Showing posts with label anilkumar c p. Show all posts
Showing posts with label anilkumar c p. Show all posts

24 Jan 2013

ഉടഞ്ഞു വീഴുന്ന പൂപാത്രങ്ങള്‍


 അനില്‍കുമാര്‍ സി  പി 

ദൂരെ നിന്നു നോക്കിയാല്‍ പച്ചതടാകത്തിനു നടുവില്‍ ഉയര്‍ന്നു വിരിഞ്ഞു നില്‍ക്കുന്ന തവിട്ടു നിറമുള്ള വലിയൊരു കൂണുപോലെ അവളുടെ വീട് കരിമ്പാറകള്‍ അതിരിട്ട വയല്‍ക്കരയില്‍ നിന്നു. പണ്ടത്തെ പച്ചക്കടല്‍ ചുരുങ്ങി ഇപ്പോള്‍ വീടിനു ചുറ്റും ഒരു ചെറിയ തടാകമെന്നപോലെ നെല്‍വയലുകള്‍ , എപ്പോഴാണ് ലോറിയില്‍ കയറി വരുന്ന മണ്ണ് മേലേക്ക് വീഴുന്നതെന്നു ഭയന്ന്, ചുരുണ്ടു കിടന്നു. പൂക്കാത്ത പൊന്‌ചെമ്പകത്തെ തൊട്ടു തലോടി, മുറ്റത്തിന്റെ അതിരിലെ വെളുത്ത സുഗന്ധിപൂക്കളുടെ മണം നുകര്‍ന്ന് കാറ്റ് എപ്പോഴും വീടിന്റെ കോലായില്‍ ചൂളമടിച്ചു കറങ്ങി.
അങ്ങിങ്ങു നരവീണ മുടി വിടര്‍ത്തിയിട്ടു അവളുടെ ചെറിയമ്മ ചന്ദ്രലേഖ മുറ്റത്തേക്കിറങ്ങി നില്‍ക്കുമ്പോഴേക്കും നിശാഗന്ധിക്കുമപ്പുറം നിന്ന ചതുരനെല്ലിയെ പിടിച്ച് ഒന്നു പതുക്കെ ഉലച്ചു കാറ്റ് വന്ന വഴിയെ പൊയ്ക്കളഞ്ഞു. അപ്പോഴാണവര്‍ കണ്ടത്, തന്റെ നേരെ നീട്ടിയപോലെ നീണ്ടുനിന്ന ഒരു കൊമ്പില്‍ മാത്രം ചതുരനെല്ലികള്‍ തൂങ്ങി കിടക്കുന്നു.
ഇലയും പൊഴിച്ചിട്ടു വെറുതെ ഇങ്ങനെ നിന്നു കാലം കഴിക്കുന്നതിനു നിന്നെ എത്ര വഴക്ക് പറഞ്ഞിരിക്കുന്നു എന്നവരുടെ ചുണ്ടുകള്‍ വിറപൂണ്ടു. അവര്‍ കായ്കളെ തലോടി ചതുരനെല്ലിയില്‍ മുഖംചേര്‍ത്ത് ചാരി നിന്നു. കണ്പീലിയില്‍ തട്ടി ചിതറിയ കണ്ണുനീര്‍ത്തുള്ളിയാറ്റി കാറ്റ് പിന്നെയും മലയിറങ്ങി വന്നു തിരിച്ചുപോയി. ആ വഴിയെയാണ് കാല്‍വിന്‍ ക്ലീനിന്റെ നേര്‍ത്ത സുഗന്ധവുമായി അവള്‍ കയറി വന്നത്. ചെറിയമ്മയുടെ വിരല്‍തുമ്പില്‍ പറ്റി ചേര്‍ന്നു നില്‍ക്കുന്ന ചതുരനെല്ലിക്കുല കണ്ട് അവളുടെ വായില്‍ ഉമിനീരൂറി.
ആഹാ കൊള്ളാമല്ലോ നീ കായ്‌ച്ചോ പെണ്ണേ? എത്ര വര്‍ഷമായി വെറുതെ തണലും തന്നു നില്‍ക്കാന്‍ തുടങ്ങിയിട്ട്?
ഉം…എന്തൊരു ഭീഷണി ആയിരുന്നു. ഞാന്‍ പേടിച്ചു കായ്ചതാ… ചതുരനെല്ലിയുടെ ഇലകള്‍ കലപില കൂട്ടി ചിരിച്ചു.
എന്നെപോലെ ആയാല്‍ വെട്ടിക്കളയുമെന്നു പേടിപ്പിച്ചു… എന്നെ വെട്ടിക്കളയാന്‍ വയ്യല്ലോ…
ചെറിയമ്മ ചുളിവ് വീഴാത്ത കവിളിലെ നുണക്കുഴി തെളിച്ചു ചിരിച്ചു.
അവളെറിഞ്ഞിട്ട ബാഗുമെടുത്ത് അകത്തേക്ക് നടക്കുമ്പോള്‍ എന്താ നീലി നിന്റെ വീടിനു കാവലിരുന്നു മടുത്തോ, അതോ പദ്ധതികള്‍ നടപ്പാക്കി ക്ഷീണിച്ചോ? എന്നൊക്കെയുള്ള ചെറിയമ്മയുടെ ചോദ്യങ്ങള്‍ അവളുടെ ഇടത്തെ തോളിലും വലത്തെ തോളിലും തട്ടിതടഞ്ഞു കാല്‍ച്ചുവട്ടില്‍ വീണു. അതവിടെ കിടന്നോട്ടെ എന്ന മട്ടില്‍ അവള്‍ കിണറ്റിന്‍ കരയിലേക്ക് നടന്നു. ക്ലോറിന്‍ വെള്ളം വീണു വീണു പുകഞ്ഞ കണ്ണുകളില്‍ തെളിനീരിന്റെ തണുപ്പില്‍ കണ്പീലികള്‍ കുളിര്‍ന്നു വിറച്ചു.എരിയുന്ന നെഞ്ചിലേക്ക് തണുപ്പ് അരിച്ചിറങ്ങി. വരണ്ട ചുണ്ടില്‍ തങ്ങി നിന്ന അവസാനത്തെ വെള്ളതുള്ളി കൂടി അവള്‍ നാവ് കൊണ്ട് വടിച്ചെടുത്തു. ചെറിയമ്മ നീട്ടിയ തോര്‍ത്ത് വാങ്ങി മുഖം തുടയ്ക്കാതെ കരിമ്പാറ ഇറങ്ങി വന്ന കാറ്റിനു നേരെ മുഖം നീട്ടി.
‘ഉം… എന്താടാ പുതിയപ്രശ്‌നം?’
‘ഒന്നുമില്ലെന്നേ? പദ്ധതികള്‍ക്ക് പേരിട്ടു ക്ഷീണിച്ചു.’
‘നീയോ?’
‘അല്ല സര്‍ക്കാര്‍ ?’ ഹഹഹ…
അവള്‍ നിര്‍ത്താതെ ചിരിക്കാന്‍ തുടങ്ങി. ഉള്ളില്‍ സങ്കടത്തിന്റെ പെരുങ്കടല്‍ ഇരമ്പുമ്പോഴാണ് അവളിങ്ങനെ നിര്‍ത്താതെ ചിരിക്കാറുള്ളതെന്ന് അവര്‍ക്കറിയാം.
പാറക്കുഴികളില്‍ നീന്തിതുടിച്ചു കയറിവന്ന താറാവുകള്‍ അവളെകണ്ട് ക്വാ….ക്വാ ഒച്ചയിട്ടു. പിന്നെ ഒരു വരിയായി കൂട്ടിലേക്ക് കയറിപോകുന്ന പോക്കില്‍ ഒരുത്തി പ്ലിം എന്ന് കാഷ്ടിച്ചു വെച്ചിട്ട്, ചുമ്മാതെ ഇളിചോണ്ട് നിക്കാതെ കോരിക്കളയരുതോ എന്ന് അവളെ നോക്കി വാലുകുലുക്കി.
‘ചെറിയമ്മേ, നോക്കിയെ…ആ സ്വര്‍ണ്ണനിറക്കാരി മുറ്റം വൃത്തികേടാക്കി.’
പ്ലാവില കൊണ്ട് കാഷ്ടം കോരി റോസിന്റെ ചുവട്ടിലിട്ടു കയ്കഴുകി ചെറിയമ്മ ആരോടെന്നില്ലാതെ പറഞ്ഞു…
‘ഇപ്പൊ എല്ലാരും മുറ്റം വൃത്തിയാക്കി വെച്ചിട്ട് പാണ്ടി ലോറിയില്‍ വരുന്ന ഹോര്‍മോണ്‍ കുടിച്ചു വെളുവെളുത്ത മുട്ടയും മിനുത്ത കോഴിയും തിന്നുവല്ലേ? പാവം, ഓടി ചാടി കളിക്കണ്ട പെണ്‍കുഞ്ഞുങ്ങളൊക്കെ പ്രായമെത്തുന്നതിനു മുന്‍പേ മുകളിലും താഴെയും വെച്ചുകെട്ടുമായി നടക്കുന്നുത് കാണുമ്പോള്‍ സങ്കടം വരും.’
‘നീ വാ… ഞാന്‍ ചേമ്പ് പുഴുങ്ങി വെച്ചിട്ടിട്ടുണ്ട്’
‘ഞാനിന്നു വരുമെന്ന് എങ്ങനെ അറിഞ്ഞു.?’
‘കാക്ക പറഞ്ഞു… എന്തേ?’
‘അല്ല..സത്യത്തില്‍ നമുക്ക് രണ്ടാള്‍ക്കും നൊസ്സുണ്ടോ ചെറിയമ്മേ?’
‘ഇത്തിരി ഇരിക്കട്ടെന്നെ…മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്തതൊക്കെ പെണ്ണിന്റെ നൊസ്സല്ലേ എന്റെ നീലിക്കുട്ടി? അങ്ങനെ പറയുന്നതാ അവര്‍ക്ക് മനസ്സിനു സമാധാനം… നമ്മളായിട്ടെന്തിനാ അത് തല്ലിക്കെടുത്തുന്നത്?’
തൊട്ടുതൊട്ടിരിക്കുന്ന ചെറിയചേമ്പുകള്‍ ചുവന്ന മുളകുചമ്മന്തിയില്‍ മുക്കി അവള്‍ ഓരോന്നായി പെറുക്കി വായിലിട്ടുകൊണ്ട് ചോദിച്ചു…
‘അതെയോ, വേറിട്ടുചിന്തിക്കുന്നവര്‍ മറ്റുള്ളവരെപ്പോലെ പെരുമാറാന്‍ ശ്രമിക്കുമ്പോഴല്ലേ ഭ്രാന്തായി തോന്നുക?’
വെണ്ണപോലെ മൃദുലമായ ചേമ്പിന്‍ രുചിക്കിടയിലും വേദനകൊണ്ടവള്‍ കവിള്‍പൊത്തി.
‘ഉം… കവിളത്തു തന്നെ കിട്ടിയോ? എന്ത് ദൌത്യനിര്‍വഹണമാ നീ തടഞ്ഞത്?’
‘വാട്ടര്‍ തീം പാര്‍ക്കിലെ പുതിയ കുളിശാല…’
‘നിങ്ങള്‍ക്ക് അവിടെ ഇപ്പോഴും ടാങ്കര്‍ലോറിയിലാണോ വെള്ളം തരുന്നത്?’
‘ഇപ്പോള്‍ അതും കുറവാ. ചിലപ്പോള്‍ ദിവസങ്ങളോളം കിട്ടില്ല..’
പണ്ട് ഉപ്പുവെള്ളം മാത്രം ചുവയ്ക്കുന്ന തമിഴ്‌നാട്ടില്‍ പലയിടത്തും ഇപ്പോള്‍ ശുദ്ധജലം സുലഭം. എന്നിട്ടും മഴ വെള്ളം മുഴുവന്‍ കടലിലേക്ക് ഒഴുക്കി വിടുന്ന ജലസമൃദ്ധിയുടെ നാട്ടുകാര്‍ ടാങ്കര്‍ ലോറിയും കാത്തിരിക്കുന്നു കുടിവെള്ളത്തിനു. സ്വന്തം ജീവിതം കൂടി ആരെങ്കിലും ജീവിച്ചുതന്നാല്‍ അത്രയും സൗകര്യം എന്നല്ലേ നീലി പലരുടെയും വിചാരം… എന്നാണാവോ പ്രകൃതിയെ സ്‌നേഹത്തോടെ ,കരുതലോടെ ഉപയോഗിക്കാന്‍ നമ്മള്‍ പഠിക്കുക?
‘ഇങ്ങനെ എത്രനാള്‍ ആലസ്യത്തിലും കടംകൊണ്ട സുഖലോലുപതയിലും ഒരു ജനതയ്ക്ക് ജീവിക്കാന്‍ കഴിയും? വളരെചെറിയ ഒരു വിഭാഗം ആളുകള്‍ എങ്കിലും ശക്തമായി പ്രതികരിക്കുന്നത് കൊണ്ട് മാത്രമാണ് പുറമ്പോക്കിലെ ജീവിതങ്ങള്‍ ബാക്കിയാവുന്നത്… അല്ലേ ചെറിയമ്മേ?’
ചെറിയമ്മ വേദനയില്‍ കുതിര്‍ന്നു ചിരിച്ചു.പിന്നെ പോയകാലത്തിലേക്ക് മുഖം തിരിച്ചിരുന്ന അവരെ നീലി ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു…
ചുറ്റുമുള്ളവരില്‍ നിന്നും മികച്ചവരായി എപ്പോഴും കഴിയുന്നതിന് വീടും വീട്ടുസാധനങ്ങളും വാഹനവും പുതുക്കുന്ന സ്വന്തം വീട്ടിലെ ആര്‍ഭാടത്തിന്റെ മനമ്മടുപ്പില്‍ നിന്നും ഇറങ്ങിപ്പോന്നത് ചെറിയമ്മയുടെ അടുത്തെയ്ക്കായിരുന്നു. നഗരത്തില്‍ ജോലികിട്ടി പോകുന്നതുവരെ ആത്മരോഷത്തില്‍ ചുവന്നപ്പോഴും ആത്മവേദനയില്‍ പുകഞ്ഞപ്പോഴും അത് കാണാന്‍ അവള്‍ മാത്രമേ അവരുടെ കൂടെ ഉണ്ടായിരുന്നുള്ളൂ.
എല്ലാ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും പരസ്പരം അറിഞ്ഞു കരിമ്പാറകള്‍ അതിരിടുന്ന വയല്ക്കരയിലെ ഈ വീട്ടില്‍ അവര്‍ രണ്ടുപേരും താമസം തുടങ്ങുമ്പോള്‍ ചെറിയഛന്റെ കവിതകള്‍ കേള്‍ക്കാന്‍ ചെറിയമ്മയും വല്ലപ്പോഴുമെത്തുന്ന സുഹൃത്തുക്കളുമേ ഉണ്ടായിരുന്നുള്ളൂ. പ്രകൃതിയെ താലോലിച്ച്,ചുറ്റുമുള്ളവരുടെ കഷ്ടപ്പാടിലും വേദനയിലും പങ്കുകൊണ്ട് അവര്‍ക്കൊപ്പം ജീവിച്ച നാളുകള്‍ … കരിമ്പാറകള്‍ കയ്യടക്കി വിറ്റു കാശുണ്ടാക്കാന്‍ വന്നവരെ ചെറുത്തു നില്‍ക്കുന്നവര്‍ക്ക് ആത്മബലം ബാലഗോപാലനും ചന്ദ്രലേഖയുമായിരുന്നു. ഭൂമി കിടുങ്ങി മണ്‍ഭിത്തികളില്‍ വിള്ളല്‍ വീണപ്പോഴൊക്കെ അവര്‍ അഭയത്തിനായി ഓടിയെത്തിയത് ഈ വീട്ടുമുറ്റത്തായിരുന്നു. ചെറിയഛന്‍ ഒരുപാടു ഓഫീസുകളും കോടതിയും കയറി ഇറങ്ങിയപ്പോഴാണ് ഇടിമുഴക്കങ്ങള്‍ കേള്‍ക്കാതെ, പ്രാണഭയമില്ലാതെ ജീവിക്കാനുള്ള അവകാശം അനുവദിച്ചു കിട്ടിയത്.
ഇവിടുത്തെ കാറ്റും വെളിച്ചവും സ്വപ്നങ്ങളും പ്രണയവും ചെറിയഛന്റെ കവിതകളെ ഈ വയല്ക്കരയും കടന്നു നഗരത്തിലെ വെള്ളി വെളിച്ചങ്ങളില്‍ എത്തിച്ചു. വല്ലപ്പോഴുമൊക്കെ അവിടേക്ക് പോയ ആള്‍ പിന്നെ പലപ്പോഴും വരാന്‍ മടിച്ചു. വന്നത് പുതിയ ഒരാളായി മാത്രം. വരുമ്പോഴൊക്കെ ചെറിയമ്മയുടെ പ്രണയത്തിന്റെ പടിവാതില്‍ തുറന്നു തന്നെ കിടന്നു. എന്നിട്ടും ചന്ദനം മണക്കുന്നവള്‍ക്കു വിയര്‍പ്പിന്റെയും ചാണകത്തിന്റെയും ദുര്‍ഗ്ഗന്ധമെന്നു പരാതിപ്പെട്ടു. പിന്നെ പിന്നെ മറന്നുപോയ മുഖം പോലെ ഒരിക്കലും ചെറിയഛന്‍ വീട്ടിലേക്കു വരാതായി. ഞാനുള്ളിടത്തു നീ വേണമെന്ന അദ്ദേഹത്തിന്റെ ശാഠൃത്തില്‍ ചെറിയമ്മ പറയുമായിരുന്നു..
‘ഇവിടെയേ എനിക്ക് എന്റെ ഗോപനെ കിട്ടു. ഇവിടെ മാത്രമേ നമുക്ക് നമ്മള്‍ ആയി ജീവിക്കാന്‍ കഴിയു… ഇവിടംവിട്ടു ഞാന്‍ വന്നാല്‍ പിന്നെ ചന്ദ്രലേഖ ഉണ്ടാവില്ല ഗോപാ… നമുക്ക് ചുറ്റുമുള്ള ഈ പാവങ്ങള്‍ … അവരെ സഹായിക്കാന്‍ ആരുമില്ലെന്കില്‍ പാറക്കഷണങ്ങള്‍ പോലെ അവര്‍ അധികാരത്തിന്റെ ശക്തിയില്‍ തെറിച്ചുപോകും. അവരുടെ കുഞ്ഞുങ്ങള്‍ മണ്‍പാത്രങ്ങള്‍ പോലെ ഉടഞ്ഞു വീഴും. ചരിത്രത്തില്‍ ഇല്ലാത്തവരാണെങ്കിലും അവര്‍ക്കും ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമില്ലേ? എന്നെ നിര്‍ബ്ബന്ധിക്കരുതെ..’
അതുകേട്ടുപോയ ചെറിയഛന്‍ പിന്നെ ഒരിക്കലും വന്നില്ല. നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്കുള്ള യാത്രകളില്‍ ലഹരികളില്‍ മുങ്ങിത്താണു. ഏതൊക്കെയോ ശരീരങ്ങളുടെ ദുര്‍ഗ്ഗന്ധവുമായി ഒരു ദിവസം മോര്‍ച്ചറിയില്‍ മരവിച്ചു കിടന്നു.
‘ചെറിയമ്മ ഇപ്പോള്‍ ചെറിയഛനെ ഓര്‍ത്തു അല്ലെ?’…അവളുടെ ചോദ്യത്തില്‍ അവര്‍ ഞെട്ടി ഉണര്‍ന്നു…
‘ഉം.. ഇപ്പോള്‍ മാത്രമല്ല എന്നും… മറക്കുന്നതെങ്ങനെ.? ഒട്ടും മനക്കരുത്തില്ലാത്ത എന്നെ ജീവിക്കാന്‍ പഠിപ്പിച്ച ആളല്ലേ? ഞാന്‍ ചായ എടുത്തുവരാം…’
ഓര്‍മ്മകള്‍ കുടഞ്ഞെറിയാനെന്നപോലെ അവര്‍ അടുക്കളയിലേക്കു നടന്നു. നഷ്ടപ്പെട്ടുപോയ രുചികളെയെല്ലാം ആവാഹിച്ചെടുക്കുന്നപോലെ അവള്‍ പാല്‍മണം പരക്കുന്ന ചായ സാവധാനം ഊതിക്കുടിച്ചു.
അവള്‍ കാണാതെ അവര്‍ കണ്ണുകള്‍ അമര്‍ത്തി തുടച്ചു. സങ്കടങ്ങളുടെ പുകച്ചുരുളുകള്‍ പുകഞ്ഞു ചുവന്നതാണ് ആ കണ്ണുകള്‍ എന്ന് നീലിക്കറിയാം.
‘എന്താ കണ്ണില്‍ ചാരം വീണോ?’
‘ഉം… തേന്‍മൊഴി സംസാരിച്ചു തുടങ്ങിയോ?’
‘പിച്ചും പേയും പറയുന്നു..’
മുന്പിലിരുന്ന ചേമ്പുകള്‍ക്ക് അപ്പോള്‍ തേന്‍മൊഴിയുടെ പൊള്ളിയടര്‍ന്ന കവിളിന്റെഛായ തോന്നി… മുളക് ചമ്മന്തി തന്കവേലുവിന്റെ കണ്ണില്‍ നിന്നും വീഴുന്ന രക്തത്തുള്ളികള്‍ പോലെ… അവള്‍ക്കു ചര്‍ദ്ദിക്കാന്‍ തോന്നി….
തേന്‍മൊഴിയുടെ അപ്പാവുക്ക് ആകെ അറിയുന്ന തൊഴില്‍ ചോളപ്പൊരി ഉണ്ടാക്കാനാണ്.എത്രയോ കാലമായി ആ മലഞ്ചരുവിലെ ക്ഷേത്രത്തില്‍ വരുന്നവര്‍ക്ക് ചുക്കുകാപ്പിയും ചോളപ്പൊരിയും വിറ്റ് തേന്‍മൊഴിയുടെ പാട്ടിയും അപ്പാവും ജീവിച്ചു.പാട്ടി കിടപ്പിലായി. മദ്യലഹരിയില്‍ മലകയറാന്‍ എത്തിയവരുടെ കാറിടിച്ച് തന്കവേലുന്റെ കാലുമൊടിഞ്ഞു. പന്ത്രണ്ടു വയസ്സുള്ള തേന്‍മൊഴിയായി പിന്നെ കടയില്‍ . കടയെന്നു പറയാനില്ല… തകര ഷീറ്റിട്ട, ആല്മരചോട്ടിലെ ഒരു തകരകൂട്. കടയും വീടും എല്ലാം അതു തന്നെ. അതിലെ പോകുമ്പോഴെല്ലാം കറുത്ത, മിനുത്ത മുഖത്തെ വലിയ വട്ടകണ്ണുകളും വെളുത്ത വലിയപല്ലുകളും നീലിയെ നോക്കി ചിരിതൂകി. അവളുടെ സന്തോഷം കാണാന്‍ വേണ്ടി നീലി പലപ്പോഴും ചോളപ്പോരി വാങ്ങി, ചുക്കുകാപ്പി കുടിച്ചു. ‘കഫെ ഡേ’ യിലെ കാപ്പിച്ചുനോയിക്കില്ലാത്ത രുചി ആ തകരക്കടയിലെ ചുക്കുകാപ്പിയ്കു ഉണ്ടായിരുന്നു. അവിടെയിരിക്കുന്ന നേരമത്രയും അത് എന്നാ, ഇത് എന്നാ, അന്തിയിടം എപ്പടിയിരുക്ക്? എന്ന് ഒരായിരം ചോദ്യങ്ങളും വിശേഷങ്ങളും ഉണ്ടാവും തേന്‍മൊഴിക്ക് നീലിയോടു ചോദിക്കാനും പറയാനും.
നഗരത്തിന്റെ ഇരമ്പല്‍ കേള്‍ക്കാതെ കുറച്ചുദൂരെ മാറിനില്‍ക്കുന്ന മനോഹരമായ മലന്‌ചെരുവില്‍ പണക്കൊഴുപ്പിന്റെ വാട്ടര്‍ തീം പാര്‍ക്ക് നിരന്നു നിരന്നു ചുറ്റുമുള്ളതെല്ലാം കയ്യടക്കി. കാശുകൊടുത്താല്‍ പാര്‍ക്കില്‍ എല്ലാം കിട്ടും. മഴയില്‍ കളിക്കാം, വെയില്‍ കൊള്ളാം, ഗുഹയില്‍പോകാം, കടലില്‍ കുളിക്കാം, ആകാശത്ത് ഊഞ്ഞാലാടാം. വരുമ്പോള്‍ കീശയില്‍ നിറയെ കാശുംവെച്ച് കയ്യുംവീശി വരണമെന്നെയുള്ളു. ഒരു തുള്ളി വെള്ളമോ, ഒരു മിഠായി തുണ്ടോ വായില്‍ പോലും കരുതാന്‍ പാടില്ല. പുറത്തുള്ള എല്ലാ കൊച്ചു വില്പനക്കരെയും തുരത്തി. പുട്ടും കടലയും വില്‍ക്കുന്ന ജാനു ഇപ്പോള്‍ അമ്പല നടയില്‍ ഭിക്ഷയ്കിരിക്കുന്നു. ഐസ് മിട്ടായിക്കാരന്‍ അയ്യപ്പന്‍ നാട് വിട്ടുപോയി.
തേന്‍മൊഴി കാവല്‍ക്കാരന്റെ കനിവോടെ അവധി ദിനങ്ങളില്‍ വ്യാളികള്‍ വാതുറന്നു നില്‍ക്കുന്ന ജലപാര്‍ക്കിലേയ്ക്കുള്ള അര കിലോമീറ്റര്‍ നടപ്പാത തുടങ്ങുന്നിടത്തെ കവാടത്തിന്റെ മറവില്‍ കാപ്പിയും ചോളപ്പൊരിയും വിറ്റു. കഴിഞ്ഞയാഴ്ച്ച പര്‍ക്കിനുള്ളിലെ ചായയും കാപ്പിയും വില്‍ക്കാന്‍ ലേലംപിടിച്ചു കച്ചവടം നടത്തുന്ന വെന്റിംഗ് മെഷീന്‍കാരന്‍ കയ്യോടെപിടിച്ചു, കാപ്പിമുഴുവന്‍ അവളുടെ തലവഴി ഒഴിച്ചു. പൊള്ളിയടര്‍ന്ന മുഖവുമായി അവള്‍ ഓടി വന്നു വീണത് നീലിയുടെ മുന്നിലാണ്. പിറകെ ‘എതുക്ക് മഗളെ..അന്ത ഇടത്തില്‍ പോഹക്കൂടാതെ എത്ര വട്ടി ശോല്ലിയാച്ചു കണ്ണേ..’ എന്ന് നിലവിളിച്ചു ഒടിഞ്ഞു തൂങ്ങിയ കാലും വലിച്ചു തങ്കവേലുവും. അവളെ ഹോസ്പിറ്റലിലാക്കി… പോലീസ്, കലക്ടര്‍ …. എത്രപടികള്‍ നീലി കയറിഇറങ്ങി. ആരും വന്നില്ല. കയ്യിലിരുന്ന കാപ്പിപാത്രം തട്ടിവീണു ആ കൊച്ചിന് പൊള്ളിയതിനു നിങ്ങള്‍ ഇങ്ങനെ ബഹളം വെക്കുന്നതെന്തിനാ എന്ന് മന്ത്രി പരിഹസിച്ചപ്പോള്‍ ആത്മരോഷം കൊണ്ട് പുകഞ്ഞു. മുന്നിലിരുന്ന പൂപാത്രം എറിഞ്ഞുടയ്ക്കാനെ അവള്‍ക്കു കഴിഞ്ഞുള്ളൂ.
‘എന്താ നീ ഓര്‍ത്തിരിക്കുന്നത്? മുഴുവന്‍ കഴിക്കു… കുറച്ചു കഴിഞ്ഞാല്‍ ഇതൊന്നും മ്യുസിയത്തില്‍ പോലും കാണാന്‍ കിട്ടില്ല…’
‘നല്ല വേദന…’
‘ഞാന്‍ ഉപ്പിട്ട് വെള്ളം തിളപ്പിക്കാം. അത് കൊണ്ടാല്‍ വേദന കുറയും. ഇങ്ങനെ ആത്മരോഷം അധികം കൊള്ളണ്ട കേട്ടോ…’
ലോകാഹ് സമസ്താഹ്… സുഖിനോ ഭവന്തു….. അവളുടെ മൊബൈല്‍ ഫോണ്‍ പാടാന്‍ തുടങ്ങി..
വേഗം ചെന്ന് ഫോണെടുത്തു അവള്‍ ഹലോ പറഞ്ഞു.. അപ്പുറത്ത് ശാന്തി…
‘നീലി ..തേന്‍മൊഴി പോയി…’
അത്രയുമേ കേള്‍ക്കാന്‍ കഴിഞ്ഞുള്ളൂ..
എന്റെ കുഞ്ഞേ.. അവള്‍ അറിയാതെ വിതുമ്പി പോയി..
ചെറിയമ്മ ഫോണ്‍ വാങ്ങി ശാന്തിയോടു സംസാരിച്ചു..പിന്നെ പതുക്കെ അവളുടെ മുഖം അവരുടെ തോളില്‍ ചേര്‍ത്തു.
അവള്‍ക്കൊപ്പം ഇവിടെ വരുമ്പോഴൊക്കെ തേന്‍മൊഴി പറയുമായിരുന്നു..
‘അമ്മാ… പാട്ടിക്കു തീരെ വയ്യ… ഞാന്‍ പോയില്ലെന്കില്‍ അപ്പാവുക്കു പെരുത്ത് കഷ്ടം.അല്ലെങ്കില്‍ എനിക്ക് പോകാനേ തോന്നുന്നില്ല.. എന്തൊരു തണുപ്പ്..എന്തൊരു മണം… എനിക്ക് റൊമ്പ പിടിച്ചിരുക്ക് ഇന്ത ഇടം… ഹഹഹഹ….’
തേന്‍മൊഴിയും അവളുടെ ചിരിയും മണികിലുക്കി വീടിനു ചുറ്റും നടന്നു.
‘നിനക്ക് പിടിച്ച ഇടത്തില്‍ ആണോ തേന്‍മൊഴി നീ പോയത്..?’
അവള്‍ മുഖം തുടച്ചെഴുന്നേറ്റു.
‘എനിക്കുപോകണം ചെറിയമ്മേ…’
‘ഞാന്‍ ഒക്കെ ഏര്‍പ്പാട് ചെയ്തു. ശാന്തി എല്ലാം ചെയ്‌തോളും. അതുപോലൊരു സൗഹൃദം എന്ത് ആശ്വാസമാണ് നിനക്ക്. നീ ഇവിടെ രണ്ടു ദിവസം നില്‍ക്ക്. ശാന്തിയും പറഞ്ഞു നിന്നെ ഇപ്പോള്‍ അങ്ങോട്ട് അയക്കണ്ട എന്ന്…’
‘ഇല്ല.. പോണം എനിക്ക്..’
‘വേണ്ട നീലി… നിനക്കിനി അവിടെ ഒന്നും ചെയ്യാനില്ല… ഉടഞ്ഞ പൂപാത്രങ്ങള്‍ പെറുക്കി കളഞ്ഞ് അവര്‍ പുതിയവ വാങ്ങി വെക്കും.’
‘പക്ഷെ മനസ്സ് പുതിയത് വാങ്ങി വെക്കാന്‍ പറ്റില്ലല്ലോ ചെറിയമ്മേ?’
‘നിന്റെ ജീവിതം ഇങ്ങനെ എത്ര നാള്‍ ….?’
‘എത്രനാള്‍ എന്നറിയില്ല. അല്ലെങ്കിലും ഒരു ഉറപ്പുമില്ലല്ലോ ഒരു ജീവിതത്തിനും. തേന്‍മൊഴികളുടെയും കരിമ്പാറകളുടെയും അവയ്ക്കിടയില്‍ പൊടിഞ്ഞു തീരുന്ന ജന്മങ്ങളുടെയും ചരിത്രം മാഞ്ഞുപോയേക്കാം. എന്നാലും അവരുടെ മനസ്സിനൊപ്പം ജീവിക്കാന്‍ കഴിഞ്ഞ നാളുകള്‍ ജീവിതത്തില്‍ ഇല്ലാതെ പോകരുത്.. അതുമാത്രം മതി നമുക്ക്..’
ഉറച്ച കാല്‍വയ്‌പോടെ നീലി പടിയിറങ്ങി… പാടം തഴുകിവന്ന കാറ്റിനൊപ്പം തേന്‍മൊഴിയുടെ മണികിലുങ്ങന്ന ചിരിയും വയല്‍ വരമ്പു അവസാനിക്കുന്നിടംവരെ അവളുടെ കൂടെ പോയി…

23 Oct 2012

മിന്നല്‍പ്പിണരുകള്‍ക്കിടയിലെ ജീവന്‍

അനിൽകുമാർ സി.പി

ചുരുട്ടിയെറിഞ്ഞ പഴന്തുണിക്കെട്ടുപോലെ തനിക്ക് ചുറ്റുമുള്ള ലോകംതന്നെ മറന്നിരിക്കുന്ന അവളെ കണ്ടപ്പോള്‍ വല്ലാതെ ദേഷ്യംവന്നു. കഴിഞ്ഞ ഒരാഴ്ചയായി അവളോടു പറയുന്നു, ഇങ്ങനെ ജോലി ചെയ്താല്‍ ശരിയാവില്ലെന്ന്. എത്രത്തോളം അവളോടു സൌമ്യമായി സംസാരിക്കാന്‍ ശ്രമിച്ചാലും അതിലേറെ അകലത്തിലേക്ക് അവളുടെ ചിന്തകളെ പറഞ്ഞുവിട്ട് ശൂന്യമായ കണ്ണുകളുമായി വെറുതെ നോക്കിയിരിക്കും. മനസ്സില്‍ അമര്‍ഷം പതഞ്ഞുയരാന്‍ തുടങ്ങിയപ്പോള്‍ അവളെ വിളിച്ചു…
‘രെഹ്‌നാ…..’
‘ങേ… സര്‍… ‘
‘നീ എന്താണിങ്ങനെ? ഇന്നലെ തീര്‍ക്കേണ്ട പ്രൊജക്റ്റ് ഇനിയും സബ്മിറ്റ് ചെയ്തില്ലല്ലോ?’
‘ക്ഷമിക്കണം.. ഞാന്‍…’
‘നിനക്കിവിടെ ജോലി ചെയ്യാന്‍ താല്പര്യമില്ലെ? വെറുതെ എന്തിനു ആളുകളെ ബുദ്ധിമുട്ടിക്കുന്നു? റിസൈന്‍ ചെയ്തു പോകരുതോ?’
ദേഷ്യത്തോടെ അവളുടെ മുഖത്തേക്ക് തറപ്പിച്ചു നോക്കി… വാക്കുകള്‍ എനിക്ക് ചുറ്റും വെറുപ്പിന്റെ വളയങ്ങള്‍ തീര്‍ത്തുകൊണ്ടിരുന്നു. അവളുടെ കരിഞ്ഞുണങ്ങിയ ചുണ്ടുകള്‍ ഒന്നും പറഞ്ഞില്ല…. പൂര്‍ത്തിയാകാത്ത പ്രൊജക്റ്റ് ഫയല്‍ മേശപ്പുറത്തേക്കിട്ട് ഞാന്‍ നീണ്ട വരാന്തയിലൂടെ മുറിയിലേക്ക് നടന്നു.
കോഫീ കോര്‍ണറിലെ ചിരികളുടെ ശബ്ദം നിലച്ചു. പിറുപിറുക്കലുകള്‍ ഒച്ചിനെപ്പോലെ ഇഴഞ്ഞു ജനലിനപ്പുറത്തേക്ക് പോയി.
എപ്പോഴും സൗഹൃദാന്തരീക്ഷം ഓഫീസില്‍ സൂക്ഷിക്കുന്നതിന് ശ്രമിച്ചിരുന്നു. ഉള്‍വലിയുന്നവരെ ഏകാന്തതകളിലേക്ക് തനിച്ചുവിട്ട് അവരുടെ സര്‍ഗ്ഗാത്മകതയെ പുറത്തെടുക്കാന്‍ കഴിയുന്നതില്‍ അഭിമാനം തോന്നിയിരുന്നു. പക്ഷെ ഇവള്‍ മാത്രം… പുതിയ പ്രോജക്ടില്‍ അസോസിയേറ്റ് ആയി ഏറ്റവും മികച്ച ആളിനെയാണ് നിനക്ക് തരുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞപ്പോള്‍ അതൊരു കോംപ്ലിമെന്റായി തോന്നി…
‘എക്‌സ്‌ക്യൂസ് മി… മേ ഐ…?’
കാബിനിലേക്ക് കടന്നുവന്ന പെണ്‍കുട്ടിയില്‍നിന്ന് കണ്ണെടുക്കാനായില്ല. ബിസിനസ്സ് അറ്റയറില്‍, ആത്മവിശ്വാസം സ്ഫുരിക്കുന്ന ചലനങ്ങളും ആകര്‍ഷകമായ വ്യക്തിത്വവും…
‘ഞാന്‍ രഹ്‌ന… താങ്കളുടെ പുതിയ അസോസിയേറ്റ്…’
മനോഹരമായ ഇംഗ്ലീഷ് ആക്‌സന്റില്‍ അവള്‍ സ്വയം പരിചയപ്പെടുത്തി.
കൃത്യമായ ഒരു ഓഫീസ് സമയക്രമം അടിച്ചേല്പിക്കാതെ സമയബന്ധിതമായി ജോലി ചെയ്തുതീര്‍ക്കുന്നതിന് സ്വാതന്ത്ര്യം ഉള്ളതിനാല്‍ നല്ല വ്യക്തിബന്ധങ്ങള്‍ ഓഫീസില്‍ ഉണ്ടായിരുന്നു, മടുപ്പില്ലാത്ത അന്തരീക്ഷവും.
ഓഫീസ് ടവറിന്റെ നാല്പതാം നിലയിലെ റിവോള്‍വിംഗ് റെസ്‌റ്റോറന്റില്‍ ഏറെ നീണ്ടുപോയ പകലുകളുടെ ക്ഷീണം ‘കാപ്പിച്ചുനോയുടെ’ കടുപ്പത്തില്‍ അലിയിച്ചു തീര്‍ക്കുന്ന സന്ധ്യകളില്‍ രഹ്‌ന ചിലപ്പോഴൊക്കെ അവളെപറ്റി സംസാരിച്ചു. നാട്ടിന്‍പുറത്തെ ജീവിതം നഷ്ടപ്പെട്ടതും പിന്നെ ടെക് സിറ്റിയില്‍ വളര്‍ന്നു ഒരു ‘ടെക്കി’ ആയതും. എങ്കിലും എവിടൊക്കെയോ മനപ്പൂര്‍വ്വം അകലം പാലിക്കാന്‍ അവള്‍ ശ്രമിച്ചു. ചില ദിവസങ്ങളില്‍ ദൂരെ പോര്‍ട്ടിലെക്ക് കടക്കാന്‍ കാത്തുകിടക്കുന്ന കപ്പലുകളുടെ നീണ്ട നിരയില്‍ കണ്ണുറപ്പിച്ച്, പറന്നകലുന്ന സീഗള്ളുകള്‍ തീര്‍ക്കുന്ന ആകാശചിത്രങ്ങളില്‍ അവള്‍ നിശ്ശബ്ദയായി നോക്കിയിരിക്കും. മനസ്സിലെ അസ്വസ്ഥതകളുടെ തിരയിളക്കം ഒളിപ്പിക്കാനാവാതെ, ശുഭരാത്രിയുടെ മര്യാദ പോലും മറന്ന് അവള്‍ പോകുമ്പോള്‍ വല്ലാത്ത ദേഷ്യം തോന്നും.
തന്റെ സാന്നിദ്ധ്യംകൊണ്ടുപോലും മറ്റുള്ളവരില്‍ ഊര്‍ജ്ജം പകരുന്ന രഹ്‌ന ചില ദിവസങ്ങളില്‍ മറ്റൊരാളായി മാറും. അശ്രദ്ധമായ വസ്ത്രധാരണം, വരണ്ടുണങ്ങിയ ചുണ്ടുകള്‍, തെളിച്ചം നഷ്ടമായ കണ്ണുകള്‍, എല്ലാവരോടും ദേഷ്യം, തന്നിലേക്ക് തന്നെ ഉള്‍വലിയാനുള്ള ശ്രമം… ചില ദിവസങ്ങളില്‍ ഓഫീസിലെ അവളുടെ പെരുമാറ്റം അലോസരമുണ്ടാക്കുന്നതുമായിരുന്നു.
കാബിനില്‍ വന്നിരുന്നിട്ടും മനസ്സില്‍ രഹ്‌നയുടെ മുഖം അസ്വസ്ഥത സൃഷ്ടിച്ചുകൊണ്ടിരുന്നു. താഴെ കാറ്റാടിമരത്തിന്റെ നിഴലില്‍ കൂട്ടംകൂടിനിന്നു സിഗററ്റ് വലിക്കുന്നവര്‍ .
പെട്ടെന്നുണ്ടായ ചിന്തയില്‍ മനസ്സൊന്ന് ആടിയുലഞ്ഞു… രെഹ്‌ന… ഡ്രഗ്‌സ് അവളേയും കീഴ്‌പ്പെടുത്തിയിരിക്കുമോ?! അതായിരിക്കുമോ അവളുടെ സ്വഭാവത്തിലെ ഈ മാറ്റം?
രഹ്‌നയുടെ ഇന്റര്‍കോം മറുപടിയില്ലാതെ ശബ്ദിച്ചുകൊണ്ടിരുന്നു…
‘സര്‍… രെഹ്‌ന സുഖമില്ലാതെ നേരത്തേ പോയി’ സെക്രട്ടറി പറഞ്ഞു.
ശബ്ദത്തിലെ ദേഷ്യം മനസ്സിലാക്കിയിട്ടാവണം അവള്‍ തുടര്‍ന്നു, ‘രെഹ്‌നയുടെ റൂം മേറ്റിനു സാറിനോട് എന്തോ സംസാരിക്കാനുണ്ടെന്ന് പറയുന്നു.’
പൊതുവേ വാചാലയായ ബിന്‍ഷ സംസാരിക്കാന്‍ ബുദ്ധിമുട്ടി.
‘പറയൂ…’
‘സര്‍… അത് രഹ്‌നയെ കുറിച്ചാണ്… മറ്റാരും ഇക്കാര്യം അറിയരുത് എന്നവള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു… എങ്കിലും സര്‍ ഇത് അറിയണം എന്ന്! എനിക്ക് തോന്നി. രഹ്‌ന ഒരു എപ്പിലപ്‌സി പേഷ്യന്റാണ്… ഫിറ്റ് ഉണ്ടാകുന്ന ദിവസങ്ങളിലാണ് അവളിങ്ങനെ വല്ലാതെ അപ്‌സെറ്റ് ആവുന്നത്…’
കാബിനില്‍ നിന്ന് പുറത്തേക്ക് പോകുന്ന ബിന്‍ഷയെ സ്തബ്ധനായി നോക്കിയിരുന്നു. അവളുടെ വാക്കുകള്‍ മുറിയിലെ വെളിച്ചം കെടുത്തി. ചുവരിലെ ചിത്രം ചാവുകടല്‍പോലെ തോന്നി.. തലയ്ക്കകത്ത് കുറ്റബോധത്തിന്റെ കറുത്ത പാമ്പുകള്‍ ഇഴഞ്ഞു…
മൊബൈല്‍ ഫോണിന്റെ അങ്ങേത്തലക്കല്‍ രഹ്‌നയുടെ ചിലമ്പിച്ച ശബ്ദം…
‘എന്തു പറ്റി രഹ്‌നാ?’
‘വല്ലാത്ത ക്ഷീണം…’
‘രഹ്‌ന വിശ്രമിക്കൂ… വൈകുന്നേരം ഞാന്‍ അതുവഴി വരുന്നുണ്ട്… നമുക്ക് പുറത്തൊക്കെയൊന്നു പോകാം. അല്പം ഫ്രഷ് എയര്‍ കൊണ്ടാല്‍ ക്ഷീണം മാറും.’
ബീച്ചിലെ ഓപ്പണ്‍ കഫേയില്‍ തണുത്ത കാപ്പിക്കപ്പിനു മുന്നില്‍ തിരയില്ലാത്ത കടലില്‍ അലക്ഷ്യമായി കണ്ണുനട്ടിരുന്നു അവള്‍ . നീണ്ട മൂക്കിനു താഴെ മലര്‍ന്നു തുടുത്ത ചുണ്ടുകള്‍ അപ്പോള്‍ വിളര്‍ത്തു കരിഞ്ഞിരുന്നു….
‘സര്‍ …എനിക്ക്…’
‘എന്നെ പേര് വിളിക്കാം, അതാണെനിക്കിഷ്ടവും…നമുക്കിടയിലുള്ള ദൂരവും കുറച്ചു കുറയട്ടെ… ഹഹഹ…’
അവള്‍ വിളറിയ ഒരു പുഞ്ചിരിയോടെ ദീര്‍ഘമായി നിശ്വസിച്ചു…
‘നിഹാല്‍ , ക്ഷമിക്കണം… ഈ പ്രോജക്റ്റ് സമയത്തിനു ചെയ്തു തരാന്‍ കഴിയുമെന്ന്! എനിക്ക് തോന്നുന്നില്ല…’
‘രഹ്‌നാ… നിന്നേക്കാള്‍ നന്നായി അത് ചെയ്യാന്‍ മറ്റാര്‍ക്കും കഴിയില്ല. നാളെ സ്വസ്ഥമായി തുടങ്ങു.., ഞാനും സഹായിക്കാം…’
അടുത്ത ദിവസങ്ങളൊക്കെ മുഴുവന്‍ സമയവും രഹ്‌ന പ്രൊജക്ടിനായി ചിലവഴിച്ചു. ഇടക്കിടെ സംശയങ്ങളുമായി കാബിനില്‍ വരുമ്പോഴൊക്കെ തികച്ചും ഒരു പ്രൊഫഷണല്‍ മാത്രമായിരുന്നു അവള്‍ .സമയപരിധിക്ക് മുമ്പ് തന്നെ പ്രോജക്റ്റ് പ്രസന്റേഷന്‍ മനോഹരമായി തയ്യാറാക്കിത്തന്നു.
‘എക്‌സലന്റ് വര്‍ക്ക്… അഭിനന്ദനങ്ങള്‍ രേഹ്‌ന… ഇവിടുത്തെ കോര്‍ഗ്രൂപ്പിലേക്ക് സ്വാഗതം.’
‘താങ്ക്യു നിഹാല്‍ , എനിക്ക് കിട്ടിയ ഏറ്റവും നല്ല അവസരമാണിത്…’
ഏറെ ഉത്തരവാദിത്വമുള്ള പ്രോജക്ടുകള്‍ എപ്പോഴും അവളെ തന്നെ ഏല്പിച്ചു. രഹ്‌ന ബോധപൂര്‍വ്വം സൃഷ്ടിച്ച ഞങ്ങള്‍ക്കിടയിലെ അകലം കുറഞ്ഞുവന്നു.
‘ഓഹ്… ഇവിടെ നമ്മള്‍ മൂന്നു മലയാളികള്‍ മാത്രമായതു കൊണ്ടാവും ഇത്രയും നല്ല ഓഫീസ് അന്തരീക്ഷം. മറ്റുള്ളവന്റെ മനസ്സിലേക്കുള്ള ആ അവിഞ്ഞ ഒളിഞ്ഞുനോട്ടം ഇല്ലാത്തത് തന്നെ വലിയ ആശ്വാസം’ എന്നൊരിക്കല്‍ അവള്‍ പറഞ്ഞു ചിരിച്ചത് ഓര്‍മ്മയുള്ളതുകൊണ്ട് അവളെപ്പറ്റി കൂടുതല്‍ അറിയാന്‍ താല്പര്യം കാണിച്ചില്ല.
പുതിയ പ്രോജക്റ്റില്‍ സ്വയം മറന്നിരിക്കുമ്പോഴാണ് രഹ്‌ന ചോദിച്ചത്,
‘നിഹാല്‍ , മഞ്ഞ ഉന്മാദത്തിന്റെ നിറമാണ് അല്ലേ?’
‘ഉം… എന്താ അങ്ങനെ ഒരു തോന്നല്‍ ?’
‘അല്ല, വാന്‍ഗോഗിന്റെ ചിത്രങ്ങളില്‍ല്‍ ഭ്രമാത്മകമായ മഞ്ഞയുണ്ട്. നിന്റെ തലക്ക് മുകളിലെ ചുവരിലും റിസപ്ഷനിലും വാന്‍ഗോഗ് ചിത്രങ്ങളാണല്ലോ. സുന്ദരികള്‍ പാറിപറക്കുന്ന ഇവിടെ മോണോലിസ്സ ആയിരുന്നില്ലേ നല്ലത്?’
‘ഉന്മാദത്തിന്റെയും ദാരിദ്ര്യത്തിന്റെയും കൊടുമുടിയില്‍ ജീവിക്കുമ്പോഴും എന്റെ ചിത്രങ്ങള്‍ക്ക് ലോകം വിലപറയുന്ന ഒരു ദിവസം വരുമെന്ന് പറഞ്ഞ വാന്‍ഗോഗിനെയാണെനിക്കിഷ്ടം.. ഒരിക്കല്‍ വിശപ്പിന്റെ കണ്ണീരുമായി ഒരു രാത്രി മുഴുവന്‍ രണ്ടു ‘സെന്റ്‌സ്’ തന്നാല്‍ മതി എന്നുപറഞ്ഞു തെരുവുകളിലെ ഓരോ കടയിലും കയറി ഇറങ്ങിയിട്ടും ആരും വാങ്ങാതെ പോയ ആ ചിത്രത്തിനാണ് ഇന്ന് ഏറ്റവും കൂടുതല്‍ വില… മരണം കൊണ്ട് വിഖ്യാതനായ ചിത്രകാരന്‍…’
‘ഉം.., അദ്ദേഹത്തിന്റെ ഉന്മാദവും വിഖ്യാതമായിരുന്നു…’
‘ഹഹഹ…. നിനക്ക് ഉന്മാദം ഇഷ്ടമാണോ?’ അവളുടെ കണ്ണില്‍ നോക്കിയാണ് ചോദിച്ചത്…
അവള്‍ ഒന്ന് പിടഞ്ഞു… പിന്നെ സംയമനം വീണ്ടെടുത്ത് പറഞ്ഞു,
‘ഒരു നേര്‍രേഖയില്‍ ജീവിതം ജീവിച്ചു തീര്‍ക്കാന്‍ എനിക്കിഷ്ടമല്ല.’
‘അപ്പോള്‍ എന്നെപ്പോലെ കുറച്ചു ഭ്രാന്തുണ്ട് നിനക്കും അല്ലേ? ഭ്രാന്തുള്ളവര്‍ വളരെ ക്രിയേറ്റീവ് ആണെന്നറിയുമോ?’
ആത്മസംഘര്‍ഷത്തില്‍ അവളുടെ കണ്ണുകള്‍ ചുവന്നു. പിന്നെ പതുക്കെ പറഞ്ഞു…
‘അതേ, തലച്ചോറില്‍ മിന്നലുകള്‍ എരിയുന്നവന്റെ ഭ്രാന്ത്… അത് ക്രിയേറ്റീവ് അല്ല, വളരെ വളരെ ക്രിട്ടിക്കല്‍ ആണ്… നിനക്കതു മനസ്സിലാവില്ല…’
അവള്‍ പെട്ടെന്നെഴുന്നേറ്റു പുറത്തേക്കു പോയി. ഒന്നും പറയാനാവാതെ ഞാന്‍ സൂര്യകാന്തിപൂക്കളിലെ മഞ്ഞ നിറവും നോക്കിയിരുന്നപ്പോള്‍ തലച്ചോറില്‍ കടലിരമ്പങ്ങളുടെ നേര്‍ത്ത ശബ്ദം… എന്റെ കണ്ണുകള്‍ അറിയാതെ അടഞ്ഞുപോയി…
സമയം പോയതറിഞ്ഞില്ല… ഉണര്‍ന്നപ്പോള്‍ ഇരുട്ട് വീണിരുന്നു. മുറിപൂട്ടിയിറങ്ങുമ്പോള്‍ രഹ്‌നയുടെ കാബിനില്‍ വെളിച്ചം കണ്ടു. അവള്‍ ഇനിയും പോയില്ലേ? ഞാന്‍ ചെന്നതുപോലും അവഹള്‍ അറിഞ്ഞില്ല. ഗ്ലാസ് ഭിത്തിക്കരികില്‍ താഴെ നിരത്തില്‍ പല നിരകളായി ഒഴുകി നീങ്ങുന്ന വാഹനങ്ങള്‍ നോക്കിനില്ക്കുന്നു.
അവളുടെ തോളില്‍ കൈ വെച്ചു… എന്നെ നോക്കി അവള്‍ ചിരിക്കാന്‍ ശ്രമിച്ചു.
‘രെഹന… ഇന്ന് നമുക്ക് ഡിന്നര്‍ ഒന്നിച്ചായാലോ?’
പൂള്‍സൈഡ് റെസ്‌റ്റോറന്റില്‍ നീന്തല്‍ക്കുളത്തില്‍ ചന്ദ്രന്‍ നീന്തിത്തുടിക്കുന്നതും നോക്കിയിരുന്നപ്പോള്‍ അവളുടെ വാക്കുകള്‍ തണുത്ത കാറ്റിനൊപ്പം തീക്കനലുകള്‍ ഹൃദയത്തിലേക്ക് കോരിയിട്ടു.
‘ഒരു അപസ്മാര രോഗിയെക്കുറിച്ച്, അവന്റെ വേദനകളെക്കുറിച്ച് നിനക്കറിയുമോ, മനസ്സിലാകുമോ എന്ന് എനിക്കറിയില്ല നിഹാല്‍ … എന്നാലും എനിക്ക് നിന്നോടു പറയാതെ വയ്യ…’
അവളുടെ കയ്യില്‍ മെല്ലെ അമര്‍ത്തി. വൈന്‍ ഗ്ലാസ്സില്‍ നിന്ന് ഒരു കവിള്‍ എടുത്ത് പറഞ്ഞു തുടങ്ങി… ആത്മവ്യഥയുടെ നീണ്ട് നീണ്ടു പോകുന്ന മൌനങ്ങള്‍ക്കിടയിലെ എന്റെ ചോദ്യങ്ങള്‍ക്കായി അവള്‍ മനസ്സുതുറന്നു.
‘നിഹാല്‍ , ചിത്രശലഭങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കുമൊപ്പം ഊഞ്ഞാലാടി വളര്‍ന്നതായിരുന്നു എന്റെ ബാല്യം. പക്ഷെ കൌമാരവും യൌവ്വനവും കണ്ണീരിലും ചോരയിലും കുതിര്‍ന്നു പോയി.. യൂണിവേഴ്‌സിറ്റിയിലെ ആദ്യവര്‍ഷമാണ് എന്റെ തലച്ചോറില്‍ ഇടിമുഴക്കങ്ങള്‍ ഉണ്ടായത്…ആദ്യത്തെ എപ്പിലപ്റ്റിക് ഫിറ്റ്. .., … എന്റെ നാവ് മുറിഞ്ഞ് ചോര ഒഴുകി… ശരീരം മുഴുവന്‍ ഇടിച്ചു പിഴിഞ്ഞ വേദന… കുഴഞ്ഞുപോകുന്ന നാവ്… തലപൊട്ടി പൊളിയുന്ന വേദന… ശരീരത്തിന്റെ ബലം മുഴുവന്‍ നഷ്ടപ്പെട്ടതുപോലെ… പിന്നെ വെള്ളിടി വെട്ടിയ രാവുകളിലെല്ലാം നക്ഷത്രഖബറില്‍ എരിഞ്ഞു വീണ നക്ഷത്രത്തിന്റെ കരിക്കട്ട പോലെ ഞാനും വീണുകിടന്നു.’
‘മരുന്ന് സ്ഥിരമായി കഴിച്ചിരുന്നില്ലേ നീ?’
‘മരുന്ന് കഴിച്ചു തുടങ്ങിയതോടെ എന്റെ ജീവിതത്തിന്റെ താളം തന്നെ തെറ്റി. എപ്പോഴും ഉറക്കം തൂങ്ങി… ക്രമേണ ഒന്നും ഓര്‍ത്തുവേക്കാന്‍ കഴിയാതായി… സഹതാപങ്ങള്‍ മുറിപ്പെടുത്താന്‍ തുടങ്ങി…കടുത്ത നിയന്ത്രണങ്ങള്‍ എനിക്ക് ചുറ്റും കമ്പിവേലികള്‍ തീര്‍ത്തു… ഞാന്‍ എന്റെ ലോകത്തേക്ക് ഉള്‍വലിഞ്ഞു…
‘അവിടേക്ക് കടന്നു കയറിയവരോടു നിര്‍ദ്ദയമായി പെരുമാറി, അല്ലേ?’
‘ഉം….അതാവാം പുഴയോരത്തെ വലിയ വീട്ടില്‍നിന്നും എപ്പോഴും ചൂടുകാറ്റ് വീശിയടിക്കുന്ന ഹൈദരാബാദിലേക്ക് ഞങ്ങള്‍ താമസം മാറ്റിയത്. വല്ലപ്പോഴുമൊക്കെ തലച്ചോറില്‍ അഗ്‌നിഗോളങ്ങള്‍ എരിഞ്ഞു… തുടര്‍ച്ചയായി 3 കൊല്ലം ഫിറ്റ് ഉണ്ടായില്ലെങ്കില്‍ മരുന്ന് നിര്‍ത്താം എന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. പക്ഷെ ഒരിക്കലും മരുന്ന് നിര്‍ത്താന്‍ കഴിഞ്ഞില്ല. സ്വയം വെറുത്തു വെറുത്തു ഞാന്‍ ജീവിക്കാന്‍ പഠിച്ചു… എല്ലാത്തില്‍ നിന്നും ഒരു ഒളിച്ചോട്ടമായിരുന്നു ആ ജോലി…. ജോലി മാത്രമായിരുന്നു അവിടെ എന്റെ ജീവിതം…’
‘അത് നല്ല കമ്പനി ആയിരുന്നല്ലോ? എന്നിട്ടും എന്തിനാണ് അതുപേക്ഷിച്ചത്?’
‘എനിക്കവിടെ സൌഹൃദങ്ങള്‍ ഇല്ലായിരുന്നു, ബിന്‍ഷ അല്ലാതെ. തലയ്ക്കുള്ളിലെ കടലിരിമ്പങ്ങള്‍ക്ക് ചെവിയോര്‍ത്തു കിടക്കുന്ന ഒരുവളില്‍ പ്രണയം എങ്ങനെ പൂത്തുലഞ്ഞു എന്ന് എനിക്കുതന്നെ അറിയില്ല… അതുവരെ നഷ്ടമായ നിറങ്ങള്‍കൊണ്ട് തരുണ്‍ എന്റെ ദിവസങ്ങള്‍ക്ക് ചായം തേച്ചു. ഞാന്‍ കൂടെയുള്ളപ്പോള്‍ ഇനി ഒരിടിമിന്നലും നിന്നെ തളര്‍ത്തില്ല എന്ന് തരുണ്‍ പറയുമായിരുന്നു… അവന്റെ സാമീപ്യം എന്നില്‍ പെണ്‍ജീവിതത്തിന്റെ ആസക്തി നിറച്ചു.’
‘പിന്നെ എന്താണ് നിന്നെ ഉലച്ചു കളഞ്ഞത്? ഒന്നും ചെയ്യാതെ ഒരു ഇടവേള നിന്റെ ‘റെസുമെ’യില്‍ കണ്ടു…’
‘എനിക്കും അവനും ഒന്നിച്ചാണ് ഒരു ഫോറിന്‍ അസൈന്‍മെന്റ് കിട്ടിയത്. അതിന്റെ പേപ്പറുമായി അവന്‍ ഓടി വന്നപ്പോള്‍ ബിന്‍ഷ ഏതോ കിറ്റി പാര്‍ട്ടിക്ക് പോയിരിക്കുകയായിരുന്നു. എന്നെ അവന്‍ ഗാഡമായി ആലിംഗനം ചെയ്തു… മേശപ്പുറത്തിരുന്ന സോഡിയം വാല്‌പൊറേറ്റ് ടാബ്ലെറ്റിന്റെ കിറ്റെടുത്ത് അവന്‍ പുറത്തേക്കെറിഞ്ഞു. ഇനി നിനക്കിതിന്റെ ആവശ്യം ഇല്ല… മൂന്നു വര്‍ഷം നീ ഭയന്ന് ജീവിച്ചില്ലേ? ഇന്ന് നിന്റെ തലച്ചോറില്‍ എരിയുന്ന ഇടിമിന്നല്‍ നിന്റെ വികാരങ്ങളില്‍ നിറക്ക്… എനിക്ക് ഈ രാത്രി വേണം നിനക്കൊപ്പം… അവനെന്നെ ഭ്രാന്തമായി ചുംബിക്കാന്‍ തുടങ്ങി…’
‘ഭ്രാന്തമായി പ്രണയിക്കാന്‍ കഴിയുന്നത് ഒരു സൌഭാഗ്യമല്ലേ രെഹന’
‘ആദ്യരതിയുടെ അശ്ലീലങ്ങള്‍ ഇല്ലാതെ ഞാനവന്റെ വികാരങ്ങളില്‍ നിറഞ്ഞു. ആലസ്യത്തിലേക്ക് ഊര്‍ന്നു വീഴുമ്പോഴേക്കും അവന്‍ എന്നില്‍ നിന്നും അകന്നുമാറി കണ്ണടച്ചു കിടന്നു. നീ ആദ്യമായിട്ടല്ല, അല്ലേ? എന്ന അവന്റെ ചോദ്യത്തില്‍ ഞാന്‍ പകച്ചുപോയി. പതിനഞ്ചാം വയസ്സില്‍ തുടങ്ങിയ ഭോഗങ്ങളുടെ ഓര്‍മ്മക്കണക്കുകള്‍ സൂക്ഷിക്കുന്ന അവന്റെ മുന്നില്‍ എന്റെ കന്യകാത്വത്തിന് സാക്ഷ്യം പറയാന്‍ എനിക്ക് തോന്നിയില്ല. കയ്യില്‍ തടഞ്ഞ ടി ഷര്‍ട്ട് എടുത്തു കൊടുത്തിട്ട് ഞാന്‍ പറഞ്ഞു, നിനക്ക് പോകാം തരുണ്‍… ഇനി നമ്മള്‍ കാണാതിരിക്കട്ടെ… ശുഭയാത്ര…’
‘മുറിയുടെ വാതില്‍ വലിച്ചടച്ച് നേര്‍ത്ത ഗൌണിട്ട ഞാന്‍ രാത്രിയുടെ തണുപ്പിലേക്കിറങ്ങി നടന്നു… പിന്നെ ഓര്‍മ്മ വരുമ്പോള്‍ മുറിഞ്ഞ നാവും ബലമില്ലാത്ത ശരീരവുമായി ഞാന്‍ ബിന്‍ഷയുടെ മടിയില്‍ കിടക്കുകയായിരുന്നു. ഓഫീസിലെ ഡൈനിങ്ങ് റ്റേബിളുകളിലും ബാച്ചിലര്‍ പാര്‍ട്ടികളിലുമൊക്കെ എന്റെ ‘പെര്‍ഫോര്‍മന്‍സിന്റെ’ കഥകള്‍ കറങ്ങിനടന്നു. പക്ഷെ ജോലി ഉപേക്ഷിക്കുവാന്‍ എനിക്കാകുമായിരുന്നില്ല…’
‘അധഃകൃതന്റെ ജാതിപ്പേരുപോലെ പെണ്ണിന്റെ മേലുള്ള സ്റ്റിഗ്മയാണ് അവളുടെ കന്യാചര്‍മ്മം, അല്ലേ? എനിക്ക് ഉറക്കെ ചിരിക്കാനാണ് തോന്നുന്നത്…’
‘എന്റെ മേശമേല്‍ പിന്നെയും വാല്‌പൊറേറ്റ് കിറ്റ് വന്നിരുന്നു. അവയില്‍നിന്നും ഞാന്‍ ദിവസവും ഒന്നിലധികം കഴിച്ചു ബോധമില്ലാതെ രാവുകള്‍ ഉറങ്ങിത്തീര്‍ത്തു. ബിന്‍ഷ ഇവിടെ ജോയിന്‍ ചെയ്തപ്പോള്‍ അവള്‍ നിര്‍ബ്ബന്ധിച്ചു എന്റെയും റെസുമേ കൊടുത്തു. അങ്ങനെ ഇവിടെയെത്തി…’
‘ജീവിതത്തിലെ ഇരുണ്ട ദിനങ്ങള്‍ ഒക്കെ കഴിഞ്ഞു പോയി രേഹന… ഇനി പുതുജീവന്റെ വെള്ളിവെളിച്ചങ്ങള്‍ ആണ്.’
‘ഇല്ല നിഹാല്‍ . ഇതെന്റെ ജീവപര്യന്തം ആണെന്ന് തോന്നുന്നു. കഴിഞ്ഞ കുറേ നാളുകളായി അസുഖം വരാതെയിരിക്കുകയായിരുന്നു. മരുന്നു നിര്‍ത്താം എന്നു സന്തോഷിച്ചിരുന്നപ്പോഴാണ് അടുത്ത കാലത്തായി വീണ്ടും….’
മുഖംപൊത്തി രെഹ്‌ന എങ്ങലടിച്ച് കരയാന്‍ തുടങ്ങി. അവളെയും ചേര്‍ത്തുപിടിച്ച് പൂളിനരികിലേക്ക് നടന്നു. കടല്‍ കടന്നെത്തിയ ഈറന്‍കാറ്റ് പുതപ്പായി… രെഹ്‌നയുടെ തേങ്ങലുകള്‍ എന്റെ തോളില്‍ മെല്ലെ മെല്ലെ തലചായ്ചു…
ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഉള്ളില്‍നിന്നും സത്യം നാവിന്‍തുമ്പോളം എത്തി. ഒരു കഷണം ഫിഷ് ടിക്കയോടൊപ്പം അത് വിഴുങ്ങിയിട്ട് അവളോട് പറഞ്ഞു…
‘ഞാന്‍ ഇതില്‍ ഗവേഷണം ചെയ്യുന്നുണ്ട്…’
‘ഗവേഷണമോ? അവള്‍ കണ്ണ് മിഴിച്ചു.’
‘ചുമ്മാ… പുതിയ അറിവുകള്‍ തലച്ചോറിനു നല്കിക്കൊണ്ടിരുന്നാല്‍ ഓര്‍മശക്തി വര്‍ദ്ധിക്കുമെടോ…’
‘ഉം… എന്നാല്‍ ഗവേഷണ ഫലം പറയു…’
‘ചിലരില്‍ ചില പ്രത്യേക നിമിഷങ്ങളില്‍ ശരീരത്തിനു വേണ്ടതിലധികം ഇലക്ട്രിസിറ്റി അവരുടെ തലച്ചോറില്‍ ഉല്പാദിപ്പിക്കപ്പെടുന്നു. ഇത് ഏതാനം നിമിഷങ്ങളിലേക്ക് ശരീരത്തിന്റെ താളം തെറ്റിക്കുന്നു. അതാണ് ഈ ഫിറ്റ്‌സ്. കൃത്യമായ ഉറക്കവും, ജീവിതചര്യയും, മരുന്നും കൊണ്ട് ഇതിനെ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കാം…’
‘ഇതൊക്കെ എന്റെ ഡോക്ടറടെ പതിവ് ഉപദേശങ്ങളാണല്ലോ…’
‘അല്ല രെഹന, ജന്മസിദ്ധമായി ക്രോണിക് എപിലപ്റ്റുകള്‍ ആവുന്നവരാണു രോഗികള്‍ . നിന്റേത് ഒരു രോഗമല്ല… ഒരു ശാരീരികാവസ്ഥ മാത്രം… അതിലുപരി ഒരു മാനസികാവസ്ഥയും…’
‘അപ്പോള്‍ എനിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടില്ല, അല്ലെ?’ അവള്‍ വരണ്ട ചിരിയോടെ ചോദിച്ചു.
‘നിനക്കായി എത്രയോ രാജവീഥികള്‍ കാലം ഒരുക്കിവെച്ചിരിക്കുന്നു. അറിയപ്പെടുന്ന ജീനിയസ്സുകളില്‍ പലരും എപ്പിലെപ്റ്റിക് ആയിരുന്നില്ലേ…? അന്ന് ഞാന്‍ തമാശ പറഞ്ഞതല്ല… ഇതുള്ളവരില്‍ ക്രിയേറ്റിവിറ്റി വളരെ കൂടുതല്‍ ആയിരിക്കും.. ഇറ്റ് ഈസ് എ ഗിഫ്റ്റ് ഓഫ് ഗോഡ്…’
രാത്രിയുടെ പാതിയും കടന്നു പോയി. ആകാശത്ത് നിലാവിന്റെ തിരിവെട്ടം തല നീട്ടി. രഹ്‌നയുടെ കണ്ണുകളില്‍ പതുക്കെ വെളിച്ചം നിറഞ്ഞു.
തിരക്കുകള്‍ ദിവസങ്ങളെ തിന്നു തീര്‍ത്തു. ഉഷ്ണം പുകയുന്ന ചിന്തകള്‍ ഉപേക്ഷിച്ച് പ്രസരിപ്പും ഊര്‍ജ്ജസ്വലതയും രെഹ്‌ന വീണ്ടെടുത്തു . ജീവനക്കാര്‍ക്കിടയില്‍ അവള്‍ നല്ലൊരു സുഹൃത്തും ലീഡറുമായി വളര്‍ന്നു. കമ്പിനിയുടെ പുതിയ പ്രസ്റ്റീജ് പ്രോജക്ടിന്റെ ജോലികള്‍ പൂര്‍ത്തിയാക്കിയ ദിവസമാണ് അവള്‍ ചോദിച്ചത്…,
‘ഈ വീക്കെന്‍ഡ് നമുക്ക് ‘തണ്ടറില്‍ ‘ ആക്കിയാലോ നിഹാല്‍ ?’
നഗരത്തിലെ പ്രശസ്ഥമായ എക്‌സ്‌ക്ലൂസീവ് നൈറ്റ്ക്ലബ്,… ഹാളിലെ മങ്ങിയ വെളിച്ചവുമായി പൊരുത്തപ്പെടാന്‍ ഏതാനം നിമിഷങ്ങള്‍ എടുത്തു. ഡാന്‍സ് ഫ്‌ലോറിലെ സ്‌പോട്ട് ലൈറ്റുകളുടെ പ്രഭയില്‍ ഡീജെയുടെ വാചകമടിക്കൊപ്പം കുണുങ്ങി കുണുങ്ങിയെത്തി പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന ഇന്‍ഹൌസ് നര്‍ത്തകികള്‍ .
‘നിഹാല്‍… വര്‍ഷങ്ങളുടെ ഈ മരുന്നുകഴിപ്പ് എന്റെ മനസ്സിനേയും ശരീരത്തെയും വികാരങ്ങളെയുമൊക്കെ തളര്‍ത്തിക്കളഞ്ഞിരുന്നു എന്നാണ് ഞാന്‍ കരുതിയത്…’
‘ഇപ്പോഴോ?’
അവള്‍ ചുണ്ടുകടിച്ച് ചിരിച്ചു. പിന്നെ കയ്യില്‍ പിടിച്ച് ഡാന്‍സ് ഫ്‌ലോറിലേക്ക് കണ്ണുകാണിച്ചു. അവിടെ ഡീജെ ഡാന്‍സ് ചെയ്യാനായി ആളുകളെ ക്ഷണിക്കുന്നുണ്ടായിരുന്നു. മറ്റ് ജോഡികള്‍ക്കൊപ്പം ഫ്‌ലോറിലേക്ക് നടന്നു. സ്‌റ്റേജിലെ പാട്ടിനൊപ്പം ചുവട് വെക്കാന്‍ തുടങ്ങി… സ്‌പോട്ട് ലൈറ്റുകളുടെ വര്‍ണ്ണങ്ങള്‍ അവളുടെ കണ്ണുകളില്‍ പൂത്തിരി കത്തിച്ചു… പാട്ടിന്റെ താളം മുറുകി… നെഞ്ചിലേക്ക് ചാരി അവള്‍ എന്തോ പറയാന്‍ ശ്രമിച്ചു.. ചേര്‍ത്തുപിടിച്ച് സീറ്റിലേക്ക് നടക്കുമ്പോള്‍ അവളുടെ നിശ്വാസങ്ങള്‍ ഉച്ചത്തിലാവുന്നത് അറിയുന്നുണ്ടായിരുന്നു.
ബീയര്‍ ഗ്ലാസ്സില്‍ നുരഞ്ഞുപൊന്തിയ കുമിളകള്‍ ഒന്നൊന്നായി പൊട്ടിയടിഞ്ഞു! ഏറെനേരം കഴിഞ്ഞ് രെഹ്‌ന മെല്ലെ പറഞ്ഞു,
‘നിഹാല്‍ നീ പറയാറില്ലേ നിന്റെ നാട്ടിലെ മഴക്കാലത്തെക്കുറിച്ച്… എനിക്കവിടെ പോകണം, ആ മലമുകളില്‍… നിന്റെ അരികിലിരുന്ന് എനിക്ക് മഴ ആസ്വദിക്കണം. കൊണ്ടുപോകില്ലേ നീ എന്നെ…?’
‘തീര്‍ച്ചയായും…’
പുതിയ പ്രോജക്ടിന്റെ ഫൈനലൈസേഷനായി ചെയര്‍മാനും ഉയര്‍ന്ന മാനേജ്‌മെന്റ് ടീമംഗങ്ങളും എത്തി. അവരുടെ മുന്നില്‍ പ്രോജക്റ്റ് പ്രസന്റെഷന്റെ ചുമതല രഹ്‌നയെ ഏല്പിച്ചു. നീണ്ടുനിന്ന കയ്യടികള്‍ക്കൊടുവില്‍ പ്രസന്റേഷന്‍ അവസാനിപ്പിച്ച് രെഹ്‌ന ഗാഡമായ സൌഹൃദത്തിന്റെ ഹൃദ്യമായ ചിരിയോടെ ഓടി വന്നെന്നെ ചുറ്റിപിടിച്ചു..
‘ഗ്രേറ്റ് എഫര്‍ട്… നിന്റെ പ്രിയപ്പെട്ട സുഹൃത്തായിരിക്കുന്നതു എന്റെ സൌഭാഗ്യമാണ് രെഹന…’
ഏറെ നിര്‍ബന്ധങ്ങള്‍ക്കൊടുവിലാണ് ലണ്ടനിലെ പുതിയ പ്രോജക്ടിന്റെ ചാര്‍ജ് രഹ്‌നക്ക് കൊടുക്കാന്‍ മാനേജ്‌മെന്റ് സമ്മതിച്ചത്. ബ്രൌണ്‍ കവറിനുള്ളില്‍നിന്നും എടുത്ത വെളുത്ത കടലാസും ചിരിച്ചു തുടുത്ത മുഖവുമായി അവള്‍ നിന്ന് കിതച്ചു…
‘ഉം..? സ്വര്‍ഗ്ഗത്തേക്കുള്ള ടിക്കറ്റ് കിട്ടിയോ?’ ഞാന്‍ കളിയാക്കി.
‘അല്ല, ലണ്ടനിലേക്ക്.. നിഹാല്‍ , ഇത് നിനക്കുള്ളതാണ്. മിന്നല്‍പ്പിണരുകള്‍ക്കിടയില്‍ എരിഞ്ഞുതീരുമായിരുന്ന ഒരു ജീവനെ ഭൂമിയില്‍ ജീവിക്കാന്‍ പഠിപ്പിച്ചതിന്…’
‘ഹേയ്… ആര്‍ക്കും ആരെയും ഒന്നും പഠിപ്പിക്കാനാവില്ല രെഹന, അവരുടെ മനസ്സ് പഠിക്കാന്‍ തയ്യാറാകുന്നതുവരെ. നിന്റെ സ്വപ്നങ്ങളുടെ അതിരുകള്‍ക്കപ്പുറത്തേക്ക് വളരണം… എന്നാണു യാത്ര?’
‘ഒരാഴ്ചയുണ്ട്… അതിനു മുന്‍പ് നാട്ടില്‍ ഒന്ന് പോയിവരണം.’
‘ശെരി, പിന്നെ കാണാം… എനിക്കല്പം തിരക്കുണ്ട്…’
മഞ്ഞവെയിലില്‍ തിളങ്ങുന്ന ക്രോടന്‍സ് ചെടികളില്‍ തട്ടിവന്ന കാറ്റ് അവളുടെ മുഖത്തെ ചിരിയുമെടുത്ത് അകലേക്കുപോയി. അപ്പോഴും എന്റെ കൂടെ വരില്ലേ എന്ന് അവളുടെ കണ്ണുകള്‍ ചോദിക്കുന്നുണ്ടായിരുന്നു…
സ്വപ്നങ്ങള്‍ അവള്‍ക്കൊപ്പം പോകാനൊരുങ്ങിയെങ്കിലും ഹൃദയം വഴിമാറിനിന്നു. വേണ്ട രെഹന… എരിയുന്ന മറ്റൊരു ജീവന്റെ കൂട്ട് നിനക്ക് വേണ്ട. ഒന്നിച്ചു പിടഞ്ഞുവീഴുമ്പോള്‍ മുറിയുന്ന നാക്കില്‍നിന്നും ഒഴുകുന്ന ചോരയില്‍ കുതിര്‍ന്നു പോകുന്ന ജീവനെ പ്രകൃതിപോലും നിസ്സഹായായി നോക്കി നില്ക്കയെ ഉള്ളു. പിന്നെ അഗ്‌നിയുടെ തണുപ്പിലേക്ക് അരിച്ചിറങ്ങുന്ന ശരീരങ്ങളില്‍ ഏതിലായിരിക്കും ജീവന്‍ അവശേഷിക്കുക എന്ന് ആര്‍ക്കറിയാം?
എന്റെയും അവളുടെയും ഓഫീസുമുറികള്‍ക്കിടയ്ക്കുള്ള വരാന്ത നടന്നു തീരാതെ നീളം വെച്ച് കിടന്നു. ഇനിയും ഇതുവഴി എന്നെങ്കിലും വന്നേക്കാവുന്ന മിന്നല്‍പ്പിണരുകള്‍ക്കിടയില്‍ അമര്‍ന്നുപോകുന്ന ജീവന്റെ കൂടെ നടക്കാനായി തിരിഞ്ഞു നോക്കാതെ ഞാന്‍ നടന്നു…
ജനാലവിരി ഒതുക്കി കയറിവന്ന കാറ്റ് നിഹാലിന്റെ മേശപ്പുറത്തെ പൂപാത്രത്തിലെ വാടിയ പൂക്കളോടു ചോദിച്ചു…
‘ശ്ശോ ..നിങ്ങള്‍ കണ്ടില്ലേ അവര്‍ രണ്ടും രണ്ടു വഴിക്ക് പോയി…!
‘സ്വയം തീര്‍ത്ത ദ്വീപില്‍ ഇരുട്ടിനു മാത്രം വെളിച്ചം നല്കി കുഞ്ഞുകുഞ്ഞു മിന്നലുകളായി പൊലിഞ്ഞുപോകുന്ന ഇങ്ങനെ എത്ര ജീവിതങ്ങള്‍ ‘ എന്ന് ചിത്രത്തിലെ സൂര്യകാന്തിപ്പൂക്കളുടെ ആത്മഗതം കാറ്റ് കേള്‍ക്കാതെ മണ്ണിന്റെ നിറമുള്ള കാര്‍പെറ്റില്‍ വീണുടഞ്ഞു…

19 Aug 2012

ആഘോഷമില്ലാത്തവര്‍


അനില്‍കുമാര്‍ സി. പി.

ഓരോ ആഘോഷവും ജീവത്തെ അടയാളപ്പെടുത്തുന്നതാണ്. ചുറ്റുമുയരുന്ന ആരവങ്ങള്‍ക്കും ആഹ്ലാദങ്ങള്‍ക്കുമിടയില്‍നിന്നു
ം മനസ്സ് തെന്നിമാറി എവിടെയോഒളിക്കാന്‍ ശ്രമിക്കുന്നു. 

എന്തേ ഞാനിങ്ങനെ? സ്വപ്‌നങ്ങള്‍ വിണ്ടുകീറിയ മനസ്സിലേക്ക് മാത്രം നോക്കി നടക്കാന്‍ എന്ന് മുതലാണ്‌ ഞാന്‍ ശീലിച്ചത്? വെയില്‍ നനയുന്ന മഴക്കിടയില്‍ മഴവില്ല് തെളിയുംപോഴും കാലത്തിന്റെ കടലാസുകള്‍ മറിച്ച് കരിഞ്ഞുണങ്ങിയ മുറിപ്പാടിലേക്ക്  നോക്കിപ്പോകും. മണല്‍നഗരത്തിലും ഓണത്തിന്റെ ആഘോഷങ്ങള്‍ അലയടിക്കുകയാണ്.  ചുമലില്‍ പതിഞ്ഞുപോയ ചുമടുകള്‍ കുടഞ്ഞെറിയാനെന്നതുപോലെ ആര്‍ത്തുരസിക്കുകയാണെല്ലാവരും. 

‘ഇന്ന് മുറിയില്‍ തന്നെ തനിയെ കഴിയാം, എവിടെയും പോകുന്നില്ല’ തന്നോട് തന്നെ ഒരു വാശി!

ടി. വി. യില്‍ മടുപ്പിക്കുന്ന ഓണപ്പരിപാടികള്‍ ... ബോറന്‍ സിനിമകള്‍ ... താരങ്ങളുടെ ഗീര്‍വാണങ്ങള്‍ . റെസ്റ്റോറണ്ടില്‍ വിളിച്ച് ഓണപ്പാര്‍സല്‍ ഓര്‍ഡര്‍ ചെയ്തു,            7 ദിര്‍ഹംസ് വിലയുള്ള ഊണിന് ഓണത്തിന് 40 ദിര്‍ഹംസ്! അതിനിടയില്‍ ഫോണിലൂടെ എസ്‌ എം എസ്‌ സന്ദേശങ്ങള്‍ ... അര്‍ത്ഥശൂന്യമായ വാക്കുകള്‍ കൊണ്ട് എന്തൊക്കെയൊ കുറെ കസര്‍ത്തുകള്‍ .

വല്ലാതെ ബോറടിക്കാന്‍ തുടങ്ങിയപ്പോള്‍ ബഷീറിന്റെ സമ്പൂര്‍ണ കൃതികള്‍ തുറന്നു, ആദ്യം കണ്ടത് ‘ആനപ്പൂട’. പലയാവര്‍ത്തി വായിച്ചതാണെങ്കിലും വീണ്ടും രസം പിടിച്ച് വന്നപ്പോഴാണ് ഡോര്‍ബെല്‍ ശബ്ദിച്ചത്. ഓണപ്പാര്‍സലുമായി ഡെലിവറി ബോയ്, കയ്യില്‍ പല പ്ലാസ്റ്റിക് ബാഗുകള്‍ .... ഒരെണ്ണത്തില്‍ തുമ്പൊക്കെ കീറിയ ഒരു വാഴയിലയും! പാഴ്സല്‍ വാങ്ങി മേശപ്പുറത്ത് വെച്ച് വീണ്ടും വായന തുടര്‍ന്നു, എപ്പോഴാണ് ഉറങ്ങിപ്പോയത് എന്നറിഞ്ഞില്ല.

നിര്‍ത്താതെയുള്ള ഫോണ്‍ബെല്‍ കേട്ടാണ് കണ്ണ് തുറന്നത്. കണ്ണ് തുറക്കുമ്പോള്‍ മുറിയില്‍ നല്ല ഇരുട്ട്!

‘എന്താ ഉറക്കമാണോ?’ ഫോണില്‍ ഭാര്യയുടെ ശബ്ദം.

‘ഉം’ ഉറക്കച്ചടവിലാണ് മറുപടി പറഞ്ഞത്.

‘ഊണൊക്കെ കഴിച്ചോ?’

പെട്ടെന്നാണ് ഊണിന്റെ കാര്യം ഓര്‍ത്തത്. മേശപ്പുറത്തേക്ക് നോക്കി, പ്ലാസ്റ്റിക്ക് കവറുകള്‍ അങ്ങനെ തന്നെ ഇരിക്കുന്നു. തുമ്പ് കീറിയ വാഴയില ഏ. സി.യുടെ കാറ്റില്‍ മെല്ലെ ശബ്ദം ഉണ്ടാ‍ക്കിക്കൊണ്ടിരുന്നു.

‘ഊണ് കഴിച്ചിട്ടുണ്ടാവില്ല, എനിക്കറിയാം’ അങ്ങേത്തലക്കല്‍ അവളുടെ തേങ്ങലോളമെത്തിയ ശബ്ദം!

'പിന്നെ വിളിക്കാം' എന്ന് പറഞ്ഞ് ഫോണ്‍ വെക്കുമ്പോള്‍ മനസ്സ് എന്ത് കൊണ്ടോ ശൂന്യമായിരുന്നു.

കുളിയൊക്കെ കഴിഞ്ഞ് വന്ന് നോക്കുമ്പോള്‍ ചോറും കറികളും ഒക്കെ തണുത്ത് കഴിഞ്ഞിരുന്നു. കുറച്ച് പായസവും, പഴവും കഴിച്ച് പുറത്തേക്കിറങ്ങി. സെപ്‌റ്റംബര്‍ തുടങ്ങിയിട്ടും എന്തൊരു ചൂട്! സന്ധ്യയായിട്ടും ഉഷ്ണത്തിനും പുകച്ചിലിനും ഒരു കുറവുമില്ല!

അവസാനം നടന്ന് ചെന്നെത്തിയത് പതിവായി ഇരിക്കാറുള്ള പാര്‍ക്കിലെ, മരങ്ങള്‍ കൂടി നില്‍ക്കുന്ന കോണിലെ ബെഞ്ചില്‍ ... ഉഷ്ണവും, നോയമ്പും ഒക്കെക്കാരണം പാര്‍ക്കില്‍ ആള്‍ക്കാര്‍ വളരെ കുറവ്.

‘സാര്‍ , ഞാന്‍ ഇവിടെ ഇരുന്നോട്ടേ?’

ഒരു ചെറുപ്പക്കാരന്‍ ... ഷേവ് ചെയ്യാത്ത മുഖവും, ഇസ്തിരിയിടാത്ത വേഷവും ഒക്കെയായി അസ്വസ്ഥത അനുഭവിക്കുന്നത് പോലെ തോന്നുന്ന ഒരാള്‍ .

‘ഇരുന്നോളൂ’

കുറച്ച് കഴിഞ്ഞ് അയാളൊന്ന് മുരടനക്കി, ഒരു സംസാരത്തിന് ശ്രമിക്കുന്നത് പൊലെ. ദിവസം മുഴുവന്‍ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നത് കൊണ്ട്  ഈര്‍ഷ്യയാണ് തോന്നിയത്.

‘സാറിനെ ഞാന്‍ ശല്യപ്പെടുത്തുകയാണോ?’

‘പറയൂ’ കഴിയുന്നത്ര അലോസരം മുഖത്ത് കാണിക്കാതിരിക്കാന്‍ ശ്രമിച്ചു.

‘സാറിന്റെ പേരെന്താ?’

‘സാറിന് പാട്ടിഷ്ടമാണോ?’

പിന്നെ, പാട്ട് ആസ്വദിക്കാന്‍ പറ്റിയ ഒരു മാനസികാവസ്ഥ - മനസ്സില്‍ പറഞ്ഞു!

‘സാര്‍ , ഞാന്‍ ഒന്ന് രണ്ട് പാട്ടുകള്‍ക്ക് ട്രാക് പാടിയിട്ടുണ്ട്. സാറിന് താല്പര്യമുണ്ടെങ്കില്‍ ഒരു പാട്ടു പാടാം’.

അയാളുടെ മുഖത്തെ ദയനീയത കണ്ടപ്പോള്‍ ഒന്നും പറയാന്‍ തോന്നിയില്ല. മൗനം സമ്മതം എന്ന് തോന്നിയത് കൊണ്ടാവും അയാള്‍ ഒരു പാട്ട് പാടാന്‍ തുടങ്ങി.

‘തൊഴുതു മടങ്ങും സന്ധ്യയുമേതോ ...’ എന്ന് തുടങ്ങുന്ന എനിക്ക് വളരെയേറെ ഇഷ്ടമുള്ള ഗാനം ഇമ്പമാര്‍ന്ന സ്വരത്തിലയാള്‍ പാടാന്‍ തുടങ്ങി. പാട്ട് തീര്‍ന്നതോടെ അയാളോട് അറിയാതെ ഒരിഷ്ടം തൊന്നി. ഒപ്പം എന്റെ മനസ്സും ശാന്തമായത് പോലെ.

‘നിങ്ങളുടെ പേരെന്താ, എന്ത് ചെയ്യുന്നു?’

പേര് പറഞ്ഞിട്ട് അയാള്‍ തന്റെ കഥ പറയാന്‍ തുടങ്ങി. മറ്റൊരു പതിവു പ്രവാസ കഥ തന്നെ! ഉള്ളതെല്ലാം പണയപ്പെടുത്തി, ഒരുപാട് ഉത്തരവാദിത്വങ്ങളും തലയിലേറ്റി, എങ്ങനെയോ ഒരു വിസ സംഘടിപ്പിച്ച് വന്നതാണ്. പലയീടത്തും ചെറിയ ചെറിയ ജോലികള്‍ ചെയ്തു. നിയമങ്ങള്‍ കര്‍ശനമായതോടൊപ്പം സാമ്പത്തികമാന്ദ്യം കൂടി ആയപ്പോള്‍ ഇപ്പോള്‍ ജോലിയൊന്നുമില്ല. കുറെ പാവം ബാച്ചിലേഴ്സിന്റെ കാരുണ്യത്തില്‍ അവരുടെ ഔദാര്യം പറ്റി കഴിയുന്നു.

‘നിങ്ങള്‍ക്ക് നാട്ടില്‍ തിരിച്ച് പോയി അവിടെ എന്തെങ്കിലും ചെയ്തു കൂടേ?’

‘കിട്ടാവുന്നിടത്തൊക്കെ നിന്നും കടവും, പലിശയും ഒക്കെ വാങ്ങിയാണ് ഇങ്ങോട്ട് പോന്നത് ... പ്രായമായ അച്ഛനും അമ്മയും മകന്‍ ഒരുനാള്‍ പണക്കാരനായി തിരിച്ചു വരും എന്ന പ്രതീക്ഷയിലെങ്കിലും കഴിഞ്ഞോട്ടെ സാര്‍ .’

‘ഓണമായിട്ട്  ഊണൊക്കെ കഴിച്ചോ?’

‘ഞങ്ങളെപ്പോലുള്ളവര്‍ക്ക് എന്ത് ഓണം സാര്‍ ?’

ആ കണ്ണുകളിലെ ദൈന്യത മനസ്സിലെവിടെയൊ കൊണ്ടു.

‘വരൂ, നമുക്ക് എന്തെങ്കിലും കഴിച്ചു കൊണ്ടിരുന്നു സംസാരിക്കാം’

പാര്‍ക്കിന്റെ മറുവശത്തുള്ള സാമാന്യം ഭേദപ്പെട്ട റെസ്റ്റോറണ്ടിലേക്ക് നടക്കാന്‍ ഒരുങ്ങുമ്പോള്‍ അയാള്‍ മെല്ലെ പറഞ്ഞു,

സാര്‍ , ക്ഷമിക്കണം ... ഈ ഒരു നേരത്തെ പൈസ ഉണ്ടെങ്കില്‍ എനിക്കു കുറെ ദിവസമെങ്കിലും മറ്റാരുടേയും ഔദാര്യത്തിലല്ലാതെ കഴിയാമായിരുന്നു!‘

അയാളുടെ മുഖം വിങ്ങിപ്പൊട്ടാന്‍ പോകുന്നതു പോലെ ഉണ്ടായിരുന്നു!

പേഴ്സ് എടുത്തു നോക്കി, വല്ലാത്ത കനക്കുറവ്, ശമ്പളം കിട്ടിയിട്ടില്ല. ഉണ്ടായിരുന്ന തുക അങ്ങനെ തന്നെ എടുത്ത്, അയ്യാളുടെ കൈക്കുള്ളില്‍ വച്ചു കൊടുക്കുമ്പോള്‍ ആ കണ്ണുകള്‍ മെല്ലെ നിറഞ്ഞു വരുന്നുണ്ടായിരുന്നു!

എന്റെ ഇരു കൈകളും കൂട്ടിപ്പിടിച്ച് അയാള്‍ പറഞ്ഞു,

‘സാര്‍ , എനിക്കിപ്പോള്‍ വേണ്ടത് ഒരു ജോലിയാണ് ... എന്തായാലും മതി ... എന്നെ, എന്നെ ഒന്ന് സഹായിക്കാന്‍ സാറിന് കഴിയുമോ?’
ശ്രമിച്ചു നോക്കാം എന്നു പോലും ഇപ്പോഴത്തെ സാഹചര്യത്തില്‍ പറയാനാവില്ലല്ലോ  എന്നോര്‍ത്ത്  വിഷമിച്ചു നിന്നപ്പോള്‍ അയാള്‍ പറഞ്ഞൂ,

‘സാരമില്ല സാര്‍ , എനിക്കറിയാം ബുദ്ധിമുട്ടാ‍ണെന്ന്!’

കയ്യില്‍ ഒന്നമര്‍ത്തി, തല കുമ്പിട്ട് അയാള്‍ നടന്നകന്നു.

മനസ്സില്‍ നാട്ടിലെ ഓണത്തിന്റെ നഷ്ടസ്മൃതികളുടെ വിങ്ങല്‍ ഇനിയും അടങ്ങിയിട്ടില്ല.  എനിക്ക് എന്നോട് വല്ലാത്ത പുച്ഛം തോന്നി. ആരവം ഒഴിയാത്ത രാവിലേക്ക് നീണ്ടുകിടക്കുന്ന വഴിയെ ഞാനും പതുക്കെ നടന്നു.

19 Jul 2012

മൂന്നാമത്തെ നദി

അനിൽകുമാർ സി.പി

‘പവീ ...  ഈ ആകാശത്തെ എനിക്കൊന്നു തൊട്ടുനോക്കാന്‍ കഴിഞ്ഞെങ്കില്‍ ...!’

മലമുകളിൽ, കൊക്കയിലേക്കു നോക്കി തപസ്സിരിക്കുന്ന കരിമ്പാറയിൽ കൈകളൂന്നി ദൂരെ മലനിരകളിൽ  അലിഞ്ഞില്ലാതകുന്ന ആകാശത്തിൽ കണ്ണുറപ്പിച്ച്  നന്ദിനി  പറഞ്ഞു.

‘എത്തിപ്പിടിക്കാൻ കഴിയില്ലെന്നറിഞ്ഞിട്ടും അതിനായി കാത്തുവെച്ച നമ്മുടെ ജീവിതം പോലെ ഒരു സ്വപ്നം .. അല്ലേ?’

കമ്പിളിപ്പുതപ്പു പോലെ വന്നു പൊതിയുന്ന കോടമഞ്ഞും നോക്കി നിന്ന പവിത്രൻ, കണ്ണടയൂരി ചില്ലുകളെ മൂടിയ മഞ്ഞ് ഊതിക്കളയുന്നതിനിടയിൽ മെല്ലെ മൂളി.

ആകാശത്തിന്റെ തലോടലിൽ മയങ്ങിക്കിടക്കുന്ന ബ്രഹ്മഗിരി മലനിരകളിൽ കണ്ണുനട്ടു നിന്ന അയാള്‍ തിരിഞ്ഞു നന്ദിനിയുടെ കണ്ണുകളിലേക്ക് നോക്കി. കോടമഞ്ഞിൽ അലിഞ്ഞുചേർന്ന ഒരു നെടുവീർപ്പ് അയാളെ പൊള്ളിച്ചു. മൌനം മല കടന്നുവന്ന കോടമഞ്ഞായി അവർക്കിടയിൽ നിറയാന്‍ തുടങ്ങി.

കോട്ടൺ സാരിക്കുള്ളിൽ തണുപ്പരിച്ചുകയറാൻ തുടങ്ങിയപ്പോൾ കഴുത്തിലിട്ടിരുന്ന ഷാളെടുത്ത് നന്ദിനി പുതച്ചു.

'നന്ദാ,  നമുക്ക്‌ ആ മലമുകളിലേക്ക് പോയാലോ' അയാള്‍ മുന്നോട്ട് നടന്നു. കൂടെ എത്താന്‍ ആയാസപ്പെട്ട്, ഒപ്പമെത്തുമ്പോഴേക്കും അവള്‍ കിതക്കാന്‍ തുടങ്ങിയിരുന്നു.

ഒരു ഉള്‍പ്രേരണയാലെന്നപോലെ  അയാളുടെ നിട്ടിയ കൈകളില്‍ അവള്‍ മുറുക്കിപ്പിടിച്ചു. തന്നിലേക്ക് ചേര്‍ത്തുനിര്‍ത്തി അവളുടെ നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പ് വിരല്‍ത്തുമ്പു കൊണ്ടു തുടച്ചുമാറ്റി അയാള്‍ പറഞ്ഞു,

'ഒരുപാടുകാലം ജീവിക്കാനുള്ള ചെറുപ്പം നമുക്കിനിയും ബാക്കിയുണ്ട് നന്ദാ ..'

താഴെ ഒരു ഇഴജന്തുവിനെ പോലെ ചുരം കയറി വരുന്ന ബസ്സ്. അയാളോര്‍ത്തു, രാവിലെ സമതല പട്ടണത്തിലെ ഹോട്ടലിൽ നിന്നു ബസ് കയറുമ്പോൾ ഒഴുകിവന്ന വെയിലിനു സുഖമുള്ള ചൂടുണ്ടായിരുന്നു, വെള്ളിവെളിച്ചവും.

തലക്കാവേരിയിലേക്കുള്ള ഈ യാത്ര നന്ദിനിയുടെ സ്വപ്നമായിരുന്നു. ദേവതകൾ സന്ദർശനത്തിനെത്തുന്ന  ത്രിവേണീ സംഗമത്തിൽ കൈ കോർത്ത് നടക്കുന്നതിനേ കുറിച്ച് എത്രയോ തവണ അവൾ വാചാലയായിരിക്കുന്നു.

ഒരാഴ്ച  മുമ്പ് വന്ന ഇമെയിലില്‍ അവള്‍ എഴുതി,

'പവീ, എനിക്കൊരു യാത്ര ഇപ്പോള്‍ കൂടിയേ തീരൂ ... ഈ മുറിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ എനിക്ക് ശ്വാസം മുട്ടിത്തുടങ്ങിയിരിക്കുന്നു.  ഈ യാത്രയില്‍ നീയും എന്നോടോപ്പം ഉണ്ടാവില്ലേ?'

മലമുകളിലേ തീർത്ഥക്കുളത്തിനടുത്തേക്കുള്ള ബസ്സ് യാത്രയിലുടനീളം നന്ദിനി നിശ്ശബ്ദയായിരുന്നു. സൈഡ്സീറ്റിൽ ദൂരേക്ക്‌  കണ്ണും നട്ടിരുന്ന അവളുടെ തലമുടിയിൽ കാറ്റിളകുന്നതും  നോക്കിയിരുന്നപ്പോൾ അയാള്‍  കഴിഞ്ഞ രാവിനേ പറ്റി ഓർത്തു.

ഏറെ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലായിരുന്നു ഇങ്ങനെ ഒരു കണ്ടുമുട്ടൽ. പലപ്പോഴും മാറ്റിവെച്ച് അവസാനം കാണാന്‍ തിരുമാനിച്ചപ്പോൾ ഈ സ്ഥലത്തേക്കുറിച്ച് ഓർമ്മിപ്പിച്ചതും നന്ദിനി തന്നെ.  റിസോർട്ടിലെ റിസപ്ഷൻ ലോഞ്ചിൽ കാത്തിരിക്കുമ്പോൾ മൊബൈൽ, സന്ദേശമറിയിച്ചു വിറച്ചുതുള്ളി.

‘പവീ, ഞാൻ എത്തിക്കഴിഞ്ഞു...’

പതിഞ്ഞ കാലയടിയൊച്ചകൾ തൊട്ടുമുന്നിൽ അവസാനിച്ചപ്പോഴാണ് മുഖം ഉയർത്തിയത്.

നന്ദിനി ...  വെളുപ്പില്‍ ,  ചെറിയ കറുത്ത പൂക്കളുള്ള കോട്ടൺ സാരി ... അവിടവിടെ നര കയറാന്‍ തുടങ്ങിയ തലമുടി കെട്ടിവെച്ചിരിക്കുന്നു... കണ്ണടക്കുള്ളിലെ ചിരിക്കുന്ന കണ്ണുകൾ. കവിളിലെ നുണക്കിഴി തെളിഞ്ഞു മാഞ്ഞു ...

‘ഞാൻ വരില്ലെന്ന് കരുതിയോ?’

‘ഇല്ല, ഇത്തവണ വരുമെന്നുറപ്പുണ്ടായിരുന്നു.’ 

കോട്ടേജിന്റെ വരാന്തയിൽ ഇരുൾ മലയിറങ്ങി വരുന്നതും നോക്കിയിരുന്നു. കുളി കഴിഞ്ഞെത്തിയ നന്ദിനി തലമുടി വിടർത്തിയിട്ടു. അയാളുടെ കണ്ണുകൾ ആ മുടിയെ തലോടുന്നതു കണ്ടപ്പോൾ അവൾ മെല്ലെ ചിരിച്ചു.

‘ഇനിയിപ്പോ ഈ മുടിയിൽ മുല്ലപ്പൂ ഒന്നും ചൂടണം എന്നു പറയില്ലല്ലൊ, അല്ലേ?’

മുറിയിൽ നിന്നു വന്ന വെളിച്ചത്തിന്റെ ഒരു കീറ് പവിത്രന്റെ കഷണ്ടിയിൽ വീണു ചിതറുന്നത് നോക്കി അവള്‍ ഉറക്കെ ചിരിച്ചു.

റൂം സർവീസിൽ വിളിച്ച്  ചപ്പാത്തിയും, എണ്ണയും ഉപ്പുമില്ലാത്ത കറിയും ഓർഡർ ചെയ്ത് അയാള്‍ ചോദ്യഭാവത്തില്‍ അവളുടെ മുഖത്തു നോക്കി ...

‘ഇല്ല, പേടിക്കണ്ട ...അസുഖങ്ങളൊന്നുമില്ല.’
ആഹാരം കഴിഞ്ഞ് ബ്രീഫ്കേസിൽ നിന്ന്‍ അയാള്‍ എടുത്ത ഗുളികകൾ കണ്ട് ഒരു നിമിഷം നന്ദിനി അമ്പരന്നു.

‘പവീ ... ഇത്?’

‘ഇനിയും ആർക്കൊക്കെയോ വേണ്ടി കുറേക്കൂടി വലിച്ചു നീട്ടേണ്ടിയിരിക്കുന്നു ഈ ജീവിതം.’

അടച്ചിട്ട ജനാലച്ചില്ലുകളിൽ നിലാവ് ചിതറി വീണു. പുറത്തേ തണുപ്പ് മുറിക്കുള്ളിലും ഒഴുകി നിറഞ്ഞു. രാവിനൊപ്പം മൌനവും കനത്തു.

കട്ടിലിന്റെ രണ്ടറ്റത്തായി കിടക്കുമ്പോള്‍ ഇടക്കെപ്പോഴോ അവള്‍ ചോദിച്ചു,
'പവീ, എന്തിനായിരുന്നു, ആർക്കുവേണ്ടി ആയിരുന്നു നമ്മൾ നമ്മുടെ ജീവിതം ഇങ്ങനെ ...?’

നന്ദിനിയുടെ തൊണ്ടയിൽ ഉറഞ്ഞു കൂടിയ കണ്ണുനീർ ഒരു തേങ്ങലായി മുറിഞ്ഞുവീണു.
കയ്യെത്തി അവളെ ചേർത്തു പിടിച്ചു.

‘നന്ദാ, മറ്റുള്ളവർക്ക് വേണ്ടി മാറ്റി വെക്കാൻ നമുക്ക് നമ്മുടെ ജീവിതമല്ലേ ഉള്ളു. അവർക്കൊക്കെ ജീവിക്കാനല്ലേ നമ്മൾ ജീവിക്കണ്ടാ എന്നു തീരുമാനിച്ചത്.’

‘എന്നിട്ടോ ...!?’

നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് അവളുടെ തലയിൽ മെല്ലെ തലോടി.

'ഇനിയെങ്കിലും നമുക്കും ജീവിക്കണം നന്ദാ...'

മെല്ലെ മെല്ലെ അവളുടെ തേങ്ങലുകൾ നേർത്തു വന്നു. പുറത്ത് ചീവീടുകൾ കൂട്ടമായി മലയിറങ്ങി തുടങ്ങി.

ഭൂമിയുടെ നിമ്നോന്നതകളെ തഴുകി  ഇറങ്ങുന്ന  സ്നേഹത്തിന്‍റെ രണ്ടു നീര്‍ച്ചാലുകള്‍ പോലെ അവര്‍ ഒഴുകി. വികാരങ്ങള്‍ പെരുമഴയായി, പ്രളയമായി  അഴിമുഖങ്ങള്‍ തേടി.   മനസ്സും ശരീരവും കെട്ടുകളഴിഞ്ഞു അതില്‍ നീന്തി നടന്നു. സുഖദമായ തണുപ്പില്‍ പ്രണയത്തിന്റെ തീനാമ്പുകളില്‍ അലിഞ്ഞു ... രതിയുടെ വാതിലുകള്‍ അവര്‍ക്ക് മുന്നില്‍ ഒന്നൊന്നായി തുറന്നു. നന്ദയുടെ കഴുത്തിലൂടെ ഒഴുകി ഇറങ്ങിയ വിയര്‍പ്പുമണിയില്‍ ചുണ്ടുകള്‍ അമര്‍ത്തി പവി ചോദിച്ചു,

'വയസ്സായി എന്നു ഇപ്പോഴും തോന്നുന്നുണ്ടോ?'

മറുപടി പറയാതെ അവള്‍ അയാളുടെ നെഞ്ചില്‍ മുഖം പൂഴ്ത്തി.

പുറത്ത്‌ പാതിരാക്കിളികള്‍ ക്ഷീണിച്ചു മയങ്ങിയിരുന്നു ...

‘അല്ല പവീ, നിന്റെയീ മടി ഇനിയും മാറിയിട്ടില്ലേ?’

മുന്നിൽ ആവി പറക്കുന്ന കാപ്പിയുമായി നന്ദ. ജന്നലിലൂടെ കടന്നു വന്ന സൂര്യൻ അവളുടെ കണ്ണുകളിൽ തിളങ്ങി.

‘എഴുനേൽക്കൂ, തലക്കാവേരിയിലേക്കുള്ള ബസ്സിനു സമയമായി എന്ന് റിസപ്ഷനിസ്റ്റ് വിളിച്ചു പറഞ്ഞു.’

ബസ്സിറങ്ങി ആദ്യം പോയത് ആത്മഹത്യാ മുനമ്പും കടന്നെത്തുന്ന വെള്ളിമേഘങ്ങളെ തൊട്ടുനോക്കാനായിരുന്നു!

‘നന്ദാ, നിനക്ക് ത്രിവേണീ സംഗമത്തിൽ പോകണ്ടേ?’

‘ഉം...’

മലമുകളിലേക്ക് നടക്കുമ്പോൾ ഒരു കൊച്ചുകുട്ടിയുടെ ഉത്സാഹത്തോടെ നന്ദിനി മുന്നിൽ നടന്നു, അവള്‍ക്ക് പെട്ടെന്ന്‍ ചെറുപ്പമായതുപോലെ.

രണ്ട് തോടുകൾ ഒഴുകി വീഴുന്ന കുളത്തിനരികിൽ എത്തി. പുണ്യം കുപ്പികളിലാക്കുന്നരുടെ തിരക്ക്!

‘ഇവിടെ മൂന്നാമത്തെ നദി എവിടയാണോ എന്തോ!’

‘പവിക്കറിയില്ലേ ... അത് പുണ്യനദിയാണ്, അദൃശ്യയായി ഭൂമിക്കടിയിലൂടെ ഈ നദികളിൽ ചേരുന്നു’.

‘അദൃശ്യമായി ഹൃദയത്തില്‍ ചെന്നുചേരുന്ന സ്നേഹം പോലെ അല്ലേ?’ അയാള്‍ ഉറക്കെ ചിരിച്ചു.

അവളുടെ ചുണ്ടിന്റെ കോണിലും ചിരിയുടെ ഒരു കുഞ്ഞുറവ ഒലിച്ചിറങ്ങി.

‘നന്ദ ഒരു കഥ കേട്ടിട്ടില്ലേ, വർഷത്തിൽ ഒരു ദിവസം മാത്രം, തുലാ സംക്രാന്തിയിൽ ഈ തീർത്ഥക്കുളം നിറഞ്ഞു കവിയുമത്രെ. പാർവ്വതീദേവി ഇതിൽ എത്തുന്നതു കൊണ്ടാണു പോലും അങ്ങനെ ഉണ്ടാവുന്നത്.’

നന്ദിനിയുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി പാതി മുറിഞ്ഞു.

‘എന്തുപറ്റി?’

‘കഥയില്ലായ്മകൾ മാത്രമുള്ള നമ്മുടെ ജീവിതത്തെക്കുറിച്ച് ഓര്‍ക്കുകയായിരുന്നു ഞാന്‍’

താഴ്വാരത്തിലേക്കുള്ള ബസ്സ് വളവുകളും തിരിവുകളും പിന്നിട്ട് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. തന്‍റെ സാമീപ്യം പോലും മറന്ന്‌ ഏതോ ലോകത്താണ് നന്ദിനിയുടെ മനസ്സെന്നു തോന്നി.

'ഉം ..എന്തുപറ്റി ? എന്താ ആലോചിക്കുന്നത് ?'

'ഒരു രാവിലേക്ക് പൂത്തുകൊഴിഞ്ഞ എന്‍റെ സ്വപ്നങ്ങളെ പറ്റി  വെറുതെ ഓര്‍ത്തുപോയി...'

'കൊഴിഞ്ഞില്ലല്ലോ നന്ദാ... അത് വൈകിപ്പൂത്ത ഒരു വസന്തമാണ് ... ഒരുപാട് പൂക്കാലങ്ങളുടെ തുടക്കം...'

'അതാ അങ്ങ് താഴവാരത്തില്‍ രണ്ടായി പിരിയുന്ന വഴിയില്‍ നമ്മുടെ യാത്ര അവസാനിക്കും... ഇനി ഒരിക്കലും കാണാതെ ... അല്ലേ പവീ?'

അയാള്‍ അവളെ ചേർത്തു പിടിച്ചു ... മെല്ലെ അവൾ തല തോളിലേക്ക് ചേർത്തു...

'അല്ല... നമുക്കിടയില്‍ ഒഴുകുന്ന, ഒരിക്കലും വറ്റാത്ത സ്നേഹത്തിന്‍റെ, ആരും കാണാത്ത നദിക്കരയില്‍ നിനക്കൊപ്പം ഞാന്‍ ജീവിക്കാന്‍ പോകുന്നു ... ഇനിയെന്നും ...'

ഒരു നിമിഷത്തെക്ക് അവളുടെ കണ്ണുകള്‍ തിളങ്ങി.

ബസ്‌ ഒരു കിതപ്പോടെ നിന്നു. നന്ദിനി ചെറിയ ബാഗ് തോളിലിട്ടു. പവിയോടു മെല്ലെ തലയാട്ടി...

'ഞാന്‍ പോട്ടെ പവീ ...' 

അവളുടെ കൈ അയാള്‍ മൃദുവായി അമര്‍ത്തി ... പിന്നെ നന്ദിനിയുടെ കയ്യില്‍ നിന്നും ബാഗ് വാങ്ങി തോളിലിട്ട്  എവിടേക്കോ പോകാന്‍ തയ്യാറായിനിന്ന ബസ്സിനരികിലേക്ക് നടന്നു. 

മുന്നിലെ ഇരുട്ടിനെ ബസ്സിന്റെ ഹെഡ്‌ലൈറ്റ്  കീറിമുറിച്ചു. ദൂരെ ആകാശത്തില്‍ ഒരു നക്ഷത്രം വഴികാട്ടിയായി തിളങ്ങിനിന്നു.





17 Jun 2012

ശവമുറിയിലെ 358-ആം നമ്പര്‍ പെട്ടി


അനിൽകുമാർ സി. പി.

കയ്യിലിരുന്ന സ്പ്രേ ഗണ്ണില്‍ നിന്നും റോസയ്യ യാന്ത്രികമായി ക്ലീനിംഗ് ലിക്വിഡ്‌ മോർച്ചറി ട്രേയിലേക്ക് സ്പ്രേ ചെയ്തു. പേരറിയാത്ത ഏതോ പൂവിന്റെ സുഗന്ധം മുറിയിൽ നിറഞ്ഞു.

“ഇതാകുമോ മരണത്തിന്റെ ഗന്ധം?”
ഈ സുഗന്ധം ആയിരുന്നോ ഉണങ്ങിവരണ്ട പാടവരമ്പിലെ ഒറ്റമരക്കൊമ്പിലേക്ക് തന്റെ  ബസന്തിയെ കൂട്ടിക്കൊണ്ടു പോയത്?
“റോസയ്യ, വേഗം ആ ട്രേ വൃത്തിയാക്കു” 

അടുത്തുകൂടി പോയ സൂപ്പർവൈസർ ഓർമ്മിപ്പിച്ചു.
അയാള്‍ ക്ലീനിംഗ് ടവ്വൽ കൊണ്ട് സ്റ്റീൽ ട്രേ വൃത്തിയാക്കാൻ തുടങ്ങി. കുറച്ചപ്പുറത്ത് തറ വൃത്തിയാക്കുന്ന ബംഗാളി പയ്യൻ കേട്ടുമറന്ന ഒരു ഗാനം പതുക്കെ മൂളുന്നു. ഇന്നത്തെ സ്പെഷ്യല്‍ അലവൻസിന്റെ സന്തോഷം! 
സൂപ്പർവൈസറുടെ മുറിവാതില്ക്കസൽ മോർച്ചറി ക്ലീനിംഗ് ഡ്യുട്ടി ചോദിച്ചു വാങ്ങാൻ നില്ക്കു ന്നവരുടെ  ചെറിയ നിര കാണുമ്പോഴൊക്കെ തോന്നാറുണ്ട് അവരെല്ലാം സെമിത്തേരിയില്‍ നിന്നും എണീറ്റ് വന്നു നില്ക്കുകയാണെന്ന്.. അത്രയ്ക്കും നിർവികാരമായിരുന്നു ആ മുഖങ്ങള്‍ !
കഴിഞ്ഞ കുറെ ദിവസങ്ങളായി വേദന കൊണ്ട് പുളയുന്ന അമ്മയുടെ ദയനീയ രൂപം ഉറക്കം കെടുത്തിയപ്പോഴാണു തൊട്ടടുത്ത് കിടക്കുന്ന റാംസിംഗ് ധൈര്യം തന്നത്, 
“നീ ഈ മാസം മോർച്ചറി ഡ്യുട്ടി എടുക്കു. അമ്മയുടെ ഓപ്പറേഷന് കൊടുക്കേണ്ട കൈക്കൂലിക്കുള്ള തുക കൂടുതല്‍ കിട്ടും. നമുക്ക് രാവിലെ സൂപ്പർവൈസറെ പോയി കാണാം. ഇപ്പോള്‍ കുറച്ച് ഉറങ്ങാൻ നോക്ക്.”
പിറ്റേ ദിവസം അതിരാവിലെ തന്നെ സൂപ്പർവൈസറുടെ  മുറിവാതിൽക്കലെത്തി. ആ കസേരയില്‍ ഇരിക്കേണ്ട ആളായിരുന്നു താനും. പക്ഷെ തന്നത് ക്ലീനിംഗ് ജോലി. ആറു മാസം കഴിയുമ്പോള്‍ ജോലി മാറ്റി തരാമെന്നു മാനേജർ പറയുന്നു... പ്രതീക്ഷയില്‍ കുരുക്കിയിടുന്ന വെറും പാഴ്വാക്ക്!
"ഭാഗ്യം ഇന്ന് ക്യു ഇല്ല..."
റാംസിങ്ങിന്റെ് ആത്മഗതം കേട്ട് ചിരിക്കണോ കരയണോ എന്നറിയാതെ റോസയ്യ നിന്നു.
ക്ലീനിംഗ് വർക്കേഴ്സിന്റെ  ഇടയിലെ ഏക ബിരുദാനന്തര ബിരുദക്കാരനായ തന്നോടു അല്പം പരിഗണന ഉള്ളത് കൊണ്ട് വേഗം ഡ്യുട്ടി ശെരിയായി. സൂപ്പർവൈസർ ജോലി വിവരിച്ചു കൊണ്ട് മോറ്ച്ചറിയിലേക്ക്  തനിക്കൊപ്പം നടന്നു. തൊണ്ട വരളുന്നു... കാലുകള്‍ മരവിക്കുന്ന പോലെ.
നിരനിരയായി ബാങ്ക്‌ലോക്കറുകള്‍ പോലെ അടുക്കി വെച്ചിരിക്കുന്ന പെട്ടികള്‍ . ഓരോ പെട്ടിയുടെ മുൻ‌വശത്തും രേഖപ്പെടുത്തിയിരിക്കുന്ന അക്കങ്ങൾ ...  സൂപ്പർവൈസർ ഒരു വശത്തെ പെട്ടികൾ ചൂണ്ടിക്കാട്ടി.
“ഇതിലെ ബോഡികളെല്ലാം കൊണ്ടുപോകുന്നതുവരെ ആഴ്ചയിലൊരിക്കൽ അവ മാറ്റി ട്രേ വൃത്തിയാക്കണം. ഇപ്പോള്‍ ആ ട്രേ വൃത്തിയാക്കു”
ശെരി സര്‍ എന്നുപറയാൻ പോലും ശബ്ദം പുറത്തേയ്ക്ക് വന്നില്ല. ഇന്നലെവരെ താന്‍ ഇതിന്റെ വാതിലിനു നേരെ പോലും നോക്കുകയില്ലായിരുന്നു. കുറെ നിർദ്ദേശങ്ങൾ തന്നും, ചെയ്യേണ്ട ജോലികള്‍ കാണിച്ചു തന്നും അയാൾ പോയി.
  
ആദ്യം വൃത്തിയാക്കേണ്ട പെട്ടി നോക്കി റോസയ്യ നിന്നു, 358 ... ജീവിതത്തിന്റെന കണക്ക് തെറ്റിയവരുടെ അക്കങ്ങൾ! അയാള്‍ വീണ്ടും ആ നമ്പരിലെയ്ക്ക് ഒന്നുകൂടി നോക്കി. എന്തോ മനസ്സില്‍ കൊള്ളുന്നതുപോലെ... അല്ലെങ്കിലും തനിക്കുള്ളതാണ്, ചില കാര്യങ്ങൾ കാണുമ്പോഴും കേൾക്കുമ്പോഴും മനസ്സിൽ എന്തോ ഒരുതരം കാഴചകൾ നിറയുന്നതുപോലെ...
അന്നത്തെ വേനലവധിയക്ക് കോളേജിൽ നിന്നും വന്നപ്പോൾ ഗ്രാമത്തിൽ മുഴുവൻ പുതിയ കമ്പനിയുടെ സൌജന്യ പരുത്തി വിത്തും, വളവും വിതരണം ചെയ്യുന്നതിന്റെ വിശേഷങ്ങൾ ആയിരുന്നു.

“എന്തോ കുഴപ്പുമുണ്ട് അപ്പാ, നമുക്കിത് വേണ്ട" എന്ന് പറഞ്ഞപ്പോള്‍ കഴിഞ്ഞ വിളവില്‍ നല്ല ലാഭം കിട്ടിയവരുടെ കാര്യം അദ്ദേഹം പറഞ്ഞു.

“എന്നാലും വേണ്ടപ്പാ ... വലിയവരുടെ സൌജന്യങ്ങളുടെ പിന്നില്‍ പലപ്പോഴും ഒളിച്ചിരിക്കുന്ന ചതി ഉണ്ടാകും"
“ഇപ്പോള്‍ ഞാനും ബസയ്യയും മാത്രമേ കമ്പനിവിത്ത് വാങ്ങാതെ കൃഷി ചെയ്യുന്നവരായിട്ടുള്ളു, എന്നാലും നീ പറയുന്നതില്‍ കാര്യം ഉണ്ടാകും... അപ്പനറിയാം.”
.
അപ്പന്‍ അഭിമാനത്തോടെ തന്നെ നോക്കി.
അദ്ദേഹത്തിനറിയാത്ത കാര്യങ്ങളില്‍ തന്റെ വാക്കുകൾ ആയിരുന്നു അപ്പന് അവസാന തീരുമാനം. പക്ഷെ ആ തീരുമാനത്തിന് വലിയ വില കൊടുക്കേണ്ടി വന്നു രണ്ടു കുടുംബങ്ങൾക്കും. കമ്പനിയുടെ താല്പര്യങ്ങൾക്ക്  വഴങ്ങാതെ നിന്നതിനു തനിക്ക് അപ്പനും, ബസയ്യക്ക് തന്റെ മകളും നഷ്ടമായി. പിച്ചിച്ചീന്തിയ ബസന്തി ഒരുപകല്‍ മുഴുവൻ ഒറ്റമരക്കൊമ്പിൽ തൂങ്ങി ആടി.
കൃഷിക്കാരുടെ വിശ്വാസം നേടിക്കഴിഞ്ഞപ്പോൾ അന്തകൻ വിത്തു നല്കി അവർ എല്ലാവരെയും ചതിച്ചു. പരുത്തി കൃഷിയില്‍ നഷടം വന്നു ആത്മഹത്യ ചെയ്തവർ എന്ന പേരില്‍ തന്റെ ഗ്രാമത്തിലെ മിക്കവാറും കൃഷിക്കാർ സർക്കാർ കണക്കുപുസ്തകത്തിലെ വെറും അടയാളങ്ങൾ മാത്രമായി. ഇരകള്‍ മാത്രമാകാൻ വിധിക്കപ്പെട്ടവര്ക്ക്  അതില്‍ കൂടുതൽ എന്ത് മേൽവിലാസം ഉണ്ടാകാനാണ്!
സർക്കാർ ദുരിതാശ്വാസം  ഇടനിലക്കാരിലൂടെ പലരുടെയും കയ്യിലെത്തിയപ്പോള്‍ ശവമടക്കിന്റെ കടം വീട്ടാൻ പോലും തികയാതായി. കമ്പനിക്കെതിരെ പ്രതിഷേധജ്വാലകളുമായി ഇറങ്ങിത്തിരിച്ചവരെ  അന്തകന്‍ വിത്ത് കമ്പനിയുടെ ബിനാമിയായ റിക്രൂട്ട്മെന്റ് ഏജൻസിയുടെ ആൾക്കാർ തൊഴില്‍ വാഗ്ദാനങ്ങൾ നല്കി വശത്താക്കി. വരണ്ടുണങ്ങിയ പരുത്തി പാടങ്ങള്‍ ഉപേക്ഷിച്ചു നാട് വിട്ടവർക്കൊപ്പം ജീവിതം നെയ്തെടുക്കാൻ ഈ മണൽനഗരത്തിൽ  ഒരുപാടുപേര്‍ എത്തി. എഴുത്തും വായനയും അറിയുന്നവരും അറിയാത്തവരും. അവർക്കൊപ്പം താനും.
“ആഹാ, താന്‍ ഇതുവരെ അത് വൃത്തിയാക്കിയില്ലേ? ഇങ്ങനെ ആലോചിച്ചു നിന്നാല്‍ പണി തീരില്ല...” 
സൂപ്പർവൈസർ അല്പം ഈര്ഷ്യ യോടെ നോക്കി. പിന്നെ 358-ആം നമ്പര്‍ പെട്ടിയുടെ മൂടി തുറന്നു. കട്ടിയുള്ള വെള്ളത്തുണിയിൽ പൊതിഞ്ഞിരുന്ന രൂപത്തിൽ നിറയെ ഐസ് പറ്റിപിടിച്ചിരുന്നു.... നാവു കുഴയുന്നു ... ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കില്‍ ... അയാള്‍ വേഗം കണ്ണുകൾ ഇറുക്കി അടച്ചു. റാംസിങ്ങിന്റെ സഹായത്തോടെ ട്രേയില്‍ നിന്നും ബോഡി എടുത്ത് വൃത്തിയാക്കിയ മറ്റൊരു ട്രെയിലേക്ക് മാറ്റി.. ഗ്ലൌസുകൾക്കുള്ളിലും കൈ വിരലുകൾ തണുത്തു മരവിച്ചു.
ആരായിരിക്കും ഇതില്‍ ... ഓർക്കാപ്പുറത്ത്ര്ക്കാ ജീവിതത്തിൽനിന്നും ഇറങ്ങിപ്പോയതാണോ? അതോ ഇഷ്ടത്തോടെ മരണത്തിനോപ്പം പോയതാണോ? ഒന്ന് മുഖം കണ്ടിരുന്നെങ്കില്‍ ..

അയാളുടെ ചിന്തയില്‍ മിന്നൽ പിണരുകൾ പോലെ ഒരു രൂപം മിന്നി മറഞ്ഞു. അടച്ചു വെച്ചിരിക്കുന്ന പെട്ടിയില്‍ നിന്നും ഒരു സുതാര്യമായ നിഴൽരൂപം തന്റെ മുന്നിൽ വന്നു നിൽക്കുന്നതുപോലെ... അതിന്റെ വയറിന്റെ ഭാഗത്ത് പതിച്ചിരിക്കുന്ന നമ്പര്‍ 358! ആ രൂപത്തിന്റെ ചുണ്ടുകൾ പതുക്കെ അനങ്ങി  
"ഹേയ്.. എന്തിനാ എന്നെപറ്റി ഇങ്ങനെ ആലോചിക്കുന്നത്, ഞാന്‍ ആരെന്നറിയണോ .. അതാ നോക്ക്.. "

അയാളുടെ ബോധമണ്ഡലങ്ങളുടെ പാളികൾ ഒന്നൊന്നായി അടർന്നു  വീണു. ഗോദാവരിയുടെ കരയിലെ ആശ്രമ മൺപാതയിൽ പുലർ മഞ്ഞിൽ നടന്നു പോകുന്ന ഗുരുജി... കയ്യില്‍ താൻ വരച്ച ബസന്തിയുടെ ചിത്രം... അദ്ദേഹം പതിഞ്ഞ ശബ്ദത്തിൽ തന്നോട് സംസാരിക്കുന്നുണ്ട്... 
"നിന്റെ ചിത്രം കുറച്ചുകൂടി മെച്ചപ്പെട്ടിട്ടുണ്ട്... കല കച്ചവടം ചെയ്യാനുള്ളതല്ല, പക്ഷെ കലയും കണക്കും തമ്മില്‍ അഭേദ്യമായ ബന്ധം ഉണ്ട്. ഇത് ‘ഗോൾഡൻ റേഷ്യോയിലുള്ള‘ ചിത്രമാണ്. നീ കേട്ടിട്ടുണ്ടോ, 3,5.8,13 ... ഇങ്ങനെ ഒരു പ്രത്യക ശ്രേണിയിലുള്ള സംഖ്യകളെ പറ്റി. അതിലെ സംഖ്യകൾക്ക് നിയതമായ ഒരു താളമുണ്ട്, ദൂരമുണ്ട്. ഭൂമിയിലെ അതിമനോഹരമായവ എല്ലാം ഈ ക്രമത്തില്‍ നിർമ്മിക്കപ്പെട്ടവയാണ്... നിന്റെ ബസന്തിയും. ഈ അനുപാതത്തില്‍ അവയവങ്ങൾ ഉള്ളവള്‍ ആരെയും മോഹിപ്പിക്കുന്നവൾ ആയിരിക്കും...”
“ചിത്രകലയില്‍ മാത്രമല്ല എല്ലാ മേഖയിലയിലും ഇതിന്റെ സിദ്ധാന്തം പ്രയോഗിക്കുന്നുണ്ട്. വ്യവസായത്തില്‍ , ആര്ക്കിടെക്ചറിൽ, എന്തിനു ഫിനാന്സിൽ പോലും ഉപയോഗിക്കുന്നു. നീ ചരിത്രം പഠിക്കാനുള്ളവന്‍ അല്ല, നിന്റെ ലോകം ചിത്രകലയാണ്. ദരിദ്രന്റെ ശരീരഭാഷ നീ ആദ്യം മാറ്റ്... നിന്റെ കഴിവുകള്‍ വിൽക്കാൻ പഠിക്ക് കുഞ്ഞേ...“
തണുത്ത കാറ്റില്‍ ഒരു മഞ്ഞുപാളിക്കൊപ്പം അദ്ദേഹം മറഞ്ഞു. ഗോദാവരിയില്‍ നിന്നും വന്ന ശക്തമായ കാറ്റ് ഗുരുജിയുടെ കയ്യിലിരുന്ന ചിത്രം തട്ടിയെടുത്തു. കുറേനേരം അത് പലയിടത്തും തട്ടിയും തടഞ്ഞും കീറി പറിഞ്ഞു തന്റെ മുഖത്ത് വന്നു വീണു. അതില്‍ നിന്നും, ഇറുന്നു വീഴുന്ന ചുണ്ടും മുലക്കണ്ണുകളുമായി ഒരു പെൺകുട്ടി ഇറങ്ങി വന്നു. നഖങ്ങള്‍ ആഴ്ന്നിറങ്ങിയ അടിവയറിൽ എന്തോ എഴുതി വെച്ചിരിക്കുന്നു... റോസയ്യ ഒന്നുകൂടി സൂക്ഷിച്ചു നോക്കി 358! പിന്നെ അത് രൂപരഹിതമായ ഒരു നിഴലായി അയാളെ ആലിംഗനം ചെയ്തു  .. അയാള്‍ അലറിക്കരഞ്ഞു...
“റോസയ്യാ ... കണ്ണ് തുറക്കു..“
ആരാണ് തന്നെ കുലുക്കി വിളിക്കുന്നത്‌? ചുണ്ടില്‍ തണുത്ത വെള്ളത്തിന്റെന നനവ്‌... ബസന്തി ചൂടാറുള്ള കൊളുന്തിന്റെ മണം.
“താന്‍ എന്റെ് ജോലി കൂടി കളയുമല്ലോ”.
താഴെ വീണുകിടന്ന അയാളെ താങ്ങി എഴുനേൽ‌പ്പിച്ച് സൂപ്പർവൈസർ പറഞ്ഞു.
“നാശം ... ഇനി ഡ്യുട്ടി മാറ്റാനും പറ്റില്ല.”
“ഇല്ല സര്‍ , ഞാൻ ... ഇനി ഇങ്ങനെ ഉണ്ടാവില്ല“
റോസയ്യ തളർന്ന മുഖത്തോടെ അയാളെ നോക്കി.
ജീവിതത്തിന്റെന നോവും വേവുമായി ഭൂമിയുടെ അങ്ങേ തലയ്ക്കലോളം നടന്നു തളർന്നവനെപ്പോലെ ചുരുണ്ടുകൂടി ഇരിക്കുന്ന റോസയ്യയുടെ മുഖത്തേയ്ക്ക് നോക്കുവാനാവാതെ അയാൾ കയ്യിലിരുന്ന വെള്ളത്തിന്റെ കുപ്പി നീട്ടി. പിന്നെ അവന്റെ ശോഷിച്ച ചുമലിൽ തട്ടി ചോദിച്ചു...
“ജീവിതവും മരണവും തെരഞ്ഞെടുക്കാന്‍ ആവാത്തവർക്ക്  ശവമുറികളും വരാന്തകളും ഒരുപോലല്ലേ റോസയ്യാ?“
റോസയ്യ വേച്ച് വേച്ച് എഴുന്നേറ്റ് ജോലി ചെയ്യാന്‍ തുടങ്ങി. 358-ആം നമ്പർ ശവപ്പെട്ടിയില്‍   നിന്നും ഇറങ്ങിയ രൂപരഹിതമായ ഒരു നിഴൽ അപ്പോഴും അയാൾക്ക്  ചുറ്റും ഒഴുകുന്നുണ്ടായിരുന്നു ...

20 Apr 2012

കാലം മായ്ച്ചുകളയുന്ന ഇഷ്ടങ്ങൾ



അനില്‍കുമാര്‍ സി. പി.








എനിക്കൊട്ടും മനസ്സിലാകുന്നില്ല ഹരി .. ഈ പൊട്ടക്കുളം കാണാനാണോ ഇത്രയും ദൂരം വണ്ടി ഓടിച്ചു വന്നത്?

 ഉം..

നീ തനിച്ചു ഇവിടെ എന്ത് ചെയ്യാന്‍ പോകുന്നു..?

ഉള്ളിലെ ഓര്‍മ്മകളുടെ തിരയൊതുക്കി ഞാ പുഞ്ചിരിക്കാ ശ്രമിച്ചു.

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്കെല്ലാം ചുണ്ടത്തു ഒരു പുഞ്ചിരി ഫിറ്റ്‌ ചെയ്താ മതിയല്ലോ.. നിസ്സംഗതയുടെ രാജകുമാരന്‍.... ഹഹഹഹ.. കനക നിനക്കിട്ട പേര് അസ്സലായി.

അവന്‍ പറയുന്നതൊന്നും എന്റെ മനസ്സിലേയ്ക്ക് എത്തുന്നില്ല എന്ന് തോന്നിയത് കൊണ്ടാവും പിന്നെ ചോദ്യങ്ങള്‍ ഒന്നും ഉണ്ടായില്ല.

ഓക്കേ ..ഞാന്‍ കുറെ കഴിഞ്ഞു വരാം... ഇവിടെത്തന്നെ കാണുമല്ലോ ല്ലേ?

കൈ വീശി അവന്‍ വണ്ടി തിരിച്ച് വേഗത്തില്‍ ഓടിച്ചുപോയി.

അതെ, താന്‍ എന്തിനാണ് ഇങ്ങോട്ട് വന്നത്? ഇവിടെ എനിക്കായി എന്തിരിയ്ക്കുന്നു?

ജീവിതം കയ്യിലൂടെ ഊര്‍ന്നു പോയതും ഒരുതരം നിസ്സംഗതയോടെ അല്ലേ നോക്കി നിന്നതും..

'അങ്കിള്‍..., ആ പന്തൊന്നിങ്ങോട്ട് ഇട്ടുതരുമോ?

ഇന്നലകളിലേക്ക് അലയാന്‍ തുടങ്ങിയ മനസ്സിനെ പിടിച്ചുലച്ചു കൊണ്ട് ഒരു കോറസ്സുപോലെ ചോദ്യവും അതിനൊപ്പം കുറച്ചു വികൃതിക്കുട്ടികളും. പന്ത് തട്ടി എറിഞ്ഞു കൊടുക്കുമ്പോ പഴയ പുഞ്ചപ്പാടവും നെല്ലിൻ പൂമണമുള്ള കാറ്റും മനസ്സിലെത്തി കൊതിപിടിപ്പിച്ചു. കൊയ്ത്തു കഴിഞ്ഞ പാടത്തായിരുന്നു അന്നത്തെ ഫുട്ബാള്‍ കളി. ഇന്ന് അത് ചെമ്മണ്ണ് പാറുന്ന മൈതാനമായി മാറി. കൌമാരകാലത്തെ ലഹരിപിടിപ്പിച്ചിരുന്ന താമരക്കുളവും പകുതിയിലേറെ നികന്നുപോയിരിക്കുന്നു. ബാല പറഞ്ഞപോലെ ഒരു പൊട്ടക്കുളം!

ജലാശയങ്ങള്‍ ഇല്ലാതാകുമ്പോ നമുക്ക് നഷ്ടമാകുന്ന ജൈവവൈവിധ്യം അളന്നു നോക്കാ കഴിയില്ല. ടാറിട്ട റോഡുകളും, സിമന്റിട്ട ചാലുകളും ഗ്രാമങ്ങളില്‍ പോലും നിറയുമ്പോ ഒരു തരി വെള്ളം ഭൂമിയിലേക്കിറങ്ങാതെ പാഴായി പോകുന്നു. എന്നിട്ട് വറ്റിയ കിണറുകള്‍ പിന്നെയും പിന്നെയും കുഴിച്ചു കുടിവെള്ളത്തിന് മറുവഴി തേടുന്നു.

കനകയോടു പറഞ്ഞില്ല ഇങ്ങോട്ടാണ് യാത്ര എന്ന്. തന്റെ സ്വകാര്യങ്ങൾ അൽഭുതതോടെ പണ്ടൊക്കെ കേട്ടിരുന്നവള്‍... ഇന്ന് അവ ആകെ മാറി. യാത്രയുടെ കാര്യം പറഞ്ഞിരുന്നെങ്കി ഉടനേ ചോദിച്ചേനേ... ', അവിടെപോയി സ്വര്‍ണം കുഴിക്കാനാ? നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേ?'
  
ചിന്തകള്‍ കാടുകയറിയതറിയാതെ കാലുക ചെന്നെത്തിയത് പോട്ടക്കുളത്തിനരികെ. നിറയെ കൊടിതൂവകള്‍.... വഴിതെറ്റിപ്പോലും ആരെങ്കിലും ഇത് വഴി വന്നിട്ട് ഒരുപാടു കാലം ആയിട്ടുണ്ടാവും. പായല്‍ മൂടി കിടപ്പുണ്ടെങ്കിലും ഒന്നോ രണ്ടോ താമരക പൂക്കാലത്തിന്റെ അവശേഷിപ്പുപോലെ വിരിഞ്ഞു നില്‍ക്കുന്നു. അയാള്‍ പതിയെ പൊളിഞ്ഞ കല്പടവിന്റെ അവശിഷ്ടങ്ങളിൽ ഇരുന്നു..


ഉണങ്ങിവരണ്ട പാടത്തിനക്കരെ പഴയ മൊട്ടക്കുന്നുക നിന്ന സ്ഥാനത്ത് ഒരു ബഹുനിലക്കെട്ടിടം. അതിനപ്പുറത്തെ തേവരുടെ അമ്പലവും കാവും ഒക്കെ ഇപ്പോഴും ഉണ്ടായിരിക്കണം. കുളത്തിലെ വെള്ളത്തില്‍ തുള്ളിക്കളിക്കുന്ന പരല്‍മീനുക. താമരയിലയില്‍ തെറിച്ചുവീണ ഒരു തുള്ളി വെള്ളത്തിലേക്ക്‌ തന്നെ വീണടിഞ്ഞു. പഞ്ചായത്തുറോഡിലെ വിളക്കുകാലി നിന്ന് വെളിച്ചത്തിന്റെ ഒരു കീറ് കല്പടവി നിഴലുക വീഴ്ത്തി. എവിടെനിന്നോ വീശിയടിച്ച ചെറുകാറ്റിൽ കുളത്തിലെ താമര മെല്ലെയൊന്നാടിയുലഞ്ഞു.

കാറ്റില്‍ താമരയുടെ ... അല്ല, അവളുടെ ... അവളുടെ ഗന്ധം ...!

ഓര്‍മ്മയുടെ ഓളങ്ങളി, ചെമ്മണ്ണ് നിറഞ്ഞ ഒരു നാട്ടുവഴിയിലൂടെ പിന്നോട്ട് നടന്നു.

'ഹരിയേ ... ഒന്ന് നിന്നേ ..' കൃഷ്ണൻ മാമയാണ്.

കോളേജിലേക്ക് പോകാനിറങ്ങിയതായിരുന്നു. പുഞ്ചപ്പാടത്തിന് നടുവിലൂടെയുയുള്ള ചെമ്മൺപാത കടന്നു വേണം ബസ്സ്സ്റ്റോപ്പിലെത്താൻ. വഴി തിരിയുന്നിടത്താണ് കൃഷ്ണൻ മാമയുടെ വീട്. വിശാലമായ പറമ്പിനു നടുവിലുള്ള ഒരു വലിയ മാളിക. അവിടെ പൊസ്റ്റൽ ഡിപ്പാർട്ടുമെന്റിൽ നിന്നു പെൻഷൻ പറ്റിയ കൃഷ്ണൻ മാമയും, മാമിയും തനിച്ചാണ്. മക്കൾ ഉദ്യോഗസ്ഥരായി അന്യനാടുകളിൽ.

മുറ്റത്തെ ചെടികള്‍ നനച്ചു കൊണ്ടിരുന്ന മാമി മുഖമുയര്‍ത്തി ഒന്ന് ചിരിച്ചു.

'ഹരീ, വൈകിട്ട് വരാന്‍ മറക്കണ്ട കേട്ടോ, കാരൂരിന്റെ നല്ല കുറെ കഥകള്‍ കിട്ടിയിട്ടുണ്ട്.'

നല്ലൊരു വായനക്കാരനാണ് കൃഷ്ണന്‍ മാമ. വീട്ടില്‍ പുസ്തകങ്ങളുടെ നല്ലൊരു ശേഖരവുമുണ്ട്. മുത്തശ്ശന്റെ അടുത്ത സുഹൃത്തായിരുന്നതുകൊണ്ടാവണം മാമക്ക് താനും മകനെപ്പോലെ തന്നെ ആയിരുന്നു. എഴുത്തിലും വായനയിലും ഒക്കെ താല്പര്യമുണ്ടെന്നറിഞ്ഞതോടെ ആ ഇഷ്ടം കൂടി. വായിച്ച പുസ്തകങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുക ഒക്കെ പതിവായി. ഒരു കേഴ്വിക്കാരിയായി മാമിയും അരികിലുണ്ടാവും.

മാമ എപ്പോഴും പറയും...
കാരൂരിനെയും, പൊറ്റക്കാടിനേയും, ബഷീറിനേയും ഒക്കെ തീർച്ചയായും വായിക്കണം, എങ്കിലേ ഭാഷയും, പ്രയോഗങ്ങളും ഒക്കെ നന്നായി വഴങ്ങൂ.

പലപ്പോഴും മാമ പറയുമായിരുന്നു ...
'എന്‍റെ മക്ക ഈ പുസ്തകങ്ങ ഒക്കെ വാരിക്കളയുകയെ ഉള്ളു. അവയൊക്കെ ഇനി നിനക്കുള്ളതാണ്.'

ഒരു ദിവസം പതിവ് ചര്‍ച്ചകള്‍ക്കിടയിലാണ് മാമി ആവി പറക്കുന്ന ചുക്കുകാപ്പിയുമായി അവിടേക്ക്‌ വന്നത്...

'ഹരി അറിഞ്ഞോ, നാളെ വിശ്വനും മാളുവും വരുന്നുണ്ട്. അവളെ കുറേക്കാലം ഇനി ഇവിടെ നിര്‍ത്തിയിട്ടു പോകുകയാണെന്ന്...'

മാമിയുടെ വാക്കുകളില്‍ വല്ലാത്ത സന്തോഷം.

'ഈ വയസ്സുകാലത്ത്‌ ഞങ്ങള്‍ക്കും മിണ്ടിയും പറഞ്ഞും ഒക്കെ ഇരിക്കാ ഒരാളായല്ലോ...'

'ശാരദേ, ഈ പ്രായത്തിലാണ് കുട്ടികള്‍ ഒന്നിച്ച് കഴിയേണ്ടത്. ഇവിടെ നമ്മുടെ സന്തോഷമല്ല പ്രധാനം. ജീവിതത്തില്‍ ഇന്നുവരെ ഒരുദിവസം പോലും മാറിനിന്നിട്ടില്ലാത്ത നമുക്കത് മനസ്സിലാവില്ല കൃഷ്ണന്‍ മാമ ഗൌരവത്തി പറഞ്ഞു.

അവരുടെ ഇളയ മകന്‍ വിശ്വനാഥന്‍ വിദേശകാര്യ വകുപ്പിലാണ് ജോലി. ഇപ്പോള്‍ യു. എന്‍. സമാധാന സേനയിലേക്ക്‌  ഡെപ്യൂട്ടേഷനിൽ അയച്ചിരിക്കുന്നു. പ്രശ്നബാധിത പ്രദേശം ആയതിനാൽ കുടുംബത്തെ കൂടെ കൊണ്ടുപോകാൻ കഴിയില്ല. അവരുടെ വിവാഹം കഴിഞ്ഞിട്ട് ഏതാനം മാസങ്ങളേ ആകുന്നൊള്ളു.

കോളേജ്‌ ഇലക്ഷന്റെ തിരക്കിലായിപ്പോയത് കാരണം കുറെ ദിവസത്തേക്ക്‌ അങ്ങോട്ട്‌ പോകാ കഴിഞ്ഞില്ല. ഒരു ദിവസം വൈകുന്നേരം വായനശാലയി പോയി മടങ്ങിവരുമ്പൊഴാണ് മാമിയെ കണ്ടത്.. കൂടെ ഒരു പെണ്‍കുട്ടിയും.. 

'ഹരിയേ അങ്ങോട്ടോന്നും കാണാറേ ഇല്ലല്ലോ ഇപ്പോള്‍? ഹരിക്കറിയില്ലേ മാളൂനെ?'

തലയുയര്‍ത്തി നോക്കി... 

സെറ്റ്‌മുണ്ടുടുത്ത്, നെറ്റിയി ചന്ദനക്കുറി തൊട്ട്നീണ്ടു ചുരുണ്ട മുടി അഴിച്ചിട്ട്, ചുണ്ടിലൊരു ചിരിയുമായി മാളവിക. നേരത്തേ കല്യാണദിവസം കാണുമ്പോ തിളങ്ങുന്ന പട്ടുസാരിയിലും, സ്വര്‍ണത്തിലും ഒക്കെ പൊതിഞ്ഞ ഒരു കെട്ടുകാഴ്ച ആയിരുന്നു!

ഒരു ചെറുചിരിയില്‍ മറുപടിയോതുക്കി നടക്കുമ്പോ പിന്നി മാമി വിളിച്ചു പറയുന്നുണ്ടായിരുന്നു

'ഹരീ, അങ്ങോട്ട്‌ വരൂ കേട്ടോ...'

പിന്നെയും ഏറെ ദിവസങ്ങള്‍ കഴിഞ്ഞാണ് അങ്ങോട്ട്‌ പോകാ കഴിഞ്ഞത്.

'കുറേ ദിവസമായല്ലോ അപ്പുക്കിളിയെ കണ്ടിട്ട്... എവിടായിരുന്നു?'

കൃഷ്ണ മാമക്ക് ഏറെ സ്നേഹം വരുമ്പോഴാണ് ആ വിളി!

'അപ്പുക്കിളിയോ?' ഉമ്മറത്തൂണില്‍ ചാരി നിന്നിരുന്ന മാളവിക ഉറക്കെ ചിരിച്ചു.

'ഹരീ, ഈ കുട്ടിക്ക് അപ്പുക്കിളിയെയും, മൈമുനയെയും ഒന്നും അറിയില്ല ന്നാ തോന്നുന്നേ... നീ അവരെയൊക്കെ ഒന്ന് പരിചയപ്പെടുത്തിക്കൊടുക്ക് ഇവള്‍ക്കും.'

പിന്നെ സന്ധ്യകളിലെ ചര്‍ച്ചക നടക്കുമ്പോ മാളവികയും ഉമ്മറത്തൂണിൽ ചാരി എല്ലാം
ശ്രദ്ധിച്ച് നില്‍ക്കുന്നുണ്ടാവും.

ഒരു ദിവസം മാളവികയെ അവിടെങ്ങും കണ്ടില്ല.

'ആ കൊച്ച് എന്തെങ്കിലുമൊക്കെ ആലോചിച്ചു വിഷമിച്ചിരിക്കുന്നുണ്ടാവും അവിടെ...'

'നീ അങ്ങോട്ട്‌ ചെല്ലൂ ഹരീ ... നിങ്ങള്‍ക്ക് എന്തെങ്കിലും സംസാരിച്ചിരിക്കാമല്ലോ ... പടികയറി അങ്ങോട്ട്‌ ചെല്ലാ ഞങ്ങള്‍ക്കും വയ്യ'  മാമനും പറഞ്ഞു.

ഗോവണി കയറി മുകളിലെത്തി. മുറിയുടെ വാതി തുറന്ന് കിടക്കുന്നു. വിശാലമായ പറമ്പിനു അതിരിട്ട് ദൂരേക്ക്‌ പരന്നു കിടക്കുന്ന വയലിനും അപ്പുറം സൂര്യ എരിഞ്ഞടങ്ങുന്നതും നോക്കി ജനലഴികളി പിടിച്ച് അവ നിന്നിരുന്നു. 

'മാളവികാ ...'

മെല്ലെ തിരിഞ്ഞുനോക്കിയ അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു...

'എന്ത് പറ്റി മാളവികാ...?'

അവള്‍ മെല്ലെ ചിരിക്കാ ശ്രമിച്ചു, നനഞ്ഞ ഒരു ചിരി!

'ഒന്നുമില്ല ഹരീ... തനിച്ചിരുന്നപ്പോള്‍ എന്തൊക്കെയോ ഓര്‍ത്തുപോയി.'

പിന്നെ അതൊരു പതിവായി... കൃഷ്ണമാമയുമായി കുറെ നേരം സംസാരിച്ചു കഴിഞ്ഞാല്‍ നേരെ മുകളിലെ മാളവികയുടെ മുറിയിലെത്തും. എപ്പോഴും ജനലരികി പുറത്തേക്ക്‌ നോക്കി അവ ഉണ്ടാവും. 

പതുക്കെ പതുക്കെ മാളവിക അവളുടെ കഥകള്‍ പറഞ്ഞുതുടങ്ങി. വളരെ കര്‍ശന സ്വഭാവക്കാരായ മാതാപിതക്കളുടെ കൂടെ ഒട്ടും സ്വാതന്ത്ര്യമില്ലാതെ വളര്‍ന്ന ഒരു ചെറുപ്പകാലം... പിന്നെ കോളേജില്‍ എത്തി പ്രീഡിഗ്രി ആയപ്പോഴേക്കും നടന്ന വിവാഹം... നഷ്ടമായ കോളേജ്‌ ജീവിതത്തിന്റെ വര്‍ണങ്ങ ... വിവാഹത്തിനുശേഷവും വളരെ കുറച്ചുകാലം മാത്രം ഒന്നിച്ചു കഴിയാനായത്... അങ്ങനെ ഓരോന്നും ...

ഒരു ദിവസം അവള്‍ ചോദിച്ചു.

'ഹരീ നിനക്കെന്നെ ഇങ്ങനെ നീട്ടിപ്പരത്തി തന്നെ വിളിക്കണം എന്നെന്താ ഇത്ര നിര്‍ബന്ധം?'

ഉറക്കെ ചിരിക്കാനേ കഴിഞ്ഞൊള്ളു എങ്കിലും അവൾ എനിക്കു മാളുവായി...

ദിവസങ്ങള്‍ കഴിഞ്ഞതോടെ ഞങ്ങ നല്ല കൂട്ടുകാരായി. വൈകുന്നേരങ്ങളി എന്റെ കോളേജ്‌ വിശേഷങ്ങളും അവിടുത്തെ കുസൃതികളും ഒക്കെ കേട്ട് അവ നഷ്ടമായ കോളേജ്‌ ജീവിതം ആസ്വദിക്കാ തുടങ്ങി. ഞാന്‍ വിശേഷങ്ങ  പറയുന്നത് ഒരു കൊച്ചുകുട്ടിയുടെ കൌതുകത്തോടെ അവള്‍ കേട്ടിരിക്കും.  പിന്നെ ഞാ വരുന്നതും നോക്കി, കുളിച്ചു ഈറ മുടി വിടര്തിയിട്ടു എന്റെ കഥകൾക്കായി അവള്‍ കാത്തിരിക്കാ തുടങ്ങി.

പറഞ്ഞുകേട്ട കഥകളിലൂടെ എം. ടി.യുടെയും, ടി. പത്മനാഭന്റെയും ഒക്കെ കഥാപാത്രങ്ങള്‍ അവള്‍ക്കും പ്രിയങ്കരരായി. ഒരിക്കല്‍ പൊറ്റക്കാടിന്റെ ‘വനറാണി’യായി സംസാര വിഷയം.

'ഹോ... ഇത്ര തീവ്രമായി ഒരാണിനും പെണ്ണിനും സ്നേഹിക്കാന്‍ കഴിയുമോ!'


പലപ്പോഴും അവള്ഒരു കൊച്ചുപെണ്ണായി, നിസ്സാര  കാര്യങ്ങൾക്ക് വഴക്കുകൂടി പിന്നെ കുസൃതികളുമായി പുറകേയെത്തി. 

ഒരു ദിവസം എന്റെ കയ്യിലിരുന്ന ഇര്‍വിംഗ് സ്റ്റോണിന്റെ ലസ്റ്റ് ഫോര്‍ ലൈഫ് എന്ന പുസ്തകം കണ്ടപ്പോള്‍ അവ ചോദിച്ചു

‘ഇത് ആരുടെ കഥയാ?‘

‘ഇതോ, ഇത് പ്രണയിച്ചവള്‍ക്ക് സമ്മാനമായി സ്വന്തം ചെവി മുറിച്ചു കൊടുത്ത ഒരു ചിത്രകാരന്റെ കഥയാണ്‌...’

പോടുന്നനെയാണ് അവൾ ചോദിച്ചത്‌...

'ഹരീ, നിന്റെയീ ചെവി എനിക്ക് മുറിച്ചു തരുമോ?'

പിന്നെ അവള്‍ ഉറക്കെയുറക്കെ ചിരിച്ചു.

'അതിനു നീ എന്റെ കാമുകനല്ലല്ലോ, ഞാന്‍ നിന്റെ പ്രണയിനിയും അല്ലേ ഹരീ?'

ഒരു വര്‍ഷം കടന്നുപോയി... അതിനിടയില്‍ മഴ വന്നതും, വെയില്‍ മാഞ്ഞതും, മഞ്ഞു പെയ്തതും ഒന്നും ഞങ്ങ അറിഞ്ഞില്ല!

ഒരു വൈകെന്നേരം മാളുവിന്റെ മുറിയില്‍ എത്തുമ്പോ അവ പതിവുപോലെ പുറത്തേക്ക്‌ നോക്കി നില്‍ക്കുന്നു. പിന്നിയ മുടി മുന്നോട്ട് എടുത്തിട്ടുണ്ട്... കഴുത്തിലെ നനുത്തരോമങ്ങളിൽ സ്വര്‍ണത്തിളക്കം. ഒരു നിമിഷം സ്വയം മറന്നു... പിന്നില്‍ നിന്ന് അവളെ നെഞ്ചോട് ചേര്‍ത്തുപിടിച്ചു... ആ കഴുത്തില്‍ ചുണ്ടുക അമര്‍ന്നു. ഒരു നിമിഷത്തിന്റെ ഞെട്ടലി അവ കുതറിമാറി...

'ഹരീ... എന്താ ഇങ്ങനെ? എന്താ നീ ചെയ്തത്?'

ഒന്നും മിണ്ടാനാവാതെ ഇരിക്കുമ്പോള്‍ കണ്ണുക നിറഞ്ഞൊഴുകി.
കുറച്ച് കഴിഞ്ഞ് അവൾ എന്റയടുത്തെത്തി

'നിനക്ക് വിഷമമായോ ഹരീ?' അവളെന്റെ വലതുകൈ എടുത്ത്‌, കൈപ്പുറത്ത് ചുണ്ടുകള്‍ കൊണ്ട് അമര്‍ത്തി ഉമ്മ വെച്ചു.

'ഹരീ... നമുക്കിത്ര മതി, ഇത്ര മാത്രം, കേട്ടോ...'

ഒഥല്ലോയുടെ കഥ കേട്ട്കൊണ്ടിരിക്കുമ്പോഴാണ് അവൾ ചോദിച്ചത്..

'ഹരീ, എല്ലാ പ്രണയവും, എല്ലാ സ്നേഹവും സ്വാര്‍ത്ഥതയാണ് അല്ലേ?'

'ഉം... പൊസ്സസ്സീവും'

പിന്നെ ഒരിക്കല്‍ അവളെന്നെ കാത്തിരുന്നത് 'വാനപ്രസ്ഥവും' കയ്യില്‍ വെച്ചാണ്. കണ്ടപാടെ അവ ചോദിച്ചു ...

'ഹരീ, നമ്മളും ഒരുപാടു വര്‍ഷങ്ങള്‍ക്ക് ശേഷം കാണുകയാണെങ്കി അപ്പോഴും ഇതുപോലെ നമ്മുടെ ഉള്ളിലും സ്നേഹം ഉണ്ടാവുമോ?'

മെല്ലെ ചിരിച്ചതേയുള്ളു.

ആര്‍ത്തലച്ച് പെയ്യുന്ന ഒരു തുലാവര്‍ഷ സന്ധ്യയിലാണ് ഒരുദിവസം അവിടേക്ക്‌ ചെന്നത്. തണുപ്പും കുളിരും കാരണം കൃഷ്ണമാമയും മാമിയും നേരത്തേ തന്നെ കിടന്നിരുന്നു.  തെങ്ങോലകളില്‍ കാറ്റ്‌ വീശുന്നതും നോക്കി ജനലരികി തന്നെയുണ്ട് മാളു. മുറ്റത്ത്‌ വീണുചിതറുന്ന മിന്നല്‍പ്പിണരുകൾ... ജന്നലിൽ കൂടി പുറത്തേക്ക് നോക്കിനിന്നു.

'ഈ മഴയത്ത്‌ കെട്ടിപ്പിടിച്ച് മഴ നനയാ എന്ത് രസമാകും, അല്ലേ ഹരീ?'

പെട്ടെന്നാണ് ഭൂമി കിടുങ്ങുന്ന ഒരിടി വെട്ടിയത്. അതോടെ കറണ്ടും പോയി. മുറിയില്‍ കുറ്റാക്കുറ്റിരുട്ട്... തൊട്ടരികില്‍ മാളുവിന്റെ ചുടുനിശ്വാസം... സിരകളില്‍ ഒരുപാട്‌ മിന്നല്‍പ്പിണരുക പൊട്ടിച്ചിതറി.... ഒരു നിമിഷത്തിന്റെ ആവേശത്തി സ്വയം മറന്നു... ചേര്‍ത്തു പിടിച്ച മാളുവിന്റെ, പുറത്തേക്ക്‌ വരാ തുടങ്ങിയ ഒരു നിലവിളിയെ ചുണ്ടുക തടവിലാക്കി... മെല്ലെ മെല്ലെ തന്നിലേക്ക് പടര്‍ന്ന മാളുവിനെയും കോരിയെടുത്ത് കിടക്കിയിലേക്ക് നടന്നു...

തെങ്ങിൻ‌തലപ്പുകളിൽ കാറ്റ് മുടിയഴിച്ചാടി നനഞ്ഞുകുതിർന്ന മണ്ണിൽ പെരുമഴ ഇരമ്പിയാർത്തു ഭൂമിയെ പിളർന്ന് ഒരു മിന്നൽ തീരേഖയായി ആഴ്ന്നിറങ്ങി

പൊടുന്നനെ ലൈറ്റ്‌ വന്നു... പുറത്തെ മഴ പെയ്ത് തോര്‍ന്നിരുന്നു....  സ്വബോധത്തിലെക്ക് തിരിച്ചുവന്ന മാളു പൊട്ടിക്കരഞ്ഞുകൊണ്ട് കുളിമുറിയിലേക്ക് ഓടി. എന്തുചെയ്യണം ന്നറിയാതെ ഇരിക്കുമ്പോള്‍ കുളിമുറിയി നിന്നും ഏങ്ങലടിക ഉച്ചത്തി കേട്ടുകൊണ്ടിരുന്നു. തലതാഴ്ത്തി പുറത്തേക്ക് നടക്കുമ്പോള്‍ മനസ്സി നിറയെ കുറ്റബോധമായിരുന്നു.

തുടര്‍ന്നുള്ള ദിവസങ്ങളി അവിടേക്കുള്ള പോക്ക് നിര്‍ത്തി. കൃഷ്ണമാമയും, മാമിയും, വിശ്വേട്ടനും ഒക്കെ പലപ്പോഴും പേക്കിനാവുകളായി ...!

ഒരുദിവസം കോളേജിലേക്ക് പോകുമ്പോള്‍ പടിപ്പുരയി മാളു.

'ഹരി ഇന്ന്‍ വീട്ടിലേക്ക്‌ വരണം, എനിക്ക് സംസാരിക്കാനുണ്ട്...'

വൈകുന്നേരം വീട്ടിലെത്തുമ്പോള്‍ അവ ഉമ്മറത്തുതന്നെയുണ്ട്.

'വരൂ ഹരീ, നമുക്കല്‍പ്പം നടക്കാം...'

പറമ്പിനു അതിര് തീര്‍ക്കുന്ന വയല്ക്കരയിലെ കൈതച്ചെടികള്‍ക്ക് പിന്നിലെ മണല്‍പ്പരപ്പി അവ ഇരുന്നു. അസ്തമയ സൂര്യന്‍ മാളുവിന്റെ മുഖം കൂടുതല്‍ തുടുപ്പിച്ചു. 

'ഹരീ, വിശ്വേട്ടന്‍ എന്റെ എല്ലാമാണ്. ഒരു പെണ്ണിന് വേണ്ടതെല്ലാം വിശ്വേട്ടന്‍ തരുന്നുമുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം നിന്നെ ഞാന്‍ വെറുക്കാ ശ്രമിക്കുകയായിരുന്നു. പക്ഷെ എനിക്ക് കഴിയുന്നില്ല,.. ഇനി കഴിയുകയുമില്ല.'

ആ കണ്ണുകളിൽ വേർതിരിച്ചറിയാനാവാത്ത എന്തോ ഒരു ഭാവം!

അവളേ ചേര്‍ത്തുപിടിച്ച് ആ നെറുകയി മുത്തം വെച്ചു...

പിന്നെ എല്ലാം മറന്ന നാളുക... ഇതിനിടയില്‍ പലതവണ വിശ്വേട്ട വരികയും പോകുകയും ചെയ്തു. 

മഴ തോര്‍ന്ന് മരം പെയ്ത ഒരു രാവി നെഞ്ചി വിരലോടിച്ച് അവ ചോദിച്ചു,

'ഹരീ, നീ നമ്മളേ കുറിച്ചു, നമ്മുടെ നാളകളെ കുറിച്ച് ഓര്‍ക്കാറുണ്ടോ?'

'ഉം... ശരിയെന്ന്‍ നമ്മ വിശ്വസിക്കുന്ന ഈ വലിയ തെറ്റിന് നമ്മ വലിയ വില കൊടുക്കേണ്ടി വരുമായിരിക്കും ...'

'നമ്മുടേത്‌ മാത്രമല്ല... നമ്മള്‍ സ്നേഹിക്കുന്ന, നമ്മളേ സ്നേഹിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവിതത്തെയും അത് ബാധിക്കില്ലേ ഹരീ…?'

'മാളൂ... ഒരു യാത്രക്ക് സമയമായിരിക്കുന്നു എന്ന് തോന്നുന്നു ... എല്ലാത്തില്‍നിന്നും ഒരുപാട് ദൂരേക്ക്‌ ...'

'ഒരു ഒളിച്ചോട്ടമാണോ ഹരീ?'

'അല്ല ... ഒരു ജന്മത്തേക്ക് ഓര്‍ക്കാ വേണ്ടതൊക്കെ ഇപ്പോ തന്നെ നമുക്കുണ്ട് ... അവയൊക്കെ മനസ്സില്‍ സൂക്ഷിച്ച് ദൂരെയിരുന്നു സ്നേഹിക്കാ... ഓര്‍മ്മക ഉണ്ടായിരിക്കുന്ന കാലത്തോളം നിന്റെ ഗന്ധം മാഞ്ഞു പോവാതിരിയ്ക്കാൻ...'

കണ്ണീരിന്റെ നനവും ചൂടും നെഞ്ചില്‍ പടര്‍ന്നു.

പിന്നെ എത്ര വര്‍ഷങ്ങ... ഇടക്കൊക്കെ നാട്ടില്‍ വന്നു പോയിട്ടും കാണാനായില്ല... കാണാന്‍ ശ്രമിച്ചില്ല. അപ്പോഴും മനസ്സില്‍ ഒരു താമരപ്പൂവിന്റെ മണമുണ്ടായിരുന്നു, അവളുടെ മണം!

അന്നുരാവിലെ ആദ്യമായി വീട്ടിലെത്തുന്ന ഒരു കൂട്ടുകാരനെ കാത്തുനില്‍ക്കാ വേണ്ടിയാണ് റോഡിലേക്ക് പോയത്‌. അടുത്തൊരു കാര്‍ വന്നു നിന്നു, പെട്ടെന്ന്‍ ആളെ മനസ്സിലായില്ല. വെളുത്തു തടിച്ച ഒരു സ്ത്രീ. 

'ഹരി അല്ലേ? എന്ന് വന്നു?'

ഓഹ്... അവള്‍,  മാളു!

'ഹരീ, പോട്ടേ.. കുറച്ച് തിരക്കുണ്ട് .. വിശ്വേട്ടന്റെ കുറച്ച് ബാങ്ക് ഡോക്കുമെന്റ്സ് ശരിയാക്കാനുണ്ട്...'

മൂന്നു വര്‍ഷത്തോളം ഭ്രാന്തമായ ഇഷ്ടത്തോടെ എന്നി പടര്‍ന്നിരുന്ന, ഒരു ദിവസം എന്നെ കണ്ടില്ലെങ്കിൽ നിറഞ്ഞ കണ്ണുമായ്‌ കാത്തിരുന്ന മാളുന്‍റെ വേഷപ്പകര്‍ച്ചയിൽ ഞാ അമ്പരന്നു നില്‍ക്കെ അവള്‍ കാ മുന്നോട്ടെടുത്തു... പിന്നെ എന്തോ ആലോചിച്ചു തിരിച്ചുവന്നു.

'അല്ല,.. ചോദിക്കാന്‍ മറന്നു... ഹരിക്ക് സുഖമല്ലേ?'

പിന്നെ പൊടിപറത്തി കാര്‍ മുന്നോട്ട് പോയി.


ഓര്‍മ്മകളുടെ മണ്‍തിട്ടക ഇടിഞ്ഞു വീണു നികന്ന ഭൂത കാലത്തിന്റെ തടാകം പോലെ മനസ്സും മാറിക്കഴിഞ്ഞു. എങ്കിലും അതിനടിയില്‍ കുഴിച്ചു മൂടിയ ചില ഇഷ്ടങ്ങളുടെ കണ്ണീരിന്റെ നനവി ഓര്‍മ്മകളുടെ നാമ്പുക പലപ്പോഴും തല നീട്ടാറുണ്ട്. വര്‍ത്തമാനത്തിന്‍റെ വറുതിയി അവയി ഇത്തിരിനേരമെങ്കിലും സ്വയം മറക്കാ  പോലുമാവാതെ നിസ്സഹായനായി പോകുമ്പോഴുണ്ടാകുന്ന ആത്മനിന്ദയില്‍ നീറിപ്പുകഞ്ഞ എത്ര ദിവസങ്ങ.

മനസ്സിനും ശരീരത്തിനും തീപിടിച്ച രാവുകള്‍ നഷ്ടപ്പെടുത്തിയത് എന്നെക്കുറിച്ചുള്ള മറ്റുള്ളവരുടെ സ്വപ്നങ്ങള്‍ ആയിരുന്നു. ആരുമായിതീരാതെ, എങ്ങുമെത്താതെ അലഞ്ഞപ്പോഴൊന്നും ഒരു നഷ്ടബോധവും തോന്നിയിരുന്നില്ല. നരകയറിയ മനസ്സിലും  സൂക്ഷിച്ചു വെയ്ക്കാൻ മാളുവിന്റെ വിയര്‍പ്പുതുള്ളികളുടെ ഗന്ധം ഉണ്ടായിരുന്നു. കുളത്തിലെ വെള്ളത്തി ഇരുട്ടിന്റെ കറുപ്പ് കലര്‍ന്നു… അതില്‍ അവളുടെ  ചിത്രം അലിഞ്ഞില്ലാതായി.

ഒരു കാര്‍ വന്നു നില്‍ക്കുന്ന ശബ്ദമാണ് ഓര്‍മ്മകളി നിന്നുണര്‍ത്തിയത്, കൂട്ടുകാരനാണ്.

വണ്ടിയിലേക്ക് കയറുമ്പോ പൊട്ടക്കുളത്തിലെ അവസാനത്തെ താമരപ്പൂവും മനസ്സി കരിഞ്ഞുവീണു.

കാലം മായ്ച്ചുകളയുന്ന ഇഷ്ടങ്ങൾക്ക് ഒരു അടയാളവും ബാക്കിവെക്കാറില്ലല്ലൊ!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...