Showing posts with label p suresh. Show all posts
Showing posts with label p suresh. Show all posts

24 Jan 2013

ഒഴുകിക്കൊണ്ടിരിക്കുന്ന പുഴ

  പി സുരേഷ്

 സച്ചിദാനന്ദന്റെ കവിതകളെപ്പറ്റി ഒരു വിചാരം




കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡുനേടിയ സച്ചിദാനന്ദന്റെ മറന്നുവെച്ച വസ്തുക്കള്‍ എന്ന കവിതാസമാഹാരത്തെ ആസ്പദമാക്കി ചില വിചാരങ്ങള്‍)))))) )
ഒഴുകിക്കൊണ്ടിരിക്കുന്ന പുഴയാണ് സച്ചിദാനന്ദന്റെ കവിത.വൈവിധ്യമാര്‍ന്ന ഭൂഭാഗങ്ങളിലെ ധാതുലവണങ്ങളും നീരുറവകളും സ്വാംശീകരിച്ചുകൊണ്ട് അത് ഒഴുകിക്കൊണ്ടേയിരിക്കുന്നു. അതെന്നും ഒരേ പുഴയായിരുന്നില്ല. കാലങ്ങളിലൂടെ ഒഴുകുമ്പോള്‍ വ്യത്യസ്ത പുഴയായി മാറുന്നു അത്.അപാരമായ കാവ്യസംസ്‌കാരത്തില്‍ നിന്ന് ഉറവകള്‍ സ്വീകരിക്കുന്ന ആ നദി പുതുവഴികളെ ആര്‍ദ്രമാക്കിക്കൊണ്ടേയിരിക്കുന്നു. പുതുകവികള്‍ക്ക് ഏറ്റവും വലിയ വെല്ലുവിളി സച്ചിദാന്ദനാണ്!. സച്ചിദാനന്ദനെ നിഷേധിച്ചുകൊണ്ടും സച്ചിദാനന്ദനില്‍നിന്ന് വിമുക്തിനേടിക്കൊണ്ടുമല്ലാതെ പുതുകവികള്‍ക്ക് സ്വയം അടയാളപ്പെടുത്താന്‍ കഴിയാത്ത വിധം ബഹുരൂപിയായ സച്ചിദാനന്ദകവിത വികസിച്ചുനില്‍ക്കുന്നു.
കാലം മുഖം നോക്കുന്ന കണ്ണാടിയാണ് സച്ചിദാനന്ദന്റെ കവിത.അറുപതുകളില്‍ തുടങ്ങി നാലര പതിറ്റാണ്ടിനു ശേഷവും നിത്യനൂതനമായിരിക്കുവാന്‍തക്കവിധം പരീക്ഷണാത്മകവും നവീകരണക്ഷമവുമാണ് സച്ചിദാനന്ദന്റെ കവിതകള്‍. ഓരോ കാലത്തോടും ക്രിയാത്മകമായി സംവദിക്കുവാനുള്ള ശേഷിയാണ് ആ കവിതകളെ എന്നും പുതുക്കിക്കൊണ്ടിരിക്കുന്നത്. സച്ചിദാനന്ദന്‍ 'പുതിയ' കവിതകള്‍ മാത്രമേ എഴുതാറുള്ളൂ.
കാലത്തിനു വെളിയില്‍
പച്ചക്കുതിര മൂച്ചുവിട്ടതു പോലുള്ള
വൃഥാജന്മമായി (ആട്ടിന്‍കാട്ടം)
അദ്ദേഹത്തിന്റെ കവിത മാറാത്തതും അതുകൊണ്ടാണ്.
പിന്നണിപ്പാട്ടുകാരുടെ കാല്പനികമസൃണതകളുടെ ഉപരിതലസ്പര്‍ശിയായ കാവ്യലാപങ്ങളില്‍നിന്ന് മലയാള കവിതയെ നിതാന്തജാഗ്രതയോടെ രക്ഷിച്ചെടുക്കുകയും അതിനെ ചരിത്രത്തോട് മുഖാമുഖം നിര്‍ത്തുകയും ചെയ്തത് സച്ചിദാനന്ദനാണ്. 'ഭൂമിയില്‍ സ്വാതന്ത്ര്യത്തിന്റെയും ആനന്ദത്തിന്റെയും സാധ്യതകള്‍' അന്വേഷിക്കുന്ന കവിതയാണ് അദ്ദേഹത്തിന്റെത്. ഒരേസമയം അത് അഭയവും പ്രവര്‍ത്തനവുമാകുന്നു. തേന്‍കൂടും മിഴാവും കടലും മുക്കുവനുമാകുന്നു(സത്യവാങ്മൂലം).'വാക്കുകളുടെ തെരുവില്‍ ഭിക്ഷയാചിച്ചു'നടക്കേണ്ട അവസ്ഥ ഒരിക്കലും സച്ചിദാനന്ദന്റെ കവിതക്ക് നേരിടേണ്ടിവന്നിട്ടില്ല. അഗാധമായ ചരിത്രബോധത്തില്‍നിന്നും പൊള്ളുന്ന വര്‍ത്തമാനത്തില്‍നിന്നുമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ ഉരുവംകൊള്ളുന്നത്.
'ഞാന്‍ നിന്ദിക്കപ്പെടുന്നവരുടെയും കഴുമരമേറ്റപ്പെടുന്നവരുടെയും
കൂടെ നിന്ന് അവസാനശ്വാസംവരെ
എന്റെ തുടുതുടുത്ത ആത്മാവിന്റെ വരികള്‍ കുറിച്ചിടും'
എന്ന വാക്കു പാലിക്കുവാന്‍ സച്ചിദാനന്ദന് ഇന്നുവരെ കഴിഞ്ഞിട്ടുമുണ്ട്. നീതി, സ്വാതന്ത്ര്യം,പ്രണയം,മരണം,പ്രകൃതി എന്നിവയാണ് തന്റെ കവിതയുടെ കേന്ദ്രപ്രമേയങ്ങള്‍ എന്ന് മറന്നുവെച്ച വസ്തുക്കളില്‍ അദ്ദേഹം എഴുതുന്നുണ്ട്. യഥാര്‍ത്ഥമനുഷ്യരുടെ രാഷ്ട്രീയമാണ് സച്ചിദാനന്ദന്റെ കവിത സംസാരിക്കുന്നത്. അരാഷ്ട്രീയതയെ അതെന്നും പുറത്തുനിര്‍ത്തിയിട്ടേയുള്ളൂ.രാഷ്ട്രീയം എന്ന കവിതയില്‍ അദ്ദേഹം എഴുതുന്നു:
'ചില ചായക്കടകളിലും
ചില യുവാക്കളുടെ കവിതയിലും
ഒരേ ബോര്‍ഡ്:'രാഷ്ട്രീയം പാടില്ല'
ഞാന്‍ ഇരുന്നും കിടന്നും തല കീഴായും അത് വായിച്ചദ്ഭുതം കൂറുന്നു,
'ആരുടെ രാഷ്ട്രീയം?'
കവിത കൃത്യവും സത്യസന്ധവുമായ രാഷ്ട്രീയജാഗ്രതയാണ് എന്ന് മുമ്പേ തിരിച്ചറിഞ്ഞ കവിയാണ് സച്ചിദാനന്ദന്‍. വളച്ചുകെട്ടലുകള്‍ക്കും ആഡംബരങ്ങള്‍ക്കും നേരമില്ലാത്ത ആ കവിതകള്‍ എല്ലാത്തരം സമഗ്രാധിപത്യങ്ങള്‍ക്കുമെതിരെ ചെറുത്തുനില്പിന്റെ കൊടിയുയര്‍ത്തി.ഫാസിസത്തിന്റെ പതിഞ്ഞ കാല്‍വെപ്പുകള്‍പോലും ആ കവിതകള്‍ പെട്ടെന്നു തൊട്ടറിഞ്ഞു. മാറിയ കാലത്ത് വിമോചനത്തിന്റെ ശോണസ്വപ്‌നങ്ങളില്‍ വിനാശത്തിന്റെ കറുപ്പ് പടരുന്നതിനെക്കുറിച്ച് സച്ചിദാനന്ദന്റെ കവിത ഉല്‍ക്കണ്ഠപ്പെടുന്നുണ്ട്. രാഷ്ട്രീയവും മതവും പകുത്തെടുത്ത ഫാസിസത്തിന്റെ അസഹിഷ്ണുത നിറഞ്ഞ ആധിപത്യത്തിന്റെ മുഖങ്ങള്‍ 'നാമെവിടെപ്പോകും പ്രിയപ്പെട്ടവരേ' എന്ന കവിതയില്‍ ആവിഷ്‌ക്കരിക്കപ്പെടുന്നു. ആത്മീയശൂന്യമായ മതവും ഇച്ഛാശൂന്യമായ രാഷ്ട്രീയവും ഈ സമാഹാരത്തിലെ കവിതകളില്‍ വിചാരണചെയ്യപ്പെടുന്നു.
എഴുപതുകളില്‍ തളിരണിഞ്ഞുനിന്ന പ്രതീക്ഷകള്‍ പുതിയ കെട്ടകാലത്ത് ചരിത്രനിരാസത്തിന്റെ അപഹാസ്യമായ വേഷങ്ങളണിയുന്നത് കവി കാണുന്നുണ്ട്.
'നാടകം കാണികള്‍ക്കു മുമ്പിലല്ല പിറകിലാണ്.
പോയരംഗത്തിലെ പ്രതിനായകന്‍ തന്നെ
ഈ രംഗത്തിലെ നായകന്‍
എല്ലാ കഥാപാത്രങ്ങള്‍ക്കുമുണ്ട് മുഖംമൂടി:
വെള്ള,പച്ച,മഞ്ഞ,ചുകപ്പുപോലും'
എന്ന് 'ഗുവേരാ നിനക്കെന്തു പറ്റി?' എന്ന കവിതയില്‍ കവിക്കു ചോദിക്കേണ്ടി വന്നത് കാപട്യത്തിന്റെ രാഷ്ട്രീയം അരങ്ങുഭരിക്കാന്‍ തുടങ്ങിയതിനാലാണ്.
എങ്കിലും കവിക്ക് പ്രത്യശ നശിച്ചിട്ടില്ല.അരങ്ങിലും അങ്ങാടിയിലും അബോധത്തിലും നയിക്കുന്ന പുതിയ യുദ്ധങ്ങളിലൂടെ ഒരു പക്ഷേ പുതിയൊരു കാലത്തിന്റെ അടയാളമാകാന്‍ ഗുവേരക്കു സാധിക്കുമെന്ന് കവി വിചാരിക്കുന്നുണ്ട്.
ജാഗ്രതയുടെയും തിരിച്ചറിവിന്റെയും വിചാരണയുടെയും കവിതകളാണ് മറന്നുവെച്ച വസ്തുക്കളിലേത്. 1981ല്‍ രചിച്ച വേനല്‍മഴയില്‍,
'ശവങ്ങളൊഴുകിനടക്കുന്ന ഒരു
പുഴപോലെയായിരുന്നിട്ടുണ്ട് എന്റെ ജീവിതം'
എന്ന് സച്ചിദാനന്ദന്‍ എഴുതിയിട്ടുണ്ട്. ദുരിതങ്ങളുടെ ആരുനിറഞ്ഞ ജീവിതത്തെ കവിതകൊണ്ട് അതിജീവിച്ചവനായിരുന്നു കവി.അസ്വസ്ഥമായിരിക്കുക എന്നതാണ് കവികളുടെ എക്കാലത്തെയും വിധി. സച്ചിദാനന്ദന്റെ കവിത ഒരു കാലത്തും സ്വസ്ഥമായിരുന്നിട്ടില്ല. അതെപ്പോഴും ക്ഷോഭിക്കുന്നവരുടെയും വേദനിക്കുന്നവരുടെയും കൂടെനിന്നു.
'ധൃതരാഷ്ട്രരുടെ ഭാഗമഭിനയിക്കാന്‍
എനിക്കു വയ്യാ; ആന്ധ്യമല്ല,
കാഴ്ച്ചയാണ് എന്റെ പ്രശ്‌നം'
എന്ന് സച്ചിദാനന്ദന്റെ കവിത ശങ്കയേതുമില്ലാതെ പ്രഖ്യാപിക്കുന്നു. വര്‍ത്തമാനത്തെ വിചാരണചെയ്യുന്ന ചോദ്യങ്ങളായി അദ്ദേഹത്തിന്റെ കവിത മാറുന്നു.
'നീതിയുടെ നദി വരണ്ടുപോകാത്ത ഒരു ലോകം
കിനാക്കണ്ട് ഹൃദയത്തില്‍ വെടിത്തുളയേറ്റുവാങ്ങിക്കൊണ്ട്' മരിക്കുന്ന കവികള്‍ക്കൊപ്പമാണ് ഈ കവി.

19 Jul 2012

മലയാളം മരിച്ചാല്‍ ആര്‍ക്കാണു ചേതം?


പി. സുരേഷ്


'സ്വരങ്ങളിലൂടെ തേനും വ്യഞ്ജനങ്ങളിലൂടെ ഇരുമ്പുമൊഴുകുന്ന അമ്പത്തൊന്നു കമ്പികളുള്ള വീണ' എന്ന് സച്ചിദാനന്ദന്‍ മലയാളത്തെ വിശേഷിപ്പിക്കുന്നു. അദ്ദേഹം തുടര്‍ന്നെഴുതുന്നു:
'എന്റെ സ്ലേറ്റില്‍ വിടര്‍ന്ന വടിവുറ്റ മഴവില്ല്
എന്റെ പുസ്തകത്താളില്‍ പെറ്റുപെരുകിയ മയില്‍പ്പീലി
..............................
.............................................................................
അറിവും ആടലോടകവും മണക്കുന്ന
പഴമൊഴികളുടെ നിറനിലാവ്
പാമ്പിന്‍ മാളങ്ങള്‍ നിറഞ്ഞ കടങ്കഥകളുടെ
നൂണുപോകേണ്ട മൈലാഞ്ചിവഴികള്‍
സന്ധ്യകളില്‍ അഗ്നിവിശുദ്ധയായി
കനകപ്രഭചൊരിഞ്ഞ എഴുത്തച്ഛന്റെ സീതാമാവ്...'
ഇതെല്ലാമാണ് കവിക്ക് സ്വന്തം മാതൃഭാഷയായ മലയാളം.എല്ലാ കവികള്‍ക്കും എല്ലാ മനുഷ്യര്‍ക്കും അവനവന്റെ മാതൃഭാഷ ഇതെല്ലാമാണ്. ഒരു ജനത നൂറ്റാണ്ടുകളിലൂടെ സംഭരിച്ചുവച്ചിരിക്കുന്ന ജ്ഞാന രൂപങ്ങളും സംസ്‌കാരസഞ്ചയവും ആ ജനതയുടെ മാതൃഭാഷയില്‍ ഘനീഭവിച്ചു കിടക്കുന്നു. അതുകൊണ്ടാണ് മാതൃഭാഷയുടെ തകര്‍ച്ച ഒരു സംസ്‌കാരത്തിന്റെ തകര്‍ച്ചയാണെന്നു പറയുന്നത്.
സ്വന്തം ലിപിയും സാഹിത്യവും മാനദണ്ഡമാക്കി യുനസ്‌കോ തയ്യാറാക്കിയിട്ടുള്ള ഭാഷാ പട്ടികയില്‍ 26-ാമത് സ്ഥാനമാണ് മലയാളത്തിനുള്ളത്. 1500 വര്‍ഷത്തിലേറെ പഴക്കമുള്ള ഭാഷയാണ് മലയാളമെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. എന്നാല്‍ ഇന്ന് ഇംഗ്ലീഷ് പോലുള്ള അധിനിവേശ ഭാഷകളുടെ സ്വാധീനഫലമായി മലയാളം ഗുരുതരമായ ഭീഷണി നേരിടുന്നു.ഒരുപക്ഷേ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും ഭരണാധികാരികളുടെ ഭാഷയോടുള്ള നിഷേധാത്മകസമീപനവും ഒരു ജനത എന്ന നിലയില്‍ സ്വന്തം ഭാഷയോടു നാം കാണിക്കുന്ന അവഗണനയുമെല്ലാമായിരിക്കും ഇംഗ്ലീഷ് ഭീഷണിയേക്കാള്‍ മലയാളത്തെ മൃതപ്രായമാക്കിയിട്ടുണ്ടാവുക. മാതൃഭാഷ ഒരു ജനതയുടെ സാംസ്‌കാരികവും സാമൂഹികവുമായ ജീവിതത്തെ എങ്ങനെയാണ് രൂപപ്പെടുത്തുന്നത് എന്ന് തിരിച്ചറിയാത്ത, ലോകത്തിലെ ഒരേയൊരു ജനത കേരളത്തിലാണ് ജീവിച്ചിരിക്കുന്നത്!മാതൃഭാഷ മരിച്ചാല്‍ എന്താണു സംഭവിക്കുക?
ഒരു ജനതയുടെ സാംസ്‌കാരികോര്‍ജമാണ് മാതൃഭാഷ.വ്യക്തികളുടെ സൗന്ദര്യബോധം മുതല്‍ ചരിത്രബോധവും അനുഭൂതിയും വരെ ഉരുത്തിരിയുന്നത് മാതൃഭാഷയുമായി ബന്ധപ്പെട്ടാണ്. മാതൃഭാഷ നഷ്ടപ്പെടുന്ന ജനത ചരിത്രമില്ലാത്തവരായി മാറുന്നു. ദൈവത്തിലെത്താനും അതുവഴി അനശ്വരതയെ പ്രാപിക്കാനുമുള്ള മനുഷ്യന്റെ ആഗ്രഹങ്ങള്‍ ഭാഷയെ ശിഥിലമാക്കുന്നതിലൂടെ എന്നന്നേക്കുമായി തടയാമെന്ന് ബാബേല്‍ഗോപുരത്തിന്റെ കഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
മാതൃഭാഷയെ ആന്തരികവല്‍ക്കരിക്കുന്നതിലൂടെ സാധ്യമാകുന്ന സാമൂഹികവല്‍ക്കരണമാണ് വ്യക്തികളുടെ ലോകബോധത്തെ നിര്‍ണയിക്കുന്നത്. മാതൃഭാഷയുടെ അധ്യയനവും പ്രയോഗവും വഴി കുട്ടി ആര്‍ജിക്കുന്ന ജ്ഞാനത്തിന്റെ സ്വാഭാവികവും സര്‍ഗാത്മകവുമായ പ്രയോഗങ്ങള്‍ ഒരു പുതിയ സമൂഹനിര്‍മ്മിതിക്കുള്ള ഊര്‍ജ്ജമായി കുട്ടികളില്‍ നിലീനമായി കിടക്കുന്നു.
വ്യക്തിയുടെ ആത്മാവിഷ്‌കാരം അകൃത്രിമവും അതിനാല്‍ത്തന്നെ സര്‍ഗാത്മകവുമാകുന്നത് മാതൃഭാഷയിലൂടെ ആവുമ്പോഴാണ്.അറിവിനെ വിജ്ഞാനവും വിജ്ഞാനത്തെ ജ്ഞാനവുമാക്കി പരിവര്‍ത്തിപ്പിക്കുന്ന രാസത്വരകമാണ് മാതൃഭാഷ.
മാതൃഭാഷയുടെ വിനിയോഗവും മാതൃഭാഷയിലൂടെയുള്ള വിനിമയവും സുപ്രധാനമായ സാമൂഹ്യനിര്‍മ്മാണ പ്രക്രിയകൂടിയാണ്. കാരണം,മാതൃഭാഷ നമ്മെ അന്യവല്‍ക്കരിക്കുന്നില്ല. വ്യക്തിയും സമൂഹവും തമ്മിലുള്ള സംപൃക്തതയുടെ അടിസ്ഥാനഘടകം മാതൃഭാഷയാണ്. മാതൃഭാഷ നഷ്ടപ്പെടുന്ന വ്യക്തിക്ക് സമൂഹം നഷ്ടപ്പെടുകയും പൊള്ളയായ ഒരു വ്യാജലോകത്ത് മാത്രം അസ്തിത്വമുള്ള വ്യക്തിയായി അയാള്‍ മാറുകയും ചെയ്യുന്നു. ദുര്‍ബലമായ മാതൃഭാഷാടിത്തറയുള്ള വ്യക്തി ദുര്‍ബലവും ഉപരിപ്ലവവുമായ ചിന്തയും സ്വത്വബോധവുമുള്ള വ്യക്തിയായി മാറും വൈവിധ്യമാര്‍ന്ന വൈജ്ഞാനിക മേഖലകളെ ജൈവികമായി ഉള്‍ക്കൊള്ളുവാന്‍ മാതൃഭാഷാമാധ്യമ പഠനത്തിലൂടെ മാത്രമേ കഴിയൂ. 



മാതൃഭാഷ ഒരു ആവാസവ്യവസ്ഥയാണ്. മനുഷ്യര്‍ അവരുടെ ജൈവപരാഗങ്ങള്‍ ആഗിരണം ചെയ്യുന്നത് ഈ ആവാസവ്യവസ്ഥക്കകത്തുവച്ചാണ്. മത്സ്യം ജലത്തില്‍നിന്ന് അകലുന്നതുപോലെ ആത്മഹത്യാപരമാണ് ഒരു വ്യക്തി സ്വന്തം മാതൃഭാഷയില്‍നിന്ന് അകലുന്നത്.
ന്നത് മാതൃഭാഷയിലൂടെയാണ്. കാരണം അത് നമ്മുടെ സാംസ്‌കാരിക മനസ്സിനെ രൂപപ്പെടുത്തിയ ഭാഷയാണ്; നമ്മുടെ അനുഭവലോകത്തെ ചരിത്രപരമായി നിര്‍ണയിച്ച ഭാഷയാണ്. അധിനിവേശഭാഷയാകട്ടെ, ചരിത്രവും സംസ്‌കാരവും ചോര്‍ന്നുപോയ അക്ഷരമാലകളായാണ് നമ്മുടെ കുഞ്ഞുങ്ങള്‍ക്കുമുന്നില്‍ പ്രത്യക്ഷമാകുന്നത്. ഒരു ദേശത്തിന്റെ സമ്പന്നസംസ്‌കാരത്തിനുമുകളില്‍ അടയിരുന്നതിന്റെ ചൂട് മാതൃഭാഷയ്ക്കു മാത്രമേ ഉണ്ടാവുകയുള്ളൂ. അതുകൊണ്ടാണ് ഒരു സംസ്‌കാരത്തെ മറ്റൊരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍കഴിയില്ല എന്നു പറയുന്നത്. 'നാലുകെട്ട്' എന്ന നോവല്‍ശീര്‍ഷകത്തിനു പകരം ഇംഗ്ലീഷില്‍ ഒരു പദമില്ലാതെപോയത് അതുകൊണ്ടാണ്. 'ന്റുപ്പാപ്പക്കൊരാനേണ്ടാര്‍ന്
നു'എന്ന ശീര്‍ഷകവും വിവര്‍ത്തനക്ഷമമല്ലാത്തത് അതുകൊണ്ടുതന്നെയാണ്.
വ്യക്തിയെ ആന്തരികമായി പുതുക്കുകയും മാനവികതയും സൗന്ദര്യബോധവും ഭാവനയും അയാളില്‍ ജൈവികമായി ഉത്തേജിപ്പിക്കുകയും ചെയ്യുന്ന ഒരേയൊരു ഘടകം മാതൃഭാഷയാണ്. അതുകൊണ്ടുതന്നെ ഭാഷയെ ഒരു വിനിമയോപാധിയായിമാത്രം പരിമിതപ്പെടുത്താന്‍ കഴിയില്ല. ഇംഗ്ലീഷ് മീഡിയം എന്ന പദത്തിലെ 'മീഡിയം' എന്ന പദം ഭാഷയുടെ വിനിമയ ധര്‍മ്മത്തില്‍ മാത്രം ഊന്നുന്നു. അറിവിന്റെ ഉല്പാദനവും വിതരണവും സ്വന്തം ഭാഷയിലൂടെയാവുമ്പോഴാണ് സര്‍ഗ്ഗാത്മകമാകുന്നത്. അന്യഭാഷയില്‍ വിനിമയത്തിന്റെ കേവലധര്‍മ്മം മാത്രമേ സാധ്യമാകൂ. ഇതു മനസ്സിലാക്കിയതുകൊണ്ടാണ് ലോകത്തിലെ എല്ലാ വികസിത രാജ്യങ്ങളും മാതൃഭാഷാമാധ്യമ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്നത്.


ലോകത്തിലെ ഏറ്റവും സമ്പന്നമായ ഇരുപതുരാജ്യങ്ങളില്‍ പത്തൊമ്പതും തദ്ദേശീയഭാഷാമാധ്യമം സ്വീകരിച്ചവയാണ് എന്ന യാഥാര്‍ത്ഥ്യം കേരളീയര്‍ ഇനിയും മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടില്ല.അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിക്കുന്നു! ഇംഗ്ലീഷ് ദേവതക്കു വിഗ്രഹം പണിയുന്ന അന്ധവിശ്വാസികളായ കേരളീയര്‍ സ്വന്തം പൊന്നോമനകളെ പി.സി.തോമസിന്റെ 'എന്‍ട്രന്‍സ് കോച്ചിംഗ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്യുന്ന' തിരക്കില്‍ ചരിത്രം പഠിക്കാന്‍ മറന്നുപോയിരിക്കുന്നല്ലോ. ഭാരതത്തില്‍ ശാസ്ത്രത്തില്‍ നോബല്‍സമ്മാനം നേടിയ രണ്ടുപേര്‍ തമിഴ്ഭാഷയിലൂടെ വിദ്യ അഭ്യസിച്ചവരായിരുന്നു! ഇംഗ്ലീഷ് മാധ്യമത്തിലൂടെ പഠിച്ചിരുന്നെങ്കില്‍ അവര്‍ക്കതിനു സാധിക്കുമായിരുന്നില്ല. 


ലോകത്തെ മാറ്റിമറിച്ച മുഴുവന്‍ ചിന്താധാരകളും ശാസ്ത്ര-സാഹിത്യ-തത്വചിന്താ പദ്ധതികളും ഉരുവം കൊണ്ടത് അതാതുദേശത്തെ ഭാഷയിലായിരുന്നു. പ്ലാറ്റോയും അരിസ്റ്റോട്ടിലും മുതല്‍ ദറിദ വരെയുള്ള സൗന്ദര്യശാസ്ത്ര-തത്വചിന്താ വിശാരദരും മാര്‍ക്‌സു മുതല്‍ ഇ.എം.എസ് വരെയുള്ള സാമൂഹ്യശാസ്ത്രജ്ഞരും ഐന്‍സ്റ്റീനും ഫ്രോയ്ഡും അടക്കമുള്ള ശാസ്ത്രചിന്തകരും ഹോമര്‍ മുതല്‍ ടോള്‍സ്റ്റോയ്  വരെയുള്ള സാഹിത്യപ്രതിഭകളും തങ്ങളുടെ വിസ്‌ഫോടനാത്മകമായ ആവിഷ്‌കാരങ്ങള്‍ നിര്‍വ്വഹിച്ചത് അവരവരുടെ മാതൃഭാഷയിലായിരുന്നു. ഇന്നും ലോകത്തിന്റെ നെറുകയില്‍ ജ്വലിച്ചുനില്‍ക്കുവാന്‍ അവര്‍ക്കു സാധിക്കുന്നത് മാതൃഭാഷ നല്‍കിയ ഉള്‍ക്കരുത്തിന്റെ വരദാനം കൊണ്ടാണ് എന്ന കാര്യത്തില്‍ സംശയമില്ല.
ഒരു ജനതയുടെ ആത്മബലം അഥവാ ഉള്‍ക്കരുത്താണ് അവരുടെ മാതൃഭാഷ. ഇംഗ്ലീഷ് പോലെയുള്ള അധിനിവേശഭാഷയുടെ സ്വാധീനവും വ്യാപനവും ഈ ഉള്‍ക്കരുത്തിനെയാണ് ചോര്‍ത്തിക്കളയുന്നത്. മലയാളഭാഷക്ക് ഈ ഉള്‍ക്കരുത്ത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. വൈവിധ്യമാര്‍ന്ന വൈജ്ഞാനിക മേഖലകളെ ജൈവികമായി ആവിഷ്‌കരിക്കാന്‍തക്ക കരുത്തും പദസമ്പത്തും മലയാളത്തിനുണ്ടായിരുന്നു. ഗണിതശാസ്ത്രവും സസ്യശാസ്ത്രവും ആയുര്‍വേദവും വാസ്തുശാസ്ത്രവും സാഹിത്യവുമടക്കമുള്ള വ്യവഹാരരൂപങ്ങള്‍ മലയാളത്തിന്റെ ചൂടും ചൂരുമുള്ള ലിപികളില്‍ ആവിഷ്‌കരിക്കാനുള്ള കരുത്ത് നമ്മുടെ മലയാളത്തിനുണ്ടായിരുന്നു. എന്നാല്‍ സമീപകാലത്തായി ഇംഗ്ലീഷ് ഭാഷയോടുള്ള വിധേയത്വം ഈ ഉള്‍ക്കരുത്തിനെ ബാധിച്ചിട്ടുണ്ട്. തമിഴ് ഭാഷയാകട്ടെ അധിനിവേശഭാഷകളുടെ കയ്യേറ്റത്തെ ബോധപൂര്‍വ്വം തന്നെ ചെറുക്കാന്‍ശ്രമിക്കുന്നുണ്ട്. 


'തീവണ്ടി' യും 'തീപ്പെട്ടി' യും 'ചലച്ചിത്ര' വും സൃഷ്ടിച്ച മലയാളിയുടെ ഭാഷാസൗന്ദര്യബോധം 'കമ്പ്യൂട്ടറും' 'മൊബൈലും' 'ഇന്റര്‍നെറ്റും' തദ്ദേശ ഭാഷാസ്വാംശീകരണത്തിന് വിധേയമാക്കാന്‍ മടി കാണിക്കുന്നതെന്തുകൊണ്ടാണ്? തമിഴനാകട്ടെ കണിനി(computer),മടിക്കണിനി (laptop) ,മിന്നഞ്ചല്‍ (e-mail), എന്നിവയെ ഭാഷയിലേക്ക് ആഗിരണം ചെയ്തുകൊണ്ടാണ് ഇപ്പോഴും സമകാലികനായിക്കൊണ്ടിരിക്കുന്നത്
!
മാതൃഭാഷാവിദ്യാഭ്യാസം സര്‍ഗാത്മകവും സൗന്ദര്യാത്മകവുമായ വികാസവും നവീനമായ ജീവിതബോധത്തിന്റെ രൂപീകരണവും ലക്ഷ്യംവെക്കുന്നു. തന്റെ പരിസരത്തിന്റെ ജൈവാംശം ഉള്‍ക്കൊള്ളുന്ന മാതൃഭാഷയിലൂടെ ഒരു ആയുഷ്‌കാലത്തേക്കുള്ള മൂല്യങ്ങളാണ് കുട്ടി ആര്‍ജിക്കുന്നത്. അനന്തര തലമുറകളിലേക്കും നീളുന്ന ജീവിതബോധമാണിത്. അനുഭവ പരിസരത്തെ സ്പര്‍ശിച്ചറിയുവാനും പാരിസ്ഥിതികാവബോധം സ്വാംശീകരിക്കുവാനും സമൂഹലബ്ധമായ അറിവിനെ സൗന്ദര്യാത്മകമായി പുന:സൃഷ്ടിക്കുവാനും കുട്ടികളെ പ്രാപ്തമാക്കുന്നത് മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസമാണ്. ഇത്തരത്തിലുള്ള വിദ്യാഭ്യാസമാണ് ഒരു സംസ്‌കാരത്തെ സൃഷ്ടിക്കുന്നത്. സംസ്‌കാരമില്ലാത്ത ഒരു ജനതയെക്കൊണ്ട് എന്താണ് പ്രയോജനം? 





എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...