Showing posts with label 39. Show all posts
Showing posts with label 39. Show all posts

24 Aug 2013

കാലചക്രത്തിലുടക്കുന്ന കവിതകൾ




മീരാകൃഷ്ണ


                    "എവിടെ എവിടെ
                    സഹ്യപുത്രി മലയാളം
                    എവിടെ എവിടെ
                    സ്നേഹപൂർവ്വ മലയാളം"
                            (അമ്മമലയാളം
                            - കുരീപ്പുഴ ശ്രീകുമാർ)
മനുഷ്യപുരോഗതിയുടെ ചരിത്രത്തിലെ ഏറ്റവും മഹത്തായ കണ്ടുപിടുത്തമാണ്‌ ഭാഷ. ആശയസംവേദനമാണ്‌ ഭാഷയുടെ മൗലികധർമ്മം. ഒരാൾ ജനിച്ചുവളരുന്ന പ്രദേശത്തിന്റെ ഭാഷയാണ്‌ അയാളുടെ മാതൃഭാഷ. ഭാഷ ഒരു വ്യവസ്ഥയാണ്‌. വ്യവസ്ഥകൾ തത്വാധിഷ്ഠിതവുമാണ്‌. ഭാഷ എന്ന വ്യവസ്ഥയുടെ ലംഘനത്താൽ മൗലികമായ ധർമ്മമാണ്‌ നഷ്ടപ്പെടുന്നത്‌. മറഞ്ഞുപോയ ചില ഗോത്രഭാഷകളെപ്പോലെ അന്ത്യശ്വാസമെടുക്കുന്ന മാതൃഭാഷയെ, അമ്മമൊഴിയായ മലയാളത്തെ ഓർത്തുള്ള നൈതികജാഗ്രതയാണ്‌ കുരീപ്പുഴ ശ്രീകുമാറിന്റെ 'അമ്മമലയാളം' എന്ന കവിത. കവിത തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌.
    "കാവ്യക്കരുക്കളിൽ താരാട്ടുപാട്ടിന്റെ
    ഈണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാൾ
    ഞെട്ടിത്തെറിച്ചു തകർന്നു ചോദിക്കുന്നു
    വിറ്റുവോ നീ എന്റെ ജീവിതഭാഷയെ."
പതിനെട്ടു വർഷങ്ങൾക്കു മുമ്പ്‌ കുരീപ്പുഴ എഴുതിയ 'അമ്മമലയാളം' ഇക്കാലത്ത്‌ ഏറെ വായനാസാദ്ധ്യതയുള്ള കവിതയാണ്‌. അമ്മിഞ്ഞപ്പാലിന്റെ മാധുര്യംപോലെ ഒരു മനുഷ്യന്റെ ഏറ്റവും ശ്രേഷ്ഠമായ പഴയ ഓർമ്മയാണ്‌ അവന്റെ മാതൃഭാഷ. അമ്മയും, അച്ഛനും, താരാട്ടും, നാദവും എല്ലാമറിഞ്ഞത്‌ അമ്മമൊഴിയിലൂടെയാണ്‌. കുരീപ്പുഴയുടെ 'അമ്മമലയാളം' കാവ്യവഴികളിൽ തനിക്കു മുമ്പേ ഗമിച്ചവരെയെല്ലാം സ്മരിക്കുന്നുണ്ട്‌. തുഞ്ചത്തെഴുത്തഛൻ മുതൽ കുമാരനാശാൻ, കുഞ്ഞിരാമൻ നായർ, കെ.ജി. ശങ്കരപ്പിള്ള തുടങ്ങിയവരെ ഒന്നിച്ചണിനിരത്തിക്കൊണ്ടുള്ള അക്ഷരസമരമാണ്‌ നടത്തുന്നത്‌. ഭാഷ ജീവിതമാണ്‌. വയലും, വിത്തും, മണ്ണും, വളവും, വിളയും, കൊയ്ത്തും, മെതിയും, നാടൻചൊല്ലുകളും, ഫലിതങ്ങളും, പ്‌രാക്കുകളും, അലറിക്കരച്ചിലുകളും, ആഹ്ലാദാരവങ്ങളും എല്ലാം നമുക്കു നഷ്ടമായി.
    "ചിഞ്ചിലം നിന്നു ചിലങ്കകളൂരീട്ട്‌
    നെഞ്ചത്തു കൈവെച്ചു ചോദിക്കയാണൊരാൾ
    ചുട്ടുവോ നീ എന്റെ കേരളഭാഷയെ"
വഴിച്ചൂട്ടിലെ നാളം ദുരിതക്കയത്തിൽ മുങ്ങിത്താണപ്പോൾ കോരനും കോമനും കൂട്ടരും അവരുടെ തെളിമലയാളവും വീണ്ടും കെട്ട ചൂട്ടുകറ്റകളുടെ കരിമുഖങ്ങളായി എന്ന കെ.ജി. ശങ്കരപ്പിള്ളയുടെ വരികൾ ഇവിടെ പുനർജനിക്കുന്നു.
ഇന്നു ഭാഷ വെറും ജാഡ മാത്രമാണ്‌. പത്രഭാഷയും ചാനൽഭാഷയും ഒരു പൊങ്ങച്ചസംസ്കാരം മാത്രമായി മാറുകയാണ്‌. 'ശാക്തീകരണം'പോലെയുള്ള ചില പദപ്രയോഗങ്ങൾ മാധ്യമഭാഷ സമ്പാദിച്ച അക്ഷരത്തെറ്റുകളാണ്‌. അന്യഭാഷകളിൽനിന്നു പലതും സ്വീകരിച്ചാണ്‌ ഭാഷ വളരുന്നത്‌. മറ്റു ഭാഷകൾക്കൊപ്പം കൈപിടിച്ചു നടത്താമായിരുന്ന അമ്മമൊഴിയെ ഓടയിലേക്കു തള്ളിയിട്ട്‌ മലിനമാക്കുകയാണ്‌ ചാനൽ സംസ്കാരങ്ങൾ. ഭാഷ നശിക്കുന്നതിലുള്ള ഒരു ഭാഷാസ്നേഹിയുടെ കടുത്ത പ്രതിഷേധമാണ്‌ അമ്മമലയാളം. ഒരു സംസ്കാരത്തിന്റെ വസന്തമോ ജീർണ്ണിക്കലോ ആദ്യം വെളിപ്പെടുന്നത്‌  ഭാഷയിലാണ്‌. സമകാലജീവിതത്തിലെ പ്രത്യക്ഷയാഥാർത്ഥ്യങ്ങളോടുള്ള പ്രതികരണമാണ്‌ കുരീപ്പുഴ കവിതകൾ. ഊർദ്വൻ വലിക്കുന്ന മാതൃഭാഷയുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയു
ം ചൂഷിതരുടെയും പക്ഷത്തുനിന്ന്‌ എല്ലാവിധ ആധിപത്യശക്തികളോടും സാമൂഹിക ജീർണ്ണതകളോടും അടരാടാൻ വെമ്പുന്ന വ്യക്തിത്വത്തിനുടമയാണ്‌ കുരീപ്പുഴ ശ്രീകുമാർ. 'ഗദ്ദർ' എന്ന കവിത വായിക്കുമ്പോൾ ഭാഷയുടെയും വർണ്ണത്തിന്റെയും അപ്പുറം കടന്നുചെന്നു മണ്ണിന്റെ രക്തത്തിൽ കാവ്യപെരുമഴ പെയ്യിച്ച തെലുങ്കിലെ വിപ്ലവ മഹാകവിയെ, മനുഷ്യന്റെ പാട്ടുകാരനെ ഓർക്കുവാൻ ശ്രീകുമാർ എന്ന മനുഷ്യസ്നേഹിക്കു കഴിയുന്നു എന്നു നമുക്കു മനസ്സിലാക്കാം. ആദ്യ മലയാള ചലച്ചിത്രമായ വിഗതകുമാരനിലെ നായികയായിരുന്ന റോസിയെ ഓർമ്മിപ്പിക്കുന്ന കവിതയാണ്‌ നടിയുടെ ആദ്യരാത്രി. 2003 ഏപ്രിൽ 14 ന്‌ എഴുതിയ ഈ കവിത തുടങ്ങുന്നത്‌ "അഭ്രത്തിലല്ല സ്വപ്നത്തിലല്ലോടുന്നു കട്ടിയിരുട്ടിന്റെ ഹൃദയത്തിലേക്കവൾ" എന്നാണ്‌.
    "തൊണ്ടയിലർബുദപ്പുറ്റുമായി മിണ്ടാതെ നിന്നു
    വിഗതകുമാരന്റെ ചിഹ്നമറിഞ്ഞ ചരിത്രമഹാമുനി."
നിശിതമായ വിമർശനമാണ്‌ ഈ കവിത. 1964 ൽ കേരള ഫിലിം ചേംബേഴ്സ്‌ ഓഫ്‌ കൊമേഴ്സ്‌ സിനിമയുടെ സിൽവർ ജൂബിലി ആഘോഷിച്ചപ്പോൾ വിഗതകുമാരൻ റിലീസായ വർഷം നോക്കി വേണമായിരുന്നു ജൂബിലി ആഘോഷിക്കേണ്ടത്‌ എന്നു ശക്തമായി പറഞ്ഞത്‌ ചേലങ്ങാട്‌ ഗോപാലകൃഷ്ണനാണ്‌. മലയാളത്തിലെ ആദ്യ ചലച്ചിത്രമായ വിഗതകുമാരനിൽ നായികയായി അഭിനയിച്ച ദളിത്‌ യുവതിയായ റോസിക്ക്‌ അയിത്തം കൽപിച്ച മേലാളന്മാർ വെള്ളിത്തിര കുത്തിക്കീറുകയും റോസിയുടെ വീടിനു തീയിടുകയും ചെയ്തു. പേടിച്ചോടിയ റോസിയുടെ കഥ സ്വന്തം ചെലവിൽ നോട്ടീസടിച്ച്‌ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ വിതരണം ചെയ്തത്‌ കുരീപ്പുഴ ശ്രീകുമാറാണ്‌. വിനു ഏബ്രഹാം റോസിയുടെ ചരിത്രം അന്വേഷിച്ചു പുറപ്പെട്ടത്‌ അങ്ങനെയാണ്‌. റോസിയുടെ കഥ നാം ഇന്നും ഇരുട്ടിൽ തപ്പുമ്പോൾ ദീർഘദർശിയായ കവി അതുകൊണ്ടാണ്‌ പറയുന്നത്‌ - "കട്ടയിരുട്ടിൻ ഹൃദയത്തിലേക്കാണ്‌ അവളോടിയത്‌" ഈ ഇരുട്ട്‌ സമൂഹത്തിന്റേതാകാം, പ്രപഞ്ചത്തിന്റേതാകാം മനുഷ്യ മനസ്സാക്ഷിയുടേതാകാം. കേരളത്തെ ഭ്രാന്താലയമെന്നു വിളിച്ചതു സ്വാമി വിവേകാനന്ദനാണ്‌. അതു സത്യമാണ്‌ എന്നുള്ളതിന്റെ ജ്വലിക്കുന്ന സാക്ഷിയാണ്‌ റോസി എന്നു കുരീപ്പുഴ പറയുന്നു.  സാംസ്കാരിക വിമർശനമാകുന്ന ഈ കവിതയിൽ ചരിത്രത്തിന്റെ ഹൃദയമുദ്രയാണ്‌ തെളിയുന്നത്‌. ആദ്യചിത്രത്തിന്റേയും ആദ്യനായികയുടേയും കഥകൾ കാലം മറന്നു - മലയാള ചലച്ചിത്രത്തിലെ ആദ്യ നായികയാണു ഞാനെന്നുറക്കെ പറയാനാവാതെ നിശ്ശബ്ദം തേങ്ങി ഉള്ളിൽ കലയുടെ നെരിപ്പോടുമായി ജീവിച്ച്‌ മലയാളിക്ക്‌ ഓർമ്മയിൽ സൂക്ഷിക്കുവാൻ കൃത്യമായ ഒരു  ചിത്രംപോലുമവശേഷിക്കാതെ മറഞ്ഞുപോയ റോസിയെന്ന യുവതിയെ വേദനയോടെ ഓർമ്മിപ്പിക്കുന്നു കുരീപ്പുഴ.
ചരിത്രങ്ങളിലേക്കിറങ്ങിച്ചെന്ന്
‌ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലൊളിച്ചിരിക്കുന്ന സത്യങ്ങളോടൊപ്പം വിശ്വസ്നേഹത്തിന്റെ ഗാഥകൾ പാടുന്ന വിശ്വസ്നേഹിയായ കവിയാണു കുരീപ്പുഴ ശ്രീകുമാർ. സമൂഹത്തിന്റെ നൊമ്പരം നെഞ്ചിലേറ്റുന്ന കവി. കോളേജ്‌ കാമ്പസ്സുകളിൽ കവിത ചൊല്ലി, കേരളമൊട്ടാകെയുള്ള വേദികളിൽ കാവ്യാനുഭവം പകർത്തിയ കവി, പ്രണയവും വിരഹവും സ്നേഹവും വിശ്വാസവും കവിതയായി കാലത്തിന്റെ കലണ്ടറിൽ കുറിച്ചിട്ടകവി. പ്രപഞ്ചസത്യങ്ങളിലേക്കും സമൂഹദുരവസ്ഥകളിലേക്കും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കൂടെ നിന്ന്‌ അവരോടൊപ്പം വിശ്വസ്നേഹത്തിന്റെ ഗാഥകൾ പാടുന്ന മലയാളത്തിൽ ഇന്നുള്ള ഏക കവി കുരീപ്പുഴ ശ്രീകുമാറാണ്‌. ചെറിയവനെന്നോ വലിയവനെന്നോ ഭേദമില്ലാതെ എല്ലാവരുടെയൊപ്പവും ആ വലിയ മനുഷ്യസ്നേഹിയുണ്ട്‌. അധർമ്മത്തിനെതിരേ നാവോങ്ങി, പരിവർത്തനത്തിന്റെ ഗാഥകൾ പാടുന്ന കുരീപ്പുഴ. സൗഹൃദത്തിന്റെ സ്നേഹഗീതം ആണ്‌ 'കൈലാസൻ' എന്ന കവിതയിൽ കോറിയിട്ടിരിക്കുന്നത്‌. മാതൃഭാഷാസ്നേഹിയായ കൈലാസന്റെ സ്മരണയ്ക്ക്‌ സുഹൃത്തുക്കൾ എഴുതിയ ഓർമ്മക്കുറിപ്പുകളുടെ പുസ്തകത്തിന്റെ 124-​‍ാം പേജിൽ കുരീപ്പുഴയുടെ സൗഹൃദകാവ്യതിരി തെളിയുന്നു. സഹൃദയനും സാഹിത്യ സാംസ്കാരിക പ്രവർത്തകനുമായിരുന്ന കൈലാസൻ മാതൃഭാഷാസ്നേഹിയായിരുന്നു. കത്തിലായാലും മേൽവിലാസത്തിലായാലും മലയാളം തന്നെ എഴുതുവാൻ പഠിപ്പിച്ച കൈലാസൻ - പ്രതിഷേധത്തിന്റെ തീക്കനലായിരുന്നു. രാപകളില്ലാതെ ടാഗോറിനെയും ബഷീറിനെയും കുരീപ്പുഴയെയും സ്ത്രീപ്രശ്നങ്ങളെയുംകുറിച്ചു പോസ്റ്ററുകൾ തയ്യാറാക്കി ബോധവൾക്കരണത്തിന്റെ പുതിയ പാത വെട്ടിയൊരുക്കിയ കൈലാസൻ കുരീപ്പുഴയുടെ കവിതയിൽക്കൂടി ജീവിക്കുന്നു.
    "ഗ്രഹജാലം നക്ഷത്രം
    കുഴലിന്മേൽ കണ്ണാടി
    ഹൃദയത്തിൽ ടാഗോറും
    വനഫൂലും ഇഖ്ബാലും
    തലതല്ലും കടലായി
    സിരയേറിത്തുള്ളുമ്പോൾ
    മുടി കത്തും തീയായി
    ഇവതോറും മുത്തുമ്പോൾ
    വിരലറ്റം ബ്രഷ്ഷാക്കി
    ലിപിയുന്നു കൈലാസൻ."
പുതിയൊരു പാദനിർമ്മാണം (ലിപിയുന്നു) കവിതയിൽ കാണുന്നു. കവിതകളുടെ രൂപക്രമത്തിൽ തന്റേതായ തനിമ നിലനിർത്താൻ കവിക്കു കഴിയുന്നു. സാമൂഹിക ജീവിതയാഥാർത്ഥ്യങ്ങളുടെ സൂക്ഷ്മതയിലേക്ക്‌ വിരൽചൂണ്ടുന്ന മറ്റൊരു കവിതയാണ്‌ ലിഫ്റ്റ്‌.
    "ഉരുക്കുകൂടിതിൽ
    കയറിയപ്പോൾ നാം
    പരസ്പരം
    കണ്ടിട്ടറിയാഞ്ഞോരെന്നാൽ
    മരണഭീതി തൻ
    കുരുക്കിൽപെട്ടു നാം
    വെറും മനുഷ്യരായി
    തിരിച്ചറിയുന്നു."
ഉള്ളും ഉലകും കവിതയിൽ സമന്വയിപ്പിക്കുന്നു. തന്റെ കവിതകളെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന കവിയാണ്‌ കുരീപ്പുഴ ശ്രീകുമാർ. ഇത്തിരി വരികളിൽ ഒത്തിരി അർത്ഥങ്ങളുമായി ചിരിയുടെയും ചിന്തയുടെയും ലോകമാണ്‌ 'നഗ്നകവിതകൾ' ദൃശ്യമാക്കുന്നത്‌.
    "പോകുന്നേരം
    സഖാവ്‌ പറഞ്ഞു
    റൈറ്റ്‌
    സമുദ്രത്തിൽ വീണപ്പോൾ
    ചിതാഭസ്മം പറഞ്ഞു
    റോങ്ങ്‌"
മതനിരപേക്ഷ മൂല്യബോധത്തോടെ ജീവിച്ച ഇ. കെ. നായനാരുടെ ചിതാഭസ്മം ഹൈന്ദവാചാരപ്രകാരം കുടുംബാംഗങ്ങൾ സമുദ്രത്തിൽ നിമജ്ജനം ചെയ്തപ്പോൾ അതോടൊപ്പം അദ്ദേഹത്തിന്റെ ആദർശങ്ങളും  സമുദ്രത്തിൽ പതിച്ചു. അദ്ദേഹത്തിന്റെ ജീവിതമൂല്യം നഷ്ടപ്പെടുത്തിയതിനെതിരേയുള്ള പ്രതികരണമായി മാറുന്നു ഈ കവിത. കാർഷിക ജീവിതത്തെ നിരാകരിക്കുന്ന വ്യവസ്ഥിതിക്കെതിരേ കുരീപ്പുഴ ശബ്ദിക്കുന്നു. നാളികേരത്തിന്റെ നാടായ കേരളത്തിന്റെ വരുംകാലങ്ങളെക്കുറിച്ചുള്ള ബോധമാണ്‌ 'തേങ്ങ' എന്ന കവിതയിൽ പകർന്നുനൽകുന്നത്‌.
    "അങ്ങനെയൊന്ന്‌
    ഉണ്ടായിരുന്നിക്കേരളായിൽ
    തലപോലെ
    മുലപോലെ
    താങ്ങുവിലയില്ലാത്ത
    തലമുറ തകർത്ത
    ചിരിപോലെ"
ഇതിലെ ജ്ഞാനമണ്ഡലം അദ്ധ്വാനത്തിന്റെ മഹനീയതയെ സൂചിപ്പിക്കുന്നു. ഉപയോഗത്തിന്റെ പ്രത്യയശാസ്ത്രമാണ്‌ നാം പഠിക്കുന്നത്‌. ഉൽപാദനത്തിന്റെയല്ല എന്നു കവിയുടെ വരികളിലൂടെ വ്യക്തമാകുന്നു. നാളികേരത്തിനു താങ്ങുവിലപോലും കൽപിക്കാത്തതിനെതിരേയുള്ള പ്രതികരണമാണ്‌ ഈ കവിത. കാർഷികോത്പാദനമേഖലയിലെ സമകാലപഠനമായി മാറുന്ന ഈ കവിത 'കേരളം' എന്ന നമ്മുടെ നാടിന്റെ പേരുപോലും ശരിയായെഴുതണമെന്ന ഉത്തരവാദിത്വമില്ലാത്ത ഓരോ കേരളീയന്റെയും നേർക്കു വിരൽചൂണ്ടുന്നു. ചാതുർവർണ്യത്താൽ വിചിത്രമായ ചരിത്രം ഓർത്ത്‌ പൈതൃകം വലിച്ചെറിയാനും കവി സന്നദ്ധനാകുന്നു.
    "ചരിത്രം ചാതുർവർണ്ണ്യത്താൽ
    വിചിത്രം തന്നെ സ്നേഹിതാ
    അതിനാലീ പൈതൃകത്തെ
    തോട്ടിലേക്കെറിയുന്നു ഞാൻ."
ബ്രഹ്മാവിന്റെ മുഖത്തുനിന്നു ബ്രഹ്മണനെയും കൈകളിൽനിന്നു ക്ഷത്രിയനെയും ഉരുവിൽനിന്നു വൈശ്യനെയും പാദത്തിൽനിന്നു ശൂദ്രനെയും സൃഷ്ടിച്ചു എന്നു മനുസ്മൃതിയും, 'ചാതുർവർണ്ണ്യം മയാസൃഷ്ടം ഗുണകർമവിഭാഗശഃ" എന്നു ഭഗവത്‌ ഗീതയിൽ ശ്രീകൃഷ്ണനും, വേദത്തിലെ വിരാട്‌ പുരുഷനും പറയുന്നു. ഇവയെല്ലാം വേദസാഹിത്യാനന്തരകാല സൃഷ്ടികളാണെന്നുള്ളതു തീർച്ചയാണ്‌. ചാതുർവർണ്ണ്യസൃഷ്ടി ബ്രാഹ്മണാധിപത്യം ഉറപ്പിക്കലായിരുന്നു. അത്‌ പീഡിതജനതകളെ പിന്നെയും അടിച്ചമർത്തുന്നു.
    "ചരിത്രം തോട്ടിൽ വീണപ്പോൾ
    മത്സ്യജാലം മരിച്ചുപോയ്‌
    കുളിച്ചു കേറിയോർക്കെല്ലാം
    ഗുഹ്യരോഗം പിടിച്ചുപോയ്‌"
ഇവിടെ മറ്റൊരർത്ഥത്തിന്റെ സംവേദനം സാദ്ധ്യമാകുന്നുണ്ട്‌. വിഷം വമിക്കുന്ന ചരിത്രത്തെയും ചില ജീർണ്ണതകളെയും കാണുന്നതോടൊപ്പം 'ബ്രഹ്മസത്യം ജഗത്മിഥ്യ' എന്ന ആദിശങ്കരവചനങ്ങളുടെയും സന്യാസജീവിതങ്ങളുടെയും വൈരുദ്ധ്യദർശനങ്ങൾ ദൃശ്യമാകുന്നു.
കുരീപ്പുഴക്കവിതകളിൽനിന്ന്‌ അടർത്തി മാറ്റാൻ കഴിയാത്ത ഒന്നാണ്‌ കാലം. കാലത്തെ പല രീതിയിലും കവിതയിൽ നിർവചിക്കുന്നുണ്ട്‌. ഗ്രിഗോറിയൻ കലണ്ടറിലെ മാസങ്ങൾ എല്ലാംതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഓരോ കവിതയും വായിക്കുമ്പോൾ കാലചക്രങ്ങളിൽ കണ്ണും മനസ്സും ഉടക്കുന്നു. മലയാള കവിതയിൽ നൊമ്പരവീണയുമായ്‌ വന്ന്‌ രൗദ്രവും മധുരവുമായ നാദങ്ങളിലൂടെ രുദ്രവീണ മീട്ടുകയാണ്‌ കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകൾ.

19 Jul 2013

ഞങ്ങൾക്കൊഴുകിയേ മതിയാകൂ…



ഗീത മുന്നൂർക്കോട്
ഞങ്ങൾ ഓടുകയാണ്
തളരാതെ ഒഴുകുകയാണ്.
പ്രാണന്റെ നിസ്സഹായതയുമായി
മരണത്തെ തോൽപ്പിക്കാനായി
പാരാവാരത്തിന്റെ ഒഴുക്കിന്റെ
സമാന്തരങ്ങളിലൂടെ..

കൂട്ടമായും ചിലപ്പോളത് തെറ്റിച്ചും
ഭയമേഘങ്ങളുടെ നിഴലിൽ
നേരമില്ലൊന്നു നിൽക്കാൻ..

വമ്പൻ സ്രാവിന്റെ തുറന്ന വായും
കൂർത്ത ദന്തങ്ങളും ഞങ്ങൾ കാണുന്നു
ചിലപ്പോളവനു ചുറ്റും
ചുവപ്പു നീലയിൽ കലരുന്നതറിഞ്ഞും
കൂട്ടത്തിൽ എണ്ണം കുറഞ്ഞത്
കണ്ടില്ലെന്ന് നടിച്ചും
വീണ്ടും തെന്നിത്തെന്നി ഞങ്ങൾ

നീലപ്പരപ്പിലെങ്ങാനും പൊങ്ങിയാൽ
വന്നെത്തും കൂർത്ത് നീണ്ട കൊക്കുകൾ
കൊത്തിയെടുത്ത് റാഞ്ചിക്കളയും..

ശേഷിച്ചവർ ഒരു വേള
അലസരായാൽ മതി കുടുങ്ങാൻ
പൊട്ടിച്ചിരിയ്ക്കുന്ന കൊലവലയിൽ
പച്ചപ്രാണൻ പിടയ്ക്കാൻ..

ഞങ്ങൾക്കൊഴുകിയേ മതിയാകൂ
നിരന്തരം അവിശ്രമം


21 Jun 2013

ദൈവത്തിന്റെ സ്വന്തം നാട്‌ 'നീര'യ്ക്കായി കേഴുന്നു


ആർ. ഹേലി
മുൻ കൃഷിവകുപ്പ്‌ ഡയറക്ടർ, പേൾഹിൽ, ആറ്റിങ്ങൽ, തിരുവനന്തപുരം

നീരയുടെ അത്ഭുതകരമായിട്ടുള്ള വ്യാപാര-വാണിജ്യ-വ്യവസായിക സാദ്ധ്യതകൾ കണ്ടറിഞ്ഞതോടെ ആഗോള കേരകൃഷി രംഗത്ത്‌ നവോത്ഥാനത്തിന്റെ ഒരു പുതിയ ശക്തി രൂപം കൊണ്ടിരിക്കുന്നു. 'കരിക്കിൻ വെള്ളവും വെർജിൻ കോക്കനട്ട്‌ ഓയിലും' സൃഷ്ടിച്ച പ്രതീക്ഷയുടെ പിന്നാലെയാണ്‌ 'നീര' നൽകിയിരിക്കുന്ന വമ്പിച്ച പ്രതീക്ഷകളും വിപുലമായ അവസരങ്ങളും ഉദിച്ചിരിക്കുന്നത്‌.
'ആൽക്കഹോൾ' ഇല്ലാതെ, പുളിക്കാൻ അനുവദിക്കാതെ, മൂന്നുമുതൽ ആറുമാസം വരെ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുമെന്ന ശാസ്ത്രീയ കണ്ടുപിടിത്തം മാത്രമല്ല അതുവഴി കേരപഞ്ചസാരയും ശർക്കരയും തുടങ്ങി ആധുനിക ലോകത്തിന്‌ പ്രിയങ്കരമായ നൂഡിൽസ്‌ (​‍ി​‍ീ​‍ീറഹല​‍െ) പോലുള്ള വിഭവങ്ങളും ഉണ്ടാക്കാമെന്നഉറപ്പുകളാണ്‌ പുതിയ നീര പ്രതീക്ഷകളുടെ സജീവ യാഥാർത്ഥ്യങ്ങൾ.
ഇന്തോനേഷ്യയാണ്‌ നീര ഉത്പാദനത്തിലും ഉപഭോഗത്തിലും കയറ്റുമതിയിലും മുൻപിൽ നിൽക്കുന്ന രാഷ്ട്രം. പ്രതിമാസം അരലക്ഷം ടൺ കേരപഞ്ചസാര അവർ ഉത്പാദിപ്പിക്കുന്നു. വർഷത്തിൽ 6 ലക്ഷം ടൺ! ഒരു വർഷം ഒന്നര ബില്ല്യൺ ഡോളറിന്റെ ബിസിനസ്സാണ്‌ അവർക്ക്‌ ഇതുവഴി കിട്ടുന്നത്‌. പഞ്ചസാരയുടെ ആറ്‌ ഇരട്ടി സിറപ്പും ഉത്പാദിപ്പിച്ച്‌ അവർ വിൽക്കുന്നു. ദക്ഷിണ പൂർവ്വേഷ്യൻ രാജ്യങ്ങളിൽ മാത്രമല്ല ഇന്ത്യയിലേക്കും ഇത്‌ വരാവുന്നതാണ്‌. തിരുവനന്തപുരം പട്ടണത്തിൽ ഇപ്പോൾ തായ്‌ലന്റിൽ നിന്നും ടിന്നിൽ പായ്ക്ക്‌ ചെയ്ത 'ഇളനീർ' സമൃദ്ധമായി വിൽക്കുന്നത്‌ പോലെ വിദേശ നിർമ്മിത നീരയും നീര ഉൽപന്നങ്ങളും ഇന്ത്യയിലും കേരളത്തിലും വിൽക്കുന്നത്‌ വേഗം കാണാൻ നമുക്ക്‌ കഴിഞ്ഞെന്നുവരാം!
കാരണം നീരയുടേയും അതിൽ നിന്നുള്ള ഉൽപന്നങ്ങളുടേയും ഗുണങ്ങൾ ഇന്തോനേഷ്യയിലേയും ഫിലിപ്പീൻസിലേയും ഗവേഷകരും ഇന്ത്യയിലെ ശാസ്ത്രജ്ഞരും പറയുന്നത്‌ കേൾക്കുക
* ഇതിൽ ആൽക്കഹോൾ ഇല്ല
* നീരയിൽ കൊഴുപ്പും കൊളസ്ട്രോളും ഇല്ല
* പൊട്ടാസ്യവും സോഡിയവും സമൃദ്ധം
* കേര പഞ്ചസാരയും ശർക്കരയും പ്രമേഹ സൗഹൃദങ്ങളായ വിഭവങ്ങളാണ്‌.
* എല്ലാ പ്രായക്കാർക്കും ഇത്‌ കഴിയ്ക്കാമത്രേ!
* ഇതൊരു പ്രകൃതിദത്ത ആരോഗ്യപാനീയമാണ്‌. മദ്യമായി ഇതിനെ ചിത്രീകരിക്കുന്നില്ല.
ഇന്തോനേഷ്യ ഇതിന്റെ വ്യാപാരം വൻ വ്യവസായമാക്കുന്നു. തദ്ദേശീയരും വിദേശികളും വ്യവസായ രംഗത്തുണ്ട്‌. വമ്പൻ ബഹുരാഷ്ട്ര കമ്പനിയായ 'യൂണിലിവർ' പ്രതിവർഷം 30000 ടൺ കേര പഞ്ചസാര വാങ്ങുന്നുണ്ട്‌. മധുരമുള്ള "സോയാ സോസ്‌" ഉണ്ടാക്കാനാണിത്‌. അതുപോലെ 'ഇന്തോഫുഡ്‌' എന്നപേരിൽ ഒരു തരം നൂഡിൽസ്‌  ഉണ്ടാക്കാൻ 30000 ടൺ കേരപഞ്ചസാര ഉപയോഗിക്കുന്നുണ്ടത്രേ! ഇപ്പോൾ ഇതെല്ലാം നടന്നുകൊണ്ടിരിക്കുന്ന സത്യങ്ങളാണ്‌.
ഇതിന്റെ ചുവട്‌ പിടിച്ച്‌ ഇന്ത്യയിലും ഈ വ്യവസായം ക്രമേണ രൂപം കൊള്ളുന്ന വിവരം നാം മറക്കരുത്‌. ഇന്ത്യയിൽ കേരകൃഷി തമിഴകത്തിലും കർണ്ണാടകത്തിലും ആന്ധ്രയിലും ഒറീസ്സയിലും മാത്രമല്ല വടക്ക്‌ കിഴക്കൻ സംസ്ഥാനങ്ങളിലും പെരുകുകയാണ്‌. വളരെ ശാസ്ത്രീയമായിട്ടാണ്‌ പുത്തൻ കേരകൃഷി.

കർണ്ണാടക സർക്കാർ നാളികേര വികസന ബോർഡിന്റെ സാങ്കേതിക സാമ്പത്തിക സഹായത്തോടെ 'നീര' തയ്യാറാക്കി വിൽപ്പന തുടങ്ങിക്കഴിഞ്ഞിരിക്കുന്നുവേന്ന വാർത്ത വന്നു കഴിഞ്ഞു! കൂടുതൽ യൂണിറ്റുകൾ തുടങ്ങുമ്പോൾ അത്‌ കേരളത്തിലേക്ക്‌ പ്രവഹിക്കും. ഇപ്പോൾ കർണ്ണാടക ഇളനീർ കേരളീയരുടെ ദാഹം ശമിപ്പിക്കുന്നത്‌ സർവ്വയിടത്തും കാണാം. കരിക്കിൻ കോർണർ പോലെ നാളെ 'നീര കോർണർ' നടത്താൻ അവർ ആസൂത്രണ പദ്ധതികൾ വഴി കർഷകരെ പ്രോത്സാഹിപ്പിക്കുന്നതായും വാർത്തകളുണ്ട്‌.
ഒരു തെങ്ങിൽ നിന്നും ദിനംപ്രതി രണ്ടുലിറ്റർ നീര സാധാരണ ഗതിയിൽ തന്നെ ലഭിക്കും.175 തെങ്ങുകളുള്ള ഒരു ഹെക്ടർ തെങ്ങിൻ തോപ്പിലെ 80 തെങ്ങുകളുടെ മൂന്ന്‌ പൂങ്കുലകൾ വീതം ചെത്തിയാൽ വാർഷിക ആദായം 7 ലക്ഷം  രൂപയിലധികം വരുമെന്ന്‌ കണക്കാക്കിയിട്ടുണ്ട്‌. നീരയിൽ നിന്ന്‌ മൂല്യവർദ്ധിത ഉൽപന്നങ്ങൾ കൂടി പുറത്ത്‌ വരുമ്പോൾ ആദായവും തൊഴിൽ സാദ്ധ്യതയും വ്യവസായിക ഉയർച്ചയും മറ്റു പലതും ഇതിന്‌ പുറമേ സൃഷ്ടിക്കപ്പെടും.
ഇവിടെ ഇപ്പോൾ ഉയർന്ന്‌ വരേണ്ട ഒരു ശക്തിയാണ്‌ കർഷക താൽപര്യം. 'നീര കർഷകർ' എന്ന ഒരു വിഭാഗം തന്നെ ഈ രംഗത്ത്‌ വേഗം രൂപം കൊള്ളും. കേരകർഷകരുടെ 'ഫാർമർ കമ്പനി' ക്കാരായിരിക്കും പുതിയ പ്രസ്ഥാനത്തിന്റെ സംഘാടകരും നടത്തിപ്പുകാരും. അല്ലെങ്കിൽ കൃഷിക്കാരുടെ താൽപര്യം ഇല്ലാതായിപ്പോകും. നിലവിൽ കള്ളുവ്യവസായത്തിൽ കൃഷിക്കാർ പാടെ ശക്തിഹീനരാണ്‌. ശക്തരായ വ്യവസായികളും സംഘടിതരായ തൊഴിലാളികളും അതിശക്തമായ സർക്കാർ വകുപ്പും കൂടിച്ചേരുമ്പോൾ കർഷകർക്ക്‌ അതിൽ താൽപര്യമില്ലാതാകുന്നതിനു കാരണം തെങ്ങിന്റെ ഉടമയ്ക്ക്‌ തുച്ഛമായ വരുമാനം മാത്രം ലഭിക്കുന്നതുമൂലമാണ്‌.
'കർഷക രക്ഷ' ഉണ്ടായാൽ മാത്രമേ 'കേരരക്ഷ' ഉണ്ടാകൂ. അതില്ലെങ്കിൽ കേരകൃഷിയും അനുബന്ധവ്യവസായങ്ങളും വരണ്ട്‌ നശിക്കും. ഇന്ത്യയിലെ മറ്റ്‌ പ്രമുഖ കേരകൃഷി സംസ്ഥാനങ്ങളായ കർണ്ണാടകവും തമിഴകവും ആന്ധ്രയും, മഹാരാഷ്ട്രയും ഒഡീഷയുമൊക്കെ വിപുലമായി 'നീര' ഉത്പാദനത്തിലേക്ക്‌ പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു. അതുപോലെ പുതിയ റീജിയണൽ കരാറുകളുടെ പഴുതുകളിലൂടെയും അല്ലാതെയും ശ്രീലങ്കയും ഇന്തോനേഷ്യയും ഫിലിപ്പീൻസും നീരയും നീര വിഭവങ്ങളും ഇന്ത്യയിലേക്കും അങ്ങനെ കേരളത്തിലേക്കും എത്തിക്കും എന്നത്‌ ഉറപ്പാണ്‌.
ഈ കാഴ്ചപ്പാടിൽ കേരളം വളരെ വേഗം നീര ഉത്പാദനത്തിലും മൂല്യവർദ്ധിത ഉൽപന്നങ്ങളിലും ശ്രദ്ധിക്കണം. ഇതിന്‌ സാങ്കേതിക വിദഗ്ദ്ധരുടേയും ഗവേഷകരുടേയും കർഷകരുടേയും തൊഴിലാളികളുടേയും വൻകൂട്ടായ്മ സർക്കാർ നേതൃത്വത്തിൽ തന്നെ രൂപമെടുക്കണം. അപ്പോഴും ഒരു കാര്യം മറക്കരുത;​‍്‌ കൃഷിക്കാരുടെ തെങ്ങുകൃഷിയിൽ നിന്നുള്ള ആദായമാകണം മുഖ്യലക്ഷ്യം. കാരണം 60 ലക്ഷം ചെറുകിട കൃഷിയിടങ്ങളിൽ വ്യാപിച്ചു കിടക്കുന്ന തെങ്ങുകൃഷി ഇപ്പോൾ നശിച്ചുകൊണ്ടിരിക്കുകയാണ്‌.
ഇത്‌ ഇന്തോനേഷ്യയിൽ എങ്ങനെ നടക്കുന്നു എന്നത്‌ പഠിക്കാൻ ഒന്നോ രണ്ടോ പഠന സംഘങ്ങളെ അങ്ങോട്ട്‌ കേരളം അയയ്ക്കണം. മന്ത്രിമാരും മുഖ്യഉദ്യോഗസ്ഥരും കർഷകരും ഗവേഷകരും ട്രേഡ്‌ യൂണിയൻ നേതാക്കളുമൊക്കെ അതിൽ അംഗങ്ങളായി കൊള്ളട്ടെ. കാര്യങ്ങൾ വേഗതയോടെ നടത്തണം. മറ്റ്‌ സംസ്ഥാനങ്ങൾ വ്യവസായികളുടേയും കർഷകരുടേയും സംഘത്തെ അയയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്‌. ഇനിയുമെന്തേ കേരളം മടിച്ചു നിൽക്കുന്നു.
തെങ്ങും നീരയും ഒക്കെ പ്രാഥമികമായി കർഷക ബന്ധുക്കളാണ്‌. തെങ്ങ്‌ പത്തുവർഷം ആറ്റുനോറ്റു വളർത്തിയാൽ മാത്രമേ അതു നീരശേഖരണത്തിന്‌ യോഗ്യമാകൂ എന്ന പ്രശ്നം! നീര എടുത്തു തുടങ്ങിയാൽ അതിനുള്ള സർവ്വ പരിചരണവും കർഷക ചുമതലയത്രേ. അപ്പോൾ കർഷക താൽപര്യമാണ്‌ ഇതിൽ മുഖ്യം. അതേസമയം തേങ്ങയും കൊപ്രയുമൊക്കെ ആവശ്യത്തിന്‌ കിട്ടുന്ന വിധത്തിലും കയറിന്‌ തൊണ്ട്‌ ലഭ്യമാകുന്ന വിധത്തിലും ഉത്പാദനം ക്രമീകരിക്കുന്നതും കർഷകർ തന്നെ!
അപ്പോൾ ഈ രംഗത്തെ സജീവ താൽപര്യസംരക്ഷകർ കൃഷിക്കാർ തന്നെയാണ്‌. ഇത്‌ വ്യവസായികമായി മാറുമ്പോൾ നാട്ടിലെ നിയമങ്ങളും നയങ്ങളും കർഷകസഹായി ആയിരിക്കണം എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകാനിടയില്ല.
നീരയുടെ രംഗത്ത്‌ കേരള സർക്കാരിന്റെ പുതിയ ബജറ്റ്‌ പ്രഖ്യാപനം വളരെ താൽപര്യം ജനിപ്പിച്ചിട്ടുണ്ട്‌. മദ്യവ്യവസായത്തെക്കുറിച്ച്‌ പഠിച്ച പ്രസിദ്ധമായ 'ഉദയഭാനു കമ്മീഷനും'  ലോകവ്യാപരക്കാറാറിനെക്കുറിച്ചുള്ള സ്വാമിനാഥൻ കമ്മീഷനും നീര ഉത്പാദനം പ്രോത്സാഹിപ്പിക്കാനും കർഷകരെ സഹായിക്കുവാനും ശക്തമായ ശുപാർശകൾ നൽകിയിട്ടുണ്ട്‌ എന്നകാര്യം ഇവിടെ പ്രത്യേകം ഓർക്കേണ്ടതുണ്ട്‌.
'നീര'യുടെ വ്യാവസായിക വാണിജ്യ സാദ്ധ്യതകളും കാർഷിക - വാണിജ്യ, വ്യവസായ, തൊഴിൽ സൗകര്യ വർദ്ധനവും എത്രമാത്രം അനുകൂലമാണെന്ന കാര്യത്തെക്കുറിച്ച്‌ സാർവ്വത്രികമായ അഭിപ്രായ ഐക്യവും പ്രതീക്ഷയും സൃഷ്ടിച്ച്‌ മുന്നോട്ട്‌ പോകേണ്ട സമയമാണിത്‌. അല്ലെങ്കിൽ മറ്റുള്ളവർ ഇറക്കുമതി ചെയ്തു തരുന്നതും മറ്റ്‌ സംസ്ഥാനങ്ങൾ ഉത്പാദിപ്പിച്ച്‌ വിൽക്കുന്നതുമായിരിക്കും "കേരത്തിന്റെ സ്വന്തം നാട്ടിലെ" ജനങ്ങൾ ആസ്വദിക്കാൻ പോകുന്നത്‌. പ്രതിവർഷം പതിനായിരക്കണക്കിന്‌ കോടി രൂപ മറിയുന്ന ഒരു വ്യവസായമായി 'നീര' മാറുന്ന ദിവസം കാണാൻ അധികവർഷങ്ങൾ കാത്തിരിക്കേണ്ടതില്ല.  ആ 'ധനത്തിന്റെ' ഒരു വലിയ പങ്ക്‌ കേരളീയർക്ക്‌ സ്വന്തമാക്കാൻ കഴിയും. പക്ഷേ; അതിന്‌ നാം ശ്രമിച്ചേ മതിയാകൂ. അതും ഒരുമയോടെ, കൂട്ടായ്മകൾ സൃഷ്ടിച്ച്‌.......

27 Apr 2013

THE CLOWN



gita janaki 
 
Of all the casts
what was left for me
was that of the clown.
Lumpy nose, flowery attire
and perpetual a grin from ear to ear.
Pat or slap
I had to laugh.
Sad to death
I had to laugh.
They throw me up in the air
Caught or not,
I had to laugh.
But of all
I am the most noticed
Of all
I am the easily forgotten
Of all
I am the one
who can easily be avoided.

26 Mar 2013

നാളികേരപാകം



പായിപ്ര രാധാകൃഷ്ണൻ

കേരളത്തിന്റെ ഗ്രാമീണ നന്മകളെ പ്രകാശിപ്പിച്ചുകൊണ്ട്‌ മലയാളത്തിൽ രചിക്കപ്പെട്ട പ്രശസ്തമായൊരു കവിതയാണ്‌ കുറ്റിപ്പുറത്ത്‌ കേശവൻ നായരുടെ 'ഗ്രാമീണ കന്യക'. ഈ കവിതയിലെമ്പാടും മധുരഹൃദയനും ഹൃദയാലുവുമായ ഗ്രാമീണ ഗൃഹസ്ഥനെക്കുറിച്ച്‌ സ്വാനുഭവത്തിൽ നിന്നും നീറ്റിയെടുത്ത വരികൾ നോക്കുക.
"പുറം കഠോരം പരിശുഷ്ക്കമൊട്ടു-
ക്കുള്ളോ മൃദുസ്വാദുരസാനുവിദ്ധം
നാടൻ കൃഷിക്കാരൊരു നാളികേര-
പാകത്തിലാണിങ്ങനെ മിക്കപേരും."
ആലുവായിൽ നിന്നും പറവൂർ കാൽനടയായി പോകുമ്പോൾ അപരിചിതനായ ഒരു ഗൃഹസ്ഥന്റെ ആതിഥ്യസൽക്കാരങ്ങളും പരുക്കൻ പ്രകൃതവുമാണത്രെ ഈ കവിതയ്ക്ക്‌ പ്രേരകമായത്‌.
'മാവും പിലാവും പുളിയും കരിമ്പും
തെങ്ങും ഫലം തിങ്ങുമിളം കവുങ്ങും
നിറഞ്ഞ ഹോ! സസ്യലതാഢ്യമായ
വീടൊന്നിതാ മുന്നിൽ വിളങ്ങിടുന്നു."
എന്നിങ്ങനെയാണോ ഗ്രാമീണ ചിത്രം ആരംഭിക്കുന്നത്‌.
"പാരമുണ്ടു പല മട്ടു ജീവിതാ-
ധാരമാം പലതരുക്കളെങ്കിലും
സാരനാകിയ ഭവാന്റെ ചേർച്ചയിൽ
കേരമേ പുകളെടുത്തു കേരളം."
കേരളപ്പെരുമയെക്കുറിച്ചുള്ള വരികളും കുറ്റിപ്പുറത്തിന്റേതുതന്നെയാണ്
‌.
"നലമിയന്നൊരു തെങ്ങുകൾ മുന്നമേ
ജലമൊഴിച്ചു വളർത്തുക മൂലമായ്‌
തലയിൽ നന്മധുരോദകപൂർണ്ണമാം
ഫലഗണത്തെ വഹിപ്പതു കാൺകനാം."
എന്ന പന്തളം കേരള വർമ്മയുടെ വരികളും ഇവിടെ ചേർത്തുവെച്ച്‌ അനുസ്മരിക്കാവുന്നതാണ്‌.

23 Feb 2013

മഹാകവി കുട്ടമത്തിന്റെ ഒരു കേരകവിത


പായിപ്ര രാധാകൃഷ്ണൻ

കേരസംസ്ക്കാരത്തെ പോഷിപ്പിക്കുന്ന കാവ്യാനുഭവങ്ങൾ മലയാളത്തിലേറെയുണ്ട്‌. ചങ്ങമ്പുഴ, ഇടശ്ശേരി, വൈലോപ്പിള്ളി എന്നിവരുടെ സംഭാവനകൾ ശ്രദ്ധേയമാണ്‌. മഹാകവി കുട്ടമത്തിന്റെ 'ഇളം തളിരുകൾ' എന്ന ബാലസാഹിത്യകൃതിയിൽ ഉൾപ്പെടുന്ന 'കിളിയോല മാറി' എന്ന കവിത അതീവ ഹൃദ്യമാണ്‌.
ഒരു തൈത്തെങ്ങിനെ പ്രകൃതി എവ്വണ്ണമാണ്‌ മാതൃച്ഛായയിൽ ലാളിച്ച്‌ വളർത്തുന്നതെന്ന്‌ അതീവ ചാരുതയോടെ കുട്ടമത്ത്‌ അവതരിപ്പിക്കുന്നു. അത്യുത്തര കേരളത്തിൽ നിന്ന്‌ ഉദിച്ചുയർന്ന്‌ കൈരളിക്കാകെ കൗമുദിയായി ഭവിച്ച മഹാകവി കുട്ടമത്ത്‌ കുന്നിയൂര്‌ കുഞ്ഞിക്കൃഷ്ണക്കുറുപ്പിന്‌ ശ്രദ്ധാഞ്ജലി കൂടിയാകട്ടെ ഈ കവിത.




കിളിയോല മാറി
മഹാകവി കുട്ടമത്ത്‌

കിളിച്ചഞ്ചുപോലവേ വളഞ്ഞൊരങ്കുര-
ക്കളി ശൈശവത്തിൽ നിലകൊണ്ടുമെല്ലാം
തെളിവാർന്നുയർന്നു തൊഴുകയ്യുയർത്തി നീ-
യൊളി ചിന്നിവാണു ചെറുനാളികേരമേ!
കഴുകുന്നു നിന്നെ മഴവന്നു, നിത്യവും
തഴുകുന്നു നല്ല കുളിർ വായു സാദരം
മുഴു തിങ്കളും, രവിയുമൊന്നുപോലെ നിൻ -
തൊഴുകൈ വിടർത്തവേ വളർന്നിടുന്നു നീ.
കിളിയോല മാറിയിളതായ കോമള-
ത്തളിർ മാല കോർത്ത പല കൈകൾ കൊണ്ടു നീ
മിളിത പ്രഭം കുഴിയിൽ നിന്നു പൊങ്ങിവൻ
തെളിവാർന്ന ചക്രവലയം ച്ചറുക്കയായ്‌.
കനകക്കരിമ്പു തടിപോലെ നീണ്ടു നി-
ന്നനഘക്കരത്തിലിളകും ദളങ്ങളാൽ
ജനമാണസത്തിലെഴുതുന്നു ഭാവിയാ-
യിനി നീ തരുന്ന ശുഭമാം ഫലോദയം.
ശിശുവായ നിന്നെ ദുരപൂണ്ടശിക്കുവാൻ
പശുപാളിയുണ്ടു ബഹുവൈരിയെങ്കിലും
സ്വശുഭാശപൂണ്ട നരനുണ്ടു നിൻ യശ:
പിശുനാർത്ഥിയായ്‌ കൊടിയവേലി കെട്ടുവാൻ.
ബലമേകിടുന്നൊരമൃതം നിറഞ്ഞപൊൻ
കലശങ്ങളെത്ര ഹൃദയത്തിൽ വെപ്പു നീ
തല നീർന്നു കൽപതരുവായ്‌ വരുന്ന നിൻ
നിലനിൽപ്പു മുന്നിൽ നിഖിലോപകാരകം.

24 Jan 2013

എഴുത്തുകാരന്റെ ഡയറി


 സി.പി.രാജശേഖരൻ

പെൺകുട്ടികളുടെ പേരും വിവരങ്ങളും


ഡൽഹിയിൽ
മരണപ്പെട്ട പെൺകുട്ടിയുടെ പേര്‌ വെളിവാക്കണമെന്ന്‌ അവളുടെ അച്ഛനമ്മമാർ തന്നെ ആവശ്യപ്പെട്ടത്‌ നന്നായി. പീഡിപ്പിയ്ക്കുന്നവരുടേയും പീഡിതരുടേയും പേര്‌ മാത്രമല്ല സകലവിവരങ്ങളും പ്രസിദ്ധീകരിയ്ക്കേണ്ടതാണ്‌. പീഡിപ്പിയ്ക്കുന്നവരിൽ തന്നെ അനേകം സ്ത്രീകൾ നേരിട്ടും പരോക്ഷമായും പങ്കെടുക്കുന്നുണ്ട്‌. കോഴിക്കോട്‌ ചേംബർ ഓഫ്‌ കൊമേഴ്സിന്റെ പുതിയ സെക്രട്ടറി മരണപ്പെട്ടതിലും ഒരു സ്ത്രീ പരോക്ഷമായും പ്രത്യക്ഷമായും പങ്കാളിയാണ്‌. അവരെ ഒരു യുവതി എന്ന്‌ മാത്രം പറഞ്ഞ്‌ പോലീസും മാധ്യമങ്ങളും തടി രക്ഷിയ്ക്കുന്നുണ്ട്‌. അതുപോട്ടെ; അനാശാസ്യപ്രവർത്തനങ്ങളിൽ നേരിട്ട്‌ ഇടപെടുന്ന യുവതികളുടെ പേരും വിലാസവും പറയാത്തത്‌ ഇക്കൂട്ടരെ വീണ്ടും ആ ലൈനിൽ പ്രവർത്തിയ്ക്കാനേ സഹായിക്കൂ.
    ശോഭാജോൺ എത്രവർഷമായി ഈ പണിതന്നെ തുടരുന്നു? ഐസ്ക്രീം പാർലറിലെ ശ്രീദേവിയും അന്വേഷിപോലുള്ള സംഘടനകൾക്ക്‌ ചൂട്ട്‌ കാട്ടുന്ന ചില സാക്ഷി പ്രവർത്തകരും ഇതേ കാര്യങ്ങൾ തന്നെയാണ്‌ വർഷങ്ങളായി നടത്തിവരുന്നത്‌. അനാശാസ്യത്തിൽ ഇടപെടുന്ന സാക്ഷികളും വാദികളും പ്രതികളും ആരാണെന്ന്‌ സമൂഹത്തിന്‌ അറിയണം.
    സ്ത്രീകൾക്ക്‌ നൽകുന്ന അതിരുകവിഞ്ഞ നിയമസംരക്ഷണം അവരെ കൂടുതൽ വഴിതെറ്റിക്കുന്നതായാണ്‌ അടുത്തിടെയുള്ള അനുഭവങ്ങൾ. കുറ്റം ചെയ്യുന്നവർ സ്ത്രീയായാലും പുരുഷനായാലും തുല്യമായ ശിക്ഷ വിധിയ്ക്കേണ്ടതാണ്‌. അതുപോലെ കുട്ടികൾ എന്ന ലേബലിലുള്ളവർ അവരുടെ പ്രായത്തിനനുസരിച്ച കാര്യങ്ങളിലേ ഇടപെടാവൂ. അതിനപ്പുറം കുറ്റകൃത്യങ്ങളിലും ലൈംഗികകാര്യങ്ങളിലും ഇടപെടുന്നുവേങ്കിൽ അവർ കുട്ടികളല്ല എന്ന്‌ തീരുമാനിയ്ക്കാനും നമുക്ക്‌ കഴിയണം.
    എറണാകുളം ജില്ലയിലെ ഒരു നാൽപതുകാരി 12 വയസ്സുകാരനെ ലൈംഗിക കാര്യങ്ങൾക്ക്‌ ഉപയോഗിച്ചു എന്ന വാർത്ത കണ്ടു. അവിടെയും ആ സ്ത്രീയുടെ പേര്‌ പറഞ്ഞില്ല. അവർ കുറ്റവാളിയാണ്‌. കുറ്റവാളികൾ ആരെന്ന്‌ തിരിച്ചറിയേണ്ടുന്ന ആവശ്യകത സമൂഹത്തിലെ ഓരോരുത്തർക്കുമുണ്ട്‌. എന്നാലേ അവരിൽ നിന്ന്‌ അകന്നു നിൽക്കാൻ സമൂഹത്തിന്‌ കഴിയൂ. ഡൽഹിയിൽ മാത്രമല്ല ഇന്ത്യയിൽ പലയിടത്തും ലൈംഗികാതിക്രമങ്ങൾ തുടരെത്തുടരെ നടക്കുന്നുണ്ട്‌. അതിനുള്ള കാരണം ബോധവൾക്കരണം ഇല്ലാത്തതുകൊണ്ടല്ല. ശിക്ഷയില്ലാത്തതുകൊണ്ടാണ്‌. എം.എം.മണിമാർ അട്ടഹാസം മുഴക്കുന്നതും  ശിക്ഷയില്ലാത്തതുകൊണ്ടാണ്‌.
    ലൈംഗികപീഡനക്കാരെ വന്ധീകരിച്ചതുകൊണ്ട്‌ ഒരു പ്രയോജനവുമില്ല. വന്ധീകരണവും ലൈംഗികശേഷിയും രണ്ടും രണ്ടാണ്‌. ഓപ്പറേറ്റ്‌ ചെയ്ത്‌ ലൈംഗികാവയവം അവന്‌ ഇല്ലാതാക്കണം. അത്രമാത്രം പോരശിക്ഷ, കഠിനതടവ്‌ എന്ന പദം നിയമത്തിലുണ്ടെങ്കിലും ഇന്ത്യയിലെ ഒരു ജയിലിലും ഇപ്പോൾ കഠിന തടവില്ല. അവന്റെ ഭക്ഷണത്തിലും സഞ്ചാര സ്വാതന്ത്ര്യത്തിലും അവനെ കാണാൻ വരുന്നവരിലും എല്ലാം നിശിതവും കർക്കശവുമായ നിയന്ത്രണം കൊണ്ടുവരണം. ജയിലിൽ പോയി തിരിച്ചുവരുന്നവർ സുഖവാസകേന്ദ്രത്തിൽ നിന്ന്‌ ഇറങ്ങിവരുംപോലെയാണ്‌ വരുന്നത്‌.
    അടിയ്ക്കേണ്ടവനെ അടിയ്ക്കണം. ഉരുട്ടേണ്ടവനെ ഉരുട്ടണം. ആഹാരം സുഖശീതളമാക്കാൻ മാർക്ക്സിസ്റ്റ്‌ പാർട്ടി ഭരണം ജയിലിൽ പരിഷ്കരിയ്ക്കയുണ്ടായി. ജയിലിലുള്ള എല്ലാവർക്കും സുഖമായ താമസവും ഭക്ഷണവും കോടിയേരി ബാലകൃഷ്ണൻ അനുവദിച്ചതിന്‌ കാരണമുണ്ട്‌. ജയിലിൽ ഉള്ളവരും ഉണ്ടാകാൻ പോകുന്നവരും പാർട്ടിക്കാരായിരിക്കും എന്ന ചിന്തയിലാണ്‌ കോടിയേരി ജയിൽ പരിഷ്കരിച്ചതു.
    അതുപോലെ വധശിക്ഷ വേണ്ടെന്നും മാർക്ക്സിസ്റ്റ്‌ പാർട്ടി പറയുന്നതു കേട്ടു. വധശിക്ഷ കൃത്യമായും സമയബന്ധിതമായും നടപ്പിലാക്കിയാൽ പാർട്ടി പ്രവർത്തകർ പലതും കൊല്ലപ്പെടും എന്ന ഭയംകൊണ്ടായിരിയ്ക്കാം. അങ്ങിനെ വധിയ്ക്കേണ്ട എന്ന തീരുമാനം വന്നത്‌. മാർക്ക്സിസ്റ്റ്‌ പാർട്ടിയുടെ ഡിക്ഷണറിയിൽ 'ദയ' എന്ന ഒന്നില്ലാത്തതിനാൽ പാർട്ടിക്കാർ ചത്തു തീരണ്ട എന്ന ഉദ്ദേശം മാത്രമേ ഈ തീരുമാനത്തിന്‌ പിന്നിലുള്ളു എന്നു വ്യക്തം.

22 Dec 2012

ഹൃദയശാലയിലെ എഴുത്തച്ഛന്‍



 പി .കെ .ഗോപി 

കവിതയുടെ 
കാല്പ്പാടുകള്‍  നോക്കിയാണ് 
ചരിത്രം അതിന്‍റെ കുഞ്ഞുങ്ങളെ 
അന്വേഷിക്കുന്നത്.

കുത്തിപ്പൊട്ടിക്കാത്ത 
കണ്ണുകള്‍ക്കുള്ളിലൂടെ 
യക്ഷികള്‍ ഇറങ്ങിപ്പോയപ്പോള്‍ 
അക്ഷരപ്പനയോലയില്‍ 
അമ്മദൈവത്തെക്കണ്ട് 
ഭൂമിയും ആകാശവും 
നമസ്കരിച്ചു നിന്നു .

കരിമ്പാറകള്‍ പിളര്‍ന്ന് 
പൊക്കിള്‍ക്കൊടികള്‍ക്ക് 
സഞ്ചരിക്കാമെന്നും 
മുള്‍പ്പാതകള്‍ കടന്ന് 
ആത്മവസന്തങ്ങളെ 
ആശ്ലേഷിക്കാമെന്നും 
മണ്ണിലെഴുതിയവനാരോ 
അവനാണ് എഴുത്തച് ന്‍..

കൊമ്പൊടിച്ചു 
കാവ്യമെഴുതിയതിന്‍റെ 
പൊരുളറിയാന്‍ 
സര്‍വകലാശാലയിലേക്കല്ല ,
സര്‍വ്വജീവജാലങ്ങളുടെയും 
ഹൃദയശാലയിലേക്ക് 
കടന്നു ചെല്ലുക...

കിളികളുടെ ചുണ്ടെഴുത്തും 
ഇലകളുടെ തുമ്പെഴുത്തും 
കണ്ണുകളുടെ നീരെഴുത്തും 
കാഞ്ഞിരങ്ങളുടെ കയ്പ്പെഴുത്തും  
കടലുകളുടെ തിരയെഴുത്തും
കനലുകളുടെ തീയെഴുത്തും 
നിയതിയുടെ നിഴലെഴുത്തും 
നിന്‍റെ താളിയോലയില്‍ത്തന്നെ 
ആയിരുന്നുവെന്ന് 
ആരെങ്കിലും പഠിപ്പിച്ചുവോ ?

23 Nov 2012

മാ നിഷാദ !

ഷീബ തോമസ്

പാല്‍മണം മാറാതെ
 പാല്‍പുഞ്ചിരി മാഞ്ഞുപോയ,
അരുമയായൊരു കുഞ്ഞുമുഖം
ചരിഞ്ഞും തിരിഞ്ഞും മറിഞ്ഞും,
പലകോണില്‍നിന്നുമൊപ്പിയെടുത്ത്
നിന്റെ ക്യാമറയ്ക്കുള്ളിലാക്കല്ലേ.

കഴുകന്മാരാണു ചുറ്റും
കൊത്തിക്കീറിത്തിന്നുവാന്‍
ആര്‍ത്തുചിരിക്കുവാന്‍.
ആ കുഞ്ഞുമുഖമെടുത്തച്ചുകൂടത്തിലിട്ട്
ഒതുക്കി മെരുക്കി
അതിനു ചുറ്റുമൊരു
പീഡനക്കഥയെഴുതി
കോപ്പികള്‍ കൂട്ടി
കടലാസുമച്ചടിമഷിയും കൊണ്ടൊരു
പണം കായ്ക്കുന്ന മരമുണ്ടാക്കാന്‍
കോപ്പുകൂട്ടി കാത്തിരിക്കുന്ന
കച്ചവടക്കണ്ണു മാത്രമുള്ള
കഴുകന്മാരാണു ചുറ്റും.

വിശക്കുമ്പോളിത്തിരി 
പൈമ്പാലു വേണം
പിന്നെ, ഓടിക്കളിക്കാനൊരു 
മുറ്റവും, കളിയാടാനൊരൂഞ്ഞാലും.
കൈലേസുകൊണ്ടൊരു 
കുഞ്ഞിപ്പാവയുണ്ടാക്കി
തോളിലിട്ടുറക്കുന്നവള്‍
കരയല്ലേ, യെന്നു ചൊല്ലി
ഒപ്പം വിതുമ്പുന്നവള്‍.

കരുണകാട്ടണം, കാട്ടാളാ
കഴുകന്മാരാണവള്‍ക്കു ചുറ്റും
പീഡനമെന്തെന്നറിയാത്ത,
പീഡനകഥയിലെ ആ കുഞ്ഞുനായിക
ഇനിയും ജീവിച്ചോട്ടെ
പിഴച്ചെന്നു ചാപ്പകുത്തി, അവളെ
അറവുശാലയിലേയ്ക്കയക്കല്ലേ.

നിന്റെ ക്യാമറക്കണ്ണൊന്നടയ്ക്കുമോ, കാട്ടാളാ
കഴുകന്മാരാണവള്‍ക്കു ചുറ്റും
പാവം, ജീവിച്ചോട്ടെ, യെവിടെങ്കിലും.

23 Oct 2012

LOST IN A CROWD



nisha g

Do you find yourself.
All alone in a crowd?
Sometimes even when there’s lits of laughter.
Among crowds, among friends,
Little gossips growing on wings
Or lovable little feasts,
In the calmness of noons
I find myself lost in a crowd
In the myself lost in a crowed;
With no laughter in me,
No gossips to share.
The little sparrows who come to eat grains,
Smile at me and fly off….
Mocking at my silence,
Laughing at me moody face.
They tell me like psychologists
“You are depressed. Wake up”!
I break my red glass bangles
Against the windows;
And love them falling helplessly on the floor.
Again I find on some afternoons-
                        -myself lost in a crowd.







എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...