Showing posts with label james bright. Show all posts
Showing posts with label james bright. Show all posts

23 Feb 2013

പാവ പ്രേതങ്ങളുടെ ദ്വീപ്


22 Dec 2012

ലോകം എങ്ങിനെ അവസാനിക്കാം?



 ജയിംസ് ബ്രൈറ്റ്

മായന്‍ കലണ്ടര്‍ പ്രകാരം എന്തായാലും ലോകം ഇതുവരെ അവസാനിച്ചില്ല. ഇനി അഥവാ ലോകം എന്നെങ്കിലും അവസാനിക്കുകയാണെങ്കില്‍ അതിനുള്ള കാരണങ്ങളായി ശാസ്ത്രജ്ഞന്മാര്‍ പറയുന്ന കാരണങ്ങള്‍ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.
ഉല്‍ക്കാ പതനം

പുരാതന കാലത്ത് ജീവിച്ചിരുന്ന ദിനോസറുകള്‍ എന്നെന്നേക്കുമായി ഭൂമിയില്‍ നിന്നും തുടച്ചു നീക്കപ്പെട്ടത് ഉല്‍ക്കകള്‍ ഭൂമിയില്‍ പതിച്ചത് മൂലമാണെന്ന് കരുതുന്നു. അത് മനുഷ്യര്‍ക്കും സംഭവിക്കാം എന്ന് ചില ശാസ്ത്രജ്ഞര്‍ കരുതുന്നുണ്ട് . ഒരു മൈല്‍ നീളമുള്ള ഉല്‍ക്ക ഭൂമിയില്‍ പതിച്ചാല്‍ അതിന് മനുഷ്യരാശിയെ മൊത്തമായി ഉന്മൂലനം ചെയ്യുവാന്‍ കഴിയുമത്രേ! ഇത് പത്ത് മില്യന്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ സംഭവിക്കുകയുള്ളൂ. നാസയുടെ ദൃഷ്ടിയില്‍ പെടാതെ ഇങ്ങിനെ ഒരു ഉല്‍ക്ക ഭൂമിയില്‍ പതിക്കുകയില്ല എന്നിരിക്കിലും ഭൂമിയെ തകര്‍ക്കുവാന്‍ പര്യാപ്തമായ ഒരു ഉല്‍ക്ക ഭൂമിയിലേക്ക്‌ പതിച്ചാല്‍ അതിനെ നശിപ്പിക്കുവാന്‍ നമ്മുടെ ഇന്നത്തെ ടെക്നോളജിക്ക് കഴിയില്ല എന്ന് ഈയിടെ ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെട്ടിരുന്നു. ദിനോസറുകളെ കൊന്ന ഉല്‍ക്ക ഏതാണ്ട് ആറ് മൈല്‍ നീളമുള്ളത് ആയിരുന്നു എന്ന് കണക്കുകൂട്ടപ്പെടുന്നു.
ന്യൂക്ലിയര്‍ യുദ്ധം

ഒരു ന്യൂക്ലിയര്‍ യുദ്ധം ലോകത്ത് ഉണ്ടാകുവാനുള്ള സാധ്യത ആര്‍ക്കും തള്ളിക്കളയുവാന്‍ കഴിയില്ല. ലോകത്ത് നൂറ് ന്യൂക്ലിയര്‍ ബോംബുകള്‍ പൊട്ടുകയാണ്‌ എങ്കില്‍ അത് ഒരു ന്യൂക്ലിയര്‍ ശൈത്യം ഉണ്ടാക്കുമെന്ന് കരുതപ്പെടുന്നു. ആയിരം ബോംബുകള്‍ വര്ഷിക്കപ്പെടുകയാണ് എങ്കില്‍ അത് ഭൂരിഭാഗം ജനങ്ങളെയും ഉന്മൂലനം ചെയ്യും. ഇന്ന് ലോകത്ത് ഒന്‍പത് രാജ്യങ്ങള്‍ക്ക് ന്യൂക്ലിയര്‍ ആയുധങ്ങള്‍ ഉണ്ട്.
അഗ്നി പര്‍വതങ്ങള്‍

അഗ്നി പര്‍വതങ്ങള്‍ പൊട്ടിത്തെറിച്ച് ലോകം അവസാനിക്കാം. ചിലപ്പോള്‍ അവ അടുത്തടുത്ത് പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട് എന്ന് ചിലര്‍ പറയുന്നു.
ബയോളജിക്കല്‍ ആയുധങ്ങള്‍

സാധാരണ ഹോളിവുഡ് സിനിമകളില്‍ ആണ് നമ്മള്‍ ഇത് കാണുന്നത്. എന്നാല്‍ ഇത് സത്യമായിക്കൂട എന്നില്ല. പലതരം അപകടകാരികളായ വൈറസുകള്‍ പല രാജ്യങ്ങളുടെ കയ്യിലും ഉണ്ടെന്നാണ് കരുതപ്പെടുന്നത്.
സൂര്യതാപം

സൂര്യനില്‍ നിന്നും ഇലക്ട്രിക് ചാര്‍ജ്ജുള്ള വസ്തുക്കള്‍ എല്ലാ സമയവും പുറപ്പെട്ട് വരാറുണ്ട്. അതിവേഗതയില്‍ ഒരു കൊടുങ്കാറ്റ് പോലെ ഇവ വരുമ്പോളാണ് ആകാശത്ത് വര്‍ണ്ണം വിതറുന്ന കാഴ്ചകള്‍ ഉണ്ടാവുന്നത്. അങ്ങിനെയുള്ള കൊടുങ്കാറ്റുകള്‍ ശക്തമായി ഭൂമിയില്‍ എത്തിയാല്‍ അത് വന്‍ നാശം വിതച്ചു എന്ന് വരാം.
മനുഷ്യ നിര്‍മ്മിത ബ്ലാക്ക് ഹോള്‍

ആയിരത്തി തൊള്ളായിരത്തി നാല്പത്തി അഞ്ചില്‍ അറ്റോമിക് ബോംബ് പൊട്ടിയപ്പോള്‍ അത് നമ്മള്‍ അറിയാത്ത പല റിയാക്ഷനുകളും ഉണ്ടാക്കും എന്ന് ശാസ്ത്രജ്ഞര്‍ ഭയപ്പെട്ടിരുന്നു. ബ്രൂക്ക് ഹാവനിലെ നാഷണല്‍ ലബോറട്ടറി അതിന്റെ ഹെവി അയോണ്‍ കൊളയിഡര്‍ ഉണ്ടാക്കിയപ്പോള്‍ അത് ഒരു ഭീമാകാരമായ ബ്ലാക്ക് ഹോള്‍ ഉണ്ടാക്കുമെന്നും ഭൂമിയെ അത് വിഴുങ്ങുമെന്നും പലരും കരുതിയിരുന്നു. അങ്ങിനെ ഭാവിയില്‍ ഒരു സംഗതി ഉണ്ടായിക്കൂട എന്നില്ല.
നമ്മുടെ കമ്പ്യൂട്ടര്‍ പ്രോഗ്രാം ഓഫ് ആവുക.

ഇതാണ് ഏറ്റവും രസകരമായ കാര്യം. നമ്മളെല്ലാം ഒരു ഭീമാകാരമായ കമ്പ്യൂട്ടര്‍ സിമുലേഷന്റെ ഭാഗമാണ് എന്ന് കരുതുന്നവര്‍ ഉണ്ട്. ഓര്‍ത്താല്‍ ചിരി വരുമെങ്കിലും ചില ശാസ്ത്രജ്ഞന്മാര്‍ ഈ സാധ്യതയെ തള്ളിക്കളയുന്നില്ല. നമ്മളും നമ്മുടെ ജീവിതവും എല്ലാം കമ്പ്യൂട്ടര്‍ കോഡുകള്‍ വഴി എഴുതപ്പെട്ടതാണ് എന്നാണ് ഇവര്‍ കരുതുന്നത്.  ആകാശത്ത് സ്ഥിതി ചെയ്യുന്ന ഒരു വലിയ സെര്‍വറില്‍ ആണ് നമ്മള്‍ സ്ഥിതി ചെയ്യുന്നത്! ആരെങ്കിലും ആ സെര്‍വര്‍ അങ്ങ് ഓഫ് ചെയ്താലോ? ആരും അങ്ങിനെ ചെയ്യതിരിക്കട്ടെ!

22 Nov 2012

പുതുചികിത്സയുമായി ഡോ:പ്രേംചന്ദ്.

ജെയിംസ് ബ്രൈറ്റ് 

ഡോക്ടര്‍ പ്രേംചന്ദിനെ ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തേണ്ടി വരുമെന്നു തോന്നുന്നില്ല. അദ്ദേഹം ബൂലോകം ഓണ്‍ലൈനിന്റെ ഡയറക്ടറാണ്. ലണ്ടനിലെ ക്യൂന്‍സ് ഹോസ്പിറ്റലിലെ ഗാസ്ട്രോ എന്റെറോളജി വിഭാഗത്തിന്റെ തലവനാണ് പ്രേംചന്ദ്. അദ്ദേഹത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ വായിക്കാവുന്നതാണ്. ഇന്‍ഫ്ലമേറ്ററി ബവല്‍ ഡിസീസ് അഥവാ അള്‍സറേറ്റിവ് കോളൈറ്റിസ്, ക്രോണ്‍സ് ഡിസീസ് തുടങ്ങിയ അസുഖങ്ങള്‍ക്കെതിരെ ഫലപ്രഥമായ ഒരു പുതിയ ചികിത്സാ രീതി ഇംഗ്ലണ്ടില്‍ ആദ്യമായി പ്രേംചന്ദ് നടപ്പിലാക്കി വരുന്നു എന്നത് നമുക്കേവര്‍ക്കും അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്.

 അതിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ വായിക്കുക. വൈറ്റ് സെല്‍ അഫേരസിസ് എന്ന ഈ പുതു ചികിത്സാ സമ്പ്രദായത്തിന് ഇന്ന് യൂറോപ്പില്‍ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്നു. താമസിയാതെ ഇത് ഇന്‍ഡ്യയിലും വരുമോ?. കാത്തിരുന്നു കാണേണ്ടി വരും അത്. നല്ല റിസള്‍ട്ട് ലഭിക്കുന്നതുമൂലം ഒരുപാടു രോഗികള്‍ ഡോക്ടര്‍ പ്രേംചന്ദിനെ അന്വേഷിച്ചു വരുന്ന സ്ഥിതിവിശേഷമാണ് ഇന്ന് ഇംഗ്ലണ്ടില്‍. വളരെ വേഗം അസുഖത്തില്‍ നിന്നും ആളുകള്‍ സുഖം പ്രാപിക്കുന്നുണ്ട്. ഈയിടെ ലണ്ടനില്‍ അദ്ദേഹം ഇംഗ്ലണ്ടിലെ എല്ലാ ഗാസ്ട്രോ എന്ററോളജിസ്റ്റുകളെയും ഇക്കാര്യത്തെപ്പറ്റി ബോധവല്‍ക്കരിക്കുകയുണ്ടായി. അതിന്റെ ചിത്രങ്ങളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.

23 Oct 2012

ഏതു കിളി..?

ജയിംസ് ബ്രൈറ്റ്

മനസ്സിനിഷ്ടം ഏതു കിളി..?
മഞ്ഞയുള്ളൊരു മഞ്ഞക്കിളി.
ചുണ്ടില്‍ ചോപ്പുള്ളതേതു കിളി..?
പച്ചയുള്ളൊരു പച്ചക്കിളി.
തന്ത്രം മെനയുന്നതേതു കിളി..?
കാക്ക നിറമുള്ള കാക്കക്കുയില്‍.
രാഗമോതുന്നതേതു കിളി..?
മന്ത്രം മൂളുന്ന മൈനക്കിളി.

20 Sept 2012

കൊളസ്റ്റെറോള്‍ എങ്ങിനെ കൂടുന്നു?

ജയിംസ് ബ്രൈറ്റ്


ശരീരത്തില്‍ കൊഴുപ്പ്  കൂടുന്നത് നല്ലതല്ല എന്ന് എല്ലാവര്ക്കും അറിയാം. ഒരുപാട് ആളുകള്‍ക്ക് ശരീരത്തില്‍ കൊഴുപ്പ് കൂടുതലായി കാണപ്പെടുന്നു. ആഹാര സാധനങ്ങള്‍, ജീവിത രീതി , ഫാമിലി ഹിസ്റ്ററി തുടങ്ങിയ കാര്യങ്ങള്‍ ഇക്കാര്യത്തില്‍ വളരെ പ്രധാനങ്ങളാണ്. ചില കാരണങ്ങള്‍ ഇവിടെ ലിസ്റ്റ് ചെയ്യുന്നു.
ആഹാരം

കൂടുതല്‍ കൊഴുപ്പ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. ഇറച്ചി , മുട്ട , പാല്‍ , ചീസ് , ബട്ടര്‍ , പാചകം ചെയ്യാനുപയോഗിക്കുന്ന എണ്ണ വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയില്‍ ധാരാളം കൊഴുപ്പുള്ളതിനാല്‍ അവ മിതമായി കൊഴുപ്പിന്റെ അസുഖമുള്ളവര്‍ ഉപയോഗിക്കണം.
ശരീരത്തിന്റെ തൂക്കം.

അമിതമായി ഉള്ള വണ്ണം കുറയ്ക്കുവാന്‍ ശ്രദ്ധിക്കണം. മദ്യപാനം ഒഴിവാക്കണം.
വ്യായാമം

വേണ്ട വിധം വ്യായാമങ്ങളില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് കൂടും.
പ്രായം, ലിംഗ ഭേദം.

ആണുങ്ങളില്‍ ഇരുപതു വയസ്സ് കഴിയുമ്പോള്‍ കൊഴുപ്പിന്റെ അളവ് കൂടുവാന്‍ തുടങ്ങും. അമ്പതു വയസ്സ് ആകുമ്പോള്‍ ഇത് പതിയെ ക്രമീകൃതമാവും. സ്ത്രീകളില്‍ ആര്‍ത്തവം നിന്ന് കഴിയുമ്പോള്‍ കൊഴുപ്പിന്റെ അളവ് കൂടുവാന്‍ തുടങ്ങും. പിന്നീട് അത് പുരുഷന്റെ രീതിയില്‍ ആയിരിക്കും നില കൊള്ളുക.
ഫാമിലി ഹിസ്റ്ററി

കുടുംബ ചരിത്രം വളരെ പ്രധാനമാണ്. മാതാ പിതാക്കള്‍ക്ക് ഉള്ള പല അസുഖങ്ങളും മക്കള്‍ക്കും വരാം.
സിഗരറ്റുവലി

പുകവലി ശരീരത്തിലെ നല്ല കൊഴുപ്പിന്റെ അളവ് കുറയ്ക്കാം.


19 Aug 2012

മധുരം വിളമ്പാന്‍ ത്രീ ഡി ചോക്കലേറ്റ് പ്രിന്ററുകള്‍

ജയിംസ് ബ്രൈറ്റ്

പലതരം പ്രിന്ററുകള്‍ നമുക്ക് അറിയാം. എന്നാല്‍ ഈ പ്രിന്റര്‍ നമ്മുടെ കുട്ടികള്‍ക്കാവും ഏറ്റവും ഇഷ്ടം.
ഇനി മധുരം നല്‍കുന്ന ചോക്കലറ്റ് ത്രീ ഡി പ്രിന്ററുകള്‍ നിങ്ങള്ക്ക് വേണമെങ്കില്‍ വാങ്ങാം. പല അടുക്കുകളിലായി നിങ്ങള്‍ വരയ്ക്കുന്ന അല്ലെങ്കില്‍ ഡിസൈന്‍ ചെയ്യുന്ന ചിത്രങ്ങളോ, രൂപങ്ങളോ എന്തുമാകട്ടെ ഈ യന്ത്രം  പ്രിന്റു ചെയ്തു തരും.
ചോക് എഡ്ജ് എന്ന കമ്പനിയാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. ചോക്കലേറ്റ് മാത്രമല്ല, സിറിഞ്ചിലൂടെ ഒഴുകാന്‍ കഴിയുന്ന എന്ത് വസ്തു വേണമെങ്കിലും ഈ പ്രിന്ററില്‍ ഉപയോഗിക്കാം.
ചോക്കലേറ്റ് വിപണിയില്‍ ഇത് ചിലപ്പോള്‍ പുത്തന്‍ സാധ്യതകള്‍ക്ക് വഴിയൊരുക്കാം.


20 Apr 2012

ആലിപ്പഴം

 ജെയിംസ് ബ്രൈറ്റ്

ആലിപ്പഴം പൊഴിഞ്ഞു,
അന്നേരം
ആമിനയും മൊഴിഞ്ഞു
അക്കരെ നിന്നൊരാമ്പല്‍
തഞ്ചത്തില്‍
കൊണ്ടുതാ എന്റെ മാരാ..
അത്തിമരം പൂത്തു
കണ്ടോ നീ
പൂത്തിരിപ്പൂമാല
കണ്ടു രസിച്ചുവല്ലോ
മൊഞ്ചുള്ള
പുഞ്ചിരി പഞ്ചസാര..!


20 Feb 2012

ഹൃദ്രോഗവും വേര്‍പാടും.

ജെയിംസ് ബ്രൈറ്റ്

email
ഒരു ബന്ധു മരിച്ചെന്നാല്‍ ആരിലും അത് അത്യധികമായ വേദന ഉളവാക്കും. ഇത് തങ്ങളുടെ ജീവിത പങ്കാളി അല്ലെങ്കില്‍ സ്വന്തം മകനോ മകളോ അതോ അച്ഛനോ അമ്മയോ മറ്റോ ആണെങ്കില്‍ ആ മാനസിക വേദന മറ്റൊരാള്‍ക്ക് മനസ്സിലാവുന്നതിലും അപ്പുറവും ആയിരിക്കും. ഹൃദയാഘാതം ഇക്കൂട്ടരില്‍ ഉണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പുതിയ കണ്ടുപിടുത്തലുകള്‍ വെളിവാക്കുന്നു.

അടുത്ത ആളുകളുടെ വേര്‍പാട് ഹൃദ്രോഗത്തിന് കാരണമാകുന്നുവെന്നു പഠനങ്ങള്‍ മുമ്പും വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ വ്യക്തമായ      ചോദ്യാവലികളുടെ പിന്‍ ബലത്തോടെ ആ കണ്ടെത്തലുകള്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ് . വേര്‍പാടുകളുടെ എണ്ണം കൂടുന്നത് അനുസരിച്ച് അസുഖം വരുവാനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നതായി കണ്ടെത്തി. ഹൃദ്രോഗം ഉണ്ടാവുന്നവരില്‍ അടുത്ത കാലത്ത് ബന്ധുക്കളുടെ  വിയോഗം ഉണ്ടായോ എന്നന്വേഷിക്കുന്നത് നന്നായിരിക്കുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

ബന്ധുവിന്റെ മരണത്തിന്റെ പിറ്റേ ദിവസം ആളുകളില്‍ ഹൃദ്രോഗ സാധ്യത ഇരുപത്തി ഒന്ന് ശതമാനം കണ്ടു വര്‍ദ്ധിക്കും എന്നാണു കണ്ടെത്തല്‍. ഒരാഴ്ച കഴിയുമ്പോള്‍ ഇത്  ആറ് ശതമാനമായി കുറയുമെന്നും കണ്ടെത്തുകയുണ്ടായി. ഹൃദ്രോഗ സാധ്യത കൂടുതലായി ഉള്ളവര്‍ക്കും കുടുംബത്തില്‍ മുമ്പ് ഹൃദ്രോഗം ഉള്ളവര്‍ക്കും ഇതിനെല്ലാം ആനുപാതികമായി രോഗ സാധ്യത കൂടാം. അടുത്ത ബന്ധുവിന്റെ മരണം കാരണം ഹൃദ്രോഗം തടയാനുള്ള മരുന്നുകള്‍ കഴിച്ചുകൊണ്ടിരിക്കുന്നവര്‍ അത് കഴിക്കാതെ അനാരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്നതും മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

വേര്‍പാടുകള്‍ മനുഷ്യ മനസ്സില്‍ മാത്രമല്ല, ശരീരത്തിലും അപകടകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു എന്നകാര്യം ഇപ്പോള്‍ കൂടുതല്‍ സ്വീകാര്യമായിരിക്കുന്നു. ശരീരത്തിലെ രക്ത ഓട്ടം , രക്തം കട്ട പിടിക്കാനുള്ള സാധ്യതകള്‍ കൂടുക തുടങ്ങിയ കാര്യങ്ങള്‍ ഇനിയും കൂടുതല്‍ പഠനങ്ങള്‍ക്ക് വിധേയമാകണം . ബന്ധു വിയോഗത്തില്‍ അകപ്പെടുന്നവരോടുള്ള നമ്മുടെ സമീപനവും മാറേണ്ടതുണ്ട്.

14 Jan 2012

റഷ്യന്‍ ബ്ലോഗു വിപ്ലവവും മുല്ലപ്പെരിയാറും

ജെയിംസ് ബ്രൈറ്റ്


 വിപ്ലവത്തിന്റെ നാടായ റഷ്യയും ബ്ലോഗു വിപ്ലവത്തില്‍ . ഈ മാസം നാലാം തീയതി നടന്ന ഇലക്ഷനില്‍ വ്ലാദിമിര്‍ പുട്ടിന്റെ പാര്‍ട്ടി ജയിച്ചത്‌ കള്ള വോട്ടിലൂടെയാണെന്ന് അവിടുത്തെ സോഷ്യല്‍ മീഡിയകള്‍ കണ്ടെത്തി. ഫേസ് ബൂക്കിലൂടെയും ബ്ലോഗിലൂടെയും ഇന്നവിടെ മറ്റൊരു വിപ്ലവം അരങ്ങേറുന്നു

അതിനു ചുക്കാന്‍ പിടിക്കുന്നയാളാണ് അലെക്സി നവാല്നി . അദ്ദേഹത്തെ റഷ്യന്‍ ഭരണകൂടം അറസ്റ്റു ചെയ്തിരിക്കുകയാണ്.
നവാല്‍നിയെപ്പറ്റി അല്പം.
ഒരു ബ്ലോഗറായ അദ്ദേഹം ഇന്ന് റഷ്യയിലെ ഏറ്റവും വലിയ നേതാവാണ്‌. ഈ കരുത്ത് അദ്ദേഹം ബ്ലോഗു ചെയ്തു മാത്രം നേടിയതാണ്. മാഫിയ നേതാവായ വ്ലാദിമിര്‍ പുട്ടിനോട് ഒരു കൈ നോക്കാനിറങ്ങിയ അദ്ദേഹം അപാര ധൈര്യത്തിന്റെ ഉടമയാണ്.
രണ്ടായിരത്തി എട്ടിലാണ്  ആദ്യമായി ബ്ലോഗുന്നത് . അഴിമതി ആയിരുന്നു പ്രധാന വിഷയം. എഴുത്തിലൂടെ വന്‍ ജന പിന്തുണ  നേടി.
ജോലി അഭിഭാഷകന്‍ . ഭാര്യും രണ്ടു കുഞ്ഞുങ്ങളും ഉണ്ട്.
ബ്ലോഗിലൂടെ അവവധി സമരങ്ങള്‍ അദ്ദേഹം സംഘടിപ്പിച്ചു . ബ്ലോഗറന്മാരുടെ സംഘങ്ങള്‍ പല വന്‍ അഴിമതികളും പുറത്തു കൊണ്ടുവരുകയും ചെയ്തു. നാല് ബില്യന്‍ റൂബിളിന്റെ ട്രാനസ്നേഫ്റ്റ് അഴിമതി ആയിരുന്നു അതില്‍ ഏറ്റവും പ്രധാനം.
അഴിമതി നിവാരണത്തിനായി ഒരു വെബ് സൈറ്റുതന്നെ ഉണ്ടാക്കി. അതില്‍ പരാതികള്‍ അപ്ലോട്‌ ചെയ്യുകയും അവ അന്വേഷണ വിധേയം ആക്കുകയും ചെയ്യുന്നു. വായനക്കാര്‍ ആളുകള്‍ക്ക് പരാതി സംബന്ധമായ കേസുകള്‍ നടത്താന്‍ സാമ്പത്തിക സഹായവും നല്‍കുന്നു. റഷ്യയിലും ലോകമെമ്പാടും ഈ സൈറ്റിന് വന്‍ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്നു.
ഈ വര്ഷം ഫെബ്രുവരി മുതലാണ്‌ നവലാനി പുട്ടിനെതിരെ തിരിയുന്നത് . കള്ളന്മാരുടെയും മോഷ്ടാക്കളുടെയും പാര്‍ട്ടി എന്നാണു പുട്ടിന്റെ പാര്‍ട്ടിക്കെതിരെ അദ്ദേഹം പ്രതികരിച്ചത്.
അദ്ദേഹത്തെ ഒരു നവ മാര്‍ക്സ് എന്നോ ലെനിനെന്നോ നമുക്ക് വിളിക്കാം.
ഇനി വിപ്ലവങ്ങളും അഴിമതി വിരുദ്ധ പോരാട്ടങ്ങളും ബ്ലോഗിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും മാത്രമേ നടക്കുകയുള്ളു. നേതാക്കന്മാര്‍ അത് മനസ്സിലാക്കിയാല്‍ നന്ന്. അല്ല ഈ ബ്ലോഗിനെയും മറ്റും നിരോധിക്കാം എന്നാണു പരിപാടിയെങ്കില്‍ അതൊരിക്കലും നടക്കുവാന്‍ പോകുന്നില്ല.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒരു സൈബര്‍ കൂട്ടായ്മ ഉണ്ടായതും പല നേതാക്കളെയും ആളുകള്‍ പരസ്യമായി തള്ളിപ്പറയുന്നതും മറ്റും കാണുമ്പോള്‍ നമുക്കും ഒരു നല്ല കാലം വരും എന്ന നേരിയ ഒരു പ്രത്യാശ മനസ്സില്‍ മുളപൊട്ടുന്നു.
റഷ്യയിലെ അലക്സി നെവലാനി നമ്മുടെയും മാതൃക ആവട്ടെ. ഒരു തീരുമാനം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉണ്ടാവും വരെ നമുക്ക് വിശ്രമം ഇല്ല.

15 Nov 2011

സന്തോഷ്‌ പണ്ഡിറ്റ്‌ : സിനിമയിലെ വിപ്ലവകാരി

ജെയിംസ് ബ്രൈറ്റ്

 


സാധാരണ ഗതിയില്‍ സിനിമയില്‍ കയറുകയെന്നും രാഷ്ട്രീയത്തില്‍ ഇറങ്ങുകയും ചെയ്യുന്നു എന്നാണു വിശേഷിപ്പിക്കാറു പതിവ്. കാരണം സിനിമയില്‍ എത്തിപ്പറ്റുക ഒരു നടക്കാത്ത കാര്യം അഥവാ താരതമ്യേന അലഭ്യമായ ഭാഗ്യം തന്നെയാണ് .അതിനാലാവാം ആളുകള്‍ ഇങ്ങിനെ ചിന്തിക്കുന്നത്.
കഴിവ് മാത്രം പോര ഇന്ന് സിനിമയില്‍ എത്താന്‍. ഒരുപാട് കാര്യങ്ങള്‍ ഒത്തു വരണം ആര്‍ക്കും ഒരു സിനിമാക്കാരനാകുവാന്‍. നല്ല കഴിവുകളുള്ള ആളുകള്‍ക്ക് ഇത് മൂലം ഈ മേഖല അപ്രാപ്യമായി തീര്‍ന്നിരിക്കുന്നു.
കാലം മാറിയതോടെസിനിമാ രംഗത്ത്‌ വന്ന സംഘടനകളുടെ ആവിര്‍ഭാവവും സാധാരണക്കാരനെ സിനിമയില്‍ നിന്നും അകറ്റി.
പലരുടെ കയ്യിലും നല്ല ഐഡിയകള്‍ ഉണ്ടെങ്കിലും അതൊന്നും ഇന്ന് സിനിമയാക്കാന്‍ കഴിയുന്നില്ല. നിര്‍മ്മാതാക്കള്‍ക്ക് തങ്ങളുടെ പണം തിരിച്ചു കിട്ടുമെന്ന് ഒരു ഗ്യാരണ്ടിയും ഇല്ല. കാശ് നഷ്ടപ്പെട്ട നിര്‍മ്മാതാക്കളാണ് അധികവും. വിതരണ രംഗം ഒരിക്കലും സുതാര്യമല്ല. കാശ് മിക്കവാറും അവരാവും കൊണ്ട് പോവുക.

സന്തോഷ്‌ പണ്ഡിറ്റ് സിനിമ പ്രദര്‍ശിപ്പിക്കാന്‍ സ്വന്തമായി തീയേറ്റര്‍ വാടകക്കെടുത്തു എന്ന കാര്യം അത്യന്തം ശ്രദ്ധേയമാകുന്നത് ഇവിടെയാണ്‌. അവിടെ നിന്നും പിരിഞ്ഞു കിട്ടുന്ന പണമെല്ലാം സന്തോഷിനുള്ളതാണല്ലോ. മുടക്ക് മുതല്‍ മാത്രമല്ല ലാഭവും അദ്ദേഹത്തിന് തന്നെ. ഈ ഒറ്റ കാര്യം കൊണ്ട് മാത്രം ഈ ഐഡിയ വളരെ സ്വീകാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്. മറ്റു നിര്‍മാതാക്കള്‍ക്കും ഇത് ഇഷ്ടപ്പെട്ടിട്ടുണ്ടാവണം എന്ന് തന്നെ കരുതുന്നു.
പുതിയ ഡിജിറ്റല്‍ ക്യാമറകളുടെ വരവോടെ ഇന്ന് ഫിലിമിന്റെ ആവശ്യം ഇല്ലാതെ വരുമെന്നതിനാല്‍ നിര്‍മ്മാണ ചെലവ് കുറയ്ക്കാമെന്ന് എല്ലാവരും മനസ്സിലാക്കിയതിനു തൊട്ടു പിറകെയാണ് സന്തോഷിന്റെ വിജയവും നമ്മള്‍ കാണുന്നത്.
സന്തോഷിന്റെ സിനിമയുടെ കലാ മൂല്യം ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല.സിനിമയുടെ നിര്‍മ്മാണ സാധ്യത മാത്രം ഇവിടെ പരിഗണിക്കുന്നു എന്നും പറഞ്ഞു കൊള്ളട്ടെ.
സിനിമയിലും ഒരു ജനാധിപത്യം വരുമെന്ന് തോന്നുന്നു. അവിടെയാണ് സന്തോഷിന്റെ പ്രസക്തി. അദ്ദേഹത്തിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നതോടൊപ്പം മലയാള സിനിമയിലെ വിപ്ലവകാരി എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുവാനും നമ്മള്‍ മടി കാണിക്കേണ്ടതില്ല.



14 Oct 2011

തിരിച്ചു കൊടുക്കാന്‍ മറന്ന താക്കോല്‍


ജെയിംസ് ബ്രൈറ്റ്

 


എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല . താമസിച്ചിരുന്ന മുറിയുടെ താക്കോല് തിരിച്ചു കൊടുത്തില്ല! ഇങ്ങിനെ ഒരിക്കലും ചെയ്തിട്ടില്ല.. എന്തായിരിക്കും ഈ താക്കോല് തിരിച്ചേല്‍പ്പിക്കാന്‍ മറന്നത്? മറ്റെല്ലാ ചിന്തകളെയും മാറ്റി നിറുത്തി മനസ്സ് ശുദ്ധമാക്കി ഒന്നുകൂടെ ചിന്തിച്ചു. എന്താണ് സംഭവിച്ചത്?
ആ ഹോട്ടലില്‍ ഞാന്‍ താമസിച്ചു.
അതെ ..അതൊരു ഹോട്ടല്‍ ആയിരുന്നുവെന്നാണ് ഓര്‍മ്മ. എപ്പോഴാണ് അവിടം വിട്ടത്? എന്തിനാണ് അവിടെ പോയത്?
എന്തായാലും ഈ താക്കോല് തിരിച്ചു കൊടുത്തേ മതിയാവൂ. അത് തിരിച്ചു കൊടുക്കാതെ പോന്നത് ഒരിക്കലും ശരിയായില്ല. ഇനി തിരിച്ചു പോവുകയല്ലാതെ എന്റെ മുന്നില്‍ ഒരു മാര്‍ഗ്ഗവും കണ്ടില്ല.
ഹോട്ടല്‍ നിന്നിരുന്ന നഗരത്തിലേക്ക് യാത്രതിരിച്ചു. വളരെയേറെ യാത്രചെയ്തു അവിടെ എത്തി. നഗരം പഴയപടി തന്നെ . ഒരു മാറ്റവും ഇല്ല. ഇനി ഹോട്ടല്‍ കണ്ടുപിടിക്കണം.
താക്കോല് തിരികെ കൊടുത്താല്‍ സമാധാനമായി. പക്ഷേ ഹോട്ടല് കാണുന്നില്ല! അതിന്റെ പേരും മറന്നുപോയി! ആരോടെങ്കിലും ചോദിക്കാമെന്നു കരുതി.
റോഡരുകിലെ ഒരു ബെഞ്ചില്‍ രണ്ടു വൃദ്ധന്മാര്‍ സംസാരിച്ചിരിക്കുന്നുണ്ടായിരുന്നു.
അവരോടു ചോദിച്ചുനോക്കാം.
അവരുടെ അടുത്തു ചെന്ന് ചോദിച്ചു.പക്ഷേ ചോദിച്ചതൊന്നും അവര്‍ക്ക് മനസ്സിലായില്ല. അതിനൊരു കാരണവും ഉണ്ടായിരുന്നു. അവരിലോരാള്‍ക്ക് ചെവി കേള്‍ക്കില്ലായിരുന്നു. മറ്റേയാള്‍ അന്ധനും ആയിരുന്നു! എന്തായിരിക്കാം അവര്‍ സംസാരിച്ചുകൊണ്ടിരുന്നത്? എന്തായാലും അതിനെപ്പറ്റി ആലോചിക്കാന്‍ സമയമില്ല.
വേറെ ആരെയെങ്കിലും കണ്ടുപിടിക്കുക തന്നെ. അല്പം അകലെയായി ഒരാള്‍ പത്രം വില്‍ക്കുന്നുണ്ടായിരുന്നു. അയാളോട് ചോദിക്കാം. അയാളെ സമീപിച്ചു. ഒരു സര്‍വ്വജ്ഞാനിയെപ്പോലെ ആയിരുന്നു അയാളുടെ മുഖ ഭാവം. എന്നെ അയാള്‍ ഒരുതരം അവജ്ഞയോടെ നോക്കി.
ഹോട്ടല്‍ എവിടെയാണെന്ന് അയാള്‍ക്കറിയില്ലായിരുന്നു. വീണ്ടും നടന്നു. ഒരു തുറന്ന സ്ഥലത്ത് എത്തപ്പെട്ടു.
അവിടെ ഒരാളെ കുരിശില്‍ തറച്ചു നിര്ത്തിയിട്ടുണ്ടായിരുന്നു! അദ്ദേഹം ഒരു ഉപദേശി ആണെന്നും ,സ്വയം ക്രൂശില് അവരോധിതനായതാണ് എന്നും മറ്റും അയാള്‍ മരിക്കുവാനായി അവിടെ കാത്തു നിന്നിരുന്ന പോലീസുകാരും പുരുഷാരവും എന്നോട് പറഞ്ഞു.
അവിടെ നിന്നും വീണ്ടും നടന്നു. ഒരു സ്ത്രീ ഒരു കുഞ്ഞിനെ തോളില്‍ എടുത്തുകൊണ്ടു വരുന്നുണ്ടായിരുന്നു. അവരോടു ഹോട്ടലിനെപ്പറ്റി ചോദിച്ചു. അവര്‍ ഹോട്ടല്‍ ഇപ്പോള്‍ വേറെ ഏതോ ഒരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു എന്ന വാര്‍ത്ത തന്നു.
വിഷമം തോന്നി. വേറെ ആരോടെങ്കിലും ഒന്ന് കൂടെ ചോദിക്കാം എന്ന് കരുതി അടുത്ത തെരുവിലേക്ക് കടന്നു.
അത്ഭുതം എന്ന് പറയട്ടെ.. ഞാനിപ്പോള്‍ പുറപ്പെട്ട അതെ സ്ഥലത്ത് തന്നെ എത്തപ്പെട്ടിരിക്കുന്നു..
അലറാന്‍ ശ്രമിച്ചു. പക്ഷേ ശബ്ദം പുറത്തു വന്നില്ല.
അപ്പോഴാണ്‌ ഉറക്കത്തില്‍ നിന്ന് ഉണരുന്നതും ഇതെല്ലാം ഒരു സ്വപനമായിരുന്നുവെന്നു മനസ്സിലാക്കിയതും!
എന്നിരിക്കിലും താക്കോല് എന്റെ കയ്യില്‍ ഉണ്ടോ എന്ന് നോക്കി. ഇല്ല..സമാധാനമായി. പക്ഷേ എന്തിനായിരിക്കാം ഞാന്‍ ഇങ്ങിനെ ഒരു സ്വപ്നം കണ്ടത്?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...