Showing posts with label nauphal. Show all posts
Showing posts with label nauphal. Show all posts

24 Jan 2013

പ്രേതം ലേറ്റസ്റ്റ് വേര്‍ഷന്‍

നൌഫല്‍ 



ഇരുട്ടിന്റെ നിശബ്ദതയില്‍ കരിയിലകളെ ചവിട്ടിയരക്കുന്ന ശബ്ദത്തിനൊപ്പം നടന്നു നീങ്ങുന്ന നിഴല്‍രൂപം,.. വിറയ്ക്കുന്ന കൈകളുടെ ദിശ തേടി മുന്നിലേക്കും പിന്നിലേക്കും സഞ്ചരിക്കുന്ന തീനാളത്തിന്റെ മിന്നുന്ന പ്രകാശം അതിനൊപ്പം സഞ്ചരിച്ചു. ഒരു ആവശ്യവുമില്ലാതെ പട്ടികള്‍ എവിടെയോ ഓരിയിട്ടു. ചിറകടിക്കുന്ന ചീവീടുകളുടെ ശബ്ദം അവിടമാകെ മുഴങ്ങിക്കേട്ടു. കാവിനു മറുവശത്തുള്ള ഇടവഴിയിലൂടെ ആ രൂപം പൊളിഞ്ഞു വീഴാറായ ഇല്ലത്തിന്റെ മുന്നിലേക്ക്‌ പ്രവേശിച്ചു. നാശം പൂര്ന്നമാവാതെ നില്‍കുന്ന മതിലിനു മുന്നിലൂടെ ആ രൂപം നടന്നു നീങ്ങി. മതിലിന്റെ മറു വശത്ത് കാട് പിടിച്ചു കിടക്കുന്ന കിണറും അതിന്റെ മുന്നില്‍ ഭീമാകാരമായി തലയുയര്‍ത്തി നില്‍കുന്ന കരിമ്പനയും, രാമന്‍ നായരുടെ ഭയം ഇരട്ടിപ്പിച്ചു. കത്തിച്ചു പിടിച്ചിരിക്കുന്ന ചൂട്ടിന്റെ ബലത്തില്‍ അയാള്‍ പേടിയോടെ നടപ്പിന്റെ വേഗത കൂട്ടി.പിന്നില്‍ നിന്നാരോ പിന്തുടരുന്ന പോലെ തോന്നി ഇടയ്ക്കിടെ അയാള്‍ ചൂട്ടു പിന്നിലേക്ക്‌ വീശിയടിച്ചു. “അര്‍ജുനന്‍ ഭല്ഗുനന്‍ പാര്തന്‍…’ അയാളുടെ ചുണ്ടുകള്‍ ഇടതടവില്ലാതെ ഉരുവിട്ടു.
———————————
പനക്കാവ്മുറ്റത്തില്ലത്തിന്റെ മുന്നിലെ വഴിയിലൂടെ ഇപ്പോള്‍ ആരും പകല്‍ കൂടി നടക്കാറില്ല.തറവാട്ടിലുണ്ടായ ദുര്‍മരണങ്ങള്‍ പനക്കാവ്മുറ്റത്തില്ലത്തിന്റെ നാശത്തിനു കാരണമായി. മോക്ഷം കിട്ടാതെ അലയുന്ന പ്രേതങ്ങള്‍ നാടുകാരെ പേടിപ്പിക്കാന്‍ തുടങ്ങിയതോടെ അതിനു ചുറ്റും കാട് മൂടി ഭീകരത നിറഞ്ഞു നിന്നു. (അതെ ശരിക്കും ഭീകരാന്തരീക്ഷം ) .നാട്ടുകാരില്‍ പലരും പ്രേതത്തെ കണ്ടിട്ടുണ്ടത്രേ. എങ്കിലും മിസ്സ്‌ പ്രേതം ആരെയും ഉപദ്രവിച്ചിട്ടില്ല. (വെറുതെ ബോധം കെട്ടു കിടക്കുന്നതിനെയൊക്കെ എന്ത് ചെയ്യാനാ എന്ന് പ്രേതം വിചാരിചിട്ടാണോ എന്നറിയില്ല). അങ്ങനെ തറവാട്ടില്‍ നിന്നും പനയിലേക്ക് റൂം ചേഞ്ച്‌ കിട്ടി വെറുതെ ബോര്‍ അടിച്ചിരിക്കുന്ന പ്രേതങ്ങളുടെ ഇടയിലേക്കാണ് വെല്ലുവിളി പോലെ ചൂട്ടും കത്തിച്ചു രാമന്‍ നായര്‍ ചെല്ലുന്നത് .
ഇന്ന് ഞങ്ങള്‍ ഇയാളെ പേടിപ്പിച്ചു ചിരിച്ചു ചിരിച്ചു ചിരിച്ചു ചാവും .. ഓ ഓര്‍ത്തപ്പോള്‍ തന്നെ ഒരു കുളിരും പിന്നൊരു തണുപ്പും . ഡീ ഇന്ന് ഏതു കോസ്റ്റൂം വേണം, നീലിയാന്റീടെതൊ അതോ വടയക്ഷിയുടെതോ. എന്ന കണ്ഫൂഷനില്‍ പ്രേതംസ് നിന്നൂ. അല്ലെങ്കില്‍ നമുക്ക് രക്ത രക്ഷസ് ചേച്ചീടെ കോസ്റ്റൂം ആയാലോ മിസ്സ്‌ പ്രേതം ചോദിച്ചു. വേണ്ട മോളെ പാവം കിളവന്‍ തട്ടിപ്പോകും പിന്നെ നാളെ നമ്മള്‍ ആരെ പേടിപ്പിക്കും . അങ്ങനെ പ്രേതം 2 വിന്റെ അഭിപ്രായം മാനിച്ച് , ആഗോള പ്രേത യൂണിഫോമായ വൈറ്റ് ആന്‍ഡ്‌ വൈറ്റില്‍ അവര്‍ രാമന്‍ നായര്ടെ മുന്നിലേക്ക്‌ അവതരിച്ചു. 32 + എക്സ്ട്രാ രണ്ടു കൊമ്പല്ലും കാട്ടി ഒരു ചിരിയങ്ങു വച്ച് കൊടുത്തു.
———————————
വിറച്ചു കൊണ്ടാണെങ്കിലും രാമന്‍ നായര്‍ കയിലിരുന്ന ചൂട്ടു ആഞ്ഞു വീശി. പെട്ടെന്ന് അന്തരീക്ഷമാകെ മാറിയ പോലെ.. പട്ടികളുടെ ഓരിയിടലും ചീവീടിന്റെ ശബ്ദവും കേള്‍ക്കാതെയായി. ഒരു നീണ്ട നിശബ്ദത അവിടെയാകെ പരന്നു. രാമന്‍ നായരുടെ പേടി ഇരട്ടിച്ചു പെട്ടെന്ന് തന്റെ ചുറ്റിനും വെള്ള പുക വന്നു നിറഞ്ഞു. നീണ്ട ഒരു പൊട്ടിച്ചിരിയോടെ വെള്ള വസ്ത്രമണിഞ്ഞ രണ്ടു രൂപം മുന്നില്‍ വന്നു അവരുടെ കോമ്പല്ല് തന്റെ നേര്‍ക്ക്‌ നീണ്ടു വരുന്നത് കണ്ടു. പിന്നെ തറയിലേക്കു മലര്‍ന്നടിച്ചു വീണു. പൊട്ടിച്ചിരികള്‍ പിന്നെയും അലയടിച്ചു. അത് മിസ്സ്‌ പ്രേതംസിന്റെ ദൗത്യം വിജയിച്ച ചിരിയായിരുന്നു.
അങ്ങനെ പ്രേതംസിന്റെ പബ്ലിസിറ്റി വല്ലാതെ ഉയര്‍ന്നു, അത് കാലം ആയിരത്തി തൊള്ളായിരത്തി അന്ന് . കാലം കടന്നു പോയി ഇനി ഇന്ന് , രാമന്‍ നായരുടെ കൊച്ചു മകന്‍ എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു നാടിലേയ്ക്ക് വരുന്ന വഴി. സെയിം പ്ലയിസ് സെയിം ലോകേഷന്‍…. അവന്‍ ഫോണില്‍ അവന്റെ വാരിയെല്ലെന്നു കരുതുന്ന സാധനത്തിനോടു എന്തൊക്കെയോ പറഞ്ഞു കൊണ്ടാണ് വരുന്നത്.. അവകാശികളൊന്നും ഇല്ലാത്തതു കൊണ്ട് ഇന്നും ആ തറവാട് അത് പോലെ തന്നെ ഉണ്ട്. വീടെത്തുന്നതുവരെ തന്റെ വാരിയെല്ല്… സോറി മിസ്സ്‌ രാധികയ്ക്കു കുറച്ചു നല്ല വാക്ക് പറഞ്ഞു കൊടുക്കാമല്ലോ ( ശരിക്കും നല്ല വാക്ക് )എന്ന് കരുതിയാണ് രാജുമോന്‍ ഈ പ്രേതാലയത്തിനു മുന്നിലൂടെ നടക്കാമെന്ന് വച്ചത്.
നീയെവിടെയായെഡാ ചക്കരെ?.
ശരിക്കും പറഞ്ഞാല്‍ ഞാനിപ്പോള്‍ ഒരു പ്രേതാലയത്തിനു മുന്നിലാണെടാ കുട്ടാ..
വാട്ട്‌ ? പ്രേതാലയം .. ?
അതെ.. മീന്‍സ്‌ ഈ ഗോസ്റ്റ് ഒക്കെ ഉള്ള…
ഓ really … സൂപ്പര്‍…
അങ്ങനെ രാധികയ്ക്കു രാജുമോന്‍ പ്രേതാലയത്തിന്റെ സ്റ്റോറി ഫുള്‍ സസ്പെന്‍സ് ഇട്ടു പറഞ്ഞു കൊടുത്തു.

———————————
ബോര്‍ അടിച്ചു റ്റയെഡ് ആയിക്കിടക്കുന്ന പ്രേതം 2വിന്റെ മുന്നില്‍ ഒരുത്തനെ കിട്ടിയിട്ടുണ്ടെന്ന സന്തോഷവുമായി മിസ്സ്‌ പ്രേതം ഓടി വന്നു. കം ഓണ്‍ മിഷന്‍ പിന്നേം തുടങ്ങാം … തണ്ടും തടീം ഉള്ള ഒരു യുവാവ്‌ വരുന്ന കണ്ടപ്പോഴേ പ്രേതം 2 പറഞ്ഞു . വേണ്ടടീ ഇവന്മാരെയൊന്നും വിശ്വസിക്കാന്‍ പറ്റില്ല പ്രേതമാണെന്നൊന്നും ഇവന്മാര്‍ നോക്കില്ല.. വെറുതെ നാണം കെടാന്‍ നില്‍ക്കണ്ട.. അങ്ങനെ പറയരുത് ഇത് ഞാന്‍ ഒറ്റയ്ക്ക് ഇത് ഡീല്‍ ചെയ്തോളാം. പ്രേതം 2 വേണ്ടാന്നു പറഞ്ഞെങ്കിലും അവള് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല . വര്‍ക്ക്‌ ഡ്രെസ്സില്‍ മിസ്സ്‌ പ്രേതം റെഡി ആയി വന്നു. എക്സ്ട്രാ എഫക്റ്റ്‌ ആയ പുക, സോങ് വിത്ത്‌ എക്കോ & അട്ടഹാസം എല്ലാം അഡ്ജസ്റ്റ് ചെയ്തു.രാജു മോന്റെ മുന്നിലേയ്ക്ക്…

———————————
അങ്ങനെ രാധികയ്ക്ക് സ്റ്റോറി പറഞ്ഞു കൊടുത്തു നടക്കുമ്പോഴാണ് രാജുമോന്റെ മുന്നില്‍ വെള്ളപുകയും സൌണ്ട് എഫെക്ടും നിറഞ്ഞത്‌.. ചക്കരെ ഒന്ന് കട്ട് ചെയ്തെ ഞാന്‍ വിളിക്കാം എന്ന് പറഞ്ഞു അവന്‍ ഫോണ്‍ കട്ട് ചെയതു. ചുറ്റിനും നിറയുന്ന പൊട്ടിച്ചിരിയോടെ കൂര്‍ത്തദംഷ്ട്രകളുമായി ഒരു സ്ത്രീ രൂപം അവനു മുന്നില്‍ പ്രത്യക്ഷപെട്ടു ആദ്യം അവനൊന്നു അമ്പരന്നെങ്കിലും പിന്നെ അദ്ഭുതത്തോടെ നോക്കി.
അവള്‍ അവന്റെ മുന്നിലേക്ക്‌ നിന്ന് കൂര്‍ത്ത പല്ലുകള്‍ കാട്ടി ചിരിച്ചു.
പെട്ടെന്ന് അവന്‍ WOW… fantastic എന്ന് പറഞ്ഞു കൊണ്ട് അവളുടെ അടുത്തേയ്ക്ക് നിന്നു . മിസ്സ്‌ പ്രേതം ഒന്നു പതറിയെങ്കിലും അവള്‍ സൌണ്ട് എഫ്ഫെച്ടിന്റെ വോളിയം കൂട്ടി നോക്കി. ഒരു രക്ഷയും ഇല്ല അവന്‍ മൊബൈലില്‍ പടമെടുക്കുന്ന തിരക്കിലായിരുന്നു, മിസ്സ്‌ പ്രേതത്തിന്റെ ആവേശം എല്ലാം ചോര്‍ന്നു. ചേച്ചി ഒരു മിനിറ്റ് നിന്നെ നമുക്കൊരുമിചൊരു ഫോട്ടോ എടുക്കാം അവന്‍ അവളോട്‌ ചേര്‍ന്ന് നിന്നു.. അവള്‍ അവളുടെ എക്സ്ട്രാ പവര്‍ ഒകെ മറന്നു .. അവസാനം എസ്കേപ്പ് എന്ന മന്ത്രം അവളുടെ ഉള്ളില്‍ നിന്നും മുഴങ്ങി..

അവസാന ശ്രമം എന്ന വണ്ണം അവള്‍ എഫ്ഫക്റ്റ്‌ മാറ്റിപിടിച്ചു അട്ടഹാസം പുരതെട്ത് നോക്കി നോക്കി അതും ഏറ്റില്ല. പ്രേതമാണെങ്കിലും അവള്‍ അടവ് No:19 പുറത്തെടുത്തു, തിരിഞ്ഞു ഓടാന്‍ തുടങ്ങിയപോള്‍ അവന്‍ അവളുടെ തോളില്‍ പിടിച്ചു. സാരി ഊര്‍ന് താഴെ വീണു. ഉള്ള സാരിയും വാരിപ്പിടിച്ചു ഓടുന്നതിനിടയില്‍ അവള്‍ അന്തരീക്ഷത്തില്‍ ആ വാക്കുകള്‍ മുഴങ്ങിക്കേട്ടു .
“ ചേച്ചി പേര് പറഞ്ഞാല്‍ ഞാന്‍ ഈ ഫോട്ടോ ഫേസ്ബുകില്‍ ടാഗ് ചെയ്തേയ്ക്കാം… ”

അതു കൂടി കേട്ടപ്പോള്‍ ബോധം കെടണമെന്നു മിസ്സ്‌ പ്രേതത്തിനു തോന്നിയെങ്കിലും
റൂള്‍സ് ആന്‍ഡ്‌ റെഗുലേഷന്‍സ് ഓഫ് പ്രേതംസ് അനുവദിക്കാത്തത് കൊണ്ട് ചെയ്തില്ല.. സാരിയും വാരിപ്പിടിച്ചു വരുന്ന മിസ്സ്‌ പ്രേതത്തെ കണ്ട പ്രേതം 2 ഹെന്റെ draaacullllley എന്ന് വിളിച്ചു ബോധം കെട്ടത് ഇപ്പോളും ആഗോള പ്രേതകോടതിയില്‍ വിചാരണയിലാണ്..

(ഇതിലെ കഥയും കഥാപാത്രങ്ങളൂമായി ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ ഏതെങ്കിലും പ്രേതങ്ങള്‍ക്കു സാമ്യമുണ്ടെങ്കില്‍ അതിനു ഞാന്‍ ഉത്തരവാദി അല്ല . വെറുതെ വന്നു എന്നെ പഞ്ഞിക്കിടരുതെന്നു അപേക്ഷിക്കുന്നു.)

19 Sept 2012

തേക്കടിയില്‍ പോകാം.

നൗഫൽ

പ്രവാസത്തിന്റെ നീണ്ട കാത്തിരിപ്പു കഴിഞ്ഞു, ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ളകവാടങ്ങള്‍ എനിക്ക് മുന്‍പില്‍ മലക്കെ തുറന്നു. അങ്ങനെ നാട്ടിലെത്തി, ഇനി എല്ലാവരെയും പോലെ കറക്കം തന്നെ പരിപാടി. കൂട്ടുകാരെയെല്ലാം പിന്നെയും കണ്ടു പിടിച്ചു ഇനി യാത്ര, ഉല്ലാസ യാത്ര… ആഹ്ലാദം ആര്‍മാദിപ്പ്. രണ്ടോ മൂന്നോ ദിവസം പോകാന്‍ പറ്റിയ സ്ഥലം ഏതാണ് ?. സെര്ചിങ്ങോട് സെര്ചിങ്ങു.. അവസാനം ഗൂഗിള്‍ തെറി വിളിക്കും എന്ന അവസ്ഥയായപ്പോള്‍ അത് മതിയാക്കി. അപ്പോളാണ് ഐഡിയ.. ആന്‍ ഐഡിയ കാന്‍ ചേഞ്ച് യുവര്‍ യാത്ര. ഒരു സ്ഥലം പ്ലാന്‍ ചെയ്യാതെ, പോകുന്ന അന്ന് എല്ലാവരും വണ്ടിയില്‍ കയറിയ ഉടനെ സ്ഥലം ഫിക്‌സ് ചെയ്യുക. എങ്ങനൊണ്ട് ഐഡിയ… അഫാരം( ഈ ‘ഫ’ അല്ല ഫാര്യേടെ ‘ഫ’ ).
അങ്ങനെ ആ സുദിനം വന്നെത്തി. ഏകദേശം രാത്രി പത്തു മണിയോടെ എല്ലാത്തിനേം ഒരു വിധം വണ്ടീലാകി. ഇനി സ്ഥലം ഫിക്‌സ് ചെയ്യല്‍ മഹാമഹം… അടിനാശം വെള്ളപൊക്കം… തേക്കടിയില്‍ പോകാം. ആരോ പറഞ്ഞു അവസാനം ആറില്‍ നാല് ഭൂരിപക്ഷത്തോടെ ആ പ്രമേയം അങ്ങ് പാസാകി…തേക്കടിയെങ്കില്‍ തേക്കടി. വേറെ എവിടെ പോകണമെന്ന് അവിടെ ചെന്നിട്ടു തീരുമാനിക്കാം. ചടയമംഗലം പമ്പിലെ ഡീസലിനെ ആവാഹിച്ചു , ആയൂര്‍ എം സി റോഡിലൂടെ കോട്ടയം കുമളി തേക്കടി ലക്ഷ്യമാകി നമ്മുടെ രഥം ഷെവര്‍ലെ ടവേര പാഞ്ഞു…
രാത്രിയുടെ നിശബ്ദതയില്‍, ഞങ്ങളുടെ വിവരക്കേടുകളുടെയും തമാശകളുടെയും പൊട്ടിച്ചിരികള്‍ മുഴങ്ങിക്കേട്ടു.. ഓരോരുത്തരായി ടവേര എങ്ങനെ ഓടിക്കാം എന്നതില്‍ ഗവേഷണം നടത്തി, കോട്ടയം എത്താറായപ്പോള്‍ കുണുങ്ങി കുണുങ്ങി നമ്മുടെ രഥം റോഡിന്റെ വശം ചേര്‍ന്ന് നിന്നു… രഥത്തിന്റെ കുറ്റമല്ല തൊട്ടടുത്തുള്ള തട്ടുകടയാണ് കാരണക്കാരന്‍ എന്ന് ദോശയോടും ഒമ്ലെടിനോടും മല്പിടുതം നടത്തുമ്പോഴാണ് മനസിലായത്. ലോകം മുഴുവന്‍ നിദ്രയുടെ യാമങ്ങളില്‍ ഊളിയിടുമ്പോള്‍, നമ്മള്‍ മീന്‍ ചാറിലും ചമ്മന്തിയിലും മുക്കി ദോശ അടിക്കുന്നു.ഒംലറ്റില്‍ കാവ്യങ്ങള്‍ രചിക്കുന്നു. കട്ടന്‍ ചായയുടെ ചൂടിനെ ആസ്വദിക്കുന്നു, ഇതൊക്കെ ഇല്ലെങ്കില്‍ എന്ത് ജീവിതം.നീണ്ട ഒരു ഏമ്പക്കവും വിട്ടു കോട്ടയം ജംഗ്ഷന്‍ കുറച്ചു സമയം കയ്യേറി..വെറുതെ ചുറ്റിയടിച്ചു…വിശപ്പിന്റെ വിളി ഒരു വഴിക്കായപ്പോള്‍ പതിയെ യാത്ര തുടര്‍ന്നു.
കാഞ്ഞിരപ്പള്ളി കഴിഞ്ഞു കുറെ ദൂരം സഞ്ചരിച്ചു, ഏകദേശം ഫോറെസ്റ്റ് ഏരിയയോട് അടുക്കാരായപ്പോള്‍ നല്ല മഴ പെയ്യാന്‍ തുടങ്ങി. ചില യാത്രകളെ മഴ കുഴയ്ക്കുമെങ്കിലും, ഞങ്ങളുടെ യാത്രകളെ അത് കൂടുതല്‍ സുന്ദരമാകിയിട്ടെ ഉള്ളു. ഇതും അതു പോലെ… നല്ല ശക്തമായ മഴ, മുന്നിലുള്ള റോഡ് കാണാന്‍ കഴിയാത്ത അവസ്ഥ. പതിയെ വണ്ടി നീങ്ങിക്കൊണ്ടിരുന്നു.. ‘പ്രവാസിയുടെ സുന്ദര സ്വപ്നങ്ങളെ എന്നും കുളിരണിയിക്കുന്ന മഴ. പ്രവാസ ജീവിതത്തില്‍ പലപ്പോഴും സ്വപ്നങ്ങളില്‍ എന്നെ നനയിച്ചിട്ടുള്ള മഴ’. ആ മഴയുടെ ഭംഗി ഹെട്‌ലാംപ് വെളിച്ചത്തില്‍ ആസ്വദിച്ചു കൊണ്ട് , പതിയെ രഥം തെളിച്ചു.. ശരിക്കും ത്രില്ലിംഗ്. ഇരുണ്ട രാത്രിയുടെ മാറിലേക്ക്, സന്തോഷമാര്‍ന്ന പൊട്ടിചിരികള്‍ക്കിടയിലേക്ക് .. എങ്ങു നിന്നോ ഓടി വന്നു കെട്ടിപിടിച്ച ആത്മ സുഹുര്തിനെപ്പോലെ , മഴയുടെ നേര്‍ത്ത കുളിരാര്‍ന്ന കരങ്ങള്‍.., റോഡിന്റെ ഇരു വശത്തും കൊടുംകാടും.. പ്രകൃതിയുടെ അപൂര്‍വ കൂടിചേരലുകളില്‍ ഒന്ന്…
കുറച്ചു ദൂരം കൂടി കഴിഞ്ഞപ്പോള്‍ മഴ എവിടെയ്‌ക്കോ മാഞ്ഞു പോയി. പിന്നെ അല്പം കൂടി വേഗത കൂട്ടാമെന്ന് കരുതിയപ്പോള്‍ അടുത്ത അത്ഭുദം, മഴ ബാക്കി വച്ച് പോയ മഞ്ഞ്. പുലരിയിലേക്ക് ഒറ്റയ്ക്ക് ഓടിക്കൊണ്ടിരിക്കുന്ന രാത്രിയുടെ കൂട്ടിനെന്നപോലെ, കാടിനു ചുറ്റും പടര്‍ന്നു നില്‍ക്കുന്ന മഞ്ഞ്.അങ്ങനെ അതിനെ കീറിമുറിച്ചു , മഞ്ഞിന്റെ തണുത്ത തഴുകലിന്റെ സുഖത്തില്‍ ലയിച്ചു പിന്നെയും യാത്ര തുടര്‍ന്നു.. അപൂര്‍വ്വം ചില യാത്രകളില്‍ മാത്രമേ പ്രകൃതി അതിന്റെ മാസ്മരിക ഭാവം നമുക്ക് മുന്നില്‍ കാട്ടിയിട്ടുള്ളൂ. നേരം പുലരുന്നതിനു മുന്‍പുതന്നെ കുമളി എത്തി. ചെക്ക്‌പോസ്റ്റ് കടന്നു ഒരു മുറിയെടുത്തു ഫ്രഷ് ആയി, ഇനിയടുത്ത ലക്ഷ്യം ബോട്ടിംഗ്.
ഇടുക്കി ജില്ലയില്‍ പെരിയാര്‍ ടൈഗേര്‍ റിസേര്‍വ് ഫോരേസ്ടിലാണ് തേക്കടി സ്ഥിതി ചെയ്യുന്നത്. പെരിയാര്‍ വന്യജീവി കേന്ദ്രത്തിന്റെ ആകെ വിസ്തീര്ണം 777 ചതുരശ്ര കി.മി. ആണ്. ഇതില്‍ 360 ചതുരശ്ര കി.മി. നിത്യ ഹരിത വനമേഖലയാണ്. തമിഴ്‌നാട് അതിര്‍ത്തിയിലുള്ള പെരിയാര്‍ തടാകം മുല്ലപ്പെരിയാര്‍ ഡാം കെട്ടിയപ്പോള്‍ രൂപപ്പെട്ടതാണ്. തേക്കടിയിലെ മുഖ്യ ആകര്‍ഷണമാണ് ഇതിലൂടെയുള്ള ബോട്ടിങ്ങ്.
രാവിലെ എല്ലാവരും കുളിച്ചു ബോടിങ്ങിനു തയാറായി വന്നപ്പോള്‍ സമയം 8 മണി. 7 മണിക്ക് ആദ്യത്തെ ബോട്ടിങ്ങ് ആരംഭിക്കുമെന്ന് അറിഞ്ഞത് അപ്പോളാണ്. അടുത്തത് 9 മണിക്ക് തുടങ്ങും, ഭക്ഷണംകഴിച്ചു ബോടിങ്ങിനുള്ള സ്ഥലത്തേക്ക് നടന്നു. ബോട്ടിങ്ങിനെ കുറിചോര്‍ക്കുമ്പോള്‍ ഒരു നൊമ്പരം എല്ലാവരുടെയും മനസിലൂടെ കടന്നു പോകുമെന്നറിയാം. ദുരന്തങ്ങള്‍ എത്ര പേരുടെ സന്തോഷം ആണ് നശിപ്പിക്കുന്നത്..
എല്ലാവര്ക്കും ടിക്കറ്റെടുത്ത് ബോടിലേക്ക് പോയി. സുരക്ഷ സംവിധാനങ്ങളൊക്കെ ഉണ്ട്. ചിലപ്പോഴെങ്കിലും ദുരന്തങ്ങളാണല്ലോ സുരക്ഷയെക്കുറിച്ച് ഓര്‍മിപ്പിക്കുന്നത്. പെരിയാര്‍ തടാകത്തിലൂടെ കാറ്റിന്റെ നേര്‍ത്ത ചൂളം വിളികേട്ടു, കുഞ്ഞോളങ്ങളില്‍ തെന്നിതെരിച്ചു ബോട്ട് നീങ്ങി. കുറച്ചു ദൂരംചെന്നപ്പോള്‍ അഹങ്കാരത്തോടെ കരയില്‍ നില്‍ക്കുന്ന കാട്ടുപോത്തുകളെ കണ്ടു, ആരെടാ നമ്മുടെ സ്ഥലത്ത് എന്നാ ഭാവത്തോടെ. പിന്നെ പതിയെ ഓടി കാട്ടിലേക്ക് മറഞ്ഞു. ഇവിടെ ആന, കടുവ, മ്ലാവ്, കാട്ടുപന്നി, കരിംകുരങ്ങ്, കാട്ടുപോത്ത്, കുരങ്ങ്, പുള്ളിപ്പുലി, പുള്ളിമാന്‍, കേഴമാന്‍, കരടി, മുതല തുടങ്ങിയ വന്യമൃഗങ്ങളെ കണ്ട് വരുന്നു. പക്ഷെ ഞങ്ങള്‍ക്ക് കുറച്ചു മൃഗങ്ങളെ കാണാനേ കഴിഞ്ഞുള്ളൂ, പിന്നെ പേരറിയാത്ത പക്ഷികളും. ചിലതൊക്കെ പറന്നു വന്നു തടാകത്തിനു നടുക്കുള്ള മരകുറ്റികളില്‍ ഇരുന്നു ചിറകു വിരിച്ചു. ചുറ്റിനും വന്യമായ കാടിന്റെ സുന്ദര മുഖം. അതില്‍ പ്രകൃതിയിലേക്ക് ലയിച്ചു നിഷ്‌കളങ്കതയോടെ ഞങ്ങളും.
കാറ്റിനെ തലോടി കൈകള്‍ പുറതെയ്ക്കിട്ടിരുന്നു, അപ്പോഴാണ് കാടിന്റെ ഒരു വശത്തായി കുറെ പടവുകള്‍ മുകളിലേക്ക്.ഈ കൊടും കാടിന് നടുവില്‍ എങ്ങനെ പടവുകള്‍ വന്നു ഞങ്ങള്‍ ആലോചിച്ചു.. അതിനു മുകളിലായി കൊട്ടാരം പോലെ എന്തോ ഒന്ന്. അത് കെ ടി ഡി സി യുടെ ഹോട്ടല്‍ ആണെന്ന് ഞങ്ങള്‍ക്ക് പിന്നീടാണ് മനസിലായത്..പെരിയാര്‍ തടാകത്തിനു നടുവിലുള്ള ദ്വീപിലായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്.. പെരിയാര്‍ വന്യജീവിസങ്കേതത്തിനകത്ത് പ്രവര്‍ത്തിക്കുന്ന ഒരേ ഒരു ഹോട്ടലാണ് ആരണ്യനിവാസ്.
ഞങ്ങളുടെ തൊട്ടുമുന്നിലിരുന്ന സുന്ദരി തിരക്കിട്ട് ഓരോ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്തുന്നുണ്ടായിരുന്നു, ഞങ്ങളും. ദൂരെ മറ്റൊരു ബോട്ട് ഓളങ്ങളെ ഉമ്മവെച്ചു ഞങ്ങള്‍ക്കരികിലൂടെ കടന്നു പോയി. രണ്ടു മൂന്നു വട്ടം തടാകത്തില്‍ കറങ്ങി നമ്മുടെ ബോട്ട് തിരിച്ചു പൊയ്, ഞങ്ങള്‍ തടാകതെയും കാടിനേയും ഭൂമിയുടെ അവകാശികളെയും വിട പറയാന്‍ നേരമായി. ചെറിയൊരു നൊമ്പരം ഉണ്ടെങ്ങിലും, അവരുടെ ലോകത്ത് അതിക്രമിച്ചു കടന്നിട്ട്, പോകാതിരിക്കുന്നതും ശരിയല്ലല്ലോ. അവരും ഈ ഭൂമിയുടെ അവകാശികളല്ലേ. അവരോട് യാത്രമൊഴിചൊല്ലി ഞങ്ങള്‍ ബോട്ടില്‍ നിന്നും ഇറങ്ങി കരയിലേക്ക് നടന്നു,. ഒപ്പം ആ സുന്ദരിയും, അവരുടെ കൂടെ വന്നവരും ഹിന്ദിയില്‍ എന്തൊക്കെയോ പറഞ്ഞു പൊട്ടിച്ചിരിച്ചു കൊണ്ട് നടന്നു, ഇടയ്‌ക്കൊന്നു തിരിഞ്ഞു നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു. ആറു മുഖങ്ങളിലും അതിന്റെ തിളക്കം തെളിഞ്ഞു.
തടാകവും ബോടുകളും അതിന്റെ പശ്തലതിലുള്ള കാടും ഒരു തവണ കൂടി നോക്കി ഞങ്ങള്‍ തിരിച്ചു നടന്നു. തിരിച്ചു നടക്കുന്ന വഴിയില്‍ ഒരു കുരങ്ങന്‍ ഞങ്ങളെ നോക്കിനിന്നു. ആരെ പരിചയമുണ്ടോ ആവോ അതിനു..എന്തായാലും ഞങ്ങളുടെ ക്യാമറ അതിന്റെ ഭാവങ്ങള്‍ ഒപ്പിയെടുത്തു.ഞാന്‍ അഭിനയത്തില്‍ മോശമല്ലെന്നവണ്ണം അത് നന്നായി പോസ് ചെയ്തു.അവസാനം ഭൂമിയുടെ ആ അവകാശിയെയും യാത്രയാക്കി, ഇനി ഒരിക്കല്‍ വരാമെന്ന പ്രതീക്ഷയോടെ ഞങ്ങള്‍ റൂമിലേക്ക് നടന്നു.
ഇനിയെങ്ങോട്ടാണ് അടുത്ത യാത്രയെന്ന് തീരുമാനിക്കാനായി…
അങ്ങനെ ഞങ്ങളുടെ… യാത്ര തുടരുന്നു…
തേക്കടിയിലേക്കുള്ള വഴി
ഏറ്റവും അടുത്തുള്ള പട്ടണം: കുമളി3 കി.മി. അകലെ
ഏറ്റവും അടുത്ത വിമാനത്താവളം: മധുര 140 കിലോമീറ്റര്‍ ദൂരെ (ഏകദേശം 4 മണിക്കൂര്‍ അകലം), നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം 208 കിലോമീറ്റര്‍ അകലെ.
ഏറ്റവും അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍: കോട്ടയം ഏകദേശം 114 കിലോമീറ്റര്‍ അകലെ.

20 May 2012

പ്രിയമുള്ളോരാളുടെ ഡയറിക്കുറിപ്പ്

 നൗഫൽ

ദിനരാത്രങ്ങളുടെ നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍, ഏകാന്തതയുടെ അസഹനീയങ്ങളായ മരുയാത്രകള്‍ക്ക് ശേഷം, മഴവില്ല് മണ്ണില്‍ മുട്ടിയ ഒരു വൈകുന്നേരം, ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടി. മഞ്ഞിന്റെ അവ്യക്തതയിലൂടെ ഞങ്ങള്‍ നടക്കുകയായിരുന്നു, കൈകള്‍ കോര്‍ത്ത്.
അവള്‍ എന്നെ കുന്നിന്‍ ചെരുവിലേക്ക് കൊണ്ട് പോയി. അനന്തരം, ചെമ്മരിയാടിന്റെ രോമങ്ങള്‍ കൊണ്ട് തുന്നിയ അവളുടെ മേലുടുപ്പ് അഴിച്ചെടുക്കുകയും,വര്‍ഷകാല രാവുകളുടെ മടങ്ങി വരവും കാത്തു, കരിഞ്ഞു പോയ പുഴയുടെ കരയില്‍ അത് വിരിക്കുകയും, ഞങ്ങള്‍ അതിന്മേല്‍ ചെര്‍ന്നിരിക്കുകയും ചെയ്തു. അപ്പോഴും ഞങ്ങളുടെ വിരലുകള്‍ പരസ്പരം കോര്‍ത്തിരുന്നു.
പിന്നീട്… സ്‌നേഹം മിടിക്കുന്ന അവളുടെ ഇടതു നെഞ്ചിലേക്ക്, ഞാനെന്റെ ചെവി ചേര്‍ത്ത് വച്ചു.അവളുടെ ഹൃദയം, പ്രണയത്താല്‍ ത്രസിക്കുന്നത് ഞാന്‍ വ്യക്തമായും കേള്‍ക്കുകയായിരുന്നു. നിശാഗന്ധിയുടെ മണമുള്ള അവളുടെ മുടിയില്‍, പിന്നെ ഞാന്‍ മുഖം ഒളിച്ചു വച്ചു. ആ സുഗന്ധവും, അവളുടെ പിന്‍ കഴുത്തിന്റെ സ്‌നിഗ്ദ്ധതയും എന്നെ ഉന്മത്തനാക്കുകയും… ഒരു നിമിഷം… എന്റെ ചുംബനങ്ങളില്‍, അവളുടെ നിശ്വാസത്തിനു ചൂടേറുകയും ചെയ്തു.
‘കാഴ്ച’ എന്നത് പുറംമോടികളുടെ ഏകകമായതിനാല്‍, ഞങ്ങള്‍ കണ്ണുകളടച്ചു പരസ്പരം കാണുകയായിരുന്നു. ആകാശത്തിന് താഴെ, അവളുടെ പേരിലുള്ള സകല അവകാശതര്‍ക്കങ്ങളും.. ഞങ്ങള്‍ അപ്പോള്‍ വിസ്മരിച്ചു. അവളുടെ നിര്‍!മ്മലമായ വെള്ളിച്ചിറകില്‍, ഞങ്ങളിരുവരും എഴാകാശങ്ങള്‍ക്കപ്പുറത്തേക്ക്, പറന്നുയരുകയും.. പിന്നീട് പരസ്പരം വിട്ടുപോകാതെ രാവുമുഴുവനും, അവിടെ പറന്നു നടക്കുകയുമായിരുന്നു.
എല്ലാം എനിക്കൊരു സ്വപ്നം പോലെയായിരുന്നു.. അപ്പോഴും…ഇന്നും… ആ സ്വപ്നം ഓരോ ജീവകോശത്തിലുമേററുവാങ്ങി. പിന്നെപ്പോഴോ ഞാന്‍ കണ്ണുതുറന്നപ്പോള്‍… അവളെന്റെ നെഞ്ചില്‍ തല ചായ്ച്ച്, എല്ലാം മറന്നുറങ്ങുകയായിരുന്നു…
‘ഞാനെന്തു നല്‍!കാന്‍… പകരം, എന്റെ ജീവിതത്തില്‍ ?’
(പ്രിയമുള്ളോരാളുടെ ഡയറിക്കുറിപ്പില്‍ നിന്നും കടമെടുത്തത്, വീട്ടുവാനാകുമോ എന്നറിയാത്തോരു കടം…)

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...