Showing posts with label shine t thankan. Show all posts
Showing posts with label shine t thankan. Show all posts

23 Oct 2012

പദവി


ഷൈൻ ടി.തങ്കൻ


വിശപ്പ്‌ കാഴ്ചകളെ മറച്ചപ്പോള്‍
കുറ്റികാട്ടില്‍ കാത്തിരുന്നവന്‍
വഴിയെ പോയവളുടെ മുല
കടിച്ചു പറിച്ചു
അവളുടെ ജീവന്‍
ഞരക്കങ്ങളായി പുളയുമ്പോള്‍
വിശപ്പകറ്റുന്ന
തിമിര്‍പ്പിലായിരുന്നവന്‍ .
പൌര സമിതിക്കാരുടെ
സമരത്തിന്‌ ശേഷം
സര്‍ക്കാര്‍ ആണുങ്ങളുടെ
കൂടുന്ന വിശപ്പിനെ പഠിക്കാന്‍
കമ്മീഷനെ നിയമിച്ചു.
ദ്രിശ്യ മാധ്യമങ്ങള്‍
അവന്റെ പല്ലും , നഖവും
അവളുടെ പച്ചിറച്ചിയില്‍
ആഴ്ന്നപ്പോളുണ്ടായ
വികാരങ്ങളെ കുറിച്ച്
സ്പെഷ്യല്‍ ഷോ കാണിച്ചപ്പോള്‍
കോടതി അവള്‍ക്കു വേശ്യ പദവി
നല്‍കി ആദരിച്ചു .

19 Jul 2012

ബലി

 ഷൈൻ ടി.തങ്കൻ

നീ തരാതെ പോയ നിന്റെ മകള്‍
എന്റെ മനസ്സിന്റെ തീരത്ത്
നിനക്കായി വെളുത്ത ചോറില്‍
കറുത്ത എള്ളും ചേര്‍ത്തുരുട്ടുന്നു.
വിറയ്ക്കുന്ന ചുണ്ടുകളില്‍ നിന്നടരുന്നത്
നിനക്കുള്ള മോക്ഷ ജപങ്ങള്‍ .
കാക്കയായി വന്നു കൊത്തുന്നു നീ
കള്ള നോട്ടം നോക്കിയെങ്ങോ
പറക്കുന്നു വീണ്ടും
കൊത്തിയ കൊത്തെല്ലാം ചങ്കില്‍
തറച്ച് ഞാന്‍ ,കര്‍ക്കിടക തുള്ളിയില്‍
അലിഞ്ഞു കരഞ്ഞിടുന്നു .
ഇപ്പോളുമൊടുങ്ങാതെ കത്തുമെന്‍
പ്രണയമല്ലാതെ ഇല്ല,
നിനക്കായെനിക്കൊരു ബലി

17 Jun 2012

രാക്ഷസീയം

ഷൈൻ ടി തങ്കൻ

ചിലപ്പോഴെല്ലാം എന്റെ
ഏകാന്തതകളില്‍ ചില
രാക്ഷസ ചിന്തകള്‍
വന്നു നിറയാറുണ്ട്
ജപനാമങ്ങള്‍ തേടുന്ന
വനമനസ്സുകളെ ജഡയിളക്കി
പായിക്കുന്ന അട്ടഹാസങ്ങള്‍
മുഴക്കുന്ന കരുത്തുറ്റ
രാക്ഷസ സ്വപ്‌നങ്ങള്‍
എന്റെ തലയില്‍
ചവിട്ടി തിമിര്‍ക്കാറുണ്ട്
കൌശല ന്യായങ്ങളുടെ
തല തല്ലി പൊളിക്കുന്ന
കൂറ്റന്‍ ഗദയുമായി
ആകാശങ്ങളിലെ ഇന്ദ്രീയ
വേശ്യ പുരകളെ ഇടവേളകളില്‍
കിടിലം കൊള്ളിച്ചു
രസിക്കാറുണ്ട്‌ ഞാന്‍
എന്റെ രാക്ഷസ മോഹങ്ങളില്‍
ഉച്ചയൂണിന്റെ മയക്കം കഴിഞ്ഞു
രോമങ്ങള്‍ നിറഞ്ഞു ;
വീതിയേറിയ നെഞ്ചുയര്‍ത്തി
കാട്ടുപൂക്കള്‍ പൊഴിഞ്ഞ
വനവീഥികളില്‍ നായാടി
വംശ പെരുമ വളര്‍ത്തണം
സന്ധ്യാ വന്ദനത്തിന്‍ മുന്‍പേ
മുലകച്ചയും ,ചേലയുമില്ലാതെ
കാട്ടരുവികളില്‍ അരക്കെട്ടിളക്കി
മറിഞ്ഞു രസിക്കും
കാമ കൊതിച്ചികളാം
മനുഷ്യ പെണ്ണുങ്ങളുടെ
നിതംബ കിലുക്കങ്ങള്‍ തേടണം
സദാചാര മതില്‍കെട്ടില്‍
നീട്ടി വളര്‍ത്തിയ താടിയുമായി
എല്ലൊട്ടിയ ദേഹത്ത്
അടക്കാനാവാത്ത കാമവുമായി
പെണ്ണുങ്ങളെ തടവിലാക്കുന്ന
മുനി കാപട്യങ്ങളെ തല്ലിയോടിച്ച്‌
അധികാര ഗര്‍വ്വിനാല്‍
പെണ്ണിന്റെ മാനത്തെ തീപെടുത്തി
കാട്ടിലെറിഞ്ഞ ദേവന്യായങ്ങളെ
പത്തു തലകളുമായി
നേരിന്റെ ചന്ദ്രഹാസത്താല്‍
വെട്ടി വീഴ്ത്തീടണം
ഭോഗിച്ചതിന്‍ ശേഷമുലയരിയുന്നവന്റെ
ചോരയില്‍ ലങ്കാപുരികള്‍
പണിതുയര്‍ത്തീടണം
രക്ഷസനാണ് ഞാനും ചിലപ്പോഴെല്ലാം
നിന്റെ ദേവ ന്യായങ്ങളെ കണ്ടിടുമ്പോള്‍
പൂക്കളെ സ്നേഹിച്ച ,പെണ്ണിനെ മോഹിച്ച
രാക്ഷസ രാവണനാണെന്റെ ദേവന്‍

20 May 2012

ജാതകം

ഷൈൻ ടി.തങ്കൻ

എന്നെ നീ ശപിക്കരുത്
ശുദ്ധ ജതകനായി
മനുഷ്യ ഗണത്തില്‍ പിറന്നതിനു
എന്നെ നീ ശപിക്കരുത്
പ്രേമമെന്ന കുരുക്കെറിഞ്ഞു
എന്നിലേക്ക്‌ വലിച്ചു മുറുക്കി
ചുംബനങ്ങള്‍ കൊണ്ട് നിന്നെ
ശ്വാസം മുട്ടിച്ചതിനു
എന്നെ നീ ശപിക്കരുത്
കവടികളില്‍ ആവാഹിച്ചു
പലകയില്‍ നിന്റെ പ്രണയത്തെ
ഉരുട്ടി കളിയ്ക്കാന്‍ വിട്ടതിനു
എന്നെ നീ ശപിക്കരുത്
കവടി പലകയെ ചോദ്യം ചെയ്ത്
വിശ്വാസ തീയിലുരുകാന്‍ വിടാതെ
നിന്നെയെന്‍ നെഞ്ചോട്‌
ചേര്‍ക്കാത്തെയെന്‍ പ്രണയത്തെ
നിന്റെ നിഷകളങ്ക ചിരിയാല്‍
പരിഹസിച്ചിടരുത്
നിന്റെ ചുണ്ടി കടിച്ചു തൂങ്ങി
ആര്‍ത്തിയോടെ നിന്റെ അരകെട്ടില്‍
നാണമില്ലാതെ അരിച്ചു നടന്ന എന്റെ
ആണത്തത്തെ നീ പരിഹസിച്ചിടരുത്
ചങ്ക് പറിച്ചെനിക്കേകിയ നിന്റെ
പ്രണയത്തെ പലകയില്‍ കല്ലുരുട്ടി
ഭാവിയെ തെളിയിക്കുന്നവന്
കശക്കി കറക്കാന്‍ കൊടുത്തതിനു
എന്നെ നീ ശപിക്കരുത്
പുഴയെ ഗര്‍ഭം കൊണ്ട കണ്ണുകളെ മറച്ചു
എന്നോട് കരയുരുതെന്നു പറയുമ്പോളും
അറിയാതെ പോലും എന്നെ ശപിക്കരുത് നീ
വീണ്ടുമൊരു ചതി കായ കൊടുക്കാന്‍ പോകുന്നു ഞാന്‍
മയക്കിയെന്‍ ചുണ്ടുകളില്‍ കോര്‍ത്ത്‌
അവളുടെ സ്വപ്നങ്ങളെ ഊറ്റി കുടിക്കുവാന്‍
ശപിക്കരുത് നീയെന്നെ അപ്പോഴും

19 May 2012

കാറ്റ്

 ഷൈൻ ടി.തങ്കൻ

ഞാന്‍ തേടുകയാണ്
പൊഴിയുമിലകളില്‍ നിന്നകന്ന്
തളിര്‍ക്കുമിലകളിലേക്ക് പടരുമൊരു
കാറ്റുപോല്‍………
കാറ്റായി വീശുവാനറിയാ കാലത്ത്
ഗതിവേഗമെന്നില്‍ നിറച്ചൊരു
തളിരിലായാണിന്നുമെന്നില്‍
വസന്തമായി പൂത്തു ,കാടായി പടരുന്നവള്‍
പിന്നില്‍ നിന്നൊരു പുഴു കുത്തേറ്റു
എന്നിലൂടൊഴുകി വീണവള്‍ .
അന്നാദ്യമായ്‌ ഞാനൊരു കൊടുംങ്കാറ്റായി
ആടിത്തിമിര്‍ത്തു ,മേഘങ്ങളെ കുലുക്കി
പെയ്യിച്ച് ഇടി താളം മുഴക്കിച്ചു .
ഇപ്പൊഴീ ആകാശ ചെരുവില്‍
ആലോലങ്ങളില്ലാതെ, ഇമകളനങ്ങാതെ
കാത്തിരിക്കുന്നൊരീ ഞാന്‍
ചെറു നാരുകളായി മണ്ണിലലിഞ്ഞ്
വേരിലൂടെ കുതിച്ചെത്തി തളിര്‍ക്കുമൊരു നാളിനായി

20 Apr 2012

വിത്ത്

 ഷൈൻ ടി.തങ്കൻ

വലിച്ചെറിഞ്ഞ വിത്ത്
കുതിര്‍ന്ന മണ്ണിനിടയിലൂടെ
നീണ്ട വേരുകള്‍ കൊണ്ട്
വെള്ളമൊഴിച്ച കൈകളില്‍
ചുറ്റി വലിച്ചലറി
എവിടെയെന്റെ മരങ്ങള്‍ ?
നനഞ്ഞ കൈകള്‍ തുണിയില്‍
തുടച്ച് കൈകള്‍
ഉത്തരങ്ങളെ വിത്തിന്റെ
ചുമലുകളില്‍ തേടി വിറച്ചു
വേദനയില്‍ വിത്ത് ചോദിച്ചു ,
ഞാന്‍ പൊഴിയുമ്പോള്‍
മരം കരഞ്ഞിരിക്കുമോ ..?
എറിയപെടുന്ന എല്ലാ
വിത്തുകളും വേരുകള്‍
മുളക്കുന്നവയായിരിക്കുമോ
കിട്ടിയിരിക്കുമോ അവര്‍ക്കും
നനയ്ക്കുന്ന നനുത്ത കൈകള്‍ ..

19 Feb 2012

ഈ ആണുങ്ങള്‍ എന്താ ഇങ്ങിനെ …..ഛെ …

ഷൈൻ തങ്കൻ

അവള്‍ ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല…
ഇല്ല ആരും സമ്മതിക്കില്ല !
അവളുടെ ഈ ഭൂമിയില്‍ സ്വപ്നങ്ങളെല്ലാം ശിശിരങ്ങളില്‍ അടര്‍ന്ന് കൊഴിയുന്ന ഇലകളാവുന്നു..
അടുക്കളയില്‍ മമ്മിയുടെ കയ്യില്‍ നിന്നും പാത്രം മറിഞ്ഞു വീഴുന്ന ശബ്ദം ഒരു ഇടിമിന്നല്‍ പോലെ പേടിപ്പിച്ചപ്പോള്‍ അവള്‍ മുറിയിലേക്കോടി ..പപ്പ മേടിച്ചു കൊടുത്ത പുതിയ സാംസങ്ങ് യങ്ങ് മൊബൈലെടുത്ത് അവനെ വിളിച്ചു .
ഡാ നമുക്ക് പോകാം ,ഇനിയും വയ്യ എനിക്കിങ്ങനെ ..
അവനും പറഞ്ഞു ഇല്ലെടാ എനിക്കും വയ്യ ,നമുക്ക് പോകാം .അവിടെ നമുക്കൊരുമിച്ചു ജീവിക്കാം ..
അവളുടെ ശബ്ദം നേര്‍ത്തു വരുന്നു ,
അവന്‍ മൊബൈല്‍ ചേര്‍ത്ത് പിടിച്ചു..
ഡാ കുട്ടാ, ഞാന്‍ എടുത്തു ..അവന്‍ പറഞ്ഞു ഞാനും മോളു..
ഞാന്‍ ചേര്‍ത്ത് പിടിച്ചെടാ ,എന്‍റെ ചക്കരേ .., ഞാനും അവന്‍ കൂടുതല്‍ മൊബൈല്‍ ചേര്‍ത്ത് പിടിച്ചു പറഞ്ഞു .
ഡാ ചക്കര കുട്ടാ ഇതാ കഴിഞ്ഞെടാ …
എന്‍റെ മോളു ഞാന്‍ ……..
അവന്‍റെ ബാക്കി ശബ്ദം കേള്‍ക്കാതായപ്പോള്‍ റേഞ്ച് പോയെന്നു കരുതി
കാള്‍ കട്ട് ചെയ്ത് ഫേസ് ബുക്ക്‌ ഓപ്പണ്‍ ചെയ്തു .
**************************
എന്തോ ഒച്ച കേട്ട് പാഞ്ഞെത്തിയ അവന്‍റെ അമ്മ കണ്ടത് പ്ലസ്‌ ടുവിന്‍റെ ബുക്കില്‍ കമിഴ്ന്നു കിടക്കുന്ന മോനെ …
ഒഴുകി പരക്കുന്ന ചോരയില്‍ കൈ പരതുന്ന അവനെ ആശുപത്രിയിലേക്ക്
പായുന്നു …
കൂട്ടുകാര്‍ ബൈക്കുകളില്‍ പാഞ്ഞെത്തുമ്പോള്‍ 9 കുപ്പി ചോരയുടെയും ,നോട്ടത്തിന്‍റെ കൂലിയും ചേര്‍ത്ത് ആശുപത്രിക്കാര്‍ കൊടുത്ത 60000 ന്‍റെ ബില്ലുമായി നില്‍ക്കുന്ന അച്ഛന്‍ .
ചോരയുടെ നിറവും മണവുമുള്ള ഒരു പ്ലസ്‌ ടു പ്രണയം …ഐ സി യുവില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റുമ്പോള്‍ അവള്‍ ഓര്‍ത്തു ഇത്രയും പ്രാക്ടിക്കല്‍ അല്ലാത്ത ഒരുത്തനെ ആയിരുന്നോ ഞാന്‍ അയ്യേ ………..ഈ ആണുങ്ങള്‍ എന്താ ഇങ്ങിനെ …..ഛെ …

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...