Showing posts with label abe jacob. Show all posts
Showing posts with label abe jacob. Show all posts

19 Jul 2015

37 തെങ്ങിൽ നിന്ന്‌ ഗോപിക്ക്‌ ലഭിച്ചതു - 1,20,000




ആബെ ജേക്കബ്‌

അഞ്ചു തലമുറകൾ മുമ്പ്‌ തമിഴ്‌നാട്ടിലെ മധുരയിൽ നിന്ന്‌ പാലക്കാട്‌ ജില്ലയിലെ ചിറ്റൂർ  പുതുശേരി  വിളയോടി ഗ്രാമത്തിലേയ്ക്ക്‌ കാർഷിക വൃത്തിയുമായി വന്ന പുത്തൻവീട്ടിൽ സ്വാമിനാഥൻ മന്നാടിയാരുടെ മകൻ ഗോപിനാഥൻ പഠിച്ചതു എൻജിനിയറിങ്‌ ആണ്‌. പക്ഷെ തലമുറകളായി തുടർന്നു വന്ന കൃഷിയിൽ തന്നെയാണ്‌ ഗോപിയുടെയും മനസ്‌ മുഴുവൻ.  പെരുമാട്ടി നാളികേര ഉത്പാദക ഫെഡറേഷന്റെ കീഴിലുള്ള വിളയോടി സംഘാംഗമായ ഗോപി മികച്ച നാളികേര കർഷകനാണ്‌. കുടുംബ വകയായി 30 ഏക്കർ തെങ്ങിൻ തോപ്പാണ്‌ ഉള്ളത്‌. നാൽപത്തിനാലുകാരനായ ഗോപി ഭാര്യക്കും മക്കൾക്കുമൊപ്പം പാലക്കാട്‌ നൂറണിയിലുള്ള തൊണ്ടികുളം ഗ്രാമത്തിൽ ആണ്‌ സ്ഥിര താമസമെങ്കിലും ആഴ്ച്ചയിൽ രണ്ടു വട്ടം പുതുശേരിക്ക്‌ പോകും. അഛനും അമ്മയും അവിടെയാണ്‌. മാത്രമല്ല, കൃഷിയിടത്തിലെ കാര്യങ്ങൾ വേണ്ടവിധം നടക്കുന്നുണ്ടോ എന്ന്‌ അറിയുകയും വേണം. തോട്ടത്തിലെ ജോലികൾക്ക്‌ മേൽ നോട്ടം വഹിക്കാൻ അഞ്ച്‌ സ്ഥിരം സൂപ്പർവൈസർമാർ ഉണ്ട്‌. എന്നാലും ആഴ്ച്ചയിൽ രണ്ടുവട്ടം ഗോപി തോട്ടത്തിൽ എത്തും.
കൃഷി മാത്രമല്ല ഗോപിയുടെ ഇഷ്ടങ്ങൾ. ഗോപി തന്റെ തെങ്ങിൻ തോട്ടത്തിൽ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഫാം ടൂറിസം കൂടി നടപ്പാക്കിവരികയാണ്‌.  ഫാം ഹൗസിന്റെ നിർമ്മാണം പൂർത്തിയായി. അടുത്ത ഘട്ടമായി കോട്ടേജുകൾ നിർമ്മിക്കും. അതിനു മുമ്പ്‌ തെങ്ങിനിടയിൽ വിവിധ ഇടവിളകളും മറ്റും കൃഷിചെയ്ത്‌ വിള വൈവിധ്യവത്ക്കരണം നടത്തി. കൊക്കോ, വാഴ, പച്ചക്കറികൾ, കുരുമുളക്‌, മത്സ്യകൃഷി, സങ്കര ഇനം മാവുകൾ തുടങ്ങിയവയെല്ലാം ആദായം നൽകി തുടങ്ങി. നാലു വർഷമായി ഗോപി തെങ്ങിൻ പുരയിടത്തിൽ  ഇത്തരത്തിലുള്ള പരിചരണ മുറകൾ അനുവർത്തിച്ചു തുടങ്ങിയിട്ട്‌.   തോട്ടത്തിനുള്ളിൽ തന്നെയാണ്‌ തറവാട്‌വീടും.
മൂപ്പത്‌ ഏക്കർ തെങ്ങിൻ പുരയിടം ഗോപിയുടെയും അനുജൻ സതീഷിന്റെയും കൂടിയാണ്‌. സതീഷ്‌ വിദേശത്താണ്‌. ഇപ്പോൾ എല്ലാം കൂടി 600 തെങ്ങുകൾ ഉണ്ട്‌. മിക്കവാറും എല്ലാം 15 വർഷം പ്രായമായവ. സാധാരണ ഗതിയിൽ ചിറ്റൂർ മേഖലയിൽ തെങ്ങ്‌ കൊതുമ്പു പൊട്ടിയാലുടൻ കള്ള്‌ ചെത്താൻ കൊടുക്കുകയാണ്‌ കൃഷിക്കാരുടെ ശീലം. നാളികേരത്തിൽ നിന്നുള്ള വരുമാനം തുഛമായിരുന്ന സമയത്ത്‌ ഈ ശീലം വ്യാപകമായിരുന്നു. പക്ഷെ ഗോപിയുടെ തോട്ടത്തിൽ ഒറ്റ തെങ്ങു പോലും കള്ളു ചെത്താൻ ഇതുവരെ കൊടുത്തിട്ടില്ല.   തെങ്ങു ചെത്തി കള്ളു വിറ്റുള്ള ആദായം വീട്ടിൽ വേണ്ട എന്നതാണ്‌ അഛന്റെ തീരുമാനം. അത്രയ്ക്ക്‌ കണിശക്കാരനാണ്‌ സ്വാമിനാഥൻ. അതെ വഴിയാണ്‌ ഗോപിയും സ്വീകരിച്ചതു.
നാളികേര വികസന ബോർഡിന്റെ കീഴിൽ വിളയോടി കേന്ദ്രമായി ഉത്പാദക സംഘം രൂപീകൃതമായപ്പോൾ ഗോപിയുംഅതിൽ അംഗമായി. പിന്നീട്‌ പെരുമാട്ടി ഫെഡറേഷന്‌ നീര ഉത്പാദനത്തിന്‌ ലൈസൻസ്‌ ലഭിച്ചപ്പോൾ കമ്പനി അധികൃതർ ഗോപിയെ സമീപിച്ച്‌ നീര ചെത്തുന്നതിന്‌ തെങ്ങുകൾ വിട്ടു നൽകാൻ അഭ്യർത്ഥിച്ചു. പക്ഷെ  അഛൻ സമ്മതിച്ചില്ല.  ചെത്താൻ തെങ്ങ്‌ നൽകണ്ട എന്നതായിരുന്നു  അദ്ദേഹത്തിന്റെ  കർക്കശ നിലപാട്‌. കള്ള്‌ ഉത്പാദനത്തിനല്ല തെങ്ങു നൽകുന്നത്‌ നീര ഉത്പാദിപ്പിക്കാനാണ്‌  എന്ന്‌  അഛനെ പറഞ്ഞ്‌ ബോധ്യപ്പെടുത്താൻ നീരയെക്കുറിച്ച്‌ വിശദമായ ഒരു സ്റ്റഡിക്ലാസ്‌ തന്നെ വേണ്ടി വന്നു എന്ന്‌ ഗോപി.
അങ്ങനെയാണ്‌ കഴിഞ്ഞ ഏപ്രിൽ മാസം മുതൽ 40 തെങ്ങുകൾ നീര ഉത്പാദനത്തിന്‌ വിട്ടു നൽകിയത്‌. ഇതിൽ മൂന്നെണ്ണം ഉപേക്ഷിച്ചു. ബാക്കി 37 തെങ്ങിൽ നിന്ന്‌ നല്ല അളവിൽ നീര ലഭിക്കുന്നുണ്ട്‌. ശരാശരി പ്രതിദിന നീര ഉത്പാദനം 60 ലീറ്ററാണ്‌.  ഗോപിയുടെ തോട്ടത്തിലെ ഒരു തെങ്ങിൽ നിന്ന്‌ ശരാശരി ഉത്പാദനം വർഷം 80 നാളികേരമാണ്‌. രണ്ടു മാസം കൂടുമ്പോൾ 16000 രൂപയായിരുന്നു 600 തെങ്ങിൻ നിന്നുള്ള മൊത്ത വരുമാനം. ഇപ്പോൾ നീര ടാപ്പിങ്ങിലൂടെ ഒരു തെങ്ങിൽ നിന്ന്‌ മാത്രം  മാസം 3500  രൂപ ലഭിക്കുന്നു. കഴിഞ്ഞ മാസം ഗോപിയുടെ 37 തെങ്ങുകളിൽ നിന്ന്‌ 4500 ലിറ്റർ നീരയാണ്‌ ഉത്പാദിപ്പിച്ചതു. പാലക്കാട്‌ ഉത്പാദക കമ്പനിയുടെ കീഴിൽ കഴിഞ്ഞ മാസം ഏറ്റവും നീര ഉത്പാദിപ്പിച്ചതു ഈ കർഷകന്റെ തെങ്ങുകളിൽ നിന്നാണ്‌. പെരുമാട്ടി ഫെഡറേഷന്റെ മാനേജർ അനീഷിനാണ്‌ നീര ഉത്പാദനത്തിന്റെ മേൽ നോട്ടം. മൊത്തം എട്ട്‌ ടെക്നീഷ്യന്മാരാണ്‌ ഈ തോട്ടത്തിൽ നീര ടാപ്പിങ്ങിൽ ഏർപ്പെട്ടിരിക്കുന്നത്‌.
കഴിഞ്ഞ അഞ്ച്‌ വർഷമായി ഗോപി തന്റെ തോട്ടം നന്നായി പരിപാലിക്കുന്നു. തോട്ടം മൊത്തം കമ്പിവേലിയിട്ട്‌ സംരക്ഷിക്കുന്നു. ജലസേചനത്തിന്‌ ഡ്രിപ്പ്‌ ഇറിഗേഷനാണ്‌. ജൈവവളമാണ്‌ തെങ്ങുകൾക്കു നൽകുന്നത്‌. പ്രധാനമായും കാലിവളം ശരാശരി 50 കിലോഗ്രാം വീതം. മുഖ്യ ഇടവിള കൊക്കോയും കുരുമുളകുമാണ്‌.  ജില്ലയിലെ തന്നെ ഏറ്റവും മികച്ച കൊക്കോ തോട്ടമാണ്‌ ഗോപിനാഥിന്റേത്‌.
പാലക്കാട്‌ കമ്പനിയുടെ കീഴിൽ ജോലി ചെയ്യുന്ന സുരേഷാണ്‌ ഗോപിയുടെ തോട്ടത്തിലെ ഒരു നീര ടെക്നീഷ്യൻ. നീര ഉത്പാദിപ്പിച്ചതിന്‌ ഈ കഴിഞ്ഞ മാസം പാലക്കാട്‌ കമ്പനിയിൽ നിന്ന്‌ ഏറ്റവും  കൂടുതൽ വേതനം കൈപ്പറ്റിയത്‌  ഇദ്ദേഹമാണ്‌. 30000 രൂപ.
സുരേഷ്‌ മുമ്പ്‌ കള്ളുചെത്ത്‌ തൊഴിലാളിയായിരുന്നു. 12 വർഷത്തോളം ആ തൊഴിലിൽ തുടർന്നു. പെരുമാട്ടി പഞ്ചായത്ത്‌ പ്രസിഡന്റിന്റെ പ്രേരണ മൂലമാണ്‌ നീര ടെക്നീഷ്യനായത്‌. മുതലമടയിൽ ആയിരുന്നു ആദ്യ പഠനം.  പെരുമാട്ടിയിൽ മുൻ എംഎൽഎ കൃഷ്ണൻകുട്ടിയുടെ തോട്ടത്തിലായിരുന്നു പരിശീലനം. ഇപ്പോൾ ഗോപിയുടെ തോട്ടത്തിലാണ്‌ ജോലി. 12 തെങ്ങുകളാണ്‌ സുരേഷ്‌ ടാപ്പു ചെയ്യുന്നത്‌. ദിവസം 40- 60 ലിറ്റർ നീരയാണ്‌ ഉത്പാദനം.
നീര ടെക്നീഷ്യന്റെ ജോലിയിൽ താൻ വളരെ സംതൃപ്തനാണ്‌ എന്ന്‌ ഗോപി പറഞ്ഞു. വിളയോടിയിൽ തന്നെയാണ്‌ സുരേഷിന്റെയും വീട്‌. വീട്ടിൽ നിന്ന്‌ അര കിലോമീറ്ററേയുള്ളു ജോലി സ്ഥലത്തേയ്ക്ക്‌. രാവിലെ ഏഴു മണിക്കു തന്നെ ഗോപി തോട്ടത്തിലെത്തി നീര ശേഖരണവും ടാപ്പിങ്ങും തുടങ്ങും. സഹായിക്കാൻ ഒരാളുണ്ട്‌. പത്തു മണിയോടെ രാവിലത്തെ ജോലികൾ അവസാനിക്കും. വൈകിട്ട്‌ നാലിന്‌ ടാപ്പിംങ്ങ്‌ തുടങ്ങിയാൽ ആറിന്‌ അവസാനിക്കും. കള്ളു ചെത്ത്‌ ആയിരുന്നപ്പോൾ മൂന്നു നേരവും തെങ്ങിൽ കയറണമായിരുന്നു. ഇപ്പോൾ അതില്ല. ജോലി എളുപ്പമാണ്‌.
വീട്ടിൽ സുരേഷിന്‌ അഛനും അമ്മയും സഹോദരങ്ങളുമുണ്ട്‌. വിവാഹിതനാണ്‌. ഭാര്യ വീട്ടമ്മ. ഒരു മകൻ. ഒരേക്കർ സ്ഥലമുണ്ട്‌. അഛൻ അവിടെ കൃഷിപ്പണികൾ നടത്തുന്നു. ലഭിക്കുന്ന ശമ്പളത്തിൽ നിന്ന്‌ പണം സ്വരുക്കൂട്ടി ഒരു വീട്‌ വയ്ക്കണം. അതാണ്‌ സുരേഷിന്റെ സ്വപ്നം.
പെരുമാട്ടിയിലെ തെങ്ങുകൾ പൊതുവെ ആരോഗ്യമുള്ളവയാണ്‌ എന്നാണ്‌ സുരേഷിന്റെ അഭിപ്രായം. എന്നാലും ഡിഃടി ഇനങ്ങളിൽ നിന്നാണ്‌ പെട്ടെന്ന്‌ നീര ലഭിക്കുന്നത്‌. ഒരു തെങ്ങിൽ നിന്നു  ദിവസം 5- 6 ലിറ്റർ വരെ ലഭിക്കും. നല്ല മധുരമുള്ള നീരയാണ്‌ ഈ മേഖലയിലെ തെങ്ങുകളുടെ പ്രത്യേകത എന്നും സുരേഷ്‌ അഭിപ്രായപ്പെട്ടു. പരിശീലന കാലത്ത്‌ ലഭിച്ച അറിവുകളും നിർദ്ദേശങ്ങളും ആണ്‌ ജോലിയിൽ ഏറ്റവും സഹായകം. ഇതിൽ തന്നെ വൃത്തിയുടെ പാഠങ്ങളാണ്‌ പരമ പ്രധാനമെന്ന്‌ സുരേഷ്‌ കരുതുന്നു.

തയാറാക്കിയത്‌ : ആബെ ജേക്കബ്‌

27 Jun 2014

കേര കൃഷിയിടങ്ങളിലും അതിഥീ ദേവോ ഭവ:


ആബെ ജേക്കബ്‌
 നാളികേര വികസന ബോർഡ്‌, കൊച്ചി - 11

പ്രകൃതി അതിന്റെ സുന്ദരഭാവങ്ങൾ കൊണ്ട്‌ അനുഗ്രഹിച്ചിരിക്കുന്ന നാടാണ്‌ നമ്മുടെ കേരളം. അതുകൊണ്ടാണ്‌ ഈ നാടിനെ ദൈവത്തിന്റെ സ്വന്തം നാട്‌ എന്നു വിളിക്കുന്നത്‌. തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ നീണ്ടു കിടക്കുന്ന സഹ്യസാനുക്കളാണ്‌ കേരളത്തിനു സൗന്ദര്യം പകരുന്ന ഒരു ഘടകം. അതേപോലെ വിശാലമായ കടലോരവും നമുക്കുണ്ട്‌.  അറബിക്കടലിന്റെ ഏറ്റവും വശ്യമനോഹരമായ തീരമാണ്‌ തിരുവനന്തപുരം മുതൽ കാസർഗോഡ്‌ വരെയുള്ളത്‌.  മലയോരത്തിനും തീരദേശത്തിനും പുറമേയാണ്‌  കേരളത്തിന്റെ ഐശ്വര്യമായ 44 നദികളും അവയുടെ  പോഷകനദികളും. ഇതും കൂടാതെ നമുക്ക്‌ നിരവധി കായലുകളും ചെറു തടാകങ്ങളുമുണ്ട്‌. കേരളത്തിന്റെ സ്വന്തം ജലവാഹനമായ പായ്‌വഞ്ചികളും അവയുടെ ഓട്ടമത്സരവും എല്ലാം കൂടിയാകുമ്പോൾ വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന സൗന്ദര്യത്തിന്റെയും ആഘോഷങ്ങളുടേയും നാടായി കേരളം മാറുന്നു.
നൂറ്റാണ്ടുകൾക്കു മുന്നേ കേരളത്തിന്റെ പെരുമ വിദേശങ്ങളിലെത്തിച്ചതു നമ്മുടെ സുഗന്ധ നാണ്യവിളകളാണ്‌. മഹത്തായ ഒരു കാർഷിക പാരമ്പര്യത്തിന്റെ വിശുദ്ധമായ പൈതൃകമാണ്‌ നമുക്കുള്ളത്‌.  തനതു കൃഷി രീതികളും, വിളവെടുപ്പും, മലയാളികൾക്കു മാത്രം പാകം ചെയ്യാൻ സാധിക്കുന്ന വിഭവങ്ങളും എല്ലാം  ചേർന്നു രൂപപ്പെടുത്തിയ വൈവിധ്യം നിറഞ്ഞ സംസ്കാരവും കൂടിച്ചേരുമ്പോൾ സത്യത്തിൽ കേരളം സഞ്ചാരികളുടെ പറുദീസയായി മാറുന്നു. ഈ പശ്ചാത്തലത്തിലാണ്‌  വൈവിധ്യവത്ക്കരണത്തിന്റെ ഭാഗമായി നമ്മൾ കാർഷിക മേഖലാ ടൂറിസത്തെ കാണുന്നത്‌.
വളരെ കുറഞ്ഞ മുതൽ മുടക്കിൽ വികസിപ്പിച്ചെടുക്കാവുന്ന കാർഷിക വ്യവസായമാണ്‌ ഫാം ടൂറിസം. ശ്രമിച്ചാൽ വലിയ നേട്ടമണ്ടാക്കാൻ സാധിക്കുന്ന രംഗം. വിദേശ ടൂർ ഓപ്പറേറ്റർമാർ പോലും  അവരുടെ മുൻഗണനാ പട്ടികയിൽ ഇന്നു കേരളത്തിലെ കൃഷിയിട സന്ദർശനങ്ങളെ ഉൾപ്പെടുത്തി തുടങ്ങിയിരിക്കുന്നു. കാർഷിക വൃത്തിയോട്‌ യഥാർത്ഥ അഭിനിവേശവും  നല്ല ഉപചാര മര്യാദകളും പുലർത്തുന്ന പുതുതലമുറയിൽപ്പെട്ട( ഇംഗ്ലീഷ്‌ എങ്കിലും സംസാരിക്കാൻ സാധിക്കുന്ന) കൃഷിക്കാർക്ക്‌ അവരുടെ കൃഷിയിടങ്ങളിൽ നിന്ന്‌  അധിക ആദായമുണ്ടാക്കാനുള്ള മാർഗ്ഗമായി ഫാം ടൂറിസം വളരുകയാണ്‌.
പച്ചപ്പു തേടുന്ന ടൂറിസം
കേരളത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക്‌ ഇവിടുത്തെ നാട്ടു ജീവിതത്തിലേയ്ക്കും, കൃഷിയിടങ്ങളിലേയ്ക്കും, സംസ്കാരത്തിലേയ്ക്കും കാഴ്ച്ചകളുടെയും അനുഭവങ്ങളുടെയും ജാലകം തുറന്നു കൊടുക്കുക.  പെണ്ണാളുകൾ നിരന്നു നിന്ന്‌ ഞാറു നടുന്ന പുഞ്ചപ്പാടം, വരമ്പത്തെ തെങ്ങിൽ നിന്ന്‌ അരയിൽ ഉറപ്പിച്ച കുടുക്ക നിറയെ പുലരിക്കള്ളും ശേഖരിച്ച്‌ ഇറങ്ങി വരുന്ന ചെത്തു തൊഴിലാളി, നാലാൾ ഉയരത്തിൽ കുത്തിനാട്ടി കെട്ടിപ്പൊക്കിയ മുളങ്കമ്പുകളിലിരുന്ന്‌ മെയ്‌വഴക്കത്തോടെ ചക്രം ചവിട്ടി നെല്ലിനു വെള്ളം തിരിച്ചുവിടുന്ന കർഷകൻ, ഒരു കമുകിൻ തലപ്പിൽ നിന്ന്‌ അടുത്തതിലേയ്ക്ക്‌ ആടിയെത്തി മരം പകർന്ന്‌ പഴുക്കയടയ്കക്കുല താഴേയ്ക്ക്‌ ഊർത്തി വിടുന്ന കമുകു കയറ്റക്കാരൻ,  കൈത്തോടുകളിലൂടെ കൊതുമ്പുവള്ളം തുഴഞ്ഞുപോകുന്ന തരുണീമണികൾ,  നാലുകെട്ടും നടുമുറ്റവുമുള്ള വലിയ തറവാടുവീടുകൾ, അവിടുത്തെ അടുക്കളകളിൽ നിന്ന്‌ പ്രഭാതങ്ങളിൽ ഇഡ്ഡലി വേകുമ്പോൾ ഉയരുന്ന ഗന്ധം, നാക്കിലയിലെ പുന്നെല്ലരിച്ചോറിനൊപ്പം നെയ്യും പരിപ്പും പപ്പടവും വിളമ്പുന്ന സ്വാദിഷ്ഠമായ ഊണ്‌... നോക്കിയാൽ കാഴ്ച്ചകളുടെ വിരുന്നല്ലേ നമുക്കു ചുറ്റും.
 കൃഷിയും നാട്ടു ജീവിതവുമാണ്‌ പുതിയ ടൂറിസത്തിന്റെ ആകർഷണങ്ങളായി മാറുന്നത്‌. കൃഷിഭൂമിയിൽ ടൂറിസത്തിന്റെ അനന്ത സാധ്യതകളാണ്‌ കേരളത്തെ കാത്തിരിക്കുന്നത്‌. ഏറ്റവും ലളിതമായി പറഞ്ഞാൽ ഫാം ടൂറിസം എന്നാൽ  കൃഷിയിടത്തിലെ ടൂറിസം തന്നെ. പക്ഷെ ഇവിടെ വിപണനം ചെയ്യപ്പെടുന്നത്‌ സാധാരണ നാം പറയുന്ന ടൂറിസത്തിന്റെ പഞ്ചനക്ഷത്ര സൗകര്യങ്ങളല്ല, നിരവധിയായ ഗ്രാമീണ, കാർഷിക, ഗാർഹിക അനുഭവങ്ങളാണ്‌. മറുനാട്ടിൽ നിന്നെത്തുന്ന സഞ്ചാരികൾക്ക്‌ കേട്ടു കേൾവി പോലുമില്ലാത്തത്ര വ്യത്യസ്തവും സമ്പന്നവുമായ അനുഭവങ്ങൾ!! അതു മാത്രം പ്രതീക്ഷിച്ച്‌ എത്തുന്ന സഞ്ചാരികളുണ്ട്‌. വളരെ വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നും യാത്രചെയ്ത്‌ വരുന്നവരാണിവർ.  ടൂറിസവും കൃഷിയും പരസ്പര പൂരകമായ മിശ്രണമാണ്‌. ഗ്രാമീണ കേരളത്തിന്‌ ടൂറിസത്തിൽ ചുവടുറപ്പിക്കാൻ സാധിക്കുന്നതും കാർഷിക മേഖലയുമായി ബന്ധപ്പെട്ട്‌ മാത്രമാണ്‌ എന്നോർക്കുക.
നമ്മുടെ കൃഷിയിലേയ്ക്കും സംസ്കാരത്തിലേയ്ക്കും സഞ്ചാരികൾ എത്തുമ്പോൾ അവർക്കായി നാം പ്രത്യേകിച്ച്‌ ഒന്നും ചെയ്യേണ്ടതില്ല. കാർഷിക പ്രവർത്തനങ്ങളിൽ മാറ്റം വരുത്തേണ്ടതുമില്ല.  കൃഷിയിൽ ചെയ്യേണ്ടതെല്ലാം നമ്മൾ ചെയ്യുന്നു. പക്ഷെ കുറെക്കൂടി ചിട്ടയായും, ആകർഷകമായും, പുറമെ നിന്നു വരുന്നവർക്കു കൂടി മനസിലാകത്തക്ക വിധത്തിലും ആ ജോലികൾ ചെയ്യുന്നു എന്നു മാത്രം. നമ്മുടെ കലാബോധവും സൗന്ദര്യ സങ്കൽപ്പങ്ങളും കാർഷിക പ്രവർത്തനങ്ങളിലേയ്ക്കും കൂടി പകർത്തുന്നു. അത്രമാത്രം മതി. അങ്ങിനെയാണ്‌ കാർഷിക കേരളത്തിന്റെ ജീവിതവും സംസ്കാരവും നിറമുള്ള അനുഭവങ്ങളുടെ വിരുന്നാക്കി നാം മാറ്റുന്നത്‌. സഞ്ചാരിയാകട്ടെ, ഈ സംസ്കാരത്തിന്റെ മധ്യത്തിൽ ജീവിച്ച്‌, സ്വയം അതിന്റെ ഭാഗമായിക്കൊണ്ട്‌ തന്റെ വിനോദയാത്രയെ ആയുഷ്കാലത്തേയ്ക്ക്‌ വേണ്ട ഒരു അനുഭവമാക്കി മാറ്റുന്നു. അതുകൊണ്ടാണ്‌ ഒരിക്കൽ വന്നവർ  വീണ്ടും തങ്ങൾക്ക്‌ ഇഷ്ടപ്പെട്ട കൃഷിയിടങ്ങൾ തേടി ഇങ്ങോട്ടു വരുന്നതും സുഹൃത്തുക്കളെയും സ്നേഹിതരെയും പറഞ്ഞയക്കുന്നതും.
പരിസ്ഥിതി ടൂറിസത്തിന്റെ ചെറിയ ഒരു ശാഖ മാത്രമാകുന്നു,  കാർഷിക ടൂറിസം. പരിസ്ഥിതി ടൂറിസം  പ്രകൃതിയിൽ സ്വാഭാവികമായുള്ള  ഘടകങ്ങളെ ഉത്പ്പന്നങ്ങളാക്കി മാറ്റുമ്പോൾ കാർഷിക ടൂറിസം ഊന്നൽ കൊടുക്കുന്നത്‌ പ്രകൃതിക്കൊപ്പം കൃഷിയിടത്തിനു കൂടിയാണ്‌, അത്രേയുള്ളൂ വ്യത്യാസം. പ്രകൃതിയുടെ സ്വാഭാവികമായ പ്രവർത്തനങ്ങളിൽ മനുഷ്യൻ നടത്തുന്ന ഇടപെടലാണല്ലോ കൃഷി. ആ അർത്ഥത്തിൽ ഫാം ടൂറിസത്തിന്റെ ഉത്പ്പന്നങ്ങൾ ഒരേ സമയം പ്രകൃതിയിൽ തന്നെ ഉള്ളവയും അവയ്ക്കു മൂല്യവർധനവ്‌ വരുത്തി എടുക്കുന്നവയുമാകുന്നു. ഗ്രാമത്തിന്റെ പ്രകൃതി ഭംഗി, കൈത്തോടുകൾ, മലനിരകൾ, വയലേലകൾ, മഴക്കാലം, നിലാവുള്ള രാത്രികൾ ഇവയൊക്കെ പ്രകൃതിയിൽ സ്വാഭാവികമായി ഉള്ളവ തന്നെ. എന്നാൽ കൃഷിപ്പണി, വിളവെടുപ്പ്‌, സംഭരണം, സംസ്കരണം, മീൻപിടിത്തം, നാട്ടു ചന്തകൾ, പാചകം തുടങ്ങിയവ നാം മൂല്യവർധനവ്‌ വരുത്തിയ കാഴ്ച്ചകളും അനുഭവങ്ങളുമായി മാറുന്നു.
അതിഥിയെ മനസിലാക്കുക
ഫാം ടൂറിസത്തിലേയ്ക്ക്‌ ഇറങ്ങാൻ തയാറാകുന്നവർ  ചെയ്യേണ്ട ചില ഗൃഹപാഠങ്ങളുണ്ട്‌. ആദ്യത്തേത്‌ വരാനിരിക്കുന്ന അതിഥിയെ അറിയുക എന്നതാണ്‌. എന്താണ്‌ നമ്മുടെ അതിഥി ആഗ്രഹിക്കുന്നത്‌ എന്ന്‌ മനസിലാക്കുക. കേരളത്തിലേയ്ക്ക്‌ എത്തുന്ന രാജ്യാന്തര സഞ്ചാരികൾക്കെല്ലാം കൃത്യമായ ലക്ഷ്യങ്ങളുണ്ട്‌, അതിലും കൂടുതലായി ആഗ്രഹങ്ങളുണ്ട്‌. ഒപ്പം മനസിൽ ഓടിയെത്തുന്ന പ്രലോഭനങ്ങളുമുണ്ട്‌. വിശാലമായ കായൽ തീരങ്ങൾ, ആരോഗ്യ ജീവിതത്തിന്റെ താക്കേലായ ആയുർവേദം, തെക്കുവടക്ക്‌ നീണ്ടു കിടക്കുന്ന കടലോരം, അത്ര തന്നെ വിശാലമായ മലയോരം  - ഇവയെല്ലാം കേരളത്തിന്റെ പെരുമകളാണ്‌. ഇവയ്ക്കെല്ലാം പുറമെ, സഞ്ചാരികൾ കാണാനും പരിചയപ്പെടാനും ആഗ്രഹിക്കുന്ന ഘടകങ്ങളാണ്‌ ഇവിടുത്തെ സംസ്കാരവും നാട്ടുജീവിതവും കൃഷിയും.
യഥാർത്ഥ കേരളം ഗ്രാമങ്ങളിലാണ്‌ ജീവിക്കുന്നത്‌ എന്ന്‌ അറിയാത്തവരല്ല ഇവിടെ എത്തുന്ന സഞ്ചാരികളിൽ നല്ല ശതമാനവും. പക്ഷെ ഗ്രാമീണ കേരളത്തെ കാണാതെയും പരിചയപ്പെടാതെയുമാണ്‌ അവരൊക്കെ തന്നെ ഓരോ അവധിക്കാലവും കഴിഞ്ഞ്‌ മടങ്ങുന്നത്‌.  കേരളത്തിലെ കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, ദാമ്പത്യത്തിന്റെ പവിത്രതയും ഒക്കെ വിദേശങ്ങളിൽ പ്രശസ്തമാണ്‌. അത്തരമൊരു കുടുംബാന്തരീക്ഷത്തിൽ ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ പോലും അവർക്കു കഴിയാറില്ല എന്നതാണ്‌ വാസ്തവം. കുടുംബം, ബന്ധങ്ങൾ തുടങ്ങിയ മൂല്യങ്ങൾക്കൊന്നും വിലയില്ലാത്ത ഒരു സംസ്കാരത്തിൽ നിന്നുമാണല്ലോ അവരുടെ വരവ്‌. ഫാം ടൂറിസത്തിലൂടെ യഥാർത്ഥത്തിൽ ചെയ്യേണ്ടത്‌ നമ്മുടെ നാടിന്റെ സ്വന്തം സംസ്കാരത്തെയും മൂല്യങ്ങളെയും ഇവർക്ക്‌ പരിചയപ്പെടുത്തുക എന്നതാണ്‌.
കൃഷിയിടത്തിലെത്തുന്ന സഞ്ചാരികൾ കാഴ്ചകളല്ല ആഗ്രഹിക്കുന്നത്‌. മറിച്ച്‌ അനുഭവങ്ങളാണ്‌.  അവർക്ക്‌ എത്രമാത്രം വ്യത്യസ്തവും നൂതനവുമായ അനുഭവങ്ങൾ  നൽകാൻ സാധിക്കുന്നുവോ അതത്രെ ആതിഥേയൻ എന്ന നിലയിൽ കൃഷിക്കാരന്റെ വിജയം. ഇതിനായി വലിയ വിട്ടുവീഴ്ച്ചകളൊന്നും അയാൾ ചെയ്യേണ്ടതില്ല.  സഞ്ചാരി പ്രതീക്ഷിക്കുന്നതും അതല്ല. നമ്മുടെ സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും തനിമയാണ്‌ നാം അവർക്കു പരിചയപ്പെടുത്തേണ്ടത്‌.
നമുക്കു വിശേഷാൽ പുതുമയൊന്നും തോന്നാത്ത കാഴ്ചകൾ പോലും അവർക്ക്‌ വലിയ അനുഭവങ്ങളായിരിക്കും. തെങ്ങിൽ കയറിയ കുരുമുളകുവള്ളി കായച്ച്‌ നിൽക്കുന്നത്‌, തെങ്ങു ചെത്തി കള്ള്‌ എടുക്കുന്നത്‌, തേങ്ങ പൊതിക്കുന്നത്‌, ചകിരി തല്ലുന്നത്‌, നാര്‌ പിരിച്ച്‌ കയറാക്കുന്നത്‌ തുടങ്ങിയ കാഴ്ചകളുടെ അനുഭവങ്ങളാണ്‌ അവർ തേടുന്നത്‌. അതുകൊണ്ടാണല്ലോ അതിൽ ചിലതെങ്കിലും തങ്ങൾക്കു വഴങ്ങുമോ എന്ന്‌ അവർ സ്വയം പരീക്ഷിച്ചു നോക്കുന്നതും.  കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന്‌ ഭക്ഷണം കഴിക്കുക, അവർക്കൊപ്പം ആരാധനാലയങ്ങളിൽ പോവുക ഇതെല്ലാം അവർക്ക്‌ വിലപ്പെട്ട അനുഭവങ്ങളാണ്‌.
ഫാം ടൂറിസത്തിലെ സഞ്ചാരിക്കു ലഭിക്കുന്നത്‌ അകൃത്രിമങ്ങളായ കാഴ്ച്ചകളും അനുഭവങ്ങളുമാണ്‌. ഇത്തരം സ്വാഭാവിക ഗ്രാമീണ ജീവിതത്തിന്റെ ഭാഗമായി മാറുന്നതിനു വേണ്ടിയാണ്‌ അവർ കേരളത്തിലെത്തുന്നതും. ടൂറിസ്റ്റിൻ മനസിലാക്കുക എന്നു പറഞ്ഞത്‌ ഈ അറിവിനെയാണ്‌. രണ്ടാമതായി വേണ്ടത്‌ അവർക്ക്‌ വ്യത്യസ്തമായ അനുഭവങ്ങൾ നൽകുന്നതിനുള്ള തയാറെടുപ്പുകളാണ്‌. കേരളത്തിന്റെ ഏറ്റവും സുന്ദരമായ മുഖങ്ങൾ സഞ്ചാരിക്കു കാണിച്ചുകൊടുക്കാൻ സാധിക്കുന്നത്‌ ഫാം ടൂറിസത്തിൽ മാത്രമാണ്‌. കാരണം കൃഷിയിടങ്ങൾ വ്യത്യസ്ത അളവിലും സ്വഭാവത്തിലുമുള്ളവയാണ്‌. ഒരു കൃഷിയിടത്തിലെ വിളയായിരിക്കില്ല അടുത്തതിൽ. ഒരു തോട്ടത്തിൽ പൂവാണ്‌ കാഴ്ച്ചയെങ്കിൽ അടുത്തതിൽ കായാണ്‌ കാഴ്ച്ച. മറ്റൊന്നിൽ വിളവെടുപ്പായിരിക്കും അപ്പോൾ.  ഇതെല്ലാം പ്രകൃതി ഒരുക്കുന്ന കാഴ്ച്ചകളുടെ വിരുന്നാണ്‌.
അനുഭവങ്ങൾ ... അനുഭവങ്ങൾ
ഫാം ടൂറിസമെന്നാൽ സഞ്ചാരിയെ കൃഷിയിടത്തിന്റെ നാല്‌ അതിരുകൾക്കുള്ളിൽ ഒതുക്കി നിർത്തുക എന്നതല്ല. അയാളെ അടുത്തുള്ള നാട്ടു ചന്തയിലേയ്ക്കും, ചായക്കടയിലേയ്ക്കും, വായനശാലയിലേയ്ക്കും, തനിയെ അയക്കുക; സൈക്കിൾ സവാരിക്കും, വള്ളംകളിക്കും പക്ഷിനിരീക്ഷണത്തിനും ഒക്കെ കൂട്ടി കൊണ്ടുപോകുക ഇതൊക്ക ആകാവുന്നതാണ്‌. ഇങ്ങനെയാണ്‌ വൈവിധ്യമാർന്ന അനുഭവങ്ങൾ അയാൾക്ക്‌ ഉണ്ടാകുന്നത്‌. ഈ അനുഭവങ്ങളാണ്‌ സഞ്ചാരിക്ക്‌ തന്റെ യാത്രയിലെ അമൂല്യമായ സ്വത്താകുന്നത്‌. അതിനൊപ്പം ശ്രദ്ധ വേണ്ട കാര്യങ്ങൾ - വൃത്തിയുള്ള താമസ സൗകര്യം, അലക്കി വെടിപ്പാക്കിയ വിരികൾ, ടവലുകൾ, ഇരട്ടക്കട്ടിൽ, യൂറോപ്യൻ ടോയ്‌ലറ്റ്‌, ശുചിത്വമുള്ള പരിസരം, സഞ്ചാരിയെ  സ്വന്തം വീട്ടിൽ സ്വീകരിക്കാനുള്ള സന്നദ്ധത. ടൂറിസ്റ്റിന്‌ കൃഷിയിടത്തിൽ താമസമൊരുക്കുന്നത്‌ പണം വാരിയെറിഞ്ഞാകണമെന്നില്ല. ലളിതമായ സംവിധാനങ്ങളാണ്‌ അവർക്ക്‌ ഇഷ്ടം. ഏശി പോലും ആവശ്യപ്പെടാത്തവരാണ്‌ പലരും. താമസ സൗകര്യങ്ങൾ ഒരുക്കമ്പോൾ മുൻതൂക്കം വൃത്തിക്കും ആരോഗ്യ രക്ഷയ്ക്കും ആയിരിക്കണം. നമ്മുടെ വീട്ടിൽ നിത്യോപയോഗത്തിൽ കവിഞ്ഞ വൃത്തിയുള്ള മുറിയുണ്ടെങ്കിൽ അത്‌ അതിഥികൾക്കായി മാറ്റി വയ്ക്കാം. അല്ലെങ്കിൽ  ഔട്ട്‌ ഹൗസുകൾ, അതിഥി മുറികൾ ഇവയൊക്കെ ടൂറിസ്റ്റുകൾക്കു വേണ്ടി  ഹോംസ്റ്റേകളായി മാറ്റിയെടുക്കാം. ഇതൊന്നുമല്ലെങ്കിൽ വീടിനു സമീപം ചെലവു കുറഞ്ഞ ഏതാനും കോട്ടേജുകൾ നിർമ്മിക്കാം. പണം അധികം ചെലവാക്കാതെയുള്ള സൗന്ദര്യവത്കരണം മതി, പക്ഷെ വൃത്തിയുടെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല.
താമസ സൗകര്യം ഒരുക്കുമ്പോൾ കിടക്കമുറിക്കൊപ്പമോ അതിലും കൂടുതലായോ പ്രാധാന്യം നൽകേണ്ടത്‌ കുളിമുറിക്കാണ്‌.  വൃത്തിയാണ്‌ ഇവിടെയും ഒന്നാം സ്ഥാനത്ത്‌. അതിഥിയുടെ സ്വകാര്യത പൂർണമായി സംരക്ഷിക്കാൻ സാധിക്കുന്ന സുരക്ഷിതത്വവും ഉണ്ടായിരിക്കണം.
മൂന്നാമത്തേത്‌ നമ്മുടെ മനോഭാവമാണ്‌. പൂർണമനസോടെയും ആഹ്ലാദത്തോടെയും നമ്മുടെ വീട്ടിൽ അതിഥിയെ ഉൾക്കൊള്ളണം. നമുക്ക്‌ ഏറ്റവും പ്രിയപ്പെട്ട ഒരാൾ വർഷങ്ങൾക്കു ശേഷം നമ്മുടെ വീട്ടിൽ വരുമ്പോൾ അദ്ദേഹത്തെ എപ്രകാരം സ്വീകരിക്കുന്നുവോ അതുപോലെ അതിഥികളോട്‌ നാം പെരുമാറണം. വീട്ടിലെ ഒരു അംഗത്തെ പോലെ കരുതലോടെ അതിഥിയോട്‌ ഇടപെടാൻ സാധിക്കുന്നതിലാണ്‌ ആതിഥേയന്റെ വിജയം. നാം അവർക്കുവേണ്ടി കാത്തിരിക്കുകയായിരുന്നുവേന്ന്‌ അവർക്ക്‌ തോന്നണം.
അതിഥീ ദേവോ ഭവ: എന്നതു നമ്മുടെ സംസ്കാരത്തിന്റെ ഭാഗം. അതിഥിക്ക്‌ ശ്രദ്ധയും കരുതലും കൊടുക്കുക. എന്നാൽ അവർക്കായി നമ്മുടെ വീടിന്റെ ചിട്ടയും ക്രമങ്ങളും മാറ്റേണ്ടതുമില്ല. കഴിവതും അതിലേയ്ക്ക്‌ അതിഥികളെ കൂടി പങ്കെടുപ്പിക്കുക.  വീട്ടിലെ ഭക്ഷണ സമയം, പ്രാർത്ഥനാ സമയം ഇവയൊക്കെ അങ്ങനെ തന്നെ തുടരട്ടെ, വീടിന്റെ സമയക്രമങ്ങളിൽ ഒരു വിട്ടുവീഴ്ച്ചകളും ആവശ്യമില്ല.
അതുപോലെ അതിഥികൾക്കു വേറെ മേശ, അവിടെ വേറെ ഭക്ഷണം എന്നതാവരുത്ത്‌ രീതി. വീട്ടുകാരുടെ മേശയിൽ അതിഥികൾക്കും  വീട്ടുകാർ കഴിക്കുന്ന ഭക്ഷണം വിളമ്പുക. പക്ഷെ അവർ ഭക്ഷണം കഴിക്കുന്നതും നടക്കുന്നതും വർത്തമാനം പറയുന്നതും സദാ നോക്കിക്കൊണ്ടു നിൽക്കുന്ന ആരും വീട്ടിൽ ഉണ്ടാവരുത്ത്‌. എന്നാൽ അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു നിറവേറ്റുന്ന കരുതൽ ആവശ്യവുമാണ്‌. അവരുടെ സ്വകാര്യതയാണ്‌ നാം ഏറ്റവും ആദരിക്കേണ്ടത്‌.
ടൂറിസം വിപണി
സൗകര്യങ്ങൾ ഒരുക്കുന്നതില്ല,  അതിഥികൾ നമ്മുടെ പക്കലേയ്ക്ക്‌ എത്തി കിട്ടുന്നതിനാണ്‌ തുടക്കത്തിൽ പ്രയാസം.  ഒരിക്കൽ അതിഥികൾ എത്താൻ തുടങ്ങിയാൽ പിന്നെ കാര്യങ്ങൾ ക്രമമായി നീങ്ങി കൊള്ളും.  നിങ്ങൾ ഒരുക്കുന്ന സൗകര്യം ആളുകൾ അറിയുന്നതും യഥാർത്ഥ ഗുണഭോക്താവ്‌ നിങ്ങളുടെ സൗകര്യങ്ങൾ  അനുഭവിക്കാൻ എത്തുന്നതുമാണ്‌ ടൂറിസത്തിലെ വിപണനം. തുടക്കത്തിൽ ഏതെങ്കിലും ടൂർ ഓപ്പറേറ്റർമാരുടെ സഹായം വേണ്ടിവരും.  കാരണം വിവിധ രാജ്യങ്ങളിൽ നിന്ന്‌ ടൂറിസ്റ്റുകളെ സംഘമായി കൊണ്ടുവരുന്നതും  അവർക്ക്‌ വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുന്നതും ടൂർ ഓപ്പറേറ്റർമാരാണ്‌. പക്ഷെ അവർ കനത്ത കമ്മിഷൻ കൈപ്പറ്റുന്നവർ കൂടിയാണ്‌.  എങ്കിൽ പോലും മറ്റു മാർഗ്ഗങ്ങളില്ല.
ഇന്ന്‌ ടൂറിസം വിപണനത്തിന്‌ ഏറ്റവും പറ്റിയ ബദൽ മാർഗ്ഗം ഇന്റർനെറ്റ്‌ തന്നെയാണ്‌. സ്വന്തമായി ഒരു വെബ്സൈറ്റ്‌ ഡിസൈൻ ചെയ്യുന്നത്‌ ഇപ്പോൾ വലിയ ചെലവേറിയ കാര്യമേയല്ല.  ഫാം ടൂറിസത്തിലേയ്ക്ക്‌ മുതൽമുടക്കുന്നവർക്കെല്ലാം സ്വന്തമായി വെബ്സൈറ്റ്‌  കൂടിയേ തീരൂ.  സൈറ്റ്‌ ഉണ്ടാക്കിയാൽ മാത്രം പോരാ, അത്‌ എപ്പോഴും അപ്ഡേറ്റ്‌ ചെയ്യുക, സൈറ്റുകളെക്കുറിച്ച്‌ വിവരങ്ങൾ നൽകുന്ന സേർച്ച്‌ എൻജിനുകളിൽ ആദ്യ നിരയിൽ തന്നെ നമ്മുടെ സൈറ്റ്‌ ലിസ്റ്റ്‌  ചെയ്യപ്പെടാൻ വേണ്ട ക്രമീകരണങ്ങൾ നടത്തുക, ഓൺലൈനിൽ വരുന്ന അന്വേഷണങ്ങൾക്ക്‌ കൃത്യമായി മറുപടി അയക്കുക ഇതൊക്കെ നിഷ്ഠയോടെ പൈന്തുടരണം.   ഇന്ന്‌ ലേകം മുഴുവനുള്ള ടൂറിസ്റ്റുകൾ അവരുടെ യാത്രകൾ ചിട്ടപ്പെടുത്താൻ ആശ്രയിക്കുന്നത്‌ വെബ്സൈറ്റുകളെയാണ്‌.  ബുക്കിംങ്ങ്‌ ഉൾപ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും സഞ്ചാരികൾ ചെയ്യുന്നത്‌ നെറ്റുവഴിയാണ്‌.  വിപണത്തിനുള്ള മറ്റൊരു മാർഗ്ഗം നേർസാക്ഷ്യങ്ങളാണ്‌. ഒരു അതിഥിയെ നന്നായി സത്ക്കരിച്ച്‌ മടക്കിയാൽ ലക്ഷ്യം പകുതി നേടി എന്നു കരുതാം.  കാരണം, അയാൾക്ക്‌ ഏതു തരത്തിലുള്ള അനുഭവമാണ്‌ നമുക്ക്‌ നൽകാൻ കഴിഞ്ഞത്‌  എന്നതിനെ ആശ്രയിച്ചാണ്‌ തുടർന്നുള്ള സഞ്ചാരികളുടെ  വരവ്‌. സ്വദേശത്ത്‌ തിരിച്ചെത്തിയാൽ അവർ  നൽകുന്ന സാക്ഷ്യമാണ്‌ പിന്നീടു വരാനിരിക്കുന്നവർക്കുള്ള ഏറ്റവും നല്ല വഴികാട്ടി.  അതുകൊണ്ട്‌ അതിഥികൾക്ക്‌ പരമാവധി ആസ്വദ്യകരവും അവിസ്മരണീയവുമായ അവധിക്കാലങ്ങൾ സമ്മാനിക്കാൻ  നമുക്കു സാധിക്കണം.
നല്ല ആതിഥേയനാവുക
ഇവിടെ ഒന്നാമതായി അതിഥികളുടെ ഭക്ഷശീലങ്ങളും മറ്റ്‌ ആവശ്യങ്ങളുമാണ്‌ ശ്രദ്ധിക്കേണ്ടത്‌. മിക്ക അതിഥികളും കേരളത്തിന്റെ സ്വന്തം ഭക്ഷണങ്ങൾ തന്നെ വേണമെന്ന്‌ ആഗ്രഹിക്കുന്നവരും ആവശ്യപ്പെടുന്നവരുമാണ്‌.  തങ്ങൾ ശീലിച്ച ഭക്ഷണം ആവശ്യപ്പെടുന്നവരും ചുരുക്കമായുണ്ട്‌.  സാധിക്കുന്നത്ര വഴങ്ങുക. എന്നു കരുതി ഒരാൾ മെക്സിക്കൻ ഭക്ഷണം ആവശ്യപ്പെട്ടാൽ അതുണ്ടാക്കാൻ കുക്കിനെ തേടി പേകേണ്ടതില്ല. കഴിവതും മസാലകളും എരിവും കുറഞ്ഞ ഭക്ഷണങ്ങൾ തയാറാക്കുക. ആർക്കെങ്കിലും മസാലയോ എരിവോ കൂടുതൽ വേണമെങ്കിൽ അവർ ആവശ്യപ്പെടും.  അപ്പോൾ മാത്രം അതിനു തുനിയുക.  നമ്മുടെ തനി നാടൻ ഭക്ഷണങ്ങൾ (ഉദാഹരണത്തിന്‌ കപ്പ) രുചിക്കാൻ നൽകി,  അതിഥികളുടെ അഭിപ്രായം അറിഞ്ഞ ശേഷം  മാത്രം കൂടുതൽ വിളമ്പുക.  ഒരിക്കൽ പോലും നിർബന്ധിച്ച്‌ ഭക്ഷണം കഴിപ്പിക്കരുത്‌. മതി എന്ന്‌ പറഞ്ഞാൽ അവിടെ നിറുത്തുക.  ഭക്ഷണം കഴിപ്പിച്ചേ അടങ്ങൂ എന്ന വാശി വേണ്ട.  ഭക്ഷണം മേശപ്പുറത്തു വച്ചാൽ മതി, അവർ ആവശ്യമുള്ളത്‌ എടുത്തുകൊള്ളും. കഴിവും വീട്ടുകാർകൂടി അവർക്കൊപ്പം ഭക്ഷണം കഴിക്കുക. കഴിക്കാത്തവർ അവിടെ നോക്കി നിൽക്കുകയുമരുത്‌.
കുടിക്കാൻ നൽകുന്ന വെള്ളത്തിന്റെ കാര്യത്തിലാണ്‌ രണ്ടാമതായി ഏറ്റവും ശ്രദ്ധ വേണ്ടത്‌. നമ്മുടെ വീട്ടുമുറ്റത്തെ കിണർ വെള്ളത്തിന്റെ ശുദ്ധിയിൽ നമുക്ക്‌ പൂർണ വിശ്വാസം ഉണ്ടാകാം. പക്ഷെ  അവർക്ക്‌ ഉണ്ടായിരിക്കണമെന്നില്ല. അതുകൊണ്ടു കഴിവതും കുപ്പികളിൽ ലഭിക്കുന്ന മിനറൽ വാട്ടർ മാത്രം നൽകുക.  അതിഥികൾക്ക്‌ അവരുടെ സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുക. സദാ അവരുടെ മുറികൾക്കു സമീപം ചുറ്റിപ്പറ്റി നിൽക്കുകയും ഉപചാരങ്ങൾ കൊണ്ട്‌ വീർപ്പു മുട്ടിക്കാതിരിക്കുകയും ചെയ്യുക. സുപ്രധാനമായ മൂന്നാമത്തെ കാര്യം,  സാധിക്കുന്ന കാര്യങ്ങൾ മാത്രം വാഗ്ദാനം ചെയ്യുക, നൽകുന്ന വാഗ്ദാനങ്ങൾ മുഴുവൻ നിറവേറ്റുക എന്നതാണ്‌.

24 May 2014

പൊങ്ങിൽ നിന്ന്‌ പോഷകാഹാരം
ആബെ ജേക്കബ്‌
നാളികേര വികസന ബോർഡ്‌, കൊച്ചി-11

തേങ്ങയുടെ പൊങ്ങിൽ നിന്ന്‌ പുതിയ പോഷകാഹാരം  വികസിപ്പിച്ച്‌   കളമശേരിയിലെ എസ്സിഎംഎസ്‌ ബയോടെക്നോളജി ഗവേഷണ വിഭാഗം വീണ്ടും  ശ്രദ്ധാകേന്ദ്രമാകുന്നു. തേങ്ങ കിളിർക്കുന്നതിനു മുമ്പായി  അതിന്റെ വെള്ളം വറ്റി കാമ്പിന്റെ കനം കുറഞ്ഞ്‌  ഉള്ളിൽ  ഗോളാകൃതിയിൽ  ക്രീം നിറത്തിൽ ഒരു ഖര വസ്തു രൂപം പ്രാപിക്കുന്നു. പൊങ്ങ്‌ എന്ന്‌ നാട്ടുഭാഷയിലും ഹോസ്റ്റോറിയം എന്ന്‌ ശാസ്ത്ര നാമത്തിലും ഇത്‌ അറിയപ്പെടുന്നു. തേങ്ങയിൽ നിന്നു പുറത്തു വരുന്ന മുകുളത്തിന്‌  അടുത്ത രണ്ടു മൂന്നു മാസത്തേയ്ക്ക്‌ വളരാൻ  പ്രകൃതി ഒരുക്കുന്ന പോഷകമാണ്‌ ഈ പൊങ്ങ്‌.  ഇന്നോളം ഒരു ഗവേഷകനും ഇതിനെ പഠന വിധേയമാക്കിയിരുന്നില്ല. എന്നാൽ കളമശേരി എസ്സിഎംഎസ്‌ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ബയോടെക്നോളജി ഡയറക്ടർ ഡോ.മോഹൻകുമാറിന്റെ നേതൃത്വത്തിൽ ഒരു സംഘം ഗവേഷകർ നടത്തിയ പഠനം അത്ഭുതകരമായ വിവരങ്ങളാണ്‌ പൊങ്ങിനെ സംബന്ധിച്ച്‌ കണ്ടെത്തിയിരിക്കുന്നത്‌. പ്രകൃതിയിലുള്ള  മറ്റ്‌ ഒരു ആഹാര പദാർത്ഥത്തിലും ഇല്ലാത്ത അത്ര അളവിൽ  പോഷകങ്ങൾ നിറഞ്ഞ ആഹാരപദാർത്ഥമാണ്‌ തേങ്ങയ്ക്കുള്ളിൽ രൂപപ്പെടുന്ന പൊങ്ങ്‌. സുഷുപ്താവസ്ഥയിൽ നിന്ന്‌ ഉണർന്ന തെങ്ങിൻ തയ്യിന്‌ മണ്ണിൽ നിന്നുള്ള വളങ്ങളുടെയും മറ്റു പോഷകങ്ങളുടെയും സഹായം കൂടാതെ പോലും മൂന്നു മാസക്കാലം സുക്ഷിതമായി എന്നാൽ ഊർജ്ജസ്വലമായി വളരാനുള്ള എല്ലാ പോഷകങ്ങളും പൊങ്ങിന്റെ കോശങ്ങളിൽ നിറച്ചു വച്ചിരിക്കുകയാണ്‌ പ്രകൃതി.
ഈ തിരിച്ചറിവിൽ നിന്നാണ്‌ എസ്സിഎംഎസ്‌ ലെ ഗവേഷകർ നാളികേര വികസന ബോർഡിന്റെ സഹകരണത്തോടെ പഠനം ആരംഭിച്ചതു. കൊഴുപ്പ്‌ തീരെ ഇല്ലാത്തതും എന്നാൽ മനുഷ്യ ശരീരത്തിന്റെ വളർച്ചയെ ഏറെ സഹായിക്കുന്നതുമായ ഒരു പോഷകാഹാരമാണ്‌  ഇപ്പോൾ ഗവേഷകർ പൊങ്ങിൽ നിന്നു വികസിപ്പിച്ചിരിക്കുന്നത്‌. പൊങ്ങിന്റെ ജലാംശം പൂർണമായി നീക്കം ചെയ്ത്‌ പെടിച്ച്‌ എടുക്കുന്ന പൗഡർ ഇന്നു വിപണിയിൽ ലഭിക്കുന്ന ഏതു  തരം ടിൻ ഫുഡ്ഡുകളേക്കാളും മികച്ചതാണെന്ന്‌ പരിശോധനാ ഫലങ്ങൾ തെളിയിച്ചിരിക്കുന്നു.  പ്രത്യേകിച്ച്‌ കുഞ്ഞുങ്ങളുടെയും പ്രായമായവരുടെയും ശരീരകോശങ്ങളുടെ പോഷണത്തിന്‌ ആവശ്യമായ എല്ലാ ധാതുക്കളും ലവണങ്ങളും സൂക്ഷ്മ മൂലകങ്ങളും ഇതിൽ നിറഞ്ഞിരിക്കുന്നു.
കരിക്കിൻവെള്ളം തന്നെ പ്രകൃതിജന്യമായ വലിയ പോഷക കലവറയാണ്‌. തേങ്ങ പാകമാകുന്നതോടു കൂടി ഇത്‌ പിന്നീട്‌  ആഭ്യന്തരമായ ചില മാറ്റങ്ങൾക്കു വിധേയമാകുന്നുണ്ടെങ്കിലും അതിലെ പോഷകാംശത്തിന്‌ ഘടനാപരമായ കുറവ്‌ സംഭവിക്കുന്നില്ല. അതുപോലെ തന്നെയാണ്‌ നാളികേര കാമ്പിന്റെ കാര്യവും. തേങ്ങ വരണ്ട്‌ കിളിർക്കാനുള്ള കാലമാകുന്നതോടെ വെള്ളം വറ്റുന്നു, ക്രമേണ കാമ്പിന്റെ കനവും കുറയുന്നു. വെള്ളത്തിലെ പോഷകാംശങ്ങളും കാമ്പിലെ കൊഴുപ്പും ഗ്ലൈയോക്സിലൈറ്റ്‌ മെറ്റാബോളിസം എന്ന ജൈവരാസ പ്രക്രിയ വഴി പൊങ്ങിലേയ്ക്ക്‌ സുർക്കോസ്‌ ആയി ആവാഹിക്കപ്പെടുകയാണ്‌ ചെയ്യുന്നത്‌.  വിളഞ്ഞ തേങ്ങ 10 ആഴ്ച്ച വെറുതെ കൂട്ടിയിട്ടിരുന്നാൽ മതി അതിനു മുളപൊട്ടും. ഈ മുള പുറത്തേയ്ക്ക്‌ പത്തു സെന്റിമീറ്റർ വളരുമ്പോഴാണ്‌ ഉള്ളിലെ പൊങ്ങ്‌ പൂർണ വളർച്ചയെത്തുന്നത്‌.  കാരണം പ്രത്യുത്പാദന ഘട്ടത്തിലാണ്‌ ഏറ്റവും പോഷകമൂല്യം എല്ലാ ജീവികളും കരുതുക. ഗർഭ പാത്രത്തിൽ മനുഷ്യശിശു വളർച്ചയ്ക്ക്‌ ആവശ്യമുള്ളവ അമ്മയുടെ ശരീരത്തിൽ നിന്നു ശേഖരിക്കുന്നതു പോലെ. ഈ സമയത്താണ്‌ തേങ്ങ പൊതിച്ച്‌ ശ്രദ്ധയോടെ ചിരട്ട മുറിച്ച്‌ പൊങ്ങ്‌ പുറത്തെടുക്കേണ്ടത്‌. പൊങ്ങ്‌ ചിരട്ടയിൽ നിന്ന്‌ പൂർണമായി വേർപെട്ടു കിട്ടാൻ പൊതിച്ച ശേഷം ഈ തേങ്ങ ചൂടുവെള്ളത്തിൽ കുറെ സമയം ഇട്ടുവയ്ക്കും. പിന്നീട്‌  ശ്രദ്ധാപൂർവം ചിരട്ട പൊട്ടിച്ച്‌  പൊങ്ങിനെ അങ്ങനെ തന്നെ അടർത്തി മാറ്റി, ഒഴുകുന്ന വെള്ളത്തിൽ കഴുകി അണുവിമുക്തമാക്കി, അവനിൽ വച്ച്‌ നിർജലീകരിച്ച്‌, പെടിച്ച്‌ എടുക്കുന്നു.  പൊങ്ങിൽ കൂടുതലുമുള്ളത്‌ ജലാംശമാണ്‌. അതുകൊണ്ടാണ്‌ നിർജലീകരിച്ച്‌ പൊടിച്ച്‌ എടുക്കുന്നത്‌. 400 ഗ്രാം പൊങ്ങ്‌ നിർജീകരണം നടത്തി പൊടിച്ച്‌ എടുക്കുമ്പോൾ അതിന്റെ  അളവ്‌ 270 ഗ്രാമായി കുറയും. ടിൻ ഫുഡ്ഡുകൾക്കു പകരം കുട്ടികൾക്കു നൽകാവുന്ന ഏറ്റവും ശുദ്ധവും പോഷകപ്രദവും പ്രകൃതിജന്യവുമായ പ്രഭാത ആഹാരമായി ഇതിനെ ഉപയോഗിക്കാം. ക്രീം രൂപത്തിലും ഈ ഭക്ഷണം വികസിപ്പിച്ചിട്ടുണ്ട്‌. ബ്രഡ്ഡിലും ചപ്പാത്തിയിലും മറ്റും ജാമിനു പകരമായി ഇത്‌ ഉപയോഗിക്കാവുന്നതാണ്‌.
പെങ്ങിനെ സംബന്ധിച്ച്‌ 2013 ജൂലൈയിൽ തുടങ്ങിയ ഗവേഷണ പദ്ധതി കഴിഞ്ഞ മാസമാണ്‌  എസ്സിഎംഎസ്‌ പൂർത്തിയാക്കിയത്‌. ഇതോടെ നാളികേരത്തിന്റെ ഏറ്റവും പുതിയ മൂല്യവർധിത പോഷക ഉത്പ്പന്നമാണ്‌ പൊങ്ങിൽ നിന്ന്‌ വികസിപ്പിച്ചിരിക്കുന്ന കേരന്യൂട്രിവിറ്റ എന്ന്‌ ഗവേഷണവിഭാഗം തലവൻ ഡോ.മോഹൻകുമാർ അവകാശപ്പെട്ടു. ആദ്യം പൂങ്കുലരസായനം, പിന്നീട്‌ നീര, ഇപ്പോൾ ഇതാ ന്യൂട്രിവിറ്റ. പോഷക മൂല്യത്തിന്റെ കാര്യത്തിൽ എല്ലാം ഒന്നിനൊന്ന്‌  മുന്നിലാണ്‌. സുർക്കോസ്‌, പ്രോട്ടീനുകൾ, എൻസൈമുകൾ, വൈറ്റമിനുകൾ, ഹോർമോണുകൾ, അമിനോ ആസിഡുകൾ, മിനറലുകൾ തുടങ്ങി മനുഷ്യ കോശങ്ങളുടെ വളർച്ചയ്ക്ക്‌ ആവശ്യമായ എല്ലാ ഘടകങ്ങളും പൊങ്ങിൽ സമൃദ്ധമായി ഉണ്ട്‌.
ഇത്രയധികം കലോറിയുള്ള ഭക്ഷണം വേറെ നിലവിൽ പ്രകൃതിയിൽ ഇല്ലത്രെ.  3-6 വരെയാണ്‌ ഇതിൽ നാരുകൾ. രണ്ട്‌ ഉത്പ്പന്നങ്ങൾക്കും നിലവിൽ നാലു മാസമാണ്‌ സക്ഷിപ്പു കാലാവധി. ഇത്‌ ഇനിയും ദീർഘിപ്പിക്കാനാവും. പ്രിസർവേറ്റീവുകൾ ഒന്നും ചേർക്കാതെയാണ്‌ ഈ ഷെൽഫ്‌ ലൈഫ്‌.  അഞ്ച്‌ പൊങ്ങിൽ നിന്ന്‌ 400 ഗ്രാം പൗഡർ നിർമ്മിക്കാനാവും. കേരന്യൂട്രിവിറ്റ ഉത്പാദിപ്പിക്കുന്നതിന്‌ തേങ്ങ സൂക്ഷിച്ചാൽ അത്‌ നഷ്ടമാവില്ലേ എന്ന ചോദ്യത്തിനും ഡോ.മോഹൻ കുമാർ ഉത്തരം നൽകുന്നു. പൊങ്ങ്‌ എടുത്തശേഷം ലഭിക്കുന്ന തേങ്ങയിൽനിന്ന്‌ ഗുണമേന്മയുള്ള കൊപ്ര ലഭിക്കുകയില്ല എന്നത്‌ സത്യമാണ്‌. പക്ഷെ ഈ തേങ്ങ കൊപ്രയാക്കി അതിൽ നിന്നു ലഭിക്കുന്ന വെളിച്ചെണ്ണ ജൈവ ഇന്ധന നിർമ്മാണത്തിന്‌ ഉപയോഗിക്കാം. നാളികേരത്തിന്റെ കാലാകാലങ്ങളിൽ മാറിമാറി വരുന്ന വിപണിവിലയെ ആശ്രയിച്ച്‌ ഇത്തരത്തിൽ ഉൽപ്പന്നങ്ങൾ ക്രമീകരിച്ചാൽ ഒന്നല്ലെങ്കിൽ മറ്റൊരു മൂല്യവർധിത ഉത്പ്പന്നം നിർമ്മിച്ച്‌ കേരളത്തിലെ കർഷകന്‌ ഏക്കാളത്തും തെങ്ങിൽ നിന്ന്‌ ന്യായവില ഉറപ്പാക്കാൻ സാധിക്കും.  വിപണിയിൽ  തേങ്ങയുടെ വിലയിൽ സംഭവിക്കുന്ന ചാഞ്ചാട്ടങ്ങളെ ഭാവിയിൽ നാളികേര കർഷകൻ ഭയപ്പെടേണ്ടതില്ല എന്നു ചുരുക്കം.
ഇത്തരത്തിൽ, നാളികേര മൂല്യവർധിത ഉത്പ്പന്നങ്ങളുടെ  ശ്രേണിയിൽ ഒന്നു കൂടിയാവട്ടെ എന്നേ ഈ ഗവേഷണത്തിന്റെ തുടക്കത്തിൽ ഡോ. മോഹൻകുമാറും കരുതിയിരുന്നുള്ളു. എന്നാൽ ഗവേഷണം പുരോഗമിക്കുകയും അതിന്റെ പോഷക ഘടന അപഗ്രഥിച്ച്‌ പഠന വിധേയമാക്കുകയും ചെയ്തപ്പോഴാണ്‌ ഇനിയും ചൂഷണം ചെയ്തിട്ടില്ലാത്ത സാധ്യതകളാണ്‌ പൊങ്ങിൽ ഉള്ളതെന്ന്‌ ഗവേഷണ സംഘം തിരിച്ചറിഞ്ഞത്‌.
ഇപ്പോൾ പൊങ്ങിൽ നിന്നു വികസിപ്പിച്ചിരിക്കുന്ന കേരന്യൂട്രിവിറ്റയിൽ 100 ഗ്രാമിൽ 190 ശതമാനം കലോറിയുണ്ട്‌ എന്ന വസ്തുത ഗവേഷകരെ തന്നെ അമ്പരപ്പിച്ചതായി ഡോ.മോഹൻകുമാർ വിശദീകരിച്ചു. കാരണം, നിലവിൽ ഏറ്റവുമധികം കലോറി കണ്ടെത്തിയത്‌ നീരയിലായിരുന്നു  - 75 ശതമാനം. കരിക്കിൻ വെള്ളത്തിൽ പോലും 35- 40 ശതമാനമേയുള്ളു. ആ സമയത്താണ്‌ പൊങ്ങിൽ 190 ശതമാനം കലോറി കണ്ടെത്തിയിരിക്കുന്നത്‌. പ്രകൃതിയിൽ മറ്റ്‌ ഒരു ഭക്ഷ്യവസ്തുവിലും ഇത്രയധികം ഊർജ്ജം അടങ്ങിയിട്ടില്ല.
വികസ്വര രാജ്യങ്ങളിൽ ശീതളപാനീയ വിപണി അനുദിനം കുതിക്കുകയാണ്‌,  പ്രത്യേകിച്ച്‌ ഉഷ്ണമേഖലാ രാജ്യങ്ങളിൽ. എന്നാൽ കൃത്രിമ പാനീയങ്ങളുടെ എല്ലാ പരസ്യ തന്ത്രങ്ങൾക്കുമപ്പുറം ജൈവപാനീയങ്ങൾക്കായുള്ള ഡിമാന്റ്‌ അനുദിനം വർധിക്കുകയാണ്‌. നിലവിൽ ഈ ശ്രേണിയിൽ നമുക്കുള്ളത്‌ ഇളനീരാണ്‌. പിന്നാലെ ആരോഗ്യപാനീയം എന്ന ലേബലിൽ  അതിലും പോഷകാംശമുള്ള നീരയും രംഗപ്രവേശം ചെയ്തു കഴിഞ്ഞു. പക്ഷെ., ഇവ രണ്ടിനെയും പിന്നിലാക്കാൻ പോന്ന പോഷക, വൈദ്യശാസ്ത്ര, ജീവശാസ്ത്ര സവിശേഷതകളോടു കൂടിയ ഉത്പ്പന്നമാണ്‌ പൊങ്ങിൽ നിന്ന്‌ വികസിപ്പിച്ചിരിക്കുന്ന കേരന്യൂട്രിവിറ്റ.
ആളുകൾ ഇപ്പോൾ ആരോഗ്യത്തെക്കുറിച്ച്‌ വളരെ  ബോധവാന്മാരാണ്‌. അതുകൊണ്ടു തന്നെ കൃത്രിമ ഭക്ഷ്യസാധനങ്ങളെക്കാൾ പ്രാദേശികമായി ലഭിക്കുന്ന ജൈവ ഉത്പ്പന്നങ്ങൾക്കാണ്‌ പ്രിയം. ഈ പശ്ചാത്തലത്തിലാണ്‌ 100 ശതമാനം പ്രകൃതിജന്യമായ പൊങ്ങിൽ നിന്നുള്ള കേരന്യൂട്രിവിറ്റയ്ക്ക്‌ വലിയ സാധ്യത കാണുന്നത്‌. വ്യാവസായികാടിസ്ഥാനത്തിൽ കേരന്യൂട്രിവിറ്റ കൂടി ഉത്പാദനം ആരംഭിച്ചാൽ നാളികേരത്തിന്റെ മൂല്യവർധിത ശ്രേണിയിലേയ്ക്ക്‌ ഒരു ഉത്പ്പന്നം കൂടിയാകും. കൊപ്ര, വെളിച്ചെണ്ണ എന്നീ രണ്ടു പരമ്പരാഗത ഉത്പ്പന്നങ്ങൾ കൂടാതെ ഇപ്പോൾതന്നെ വെർജിൻ കോക്കനട്‌ ഓയിൽ, തേങ്ങാപ്പാൽ, തേങ്ങാപ്പാൽ ക്രീം, തേങ്ങാപാൽ പൊടി, തൂൾ തേങ്ങ, നീര, ചക്കര, സിറപ്പ്‌ തുടങ്ങി നിരവധി ഉൽപന്നങ്ങൾ വിപണിയിലുണ്ട്‌.
എസ്‌.സി.എം.എസ്‌ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ബയോ ടെക്നോളജിയിലെ ഡോ.ശാലിനി ഭാസ്കർ ആണ്‌ ഈ പ്രോജക്ടിന്റെ കോ ഇൻവെസ്റ്റിഗേറ്റർ. ദിവ്യ ശ്രീകുമാർ റിസേർച്ച്‌ സ്കോളറും. ഉത്പ്പന്നത്തിന്റെ വ്യാവസായിക ഉത്​‍്പാദനം ആരംഭിക്കാനുള്ള പ്രാരംഭ ചർച്ചകൾ നടന്നു വരുന്നു.

25 Feb 2014

മഡൂർ: ഇന്ത്യയിലെ കരിക്കിന്റെ തലസ്ഥാനം

ആബെ ജേക്കബ്‌
നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ബാംഗളൂർ - മൈസൂർ ദേശീയ പാതയോരത്ത്‌ മഡൂരിൽ പ്രവർത്തിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ കരിക്ക്‌ മാർക്കറ്റിനെ കുറിച്ച്‌...

മദൂർ - ബാംഗളൂർ നിന്ന്‌ മൈസൂർ ദേശീയ പാതയിൽ 70 കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന ഈ ചെറിയ പട്ടണം പണ്ട്‌ രുചികരമായ വടകൾക്കു പ്രശസസ്തമായിരുന്നു.  പക്ഷെ ഇന്ന്‌ ഇത്‌ ഏഷ്യയിലെ ഏറ്റവും വലിയ ഇളനീർ വിപണിയാണ്‌. ഇവിടെത്തെ ഇളനീർ മാർക്കറ്റിൽ ദിവസവും നടക്കുന്നത്‌ കോടികളുടെ വ്യാപാരമാണ്‌. അതുകൊണ്ടു തന്നെ മഡൂരിനെ ഇളനീരിന്റെ ഇന്ത്യൻ തലസ്ഥാനം  എന്നും പറയാം. 

പ്രകൃതിക്കിണങ്ങിയ ജീവിത രീതികളുമായി കൂടുതൽ ആളുകൾ പൊരുത്തപ്പെട്ടു തുടങ്ങിയതോടെയാണ്‌ കരിക്കിന്‌  നല്ലകാലം തുടങ്ങിയത്‌. വിളഞ്ഞ നാളികേരം മാത്രം വിളവെടുക്കുകയും കരിക്ക്‌ വെട്ടുന്നത്‌ എന്തോ വലിയ തെറ്റായി കരുതുകയും ചെയ്തിരുന്ന പഴയ ചിന്താഗതിക്ക്‌  ഇപ്പോൾ മാറ്റം വന്നിരിക്കുന്നു. തെങ്ങിൽ നിന്നുള്ള മറ്റൊരു ധനാഗമ മാർഗ്ഗമായിട്ടാണ്‌ ഇപ്പോൾ കർഷകർ കരിക്കിനെ കാണുന്നത്‌. അങ്ങനെയാണ്‌ മഡൂറിനു രാശി തെളിഞ്ഞത്‌. 

മൈസൂർ ഹൈവേയിലെ മഡൂരിൽ, 1992 ൽ സ്ഥാപിച്ച  മഡൂർ അഗ്രിക്കൾച്ചറൽ പ്രോഡ്യൂസ്‌ മാർക്കറ്റിംങ്ങ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന മഡൂർ കരിക്ക്‌ വിപണി ഇരുപത്തിനാലു മണിക്കൂറും സജീവമാണ്‌. പുലർച്ചേ മുതൽ കരിക്കുമായി വാഹനങ്ങൾ വരവു തുടങ്ങും.  പ്രതിദിനം ഇവിടെ എത്തുന്നത്‌ 40 ലക്ഷത്തിലധികം  കരിക്കാണ്‌. വേനലിൽ ദിവസം 90 ലക്ഷം വരെയാകും കരിക്കു വരവ്‌. 

മഡൂർ മാർക്കറ്റിൽ ഓരോ കച്ചവടക്കാരനും വർഷം തോറും 15 കോടിയിലധികം കരിക്ക്‌ ക്രയവിക്രയം നടത്തുന്നുണ്ട്‌. മാണ്ഡ്യ, ചാമരാജ്നഗർ,കൊല്ലേഗൽ, മലവള്ളി, ബന്നൂർ,നാഗമംഗള, പാണ്ഡവപുര, കെആർ പേട്ട, ശ്രീരംഗ പട്ടണം, കിരുഗവാല,ഗുഡിഗ്രെ, സോമനഹള്ളി തുടങ്ങിയ സമീപ പ്രദേശങ്ങളിൽനിന്നു കർഷകർ നേരിട്ടും, ഏജന്റുമാർ വഴിയും എത്തിക്കുന്നതാണ്‌ കരിക്കു മുഴുവൻ. ഇതിൽ 60 ശതമാനവും മണിക്കൂറുകൾക്കകം 300 ലേറെ ട്രക്കുകളിലായി ന്യൂഡൽഹി, പൂനെ, കോൽക്കത്ത, ഗോവ, ഹൈദരാബാദ്‌, അഹമ്മദാബാദ്‌, തുടങ്ങിയ നഗരങ്ങളിലേയ്ക്കു പോകുന്നു. ബാക്കിയത്രയും കർണാടകത്തിലെ തന്നെ വിവിധ  മാർക്കറ്റുകളിൽ വിൽക്കുകയാണ്‌.

മാണ്ഡ്യ മേഖലയിലെ കാലാവസ്ഥയും മണ്ണിന്റെ ഘടനയും തെങ്ങുകൃഷിക്ക്‌ വളരെ യോജിച്ചതായതിനാലാണ്‌ മഡൂരിൽ ഇങ്ങനെയൊരു വ്യാപാര കേന്ദ്രം ആരംഭിച്ചതു എന്ന്‌ മഡൂർ ടെണ്ടർ കോക്കനട്‌ മാർക്കറ്റ്‌ പ്രസിഡന്റ്‌ ചന്ദ്രശേഖർ മുഡ്യ ചൂണ്ടിക്കാട്ടി. മാണ്ഡ്യ  മേഖലയിൽ ഉണ്ടാകുന്ന നാളികേരം നല്ല വലിപ്പവും ധാരാളം വെള്ളവുമുള്ള ഇനങ്ങളായതിനാൽ കരിക്കിന്‌ ഏറ്റവും യോജിച്ചതാണ്‌. വെള്ളത്തിന്‌ നല്ല മധുരവുമുണ്ട്‌. നന്ദി പറയേണ്ടത്‌ കാവേരി ജലത്തിനാണ്‌. 

 കുറെ നാൾ മുമ്പുവരെ ഉറങ്ങിക്കിടന്ന ഈ പ്രദേശം പെട്ടെന്ന്‌ നിദ്രവിട്ടുണരുകയായിരുന്നു. മഡൂരിലും പരിസരങ്ങളിലുമുള്ള  കുറച്ചു കർഷകർ നാളികേരത്തിന്‌ വില കുറഞ്ഞ അവസരത്തിൽ കരിക്ക്‌ വെട്ടി ലേലം ചെയ്തു കൊടുക്കാൻ തുടങ്ങിയതോടെ കൂടുതൽ പേർ ഈ രംഗത്തേയ്ക്കു വരികയായിരുന്നു. അങ്ങനെ കരിക്കിന്‌ വില കൂടി. കർഷകർക്ക്‌ അൽപം ആശ്വാസവും.  ഇതേ തുടർന്ന്‌ 1992-ലാണ്‌ മാർക്കറ്റ്‌ ആരംഭിക്കുന്നത്‌. അതിനു മുമ്പ്‌ വ്യാപാരികൾ തോട്ടങ്ങളിൽ പോയി കരിക്ക്‌ വാങ്ങി ബാംഗളൂരിലും മറ്റും കൊണ്ടുപോയി വിൽക്കുകയായിരുന്നു പതിവ്‌. മാർക്കറ്റ്‌ സജീവമായതോടെ ഡൽഹി, മുംബൈ, ഹൈദരാബാദ്‌ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക്‌ കരിക്ക്‌ കറ്റിവിടാൻ വ്യാപരികളെത്തി. കർഷകർക്ക്‌ ന്യായമായ വില ലഭിക്കാൻ ഒരു ലേല കേന്ദ്രം എന്ന നിലയ്ക്കാണ്‌ വിപണി ആരംഭിച്ചതെങ്കിലും ആ ലക്ഷ്യം കാണാൻ ഇതുവരെ സാധിച്ചിട്ടില്ല എന്ന്‌ അസിസ്റ്റന്റ്‌ സെക്രട്ടറി സമീർ സാഹിബ്‌ പറഞ്ഞു. എന്നാൽ ഇപ്പോൾ ഇവിടെ കരിക്കുമായി വരുന്നവർ അധികവും ഇടനിലക്കാരാണ്‌. അവരാരും കർഷകരല്ല. സമീർ തുടർന്നു. കരിക്കുമായി വരുന്ന വാഹനങ്ങൾ മാർക്കറ്റിന്റെ കവാടത്തിൽ ചെറിയ ഗതാഗതത്തടസം സൃഷ്ടിക്കും. അപ്പോൾ കമ്മിഷൻ വ്യാപാരികൾ അവിടെ വച്ച്‌ ചരക്ക്‌ പരിശോധിച്ച്‌ വില പറയും. വിലയിൽ യോജിച്ചാൽ വാഹനം നേരെ ഹൈവേയിൽ പാർക്കു വ്യാപാരിയുടെ ട്രക്കിനടുത്തേയ്ക്ക്‌ നീങ്ങും. ചരക്ക്‌ ട്രക്കിലേക്ക്‌ മാറ്റും. പണവും കൈമാറും. അതോടെ ഇടപാടു തീരുന്നു. അതിനിടെ കച്ചവടക്കാരൻ മാർക്കറ്റ്‌ ചുങ്കവും അടച്ചിട്ടുണ്ടാവും. ഇതാണ്‌ ഇപ്പോൾ മഡൂരിൽ നടക്കുന്നത്‌. 

ലേലം സംവിധാനം നടപ്പാക്കാൻ സാധിച്ചാൽ അത്‌ വലിയ നേട്ടമാകും. മാർക്കറ്റ്‌ വൈസ്‌ ചെയർമാൻ ടി.കെ കെമ്പയ്യ വിശദീകരിച്ചു. തോട്ടത്തിൽ വച്ചു തന്നെ കരിക്കും വിളഞ്ഞ തേങ്ങയും വിറ്റിരുന്നത്‌ ഒന്നിന്‌ വെറും അഞ്ചു രൂപയ്ക്കായിരുന്നു. എന്നാൽ മാർക്കറ്റ്‌ സജീവമായതോടു കൂടി കർഷകർക്ക്‌ അവരുടെ ഉൽപന്നത്തിന്‌ കുറച്ചെങ്കിലും മാന്യമായ വില ലഭിക്കാൻ തുടങ്ങി. അതോടെ ഇടനിലക്കാരുടെ കൊള്ളലാഭം കുറഞ്ഞിട്ടുണ്ട്‌.

വളരെ സൂക്ഷിച്ചു വിളവ്‌ എടുക്കേണ്ട ഒരു ഉൽപന്നമാണ്‌ കരിക്ക്‌. വിളവെടുത്താൽ പരമാവധി പത്തു ദിവസമാണ്‌ സൂക്ഷിപ്പു കാലവധി. എന്തായാലും വിളവെടുത്ത്‌ പരമാവധി അഞ്ചു മണിക്കൂറിനകം കരിക്ക്‌  വിവിധ നഗരങ്ങളിലേയ്ക്ക്‌ പോയിരിക്കും.  മാർക്കറ്റ്‌ വന്നത്‌ കർഷകർക്കാണ്‌ ഏറ്റവും പ്രയോജനം ചെയ്തതെന്ന്‌ പ്രമുഖ നാളികേര കർഷകനായ  സിദ്ധരാമയ്യ ദേശഹള്ളി ചൂണ്ടിക്കാട്ടി. കരിക്ക്‌ തെങ്ങിൽ നിന്ന്‌ കുലയായി കെട്ടി ഇറക്കും. പിന്നെ സുരക്ഷിതമായി ലോറികളിലും കാളവണ്ടികളിലുമായി വിപണിയിൽ എത്തിക്കുന്നു. വിപണിയിൽ എത്തിയാൽ തരം തിരിക്കും. വലിപ്പവും ഗുണവും നോക്കിയാണ്‌ തരംതിരിവ്‌. ഇതാണ്‌ വില നിർണത്തിലെ പ്രധാന ഘടകം. അതനുസരിച്ച്‌ 10 മുതൽ 17 രൂപ വരെയൊക്കെ ഒരു കരിക്കിന്‌ കർഷകന്‌ വില ലഭിക്കും. 

അഞ്ചു വർഷം കൊണ്ട്‌ കരിക്കിന്റെ വില ഇരട്ടിയായി മാറിയെന്ന്‌ മാർക്കറ്റ്‌ കവാടത്തിനു പുറത്ത്‌ ചരക്കു കാത്ത്‌ നിന്ന വ്യാപാരിയായ സോമശേഖരൻ വിശദീകരിച്ചു. കഴിഞ്ഞ പത്തു വർഷമായി സോമശേഖരൻ കരിക്കു വ്യാപാര മേഖലയിൽ സജീവമാണ്‌. ദിവസം 30000 -40000 കരിക്കാണ്‌ അദ്ദേഹം മഡൂരിൽ നിന്ന്‌ മുംബൈ, ഹൈദരാബാദ്‌ തുടങ്ങിയ വൻ നഗരങ്ങളിലേയ്ക്ക്‌ കയറ്റി വിടുന്നത്‌

 ഇതൊക്കെയാണെങ്കിലും കച്ചവടക്കാർ തന്നെയാണ്‌ ഇപ്പോഴും വിപണി നിയന്ത്രിക്കുന്നത്‌. തെങ്ങിൽ നിന്ന്‌ ഒരു കരിക്ക്‌ വിപണി വരെ എത്തിക്കുന്നതിന്‌ കൃഷിക്കാരന്‌ 5-7 രുപവരെ ചെലവുണ്ട്‌. കർഷകരിൽനിന്ന്‌ 5- 9 വരെ രൂപ നൽകി ഇടനിലക്കാർ കരിക്ക്‌ വാങ്ങി 18-20 രൂപയ്ക്കാണ്‌ വിൽക്കുന്നത്‌. വലിയ ലാഭമാണ്‌ അവർ ഇതിലൂടെ നേടുക. പണിയെടുക്കുന്ന കർഷകന്‌ വലിയ മെച്ചമൊന്നും ഇപ്പോഴും ലഭിക്കുന്നില്ല - 1500 തെങ്ങുകളുള്ള നഞ്ച ഗൗഡർ കണക്കുകൾ നിരത്തി സംസാരിച്ചു. കർഷകനായ ജയരാമനും ഇതേ അഭിപ്രായം തന്നെ പറഞ്ഞു. ബാംഗളൂരിൽ ഒരു കരിക്കിന്‌ 20 -25 രൂപയ്ക്കും ഡൽഹിയിൽ 30 -35 രൂപയ്ക്കും വിൽപന നടത്തുമ്പോൾ ഇവിടെ കർഷകന്‌ ലഭിക്കുന്നത്‌ പരമാവധി പത്തു രൂപ. തന്റെ  കാളവണ്ടിയിൽ 400 കരിക്കുമായി മഡൂർ മാർക്കറ്റിൽ എത്തിയിരിക്കുകയാണ്‌ അദ്ദേഹവും. ലേലം വന്നാൽ ഈ നില മാറും എന്നാണ്‌ ജയരാമന്റെ അഭിപ്രായം. ഓരോ 45 ദിവസവും കൂടുമ്പോൾ അദ്ദേഹം മാർക്കറ്റിൽ നേരിട്ട്‌ എത്തുന്നു. തന്റെ തോട്ടത്തിലെ ആയിരവും ആയിരത്തി അഞ്ഞൂറും കരിക്കുകളുമായി.

കരിക്കിന്‌ ഏറ്റവും ഡിമാന്റുള്ളതും വില ലഭിക്കുന്നതും ഉത്സവ സീസണുകളിലാണ്‌. അതു മുന്നിൽ കണ്ട്‌ ഉത്സവ സീസണിൽ കച്ചവടക്കാർ ഒരു കരിക്കിന്‌ മൂന്നും അതിലധികവും രൂപ വില കൂട്ടി വിൽക്കും. ഇതിന്റെയൊന്നും പ്രയോജനം  കർഷകർക്ക്‌ ലഭിക്കില്ല. പലപ്പോഴും ഇടനിലക്കാർ നേരിട്ട്‌ തോട്ടങ്ങളിലെത്തി കുറഞ്ഞ വിലയ്ക്ക്‌ കർഷകരിൽ നിന്ന്‌ കരിക്ക്‌ കച്ചവടം ഉറപ്പിക്കും. ഇവർ ഇത്‌ മാർക്കറ്റിൽ എത്തിച്ച്‌ ലൈസൻസികളായ കച്ചവടക്കാർക്ക്‌ നല്ല വിലയക്ക്‌ മറിച്ച്‌ വിൽക്കും. ഈ കച്ചവടക്കാരാണ്‌ വിവിധ നഗരങ്ങളിലേയ്ക്ക്‌ ഓർഡറനുസരിച്ച്‌ കരിക്ക്‌ കയറ്റിവിടുന്നത്‌. ലേലം നടക്കാത്തതിനാൽ ലൈസൻസികളായ കച്ചവടക്കാർ നിശ്ചയിക്കുന്നതാണ്‌ വിപണി വില.  കച്ചവടക്കാരിൽ നിന്ന്‌ വിപണി അധികൃതർ 1.5 ശതമാനം ചുങ്കം ഈടാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 1.65 കോടിയാണ്‌ ചുങ്കം ഇനത്തിൽ മഡൂർ മാർക്കറ്റിനു ലഭിച്ചതു. 

ഇടനിലക്കാരെ ഒഴിവാക്കാനാണ്‌ ശ്രമമെന്ന്‌ വിപണി സെക്രട്ടറി വേങ്കിടേശ്‌ റെഡ്ഡി  സൂചിപ്പിച്ചു. സ്ഥലപരിമിതിയാണ്‌ ഏറ്റവും വലിയ പ്രശ്നം. കരിക്ക്‌ ലേലം ചെയ്യണമെങ്കിൽ തരംതിരിക്കണം. അതിനു സ്ഥലം വേണം, മാത്വുമല്ല, തരം തിരിക്കാൻ കർഷകർക്ക്‌ താൽപര്യവുമില്ല. അതിനാലാണ്‌ നേരിട്ടുള്ള കച്ചവട സംവിധാനം തുടരുന്നത്‌ - റെഡ്ഡി തുടർന്നു. 

ആറ്‌ ഏക്കർ സ്ഥലത്താണ്‌ ഇപ്പോൾ മദൂർ മാർക്കറ്റ്‌ പ്രവർത്തിക്കുന്നത്‌. സ്ഥലസൗകര്യക്കുറവു മൂലം വാഹനങ്ങളിൽ കരിക്കുമായി വരുന്ന കർഷകർക്ക്‌ ചിലപ്പോൾ മണിക്കൂറുകളോളം  പ്രവേശനം കാത്ത്‌ ബാംഗളൂർ - മൈസൂർ ദേശിയപാതയോരത്ത്‌ നിൽക്കേണ്ടതായും വരുന്നു. ആധുനിക സൗകര്യങ്ങളോടെ വിപണി നവീകരിക്കുന്നതിന്‌ 25 ഏക്കർ സ്ഥലം മാണ്ഡ്യ ജില്ലാ ഭരണകൂടത്തോട്‌ വിപണിയുടെ അധികൃതർ ആവശ്യപ്പെട്ടിരിക്കുകയാണ്‌.

എന്നാൽ ഇപ്പോൾ കച്ചവടം നടക്കുന്നത്‌ ലേലത്തിനു സമാനമായ രീതിയിലാണെന്നാണ്‌ വ്യാപാരിയായ ഫൈസുള്ള ഖാന്റെ വാദം. മാർക്കറ്റ്‌ ഗേറ്റിലെത്തുന്ന ചരക്കു വാഹനം പരിശോധിച്ച്‌ വ്യാപാരി ഒരു വില പറയുന്നു. കൃഷിക്കാരൻ സമ്മതമാണെങ്കിൽ കൊടുക്കാം. അതിന്‌ അയാൾക്കു സ്വാതന്ത്ര്യമുണ്ടല്ലോ.  ഖാൻ ചൂണ്ടിക്കാട്ടി.

വിപണിയിൽ കരിക്ക്‌ എത്തിക്കുന്നതിന്‌ ആവശ്യമായ വാഹനങ്ങൾ ഇല്ലാത്തത്താണ്‌ കർഷകർ നേരിടുന്ന ഒരു ബുദ്ധിമുട്ട്‌ എന്ന്‌ ചില കർഷകർ  പറഞ്ഞു. വൻകിട കച്ചവടക്കാർ കൃഷിക്കാരുമായി നേരിട്ട്‌ ബന്ധപ്പെടുന്നില്ല. അവർക്ക്‌ സ്വന്തമായി വ്യാപാര ശ്രുംഖലയുണ്ട്‌. അതിനാൽ തോട്ടത്തിലെത്തുന്ന ഇടനിലക്കാർക്ക്‌ ഞങ്ങൾ കരിക്ക്‌ വിൽക്കുന്നു. അവർ തുടർന്നു.

പതിനേഴ്‌ അംഗങ്ങളുള്ള  ഭരണസമിതിയാണ്‌ മാർക്കറ്റിന്റെ ഭരണകാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്‌.  ഇതിൽ 11 പേരും കർഷകരുടെ പ്രതിനിധികളാണ്‌. മൂന്നു പോരെ ഗവണ്‍മന്റ്‌ നാമനിർദ്ദേശം ചെയ്യുന്നു. ബാക്കിയുള്ളവർ വ്യാപാരികളുടേയും കൃഷി വകുപ്പിന്റെയും പ്രതിനിധികളും. ബി. സവിതയാണ്‌ ഇപ്പോൾ ചെയർമാൻ. വേങ്കിടേശറെഡ്ഡി സെക്രട്ടറിയും. ഏറ്റവും അടുത്തുള്ള റെയിൽവേ  സ്റ്റേഷൻ നാലു കിലോമീറ്റർ അകലെയുള്ള ശിവപുരയാണ്‌.ഗാഞ്ചൻ ചുക്കി, ബാരച്ചുക്കി ജലപാതങ്ങളും, ഒരു ജലവൈദ്യുത പദ്ധതിയും മഡൂരിനടുത്തായി  സ്ഥിതിചെയ്യുന്നു.

മാർക്കറ്റിൽ രാവിലത്തെ കച്ചവടത്തിന്റെ വലിയ  തിരക്ക്‌ ഒഴിഞ്ഞു. എങ്കിലും കരിക്കുകളും കയറ്റി വാഹനങ്ങൾ വരികയും പോകുകയും ചെയ്യുന്നുണ്ട്‌. മഡൂർ കരിക്കു മാർക്കറ്റിലെ വെയിലിനു കാഠിന്യം കൂടി വരികയാണ്‌.  വ്യാപാരികളും ഇടപാടുകാരും ഇടയ്ക്ക്‌ ഓരോ ഇളനീർ വെട്ടികുടിച്ച്‌ ദാഹം തീർക്കുന്നു. 

മാർക്കറ്റ്‌ ഗേറ്റിനു വെളിയിൽ ജയരാമൻ അപ്പോഴും കാത്തു നിൽക്കുകയാണ്‌, കാളവണ്ടി നിറയെ കരിക്കുകളുമായി. എട്ടു രൂപ വില പറഞ്ഞതാണ്‌. ജയരാൻ സമ്മതിച്ചില്ല. ഒൻപതെങ്കിലും കിട്ടണം. ജയരാമന്റെ തോട്ടത്തിലെ നല്ല ആ  കരിക്കുകൾ വാങ്ങാൻ ഏതെങ്കിലും ഒരു വ്യാപാരി വരും, വരാതിരിക്കില്ല.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...