Showing posts with label 9. Show all posts
Showing posts with label 9. Show all posts

29 Mar 2016

ഒരു പ്രണയിയുടെ കുത്തഴിഞ്ഞ വേദപുസ്തകം

_ജിതേഷ്  ആസാദ് 
1
പ്രണയമിപ്പോഴും
പേനകളിൽ നിറയുന്ന
മഷിക്കടൽ.
2
നിന്നോളമെന്നെ
ലഹരിയിലാക്കിയിട്ടില്ല
ഒരു മദ്യകുപ്പിയും.
നിരാസത്തി൯ തിരകളിൽ
കരയിലേക്കടിയുന്നു
പ്രണയശരീരങ്ങൾ.
മൂന്നാംപക്കവും
വീെണ്ടടുക്കാനാവുന്നില്ല
നാം നടന്നുതീർത്ത
മണൽപരപ്പുകളിൽ
ആത്മഹത്യചെയ്ത
കാൽപാടുകൾ.
3
നിനക്കായ്
നനഞ്ഞ
മഴകളിൽ നിന്ന്
കോന്തലയിലൊരു
കടലിനെ
പൊതിഞ്ഞെടുത്തിരുന്നു
വാഷ് ബേസി നിൽ നിറയുന്നു
ചുവന്നപൂക്കളാൽ
കൊടിയടളമില്ലാത്ത
പ്രണയസ്മാരകം.
4
കവി ,
വിപ്ളവകാരി,
പ്രണയി,
നാലുകാലിൽ
വീഴനറിയാത്ത പൂച്ചകൾ.
5
ചില
ഫോൺ സംഭാഷണങ്ങളിലെ
രസചുംബനങ്ങളിൽ
അസ്തമിക്കുന്നവരുടെ
കഥകളുണ്ട്
ഒറ്റുകാരുടെ പോക്കറ്റിൽ,
ആസക്തിയിൽ പിറന്ന
കിടാങ്ങൾക്ക് പഠിക്കാ൯.
6
പ്രണയലഹരിയറിയാത്ത
ചില
ജഢങ്ങളിപ്പോഴുമുണ്ട്
നമുക്ക് ചുറ്റും
പ്രണയത്തിലും
ലഹരിയിലും
ആത്മഹൂതി ചെയ്തവരെ
പരിഹസിക്കുന്നവർ.
വസന്തത്തിലും
ഇലപൊഴിക്കുന്ന
പടുമരങ്ങൾ.
7
ഞാ൯
പ്രണയം
കളഞ്ഞുപോയ
ഇടക്കാല ബുദ്ധ൯
അഥവാ
തല്ക്കാല ക്രിസ്തു.
നീയോ
പുലരും മു൯പേ
നിഷേധിച്ചവരുടെ
സ്വാർത്ഥവേദങ്ങളുടെ
ഭാരം പേറുന്നു
മുപ്പത് വെള്ളിക്കാശിന്
ഒറ്റിയവരുടെ പി൯ഗാമിയാവുന്നു.
എങ്കിലും
വീടെന്ന
സിമ൯്റ് കൂടാരത്തിൽ
നീയൊരു ജഢമാവുമ്പോൾ
ചഷകങ്ങളിൽ
വീണ്ടും നിറയുന്നു
മരണദ്രാവകം.
8
കോന്തലയിലൊളിപ്പിച്ച
കടലിനെ
ഞാനിതാ തുറന്നിടുന്നു,
കോൺക്രീറ്റ് മരങ്ങളിൽ
തൂങ്ങിയാടാ൯
ചില്ലകളില്ലാത്ത
പക്ഷികൾക്കായ്
9
എങ്കിലും
നാം
പരസ്പരം
വേർപെടാനാവാത്ത
നൈരന്തര്യങ്ങളാണ്.
നമ്മുടെ കടലും
കരയും
സൂര്യനും
ആകാശവും
നീയാവുന്നു
ഞാനാവുന്നു
നാമാവുന്നു

1 Mar 2016

നാരായണവഴിയിലെ നടനപ്രപഞ്ചം


പി.കെ.ഗോപി
    വാചകം...പ്രവാചകം എന്നത്‌ നിരവധി നിർവ്വചനങ്ങളിലേക്ക്‌ വളർന്നു പന്തലിക്കേണ്ട ജ്ഞാനത്തിന്റെ വിത്താണ്‌. എവിടെ വീണാലാണത്‌ മുളയ്ക്കുകയെന്നു പറയുക വയ്യ. അവിചാരിതമായി നനവേറ്റാൽ ചിലത്‌ മുളപൊട്ടും. പൊടുന്നനെ ഇടിമുഴങ്ങിയാൽ പ്രകമ്പനം കൊണ്ട്‌ ഉള്ളിളക്കം സംഭവിച്ച്‌ കവചങ്ങൾ ഇളകിമാറി, മൗനത്തിൽ നിന്ന്‌ ചിലതിന്‌ നാമ്പ്‌ മുളയ്ക്കാം. അറിവായതും പൊരുളായതും ദാർശനിക ജാലകത്തിലൂടെ അകത്തേക്കു തന്നെ വളരുന്നു. അകത്ത്‌ ആൽമരവും ആകാശവും സൃഷ്ടിക്കുന്ന, മൗലികജ്ഞാനത്തിന്റെ മാനവിക ചിന്തയെന്നോ വേദാന്ത വികാസമെന്നോ, 'ശ്രീനാരായണായ' എന്ന കൃതിയെ വിശേഷിപ്പിക്കാം.
    പതിനഞ്ച്‌ എഴുത്തുകാർ അവരവർ തിരച്ചറിഞ്ഞ ഗുരുവിലൂടെ സഞ്ചരിക്കുന്നു. മനസ്സും ശരീരവും പ്രകൃതിയും ധർമ്മവും നീതിയുമെല്ലാം ഐക്യപ്പെടുകയും അകന്നുമാറുകയും വീണ്ടും നവാദ്വൈതത്തിൽ ഒന്നാവുകയും ചെയ്യുന്നു.
    ശ്രീനാരായണാഗുരുവിന്റെ ജനനം മുതൽ മരണം വരെയുള്ള കർമ്മസംഭവങ്ങൾ വികാരവിക്ഷുബ്ധതയുടെ പൊലിമയോടെ കഥയായി അവതരിപ്പിക്കുകയല്ല എഴുത്തുകാരന്റെ ലക്ഷ്യം. ആദ്ധ്യാത്മികതയുടെ അതിരുകളിൽ മനുഷ്യഹൃദയങ്ങൾ നട്ടുവളർത്തിയ വിശ്വദർശനത്തിന്റെ മഹാസൗന്ദര്യം പിഴവുകളില്ലാതെ പീലിവിരിക്കുകയാണ്‌ ഓരോ അദ്ധ്യായത്തിലും. ഗുരു ഒരു ഉപനിഷത്ത്‌ സൃഷ്ടിച്ചു. അതിനെ ജീവതോപനിഷത്ത്‌ എന്ന്‌ ഞാൻ വിളിക്കുന്നു. അടിയാളരോദനത്തിന്റെ ആഴങ്ങളിൽ നിന്ന്‌ ഉദയകാന്തി ചിതറി ഗുരുവിന്റെ മുഖം തന്നെയാണ്‌ ഇരുളിനെ ഈർന്നു മാറ്റാൻ പ്രത്യക്ഷമാവുന്നത്‌. ആ മുഖത്തിന്റെ ഭാവകൽപന കല്ലായും മരമായും വിളക്കായും കണ്ണാടിയായും കവിതയായും പിറന്നിട്ടുണ്ട്‌. ബാഹ്യമായ മാർഗ്ഗങ്ങളിൽ യാത്ര ചെയ്ത്‌ പോരടിച്ച ഗുരുവിനെ നാം കണ്ടിട്ടുണ്ട്‌. ആന്തരികമായ തപോബലത്തിൽ മുങ്ങിനിവർന്ന്‌ അനാദിയായ ശിവമുദ്ര കൈവശമാക്കി മണ്ണിനും മനുഷ്യനും മോചനസൊ‍ാചകമായി സമർപ്പിക്കുന്ന ഗുരുവിനെയാണ്‌ ഹരികുമാർ നിർവ്വചിക്കുന്നത്‌. ശിവം ഒരനുഭൂതിയാണ്‌. പഞ്ചാഗ്നിയുടെ സംഗമസ്ഥലത്ത്‌ സ്വന്തം എഴുത്തിന്റെ തപസ്യയിൽ, ഒരു പവിത്രധാരയിലെന്നവണ്ണം ലയാനുഭൂതിയിൽ മുഴുകുവാൻ ഹരികുമാറിനു കഴിഞ്ഞിരിക്കണം.
    എഴുത്തും ജീവിതവും...അഥവാ വാക്കും പ്രവൃത്തിയും ഗുരുവിൽ ഒന്നായി ലയം പ്രാപിച്ചു. അധികാരഗർവ്വങ്ങളെ ഗുരു അറിവുകൊണ്ട്‌ നിരാകരിക്കുകയോ നിർവ്വീര്യമാക്കുകകയോ ചെയ്തു. ഗുരുസ്ഥാനത്തിന്റെ മഹത്ത്വം പ്രതിഷ്ഠ പോലെ നിശ്ചലമല്ല, പ്രവൃത്തിപോലെ ചലനാത്മകമാണ്‌. അതുകൊണ്ടാണ്‌ നവോത്ഥാനത്തിന്റെ തീവ്രവേദന മുഴുവൻ ഗുരു അനുഭവിച്ചതു. മാറ്റങ്ങൾ അസാധ്യമെന്നു കരുത്തിയ കോട്ടകൾ അവനവൻ തന്നെ കെട്ടിപ്പൊക്കുന്നുവേന്ന്‌ ഗുരുവിന്‌ ബോധ്യമായി. ചരിത്രത്തെ പുതുക്കിപ്പണിയുകയെന്ന കഠിനയത്നത്തിൽ ഗുരുവിന്‌ നേരിടേണ്ടി വന്ന ആക്ഷേപങ്ങളുടെ അലർച്ചയും മുരൾച്ചയും കെട്ടടങ്ങിയിട്ടില്ല, ഇപ്പോഴും. അനുകമ്പയും മുരൾച്ചയും കെട്ടടങ്ങിയിട്ടില്ല, ഇപ്പോഴും.

    എഴുതപ്പെടാത്ത ചരിത്രവും പറയപ്പെടാത്ത യാഥാർത്ഥ്യവും ചേർത്തുവച്ചുമാത്രമേ സമ്പൂർണ്ണമായ ജീവിതം സാധ്യമാവുകയുള്ളുവേന്ന്‌ ഹരികുമാറിനറിയാം. വാക്കുകളുടെ പക്ഷിക്കൂട്ടം മേഘങ്ങളെ മറയ്ക്കുംപോലെ അദ്ദേഹം എഴുതാറില്ല. മേഘശിഖരങ്ങളിൽ നിന്ന്‌ നിർവ്വചനങ്ങളുടെ സംഗീതപ്പക്ഷികളെ ഹൃദയത്തിലേക്ക്‌ പറഞ്ഞയക്കുംപോലെ ഒരനുഭവം എഴുത്തിൽ നിറയ്ക്കാൻ ഹരികുമാറിന്‌ കഴിയുന്നു. ഗുരുവചനങ്ങളിൽ കൂടുകൂട്ടിയ സാഗരഹംസം പോലെ അനന്തദൂരം പിന്നിടുന്ന ചിന്തയുടെ ചിറകുകളെ അകലെയിരുന്ന്‌ ഞാൻ മാനിക്കുന്നു, ധ്യാനിക്കുന്നു. 'ശരീരത്തിന്‌ എന്തിനാണ്‌ മനസ്സിന്റെ നീതിശാസ്ത്രവും ധർമ്മവ്യവസ്ഥയുമെന്ന്‌' ഐഹികജീവിയായ എനിക്ക്‌ ബോധ്യം വരാൻ എത്രകാലമെടുക്കും?! അറിയില്ല. എങ്കിലും ശരീരത്തെ പോഷകബലം കൊണ്ട്‌ പരിപാലിക്കുമ്പോൾ 'മനസ്സ്‌ അതിന്റെ  വഴി സ്വയം തിരഞ്ഞെടുക്കുന്നു.' എന്തിനാണ്‌ ജീവിക്കുന്നത്‌ എന്ന ചോദ്യത്തിന്റെ ഉത്തരം സർവ്വകലാശാല തരാതിരിക്കുമ്പോൾ, വരുക... അപൂർവ്വപ്രകാശങ്ങളുടെ ക്ഷീരപഥം ഒളിച്ചു വസിക്കുന്ന പുസ്തകങ്ങൾ തുറക്കുക.
    മനസ്സ്‌ അശുദ്ധമാകുന്ന വായന എനിക്കിഷ്ടമല്ല. അതിരുകൾ ചുരുക്കിച്ചുരുക്കി അശാന്തസങ്കോചങ്ങളുടെ അരാജക മാലിന്യത്തിൽ തെന്നിവീഴാൻ എനിക്കു താൽപര്യമില്ല. അദൃശ്യലോകത്തിന്റെ അന്തർജ്ഞാനത്തെ സത്യസാരാംശങ്ങളുടെ വിശ്വസംഗീതം പോലെ അവതരിപ്പിക്കാൻ എഴുത്തുകാരന്‌ കഴിയുമെങ്കിൽ എന്നിലെ വായനക്കാരൻ തൃപ്തനാവുന്നു. ജീവന്റെ നിഷ്കളങ്കതയെ പിണച്ചു മുറുക്കി, അജ്ഞാനബന്ധങ്ങളിലേക്ക്‌ വലിച്ചെറിയുമ്പോൾ, അഴിച്ചെടുത്ത്‌ അഭയം നൽകാൻ കഴിയുന്ന വിമോചകനാണ്‌ എനിക്ക്‌ ഗുരു. ആ ഗുരുവിനെക്കുറിച്ച്‌ ഇത്രയും ഏകാഗ്രതയോടെ ഒരാളെഴുതുമ്പോൾ ഞാനത്‌ വായിക്കണം.
    കാലത്തിന്റെ പുക പിടിക്കാത്ത കണ്ണാടിക്കു മുമ്പിൽ 'ശ്രീനാരായണായ' എന്ന ബൃഹത്ഗ്രന്ഥവുമായി എം.കെ.ഹരികുമാർ നിൽക്കുന്നു. തത്ത്വജ്ഞാനം സർഗ്ഗാത്മകമായി സഹശ്രദലം വിരിയിക്കുന്നതെങ്ങനെയെന്ന്‌ ഈ പുസ്തകം പറയും. പ്രച്ഛന്നമായ ആത്മീയാവരണങ്ങൾ യൂറിഞ്ഞുമാറ്റി, പ്രപഞ്ചനടനത്തെ നാട്ടിടവഴിയിൽ ദർശിക്കുന്ന ഏകാകിയായി എവിടെയെങ്കിലും ഒന്നിരിക്കാൻ കഴിയുമെങ്കിൽ കൂട്ടിനെടുത്തോളൂ ഈ പുസ്തകം...'ശ്രീനാരായണായ'.

16 Jan 2016

കണ്ണുകൾ

റെജിമോൾ  രണ്ജിത്ത്
കാന്തനെത്തും നേരമെൻ
കണ്ണുകൾ
പാരവശ്യത്താൽ
തുടിച്ചീടവേ
കനിവാർന്നൊരാ
കാന്തന്റെ
കരാഗുലിയെൻ
നേർക്കു നീളവേ
വിറകൊൾവ്വൊരെൻ
മേനിയും
വിറയാർന്നൊരെൻ
മനവും
പരൽ മീനിനെപ്പോൽ
പിടഞ്ഞീടവേ
ജാലകച്ചില്ലകൾക്കപ്പുറം
ഒളിഞ്ഞു
നോക്കാനെത്തുമീ
ചന്ദ്രകാന്തിയെഴും
വാനവും
കൺചിമ്മുമീ
താരാഗണങ്ങളും
നിറവാർന്നൊരെന്നെ
തഴുകുമീ
ധനുമാസകുളിർ
കാറ്റും
രോമഹർഷമെഴുമെൻ
പുലർ കാല
സ്വപ്നങ്ങളും
പൂവണിയുമീ
നിമിഷങ്ങളിൽ
ഹാ ഞാനെത്ര ധന്യ

26 Dec 2015

വിടാത്ത പിടി /കഥ


  സുനിൽ എം എസ്

ഞങ്ങളുടെ വീടിനടുത്തുള്ള റോഡു ടാറിട്ടതാണ്. ചെറിയ ലോറികൾ അതിലൂടെ പോകാറുണ്ട്. അതൊരു റോഡായി വികസിച്ചിട്ട് ഏതാനും വർഷമേ ആയിട്ടുള്ളൂ. അതിനു മുമ്പ് അതൊരിടവഴി മാത്രമായിരുന്നു; ചിലയിടങ്ങളിൽ മഴക്കാലത്തു മുട്ടോളം വെള്ളമുണ്ടാകാറുള്ള ഇടവഴി.

അല്പമകലെ, തോടിനു കുറുകെ ചെറിയൊരു തടിപ്പാലവുമുണ്ടായിരുന്നു. കിഴക്കേലെ കൊച്ചൌസോച്ചേട്ടന്റെ മൃതദേഹം കൊണ്ടുപോകാൻ ശവമഞ്ചം വന്നു നിന്നത് ആ തടിപ്പാലത്തിനപ്പുറത്തായിരുന്നു. തടിപ്പാലത്തിന്റെ മുകളിലൂടെ സൈക്കിളും മോട്ടോർസൈക്കിളും കടന്നു പോകാറുണ്ടായിരുന്നെങ്കിലും, ശവമഞ്ചത്തിന് പാലം കടന്നു വരാനായില്ല. കൊച്ചൌസോച്ചേട്ടനെ കിടത്തിയ ശവപ്പെട്ടി ഏതാനും പേർ ചുമന്നു തടിപ്പാലം കടത്തി, ശവമഞ്ചത്തിലെത്തിയ്ക്കുകയായിരുന്നു.

ശവപ്പെട്ടി ചുമലിലേറ്റിയിരുന്നവരിലൊരാൾ കൊച്ചുവർക്കിച്ചേട്ടനായിരുന്നു.

മൃതദേഹം പുറപ്പെടുമ്പോൾ, കൊച്ചൌസോച്ചേട്ടന്റെ വീടിന്റെ മുന്നിൽത്തന്നെ ശാരിയും ഞാനും നിന്നിരുന്നു. കൊച്ചൌസോച്ചേട്ടനേയും ചുമലിലേറ്റി നടക്കുന്നതിനിടയിൽ കൊച്ചുവർക്കിച്ചേട്ടൻ ഞങ്ങളെക്കണ്ടു. ഉടൻ പറഞ്ഞു: “പിടി വിട്ടട്ടില്ലട്ടാ, ശാരിമോളേ”.

മൃതദേഹത്തിന്റെ കനം കൊണ്ടാവാം, കൊച്ചുവർക്കിച്ചേട്ടന്റെ ശബ്ദം ഇടറിയിരുന്നു. അന്നു കൊച്ചുവർക്കിച്ചേട്ടനും എൺപതിനോടടുത്തിരുന്നല്ലോ.

ഞങ്ങളും ശവമഞ്ചത്തെ അനുഗമിച്ചു; സിമിത്തേരിയിലെ കർമ്മങ്ങൾക്കു സാക്ഷ്യം വഹിച്ചു.

മടങ്ങി വീട്ടിലെത്തിയപ്പോൾ കൊച്ചുവർക്കിച്ചേട്ടൻ പിടി വിട്ടിട്ടില്ലെന്നു പറഞ്ഞതിന്റെ പൊരുളെന്തായിരുന്നെന്നു ഞാൻ ശാരിയോടു ചോദിച്ചു.

ഒരു വാചകം തികച്ചുപറയുന്ന പതിവ് അവൾക്കില്ല. ഏതാനും വാക്കുകളിൽ അവളുത്തരമൊതുക്കി. അല്പം ചരിത്രം കൂടിയറിഞ്ഞെങ്കിൽ മാത്രമേ, അവൾ പറഞ്ഞതു മനസ്സിലാക്കാനാകൂ.

കൊച്ചൌസോച്ചേട്ടന്റെ വീടിന്റെ മുന്നിൽ വച്ച് ഇടവഴി – ഇന്നതു റോഡാണ് - വലത്തോട്ടു തിരിയുന്നു. വലത്തോട്ടു തിരിഞ്ഞയുടൻ, ഇടതുഭാഗത്തു കൊച്ചുവർക്കിച്ചേട്ടന്റെ വീട്. രണ്ടുപേരും അയൽക്കാർ. സമവയസ്കർ. അവരുടെ പുരയിടങ്ങളുടെ ഇടയിലൊരു വേലി. ആ വേലി അന്നും ഇന്നും ശീമക്കൊന്ന കൊണ്ടുള്ളതു തന്നെ. മറ്റു മിയ്ക്കയിടങ്ങളിലും മതിലുകളുയർന്നിട്ടും അവർക്കിടയിൽ മതിലുയർന്നില്ല എന്നർത്ഥം.

ആ വേലിയിൽ അങ്ങോട്ടുമിങ്ങോട്ടും കടക്കാൻ വേണ്ടി വീതിയുള്ളൊരു വിടവുണ്ട്. കുറേക്കാലം ആ വിടവ് അടഞ്ഞുപോയിരുന്നു. തനിയേ അടഞ്ഞുപോയതല്ല. അവരിലൊരാൾ മനപ്പൂർവം അടച്ചുകളഞ്ഞതാണ്. എന്തോ പരിഭവമുണ്ടായിരുന്നിരിയ്ക്കണം. രാത്രി, ശീമക്കൊന്നയുടെ പത്തലുകൾ കുഴിച്ചിട്ട് ആ വിടവടച്ചുകളഞ്ഞു.

നേരം വെളുത്തപ്പോൾ മറ്റെയാൾ ക്ഷുഭിതനായി, പത്തലുകൾ വലിച്ചൂരിയെറിഞ്ഞു.

വഴക്കായി, വക്കാണമായി, രംഗം പ്രക്ഷുബ്ധമായി.

ഞങ്ങളുടെ പരിസരത്തിനൊരു പ്രത്യേകതയുണ്ട്. അവിടെ തർക്കങ്ങളുണ്ടാകാറില്ല. എന്നു മാത്രമല്ല, പരസ്പരസഹകരണമുണ്ടാകാറുണ്ടു താനും. എന്താവശ്യമുണ്ടെങ്കിലും ആളുകളോടിയെത്തും. സഹായിയ്ക്കും, സഹകരിയ്ക്കും.

കുറച്ചപ്പുറത്തുള്ള ബാലേട്ടന്റെ കാര്യം തന്നെ തെളിവ്. ഈയിടെ കക്ഷിയുടെ ശരീരം നീരുവന്നു വീർത്തു. നടക്കാനാകാതെയായി. സർക്കാരാശുപത്രിയിൽ കൊണ്ടുപോയി. ഉടൻ തൃശൂർ മെഡിക്കൽ കോളേജിലേയ്ക്കു വിട്ടോളാൻ പറഞ്ഞു. ബാലേട്ടന്റെ മകൻ മനോജിന്റെ കൈയിലാണെങ്കിൽ പണമുണ്ടായിരുന്നില്ല. എന്നാലതൊരു തടസ്സമായില്ല. മനോജിന്റെ കിഴക്കേലെ ജോയൽ വിവരമറിഞ്ഞ് തൊട്ടടുത്ത രണ്ടു മൂന്നു വീടുകളിലൊന്നു കയറിയിറങ്ങി. ആവശ്യത്തിനു കാശു കിട്ടി. ബാലേട്ടൻ തൃശൂർ മെഡിക്കൽ കോളേജിൽ പോയി രണ്ടാഴ്ച കിടന്നു, സുഖമായി മടങ്ങി വരികയും ചെയ്തു. ചെറിയ ചില പ്രയാ‍സങ്ങളുണ്ടെങ്കിലും, ഗുരുതരാവസ്ഥ തീരെയില്ല.

കൊച്ചൌസോച്ചേട്ടനും കൊച്ചുവർക്കിച്ചേട്ടനും തമ്മിലുള്ള വഴക്കു കേട്ട് എന്തോ അത്യാഹിതം സംഭവിയ്ക്കുന്നതു പോലെ ആളുകൾ ഓടിക്കൂടി. അവരോടിവന്നതു നന്നായി. അല്ലെങ്കിൽ വഴക്കു മൂത്തു കൈയാങ്കളിയിലെത്തിയേനേ. ചോരത്തിളപ്പുള്ള പ്രായമായിരുന്നല്ലോ, ഇരുവരുടേതും. കിഴക്കേലെ ചന്ദ്രൻ ചേട്ടനും, അതിനുമപ്പുറത്തെ രാഘവച്ചേട്ടനും വടക്കേലെ ജഗദീശച്ചേട്ടനും ചെന്ന് ഇരുവരേയും പിടിച്ചകറ്റാൻ ശ്രമിച്ചു. തെക്കേലെ, വന്ദ്യവയോധികനായ കൊച്ചുതോമ മാഷും കൂടിയെത്തിയപ്പോൾ ഇരുവരും അടങ്ങി.

വഴക്കും വക്കാണവും നിന്നെങ്കിലും, പിന്നീടിരുവരും ചങ്ങാത്തത്തിലായില്ല. ശീമക്കൊന്നവേലിയിലെ വിടവ് അടഞ്ഞുതന്നെ കിടന്നു.

കൊച്ചൌസോച്ചേട്ടനു ഭാര്യയും കുഞ്ഞുങ്ങളുമുണ്ടായിരുന്നു. കൊച്ചുവർക്കിച്ചേട്ടനുമുണ്ടായിരുന്നു ഭാര്യയും കുഞ്ഞുങ്ങളും. അവരെ കുഞ്ഞുങ്ങളെന്നു പറയുന്നത് ഇപ്പോളൊരു തമാശയായിരിയ്ക്കും. കാരണം, ഇന്ന് ആ കുഞ്ഞുങ്ങൾക്കൊക്കെ കുഞ്ഞുങ്ങളായിരിയ്ക്കുന്നു. എന്തായാലും അന്നവർ കുഞ്ഞുങ്ങളായിരുന്നു.

ഭർത്താക്കന്മാർ പിണക്കത്തിലായെങ്കിലും, അവരുടെ ഭാര്യമാർ ശീമക്കൊന്നയുടെ അപ്പുറവും ഇപ്പുറവും നിന്നുകൊണ്ട്, പഴയപടി, സമ്പർക്കം പുലർത്താൻ ശ്രമിച്ചു. അതുകണ്ട്, മിണ്ടിപ്പോകരുത്എന്നു ഭർത്താക്കന്മാർ താക്കീതു നൽകി. താക്കീതുകളുടെ കാർക്കശ്യം മൂലം ഒരു വീട്ടിലെ താക്കീത് മറ്റേ വീട്ടിലും പ്രതിദ്ധ്വനിച്ചു.  കുടുംബത്തിനകത്തു കലഹമുണ്ടാകേണ്ടെന്നു കരുതി, ഭാര്യമാർ പരസ്പരം ബന്ധപ്പെടാനുള്ള ശ്രമം ഒടുവിലുപേക്ഷിച്ചു.

വളർന്നു വരുന്നതിനിടെ കുട്ടികൾ സൌഹൃദത്തിലായിരുന്നു. മാതാപിതാക്കൾ തമ്മിലുള്ള അകൽച്ച കുട്ടികൾ വകവച്ചിരുന്നില്ല. എങ്കിലും, കുട്ടികൾ തമ്മിലുള്ള സൌഹൃദം വഴിയിൽ വച്ചു മാത്രമായിരുന്നു. വീടുകളിലേയ്ക്കു കയറിച്ചെല്ലാൻ അവരും ധൈര്യപ്പെട്ടിരുന്നില്ല.

ഇരുകുടുംബങ്ങളും തമ്മിലുള്ള സ്പർദ്ധ നീണ്ടുനീണ്ടു പോയി. ഒരൊറ്റ വേലിയുടെ അപ്പുറവുമിപ്പുറവും കഴിയുന്നവർ. ഞായറാഴ്ചകളിൽ ഒരേ പള്ളിയിൽ പോകുന്നവർ. എന്നിട്ടും, കൊച്ചുവർക്കിച്ചേട്ടന്റെ മകൾ ട്രീസയുടെ കല്യാണത്തിന് കൊച്ചൌസോച്ചേട്ടന്റെ വീട്ടിൽ ക്ഷണമെത്തിയില്ല, കൊച്ചൌസോച്ചേട്ടന്റെ വീട്ടിൽ നിന്നാരും കല്യാണത്തിൽ പങ്കെടുത്തുമില്ല.

കൊച്ചൌസോച്ചേട്ടന്റെ മകൻ സിറിലിന്റെ കല്യാണത്തിന് കൊച്ചുവർക്കിച്ചേട്ടന്റെ വീട്ടിലും ക്ഷണമെത്തിയില്ല. അവിടുന്നാരും കല്യാണത്തിൽ പങ്കെടുത്തുമില്ല.

തുടർന്നു നടന്ന കല്യാണങ്ങളിലും ചടങ്ങുകളിലും തഥൈവ!

വേലിയടയ്ക്കുകയും പൊളിയ്ക്കുകയും ചെയ്തയന്ന് ഇരുവരും ക്രുദ്ധരായി, കടുത്ത വാക്കുകളെന്തൊക്കെയോ പ്രയോഗിച്ചു കാണണം. മുൻ തലമുറയെവരെ പഴി പറഞ്ഞിട്ടുണ്ടാകും. പറഞ്ഞുപോയ വാക്കുകൾ തിരിച്ചെടുക്കാൻ പറ്റില്ലല്ലോ. ആ വാക്കുകളുടെ കാഠിന്യം കാരണം കാൽ നൂറ്റാണ്ടിലേറെക്കാലം അവർ പരസ്പരസമ്പർക്കമില്ലാതെ കഴിഞ്ഞു. ഇടവഴിയിലൂടെ ഇരുവരും എതിരേ വരികയാണെങ്കിൽ, ഒരാൾ വടക്കോട്ടു നോക്കിക്കൊണ്ടു നടക്കും; മറ്റെയാൾ തെക്കോട്ടു നോക്കിക്കൊണ്ടും.

കൊച്ചൌസോച്ചേട്ടനും കൊച്ചുവർക്കിച്ചേട്ടനും സമവയസ്കരായിരുന്നെന്നു പറഞ്ഞുവല്ലോ. ഇരുവരും ചെയ്തിരുന്ന ജോലികളും ഏകദേശം സമാനമായിരുന്നു. കൊച്ചൌസോച്ചേട്ടൻ പശുക്കളെ വളർത്തി. കൊച്ചുവർക്കിച്ചേട്ടൻ എരുമകളേയും. മറ്റു ചില്ലറപ്പണികളും ഇരുവരും ചെയ്തിരുന്നു.

എന്റെ പുരയിടത്തിൽ ധാ‍രാളം പുല്ലുണ്ടാകാറുണ്ട്. കാലവർഷവും തുലാവർഷവും കഴിഞ്ഞുള്ള ഏതാനും മാസം പുരയിടം പുല്ലുവളർന്നു കാടുപിടിച്ചതുപോലെയുണ്ടാകും. പുല്ലുചെത്തിയ്ക്കാൻ ശാരി അനുവദിയ്ക്കാറില്ല. പശുക്കൾക്കിഷ്ടമുള്ള പുല്ലാണ്, അതവിടെത്തന്നെ നിൽക്കട്ടേയെന്ന് അവൾ പറയും. ചുറ്റുമുള്ള പുരയിടങ്ങളിലെ പുല്ലു തീർന്നാലും എന്റെ പുരയിടത്തിൽ പുല്ലു ധാരാളമുണ്ടാകും. കൊച്ചൌസോച്ചേട്ടൻ പശുക്കളേയും, കൊച്ചുവർക്കിച്ചേട്ടൻ എരുമകളേയും ഇടയ്ക്കിടെ എന്റെ പുരയിടത്തിൽ കൊണ്ടുവന്നു കെട്ടി പുല്ലു തീറ്റിയ്ക്കും.

പശുക്കൾക്കും എരുമകൾക്കും കുശാലാകും. ശാരിയ്ക്കും. പശുക്കൾക്കും എരുമകൾക്കും കുശാലാകുമ്പോൾ ശാരിയ്ക്കെങ്ങനെ കുശാലാകും എന്ന ചോദ്യമുയരാം. അവൾക്കു ധാരാളം ചാണകം കിട്ടും. പശുവിനും എരുമയ്ക്കും പുല്ലിനോട് എത്രത്തോളം ആർത്തിയുണ്ടോ, അത്രത്തോളം തന്നെ ആർത്തി ശാരിയ്ക്കു ചാണകത്തോടുണ്ട്. ചാണകത്തിന്റെ ചൂടാറുന്നതിനു മുമ്പു തന്നെ അവളതു റാഞ്ചിക്കൊണ്ടു വന്ന്, മരങ്ങൾക്കും ചെടികൾക്കും വീതിച്ചു കൊടുത്തിട്ടുണ്ടാകും.

ആളുകൾ ജൈവവളത്തിനു വേണ്ടി പരക്കം പാഞ്ഞു നടക്കുമ്പോൾ, ഞങ്ങൾക്കത് ഇങ്ങോട്ടു വന്നു കിട്ടുന്നു!

അമ്മയ്ക്ക് കാലുവേദനയുണ്ടാകാറുണ്ടായിരുന്നു. എരുമപ്പാലു കുടിയ്ക്കാൻ വൈദ്യരുപദേശിച്ചു. അന്നു മുതൽ എരുമപ്പാലു പതിവായി വാങ്ങാറുണ്ട്. കൊച്ചുവർക്കിച്ചേട്ടൻ തന്നെയാണു മിക്കപ്പോഴും എരുമപ്പാലു കൊണ്ടുവന്നു തരാറ്. ഒരു സ്റ്റീൽ മൊന്തയിൽ പാലു കൊണ്ടുവരും. ശാരി അതു വാങ്ങി അകത്തുകൊണ്ടുപോയി പകർത്തി, മൊന്ത കഴുകിയടച്ചു തിരികെ ഏല്പിയ്ക്കും.

അമ്മയുണ്ടായിരുന്ന കാലത്ത്, മൊന്ത തിരികെക്കിട്ടുന്നതു വരെ അമ്മയുമായി കൊച്ചുവർക്കിച്ചേട്ടൻ സംസാരിച്ചുകൊണ്ടു നിൽക്കുമായിരുന്നു. അമ്മ ഓർമ്മ മാത്രമായ ശേഷം കൊച്ചുവർക്കിച്ചേട്ടൻ മുറ്റത്തങ്ങനെ വെറുതേ നിൽക്കും. ഞാനുണ്ടെങ്കിൽ എന്തെങ്കിലും സംസാരിയ്ക്കും.

ഒരു ദിവസം കൊച്ചുവർക്കിച്ചേട്ടൻ പാലു കൊണ്ടുവന്നപ്പോൾ ദാ, മുറ്റത്തു നിൽക്കുന്നു, കൊച്ചൌസോച്ചേട്ടൻ! ബദ്ധശത്രുക്കളിരുവരും എന്റെ മുറ്റത്തൊരുമിച്ച്!

പുല്ലു ധാരാളമുള്ളിടത്തു പശുവിനെക്കൊണ്ടുവന്നു കെട്ടിയ ശേഷം, അരമതിലിലുണ്ടായിരുന്ന പത്രമൊന്നു മറിച്ചുനോക്കുകയായിരുന്നു, കൊച്ചൌസോച്ചേട്ടൻ. എഴുത്തും വായനയും വലുതായൊന്നും അറിയില്ലായിരുന്നെങ്കിലും, തപ്പിത്തപ്പി എന്തെങ്കിലുമൊക്കെ കൊച്ചൌസോച്ചേട്ടൻ വായിയ്ക്കുമായിരുന്നു. കൊച്ചുവർക്കിച്ചേട്ടനും അങ്ങനെ തന്നെ. മറ്റു തിരക്കുകളുണ്ടായിരുന്നതുകൊണ്ട് ഇരുവരും സ്കൂളിൽ അധികക്കാലമൊന്നും കഴിഞ്ഞിരുന്നില്ലല്ലോ.

കൊച്ചൌസോച്ചേട്ടൻ പത്രത്തിൽ ‘തപ്പി’ക്കൊണ്ടിരിയ്ക്കുമ്പോൾ കൊച്ചുവർക്കിച്ചേട്ടൻ അകത്തേയ്ക്കു നോക്കി വിളിച്ചു, “ശാരിമോളേ”.

ശബ്ദം കേട്ട് കൊച്ചൌസോച്ചേട്ടൻ തിരിഞ്ഞു നോക്കിയിട്ടുണ്ടാകും. നോട്ടങ്ങളിടഞ്ഞിട്ടുണ്ടാകും. എന്തോ ദുശ്ശകുനം കണ്ടതുപോലെ ഉടൻ എതിർദിശകളിലേയ്ക്കു തിരിഞ്ഞിട്ടുമുണ്ടാകും.

ഞാനന്ന് അതിരാവിലേ തന്നെ പോയിരുന്നിരിയ്ക്കണം. ഞാൻ സ്ഥലത്തുണ്ടായിരുന്നില്ല. സംഭവത്തെപ്പറ്റി ഞാനറിയാതെ പോയത് അതുകൊണ്ടാണ്.

വിളികേട്ടു ശാരി വരാന്തയിലേയ്ക്കു വന്നപ്പോളുണ്ട്, ബദ്ധശത്രുക്കളിലൊരാൾ കിഴക്കോട്ടു തിരിഞ്ഞു പത്രം വായിയ്ക്കുന്നു; കൈനീട്ടിയാൽ തൊടാവുന്ന അകലത്തിൽ മറ്റെയാൾ, മൊന്തയുമായി, പടിഞ്ഞാറോട്ടു നോക്കി നിൽക്കുന്നു.

ശാരി മൊന്ത വാങ്ങി അകത്തേയ്ക്കു പോയി. പക്ഷേ, മൊന്ത അകത്തുവച്ച് ഉടൻ മടങ്ങി വന്നു.

രണ്ടു “കൊച്ചു”ങ്ങളും അതേ നില്പു തന്നെ: പുറം തിരിഞ്ഞുള്ള നില്പ്. ആരും പരസ്പരം നോക്കുന്നേയില്ല. അങ്ങനെയൊരാൾ തൊട്ടടുത്തു നിൽക്കുന്നതായിപ്പോലും ഭാവിയ്ക്കുന്നില്ല.

ശാരി ചവിട്ടിറങ്ങി നേരേ ചെന്നു. പടിഞ്ഞാറോട്ടു തിരിഞ്ഞു നിന്നിരുന്ന കൊച്ചുവർക്കിച്ചേട്ടന്റെ വലതു കൈയിൽ പിടിച്ചു; കിഴക്കോട്ടു തിരിഞ്ഞു നിന്നിരുന്ന കൊച്ചൌസോച്ചേട്ടന്റേയും വലതു കൈയിൽ പിടിച്ചു. രണ്ടു കൈകളും ബലമായി കൂട്ടിച്ചേർത്ത്, ഇരുവരേയും നോക്കിക്കൊണ്ട് അവൾ പറഞ്ഞു:

കർത്താവു പറഞ്ഞിരിയ്ക്കണത് നിന്നെപ്പോലെ നിന്റെ അയൽക്കാരനേയും സ്നേഹിയ്ക്കാനാ. നിങ്ങള് കൊറേക്കാലം കർത്താവിന്റെ വചനം മറന്നു ജീവിച്ചു. ഇനി ഈ പിടി വിടരുത്. മുറുക്കിപ്പിടിച്ചോണം രണ്ടുപേരും.”

ശാരി അധികമൊന്നും സംസാരിയ്ക്കാറില്ലെങ്കിലും, അവളുടെ ചില വാക്കുകൾ ഒരു തരത്തിലും തള്ളിക്കളയാൻ പറ്റാത്ത വിധത്തിലുള്ളതാകാറുണ്ട്. പോരാത്തതിന് അവൾ അവരിരുവർക്കും, അവരുടെ ഭാര്യമാർക്കു വിശേഷിച്ചും ഇഷ്ടപ്പെട്ടവളും.

കൈകൾ കൂട്ടിയോജിപ്പിച്ച്, ശാരി അകത്തേയ്ക്കു കയറിപ്പോകുമ്പോൾ രണ്ടുപേരും കൈയും പിടിച്ച് അന്തം വിട്ടു നിൽക്കുകയായിരുന്നത്രേ!

വാസ്തവത്തിൽ രണ്ടുപേരും പാവങ്ങളായിരുന്നു. ശുദ്ധന്മാരും. പക്ഷേ, അതിശുദ്ധന്മാർ അതിദുഷ്ടന്മാരുടെ ഫലം ചെയ്യുമെന്നു കേട്ടിട്ടില്ലേ; അതു തന്നെ.

കഴുകിയ മൊന്തയുമായി ശാരി തിരിച്ചുവന്നപ്പോൾ, ഒരു കൈയല്ല, രണ്ടു കൈയും മുറുക്കിപ്പിടിച്ചു നിന്നുകൊണ്ട് ഇരുവരും കരയുകയായിരുന്നു.

കൊച്ചൌസോച്ചേട്ടന്റെ മൃതദേഹം ചുമക്കുമ്പോൾ പിടി വിട്ടിട്ടില്ലെന്നു കൊച്ചുവർക്കിച്ചേട്ടൻ പറഞ്ഞത്, ഏകദേശം മൂന്നു പതിറ്റാണ്ടോളം നീണ്ടുനിന്നിരുന്ന ശത്രുത മറന്ന്, ഇരുവരും എന്റെ മുറ്റത്തു വച്ചു കൈകൾ മുറുക്കിപ്പിടിച്ചതിനെപ്പറ്റിയായിരുന്നു.

ആത്മാക്കൾക്ക് എല്ലാം കാണാനാകും എന്നാണല്ലോ പലരും പറയാറ്. അതിൽ വാസ്തവമുണ്ടെങ്കിൽ, വാർദ്ധക്യത്തെ വകവയ്ക്കാതെ കൊച്ചുവർക്കിച്ചേട്ടൻ തന്റെ മൃതദേഹം ചുമന്നതു കൊച്ചൌസോച്ചേട്ടന്റെ ആത്മാവു മുകളിലെവിടെയെങ്കിലുമിരുന്നു കണ്ടിട്ടുണ്ടാകും.

കൊച്ചൌസോച്ചേട്ടൻ മരിയ്ക്കുന്നതിന് ഏതാനും വർഷങ്ങൾക്കു മുമ്പ്, ഒരിയ്ക്കൽ, അവരിരുവരുമൊരുമിച്ചു നടന്നുപോകുന്നതു കണ്ടിരുന്നു. പരസ്പരം വർത്തമാനം പറഞ്ഞുകൊണ്ടു തന്നെ നടക്കുന്നു. വാർഡുതലത്തിലുള്ള ഗ്രാമസഭയിൽ സംബന്ധിയ്ക്കാൻ പോകുകയായിരുന്നു അവരിരുവരും. ഞാനും. ഞാൻ സൈക്കിളിലായിരുന്നു.

സാധാരണയായി ശാരിയാണു ഗ്രാമസഭയിൽ പോകാറ്. അന്നെന്തോ കാരണവശാൽ ഞാൻ വീട്ടിലുണ്ടായിരുന്നു. അതുകൊണ്ടു ഗ്രാമസഭയിൽ പോയതു ഞാനായിരുന്നു. അങ്ങനെയാണ് “കൊച്ചു”ങ്ങളിരുവരും ഒരുമിച്ചു നടന്നു പോകുന്നതു കാണാനിടയായത്.

പതിറ്റാണ്ടുകളോളം ശത്രുക്കളായിരുന്നവർ എന്ന്, എങ്ങനെ കൂട്ടായി? ഞാനത്ഭുതപ്പെട്ടുപോയി. കുറഞ്ഞൊരു കാലമൊന്നുമല്ലല്ലോ, പതിറ്റാണ്ടുകളല്ലേ, അവരകന്നു കഴിഞ്ഞത്!

ഗ്രാമസഭയിൽ അവരിരുവരും അടുത്തടുത്ത കസേരകളിൽത്തന്നെ ഇരിയ്ക്കുകയും ചെയ്തു.

മുത്തച്ഛന്മാരായിത്തീർന്നിരിയ്ക്കുന്ന നിലയ്ക്ക്, സ്വയം നല്ല ബുദ്ധി തോന്നി അവർ വീണ്ടും സുഹൃത്തുക്കളായെന്നാണു ഞാനന്നു കരുതിയത്. ശാരിയ്ക്കതിലൊരു പങ്കുണ്ടായിരുന്നെന്നു ഞാൻ വിചാരിച്ചിരുന്നേയില്ല. അവളതേപ്പറ്റിയൊന്നും പറഞ്ഞിരുന്നുമില്ല.

നീയിത് എന്നോടെന്താ ഇതുവരെപ്പറയാഞ്ഞത്?” ഞാൻ ശാരിയോടു ചോദിച്ചു. അവളെന്നോടു പലതും പറയാറില്ല.

കൂടാനുള്ളോരു കൂടി.” അവൾ നിസ്സംഗതയോടെ പറഞ്ഞു. “അതെന്താത്ര പറയാനുള്ളത്!”

ശരിയായിരിയ്ക്കണം. നന്മയുള്ളവരായിരുന്നു, കൊച്ചൌസോച്ചേട്ടനും കൊച്ചുവർക്കിച്ചേട്ടനും. ആർക്കും ഒരുപദ്രവവും ചെയ്യാത്തവർ. എങ്ങനെയോ തമ്മിൽ കലഹിയ്ക്കാനിടയായി. പഴയ പോലെ സുഹൃത്തുക്കളാകാനുള്ള ആഗ്രഹം അവർ പതിറ്റാണ്ടുകളോളം നെഞ്ചിൽ കൊണ്ടുനടന്നിരിയ്ക്കണം. അല്ലെങ്കിലവർ ശാരി കൂട്ടിച്ചേർത്ത കൈകൾ പിൻവലിച്ചുകളയുമായിരുന്നു.

കാര്യമങ്ങനെയൊക്കെയാണെങ്കിലും, ശാരി ആ കൂടിച്ചേരലിനുള്ള നിമിത്തമായിത്തീർന്നിരുന്നില്ലെങ്കിൽ ആ കൈകൾ കൂടിച്ചേരുമായിരുന്നോ എന്ന സംശയം ഇന്നുമുണ്ടെനിയ്ക്ക്.

കൊച്ചൌസോച്ചേട്ടന്റെ മകൻ സിറിലിന് സംശയമൊന്നുമില്ല; ശാരിച്ചേച്ചി കാരണമാണ് ആ വൈകിയ വേളയിലെങ്കിലും അവർ കൂടിച്ചേർന്നതെന്ന് അവൻ പറഞ്ഞു. കഴിഞ്ഞയാഴ്ച തെക്കേലെ കല്യാണത്തലേന്നുള്ള ഒത്തുകൂടലിൽ സിറിലും ഉണ്ടായിരുന്നു. കാരണവന്മാർ രണ്ടുപേരും ദീർഘകാലവൈരം വെടിഞ്ഞു വീണ്ടും സുഹൃത്തുക്കളായ കഥ സിറിൽ അവിടെ വച്ചു രസമായിപ്പറഞ്ഞു.

സിറിൽ പറയുന്നതിനു മുമ്പു തന്നെ അക്കഥ കേട്ടിട്ടുണ്ടായിരുന്നെന്ന് അവിടെയുണ്ടായിരുന്ന പലരും പറഞ്ഞു. നീണ്ട കാലം കീരിയും പാമ്പുമായി കഴിഞ്ഞിരുന്നവർ പെട്ടെന്നൊരു ദിനം യോജിച്ചിരിയ്ക്കുന്നതു കണ്ട് അവരും അത്ഭുതപ്പെട്ടിരുന്നത്രേ! അവരെ കൂട്ടിച്ചേർത്തതു ശാരിച്ചേച്ചിയായിരുന്നെന്ന് അവരും എന്നെപ്പോലെ പിന്നീടാണറിഞ്ഞത്.

എന്നാൽപ്പിന്നെ അക്കാര്യം കടലാസ്സിലാക്കിക്കളയാമെന്നു ഞാൻ തീരുമാനിയ്ക്കുകയാണുണ്ടായത്. ഒരിയ്ക്കലും കൂടിച്ചേരില്ലെന്നു തോന്നിപ്പിയ്ക്കുന്നവരെപ്പോലും ചിലപ്പോൾ കൂട്ടിച്ചേർക്കാനാകുമെന്ന് എല്ലാവരും അറിഞ്ഞോട്ടേ. മുറിച്ചിട്ട കോലും ചിലപ്പോഴൊക്കെ ഒന്നായിത്തീർന്നെന്നു വരാം.

കൊച്ചുവർക്കിച്ചേട്ടനും ഓർമ്മ മാത്രമായിട്ടു വർഷങ്ങളായി. ഇന്നിപ്പോൾ രണ്ടു “കൊച്ചു”ങ്ങളും ഒരുമിച്ചിരിപ്പുണ്ടാകും; അങ്ങു മുകളിൽ. വേർപെടുത്താൻ വേലികളില്ലാത്തിടത്ത്.

26 Nov 2015

പരിണാമം/കവിത


അന്‍വര്‍ ഷാ ഉമയനല്ലൂര്‍


ക്ഷണസൂനജാലംകണക്കിവിടെ സകലരും
പുലരേണമെന്നകമെയറിയുന്നുവെങ്കി
ലും;
മതിവരുന്നില്ലിവിടെ നല്‍കാവ്യലോകമേ,
ജീവിതം! കൊതിയേറ്റിടുന്നതെന്നറിയുന്നു
സുഖമേകിടുന്നയീ വരികള്‍ക്കുമേലെയും
പതിയെത്തളര്‍ന്നുവീണെങ്കിലും; ഖിന്നമാം-
മുഖമിന്നമര്‍ത്തിവച്ചൊന്നു ചുംബിക്കുവാന്‍
തോന്നിടുന്നാ പ്രണയസ്മരണയിന്നീവിധം
ഇടനെഞ്ചിലറിയാതുയരുന്ന കാവ്യമായ്
കനവിന്റെ നൊമ്പരം പരിണമിച്ചെങ്കിലും
പുലരിപോലോര്‍മ്മയിലെന്നും തുടിക്കുന്ന
നിമിഷമൊന്നകലെനിന്നിന്നുമുണര്‍ത്തുന്നു:
"ജന്മാന്ത്യകാലംവരേയ്ക്കുമിഹ ജീവിതം
കദനഞാണിന്മേല്‍ക്കളിതന്നെയെങ്കിലും
സഹനമോടൊപ്പ,മപരന്റെ രോദനം
പരിഹരിച്ചീടുന്നതാം നിന്റെ കാവ്യകം
ഹൃത്താളസാമ്യം തുടിക്കയാലൊരുപുതിയ-
ചിന്തയെക്കൊത്തിയെടുത്തു പറക്കുകില്‍
ഇനിവരും വാസര-രാവുകളോരോന്നും
മധുരമായ് പരിണമിച്ചീടുമീ,വഴിയിലും"
ജീവിതം നുകരാനുണര്‍ത്തുമോ,രീവരം;
ജാതകംപരതിയാല്‍ കാണില്ലയെങ്കിലും;
കാലം നിറംചേര്‍ത്തെഴുതിയ പൂര്‍വ്വകം-
പാടെ നുണഞ്ഞപോലല്ല,യെന്നാകിലും
മോഹമോടൊരു സുഖം, സരസമായീവിധം
തനുവിനോടിന്നുമുണര്‍ത്തുന്നിതിന്‍ രസം
മതിയായതില്ലെന്നുരചെയ്തനന്തരം;
ജീവിത്തെയെടുത്തണിയിക്കെ-മന്മനം
പാടുന്നു കാവ്യമൊന്നലിവോടെ-തല്‍ക്ഷണം-
പാറുന്നു പരിണമിച്ചീടുമെന്‍ യൗവ്വനം!!

26 Oct 2015

ചിരിച്ചു കൊണ്ട് മരിച്ചവൻ

രാജു  കാഞ്ഞിരങ്ങാട്

.........................................................
അവൻ ജന്മനാ അന്ധനായിരുന്ന വൻ
ഉൾക്കണ്ണിനാലെ ഉലകം തൊട്ടവൻ
എല്ലാ അന്ധരേയും പോലെ
അവന്റെ കാര്യങ്ങളെല്ലാം അവൻ
സ്വയം അഭ്യസിച്ചു
കൈ പിടിച്ചു നടത്താൻ അച്ഛനോ
പാലൂട്ടി വളർത്താൻ അമ്മയോ ഉണ്ടായിരുന്നില്ല.
അവന് സ്വന്തവും ബന്ധവും സംഗീതമായിരുന്നു
പഠിക്കാതെ പതിച്ചു കിട്ടിയ ജന്മ സ്വത്ത്
പിയാനോ സ്വരങ്ങളും, വയലിൻ നാദവും
അവന്റെ കാതിലെന്നും അലയടി
ച്ചു കൊണ്ടേയിരുന്നു
സംഗീതത്തിന്റെ അപസ്മാര ബാധിതനെപ്പോലെ
അവൻ പാടിക്കൊണ്ടുമിരുന്നു
ഡിസംബറിലെമഞ്ഞുവീഴ്ച്ചയിലും
അവൻ വീടുകൾ കയറിയിറങ്ങി
നിശബ്ദമായിരുന്ന വീടുകൾ തൊട്ടാൽ സംഗീതം പൊഴിയുന്ന
സംഗീതോപകരണം പോലെ വിറച്ചു
നെരിപ്പോടിനരികിലിരുന്നാ നന്ദിച്ചവർ
വലിച്ചെറിഞ്ഞതുട്ടുമായി നടന്നു
മലഞ്ചെരുവ് പൂത്തു നരച്ച മഞ്ഞു
പെയ്ത രാത്രിയിൽ
തെരുവോരത്ത് കിടന്ന അവൻ പിന്നെയുണർന്നില്ല
മരണകാരണം കൊടും തണുപ്പെന്ന്
അന്തിമ വിധിയിൽ തുല്യം ചാർത്തുമ്പോഴും
അവന്റെ മുഖത്ത് മായാത്ത പുഞ്ചിരിയുണ്ടായിരുന്നു

28 Sept 2015

ആകാശമുല്ല.

ശ്രീകൃഷ്ണദാസ് മാത്തൂര്‍.
മതിലു കയറിപ്പോയ മറുഭാഗം 
വലിച്ചെടുക്കാനാകാതെ നമ്മുടെ 
പകുതിഭാഗം വീടിരിക്കുന്നിടത്തുണ്ട്.
മറുപകുതിയില്‍ ഓര്‍മ്മയുടെ വച്ചാരാധന
വിളക്കു കെടുത്തി തെരുവിലിറങ്ങുന്നുണ്ട്.

ഇന്നല്ലെങ്കില്‍ നാളെ വരാനിരിക്കും 
കുലുക്കപ്പിറ്റേന്നിന്റെ മണ്കൂനയ്ക്കുള്ളില്‍ 
തന്നെയും ഗൌനിക്കെന്നൊരു നിലവിളി 
ഇപ്പോഴേ നെഞ്ചില്‍ കൊക്കുരുമ്മുന്നുണ്ട്.

വിക്ഷേപണങ്ങള്‍ തീ കൊളുത്തും 
ആകാശത്തിലേക്കെത്തി നോക്കി 
തനിക്കൊരാകാശം പോലുമിനി 
സ്വന്തമായില്ലല്ലോ എന്ന് 
ആകാശം ചുവന്നു തുടുക്കവേ,

വീടുകള്‍ക്കിടയില്‍ തനിക്കില്ലാത്തോ-
രിടുക്കിടനാഴിയിലൂടെ നുഴഞ്ഞ്
അലോപ്പതി ക്യാപ്സ്യൂളുമായ്
ആകാശമുല്ല പിടിച്ചു കയറി വരുന്നു-
ണ്ടാകാശമേ, സ്വല്പം വാ തുറന്നീടുക...!

21 Aug 2015

ഇറച്ചി


സണ്ണി തായങ്കരി
   
    കുന്നായിക്കര മാതൃകാപോലീസ്‌ സ്റ്റേഷനിൽ ഒരു പരാതിക്കാരന്റെ കാലൊച്ചയ്ക്കായി കാതോർ ത്തിരിക്കുകയാണ്‌ എസ്‌.ഐ. രാമൻ കർത്താ. ഈ സ്റ്റേഷനിൽ ചാർജെടുത്ത ദിവസം മുതൽ പ്രതീക്ഷയോടെ തുടരുന്ന ഒരു വിഫലപ്രക്രിയ. അതിനപ്പുറം ആ ആഗ്രഹത്തിന്‌ ആയുസ്സില്ലെന്ന്‌ അയാളെപ്പോലെത്തന്നെ ഒരു കുറ്റവാളിയുടെയെങ്കിലും മുഖമൊന്നു കാണാൻ ആഗ്രഹിക്കുന്ന നാല്‌ പി.സി. മാർ ക്കും അറിയാം. പ്രഭാതത്തിൽ നാമ്പിടുന്ന പ്രതീക്ഷ പ്രദോഷമാകുന്നതോടെ കല്ലിന്മേൽ വീണ വിത്തുപോലെ കരിഞ്ഞുണങ്ങിപ്പോകുന്നു.
    അന്നും പ്രഭാതം തുടങ്ങിയത്‌ സാധാരണ നിലയിൽതന്നെ. രാത്രിയിൽ കുന്നായിപ്പുഴയിൽ ഉടക്കുവലയിട്ടും വലയെത്താത്തിടത്ത്‌ വെള്ളത്തിലിറങ്ങി അണ്ടതപ്പിയും പ്രഭാതത്തിൽ കൂടനിറയെ പിടയ്ക്കു ന്ന നാണാത്തരം മത്സ്യവുമായി എത്തുന്ന ജ്യേഷ്ഠൻ ചെമ്പനോയിയും അനുജൻ കൊച്ചോയിയും രാവി ലെ സ്റ്റേഷനിലെത്തി മുഖം കാണിച്ച്‌ രാമൻ കർത്തായ്ക്ക്‌ 'പടി' കൊടുക്കുന്ന ഒരു പതിവ്‌ ഏർപ്പാടുണ്ട്‌. അന്ന്‌ സമർപ്പിച്ചതു രണ്ടുരണ്ടരയടി നീളമുള്ള പെടയ്ക്കുന്ന വെള്ളിനിറമുള്ള വിളഞ്ഞ ആറ്റുവാള. തലങ്ങും വിലങ്ങും മുള്ളാണെങ്കിലും വാളയെന്നു കേട്ടാൽ രാമൻ കർത്തായുടെ വായിൽ കപ്പലോടും. നല്ല കുടംപുളിയിട്ടുവച്ച വാളക്കറിയുണ്ടെങ്കിൽ മൂന്നുപ്ലേറ്റ്‌ ചോറുവരെ കർത്താ അകത്താക്കും.വാളയെ  ഒരുവിധത്തിൽ മെരുക്കി കോർമ്പലിൽ കോർത്ത്‌ പി.സി. രണ്ടായിരത്തി മൂന്നാമന്റെ കൈയിലേക്ക്‌. രണ്ടായിരത്തി മൂന്നാമൻ ബെല്ലും ബ്രേക്കുമില്ലാത്ത തന്റെ എൺപത്തിയഞ്ച്‌ മോഡൽ ഹെർക്കുലീസ്‌ സൈക്കിളിൽ രാമൻ കർത്തായുടെ വീട്ടിലേക്ക്‌.
    കർത്തായേക്കാൾ പതിനഞ്ച്‌ വയസ്സ്‌ ഇളപ്പമുള്ള വിശാലനിതംബിനിയും ശിശുക്കൾ കടിച്ചു ചപ്പി ആകാരഭംഗി നഷ്ടപ്പെടാത്ത ഭാരിച്ച ക്ഷീരകുഭദ്വയങ്ങൾ പേറുന്ന, രാമൻ കർത്താ ഭാര്യ രത്നകുമാരി യുടെ കൈയിൽ ഭാരമുള്ള കോർമ്പിൽ കൊടുത്ത്‌ തിരികെയെത്തിയിട്ടും കാര്യങ്ങൾ തഥൈവ. ഒരു കുറ്റവാളിയും അന്നും ആ സ്റ്റേഷനോട്‌ കരുണ കാണിച്ചില്ല.
    അതാണ്‌ കുന്നായിക്കരയുടെ പ്രത്യേകത. വർഷങ്ങളായി ഒരു കുറ്റവാളിക്കും ജന്മം നൽകാൻ ഭാഗ്യം സിദ്ധിക്കാതെപോയ ഗ്രാമം. കുറ്റവാളികളില്ലാത്ത സ്ഥലത്തെപ്പറ്റി ഏറെ ദു:ഖിക്കുക നിയമപാലകർതന്നെയാണല്ലോ. രാമൻ കർത്തായും കർത്തായ്ക്കുമുമ്പ്‌ സ്റ്റേഷൻ ഭരിച്ച മാത്തൻ എസ്‌.ഐ.യും അതാത്‌ കാലത്ത്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹേഡ്‌ ഉൾപ്പെടെയുള്ള പി.സി. മാരും ഇക്കാര്യത്തിൽ പല സർവേകളും കൂലങ്കഷമായ ചർച്ചകളും നടത്തി പ്രശ്നപരിഹാരത്തിന്‌ ശ്രമിച്ചിട്ടുണ്ട്‌. പക്ഷേ, ഈ നശിച്ച കുന്നായിക്കരക്കാർ കുറ്റകൃത്യങ്ങളോട്‌ ഇങ്ങനെ മുഖം തിരിച്ചുനിന്നാൽ പാവം പോലീസുകാർ എന്തുചെയ്യും? നാടായ നാട്ടിലെല്ലാം കുറ്റകൃത്യങ്ങൾ പെരുകുന്നുവേന്നാണ്‌ ജനത്തിനും അധികാരികൾക്കും പരാതി. പക്ഷേ, ഇവിടെ മാത്രം...
    കുറ്റകൃത്യങ്ങൾ കൂടുതൽ റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന സ്റ്റേഷനുകളിൽ പോലീസുകാർക്ക്‌ ചാകരയാണെന്നാണ്‌ വയ്പ്‌. ഏത്‌ ദേശത്തെ ജനമായാലും പോലീസ്‌ സ്റ്റേഷനായാലും ജനത്തിന്റെ അനുഭവം അതാണല്ലോ. മോഷ്ടിക്കാനുള്ള അവസരം ഒരുക്കി കൊടുക്കുന്നതിനും പിടിക്കപ്പെടാതെ സംരക്ഷിക്കുന്നതിനും പ്രതിഫലമായി മോഷ്ടാവിൽനിന്ന്‌ മോശമല്ലാത്ത ഒരു വിഹിതം തടയുമെന്നും പരാതിയുമായി ചെല്ലുന്ന വാദിയിൽനിന്നും പ്രതിയിൽനിന്നും കാക്കിപ്പോക്കറ്റുകളിലേക്ക്‌ ഗാന്ധിത്തലകൾ ഒഴുകുമെന്നുമൊക്കെ ഇക്കാലത്ത്‌ ആർക്കാണ്‌ അറിഞ്ഞുകൂടാത്തത്‌? അതിന്റെ ഐശ്വര്യം അത്തരം സ്റ്റേഷനുകളിൽ ഉണ്ട്‌. പോലീസുകാർക്ക്‌ ജോലിയിൽ ചുറുചുറുക്കുണ്ട്‌. സ്റ്റേഷനുകളിലും പോലീസുകാരുടെ വീടുകളിലും എന്നും ഓണംതന്നെ. കുന്നായിക്കര സ്റ്റേഷനിലെ പോലീസുകാർക്ക്‌ എണ്ണിച്ചുട്ട അപ്പംപോലെ കിട്ടുന്ന ശമ്പളമെന്ന നക്കാപ്പിച്ചകൊണ്ട്‌ ഓണം പോയിട്ട്‌ ചതയംപോലും ആഘോഷിക്കാൻ പറ്റില്ലായെന്ന്‌ ഏത്‌ പോലീസുകാരനുമറിയാം.
     മാത്രമല്ല, കുന്നായിക്കര മാതൃകാ പോലീസ്‌ സ്റ്റേഷനായതുകൊണ്ട്‌ അഴിമതിയെ ഇവിടെ പടിയടച്ച്‌ പിണ്ഡംവച്ചിരിക്കുകയുമാ. തന്നെയല്ല, രാമൻ കർത്തായ്ക്ക്‌ അഴിമതിയെന്ന്‌ കേട്ടാൽ ചോര ഞരമ്പുകളിൽ തിളയ്ക്കും. ഇനി ആർക്കെങ്കിലും അതൊന്ന്‌ പരീക്ഷിച്ച്‌ നിജസ്ഥിതി ബോധ്യപ്പെടണമെങ്കിൽതന്നെ പരാതിയുമായി ആരെങ്കിലും അവിടേയ്ക്ക്‌ ചെല്ലണ്ടേ?
    ഒരാഴ്ച മുമ്പത്തെ ഒരു വാർത്ത കുന്നായിക്കര സ്റ്റേഷനേയും അതിലെ അഞ്ച്‌ പോലീസ്‌ ജന്മങ്ങളേയും വിഷമസന്ധിയിലെത്തിച്ചിരിക്കുന്
നു. ചെലവ്‌ ചുരുക്കലിന്റെ ഭാഗമായി വീടുകളിൽ പത്രം വരുത്താത്തതുകൊണ്ട്‌ സ്റ്റേഷൻ വക പത്രത്തിൽനിന്നാണ്‌ പോലീസുകാർ വിവരങ്ങൾ അറിയുന്നത്‌. രാമൻ കർത്തായ്ക്ക്‌ വായന പഠിക്കുന്ന കാലംതൊട്ടേ അത്ര പഥ്യമല്ലാത്തതിനാൽ ന്യൂസ്‌ ചാനലിൽ നിന്നാണ്‌ കാര്യം അറിഞ്ഞത്‌. അന്നുമുതൽ പി.സി.മാർ സ്റ്റേഷനിൽ ചെന്നാൽ പഴയ ആ പത്രം കൈ യിൽപ്പിടിച്ച്‌ ഒറ്റ ഇരിപ്പാണ്‌. ഇപ്പോൾ സ്റ്റേഷന്‌ ഒരു മരണവീടിന്റെ പ്രതീതിയാണ്‌. പ്രമേഹത്തിന്റെ അസുഖമുള്ളതിനാൽ നാഴികയ്ക്ക്‌ നാൽപതുവട്ടം മൂത്രമൊഴിക്കാൻ പോകുന്ന രായപ്പൻ ഹേഡ്‌ മൂത്ര ശങ്കപോലും മറന്നുപോയിരിക്കുന്നു.
    രാമൻ കർത്തായെയും പി.സി.മാരെയും മുൾമുനയിൽ നിർത്തുന്ന പത്രമാധ്യമങ്ങൾ വഴി കുന്നായിക്കരയിലേക്ക്‌ വന്ന പ്രശ്നം ഇതാണ്‌. വർഷങ്ങളായി ഒരു പെറ്റിക്കേസുപോലും രജിസ്റ്റർ ചെയ്തിട്ടില്ലാ ത്ത കുന്നായിക്കരയിൽ പോലീസ്‌ സ്റ്റേഷൻ നിലനിർത്തുന്നതിൽ അർഥമില്ലെന്ന്‌ പുതിയതായി ചാർ ജെടുത്ത ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചു.  ഇതിൽപ്പരം ഒരു കൊലച്ചതി പോലീസുകാരോട്‌ ചെയ്യാനു ണ്ടോ?
    പരിഹാരം ഒന്നേയുള്ളു. ഏതാനും പെറ്റിക്കേസുകൾ ഉടനടി രജിസ്റ്റർ ചെയ്യണം. അല്ലെങ്കിൽ പ്രമാദമായ ഒരു കേസ്‌ സ്റ്റേഷനിലേക്ക്‌ വലതുകാൽവച്ച്‌ കയറിവരണം.സ്ത്രീ പീഡനമോ കൊലപാതകമോ ആയാൽ ഏറെ നന്ന്‌. സോളാർ കേസുപോലെ പല മാനങ്ങളുള്ള ഒരെണ്ണം ഒത്തുവന്നാൽ കാര്യം കുശാലായേനെ.
    തുടക്കമെന്ന നിലയിൽ ഒരു പെറ്റിക്കേസേങ്കിലും എടുക്കാൻ വകുപ്പുള്ള ഒരാളെ കണ്ടുപിടിക്കാൻ രാമൻ കർത്തായും പി.സി.മാരുംകൂടി ആലോചന തുടങ്ങി. പക്ഷേ, ആലോചിച്ചപ്പോൾ അപ്പോഴുമുണ്ട്‌ പ്രശ്നം. ഉന്തുവണ്ടിയിൽ കപ്പലണ്ടി വിറ്റുനടക്കുന്ന പാക്കരൻ മുതൽ പലചരക്ക്‌ മൊത്ത വ്യാപാരി മത്തായി പോത്തൻ, വസ്ത്രവ്യാപാരി തങ്കയ്യ ശേഷയ്യ, സ്വർണവ്യാപാരി ജഗൻ ഭട്ടര്‌വരെയുള്ള ഓരോ രുത്തരെയെടുത്ത്‌ തിരിച്ചും മറിച്ചും നോക്കിയിട്ടും യാതൊരു വകുപ്പും അവർക്കെതിരെ ചുമത്താനുള്ള കാരണ#ം കണ്ടുപിടിക്കാനായില്ല.
     കച്ചവടസാധ്യതയുടെ സ്കോപ്പ്‌ അനുസരിച്ച്‌ സ്റ്റേഷൻ വഴിയിൽനിന്ന്‌ ചിലപ്പോഴൊക്കെ മാറി സഞ്ചരിക്കുമെങ്കിലും മിക്കവാറും കപ്പലണ്ടി പാക്കരൻ ആളാംവീതം പൊതി സ്റ്റേഷനിൽ എത്തിച്ചിട്ടേ കച്ചവടം തുടങ്ങു. അതാണ്‌ അതിന്റെയൊരു ഐശ്വര്യമെന്ന്‌ പാക്കരൻ പറയും. അമ്പലത്തിൽ ഒരു വഴിപാട്‌ കഴിച്ച ഫലം ചെയ്യുമത്രേ.
    പച്ചക്കറി, പാല്‌, പലചരക്ക്‌ തുടങ്ങി ഒട്ടുമുക്കാൽ ഐറ്റങ്ങളും സൗജന്യമായി സമയാസമയങ്ങളിൽ രാമൻ കർത്തായുടെ വീട്ടിലെത്തും. സൗജന്യമല്ലെങ്കിലും ഈ വകകളെല്ലാം പി.സി.മാർക്ക്‌ പാതി വില യ്ക്ക്‌ കിട്ടുന്നുണ്ട്‌. മനുഷ്യന്‌ കഴിക്കാൻ പറ്റാത്തവിധം വിഷം കലർന്നതാണെങ്കിലും സാധനങ്ങൾ ക്കൊക്കെ തീ വിലയുള്ള ഇന്നത്തെ കാലത്ത്‌ അത്‌ ചെറിയ കാര്യമല്ലല്ലോ. അതുകൊണ്ട്‌ പാൽ, പച്ചക്കറി, മത്സ്യം, പലചരക്ക്‌, തുടങ്ങിയ ഐറ്റങ്ങൾ വിറ്റ്‌ ഉപജീവനം കഴിക്കുന്ന പാവം വ്യാപാരികളെപ്പറ്റി പോലീസിന്‌ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല.
    ഇനിയുള്ള പ്രധാന ഇനം ഇറച്ചിയാണ്‌. കോഴി, ആട്‌, മാട്‌, പന്നി ഇത്യാദികളുടെ കുന്നായിക്കരയിലെ പരമ്പരാഗത ഹോൾസെയിൽ റീട്ടെയിൽ വ്യാപാരി ഇറച്ചി മമ്മദാണ്‌. വർഷങ്ങളായി അറവുമാടുകളെ തമിഴ്‌നാട്ടിൽനിന്നുകൊണ്ടുവന്ന്‌ കശാപ്പുചെയ്ത്‌ ഇറച്ചി മൊത്തമായും ചില്ലറയായും വിൽക്കും. ഞായറാഴ്ചകളിലും മറ്റ്‌ വിശേഷ ദിവസങ്ങളിലും രണ്ടു കിലോ ചോരയുണങ്ങാത്ത, ചൂടുമാറാത്ത നല്ല ഒന്നാന്തരം പോത്തിറച്ചി രാമൻ കർത്തായുടെ വീട്ടിലെത്തിക്കാൻ മമ്മദ്‌ മറക്കാറില്ല. കോഴി വേണ്ടപ്പോൾ കോഴി, പന്നി വേണ്ടപ്പോൾ പന്നി. ഒരു ഫോൺ കോളിന്റെ ചിലവേയുള്ളു. പി.സി.മാർക്ക്‌ മാർ ക്കറ്റ്‌ വിലയുടെ പകുതി വിലയ്ക്ക്‌ കൊഴുപ്പും എല്ലും അശേഷമില്ലാത്ത ശുദ്ധ ഇറച്ചി കിട്ടും. അതുകൊണ്ടുതന്നെ മമ്മദിനെപ്പറ്റി പോലീസിനും പോലീസിനെപ്പറ്റി മമ്മദിനും നാളിതുവരെ ഒരു പരാതിയും ഉണ്ടായിട്ടില്ല. പഴകിയതും രോഗംവന്ന്‌ ചത്തതുമായ പശുവിന്റെയും പോത്തിന്റെയും മാംസം ഇടകലർ ത്തുമെങ്കിലും അതൊന്നും പോലീസ്‌ ഏമാന്മാർക്ക്‌ കൊടുക്കുന്ന പൊതിയെ ബാധിക്കില്ല. കിടാവുകളുടെ ഇളംമാംസം ആട്ടിറച്ചിയിൽ ഒരു മട്ടത്തിന്‌ ചേർക്കുമെങ്കിലും അത്‌ അതീവ രഹസ്യമായിട്ടാണ്‌. പരാതിക്കാരെ മഷിയിട്ടാൽ കാണില്ല.
     പൊതുവെ കുന്നായിക്കരയിൽ സാധനങ്ങൾക്കെല്ലാം ഇരട്ടി വിലയാണെന്ന്‌ ചിലർ രഹസ്യമായി പിറുപിറുക്കാറുണ്ടെങ്കിലും പരാതിയുമായി ആരും ഇന്നുവരെ സ്റ്റേഷനിൽ എത്തിയിട്ടില്ല. മാത്രമല്ല, വിലക്കയറ്റം ഒരു പോലീസ്‌ സ്റ്റേഷന്റെ പരിധിയിൽപ്പെടുന്ന കാര്യമല്ലല്ലോ. അതിനോക്കെ വലിയ വകുപ്പുകളല്ലേ നാട്ടിൽ കിടക്കുന്നത്‌.
     മോഷണം, ട്രാഫിക്‌ നിയമലംഘനം, ലഹരി പദാർഥങ്ങളുടെ വിൽപന, പരസ്യമദ്യപാനം, സ്ത്രീ പീഡനം, കുടുംബ പ്രശ്നങ്ങൾ എന്നിവയൊന്നും കുന്നായിക്കരയിൽനിന്ന്‌ റിപ്പോർട്ട്‌ ചെയ്തിട്ടില്ല. 
ഇങ്ങനെ വിശുദ്ധർ താമസിക്കുന്ന ഒരിടം ഈ ഭൂമി മലയാളത്തിലുണ്ടോ? ഈ രീതിയിൽപ്പോയാൽ

ആഗോള കത്തോലിക്കാ സഭ സമീപ ഭാവിയിൽ കുന്നായിക്കരയെ വിശുദ്ധ ഗ്രാമമായി പ്രഖ്യാപിക്കാ  നുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന്‌ ഇടവക വികാരി ഫാദർ സൈമൺ ആൻഡ്രൂസ്‌ കഴിഞ്ഞ ദിവസം രാമൻ കർത്തായോട്‌ സൂചിപ്പിക്കുകയുണ്ടായി.
    കുറ്റമുക്തമായ പോലീസ്‌ സ്റ്റേഷനായതുകൊണ്ട്‌ കുറ്റവാളികളെ ഇറക്കിക്കൊണ്ടുപോകാൻ ശുഭ്രവസ്ത്രധാരികൾ എത്താറില്ല. അതുകൊണ്ട്‌ പ്രത്യുപകാരമെന്ന നിലയിൽ അവർക്ക്‌ സർക്കാരിനോട്‌ സ്റ്റേഷൻ നിലനിർത്താൻ ശുപാർശ ചെയ്യേണ്ട കാര്യവുമില്ല.
    പോലീസ്‌ സ്റ്റേഷന്‌ ഷട്ടർ വീഴുമെന്ന ആകുലതയിൽ ചങ്ക്‌ തകർന്ന്‌ രാമൻ കർത്തായും കൂട്ടരും
ഇതികർത്തവ്യതാമൂഢരായി ഇരിക്കുമ്പോഴാണ്‌ പൊടുന്നനെ ഒരാൾ സ്റ്റേഷന്റെ മുമ്പിൽ കാണപ്പെട്ടത്‌. രാമൻ കർത്തായും പി.സി.മാരും ധൃതിയിൽ എവിടെയൊക്കെയോ പൊടിപിടിച്ചു കിടന്ന തൊപ്പികൾ തപ്പിയെടുത്ത്‌ പൊടിതട്ടി തലയിൽവച്ച്‌ അറ്റൻഷനായി. ആൾ അകത്തേക്ക്‌ വന്നപ്പോഴാണ്‌ പോലീസുകാർ ശരിക്കും അമ്പരന്നത്‌.
    സ്ഥലം എം.എൽ.എ.യും സാംസ്കാരിക-സാമൂഹ്യ മേഖലകളിൽ ഏറെക്കാലമായി വേന്നിക്കൊടി പാറിച്ചുകൊണ്ടിരിക്കുന്ന മാന്യദേഹവുമായ സുഗുണാന്ദൻ സാർ... അദ്ദേഹം ആദ്യമായി പരിവാരസന്നാഹങ്ങളില്ലാതെ...
    പ്രയോജനമില്ലെങ്കിലും എസ്‌.ഐ. രാമൻ കർത്താ നീണ്ടുനിവർന്നുനിന്ന്‌ ഒരു സല്യൂട്ട്‌ കൊടുത്തു. പോലീസുകാർ അറ്റൻഷനായി അനക്കമില്ലാതെനിന്നു.
   "ഇരിക്കണം സാർ..." രാമൻ കർത്താ വിനയാന്വിതനായി.
   "ഞാൻ ഒരു എം.എൽ.എ.യോ സാംസ്കാരിക നായകനോ ആയല്ല ഇപ്പോൾ ഇവിടേയ്ക്ക്‌ വന്നത്‌."
   രാമൻ കർത്താ അമ്പരന്നു. പോലീസുകാർ തോക്കേന്തിയും അല്ലാതെയും പാതി അറ്റൻഷനിൽ നിന്നു. ഉള്ളതും ഇല്ലാത്തതുമായ അധികാരങ്ങളോടെ സർവാധികാരികളെപ്പോലെയാണ്‌ സാധാരണയായി ഞാഞ്ഞൂലിന്‌ സമാനമായ ഒരു വാർഡ്‌ മെമ്പർപോലും ഇക്കാലത്ത്‌ പോലീസ്‌ സ്റ്റേഷനുകളിൽ വരാറുള്ളത്‌ എന്ന്‌ രാമൻ കർത്താ ഓർത്തു. പക്ഷേ, ഈ വലിയ മനുഷ്യൻ എത്ര വിനയാന്വിതൻ...
   "ഇരിക്കണം സാർ. സാർ ഞങ്ങളുടെയൊക്കെ കാണപ്പെട്ട ദൈവമാണ്‌. അങ്ങ്‌ ചെയ്ത സഹായങ്ങൾ ഇവിടെത്തെ ഓരോ മൺതരിയും പറയും." സൗകര്യത്തിന്‌ കൈയിൽ കിട്ടിയ വി.ഐ.പി.യെ ആകാശത്തോളം ഉയർത്തിയാൽ ഒരു ഫോൺ കോളുകൊണ്ട്‌ ഒരുപക്ഷേ ഒറ്റ എം.എൽ.എ. യുടെ ഭൂരിപക്ഷത്തിൽ നിൽക്കുന്ന സർക്കാർ സ്റ്റേഷൻ അടച്ചുപൂട്ടൽ തീരുമാനം മരവിപ്പിച്ചാലോ...
   "ഇരിക്കണം സാർ..." രാമൻ കർത്താ മുട്ടോളം താണു.
   "ഞാനൊരു കുറ്റവാളിയാണ്‌..."
   ഇത്‌ നല്ല കഥ. കുറ്റവാളി കുറ്റവാളിയല്ലെന്ന്‌ ആരെങ്കിലും പറഞ്ഞാൽ അത്‌ അംഗീകരിച്ചുകൊടുക്കാം. എന്നാൽ ഒരു രാഷ്ട്രീയക്കാരൻ കുറ്റവാളിയല്ലെന്ന്‌ പറഞ്ഞാൽ ആരെങ്കിലും ഇക്കാലത്ത്‌ വിശ്വസിക്കുമോ? രാമൻ കർത്താ ഉള്ളിൽ ചിരിച്ചു. വകതിരിവില്ലായ്മയ്ക്കും വേണം ഒരതിര്‌.
   "സാർ, എന്താണിപ്പോ അങ്ങനെ തോന്നാൻ... അങ്ങ്‌ ദീർഘകാലം എം.എൽ.എ. ആയിരുന്ന്‌ ഈ നാട്ടുകാർക്ക്‌ എന്തൊക്കെയാ ചെയ്തുകൊടുത്തത്‌... വിധവാ പെൻഷൻ, വാർധിക്യകാല പെൻഷൻ, സ്ത്രീകൾക്ക്‌ തൊഴിൽ, യുവതികൾക്ക്‌ വിദ്യാഭ്യാസ സഹായം, വിവാഹ സഹായം. ഈ നാടിന്റെ, പ്രത്യേകിച്ച്‌ യുവതികളുടെ ഹീറോയാണ്‌ അങ്ങ്‌..."
    "സുന്ദരികളായ സ്ത്രീകൾക്കോ സുന്ദരികളായ സ്ത്രീകളുള്ള വീട്ടുകാർക്കോ പ്രത്യുപകാരം കിട്ടുമെങ്കിൽ മാത്രമേ ഞാൻ സഹായം ചെയ്യു എന്നൊരു പരാതിയുണ്ട്‌."
   "അതൊക്കെ കുശുമ്പുള്ള വെവരം കെട്ടവർ പറയുന്നതല്ലേ സാർ. അങ്ങ്‌ ഇരിക്കണം സാർ... പി.സി., സാറിന്‌ ഒരു ചായ..."
   കക്ഷിക്ക്‌ പഞ്ചസാര ജാസ്തിയാ... ചായയിൽ വേണ്ട, ഗ്ലാസിന്റെ വക്കത്തുമതിയെന്ന്‌ പി.സി.മാരിൽ ആരോ സ്വരം താഴ്ത്തി പറഞ്ഞത്‌ രാമൻ കർത്തായുടെ ചെവിയിലൂടെ കടന്നുപോയി.
   പരാതിക്കാർക്ക്‌ ഇരിക്കാനുള്ള കസേരകളിലൊന്നിൽ എം.എൽ.എ. ഇരുന്നു.
   "പറയൂ സാർ, അങ്ങേയ്ക്ക്‌ എന്താണ്‌ പറ്റീത്‌..."
   "ഞാൻ മന്ത്രിയായും എം.എൽ.എ.യായും ഇടപെട്ട കേസുകളിലെല്ലാം കോടികൾ മറിഞ്ഞിട്ടുണ്ട്‌. പണം തട്ടാനായി നടക്കാത്ത പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്‌. പക്ഷേ, ബന്ധപ്പെട്ടവർക്കെല്ലാം
അതിന്റെ വിഹിതം കൃത്യമായി കൊടുത്തിട്ടുമുണ്ട്‌. ആർക്കും അക്കാര്യത്തിൽ പരാതിയില്ല."
   "ആർക്കും പരാതിയില്ലെങ്കിൽ സാറിനാണോ പരാതി? ജനത്തിന്റെ കാശ്‌ കൈകാര്യം ചെയ്യാനല്ലേ അങ്ങയെപ്പോലെ കഴിവുള്ളവരെ ജനം വോട്ടുകുത്തി തെരഞ്ഞെടുത്തത്‌? നിങ്ങൾ പാലം പണിയും, മെറ്റലും ടാറും ചേർക്കാതെ റോഡ്‌ പണിയും, റോഡ്‌ തരാതരംപോലെ വെട്ടിപ്പൊളിക്കും, റോഡിലെ കുഴി നികത്തും... പണിയുന്നതൊക്കെ തകരുമ്പോൾ വീണ്ടും പണിയും... വേണമെങ്കിൽ ഇല്ലാത്ത പദ്ധതിയുടെ പേരിൽ കോടികൾ തട്ടും. ജനം വോട്ടുതന്ന്‌ ജയിപ്പിച്ചാൽ പിന്നെ ജനപ്രതിനിധി ചെയ്യുന്നത്‌ ചോദ്യം ചെയ്യാൻ ആർക്കുണ്ടു സാർ ഇവിടെ അധികാരം?"
   "പക്ഷേ, ഇവിടെ പ്രശ്നം അതല്ല. ലക്ഷങ്ങൾ വാങ്ങി വിദേശ ജോലിക്കായി വിവിധ രാജ്യങ്ങളിലേ ക്ക്‌ അയച്ച യുവതികൾക്കെല്ലാം അതത്‌ രാജ്യങ്ങളുടെ മെഡിക്കൽ പരിശോധനയിൽ എച്ച്‌.ഐ.വി. രോഗാണുബാധ സ്ഥിരീകരിച്ചിരിക്കുന്നു..."
   "അതിന്‌ സാറെന്ത്‌ പിഴച്ചു? അവളുമാര്‌..."
   "അതല്ലടോ. കുന്നായിക്കരയിൽ യൂനസ്കോ നടത്തിയ ഒരു സാമ്പിൾ സർവേയിൽ ഇവിടെയുള്ള പതിനെട്ടിനും മുപ്പതിനും ഇടയിലുള്ള എഴുപത്‌ ശതമാനം യുവതികളിലും എച്ച്‌.ഐ.വി. രോഗാണുബാധയുള്ളതായി സ്ഥിരീകരിച്ചിരിക്കുന്നു."
   "അതിന്‌ സാറെന്തിനാ ബേജാറാവുന്നേ? അവക്കടെ ഭർത്താക്കന്മാർക്ക്‌ മറ്റേത്‌ കാണും. അനുഭവിക്കട്ടെ."
   "അതല്ലെടോ പ്രശ്നം. പാർട്ടിയിലെ എന്റെ എതിർ ഗ്രൂപ്പുകാരാണ്‌ പ്രശ്നം വഷളാക്കിയത്‌. എന്നോട്‌ അസൂയയുള്ളവർ എനിക്ക്‌ എയ്ഡ്സാണെന്നും എന്റെ രക്തം പരിശോധിപ്പിക്കണമെന്നും മുറവിളികൂട്ടി. അൽപംപോലും സംശയമില്ലായിരുന്നതിനാൽ എല്ലാവരുടെയും വായ്‌ മുടിക്കെട്ടാൻ ഞാൻ സമ്മതിച്ചു. പക്ഷേ, റിസൽട്ട്‌ പോസിറ്റീവായിരുന്നു. ലബോർട്ടറിയിൽനിന്ന്‌ വിവരം ചോർത്തിയ ശത്രുക്കൾ എനിക്ക്‌ എയ്ഡ്സാണെന്ന്‌ കുന്നായിക്കരയിൽ പ്രചരിപ്പിച്ചു. തകർന്നെടോ... എന്റെ ഇമേജെല്ലാം തകർന്നു... എനിക്കെതിരെ കുന്നായിക്കരയിലെ ജനം മുഴുവൻ തിരിഞ്ഞിരിക്കുന്നു. എന്നെ അറസ്റ്റ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ അവർ ജാഥയായി ഇങ്ങോട്ട്‌ വരുന്നുണ്ട്‌."
   "അപ്പോൾ സാർ പറഞ്ഞുവരുന്നത്‌... അങ്ങ്‌... നാട്ടുകാർ പയ്യം പയ്യം പറയുമ്പോലെ..."
   "അതേടോ. അങ്ങനെയാണ്‌ കാര്യങ്ങൾ..."
   "അങ്ങേയ്ക്കെതിരായി ആരാണ്‌ പരാതിയുമായി വരുന്നത്‌? എല്ലാത്തിനേയും ഞാൻ അകത്തിടും. ഇവിടൊരു കേസ്‌ നോക്കി ഇരിക്കുകയാ ഞാൻ."
    "പക്ഷേ, ജാഥക്കാരുടെ മുന്നണിയിലുള്ളത്‌..."
    വെളിപ്പെടുത്തൽ കേട്ട്‌ രാമൻ കർത്താ ഞെട്ടി. ആ ഞെട്ടലിൽനിന്ന്‌ മുക്തനാകാൻ അയാൾക്ക്‌ ഏറെ സമയംവേണ്ടിവന്നു.
    അപ്പോഴേയ്ക്കും കുന്നായിക്കരയിലെ ജനം സ്റ്റേഷന്‌ മുന്നിൽ തടിച്ചുകൂടിയിരുന്നു. എം.എൽ.എ. യ്ക്കെതിരെ മുദ്രാവാക്യം മുഴങ്ങി.
    അവരുടെ മുമ്പിൽനിന്ന സ്ത്രീയെ കണ്ട്‌ പോലീസുകാർ അന്തംവിട്ടു. രാമൻ കർത്തായുടെ മുഖം വിളറി വെളുത്തു.
   കുന്നായിക്കര പോലീസ്‌ സ്റ്റേഷന്റെ ചരിത്രത്തിൽ അന്നാദ്യമായി ഒരു എഫ്‌.ഐ.ആർ. കുറിക്കപ്പെട്ടു. പല മാനങ്ങളുള്ള ഒരു എഫ്‌.ഐ.ആർ.

19 Jul 2015

കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലത്തെ ഇന്ത്യൻ നാളികേര വിപണിയിലെ വില വ്യതിയാനങ്ങൾ - ഒരു പഠനം




സ്ഥിതിവിവരക്കണക്കുകളുടെ ?അടിസ്ഥാനത്തിൽ പഠനം നടത്തിയത്‌ നാളികേര വികസന ബോർഡിന്റെ സ്റ്റാറ്റിസ്റ്റിക്സ്‌ വിഭാഗം. ഐടി വിഭാഗം സഹകരിച്ചു.  വിലവിശകലനങ്ങളും പഠനവും തുടരും. ഓരോ ദ്വൈവാരാന്ത്യങ്ങളിലും ഇതിന്റെ നിരീക്ഷണങ്ങൾ കർഷകർക്കു ലഭ്യമാക്കും.

നാളികേരോൽപാദനത്തിൽ 2011 മുതൽ ലോക രാഷ്ട്രങ്ങളിൽ ഒന്നാം സ്ഥാനമാണ്‌ ഭാരതത്തിന്‌.  ഉൽപാദനക്ഷമതയിലും നാം തന്നെയാണു മുൻപിൽ.വസ്തുത ഇതാണെന്നിരിക്കിലും, മൂല്യവർധിത ഉത്പ്പന്നങ്ങളുടെ സംസ്കരണത്തിലും കയറ്റുമതിയിലും നാം വളരെ പിന്നിലാണ്‌. നമ്മുടെ നാളികേര ഉൽപന്ന വിപണി പ്രധാനമായും നാല്‌  ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ്‌ പ്രവർത്തിക്കുന്നത്‌. കാർഷിക ഉൽപന്നം എന്ന നിലയിൽ വിവിധ ഘടകങ്ങൾ വിപണിയിലെ നാളികേര വിലയെ സ്വാധീനിക്കുന്നുണ്ട്‌. 2013 ഓഗസ്റ്റിനു ശേഷം കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വില വ്യതിയാനങ്ങൾ നാളികേര വിലയിൽ ചെലുത്തുന്ന സ്വാധീനം വിപണിയിൽ കുറഞ്ഞു വരികയാണ്‌. ഈ മേഖലയിൽ പുതിയ താരങ്ങൾ രംഗപ്രവേശം ചെയ്തു കഴിഞ്ഞു.  ഉൽപാദനത്തിലുണ്ടാകുന്ന വ്യതിയാനം, മൂല്യവർദ്ധിത ഉത്പന്ന നിർമ്മിതിക്കായുള്ള ആവശ്യകത, കാലാകാലങ്ങളിൽ ഗവണ്‍മന്റ്‌ സ്വീകരിക്കുന്ന നയപരമായ തീരുമാനങ്ങൾ, ആഭ്യന്തര - വിദേശ വിപണികളിലെ ഡിമാന്റ്‌ എന്നിവയാണ്‌  വിപണിയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ. 
പഠന ലക്ഷ്യം, രീതി
പരമ്പരാഗത നാളികേര ഉൽപന്നങ്ങളായ കൊപ്ര, വെളിച്ചെണ്ണ എന്നിവയുടെ  വിപണിയിലെ കഴിഞ്ഞകാല വില വ്യതിയാനങ്ങൾ അപഗ്രഥിച്ച്‌ വിശകലനം ചെയ്യുക വഴി  കേര കർഷകർ ഈ വ്യതിയാനങ്ങളോട്‌ എങ്ങനെ പ്രതികരിക്കണമെന്നും വിലതകർച്ചയ്ക്ക്‌ എതിരെ ഏതെല്ലാം തരത്തിലുള്ള മുന്നൊരുക്കങ്ങളും പ്രതിരോധ നടപടികളും സ്വീകരിക്കണമെന്നും കണ്ടെത്താനുള്ള ശ്രമമാണ്‌ ഈ പഠനത്തിന്റെ ഉദ്ദേശ്യം. കർഷകർ നിസ്സഹയരാണോ?  വിപണിയിൽ അവർ നിസ്സഹായരായി നിൽക്കേണ്ടതുണ്ടോ? ഇതാണ്‌ ചോദ്യങ്ങൾ. കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലത്തെ നാളികേര  വിപണിയിൽ കൊപ്രയുടെയും വെളിച്ചെണ്ണയുടേയും ശരാശരി മാസവിലയുടേയും ദിവസ വിലയുടേയും അടിസ്ഥാനത്തിലാണ്‌ ശാസ്ത്രീയമായ ഈ പഠനം നടത്തിയിരിക്കുന്നത്‌.  കേരളത്തിലെ കൊച്ചി, കോഴിക്കോട്‌, ആലപ്പുഴ, തമിഴ്‌നാട്ടിലെ കാങ്കയം എന്നീ വിപണികളിലെ 1988 മുതലുള്ള  കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വിലകളാണ്‌ ഈ പഠനത്തിന്‌ അടിസ്ഥാനമായി സ്വീകരിച്ചതു.

ടൈം സിരീസ്‌ അനാലിസസിന്റെ അടിസ്ഥാന തത്വങ്ങൾ ഉപയോഗിച്ചായിരുന്നു ഈ അപഗ്രഥനം നടത്തിയത്‌. ട്രെന്റ്‌, സൈക്ലിസിറ്റി, സീസണാലിറ്റി, ഇറേഗുലാരിറ്റി   എന്നീ നാലു ഘടകങ്ങളാണ്‌ ടൈം സിരീസിലുള്ളത്‌. നാളികേര ഉൽപന്നങ്ങളുടെ കഴിഞ്ഞ കാലങ്ങളിലെ വില സൂക്ഷ്മമായി പരിശോധിച്ചാൽ ഈ ഘടകങ്ങൾ എല്ലാം അതിൽ ഉൾക്കൊള്ളുന്നതായി കാണുവാൻ കഴിയും. കൊപ്രവിലയും നാളികേരവിലയും തമ്മിൽ ബന്ധം ഉള്ളതു പോലെ വിവിധ വിപണികളിലെ ഒരേ ഉൽപന്നത്തിന്റെ വിലയും മിക്കവാറും കാലങ്ങളിൽ സമാന രീതിയിലാണ്‌ നീങ്ങുന്നത്‌ എന്നും കണ്ടെത്താൻ കഴിഞ്ഞു.
വിപണി വിലയിലെ സ്വഭാവം മനസ്സിലാക്കാൻ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലെ വിലകളെ ഓരോ പതിറ്റാണ്ടു വീതം എടുത്ത്‌ പരിശോധിക്കുകയാണ്‌ ചെയ്തത്‌. ആദ്യം പ്രതിമാസ ശരാശരി വിലകൾ അപഗ്രഥിച്ചു. പിന്നീട്‌ ദിവസ/ മാസ വിലയേയും മൂവിങ്ങ്‌ ആവറേജിനേയും താരതമ്യം ചെയ്തു. ഈ രീതിയിലാണ്‌  പരിശോധന നടത്തിയത്‌.  മുപ്പത്‌, നാൽപ്പത്തിയഞ്ച്‌, അറുപത്‌, തൊണ്ണൂറ്‌, നൂറ്റി ഇരുപത്‌ എന്നീ കാലയളവുള്ള മൂവിങ്ങ്‌ അവറേജ്‌ വിലയുടെ കൂടെ മാസ/ദൈനം ദിന വിലകൾ ഒരേ ഗ്രാഫിൽ ചിത്രീകരിച്ചതിൽ നിന്നും, പ്രതിദിന വിലകൾ അപഗ്രഥിക്കാൻ 90 ദിവസത്തെ മൂവിങ്ങ്‌ ആവറേജും മാസ വിലകൾ അപഗ്രഥിക്കാൻ ആറു മാസത്തെ മൂവിങ്ങ്‌ ആവറേജും ഏറെ അനുയോജ്യമാണെന്ന്‌ ബോധ്യപ്പെട്ടു.
വിപണി വിലയിലെ വ്യതിയാനങ്ങൾ
ഈ കാലയളവിൽ തുടർച്ചയായ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ആത്യന്തികമായി വീപണിയിൽ വില ഉയരുന്ന പ്രവണതയാണ്‌ കണ്ടെത്താൻ കഴിഞ്ഞത്‌. തുടർച്ചയായ ആവർത്തി(ഇ​‍്യരഹല)കളിലെ വിലയിലെ ശൃംഗങ്ങൾ (ഇ​‍ൃല​‍െ​‍ി) തമ്മിലും ഗർത്തങ്ങൾ (ഠൃ​‍ീ​‍ൗഴവ) തമ്മിലും ക്രമാനുഗതമായും സ്ഥിരമായും കാണുന്ന ഉയർച്ചയുടെ പ്രവണത ഈ പ്രതിഭാസത്തിന്റെ തെളിവാണ്‌. 1988 മുതൽ 2005 വരെയുള്ള കാലഘട്ടത്തിൽ കൊച്ചിയിലെ കൊപ്രവിപണി പരിശോധിച്ചാൽ ഏറ്റവും കുറവ്‌ വില 1988 ജൂലൈയിൽ ക്വിന്റലിന്‌ 1439 രൂപയാണ്‌ രേഖപ്പെടുത്തിയത്‌. ഇതേ കാലയളവിലെ ഉയർന്ന വില രേഖപ്പെടുത്തിയത്‌ 91 നവംബറിൽ ക്വിന്റലിന്‌ 3005 രൂപയുമാണ്‌. ഇവ തമ്മിലുള്ള അന്തരം 1966 രൂപയാണ്‌. അടുത്ത രണ്ട്‌ പതിറ്റാണ്ടുകളിലും രേഖപ്പെടുത്തിയ ഉയർന്ന വിലയും താഴ്‌ന്ന വിലയും പരിശോധിച്ചാൽ ഈ അന്തരം വർധിച്ചു വരുന്നതായി മനസ്സിലാക്കാൻ സാധിക്കും. കൂടാതെ ഈ കാലഘട്ടങ്ങളിൽ ഉണ്ടായ ആവൃത്തികളിലെ ശൃംഗങ്ങളിലും ഗർത്തങ്ങളിലും രേഖപ്പെടുത്തിയ വില പരിശോധിച്ചാൽ, ഇവ രണ്ടും ഉയർന്ന്‌ നീങ്ങുന്നത്‌ ദൃശ്യവുമാണ്‌.
ഇതിനുപരിയായി വിലയിൽ കൃത്യമായ ആവർത്തികളും നിലനിൽക്കുന്നുണ്ട്‌. ഈ ആവർത്തികൾ തമ്മിലുള്ള ദൈർഘ്യം പരിശോധിച്ചാൽ ആരംഭ ദശയിൽ പൊരുത്തങ്ങൾ പ്രകടമല്ലെങ്കിലും മൂന്നാമത്തെ ദശകത്തിന്റെ (2006 - 2015) അവസാന കാലയളവിൽ അതായത്‌ 2009 നവംബർ  മുതൽ ഈ ആവർത്തികൾക്ക്‌ ഒരു ഏകീകൃത സ്വഭാവം കാണാൻ കഴിയും. വില വർധനവിന്റെയും  കുറവിന്റേയും അടുത്തടുത്ത രണ്ട്‌ ആവർത്തികൾ തമ്മിൽ ഈ ദൈർഘ്യം ഏറെക്കുറെ സ്ഥിരമാണ്‌. മൂന്നു വർഷക്കാലമാണ്‌ വിലവർധനവിന്റെ ഒരു ആവർത്തി നീണ്ടു നിൽക്കുന്നത്‌. എന്നാൽ വിലക്കുറവിന്റെ കാര്യത്തിൽ അത്‌ രണ്ടു വർഷമാണ്‌. ഇതിൻ പ്രകാരം നോക്കിയാൽ സ്വഭാവികമായി 2016 ആഗസ്റ്റ്‌ മാസം വരെ വിലക്കുറവിന്റെ ആവർത്തിയായിട്ടും ശ്രദ്ധേയമായ തകർച്ചയുണ്ടാകാതെ വില ഉയർന്നു തന്നെ നിന്നു.
പക്ഷെ, ഇപ്പോഴത്തെ വിലയെ സ്ഥിരമായി നിലനിർത്താനോ, ആവർത്തിയുടെ ദൈർഘ്യം ലഘൂകരിക്കാനോ കേരകർഷകർക്ക്‌ തൃത്താലകൂട്ടായ്മകൾ വഴിയുള്ള വിഭവ സമാഹരണത്തിലൂടെയും സംഭരണത്തിലൂടെയും വിപണനത്തിലൂടെയും സാധിക്കും. നാളികേര ഉൽപന്നങ്ങളുടെ വിപണി വിലയിൽ സീസണാലിറ്റി (സീസണുമായി ബന്ധപ്പെട്ടുള്ള പ്രതിഭാസങ്ങൾ) ശക്തമായി ദൃശ്യമാണ്‌. പൊതുവേ മൺസൂണിന്റെ ആരംഭം മുതൽ ശീതകാലത്തിന്റെ ആരംഭം വരെ വില താഴ്‌ന്നു നിൽക്കുന്ന പ്രവണതയും, അതിനുശേഷം അടുത്ത മൺസൂൺ വരെ ഉയർന്ന വില തുടരുന്ന പ്രവണതയും ഏറെക്കുടെ പൊതുവായി കാണാൻ കഴിയും. മാസ വിലയുടെ കാര്യത്തിൽ ഈ കാലഘട്ടങ്ങളെ വിശകലനം ചെയ്യുമ്പോൾ പൊതുവായി നേരിയ വ്യതിയാനങ്ങളുണ്ടെങ്കിലും ഏറ്റവും കുറഞ്ഞവില രേഖപ്പെടുത്തിയിരിക്കുന്നത്‌ മെയ്‌ ജൂൺ മാസങ്ങളിലും ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയിരിക്കുന്നത്‌ നവംബർ ഡിസംബർ മാസങ്ങളിലും ആണ്‌.
മൺസൂൺ സമയത്ത്‌ നാളികേര ഉൽപാദനം കൂടുതലുള്ള കേരളം, തമിഴ്‌നാട്‌ എന്നീ  ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രധാന വിളവെടുപ്പു കാലസമാപനവും മഴക്കാലത്ത്‌ കരിക്ക്‌ വിപണിയിൽ സംഭവിക്കുന്ന സ്വാഭാവിക മാന്ദ്യവും ഉത്സവകാലത്ത്‌ പ്രത്യേകിച്ച്‌ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഉണ്ടാകുന്ന ഉയർന്ന ആവശ്യകതയും ആണ്‌ ഈ വ്യതിയാനങ്ങൾക്ക്‌ മുൻകാലങ്ങളിൽ ഉണ്ടായിരുന്ന മുഖ്യ ഹേതു. 
ഇന്ന്‌ കർണാടക, തമിഴ്‌നാട്‌ എന്നിവിടങ്ങളിൽ  കരിക്കിൻ വെള്ള സംസ്കരണം വെർജിൻ വെളിച്ചെണ്ണ നിർമാണം  ഡസിക്കേറ്റസ്‌ കോക്കനട്ട്‌ നിർമ്മാണം തുടങ്ങിയവയുടെ യൂണിറ്റുകൾ  ആരംഭിച്ചിട്ടുണ്ട്‌.  ഇതിനുമപ്പുറം കരിക്കിന്റെ ഉപയയോഗം ആകെ ഉത്പാദനത്തിന്റെ 10 -15 ശതമാനത്തിൽ നിന്നു 25 ശതമാനത്തോളമായി ഉയരുകയും ചെയ്തു. കൂടാതെ നാളികേര ഉത്പാദക കമ്പനികളും പുതിയ സംസ്കരണ യൂണിറ്റുകൾ ആരംഭിക്കുന്ന പാതയിലാണ്‌. അവർ ഏറെ മുന്നേറിക്കഴിഞ്ഞിരിക്കുന്നു. മാത്രമല്ല, ഈ മേഖലയിൽ ലോകത്തിലെ തന്നെ  വമ്പന്മാരായ  വിറ്റ കൊക്കോ, സിപി ഗ്രൂപ്പ്‌ തുടങ്ങിയ  കമ്പനികൾ ഇന്ത്യയിലെ നാളികേരം ലക്ഷ്യമിട്ട്‌ ഇവിടെ പരോക്ഷമായി നിർമ്മാണ യൂണിറ്റുകൾ സ്ഥാപിച്ചു കഴിഞ്ഞു. കൂടുതൽ വിദേശ കമ്പനികൾ സ്വന്തമായോ സംയുക്ത സംരംഭമായോ ഇന്ത്യയിൽ നാളികേര ഉത്പാദക യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലുമാണ്‌.
കേരളത്തിലെ മുഖ്യവിളവെടുപ്പു സീസൺ ജനുവരി മുതൽ മെയ്‌ മാസം വരെയും തമിഴ്‌നാട്ടിലേത്‌ ഫെബ്രുവരി  മുതൽ ജൂൺ വരെയും ആയതിനാലും, ചരക്ക്‌ വരവ്‌ കൂടുന്ന ഡിസംബർ മുതൽ വരവ്‌ കുറഞ്ഞു തുടങ്ങുന്ന ജൂൺ മാസം വരെ വില താഴ്‌ന്നു നിൽക്കാനുള്ള പ്രവണത കൂടുതലാണ്‌. എന്നാൽ കർഷകരുടെ തൃത്താല കൂട്ടായ്മകൾ ഒന്നിച്ചു നീങ്ങിയാൽ വിലഇടിവ്‌ തടയാൻ സാധിക്കും. വിവിധ ദശകങ്ങളിൽ പ്രത്യേകിച്ച്‌ എൺപതുകളിൽ തുടങ്ങി രണ്ടായിരമാണ്ടിന്റെ ആദ്യഘട്ടം വരെ വിലയിൽ ഒരു അസ്ഥിരത വീക്ഷിക്കാൻ കഴിയും. ഈ കാലയളവിൽ വില വ്യതിയാന ആവർത്തികളിൽ കാണുന്ന ദൈർഘ്യം ഏകീകൃത സ്വഭാവം പ്രകടിപ്പിക്കുന്നതായി കാണുന്നുമില്ല.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിലെ വില നിലവാരം പരിശോധിച്ചതിൽ  വില വർദ്ധനവിന്റെ കാലങ്ങളിലെ  ഏറ്റവും വലിയ ഉയർച്ച 2013 സെപ്തംബർ മുതൽ 2014 ഓഗസ്റ്റ്‌ മാസം വരെയാണ്‌. ഇതൊരു സർവകാല റെക്കോഡാണ്‌. കോഴിക്കോട്‌ വിപണിയിൽ  കൊപ്ര വില ക്വിന്റലിന്‌ 5887 രൂപയിൽ നിന്നും ക്വിന്റലിന്‌ 11475 രൂപയിലേയ്ക്കും വെളിച്ചെണ്ണ വില ക്വിന്റലിന്‌  8620 രൂപയിൽ നിന്നും ക്വിന്റലിന്‌ 17524 രൂപയിലേയ്ക്കും കുത്തനെയുള്ള വർദ്ധന രേഖപ്പെടുത്തി. ഇതേ കാലഘട്ടത്തിലെ മറ്റുള്ള വില വർദ്ധന കാലങ്ങളെ അപേക്ഷിച്ച്‌ ഈ ആവർത്തിയിലെ ഗർത്തത്തിൽ നിന്നു ശൃംഗത്തിലേക്കുള്ള ഉയർച്ച വളരെ വലുതും അനുക്രമവും ആണ്‌. അതുകൊണ്ടു തന്നെ 2006 മുതൽ 2015 വരെയുള്ള മൂന്നാമത്തെ ദശകത്തിൽ കൂടിയ വിലയും കുറഞ്ഞ വിലയും തമ്മിൽ നിലനിൽക്കുന്ന അന്തരവും വളരെ വലുതാണ്‌.
വില വ്യതിയാന കാരണങ്ങൾ
സമീപ കാലത്ത്‌ പ്രകടമായിട്ടുള്ള വില വ്യതിയാന കാരണം പ്രധാനമായി നാലു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ നാളികേര ഉൽപാദനം 2012 മുതൽ ക്രമമായി കുറഞ്ഞു വരുന്നു എന്നതത്രെ.   അതാതു വർഷത്തെ നാളികേര ഉൽപാദനം മുൻകൂട്ടിനിർണയിക്കുന്നതിന്‌ 2012 - 13 മുതൽ നാളികേര വികസന ബോർഡ്‌ നടത്തുന്ന പഠനങ്ങൾ ഇത്‌ ശരിവെയ്ക്കുകയും ചെയ്യുന്നു.
2014- 15 വർഷങ്ങളിൽ നടത്തിയ പഠനത്തിൽ പ്രധാന നാളികേരോത്പാദക സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്‌, കർണ്ണാടകം, ആന്ധ്രപ്രദേശ്‌ എന്നിവിടങ്ങളിൽ ഉൽപാദനത്തിൽ പ്രകടമായ കുറവാണ്‌ പ്രതീക്ഷിക്കുന്നത്‌. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ കേരളത്തിൽ 17.48 ശതമാനവും ആന്ധ്രപ്രദേശിൽ 53.88 ശതമാനവും ഉൽപാദനത്തിൽ കുറവ്‌ ഉണ്ടാകും. തമിഴ്‌നാട്ടിൽ നേരിയ ഉൽപാദന വർധനവും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, കഴിഞ്ഞ വർഷത്തെ ഉൽപാദനക്കുറവുമായി താരതമ്യം ചെയ്യുമ്പോൾ ആത്യന്തികമായി ഉൽപാദനക്കുറവ്‌ തന്നെയാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇന്ത്യയെ#​‍ാട്ടാകെ നാളികേര ഉത്പാദനത്തിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച്‌ 10 ശതമാനം കുറവാണ്‌ കണക്കാക്കിയിരിക്കുന്നത്‌.
2013, 2014 വർഷങ്ങളിൽ തുടർച്ചയായ ഉണ്ടായ  ഫൈലൻ, ഹുഢുഡ്‌ ചുഴലിക്കാറ്റുകൾ നാളികേര കൃഷിക്ക്‌ വലിയ നാശം വിതച്ച ആന്ധ്രാപ്രദേശിലാണ്‌ നാളികേര ഉൽപാദനത്തിൽ ഏറ്റവും വലിയ ഇടിവ്‌. ഇതിന്റെ ഫലമായി ആന്ധ്രയിൽ പ്രത്യേകിച്ചും മറ്റു സംസ്ഥാനങ്ങളിൽ പൊതുവായും പ്രവർത്തിക്കുന്ന നാളികേരാധിഷ്ഠിത വ്യവസായ സംരംഭങ്ങൾക്ക്‌ വേണ്ട അസംസ്കൃത വസ്തു(നാളികേരം) മറ്റു കേന്ദ്രങ്ങളിൽ നിന്നും സംഭരിക്കേണ്ട സാഹചര്യം വന്നു. സ്വഭാവികമായും, ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അന്തരം വലുതാവുമ്പോൾ വിലയിലും വ്യതിയാനം ഉണ്ടാവും  എന്നതാണല്ലോ ധനതത്വശാസ്ത്രത്തിലെ അടിസ്ഥാന പ്രമാണം. മാത്രവുമല്ല, 2012 മുതൽ  കൊപ്ര, വെളിച്ചെണ്ണ എന്നീ ഉൽപന്നങ്ങൾക്കപ്പുറം സംസ്കരിച്ച കരിക്കിൻ വെള്ളം, വെർജിൻ കോക്കനട്ട്‌ ഓയിൽ, ഡസിക്കേറ്റഡ്‌ കോക്കനട്‌ പൗഡർ, തേങ്ങാപ്പാൽ, പാൽപ്പൊടി, ചിപ്സ്‌, തുടങ്ങി നിരവധി മൂല്യവർദ്ധിത ഉൽപന്നങ്ങൾക്കു വേണ്ടി നാളികേരം വർധിച്ച തോതിൽ ഉപയോഗിച്ചു തുടങ്ങി എന്ന യാഥാർത്ഥ്യവും കർഷകർ മനസ്സിലാക്കേണ്ടതുണ്ട്‌. ഉപഭോഗത്തിലുണ്ടായ മാറ്റവും ഈ ആവർത്തിയിലെ കുത്തനെയുള്ള വിലക്കയറ്റത്തിന്‌ ഉത്തേജനമായി.
ഓരോ ആവർത്തിയിലും  വിലയുടെ കയറ്റത്തിന്‌ തുടർച്ചയായി ഒരു ഇറക്കം സ്വാഭാവികമാണ്‌. വിലയിലെ ഈ  ഇറക്കം ഒരു പരിധിവിട്ട്‌ താഴേയ്ക്ക്‌ പോകുന്നത്‌ തടയുക,  നിലവിലുള്ള വിലയിൽ പരമാവധി സ്ഥിരത നിലനിർത്തുക,  ഈ ആവർത്തികളുടെ ദൈർഘ്യം കുറയ്ക്കുക തുടങ്ങിയ നടപടികൾ  കർഷകർ ഈ വില വ്യതിയാനങ്ങളോട്‌ എങ്ങിനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്‌ ഇരിക്കുന്നത്‌.
പരിമിതികളും പ്രതിവിധികളും
വ്യക്തികൾ എന്ന നിലയിൽ കേരകർഷകർക്ക്‌ വിപണിയിൽ ഇടപെടുന്നതിന്‌  പരിമിതികളുണ്ട്‌. എന്നാൽ, കൂട്ടായ്മകളിലൂടെ ഇതിന്‌ തൃപ്തികരമായ പരിഹാരം തേടാനാകും. 2010 ൽ തുടങ്ങിയ തൃത്താല കൂട്ടായ്മകളുടെ രൂപീകരണം ഇന്ന്‌ വലിയ പ്രസ്ഥാനമായി രാജ്യം മുഴുവൻ വ്യാപിച്ചു കഴിഞ്ഞു.  കേവലം അഞ്ചു  വർഷം കൊണ്ട്‌ ഈ സംവിധാനം ഇന്ത്യയൊട്ടാകെ 7794 സി.പി.എസുകളിലും 579 സി.പി.എഫുകളിലും 35 ഉത്പാദക കമ്പനികളിലും എത്തി, കൂടുതൽ കാര്യക്ഷമതയിലും വേഗത്തിലും വ്യാപ്തി കൈവരിക്കുകയാണ്‌. ഈ കർഷക കൂട്ടായ്മകൾക്ക്‌ വിപണിയിയോട്‌ ക്രിയാത്മകമായി പ്രതികരിക്കാനും വിലയിടിവിനെ പ്രതിരോധിക്കാനും കഴിയും, അഥവാ കഴിയണം.
നാളികേര വിലയിൽ നേരിയ മാന്ദ്യം സംഭവിക്കുമ്പോൾ കർഷകർ  തിരക്കുപിടിച്ച്‌ ഉത്പന്നങ്ങൾ ലഭ്യമായ വിലയ്ക്ക്‌ വിറ്റഴിക്കേണ്ടതില്ല. കൂട്ടായ്മകളുടെ നേതൃത്വത്തിൽ വ്യക്തമായ പദ്ധതികളിലൂടെ ഉത്പന്ന സംഭരണവും, സംസ്ക്കരണവും നടത്തി അവ സമാഹരിച്ച്‌ വച്ച്‌ വിപണിയിലേയ്ക്കുള്ള ചരക്കിന്റെ വരവ്‌ നിയന്ത്രിക്കുകയാണ്‌ വേണ്ടത്‌. ലഭ്യത കുറയുമ്പോൾ സ്വാഭാവികമായും ഉത്പന്നത്തിന്റെ കമ്പോളവില ഉയരാൻ തുടങ്ങും.
തൃത്താല നാളികേര കൂട്ടായ്മകളുടെ ഏറ്റവും ഉയർന്ന തലത്തിലുള്ള നാളികേര ഉത്പാദക കമ്പനിയിൽ അണിചേർന്നിട്ടുള്ള കർഷകരുടെ തെങ്ങുകളിൽ ഒരു ശതമാനം, അതായത്‌ 10000 തെങ്ങുകൾ (ഒരു കമ്പനിയുടെ കീഴിൽ ശരാശരി പത്തു ലക്ഷം കായ്ക്കുന്ന തെങ്ങുകൾ എന്ന കണക്കിൽ) തെരഞ്ഞെടുത്ത്‌ നീര ഉത്പാദനം, പ്രതിദിനം അഞ്ച്‌ മെട്രിക്‌ ടൺ ഉത്പാദനം ലക്ഷ്യമിട്ടുകൊണ്ടുള്ള വെളിച്ചെണ്ണ സംസ്കരണ യൂണിറ്റുകൾ, അതിലേയ്ക്ക്‌ ആവശ്യമായ ആധുനിക കൊപ്ര ഡ്രയറുകൾ (ഒരു ബാച്ചിൽ 10000 നാളികേരം കൊപ്രയാക്കാൻ ശേഷിയുള്ള 10 ഡ്രയറുകൾ ഫെഡറേഷനുകളിൽ), പ്രതിദിനം 25000 നാളികേരം സംസ്കരിച്ച്‌ വെർജിൻ കോക്കനട്ട്‌ ഓയിൽ ഡേശിക്കേറ്റഡ്‌ കോക്കനട്‌ പൗഡർ തുടങ്ങിയവ നിർമ്മിക്കാനുള്ള  സൗകര്യങ്ങൾ എന്നിവ അടിയന്തിരമായി കമ്പനികൾ  ഒരുക്കേണ്ടതുണ്ട്‌. ഇതുവഴി നാളികേരത്തിന്റെ ഉപോത്പ്പന്നങ്ങളായ ചകിരി, ചിരട്ട, തേങ്ങാവെള്ളം എന്നിവയും ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും.  മൂല്യ വർദ്ധിത ഉൽപന്നങ്ങളുടെ വിപണനത്തിനായി കമ്പനികൾ തമ്മിൽ പരസ്പരം സഹകരിക്കണം. ഇന്ത്യയൊട്ടാകെ 100 നാളികേര ഉൽപാദക കമ്പനികൾ നിലവിൽ വരികയും നാളികേരാധിഷ്ഠിത മൂല്യവർധിത ഉത്പ്പന്നങ്ങളുടെ നിർമ്മിതിയിൽ ഏർപ്പെടുകയും ചെയ്താൽ തീർച്ചയായും കർഷകർക്ക്‌ തങ്ങളുടെ ഉൽപന്നത്തിന്‌ വിപണിയിൽ നല്ല വില ഉറപ്പാക്കാൻ കഴിയും. അമേരിക്കയിലെ മൊത്തം ജനസംഖ്യയേക്കാൾ കൂടുതലാണ്‌ ഇന്ത്യയിലെ പ്രധാന പട്ടണങ്ങളിലെ ജനസംഖ്യ എന്ന കാര്യം നാം മനസ്സിലാക്കണം.ഇതോടൊപ്പം ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും നാളികേര ഉൽപാദന കമ്പനികൾ ഊന്നൽ കൊടുക്കണം. ഒരു തെങ്ങിൽ നിന്നും പ്രതിവർഷം ലഭിക്കുന്ന നാളികേരത്തിന്റെ എണ്ണം പരമാവധി വർദ്ധിപ്പിക്കുക എന്നതായിരിക്കണം ലക്ഷ്യം. ഇത്‌ മുന്നിൽ കണ്ടുള്ള കൃഷി രീതികളും ആസൂത്രണം ചെയ്യണം.  ഭൂമിയുടെ ലഭ്യത കുറവ്‌ മറികടക്കാൻ  ഉത്പാദനക്ഷമത വർധിപ്പിക്കുകയായിരിക്കണം നമ്മുടെ ലക്ഷ്യം. കൂടാതെ ഉത്പാദനക്ഷമത വർധിപ്പിക്കാൻ ചെലവിന്റെ കാര്യത്തിൽ നേരിയ വർധന ഉണ്ടാകുമെങ്കിലും ഇതിലൂടെ വളരെ ഉയർന്ന വരുമാനം കർഷകർക്ക്‌ ഉറപ്പാക്കാൻ സാധിക്കും. നടീൽ വസ്തുക്കളുടെ (നല്ലയിനം തെങ്ങിൻ തൈകളുടെ ലഭ്യത ഉറപ്പു വരുത്താൻ  ഫെഡറേഷനുകൾക്കു കീഴിൽ പ്രാദേശികമായി നഴ്സറികൾ സ്ഥാപിക്കുന്നത്‌ പ്രോത്സാഹിപ്പിക്കണം. കീട, രോഗ പ്രതിരോധ നടപടികൾ, ആധുനിക രീതിയിലുള്ള ജലസേചനം, നല്ല വിള പരിപാലനം, നാളികേര കൃഷിയിൽ ഘടനാപരമായ മാറ്റങ്ങൾ എന്നിവയിലും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്‌.
നാളികേര ഉൽപന്നങ്ങളുടെ വിലയിൽ ഈയിടെ കാണുന്ന ചെറിയ മാന്ദ്യത്തിന്റെ പഞ്ചാത്തലത്തിൽ കേരകർഷകർ വിപണിയോട്‌ എങ്ങനെ പ്രതികരിക്കണം എന്നു  വ്യക്തമാക്കാനാണ്‌ ഈ വിശകലനത്തിലൂടെ ശ്രമിച്ചതു.  നാളികേര വികസന ബോർഡിന്റെ സ്റ്റാറ്റിസ്റ്റിക്സ്‌ വിഭാഗം ഇതു സംബന്ധിച്ച അപഗ്രഥനങ്ങളും വിശകലനങ്ങളും തുടരും. ആ പഠനഫലങ്ങളും നിരീക്ഷണങ്ങളും രണ്ടാഴ്ച്ചയിൽ ഒരിക്കൽ കർഷകർക്കു വേണ്ടി കൂട്ടായ്മകളിലേയ്ക്ക്‌ എത്തിക്കുകയും ചെയ്യും. ഈ പഠനത്തിൽ പങ്കു ചേരാൻ താൽപര്യമുള്ള ഗവേഷണ കേന്ദ്രങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും  ബോർഡ്‌ സ്വാഗതം ചെയ്യുന്നു.  

തൃത്താല കൂട്ടായ്മകൾ എന്തു ചെയ്യണം?
നാളികേര കർഷക ഉത്പാദക ഫെഡറേഷനുകളും കമ്പനികളും   വിപണിയിൽ ഇടപെട്ട്‌ നാളികേര ഉത്പ്പന്നങ്ങളുടെ വില പിടിച്ചു നിർത്തുന്നതിനായി:  
നഴ്സറികൾ സ്ഥാപിച്ച്‌ നീര, നാളികേര പാൽ തുടങ്ങിയ ഉത്പ്പന്നങ്ങളെ മുന്നിൽ കണ്ടുകൊണ്ട്‌ അത്യുത്പാദന ശേഷിയും ഗുണമേൻമയുമുള്ള തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുക.
നാളികേര കൃഷിക്കുള്ള ശാസ്ത്രീയ പരിപാലന ക്രമം നടപ്പാക്കുക
 കരിക്ക്‌, കരിക്കുത്പന്നങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുക.
 ആധുനിക കൊപ്ര ഡ്രയറുകൾ സ്ഥാപിച്ച്‌ നാളികേരം കൊപ്രയാക്കുക
കൊപ്ര സൂക്ഷിക്കുന്നതിനായി ഗോഡൗൺ സൗകര്യമൊരുക്കുക.
എക്സപെല്ലർ സ്ഥാപിച്ച്‌ വെളിച്ചെണ്ണ ഉണ്ടാക്കി വിപണനം ചെയ്യുക.
 ഫാക്ടറി സ്ഥാപിച്ച്‌ തൂൾ തേങ്ങയുടെ നിർമാണവും  വിപണനവും നടത്തുക
പാഴാക്കി കളയുന്ന തേങ്ങാവെള്ളം ശുദ്ധീകരിച്ച്‌ ഇളനീർ സോഡ, വിനാഗിരി, ഫ്രോസൺ കോക്കനട്ട്‌ വാട്ടർ, നാറ്റാ-ഡി കൊക്കോ  തുടങ്ങിയ മൂല്യ വർധിത ഉത്പ്പന്നങ്ങൾ നിർമ്മിച്ച്‌ വിപണനം ചെയ്യുക.
വെർജിൻ വെളിച്ചെണ്ണ നിർമ്മിച്ച്‌ വിപണനം ചെയ്യുക.
 തേങ്ങാപ്പാലിൽ നിന്ന്‌ വിവിധ ഉത്പന്നങ്ങൾ നിർമ്മിച്ച്‌ വിപണനം ചെയ്യുക.
നീരയും നീരയുടെ മൂല്യവർദ്ധിത ഉൽപന്നങ്ങളും നിർമ്മിച്ച്‌ വിപണനം ചെയ്യുക.


..............................
..................................................................
വസന്ത്കുമാർ വിസി, സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, 
രേണു പി വിശ്വം,   സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ
ഗീതിക തോമസ്‌,   സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ
വിജയൻ ആർ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ
നാളികേര വികസന ബോർഡ്‌, കൊച്ചി -11

24 Jun 2015

സംഭാഷണചാതുരി



ജോൺ മുഴുത്തേറ്റ്

സരോജിനിയും രജനിയും ഇലക്ട്രിസിറ്റി ബോർഡിന്റെ ഡിവിഷനോഫീസിലാണ്‌ ജോലിചെയ്യുന്നത്‌. രണ്ടുപേരും സീനിയർ സൂപ്രണ്ടുമാരാണ്‌. ഒരേപ്രായക്കാരും. സരോജിനി സുന്ദരിയാണ്‌, സൽസ്വഭാവിയും. അവർക്ക്‌ ജോലിചെയ്യുവാൻ യാതൊരുമടിയുമില്ല. പക്ഷേ,ഓഫിസിലാർക്കും തന്നെ അവരെ ഇഷ്ടമല്ല. കാരണം ചോദിച്ചാൽ കൃത്യമായി ആർക്കും ഒന്നും പറയുവാൻ കഴിയുകയില്ല. എല്ലാവർക്കും അവരോട്‌ ഒരകൽച്ച. അവരുമായി സംസാരിച്ചുതുടങ്ങുമ്പോൾതന്നെ ഒരു കല്ലുകടി. അവരുടെ വാക്കുകൾ ആളുകളിൽ അസന്തുഷ്ടിയും അസംതൃപ്തിയും ജനിപ്പിക്കുന്നു. അവരുടെ ഉത്സാഹവും ആത്മവിശ്വാസവും ചോർന്നുപോകുന്നതുപേലെ. സരോജിനിയുടെ സംഭാഷണരീതി അത്തരത്തിലാണ്‌. ഒരുതരം നേഗറ്റിവ്‌ എനർജിയാണ്‌ അവർ മറ്റുള്ളവരിലേക്ക്‌ പകരുന്നത്‌.
അയ്യോ, എന്തുപറ്റി? ആകെപ്പാടെ ക്ഷീണിച്ചുപോയല്ലോ..... വല്ല അസുഖവും .... ??
പരീക്ഷയുടെ റിസൽട്ട്‌ വന്നു, ഇല്ലേ? മോനെന്താ തോറ്റുപോയത്‌? എന്റെ മോന്‌ എ ഗ്രേഡുണ്ട്‌...,?
എന്താണ്‌ ആ ജോലി തീർക്കാൻ താമസം? അക്കൗണ്ട്സ്‌ ഉടനെ അയക്കാനുള്ളതാണ്‌?
ഒരാളെ നേരിൽ കാണുമ്പോൾ സരോജിനി സംഭാഷണം തുടങ്ങുന്നത്‌ ഇത്തരത്തിലാണ്‌. ഇത്തരം വാക്കുകൾ ആരെയും സന്തോഷിപ്പിക്കുകയില്ല. ശ്രോതാവിന്റെ ഉത്സാഹവും ആത്മവിശ്വാസവും ചോർത്തിക്കളയുകയും ചെയ്യും.
സരോജിനി സാറുമായി സംസാരിച്ചാൽ അന്നത്തെ ദിവസം പോക്കാണേ, എന്നാണ്‌ ഓഫിസിലെ അടക്കം പറച്ചിൽ.
സരോജിനിക്ക്‌ ഇതറിയില്ല അവർ ഇതോന്നും മനപ്പുർവ്വം ചെയ്യുന്നതല്ല. ആരെയും ദ്രോഹിക്കണമെന്നവിചാരവുമില്ല. പക്ഷെ അവരുടെ വായിൽ നിന്ന്‌ വിഴുന്ന വാക്കുകൾ സുന്ദരിയായ അവർക്ക്‌ അനാകർഷക വ്യക്തിത്വത്തിന്റെ പരിവേഷം നൽകുന്നു. അതേ ഓഫീസിൽ, അതേ മുറിയിൽ സരോജിനിയോടൊപ്പം ജോലിചെയ്യുന്ന രജനി സുന്ദരിയൊന്നുമല്ലെങ്കിലും എല്ലാവരുടെയും ഇഷ്ടതാരമാണ്‌. അവരുമായി സംസാരിക്കുവാനും ഇടപെടുവാനും എല്ലാവർക്കും താൽപര്യവുമുണ്ട്‌. പുഞ്ചിരിക്കുന്ന മുഖവും എളിമയുള്ള സംസാരവും അവരെ ആകർഷണീയയാക്കുന്നു. അവരുടെ വാക്കുകൾ സഹപ്രവർത്തകരിൽ സന്തോഷവും ഉത്സാഹവും ജനിപ്പിക്കുന്നു. അവരുടെ അനുമോദനവാക്കുകളും തമാശകളും അവരിൽ ഒരു 'പോസിറ്റീവ്‌ എനർജി' നിറയ്ക്കുന്നു. ഓഫീസിലെ ജോലിയുടെ വൈരസ്യവും സംഘർഷങ്ങളും ലഘൂകരിക്കുന്നു.
രജനി ഒരു ദിവസം ഓഫീസിലില്ലെങ്കിൽ പലരും പറയുന്നതു കേൾക്കാം, രജനിസാർ ഇല്ലാത്തതുകൊണ്ട്‌ ഇന്നൊരു രസവുമില്ല?
രജനിയുടെ സംഭാഷണ ചാതുര്യവും പ്രസന്ന ഭാവവും അവരെ ആകർഷണീയയാക്കുന്നു. സരോജിനിയെ അനാകർഷക വ്യക്തിയാക്കുന്നതും അവരുടെ സംസാര രീതി തന്നെ
ഒരാളുടെ സംഭാഷണ രീതികൾ അയാളുടെ വ്യക്തിത്വത്തിന്റെ പ്രധാന ഘടകമായി തീരുന്നു. അതുകൊണ്ടാണ്‌ മാർക്ക്‌ ട്വൈൻ ഇങ്ങനെ പറഞ്ഞത്‌:?ഒരു മനഷ്യന്റെ സ്വഭാവം അയാൾ പതിവായി സംഭാഷണത്തിൽ ഉപയോഗിക്കുന്ന വിശേഷണങ്ങളിൽ നിന്നും മനസ്സിലാക്കാം?
വ്യവസായ രംഗത്തും രാഷ്ട്രീയത്തിലും വ്യക്തി ജീവിതത്തിലും ഉന്നത വിജയങ്ങൾ നേടിയിട്ടുള്ള മിക്കവരുടെയും വിജയ രഹസ്യം അവരുടെ അസാധാരണമായ സംഭാഷണ ചാതുര്യം ആയിരുന്നു എന്നു കാണുവാൻ കഴിയും. അവരുടെ സംഭാഷണ രീതി മറ്റുള്ളവരെ ആകർഷിക്കുന്നതിനും അവരുടെ സ്നേഹ ബഹുമാനങ്ങൾ ആർജ്ജിക്കുന്നതിനും സഹായിച്ചിരുന്നു.
മോർട്ടിമർ ആഡ്ലർ വ്യക്തമാക്കിയതുപോലെ, ?സംഭാഷണമില്ലാതെ സ്നേഹം അസാദ്ധ്യമാണ്‌.
സംഭാഷണത്തിന്‌ ചില പ്രമാണങ്ങൾ
നാൻസി ഫ്രൈഡ്മാൻ ഒരിക്കൽ പറഞ്ഞു. 'അശുഭകരമായ വിവരങ്ങൾ അറിയിച്ചുകൊണ്ട്‌ ഒരു സംഭാഷണം തുടങ്ങാതിരിക്കുക'. വളരെ നാളുകൾക്ക്‌ ശേഷം ആദ്യമായി ഒരു സ്നേഹിതനെ കാണുമ്പോൾ, അയാൾക്ക്‌ സന്തോഷകരമല്ലാത്ത വിവരങ്ങൾ അറിയിച്ചുകൊണ്ട്‌ സംഭാഷണം ആരംഭിക്കാതിരിക്കുകയാണ്‌ ഉത്തമം എന്ന ഫ്രൈഡ്മാന്റെ ഉപദേശം പലപ്പോഴും നാം മറന്നു പോകുന്നു. അതു നമ്മെ ആളുകളിൽ നിന്നും അകറ്റാൻ ഇടയാക്കുന്നു.
ഒരാളുമായി സംഭാഷണം ആരംഭിക്കുന്നതിന്‌ മുമ്പ്‌ അയാളുടെ സ്റ്റാറ്റസ്‌, സ്വാഭാവ സവിശേഷതകൾ, മാനസിക ഭാവങ്ങൾ, പരിചിതനാണോ അല്ലയോ, ബിസിയാണോ സമയമുള്ളയാളാണോ, എന്നൊക്കെ മുൻകൂട്ടി ചിന്തിക്കുന്നതും അതിനെപ്പറ്റി ബോധവാനാകുന്നതും നല്ലതായിരിക്കും.
എറിക്‌ ബേണിന്റെ ട്രാൻസാക്ഷണൽ അനാലിസിസ്‌ തത്ത്വമനുസരിച്ച്‌ ഒരാൾ ശിശുഭാവത്തിലാണോ, പിതൃഭാവത്തിലാണോ, പക്വഭാവത്തിലാണോ എന്ന്‌ മനസ്സിലാക്കുകയും അതനുസരിച്ച്‌ സംസാരിക്കുകയും ചെയ്യുന്നത്‌ സുഗമവും സന്തോഷകരവുമായ സംഭാഷണത്തിന്‌ വഴിയൊരുക്കും. സംഭാഷണത്തിനിടയിൽ പോസിറ്റീവ്‌ സ്ട്രോക്കുകൾ (ജീശെശേ​‍്ല ട​‍്​‍ീരസല​‍െ) ധാരാളമായി ഉപയോഗിക്കുന്നത്‌ അയാളിൽ ഉത്സാഹവും ആവേശവും ജനിപ്പിക്കുകയും ചെയ്യും.
ഒരാളെ കാണുമ്പോൾ അയാളെ 'ഹലോ' പറഞ്ഞ്‌ ആവേശപൂർവ്വം പുഞ്ചിരിയോടെ അഭിവാദ്യം ചെയ്യുക. കഴിയുമെങ്കിൽ ഊഷ്മളമായി ഹസ്തദാനം ചെയ്ത്‌ സ്വീകരിക്കുക. അപരിചിതനാണെങ്കിൽ നിങ്ങൾ സ്വയം പരിചയപ്പെടുത്തുക, അതിനു ശേഷം അയാളുടെ വിവരങ്ങൾ അന്വേഷിക്കുക. പ്രത്യേക ശ്രദ്ധയും പരിഗണനയും നൽകിയതായി അയാൾക്ക്‌ അനുഭവപ്പെടണം.
പക്ഷെ, ഒരു രഹസ്യാന്വേഷകനെപ്പോലെ അയാളുടെ വ്യക്തിപരമായ കാര്യങ്ങൾ കൂടുതലറിയാൻ താൽപര്യം കാണിക്കരുത്‌. അയാളെ കുഴക്കുന്ന ചോദ്യങ്ങൾ ചോദിച്ച്‌ വിഷമിപ്പിക്കുകയും ചെയ്യരുത്‌. ഒരാളുടെ ജോലിയെപ്പറ്റിയുള്ള വിശദാംശങ്ങൾ, ശമ്പളം, റിട്ടയർ ചെയ്യുന്ന വർഷം. പ്രായം തുടങ്ങിയ കാര്യങ്ങൾ ചോദിക്കുന്നത്‌ പലർക്കും അനിഷ്ടം ഉണ്ടാക്കുമെന്ന്‌ ഓർക്കുക. സംഭാഷണം വ്യക്തിബന്ധങ്ങളുടെ കളയാണ്‌. ഈ കലയിലെ പ്രാവീണ്യം നിങ്ങളെ വിജയത്തിന്റെ കൊടുമുടികൾ കീഴടക്കാൻ സഹായിക്കും.
നിങ്ങളുടെ സംഭാഷണം ആകർഷണീയവും ഫലപ്രദവുമാക്കുന്നതിന്‌ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്‌. അവയിൽ ഏറ്റവും പ്രാധാന്യമേറിയ പത്ത്‌ പ്രമാണങ്ങൾ താഴെ പറയുന്നു.
1. സംഭാഷണത്തിൽ മേധാവിത്വം നേടുവാൻ ശ്രമിക്കാതിരിക്കുക.
ധാരാളമാളുകളിൽ കാണുന്ന അതിശക്തമായ ഒരു പ്രവണതയാണ്‌ സംഭാഷണങ്ങളിൽ മേധാവിത്വം നേടുവാൻ ശ്രമിക്കുക എന്നുള്ളത്‌. മറ്റുള്ളവരെ ആകർഷിക്കുന്നതിനും അവരിൽ നല്ല മതിപ്പ്‌ ഉളവാക്കുന്നതിനും, കൂടുതൽ സംസാരിക്കുകയും സംഭാഷണം തന്റെ സ്വാധീനത്തിലും നിയന്ത്രണത്തിലും വരുത്തുകയും വേണമെന്ന്‌ വിശ്വസിക്കുന്നവരാണ്‌ ഇക്കൂട്ടർ. പക്ഷെ ഫലം വിപരീതമായിരിക്കുമെന്നതാണ്‌ വസ്തുത. മറ്റുള്ളവർക്ക്‌ അവസരം നൽകാതെ, അവരുടെ വാക്കുകൾ കേൾക്കാൻ താൽപര്യം കാണിക്കാതെ സംഭാഷണത്തിന്റെ സിംഹഭാഗവും അപഹരിക്കുന്ന വ്യക്തി മറ്റുള്ളവരിൽ അതൃപ്തിയും അകൽച്ചയും സൃഷ്ടിക്കുകയാണ്‌ ചെയ്യുന്നത്‌.
2. സംഭാഷണത്തിൽ നിങ്ങളുടെ പാണ്ഡിത്യം വിളമ്പാതിരിക്കുക.
സംഭാഷണത്തിൽ നിങ്ങളുടെ പാണ്ഡിത്യം വിളമ്പാൻ ശ്രമിച്ചാൽ എന്താകും ഫലം എന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ. സ്വന്തം മഹത്വവും പാണ്ഡിത്യവും പ്രകടിപ്പിച്ചുകൊണ്ടുള്ള സംഭാഷണരീതി ശ്രോതാക്കളിൽ വിരസതയും വെറുപ്പും സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. അഹങ്കാരവും പൊങ്ങച്ചവും നിറഞ്ഞ സംഭാഷണം ആർക്കും ഏറെ നേരം സഹിക്കുവാൻ കഴിയുകയില്ല. കേൾവിക്കാരെ നിങ്ങൾ?ലാത്തിച്ചാർജ്ജ്‌? ചെയ്യുന്നതിന്‌ തുല്യമാകുമത്‌.
3. സംഭാഷണം ശ്രോതാവിനെ കേന്ദ്രീകരിച്ചാക്കുക.
നിങ്ങളുടെ സംഭാഷണം കൂടുതലും ശ്രോതാവിന്റെ താൽപര്യവും ഉത്സാഹവും ആകാംക്ഷയും നിലനിർത്തുന്ന തരത്തിലാവാൻ പ്രത്യേകം ശ്രദ്ധിക്കണം. അയാൾക്ക്‌ താൽപര്യമുള്ള കാര്യങ്ങളെയും വിഷയങ്ങളെയും വ്യക്തികളെയും കേന്ദ്രീകരിച്ചാവണം സംഭാഷണം പുരോഗമിക്കേണ്ടത്‌. അപ്പോൾ മാത്രമേ വർദ്ധിച്ച താൽപര്യത്തോടും ഉത്സാഹത്തോടും കൂടി നിങ്ങളുടെ വാക്കുകൾ ശ്രദ്ധിക്കുകയും അതിനനുകൂലമായി പ്രതികരിക്കുകയും ചെയ്യുകയുള്ളൂ.
4. ചോദ്യം ചോദിക്കുക.
സംഭാഷണത്തിനിടക്ക്‌ ചോദ്യങ്ങൾ ചോദിച്ചുകൊണ്ട്‌ മറ്റുള്ളവരുടെ ശ്രദ്ധയും ഉത്സാഹവും വർദ്ധിപ്പിക്കുക. അവരുടെ അഭിപ്രായങ്ങൾ ആരായുകയും അതു ശ്രദ്ധിക്കാൻ താൽപര്യം കാണിക്കുകയും ചെയ്യുക. ചോദ്യങ്ങൾ സംഭാഷണത്തിന്‌ ഊർജ്ജവും ഊഷ്മളതയും പ്രദാനം ചെയ്യും. സംഭാഷണം സജീവമായി തുടരുന്നതിന്‌ ഇത്‌ വഴിയൊരുക്കുന്നു.
5. മറ്റുള്ളവർക്കും സംസാരിക്കാൻ അവസരം നൽകുക.
സംഭാഷണം ഒരു ഏകപക്ഷീയ പ്രക്രിയ അല്ല. അത്‌ പരസ്പര പൂരകമായിരിക്കണം. മറ്റുള്ളവർക്ക്‌ സംസാരിക്കാൻ അവസരം നൽകുക. അവരെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുക. അവർ സംസാരിക്കുമ്പോൾ നിങ്ങൾ മൗനം പാലിക്കുക. സിസറോ പറഞ്ഞതുപോലെ, ഏറ്റവും വലിയ സംഭാഷണ കലകളിൽ ഒന്നാണ്‌ മൗനം.
6. നല്ല ശ്രോതാവാകുക
മറ്റുള്ളവർ സംസാരിക്കുമ്പോൾ വളരെ ശ്രദ്ധയോടെയും താൽപര്യത്തോടെയും ശ്രദ്ധിക്കുകയും ശ്രവിക്കുകയും ചെയ്യുക. നിങ്ങളുടെ മുഖഭാവവും കണ്ണുകളിലെ തിളക്കവും മറ്റ്‌ ശരീരഭാഷാസൊ‍ാചനകളും നിങ്ങളുടെ താൽപര്യം വിളിച്ചറിയിക്കും. അത്‌ അവരെ കൂടുതൽ സന്തോഷിപ്പിക്കുകയും സംഭാഷണം അനർഗ്ഗളം തുടരുകയും ചെയ്യും. സംഭാഷണ വേളയിൽ മറ്റുള്ളവരെ ഇടയ്ക്ക്‌ തടസ്സപ്പെടുത്താതിരിക്കുക. ?പറയാനുള്ളത്‌ പറഞ്ഞു കഴിഞ്ഞു? എന്ന സംതൃപ്തി അവർക്ക്‌ ലഭിക്കട്ടെ.
7. നർമ്മഭാഷണം ശീലിക്കുക.
നർമമഭാഷണത്തിന്റെ ആകർഷണീയത അത്ഭുതകരമാണ്‌. സംഭാഷണത്തിൽ രസകരമായ രീതിയിൽ നർമ്മം കലർത്തുകയും മറ്റുള്ളവരെ ചിരിപ്പിക്കുകയും ചെയ്യുന്നവരെ എല്ലാവരും തന്നെ ഇഷ്ടപ്പെടുന്നു. അവരുടെ തമാശകളും നർമ്മ കഥകളും കൂടുതൽ കേൾക്കാൻ ആഗ്രഹം തോന്നുന്നു. അവരുടെ സാമീപ്യവും സംഭാഷണവും ആനന്ദകരമായിത്തീരുന്നു. ?നർമ്മം സംഭാഷണത്തിലെ ഉപ്പാണ്‌ ആഹാരമല്ല? എന്നാണ്‌ വില്ല്യം ഹാസ്ലിറ്റ്​‍്‌ അഭിപ്രായപ്പെടുന്നത്‌.

8. പുഞ്ചിരിക്കുക
സംസാരിക്കുമ്പോഴും സംസാരം ശ്രവിക്കുമ്പോഴും നിങ്ങളുടെ മുഖത്തൊരു പുഞ്ചിരി വിടർന്ന്‌ നിൽക്കട്ടെ. പുഞ്ചിരിയോടെയുള്ള സംസാരം കൂടുതൽ ആകർഷണീയവും ആസ്വാദ്യകരവുമായി മറ്റുള്ളവർക്കനുഭവപ്പെടും. മറ്റുള്ളവരുടെ സംസാരം ശ്രവിക്കുമ്പോൾ അവസരോചിതമായി വേണം പുഞ്ചിരിക്കാൻ. ദുഃഖകാര്യങ്ങൾ പറയുമ്പോഴും ശ്രവിക്കുമ്പോഴും ചിരിക്കുന്നതും പുഞ്ചിരിക്കുന്നതും ഒഴിവാക്കുക.
9. നയന സമ്പർക്കം പുലർത്തുക
മറ്റുള്ളവരോട്‌ സംസാരിക്കുമ്പോൾ അവരുടെ കണ്ണുകളിൽ മാറി മാറി നോക്കുക. ഒരാളിൽ തന്നെ ദൃഷ്ടി കേന്ദ്രീകരിക്കുന്നത്‌ ഒഴിവാക്കുക. ഇന്റർവ്യൂകളിൽ ചോദ്യം ചോദിക്കുന്ന ആളുകളുമായി കൂടുതൽ നയനസമ്പർക്കം പുലർത്താം. എന്നാൽ എപ്പോഴും ഒരാളുടെ കണ്ണുകളിൽ തന്നെ നോട്ടം കേന്ദ്രീകരിക്കുന്നത്‌ അസ്വാസ്ഥ്യജനകമായിരിക്കും.
?അവൻ സംസാരിക്കുന്നില്ല എങ്കിലും അവന്റെ നയനങ്ങളിൽ സംഭാഷണം കുടികൊള്ളുന്നു, എന്ന പ്രശസ്ത ആംഗലേയ കവി എച്ച്‌. ഡബ്ല്യൂ. ലോംഗ്ഫെല്ലോയുടെ വരികൾ നയനസമ്പർക്കത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
10. മറ്റൊരാൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ സംസാരം അവസാനിപ്പിക്കാതിരിക്കുക.
സംഭാഷണം അവസാനിപ്പിക്കുന്ന രീതി വളരെ പ്രാധാനപ്പെട്ട ഒന്നാണ്‌. മറ്റൊരാൾ വളരെ ആവേശപൂർവ്വം സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ സംഭാഷണം നിർത്തി വിടവാങ്ങാൻ തുടങ്ങുന്നത്‌ അനുചിതമായിരിക്കും. അതുപോലെ ഇടയ്ക്കിടക്ക്‌ വാച്ചിൽ നോക്കി അസ്വസ്ഥത പ്രകടിപ്പിക്കുന്നതും. അതുകൊണ്ട്‌ നിങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ സംഭാഷണം ഉപസംഹരിക്കുന്നതാവും അനുയോജ്യമായ രീതി. അതാരെയും വിഷമിപ്പിക്കുകയില്ല.
സംഭാഷണ ചാതുരി വർദ്ധിക്കുന്നതോടുകൂടി മറ്റുള്ളവരുടെ മതിപ്പും ബഹുമാനവും സ്നേഹവും നേടിയെടുക്കുന്നതിനും വ്യക്തിബന്ധങ്ങൾ സുദൃഢമാക്കുന്നതിനും അനായാസം നിങ്ങൾക്ക്‌ കഴിയും.

24 May 2015

കൃഷ്ണായനം


ഡോ.അമ്പലപ്പുഴ ഗോപകുമാർ

നന്ദനന്ദനാനിൻതിരുകാരുണ്യ-
സിന്ധുവിൻ നീന്തിനീന്തിനടക്കുമ്പോൾ,
അന്തരംഗത്തിൽ നിൻ മധുരാകാര-
ഭംഗികൾ മിന്നിമിന്നിത്തിളങ്ങുമ്പോൾ,
കണ്ണുരണ്ടും നിറഞ്ഞുതുളിമ്പിയെൻ
കാഴ്ചമങ്ങി പരുങ്ങിനിന്നീടുമ്പോൾ,
നിന്നെ വാഴ്ത്തുവാൻ- അല്ല-വിളിക്കുവാൻ
പോലുമാവാതെ കണ്ഠമിടറുമ്പോൾ,
കൈത്തലം ചേർത്തുകൂപ്പുവാൻ വയ്യാതെ
അത്തൽപൂണ്ടുതളർന്നുപോയീടുമ്പോൾ,
പ്രാണനാളമെടുത്തോരുവേണുവായ്‌
ചേണെഴുംസ്വരവീചിയുണർത്തി നീ
ഞാനറിയാതെയോടി വന്നെൻ ജീവ-
ഗാനമായ്‌ പെയ്തുപെയ്തുനിൽക്കുന്നുവോ?
നോവുകളേറ്റുവാങ്ങി നീയെൻമനോ-
വേദനകളും പങ്കുവയ്ക്കുന്നുവോ?

എങ്ങോളിഞ്ഞുമറഞ്ഞനുമാത്രയും
എന്റെ കണ്ണിന്റെ കണ്ണായിരിപ്പൂ നീ...
ആപ്തബന്ധുവായ്‌, സ്വന്തമായ്‌, ഞാനെന്നൊ-
രാത്മബോധത്തിൽ ഞാൻ തന്നെയായി നീ
എന്റെ ജാഗരസ്വപ്നസുഷുപ്തിയിൽ
എന്റെ ജീവന്റെ ശ്വാസവേഗങ്ങളിൽ
നിർന്നിമേഷമലിഞ്ഞൊഴുകീടുന്ന
നിന്നെയെങ്ങനെവേറിട്ടുകാണുവാൻ

എന്തൊരത്ഭുതം, നിൻമഹസ്സെത്രയോ
മുമ്പറിഞ്ഞതാമദ്വൈതദർശനം
ചിന്തയിൽ, വാക്കിൽ, കർമ്മകാണ്ഡങ്ങളിൽ
പൊൻതിരികൾ കൊളുത്തുന്നുവേങ്കിലും,
നീയറിയാതൊരു തളിർത്തൊത്തിലും
ഈരിലകൾ വിരിയുവതില്ലെന്നും,
നീയറിയാതൊരു പാഴ്ക്കരിയില
പോലുമിങ്ങിളകീടുകയില്ലെന്നും,
സത്യമായഖിലാധാരഭൂതമാം
ശക്തിയായിങ്ങുനീമാത്രമാണെന്നും,
എത്രയോ ഗുരുകാരുണ്യഭാഷിതം
ചിത്പ്രകാശം പകർന്നുതന്നെങ്കിലും,
എന്മനോമണിവർണ്ണനെയോർക്കുമ്പോൾ
കണ്ണനെന്ന ഒരു നാമം ശ്രവിക്കുമ്പോൾ
എന്മനസറുപൊന്നരയാൽമര-
ക്കൊമ്പുപോലെവളർന്നുപടർന്നതിൽ
നീലനീരദപാളിയടർന്നപോൽ
പീലിചൂടിയ വാർമുടിക്കെട്ടുമായ്‌,
പട്ടുടയാടചുറ്റിയും കസ്തൂരി-
പ്പൊട്ടുചാർത്തിയും കോലക്കുഴലുമായ്‌
എത്തിടുന്നു നീയെന്നുള്ളിലേപ്പോഴും
നിത്യതയുടെ സർഗ്ഗസൗന്ദര്യമായ്‌.
സപ്തസാഗരവീണകൾ മീട്ടുന്ന
നിസ്തുല പ്രേമസാന്ദ്രസംഗീതമായ്‌.
മാനകൽപ്പനാതീതകാലത്തിന്റെ
ഞാണൊലിയാകുമോംകാരനാദമായ്‌.
ഈയപാരതയെപ്പൂൽകിനിൽക്കുന്ന
പാരമാർഥികപ്രജ്ജാസ്വരൂപമായ്‌...
!

എന്നെ ഞാനാക്കിമാറ്റുന്ന നീയൊഴി-
ഞ്ഞന്യമായൊന്നുമില്ലെന്ന ബോധത്തിൽ
എങ്ങുനിന്നീക്കുഴൽവിളികേൾക്കുന്നു
അന്തരംഗം സചേതനമാക്കുന്നു.
നന്ദനന്ദനായ്‌ വൃന്ദാവനത്തിലോ
എന്റെയുള്ളീലോ നീ കുടിപാർക്കുന്നു?
നിന്റെ കാരുണ്യസിന്ധുവിൽ നീന്തുമെൻ
ചിന്തയിൽപ്പൂനിലാവലച്ചാർത്തിന്റെ
ഭംഗിയോ, ജഗന്മംഗളവാചിയായ്‌
എങ്ങുമെങ്ങുംനിറഞ്ഞൊഴുകീടുന്നു!
എന്തുമോഹനം പാവനം ജീവനം!!

22 Apr 2015

ചന്തയും മനുഷ്യനും


 എം.തോമസ്മാത്യു

    ലോകത്തിന്റെ ചരിത്രം പുതിയ ഒരദ്ധ്യായമെഴുതി മനുഷ്യജീവിതത്തിന്റെ താളം ഒറ്റയടിക്ക്‌ മാറിയ പശ്ചാത്തലത്തിൽ, ആ മാറ്റങ്ങൾക്കടിയിൽ തെളിഞ്ഞും തെളിയാതെയും കണ്ട ചില അപകടസാധ്യതകളെ പ്രതിരോധിക്കാൻ വേണ്ടിയാണ്‌ ജോർജ്ജ്‌ വില്യംസ്‌ വൈ.എം.സി.എ പ്രസ്ഥാനത്തിനു തുടക്കമിട്ടത്‌. മനുഷ്യബന്ധങ്ങൾ മുഴുവൻ മാറുകയായിരുന്നു; ജീവിതശൈലി അപ്പാടെ മാറി. അതോടെ നൈതിക ക്രമവും വ്യത്യസ്തമായി. ഇതിൽ വലിയൊരു ആപത്തിന്റെ സാധ്യത കണ്ടിട്ടാണ്‌, ഇതിനെതിരെ എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന നിർബന്ധം കൊണ്ടാണ്‌ ഈ പ്രസ്ഥാനം രൂപം കൊണ്ടത്‌. അന്ന്‌ ഭയപ്പാടോടെ സങ്കൽപിച്ചവയെല്ലാം ഇതാ യാഥാർത്ഥ്യമായിരിക്കുന്നു എന്ന നടുക്കത്തിന്റെ നടുവിലേക്ക്‌ മനുഷ്യൻ എറിയപ്പെട്ടിരിക്കുന്നു.
    ഒഴിഞ്ഞു മാറേണ്ടവയെല്ലാം കാമ്യവും രുചികരവുമായി പ്രത്യക്ഷപ്പെടുക എന്നതാണല്ലോ മനുഷ്യന്റെ മുമ്പിൽ വന്നുപെടുന്ന എല്ലാം ചതികളുടെയും  സവിശേഷത. കയ്യൊഴിക്കാൻ കഴിയാത്ത സൗകര്യങ്ങളും വാഗ്ദാനങ്ങളുമായി അവ വന്നു നിരക്കുന്നു. എങ്ങനെ വേണ്ടെന്നുവയ്ക്കും? വേണ്ടെന്നു വച്ചാൽ ജീവിതം തന്നെ സാധ്യമാണോ? അതിലേറെ വിചിത്രമല്ലേ ഒരു കാലത്ത്‌ ആവേശത്തോടെ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ യാഥാർത്ഥ്യമായപ്പോൾ വിപരീതഫലം ഉണ്ടാക്കി എന്നത്‌! ഒരു ഉദാഹരണം നോക്കാം. ഏക ലോകം എന്നത്‌ ഒരു കാലത്തെ വിമോഹനമായ ഒരു സ്വപ്നമായിരുന്നു. അനേകം രാഷ്ട്രങ്ങളായി, സംസ്കാരങ്ങളായി ചിതറിക്കിടന്നപ്പോൾ എന്തെല്ലാം തരം പകകളും പടകളുമാണ്‌ സ്വസ്ഥജീവിതത്തിനു ഭീഷണി മുഴക്കിക്കൊണ്ടിരുന്നത്‌. യുദ്ധമൊഴിഞ്ഞൊരു കാലം ഉണ്ടായിരുന്നോ? സമാധാനമെന്നത്‌ കൊതിയോടെ സ്വപ്നം കാണേണ്ട ഒന്നായിരുന്നില്ലേ? അക്കാലത്താണ്‌ ലോകസമാധാനത്തെക്കുറിച്ചും ഏകലോകത്തെക്കുറിച്ചുമുള്ള കിനാവുകൾ വിരിഞ്ഞത്‌. അന്നൊന്നും അത്‌ യാഥാർത്ഥ്യമായില്ല. എന്നാൽ, പുതിയ വടിവിൽ ഏകലോകം പിറന്നിരിക്കുന്നു. ഭൂഗോളം ഒരൊറ്റ ഗ്രാമമായിത്തീർന്നിരിക്കുന്നു എന്നല്ലേ ഇപ്പോൾ പറഞ്ഞു കേൾക്കുന്നത്‌! പക്ഷേ, ഭൂഗോളത്തെ ഒരൊറ്റ ചന്ത (ഏഹീയലഹ ങമൃസല​‍ി) ആക്കിക്കൊണ്ടാണ്‌ ഈ സ്വപ്നം ഫലിച്ചതു. ആഗ്രഹം നടന്നു, വിപരീതഫലം എന്നുമാത്രം!
    ചന്തയുടെ പ്രത്യേകത അവിടെ മനുഷ്യർ ഇല്ലാതാകുന്നു എന്നതാണ്‌. ചന്തയിൽ വരുന്നത്‌ ഇടപാടുകാരാണ്‌-വാങ്ങാനും വിൽക്കാനും വരുന്ന ഇടപാടുകാർ. എന്റെ കൈവശമുള്ള ചരക്കുകൾ മുന്തിയ വിലയ്ക്കു വിൽക്കണം, എനിക്കു വാങ്ങേണ്ട ചരക്കുകൾ ഏറ്റവും കുറഞ്ഞ വിലയ്ക്കു സ്വന്തമാക്കണം എന്നുമാത്രമേ എനിക്കു നോക്കേണ്ടതുള്ളു. ചന്തയിൽ ഞാൻ സന്ധിക്കുന്ന മനുഷ്യരെല്ലാം എന്റെ ലാഭചിന്തക്ക്‌ ഇരയാകേണ്ടവർ മാത്രം. അവരുടെ കണ്ണിൽ ഞാനും ഒരു ഇരമാത്രമാണെന്ന കാര്യം ഈ തിരക്കിൽ ഞാൻ മറക്കുന്നു. അഥവാ, അസുഖകരമായ കാര്യങ്ങൾ ഓർക്കാതിരിക്കാൻ വേണ്ട ലഹരികൾ സംഭാവന ചെയ്യാൻ ഈ ചന്തയുടെ സംസ്കാരം വിസ്മരിക്കുന്നില്ലല്ലോ.
    ഈ സംസ്കാരം എല്ലാ ആത്മബന്ധങ്ങളെയും ഇല്ലായ്മ ചെയ്യുന്നു. അപരിചിതരുടെ ആൾക്കൂട്ടമായി മനുഷ്യലോകത്തെ മാറ്റിത്തീർക്കുന്ന ഒരു പുതുവ്യവസ്ഥയാണ്‌ ഉണ്ടായിരിക്കുന്നത്‌. ഈ വ്യവസ്ഥയിൽ ആർക്കും ആരെക്കുറിച്ചും വേവലാതിപ്പെടേണ്ടതില്ല; ആകെയുള്ള വേവലാതി അവനവനെക്കുറിച്ചു മാത്രം. യഥാർത്ഥത്തിൽ ഈ തിരക്കിനിടയിൽ അവനവൻ ഇല്ലാതാവുകയും പകരം എന്തൊക്കെയോ അദൃശ്യ ശക്തികൾക്ക്‌ അടിമപ്പണി ചെയ്യുന്ന ഒരു ജീവിയായി രൂപാന്തരപ്പെടുകയും ചെയ്ത വിവരം അറിയുന്നു തന്നെയില്ല. അർത്ഥരഹിതമായ വ്യഗ്രതകളുടെയും ഉത്കണ്ഠകളുടെയും സമ്മർദ്ദത്തിൽപ്പെട്ട്‌ ഞെരിഞ്ഞമർന്ന ഈ ജീവി മനുഷ്യൻ എന്ന പദവി സ്വയം നശിപ്പിച്ചിരിക്കുന്നു.
    വ്യഗ്രതപൂണ്ട ഈ നിരർത്ഥക ജീവിതത്തിന്റെ സ്വഭാവം വെളിവാക്കുന്ന എന്തെല്ലാം ആവിഷ്കരണങ്ങളാണ്‌ പ്രവാചക തുല്യമായ ഉൾക്കാഴ്ചയോടെ കഴിഞ്ഞ നൂറ്റാണ്ടിൽ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നതെ
ന്ന്‌ ഓർത്താൽ അത്ഭുതം തോന്നും. അവയിൽ ഒന്നിലെ ഒരു സന്ദർഭം മാത്രം ചൂണ്ടിക്കാണിക്കട്ടെ. ചെക്കോസ്ലാവോക്യക്കാരായ രണ്ടു സഹോദരന്മാർ-ജോസഫ്‌ ചാ പെക്കും, കാറൽ ചാ പെക്കും -ചേർന്ന്‌ എഴുതിയ ഒരു നാടകമാണ്‌ കീടജന്മം(ഘശളല ​‍ീള കിലെര​‍േ​‍െ)ഈ നാടകത്തിലെ കീടങ്ങളെല്ലാം മനുഷ്യർ തന്നെ. എന്നുവച്ചാൽ കീടങ്ങളുടെ വാസനകൾ തന്നെയാണ്‌, മാനുഷികമായ സദ്ഭാവങ്ങളെല്ലാം നഷ്ടപ്പെട്ട വാസനകൾ തന്നെയാണ്‌, മനുഷ്യനെ ഭരിക്കുന്നത്‌ എന്നർത്ഥം. അതിലെ കഥാപാത്രങ്ങളിലൊന്ന്‌ ചാണക ഉരുള ഉരുട്ടിക്കൊണ്ടിരിക്കുന്ന വണ്ടുകളാണ്‌. നമ്മുടെ പഴയ കാർഷിക കാലത്തെ ഓർമ്മകളിൽ ആ ജീവി ഉണ്ട്‌. ഈ നാടകത്തിൽ ഭാര്യയും ഭർത്താവും കൂടി ഈ ഉണ്ട ഉരുട്ടിക്കൊണ്ടിരിക്കുന്നു. "ഒരു ചാണക ഉണ്ട സ്വന്തമായി ഉള്ളത്‌ എത്ര ആനന്ദകരമാണ്‌! ഇനി നമുക്ക്‌ ഒരെണ്ണം കൂടി ഉണ്ടാക്കണം." ഈ കഥാപാത്രങ്ങൾ യഥാർത്ഥത്തിൽ ആരാണ്‌? എന്തു ചെയ്യാനാണ്‌ ഈ ഉണ്ട എന്ന്‌ അവർക്ക്‌ അറിഞ്ഞുകൂടാ; അറിയേണ്ട ആവശ്യവും അവർക്കില്ല. അങ്ങനെയൊന്ന്‌ സ്വന്തമായി ഉണ്ട്‌ എന്ന പൊള്ളയായ അഭിമാനമേ വേണ്ടൂ. മനുഷ്യൻ എന്ന്‌ അഹങ്കരിക്കുന്ന, സൃഷ്ടിയുടെ മകുടം എന്ന വിധം സൃഷ്ടിച്ച്‌ ഈ ലോകത്തിന്റെ പരിപാലനകർമ്മം സൃഷ്ടാവ്‌ ഏൽപ്പിച്ചു കൊടുത്ത മനുഷ്യൻ, എത്തിയിരിക്കുന്നത്‌ ഈ ചാണകവണ്ടിന്റെ പദവിയല്ലേ? സ്വന്തമായി ഉണ്ട്‌ എന്ന ദുരഭിമാനം മാത്രം പകരം തരുന്ന നിരുപയോഗ വസ്തുക്കൾ വാരിക്കൂട്ടി നിരർത്ഥകമായ പൊങ്ങച്ചങ്ങളുടെ പാഴ്ജന്മമായിക്കൊണ്ടിരിക്കുന്ന മനുഷ്യൻ എന്നതല്ലേ സത്യം?
    നാം സ്വന്തമാക്കുന്നത്‌ നമ്മെ സ്വന്തമാക്കും എന്ന്‌ ചിന്തകൻ പറഞ്ഞിട്ടുണ്ട്‌. ഏറെ പണിപ്പെട്ട്‌ സ്വരുക്കൂട്ടിയ സമ്പത്തിന്റെ അടിമയായി അതിനെ സംരക്ഷിക്കാനും പൊലിപ്പിക്കാനും വേണ്ടി സ്വാസ്ഥ്യം നഷ്ടപ്പെടുത്തി ഉഴറിജീവിക്കുന്ന മനുഷ്യൻ എത്ര സഹതാപാർഹനാണ്‌! പക്ഷേ, ഈ അവസ്ഥയിലാണ്‌ എത്തിയിരിക്കുന്നതെന്ന്‌ അറിയുന്നില്ലെന്നു മാത്രം!
    ഈ സാഹചര്യത്തിലാണ്‌, ഈ ലോകവ്യവസ്ഥ അസംബന്ധ നാടകത്തിലെ കഥാപാത്രങ്ങളായി മനുഷ്യനെ പരിവർത്തിപ്പിച്ച ദുർദ്ദശയിലാണ്‌ വൈ.എം.സി.എ പ്രവർത്തിക്കുന്നത്‌. ഈ പതനത്തിലേക്കുള്ള കുതിപ്പിനെയാണ്‌ പുരോഗതി, വികാസം എന്നൊക്കെ പറയുന്നതെന്ന കാര്യം ആരും അറിയുന്നില്ലെന്നു മാത്രം. ഇവിടെ പ്രസ്ഥാനത്തിന്റെ കർത്തവ്യം ഭാരിച്ചതായി മാറുന്നു. എന്താണ്‌ സത്യം, എന്താണ്‌ ജീവിതത്തിന്റെ പൊരുൾ, എന്ന്‌ ലോകത്തോടു പറയാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന്‌ ഒഴിയാൻ വയ്യ. ആത്മാവു നഷ്ടപ്പെട്ട മനുഷ്യനെ വീണ്ടെടുത്ത്‌ ആത്മബോധത്തിന്റെ വെളിച്ചത്തിലേക്ക്‌ ആനയിക്കാനുള്ള കനത്ത ഉത്തരവാദിത്വമാണ്‌ പ്രസ്ഥാനം വഹിക്കുന്നത്‌. ചിറ്റു വിനോദങ്ങൾ ഒരുക്കുന്ന ഒരു ക്ലബ്ബല്ല വൈ.എം.സി.എ, പണിപ്പെട്ടു സമ്പാദിക്കുന്ന ഇടവേളകളിൽ സൊറപറഞ്ഞിരിക്കാനുള്ള ഇടവുമല്ല ഇത്‌. 'സത്യം നിങ്ങളെ സ്വതന്ത്രരാക്കും' എന്നാണ്‌ ദൈവത്തിന്റെ വചനം. സത്യത്തിലേക്ക്‌ മനുഷ്യനെ ഉണർത്താൻ കഴിയുക എന്നത്‌ വൈ.എം.സി.എയുടെ കനത്ത ഉത്തരവാദിത്വമാണ്‌.

11 Mar 2015

നാളികേരമല്ല, നാളികേര കർഷകരാണ്‌ വിഷയം

ഉറോൺ എൻ സലൂം





കൊച്ചിയിൽ ഫെബ്രുവരി 2-5 വരെ നടന്ന ഏഷ്യൻ പസഫിക്‌ നാളികേര സമൂഹത്തിന്റെ മന്ത്രിതല സമ്മേളനത്തിൽ എപിസിസി എക്സിക്ക്യുട്ടീവ്‌ ഡയറക്ടർ ഉറോൺ എൻ സലൂം നടത്തിയ ഉപക്രമ പ്രസംഗത്തിന്റെ പ്രസക്ത ?ഭാഗങ്ങൾ:


എപിസിസി സെക്രട്ടേറിയറ്റിന്റെയും സംഘാടക സമിതിയുടെയും പേരിൽ കൊച്ചിയിൽ നടക്കുന്ന ഈ 51-​‍ാമത്‌ മന്ത്രിതല സമ്മേളനത്തിലേയ്ക്ക്‌ നിങ്ങളേവരെയും സ്വാഗതം ചെയ്യുന്നു. ഈ മന്ത്രിതല സമ്മേളനത്തിന്‌ ആതിഥ്യമരുളുകയും അതിലേയ്ക്ക്‌ കേന്ദ്ര കൃഷി സഹമന്ത്രിയെ അയക്കുകയും ചെയ്ത ഇന്ത്യ ഗവണ്‍മന്റിനോട്‌ ഞങ്ങളുടെ ആത്മാർത്ഥമായ നന്ദി അറിയക്കുന്നു. ഈ ഉദ്ഘാടന സമ്മേളനത്തെ മഹനീയ സാന്നിധ്യം കൊണ്ട്‌ അനുഗ്രഹിച്ച കേരളത്തിന്റെ ആദരണീയനായ എക്സൈസ്‌ തുറമുഖ മന്ത്രി, ബഹുമാനപ്പെട്ട എറണാകുളം എംപി എന്നിവർക്കും ഞങ്ങളുടെ നിസ്സീമമായ നന്ദി രേഖപ്പെടുത്തുന്നു. ഒപ്പം  ഈ വേദിയിൽ സന്നിഹിതരായിരിക്കുന്ന സമോവ, ഫിജി എന്നീ രാജ്യങ്ങളുടെ കൃഷി മന്ത്രിമാരോടും ഞങ്ങൾ നന്ദി പറയുന്നു. ഈ സമ്മേളനത്തിലേയ്ക്ക്‌ പ്രതിനിധികളെ അയച്ച ഒമാൻ, ബംഗ്ലാദേശ്‌ എന്നീ രാഷ്ട്ര ഭരണകൂടങ്ങളെയും ഞങ്ങൾ നന്ദി അറിയിക്കുന്നു. ഫിലിപ്പീൻസ്‌ ഗവണ്‍മന്റിന്റെ പ്രതിനിധിയായി ഫിലിപ്പീൻസ്‌ കോക്കനട്‌ അതോറിറ്റി അഡ്മിനിസ്ട്രേറ്ററും, എപിസിസി മുൻ എക്സിക്ക്യൂട്ടീവ്‌ ഡയറക്ടറും എന്റെ മുൻഗാമിയുമായ റോമുളോ അരൻകോൺ ജൂണിയർ ഇവിടെ സന്നിഹിതനായിട്ടുണ്ട്‌. ഈ നാലു ദിവസത്തെ സമ്മേളനം ഇവിടെ നടത്തുന്നതിനുള്ള വേദിയും, ഇതര സംവിധാനങ്ങളും വളരെ മികച്ച രീതിയിൽ ആസൂത്രണം ചെയ്ത ഇന്ത്യ ഗവണ്‍മന്റിന്റെ കൃഷി മന്ത്രാലയത്തെയും നാളികേര വികസന ബോർഡിനെയും ഞങ്ങളുടെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു. 
ഐക്യരാഷ്ട്ര സഭയുടെ ഏഷ്യ - പസഫിക്‌ സാമൂഹ്യ സാമ്പത്തിക കമ്മിഷനു കീഴിൽ ഏഷ്യൻ പസഫിക്‌ നാളികേര സമൂഹം രൂപീകൃതമായിട്ട്‌ അടുത്ത സെപ്റ്റംബർ രണ്ടിന്‌ 46 വർഷമാകും. പ്രാദേശിക അന്തർ ഗവണ്‍മന്റ്‌ സംഘടന എന്ന നിലയിൽ എപിസിസിയ്ക്ക്‌ ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം തേടി സെക്രട്ടറി ജനറലിനെ സമീപിക്കാൻ ഈ പേരിൽ കുറെ രാജ്യങ്ങൾ ഒന്നിച്ചു നിൽക്കേണ്ടിയിരുന്നു. അതനുസരിച്ചാണ്‌ എപിസിസിയുടെ സ്ഥാപക പിതാക്കന്മാർ ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്‌ ഗവണ്‍മന്റുകൾ ചേർന്ന്‌ 1968 ഡിസംബർ 12 ന്‌ ഏഷ്യൻ പസഫിക്‌ നാളികേര സമൂഹ സ്ഥാപന രേഖയിൽ ഒപ്പു വച്ചതു. 1969 ൽ ശ്രീലങ്കയും തായ്‌ലൻഡും മലേഷ്യയും ഇതിൽ അംഗമായി. വിയറ്റ്നാമാണ്‌ ഏറ്റവും ഒടുവിൽ അംഗമായത്‌, 1998 ൽ. പസഫിക്‌ മേഖലയിൽ നിന്ന്‌ 1971 ൽ സമോവയും 2011 ൽ പപ്പുവ ന്യുഗിനിയയും സോളമൻ ദ്വീപുകളും വനവാട്ടു, മൈക്രോനേഷ്യ, ഫിജി, കിരിബത്തി, മാർഷൽ ദ്വീപുകളും ഏറ്റവും ഒടുവിലായി ടോംഗോയും എപിസിസി അംഗങ്ങളായി. അങ്ങനെ മൊത്തം 18 രാജ്യങ്ങൾ. ഏഴ്‌ ഏഷ്യൻ രാജ്യങ്ങളും ഒൻപത്‌ പസഫിക്ക്‌ രാജ്യങ്ങളും. അസേഷ്യേറ്റ്‌ അംഗങ്ങളായി ജമൈക്കയും കെനിയയും.
എപിസിസി സ്ഥാപിച്ചുകൊണ്ടുള്ള കരാറിന്റെ ആമുഖത്തിൽ നാം ഇങ്ങനെ വായിക്കുന്നു: നാളികേര മേഖലയുടെ ഇപ്പോഴത്തെ(1968) അവസ്ഥയും ഭാവിയും നോക്കുമ്പോൾ നാളികേര ഉത്പാദക രാജ്യങ്ങളുടെ ഒത്തു ചേരലും, ഉത്പാദനം വിപണനം, ഗവേഷണം തുടങ്ങിയ മേഖലകളിലെ അവരുടെ പൊതുവായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ആസൂത്രിത പദ്ധതികളുടെ വികസനവും അത്യാവശ്യമായിരുന്നു. ഇത്തരത്തിലൊരു സംഘടനയുടെ രൂപീകരണം അതത്‌ മേഖലകളിലെ നാളികേര വ്യവസായത്തിനാവശ്യമായ വിഭവസമാഹരണത്തിനും അതിന്റെ ത്വരിതവികസനത്തിനും വിലപ്പെട്ടതുമാകുന്നു.
ഈ അസൽ കരാറിന്റെ സത്ത പൂർണമായും ഉൾക്കൊണ്ട്‌ ആ ഉദ്ദേശലക്ഷ്യങ്ങൾ നേടാനുള്ള പ്രവർത്തന പരിപാടികളുമായി എപിസിസി സെക്രട്ടേറിയറ്റ്‌ മുന്നേറുകയാണ്‌. നാളികേര മേഖലയുടെ സുസ്ഥിര വികസനം മാത്രം ലക്ഷ്യമാക്കിയാണ്‌ എപിസിസിയും അംഗരാജ്യങ്ങളും നയപരിപാടികൾ ആവിഷ്കരിക്കുന്നത്‌. സമ്മേളനങ്ങളും അംഗത്വവും എപിസിസിയുടെ ധാരണാപത്രത്തിലെ ആറാം വകുപ്പും നിയമാവലിയും പ്രകാരം വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും എപിസിസി യുടെ പ്രതിനിധിയോഗവും രണ്ടു വർഷത്തിലൊരിക്കൽ വാർഷിക സമ്മേളനം കൂടാതെ ടെക്നിക്കൽ സമ്മേളനവും നടത്തണം. പ്രതിനിധി അഥവാ മന്ത്രിതല സമ്മേളനം ആണ്‌ സംഘടനയുടെ ഉന്നതാധികാര സമിതി. തീരുമാനങ്ങൾ എടുക്കുന്നത്‌ ഈ സമ്മേളനത്തിലാണ്‌. നയതന്ത്രാധികാരമുള്ള ഒരു പ്രതിനിധിയെ എങ്കിലും ഈ മന്ത്രിതല സമ്മേളനത്തിലേയ്ക്ക്‌ ഓരോ അംഗ രാജ്യങ്ങളും നിയോഗിച്ച്‌ അയക്കേണ്ടതാകുന്നു. അസോസിയേറ്റഡ്‌ അംഗങ്ങളായ രാജ്യങ്ങൾ അംഗീകൃത പ്രതിനിധികളെയാണ്‌ അയക്കേണ്ടത്‌.
ഓരോ അംഗരാജ്യങ്ങളെയും പ്രതിനിധീകരിച്ച്‌ മന്ത്രിമാർ തന്നെ പങ്കെടുക്കുന്ന സമ്മേളനമായതിനാലാണ്‌ മന്ത്രിതല സമ്മേളനം എന്ന്‌ ഇതിനെ വിളിക്കുന്നത്‌. മൈക്രോനേഷ്യയിൽ നടന്ന 50-​‍ാമത്‌ മന്ത്രിതല സമ്മേളനത്തിൽ മന്ത്രിമാരുടെ പങ്കാളിത്തം കുറവായിരുന്നു. അതുകൊണ്ട്‌, ഇന്ത്യയിൽ നടക്കുന്ന ഈ 51-​‍ാമത്‌ സമ്മേളനത്തിന്റെ അധ്യക്ഷപദവി വഹിക്കുന്നത്‌ ഇന്ത്യ ആയതിനാൽ, എപിസിസിയെ കൂടുതൽ ശാക്തീകരിക്കുന്നതിനു താഴെ പറയുന്ന നടപടികൾ സ്വീകരിച്ചിട്ടുണ്ട്‌.
1. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ഉടൻ തന്നെ ഒരു മന്ത്രി തല സമ്മേളനം നടക്കും. അതിൽ മന്ത്രിമാരുടെ പ്രസംഗങ്ങൾ ഉണ്ടാവും. സമ്മേളനത്തിന്റെ ( നാല്‌) ചർച്ചാ വിഷയങ്ങൾ മന്ത്രിമാർ തന്നെ അവതരിപ്പിക്കും
2. ഇന്ത്യയിൽ എപിസിസിയുടെ അധ്യക്ഷസ്ഥാനം വഹിക്കുന്ന കേന്ദ്ര കൃഷി മന്ത്രി നേരിട്ട്‌ മറ്റ്‌ രാജ്യങ്ങളിലെ മന്ത്രിമാരെ കത്തു വഴി അടുത്ത സമ്മേളനത്തിൽ ചർച്ച ചെയ്യാനുള്ള വിഷയങ്ങൾ അറിയിക്കും.
3. ഇന്ത്യയിൽ എപിസിസിയുടെ അധ്യക്ഷസ്ഥാനം വഹിക്കുന്ന കേന്ദ്ര കൃഷി മന്ത്രി മറ്റ്‌ 17 അംഗ രാജ്യങ്ങളെയും അംഗങ്ങളല്ലാത്ത രാജ്യങ്ങളെയും സമ്മേളനത്തിനു ക്ഷണിക്കും. ഓമാനിലേയും ബംഗ്ലാദേശിലേയും ഔദ്യോഗിക പ്രതിനിധികൾ ഈ സമ്മേളനത്തിന്‌ എത്തിയിരിക്കുന്നത്‌ ഈ ക്ഷണപ്രകാരമാണ്‌.
ഈ സമ്മേളനത്തിലെ പ്രധാന ചർച്ചാവിഷയം എപിസിസി അംഗരാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ഇടപാടുകൾ മെച്ചപ്പെടുത്തുക, അതുവഴി കർഷകർക്ക്‌ വിപണിയിൽ ഉയർന്ന വില ഉറപ്പുവരുത്തുക എന്നതാണ്‌. നിലവിൽ കച്ചവടക്കാരാണ്‌ നാളികേര വിപണി നിയന്ത്രിക്കുന്നത്‌. ഇതിനു പകരം ഉത്പാദകർ നിയന്ത്രിക്കുന്ന വിപണികൾ രൂപീകരിച്ച്‌ കർഷകർക്ക്‌ പരമാവധി നേട്ടം ഉണ്ടാക്കുക എന്നതും ചർച്ചാവിഷയമാകും.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഫിലിപ്പീൻസിൽ നടന്ന പ്രഥമ നാളികേര ഉത്സവത്തിൽ പങ്കെടുക്കാൻ എനിക്ക്‌ അവസരം ലഭിച്ചു. അവിടെ ഫിലിപ്പീൻസ്‌ കോക്കനട്‌ അതോറിട്ടിയും ഗുണഭോക്താക്കളും തമ്മിൽ നടന്ന ചർച്ചകളിൽ സംബന്ധിക്കാൻ കഴിഞ്ഞു. അതുപോലെ തന്നെ കഴിഞ്ഞ സെപ്റ്റംബറിൽ ഇന്ത്യയിൽ ബാംഗളൂരിൽ സംഘടിപ്പിച്ച ലോക നാളികേര ദിനാഘോഷങ്ങളിലും നാളികേര വികസന ബോർഡ്‌ അധ്യക്ഷൻ ശ്രീ.ടികെ ജോസിന്റെ ക്ഷണപ്രകാരം ഞാൻ പങ്കെടുക്കുകയുണ്ടായി. അവിടെയും കർഷകരും, വ്യാപാരികളും സ്ഥാപനങ്ങളും, ഗവണ്‍മന്റും തമ്മിലുള്ള ചർച്ചകൾ നേരിട്ട്‌ കണ്ടു. അതോടനുബന്ധിച്ച്‌ കർണാടകത്തിലെ നാളികേര കർഷക ഉത്പാദക കമ്പനികളുടെ നേതൃത്വവുമായി നടന്ന ചർച്ചകളിലും ഞാൻ പങ്കെടുക്കുകയുണ്ടായി. നാളികേര മേഖലയിലെ വ്യാപാരികളും കർഷകരും ഗുണഭോക്താക്കളും എല്ലാവരും കൃഷിക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന്‌ പ്രാധാന്യം നൽകുന്ന കാഴ്ച്ചയാണ്‌ ഫിലിപ്പീൻസിലും ഇന്ത്യയിലും എനിക്കു കാണാൻ കഴിഞ്ഞത്‌. രണ്ടു നാളികേര ഉത്പാദക രാജ്യങ്ങളിലേയും പ്രധാനപ്പെട്ട ആ സ്ഥാപനങ്ങളുടെ നേതൃത്വത്തോട്‌ അവരുടെ പ്രവർത്തനങ്ങളോട്‌ എനിക്ക്‌ വലിയ ആദരവ്‌ തോന്നി.
എപിസിസി എക്സിക്ക്യൂട്ടിവ്‌ ഡയറക്ടർ എന്ന നിലയിൽ നാളികേര മേഖലയുടെ വിജയത്തിനു പിന്നിലെ നിർണ്ണായക ഘടകമായി എനിക്ക്‌ അനുഭവപ്പെട്ടത്‌ താഴെ പറയുന്ന രണ്ടു കാര്യങ്ങളാണ്‌. ഒന്ന്‌ - നാളികേര കർഷകരുടെ ആവശ്യങ്ങൾ അറിഞ്ഞ്‌ അവരെ സഹായിക്കാനും, നാളികേര മേഖലയുടെ സുസ്ഥിരത ഉറപ്പാക്കാനും ഗവണ്‍മന്റിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ശേഷി. രണ്ട്‌ - ഈ സ്ഥാപനങ്ങളുടെ സേവനം ഫലപ്രദമായി പ്രയോജനപ്പെടുത്തുവാൻ കർഷകരും ഉത്പാദകരും രൂപീകരിക്കുന്ന കൂട്ടായ്മകൾ. അതിനാൽ നാളികേര കർഷകരെ സഹായിക്കാൻ നമ്മുടെ രാജ്യങ്ങളിൽ ഇത്തരം ശക്തമായ സ്ഥാപനങ്ങൾ ഉണ്ടായേ തീരൂ.
എപിസിസി അംഗ രാജ്യങ്ങളിലെ 
ഗവണ്‍മന്റുകളുടെ നയരൂപീകരണത്തെ സ്വാധീനിച്ചേക്കാവുന്നതാണ്‌ ഒരു ചോദ്യവും അതിന്റെ ഉത്തരവുമാണ്‌, ഗവണ്‍മന്റുകളുടെ മുമ്പിൽ എങ്ങിനെ നാളികേരത്തെ പ്രഥമപരിഗണന പട്ടികയിൽ കൊണ്ടുവരും എന്നത്‌. നാളികേരത്തിന്റെ  ടൺ അടിസ്ഥാനത്തിലുള്ള ഉത്പാദനം, നാളികേരകൃഷി എത്ര ഹെക്ടർ, നാളികേര വൃക്ഷങ്ങളുടെ എണ്ണം, കയറ്റുമതി വരുമാനം തുടങ്ങിയ വിഷയങ്ങളിലായിരുന്നു കാലാകാലങ്ങളായി നമ്മുടെ ദേശീയ സ്ഥിതിവിവരക്കണക്കുകൾ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്‌. ഇവിടെ നാം വിട്ടുപോയത്‌ കൃഷിക്കാരുടെ കാര്യമാണ്‌.
എപിസിസിയുടെ ഊന്നൽ നാളികേരത്തിലല്ല, നാളികേര കർഷകരിലാണ്‌. നാളികേര തോപ്പുകളിൽ പകലന്തിയോളം പണിയെടുക്കുന്ന കുട്ടികളും സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന മാനവികതയുടെ മഹാസമൂഹത്തെയാണ്‌. പപ്പുവ ന്യൂഗിനിയ എന്ന രാജ്യത്ത്‌ നാളികേര കൃഷി വിജ്ഞാനവ്യാപന പരിപാടികളിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി എപിസിസി ഉപയോഗിക്കുന്ന നാളികേരത്തണലിൽ എന്ന ഒരു വീഡിയോ ഡോക്ക്യുമന്ററി ഉണ്ട്‌. മണ്ണിൽ പണിയെടുക്കുന്ന സാധാരണക്കാരായ നാളികേര കർഷകരുടെ കഥയാണത്‌.
ഒരു ഉത്പ്പന്നം വഴി മൊത്ത ആഭ്യന്തര ഉത്പാദനത്തിലേയ്ക്ക്‌ എത്ര വിഹിതം ലഭിച്ചു, അല്ലെങ്കിൽ കയറ്റുമതിയിൽ എത്ര നേടി, എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ നയവിദഗ്ധർ ആ ഉത്പന്നത്തിന്റെ മുൻഗണന നിശ്ചയിക്കുന്നത്‌. ഇന്തോനേഷ്യയുടെ നാളികേരത്തിൽ നിന്നുള്ള വരുമാനം വളരെ തുഛമാണ്‌ 0.56 ശതമാനം. പക്ഷെ ആ രാജ്യത്തെ 5.9 ദശലക്ഷം ഗ്രാമീണ ജനങ്ങളുടെ (ഇന്തോനേഷ്യയുടെ ജനസംഖ്യയുടെ ഏകദേശം പത്തു ശതമാനം വരും) മുഖ്യ ഉപജീവന മാർഗ്ഗമാണ്‌ നാളികേരം. ഇന്ത്യയിൽ മൊത്തം കയറ്റുമതിയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 0.13 ശതമാനം മാത്രമാണ്‌ നാളികേര ഉത്പ്പന്നങ്ങൾ വഴി നേടാൻ സാധിക്കുന്നത്‌. പക്ഷെ മൊത്തം ജനസംഖ്യയുടെ അഞ്ചു ശതമാനം(12 ദശലക്ഷം കുടുംബങ്ങൾ) നാളികേര കൃഷിയെ ആശ്രയിച്ച്‌ ജീവിക്കുന്നു. ഫിലിപ്പീൻസിൽ മൊത്തം കയറ്റുമതി വരുമാനത്തിന്റെ 2.68 ശതമാനം നേടുന്നത്‌ നാളികേര ഉത്പ്പന്നങ്ങളാണ്‌. ജനസംഖ്യയുടെ 20 ശതമാനം (18 ദശലക്ഷം ആളുകൾ = 3.5 ദശലക്ഷം കുടുംബങ്ങൾ) നാളികേര കൃഷിയെ ആശ്രയിച്ച്‌ ജീവിക്കുന്നു. പപ്പുവ ന്യുഗിനിയയിൽ നാളികേരത്തിലൂടെ ലഭിക്കുന്ന കയറ്റുമതി വരുമാനം 0.01 ശതമാനമാണ്‌. അഞ്ചു ലക്ഷം ഗ്രാമീണ കുടുംബങ്ങളാണ്‌ 
(ജനസംഖ്യയുടെ 45 ശതമാനം) നാളികേര മേഖലയെ ആശ്രയിച്ച്‌ ഉപജീവനം സാധിക്കുന്നത്‌. മിക്ക രാജ്യങ്ങളിലേയും സ്ഥിതി ഇതു തന്നെ. 
പൊതുവെ എല്ലാ ജ്യങ്ങളിലേയും നയരൂപീകരണ വിദഗ്ധർ തെറ്റായ മാനദണ്ഡങ്ങൾ അനുസരിച്ചാണ്‌ വിഭവ വിതരണത്തിന്‌ മുൻഗണന നിശ്ചയിക്കുന്നത്‌. അതുകൊണ്ടാണ്‌ നാളികേര മേഖല പൈന്തള്ളപ്പെട്ടു പോകുന്നത്‌. എന്നാൽ നയങ്ങളിൽ മാനുഷികതയുടെ അംശം ചേർത്ത്‌ നാളികേര കർഷകർക്ക്‌ അൽപം പ്രാധാന്യം നൽകിയാൽ അതനുസരിച്ച്‌ രാഷ്ടത്തിന്റെയും കർഷകന്റെയും താൽപര്യമനുസരിച്ച്‌ വിഭവ വിതരണം നടത്തിയാൽ നാളികേര മേഖലയിൽ നിന്നുള്ള കയറ്റുമതി ഗണ്യമായി വർധിപ്പിക്കാൻ സാധിക്കും.അതുവഴി ആ രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ നിർണായക പുരോഗതി സാധ്യമാവുകയും ചെയ്യും.
ഇതിനായി ഒരു പ്രത്യേക പ്രവർത്തക സമിതി രൂപവത്ക്കരിച്ചുകൊണ്ട്‌ ഏഷ്യൻ പസഫിക്‌ നാളികേര സമൂഹം 2010ൽ തന്ത്പരമായ ഒരു ചുവടുവയ്പ്പ്‌ നടത്തുകയുണ്ടായി. കർഷകർക്ക്‌ പ്രയോജനപ്രദമായ പദ്ധതികൾ, നാളികേരവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ശാക്തീകരണം, എപിസിസിയുടെ കൂടുതൽ സജീവ സാന്നിധ്യം എന്നിവ വഴി ഓരോ രാജ്യത്തും കൂടുതൽ നാളികേര കേന്ദ്രീകൃത സേവനങ്ങൾ ലഭ്യമാക്കുകയാണ്‌ ഈ സമിതിയുടെ ചുമതല. നാളികേര മേഖലയുടെ വികസനം ത്വരിതപ്പെടുത്തുന്ന പദ്ധതികളും സഹകരണങ്ങളും ഇടപെടലുകളുമാണ്‌ സമിതി നടപ്പാക്കുക. ഇവിടെ നടക്കുന്ന 51-​‍ാമത്‌ മന്ത്രിതല സമ്മേളനം ഈ സമിതിയെ കൂടുതൽ ശാക്തീകരിക്കും.
നാളികേര മേഖല നേരിടുന്ന പ്രശ്നങ്ങൾ, പരിമിതികൾ, രോഗകീടങ്ങൾ വിപണി, കാലാവസ്ഥാവ്യതിയാനം തുടങ്ങിയവയെ കുറിച്ചും ഇവിടെ നടക്കുന്ന ചർച്ചകൾ പരസ്പര ആശയവിനിമയമാണ്‌ പ്രതീക്ഷിക്കുന്നത്‌. പരിഹാര മാർഗ്ഗങ്ങൾ പൊതുവിൽ സ്വീകരിക്കാം.

21 Feb 2015

മൂന്നു കവിതകൾ


രാധാമണി  പരമേശ്വരൻ
അദ്വൈതം
അദ്വൈതം മുഴങ്ങുന്ന കാലടി ഗ്രാമത്തിലെ
അദ്ധ്യാത്മപർണ്ണാശ്രമം തേടിയെൻ തീർത്ഥാടനം
ശങ്കരപ്രതിഭതൻ ദർശനപ്രഭാവമെൻ
നെഞ്ചിലെ ശംഖിനുള്ളിൽ തീർത്ഥമായ്‌ നിറഞ്ഞെങ്കിൽ
ഗോവിന്ദം ഭജിക്കുവാനാഹ്വാനമരുളിയ
ആചാര്യമുറ്റത്തു ഞാൻഹരിശ്രീകുറിക്കട്ടെ.
ആ ദീപ്തനക്ഷത്രത്തിൻ ജ്യോതിതൻ പുണ്യത്തോടെ-
യാകണം എനിക്കെന്റെ ധന്യമാം വിദ്യാരംഭം
ഇന്നു ഞാൻ ആത്മാവിന്റെ നൈർമല്യം വിരിയിച്ച
മന്ദാരപുഷ്പം ഭവൾതൃക്കാൽക്കലർപ്പിക്കട്ടെ.
ഇതിലേവീശീടുന്ന കാറ്റെന്നിൽചാർത്തിക്കുന്നു
'സൗന്ദര്യലഹരിതൻ'സൗരഭ്യകളഭങ്ങൾ
ഇതിലേയൊഴുകുന്ന പെരിയാറെനിക്കുള്ളിൽ
ദിനവും 'ശിവാനന്ദ'ലഹരീതീർത്ഥാമൃതം
മനസ്സിൽ ധ്യാനത്തിന്റെ സാഗരം തുറന്നിട്ട
മഹത്താം വേദാന്തത്തിൻ ശാശ്വത ചൈതന്യമേ
ആ സന്നിധാനത്തിലെ ആയിരംവിളക്കിലെ
നാളമെൻ നാവിൽനിത്യം താരമായ്‌ തെളിയേണെ.
എന്നിലേക്കാവാഹിച്ചു നിർത്തട്ടെ ഞാനെൻബ്രഹ്മ
നന്ദിനീസാരസ്വത സാക്ഷരസാക്ഷാൽക്കാരം
ഇന്നോളം ഞാനാർജ്ജിച്ച തോന്നുമേ എന്റേതല്ല
ഇന്നിപ്പോൾ അറിയുമ്പോൾ ദുഃഖമില്ലെനിക്കൊട്ടും
എന്റെയീ ഇല്ലായ്മതൻ ബോധമാണെനിക്കുള്ളിൽ
ഉന്നത സമ്പാദ്യത്തിൻ സാഗരം അലതല്ലി.

ഞാന്‍ ഭൂമിദേവി -- എന്നെ കൊല്ലരുതേ--
------
ഇമപൂട്ടി ഇനി ഞാനുറങ്ങീടട്ടെ
ഈ ശപ്തജീവന്‍റെ സന്തപ്തശയ്യയിൽ 
നിദ്രാവിഹീന നിശകൾ ചമച്ചുള്ള
നിത്യദുഃഖങ്ങൾ ഇറക്കിവയ്ക്കട്ടെ ഞാൻ
.
മുക്തഹരിതനികുന്ജ്ജമാം ഭൂമി ഞാൻ
സർവചരാചര പെറ്റമ്മയാണ് ഞാൻ
ഹന്നകുംഭത്തിൽ നിറച്ചു ഞാനെന്നിലെ
ഭഗ്നദുഖത്തിന്‍റെ കണ്ണുനീർധാരകൾ 
.
ആളിപ്പടർന്നീടുമാവേശമോടുള്ളിൽ
ആശിച്ചതാണു ഞാന്‍ അമ്മയായ്തീരുവാൻ
മാതൃകാദാഹമധുര സ്വപ്നങ്ങളാൽ
കോരിതരിച്ചിരുന്നെന്‍റെ മനോരഥം
.
നൊന്തുപ്രസവിച്ചതല്ലെയെൻ മക്കളെ
അമ്മിഞ്ഞയൂട്ടിയും താരാട്ട് പാടിയും 
പേറ്റുനോവിൽ പിടഞ്ഞുള്ളോരാനാളുകൾ 
മായ്ക്കാനശക്ത പരാശക്തി പോലുമേ
.
പൂവണിക്കാടിനെ മുത്തണിക്കുന്നിനെ
താഴത്തൊഴുകുന്ന പൂന്തേനരുവിയെ
മാനവരാശിയെ നെഞ്ചോടടുപ്പിച്ചു
ലാളിച്ചുപോറ്റി വളർത്തിയോളാണുഞാൻ
.
പുലരിക്കുദിക്കുന്ന ആദിത്യദേവന്‍റെ
പട്ടമഹിര്‍ഷി വസുന്ധരയാണു ഞാൻ
ജ്യോതിസ്വരൂപനാം ആ പിതാവേകിയ
ജീവൽക്കുരുന്നുകൾ നിങ്ങളെൻ മക്കളെ
.
കുന്നോളം സ്നേഹം പകർന്നു ഞാൻ മക്കൾക്ക്‌
നെഞ്ചിലെ ചോരയാൽ നൽകീ സുധാമൃതം
ഇടവേളയില്ലാതെ സ്നേഹം ചുരത്തിയോൾ
ഇടനെഞ്ച് പൊട്ടി തകര്‍ന്നു പോന്നീ ദിനം
.
വെട്ടിയരിഞ്ഞെന്‍റെ കൈകളും കാല്കളും
നിര്‍ഭയം നീചരാമെന്‍റെ പരമ്പര
ചെന്നിണം ചീറിത്തെറിച്ചെന്‍റെ മക്കള്‍തന്‍
കണ്ണിൽ പതിക്കുന്ന കാഴ്ചകാണുന്നു ഞാൻ
.
പിന്നെയും തൃപ്തി വരാതവരെന്നുടെ
കണ്ണുകൾ ചൂഴ്ന്നെടുത്തട്ടഹസിക്കയാൽ
ചോരയിൽ മുങ്ങികിടക്കുമീ അമ്മതൻ
ശോകത്തിലെത്ര സമൃദ്ധി കൊള്ളുന്നവർ
.
തീരാവ്യഥയുടെ പര്യായമാമെന്‍റെ
തോരാത്തോരശ്രുനീരൊപ്പുവാനാരിനി 
നന്ദികേടിന്‍റെ മനുഷ്യ കോലങ്ങളോ
നൊന്തുപെറ്റുണ്ടായ സന്തതിയൊക്കെയും.
.
പേടിയാകുന്നെനിക്കിനെൻ പ്രപഞ്ചമേ
പേടിമനുഷ്യരെ മക്കളെ കാണുകിൽ
രക്തമിറ്റിച്ചു രസിക്കയാണിപ്പോഴും 
തീരാത്തനൊമ്പരം പേറിമരിക്കും ഞാൻ

മൂഷിക വിഭ്രാന്തം----ഓട്ടന്‍തുള്ളല്‍
======================
നാരായണ ന:മ, നാരായണ ന:മ
നാമം ചൊല്ലാന്‍ തുണയരുളേണo
.
മധുവിധുരാത്രീ മധുരം നുകരാന്‍
മണിയറവാതിലടച്ചു പതിയേ
.
മഞ്ചലിനടിയില്‍ മാളo തീര്‍ത്ത്
മൂഷികരാജാവവിടെയൊളിച്ചു
.
മധുവിധുരാവിന്‍ മായിക ഭാവo
മനസ്സിനുള്ളില്‍ കാവടിയാടി
.
ഒച്ചയനക്കം കേള്‍പ്പിക്കാതവന്‍
തലയണമൂടി പൊത്തിലൊളിച്ചു
.
എന്താ സംഗതിയെന്നറിയാനായ്
തന്ത്രങ്ങളുടെ ഭാണ്ഡമഴിച്ചു
.
പ്രാണപരവശ പൂണ്ടിട്ടവാളോ
ഭാവം കണ്ടവനന്തം വിട്ടു,
.
വെണ്മയിലലിയും ശാന്തിമുഹൂര്‍ത്തം
പുളകിതയായ്‌ മിഴികള്‍ ചൊടിച്ചു .
.
മധുവിധുരാത്രീ മധുരം നുകരാന്‍
മണിയറവാതിലടച്ചു പതിയേ
.
മൂഷികനവനോ വാലുച്ചുരിട്ടി
ലീലാലാസവ ലഹരിയിലാണ്ടു
.
കാണ്മതിന്തേ ചന്തം വിഭ്രാഭരിതം
മൂഷികനവനോ മോഹാലസ്യം
.
മായയിലായ മൂഷികനുടനേ
ഭാവനകോരി പള്ളനിറച്ചു
.
എന്താണവിടെ കാട്ടുകയെന്നൊരു
ശങ്ക മനസ്സാ തുള്ളിയുറഞ്ഞു
.
കാമന വിടരും കാഴ്ചകള്‍ കണ്ടു.
മൂഷികനവനുടെയുള്ളം തുളളി
.
പെണ്ണിന്‍ ചന്തം കണ്ടുരമിച്ചവന്‍
രോഷംപൂണ്ടു ശപിച്ചൂ തന്നുടല്‍
.
കോമളനവളുടെ ആഴകാം ഉടലില്‍
തരളിതമായ് വിരലോടിച്ചു
.
അംഗോപാംഗം പുളകിതയായവള്‍ -
ആശ്ലേഷത്താല്‍ തരളിതയായ്‌
.
മിഴികള്‍ രണ്ടും ചിമ്മിയടച്ചു
ചുരുളുകയായ് പുതുമണവാട്ടി
.
വേണ്ടാ മോനെ ഈ കാട്ടാളിത്തം.
കണ്ടു മടങ്ങാന്‍ കഴിയില്ലിനിയും
.
അയ്യോ ശിവ ശിവ എന്താണിനിയും
കത്തുന്നുണ്ട് കരളുവരേയും
.
എന്തോന്നവിടെ നടക്കുവതങ്ങനെ
ചിന്തയിലാണ്ടു മയങ്ങിപ്പോയ്
.
കണ്ണിലിരുട്ടായ്‌, കേട്ടു തേന്‍മൊഴി .
പൂത്തിരിവിരിയും മധുവിധുസ്വപ്നം
.
കണ്ടതു മുഴുവന്‍ ചൊല്ലിയലക്കാന്‍
കഴിയില്ലന്നൊരു വാസ്തവമരുളാo
.
നാരായണ ന;മ, നാരായണ ന:മ
നാമം ചൊല്ലാന്‍ തുണയരുളേണo


 

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...