Showing posts with label 52. Show all posts
Showing posts with label 52. Show all posts

19 Jul 2013

കരിക്കിന്റെ ലഘു സംസ്ക്കരണം - പ്രകൃത്യാലുള്ള പായ്ക്കിംഗ്‌


ശ്രീകുമാർ പൊതുവാൾ
പ്രോസസ്സിംഗ്‌ എഞ്ചിനീയർ, നാളികേര വികസന ബോർഡ്‌, കൊച്ചി

പ്രകൃതിയുടെ അമൂല്യവരദാനമാണ്‌  പോഷക സമ്പൂർണ്ണമായ കരിക്കിൻ വെള്ളം. അനവധി ഔഷധഗുണങ്ങളുള്ള കരിക്കിൻവെള്ളം ആരോഗ്യദായക പാനീയമെന്ന നിലയിൽ അതിവേഗം ജനപ്രീതിയാർജ്ജിച്ചുവരുന്നു. ലോകമെമ്പാടും തന്നെ ലഘുപാനീയ വിപണിയുടെ ഗണ്യമായൊരു ഭാഗം കരിക്കിൻവെള്ളം കയ്യടക്കി കഴിഞ്ഞു.
കരിക്കിൻ വെള്ളത്തിൽ അവശ്യ ഇലക്ട്രൊലൈറ്റുകളും ഉയർന്ന തോതിൽ പൊട്ടാസ്യവും അടങ്ങിയിരിക്കുന്നതിനാൽ സ്പോർട്ട്സ്‌ ഡ്രിങ്ക്‌ എന്ന നിലയിലും പ്രിയമേറി വരികയാണ്‌. കാത്സ്യം, സോഡിയം, മഗ്നീഷ്യം, മാംഗനീസ്‌ തുടങ്ങിയ നിരവധി ധാതുക്കളും കരിക്കിൻ വെള്ളത്തിൽ അടങ്ങിയിരിക്കുന്നു. നിർജ്ജലീകരണത്തിനുള്ള ചികിത്സയിൽ കരിക്കിൻ വെള്ളം അതീവ ഫലപ്രദമാണ്‌.
കരിക്കിൻവെള്ളം നല്ലൊരു ആരോഗ്യദായക പാനീയമായതിനാൽ അതിന്റെ പ്രകൃത്യാലുള്ള രൂപത്തിൽതന്നെ ലഘുവായ തോതിൽ സംസ്ക്കരിച്ച്‌ വിപണിയിലെത്തിച്ചാൽ രാജ്യത്തിനകത്തും പുറത്തും ണല്ലോരു വിപണി കണ്ടെത്താവുന്നതാണ്‌. ലഘുവായി സംസ്ക്കരിച്ച കരിക്കിന്റെ ഉത്പാദനത്തിലേർപ്പെടുക വഴി കർഷകന്‌ വരുമാനത്തിലും ഗണ്യമായ വർദ്ധനയുണ്ടാക്കാൻ കഴിയും.
ലഘുവായി സംസ്ക്കരിച്ച കരിക്ക്‌ എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌ ഭാഗികമായി തൊണ്ട്‌ നീക്കം ചെയ്ത കരിക്കാണ്‌. കരിക്കിന്റെ തൊണ്ട്‌ ആകർഷകമായ രൂപം ലഭിക്കത്തക്കവിധം നീക്കം ചെയ്യുന്നു. അതിന്റെ പ്രകൃത്യാലുള്ള നിറം നഷ്ടപ്പെടാതെയിരിക്കാൻ പ്രത്യേക സംരക്ഷക ലായിനിയിൽ മുക്കിയെടുക്കുന്നു. പിന്നീട്‌, ഫുഡ്‌ ഗ്രേഡ്‌ ആവരണം കൊണ്ട്‌ പൊതിഞ്ഞ്‌ ലേബൽ നൽകി വിപണനം ചെയ്യുന്നു.
സംസ്ക്കരണ രീതി
ഇടത്തരം വലിപ്പമുള്ള കരിക്ക്‌ തെങ്ങിൽ നിന്ന്‌ ക്ഷതമൊന്നുമേൽക്കാത്ത രീതിയിൽ വിളവെടുക്കുന്നു. കരിക്ക്‌ കൈകാര്യം ചെയ്യുന്നതിൽ അതീവ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്‌. കരിക്കിൽ പൊട്ടലോ ചതവോ മറ്റോ ഏറ്റാൽ തൊണ്ട്‌ നീക്കം ചെയ്യുമ്പോൾ തവിട്ട്‌ നിറമുള്ള മുറിപ്പാടുകൾ അതിന്മേൽ കാണപ്പെടുന്നതാണ്‌. അത്തരം കരിക്കുകൾ ലഘുസംസ്ക്കരത്തിന്‌ അനുയോജ്യമല്ല.
7-8 മാസം പ്രായമുള്ള കരിക്കുകളാണ്‌ തെരഞ്ഞെടുക്കേണ്ടത്‌. നല്ല വായുസഞ്ചാരമുള്ള സ്ഥലത്തായിരിക്കണം ഇവ സൂക്ഷിക്കേണ്ടത്‌. തെരഞ്ഞെടുത്ത കരിക്കുകൾ ആവശ്യമുള്ള ആകൃതിയിൽ ചെത്തിയൊരുക്കുന്നു.
പിന്നീട്‌, പ്രത്യേകം തയ്യാറാക്കിയ ലായിനിയിൽ ചുരുങ്ങിയത്‌ 10 മിനിട്ടെങ്കിലും കരിക്ക്‌ മുക്കിവെയ്ക്കുന്നു. 15 മിനിട്ടിൽ കൂടുതൽ ലായനിയിൽ മുക്കിവെയ്ക്കരുത്‌. ലായനിയിൽ നിന്നും പുറത്തെടുത്ത കരിക്ക്‌ വായുവിൽ തുറന്നുവെച്ച്‌ ഈർപ്പമകറ്റിയെടുക്കണം. ചെറിയ ദ്വാരങ്ങളുള്ള സ്റ്റീൽ ട്രേ ഇതിനായി ഉപയോഗിക്കാം. പിന്നീട്‌, കരിക്ക്‌ നേരിയ ആവരണം കൊണ്ട്‌ പൊതിയുന്നു. നിറത്തിൽ മാറ്റം വല്ലതും വന്നിട്ടുണ്ടോ എന്ന്‌ പരിശോധിച്ചാണ്‌ ഗുണനിലവാരം നിശ്ചയിക്കുന്നത്‌. പൊതിഞ്ഞ നാളികേരം കാർട്ടണുകളിൽ പായ്ക്ക്‌ ചെയ്ത്‌ ക്ഷതമേൽക്കാത്തവിധം സൂക്ഷിക്കുന്നു. 10 ഡിഗ്രി സെന്റിഗ്രേഡ്‌ മുതൽ 12 ഡിഗ്രി സെന്റിഗ്രേഡ്‌ വരെ ശീതികരിച്ച അന്തരീക്ഷത്തിൽവേണം കരിക്ക്‌ സൂക്ഷിക്കേണ്ടത്‌.  കരിക്ക്‌ വിപണന കേന്ദ്രങ്ങളിലേക്ക്‌ കൊണ്ടുപോകുമ്പോഴും അതേ താപനിലയിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. വളരെ വൃത്തിയും ശുചിത്വവുമുള്ള രീതിയിൽ വേണം കരിക്ക്‌ കൈകാര്യം ചെയ്യേണ്ടത്‌. പ്രസ്തുത രീതിയിൽ സംസ്ക്കരിച്ച കരിക്ക്‌ അന്തരീക്ഷ താപനിലയിൽ 6 മുതൽ 8 ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാം, ശീതികരിച്ച അവസ്ഥയിൽ 30 മുതൽ 45 ദിവസം വരേയും.
ഘുവായി സംസ്ക്കരിച്ച കരിക്കിന്‌ നല്ല വിപണിയുണ്ട്‌. സൂപ്പർ മാളുകൾ, കേറ്ററിംഗ്‌ ഏജൻസികൾ, മുന്തിയ ഹോട്ടലുകൾ, ക്ലബ്ബുകൾ, റെസ്റ്റോറന്റുകൾ, ആശുപത്രികൾ തുടങ്ങിയയിടങ്ങളിലെല്ലാം ഇതിന്‌ വിപണന സാദ്ധ്യതയുണ്ട്‌. കേരളത്തിൽ പക്ഷേ, വളരെക്കുറച്ച്‌ യൂണിറ്റുകൾ മാത്രമേ ലഘുവായി സംസ്ക്കരിച്ച കരിക്ക്‌ ഉത്പാദിപ്പിക്കുന്നുള്ളൂ.
നാളികേര വികസന ബോർഡ്‌ ലഘുവായി സംസ്ക്കരിച്ച കരിക്ക്‌ ഉത്പാദനത്തിനുള്ള സാങ്കേതിക വിദ്യയും സാമ്പത്തിക സഹായവും നൽകുന്നുണ്ട്‌. ആലുവയിൽ വാഴക്കുളത്തുള്ള ബോർഡിന്റെ സാങ്കേതികവിദ്യ വികസന കേന്ദ്രത്തിൽ ലഘുവായി സംസ്ക്കരിച്ച കരിക്ക്‌ ഉത്പാദിപ്പിക്കുന്നതിന്‌ പരിശീലനം നൽകി വരുന്നു. കൂടുതൽ വിവരങ്ങൾക്ക്‌ 0484 2679680 എന്ന ഫോൺനമ്പറിൽ ബന്ധപ്പെടുക.

27 Apr 2013

കറണ്ട് പോയ കഥ

പ്രസാദ് വർഗീസ് 
കറണ്ട് എന്ന് പറഞ്ഞാല്‍ എന്താ അച്ചാ …?
അത് ഇലട്രിസിറ്റിയാ മോനെ …
അങ്ങനെ പറഞ്ഞാലൊന്നും എനിക്കറിയില്ല … തെളിച്ച് പറഞ്ഞ് താ …
പണ്ട് പണ്ട് … അച്ച്ചനൊക്കെ ചെറുതായിരുന്ന കാലത്തുണ്ടായിരുന്ന ഒരു സാധനമാ മോനെ ഈ ഇലട്രിസിറ്റി… അത് നമുക്ക് കാണാന്‍ കഴിയില്ല … പക്ഷെ അത് കൊണ്ട് നമുക്ക് ഒത്തിരി ഉപയോഗങ്ങള്‍ ഉണ്ടായിരുന്നു …
എന്ത് ഉപയോഗം …?
ഇന്നത്തെ പോലെ മെഴുക് തിരിയും ചൂട്ടും കത്തിച്ചല്ല അന്നൊക്കെ വെളിച്ചം കണ്ടിരുന്നത് … പകരം “സ്വിച്ച്” എന്ന് പറയുന്ന ഒരു സാധനം അമര്‍ത്തിയാല്‍ വെളിച്ചം കിട്ടുമായിരുന്നു …
ആണോ … വേറെ എന്തൊക്കെ പ്രയോജനങ്ങള്‍ ഉണ്ടായിരുന്നു …?
മോന്‍ തട്ടിന്‍ പുറത്ത് ഒന്ന് കയറി നോക്ക് … ആവിടെ കൂട്ടി ഇട്ടിരിക്കുന്ന സാധനങ്ങള്‍ എല്ലാം അന്ന് കറണ്ടില്‍ പ്രവര്‍ത്തിച്ചിരുന്നതാ… ടി വി , കമ്പ്യൂട്ടര്‍, വാഷിംഗ്‌ മിഷിന്‍, എ സി, മൊബൈല്‍ ഫോണ്‍ അങ്ങനെ ഒത്തിരി ഒത്തിരി …
ആ കറണ്ട് പിന്നെ എങ്ങനെയാ ഇല്ലാതായത് …?
മനുഷ്യന്‍ വനം വെട്ടി തെളിക്കുകയും കുന്നുകള്‍ ഇടിച്ച് നിരത്തുകയും ചെയ്തപ്പോള്‍ മഴ ഇല്ലാതായി … അപ്പോള്‍ സര്‍ക്കാര്‍ ആണവ പദ്ധതികളിലേക്ക് തിരിഞ്ഞു … അതിനെ സമരം ചെയ്ത് പൂട്ടിച്ചു …പിന്നെ സൌരോര്‍ജ പദ്ധതികള്‍ പരീക്ഷിച്ചു … സോളാര്‍ പാനലിന്റെയും ബാറ്ററിയുടെയും വില കുതിച്ച് ഉയര്‍ന്നതോടെ അതും സാധാരണ ജനങ്ങള്‍ക്ക് അപ്രാപ്യമായി …. അങ്ങനെ കറണ്ട് എന്നന്നേക്കുമായി അവസാനിച്ചു …
ഇനി ഒരിക്കലും വരില്ലേ …?
ഇനി വരും … ലോകം അവസാനിച്ച് ഒന്ന് കൂടി പുനര്‍ജനിക്കണം …
ങാ … സംസാരിച്ച് നില്‍ക്കാന്‍ സമയം ഇല്ല … ഷോപ്പിങ്ങിന് പോകാന്‍ ഉള്ളതാ …നീ വേഗം റെഡി ആക് …കാള വണ്ടിയുടെ ഡ്രൈവര്‍ ഇപ്പൊ വരും …
തിരികെ വരുമ്പോള്‍ ചിലപ്പൊ രാത്രി ആകും … അമ്മയോട് പറ രണ്ട് കെട്ട് ചൂട്ടും തീപ്പട്ടിയും കൂടി കരുതാന്‍ …….. !!

26 Mar 2013

അത്ര ഹൃദ്യമാകാനിടയില്ലാത്ത ചില ക്രിസ്തുമസ്‌, ഈസ്റ്റർ ചിന്തകൾ


      തോമസ്‌ പി.കൊടിയൻ

-എന്നാൽ ക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു;
    അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കെ, അവർ സഹവസിക്കുന്നതിനു മുമ്പ്‌ അവൾ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി കാണപ്പെട്ടു. അവളുടെ ഭർത്താവായ ജോസഫ്‌ നീതിമാനാകയാലും അവളെ അപമാനിതയാക്കാൻ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കുവാൻ തീരുമാനിച്ചു. അവൻ ഇതേക്കുറിച്ച്‌ ആലോചിച്ചുകൊണ്ടിരിക്കെ, കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട്‌ അവനോടു പറഞ്ഞു: "ദാവീദിന്റെ പുത്രനായ ജോസഫ്‌, മറിയത്തെ ഭാര്യയായി സ്വീകരിക്കുവാൻ ശങ്കിക്കേണ്ട. അവൾ ഗർഭം ധരിച്ചിരിക്കുന്നത്‌ പരിശുദ്ധാത്മാവിൽ നിന്നാണ്‌. അവൾ ഒരു പുത്രനെ പ്രസവിക്കും......." (മത്തായി:18-21)
    തുടർന്ന്‌, സുവിശേഷകൻമാരായ മത്തായിയും ലൂക്കായും എഴുതിയ സുവിശേഷങ്ങളിൽ ആ തിരുപ്പിറവിയെ നാം തിരിച്ചറിയുന്നത്‌ ഇപ്രകാരമാണ്‌.
    നിയമങ്ങൾ അനുസരിക്കുന്ന എളിയവനായ ഒരു പ്രജ, പൂർണ്ണഗർഭിണിയായ തന്റെ പ്രിയതമയെയും ചേർത്ത്‌ സേൻസസിൽ പേരു ചേർക്കുന്നതിന്‌ ദാവീദിന്റെ പട്ടണമായ ബെത്ലഹെമിലേക്കു പോവുകയായിരുന്നു. ലോകമാസകലമുള്ള ജനങ്ങൾ അവരുടെ പേര്‌ സർക്കാർ രേഖകളിൽ ചേർക്കണമെന്ന അഗസ്റ്റസ്‌ സീസറിന്റെ കൽപ്പനയനുസരിച്ചായിരുന്നു ആ യാത്ര. (അയാൾക്ക്‌ അവരി ൽ നിന്നെല്ലാം കപ്പം പിരിക്കേണ്ടതുണ്ടായിരുന്നു. ഇന്നത്തെപ്പോലെ തന്നെ....)
     അതീവസൗമ്യനായ അവനു പേർ ജോസഫ്‌ എന്നായിരുന്നു. വഴിയിൽ അവന്റെ ഇണയ്ക്ക്‌ പ്രസവവേദനയനുഭവപ്പെട്ടു. വീടുകളിലും സത്രങ്ങളിലും അങ്ങനെയൊരു കാര്യത്തിന്‌ ഇടം കിട്ടായ്കയാൽ അവർ ഒരു കാലിത്തൊഴുത്തിൽ അഭയം തേടി.
    ഇന്നും ക്രിസ്തുമസ്‌ രാവുകൾ, നമ്മെ ഈറ്റില്ലം തേടി നടന്ന ഒരു പാവം അമ്മയുടെയും, ആ അമ്മയുടെയും അവളുടെ ഉദരഫലമായ മറ്റൊരു പ്രാണന്റെയും കാവലാളായി നടന്ന ഒരു പിതാവിന്റെയും സാന്നിദ്ധ്യം അനുഭവിപ്പിക്കുന്നു.
    വൃശ്ചികമാസത്തിന്റെ സ്വാഭാവികതയായ തണുതണുത്ത രാവുകളിലൊന്ന്‌. നിശ്ശബ്ദതയുടെ കട്ടിയേറിയ ആവരണം. കളങ്കലേശമില്ലാത്ത കുഞ്ഞാടുകളുടെയും മുനിഞ്ഞുകത്തുന്ന എണ്ണവിളക്കുകളുടെയും സൗമ്യപ്രകാശം. അതിനുള്ളിലേക്ക്‌ വിണ്ണിൽ നിന്നും ആ നക്ഷത്രം അടർന്നുവീണു. ദൈവത്തിന്റെ പ്രിയപുത്രൻ. മാനവരാശിയുടെ മഹാസന്തോഷം!
    പിറവിയുടെ വേദനയിൽ ആ നക്ഷത്രം അതിന്റെ മനുഷ്യമാതാവിനെ നോക്കി കരഞ്ഞുവോ? തന്റെ ഇണയായി വന്നുചേർന്ന പെണ്ണിനു മാനക്ഷതം വരാതിരിക്കുന്നതിനു വേണ്ടി അവളെയും അവളുടെ കടിഞ്ഞൂൽക്കനിയേയും പ്രാണനും മേലെ തന്നോടു ചേർത്തുനിർത്തി ക്ലേശഭരിതമായേക്കാവുന്ന ഒരു ജീവിതത്തിനു തീരുമാനമെടുത്ത മനുഷ്യപിതാവിനെ നോക്കി നിറഞ്ഞ നന്ദിയോടെ ചിരിച്ചുവോ? അറിയില്ല. എന്തായാലും മണ്ണിന്റെയും വിണ്ണിന്റെയും മഹാസന്തോഷം പഞ്ചഭൂതങ്ങളിൽപ്പിറന്ന്‌ കൈകാലുകൾ ഇളക്കി കളിക്കുന്നത്‌ കുഞ്ഞിന്റെ മാതാപിതാക്കൾക്കു ശേഷം ആദ്യം കണ്ടത്‌ ആ കുഞ്ഞ്‌ പിറവിയെടുത്ത കാലിത്തൊഴുത്തിലെ നിശ്ശബ്ദജീവികളായിരുന്നു.
    കവികൾ ആ രാത്രിയെ ശാന്തരാത്രിയെന്നും തിരുരാത്രിയെന്നും വിളിച്ചു. ദൈവദൂതൻ ആട്ടിടയരെ ഉണർത്തി ആ തിരുപ്പിറവിയുടെ ദിവ്യസന്ദേശമറിയിച്ചതു കൊട്ടാരക്കെട്ടിനകത്തേക്കുള്ള വഴിയറിയാഞ്ഞിട്ടാവുകയില്ല. ഹെറോദാവും അഗസ്റ്റസ്‌ സീസറും വിളിപ്പാടകലെ കിടന്നുറങ്ങുമ്പോൾ അക്ഷരജ്ഞാനത്തിന്റെ കാപട്യമില്ലാത്ത നാടൻജന്മങ്ങളെ തിരഞ്ഞെടുത്തുണർത്തിയത്‌, മനുഷ്യജന്മങ്ങളുടെ ഉൾപ്പൊരുളുറങ്ങുന്നത്‌ എളിമയിൽ മാത്രമാണെന്ന തിരിച്ചറിവുകൊണ്ടായിരിക്കാം.
    കാലം, ദൈവപുത്രന്റെ ജനനം നിഷ്കളങ്കതകൾ കൊണ്ട്‌ അടയാളപ്പെടുത്തുകയായിരുന്നു. എളിയവയുടെയും എളിയ ജന്മങ്ങളുടെയും മഹത്വം വിളിച്ചുപറയുകയായിരുന്നു. നിഷ്കളങ്കതകളിൽ ദൈവം എങ്ങനെ വ്യാപരിക്കുന്നുവേന്ന്‌ മനുഷ്യസമൂഹത്തെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു.
    എന്നിട്ടും നാം എളിമയെക്കുറിച്ചു വല്ലതും പഠിച്ചുവോ, വലിമയെക്കുറിച്ചല്ലാതെ? സംശയം. നാം
നിസ്സാരമായ ചിലചിലസംഗതികൾക്കുവേണ്ടി നിരന്തരം പോരടിച്ചുകൊണ്ടേയിരിക്കുന്നുണ്ട്‌, ഞാനാണു വലിയവനെന്നു സ്ഥാപിക്കുവാൻ!
     ഞായറാഴ്ച ദിവസം അയൽക്കാരനോടു ലഹളകൂടിക്കൊണ്ടിരുന്ന ഒരു ക്രിസ്ത്യാനി കുർബ്ബാനയ്ക്കു സമയമായപ്പോൾ "ബാക്കി ഞാൻ വന്നിട്ടു പറയാമെടാ" എന്നു വെല്ലുവിളിച്ചുകൊണ്ടു കുർബ്ബാനയ്ക്കു പോകുന്നതിലെ അന്തഃസാരശൂന്യത നമുക്കിന്നും കൂട്ടാവുന്നു. നിന്റെ സഹോദരന്റെ പാദം കഴുകുന്നില്ലെങ്കിൽ നീയെനിക്കു പ്രിയപ്പെട്ടവനാകുന്നില്ലെന്നും, നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിപ്പിൻ എന്നും, മാലാഖമാരുടെ ഭാഷയറിഞ്ഞാലും മാലാഖമാരൊത്തു ജീവിച്ചാലും സ്നേഹമില്ലെങ്കിൽ അതൊക്കെ അർത്ഥശൂന്യമെന്നും തിരുമൊഴിയായവന്റെ അരുൾമൊഴികൾ ബൈബിളിലിരുന്ന്‌ ഇരട്ടവാലൻ പഠിച്ചു തീർക്കുന്നു. ഇരട്ടവാലന്റയൊരു ഭാഗ്യം!
    ചില മനുഷ്യർക്ക്‌ ആ അരുളപ്പാടുകൾ വാചകക്കസർത്തിനും വയറ്റുപിഴപ്പിനും ഉപാധിയാവുന്നു. പൊതുസ്ഥലങ്ങളിലും മേടകളിലും നിന്ന്‌ അവർ ഇപ്പോഴും അവ വിറ്റു കാശാക്കുന്നുണ്ട്‌. ക്രിസ്തു ജനിച്ചില്ലായിരുന്നുവേങ്കിൽ പട്ടിണികിടക്കുകയോ കൂലിപ്പണിക്കുപോകേണ്ടിവരികയോ ചെയ്യേണ്ടിവരുമായിരുന്ന ചില വിരുതന്മാർ!
    ക്രിസ്തു ജനിച്ചതു ഒരു പുൽക്കൂട്ടിലായിരുന്നു.....
    മറ്റു ചിലർ അരക്കിലോയിലധികം വരുന്ന സ്വർണ്ണമാലയിലും അംശവടിയിലും, സാമാന്യജനത്തെ ഭയപ്പെടുത്തുന്നതിനായി കണ്ണഞ്ചിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതായ നെടുങ്കൻ കുപ്പായങ്ങളിലും അമ്പരപ്പിക്കുന്ന മണിമേടകളിലും കോടികളുടെ വാഹനങ്ങളിലും സസുഖം വാണരുളുന്നു. അവിടെയിരുന്ന്‌ കൽപ്പനകൾ പുറപ്പെടുവിക്കുന്നു. ഇലക്ഷനുകളിൽ സ്വസമുദായത്തിന്റെ മസിൽ പെരുപ്പിച്ചുകാട്ടിയും കണ്ണുരുട്ടിക്കാട്ടിയും ഉദ്ദിഷ്ടകാര്യങ്ങളെ ചൊൽപ്പടിയിലാക്കുന്നു. (എല്ലാവരുമെന്നല്ല ഇതിനർത്ഥം. ഇവർക്കിടയിലും മനുഷ്യസ്നേഹികളും സമൂഹത്തോടു പ്രതിബദ്ധതയുള്ളവരും, എനിക്കൊരിക്കലും അപ്രാപ്യമായ മാനസിക വിശുദ്ധിയുമുള്ള അനേകം നേതാക്കളുണ്ട്‌.)
    ക്രിസ്തുവിന്‌ രാഷ്ട്രീയമുണ്ടായിരുന്നോ? അറിഞ്ഞിടത്തോളം, എല്ലാക്കാലങ്ങളിലും അവൻ ചന്തസ്ഥലങ്ങളിലും സാമാന്യജനങ്ങൾക്കിടയിലുമായിരുന്നു. അവൻ സൗമ്യോദാരമായ ചോദ്യങ്ങൾ ചോദിക്കുകയും, സാമാന്യജനങ്ങളെ ജീവിതം എന്തല്ല എന്നു പഠിപ്പിക്കുന്നതിനായി അഴകും അർത്ഥവുമുള്ള കഥകളും ഉപമകളും പറഞ്ഞുകൊണ്ട്‌ കടൽക്കരയിലും മലമുകളിലും ഇരിക്കുന്നതുമായിട്ടാണ്‌ കാണപ്പെടുന്നത്‌.  അടിച്ചു തകർക്കപ്പെടുവാൻ വേണ്ടി മാത്രമായിരുന്നു അവൻ കൊട്ടാരക്കെട്ടിലേക്ക്‌ ആട്ടിത്തെളിക്കപ്പെട്ടത്‌.
    ക്രിസ്തു ജനിച്ചതു പുൽക്കൂട്ടിലായിരുന്നു.....
    ഇനിയും ചിലരുണ്ട്‌. ചില സന്യാസികൾ. കാവി വസ്ത്രങ്ങളിൽ, കഴുത്തിൽ മരക്കുരിശുമായി ചിലർ. അവർ നഗ്നപാദരായി നടക്കുന്നു. ചില സന്യാസിനിമാരുണ്ട്‌. സിസ്റ്റേഴ്സ്‌ ഓഫ്‌ ചാരിറ്റി പോലുള്ള സംഘടനകളിലെ അംഗങ്ങൾ. അവർ അടുത്തുനിൽക്കുമ്പോൾ എനിക്ക്‌ ക്രിസ്തുവിനെ തോന്നും. ക്രിസ്തുവിനെ എനിക്കു ശ്വസിക്കുവാൻ സാധിക്കും. അവർ അധികം സംസാരിക്കാറില്ല. അവർ പ്രവർത്തിക്കുന്നു. പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു. പ്രസംഗം അവരുടെ കലയല്ല. അവരുടെ പ്രവൃത്തിയല്ല. അവർക്കതിനു സമയവുമില്ല. എന്തിന്‌, നല്ലതുപോലൊന്നണിഞ്ഞൊരുങ്ങാൻ പോലും അവർക്കു സമയമില്ല. ക്രിസ്തു അവരിലൂടെ സഞ്ചരിക്കുന്നു. തലമുറകളിൽ നിന്നും തലമുറകളിലൂടെ അവൻ അവരിലൂടെ മരണമില്ലാത്തവനായി സഞ്ചരിക്കുന്നു. അവർ വ്യഥിതരെയും പതിതരെയും അടുത്തറിയുന്നു. അവരോടൊത്തു ജീവിക്കുന്നു. ക്രിസ്തു ജനിച്ചതു ഒരു പുൽക്കൂട്ടിലായിരുന്നു എന്ന്‌ അവർ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്‌, അവരുടെ പ്രവൃത്തികളിലൂടെയും ചിന്തകളിലൂടെയും നിരന്തരം...
    എല്ലാ മതങ്ങളിലും നന്മയുടെ വിശുദ്ധഗന്ധം പ്രാണനോളം പ്രിയപ്പെട്ടതായി കൊണ്ടു നടക്കുന്ന  എത്രയോ എത്രയോ പേർ വേറെയുമുണ്ട്‌.
    മൂലമറ്റത്തുള്ള ഒരു കപ്പൂച്ചിയൻ പുരോഹിതൻ തന്റെ ആശ്രമത്തിലെ അന്തേവാസികളെ 'എന്റെ മക്കളേ' എന്നുവിളിക്കുമ്പോൾ അവിടെ ഒരു പുൽക്കൂടു പിറക്കുന്നത്‌ ഞാനറിഞ്ഞതാണ്‌. ആ പുരോഹിതന്റെ ചിരിയും ആ കുഞ്ഞുമക്കളുടെ തിരിച്ചുള്ള മുഖപ്രകാശനങ്ങളും എനിക്കിന്നും കാണാപ്പാഠമാണ്‌. അപ്രകാരമുള്ള ആശ്രമങ്ങളും സേവനങ്ങളുമായി അവരും അവരെപ്പോലുള്ളവരും നമ്മുടെ ഈ ഭൂമിയിൽത്തന്നെയുണ്ട്‌. ആരവങ്ങളില്ലാതെ. തിരച്ചൊന്നും കൊതിക്കാതെ അവരങ്ങനെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നതുകൊണ്ടാവാം നമ്മളിങ്ങനെ സുഖമായി കഴിഞ്ഞുപോവുന്നത്‌. ഭൂമി ഇനിയും ഒരൊറ്റ ഭൂകമ്പത്തിൽ തകർന്നുടഞ്ഞുപോകാത്തത്‌.
    ഇതു ക്രിസ്ത്യൻ പുരോഹിതർക്കിടയിലെ മാത്രം തിരിച്ചുവ്യത്യാസങ്ങളല്ല. എല്ലാ മതവിഭാഗങ്ങളിലും ഇത്‌ ഇപ്രകാരമൊക്കെത്തന്നെ നിലനിൽക്കുന്നുണ്ട്‌. എല്ലായിടങ്ങളിലും നന്മകളുമുണ്ട്‌. നന്മനിറഞ്ഞവരുമുണ്ട്‌.
    പറഞ്ഞുവരുന്നത്‌ കമ്പോളവത്കരിക്കപ്പെട്ട ക്രിസ്തുമസ്സിനെക്കുറിച്ചാണ്‌. തൊടിയിടകളിൽ
നിന്നും വെട്ടിക്കൊണ്ടുവന്ന വേലിപ്പത്തലുകളിൽ ഉയിർക്കൊണ്ടിരുന്ന പുൽക്കൂടുകളിൽ നിന്നും പാതിരാത്രികളിൽ അയൽവീടുകളിലേക്കു നടത്തിയ ആ യാത്രകളോളം നിഷ്കളങ്കമായ യാത്രകൾ പിന്നെ നടത്തിയിട്ടില്ല. അത്രയ്ക്കങ്ങ്‌ ഉള്ളുണർന്നു പാടിയിട്ടുമില്ല.
"അല്ലൽപ്പാതിര നേരത്ത്‌.... പുല്ലിൻമേലൊരു പൊന്നുണ്ണി
ഹല്ലേലുയ്യ പാടുക..... ആനന്ദം കൊണ്ടാടുക...."
    ഇപ്പോൾ പണ്ടത്തെ ആ പുൽക്കുടുകൾ പോയി തൽസ്ഥാനത്ത്‌ ഇൻസ്റ്റന്റ്‌ പുൽക്കൂടുകൾ വന്നു. പിളർക്കപ്പെടുന്ന വേദനയിൽ മനംനൊന്തു കരഞ്ഞ ഈറ കൂട്ടിയോജിപ്പിക്കപ്പെട്ടപ്പോൾ നക്ഷത്രമായിപ്പരിണമിച്ചപ്പോൾ ചിരിച്ചിരുന്ന ചിരി ഇന്ന്‌ ഫാക്ടറികൾ നിർമ്മിച്ചിറക്കുന്ന കടലാസ്‌ നക്ഷത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നു. കുഞ്ഞുങ്ങൾക്കു നഷ്ടപ്പെട്ട ഒരു ക്രിയേറ്റിവിറ്റി....
    ഇപ്പോൾ, കരോളുകൾ പിരിവുകൾക്കുള്ള ഒരു ഉപാധിയാണ്‌.  അത്‌ പള്ളിയിൽ നിന്നായാലും ക്ലബ്ബുകളിൽ നിന്നായാലും അങ്ങനെ തന്നെയാണ്‌. അതോടെ ആ കരോളിന്റെ ലാളിത്യം നഷ്ടപ്പെടുന്നു, സാംഗത്യം നഷ്ടപ്പെടുന്നു, അതിന്റെ സന്തോഷം നഷ്ടപ്പെടുന്നു....ലോകത്തിനൊരു നയാപ്പൈസ ചിലവില്ലാതിരുന്ന ഒരു തിരുപ്പിറവി എപ്രകാരമാണ്‌ ഇപ്രകാരമായതെന്ന്‌ അറിയില്ല.
    പിരിവുകളില്ലാത്ത, ആ തിരുജനനത്തിന്റെ സന്തോഷം മാത്രം തരുന്ന ഒരു കരോളുമായി, കൈയിലൊരു നാരങ്ങ മിഠായിയെങ്കിലുമായി  ഒരു ക്രിസ്തുമസ്സ്‌അപ്പൂപ്പൻ വീടിന്റെ പടികടന്നുവന്നെങ്കിലെന്ന്‌ ഒരു കൊതി....
    

വിശേഷദിവസങ്ങൾ കമ്പോളക്കാരും ചാനലുകരും പങ്കിട്ടുകഴിഞ്ഞു. പണവുമായി കമ്പോളത്തിൽ ചെല്ലേണ്ടതേയുള്ളു. അവിടെ എന്തും കിട്ടും റെഡിമെയ്ഡ്‌ ക്രിസ്തുമസ്സ്‌, ഈസ്റ്റർ, ഓണം, വിഷു... എല്ലാം.... ആ വിപണികളിൽ ക്രിസ്തുമസ്സ്‌ കേക്കുകൾ വേവുന്നുണ്ട്‌. ആശംസാക്കാർഡുകളുണ്ട്‌, നക്ഷത്രങ്ങളുണ്ട്‌,  ബഹുരൂപികളും വർണ്ണാങ്കിതരുമായ ഉണ്ണികളും അമ്മമറിയമാരും യൗസേപ്പുപിതാക്കളുമുണ്ട്‌...
    പിന്നെ, എല്ലാറ്റിനുമുപരിയായി 'നീയില്ലെങ്കിലെനിക്കെന്താഘോഷമെന്ന' ആ മോഹൻലാൽച്ചോദ്യവുമായി  കേരളാ ബിവറേജസ്‌ കോർപ്പറേഷനുമുണ്ട്‌...
    ഇനിയുമൊന്നുണ്ട്‌; ക്രിസ്തുവിന്റെ തിരുപ്പിറവിക്കു സാക്ഷ്യം വഹിച്ച ആ നിശ്ശബ്ദ ജന്മങ്ങൾ ഇത്ര ഏറിയ അളവിൽ കുരുതി ചെയ്യപ്പെടുന്ന ഒരു കാലം വേറെയേതാണ്‌?
    സമാനമായ പരിതോവസ്ഥകളിൽത്തന്നെ ഒരു ഈസ്റ്റർ കൂടി വരുന്നു. ഗത്സെമനയിൽ താൻ അനുഭവിക്കേണ്ട പ്രാണവേദനകളെയോർത്തു രക്തം വിയർത്തവന്റെ, താൻ ഏകനല്ലെന്നു സ്വയം ബോദ്ധ്യപ്പെടുത്തുന്നതിനുവേണ്ടി തന്നോടൊപ്പം ഉണർന്നിരുന്നു തന്റെ പ്രാർത്ഥനയിലെങ്കിലും പങ്കാളികളാകണമേയെന്നു ശിഷ്യരോടു സഹായം ചോദിച്ച  പെസഹാകുഞ്ഞാടിന്റെ സഹതാപാർഹമായ ഏകാകിതയുടെ ഭയാനകത ആരുമറിഞ്ഞില്ല. ശിഷ്യർ ഉറങ്ങിപ്പോയി. അവർക്കു മുന്നിൽ വന്ന്‌ അവൻ തന്റെ വ്യസനം പങ്കുവയ്ക്കുകയും ചെയ്തു. എന്നിട്ടും അവർ ഉറങ്ങിപ്പോയി.
    ഏറെത്താമസിയാതെ തലയോട്ടിമലയിൽ, അറുക്കപ്പെടുന്നതിന്റെ വേദനയിൽ അവൻ ഉറക്കെ നിലവിളിക്കുന്നതും കേട്ടു....
    പുൽക്കൂട്ടിൽ ജനിച്ചവൻ മലമുകളിൽ മരിച്ചു. ലോകത്തിന്റെ നെറുകയിൽ....
     ഇത്‌, അവന്റെ ഓർമ്മകളിൽ മധുരപലഹാരക്കടകളിൽ കുരിശുറൊട്ടികൾ വേവുന്ന കാലം. ലാഭത്തിനു വിൽക്കപ്പെടേണ്ടതിന്‌.
    പൊള്ളാച്ചിയിലും പുതുക്കോട്ടയിലും പട്ടുക്കോട്ടയിലും ഈസ്റ്ററിന്‌ അറുക്കപ്പെടേണ്ട മാടുകളുടെ വിലപേശലുകളുടെ രക്തഗന്ധം അതിരുകൾ താണ്ടി വരുന്നു.
    കമ്പോളവത്കരിക്കപ്പെട്ട ബലികളുടെയും ത്യാഗങ്ങളുടെയും  ആഘോഷങ്ങളല്ലേ നമുക്കുചുറ്റും പലവിധത്തിൽ.... മതത്തിൽ മാത്രമല്ല.....

23 Feb 2013

ഹരി

ഡോ. പി.എം..ആലങ്കോട് 


നജീബ് തന്റെ മുറിക്കകത്ത് കടന്നു, പതുക്കെ വാതില്‍ ചാരിവെച്ചു. അവിടമാകെ പരിമളം പരന്നിരിക്കുന്നു ഒരു ഹൂറിയെപ്പോലെ സുന്ദരിയായ തന്റെ പുതുമണവാട്ടിയുടെ സാമീപ്യം വിളിച്ചറിയിച്ചുകൊണ്ട്.
കട്ടിലില്‍ ഇരിക്കുകയായിരുന്ന മൈമുന നജീബിനെക്കണ്ടതും എഴുന്നേറ്റു നിന്നു.അടുത്തുപോയി, അവളുടെ തോളില്‍ ഒരു കൈ വെച്ചു, മറ്റേ കൈകൊണ്ടു മുഖം പിടിച്ചുയര്‍ത്തി, സുറുമയെഴുതിയ അഴകാര്‍ന്ന നയനങ്ങളില്‍ നോക്കിക്കൊണ്ട് ചോദിച്ചു:
‘ന്റെ മൈമുനാ, ന്നോട് ക്ഷമിക്കൂലെ?’
മൈമുന നിമിഷനേരത്തേക്ക് ഒന്നും ഉരിയാടിയില്ല. പിന്നീട് അവളുടെ വിറയാര്‍ന്ന ചെഞ്ചുണ്ടുകളില്‍ നിന്നും വാക്കുകള്‍ പുറത്തു വന്നു:
‘പൊറുക്കേണ്ടത് ങ്ങടെ ഇക്കേല്ലേ, പിന്നെ പടച്ചോനും?’
നജീബ്, അതെ എന്നര്‍ത്ഥത്തില്‍ തലയാട്ടി. അയാള്‍ വളരെ പാശ്ചാത്താപവിവശനായി കാണപ്പെട്ടു. ഒരു ദുര്‍ബലനിമിഷത്തില്‍നജീബ് തന്റെ ഇക്കയെ തെറ്റിദ്ധരിച്ചു. അതിനെല്ലാം കാരണം ആ നശിച്ച ഉമ്മാച്ചുമ്മയാണ്. അവരുടെ സ്വഭാവം നല്ലപോലെ അറിയാം. ഇവിടെയുള്ളത് അവിടെ പറയും; അവിടെനടന്നത് മുഴുവന്‍ ഇവിടെ പറയും മാത്രമോ അതൊക്കെ പൊടിപ്പും തൊങ്ങലുമൊക്കെ വെച്ചുകൊണ്ടായിരിക്കുകയും ചെയ്യും. ഓരോ ജന്മങ്ങള്‍ അങ്ങനെ. നജീബിന് അരിശം വന്നു. അതോടുകൂടി വിചാരം തന്നിലേക്ക് തിരിച്ചുവന്നു. അതെ, തന്നെവേണം പറയാന്‍ മണ്ടന്‍, തിരുമണ്ടന്‍. വിദ്യാസന്ബന്നനെന്നു പറഞ്ഞിട്ടെന്തു കാര്യം? അയാള്‍ സ്വയം കുറ്റപ്പെടുത്തി. തന്നോളം വിദ്യാഭ്യാസം ഇക്കക്കില്ല.
മൈമുനയുമായി ചിരിച്ചുകൊണ്ട് വര്‍ത്തമാനം പറയുന്ന സലിമിനെ ദൂരെനിന്നു കണ്ടിരുന്നു.സീനത്ത് മന്‌സിലിന്റെ വീടിന്റെ ഉമ്മറത്ത, നിറഞ്ഞ വെളിച്ചത്തില്‍ മൈമുന പൊട്ടിപ്പൊട്ടി ചിരിക്കുന്നു! അവിടെ എത്തുന്നതിനു മുമ്പായിത്തന്നെ ആ നശിച്ച ഉമ്മ ഓടിവന്നു വിഷം കുത്തിവെച്ചു.
‘മോനെ നജീബെ, ജ്ജ് ഇപ്പഴാണാ ബര്ണത്? ന്റെ റബ്ബേ. അബടെ കണ്ടാ, ജ്ജ് ഇല്ലാത്തപ്പ…….’
മധുവിധുവിന്റെ മാസ്മരലഹരി അയവിറക്കിക്കൊണ്ട് വരികയായിരുന്ന നജീബിന്റെ രക്തം പെട്ടെന്ന് തിളച്ചു. അത് സലിമിനോട് തികച്ചും നീരസത്തോടെ സംസാരിക്കാന്‍ ഇടയാക്കുകയാണ്ണ്ടായിരുന്നത്.
‘ന്റെ നജീബെ, നീ എന്താ….കുടിച്ചിരിക്ക്ണാ?’ പുതുമാരനെ കാണാതെ വിഷമിച്ചിരിക്കുന്ന മൈമുന എന്ന അനിയത്തിക്കുട്ടിയെ സമാധാനിപ്പിക്കാന്‍ കുറച്ചുനേരം തമാശകള്‍ പറയുകയായിരുന്നു എന്നും മറ്റും അതിന്റേതായ രീതിയില്‍ സലിം പറഞ്ഞപ്പോളാണ് നജീബിന് തലയ്ക്കു വെളിവ് വീഴുന്നത്.
ഇല്ലിക്കാ, ഞാന്‍ കുടിച്ചിരുന്നില്ല. എന്നാല്‍ അതിനേക്കാള്‍ വലിയഒരു ലഹരി തലയ്ക്കു പിടിച്ചിരിക്കയായിരുന്നു പുതുമണവാട്ടിയെന്ന ലഹരി. അതിന്റെകൂടെ ആ നശിച്ച…. ഛെ, വളരെ മോശമായിപ്പോയി. ഇക്കയോട് മാപ്പ് ചോദിച്ചു. ആ നല്ല മനുഷ്യന് തന്നോട് ഒരു വിരോധവുമില്ല. അതങ്ങനെയാണ്. താന്‍ ഇക്കയുടെ മുമ്പില്‍ എത്രയോ ചെറിയവന്‍ എട്ടും പൊട്ടും തിരിച്ചരിയാത്തവന്‍. തമ്മില്‍ രണ്ടുവയസ്സിന്റെ വ്യത്യാസമേ ഉള്ളൂ എന്നതുകൊണ്ടോ എന്തോ,ഒരു സുഹൃത്തിനെപ്പോലെ പേരും, പലപ്പോഴും ഇക്ക എന്നും താന്‍ വിളിക്കുന്ന ഒരു ശുദ്ധഹൃദയന്‍….നജീബിന്റെ ഹൃദയം വല്ലാതെ വേദനിച്ചു.
വീണ്ടുവിചാരമില്ലാതെ, എടുത്തുചാട്ടംകൊണ്ട്, അനിഷ്ടകാര്യങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. എടാ വിവരമില്ലതവനെ, ഈ വിവരം ഇക്കതന്നെ നിന്നോട് എത്ര പ്രാവശ്യം പല സന്ദര്‍ഭങ്ങളിലായി സൂചിപ്പിച്ചിട്ടില്ല? അയാള്‍ സ്വയം ചോദിച്ചു.
‘ഇക്ക ക്ഷമിച്ചു, ഇനി നീ ക്ഷമിച്ചൂന്നു പറ ന്റെ കരളേ’, നജീബ് ഒരുവിധം പറഞ്ഞൊപ്പിച്ചു. മൈമുന പുത്യാപ്ലയുടെ നെഞ്ചില്‍ മുഖമമര്ത്തിക്കൊണ്ട് തേങ്ങി. അവള്‍ മുഖമുയര്ത്തിക്കൊണ്ട്, നജീബിന്റെ മുഖത്തുനോക്കി ചോദിക്കുകതന്നെ ചെയ്തു:
‘ഇത്രേം കാലായിട്ടും ങ്ങക്ക് ഇക്കേനെ മനസ്സിലായില്ല. അപ്പഴ് ഇന്നലെ മിനിഞ്ഞാന്ന് ബന്ന എന്നേങ്ങനെ മനസ്സിലാകും, ബിശ്വസിക്കും?’
നജീബ് ആ വാക്കുകളുടെ ആന്തരാര്‍ത്ഥം മനസ്സിലാക്കി, ഒന്ന് പകച്ചുപോയി. പിന്നീട്, തന്റെ പ്രേയസിയെ സ്‌നേഹപൂര്‍വ്വം ഒന്നുകൂടി തന്നിലേക്ക് ചേര്‍ത്തുപിടിച്ചു; സ്വപ്നത്തിലെന്നപോലെ പുലമ്പി മനസ്സിലാകും, എനിക്കെല്ലാം മനസ്സിലാകും എന്റെ പൊന്നേ.
പരിസരബോധമുണ്ടായതുപോലെ നജീബ് പെട്ടെന്ന് വാതിലിനടുത്തേക്ക് നടന്നു. ചാരിയിട്ടിരുന്ന വാതില്‍ ശരിക്കടച്ചു. എന്നിട്ട്, മൈമുനയെനോക്കി. അവളുടെയും അതുവരെയുണ്ടായിരുന്ന മൂഡു മാറിത്തുടങ്ങിയിരിക്കുന്നു. അപ്പോള്‍, അയാള്‍ പെട്ടെന്നോര്‍മ്മ വന്നൊരു പഴയ ഗാനം ഒരു കള്ളച്ചിരിയോടെ പാടി:
ലഹരീ, ലഹരീ, ലഹരീ
ലാസ്യ ലഹരീ, ലാവണ്യ ലഹരീ
ലഹരി ലഹരി ലഹരി……
മൈമുന എല്ലാം മറന്നു ചിരിച്ചുതുടങ്ങി. അതെ, ലഹരിമയം! അവള്‍ യാന്ത്രികമായി മുന്നോട്ടുനീങ്ങി, തന്റെ മാരന്‍ നീട്ടിയ കരങ്ങളില്‍ ഒതുങ്ങി…………

24 Jan 2013

ഇവിടെ കരിക്കിന്‌ വില 90 രൂപ



രങ്കു കെ.എച്ച്‌

ചൈതന്യ സെന്ററിലെ കാർഷിക പ്രദർശന മേളയിൽ പങ്കെടുക്കാൻ കോട്ടയത്ത്‌ എത്തിയപ്പോഴാണ്‌ കരിക്കിൻ ഷേയ്ക്കിനെക്കുറിച്ചു കേൾക്കുന്നത്‌. സൗദി ഷേയ്ക്കും, ഷാർജ ഷേയ്ക്കും, ചോക്കലേറ്റ്‌ ഷേയ്ക്കും അരങ്ങു വാഴുന്ന കേരളത്തിൽ കരിക്കിൻ ഷേയ്ക്ക്‌, കേട്ടപ്പോൾ അത്‌  ഒരു കൗതുകമായിരുന്നു. ആ കൗതുകം എനിക്കു മാത്രമല്ല അവിടെ വന്ന ജനങ്ങൾക്കും ഉണ്ടായതു കൊണ്ടു കരിക്കിൻ ഷേയ്ക്കിനായി അൽപം കാത്തു നിൽക്കേണ്ടി വന്നു. കാത്തു നിൽപ്പുകൾക്കൊടുവിൽ ഒരു ഗ്ലാസിൽ കരിക്കിൻ ഷേയ്ക്കുമായി  സപ്ലൈർ വനിത വന്നു. ഒരു തുള്ളി പോലും ബാക്കി വെയ്ക്കാതെ മുഴുവനും അകത്താക്കിയപ്പോൾ അതു വരെ ഉണ്ടായിരുന്ന ക്ഷീണം പമ്പ കടന്നു. ഷേയ്ക്കും കുടിച്ച്‌ കയ്യും വീശീ അൽപദൂരം മുന്നോട്ടു നടന്നപ്പോഴാണ,​‍്‌ മനസ്സിന്റെ  പിൻവിളി. കരിക്കിൻ ഷേയ്ക്കിനെ കുറിച്ചു കൂടുതൽ അറിയണം, മനസ്സു പറഞ്ഞതിനോടു എതിർത്തു നിൽക്കുവാൻ ശരീരത്തിന്‌ ആയില്ല. പിന്നീടുള്ള നടപ്പ്‌ കോട്ടയം സോഷ്യൽ സർവ്വീസ്‌ സോസൈറ്റിയുടെ സ്റ്റാളിലേക്കായിരുന്നു. വിൽക്കുന്നവരുടെയും വാങ്ങുന്നവരുടെയും ഇടയിലൂടെ തിക്കിതിരക്കി അനുവാദം വാങ്ങാതെ സ്റ്റാളിന്റെ അകത്തു കടന്നു. കരിക്കിൻ ഷേയ്ക്കിന്റെ ഉപജ്ഞാതാവ്‌ സിബി എന്ന വിളിപ്പേരുള്ള ജോസഫിനെ പരിചയപ്പെട്ടു.  
 സംസാരിച്ചു തുടങ്ങി മിനിറ്റുകൾ കഴിയും മുമ്പെ ഒന്നെനിക്കു മനസിലായി ഇയാൾ തെങ്ങിനെ ഏറെ സ്നേഹിക്കുന്ന ഒരു കർഷകനാണ്‌. എന്റെ മനസ്സ്‌ വായിച്ചെടുത്തതുപ്പോലെ സിബി പറഞ്ഞു. അതെ, അഞ്ചു വർഷമായി ഞാൻ തെങ്ങിൻ മേഖലയിൽ പ്രവർത്തിക്കുന്നു. ആരംഭം കരിക്കിൻ കച്ചവടത്തിൽ നിന്നായിരുന്നു, അവിടെ നിന്നാണ്‌ നാളികേര വികസന ബോർഡിനെക്കുറിച്ചു അറിയുന്നത്‌, അങ്ങനെ ചങ്ങാതിക്കൂട്ടം പരിശീലനത്തിലൂടെ തെങ്ങിന്റെ ചങ്ങാതിയായി, തുടർന്നാണ്‌ അധികം പണം മുടക്കാതെ കരിക്കിൽ നിന്ന്‌ മൂല്യ വർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുവാൻ തുടങ്ങിയത്‌. കരിക്കും നാരങ്ങയും ചേർന്ന ജ്യൂസ്‌, കരിക്കിൻ ഷേയ്ക്ക്‌ ഇതെല്ലാം തന്റെ വിജയം വരിച്ച കണ്ടുപിടുത്തങ്ങളുടെ ഭാഗമാണ്‌. സോഫ്റ്റ്‌ ഡ്രിങ്കുകൾക്കു പുറകെ പോകുന്ന കൗമാരങ്ങളെ രക്ഷിക്കുവാൻ കരിക്കു കൊണ്ടു മാത്രമെ സാധിക്കു, എന്നു വിശ്വസിക്കാനാണ്‌   ഈ കടുത്തുരുത്തിക്കാരനു ഇഷ്ടം.
കരിക്കിൻ ഷേയ്ക്ക്‌
220 മുതൽ 280 വരെ ദിവസം പ്രായമുള്ള കരിക്കാണ്‌ കരിക്കിൻ ഷേയ്ക്കിനു അഭികാമ്യം. കരിക്കിൻ വെള്ളവും കരിക്കിൻ കാമ്പും അൽപം കട്ടിയാക്കിയ പാലുമാണ്‌ കരിക്കിൻ ഷേയ്ക്കിന്റെ പ്രധാന ചേരുവുകൾ. ഏലക്കായും, ചുക്കും, രണ്ടു ബദാമും രണ്ടു ഈന്തപ്പഴവും രുചക്കൂട്ടിൽ ഒഴിച്ചു കൂട്ടാനാകാത്ത ഘടകങ്ങളാണ്‌. ഈ ചേരുവകൾ  എല്ലാം ഒരുമിച്ചിട്ടു മിക്സിയിൽ അടിച്ചെടുത്താൽ കരിക്കിൻ ഷേയ്ക്കായി. അൽപം തേനും കൂടെ ചേർത്താൽ നന്ന്‌, തേൻ ഇല്ലെങ്കിൽ 50 രൂപക്കു വിൽക്കാം, തേൻ ചേർത്താൽ 80 രൂപക്കും വിൽക്കാം.
കരിക്കിൻ ഷേയ്ക്കിന്റെ സാധ്യതകളെക്കുറിച്ചു സംസാരിക്കുകയാണ്‌ സിബി.  ഒരു കരിക്കിൽ നിന്ന്‌ ഒരു ഷേയ്ക്ക്‌ നിർമ്മിക്കാം. ഇതിലൂടെ കരിക്കിന്‌ മാന്യമായ വിലയും വിൽക്കുന്നവർക്കു നല്ല ലാഭവും ലഭിക്കും. ഒരു കരിക്കിന്‌ 11 രൂപയാണ്‌ കർഷകന്‌ നൽകുന്നത്‌. ഒരു ഷേയ്ക്കിൽ നിന്ന്‌ മാത്രം 35 രൂപയിലധികം ലാഭമായി ലഭിക്കുന്നുണ്ട്‌. തേൻ കൂടെ ചേത്താൽ ലാഭം 65 കടക്കും. ഇവിടെ ഞങ്ങൾ വിൽക്കുന്നത്‌ തേങ്ങയുടെയും കരിക്കിന്റെയും വിലയിടിവല്ല, മറിച്ച്‌  അതിന്റെ ഔഷധ ഗുണവും ആരെയും മയക്കുന്ന രുചിയുമാണ്‌.
ഷേയ്ക്ക്‌ കോട്ടയം പ്രദർശനത്തിൽ വൻ വിജയമാണ്‌. കേവലം ഒന്നര ദിവസം പിന്നിടുമ്പോൾ 4000 രൂപയുടെ ഷേയ്ക്ക്‌ കച്ചവടം നടന്നു കഴിഞ്ഞു. ഇതിൽ പകുതിയിൽ കൂടുതലും ലാഭവുമാണ്‌, ഇനിയും ഞങ്ങൾ ഏറെ പ്രതീക്ഷിക്കുന്നു. വർദ്ധിച്ചു വരുന്ന തിരക്ക്‌ ഞങ്ങളുടെ പ്രതീക്ഷകൾക്കും അപ്പുറത്തുള്ള കച്ചവടം തരുമെന്നാണ്‌ വിശ്വാസം.      
കരിക്കിൻ ജ്യൂസ്‌
കരിക്കിൻ ഷേയ്ക്കിനെ വെല്ലുന്ന പ്രകടനമാണ്‌ കരിക്കിൻ ജ്യൂസ്‌ കാഴ്ച വെയ്ക്കുന്നത്‌. ഗുണവും രുചിയും മാത്രമല്ല ലാഭം നൽകുന്നതിലും ജ്യൂസ്‌ ഏറെ മുന്നിലാണ്‌. ഒന്നര ദിവസം കൊണ്ടു തന്നെ 4500 രൂപയുടെ കച്ചവടം നടന്നു കഴിഞ്ഞു. ഒരു കരിക്കിൽ നിന്ന്‌ മൂന്നു ജ്യൂസ്‌ വരെ ഉണ്ടാക്കാം. ഒരു ഗ്ലാസിനു മുപ്പതു രൂപയാണ്‌ ഈടാക്കുന്നത്‌. അൽപം കൂടി വിശദമാക്കിയാൽ ഒരു കരിക്കിന്‌ 90 രൂപ (ഒരു കരിക്കിൽ നിന്നു മൂന്നു ജ്യൂസ,​‍്‌ ഒരെണ്ണത്തിനു 30 രൂപ വീതം) ലഭിക്കുന്നുണ്ട്‌. അതിനാൽ തന്നെ ലാഭതോതിൽ കർഷകർക്കു കൂടുതൽ മെച്ചം കരിക്കിൻ ജ്യൂസായിരിക്കും. കരിക്കിൻ വെള്ളവും കരിക്കിൻ കാമ്പും നാരങ്ങയും ചേർത്ത്‌ മിക്സിയിൽ അടിച്ചാണ്‌ കരിക്കിൻ ജ്യൂസ്‌ ഉണ്ടാക്കുന്നത്‌.  വെളുത്ത നിറമുള്ള കരിക്കിൻ ജ്യൂസിനും ദിനംപ്രതി ആവശ്യക്കാർ ഏറുകയാണ്‌.
കരിക്കിൽ ഇല്ലാത്ത വൈറ്റമിൻ സി നാരങ്ങ വഴി ലഭിക്കുന്നുണ്ട്‌. ഔഷധ ഗുണം വെച്ചു നോക്കിയാൽ ഇതു ഒരു  ശാസ്ത്രീയ കൂട്ടാണ്‌. ശാസ്ത്രം കണ്ടും കേട്ടും പഠിച്ചുമറിഞ്ഞ ഒരു കർഷകന്റെ അറിവിൽ നിന്ന്‌ പിറവിയെടുത്ത  കൂട്ട്‌. ശാസ്ത്രത്തെ മാറ്റിനിറുത്തി സിബിയുടെ ഭാഷയിൽ പറഞ്ഞാൽ ഒരു ദിവസം മുഴുവൻ ഒരാളെ കൂളായി സൂക്ഷിക്കുന്ന പാനീയം. അസിഡിറ്റയുടെ പ്രശ്നങ്ങളും അമിത വിശപ്പും പരിഹരിക്കുന്ന ഔഷധം.
 സാധ്യതകൾ
 ആർക്കും വലിയ മുതൽ മുടക്കാതെ  തന്നെ തുടങ്ങാമെന്നതു മാത്രമല്ല വലിയ തോതിൽ ലാഭവും ലഭിക്കുമെന്നതാണ്‌ കരിക്കിൻ ഷേയ്ക്കിനെയും കരിക്കിൻ ജ്യൂസിനെയും വ്യത്യസ്തമാക്കുന്നത്‌. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഇതിനു വലിയ വിപണന സാധ്യതയാണ്‌ ഉള്ളത്‌. അതിനാൽ തന്നെ കോട്ടയത്തുള്ള ചെറുപ്പക്കാർക്കു ഇതു നിർമ്മിക്കുന്നതിനുള്ള ക്ലാസ്‌ എടുക്കുന്നുണ്ട്‌. വരുന്ന കുറച്ചു നാളുകൾ കൊണ്ടു കേരളക്കരയാകെ ഇതിനു വിപണി കണ്ടെത്തുക എന്നതാണ്‌ ലക്ഷ്യം. കരിക്കിൻഷേയ്ക്കിന്റെയും കരിക്കിൻ ജ്യൂസിന്റെയും ഭാവി സുരക്ഷിതമാക്കുന്നതിനൊടൊപ്പം കേരകർഷകർക്കും ഈ മൂല്യവർധിത ഉൽപന്നങ്ങൾ ആശ്വാസകരമാകും. മാത്രമല്ല ജാതി തോട്ടങ്ങളിലേക്ക്‌ കരിക്കിൻ തൊണ്ട്‌ നൽകുന്നതിനാൽ മാലിന്യ സംസ്ക്കരണം പോലും കാര്യമായി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നില്ല. സംസാരം അവസാനിപ്പിച്ചു കൊണ്ടു സിബി വീണ്ടും തന്റെ തിരക്കുകളിലേക്ക്‌ ഊളിയിട്ടു.
തിരക്കുകൾക്കിടയിൽ എന്നോടു സംസാരിക്കാൻ സമയം കണ്ടെത്തിയ സിബിക്കും അദ്ദേഹത്തിന്റെ സംരഭത്തിനും എല്ലാവിധ ഭാവുകങ്ങളും നേർന്നു കൊണ്ടു ഞാൻ സ്റ്റാളിന്റെ കമ്പിവേലികൾ ചാടി കടന്ന്‌ പുറത്തിറങ്ങി. വീട്ടിൽ ചെന്ന്‌ ഒരു പരീക്ഷണം നടത്താമെന്ന മോഹത്തോടെ......
നാളികേര വികസന ബോർഡ്‌, കൊച്ചി-11

22 Dec 2012

അറിഞ്ഞോ, വെളിച്ചെണ്ണ നിങ്ങളുടെ തലച്ചോറിന്‌ നല്ലതാണ്‌

k j

തലച്ചോർ നന്നായി പ്രവർത്തിക്കാൻ വെളിച്ചെണ്ണ വളരെ  അത്യാവശ്യമാണെന്ന്‌ നിരവധി ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.  അൽഷിമേഴ്സ്‌ രോഗത്തിനും പാർക്കിൻസൺ രോഗത്തിനും പരിഹാരം തേടി നടത്തിയ പഠനത്തിലാണ്‌ ഇത്‌ കൂടുതൽ സ്പഷ്ടമായത്‌.
വെളിച്ചെണ്ണയാകട്ടെ തൈറോയ്ഡ്‌ ഗ്രന്ഥിയുടെ പ്രവർത്തനത്തെ സഹായിക്കുന്നു. തൈറോയിഡാണ്‌ തലച്ചോറിന്റെ വികാസത്തെ നിയന്ത്രിക്കുന്നത്‌. വളരെ വർഷം മുമ്പ്‌ 1978ൽ ഗർഭിണി എലികളിൽ നടത്തിയ പരീക്ഷണത്തിൽ തെളിഞ്ഞത്‌ വെളിച്ചെണ്ണ നൽകിയ എലികളുടെ കുഞ്ഞുങ്ങളിൽ തലച്ചോറിന്റെ വികാസം ഉയർന്ന തോതിലായിരുന്നുവേന്നാണ്‌.
മറ്റെണ്ണകളേക്കാൾ എന്ത്‌ മികവാണ്‌ വെളിച്ചെണ്ണയ്ക്കുള്ളത്‌? വെളിച്ചെണ്ണയിൽ പൂരിത കൊഴുപ്പാണുള്ളത്‌. ഇവ ഓക്സീകരണത്തിന്‌ വിധേയമാകുന്നില്ല. വെളിച്ചെണ്ണ ശുദ്ധീകരിക്കാതെ തന്നെ പ്രകൃത്യാ ഉള്ള രൂപത്തിൽ നന്നായി സൂക്ഷിച്ചുവെച്ചാൽ രണ്ടുവർഷത്തോളം കേടുകൂടാതെയിരിക്കും. കൊഴുപ്പുകളുടെ ഓക്സീകരണവും അൽഷിമേഴ്സ്‌ രോഗികളിൽ കാണപ്പെടുന്ന നാഡീകോശങ്ങളുടെ നാശവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു.

വെളിച്ചെണ്ണ തലച്ചോറിലെ കോശങ്ങൾക്ക കീറ്റോൺ നൽകുന്നു.  ഇത്‌ ഉയർന്ന തോതിൽ ഊർജ്ജമുള്ള, തലച്ചോറിലെ കോശങ്ങൾക്ക്‌ പോഷണം നൽകുന്ന ഇന്ധനങ്ങളാണ്‌. തലച്ചോറിലെ കോശങ്ങൾ കൊഴുപ്പിന്റെ സങ്കീർണ്ണമായ രൂപങ്ങളാൽ നിറച്ചുവെച്ചിരിക്കുകയാണ്‌.

സാധാരണയായി തലച്ചോറിലെ കോശങ്ങൾക്ക്‌ ആഹാരം ഗ്ലൂക്കോസ്‌ ആണ്‌. പക്ഷേ, ഇൻസുലിൻ പ്രശ്നങ്ങളുള്ളവരിൽ കോശങ്ങൾക്ക്‌ ഗ്ലൂക്കോസ്‌ കുറഞ്ഞ അളവിലെ ലഭിക്കുകയുള്ളൂ. ഇതുമൂലം അവരുടെ കോശങ്ങൾ ആഹാരമില്ലാതെ നശിക്കുന്നു. നമ്മുടെ ശരീരം പട്ടിണിയായിരിക്കുമ്പോൾ ശേഖരിച്ചുവെയ്ക്കുന്ന കൊഴുപ്പിൽ നിന്ന്‌ പ്രകൃത്യാ കീറ്റോൺ ഉത്പാദിപ്പിക്കുന്നു, അങ്ങനെ നമ്മുടെ തലച്ചോറിലെ കോശങ്ങൾക്ക്‌ പോഷണം ലഭിക്കുന്നു. പക്ഷേ, വെളിച്ചെണ്ണ തലച്ചോറിലെ കോശങ്ങൾക്ക്‌ എല്ലായ്പ്പോഴും കീറ്റോണിന്റെ ലഭ്യത ഉറപ്പ്‌ വരുത്തുന്നു. വെളിച്ചെണ്ണ മദ്ധ്യശൃംഖല ട്രൈഗ്ലിസറൈഡുകളാൽ സമ്പുഷ്ടമാണ്‌. അൽഷിമേഴ്സ്‌ രോഗികളിൽ വെളിച്ചെണ്ണയിലെ മദ്ധ്യശൃംഖല ട്രൈഗ്ലിസറൈഡുകൾ നൽകി നടത്തിയ പഠനം തെളിയിച്ചതു, തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ അവ ഗുണകരമായ സ്വാധീനമുണ്ടാക്കിയെന്നാണ്‌.

നാഡീസംബന്ധമായ വൈകല്യമുള്ളവർക്ക്‌ ഭക്ഷണത്തിലൂടെ ഇത്തരം കൊഴുപ്പുകൾ നൽകാമെന്നാണ്‌ പുതിയ പഠനങ്ങൾ തെളിയിക്കുന്നത്‌. അൽഷിമേഴ്സ്‌ രോഗികളുടെ ഭക്ഷണത്തിൽ വെളിച്ചെണ്ണ ചേർക്കുന്നത്‌ വളരെയേറെ പ്രയോജനകരമാണെന്ന്‌ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
-കോ കമ്മ്യൂണിറ്റി

23 Nov 2012

നിലാവിന്റെ വഴി



ശ്രീപാര്‍വ്വതി

 സൌഹൃദത്തിന്‍റെ നിഴലില്‍ നടക്കുമ്പോള്‍
സൌഹൃദങ്ങളെ കുറിച്ചോര്‍ക്കുന്നത് എത്ര മധുരമാണല്ലേ? അതും "എനിക്ക്, ഞാന്‍ " എന്ന ഭേദമില്ലാതെ നമ്മേ ഓര്‍മ്മിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളെ കുറിച്ചാകുമ്പോള്‍ .
ചിലര്‍ക്ക് സൌഹൃദം ഒരു വരമായി കിട്ടുന്നതാണ്, ചില വ്യക്തികളുമായി.
ഒരാള്‍ നല്ല ചങ്ങാതി ആണോ എന്നറിയാന്‍ നമ്മുടെ കഷ്ടകാലം വരെ ഒന്നും പോകേണ്ട കാര്യമില്ല, ആ സുഹൃത്തിന്‍റെ മറ്റു ബന്ധങ്ങളെ കുറിച്ച് അറിഞ്ഞിരുന്നാല്‍ മതി.
പലപ്പോഴും സങ്കടം വന്നിട്ടുള്ള ഒരു കാര്യം ഒരു നല്ല സുഹൃത്തിന്‍റെ അഭാവമായിരുന്നു, പലരും വന്നു പോയെങ്കിലും അതിലൊക്കെ ഒളിഞ്ഞിരുന്ന സ്വാര്‍ത്ഥത പലപ്പോഴും അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. 
നല്ല ഒരു ചങ്ങാതിയാകുവാന്‍ നമ്മുടെ സുഹൃത്ത് എന്താണോ അയാളേ അയാളുടെ നെഗറ്റീവ്, പോസിറ്റീവ് വശങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട് സ്നേഹിക്കുന്ന എന്നുള്ളതാണെന്ന് എന്നെ പഠിപ്പിച്ചത് എന്‍റെ പ്രിയപ്പെട്ടവന്‍ തന്നെ. ജീവിത പങ്കാളി എന്നതിനപ്പുറം ഒരാള്‍ക്ക് ജീവിതത്തില്‍ കിട്ടാവുന്ന ഏറ്റവും നല്ല സുഹൃത്ത്, അത് അദ്ദേഹം തന്നെ ആകുമ്പോള്‍ എന്നിലെ കൂട്ടുകാരി ഊര്‍ജ്ജസ്വലതയിലാണ്. എഴുത്തിന്‍റെ വഴിയില്‍ ദിക്കറിയാതെ ഭ്രാന്തു പിടിച്ച് അലഞ്ഞു നടന്നപ്പോഴും ഒരു സുഹൃത്തിനേ പോലെ കൂടെ നിന്ന് കയ്യുകളെ തന്നിലേയ്ക്ക് ചേര്‍ത്തു പിടിച്ച് ഒരു ഭ്രാന്തിനും കളഞ്ഞു കൊടുക്കാതെ ചേര്‍ത്തു പിടിച്ചയാളെ ജീവിത പങ്കാളി എന്നു വിളിക്കാനല്ല, സുഹൃത്ത് എന്നു വിളിക്കാന്‍ തന്നെയാണ്, എനിക്കിഷ്ടം. ജന്‍മം തന്ന മാതാപിതാക്കള്‍ക്കുമപ്പുറം മറ്റാരോടും കടപ്പാടുകള്‍ ഉണ്ടാകില്ല എന്നു പറയും പക്ഷേ ശരീരം എന്നത് പദാര്‍ത്ഥങ്ങള്‍ ചേര്‍ത്തിണക്കിയ വെറുമൊരു അവസ്ഥ മാത്രമാകുമ്പോള്‍ ആത്മാവിനെ ജീവന്‍ വയ്പ്പിച്ച എന്‍റെ ഈ പ്രിയ സുഹൃത്തിനോടു തന്നെയാണ്, എനിക്കേറ്റവും കറ്റപപട്.

അവിചാരിതമായി കിട്ടിയ ഗണേഷ് എന്ന ചങ്ങാതി. ഞങ്ങള്‍ ഗണപതി ഭഗവാന്‍റെ ആരാധകരായി തീര്‍ന്ന അതേ സമയത്ത് അദ്ദേഹം പറഞ്ഞയച്ചതു പോലെ തന്നെ ഒരു വലിയ ദൌത്യവുമായി ഞങ്ങളുടെ ജീവിതത്തിലേയ്ക്കു കാലെടുത്തു വച്ച ഗണേഷേട്ടന്‍ ഞങ്ങളുടെ പ്രിയ സുഹൃത്തു തന്നെ ഇപ്പോഴും. കാണാന്‍ സാദിച്ചപ്പോഴാണ്, ആ സൌഹൃദത്തിന്‍റെ പരന്ന തലം മനസ്സിലായത്. സുഹൃത്തുക്കള്‍ തന്നെയാണ്, അദ്ദേഹത്തിന്‍റെ കാതല്‍. മനുഷ്യരെ ശരീരങ്ങളായി വേര്‍തിരിച്ചു സ്നേഹിക്കാതെ നിഷകളങ്കമയി സൌഹൃദങ്ങളേ ആരാധിക്കുന്ന അദ്ദേഹത്തിന്‍റെ പ്രിയ സുഹൃത്ത് നസിമുദ്ദീന്‍ തന്നെ നല്ല ഉദാഹരണം. ഫോണില്‍ സംസാരിച്ചു പരിചയമുണ്ടായിരുന്നെങ്കിലും നേരിട്ടുള്ള മനസ്സിലാക്കലില്‍ നിഷ്കളങ്കമായ സൌഹൃദത്തിന്‍റെ വശങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കാനായി.

ഒന്നു മനസ്സിലാക്കാനാകുന്നു ബന്ധങ്ങള്‍ക്ക് അര്‍ത്ഥമുണ്ടാവുക അത് നമ്മുടേതാകുമ്പോഴല്ല, നാം തന്നെ അതാകുമ്പോഴാണ്. അതിനി ദാമ്പത്യമാണെങ്കിലും , പ്രണയമാണെങ്കിലും സൌഹൃദമാണെങ്കിലും. ആ ഇഴുകിച്ചേരല്‍ നഷ്ടമാകുന്നിടത്ത് ബന്ധങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെടുന്നു. ചിലപ്പോള്‍ വിഷമം വരാറുണ്ട്, നല്ല സുഹൃത്തുക്കളെ നഷ്ടമാക്കുന്ന ചില മൌനാനുരാഗികളോട്. ഒരു വാക്കില്‍ ചില നേരത്ത് അവര്‍ സൌഹൃദത്തിന്‍റെ അര്‍ത്ഥം തന്നെ മാറ്റിക്കളയും. അതിന്‍റെ വേദനയില്‍ ദിവസങ്ങളോളം മാനസികമായി അലഞ്ഞു തിരിയേണ്ടി വരും. സൌഹൃദങ്ങളെ മുറിവേല്‍പ്പിക്കാതിരിക്കാനുള്ള മര്യാദ പലര്‍ക്കും ഇല്ല എന്നതാണ്, സത്യം. 

നിലാവിന്‍റെ വഴിയിലൂടെ നിഷ്കളങ്കനായ സുഹൃത്തിന്‍റെ മൌനത്തെ അളന്ന് , അവന്‍റെ വാക്കുകളില്‍ വിശ്വസിക്കപ്പെട്ട് ഉണങ്ങിയ മരങ്ങളുടെ പൊടിഞ്ഞു വീഴാറായ തൊലിപ്പുറത്ത് ചാരിയിരുന്ന് മനോഹരമായ ഒരു കഥ എഴുതാന്‍ മോഹം. എന്‍റെ സുഹൃത്തേ , നീയെന്നോടു കാണിക്കുന്ന ദയ എന്നെ പരവശയാക്കുന്നുണ്ട്, ഞാനിത്രയും അര്‍ഹിക്കുന്നുണ്ടോ... നീ എന്നെ കൈപിടിച്ചു നടത്തുന്ന ഈ നിലാവില്‍ ഞാന്‍ നിശബ്ദയാണ്, എന്നിലുണര്‍ത്തെഴുന്നേല്‍ക്കുന്ന കഥ ഞാന്‍ എഴുതി തീര്‍ക്കട്ടെ, നിനക്കായി അത് സമര്‍പ്പിച്ചു കൊണ്ട്....

23 Oct 2012

മിന്നല്‍പ്പിണരുകള്‍ക്കിടയിലെ ജീവന്‍

അനിൽകുമാർ സി.പി

ചുരുട്ടിയെറിഞ്ഞ പഴന്തുണിക്കെട്ടുപോലെ തനിക്ക് ചുറ്റുമുള്ള ലോകംതന്നെ മറന്നിരിക്കുന്ന അവളെ കണ്ടപ്പോള്‍ വല്ലാതെ ദേഷ്യംവന്നു. കഴിഞ്ഞ ഒരാഴ്ചയായി അവളോടു പറയുന്നു, ഇങ്ങനെ ജോലി ചെയ്താല്‍ ശരിയാവില്ലെന്ന്. എത്രത്തോളം അവളോടു സൌമ്യമായി സംസാരിക്കാന്‍ ശ്രമിച്ചാലും അതിലേറെ അകലത്തിലേക്ക് അവളുടെ ചിന്തകളെ പറഞ്ഞുവിട്ട് ശൂന്യമായ കണ്ണുകളുമായി വെറുതെ നോക്കിയിരിക്കും. മനസ്സില്‍ അമര്‍ഷം പതഞ്ഞുയരാന്‍ തുടങ്ങിയപ്പോള്‍ അവളെ വിളിച്ചു…
‘രെഹ്‌നാ…..’
‘ങേ… സര്‍… ‘
‘നീ എന്താണിങ്ങനെ? ഇന്നലെ തീര്‍ക്കേണ്ട പ്രൊജക്റ്റ് ഇനിയും സബ്മിറ്റ് ചെയ്തില്ലല്ലോ?’
‘ക്ഷമിക്കണം.. ഞാന്‍…’
‘നിനക്കിവിടെ ജോലി ചെയ്യാന്‍ താല്പര്യമില്ലെ? വെറുതെ എന്തിനു ആളുകളെ ബുദ്ധിമുട്ടിക്കുന്നു? റിസൈന്‍ ചെയ്തു പോകരുതോ?’
ദേഷ്യത്തോടെ അവളുടെ മുഖത്തേക്ക് തറപ്പിച്ചു നോക്കി… വാക്കുകള്‍ എനിക്ക് ചുറ്റും വെറുപ്പിന്റെ വളയങ്ങള്‍ തീര്‍ത്തുകൊണ്ടിരുന്നു. അവളുടെ കരിഞ്ഞുണങ്ങിയ ചുണ്ടുകള്‍ ഒന്നും പറഞ്ഞില്ല…. പൂര്‍ത്തിയാകാത്ത പ്രൊജക്റ്റ് ഫയല്‍ മേശപ്പുറത്തേക്കിട്ട് ഞാന്‍ നീണ്ട വരാന്തയിലൂടെ മുറിയിലേക്ക് നടന്നു.
കോഫീ കോര്‍ണറിലെ ചിരികളുടെ ശബ്ദം നിലച്ചു. പിറുപിറുക്കലുകള്‍ ഒച്ചിനെപ്പോലെ ഇഴഞ്ഞു ജനലിനപ്പുറത്തേക്ക് പോയി.
എപ്പോഴും സൗഹൃദാന്തരീക്ഷം ഓഫീസില്‍ സൂക്ഷിക്കുന്നതിന് ശ്രമിച്ചിരുന്നു. ഉള്‍വലിയുന്നവരെ ഏകാന്തതകളിലേക്ക് തനിച്ചുവിട്ട് അവരുടെ സര്‍ഗ്ഗാത്മകതയെ പുറത്തെടുക്കാന്‍ കഴിയുന്നതില്‍ അഭിമാനം തോന്നിയിരുന്നു. പക്ഷെ ഇവള്‍ മാത്രം… പുതിയ പ്രോജക്ടില്‍ അസോസിയേറ്റ് ആയി ഏറ്റവും മികച്ച ആളിനെയാണ് നിനക്ക് തരുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞപ്പോള്‍ അതൊരു കോംപ്ലിമെന്റായി തോന്നി…
‘എക്‌സ്‌ക്യൂസ് മി… മേ ഐ…?’
കാബിനിലേക്ക് കടന്നുവന്ന പെണ്‍കുട്ടിയില്‍നിന്ന് കണ്ണെടുക്കാനായില്ല. ബിസിനസ്സ് അറ്റയറില്‍, ആത്മവിശ്വാസം സ്ഫുരിക്കുന്ന ചലനങ്ങളും ആകര്‍ഷകമായ വ്യക്തിത്വവും…
‘ഞാന്‍ രഹ്‌ന… താങ്കളുടെ പുതിയ അസോസിയേറ്റ്…’
മനോഹരമായ ഇംഗ്ലീഷ് ആക്‌സന്റില്‍ അവള്‍ സ്വയം പരിചയപ്പെടുത്തി.
കൃത്യമായ ഒരു ഓഫീസ് സമയക്രമം അടിച്ചേല്പിക്കാതെ സമയബന്ധിതമായി ജോലി ചെയ്തുതീര്‍ക്കുന്നതിന് സ്വാതന്ത്ര്യം ഉള്ളതിനാല്‍ നല്ല വ്യക്തിബന്ധങ്ങള്‍ ഓഫീസില്‍ ഉണ്ടായിരുന്നു, മടുപ്പില്ലാത്ത അന്തരീക്ഷവും.
ഓഫീസ് ടവറിന്റെ നാല്പതാം നിലയിലെ റിവോള്‍വിംഗ് റെസ്‌റ്റോറന്റില്‍ ഏറെ നീണ്ടുപോയ പകലുകളുടെ ക്ഷീണം ‘കാപ്പിച്ചുനോയുടെ’ കടുപ്പത്തില്‍ അലിയിച്ചു തീര്‍ക്കുന്ന സന്ധ്യകളില്‍ രഹ്‌ന ചിലപ്പോഴൊക്കെ അവളെപറ്റി സംസാരിച്ചു. നാട്ടിന്‍പുറത്തെ ജീവിതം നഷ്ടപ്പെട്ടതും പിന്നെ ടെക് സിറ്റിയില്‍ വളര്‍ന്നു ഒരു ‘ടെക്കി’ ആയതും. എങ്കിലും എവിടൊക്കെയോ മനപ്പൂര്‍വ്വം അകലം പാലിക്കാന്‍ അവള്‍ ശ്രമിച്ചു. ചില ദിവസങ്ങളില്‍ ദൂരെ പോര്‍ട്ടിലെക്ക് കടക്കാന്‍ കാത്തുകിടക്കുന്ന കപ്പലുകളുടെ നീണ്ട നിരയില്‍ കണ്ണുറപ്പിച്ച്, പറന്നകലുന്ന സീഗള്ളുകള്‍ തീര്‍ക്കുന്ന ആകാശചിത്രങ്ങളില്‍ അവള്‍ നിശ്ശബ്ദയായി നോക്കിയിരിക്കും. മനസ്സിലെ അസ്വസ്ഥതകളുടെ തിരയിളക്കം ഒളിപ്പിക്കാനാവാതെ, ശുഭരാത്രിയുടെ മര്യാദ പോലും മറന്ന് അവള്‍ പോകുമ്പോള്‍ വല്ലാത്ത ദേഷ്യം തോന്നും.
തന്റെ സാന്നിദ്ധ്യംകൊണ്ടുപോലും മറ്റുള്ളവരില്‍ ഊര്‍ജ്ജം പകരുന്ന രഹ്‌ന ചില ദിവസങ്ങളില്‍ മറ്റൊരാളായി മാറും. അശ്രദ്ധമായ വസ്ത്രധാരണം, വരണ്ടുണങ്ങിയ ചുണ്ടുകള്‍, തെളിച്ചം നഷ്ടമായ കണ്ണുകള്‍, എല്ലാവരോടും ദേഷ്യം, തന്നിലേക്ക് തന്നെ ഉള്‍വലിയാനുള്ള ശ്രമം… ചില ദിവസങ്ങളില്‍ ഓഫീസിലെ അവളുടെ പെരുമാറ്റം അലോസരമുണ്ടാക്കുന്നതുമായിരുന്നു.
കാബിനില്‍ വന്നിരുന്നിട്ടും മനസ്സില്‍ രഹ്‌നയുടെ മുഖം അസ്വസ്ഥത സൃഷ്ടിച്ചുകൊണ്ടിരുന്നു. താഴെ കാറ്റാടിമരത്തിന്റെ നിഴലില്‍ കൂട്ടംകൂടിനിന്നു സിഗററ്റ് വലിക്കുന്നവര്‍ .
പെട്ടെന്നുണ്ടായ ചിന്തയില്‍ മനസ്സൊന്ന് ആടിയുലഞ്ഞു… രെഹ്‌ന… ഡ്രഗ്‌സ് അവളേയും കീഴ്‌പ്പെടുത്തിയിരിക്കുമോ?! അതായിരിക്കുമോ അവളുടെ സ്വഭാവത്തിലെ ഈ മാറ്റം?
രഹ്‌നയുടെ ഇന്റര്‍കോം മറുപടിയില്ലാതെ ശബ്ദിച്ചുകൊണ്ടിരുന്നു…
‘സര്‍… രെഹ്‌ന സുഖമില്ലാതെ നേരത്തേ പോയി’ സെക്രട്ടറി പറഞ്ഞു.
ശബ്ദത്തിലെ ദേഷ്യം മനസ്സിലാക്കിയിട്ടാവണം അവള്‍ തുടര്‍ന്നു, ‘രെഹ്‌നയുടെ റൂം മേറ്റിനു സാറിനോട് എന്തോ സംസാരിക്കാനുണ്ടെന്ന് പറയുന്നു.’
പൊതുവേ വാചാലയായ ബിന്‍ഷ സംസാരിക്കാന്‍ ബുദ്ധിമുട്ടി.
‘പറയൂ…’
‘സര്‍… അത് രഹ്‌നയെ കുറിച്ചാണ്… മറ്റാരും ഇക്കാര്യം അറിയരുത് എന്നവള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു… എങ്കിലും സര്‍ ഇത് അറിയണം എന്ന്! എനിക്ക് തോന്നി. രഹ്‌ന ഒരു എപ്പിലപ്‌സി പേഷ്യന്റാണ്… ഫിറ്റ് ഉണ്ടാകുന്ന ദിവസങ്ങളിലാണ് അവളിങ്ങനെ വല്ലാതെ അപ്‌സെറ്റ് ആവുന്നത്…’
കാബിനില്‍ നിന്ന് പുറത്തേക്ക് പോകുന്ന ബിന്‍ഷയെ സ്തബ്ധനായി നോക്കിയിരുന്നു. അവളുടെ വാക്കുകള്‍ മുറിയിലെ വെളിച്ചം കെടുത്തി. ചുവരിലെ ചിത്രം ചാവുകടല്‍പോലെ തോന്നി.. തലയ്ക്കകത്ത് കുറ്റബോധത്തിന്റെ കറുത്ത പാമ്പുകള്‍ ഇഴഞ്ഞു…
മൊബൈല്‍ ഫോണിന്റെ അങ്ങേത്തലക്കല്‍ രഹ്‌നയുടെ ചിലമ്പിച്ച ശബ്ദം…
‘എന്തു പറ്റി രഹ്‌നാ?’
‘വല്ലാത്ത ക്ഷീണം…’
‘രഹ്‌ന വിശ്രമിക്കൂ… വൈകുന്നേരം ഞാന്‍ അതുവഴി വരുന്നുണ്ട്… നമുക്ക് പുറത്തൊക്കെയൊന്നു പോകാം. അല്പം ഫ്രഷ് എയര്‍ കൊണ്ടാല്‍ ക്ഷീണം മാറും.’
ബീച്ചിലെ ഓപ്പണ്‍ കഫേയില്‍ തണുത്ത കാപ്പിക്കപ്പിനു മുന്നില്‍ തിരയില്ലാത്ത കടലില്‍ അലക്ഷ്യമായി കണ്ണുനട്ടിരുന്നു അവള്‍ . നീണ്ട മൂക്കിനു താഴെ മലര്‍ന്നു തുടുത്ത ചുണ്ടുകള്‍ അപ്പോള്‍ വിളര്‍ത്തു കരിഞ്ഞിരുന്നു….
‘സര്‍ …എനിക്ക്…’
‘എന്നെ പേര് വിളിക്കാം, അതാണെനിക്കിഷ്ടവും…നമുക്കിടയിലുള്ള ദൂരവും കുറച്ചു കുറയട്ടെ… ഹഹഹ…’
അവള്‍ വിളറിയ ഒരു പുഞ്ചിരിയോടെ ദീര്‍ഘമായി നിശ്വസിച്ചു…
‘നിഹാല്‍ , ക്ഷമിക്കണം… ഈ പ്രോജക്റ്റ് സമയത്തിനു ചെയ്തു തരാന്‍ കഴിയുമെന്ന്! എനിക്ക് തോന്നുന്നില്ല…’
‘രഹ്‌നാ… നിന്നേക്കാള്‍ നന്നായി അത് ചെയ്യാന്‍ മറ്റാര്‍ക്കും കഴിയില്ല. നാളെ സ്വസ്ഥമായി തുടങ്ങു.., ഞാനും സഹായിക്കാം…’
അടുത്ത ദിവസങ്ങളൊക്കെ മുഴുവന്‍ സമയവും രഹ്‌ന പ്രൊജക്ടിനായി ചിലവഴിച്ചു. ഇടക്കിടെ സംശയങ്ങളുമായി കാബിനില്‍ വരുമ്പോഴൊക്കെ തികച്ചും ഒരു പ്രൊഫഷണല്‍ മാത്രമായിരുന്നു അവള്‍ .സമയപരിധിക്ക് മുമ്പ് തന്നെ പ്രോജക്റ്റ് പ്രസന്റേഷന്‍ മനോഹരമായി തയ്യാറാക്കിത്തന്നു.
‘എക്‌സലന്റ് വര്‍ക്ക്… അഭിനന്ദനങ്ങള്‍ രേഹ്‌ന… ഇവിടുത്തെ കോര്‍ഗ്രൂപ്പിലേക്ക് സ്വാഗതം.’
‘താങ്ക്യു നിഹാല്‍ , എനിക്ക് കിട്ടിയ ഏറ്റവും നല്ല അവസരമാണിത്…’
ഏറെ ഉത്തരവാദിത്വമുള്ള പ്രോജക്ടുകള്‍ എപ്പോഴും അവളെ തന്നെ ഏല്പിച്ചു. രഹ്‌ന ബോധപൂര്‍വ്വം സൃഷ്ടിച്ച ഞങ്ങള്‍ക്കിടയിലെ അകലം കുറഞ്ഞുവന്നു.
‘ഓഹ്… ഇവിടെ നമ്മള്‍ മൂന്നു മലയാളികള്‍ മാത്രമായതു കൊണ്ടാവും ഇത്രയും നല്ല ഓഫീസ് അന്തരീക്ഷം. മറ്റുള്ളവന്റെ മനസ്സിലേക്കുള്ള ആ അവിഞ്ഞ ഒളിഞ്ഞുനോട്ടം ഇല്ലാത്തത് തന്നെ വലിയ ആശ്വാസം’ എന്നൊരിക്കല്‍ അവള്‍ പറഞ്ഞു ചിരിച്ചത് ഓര്‍മ്മയുള്ളതുകൊണ്ട് അവളെപ്പറ്റി കൂടുതല്‍ അറിയാന്‍ താല്പര്യം കാണിച്ചില്ല.
പുതിയ പ്രോജക്റ്റില്‍ സ്വയം മറന്നിരിക്കുമ്പോഴാണ് രഹ്‌ന ചോദിച്ചത്,
‘നിഹാല്‍ , മഞ്ഞ ഉന്മാദത്തിന്റെ നിറമാണ് അല്ലേ?’
‘ഉം… എന്താ അങ്ങനെ ഒരു തോന്നല്‍ ?’
‘അല്ല, വാന്‍ഗോഗിന്റെ ചിത്രങ്ങളില്‍ല്‍ ഭ്രമാത്മകമായ മഞ്ഞയുണ്ട്. നിന്റെ തലക്ക് മുകളിലെ ചുവരിലും റിസപ്ഷനിലും വാന്‍ഗോഗ് ചിത്രങ്ങളാണല്ലോ. സുന്ദരികള്‍ പാറിപറക്കുന്ന ഇവിടെ മോണോലിസ്സ ആയിരുന്നില്ലേ നല്ലത്?’
‘ഉന്മാദത്തിന്റെയും ദാരിദ്ര്യത്തിന്റെയും കൊടുമുടിയില്‍ ജീവിക്കുമ്പോഴും എന്റെ ചിത്രങ്ങള്‍ക്ക് ലോകം വിലപറയുന്ന ഒരു ദിവസം വരുമെന്ന് പറഞ്ഞ വാന്‍ഗോഗിനെയാണെനിക്കിഷ്ടം.. ഒരിക്കല്‍ വിശപ്പിന്റെ കണ്ണീരുമായി ഒരു രാത്രി മുഴുവന്‍ രണ്ടു ‘സെന്റ്‌സ്’ തന്നാല്‍ മതി എന്നുപറഞ്ഞു തെരുവുകളിലെ ഓരോ കടയിലും കയറി ഇറങ്ങിയിട്ടും ആരും വാങ്ങാതെ പോയ ആ ചിത്രത്തിനാണ് ഇന്ന് ഏറ്റവും കൂടുതല്‍ വില… മരണം കൊണ്ട് വിഖ്യാതനായ ചിത്രകാരന്‍…’
‘ഉം.., അദ്ദേഹത്തിന്റെ ഉന്മാദവും വിഖ്യാതമായിരുന്നു…’
‘ഹഹഹ…. നിനക്ക് ഉന്മാദം ഇഷ്ടമാണോ?’ അവളുടെ കണ്ണില്‍ നോക്കിയാണ് ചോദിച്ചത്…
അവള്‍ ഒന്ന് പിടഞ്ഞു… പിന്നെ സംയമനം വീണ്ടെടുത്ത് പറഞ്ഞു,
‘ഒരു നേര്‍രേഖയില്‍ ജീവിതം ജീവിച്ചു തീര്‍ക്കാന്‍ എനിക്കിഷ്ടമല്ല.’
‘അപ്പോള്‍ എന്നെപ്പോലെ കുറച്ചു ഭ്രാന്തുണ്ട് നിനക്കും അല്ലേ? ഭ്രാന്തുള്ളവര്‍ വളരെ ക്രിയേറ്റീവ് ആണെന്നറിയുമോ?’
ആത്മസംഘര്‍ഷത്തില്‍ അവളുടെ കണ്ണുകള്‍ ചുവന്നു. പിന്നെ പതുക്കെ പറഞ്ഞു…
‘അതേ, തലച്ചോറില്‍ മിന്നലുകള്‍ എരിയുന്നവന്റെ ഭ്രാന്ത്… അത് ക്രിയേറ്റീവ് അല്ല, വളരെ വളരെ ക്രിട്ടിക്കല്‍ ആണ്… നിനക്കതു മനസ്സിലാവില്ല…’
അവള്‍ പെട്ടെന്നെഴുന്നേറ്റു പുറത്തേക്കു പോയി. ഒന്നും പറയാനാവാതെ ഞാന്‍ സൂര്യകാന്തിപൂക്കളിലെ മഞ്ഞ നിറവും നോക്കിയിരുന്നപ്പോള്‍ തലച്ചോറില്‍ കടലിരമ്പങ്ങളുടെ നേര്‍ത്ത ശബ്ദം… എന്റെ കണ്ണുകള്‍ അറിയാതെ അടഞ്ഞുപോയി…
സമയം പോയതറിഞ്ഞില്ല… ഉണര്‍ന്നപ്പോള്‍ ഇരുട്ട് വീണിരുന്നു. മുറിപൂട്ടിയിറങ്ങുമ്പോള്‍ രഹ്‌നയുടെ കാബിനില്‍ വെളിച്ചം കണ്ടു. അവള്‍ ഇനിയും പോയില്ലേ? ഞാന്‍ ചെന്നതുപോലും അവഹള്‍ അറിഞ്ഞില്ല. ഗ്ലാസ് ഭിത്തിക്കരികില്‍ താഴെ നിരത്തില്‍ പല നിരകളായി ഒഴുകി നീങ്ങുന്ന വാഹനങ്ങള്‍ നോക്കിനില്ക്കുന്നു.
അവളുടെ തോളില്‍ കൈ വെച്ചു… എന്നെ നോക്കി അവള്‍ ചിരിക്കാന്‍ ശ്രമിച്ചു.
‘രെഹന… ഇന്ന് നമുക്ക് ഡിന്നര്‍ ഒന്നിച്ചായാലോ?’
പൂള്‍സൈഡ് റെസ്‌റ്റോറന്റില്‍ നീന്തല്‍ക്കുളത്തില്‍ ചന്ദ്രന്‍ നീന്തിത്തുടിക്കുന്നതും നോക്കിയിരുന്നപ്പോള്‍ അവളുടെ വാക്കുകള്‍ തണുത്ത കാറ്റിനൊപ്പം തീക്കനലുകള്‍ ഹൃദയത്തിലേക്ക് കോരിയിട്ടു.
‘ഒരു അപസ്മാര രോഗിയെക്കുറിച്ച്, അവന്റെ വേദനകളെക്കുറിച്ച് നിനക്കറിയുമോ, മനസ്സിലാകുമോ എന്ന് എനിക്കറിയില്ല നിഹാല്‍ … എന്നാലും എനിക്ക് നിന്നോടു പറയാതെ വയ്യ…’
അവളുടെ കയ്യില്‍ മെല്ലെ അമര്‍ത്തി. വൈന്‍ ഗ്ലാസ്സില്‍ നിന്ന് ഒരു കവിള്‍ എടുത്ത് പറഞ്ഞു തുടങ്ങി… ആത്മവ്യഥയുടെ നീണ്ട് നീണ്ടു പോകുന്ന മൌനങ്ങള്‍ക്കിടയിലെ എന്റെ ചോദ്യങ്ങള്‍ക്കായി അവള്‍ മനസ്സുതുറന്നു.
‘നിഹാല്‍ , ചിത്രശലഭങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കുമൊപ്പം ഊഞ്ഞാലാടി വളര്‍ന്നതായിരുന്നു എന്റെ ബാല്യം. പക്ഷെ കൌമാരവും യൌവ്വനവും കണ്ണീരിലും ചോരയിലും കുതിര്‍ന്നു പോയി.. യൂണിവേഴ്‌സിറ്റിയിലെ ആദ്യവര്‍ഷമാണ് എന്റെ തലച്ചോറില്‍ ഇടിമുഴക്കങ്ങള്‍ ഉണ്ടായത്…ആദ്യത്തെ എപ്പിലപ്റ്റിക് ഫിറ്റ്. .., … എന്റെ നാവ് മുറിഞ്ഞ് ചോര ഒഴുകി… ശരീരം മുഴുവന്‍ ഇടിച്ചു പിഴിഞ്ഞ വേദന… കുഴഞ്ഞുപോകുന്ന നാവ്… തലപൊട്ടി പൊളിയുന്ന വേദന… ശരീരത്തിന്റെ ബലം മുഴുവന്‍ നഷ്ടപ്പെട്ടതുപോലെ… പിന്നെ വെള്ളിടി വെട്ടിയ രാവുകളിലെല്ലാം നക്ഷത്രഖബറില്‍ എരിഞ്ഞു വീണ നക്ഷത്രത്തിന്റെ കരിക്കട്ട പോലെ ഞാനും വീണുകിടന്നു.’
‘മരുന്ന് സ്ഥിരമായി കഴിച്ചിരുന്നില്ലേ നീ?’
‘മരുന്ന് കഴിച്ചു തുടങ്ങിയതോടെ എന്റെ ജീവിതത്തിന്റെ താളം തന്നെ തെറ്റി. എപ്പോഴും ഉറക്കം തൂങ്ങി… ക്രമേണ ഒന്നും ഓര്‍ത്തുവേക്കാന്‍ കഴിയാതായി… സഹതാപങ്ങള്‍ മുറിപ്പെടുത്താന്‍ തുടങ്ങി…കടുത്ത നിയന്ത്രണങ്ങള്‍ എനിക്ക് ചുറ്റും കമ്പിവേലികള്‍ തീര്‍ത്തു… ഞാന്‍ എന്റെ ലോകത്തേക്ക് ഉള്‍വലിഞ്ഞു…
‘അവിടേക്ക് കടന്നു കയറിയവരോടു നിര്‍ദ്ദയമായി പെരുമാറി, അല്ലേ?’
‘ഉം….അതാവാം പുഴയോരത്തെ വലിയ വീട്ടില്‍നിന്നും എപ്പോഴും ചൂടുകാറ്റ് വീശിയടിക്കുന്ന ഹൈദരാബാദിലേക്ക് ഞങ്ങള്‍ താമസം മാറ്റിയത്. വല്ലപ്പോഴുമൊക്കെ തലച്ചോറില്‍ അഗ്‌നിഗോളങ്ങള്‍ എരിഞ്ഞു… തുടര്‍ച്ചയായി 3 കൊല്ലം ഫിറ്റ് ഉണ്ടായില്ലെങ്കില്‍ മരുന്ന് നിര്‍ത്താം എന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. പക്ഷെ ഒരിക്കലും മരുന്ന് നിര്‍ത്താന്‍ കഴിഞ്ഞില്ല. സ്വയം വെറുത്തു വെറുത്തു ഞാന്‍ ജീവിക്കാന്‍ പഠിച്ചു… എല്ലാത്തില്‍ നിന്നും ഒരു ഒളിച്ചോട്ടമായിരുന്നു ആ ജോലി…. ജോലി മാത്രമായിരുന്നു അവിടെ എന്റെ ജീവിതം…’
‘അത് നല്ല കമ്പനി ആയിരുന്നല്ലോ? എന്നിട്ടും എന്തിനാണ് അതുപേക്ഷിച്ചത്?’
‘എനിക്കവിടെ സൌഹൃദങ്ങള്‍ ഇല്ലായിരുന്നു, ബിന്‍ഷ അല്ലാതെ. തലയ്ക്കുള്ളിലെ കടലിരിമ്പങ്ങള്‍ക്ക് ചെവിയോര്‍ത്തു കിടക്കുന്ന ഒരുവളില്‍ പ്രണയം എങ്ങനെ പൂത്തുലഞ്ഞു എന്ന് എനിക്കുതന്നെ അറിയില്ല… അതുവരെ നഷ്ടമായ നിറങ്ങള്‍കൊണ്ട് തരുണ്‍ എന്റെ ദിവസങ്ങള്‍ക്ക് ചായം തേച്ചു. ഞാന്‍ കൂടെയുള്ളപ്പോള്‍ ഇനി ഒരിടിമിന്നലും നിന്നെ തളര്‍ത്തില്ല എന്ന് തരുണ്‍ പറയുമായിരുന്നു… അവന്റെ സാമീപ്യം എന്നില്‍ പെണ്‍ജീവിതത്തിന്റെ ആസക്തി നിറച്ചു.’
‘പിന്നെ എന്താണ് നിന്നെ ഉലച്ചു കളഞ്ഞത്? ഒന്നും ചെയ്യാതെ ഒരു ഇടവേള നിന്റെ ‘റെസുമെ’യില്‍ കണ്ടു…’
‘എനിക്കും അവനും ഒന്നിച്ചാണ് ഒരു ഫോറിന്‍ അസൈന്‍മെന്റ് കിട്ടിയത്. അതിന്റെ പേപ്പറുമായി അവന്‍ ഓടി വന്നപ്പോള്‍ ബിന്‍ഷ ഏതോ കിറ്റി പാര്‍ട്ടിക്ക് പോയിരിക്കുകയായിരുന്നു. എന്നെ അവന്‍ ഗാഡമായി ആലിംഗനം ചെയ്തു… മേശപ്പുറത്തിരുന്ന സോഡിയം വാല്‌പൊറേറ്റ് ടാബ്ലെറ്റിന്റെ കിറ്റെടുത്ത് അവന്‍ പുറത്തേക്കെറിഞ്ഞു. ഇനി നിനക്കിതിന്റെ ആവശ്യം ഇല്ല… മൂന്നു വര്‍ഷം നീ ഭയന്ന് ജീവിച്ചില്ലേ? ഇന്ന് നിന്റെ തലച്ചോറില്‍ എരിയുന്ന ഇടിമിന്നല്‍ നിന്റെ വികാരങ്ങളില്‍ നിറക്ക്… എനിക്ക് ഈ രാത്രി വേണം നിനക്കൊപ്പം… അവനെന്നെ ഭ്രാന്തമായി ചുംബിക്കാന്‍ തുടങ്ങി…’
‘ഭ്രാന്തമായി പ്രണയിക്കാന്‍ കഴിയുന്നത് ഒരു സൌഭാഗ്യമല്ലേ രെഹന’
‘ആദ്യരതിയുടെ അശ്ലീലങ്ങള്‍ ഇല്ലാതെ ഞാനവന്റെ വികാരങ്ങളില്‍ നിറഞ്ഞു. ആലസ്യത്തിലേക്ക് ഊര്‍ന്നു വീഴുമ്പോഴേക്കും അവന്‍ എന്നില്‍ നിന്നും അകന്നുമാറി കണ്ണടച്ചു കിടന്നു. നീ ആദ്യമായിട്ടല്ല, അല്ലേ? എന്ന അവന്റെ ചോദ്യത്തില്‍ ഞാന്‍ പകച്ചുപോയി. പതിനഞ്ചാം വയസ്സില്‍ തുടങ്ങിയ ഭോഗങ്ങളുടെ ഓര്‍മ്മക്കണക്കുകള്‍ സൂക്ഷിക്കുന്ന അവന്റെ മുന്നില്‍ എന്റെ കന്യകാത്വത്തിന് സാക്ഷ്യം പറയാന്‍ എനിക്ക് തോന്നിയില്ല. കയ്യില്‍ തടഞ്ഞ ടി ഷര്‍ട്ട് എടുത്തു കൊടുത്തിട്ട് ഞാന്‍ പറഞ്ഞു, നിനക്ക് പോകാം തരുണ്‍… ഇനി നമ്മള്‍ കാണാതിരിക്കട്ടെ… ശുഭയാത്ര…’
‘മുറിയുടെ വാതില്‍ വലിച്ചടച്ച് നേര്‍ത്ത ഗൌണിട്ട ഞാന്‍ രാത്രിയുടെ തണുപ്പിലേക്കിറങ്ങി നടന്നു… പിന്നെ ഓര്‍മ്മ വരുമ്പോള്‍ മുറിഞ്ഞ നാവും ബലമില്ലാത്ത ശരീരവുമായി ഞാന്‍ ബിന്‍ഷയുടെ മടിയില്‍ കിടക്കുകയായിരുന്നു. ഓഫീസിലെ ഡൈനിങ്ങ് റ്റേബിളുകളിലും ബാച്ചിലര്‍ പാര്‍ട്ടികളിലുമൊക്കെ എന്റെ ‘പെര്‍ഫോര്‍മന്‍സിന്റെ’ കഥകള്‍ കറങ്ങിനടന്നു. പക്ഷെ ജോലി ഉപേക്ഷിക്കുവാന്‍ എനിക്കാകുമായിരുന്നില്ല…’
‘അധഃകൃതന്റെ ജാതിപ്പേരുപോലെ പെണ്ണിന്റെ മേലുള്ള സ്റ്റിഗ്മയാണ് അവളുടെ കന്യാചര്‍മ്മം, അല്ലേ? എനിക്ക് ഉറക്കെ ചിരിക്കാനാണ് തോന്നുന്നത്…’
‘എന്റെ മേശമേല്‍ പിന്നെയും വാല്‌പൊറേറ്റ് കിറ്റ് വന്നിരുന്നു. അവയില്‍നിന്നും ഞാന്‍ ദിവസവും ഒന്നിലധികം കഴിച്ചു ബോധമില്ലാതെ രാവുകള്‍ ഉറങ്ങിത്തീര്‍ത്തു. ബിന്‍ഷ ഇവിടെ ജോയിന്‍ ചെയ്തപ്പോള്‍ അവള്‍ നിര്‍ബ്ബന്ധിച്ചു എന്റെയും റെസുമേ കൊടുത്തു. അങ്ങനെ ഇവിടെയെത്തി…’
‘ജീവിതത്തിലെ ഇരുണ്ട ദിനങ്ങള്‍ ഒക്കെ കഴിഞ്ഞു പോയി രേഹന… ഇനി പുതുജീവന്റെ വെള്ളിവെളിച്ചങ്ങള്‍ ആണ്.’
‘ഇല്ല നിഹാല്‍ . ഇതെന്റെ ജീവപര്യന്തം ആണെന്ന് തോന്നുന്നു. കഴിഞ്ഞ കുറേ നാളുകളായി അസുഖം വരാതെയിരിക്കുകയായിരുന്നു. മരുന്നു നിര്‍ത്താം എന്നു സന്തോഷിച്ചിരുന്നപ്പോഴാണ് അടുത്ത കാലത്തായി വീണ്ടും….’
മുഖംപൊത്തി രെഹ്‌ന എങ്ങലടിച്ച് കരയാന്‍ തുടങ്ങി. അവളെയും ചേര്‍ത്തുപിടിച്ച് പൂളിനരികിലേക്ക് നടന്നു. കടല്‍ കടന്നെത്തിയ ഈറന്‍കാറ്റ് പുതപ്പായി… രെഹ്‌നയുടെ തേങ്ങലുകള്‍ എന്റെ തോളില്‍ മെല്ലെ മെല്ലെ തലചായ്ചു…
ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഉള്ളില്‍നിന്നും സത്യം നാവിന്‍തുമ്പോളം എത്തി. ഒരു കഷണം ഫിഷ് ടിക്കയോടൊപ്പം അത് വിഴുങ്ങിയിട്ട് അവളോട് പറഞ്ഞു…
‘ഞാന്‍ ഇതില്‍ ഗവേഷണം ചെയ്യുന്നുണ്ട്…’
‘ഗവേഷണമോ? അവള്‍ കണ്ണ് മിഴിച്ചു.’
‘ചുമ്മാ… പുതിയ അറിവുകള്‍ തലച്ചോറിനു നല്കിക്കൊണ്ടിരുന്നാല്‍ ഓര്‍മശക്തി വര്‍ദ്ധിക്കുമെടോ…’
‘ഉം… എന്നാല്‍ ഗവേഷണ ഫലം പറയു…’
‘ചിലരില്‍ ചില പ്രത്യേക നിമിഷങ്ങളില്‍ ശരീരത്തിനു വേണ്ടതിലധികം ഇലക്ട്രിസിറ്റി അവരുടെ തലച്ചോറില്‍ ഉല്പാദിപ്പിക്കപ്പെടുന്നു. ഇത് ഏതാനം നിമിഷങ്ങളിലേക്ക് ശരീരത്തിന്റെ താളം തെറ്റിക്കുന്നു. അതാണ് ഈ ഫിറ്റ്‌സ്. കൃത്യമായ ഉറക്കവും, ജീവിതചര്യയും, മരുന്നും കൊണ്ട് ഇതിനെ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കാം…’
‘ഇതൊക്കെ എന്റെ ഡോക്ടറടെ പതിവ് ഉപദേശങ്ങളാണല്ലോ…’
‘അല്ല രെഹന, ജന്മസിദ്ധമായി ക്രോണിക് എപിലപ്റ്റുകള്‍ ആവുന്നവരാണു രോഗികള്‍ . നിന്റേത് ഒരു രോഗമല്ല… ഒരു ശാരീരികാവസ്ഥ മാത്രം… അതിലുപരി ഒരു മാനസികാവസ്ഥയും…’
‘അപ്പോള്‍ എനിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടില്ല, അല്ലെ?’ അവള്‍ വരണ്ട ചിരിയോടെ ചോദിച്ചു.
‘നിനക്കായി എത്രയോ രാജവീഥികള്‍ കാലം ഒരുക്കിവെച്ചിരിക്കുന്നു. അറിയപ്പെടുന്ന ജീനിയസ്സുകളില്‍ പലരും എപ്പിലെപ്റ്റിക് ആയിരുന്നില്ലേ…? അന്ന് ഞാന്‍ തമാശ പറഞ്ഞതല്ല… ഇതുള്ളവരില്‍ ക്രിയേറ്റിവിറ്റി വളരെ കൂടുതല്‍ ആയിരിക്കും.. ഇറ്റ് ഈസ് എ ഗിഫ്റ്റ് ഓഫ് ഗോഡ്…’
രാത്രിയുടെ പാതിയും കടന്നു പോയി. ആകാശത്ത് നിലാവിന്റെ തിരിവെട്ടം തല നീട്ടി. രഹ്‌നയുടെ കണ്ണുകളില്‍ പതുക്കെ വെളിച്ചം നിറഞ്ഞു.
തിരക്കുകള്‍ ദിവസങ്ങളെ തിന്നു തീര്‍ത്തു. ഉഷ്ണം പുകയുന്ന ചിന്തകള്‍ ഉപേക്ഷിച്ച് പ്രസരിപ്പും ഊര്‍ജ്ജസ്വലതയും രെഹ്‌ന വീണ്ടെടുത്തു . ജീവനക്കാര്‍ക്കിടയില്‍ അവള്‍ നല്ലൊരു സുഹൃത്തും ലീഡറുമായി വളര്‍ന്നു. കമ്പിനിയുടെ പുതിയ പ്രസ്റ്റീജ് പ്രോജക്ടിന്റെ ജോലികള്‍ പൂര്‍ത്തിയാക്കിയ ദിവസമാണ് അവള്‍ ചോദിച്ചത്…,
‘ഈ വീക്കെന്‍ഡ് നമുക്ക് ‘തണ്ടറില്‍ ‘ ആക്കിയാലോ നിഹാല്‍ ?’
നഗരത്തിലെ പ്രശസ്ഥമായ എക്‌സ്‌ക്ലൂസീവ് നൈറ്റ്ക്ലബ്,… ഹാളിലെ മങ്ങിയ വെളിച്ചവുമായി പൊരുത്തപ്പെടാന്‍ ഏതാനം നിമിഷങ്ങള്‍ എടുത്തു. ഡാന്‍സ് ഫ്‌ലോറിലെ സ്‌പോട്ട് ലൈറ്റുകളുടെ പ്രഭയില്‍ ഡീജെയുടെ വാചകമടിക്കൊപ്പം കുണുങ്ങി കുണുങ്ങിയെത്തി പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന ഇന്‍ഹൌസ് നര്‍ത്തകികള്‍ .
‘നിഹാല്‍… വര്‍ഷങ്ങളുടെ ഈ മരുന്നുകഴിപ്പ് എന്റെ മനസ്സിനേയും ശരീരത്തെയും വികാരങ്ങളെയുമൊക്കെ തളര്‍ത്തിക്കളഞ്ഞിരുന്നു എന്നാണ് ഞാന്‍ കരുതിയത്…’
‘ഇപ്പോഴോ?’
അവള്‍ ചുണ്ടുകടിച്ച് ചിരിച്ചു. പിന്നെ കയ്യില്‍ പിടിച്ച് ഡാന്‍സ് ഫ്‌ലോറിലേക്ക് കണ്ണുകാണിച്ചു. അവിടെ ഡീജെ ഡാന്‍സ് ചെയ്യാനായി ആളുകളെ ക്ഷണിക്കുന്നുണ്ടായിരുന്നു. മറ്റ് ജോഡികള്‍ക്കൊപ്പം ഫ്‌ലോറിലേക്ക് നടന്നു. സ്‌റ്റേജിലെ പാട്ടിനൊപ്പം ചുവട് വെക്കാന്‍ തുടങ്ങി… സ്‌പോട്ട് ലൈറ്റുകളുടെ വര്‍ണ്ണങ്ങള്‍ അവളുടെ കണ്ണുകളില്‍ പൂത്തിരി കത്തിച്ചു… പാട്ടിന്റെ താളം മുറുകി… നെഞ്ചിലേക്ക് ചാരി അവള്‍ എന്തോ പറയാന്‍ ശ്രമിച്ചു.. ചേര്‍ത്തുപിടിച്ച് സീറ്റിലേക്ക് നടക്കുമ്പോള്‍ അവളുടെ നിശ്വാസങ്ങള്‍ ഉച്ചത്തിലാവുന്നത് അറിയുന്നുണ്ടായിരുന്നു.
ബീയര്‍ ഗ്ലാസ്സില്‍ നുരഞ്ഞുപൊന്തിയ കുമിളകള്‍ ഒന്നൊന്നായി പൊട്ടിയടിഞ്ഞു! ഏറെനേരം കഴിഞ്ഞ് രെഹ്‌ന മെല്ലെ പറഞ്ഞു,
‘നിഹാല്‍ നീ പറയാറില്ലേ നിന്റെ നാട്ടിലെ മഴക്കാലത്തെക്കുറിച്ച്… എനിക്കവിടെ പോകണം, ആ മലമുകളില്‍… നിന്റെ അരികിലിരുന്ന് എനിക്ക് മഴ ആസ്വദിക്കണം. കൊണ്ടുപോകില്ലേ നീ എന്നെ…?’
‘തീര്‍ച്ചയായും…’
പുതിയ പ്രോജക്ടിന്റെ ഫൈനലൈസേഷനായി ചെയര്‍മാനും ഉയര്‍ന്ന മാനേജ്‌മെന്റ് ടീമംഗങ്ങളും എത്തി. അവരുടെ മുന്നില്‍ പ്രോജക്റ്റ് പ്രസന്റെഷന്റെ ചുമതല രഹ്‌നയെ ഏല്പിച്ചു. നീണ്ടുനിന്ന കയ്യടികള്‍ക്കൊടുവില്‍ പ്രസന്റേഷന്‍ അവസാനിപ്പിച്ച് രെഹ്‌ന ഗാഡമായ സൌഹൃദത്തിന്റെ ഹൃദ്യമായ ചിരിയോടെ ഓടി വന്നെന്നെ ചുറ്റിപിടിച്ചു..
‘ഗ്രേറ്റ് എഫര്‍ട്… നിന്റെ പ്രിയപ്പെട്ട സുഹൃത്തായിരിക്കുന്നതു എന്റെ സൌഭാഗ്യമാണ് രെഹന…’
ഏറെ നിര്‍ബന്ധങ്ങള്‍ക്കൊടുവിലാണ് ലണ്ടനിലെ പുതിയ പ്രോജക്ടിന്റെ ചാര്‍ജ് രഹ്‌നക്ക് കൊടുക്കാന്‍ മാനേജ്‌മെന്റ് സമ്മതിച്ചത്. ബ്രൌണ്‍ കവറിനുള്ളില്‍നിന്നും എടുത്ത വെളുത്ത കടലാസും ചിരിച്ചു തുടുത്ത മുഖവുമായി അവള്‍ നിന്ന് കിതച്ചു…
‘ഉം..? സ്വര്‍ഗ്ഗത്തേക്കുള്ള ടിക്കറ്റ് കിട്ടിയോ?’ ഞാന്‍ കളിയാക്കി.
‘അല്ല, ലണ്ടനിലേക്ക്.. നിഹാല്‍ , ഇത് നിനക്കുള്ളതാണ്. മിന്നല്‍പ്പിണരുകള്‍ക്കിടയില്‍ എരിഞ്ഞുതീരുമായിരുന്ന ഒരു ജീവനെ ഭൂമിയില്‍ ജീവിക്കാന്‍ പഠിപ്പിച്ചതിന്…’
‘ഹേയ്… ആര്‍ക്കും ആരെയും ഒന്നും പഠിപ്പിക്കാനാവില്ല രെഹന, അവരുടെ മനസ്സ് പഠിക്കാന്‍ തയ്യാറാകുന്നതുവരെ. നിന്റെ സ്വപ്നങ്ങളുടെ അതിരുകള്‍ക്കപ്പുറത്തേക്ക് വളരണം… എന്നാണു യാത്ര?’
‘ഒരാഴ്ചയുണ്ട്… അതിനു മുന്‍പ് നാട്ടില്‍ ഒന്ന് പോയിവരണം.’
‘ശെരി, പിന്നെ കാണാം… എനിക്കല്പം തിരക്കുണ്ട്…’
മഞ്ഞവെയിലില്‍ തിളങ്ങുന്ന ക്രോടന്‍സ് ചെടികളില്‍ തട്ടിവന്ന കാറ്റ് അവളുടെ മുഖത്തെ ചിരിയുമെടുത്ത് അകലേക്കുപോയി. അപ്പോഴും എന്റെ കൂടെ വരില്ലേ എന്ന് അവളുടെ കണ്ണുകള്‍ ചോദിക്കുന്നുണ്ടായിരുന്നു…
സ്വപ്നങ്ങള്‍ അവള്‍ക്കൊപ്പം പോകാനൊരുങ്ങിയെങ്കിലും ഹൃദയം വഴിമാറിനിന്നു. വേണ്ട രെഹന… എരിയുന്ന മറ്റൊരു ജീവന്റെ കൂട്ട് നിനക്ക് വേണ്ട. ഒന്നിച്ചു പിടഞ്ഞുവീഴുമ്പോള്‍ മുറിയുന്ന നാക്കില്‍നിന്നും ഒഴുകുന്ന ചോരയില്‍ കുതിര്‍ന്നു പോകുന്ന ജീവനെ പ്രകൃതിപോലും നിസ്സഹായായി നോക്കി നില്ക്കയെ ഉള്ളു. പിന്നെ അഗ്‌നിയുടെ തണുപ്പിലേക്ക് അരിച്ചിറങ്ങുന്ന ശരീരങ്ങളില്‍ ഏതിലായിരിക്കും ജീവന്‍ അവശേഷിക്കുക എന്ന് ആര്‍ക്കറിയാം?
എന്റെയും അവളുടെയും ഓഫീസുമുറികള്‍ക്കിടയ്ക്കുള്ള വരാന്ത നടന്നു തീരാതെ നീളം വെച്ച് കിടന്നു. ഇനിയും ഇതുവഴി എന്നെങ്കിലും വന്നേക്കാവുന്ന മിന്നല്‍പ്പിണരുകള്‍ക്കിടയില്‍ അമര്‍ന്നുപോകുന്ന ജീവന്റെ കൂടെ നടക്കാനായി തിരിഞ്ഞു നോക്കാതെ ഞാന്‍ നടന്നു…
ജനാലവിരി ഒതുക്കി കയറിവന്ന കാറ്റ് നിഹാലിന്റെ മേശപ്പുറത്തെ പൂപാത്രത്തിലെ വാടിയ പൂക്കളോടു ചോദിച്ചു…
‘ശ്ശോ ..നിങ്ങള്‍ കണ്ടില്ലേ അവര്‍ രണ്ടും രണ്ടു വഴിക്ക് പോയി…!
‘സ്വയം തീര്‍ത്ത ദ്വീപില്‍ ഇരുട്ടിനു മാത്രം വെളിച്ചം നല്കി കുഞ്ഞുകുഞ്ഞു മിന്നലുകളായി പൊലിഞ്ഞുപോകുന്ന ഇങ്ങനെ എത്ര ജീവിതങ്ങള്‍ ‘ എന്ന് ചിത്രത്തിലെ സൂര്യകാന്തിപ്പൂക്കളുടെ ആത്മഗതം കാറ്റ് കേള്‍ക്കാതെ മണ്ണിന്റെ നിറമുള്ള കാര്‍പെറ്റില്‍ വീണുടഞ്ഞു…

20 Sept 2012

"ആദിഭാരതം ചില മുൻവിധികൾ"- ചില വിയോജിപ്പുകൾ



 മീരാകൃഷ്ണ

'അസ്ഥിത്വം ബോധത്തെ നിർണ്ണയിക്കുന്നു'
കാറൽ മാർക്സ്


അക്ഷരം നിഷേധിക്കപ്പെട്ട ജനതയുടെ ചരിത്രം പ്രതികൂല പരിതസ്ഥിതികളെ
മറികടന്ന്‌ എഴുതുന്നത്‌ സാമൂഹിക ഇച്ഛയും സാമൂഹിക സംഘർഷവുമായി മാറുന്നു.
അധികാരവർഗ ചരിത്രവും മർദ്ദിതരുടെ ചരിത്രവും വിരുദ്ധദ്വന്ദ്വങ്ങളിൽ
വികസിക്കുന്നു. എഴുതപ്പെട്ടതു മാത്രമല്ല ചരിത്രം. മാറിമാറിവരുന്ന ഓരോ
തലമുറകളുടെ പൈന്തുടർച്ചയാണ്‌ ചരിത്രം. അത്‌ സാമൂഹികബന്ധവും
സാമൂഹികപ്രയോഗവുമായി സമൂഹത്തിൽ നിലനിൽക്കുകയും വളരുകയും ചെയ്യുന്നു.
എസ്‌.പി.സി.എസ്‌. പ്രസിദ്ധീകരിച്ച ഔസേപ്പ്‌ ചിറ്റക്കാടിന്റെ ആദിഭാരതം ചില
മുൻവിധികൾ
എന്ന ഗ്രന്ഥം വേദേതിഹാസപുരാണങ്ങളിലെ ചരിത്രപുരുഷന്മാരെ
അംഗീകരിച്ചവതരിപ്പിച്ചുകൊണ്ടാണ് എഴുതിയിരിക്കുന്നത്‌. ഡോക്ടർ
ധർമ്മരാജിന്റെ അവതാരികയും ഡോ. ബാബുജിയുടെ അനുബന്ധവും ഈ
പുസ്തകത്തിലുണ്ട്‌. സൈന്ധവനാഗരികതയുടെ കണ്ടെത്തൽ എന്ന
അദ്ധ്യായത്തിലാരംഭിക്കുന്ന ചരിത്ര പഠനം എട്ട്‌ അദ്ധ്യായങ്ങളിലാണു
പൂർത്തിയാകുന്നത്‌.
ഹാരപ്പാ, മോഹഞ്ചദാരോയിൽ നിന്നു കണ്ടെടുത്ത നഗരസംസ്കാരത്തെപ്പറ്റി
ഒന്നാമദ്ധ്യായത്തിൽ വിശദമായി പറയുന്നുണ്ട്‌. സിന്ധുനദീതട സംസ്കാരം
വ്യക്തമാക്കുന്നു - ഔസേപ്പ്‌ തന്റെ ഭാരത ചരിത്ര രചന സുഗമമാക്കുവാൻ
ആദിഭാരതത്തെ രുദ്രഭാരതം, ശുക്രഭാരതം, ഇന്ദ്രഭാരതം എന്നിങ്ങനെ ഈ
പുസ്തകത്തിൽ കുറിക്കുന്നുണ്ട്‌. ഇ.എം.എസ്‌. നമ്പൂതിരിപ്പാടുമുതൽ 27
പേരുടെ ഇന്ത്യാചരിത്ര ഗവേഷണ രേഖകളിൽ കൂടിയാണ്‌ ഔസേപ്പ്‌ തന്റെ ചരിത്ര
പര്യടനം നടത്തുന്നത്‌. പക്ഷേ, ഈ ഗ്രന്ഥസൂചികയിൽ കാണിച്ചിരിക്കുന്ന
പലരുടെയും ഇന്ത്യാചരിത്രങ്ങൾക്ക്‌ കൃത്യമായ തെളിവുകൾ രേഖപ്പെടുത്താൻ
സാധിച്ചിട്ടില്ല എന്നുള്ളതാണു വാസ്തവം. വേദകാലത്തിനുമുമ്പ്‌ ഇവിടെ ജനങ്ങൾ
താമസിച്ചിരുന്നു എന്നും ആര്യന്മാരുടെ വരവിനുമുമ്പേ ഇവിടെ സമുന്നതമായ
നഗരസംസ്കാരം നിലനിന്നിരുന്നു എന്നും തെളിഞ്ഞിട്ടുണ്ട്‌.
ഇ.എം.ഏശിന്റെ വേദങ്ങളുടെ നാട്‌ എന്ന പുസ്തകത്തിലെ എട്ടാം പേജ്‌
സാക്ഷ്യപ്പെടുത്തിയാണ്‌ ചരിത്രരചന തുടങ്ങുന്നത്‌. "ഇന്നത്തെ
പാക്കിസ്ഥാനിൽപ്പെട്ട ഹാരപ്പായിലും മോഹൻജദാരോയിലും കുഴിച്ചെടുത്തപ്പോൾ
കണ്ടെത്തിയ അവശിഷ്ടങ്ങൾ ആര്യന്മാരുടെ വരവിന്‌ കുറെ നൂറ്റാണ്ടുകൾക്കു
മുമ്പ്‌ ആര്യന്മാരുടേതിനേക്കാൾ വളർച്ചയെത്തിയ ഒരു ജന വിഭാഗം അന്നത്തെ
ഇന്ത്യയിൽ താമസിച്ചിരുന്നു എന്നു വ്യക്തമാക്കുന്നു".
ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥരായ സർ അലക്സാണ്ടർ കണ്ണിംഗ്‌ ഹാമിന്റെയും ഡോ.
ബർജസ്സിന്റെയും 1901-ൽ സർ ജോൺ മാർഷലിന്റെയും ആർ. ഡി. ബാനർജിയുടെയും
കണ്ടെത്തലുകൾ ഈ പുസ്തകത്തിലൂടെ വായിച്ചെടുക്കാം.
 റാഫി ദമ്പതികളുടെ കാഴ്ചപ്പാടുകൾ ഔസേപ്പ്‌ ചിറ്റക്കാടിന്റെ രചനയെ കാര്യമായി
സ്വാധീനിച്ചിട്ടുണ്ട്‌. മനുഷ്യജീവിതത്തിലെ അന്തർലീനമായിരിക്കുന്ന
ഭാവാർത്ഥം കണ്ടുപിടിക്കാൻ കഥകൾ രചിച്ച റാഫി മനുഷ്യസംസ്കാരത്തിന്‌ അർത്ഥം
കണ്ടുപിടിക്കുവാൻ പര്യാപ്തമായ ദർശനത്തിനായി അഭ്യൂഹങ്ങളെ
ചരിത്രവ്യാഖ്യാനമാക്കുകയാണ്‌ ചെയ്തത്‌. കൽപനാ സാന്ദ്രവും
കാവ്യാത്മകവുമായിരുന്ന റാഫി കൃതികൾ ഭാരതത്തിലെ ആദിമനിവാസികൾ എന്ന
ഭാഗത്ത്‌ വേദസാഹിത്യങ്ങളിൽ പുലഹ-പുലസ്ത്യന്മാരെ കറുത്തവരും പൊക്കം
കുറഞ്ഞവരും അനാസന്മാരും നിഷാദന്മാരും രാക്ഷസന്മാരും എന്നാണ്‌
ചിത്രീകരിച്ചിട്ടുള്ളതെന്നും ഇതിൽ നിന്നും ഭാരതത്തിലെ ആദിമ നിവാസികളായ
നേഗ്രിറ്റോ-ആസ്ത്രലോയിഡ്‌ ജനവിഭാഗങ്ങളാണ്‌ പുലഹ-പുലസ്ത്യന്മാർ എന്നും
ഔസേപ്പ്‌ നിരീക്ഷിക്കുന്നു. സൈന്ധവനഗരാവശിഷഷ്ടങ്ങളിൽ നിന്ന്‌ കണ്ടെടുത്ത
തലയോടുകളെപ്പറ്റി നരവംശ ശാസ്ത്രജ്ഞർ നടത്തിയ പഠനങ്ങളെ ആധാരമാക്കി
പ്രോട്ടോ ആസ്ട്രലോയ്ഡ്‌ (പൊക്കം കുറഞ്ഞ കറുപ്പുനിറക്കാർ) മെഡിറ്ററേനിയൻ
(തവിട്ടു നിറക്കാരും ഉയരമുള്ളവരുമായ ദ്രാവിഡർ) ആൽപൈൻ (മഞ്ഞനിറക്കാരായ
മംഗോളിയൻ വർഗ്ഗത്തിലൊരു വിഭാഗം) എന്നിങ്ങനെ മൂന്നു വ്യത്യസ്ഥ
നരവംശങ്ങളിൽപ്പെട്ടവരായിരുന്നു സൈന്ധവജനങ്ങളെന്ന്‌ രാധാ-കുമുദ്‌ മുഖർജി
ചൂണ്ടിക്കാണിക്കുന്നതും. സൈന്ധവജനങ്ങൾ മെഡിറ്ററേനിയൻ ആസ്ട്രലോയിഡ്‌
ഗോത്രങ്ങളിൽപ്പെട്ടവരായിരുന്നെന്നും ഒക്കെയുള്ള അമ്യൂറി ദെറീൻ
കോർട്ടിന്റെ നിരീക്ഷണങ്ങളും ഔസേപ്പ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഈ
അദ്ധ്യായത്തിന്റെയവസാനം പുലഹ-പുലസ്ത്യന്മാരുടെ നേതൃത്വത്തിൽ
പുരോഗമിച്ചുകൊണ്ടിരുന്ന ജീവിതവ്യവസ്ഥയെ ഔസേപ്പ്‌ പ്രാകൃത കമ്മ്യൂണിസ്റ്റു
സമൂഹം എന്നു പേരു വിളിക്കുന്നു.  ഗ്രാമയുഗത്തിന്റെ ഉദയവും വികാസവും എന്ന
രണ്ടാം ഭാഗത്ത്‌ രുദ്രഭാരതം എന്തെന്ന്‌ വിശദീകരിക്കുന്നു.

പുലഹ-പുലസ്ത്യന്മാരുടെ ആധിപത്യകാലഘട്ടമായിരുന്നു നവീന ശിലായുഗത്തിലെ
സുദീർഘമായ 5 സഹസ്രാബ്ദങ്ങൾ എന്നു പറഞ്ഞിട്ടുണ്ട്‌. ഇവിടെ കാർഷികവൃത്തിയും
കളിമൺ നിർമ്മാണവും വിശദീകരിക്കുന്നുണ്ടെങ്കിലും ബ്രഹ്മാണ്ഡപുരാണത്തെ
കൂട്ടുപിടിക്കുന്നു. ദേവാസുരയുദ്ധങ്ങളെ ആര്യദ്രാവിഡ യുദ്ധങ്ങളെന്നു
പറയുമ്പോൾ രാക്ഷസന്മാർ  രാജാക്കന്മാരായിരുന്നെന്നും നീണ്ട വാലുള്ള കോണകം
ധരിച്ച കൃഷിക്കാർ വാനരന്മാരെന്നും എഴുതുമ്പോൾ മഹാഭാരതം ആദിപർവ്വം 66-
‍ാമദ്ധ്യായം സാക്ഷ്യപ്പെടുത്തുന്നു ഔസേപ്പ്‌. "ബുദ്ധിമാനായ
പുലസ്ത്യമുനിയിൽ നിന്നും രാക്ഷസന്മാരും വാനരന്മാരും കിന്നരന്മാരും
ഉണ്ടായി". ഭൂതഗണനാഥനായ രുദ്രനെ പരിചയപ്പെടുത്തുന്നു. ഇതെല്ലാം പുരാണിക്‌
എൻസൈക്ലോപീഡിയയും പുരാണങ്ങളേയും വായിച്ച്‌ പറയുന്നുണ്ടെങ്കിലും
എഴുത്തുകാരൻ ആശയക്കുഴപ്പത്തിലെത്തി നിൽക്കുകയാണ്‌ എന്ന്‌ ഓരോ അദ്ധ്യായം
വായിക്കുമ്പോഴും ബോധ്യപ്പെടുന്നു. ഇങ്ങനെയും കഥകൾ പലരും പറയുന്നുണ്ട്‌.
അതിൽ നിന്ന്‌ ഞാനും സ്വന്തം നിഗമനങ്ങളിലെത്തുന്നു. അത്‌ വായനക്കാരനിൽ
എത്തിക്കുന്നു. ഈ ദൗത്യമാണ്‌ ഔസേപ്പ്‌ ചിറ്റക്കാടിന്റെ ഈ പുസ്തകം
നിറവേറ്റുന്നത്‌. 
എന്റെ വായനയിൽ വേദകാല സാഹിത്യം ആര്യ അനാര്യ-സംഘട്ടനം
ആണ്‌ കാട്ടിത്തരുന്നത്‌. അത്‌ ഭൗതികതയ്ക്കുമേൽ ആദ്ധ്യാത്മികതയുടെ
ആധിപത്യം സ്ഥാപിക്കലാണ്‌. കായികാദ്ധ്വാനത്തിന്റെ അധീശത്വത്തിലും
ബ്രാഹ്മണിസത്തിന്റെ അധികാരത്തിലും ആര്യസംസ്കാരത്തിന്റെ മഹത്വത്തിലും അത്‌
കൊടിനാട്ടുന്നു. രണ്ടു ശക്തികളും രണ്ടു ദർശനങ്ങളും തമ്മിലുള്ള സമരം
തന്നെയാണ്‌ ഇന്ത്യാചരിത്രത്തിന്റെ കേന്ദ്രബിന്ദു. വിവിധ കാലഘട്ടങ്ങളിലെ
വ്യത്യസ്ഥ കവികളുടെ വേദപ്രചരണ കവിതകൾ ആയ ഇതിഹാസങ്ങൾക്ക്‌ ചരിത്ര പരിവേഷം
ചാർത്തുന്നത്‌ ഉചിതമല്ല. ഛന്ദോഗ്യ ഉപനിഷത്ത്‌ ഢ 1 നോക്കിയാൽ ശൂദ്രർ
മേലാളന്റെ പാദം കഴുകാൻ വിധിക്കപ്പെടുന്ന ബ്രാഹ്മണ കാലത്തുനിന്നും
ഉപനിഷത്ത്‌ കാലത്ത്‌ എത്തുമ്പോൾ നമുക്കു കാണാൻ സാധിക്കുന്നത്‌.
വൈശ്യശൂദ്രന്മാർ പന്നിയുടെയും പട്ടിയുടെയും യോനിയിൽ പിറക്കാൻ മാത്രം
യോഗ്യരായി മാറ്റപ്പെടുന്നു എന്നുള്ളതാണ്‌. ആര്യഗോത്രക്കാരും,
അനാര്യഗോത്രക്കാരായ സ്ത്രീകളും തമ്മിലുള്ള വേഴ്ചയിൽ രൂപം കൊണ്ട
സങ്കരജാതികൾ, പുൽക്കാസ്‌, നിഷാധർ, ചണ്ഡാളർ ഇവിടെ കീഴാളർ കൂടുന്നതാണ്‌
കാണുന്നത്‌. പ്രാകൃത സംസ്കൃത ഭാഷ സംസാരിക്കുന്ന ആര്യന്മാർക്ക്‌
സമാന്തരമായി മുണ്ടാ ഭാഷ സംസാരിക്കുന്നവരും ദ്രാവിഡ ഭാഷ
സംസാരിക്കുന്നവരുമായ ജനങ്ങൾ അന്ന്‌ ഉണ്ടായിരുന്നു. ഇവരുടെ ജീവിതബോധം
വേദ-വേദാനന്തര-ബ്രാഹ്മണ ബോധമായിരുന്നില്ല. ആജീവകർ, പ്രാത്യന്മാർ
തുടങ്ങിയവർ ശ്രമണർ എന്ന്‌ വിളിക്കപ്പെട്ടു. സാംഖ്യാധർമ്മത്തിലും വൈശേഷിക
ധർമ്മത്തിലും ന്യായധർമ്മത്തിലും വിശ്വസിക്കുന്ന ജനങ്ങളും ഉണ്ടായിരുന്നു.
അശോകന്റെയും ചന്ദ്രഗുപ്തന്റെയും കാലത്ത്‌ ബുദ്ധമതത്തിലും ജൈനമതത്തിലും
പെടാത്ത 'ലിഛാവി' തുടങ്ങിയ പല ഗോത്രസംസ്കാരങ്ങളും ഉണ്ടായിരുന്നു.
വിഷ്ണുവിന്റെ അവതാരമായും കവികളുടെ രാജാക്കന്മാരായും വാഴ്ത്തപ്പെടുന്നു
ഗുപ്താധിപത്യകാലം ഹിന്ദുയിസത്തിന്റെ പുനരുജ്ജീവനകാലമാണ്‌. അത്‌
ചിറ്റക്കാട്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഭാരതം നേടിയെടുത്ത പൈതൃക മഹത്വം
ബ്രാഹ്മണമതം ശിരസ്സായി നിന്ന്‌ ഹിന്ദു മതം വളർന്നതുകൊണ്ട്‌ നഷ്ടമായി എന്ന
അഴീക്കോടിന്റെ നിരീക്ഷണം ഇവിടെയുണ്ട്‌. മനുസ്മൃതി സമൂഹത്തിന്റെ
അവസാനവാക്കായി മാറുന്ന അദ്ധ്യായത്തോടെ ഔസേപ്പിന്റെ ചരിത്ര രചന
പൂർണ്ണമാകുന്നു. ഉത്തരവൈദികകാലം എന്ന അദ്ധ്യായം വായിക്കുമ്പോൾ
എഴുത്തുകാരന്റെ ദിശാബോധം നഷ്ടപ്പെടുന്നതായി അനുഭവപ്പെടുന്നു.
പുസ്തകത്തിന്റെ ആദ്യ അദ്ധ്യായങ്ങളിലും ആമുഖത്തിലും വേദേതിഹാസ
കഥാപാത്രങ്ങളെ അംഗീകരിച്ചവതരിപ്പിക്കുന്ന ചിറ്റക്കാടൻ അവസാനത്തെ
അദ്ധ്യായത്തിൽ അതിനെതിരെ സംസാരിക്കുന്നു. അവിടെ അഴീക്കോടിന്റെ
തത്വമസിയാണ്‌ സംസാരിക്കുന്നത്‌.
"യാദൃശേന തുഭവനേ യത്‌ യത്‌
കർമ നിഷേവതേ
യാദൃശേന ശരീരേണ തത്തത്‌
ഫല മുഖാശ്‌ രുതേ"   (മനുസ്മൃതി)
യാതൊരു ഭാവത്തോടെ കർമം ചെയ്യുന്നുവോ അതിന്‌ അനുസൃതമായി ശരീരംകൊണ്ട്‌
അതിന്റെ കർമ്മഫലം അനുഭവിക്കുന്നു. ജാതികുല ധർമ്മവും വർണ കർമ്മവും
നിലനിർത്തുന്ന നിയമവത്കരണത്തിലൂടെ മനുസ്മൃതി പുനർജന്മ ചിന്തയോടുകൂടി
കൂട്ടിച്ചേർക്കുന്നു. അത്‌ പീഡിത ജനതകളെ അടിച്ചമർത്തുകയാണ്‌
ചെയ്യുന്നത്‌.
ഉത്തരവൈദികകാലം എന്ന ഭാഗത്ത്‌ അലക്സാണ്ടറെയും മൗര്യ ഭരണത്തെപ്പറ്റിയും
പറയുന്നുണ്ട്‌. ഇന്ത്യൻ അർത്ഥശാസ്ത്ര ചിന്തയിൽ ആദ്യ സംഭാവന കൗടില്യന്റെ
അർത്ഥശാസ്ത്രമാണ്‌. ബി.സി. 322-298 ചാണക്യന്റെ മസ്തിഷ്കവും
ചന്ദ്രഗുപ്തന്റെ വാളും കൂടിചേർന്നപ്പോൾ ഇന്ത്യയ്ക്ക്‌ പര്യാപ്തമായൊരു
നേതൃത്വമായിരുന്നു. അത്‌ മൗര്യസാമ്രാജ്യം സ്ഥാപിച്ചു. ശൂദ്രസ്ത്രീയായ
മുരയിൽ നിന്ന്‌ മൗര്യ എന്ന പദം ഉണ്ടായി എന്നല്ലാതെ ചന്ദ്രഗുപ്തന്റെ
പൂർവ്വചരിത്രം പറയപ്പെടുന്നില്ല. 150 കൊല്ലങ്ങളുടെ ഉറച്ച രാഷ്ട്രീയ
അധികാരത്തിന്റെ അടിത്തറയായിരുന്നു മൗര്യ സാമ്രാജ്യം. ചന്ദ്രഗുപ്ത മൗര്യൻ
സെല്യൂക്കസിനെ ബി.സി. 305-ൽ നേരിട്ടുള്ള യുദ്ധത്തിൽ പരാജയപ്പെടുത്തി. ബി.
ആർ. അംബേദ്കർ തൊട്ടുകൂടാത്തവർ പേജ്‌ 119 പറയുന്നു. മൗര്യ സാമ്രാജ്യത്തിലെ
അവസാനത്തെ രാജാവിനെ ഗോ‍ൂഡാലോചനയിൽ കൊലപ്പെടുത്തി. ബുദ്ധമതവിശ്വാസികളായ
രാജാക്കന്മാരുടെ ഭരണം കടപുഴക്കിയെറിയാൻ ബ്രാഹ്മണർ കരുതിക്കൂട്ടി ആസൂത്രണം
ചെയ്ത ഒരു വിപ്ലവം. രക്തപങ്കിലമായ വിപ്ലവമായിരുന്നു അത്‌. പുഷ്യമിത്രൻ
ബ്രഹദ്രഥനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ അർത്ഥമിതാണ്‌. പൗരാണിക ഇന്ത്യാ
ചരിത്രം ബി. സി. 600-325 വായിക്കുമ്പോൾ വൈദിക തത്വചിന്തയും
ബൗദ്ധജൈനതത്വചിന്തയും നൈതിക മണ്ഡലത്തിൽ ഏറ്റുമുട്ടുന്നു. ബി. സി. 326-ൽ
അലക്സാണ്ടർ ചക്രവർത്തി ഇന്ത്യയെ ആക്രമിച്ചു. ഗോത്രവർഗ്ഗ ജനതകൾ
അലക്സാണ്ടറെ പ്രതിരോധിച്ചു അവർ പാലി ഭാഷ സംസാരിക്കുന്നവരും
ചാതുർവർണ്യമേധാവിത്വത്തിൻകീഴിൽ തകർക്കപ്പെട്ട ജനതകളുമായിരുന്നു. നാലു
ജനപഥങ്ങളിലെ പേരുകേട്ട രാജ്യങ്ങളായ അവന്തി, മഗധ, കോസലം മുതലായവയിലെ
ബ്രാഹ്മണ ക്ഷത്രിയാധിപത്യ ശക്തികൾക്ക്‌ വിദേശാക്രമണങ്ങളെ ചെറുക്കാൻ
കഴിഞ്ഞില്ല. തെക്കേ ഇന്ത്യയിലെ ദ്രാവിഡ ജനതകൾ എ.ഡി. ഒമ്പതാം
നൂറ്റാണ്ടുവരെയും ആര്യാധിപത്യത്തിന്‌ പുറത്തായിരുന്നു.
ഗുപ്താതിപത്യകാലത്തും തെക്കേ ഇന്ത്യയിൽ വൈദിക സംസ്കാരം
വേരുറച്ചിരുന്നില്ല. ചേരൻ, ചോളൻ, പാണ്ഡ്യൻ രാജ്യങ്ങളിലെ തമിഴ്‌ ജനതകൾ
(ദ്രാവിഡ ജനങ്ങൾ) സവിശേഷ സംസ്കാരത്തിന്റെ ഉടമകളായിരുന്നു.
അംബേദ്കർ പറയുന്നു (ശൂദ്രന്മാർ ആരായിരുന്നു) അടിമത്വത്തെക്കാൾ ഭീകരമായ
വർണജാതിവ്യവസ്ഥ ഇന്ത്യയുടെ വൈദിക സംസ്കാരമായിരുന്നു. ഇന്ത്യാ
ചരിത്രപ്രശ്നങ്ങളെ ആഴത്തിൽ അടയാളപ്പെടുത്തിയ കൃതിയാണ്‌ "ശൂദ്രന്മാർ
ആരായിരുന്നു" എന്നുള്ളത്‌. വേദ ചിന്തകൾക്കുമേൽ അംബേദ്കർ ഉയർത്തിയ
ചോദ്യങ്ങൾക്ക്‌ ഇന്നും മറുപടിയില്ല. വിമർശനപരമായി ഇന്ത്യാ
ചരിത്രഘട്ടത്തിലെ വംശീയ പക്ഷപാതത്തിന്റെ വായനാരീതികളെ അദ്ദേഹം
നിഷേധിക്കും.

ഇന്ത്യൻ ജനാധിപത്യ പ്രക്രിയയിൽ ഒരു സവർണ വ്യക്തിബോധമാണ്‌
ഒളിഞ്ഞിരിക്കുന്നത്‌. നാം രഹസ്യമായും പരസ്യമായും ജാതിയും
അനുഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യൻ ദേശീയതപോലും മതാത്മകമായാണ്‌
രൂപപ്പെട്ടത്‌.
ചരിത്രഗ്രന്ഥ വായനയിൽ അനുഭവപ്പെട്ട വിയോജിപ്പുകൾ
വ്യത്യസ്ത രീതിയിലുള്ള പുസ്തകത്തെ പഠിച്ചപ്പോൾ ഉണ്ടായ ആശയക്കുഴപ്പം
ചരിത്രരചനയെ ദുർബലമാക്കുന്നു.
1.      ഇന്ത്യാ ചരിത്രത്തെ സൂക്ഷ്മമായി നിരീക്ഷിക്കാതെ കെട്ടുകഥകളിലൂടെ
മുന്നേറുന്ന ചരിത്ര രചന
2.      ചരിത്രത്തിലില്ലാതെ ഇതിഹാസവേദപാരമ്പര്യത്തെ  ചരിത്രമാക്കാനുള്ള ശ്രമം.
3.      വേദപുരാണങ്ങളെക്കുറിച്ച്‌ പലരും പലതും എഴുതിയിട്ടുണ്ട്‌. അതിനെ
കൂട്ടുപിടിച്ചാൽ സൈന്ധവ സംസ്കാരം ഒരു സാങ്കൽപിക സമൂഹമായി മാറും.
4.      വേദേതിഹാസങ്ങളിലെ കഥകൾ സത്യമാണെന്ന്‌ വിശ്വസിപ്പിക്കുന്നു. ആത്മീയ
സാഹിത്യമായി ചരിത്രം മാറുന്നു.
5.      വേദസാഹിത്യങ്ങൾ സംസ്കൃതത്തിൽ നിന്നുള്ള തർജ്ജമകൾ ആണ്‌. സംസ്കൃതം
സംസാരഭാഷ അല്ലാത്തിടത്തോളം തർജ്ജമകളിലെ സത്യം എന്തായിരിക്കും?
6.      ഏഴാമദ്ധ്യായം വരെ വായിക്കുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നത്‌
ചരിത്രത്തെ ചരിത്രമായും വേദപുരാണങ്ങളെ അതിന്റെ രീതിയിലും സ്വീകരിക്കാതെ
രണ്ടും കൂടിച്ചേർത്ത്‌ ഇന്ത്യാ ചരിത്രം രചിച്ചാൽ ഇവിടെ വർഗ്ഗീയ
സംഘർഷമുടലെടുക്കും. ഹിന്ദുത്വ അധികാരത്തിന്റെ മാർഗ്ഗത്തിലേക്കു
രാഷ്ട്രത്തെ നയിക്കുവാൻ പര്യാപ്തമാകും.

ചാതുർവർണ്യവും ജാതിവ്യവസ്ഥയും കൂട്ടുപിടിച്ചാണ്‌ വൈദിക ഹൈന്ദവ സംസ്കാരം
വളർന്നത്തെന്ന്‌ നമുക്കറിയാം. വേദപാഠങ്ങളിലൂടെയുള്ള ചരിത്ര രചനകളാൽ
സൈന്ധവ നാഗരികതയുടെ അടിത്തറ തന്നെ തകർക്കപ്പെടാൻ സാദ്ധ്യതയുണ്ട്‌.
"ആദിഭാരതം ചില മുൻവിധികൾ" എന്ന ശീർഷകം എഴുത്തുകാരന്റെ മുൻകൂർ
ജാമ്യാപേക്ഷയായി മാറുന്നു. മുൻവിധികളിൽക്കൂടിയല്ല തന്റെ നിരീക്ഷണത്തിൽ
തെളിഞ്ഞത്‌ ഒന്നിന്റേയും പിൻബലമില്ലാതെ രേഖപ്പെടുത്തുകയായിരുന്നു
വേണ്ടിയിരുന്നത്‌. ഔസേപ്പ്‌ ചിറ്റക്കാട്‌ എന്ന ഭാവനാ സമ്പന്നനായ
എഴുത്തുകാരൻ ഇന്ത്യാചരിത്രം താൻ നേടിയ അറിവുകളെ സാക്ഷ്യപ്പെടുത്തി
പുനസൃഷ്ടിക്കുന്ന കാഴ്ചയാണു ഈ പുസ്തകത്തിൽ ദർശിക്കുന്നത്‌. ചരിത്രകാരൻ
ചരിത്രഭിന്നമായ ചില സങ്കൽപങ്ങൾ കൈക്കൊള്ളുന്നു. ഇവിടെ ഹിസ്റ്ററി
തിയോളജിയായി മാറുന്നു. സാധാരണ ജീവിത സംഭവങ്ങൾക്ക്‌ ചരിത്രം അർത്ഥം
നൽകുമ്പോൾ ചരിത്രത്തിന്‌ അർത്ഥം നൽകുന്നു ഓസേപ്പ്‌ ചിറ്റക്കാട്‌.

ചരിത്രത്തിന്‌ അപ്പുറം ചെല്ലുന്ന ചിന്തകന്റെ പ്രാണവായുവാണ്‌ ദർശനം. ടജഇട
പ്രസിദ്ധീകരിച്ച ഈ പുസ്തകത്തെപ്പറ്റി അഭിപ്രായ വ്യത്യാസങ്ങളേറെയുണ്ടെങ്കിലും പ്രത്യക്ഷമാകുന്ന പരമാർത്ഥം സൈന്ധവജനതയുടെ സംസ്കാരത്തെയും വൈജ്ഞാനികതയേയും വെളിപ്പെടുത്തുവാനുള്ള അതിതീവ്രശ്രമങ്ങളാണ്‌ ഔസേപ്പ്‌ ഈ പുസ്തകത്തിലൂടെ നിർവ്വഹിച്ചിട്ടുള്ളത്‌ എന്നതാണ്‌. ഏതു വീക്ഷണകോണിൽ നിന്നു നോക്കിയാലും ആദിഭാരതം ചില മുൻവിധികൾ എന്ന ഗ്രന്ഥം സമഗ്രമായ വായനാനുഭവമാണ്‌ പകർന്നുതരുന്നത്‌.







എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...