Showing posts with label 28. Show all posts
Showing posts with label 28. Show all posts

24 Jun 2015

വിരഹമുരളി


ഇന്ദിരാബാലൻ
പഞ്ചമമദ്ധ്യമത്തിലേതോ
വിഷാദവൈഖരിയായി
ജന്മഗേഹത്തിൻ 
സ്മൃതിധൂളികൾ
മൃതിതാളങ്ങൾ
മുറുകിയ മണ്ണിൽ
കരിഞ്ചേരകളിഴയുന്നു
കാവലായ്‌
തീനാളങ്ങൾ
മൂകം കത്തിയെരിഞ്ഞു
ചിതലരിച്ചുറക്കുത്തി
വീടിൻഹൃദയഭിത്തികൾ
ആഹാര്യശോഭയിൽ
പൂത്തുനിന്ന പാർവ്വണ-
ദിനങ്ങളെത്രയോ വിദൂരം
സർഗ്ഗനീലിമ വിടർന്ന
അകത്തളങ്ങളോ
ഗാന്ധാരവിലാപങ്ങളയി.......
. ഉദയഭൂപാളശ്രുതിയിൽ
തുയിലുണർന്ന
സ്വരവിപഞ്ചികയിലെ
രാഗമാലികയോ
പാതി മുറിഞ്ഞു.
കലതൻ സംസ്കൃതി
പെരുമ തൻ കിരീട-
മണിഞ്ഞു അരുണാഭ-
യാർന്നൊരാ മിഴികളെന്നേ
സമാധി പൂണ്ടു......
ജീവിതസൂര്യനൊപ്പം
ചന്ദ്രാംശുവെപ്പേ‍ാൽ
പാതിയുടലായ്‌
ജീവനം ചെയ്ത
തരളഹൃദയവുമുറങ്ങുന്നു
മുൾപ്പൊന്തയിലെ
വാല്മീകമായ്‌.......
മഹാമൗനത്തിൻ
പടവിലെ പായലിൽ
പാദമിടറി വീണുറങ്ങിയോരാ
വളകിലുക്കത്തിൻ വിലാപങ്ങളും
കുരുങ്ങുന്നു നോവിന്നഗ്നിഗോളമായ്‌
പുകയുന്നേൻ കരളിലെ തീമല
,നിഷ്ക്രിയയായി
മൂകം യാത്രചൊല്ലി
വീടിൻ പടിയിറങ്ങി
ഞാനന്യയെപ്പോലെ.......
മിഴിയുയർത്താതെ
പിന്തിരിഞ്ഞൊന്നു നോക്കാതെ
ആർദ്ദ്രചിത്തവുമായുരുകി
മടങ്ങി ഞാനാ നോവിൻ മണ്ണിൽനിന്നും..........
കർമ്മസാക്ഷിയുണർന്നു
വീശുന്നു വെളിച്ചവും
കാലത്തിൻ സൂചിയും
നിലയ്ക്കാതെ നീങ്ങുന്നു
ജീവിതകടലോ
വറ്റിവരളുന്നു ക്ഷണികം
അപ്പോഴുമീ നിഷാദത്തിലിരുണ്ടു
മൂകവിശ്രന്തമായ്‌ നിൽക്കുമെൻ
വീടൊരു വിരഹമുരളിയായൊഴുകുന്നു നെഞ്ചിൽ.................!

23 May 2015

ചുമര്‍



 ഉമ രാജീവ്

നിന്റെ വീട്ടുചുമരാണ് ഞാന്‍...
പലകയ്യുകള്‍ പതിഞ്ഞവള്‍
നിന്റെ സ്വകാര്യതകളെ
വേര്‍തിരിച്ചു, നിനക്ക് മിഴിവേകുന്നവള്‍

നിന്റെ പുഞ്ചിരി പൂമുഖത്തും
നിന്റെ ചിന്തകള്‍ വായനാമുറിയിലും
സ്വാര്‍ത്ഥമോഹങ്ങള്‍ നാമമുറിയിലും
കൊച്ചുകൊതികള്‍ അടുക്കളയിലും
മാറാപ്പുകള്‍ ചായിപ്പുകളിലും
ആസക്തികള്‍ കിടക്കറയിലുമായി
വേര്‍തിരിക്കുന്നവള്‍.

നിന്റെ അഴുക്ക് തെറിച്ചു
പായല്‍ പിടിച്ചു ഇടയ്ക്ക് വഴുക്കുന്നവള്‍.
നിനക്ക് പുറത്തിറങ്ങാന്‍ വാതിലുകളും
വലിച്ചടക്കാന്‍ വാതായനങ്ങളും ഉള്ളവള്‍.

മഴയേറ്റു കുതിര്‍ന്നും
വെയിലേറ്റ് വിണ്ടും
മഞ്ഞേറ്റ് കുളിര്‍ന്നും നില്പവള്‍.

പഴയതൊന്നും ഇളക്കാതെ
പലതരം ചായം പൂശുന്നു
നീ എന്നില്‍, ഞാന്‍ മുഷിയുമ്പോള്‍
(ശരി ഞാന്‍ ചിരി തുടരാം)

ഉറക്കെ പറഞ്ഞോളു ഞാന്‍
ഒന്നും പുറത്തു വിടില്ല

നീ എന്നോട് ചേര്‍ന്ന് പിറുപിറുക്കൂ
നിന്റെ മനസിന്റെ വൈകൃതങ്ങള്‍

നീ തലയിട്ടടിക്കൂ,
നിന്റെ വേദന ഞാന്‍ ഏറ്റു വാങ്ങാം

ആഘോഷങ്ങള്‍ക്കായി
നീ മറ്റുചുവരുകള്‍ തേടിയേക്കാം
എങ്കിലും നീ തിരിച്ചു വരും

എന്ത് ചെയ്യാം, ഒരിക്കല്‍ പടുത്താല്‍
നിന്റെ അവജ്ഞ കൊണ്ടോ അവഗണന കൊണ്ടോ
അല്ലാതെ എനിക്ക് സ്വയം തകരാനാവുന്നില്ല ...

22 Apr 2015

ജെസിബി മണ്ണുമാറ്റുമ്പോൾ



മഞ്ഞപ്ര ഉണ്ണികൃഷ്ണൻ


നിലാവസ്തമിക്കുന്നുകുന്നിൻ
മേലാപ്പിലുമെൻ മനസ്സിലുമൊപ്പം
മുദ്രമാറുന്നപോൽസ്നേഹത്തിൻ
മണ്ണുമാറ്റുന്നല്ലോ കിനാവിലുംഭൂവിലും
സൂര്യനുദിക്കുന്നദിക്കിലെല്ലാടവും
ഗിരിമകുടമായ്നിലക്കുന്നമേടകൾ
ചിരപരിചിതമാമതിരുകൾക്കപ്പുറം
കതിരുകൾചുംബിച്ചകുന്നിൻചരിവുകൾ
ഉതിരുകയാണുലകിന്മിഴിയിലെ
ദുരിതപൂരിതമശ്രുബിന്ദുക്കളായ്‌
നഗരകത്തിയിൽ കാന്തമായ്‌ ചേരുന്ന
ഹരിതങ്ങൾ വാടിയ ഹൃദയാന്തരങ്ങളിൽ
ഞൊടിയിടയിൽ നഖരങ്ങളാഴത്തിൽ
പിടിമുറുക്കുവാൻവരികയാണിപ്പോഴും
ഒഴുകിയെത്തിയസ്നേഹതീരങ്ങളിൽ
കഴുകുകൾവന്ന്‌ കാത്തിരിയ്ക്കുന്നപോൽ
കൂർത്തദംഷ്ട്രകളിരുമ്പിനാൽതീർത്
ഹസ്തത്താലടുക്കുന്നുതെരുതെരെ
അഷ്ടദിക്കുകളെല്ലാമടർത്തുവാ-
നെത്തുന്നു, ഭീകരരൂപീയാർന്നൊരായന്ത്രം
വീണടിയുന്നു, മണ്ണിന്മനസ്സിലാ
ലെണ്ണിയൊടുങ്ങാത്തവിണ്ണിലെത്താരകൾ
കണ്ണുചിമ്മിതുറക്കുമ്പോളായിരംപൊന്നിൽ
കുളിച്ചുതിളങ്ങുന്നോരോർമ്മകൾ
തേടിനടക്കുന്നൊരാപൈതലിൻകാഴ്ചയിൽ
മാരിവില്ലിൻനിറമാർന്നപമ്പരം
മണിമേടകളുയിർത്തുന്നതിന്നായ്‌
മണ്ണുമാറ്റുമ്പോളുൾതെറ്റുന്നചിന്തകൾ
യന്ത്രബുദ്ധിയിൽതെറ്റായിമാറവെ
ഇന്ദ്രിയങ്ങളെല്ലാം മിടയുന്നുതമ്മിലും
ചങ്ങലയ്ക്കിട്ടഹൃദയങ്ങളായിരം
കോർത്തെടുക്കുന്നയന്ത്രക്കരങ്ങളിൽ
തെറ്റിവീഴവേപടുത്തത്താംകാലത്തിൽ
വെണ്മകലർന്നമഹാസൗരങ്ങളായിരം
നഷ്ടമാർന്നകരച്ചിലാൽപൈതങ്ങൾ
ദൃഷ്ടിയാൽതേടുന്നുസൗവർണ്ണപമ്പരം

11 Mar 2015

ദുര്‍ഗ്ഗയുടെ ലോകം : 'പഥേര്‍ പാഞ്ചാലി' വീണ്ടും കാണുമ്പോള്‍...


ലാസര്‍ ഡിസില്‍വ
വിദേശരാജ്യങ്ങള്‍ക്കു വേണ്ടി ഇന്ത്യയിലെ ദാരിദ്ര്യത്തെ കാല്പനികവത്കരിച്ചു 'പഥേര്‍ പാഞ്ചാലി' എന്നു നര്‍ഗീസ്‌ ദത്ത്‌ പാര്‍ലെമെന്റ്‌ അംഗമായിരുന്ന കാലത്ത്‌ വിമര്‍ശിച്ചിട്ടുണ്ട്‌, സത്യജിത്‌ റേയെ. 'സ്ലം ഡോഗ്‌ മില്ല്യണറി'നു നേരെ ഉണ്ടായ ഇതേ സ്വരമുള്ള വിമര്‍ശനം, ദാരിദ്ര്യം ഒരു അവസ്ഥ എന്ന നിലയ്ക്കും ആശയം എന്ന നിലയ്ക്കും കാലാതീതം എന്നു തെളിവു തരുകയാണ്‌. എന്നാല്‍ ആശയാധിഷ്ഠിതം ആയി മാത്രം

പഥേര്‍ പാഞ്ചാലിയെ സമീപിക്കാന്‍ വയ്യ. വിഭൂതിഭൂഷണ്‍ ബന്ദോപാധ്യായയുടെ നോവലിന്റെ ഒരു ഭാഗം തന്റെ സിനിമയ്ക്കു വേണ്ടി ഉപയോഗിക്കുകയായിരുന്നു ചലച്ചിത്രകാരന്‍. ജീവിതത്തിന്റെ സത്യാത്മകതയോടു അടുത്തു നില്ക്കുന്നു എന്നതാണ്‌ ആ കഥ തിരഞ്ഞെടുക്കാന്‍ റേയെ പ്രലോഭിപ്പിച്ചത്‌. വ്യതിരക്തമായ ഒരു കലാസങ്കേതം എന്ന നിലയ്ക്ക്‌, പരിമിതമായ ജീവിതമേ കഥയ്ക്ക്‌ സിനിമയിലുള്ളു.

പാഠത്തെ കവിഞ്ഞുള്ള കലാവിമര്‍ശനം ശ്രമകരമാണ്‌. വിപരീതങ്ങളുടെ ഏകാഗ്രത കൂടിയത്‌ പേറണം. ചരിത്രത്തേയും സമകാലത്തേയും, പ്രാദേശികതയേയും അന്താരാഷ്ട്രീയതയേയും സുഘടിതമായ ബോധത്തില്‍ നിര്‍ത്തി കലയുടെ ഉള്ളില്‍ നിന്ന്‌ കലയെ വ്യവഹരിക്കേണ്ടി ഇരിക്കുന്നു. നിരൂപിക്കപ്പെടുന്ന കല ആശയാതീതമായ സൃഷ്ടിപരത കൂടി ഉള്‍പ്പേറുന്നുണ്ടെങ്കിലേ അനുവാചകന്‌ ആ നിലയ്ക്ക്‌ അതിനെ സമീപിക്കുവാന്‍ സാധിക്കുകയുള്ളു. ഇന്നു പഥേര്‍ പാഞ്ചാലി കാണുമ്പോള്‍ കാലം മൂന്നു തലത്തിലാണ്‌ ഹാജരാവുക. സിനിമയുടെ നിര്‍മ്മാണം നടന്ന തൊള്ളായിരത്തി അമ്പതുകളാണ്‌ അതിനെ സംബന്ധിച്ച ചരിത്രപരമായ യാഥാര്‍ത്ഥ്യം. എന്നാല്‍ കഥ സംഭവിക്കുന്ന തൊള്ളായിരത്തി ഇരുപതുകള്‍ ബോധപൂര്‍വമായി തന്നെ സന്നിവേശിപ്പിക്കപ്പെടുന്നുണ്ട്‌. ഒപ്പം അനുവാചകന്‍ ആ സിനിമ കാണുന്ന കാലം ഭാവുകത്വപരമായി അബോധസംക്രമണം നടത്തുന്നു. ഏതു കലാസൃഷ്ടിയും നല്ലത്‌ എന്നു തെളിയിക്കപ്പെടുന്നത്‌ കാലത്തെ അതിജീവിക്കുമ്പോളാണ്‌ എന്നു പറയുന്നത്‌ വ്യത്യസ്ഥമായ ഇത്തരം കാലബോധങ്ങളെ മനോഹാരിതയോടെ അലിയിക്കുന്നതു കൊണ്ടാണ്‌. പഥേര്‍ പാഞ്ചാലി ഇതു സാധിക്കുന്നുണ്ട്‌ എന്നതിനാല്‍ കൂടിയാവും അത്‌ ദാരിദ്ര്യത്തിന്റെ മാത്രം ചലച്ചിത്ര ഭാഷ്യം ആവാത്തതും. അത്‌ കാലത്തെ നീന്തി കടക്കുന്നതും ഈ ഉള്‍ക്കരുത്തിനാല്‍ തന്നെ ആവും.

ബോംബേ സിനിമാവ്യവസായത്തിനും അതിന്റെ പ്രതിസ്ഫുരണങ്ങള്‍ക്കും പുറത്ത്‌ ഒരു സമാന്തരസിനിമാ സംസ്കാരത്തിനു തുടക്കം കുറിച്ചത്‌ പഥേര്‍ പാഞ്ചാലി ആയിരുന്നു. ഋത്വിക്‌ ഘട്ടക്കിന്റെ 'നാഗരിക്‌' അതിനു മുമ്പേ നിര്‍മ്മിക്കപ്പെട്ടിരുന്നുവെങ്കിലും വെളിച്ചം കണ്ടത്‌ അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ആയിരുന്നുവല്ലോ. സമാന്തരസിനിമയുടെ ഗതിവേഗത്തെ വിരസമാക്കിത്തീര്‍ത്ത (പ്രത്യേകിച്ചു മലയാളത്തില്‍) പല പില്ക്കാല പരീക്ഷണങ്ങളുടേയും ഗണത്തില്‍ ഉള്‍ക്കൊള്ളിക്കാനാവുന്ന ചലച്ചിത്രവുമല്ല പഥേര്‍ പാഞ്ചാലി. കാഴ്ചയുടെയും ബോധത്തിന്റേയും കാമനകളെ പല കോണുകളില്‍ നിന്നും സംതൃപ്തമാക്കുന്ന ചടുലത അതിനുണ്ട്‌. പില്ക്കാലത്ത്‌ സിനിമയുടെ പൊതുധാര സ്വാംശീകരിച്ച്‌ വഷളാക്കിയ പല ബിംബകല്പനകളുടേയും പ്രഭവം സത്യജിത്‌ റേയിലാണെന്ന്‌ പഥേര്‍ പാഞ്ചാലി ഓര്‍മ്മിപ്പിക്കും. ഒരു മരണത്തെ സൂചിപ്പിക്കാന്‍ ഈ സിനിമയില്‍ ഓട്ടുപാത്രം കമിഴ്ന്ന്‌ വീഴുന്നതു കാണുമ്പോള്‍ എത്രമാത്രം സിനിമകളിലാണ്‌ പിന്നീട്‌ കമിഴ്ന്ന്‌ വീണു വെള്ളംതൂകി താഴേക്കു തെറിച്ചുപോകുന്ന ഓട്ടുപാത്രം മരണത്തിന്റെ രൂപകം ആയി ഉപയോഗിച്ചിട്ടുള്ളത്‌ എന്ന്‌ തമാശയോടെ ഓര്‍മ്മ വരും. ഒറ്റപ്പെട്ട ഇത്തരം ചില പ്രയോഗങ്ങളെ പുനരാവിഷ്ക്കരിക്കാന്‍ സാധിച്ചിരിക്കാം എങ്കിലും പഥേര്‍ പാഞ്ചാലിയിലൂടെ റേ സൃഷ്ടിച്ചെടുത്ത സിനിമയുടെ അനന്യരൂപം ഇന്നും നൂതനം ആയി ബാക്കിയാവുന്നു.

'വഴിയുടെ സംഗീതം' എന്നാണു 'പഥേര്‍ പാഞ്ചാലി' എന്ന വാക്കിന്റെ ഏകദേശവിവര്‍ത്തനം. നോവലിന്റെ ശീര്‍ഷകം തന്നെ സിനിമയ്ക്കും ഉപയോഗിക്കുകയായിരുന്നു. വിഭൂതിഭൂഷന്റെ ആത്മകഥാപരമായ നോവലിന്‌ ആ പേര്‌ ഏറെകൂറെ അനുയോജ്യം ആവുക, അത്‌ അപുവിന്റെ ജീവിതപാതയുടെ ഒപ്പംചേര്‍ന്നു ആദ്യാവസാനം സഞ്ചരിക്കുന്നതു കൊണ്ടാവും. എന്നാല്‍ നോവലിന്റെ ആദ്യഭാഗം മാത്രം അടര്‍ത്തിയെടുത്ത്‌ ഈ സിനിമയ്ക്കായി ഉപയോഗിച്ചിരിക്കയാല്‍, ആ ശീര്‍ഷകത്തിന്റെ അര്‍ത്ഥതലങ്ങള്‍ മറ്റിടങ്ങളില്‍ അന്വേഷിക്കേണ്ടി വരും. താമസിയാതെ നോവലിന്റെ ബാക്കി ഭാഗം തന്റെ അടുത്ത രണ്ടു സിനിമകള്‍ക്ക്‌ റേ ഉപയോഗിക്കുകയുണ്ടായി എന്നത്‌ വേറെ കാര്യം (അപരാജിതോ - 1956, അപൂര്‍ സന്‍സാര്‍ - 1959). എന്നാല്‍ പഥേര്‍ പാഞ്ചാലിയുടെ നിര്‍മ്മാണസമയത്ത്‌ അത്തരം സംരംഭങ്ങളൊന്നും അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്നില്ല എന്നാണ്‌ പറയപ്പെടുന്നത്‌. ഒരുതരത്തില്‍ നോക്കിയാല്‍ പഥേര്‍ പാഞ്ചാലിയിലെ നായകകഥാപാത്രം അപു അല്ല എന്നുതന്നെ പറയേണ്ടി വരും. അതു അവന്റെ അമ്മയായ സര്‍ബജയോ സഹോദരിയായ ദുര്‍ഗ്ഗയോ ആണ്‌. ഒരു പക്ഷെ അതു ദുര്‍ഗ്ഗ തന്നെയാവും. ദുര്‍ഗ്ഗയുടെ വീക്ഷണത്തിലൂടെയാണ്‌ കഥ നീങ്ങുന്നത്‌ എന്ന പ്രതീതിയാണ്‌ ആദ്യം മുതല്‍ തന്നെയുള്ളത്‌. ദുര്‍ഗ്ഗയുടെ മരണത്തെ തുടര്‍ന്ന്‌ ആ കുടുംബം വരാണസിയിലേക്ക്‌ യാത്ര ആവുമ്പോഴാണ്‌ സിനിമ അവസാനിക്കുന്നത്‌ എന്നതും അത്‌ തന്നെയാവും പറയുക. കാഴ്ചയുടേയും കഥയുടെയും അസുലഭമായ പല സന്ദര്‍ഭങ്ങളും ദുര്‍ഗ്ഗയിലൂടെയാണ്‌ സംഭവിക്കുന്നത്‌.

പഥേര്‍ പാഞ്ചാലിയുടെ കറുപ്പും വെളുപ്പും പ്രതലത്തിന്റെ നിസ്തുലമായ സൗന്ദര്യത്തിലൂടെ ഒരുക്കിയ ഒരു സീനാണ്‌ ദുര്‍ഗ്ഗയും അപുവും ആദ്യമായി തീവണ്ടി കാണുന്ന ദൃശ്യം. കരിമ്പിന്‍പാടം പൂത്ത കുറ്റിക്കാടിലൂടെ ഗ്രാമത്തിന്റെ അതിര്‍ത്തി കഴിഞ്ഞ്‌ ഓടുന്നത്‌ ദുര്‍ഗ്ഗയാണ്‌. അപു അവളെ പിന്തുടരുന്നു. അപുവിന്റെ ജീവിതത്തില്‍ നാഗരികതയുടെ ആദ്യത്തെ രണ്ടു അനുഭവങ്ങള്‍ വേദ്യമാകുന്നത്‌ ഈ ഓട്ടത്തിലാണ്‌. അതിനു കാരണഭൂതയായത്‌ ദുര്‍ഗ്ഗയാണെങ്കിലും നാഗരികതയുടെ മറ്റു അനുഭവതലങ്ങളിലേക്കൊന്നും യാത്ര പോകാന്‍ ആവാതെ, ഏറെ താമസിയാതെ, അവള്‍ മരിച്ചു പോകുന്നു. വെളുത്ത ആകാശത്തിലേക്ക്‌ കറുത്ത പുക തുപ്പി ദൂരെ നിന്നും പ്രത്യക്ഷപ്പെട്ട്‌ ഉള്‍ക്കിടിലത്തോടെ കടന്നുപോകുന്ന തീവണ്ടിയുടെ കാഴ്ച സിനിമയിലെ ഏററവും മനോഹരമായ ദൃശ്യമാണ്‌. തീവണ്ടിയുടെ ചക്രങ്ങള്‍ക്കിടയിലൂടെ പാളത്തിനപ്പുറം അത്ഭുതത്തോടെ നില്ക്കുന്ന കുട്ടികളുടെ ദൃശ്യം, നേരത്തെ സൂചിപ്പിച്ചതു പോലെ, തീവണ്ടിയുമായി ബന്ധപ്പെട്ടു വരുന്ന പല സീനുകളിലും പില്ക്കാലത്ത്‌ നമ്മള്‍ കണ്ടിട്ടുണ്ട്‌. ആ യാത്രയില്‍ തന്നെ നഗരത്തെ സ്പര്‍ശിക്കാനാവുന്ന മറ്റൊന്ന്‌, ട്രാന്‍സ്‌ഫോമറിന്റെ തൂണുകളില്‍ ചെവിചേര്‍ത്തുവയ്ക്കുമ്പോള്‍ കേള്‍ക്കുന്ന വൈദ്യുതിയുടെ പ്രകമ്പനമാണ്‌. ഒരു കാഴ്ചയിലൂടെയും ഒരു ശബ്ദത്തിലൂടെയും ദുര്‍ഗ്ഗ ആദ്യമായി അപുവിനു നാഗരികതയുടെ ചില വളപ്പൊട്ടുകള്‍ പെറുക്കി കൊടുക്കുകയാണ്‌.

ദരിദ്രമായ ഗ്രാമപരിസരത്തെ യഥാതഥമായി പ്രകാശിപ്പിക്കുന്നതില്‍ റേയുടെ നിറമില്ലാത്ത ക്യാമറ അസാമാന്യമായ കരവിരുതാണ്‌ കാണിച്ചിരിക്കുന്നത്‌. സുബ്രത മിത്ര ആദ്യമായാണ്‌ ക്യാമറ ചലിപ്പിക്കുന്നത്‌, പഥേര്‍ പാഞ്ചാലിയില്‍. രണ്ടു പ്രതിഭകളുടെ അപൂര്‍വ കൂടിച്ചേരലായിരുന്നു അതെന്ന്‌ സിനിമയുടെ ഓരോ ഫ്രെയിമും വ്യക്തമാക്കും. വീടിന്റെ പരിസരങ്ങളില്‍ ചുറ്റിതിരിയുന്ന ഒരു പട്ടിയുടെ കാഴ്ച തികച്ചും സ്വാഭാവികമായാണ്‌ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്‌. പ്രകൃതി അനുഭവവേദ്യമാക്കുന്ന അനേകം തുടര്‍ച്ചകളില്‍ പ്രധാനപ്പെട്ടതാണ്‌ മഴയുടെ വരവ്‌. ചക്രവാളത്തിന്റെ അതിര്‍ത്തിയില്‍ കരിമേഘങ്ങള്‍ കൂടുകൂട്ടി ദൂരെ ഇടിമിന്നലുകള്‍ ആരംഭിക്കുന്നതിന്റെ കുടുകല്‍ ശബ്ദത്തോടെ ഭൂമിയില്‍ മുഴുവന്‍ ഇരുട്ടു പാകി മഴവരുന്നു. നിഗൂഢവും ദുരന്തപൂര്‍ണവുമായ എന്തിന്റെയോ ദു:സ്സൂചന അബോധമായി തന്നെ നമുക്കു ലഭിക്കുന്നുണ്ട്‌. മഴയുടെ ഓരോ തുള്ളിയും ആമോദത്തോടെ വരവേറ്റ്‌ മഴയത്ത്‌ നനഞ്ഞു തുള്ളി നടക്കുന്ന ദുര്‍ഗ്ഗ ഒടുവില്‍ പനിപിടിച്ച്‌ നിസ്സഹായ ആയി മരിക്കുന്നത്‌ തീവ്രമായി അനുഭവിപ്പിക്കുന്നത്‌ മഴയുടേയും കാറ്റിന്റേയും പ്രാകൃതമായ കാഴ്ചകള്‍ തന്നെ. പ്രകൃതിയുടെ തുടിപ്പുകളില്‍ അലിഞ്ഞു നടന്ന ദുര്‍ഗ്ഗയെ പ്രകൃതി തിരിച്ചെടുക്കുന്നു എന്നു തന്നെയാവും ചലച്ചിത്രം പറയുക.

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പഥേര്‍ പാഞ്ചാലി നിര്‍മ്മിച്ച അതേ കാലയളവില്‍ തന്നെ നിര്‍മ്മിക്കപ്പെട്ട മെഹ്ബൂബ്‌ ഖാന്റെ 'മദര്‍ ഇന്ത്യ' എന്ന, നര്‍ഗീസ്‌ ദത്ത്‌ അഭിനയിച്ച ചിത്രത്തിലും, പ്രമേയപരമായി ദാരിദ്ര്യം കടന്നു വരുന്നുണ്ട്‌. എന്നാല്‍ അത്തരം ഏതു ജീവിതാവസ്ഥകളെയും പിന്നിലാക്കുന്ന ഒരു ജനപ്രിയ മൂല്യബോധം ആ സിനിമയുടെ, അത്തരം ഏതു സിനിമയുടേയും, മുഖ്യ ആഖ്യാനഘടകമായി മാറുകയാണ്‌ ചെയ്യുന്നത്‌. ആ മൂല്യബോധത്തില്‍ നിന്നാണ്‌ ദരിദ്രയായ അമ്മയ്ക്ക്‌ കൊള്ളക്കാരനായി മാറിയ മകനെ വെടിവച്ചു കൊല്ലേണ്ടി വരുന്നതും, അതു സിനിമയുടെ ഹൈലൈറ്റ്‌ ചെയ്യപ്പെടുന്ന ഭാഗം ആവുന്നതും. യൂറോപ്പിലെ, പ്രത്യേകിച്ച്‌ ഇറ്റലിയിലെ നിയോ റിയലിസ്റ്റിക്‌ സിനിമകളാല്‍ പ്രചോദിതനായ റേയില്‍ പക്ഷെ ഇത്തരം മൂല്യാധിഷ്ഠിതമായ നിര്‍ബന്ധങ്ങള്‍ ഉണ്ടാവാന്‍ അവസരം കുറവാണ്‌. കല എന്ന നിലയ്ക്ക്‌ സിനിമ ഇത്തരം മൂല്യസംബന്ധിയായ പാഠാവിഷ്ക്കാരങ്ങളെ അതിജീവിക്കേണ്ടതുണ്ടെന്ന്‌ സ്വയം മനസ്സിലാക്കിയതും, ഇന്ത്യന്‍ സിനിമയ്ക്കു, അതിന്റെ പ്രബുദ്ധമായ ഒരു വിഭാഗത്തിനെങ്കിലും, മനസ്സിലാക്കി കൊടുത്തതും സത്യജിത്‌ റേ ആണു്. (അതിഭാവുകത്വത്തിന്റെ തുടര്‍ന്നുവന്ന ഇടത്തില്‍ നിന്നും റിയലിസത്തിന്റെ സാധാരണത്വത്തിലേക്ക്‌ ഇന്ത്യന്‍ സിനിമയെ അടുപ്പിക്കാന്‍ ശ്രമിച്ചു എന്ന നിലയ്ക്കാണു ഈ വാദം. ഭ്രമാത്മകതയുടേയും ഭാവപരതയുടേയും ഒക്കെ കലാനിര്‍മ്മിതികള്‍, റിയലിസ്റ്റിക്ക്‌ കലാവിഷ്ക്കാരങ്ങളെക്കാള്‍ പതിതം എന്ന അര്‍ത്ഥത്തില്‍ അല്ല). എന്നാല്‍ ഇത്തരം സാമൂഹികമായ മൂല്യബോധങ്ങളുടെ പ്രകാശനം സമ്പൂര്‍ണ്ണമായി ഒഴിവാക്കി കലയെ പ്രകാശിപ്പിക്കുക അത്ര എളുപ്പമുള്ള കാര്യവും അല്ല. ഇതിന്റെ ബഹിര്‍സ്ഫുരണമായി ഒന്നിലേറെ ഇടങ്ങളില്‍, പഥേര്‍ പാഞ്ചാലിയില്‍ തന്നെ, വളരെ വൈകാരികമായി ചില മൂല്യങ്ങളുടെ അതിഭാവുകത്വപരമായ സംപ്രേഷണങ്ങള്‍ സംഭവിക്കുന്നുണ്ട്‌. ബന്ധുവായ വൃദ്ധയുടെ മരണത്തിന്റെ തീവ്രതയാണ്‌ അതില്‍ ഒന്ന്‌. ദുര്‍ഗ്ഗ പിടിച്ചു കുലുക്കുമ്പോള്‍, തെങ്ങില്‍ നിന്നും തേങ്ങ വീഴുന്നതു പോലുള്ള ഒരു ശബ്ദത്തോടെ അവര്‍ മറിഞ്ഞു വീഴുന്നത്‌, എക്കാലത്തേയും പോപ്പുലര്‍ കലകളുടെ അതിവൈകാരികത വെളിപ്പെടുത്തും. വിഭൂതിഭൂഷന്റെ നോവലില്‍ ഈ വൃദ്ധയുടെ കഥാപാത്രത്തിന്‌ സിനിമയില്‍ ഉള്ളത്ര പ്രാധാന്യം ഇല്ലാതിരിക്കെ, പ്രമേയസംബന്ധിയായ ഒരു വൈകാരികത സൃഷ്ടിക്കാനല്ലാതെ മറ്റെന്തിനാണു ഈ പൊലിപ്പിച്ചെടുക്കലിലൂടെ റേ തുനിഞ്ഞത്‌ എന്ന്‌ ആലോചിക്കുമ്പോള്‍, അത്‌ ഇന്ത്യന്‍ പൊതുബോധത്തില്‍ ലീനമായ മൂല്യവിചാരങ്ങളുടെ അബോധമായ പ്രകാശനം ആയി അല്ലാതെ കാണാന്‍ വയ്യ.

ഒരു ഭാഗത്ത്‌, ദുര്‍ഗ്ഗ ബന്ധുവായ പെണ്‍കുട്ടിയുടെ മുത്തുമാല കട്ടെടുക്കുന്നുണ്ട്‌. ഒടുവില്‍ ദുര്‍ഗ്ഗയുടെ മരണശേഷം ആ കുടുംബം വരാണസിയിലേക്ക്‌ യാത്രയാവുന്നതിനു മുമ്പ് സാമാനങ്ങള്‍ അടുക്കി പെറുക്കുമ്പോള്‍ ആണ്‌ ഒരു ചിരട്ടയ്ക്ക്‌ ഉള്ളില്‍ നിന്നു അപുവിനു ആ മുത്തുമാല കിട്ടുന്നത്‌. അതുവരെ ആ കളവു തെളിയിക്കപ്പെട്ടിരുന്നില്ല, അനുവാചകന്റെ മുന്നിലും. ബന്ധുവായ പെണ്‍കുട്ടിയുടെ അമ്മ ദുര്‍ഗ്ഗയോട്‌ മാല കട്ടെടുത്തുവോ എന്നു ചോദിക്കുമ്പോള്‍ "ഇല്ല" എന്നാണ്‌ അവളുടെ മറുപടി. എന്നാല്‍ തന്നോട്‌ ദുര്‍ഗ്ഗ അതു സമ്മതിച്ചതായി മറ്റൊരു പെണ്‍കുട്ടി സാക്ഷ്യപ്പെടുത്തുന്നുമുണ്ട്‌. ദുര്‍ഗ്ഗയുടെ സങ്കീര്‍ണമായ സ്വഭാവവിശേഷത്തിന്റെ സന്ദിഗ്ദതയില്‍ അനുവാചകനും മനസ്സിലാവുന്നു. എന്നാല്‍ അവസാനം ഈ മാല കണ്ടെടുത്ത്‌, അപു അതു ദൂരേക്കു വലിച്ചെറിഞ്ഞ്‌, തന്റെ മരണപ്പെട്ട സഹോദരിയെ അപമാനഭാരത്തില്‍ നിന്നും രക്ഷിക്കുന്നതിന്റെ മൂല്യബോധം, തീര്‍പ്പുകളിലേക്ക്‌ എത്തിചേരാനുള്ള ലളിതമായൊരു അനുവാചകാനുശീലനത്തെ തൃപ്തിപ്പെടുത്താനേ ഉപകരിക്കുകയുള്ളു. ആ സത്യം ഒരിക്കലും തെളിയിക്കപ്പെടാതെ, അനുവാചകനെ അലയാന്‍ വിടുന്നതിന്റെ കലാത്മകമായ ഒഴിവാക്കലിന്റെ കലഹം റേയ്ക്കു ഇങ്ങിനെ ചിലയിടങ്ങളില്‍ നിലനിര്‍ത്താനായില്ല എന്നു വേണമെങ്കില്‍ കണ്ടെത്താവുന്നതാണ്‌.

മലയാള സമാന്തര സിനിമ പ്രസ്ഥാനത്തിലെ ഏറ്റവും പുതിയ സംവിധായകരില്‍ ഒരാളായ ഡോ. ബിജു ഇങ്ങിനെ എഴുതുന്നു: "സിനിമയുടെ സൗന്ദര്യശാസ്ത്രം മാത്രമാണ്‌ പ്രാധാനം, സമൂഹിക പ്രതിബദ്ധതയല്ല എന്ന ഒരു തരം ആശയം, ......, അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നിടത്താണ്‌ വിയോജിപ്പ്‌ ഉണ്ടാകുന്നത്‌..... കലാകാരന്‌ സാമൂഹിക പ്രതിബദ്ധതയേ വേണ്ട എന്ന പിന്തിരിപ്പന്‍ ആശയത്തിലേക്കാണ്‌ ഒരു മാസ്റ്ററും അദ്ദേഹത്തിന്റെ അനുയായികളും നമ്മെ നയിക്കുന്നതെങ്കില്‍ ആ മാസ്റ്ററെ തള്ളിക്കളയാനുള്ള ധൈര്യവും അതു തുറന്നു പറയാനുള്ള ചങ്കൂറ്റവും നമുക്കു ഉണ്ടാകേണ്ടതുണ്ട്‌" (മാതൃഭൂമി ആഴ്ചപ്പതിപ്പ്‌, ഒക്ടോബര്‍ 04, 2009). തുടര്‍ന്നു സത്യജിത്‌ റേ താന്‍ പറഞ്ഞ നിലയ്ക്ക്‌ സാമൂഹികപ്രതിബദ്ധത പ്രകടമാക്കിയിരുന്ന ചലച്ചിത്രകാരനായിരുന്നു എന്നും ഡോ. ബിജു സൂചിപ്പിക്കുന്നുണ്ട്‌. പുതിയ തലമുറയിലെ ഒരു ചലച്ചിത്രകാരന്‍ പഴകിയ മാര്‍ക്സിയന്‍ കലാപദ്ധതി ഇത്ര എക്സ്‌പ്ലിസിറ്റായി തന്റെ നിലപാടാണെന്ന്‌ വിശദമാക്കുമ്പോള്‍, തീര്‍ച്ചയായും നമ്മുടെ വരുംകാല സിനിമയുടെ ഭാവി സന്ദേഹത്തിലാവുന്നത്‌ ആ തീര്‍പ്പുകളുടെ ഏകമാനത കൊണ്ടു മാത്രമല്ല, സത്യജിത്‌ റേയും മററും അത്തരത്തില്‍ കലയുടെ സൗന്ദര്യനവീകരണത്തിന്‌ അതീതമായി സാമൂഹികമോ സാംസ്കാരികമോ ആയ നിലപാടുകള്‍ എടുത്തിരുന്നില്ല എന്നതിനാല്‍ കൂടിയാണ്‌. വാന്‍ഗോഗിന്റെ 'സൂര്യകാന്തിപ്പാടത്തിന്റെ'യും ഞെരളത്തിന്റെ ഇടയ്ക്കയുടെയും സാമൂഹികവിവക്ഷകള്‍ പ്രത്യക്ഷതലത്തില്‍ അന്വേഷിക്കുന്നതില്‍ അര്‍ത്ഥമില്ല. കലകളിലെ സൗന്ദര്യാത്മകസാക്ഷാത്കാരം, അനുവാചകന്റെ ആത്മീയതയിലേക്ക്‌ സംപ്രേക്ഷണം ചെയ്യുന്ന സങ്കീര്‍ണവും ഗൂഢവുമായ അനുഭൂതികളുടേയും ചിന്തകളുടേയും പ്രസരണങ്ങളെ ജൈവമായ പ്രതിബദ്ധതയുടെ ഉയര്‍ന്ന തലത്തില്‍ തന്നെ കാണേണ്ടി വരും. സിനിമ എന്ന മാദ്ധ്യമം കൂടുതല്‍ ജനപ്രാപ്യം ആവുന്നു എന്നതിനാല്‍ മാത്രം കല എന്ന നിലയ്ക്കുള്ള സൗന്ദര്യാത്മകസ്വത്വരൂപികരണത്തിനു എതിരാവുന്നില്ല എന്നു പല തരത്തിലും തെളിവു തരുന്നതാണ്‌ പഥേര്‍ പാഞ്ചാലി എന്ന ചലച്ചിത്രം.

21 Feb 2015

കേരകൃഷി ശോഭന ഭാവിയിലേക്ക്‌


സാജൻ വർഗ്ഗീസ്‌
ചാർജ്ജ്‌ ഓഫീസർ, തൃശൂർ

നാളികേര വികസന ബോർഡിന്റെ നേതൃത്വത്തിൽ രൂപീകൃതമായ തൃത്താല കർഷക കൂട്ടായ്മകൾ കേര കൃഷിയിലും കേര വ്യവസായത്തിലും നടത്തിയ ക്രിയാത്മകമായ ഇടപെടലുകൾ കൊണ്ട്‌ കൂട്ടുകൃഷി സമ്പ്രദായത്തിനെക്കുറിച്ചും ശാസ്ത്രീയമായ കൃഷി രീതി അനുവർത്തിക്കേണ്ടതിന്റേയും മൂല്യവർദ്ധനവിന്റേയും ആവശ്യകതയെക്കുറിച്ചും കേര കർഷകരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്‌. ഈ പ്രവർത്തനങ്ങൾ മൂലം കേരളത്തിൽ തെങ്ങിന്റെ ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിച്ചു തുടങ്ങിയിട്ടുണ്ട്‌.
നാളികേരത്തിൽ നിന്നും വെളിച്ചെണ്ണ ഉൾപ്പെടെയുള്ള വിവിധ മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണവും ഇടനിലക്കാരെ ഒഴിവാക്കി കർഷക കൂട്ടായ്മകൾ തന്നെ അവയുടെ വിപണനവും ഏറ്റെടുത്ത്‌ നടത്തുക വഴി കർഷകർക്ക്‌ മെച്ചപ്പെട്ട വില, സ്ഥിരതയോടെ ലഭ്യമാക്കാൻ തുടങ്ങിയത്‌ കേരകൃഷി മേഖലയ്ക്ക്‌ പുത്തൻ ഉണർവ്വ്വ്‌ പ്രദാനം ചെയ്തിരിക്കുന്നു.
കൽപവൃക്ഷം കനിഞ്ഞു നൽകുന്ന പോഷക സമ്പുഷ്ടമായ ആരോഗ്യ പാനീയമായ നീരയുടെ ഉത്പാദനത്തിനും വിപണനത്തിനുമുള്ള അനുമതി നാളികേര വികസന ബോർജിൽ രജിസ്റ്റർ ചെയ്ത നാളികേര ഉത്പാദക ഫെഡറേഷനുകൾക്കും ഉത്പാദക കമ്പനികൾക്കും ലഭിച്ചതു ഈ മേഖലയിലെ കർഷകർക്ക്‌ ആവേശം പകരുന്നു. അന്താരാഷ്ട്ര ഡിമാന്റ്‌ ഉള്ള നീരയുടെ ഉത്പാദനവും വിപണനവും വഴി കേര കർഷകർക്കും കൃഷി മേഖലയ്ക്കും ലഭ്യമായേക്കാവുന്ന അനന്തമായ തൊഴിൽ സാധ്യതകളും വരുമാനനേട്ടവും നമ്മുടെ നാളികേര മേഖലയെയും കേരളത്തിന്റെ സമ്പട്‌ ഘടനയെയും ശക്തമായി സ്വാധീനിക്കും.
നീരയിൽ നിന്നു മെച്ചപ്പെട്ട വരുമാനം സ്ഥിരതയോടെ ലഭിക്കുന്നതുവഴി കാലാ കാലങ്ങളായി നിലനിന്നു പോന്നിരുന്ന നാളികേരം, കൊപ്ര, വെളിച്ചെണ്ണ എന്ന സ്ഥിരം സമവാക്യത്തിൽ നിന്നൊരു മോചനം പ്രതീക്ഷിക്കാനാകും. കേരമേഖലയ്ക്കും, പുത്തൻ ഉണർവ്വും ശോഭനമായ ഭാവിയും ഇതു പ്രദാനം ചെയ്യും.

15 Jan 2015

വെറും ശരീരം



സണ്ണി തായങ്കരി
   
    ഞങ്ങളുടേത്‌ കഴിഞ്ഞ ദശകംവരെ പരിഷ്കാരത്തിന്റെ വെള്ളിവെളിച്ചം തീരെ കടന്നുവന്നിട്ടില്ലാത്ത കാടും മേടും സമതലങ്ങളും നിറഞ്ഞ ഒരു അപരിഷ്കൃതനാടായിരുന്നു.ശുദ്ധവാ

യുവും കലർപ്പില്ലാത്ത വെള്ളവും മരുന്നടിക്കാത്ത പച്ചക്കറിയും ഭക്ഷ്യവസ്തുക്കളും ഞങ്ങൾക്ക്‌ വേണ്ടുവോളം ലഭിച്ചിരുന്നു.
   റോഡുകളും വാഹനങ്ങളും പേരിനുപോലുമുണ്ടായിരുന്നില്ല.ഗ്
രാമീണരുടെ പുറത്തേയ്ക്കുള്ള യാത്ര വിരളമായിരുന്നു. ഗ്രാമീണരുടെ ജീവിതം ഗ്രാമത്തിന്റെ നാല്‌ അതിർത്തികൾക്കുള്ളിൽ ഒതുങ്ങി. ഏതാണ്ടൊരു ആദിവാസി സമാനമായ ജീവിതം.
   ഇഷ്ടികയോ കല്ലോ കെട്ടിയ ഉറച്ച വീടുകൾ ഇല്ലായിരുന്നുവേന്നുതന്നെ പറയാം. പനയോലയിൽ തീർത്തത്താണ്‌ കുടിലുകൾ. വെളിച്ചത്തിന്റെ കാര്യത്തിലാണെങ്കിൽ ഏക സങ്കേതം സൂര്യനാണ്‌. പിന്നെ ചന്ദ്രനും. ഇവയുടെ അഭാവം മണ്ണെണ്ണ വിളക്കുനികത്തും.
   പിന്നെ വളരെനാൾ കഴിഞ്ഞ്‌ സർക്കാരിന്റെ കറന്റ്‌ കമ്പനി നാട്ടുവഴിയിൽ ചിലയിടത്തൊക്കെ കഴനാട്ടി, കമ്പി വലിച്ച്‌ അരണ്ട വെട്ടംകൊണ്ടുവന്നു. അതും വളരെ ചുരുക്കം ഇടങ്ങളിൽമാത്രം. കുടിലുകളി ലെ മണ്ണെണ്ണഗന്ധം അപ്പോഴും തുടർന്നു.
   ഒരു അമ്പലവും ക്രിസ്ത്യൻ പള്ളിയും തലമുറകളായി അവിടെ ഉണ്ടായിരുന്നുവേന്ന്‌ പഴയ തലമുറ സാക്ഷ്യപ്പെടുത്തുന്നു. മതേതര ബാലൻസിങ്ങിനെന്നപോലെ ഒരു മോസ്ക്കും വൈകാതെ സ്ഥാപിതമായി.  കാലക്രമേണ പള്ളിയോട്‌ ചേർന്ന്‌ സ്ഥാപിച്ച നാലാം ക്ലാസ്സുവരെയുള്ള പള്ളിക്കൂടമാണ്‌ ആദ്യ ത്തെ വിദ്യാഭ്യാസ സ്ഥാപനം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാതിയിലോ മറ്റോ ആണ്‌ അതുണ്ടായതെന്ന്‌ ചിലർ. വീണ്ടും ഏറെ വർഷങ്ങൾ കഴിഞ്ഞാണ്‌ സർക്കാർ വക സ്കൂൾ വന്നത്‌. ഈ ഓണം  കേറാഗ്രാമത്തിൽ കഴിഞ്ഞ തലമുറവരെ വിദ്യാഭ്യാസം പത്തിനപ്പുറം പോയിട്ടില്ല. കോളേജിന്റെ പടികണ്ടവർ വളരെ ചുരുക്കം. അക്കൂട്ടർ ആധുനിക സൗകര്യങ്ങളുടെ മാസ്മരികതകണ്ട്‌ കണ്ണ്‌ മഞ്ഞളിച്ച്‌ നഗരങ്ങളിൽ ചേക്കേറി.
   നാഗരങ്ങളിൽനിന്ന്‌ പച്ചപ്പരിഷ്ക്കാരികളുടെ പാപവിത്തുകളും വിഷം വിളയിച്ച ഭക്ഷ്യവസ്തുക്കളും സ്വായത്തമാക്കാൻ അടുത്ത കാലംവരെ മടിച്ചുനിന്ന അപരികൃതനാടാണ്‌ ഞങ്ങളുടേത്‌. പക്ഷേ, ആ ചെറുത്തുനിൽപ്പിന്‌ ക്രമേണ ശക്തി കുറഞ്ഞുവന്നു. തടയിടാനാവത്ത നഗരപ്രലോഭനം മെയിലുകൾ താണ്ടി ഇവിടെയുമെത്തി. ഉമിക്കരിയിൽനിന്ന്‌ ടൂത്തുപേസ്റ്റിലേക്കും കാപ്പിക്കുരുവും ഉലുവയും വറുത്തുപൊടിച്ച തനിനാടൻ കാപ്പിയിൽനിന്ന്‌ ചിക്കോരി കലർന്ന ഇൻസ്റ്റന്റ്‌ കാപ്പിപ്പൊടിയിലേക്കും ജനം മാറിയത്‌ അതിന്റെ തുടക്കംമാത്രമായിരുന്നു.
   പിന്നീട്‌ ജനം വിഷമയമേൽക്കാത്ത കാർഷികോത്പന്നങ്ങൾ നഗരത്തിലേക്ക്‌ കയറ്റിയയച്ച്‌ നഗരത്തിൽനിന്ന്‌ ന്യൂജനറേഷന്‌ പ്രിയങ്കരമായ കൃത്രിമ ഇൻസ്റ്റന്റ്‌ ഉത്പന്നങ്ങൾ മടക്കിവാങ്ങി. മഷിയിട്ടുനോക്കിയാൽ രോഗികളെ കാണാതിരുന്ന ഗ്രാമത്തിൽ രോഗികൾ വർധിക്കുകയും മരുന്നുകമ്പനികളുടെ ഏജന്റുമാരായ ഡോക്ടറന്മാരുടെ പരിശോധനാ കേന്ദ്രങ്ങൾ വരികയും ചെയ്തു. സ്വാഭാവിക പരിണാമമെന്ന നിലയിൽ പരിശോധനാ കേന്ദ്രങ്ങളോട്‌ ചേർന്ന്‌  മെഡിക്കൽ സ്റ്റോറുകൾ സ്ഥാപിക്കുകയും ചെയ്തു.
   അങ്ങനെ ഞങ്ങൾ നഗരവാസികളെ വെല്ലുംവിധം നാഗരികസുഖത്തിന്റെ സുഷുപ്തിയിൽ മതിമറന്ന്‌ മയങ്ങുന്ന കാലത്താണ്‌ സർക്കാർ പുതിയ തൊഴിലധിഷ്ഠിത വിദ്യാഭ്യാസലോൺ എന്ന സാധാരണക്കാരന്റെ കഴുത്തിന്‌ പാകമായ കൊലക്കയർ നീട്ടിയെറിഞ്ഞത്‌. അത്‌ വീഴേണ്ട കഴുത്തുകളിൽതന്നെ കൃത്യമായി വന്നുവീണു. ബാങ്കുകൾ ലാഭംവാരാനുള്ള വലിയ പ്രലോഭനപ്പെട്ടിയുമായി ഗ്രാമത്തിലെ പുതുതലമുറയെ വശീകരിച്ചുകളഞ്ഞു. അഗ്നിയെ പുണരുന്ന പ്രാണികളെപ്പോലെ ഗ്രാമീണർ ഓടിയടുത്തു. നിയമത്തെപ്പറ്റി അജ്ഞരായ അവർ ബാങ്കുകൾക്ക്‌ കിടപ്പാടം പണയം നൽകി ലോൺ വാങ്ങി. വിഷനഗരങ്ങളിലേക്ക്‌ പുതിയ തലമുറ കൊട്ടിഘോഷത്തോടെ യാത്രയായി.
   കോഴ്സ്‌ പൂർത്തിയാക്കിയപ്പോഴാണ്‌ പലരും സ്വപ്നവും യാഥാർഥ്യവും തമ്മിലുള്ള അന്തരം തിരിച്ചറിയുന്നത്‌. ഗ്രാമത്തിന്റെ തനത്‌ നന്മകളെ വെറുത്ത ചിലർ തുച്ഛവരുമാനമുള്ള ജോലിയുമായി നഗരങ്ങളിൽ പറ്റിക്കൂടി. അവസരം ലഭിക്കാത്തവർ ഗത്യന്തരമില്ലാതെ ഏതാനും സർട്ടിഫിക്കറ്റുമായി ഗ്രാമങ്ങളിലേക്ക്‌ നിരാശയുടെ പ്രതീകങ്ങളായി മടങ്ങി. ബാങ്ക്‌ തിരിച്ചടവിന്റെ കാലാവധി കഴിഞ്ഞതിനാൽ ഉദ്യോഗസ്ഥർ കിടപ്പാടം കണ്ടുകെട്ടൽ ഭീഷണിയുമായി ഗ്രാമവാസികളുടെ ഉറക്കംകെടുത്തൽ പരിപാടി ആർ ഭാടമായിത്തന്നെ ആരംഭിച്ചു.
   അങ്ങനെയിരിക്കെ, ഒരുനാൾ ഗ്രാമത്തിന്റെ പടിഞ്ഞാറെ അതിരിലെ വിശാലമായ മൈതാനത്ത്‌
ഹുങ്കാരത്തോടെ ഒരു ഹെലികോപ്ടർ താഴ്‌ന്ന്‌ പറന്നു. പിന്നെയത്‌ മൈതാനമധ്യത്തിൽ ഇറങ്ങി. ഗ്രാമീണർ അത്ഭുതത്തോടെ നോക്കിനിന്നു. ഉയരെ, മേഘങ്ങൾക്കിടയിലൂടെ വിമാനം പറന്നുപോകുന്നതേ അവർ കണ്ടിട്ടുള്ളു. നഗരങ്ങളിൽനിന്ന്‌ തിരികെയെത്തിയ പുതിയ തലമുറ ഹെലികോപ്ടർ പാഠം മുതിർന്നവർക്ക്‌ പറഞ്ഞുകൊടുത്തു.
     ഹെലികോപ്ടറിൽനിന്ന്‌ കോട്ടും സ്യൂട്ടും ടൈയും ധരിച്ച കൂളിംഗ്‌ ഗ്ലാസ്‌ ധാരികളായ ഏതാനും
പേർ ഇറങ്ങി. അവർ ചുറ്റുപാടും കണ്ണോടിച്ചു. വിശാലമായി കിടക്കുന്ന പച്ചപ്പട്ടുവിരിച്ച നെൽഭൂമി ഒരുവശത്ത്‌. പച്ചപ്പ്‌ നിറഞ്ഞ ഭീമൻ മലകൾ മറുവശത്ത്‌. അവരുടെ മനസ്സ്‌ നിറഞ്ഞു. വ്യഭിചരിക്കാൻ ലോകസുന്ദരിയെത്തന്നെ കിട്ടിയ ഉന്മാദത്തിലെന്നപോലെ അവർ ആരവമുയർത്തി ആഹ്ലാദത്തോടെ പരസ്‌ പരം ആലിംഗനം ചെയ്തു.
     കാത്തുനിന്ന ഇടനിലക്കാർ ഓടിയെത്തി. യജമാന്മാർക്കു മുമ്പിൽ അവർ ഓച്ഛാനിച്ചു.  ആഗതർ അവർക്ക്‌ നിർദേശങ്ങൾ കൊടുത്തു.
     പിന്നെ മൈതാനത്തേക്ക്‌ ഗ്രാമവാസികളുടെ ഒഴുക്കായിരുന്നു. മൈതാനം നിറഞ്ഞു തുടങ്ങി. ഗ്രാമവാസികൾ മുഴുവൻ എത്തിച്ചേർന്നപ്പോൾ അതിഥികൾക്കുവേണ്ടി ഇടനിലവർഗത്തിന്റെ പ്രതിനിധി സംസാരിച്ചുതുടങ്ങി.
    "സഹോദരങ്ങളേ, നമ്മുടെ രാജ്യത്തും വിദേശരാജ്യങ്ങളിലുമുള്ള വലിയ വ്യവസായ ശൃംഖലയുടെ
അധിപരാണ്‌ ഇവർ. കോർപ്പറേറ്റുകൾ അഥവാ ലോകമുതലാളിമാർ എന്നാണ്‌ ഇവർ അറിയപ്പെടുന്നത്‌. ലക്ഷങ്ങളാണ്‌ ഇവരുടെ സ്ഥാപനങ്ങളിൽ വലിയ ശമ്പളത്തിൽ ജോലി ചെയ്യുന്നത്‌."
     ജനം കണ്ണുമിഴിച്ചു. പ്രത്യാശകളുടെ ആയിരം തിരിയിട്ട വിളക്കുകൾ അവരുടെ കണ്ണുകളിൽ തെളിഞ്ഞു. തേൻകിനിയുന്ന അവരുടെ വാക്കുകൾക്കായി ആരാധനയോടെ,ഗ്രാമവാസികൾ കാത്‌ കൂർപ്പിച്ചു.
     പിന്നെ സംസാരിച്ചതു ആഗതരിൽ ഒരാളാണ്‌. സ്ഫുടതയില്ലാത്ത മലയാളത്തിൽ തുടങ്ങിയ ഏതാ നും വാക്കകൾക്കുശേഷം സ്ഫുടതയുള്ള ഹിന്ദിയിൽ അയാൾ പറഞ്ഞു-
    "ഇസ്‌ ഗാവുക്കാ പൂരാ നവ്ജവാൻകോ അച്ചിഡംഗുകാ ശിക്ഷൺ പ്രാപ്ത്‌ ഹായ്‌. മഗർ ദുഃഖുകിബാത്‌ യഹ്‌ ഹേ കി കിസിക്കോ ഭി ചോട്ടിസി കാം ഭി നഹി. ആപ്‌ ലോക്‌ ബഹുത്‌ കഷ്ടമേം ഹായ്‌.  ബാങ്കുവോലോംകി കിസാ നഹി ജമാകരാണേകെ വാസ്തേ വോ ആപലോക്‌ കോ ബഹുത്‌ തങ്ക്‌ കർരേ... ആം ഐ കറക്ട്‌?"
    ഇടനിലപ്രതിനിധി അയാൾക്ക്‌ മനസ്സിലായ മുറിഹിന്ദി മലയാളീകരിച്ചു. കാര്യം മനസ്സിലായപ്പോൾ ജനം ഒന്നടങ്കം സമ്മതിച്ചു.
    "അതേ. നൂറുവട്ടം ശരിയാണ്‌."
    "ഇനിയും താമസിച്ചാൽ ഒരു പക്ഷേ, നിങ്ങളുടെ കിടപ്പാടംപോലും ബാങ്കുകാർകൊണ്ടുപോകും."
    ജനം മുഖത്തോടുമുഖം നോക്കി.
    "അതിന്‌ എന്താണ്‌ പരിഹാരം? ഇവിടുത്തെ തൊഴിൽരഹിതരായ യുവാക്കൾക്ക്‌ ജോലി കിട്ടുമോ?" ജനമധ്യത്തിൽനിന്ന്‌ ആരോ ചോദിച്ചു.
    "അതേ. അതുതന്നെയാണ്‌ പറഞ്ഞുവരുന്നത്‌. ഈ കുഗ്രാമത്തിൽ പതിനായിരം കോടി മുടക്കി മാളുകളും വ്യവസായ സ്ഥാപനങ്ങളും ഫ്ലാറ്റുകളും നിർമിക്കാൻ ഇവർ ആഗ്രഹിക്കുന്നു. അതിന്‌ ആയിരക്കണക്കിന്‌ ഭൂമി ആവശ്യമുണ്ട്‌. ഭൂമി നൽകുന്നവർക്ക്‌ ജോലി ലഭിക്കും. നിങ്ങളുടെ പട്ടിണിയും പരിവട്ടവും മാറും. നാടിന്റെ മുഖച്ഛായ മാറും. വീതിയേറിയ റോഡുകൾ വരും. മെട്രോ ട്രെയിൻ വരും. ഈ കുഗ്രാമം നാളെ കേരളത്തിന്റെ വ്യവസായ തലസ്ഥാനമായി മാറും. കണേണ്ടവിധത്തിൽ കണ്ടപ്പോൾ മുഖ്യമന്ത്രിക്കും തൊഴിൽവകുപ്പ്‌ മന്ത്രിക്കും നൂറുവട്ടം സമ്മതമായി."
    "ഭൂമി വിട്ടുതന്നാൽ ഞങ്ങൾ എവിടെ ജീവിക്കും?"
    "ഭൂമി ഏറ്റെടുത്താലുടെനെ ഫ്ലാറ്റുകളാണ്‌ കമ്പനി ആദ്യം പണിയുക. കുടിലുകളിലെ നരകജീവതത്തിൽനിന്ന്‌ ആധുനിക സൗകര്യങ്ങളുള്ള ഫ്ലാറ്റുകളിലേക്ക്‌ നിങ്ങൾക്ക്‌ താമസം മാറാൻ സാധിക്കും."
    "അപ്പോൾ ബാങ്കിന്റെ കടമോ?"
    "ഭൂമിയുടെ വിലയായി നിങ്ങൾക്ക്‌ വലിയ തുകയല്ലേ കിട്ടാൻ പോകുന്നത്‌?"
    "ഫ്ലാറ്റ്‌ ഞങ്ങൾക്ക്‌ സ്വന്തമായി കിട്ടുമോ?"
    "ഭൂമിയുടെ വിലയായി കിട്ടുന്ന തുകകൊണ്ട്‌ നിങ്ങൾക്ക്‌ മറ്റെവിടെയെങ്കിലും ഭൂമി വാങ്ങാമല്ലോ. വേണമെങ്കിൽ കുറഞ്ഞ വിലയ്ക്ക്‌ കമ്പനിതന്നെ ഭൂമി വാങ്ങി തരും. പുതിയ ഭൂമിയും വീടും ലഭിക്കുംവരെ തുച്ഛമായ വാടകയിൽ നിങ്ങൾക്ക്‌ ഫ്ലാറ്റുകളിൽ താമസിക്കാം."
    "സ്വന്തം വീട്‌ വിട്ട്‌ ഞങ്ങൾ വാടക കൊടുത്ത്‌ താമസിക്കാനോ?" ആൾക്കൂട്ടത്തിൽനിന്ന്‌ ഒരു യുവാവ്‌ രോഷത്തോടെ ചോദിച്ചു.
    "ശാന്തനാകു സഹോദരാ. യോഗ്യതയ്ക്കനുസരിച്ച്‌ അഞ്ചക്കശമ്പളമാണ്‌ യുവാക്കൾക്ക്‌ കിട്ടുക."
    "ഫ്ലാറ്റ്‌ പണിയുന്നതുവരെ ഞങ്ങൾ എവിടെ താമസിക്കും?" മറ്റൊരാളുടെ സംശയം.
    "അതിനുള്ള സൗകര്യം കമ്പനി ഏർപ്പെടുത്തും"
    "ഞങ്ങൾ ഭൂമിവിട്ടുതന്നില്ലെങ്കിലോ?"
    "ഉത്തരം വ്യക്തമല്ലേ? ബാങ്കുകാർ കൊണ്ടുപോകും. കമ്പനിക്ക്‌ സ്ഥലം കൊടുത്താൽ ഒരുവെടിക്ക്‌ രണ്ടു പക്ഷിയാണ്‌."
    ജനം ചിന്താക്കുഴപ്പത്തിലായി.
    ഗ്രാമവാസികൾ അനിശ്ചിതത്വത്തിന്റെ ഇരുട്ടിലേക്ക്‌ ചുവടുകൾവച്ചു. യുവാക്കൾ ജോലിയെന്ന വെള്ളിവെളിച്ചത്തിലേക്ക്‌ സ്വപ്നവഞ്ചി തുഴഞ്ഞു.
    ജനത്തിന്‌ പിന്നാലെ പ്രലോഭനങ്ങളുടെ മാന്ത്രികച്ചരടുമായി ഇടനിലക്കാർ കുടിലുകളിലെത്തി. എതിർത്തുനിന്നവർക്ക്‌ അവർ മാന്ത്രികച്ചരട്‌ കെട്ടി.
    പിറ്റേന്നുതന്നെ ബാങ്കുപ്രതിനിധികൾ കുടിലുകളിൽ കയറിയിറങ്ങി കടുത്ത ഭീഷണി മുഴക്കി.
    വൈകാതെ നൂറുകണക്കിന്‌ ജെ.സി.ബി.കൾ കതിർചൂടിനിന്ന നെൽവയലുകളുടെ നെഞ്ചിലേക്ക്‌ മലയിടിച്ചിട്ടു. കുടിലുകൾ പിഴുത്‌ മാറ്റപ്പെട്ടു. ഗ്രാമീണർ കൈയിൽ കിട്ടിയ ചില്ലിക്കാശും കുടിലുകളിൽ അവശേഷിച്ച ഗൃഹോപകരണങ്ങളുമായി പുതിയ മേച്ചിൽപ്പുറംതേടി പലായനം ചെയ്തു.
    നോക്കി നിൽക്കെ ടൗൺഷിപ്പ്‌ ഉയർന്നു.മാളുകളും വ്യവസായസ്ഥാപനങ്ങളും പഞ്ചനക്ഷത്ര ഹോട്ട ലുകളും മൾട്ടി സ്പേഷ്യാലിറ്റി ആശുപത്രികളും നൂറുകണക്കിന്‌ ഫ്ലാറ്റുകളും ആകാശത്തിലേക്ക്‌ തലയുയർത്തി. രാജപാതകളെ വെല്ലുന്ന പുതിയ റോഡുകൾ വന്നു. മെട്രോ റെയിൽപ്പാതയുടെ പണിയും ആരംഭിച്ചു.
    കമ്പനി വാക്ക്‌ പാലിച്ചു. ഉദ്യോഗാർഥികൾക്ക്‌ യോഗ്യതയ്ക്കനുസരിച്ച്‌ നിയമനപത്രികയെത്തി. വാഗ്ദാനം ചെയ്യപ്പെട്ടപോലെ വലിയ ശമ്പളം അതിൽ രേഖപ്പെടുത്തിയിരുന്നു. ജോലി ലഭിച്ചവർക്ക്‌ ടൗൺഷിപ്പിലെ കമ്പനി ഫ്ലാറ്റുകൾ അനുവദിച്ചു.
    ജോലിയിൽ പ്രവേശിക്കുംമുമ്പ്‌ കമ്പനി അധികൃതർ വിളിച്ചുചേർത്ത യോഗത്തിൽവച്ച്‌ ഉദ്യോഗാർ ഥികൾക്ക്‌ ഒരു സമ്മതപത്രം വിതരണം ചെയ്തു. അതിൽ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു.
    1. നിയമന ഉത്തരവ്‌ ലഭിച്ചവർ മാത്രമേ അനുവദിക്കപ്പെട്ടിട്ടുള്ള ഫ്ലാറ്റുകളിൽ താമസിക്കാൻ പാടുള്ളു.
    2. ഫ്ലാറ്റുകളുടെ വാടക ശമ്പളത്തിന്റെ ഇരുപത്തിയഞ്ച്‌ ശതമാനമായിരിക്കും.
    3. ജോലിയുമായി ബന്ധപ്പെട്ടുമാത്രമാണ്‌ ഫ്ലാറ്റ്‌ അനുവദിക്കുക.
    4. കമ്പനി നിശ്ചയിക്കുന്നതായിരിക്കും ജോലി സമയം.
    5. നിലവിൽ വിവാഹതരും ഭാവിയിൽ വിവാഹിതരാകുന്നവരും അവരുടെ പൂർണമായ കായിക-മാനസികശേഷി കമ്പനിക്ക്‌ നൽകാൻ ബാധ്യസ്ഥരാണ്‌. 40 വയസ്സുവരെ അവർ കുട്ടികൾക്ക്‌ ജന്മം നൽ കാൻ പാടുള്ളതല്ല.
    6. ഗർഭധാരണശേഷി പുന:സ്ഥാപിക്കാൻ സാധിക്കുന്ന താൽക്കാലിക വന്ധ്യംകരണത്തിന്‌ ഉദ്യോഗാർഥികൾ വിധേയരാകേണ്ടതാണ്‌.
    7. 40 വയസ്സിനുശേഷം കുട്ടികൾക്ക്‌ ജന്മം നൽകുന്നതിനായി സ്ത്രീകളുടെ അണ്ഡം ശീതീകരിച്ച്‌ സൂക്ഷിക്കാൻ കമ്പനി സൗകര്യം ഏർപ്പെടുത്തുന്നതാണ്‌.
    8. അണ്ഡം ലബോറട്ടറിയിൽ സൂക്ഷിക്കുന്നവർക്ക്‌ പ്രത്യേകം ഇൻസന്റീവ്‌ നൽകുന്നതാണ്‌.
    9. അണ്ഡം സൂക്ഷിക്കുന്നതിനുള്ള ചിലവ്‌ കമ്പനി വഹിക്കുന്നതിനാൽ അണ്ഡത്തിലൂടെ ഭാവിയിൽ സൃഷ്ടിക്കപ്പെടുന്നവരുടെ യൗവനം കമ്പനിക്ക്‌ അവകാശപ്പെട്ടതായിരിക്കും.
   10. അപകടത്താലോ രോഗത്താലോ ആസന്നമരണാവസ്ഥയിലെത്തിയ ജീവനക്കാരുടെ ആന്തരികാവയവങ്ങൾ കമ്പനിക്ക്‌ അവകാശപ്പെട്ടതായിരിക്കും.
   11. കമ്പനി നിയമങ്ങൾ ചോദ്യം ചെയ്യുവാൻ പാടുള്ളതല്ല.
    സമ്മതപത്രത്തിൽ ഒപ്പിടാത്തവർക്ക്‌ പുറത്തേക്കുള്ള വാതിൽ ചൂണ്ടിക്കാണിക്കാൻ സെക്യൂരിറ്റി എ.കെ.47നുമായി കവാടത്തിൽ നിലയുറപ്പിച്ചു.
    കമ്പനിയുടെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഫ്ലാറ്റുകളിലേക്ക്‌ താമസം മാറ്റാൻ തയ്യാറായി വയോധികർ മേൽക്കൂരയില്ലാതെ വഴിയോരങ്ങളിൽ തിരകെയെത്തുന്ന മക്കൾക്കായി കാത്തു നിന്നു.
    പക്ഷേ, ആരും കമ്പനി കവാടത്തിലൂടെ പുറത്ത്‌ കടന്നില്ല.

18 Dec 2014

നാളികേര കർഷകർ ഡോട്‌ കോം


മനു പ്രേം
പ്രോജക്ട്‌ മാനേജർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

വൈകിട്ട്‌ ഞങ്ങൾ സുഹൃത്തുക്കളുടെ ഗെറ്റ്‌ ടുഗദറാണ്‌. ആ പാർട്ടിക്കു വേണ്ട വിവിധ നാളികേര വിഭവങ്ങൾ  രാവിലെ തന്നെ ഇന്ത്യയിലെ നാളികേര കർഷകരുടെ വെബ്സൈറ്റായ ഡബ്ല്യു ഡബ്ല്യു ഡബ്ല്യു ഡോട്‌ നാളികേര കർഷകർ ഡോട്‌ കോമിൽ  ലോഗ്‌ ഇൻ ചെയ്ത്‌ ഓർഡർ നൽകി.  ഇനി വിഭവങ്ങൾ കൃത്യസമയത്ത്‌ വീട്ടിലെത്തിക്കൊള്ളും. സമാധാനമായിരിക്കാം.
ലളിതമായ ഭാഷയിൽ പറഞ്ഞാൽ ഇന്റർനെറ്റും മൊബെയിൽ ഫോണും ചേർന്ന്‌ പൊതു സമൂഹത്തിൽ പ്രത്യേകിച്ച്‌ സാധനങ്ങളുടെയും സേവനത്തിന്റെയും മേഖലയിൽ വരുത്തിയ വൻ മാറ്റത്തിന്റെ ഒരു ഉദാഹരണമാണിത്‌. ഓൺലൈനിൽ സാധനങ്ങളുടെ വിലനിലവാരം പരിശോധിക്കാതെയുള്ള ഷോപ്പിങ്ങിനെകുറിച്ച്‌ ആലേചിക്കാനേ ഇന്ന്‌ സാധിക്കില്ല. ഒരു പതിനഞ്ച്‌ വർഷം മുമ്പ്‌ ഇങ്ങനെയായിരുന്നില്ല.  വാങ്ങാൻ ഉദ്ദേശിക്കുന്ന സാധനങ്ങളുടെ വിലവിവരങ്ങൾ ഒരെറ്റ  മൗസ്‌ ക്ലിക്കിൽ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്
ച്‌ ആരും ചിന്തിച്ചിരിക്കാൻ ഇടയില്ല. 1991 ൽ ഇന്റർ നെറ്റ്‌ സൗകര്യങ്ങൾ ഉപയോഗത്തിൽ വന്നതോടെയാണ്‌  ഇ - കോമേഴ്സ്‌ സംവിധാനത്തിനുള്ള വാതായനങ്ങൾ തുറന്നത്‌. 2000-ലാണ്‌  അമേരിക്കയിലേയും യൂറോപ്പിലേയും വൻ കമ്പനികളെല്ലാം വേൾഡ്‌ വൈഡ്‌ വെബിലായി. യുഎസ്‌, ചൈന തുടങ്ങിയ രാജ്യങ്ങളാണ്‌ ഇ - കോമേഴ്സിലേയ്ക്ക്‌ ആദ്യം ഇറങ്ങിത്‌.  2013 ൽ   150 ബില്യൺ ഡോളറിന്റെ വരുമാനമാണ്‌ ഈ രാജ്യങ്ങൾ ഇ - കോമേഴ്സിലൂടെ നേടുന്നത്‌.
ഇന്റർനെറ്റ്‌ എന്ന ഇലക്ട്രോണിക്‌ ശ്രൃംഖല ഉപയോഗിച്ച്‌ സാധനങ്ങളുടെയും  സേവനങ്ങളുടെയും  ക്രയവിക്രയം, പണം, വിവരങ്ങൾ എന്നിവയുടെ  കൈമാറ്റം തുടങ്ങിയവ നടത്തുന്നതിനാണ്‌ ഇ- കോമേഴ്സ്‌ അഥവാ ഇ ബിസിനസ്‌  എന്നു പറയുന്നത്‌. സാധനങ്ങളുടെയും സേവനങ്ങളുടെയും ഇന്റർനെറ്റ്‌ വഴിയുള്ള ക്രയവിക്രയത്തിന്‌ ഇ-റിട്ടെയിലിംങ്ങ്‌ എന്നോ ചുരുക്കപ്പേരായി ഇ-ടെയിലിംങ്ങ്‌ എന്നോ ആണ്‌ ഉപയോഗിക്കുക. ഇടപാടുകൾ ബിസിനസും ബിസിനസും (ബി2ബി) ബിസിനസും കൺസ്യുമറും (ബി2സി) കൺസ്യുമറും കൺസ്യുമറും (സി2സി) കൺസ്യുമറും ബിസിനസും (സി2ബി) തമ്മിൽ ആകാം. ഇ-ടെയിലിങ്‌ എന്നാൽ ബി2സി ഇടപാടുകളാണ്‌.
ഇ - കോമേഴ്സ്‌ ഇന്ത്യയിൽ
ഇന്ത്യയിൽ ഇ - കോമേഴ്സ്‌ ഇപ്പോഴും അതിന്റെ ശൈശവാവസ്ഥയിലാണ്‌. പക്ഷെ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ രംഗത്തെ അഭിമാനകരമായ പ്രകടനമാണ്‌ നാം കാഴ്ചവയ്ക്കുന്നത്‌. ഏതാണ്ട്‌ 35 ശതമാനമാണ്‌ വളർച്ച - അതായത്‌, 2009 ലെ  3.8 ബില്യൺ ഡോളറിൽ നിന്ന്‌ 2013 ൽ 12.6 ബില്യൺ ഡോളറിലെത്തിയിരിക്കുന്നു നാം. ഇന്ന്‌ ഇ - കോമേഴ്സ്‌ ഇന്ത്യയിലും ഒരു യാഥാർത്ഥ്യമാണ്‌. ഇതിന്റെ പ്രയോജനം മനസിലായതോടെ ലക്ഷക്കണക്കിന്‌ ഉപഭോക്താക്കളാണ്‌ ഈ പ്ലാറ്റ്ഫോം ഇന്ന്‌ ഷോപ്പിങ്ങിനായി ഉപയോഗിക്കുന്നത്‌. അഞ്ചു ദശലക്ഷം ഇന്റർനെറ്റ്‌ കണക്ഷനുകളാണ്‌ 2013 ൽമാത്രം ഇന്ത്യയിൽ നൽകിയത്‌ എന്നാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. 2013 ൽ തന്നെ 213 ദശലക്ഷം ഇന്റർനെറ്റ്‌ ഉപയോക്താക്കൾ ഇവിടെ ഉണ്ടായിരുന്നു. ഈ പുതിയ അഞ്ചു ദശലക്ഷം ഉപയോക്താക്കളിൽ ഭൂരിപക്ഷവും മൊബെയിൽ ഫോണിലാണ്‌ ഇന്റർനെറ്റ്‌ ഉപയോഗിക്കുന്നത്‌ എന്നതാണ്‌ മറ്റൊരു സവിശേഷത. ഇന്ത്യയിലെ ഉപഭോക്താക്കളുടെ മനശാസ്ത്രം ശരിക്കു പഠിക്കുകയും  അവരുടെ ആവശ്യങ്ങളോട്‌ ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്താൽ ഇവിടെ ഇ - ടെയ്‌ലിങ്ങിന്‌ അനന്തമായ സാധ്യതകളാണ്‌ ഉള്ളത്‌. ഏറ്റവും ഉത്തമ ഉദാഹരണം പണകൈമാറ്റം തന്നെ. രാജ്യത്ത്‌ എത്രയധികം ആളുകളാണ്‌ ക്രെഡിറ്റ്‌ കാർഡുകൾ വഴി ഈ സംവിധാനം ഇന്ന്‌ ഉപയോഗിക്കുന്നത്‌.
ഗോ‍ാഗിൾ ഇന്ത്യ 2013 ൽ സർവെയിലൂടെ  ചില ഉത്പ്പന്നങ്ങളുടെ ഓൺ ലൈൻ വ്യാപാരക്കണക്ക്‌ ശേഖരിക്കുകയുണ്ടായി.
1.     ഇൽക്ട്രോണിക്സ്‌ ഉത്പ്പന്നങ്ങൾ34%
2.     വസ്ത്രങ്ങൾ 30%
3.     പുസ്തകങ്ങൾ 15%
4.     സൗന്ദര്യ സംവർധകങ്ങൾ 10%
5.     വീട്ടുപകരണങ്ങൾ 6%
6.     മരുന്നുകൾ 3%
7.     കുഞ്ഞുങ്ങൾക്കുള്ള സാധനങ്ങൾ 2%
ഈ വിഭാഗത്തിൽ മുന്നിൽ നിൽക്കുന്നത്‌ ഇലക്ട്രോണിക്‌ ഉത്പ്പന്നങ്ങളാണ്‌. എങ്കിലും വാങ്ങലിന്റെ ഇടവേളകൾ നോക്കിയാൽ മുന്നിൽ വസ്ത്രങ്ങൾ( 34%) സൗന്ദര്യസംവർധകങ്ങൾ(33%) എന്നിവയാണ്‌. ഇൽക്ട്രോണിക്‌ സാധനങ്ങൾ അതിനും താഴെയാണ്‌ (28%). ആളുകൾ സാധനങ്ങൾ അന്വേഷിക്കുന്നത്‌ അവർക്ക്‌ ആവശ്യമുള്ളതുകൊണ്ടാണ്‌.
പുത്തൻ പ്രവണതകൾ
കഴിഞ്ഞ രണ്ടു വർഷമായി പുസ്തകങ്ങൾ വസ്ത്രങ്ങൾ എന്നിവയുടെ പുതുമയാർന്ന ധാരാളം പതിപ്പുകൾ വിപണിയിൽ എത്തുന്നുണ്ട്‌. ഇപ്പോൾ ഫ്ലിപ്കാർട്ട്‌, ആമസോൺ, സ്നാപ്ഡീൽ പോലുള്ള ഇന്ത്യയിലെ ഇ-കോമേഴ്സ്‌ ഭീമന്മാർ  വൻ നഗരങ്ങളിൽ നിന്ന്‌ അവരുടെ പ്രവർത്തന മേഖല ചെറു പട്ടണങ്ങളിലേയ്ക്ക്‌ വ്യാപിപ്പിക്കുകയാണ്‌. ഇക്കാര്യത്തിൽ ചെറു പട്ടണങ്ങളിൽ നിന്ന്‌ വളരെ അനുകൂലമായ പ്രതികരണമാണ്‌ അവർക്ക്‌ ലഭിച്ചുകൊണ്ടിരിക്കുന്നതും. നിത്യോപയോഗ സാധനങ്ങളാണ്‌ ഇ-ലോകത്തിൽ ഏറ്റവും പ്രബലൻ. പുനെയിൽ വീട്ടമ്മമാരുടെ ഷോപ്പിംങ്ങിനെ ഡാൽ.കോമും,  പുനെ എക്സ്പ്രസ്‌.കോമും ചേർന്ന്‌ പുനർ നിർവചിച്ചിരിക്കുകയാണ്‌.    വീട്ടിൽ ടെലിവിഷൻ കാണുന്നതിനിടെ ഒരു മൗസ്‌ ക്ലിക്ക്‌. ആവശ്യമുള്ള സാധനങ്ങൾ  അവ എന്തുമാകട്ടെ, അരി, ഗോതമ്പ്‌, ഉപ്പ്‌, പഞ്ചസാര മുതൽ സേഫ്റ്റി പിൻ വരെ വീട്ടുവാതിൽക്കൽ എത്തും. ഈ സംവിധാനം ഇതാ, കൊച്ചിയിൽ വരെ എത്തിക്കഴിഞ്ഞു. കുറച്ച്‌ ഉപഭോക്താക്കളുടെ മാത്രം ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ട്‌ ധാരാളം വെബ്സൈറ്റുകൾ ബാല്യദശയിൽ ഇവിടെ ഇ - ബിസിനസിൽ മുന്നേറുന്നുണ്ട്‌. അനതിവിദൂര ഭാവിയിൽ  ഇവരെല്ലാം വൻ സംരംഭങ്ങളായി മാറും. അതിനുള്ള എല്ലാ സാഹചര്യങ്ങളും ഇവിടെ ഉണ്ട്‌. പുനെയിൽ നടക്കുമെങ്കിൽ പിന്നെ എന്തുകൊണ്ട്‌ കൊച്ചിയിൽ ആയിക്കൂട. ഇന്ത്യയിലെമ്പാടുമുള്ള ഇ - നഗരങ്ങളുടെ പ്രവണതയാണിത്‌.
ഇലക്ട്രോണിക്സ്‌, വസ്ത്രങ്ങൾ, പുസ്തകങ്ങൾ എന്നിവയാണ്‌ ഈ പ്രവണതയുടെ മുമ്പേ നടക്കുന്നത്‌. സൗന്ദര്യ സംവർധക വസ്തുക്കൾ, വീട്ടുപകരണങ്ങൾ, മരുന്ന്‌ , കഞ്ഞുങ്ങൾക്കാവശ്യമുള്ള വസ്തുക്കൾ എല്ലാം കൂടി ഓൺലൈനിൽ അന്വേഷിക്കപ്പെടുന്നത്‌  21 ശതമാനം മാത്രം. നമ്മുടെ നാളികേര ഉത്പ്പന്നങ്ങൾ നെറ്റിലേയ്ക്കു വന്നാൽ ഈ പറഞ്ഞ ഉത്പ്പന്നങ്ങളുടെ എല്ലാം മുകളിൽ വരും ഡിമാന്റ്‌.  അതുകൊണ്ട്‌ നാളികേര ഉത്പാദക കമ്പനികൾ അവരുടെ ഉത്പ്പന്നങ്ങളുമായി ഓൺലൈനിലേയ്ക്ക്‌ ഇറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
നാളികേര ഉത്പാദക കമ്പനികൾ ഓൺലൈനിൽ
ലോകത്തിലെ ഏറ്റവും വലിയ റിടെയിൽ ശ്രൃംഖല വാൾമാർട്ടിന്റേതാണ്‌. പക്ഷെ ഏറ്റവും രസകരമായ വസ്തുത വാൾമാർട്ട്‌ ഒരൊറ്റ ഉത്പ്പന്നം പോലും സ്വന്തമായി ഉത്പ്പാദിപ്പിക്കുന്നില്ല എന്നതത്രെ. ഒന്നു മാത്രം അവർ ചെയ്തു. വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു ആഗോള സപ്ലൈ ചെയിൻ ഉണ്ടാക്കി. വിതരണക്കാർ, കച്ചവടക്കാർ, ഉപഭോക്താക്കൾ എന്നിവർക്കിടയിൽ തിരശ്ചീനമായി സഹകരിക്കുകയും അതിലൂടെ അവർക്ക്‌ മൂല്യവർധനവ്‌ ലഭ്യമാക്കുകയും മാത്രമാണ്‌ സപ്ലൈ ചെയിൻ ചെയ്യുക. എല്ലാ മേഖലകളിലും എല്ലാ സാങ്കേതിക വിദ്യകളിലും വാൾമാർട്ട്‌ മുന്നിലാണ്‌. അവരുടെ സംഭരണശാലകൾ സ്ഥാപിച്ചിട്ടുള്ള എല്ലാ രാജ്യങ്ങളുടെയും സംസ്കാരങ്ങൾ അവർ മനസിലാക്കിയിട്ടുണ്ട്‌.  ലോകത്തിൽ അവരുടെ സപ്ലൈ ചെയിനിനെ വെല്ലാൻ മറ്റൊന്നില്ല. അത്രയ്ക്കും ആധുനികമാണത്‌.
നിങ്ങൾ ആലിബാബ ഡോട്‌ കോമിൽ ഒന്നു ലോഗിൻ ചെയ്തു നോക്കൂ.  ഇന്ത്യയിലെ മുഖ്യ നാളികേര ഉത്പാദക സംസ്ഥാനങ്ങളിൽ നിന്നുള്ള നാളികേരവും അതിന്റെ വിലയും മറ്റു വിശദാംശങ്ങളും അവിടെ നിങ്ങൾക്കു ലഭിക്കും. അപ്പോൾ ഇവിടെ കേരളത്തിലെ നാളികേര ഉത്പാദക കമ്പനികളുടെ കൺസോർഷ്യത്തിന്‌ എന്തൊക്കെ ചെയ്യാനാവും. എന്തുകൊണ്ട്‌ അവർക്ക്‌ ഒരു വെബ്സൈറ്റ്‌ തുടങ്ങിക്കൂടാ.ഒരു ഓൺലൈൻ വിപണി ആരംഭിച്ചുകൂടാ. ഈ ഓൺലൈനിൽ കൂടി ഒരു ഉപഭോക്താവ്‌ ഓർഡർ നൽകിക്കഴിഞ്ഞാൽ മണിക്കൂറുകൾക്കുള്ളിൽ അയാളുടെ വീട്ടുപടിക്കൽ നീര എത്തുന്ന കാര്യം ഒന്ന്‌ ആലോചിച്ചു നോക്കൂ. നമുക്ക്‌ വൈവിധ്യമാർന്ന ഉത്പ്പന്നങ്ങളുടെ വൻ ശ്രേണി തന്നെയുണ്ട്‌. അതുകൊണ്ട്‌ വിപണിയുടെ എല്ലാ ആനുകൂല്യങ്ങളും നേടാൻ നാം ഉടൻ പരിശ്രമം ആരംഭിക്കണം. സംസ്ഥാനത്ത്‌ ഇപ്പോൾ സ്ഥാപിതമായിരിക്കുന്ന കർഷകരുടെ കമ്പനികൾ വഴി മികച്ചതും അനുദിനം വളരുന്നതുമായ ഒരു നാളികേരഉത്പാദക വിതരണ ശ്രൃംഖല നമുക്കുണ്ട്‌. നാം ഒന്നേ ചെയ്യേണ്ടതുള്ളു, ഈ കമ്പനികളെ ചങ്ങല പോലെ ഒന്നു കൂട്ടിയോജിപ്പിക്കണം. ഉത്പ്പന്നങ്ങൾ കൃഷിയിടങ്ങളിൽ നിന്ന്‌ സപ്ലൈ ലൈനിലേയ്ക്ക്‌ എത്തിക്കുന്നതിന്‌ വാഹനസൗകര്യത്തോടുകൂടിയ ഗതാഗത സംവിധാനം വേണം .
ഈ മേഖലയിൽ ലോകത്തിലെ തന്നെ അതികായന്മാരായ ആമസോൺ ഡോട്‌ കോം അവരുടെ സേവനം ഉള്ള രാജ്യങ്ങളിലുടനീളം സംഭരണശാലകളും  അതിവേഗ ഗതാഗത സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്‌. ഇവിടെ നിന്നാണ്‌ നാം തുടങ്ങുന്നത്‌. ഇന്ന്‌ നമുക്ക്‌ കേരളത്തിൽ വിവിധ കേന്ദ്രങ്ങളിലായി  കമ്പനികളുടെ രൂപത്തിൽ പതിമൂന്ന്‌ സംഭരണശാലകൾ ഉണ്ട്‌. ഇവയുടെ എണ്ണം ഇനിയും വർധിക്കും. തൃത്താല നാളികേര കൂട്ടായ്മയിലെ ഓരോ ഉത്പാദക സംഘങ്ങളും അവരുടെ മേഖലയിലെ ഉപഭോക്താക്കളുടെ നാളികേര ഉത്പ്പന്ന ആവശ്യങ്ങൾ സാധിച്ചുകൊടുക്കാൻ ശേഷിയുള്ള സ്വതന്ത്ര യൂണിറ്റുകളായി മാറുന്ന കാലത്തിനുവേണ്ടിയാണ്‌ നമ്മൾ പ്രവർത്തിക്കുന്നത്‌. ഈ സംഘങ്ങളുടെയും ഫെഡറേഷനുകളുടെയും വിശാലമായ  ശ്രൃംഖല നമ്മുടെ എല്ലാ ഗ്രാമങ്ങളിലും എത്തണം. അതാണ്‌ സമ്പൂർണമായ  വിതരണ ശ്രൃംഖല. എപ്പോഴും ശക്തമായ പശ്ചാത്തലം നാം ഒരുക്കണം. മാറിക്കൊണ്ടിരിക്കുന്ന കാലത്തിനും സാങ്കേതിക വിദ്യയ്ക്കും ഒപ്പം നിൽക്കുന്ന ആധുനിക സംവിധാനങ്ങൾ നാം ഒരുക്കന്ന വിതരണ ശ്രൃംഖലയ്ക്കും ഉണ്ടായിരിക്കണം.
ഇന്ന്‌ ഫ്ലിപ്കാർട്ടിന്‌ ഇ - കാർട്ടും, ആമസോണിന്‌ ആമസോൺ ലൊജിസ്റ്റിക്സും ഉണ്ട്‌. എന്നാൽ തുടക്കത്തിൽ ഇതൊന്നും അവർക്ക്‌ ഉണ്ടായിരുന്നില്ല. മറ്റ്‌ ഗതാഗത സംവിധാനങ്ങളെയാണ്‌ ഇവരെല്ലാം ആശ്രയിച്ചിരുന്നത്‌. കാലക്രമത്തിൽ അവർ വാഹനങ്ങളും ഗതാഗത സംവിധാനങ്ങളും സ്വന്തമാക്കി. അപ്പോൾ വിതരണം വേഗത്തിലായി, അതനുസരിച്ച്‌ വരുമാനവും ലാഭവും വർധിച്ചു, കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടായി, വിപണിയിൽ അവരുടെ മൂല്യം വർധിച്ചു. നമുക്ക്‌  കമ്പനികളും ഫെഡറേഷനുകളും സോസൈറ്റികളും എന്ന പ്രവർത്തന സംവിധാനം  നിലവിലുണ്ട്‌. ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നമുക്ക്‌ സാധിക്കും. നമ്മുടെ ഭൂരിഭാഗം ഉത്പ്പന്നങ്ങളും ദീർഘമായ സൂക്ഷിപ്പുകാലമുള്ളവയാണ്‌.എന്നാൽ വേഗത്തിൽ ഉപയോഗശൂന്യമാകുന്ന  നീര പോലുള്ള ഉത്പ്പന്നങ്ങളുടെ വിപണനത്തിന്‌  കോൾഡ്‌ ചെയിൻ തന്നെ വേണം. ഇതിന്‌ ശരിയായ ഗവേഷണവും പഠനവും ആവശ്യമാണ്‌.
ഭാവി പ്രതീക്ഷകൾ
നമ്മുടെ കമ്പനികൾക്ക്‌ ശക്തമായ സാമ്പത്തിക ഭദ്രത നേടാൻ അധിക കാലമൊന്നും വേണ്ടിവരില്ല. കയറ്റുമതി വിപണിയിലെ മുന്തിയ വിഹിതം ഇവരുടേതായി മാറാൻ അധികനാൾ കാത്തിരിക്കേണ്ടതില്ല. വിതരണ ശ്രൃംഖലയുടെ കാര്യത്തിൽ ലോകത്തിലെ വൻ കമ്പനികളുമായിട്ടായിരിക്കും ഇവ മത്സരിക്കുക. അപ്പോഴേയ്ക്കും ആഭ്യന്തര വിപണി അവർ പിടിച്ചടക്കിയിരിക്കും. നിലവാരമുള്ള ഉത്പ്പന്നങ്ങളുടെ വിൽപനയിലൂടെ കമ്പനികൾ വൻ വരുമാനമുണ്ടാക്കും. പരസ്യം, വിപണനം, പായ്ക്കിംങ്ങ്‌ രൂപകൽപന തുടങ്ങിയ കാര്യങ്ങളിലായിരിക്കും കമ്പനികൾ തമ്മിലുള്ള ആരോഗ്യകരമായ മത്സരം. അപ്പോൾ ഫ്ലിപ്‌ കാർട്ട്‌, ആമസോൺ തുടങ്ങിയ ഇന്ത്യയിലെ ഇ-ടെയ്‌ലിംങ്ങ്‌ ഭീമന്മാർ അവരുടെ വിപണിയിൽ നമ്മുടെ ഉത്പ്പന്നങ്ങൾ ഉൾപ്പെടുത്താൻ പരസ്പരം മത്സരിക്കും.
ഒരു വാഹനത്തിന്റെ ശബ്ദം. ഇതാ രാവിലെ നൽകിയ ഓർഡർ അനുസരിച്ചുള്ള  വിഭവങ്ങൾ കമ്പനിയുടെ വാഹനത്തിൽ എത്തുന്നു. വാച്ചിൽ നോക്കി. സമയം അഞ്ച്‌ ആയതേയുള്ള. എന്തൊരു കൃത്യനിഷ്ഠ!!

22 Nov 2014

മത്സ്യദേവൻ നൽകിയ വലിയ സമ്മാനം


പോൾസൺ ജെയ്മി,
സ്റ്റാൻഡേർഡ്‌ 7ബി
മേരിഗിരി പബ്ലിക്‌ സ്കൂൾ, കൂത്താട്ടുകുളം

ടാനിയ എന്നൊരു ദ്വീപുണ്ടായിരുന്നു. അതിനു മധ്യത്തിലായി അതിമനോഹരമായ ഒരു തടാകവും തടാക കരയിൽ ഒരു ചെറിയ കുടിലും ഉണ്ടായിരുന്നു. ആ കുടിലിൽ എയ്ന എന്നൊരു പെൺകുട്ടി ജീവിച്ചിരുന്നു. എയ്നയുടെ ഏറ്റവും വലിയ വിനോദം ദിവസം മുഴുവൻ ആ തടാകത്തിൽ നീന്തിക്കുളിക്കുക എന്നതായിരുന്നു. ഒരു ദിവസം അവൾ തടകത്തിൽ നീന്തുമ്പോൾ എന്തോ തന്റെ ശരീരത്തെ സ്പർശിച്ച്‌ കടന്നു പോകുന്നപോലെ അവൾക്കു തോന്നി. പേടിച്ചരണ്ട അവൾ നീന്തൽ അവസാനിപ്പിച്ച്‌ ചാടി കരയിൽ കയറി തന്റെ കുടിലിലേയ്ക്ക്‌ ഓടി.
പൈറ്റ്‌ ദിവസവും ഇത്‌ ആവർത്തിച്ചു. പക്ഷെ തന്റെ ശരീരത്തിൽ സ്പർശിച്ചതു ഒരു ആരൽ മത്സ്യമാണ്‌ എന്ന്‌ എയ്ന കണ്ടുപിടിച്ചു. മത്സ്യം അവളെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നീന്തി വഴുതി മാറി കടന്നു പോയി. പിന്നീട്‌ എല്ലാ ദിവസവും ഇതൊരു പതിവായി. കുറച്ചു ദിവസങ്ങൾ പിന്നിടവെ, മത്സ്യവും പെൺകുട്ടിയും  തടാകത്തിൽ ഒരുമിച്ച്‌ നീന്തി തുടങ്ങി.
അങ്ങനെയിരിക്കെ ഒരു ദിവസം ഏറെ സമയം നീന്തി തളർന്ന എയ്ന തടാക കരയിൽ കയറി ഇരുന്ന്‌ വിശ്രമിക്കുകയായിരുന്നു. പൊടുന്നനെ മത്സ്യവും നീന്തൽ നിറുത്തി അവളുടെ സമീപമെത്തി. അവൾ കണ്ണടച്ചു തുറക്കും മുമ്പെ അത്‌ രൂപംമാറി സുന്ദരനായ ഒരു യുവാവായി അവൾക്കു മുന്നിൽ നിന്നു. അത്ഭുതം കൊണ്ട്‌ അവൾ കണ്ണുമിഴിച്ചിരുന്നു പോയി.
യുവാവായി മാറിയ മത്സ്യം അവളെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു:  ആരൽ മത്സ്യങ്ങളുടെ ദേവനായ ട്യൂണയാണ്‌ ഞാൻ.  എനിക്ക്‌ നിന്നെ വളരെ ഇഷ്ടമായി. നിന്നോടൊപ്പം ഈ തടാകത്തിൽ നീന്തിക്കളിക്കാൻ വളരെ രസമായിരുന്നു. പക്ഷെ, എന്തു ചെയ്യാം എനിക്ക്‌ ഇവിടം വിട്ട്‌ പോകാനുള്ള സമയമായിരിക്കുന്നു.
എയ്ന ദുഃഖത്തോടെ ചോദിച്ചു: പോവുകയോ, എങ്ങോട്ട്‌?
അതെ, പോയേ തീരു. പക്ഷെ പോകുന്നതിനു മുൻപ്‌ എന്റെ ഓർമ്മയ്ക്കായി ഞാൻ നിനക്ക്‌ ഒരു സമ്മാനം തരാൻ ആഗ്രഹിക്കുന്നു.
അവൾ ആരാഞ്ഞു: എന്തു സമ്മാനം?
അതിപ്പോൾ പറയാൻ പ്രയാസമാണ്‌. പക്ഷെ, ഞാൻ പറയുന്നതുപോലെ നീ ചെയ്യണം.
അവൾ തലകുലുക്കി.
ട്യൂണ പറഞ്ഞു: നാളെ ഞാൻ മത്സ്യത്തിന്റെ രൂപത്തിൽ നിന്റെ കുടിലിനു മുന്നിൽ വരും.  അപ്പോൾ നീ എന്റെ തല മുറിച്ചെടുക്കണം. എന്നിട്ട്‌ ആ മീൻതല നിന്റെ കുടിലിനുള്ളിൽ കുഴിച്ചിടണം - ഇത്രയും പറഞ്ഞിട്ട്‌ മത്സ്യം തടാകത്തിലേയ്ക്ക്‌ ഊളിയിട്ട്‌ മറഞ്ഞു.
എയ്നക്ക്‌ ആകെ പരിഭ്രമമായി. എന്തു ചെയ്യണമെന്ന്‌ അവൾക്ക്‌ ഒരു രൂപവും കിട്ടിയില്ല. പെട്ടെന്ന്‌ ആകാശം ഇരുണ്ടു. അവൾ വേഗം തന്റെ വീട്‌ ലക്ഷ്യമാക്കി നടന്നു.
പൈറ്റ്‌ ദിവസം പ്രഭാതത്തിൽ തന്നെ ആ മത്സ്യം തന്റെ കുടിലിനടുത്ത്‌ വരെ നീന്തി എത്തിയിരിക്കുന്നത്‌ അവൾ കണ്ടു. അത്‌ അവളുടെ വീടിന്റെ ഉമ്മറവാതിൽ എത്തി തല കട്ടിളപ്പടിയിൽ ചേർത്തുവച്ചു കിടന്നു. എയ്ന സ്തംഭിച്ചു നിന്നു. അപ്പോൾ മത്സ്യത്തിന്റെ കണ്ണുകൾ അവളോടു ഇപ്രകാരം പറയുന്നതുപോലെ അവൾക്കു തോന്നി, മടിക്കേണ്ട,  ദയവായി ഞാൻ നിന്നോട്‌ പറഞ്ഞ പ്രകാരം പ്രവർത്തിക്കുക. ഒട്ടു വൈകരുത്‌.
എയ്ന ഒരു കോടാലി കൊണ്ടുവന്ന്‌, മത്സ്യത്തിന്റെ തല വെട്ടി മുറിച്ചു മാറ്റി.  അവൾ അതു കൊണ്ടു പോയി കുടിലിനു പിന്നിൽ കുഴിച്ചിട്ടു. ആ നിമിഷം വരെ ആർത്തലച്ചു പെയ്തിരുന്ന മഴ പൊടുന്നനെ നിലച്ചു. കൊടുങ്കാറ്റ്‌ ശാന്തമായി. ആകാശം തെളിഞ്ഞു.സൂര്യൻ പുഞ്ചിരിച്ചു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ മീന്തല കുഴിച്ചിട്ട സ്ഥലത്ത്‌ ഒരു വൃക്ഷത്തൈ മുളച്ച്‌ നാമ്പെടുക്കുന്നത്‌ എയ്ന കണ്ടു.  ആഴ്ച്ചകൾ കഴിഞ്ഞപ്പോൾ ആ വൃക്ഷം വളർന്ന്‌ വലിയ മരമായി. ഇളം കാറ്റിൽ അതിന്റെ പീലിയോലകൾ നൃത്തമാടി. വർഷങ്ങൾ കഴിഞ്ഞപ്പോൾ അതിൽ കുലകളായി ഫലങ്ങൾ ഉണ്ടായി.  ആ ഫലത്തിന്റെ പുറംതോട്‌ നീക്കം ചെയ്യുമ്പോൾ ആരൽ മത്സ്യത്തിന്റെ മുഖത്തോടു സമാനമായ രണ്ടു കണ്ണുകളും കാണാൻ സാധിച്ചു. ആ  ഫലത്തിനുള്ളിലെ വെള്ളം അമൃതു പോലെ മധുരമുള്ളതായിരുന്നു.
എല്ലാ ഭാഗങ്ങളും മനുഷ്യന്‌ ഉപകാരമുള്ള നാളികേര വൃക്ഷം മത്സ്യ ദേവനായ ട്യൂണയുടെ സമ്മാനമായിട്ടാണ്‌ ഈ ദ്വീപിലെ ആളുകൾ ഇപ്പോഴും വിശ്വസിക്കുന്നത്‌. ഇതാണ്‌ ഇന്ന്‌ നാം കാണുന്ന നാളികേരത്തിന്റെ ഉത്പ്പത്തി ചരിത്രവും.

19 Oct 2014

മുള്ള്


പീതൻ കെ വയനാട്  
--------------------------------  
കൂട്ടു വന്നൊരാൾ പറഞ്ഞു 
നിങ്ങൾ അറു പഴഞ്ചൻ!
ആകാശത്തിനു കീഴെ നിങ്ങളുടെ 
വഴികളെല്ലാം ഒരേയൊരിടത്ത് 
സന്ധിക്കുന്നതു പോലെ തോന്നുന്നു. 
പെരുവഴിയിൽ നിന്ന് തിരിഞ്ഞു
നോക്കുമ്പോൾഎനിക്കും തോന്നുന്നു 
വഴിയറിയാത്ത ഞാനെത്ര പഴഞ്ചൻ.
ഞാൻ നടന്ന വഴികളെല്ലാം 
ഒരേ വഴികളായി തോന്നുന്നു.  
ഓരോ വഴികളും ഞാൻ നടക്കുമ്പോൾ
കാലുകളെ പുണർന്നത് വളരെ 
കരുണയോടെയായിരുന്നു .
അതു കൊണ്ട് ഞാനറിഞ്ഞില്ല,
വഴിയിൽ  മുള്ളുണ്ടാകുമെന്ന്
ഇപ്പോൾ കാണുന്നു കാണാതെ പോയവ,
ഉരഗങ്ങളുടെ ഇണചേരൽ 
ചുറ്റിപ്പിണഞ്ഞുയരുന്ന പാമ്പുകളുടെ 
ഒന്നായ ഉടൽ പെരുമകൾ.
എന്റെ പാമ്പും ഇഴഞ്ഞിഴഞ്ഞ്  
ഒരിണ പാമ്പിനെ തിരയുകയാണിപ്പോൾ.
തുണികളുടെ വിലക്കുകളില്ലാതിരുന്ന 
എദന്റെ ഏടുകളിൽ എടുത്തണിയാൻ 
ഇനിയെനിക്ക് ഇലകളുടെ 
ഒരിതിഹാസം ബാക്കിയുണ്ട്,
പഴുത്തധികമായ  ഒരു പഴവും. 
മുള്ളുകളുള്ള വള്ളിപ്പടർപ്പിൽ 
ഇഴഞ്ഞേറി ഞാനെൻറെ വഴികളിപ്പോൾ
വ്യത്യസ്തമാക്കുകയാണ്.
ഒരു മുള്ള് എൻറെ തൊണ്ടയിൽ
വിലങ്ങനെ കുടുങ്ങിയിട്ടുണ്ട്,
ആ മുള്ള് സോപാനത്തിന്റെ 
ശ്രുതി വേഗങ്ങളെ തുളച്ച് 
കുത്തിക്കയറുന്നു....!
-------------------------------- 

19 Sept 2014

അഹംയു സഞ്ചിതിവാസം


ജോയ് ഗുരുവായൂർ
=====================
കാപട്യങ്ങളരങ്ങു വാഴും ജീവിതം തൻ
കനിവിന്നുറവകളടഞ്ഞ ചെയ്തികൾ
തന്‍കുഞ്ഞിനെ പൊന്‍കുഞ്ഞായൂട്ടുമ്പോൾ
മറുകുഞ്ഞിന്‍ വിലാപം കേള്‍ക്കാത്തവർ
മുട്ട പുഴുങ്ങിയതി സമര്‍ത്ഥമായ് തനയനു
ചോറില്‍പ്പൂഴ്ത്തി വിളമ്പും മാതുലിയും
പത്തായത്തിലൊളിപ്പിച്ച പലഹാരങ്ങൾ
ഛന്നം മാതുല മക്കള്‍ക്കേകും അച്ഛമ്മയും
ഒരേയുത്തരത്തിനരമാര്‍ക്ക് കുറച്ച് തോഴി തൻ
തനയനെയൊന്നാമതെത്തിക്കുമദ്ധ്യാപികയും
സമപ്രായക്കാരാമനന്തരവരാവശ്യപ്പെട്ടതൊക്കെ
വാങ്ങിക്കൊടുത്തെന്നെയവഗണിക്കുമച്ഛനും
നാലാൾ കാണ്‍കെ ഗുണദോഷിച്ചും ശകാരിച്ചും
നല്ല 'പിള്ള'കൾ ചമയും കാരണവന്മാരും
പ്രവര്ത്തിപരിചയ പരീക്ഷയ്ക്കെളുപ്പച്ചോദ്യം
തന്‍ പ്രിയര്ക്കു നല്‍കുന്ന കലാശാലാശാനും
എന്‍ സൈക്കിളിൻ തണ്ടേറിയുലകം ചുറ്റിയി-
ന്നമേരിക്കയിലിരുന്നു പുച്ഛിക്കുന്നൊരുവനും
കൊടുത്ത കാശിനു ചെമ്മേ ചിരിച്ചു മയക്കി
വസ്തുക്കൾ മായം ചേര്ത്തേകും കടക്കാരനും
തോളത്തു കയ്യിട്ടു രഹസ്യങ്ങൾ ചോര്‍ത്തി യ-
ങ്ങവസരത്തിലൊറ്റും സഹപ്രവര്‍ത്തകരും
കഠിനാദ്ധ്വാനത്തിന്‍ സത്ഫലം തഞ്ചത്തിൽ
കവര്‍ന്നങ്ങു കീര്‍ത്തി നേടും മേലാളനും
ജീവിതം പകുത്തു നല്കി സ്നേഹിച്ചതിനാ-
സ്നേഹമൊരധികാരമാക്കി ഭരിക്കും ഭാര്യയും
പലിശയ്ക്കെടുത്തൊരു കാശും കടം വാങ്ങി
വിവരം തരാൻ പോലും മുതിരാത്ത തോഴരും
തേവയിലലിവു തോന്നി നീട്ടിയ ധനസഹായം
മടക്കീടാതെ സ്വഭവനം മോഡി കൂട്ടുന്നവരും
ഇഷ്ടമുള്ള സഖിയെ തിരഞ്ഞെടുത്തതിലൊട്ടു-
മിഷ്ടം കാണിച്ചീടാത്തൊരു ബന്ധുജനങ്ങളും
തിരക്കെന്നു ചൊല്ലി ക്ഷിപ്രമപ്രത്യക്ഷരായ്
കാമുകിയോട് സല്ലപിക്കും കൂട്ടുകാരനും
ഉപവാസത്തിന്‍ പ്രാര്ത്ഥനയുമോതിയി-
ട്ടിരുളിന്‍ മറയിൽ ഭുജിക്കുമാചാര്യനും.
ഭാവുകങ്ങളേകുമ്പോഴും ഉള്ളിലസൂയ തൻ
പൂത്തിരി കത്തിച്ചു പഴിക്കും 'സഹൃദയരും'
അറിയാതെയെപ്പോഴും വിദ്ധ്വംസക വേലയ്ക്കു
കൂട്ടാളിയാക്കുമൊരു 'ആത്മ' സുഹൃത്തും
തെറ്റിദ്ധാരണകൾ കൂട്ടം കൂട്ടമായുണര്ത്തീ ടു-
മഭിശപ്തങ്ങളാമോരോ നിമിഷങ്ങളും
കനിവില്ലാക്കാലത്തിന്‍ ബാക്കിപത്രങ്ങളായ്
ദേഹത്തില്‍ മരുവീടുമസുഖങ്ങളും
ഇല്ലാത്തയസുഖത്തിനനവധി മരുന്നുകളതിൻ
ലാഭത്തിന്നോഹരി പറ്റും ഭിഷഗ്വരരും
ഇടുക്കത്തിലുതവി നിര്‍ത്തി യതിനമര്ഷരായ്
തിരിഞ്ഞു നോക്കാതെ പഴിക്കും കൂട്ടരും
സ്വാര്‍ത്ഥത വിളഞ്ഞീടും ഛലിതമാനസർ തൻ
കാപട്യങ്ങൾ നിറയുമൊരു സഞ്ചിതിയിൽ നാം...
അവരഭ്യസിപ്പിച്ചതൊക്കെയും നിപുണമായ്
നടിച്ചങ്ങു പ്രവൃത്തകം ചെയ്യുമീ... ഞാനും..
=======================
കവിത ജോയ് ഗുരുവായൂരിന്റെ ബ്ലോഗിൽ

21 Aug 2014

തൂക്കിലേറ്റരുത്

19 Jul 2014

നേര്‌

23 Apr 2014

വളം ചെയ്തു നാളികേരത്തിന്റെ വലുപ്പം കൂട്ടാം, വലുപ്പം കൂട്ടി വരുമാനവും


ഡോ. രമണി ഗോപാലകൃഷ്ണൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി -11

നമ്മളിൽ ഭൂരിഭാഗം പേർക്കും തെങ്ങ്‌ ഇന്നും മടിയന്റെ വിളയാണ്‌. നിത്യപുഷ്പിണിയായ ഈ കൽപ്പവൃക്ഷത്തിന്റെ ഭക്ഷണാവശ്യം ആര്‌ ഗൗനിക്കുന്നു? വിളവെടുക്കാനും വിലപേശാനുമല്ലാതെ തെങ്ങിനെ മനസ്സിലാക്കാൻ ആർക്കാണ്‌ സമയം? രോഗം, കീടം, വിലയിടിവ്‌ ഈ പതംപറച്ചിലിൽ വാചാലരാകുവാൻ നമ്മൾ ബഹുകേമന്മാരാണുതാനും.
എന്നാൽ എത്രപേർക്കറിയാം തെങ്ങിന്‌ ചിട്ടയായും ക്രമമായുമുള്ള വളപ്രയോഗം അത്യന്താപേക്ഷിതമാണെന്നും മണ്ണിലെ വളക്കുറവോ മൂലകങ്ങളുടെ ലഭ്യതക്കുറവോ തെങ്ങിന്റെ ഉത്പാദനക്കുറവിലേക്ക്‌ നയിക്കുമെന്നും. വളർച്ചയ്ക്ക്‌ ആവശ്യമായ അവശ്യമൂലകങ്ങൾ ചുറ്റുവട്ടത്തു നിന്നും വലിച്ചെടുത്ത്‌ സ്വന്തം തടി നോക്കാൻ മിടുക്കന്മാരായതിനാൽ തെങ്ങിൻ തോപ്പിലെ മണ്ണിലെ ശോഷണം ആരും മുഖവിലയ്ക്കെടുക്കുന്നില്ല. എന്നാൽ വർഷങ്ങളോളം വളപ്രയോഗമില്ലാതെ ഉപേക്ഷിക്കപ്പെടുന്ന തെങ്ങുകൾ രോഗ കീടങ്ങളുടെ ആക്രമണങ്ങൾക്കിരയായി നശിക്കുന്നു.
തെങ്ങ്‌ യഥാർത്ഥത്തിൽ മണ്ണിൽ നിന്നും ധാരാളം മൂലകങ്ങൾ വലിച്ചെടുക്കുന്നുണ്ട്‌. ഇങ്ങനെ തുടർച്ചയായി മൂലകങ്ങൾ നീക്കം ചെയ്യപ്പെടുന്നതിനാൽ മണ്ണിന്റെ പോഷകശോഷണം അധികരിക്കുന്നു. മൂലകങ്ങളുടെ അഭാവം യഥാസമയം മനസ്സിലാക്കുകയും അത്‌ പരിഹരിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നത്‌ തെങ്ങിന്റെ പരിചരണത്തിൽ പ്രാധാന്യമർഹിക്കുന്നു. ഇത്‌ പരിഹരിക്കുന്നതിന്‌ സമീകൃതമായ പോഷകമൂലകങ്ങളടങ്ങിയ വളപ്രയോഗം നടത്തേണ്ടതുണ്ട്‌. ഒരു പ്രത്യേക മൂലകത്തിന്റെ അഭാവം പ്രത്യേകതരം ലക്ഷണങ്ങൾ സസ്യങ്ങളിൽ പ്രകടമാക്കുന്നു. അതിനാൽ സമീകൃത വളപ്രയോഗം വളരെയേറെ പ്രാധാന്യമർഹിക്കുന്നു. തെങ്ങിന്റെ പോഷണത്തിൽ അത്യന്താപേക്ഷിതമായ മൂലകങ്ങൾ നൈട്രജൻ, ഫോസ്ഫറസ്‌, പൊട്ടാസ്യം എന്നീ ത്രിമൂർത്തികളാണ്‌.
വളർച്ചയുടെ ആദ്യഘട്ടം മുതൽ തന്നെ മണ്ണിൽ നിന്നും നല്ല അളവിൽ പോഷക മൂലകങ്ങൾ വലിച്ചെടുക്കുന്നു തെങ്ങ്‌. അനേക വർഷം ഒരേ മണ്ണിൽത്തന്നെ വളരേണ്ടതുകൊണ്ട്‌ മണ്ണിനുണ്ടാകുന്ന പോഷകാംശങ്ങളുടെ കുറവ്‌ പരിഹരിക്കുന്നതിന്‌ ക്രമാനുഗതമായ വളപ്രയോഗം ആവശ്യമാണ്‌. തെങ്ങിന്റെ ശരിയായ വളർച്ചയ്ക്കും ഉത്പാദനത്തിനും കൂടുതൽ അളവിൽ ആവശ്യമുള്ള 'മുഖ്യ പോഷകങ്ങളും' ചെറിയ തോതിൽ ആവശ്യമുള്ള 'സൂക്ഷ്മ മൂലകങ്ങളും' ഉണ്ട്‌. തെങ്ങിന്റെ വളപ്രയോഗവും നാളികേരോത്പാദനവും തമ്മിലുള്ള ബന്ധം ചർച്ച ചെയ്യുന്ന ഈ ലേഖനത്തിൽ മുഖ്യപോഷക മൂലകങ്ങളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും കൂടി തെങ്ങു കൃഷിക്കാർ അറിയുന്നത്‌ നന്നായിരിക്കും.
നൈട്രജൻ (പാക്യജനകം)
സസ്യങ്ങളുടെ കായിക വളർച്ചയ്ക്കും ഉത്പാദനത്തിനും ആവശ്യമായ മൂലകങ്ങളിൽ നൈട്രജൻ ഒരു സുപ്രധാന പങ്കുവഹിക്കുന്നു. ചെടികളുടെ ഹരിതനിറം നിലനിർത്തുന്നതിലും വിത്തുരൂപീകരണത്തിലും ഈ മൂലകത്തിന്‌ പങ്കുണ്ട്‌.
തെങ്ങുകൾ നേരത്തെ പൂക്കുന്നതിനും പൂക്കുലകളിൽ പെൺപൂക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും നൈട്രജൻ സഹായിക്കുന്നു. പാക്യജനകം ആവശ്യത്തിന്‌ ലഭ്യമാകാതെ വരുമ്പോൾ വളർച്ച പൊതുവേ മുരടിക്കുകയും തെങ്ങിന്റെ തനതായ ആകർഷണീയത നഷ്ടപ്പെടുകയും ചെയ്യും. ഇതിന്റെ അപര്യാപ്തത്ത പെട്ടെന്ന്‌ പ്രകടമാകുന്നത്‌ ഓലകളിലായിരിക്കും. ഓലയിൽ നേരിയ മഞ്ഞ നിറം പ്രത്യക്ഷപ്പെടുകയും കുരുത്തോലകളുടെ നിറം മങ്ങുകയും ചെയ്യുന്നു. ക്രമേണ വിടർന്ന്‌ വരുന്ന പൂക്കുലകൾ മിക്കതും നശിക്കുന്നതോടൊപ്പം തന്നെ ഓരോ പൂക്കുലയിലുമുള്ള പെൺപൂക്കളുടെ എണ്ണത്തിലും കുറവ്‌ വരുന്നു. പാക്യജനകത്തിന്റെ അപര്യാപ്തത്ത രൂക്ഷമാകുമ്പോൾ തെങ്ങിന്റെ അഗ്രഭാഗം വണ്ണംകുറഞ്ഞ്‌ കൂർത്ത്‌ ശോഷിച്ച മണ്ടയോടുകൂടി നിൽക്കുന്നത്‌ കാണാം. ഈ അവസ്ഥയിൽ പൂക്കുലകൾ പ്രത്യക്ഷപ്പെടാതിരിക്കുകയോ അഥവാ ഉണ്ടായാൽത്തന്നെ മച്ചിങ്ങായുടെ എണ്ണം വളരെ കുറവായോ കാണാറുണ്ട്‌. ക്രമേണ നാളികേരോത്പാദനം വളരെക്കുറഞ്ഞ്‌ തീരെ ഇല്ലാതാകുകയും ചെയ്യുന്നു.
പാക്യജനകത്തിന്റെ അപര്യാപ്ത പരിഹരിക്കാൻ പറ്റിയ രാസവളങ്ങളാണ്‌ യൂറിയ, അമോണിയം സൾഫേറ്റ്‌ എന്നിവ. പ്രായപൂർത്തിയായ ഒരു നാടൻ തെങ്ങിന്‌ വർഷംതോറും 340 ഗ്രാം മുതൽ 500 ഗ്രാം വരെ നൈട്രജൻ ആവശ്യമാണെന്ന്‌ കണ്ടിട്ടുണ്ട്‌. സങ്കര വർഗ്ഗ തെങ്ങുകൾക്കും മറ്റു മറുനാടൻ ഇനങ്ങൾക്കും ഇത്‌ 1000 ഗ്രാം വരെയാണ്‌. ഒരു കിലോഗ്രാം യൂറിയായിൽ 460 ഗ്രാമും ഒരു കിലോഗ്രാം അമോണിയം സൾഫേറ്റിൽ 205ഗ്രാമും കേരമിശ്രിതമായ 10:5:20:1.5-ൽ 100 ഗ്രാമും പാക്യജനകം അടങ്ങിയിട്ടുണ്ട്‌.

ഫോസ്ഫറസ്‌ (ഭാവഹം)
കോശവിഭജന പ്രക്രിയയ്ക്കും സസ്യങ്ങളുടെ ശരിയായ വളർച്ചയ്ക്കും ഉറപ്പും ബലവുമുള്ള വേരുകളുടെ രൂപീകരണത്തിനും ഭാവഹം അനിവാര്യമാണ്‌.
നൈട്രജനെ അപേക്ഷിച്ച്‌ ഭാവഹം ചുരുങ്ങിയ അളവിലേ തെങ്ങിന്‌ ആവശ്യമൂള്ളൂ. ഭാവഹത്തിന്റെ അഭാവം തെങ്ങിൽ അപൂർവ്വമായി മാത്രമേ പ്രകടമാകാറുള്ളൂവേങ്കിലും ഇതിന്റെ അഭാവമോ പോരായ്മയോ തെങ്ങിന്റെ വളർച്ചയേയും പൂക്കുലകളുടെ ഉത്പാദനത്തേയും ബാധിക്കുന്നു. വേരുകളുടെ വളർച്ച മന്ദഗതിയിലാകുകയും നാളികേരം വിളഞ്ഞ്‌ പാകമാകുവാൻ കാലതാമസം നേരിടുകയും ചെയ്യുന്നു. ഭാവഹത്തിന്റെ അഭാവം മാറ്റിയെടുത്താൽ നാളികേരോത്പാദനത്തിലും കൊപ്രയുടെ അളവിലും ഗണ്യമായ വർദ്ധന സൃഷ്ടിക്കാമെന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌.
നാടൻ ഇനം തെങ്ങുകൾക്ക്‌ വർഷംതോറും 170 ഗ്രാം മുതൽ 320 ഗ്രാം വരെയും സങ്കരയിനങ്ങൾക്ക്‌ 500 ഗ്രാം വരെയും ഭാവഹം ആവശ്യമാണ്‌. റോക്ക്‌ ഫോസ്ഫേറ്റ്‌, അൾട്രാഫോസ്‌ എന്നിവ ഭാവഹ പ്രധാന വളങ്ങളാണ്‌. ഒരു കിലോഗ്രാം സൂപ്പർഫോസ്ഫേറ്റിൽ 160 ഗ്രാമും 10:5:20:1.5ൽ 50 ഗ്രാമും ഭാവഹമാണ്‌ അടങ്ങിയിട്ടുള്ളത്‌.
പൊട്ടാഷ്‌ (ക്ഷാരം)
തെങ്ങിനാവശ്യമായ പോഷകമൂലകങ്ങളിൽ ഒന്നാംസ്ഥാനമാണ്‌ ക്ഷാരത്തിനുള്ളത്‌. അന്നജ നിർമ്മാണത്തിനും ഹരിതക നിർമ്മാണത്തിനും ക്ഷാരം അനിവാര്യമാണ്‌. ഗണ്യമായ തോതിൽ ക്ഷാരം ആഗിരണം ചെയ്യുന്ന വൃക്ഷമാണ്‌ തെങ്ങ്‌. തെങ്ങിന്റെ ശരിയായ വളർച്ചയ്ക്കും രോഗപ്രതിരോധശക്തിക്കും ക്ഷാരം അത്യാവശ്യമാണ്‌. ക്ഷാരത്തിന്റെ ലഭ്യത ശരിയായ അളവിലും അനുപാതത്തിലും ഉണ്ടായിരുന്നാൽ ഓല, പൂക്കുല, മച്ചിങ്ങ എന്നിവയുടെ ഉത്പാദനം വർദ്ധിച്ച തോതിൽ ആകാറുണ്ട്‌. അതുമൂലം നാളികേരോത്പാദനവും വർദ്ധിക്കുന്നു. ക്ഷാരം സുഗമമായി ലഭിക്കുന്ന തെങ്ങിലെ തേങ്ങയിൽ കൊപ്രയുടെ അളവ്‌ വളരെ കൂടുതലായിരിക്കും എന്ന്‌ കണ്ടിട്ടുണ്ട്‌. ക്ഷാരത്തിന്റെ ലഭ്യതക്കുറവുണ്ടായാൽ ഈർക്കിലിയുടെ ഇരുവശങ്ങളിലും ചാരനിറത്തിലുള്ള പൊള്ളലുകൾ പ്രത്യക്ഷപ്പെടുകയും ഓലകൾ വിളറിത്തുടങ്ങുകയും ചെയ്യുന്നു. ക്ഷാരത്തിന്റെ അപര്യാപ്തത്ത രൂക്ഷമാകുന്നതോടെ കൂമ്പ്‌ മുരടിക്കുന്നു. മദ്ധ്യനിരകളിലെ ഓലകളിൽ മാത്രം മഞ്ഞളിപ്പ്‌ പ്രത്യക്ഷപ്പെടുകയും പുറംനിരകളിലെ ഓലകൾ ഉണങ്ങി താഴേക്ക്‌ തൂങ്ങിക്കിടക്കുകയും ചെയ്യുന്നത്‌ ക്ഷാരത്തിന്റെ അഭാവം സൂചിപ്പിക്കുന്ന ഒരു പ്രത്യക്ഷ ലക്ഷണമാണ്‌. ക്രമേണ നാളികേരത്തിന്റെ വലുപ്പവും കാമ്പിന്റെ കനവും കുറയുന്നു.  നാളികേരം മൂപ്പെത്താൻ കാലതാമസം നേരിടുകയും ചെയ്യും.  തെങ്ങിന്റെ വളർച്ച പൊതുവെ മുരടിച്ച്‌ പൂക്കുലയുടെ ഉത്പാദനത്തിലും മച്ചിങ്ങയുടെ എണ്ണത്തിലും ഗണ്യമായ കുറവ്‌ അനുഭവപ്പെടുന്നു. ഇതിനെല്ലാം പുറമേ ക്ഷാരത്തിന്റെ അഭാവത്തിൽ തെങ്ങുകൾക്ക്‌ വരൾച്ചയേയും രോഗങ്ങളേയും അതിജീവിക്കുവാനുള്ള ശക്തിയും കുറയും.
ക്ഷാരത്തിന്റെ കുറവ്‌ പരിഹരിക്കുന്നതിന്‌ മ്യൂറിയേറ്റ്‌ ഓഫ്‌ പൊട്ടാഷ്‌, സൾഫേറ്റ്‌ ഓഫ്‌ പൊട്ടാഷ്‌ എന്നീ രാസവളങ്ങൾ ഉപയോഗിക്കാം. വർഷം തോറും തെങ്ങ്‌ ഒന്നിന്‌ 680-1200 ഗ്രാം പൊട്ടാഷ്‌ ആവശ്യമാണ്‌. സങ്കരയിനങ്ങൾക്ക്‌ ഇത്‌ 2000 ഗ്രാം വരെയാകാം. ഒരു കിലോഗ്രാം മ്യൂറിയേറ്റ്‌ ഓഫ്‌ പൊട്ടാഷിൽ 500 ഗ്രാം ക്ഷാരവും 1 കിലോഗ്രാം 10:5:20:1.5ൽ 200 ഗ്രാം ക്ഷാരവും അടങ്ങിയിട്ടുണ്ട്‌. രാസവളങ്ങൾക്ക്‌ പുറമെ തെങ്ങോന്നിന്‌ 10-25 ഗ്രാം ചാരവും ഇടവിട്ട്‌ നൽകുന്നതും ക്ഷാരത്തിന്റെ കുറവ്‌ ഒരു പരിധിവരെ പരിഹരിക്കുവാൻ സഹായിക്കും.
കാത്സ്യം (കുമ്മായം)
കോശഭിത്തിയുടെ നിർമ്മാണത്തിൽ അടങ്ങിയിരിക്കുന്ന മൂലകമാണ്‌ കാത്സ്യം. സസ്യങ്ങളുടെ കായികവളർച്ചയ്ക്കും മുകുള രൂപീകരണത്തിനും ഇത്‌ അനിവാര്യമാണ്‌.
വേരുകളുടെ ക്രമമായ വളർച്ചയ്ക്കും കാത്സ്യം അത്യന്താപേക്ഷിതമാണ്‌. ഒരു പോഷക മൂലകമെന്നതിനുപുറമേ, മണ്ണിലെ അമ്ലരസം കുറയ്ക്കുന്നതിനുള്ള ഒരു മാധ്യമമായും കാത്സ്യം പ്രവർത്തിക്കുന്നു. പോഷകമൂലകം എന്ന നിലയിൽ വളരെച്ചുരുങ്ങിയതോതിൽ മാത്രമേ തെങ്ങിന്‌ കാത്സ്യം ആവശ്യമുള്ളൂ. എങ്കിലും ഈ മൂലകത്തിന്റെ അഭാവം കൊണ്ട്‌ ഓലക്കാലുകളുടെ അഗ്രം മഞ്ഞയ്ക്കുക, ഓലക്കാലുകളിൽ ഊതനിറത്തിലും വൃത്താകൃതിയിലുള്ളതുമായ പുള്ളികൾ പ്രത്യക്ഷപ്പെടുക എന്നീ രോഗലക്ഷണങ്ങൾ കണ്ടുവരാറുണ്ട്‌. ഓലക്കാലുകൾ തവിട്ടുനിറത്തിലാകുകയും ടിഷ്യൂക്ഷയം  ബാധിച്ച്‌ ക്രമേണ ഉണങ്ങാനിടയാകുകയും ചെയ്യുന്നു. അമ്ലത്വം കൂടിയ സ്ഥലങ്ങളിൽ തെങ്ങിനുണ്ടാകുന്ന കടുത്ത മഞ്ഞളിപ്പും വാട്ടവും പരിഹരിക്കുവാൻ കുമ്മായം ഇടുന്നത്‌ വളരെ പ്രയോജനകരമാണ്‌. എല്ലുപൊടി കാത്സ്യത്തിന്റെ മറ്റൊരു പ്രധാന ഉറവിടമാണ്‌.
മഗ്നീഷ്യം
ഹരിതകത്തിലടങ്ങിയിരിക്കുന്ന ഏക  ധാതുവാണ്‌ മഗ്നീഷ്യം, കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീനുകൾ, കൊഴുപ്പുകൾ എന്നിവയുടെ രൂപീകരണത്തിൽ മഗ്നീഷ്യം സുപ്രധാന പങ്ക്‌ വഹിക്കുന്നുണ്ട്‌. മറ്റ്‌  മൂലകങ്ങളുടെ അസന്തുലിതാവസ്ഥമൂലവും മഗ്നീഷ്യം അപര്യാപ്തത്ത അനുഭവപ്പെടാറുണ്ട്‌. കൂടുതൽ അളവിൽ  രാസവളങ്ങൾ നൽകുന്നത്‌ ഇത്തരത്തിലുള്ള അസന്തുലിതാവസ്ഥയ്ക്ക്‌ ഇടയാക്കുന്നു.
മഗ്നീഷ്യത്തിന്റെ അപര്യാപ്തത്ത സാധാരണയായി കണ്ടുവരുന്നത്‌ ഇളം പ്രായത്തിലുള്ള തെങ്ങുകൾക്കും നഴ്സറികളിൽ നിൽക്കുന്ന തൈകൾക്കുമാണ്‌. കുരുത്തോലകളിൽ മഞ്ഞളിപ്പ്‌ പ്രത്യക്ഷപ്പെടുന്നതാണ്‌ മഗ്നീഷ്യത്തിന്റെ പോരായ്മ കാണിക്കുന്ന ആദ്യലക്ഷണം. ക്രമേണ ഓലക്കാലുകൾ  ടിഷ്യുക്ഷയം ബാധിച്ച്‌ അഗ്രഭാഗം ഉണങ്ങാൻ തുടങ്ങുന്നു. തവിട്ടുനിറത്തിലുള്ള പൊള്ളലുകൾ പ്രത്യക്ഷപ്പെടുന്നത്‌ ഈ അവസരത്തിലെ ഒരു പ്രത്യേകതയാണ്‌. അപര്യാപ്തത്ത രൂക്ഷമാകുമ്പോൾ മഞ്ഞളിപ്പും ടിഷ്യൂക്ഷയവും ഗുരുതരമാകുകയും ഓലകൾ അകാലത്തിൽ കൊഴിയാൻ തുടങ്ങുകയും ചെയ്യുന്നു.


മഗ്നീഷ്യത്തിന്റെ അപര്യാപ്തത്ത തൈകളുടെ ആരോഗ്യകരമായ വളർച്ചയെ ദോഷകരമായി ബാധിക്കാറുണ്ട്‌. തെങ്ങ്‌ നേരത്തെ പൂക്കുന്നതിലും മഗ്നീഷ്യത്തിന്റെ ഗണ്യമായ പങ്കുണ്ടെന്ന്‌ പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്‌. നീർവാർച്ച കൂടുതലുള്ള മണ്ണിൽ നിന്നും മഗ്നീഷ്യം വാർന്നു പോകുന്നതുകൊണ്ട്‌ ഇത്തരം മണ്ണിൽ മഗ്നീഷ്യത്തിന്റെ കുറവ്‌ കൂടുതലായി കാണാം. മറ്റ്‌ രാസവളങ്ങളോടൊപ്പം 500 ഗ്രാം മഗ്നീഷ്യം സൾഫേറ്റ്‌ കൂടി ഉൾപ്പെടുത്തുന്നത്‌ തെങ്ങിന്റെ ആരോഗ്യപൂർണ്ണമായ വളർച്ചയ്ക്കും ഉത്പാദനത്തിനും നല്ലതാണ്‌.
ഗന്ധകം
ഹരിതക നിർമ്മാണത്തിന്‌ സഹായിക്കുന്ന മൂലകങ്ങളിൽ ഗന്ധകവും ഒരു പ്രധാന പങ്ക്‌ വഹിക്കുന്നു. പ്രോട്ടീനിലെ ഒരു ഘടകം കൂടിയാണിത്‌. ഇലകൾക്ക്‌ കടും പച്ചനിറം നൽകുന്നതിനും ഉറപ്പുള്ള വേരുകളുടെ ഉത്പാദനത്തിനും ഗന്ധകം സഹായിക്കുന്നു. ഇതിന്റെ അഭാവം കൊണ്ട്‌ ഓലമടൽ ബലംകുറഞ്ഞ്‌ വളയുകയും ഓലകളിൽ ഓറഞ്ച്‌ കലർന്ന മഞ്ഞനിറം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഓലക്കാലുകൾ ഓരോന്നും തുമ്പ്‌ മുതൽ മേൽപോട്ടുണങ്ങി ക്രമേണ ഉണക്കം ഓലമടലിനേയും ബാധിക്കുന്നു. ഗന്ധകത്തിന്റെ പോരായ്മ രൂക്ഷമാകുമ്പോൾ മിക്കവാറും ഓലകൾ കൊഴിഞ്ഞുവീഴുകയും മണ്ടയിൽ വളരെക്കുറച്ച്‌ ഓലകൾ അവശേഷിക്കുകയും ചെയ്യുന്നു. നാളികേരോത്പാദനം പൊതുവേ കുറയുകയും അതോടൊപ്പം തന്നെ തേങ്ങയുടെ വലിപ്പത്തിലും ഗണ്യമായ കുറവ്‌ അനുഭവപ്പെടുകയും ചെയ്യുന്നു. ഗന്ധകത്തിന്റെ അപര്യാപ്തത്തയുള്ള പ്രദേശങ്ങളിൽ നിന്നും ലഭിക്കുന്ന നാളികേരത്തിന്റെ കൊപ്ര വളരെ ലോലമായതും ഗുണം കുറഞ്ഞതുമായിരിക്കും. ഇത്തരം കൊപ്ര ആട്ടിയാൽ വേർതിരിയുന്ന എണ്ണയുടെ ശതമാനം വളരെക്കുറവായിരിക്കും. എന്നാൽ പാക്യജനകം, പഞ്ചസാര എന്നീ ഘടകങ്ങൾ താരതമ്യേന കൂടുതൽ അളവിൽ അടങ്ങിയിരിക്കും. സസ്യങ്ങളിൽ ഗന്ധകത്തിന്റെ അപര്യാപ്തത്ത അനുഭവപ്പെടുമ്പോൾ ഗന്ധകം അടങ്ങിയ അമോണിയം സൾഫേറ്റ്‌, മഗ്നീഷ്യം സൾഫേറ്റ്‌ എന്നീ രാസവളങ്ങൾ ചേർത്താൽ ഈ മൂലകം ലഭ്യമാകും. ഗന്ധകം ചേർക്കുന്നതുകൊണ്ട്‌ മണ്ണിന്റെ പിഎച്ച്‌ കുറയാനിടയാകും. കുമ്മായം ചേർത്ത്‌ ഇത്‌ പരിഹരിക്കാവുന്നതാണ്‌. ക്ഷാരത്വം കൂടുതലുള്ള മണ്ണിന്റെ പി.എച്ച്‌ കുറയ്ക്കാനും ധാതുരൂപത്തിലുള്ള ഗന്ധകം ഉപയോഗിക്കാറുണ്ട്‌.
ക്ലോറിൻ
തെങ്ങിന്റെ പോഷണത്തിൽ ക്ലോറിനുള്ള പ്രാധാന്യം കണക്കിലെടുത്ത്‌ ഇതിനെ മുഖ്യപോഷകമായിട്ടാണ്‌ കരുതുന്നത്‌. ഇളംപ്രായത്തിലുള്ള തെങ്ങുകളുടെ വളർച്ചയും ഉത്പാദനവും വർദ്ധിപ്പിക്കുന്നതിനും കാമ്പിന്റെ കട്ടി കൂട്ടുന്നതിനും കൊപ്രയുടെ തൂക്കം വർദ്ധിപ്പിക്കുന്നതിനും ഇത്‌ സഹായിക്കുന്നു.
ക്ലോറിന്റേയും ക്ഷാരത്തിന്റേയും അഭാവം കൊണ്ടുണ്ടാകുന്ന പ്രത്യേക ലക്ഷണങ്ങൾ ഏതാണ്ടൊരുപോലെയാണ്‌. ഓലകളിൽ മഞ്ഞപ്പും ഓറഞ്ച്‌ നിറത്തിലുള്ള പുള്ളികളും പ്രത്യക്ഷപ്പെടുക, ഓലകളുടെ തുമ്പുകൾ നുറുങ്ങിപ്പൊടിഞ്ഞുപോകുക എന്നിവ ക്ലോറിന്റെ അഭാവം കാണിക്കുന്ന ചില ലക്ഷണങ്ങളാണ്‌. ക്ലോറിന്റെ പോരായ്മ തേങ്ങയുടെ എണ്ണത്തെ ബാധിക്കാറില്ല. എന്നാൽ പെട്ടെന്നുണ്ടാകുന്ന വലുപ്പക്കുറവ്‌ ക്ലോറിന്റെ ആവശ്യകതയെ കാണിക്കുന്ന ഒരു സൊ‍ാചനയാണ്‌. തീരപ്രദേശത്ത്‌ വളരുന്ന തെങ്ങുകളിൽ നിന്ന്‌ ഉൾനാടുകളിൽനിന്ന്‌ ലഭിക്കുന്നതിനേക്കാൾ കൂടുതൽ വിളവ്‌ ലഭിക്കുന്നുവേന്നുള്ളത്‌ ഇത്തരുണത്തിൽ ശ്രദ്ധേയമാണ്‌. മ്യൂറിയേറ്റ്‌ ഓഫ്‌ പൊട്ടാഷ്‌ (ഗഇക), കറിയുപ്പ്‌ (ചമഇക)എന്നിവയിട്ടുകൊടുത്താൽ ക്ലോറിന്റെ അപര്യാപ്തത്ത മാറ്റിയെടുക്കാവുന്നതാണ്‌.  തെങ്ങിന്‌ കറിയുപ്പ്‌ നൽകുന്നതിന്റെ പ്രയോജനം കൂടുതലും ലഭിക്കുന്നത്‌ ക്ലോറിനിൽ നിന്നാണെന്ന്‌ പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്‌.
സൂക്ഷ്മമൂലകങ്ങൾ
സൂക്ഷ്മമൂലകങ്ങൾ വളരെ ചുരുങ്ങിയ തോതിൽ മാത്രമേ സസ്യങ്ങൾക്കാവശ്യമുള്ളെങ്കിലും അവയുടെ അഭാവവും സസ്യങ്ങളുടെ വളർച്ചയേയും ഉത്പാദനത്തേയും സാരമായി ബാധിക്കുന്നു.
തെങ്ങിന്റെ വളർച്ചയ്ക്കും ഉത്പാദനത്തിനും ആവശ്യമായ സൂക്ഷ്മമൂലകങ്ങൾ ഇരുമ്പ്‌, മാംഗനീസ്‌,ചെമ്പ്‌, നാകം, ബോറോൺ, മോളിബ്ഡിനം, കോബാൾട്ട്‌ എന്നിവയാണ്‌. ഇവയുടെ അപര്യാപ്തത്ത മൂലമുള്ള നിർണ്ണായക ലക്ഷണങ്ങൾ വളരെ അപൂർവ്വമായേ കണ്ടുവരാറുള്ളൂ. ഇരുമ്പിന്റേയും മാംഗനീസിന്റേയും കുറവ്‌ കാണിക്കുന്ന പ്രധാന ലക്ഷണങ്ങൾ ഓലയുടെ വിളർച്ചയും തെങ്ങിനുണ്ടാകുന്ന പ്രവർത്തന മാന്ദ്യവുമാണ്‌. ഇവയുടെ അപര്യാപ്തത്ത പ്രധാനമായും കണ്ടുവരുന്നത്‌ കോറൽ ദ്വീപുകളിലാണ്‌. ഈ പ്രദേശത്തെ മണ്ണിൽ കാത്സ്യം കാർബണേറ്റ്‌ അടങ്ങിയിട്ടുള്ളതിനാൽ ഇരുമ്പും, മാംഗനീസും തെങ്ങിന്‌ ലഭ്യമാകാതെ വരുന്നു. ഇങ്ങനെയുള്ള സാഹചര്യത്തിൽ തെങ്ങിന്റെ വിളർച്ച മാറ്റി ഓലകൾക്ക്‌ കടുംപച്ചനിറം നൽകുന്നതിനും കൂടുതൽ ഉത്പാദനക്ഷമമാക്കുന്നതിനും  ഇലകളിൽ മരുന്ന്‌ തളിക്കുന്നത്‌ (ളീഹശമൃ മു​‍ുഹശരമശ്​‍ി)പോലെയുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതാണ്‌. ചെമ്പ്‌,നാകം, മോളിബ്ഡിനം എന്നീ മൂലകങ്ങൾ തെങ്ങിന്‌ ആവശ്യമാണെങ്കിലും അവയുടെ പോരായ്മ മൂലമുണ്ടാകുന്ന വ്യക്തമായ ലക്ഷണങ്ങളൊന്നും  തന്നെ രേഖപ്പെടുത്തിയിട്ടില്ല. നഴ്സറികളിൽ നിൽക്കുന്ന 3-6 വർഷം വരെ പ്രായമുള്ള തെങ്ങുകൾക്ക്‌ ബോറോണിന്റെ അഭാവം നിമിത്തം മണ്ടയടപ്പ്‌ എന്ന രോഗം കണ്ടുവരുന്നുണ്ട്‌. ടിഷ്യുക്ഷയം ബാധിച്ചതും കുറുകിയതുമായ ഓലകളായിരിക്കും ഇത്തരം തെങ്ങുകളുടെ കുരലിൽ കാണുന്നത്‌. ഓലക്കാലുകൾ തീരെക്കുറവായിരിക്കും. ക്രമേണ തെങ്ങ്‌ നശിക്കുന്നു. പുറംവരിയിലെ ഓലകളിൽ മാത്രം രോഗബാധയില്ലാതെ നിൽക്കുന്നതും  ഈ അവസ്ഥയിലെ ഒരു പ്രത്യേകതയാണ്‌. ബോറാക്സ്‌ ചേർത്തുകൊടുത്താൽ ഇതിന്റെ അപാകത മാറ്റിയെടുക്കാവുന്നതാണ്‌.
പോഷകമൂലകങ്ങളുടെ അപര്യാപ്തത്ത യഥാസമയം മനസ്സിലാക്കുകയും അത്‌ പരിഹരിക്കാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യേണ്ടത്‌ കേരപരിപാലനത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന സംഗതിയാണ്‌.
പ്രായപൂർത്തിയായ ഒരു നെടിയ ഇനം തെങ്ങ്‌ വർഷം തോറും 49 കി.ഗ്രാം പാക്യജനകം, 16 കി.ഗ്രാം ഭാവഹം, 115 കി.ഗ്രാം ക്ഷാരം, 5 കി.ഗ്രാം കാത്സ്യം, 8. കി. ഗ്രാം മഗ്നീഷ്യം, 11 കി.ഗ്രാം സോഡിയം, 64 കി.ഗ്രാം ക്ലോറിൻ, 4 കി.ഗ്രാം സൾഫർ എന്നിവ ഒരു ഹെക്ടറിൽ നിന്ന്‌ നീക്കം ചെയ്യുന്നുണ്ട്‌. തെങ്ങോന്നിന്‌ 12-14 ഓലകളും ആണ്ടിൽ 100 നാളികേരവും ഉത്പാദിപ്പിക്കുന്ന 150 തെങ്ങുകൾ ഒരു ഹെക്ടറിൽ എന്ന കണക്കാണ്‌ ഇതിന്‌ ആധാരമാക്കിയിട്ടുള്ളത്‌.
ഇതിൽ തൊണ്ടിൽ മാത്രം പൊട്ടാസ്യത്തിന്റെ 60 ശതമാനവും ക്ലോറിന്റെ 40 ശതമാനവും നൈട്രജന്റെ 40 ശതമാനവും മഗ്നീഷ്യത്തിന്റെ 20 ശതമാനവും അടങ്ങിയിരിക്കുന്നു. വളപ്രയോഗത്തിൽ തൊണ്ടിന്റെ പ്രാധാന്യമാണ്‌ ഇത്‌ കാണിക്കുന്നത്‌.  തെങ്ങിൻ തടത്തിലും വരികൾക്കിടയിലും തൊണ്ടുകുഴിച്ചുമൂടുന്നത്‌ ഏറ്റവും ഫലപ്രദമായ പരിചരണമാർഗ്ഗമാണ്‌.


തെങ്ങ്‌ മണ്ണിൽ നിന്നും ആഗിരണം ചെയ്യുന്ന പോഷക മൂലകങ്ങളുടെ അളവ്‌ പട്ടിക 1-ൽ കൊടുത്തിരിക്കുന്നു.
തെങ്ങിന്‌ പരിചരണം ഇടതടവില്ലാതെ
തെങ്ങിൻ പൂക്കുലയുടെ ആദ്യകല (പ്രൈമോർഡിയം) രൂപം കൊള്ളുന്നത്‌ പൂക്കുല വിരിയുന്നതിന്‌ ഏകദേശം 32 മാസങ്ങൾക്ക്‌ മുൻപാണ്‌. പൂങ്കുല കണ്ണികളുടേത്‌ 15 മാസങ്ങളും. ആൺ പെൺ പൂക്കൾ ചൊട്ട വിരിയുന്നതിന്‌ 10-12 മാസങ്ങൾക്ക്‌ മുൻപുമാണ്‌. ആദ്യകല രൂപം കൊണ്ടതിന്റെ 26 മാസങ്ങൾ വരെ ആൺ പെൺ പൂക്കളുടെ വേർതിരിവ്‌ ഉണ്ടാകാറില്ല. പൂക്കുല പൂർണ്ണ വളർച്ചയെത്തി വിരിയാൻ ഒരു വർഷവും മച്ചിങ്ങ വളർന്ന്‌ വിളഞ്ഞ നാളികേരമാകാൻ വീണ്ടും ഒരു വർഷം കൂടിയും ആവശ്യമാണ്‌.
പൂക്കുലയുടെ ആവിർഭാവവും, അത്‌ വിടരുന്നതുവരെയുള്ള വളർച്ചയുടെ വിവിധ ഘട്ടങ്ങളും നിർണ്ണായകമാണ്‌. വളപ്രയോഗത്തിന്റെ ഗുണഫലം രണ്ട്‌ വർഷത്തിനുശേഷമേ തെങ്ങിൽ പ്രകടമാകൂ. അതുപോലെ തന്നെ വരൾച്ചയുടെ പ്രത്യാഘാതം രണ്ട്‌ വർഷത്തോളം നിലനിൽക്കാം. പൂങ്കുല രൂപം കൊണ്ടുവരുമ്പോഴുണ്ടാകുന്ന വരൾച്ചയുടെ അനന്തരഫലം വിളവെടുപ്പ്‌ വരെ നീണ്ടുനിൽക്കും എന്ന സത്യം അധികം കർഷകരും മനസ്സിലാക്കാറില്ല.
മിക്കവാറും എല്ലാ തെങ്ങിൻ തോപ്പുകളിലും ഉയർന്ന ഉത്പാദനം ലഭിക്കുന്നത്‌ വേനൽക്കാലത്താണ്‌. വേനൽക്കാലത്ത്‌ വിരിയുന്ന പൂങ്കുലകൾ തുടർന്നുവരുന്ന മഴക്കാലത്ത്‌ വളർന്ന്‌ പാകമാകുകയും അടുത്ത വേനൽക്കാലത്ത്‌ വിളവെടുക്കുകയും ചെയ്യുന്നു. തെങ്ങുവളരുന്ന എല്ലാ രാജ്യങ്ങളിലും ഇതേ അനുഭവമാണ്‌. ഇന്ത്യയിലെ പശ്ചിമഘട്ടത്തിൽ കുറഞ്ഞ വിളവ്‌ ലഭിക്കുന്ന മാസങ്ങൾ ഒക്ടോബർ - നവംബർ മാസങ്ങളാണ്‌. ഇതിന്‌ നിദാനമായിക്കാണുന്നത്‌ രണ്ട്‌ വർഷം മുൻപുള്ള വേനൽക്കാല മാസങ്ങളിലെ മച്ചിങ്ങ അലസിപോയിട്ടുള്ളതിന്റെ അനന്തരഫലമായിട്ടാണെന്നാണ്‌. ഇതെല്ലാം വിരൽചൂണ്ടുന്നത്‌ കായപിടുത്ത സമയത്തുള്ള കാലാവസ്ഥാ ഘടകങ്ങൾ തെങ്ങിന്റെ വിളവിനെ കാര്യമായി സ്വാധീനിക്കുന്നൂവേന്ന വസ്തുതയിലേയ്ക്കാണ്‌. കായപിടുത്തത്തിൽ മാത്രമല്ല നാളികേരത്തിന്റെ തൊണ്ട്‌, ചിരട്ട തുടങ്ങിയ വിവിധ ഭാഗങ്ങളുടെ അനുപാതത്തേയും ഈ കാലാവസ്ഥ ഘടകങ്ങൾ സ്വാധീനിക്കുന്നു.
തേങ്ങ പാകമാകുന്നത്‌ പ്രധാനമായും മൂന്ന്‌ ഘട്ടങ്ങളായിട്ടാണ്‌. ബീജസങ്കലനത്തിനു ശേഷമുള്ള മന്ദഗതിയിലുള്ള 3 മാസങ്ങൾ, ദ്രുതഗതിയിൽ വളർച്ച പ്രകടിപ്പിക്കുന്ന പിന്നീടുള്ള നാല്‌ മാസങ്ങൾ, അവസാനത്തെ വളരെ മന്ദഗതിയിൽ വളർച്ച കാണിക്കുന്ന രണ്ട്‌ മാസങ്ങൾ. ഇതിലെ രണ്ടാംഘട്ടമായ നാല്‌ മാസത്തെ വേഗതയാർന്ന വളർച്ചാഘട്ടം തേങ്ങയുടെ വലിപ്പവും ഭാരവും  കൊപ്രയുടെ അളവുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നു. ഇങ്ങനെ മച്ചിങ്ങ വളർന്ന്‌ പൂർണ്ണ വളർച്ച പ്രാപിക്കാൻ മൂന്നര വർഷമാണ്‌ എടുക്കുന്നത്‌. ഈ നിർണ്ണായകഘട്ടത്തിൽ അനുകൂലമല്ലാത്ത കാലാവസ്ഥാ വ്യതിയാനങ്ങൾ തേങ്ങയുടെ വലുപ്പത്തേയും കൊപ്രയുടെ അളവിനേയും പ്രതികൂലമായി ബാധിക്കുന്നു.
വിളവ്‌ വർദ്ധിപ്പിച്ച്‌ വരുമാനം വർദ്ധിപ്പിക്കാം
ഏത്‌ വിളസമ്പ്രദായത്തിലും മണ്ണിൽ നിന്നും സസ്യമൂലകങ്ങൾ നീക്കം ചെയ്യപ്പെടുന്നുണ്ട്‌. കൃഷിരീതിയും വിള സാന്ദ്രതയും അനുസരിച്ച്‌ മൂലകങ്ങളുടെ ആഗിരണം വ്യത്യാസപ്പെട്ടിരിക്കും. ജൈവവസ്തുക്കളുടെ ഉത്പാദനവും വാഴ, പച്ചക്കറികൾ, തീറ്റപ്പുല്ല്‌ തുടങ്ങിയ കാലിക/ വാർഷിക ഇടവിളകളും കൊക്കോ, ജാതി, ഗ്രാമ്പു തുടങ്ങിയ ചിരകാല ഇടവിളകളും തെങ്ങിൻ തോപ്പിൽ നട്ട്‌ ജൈവവസ്തുക്കളുടെ ലഭ്യതയും വർദ്ധിപ്പിക്കാവുന്നതാണ്‌. വളപ്രയോഗം, കള പറിക്കൽ, ജലസേചനം  തുടങ്ങിയ പരിചരണ രീതികളുടെ ഗുണഫലങ്ങൾ പരീക്ഷണ തോട്ടങ്ങളിലും കൃഷിക്കാരുടെ അനുഭവങ്ങളിലും അസന്നിഗ്ദ്ധമായി തെളിയിക്കപ്പെട്ടിട്ടുണ്ട്‌. അതുകൊണ്ടുതന്നെ എല്ലാ അവശ്യ മാർഗ്ഗങ്ങളും ഉൾപ്പെടുന്ന ഒരു പരിചരണരീതി തെങ്ങിന്റെ വളർച്ചയെ മാത്രമല്ല , തേങ്ങയുടെ വലിപ്പത്തിലും കൊപ്രയുടെ അളവിലും സ്വാധീനം ചെലുത്തുന്നു. അത്‌ നാളികേരത്തിന്‌ ഉയർന്ന വില ലഭ്യമാകാനും സഹായകരമാകുന്നു.
തെങ്ങിന്റെ ഉത്പാദനക്ഷമത പല രാജ്യങ്ങളിലും ഓരോ രാജ്യത്തിനകത്തുതന്നെയും വിവിധ പ്രദേശങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കും. ഉത്പാദനക്ഷമത, തെങ്ങിന്റെ ഇനം, മണ്ണ്‌, കാലാവസ്ഥ  എന്നീ ഘടകങ്ങളേയും മറ്റ്‌ പരിചരണ മാർഗ്ഗങ്ങളേയും അടിസ്ഥാനപ്പെടുത്തിയിരിക്കും. അതുപോലെത്തന്നെ കാമ്പിന്റെ അളവും പരിചരണമനുസരിച്ച്‌ ഏറിയും കുറഞ്ഞുമിരിക്കും. ഇന്ത്യയിൽ 6800 നാളികേരം ഒരു മെട്രിക്‌ ടൺ കൊപ്രയ്ക്ക്‌ തുല്യമായി കണക്കാക്കിയിരുന്നു. എന്നാലിന്ന്‌ ഒരു മെട്രിക്‌ ടൺ കൊപ്ര ലഭിക്കുന്നതിന്‌ 7500- 8000 തേങ്ങ സംസ്ക്കരിക്കേണ്ടതായി വരുന്നു. തേങ്ങയുടെ വലിപ്പത്തിലുണ്ടായ കുറവാണ്‌ ഇതിന്‌ കാരണം.
നാളികേരത്തിനും നാളികേരോൽപന്നങ്ങൾക്കും ഇപ്പോൾ നല്ല വില ലഭിക്കുന്നുണ്ട്‌. തമിഴ്‌നാട്‌, കർണ്ണാടകം എന്നിവിടങ്ങളിൽ ഉണ്ടായ  അതികഠിനമായ വരൾച്ച ഉത്പാദനത്തെ കാര്യമായി ബാധിച്ചതാണ്‌ ഈ വിലവർദ്ധനവിന്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്‌. വിലയുടെ കാര്യത്തിൽ ഉടൻ ഒരു തിരിച്ചുപോക്ക്‌ ഉണ്ടാവില്ലെന്നാണ്‌ വിപണിവൃത്തങ്ങൾ നൽകുന്ന സൊ‍ാചന. ഇന്ന്‌ കമ്പോളത്തിൽ ഒരു പൊതിച്ച നാളികേരത്തിന്‌ 20 രൂപയോളം ലഭിക്കുന്നുണ്ട്‌. കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന നാളികേരത്തിന്റെ ശരാശരി ഭാരം (പൊതിച്ച തേങ്ങ വെള്ളത്തോടുകൂടി) 446 ഗ്രാമായി കണക്കാക്കിയിരിക്കുന്നു. ഇതിൽ നിന്നും ലഭ്യമാകുന്ന കൊപ്ര ഏകദേശം 133 ഗ്രാം വരും (കൊപ്രയുടെ അളവ്‌ 30 ശതമാനം എന്ന്‌ കണക്കാക്കിയാൽ). തേങ്ങയിൽ നിന്നും ലഭ്യമാക്കുന്ന കൊപ്രയുടെ അളവും സാധാരണ ഇനങ്ങളിലും സങ്കരയിനങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു (പട്ടിക 2, 3).
തേങ്ങയുടെ ഭാരവും വിലയിലെ വർദ്ധനവും
ശാസ്ത്രീയ പരിചരണം തേങ്ങയുടേയും കൊപ്രയുടേയും തൂക്കത്തിൽ ഗണ്യമായ വർദ്ധനവ്‌ ഉണ്ടാക്കുന്നുവേന്നാണ്‌ ഇതിൽ നിന്നെല്ലാം നമുക്ക്‌ മനസ്സിലാക്കാവുന്നത്‌. മുൻകാലങ്ങളിൽ തേങ്ങയ്ക്ക്‌ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്‌ വില നിശ്ചയിക്കുന്നതെങ്കിൽ ഇപ്പോൾ ഭാരം അടിസ്ഥാനപ്പെടുത്തിയാണ്‌.  തേങ്ങയുടെ തൂക്കം കൂടുന്നതനുസരിച്ച്‌ വിലയിൽ ആനുപാതികമായി വർദ്ധന ലഭിക്കുന്നത്‌ കർഷകർക്ക്‌ തെങ്ങിന്‌ വളമിടാനും പരിചരിക്കാനുമുള്ള ഉത്തേജനമാകണം. നമ്മുടെ കർഷക കൂട്ടായ്മകൾ മറ്റു പ്രവർത്തനങ്ങളോടൊപ്പം ഈ സന്ദേശം കൂടി അംഗങ്ങളിൽ എത്തിക്കുകയും തെങ്ങ്‌ പരിപാലനത്തിൽ കൂടുതൽ ശ്രദ്ധിക്കുകയും വേണം.

പട്ടിക 4ൽ കാണിച്ചിരിക്കുന്നതുപോലെ കിലോഗ്രാമിന്‌ 35 രൂപ ലഭിക്കുന്ന സാഹചര്യത്തിൽ 200 ഗ്രാം തൂക്കത്തിൽ വർദ്ധന വരുമ്പോൾ 7 രൂപ തേങ്ങയൊന്നിന്‌ അധികം ലഭിക്കുന്നു. ഇനി ഇത്തരം കണക്കുകൂട്ടലോടെ കർഷകർ തെങ്ങിനെ പരിചരിക്കട്ടെ! വരാൻപോകുന്നത്‌ കേരകർഷകരുടെ സുവർണ്ണകാലം തന്നെ.

22 Mar 2014

കൈലാസനാഥൻ




രാധാമണി പരമേശ്വരൻ


ജന്മസാഫല്യ ചിദാനന്ദസിദ്ധിതന്‍
കമ്രകൈവല്യങ്ങള്‍ കൈവരിച്ചീടുവാന്‍

നമാക്ഷരിയുമുരുവിട്ടു കൈലാസ-
നാഥന്‍റെ ശ്രീപദമെത്തി നമിച്ചുഞാന്‍

മഞ്ഞില്‍ കുളിച്ച് ഇഷ്ടമംഗലാപാംഗിയായ്
എന്മുന്നില്‍ മനസശ്രീല സരോവരം

മോക്ഷപഥത്തിനായ്‌ ചേതനക്കുള്ളിലെ
സാന്ദ്രലയങ്ങളുണര്ത്തീ ഉപാസന

ഉത്തുംഗമാകും തിബറ്റന്‍ ഗിരിയിലൂ-
ടുദ്വേഗമേറുമെന്‍ കന്നി സന്ദര്‍ശനം

ഊഷ്മളമാമെന്‍ ചിരാഭിലാഷങ്ങളെ
ദീപ്തമായ്‌തീര്‍ക്കുന്നു സഞ്ചാരസാധകം

ഇപ്രപഞ്ചത്തിന്‍റെ സൃഷ്ടികര്‍ത്താവെനി-
ക്കിഷ്ടമോടേകിയ നിര്‍വ്രതീസൌഭഗം

കണ്ണുകള്‍ക്ക് ഉദ്യാനഭംഗിയേകുന്നൊരാ-
കൈലാസനാമ സ്മൃതിപോലുമുത്തമo

വാനോളമെത്തിപ്പറക്കുമെന്‍ ഭക്തിക്കൊ-
രായിരം വര്ണ്ണ ച്ചിറകുമുളച്ചുവോ

കാലമെന്‍ കാല്ക്കീഴിലായന്നപോലൊരു
ഭാവമെന്‍ ഭാവനക്കുള്ളിലിരമ്പിയോ.

ഇല്ലില്ലസര്ഗ്ഗ പ്രഭാവമേനിന്‍ കാല്ക്കൊല്‍
ഇന്ദീവരമായ്‌നമിച്ചുനില്ക്ക്ട്
ടെ ഞാന്‍

ദേവതാത്മാവാം ഹിമാലയമെന്നിലേ-
ക്കാനന്ദനിര്‍വൃതി കോരിനിറച്ചുവോ!

കുളിരത്തു മഞ്ഞിന്‍റെ മാറത്തുതൂകി
ഉദയാദ്ര വൈഡൂര്യ രശ്മീകദംബo

ഹാരിയായൊഴുകും പനിനീര്‍ തടാകം
കാശമീരിച്ചേലതന്‍ കസവായ്ത്തിളങ്ങും

പവനജ്യോതിയായ് പാരിടമാകേയും
പ്രാചിയില്‍ വെട്ടിത്തിളങ്ങി സൂര്യോദയം

കൈയ്യില്‍ ഹിരണ്‍ മയത്താലവുമായ് വന്നു
കൈകൂപ്പിനിന്നൂ പുലര്‍കാല കന്യക

ഭാസുരപര്‍വ്വത പംക്തിതന്‍ മാറത്തു
ഭാരതീയത്തം നിറച്ചാര്ത്തു ചാര്ത്തിയോ

ദുഷ്കരമാണ്‌ പ്രയാണമെന്നാകിലും
ഹര്ഷകുതുഹലം ദര്‍ശനവിസ്മയo

ദൃഷ്ടികള്‍ ചെന്നുപതിക്കുന്നിടമാകെ
ദിവ്യമാം കാഞ്ചന കാവ്യദൃശ്യോല്‍സവം

വിഘ്നേശസാദൃശ്യമോലുന്ന പര്‍വ്വതം
വിശ്വംനിറച്ചു പ്രണവാക്ഷരങ്ങളാല്‍

താരാഗണങ്ങള്‍തന്‍ താമരശയ്യയില്‍
മാണിക്യo വര്ഷിപ്പൂവാസരപ്പൂക്കളായ്

അത്മാവിലൂറുന്ന ദേവസംഗീതിക
പാല്കടല്‍ പോലെയൊഴുക്കീ സുധാമൃതംl

ധൂര്ജടീ നാദപ്രണാമത്തീല്‍ മറ്റൊരു
തീര്ത്ഥമായ് മാറുന്നിതെന്‍ ധന്യമാനസം

ആനന്ദാനുഭൂതി ആലേഖനം ചെയ്ത
സൗന്ദര്യലഹരിപൂത്ത ശിലാതലം

പ്രപഞ്ചസത്യങ്ങളെ തൊട്ടുണര്‍ത്തുന്നാ
പ്രണയാഗമരഹസ്യ പാരായണo

വെട്ടിത്തിളങ്ങുന്ന ശുഭ്രശൈലങ്ങളില്‍
ശക്തിശിവസംഗ ചൈതന്യനര്‍ത്തനം

ശില്പ്പിതന്‍ പാണിസംസ്ലേഷണമേല്ക്കാത്ത
ശില്പ്പങ്ങളാരുടെ കൈകള്ചമച്ചുവോ

ആത്മനികുഞ്ജത്തിലാകെമുഴങ്ങുന്നൊ
രാത്മീയമന്ത്രമുരുവിട്ടുകൊണ്ടു
ഞാന്‍

മേടും,പുഴകളും താണ്ടിക്കടന്നുചെ-
ന്നാദിത്യദേവമയുഖസൂക്ഷ്മയില്‍

മാനസപ്പൊയ്കയില്നീരാടുവാനെന്‍റെ
മാനസം വെമ്പിത്തുടിച്ചുപോയ്ഉല്ക്കടം

മിന്നിതിളങ്ങുന്ന കല്ലുകള്തീര്ക്കുന്നു
ബന്ധുരമാണിക്യ രത്നഹാരാര്പ്പണം

ദേവഭാഷാക്ഷരി ലേഖനചാരുവായ്
ചേതസമാഹര്‍ഷമാകും ശിലാതലം

സൗഗന്ധികങ്ങളാല്‍ സായൂജ്യമേകുന്ന
സൌന്ദര്യസൌഭഗം കൈലാസശ്രീമുഖം

ശ്യാമമേഘങ്ങളെ വാരിപ്പുണരുവാന്‍
താമരകൈനീട്ടിനില്ക്കും ഹിമാദ്രികള്‍

രാവിലുണരുന്ന ചന്ദ്രബിംബംതൊഴാന്‍
മോഹിച്ചു നില്ക്കുന്നു മോഹനസന്ധയും.

ശീതള മഞ്ജുതടാകത്തില്‍ നീന്തുന്ന
ദേവഹംസത്തിനെപ്പോലെയായെന്‍ മനം

ആഹ്ലാദമേളത്തിലെന്‍റെ മനോരഥം
ആഘോഷമോടെവലംവച്ചു മേരുവില്‍

കൈലാസഭംഗികള്‍ ചിത്രപെടുത്തുവാന്‍
ധ്യാനിച്ചു മന്മിനം മന്ത്രസുക്തങ്ങളാല്‍

തൂമഞ്ഞുതുള്ളികള്‍ തൂകിന്നിടംവലം
ചേലൊത്ത വെള്ളിപ്പളുങ്കിന്‍റെ മുത്തുകള്‍

മഞ്ഞുടയാടയുടുത്തു നീലാംബരം
ചന്ദ്രികമുത്തീടുമദ്രി സുരഭികള്‍

നീളേചിലമ്പൊലി നാദമുതിര്ക്കുന്നു
മേളത്തില്‍ ആ മുഗ്ധരാഗകല്ലോലിനി

ഈ വിശ്വമാകെയൊരോങ്കാര മന്ദിരം
ശ്രീമഹാദേവ പ്രഭാമയസുന്ദരം

പഞ്ചാക്ഷരീസ്തവ ദിവ്യപുണ്യത്തിനാല്‍
ഭക്തിയാല്‍ ചിത്തo പവിത്രീകരിക്കയായ്‌

താരാഗണങ്ങള്‍ തന്‍ താമരശയ്യയില്‍
മാണിക്യo വര്‍ഷിപ്പൂ വാസരപ്പൂക്കളായ്

മൂവന്തിമുന്നില്‍ കൊളുത്തിയ ദീപങ്ങള്‍
പൂമുഖമുറ്റത്തൊരക്ഷയ ദീപ്തിയായ്

ശ്രീപരമേശ്വരപാദങ്ങള്‍ കുമ്പിട്ടു
ജീവമോക്ഷപ്രാപ്തികൈവരിച്ചിന്നു ഞാന്‍

മാനം കറുത്തൊന്നു മാരിപെയ്തീടുകില്‍
താനേയലിയുന്ന നീഹാരശ്രേണികള്‍

പരിത്രാസമന്യേ പ്രണമിപ്പവര്ക്കായ്‌
പരിത്രാണമാര്ഗ്ഗങ്ങളേകുന്നു ശംഭു

അത്ഭുതമൂറിടും കാഴ്ചകളാലുള്ളില്‍
ഉദ്ഭവിക്കുന്നൊരു ദൈവീകസാന്നദ്ധ്യo

മഞ്ഞുടയാടയുടുത്തു നീലാംബരം
ചന്ദ്രികമുത്തീടുമദ്രി സുരഭികള്‍

അത്മാവിലൂറുന്ന ദേവസംഗീതിക
വിശ്വംനിറച്ചു പ്രണവാക്ഷരങ്ങളാല്‍

അദ്വൈതചിന്തയാൽ അന്തരംഗപ്രവാഹം
അശാന്തമൊഴുകുന്നു ദിവ്യപ്രയാണം

മാനത്തുമേഘങ്ങള്‍ സ്വര്‍ഗ്ഗീയഭംഗിയില്‍
നീലക്കുടകള്‍ നിവര്‍ത്തുന്ന വേളയില്‍

ഓമല്‍ ഋഷഭപ്പുറമേറി സാനുവില്‍
ശ്രീമഹാദേവനെഴുന്നള്ളിയെത്തിടും

പ്രാര്ത്ഥനാപൂര്‍വ്വമിറങ്ങി സകൗതുകം
തീര്ത്ഥമന്‍ കൈകള്‍തന്‍ കുമ്പിളിലേന്തിഞാന്‍

ആദ്യം തണുത്തുവിറയ്ക്കിലും പിന്നീടൊ-
രൂര്ജ്ജമേകീടും ഔഷധധാരയായി

കസ്തൂരിഗന്ധം പരത്തുന്ന സന്ധ്യകള്‍
കല്പനക്കുള്ളില്‍ കവിത മൂളുന്നുവോ!

മന്ദസ്മിതാര്‍ദ്രയായ് മാണിക്യവീണയാല്‍
ചെന്താമരാക്ഷിയായ്മേവും സരസ്വതി.

കല്യാണവേദിയൊരുക്കിയെന്‍ ഭാവന
ശങ്കരാശൈലജാ വേളി ദര്‍ശിക്കുവാന്‍

തീര്ത്ഥടനത്തിനായെത്തുന്ന മേഘങ്ങള്‍
കീര്ത്തനാലാപത്തില്‍ വാഴ്ത്തിടും ശ്രoഗങ്ങല്‍

കതിരിടും കൽപനാചക്രവാകങ്ങളിൽ
സുസ്മേരവദനേ വിലസുന്നു ഭഗവാന്‍

സൗഭാഗ്യദായകം പഞ്ചഭൂതസൃഷ്ടി
ഭാവനാവിഗ്രഹം സാരസേവർണ്ണനo

അര്‍ത്ഥനാരീശ്വരന്‍ രൂപന്ദുവദനന്‍
താണ്ഡവമാടുന്നു കൈലാസപർവ്വതo

അസ്തമിക്കാത്ത പ്രഭ്രത്തൂകിയംബരo
ഉദ്ന്മാദ വര്‍ണ്ണകുടചൂടി നില്പ്പതോ

പവനജ്യോതിയായ് പാരിടമാകേയും
പ്രാചിയില്‍ വെട്ടിത്തിളങ്ങി സൂര്യോദയം

ശ്രീപരമേശ്വരപാദങ്ങള്‍ കുമ്പിട്ടു
ജീവമോക്ഷപ്രാപ്തി കൈവരിച്ചിന്നു ഞാന്‍

ഓംശക്തി ശിവശക്തി മഹാശക്തിഭുവനം
ധ്യായേതു പരമാത്മ പഞ്ചാക്ഷരസ്തേ

വിശ്വേശ്വരം വേദവിജ്ഞാനകുംഭം ...
വിശ്വകൈനാഥാ മഹാസംഹാരശംഭോ

കൈയ്യില്‍ ഹിരണ്‍ മയത്താലവുമായ് വന്നു
കൈകൂപ്പിനിന്നൂ പുലര്‍കാല കന്യക

ഹിമഗിരിവല്ലഭാ ശ്രീദേവാദിദേവാ
വിശ്വസൃഷ്ടിസ്ഥിതി സംഹാരപൂജ്യേ

കൈലാസനാഥാ ചിദാനന്ദരുദ്രെ
കൈവണങ്ങുന്നേൻ ശക്തിനമശിവായാ

സൃഷ്ടികർത്താവിൻറെ സർഗ്ഗപ്രതിഭയ്ക്കു
വിശ്രുതിചാർത്തുന്ന ശക്തി കേന്ദ്രങ്ങളേ

വിശ്വംചമച്ചും ഹനിച്ചും ഭരിക്കുന്നൊ-
രത്ഭുതചാരുതേ വിശ്വകൈരൂപായ

സൃഷ്ടികർത്താവിന്‍റെ സർഗ്ഗപ്രതിഭയ്ക്കു
വിശ്രുതി ചാർത്തുന്ന ശക്തി സനാതന൦

വിശ്വംചമച്ചും ഹനിച്ചും ഭരിക്കുന്നൊ-
രത്ഭുത ചാരുതേ ശoഭോമഹാദേവ

ഭക്തി സമ്മോഹനം വിശ്വൈകനായകന്‍
സത്യസ്വരൂപായ തത്വായ തേ നമ:

തിങ്കള്‍ കലാധര മൌലിയില്‍ നിന്നുമാ
വിണ്‍ഗംഗ പിയൂഷനീരു വര്‍ഷിച്ചുവോ

കൈകളാല്‍ തൊട്ടിടാനാശയുണ്ടെങ്കിലും
തെല്ലുo കളങ്കിതമാക്കുവാനില്ല ഞാന്‍

ചെമ്പട്ടുചേല ഞുറിഞ്ഞുചൂറ്റി സന്ധ്യ
ഇന്ദ്രചാപാഭയില്‍ മുങ്ങിക്കുളിച്ചെത്തി

നക്ഷത്രചൂടാമണികള്‍ ചാര്‍ത്തിരാത്രി
അക്ഷയജ്യോതി പ്രകാശമായി നില്പ്പൂ i

തുമഞ്ഞുതുള്ളികള്‍ തൂകിന്നിടംവലം
ചേലൊത്ത വെള്ളിപ്പളുങ്കിന്‍റെ മുത്തുകള്‍

ഈ വിശ്വമാകെയൊരോങ്കാരമന്ദിരം
ശ്രീമഹാദേവപ്രഭാമയ സുന്ദരം

ജന്മസാഫല്യ ചിദാനന്ദസിദ്ധിതന്‍
കമ്രകൈവല്യങ്ങള്‍ കൈവരിച്ചീടുവാന്‍

നാമാക്ഷരിയുമുരുവിട്ടു കൈലാസ-
നാഥന്‍റെ ശ്രീപദമെത്തിനമിച്ചു ഞാന്‍

ആദിപ്രകൃതിതന്‍ സര്‍ഗ്ഗവെദഗ്ധ്യമേ
ആ മഹാവിസ്മയം കണ്ടു ഞാന്‍ സ്തബ്ധയായ്

ദിങ്ങ്മണ്ഡലത്തിനെ കാത്തു രക്ഷിച്ചീടും
സൃഷ്ടികര്‍ത്താവിനെന്‍ ധന്യവാദാഞ്ജലി

കാലം നമിക്കുമീകാലാദിവര്‍ത്തിയാം
കൈലാസമാതൃമടിയില്‍ കിടക്കവേ

വാക്കുകള്‍ക്കപ്പുറം വര്‍ണ്ണനാതീതമാം
വാത്സല്യദുഗ്ധം നുണഞ്ഞുറങ്ങട്ടെ ഞാന്‍

ഓo നമശിവായ ഓo നമശിവായ
ഓo നമശിവായ ഓo നമശിവായ
ഓo നമശിവായ ഓo നമശിവായ
ഓo നമശിവായ!ഓo നമശിവായ!!!

25 Feb 2014

ആത്മാവിന്റെ അനശ്വരലാവണ്യം

സ്വാമി അവ്യയാനന്ദ
സ്വാനുഭവഗീതിയുടെ ഉറവിടത്തിനു ചാരെ സാധകൻ തന്റെ തിരിച്ചറിവുകളുടെ കുടിൽ കുത്തി. ആ ഗുരുവരത്തിന്റെ അപൂർവ്വജന്മരഹസ്യങ്ങളിൽ ഹൃദയമമർത്തി സാധകനൊരു നീണ്ട യാത്രയാവാൻ കഴിഞ്ഞു. പലപ്പോഴും തുടർന്നെഴുതുവാനുള്ള ആത്മനിശ്ചയങ്ങൾ പതറിപ്പോകുമ്പോൾ ഈ പാരിജാതത്തിന്റെ ദൃഢവിശ്വാസത്തിൽ സാധകൻ ഉയിർക്കാറുണ്ട്‌. പുതിയൊരുഷസ്സുപോലെ. 

പാരിജാതച്ചില്ലകളിലിരുന്നാടിയും മുറ്റത്തെ തൈമാവിൽ വന്നിരുന്ന്‌ പലപ്പോഴും സാധകനെ കൊതിപ്പിച്ചും പറന്നുപോകുന്ന ചെറുപക്ഷികൾ. ഭൂമിയുടെ വർണ്ണമാകെ വഹിച്ചു പറന്നകന്ന ഈ ചെറുപക്ഷികൾ മനുഷ്യവിധിയുമായി നമ്മെ ബന്ധിപ്പിക്കുന്ന ഈശ്വരീയതയുടെ മനോഹരമായ ഒരു കളയായി സാധകനെ വന്ന്‌ തൊട്ടു. ഈ വിധിവിസ്മയത്തിൽ മനുഷ്യനാകെ ഭയരഹിതനായി നവീകരിക്കപ്പെടും. ആ നേരം അവനിലെ സകല ഭൗതികച്ചമയങ്ങളും പൊഴിഞ്ഞുവീഴും.

സ്വാനുഭവഗീതിയിലെ 94-​‍ാം പദ്യം ആത്മാവിന്റെ ആ അനശ്വരലാവണ്യം അനാവൃതമാക്കുന്നത്‌ നോക്കൂ.
പോകും മണ്ണൊടു തീ നീ-
രോഹരിപോലെ മരുത്തിനൊടുവെളിയും
നാകമൊടൊരു നരകം പോ-

യേകമതായ്‌ ഹാ! വിഴുങ്ങിയടിയനെ നീ!
മണ്ണ്‌, തീയ്‌, വെള്ളം എന്നിവയും കാറ്റ്‌, ആകാശം ഇവയും ആത്മദർശനത്തിൽ ഭാഗം വച്ചു പിരിയുന്നതുപോലെ പിരിഞ്ഞ്‌ ഒഴിഞ്ഞുമാറും. സ്വർഗ്ഗവും നരകവും എല്ലാം അകളും. ജീവനായി മാറിനിന്ന ഈ ഭക്തനെ പരമാത്മാവായ അവിടുന്ന്‌ സ്വസ്വരൂപത്തിൽ അലിയിച്ചു ചേർത്ത്‌ എല്ലാം സത്യസ്വരൂപമായി, ഒന്നു മാത്രമായി മാറിയിരിക്കുന്നു.

തന്റെ ഉപാസനാമൂർത്തിയിൽ മനസ്സിനെ അർച്ചനാപുഷ്പമാക്കുവാനാണ്‌ സാധകന്റെ ഈ പരമേശ്വര പൂജ. ഇടതടവില്ലാതെ ഒന്നിൽത്തന്നെ മനസ്സിനെ നിർത്തുവാൻ കഴിയുന്നതാണ്‌ പ്രധാനം. അന്തരാത്മാവിലേക്ക്‌ നോക്കാൻ ശ്രമിക്കലാണത്‌. അതിന്‌ പുറം കണ്ണുകൾ പോര. ആന്തരനയനം വേണം. നമ്മുടെ ദൈവികതയിലേക്കുള്ള പ്രയാണമാണത്‌. അത്‌ നമ്മുടേതല്ലാത്ത എല്ലാറ്റിനേയും വെട്ടിമാറ്റി നമ്മുടെ സ്ഥായിയായ ചൈതന്യത്തെ മാത്രം ബാക്കി നിർത്തുന്നു. ഒരു ഭാഗം വെയ്ക്കലാണത്‌. അതേ, ഓഹരി കൊടുക്കൽ തന്നെ. പഞ്ചഭൂതങ്ങൾ തുന്നിത്തന്ന ഈ പട്ടുകുപ്പായങ്ങളൊക്കെ നമുക്ക്‌ വീതംവച്ച്‌ കൊടുക്കേണ്ടിവരും. 'പോകും മണ്ണൊടു തീ നീരോഹരിപോലെ' എന്ന വരിനിരകളിലേക്ക്‌ നമ്മുടെ ഊരിനെ ഇറക്കിക്കൊണ്ടുവരുവാൻ തോന്നിപ്പോകും. അതിന്റെ ഇഴപ്പൊരുത്തം കണ്ടാൽ. ഉള്ളകം ശിവമയമാക്കിയ ഗുരുദേവന്‌ ഇത്തരത്തിലല്ലാതെ ഒരിക്കലും അക്ഷരങ്ങളെ മറ്റൊരു രീതിയിൽ അണിനിരത്തുവാൻ കഴിയില്ല. ഇത്‌ ഉയർന്ന ബോധതലത്തിലേക്ക്‌ എത്തിച്ച്‌ നമ്മുടെ ജീവിതശൈലിയെത്തന്നെ പുതുക്കിപ്പണിയുന്നു. കൊച്ചുകൊച്ചുകാര്യങ്ങളെ അവഗണിച്ചു തികച്ചും വലുതായ കാര്യങ്ങൾക്കായി മാത്രം പ്രയത്നിക്കാനുള്ള പ്രാപ്തിയൊരുക്കും അത്‌. 

ഉപാസനമൂർത്തിയായ ശ്രീപരമേശ്വരനോടുള്ള മമത പുരോഗമിക്കുംതോറും മനസ്സിലെ അലകൾ ഇല്ലാതാകുന്നു. നല്ലതുകളെപ്പറ്റി മാത്രമുള്ള ചിന്തയോടെ ചീത്തകൾ സ്വയം ഒഴിഞ്ഞുപോകുന്നു. ശരിക്കും പറഞ്ഞാൽ ഓഹരി വാങ്ങി പിരിയുന്നു. ശുദ്ധമായ ഉപാസനയാകുന്ന അരിപ്പ്‌ നമ്മിലെ അഴുക്കുകളെ പിടിച്ചെടുക്കുന്നു. നാം ഇതിനകം പടുത്തുയർത്തിയ അഹങ്കാരങ്ങളുടെ എടുപ്പുകൾ മാറുന്നതോടെ സദാ ചൊരിയപ്പെട്ടുകൊണ്ടിരിക്കുന്ന ഈശ്വരകൃപ നമുക്ക്‌ ലഭ്യമാകുന്നു. ആത്യന്തിക സന്തോഷ സ്വാതന്ത്ര്യത്തിലേക്കുള്ള തങ്കത്താക്കോലാണ്‌ ശിവോപാസന. അതിലൂടെ നമുക്ക്‌ ഉള്ളിന്റെയുള്ളിലെ ഈശ്വരീയതയെ സ്വയംവരിക്കാം. തുടർന്നുണ്ടാകുന്ന സ്വാനുഭൂതിയിൽ എല്ലാ അസ്വസ്ഥതകളും അലിഞ്ഞില്ലാതാകും. പരമാത്മ ചൈതന്യമായ ശ്രീപരമേശ്വരനെ ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ നാം ഭഗവാന്റെ ശ്രീകൈലാസത്തിലേക്ക്‌ താനെ ഉയർന്നുകൊണ്ടിരിക്കും. വഴിയെ ഭഗവാനല്ലാതെ മറ്റൊന്നുമില്ലെന്ന അവസ്ഥ കൈവരും. അനന്തശക്തിയിൽ സ്വഭാവം ഉറയ്ക്കുന്നതോടെ ഭഗവാന്റെ ഭാവദീപ്തികൾ കുറേയൊക്കെ ഉപാസകനിലും പ്രകാശിക്കും.

ജീവാത്മ-പരമാത്മ ഐക്യമെന്നെല്ലാം പറയും. ഉപാസകൻ മെല്ലെ മെല്ലെ നിശബ്ദതയുടെ ഉദ്യാനത്തിലെത്തും. അലട്ടുവാൻ ആഗ്രഹങ്ങളില്ലാത്ത അന്തഃകരണം ഒരു തുടച്ചുമിനുക്കിയ കണ്ണാടിപോലെ. ഇതിൽ നിറയെ സാക്ഷാൽ ശ്രീപരമേശ്വരൻ തിളങ്ങിനിൽക്കും.

ആത്മാവിലന്തർലീനമായ നമ്മുടെ സ്വത്വത്തിന്‌ വിഷാദങ്ങളേയും പിരിമുറുക്കങ്ങളേയും ശമിപ്പിക്കാൻ എളുപ്പം കഴിയും. അതിലെ നിശബ്ദതയിൽ 'ഞാനും എന്റേയും' തീർത്തും നിഷ്കാസിതമാകും. ഇതേവരെ നമ്മിൽ ഒളിഞ്ഞുകിടന്നിരുന്ന ആത്മീയശക്തികളെ ഈ ഉപാസന ഉത്തേജിപ്പിക്കും. അവ അന്തരാത്മാവിൽ നിന്നുംവരുന്ന നിർദ്ദേശങ്ങളെ വ്യക്തമാക്കിത്തരും. പ്രാർത്ഥനയിൽ നാം ഈശ്വരനോട്‌ സംസാരിക്കുന്നു. ഉപാസനാവേളയിൽ നാം ഭഗവാൻ പറയുന്നത്‌ കേൾക്കുന്നു. ഭഗവാനുമായി തുറന്നു കിട്ടുന്ന ബന്ധം നമ്മിലെ സകല പരിമിതികളും പരിഹരിച്ചില്ലാതാക്കുന്നു. 

വെളിയിലേക്ക്‌ പ്രവഹിച്ചലയാൻ ഏതു സമയവും വെമ്പുന്ന മനസ്സിനെ വരുതിയിലാക്കാൻ പറ്റുന്ന ഏക മാർഗ്ഗമാണ്‌ ശിവോപാസന. സദാ സർവ്വത്ര ശിവസ്മരണ പുതുക്കിനിലനിർത്തുക എന്നതാണ്‌ ശരിയായ ഉപാസന. ഇവിടെ ഏകാന്തമായ ഒറ്റപ്പെടലല്ല സംഭവിക്കുന്നത്‌. ഭഗവാനോട്‌ ഹൃദയം പങ്കിടുന്ന അനർഘനിമിഷങ്ങൾ ആസ്വദിക്കലാണ്‌. ഏത്‌ കർമ്മവും ഭഗവൽസേവയായി, ആഹരിക്കുന്നതെന്തും അവിടുത്തെ നിവേദ്യമായി, നടക്കുന്നതെല്ലാം പ്രദക്ഷിണമായി, കിടക്കുന്നത്‌ നമസ്കാരമായി, സംസാരിക്കുന്നത്‌ കീർത്തനമായി കരുതിയാൽ അത്‌ തൈലധാരപോലെ ശുദ്ധോപാസനയായി.

ശിവോപാസകർക്ക്‌ മൂന്നു പടവുകളുണ്ട്‌. ഒന്ന്‌, നിത്യത്തേയും അനിത്യത്തേയും വേർതിരിച്ചറിയൽ. രണ്ട്‌, അനിത്യത്തിൽ നിന്ന്‌ വൈരാഗ്യത്തിലൂടെ പിൻതിരിയൽ. മൂന്ന്‌, ആത്മാവുമായൊന്നിക്കൽ. സംസാരസാഗരം കടക്കാൻ ഉപാസനയിലെ ഏകാഗ്രത എന്ന ഒരൊറ്റ പാലമേയുള്ളൂ. ആ പാലം നമ്മൾ തന്നെ മനസാ സമർപ്പിച്ചു കെട്ടിയുണ്ടാക്കണം. അതിൽ അഹം കയറി വരരുത്‌. വന്നാൽ പാലം താഴ്‌ന്നു പോയേക്കും.

അഹം ഇല്ലാത്ത അവസ്ഥയിലുള്ള ഏകാഗ്രതയാണ്‌ ഈശ്വരനിലേക്കുള്ള പാലം. കല്ലും കമ്പിയും കൊണ്ടുള്ളതല്ല. ഏകാഗ്രതക്കെന്തു വേണം? ശ്രദ്ധ വേണം. അങ്ങോട്ടു പോയാൽ അപകടമാണെന്നറിഞ്ഞാൽ പോക്ക്‌ ഒഴിവാക്കാം. ശ്രദ്ധിച്ചു നീങ്ങാം. നിരന്തരമായി ചിന്തിച്ച്‌ നിത്യാനിത്യം മനസ്സിലാകുമ്പോൾ ഈശ്വരനിൽ മനസ്സ്‌ ഏകാഗ്രമാകും. അത്‌ പിന്നെ മറ്റെങ്ങും പോകില്ല.

കഷ്ടപ്പാട്‌ സഹിക്കാതെ ഇത്തരം നേട്ടങ്ങൾ കൈവരിക്കാനാവില്ല. മനുഷ്യൻ ജന്മനാ അപൂർണ്ണനാണ്‌. ഈശ്വരസ്മരണയും ഏകാഗ്രതയും ഉപാസനയും മറ്റും അവനെ വളരാൻ സഹായിക്കുന്നു. കേവലം ഒരു സാധാരണക്കാരന്‌ ഇത്തരം ഉപാസന സാധ്യമാണോ? അതിന്‌ അവൻ അവകാശിയാണോ? ഈ സന്ദേഹം സാരമാക്കേണ്ടതില്ല.

തീവണ്ടിയിലേക്ക്‌ കാലെടുത്തുവെക്കുന്നതിനിടെ ഗാന്ധിജിയുടെ ഒരു കാലിലെ ഷൂ വഴുതി പാളത്തിലേക്ക്‌ പതിച്ചു.അത്‌ തിരിച്ചെടുക്കുവാൻ അദ്ദേഹം ശ്രമിക്കുമ്പോഴേക്കും വണ്ടി ചൂളമടിച്ചു പതുക്കെ നീങ്ങാൻ തുടങ്ങി. ഷൂ വീണ്ടെടുക്കാനുള്ള ശ്രമത്തിൽ നിന്ന്‌ പെട്ടെന്നദ്ദേഹം പിൻവാങ്ങി. വണ്ടി വേഗമാർജ്ജിക്കുന്നതിനു മുമ്പേ തന്നെ അവശേഷിച്ചിരുന്നതുകൂടി അദ്ദേഹം പൊടുന്നനെ ഊരിയെടുത്ത്‌ റെയിൽപാളത്തിൽ അതിന്റെ ജോഡി കിടന്നിരുന്ന സ്ഥലം ലക്ഷ്യമാക്കി നീട്ടിയെറിഞ്ഞു. എന്തിനാണ്‌ കാലിലുള്ളതും വലിച്ചെറിഞ്ഞതെന്ന ഒരു സുഹൃത്തിന്റെ ചോദ്യത്തിനുള്ള മഹാത്മജിയുടെ മറുപടി ഇപ്രകാരമായിരുന്നു.'ഏതെങ്കിലും ഒരു ദരിദ്രൻ പാളത്തിൽ കിടക്കുന്ന ഒരു ഷൂ കാണുവാൻ ഇടവരികയാണെങ്കിൽ തീർച്ചയായും അതിന്റെ ജോഡി കൂടി കിട്ടിയിരുന്നെങ്കിൽ എന്ന്‌ ആഗ്രഹിക്കുകയില്ലേ?'

ദരിദ്രന്റെ മനസ്സ്‌ വായിക്കാൻ തിരിച്ചറിയുക വഴി ഷൂസിന്റെ നഷ്ടം മഹാത്മജിയെ ഒന്നുകൂടി സമ്പന്നനാക്കുകയാണ്‌. വലിയ പ്രാധാന്യമൊന്നും പ്രത്യക്ഷത്തിലില്ലാത്ത ഒരു ജോഡി ഷൂവിന്‌ പുതിയൊരർത്ഥം പകർന്നു നൽകുകയാണ്‌ ഗാന്ധിജിയുടെ പ്രവൃത്തി. ഒരു കാലിലെ അവശേഷിക്കുന്ന ഷൂ ഇനി എന്തുചെയ്യണമെന്ന തീരുമാനം നിമിഷാർധത്തിനുള്ളിൽ എടുക്കുവാനുള്ള അനന്യമായ കഴിവുകൂടിയാണ്‌ മോഹൻദാസിനെ മഹാത്മജിയാക്കിയത്‌. ഒന്നാലോചിച്ചുനോക്കൂ. ഞാനൊരു വക്കീലാണെന്ന തിരിച്ചറിവാണ്‌ ഗാന്ധിജി നേടിയിരുന്നതെങ്കിൽ! തറവാട്‌ കൃഷിയിടം നോക്കി നടത്താനായി അമ്മ പറഞ്ഞുവിട്ട സർ ഐസക്‌ ന്യൂട്ടൺ താനൊരു കർഷകനാണെന്ന തിരിച്ചറിവാണ്‌ നേടിയിരുന്നതെങ്കിൽ! ലോകം കണ്ട ഏറ്റവും മഹാനായ ജനനേതാവിനേയും വിപ്ലവകരമായ കണ്ടുപിടിത്തങ്ങൾ നടത്തി ചരിത്രം സൃഷ്ടിച്ച മഹാശാസ്ത്രജ്ഞനേയും ആയിരിക്കില്ലേ ലോകത്തിന്‌ നഷ്ടമായിട്ടുണ്ടാവുക.

ആഴങ്ങളിൽ മുങ്ങി സ്വന്തം വ്യക്തിത്വം കണ്ടെടുക്കുന്നവരാണ്‌ മഹത്തുക്കൾ. മഹാവ്യക്തിത്വം വെളിച്ചം വിതറുന്നത്‌ ജീവിതത്തിലെ വലിയ സാധ്യതകളിലേക്കാണ്‌. അത്‌ വെട്ടിത്തെളിക്കുന്നത്‌ ഒരുപാട്‌ കർമ്മപഥങ്ങളാണ്‌. ഒളിഞ്ഞു കിടക്കുന്ന സ്വന്തം കഴിവുകളിലേക്ക്‌ സ്വയം നയിക്കുന്ന ഒരു തീർത്ഥയാത്ര. സാധ്യതകളുടെ വിത്തുകളെന്നപോലെ കഴിവുകൾ നമ്മിൽ ആണ്ടുകിടക്കുന്നു. കണ്ടെത്തി പരിപാലിക്കുന്നതോടുകൂടി അവ തളിരെടുക്കുകയും പൂവിടുകയും ചെയ്യുന്നു.

ശിവോപാസനയിലൂടെ മുകളിൽ തെളിഞ്ഞുകണ്ട ഏകാഗ്രതയും ശ്രദ്ധയും തന്നെയാണ്‌ തെളിഞ്ഞുവരുന്നത്‌. ഗാന്ധിജിയുടെ ജീവിതസന്ദർഭങ്ങളിൽ ഇത്തരം നിരവധി മുഹൂർത്തങ്ങൾ കടന്നുവന്നിട്ടുണ്ട്‌. അവിടെ എല്ലാം മഹാത്മജി തന്റെ ജീവിതോപാസന നിർവിഘ്നം തുടർന്നുപോവുന്നു. ശരിയായ വ്യക്തിത്വം തന്നെ ദേവത്വവും. നമ്മുടെ ഉള്ളിന്റെയുള്ളിൽ സ്വയം മെനഞ്ഞെടുക്കുന്ന ഒരു സപര്യയായ ഇതിനെ തടയാൻ ആർക്കും അവകാശമില്ല. ആരുടേയും സമ്മതിപത്രവും ഇതിനാവശ്യമില്ല. പരിഹാരലഭ്യത വരെ നിർബാധം തുടർന്നു അറിവും ഓജസ്സും നേടി ജീവിതവിജയം നേടാം. ഏവർക്കുമുള്ള കഴിവും സാമാന്യബുദ്ധിയും മാത്രമേ ഇതിനും വേണ്ടതുള്ളു. ധനമോ പാണ്ഡിത്യമോ സംഘബലമോ ഒന്നും ആവശ്യമില്ല. 

ഭൗതികാവശ്യങ്ങൾക്കും ആത്മീയാന്വേഷണങ്ങൾക്കും ഒരുപോലെ ഉപയുക്തമാകുന്ന ഉപാധിയാണ്‌ ഉപാസന. വിശ്വാസവും സ്നേഹവും നിറച്ച്‌ മനസ്സിനെ പുഷ്ടിപ്പെടുത്തിയാൽ ഉപാസന തീർച്ചയായും വളർന്ന്‌ പന്തലിക്കും. സ്വന്തം വിചാരങ്ങൾ തന്നെയാണ്‌ ദുഃഖത്തിനും സന്തോഷത്തിനും കാരണം. ദുഃഖത്തിൽ മുഴുകിയാൽ ദുഃഖം മാറിത്തരികയില്ല. സദാ ആനന്ദത്തെ പറ്റി ചിന്തിക്കാൻ കഴിഞ്ഞാൽ ദുഃഖത്തിന്റെ പ്രസക്തി ഇല്ലാതാകും. ആനന്ദമാണ്‌ മനുഷ്യന്റെ സഹജസ്വഭാവം. അതിൽ വേരുറപ്പിച്ച്‌ ദുഃഖത്തെ കീഴടക്കലാണ്‌ ശിവോപാസനയിലൂടെയുള്ള ആത്മീയസാധന. അതിനായി ജീവിതത്തിലെ നല്ല കാര്യങ്ങളെ മാത്രം മനസ്സിൽ ബാക്കി നിർത്തുക.

പ്രസന്നമായ മുഖം, നല്ല വാക്ക്‌, കാരുണ്യം നിറഞ്ഞ നോട്ടം എന്നിവ നിത്യോപാസനയിൽ നിറക്കൂട്ടുകളും കൂടപ്പിറപ്പുകളുമാകുമ്പോൾ ആനന്ദമെന്നത്‌ ആർക്കും ഓഹരി വച്ചു പിരിയാനുള്ളതല്ലെന്നു ബോധ്യമാകും.

അഹന്തയെ പമ്പകടത്തി സുഖദുഃഖകടലലകളിൽ മുങ്ങിത്താഴാതെ അവയുമായൊന്നിച്ച്‌ നീങ്ങി ജീവിത യാത്ര സുഗമമാക്കിത്തീർക്കാൻ ഏതൊരാളിനേയും ശക്തനാക്കുന്ന ഒരു സുഹൃത്‌ സഹായിയാണ്‌ അവിരാമമായ ശിവോപാസന.

23 Dec 2013

അമ്പിളി


സുലോച് സുലോ

അയ്യായിരം രൂപയ്ക്ക്,
കുരച്ച് തുപ്പുമ്പോള്‍
ചോര വരുന്നത്രയും
തൊണ്ട തകര്‍ത്ത്
കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടുന്ന
അണ്‍ എയ്ഡഡ് സ്കൂളിലെ
പാവം ടീച്ചറാണ് അമ്പിളി …

രാവിലെ
പണിയെല്ലാം തീര്‍ത്ത്‌
ബസ് സ്റ്റോപ്പില്‍ ചെന്ന് നില്‍ക്കുമ്പോള്‍
അവള്‍ക്കു മുമ്പിലൂടെ
എന്നും മറ്റൊരുസ്കൂളിന്റെ ബസ്സു പോകും…

ആദ്യമാദ്യം
അതിലുള്ള കുഞ്ഞുങ്ങള്‍ അമ്പിളിയേയോ
അമ്പിളി കുഞ്ഞുങ്ങളേയോ
ശ്രദ്ധിക്കാറില്ലായിരുന്നു…

അതേ സ്റ്റോപ്പില്‍ നിന്നും
ഒരു കുഞ്ഞ്
ആ ബസ്സില്‍ കയറാന്‍ തുടങ്ങിയപ്പോള്‍
അമ്പിളി കുഞ്ഞുങ്ങളേയും
കുഞ്ഞുങ്ങള്‍ അമ്പിളിയേയും
ഇമ വെട്ടാതെ നോക്കാന്‍ തുടങ്ങി…
അവര്‍ പരസ്പരം ചിരിക്കാനും റ്റാറ്റാ കൊടുക്കാനും തുടങ്ങി …

അമ്പിളി കുഞ്ഞുങ്ങളുടെ ബസ്സ് വരാനും
കുഞ്ഞുങ്ങള്‍ അമ്പിളിയുടെ സ്റ്റോപ്പ്‌ വരാനും
കാരണമെന്തെന്നറിയാതെ
അതിയായി ആഗ്രഹിച്ചു …
അമ്പിളിയെ കാണുമ്പോളേക്കും
ബസ്സൊരു ലൗ ബേഡ്സ് കൂടായി മാറാന്‍ തുടങ്ങി…

ഒരു ദിവസം അമ്പിളി വരുമ്പോളേക്കും
കുഞ്ഞുങ്ങളുടെ ബസ്സ് നീങ്ങിയിരുന്നു …
കുഞ്ഞുങ്ങള്‍ അമ്പിളി നില്‍ക്കുന്ന സ്ഥലത്തെ
ശൂന്യതയിലേക്ക്
നിരാശയോടെ പാളിപ്പാളി നോക്കുന്നത്
അരികിലെത്താറായ അമ്പിളി
വേദനയോടെ നോക്കുന്നുണ്ടായിരുന്നു …

കുഞ്ഞുങ്ങളുടെ നെടു വീര്‍പ്പുകള്‍
അമ്പിളിയെ വന്ന് തൊടുമ്പൊഴേയ്ക്കും
കുഞ്ഞുങ്ങള്‍ അമ്പിളിയേയും
അമ്പിളി കുഞ്ഞുങ്ങളേയും
ഒരു മിന്നായം പോലെ കണ്ടിരുന്നു…

കുഞ്ഞുങ്ങള്‍
കാണാത്ത കുഞ്ഞുങ്ങളേക്കൂടി
തോണ്ടിത്തോണ്ടി വിളിച്ച്
അമ്പിളിയെ കാണിച്ചു കൊടുത്തു …

കാഴ്ച്ചയില്‍ നിന്നും
ചിരിയും റ്റാറ്റാ കൊടുക്കുന്ന കൈകളും മായുന്നതു വരെ
കുഞ്ഞുങ്ങളും അമ്പിളിയും
അത് തുടര്‍ന്നു കൊണ്ടേ ഇരുന്നു…

പിറ്റേന്ന്,
കുഞ്ഞുങ്ങളുടെ സ്കൂളിന് ‘അവധി’യാകുമെന്നും
അമ്പിളിയുടെ സ്കൂളിലെ ഡ്രൈവര്‍മാരെ വിളിച്ച്
പ്രിസിപ്പാള്‍ ‘സൂക്ഷിക്കണം’ എന്നു പറയുമെന്നും അറിയാതെ…!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...