Showing posts with label kavalam sasikumar. Show all posts
Showing posts with label kavalam sasikumar. Show all posts

19 Jul 2012

കാവാലത്തിനു പ്രണാമം


 കാവാലം ശശികുമാര്‍

എല്ലാവരുടെയും ആശാനായ കാവാലം നാരായണപ്പണിക്കരുടെ ശതാഭിഷേക വേളയില്‍ അക്ഷരാര്‍ച്ചനയായി ഈ വരികള്‍....

കാലം തന്‍ തനതു കളത്തില്‍
തകതരികിട താളം തട്ടി
കാവാലം തനതു തലത്തില്‍
കലയാട്ടുന്നതി രസ ചതുരം
തലയാട്ടുവതഖിലരുമനിശം

പൂക്കൈതയാറിനും പൂണൂല്‍ വരമ്പിട്ടു
പൂത്തുലഞ്ഞാടുന്ന നെല്‍ച്ചെടിക്കുഞ്ഞിനും
വാക്കിന്റെ തമ്പുരാന്‍ തുള്ളിപ്പഠിച്ചതാം
വാക്കേറ്റമുള്ളോരു നാട്ടിന്റെ മണ്ണിനും
നോക്കിന്നിതുല്‍സവം കാവാലമിവിടെയൊരു-
നാട്ടിന്റെ പേരല്ല, വീട്ടില്‍ചുരുങ്ങില്ല,
യാറ്റിന്റെയക്കരെക്കടലിന്നുമക്
കരെ-
യ്ക്കെങ്ങൊക്കെയാരൊക്കെയാര്‍ഷ സംസ്കാരത്തി-
നാശയം കാണുന്നു കേള്‍ക്കുന്നവര്‍ക്കിന്നു
വാക്കല്ല പേരല്ല കാവാലമിന്നിദം

കാലം തന്‍ തനതു കളത്തില്‍
തകതരികിട താളം തട്ടി
കാവാലം തനതു തലത്തില്‍
കലയാട്ടുന്നതി രസ ചതുരം
തലയാട്ടുവതഖിലരുമനിശം

സാക്ഷിയായിത്തുടങ്ങീട്ട-
ബ്ഭാസ നാടക ചക്രമഖിലവു-
മാര്യ സംസ്കൃത നാട്യ വൈഭവ-
മാദിയന്തവുമനിശമധികം
സ്പഷ്ടമായങ്ങുള്‍ ഗ്രഹിച്ച-
ബ്ഭരത മുനിയുടെ തത്വഗുണഗണ-
നൃത്ത നാടക രംഗകലതന്‍
സത്തുനാടിനു നല്‍കി മഹിതന്‍

കാലം തന്‍ തനതു കളത്തില്‍
തകതരികിട താളം തട്ടി
കാവാലം തനതു തലത്തില്‍
കലയാട്ടുന്നതി രസ ചതുരം
തലയാട്ടുവതഖിലരുമനിശം

പാട്ടുവാദ്യവുമഖിലനൃത്തവു-
മാര്‍പ്പു വിളിയും പകിടകളിയും
ഞാറ്റുപാട്ടുകള്‍, തേക്കു പാട്ടുകള്‍
വെപ്പു ചുണ്ടനുമോടി ചുരുളനു-
മൊത്തു തുഴയവെയേറ്റു പാടിന
നെഞ്ചുപാട്ടിനുമൊന്നുതാളമ-
തെന്റെ ജീവനതെന്റെ ജീവിത-
മെന്നു പറയവെയൊന്നുചേരുവ-
തിന്നു പേരല്ലല്ലല്ല പെരുമയു-
മൊന്നു ജീവിത സത്യമല്ലോ

കാലം തന്‍ തനതു കളത്തില്‍
തകതരികിട താളം തട്ടി
കാവാലം തനതു തലത്തില്‍
കലയാട്ടുന്നതി രസ ചതുരം
തലയാട്ടുവതഖിലരുമനിശം

കാല്‍ക്കല്‍ത്താന്‍ ചേര്‍പ്പിതു നിഭൃതം
കാവാലക്കരയുടെ കുസുമം
കാവാലപ്പെരുമയെ വിശ്വം-
കാണിച്ചൊരു ഗുരുവിന്‍ ചരണം-
പൂജിക്കും ശിഷ്യഗണത്തിന്‍
പൂവിട്ട മനസ്സിന്‍ കുസുമം


കണ്ടൂ പൂര്‍ണ സിതാഭനായ ശശിയെ,ക്കൊണ്ടൂ ഭവാന്‍ കീര്‍ത്തിയെ-
ക്കണ്ടൂ വൈഭവമിന്നു നാടു നിറയെക്കൊണ്ടൂ യശസ്സാം ശ്രിയേ
ചെല്പും മാലയുമായി നില്‍പ്പു  പലരും കൈക്കൊള്‍ക; കര്‍മ്മത്തെയും,
പണ്ടേപ്പോലെ ലസിക്ക, കാണ്‍ക ഗുരുവേ ശീതാംശു നൂറായിരം



13 Sept 2011

നിര്‍ബന്ധച്ചിണുങ്ങുകള്‍


കാവാലം ശശികുമാർ

ആകാശത്തിമിലയിലാര്‍ത്തുകൊട്ടണമൊട്ട-
ങ്ങാകാവും മട്ടില്‍ തിമിര്‍ത്താടണം മതിയോളം
ആനന്ദക്കൊടിക്കൂറ പാറ്റണം മുഴുനീളെ-
യാര്‍ക്കു കണ്ടാലും തെല്ലു വിസ്മയം ജനിക്കണം....
കൊതിയാണുള്ളില്‍; മോഹച്ചിറകില്‍ പാറിച്ചുറ്റി-
ത്തിരിയാനാവാത്തതെന്താണെന്നൊരുള്‍ഖേദത്തില്‍
അരുമക്കിടാവിന്റെ കുഞ്ഞിളം കവിളിന്മേല്‍, വിരലില്‍,
ചികുരത്തില്‍ മെല്ലെഞാന്‍ തഴുകുമ്പോള്‍....

കുളിരിന്‍ നാണംതേച്ചു നീരാടിക്കഴിഞ്ഞന്തി-
ത്തിരിയും കാവില്‍തെളിച്ചെത്തിയൊരിളം കാറ്റോ-
ചെവിയില്‍ മൊഴിഞ്ഞത്? കാലൊച്ച കേള്‍പ്പിക്കാതെ;
കഴിയും മട്ടില്‍ ചെയ്വൂ ഞാനെന്റെ കര്‍ത്തവ്യങ്ങള്‍

അതിലെന്‍ ചലച്ചിത്തലീനമാം വൈമുഖ്യപ്പാഴ്-
ചിമിഴും മുനിഞ്ഞുപോയ്-നിര്‍ബന്ധച്ചിണുങ്ങതും
വെറുതേ പാഴാക്കാതെ സൌവര്‍ണ നിമിഷങ്ങ-
ളകവും പുറവുമായ് ചേര്‍ത്തു ഞാന്‍ തുന്നിക്കെട്ടി.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...