Showing posts with label 54. Show all posts
Showing posts with label 54. Show all posts

19 Jul 2013

മുക്കുവന്റെ സങ്കടം

സന്തോഷ് പാലാ

കരയ്ക്കടുത്ത് 
കയ്യെത്തും ദൂരത്തൊരു
ചാകരയ്ക്ക് കാതോര്‍ത്തിരിക്കും.
കട്ടുകൊണ്ടുപോയ
കൂടപ്പിറപ്പുകളെ
കാക്കണേ കടലമ്മേയെന്ന്
നെഞ്ചുരുകി 
പ്രാര്‍ഥിച്ചുകൊണ്ട്
ഒരോ ദിവസവും  
തുഴയെറിയും.
ഒലിച്ചുപോകാന്‍ ശ്രമിക്കുന്ന 
ഓര്‍മ്മകളെ 
തടുത്തു നിര്‍ത്തി
അവന്‍ പിന്നെയും 
സ്വപ്നങ്ങളുടെ 
ഒരു വലിയ വല വീശും.
വിസ്മയങ്ങളുടെ 
വേലിയേറ്റത്തിലാരുമറിയാതെ
എന്തെങ്കിലും 
ഒന്ന് ഉടക്കിയെങ്കില്‍ എന്ന്
ഒരു വട്ടം കൂടി 
അവളോട് പറഞ്ഞു നോക്കും
കാലവും തിരയും 
ആരെയും കാത്തു നില്‍ക്കില്ലെന്ന്
പിന്നെ 
കാറ്റിനോട് സങ്കടം പറയും

27 Apr 2013

ഡെസ്ഡമോണ

അപ്പൂസ് കുഞ്ഞൻ 



ഡെസ്ഡമോണ, സ്‌നേഹത്തിന്റെ പര്യായമായി വാനോളം പുകഴ്ത്തപ്പെട്ടവള്‍.
തന്നെക്കാള്‍ അധികം ഭര്‍ത്താവിനെ സ്‌നേഹിച്ച ,സ്‌നേഹമയിയായ ഭാര്യയെ സംശയത്തിന്റെ പേരില്‍, കഴുത്ത് ഞെരിച്ച് കൊന്നവന്‍ ഒഥല്ലോ. ഡെസ്ഡമൊണയുടെ സൌന്ദര്യം കണ്ട് ആ വെനീഷ്യന്‍ സുന്ദരിയുടെ ഗുണഗണങ്ങള്‍ വാഴ്ത്തിയത് വായിച്ച് വായിച്ച് ഒരു ഉച്ചനേരം….. ആരോ എന്റെ മടിയിലിരുന്ന പുസ്തകം പതിയെ എടുത്ത് മടക്കി വച്ചു.
Cosa ne pensi di mia moglie?
കൊളോണിന്റെ ഒരുതരം മത്ത് പിടിപ്പിക്കുന്ന മണത്തോടൊപ്പം മുഴങ്ങിയ ആ ശബ്ദം കേട്ടൊന്ന്
ഞെട്ടി. പടച്ചട്ടയണിഞ്ഞ ഒരു ദീര്‍ഘകായന്‍ എന്റെ മുന്നില്‍ ആ പുസ്തകവും പിടിച്ച് നില്‍ക്കുന്നു.
നിങ്ങള്‍ക്കെന്താ വേണ്ടേ? എന്താ നിങ്ങള്‍ ചോദിച്ചത്?
ഓഹ്.. പുവര്‍ ഇന്ത്യന്‍.. മ്.. എന്റെ ഭാര്യയെക്കുറിച്ച് നീ എന്താണ് കരുതുന്നത് എന്ന്..
ഹോ അതാണോ… അവര്‍ സുന്ദരിയായിരുന്നു. ഭര്‍ത്താവിനെ തന്റെ അച്ഛനേക്കാള്‍, തന്നേക്കാളൊക്കെ സ്‌നേഹിച്ചിരുന്നു….സ്‌നേഹമയിയായ ഭാര്യ .. എന്നിട്ടും ദുഷ്ടനായ താന്‍ എന്തിനാ പാവം അവരെ ഞെക്കിക്കൊന്നേ ദുഷ്ടാ..
Ti sbagli caro! നിങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. സ്‌നേഹം.. മണ്ണാങ്കട്ട.. നിങ്ങള്‍ക്കെന്നല്ല ഈ ഭൂമുഖത്ത് ഒരാള്‍ക്കും അറിയില്ല ഡെസ്ഡമോണയെ. നിങ്ങള്‍ വായിച്ച വരികള്‍ മാത്രമേ നിങ്ങള്‍ക്കറിയൂ.. പക്ഷേ ഡെസ്ഡമോണ ഇതൊന്നുമായിരുന്നില്ല….!. നിങ്ങളെന്താ കരുതിയത്. വെറുമൊരു തൂവാല അവിടെ കണ്ടതിനാല്‍ തെറ്റിദ്ധരിച്ച് ഞാന്‍ അവളെ ഞെക്കിക്കൊന്നു എന്നോ? അതാണ് ഞാന്‍ പറഞ്ഞത് നിങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു എന്ന്..! നിങ്ങള്‍ക്കറിയണോ സത്യം?. ഞാന്‍ പറയാം….!
ഞാനൊന്ന് നിവര്‍ന്നിരുന്നു. ആജാനുബാഹുവായ അയാള്‍ പറയുന്നത് കേട്ടിരുന്നില്ലെങ്കില്‍ എന്റെ കഥ അയാള്‍ കഴിക്കും…
ങും പറയൂ.. ഞാന്‍ കേള്‍ക്കാം !
ഞാന്‍ ഡെസ്ഡമോണയെ കണ്ടതും ഞങ്ങള്‍ വിവാഹിതരായതും നിങ്ങള്‍ വായിച്ചില്ലെ അത് ശരിതന്നെ. ഞങ്ങള്‍ പരസ്പരം സ്‌നേഹിച്ചു ജീവിക്കാനൊരുങ്ങുമ്പോഴാണ് തുര്‍ക്കികളുടെ ആക്രമണം നേരിടാന്‍ എനിക്ക് പ്രഭുവിന്റെ ആവശ്യപ്രകാരം സൈപ്രസിലേയ്ക്ക് തിരിക്കേണ്ടി വന്നത്. അതോടെ എന്റെ കഷ്ടകാലവും തുടങ്ങി. ഇയാഗോ എന്റെ കീഴ് ജീവനക്കാ!രനാണ് വിശ്വസ്ഥനും, അയാള്‍ എന്തിന് എനിക്കെതിരാകണം? നിങ്ങളെ ആ വരികളില്‍ തെറ്റിച്ചു. ഇയാഗോ ആ തൂവാല കാഷ്യോയുടെ വീടിനുള്ളില്‍ ഇട്ടു എന്ന് കഥാകാരന്‍ നിങ്ങളെ പഠിപ്പിച്ചു.. പക്ഷേ നടന്നത് അതല്ലായിരുന്നു. നിങ്ങള്‍ വിശ്വസിക്കുമോ സുഹൃത്തേ? …
ഞാനെന്തു പറയാന്‍….. നിങ്ങള്‍ അനുഭവസ്ഥനല്ലേ പറയൂ.. ഞാന്‍ നിങ്ങളെ വിശ്വസിക്കാം..!!
ഒഥല്ലോ പറയാന്‍ തുടങ്ങി, ആ നീലക്കണ്ണുകളില്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തിളക്കം.
യുദ്ധത്തിന്റെ ഇടവേളയിലൊരുനാള്‍ ഞാന്‍ പെട്ടെന്ന് വീട്ടിലേയ്ക്ക് മടങ്ങി. ഡെസ്ഡമോണയുടെ സൌന്ദര്യത്തില്‍ മത്ത് പിടിച്ചിരുന്ന എന്റെ മനസ്സ് അവിടേയ്ക്ക് പായുകയായിരുന്നു. അല്ലെങ്കില്‍ എന്തോ ഒരു ശക്തി ഒരു പക്ഷേ എന്നെ അവിടേയ്‌ക്കെടുത്തെറിഞ്ഞതായിരിക്കുമോ? നിലാവിനും നിഴലിനുമിടയിലൂടെ ഞാന്‍ അവിടെയെത്തി. കതകില്‍ മുട്ടി വിളിച്ചു.
ഡെസ്ഡമണ്‍…. ഡെസ്ഡമണ്‍… കുറേ നേരം അനക്കമില്ലായിരുന്നു.
വാതിലിനു മുന്നില്‍. വീണ്ടും ഞാനാ കതകിലേയ്ക്ക് മുട്ടാനാഞ്ഞതും അത് മെല്ലെ തുറന്നു. അഴിഞ്ഞുലഞ്ഞ മുടിയുമായി ഡെസ്ഡമോണ വാതില്‍ തുറന്നു. എന്റെ ഡെസ്ഡമോണയെ വാരിപ്പുണരാന്‍ ഞാന്‍ മുന്നോട്ടായവേ ഒരു നിഴലാട്ടം ഉള്ളില്‍ കണ്ടു.. ഞാന്‍ അകത്തേയ്ക്ക് പാളിനോക്കി. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. കണ്ണു തിരുമി ഞാന്‍ വീണ്ടും നോക്കി………ഉള്ളില്‍ ഞാന്‍ കണ്ടത് കാഷ്യോയെ ആയിരുന്നു. കൈകളില്‍ ആ തൂവാല….. ഞാന്‍ എന്റെ പ്രിയതമയ്ക്ക് എന്റെ ഹൃദയത്തിനു പകരം സൂക്ഷിക്കാനേല്‍പ്പിച്ച അതേ തൂവാല……. !! ഡെസ്ഡമണ്‍ നിര്‍വ്വികാരയായി നിന്നു. കാഷ്യോയും..ഒടുവില്‍ തല താഴ്ത്തി അവന്‍ മുറിവിട്ടിറങ്ങി. ഒറ്റ വെട്ടിനവന്റെ തലയറുക്കാന്‍ ഞാന്‍ വാള്‍പ്പിടിയില്‍ കൈവച്ചു. പക്ഷേ ഡെസ്ഡമോണ എന്റെ കൈകളില്‍ ശക്തമായി പിടിച്ചു.. വേണ്ട എന്ന് തലയാട്ടി… കാഷ്യോ മുറിവിട്ട് പോയിരുന്നു…
തകര്‍ന്നത് എന്റെ ഹൃദയം മാത്രമായിരുന്നില്ല സുഹൃത്തേ, നിങ്ങള്‍ വനോളം ഉയര്‍ത്തിയ ഡെസ്ഡമോണയുടെ ഭര്‍ത്തൃസ്‌നേഹത്തിന്റെ കൊടുമുടിയായിരുന്നു. ഒരു നിമിഷം ഞാന്‍ എന്ത് ചെയ്യണമെന്നറിയാതെ വലഞ്ഞു…..! അഴിഞ്ഞുലഞ്ഞ മുടിയും ആലസ്യം നിറഞ്ഞ കണ്ണുകളുമായി അതേ നിര്‍വികാരതയോടെ ഡെസ്ഡമോണ എന്നെ നോക്കി. ഞാന്‍ ഉള്ളിലേയ്ക്ക് കയറി കതകടച്ചു. ഡെസ്ഡമോണ കട്ടിലില്‍ ഇരുന്നു… ആ സൌന്ദര്യം എന്നെ വീണ്ടും മത്ത് പിടിപ്പിച്ചിരുന്നു. പക്ഷേ അടുത്ത നിമിഷം അല്‍പ്പം മുന്‍പ് ഞാന്‍ കണ്ട രംഗം എന്റെ സിരകളെ വലിഞ്ഞ് മുറുക്കി.. ഞാന്‍ അവളുടെ കഴുത്തില്‍ മുറുകെ പിടിച്ചു. എന്നിട്ടലറി,
എന്തിനായിരുന്നു ഡെസ്ഡമണ്‍… നീയിതെന്നോടെന്തിനു ചെയ്തു!?.
അവള്‍ ശബ്ദം പുറത്തേയ്‌ക്കെടുക്കാന്‍ പരിശ്രമിച്ചു… ഒന്നും കേള്‍ക്കാന്‍, ന്യായീകരണങ്ങള്‍ക്കായി കാതോര്‍ക്കാന്‍ എനിക്ക് മനസ്സിലായിരുന്നു. ഇനി ഒരു നൂറു കള്ളങ്ങള്‍ കൊണ്ട് ആ സത്യത്തെ മറയ്ക്കുന്നത് കേള്‍ക്കാന്‍ എനിക്ക് മനസ്സില്ലായിരുന്നു. ഒടുവില്‍ കൈ ഒന്നയഞ്ഞപ്പോള്‍ അവള്‍ പറയുന്നുണ്ടായിരുന്നു.
കാഷ്യോയെ ഞാന്‍ സ്‌നേഹിച്ചിരുന്നു… നിങ്ങളെക്കാള്‍ മുന്‍പ്.. എനിക്ക് കാഷ്യോ എല്ലാമായിരുന്നു……………
എന്റെ കൈകള്‍ ശക്തമായി ആ കഴുത്തില്‍ മുറുകി……
ഇനി പറയൂ, ഒഥല്ലോ കൊലയാളിയായത് മണ്ടത്തരമായിരുന്നോ? ഇയാഗോയുടെ കള്ളക്കഥയില്‍ വീഴുകയായിരുന്നോ ഈ ഒഥല്ലോ? പറയൂ സുഹൃത്തേ പറയൂ.. ജീവനേക്കാള്‍ ഞാന്‍ സ്‌നേഹിച്ച എന്റെ ഡെസ്ഡമണ്‍ എന്നെ വഞ്ചിക്കുകയായിരുന്നില്ലേ?…..
ഒഥല്ല്‌ലോ ദീര്‍ഘമായി നിശ്വസിച്ചു…. നിങ്ങളെന്നല്ല ലോകം മുഴുവനും ഞാനിത് പറഞ്ഞാല്‍ വിശ്വസിക്കില്ല. പക്ഷേ ഇതായിരുന്നു സത്യം…
Otello non è un vigliacco e Otello è un gran destro … un gran destro ….! ഒഥല്ലോ ഭീരുവല്ല കൂട്ടുകാരാ ഒഥല്ല്‌ലോ ഒരു വലിയ ശരിയായിരുന്നു ഒരു വലിയ ശരി!!!
കൊളോണിന്റെ മണം ആ മുറി വിട്ടു പോയി.. അപ്പോഴും ആ ശബ്ദം എന്റെ കാതുകളില്‍ മുഴങ്ങിക്കൊണ്ടേയിരുന്നു.. ഒഥല്ലോ ഒരു വലിയ ശരിയായിരുന്നു… ഒരു വലിയ ശരി….

26 Mar 2013

കേരളത്തിന്റെ ദേശീയ വിളയായ തെങ്ങ്‌


ദീപ്തി ആർ
ടെക്നിക്കൽ ആഫീസർ, നാളികേര വികസന ബോർഡ്‌, കൊച്ചി

ഏതൊരു മലയാളിയുടേയും അഭിമാനമാണ്‌ "നാളികേരത്തിന്റെ നാട്ടുകാർ" എന്ന വിളിപ്പേര്‌. നാളികേരത്താൽ സമൃദ്ധമായ കേരളത്തിൽ നാളികേരമില്ലാതെ ഒരു ആഘോഷവുമില്ല. എന്തിന്‌ ഒരു ദിവസം പോലുമില്ല. അത്രയ്ക്ക്‌ മലയാളിയുടെ ജീവിതചര്യയുമായി ഇഴുകിചേർന്നിരിക്കുന്നു തെങ്ങും തെങ്ങിന്റെ വിവിധ ഉൽപന്നങ്ങളും. കേരളത്തിന്റെ കാർഷിക വ്യവസ്ഥയിലും തെങ്ങിന്‌ പ്രാധാന്യമുണ്ട്‌. കേരളത്തിൽ എണ്ണക്കുരു കൃഷി ചെയ്യപ്പെടുന്നത്‌ ഏതാണ്ട്‌ 7,73,847 ഹെക്ടറിലാണ്‌. ഇതിൽ 7,70,473 ഹെക്ടറിലും തെങ്ങാണ്‌ മുഖ്യവിള. അതായത്‌ കേരളത്തിൽ കൃഷി ചെയ്യപ്പെടുന്ന എണ്ണക്കുരുക്കളിൽ 99.6 ശതമാനവും നാളികേരമാണ്‌. എണ്ണക്കുരുക്കളുടെ കാര്യത്തിൽ മാത്രമല്ല മറ്റെല്ലാ വിളകളുടേയും കാര്യമെടുത്താലും കേരളത്തിന്റെ മുഖ്യവിള തെങ്ങു തന്നെയാണ്‌. 2010-11 വർഷത്തെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കേരളത്തിലെ മൊത്തം തെങ്ങുകൃഷിയുടെ വിസ്തീർണ്ണം 770473 ഹെക്ടറും ഉത്പാദനം 52870 ലക്ഷം നാളികേരവുമാണ്‌. ഒരു ഹെക്ടറിൽ നിന്നു ലഭിക്കുന്നതാകട്ടെ 6862 നാളികേരവും. എന്നാലിത്‌ ഇന്ത്യയുടെ ശരാശരി ഉത്പാദനക്ഷമതയായ 8303നേക്കാൾ താഴെയാണ്‌. പ്രായാധിക്യം വന്ന തെങ്ങുകളും വർദ്ധിച്ച രോഗ, കീടാക്രമണവും ഇതിന്‌ കാരണങ്ങളായി.
സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ കേരകൃഷി ഉള്ളത്‌ കോഴിക്കോട്‌ ജില്ലയിലും ഉത്പാദനമുള്ളത്‌ മലപ്പുറം ജില്ലയിലുമാണ്‌ (പട്ടിക 1 കാണുക). 1,21,688 ഹെക്ടർ കേരകൃഷിയുമായി ഒന്നാമത്‌ നിൽക്കുന്ന കോഴിക്കോട്‌ ജില്ലയിലാണ്‌ മൊത്തം കേരകൃഷിയുടെ വിസ്തീർണ്ണത്തിൽ 16 ശതമാനവും. യഥാക്രമം 13 ശതമാനവും 10 ശതമാനവുമായി മലപ്പുറവും കണ്ണൂരും രണ്ടും മൂന്നും സ്ഥാനങ്ങളിലുമുണ്ട്‌. കേരളത്തിലെ കേരകൃഷിയുടെ കണക്കുകൾ നോക്കിയാൽ നാളികേര മേഖലയിൽ കേരളം കുതിയ്ക്കുകയാണോ കിതയ്ക്കുകയാണോ എന്ന സംശയം ഉടലെടുക്കും.
1975-76 കാലഘട്ടത്തിൽ തെങ്ങുകൃഷിയുടെ മൊത്തം വിസ്തീർണ്ണം 6.93 ലക്ഷം ഹെക്ടറായിരുന്നു. 1985-86 ആയപ്പോൾ ഇത്‌ 7.2 ലക്ഷം ഹെക്ടറായി വർദ്ധിച്ചു. 2000-01 കാലഘട്ടത്തിൽ ഇത്‌ 9.25 ലക്ഷം ഹെക്ടറിലെത്തി. കേരളത്തിൽ ഏറ്റവും കൂടുതൽ തെങ്ങുകൃഷി വ്യാപിച്ച കാലവും ഇതായിരുന്നു. 2000-01 ന്‌ ശേഷം തെങ്ങുകൃഷിയുടെ വിസ്തീർണ്ണം കുറഞ്ഞ്‌ വരുന്നതായാണ്‌ കണ്ടിട്ടുള്ളത്‌. 9.25 ലക്ഷം ഹെക്ടറിൽ നിന്നും 7.70 ലക്ഷം ഹെക്ടറിലേക്ക്‌ തെങ്ങുകൃഷി ചുരുങ്ങി. ഏതാണ്ട്‌ 16 ശതമാനം കുറവാണ്‌ പത്ത്‌ വർഷംകൊണ്ട്‌ സംഭവിച്ചതു.
ഉത്പാദനത്തിന്റെ കാര്യത്തിലും  അവസ്ഥ വ്യത്യസ്തമല്ല. പത്ത്‌ വർഷങ്ങൾക്ക്‌ മുമ്പ്‌ 2000-01ൽ 55360 ലക്ഷം തേങ്ങയായിരുന്നു കേരളത്തിലെ മൊത്തം ഉത്പാദനം. എന്നാലിന്നത്‌ 52870 ലക്ഷം തേങ്ങയാണ്‌. 2490 ലക്ഷം തേങ്ങയുടെ കുറവാണ്‌ സംഭവിച്ചിരിക്കുന്നത്‌. അതായത്‌ 4.49 ശതമാനം കുറഞ്ഞിരിക്കുന്നു (പട്ടിക 2 കാണുക).
കേരളത്തിലെ കേരകൃഷി മേഖലയിലെ സ്ഥിതിവിവരക്കണക്ക്‌ നോക്കുമ്പോൾ തന്നെ, നമ്മുടെ തൊട്ട്‌ അയൽസംസ്ഥാനമായ തമിഴ്‌നാടിന്റെ കൂടി കണക്കുകൾ കാണേണ്ടതാണ്‌. കേരളത്തിൽ നിന്ന്‌ തികച്ചും വ്യത്യസ്തമായി കേരകൃഷി വിസ്തീർണ്ണവും ഉത്പാദനവും വർദ്ധിക്കുന്നതായാണ്‌ കണ്ട്‌ വരുന്നത്‌. 2000-01ൽ 3.23 ലക്ഷം ഹെക്ടറായിരുന്ന തമിഴ്‌നാട്ടിൽ ഇന്നത്‌ 4.1 ലക്ഷമായിരിക്കുന്നു. ഉത്പാദനമാകട്ടെ 31920 ലക്ഷം നാളികേരത്തിൽ നിന്ന്‌ 58940 ലക്ഷമായിരിക്കുന്നു. തമിഴ്‌നാട്‌ ഇക്കണോമിക്സ്‌ ആന്റ്‌ സ്റ്റാറ്റിസ്റ്റിക്സ്‌ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം കേരളത്തേക്കാൾ കേരോത്പാദനം ഇന്ന്‌ തമിഴ്‌നാടിനാണ്‌. കേരോത്പാദനത്തിൽ വർഷങ്ങളായി കേരളം കൈയടക്കിവെച്ചിരുന്ന ഒന്നാംസ്ഥാനം നഷ്ടമാകുമ്പോൾ ഇത്രയധികം ഭൂമി കേരളത്തിനായി ഉണ്ടെങ്കിലും എന്തുകൊണ്ട്‌ നമ്മുടെ ഉത്പാദനക്ഷമത 6862ൽ  നിന്നും 14371 (തമിഴ്‌നാട്‌)ലേക്ക്‌ എത്തുന്നില്ല എന്ന്‌ ചിന്തിക്കേണ്ടിയിരിക്കുന്നു.
കേരകൃഷി - സാദ്ധ്യതകളും കടമ്പകളും
കൃഷിഭൂമിയുടെ ലഭ്യത, നല്ലയിനം തെങ്ങുകൾ, അനുയോജ്യമായ കാലാവസ്ഥ, വർഷത്തിൽ പഞ്ഞമില്ലാത്ത മഴ തുടങ്ങിയവയാൽ അനുഗൃഹീതമാണ്‌ കേരളം. ഈ സൗകര്യങ്ങൾ ഉണ്ടായിരിക്കേ കേരത്തിന്റെ നാട്ടിൽ കേരത്തിന്‌ ദുരവസ്ഥ വരാതിരിക്കാൻ എല്ലാ കേരകർഷകരും കാർഷികമേഖലയിലുള്ളവരും ഉണർന്ന്‌ പ്രവർത്തിക്കണം.
പോയവർഷം വിപണിയിലുണ്ടായ വിലയിടിവും കുറഞ്ഞ സംഭരണ വിലയും മറ്റും കേരകർഷകന്റെ ആത്മവിശ്വാസത്തെ തകർത്തെങ്കിലും ഉൽപന്ന​‍െവൈവിദ്ധ്യവൽക്കരണത്തിലൂടെയും കയറ്റുമതിയിലൂടെയും കേരവിപണി തിരിച്ച്‌ പിടിക്കേണ്ടതാണ്‌. ഇതിന്‌ മുന്നോടിയായി ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കേണ്ടത്‌ അത്യാവശ്യം. ഇതിനായി ശാസ്ത്രീയമായ കൃഷിരീതികൾ സംഘടിതമായ രീതിയിൽ ചെയ്യുക, നല്ലയിനം തെങ്ങിൻ തൈകൾ വെച്ച്‌ പിടിപ്പിക്കുക, ജൈവികവും ലാഭകരവുമായ മണ്ണിര കമ്പോസ്റ്റ്‌/ജൈവവള യൂണിറ്റുകൾ തെങ്ങിൻതോപ്പിൽ ആരംഭിക്കുക, തെങ്ങിൻ തടത്തിൽ പയർ വർഗ്ഗ വിളകൾ കൃഷി ചെയ്യുക തുടങ്ങിയവ ആർക്കും എളുപ്പത്തിൽ ചെയ്യാനാവും. നാളികേരോത്പാദക സംഘങ്ങൾ രൂപീകരിച്ച്‌ ഓരോ പ്രദേശത്തേയും ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്ന തരത്തിലുള്ള കാർഷികവൃത്തിയും ഇടവിളക്കൃഷിയും ആരംഭിക്കണം. കൂടാതെ രോഗ, കീട ബാധ ചെറുക്കാനായി ഇടയ്ക്കിടെ തെങ്ങിൻ മണ്ട തെളിക്കലും മറ്റു​‍്‌ സസ്യസംരക്ഷണപ്രവർത്തനങ്ങളും ചങ്ങാതികളെ ഉപയോഗപ്പെടുത്തി ചെയ്യേണ്ടതാണ്‌. ചെറിയ തുടക്കങ്ങളിലൂടെ മാത്രമേ കേരോത്പാദനം വർദ്ധിപ്പിക്കാനാവൂ.
"കേരളം എന്നു കേട്ടാൽ എന്നും കേരകൃഷിയിലും ഉത്പാദനത്തിലും ഒന്നാമത്‌" എന്നതായിരിക്കണം ഇനി ഓരോ മലയാളിയുടേയും ലക്ഷ്യം. അതിനായി പ്രിയ കേരകർഷക സുഹൃത്തുക്കളെ നമുക്ക്‌ കൂട്ടായി പരിശ്രമിക്കാം.

23 Feb 2013

എന്റെ ‘കാമുകി’

ഷിയാസ് ചേന്നാട്ട് 

ആമുഖം:ഇത് എന്റെ രണ്ടാമത്തെ ബ്ലോഗ് ആണ്.ആദ്യത്തെതിനു ‘തരക്കേടില്ലാത്ത പ്രതികരണം’ കിട്ടിയതിന്റെ ക്ഷീണം ഉണ്ട്.എങ്കിലും രണ്ടാമത് ഇങ്ങനെയൊരു സാഹസത്തിനു മുതിര്‍ന്നത് ഓഫീസില്‍ വെറുതെയിരുന്ന് ബോറടിയുടെ സുഖം ആവോളം അനുഭവിച്ചതുകൊണ്ടും, മനസ്സില്‍ പുതിയൊരു കഥാ തന്തു (അതെന്ത് കുന്താമാണാവോ) പൊട്ടി മുളച്ചതും കൊണ്ട് മാത്രം.
എന്റെ കാമുകി സംഗീതമോ പുസ്തകങ്ങളോ കലാകായികരൂപങ്ങളൊ ഒന്നുമല്ല.സാക്ഷാല്‍ പെണ്ണ് തന്നെയാണ് !!. അതെ പെണ്ണ് തന്നെ..(ആയിരിക്കും എന്നാണ് വിശ്വാസം). ഇതിലെന്താണ് ഇത്ര പുതുമ എന്നോര്‍ക്കണ്ട.കക്ഷി വെറുമൊരു സാധാരണ പെണ്ണല്ല, 5 കിലോയുള്ള ഡംബല്‌സ് എട്ടു സെക്കന്റ് വരെ ഉയര്‍ത്താന്‍ കഴിവുള്ള അസാമാന്യ പ്രതിഭയുടെ ഉടമയാണ് അവള്‍ !.അഞ്ചടിയിലേറെ പൊക്കവും അതിനൊത്ത വണ്ണവും കൂടാതെ സത്സ്വഭാവിയും സുന്ദരിയും സുമുഖിയും സുശീലയും സര്‍വോപരി സമര്‍ത്ഥയും ആണവള്‍ (ഇങ്ങനെയൊക്കെ പറയണമെന്ന്! ആഗ്രഹം ഉണ്ടായിരുന്നു. :( )ഇനി ഇവള്‍ എങ്ങനെ എന്റെ കാമുകിയായതെന്നല്ലേ..അതൊരു വല്യ കഥയാണ്.ചുരുക്കി പറയാം.
ഉദ്ദേശം 21 വര്‍ഷങ്ങള്‍ക്ക് മുന്പ്, മാസം തികയാഞ്ഞിട്ടും വയറ്റില്‍ കിടന്നു ശല്യം സഹിക്കാതെ വന്നപ്പോള്‍ ഒരു പാവം ഉമ്മ ജന്മം നല്‍കിയതാണ് എന്റെ കാമുകിയെ. ഞാന്‍ അന്ന് സ്ഥലത്തില്ലാത്തത് കൊണ്ടും പെട്ടെന്ന് വന്നു കാണാന്‍ വിസ കിട്ടാത്തത് കൊണ്ടും എനിക്ക് കാണാന്‍ പറ്റിയില്ല.എങ്കിലും സംഭവം നടന്നു 48 ആമത്തെ മണിക്കൂറില്‍ ഞാന്‍ നാട്ടിലെത്തി.പക്ഷെ എന്നെക്കാണാന്‍ ഒരുപാട് പേര്‍ വന്നതുകൊണ്ടും നടക്കാന്‍ അല്പം ബുദ്ധിമുട്ടുണ്ടയിരുന്നത് കൊണ്ടും അന്നെനിക്ക് അവളെ കാണാന്‍ പറ്റിയില്ല.എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടെന്നാണല്ലോ.. അങ്ങനെ അവള്‍ വളര്‍ന്നു വലുതായി.തല്ലുകൊള്ളി തരത്തിന് കയ്യും കാലും വെച്ച് ഒരു മൊഞ്ചത്തിയായി അവള്‍ വളര്‍ന്നു.ഞാന്‍ എന്റെ ചെറിയ ചെറിയ തിരക്കുകളുമായി അങ്ങനെ നടന്നു.നീണ്ട 20 വര്‍ഷങ്ങള്‍ അങ്ങനെ കടന്നുപോയി.ഒരിക്കല്‍ ഫേസ്ബുക്കില്‍ എനിക്കൊരു മെസ്സേജ് വന്നു, പരിചയപ്പെടുന്നവര്‍ മിക്കവരും ഫെയക്ക് അക്കൗണ്ട് കള്‍ ആയതു കൊണ്ട് ഞാന്‍ അതത്ര കാര്യമാക്കിയില്ല.എങ്കിലും ഒരു പെണ്ണായത് കൊണ്ട് മറുപടി കൊടുത്തു. അങ്ങനെ പതിയെ പതിയെ ഞങ്ങള്‍ ഫ്രണ്ട്‌സ് ആയി.പിന്നീട് ഒരുപാട് നാളത്തെ ചാറ്റിംഗ് നു ഒടുവിലാണ് ഞാന്‍ മനസ്സിലാക്കിയത് 21 കൊല്ലം മുന്പ് എനിക്ക് കാണാന്‍ പറ്റാതെ പോയ പെണ്‍കുട്ടിയാണിതെന്ന്. ആ സത്യാവസ്ഥ അറിഞ്ഞു ഞാന്‍ ഞെട്ടിപ്പോയി (അല്ലെങ്കിലും വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നാണല്ലോ).അങ്ങനെ ഞങ്ങളുടെ സുഹൃത്ത് ബന്ധം വളര്‍ന്നു വലുതായി.ഒരിക്കല്‍ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ഞാന്‍ അവളെ ആദ്യമായി കണ്ടുമുട്ടുന്നത്.അന്നവളുടെ കൂടെ ഉമ്മയും ആങ്ങളയും ഉണ്ടായത് കൊണ്ട് വേണ്ടത്ര പരിചയപ്പെടാന്‍ സാധിച്ചില്ല.തലയ്ക്ക് എന്തോ അസുഖം ഉള്ളത് പരിഹരിക്കാന്‍ വന്നതാണെന്ന് ഉമ്മ പറഞ്ഞ് അറിഞ്ഞു.ഞാന്‍ പതുക്കെ അവളെ നോക്കി, കാലില്‍ ചങ്ങലയൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം അടുത്തേക്ക് ചെന്നു .ഭാഗ്യത്തിന് പ്രതീക്ഷിച്ചത്ര കുഴപ്പമൊന്നും തോന്നിയില്ല.

പിന്നെ മനസ്സില്‍ ഭയം ഉള്ളത് കൊണ്ടാവാം അധികം നേരം അവിടെ നില്‍ക്കാന്‍ തോന്നിയില്ല. ആദ്യത്തെ കൂടിക്കാഴ്ച അങ്ങനെ കഴിഞ്ഞു.
യാദൃച്ഛിക മല്ലെങ്കിലും രണ്ടാമത് അവളെ കണ്ടപ്പോള്‍ ഒത്തിരി മാറ്റം തോന്നി.ഞാന്‍ ജോലി ആവശ്യത്തിനു തിരുവനന്തപുരത്ത് വന്നപ്പോളായിരുന്നു സംഭവം.ആദ്യം കണ്ട പെണ്‍കുട്ടി തന്നെയാണോ എന്ന് തോന്നിപ്പിക്കുന്ന വിധം പര്‍ദ്ദയൊക്കെ ഇട്ടു സുന്ദരിയായി ചെറിയൊരു നാണം മുഖത്ത് ഫിറ്റ് ചെയ്തു അവള്‍ വന്നപ്പോള്‍ ഇതവള്‍ തന്നെയാണോ എന്ന് ഞാന്‍ അതിശയിച്ചു.അന്ന് കുറെ നേരം അവളുമായി സംസാരിച്ചു.ഒരുമിച്ച് യാത്ര ചെയ്തു.ജീവിതത്തില്‍ അധികം പെന്നുങ്ങലുമായി ഇടപഴകിയില്ലാത്ത എനിക്ക് അതൊരു പുതിയ അനുഭവമായിരുന്നു.
കഥയുടെ പ്രധാന ട്വിസ്റ്റ് നടന്നത് മൂന്നാമത് ഞാന്‍ അവളെ കണ്ടപ്പോളാണ്.ഈയിടെ കൊച്ചിയില്‍ മുസിരിസ് ബിനാലെ കാണാന്‍ പോയപ്പോളാണ് സംഭവം.എന്നെപോലെ സുന്ദരനായ ഒരാളുടെ കൂടെ അവള്‍ നടക്കുന്നത് കണ്ട അസൂയ മൂത്ത അവളുടെ ഏതോ ഒരു സുഹൃത്ത് ഞങ്ങള്‍ക്കിട്ട് പാരവെച്ചു.ഞങ്ങള്‍ കാമുകി കാമുകന്മാരാണെന്നും കറങ്ങി നടക്കുകയാണെന്നും അവള്‍ വീട്ടുകാരെ പറഞ്ഞു പറ്റിച്ചു.തുടര്‍ന്നുണ്ടായ കൊലാഹലങ്ങല്‍ക്കൊടുവില്‍ എനിക്ക് അവളുടെ കാമുകന്‍ ആവേണ്ടി വന്നു.(ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്നതിന്റെ അര്‍ഥം അന്നാണ് എനിക്ക് മനസ്സിലായത്).നാടൊട്ടുക്ക് സുഹൃത്തുക്കളും അതിലേറെ ആങ്ങളമാരും ഇക്കാമാരും ഒക്കെയുള്ള അവളുടെ കാമുകന്‍ പോസ്റ്റ് എത്ര റിസ്‌ക് ഉള്ളതാണെന്ന് പറയാതെ തന്നെ അറിയാല്ലോ..
പിന്നീട് എന്റെ ‘കാമുകി’ യെയും കൊണ്ട് കറങ്ങി നടക്കുമ്പോള്‍ ഒക്കെ ഞാന്‍ മനസ്സില്‍ പറയും ‘ദൈവമേ എന്നാലും എന്നോട് വേണായിരുന്നോ ഇത് ‘ എന്ന്. ‘ഇതൊക്കെ ഒരു പരീക്ഷണമല്ലെടാ മോനെ ..അനുഭവിക്കെടാ..’ എന്ന മട്ടില്‍ പുള്ളി ഒരു കള്ളച്ചിരി ചിരിക്കും.അതെങ്ങനെയാ അനുഭവിക്കുന്നവര്‍ക്കല്ലേ അതിന്റെ വിഷമം മനസ്സിലാകൂ..എവിടെപ്പോയാലും വഴിയില്‍ വായനോക്കി നടക്കും, വഴിയിലുള്ള കടയില്‍ മുഴുവന്‍ കേറി ആവശ്യമില്ലതതൊക്കെ എടുത്തു നോക്കും.പിന്നെ അത് വാങ്ങണം ഇത് വാങ്ങണം എന്ന് പറഞ്ഞ് ചിലക്കാന്‍ തുടങ്ങും.വിശന്നു കഴിഞ്ഞാല്‍ പിന്നെ പരിസരബോധം ഉണ്ടാവില്ല ( അല്ലെങ്കിലും അങ്ങനെ തന്നെയാണ്) ‘എനിക്ക് വിശക്കണേ …..’ എന്ന് പറഞ്ഞ് അലറാന്‍ തുടങ്ങും.പിന്നെ ചോക്ലെയ്റ്റ് കളോട് വല്യ താല്പര്യമില്ലാത്തതിനാല്‍ ദിവസവും വളരെ കുറച്ച് , അതായത് ഒരു അഞ്ചാറെണ്ണം മാത്രമേ കഴിക്കുകയുള്ളൂ.
ചില നേരങ്ങളില്‍ ഞാന്‍ അവളുടെ കാമുകിയും അവള്‍ എന്റെ കാമുകനും ആണെന്ന് എനിക്ക് തോന്നാറുണ്ട്. കഴിഞ്ഞ ദിവസം ജീന്‍സും ഷര്‍ട്ടും ഇട്ടോണ്ട് വന്ന് ബൈക്ക് സ്റ്റണ്ട് കാണാന്‍ വന്ന അനേകം പുരുഷ ജനങ്ങളുടെ ഇടയിലേക്ക് ഇടിച്ചു കയറി അവരോടൊപ്പം കൂവിയും ആര്‍പ്പുവിളിച്ചും നില്‍ക്കുന്ന അവളെ കണ്ടപ്പോള്‍ എനിക്കങ്ങനെ തോന്നിയതാണ്.പറഞ്ഞിട്ടെന്തു കാര്യം.. അനുഭവിച്ചല്ലേ മതിയാവൂ..കക്ഷിക്ക് ഈയിടെ കുറച്ച കല്യാണാലോചനകള്‍ വന്നപ്പോള്‍ ഈയുള്ളവന്‍ കുറച്ചൊന്നു ആശ്വസിച്ചതാണ്.എന്നാല്‍ വന്നവരെല്ലാം ജീവനും കൊണ്ടോടിയപ്പോള്‍ ആ പ്രതീക്ഷയും അസ്തമിച്ചു. ഇനി ഈ പറഞ്ഞ കക്ഷി ഇത് വായിച്ച് എന്നെ കൊലപ്പെടുത്താന്‍ സാധ്യത ഉള്ളതിനാല്‍ ഇതിനോടൊപ്പം ഒരു അടിക്കുറിപ്പ് ചേര്‍ക്കുന്നു.
അടിക്കുറിപ്പ് : ഈ കഥയും അതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രമാണ്.ഇതിനു ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ, ഇനി ജീവിക്കാന്‍ പോകുന്നവരോ ആയി യാതൊരു സാമ്യവുമില്ല എന്നറിയിച്ചുകൊള്ളട്ടെ (സ്വയരക്ഷയ്ക്ക് )

24 Jan 2013

കരിക്ക്‌ വിപണനം - കർഷകർക്ക്‌ മെച്ചപ്പെട്ട സ്ഥിരവരുമാനം



ആർ. ജ്ഞാനദേവൻ

വിലത്തകർച്ചയാൽ നട്ടം തിരിയുന്ന നമ്മുടെ നാട്ടിലെ നാളികേരകൃഷി ലാഭകരമാക്കുവാനുള്ള ഒരു പ്രധാനമാർഗ്ഗം കരിക്ക്‌ വിളവെടുപ്പും കരിക്ക്‌ വിപണനം പ്രോത്സാഹിപ്പിക്കുകയുമാണ്‌. നാളികേര വില വളരെ താഴ്‌ന്നുപോയ പല അവസരങ്ങളിലും കരിക്ക്‌ വിൽപനയിലൂടെ പല കർഷകരും രക്ഷപെട്ടിട്ടുണ്ട്‌. തൃശൂർ ജില്ലയിലെ എങ്ങണ്ടിയൂരിലെ കേരകേസരി അവാർഡ്‌ ജേതാവായ ശ്രീ. പവിത്രൻ 2001-02 ലെ വിലത്തകർച്ച സമയത്ത്‌ പറഞ്ഞത്‌ ഇപ്പോഴുമോർക്കുന്നു, "കരിക്ക്‌ വിൽപന രക്ഷിച്ചു, സാറെ". നാളികേരമൊന്നിന്‌ 2-2.50 രൂപയായി കുറഞ്ഞ 2001-02  കാലയളവിൽ കരിക്ക്‌ വിൽപനയിലൂടെ 5-6 രൂപ കരസ്ഥമാക്കി അദ്ദേഹം. ഇന്നത്തെ മാറിയ ചുറ്റുപാടിൽ പഴയതുപോലെ തേങ്ങയേയും കൊപ്രയേയും മാത്രം ആശ്രയിച്ച്‌ തെങ്ങുകൃഷി ലാഭകരമായി കൊണ്ടുപോകാൻ പ്രയാസമാണ്‌. തെങ്ങിനെ ഒരു  പാനീയ വിളയായിക്കൂടി കണ്ട്‌ വ്യാപകമായി ഇതിന്റെ വിളവെടുപ്പും വിപണനവും മറ്റ്‌ സംസ്ഥാനങ്ങളിലേതുപോലെ ഇവിടേയും പ്രചാരത്തിൽ വരേണ്ടിയിരിക്കുന്നു. ഇളനീർ വിപണിയിൽ വികസനം വരേണ്ടത്‌ കേരകർഷകന്റെ ആവശ്യമാണ്‌. ഏത്രമാത്രം നാളികേരം ഇളനീരായി വിറ്റഴിക്കാൻ കഴിയുന്നുവേന്നതനുസരിച്ച്‌ കൊപ്ര ഉത്പാദനം കുറയുന്നു. ഇത്‌ നാളികേര വില ഉയരുന്നതിന്‌ പരോക്ഷമായി സഹായിക്കുന്നു. നാളികേരവിലയിലെ ഏറ്റക്കുറച്ചിലുകൾ കരിക്ക്‌ വിപണിയെ ബാധിക്കില്ല എന്നതാണ്‌ ശ്രദ്ധിക്കേണ്ട കാര്യം. ഇന്ന്‌ കരിക്കിന്‌ ചില്ലറ വില 20 രൂപയാണ്‌, എന്നാൽ നല്ല വലിപ്പമുള്ള തേങ്ങയുടെ ചില്ലറ വില 10-12 രൂപയാണ്‌. അതായത്‌ നമ്മുടെ പരമ്പരാഗത വിപണനരീതി തുടർന്നാൽ ഇന്നത്തെക്കാലത്ത്‌ തെങ്ങുകൃഷി ലാഭകരമായി നടത്തുവാൻ കഴിഞ്ഞുവേന്ന്‌ വരില്ല.
കേരളത്തിലെ ശീതളപാനീയ വിപണിയിൽ അർഹിക്കുന്ന പങ്ക്‌ പിടിച്ചുപറ്റാൻ ഇളനീർ എന്ന ഈ വിശിഷ്ട പാനീയത്തിന്‌ കഴിഞ്ഞില്ല എന്നതാണ്‌ സത്യം. ശീതള പാനീയ വിപണി ഏറ്റവും സജീവമാകുന്നത്‌ ഡിസംബർ മുതൽ മെയ്‌ വരേയുള്ള വേനൽക്കാലമാസങ്ങളിലാണ്‌. കൂടാതെ കേരളത്തിലെ അനേകം വിനോദസഞ്ചാര കേന്ദ്രങ്ങൾ, മ്യൂസിയങ്ങൾ, മൃഗശാലകൾ, പള്ളികൾ എന്നിവയുടെ സമീപപ്രദേശങ്ങളിൽ ശീതളപാനീയ വിപണി ഏതാണ്ട്‌ വർഷം മുഴുവൻ സജീവമാണ്‌. ശീതളപാനീയം കുടിക്കുന്നതിൽ നമ്മുടെ സ്കൂൾ - കോളേജ്‌ വിദ്യാർത്ഥികൾ ഏറെ മുന്നിലാണ്‌. ബസ്സ്റ്റാന്റുകൾ റെയിൽവേസ്റ്റേഷനുകൾ, മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങൾ എന്നിവിടങ്ങളിലൊക്കെ ആധിപത്യം പുലർത്തുന്നത്‌ ശീതളപാനീയ കച്ചവടക്കാരാണ്‌. വമ്പന്മാരായ ശീതള പാനീയ കമ്പനിക്കാർ കൈയ്യടക്കിയിരിക്കുന്ന ഈ വിപണിയിൽ അർഹിക്കുന്ന പങ്ക്‌ പിടിച്ചുപറ്റാൻ ഇളനീരെന്ന ഈ വിശിഷ്ട പാനീയത്തിന്‌ കഴിഞ്ഞിട്ടില്ല.
വളരെവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ഉപഭോഗവിപണിയായിട്ടാണ്‌ കേരളത്തെ പൊതുവേ കാണുന്നത്‌. വിപണി വിസ്തൃതി, വളർച്ചാ നിരക്ക്‌ എന്നീ രംഗങ്ങളിൽ അന്താരാഷ്ട്ര കമ്പനികൾ നടത്തിയ പഠനങ്ങൾ ഇത്‌ ശരിവെയ്ക്കുന്നു. അതുകൊണ്ടുതന്നെയാണ്‌ ഇത്തരം കമ്പനികൾ തങ്ങളുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ ശ്രമിക്കുന്നതും. ഇന്ന്‌ നമ്മുടെ നാട്ടിൽ ലഭ്യമാകുന്ന അന്താരാഷ്ട്ര കമ്പനികളുടെ വിവിധയിനം ശീതളപാനീയങ്ങളുടെ ലഭ്യതയും വിൽപ്പനയും ശ്രദ്ധിച്ചാൽ ഇത്‌ മനസ്സിലാകും. ആകർഷകമായ പരസ്യങ്ങളുടെ പിൻബലത്തിൽ വിറ്റഴിക്കപ്പെടുന്ന പാനീയങ്ങളുടെ വിപണിയിലെ സാദ്ധ്യത വളരെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താൻ കരിക്ക്‌ വിതരണം വിപുലീകരിക്കേണ്ടിയിരിക്കുന്നു. ഈ സന്ദർഭം തൊഴിൽ രഹിതർക്ക്‌ നിസ്സംശയം കടന്ന്‌ വരാവുന്ന ഒരു മേഖയാണ്‌. ഇളനീർ പന്തൽ എന്ന രീതിയിലോ വഴിയോരങ്ങളിലെ ശീതളപാനീയക്കടകൾ എന്ന രീതിയിലോ, ഐസ്ക്രീം പാർലർ എന്ന പേരിലോ ഈ രംഗത്ത്‌ സാദ്ധ്യതകളുണ്ട്‌.
വഴിയോരങ്ങളിൽ ഇളനീർ പന്തലുകൾക്ക്‌ മുതൽമുടക്ക്‌ സ്വന്തം അദ്ധ്വാനവും കരിക്ക്‌ വാങ്ങാനുള്ള ചെലവും മാത്രമാണ്‌. 7 - 8 രൂപയ്ക്ക്‌ കരിക്ക്‌ വാങ്ങി 20 രൂപയ്ക്ക്‌ വിൽക്കുകയാണെങ്കിൽ കുറഞ്ഞത്‌ ദിവസം 50 കരിക്ക്‌ വിറ്റാൽ350 രൂപ ആദായം കിട്ടുമെന്നാണ്‌ ചേർത്തല നാഷണൽ ഹൈവേയിൽ കരിക്ക്‌ വിൽക്കുന്ന ഒരു കച്ചവടക്കാരിയുടെ അഭിപ്രായം. കർഷകരിൽ നിന്ന്‌ 7 രൂപയ്ക്ക്‌ കരിക്ക്‌ വാങ്ങി 20 രൂപയ്ക്ക്‌ വിൽക്കുമ്പോൾ കച്ചവടക്കാരന്‌ ലഭിക്കുന്നത്‌ 7 രൂപ മാത്രം ബാക്കി 6 രൂപ, കയറ്റുകൂലിയിനത്തിൽ കരിക്കൊന്നിന്‌ 3 രൂപയും പെട്ടിയോട്ടോയിൽ കയറ്റി വഴിയൊരത്ത്‌ കൊണ്ടുവരുന്നതിന്‌ കരിക്കൊന്നിന്‌ 3 രൂപയും ചെലവാകുന്നു. കൂടാതെ വിൽപനയ്ക്കായി കൊണ്ടുവരുന്ന കരിക്കിന്റെ ഏകദേശം 3 ശതമാനത്തോളം വിൽക്കാതെ കേടായിപ്പോകുന്നു. ഇതെല്ലാം കൂടി കണക്കിലെടുക്കുമ്പോൾ ഒരു കരിക്ക്‌ വിൽക്കുമ്പോൾ 7 രൂപ മാത്രമേ ലാഭം കിട്ടുന്നുള്ളു എന്നാണ്‌ ഈ കച്ചവടക്കാരിയുടെ അഭിപ്രായം.
ഇളനീർ വിളവെടുപ്പിൽ താൽപര്യം കുറയാനുള്ള ഒരു പ്രധാന കാരണം കരിക്കിൻ കുലകൾ വെട്ടി ഇറക്കാനുള്ള പ്രയാസമാണ്‌. തെങ്ങിൽ കയറി ഇടുന്നതിനേക്കാൾ അൽപം കൂടുതൽ ശ്രദ്ധയും ബുദ്ധിമുട്ടും ആവശ്യമായ പ്രവൃത്തിയാണിത്‌. കരിക്ക്‌ വെട്ടി എവിടെയും തട്ടി ക്ഷതമേൽക്കാതെ വിപണന സ്ഥലത്ത്‌ എത്തിച്ചെങ്കിൽ മാത്രമേ അത്‌ കേടുവരാതെ എത്രയും പെട്ടെന്ന്‌ വിറ്റഴിക്കാൻ സാധിക്കൂ. 3-4 ദിവസങ്ങൾ കഴിയുമ്പോൾ വെള്ളത്തിന്റെ സ്വാഭാവിക രുചി നഷ്ടപ്പെടുന്നതിനാൽ കൂടുതൽ സമയം സൂക്ഷിക്കാനും കഴിയില്ല.
ഓരോ പ്രദേശത്തേയും കേര കർഷകർ സംഘടിച്ച്‌ ഇളനീർ സംഭരിച്ച്‌ തൊട്ടടുത്ത നഗരപ്രദേശങ്ങളിൽ കൂട്ടായി വിൽപന നടത്താൻ ശ്രദ്ധിക്കണം. നാളികേര വികസന ബോർഡ്‌ രൂപീകരിച്ചുകൊണ്ടിരിക്കുന്ന നാളികേര ഉത്പാദക സംഘങ്ങൾക്കും ഇപ്രകാരമുള്ള കരിക്ക്‌ വിതരണ വിപണന സംരംഭങ്ങൾ വിജയകരമായി തുടങ്ങാവുന്നതാണ്‌. പല സംഘങ്ങളും ഇതിനകം തന്നെ ഇത്തര സംരംഭങ്ങൾ തുടങ്ങാൻ മുന്നോട്ട്‌ വരുന്നുണ്ട്‌. കൂടാതെ, കൂട്ടായ കരിക്ക്‌ വിപണന സംരംഭങ്ങൾ കരിക്ക്‌ കൂടുതൽ വിളവെടുക്കാൻ താൽപര്യമുള്ള കർഷകരുള്ള പ്രദേശങ്ങളിൽ കർഷക പങ്കാളിത്തത്തോടെ തുടങ്ങാവുന്നതാണ്‌. ഇത്‌ കരിക്കിന്‌ ആവശ്യമായ വില കച്ചവടക്കാരുമായി വിലപേശി വാങ്ങാൻ സഹായിക്കുന്നു. കൂട്ടായ വിപണനം നടത്തുമ്പോൾ വണ്ടിക്കൂലിക്കും, വിളവെടുപ്പിനും വേണ്ടി വരുന്ന ചിലവ്‌ കുറയ്ക്കുവാനും കഴിയുന്നു. കൂടാതെ നാളികേര വികസന ബോർഡ്‌ നടത്തിവരുന്ന 'ചങ്ങാതിക്കൂട്ടം' തെങ്ങുകയറ്റ പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കിയ തൊഴിൽ രഹിതരായ യുവാക്കൾക്ക്‌ കരിക്ക്‌ വിളവെടുപ്പിനും, വിപണനത്തിനും കർഷകരെ സഹായിക്കാൻ കഴിയും.
പ്രതിവിധിയും പരിഹാരമാർഗ്ഗങ്ങളും
കരിക്കിന്റെ വിപണന സാധ്യത വളരെയേറെയാണെങ്കിലും കരിക്കിന്‌ പറ്റിയ തെങ്ങിനങ്ങൾ വച്ചുപിടിപ്പിക്കാവുന്ന സ്വഭാവം കേരളീയർക്കുണ്ടായില്ല. അവിടെയും ഇവിടെയുമായി ചിന്നിച്ചിതറി കിടക്കുന്ന കുറച്ച്‌ കുറിയയിനം തെങ്ങുകൾ മാത്രമാണ്‌ നമുക്കുള്ളത്‌. അതേ സമയം നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലെ പൊള്ളാച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ കരിക്കിന്‌ പറ്റിയ തെങ്ങിനങ്ങൾ തോട്ടമടിസ്ഥാനത്തിൽ തന്നെയുണ്ട്‌. കരിക്കിന്റെ വിപണന സാധ്യത മുൻകൂട്ടി അറിഞ്ഞതുകൊണ്ട്‌ കരിക്ക്‌ വ്യവസായം അവിടെ വളരെയധികം വളർന്നു കഴിഞ്ഞു.
നമ്മുടെ സംസ്ഥാനത്ത്‌ ഭാവിയിലെങ്കിലും അടിത്തൈ വയ്ക്കുന്നതിനും തെങ്ങു പുനരുദ്ധാരണ പദ്ധതിയിൽ പുനർ നടീനീലുപയോഗിക്കുന്നതും കുറിയയിനങ്ങളും സങ്കരയിനങ്ങളും പരമാവധി ഉഫയോഗിക്കാൻ ശ്രദ്ധിക്കണം. ബോർഡിന്റെ മേൽനോട്ടത്തിൽ ഇന്ന്‌ രൂപം കൊടുത്തുകൊണ്ടിരിക്കുന്ന സിപിഎസുകളും ഫെഡറേഷനുകളും ഇത്തരം തെങ്ങിൻതൈ ഉത്പാദനത്തിലേക്ക്‌ തിരിയണം. അങ്ങനെയെങ്കിൽ ഭാവിയിൽ ആവശ്യാനുസരണം കരിക്ക്‌ സുലഭമാക്കുകയും കരിക്ക്‌ വ്യവസായം വളരുകയും കർഷകർക്ക്‌ മെച്ചപ്പെട്ട വരുമാനം ലഭ്യമാകുകയും ചെയ്യും.
കരിക്കിന്റെ ലഭ്യത ഉറപ്പ്‌ വരുത്തിയാൽ കരിക്കിൻവെള്ളം പായ്ക്ക്‌ ചെയ്യുന്ന യൂണിറ്റുകൾ തുടങ്ങുകയും ഇതിനെ വ്യാവസായിക അടിസ്ഥാനത്തിൽ വളർത്തിക്കൊണ്ടുവരികയും ചെയ്യാം.
ഇന്നത്തെ കാലത്ത്‌ ഏതൊരു കൃഷിയും ലാഭകരമാകണമെങ്കിൽ ഉൽപന്നം ഏത്‌ സമയത്ത്‌, ഏത്‌ രൂപത്തിൽ വിളവെടുത്താലാണ്‌ കൂടുതൽ വരുമാനം കിട്ടുക എന്നതറിഞ്ഞ്‌ വേണം വിളവെടുക്കാൻ. 8 ലക്ഷം ഹെക്ടറോളം വരുന്ന നമ്മുടെ നാട്ടിലെ തെങ്ങുകൃഷി ആദായകരമാകണമെങ്കിൽ തെങ്ങിനെ ഒരു പാനീയ വിളയാണെന്നുകൂടി തിരിച്ചറിഞ്ഞ്‌ കരിക്കിന്റെ വിളവെടുപ്പും വിപണനവും  പ്രോത്സാഹിപ്പിക്കണം. ഇതിന്റെ ലാഭം കേര കർഷകർക്ക്‌ മാത്രമല്ല മനുഷ്യസമൂഹത്തിന്‌ ഒട്ടാകെയാണ്‌.
അസിസ്റ്റന്റ്‌ ഡയറക്ടർ (ഡെപ്യൂട്ടേഷൻ), നാളികേര വികസന ബോർഡ്‌, കൊച്ചി-11

22 Dec 2012

അശാന്തം


ജവഹർ കെ.എഞ്ചിനീയർ

വളർച്ചയുടെ പടവുകൾ കയറുംതോറും അനുഭവങ്ങളുടെ ധാരാളിത്തംകൊൺ​‍്‌ ചിന്തകളും, ചെയ്തികളും കൂടുതൽ യാന്ത്രികമാവുകയായിരുന്നു. ജോലിത്തിരക്കിന്റെ പിരിമുറുക്കം മുഖത്തെ ഭീകരമാക്കിയിട്ടു​‍െൺന്ന്‌ ഓരോ തവണയും കണ്ണാടി ഓർമിപ്പിച്ചു. താഴത്തെ നില പണിതുകൊൺ​‍ിരിക്കുമ്പോൾ തൊഴിലാളികളുടെ ചുമലിൽ കൈവച്ച്‌ അവരിൽ ഒരാളെപ്പോലെ നിന്ന്‌ അവരെ ചൂഷണം ചെയ്യുമ്പോൾ ആ മുഖങ്ങളിൽ കൺത്‌ സന്തോഷം മാത്രം.....ഇന്ന്‌ ഈ ഉയരങ്ങളിൽ നിന്ന്‌ നോക്കുമ്പോൾ താഴെ, അവരെല്ലാം എറുമ്പുകളെപ്പോലെ....
അവരുടെ മുഖത്തെന്ത്‌ ഭാവമായിരിക്കാം.....?തിരിച്ചറി
യാനാവാത്തവിധം തകർന്ന്പോയ അയാളുടെ ശരീരം കോൺക്രീറ്റ്‌ തറയിൽ കൺപ്പോൾ അവരെല്ലം ഓടിക്കൂടി.... അയാളുടെ മുഖത്ത്‌ ശാന്തത്ത ഉൺ​‍ായിരുന്നോ? കൂടിനിന്നവരിലും.....?

22 Nov 2012

ഗോളി



മനോരാജ്



To,
The Hon. Chief Justice,
Supreme Court - India

മുഖവുര : ക്ഷമിക്കണം. ഒരു രാഷ്ട്രത്തിന്റെ നീതിന്യായ വ്യവസ്ഥിതിയുടെ പരമോന്നത പദവി വഹിക്കുന്ന താങ്കള്‍ക്ക് ഇത്തരത്തില്‍ ഈമെയിലിലൂടെ ഒരു പരാതി ബോധിപ്പിക്കാമോ എന്നൊന്നും എനിക്കറിയില്ല. ഞാന്‍ ഒരു വിദേശിയായതിനാല്‍ താങ്കളുടെ നാട്ടിലെ നിയമവ്യവസ്ഥയുടെ നൂലാമാലകളെക്കുറിച്ചും സങ്കീര്‍ണ്ണതകളെക്കുറിച്ചും എനിക്ക് അത്ര അറിവുമില്ല. ഇന്റര്‍നെറ്റിന്റെ വിശാലലോകത്ത് നിന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ കൊണ്ട് താങ്കളുടെ നാട്ടിലെ നിയമവ്യവസ്ഥയും അതിന്റെ സങ്കീര്‍ണ്ണതകളും കുറച്ചൊക്കെ ഞാന്‍ മനസ്സിലാക്കി. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള എണ്ണമിട്ടുള്ള വെളിപ്പെടുത്തലുകള്‍ വരെ കുറ്റകൃത്യങ്ങളായും പ്രേരണാകുറ്റമായും സ്വീകരിക്കുന്ന ആ നിയമവ്യവസ്ഥയോട് ബഹുമാനം തോന്നിയെങ്കിലും എന്നെ അത് വല്ലാതെ ഭയപ്പെടുത്തുന്നു! ഈ കത്തിലൂടെ എന്നെ അലട്ടുന്ന പ്രശ്നങ്ങള്‍ പകര്‍ത്തുകയാണ്. പരാതിയുടെയോ അപേക്ഷയുടേയോ രൂപമില്ല എന്നതുകൊണ്ട് ഇത് പരിഗണിക്കാതിരിക്കരുതെന്നും ഈ അവസ്ഥയില്‍ നിന്നും എന്നെ രക്ഷിക്കുവാന്‍ താങ്കള്‍ക്ക് കഴിയുന്ന രീതിയില്‍ ഉചിതമായ നടപടികള്‍ ഉണ്ടാവുമെന്നും കരുതട്ടെ.

ഔദ്യോഗികമായ തിരക്കുകളില്‍ വ്യാപൃതനായിരിക്കുന്ന താങ്കള്‍ക്ക് ഒരു പക്ഷെ എന്നെ അറിയുവാന്‍ കഴിയില്ല. അതുകൊണ്ട് ഞാന്‍ ആദ്യമേ സ്വയം പരിചയപ്പെടുത്താം. എന്റെ പേര് പീറ്റര്‍ ചെക്ക്. ചെക്ക് റിപ്പബ്ലിക്ക് എന്ന രാഷ്ട്രത്തിന്റെയും ചെല്‍‌സിയെന്ന ലോകോത്തര ഫുട്ബാള്‍ ക്ലബ്ബിന്റെയും വിശ്വസ്തനായ ഗോള്‍കീപ്പര്‍ (?). കാല്‍‌പന്തുകളിയെ ഏറെ സ്നേഹിക്കുന്ന താങ്കളുടെ നാട്ടില്‍ എനിക്ക് ഒട്ടേറെ ഫാന്‍സ് ഉണ്ടെന്നാണ് ഈ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ ആ നാടിനെ പറ്റി കൂടുതല്‍ പഠിക്കുവാന്‍ ശ്രമിച്ചപ്പോള്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. അത് ഇപ്പോള്‍ എന്നെ ഏറെ സന്തോഷിപ്പിക്കുന്നതോടൊപ്പം തന്നെ വേദനിപ്പിക്കുകയും ഭയപ്പെടുത്തുകയും കൂടെ ചെയ്യുന്നു!!

എന്തിന് വേണ്ടിയാണ് ഞാന്‍ ഇപ്പോള്‍ താങ്കളുടെ നാടിനെ പറ്റി കൂടുതല്‍ പഠിക്കുന്നത് എന്നൊരു ചിന്ത താങ്കളില്‍ ഉണ്ടാവാം. അതും ഒരു ചരിത്രകാരനോ യാത്രികനോ ഗവേഷകനോ ഒന്നുമല്ലാത്ത വെറുമൊരു കാല്‍‌പ്പന്തുകളിക്കാരന്‍ മാത്രമായ ഞാന്‍! അതെ, അത് തന്നെയാണ് ഇപ്പോള്‍ എന്റെ പ്രശ്നം. മുകളില്‍ ഞാന്‍ വിശ്വസ്തനായ ഗോള്‍കീപ്പര്‍ എന്നതിനോട് ചേര്‍ന്ന് ഒരു ചോദ്യചിഹ്നം രേഖപ്പെടുത്തിയതും അതുകൊണ്ടാണ്. ലോകത്തിലെ മികച്ച ഗോള്‍കീപ്പര്‍മാരുടെ പട്ടികയില്‍ വളരെയടുത്ത ദിനങ്ങള്‍ വരെ ഇടമുണ്ടായിരുന്ന എന്റെ കൈകളില്‍ നിന്നും ഈയിടെ പിഴവുകള്‍ ഏറുന്നു. എന്റെ മനസ്സും കൈയും കണ്ണും എന്നെ വല്ലാതെ ചതിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ ഈയടുത്ത് ഉക്രൈയിനിലും പോളണ്ടിലുമായി സമാപിച്ച യൂറോ കപ്പിന്റെ ഉദ്ഘാടനദിവസത്തെ റഷ്യയുമായുള്ള കളി മുതല്‍! ഒരു പക്ഷെ, ഒരു ഫുട്ബാള്‍ പ്രേമിയാണെങ്കില്‍ താങ്കളും പത്രങ്ങളില്‍ നിന്നോ ടെലിവിഷന്‍ ചാനലുകളില്‍ നിന്നോ ഒക്കെയായി പീറ്റര്‍ ചെക്കിനിതെന്തുപറ്റി എന്ന രീതിയില്‍ വാര്‍ത്തകള്‍ കണ്ടിരിക്കും. ശരിയാണ്. എനിക്കെന്തുപറ്റി എന്നതിലേക്കാണ് എന്റെ അന്വേഷണം. (വീണ്ടും ഞാന്‍ കാടുകയറിപ്പോകുന്നുവല്ലേ? ക്ഷമിക്കണം. പെട്ടന്ന് കാര്യത്തിലേക്ക് വരുവാന്‍ ശ്രമിക്കാം.)

ഫുട്‌ബാള്‍ എന്ന കളിയില്‍ ഗോളിയുടെത് വല്ലാത്ത ഒരു റോളാണ്. കളിയുടെ തൊണ്ണൂറ് മിനിറ്റും ഞങ്ങള്‍ ജാഗരൂകരായിരിക്കണം. മറ്റു കളിക്കാര്‍ മൈതാനം നിറഞ്ഞ് ഓടി നടക്കുമ്പോള്‍ നിധികാക്കുന്ന ഭൂതത്തെ പോലെ ഒരു വലയുടെ മുന്‍പില്‍ ജാഗരൂകനായി നില്‍‌ക്കേണ്ടി വരുന്ന അവസ്ഥ! താങ്കള്‍ക്ക് അത് ഊഹിക്കുവാന്‍ കഴിയുമോ എന്ന് എനിക്കറിയില്ല. കളിയാസ്വദിക്കുവാന്‍ ഈ നില്‍പ്പ് ഒരു തടസ്സമാണെന്ന് മനസ്സിലാക്കിയപ്പോള്‍ മുതല്‍ ഞാന്‍ സ്വീകരിച്ചു പോരുന്ന ഒരു രഹസ്യനടപടിക്രമമുണ്ട്. മൈതാനത്ത് വന്ന് ഗോള്‍പോസ്റ്റിന്റെ ഇരു ബാറുകളിലും ചുംബിച്ചതിന് ശേഷം ക്രോസ്‌ബാറിലേക്ക് കൈകള്‍ ഉയര്‍ത്തി ഞാന്‍ ചാടുന്നത് ഒരു പക്ഷെ ഞാന്‍ ഉള്‍പ്പെട്ടിട്ടുള്ള മത്സരങ്ങള്‍ എപ്പോഴെങ്കിലും വീക്ഷിച്ചിട്ടുണ്ടെങ്കില്‍ അങ്ങ് കണ്ടിരിക്കും. സത്യത്തില്‍ എല്ലാ ഗോളിമാരും ചെയ്യുന്നത് പോലെ ക്രോസ്‌ബാറിനെയും വണങ്ങുക എന്ന പ്രക്രിയയേക്കാള്‍; ഞാന്‍ എന്നില്‍ നിന്നും ആ നിമിഷം ആത്മാവിനെ മോചിപ്പിക്കുകയാണ് ചെയ്യുന്നത്. അതെ, ഓരോ കളിയുടെ സമയത്തും ക്രോസ്‌ബാറിലേക്ക് ഉയര്‍ന്നു ചാടുന്ന പീറ്റര്‍ ചെക്കില്‍ നിന്നും എന്റെ ആത്മാവ് പുറത്ത് കടക്കുകയും ഗ്യാലറിയില്‍ തന്നെയെവിടെയെങ്കിലുമോ അതല്ലെങ്കില്‍ ഇതേ മത്സരം വീക്ഷിക്കുന്ന ഏതെങ്കിലും ടെലിവിഷന്‍ സ്ക്രീനിനു മുന്‍പിലേക്കോ കടന്നിരിക്കുകയും ഒരു നല്ല കാണിയായി മത്സരമാസ്വദിക്കുകയും ചെയ്യുകയാണ് പതിവ്. വര്‍ഷങ്ങളായി ഞാന്‍ പിന്തുടര്‍ന്നു പോരുന്ന ഒരു രീതിയാണ് അത്. അതിലൂടെ പലപ്പോഴും എതിര്‍ടീമിലെ കളിക്കാരുടെ നീക്കങ്ങളെ ഞാന്‍ മുന്‍‌കൂട്ടി കണ്ടിരുന്നു. അവര്‍ മനസ്സില്‍ കാണുന്ന നീക്കങ്ങള്‍ കണ്ടറിഞ്ഞ് ഞാന്‍ മൈതാനത്ത് നിലയുറപ്പിച്ചിരിക്കുന്ന എന്നിലെ ദേഹിയിലേക്ക് ആ വിവരം ട്രാന്‍സ്മിറ്റ് ചെയ്തിരുന്നു. ഒരു പക്ഷെ, ഇത്തരം ഒരു തന്ത്രമാവാം ലോകത്തെ എണ്ണം പറഞ്ഞ ഗോളിമാരുടെ പട്ടികയിലേക്ക് എന്നെ എത്തിച്ചത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. സത്യത്തില്‍ ഈ കളി ഞാന്‍ ആസ്വദിച്ചിരുന്നു. കൃത്യമായി പറഞ്ഞാല്‍ റഷ്യയുമായുള്ള യൂറോകപ്പിലെ ഉദ്‌ഘാടന മത്സരം വരെ!!

അന്നും – റഷ്യയുമായുള്ള മത്സരദിവസം – പതിവ് പോലെ ഇരു ബാറുകളിലും മുത്തം നല്‍കിയ ശേഷം ക്രോസ് ബാറിലേക്ക് ഉയര്‍ന്നു ചാടിയ എന്നില്‍ നിന്നും ദേഹിയെ മൈതാനത്ത് തിരിച്ചിറക്കി ആത്മാവ് കളിയാസ്വദിക്കുന്ന ഒരു വലിയ ടിവി സ്ക്രീനിന് മുന്‍പിലേക്ക് കുതിച്ചുപാഞ്ഞു. ഒട്ടേറെ പന്തുകളി പ്രേമികള്‍ നിറഞ്ഞ ഒരു വിശാലമുറിയിലെ ടിവി സ്ക്രീനിന് മുന്‍പിലായിരുന്നു അന്ന് എന്റെ ആത്മാവ് ചെന്ന് ഇരുപ്പുറപ്പിച്ചത്. എന്റെ ജീവിതത്തിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായ ആകസ്മിക സംഭവങ്ങള്‍ക്ക് തുടക്കം അതായിരുന്നു. അന്ന്... എന്റെ ആത്മാവ് കളിയാസ്വദിക്കുവാന്‍ വന്നിറങ്ങിയത് അങ്ങയുടെ നാട്ടിലെ ഒരു 27” ടിവി സ്ക്രീനിന് മുന്‍പിലേക്കായിരുന്നു.

വിശാലമായ ഒരു മുറിയായിരുന്നു അത്. നന്നായി ഫര്‍ണീഷ് ചെയ്ത് അലങ്കരിച്ച, പച്ച കാര്‍പ്പെറ്റ് വിരിച്ച ഒരു മുറി. മുറിയുടെ ഇരു വശങ്ങളിലും മധ്യഭാഗത്തായി ഇട്ടിരുന്ന മനോഹരമായ രണ്ട് സെറ്റികള്‍ ഒരു കളിമൈതാനത്തെ രണ്ട് ഗോള്‍പോസ്റ്റുകളെ ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു. ഒട്ടേറെ കളിയാസ്വാദകരുടെ നിലക്കാത്ത ആരവം എന്നില്‍ വല്ലാത്ത ഊര്‍ജ്ജം നിറച്ചു. സഞ്ചാരപാതകള്‍ അന്വേഷിക്കുവാന്‍ ശ്രമം നടത്താത്ത ആത്മാവ് ഒരു പക്ഷെ ആ ആരവങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉള്‍കൊണ്ടാവാം ലേറ്റസ്റ്റ് മോഡല്‍ വാച്ചിലെ ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് സ്ഥലനിര്‍ണയം നടത്തുവാന്‍ ശ്രമം നടത്തിയതും താങ്കളുടെ രാജ്യത്തെ തന്നെ കളികമ്പത്തിന് ഏറ്റവും പേരുകേട്ട മലപ്പുറമെന്ന സ്ഥലത്താണ് ഇരുപ്പെന്ന് മനസ്സിലാക്കിയതും. താങ്കളുടെ നാട് ഫുട്ബാള്‍ കമ്പത്തിന് പേരുകേട്ടതാണെന്ന് മുന്‍പൊരിക്കല്‍ അവിടം സന്ദര്‍ശിച്ചിട്ടുള്ള ഡേവിഡ് ബെക്കാം പറഞ്ഞത് ഞാന്‍ അപ്പോള്‍ ഓര്‍ത്തു. ഒട്ടേറെപേരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞ മുറിയില്‍ എവിടെയെങ്കിലും സ്വസ്ഥമായി ഇരുന്ന് കളിയാസ്വദിക്കാമെന്ന് കരുതിയ എന്നെ ഞെട്ടിച്ചുകൊണ്ട് ഒരു പെണ്‍കുട്ടി - അതും പരിപൂര്‍ണ്ണ നഗ്നയായി ഒരു പെണ്‍കുട്ടി - മൈതാനമധ്യത്തില്‍ കിക്കോഫിന് തയ്യാറായിരിക്കുന്ന ഒരു ഫുട്ബാള്‍ പോലെ, മുറിയുടെ മധ്യഭാഗത്തായി കാര്‍പ്പെറ്റില്‍ ചുരുണ്ട് വളഞ്ഞ് കിടക്കുന്നു! അവള്‍ക്കിരുവശത്തുമായി എന്തിനു തയ്യാറെന്ന പോലെ നിലയുറപ്പിച്ച രണ്ട് കാളക്കൂറ്റന്മാരെ കണ്ടപ്പോള്‍ സ്പെയിനുമായി ഫൈനലില്‍ ഏറ്റുമുട്ടുന്നതായും കിക്കോഫിന് തയ്യാറായി നില്‍ക്കുന്ന സാവിയെയും ഇനസ്റ്റയെയും ശ്രദ്ധയോടെ വീക്ഷിച്ച് ഗോള്‍ വലക്കരിക്കില്‍ നില്‍ക്കുന്ന എന്നെയും ഒരു നിമിഷം ഞാന്‍ സ്വപ്നം കണ്ടുപോയി.

അതായിരുന്നു സര്‍ എന്റെ കഷ്ടകാലത്തിന്റെ തുടക്കം. സ്റ്റേഡിയത്തില്‍ കളിയുടെ ആദ്യ നിമിഷങ്ങള്‍ ആയിരുന്നു അപ്പോള്‍. ചെക്കിനും റഷ്യക്കും വേണ്ടി ആര്‍ത്തുവിളിക്കുന്ന കാണികള്‍ എന്നിലും കുട്ടികളിലും വല്ലാത്ത ആവേശം ഉണ്ടാക്കി. ഗ്യാലറിയില്‍ മെക്സിക്കന്‍ തിരമാലകള്‍ സൃഷ്ടിച്ചുകൊണ്ട് അവര്‍ ഞങ്ങളുടെ ഒരോ രോമകൂപങ്ങളെയും ഉണര്‍ത്തി. അങ്ങേക്ക് അറിയുമോ എന്നറിയില്ല, ഫുട്ബാളിന്റെ ആവേശം തന്നെ കാണികളാണ്. അല്ലാതെ കളിയെഴുത്തുകാരോ കളിക്കാരോ ഒന്നുമല്ല.

(ഹോ.. വീണ്ടും അങ്ങയുടെ സമയം ഞാന്‍ അപഹരിക്കുന്നു. ക്ഷമിക്കണേ..)

കാണികള്‍ നല്‍കിയ ഊര്‍ജ്ജം കാലുകളിലേക്ക് ആവാഹിച്ച് എന്റെ കുട്ടികള്‍ തുടര്‍ച്ചയായി കോര്‍ണറുകള്‍ സമ്പാദിച്ച് മുന്നേറുമ്പോഴായിരുന്നു ഒരല്പം റിലാക്സ്ഡ് മൂഡ് കിട്ടിയ ഞാന്‍ മുറി അത്രമേല്‍ സൂക്ഷ്മമായി നിരീക്ഷിച്ചത്. പക്ഷെ, ഇത്രയും വേഗം ഒരു പ്രത്യാക്രമണത്തിലൂടെ റഷ്യന്‍ മധ്യനിര എന്നെ നിഷ്പ്രഭനാക്കുമെന്ന് സ്വപ്നേപി ഞാന്‍ കരുതിയിരുന്നില്ല.

കെര്‍ഷക്കോവിന്റെ ഹെഡര്‍ ബാറില്‍ തട്ടി തിരികെ പോയപ്പോള്‍ ഞാന്‍ ഒന്ന് നെടുവീര്‍പ്പിട്ടതാണ്. പക്ഷെ, സഗോയേവ് അവിടേക്ക് ഓടിയെത്തുവാന്‍ കഴിയും‌വിധം ഇത്ര അടുത്ത് നിലയുറപ്പിച്ചിരുന്നത് മൈതാനം മുഴുവന്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്ന എന്റെ കണ്ണുകളില്‍ പതിച്ചില്ല. ഒരു പക്ഷെ, ആ പെണ്‍കുട്ടി എന്റെ കാഴ്ചക്ക് വിലങ്ങുതടിയായതാവാം! അത്തരം ഒരു സീനായിരുന്നല്ലോ അതേ സമയം ആ മുറിയില്‍ അരങ്ങേറിയത്. ഒരുവന്‍ വിയര്‍ത്ത് ചുളുങ്ങി അവളില്‍ നിന്ന് ഇറങ്ങിപ്പോകുകയും മറ്റൊരുവന്‍ തീരെ സമയം നല്‍കാതെ അവളിലേക്ക് ഒരു ബുള്ളറ്റ് പോലെ പാഞ്ഞുകയറുകയും ചെയ്യുന്ന കാഴ്ച. ചെകിടടിച്ച് ഒരു അടികിട്ടിയ പോലെ തോന്നി. ഇത്രയും മനോഹരമായി ഞാന്‍ കബളിപ്പിക്കപ്പെടുന്നത് ആദ്യമായിട്ടായിരുന്നു. (ഒരു പക്ഷെ അവളും?)

എന്താണ് സംഭവിക്കുന്നത്? 27' ടിവി സ്ക്രീനിലാണോ മുറിയിലെ പച്ച കാര്‍പ്പെറ്റിലാണോ യഥാര്‍ത്ഥത്തില്‍ കളി നടക്കുന്നത്. ഞാനകെ പതറിപ്പോയിരുന്നു സര്‍. കൈയടക്കവും ഡ്രിബ്ലിങ്ങും ഫൌളുകളും ഒട്ടേറെ കണ്ടിട്ടുണ്ടെങ്കിലും സെക്കന്റിന്റെ നൂറിലൊരംശത്തിന് പോലും സാദ്ധ്യത നല്‍കാതെ ഇത്തരത്തില്‍ ഒരു അറ്റാക്കിങ് ആദ്യമായിട്ടായിരുന്നു കാണുന്നത്. ഞാന്‍ സമനില വീണ്ടെടുക്കുമ്പോഴേക്കും ഷിറൊക്കോവിന്റെ ഷോട്ടും എന്റെ പ്രതിരോധം തകര്‍ത്ത് വലയില്‍ പതിച്ചിരുന്നു. അപ്പോള്‍ മൈതാനമധ്യത്തില്‍ അവള്‍ ഒരിക്കല്‍ കൂടെ പ്രതിരോധം തകര്‍ക്കപ്പെട്ട് വാടി തളര്‍ന്ന് കിടന്നു.

സ്വന്തം വലയില്‍ പതിച്ച രണ്ട് ഗോളുകള്‍ എന്നെ വല്ലാതെ തകര്‍ത്തുകളഞ്ഞു. ഒരു വേള, തിരികെ ദേഹിയിലേക്ക് ആത്മാവിനെ കുടിയിരുത്തിയാലോ എന്ന് പോലും ഞാന്‍ ചിന്തിക്കാതിരുന്നില്ല. പക്ഷെ, ഒന്നനങ്ങാന്‍ പോലും പറ്റാത്ത വിധം ആത്മാവ് തളര്‍ന്നു പോയിരുന്നു. ഞാന്‍ ഒന്നിനും കഴിയാത്തവനായി സെറ്റിയില്‍ കൈതാങ്ങി ഇരുന്നുപോയി. ഇടവേള കഴിഞ്ഞതും കളി വീണ്ടും തുടങ്ങിയതും എന്റെ കുട്ടികള്‍ ഒരു ഗോള്‍ മടക്കിയതും ഒന്നും ഞാന്‍ അറിഞ്ഞില്ല എന്നതാണ് സത്യം.

പക്ഷെ മുറിയിലെ കളി അപ്പോഴേക്കും കൈയാങ്കളിയിലേക്ക് നീങ്ങിയിരുന്നു. ഒരു വിദഗ്ദനായ കോച്ചിന്റെ അദൃശ്യസാന്നിദ്ധ്യം അവിടെയുണ്ടോ എന്ന് സംശയിക്കും വിധമായിരുന്നു അവള്‍ ആ കളി നിയന്ത്രിക്കുന്നത് എന്ന് ഞാന്‍ സംശയിച്ചുപോയ നിമിഷങ്ങള്‍. എന്റെ സംശയം ശരിയായിരുന്നു. മുറിയുടെ ഇരുണ്ട കോണില്‍ ചുണ്ടില്‍ എരിയുന്ന സിഗററ്റും കൈയില്‍ സ്മിര്‍ണോഫ് ഗോള്‍ഡുമായി ഇരിക്കുന്ന ഒരു കുറിയ മനുഷ്യന്‍ അത്രയും നേരം എന്റെ കണ്ണില്‍ പെട്ടിരുന്നില്ല! ആ കണ്ണുകളില്‍ ഒരു കുറുക്കന്റെ ഭാവമുണ്ടായിരുന്നു. അതോ ആട്ടിന്‍ തോലണിഞ്ഞ ആ പഴയ ചെന്നായയുടേയോ?

ഇതിനിടെ ഒരിക്കല്‍ കൂടെ എന്റെയും അവളുടെയും പ്രതിരോധം എതിരാളികള്‍ കീറിമുറിച്ചു കഴിഞ്ഞിരുന്നു. സഗോയേവ് രണ്ടാമതും എന്റെ വലയിലേക്ക് നിറയൊഴിച്ചപ്പോള്‍ അവിശ്വസനീയമായതെന്തോ സംഭവിച്ചത് പോലെ ഞാന്‍ പകച്ചു നിന്നത് അങ്ങ് കണ്ടുകാണുമോ എന്നെനിക്കറിയില്ല. രണ്ട് പ്രതിരോധഭടന്‍മാരെ വകഞ്ഞു മാറ്റി സഗോയേവ് ഉതിര്‍ത്ത ഷോട്ടിനേക്കാള്‍ അതേ സമയം മുറിയില്‍ നടന്ന സംഭവങ്ങള്‍ ആണ് ആ പകപ്പിന് കാരണം എന്നതാണ് വാസ്തവം. സഗോയേവിന്റെ പന്തടക്കവും വേഗവും അസാമാന്യമായിരുന്നു; സമ്മതിക്കുന്നു. പക്ഷെ അതേ സമയം മുറിയുടെ മധ്യത്തില്‍ അവളിലേക്ക് ചേക്കേറാന്‍ ശ്രമിക്കുന്ന രണ്ട് പേരുടെ ക്ഷമകെട്ട മല്പ്പിടുത്തങ്ങള്‍ക്കിടയിലേക്ക് നുഴഞ്ഞുകയറി ഒരിക്കല്‍ കൂടെ അവളെ പ്രാപിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നവനിലെ വന്യത എന്നെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞു. ഇവിടെ വെച്ചാണ് കളി കയ്യാങ്കളിയിലേക്ക് നീങ്ങിയത്. വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്കും തുടര്‍ന്ന് കൈയേറ്റത്തിലേക്കും അക്രമത്തിലേക്കും തെന്നി നീങ്ങുന്നത് നിസ്സഹായനായി എനിക്ക് നോക്കിയിരിക്കേണ്ടി വന്നു. മുറിയിലെ പച്ച കാര്‍പ്പെറ്റില്‍ അരുണിമ പടരുന്നത് ഞാന്‍ അറിഞ്ഞു. ഒഴുകിപ്പരന്ന ചോര എന്റെ കൈകളില്‍ നനവ് പടര്‍ത്തിയപ്പോള്‍ ഞാന്‍ നിലത്ത് നിന്നും സെറ്റിയിലേക്ക് വലിഞ്ഞുകയറി. ആ സമയം അല്പം കൂടെ വ്യക്തമായി കണ്ട ചില കാഴ്ചകള്‍ എനിക്ക് കേട്ടറിവ് പോലുമില്ലാത്തതും എന്നെ ഇപ്പോഴും ഭീതിപ്പെടുത്തി കൊണ്ടിരിക്കുന്നതും ആണ്. ഒരു പക്ഷെ ഈ കത്തിന് എന്നെ പ്രേരിപ്പിക്കുന്നത് ആ കാഴ്ചകളില്‍ നിന്നും ഉടലെടുത്ത ഭയമാവാം എന്ന് ഞാന്‍ സംശയിക്കുന്നു! അല്ല, സംശയമല്ല!! അത് തന്നെയാണ് സത്യം.

ഒരു കൊച്ചു കൈപുസ്തകത്തില്‍ എന്തോ കുത്തിക്കുറിക്കുന്ന അവളെ കണ്ടപ്പോള്‍ കളിക്കിടയില്‍ കാര്‍ഡുകള്‍ എഴുതുന്ന റഫറിയെ ഓര്‍മ്മ വന്നു. ആകാഷയോടെ ആ പുസ്തകത്തിലേക്ക് ഞാന്‍ ഏന്തി നോക്കി. ഖദര്‍ ഷര്‍ട്ടിട്ട മെമ്പര്‍, ദേവപാലന്‍ പോലീസ്, തമാശക്കാരന്‍ സിനിമാ നടന്‍, മുഖത്ത് കാക്കപ്പുള്ളിയുള്ള ജ്വല്ലറിയുടമ.. എനിക്കൊന്നും മനസ്സിലായില്ല!!

ചിന്തയിലാണ്ടിരുന്ന ഞാന്‍ പവ്‌ലൂഷെങ്കൊ ഡിഫന്റര്‍മാരെ ബോക്സിനുള്ളില്‍ കബളിപ്പിച്ച് പന്ത് ഡ്രിബ്ല് ചെയ്ത് കയറ്റി കൊണ്ടുവരുന്നതും വലയുടെ മൂലയിലേക്ക് കോരിയിട്ടതും കണ്ടില്ല. ഒഴുകി പരക്കുന്ന ചോരച്ചാലുകളില്‍ ചവിട്ടാതെ, ഗ്ലാസ്സില്‍ അവശേഷിച്ച സ്മിര്‍ണോഫ് ഗോള്‍ഡ് വലിച്ചിറക്കി ചിറി തുടച്ച്, അപ്രതീക്ഷിതമായുണ്ടായ മരണത്തിന്റെ ഭീതിയില്‍ പകച്ചു നില്‍ക്കുന്ന മറ്റുള്ളവരെ തള്ളിമാറ്റികൊണ്ട് ആടിയാടി അവളിലേക്ക് നടന്നടുക്കുന്ന ചെന്നായ്കൂറ്റനെ നോക്കി ഇരിക്കുകയായിരുന്നു ഞാന്‍.

"കളി നിയമങ്ങള്‍ തെറ്റിച്ചിട്ടല്ലേ? ഇനിയിപ്പോള്‍ അതോര്‍ത്തിട്ട് കാര്യമില്ല. ഈ മരണം റഷ്യക്കും ചെക്കിനും സമര്‍പ്പിക്കാം" പൊട്ടിച്ചിരിച്ചുകൊണ്ട് അത് പറയുമ്പോള്‍ അയാളുടെ മുഖത്ത് ഒരു കൌശലക്കാരന്റെ ഭാവം ഞാന്‍ കണ്ടു.

ടി വി സ്ക്രീനില്‍ പവ്‌ലൂഷെങ്കൊയുടെയും റഷ്യന്‍ കളിക്കാരുടേയും ആഹ്ലാദനൃത്തവും ഹെല്‍മറ്റ് അഴിച്ചുമാറ്റി നിരാശയുടെ മുഖം തുടക്കുന്ന എന്റെയും ക്ലോസപ്പ് ഷോട്ടുകള്‍ മാറിമാറികാണിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍. തലയില്‍ കെട്ടിയിരുന്ന മഫ്ലര്‍ അഴിച്ചു മുഖം തുടച്ചുകൊണ്ട് ചെന്നായ അപ്പോഴേക്കും അവള്‍ക്കരികിലേക്ക് ഒഴുകിയെത്തി. ടിവി സ്ക്രീനിലേക്കും ചെന്നായയിലേക്കും മാറിമാറി നോക്കികൊണ്ട് കൈപുസ്തകത്തിലേക്ക് എന്തോ കൂടെ അവള്‍ പെട്ടന്ന് എഴുതിചേര്‍ക്കുന്നത് കണ്ട് ആകാംഷയോടെ ഞാന്‍ വീണ്ടും എത്തി നോക്കി.

ഗോളി

അത്രയും എഴുതിക്കഴിഞ്ഞപ്പോഴേക്കും അയാള്‍ അവള്‍ക്കരികില്‍ എത്തുകയും പുസ്തകം അവള്‍ എവിടെയോ ഒളിപ്പിക്കുകയും ചെയ്തിരുന്നു.

അങ്ങയുടെ ഭാഗത്ത് നിന്നും ഉചിത നടപടികള്‍ പ്രതീക്ഷിച്ചുകൊണ്ട്

പീറ്റര്‍ ചെക്ക്

23 Oct 2012

ചിനാര്‍ മരത്തിന്റെ ചുവട്ടിലെ നിഴലുകള്‍

രഘുനാഥൻ


നേരം വെളുക്കാന്‍ ഇനിയും സമയം ബാക്കിയുണ്ട്.
കിഴക്കേ ചക്രവാളത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന മലയുടെ  ഭീമാകാരമായ കറുത്ത രൂപത്തിനു മുകളില്‍  മെഴുകുതിരി ഉരുകിയതു പോലെ  ഒഴുകിയിറങ്ങിയ   മഞ്ഞുപാളികള്‍ രാത്രിയുടെ  അരണ്ട പ്രകാശത്തിലും   തിളങ്ങിക്കൊണ്ടിരുന്നു.
മലയുടെ ചുവട്ടിലുള്ള  അതിവിശാലമായ സമതലത്തില്‍ പരന്നു കിടക്കുന്ന ആപ്പിള്‍ തോട്ടങ്ങളും  നെല്‍പ്പാടങ്ങളും ഇരുളിന്റെ കരിമ്പടം  വാരിപ്പുതച്ചു  വിറങ്ങലിച്ചു കിടന്നു.
സമതലത്തിന്റെ തെക്കേ അറ്റത്തുള്ള മൊട്ടക്കുന്നിന്റെ മുകളില്‍  രണ്ടടി കനത്തില്‍ മഞ്ഞു വീണു  കിടന്നിരുന്നു. അതിന്റെ  ഇടത്തേ ചരുവില്‍ അത്ര  പെട്ടെന്നു കണ്ണില്‍ പെടാത്ത വിധത്തില്‍ നിര്‍മ്മിച്ച ട്രുഞ്ചിനുള്ളില്‍ നാലടിയോളം പൊക്കത്തില്‍ അടുക്കിവച്ചിരിക്കുന്ന മണല്‍ ചാക്കുകള്‍ക്ക് പിറകില്‍  കിഷന്‍ സിംഗ്  കൂനിക്കൂടിയിരുന്നു.
ട്രുഞ്ചിനു മുകളിലുള്ള തകര ഷീറ്റുകളില്‍ അപ്പോഴും മഞ്ഞു വീഴുന്നുണ്ടായിരുന്നു.  ഷീറ്റില്‍ വീണ മഞ്ഞു തുള്ളികള്‍  വശങ്ങളിലൂടെ ഒഴുകി ട്രഞ്ചിനുള്ളില്‍  തളം കെട്ടിക്കിടന്നു. മഞ്ഞിനേക്കാള്‍ തണുപ്പേറിയ ആ വെള്ളത്തില്‍ കിഷന്‍ സിംഗിന്റെ  ബൂട്ട്  നനഞ്ഞു തുടങ്ങിയിരുന്നു. ട്രഞ്ചില്‍ ഡ്യൂട്ടിയിലുള്ള പട്ടാളക്കാര്‍ക്ക്  തണുപ്പകറ്റാനായി കല്‍ക്കരിയിട്ടു   കത്തിക്കുന്ന  ബുക്കാരിയുടെ അരികില്‍ മാത്രം അല്പം സ്ഥലം നനയാതെ കിടപ്പുണ്ട്.
ബുക്കാരിയ്ക്കകത്തുള്ള  കല്‍ക്കരി എരിഞ്ഞുതീര്‍ന്നിരുന്നു. കിഷന്‍ സിംഗ്  അടുത്തു വച്ചിരുന്ന നീളമുള്ള കമ്പിയെടുത്ത്  ബുക്കാരിയുടെ  അടിയില്‍ നിറഞ്ഞിരുന്ന ചാരം ഇളക്കിക്കിക്കളഞ്ഞു. പിന്നെ  കൊട്ടയില്‍ നിറച്ചു വച്ചിരുന്ന കല്‍ക്കരിയില്‍ നിന്നും കുറച്ചു വാരി ബുക്കാരിയിലിട്ടു വീണ്ടും  കമ്പി കൊണ്ട്    ഇളക്കിയപ്പോള്‍ അതിനുള്ളിലെ കനലുകള്‍ കണ്ണു ചിമ്മിത്തുറന്നു. ട്രുഞ്ചിനുള്ളിലെ  തണുപ്പിന് അല്പമൊരു ശമനമുണ്ടായയതായി  കിഷന്‍ സിങ്ങിനു തോന്നി.
ട്രഞ്ചിരിക്കുന്ന മൊട്ടക്കുന്നിനു നേരെ എതിര്‍വശത്തായി അതേ വലിപ്പത്തിലുള്ള  മറ്റൊരു കുന്നുണ്ട്. അവിടെയൊരു ഗ്രാമവുമുണ്ട്. രണ്ടു കുന്നുകള്‍ക്കും ഇടയിലായി ഒരു ചെറിയ   അരുവി ഒഴുകുന്നു.   അപ്പുറത്തെ കുന്നിലുള്ള   ഗ്രാമത്തിനെ ലക്ഷ്യം  വച്ച്  മണല്‍ ചാക്കിനു പിറകില്‍  ഉറപ്പിച്ചു നിര്‍ത്തിയ ലൈറ്റ് മെഷീന്‍ ഗണ്ണിന്റെ ബാരലില്‍ മഞ്ഞു കണികകള്‍   ഉറഞ്ഞു കൂടി നിന്നിരുന്നു. കിഷന്‍ സിംഗ് അതു തന്റെ നഗ്നമായ കൈ വെള്ള കൊണ്ടു  തുടച്ചു മാറ്റി. തോക്കിന്റെ    ബാരലിനുള്ളില്‍  ഈര്‍പ്പം കയറാതിരിക്കാനായി  മുന്‍ഭാഗത്തു തിരുകി വച്ചിരുന്ന തുണി അല്പം കൂടി  ഉള്ളിലേയ്ക്ക്  തള്ളി വച്ചിട്ട്  കിഷന്‍ സിംഗ് അസഹ്യതയോടെ   കൈത്തലം  താന്‍  ഇട്ടിരുന്ന  ഓവര്‍ കോട്ടിന്റെ പുറത്തു  അമര്‍ത്തിത്തുടച്ചു. കൈവെള്ളകള്‍  ബുക്കാരിയ്ക്ക്  മുകളിലേയ്ക്ക് നീട്ടിപ്പിടിച്ചു ചൂടാക്കി. .
കുന്നിനു മുകളിലുള്ള  ഗ്രാമത്തിലെ പുല്ലും തകര ഷീറ്റും കൊണ്ടു നിര്‍മ്മിച്ച കുടിലുകള്‍  പ്രേതഭവനങ്ങള്‍ പോലെ അവ്യക്തമായി  നിലകൊണ്ടു. ആ കുടിലുകളില്‍ താമസിക്കുന്ന ഗ്രാമ വാസികള്‍ കാശ്മീര്‍ ഉഗ്രവാദികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്നും സമതലത്തോടു  ചേര്‍ന്നു നില്‍ക്കുന്ന മലയിലെ വനത്തില്‍ ഒളിച്ചു താമസിക്കുന്ന അവര്‍ ഇടയ്ക്കിടെ ഗ്രാമത്തില്‍  വരാറുണ്ടെന്നുമുള്ള വിവരം  കിട്ടിയപ്പോഴാണ്  ഈ ട്രഞ്ചില്‍ ഡ്യൂട്ടി തുടങ്ങിയത്  എന്നു കിഷന്‍ സിംഗ് ഓര്‍ത്തു.   മൊട്ടക്കുന്നിന്റെ മുകളില്‍ സ്ഥിതി ചെയ്യുന്ന  മിലിട്ടറി ആസ്ഥാനം ആക്രമിക്കാന്‍ ഉഗ്രവാദികള്‍ പ്ലാനിട്ടിട്ടുള്ളതായി  ഇന്റലിജെന്‍സ്  റിപ്പോര്‍ട്ടുകളും കിട്ടിയിട്ടുണ്ട്.
മൊട്ടക്കുന്നിനെ  ചുറ്റി നാല് ട്രഞ്ചുകളാണ്  ഉള്ളത്.    നാലിലും കാവല്‍ക്കാര്‍  ഉണ്ടെങ്കിലും ഏറ്റവും അപകടകരമായ   ട്രഞ്ചിലാണ് കിഷന്‍ സിംഗ് നില്‍ക്കുന്നത്. മലയിറങ്ങി  നേരെ എതിര്‍ ഭാഗത്തുള്ള കുന്നിലെ ഗ്രാമത്തില്‍ എത്തുന്ന ഉഗ്രവാദികള്‍ക്ക്  മിലിട്ടറി ആസ്ഥാനം ആക്രമിക്കാന്‍ ഏറ്റവും സൌകര്യ പ്രദമായ  മാര്‍ഗ്ഗം കിഷന്‍ സിംഗ് നില്‍ക്കുന്ന  ട്രഞ്ചിനു താഴെ നൂറു മീറ്റര്‍ മാത്രം അകലത്തില്‍ ഒഴുകുന്ന അരുവി കടന്നു   കുത്തനെയുള്ള  കയറ്റം കയറി വരികയെന്നതാണ്.  അങ്ങിനെ വന്നാല്‍ ട്രുഞ്ചിലിരിയ്ക്കുന്ന കാവല്‍ക്കാരന്  അത്ര പെട്ടെന്നു   അവരെ  കാണാന്‍ പറ്റിയെന്നു വരില്ല. മുകളില്‍ ട്രുഞ്ചിന്റെ അടുത്തെത്തിയാല്‍ മാത്രമേ ഡ്യൂട്ടിക്കാരന്  അവരെ കാണാന്‍ കഴിയൂ . അപ്പോഴേയ്ക്കും ഉഗ്രവാദികള്‍ ആക്രമണം അഴിച്ചു വിട്ടാല്‍ ഒരു പക്ഷെ ട്രഞ്ചിലുള്ള കാവല്‍ക്കാരന്  പ്രത്യാക്രമണം ചെയ്യാനും  പറ്റിയെന്നു   വരില്ല.
കിഷന്‍ സിംഗ്   വാച്ചിലേയ്ക്ക്  നോക്കി. സമയം മൂന്നു മണി കഴിഞ്ഞു  പത്തു മിനിട്ടായിരിക്കുന്നു.   മുക്കാല്‍ മണിക്കൂര്‍ കൂടി കഴിഞ്ഞാല്‍ കിഷന്‍ സിംഗിന്റെ ഡ്യൂട്ടി സമയം തീരും. അയാള്‍ മണല്‍ ചക്കുകള്‍ക്ക്  പിറകില്‍ നിന്ന്  അകലെ  ഗ്രാമത്തിലേയ്ക്ക്  നോട്ടമയച്ചു.
മഞ്ഞു പുതപ്പിനുള്ളില്‍ സുഖശയനം കൊള്ളുകയാണ്  ഗ്രാമം. തുടര്‍ച്ചയായ മഞ്ഞു വീഴ്ച മൂലം  തകരഷീറ്റുകള്‍  മേഞ്ഞ കൂര്‍ത്ത മേല്‍ക്കൂരയുള്ള വീടുകള്‍   വലിയ കൂണുകള്‍ പോലെ കാണപ്പെട്ടു.     ഒരു വിളക്കു പോലും എങ്ങും കത്തുന്നില്ല.  രാത്രി  എട്ടുമണി കഴിഞ്ഞാല്‍  എല്ലാ വീടുകളിലും വിളക്കുകള്‍ അണയ്ക്കുകയും ആളുകള്‍ വീടിനുള്ളില്‍ കയറി കതകുകളും ജനലുകളും അടച്ചു ഭദ്രമായി ബന്ധിയ്ക്കുകയും ചെയ്യും.  പിന്നെ നേരം  പുലര്‍ന്നാല്‍  മാത്രമേ ആ കതകുകളും ജനാലകളും   തുറക്കപ്പെടൂ.  അതാണ്‌  “കുപ്പുവാര” എന്ന അതിര്‍ത്തി ജില്ലയിലുള്ള ഗ്രാമങ്ങള്‍ക്ക് പട്ടാളം  കൊടുത്തിട്ടുള്ള നിര്‍ദ്ദേശം.
ഗ്രാമവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ്  ഈ നിര്‍ദ്ദേശം കൊടുത്തിരിയ്ക്കുന്നത്.  മലയിലെ ഉള്‍വനങ്ങളില്‍ ദിവസങ്ങളോളം ഭക്ഷണമില്ലാതെ കഴിയുന്ന ഉഗ്രവാദികള്‍ ഇരുട്ടുള്ള രാത്രികളില്‍ വനത്തില്‍ നിന്നും ഗ്രാമത്തിലെത്തി  കണ്ണില്‍ പെടുന്ന ഏതെങ്കിലും വീടുകളില്‍ മുട്ടിവിളിക്കും. കതുകു തുറന്നാലുടന്‍  വീടിനുള്ളിലേയ്ക്ക് ഇരച്ചു കയറുന്ന അവര്‍ വീട്ടുകാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ഭക്ഷണവും വെള്ളവും ചിലപ്പോള്‍ മദ്യവും ആവശ്യപ്പെടും. അവര്‍ ആവശ്യപ്പെടുന്നതു മുഴുവന്‍  ചെയ്തു കൊടുക്കുക മാത്രമേ  ആ വീടുകാര്‍ക്ക്  പിന്നെ നിവൃത്തിയുള്ളൂ. വയറു നിറയെ ചോറും ചപ്പാത്തിയും കോഴിക്കറിയും കഴിച്ചിട്ട് അവര്‍ അവിടെ നിന്നും തിരോധാനം ചെയ്യും. പ്രായ പൂര്‍ത്തിയായ പെണ്‍കുട്ടികള്‍ ഉള്ള വീടാണെങ്കില്‍ അവരെ മാതാപിതാക്കളുടെ കണ്‍മുന്നില്‍    വച്ചു തന്നെ മാനഭംഗം ചെയ്യാനും ആ കശ്മലന്മാര്‍ മടിക്കാറില്ല.
ദിവസങ്ങള്‍ക്കു മുന്‍പ്  മലയടിവാരത്തില്‍ ആടിനു  പുല്ലറുക്കാന്‍  പോയ പതിനഞ്ചു വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ഉഗ്രവാദികള്‍ തട്ടിയെടുത്ത കാര്യം കിഷന്‍ സിംഗ് ഓര്‍ത്തു. മൂന്ന് ദിവസങ്ങള്‍ക്കു ശേഷമാണ്  ഒന്നിലധികം പേരുടെ കാമവെറിക്കിരയായ  ആ പിഞ്ചുശരീരം   അരുവിയുടെ കരയിലെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്.
ഒരു ദീര്‍ഘ നിശ്വാസത്തോടെ  കിഷന്‍ സിംഗ്  ഗ്രാമത്തില്‍ നിന്നും നോട്ടം പിന്‍വലിച്ചിട്ടു   മണല്‍ ചാക്കുകളോട്  ചേര്‍ന്നു നിന്ന്  താഴെ അരുവിയും പരിസരവും ഒന്നു കൂടെ സൂക്ഷ്മമായി നിരീക്ഷിച്ചു.  സംശയാസ്പദമായി ഒന്നിമില്ലെന്നുറപ്പു വരുത്തി വീണ്ടും ബുക്കാരിയുടെ അരികിലെത്തി കോട്ടിന്റെ പോക്കറ്റില്‍  കിടന്ന ഒരു കത്തെടുത്തു നിവര്‍ത്തി. ബുക്കാരിയില്‍ നിന്നും പാളി വീഴുന്ന വെളിച്ചത്തില്‍  അതിലെ വരികള്‍ വായിക്കാന്‍ ശ്രമിച്ചു.
“ഇരുപത്തി മൂന്നാം  തീയതി   ആശുപത്രിയില്‍ എത്തണമെന്നാണ്  ഡോക്ടറമ്മ  പറഞ്ഞിരിക്കുന്നത്. അതിനു മുന്‍പ്  ലീവിന് വരാന്‍ പറ്റുമോ?… ഇത്രയും  ദൂരം എനിക്ക് ഒറ്റയ്ക്ക് പോകാന്‍ കഴിയില്ല.   ഇപ്പോള്‍ വയറൊക്കെ വല്ലാതെ വീര്‍ത്തിട്ടുണ്ട്‌  കേട്ടോ…നടക്കാനും ബുദ്ധിമുട്ടുണ്ട്.. ഒരു പക്ഷെ ഓപ്പറേഷന്‍ വേണ്ടി  വരുമത്രേ… എനിക്കെന്തോ വല്ലാത്ത പേടി തോന്നുന്നു”
തണുപ്പു കൊണ്ടു  നനഞ്ഞ കടലാസിലെ വടിവില്ലാത്ത അക്ഷരങ്ങളില്‍  ഗീതാഞ്ജലിയുടെ വിളറിയ മുഖം തെളിയുന്നതും  വിടര്‍ന്നതെങ്കിലും കുഴിയിലാണ്ട കണ്ണുകളില്‍ ദൈന്യതയുടെ  നിഴല്‍ വീഴുന്നതും അയാള്‍ കണ്ടു.
എങ്കിലും ആ കണ്ണുകളില്‍   പ്രതീക്ഷയുടെ ഒരു തിളക്കമുണ്ടായിരുന്നു.
ലീവിനുള്ള അപേക്ഷ കൊടുത്തിട്ട് രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു. കമ്മാണ്ടിംഗ്  ഓഫീസര്‍ അവധിയിലായിരുന്നത് കൊണ്ട് ഇന്നലെയാണ്  ലീവ് അനുവദിച്ചു  കിട്ടിയത്. ഇന്നലെത്തന്നെ റിസര്‍വ്വേഷന്‍ ചെയ്യാന്‍ പോയെങ്കിലും വെയിറ്റിംഗ് ലിസ്റ്റിലാണ്. അതു സാരമില്ല.  രാവിലെ തന്നെ പുറപ്പെട്ടാല്‍ മാത്രമേ ഇരുപത്തിരണ്ടാം തീയതിയെങ്കിലും നാട്ടിലെത്താന്‍ പറ്റൂ. ഡ്യൂട്ടി തീരാന്‍ ഇനിയും അര മണിക്കൂര്‍ കൂടി മാത്രമേയുള്ളൂ. കഴിഞ്ഞാലുടന്‍ ബാരക്കിലെത്തി കുളിച്ചു തയ്യാറായി കമ്പനി ഓഫീസില്‍ നിന്നും  ലീവ്  സര്‍ട്ടിഫിക്കറ്റ്  വാങ്ങണം.
കിഷന്‍ സിംഗ്  തിടുക്കത്തില്‍ കത്തു  മടക്കി  പോക്കറ്റിലിട്ടു.  ഇടതുതോളില്‍ തൂങ്ങികിടക്കുന്ന   റൈഫിള്‍ എടുത്തു മണല്‍ ചാക്കിനോടു ചേര്‍ത്തു ചാരിവച്ചു.  കവിളില്‍  ഇറുകിയിരിക്കുന്ന   ഹെല്‍മെറ്റിന്റെ  സ്ടാപ്  അല്പമൊന്നയച്ചിട്ടു  കനത്ത   ബുള്ളറ്റ് പ്രൂഫ്‌  ചട്ടയുടെ  കുടുക്കുകള്‍  വിടര്‍ത്തി.
പെട്ടെന്ന്  ട്രഞ്ചിനു  താഴെ കുത്തനെയുള്ള കയറ്റത്തില്‍ നില്‍ക്കുന്ന കൂറ്റന്‍ ചിനാര്‍ മരത്തിന്റെ ചുവട്ടില്‍ ഒരു നിഴലനങ്ങി.  ഉടന്‍  ഒരു വെടിശബ്ദവും മുഴങ്ങി.  അതേ  സമയം തന്നെ ട്രഞ്ചിനുള്ളില്‍   നില്‍ക്കുന്ന കിഷന്‍ സിംഗിന്റെ  കാതുകള്‍ക്കരികിലൂടെ ഒരു വെടിയുണ്ട ശീല്‍ക്കാരത്തോടെ പാഞ്ഞു പോയി. അതു  ബുക്കാരിയുടെ പുകക്കുഴല്‍ തുളച്ചു പിറകിലെ മണ്‍ ഭിത്തിയില്‍ തറച്ചു.
ബുക്കാരിയില്‍ നിന്നും കനലുകള്‍ ചിതറിത്തെറിച്ചു.
അപ്രതീക്ഷിതമായ ആ സംഭവത്തില്‍ കിഷന്‍ സിംഗ് നടുങ്ങിപ്പോയി. അയാള്‍ മണല്‍ ചാക്കുകളുടെ മറവില്‍ ചാരിയിരുന്നു കിതച്ചു.
ചിനാര്‍  മരത്തിന്റെ മറവില്‍ നിന്നും വീണ്ടും തീയുണ്ടകള്‍  പാഞ്ഞു വന്നു. അവയുടെ പ്രഹരത്തില്‍  ട്രഞ്ചിന്റെ തകര ഷീറ്റുകള്‍ ഉഗ്രശബ്ദത്തോടെ വിറച്ചു. അതില്‍ കട്ടപിടിച്ചിരുന്ന മഞ്ഞു പാളികള്‍ ചില്ല്  കഷണങ്ങളായി അടര്‍ന്നു ട്രഞ്ചിന്റെ ഉള്ളിലേയ്ക്ക്   വീണു.  മണല്‍ ചാക്കുകളില്‍ ഉറപ്പിച്ചു വച്ചിരുന്ന ലൈറ്റ് മെഷീന്‍ ഗണ്ണിന്റെ അരികിലേയ്ക്ക്  ഇതിനകം കിഷന്‍ സിംഗ്  ഇഴഞ്ഞെത്തിയിരുന്നു.
ഇടതടവില്ലാതെ പാഞ്ഞുവരുന്ന വെടിയുണ്ടകളെ വക വയ്കാതെ മെഷീന്‍ ഗണ്ണിന്റെ ബാരല്‍ ചിനാര്‍  മരത്തിന്റെ ചുവട്ടിലേയ്ക്കു തിരിച്ചു  ഭീകരമായ ഒരലര്‍ച്ചയോടെ കിഷന്‍ സിംഗ്  ട്രിഗറില്‍  ആഞ്ഞു വലിച്ചു.
ഒരു മിനിറ്റില്‍ അറുനൂറ്റി അന്‍പത്  എന്ന കണക്കില്‍  ആ തോക്കില്‍ നിന്നും   വെടിയുണ്ടകള്‍  ചിനാര്‍ മരത്തെ ലക്ഷ്യമാക്കി പാഞ്ഞു…
ചിനാര്‍ മരത്തിന്റെ ചുവട്ടില്‍  ശബ്ടിച്ചിരുന്ന തോക്കുകള്‍ ഒരു നിമിഷം നിശബ്ദമായി.
അടുത്ത നിമിഷമാണ്  അതു സംഭവിച്ചത്…
എവിടെനിന്നോ പറന്നു വന്ന  ഒരു ഗ്രനേഡ് ട്രഞ്ചിനുള്ളില്‍  വീണു.
ഉഗ്രമായ ഒരു സ്ഫോടന ശബ്ദം…കത്തിയുയുയരുന്ന ഒരു തീജ്വാല…   കറുത്ത രാത്രിയെ കീറി മുറിച്ചു കൊണ്ട്  ഒരു നിലവിളി മുഴങ്ങി.
ചിനാര്‍ മരത്തിന്റെ ചുവട്ടിലെ നിഴലുകള്‍ ഇതിനകം നിശ്ചലമായിരുന്നു.
ദൂരെ…മൈലുകള്‍  അകലെ…ഒരു കുടിലില്‍ വിളറിയ   മുഖവും ദൈന്യതയുടെ നിഴല്‍ വീണ  കണ്ണുകളും ഒരു മയക്കത്തിലേയ്ക്കു വഴുതുകയായിരുന്നു.
എങ്കിലും ആ മുഖത്തു  പ്രതീക്ഷയുടെ തിളക്കം അപ്പോഴുമുണ്ടായിരുന്നു.

20 Sept 2012

എഴുത്തുകാരന്റെ ഡയറി


സി.പി.രാജശേഖരൻ

അമ്മ അമൃതാനന്ദമയി അറിയാൻ
ആദരണീയയായ ഒരമ്മ അറിയാൻ അത്രയ്ക്ക്‌ ആദരണീയനും വിശാലഹൃദയനുമല്ലാത്ത ഒരു
മകന്റെ നേരിട്ടുള്ള ചോദ്യമായി ഇതിനെ കണ്ടാൽ മതി. അമ്മയും മക്കളും ഒരു
വീട്ടിൽ ചോദ്യങ്ങൾ ചോദിയ്ക്കുന്നതും ഉത്തരം പറയുന്നതും ആദരവിന്റെ
അടിസ്ഥാനത്തിലല്ല, മറിച്ച്‌ സ്വാഭാവികനീതിയുടെ അടിസ്ഥാനത്തിലാണ്‌ എന്ന്‌
നമുക്ക്‌ രണ്ട്‌ പേർക്കുമറിയാം. അമ്മയുടെ നീതിയും മകന്റെ നീതിയും
ഏറ്റുമുട്ടിയാൽ, ലോകനീതി എന്ന മറ്റൊന്നാണല്ലോ അവിടെയും ഉത്തരമായിട്ട്‌
വരിക. അതുമാത്രമേ ഞാനും പ്രതീക്ഷിയ്ക്കുന്നുള്ളു.
        അമ്മ ഇതുവരെ അറിഞ്ഞില്ലെന്ന്‌ തോന്നുന്നു. സത്നാംസിംഗ്‌ എന്ന ഒരു മകൻ
അമ്മയെ കാണാൻ വന്നത്‌ അൽപം ക്ഷോഭത്തോടെയായിരുന്നു. അവനെ ഉടൻ പോലീസ്‌
പിടിച്ചുകൊണ്ടുപോയതും കേരളത്തിലെ ചില നായകന്മാർ ഉടൻ അന്വേഷണത്തിന്‌
ആക്രോശിച്ചതും അമ്മ കേട്ട്‌ കാണില്ല. എന്തായാലും അവൻ മാനസികരോഗിയാണെന്ന്‌
പോലീസ്‌ കൽപിയ്ക്കുകയും അവനെ മാനസികാരോഗ്യ കേന്ദ്രത്തിൽ അവർ
എത്തിക്കുകയും ചെയ്തു എന്നതും അമ്മ അറിഞ്ഞുകാണില്ല. പിന്നീട്‌ ആ മകൻ
അവിടെ കിടന്ന്‌ തല്ലുകൊണ്ട്‌ ചത്തു. അതും അമ്മ അറിഞ്ഞുകാണില്ലെന്നാണ്‌
ഞാൻ വിചാരിയ്ക്കുന്നത്‌. കാരണം അമ്മയുടെ ഒരുവാക്കോ, ഉമ്മയോ, പ്രാർത്ഥനയോ
സഹാനുഭൂതിയോ ഒന്നും ആ സത്നാം സിംഗ്‌ എന്ന മകന്റെ നേർക്ക്‌ നീണ്ടതായി
പത്രത്തിലോ ടി.വിയിലോ ഞാനിതുവരെ കണ്ടില്ല. എന്റെ അന്ധതോയോ അനാസ്ഥയോ
കൊണ്ടാണ്‌ അത്‌ കാണാതിരുന്നതെങ്കിൽ ക്ഷമിയ്ക്കണം. സത്നാം സിങ്ങിന്റെ
അച്ഛനും സഹോദരനും പൊട്ടിക്കരയുന്നതും ഞാൻ ടി.വിയിലൂടെ കണ്ടു. പക്ഷെ, അമ്മ
അവിടെയെങ്ങും ഒരു വാക്കായോ നോക്കായോ പ്രത്യക്ഷപ്പെട്ടതായി
എനിയ്ക്കറിയില്ല.
        സത്നാം സിങ്ങ്‌ പ്രകോപിതനായ നിമിഷം അമ്മ ആ സ്ഥലത്തുണ്ടായിരുന്നു.
പോലീസും, ഭക്തിയിൽ അമിത ഭ്രാന്തുമായി നിൽക്കുന്ന ജനങ്ങളും ചേർന്ന്‌ അവനെ
പിടിച്ചുകൊണ്ടു പോകുമ്പോൾ, അവന്‌ എന്താണ്‌ വേണ്ടത്‌ എന്ന്‌ അമ്മ
ചോദിച്ചില്ല; അനേകർക്ക്‌ ഉമ്മ കൊടുക്കുന്ന അമ്മ അവനും ഒരുമ്മ
കൊടുത്തിരുന്നെങ്കിൽ തീരാവുന്ന പ്രശ്നമേ അവനും ഉണ്ടാകുമായിരുന്നുള്ളു.
എല്ലാവരുടേയും ദുഃഖങ്ങളും പ്രശ്നങ്ങളും തീർക്കാൻ അമ്മയുടെ ഒരു ആലിംഗനം
മതിയായിരുന്നു. എന്ന്‌ വിശ്വസിച്ച്‌, അവനും മുമ്പോട്ട്‌
വന്നതായിരിക്കില്ലേ? ഭക്ത മേലാളന്മാർ അവനെ നേരാംവണ്ണം മുമ്പോട്ട്‌ വരാൻ
സമ്മതിയ്ക്കാത്തതുകൊണ്ടാണോ അവൻ ബഹളം വച്ചതു എന്നെങ്കിലും അമ്മയ്ക്ക്‌
അന്വേഷിയ്ക്കാമായിരുന്നു. അതുപോട്ടെ, ആ പാവം മകൻ ഭ്രാന്താശുപത്രിയിൽ
കിടന്ന്‌ തല്ലുകൊണ്ട്‌ ചത്ത വാർത്തയും അതിന്റെ വിശകലനങ്ങളും കഴിഞ്ഞ
ഒരാഴ്ചയിലധികമായി ടി.വിയിലും പത്രത്തിലും നിരന്തരമായി വരുന്നു. അതും അമ്മ
കാണുന്നില്ലാന്നുണ്ടോ. അവന്‌ വേണ്ടത്‌ ചെയ്യാനായില്ലെങ്കിലും അവന്റെ
കുടുംബത്തെ ഒന്നാശ്വസിപ്പിയ്ക്കാനും ഈ അമ്മയ്ക്ക്‌ എന്തുകൊണ്ടാകുന്നില്ല.
എന്ന്‌, മറ്റൊരു മകനായ എനിക്കു തോന്നിപ്പോകുന്നു.
        അമ്മയുടെ അനുഗ്രഹം തേടി ഞാൻ വന്നിട്ടില്ല, പക്ഷേ, ആശ്രമം കാണാൻ ഒരു
കാഴ്ചക്കാരനെപ്പോലെ ഒരിക്കൽ വള്ളിക്കാവിൽ വന്നിട്ടുണ്ട്‌. പ്രസംഗം
കേൾക്കാൻ ഒരിയ്ക്കൽ എറണാകുളത്തു നെഹ്രു സ്റ്റേഡിയത്തിലും വന്നിട്ടുണ്ട്‌.
അതെല്ലാം എന്റെ സ്വന്തം അന്വേഷണവഴിയിൽ ചെയ്തത്താണ്‌.
പരീക്ഷണത്തിനായിരുന്നില്ല; പഠിക്കാൻ. അമ്മ പ്രസംഗിക്കുന്നത്‌
അദ്വൈതവേദാന്തം. ഞാനതാണ്‌ സർവ്വകലാശാലയിൽ പഠിച്ചതു. തികഞ്ഞ ദൈവ
വിശ്വാസിയാണ്‌ ഞാനും. അമ്മ പ്രസംഗിയ്ക്കുന്നത്‌ ലോകത്തെ ഉദ്ധരിയ്ക്കാൻ,
ഞാനതാണ്‌ ആഗ്രഹിയ്ക്കുന്നത്‌ വേദാന്തം പഠിച്ച്‌ അത്‌ അവിടവിടെ
പ്രസംഗിച്ച്‌ നടന്നപ്പോൾ കണ്ട്‌ കിട്ടിയ ചില ഒറ്റപ്പെട്ട വ്യക്തി
ദുഃഖങ്ങൾ എല്ലാ വേദാന്തത്തിനും അപ്പുറമാണെന്ന്‌ തിരിച്ചറിഞ്ഞതുകൊണ്ട്‌
ആളെകൂട്ടാതെ, നിശ്ശബ്ദനായി മുങ്ങി നടക്കുന്ന ഒരു ഒറ്റപ്പെട്ട മകനാണിത്‌.
ടി.വിയിൽ കാണുന്ന അമ്മയുടെ പ്രസംഗത്തിലും പ്രാർത്ഥനയിലും അമ്മ അറിയാതെ
ആലിംഗനം ചെയ്യാതെ, ഉൾപ്പെട്ട അനേകം മക്കളിൽ ഒരാളാണ്‌ ഞാനും. അതുകൊണ്ടാണീ
ചോദ്യം.
        മക്കളെല്ലാം ഒരു പോലെയല്ല എന്ന തത്ത്വം അറിയാവുന്നതുകൊണ്ടാണല്ലോ
എല്ലാവരേം ഒന്നാക്കുന്ന ആത്മതത്ത്വം നാം വിളമ്പുന്നത്‌. അമ്മ ഒരു
പത്രത്തിലെഴുതുന്ന കോളം, ഞാൻ വായിയ്ക്കുന്നുണ്ട്‌ എന്നല്ല; അത്‌
തന്നെയാണ്‌ ഞാൻ പഠിച്ച ശ്രീശങ്കര വിരചിത ബ്രഹ്മസൂത്ര ഭാഷ്യത്തിന്റേയും,
സകലവേദാന്ത സാരസർവ്വസ്വമായ ഉപനിഷദ്‌ ഗ്രന്ഥങ്ങളുടേയും അന്തഃസ്സാരം.
അതുകൊണ്ടാണ്‌ ശത്രുവിനോടുപോലും സൗമ്യതയും ദയയും കാരുണ്യവും കാട്ടാൻ അമ്മ
പറഞ്ഞു കൊണ്ടിരിയ്ക്കുന്നത്‌. ആ അമ്മ "സത്നാം സിങ്ങിനെ ഇങ്ങോട്ട്‌ വിട്‌,
അവനെ തടയണ്ട" എന്നു പറഞ്ഞെങ്കിൽ ഭക്തനായ ആ മകനും ഒരു ആലിംഗനത്തിൽ
അമർന്നേനെ. സർക്കാർ ചെലവിൽ ആ ശവശരീരം ബീഹാറിലേയ്ക്കു പോയപ്പോഴും അമ്മയോ
അമ്മയുടെ ഭക്ത സാന്നിദ്ധ്യമോ അവിടുണ്ടായിരുന്നില്ല എന്നത്‌ ഉപനിഷദ്‌
പഠിച്ച അതു പ്രചരിപ്പിയ്ക്കുന്ന എന്റെ മനസ്സ്‌ സങ്കീർണ്ണമാക്കുന്നു.
ഇതാണോ വിശ്വപ്രേമം? ഇതാണോ ഒരമ്മയിൽ നിന്ന്‌ മകൻ പ്രതീക്ഷിയ്ക്കുന്നത്‌!
ലോകത്തെ സമഷ്ടി രൂപത്തിൽ കാണുന്ന എതൊരമ്മയ്ക്കും പറ്റുന്ന അമളിയല്ലേ ഈ
അമ്മയ്ക്കും പറ്റിയത്‌. വ്യക്തിയില്ലെങ്കിൽ പിന്നെന്തോന്ന്‌
സമഷ്ടിചിന്ത!? അതുപോട്ടെ അമ്മവെറും ഒരു സാധാരണ സ്ത്രീയാണോ ഒരു
ചെറുപ്പക്കാരന്റെ ആക്രോശം കേട്ട്‌ പേടിച്ച്‌ ഇല്ലാതായിപ്പോകുന്ന വെറുമൊരു
സ്ത്രീ? അല്ലേൽ പിന്നെ, അമ്മയ്ക്ക്‌ നേരിടാനാകത്തെ, ആ ചെക്കനെ പോലീസ്‌
കൊണ്ടുപോയതെങ്ങിനെ? സ്നേഹം കൊണ്ടും കാരുണ്യം കൊണ്ടും, കീഴടക്കാനാവാത്ത
എന്താണീ ലോകത്തുള്ളത്‌ എന്നല്ലേ അമ്മയും ആവർത്തിച്ച്‌ ആവർത്തിച്ച്‌
ചോദിയ്ക്കുന്നത്‌!?
        ഇതിനു മുമ്പൊരിയ്ക്കൽ ഇതേപോലെ തന്നെ, അമ്മയെക്കാണാൻ തിരക്കുകൂട്ടിയ
മറ്റൊരു കൊല്ലത്തുകാരനും ഭ്രാന്താശുപത്രിയിൽ
പ്രവേശിപ്പിയ്ക്കപ്പെട്ടതായും പിന്നീട്‌ മരണപ്പെട്ടതായും വാർത്ത
വന്നിരിക്കുന്നു. അമ്മയെ കാണാൻ തിരക്ക്‌ കൂട്ടുന്നവർ വഴക്ക്‌ കൂടുന്നതും
ഒച്ചവയ്ക്കുന്നതും അവരെ തടയുന്നവരോടാണെന്നും, അവരെ നിയന്ത്രിയ്ക്കാൻ
തനിക്ക്‌ പറ്റുമെന്നും വിശ്വസിയ്ക്കേണ്ടതല്ലേ അമ്മ. ഇത്രയൊക്കെയായിട്ടും
അമ്മയുടെ ഈ ബധിരതയും അന്ധതയും എനിക്കു മനസ്സിലാകുന്നില്ല. വാർത്തകളോട്‌
പ്രതികരിയ്ക്കുന്ന സ്വഭാവക്കാരിയാണ്‌ അമ്മ എന്നത്‌ പ്രസംഗത്തിലും
പത്രപംക്തികളിലും കാണാം. പക്ഷേ, ഈ വാർത്തയോട്‌ അമ്മ ഇനിയും പ്രതികരിച്ചു
കണ്ടില്ല.
        അതുംപോട്ടെ, അമ്മ അറിഞ്ഞോ? അമ്മയുടെ എറണാകുളം ആശുപത്രിയിൽ എന്താണ്‌
നടക്കുന്നത്‌! മരുന്ന്‌ പരീക്ഷണം നടത്താൻ പാവപ്പെട്ട രോഗികളെ
ഇരയാക്കുന്നു. അമ്മയുടെ സഹായംകൊണ്ട്‌ സൗജന്യ ചികിത്സ ലഭിച്ചു എന്നു
പറഞ്ഞ്‌ തൊഴുതു നിന്ന പലരും മാറാരോഗികളായവരോ, വഞ്ചിതരായവരോ ആണ്‌.
അവർക്ക്‌ സൗജന്യ ചികിത്സയല്ല നൽകിയത്‌. മറിച്ച്‌ ആ ജീവനെ
പരീക്ഷണവസ്തുവാക്കി, സൗജന്യമാക്കി, അമ്മയുടെ ആശുപത്രി പണത്തിനായി
ഉപയോഗിച്ചിരിക്കുന്നു. അമ്മേ ഞാൻ പറയാറില്ലേ സ്വന്തം വീടു നോക്കാനറിയാതെ
നാടുഭരിക്കാൻ നടക്കുന്നവർക്കൊക്കെ പറ്റുന്ന അബദ്ധമാണിത്‌. അമ്മ
അറിഞ്ഞിട്ടാണ്‌ ഇതെല്ലാം നടന്നത്തെങ്കിൽ അത്‌ ക്രിമിനൽ കുറ്റമാണ്‌.
അറിഞ്ഞു കാണില്ല എന്നെനിയ്ക്കറിയാം പക്ഷേ, അറിയാതിരിയ്ക്കുന്നത്‌
അക്ഷന്തവ്യമായ പിഴയും കുറ്റകരമായ അനാസ്ഥയുമാണ്‌. അമൃതാനന്ദമയി
ആശുപത്രിയ്ക്കും റിസർച്ച്‌ സെന്ററിനും വരുന്ന പണവും ചിലവാക്കുന്ന പണവും
വരവുപോക്കുകളുടെ വഴികളും അമ്മ അറിയാതിരിയ്ക്കുന്നതിലർത്ഥമില്
ല. അവിടെ
വരുന്ന കൃമികീടങ്ങളെ വഞ്ചിച്ചാൽ പിന്നെന്തു സുകൃതം?
        സാരമില്ല; എന്നെ കുരുത്തംകെട്ട ഒരു മകനായി കണ്ടോളു. പക്ഷേ, അമ്മ
പ്രചരിപ്പിയ്ക്കുന്ന സാർവ്വലൗകികപ്രേമം, വ്യക്തികളെ തൊട്ടറിഞ്ഞു ഞാൻ
അനുഭവിക്കുന്നു. എനിക്ക്‌ സത്നാംസിങ്ങും രാമനും കോവാലനും ചികിത്സിയ്ക്കാൻ
പൈസയില്ലാതെ ഓടിയെത്തുന്ന ലക്ഷ്മിയും നാരായണിയും   എല്ലാം
ഒന്നുപോലെയാണ്‌. ഞാനവരെ കെട്ടിപ്പിടിയ്ക്കുന്നില്ല ദാനം ചെയ്യുന്നില്ല.
ഞാൻ ദാനം ആരിൽ നിന്നും വാങ്ങുന്നില്ല. പക്ഷേ സത്നാം സിങ്ങിന്റെ ആത്മാവ്‌
ചോദിക്കുന്നതും പരീക്ഷണവാർത്ത അറിഞ്ഞ ചില രോഗികൾ ചോദിയ്ക്കുന്നതും ഞാൻ
കേൾക്കുന്നു. "അമ്മ ഒരമ്മയാണോ അമ്മേ!?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...