Showing posts with label sreekrishnadas mathur. Show all posts
Showing posts with label sreekrishnadas mathur. Show all posts

1 Mar 2016

ഉറ്റവരുരുകിക്കലർന്ന വെയിൽ/കവിത

ശ്രീകൃഷ്ണദാസ് മാത്തൂർ

*****************************
ഉറ്റവരുരുകിക്കലർന്ന വെയിലാണിത്
കൊള്ളുന്നിടമെല്ലാം തിണർത്തിരിക്കുന്നു,
വീട്ടുഗ്രില്ലിൽ കോർത്ത ദേഹം ചുഴ-
ന്നകനാരു വേവിയ്ക്കുന്നു.
വെന്തിറങ്ങുമെണ്ണ തുള്ളും
രണ്ടു മരോട്ടിവിളക്കിനുള്ളിൽ
മാറികിടന്ന തിരി നേരെ പിടിച്ചിടുന്നു.
ജനൽകമ്പി വളച്ചുള്ളിൽ കടന്ന് ,
പണി കളഞ്ഞവനോടിന്നു പോയില്ലേയെന്ന
പല്ലവി പാടി കലിപ്പിക്കുന്നു.
പൂക്കളിൽ മഞ്ഞിന്റെ
ഫ്യൂഡൽമാണിക്യം
കാലിന്മേൽ കാൽവച്ചിരിക്കും
നെഗളിപ്പു കാട്ടിത്തരുന്നു.
ഇടിച്ചു കയറുമ്പോൾ ശരണം വിളിക്കെ-
ന്നിരട്ടത്താപ്പിലൊളിഞ്ഞു നോക്കുന്നു.
*******

26 Nov 2015

ദില്ലി അങ്ങ് വളര്‍ന്നു./കവിത


ശ്രീകൃഷ്ണദാസ്  മാത്തൂർ
നീയങ്ങു വളര്‍ന്നു പോയല്ലോ,
എന്ന് ഞാന്‍  പറയുന്നില്ല, ദില്ലീ.
താഴെ, സ്വകാര്യ ബസ്സില്‍ നിന്നു
വീണു നീ മയങ്ങി കിടക്കവേ.
ചേരിയുടെ വിരിനെഞ്ചില്‍
വിമാന നിഴലാരുടെ
വിരല്‍ പോലെ പടര്‍ന്നു കയറവെ.
യമുനയാം കരിഞ്ചേലയില്‍
കാളിയന്‍ ദശഫണം നീര്‍ത്തവേ.
വാത്സ്യായനെ പോലെ മെട്രോ
ലൂപ്പുകള്‍ തിലക് നഗര്‍ ചുറ്റുമ്പോള്‍.
നിഗംബോധിലിപ്പോഴും സമയം
പുതച്ചു കിടന്നു്, തമ്മില്‍ കെട്ടിയ
തണുത്ത കാലാട്ടുമ്പോള്‍.
ഒരു ചുരുള്‍ മീഠാപാന്‍, പൊടിതട്ടിയ
തമ്പാക്കൂ, ഓരോ ശ്വാസത്തിലും
ഒരു ഫോക്ലോര്‍ "ബഹന്‍ചൂത്ത്".
ഒഹ്, തെരെ, സാലാ ...
ചൊട്ടയിലെ ശീലം, ചുടല വരെയെ-
ന്നുച്ചത്തിലാര്‍ക്കുന്ന നേരം.
തൊലി ചുളുങ്ങിയ പഴയ
ലക്ഷ്മി നഗര്‍, ജന്മം നനയ്ക്കാനിട്ട
അലക്കുകാരിയെപ്പോലെ
യമുനാതീരത്ത് കൈകുത്തിയിരിക്കവേ......
എങ്കിലും , നീയേറെ മാറിയെങ്കിലും,
നീയൊട്ടും മാറിയില്ലെന്ന സത്യം.
നീയങ്ങു വളര്‍ന്നു പോയല്ലോ എന്ന്‍
ഞാന്‍ പറയുകില്ല, ദില്ലീ...
നിന്നെ വിട്ടോരെയെല്ലാം നീ വീണ്ടും
വശീകരിച്ചു തിരിച്ചു വിളിക്കവേ
.

28 Sept 2015

ആകാശമുല്ല.

ശ്രീകൃഷ്ണദാസ് മാത്തൂര്‍.
മതിലു കയറിപ്പോയ മറുഭാഗം 
വലിച്ചെടുക്കാനാകാതെ നമ്മുടെ 
പകുതിഭാഗം വീടിരിക്കുന്നിടത്തുണ്ട്.
മറുപകുതിയില്‍ ഓര്‍മ്മയുടെ വച്ചാരാധന
വിളക്കു കെടുത്തി തെരുവിലിറങ്ങുന്നുണ്ട്.

ഇന്നല്ലെങ്കില്‍ നാളെ വരാനിരിക്കും 
കുലുക്കപ്പിറ്റേന്നിന്റെ മണ്കൂനയ്ക്കുള്ളില്‍ 
തന്നെയും ഗൌനിക്കെന്നൊരു നിലവിളി 
ഇപ്പോഴേ നെഞ്ചില്‍ കൊക്കുരുമ്മുന്നുണ്ട്.

വിക്ഷേപണങ്ങള്‍ തീ കൊളുത്തും 
ആകാശത്തിലേക്കെത്തി നോക്കി 
തനിക്കൊരാകാശം പോലുമിനി 
സ്വന്തമായില്ലല്ലോ എന്ന് 
ആകാശം ചുവന്നു തുടുക്കവേ,

വീടുകള്‍ക്കിടയില്‍ തനിക്കില്ലാത്തോ-
രിടുക്കിടനാഴിയിലൂടെ നുഴഞ്ഞ്
അലോപ്പതി ക്യാപ്സ്യൂളുമായ്
ആകാശമുല്ല പിടിച്ചു കയറി വരുന്നു-
ണ്ടാകാശമേ, സ്വല്പം വാ തുറന്നീടുക...!

23 May 2015

മുസ്സഫ സ്കെച്ചുകള്‍‍.

11 Mar 2015

ഒരു പൂവ്

ശ്രീകൃഷ്ണദാസ് മാത്തൂര്‍.


ഒരു പൂവ് നീ തരുന്നു 
ഞാനതു ചെവിയിൽ ചൂടുന്നു.
പുഴുക്കുത്തു വീണ കാതിൽ,
ഫോസിലായ വൃന്ദാവനത്തിന്റെ
വിളികേട്ടു കടുക്കനാടുന്നു.
വലിച്ചു വിട്ട ഞാനൊരു
കുടുക്കഴിഞ്ഞ പട്ടമാകുന്നു.

നെറ്റിയിൽ പടര്‍ന്ന പൂവുമായ്
പട്ടാപ്പകൽ കൂവുന്നു,
സ്വപ്നാടകര്‍ തൊടുത്ത കല്ല്
വെട്ടുകൽ തുണ്ട്,
ചോരക്കല്ല്
രാത്രിയിൽ തുളുമ്പിയ മഴയിൽ
കുതിരാനിരിക്കുന്നു,
വിത്തു പൊട്ടുന്നു, രണ്ടിലയ്-
ക്കൊത്ത മധ്യത്തു നിന്ന്
നീ വീണ്ടും പൂവ് നീട്ടുന്നു..!
ഞാനതു ചെവിയിൽ ചൂടുന്നു,
ചൂടിയോടുന്നു.

കുഞ്ചിയിൽ പടര്‍ന്ന പൂവുമായ്
പാതിരാവിൽ കൂവുന്നു,
പാതിരാവെണീറ്റു വന്നു`,
പ്രാകി ലൈറ്റിടുന്നു,
ലൈറ്റിലെ ഫിലമെന്റു പൂത്ത പൂവ്
വീണ്ടും നീഎനിക്കു നീട്ടുന്നു
ഞാനതുയിരിൽ ചൂടുന്നു.
കൂവിയോടുന്നു.

വിഭ്രാന്തിയുടെ
എല്ലാ സൌഗന്ധികങ്ങളും നീ
എനിക്കു നീട്ടുന്നു
ഞാനവയടിമുടി ചൂടുന്നു
ചൂടി മുടിയുന്നു.
മുടിവിലെ ഞൊറിവിൽ നിന്നു നീ
വെടിച്ചൊരെൻ മിടിപ്പു നീട്ടുന്നു,
ഞാനതു തുടിയുണര്‍ത്താക്കുന്നു.

ഞാനടിമുടി പൂവു ചൂടു-
മങ്കവാല, നരിത്തിപ്പൂവനാകുന്നു,
നേരം തെറ്റിക്കൂവു മെന്റെ  
ഉള്ളിലെ ചൊകന്ന പൂവുകള്‍
വരഞ്ഞെടുത്ത് 
വീണ്ടും നീ എനിക്കു നീട്ടുന്നു,
നിന്നിലസ്പന്ദമാകുമീ കണ്ണുമാ-
യതും ഞാനെന്റെ
ചെവിയിൽത്തന്നെ ചൂടുന്നു.

സ്വര്‍ഗ്ഗത്തിന്റെ നിദ്ര ലംഘിച്ച് നൂൽപാലത്തിലൂടൊറ്റയ്ക്കൊരു
പൂം കൂവലാകുന്നു,
പകരമായ്
നിനക്കു ഞാനീ കൂവൽ മാത്രം
തിരിച്ചു നീട്ടുന്നു.
*****

--

18 Dec 2014

മട്ടണ്‍ കഡായി


ശ്രീകൃഷ്ണദാസ് മാത്തൂര്‍

******************
കറി കണ്ടപ്പോളോക്കാനം,
ചുടു ചാറില്‍ വിലങ്ങനെ
കാലു നീട്ടി കിടക്കുന്നു
ദേഹമില്ലായ്മ.
കടികൊള്ളും മുമ്പേ
പുല്‍മേട്ടിലെ
പുല്ലാങ്കുഴല്‍ പോലുള്ള
കിളുന്തെല്ല്
ശബ്ദനാഡിയിലുടക്കുന്നു.
കണ്ണങ്ങിനെയെങ്കിലും
നീറി നിറയുന്നു!
ചെകിടില്‍ പെട്ട കടുകിന്‍
മനപ്പൊട്ടല്‍ രുചി
ആട്ടുകുളമ്പിന്നറ്റത്ത് ,
വറുത്തരച്ചതില്‍ തെറ്റി
വീണ ജീവന്റെ ഒത്തുകിടപ്പ്.
വായിലെ കടലില്‍
കപ്പലില്‍ കടത്തപ്പെടും
കുഞ്ഞാടിന്റെ കണ്ണേറ്;
പാലിലും രുചി ചോരയ്ക്കോ?
വിശപ്പിനെ ഞെക്കിക്കൊന്നു
മട്ടണ്‍ കഡായി മുന്നില്‍,
സ്നേഹ നെരിപ്പോടിന്റെ
പുക രുചി വെന്തമാംസത്തില്‍ !
എന്റെ കുഞ്ഞാടെ, യെ-
ന്നുള്ളു കാളുമ്പോള്‍
തൊഴുത്തിലെ കൊമ്പി, അമ്മിണി..
കണ്ണിലെ കട്ടിവര കൊ-
'ണ്ടമ്മേ, യമ്മേ' എന്നെഴുതുന്നു.
ഓട്ടുകഡായിയില്‍ നി-
ന്നൊറ്റക്കാലു പൊക്കുന്നത്
പാപഭാരോദ്വഹനം,
വിശപ്പെനിക്കില്ലെന്ന്
ഭിത്തിമേലിടയന്റെ ചിരി...!
*********** 

19 Jul 2014

ചെഞ്ചീര അരിയുമ്പോള്‍.


ശ്രീകൃഷ്ണദാസ് മാത്തൂർ
ധാതു ബോധം, പോഷകചിന്തകള്‍,
വെട്ടിവിളര്‍ച്ച, രക്തമയമില്ലാതെ
പാതിയിലടങ്ങുമീയാസക്തി.

ചെഞ്ചീര നാരരിഞ്ഞു കൂട്ടുമ്പോള്‍ 
ഇരുമ്പുയുഗത്തിന്റെ ത്സണനാദം,
നിന്നെയിങ്ങനെ കൊത്തിയരിഞ്ഞു,
കൊത്തിയരിഞ്ഞു`..........
എനിക്ക് രക്തമുണ്ടാക്കണമെന്നു`
ഒരു കിരാത രാഷ്ട്രീയമോഹം.

വിരലില്‍ കത്തികൊണ്ട് മുറിയുമ്പോള്‍
മഴ തുടച്ചുകളഞ്ഞ മൃഗീയതയുടെ
കറപ്പാടു പോലെ ചെഞ്ചീരനീര്!!

ഇരുമ്പും വിരലും വേര്‍പെടാതെ
ഒന്നായിത്തുടങ്ങുമറിച്ചിലില്‍ പെട്ട്
'സ്വപ്നങ്ങള്‍ നടന്നോരെന്‍ സുഷുമ്നപോലെ'(*)
ചെഞ്ചീര നാരുകള്‍ മൃദുലം, വിധേയം,
കൊത്തിയറിയാന്‍ ബാക്കിയായി കിടക്കുന്നു.

നമുക്കോ, മുമ്പെങ്ങുമില്ലാത്ത രക്തബോധം!

ഹൃദയത്തിലിപ്പോള്‍, തൂവല്‍ വന്നുകൊണ്ടാലും
പരിച്ചയില്‍ വാള്‍ തറച്ച സ്വരം..
ചെഞ്ചീര പോലെ ജീവനരിഞ്ഞു കൂട്ടുമ്പോള്‍
രക്തക്കുറവില്ലാതെ യുഗം തുടുക്കുന്നു..
***********
(*) - 'എന്നെ തിന്നൂ' എന്ന കെ സച്ചിദാനന്ദന്റെ കവിത
സ്മരിക്കുന്നു.

24 May 2014

ആറന്മുളേ ആറന്മുളേ....



ശ്രീകൃഷ്ണദാസ് മാത്തൂര്‍
ആറന്മുളേ, ആറന്മുളേ
നമ്മളെന്താണിങ്ങനെ ?
വിട്ടു പോവുമ്പോഴും വിടാതെ
തോണിപോലടുക്കുന്നു തമ്മില്‍.

മഴ കണ്ണാടിക്കൂട്ടുരുക്കി
പാടത്തിലൊഴിച്ചതേ
തന്നിലെവിടെ തന്റെ മുഖമെ-
ന്നാകാശം തത്രപ്പെട്ടു നോക്കും.
തിരുവോണത്തോണിയോടി-
ച്ചൊറ്റയ്ക്കൊരു തുമ്പി വരു-
മോടക്കുഴലൂത്തുകേമന്റെ
മുടിയൊതുക്കില്‍ പീലി കണ്ണുവിരിക്കും,
തിടപ്പള്ളിയില്‍കടുംപായസ-
ക്കൂട്ടു പോലെ നമ്മളിരുപേര്‍....
തീറ്റയായും നിവേദ്യമായും
ഇഹക്കൊതിയരേ,നിങ്ങള്‍ക്കായ്..!

തിരിച്ചറിയല്‍പാടുകള്‍‍ വടി-
ച്ചൊരുങ്ങി നില്‍ക്കുന്നു ഞാന്‍,
നീര്‍ത്തടച്ചുട്ടി, ഇലത്തിടമ്പ്
പാടത്തു പൊട്ടിവീഴും
കിളിത്തോരണങ്ങള്‍, ഒറ്റവരമ്പുകളില്‍
ധനുമാസ വിളക്കുകള്‍..
നീര്‍ച്ചോലമുന്താണി, പുളിയില-
ക്കരവെയില്‍മുണ്ട്, നീരണി-
സ്വപ്നത്തിലാലോലമാട്ടം, എല്ലാം
വലിച്ചെറിഞ്ഞു നീയിനി വിമാനക്കമ്പനി...!
ഇലത്താവളങ്ങളില്‍ ഒടുവിലെ
പറക്കല്‍, വിതുമ്പല്‍, വിടപറച്ചില്‍
വംശനാശത്തിലേക്കൂളിയിട്ട്
കാടിന്റെ പുഷ്പകവിമാനങ്ങള്‍..
എല്ലാമുണ്ടെങ്കിലും ഒന്നുമില്ലെന്ന്
തനിയാവര്‍ത്തനം,
ആറന്മുളേ, ആറന്മുളേ
നമ്മളെന്താണിങ്ങനെ ?

'വെടക്കാക്കി തനിയ്ക്കാക്ക'പ്പെട്ടവര്‍
ഒടുവില്‍ തുടുപ്പിനാലടി വാങ്ങുവോര്‍,
തുടല്‍വിളക്കിലെ കരിന്തിരികള്‍,
സാര്‍വ്വലൌകിക ശനിയപഹാരം
ഉഴിഞ്ഞെറിഞ്ഞതിന്‍ ബാക്കിപത്രം
കെട്ട നീരാഞ്ജന വിളക്കിന്‍ കരിങ്കുഴമ്പ്,
തൊടിയ്ക്കേറ്റ ഭൂമാഫിയ പിടിത്തം
കുടഞ്ഞൊടുക്കം വിധേയരായവര്‍,
ആറന്മുളേ, ആറന്മുളേ
നമ്മളെന്താണിങ്ങനെ ?
**************
 

23 Mar 2014

വനിതാദിന ചുംബനം.

ശ്രീകൃഷ്ണദാസ് മാത്തൂര്‍ 

അവനെ വാറ്റുചാരായത്തിന്റെ 
മണത്തോടെ വേളി കഴിച്ചവള്‍,
കിണറ്റിന്‍കരെ രാത്രികളില്‍ 
കുത്തിയിരുന്നു കരഞ്ഞവള്‍,
അവന്‍ കോടയില്‍ മുങ്ങി അവളെ 
ഉഴുതു മറിക്കുമ്പോള്‍, അവളീ 

ജീവിതത്തിന്റെ കോടമഞ്ഞത്തു
പച്ചയ്ക്കായിരുന്നു, ഒരു തുള്ളി
മദ്യം കുടിക്കാതെ പച്ച്ചയ്ക്കായിരുന്നു..!

(എന്നിട്ടും ആണായാല്‍ അല്പം
കുടിക്കണം എന്നും,
ആണായാല്‍ അല്പം മഥിയ്ക്കണം എന്നും,
ആണായാല്‍ അല്പം വലിയ്ക്കണം എന്നും,
ആണായാല്‍ അല്പം പെണ്ണ്പിടിയ്ക്കണം എന്നും,
അവനു വേണ്ടി അവള്‍ പക്ഷം പറഞ്ഞു,
ആരും കാണാതെ അവള്‍ പക്ഷം കുടഞ്ഞു കരഞ്ഞു-
അവനും കാണാതെ, ജന്മങ്ങളോളം !
അവള്‍ പൊത്തി കൊടുത്ത ജൈവവളം കൊണ്ട്
അവന്‍ പനപോലെ വളര്‍ന്നു,
അവളുടെ അറ്റമോഹങ്ങള്‍ ചീഞ്ഞു
അവന്റെ കൊമ്പു തെഴുത്തു,
അവള്‍ പാളം തെറ്റുമെന്നു തോന്നിയപ്പോഴോക്കെ
അവന്‍ അവളെ ഒരേകാന്ത സ്റ്റേഷനില്‍ പിടിച്ചിട്ടു,
അവന്‍ പാളം തെറ്റി ഒടിക്കൊണ്ടേയിരുന്നു...
അവള്‍ കയറു പൊട്ടിക്കാന്‍ ശ്രമിക്കാത്ത
വഞ്ചി തന്നെയല്ലേ എന്ന്
പാത്തുപതുങ്ങി വന്നു.
പണ്ടു പുരാതനകാലം തൊട്ടേ ഉറപ്പുവരുത്തി...
അവന്‍ വരുമ്പോഴൊക്കെ എന്നിട്ടുമവള്‍
കന്നി നിലം പോലെ നനഞ്ഞു കിടന്നു...)

ടോര്‍ച്ചു കൊണ്ടടിവാങ്ങിയ മൂര്‍ദ്ധാവില്‍
സീമന്തസിന്ദൂരം പതിപ്പിച്ചു
അവനുണരും മുമ്പവള്‍
കൂവളത്തുംമാല കോര്‍ത്ത് അമ്പലത്തില്‍ പോയി,
അവനെഴുതി വാങ്ങിയ അവകാശത്തിന്റെ
ഇഷ്ടികയേറു കൊണ്ടിട്ടും പിറ്റേന്നു രാവിലെ
അവള്‍ ചായയില്‍ തന്നെയിളക്കി അവനു കൊടുത്തു,
അവന്‍ കുടിച്ചു,
അവളെ കുടിച്ചു,
അവളെ തിന്നു,
അവളെ വെട്ടി നുറുക്കി,
അവളെ ഉണക്കി വിതച്ചു
കുലം കൊയ്തു ,
അവളെ വീര്‍പ്പിച്ചു ആണത്തം കാട്ടി,
അവളെ തൊട്ടു കൂട്ടി (ടച്ചിങ്സ്!!)
അവളുടെ മുന്നിലിരുന്നു പൂസായി ,
അവള്‍ അവളെത്തന്നെ തൊട്ടുകൂട്ടി
കണ്ണീരു കുടിച്ചു പൂസായി,
മത്തയായി,
പോയി തൂങ്ങി,
പോയി തലവച്ചു ,
പോയി ചാടി,
പോയി നശിച്ചു,
പോയി വിഷം കുടിച്ചു,
പോയി തുലഞ്ഞു...
ചത്തു കിടന്നാലെങ്കിലും അവന്‍
അവളെ നോവിക്കാതെ ഒന്ന് ഒന്ന്
ചുംബിക്കുമെന്ന് വിചാരിച്ചു മാത്രം,
വാറ്റു ചാരായത്തിന്റെ മണംകൊണ്ടു
അവന്‍ ചുംബിച്ചത് അവളറിഞ്ഞു,
അവള്‍ കരഞ്ഞു , ജന്മങ്ങളോളം,
ആരും കേട്ടില്ല , കാലം കേട്ടു...
പലതും കേട്ട കാലം ഇതും കേട്ടു..!

ഒരു ദില്ലിപ്പെണ്‍കുട്ടിയെ പോലെ
അവള്‍ക്കു വേണ്ടി ഒരു ചത്വരം ഒരുക്കി.
അവിടെ അവനെ തുരത്താന്‍ ആള്‍തിര ഞൊറിഞ്ഞു..
തെക്കേ പറമ്പിലെ അവളുടെ ഒറ്റത്തേങ്ങല്‍
ആരവമായി,
എവിടെയൊക്കെയോ ഒഴുകിപ്പോയ
ആരതികള്‍ അവളുടെ കണ്ണില്‍ തിരിച്ചു വരുന്നു,
ഞാനവള്‍ക്ക് ഈ വനിതാദിനത്തില്‍ കൊടുത്ത
ചുടുചുംബനത്തില്‍ കോടമണമില്ല ,
നെഞ്ചത്ത് തൊട്ടു പറയുന്നു, കോടമണമില്ല ....

നേരിന്റെ മണമേയുള്ളൂ ,
നേരിന്റെ രുചിയെയുള്ളൂ...

25 Feb 2014

മണം



ശ്രീകൃഷ്ണദാസ് മാത്തൂര്‍

അമ്മെ നിന്റെ മെയ്യില്‍
സ്നേഹമരുന്നു മണക്കുന്നു.
ജീവിതം മയപ്പെടുത്തുവാന്‍
സാഹചരാദി, ധന്വന്തരം..
കാഴ്ച്ചയെ കുഴമ്പിട്ടു കുളിപ്പിച്ചു
തെളിയിച്ചെടുക്കുവാന്‍
ഇളനീര്‍കുഴമ്പു`.
കാല്പെരുമാററങ്ങളുടെ 
കൊടും കയത്തിലെ 
തലനീട്ടും വിളക്കുമാടം.
കനച്ച എണ്ണമണം.
കെടും മുമ്പൊരാളല്‍,
കരിന്തിരിപ്പുകമണം.
ജീവിതം
നുള്ളിപ്പറിച്ചൊടുക്കം
പൊളിഞ്ഞു പൊളിഞ്ഞു
നാളം മാത്രം ശിഷ്ടം.
ചൂടിന്റെ മണം.
എല്ലാ ചില്ലകളും ചാഞ്ഞു
ചെവിവട്ടം പിടിക്കുമ്പോള്‍
അടുക്കും വിളി.
കനക്കും മണ്ണിന്റെ മണം.
അമ്മെ നിന്റെ മെയ്മണം,
പലകാലത്തില്‍ സംവദിക്കുന്നിതു`
തീരാത്ത മുലപ്പാല്‍ മണം.

23 Dec 2013

തിരസ്കരണം.





ശ്രീകൃഷ്ണദാസ് മാത്തൂര്‍ 

പൂവ് നുള്ളുമ്പോള്‍ 
ഇലയെ എന്നപോല്‍
പ്രാണവായു പിടിച്ചെടുക്കുമ്പോള്‍ 
ചെടിയെ എന്നപോല്‍ 
മൃതദേഹത്തില്‍ തലയറയുംപോള്‍ 
മരണത്തെയെന്ന പോല്‍ 
ഇരുട്ടിനെ തള്ളിപ്പറയുമ്പോഴും 

വെളിച്ചത്തെയെന്ന പോല്‍
നീയെന്നെ സൌകര്യപൂര്‍വ്വം മറന്നു.
കോണിലേക്ക് പൊളിച്ചടുക്കി,
മറവിയുടെ തീയിട്ടു മൂടി.

എനിക്കുള്ള ചെറിയ പങ്കു
കാട്ടുകവിതയും പാണലും കയറി
വിസ്മരിക്കപ്പെട്ടു കിടന്നു.

ശബ്ദമില്ലാത്ത തേങ്ങലിന്‍ തരംഗദൈര്‍ഘ്യം
അനാഥപ്രേതമായെന്നില്‍ ചുറ്റി.

അതുകൊണ്ട് തന്നെ പ്രിയനേ
ഞാനുണ്ടായി.
ചിലപ്പോഴെങ്കിലും നിന്നാല്‍ സ്വയംകൃതം
മനസ്സാക്ഷിക്കുത്ത്തില്‍ ഞാനോര്‍മ്മിക്കപ്പെട്ടു.

എനിക്ക് ചെയ്യാതെ പോയ കര്‍മ്മങ്ങളെ
നീയുമോര്‍ക്കുന്നു.

എന്റെയീ നനഞ്ഞ ദീര്‍ഘനിശ്വാസത്തിനു
കാലങ്ങളോളം
ജന്മങ്ങളോളം
ആഴമുന്ടെന്നു നീയുമറിയുന്നു.

എന്നെയിങ്ങനെ തിരസ്കരിച്ചുകൊണ്‍ടേയിരി
ക്കുക,
അല്ലെങ്കില്‍ ഞാനും മൃതനായിപ്പോകുമേ..
***********



24 Nov 2013

വിജാഗിരിക്രിസ്തു


ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍ 
 
    
 
            കതകിലും കട്ടളയിലുമായ്‌
            ലവലേശം ചോരയിറ്റാതെ
            കൈകള്‍ ചേര്‍ത്തടിച്ചിരിക്കുന്നു.
            നച്ചൊല്ലിന്റെ വാലും പിടപ്പും
            തിരുഹൃദയത്തില്‍ പറ്റിപ്പിടിച്ചും...

            ഹെരോദേസോ
            പിലാത്തോസോ
            ദൈവത്തിനൊപ്പം തുറന്നടയുന്നു.
            ജീവന്റെ ലാവ ചേര്‍ത്ത്‌
            ഉള്ളിലത്താഴ സദ്യ.
            നീ പാപി, വിധേയന്‍,
            വാതിലിനും കട്ടളയ്ക്കുമിടയില്‍
            നിത്യകാല്‍വരിയില്‍..
            ഇടംവലം ഉള്ളും പുറവും
            കൃഷ്ണനും നബിയും പോല്‍....

            ക്രൂശിതശരീരത്തിനുയിര്‍പ്പില്ലെന്കിലും,
            സ്വര്‍ഗ്ഗമാഞ്ഞടയുമ്പോഴെല്ലാം
            നരകം കേട്ടു ഞെട്ടുന്നു
            നിന്റെ വിലക്കപ്പെട്ട
            പ്രാണന്‍പറിച്ചു നിലവിളി.

            വിരല്‍ ഞറുങ്ങുമ്പോഴെ
            കണ്ണില്‍പെടുന്നു നിന്റെ
            പീഡിത രൂപം,
            കൊടുംപാതകങ്ങള്‍ക്കെല്ലാം
            അടച്ചുറപ്പിനടിച്ചുവച്ച
            തിരുരൂപം...

            നീയേ വിജാഗിരി, ക്രിസ്തു....
            വിജാഗിരിക്രിസ്തു
            ************************


-

24 Oct 2013

ചിറകിനടുത്ത്‌

ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍


ചിറകിനടുത്തിരുന്ന്‍
ശരീരം ആത്മാവിലേക്ക് പറന്നു.

ഇമ്മിഗ്രേഷന്‍ കൌണ്ടറില്‍
കൊത്തിവലിക്കപ്പെടാനുള്ള
ഒരു തനിനാടന്‍ പാസ്സ്പോര്‍ട്ട്
ജീവിതം,
'എക്സിറ്റ്‌-എന്‍ട്രി' കള്‍ക്കിടയിലെ
ഭൂപടം കണ്ടു പറക്ക.

ചിങ്ങത്തിനായുള്ള പൂവ്‌
വിമാനത്തിന്റെ ചിറകില്‍.
വിടര്‍ന്നു തിളക്കം.

എണ്ണപ്പാടങ്ങള്‍ മായ്ച്ച്
താഴ്ച കാടു വരച്ചപ്പോള്‍
മുറിഞ്ഞു പോയിടത്ത്‌
പച്ചമരുന്നിട്ട നീറ്റല്‍ ...

ഞാനെന്നോടു ചെയ്ത
കടുംകൈകളുടെ ഭാണ്ഡം
സ്വയം ചുമന്ന്‍
വിമാനത്താവളത്തില്‍ വീണ എന്നെ
പിക്കപ്പ് ചെയ്ത മാവേലി
ഇടിവെട്ടു പോലെ ചോദിച്ചു:
നിന്റെ ഒരു ചിറക്‌ എവിടെ?

ഉത്തരം പറയാതെ ഞാന്‍
ഒറ്റച്ചിറകിന്റെ ഓരത്തെ
രണ്ടു തുള്ളി പേര്‍ഷ്യന്‍ഗള്‍ഫിന്റെ
ഉപ്പ് ചേര്‍ത്ത്‌ സദ്യ വിളമ്പി,
മാവേലിയ്ക്കും...

***
--

22 Sept 2013

രാത്രിയിലെ യാത്ര.

 ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍
ചരക്കു ട്രെയിനിനു
തലവച്ചു നദി കിടക്കുന്നു.
ദൃക്സാക്ഷി വാക,
ഉച്ചിയില്‍ രക്തം പൊടിക്കുന്നു.

വെട്ടിക്കളഞ്ഞ പാരിജാത-
പ്പൂമണം നട്ടപ്പാതിരായ്-
ക്കീ കാറിന്‍റെ മുന്നില്‍ ചാടു-
ന്നെത്ര വീട്ടുമുറ്റങ്ങള്‍
ചരല്‍വാക്കുമായെത്തുന്നു.

റോട്ടിലിറങ്ങി നി-
ന്നിളം പാലപ്പൂ
ചുണ്ണാമ്പു ചോദിക്കുവോള്‍ .
കാറിലെനിക്കൊപ്പം
മൂര്‍ദ്ധാവിലാണിയാഴ്ന്ന നീലി.

രാത്രിയുടെ ഇറയ്ക്കാത്ത
കിണര്‍കണ്ണിലീറന്‍ കിട്ടാ-
താഞ്ഞു കൊത്താന്‍ തിറവച്ച്
രക്തമണ്ഡലി!

മുണ്ടു മടക്കിക്കുത്തിയ ടിപ്പറി-
നടിപ്പെട്ട കാറുപോലെ ഗ്രാമം,
ഒരുപ്പോക്കു പോയ ശ്രീകരത്തി-
ന്നോര്‍മ്മയിലൂര്‍ദ്ധ്വന്‍ വലിക്കുന്നു.

സ്വപ്നത്തില്‍ അമരമിളക്കും
ചുണ്ടനും
ആറന്‍മുളക്കണ്ണാടിത്തണ്ണീര്‍ തടവും
ശീവേലിക്കച്ചയുടുത്തുകൊണ്ടിരുന്നപ്പനും കാറിരമ്പത്തില്‍ ഞെട്ടിയ.പോലെ.....

അവസാനയാമത്തില്‍ യാത്ര
വഴിയുടെ മുനമ്പില്‍ തീരുന്നു,
"വഴിയിവിടെ തീരുന്നു..."

വീട്ടില്‍ വിളക്ക് തെളിയുന്നു..

24 May 2013

തന്നത്താന്‍കൊത്തി


ശ്രീകൃഷ്ണദാസ് മാത്തൂര്‍.

വീടിന്റെ എല്ലാ ജന്നലുകള്‍ക്കും
കണ്ണാടിവാതിലിട്ടു കൊടുത്തു
സ്വയം പ്രതിഫലിക്കുന്നതു കണ്ടു`
ചുറ്റുവട്ടത്തിന് ലാസ്യമായി.
തിരുത്തല്‍ ത്വര കലശലായി.

വലിച്ചു കീറിപ്പിടിച്ച വായ്‌
അടച്ചു വയ്ക്കാന്‍ ടിപ്പറുകള്‍
വളഞ്ഞുപോകും വഴി പണിപ്പെട്ടു.
രണ്ടായ` പിരിയും വഴി
താനെവിടെത്തിയെന്നു` ഒളിഞ്ഞു നോക്കി.

കുടിയന്‍ താന്‍ വളയുന്നതിന്റെ
കോണളന്നു തെല്ലുനേരം നിന്നു.
ചാഞ്ഞും ചരിഞ്ഞും നിന്ന്
ഘനീഭവിക്കുന്ന മുഖം നോക്കി
മേഘങ്ങള്‍ തങ്ങളില്‍ മഴ തിരഞ്ഞു.

ആറ` കുറുകി കിളിയായ` മാറിയത്
ഒഴുക്കിന്റെ ചരിത്രം കൂടെയുണ്ടോഎന്ന്,
തൂവലുകളില്‍ തിരയുണ്ടോ എന്ന`
താണുവീണു കണ്ണാടിയോട് ചോദിച്ചു.

കണ്ണാടിപ്പാടിയിട്ടതിന്‍ ശേഷം
വീടും ചുറ്റുപാടും ഒരു കുടുംബം.

ഒരു കിരീടം വച്ച കിളി മാത്രം
തന്നെപ്പോലോരുത്തനെ കണ്ടു`
കണ്ണാടിയോട് കൊത്തു കൂടുന്നു.
അവനൊരു പുരാതന ക്ഷത്രിയ ഛായ ,
അവന്റെ കൊത്ത് തന്നോടു തന്നെ,
അവന്‍ തന്നത്താന്‍കൊത്തി,
മരംകൊത്തി...

27 Apr 2013

മുന്നൊരുക്കം.


11:55pm Apr 10


ശ്രീകൃഷ്ണദാസ് മാത്തൂര്‍
ഉണങ്ങാത്ത ചോര തികട്ടി
ചുണ്ടത്ത് വച്ച് ചെമ്പരത്തി
വസന്തത്തില്‍ പങ്കെടുത്ത്
നിലം നോക്കി നില്‍ക്കുന്നു.

ജീര്ന്നതയില്‍ നിന്നൂറ്റിക്കുടിച്ച
മഞ്ഞച്ചലം പുരണ്ട ചെമ്പക-
പ്പൂമണത്തെ ചുറ്റിപ്പറ്റി
ചോപ്പ് നാവ് ഇതളായ് പുറത്തിട്ട്
മറ്റൊരു ചെടി മനപ്പൂര്‍വ്വം...

പഞ്ചമഹാ പാതകീ, നിന്റെ
ചുറ്റുവട്ടത്തെ ക്ഷുദ്രപുഷ്പങ്ങളില്‍
മൃത്യു നിറം പുരട്ടുന്നു.
മുഖപ്രസാദം മാഞ്ഞ പകലിന്റെ
പിണങ്ങാനുള്ള മുന്നൊരുക്കത്ത്തില്‍
മഴയുടെ കാറ്റ് മരം പിഴുന്നു.
****

27 Mar 2013

തിരിച്ചറിവ്‌

ശ്രീകൃഷ്ണദാസ്‌ മാത്തൂർ

രാത്രിയിങ്ങനെ മിഴിചിമ്മി
കാടുകളിൽ കലഹിച്ചു നിൽപ്പത്‌
എനിക്കുള്ള വീണ്ടുവിചാരത്തിനു`.

എളിയിൽ നിന്നൊരു പൂവു`
തിരിഞ്ഞ്‌ ഭൂമിയിലേക്ക്‌ കിടന്നത്‌
മരമറിയില്ലയെങ്കിലും..(?)
നിശ്ശബ്ദം പെയ്യും നിലാവിന്റെ
നീലക്കാലവർഷം മുഴുവനെ നനയും
ഇലകൾ നനവറിയുന്നില്ലെങ്കിലും..(?)

ഒരു ജാലകവും ഞാനും
ഉറങ്ങാതെ ഈ രാത്രിയിൽ
സ്വയമറിയുന്നുണ്ട്‌ ചലനം,
നിശ്ചലതയുടെ വ്യതിചലനം....

ഉറങ്ങാതിരിക്കും രാത്രിയെനിക്ക്‌
വീണ്ടുവിചാരത്തിനു`.
ഉറക്കവുമുണർച്ചയും തമ്മിലുള്ള
വേർ തിരിവിന്റെ സ്തരത്തിനോട്‌
സല്ലപിക്കാനുള്ള മനപ്പൊക്കത്തിനു`..

23 Feb 2013

ഇഷ്ടംകൊണ്ട്

ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍.

മകനെ, എന്റെയീ തല്ല് .
ചൊല്ലിനോപ്പം കുത്തരി-
ച്ചോറൂട്ട്.
കടിച്ചു നീ മുറിച്ചിട്ടും
കയ്പ് തേക്കാനറച്ചെന്റെ
മുലയൂട്ട്‌ ..

മച്ചിലേറിയോളിച്ചോനെ
മസ്തകം പൊളിക്കാനായി
കല്ലുരുട്ടിയിരിപ്പോനെ,
എന്റെ ചൂരല്‍ നിനക്കൊപ്പം,

ആറ്റുനോ, റ്റിടഞ്ഞോനെ
ഉമിത്തീയില്‍ കുളിച്ചും, കണ്ണ്
കരുത്തറ്റു ചുഴന്നും
കുഴപ്പത്തിലായോനെ.

ഞാന്‍ നിന്നെ
നാവാല്‍ വലിച്ചിട്ടടിപ്പത്‌
ചൂരല്‍ മുളപ്പിച്ചിരിപ്പത്
ഇഷ്ടമൊന്നുകൊണ്ടേ...

22 Feb 2013

തനിനിറം








ശ്രീകൃഷ്ണദാസ്‌ മാത്തൂർ
മഞ്ഞ പച്ചയെ നോക്കി
തന്നിടം മുറുകെപ്പിടിച്ചു.
പച്ച മഞ്ഞയെ നോക്കി
തന്നുടല്‍ വിരുത്തിപ്പിടിച്ചു.
'അതിജീവനപ്പെടല്‍' തന്റെ
ശീതയുദ്ധം തുറന്നിട്ട് നിന്നു.
ഒന്ന് ചീയാന്‍ മറ്റൊന്ന്
മസ്തിഷ്കമരണങ്ങള്‍ക്ക്
കാതോര്‍ത്തിരുന്നു.
ക്ഷുദ്രകീടങ്ങളെ പടവെട്ടാന്‍
പരസ്പരം പറഞ്ഞയച്ച്
ഇടംപിടുത്തപ്പോര് മുറുകവേ
ഒന്നിലും പെടാതെ ചുവപ്പ്
തന്റെ ദൃഷ്ടികോണ്‍ നേരെയാക്കുന്നു.
ലാവ പോലോലിച്ച്ചിറങ്ങി
പൂവ് പോലിരുത്തം വന്നു
നേര് പോലെ സുശക്തമാകുന്നു.
അറവുമാടുകള്‍ നിറച്ചു വന്ന
വണ്ടികളിടിച്ചു നില്‍ക്കുന്നു,
ഈ ചത്വരത്തില്‍ ആളുകൂടുന്നു.
ചതുര നിറങ്ങളെല്ലാമൊരൊററ-
പ്പോര്‍ നിറത്തിന്റെ പാട ചൂടുന്നു.





Click here to Reply or Forward
Why this ad?Ads –
Instant Home Loans from HDFC. Apply & Get E-Approved In Minutes.
5% full
Using 0.5 GB of your 10.1 GB
©2013 Google - Terms & Privacy
Last account activity: 2 hours ago
Details

22 Dec 2012

ചൂട് (*)

ശ്രീകൃഷ്ണദാസ് മാത്തൂർ



ജീവന്‍റെ ദ്രാവകം കരിനീലമാകാശം
തത്വജ്ഞാനിയുടെ കല്തിളക്കം പൂര്‍ണ്ണചന്ദ്രന്‍

ഒരു കാറ്റ് പൊത്തിവച്ച മണ്‍കൂനയില്‍ 
ഒലിച്ചിറങ്ങും കണ്ണീര്‍ വടുവിന്‍ താഴെ 
ഫാത്തിമക്കാറ്റ്‌ നഖമുനയില്‍ വരയും 
മണ്‍തരിയിലുണ്ടോ, എന്റെ ഭാഗധേയം..?

സ്വയമുരുക്കിയുരുക്കി കുറുകിയൊലിപ്പത് 
ജീവന്റെ ദ്രാവകം, മരുക്കിഴവന്‍ പറയുന്നു,
ഇത്കുടിച്ചാല്‍ അമരനാകുമെന്ന്‍, ശേഷം ഖരം

ഹൃദയം, ഹൃദ്യഭാഷയില്‍ സ്വര്‍ണ്ണം മെനയുമെന്ന്‍ 

മണലില്‍ കാറ്റിന്‍ കൈയ്യെഴുത്തു പോലെ 
കാലില്‍ ചെതുമ്പല്‍, അസ്തമനസൂര്യനെ 
പറിച്ച് ഒട്ടിച്ച കണ്ണുകള്‍, കടലുപേക്ഷിച്ച 

ചിപ്പിയിലെ ജലതരംഗം മിടിപ്പ്‌ -
മരുപ്പക്ഷീ, ലക്ഷണം, ചൂടോ, തണുപ്പോ?

ദിവ്യലക്ഷണങ്ങള്‍ തുടരെ കളിക്കും 
ഇട്ടൂലി-പാത്തൂലി എവിടെ വരെ..?
തിരച്ചു പോം വരെ..?
***
(*) - ദി ആല്‍കെമിസ്റ്റ് വായനക്ക് ശേഷം..

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...