19 Sept 2014

അഹംയു സഞ്ചിതിവാസം


ജോയ് ഗുരുവായൂർ
=====================
കാപട്യങ്ങളരങ്ങു വാഴും ജീവിതം തൻ
കനിവിന്നുറവകളടഞ്ഞ ചെയ്തികൾ
തന്‍കുഞ്ഞിനെ പൊന്‍കുഞ്ഞായൂട്ടുമ്പോൾ
മറുകുഞ്ഞിന്‍ വിലാപം കേള്‍ക്കാത്തവർ
മുട്ട പുഴുങ്ങിയതി സമര്‍ത്ഥമായ് തനയനു
ചോറില്‍പ്പൂഴ്ത്തി വിളമ്പും മാതുലിയും
പത്തായത്തിലൊളിപ്പിച്ച പലഹാരങ്ങൾ
ഛന്നം മാതുല മക്കള്‍ക്കേകും അച്ഛമ്മയും
ഒരേയുത്തരത്തിനരമാര്‍ക്ക് കുറച്ച് തോഴി തൻ
തനയനെയൊന്നാമതെത്തിക്കുമദ്ധ്യാപികയും
സമപ്രായക്കാരാമനന്തരവരാവശ്യപ്പെട്ടതൊക്കെ
വാങ്ങിക്കൊടുത്തെന്നെയവഗണിക്കുമച്ഛനും
നാലാൾ കാണ്‍കെ ഗുണദോഷിച്ചും ശകാരിച്ചും
നല്ല 'പിള്ള'കൾ ചമയും കാരണവന്മാരും
പ്രവര്ത്തിപരിചയ പരീക്ഷയ്ക്കെളുപ്പച്ചോദ്യം
തന്‍ പ്രിയര്ക്കു നല്‍കുന്ന കലാശാലാശാനും
എന്‍ സൈക്കിളിൻ തണ്ടേറിയുലകം ചുറ്റിയി-
ന്നമേരിക്കയിലിരുന്നു പുച്ഛിക്കുന്നൊരുവനും
കൊടുത്ത കാശിനു ചെമ്മേ ചിരിച്ചു മയക്കി
വസ്തുക്കൾ മായം ചേര്ത്തേകും കടക്കാരനും
തോളത്തു കയ്യിട്ടു രഹസ്യങ്ങൾ ചോര്‍ത്തി യ-
ങ്ങവസരത്തിലൊറ്റും സഹപ്രവര്‍ത്തകരും
കഠിനാദ്ധ്വാനത്തിന്‍ സത്ഫലം തഞ്ചത്തിൽ
കവര്‍ന്നങ്ങു കീര്‍ത്തി നേടും മേലാളനും
ജീവിതം പകുത്തു നല്കി സ്നേഹിച്ചതിനാ-
സ്നേഹമൊരധികാരമാക്കി ഭരിക്കും ഭാര്യയും
പലിശയ്ക്കെടുത്തൊരു കാശും കടം വാങ്ങി
വിവരം തരാൻ പോലും മുതിരാത്ത തോഴരും
തേവയിലലിവു തോന്നി നീട്ടിയ ധനസഹായം
മടക്കീടാതെ സ്വഭവനം മോഡി കൂട്ടുന്നവരും
ഇഷ്ടമുള്ള സഖിയെ തിരഞ്ഞെടുത്തതിലൊട്ടു-
മിഷ്ടം കാണിച്ചീടാത്തൊരു ബന്ധുജനങ്ങളും
തിരക്കെന്നു ചൊല്ലി ക്ഷിപ്രമപ്രത്യക്ഷരായ്
കാമുകിയോട് സല്ലപിക്കും കൂട്ടുകാരനും
ഉപവാസത്തിന്‍ പ്രാര്ത്ഥനയുമോതിയി-
ട്ടിരുളിന്‍ മറയിൽ ഭുജിക്കുമാചാര്യനും.
ഭാവുകങ്ങളേകുമ്പോഴും ഉള്ളിലസൂയ തൻ
പൂത്തിരി കത്തിച്ചു പഴിക്കും 'സഹൃദയരും'
അറിയാതെയെപ്പോഴും വിദ്ധ്വംസക വേലയ്ക്കു
കൂട്ടാളിയാക്കുമൊരു 'ആത്മ' സുഹൃത്തും
തെറ്റിദ്ധാരണകൾ കൂട്ടം കൂട്ടമായുണര്ത്തീ ടു-
മഭിശപ്തങ്ങളാമോരോ നിമിഷങ്ങളും
കനിവില്ലാക്കാലത്തിന്‍ ബാക്കിപത്രങ്ങളായ്
ദേഹത്തില്‍ മരുവീടുമസുഖങ്ങളും
ഇല്ലാത്തയസുഖത്തിനനവധി മരുന്നുകളതിൻ
ലാഭത്തിന്നോഹരി പറ്റും ഭിഷഗ്വരരും
ഇടുക്കത്തിലുതവി നിര്‍ത്തി യതിനമര്ഷരായ്
തിരിഞ്ഞു നോക്കാതെ പഴിക്കും കൂട്ടരും
സ്വാര്‍ത്ഥത വിളഞ്ഞീടും ഛലിതമാനസർ തൻ
കാപട്യങ്ങൾ നിറയുമൊരു സഞ്ചിതിയിൽ നാം...
അവരഭ്യസിപ്പിച്ചതൊക്കെയും നിപുണമായ്
നടിച്ചങ്ങു പ്രവൃത്തകം ചെയ്യുമീ... ഞാനും..
=======================
കവിത ജോയ് ഗുരുവായൂരിന്റെ ബ്ലോഗിൽ

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...