Showing posts with label 20. Show all posts
Showing posts with label 20. Show all posts

26 Oct 2015

തരളിതം

                 
                 അന്‍വര്‍ ഷാ ഉമയനല്ലൂര്‍




നിന്നോര്‍മ്മകള്‍ക്കുദയ ചാരുത പകരുവാ-
നിടനെഞ്ചിലൊരുഹരിതകാലം പുതുക്കുവാ-
നണയുന്നു പതിയെ പുലര്‍ഗീതമായോമനേ-
യിടയില്‍ തൂമണവുമായിന്നുമാ പ്രിയസ്വനം.

മഹിതമ,ല്ലതിലുപരിയൊരു പ്രണയലോകമാ-
ണോര്‍മ്മകള്‍ക്കാകെച്ചിലങ്കചാര്‍ത്തുന്നതും
ചിരമോഹമണയാതെ കാത്തുവയ്ക്കുന്നൊരാ-
സുരകാലമായ് പിന്നില്‍നിന്നുചിരിതൂവതും.

കര്‍ണ്ണികാരംനിറയെ നിന്‍ സ്മിതപ്പൂക്കളാല്‍
രമണീയമാക്കിടുന്നൊരു സുഖദ പുലരിയെ-
ന്നോര്‍മ്മയില്‍ പതിവുപോ-ലനുപമേയീവിധ-
മറിയുന്നുവോ,നീയുമൊരുവേള-യെന്നെയും?
          *    *    *

അലിഞ്ഞടുത്തീടുമൊരു ഗാനംകണക്കെന്റെ
മൊഴികളിന്നിരുള്‍വീണ വഴിയിലൂടയരുവാന്‍
സ്‌മൃതികളില്‍നിറയുമാ,സ്‌നേഹവര്‍ണ്ണങ്ങളി-
ന്നഴല്‍വീണ ഹൃദയചിത്രങ്ങള്‍ തെളിക്കുന്നു.

ഇടയിലൂടൊരുബാല്യസ്മരണതന്‍ കിരണമെ-
ന്നിമകളിലൊരു പുതിയ കാവ്യം രചിക്കുന്നു;
ശ്രുതിനിലയ്ക്കാതുളളിലമരുമൊരു മോഹമെന്‍
വ്യഥിത വിപഞ്ചികയെത്തൊട്ടുണര്‍ത്തുന്നു!!

വന്നുനില്‍ക്കുന്നരികെയിരുളിലാശ്വാസമായ്
പുതുതാരകാകാരമായ് പ്രിയദെ, നിന്‍സ്മിതം
എന്നകം കേഴുന്ന വരികളില്‍ നിന്നെഞാന്‍
ചേര്‍ത്തുനിര്‍ത്തുന്നദയമായ് നിത്യ,മാദരം.
          *    *    *

തെറ്റിയൊരു വരിയിലൂടരുകില്‍വന്നിന്നെന്റെ
ചുറ്റിലും; സ്‌മരണതന്‍ പനിനീരുതിര്‍ക്കവേ,
ഛേദിപ്പതെന്തു ദ്രുതകാലമേ, പതിവുപോല്‍
ചോദിപ്പു; ഭാരിച്ചയോര്‍മ്മപോല്‍ പുലരിയും!

തിരുസന്നിധിയില്‍ ലയിച്ചു നില്‍ക്കുമ്പോഴു-
മിഹ! ക്രൗഞ്ചമിഥുനമായ് വീണു പിടയ്ക്കുന്നു;
കരളിനോടൊത്തയാ, നാള്‍മുതല്‍ തരളിത-
മായ്‌ത്തീര്‍ന്നതാം സുദിനമോരോന്നുമീവിധം.

19 Jul 2015

റെയിൽപാളത്തിലെ ആട്

24 Jun 2015

സ്നേഹിക്കാൻ മാത്രം കരുത്തനായ ഒരാളെക്കുറിച്ച്‌


ഡോ.മ്യൂസ്‌ മേരി
    ജീസസ്‌ നീ പിന്നെയും ഉറ്റു നോക്കുന്നതെന്ത്‌? ഇരിപ്പുമുറിയിലെ ദയാരഹിതമായ മൗനങ്ങൾക്കുമേൽ നിന്റെ നോട്ടം വന്നുവീഴുന്നു. അടുക്കളയിൽ നീരാവിയിലടവച്ചു വിരിയുന്ന അപ്പക്കുഞ്ഞുങ്ങളെ നീ ഉറ്റു നോക്കുന്നതെന്ത്‌?" നിരത്തിലൊറ്റയ്ക്കായിപ്പോയ മഴനിഴലുകളെ ചേർത്തുപിടിക്കുമ്പോഴും നീ ഉറ്റുനോക്കുന്നതെന്ത്‌? ഒരിക്കലേപ്പോഴോ കുറിച്ചിട്ട വരികൾ നിരത്തിലും  നിഴലിലും കിടപ്പിലും ഇരിപ്പിലും ഉറ്റുനോക്കുന്ന പീഡിതനായ ദൈവത്തിന്റെ മുഖം കുഞ്ഞുനാളിലേപ്പോഴോ കൂടെക്കൂടിയതാണ്‌. വായനാരീതികളിലും കാഴ്ചപ്പാടിലും ഈ ദൈവമുഖത്തിന്‌ പല രൂപഭേദങ്ങളും സംഭവിച്ചിട്ടുണ്ട്‌. ഈയിടെ കുറെ ജീസസ്‌ സിനിമകൾ കാണാനിടയായപ്പോൾ ഷൂസെ സരമാഗു (യേശുക്രിസ്തുവിന്റെ സുവിശേഷം) നിക്കോസ്‌ കസന്ദ്സാക്കീസ്‌ (യേശുവിന്റെ അന്ത്യപ്രലോഭനം) എന്നിവയുടെ രചനകളുടെ വായനാനുഭവത്തിൽ നിന്ന്‌ കുറച്ചുകൂടി മൂർത്തമായ കളാണുഭവമായി അതുമാറി.
    ഹൈസ്കൂൾ കാലത്തായിരിക്കണം എന്റെ ആദ്യ ജീസസ്‌ സിനിമാനുഭവം 'മിശിഹാ ചരിത്ര'മാണ്‌ പീഡിതനായ മനുഷ്യപുത്രനെയും നിണപ്പാടേറ്റ വഴികളെയും ചലച്ചിത്രാനുഭവമായി അന്ന്‌ മാറ്റിയത്‌. സിനിമ കണ്ട്‌ ഇന്നെന്ന പോലെ അന്നും കരഞ്ഞിരുന്നു. ഇന്നേക്കാൾ കുറച്ചുകൂടി ഗാഢവും വ്യാപ്തിയുമുള്ള കരച്ചിലായിരുന്നു അത്‌. വായിക്കുമ്പോഴും സിനിമ കാണുമ്പോഴും ഇന്നും കരയാറുണ്ട്‌. അപ്രത്യക്ഷമല്ലാത്ത കരച്ചിലുകളാണ്‌ മിക്കവയും.
    'ജീസസ്‌', 'കിങ്‌ ഓഫ്‌ കിംഗ്സ്‌', ദി പാഷൻ ഓഫ്‌ ക്രൈസ്റ്റ്‌', 'ദി ലാസ്റ്റ്‌ ടെമ്പ്റ്റേഷൻ ഓഫ്‌ ക്രൈസ്റ്റ്‌', 'ജീസസ്‌ ഓഫ്‌ നസറേത്ത്‌', 'ഗോസ്പൽ ഓഫ്‌ സെന്റ്‌ ജോൺ', 'ദി സീക്രട്സ്‌ ഓഫ്‌ ജൂഡാസ്‌' എന്നിവയെല്ലാം യേശു മുഖ്യകഥാപാത്രമായി വരുന്ന സിനിമകളാണ്‌. ഇവ കാലത്തിന്റെ മുറിപ്പാടിൽ നിന്നു വീഴുന്ന നിണച്ചാലുകളെ വീണ്ടും ചുവപ്പിക്കുന്നു.
    യേശുക്രിസ്തുവിന്റെ കഥ സിനിമയാക്കുമ്പോൾ ചിരപരിചിതമുഖം (ചിത്രമായും ശിൽപമായും ഉള്ള സാന്നിദ്ധ്യം) വിഷയപരിചിതത്വം എന്നിവ മൂലം സംവിധായകരും നടന്മാരും ചില പരിമിതികളും  ആനുകൂല്യങ്ങളും അനുഭവിക്കുന്നുണ്ട്‌. പരിചിത മുഖത്തെ മറികടക്കുക. വിശ്വാസപരമായ പരുക്കില്ലാതെ, വിവാദം സൃഷ്ടിക്കാതെ (സൃഷ്ടിച്ചാലും) കലാരൂപമായി വിജയിക്കുക എന്നിവയെല്ലാം സിനിമയിലെ പ്രശ്നങ്ങളാണ്‌ മേൽപറഞ്ഞ സിനികളെല്ലാം തന്നെ ഇക്കാര്യങ്ങളെ അഭിസംബോധന ചെയ്യുന്നു. ചിലപ്പോൾ നന്നാകുന്നു. മറ്റു ചിലപ്പോൾ ചില കുഴപ്പങ്ങളിൽപ്പെടുന്നു. കലാസംവിധാനവും വലിയ പണിയാണ്‌. കാലത്തെ പുനരാവിഷ്ക്കരിക്കുനനിടത്ത്‌ ഭാവനയും പ്രയത്നവും ചേർന്നു നിൽക്കുന്നു. 'ജീസസ്‌', 'ദി സീക്രട്സ്‌ ഓഫ്‌ ജൂഡാസ്‌', 'ദി ലാസ്റ്റ്‌ ടെമ്പ്റ്റേഷൻ ഓഫ്‌ ക്രൈസ്റ്റ്‌', 'ജീസസ്‌ ഓഫ്‌ നസ്രേത്ത്‌ എന്നിവയെല്ലാം ഇത്തരമൊരു പുനരവതരണത്തിൽ മികച്ചുനിൽക്കുന്നു.
    യേശു എന്ന കഥാപാത്രം എങ്ങനെ ആവിഷ്ക്കരിക്കപ്പെടുന്നു എന്നതാണ്‌ ഈ സിനിമാകാണികൾ ഉറ്റു നോക്കുന്ന ഒരു കാര്യം. ഓരോന്നിലും വ്യത്യസ്ത ആവിഷ്ക്കരണരീതികൾ കാണാം. കൂട്ടുകാർക്കൊപ്പം നടന്നുപോകുമ്പോൾ തമാശകൾ പറയുന്ന, ചെറിയ കുസൃതികൾ കാണിക്കുന്ന-ജൂഡാസുമായി കൈകോർത്തു മല്ലുപിടിക്കുന്ന-ജൂഡാസിനെ തള്ളിമാറ്റിയിട്ടിട്ടു പോകുന്ന യേശുവിനെ സീക്രട്സ്‌ ഓഫ്‌ ജൂഡാസിൽ കാണുന്നു. ജീസസ്‌ സിനിമയിലാകട്ടെ കാനായിലെ കല്യാണത്തിൽ വിരുന്നുകാർക്കൊപ്പം നൃത്തം ചെയ്യുകയും പാട്ടുപാടുകയും ചെയ്യുന്ന യുവാവാണ്‌ യേശു. 'നിന്റെ പിതാവിനിതാണിഷ്ട'മെന്നു പറയുന്ന അമ്മയോട്‌ 'സ്വർഗ്ഗത്തിലെ പിതാവിനോ ഭൂമിയിലെ പിതാവിനോ' എന്ന്‌ കുസൃതിച്ചിരിയോടെ ചോദിക്കുന്ന ജീസസിനെയും കാണാം. പക്ഷേ 'ലാസ്റ്റ്‌ ടെമ്പ്റ്റേഷൻ ഓഫ്‌ ക്രൈസ്റ്റി'ലെ യേശുവിൽ ആത്മാവിന്റെ എരിച്ചിലും ശരീരത്തിന്റെ പിടച്ചിലും മിടിച്ചുനിൽക്കുന്നു. കനലുകോരിയിട്ട പോലെ പ്രകാശിക്കുകയും പൊള്ളുകയും ചെയ്യുന്ന മുഖം സിനിമ കണ്ടു ദിവസങ്ങൾ കഴിഞ്ഞാലും കൺമുമ്പിലുണ്ടാകും. കഥാപാത്രത്തിനു വേണ്ടിയുള്ള സമർപ്പണവും വിസ്മയപ്പിക്കും. 'ദി പാഷൻ ഓഫ്‌ ക്രൈസ്റ്റ്‌ ആവട്ടെ ചോരക്കളിയുടെ അമിതഭാരം മനസ്സിൽ കയറ്റുന്നു. കല പിൻവാങ്ങുന്ന കാഴ്ചയാണവിടെ അനുഭവപ്പെടുന്നത്‌.
    ഹെൻട്രി ഇയാൻ ക്യൂബിക്‌ (The Gospel of St.John) ജൊനാഥൻ സ്ക്കാർഫ്‌ (The Secrets of Judas), വില്യം ഡാഫോ (The Last Temptation of Christ) റോബർട്ട്‌ പവൽ (Jesus of Nazarath), ജെഫ്രി ഹൻടർ(King of Kings) ജറമി സിസ്റ്റോ (Jesus) എന്നീ നടന്മാരുടെ ക്രസ്ത്വഭിനയത്തിൽ പ്രയത്നവും സമർപ്പണവും വ്യക്തമാണ്‌. മിതവും വികാരവാഹിയുമായ ചലനങ്ങളും ഒറിജിനാലിറ്റിയും കൊണ്ട്‌ അവർ വിജയിക്കുന്നു.
    കുരിശുമരണത്തിന്റെ ചരിത്രപരമായ സാഹചര്യത്തെ കഥാഗതിയിൽ കൊണ്ടുവരാൻ മിക്ക സിനിമകളും ശ്രമിക്കുന്നു. 'ജീസസ്‌ സിനിമയിൽ ബാലനായ ജോണിനെയും, യേശുവിനെയും കൊണ്ട്‌ ജറുസലേമിൽ നിന്നു വരുമ്പോൾ കുരിശിൽ തൂങ്ങിക്കിടക്കുന്ന ആളുകളെ അവർ കാണുന്നുണ്ട്‌. 'ശ്രീക്രട്സ്‌ ഓഫ്‌ ജൂഡാസി'ലും, 'കിങ്‌ ഓഫ്‌ കിംഗ്സി'ലും കഥ തുടങ്ങുന്നതുതന്നെ ക്രൂശുമരണത്തിലൂടെ അവതരിപ്പിക്കുന്ന ദണ്ഡനീതിയെ ഓർമ്മിപ്പിച്ചുകൊണ്ടാണ്‌. 'ലാസ്റ്റ്‌ ടെമ്പ്റ്റേഷ'നിൽ പീലാത്തോസ്‌ "മൂവായിരം തലയോടുകൾ കിടക്കുന്ന ഗോൽഗോഥ" നിനക്കും ലഭിക്കാമെന്ന്‌ യേശുവിനോട്‌ ഭീഷണി സ്വരത്തിൽ പറയുന്നു. അടിമജനതയ്ക്ക്‌ റോമൻ ഭരണകൂടം നൽകുന്ന മരണശിക്ഷയായിരുന്നു കുരിശ്‌ എന്ന ചരിത്രയാഥാർത്ഥ്യത്തെ ഇവർ അംഗീകരിക്കുന്നു.  ഓരോ ജീസസ്‌ സിനിമയിലും ജീസസിന്‌ വ്യത്യസ്തവും ഏകവുമായ മുഖമുണ്ട്‌- കഥാപാത്രമെന്ന നിലയിൽ 'കിങ്‌ ഓഫ്‌ കിംഗ്സി'ൽ അടിമജനതയായ ജൂതന്മാരുടെ രാഷ്ട്രീയ പോരാട്ടത്തിന്റെ മധ്യത്തിലാണ്‌ യേശുവിനെ അവതരിപ്പിക്കുന്നത്‌. 'പാഷൻ ഓഫ്‌ ക്രൈസ്റ്റ്‌' പീഡാസഹനത്തിന്റെ 'രക്തരൂക്ഷിത' ഭാവത്തിനും, 'സ്ക്രട്സ്‌ ഓഫ്‌ ജൂഡാസ്‌' ജൂഡാസ്‌-ക്രിസ്തു ബന്ധത്തിന്റെ വൈചിത്ര്യത്തിനും ഊന്നൽ നൽകുന്നു. 'ജീസസ്‌ ഓഫ്‌ നസറേത്ത്‌' ബൈബിളിനെ പൈന്തുടർന്ന്‌ ആവിഷ്കരിച്ചിരിക്കുന്നു. ഒരു മനുഷ്യന്‌ ആത്മാവിലും ശരീരത്തിലും വഹിക്കേണ്ടി വന്ന സംഘർഷത്തിന്റെയും വ്യഥയുടെയും എല്ലാം പൂർത്തിയാക്കിയെന്ന വിജയിയുടെ പുഞ്ചിരിയുടെയും കരുത്ത്‌ പ്രവഹിക്കുന്നത്‌ 'ലാസ്റ്റ്‌ ടെപ്റ്റേഷ'നിലാണ്‌.
    ഈ സിനിമകൾ കാണുമ്പോൾ മഗ്ദലന മറിയവും മറ്റു ശിഷ്യകളും ക്രിസ്തുവിനു ശേഷം എവിടെപ്പോയിയെന്ന്‌ ചിന്തിച്ചുപോകും. യേശുവിനൊപ്പം ഉണ്ടായിരുന്ന സ്ത്രീകൾക്കു വിശ്വാസവഴികളിൽ നിന്ന്‌ കർതൃത്വസ്ഥാനം നഷ്ടപ്പെട്ടതെങ്ങനെയെന്ന വേനൽ വിങ്ങുന്ന ചോദ്യം ശേഷിക്കുന്നു."ഞാൻ ഒരു പുരുഷനായിരുന്നെങ്കിൽ നിന്റെ ഏറ്റവും വലിയ അനുയായി ആകുമായിരുന്നു"(ജീസസ്‌ സിനിമയിൽ) എന്ന മഗ്ദലനമറിയത്തിന്റെ വാക്കുകൾ പുരുഷാധികാരക്രമത്തിലിന്നും വീണുമുഴങ്ങുന്നു.
    സംഭാഷണങ്ങളിൽ ചിലതു പിന്നെയും പിന്നെയും ഓർമ്മയിൽ വരുന്നു. "പീറ്റർ നിങ്ങൾ ശക്തനാണ്‌. സ്നേഹിക്കാൻ പറ്റുന്നിടത്തോളം കരുത്തൻ"(ജീസസ്‌) അവയിലൊന്നാണ്‌. സംഭാഷണങ്ങളുടെ കാവ്യാത്മകതയും യാതനാ നിർഭരമായ കരുത്തും 'ദി ലാസ്റ്റ്‌ ടെമ്പ്റ്റേഷൻ ഓഫ്‌ ക്രൈസ്റ്റി'ലാണ്‌ വിങ്ങിനിൽക്കുന്നത്‌. ഒരു വേനൽസന്ധ്യ പോലെ വിതുമ്പിനിൽക്കുന്ന വിങ്ങൽ സ്പഷ്ടമാണവിടെ. പീലാത്തോസുമായുള്ള സംഭാഷണം. ജൂഡാസുമായുള്ള സംഭാഷണം, ഗദ്സമനിയിലെ പ്രാർത്ഥന എന്നിവയെല്ലാം വാക്കുകളും മൗനവും കൊണ്ട്‌ നമ്മുടെ നിസംഗതയെ പിളർത്തുന്നവയാണ്‌.
    'രാജാവ്‌ - അതു നിങ്ങളുടെ പദമാണ്‌, അല്ല-ഞ്ഞാനൊരു മെരിക്കിയ മൃഗമല്ല. ഒരു മാന്ത്രികനുമല്ല സ്നേഹം കൊണ്ട്‌ സംഭവിക്കാവുന്ന മാറ്റങ്ങളെക്കുറിച്ചു മാത്രമാണ്‌ ഞാൻ സംസാരിച്ചതു " (പീലാത്തോസിനോടുള്ള മറുപടി)
    'ദൈവം എല്ലാറ്റിനെയും സ്നേഹിക്കുന്നു ഉറുമ്പിനെ-മുയലിനെ...മനുഷ്യരെ..

. ലോകത്തെ" (ജൂഡാസിനോടുള്ള സംഭാഷണം).
    വിയർപ്പു രക്തത്തുള്ളികളായി വീണു എന്ന്‌ സുവിശേഷം സാക്ഷ്യപ്പെടുത്തുന്ന ഗദ്സമനയിൽ യേശുപറയുന്നു: "സ്വർഗ്ഗത്തിലുള്ള - ഭൂമിയിലുള്ള പിതാവേ, എനിക്കറിയില്ല എന്നോടു ക്ഷമിക്കുക. ഏതാണ്‌ കൂടുതൽ സുന്ദരം- (മണ്ണുവാരിയെടുക്കുന്നു) ഇതെന്റെ ശരീരമാണ്‌. നമ്മളൊന്നിച്ചു മരിക്കാൻ പോകുന്നു. അബ്രഹാമിനെ, നോഹയെ കാത്ത, എലിയാവിനു രഥം ഇറക്കിക്കൊടുത്ത ദൈവമേ നീ എന്നോടു മരിക്കാൻ പറയുന്നു. ഇതെന്നിൽ നിന്ന്‌ എടുത്തുമാറ്റണമേ."
    മെൽഗിബ്സന്റെയോ മറ്റു യേശു നടന്മാരുടെയോ അഭിനയത്തിൽ നിന്നും സിനിമാഖ്യാനത്തിന്റെ  സമഗ്രതയിൽ നിന്നും  വ്യത്യസ്തമായി The Last Temptation of Christ ലെ ഈ മനുഷ്യപുത്രന്റെ വിയർപ്പും കണ്ണീരും വീണുനനഞ്ഞ പ്രാർത്ഥന എന്റെ വേനൽപ്പാതകളിൽ പിന്നെയും മുഴങ്ങുന്നു.

23 May 2015

മുസ്സഫ സ്കെച്ചുകള്‍‍.

22 Apr 2015

രക്താങ്കിതം..


അൻവർഷാ ഉമയനല്ലൂർ

നീതിയുള്‍ച്ചേര്‍ത്തുണര്‍ത്തുന്നാര്‍ഷ ഭാരതം

വിനിശ്ചിതമല്ലിതൊന്നാകെ യുവരക്താങ്കിതം

ശോകാബ്‌ധിയാക്കരുതുലകിനെയിന്നീവിധം

അരുതെന്നപേക്ഷിക്കയാണിവിടെ, ജനശതം.

വരിഷ്ഠമാണുവധമെന്നു,വരുത്തേണ്ടയനുദിനം

ഹിംസയ-ല്ലഹിംസയാണേവര്‍ക്കും വിഭൂഷണം

പാരടച്ചുറങ്ങയാണെന്നു നിനയ്ക്കേണ്ട മേലിലും

ശതാംശവുമേകില്ലിഹ! നിനക്കിന്നു പിന്‍ബലം.

തുടര്‍ക്കഥയാണെങ്ങുമിന്നശരണജനനിഗ്രഹം

ഉയരുന്നകലെനിന്നൊരു ദ്രുതപെരിയരോദനം

അമര്‍ത്യവീരരാണെന്നുറച്ചുചെയ്യുന്ന പാതക-

മേകുവതെങ്ങനിവര്‍ക്കി,ന്നതിചാരിതാര്‍ത്ഥ്യം?

മൃതിപതുങ്ങും വഴികളോര്‍ത്തുനിന്നൊരുതരം

ഭീതിബാധിച്ചപോല്‍ തളര്‍ന്നുപോയ് ചിരജനം

അഴലിരവിനൊരുപുതിയ മോഹഗന്ധംനല്‍കി

നിഴലുപോല്‍ പിന്നെയും നീങ്ങുന്നു മുകിലകം.

ചതിയൊരുക്കിക്കുരുക്കുന്നവര്‍ പതിവുപോല്‍

കൊതിനുണഞ്ഞരികത്തിരിപ്പുണ്ടു,തുടരുവാന്‍

കഴിയുന്നതല്ലവര്‍ക്കൊന്നുപോല്‍ കൊല്ലുവാന്‍

തിരയുന്നു; കനിവിനായേനുമിഹ! പുലരുവാന്‍.

ദുഷ്ക്കര്‍മ്മസഞ്ചയംചെയ്‌തുകൊണ്ടെത്രനാള്‍-

ത്തുടരുവാന്‍ധരയിതില്‍ തടയുകെന്‍ സോദരാ

സല്‍പ്രജ്ഞയാല്‍മാത്രമേയുണരു ധരണിയില്‍

സ്വല്‌പമാണെങ്കിലും തെളിവാര്‍ന്നസ്‌മരണകള്‍.

മൃതിയാര്‍ക്കുമേകില്ല,സുരലോകമെന്നോര്‍ത്തേന്‍

പുതിയൊരു പരിവര്‍ത്തനം; ക്ഷിതിക്കേകുവാന്‍

ശക്തമായൊഴുകിടുന്നൊരു കവിതയായ് സ്വയം

വ്യക്തമാക്കുന്നുപരി,യൊരു സുകൃത ഹൃദ്സ്വരം.

വിധിക്കരുതപരര്‍ക്കു,മാര്‍ക്കുമിഹ! മരണത്തിന്‍

ദുരിതക്കയങ്ങള്‍ നിന്‍വികലോഷ്‌ണചിന്തയാല്‍

ഉദയാര്‍ക്കസാമ്യ-സദ്വൃത്തനായ്, ക്ഷിതിയിതില്‍-

മാറണം; മഹിതമൊരു പുലര്‍ഗീതമായ്-ക്ഷണം!!

---------------------------------------------

*മാധ്യമപ്രവര്‍ത്തകരെ കഴുത്തറുത്തുകൊന്ന

* * *

11 Mar 2015

കുമിഴികൾ


ദയ പച്ചാളം
(സുഹൃത്ത്‌ രമാകാന്തൻ മകൾ മിന്നുവിനായ്‌)

ഊത്തിലൂടൊരു കുഞ്ഞു
കുഴലിൽനിന്നുമെല്ലെ
ഉതിർത്തു കുമിളകൾ
സോപ്പുലായനിമേലേ
തൊടിയിൽ മാവിൻചോട്ടിൽ
അച്ഛനും മകളുമായ്‌
തെറ്റാതെപറപ്പിച്ചു
നിർമ്മലംനീർപ്പോളകൾ
കുമിഴുകയായ്‌ വീണ്ടും
പൊങ്ങിയും താഴ്‌ന്നുംപയ്യെ
കുട്ടികൈവീശി, തുള്ളി-
ക്കളിച്ചു രസമോടെ
ഒന്നുമാത്രമുയർന്നു
പിടിതരാതെനീണ്ടു!
വന്നിളംതെന്നൽ മൂളി-
ക്കൊണ്ടുപോയ്‌ ബുദ്ബുദങ്ങൾ
വീണുടൻ മാവിലയിൽ
തകർന്നു; നിരാശയായ്‌!
വായുഗതിവിഗതി
ക്ഷണികം സ്വാഭാവികം
വാസമീയുലകിതിൽ
പോളകളിത്രമാത്രം.
ഏഴുനിറങ്ങൾമിന്നും
ആലോലമാടിത്തെന്നും
ഏതേനും നിമിഷങ്ങൾ
കാണുവാനാനന്ദിപ്പാൻ,
'തൊട്ടുതലോടീടാനും
ഒന്നുതാലോലിക്കാനും
തരമില്ലല്ലോമോളെ
പോളഗോളങ്ങളേതും...
അന്തരമില്ല; നാമും
നീർപ്പോളചലനവും
അനന്തരമന്ത്യത്തിൽ
അന്തരീക്ഷത്തിൽ ശൂന്യം!
​‍്നമ്മളും വർണ്ണങ്ങളും
ഭാവനാലോകങ്ങളും
നന്മകൾ വിടർത്തണം
ഉള്ളനാളെമ്പാടുമായ്‌!
ഞാനെന്നഭാവമേറും
നാശകവാഴ്ചമുറ്റും
ഞാലുകായാണുചുറ്റും
ഖഡ്ഗങ്ങൾ തലയ്ക്കുമേൽ.
കുരുടായ്‌ മുന്നേറൊല്ല
ഈവിധമൊരിക്കലും
കുമിഴികളല്ലൊനാം
ജീവിതംസ്മരിക്കിലും...'

21 Feb 2015

പുഴയാകുവാന്‍ കൊതിച്ച്

രമേശ്‌ കുടമാളൂര്‍
പുഴയാകുവാന്‍ കൊതിച്ചൊരു കുഞ്ഞു മത്സ്യം
പുഴയുടെയാദിയില്‍ നിന്നും
അന്ത്യത്തിലേക്ക്
ആഴങ്ങളില്‍ നീന്തവേ
പുഴയുടെ പ്രവാഹമവള്‍ക്ക് പകര്‍ന്നു
ആത്മപ്രഹര്‍ഷമാം ജീവിതസ്നേഹം.

ഒഴുകുന്ന വഴികളില്‍ തരുശാഖികള്‍ നീട്ടി
അവളുടെ മേലേ തണല്‍സാന്ത്വനം
താഴെ ഹ്രദങ്ങളില്‍ പഞ്ചാര മണലിന്റെ
സ്നേഹത്തലോടലിന്‍ സൌഹൃദവും
നീളെയൊഴുകുന്ന കുളിരുള്ള നീരിന്റെ
ചുംബനപ്പൂക്കളാം പ്രണയവുമേറ്റ്
ആദിയില്‍ നിന്നും
അന്ത്യത്തിലേക്ക്
ആഴങ്ങളില്‍ നീന്തി മത്സ്യം,
ഒരു പുഴയാകുവാന്‍ കൊതിച്ച്.

കര്‍ക്കടഹര്‍ഷം വന്യതാളങ്ങളില്‍
പുഴയിലാവേശം പെയ്തു നിറയുമ്പോഴും
വേനലില്‍ ശോകം തീമണല്‍ക്കവിളില്‍
കണ്ണുനീര്‍ച്ചാലുകള്‍ തീര്‍ത്തൊഴുകുമ്പോഴും
മഞ്ഞുകാലത്തിന്റെ കുളിരില്‍ കുതിര്‍ന്ന്
തരളമൊരു പാട്ടുപോല്‍ തുടിതുടിക്കുമ്പോഴും
പുഴയാകുവാന്‍ കൊതിച്ചൊരു കുഞ്ഞു മത്സ്യം.

മഴയുടെ വെള്ളിച്ചരടുപോല്‍ കൌതുകം
പെയ്തൊരു ബാല്യവും
അന്തരംഗത്തില്‍ നിന്നുയിരിട്ടു ചുറ്റിനും
ഒഴുകിപ്പരക്കുന്ന യൌവനമലരിയും
ജീവിതം പൂക്കുന്ന ചുഴികളും, ജീവിതം
ആര്‍ത്തു വീഴുന്ന തടനിപാതങ്ങളും.

ഒടുവില്‍
ഓരോരോ ചുഴികള്‍, കയങ്ങള്‍,
ഓരോരോ ജീവിതനിമിഷ ജലബിന്ദുക്കള്‍ എല്ലാമറിഞ്ഞ്
പതിയെയാ മത്സ്യം പുഴയെയറിഞ്ഞ്
സ്വയമൊരു പുഴയായിടുന്നു.

15 Jan 2015

മെറ്റമോര്‍ഫോസിസ്


 ഷീബ ഷിജു.

കാലങ്ങളായുള്ള നമ്മുടെയൊക്കെ മൌനത്തിന്റെ
രൂപന്തരണമായിരുന്നു ചങ്ങലയുരയുന്നതിന്റെയും
തൂക്കുപലക തെന്നി മാറുന്നതിന്റെയും ഒച്ചകള്‍.

മീന്‍പിടുത്തക്കാരന്റെ ചൂണ്ടക്കൊളുത്ത് വീണകന്ന
കുളപ്പരപ്പിലെ പായല്‍ കണക്കേ വാള്‍ മിന്നല്‍
ചോര്‍ത്തിയ തുള്ളിയുംതൊണ്ടക്കുഴിയില്‍ കുടുങ്ങിയ
ഒടുക്കത്തെ വായുക്കഷണവുമൊന്നാവുന്ന നേരമായി!

കടലുപേക്ഷിച്ച്കലര്‍പ്പില്ലാത്ത പച്ച ശ്വസിക്കുന്ന
മീനുകളുടെ വസന്തകാലം കുഴിമാടങ്ങളില്‍ നിന്നും
പുറപ്പെടാനായി കാഹളം ഊതിക്കഴിഞ്ഞിരിയ്ക്കുന്നു.

വിശന്നുറങ്ങുന്നവരുടെ അവസാന നിശ്വാസം കടം
വാങ്ങി സൂര്യനെ തിരഞ്ഞവര്‍ വരുന്നുണ്ട്സീല്‍ക്കാരം,
ചങ്ങലക്കിലുക്കം അടുത്തേയ്ക്ക്  അവരടുത്തേയ്ക്ക്
അടുത്തേയ്ക്ക് വരുന്നതിന്റെഅടുത്തിട്ടകലേയ്ക്ക്
നിരയായി പോവുന്നതിന്റെ താളംപതുക്കെ ചിതറിയ
ആള്‍ക്കൂട്ടത്തിലേയ്ക്ക് പിന്നെപ്പിന്നെ വളരെ വേഗത്തില്‍
പിന്നെയും പിന്നെയും പിന്നെയും ആവേഗത്തില്‍...

ഭൂതവര്‍ത്തമാനത്തിലൂടെ ഭാവിയിലേയ്ക്കവര്‍  പോവാനി-
ടയുള്ള വഴിയിലേയ്ക്കിനിയും വേഗത്തില്‍ ഞാനുണരട്ടെ;
കണ്ണ് കുത്തിപ്പൊട്ടിയ്ക്കണംചെവിയറുത്ത് കളയണം,
കുഴിയില്‍  കുത്തനെ സ്വയം നാട്ടിനിര്‍ത്തണമവര്‍ക്കായി!
തളരുമ്പോളൂരിക്കുത്തി പോള്‍വാള്‍ട്ട്‌കാരായിക്കുതിക്കട്ടെ.

ഇരുട്ട്  പേടിച്ച് കടലിലൊളിച്ച സൂര്യനെ പുറത്തെടുക്കും,
വയസനായ കടലിനെ മല പിഴുതിട്ട് നിറച്ചു നിരപ്പാക്കി
കണ്ണാടിവീടുകള്‍ പണിയുംചങ്ങലകള്‍ നിരോധിയ്ക്കും,
തഴുതിടാവുന്ന വാതിലുകളുണ്ടാവില്ലരാജ്യം ഏകവചനവും
മനുഷ്യന്‍ അതിര്‍ത്തി ഏകീകരിച്ച ബഹുവചനവും!

കാടുകള്‍ വീടുകളുടെയുള്ളില്‍ വളര്‍ത്തപ്പെടുംവീടിന്‌
ഓരോ കാട്കാടിനെച്ചുറ്റി വീടുകള്‍, മലപിഴുതുണ്ടാക്കിയ
ഉപ്പില്ലാക്കടല്‍ കാടുനനയ്ക്കുംകാഴ്ചയുള്ള കണ്ണില്‍ കണ്ണുനീര്‍
ഗ്രന്ഥിയില്ലാത്ത ജനതയ്ക്ക്  ഉപ്പുരുചി പരിചയമാവില്ല,
കഞ്ഞിക്കും കറിയ്ക്കുമുപ്പില്ലെന്ന ഭാഷയുണ്ടാവില്ല!

ദരിദ്രരല്ലാത്ത സമശക്തര്‍ക്ക് ഭയമില്ലആഗ്രഹവും;
ഭയമില്ലാത്തതിനാല്‍ ജാതിമതം പ്രവാചകര്‍ സ്വര്‍ഗ്ഗം
നരകം ദൈവം മുതലായ വാക്കുകള്‍ ഉണ്ടാവുകയില്ല.
ജീവിച്ചു മതിയാവുമ്പോള്‍ ചലനമൂരിക്കളഞ്ഞു വീട്ടിലെ
കാട്ടില്‍ക്കയറി ഒരൊറ്റ നില്‍പ്പ് നില്‍ക്കുംജീവനുള്ളവര്‍
അവര്‍ക്ക്  വേണ്ടിയുള്ള വെള്ളം കൂടി കോരിത്തുടങ്ങും;
മതിയായി അവര്‍ക്കും കടാവാന്‍ തോന്നുംവരെയും!

ദൈവവും ഉപ്പുമില്ലാത്തതിനാല്‍ രാജ്യമേകവചനം
മാത്രമാകയാലവിടെ നന്നങ്ങാടിയെന്ന പുരാവസ്തു
ഖനനത്തില്‍ കണ്ടെടുക്കാന്‍ നീങ്ങിയിരിയ്ക്കില്ല.
ചോരയില്ലാത്തത്കൊണ്ട് എഴുതാന്‍ ചരിത്രവും
മൌനം ബാക്കിയാവാത്തതിനാല്‍ രൂപാന്തരവുമില്ല,
തൂക്കുപലകയ്ക്കായി മരമൊന്നും മുറിയ്ക്കപ്പെടില്ല.

18 Dec 2014

അനുദിനം അണുദിനം


കാനായി കുഞ്ഞുരാമൻ


അനന്തശയനം
സ്കലിച്ചുവിട്ട,
പ്രപഞ്ചമഹാവിസ്ഫോടനത്തിൽ,
പൊട്ടിത്തെറിച്ച,
ഓങ്കാര അഗ്നിസ്പുടനങ്ങൾ,
നക്ഷത്രങ്ങളായി
ഗ്രഹങ്ങളായി
ആകാശഗംഗയായി,
അനന്തവിഹായസിൽ,
വികാസം വിഷ്ണുവായി,
സങ്കോചം ശിവനായി,
സന്ദേശം കരുത്തായി,
ഗുരുത്വം ശക്തിയായി,
പരാശക്തി.
ഗുരുത്വമില്ലാ അധികാരി
ഞാൻ ആരാണ്‌?
ഞാനോരണു, പരമാണു,
പരമാർഥൻ.
പരമയോഗ്യൻ,
യോഗിയായി ജനിച്ചു.
ഭോഗിയായി ജീവിച്ചു.
രോഗിയായി ശയിക്കുന്നു.
പുഴുവായി മരിക്കുന്നു.
മലമായി, ചലമായി, ചീഞ്ഞളിഞ്ഞ്‌,
ഭൂമിക്ക്‌, വളമായി
ഒരു രാസവളക്കൂട്ട്‌
ജീവിച്ചപ്പോൾ 'ഞാനു'ണ്ടായി
മരിച്ചപ്പോൾ ഞാനെവിടെ?
ഞാനൊരു അണുപുരാണം.
അണു ഞാൻ സൂക്ഷ്മാണു,
സൂക്ഷ്മത്തിൽ ജീവിക്കുന്നു.
മരണമില്ലാ ജീവിതം,
ജീവിതമില്ലാ ജനനം.
ആശയില്ലാ ആശയം,
മുഖമില്ലാ മുഖക്കണ്ണാടി,
അണു ഞാൻ പരമാണു,
ആരാണ്‌?
'നാനാ' ശാസ്ത്രമേ,
നാനാ ശാസ്ത്രമേ,
ഈ തീവ്ര, കേസന്വേഷണയത്നം,
ആർക്കുവേണ്ടി?

22 Nov 2014

ചെകുത്താൻ സുവിശേഷം വായിക്കുന്നു


സണ്ണി തായങ്കരി

     സമയം സ്വയം നവീകരിക്കുന്ന നിമിഷങ്ങളുടെ ഹൃദയസ്പന്ദനം സമയമാപിനി രേഖപ്പെടുത്തുന്നു. ഏറെ നേരമായി കഥയുടെ പേറ്റുനോവ്‌ പേറുന്ന എനിക്ക്‌ അതിനെ ശമിപ്പിക്കാനായില്ല. എന്റെ സർഗബോധവും തൂലികയും നിർജീവമാണ്‌. എത്ര ശ്രമിച്ചിട്ടും സചേതനമായ ഒരക്ഷരംപോലും കടലാസിലേക്ക്‌ ഒഴുകി വീഴുന്നില്ല. ഏറെ പണിപ്പെട്ടിട്ടും ഫലമില്ലെന്ന്‌ കണ്ടപ്പോൾ ഒന്ന്‌ മയങ്ങിയാലോ എന്ന ചിന്ത എന്നെ പ്രലോഭിപ്പിച്ചു. അർധമയക്കം ചിലപ്പോഴെങ്കിലും ചേതനയിൽ കനൽകോരിയിട്ടിട്ടുണ്ട്‌.
   കതകിൽ ആരോ മുട്ടിയതുപോലെ. തോന്നലാവുമോ? കാത്‌ കൂർപ്പിച്ചു. വീണ്ടുംകേട്ടു അതേ സ്വരം. ഒരുൾക്കിടിലത്തിലേക്ക്‌ മനസ്സ്‌ വഴുതിപ്പോകുന്നത്‌ അറിഞ്ഞു.വിഹ്വലതയോടെ കതക്‌ തുറന്നു. അരണ്ട വെളിച്ചത്തിൽ ഒരുനിഴൽ... ഭയം പൂർണ വളർച്ചയെത്തിയ ഒരാൾരൂപമായി എന്നിലേക്ക്‌ പരകായപ്രവേശം ചെയ്തു.
   "ആ... ആരാ..." അപൂർണതയ്ക്ക്‌ അപൂർവാർഥം നൽകി എന്നിൽനിന്ന്‌ വിറയാർന്ന വികളസ്വരം പുറത്തുചാടി. ആഗതരൂപത്തിൽനിന്ന്‌ മറുവാക്കുണ്ടായില്ല. ഭയം ഒരു നെരിപ്പോടുപോലെ ജ്വലിച്ചു. കനംവച്ച നിമിഷങ്ങൾക്കൊടുവിൽ ഒരു മറുചോദ്യം അവിശ്വസനീയതയുടെ ഗതിവേഗമായി എന്നിലേക്ക്‌ ആഗിരണം ചെയ്തു.
   "എന്നെപ്പറ്റിയല്ലേ നിങ്ങൾ കഥയെഴുതാൻ ശ്രമിക്കുന്നത്‌?" വല്ലാത്തൊരു മുഴക്കം ആ സ്വരത്തിനുണ്ടെന്ന്‌ തോന്നി.
   "നിങ്ങളാരാണ്‌...?"
   "ഞാനാണ്‌ നിങ്ങൾ എഴുതാൻ ഉദ്ദേശിക്കുന്ന കഥയിലെ നായകൻ മജീഗോപ്‌ തോമസ്‌."
   വിലാപത്തിന്റെ വൈരൂപ്യം വെളിപ്പെടുത്തുന്ന ഒരുസ്വരം എന്റെ കണ്ഠനാളത്തിൽനിന്ന്‌ നിർഗമിച്ചു.
   "എന്റെ കഥയെഴുതാൻ നിങ്ങളാഗ്രഹിക്കുന്നു. പക്ഷേ, കഴിയുന്നില്ല." നിഷേധിച്ചില്ല. അതാണല്ലോ സത്യം.
   "നിങ്ങൾ മരിച്ചവനല്ലേ?"
   "ആത്മാവിന്‌ മരണമില്ല."  ആ വാക്കുകൾക്കുമുമ്പിൽ ഞാൻ ചെറുതായി, ഒരു കൃമിയായി.
   "ഞാൻ നിങ്ങളെ സഹായിക്കാം."
   "എന്തിന്‌? മൃതനായ ഒരുവന്‌ അതുകൊണ്ടെന്തുനേട്ടം?"
   "മൃത്യു ഒന്നിന്റെയും അവസാനമല്ല."
   വീണ്ടും മൃതൻ എന്നെ അതിസൂക്ഷ്മമായ തന്മാത്രയിലേക്ക്‌ ലോപിപ്പിക്കുകയാണ്‌.   
   "എന്റെ കഥ ലോകത്തോട്‌ പറയാൻ ശ്രമിക്കുന്ന ഏകയാൾ നിങ്ങളാണ്‌. ഒരു പക്ഷേ ഭാവനകൾ ചേർത്ത്‌ നിങ്ങൾ ഈ കഥയെ മനോഹരമാക്കിയേക്കാം. എന്നാൽ ഹൃദയാവർജകമായി, ചോരപൊടിക്കുന്ന എന്റെ കഥ ലോകത്തോട്‌ നിങ്ങൾ പറയണം."
   ഇത്തരം ഒരനുഭവം ഒരെഴുത്തുകാരന്‌ ആദ്യമായിരിക്കാം. എഴുതാൻ ഉദ്ദേശിക്കുന്ന കഥയിലെ മൃതനായ നായകൻ കൺമുമ്പിൽ പ്രത്യക്ഷപ്പെടുക. പരാജയപ്പെട്ട എഴുത്തുകാരന്റെ ഹൃദയഭാരം ആ കഥാപാത്രം ഏറ്റെടുക്കുക...
   "വരു, അകത്തേക്ക്‌, വെളിച്ചത്തിലേക്ക്‌..."
   "വെളിച്ചം മൃതന്‌ വെളിപാടാകുന്നില്ല. അവന്റേത്‌ ഇരുട്ടിന്റെ ലോകമാണ്‌. ഇരുട്ടാണ്‌ അവന്റെ സാന്ത്വനകവചം. ഈ കഥയെഴുതാനായി വാക്കുകളുടെ വൻകരയിലൂടെ മാത്രമല്ല, സംഭവങ്ങളുടെ മഹാസാഗരത്തിലൂടെയും നിങ്ങൾക്ക്‌ സഞ്ചരിക്കേണ്ടതുണ്ട്‌. എന്നോടൊപ്പം വരിക."
   ഞാൻ ഒരു നിമിഷം ശങ്കിച്ചു.
   "വരു..." നിഷേധിക്കാനുള്ള അവസരംപോലും നൽകാതെ മൃതൻ നടന്നുകഴിഞ്ഞു. എന്റെ പാദങ്ങൾ യാന്ത്രികമായി ചലിച്ചു. ഇരുട്ട്‌ ആവരണം ചാർത്തിയ ജലാർദ്രമായ തണുത്ത പാതയ്ക്ക്‌ കരിനാഗത്തിന്റെ നിറവും വന്യതയുടെ ഗന്ധവുമായിരുന്നു. അൽപമേ നടന്നുള്ളു. മുമ്പിൽ പ്രകാശത്തിന്റെ ഒരു തുരുത്ത്‌. ~
   "ദാ, കണ്ടോളു... കഥയുടെ ആദ്യഫ്രെയിം."
   ചെറിയൊരു വീട്‌. ഖുറാൻ വചനങ്ങൾ അറബിയിൽ ആലേഖനം ചെയ്ത കലണ്ടർ, കരിച്ചിത്രങ്ങളാൽ കോലംകെട്ട ഭിത്തിയിൽ തൂങ്ങുന്നുണ്ട്‌. വരാന്തയിലെ പഴയ ചാരുകസേരയിൽ ചാരിക്കിടന്ന്‌ ഒരു വൃദ്ധൻ ഭൂതക്കണ്ണാടിയുടെ സഹായത്താൽ വിശുദ്ധ ഖുറാനിൽനിന്ന്‌ അക്ഷരങ്ങൾ പെറുക്കിയെടുക്കുന്നു. തലയിൽ ഒരൊറ്റ രോമമില്ല. വെള്ളികെട്ടിയ നീണ്ട ദീക്ഷ ഒരു ഫക്കീറിന്റെ രൂപം അടയാളപ്പെടുത്തുന്നുണ്ട്‌. വൃദ്ധയായ സ്ത്രീ എന്തൊക്കെയോ പുലമ്പിക്കൊണ്ട്‌ അയാളുടെ കാൽതിരുമ്മി പൊട്ടിപ്പൊളിഞ്ഞ തറയിൽ ഇരിക്കുന്നു. യുവതികളായ രണ്ട്‌ സ്ത്രീകൾ തലയിലെ പേൻകൊല്ലുന്ന തിരക്കിലാണ്‌. മധ്യവയസ്സ്‌ പിന്നിട്ട സ്ത്രീ മുറ്റത്തെ മാവിൻ ചുവട്ടിൽ കെട്ടിയിട്ടിരിക്കുന്ന ആടിന്‌ പ്ലാവിലയിട്ടുകൊടുക്കുന്നു. എല്ലാവർക്കും പരമ്പരാഗത മുസ്ലീം സ്ത്രീകളുടെ വേഷം. ഉരിയയും ഊപ്പയുംപോലെ എല്ലും തോലുമായ ഏതാനും കുട്ടികൾ ആ സ്ത്രീയുടെ മുഷിഞ്ഞ വസ്ത്രത്തിൽ പിടിച്ചുവലിച്ച്‌ ചിണുങ്ങുകയും പദംപെറുക്കി കരയുകയും ചെയ്തുകൊണ്ടിരുന്നു. വിശപ്പാണ്‌ അവരുടെ പ്രശ്ന മെന്ന്‌ വ്യക്തം. രണ്ടുകുട്ടികൾ മുഷിഞ്ഞ തോർത്തുകൊണ്ട്‌ നഗ്നത മറച്ചിരുന്നു. ഒരാൾ വള്ളിനിക്കറിലാണ്‌. ബാക്കിയുള്ളവർക്ക്‌ നൂൽ ബന്ധമില്ല. മൂത്തുമ്മയുടെ പിരാക്കിനിടെ മറ്റൊരു ചെറിയുമ്മ അകത്തുനിന്ന്‌ വക്കുപൊട്ടിയ അലൂമിനിയച്ചെരുവത്തിൽ ഭക്ഷണവുമായി ഇറങ്ങിവന്നു. കുട്ടികൾ അതിൽ നിന്ന്‌ കൈയിട്ടുവാരി ആർത്തിയോടെ തിന്നാൻതുടങ്ങി. അവർക്കിടയിലേക്ക്‌ തോളിൽ തൂക്കിയ പുസ്തകസഞ്ചിയുമായി കണ്ണുകൾ കുഴിഞ്ഞ്‌ കോലംകെട്ട പതിനഞ്ച്‌ വയസ്സുതോന്നിക്കുന്ന വള്ളിനിക്കറും കളസ്സവുമിട്ട ഒരു ബാലൻ വന്നു.
   "മോനെ മജീദേ, ഇയ്യ്‌ ഇസ്കൂളിന്നുവബരുമ്പം കാദറിക്കാന്റെ കടേന്ന്‌ ലേശം അരീം മൊളകും കടം ബാങ്ങണേടാ... ഇതുങ്ങടെ ബെശപ്പടക്കാനെന്തുട്ടാ പൊരേലിരിക്കണെ... അന്റെ ബാപ്പാ ഇബടങ്ങനെ വയ്യാണ്ട്‌ കുത്തിറിക്കല്ലേ... ആ ബല്യശോറ്റുപാത്രോടുത്തോ. ഇസ്കൂളിലെ ഉച്ചക്കഞ്ഞീന്റെ ബാക്കിയൊണ്ടെങ്കി... ഐശുമ്മാനോടുപയഞ്ഞ്‌..."
   "ഇതാണ്‌ എന്റെ വീട്‌. ഖുറാൻ വായിക്കുന്നത്‌ ബാപ്പ. കാലുതിരുമ്മുന്നത്‌ മൂത്തുമ്മ. ആടിനെ തീറ്റുന്നതാണ്‌ എന്റുമ്മ. ബാക്കിയുള്ളതു ബാപ്പായുടെ മൊഞ്ചുള്ള ഭാര്യമാര്‌. എന്റെ അവസാനസ്കൂൾ ദിവസമായിരുന്നു അന്ന്‌. പുസ്തകസഞ്ചി വലിച്ചെറിഞ്ഞ്‌ പത്തുപതിനഞ്ച്‌ വയറിന്‌ അന്നത്തിനായി പണി അന്വേഷിച്ചിറങ്ങിയ ദെവസം."
   "ബാപ്പായ്ക്ക്‌ പണിയൊന്നും..." കഥയിലേക്ക്‌ ആദ്യമായി ഞാനൊരു ചോദ്യമെറിഞ്ഞു.
   "മലബാറിലായിരുന്നു ബാപ്പയുടെ കുടുംബം. മക്കളിൽ ഞാനും മൂത്തുമ്മയും എന്റുമ്മയുമൊഴികെ എല്ലാരും നടപ്പുദീനംവന്ന്‌ മയ്യത്തായി. പുറംപോക്കിലായിരുന്നു ബാപ്പാന്റെ പേര. ഏതോ മുതലാളിക്ക്‌ ഫ്ലാറ്റ്‌ നിർമിക്കാൻ സർക്കാർ സ്ഥലം പതിച്ചുകൊടുത്തപ്പോൾ അതുംപോയി. പിന്നെ എന്റെ കൈ യിമ്മേപ്പിടിച്ച്‌ ബാപ്പ മലബാറുവിട്ടു. ഇവിടെ ചേക്കേറി. ഏതോ കയറുകമ്പനി മുതലാളീടെ പറമ്പില്‌ കൂരകെട്ടി. ആക്രികച്ചോടം ചെയ്തു. ആയകാലത്ത്‌ മൊഞ്ചുള്ള പെണ്ണുങ്ങളെ കണ്ടാൽ ബാപ്പാ വിടത്തില്ലാരുന്നു. ഇവിടെയും മൂന്ന്‌ മൊഞ്ചത്തികളെ നിക്കാഹുചെയ്തു. അവരിലെല്ലാം മക്കളും ഉണ്ടായി. കുറേനാൾ കഴിഞ്ഞപ്പോൾ ശ്വാസംമുട്ടലും ചുമയും കിതപ്പും തുടങ്ങി. ഒരടി നടക്കാൻ പറ്റാണ്ടുവന്നു. എന്നാലും കുറേനാൾ ഏങ്ങിവലിഞ്ഞ്‌ സൈക്കിളുചവിട്ടി. ഒരു ദിവസം ആക്രിയുമായി സൈക്കളേന്നു വീണ്‌ കാലൊടിഞ്ഞു. ശ്വാസംമുട്ടലും ജാസ്തിയായി. അതോടെ പണിക്ക്‌ പോകാൻ വയ്യാണ്ടായി."
   "കയറു കമ്പനീലൊന്നും ഉമ്മമാർ പണിക്ക്‌ പോയില്ലേ?"
   "മുതലാളി പറഞ്ഞതാ. ബാപ്പ വിട്ടില്ല. മൊഞ്ചുള്ള എളേഉമ്മമാരെ ബാപ്പായ്ക്ക്‌ സംശയമായിരുന്നു. ആരേലും തട്ടിക്കൊണ്ട്‌ പോകുമോന്ന്‌..."
   "മജീദിന്‌ എന്തെങ്കിലും പണി തരപ്പെട്ടോ?"
   "ദാ, കണ്ടോളു..."
   ഒരു വലിയ ബംഗ്ലാവ്‌. മുന്തിയതരം കാറുകൾ പുറത്തും അകത്തുമായി കിടപ്പുണ്ട്‌. ഏറെ നേരത്തെ കാത്തുനിൽപ്പിനുശേഷം തുറന്ന വലിയ ഗേറ്റിലൂടെ മജീദ്‌ അകത്ത്‌ കടന്നു. പുറത്തെത്തിയ ആജാനബാഹുവിനോട്‌ കൈകൂപ്പി ദൈന്യഭാവത്തിൽ അപേക്ഷിച്ചു-
   "ഒരു പണി തരണം മൊതലാളി. പെരയിൽ കാഞ്ഞവയറ്‌ കൊറെയൊണ്ട്‌."
   "നിനക്ക്‌ അധികം പ്രായമില്ലല്ലോടാ ചെക്കാ. നീയെന്ത്‌ പണി ചെയ്യാനാ?"
   "എന്തും ചെയ്തോളാം മുതലാളി..."
   "ചെമ്മീൻ കൊന്ത്‌ നുള്ളാമോ?"
   "നൊള്ളാം മൊതലാളി."
   "എന്നാ ആ പെണ്ണുങ്ങടെകൂടെ കൂടിക്കോ. പെണ്ണിന്റെ കൂലിയേ കിട്ടൂ. നിന്റെ പേരെന്താ?"
   "മജീടെന്നാ..."
   "നീ മേത്തക്കുഞ്ഞാ... അതുനേരത്തെ പറയണ്ടേടാ കഴുവേറി ? ശിവ ശിവ... നിന്റെ വർഗത്തെ എന്റെ ഫാക്ടറിയിൽ ഞാൻ കയറ്റൂല. വെക്കം സ്ഥലംവിട്ടോ...." മജീദ്‌ നിരാശനായി പുറത്തുകടന്നു.
   "പ്രതികരിക്കാമായിരുന്നില്ലേ?"
   "എന്ത്‌ പ്രതികരിക്കാൻ? പുറമെ നടിക്കുന്നതൊന്നുമല്ല മനുഷ്യമ്മാരെന്ന്‌ എനിക്ക്‌ മനസ്സിലായി. എല്ലാത്തിന്റെ ഉള്ളിലും ജാതിയും മതവുമാ. പിന്നീട്‌ കയറി ചെന്നിടത്തെല്ലാം മുതലാളിയുടെ മതവും ജാതിയുമേതെന്ന്‌ മുൻകൂട്ടി മനസ്സിലാക്കി അതനുസരിച്ച്‌ ഞാൻ പേരുമാറ്റിക്കൊണ്ടിരുന്നു."
   "അത്‌ ഫലിച്ചോ?"
   "കുറെ കയറിയിറങ്ങേണ്ടിവന്നു. അവസാനം... ദാ, കണ്ടോളു..."
   ഒരു ഇഷ്ടിക ഫാക്ടറിയാണ്‌. പുകക്കുഴലുകൾ ആകാശത്തേക്ക്‌ പുകതുപ്പുന്നു. കുറെ തൊഴിലാളികൾ വിയർത്തൊലിച്ച്‌ പണിയെടുക്കുന്നത്‌ കാണാം. ഇഷ്ടിക കയറ്റിയ ലോറികൾ നിരനിരയായി കിടക്കുന്നു. കഴുത്തിൽ രൂദ്രാക്ഷമാലയും കൈകളിൽ പൂജിച്ച ഏലസ്സുകളും കെട്ടിയ തടിയനായ ഒരാളുടെ ഇഷ്ടി കകെട്ടി, തേക്കാത്ത മുറിയിലേക്ക്‌ മജീദ്‌ ഭവ്യതയോടെ കയറിച്ചെന്നു. മുറിയിലെ ഭിത്തിനിറയെ മാലയിട്ട ഹിന്ദുദൈവങ്ങളുടെ വലിയ ചിത്രങ്ങൾ.
  "എന്താ പുള്ളെ... വേല വേണമാ?" തലയാട്ടി.
  "ഉങ്കളുക്ക്‌ പേറെന്താ പുള്ളെ..."
  "ഗോപി..."
  "ചെളി കുളക്കുന്ന വേലയിറിക്ക്‌. പോതുമാ..." മതിയെന്നവൻ പറഞ്ഞു.
  "ശറി...ശറി... മുരുകാ, കാപ്പാക്കണെ..."
  "അവിടെ പണിയായി. വർഷങ്ങൾ ഇഷ്ടിക കമ്പനിയിൽ ജോലിചെയ്തു. കുടുംബം പുലർത്താൻ രാപ്പകളില്ലാതെ കഷ്ടപ്പെട്ടു. മുതലാളിക്ക്‌ ഒരു മകളേ ഉണ്ടായിരുന്നുള്ളു. പപ്പും പൂടയുംവച്ചപ്പോൾ അതിന്‌ എന്നോട്‌ കലശലായ പ്രേമം. ഞാനെതിർത്തു. ഒഴിഞ്ഞുമാറാൻ പലവട്ടം ശ്രമിച്ചു. ഓളുണ്ടോ വിടുന്നു. കാലം കുറെ കഴിഞ്ഞു. വിവാഹനിശ്ചയത്തിന്റെ തലേന്ന്‌ അവള്‌ ട്രെയിന്‌ തലവെച്ചു. കാലൊഴിച്ച്‌ മറ്റൊരവയവത്തിനും പോറലുപോലുമുണ്ടായില്ല. വലതുകാൽ മുട്ടിന്‌ മുകളിൽവച്ച്‌ മുറിച്ചുകളഞ്ഞു. മകളുടെ മോഹം മനസ്സിലാക്കിയ അയാൾ അവളെ എനിക്ക്‌ വിവാഹം ചെയ്തുതന്നു."
   "മജീദിന്റെ വീട്ടുകാർ..."
   "ബാപ്പയും മൂത്തുമ്മായും ഉമ്മയും മയ്യത്തായി. ബാപ്പാ മയ്യത്തായതോടെ എളേഉമ്മമാര്‌ ഓരോരുത്തരുടെ കൂടെ സ്ഥലംവിട്ടു. സ്വന്തം കാലിൽ നിൽക്കാറായപ്പോൾ അനുജന്മാർക്ക്‌ ഇക്കാ മാർഗംകൂടിയ ഹറാമായി."
   "ചുളുവിൽ മുതലാളിയായല്ലോ?"പരിഹാസത്തിൽ കുതിർന്ന ഒരുചിരി ഇരുട്ടിലുംവ്യക്തമായി കണ്ടു.
   "ഒറ്റക്കാലുള്ള പെണ്ണിനെ ആര്‌ കല്യാണം കഴിക്കാൻ? അയാൾ യാചിച്ചപ്പോൾ നിഷേധിക്കാനായില്ല എന്നതാണ്‌ സത്യം. വൈകാതെ മുതലാളിയും ഭാര്യയും ഒരു കാറപടകടത്തിൽ കൊല്ലപ്പെട്ടു. മുതലാളിയുടെ അനുജന്മാർ സൃഷ്ടിച്ച ഒരപകടമായിരുന്നു അത്‌. കമ്പിനിയിലെ കാര്യങ്ങൾ നോക്കി നടത്തുമ്പോഴും അവിടുത്തെ തൊഴിലാളികളിൽ ഒരുവനായിരുന്നു ഞാൻ. പിന്നീട്‌ ക്യാൻസർ രോഗിയായ എന്റെ ഭാര്യയും വേർപിരിഞ്ഞു. അതോടെ ഞാൻ അവിടെ അധികപ്പറ്റായി."
   "അവിടം ഉപേക്ഷിച്ച്‌ പോന്നോ?"
   "ഭാര്യാപിതാവിന്റെ സഹോദരങ്ങൾ കമ്പനി ഭരണം ഏറ്റെടുത്തു. എന്നെ അവിടുത്തെ ഒരു തൊഴിലാളിയായി തുടരാൻപോലും അവർ അനുവദിച്ചില്ല. ഏതൊക്കെയോ പേപ്പറുകളിൽ എന്നെക്കൊണ്ട്‌ ബലമായി ഒപ്പിടുവിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിൽ ഞാൻ ആ ഭവനത്തോട്‌ വിടപറഞ്ഞു."
   "പിന്നീട്‌...?"
   "ദാ, കണ്ടോളു..."
  ഗോപി ഇപ്പോൾ ഒരു ഉൾഗ്രാമത്തിലാണ്‌. ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടില്ലെന്ന്‌ തോന്നുന്നു. വെട്ടിയൊരുക്കാത്ത ദീക്ഷയും മുഷിഞ്ഞ വേഷവും. തോളിൽ മുഷിഞ്ഞ ഒരു സഞ്ചിയുമുണ്ട്‌. രാത്രി വളരുകയാണ്‌. ഗ്രാമകേന്ദ്രമായ കവലയിൽ ഇപ്പോഴും ഏതാനും കടകൾ സജീവമായിട്ടുണ്ട്‌. സ്ട്രീറ്റ്‌ ലൈറ്റിന്റെ അരണ്ട വെളിച്ചം ഗ്രാമത്തെ വിഴുങ്ങിയ കട്ടിയേറിയ ഇരുട്ടിനുമേൽ നീഴൽ വീഴ്ത്തിക്കൊണ്ടിരുന്നു.
   "രാത്രി തങ്ങാൻ ഇവിടെ വല്ല ഇടവും കിട്ടുമോ?" മജീദ്‌ ഒരു അപരിചിതനോട്‌ തിരക്കി.
   "ആറിനക്കരെ ഒരു പഴയ സത്രമുണ്ട്‌. കടത്തുകടക്കണം. ഒൻപതുമണിവരേ കടത്തുള്ളു."
   അയാൾ കടവിലേക്ക്‌ നടന്നു. വള്ളം പുറപ്പെടാൻ തയ്യാറായി കിടക്കുന്നു. സ്ത്രീകൾ ഉൾപ്പെടെ നിറ യെ യാത്രക്കാർ. അവസാനത്തെ കടത്തായതിനാലാവും ഇത്ര തിരക്ക്‌.ജനനിരപ്പ്‌ ക്രമാതീതമായി ഉയർ ന്നിരിക്കുന്നു. കുത്തിയൊഴുകുന്ന ജലത്തിനുമേൽ ഇരുട്ട്‌ കരിമ്പടമിട്ടപോലെ.
   വള്ളം നീങ്ങി. പലരിലും ഭയം ദുർമുഖം കാണിച്ചു തുടങ്ങി. ശക്തമായ ഒഴുക്കിനെ മുറിച്ചുകടക്കാൻ കഠിനപരിശ്രമം വേണ്ടിവന്നു. നദിയുടെ മധ്യത്തിലെത്തിയപ്പോൾ വള്ളമൊന്ന്‌ ഉലഞ്ഞു. കടത്തുകാരന്‌ നിയന്ത്രണം നഷ്ടപ്പെട്ടെന്ന്‌ തോന്നി. സ്ത്രീകളുടെ വിലാപസ്വരമുയർന്നു. യാത്രക്കാർ വെപ്രാളത്തോ ടെ എഴുന്നേറ്റതോടെ വള്ളം ചെരിഞ്ഞു. ജലം ഇരച്ചുകയറി. വള്ളം മറിഞ്ഞു. വിലാപവും ആർത്തനാദവും ഇരുട്ടിൽ അലിഞ്ഞുപോയി. രക്ഷപ്പെടാനുള്ള ശ്രമത്തിൽ ഗോപി മറുകരയിലേക്ക്‌ നീന്തി. തൊട്ടരുകിൽ ഒരാൾ മുങ്ങിത്താഴുന്നു... സ്വന്തം ജീവനെ അവഗണിച്ച്‌ ജലത്തിനടിയിലേക്ക്‌ താഴ്‌ന്നുപോയ ആളെ കടന്നുപിടിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഊളിയിട്ടുചെന്ന്‌ മുടിയിൽപിടിച്ച്‌ ജലനിരപ്പിനുമുകളിലേക്ക്‌ ഉയർത്തി.അതൊരു സ്ത്രീയായിരുന്നു. ആ ജീവൻ രക്ഷിക്കുക എന്നതാണ്‌ ഈ യാത്രയുടെ ലക്ഷ്യമെന്ന്‌ വിഹ്വലതയുടെ നിമിഷങ്ങളിൽ മനസ്സ്‌ മന്ത്രിച്ചു. ഇരുട്ടും പ്രളയജലവും ശക്തിയായ ഒഴുക്കും ഒരുക്കിയ കെണിയിൽ ജീവനും മരണവും മുഖാമുഖം ദർശിച്ചു. പാതി ജീവനുമായി മറുകരയെത്തുമ്പോൾ ജനം തടിച്ചുകൂടിയിരുന്നു.
   "അവർ ആരായിരുന്നു...?"
   "ഒരു യുവതി."
   "വിവാഹിതയാണോ?"
   "അല്ല. അന്ന്‌ പ്രളയജലം വിഴുങ്ങിയത്‌ അഞ്ചു സ്ത്രീകളെ. സ്ത്രീകളിൽ ഞാൻ കരയിലെത്തിച്ച യുവതിമാത്രമേ രക്ഷപ്പെട്ടുള്ളു. അതോടെ അപരിചിതനായ ഞാൻ ഗ്രാമവാസികളുടെ ഹീറോയായി. എന്നെ അവിടെനിന്ന്‌ തിരികെപ്പോകാൻ അവർ അനുവദിച്ചില്ല. എനിക്ക്‌ പ്രത്യേകിച്ച്‌ ഒരു ലക്ഷ്യവുമു ണ്ടായിരുന്നില്ലല്ലോ. ജീവൻ രക്ഷിച്ച എന്നെമാത്രമേ വിവാഹം ചെയ്യുവേന്ന്‌ യുവതി പരസ്യമായി പ്രഖ്യാപിച്ചു. ഗ്രാമവാസികൾക്കും അതായിരുന്നു താത്പര്യം. മതം മാറണമെന്ന ഒരു നിബന്ധനമാത്രമേ യുവതിയുടെ പിതാവിന്‌ ഉണ്ടായിരുന്നുള്ളു."
   "വീണ്ടുമൊരു മതം മാറ്റം...?"
   "വേണ്ടിവന്നു. പുരോഹിതൻ എന്റെ തലയിൽ മാമ്മോദിസാ ജലമൊഴിച്ചു. ഞാൻ തോമസായി."
   "വിവാഹം...?"
   "നടന്നു. എന്നാൽ വിവാഹത്തിന്റെ മുപ്പതാംനാൾ ബോധരഹിതനായ ഞാൻ പിന്നീട്‌ ജീവിതത്തിലേക്ക്‌ മടങ്ങി വന്നില്ല."
   "ബന്ധുക്കൾ...?"
   "ദാ, കണ്ടോളു..."
   നഗരത്തിലെ ഇടത്തരം ആശുപത്രിയിലെ മെഡിക്കൽ ഇന്റൻസീവ്‌ കീയർ യൂണിറ്റ്‌. പുറത്തെ വരാന്തയിൽ മൂന്നിടത്തായി മൂന്ന്‌ സംഘങ്ങൾ. തന്ത്രങ്ങളും കുതന്ത്രങ്ങളും മെനയുകയാണ്‌ അവർ. മരണം കൈപ്പിടിയിലാക്കിയ രോഗിയുടെ ഭാര്യ കരഞ്ഞ്‌ തളർന്ന്‌ ബന്ധുവായ സ്ത്രീയുടെ തോളിൽ ചാരിയി രിക്കുന്നു. മറ്റ്‌ രണ്ട്‌ സംഘങ്ങൾ പരസ്പരം കടിച്ചുകീറാനുള്ള ഭാവത്തിലാണ്‌. തിടുക്കത്തിൽ ഒരു ഡോക്ടർ അവിടേയ്ക്ക്‌ ചെന്നു.
   "ആരാണ്‌ തോമസിന്റെ ഉറ്റ ബന്ധുക്കൾ?" മൂന്ന്‌ സംഘവും ഡോക്ടറെ പൊതിഞ്ഞു.
   "ഉറ്റ ബന്ധുക്കളാരാണെന്നാണ്‌ ചോദിച്ചതു." ഡോക്ടർ സ്വരമുയർത്തി.
   "ഇതാണാ സാർ രോഗിയുടെ ഭാര്യ." സ്ത്രീ പറഞ്ഞു.
   "ഞങ്ങ അതിലും ഉറ്റോരാ. ഓൻ ങ്ങടെ ഇക്കയാ... ഞങ്ങളെ വളർത്തി പഠിപ്പിച്ച ങ്ങടെ ഉമ്മാന്റെ
വയറ്റിപ്പെറന്ന കൂടപ്പെറപ്പാ ഐസുമ്മേ കെടക്കണ്‌... ചോരേന്റെ ബന്താ." മജീദിന്റെ സഹോദരൻ മുതലക്കണ്ണീർ പൊഴിച്ചു.
   "ഇതുനല്ല കൂത്ത്‌. ഞങ്ങൾ പിന്നെ വഴിപോക്കരാ... ഞങ്ങടെ അണ്ണന്റെ മകടെ കെട്ടിയോനാ. ഞങ്ങക്കും അവകാശമൊണ്ട്‌."
   "ശരി ശരി. ഇനി ഞാൻ പറയുന്ന കാര്യം ശ്രദ്ധിച്ച്‌ കേൾക്കണം. തോമസ്‌..."
   "തോമസല്ല ഡോക്ടറേ, ഞങ്ങ ഇക്കാന്റെ പേര്‌ മജീടെന്നാ..."
   "ങാ... അതിനുകൊറെ പുളിക്കും. ഞങ്ങളുടെ മരിച്ചുപോയ മോളുടെ ഭർത്താവിന്റെ പേര്‌ ഗോപീന്നാ... ഇവരെല്ലാംകൂടി മതം മാറ്റീതാ."
   "ഇക്കാര്യത്തിൽ തർക്കം വേണ്ട. ഞങ്ങളുടെ റിക്കാർഡിൽ ഇയാളുടെ പേര്‌ തോമേസ്നാ..."
   അതോടെ ആ തർക്കം തീർന്നു.
   "തോമസിന്‌ മസ്തിഷ്ക്കമരണം സംഭവിച്ചുകഴിഞ്ഞു. വെന്റിലേറ്ററിന്റെ സഹായത്താലാണ്‌ ജീവൻ നിലനിർത്തുന്നത്‌. അത്‌ പണച്ചെലവുമുള്ള കാര്യമാ. മനുഷ്യാവയവങ്ങൾ കിട്ടാത്തതുമൂലം നിർധനരായ അനേകം രോഗികൾ അകാലത്തിൽ മരിക്കുന്നുണ്ട്‌. അവരിൽ കുറെപ്പേരെയെങ്കിലും രക്ഷിക്കാൻ ജീവിതത്തിലേക്ക്‌ മടങ്ങിവരില്ലെന്ന്‌ ഉറപ്പായ രോഗികളുടെ അവയവങ്ങൾ ദാനം ചെയ്യുന്നതിലൂടെ സാധിക്കും. അത്‌ വലിയ പുണ്യമാണ്‌. നിങ്ങൾ ബന്ധുക്കൾ, പ്രത്യേകിച്ചും രോഗിയുടെ ഭാര്യ സമ്മതിച്ചാൽ തോമസിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നതിലൂടെ മരണം കാത്തുകിടക്കുന്ന മൂന്നോ നാലോ പേർ രക്ഷപ്പെടും."
   "ങേ...ഇ... ഇങ്ങക്ക്‌ പിരാന്ത്‌ പുടിച്ചോ ഡോക്കിട്ടറേ? ഞങ്ങ ഇക്കാന്റെ ചങ്കും കരളും ശെയ്ത്താമ്മാർക്ക്‌ കൊടുക്കാനോ... അതും ഫ്രീയായിട്ട്‌... ഞങ്ങക്കയ്‌ ഹറാമാ. വേണ്ട വേണ്ട." 
   "ചങ്കിനും കരളിനും കണ്ണിനുമൊക്കെ ഇപ്പോൾ സ്വർണത്തിന്റെ പത്തിരട്ടി വെലയാ. ഹറാമികൾക്കുവേണ്ടെങ്കിൽ വേണ്ട. ഞങ്ങൾക്ക്‌ വേണം." ഗോപിയുടെ ബന്ധുക്കൾ നയം വ്യക്തമാക്കി.
   "എന്തായിരുന്നു അവരുടെയൊക്കെ ഉദ്ദേശ്യം?"
   "ഉദ്ദേശം വ്യക്തമല്ലേ? എന്റെ അവയവങ്ങൾ വിറ്റ്‌ കാശാക്കുകയായിരുന്നു ലക്ഷ്യം. അതിനായി കടിച്ചുകീറാൻനിന്ന ശത്രുക്കൾ ഒരുമിച്ചു. ഹൃദയം, കരൾ, വൃക്കകൾ, കണ്ണുകൾ എന്നിവ മുന്തിയ വില യ്ക്ക്‌ വാങ്ങാൻ ധനികരായ രോഗികൾ ഉണ്ടായിരുന്നു. വിലപേശി ഭീമമായ തുകയ്ക്ക്‌ കരാർ ഉറപ്പിച്ചു. ഇരുപത്തിയഞ്ച്‌ ശതമാനമായിരുന്നു ഡോക്ടറുടെ കമ്മീഷൻ. മജീദിന്റെ സഹോദരങ്ങൾക്ക്‌ ഹൃദയം, ഗോപിയുടെ ബന്ധുക്കൾക്ക്‌ കരൾ, തോമസിന്റെ വിധവയ്ക്ക്‌ വൃക്കകൾ ഇതായിരുന്നു കരാർ. ആശുപത്രി ചെലവിനായി എന്റെ കണ്ണുകൾ മാറ്റി."
   "അതോടെ പ്രശ്നങ്ങൾ തീർന്നോ?"
   "ഇല്ല. എന്റെ ശരീരത്തിൽനിന്ന്‌ അവയവങ്ങൾ നീക്കം ചെയ്തു. കീറിമുറിക്കപ്പെട്ട്‌, ഉള്ളിലുണ്ടായിരുന്ന വിലപിടിപ്പുള്ളതെല്ലാം നഷ്ടപ്പെട്ട ഞാൻ പൊള്ളയായ ഒരു പൊങ്ങുതടിപോലെ ശസ്ത്രക്രിയ ബഢിൽ ഇനിയെന്തെന്നറിയാതെ കിടന്നു."
   "ശവം അവിടെ ഉപേക്ഷിച്ച്‌ ബന്ധുക്കൾ മുങ്ങിക്കാണും."
   "കീറിമുറിച്ച്‌ തുന്നിക്കെട്ടിയ അൽപം മാംസവും അതിനെ പൊതിഞ്ഞ തൊലിയുംമാത്രമായ എന്റെ ശവം വിട്ടുകിട്ടാനായി പിന്നെ തർക്കം..."
   "മതങ്ങൾ തമ്മിൽ...?"
   "അപ്രമാദിത്വം ഏക്കാളത്തെയും അവരുടെ ലക്ഷ്യമാണല്ലോ. മാത്രമല്ല, ചിലർക്ക്‌ എന്റെ ഭൗതിക ശരീരം വിട്ടുകിട്ടേണ്ടതും നിയമപ്രകാരം ആവശ്യമായിരുന്നു. അതിന്‌ അവർ മതങ്ങളെ കൂട്ടുപിടിച്ചു. മൂന്ന്‌ മതങ്ങളാണ്‌ എന്റെ ജീവനെ പങ്കുവച്ചതു. ജന്മംകൊണ്ട്‌ മുസ്ലീമായ എന്നെ മുസ്ലീം മതാചാരപ്രകാരം ഖബറിസ്ഥാനിൽ അടക്കണമെന്ന്‌ സഹോദരങ്ങൾ. ഹിന്ദുമതം സ്വീകരിച്ച്‌ ഹിന്ദു പെൺകുട്ടിയെ വിവാഹം കഴിച്ച്‌ അവളുമായി ജീവിച്ചതിനാൽ ഹിന്ദുമതകർമങ്ങൾ നടത്തി ശവം ദഹിപ്പിക്കണമെന്ന്‌ ആദ്യഭാര്യയുടെ ബന്ധുക്കൾ. മാമ്മോദിസാമുങ്ങി ക്രിസ്ത്യാനിയായി ക്രിസ്തീയ ആചാരപ്രകാരം വിവാഹം കഴിച്ച ഭാര്യ ജീവിച്ചിരിക്കുന്നതിനാൽ ശവം പള്ളി സിമിത്തേരിയിൽ അടക്കണമെന്ന്‌ വിധവയുടെ ബന്ധുക്കൾ. മൂന്ന്‌ സംഘങ്ങളും പോർവിളികളുമായി ആശുപത്രിയും പരിസരവും സംഘർഷഭരിതമാക്കി. പിന്നെ മതനേതാക്കളും സാമുദായിക നേതാക്കളും എത്തി. അവർ വാദപ്രതിവാദങ്ങളി ലൂടെ പ്രശ്നം  സജീവമാക്കി. രാഷ്ട്രീയ നേതാക്കളുടെ രംഗപ്രവേശനമായിരുന്നു പിന്നീട്‌. സായുധ പോലീസ്‌ ആശുപത്രിയുടെ അകത്തും പുറത്തും കാവൽനിന്നു. അവർക്കിടയിലൂടെ മൂന്ന്‌ മതങ്ങളി ലെയും പുരോഹിതർ എത്തി മതകർമങ്ങൾക്ക്‌ തുടക്കം കുറിച്ച്‌ അവകാശവാദത്തിനുള്ള സാധ്യത നിലനിർത്തി. മണിക്കൂറുകളുടെ അനുരഞ്ജന ചർച്ചകൾക്കൊടുവിൽ പരേതന്റെ വിധവയെ യുദ്ധമുന്നണിയിലേക്ക്‌ ആനയിച്ചു. വിധവ കണ്ണീരോടെ വാക്കുകൾ പെറുക്കിയെടുത്തു.
   "എന്റെ ജീവൻ രക്ഷിച്ച മനുഷ്യൻ മരിച്ചു. ആ കുഴിമാടത്തിൽ മെഴുകുതിരി കത്തിച്ച്‌ എന്നും ഒരുതുള്ളി കണ്ണീർ പൊഴിക്കണമെനിക്ക്‌. ശവം പള്ളി സിമിത്തേരിയിൽ അടക്കണം." അവൾ ഗദ്ഗദത്തോ ടെ കൈകൾ കൂപ്പി. മജീദിന്റെയും ഗോപിയുടെയും ബന്ധുക്കൾ മുറുമുറുപ്പോടെ കൈയിൽ കിട്ടിയ പണപ്പൊതിയുമായി സ്ഥലംവിട്ടു."
   "ഇപ്പോഴും കഥയ്ക്ക്‌ അനുയോജ്യമായ ഒരന്ത്യമായില്ലല്ലോ..."
   "ഇല്ല. എന്റെ ജീവിതം സാധ്യതകളുടെ ഒരു കളയാണ്‌."
   "പിന്നെന്താണ്‌ സംഭവിച്ചതു?    "
   "ശവം ഭാര്യാഗൃഹത്തിലേക്ക്‌ കൊണ്ടുപോയി. പുരോഹിതനും കുരിശും മുത്തുക്കുടയും ധൂപക്കുറ്റിയും ശവമഞ്ചവുമെത്തി. ഗ്രാമവാസികൾ മുഴുവനും മരണവീട്ടിൽ ഒത്തുകൂടിയിരുന്നു. അവർ എന്റെ ധീരതയെയും നന്മയെയും വാനോളം പുകഴ്ത്തി. അവയവദാനത്തിനുള്ള സമ്മതപത്രം ഞാൻ നേര ത്തെ കൊടുത്തിരുന്നെന്നും എന്റെ ദയാവായ്പുകൊണ്ട്‌ നാലുപേർ ജീവനിലേക്ക്‌ തിരിച്ചുവന്നുവെ ന്നും ഭാവിയിൽ ഞാനൊരു വിശുദ്ധനാകുമെന്നുംവരെ അവർ പറഞ്ഞു. ഭവനത്തിലെ ശവസംസ്കാര ശുശ്രൂഷകൾക്കും എന്നെ സ്വർഗത്തിലേക്ക്‌ ഉയർത്തിക്കൊണ്ടുള്ള ചരമപ്രസംഗത്തിനും ചുംബന-രോദന പ്രക്രിയകൾക്കുംശേഷം ശവമെടുത്തു. അലങ്കരിച്ച ശവപ്പെട്ടി ചുമന്ന നാട്ടുകാർക്ക്‌ ഒട്ടും വിയർ ക്കേണ്ടിവന്നില്ല. എന്റെ അകം പൊള്ളയായിരുന്നല്ലോ. ശവം പള്ളി സിമിത്തേരിയിൽ അടക്കി. ജനം പതിവുപോലെ ചായയും ബിസ്ക്കറ്റും കഴിച്ച്‌ പിരിഞ്ഞുപോയി."
   "മജീദിന്റെയും ഗോപിയുടെയും ബന്ധുക്കൾ..."
   "ആരും പങ്കെടുത്തിയില്ല. അവകാശവാദങ്ങൾ അവർക്ക്‌ ബാക്കിയായിരുന്നല്ലോ."
   "എന്നുവച്ചാൽ... മരിച്ചവൻ മണ്ണടിഞ്ഞാലും അവന്റെമേലുള്ള അവകാശം തീരുന്നില്ലെന്നോ?"
   "ഞാൻ പറഞ്ഞല്ലോ. കഥാകാരന്മാർക്ക്‌ സാധ്യതകൾ തുറന്നിടുന്ന ഒരു അക്ഷയഖനിയാണ്‌ എന്റെ ജീവിതമെന്ന്‌..."
   എത്രയോ കഥകളെ ഭാവനയുടെ ചിറകിലേറ്റി സർഗനൃത്തം ചെയ്യിച്ചിട്ടുള്ള ഞാനിവിടെ ഈ പരേതനുമുമ്പിൽ,അയാളുടെ ജീവിതസമസ്യകൾക്കുമുമ്പിൽ പരാജിതനാകുന്നോ? എന്റെ ഭാവനയ്ക്ക്‌ എത്തി പ്പിടിക്കാനാവാത്തവിധം അയാൾ ഈ കഥയെ ഭാവനയുടെ ഏതു വിഹായസ്സിലേക്കാണ്‌ പറത്തിക്കൊ ണ്ടുപോകുന്നത്‌?
   "പിന്നെ...?"
   "ദാ, കണ്ടോളൂ...'
   അർധരാത്രി കഴിഞ്ഞുകാണും. ഇരുൾരൂപമാർന്ന കിടക്കയിൽ അർധമരണം ജീവനെ താരാട്ടുപാടു ന്ന വേള. തകർത്തുപെയ്ത മഴ തുള്ളി തോരുന്നതേയുള്ളു. മരപ്പെയ്ത്ത്‌ നിലച്ചിട്ടില്ല. സിമിത്തേരിക്ക്‌ കുടചൂടിനിന്ന വാകമരത്തിൽനിന്ന്‌ പൂക്കളും വെള്ളത്തുള്ളികളും നിപതിച്ചുകൊണ്ടിരുന്നു.
   സിമിത്തേരിയുടെ ഗേറ്റ്‌ തുറന്ന്‌ ഏതാനും കറുത്തരൂപങ്ങൾ ഉള്ളിൽ പ്രവേശിച്ചു. റീത്തുകളും ബൊക്കെകളുംകൊണ്ട്‌ അലങ്കരിച്ച കുഴിമാടത്തിന്‌ സമീപം അവരെത്തി. കൂന്താലിയും മൺവെട്ടിയുമുപയോഗിച്ച്‌ കുഴിമാന്തി ശവപ്പെട്ടി പുറത്തെടുത്തു. പിന്നെ കുഴിമൂടി, റീത്തും ബൊക്കയുംകൊണ്ട്‌ കുഴിമാടം അലങ്കരിച്ചു. ശവപ്പെട്ടിയുമായി അവർ പുറത്തുകടന്നു. വാകമരം ശവക്കൂനയെ വീണ്ടും മോടിപിടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അപ്പോൾ.
   "പിറ്റേന്ന്‌ ദേവാലയത്തിലെ തിരുക്കർമങ്ങൾക്കുശേഷം എന്റെ ഭാര്യ സിമിത്തേരിയിലെത്തി കുഴിമാടത്തിനുചുറ്റും മെഴുകുതിരകളും ചന്ദനത്തിരികളും കത്തിച്ച്‌ വിലപിക്കുകയും എന്റെ ആത്മാവിന്റെ ശാന്തിക്കായി പ്രാർഥിക്കുകയും ചെയ്തു."
   "ആ ശവക്കൂന ശൂന്യമാണെന്ന്‌ അറിയിക്കാമായിരുന്നില്ലേ?"
   "അതിന്റെ പരിണിതഫലം എന്താകുമെന്ന്‌ അറിയില്ലേ?"
   "ഏശവം എങ്ങോട്ടാണ്‌ കൊണ്ടുപോയത്‌?"
   "ദാറുസ്ലാം പള്ളിയുടെ കബറിസ്ഥാനിലേക്ക്‌. അവർ ശവപ്പെട്ടിയിൽനിന്ന്‌ എന്നെ പുറത്തെടുത്തു. ശവം പൊതിഞ്ഞിരുന്ന വസ്ത്രവും കൊന്തയും കുരിശുമെടുത്ത്‌ മാറ്റി. മുസ്ലീം ആചാരപ്രകാരമുള്ള കർമങ്ങൾ പൂർത്തിയാക്കി നേരത്തെ തയ്യാറാക്കിയിരുന്ന കബറിൽ എന്റെ മുസ്ലീം മയ്യത്ത്‌ അടക്കി. തലയ്ക്കൽ ഒരു മീസാൻകല്ലും നാട്ടി."
   "പിന്നീട്‌...?"
   "ദാ, കണ്ടോളു..."
   -മരണത്തിന്റെ മൂന്നാം രാത്രി.
   കറുപ്പിനുമേൽ കയ്യൊപ്പുചാർത്തി ഇരുട്ട്‌ വിജയക്കുതിപ്പിലാണ്‌. ഏതാനും പേർ കബറിസ്ഥാനിൽ പ്രവേശിച്ചു. വിശാലമായ കബറിസ്ഥാനിൽ കരിയിലകൾ മൂടിക്കിടന്ന മീസാൻ കല്ലുകളിൽ തട്ടി ചിലർ വീണു. കബറിസ്ഥാന്റെ മുകളിൽ മേലാപ്പ്‌ തീർത്ത ഇടതൂർന്ന ചെറുതും വലുതുമായ മരങ്ങൾ കബറിസ്ഥാനിലെ രാത്രിയുടെ ഭീകരതയ്ക്ക്‌ മാറ്റുകൂട്ടി. കബറുകളിൽനിന്ന്‌ ഇറങ്ങിവന്ന ദുഷ്ടാത്മാക്കളുടെ രൂപമായിരുന്നു അവയ്ക്ക്‌ അപ്പോൾ.
    ഏറെനേരത്തെ തെരച്ചിലിനൊടുവിൽ അവർ കബർ കണ്ടുപിടിച്ചു. മയ്യത്ത്‌ മാന്തി പുറത്തിട്ടു. ഒരു വല്ലാത്ത ഒരു ദുർഗന്ധം അപ്പോൾ അവിടെ വ്യാപിച്ചു. ചീഞ്ഞുതുടങ്ങിയ മയ്യത്ത്‌ കൈവശം കരുത്തിയ പായിൽ പൊതിഞ്ഞുകെട്ടി. കബർ മൂടി. മീസാൻകല്ല്‌ പൂർവസ്ഥിതിയിൽ കുത്തിനിർത്തി. പിന്നെ പുറത്തേക്ക്‌. അപ്പോൾ ആഞ്ഞുവീശിയ കാറ്റിൽ വൃക്ഷത്തലപ്പുകൾ ശക്തിയായി തലയാട്ടി. ആയുസ്സൊടുങ്ങിയ ഇലകൾ ഭൂമിയിലേക്ക്‌, കബറിന്റെ മുകളിലേക്ക്‌ ഒരു ആവരണംപോലെ വന്നുപതിച്ചു.
    ഹിന്ദു ആചാരപ്രകാരമുള്ള കർമങ്ങൾ പൂർത്തിയാക്കി എന്റെ ചീഞ്ഞ ഹിന്ദുശവം പൊതുശ്മശാനത്തിൽ ഇലക്ട്രിക്ക്‌ ക്രിമിറ്റോറിയത്തിൽ ദഹിപ്പിച്ചു. അങ്ങനെ ഞാൻ കനലായി, ഒരുപിടി ചാരമായി, മതങ്ങളുടെയും മനുഷ്യരുടെയും വേലിക്കെട്ടുകൾ പൊട്ടിച്ച്‌ ഭൂമിയിൽനിന്ന്‌ വിടപറഞ്ഞു."
   ദുരിതപർവങ്ങൾ നീന്തിക്കടന്ന എന്റെ കഥാപാത്രത്തെ ഞാൻ അത്ഭുതത്തോടെ നോക്കി.
   പക്ഷേ അയാൾ... ക്രിമിറ്റോറിയം...? ഒന്നും എന്റെ മുമ്പിൽ ഇല്ല.
   ഞാനപ്പോഴും എന്റെ എഴുത്തുമേശയ്ക്ക്‌ സമീപംതന്നെയാണ്‌! തൂലികയിൽനിന്ന്‌ പിറന്നുവീണ അക്ഷരങ്ങൾ നിറഞ്ഞ പേപ്പറുകൾകൊണ്ട്‌ മേശ നിറഞ്ഞിരുന്നു.

19 Oct 2014

നട്ടുവളർത്താം കൽപവൃക്ഷം


ഗായത്രി രാജീവ്‌

വേരുകളിലേക്ക്‌ തിരികെയെത്തുന്ന ഇലകൾപോലെ
താങ്ങായ്‌ തണലായ്‌ മറയായ്‌ നിഴലായ്‌
തലമുറതൻ നോവകറ്റി ദാഹമകറ്റി
ചീഞ്ഞതെന്തും വളമായ്‌ കരുതി
പൊക്കത്തിനൊത്ത അടിസ്ഥാനമില്ലാതെ
മാനംമുട്ടെ വളർന്ന്‌ നേരുകൾമാത്രം സ്വന്തമാക്കി
കോക്കസ്‌ ന്യൂസിഫെറ എന്ന്‌ പോർച്ചുഗീസുകാർ
കൽപ്പിച്ച്‌ പേര്‌ നൽകിയ കൽപ്പവൃക്ഷം- തെങ്ങ്‌
ദൈവത്തിന്റേ സ്വന്തം നാടിനെ പേരിലൊളിപ്പിച്ച്‌
പൈതൃകത്താൽ പെരുമനേടിയ കേരളവൃക്ഷം... കേരവൃക്ഷം
നരച്ച ബാല്യത്തിൻ നനുത്തൊരോർമ്മയിൽ .. ഇന്നലെ
കുലച്ചിലിന്റെ അറ്റം ചതച്ച്‌ ബ്രഷാക്കി പല്ലുതേച്ച്‌
കവളം മടൽ മാവിൻചോട്ടിൽ കോണിയാക്കി
കൊത്തിട്ടീറിയടുക്കി വിറകായ്‌, പിടിചെത്തി തുഴയാക്കി, സിക്സറടിച്ച്‌
മുഴുത്തോരീർക്കിലി പൊട്ടിച്ച തുടയിൽ തടവി രസിച്ചൊരാ കുഞ്ഞുബാല്യം
ഓല വെള്ളത്തിലിട്ട്‌ രണ്ടായി കീറിമെടഞ്ഞുണക്കിയാൽ
വർഷകാല മഴച്ചോർച്ചയ്ക്ക്‌ രക്ഷയായി
ചൂട്ടായി കെട്ടി തീ പിടിപ്പിച്ചാൽ പിന്നേയ്‌ ഇരുട്ടിലും തുണയായി
ഓല ചീകി ഈർക്കിലിയാക്കി കെട്ടിയാൽ മലയാളവൃത്തിക്ക്‌ ചൂലായി
മടൽ ചീയിച്ച്‌ പിരിച്ചാൽ കയറായി... ചവിട്ടിയായി
ഇക്ഷണത്തിൽ മനസ്സിൽ കുളിരുമായ്‌ ഉത്സവങ്ങൾ നിറഞ്ഞ ബാല്യവും
കുരുത്തോലപ്പെരുന്നാളിന്റെ സ്നിഗ്ദതയിലും
തോരണപ്പന്തലുകളിലെ ജന്മങ്ങളുടെ പുണ്യത്തിനായ്‌ കാതുകൂർപ്പിച്ച്‌
കൂട്ടുകാർക്കൊപ്പം കായലിന്‌ മുകളിലേക്ക്‌ ചാഞ്ചാടിയാടിയ പാവം തെങ്ങ്‌
ഇന്ന്‌ കായലെവിടെ...? കൂട്ടെവിടെ... ?

കേരസൗഭാഗ്യ...കേരസാഗര, കൽപ്പധേനു, ടി ഃ ഡി, ഡി ഃ ടി....
ഇക്കണ്ട തെങ്ങിന്റെ മണ്ടയാകെ കൊത്തിമറിച്ച്‌
വന്നവർ അപരൻമാർ മണ്ടരി, വെള്ളയ്ക്ക പൊഴിക്കൽ, കൂമ്പു ചീയൽ
കത്തിയുയർത്തിയവർ കൊമ്പൻചെല്ലി, തെങ്ങോലപ്പുഴു, മീലിമൂട്ട
മജ്ജയും മാംസവും ഊറ്റിക്കുടിച്ച്‌ അമ്മയെ പുറംതള്ളുന്ന മക്കൾ
കടയ്ക്കൽ കത്തിവയ്ക്കുമ്പോഴും നൽകുന്നു ആ അമ്മ
കരിക്കെന്ന പാനീയം ദാഹമകറ്റാൻ
ദാഹമകന്നാൽ ഊർജ്ജസ്വലനായ്‌ ആഴത്തിൽ വെട്ടിമുറിക്കുന്നു തെങ്ങുകൾ
പലരായ്‌ പലനാളിൽ കൊത്തിയരിഞ്ഞില്ലേ
ലക്ഷണങ്ങൾ നിറഞ്ഞ പത്തായവും ലക്ഷദീപം കൊളുത്തും പ്രതീക്ഷയും
മേനിയേവം പറഞ്ഞു നടക്കുവാൻ മാനവത പണയം കൊടുത്തു നാം
വെട്ടിയരിഞ്ഞില്ലേ കെട്ടിപ്പടുത്തില്ലേ
നൂറുമേനി വിളഞ്ഞ തൈപ്പാടത്ത്‌ അംബരചുംബിയാം ഫ്ലാറ്റുകൾ
വെള്ളമില്ല വെളിച്ചമില്ലഎന്നിട്ടും നന്മതൻ തൈകൾ വെട്ടിമുറിച്ചു നാം
മതി നമുക്കീ ചതി തെങ്ങിനോട്‌ ... നമ്മോട്‌
മതി നമുക്കിനി പൊങ്ങച്ചക്കുപ്പികൾ
നട്ടുനനച്ചിടാം വെച്ചുവളർത്തീടാം
കൽപ്പനതൻ കൽപ്പവൃക്ഷം കേരവൃക്ഷം

19 Sept 2014

ലോഫ്ടിൽ എലികൾ ചിരിക്കുന്നു


ഡോ കെ ജി ബാലകൃഷ്ണൻ
==========================
തട്ടിൻ മുകളിൽ
ഒരു പെരക്കം
പിന്നെ,കിലുക്കം.
ഉത്തരത്തിൽ
ചത്തിരിക്കുന്നത്-
കിക്കിലുക്കം
കിലുകിലുക്കത്തിന് ശേഷം.
അതെ, അത്
നേരായ നേരിൻ
ഒടുക്കം-
അന്ത്യമെന്നും
അവസാനമെന്നും
പ്രളയമെന്നും ഒക്കെ.
കൂലം കുത്തി യൊഴുകുന്നത്
പ്രവാഹം;
അതെ;അതുതന്നെ-
ചതി-
പോരിന് കാരണം.
ചോരയുടെ കുത്തൊഴുക്ക്
ശകുനിയുടെ
കള്ളക്കളിയുടെ കഥ;
-മുനിയന്നെ
പറഞ്ഞത്.
-നൂറ്റൊന്ന്
ആവർത്തിച്ചത്-
(ക്ഷീരബലയെന്ന്
ആയുർവ്വേദം.)

2.
ഇറാക്കിലും
ഗാസയിലും
തേര്
ഉരുളുന്നത്;
ഇവിടെ,
ഭൂമിയുടെ
തട്ടിൻപുറത്ത്-
ഒരു പെരപെരക്കം.

3.
ഇരുളുന്നു ആകാശം-
മഴ വരാനെന്നത് മൌഡ്യം;
 വരാനിരിക്കുന്നത്
പേമാരി;
മഹാമാരി;
തീരാ, തോരാമഴ;
മഴമഴ;മഹാമഴ;
കോരിച്ചൊരിഞ്ഞ്;
ഊരും പാരും നിറഞ്ഞ്;
അങ്ങനെ,അങ്ങനെ;
ലോകാവസാനം.

അതെ,
എല്ലാ കഥകളും തീരുന്നത്
ഒരേപോലെ-
സകല പടഹധ്വനികളും
അടങ്ങി-
മൂകം,ശാന്തം;
തുടക്കം
ഒടുക്കം
ഒന്നായുറഞ്ഞ്.

4.
എന്റെ മുറിത്തട്ടിൽ
പെരപെരാപെരക്കം;
കിലുകിലെക്കിലുക്കം.

എലി;
നേരിനെ;
പരിഹസക്കുന്നതിൻ സ്വരം;
-അതുകേട്ട്‌ കലിതുള്ളും
കവിമനസ്സ്-
എലി പെരുകിയിട്ടുണ്ടെന്ന്
വീട്ടുകാരിയുടെ പരാതി
(- മായം ചേർക്കാത്ത
-പരിശുദ്ധ-
എലിവിഷം പോലും
കിട്ടാനില്ലാത്ത
കലികാലത്തെപ്പറ്റി
ഓർമപ്പെടുത്തൽ)
-അത് മാത്രമാണ്
ഈ പുത്തനിന്നിന്റെ
പച്ചപ്പെന്ന്
എന്റെ കമന്റ്-
എന്റെ പ്രിയതമയുടെ
മണിയൊച്ച;
-പൊട്ടിച്ചിരി-
ലോഫ്ട്ടിൽ
എലികൾ ചിരിക്കുന്നു.

21 Aug 2014

നാളികേര ഉത്പാദക കമ്പനികൾ ലക്ഷ്യ സാഫല്യത്തിലേക്ക്‌


ടി. കെ. ജോസ്‌ , ഐ എ എസ്
ചെയർമാൻ
നാളികേര വികസന ബോർഡ്
പ്രിയപ്പെട്ട നാളികേര കർഷകരെ,
നമ്മുടെ നാളികേരോത്പാദക കമ്പനികളുടെ ഇതുവരെയുള്ള പ്രവർത്തന പന്ഥാവിലേക്ക്‌ ഒരു എത്തിനോട്ടം നടത്തുകയെന്നതാണ്‌ ഈ ലക്കം മാസികയിലൂടെ ലക്ഷ്യമിടുന്നത്‌. നാളികേര വികസന ബോർഡിന്റെ   കഴിഞ്ഞ മൂന്ന്‌ വർഷത്തെ പരിശ്രമത്തിന്റെ ഫലമായി ഉണ്ടായ  നാളികേരോത്പാദക കമ്പനികൾ ഒരു സാമ്പത്തികവർഷം പൂർത്തിയാക്കിയിരിക്കുകയാണ്‌. രണ്ടാമത്‌ രജിസ്റ്റർ ചെയ്ത കമ്പനിയുടെ ആദ്യവർഷത്തെ കണക്കുകളും പ്രവർത്തന ഫലങ്ങളും വിലയിരുത്തിയതിന്റെയടിസ്ഥാനത്തിൽ,  തങ്ങളുണ്ടാക്കിയ വരുമാനത്തിൽ നിന്ന്‌ ഓഹരിയംഗങ്ങൾക്ക്‌ 4 ശതമാനം ഡിവിഡന്റും  സംഭരണത്തിനായി നൽകിയ ഓരോ കിലോഗ്രാം നാളികേരത്തിനും ഓരോ രൂപയും വീതം അധികവും നൽകുന്നതിനും, ഓഹരി മൂലധനം ഉയർത്തുന്നതിനും വാർഷിക പൊതുയോഗത്തിൽ തീരുമാനമെടുത്ത വിവരവും അറിയിക്കുകയുണ്ടായി. 

കേരളത്തിലെ 12 ഉത്പാദക കമ്പനികളും തങ്ങളുടെ പ്രവർത്തനളുമായി വിവിധ വേഗങ്ങളിൽ മുന്നേറുകയാണ്‌. നീര സംസ്ക്കരണ പ്ലാന്റ്‌ എല്ലാ ഉത്പാദക കമ്പനികളും ഏറ്റെടുക്കുന്നതിന്‌ മുമ്പോട്ട്‌ വന്നിട്ടുണ്ട്‌. കോൾഡ്‌ ചെയിൻ പദ്ധതി പ്രകാരം നഗരങ്ങളിലെ വിവിധ പ്രദേശങ്ങളിൽ ശീതികരിച്ച നീരയുടെ ശീതികരിച്ച ഡിസ്പെൻസറുകളിലൂടെയുള്ള വിൽപ്പന ജൂലൈ 9 ന്‌ കേരളത്തിൽ ആരംഭിച്ചുകഴിഞ്ഞു. വിവിധ ജില്ലകളിൽ നീര ശേഖരണത്തിന്‌ വേണ്ട നീര ടെക്നീഷ്യൻമാരുടെ പരിശീലനം കമ്പനികളുടെ നേതൃത്വത്തിൽ ആരംഭിച്ചുകഴിഞ്ഞു. നീര ടെക്നീഷ്യന്മാരെ പരിശീലിപ്പിച്ചെടുക്കേണ്ട മാസ്റ്റർ ടെക്നീഷ്യന്മാരെ, ഓരോ ജില്ലയിലേക്കും നൂറുവീതം എന്ന രീതിയിൽ ബോർഡിന്റെ നേതൃത്വത്തിൽ പരിശീലിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. വിപണിയിൽ ഇറക്കിയ നീരയുടെ സ്വീകാര്യതയും ജനങ്ങളുടെ ആവേശവും പൊതുരംഗത്ത്‌ വിവിധ മാധ്യമങ്ങളിൽ നിന്നും ലഭിച്ച പൈന്തുണയുമെല്ലാം നീര, അതിവേഗം ഗുണമേന്മയോടെ മിതമായ വിലയ്ക്ക്‌ ഉൽപന്നങ്ങളാക്കി  ഉപഭോക്താക്കളിലേക്ക്‌ എത്തിക്കുന്നതിന്‌ കമ്പനികൾക്കെല്ലാം പ്രചോദനമാകും എന്ന്‌ തന്നെ പ്രതീക്ഷിക്കുന്നു. കേരളത്തിലെ പൊതുസമൂഹം, നീരയുത്പാദനത്തിനുവേണ്ടി നാളികേര കർഷകരുടെ  കൂട്ടായ്മകളായ ഉത്പാദക സംഘങ്ങളും ഫെഡറേഷനുകളും കമ്പനികളും ഏറ്റെടുത്ത ഈ ബൃഹദ്‌ ഉദ്യമത്തെ താൽപര്യത്തോടെ വീക്ഷിക്കുകയും നിശബ്ദമായി നിങ്ങളെ പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യുന്നുണ്ട്‌. പൊതുസമൂഹത്തിന്റെ പൈന്തുണ ഏറ്റവുമധികം ആർജിക്കാൻ കഴിഞ്ഞ ചുരുക്കം ചില പദ്ധതികളിലൊന്നാണ്‌ നീര. ഇത്തരത്തിലുള്ളൊരു പദ്ധതിയുടെ ഗുണഫലങ്ങൾ കർഷകരിലേക്കും, ഉപഭോക്താക്കളിലേക്കും, കേരളത്തിന്റെ പൊതുസമൂഹത്തിലേയ്ക്കും സംസ്ഥാന ഖജനാവിലേയ്ക്കുമെല്ലാം എത്തിക്കുന്നതിനുള്ള ഉത്തരവാദിത്വം നമ്മുടേതാണ്‌. ഈ ഉത്തരവാദിത്വവും ദൗത്യവും സ്വയം ഏറ്റെടുത്ത്‌ അതിൽ നിന്ന്‌ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട്‌ നാം മുന്നോട്ടുപോവുകയാണ്‌ ഇനി വേണ്ടത്‌. നഷ്ടപ്പെടുത്തുവാൻ ഒരു നിമിഷം പോലും ഇനി നമുക്കില്ല എന്ന്‌ കൃത്യമായി ഓർമ്മിക്കേണ്ടതുണ്ട്‌.

ഇതിനർത്ഥം നാളികേരോത്പാദക കമ്പനികളുടെ ദൗത്യങ്ങളിൽ നീര മാത്രമേ ഉള്ളൂ എന്നല്ല. നാളികേരോത്പാദക കമ്പനികൾക്ക്‌ നാളികേരമേഖലയിലെ സമസ്തകാര്യങ്ങളിലും ഇടപെടേണ്ട ഉത്തരവാദിത്വമുണ്ട്‌. നാളികേര മേഖലയിലെ വിവിധ കേന്ദ്രാവൃഷ്കൃത, സംസ്ഥാനാവിഷ്കൃത പദ്ധതികൾ കർഷകരിലേക്ക്‌ എത്രയും വേഗം എത്തിക്കുകയും, അതിന്റെ ഗുണഫലങ്ങൾ കർഷകർക്ക്‌ ലഭിക്കുന്നതിന്‌ സമയബന്ധിതമായി പദ്ധതികൾ നടപ്പാക്കി പൂർത്തീകരിക്കുകയും കൂടുതൽ പദ്ധതികൾ ആവിഷ്ക്കരിച്ച്‌ നടപ്പാക്കുന്നതിന്‌ കേന്ദ്ര-സംസ്ഥാന-തദ്ദേശ ഗവണ്‍മന്റുകളുടെ സഹായം തേടുകയും കർഷക കൂട്ടായ്മ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. നല്ല വിത്തുകളും തൈകളും ഉത്പാദിപ്പിക്കുന്നതും നല്ല നഴ്സറികൾ നടത്തുന്നതും, ആവശ്യമുള്ള കർഷകർക്ക്‌ യഥാസമയം വിത്തുകളും തൈകളും എത്തിക്കുന്നതിനുമെല്ലാം പരിശ്രമിക്കണം.

സാധാരണയിലും മികച്ച വിലനിലവാരം നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ നാളികേരകൃഷിയിൽ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങൾ  കൂടി നമ്മുടെ ഭാഗത്ത്‌ നിന്ന്‌ ഉണ്ടാവേണ്ടതുണ്ട്‌.  സാധാരണ നാം ആവശ്യപ്പെടുന്ന മാന്യവും മിതവും സ്ഥിരവുമായ വിലയുമുള്ള ഉൽപന്നമായി നാളികേരത്തെ മാറ്റിയെടുക്കാൻ കഴിയണം. അതിനായി കർഷകർക്ക്‌ തങ്ങളുടെ കൈവശമുള്ള തെങ്ങിൽ നിന്നും, നിലവിലുള്ള ഭൂമിയിൽ നിന്നും പരമാവധി വരുമാനം ലഭിക്കുന്നതിനും ശ്രമിക്കുമ്പോൾ ഭേദപ്പെട്ട വിലയും മെച്ചപ്പെട്ട ഭാവിയും നാളികേരത്തിന്‌ മുൻപിലുണ്ട്‌. ഈ സാഹചര്യത്തിൽ നമ്മുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുകയല്ലാതെ മറ്റ്‌ മാർഗ്ഗമില്ല. ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനാകട്ടെ മികച്ച ജനിതക ഗുണങ്ങളുള്ള തൈകൾ നട്ടുപിടിപ്പിക്കുന്നതിനും, പ്രായാധിക്യമുള്ളതും രോഗ,കീട ബാധകൾ ഉള്ളതും, കേടുപാടുകൾ ബാധിച്ചതുമായ തെങ്ങുകൾ വെട്ടിമാറ്റി പകരം തൈകൾ നടുന്നതും, ഉയരം കൂടിയ തെങ്ങുകൾ ഉള്ള തോട്ടങ്ങളിൽ അടിത്തൈകൾ വെച്ചുപിടിപ്പിക്കുന്നതിനുമെല്ലാം നാം പരമാവധി ശ്രമിക്കേണ്ടതുണ്ട്‌.
വില ഉയർന്ന്‌ നിൽക്കുമ്പോൾ തന്നെ എല്ലാ ഫെഡറേഷനുകളിലും തങ്ങളുടേതായ കൊപ്രഡ്രയറും അതിനുവേണ്ട നാളികേര സംഭരണവും അത്‌ കൊണ്ടുപോകുന്നതിനുള്ള വാഹനസൗകര്യവും തയ്യാറാക്കേണ്ടതുണ്ട്‌. ലഭ്യമാവുന്ന എല്ലാ ഉപോൽപന്നങ്ങളും (byproducts) ചകിരി, ചകിരിനാര്‌, കയർപിത്ത്‌, തേങ്ങവെള്ളം, ചിരട്ട എന്നിവയിലെല്ലാം കഴിയാവുന്നത്ര മൂല്യവർദ്ധനവ്‌ വരുത്തുന്നതിനും കമ്പനികളുടെ നേതൃത്വത്തിൽ നാം പരിശ്രമിക്കേണ്ടിയിരിക്കുന്നു. കരിക്കിൻവെള്ളത്തിന്റെ മൂല്യവർദ്ധനവ്‌ പോലെ തന്നെ നാളികേരത്തിൽ നിന്നും ഉണ്ടാക്കാൻ കഴിയുന്ന മറ്റ്‌ ഉൽപന്നങ്ങളുടെ ശ്രേണിയും, അതായത്‌ ഡേശിക്കേറ്റഡ്‌ കോക്കനട്ട്‌, വെർജിൻ കോക്കനട്ട്‌ ഓയിൽ, കോക്കനട്ട്‌ മിൽക്ക്‌, മിൽക്ക്‌ ക്രീം, മിൽക്ക്‌ പൗഡർ, കോക്കനട്ട്‌ ചിപ്സ്‌ തുടങ്ങിയവ നിർമ്മിക്കുന്നതിനുള്ള ഉത്തരവാദിത്വം നമ്മുടെ കമ്പനികളുടെ നേതൃത്വം സ്വീകരിക്കണം. വരുന്ന ഒരു വർഷംകൊണ്ട്‌ എല്ലാ നാളികേരോത്പാദക കമ്പനികളുടേയും സ്വന്തം ബ്രാൻഡിലുള്ള, പായ്ക്ക്‌ ചെയ്ത, ഏറ്റവും പരിശുദ്ധമായ വെളിച്ചെണ്ണ കേരളത്തിലെ 70 ലക്ഷത്തോളം കുടുംബങ്ങളിലേക്ക്‌ എത്തിക്കുവാൻ നമുക്ക്‌ കഴിയണം. ഇതെല്ലാം സൂചിപ്പിച്ചതു നാളികേരോത്പാദക കമ്പനികൾ കേവലം നീര ഉത്പാദനത്തിനും സംസ്ക്കരണത്തിനും വേണ്ടി മാത്രമായി രൂപീകരിച്ചതല്ല മറിച്ച്‌ നാളികേര കൃഷിയുടെ സമസ്തമേഖലയിലും സ്ഥായിയായ വളർച്ചയ്ക്കും വികസനത്തിനും, കർഷകരുടെ സുരക്ഷിതത്വത്തിനും ആത്മാഭിമാനം വളർത്തുന്നതിനും അവർക്ക്‌ സമ്പട്സമൃദ്ധിയുണ്ടാക്കുന്നതിനും വേണ്ടി ചെയ്യേണ്ട എല്ലാകാര്യങ്ങളും ഏറ്റെടുക്കുക എന്നതും അവരുടെ ഉത്തരവാദിത്വമാണ്‌ എന്ന്‌ വിശദമാക്കാനാണ്‌. ഈ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുന്നതിന്‌ കമ്പനികൾ തങ്ങളുടെ അറിവും കഴിവും കാര്യപ്രാപ്തിയും ആത്മവിശ്വാസവും വികസിപ്പിച്ചെടുക്കേണ്ട ആവശ്യമുണ്ട്‌. ഇതിനാവശ്യമായ പരിശീലനങ്ങൾ ഒരു മാസത്തിനകം നിങ്ങൾക്ക്‌ വേണ്ടി നാളികേര വികസന ബോർഡ്‌ നടപ്പാക്കുന്നതാണ്‌. എല്ലാ കമ്പനികളുടേയും എല്ലാ ഡയറക്ടർ ബോർഡ്‌ അംഗങ്ങൾക്കും  പരിശീലനം നൽകുന്നതാണ്‌.
ഓരോ നാളികേരോത്പാദക കമ്പനികളും ഒറ്റയ്ക്ക്‌ നിൽക്കേണ്ടവരല്ല. കേരളത്തിലാകമാനമുള്ള എല്ലാ നാളികേരോത്പാദക കമ്പനികളും പരസ്പരം ആശയവിനിമയം നടത്തിയും സഹകരിച്ചും സഹായിച്ചും വലിയൊരു കൂട്ടായ്മയുണ്ടാക്കേണ്ടതാണ്‌. ഈ കൂട്ടായ്മയിലൂടെ ആവശ്യമെങ്കിൽ കേരളത്തിലെ മുഴുവൻ നാളികേരോത്പാദക കമ്പനികളുടേയും ഒരു കൺസോർഷ്യം രൂപീകരിച്ച്‌  കേന്ദ്ര സംസ്ഥാന ഗവണ്‍മന്റുകളും മറ്റ്‌ ഗവേഷണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്‌ ചെയ്യാവുന്ന കാര്യങ്ങൾക്കെല്ലാം നേതൃത്വം കൊടുക്കുവാൻ കഴിയണം. കൂടുതൽ കൂടുതൽ  മൂല്യവർദ്ധിതയുൽപന്നങ്ങൾ  ഉണ്ടാകുമ്പോൾ അതിന്റെ വിപണി കേരളത്തിൽ മാത്രം ഒതുക്കിനിർത്താനാവില്ല. ഇത്തരത്തിലുള്ള ഉത്പാദക കമ്പനികളുടെ കൺസോർഷ്യം ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലേയും  പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ഈ ഉൽപന്നങ്ങളെ പരിചയപ്പെടുത്തുന്നതിനും വിപണനം നടത്തുന്നതിനും ശ്രമിക്കേണ്ടതുണ്ട്‌. ഇന്ത്യയിലെ നഗര ജനസംഖ്യതന്നെ 35 കോടി കടന്നിരിക്കുന്നു. ഇത്‌ യു.എസ്‌.എയുടെ ആകെ ജനസംഖ്യയേക്കാൾ കൂടുതലാണ്‌. നഗര ജനസംഖ്യയുടെ 75 ശതമാനവും മികച്ച വാങ്ങൽശേഷിയുള്ളവരാണ്‌. അവരിലേക്ക്‌ നമ്മുടെ ഉൽപന്നങ്ങൾ എത്തിക്കുക എന്ന ദൗത്യമാണ്‌ നമുക്കുള്ളത്‌. ഇത്‌ വേഗത്തിൽ നടപ്പാക്കണമെങ്കിൽ കമ്പനികളുടെ കൺസോർഷ്യം ഉയർന്ന്‌ വരണം.
കമ്പനികൾ രൂപീകരിക്കുകയും രജിസ്റ്റർ ചെയ്യുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്യുകയെന്നത്‌ ആദ്യപടി മാത്രമാണ്‌. ഇവയെ വളർച്ചയുടെ പടവുകളിലേക്ക്‌ കൈപിടിച്ച്‌ നയിക്കുകയും അവയെ മികച്ച കമ്പനികളാക്കുകയും ഉയർന്ന ലാഭക്ഷമതയോടെ ഇതിനെ നടത്തിക്കൊണ്ടുപോകുകയും ചെയ്യുന്നതിന്‌ നമുക്ക്‌ സാങ്കേതിക വിദഗ്ദ്ധരുടേയും പ്രോഫഷണലുകളുടേയും സേവനം ആവശ്യമുണ്ട്‌. സ്വാഭാവികമായും കമ്പനികൾ ചിന്തിക്കുക തങ്ങൾക്ക്‌ അറിയാവന്ന ഏറ്റവുമടുത്ത്‌ ലഭ്യമാകുന്ന ഏറ്റവും കുറഞ്ഞ ചെലവിൽ കിട്ടുന്ന ഏതാനും ചില ജീവനക്കാരെ നിയമിക്കുക എന്നതാവും; അതുപോര, ലഭ്യമാക്കാവുന്ന ഏറ്റവും മികച്ച പ്രോഫഷണലുകളെ, സാങ്കേതിക രംഗത്തും മാനേജ്‌മന്റ്‌ രംഗത്തും കണ്ടെത്തുന്നതിനും അവരെ ആകർഷിച്ച്‌ കമ്പനികളിൽ നിലനിർത്തുന്നതിനും  അവരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തുന്നതിനും എല്ലാ കമ്പനികളും ശ്രമിക്കണം. 'ഇർമ'പോലെ ദേശീയതലത്തിലുള്ള മികച്ച മാനേജ്‌മന്റ്‌ സ്ഥാപനങ്ങളിൽ നിന്നും വിദഗ്ദ്ധരെ ഇതിനോടകം നിയമിച്ച കമ്പനികൾ ഉണ്ട്‌ എന്ന കാര്യം വിസ്മരിക്കുന്നില്ല. മറ്റ്‌ കമ്പനികൾക്കും ഇത്‌ മാതൃകയാവുമെന്ന്‌ പ്രതീക്ഷിക്കുന്നു.
അതുപോലെത്തന്നെയാണ്‌ നാളികേര സംസ്ക്കരണത്തിന്റേയും മൂല്യവർദ്ധനവിന്റേയും രംഗത്ത്‌ പരിശീലനം ലഭിച്ചയാളുകളുടെ അഭാവം ഇക്കാര്യത്തിൽ നിങ്ങളെ സഹായിക്കുന്നതിനുവേണ്ടി വാഴക്കുളത്തെ സിഡിബി ഇൻസ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്നോളജി നിങ്ങളുടെ ആവശ്യങ്ങൾ മുന്നിൽക്കണ്ടുകൊണ്ട്‌ ഒരുമുഴം മുൻപേ നാളികേര സംസ്ക്കരണത്തിലും, നാളികേരാധിഷ്ഠിത മൂല്യവർദ്ധിത ഉൽപന്ന നിർമ്മാണത്തിലും പരിശീലനം നൽകുന്ന ഹ്രസ്വകാല സർട്ടിഫിക്കറ്റ്‌ കോഴ്സുകൾ ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. ആ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന്‌ അഭ്യർത്ഥിക്കുന്നു.

ഓരോ കമ്പനികളും തങ്ങൾ ഇതുവരെ ചെയ്ത കാര്യങ്ങൾ നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുകയാണ്‌. ഇത്‌ മറ്റുള്ളവർക്ക്‌ പ്രചോദനമാകട്ടെയെന്ന്‌ ആശംസിക്കുന്നു. കൂടുതൽ കൂടുതൽ കാര്യങ്ങൾ ഏറ്റെടുക്കുന്നതിനും ചെയ്യുന്നതിനും  മികവ്‌ നേടുന്നതിനും ഈ ഒരു ലക്കം നിങ്ങളെ സഹായിക്കുമെന്ന പ്രതീക്ഷയുമുണ്ട്‌. കഴിഞ്ഞമാസം അവസാനം നടന്ന അന്താരാഷ്ട്ര പ്രശസ്തമായ ന്യൂയോർക്ക്‌ സമ്മർ ഫാൻസി ഫുഡ്‌ ഫെസ്റ്റിവെലിൽ ഏകദേശം 160 ൽ ഏറെ വ്യാപാരാന്വേഷണങ്ങളാണ്‌ നാളികേര വികസനബോർഡിന്റെ സ്റ്റാളിലേക്ക്‌ വന്നത്‌. അവരുടെ വിശദാംശങ്ങളും അഡ്രസ്സുകളും നാളികേര വികസന ബോർഡിന്റെ വെബ്സെറ്റിൽ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.  ഓരോ കമ്പനികൾക്കും നേരിട്ട്‌ അവരോട്‌ ബന്ധപ്പെട്ട്‌ തങ്ങളുടെ ഉൽപന്നങ്ങൾ വിപണനം നടത്തുന്നതിനുമുള്ള നടപടികൾ ആരംഭിക്കാവുന്നതാണ്‌. പ്രധാനമായും നീര, നീരയുടെ ഉൽപന്നങ്ങൾ, വെർജിൻ കോക്കനട്ട്‌ ഓയിൽ, പായ്ക്ക്‌ ചെയ്ത കരിക്കിൻ വെളളം, ഓർഗാനിക്‌ കോക്കനട്ട്‌ ഓയിൽ , ഡേശിക്കേറ്റഡ്‌ കോക്കനട്ട്‌, കോക്കനട്ട്‌ മിൽക്ക്‌, കോക്കനട്ട്‌ പൗഡർ, മിൽക്ക്‌ ക്രീം തുടങ്ങിയ ഉൽപന്നങ്ങൾക്കാണ്‌ അന്താരാഷ്ട്ര വാണിജ്യമേളയിൽ കൂടുതൽ അന്വേഷണങ്ങളുണ്ടായത്‌ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുമല്ലോ.

നാൽപത്തിയാറാമത്‌ എപിസിസി കോക്കോടെക്‌ മീറ്റിംഗ്‌  ജൂലൈ 7 മുതൽ 11 വരെ ശ്രീലങ്കയിലെ കൊളംബോയിൽ നടക്കുകയുണ്ടായി. ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ചീഫ്‌ കോക്കനട്ട്‌ ഡവലപ്‌മന്റ്‌ ആഫീസർ ശ്രീ. സുഗതഘോഷും, എപിസിസി റിസോഴ്സ്‌ പേഴ്സണായി ഡോ. രമണി ഗോപാലകൃഷ്ണനും നാളികേര വികസന ബോർഡിൽ നിന്നും  സമ്മേളനത്തിൽ പങ്കെടുത്തു. ദക്ഷിണപൂർവ്വഷ്യൻ രാജ്യങ്ങളിലെ നാളികേര വികസന  അതോറിറ്റികളും  വ്യവസായികളും കയറ്റുമതിക്കാരുമെല്ലാമടങ്ങിയ ഒരു വലിയ സദസ്സിൽ നാളികേര വികസന ബോർഡിന്റെ പ്രവർത്തനങ്ങൾക്ക്‌, പ്രത്യേകിച്ച്‌ നമ്മുടെ ഉത്പാദക കൂട്ടായ്മകൾക്കും, തെങ്ങിന്റെ ചങ്ങാതിക്കൂട്ടം, തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതി എന്നിവയ്ക്കെല്ലാം വലിയ അംഗീകാരവും പ്രശംസയും ലഭിക്കുകയുണ്ടായി. അതായത്‌ നിങ്ങളിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ  കേവലം പ്രാദേശികമായി മാത്രമല്ല, ദേശീയ, അന്തർദേശീയ തലങ്ങളിൽ കൂടി ശ്രദ്ധിക്കപ്പെടുന്ന കാര്യങ്ങളാണ്‌ എന്നത്‌ മറക്കാതിരിക്കുക. അന്തർദേശീയ തലത്തിൽ മാതൃകകൾ ആകാവുന്ന പ്രവൃത്തികളാണ്‌ നിങ്ങളിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്‌. നിങ്ങൾ തന്നെ മാതൃകകളാണ്‌. നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതും  മറ്റുള്ള രാജ്യങ്ങൾകൂടി ഉറ്റുനോക്കുന്നതുമായ മാതൃകപരമായ പരിപാടികളിൽ കൂടുതൽ ഗുണമേന്മയും മികവും പുലർത്തുന്നതിന്‌ പ്രത്യേകം ശ്രദ്ധിക്കുക. 
യുഎസ്‌എയിൽ നടക്കുന്ന അടുത്ത സമ്മർഫാൻസി ഫുഡ്‌ ഫെസ്റ്റിവെലിൽ നമ്മുടെ നിലവിലുള്ള 12 കമ്പനികളുടേയും പ്രതിനിധികൾക്ക്‌ തങ്ങളുടെ ഉൽപന്നങ്ങളുമായി പോകാൻ കഴിയട്ടെയെന്ന്‌ ആശംസിക്കുന്നു. 2015 ജനുവരി അവസാനത്തെ ആഴ്ചയിൽ എപിസിസിയുടെ അടുത്ത മിനിസ്റ്റീരിയൽ സമ്മേളനത്തിന്‌ ആതിഥ്യമരുളുവാനുള്ള ഭാഗ്യം ഇത്തവണ ഇന്ത്യയ്ക്കാണ്‌ ലഭിച്ചിട്ടുള്ളത്‌. ഇപ്പോഴത്തെ അറിവനുസരിച്ച്‌ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ വെച്ചായിരിക്കും ഇരുപത്തിയഞ്ചോളം രാജ്യങ്ങൾ പങ്കെടുക്കുന്ന ഈ സമ്മേളനം നടക്കുക.  ഈ അവസരവും നമ്മുടെ നാളികേരോത്പാദക കമ്പനികൾക്കും അതിന്‌ കീഴിലുള്ള കൂട്ടായ്മകൾക്കും കൂടുതൽ അറിവുകൾ നേടുന്നതിനും, നാളികേരോൽപന്നങ്ങളുടെ ആഗോള സാദ്ധ്യതകളും അവസരങ്ങളും

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...