Showing posts with label t c v satheesan. Show all posts
Showing posts with label t c v satheesan. Show all posts

27 Mar 2013

പ്രണയത്തിന്റെ മാരിവില്ല്

ടി.സി വി സതീശൻ 

അക്കൊല്ലവും മഴ വൈകി , ജൂണ്‍ അഞ്ചിനാണ് സ്കൂൾ തുറന്നത് .

അർദ്ധസന്തോഷമേ മന്ത്രിയുടെ പ്രസ്താവന മനസ്സിന് നൽകിയുള്ളൂ .

ബ്രൗണ്‍ പേപ്പറിൽ പൊതിഞ്ഞ പുതിയ പുസ്തകങ്ങൾ , രണ്ടുദിവസം മുമ്പ് തുന്നിക്കിട്ടിയ പുതിയ നിക്കറും ഷർട്ടും .. ഒരാവേശം മനസ്സിലുണ്ടാക്കിയിരുന്നു .

വൈകിയാണെത്തിയതെങ്കിലും പിന്നീട് മഴ കനത്തു , കുപ്പായം നനഞ്ഞു , ബ്രൗണ്‍ പേപ്പർ ഏതാണ്ട് പുസ്തകത്തോട് വിടപറഞ്ഞു .

പെയ്തുതീരാത്ത മഴയ്ക്ക്‌ ആകാശത്തിന്റെ മണമായിരുന്നു , ഋതുമതിയായ ഭൂമിയുടെ മണമായിരുന്നു . ഓട്ടിറുമ്പിലൂടെ ഇറ്റിവീഴുന്ന മഴത്തുള്ളികളെ നോക്കി ഞാനാകാശയാത്ര നടത്തി .

പ്രണയത്തിന്റെ മാരിവില്ല് മനസ്സിൽ വിരിഞ്ഞത് എപ്പോഴാണെന്നറിയില്ല , ചെടികൾ തളിർത്തു , മൊട്ടുകൾ പൂക്കളായി .. ഓണവും വന്നു .

മനസ്സിൽ വസന്തം ആദ്യമായി തീർത്തത് ആരാണെന്ന് അറിയില്ല , ഇംഗ്ലീഷ് കൂടി പഠിപ്പിച്ചിരുന്ന ക്ലാസ് ടീച്ചർ വൽസലകുമാരിയൊ അതോ മുൻബെഞ്ചിലിരിക്കുന്ന ആനി വിൽസനോ ?

ഒരുകാര്യം ഉറപ്പുണ്ട് .. ചുണ്ടിന് മീതെ കിളിർത്ത കിളിരുകളെ നോക്കി .. വല്ല്യ ആണായല്ലോ എന്ന് ആദ്യം പറഞ്ഞത് ആനി വിൽസനാണ് .

പൂക്കളെയെല്ലാം എനിക്കിഷ്ടമാണ് , പൂക്കളിൽ റോസിനെയാണ് കൂടുതലിഷ്ടം .. അതുപറഞ്ഞപ്പോൾ ആനി വിൽസന്റെ മറുപടി ഇതായിരുന്നു .

ഞാൻ ആനി റോസ് വിത്സൻ .. നിനക്കെന്നെ റോസ് എന്നുവിളിക്കാം .

വരണ്ട വേനലിലും പൂക്കളുണങ്ങാതെ കാത്തു സൂക്ഷിക്കാൻ അവൾ ഒരുപാട് പാടുപെട്ടിട്ടുണ്ടായിരിക്കണം.

പഠിപ്പിക്കാൻ ശ്രമിച്ച അധ്യാപകർ പരാജയപ്പെട്ടു , അവർ പഠിപ്പിച്ചിരുന്നത് പഠിക്കാൻ ഞാൻ തയ്യാറല്ലാത്തതിനാലൊ അതോ എനിക്കിഷ്ടപ്പെട്ട വിഷയങ്ങൾ പഠിപ്പിക്കാൻ അവർക്ക് കഴിയാഞ്ഞതിനാലോ എന്തുകൊണ്ടോ അക്കൊല്ലം ഞാൻ എട്ടുനിലയിൽ തോറ്റു .

തൊടിയിൽ ആനി റോസ് വിത്സൻ നിറയെ പൂക്കളുമായി തഴച്ചു വളരുകയാണ് ..കടും നിറത്തിലുള്ള റോസാപ്പൂക്കൾ തേടി കരിവണ്ടുകൾ അലഞ്ഞപ്പോൾ അവയിൽ നിന്നും കൃത്യമായ അകലം സൂക്ഷിച്ച് തേൻനിറഞ്ഞ വസന്തകാല വിമ്മിട്ടമായി അവൾ മാറി നിന്നു

20 Sept 2012

അക്ഷരങ്ങളുടെ വേദന

ടി.സി.വി.സതീശൻ
വാക്കുകളെ
അക്ഷരങ്ങള്‍ക്ക് ഭയമായിരുന്നു
അക്ഷരങ്ങള്‍ കോര്‍ത്തിണക്കി
വാക്കുകളാക്കുമ്പോള്‍
അതില്‍ വേണ്ടാതീനങ്ങള്‍ കൂടുന്നുവെന്ന്
അക്ഷരങ്ങള്‍ക്ക് പരാതി

വാക്യങ്ങളെ
വാക്കുകള്‍ക്കു ഭയമായിരുന്നു
നല്ല വാക്കുകള്‍ ചേര്‍ത്ത്
മോശം വാക്യങ്ങളുണ്ടാകുന്നു
എന്നതാണ് വാക്കുകളുടെ പരാതി

ഭാഷയെ
വാക്യങ്ങള്‍ക്കു ഭയമായിരുന്നു
മോശം ഭാഷയ്ക്കുവേണ്ടി ,
നന്‍മയ്ക്ക്‌ പകരം തിന്‍മ വളര്‍ത്താന്‍
നല്ല വാക്യങ്ങളെ ഉപയോഗിക്കുന്നു
എന്നതാണ് വാക്യങ്ങളുടെ ഭയത്തിനു കാരണം

നീതി പുലര്‍ത്തേണ്ടത്
ഭാഷയാണ്‌
വാക്യങ്ങളാണ്
വാക്കുകളാണ്
അക്ഷരങ്ങള്‍ ഇനിയും വേദനിച്ചുകൂടാ .

കളിപ്പാട്ടങ്ങള്‍


ടി.സി.വി.സതീശന്‍


ഒന്ന്


ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിനില്‍ അവള്‍ കളിപ്പാട്ടങ്ങളെ തിരയുകയാണ് , വിവിധങ്ങളായ സൈറ്റുകള്‍ വിരല്‍ത്തുമ്പിലൂടെ കടന്നുപോയി . ആശ ജനിപ്പിക്കുന്ന ഒന്നും തന്നെ സ്ക്രീനില്‍ തെളിഞ്ഞില്ല , കണ്ടുമടുത്തതും ഉള്ളില്‍ താത്പര്യം ജനിപ്പിക്കാത്തതും ആയിരുന്നു അവയെല്ലാം. വിരസതയുടെ വേളയിലെപ്പോഴോ  അറിയാതെ അവളുടെ വിരലുകള്‍ ഡേയ്റ്റിംഗ് സൈറ്റില്‍ അമര്‍ന്നു. നിറയെ കളിപ്പാട്ടങ്ങള്‍ , അവളുടെ കണ്ണുകള്‍ക്കത് വിശ്വസിക്കാനായില്ല .

അയാള്‍ അമ്മാനക്കായകള്‍ മുകളിലേക്കെറിയുകയും  താഴെ വീഴാതെ ഉള്ളം കയ്യിലൊതുക്കുകയും  വീണ്ടും അതാവര്‍ത്തിക്കുകയും ചെയ്തു , അടക്കമുള്ള ആ കയ്യൊതുക്കത്തെ താത്പര്യപൂര്‍വ്വം അവള്‍ ശ്ലാഘിച്ചു . ലോഹ ഗോളങ്ങളില്‍ നിന്നുമുതിരുന്ന ഭസ്മം ചുറ്റും കൂടിനിന്ന ഓരോ പെണ്‍കുട്ടിയുടേയും മേല്‍ പതിപ്പിക്കാന്‍  പ്രത്യേക ശ്രദ്ധ ആ കരവിരുത് കാട്ടിയിരുന്നു . മനവും മനനവും ഒരുക്കൂട്ടി  രോഗ വിമുക്തിക്കായി കൊതിക്കുന്ന പെണ്‍കുട്ടികളാകട്ടേ ഒരു നുള്ള് ഭാസ്മമെങ്കിലും തങ്ങളുടെ മേല്‍പതിയാന്‍ മത്സരിക്കുകയാണ് . അയാള്‍ക്ക്‌ ചുറ്റും റോക്ക് ചെയ്യുന്ന അവരുടെ കണ്ണുകള്‍ ജ്വലിച്ചു , ശരീരം ഇളകി .

നിറയെ ദ്വാരങ്ങള്‍ ഉള്ള ലോഹഗോളങ്ങള്‍ , അതിന്റെ സുഷിരങ്ങളിലൂടെ ഉതിരുന്ന ഭസ്മം , അല്‍പ്പ വസ്ത്രധാരിയായ അയാള്‍ക്ക് ചുറ്റും നൃത്തമാടുന്ന പെണ്‍കുട്ടികള്‍ , ഉരിഞ്ഞുവീഴുന്ന അവരുടെ ഇറുകിയ വസ്ത്രങ്ങള്‍ .. കാണാനിമ്പമുള്ള ആ കാഴ്ചകള്‍ അവളെ ആവേശത്തിലാക്കി . അതിന്റെ മാസ്മരികതയില്‍ ആനന്ദമുളവായി , മനസ്സ് പുതിയ ചക്രവാളങ്ങള്‍ തേടി പറന്നു .

കളിപ്പാട്ടങ്ങളെ ചെറുപ്പം തൊട്ടേ അവള്‍ക്കിഷ്ടമായിരുന്നു , ഇഷ്ടമെന്നു പറഞ്ഞാല്‍ വെറുമൊരിഷ്ടം. അല്ലാതെ അവ സൂക്ഷിച്ചുവെക്കാനോ അതില്‍ സ്വപ്നങ്ങള്‍ നിറയ്ക്കാനൊ അവള്‍ ഒരിക്കലും തയ്യാറായിരുന്നില്ല . പഴയത് മടുക്കുമ്പോള്‍ പുതിയത് തേടുകയും പഴയതിനെ മറക്കുകയും ചെയ്യുക , അത്രതന്നെ .

വൈകി ഉണരുന്ന സൂര്യന്‍ അവള്‍ക്കൊരു പ്രശ്നമേ ആയില്ല , നിലാവ് പൂക്കുന്ന ആകാശത്തേ മാത്രമേ അവള്‍ കണ്ടുള്ളൂ . വൈകിയുറങ്ങുന്ന രാത്രികളെ കാമിച്ച് ജീവിതം വെറുമൊരു അമ്മാനയാട്ടമായി അവള്‍ കല്‍പ്പിച്ചു , അമ്മാനപ്പന്തുകളില്‍ നിറച്ച ഭസ്മത്തിന്റെ തായും വേരും  അന്വേഷിച്ചില്ല , ഉപേക്ഷിച്ചുപോയ കളിപ്പാട്ടങ്ങള്‍ പോലെ അതും അവളെ നോമ്പരപ്പെടുത്തിയില്ല .
മച്ചിങ്ങയില്‍ കോര്‍ത്ത ഈര്‍ക്കിലില്‍ മറ്റൊന്ന് ചേര്‍ത്തു വട്ടം കറക്കിയപ്പോള്‍ ഉണ്ടാകുന്ന കടകടാ ശബ്ദം അവളുടെ കാതുകളില്‍ വന്നണഞ്ഞു . പച്ച ഈര്‍ക്കിലുകള്‍ കുത്തിനോവിച്ച മച്ചിങ്ങയുടെ ദീനവിലാപം അവളെ സന്തോഷത്തിലാക്കി . ആവേശത്തോടെ, ലോകത്തെ നോക്കി ഈര്‍ക്കിലുകള്‍ ചേര്‍ത്തുപിടിച്ച് വീണ്ടും വീണ്ടും വട്ടം കറക്കി , അതില്‍ അവള്‍ വട്ടുപിടിച്ചു .

വീക്കെന്‍ഡിലെ  ഷോപ്പിംഗ് അവള്‍ക്കു നിര്‍ബ്ബന്ധമാണ് , നഗരത്തിലെ പേരുകേട്ട ഷോപ്പിംഗ് മാളില്‍ അവള്‍ കളിപ്പാട്ടങ്ങള്‍ തിരയുകയാണ് . ചാവി കൊടുത്താല്‍ ആടുകയും പാടുകയും വീണു നമസ്കരിക്കുകയും ചെയ്യുന്ന സുന്ദരനായ ആണ്‍ പാവ , അവളുടെ കണ്ണുകള്‍ അതില്‍ ഉടക്കി നിന്നു . അതിനെ തിരിച്ചും മറിച്ചും നോക്കി , വീണ്ടും ചാവി കൊടുത്തു . താളത്തിനു തുള്ളുന്ന അവന്റെ കൊപ്രായങ്ങളില്‍ അവള്‍ ആനന്ദം പൂണ്ടു .

ദൂരെ മാറിനിന്നു ഒരാള്‍ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു , ആവേശത്തിമര്‍പ്പില്‍ അവളതു കണ്ടതേയില്ല , അര മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞു കാണണം ഒരാള്‍ അവളുടെ മുന്നില്‍ വന്നു നിന്ന് തന്റെ ദേഹമൊന്നു കുടഞ്ഞ്‌ , ടൈ വലിച്ചു ശരിയാക്കി പറഞ്ഞു .. ഞാന്‍ നിരഞ്ജന്‍ , ഇവിടുത്തെ ഫ്ലോര്‍ മാനേജര്‍ . മാഡത്തിനു ടോയ്സ് ഇഷ്ടമാണെന്ന് തോന്നുന്നു , ഇത് പാക്ക് ചെയ്യട്ടേ ? ഇനിയെന്തെങ്കിലും ഹെല്‍പ്പ് ..? പാവയില്‍ നിന്നും ഒരു നിമിഷം അവളുടെ ശ്രദ്ധ അവന്റെ നേര്‍ക്ക്‌ തിരിഞ്ഞു , വീണ്ടും അവള്‍ പാവയിലേക്ക് , അവനിലേക്ക്‌ .. മാറി മാറി നോക്കി.  അവള്‍ അവനോടു ചിരിച്ചു ,അല്‍പ്പം വിശാലമായി തന്നെ , പാവയില്‍ തോന്നിയ അതേ കൌതുകം അവനോടും തോന്നിയിരിക്കണം .

നിരഞ്ജന്‍ ഇങ്ങിനെ തന്നെയാണോ എപ്പോഴും ? മുഖത്തെയീ പ്രസന്നത എന്നും ഉണ്ടാകുമോ ? ഒന്ന് കണ്ണിറുക്കി അവള്‍ അവനോടു ചോദിച്ചു . ഷോള്‍ഡര്‍ കുലുക്കിയുള്ള ഒരു ചിരിയാണ് നിരഞ്ജന്‍ അതിനു മറുപടിയായി അവള്‍ക്കു കൊടുത്തത് .

ചാവിയില്‍ തിരിയുന്ന സുന്ദരപ്പാവയെ ഷോകെയ്സില്‍ തന്നെ തിരികെ വെച്ച്‌ അവള്‍ അവന്റെ കൈ പിടിച്ച് പുറത്തേക്ക് നടന്നു . ചാവികൊടുത്ത പാവയെ പോലെ അവന്‍ അവളോട്‌ ചേര്‍ന്ന് നടന്നു . ചേര്‍ത്തുവെച്ച പച്ച ഈര്‍ക്കിലുകള്‍ അവള്‍ വീണ്ടും കറക്കി , പ്രസന്ന മുഖത്തിന്റെ തരളിത വിലാപമായി നിരഞ്ജന്‍ മച്ചിങ്ങാ കളിപ്പാട്ടമായി , കടകടാ ശബ്ദമുതിര്‍ത്ത് അവളെ ആനന്ദിപ്പിച്ചു.
രണ്ടുമാസം തെകഞ്ഞില്ല , ചൈനയുടെ വിലകുറഞ്ഞ കളിപ്പാട്ടം പോലെ ചാവികൊടുത്താല്‍ തിരിയാന്‍ നിരഞ്ജന്‍ ആയപ്പെടുന്നതായി അവള്‍ക്കു ബോധ്യപ്പെട്ടു . അല്ലെങ്കില്‍ തന്നെ ഒരു കളിപ്പാട്ടം എത്രകാലം കൊണ്ട് നടക്കാം ? ഔചിത്യക്കേട്‌ മനസ്സിനെ കളിയാക്കി . വിപണിയിലെ പുതിയ പരസ്യങ്ങള്‍ തേടി , പുതിയ കളിപ്പാട്ടങ്ങള്‍ക്കായി ഷോപ്പിംഗ് മാളുകള്‍ തോറും അവള്‍ കയറിയിറങ്ങി .

രണ്ട്


ഇന്‍ ബോക്സ് തുറന്നു മെയില്‍ ചെക്ക് ചെയ്യുകയാണ് . നൂറ്റിയെഴുപത്തിയാറ് മെയിലുകള്‍ .. അനാവശ്യമായത് ഡിലിറ്റ് ചെയ്യുന്നതിനിടെ കണ്ണുപെട്ട ഒരു മെയില്‍ അവള്‍ തുറന്നു നോക്കി . ഭുപേന്‍ ചന്ദെന്നായിരുന്നു അവന്റെ പേര് , കവിത പൂക്കുന്ന വാക്കുകളില്‍ പ്രണയത്തിന്റെ ആകാശവിശാലത .. അവനു വെബ്ബ് ചാറ്റ് വേണമത്രേ . കൌതുകവും ജിജ്ഞാസയും കലര്‍ന്ന ആഹ്ലാദത്താല്‍ പുതിയ കുരിശിനെ ഏറ്റെടുക്കാന്‍ അവള്‍ തീരുമാനിച്ചു . ക്യാമറ ഓണ്‍ ചെയ്ത് ഹെഡ് ഫോണ്‍ കാതിലുറപ്പിച്ച് അതിനായി തയ്യാറെടുത്തു . മരക്കുരിശില്‍ തറയ്ക്കപ്പെടാന്‍ വിധിക്കപ്പെട്ട അടുത്ത ഹതഭാഗ്യവാന് കത്തിക്കാനായി അവള്‍ മെഴുകുതിരികളെടുത്ത്‌ മേശപ്പുറത്തുവെച്ചു .

ഹായ് , ഡാര്‍ലിംഗ് .. ഞാന്‍ ഭുപേന്‍ . പത്തിരുപത്തിരണ്ട് വയസ്സ് പ്രായം തോന്നിക്കുന്ന വെളുത്തു മെലിഞ്ഞ പയ്യന്‍ ഉപചാര വാക്കുകളില്ലാതെ പറഞ്ഞു .
ഹായ് .. എന്‍റെ മറു വചനങ്ങള്‍ക്ക് ചെവി കൊടുക്കാതെ അവന്‍ തുടര്‍ന്നു .. കോട പെയ്യുന്ന മഞ്ഞുമലകളിലേക്ക് അവനുമൊത്തൊരു ട്രക്കിംഗ് , ഐസ്സ് പാളികള്‍ക്കിടയില്‍ തെന്നിവീഴാതെ അവനൊപ്പം ഉയരങ്ങള്‍ താണ്ടുക . നനുത്ത ചിരിയില്‍ അവന്‍ ഒളിപ്പിച്ചുവെച്ച വെല്ലുവിളി അവള്‍ക്കു കാണാതിരിക്കാന്‍ കഴിഞ്ഞില്ല . കയ്യിലുള്ള ചെറിയ പന്തുകളെ മുകളിലേക്കെറിയുകയും  കയ്യൊതുക്കത്തോടെ കൈപ്പിടിയിലൊതുക്കുകയും ചെയ്തു കൊണ്ടവള്‍ പറഞ്ഞു .. ഞാന്‍ റെഡി , നിന്റെ ഉള്ളിലെ ഐസ്സുരുക്കാന്‍ എനിക്ക് രണ്ടാഴ്ച മതി . പുതിയ കളിപ്പാട്ടം കയ്യില്‍ വന്നകപ്പെട്ട സന്തോഷത്തില്‍ അവളുടെ ചുണ്ടുകള്‍ ചലിച്ചു .

പുത്ര ദു:ഖത്താല്‍ സ്വന്തം ശരീരത്തില്‍ കയറ് വരിഞ്ഞുകെട്ടി വിപാശയിലേക്ക് എടുത്തു ചാടിയ വസിഷ്ടനെ കുറിച്ച് അവള്‍ കേട്ടിട്ടുണ്ട് . ഓളങ്ങള്‍ തീര്‍ത്ത്‌ കയറ് തകര്‍ത്ത് വസിഷ്ടനെ രക്ഷിച്ച വിപാശ നദിയെ അവക്കിഷ്ടവുമാണ് .  ഭുപേന്‍ .. വിപാശയുടെ തീരത്തേക്കുള്ള നിന്റെ ക്ഷണം ഞാന്‍ സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു . രൊഹ്താംഗ്  ചുരങ്ങളിലെക്കുള്ള യാത്രയില്‍ പിരിമുറുക്കങ്ങളില്ലാത്ത സായാഹ്നങ്ങള്‍ നിനക്ക് വാഗ്ദാനം ചെയ്യുന്നു , ദൈവങ്ങളുടെ താഴ്വരയില്‍ നമുക്കന്തിയുറങ്ങാം .. എന്നുപറഞ്ഞ് അവള്‍ ചാറ്റിംഗ് ക്ലോസ് ചെയ്തു .

മനാലിയിലേക്കുള്ള യാത്രയുടെ ഒരുക്കങ്ങള്‍ നടത്തുന്ന തിരക്കിലായിരുന്നു അവള്‍ . സ്വപ്നങ്ങളില്‍ വിപാശ നദിയും കുളു താഴ്വരയും മാറിമാറി വന്നു .  മനസ്സ് രൊഹ്താംഗിലെക്കുള്ള ഉയരങ്ങളില്‍ പറന്നു കളിച്ചു , ഇടത്താവളങ്ങളില്‍ ഭുപേനുമൊത്തുള്ള രതി ക്രീഡകളെ  ഓര്‍ത്ത്‌ ചിരിച്ചു . ജനലഴികള്‍ കടന്നു വന്ന തണുത്ത കാറ്റില്‍ സ്വപ്നങ്ങള്‍ ഉറക്കത്തിനു വഴിമാറി കൊടുത്തു . വളരെ വൈകി കിഴക്ക് വെള്ള കീറി , പകല്‍ വെളിച്ചം മുട്ടിവിളിച്ചു . ഭുപേന്‍ എന്ന സുന്ദര പാവ അവളുടെ കരവലയങ്ങള്‍ക്കുള്ളില്‍ ഞെരിഞ്ഞമരുകയായിരുന്നു അപ്പോള്‍ .

മനാലിയിലേക്കും വിപാശയിലേക്കും ഉള്ള ദൂരം വിരല്‍ത്തുമ്പില്‍ ഇല്ലാതായി , ലാപ് ടോപ്പില്‍ ഭുപേന്റെ ചിരിക്കുന്ന മുഖം തെളിഞ്ഞു .അവള്‍ കയ്യിലെ പന്തുകളെ ആകാശത്തേക്ക് എറിഞ്ഞു . ഉതിര്‍ന്നുവീണ അവന്റെ ദേഹത്ത് ശിശിരങ്ങള്‍ തീര്‍ത്തു . മഞ്ഞു പെയ്യുന്ന ഇരുളില്‍ തന്റെ വിരിഞ്ഞ ചുണ്ടുകള്‍ അവന്റെ വിറയാര്‍ന്ന ചുണ്ടുകളെ തേടി .

കളിപ്പാട്ടങ്ങള്‍ എന്നും കളിപ്പാട്ടങ്ങള്‍ മാത്രമാണ് എന്ന് നീയറിയണം .. ഭുപേന്‍ ശബ്ദമുയര്‍ത്തി പറഞ്ഞു . ഇടവും വലവും നില്‍ക്കുന്ന വിപാശയും കുളുവും അതു കേട്ട് ചിരിച്ചു കാണുമല്ലോ എന്നവള്‍ അവനെ കളിയാക്കി .

അവളുടെ മുഖത്ത് വിരിഞ്ഞ ചുഴികളില്‍ ഭുപേന്റെ കൈനഖങ്ങള്‍ പോറലുണ്ടാക്കി , കോടയുരുകുന്ന ഉഷ്നപ്രവാഹം പുതിയ ആവേശത്തെ സൃഷ്ടിച്ചു . ധ്യാനവും ക്രീഡകളുമായി നമുക്കിവിടെ പൊറുപ്പ് തുടങ്ങാം , അവന്‍ പറഞ്ഞു . കാലങ്ങളോളം ശിവ പാര്‍വ്വതിമാര്‍ ഒരുമിച്ചു വസിച്ചിരുന്ന ഈ താഴ്വാരത്തെ നമുക്ക് സ്വന്തമാക്കാം . ശിരോലിഖിതങ്ങളും തിരുവസ്ത്രങ്ങളുമില്ലാതെ കാറ്റായും മഞ്ഞായും മഴയായും നമുക്കീ മണ്ണില്‍ അലിഞ്ഞില്ലാതാവാം .

ഭുപേന്‍ നീയെന്നെ തോല്‍പ്പിച്ചിരിക്കുന്നു ..? താന്‍ ചെറുതാകുന്നതായി അവള്‍ക്കു തോന്നി . കളിപ്പാട്ടങ്ങള്‍ ഉപേക്ഷിച്ച് അവള്‍ തല കുലുക്കി . മാറിവന്ന ഋതുക്കള്‍ അവര്‍ക്ക് കാവലായി നിന്നു . രൊഹ്താംഗ്  മലയിടുക്കുകളില്‍ മഞ്ഞുപെയ്യുകയും കോടയുണ്ടാവുകയും അതുരുകുകയും ചെയ്തു . വിപാശ നദി ഒന്നുമറിയാത്തവളെ പോലെ ഒഴുക്ക് തുടര്‍ന്നു .

19 Aug 2012

ഘടികാരമണികള്‍ നിലച്ചപ്പോള്‍

ടി.സി.വി .സതീശൻ

ജീവിതം തുടങ്ങുന്നതും ഒടുങ്ങുന്നതും രാത്രിയിലാണ് എന്നവള്‍ പറഞ്ഞപ്പോള്‍ ഞാന്‍ വെറുതെ ചിരിച്ചതേയുള്ളൂ .
നിന്‍റെ പേരെന്താണ് ? നഗ്നമായ അവളുടെ ചുമലില്‍ തട്ടി , ഞാന്‍ ചോദിച്ചു .
വട്ടുപിടിച്ച മുഴുത്ത ചിരിയായിരുന്നു മറുപടി .
പേരും നാളുമൊക്കെ ചോദിച്ചറിയാന്‍ നീ എനിക്കാരാണ് ?
ഒരു പൂവും പൂമ്പാറ്റയോട് ഇത്തരത്തില്‍ ഒരു ചോദ്യം ഇതുവരെ ചോദിച്ചു കാണാനിടയില്ല എന്ന് ഞാന്‍ കളിയാക്കി. അതവളെ തൃപ്തിപ്പെടുത്തിരുന്നു എന്ന് വേണം കരുതാന്‍ , എന്‍റെ പിന്‍കഴുത്തില്‍ പതിഞ്ഞ അവളുടെ ചുണ്ടുകള്‍ അതായിരിക്കണം സാക് ഷ്യപ്പെടുത്തിയത്.
വസന്തം പൂക്കള്‍ക്കുള്ളതാണ് , പൂമ്പാറ്റകള്‍ക്കും . തേന്‍ നുകരുക .. മധുചഷകത്തില്‍ മുഖം പൂഴ്ത്തി സമാധിയടയുക ..ആ ചുണ്ടുകള്‍ മന്ത്രിച്ചു .
നിന്നെ മീര എന്നു ഞാന്‍ വിളിക്കട്ടെ ..?  അവള്‍ തലയാട്ടി .
മീര..  നല്ല പേര് , ഒരുപാട് പേരുകളിലൂടെ കടന്നുവന്ന ഒരാളാണ് ഞാന്‍ , ഇത്രയും മനോഹരമായ പേര് ചൊല്ലി ഇതേ വരെ ആരും എന്നെ വിളിച്ചിട്ടില്ല . കൈകള്‍ എന്‍റെ കഴുത്തിലൂടെ പിണച്ച് നെറ്റിയില്‍ തുരുതുരെ അവള്‍ ഉമ്മവെച്ചു .
ഗോതമ്പിന്‍റെ നിറമല്ല , എണ്ണ കറുപ്പാണ് . കരിങ്കല്ലില്‍ കടഞ്ഞെടുത്ത ശിപ്പംപോലെ . പിറന്നപടിയിലുള്ള  നില്‍പ്പ് .. എന്‍റെ കണ്ണുകള്‍ അവളുടെ  നഗ്നമേനിയെ തുടച്ചു. ഭക്ത്യാദരപൂര്‍വ്വം മീരയുടെ ശരീരത്തില്‍ ഞാന്‍ തൊട്ടു . ഇക്കിളി കൊണ്ടവള്‍ പുളഞ്ഞു . പൂജാ വിധികളില്‍ പ്രാവിണ്യമുളള  ഒരാളെ പോലെ കുനിഞ്ഞിരുന്നു. ദൈവഹിതം , അവളുടുടെ വക്ഷസ്സുകള്‍ എന്‍റെ ചുമലില്‍ പതിഞ്ഞു . പുറത്തു  നിലാവുണ്ടായിരുന്നു , അവളുടെ കണ്ണുകളില്‍  നക്ഷത്രങ്ങള്‍ പൂക്കുന്നുണ്ടായിരുന്നു ..
കണങ്കാലുകള്‍ പിടിച്ചുയര്‍ത്തി  ഞാനവളെ സോഫയിലേക്ക് മറിച്ചിട്ടു . തിരമാലകള്‍ അലയടിച്ചുയരുന്ന ആവേശത്തോടെ മീര കടലായി . അസ്തമയ സൂര്യനെ പോലെ ഞാന്‍ ആഴിയില്‍ മുങ്ങിത്താണു .
പാതിരാക്കോഴികള്‍ കൂകിയിരിക്കണം , നിലാവ് വിരിയിച്ച നക്ഷത്രങ്ങള്‍ അവളുടെ മേനിയില്‍ പൂമഴ പെയ്യിച്ചിരുന്നു .എന്നില്‍ മദജലമോഴുകി .
ഉത്തമാ ..അവള്‍ വിളിച്ചു , ഞാന്‍ വിളി കേട്ടില്ല , കാരണം ഞാന്‍ ഉത്തമാനായിരുന്നില്ല .
നിന്നെ വിളിക്കാന്‍ എനിക്കൊരു പേര് വേണം .. ?
ഉത്തമന്‍, അതു വേണ്ടാ .. കേള്‍ക്കുമ്പോള്‍ ഒരു സുഖം പോരാ , വലിയൊരു നുണ പറയുന്നത് പോലെയാണ് അതു വിളിക്കുമ്പോള്‍ നിന്‍റെ ചുണ്ടുകള്‍ ചലിക്കുന്നത്‌ , ഇത്രയും പറഞ്ഞ് ഞാനവളുടെ ചെവിയഗ്രം കടിച്ചു .. സുഖം പെറ്റ നോവോടെ അവള്‍ മൊഴിഞ്ഞു .. നിനക്കിഷ്ടമല്ലെങ്കില്‍ വേണ്ടാ .
പേര് ഒരു വ്യവഹാരത്തിനു വേണ്ടി മാത്രമുള്ളതല്ലേ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവള്‍ തല കുലുക്കി .
അതേയ് ഒരു വസ്ത്രം പോലെ , ചിലത് മറച്ചു പിടിക്കാന്‍ ഒരു പേര് ഉണ്ടായിരിക്കുന്നത് നല്ലതാ ..
മൈഥൂനത്തിന്‍റെ വേറിട്ട വഴികള്‍ തേടി കെട്ടു പിണഞ്ഞു കിടക്കുന്ന രണ്ടു നിഴലുകളായി തീര്‍ന്നിരിക്കുകയായിരുന്നു  ഞങ്ങളപ്പോള്‍ . പേര് പേരയ്ക്കാ മരമായി താണും ചെരിഞ്ഞും നിന്നു .
ഇരുള് പകരുന്ന രാത്രിയില്‍ വ്യവഹാരങ്ങള്‍ ഇല്ലാത്തത് പോലെ പേരുകളും ഇല്ലാതാവുന്നു എന്നതാണ് വാസ്തവം .
അഴിമുഖത്തേക്ക് അണയാന്‍ അവള്‍ക്കു വെമ്പലായി , ആഴിയില്‍ അലിഞ്ഞില്ലാതാവണം.
ബാല്യം , യൌവ്വനം , വാര്‍ദ്ധക്യം എന്നിങ്ങനെ കാലത്തെയും സമയത്തെയും സാക് ഷ്യപ്പെടുത്തുന്നത്  ഘടികാരമണികള്‍ ആണ് . സെക്കണ്ട് സൂചികള്‍ക്ക് വാശിയായിരുന്നു മിനുട്ട് സൂചികളെ പിന്നിലാക്കാന്‍,  സൂചികള്‍ മത്സരിച്ചു പായുന്നു   .. ഓരോരുത്തര്‍ക്കും വാശിയായിരുന്നു മറ്റുള്ളവരെ താഴ്ത്തി കെട്ടാനും മുന്നോട്ടുള്ള അവരുടെ ഗതി തടയാനും . ഇല്ലാതാവേണ്ടത് ഘടികാര മണികള്‍ ആണ് .. അതുപറയുമ്പോള്‍ ആര്‍ത്തിരമ്പുന്ന കടല്‍ത്തിരകള്‍ പോലെ ആവേശത്തിലായിരുന്നു അവളുടെ മുഖം .
ഘടികാരമണികള്‍ നിശ്ചലമായി , നിഴലുകളായി തന്നെ സമാധിയടയുക .. അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചു .
തുടങ്ങുന്നതും ഒടുങ്ങുന്നതും രാത്രിയിലാണല്ലോ .. നിന്‍റെ വാക്കുകളിലെ പകലിനെ നിന്‍റെ ശരീരത്തിലെ ഉപ്പില്‍ ഞാന്‍ തിരയുന്നു .
പുറത്തു വീശിയ തണുത്ത കാറ്റ് അതു ശരിവെച്ചു . നിലച്ചുപോയ ഘടികാര മണികളെ നോക്കിയുള്ള  അവളുടെ ദീര്‍ഘനിശ്വാസം വായുവില്‍ പുതിയ ചൂട് സമ്മാനിച്ചു .
..............................
..............................
........................................................................

17 Jun 2012

ഹാവൂ ., ഒരു പ്രത്യയശാസ്ത്ര പ്രതിസന്ധി കൂടി തീര്‍ന്നുകിട്ടി

ടി.സി.വി.സതീശൻ
മാങ്ങയാണോ ആദ്യം അണ്ടിയാണോ
എന്ന മകളുടെ ചോദ്യത്തിനു മുന്നില്‍
എന്ത് പറയണമെന്നറിയാതെ
പരുങ്ങുകയായിരുന്നൂ ഞാന്‍
അപ്പോഴാണ്‌ മഴ പെയ്തത്
മഴ എല്ലാത്തിനും ഉത്തരമാണ്
എന്നുപറഞ്ഞു ഞാനൊഴിഞ്ഞു
മകള്‍ മഴയെ നോക്കിനിന്ന തക്കത്തിനു
ഞാനെന്‍റെ കണ്ണട ഊരിയെടുത്തു
ചെവിയിലെ കേള്‍വി സഹായ യന്ത്രം
താഴേക്കിട്ടു ചവുട്ടിയുടച്ചു
ഹാവൂ , ഒരു പ്രത്യയ ശാസ്ത്ര
പ്രതിസന്ധി കൂടി പരിഹരിച്ചു കിട്ടിയല്ലോ
ഞാനെന്‍റെ പഴയ ചാരുകസേരയിലേക്ക് മറിഞ്ഞൂ വീണു
അടുത്ത പ്രതിസന്ധി വരാതിരിക്കാന്‍
കണ്ണുകള്‍ അടച്ചുപിടിച്ചു
കാതുകള്‍ തുറന്നതേയില്ല .
പ്രതിസന്ധികളില്‍ ഉറക്കമാണ്
ഏറ്റവും വലിയ ഔഷധമെന്നു ഞാനങ്ങിനെ തിരിച്ചറിഞ്ഞു .

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...