കിലും പ്രത്യേകതകൾ
നേടിയിട്ടുണ്ടെങ്കിൽ അത്‌ സാമൂഹികവും സാംസ്കാരികവുമായ നേട്ടങ്ങൾ
കൊണ്ടുകൂടിയാണെന്നു കരുതുന്നതിൽ തെറ്റില്ല. കുറേയധികം ആളുകൾ പണവും സുഖവും
ഉപേക്ഷിച്ച്‌ സ്വജീവിതം തന്നെ സമൂഹത്തിനു സമർപ്പിക്കാൻ
ഇറങ്ങിത്തിരിച്ചതിന്റെ ഫലമായിരുന്നു ഇതെല്ലാമെന്ന്‌ ഇന്ന്‌ ആര്‌ ഓർക്കാൻ!
       ജീവിതത്തെയും ജീവിതത്തിന്റെ അടിസ്ഥാനമായ കുടുംബത്തെയും നിലനിർത്തുന്നതിൽ
സംസ്കാരം ചെലുത്തുന്ന സ്വാധീനം ചെറുതല്ല. നമ്മുടെ സംസ്കാരവും ജീവിതവും
നമ്മുടേതുമാത്രമാണ്‌. അത്‌ തൊട്ടടുത്തുള്ള തമിഴനിൽ നിന്നും കന്നടക്കാരനിൽ
നിന്നുമെല്ലാം തികച്ചും വ്യത്യസ്തമാണ്‌. ഒരർഥത്തിൽ ജീവിതത്തിന്‌ അർഥവും
ആശയവും പ്രദാനം ചെയ്യുന്നത്‌ ഇത്തരം സംസ്കാരമാണ്‌.
       തിത്മകളെയും ദുരാചാരങ്ങളെയും മാറ്റിയെടുത്ത്‌ സമൂഹത്തെ പുരോഗമനാശയപരവും
നവീനവുമാക്കിത്തീർത്തത്‌ സാംസ്കാരികമായ കൂട്ടായ്മകളാണ്‌. അത്തരം
കൂട്ടായ്മകൾ നമ്മുടെ സമൂഹത്തിന്‌ ഒരു കാലഘട്ടത്തിൽ അനിവാര്യമായിരുന്നു.
നവോത്ഥാന പ്രസ്ഥാനങ്ങളും രാഷ്ട്രീയപ്രസ്ഥാനവുമെല്ലാം ഒന്നായി
പ്രവർത്തിച്ച കാലമായിരുന്നു അത്‌. അക്കാലത്തെ രാഷ്ട്രീയപ്രവർത്തനം
കലാസാഹിത്യപ്രവർത്തനത്തിന്റെ ഭാഗമായിരുന്നു. അല്ലെങ്കിൽ
കലാസാഹിത്യപ്രവർത്തനത്തിന്റെ ഭാഗമായിരുന്നു രാഷ്ട്രീയപ്രവർത്തനം
എന്നുപറഞ്ഞാലും ശരിയാവുന്നതാണ്‌. സാംബശിവനെയും കെടാമംഗലം സദാനന്ദനെയും
പോലലെയുള്ള കാഥികന്മാർ കഥപറഞ്ഞത്‌ കാശിനുവേണ്ടി മാത്രമായിരുന്നില്ല. കലയെ
സമൂഹത്തിന്‌ എങ്ങനെ ഉപകാരപ്രദമാക്കിത്തീർക്കണമെന്ന ബോധം
കൊണ്ടുകൂടിയായിരുന്നു. അതിനവരെ പ്രാപ്തരാക്കിത്തീർത്തത്‌
പുരോഗമനപ്രസ്ഥാനം തന്നെയായിരുന്നു. കഥാപ്രസംഗത്തെ  ഒരുകാലഘട്ടത്തിന്റെ
കഥയും പ്രസംഗവുമാക്കി മാറ്റുകയായിരുന്നു അവരുടെ ലക്ഷ്യം. അതുപോലെ
തോപ്പിൽ ഭാസിയെപ്പോലെ, എസ്‌. എൽ. പുരം സദാനന്ദനെപ്പോലെ, കെ. ടി.
മുഹമ്മദിനെപ്പോലെയെല്ലാമുള്ള നാടകകൃത്തുക്കൾ നമ്മുടെ നാടിനെ
മാറ്റിത്തീർക്കുന്നതിൽ ചെലുത്തിയ സ്വാധീനം എത്ര വലുതായിരുന്നു?
       നമ്പൂതിരിയെ മനുഷ്യനാക്കാൻ ഇറങ്ങിത്തിരിച്ച വി. ടി.
ഭട്ടതിരിപ്പാടിന്റെയും എം. പി. ഭട്ടതിരിപ്പാടിന്റെയും മറ്റും
പ്രവർത്തനങ്ങൾ ഇന്നോർക്കുമ്പോൾ വിസ്മയം തോന്നും.  ജാതി-മതക്കോമരങ്ങൾ
ഒന്നിനൊന്നു തഴച്ചുവളർന്നുകൊണ്ടിരിക്കുന്ന ഇവിടെ 'അടുക്കളയിൽ നിന്ന്‌
അരങ്ങത്തേയ്ക്ക്‌' എന്നതിനുപകരം 'അരങ്ങിൽ നിന്ന്‌ അടുക്കളയിലേക്ക്‌' എന്ന
അവസ്ഥയിലേക്കാണ്‌ കാര്യങ്ങൾ കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്‌. മനുഷ്യൻ
മാത്രമാണ്‌ സത്യമെന്നും മതങ്ങൾ സംഘടിതമായ അനീതിയെയും അന്ധകാരത്തെയും
സൃഷ്ടിക്കുന്നുവേന്നുമുള്ള സാമൂഹികനവോത്ഥാനപ്രവർത്തകരുടെ മുദ്രാവാക്യങ്ങൾ
ഇന്ന്‌ കാലഹരണപ്പെട്ടതായിത്തീർന്നുവോ?
       ജാതി-മതങ്ങളുടെ വിളയാട്ടം കൊണ്ട്‌ എന്തെല്ലാം പുരോഗതിയാണ്‌ ഇവിടെ
ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന്‌ ആലോചിക്കേണ്ടതാണ്‌! സംഘടിത ഇസ്ലാമിനെയും
സംഘടിത ക്രൈസ്തവരെയും പോലെ സംഘടിതരാകാൻ ഹിന്ദുവിനു കഴിയില്ലെങ്കിലും
ഏറെക്കുറെ ഇപ്പോൾ ഹിന്ദുവിന്റ പേരിലും ചില സംഘടിത ശ്രമങ്ങൾ
നടന്നുവരുന്നുണ്ട്‌. അത്തരത്തിലുള്ള എല്ലാവിധ ശ്രമങ്ങൾക്കെതിരെയും
പുരോഗമന ശക്തികളുടെ പ്രതിരോധങ്ങൾ ഉയർന്നിട്ടുണ്ട്‌. 'ക്രിസ്തുവിന്റെ ആറാം
തിരുമുറിവ്‌' 'ഭഗവാൻ കാലുമാറുന്നു' തുടങ്ങിയ നാടകങ്ങൾ ഉണ്ടായതിവെടെയാണ്‌.
അതിനെല്ലാമെതിരെ ചില എതിർപ്പുകൾ ഉണ്ടായെങ്കിലും ഇനി അത്തരത്തിലുള്ള
സൃഷ്ടികളും പ്രവർത്തനങ്ങളും ഉണ്ടാകുമെന്നു കരുതുകതന്നെവയ്യ.
       പെരുകിവരുന്ന ആൾദൈവാരാധനകളും ആദ്ധ്യാത്മികവ്യവസായവും എന്താണ്‌
സൂചിപ്പിക്കുന്നത്‌. ?മുമ്പും ഇവിടെ ചില ആൾദൈവങ്ങളും
ആദ്ധ്യാത്മികേന്ദ്രങ്ങളും ഉണ്ടായിരുന്നെങ്കിലും സമൂഹത്തെ ഇത്രത്തോളം
അവയൊന്നും സ്വാധീനിക്കപ്പെട്ടിരുന്നില്ല. ഒരു നാട്ടിൽ ഒരുക്ഷേത്രം എന്നതു
സർവ്വസാധാരണമായിരുന്നുവേങ്കിൽ ഇപ്പോഴത്‌ എണ്ണാൻ കഴിയാത്തത്തരത്തിൽ
വളർന്നിട്ടുണ്ട്‌. പള്ളികളും മറ്റു ആരാധാനാലയങ്ങളും
അതുപോലെത്തന്നെയാണെന്നത്‌ വിസ്മരിക്കുന്നില്ല. ഒരമ്പലം കത്തിനശിച്ചാൽ
അന്ധവിശ്വാസം അത്രയെങ്കിലും നശിക്കുമല്ലോ എന്നു പറഞ്ഞ ധീരനായ
മുഖ്യമന്ത്രി സി. കേശവനെ നാം പൂജിക്കണം. 'ഇനി നമുക്ക്‌ അമ്പലങ്ങളും
ആരാധാനാലയങ്ങളുമല്ല വേണ്ടത്‌, കൃഷിയും വ്യവസായവുമാണ്‌ വളരേണ്ടത്‌' എന്നു
പറഞ്ഞ ശ്രീനാരായണഗുരുവും നമുക്കിടയിൽ ജീവിച്ചിരുന്ന കർമ്മയോഗിയായിരുന്നു.
       അമ്പലങ്ങളും ആരാധനാലയങ്ങളും വർദ്ധിക്കുന്നതിനനുസരിച്ച്‌ ആരാധകരുടെ എണ്ണം
വർദ്ധിക്കുന്നതായാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. വർഷംതോറും ആറ്റുകാൽ
പൊങ്കാലയിടുന്നവരുടെയും ശബരിമല തീർത്ഥാടകരുടെയും മറ്റും എണ്ണം കൂടിക്കൂടി
വരുന്നു. ജാതിമതഭേദമെന്യേ വർദ്ധിക്കുന്ന ഇത്തരം ആരാധകരുടെ തിരക്കുകൾ
സൂചിപ്പിക്കുന്നതെന്താണ്‌. മനുഷ്യർക്ക്‌ കൂടുതൽ കൂടുതൽ അസ്വസ്ഥതയും
അസ്സമാധാനവും ഉണ്ടാകുന്നു എന്നുതന്നെയാണ്‌. പണമോഹവും സുഖമോഹവും
വർദ്ധിക്കുന്നതിലൂടെ മോക്ഷസാധ്യത്തിനായി ദൈവസാക്ഷാത്കാരത്തിന്‌
ശ്രമിക്കുന്നു എന്നതാണോ? അതോ പ്രാകൃതമായ ആരാധനയിലേക്കും
ഉച്ചനീചത്വങ്ങളിലേക്കും സമൂഹം തിരിച്ചുപോകുകയാണെന്നാണോ?
പാഠപുസ്തകങ്ങളിൽപ്പോലും എന്ത്‌ ഉൾപ്പെടുത്തണമെന്ന്‌ തീരുമാനിക്കാനുള്ള
അധികാരം സർക്കാരിനെക്കാൾ മതത്തിനാണെന്നു വന്നിരിക്കുന്നു.

       എഴുത്തുകാരുടെയും കലാകാരന്മാരുടെയും എണ്ണക്കൂടുതലുണ്ടെങ്കിലും അവർ
പൂർണ്ണമായി സ്വതന്ത്രരാകുന്നില്ല. ഒന്നുകിൽ ഏതെങ്കിലും രാഷ്ട്രീയത്തിൽ,
അതല്ലെങ്കിൽ ഏതെങ്കിലും മതത്തിൽ അണിനിരന്നുകൊണ്ട്‌ അഭിപ്രായം
പറയുന്നരീതിയാണ്‌ കണ്ടുവരുന്നത്‌. സ്വതന്ത്രവും പുരോഗമനപരവുമായി
എഴുതുന്ന, ചിന്തിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നു. 'നമ്മുടെ
കലാകാരന്മാരെ ചങ്ങലയ്ക്കിട്ടിരിക്കുകയാണെ'ന്ന്‌ ഈ അടുത്തകാലത്ത്‌ ഒരു
പ്രശസ്ത സിനിമാനടൻ പറഞ്ഞത്‌ അതിനു തെളിവാണ്‌. ഇന്നത്‌ ശരി, ഇന്നത്‌
തെറ്റ്‌ എന്നുവിചാരിച്ച്‌ തുറന്നെഴുതുവാൻ ഒരു എഴുത്തുകാരനും ഇവിടെ
സാധ്യമല്ലാതെ വന്നിട്ടുണ്ട്‌.  എഴുതുമ്പോൾ ഏതെങ്കിലും സങ്കുചിതമതക്കാരുടെ
വികാരങ്ങളെ വ്രണപ്പെടുത്തുന്നതാകുമോ എന്നു കരുതി തന്റെ അഭിപ്രായം
തുറന്നെഴുതുവാൻ എഴുത്തുകാരനു കഴിയുന്നില്ല. സൽമാൻ റുഷ്ദിയും തസ്ലീമ
നശ്രീനുമെല്ലാം അനുഭവിക്കുന്ന അവസ്ഥ അതാണല്ലോ സൂചിപ്പിക്കുന്നത്‌.

       സ്വയം മറഞ്ഞിരുന്നുകൊണ്ടു ചെയ്യാവുന്ന എഴുത്തിൽ ഇതാണവസ്ഥയെങ്കിൽ
നൂറുകണക്കിന്‌ ആളുകൾ ഒരേസമയത്ത്‌ കേൾക്കുന്ന പ്രസംഗത്തിൽ എന്താണ്‌
സംഭവിക്കുന്നത്‌? നല്ല സാംസ്കാരികപ്രസംഗങ്ങൾ നമ്മുടെ നാടിന്റെ വളർച്ചയിൽ
എത്രമാത്രം മഹത്തായ പങ്കാണ്‌ വഹിച്ചതു? ഇന്ന്‌ സുകുമാർ അഴീക്കോടിനെപ്പോലെ
എം. എൻ. വിജയനെപ്പോലെ ഒരാൾ ഉണ്ടാകാത്തതെന്തെന്ന്‌ ചിന്തിക്കുമ്പോൾ
ഇതെല്ലാം നാം ഓർക്കേണ്ടിവരുന്നു. ശാസ്കാരികവും രാഷ്ട്രീയവുമായ സത്യങ്ങൾ
ആരുടെ മുഖത്തുനോക്കിയും പ്രസംഗിക്കുവാൻ മുൻകാലങ്ങളിൽ നമുക്കൊരു കെ.
ദാമോദരനും പിന്നീട്‌ ഒരു കണിയാപുരം രാമചന്ദനുമുണ്ടായിരുന്നു. ഇപ്പോൾ
അങ്ങനെ ആർക്ക്‌ സത്യസന്ധമായി പ്രസംഗിക്കുവാൻ കഴിയുന്നു. ഒരുപക്ഷേ
രാഷ്ട്രീയമായ സത്യസന്ധത നഷ്ടപ്പെട്ടതുകൊണ്ടുകൂടിയാണോ ആളുകൾ മതപ്രസംഗങ്ങൾ
കേൾക്കാൻ തിടുക്കം കൂട്ടുന്നത്‌. അങ്ങനെയാണെങ്കിലും അത്‌ അനുവദിക്കുവാനും
പ്രോത്സാഹിപ്പിക്കുവാനും കഴിയുമോ? ക്ഷേത്രങ്ങളിൽ മുമ്പെല്ലാം സാംസ്കാരിക
സമ്മേളനങ്ങളും കവിയരങ്ങുകളും സംഘടിപ്പിക്കുമായിരുന്നെങ്കിൽ ഇപ്പോൾ
അവയെല്ലാം മതപ്രസംഗമായി മാറിക്കഴിഞ്ഞു. സാംസ്കാരികപ്രസംഗങ്ങളെക്കാൾ
ആളെക്കിട്ടുന്നത്‌ മതപ്രസംഗത്തിനാണെന്ന്‌ ക്ഷേത്രഭരണക്കാരും ജനങ്ങളും
കരുതുന്നു.
       സംസ്കാരമെന്തെന്ന തിരിച്ചറിവില്ലാതെ മതപരമായ ഭീകരതയിലേക്കുള്ള ഈ പോക്ക്‌
എവിടെയാണ്‌ ചെന്നെത്തുന്നത്‌? വിശ്വാസികൾ ഇല്ലാത്ത ലോകം ഉണ്ടാക്കാൻ
സാദ്ധ്യമല്ലായിരിക്കാം. പക്ഷേ അടിച്ചേൽപ്പിക്കപ്പെടുന്ന
വിശ്വാസങ്ങൾക്കൊണ്ട്‌ ഉണ്ടാകുന്ന ഭീകരത എത്ര വലുതാണ്‌? ലോകം വളർന്നത്‌
മതംകൊണ്ടല്ലെന്നും സംസ്കാരവും ചിന്തയും വിജ്ഞാനവും കൊണ്ടാണെന്ന്‌ ഇനിയും
നാം തലമുറകൾക്ക്‌ പറഞ്ഞുകൊക്കണമോ?

21 Apr 2012

പ്രണയം


സുധാകരൻ ചന്തവിള

ആഗോളവിപണിയും കുടുംബവും


കാലാനുസൃതമായി മാറാത്തതെന്തുണ്ട്‌ ലോകത്തിൽ? കുടുംബം എന്ന സങ്കൽപത്തിനും
യാഥാർത്ഥ്യത്തിനും വളരെയധികം മാറ്റങ്ങൾ സംഭവിച്ചുകഴിഞ്ഞു. സ്വാശ്രയവും
സ്വതന്ത്രവുമായ വിക്തിജീവിതങ്ങൾ കൂട്ടിയോജിപ്പിക്കപ്പെടുന്ന
'സെറ്റില്‍മന്റു'കൾ മാത്രമായി കുടുംബം മാറി. ആരും ആർക്കും വിധേയരാകാത്ത
വിപണി മൂല്യാധിഷ്ഠിത ബന്ധങ്ങളുടെ ഏച്ചുകെട്ടലുകൾ മാത്രം.
ആഗോളമൂലധനത്തിന്റെ സ്വാധീനത്താൽ നിയന്ത്രിക്കപ്പെടുന്ന ജീവിതമാണ്‌
എവിടെയും കാണാൻ കഴിയുന്നത്‌.  ഏതുതരം ആഗ്രഹങ്ങളിലും ചിന്തയിലും
വർത്തമാനത്തിലും ഒളിഞ്ഞിരിക്കുന്നത്‌ വിപണി മൂല്യങ്ങളാണ്‌.  നമ്മുടെ
വിവാഹങ്ങൾതന്നെ ഏറ്റവും വലിയ വിപണിയായി മാറിയിട്ടുണ്ട്‌. വിലയ്ക്കു
വാങ്ങാൻ കഴിയുന്നതിനപ്പുറമെന്ത്‌ എന്ന ചിന്ത!  പണംപോലെ
ഭർത്താക്കന്മാരെയും ഭാര്യമാരെയും വിലക്കുവാങ്ങാൻ കഴിയുന്ന സ്ഥിതി!
അങ്ങനെയല്ലാതെ ചിന്തിക്കുവാൻ ആളില്ലാതായി.


       പ്രേമവിവാഹങ്ങൾ ചിലപ്പോഴൊക്കെ ഇതിനപവാദമായി  സംഭവിക്കാറുണ്ടെങ്കിലും
ഭൂരിഭാഗം വിവാഹങ്ങളും പണത്തെ ആശ്രയിച്ചുതന്നെയാണ്‌ നിലനിൽക്കുന്നത്‌.
കുടുംബം, കുലമഹിമ, ആഭിജാത്യം എന്നിവയെല്ലാം ഇന്ന്‌ വലിയ
ഗുണങ്ങളല്ലാതാവുകയും ഇവയെയെല്ലാം നിയന്ത്രിക്കപ്പെടുകയോ
അപ്രസക്തങ്ങളാക്കുകയോ ചെയ്യുന്നത്‌ പണമായിത്തീരുകയും ചെയ്തു.
സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണെന്ന നിയമം
നിലവിലുള്ളപ്പോൾ തന്നെ അത്‌ യഥേഷ്ടം നടപ്പിൽ വരുത്തിക്കൊണ്ടിരിക്കുന്നു.
മനുഷ്യബന്ധങ്ങളുടെ കൂട്ടായ്മയ്ക്കുപകരം കമ്പോളലാഭത്തിന്റെ കൂട്ടായ്മകൾ
സ്ഥാനം പിടിച്ചു. പണംകൊടുത്തുവാങ്ങുന്ന ഭർത്താവിന്റെ  അഭിപ്രായങ്ങൾക്ക്‌
എന്തുപ്രസക്തി എന്ന ചോദ്യം യാഥാർത്ഥ്യമായിത്തീർന്നു. വികാരവിചാരങ്ങളുടെ
ബന്ധത്തിനപ്പുറം വിനിമയം ചെയ്യപ്പെടുന്നത്‌ ക്യാപിറ്റലിസ്റ്റ്‌
മോഹങ്ങളാണ്‌. കുട്ടികളുണ്ടാകുന്നതും വളർത്തുന്നതുമെല്ലാം
കുലംനിലനിർത്താൻ, തലമുറകളുടെ ആവശ്യങ്ങൾക്ക്‌ എന്നതിനപ്പുറം ഒരു തരം
സൗന്ദര്യാത്മക പ്രവർത്തനമായിമാറി. കുട്ടികളുണ്ടാകുന്നത്‌ ഒരു കുറ്റമായി
കരുതുന്ന ദമ്പതികളും ഇല്ലാതില്ല.  അച്ഛനമ്മമാരുടെ ഇഷ്ടാനിഷ്ടങ്ങൾക്കും
സ്വാതന്ത്ര്യത്തിനും കുട്ടികൾ വിഘാതമായിമാറുന്നതാതി അവർ വിശ്വസിക്കുന്നു.
വിവാഹാലോചനകൾ, പെണ്ണുകാണൽ, നിശ്ചയിച്ചുറപ്പിക്കൽ തുടങ്ങിയവയിലെല്ലാം ഏറെ
മാറ്റങ്ങൾ സംഭവിച്ചുകഴിഞ്ഞു. 'പെണ്ണുകാണൽ' എന്ന പദംതന്നെ മാറി ഇനി
'ആണുകാണൽ' എന്നപദം സ്ഥാനം നേടുമോ എന്ന ആശങ്ക നിലനിൽക്കുന്നു. മുൻപെല്ലാം
പെണ്ണിനെ കാണാൻ പുരുഷനെത്തുമ്പോൾ പെണ്ണ്‌ ലജ്ജാവിവശയായി പുരുഷന്റെ
മുഖത്തുപോലും നോക്കാതെ നിൽക്കുമായിരുന്നെങ്കിൽ ഇപ്പോൾ പുരുഷൻ പെണ്ണിനെ
കാണാൻപോകുന്നത്‌ അൽപം പരുങ്ങലോടെയാണെന്നു പറയാം. പെണ്ണ്‌ മുന്നോട്ടു
വയ്ക്കുന്ന പല അഭിപ്രായങ്ങളും പുരുഷനെ തെല്ല്‌ ആശങ്കപ്പെടുത്തിയേയ്ക്കാം.
പുരുഷൻ ഏതുതരം വസ്ത്രം ധരിക്കണം എന്തെല്ലാം ശീലങ്ങൾ സ്വീകരിക്കണം,
എന്തെല്ലാം ശീലങ്ങൾ വെടിയണം എന്നെല്ലാം കൽപിക്കുവാൻ ധൈര്യമുള്ളവളാണ്‌
ഇന്നത്തെ സ്ത്രീ. അതുപോലെ ഏതുതരം സൗന്ദര്യവർദ്ധകവസ്തു അണിഞ്ഞാലാണ്‌
സ്ത്രീ കൂടുതൽ സുന്ദരിയാകുന്നതെന്ന അഭിപ്രായങ്ങൾ മുന്നോട്ടുവയ്ക്കുന്നതിൽ
മിടുക്കന്മാരായ യുവാക്കന്മാരും വർദ്ധിച്ചുകൊണ്ടിരിക്കുന്നു.


       വിദ്യാഭ്യാസവും സംസ്കാരവും നാഗരികതയുമെല്ലാം ഒരുപോലെ സ്വാധീനിക്കപ്പെട്ട
പുതുതലമുറയ്ക്ക്‌ സങ്കോചമില്ലാതെ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള കഴിവ്‌
കൂടുതലാണെന്നു സമ്മതിച്ചേ തീരൂ. അച്ഛനമ്മമാരുടെയോ കാരണവന്മാരുടെയോ
അഭിപ്രായം കാത്തിരിക്കുന്ന കാലം കഴിഞ്ഞുപോയി. സ്വന്തം കാലിൽ നിന്നു
പറയാനും പ്രവർത്തിക്കാനുമുള്ള ശക്തി വേഗത്തിൽ സമ്പാദിക്കുന്നവരായി അവർ
മാറപ്പെട്ടു. അതിന്റെ ഫലമായി ഞാൻ എന്ന ചിന്തയും സ്വയം എന്ന ബോധവും
കൂടുതലായിത്തീർന്നു.

ഇതിന്റെ ഫലമായി സാമൂഹ്യബോധം തീരെ മുറിഞ്ഞ്‌ 'വ്യക്തി' എന്ന സങ്കൽപം
മാത്രം ശ്രദ്ധിക്കപ്പെട്ട ഒരവസ്ഥ ജീവിതത്തിന്‌ കൈവന്നു. വലിയ ശംമ്പളം
കിട്ടുന്ന ജോലിയും ഉന്നതനിലവാരത്തിലുള്ള ജീവിതരീതികളും ആധുനിക ഫാഷൻ
ജീവിതമോഹങ്ങളുമെല്ലാം യുവത്വത്തെ പാരമ്പര്യനിഷേധികളാക്കിമാറ്റുവാ
പര്യാപ്തമാക്കിത്തീർന്നു.


അൽപസുഖത്തിനുവേണ്ടിയുള്ള അമിതാവേശം പോലെ പാഞ്ഞുപോകുന്ന
ആധുനികജീവിതംക്ഷമയോ സഹിഷ്ണുതയോ ഇല്ലാത്തവരുടെ കൂത്തരങ്ങായി മാറപ്പെട്ടു.
കമ്പോളത്തിലെ ഉൽപന്നങ്ങൾ എന്നതിനപ്പുറം ജീവിതത്തിന്‌ അർത്ഥമില്ലാതായി.
ഒരു പക്ഷേ ഇതാണ്‌ ഇന്നത്തെ ജീവിതം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ
പ്രശ്നമെന്ന്‌ സമ്മതിച്ചേ പററൂ. വേഗത്തിൽ തകരുന്ന കുടുംബ-ദാമ്പത്യ
ബന്ധങ്ങുളുടെ പട്ടിക പരിശോധിച്ചാൽ  അവയുടെ 'വിപണി മൂല്യസംസ്കാരം'
വ്യക്തമാകും.

18 Mar 2012

പ്രണയം


സുധാകരൻ ചന്തവിള

ലൈംഗിക പീഡനങ്ങൾ അവസാനിക്കുന്നില്ല

പുരുഷന്മാരാൽ  ആക്രമിക്കപ്പെടുന്ന സ്ത്രീകളും സദാചാരപോലീസിനാൽ
അപഹരിക്കപ്പെടുന്ന പുരുഷന്മാരും കേരളത്തിൽ കൂടിവരുന്നു.  എന്താണ്‌
സദാചാരം? സദാചാരം നടപ്പിലാക്കുന്നതാരാണ്‌? അതിനവർക്ക്‌ ആരാണ്‌  അധികാരം
കൊടുത്തത്‌. ഒരു സ്ത്രീയോട്‌ സംസാരിച്ചുവേന്നുകരുതി, അല്ലെങ്കിൽ ആ
സ്ത്രീയെ ലൈംഗികമായി ആക്രമിച്ചുവേന്നു കരുതി പുരുഷനെ കൈകാര്യം ചെയ്യാൻ
എന്തുനിയമസാധുതയാണ്‌ ഇക്കൂട്ടർക്ക്‌ നൽകിയിട്ടുള്ളത്‌. ഇത്തരം വിഷയങ്ങൾ
പെട്ടെന്നു ചർച്ചചെയ്യപ്പെട്ട്‌ മറഞ്ഞുപോകുകയും പിന്നീട്‌ വൈകാതെ
ആവർത്തിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നതിൽ ആരാണ്‌ കുറ്റവാളി?

       'സദാചാരം' എന്ന വാക്കാണ്‌ ഇത്തരം ഹീനകൃത്യങ്ങൾ ചെയ്യുന്നവർ
ഉപയോഗിക്കുന്നതെന്ന്‌ പ്രത്യേകം ഓർക്കണം. അപ്പോൾ യഥാർത്ഥ സദാചാരം എന്നത്‌
എന്താണ്‌ എന്നുകൂടി ആരായേണ്ടിയിരിക്കുന്നു. ആരോടെങ്കിലും ആർക്കെങ്കിലും
എന്തെങ്കിലും കാരണത്താൽ വിരോധമുണ്ടെങ്കിൽ അതെല്ലാം കാര്യമായി കൈകാര്യം
ചെയ്യാൻ ഏറ്റവും എളുപ്പമുള്ളവിഷയമായി ലൈംഗികത മാറിയിട്ടുണ്ട്‌. നമ്മുടെ
നാട്ടിലെ സ്ത്രീകൾ ഇത്രയ്ക്ക്‌ അപ്സരസ്സുകളോ? അതോ പുരുഷന്മാർ
ആഗ്രഹിക്കുന്ന ലൈംഗികസുഖം പ്രദാനം ചെയ്യുന്നതിൽ അവരുടെ ഭാര്യമാർ
പരാജയപ്പെടുന്നതോ? നമ്മുടെ മതനേതാക്കളും രാഷ്ട്രീയപ്രമുഖന്മാരും
സാംസ്കാരിക-സാഹിത്യകാരന്മാരും എന്നല്ല നമ്മുടെ പൊതുസമൂഹം ഒന്നാകെ
ചർച്ചചെയ്യേണ്ടുന്ന വിഷയമാണിത്‌. ലൈംഗികത എന്നു കേൾക്കുമ്പോൾ മുഖം
ചുളിക്കുകയും സൗകര്യപ്രദമായി കിട്ടിയാൽ വേണ്ടത്ര ആസ്വദിക്കുകയും
ചെയ്യുന്ന കേരളീയ സ്ത്രീപുരുഷന്മാരുടെ കപടലൈംഗികത ഇനിയെങ്കിലും
വെളിച്ചത്തിൽ വിചാരണചെയ്യപ്പെടണം.

         എവിടെയും സ്ത്രീകൾ ആക്രമിക്കപ്പെടുന്നു! ബസ്സിലും തീവണ്ടിയിലും
വിമാനത്തിലുമുൾപ്പെടെ അത്‌ അനുസ്യൂതം തുടരുന്നു. ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ
പെട്ടൊന്നൊരറസ്റ്റ്‌, കേസ്‌, റിമാന്റ്‌.. ഇങ്ങനെ ഏതാണ്ടെന്തൊക്കെയോ
ചെയ്തുകൂട്ടുന്നതൊഴിച്ചാൽ ഇത്തരം പ്രശ്നങ്ങളുടെ കാതലായ വശം ആരും
പഠിക്കപ്പെടാൻ ശ്രമിക്കുന്നില്ല. ചൂടപ്പം പോലെ വാർത്തകൾ
വൈറ്റ്ഴിക്കപ്പെടുന്ന മാധ്യമങ്ങൾപോലും ഈ വിഷയം പൊതുസമൂഹത്തിന്റെ
ചർച്ചയ്ക്ക്‌ വിധേയമാക്കുന്നതിൽ പരാണയപ്പെടുന്നു.

       ഒരു സ്ത്രീ മറ്റൊരു പുരുഷനോട്‌ സംസാരിക്കുന്നത്‌ തെറ്റാണോ? എല്ലാ
സംസാരവും ലൈംഗികാധിഷ്ഠിതമാണോ? തൊഴിൽ സംബന്ധമായും സൗഹൃദസംബന്ധമായുമെല്ലാംഉണ്ടാകുന്ന സംസാരങ്ങളെ ദുർവ്യാഖ്യാനം ചെയ്യപ്പെടുകയാണിവിടെ. മിക്കവാറും ഇത്തരം കഥകൾ ആദ്യം പുറത്തുവിടുന്നതും സ്ത്രീകൾതന്നെയാണ്‌ എന്നതാണ്‌
ഏറ്റവും രസകരമായ സംഗതി. ഇത്തരം കുറ്റകൃത്യങ്ങൾക്ക്‌ ഇരയാകുന്ന പുരുഷന്‌
ഒരു കുടുംബമുണ്ടെന്ന വാസ്തവം മറക്കാൻ പാടുണ്ടോ? ഒരുപക്ഷേ അയാൾക്ക്‌
താങ്ങാൻ കഴിയുന്നതിനുമപ്പുറം അപമാനം വന്നുചേർന്നാൽ പിന്നെ എന്തുചെയ്യും,
ആത്മഹത്യയേ വഴിയുള്ളൂ എന്ന്‌ ചിന്തിക്കേണ്ടിവരുന്നു. അസത്യങ്ങളുടെ
വിചാരണയ്ക്കടിപ്പെടാതെ അപമൃത്യുവരിക്കുന്ന പുരുഷന്റെ ആത്മാവറിയാൻ അവസരം
ലഭിക്കുന്നില്ല. അയാളുടെ ഭാര്യപോലും ഇത്തരം കാര്യത്തിൽ
പിൻതുണയാകുന്നില്ല. മറ്റുള്ളവർ തള്ളിപ്പറയുന്നതിനുമുമ്പ്‌ സ്വന്തം ഭാര്യ
മോചനക്കേസുമായി മുമ്പിലെത്തുന്നതാണ്‌ കാണാൻ കഴിയുന്നത്‌.

       സമൂഹം കാലത്തോടൊപ്പം വളരുന്നില്ലെന്ന്‌ ചിലപ്പോഴെങ്കിലും
സമ്മതിക്കേണ്ടിയിരിക്കുന്നു.  'ലൗജിഹാദ്‌ ' ഉൾപ്പെടെ ചർച്ചചെയ്യപ്പെട്ട
സമീപകാലയാഥാർഥ്യങ്ങളെ മാറ്റിവച്ചുകൊണ്ട്‌ ഈ വിഷയത്തെ ചർച്ചചെയ്യാൻ
കഴിയില്ല. ശരിയായ മതപഠനമോ സാമൂഹികാവബോധമോ ഉൾക്കൊള്ളാതെ ചില സാമ്പ്രദായിക
ശരികൾ ചിലർ ഇവിടെ നിർമ്മിച്ചുകൊണ്ടിരിക്കുന്നു. അതിനെ നടപ്പിലാക്കാൻ ചില
അനുയായികളും ആശ്രിതരും തയ്യാറായിക്കൊണ്ടിരിക്കുന്നു. സങ്കുചിതമതത്തിന്റെ
ഏകാധിപത്യസ്വഭാവം ഇത്തരം പ്രവണതകളിൽ നിഴലിച്ചുനിൽക്കുന്നതായി
മനസ്സിലാക്കാം.  മാറുന്ന സമൂഹത്തെ പഠിക്കാനോ തിരിച്ചറിയാനോ തയ്യാറാകാത്ത
മതങ്ങൾക്കും മതപുരോഹിതന്മാർക്കും കാലത്തോടൊപ്പം ജീവിക്കാനാകില്ല.
സ്ത്രീസ്വാതന്ത്ര്യവും സ്ത്രീ-പുരുഷസമത്വവുമെല്ലാം വാക്കിലും
പ്രവൃത്തിയിലും കടത്തിവിടാത്ത ഇത്തരക്കാർ നയിക്കുന്ന മതങ്ങളിൽ നിന്ന്‌
സമൂഹം പുറത്തുവന്ന്‌ ചിന്തിക്കേണ്ടിയിരിക്കുന്നു.

       എന്തുകൊണ്ട്‌ ഒരു വീട്ടമ്മ തന്റെ കുടുംബവും കുട്ടികളും ഉപേക്ഷിച്ച്‌
പരപുരുഷനെ തേടിപ്പോകുന്നു? അതുപോലെ  ഒരു ഭർത്താവ്‌ എന്തുകൊണ്ട്‌
പരസ്ത്രീകളെത്തേടിപ്പോകുന്നു.  കേരളത്തിലെ ഭാര്യഭർത്താക്കന്മാർ ആഴത്തിൽ
അന്വേഷിക്കുകയും പഠിക്കുകയും ചെയ്യേണ്ട വിഷയമാണിത്‌. വലിയ വീടുകളും
കാറുകളും മറ്റു ആഡംബരങ്ങളുമെല്ലാം വർദ്ധിക്കുന്നുവേങ്കിലും കിടപ്പറകളിലെ
സംതൃപ്തി കുറയുന്നതായാണ്‌ മനഃശാസ്ത്രഞ്ജരുടെ പഠനം തെളിയിക്കുന്നത്‌.
ഭാര്യാഭർത്താക്കന്മാർ കൂടുതൽ മനസ്സുതുറന്നു ഇടപെടുന്നില്ല എന്നതാണ്‌
ഇവിടത്തെ പ്രധാന പ്രശ്നം. എന്തു തെറ്റുകുറ്റങ്ങളുണ്ടെങ്കിലും
തുറന്നുപറഞ്ഞു സമ്മതിക്കാനും സമാധാനിപ്പിക്കാനും അവർക്കാകുന്നില്ല. അവർ
പലതും പരസ്പരം ഒളിച്ചുവയ്ക്കുന്നു; ഒപ്പം ഭയപ്പെടുന്നു

       ശരിയായ സാമൂഹികബോധവും സൗഹൃദബോധവും കുട്ടികളിൽ ചെയറുപ്രായത്തിൽതന്നെ
ഉണ്ടാകേണ്ടതാണ്‌. അതിന്‌ അച്ഛനമ്മമാർക്കും അദ്ധ്യാപകർക്കും വളരെ വലിയ
പങ്കുണ്ട്‌.  കാമ്പസുകളിൽ സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും
സന്തോഷത്തിന്റെയും അന്തരീക്ഷം ഉണ്ടാകണം. അതിന്‌ ശരിയായ
രാഷ്ട്രീയബോധംകൂടിയാവശ്യമാണ്‌.  എന്നാൽ രാഷ്ട്രീയമെന്നതിന്‌ വളരെ മോശമായ
അർത്ഥതലമാണ്‌ ഇന്നത്തെ യുവത്വം കൽപ്പിച്ചിരിക്കുന്നത്‌. സമൂഹവുമായുള്ള
ബന്ധത്തിലൂടെ മാത്രമേ സ്ത്രീപുരുഷന്മാർക്ക്‌ ശരിയായ ഇടപെടലും നിലപാടും
ഉണ്ടാകുകയുള്ളൂ. ഇപ്പോൾ കാമ്പസുകൾ
അരാഷ്ട്രീയവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്‌  വളരെ വലിയ ദോഷമാണു
വരുത്തിത്തീർക്കുന്നത്‌.  അതിർത്തികളില്ലാതെ മാനസികമായി അടുത്തിടപഴകുന്ന
ഒരു സമൂഹത്തിന്‌ പരസ്പര പീഡനത്തിന്‌ കഴിയില്ല. അവർക്ക്‌ സ്നേഹിക്കാനേ
കഴിയൂ. അത്തരം സ്നേഹം  വെറും ലൈംഗികതയ്ക്കുമപ്പുറം  വളർന്നതാണ്‌.​‍്

18 Feb 2012

പ്രണയം

 സുധാകരൻ ചന്തവിള



കുടുംബമെന്ന സ്വപ്നം

               കുടുംബം എന്ന വാക്കിന്‌ എന്താണ്‌ അർത്ഥം.  ദീർഘകാലമായി കുടുംബജീവിതം
നയിക്കുന്നവർക്കുപോലും വ്യക്തമായി ഉത്തരം പറയാൻ സാധിക്കാത്ത ഒന്നാണത്‌.
പലരും പറയുന്ന ഉത്തരം പലതാകാം. അതിനർത്ഥം ഓരോരുത്തർക്കും ജീവിതം
ഓരോന്നാണ്‌ എന്നതാണ്‌.  കുടുംബജീവിതം സുഖമാണോ എന്ന്‌ ആരോടെങ്കിലും
ചോദിച്ചാൽ പലരും പറയുന്ന ഉത്തരം: "അങ്ങനെ ഒരുവിധം കഴിഞ്ഞുപോകുന്നു"
എന്നാണ്‌. "സഹിച്ചുപോകുന്നു" എന്നു മറ്റുചിലർ പറയും. വേറെ ചിലരാകട്ടെ
"അനുഭവിക്കുന്നു" എന്നുപറയും. "ജീവിതം പോലെ രണ്ടറ്റവും
കാണാത്തൊരാവഴിയിങ്കൽ തനിച്ചു ഞാൻ നിന്നുപോയ്‌" എന്ന്‌ ഒരു കവി
പറഞ്ഞതുപോലെ,  എവിടെ തുടങ്ങുന്നു; എപ്പോൾ തുടങ്ങുന്നു, എപ്പോൾ
അവസാനിക്കുന്നു എന്നെല്ലാം ആർക്കും പ്രവചിക്കാനാകാത്ത ഒന്നായ ജീവിതം,
യഥാർത്ഥത്തിൽ സ്വപ്നം പോലെയാണ്‌. അത്‌ ഒരിക്കലും പൂർണ്ണതയിൽ
എത്തുന്നില്ല.

       ഓരോ സമൂഹത്തിലും ഓരോ കാലത്തിലും ഓരോന്നാണ്‌ ജീവിതം.  കാലം ജീവിതത്തെ
പുതുക്കിപ്പണിതുകൊണ്ടിരിക്കും. ഭാര്യ, ഭർത്താവ്‌, കുട്ടികൾ എന്നിങ്ങനെ
ജീവിതത്തെ പാരസ്പര്യപ്പെടുത്തുന്ന കണ്ണികൾ എല്ലാക്കാലത്തെ
ജീവിതത്തിലുമുണ്ട്‌.  ഇവർ തമ്മിലുള്ള ബന്ധങ്ങൾക്കും ബന്ധമില്ലായ്മകൾക്കും
മാറ്റമുണ്ടാകാം. ഇങ്ങനെ മാറ്റങ്ങൾ ഉണ്ടാകുന്നതുകൊണ്ടാണ്‌ മുൻതലമുറ
പിൻതലമുറകളെ അംഗീകരിക്കാത്തത്‌; അഥവാ തലമുറകളുടെ അന്തരം എന്നെല്ലാം
പറയുന്നത്‌.

       നമ്മുടെ സമൂഹം പുരുഷകേന്ദ്രീകൃതമാണെന്ന്‌ പൊതുവേ അഭിപ്രായമുണ്ട്‌. അത്‌
ഏറെക്കുറെ ശരിയുമാണ്‌. സ്ത്രീ നിഴലായും തണലായും ഐശ്വര്യമായും
ലക്ഷ്മിയായും മറ്റും പുരുഷനെ ആശ്വസിപ്പിച്ചും ഐശ്വര്യപ്പെടുത്തിയും
കഴിഞ്ഞുകൊള്ളണമെന്നു വിവക്ഷ. എന്നാൽ ഇന്ന്‌ ആ നില പൂർണ്ണമായും
മാറപ്പെട്ടുവേന്നത്‌ സ്ത്രീകൾ പോലും സമ്മതിക്കുന്ന കാര്യമാണ്‌.
സ്വന്തമായി പണിയെടുത്ത്‌ വരുമാനമുണ്ടാക്കി, കുട്ടികളെ വളർത്തി കുടുംബം
സംരക്ഷിച്ചുകൊണ്ടുപോകുന്ന എത്രയെത്ര സ്ത്രീകളാണ്‌ നമ്മുടെ
നാട്ടിലുള്ളത്‌. എങ്കിലും നമ്മുടെ കുടുംബബാന്തരീക്ഷത്തെക്കുറിച്ച്

പൊതുവേ അത്രയ്ക്ക്‌ ശുഭകരമായ വാർത്തകളല്ല പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌.
 ജീവിതംതന്നെ സ്വപ്നമാണെന്ന്‌ അറിയുമ്പോൾ, പിന്നെ എന്തിന്‌ വേറെ അധികം
സ്വപ്നം കാണുന്നു? ആഡംബരത്തിന്റെയും പണാധിപത്യത്തിന്റെയും
ആസന്നാവസ്ഥയിലാണ്‌ കുടുംബങ്ങൾ കഴിഞ്ഞുപോകുന്നത്‌. സ്വദേശ-വിദേശ
കമ്പനികളുടെ ഉൽപന്നവ്യാമോഹങ്ങളും ഉപഭോഗാധിഷ്ഠിതവ്യക്തി-കുടുംബബോധവും
നമ്മുടെ കുടുംബങ്ങളിൽ കൂടുതൽ കടന്നുകയറിയിരിക്കുന്നു. ഇത്‌
പുരുഷന്മാരെക്കാൾ കൂടുതൽ സ്വാധീനിക്കുന്നത്‌ സ്ത്രീകളിലാണ്‌.

       ഇങ്ങനെ ആധുനികജീവിത സുഖങ്ങൾ ഓരോന്നായി അനുഭവിക്കുമ്പോഴും മറ്റ്‌ ഓരോരോ
സുഖങ്ങളെപ്പറ്റി സദാ ചിന്തിച്ചുകൊണ്ടിരിക്കുന്നു. ഒരർത്ഥത്തിൽ സുഖം
തേടലാണ്‌ ജീവിതമെന്ന്‌ പറയേണ്ടിവരുന്നു. ആരും ദുഃഖിക്കുവാൻ വേണ്ടി മാത്രം
ജീവിക്കുന്നില്ലല്ലോ? സുഖംതേടിയുള്ള യാത്രയിൽ ദുഃഖങ്ങളും
കൂട്ടിനെത്തുന്നു എന്നുമാത്രം. ഇത്തരം സുഖംതേടിയുള്ള ജീവിതത്തിൽ
വ്യക്തിബന്ധങ്ങളെയും ധാർമ്മികതയെയും ഉപേക്ഷിക്കുവാൻ മനുഷ്യർ
തയ്യാറാവുന്നു എന്നതാണ്‌ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്‌.
കാണുന്നതെല്ലാം സത്യമാണെന്നും കണ്ടതിനെക്കാൾ കമനീയവും ശ്രേഷ്ഠവുമാണ്‌
കാണാനുള്ളതെന്നുമെല്ലാം ചിന്തിച്ചുറപ്പിച്ചു പ്രവർത്തിക്കുന്നവരാണ്‌
മനുഷ്യർ. അതുകൊണ്ടാണ്‌  ഏറ്റവും പ്രിയപ്പെട്ട കുടുംബത്തെ ഉപേക്ഷിച്ച്‌
ഒരുനിമിഷം മറ്റൊരാളോടൊപ്പം ഒളിച്ചോടാൻ പോലും പലരും തയ്യാറാവുന്നത്‌.
സമൂഹം എന്തു വിചാരിക്കുന്നു, കുടുംബം എന്തുകരുതുന്നു എന്ന്‌ അൽപവും
ചിന്തിക്കാതെ തീരുമാനമെടുക്കുന്ന ഇത്തരം അവസ്ഥകൾ ഇപ്പോൾ പരക്കെ
അംഗീകരിക്കപ്പെട്ടിരിക്കുന്നതായി തോന്നിത്തുടങ്ങി. മനസ്സിനെക്കാൾ വലുത്‌
ശരീരവും ശരീരം നൽകുന്ന സുഖങ്ങളുമാണെന്ന്‌ വരുന്നു, ശരീരമെന്നത്‌
സൗന്ദര്യമെന്നതിനെക്കാൾ ലൈംഗികസംതൃപ്തിയാണെന്നു വരുന്നു. മുൻകാലങ്ങളിൽ
എല്ലാം സഹിക്കാനും ക്ഷമിക്കാനും തയ്യാറായിരുന്ന സ്ത്രീപുരുഷന്മാർ
കൂടുതലായിരുന്നുവേങ്കിൽ ഇപ്പോൾ ആലോചനാശേഷിയില്ലാതെ പ്രവർത്തിക്കുന്ന
ദമ്പതിമാർ വർദ്ധിക്കുന്നു.

       സുഖാനുഭവബോധത്തെക്കുറിച്ചുള്ള ചിന്തകൊണ്ടുണ്ടാകുന്ന ഭവിഷത്തുകളെ
തരണംചെയ്യാൻ  കഴിയാതെ കുടുംബംതന്നെ ശിഥിലമായിത്തീരുന്ന സാമൂഹികാന്തരീക്ഷം
സംജാതമാകുന്നു. പഴയ നിയമങ്ങളും ചിട്ടകളും തകർക്കപ്പെട്ട്‌ ഏക
ഭാര്യാത്വത്തിൽ നിന്നും ഏകഭർതൃത്വത്തിൽ നിന്നുമെല്ലാം വഴിമാറി
ചിന്തിക്കാൻ ആർക്കും എളുപ്പത്തിൽ കഴിയുന്നു. നാളെ സുഖമുണ്ടാകുമെന്നു
കരുതി ഇന്ന്‌ ദുഃഖിക്കുവാൻ ആരും തയ്യാറാവുന്നില്ല. ഇന്നുതന്നെ എല്ലാം
നല്ലവണ്ണം അനുഭവിക്കണം എന്ന ചിന്തയാണ്‌ ഇപ്പോൾ കൂടിവരുന്നത്‌.

        എന്താണ്‌ ജീവിതത്തിന്റെ അടിത്തറ. അത്‌ സെക്സാണോ? അതോ ആത്മാവാണോ?
ആത്മാവ്‌ എന്നത്‌ തഥ്യയോ, മിഥ്യയോ?  ഏതു സന്യാസിക്കും ശരീര
സുഖബോധമുണ്ടാകാം. അത്‌ മനസ്സിന്റെ സുഖത്തിനപ്പുറം ചെന്നെത്തുന്നു.
ആത്മാവിനെക്കുറിച്ചുമാത്രം ചിന്തിച്ച്‌ ആർക്കും ദീർഘനാൾ ജീവിക്കുക
സാധ്യമല്ല. ഇടയ്ക്കൊക്കെ ശരീരവും അതുണർത്തുന്ന വികാരങ്ങളും വല്ലാതെ
ശല്യപ്പെടുത്തിയേക്കാം. എന്നാൽ ചിലർക്കൊക്കെ ഇത്തരം വികാരങ്ങൾ
പുറത്തുകാട്ടാൻ കഴിയാത്ത അവസ്ഥയാണ്‌ നിലനിൽക്കുന്നത്‌. ചിലപ്പോൾ ചിലർ ചില
ആദ്ധ്യാത്മികമറയ്ക്കുള്ളിലിരുന്നുപോലും  ശരീരസുഖസാധ്യതകളെയും
സായൂജ്യത്തെയും കുറിച്ച്‌ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്‌
അതുകൊണ്ടാണ്‌.

       എല്ലാം മായയാണെന്ന ആത്മവിചാരബോധത്തിൽ ഉറച്ചുവിശ്വസിക്കുന്നവർ പോലും
ഒന്നും മായയല്ലെന്നും എല്ലാം യാഥാർത്ഥ്യമാണെന്നും യാഥാർത്ഥ്യം എന്നത്‌
സങ്കൽപത്തിലല്ല അനുഭവത്തിലാണെന്നും ആഗ്രഹിക്കുന്നു. ഒന്ന്‌
മറ്റൊന്നിനെക്കാൾ വലുത്‌ അഥവാ മെച്ചപ്പെട്ടത്‌ എന്ന ബോധം ഉണ്ടാവുകവഴി
എന്താണുകുടുംബം എന്ന ചോദ്യത്തിന്‌ എന്തല്ല കുടുംബം എന്ന
ചിന്തയുണ്ടാകുന്നു. ആഗ്രഹിക്കുന്നതും അഭിലഷിക്കുന്നതുമെല്ലാം
ലഭിക്കുകയാണ്‌ നല്ല കുടുംബം എന്നതിലേക്ക്‌ എത്തപ്പെട്ട ഇത്തരം
സാഹചര്യത്തിൽ നല്ലത്‌ ചീത്ത എന്നെല്ലാമുള്ള നിർവ്വചനങ്ങൾക്ക്‌ പ്രസക്തി
നഷ്ടപ്പെടുന്നു. സ്വപ്നം കാണുക എന്ന സുഖത്തിനപ്പുറം നിത്യസുഖത്തിൽ
ലയിക്കുന്ന ജീവിതാവസ്ഥയാണ്‌ യഥാർത്ഥജീവിതമെന്ന്‌
തെളിയിച്ചുകൊണ്ടിരിക്കുന്നു.

14 Jan 2012

പ്രണയം



  സുധാകരൻ ചന്തവിള
     

 ജീവിതാഭിനയം

കുടുംബബന്ധങ്ങളുടെ ദൃഢത വല്ലാതെ കുറഞ്ഞുവരുന്ന കാലത്താണ്‌ നാം
ജീവിക്കുന്നത്‌. ബന്ധങ്ങൾ ഉണ്ടാകുന്ന സമയം പോലും പിരിയുവാൻ
വേണ്ടിവരുന്നില്ല എന്നതാണ്‌ അതിന്റെ ഏറ്റവും വലിയ പ്രത്യേകത. കുടുംബം
എന്നതിന്റെ അർത്ഥമെന്ത്‌? ജീവിതത്തിന്റെ ധർമ്മമെന്ത്‌? എന്നിങ്ങനെയുള്ള
നിരവധി ചോദ്യങ്ങൾ ഇന്ന്‌ പുതുതായി ഉയർന്നുകൊണ്ടിരിക്കുന്നു. നാം
ധരിച്ചുവച്ചിട്ടുള്ള ജീവിതരീതികളും നിർവ്വചനങ്ങളും മാറപ്പെടുകയോ
മാറ്റപ്പെടുകയോ ചെയ്യുന്നു.

       അറിവിന്റെ ആധിക്യം കൊണ്ട്‌ ഉണ്ടാകേണ്ട അവബോധം ദാമ്പത്യത്തിന്റെ
അടിത്തറയാകുന്നില്ല എന്നതാണ്‌ ഇതിനെല്ലാം പ്രധാന കാരണമായി പറയുന്നത്‌.
പഴയ കാലത്തേതിൽനിന്നു വ്യത്യസ്തമായി, ഇപ്പോൾ സ്ത്രീ-പുരുഷന്മാർ വേണ്ടത്ര
വിദ്യാസമ്പന്നരാണ്‌. തുല്യതയുടെ തുലാസിൽ തൂങ്ങി ജീവിക്കേണ്ടുന്ന
ദമ്പതിമാർ പലപ്പോഴും തുല്യതയുടെ കയറിൽ കുരുങ്ങേണ്ടിവരുന്ന
സാഹചര്യാണുള്ളത്‌.
       "ഉയിരിൻ കൊലക്കുടുക്കാക്കാവും കയറിനെ
       ഉഴിഞ്ഞാലാക്കിത്തീർക്കാൻകഴിഞ്
ഞതല്ലേ ജയം"-എന്നാണല്ലോ കവിവാക്യം.
ഉയിരിനെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന കയർ കൊണ്ട്‌ ഉഞ്ഞാലുണ്ടാക്കാൻ
കഴിഞ്ഞാൽ അത്‌ വൻവിജയമാണ്‌. സ്നേഹിച്ചും അറിഞ്ഞും ചിന്തിച്ചും
പങ്കുവച്ചും കഴിയേണ്ടുന്ന ജീവിതത്തെ നിമിഷനേരംകൊണ്ട്‌ ഉപയോഗിച്ച്‌
വലിച്ചെറിയുന്ന ഐസ്ക്രീം പോലെ വിനിയോഗിക്കണോ?

       നമ്മുടെ നാട്ടിലെ പല വിവാഹങ്ങളും ഉണ്ടാകുന്നത്‌
വിവാഹമോചനത്തിനുവേണ്ടിയാണെന്നു തോന്നും. എന്താണ്‌ ഇത്രയ്ക്ക്‌
വിവാഹമോചനക്കേസുകൾ ഉണ്ടാകാൻ കാരണം? ഏതുതരം മനുഷ്യരിലാണ്‌ വിവാഹമോചനം
കൂടുതൽ ഉണ്ടാകുന്നത്‌? ഇതെല്ലാം വേവ്വേറെ പഠിക്കപ്പെടേണ്ടുന്ന
വിഷയങ്ങളാണ്‌. സാമാന്യമായ അന്വേഷണത്തിൽ ഉന്നതവിദ്യാഭ്യാസമുള്ളവരും
നിശ്ചിതവരുമാനക്കാരുമായവരിലാണ്‌ വിവാഹമോചനം കൂടുതലായി ഉണ്ടാകുന്നതെന്നു
കാണാം. പണം, പദവി, തുല്യതകളെക്കുറിച്ചുള്ള അഹംഭാവജഢിലമായ മാനസികാവസ്ഥ,
പരസ്പരം മനസ്സിലാക്കാത്ത സ്വഭാവഗരിമ ഇങ്ങനെ എണ്ണിപ്പറയാൻ
നിരവധികാരണങ്ങളുണ്ട്‌. സർവ്വോപരി പുറമേ എല്ലാം ഭദ്രമാണെന്നു പറയുന്ന
ഇത്തരക്കാരിൽ അകമേ  നീറുന്ന പ്രധാനപ്രശ്നം ലിംഗപരമായ
അടുപ്പമില്ലായ്മയാണെന്നും കാണാം.

       കുടുംബം, കുട്ടികൾ, ഉദ്ദ്യോഗം ഇങ്ങനെ സമയബന്ധിതമായി ജീവിക്കുന്ന
ആധുനികജീവിതചുറ്റുപാടിൽ  ഇത്തിരി ആശ്വസിക്കാൻ, സല്ലപിക്കാൻ
ഭാര്യാഭർത്താക്കന്മാർക്ക്‌ സമയമില്ല. ഒന്നിനും സമയമില്ലാതെ തീവണ്ടിപോലെ
അവർ പായുന്നു. കഴിയുന്നതും അവർ ഇരുമുറികളിലിരുന്ന്‌ സെൽഫോണിലൂടെ
ആശയവിനിമയം ചെയ്യുന്ന സ്ഥിതിവരെയെത്തിയിട്ടുണ്ട്‌. കുട്ടികൾ
അച്ഛനമ്മമാരോടും അച്ഛനമ്മമാർ കുട്ടികളോടും ഇടപഴകുന്ന
കുടുംബാന്തരീക്ഷങ്ങളുടെ കുറവ്‌ നമ്മുടെ പുതിയ സമൂഹത്തെ വല്ലാതെ
സ്നേഹരഹിതമാക്കുന്നു.

       വിവാഹത്തോടെ സ്ത്രീപുരുഷന്മാരിൽ പൊതുവിൽ ചിലമാറ്റങ്ങൾ ഉണ്ടാകുന്നു. അതിൽ
പ്രധാനം സ്വാർത്ഥത വർദ്ധിക്കുന്നു എന്നുള്ളതാണ്‌. മാത്രമല്ല ഇന്നലെവരെ
സ്നേഹിച്ചിരുന്ന-ബഹുമാനിച്ചിരുന്ന മാതാപിതാക്കളെ വിട്ടകളാണും പിണങ്ങാനും
ഇടയാകുന്നു. കൂട്ടുകുടുംബജീവിതമാണെങ്കിൽ വളരെവേഗത്തിൽ ഇതുസംഭവിക്കുന്നു.
വിവാഹത്തോടെ പല പുരുഷന്മാരും പരിമിതപ്പെടുന്നു. "വീടാം കൂട്ടിൽ കുടുങ്ങും
തത്തമ്മകൾ" എന്ന്‌ സ്ത്രീകളെക്കുറിച്ചു പണ്ടുപറഞ്ഞിരുന്ന അവസ്ഥയാണ്‌
ഇന്ന്‌ പല പുരുഷന്മാർക്കും സംഭവിക്കുന്നത്‌. പലപ്പോഴും പലരും
പറഞ്ഞുകേൾക്കാറുണ്ട്‌: "വിവാഹത്തോടെ അയാൾ വല്ലാതെ ഒതുങ്ങിപ്പോയി"എന്ന്‌.
എന്നാൽ ഇങ്ങനെ സ്ത്രീകളെക്കുറിച്ച്‌ പറയാറില്ല. മാത്രമല്ല വിവാഹത്തോടെ
സ്ത്രീകൾ കൂടുതൽ സ്വാതന്ത്ര്യമുള്ളവരും തന്റേടമുള്ളവരുമായി
മാറുകകൂടിചെയ്യുന്നതായി കാണാം. ഇത്‌ നമ്മുടെ നാട്ടിലെ ഫെമിനിസക്കാർ
സമ്മതിക്കിക്കണമെന്നില്ല.

       ഒരുപക്ഷേ നിയമങ്ങൾ സ്ത്രീക്കനുകൂലമായി തീരുന്നതുകൊണ്ടാകാം, ശൂരത്വമുള്ള
പുരുഷന്മാർ പോലും വിവാഹാനന്തരം സമാധാനപ്രിയരാകുന്നത്‌. സ്ത്രീകളാകട്ടെ
നിയമങ്ങളുടെ സാധുത തങ്ങൾക്കുണ്ടെന്ന അഹംഭാവവും ക്ഷമയില്ലായ്മയും
മുഖവിലയാക്കുന്നു. സൂക്ഷ്മാന്വേഷണത്തിൽ പല കുടുംബങ്ങളിലും ഇപ്പോൾ
സംഭവിച്ചുകൊണ്ടിരിക്കുന്ന ആഭ്യന്തര പ്രശ്നങ്ങൾക്ക്‌ കാരണം സ്ത്രീകളുടെ
അനവസരത്തിലുള്ള ഇടപെടലുകളും പുരുഷനെ മനസ്സിലാക്കാത്തതുവഴിയണ്ടാകുന്ന
വീഴ്ചയുമാണെന്ന്‌ ബോധ്യപ്പെടും.

       സ്നേഹം, പ്രേമം എന്നത്തെല്ലാം അൽപായുസ്സുള്ള വാക്കുകളായി മാറി. ദീർഘനാൾ
പ്രേമിച്ചുനടന്നവർ വിവാഹം കഴിച്ചശേഷം വളരെപ്പെട്ടെന്ന്‌
തെറ്റിപ്പിരിയുന്നത്‌ കാണാം.  ഇതിനായിരുന്നോ ഇവർ ഇത്രനാൾ
പ്രേമിച്ചതെന്ന്‌ ചിലരെങ്കിലും പറഞ്ഞേക്കാം. അടുപ്പമെന്നത്‌
ശരീരങ്ങളുടേതുമാത്രമല്ല; മനസ്സിന്റേതാണ്‌ എന്ന തിരിച്ചറിവ്‌ ഇവർക്ക്‌
ഉണ്ടാകുന്നില്ല. പുറംമോടിയല്ല ജീവിതം, അകംമോടിയാണ്‌. ഇതിനെയാണ്‌ പഴമക്കാർ
അടക്കവും ഒതുക്കവും എന്നെല്ലാം പറയുന്നത്‌. ആര്‌ ആരെ അനുസരിക്കണം
എന്നതാണ്‌ ഇവിടത്തെ പ്രശ്നം. സ്ത്രീ പുരുഷനെ പൂർണ്ണമായി അനുസരിച്ചാൽ അത്‌
അടിമത്തമാണെന്ന്‌ ഫെമിനിസ്റ്റുകൾ പറയും. പുരുഷൻ സ്ത്രീയെ അനുസരിച്ചാൽ
അത്‌ പൗരുഷമില്ലായ്മയാണെന്ന്‌ മുദ്രകുത്തപ്പെടും. മിക്കവാറും
സ്ത്രീകൾപോലും ഇത്‌ പറയാറുണ്ട്‌. പരസ്പരം അംഗീകരിക്കുകയും അറിയുകയും
സ്നേഹിക്കുകയും ചെയ്യുകയാണ്‌ ഒരു യഥാർത്ഥ കുടുംബവിജയത്തിനാധാരം.

        ഇരയുടെ ദാഹംപോലെ ഇണയുടെ മോഹവും അറിയണം. ഇത്‌ ശരീരദാഹം മാത്രമല്ല,
ജീവിതത്തിന്റെ ആകെയുള്ള ചലനങ്ങളുടെ, ആവേഗങ്ങളുടെ ആത്മശ്രുതികൂടിയാണ്‌.
പുസ്തകത്തിൽ നിന്നുപഠിക്കുന്നതല്ല ജീവിതമെന്ന്‌ അറിയണം. പുറത്തുനിന്നും
അകത്തുനിന്നും അറിയുന്ന അറിവുകളുടെ അനുരഞ്ജനമാണ്‌ ജീവിതത്തിന്റെ താളം
ചിട്ടപ്പെടുത്തുന്നത്‌. ഇത്‌ അനുഭവിക്കാൻ എല്ലാവർക്കും എപ്പോഴും
സാധ്യമല്ല. ചിലർക്കെല്ലാം കുറച്ചൊക്കെ കഴിയുന്നു എന്നു മാത്രം.
അധികംപേരും പുറത്തറിയാതെ, അറിയിക്കാതെ അഭിനയിക്കുന്നു.  ഇങ്ങനെ
അഭിനയിക്കാൻ കഴിയുന്നതുകൊണ്ടാണ്‌ പലരുടെയും ജീവിതനാടകത്തിന്റെ തിരശ്ശീല
വേഗത്തിൽ വീഴാത്തത്‌.

14 Dec 2011

പ്രണയം


സുധാകരൻ ചന്തവിള
പ്രണയമെന്ന സവിശേഷത

       പ്രണയാഭിമുഖ്യം പ്രകടിപ്പിക്കത്തവരാരുണ്ട്‌ ജീവിതത്തിൽ. ഏതൊരു മനുഷ്യനും
ഓമനിക്കാൻ ഒരു കുഞ്ഞുപ്രണയമെങ്കിലും കണ്ടേക്കാം. കൗമാരത്തിൽ,
യൗവ്വനത്തിൽ, ചിലപ്പോൾ യൗവ്വനാനന്തരത്തിലെല്ലാം പ്രണയാനുഭവങ്ങളുണ്ടാകാം.
ജീവിതത്തിന്റെ ആകെത്തുകതന്നെ സെക്സാണെന്ന ഫ്രോയിഡിയൻ സങ്കൽപത്തെ
എല്ലാവരും അറിയുന്നില്ലെങ്കിലും സെക്സിനെക്കുറിച്ച്‌ ചിന്തിക്കാതെ
ചിന്തിച്ചുപോകുന്നവരാണ്‌ നമ്മിൽ പലരും.

       മതിവരാത്ത പ്രണയം എന്നത്‌ പ്രണയത്തെ സംബന്ധിച്ച്‌ എപ്പോഴും പറയാവുന്ന ഒന്നാണ്‌.
  'വിശപ്പിനു വിഭവങ്ങൾ വെറുപ്പോളമശിച്ചാലും
 വിശിഷ്ട ഭോജ്യങ്ങൾ കാൺകിൽ കൊതിയമാർക്കും' എന്നതുപോലെയാണത്‌.
സൗന്ദര്യത്തിന്റെ പരമാവധി എന്നത്‌ എന്താണെന്ന്‌ ഏറ്റവും വലിയ
സൗന്ദര്യവാദികൾക്കുപോലും പറയാനാകില്ല. എങ്കിലും ഓരോ സ്ത്രിയും പുരുഷനും
വിചാരിക്കുന്നത്‌ താനാണ്‌ ഏറ്റവും വലിയ സുന്ദരൻ/സുന്ദരി എന്നാണ്‌.
       സൗന്ദര്യം എന്നത്‌ ലോകത്തെ മാറ്റിത്തീർക്കുന്ന പ്രധാനപ്പെട്ട ഒരു
ഘടകമാണ്‌. സൗന്ദര്യബോധമുള്ള മനുഷ്യനു മാത്രമേ സ്വപ്നങ്ങളുണ്ടാകൂ. സ്വപ്നം
എന്നത്‌ ഭാവിയിലേയ്ക്കുള്ള വഴികൂടിയാണല്ലോ. ലോകത്തിന്റെയും
കാലത്തിന്റെയും തന്റേതന്നെയും സൗന്ദര്യം മനസ്സിലാക്കാൻ കഴിയുമ്പോഴാണ്‌
ഓരാൾ ജീവിതത്തെ തൊട്ടറിയുന്നത്‌. അഥവാ ലോകമനസ്സാക്ഷിയുടെ ഭാഗമാകുന്നത്‌.
       'മർത്ത്യസൗന്ദര്യബോധങ്ങൾ പെറ്റ
       മക്കളല്ലീ പുരോഗമനങ്ങൾ'-എന്ന്‌ വൈലോപ്പിള്ളി എഴുതിയത്‌ അതുകൊണ്ടാണ്‌.
എന്നാൽ ഇത്തരമൊരു സൗന്ദര്യബോധവും സ്ത്രീപുരുഷപ്രണയത്തിന്റെ സൗന്ദര്യവും
ഒന്നല്ലെന്നതാണ്‌ സത്യം.
       മുമ്പ്‌ സൂചിപ്പിച്ചതുപോലെ വിശിഷ്ട വസ്തുവിനെ കണ്ടാൽ ആരാണ്‌
നോക്കാത്തത്‌? വിശിഷ്ട ആഹാരം കണ്ടാൽ ആർക്കാണ്‌ ഭക്ഷിക്കാൻ തോന്നാത്തത്‌?
വിശിഷ്ടത അല്ലെങ്കിൽ സവിശേഷത സമാകർഷകമാവുന്നു. അങ്ങനെയുള്ള സവിശേഷമായ
കാഴ്ചയും വേഴ്ചയും ആഗ്രഹവുമാണ്‌ ജീവിതത്തെ ധന്യമാക്കുന്നതെങ്കിൽ
അതുതന്നെയാണ്‌ പലപ്പോഴും ജീവിതത്തെ നീചമാക്കുന്നതെന്നും കണാൻ കഴിയും.

       ഈ സവിശേഷതയിൽ പൊലിഞ്ഞുപോകുന്ന എത്രയെത്ര ജീവിതങ്ങളുണ്ട്‌!  സൗന്ദര്യബോധം
ജീവിതത്തിന്‌ ആവശ്യമാണെങ്കിലും അത്‌ ചിലപ്പോഴെല്ലാം അപകടകരവുമാകുന്നതും
അതുകൊണ്ടാണ്‌. ഒരാൾക്ക്‌ മറ്റൊരാളിനോടുള്ള സവിശേഷമായ സ്നേഹത്താൽ
സംഭവിക്കുന്നതെന്തെന്ന്‌ പരസ്പരമറിയാത്തവരല്ല സ്ത്രീപുരുഷന്മാർ
എന്നിരിക്കെ, സഹകരിക്കുക-സാന്നിദ്ധ്യമാവുക, സമ്പർക്കത്തിലാവുക എന്നതൊക്കെ
മുറക്ക്‌ സംഭവിച്ചുകൊണ്ടേയിരിക്കുന്നു
.
       സവിശേഷ സ്നേഹമാണ്‌ പിന്നീട്‌ പ്രണയമായി
പരിണമിക്കുന്നതെന്ന്പറയപ്പെടുന്നു. എല്ലാപ്രണയങ്ങളും സാഹചര്യങ്ങളുടെ
സൃഷ്ടികളാണ്‌. വാക്കിലും നോക്കിലും ആംഗ്യങ്ങളിലുമെല്ലാം അത്‌
പ്രകടമാകുന്നു. ഇത്‌ പരസ്പരമറിയാൻ കുറച്ചുകാലമെടുക്കുമെങ്കിലും
കാഴ്ചക്കാരും കേൾവിക്കാരും അതിനുമുമ്പേ അറിഞ്ഞേക്കാം. അതിലും
ഒരുതരത്തിലുള്ള സവിശേഷത ഒളിഞ്ഞിരുക്കുന്നുവേന്നു കാണാം. പ്രണയത്തിന്റെ
കണ്ണ്‌ എപ്പോഴും പരസ്യമാക്കാറില്ലല്ലോ? പ്രണയിക്കുന്നവരുടെ കണ്ണിനെക്കാൾ
ആഴത്തിൽ, പ്രണയത്തെ പകർത്തുന്നവരുടെ കണ്ണ്‌ കടന്നുപോകുന്നതായി കാണാം.

        ആരെങ്കിലും പ്രണയിക്കുന്നുണ്ടോയെന്ന്‌ ഗവേഷണം
ചെയ്തുകൊണ്ടിരിക്കുന്നവരുണ്ട്‌ നമ്മുടെ സമൂഹത്തിൽ. അവർക്കും
എന്തെങ്കിലുമൊക്കെ ജോലിവേണ്ട? പ്രണയിക്കാൻ കഴിയാത്തവരോ,
പ്രണയിക്കപ്പെടാത്തവരോ പ്രണയവിരോധികളോ ആയിരിക്കാം ഇവരിൽ അധികം പേരും.
പിണങ്ങുന്നതിനെക്കാൾ, വിരോധിക്കുന്നതിനെക്കാൾ എത്രയോ നല്ലതാണ്‌
സ്നേഹിക്കുന്നത്‌? സ്നേഹംകൊണ്ട്‌ സ്നേഹത്തെയല്ലേ സൃഷ്ടിക്കാനും
നിലനിർത്താനും കഴിയുന്നത്‌.  വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും
ഒരുതരത്തിലും ഉപദ്രവമുണ്ടാക്കുന്നില്ലെങ്കിൽ ആരുടെ പ്രണയത്തെയും
തടയാതിരിക്കുന്നതല്ലേ നല്ലത്‌.

       പക്ഷേ ,ചില സ്ഥാപിതത്താൽപര്യക്കാരായ വ്യക്തികൾ, പ്രസ്ഥാനങ്ങൾ, സ്ഥാപനങ്ങൾ
എന്നിവരെല്ലാം സ്നേഹത്തെ/പ്രണയത്തെ വളരെ മോശമായിട്ടാണ്‌ കണ്ടുവരുന്നത്‌.
ജീവിതത്തിന്‌ ആർദ്രതയും ഉണർവ്വും ഉത്സാഹവും ഉണ്ടാക്കുന്ന ഉത്തമമായ
ഗുണമാണല്ലോ പ്രണയം. നന്മയുടെ വിളഭൂമിയായ പ്രണയത്തെ തിന്മയുടെ
മൂടുപടമിട്ടാണ്‌ കാലം കണുന്നത്‌.
       ഈ ലോകം പുരുഷനെ മാത്രം സൃഷ്ടിക്കാത്തതെന്ത്‌? സ്ത്രീയെക്കൂടി
സൃഷ്ടിച്ചില്ലായിരുന്നെങ്കിൽ എന്തായിരുന്നു ലോകത്തിന്റെ സൗന്ദര്യം?
യാത്രയിൽ, തൊഴിലിടങ്ങളിൽ, തിയ്യറ്ററിൽ, അരങ്ങിൽ, വേദിയിൽ, അസുഖത്തിൽ,
സുഖത്തിൽ, ആശുപത്രിയിൽ, അങ്ങാടിയിൽ, ആരാധനാലയത്തിൽ, ആഘോഷങ്ങളിൽ.. ഇങ്ങനെ
എവിടെയാണ്‌ പുരുഷൻ സ്ത്രീയെ തിരയാത്തത്‌? സ്ത്രീ പുരുഷനെയും
അന്വേഷിക്കാത്തത്‌. സാധാരണ പ്രവർത്തിയിലും ചിന്തയിലുമെല്ലാം
വ്യാപരിക്കുമ്പോഴും മനുഷ്യരിൽ ചിലപ്പോഴൊക്കെ ആത്മാവിഷ്കാരമായിത്തീരുന്ന
'സവിശേഷമായ പ്രണയ'ത്തെ മാനിക്കാതിരിക്കേണ്ടണ്ടതുണ്ടോ?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...