Showing posts with label 62. Show all posts
Showing posts with label 62. Show all posts

27 Apr 2013

ശരണാലയത്തില്‍ ഒരമ്മ

പി.ഗോപാലകൃഷ്ണൻ 

കാത്തിരുന്നു കാത്തിരുന്നു പകലന്തിയോളം
എന്നിട്ടും വന്നില്ല എന്‍ പൊന്‍മകന്‍
മറവിയുടെ കോണിലോതുക്കുവാന്‍ പോന്നൊരു
ബന്ധമേ ഉള്ളോ ഈ അമ്മയോട് ………………
അമ്മിഞ്ഞ പാലിന്‍ മണവും മധുര്യവും
ഓര്‍മ്മയില്ലേ നിനക്ക് ഓര്‍ത്തെടുകാന്‍ അവതില്ലേ
എന്തു തെറ്റിന്റെ പെരിലാന്നിവിധി ഈശ്വരാ
നൊന്തു പേറ്റത്തിന്‍ കൂലിയാണോ ഇത്
അതോ ആര്‍!ക്കും കൊടുക്കാതെ നിധിയായ്
കരുതി വളര്‍ത്തിയതിന്‍ ശിഷയോ
ഈ വൃദ്ധസദനത്തിന്‍ ! നാറിയ ചുവരുകള്‍ക്കുള്ളില്‍ !

26 Mar 2013

സാങ്കൽപിക കൃതിയെ നിരൂപണം ചെയ്യാനോക്കുമോ?


എം.കെ.ഹരികുമാർ

    സാഹിത്യകാരന്റെ കൃതി ഉയർത്തുന്നത്‌ യാഥാർത്ഥ്യമാണെന്ന്‌ നാം പറയും. മാക്സിംഗോർക്കി അമ്മയെന്ന യാഥാർത്ഥ്യം അവതരിപ്പിക്കുന്നു വേന്നും ടോൾസ്റ്റോയി അന്നാകരേനിന എന്ന സ്ത്രീയുടെ ജീവിതത്തെ പച്ചയായി പകർത്തുന്നുവേന്നും വാദിക്കാം. എന്നാൽ കൃതികളിലുള്ള ജീവിതാവസ്ഥകൾ യാഥാർത്ഥ്യമാണോ? യാഥാർത്ഥ്യം നിലനിൽക്കുന്നുണ്ടോ? ഒരു യാഥാർത്ഥ്യമെന്നത്‌ തന്നെ ഏക ശിലയല്ല. അത്‌ സങ്കീർണ്ണമായ ട്രാഫിക്‌ കുരുക്കുകളുള്ള ഒരു ജംഗ്ഷൻപോലെയാണ്‌. അല്ലെങ്കിൽ പലരീതിയിൽ വ്യാഖ്യാനിച്ചെടുക്കേണ്ട, കാഫ്കയുടെ 'ചൈനയുടെ വൻമതിൽ' എന്ന കഥപോലെയാണ്‌. യാഥാർത്ഥ്യം യഥാർത്ഥമല്ല; അത്‌ വ്യാഖ്യാനവും ആപേക്ഷികമായ അഥർവും ധ്വനിയുമാണ്‌.

യാഥാർത്ഥ്യം ഏകശിലയല്ലെങ്കിൽ പിന്നെ അതിന്റെ ഭൗതികമായ രൂപമെന്താണ്‌? അതിനോട്‌ മനുഷ്യവ്യക്തി പുലർത്തുന്ന വ്യക്തിനിഷ്ഠമായ സമീപനമാണ്‌ ശരിയെങ്കിൽ, അതിനപ്പുറമുള്ള ശൂന്യാകാശം എവിടെയാണ്‌? അത്‌ എന്തായിരിക്കും അവശേഷിപ്പിക്കുക? സാഹിത്യകൃതിയുടെ യാഥാർത്ഥ്യം ആപേക്ഷികമാണ്‌. അത്‌ സാമൂഹികമോ, പ്രത്യയശാസ്ത്രപരമോ ആയ ഒരു ഫ്രെയിമിനെ മുൻധാരണയോടെ പ്രതിഷ്ഠിക്കുകമാത്രമാണ്‌. നിയമങ്ങളും പ്രകൃതിയും എല്ലാം അവിടെ സ്വാഭാവികമായി ഉരുത്തിരിയുന്നുണ്ട്‌. അതുകൊണ്ട്‌ എഴുത്തുകാരന്റെ നിർമിതി എന്ന്‌ പറയാവുന്നത്‌, നിരൂപകന്റേതുകൂടിയാണ്‌. കാഫ്ക യുടെ JOSEPHINE THE  SINGER  AND THE  MOUSEFOLK എന്ന കഥയിലെ എലിയുടെ ജീവിതം ഒരേ സമയം ജീവിതത്തിന്റെ അതാര്യതയും ലഘുത്വവും കാണിച്ചു തരുന്നു. അനന്യതയുടെ സൗന്ദര്യം അന്വേഷിക്കാൻ പ്രേരിപ്പിക്കുന്നതെന്തും സാഹിത്യമാണ്‌. കാഫ്ക നേരിട്ട്‌ പറയാത്ത കാര്യങ്ങൾ ഗ്രഹിക്കാൻ ശ്രമിക്കുന്ന ആൾക്ക്‌, കാഫ്കയുടെ ലോകമല്ല കീറിമുറിക്കാനുള്ളത്‌ സ്വന്തം മണ്ഡലമാണ്‌. അതാര്യതകൾ; നിരൂപകനാണ്‌ സുതാര്യതകളാക്കുന്നത്‌. അതുകൊണ്ട്‌ അയാളുടെ തുരന്നെടുക്കൽ, ആഖ്യാനമാണ്‌. അതയാളുടെ സ്വന്തമാണ്‌. യാഥാർത്ഥ്യം നിലനിൽക്കാതിരിക്കുകയും അത്യാര്യതകൾ നിരൂപകന്റെ സ്വന്തം ആഖ്യാനമാവുകയും ചെയ്യുമ്പോൾ, എന്തുകൊണ്ട്‌ സാങ്കൽപികകൃതിയെപ്പറ്റി ചിന്തിച്ചുകൂടാ.

 ആരും എഴുതാത്ത ഒരു കൃതി ഉള്ളതായി സങ്കൽപിക്കുക. അതിൽ നിരൂപകൻ സ്വന്തം ഇഷ്ടപ്രകാരം ചില കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു. പ്രകൃതിയെ വിന്യസിക്കുന്നു. അത്‌ വ്യാഖ്യാനിക്കുന്നു. നിലവിലില്ലാത്ത കൃതിയായതുകൊണ്ട്‌, നിരൂപകൻ എഴുതുന്ന പ്രബന്ധം അസംഗതമാവുകയില്ല കാരണം, അയാൾ യുക്തിയും ദാർശനികതയും സൃഷ്ടിക്കാൻ ശ്രമിക്കുന്നത്‌ സ്വന്തം ഭാഷയിലും കലയിലുമാണ്‌. ഭാഷ ആരുടെയും സ്വന്തമല്ല; എന്നാൽ അത്‌ പല കാലങ്ങളെയും സംഭരിക്കുകയും സംസാരിപ്പിക്കുകയും ചെയ്യും. ഭാഷ, നിരൂപകന്‌ ഒരു മാധ്യമമെന്ന നിലയിൽ, സ്വയമാവിഷ്കരിക്കാനുള്ള ഉപാധിയാണ്‌. അയാൾ സൃഷ്ടിക്കുന്ന അസംസ്കൃതവസ്തുവിനെത്തന്നെ അയാൾക്ക്‌ വ്യാഖ്യാനിക്കാനും ഭേദിക്കാനും കഴിയേണ്ടതാണ്‌. അതുകൊണ്ട്‌ ഭാഷയിൽ രണ്ട്‌ പ്രതിച്ഛായകളെ നിർമിക്കാൻ അയാൾ നിർബന്ധിതനായിത്തീരുന്നു.
ഇവിടെ സംഗതമായ പ്രശ്നം, അയാൾ കണ്ടെത്തുന്ന ഭാഷയെന്ന മാധ്യമത്തിലും അസംസ്കൃതവസ്തുവിലും വ്യക്തിനിഷ്ഠമായ സന്ദർഭമാണോ തേടേണ്ടതെന്നാണ്‌. നിരൂപകന്റെ അല്ലെങ്കിൽ തത്ത്വചിന്തകന്റെ ഭയാശങ്കകളും വേദനകളും ഇറക്കിവയ്ക്കേണ്ടിവരുന്നത്‌ താണതരം അഭിരുചിയെ സൃഷ്ടിക്കും. നിരൂപകന്‌ വ്യക്തിനിഷ്ഠതയ്ക്ക്‌ പുറത്തുകടക്കാൻ കഴിയുന്നതോടെ അയാൾ തന്റെ മണ്ഡലത്തിന്‌ ആപേക്ഷികതയും സന്ദർഭവും നൽകുകയാണ്‌.

എന്റെ ജലാത്മകത (എന്റെ മാനിഫെസ്റ്റോ, ഗ്രീൻബുക്സ്‌), മത്സ്യം എന്നീ ലേഖനങ്ങൾ, സാങ്കൽപിക കൃതിയെ അധിഷ്ഠാനമായി കണ്ടുകൊണ്ടുള്ള നിരൂപണങ്ങളാണ്‌. ഈ രണ്ടു ലേഖനങ്ങളിലും, ഞാൻ സാങ്കൽപികമായ ഒരു കൃതിയുടെ ധ്വനി ഉൾക്കൊള്ളുകയായിരുന്നു. ജലമാണ്‌, ഒരു ലേഖനവിഷയം. ജലം എന്ന വസ്തുവിന്റെ കഥാപരവും ദാർശനികവുമായ ഘടനകളാണ്‌ പരിശോധിക്കപ്പെടുന്നത്‌. ജലം പ്രമേയമായി വരുന്ന ഏതെങ്കിലും സാഹിത്യകൃതിയുണ്ടായിരിക്കുകയും, അതിൽ ജലത്തിന്‌ അനന്യതയും ആപേക്ഷികതയും സ്വയം നിരാസവും നിർമ്മാണവും കണ്ടെത്തപ്പെടുകയും ചെയ്യുമ്പോൾ, ഇതുപോലെ സംഭവിക്കും. മത്സ്യത്തെപ്പറ്റിയുള്ള ലേഖനവും, സാങ്കൽപികകൃതിയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്‌.


സാഹിത്യകൃതിയിലെ കഥാപാത്രങ്ങളെയും ഇടയ്ക്കിടെ മിന്നിത്തെളിയുന്ന അർത്ഥങ്ങളെയും ചുറ്റിപ്പറ്റി നിൽക്കുന്ന ചംക്രമണാത്മക (റശർ​‍ൃശെ​‍്ല)സ്വഭാവം വിമർശകന്‌ കുറേക്കൂടി അഗാധമായ അനുഭവം തേടാനുള്ള പ്രചോദനമാണ്‌. എന്നാൽ ഇതിന്റെ പിന്നാലെയുള്ള പോക്കിൽ, വിമർശകൻ പ്രസ്തുത കൃതിയെതന്നെ വിസ്മരിച്ച്‌, തിരസ്കരിച്ച്‌ സ്വന്തം അതാര്യതകളെ അഴിച്ചെടുക്കാനുള്ള ത്വരയിൽ മുഴുകും. ഇതാണ്‌ ഞാൻ 'ആത്മായനങ്ങളുടെ ഖസാക്ക്‌' (1984) എന്ന കൃതിയെഴുതിയപ്പോൾ സംഭവിച്ചതു. അത്‌ ഖസാക്ക്‌ എന്ന മൂലകൃതിയുടെ വ്യാഖ്യാനമല്ല; ഖസാക്കിന്റെ പ്രത്യക്ഷതകൾക്കപ്പുറമുള്ള അതാര്യതകളെ പൈന്തുടർന്ന്‌, എന്റെ തന്നെ അതാര്യതകളുമായി ബന്ധമുള്ള, മറ്റൊരു ആപേക്ഷികകൃതിയുടെ രചനയാണ്‌. യഥാർത്ഥ ഖസാക്കിനെ പ്രതീതി എന്ന നിലയിൽ സമീപിക്കാനും വിമർശകന്റെ സ്വന്തം നിഗോ‍ൂഢതകളെ അനാവരണം ചെയ്യാനുമാണ്‌ ശ്രമം. ഖസാക്കിന്റെ ഇതിഹാസത്തിന്‌ സമാന്തരമായി, അതിന്റെ 'വ്യാജ' വായനയാണത്‌. ഒരു ബദൽ നിരൂപകകൃതിയുടെ സാധ്യതയെപ്പറ്റിയുള്ള ആരായലാണ്‌. അങ്ങനെയത്‌ എന്റെ, സാങ്കൽപിക നോവലിന്റെ രഹസ്യാത്മക വായനയും അതിന്റെ ഉന്മാദകരമായ അറിവുകളെപ്പറ്റിയുള്ള ഭ്രമാത്മക ആഖ്യാനവുമാണ്‌. എന്റെ നവാദ്വൈത തത്ത്വചിന്തയുടെ ഭാഗമായാണ്‌ ഞാൻ 'സാങ്കൽപിക കൃതിക്കും നിരൂപണം' എന്ന ആശയം അവതരിപ്പിക്കുന്നത്‌.

24 Jan 2013

ഉണരുക, അറിയുക കൃതകൃത്യരാവുക!


സി.രാധാകൃഷ്ണൻ


പേടിക്കേണ്ടിവന്നാലോ എന്നാണ്‌ നമ്മുടെ ഏറ്റവും വലിയ പേടി!
തോണിയിൽ പുഴയോ കായലോ കടലോ കടക്കുന്ന നമുക്കറിയാം, നീന്തലറിയാത്തവർക്ക്‌ മരിക്കാൻ വെള്ളത്തിന്‌ മൂക്കിനു മുകളിൽ ആഴം മതി എന്ന്‌. നീന്തലറിയാമെങ്കിലും ഏറെ നീന്തിയാൽ മുങ്ങിമരിക്കാനും അത്രതന്നെ ആഴം മതി എന്നും തീർത്തറിയാം. എന്നിട്ടും വെള്ളത്തിന്‌ ആഴം കൂടുംതോറും നമ്മുടെ പേടിയും പെരുകുന്നു! ഇരുപതിനായിരം അടി ആഴമുള്ള ശാന്ത സമുദ്രം എന്നും മറ്റും ചിന്തിക്കുമ്പോഴേ അകം കാളുന്നു!
    ഉയരത്തിന്റെ കഥയും ഇതുതന്നെ, അപകടം പറ്റാൻ വെറുതെ നിന്ന നിൽപ്പിൽനിന്ന്‌ വീണാലും മതി പക്ഷെ വിമാനം മുപ്പത്തയ്യായിരം അടി ഉയരെയായതിനാൽ അത്രയുമിരട്ടിയാണ്‌ നമ്മുടെ ഭയം!
    ഭാവനയിൽ നിന്നാണ്‌ ഭയം ഉണ്ടാകുന്നതെന്നർത്ഥം. ഇതേ പരിതസ്ഥിതികളിൽ ഒരു മൃഗത്തിന്‌, സ്ഥലമാറ്റത്തിന്റെ അപരിചിതത്വം കാരണമുള്ള അസ്വാസ്ഥ്യത്തിൽ കവിഞ്ഞ ഒന്നും ഉണ്ടാകാനിടയില്ല.
    കഴിഞ്ഞുപോയതിനെക്കുറിച്ച്‌ നമുക്ക്‌ ഭയമുണ്ടാകാറില്ല. വർത്തമാനനിമിഷങ്ങളുടെ നേർതുടർച്ചയായ കാലം ഉൾപ്പെടെയുള്ള ഭാവിയിലെ അനിശ്ചിതത്വം പേടിയെ പരിപോഷിപ്പിക്കുന്നു. തുണയ്ക്കാൻ ആരും  ഇല്ലെന്നു വരുമ്പോൾ പേടി നൂറിരട്ടിക്കുകയും ചെയ്യുന്നു.
    അപ്പോൾ പേടി മാറാൻ രണ്ടു മൂന്നു കാര്യങ്ങളെ വേണ്ടൂ. ഒന്ന്‌, അനിശ്ചിതത്വം ഇല്ലാതാകണം. രണ്ട്‌, താങ്ങുണ്ടെന്ന്‌ ഉറപ്പാവണം. മൂന്ന്‌, ഭാവനയുടെ പോക്കിന്റെ ഗതി മാറണം. ഈ അവസാനകാര്യം മാത്രം മതി ആദ്യത്തെ രണ്ടും ശരിയാകാൻ.
    ഭാവനയുടെ ദിശ മാറ്റിയെടുക്കാൻ എന്തുചെയ്യണം? മരുന്നോ മന്ത്രമോ ഒന്നും മതിയാവില്ല. കാരണം, ഇവയുടെയെല്ലാം, വാസ്തവത്തിൽ ഉള്ളതോ ഉണ്ടെന്നു നാം കരുതുന്നതോ ആയ, ഫലം തീരുമ്പോൾ ഭയം പൂർവാധികം ശക്തിയോടെ തിരിച്ചുവരും.
    ഒരു വഴിയേ ഉള്ളൂ-ആത്യന്തികമായ ബലം സ്വായത്തമാണെന്ന നിശ്ചയം വരണം. അതായത്‌ പ്രപഞ്ചത്തിന്റെ അടിസ്ഥാനമായ പരമബലം തന്നെ. ഏത്‌ ആണവായുധത്തെക്കാളും കോടാനുകോടി ഇരട്ടി ശക്തം, അജയ്യം!
    സർവവ്യാപിയായ ഈശബലം! നാം അതാണെന്നിരിക്കെ, ആരെ, എന്തിനെ ഭയപ്പെടാൻ? ആ ബലവുമായി താദാത്മ്യം പ്രാപിച്ചുകിട്ടിയാൽ മതി. ആ അവസ്ഥയിൽ ഈ പ്രപഞ്ചത്തിന്റെ മുഴുവൻ നടത്തിപ്പിനു പിന്നിലെ ബലം നാം തന്നെ ആയിത്തീരുന്നു. പിന്നെ, നമ്മെ പേടിപ്പിക്കാനോ, ദുഃഖിപ്പിക്കാനോ, വേദനിപ്പിക്കാനോ ആർക്കും ഒന്നിനും കഴിയില്ലെന്നു തീർച്ചയല്ലേ?
    ഈശാവാസ്യമാണ്‌ പ്രപഞ്ചമെന്നറിഞ്ഞ്‌ അതിന്റെ വെളിച്ചത്തിൽ കർമ്മം ചെയ്ത്‌ നൂറു വർഷം ജീവിക്കാനാണ്‌ ഉപനിഷത്ത്‌ ഉപദേശിക്കുന്നത്‌. ജീവിതം മായയെന്നു നിശ്ചയിച്ച്‌ കാടുകയറാനോ ഇന്ദ്രിയസുഖങ്ങളാണ്‌ ജീവിതം എന്നുകരുതി കാടനാകാനോ അല്ല.
    മനുഷ്യജീവിതത്തിന്റെ ഇത്തരം ശാക്തീകരണമാണ്‌ സ്വാമി വിവേകാനന്ദൻ പൗരസ്ത്യദർശനത്തിന്റെ ഫലശ്രുതിയായി കണ്ടത്‌. അതിനാൽ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങളെ ബലോപനിഷത്ത്‌ എന്നാണ്‌ അറിവുള്ളവർ വിശേഷിപ്പിക്കുന്നത്‌.
    ഇങ്ങനെ ഒരു സംസ്കാരം ലോകത്ത്‌ നിലവിൽ വരുന്നതോടെ മനുഷ്യരാശിയുടെ എല്ലാ പ്രശ്നങ്ങളും അവസാനിക്കുകയും മനുഷ്യജന്മം എങ്ങും ഫലവത്താവുകയും ചെയ്യും. ആരും ആരെയും ചൂഷണം ചെയ്യില്ല. നിത്യവൃത്തിക്കുള്ളതിലേറെ ആരും കൂട്ടിവയ്ക്കില്ല. ആരും ആരെയും പേടിപ്പിക്കില്ല. പേടിക്കയുമില്ല. അതിർത്തികളോ സേനകളോ നിയമപാലകരോ കോടതികളോ വേണ്ടിവരില്ല. ദുഃഖം എന്ന സംഗതി ഭൂമുഖത്തുനിന്ന്‌ അപ്രത്യക്ഷമാകും. മരണവും രോഗവും വേദനയുമെല്ലാം സ്വഭാവികവും സഹ്യവുമായിത്തീരും.
    ഇതുതന്നെ സ്വർഗം. ഇത്‌ മരീചികയായി തുടരുന്നതിന്റെ മുഖ്യഹേതു പേടിയുളവാക്കുന്ന ദിശയിൽനിന്ന്‌ മനുഷ്യഭാവന ഇനിയും മോചിതമായില്ല എന്നതുതന്നെ. തീയിലേക്ക്‌ പറന്നു ചെല്ലുന്ന ഈയാംപാറ്റയുടെ പേടിയില്ലായ്മയല്ല ഇപ്പറയുന്ന ഭയരാഹിത്യമെന്ന്‌ വ്യക്തമാണല്ലോ. ജീവസഹജമായ മുൻകരുതലുകൾ എന്നുമെവിടെയും അനിവാര്യമാണ്‌. കാരണം ശരീരവും ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും തന്നെയാണ്‌ ഈശബലബോധ്യമുണ്ടാകാനുള്ള ഉപാധികൾ. ഇവയുടെ നിലനിൽപ്പും സുസ്ഥിതിയും പ്രാഥമികാവശ്യമാണ്‌. ഉപാധികളെ ലക്ഷ്യങ്ങളായി കണ്ട്‌ വണ്ടി തിരിച്ചോടിക്കരുതെന്നു മാത്രം.
    അനാദിയായ പ്രപഞ്ചത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിലെ അനിവാര്യഘടകങ്ങളാണ്‌ നമ്മിൽ ഓരോരുത്തരും. നാം നിശ്ചയിക്കുന്നതല്ല നമ്മുടെ പിറവി എന്ന പരിണതി. നമ്മുടെ വളർച്ചയിലെ ഒട്ടുമിക്ക ഘടകങ്ങളും നാം നിശ്ചയിച്ചതല്ല എന്ന്‌ മെല്ലെയൊന്ന്‌ തിരിഞ്ഞു നോക്കിയാൽ കാണാം. പക്ഷെ, ആ വഴിത്താരയിൽ ഉടനീളം നമുക്ക്‌ സ്വാതന്ത്ര്യമുണ്ടായിരുന്നു എന്നുകൂടി കാണാം. ആ സ്വാതന്ത്ര്യം നാം ഉപയോഗിച്ചതു പലപ്പോഴും പലതിനേയും പേടിച്ചും പല ഭൗതിക പ്രലോഭനങ്ങൾക്കും വശപ്പെട്ടും അഹന്തയുടെ തള്ളിച്ചയാലും ആയിരുന്നു എന്നുകൂടി കാണാം. ഞാൻ ഈശ്വരനാണ്‌ എന്ന നിലപാടിൽ നിന്നുകൊണ്ട്‌ വളരെ കുറച്ചു തീരുമാനങ്ങളേ നാം എടുത്തിരിക്കൂ. കുറച്ചെങ്കിലും ഏവരും തീർച്ചയായും എടുത്തിരിക്കും.
    ഈ അവസാനം പറഞ്ഞ തീരുമാനങ്ങളാവും നമുക്ക്‌ ഏറ്റവും കൂടുതൽ സന്തോഷം പിൽക്കാലത്ത്‌ തന്നിരിക്കുക. മറ്റു തീരുമാനങ്ങളാവും നമുക്ക്‌ ഏറ്റവും കൂടുതൽ ദുഃഖവും വേദനയും ഭയവും അവശേഷിപ്പിച്ചതു. സംശയമുണ്ടെങ്കിൽ കണക്കെടുത്തു നോക്കുക!
    നമുക്കു ജന്മസിദ്ധമായ സ്വാതന്ത്ര്യം എന്തിനുള്ളതാണെന്ന്‌ ഇതുതന്നെ തെളിയിക്കുന്നു. ജീവപരിണാമത്തിൽ ഈ സ്വാതന്ത്ര്യത്തിലേക്കുള്ള വളർച്ച തെളിഞ്ഞുകാണാം. നിന്നിടത്തുനിന്ന്‌ എങ്ങും പോകാനാവാത്ത സസ്യലതാദികൾ, അസ്വതന്ത്രരെന്നാലും, സ്വതഃസിദ്ധമായ അജ്ഞതയോടെയെന്നാലും പരസേവനവ്യഗ്രരായാണ്‌ ജീവിക്കുന്നത്‌. മൃഗങ്ങളോ, കുറച്ചുകൂടി സ്വതന്ത്രരെന്നാലും, നിയതമായ പാതയിൽ ജീവിതം നയിക്കുന്നു. സ്വതന്ത്രരും ചിന്താശേഷിയുള്ളവരുമായ മനുഷ്യർ സ്വാഭാവികമായും തിരിച്ചറിയേണ്ടത്‌ നിയതിയുടെ ബലോപനിഷത്താണ്‌. ഈ വിശേഷബുദ്ധി കൈവരിച്ചവരെയാണ്‌ അമൃതം ഭക്ഷിച്ചവർ എന്ന്‌ ഋഷിവര്യന്മാർ വിശേഷിപ്പിക്കുന്നത്‌. മറിച്ച്‌, പാപത്തിന്റെ ഫലം തിന്നാൻ മനുഷ്യർക്കു മാത്രമേ സാധിക്കൂ എന്നതിനാൽ ഈ തിരിച്ചറിവ്‌ മർമ്മപ്രധാനമാണ്‌. ഉണരുക, അറിയുക, കൃതകൃത്യരാവുക!

22 Dec 2012

കേരാധിഷ്ഠിത ബഹുവിള കൃഷി സമ്പ്രദായം


ടി. വി. തോമസ്‌

മണ്ണ്‌, വെള്ളം, വളം, വായു, സൂര്യപ്രകാശം എന്നീ അടിസ്ഥാന ഘടകങ്ങൾ എല്ലാ കൃഷിക്കും ആവശ്യമാണ്‌. ഇവ ഓരോ കൃഷിക്കും വേണ്ട അളവിലും, അനുപാതത്തിലും കിട്ടത്തക്കവണ്ണം ഇടയകലം നൽകി കൃഷി ക്രമീകരിക്കണം. തെങ്ങ്‌ എല്ലാവിളകൾക്കും ആശ്രയം നൽകുന്ന വൃക്ഷമാണ്‌. ശാസ്ത്രീയ രീതിയിൽ ഇടയകലം നൽകി നട്ടിരിക്കുന്ന തെങ്ങിൻ തോട്ടത്തിൽ എല്ലാത്തരം ഇടവിളകളും മിശ്രവിളകളും കൃഷി ചെയ്യാവുന്നതാണ്‌. ഒരു സ്ഥലത്ത്‌ തന്നെ ദീർഘകാല വിളകളും തന്നാണ്ട്‌ വിളകളുമായി ആറോ ഏഴോ വിളകൾ ഒരേസമയത്ത്‌ കൃഷി ചെയ്യാം. നിരപ്പ്‌ സ്ഥലം ആണെങ്കിൽ ചിത്രം(1)ൽ കാണിച്ചിരിക്കുന്ന അകലത്തിൽ ഇടവരമ്പുകളും നീർക്കുഴികളും നിർമ്മിച്ച്‌ കുറഞ്ഞ ചെലവിൽ തന്നെ കൃഷി സ്ഥലത്ത്‌ പെയ്തിറങ്ങുന്ന മഴവെള്ളം പൂർണ്ണമായ തോതിൽ മണ്ണിൽ താഴ്ത്തുവാൻ സാധിക്കും. ഒപ്പം മണ്ണ്‌ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. കൃഷി ഭൂമികൾ കൂടുതലും ചരിവുള്ള സ്ഥലം ആയതുകൊണ്ട്‌ മണ്ണ്‌ ഒരുക്കുന്നതിന്റെ ചെലവ്‌ വർദ്ധിക്കും.

ചെരിവ്‌ സ്ഥലങ്ങളിൽ കോണ്ടൂർ ലൈനടിച്ച്‌ ഇടക്കയ്യാലകൾ തന്നെ തീർക്കണം. ചരിവ്‌ എത്രകൂടിയാലും കയ്യാലയുടെ ഉയരം ഒരുമീറ്ററിൽ കൂടരുത്‌ ഒരു മീറ്റർ ഉയരത്തിൽ കയ്യാല വെച്ച്‌ ആ ഉയരത്തിൽ നിരപ്പാക്കി അടുത്ത കയ്യാല കെട്ടണം. ഒരു മീറ്റർ ഉയരത്തിൽ മൂന്ന്‌ മീറ്റർ നിരപ്പ്‌ കിട്ടുന്ന ചരിവുള്ള സ്ഥലമാണെങ്കിൽ ഒരു ഏക്കർ സ്ഥലത്ത്‌ 1200 മീറ്റർ കയ്യാല വരും. ഒരു മീറ്റർ കയ്യാലക്ക്‌ 100 രൂപ ചെലവ്‌ കണക്കാക്കിയാൽ 120000 (ഒരു ലക്ഷത്തി ഇരുപതിനായിരം) രൂപ ഒരു ഏക്കർ സ്ഥലത്തിന്‌ ചെലവ്‌ വരും. ചെരിവ്‌ സ്ഥലങ്ങളിൽ ഈ ചെലവ്‌ കൂടി മൊത്തം ചെലവിന്റെ കൂടെ കൂട്ടണം.  ഒരേക്കർ സ്ഥലത്ത്‌ തെങ്ങുകൃഷി തുടങ്ങുന്നതിന്‌ 13,280 രൂപയോളം ചിലവ്‌ കണക്കാക്കാം. ഇടവിളയായി ജാതി കൃഷി തുടങ്ങുന്നതിന്‌ 9,760 രൂപയും കുരുമുളക്‌ നടുന്നതിന്‌ 15,760 രൂപയും വാഴകൃഷിക്ക്‌ 22960 രൂപയും ചേന നടുന്നതിന്‌ 4,440 രൂപയും ചേമ്പ്‌ നടുന്നതിന്‌ 1,188 രൂപയും ചിലവ്‌ വരുന്നതായും നീർക്കുഴികളും ഇടവരമ്പുകളും ഉണ്ടാക്കുന്നതിന്‌ 50,800 രൂപയും ചിലവ്‌ കണക്കാക്കിയാൽ മൊത്തം ചിലവ്‌ 1,18,188 രൂപയോളം വരും. ചെലവ്‌ എത്ര കൂടിയാലും ഭൂമി ഉള്ളിടത്തോളം കാലം പെയ്തിറങ്ങുന്ന മഴവെള്ളം ഒരു തുള്ളിപോലും ഒഴുകി നഷ്ടപ്പെടാതെ ഭൂഗർഭജലമായി മാറ്റാൻ സാധിക്കും, ഒപ്പം മണ്ണ്‌ സംരക്ഷണവും ഉറപ്പ്‌ വരുത്തുന്നു.
കൃഷിയുടെ ഉപതൊഴിലായി കാലിവളർത്തൽ നടത്തണം. സ്ഥലത്തിന്റെ വിസ്തീർണ്ണം അനുസരിച്ച്‌ കന്നുകാലികളുടെ എണ്ണം നിശ്ചയിക്കണം. ഗോബർഗ്യാസ്‌ പ്ലാന്റ്‌ നിർമ്മിച്ച്‌ ചാണകം, ഗോമൂത്രം എന്നിവ വളമാക്കി മാറ്റി തോട്ടത്തിൽ എല്ലാ വിളകൾക്കും കിട്ടത്തക്ക വണ്ണമുള്ള സംവിധാനങ്ങൾ ഒരുക്കണം. തോട്ടത്തിലെ പാഴ്‌വസ്തുക്കൾ ശേഖരിച്ച്‌ മണ്ണിര കമ്പോസ്റ്റാക്കി തിരിച്ച്‌ നൽകണം.
നേട്ടങ്ങൾ
വിവിധ കാലങ്ങളിൽ വിളവ്‌ ഉണ്ടാകുന്നതുകൊണ്ട്‌ കൃഷിഭൂമിയിൽ 12 മാസവും വിളവെടുപ്പ്‌ കാലമായി മാറുന്നു. പ്രകൃതി സമ്പത്തായ മണ്ണ്‌, മഴ, സൂര്യപ്രകാശം എന്നിവയും പാഴ്‌വസ്തുക്കളുടെ പുനരുപയോഗവും വഴി വിളവ്‌ വർദ്ധിപ്പിക്കുകയും പ്രകൃതിസംരക്ഷണം ഉറപ്പ്‌ വരുത്തുകയും ചെയ്യുന്നു. ഒരു വിളയ്ക്ക്‌ ചെയ്യുന്ന സംരക്ഷണം എല്ലാ വിളയ്ക്കുമായി തീരുന്നതുകൊണ്ട്‌ കൃഷി ചെലവ്‌ കുറയുന്നു. സർവ്വോപരി ആവർത്തന വിരസത ഒഴിവാക്കി കൃഷി ആദായകരമായ ഒരു തൊഴിലായി മാറുന്നു. ദേശിയ തലത്തിൽ തന്നെ പ്രതിവിധി കണ്ടെത്താൻ കഴിയാത്ത വെള്ളപ്പൊക്കം, വരൾച്ച, മണ്ണൊലിപ്പ്‌, മാലിന്യ സംസ്ക്കരണം എന്നീ പ്രതിസന്ധികൾക്ക്‌ കൃഷി നവീകരണം ഉത്തമമായ പരിഹാരമാർഗ്ഗമാണ്‌. സമ്പൂർണ്ണമായ കൃഷി നവീകരണം എന്ന ആശയം സർക്കാർ തലത്തിൽ ചർച്ച ചെയ്ത്‌ അംഗീകരിക്കണം അതോടൊപ്പം റീപ്ലാന്റ്‌ പദ്ധതിക്ക്‌ രൂപം കൊടുത്ത്‌ നടപ്പാക്കണം. ഒരു പത്ത്‌ വർഷം കൊണ്ട്‌ പൂർണ്ണമായി കൃഷി നവീകരിക്കപ്പെടുമെന്ന ലക്ഷ്യം മുന്നിൽ കാണണം.

 ആവർത്തനകൃഷിക്ക്‌ മേൽ കാണിച്ചിരിക്കുന്ന ചെലവുകൾക്ക്‌ പുറമേ തെങ്ങ്‌ മുറിച്ച്‌ മാറ്റിയ കൃഷിഭൂമിയിലെ വരുമാനം കൃഷിക്കാരന്‌ ഓരോവർഷവും കിട്ടത്തക്കവണ്ണം ഉള്ള വായ്പ സമ്പ്രദായങ്ങൾ ക്രമീകരിക്കണം.  ഏഴ്‌ വർഷക്കാലത്തേക്കും സഹായം തുടരണം. 7-​‍ാം വർഷം തുടങ്ങി കൃഷിഭൂമിയുടെ വരുമാനം കൊണ്ട്‌ തന്നെ അടുത്ത ഏഴ്‌ വർഷം കൊണ്ട്‌ വായ്പ തിരിച്ചടക്കാൻ കർഷകർ പ്രാപ്തനാകും ഇതുവഴി ഇപ്പോൾ സർക്കാർ നൽകുന്ന കാർഷിക സഹായങ്ങൾ കൃഷി മാറ്റത്തിന്‌ തയ്യാറാകുന്ന കൃഷിക്കാരുടെ പലിശ സബ്സിഡിയായി പ്രഖ്യാപിക്കുക. ഈ വിധത്തിലുള്ള സംരക്ഷണ നടപടികൾ ഉണ്ടായാൽ കൃഷി നവീകരണത്തിന്‌ കർഷകർ തയ്യറാകും. കാർഷിക പ്രതിസന്ധി പരിഹരിക്കപ്പെടും.
കർഷകശ്രീ 2002, വെറ്റിലപ്പാറ പി.ഒ., അരീക്കോട്‌ വഴി, മലപ്പുറം

22 Nov 2012

ജീവന് വിലപറയുന്ന വൈറസുകള്‍

ബെഞ്ചാലി 


ലോക ജനസംഖ്യയുടെ രണ്ടിലൊന്ന് ഭാഗം മനുഷ്യരെ കൊല്ലാന്‍ മാത്രം കഴിവുള്ളവൈറസുകള്‍ ഇന്ന് നിര്‍മ്മിക്കപെട്ടിട്ടുണ്ട്. അവ ലാബുകളില്‍ ഉറങ്ങികിടക്കുകയാണ്.ബയോടെററിസം ഭീതിയോടെ ഉറ്റുനോക്കുന്ന ഈ കാലത്ത് ഇത്തരം വൈറസുകള്‍നിര്‍മ്മികപെടുന്നത് പാശ്ചാത്യ രാഷ്ട്രങ്ങളിലാണെന്നു വരുമ്പോള്‍ ബയോടെറൊറിസത്തെ ആരാണ് പ്രോത്സാഹിപ്പിക്കുന്നതെന്നത് വ്യക്തം. എന്നാല്‍ ടെററിസം അത് ചിലരിലേക്ക്മാത്രം ചേര്‍ക്കപെട്ട വാക്കുകളായതിനാല്‍ ലോകത്ത് ഇത്തരം രാഷ്ട്രങ്ങള്‍ ചര്‍ച്ചചെയ്യപെടുന്നില്ല. മനുഷ്യ നിര്‍മ്മിതമാണ് H5N1 വൈറസ്. ബയോടെറൊറിസം വിദഗ്ദ്ധര്‍ പറയുന്നത് H5N1 bird flu വൈറസിനെ ജെനറ്റികലായി മാറ്റം വരുത്തി വളരെ വ്യാപിക്കുന്നതരത്തിലാക്കിയിട്ടുണ്ടെന്നാണ്. അവ നിര്‍മ്മിച്ചത് നെതര്‍ലാന്റിലെ റോട്ടര്‍ഡാംഎറാസ്മസ് മെഡിക്കല്‍ സെന്ററിലെ റോണ്‍ ഫോഷ്യര്‍ തന്റെ പരിശ്രമങ്ങളെ കുറിച്ച്കഴിഞ്ഞ സെപ്റ്റംബറില്‍ മെല്‍റ്റയില്‍ നടന്ന ഇന്‍ഫ്‌ലുവന്‍സ കോണ്‍ഫറന്‍സില്‍ പബ്ലികിനുമുന്നില്‍ നിരത്തിയതാണ്.


അദ്ദേഹം പറയുന്നത് വളരെ പരിശ്രമത്തിലൂടെയാണ്പക്ഷികളിലും മൃഗങ്ങളിലും പരീക്ഷണം നടത്തിയതെന്നും വളരെ അപൂര്‍വ്വമായെമനുഷ്യരിലേക്ക് വ്യാപിക്കുകയുള്ളൂ എന്നുമാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏഷ്യയില്‍ വ്യാപിച്ച പക്ഷിപനി 600ല്‍ പരം കേസുകള്‍ റിപോര്‍ട്ട് ചെയ്യപെട്ടിട്ടുണ്ട്. എന്നാല്‍ ഒ5ച1 പ്രത്യേകിച്ചും ക്രൂരമായതാണ്. Fouchier മെഡികല്‍ ടീമിലെ ഗവേഷകര്‍ ഇന്‍ഫ്‌ലുവന്‍സക്ക് കാരണമാകുന്ന വൈറസുകളുള്ള ജീവികളുടെ അടുത്ത് വെള്ളകീരിയില്‍ പരീക്ഷണം നടത്തി. H5N1 ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് പകരുമ്പോള്‍ അത് സെല്‍ വ്യൂഹങ്ങളില്‍ കൂടുതല്‍ യോജിച്ച തരത്തില്‍ പ്രവര്‍ത്തിക്കുകയും സ്വയം പരിവര്‍ത്തനങ്ങള്‍ക്ക് വിദേയമാവുകയും ചെയ്യുന്നു. പരീക്ഷണത്തിന് വിധേയമായി വള്ളകീരിക്ക് ബാധിച്ച വൈറസിന് അഞ്ച് തവണ പരിവര്‍ത്തനം സംഭവിച്ചെന്നു കണ്ടെത്തി. ഇങ്ങിനെ പരിവര്‍ത്തനം സംഭവിച്ചതായിരുന്നു ലോകത്ത് പത്തുമില്ല്യന്‍ പക്ഷികളേ കൊന്നൊടുക്കുകയും നൂറുകണക്കിന് മനുഷ്യരുടെ ജീവന്‍ പൊലിയാന്‍ കാരണമാവുകയും ചെയ്തത്.

 H5N1 ബാധിച്ച പക്ഷികളുമായി ബന്ധപെടുന്നവര്‍ വഴി വൈറസ് ബാധിക്കുമെങ്കില്‍ഇന്ന് അതിന്റെ വികസിച്ച രൂപം അമേരിക്കയിലേയും ഡച്ച് ബയോടെക് ശാസ്ത്രഞ്ഞര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അത് രോഗബാധിതരായവരില്‍ നിന്നും വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരാന്‍ മാത്രം അതിഭീകരമാണ്. ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്, സാംക്രമിക രോഗങ്ങള്‍ വഴി മില്ല്യണ്‍ കണക്കിന് ആളുകളുടെ മരണത്തിന് ഹേതുവാകുന്നതാണ് ഈ പരിവര്‍ത്തനം വരുത്തിയ വൈറസ് എന്ന്. ആന്ദ്രാക്‌സ് ഗവേഷണങ്ങളിലേര്‍പെട്ട പൌള്‍ കേഇം എന്ന മൈക്രോ ബയോളജി ജെനറ്റിക്‌സ്പറയുന്നത് ഒരിക്കലും ഇതുപോലുള്ളതിനെ കുറിച്ച് ചിന്തിക്കാന്‍ പോലുമാവാത്ത pathogenic organism ആണത് എന്നാണ്. പൌള്‍ കേഇം ഇപ്പോള്‍ അമേരിക്കയുടെ ദേശീയ ശാസ്ത്രഉപദേശക ഭരണസമിതി അംഗമാണ് (National Science Advisory Board for Biosecurity – NSABB). ടോക്യോ സര്‍വ്വകലാശാലയിലെ യൊഷിഹിരൊ എന്ന വൈറോളജിസ്റ്റുംആന്ദ്രാക്‌സിനെ കുറിച്ച് ഗവേഷണം നടത്തിയിട്ടുണ്ട്. അയതിനാല്‍ ഈ രണ്ട്ഗവേഷണങ്ങളും താരമത്യപെടുത്തി പഠിക്കാക്കാന്‍ Wisconsin, Madison, University of Tokyo എന്നീ സര്‍വകലാശാലകള്‍ തീരുമാനിക്കുകയും അതിന് NSABB പച്ചകൊടികാണിക്കുകയും ചെയ്തിട്ടുണ്ട്.


എന്നാല്‍ ലോകത്തിലെ പല ബയോ സെക്യൂരിറ്റി വിദഗ്ദ്ധരുംഇത്തരത്തിലുള്ള ഗവേഷണ റിസള്‍ട്ട് കൈമാറുന്നത് വളരെ അപകടമാണെന്നും അത്ബയോടെററിസത്തിലേക്ക് എത്തിപെടുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. പിറ്റ്‌സ്ബര്‍ഗ്മെഡിക്കല്‍ സര്‍വ്വകലാശാലയിലെ ബയോടെറൊരിസം എക്‌സ്‌പേര്‍ട്ട് ഡയരക്ടര്‍ ഡോ.തോമസ് പറയുന്നത്, വളരെ മോശമയ സംഗതിക്കാണ് സയന്റിസ്റ്റുകള്‍ ശ്രമിക്കുന്നതെന്നുംമാരകമായ വൈറസുകളെ വളരെ വ്യാപിപ്പിക്കുന്ന തരത്തില്‍ ഇത്തരം ഗവേഷണങ്ങള്‍ കൊണ്ടെത്തിക്കുമെന്നാണ്. മാത്രമല്ല, അവരുടെ ഗവേഷണങ്ങളെ ശാസ്ത്ര സമൂഹത്തില്‍ പ്രബന്ധങ്ങളായി അവതരിപ്പിക്കുക വഴി മറ്റുള്ളവര്‍ മാതൃക സ്വീകരിക്കാന്‍ കാരണമാകും. ലോകത്ത് മനുഷ്യര്‍ ഒന്നും നോക്കാതെ കാശെറിയുന്ന ഒരേ ഒരു മേഖലയാണ് മെഡിക്കല്‍ മേഖല. അതിനാല്‍ തന്നെ കുത്തകകള്‍ ആ ഫീല്‍ഡില്‍ നല്ലവണ്ണം കളിക്കുന്നുണ്ട്. കൂടാതെഇന്ന് ബയോടെക് രംഗത്ത് പലതരത്തിലുള്ള കബളിപ്പിക്കല്‍ നടക്കുന്നുണ്ട്. ലോകത്ത്വ്യാപിക്കുന്ന H1N1 നെ കുറിച്ച് തെറ്റായ വിവരങ്ങള്‍ ലോകാ!രോഗ്യ സംഘടനക്ക്‌നല്‍കുകയും അതുവഴി വന്‍ ലാഭങ്ങള്‍ കൊയ്യാനും ഫാര്‍മ ഫ്രോഡുകള്‍ രംഗത്തിറങ്ങിയത്വഴി ശരിയാ ചികിത്സ രോഗികള്‍ക്ക് ലഭ്യാമായില്ല എന്നുമാത്രമല്ല സാമ്പത്തികമായവലിയ കൊള്ളക്ക് കാരണമാവുകയും ചെയ്തു.


പല ഗവണ്മെന്റുകളും ബില്ല്യന്‍ കണക്കിന്‌ഡോളറുകളുടെ പന്നിപനി H1N1 വാക്‌സിനാണ് വാങ്ങികൂട്ടിയത്. ഇതുവരെ ലഭിച്ചവിവരങ്ങളുടെ അടിസ്ഥാനത്തില്‍ H1N1 വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടില്ല. നമ്മുടെ കൊച്ചുകേരളത്തില്‍ പടര്‍ന്ന ചിക്കന്‍ഗുനിയ സന്ധികളില്‍ കടുത്ത വേദനയുണ്ടാക്കുന്നു. വേദനവന്നാല്‍ ആരും അടങ്ങിയിരിക്കില്ല എന്നതുകൊണ്ട് ഡോക്ടര്‍മാരെ കാണുകയുംപലതരത്തിലുള്ള മെഡിസിനുകള്‍ അകത്താക്കുകയും ചെയ്യുന്നു എന്നല്ലാതെ ശരിക്കുമുള്ളട്രീറ്റ്‌മെന്റ് പറയപെട്ട രോഗങ്ങളില്‍ ലഭിക്കുന്നില്ല. മെഡിക്കല്‍ ഫ്രോഡുകളുടെ കളികളില്‍പലതരത്തിലുള്ള മരുന്നുകള്‍ക്ക് വിപണിയായി കൊച്ചുകേരളം മാറുന്നതിന്റെപിന്നാമ്പുറങ്ങളില്‍ കറുത്ത കൈകളുണ്ടാവണം. അമേരിക്കയുടെ ഡ്രോണ്‍ ഇറാന്‍ തകര്‍ത്തിട്ടപ്പോള്‍ അമേരിക്കയുടെ സീക്രട്ടുകള്‍വെളിവാകുമോ, ഇറാന് കൂടുതലെന്തെങ്കിലും അവയില്‍ നിന്നും ലഭിക്കുമോ എന്നചോദ്യത്തിന് വെനിസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിനോട് പറഞ്ഞത് ലഭിക്കും,കാന്‍സറ് ലഭിക്കുമെന്നാണ്. ലാറ്റിനമേരിക്കന്‍ രാഷ്ട്രീയ നായകന്മാര്‍ക്ക് കാന്‍സര്‍പിടിപെടുന്നത് യാദൃച്ഛികമല്ലെന്നാണ് അദ്ദേഹത്തിന്റെ നിഗമനം.


അര്‍ജന്റീനന്‍ പ്രസിഡന്റ് ക്രിസ്റ്റിന ഫെര്‍നാന്റസിന് കാന്‍സറ് വന്നതിനെ കുറിച്ച് അദ്ദേഹം തന്റെ മിലിട്ടറി ട്രൂപിനെസംബോധനം ചെയ്ത് പറഞ്ഞത് ലാറ്റിനമേരിക്കന്‍ ലീഡര്‍മാരെ പിടിപെടുന്ന ത്വിചിത്രമായതല്ലെന്നാണ്. ഈ അടുത്താണ് ഷാവേസിന്റെ ശരീരത്തില്‍ നിന്നും ടൂമര്‍ നീക്കംചെയ്തത്. പരഗൊയുടെ ഫെര്‍ണാഡോ ലൂഗൊ, ബ്രസിലിന്റെ ഡില്‍മ റൊസ്സെഫ്, മുന്‍ബ്രസീല്‍ ലീഡര്‍ ലൂയിസ് ഇനാസ്യൊ തുടങ്ങിയ ലാറ്റിനമേരിക്കന്‍ നായകന്മാരോട് കാന്‍സര്‍ നീരാളിക്ക് പ്രത്യേക മമതയുണ്ടായതില്‍ ചില കറുത്ത കരങ്ങളുണ്ടാവാം. ഒരിക്കല്‍ഫിദെല്‍ കാസ്‌ട്രൊ ഷാവേസിന് നല്‍കിയ മുന്നറിയിപ്പ്, ‘അവരെ വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു, അവര്‍ പല തരത്തിലുള്ള സാങ്കേതിക വിദ്യവികസിപ്പിച്ചെടുത്തിരിക്കുന്നു. എന്ത് ഭക്ഷിക്കാന്‍ തന്നാലും എന്ത് ഭക്ഷിക്കുന്നതിലുംജാഗരൂകത വേണമെന്ന്’. ലാറ്റിനമേരിക്കയില്‍ ഇനി ബാക്കിയുള്ളത് ബൊളീവിയന്‍പ്രസിഡന്റ് ഇവൊ മൊറത്സ് മാത്രം, ഷാവേസ് ഭയപെടുന്നു, അടുത്ത ഊഴംഅദ്ദേഹത്തിന്റെതാവും.., അദ്ദേഹം കൂട്ടിചേര്‍ത്തു, ‘ഇവൊ, നീ നിന്നെ സ്വയം സൂക്ഷിക്കുക,വരുന്ന വഴികളെ കുറിച്ച് ഞങ്ങള്‍ക്കൊന്നുമറിയില്ല’. വർത്തമാനം എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ചത്

23 Oct 2012

അഗ്നിച്ചിറകുകള്‍…….

ശ്രീനാഥ് ശ്രീ

ഈ നുറുങ്ങു വെട്ടത്തിന്‍ ചാരെ
ഏകനായ് ഇരിപ്പു ഞാന്‍
ഈ സ്‌നേഹ പ്രപഞ്ച മടിത്തട്ടില്‍
എനിക്ക് കൂട്ടായ് നീ മാത്രം
എന്‍ നയനങ്ങള്ക്ക് അഗ്‌നിതന്‍ മിഴിവേകി
ഞാനെന്‍ സ്വപ്‌നങ്ങള്‍ നിന്‍ പ്രഭയില്‍ എരിച്ചിടട്ടെ?
എന്‍ പ്രണയ പുസ്തകത്തിന്‍ ദളങ്ങള്‍ ഞാന്‍
നിന്‍ അഗ്‌നി ചിറകുകളില്‍ സമര്‍പ്പിച്ചിടുന്നു
എന്നില്‍ നിന്നടര്‍ന്നു വീഴുന്ന വിഷകണങ്ങള്‍
നിന്നില്‍ എരിച്ചു കളഞ്ഞിടട്ടെ?
എന്‍ ഇരുളാര്‍ന്ന ജീവിത വീഥിയില്‍
ഇനിയുമോരുപ്പാട് കാതങ്ങള്‍ താണ്ടുവാനുണ്ടെനിക്ക്
എന്നില്‍ വന്നണയുന്ന ആനന്ദശൂന്യതയെ
നിന്‍ പ്രഭയില്‍ അകറ്റിടില്ലേ?
ഈ സ്‌നേഹ സഞ്ചാരിതന്‍ മാനസത്തില്‍
സ്‌നേഹത്തിന്‍ ജ്യോതിസ്സായ് നീ വരില്ലേ

20 Sept 2012

വിലയിടിവിൽ നിന്ന്‌ കരകയറാൻ കൂട്ടായ പരിശ്രമം അനിവാര്യം


ടി. കെ. ജോസ്‌, ഐ.എ.എസ്

  ചെയർമാൻ,നാളികേര വികസന ബോർഡ്

നാളികേര കർഷകർ അഭൂതപൂർവ്വമായ ഒരു വിലയിടിവിന്റെ കാലഘട്ടത്തിലൂടെ
കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്‌ ഇപ്പോൾ. സാധാരണഗതിയിൽ നാളികേര സംഭരണം
ആരംഭിച്ചുകഴിഞ്ഞ്‌ നാല്‌ മാസക്കാലംകൊണ്ട്‌ നാളികേരത്തിന്റെ വിപണിയിലെ വില
വർദ്ധിക്കുന്ന ഒരു പ്രവണതയാണ്‌ മുമ്പ്‌ കണ്ടിരുന്നത്‌. എന്നാൽ ഈ വർഷം
നാളികേര സംഭരണം അഞ്ച്‌ മാസം പിന്നിടുമ്പോഴും നാളികേരത്തിന്റേയും
കൊപ്രയുടേയും വെളിച്ചണ്ണയുടേയും വിപണി വിലയിൽ കാര്യമായ ചലനങ്ങൾ
ഉണ്ടാകുന്നില്ല എന്നതാണ്‌ വസ്തുത. കേരളത്തിലേയും മറ്റ്‌ ദക്ഷിണേന്ത്യൻ
സംസ്ഥാനങ്ങളിലേയും നാളികേരത്തിന്റെ വില അതാതുകാലത്തെ കൊപ്ര വിലയുമായും
കൊപ്രയുടെ വിലയാകട്ടെ വെളിച്ചെണ്ണയുടെ വിലയുമായും നേരിട്ട്‌
ബന്ധപ്പെട്ടുകിടക്കുന്നു. സ്വാഭാവികമായും വെളിച്ചെണ്ണ വിപണിയുടെ
ഉണർവ്വിലൂടെ മാത്രമേ കൊപ്രയുടെ വിലയും തദ്വാരാ നാളികേരത്തിന്റെ വിലയും
ഉയരുകയുള്ളൂ. അപ്പോൾ സ്വാഭാവികമായും നാളികേരത്തിന്റെ വില ഉയരണമെങ്കിൽ
നിലവിലുള്ള സാഹചര്യത്തിൽ ഇന്ത്യൻ വിപണിയിലെ വെളിച്ചെണ്ണയുടെ വില ഉയർന്നേ
മതിയാകൂ. ഏതൊക്കെ ഘടകങ്ങളാണ്‌ ഇന്ത്യയിലെ വെളിച്ചെണ്ണ വിപണിയെ
നിയന്ത്രിക്കുന്നത്‌ എന്ന്‌ പരിശോധിക്കാം.
വെളിച്ചെണ്ണയുടെ അന്താരാഷ്ട്ര വിപണിയിലെ വില ഒരു പ്രധാനപ്പെട്ട ഘടകമാണ്‌.
ഇപ്പോഴാകട്ടെ അന്താരാഷ്ട്ര വിപണിയിലെ വെളിച്ചെണ്ണ വിലയും ആഭ്യന്തര
വിപണിയിലെ വിലയും ഏകദേശം തുല്യ നിലയിലാണ്‌. ഇന്ത്യയിലെ മറ്റ്‌ ഭക്ഷ്യ
എണ്ണകളുടെ വില, അവയുടെ ലഭ്യത അഥവാ ദൗർലഭ്യം, ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി,
ഇറക്കുമതി ചെയ്ത ഭക്ഷ്യഎണ്ണയുടെ സ്റ്റോക്ക്‌, വെളിച്ചെണ്ണയുടേയും
വെളിച്ചെണ്ണയിൽ നിന്നുള്ള മറ്റ്‌ ഉൽപന്നങ്ങളുടേയും കയറ്റുമതി,
താങ്ങുവിലയ്ക്ക്‌ നടക്കുന്ന സംഭരണം എന്നിവയൊക്കെ വെളിച്ചെണ്ണ വിലയെ
നിയന്ത്രിക്കുന്നതിൽ പങ്കുവഹിക്കുന്നു.
ഇന്ത്യയിൽ ഈ വർഷം ഭക്ഷ്യഎണ്ണകളുടെ ദൗർലഭ്യം അനുഭവപ്പെടുന്ന
സാഹചര്യമാണുള്ളത്‌. പ്രത്യേകിച്ച്‌ വൈകി എത്തിയ മൺസൂൺ മൂലം,
ഭക്ഷ്യഎണ്ണയുടെ ഇന്ത്യയിലെ ഈ വർഷത്തെ ഉത്പാദനം കുറവായിരിക്കും എന്ന്‌
പ്രതീക്ഷിച്ചുകൊണ്ട്‌ പാം ഓയിൽ ഉൾപ്പെടെയുള്ള വിവിധ ഭക്ഷ്യഎണ്ണകൾ
ഇറക്കുമതി ചെയ്യുന്നവർ അവരുടെ സ്റ്റോക്ക്‌ വർദ്ധിപ്പിച്ചിട്ടുണ്ട്‌.
ആർബിഡി പാം ഓയിൽ ഇതുവരെ ഇറക്കുമതി ചെയ്തത്‌ മുൻവർഷത്തേതിന്റെ
ഇരട്ടിയോളമാണ്‌; പത്ത്‌ ലക്ഷം ടണ്ണോളം ഇതുവരെ ഇറക്കുമതി ചെയ്തുകഴിഞ്ഞു.
ആർബിഡി പാം ഓയിലിന്റെ ഇറക്കുമതിച്ചുങ്കം കേവലം ഏഴര ശതമാനം മാത്രമാണ്‌.
എന്നാൽ ക്രൂഡ്‌ (സംസ്ക്കരിക്കാത്ത) പാം ഓയിൽ ഇറക്കുമതിയാകട്ടെ 30 ലക്ഷം
ടൺ കവിഞ്ഞിരിക്കുന്നു. അതിന്‌ ഇറക്കുമതി തീരുവ പൂജ്യം ശതമാനമാണ്‌.
ഇന്ത്യയിലെ കേരകർഷകരെക്കാൾ മലേഷ്യയിലെ ഓയിൽപാം കർഷകർക്ക്‌
പ്രയോജനമുണ്ടാവുന്ന അവസ്ഥ! വെളിച്ചെണ്ണയുടെ വിപണി വിലയ്ക്ക്‌ കനത്ത ആഘാതം
ഏൽപ്പിക്കുന്ന രണ്ട്‌ പ്രധാന ഘടകങ്ങളാണിവ. ഇതൊടൊപ്പം വെളിച്ചെണ്ണ
കയറ്റുമതിക്കുള്ള നിരോധനം കൂടിയാകുമ്പോൾ കൂനിന്മേൽ കുരുവേന്ന പോലെയായി.
ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യഎണ്ണകളുടെ കയറ്റുമതി നിരോധിച്ചിട്ടുണ്ട്‌.
പക്ഷെ, കേരളമൊഴികെ മറ്റൊരു സംസ്ഥാനത്തും ഭക്ഷ്യയെണ്ണയായി ഉപയോഗിക്കാത്ത
വെളിച്ചെണ്ണയുടെ കയറ്റുമതി നിരോധിക്കുന്നതിന്റെ സാംഗത്യം
മനസ്സിലാകുന്നില്ല. കയറ്റുമതി നിരോധിച്ചെങ്കിലും അഞ്ച്‌ ലിറ്ററിൽ
കവിയാത്ത ചെറിയ പായ്ക്കറ്റുകളിൽ വെളിച്ചെണ്ണ 10,000 ടൺവരെ നിബന്ധനകൾക്ക്‌
വിധേയമായി മാത്രം കൊച്ചി തുറമുഖത്തുനിന്ന്‌ കയറ്റുമതിക്ക്‌
അനുവാദമുണ്ടായിരുന്നു. അതിനർത്ഥം വെളിച്ചെണ്ണ കയറ്റുമതി ചെയ്യുന്നതിന്‌
തുറമുഖ നിയന്ത്രണവും, പായ്ക്കിംഗിലും കയറ്റുമതി പരിധിയിലും
നിയന്ത്രണവുമുണ്ടായിരുന്നു. ഈ നിയന്ത്രണങ്ങൾക്ക്‌ ഇളവ്‌
കൊടുത്തിരുന്നുവേങ്കിൽ ഒരുപക്ഷേ, ഗൾഫ്‌ രാജ്യങ്ങളിലേക്കും യൂറോപ്യൻ
രാജ്യങ്ങളിലേക്കും കൂടുതൽ വെളിച്ചെണ്ണ കയറ്റുമതി ചെയ്യാൻ
കഴിയുമായിരുന്നു. അപ്രകാരം കയറ്റുമതി നടന്നിരുന്നുവേങ്കിൽ ഇന്ത്യയിലെ
പ്രത്യേകിച്ച്‌ ദക്ഷിണേന്ത്യയിലെ വെളിച്ചെണ്ണ വില കുറേക്കൂടി
മെച്ചമാകുമായിരുന്നുവേന്ന കാര്യത്തിൽ സംശയമില്ല. ഈ സാഹചര്യത്തിലാണ്‌
ഇപ്പോൾ നിലവിലുണ്ടായിരുന്ന വെളിച്ചെണ്ണ കയറ്റുമതിയുടെ അനുമതി പൂർണ്ണമായും
എടുത്തുകളഞ്ഞിരിക്കുന്നത്‌. 2012 ആഗസ്റ്റ്‌ 1 മുതൽ വെളിച്ചെണ്ണയുടെ
കയറ്റുമതി പൂർണ്ണമായി നിരോധിച്ചിരിക്കുന്നു, ഇടി വെട്ടിയവനെ പാമ്പ്‌
കടിച്ച അവസ്ഥ!

സാധാരണ ഗതിയിൽ ഇരുപത്‌ ലക്ഷത്തിലേറെ മലയാളികൾ വസിക്കുന്ന ഗൾഫ്‌ മേഖലയിൽ
ഇന്ത്യയിൽ നിന്നുള്ള വെളിച്ചെണ്ണയ്ക്ക്‌ സാമാന്യം ശക്തമായ ഡിമാൻഡ്‌ ആണ്‌
ഉള്ളത്‌. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി പൂർണ്ണമായും നിരോധിക്കുമ്പോൾ
ശ്രീലങ്ക, ഫിലിപ്പീൻസ്‌ തുടങ്ങിയ രാജ്യങ്ങൾക്കാണ്‌ ഗൾഫിലെ വിപണി
തുറന്നുകിട്ടുക. ഹ്രസ്വകാലാടിസ്ഥാനത്തിൽ മാത്രമല്ല,
ദീർഘകാലാടിസ്ഥാനത്തിലും ഇന്ത്യയിൽ നിന്നുള്ള നാളികേരോൽപന്നങ്ങളുടെ
കയറ്റുമതിയെ ഇത്‌ സാരമായി ബാധിക്കാം. തീർച്ചയായും കർഷക കൂട്ടായ്മകളും,
നമ്മുടെ ജനപ്രതിനിധികളും പാർലമന്റ്‌ അംഗങ്ങളും വെളിച്ചെണ്ണയുടെ കയറ്റുമതി
നിയന്ത്രണം നീക്കുന്നതിനായി കൂട്ടായി പ്രവർത്തിക്കേണ്ട സാഹചര്യമാണ്‌
നിലവിലുള്ളത്‌.
മേൽസുചിപ്പിച്ച മൂന്ന്‌ പ്രധാന ഘടകങ്ങൾക്ക്‌ പുറമേ നാളികേരത്തിന്റെ
കേരളത്തിലെ വപണി വിലയെ ബാധിക്കുന്ന  അടുത്ത പ്രധാനഘടകമാണ്‌ കൊപ്രസംഭരണം.
മുൻകാലങ്ങളിൽ ഇന്ത്യയിൽ സംഭരിക്കുന്ന കൊപ്രയുടെ 50 ശതമാനമോ അതിൽക്കൂടുതലോ
കേരളത്തിൽ നിന്നായിരുന്നുവേങ്കിൽ ഇന്ന്‌ സ്ഥിതി തുലോം വ്യത്യസ്തമാണ്‌.
ഏകദേശം 30,000ത്തോളം ടൺ കൊപ്ര നാഫെഡ്‌  സംഭരിച്ചതിൽ കേവലം 7,000 ടൺ
മാത്രമാണ്‌ കേരളത്തിൽ നിന്നും സംഭരിച്ചിരിക്കുന്നത്‌. തമിഴ്‌നാട്‌ കൊപ്ര
സംഭരണത്തിൽ മുമ്പിലാണ്‌. വിപണിയിൽ നിന്ന്‌ ഇതിനകം 50,000 ടൺ
കൊപ്രയെങ്കിലും താങ്ങുവിലപ്രകാരം സംഭരിക്കപ്പെട്ടിരുന്നുവേങ്കിൽ, ഇന്ന്‌
വിപണിയിൽ കൊപ്രയുടെ ലഭ്യത കുറയുമായിരുന്നു. സംഭരണത്തിനായി
ചുമതലപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല ഏജൻസികൾ ഊർജ്ജിതമായി ഈ രംഗത്ത്‌
പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ്‌ ഇത്‌ വിരൽ ചൂണ്ടുന്നത്‌.
വിലിയിടിവ്‌ നേരിടുന്ന കർഷകരെ സഹായിക്കുന്നതിന്‌ വേണ്ടി സംസ്ഥാന
ഗവണ്‍മന്റുകൾക്ക്‌ താങ്ങുവില സംഭരണം ഊർജ്ജിതപ്പെടുത്തുന്നതിന്‌ പുറമേ
മറ്റ്‌ പല കാര്യങ്ങളും ചെയ്യാനാകും. ഉദാഹരണമായി കർണ്ണാടക ഗവണ്‍മന്റ്‌ ഈ
വർഷം അവിടെ താങ്ങുവിലയ്ക്ക്‌ സംഭരിക്കുന്ന കൊപ്രയ്ക്ക്‌ ഏഴുരൂപ അധികമായി
നൽകുകയാണ്‌. അധിക വില നൽകിയതോടെ കർണ്ണാടകയിലെ ബോൾകൊപ്ര വിപണി ഉണരുകയും സംഭരണവിലയ്ക്ക്‌ ഒപ്പമെത്തുകയും ചെയ്തു. കേരള-തമിഴ്‌നാട്‌ ഗവണ്‍മന്റുകളും
കർണ്ണാടക ഗവണ്‍മന്റിന്റെ വഴി പൈന്തുടർന്നിരുന്നുവേങ്കിൽ എത്രയോ
നന്നായിരുന്നു. ഇക്കാര്യങ്ങൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടേയും, കൃഷി
മന്ത്രിയുടേയും, കാർഷികോത്പാദന കമ്മീഷണറുടേയും, കൃഷി വകുപ്പ്‌
സെക്രട്ടറിയുടേയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്‌ തീർച്ചയായും
അനുകൂലമായ മറുപടി ഉണ്ടാകും എന്നു തന്നെ നമുക്ക്‌ പ്രതീക്ഷിക്കാം.

നാളികേരത്തിൽ നിന്ന്‌ കൊപ്രയുണ്ടാക്കണമെങ്കിൽ അടിസ്ഥാന സൗകര്യങ്ങൾ
വർദ്ധിപ്പിക്കേണ്ടതുണ്ട്‌. നിലവിലുള്ള കൊപ്ര ഡ്രയറുകളുടെ എണ്ണം വളരെ
പരിമിതമാണ്‌. 10000 നാളികേരമെങ്കിലും ഓരോ ബാച്ചിലും സംസ്ക്കരിക്കാൻ
കഴിയുന്ന 250-300 ആധുനിക കൊപ്ര ഡ്രയറുകൾ കേരളത്തിൽ ഉടനടി സ്ഥാപിക്കാൻ
കഴിഞ്ഞാൽ കർഷകർക്ക്‌ ഗുണകരമായേനേ. ആദ്യപടിയെന്ന നിലയിൽ നാളികേരോത്പാദക
സംഘങ്ങളുടെ ഫെഡറേഷൻ തലത്തിൽ നാളികേര വികസന ബോർഡ്‌ ഇത്തരത്തിലുള്ള 20
ആധുനിക ഡ്രയറുകൾ സ്ഥാപിക്കുന്നതിന്‌ 50 ശതമാനം സഹായം നൽകുകയാണ്‌. ബാക്കി
ഒരു നൂറ്‌ ഡ്രയറുകളെങ്കിലും സംസ്ഥാന  ഗവണ്‍മന്റിന്റെ നേതൃത്വത്തിൽ കർഷക
കൂട്ടായ്മകളിലൂടെ മുന്നോട്ടുകൊണ്ടുവരേണ്ടതുണ്ട്‌. ഇത്തരത്തിലുള്ള മറ്റൊരു
നൂറ്‌ കൊപ്രഡ്രയറുകൾ തൃത്താല പഞ്ചായത്തുകൾ വഴിയും കർഷക കൂട്ടായ്മകൾക്ക്‌
നൽകുകകൂടി ചെയ്താൽ സ്വാഭാവികമായും നാളികേരം കർഷകകൂട്ടായ്മയിലൂടെ
സംഭരിച്ച്‌ കൊപ്രയാക്കി സംഭരണവിലയുടെ ആനുകൂല്യം വാങ്ങിയെടുക്കുന്നതിന്‌
കഴിയും.
ഇതോടൊപ്പം തന്നെ കേന്ദ്ര കാർഷികോൽപന്ന വിലനിർണ്ണയകമ്മീഷൻ കൊപ്രയുടെ
അടുത്ത വർഷത്തേക്കുള്ള താങ്ങുവില നിശ്ചയിക്കുന്നതിനുള്ള നടപടിക്രമങ്ങൾ
ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്‌. കമ്മീഷൻ കേരളവും തമിഴ്‌നാടും സന്ദർശിക്കുന്ന
വേളയിൽ ഉത്പാദക സംഘങ്ങളുടേയും, കർഷക പ്രതിനിധികളുടെയും പക്കൽ നിന്ന്‌
വിവരങ്ങൾ ശേഖരിക്കുന്നതാണ്‌. ഈ സമയത്ത്‌ എല്ലാ കർഷക കൂട്ടായ്മകൾക്കും
നാളികേരത്തിൽ നിന്ന്‌ കൊപ്ര ഉത്പാദിപ്പിക്കുന്നതിന്‌ വേണ്ടി വരുന്ന
ചെലവ്‌ കൃത്യമായി പഠിച്ച്‌ നിവേദനങ്ങളാക്കി കമ്മീഷനു സമർപ്പിക്കാൻ
കഴിയണം.
ഇതോടൊപ്പം തന്നെ നാം അടിസ്ഥാനപരമായി ചിന്തിക്കേണ്ട മറ്റൊരു മേഖലയാണ്‌
കരിക്ക്‌ വിപണനം. എപ്പോഴും വിലയിൽ വ്യതിയാനങ്ങൾ നേരിടേണ്ടിവരുന്നത്‌
വെളിച്ചെണ്ണയ്ക്കും കൊപ്രയ്ക്കുമാണ്‌. നാളികേരത്തിന്റെ
മറ്റൊരുൽപന്നത്തിനും വിലകുറഞ്ഞിട്ടില്ല. കരിക്കിന്‌ ഈ മഴക്കാലത്തും
ഇരുപത്‌ രൂപയാണ്‌ ഉപഭോക്താവ്‌ നൽകുന്നത്‌. നമ്മുടെ ഉത്പാദകസംഘങ്ങൾ
വർദ്ധിച്ച തോതിൽ സെപ്തംബർ മുതൽ അടുത്ത മെയ്‌ വരെയുള്ള കാലഘട്ടത്തിൽ
പരമാവധി കരിക്ക്‌ വിളവെടുത്ത്‌ മെച്ചപ്പെട്ട വില കർഷകർക്ക്‌
നേടിക്കൊടുക്കുന്നതിന്‌ കൂട്ടായ പരിശ്രമം നടത്തിയോലോ? സ്വാഭാവികമായും
കൂടുതൽ നാളികേരം കരിക്കായി വിളവെടുക്കുമ്പോൾ കൊപ്രയാക്കി മാറ്റുന്നതിന്റെ
തോത്‌ കുറയും. കരിക്ക്‌ വിളവെടുക്കുക മാത്രമല്ല, വ്യാപകമായ കാമ്പയിൻ
മാതൃകയിൽ കർഷകരെ കൂടുതൽ നാളികേരം കരിക്കായി വിളവെടുക്കുന്നതിന്‌
പ്രേരിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ഊർജ്ജിതമായി സംസ്ഥാനത്തെങ്ങും
നടത്തുകയാണ്‌ വേണ്ടത്‌.
നാളികേര ഉൽപന്നങ്ങൾ എന്നത്‌ കേവലം കൊപ്രയും വെളിച്ചെണ്ണയും മാത്രമല്ല,
കരിക്കും, വെർജിൻ വെളിച്ചെണ്ണയും, നാളികേര ക്രീമും, തേങ്ങപ്പാൽപൊടിയും,
തൂൾതേങ്ങയും എല്ലാമടങ്ങിയ ഒരു 'പ്രോഡക്ട്‌ ബാസ്ക്കറ്റ്‌' തന്നെയാണ്‌.
ഇതിനെപ്പറ്റി ഉത്പാദക സംഘങ്ങളും അവയുടെ ഫെഡറേഷനുകളും പ്രോഡ്യൂസർ
കമ്പനികളും വഴി നമുക്ക്‌ ചിന്തിക്കേണ്ടതുണ്ട്‌. വിപണനത്തിന്റെ നൂതന
രംഗവും ആധുനിക മാതൃകകളും നാളികേരത്തിന്റെ വിവിധ ഉൽപന്നങ്ങൾ നിർമ്മിച്ച്‌
വിപണിയിലെത്തിക്കുന്നതിന്‌ എങ്ങനെ പ്രയോജനപ്പെടുത്താൻ കഴിയും?
സ്വാഭാവികമായും ആധുനിക കേരോൽപന്നങ്ങൾ നിർമ്മിക്കുന്ന സംരംഭകരുടെ എണ്ണം
കേരളത്തിൽ കുറവാണ്‌. പലരും ഈ രംഗത്തേക്ക്‌ കടന്നുവരാൻ മടിച്ചുനിൽക്കുന്ന
സമയത്ത്‌ പ്രോഡ്യൂസർ കമ്പനികൾ ഈ രംഗത്തേക്ക്‌ കടന്നുവരുന്നതിനും നമുക്ക്‌
വേഗത്തിൽ നീങ്ങേണ്ടതുണ്ട്‌. പ്രോഡ്യൂസർ കമ്പനികൾ ഈ രംഗത്തേക്ക്‌
കടന്നുവരുമ്പോൾ, തൃത്താല പഞ്ചായത്തുകളുടെ സഹകരണത്തോടെ കേരള സംസ്ഥാനത്ത്‌
നാളികേരോൽപന്നങ്ങൾക്ക്‌ വമ്പിച്ച പ്രചാരം കൊടുക്കുന്നതിനും സംസ്ഥാന
ഗവണ്‍മന്റിന്റെ വിവിധ ഏജൻസികളും പൊതുമേഖല സ്ഥാപനങ്ങളും വഴി കൂടുതലായി
വെളിച്ചെണ്ണ മാത്രമല്ല മറ്റ്‌ ഉൽപന്നങ്ങളും വിറ്റഴിക്കുന്നതിനും നമുക്ക്‌
കൂട്ടായ പരിശ്രമം നടത്താൻ കഴിയില്ലേ?

പരമ്പരാഗത രീതിയിലുള്ള വെളിച്ചെണ്ണപോലും ഉപഭോക്താവ്‌ കൂടിയ വിലയ്ക്ക്‌
വാങ്ങുമ്പോൾ ഉത്പാദകന്‌ നാളികേരത്തിന്‌ കുറഞ്ഞ വില മാത്രമാണ്‌
ലഭിക്കുന്നത്‌. ഈ സാഹചര്യത്തിൽ നമുക്ക്‌ കർഷകരുടെ കൂട്ടായ്മ വഴി ശുദ്ധമായ
വെളിച്ചെണ്ണ മായം ചേർക്കാൻ കഴിയാത്ത രീതിയിൽ പായ്ക്ക്‌ ചെയ്ത്‌ ബ്രാൻഡ്‌
ചെയ്ത്‌ ആധുനിക വിപണനസങ്കേതങ്ങൾ ഉപയോഗിച്ച്‌ വിപണിയിൽ എത്തിക്കാൻ കഴിയണം.
കേന്ദ്ര-സംസ്ഥാന ഗവണ്‍മന്റുകൾ കേരകർഷകരെ സഹായിക്കുന്നതിനുവേണ്ടി
വെളിച്ചെണ്ണയ്ക്കും കൊപ്രയ്ക്കും അനുകൂലമായ നയങ്ങൾ
രൂപീകരിക്കേണ്ടതുണ്ട്‌. ഇത്തരം നയങ്ങൾ പ്രവൃത്തിപഥത്തിൽ
കൊണ്ടുവരേണ്ടതിന്റെ ഉത്തരവാദിത്വം സംസ്ഥാന ഗവണ്‍മന്റുകൾക്കാണ്‌.
ഉദാഹരണമായി, കേന്ദ്രസർക്കാർ  കൊപ്രസംഭരണത്തിനായി താങ്ങുവില
പ്രഖ്യാപിക്കുകയും സംഭരിക്കുവാൻ നാഫെഡിനെ ചുമതലപ്പെടുത്തുകയും
ചെയ്യുമ്പോൾ, സംഭരണം യഥാർത്ഥത്തിൽ നടപ്പാക്കി, കർഷകർക്ക്‌
പ്രയോജനപ്പെടുത്തേണ്ടതിന്റെ ഉത്തരവാദിത്വം സംസ്ഥാന ഏജൻസികൾക്കാണ്‌.
സംസ്ഥാന സംഭരണ ഏജൻസികളിലേക്ക്‌ കർഷകരുടെ ഉൽപന്നങ്ങൾ സമാഹരിച്ച്‌
എത്തിക്കുന്നതിനുള്ള ഉത്തരവാദിത്വം നമ്മുടെ ഉത്പാദക സംഘങ്ങൾ
ഏറ്റെടുക്കണം. ഇങ്ങനെ നയരൂപീകരണത്തിന്റെ രംഗത്ത്‌ കേന്ദ്ര ഏജൻസികൾക്കും
അവ പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നതിന്‌ സംസ്ഥാന ഏജൻസികൾക്കും, സംഭരണ
പ്രക്രിയയുടെ വിജയത്തിനായി ഉത്പാദക സംഘങ്ങൾക്കും കൂട്ടായി
പ്രവർത്തിക്കുവാൻ കഴിഞ്ഞാൽ ഈ രംഗത്ത്‌ നല്ല മാറ്റങ്ങൾ കൊണ്ടുവരാനാവും.
ഇതോടൊപ്പം തന്നെ നാം ചിന്തിക്കേണ്ട മറ്റൊരു കാര്യമുണ്ട്‌. വിലയിടിവിന്റെ
കാലഘട്ടത്തിൽ നമുക്ക്‌ എങ്ങനെ പരമ്പരാഗത രീതിയിൽ നിന്ന്‌
മാറിച്ചിന്തിക്കുവാൻ കഴിയും? ക്രിയാത്മകവും സർഗ്ഗാത്മകവുമായ എന്തെല്ലാം
പ്രവർത്തനങ്ങൾ നടത്താൻ കഴിയും? വികസനോന്മുഖമായ കുട്ടായ്മയിലൂടെ ഇതുവരെ
ആരും ഗൗരവമായി ചിന്തിക്കാത്ത നിരവധി ഉൽപന്നങ്ങൾ നാളികേരത്തിൽ നിന്ന്‌
നിർമ്മിക്കുവാനും, നിലവിലുള്ള ഉൽപന്നങ്ങൾക്ക്‌ നവീനമായ ഉപയോഗങ്ങൾ
കണ്ടെത്താനും കഴിയണം. വിലയിടിവുണ്ടാകുന്ന ഉൽപന്നത്തിന്റെ
വിപണിയിലേക്കുള്ള വരവിനെ നിയന്ത്രിക്കാൻ കഴിയുന്ന രീതിയിൽ നമ്മുടെ
ഉത്പാദനം ക്രമീകരിക്കുവാൻ കർഷക കൂട്ടായ്മയിലൂടെ മാത്രമേ കഴിയൂ.
അതിനുവേണ്ടിയുള്ള ഒരു ചെറിയ പരിശ്രമമാണ്‌ കരിക്കിന്‌ വേണ്ടിയുള്ള ശക്തമായ
കാമ്പയിൻ. ഈ കാമ്പയിൻ നമ്മുടെ ഉത്പാദക സംഘങ്ങളും ഫെഡറേഷനുകളും
ആത്മാർത്ഥമായി ഏറ്റെടുത്താൽ വരും വർഷത്തെ നാളികേര സീസൺ
കർഷകരുടേതായിരിക്കും; സംശയം വേണ്ട.
അടുത്ത രംഗം നീരയുടേതാണ്‌, പ്രത്യേകിച്ചും നാളികേരത്തിന്‌ വളരെയേറെ
വിലയിടിവ്‌ നേരിടുന്ന ഈ സാഹചര്യത്തിൽ. നമ്മുടെ സെക്രട്ടേറിയറ്റിനു
മുമ്പിലുള്ള റീട്ടെയിൽ ഔട്ട്ലെറ്റിൽ ശ്രീലങ്കൻ നീര ധാരാളമായി
വിൽക്കുന്നുണ്ട്‌. എന്തുകൊണ്ടാണ്‌ കർഷകർക്ക്‌ ഭേദപ്പെട്ട വരുമാനം ഉറപ്പ്‌
വരുത്തുവാൻ ഉത്പാദക സംഘങ്ങൾ വഴി നീര ഉത്പാദിപ്പിക്കുന്നതിന്‌ അനുമതി
കൊടുക്കുവാൻ ഇനിയും വൈകുന്നത്‌? സ്വാഭിമായും കേരകർഷകരുടെ
കൂട്ടായ്മകളുടെ കെട്ടുറപ്പു വർദ്ധിപ്പിക്കുക വഴി മാത്രമേ ഇക്കാര്യത്തിൽ
അനുകൂലമായ നയത്തിനു വേണ്ടി സംസ്ഥാന ഗവണ്‍മന്റുകളെ പ്രേരിപ്പിക്കാൻ കഴിയൂ.
സംസ്ഥാന ഗവണ്‍മന്റിന്റെ നയങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട്‌ കർഷകരെ
രക്ഷിക്കുന്നതിനുള്ള ഇടപെടൽ നടത്തുന്നതിനുള്ള ഊർജ്ജിതമായ ശ്രമം നമുക്ക്‌
ഈ വിലയിടിവിന്റെ കാലഘട്ടത്തിൽ നടത്താം. ഒരുപക്ഷേ, മികച്ച വിലയുള്ളപ്പോൾ
ചിന്തിക്കാൻ സാധിക്കാത്ത പല ഇടപെടലുകൾക്കുമുള്ള സാധ്യത, വിലയിടിവിന്റെ
കഷ്ടപ്പാടിൽ നീറിക്കൊണ്ടിരിക്കുന്ന കർഷകർക്ക്‌ വേണ്ടി കണ്ടെത്താൻ നമുക്കു
കഴിയണം. അതിനുള്ള ഒരു അവസരമായിക്കൂടി ഇക്കാലയളവിനെ നമുക്ക്‌
മാറ്റിയെടുക്കാൻ സാധിക്കുമെന്ന്‌ പ്രതീക്ഷിക്കുകയാണ്‌.
     

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...