Showing posts with label 25. Show all posts
Showing posts with label 25. Show all posts

19 Jul 2015

ശ്രീനാരായണായ

 

എം  കെ  ഹരികുമാറിന്റെ നോവൽ   ശ്രീനാരായണായ

ആഗസ്റ്റ്‌  മാസത്തിൽ  പ്രസിദ്ധീകരിക്കുന്നു 

വില 500/  പേജ്  അഞ്ഞൂറിനു മുകളിൽ 

ഫോ; 9995312097

 

24 Jun 2015

നാം നമ്മുടെ മോക്ഷത്തെ എന്തുചെയ്തു?




എം. തോമസ് മാത്യു
    നിങ്ങൾ കഴുകനെ ശ്രദ്ധിച്ചിട്ടില്ലേ? ആർക്കു ശ്രദ്ധിക്കാതിരിക്കാൻ കഴിയും! അപാര നീലിമയുടെ പശ്ചാത്തലത്തിൽ ചിറകുകൾ വിരിച്ച്‌ അലസയാനം ചെയ്യുന്ന ആ അത്ഭുത സൃഷ്ടി ആരെയും ആകർഷിക്കുക തന്നെ ചെയ്യും. ആർക്കും അപ്രാപ്യമായ ഇടങ്ങളിൽ മാത്രം കൂടൊരുക്കി വാസം ചെയ്യുന്ന പക്ഷി; നാൾതോറും പുതുയൗവ്വനം പ്രാപിച്ച്‌ വിലസുന്ന പറവകളുടെ രാജാവ്‌. കഴുകനെക്കാൾ സൂക്ഷ്മദൃഷ്ടിയുള്ള ഒരു ജീവിയും ലോകത്തിലില്ല. എത്രയോ ഉയരത്തിൽ പറന്നു കൊണ്ടാണ്‌ അത്‌ ഭൂമിയെ നിരീക്ഷിക്കുന്നത്‌. ഇങ്ങുതാഴെ ഭൂമിയിൽ ഇരയുടെ സാന്നിദ്ധ്യം ഉണ്ടായാൽ കഴുകന്റെ കണ്ണിൽപ്പെടും. കണ്ണിൽ പെട്ടാലോ? ചാട്ടുളിയെ തോൽപിക്കുന്ന വേഗത്തിലും സൂക്ഷ്മതയിലും അത്‌ ഇരയുടെ മേൽ പതിക്കും; നിമിഷാർദ്ധം കൊണ്ട്‌ കൊത്തിയെടുത്ത്‌ ഉയരത്തിലേക്കു കുതിക്കും.
    ഈ സൂക്ഷ്മ ദൃഷ്ടിയെ ആദരിച്ചുകൊണ്ടാണ്‌ ഗൃദ്ധ്രദൃഷ്ടി എന്നൊരു ശൈലി തന്നെ ഭാഷയിൽ പ്രചാരത്തിൽ വന്നത്‌. ഏത്‌ സൂക്ഷ്മ-ദീർഘ ദൃഷ്ടിയേയും അനുമോദിച്ചു കൊണ്ട്‌ നാം ഗൃദ്ധ്രഷ്ടി എന്നു വിളിക്കുന്നു.
    എന്നാൽ, ഭൂമിയിലൂടെ ഒരു ചുണ്ടെലി പായുന്നത്‌ മേഘമാർഗ്ഗത്തിൽ ചരിക്കുമ്പോഴും കാണാൻ വിരുതുള്ള ഈ പക്ഷിരാജൻ ഇവിടെ ഒരു പൂവ്‌ വിരിഞ്ഞു നിൽക്കുന്നത്‌ ഒരിക്കലും കാണുകയില്ല. കാണാൻ അതിനു കഴിയുകയില്ല.
"നേരെ വിടർന്നു വിലസീടിന
നിന്നെ നോക്കി-
യാരാകിലെന്ത്‌? മിഴിയുള്ളവർ
നിന്നിരിക്കാം...."
    എന്നു കവി എഴുതിയത്‌ ഒരു പൂവിനെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമാണ്‌. അതേ, മനുഷ്യൻ മാത്രമേ അതു കാണൂ. ജന്തു ലോകത്തിലെ ഏതു കേമന്റേയും കണ്ണിന്‌ ഉത്സവമാകാൻ ആകാഴ്ചക്കു കഴിയുന്നില്ല; അവ അതു കാണുന്നേയില്ല! ഇരുകാലിൽ നെട്ടനെ എഴുന്നേറ്റുനിന്ന്‌ അത്ഭുതചിഹ്നം പോലെ തോന്നിപ്പിക്കുന്ന മനുഷ്യൻ എന്ന ജീവി ജീവലോകത്തിലെ ഇതര അംഗങ്ങളിൽ നിന്ന്‌ വ്യത്യസ്തനാകുന്നത്‌ അവന്റെ കണ്ണ്‌ ഇരകളുടെ മേൽ മാത്രമല്ല പതിയുന്നത്‌ എന്നതുകൊണ്ടാണ്‌.
അത്ഭുതങ്ങൾ തൻ നൃത്തമണ്ഡലം
ഇദ്ധരാതലം മോഹനം
അത്ഭുതങ്ങൾക്കുമത്ഭുതമെന്നാൽ
മർത്ത്യശക്തിതൻ വിക്രമം
    എന്ന്‌ സഹസ്രാബ്ദങ്ങൾക്കു മുമ്പ്‌ സൊഫോക്ലിസ്‌ എഴുതിയത്‌ വെറുതെയല്ല. മർത്ത്യശക്തിയുടെ വിക്രമം ആരംഭിക്കുന്നത്‌ കാഴ്ചയിലുള്ള വ്യതിരേകത്തിലാണ്‌ വിയന്മണ്ഡലത്തിലെ മേഘജാലത്തെ മകുടമായണിയുന്ന പർവ്വതപംക്തി നോക്കി 'പർവ്വതം ദൈവത്തിന്റെ മഹത്ത്വം പ്രഘോഷിക്കുന്നു' എന്ന്‌ ഒരു കവി എഴുതിയത്‌ നാം വായിച്ചിട്ടുണ്ട്‌. പർവ്വതങ്ങൾ യഥാർത്ഥത്തിൽ എന്തെങ്കിലും പ്രഘോഷിക്കുന്നുണ്ടോ? ഇല്ല; അവ അങ്ങനെ നിൽക്കുന്നതേയുള്ളൂ. എന്നാൽ, മഹത്ത്വമാർന്ന അതിന്റെ സാന്നിദ്ധ്യത്തിൽ പർവ്വതം എന്ന പ്രതിഭാസമോ അതിന്റെ വലുപ്പമോ അല്ല അവയിലൂടെ അവയുടെ സൃഷ്ടാവിനെ അറിയാനാണ്‌ മനുഷ്യൻ ഉത്സുകനാകുന്നത്‌. പർവ്വതത്തിന്റെ പ്രഘോഷണം പുറമേ കാണുന്ന ചെവിയിലല്ല എത്തുന്നത്‌; അവിടെ ഒരു ശബ്ദവും എത്തുന്നില്ല. എന്നാൽ ഭാവനാശാലിയായ മനുഷ്യന്റെ അന്തശ്രോത്രങ്ങളിൽ പർവ്വതത്തിന്റെ നീരവസംഗീതം നിറയുന്നു. സൃഷ്ടിയുടെ നാഥന്റെ മഹത്ത്വത്തിന്റെ വിളംബരമായി സൃഷ്ടിമാറുന്നത്‌ അതിന്റെ ഉണ്മയുടെ പൂർണ്ണതയിലാണ്‌. അങ്ങനെ ബാഹ്യേന്ദ്രിയങ്ങളുടെ മുമ്പിൽ വിടർന്നാടുന്ന പ്രപഞ്ചം ഇന്ദ്രിയങ്ങൾക്ക്‌ അപ്രാപ്യമായ സത്യത്തിന്റെ ലോകത്തിലേക്കുള്ള വാതായനങ്ങൾ മാത്രമായിത്തീരുന്നു. നക്ഷത്രപ്പൊട്ടുകൾ ക്രമരഹിതമായി വാരിവിതറിയതുപോലെ കിടക്കുന്ന ആകാശപ്പരപ്പിലേക്ക്‌ ഉറ്റുനോക്കി ഒരു ക്ഷീരപഥം തെളിയുന്നതു കണ്ട്‌ ആനന്ദിക്കുകയും അത്ഭുതപ്പെടുകയും ചെയ്യുമ്പോഴാണ്‌ മനുഷ്യൻ എന്ന പദവിക്ക്‌ നാം അർഹരായിത്തീരുന്നത്‌. പണ്ടൊരു വാനരൻ ഉദിച്ചുവരുന്ന സൂര്യനെ കണ്ട്‌ അത്‌ ആഹരിക്കാൻ കൊള്ളാവുന്ന വലിയൊരു പഴമാണെന്നു വിചാരിച്ച കഥ ഇതിഹാസത്തിലുണ്ട്‌. വാനരബുദ്ധിക്ക്‌ വയറിന്റെ ഭാഷയേ മനസ്സിലാകൂ. ആരാണ്‌ തന്നെ ഇരയാക്കാൻ ആയുന്നതെന്നു വിചാരിച്ചു ഭയപ്പെടാനും എന്തിനെയെല്ലാമാണ്‌ തനിക്ക്‌ ഇരയാക്കാവുന്നതെന്നു നോക്കി ഉന്നം പിടിക്കാനും മാത്രം അറിയുന്നിടത്ത്‌  ജന്തുലോകത്തിന്റെ അറിവിന്റെ അതിർത്തി നിർണ്ണയിക്കപ്പെടുന്നു. ഈ അതിർത്തിയിൽ ഒതുങ്ങിയാൽ മതി എന്നു തീരുമാനിക്കുന്നിടത്ത്‌ മനുഷ്യൻ താൻ മനുഷ്യനല്ലെന്നും ആ പദവിക്ക്‌ താൻ അർഹനല്ലെന്നും പ്രഖ്യാപിക്കുകയാണ്‌ ചെയ്യുന്നത്‌.
    സാത്താൻ യേശുവിനോട്‌ സൗഹൃദഭാവത്തിൽ പറഞ്ഞത്‌ ഇതാണ്‌: 'നിനക്കു നന്നേ വിശക്കുന്നില്ലേ, നോക്കൂ. നിന്റെ ദൈവിക വൈഭവങ്ങൾ ഇക്കാണുന്നതിനെയെല്ലാം അപ്പമാക്കാൻ പറ്റുന്നതാണ്‌. പിന്നെന്തിന്‌ വിശന്നു വലയണം. ഈ കല്ലുകളോട്‌ അപ്പമാകാൻ കൽപിക്കൂ. വിശപ്പടക്കി തൃപ്തനാകൂ.' എന്തൊരു സുന്ദരമായ പഥ്യവചനം. പക്ഷേ, ഇതിലെ ചതി യേശുവിനു മനസ്സിലാക്കാൻ പ്രയാസമുണ്ടായില്ല. പക്ഷേ, ഇതിലെ ചതി യേശുവിനു മനസ്സിലാക്കാൻ പ്രയാസമുണ്ടായില്ല. അവിടുന്ന്‌ മെല്ലെ പറഞ്ഞു: മനുഷ്യൻ അപ്പം കൊണ്ടുമാത്രമല്ല, ദൈവവചനം കൊണ്ടുമാണ്‌ ജീവിക്കുന്നത്‌. ദൈവവചനം ദൈവം തന്നെയാണെന്ന്‌ യോഹന്നാൻ പറഞ്ഞിട്ടെങ്കിലും നാം അറിയേണ്ടേ? അങ്ങനെ ദൈവമഹത്ത്വം പ്രഘോഷിക്കുന്ന ഈ മഹാപ്രപഞ്ചത്തെയും അതിലെ പ്രതിഭാസങ്ങളെയും ദൈവത്തിന്റെ കണ്ണുകൊണ്ട്‌ കണ്ട, അവയെ ആഴത്തിൽ അറിഞ്ഞ്‌ ആഴത്തിൽ സ്നേഹിക്കുമ്പോഴാണ്‌ മനുഷ്യൻ മനുഷ്യത്വമുള്ളവനായിത്തീരുന്നത്

‌. മനുഷ്യത്വം മനുഷ്യനിലെ ദൈവികതയാണ്‌.
    എന്നാൽ, ഇതൊക്കെ അങ്ങു പള്ളിയിൽ പറഞ്ഞാൽ മതി എന്ന്‌ ഇരപിടുത്തക്കാർ പറഞ്ഞുകൊണ്ടിരിക്കുന്നു. നിങ്ങളുടെ കയ്യിലിരിക്കുന്ന മൊബെയിൽ ഫോണിൽ വരുന്ന സന്ദേശമെന്താണ്‌. സുഹൃത്തേ, നിങ്ങൾക്ക്‌ വാങ്ങി സുഖിക്കണമെന്നു തോന്നുന്ന ചില വസ്തുക്കളില്ലേ, പണമില്ലെന്നു വിചാരിച്ചു വേണ്ടെന്നുവയ്ക്കേണ്ട, ഞങ്ങൾ പണം കടം തരാൻ തയ്യാർ. ചെകുത്താന്റെ വേദമാണിത്‌. നിങ്ങൾ കടക്കെണിയിൽ വീഴുമെന്നല്ല ഞാൻ പറയാൻ ശ്രമിക്കുന്നത്‌. നിങ്ങളെ ഉപഭോക്താവുമാത്രമായി, ഇരപിടുത്തക്കാരൻ മാത്രമായി, കാണാൻ അവർ ശ്രമിക്കുന്നു എന്നതാണ്‌ മുഖ്യമായ കാര്യം. പർവ്വതങ്ങളെ നോക്കി ദൈവത്തിന്റെ മഹത്ത്വ സങ്കീർത്തനം ശ്രദ്ധിക്കാൻ നമുക്ക്‌ കഴിയാതെയായിരിക്കുന്നു. പൂക്കൾ നമുക്കു കച്ചവടച്ചരക്കുകൾ മാത്രമായിത്തീരുന്നു. പ്രകൃതി സൗന്ദര്യം ടൂറിസ്റ്റു വ്യവസായത്തിനുള്ള വിഭവം മാത്രമായിത്തീരുന്നു. "നിന്നെ കൊന്നവർ കൊന്നു പൂവേ, തന്നുടെ തണുത്ത മോക്ഷത്തെ" എന്ന്‌ നമ്മുടെ ഒരു കവി എഴുതി. നാം നമ്മുടെ മോക്ഷത്തെ എന്തുചെയ്തു. കുന്നും മലയും ഇടിച്ചു നിരത്താൻ യന്ത്രങ്ങളെ നയിക്കുമ്പോൾ കണ്ണ്‌ ഇരപിടുത്തക്കാരന്റേയാണ്‌. അതുമതി,അതാണ്‌ അഭിലഷണീയം എന്നു പഠിപ്പിക്കുന്നതാണ്‌ ലോകത്തിന്റെ പുതിയ വേദാന്തം; പക്ഷേ അതു സാത്താന്റെ വേദന്തമാണ്‌.

23 May 2015

ജലയുവതി



മുതയിൽ അബ്ദുള്ള
    ഇരയിൽ ഭ്രമിച്ച്‌ മറ്റൊരു ഇരയായി ചൂണ്ടയിൽ കുരുങ്ങിയ മത്സ്യങ്ങൾ കുതറി രക്ഷപ്പെട്ടിട്ടും അയാൾ നിരാശയിൽ കുടുങ്ങിയില്ല. പ്രതീക്ഷ പൂത്ത്‌ തന്നെ നിന്നു. മത്സ്യങ്ങലെല്ലാം തന്റെ ചൂണ്ടകാണുന്ന അമിതവിശ്വാസത്തിൽ ഉയർത്തി. ഒഴിഞ്ഞ കൊളുത്തിൽ ഇരകുരുക്കി കായലിലെറിഞ്ഞു.
    സീമയില്ലാസാമ്രാജ്യത്തിന്റെ അധിപനെപോലെ ആധികാരികമായി കായലിന്റെ അപാരതയെ നിരീക്ഷിച്ചു. കരയെ കവരാൻ കുതിച്ച തിരമാല, വിധിനിയോഗം പോലെ ഇടയ്ക്ക്‌ ചത്ത്‌ വീണു. സ്വപ്നം വരാൻ കുതിക്കുന്ന തോണിപ്പെണ്ണുങ്ങൾ വിറകൊണ്ടു.
    വിറച്ച ചൂണ്ടയുടെ താളം കയ്യിലേക്കൊഴുകെ എല്ലാം അറിയാമെന്ന അഹന്തയിൽ ഊറിച്ചിരിച്ചു. തലമുറകൾ തോറും അന്നവും അറിവും നൽകുന്ന കായലിന്റെ അടിത്തട്ടും അതിലെ മത്സ്യങ്ങളെയും അയാൾക്ക്‌ നന്നായി അറിയാം. അയാളുടെ ജീവിതവും സംസ്കാരവും പുഷ്ക്കലമാക്കിയതും കായലായതിനാൽ അഹന്തയേറും. പൊക്കിയെടുത്ത ചൂണ്ടയിൽ വീണ്ടും ഇരനിറച്ച്‌ കായലിന്‌ നൽകി. കായൽപെറ്റ ഓളങ്ങൾ സർപ്പങ്ങളെപ്പോലെ പുളയുന്നതും നോക്കിയിരുന്നു. ചൂണ്ട ഇളകിച്ചിരിച്ചപ്പോൾ പുഷ്പിച്ച്‌ നിന്ന പ്രതീക്ഷ കാഴ്ച്ചു. കായലിലാണ്ട ചൂണ്ടച്ചരടിൽ ആശയാൽ ശ്രദ്ധയൂന്നി. നഷ്ടപ്പെടരുതെന്ന ചിന്തയാൽ വെട്ടിച്ച്‌ വലിച്ചു. കുടുങ്ങിയ മത്സ്യം ശക്തയാണെന്നറിഞ്ഞ്‌ നടുങ്ങി. ചൂണ്ടയിൽ മുറുകെ പിടിച്ചു.
    മുന്നോട്ട്‌ കുതിച്ച മത്സ്യത്തിനൊപ്പം തോണിയും. വരുതിയിലാക്കാൻ പെടാപാട്‌ പെട്ടു. നിയന്ത്രണത്തിലൊതുങ്ങാതെ അയാളെയും വലിച്ച്‌ പാഞ്ഞു. തിരമാലകൾക്ക്‌ മീതെ ഒഴുകി ഇറങ്ങിപ്പായുന്ന തോണി കായലിന്‌ കുറുകെ പോകുന്ന പാലത്തിനടുത്തെത്തി. ഉയരത്തിൽ നിന്നെന്തോ ഊക്കോടെ പതിഞ്ഞ്‌ കായൽ ജലത്തെ വെട്ടിമുറിച്ചാണ്ടു. ഞെട്ടിചൂണ്ടയുടെ പിടിവിട്ടു. ചൂണ്ട അകലേക്കൊഴുകി.
    ഭയം വിട്ടുമാറാത്ത അയാൾ നഷ്ടനൊമ്പരം ഉള്ളിലടക്കി തല ഉയർത്തിനോക്കി. നാല്‌ നിഴലുകൾ പാലത്തിലൂടെ ഓടിമറഞ്ഞു. സംശയം ബാക്കിനിൽക്കെ കായലിനെ നിരീക്ഷിച്ചു. രക്ഷപ്പെടുത്താൻ കയ്യുയർത്തി. മുങ്ങിപ്പൊങ്ങുന്ന യുവതിയെ കണ്ടു. മുന്നും പിന്നും നോക്കാതെ കായലിൽ ചാടി. യുവതിയുമായി ഏന്തിവലിഞ്ഞ്‌ തോണിയിൽ കയറി. നിവർത്തികിടത്തി. വികാരങ്ങൾക്ക്‌ കടിഞ്ഞാണിട്ട അയാൾ കായൽ നൽകിയ ചാകരക്ക്‌ കാവലായി. വയറിലും നെഞ്ചിലും അമർത്തി തടവി. അകത്തായ ജലമെല്ലാം പുറത്താക്കി. കരയിലടുക്കാൻ തുഴയുന്നതിനിടെ കണ്ണുതുറന്ന യുവതി ചുറ്റും പകച്ച്‌ നോക്കി. പരിസരബോധം കിട്ടിയ യുവതിക്ക്‌ ഇടിത്തീയായ്‌ വന്ന്‌ പെട്ട ഭീകരസംഭവത്തിന്റെ ഓർമ്മ വിറയലായി. രക്ഷകനിൽ നട്ട കണ്ണുകളിൽ വീട്ടിലെത്തിക്കാൻ നൊമ്പരപ്പെടുന്ന അപേക്ഷ തുളുമ്പി. തോണി കരക്കടുത്തു. ഇറങ്ങിനടക്കാമെന്നായെങ്കിലും തളർച്ച വിട്ട്‌ മാറാത്ത യുവതിയെ കരക്കിറങ്ങാൻ സഹായിച്ചു. മൗനിയായി വേഗത്തിൽ നടക്കുന്ന അയാൾക്കൊപ്പമെത്താൻ പ്രയാസപ്പെട്ടു. നടന്നത്തെല്ലാം ഭയക്കുന്ന നാടോടിക്കഥയായി പറയാൻ കരുതിയെങ്കിലും ഒന്നും ചോദിക്കാതെയും പറയാതെയും കള്ളനെപ്പോലെ അയാൾ തറയിൽ ദൃഷ്ടിയൂന്നി നടന്നതിനാൽ മനസ്സു വന്നില്ല. അയാളുടെ സ്വഭാവകാഠിന്യം ഭയപ്പെടുത്തുന്നുണ്ടെങ്കിലും ഗത്യന്തരമില്ലാതെ യുവതി അനുഗമിച്ചു. വീട്ടിലെത്തിയ അയാൾ യുവതിക്ക്‌ വേണ്ടി മുറി തുറന്നു. അകത്ത്‌ കടക്കാൻ മടിച്ച്‌ പരുങ്ങി നിന്നു.
"കയറിക്കോ...!"
അനുവാദം കൊടുത്ത്‌ അയാൾ സ്വന്തം മുറിയിലേക്ക്‌ പോയി. അകത്ത്‌ കയറിയ യുവതി വസ്ത്രം മാറി പുറത്തിറങ്ങി. നനഞ്ഞ വസ്ത്രം ഉണക്കാനിട്ട്‌ സായാഹ്നസൂര്യന്റെ ചൂടേൽക്കാൻ വീണ്‌ കിടന്ന തെങ്ങിലിരുന്നു. കായൽവിരിക്ക്‌ കരയായി നീണ്ട്‌ കിടന്ന ചെമ്മൺപാതയിൽ തിരക്കേറി. തുഴ തോളിലേന്തിയവരും മാടയൊതുക്കിയവലയേന്തിയ വരും മത്സ്യക്കൊട്ട ചുമക്കുന്ന സ്ത്രീകളും യുവതിയെ കണ്ടില്ല. കണ്ടവരിൽ ചിലർ പരിഹാസം തൂകിയും മുഖം കറുപ്പിച്ചും കടന്നുപോയി. അപരിചിതത്വം ഒറ്റപ്പെട്ടതിന്റെ നിരാശയും സംശയങ്ങളും ഉണർത്തി. യാത്രക്കാരിലൊരാൾ തുറിച്ച്‌ നോക്കി.
"ദേ...അയാളുടെ വീട്ടിൽ ഒരു പെണ്ണ്‌ വന്നിട്ടുണ്ടല്ലോ...മകന്റെ ഭാര്യയായിരിക്കും. പെണ്ണ്‌ വാഴാത്ത ആ വീട്ടിൽ എത്ര നാളുണ്ടാവുവോ...ആവോ...!"
ഉള്ളിൽ നടുക്കം മിന്നി. ഒച്ചിനെപ്പോലെ ഭയം മനസ്സിൽ ഒട്ടിപ്പിടിച്ചു. ആരുമറിയാതെ രക്ഷപ്പെടണമെന്നായി ചിന്ത. വലിച്ചെറിഞ്ഞ നഗ്നയുവതിയായി സന്ധ്യാസൂര്യൻ കായലിലാണ്ടു. മാനത്തും കായലിലും തെറിച്ച രക്തം ഇരുണ്ട കറയായി. യുവതി എഴുന്നേറ്റ്‌ മുറിയിൽ കയറി. പിന്നാലെ വന്ന അയാളും. വാതിലടച്ച്‌ കുറ്റിയിട്ടു.
"അയ്യോ...ഒന്നും ചെയ്യരുതേ...!" യുവതിയുടെ കരച്ചിലുയർന്നു.
"ഇപ്പോൾ നിന്റെ രക്ഷകൻ ഞാനാ...നീ എനിക്കുള്ളതാ..."
കരച്ചിലിന്‌ മീതെ കുതിപ്പായി. ഭാരം താങ്ങാനാവാത്ത ഞരക്കം. ഞരക്കം തേങ്ങലായി. തേങ്ങലിനെ പിണഞ്ഞ കിതപ്പ്‌ വേർപെട്ടു. അഴിഞ്ഞ മുണ്ട്‌ വാരിവലിച്ചുടുത്ത വേഷത്തിൽ അയാൾ പുറത്ത്‌ കടന്നു. സ്വന്തം മുറിയിൽ കയറി. ഒന്നിച്ചിരുന്ന്‌ അത്താഴം കഴിക്കാറുള്ള അയാൾ മകനെ തിരക്കിയില്ല. എല്ലാം മറന്നുറങ്ങി. തലേദിവസത്തെ സുരതസുഖത്തിന്റെ ആലസ്യത്തിലുണർന്ന അയാൾ യുവതിയെ കാണാതെ പുറത്തിറങ്ങി ചുറ്റും നോക്കി. പടിഞ്ഞാറെ അതിരിലെ മാവിൻകൊമ്പിൽ തൂങ്ങിയാടുന്ന നഗ്നയുവതിയെ കണ്ട്‌ തരിച്ച്‌ നിന്നു. വഴിയാത്രക്കാരിൽ ചിലർ നഗ്നത ആസ്വദിക്കുന്നു. ചിലർ മുഖം തിരിച്ച്‌ നടന്നു. തങ്ങളുടെ മൊബെയിലിലെ ക്യാമറക്ക്‌ ചിലർ ഉത്സവമാക്കി. ഒന്നും സംഭവിക്കാത്തപോലെ അയാൾ ദിശ തെറ്റി നടന്നു. വന്നെത്തിയ യാചകൻ പിച്ചപ്പാത്രം താഴെ വച്ച്‌ സമീപം കിടന്ന പാറക്കല്ലുരുട്ടി ഉയരം ഒപ്പിച്ച്‌ കയറിനിന്നു. ഉടുമുണ്ടുരിഞ്ഞ്‌ ജഡത്തിന്റെ നഗ്നത മറച്ചു. യാചകന്റെ മുതുകിൽ കല്ലുകൾ വന്നു വീണു. വേദനയാൽ പുളഞ്ഞ്‌ തിരിഞ്ഞ്‌ നോക്കി.
"ദേ...ഭ്രാന്തൻ പിടിച്ചോ..."
ആൾക്കൂട്ടത്തെ ഭയന്നോടി. കരയും കായലും കാണാനാവാത്തവിധം കൂടിക്കിടന്ന മഞ്ഞിനെ തുരന്ന്‌ മറഞ്ഞു.

22 Apr 2015

ചാഞ്ഞു പെയ്യുന്ന മഴ


ദിപുശശി തത്തപ്പിള്ളി

    യാത്ര പുറപ്പെടുമ്പോൾ വെളിച്ചം വീണിരുന്നില്ല. പക്ഷികൾ ചിലച്ചുണരുന്നതേയുള്ളൂ. ജനുവരി മാസമായതിനാൽ നല്ല തണുപ്പ്‌.
    ഏതുനിമിഷവും നിലംപൊത്തി വീണേക്കാവുന്ന വെയ്റ്റിംഗ്‌ ഷെഡ്ഡിൽ രണ്ടുമൂന്നുപേർ നിൽക്കുന്നുണ്ട്‌. ഭാഗ്യം, ആദ്യത്തെ ബസ്‌ പുറപ്പെട്ടിട്ടില്ല.
    തണുപ്പിന്റെ സൂചിമുനകൾ ശരീരത്തിലേക്ക്‌ ആഴ്‌ന്നിറങ്ങുന്നു. വെയ്റ്റിംഗ്‌ ഷെഡ്ഡിന്റെ വലതുവശത്ത്‌, ഓലകെട്ടി മറച്ച ഒരു ചെറിയ ചായക്കട കണ്ടു. അവിടെ നിന്നും ചൂടുകാപ്പി വാങ്ങി ഊതിയാറ്റി കുടിക്കുന്നതിനിടയിൽ മനസ്സിലേക്ക്‌ വീണ്ടും ആ പഴയ ചോദ്യങ്ങൾ ഇരമ്പിയെത്തി. ഇന്നലത്തെ തന്റെ ഉറക്കം കെടുത്തിയ ചോദ്യങ്ങൾ.
എന്തിനായിരിക്കും സുദീപൻ ചെല്ലാൻ പറഞ്ഞത്‌ ?എന്തായിരിക്കും അവൻ ഒരുക്കിവച്ചിരിക്കുന്ന സർപ്രൈസ്‌ ?
ഓർക്കുന്തോറും എന്റെ അതിശയം ഇരട്ടിച്ചുകൊണ്ടിരുന്നു. മാസങ്ങളോളമായി, എന്റെ ഓർമ്മ പഥങ്ങളിലെങ്ങും സുദീപന്റെ നിഴൽപോലും പതിഞ്ഞിരുന്നില്ല. സത്യത്തിൽ, ശൈഥില്യത്തിന്റെ അവസാനഘട്ടത്തിലെത്തി നിൽക്കുന്ന ഒരു സുഹൃദ്ബന്ധം മാത്രമായിക്കഴിഞ്ഞിരുന്നല്ലോ, അത്‌. ഒരു എക്സ്പെയറിംഗ്‌ റിലേഷൻ.
    എന്നിട്ടും ഞാനെന്തിന്‌, അവന്റെ വാക്കുകേട്ട്‌ ഈ വെളുപ്പാൻ കാലത്ത്‌ ഇങ്ങനെയൊരു യാത്രയ്ക്കൊരുങ്ങി എന്ന ചോദ്യം ഇപ്പോഴും എന്നെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്
നു.
    ഒരു വേള, യാത്ര വേണ്ടെന്നുവച്ച്‌ തിരിച്ചുപോയാലോ എന്നുവരെ ഞാനാലോചിക്കാതിരുന്നില്ല.
    ഇന്നലെ രാത്രിയിൽ ഉറക്കം നഷ്ടപ്പെട്ട അമർഷത്തോടെ ഫോൺ എടുക്കുമ്പോൾ, മറുവശത്ത്‌ സുദീപനായിരിക്കുമെന്ന്‌ നേരിയ ഊഹം പോലുമുണ്ടായിരുന്നില്ലല്ലോ.
    ?ഹലോ, ഉണ്ണീ, ഇതുഞ്ഞാനാ.......സുദീപൻ......സുദീപ്‌ സോമദാസൻ.......? തികച്ചും അവിചാരിതമായതിനാൽ  ഒരു നിമിഷം വാക്കുകൾ വറ്റി, ഞാൻ നിന്നു.
നാളെ നീ ഇവിടംവരെ വരണം. എന്റെ തറവാട്ടിൽ വന്നാൽ മതി. തീർച്ചയായും വന്നേ പറ്റൂ. നിന്നെ മാത്രമേ, ഞാൻ ക്ഷണിക്കുന്നുള്ളൂ. നിനക്കായി ഞാനൊരു സർപ്രൈസ്‌ ഒരുക്കിവെച്ചിരിക്കും.
    പിന്നീടെന്തെങ്കിലും ചോദിക്കാനോ, പറയാനോ കഴിയുംമുമ്പ്‌ ഫോൺ കട്ടായി. അതോ, കട്ടാക്കിയതോ ? ചിന്തകളുടെ കടിഞ്ഞാൺ നഷ്ടപ്പെട്ടു. തിരിഞ്ഞും മറിഞ്ഞും കിടന്ന്‌ നേരം വെളുപ്പിച്ചു.
    കാപ്പി കുടിച്ചുകഴിഞ്ഞപ്പോഴേയ്ക്കും മഞ്ഞിന്റെ നേർത്ത പാളികൾ ഭേദിച്ച്‌ നിരങ്ങിയെത്തിയ പഴയ ബസിൽ കയറി; ഒരൊഴിഞ്ഞ സീറ്റിൽ അരികുചേർന്നിരുന്നു.
    വണ്ടിയിൽ വളരെക്കുറച്ചാളുകൾ മാത്രം. കുളിരുപെയ്യുന്ന പ്രഭാതത്തെ തഴുകിയെത്തുന്ന തണുത്ത കാറ്റിനൊപ്പം മഞ്ഞുതുളളികളും ദേഹത്തേക്കു പാറി വീഴുന്നു.
    മഞ്ഞിൽ പാതി മറഞ്ഞ ദൂരക്കാഴ്ചകളിൽ കണ്ണും നട്ടിരിക്കുമ്പോൾ മനസ്സിൽ വീണ്ടും ആ പഴയ ചോദ്യം.
    എന്തായിരിക്കും സുദീപൻ ഒരുക്കിവെച്ചിരിക്കുന്ന സർപ്രൈസ്‌ ? നാളുകൾക്കുശേഷം തികച്ചും അപ്രതീക്ഷിതമായി സുദീപൻ വിളിച്ചതുതന്നെ എനിക്ക്‌ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല.
?ആ ഷട്ടറൊന്നു താഴ്ത്തിയിടൂ, മോനെ. പിന്നിലെ സീറ്റിലിരുന്ന വൃദ്ധന്റെ സ്വരത്തിനും വല്ലാത്ത തണുപ്പ്‌.
    വണ്ടിയിൽ ആളുകൾ കൂടിത്തുടങ്ങിയിട്ടുണ്ട്‌. വെട്ടം വീണിരിക്കുന്നു. ഞാൻ ഷട്ടർ താഴ്ത്തിയിട്ടു. ഇപ്പോൾ പുറംകാഴ്ചകൾ എനിക്കന്യമായിരിക്കുന്നു. അരികിലെ കമ്പിയിൽ കൈതാങ്ങി ഞാൻ സീറ്റിൽ ചാരിയിരുന്നു. കണ്ണുകളടച്ചിരിക്കുമ്പോൾ മനസ്സിന്റെ ജാലകവിരിക്ക്‌ പിന്നിൽ സ്മരണകളുടെ മഞ്ഞുതുള്ളികൾ പൊഴിയാൻ തുടങ്ങി.
    എൻട്രൻസ്‌ പരീക്ഷയിൽ മികച്ച വിജയം നേടി, നഗരത്തിലെ പ്രശസ്തമായ എഞ്ചിനീയറിംഗ്‌ കോളേജിൽ അഡ്മിഷൻ കിട്ടുമ്പോൾ, മനസ്സ്‌, ഉല്ലാസത്തിമിർപ്പിനേക്കാളും അസ്വസ്ഥതയുടെ മുൾച്ചെടികളിലുരഞ്ഞ്‌ നീറിക്കൊണ്ടിരിക്കുകയായിരുന്നു. അപരിചിതമായ ഒരന്തരീക്ഷത്തിലെത്തിപെട്ടതിന്റെ വല്ലായ്മ.
ഹോസ്റ്റലിൽ, അടുത്തമുറികളിലുള്ളവരുമായൊക്കെ, അപരിചിതത്വത്തിന്റെ പുറന്തോടുകൾ പൊട്ടിച്ച്‌ സൗഹൃദത്തിന്റെ വിത്തുകൾ പാകി മുളപ്പിക്കാൻ തുടങ്ങിയിരുന്ന ദിവസങ്ങളിലൊന്നിൽ, ഒരു സായാഹ്നസമയത്താണ്‌ സുദീപൻ എന്റെ സഹമുറിയനായെത്തുന്നത്‌.
    ഏതോ ഫാഷൻ മാസികയിൽ കണ്ടുമറന്ന രൂപഭാവങ്ങളായിരുന്നു, അവന്‌.
    എപ്പോഴും പ്രസന്നവദനയായി, പാട്ടുപാടി, കൂട്ടുകൂടി ജീവിതം ആസ്വദിക്കാൻ മാത്രമുള്ളതാണെന്ന മട്ടിൽ ചില വേദാന്തങ്ങൾ പറഞ്ഞ്‌, കടമ്മനിട്ട സാറിന്റെ കവിതകൾ ഈണത്തിൽ ചൊല്ലി; മോശം ഭക്ഷണത്തിന്റെ പേരിൽ മെസ്‌ കോൺട്രാക്റ്ററുമായി ചില ഉരസലുകളുണ്ടാക്കി വളരെ പെട്ടെന്നുതന്നെ അവൻ ഞങ്ങൾക്കിടയിൽ ഒരു സ്റ്റാറായി തിളങ്ങി.
    പഠനത്തിനൽപ്പം പിന്നോക്കമായിരുന്ന അവനെ എക്സാമിന്റെ തലേന്ന്‌ പിടിച്ചിരുത്തി ഞാൻ പഠിപ്പിക്കുമായിരുന്നു. എന്നോടവന്‌ ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു.
    ആരെയും ആകർഷിക്കാൻ കഴിയുന്ന ചിരിയും കണ്ണുകളും വാചകമടിയും അവനുമാത്രം സ്വന്തമായ പ്രത്യേകതകളായിരുന്നു.അവന്റെ ചിരിയുടെ ചുഴികളിലും വാചാലതയുടെ ആഴങ്ങളിലും ഊളിയിട്ടിറങ്ങാൻ സുന്ദരിമാർ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നു.
    ആ ശ്രമത്തിനിടയിൽ അവർക്ക്‌ സ്വയം നഷ്ടപ്പെടുത്തേണ്ടി വന്നു.
    ബാദ്ധ്യതകളവശേഷിപ്പിക്കാതെ, തന്റെ കപടപ്രണയങ്ങളുടെ കഴുത്ത്‌ ഞെരിച്ച്‌, നിഗോ‍ൂഢതയുടെ നിശ്ശബ്ദതയിൽ അവൻ ലഹരി മരുന്നുകളുടെ പുകവളയങ്ങളിൽ, പൊട്ടിച്ചിരികളുടെ ഭ്രാന്തൻജൽപ്പനങ്ങൾ കോർത്തുവച്ച്‌ എനിക്കന്യനായി തുടങ്ങുകയായിരുന്നു.
    ഇതൊക്കെയും തടയിട്ടു നിർത്തുവാൻ മാത്രമുള്ള ഒരു സുദൃഢമായ ആത്മബന്ധം ഞങ്ങൾക്കിടയിലുണ്ടായിരുന്നുമില്ല.
    തെറ്റുകളിൽനിന്നും തെറ്റുകളിലേക്കുള്ള യാത്രയ്ക്കിടയിൽ അപൂർവ്വമായി മാത്രം സംഭവിക്കാറുള്ള ചില ഇടനേരങ്ങളിൽ അവൻ എനിക്ക്‌ മുമ്പിൽ ഒരു കൊച്ചുകുഞ്ഞായി മാറി, സ്വയം മറന്ന്‌ കരഞ്ഞു.
    ബിസിനസ്‌ ട്രിക്കുകളിൽ കുടുങ്ങിക്കിടന്ന്‌ വാത്സല്യത്തിനും സ്നേഹത്തിനും അപ്പുറത്ത്‌ തികച്ചും തനിക്കന്യനായി മാറിയ അച്ഛനെക്കുറിച്ചും പ്രസവത്തോടെ മരിച്ചുപോയ അമ്മയെക്കുറിച്ചും അവൻ എന്നോടുപറഞ്ഞത്‌ ആ ചെറിയ ഇടനേരങ്ങളിലായിരുന്നു.
    സ്നേഹത്തിന്റെ മുഖം മൂടി ധരിച്ച, അവൻ ?ആയ?യെന്നു വിളിച്ചിരുന്ന, അച്ഛന്റെ രഹസ്യക്കാരികളായിരുന്നു അവനെവളർത്തിയത്‌.
    പല കാലയളവുകളിൽ, വന്ന്‌ ?ആയ?യുടെ വേഷങ്ങൾ കെട്ടി കടന്നുപോയവരിലെല്ലാം സ്ത്രീയുടെ ഒരു ഭാവം മാത്രമേ അവന്‌ കാണാൻ കഴിഞ്ഞിരുന്നുളളൂ- പണത്തിനുവേണ്ടി ശരീരം ചരക്കാക്കുന്നവർ.
    സ്ത്രീ ഉപയോഗിക്കപ്പെടാൻ മാത്രമാണെന്നുള്ള തിരിച്ചറിവുകളിൽ കൗമാരം പിന്നിടും മുമ്പേ അവൻ ഉടലുത്സവങ്ങളുടെ സമതല ഭൂമികയിലേക്കു പിച്ച വെച്ചു.
    യൗവനം, സമതല ഭൂമിയാണെന്നും അതുകൊണ്ടാണ്‌ വീഴ്ചകളെക്കുറിച്ച്‌ ഭയപ്പെടാതെ, നമ്മളൊക്കെ, ആഘോഷത്തിമിർപ്പുകളിൽ ദിനരാത്രങ്ങൾ ആ ധൂർത്തയൗവ്വനഭൂമികയിൽ കഴിച്ചുകൂട്ടുന്ന തെന്നുമായിരുന്നു, അവന്റെ ഭാഷ്യം.
    ആറാം സെമസ്റ്റർ പരീക്ഷ തുടങ്ങും മുമ്പേ, അവന്റെ പപ്പ ആക്സിഡന്റിൽ പെട്ടു മരിച്ചു. അതോടെ പഠനം പാതിവഴിയിലുപേക്ഷിച്ച്‌, ബിസിനസ്‌ ലോകത്തിന്റെ മാസ്മരികതയിലേക്ക്‌ അവൻ നടന്നുകയറി. തന്റേതായൊരു സ്ഥാനം നേടിയെടുക്കാനും അവന്‌ പെട്ടെന്ന്‌ കഴിഞ്ഞു.
    ഒരിക്കൽ അവൻ നേരിട്ടുകാണാനെത്തി. ബിസിനസ്‌ നന്നായി പോകുന്നെന്നും, ഓരോ നിമിഷവും താൻ ആസ്വദിച്ചുകൊണ്ടിരിക്കുകയാണെന്നും അവൻ പറഞ്ഞു. കൂട്ടത്തിൽ, ടിഷ്യുപേപ്പർ കണക്കെ താൻ ഉപയോഗിച്ചുവലിച്ചെറിഞ്ഞ പെൺകുട്ടികളുടെ കാര്യവും പറഞ്ഞു.
    ഇതിനിടയിൽ പഠനം പൂർത്തിയാക്കി ണല്ലോരു ജോലി സമ്പാദിച്ചിരുന്നു, ഞാൻ.കല്യാണത്തിന്‌ ക്ഷണിക്കാൻ പിന്നീടൊരിക്കൽ, അവൻ എന്നെ വിളിച്ചിരുന്നു.
    വിവാഹത്തിന്‌ ഞാൻ പോയിരുന്നു. അവനും ഭാര്യയ്ക്കും മംഗളാശംസകൾ നേർന്ന്‌ തിരികെപ്പോന്നിട്ടിപ്പോൾ രണ്ടുവർഷം കഴിഞ്ഞിരിക്കുന്നു.
പിന്നീട്‌ ഫെയ്സ്ബുക്കിലൂടെ അറിഞ്ഞു -അവനൊരു കുഞ്ഞു പിറന്നിരിക്കുന്നു. ഇടയ്ക്കെപ്പോഴോ ഉള്ള ചില ചെറിയ ചെറിയ എഫ്‌.ബി.മെസേജുകളിലേക്ക്‌ മാത്രമായി ഞങ്ങളുടെ ബന്ധം ശേഷിച്ചുകൊണ്ടിരുന്നു.
എത്രയോ നാളുകൾക്കുശേഷമായിരുന്നു, അവന്റെ ഇന്നലത്തെ വിളി.
ഏതോ കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചിൽ എന്റെ ഓർമ്മകൾക്കുമേൽ  തിരശീല വീഴ്ത്തി. സമയം ഒരുപാട്‌ കടന്നുപോയിരിക്കുന്നു. എനിക്കിറങ്ങേണ്ട സ്ഥലമായിരിക്കുന്നുവേന്ന്‌ കണ്ടക്ടർ പറഞ്ഞു.
    ബസിൽ നിന്നിറങ്ങി, ഞാൻ അടുത്തുകണ്ട ഒരു ഓട്ടോറിക്ഷക്കരുകിലെത്തി. അഡ്രസ്സ്‌ കാണിച്ചിട്ട്‌ ഓട്ടോയിൽ കയറുമ്പോൾ ഡ്രൈവർ ചോദിച്ചു. കൂടെ പഠിച്ചതാണോ?
?അതെ.?
അഞ്ചുമിനിട്ടേ വേണ്ടി വന്നുള്ളൂ.
?അതാ ആ കാണുന്നതാണ്‌ വീട്‌.?  അധികം അകലെയല്ലാത്തൊരു ആൾത്തിരക്കിലേക്കയാൾ കൈ ചൂണ്ടി.
    മനസ്സ്‌ ഉൽക്കണ്ഠയിൽ നീറാൻ തുടങ്ങി. അവൻ എന്തു സർപ്രൈസാണ്‌ ഒരുക്കിയിരിക്കുന്നത്‌?
മുറ്റത്ത്‌ ചെറിയൊരു പന്തൽ കാണാം. മകളുടെ പിറന്നാളാഘോഷമാണോ?
    പക്ഷേ എന്റെ കണക്കുകൂട്ടലുകളെല്ലാം പിഴച്ചുപോയിരുന്നു. അവൻ എനിക്കായി ഒരുക്കിയത്‌ ഒരു വലിയ സർപ്രൈസ്‌ തന്നെയായിരുന്നു.
നിലവിളക്കിന്റേയും സാമ്പ്രാണിത്തിരിയുടേയും നിശബ്ദമായ തേങ്ങലുകൾക്കപ്പുറത്തേയ്ക്ക്‌, കോടി പുതച്ച്‌ ശാന്തനായി ഉറങ്ങുന്ന എന്റെ സുഹൃത്ത്‌ - സുദീപൻ.
ജീവിതം ആസ്വദിക്കാൻ മാത്രമാണെന്ന്‌ വീമ്പിളക്കിയിരുന്ന അവൻ മരണത്തെ സ്വയം പുണർന്നതാണെന്ന അറിവിൽ ഞാൻ വിറങ്ങലിച്ചു.
    ഹൃദയത്തെ ഞെരുക്കുന്ന ഭാരമുള്ള ശൂന്യതയായി നിരങ്ങിനീങ്ങിയ ദിവസങ്ങൾ.
    മൂന്നുനാലു ദിവസത്തെ അവധിക്കുശേഷം ജോലിത്തിരക്കുകളിലേയ്ക്ക്‌ മനസ്സിനെതളച്ചിടാൻ ശ്രമിച്ചെങ്കിലും സുദീപൻ എന്തിനു വേണ്ടി ആത്മഹത്യ ചെയ്തു എന്ന ചോദ്യമെന്നെ അകംപുറമെരിച്ചുകൊണ്ടിരുന്നു.
ചിന്തകളുടെ ഗതിമാറ്റത്തിനു വേണ്ടി ഞാൻ എന്റെ പേഴ്സണൽ ഈമെയിൽ ഓപ്പൺ ചെയ്തു. ഒരാഴ്ച്ചയായി, ഞാൻ ഈമെയിൽ ചെക്കുചെയ്തിട്ടില്ലായിരുന്നു.
    ഇൻബോക്സിൽ, സുദീപന്റെ മെയിൽ കണ്ട്‌ ഞാൻ പരിഭ്രമിച്ചു. അവൻ മരിക്കുന്നതിന്‌ തലേന്ന്‌ രാത്രി അയച്ച ലെറ്ററാണെന്നറിഞ്ഞപ്പോൾ വല്ലാത്ത ഉൾക്കിടിലത്തോടെയാണ്‌ ഞാൻ ലെറ്റർ ഓപ്പൺ ചെയ്തത്‌.
?ഉണ്ണിയ്ക്ക്‌......,
    നീയി ലെറ്റർ വായിക്കുമ്പോഴേക്കും ഞാനെന്റെ യാത്ര തുടങ്ങിക്കഴിഞ്ഞിരിക്കും. രാത്രിയിൽ വിളിച്ചു ബുദ്ധിമുട്ടിച്ചതു എനിക്ക്‌ യാത്ര പറയാൻ, നീ മാത്രമേയുള്ളൂ എന്നതുകൊണ്ടാണ്‌. നീയെന്നോട്‌ പലപ്പോഴും പറഞ്ഞിട്ടില്ലേ- ചെയ്ത തെറ്റുകൾക്കൊരു ശിക്ഷ, അതെന്നായാലും അനുഭവിച്ചേ പറ്റൂ എന്ന്‌. ശരിയാണ്‌. ഞാൻ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. പക്ഷേ ഇത്ര ക്രൂരമായിരിക്കുമെന്ന്‌ ഞാൻ
കരുതുന്നില്ല.
    ധൂർത്ത യൗവ്വനത്തിന്റെ ബാക്കി പത്രമെന്നോണം ഇന്നെന്റെ സിരകളിൽ പുളച്ചുമദിക്കുന്നത്‌ എച്ച്‌.ഐ.വി വൈറസുകളാണ്‌.
    അതെ. ഞാനിന്ന്‌ ആ മഹാരോഗത്തിന്റെ ചുമട്ടുകാരനാണ്‌. കഴിഞ്ഞാഴ്ചയാണ്‌ ഞാനീക്കാര്യം അറിയുന്നത്‌. അതോടെ എന്റെ ഭാര്യ എന്നെയുപേക്ഷിച്ചുപോയി. കുറെയേറെ ശാപവചനങ്ങൾ  എനിക്കായി നീക്കിവെച്ചിട്ട്‌.
    അവൾക്കും, കുഞ്ഞിനും രോഗം പകർന്നിട്ടുണ്ടാവുമെന്നാണ്‌ ഡോക്ടർ പറഞ്ഞത്‌.
    ഒന്നുമറിയാത്ത എന്റെ കുഞ്ഞിന്റെ കാര്യമോർക്കുമ്പോൾ എന്റെ ചങ്കുപൊടിയുന്നെടാ. ഞാൻ ചെയ്ത തെറ്റുകൾക്ക്‌ ശിക്ഷയനുഭവിക്കുന്നത്‌ എന്റെ കുഞ്ഞ്‌. നാളെ അവളുടെ ഭാവി ?
    ഈ ശാപം പിടിച്ച ജ?ത്തിൽ നിന്നും ഞാൻ ഒളിച്ചോടുകയാണ്‌. ഭീരുവാണ്‌ ഞാൻ. പണംകൊണ്ട്‌ എന്തിനേയും സ്വാധീനിക്കാമെന്നഹങ്കരിച്ചിരുന്ന വിഡ്ഢി. എനിക്ക്‌ മുമ്പിൽ മറ്റൊരു വഴിയില്ല. അഥവാ ഉണ്ടെങ്കിൽ തന്നെയും ഇതെന്റെ പ്രായശ്ചിത്തമാണ്‌.
    എന്നോട്‌ ക്ഷമിക്കെടാ.
എന്റെ ഭാര്യയെയും കുഞ്ഞിനെയും ഞാൻ ദൈവത്തെ ഏൽപ്പിക്കുന്നു.
സ്നേഹത്തോടെ ....?
കണ്ണീരിന്റെ നേർത്ത പാളികൾക്കപ്പുറം കമ്പ്യൂട്ടർ സ്ക്രീനിൽ അവ്യക്തമാവുന്ന അക്ഷരങ്ങൾ. ഞാൻ എഴുന്നേറ്റു.ജാലകങ്ങൾക്കരികെ, മഴ അപ്പോഴും ചാഞ്ഞുപെയ്യുന്നുണ്ടായിരുന്നു.

11 Mar 2015

ഒന്നുമില്ലായ്മയെക്കുറിച്ചൊരു കവിത

ഉമാ രാജീവ്
കനേഡിയന്‍ കവി ലോര്‍ണ ക്രോസിയറുടെ കവിതയുടെ വിവര്‍ത്തനം

സ്കൂളില്‍ വച്ച് ഒരു പിടിയും കിട്ടാത്ത
ഒന്നാണ് പൂജ്യം
എന്തിനോടു ഗുണിച്ചാലും
അതെല്ലാം ഒന്നുമല്ലാതായിത്തീരും.

അലങ്കാരം പഠിക്കുന്ന,
ഗണിതശാസ്ത്രജ്ഞനായ
എന്റെ സുഹൃത്തിനോട്
പൂജ്യമൊരു സംഖ്യയാണോ
എന്നു ചോദിച്ചപ്പോള്‍,
അതെ എന്നാണവന്‍ പറഞ്ഞത്
എനിക്കേതായാലും വലിയ ആശ്വാസമായി

അതൊരു പ്രകൃതിദൃശ്യമാണെങ്കില്‍
ഒരു മരുഭൂമിയാവുമായിരുന്നു
അതിന് ശരീരഘടനാശാസ്ത്രത്തില്‍
എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍
അത് വായയാകുമായിരുന്നു,
ഇല്ലാത്ത ഒരു തുറിപ്പ്
നഷ്ടപ്പെട്ട ഒരവയവം

പൂജ്യം ഒന്നിനും ഒന്നിനുമിടയിലൂടെ
അതിന്റെ വഴിതുളയ്ക്കുന്നു
പിന്നെയെല്ലാം മാറ്റിമറിക്കുന്നു
അത് അക്ഷരമാലയ്ക്കിടയിലേക്ക്
വഴുതിക്കയറുന്നു
അത് നിശ്ശബ്ദമായ നാക്കിലെ സ്വരാക്ഷരമാണ്
അന്ധന്റെ കണ്ണിലെ കൃഷ്ണമണി
അവന്റെ വിരല്‍തുമ്പില്‍
അവന്‍ തെരുപ്പിടിക്കുന്ന മുഖത്തിന്റെ ബിംബം

വറ്റിയ ഒരു കിണറിന്റെ അടിയില്‍ നിന്ന്
മുകളിലേയ്ക്കു നോക്കുമ്പോള്‍
നിങ്ങള്‍ കാണുന്നതാണ് പൂജ്യം
അതിന്റെ അസഹ്യമായ നീലയും

നിങ്ങളുടെ ഉപ്പൂറ്റി ചിറകിനായി തരിക്കുമ്പോള്‍.
നിങ്ങളുടെ കഴുത്തില്‍
നിങ്ങള്‍ ചുറ്റുന്ന കയറാണ് അത്,

ചിറകുകളെരിയുന്ന മണം വന്നപ്പോള്‍
ഇകറസിനു*
പൂജ്യമെന്തെന്നു മനസ്സിലായി
പിന്നെ കടലിലേയ്ക്കു വീണു.

ഒരു കുന്നില്‍നിന്ന് നിങ്ങള്‍
പൂജ്യമുരുട്ടിവിട്ടാല്‍ അതു വളരും,
പട്ടണങ്ങളെ വിഴുങ്ങും, കൃഷിയിടങ്ങളെയും
മേശപ്പുറത്ത് പകിടകളിച്ചിരിക്കുന്ന ആളുകളെയും

വടക്കേ അമേരിക്കയിലെ ഗോത്രത്തലവമാര്‍
അവരുടെ ഋജുവായ ഉടമ്പടികളിലൊപ്പുവയ്ക്കുമ്പോള്‍
അവരുടേ പേരിനടുത്തായി x എന്നിടുമായിരുന്നു
ഇംഗ്ലീഷില്‍ x പൂജ്യത്തിനു തുല്യമാണ്

ഗണിതം പഠിക്കുന്ന അലങ്കാരശാസ്ത്രജ്ഞനായ
എന്റെ കൂട്ടുകാരനോട് ചിരികളയാതെ തന്നെ ചോദിച്ചു
പൂജ്യത്തിന്റെ അര്‍ത്ഥമെന്താണെന്ന്.
അവന്‍ പറഞ്ഞു അതൊരുതരം പൂട്ടാണെന്ന്

പൂജ്യമെന്നത് അശ്ലീലസാഹിത്യകാരന്റെ സംഖ്യയാണ്
അവനതൊരു കള്ളപ്പേരില്‍
കത്തുകളിലൂടെ സ്വന്തമാക്കുന്നു
അത് മരണനിരയിലെ
അവസാനത്തെ മനുഷ്യന്റെ അക്കമാണ്

* ഇകറസ് -ഒരു ഗ്രീക്ക് ഇതിഹാസ കഥാപാത്രം

21 Feb 2015

ഉത്പാദക സംഘങ്ങളിലൂടെ


ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി -11

വരു.... രൂപീകരിക്കാം നാളികേര ഉത്പാദകസംഘങ്ങൾ നാളികേരത്തിന്റെ നല്ല ഭാവിക്കായ്‌. കേരളീയരുടെ ദേവവൃക്ഷമായ തെങ്ങിന്റെ രക്ഷയ്ക്കായ്‌ നാടെങ്ങും കേരകർഷക കൂട്ടായ്മകൾ നാളികേര വികസന ബോർഡിന്റെ മേൽനോട്ടത്തിൽ രൂപം കൊണ്ട്‌ വരുകയാണല്ലോ. വർഷങ്ങളായി കേരകൃഷി ചെയ്യുന്ന കേരകർഷകർക്കില്ലായിരുന്ന ഒരു ജനകീയ അടിത്തറ പലസ്ഥലങ്ങളിലും വേരുപിടിച്ചു വരുന്നു. വിവിധ ചിന്താഗതിക്കാരും, രാഷ്ട്രീയ പാർട്ടിക്കാരും, സാമ്പത്തിക ചുറ്റുപാടുള്ളവരുമായ കേരകർഷകരുടെ കൂട്ടായ്മ രൂപീകരിച്ച്‌ അവയെ സുസ്ഥിരത കൈവരിക്കുന്നതുവരെ നടത്തികൊണ്ടു പോകുക എന്നത്‌ വളരെ ശ്രമകരമായ കാര്യമാണ്‌. തട്ടുതട്ടുകളായി ചിതറി കിടക്കുന്ന പരിമിത സ്ഥലത്തുള്ള വീട്ടു വളപ്പിലെ തെങ്ങുകൃഷിയാണ്‌ നമ്മുടെ നാട്ടിൽ അധികവും. കർഷക കൂട്ടായ്മയിലൂടെ മാത്രമേ ഭാവിയിൽ ഇത്തരം ചെറുകിട - പരിമിത കർഷകരുടെ തെങ്ങിൽ നിന്നു വരുമാനം പരമാവധി ഉയർത്തുവാനും, ഉൽപാദന ക്ഷമത വർദ്ധന ലക്ഷ്യമിട്ടുള്ള വികസന പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുവാനും കഴിയുകയുള്ളു എന്ന സത്യം നാമിനിയും വിസ്മരിച്ചു കൂട.
കേരകർഷകരുടെ പൊതുസാമ്പത്തിക, സാമൂഹിക, സാംസ്കാരിക ആവശ്യങ്ങൾക്കും, അഭിലാഷങ്ങൾക്കും കൂട്ടായ ഉടമസ്ഥതയിലും, ജനാധിപത്യ നിയന്ത്രണത്തിലും നടത്തുന്ന സംരംഭങ്ങളിലൂടെ സാധിക്കാൻ സ്വമേധയാ രൂപീകരിക്കുന്ന സ്വതന്ത്ര സംഘടനയായിരക്കണം നാളികേരോൽപാദക സംഘങ്ങൾ. കേരകർഷക കൂട്ടായ്മയുടെ താഴെതട്ടിൽ പ്രവർത്തിക്കുന്ന അടിസ്ഥാന ഘടകമാണ്‌ നാളികേര ഉൽപാദക സംഘങ്ങൾ. ഒരു ഉത്പാദക സംഘം എന്നാൽ 50 - 100 കേര കർഷകർ. അവരുടെ ഉടമസ്ഥതയിലുള്ള 15 - 20 ചെറുസംഘങ്ങൾ ചേർന്ന്‌ കൂട്ടായ്മയുടെ മദ്ധ്യഘടകമായി പ്രവർത്തിക്കുന്ന ഫെഡറേഷനുകളും, 10 ഫെഡറേഷനുകൾ ചേർന്ന്‌ ഒരു കേരഉൽപാദന കമ്പനിയും രൂപം കൊണ്ടുവരുന്നു. അതായത്‌ ഒരു കമ്പനിയുടെ കീഴിൽ 10 ലക്ഷത്തോളം തെങ്ങുകളുണ്ടാവും. ഇപ്രകാരം മൂന്നു തട്ടിൽ പ്രവൃത്തിക്കുന്ന ജനാധിപത്യ നിയന്ത്രണത്തിലുള്ള കർഷക സംഘങ്ങൾ നാളികേര വികസന ബോർഡിന്റെ മേൽനോട്ടത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ രൂപീകരിച്ചു വരുന്നു. ഇനിയും തൽപറയായ കേരകർഷകർ പുതിയ പുതിയ സംഘങ്ങൾ രൂപീകരിച്ച്‌ ഈ കർഷക കൂട്ടായ്മയായി കൂട്ടായ്മ ശക്തമാക്കാൻ കടന്നു വരുന്നു. ഇതിനകം 5784 കേരകർഷകസംഘങ്ങളും 311 ഫെഡറേഷനുകളും 15 കമ്പനികളും രൂപീകരിച്ചു കഴിഞ്ഞു. വരും കാലങ്ങളിൽ ഈ കൂട്ടായ്മകൾ ശക്തിയാർജ്ജിച്ച്‌ ഒത്തൊരുമയോടെ പ്രവൃത്തിച്ചാൽ മാത്രമെ കൽപവൃക്ഷത്തെ ഉയർന്ന വരുമാനം തരുന്ന ഒരു ദേവവൃക്ഷമായി ഭാവിയിൽ നിലനിർത്താൻ കഴിയു.
വ്യക്തി സമൂഹത്തിനും, സമൂഹം വ്യക്തിക്കും, പരസ്പര സഹായത്തിലൂടെ സ്വശ്രയത്വം എന്നീ പ്രത്യയ ശാസ്ത്രത്തിന്റെ അടിത്തറയിലൂടെ പടുത്തുയർത്തിയ സാമൂഹിക സാമ്പത്തിക സംരംഭമായി ഭാവിയിൽ കേരകർഷക കൂട്ടായ്മ മാറണം. എങ്കിൽ മാത്രമേ ഈ കൂട്ടായ്മയിൽ അർപ്പിതമായിരിക്കുന്ന കേരകൃഷിയുടെയും അതിനോടനുബന്ധപ്പെട്ട വ്യവസായങ്ങളുടെയും സമഗ്രവികസനം കൂട്ടായ്മയുടെ പ്രവർത്തനങ്ങളിലൂടെ സാദ്ധ്യമാകൂ. കേരകർഷകരുടെ പൊതു സാമ്പത്തിക, സാമൂഹിക, സാംസ്കാരിക ആവശ്യങ്ങൾക്കും അഭിലാഷങ്ങൾക്കും കൂട്ടായ ഉടമസ്ഥതയിലും, ജനാധിപത്യ നിയന്ത്രണത്തിലും നടത്തുന്ന സംരംഭങ്ങളിലൂടെ സാധിക്കുവാൻ സ്വമേധയ രൂപീകരിക്കുന്ന സ്വതന്ത്ര സംഘടനയായിരിക്കണം ഈ കർഷക കൂട്ടായ്മകൾ.
ലോകത്ത്‌ ആദ്യമായി കൂട്ടായ്മ ഉടലെടുത്തത്‌ 1954ൽ ഇംഗ്ലണ്ടിലാണ്‌. ഇംഗ്ലണ്ടിലെ റോച്ച്ഡെയിൽ എന്ന സ്ഥലത്തെ വ്യവസായിക വിപ്ലവത്തിന്റെ ഫലമായി ജോലി നഷ്ടപ്പെട്ട ഒരു കൂട്ടം പാവപ്പെട്ട നെയ്ത്ത്‌ തൊഴിലാളികൾ കൂട്ടുകൂടി അവർക്ക്‌ ആവശ്യമായ ആഹാരം വിതരണം ചെയ്യുന്നതിനായി രൂപം കൊണ്ടതാണ്‌ ലോകത്തെ ആദ്യത്തെ കൂട്ടായ്മ അഥവാ സംഘം. കൂട്ടായ്മ എന്ന ഈ ആശയം ആദ്യം രൂപം കൊണ്ടത്‌ സഹകരണ പ്രസ്താനത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്ന റോബർട്ട്‌ ഓവൻ എന്ന മഹാനിലാണ്‌. അദ്ദേഹം വിഭാവന ചെയ്ത സ്നേഹത്തിന്റെയും, ത്യാഗത്തിന്റെയും പാതയിലൂടെ പരസ്പര സഹായത്തിലൂടെ സ്വാശ്രയത്വം എന്ന ആശയത്തിലധിഷ്ഠിതമായ പ്രവർത്തനമാണ്‌ കൂട്ടായ്മകളുടെ വിജയത്തിനാധാരം.
വീട്ടുവളപ്പിലെ ചുരുങ്ങിയ സ്ഥലത്ത്‌ തെങ്ങുകൃഷി ചെയ്യുന്ന ചെറുകിട പരിമിത കർഷകരാണ്‌ കേരളത്തിലെ ഭൂരിഭാഗം കേര കർഷകരും. പത്തുതെങ്ങുകളുള്ള കൂലി വേലക്കാരനും, വിദേശത്തു നിന്നു മടങ്ങിവന്ന പ്രവാസികളും, സർക്കാർ ഉദ്യോഗസ്ഥരുമെല്ലാ മടങ്ങുന്നതാണ്‌ കേരകർഷകർ. വ്യത്യസ്ത മനോഭാവവും താൽപര്യവുമുള്ള ഇവരെ ഒരുമിച്ച്‌ കൊണ്ടുപോയി കൂട്ടായ പ്രവർത്തനങ്ങളിലൂടെ കേര വികസനം സാദ്ധ്യമാകണമെങ്കിൽ സഹകരണ മൂല്യങ്ങൾ ഉൾകൊണ്ട്‌ പ്രവൃത്തിക്കുന്ന ഒരു ശക്തമായ നേതൃത്വവും, അംഗങ്ങളുടെ നിസ്വർത്ഥമായ പ്രവൃത്തനവും അത്യാവശ്യമാണ്‌. ഏതൊരു കൂട്ടായ്മ പ്രസ്ഥാനത്തിന്റെയും നിലനിൽപ്പിനേയും, നടത്തിപ്പിനേയും നിയന്ത്രിക്കുന്ന ഒരു കൂട്ടം ചട്ടങ്ങളാണ്‌ സഹകരണ തത്വങ്ങൾ. ഈ തത്വങ്ങൾ ഇല്ലെങ്കിൽ പ്രസ്ഥാനത്തിന്‌ തനതായ ഒരു തിരിച്ചറിവോ നിലനിൽപ്പോ ഉണ്ടാവുകയില്ല. ഈ തത്വങ്ങൾ കളാൺതരത്തിൽ രൂപം പ്രാപിച്ചവയും, ലോകമനസാക്ഷി പൊതുവേ അംഗീകരിച്ചതുമാണ്‌.
ഏതൊരു കൂട്ടായ്മയുടെ നിലനിൽപ്പിനെയും നടത്തിപ്പിനെയും നിയന്ത്രിക്കുന്ന, ലോക മനഃസാക്ഷി അംഗീകരിച്ച തത്വങ്ങൾ ഇവയാണ്‌.
*    തുറന്നതും സ്വമേധയാ ഉള്ളതുമായ  അംഗത്വം.
*    അംഗങ്ങളുടെ ജനാധിപത്യ  നിയന്ത്രണം.
*    അംഗങ്ങളുടെ സാമ്പത്തിക പങ്കാളിത്തം.
*    സ്വയംഭരണവും സ്വാതന്ത്രവും.
*    സഹകരണ വിദ്യഭ്യാസവും,
    വിജ്ഞാനവും പരിശീലനവും
*    സംഘങ്ങൾ തമ്മിലുള്ള സഹകരണം.
*    സാമൂഹ്യ പ്രതിബനദ്ധത
നാളികേര ഉൽപാദക സംഘങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക്‌ ഈ തത്വങ്ങൾ ഉൾക്കൊണ്ട്‌ ഓരോ അംഗങ്ങളും പ്രവർത്തിക്കേണ്ടിയിരിക്കുന്നു. എങ്കിൽ മാത്രമേ നാളികേര മേഖലയിൽ സുസ്ഥിരമായ വികാസം സാദ്ധ്യമാകൂ. ഈ സത്യം മനസ്സിലാക്കി കേരകർഷകരുടെ കൂട്ടായ്മകൾ രൂപീകരിച്ച്‌ അവരിലൂടെ പൂർണ്ണമായ കർഷക പങ്കാളിത്തത്തോടെ വികസന പദ്ധതികൾ നടപ്പിലാക്കുവാനും നാളികേര വികസന ബോർഡ്‌ തുടക്കമിട്ടു കഴിഞ്ഞു. കഴിഞ്ഞ 3 വർഷമായി തൃത്താല സംവിധാനത്തിൽ പ്രവൃത്തിക്കുന്ന  കമ്പനികളും, അതിനു താഴെയായി 10 മുതൽ 12 ചെറുസംഘങ്ങൾ ചേർന്ന്‌ നാളീകേര ഉൽപാദന ഫെഡറേഷനുകളും, ഏറ്റവും താഴെ തട്ടിലായി നാളികേര ഉൽപാദക സംഘങ്ങളും നിലവിൽ വന്നു കഴിഞ്ഞു. ഇനിയും കൂടുതൽ കൂടുതൽ കർഷകർ സംഘടിച്ച്‌ വിവിധ ജില്ലകളിൽ കൂടുതൽ ഉൽപാദക സംഘങ്ങും, ഫെഡറേഷനുകളും, കമ്പിനികളും രൂപം കൊടുക്കേണ്ടിയിരിക്കുന്നു.
ഓരോ പ്രദേശത്തേയും ജനസമൂഹത്തിന്റെ ആവശ്യങ്ങൾ ഉൾകൊണ്ട്‌ അവയുടെ സങ്കീർണ്ണതയും പ്രദേശികമായ പ്രത്യേകതകളും തിരിച്ചറിഞ്ഞു വേണം പ്രവർത്തനങ്ങൾ രൂപകൽപന ചെയ്യുവാൻ. പ്രാദേശികമായ പ്രത്യേകതകളും പ്രവർത്തനങ്ങളും അതായത്‌ കേരകർഷകർ ഉത്പാദക കമ്പനികളുടെ കീഴിൽ തൃത്താല സംവിധാനത്തിൽ സംഘടിക്കുക വഴി കുത്തകകളുടെ ചൂഷണത്തിൽ നിന്നും രക്ഷ നേടുവാനും ഉത്പാദന സംഘങ്ങളിലെ കർഷകർ ഉൽപാദിപ്പിക്കുന്ന നാളികേരത്തിന്‌ ന്യായമായ വില ഉറപ്പുവരുത്തുവാനും കഴിയും. 50 - 100 കർഷകരും അവരുടെ ഉടമസ്ഥതയിൽ 5000 തെങ്ങുകളുമാണ്‌. ഇത്തരത്തിലുള്ള 10- 15 സംഘങ്ങൾ ചേർന്ന്‌ ഫെഡറേഷുകളും, പത്തു ഫെഡറേഷനുകൾ ചേരുമ്പോൾ ഒരു കമ്പിനിയും രൂപം കൊള്ളുന്നു. അതായത്‌ ഒരു കമ്പിനിയുടെ കീഴിൽ ഏകദേശം 10 ലക്ഷം തെങ്ങുകളുണ്ടാവും.
ഒരു തെങ്ങിൽ നിന്ന്‌ ഒരു ഇടീലിന്‌ ഒരു നാളികേരം എന്ന നിലയിൽ ഓഹരി മൂലധനം ഓരോ കർഷകരും നൽകിയാൽ 10 ലക്ഷം തെങ്ങുകളിൽ നിന്ന്‌ വർഷത്തിൽ 6 പ്രാവശ്യം വിളവെടുത്താൽ തന്നെ 60 ലക്ഷം നാളികേരം ലഭിക്കും. ഇന്നത്തെ വിലയ്ക്ക്‌, പതിനഞ്ചു രൂപാ നിരക്കിൽ 9 കോടി രൂപ ഓഹരി മൂലധനമായി കമ്പനികൾക്ക്‌ സമാഹരിക്കാൻ കഴിയും. അംഗങ്ങൾ ഓരോരുത്തരും അവരവരുടെ തെങ്ങുകളുടെ എണ്ണത്തിനനുസരിച്ച്‌ ഓഹരി എടുത്ത്‌ സാമ്പത്തിക ഭദ്രതയിൽ പാങ്കളികളായെങ്കിൽ മാത്രമേ ഈ തൃത്താല കൂട്ടായ്മ സുസ്ഥിരമായി നിലനിൽക്കുകയുള്ളു
ഇങ്ങനെ മൂന്നു തലത്തിൽ വളർന്നു വരുന്ന കൂട്ടായ്മകൾ തമ്മിൽ ദൃഢമായ ബന്ധവും വ്യക്തമായ പ്രവർത്തിമേഖലകളും വേണം. സംഘങ്ങൾ തമ്മിലുള്ള സഹകരണം എന്ന തത്വം ഉൾക്കൊണ്ട്‌ വേണം തൃത്താലസംഘങ്ങൾ പ്രവർത്തിക്കാൻ. ഓരോ തലത്തിലുള്ള സംഘങ്ങളുടെ പ്രവർത്തന മേഖലകൾ ഓരോ വർഷവും പൊതുയോഗത്തിൽ വിലയിരുത്തി നിശ്ചയിച്ച്‌ വേണം പ്രവർത്തനങ്ങൾ തുടങ്ങാൻ. വില്ലേജ്‌ തലത്തിൽ പ്രവർത്തിക്കുന്ന നാളികേര ഉൽപാദക സംഘങ്ങൾക്ക്‌ തെങ്ങിൽ നിന്നുള്ള ഉൽപാദനക്ഷമത പരമാവധി വർദ്ധിപ്പിക്കുന്നതിനുള്ള, അതുപോലെത്തന്നെ ഓരോ പ്രദേശത്തേക്ക്‌ യോജിച്ച ഇടവിള കൃഷി ചെയ്ത്‌ കർഷകന്റെ വരുമാനം പരമാവധി ഉയർത്തുന്നതിനുള്ള മാർഗ്ഗങ്ങൾ വിവിധ സർക്കാർ ഏജൻസികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച്‌ കൂട്ടായി നടപ്പിലാക്കാൻ ശ്രമിക്കണം. മദ്ധ്യതലത്തിൽ പ്രവർത്തിക്കുന്ന ഫെഡറേഷനുകൾ, ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ ഉൽപാദിപ്പിച്ച്‌ വിതരണം ചെയ്യൽ, തേങ്ങായും, കൊപ്രായും സംഭരിച്ച്‌ വിപണനം, എന്നിവയിൽ ശ്രദ്ധിക്കണം. ഫെഡറേഷൻ തലത്തിൽ കർഷകരുടെ ഒരു വിപണി രൂപീകരിച്ചാൽ ഫെഡറേഷന്റെ പരിധിയിൽ വരുന്ന കർഷകരുടെ ഉൽപന്നങ്ങൾ സംഭരിച്ച്‌ വിപണനം നടത്തി കർഷകർക്ക്‌ ന്യായമായ വില ഉറപ്പു വരുത്താൻ കഴിയും. എന്നാൽ മുകളിലെത്തട്ടിൽ പ്രവർത്തിക്കുന്ന കമ്പനികൾ മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഉൽപാദനത്തിലും വിപണനത്തിലും ശ്രദ്ധകേന്ദ്രീകരിക്കണം. ഇപ്രകാരം ഓരോ തലത്തിലേയും കൂട്ടായ്മകളുടെ പങ്ക്‌ വ്യക്തമായി നിർവചിക്കപ്പെട്ടുവേണം പ്രവർത്തനങ്ങൾ നടത്താൻ.
പ്രബുദ്ധരായ അംഗങ്ങളും, കഴിവുള്ള കാര്യനിർവഹണ ഉദ്യോഗസ്ഥരും, അർപ്പണ മനോഭാവമുള്ള ഭരണസമിതിയും ചേരുന്നതാണ്‌ സംഘങ്ങൾ. ഇതിൽ ഭരണസമിതിയാണ്‌ ഏറ്റവും പ്രധാന ഘടകം. കേരകർഷക കൂട്ടായ്മകളിലും നേതൃത്വംകൊടുക്കുന്ന ഭരണസമിതി തന്നെയാണ്‌ വിവിധ തലങ്ങളിലെ പ്രധാന ഘടകം. ഈ കൂട്ടായ്മകളുടെ നിലനിൽപ്പും, ഭാവി പ്രവർത്തനങ്ങളും ഭരണസമിതി അംഗങ്ങൾ ഓരോരുത്തരും എത്ര ഇച്ഛാശക്തിയോടും, കൂട്ടുത്തരവാദിത്വത്തോടും, പ്രവർത്തിക്കുന്നുവോ അതനുസരിച്ചിരിക്കും അതാവും കേരകൃഷിയുടെയും ഭാവി.

15 Jan 2015

അശ്രദ്ധയുടെ ദുരന്തഫലം


ജോൺ മുഴുത്തേറ്റ്‌


സന്ദീപും, രാജുവുമാണ്‌ ആദ്യം ആ നിർദ്ദേശം വച്ചതു. ശനിയാഴ്ച എല്ലാവർക്കും കൂടി ഔട്ടിംഗിന്‌ പോകാം. 'തൊമ്മൻകുത്ത്‌ ' അതിനുപറ്റിയസ്ഥലമാണ്‌. പ്രകൃതിരമണീയമായ ആ സ്ഥലം ടൂറിസ്റ്റ്‌ കേന്ദ്രമായി വളർന്നുകൊണ്ടിരിക്കുന്നു അവിടത്തെ പാറകെട്ടുകളും നീരൊഴുക്കുകളും വെള്ളച്ചാട്ടങ്ങളും, കാടും കാട്ടരുവിയുമെല്ലാം വശ്യസുന്ദരമാണ്‌, ഹൃദയഹാരിയാണ്‌. രാജു വാചാലനായി. രഞ്ജിത്തിനും, സുധാകരനും ആ നിർദേശം ഇഷ്ടമായി. അവരെല്ലാം ഐ. ടി. മേഖലയിൽ ജോലി ചെയ്യുന്ന എൻജിനിയർമാരാണ്‌, സഹപ്രവർത്തകരും. ജോലിയുടെ വൈരസ്യത്തിൽ നിന്നും മോചനം നേടാൻ  ഇത്തരം ട്രിപ്പുകൾ അനിവാര്യമാണെന്ന്‌ എല്ലാവരും സമ്മതിക്കും. പട്ടണത്തിന്റെ തിരക്കിൽ നിന്നൊഴിഞ്ഞു പ്രകൃതിയുമായി സല്ലപിക്കാൻ ലഭിക്കുന്ന ഈ അവസരം ആഹ്ലാദഭരിതമായിരിക്കുമെന്ന്‌ അവർക്കുറപ്പായിരുന്നു.
സന്ദീപിന്റെ കാറിൽ നാലുപേരും യാത്രതിരിച്ചു. പത്തുമണിയോടെ തൊമ്മൻകുത്തിലെത്തി. ഭക്ഷണവുംമറ്റും അവർ കരുതിയിരുന്നു. നല്ല കാലാവസ്ഥ അവരെ കൂടുതൽ ആഹ്ലാദഭരിതരാക്കി. പാറക്കെട്ടുകളിൽ കൂടി ചിതറിയൊഴുകുന്ന കാട്ടരുവിയും വളർന്നുപൊങ്ങിയ വൻമരങ്ങളും മരച്ചില്ലകളിൽ ഒച്ചവെക്കുന്ന പക്ഷിക്കൂട്ടങ്ങളും, ഉയരത്തിൽനിന്നും ശക്തിയിൽ താഴോട്ടുപതിക്കുന്ന വെള്ളച്ചാട്ടങ്ങളും എല്ലാം അവരെ ഏറെ ആകർഷിച്ചു. എല്ലാം മറന്ന്‌ അവർ ഒച്ചവച്ച്‌ പാറക്കെട്ടുകളിലും അരുവിയിലേക്ക്‌ ചാഞ്ഞുകിടക്കുന്ന മരച്ചില്ലകളിലും ഓടിക്കയറി. ചിരിയും അട്ടഹാസവുമായി അവർ അവിടെയെല്ലാം ഓടിനടന്നു. മറ്റു ടൂറിസ്റ്റ്‌ സംഘങ്ങളും അവിടെ എത്തിയിരുന്നു.
ഉയർന്ന്‌ നിൽക്കുന്ന പാറക്കെട്ടിന്റെ മുകളിൽകയറാൻ പോകയാണെന്ന്‌ രാജു ഉറക്കെ വിളിച്ചു പറഞ്ഞു. ആ പാറക്കെട്ടിന്റെ ഇരുവശങ്ങളിലൂടെയും  വെള്ളം ശക്തിയായി ഒഴുകി താഴോട്ടുപതിക്കുന്നുണ്ട്‌. വെള്ളത്തിന്റെ ഒഴുക്കിൽപെടാതെ  പാറക്കെട്ടിലെത്താനാണ്‌ രാജു ശ്രമിച്ചതു. 'സൂക്ഷിക്കണം' എന്ന്‌ സന്ദീപ്‌ വിളിച്ചുപറയുന്നുണ്ടായിരുന്നു. പക്ഷെ അയാൾ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്
ല. താൻ നിൽക്കുന്ന പാറക്കെട്ടിന്റെ മുകളിൽ നിന്ന്‌ ഉയർന്നപാറക്കെട്ടിന്റെ അടിവശത്തുള്ള നിരപ്പായ സ്ഥലത്തേക്ക്‌  ജലപ്രവാഹത്തിനു മുകളിലൂടെ അയാൾ ഒറ്റചാട്ടം. പക്ഷെ, പ്രതീക്ഷിച്ചതുപോലെ പാറക്കെട്ടിൽ പിടികിട്ടിയില്ല. ബാലൻസ്‌ തെറ്റി രാജുഒരു നിലവിളിയോടെ താഴേക്ക്‌ വീണു. കൂട്ടുകാരെല്ലാം ഞെട്ടിപ്പോയി. വീഴ്ചയിൽ പാറക്കെട്ടിൽ തലയടിച്ചു ശക്തിയായ ജലപ്രവാഹത്തിൽ താഴോട്ടൊഴുകിയ അയാളെ രക്ഷിക്കാനായി കൂട്ടുകാർ താഴോട്ടോടി. ഓട്ടത്തിനിടയിൽ രൺജിത്തിന്‌ ഒരു പാറയിൽ തട്ടിവീണ്‌ കൈക്ക്‌ പരിക്ക്പറ്റി. അവർ എന്തുചെയ്യണമെന്നറിയാതെ അലറിവിളിച്ചു. നിലവിളികേട്ട്‌ മറ്റുടൂറിസ്റ്റ്‌ സംഘങ്ങൾ ഓടിയെത്തി, താഴോട്ടൊഴുകിവന്ന രാജുവിനെ താഴെനിന്നവർ പിടിച്ചു കരയ്ക്കു കയറ്റി.  അയാൾക്കുബോധമില്ലായിരുന്നു. തലയിൽ നിന്നും രക്തമൊഴുകുന്നു.... എല്ലാവരുംകൂടി അയാളെ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ അയാളുടെ ജീവൻ രക്ഷിക്കാനായില്ല. ആഹ്ലാദകരമായ വിനോദയാത്ര ദുരന്തയാത്രയായി പരിണമിച്ചു. രാജുവിന്റെ അശ്രദ്ധയാണ്‌ ദാരുണമായ ഈ ദുരന്തത്തിന്‌ കാരണമായത്‌.
മറ്റൊരു സംഭവം. അന്നുകോളേജ്‌ നേരത്തെ വിട്ടതുകൊണ്ട്‌ ഫൈനൽ ഇയർ വിദ്യാർത്ഥിനിയായ രജനി മൂന്നുമണിക്ക്‌ മുൻപ്‌ ബസ്‌ സ്റ്റോപ്പിൽ എത്തി. വീടിന്റെ പടിക്കലൂടെ പോകുന്ന ഒരു പ്രൈവറ്റ്‌ ബസ്‌ ആ സമയത്ത്‌  ഉണ്ട്‌. അതുകിട്ടിയാൽ ഒട്ടും നടക്കാതെ വീട്ടിലെത്താം, ബസ്‌ കൃത്യസമയത്തുതന്നെ വന്നു. ഡ്രൈവറെ കണ്ടപ്പോൾ അവൾക്ക്‌ കൂടുതൽ സന്തോഷമായി. അവളുടെ അയൽവാസിയായ മോഹനനാണ്‌ ഡ്രൈവർ. അവൾ തിക്കിതിരക്കി മുൻവശത്തേക്ക്‌ ചെന്നു. ഇരിക്കാൻ സീറ്റു കിട്ടിയില്ല  ഡ്രൈവറുടെ ഇടത്ത്‌ ഭാഗത്ത്‌ അവൾ നിലയുറപ്പിച്ചു. അയാൾ നോക്കിയപ്പോൾ അവൾ പുഞ്ചിരിച്ചു. അയാൾ അവളോട്‌ കുശലംചോദിച്ചു. ബസ്സ്‌ ഓടിക്കുന്നതിനിടയിൽ അയാൾ ഇടക്കിടയ്ക്ക്‌  അവളോട്‌ പലതും ചോദിച്ചുകൊണ്ടിരുന്നു. അവൾ ഉത്സാഹത്തോടെ മറുപടിയും പറഞ്ഞു. ബസ്സ്‌ ഓടിക്കുന്നതിനിടയിലുള്ള ഈ സംസാരം സീറ്റിലിരുന്ന പ്രായമായ  സ്ത്രീകൾക്ക്‌ ഇഷ്ടപ്പെട്ടില്ല. അവർ രജനിയെ നോക്കി പിറുപിറുത്തു. മോഹനൻ എന്താൺചോദിച്ചതെന്ന്‌ രജനി ശരിക്കുകേട്ടില്ല. അവൾ മുന്നോട്ടാഞ്ഞ്‌ എന്താണ്‌ പറഞ്ഞതെന്ന്‌ ചോദിച്ചു. അയാൾ തിരിഞ്ഞു രജനിയെ നോക്കി മറുപടി പറയുമ്പോഴാണ്‌ എതിർ വശത്തുനിന്നും ഒരു ലോറി പാഞ്ഞുവന്നത്‌. ഡ്രൈവർ ഞെട്ടിപ്പോയി അയാൾ പെട്ടെന്ന്‌ ബസ്സ്‌ ഇടതുവശത്തേക്ക്‌ വെട്ടിച്ചു. പക്ഷെ ബസ്‌ നിയന്ത്രണം വിട്ട്‌ പോസ്റ്റിലിടിച്ച്‌ ഇടതുവശത്തെ പാടത്തേക്ക്‌ മറിഞ്ഞു. ആകെ കരച്ചിലും ബഹളവും! നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനങ്ങൾ  നടത്തി. ഏതാനും യാത്രക്കാർക്കും ഡ്രൈവർക്കും ഗുരുതരമായ പരുക്ക്‌ പറ്റി. നാട്ടുകാർ അവരെ ആശുപത്രിയിൽ എത്തിച്ചു. രജനിയുടെ നെറ്റിയിൽ ഒരുചെറിയ പരുക്ക്‌ മാത്രമെ ഉണ്ടായിരുന്നുള്ളൂ. അപകടത്തിൽ പരുക്ക്‌ പറ്റിയ ഒരാൾ ആശുപത്രിയിൽ വച്ച്‌ മരിച്ചു എന്ന്‌ പിന്നീട്‌ കേട്ടു. രജനിക്ക്‌ അതിയായ കുറ്റബോധം തോന്നി. താൻ മൂലമാണല്ലോ ഡ്രൈവർ അശ്രദ്ധനായതും അപകടം സംഭവിച്ചതും.
ഇത്തരം നിരവധി ദുരന്തങ്ങൾ നിത്യേന സംഭവിച്ചു കൊണ്ടിരിക്കുന്നു. അപകടങ്ങൾ ഉണ്ടാവുന്നതിന്റെ മുഖ്യകാരണം അശ്രദ്ധയാണ്‌ ഭൂരിഭാഗം റോഡപകടങ്ങളും ഉണ്ടാവുന്നത്‌ അശ്രദ്ധമായി വാഹനമോടിക്കുന്നതു കൊണ്ടാണ്‌ എന്ന്‌ പഠനങ്ങൾ വ്യക്തമാക്കുന്നു. ഒരു നിമിഷനേരത്തെ  അശ്രദ്ധ ദുരവ്യാപകമായ ദുരന്തങ്ങൾക്ക്‌  ഹേതുവാകുന്നു.
തിരക്കേറിയ റോഡ്‌ അശ്രദ്ധമായി ക്രോസ്‌ ചെയ്യുന്ന കാൽനടക്കാരൻ തന്റെ ജീവൻ അപകടത്തിലാക്കുന്നു. സമയമില്ലാതെ പരക്കം പായുന്നആധുനിക മനുഷ്യൻ അശ്രദ്ധനായി മാറുന്നു. അവന്റെ മാനസികവ്യഥകളും സംഘർഷങ്ങളും അവനെ ശ്രദ്ധാലുവാകാൻ കഴിയാത്തവനാക്കുന്നു. തന്റെ മനസിന്റെ നിയന്ത്രണം നഷ്ടമാവുമ്പോൾ അവൻ സ്വാഭാവികമായും അസ്വസ്ഥനും അശ്രദ്ധനുമായിത്തീരുന്നു. ആധുനിക ജീവിതത്തിന്റെ അപകടകരമായ ഈ പ്രവണത വർദ്ധിച്ചു വരുന്നു. അശ്രദ്ധ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. 
അശ്രദ്ധ പലപ്പോഴും സ്വയംഹത്യക്കും പരഹത്യക്കും കാരണമാകുന്നു. വിമാനമോടിക്കുന്ന പെയിലററിന്റെ അശ്രദ്ധമൂലം എത്രയോ വിമാനാപകടങ്ങൾ ഉണ്ടാവുന്നു. എത്രയോ പേർക്ക്‌ ജീവഹാനി സംഭവിച്ചുട്ടുണ്ട്‌ ഒരു ഡോക്ടറുടെ അശ്രദ്ധ രോഗിയുടെ മരണത്തിൽ കലാശിച്ചേക്കാം. ഒരു എൻജിനിയറുടെ അശ്രദ്ധ അനേകം കെട്ടിടങ്ങളുടെ, റെയിൽപാളങ്ങളുടെ തകർച്ചക്കും, അനേകം ജീവഹാനിക്കും കാരണമായേക്കാം, വൈദ്യുതി ലൈനിൽ ജോലിചെയ്യുന്ന തൊഴിലാളിയുടെ അശ്രദ്ധ തന്റെയും സഹപ്രവർത്തകരുടെയും ജീവഹാനിക്കിടയാക്കിയേക്കാം. അടുക്കളയിലെ അശ്രദ്ധമൂലം എത്രയോ അപകടങ്ങൾ  സംഭവിച്ചിരിക്കുന്നു. കുക്കിങ്ങ്‌ ഗ്യാസ്‌ ഓഫ്ചെയ്യാൻ മറന്നതുമൂലം പലഅപകടങ്ങളും ഉണ്ടായതായി പത്രത്തിൽ വായിച്ചിട്ടുണ്ട്‌. അശ്രദ്ധ എത്ര ചെറുതാണെങ്കിലും വലിയ ദുരന്തങ്ങൾക്കു കാരണമായേക്കാം  പുകവലിക്കാർ അശ്രദ്ധമായി ഉപേക്ഷിച്ച സിഗരറ്റ്‌ കുറ്റിയിൽ നിന്നും എത്രയോ അപകടകരമായ തീപിടിത്തങ്ങൾ ഉണ്ടായിരിക്കുന്നു.
'അശ്രദ്ധ അഹന്തയേക്കാൾ ദോഷം ചെയ്യുന്നു' എന്ന്‌ ബഞ്ചമിൻ പ്രാക്മിൻ വ്യക്തമാക്കുന്നു. 'ആരെല്ലാം ചെറിയ കാര്യങ്ങളിലെ സത്യത്തിൽ അശ്രദ്ധരാണോ, അവരെ പ്രധാന കാര്യങ്ങളിൽവിശ്വസിക്കുവാൻ കഴിയുകയില്ല' എന്ന്‌ ആൽബർട്ട്‌ ഐൻസ്റ്റീൻ മൂന്നാര്റിയിപ്പു നൽകുന്നു.
അശ്രദ്ധ ആരിലും ഉടലെടുക്കാം. എപ്പോഴും അത്‌ സംഭവിക്കാം. അശ്രദ്ധയകറ്റാൻ നാം ബോധപൂർവ്വം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അതിനുളള ചില വഴികൾവ്യക്തമാക്കാം.
അശ്രദ്ധയകറ്റാൻ
1. സ്വയാവബോധംവളർത്തുക.
തനിക്ക്‌ അശ്രദ്ധയുണ്ട്‌ എന്ന്‌ സ്വയം ബോധവാനാകുമ്പോഴാണ്‌ അത്‌ പരിഹരിക്കുവാനുളള പോംവഴികൾ തോന്നുന്നത്‌. സ്ഥലകാലബോധത്തോടെ, സ്വയാവബോധത്തോടെ ഓരോ പ്രവൃത്തിയും ചെയ്യുമ്പോൾ അശ്രദ്ധ അകന്നു പോകുന്നു.
2. അശ്രദ്ധയുടെ അപകടങ്ങളെപ്പറ്റി ബോധവാനാവുക.
അശ്രദ്ധകൊണ്ടുണ്ടായ എണ്ണമറ്റ അപകടങ്ങളുടെയും ദുരിതങ്ങളുടെയും വ്യാപ്തിയും ഗൗരവവും മനസ്സിലാക്കുക.
3. ചെയ്യുന്ന ജോലിയിൽ താൽപര്യം പുലർത്തുക.
ചെയ്യുന്ന പ്രവൃത്തിയിലുളള താൽപര്യമില്ലായ്മയും  ഉത്സാഹരാഹിത്യവും പലപ്പോഴും അശ്രദ്ധയ്ക്ക്‌ കാരണമായിത്തീരുന്നു. അതുകൊണ്ട്‌ ജോലിയിൽ താൽപര്യം പുലർത്തുകയും അതിൽനിന്ന്‌ സംതൃപ്തിയും സന്തോഷവും കണ്ടെത്തുകയും ചെയ്യുക.
4. ക്ഷീണമകറ്റുക
ശാരീരികവും മാനസികവുമായ ക്ഷീണവും ഉന്മേഷരാഹിത്യവും അലസതയ്ക്കും അശ്രദ്ധയ്ക്കും കാരണമായിത്തീരുന്നു. ശരിയായ ഉറക്കമോ വിശ്രമമോ ലഭിക്കാതെ വരുമ്പോഴും, സംഘർഷങ്ങളും പ്രശ്നങ്ങളും  അമിതമാകുമ്പോഴും ക്ഷീണം അനുഭവപ്പെടുക സാധാരണമാണ്‌. മിതവും ഹിതവുമായ ആഹാരം ആവശ്യമായ ജലപാനം,  പതിവായ വ്യായാമം,  ശരിയായ വിശ്രമം എന്നിവ ക്ഷീണവും അതുമൂലമുണ്ടാകുന്ന അശ്രദ്ധയും അകറ്റാൻ സഹായിക്കുന്നു. പതിവായി ധ്യാനം പരിശീലിക്കുന്നത്‌ സംഘർഷങ്ങൾ അകറ്റുന്നതിനും മാനസികോന്മേഷം നിലനിർത്തുന്നതിനും സഹായിക്കുന്നു എന്ന്‌ കണ്ടിട്ടുണ്ട്‌.
5. അമിതമായ ആത്മവിശ്വാസം പുലർത്താതിരിക്കുക
ഈ ജോലി തനിക്ക്‌ തീരെ നിസ്സാരമാണെന്ന്‌ കരുതി യാതൊരു തയ്യാറെടുപ്പും ആസൂത്രണവും കൂടാതെ തികഞ്ഞ അശ്രദ്ധയോടെ പ്രവർത്തിക്കുന്നവരുണ്ട്‌. അത്‌ അപകടം വരുത്തും. അമിതമായ ആത്മവിശ്വാസം അഹങ്കാരത്തിലേക്കും അശ്രദ്ധയിലേക്കും നയിക്കുമെന്ന്‌ മനസ്സിലാക്കുക.
6. കുട്ടികൾക്ക്‌ ശ്രദ്ധയോടെ പ്രവർത്തിക്കുവാൻ പരിശീലനം നൽകുക
അശ്രദ്ധ കുട്ടികൾക്ക്‌ ഒരു ശീലമായിത്തീരുന്നു പലപ്പോഴും അശ്രദ്ധരായ മാതാപിതാക്കളുടെ ചെയ്തികൾ അവർ കണ്ടുപഠിക്കുന്നു. ശ്രദ്ധയോടെ പ്രവർത്തിക്കുന്നതിനുളള പരിശീലനവും പ്രോത്സഹനവും കുട്ടികൾക്ക്‌ നൽകുക. മാതാപിതാക്കൾ അവർക്ക്‌ മാതൃകയായിരിക്കുക.
വിക്ടർ ഹ്യൂഗോ ഒരിക്കൽ പറഞ്ഞു "ജീവിതം വളരെ ഹ്രസ്വമാണ്‌. അശ്രദ്ധയോടെ സമയം ദുർവിനിയോഗം ചെയ്തുകൊണ്ട്‌ നാം അത്‌ കൂടുതൽ  ഹ്രസ്വമാക്കുന്നു."

18 Dec 2014

വിവാഹം



വി.എച്ച്‌.ദിരാർ

ഞങ്ങൾക്കന്ന്‌
തേനിനേക്കാൾ മധുരവും
വീഞ്ഞിനേക്കാൾ ലഹരിയുമുണ്ടായിരുന്നു
ഞങ്ങൾക്കന്ന്‌
കടലിനേക്കാൾ ആഴവും
ആകാശത്തേക്കാൾ വ്യാപ്തിയുമുണ്ടായിരുന്നു
ഒന്നുനോക്കിയാൽപോലും
പരസ്പരം പൂവിടുന്ന ഉടൽപച്ച
നിലാവ്‌ നിറച്ച പേനകൊണ്ട്‌
ദൈവം കുറിച്ച കവിത.

എത്ര പെട്ടെന്നാണ്‌
ഞങ്ങളുടെ ഒഴുക്കുകൾ നിന്നുപോയത്‌
എത്രപെട്ടെന്നാണ്‌
ഞങ്ങളുടെ കടവുകൾ ജലരഹിതമായത്‌.

ഒരു ദിവസം
മഴത്തുള്ളിയിൽ ഒളിച്ചിരുന്ന
ഒരു മരുഭൂമിയെ അവൾ പിടികൂടി
കാറ്റിനിപ്പോൾ ദുർമന്ത്രവാദികളുടെ
ഭാഷയെന്ന്‌ പറഞ്ഞ്‌
ഒരു ദിവസം
അവൾ ജനലുകളെല്ലാം കൊട്ടിയടച്ചു.
ഒരുദിവസം
അവൾ നട്ടുവളർത്തിയ പൂന്തോട്ടത്തിലെ
പനിനീർപൂവിൽനിന്ന്‌ വിഷസർപ്പങ്ങളുടെ
വഴികാട്ടിയായ പുഴുവിനെ ഞാൻ കണ്ടെത്തി
ഒരു ദിവസം
അവളുടെ വാക്കിൽ നിന്ന്‌ പഴുതാരയേയും
കാൽപ്പാടിൽനിന്ന്‌ ജാരന്മാരുടെ സന്ദേശവും കണ്ടെത്തി.

പരസ്പരം കണക്കെടുപ്പായി ഞങ്ങൾക്ക്‌ ദിനചര്യ
പരസ്പരം ഹരിച്ചുകൊണ്ട്‌ ഞങ്ങൾ പ്രേമത്തിന്‌ വിലയിട്ടു
പരസ്പരം പെരുക്കിക്കൊണ്ട്‌ ഞങ്ങൾ വെറുപ്പിന്‌ വിലയിട്ടു
രണ്ടക്കങ്ങൾ പരസ്പരം തൊടാതെ കിടന്നു, ഉറങ്ങി, ഉണർന്നു
രണ്ടക്കങ്ങൾ പരസ്പരം വെട്ടി.

അവൾ എപ്പോഴും പറയാറുള്ള
ബഷീറിന്റെ ഇമ്മിണി ബല്ല്യേ ഒന്ന്‌
ഞങ്ങൾ തമ്മിൽ കൂട്ടിയപ്പോൾ എവിടെപ്പോയി
ഒന്നും ഒന്നും കൂട്ടിയാൽ ഒന്നുമല്ലാതാവുന്ന
വിദ്യയുടെ പേരാണോ വിവാഹം.

22 Nov 2014

തെരുവ്നായ്ക്കളെ സൃഷ്ടിച്ചതാരാണ്?






                                                                                   സലോമി ജോണ്വത്സൻ.   



‘’Dogs are our links to paradise. They don’t know evil or jealousy or discontentment. To sit with a dog on a hillside on a glorious afternoon is to be back in Eden, where doing nothing was not boring. It was peace.’’ Milan Kundera.

മനുഷ്യനെ സ്നേഹിച്ചു സേവിച്ചു മണ്മറയുന്ന വളർത്തു  നായ്ക്കളുടെ ജീവിതം എത്ര മഹത്വപൂർണം. മഹത്വം മറ്റൊരു ജന്തുവിനും അവകാശപ്പെടാനാവില്ല. ആയുസ്സ് മുഴുവൻ മനുഷ്യൻറെ കാൽച്ചുവട്ടിൽ കിടന്നു അവന്റെ സ്നേഹവും വെറുപ്പും അവഗണനയും ആവോളം നേടി ഒരു ജന്മം തീർ  എഴുതപ്പെടുന്നു. നമ്മുടെ മൂഡ്അനുസരിച്ചാണ് അവന്റെ ഒരു ദിവസത്തെ ജീവിതം. നല്ല ആഹാരം, പട്ടിണി, തല്ലും തൊഴിയും,ആട്ടും തുപ്പും...

പ്രശ്ന സന്ഗീർണതകൾ കൊണ്ട് നിറഞ്ഞ കേരളീയ ജീവിതത്തിൽ നായ്ക്കളും ഇന്നു വലിയൊരു സാമൂഹ്യ പ്രശ്നമായി മാറിയിരിക്കുന്നു. ഒരു വർഷം യജമാനനില്ലാത്ത നായ്ക്കളുടെ കടിയേറ്റു പത്തോളം പേര് മരിച്ചു. 82,000 ത്തോളം പേർക്ക് കടിയേറ്റു. അതിൽ കൂടുതലും കുട്ടികളുംമൂന്നരക്കോടി ജനങ്ങളുള്ള കേരളത്തിൽ മൂന്നു ലക്ഷത്തോളം തെരുവ് നായ്ക്കളുന്ടെന്നു സർക്കാർ കണക്ക്

ഇവിടെ മനുഷ്യൻ ഭയപ്പെടുന്നത് കാട്ടു നായ്ക്കളെയല്ല. മറിച്ചു നാട്ടു നായ്ക്കളെയാണ്‌. ഈ നാട്ടു നായ്ക്കൾ  ഇന്നു

''തെരുവ് നായ്ക്കൾ'' ആയിക്കൊണ്ട്‌ നമ്മിൽ ഭയമുണർത്തുന്നു. ഒരു ചോദ്യം നാം സ്വയം ചോദിക്കുക. പതിനായിരക്കണക്കിനു വർഷങ്ങളിലൂടെ മനുഷ്യൻറെ ചങ്ങാതിയായി കൂടെ കൊണ്ട് നടന്ന ഈ ജീവി ഒടുവിൽ ഒരു സാമൂഹ്യ വിപത്തായി തീർന്ന സാഹചര്യം  എങ്ങനെ ഉണ്ടായി ?

ഒരു നായയ്ക്ക്‌ മനുഷ്യനോടുള്ള സ്നേഹത്തിന്റെ ഒരംശം മാത്രമേ നമുക്ക് അവയ്ക്ക് നല്കാൻ കഴിയൂ. ഈ ലോകത്ത് നായ്ക്കളോളം സ്നേഹവും നന്ദിയും ഉള്ള ഒരു ജീവിയെ നമുക്ക് ഈ ജന്മം കണ്ടെത്താനാവില്ല.

''മനുഷ്യനെ നായയെന്നു വിളിക്കരുത്, നായ്ക്കൾക്ക് അത് അപമാനമാണ്'' എന്ന് ഒരു ഇംഗ്ലീഷ് പഴമൊഴിയുണ്ട്.

വെല്ലിംഗ്ടൻ ഐലൻഡിൽ സയാഹ്ന്ന സവാരിക്ക് പോകുമ്പോൾ തെരുവിൽ അലഞ്ഞു നടക്കുന്ന നായ്ക്കളുടെ ഘോഷയാത്ര കാണാം. അവ പ്രഭാതം മുതൽ അവിടെയുണ്ട്. നല്ലൊരു പങ്കും ഉപേക്ഷിക്കപ്പെട്ടവയാണ്.

മാറ്റം കിട്ടിപ്പോകുന്ന നാവിക ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾ തെരുവിലേക്ക് എറിഞ്ഞു കളഞ്ഞ പാവം ജന്തുക്കൾ. ഇന്നലെ വരെ അവർ അനാഥരായിരുന്നില്ല. കൂടിനുള്ളിൽ അല്ലെങ്കിൽ ചങ്ങലയിൽ ആണെങ്കിലും അവർക്ക് ആഹാരം ഉണ്ടായിരുന്നു. അഭയം ഉണ്ടായിരുന്നു. പെട്ടെന്നൊരു ദിവസം ഇതു രണ്ടും നഷ്ടപ്പെട്ടു തെരുവിലേക്ക് എറിയപ്പെടുമ്പോൾ അവ പകച്ചു പോകുന്നു. കാരണം വിശാലമായ പുറം ലോകം അവനു ഇത്രകാലം അന്യമായിരുന്നു. ആ ലോകത്തിൽ ജീവിക്കാൻ അവൻ പ്രാപ്തനല്ല. കാരണം അവനു അത്ര നാൾ ഒരു സംരക്ഷിത വലയം  ഉണ്ടായിരുന്നു. യജമാനൻറെ വീട്ടിൽ. മൂന്നോ നാലോ വയസ്സ് പ്രായം വരെ അവൻ സനാഥനായിരുന്നു.  ഒറ്റപ്പെട്ടു പോയ അവനു കൂട്ടായി പിന്നെ ഇതേ വിധത്തിൽ ഒരുപാട് സഹജീവികൾ ചുറ്റുപാടുകളിൽ നിന്ന് കടന്നു വരുന്നു....

 ചിലർ പെണ്‍ പട്ടികളെ വളർത്തും. അവ പെറ്റു കഴിയുമ്പോൾ  നായ്‌ പ്രേമികൾ  കുഞ്ഞുങ്ങളെ വളർത്താൻ കൊണ്ട് പോകും. നല്ലയിനം നായ്ക്കളെ നല്ല വിലയ്ക്ക് വിൽക്കും ചിലർ. പെണ് കുഞ്ഞുങ്ങൾക്ക്‌ ആവശ്യക്കാരുണ്ടാവാറില്ല. മുലകുടി മാറും മുൻപേ തെരുവിലേക്ക് പട്ടിക്കുഞ്ഞുങ്ങളെ വലിച്ചെറിയുന്നു.

ഇവയെ തെരുവിൽ കുട്ടികളുടെ കല്ലേറും തട്ടുകടക്കാരുടെ തിളച്ച വെള്ളം   കൊണ്ടുള്ള "സ്നാനപ്പെടുത്തൽ'' കൊണ്ടും എച്ചിൽ കൂനകളിൽ വീണു കിട്ടുന്ന ''അപ്പം'' കൊണ്ടും ''തെണ്ടിപ്പട്ടി'' എന്ന വിളിപ്പേരിൽ നാം കൊണ്ടെത്തിക്കുന്നു.....

മറ്റാരുമല്ല ,നമ്മളാണ് അവരെ തെരുവിലേക്ക് എറിഞ്ഞത്. അവറ്റകളുടെ വിശ്വസ്തതയും, നായാടലിൽ ഉള്ള സാമർത്യവും ബുദ്ധി വികസിച്ച ആദി മനുഷ്യൻ കണ്ടര്രിഞ്ഞു കൂടെ ചേർത്തപ്പോൾ എല്ലാ ജീവജാലങ്ങൾക്കും മനുഷ്യൻറെ സഹവാസത്തിൽ നിന്ന് സംഭവിച്ച ദുരിതങ്ങൾ   അവയേയും കാത്തിരുന്നു.

ചെറുപ്പത്തിൽ കോർപറെഷനിൽ നിന്നും ,പട്ടി പിടുത്തക്കാർ വരുന്നുണ്ട് എന്ന് ഓടി കിതച്ചു അയല്പക്കത്തെ കുട്ടികൾ വന്നു പറഞ്ഞിരുന്നത് ഇന്നും ഓർക്കുന്നു. അതൊരു ഭയപ്പാടോടു കൂടിയ മുന്നറിയിപ്പാണ്. നാട്ടിൽ ഞങ്ങൾ മാത്രമാണ് നായെ വളർത്തിയിരുന്നത്‌. കടലോര      .         പ്രദേശം ആയിരുന്നതിനാൽ മീൻപിടുത്തക്കാർ എറിഞ്ഞു കളയുന്ന ചെറു  മീനും മറ്റും തിന്നു കൊണ്ട് ഒരുപാട് അനാഥപ്പട്ടികൾ .ജീവിച്ചിരുന്നു. അവ ആരെയും വെറുതെ ഉപദ്രവിക്കാറില്ല. കുട്ടികളും മുതിർന്നവരും  വിനോദിച്ചിരുന്നത് അവയുടെ ദേഹം നോവിച്ചായിരുന്നു. നോവുമ്പോൾ അവ പ്രതികരിക്കും.കുരച്ചുകൊണ്ട് ഓടിച്ചിടും. കോർപറെഷനിൽ പരാതിയെത്തുമ്പോൾ പട്ടിപിടുത്തക്കാർ നീണ്ട കുടുക്കുകളുമായി വേട്ടയ്ക്കിറങ്ങും. അവർക്കതിൽ പ്രത്യേക കഴിവുണ്ട്. കഴുത്തിൽ കുടുക്കെറിഞ്ഞു കിട്ടിക്കഴിയുമ്പോൾ നന്നായി അത് കഴുത്തിലിട്ട് മുറുക്കുന്നു. ഈ സമയം പ്രാണനു വേണ്ടി പിടയുന്ന അവയുടെ  ദീന രോദനം കേൾക്കുമ്പോൾ നെഞ്ച് പിടയും...അത് കേൾക്കാതിരിക്കാൻ ചെവി പൊത്തും. ഈ മുന്നറിയിപ്പിൽ വീട്ടിൽ മുതിർന്നവർ രാത്രി  അഴിച്ചിട്ടിരിക്കുന്ന നായെ തേടിപ്പിടിക്കും..ഞങ്ങളുടെ നായയെ പല തവണ കണ്ടു നിന്ന അയൽക്കാർ രക്ഷിച്ചു കൊണ്ടുവന്നിട്ടുണ്ട്.

കാലം മാറിയപ്പോൾ കുടുക്കിന്റെ സ്ഥാനത്തു പൊട്ടാസിയം സയനൈയ്ട് കാലൻറെ രൂപമെടുത്തു. മരണം മാറ്റമില്ലാത്ത ദുരന്തമായി നായ്ക്കളെ തേടിയെത്തുന്നു. കുടുക്കിട്ടു പട്ടിയെ കൊന്നിരുന്നത് ഞങ്ങൾ പാണ്ടികൾ എന്ന് വിളിച്ചിരുന്ന തമിഴരായിരുന്നു. വാത്തുരുത്തിയിൽ താമസിച്ചിരുന്നവർ. ഒരു പട്ടിയെ കൊന്നാൽ അന്ജോ പത്തോ രൂപ കിട്ടും. അവരുടെ മുഖം കണ്ടാൽ പേടി വരും. മിടിക്കുന്ന നെഞ്ജോടെ പടിക്കൽ ഒളിഞ്ഞു നിന്ന് അവരെ നോക്കും. പിന്നെ പേടിച്ചരണ്ടു വീടിനുള്ളിലെക്കോടും.

എന്നാൽ കുത്തിവെപ്പ് വളരെ ഭയാനകമായിരുന്നു. കുരുക്കിൽ വീഴ്ത്തി പിന്നെ ഉടൻ വിഷം കുത്തിവെക്കും. നിമിഷങ്ങൾക്കുള്ളിൽ നായ്ക്കൾ പിടഞ്ഞു പിടഞ്ഞു പ്രാണൻ വെടിയും..ഞങ്ങളുടെ ബീച്ച് റോഡ്‌ കവലയിൽ നായ്ക്കളുടെ ശവക്കൂന  കാണാൻ മുക്കുവ കുട്ടികൾ പതുക്കെ ചെല്ലും..ചിലർ കുത്തിവെപ്പ് കണ്ടു നില്ക്കും. ചിലർ അത് കണ്ടു പേടിച്ചോടും. ചിലപ്പോൾ ഒന്നോ രണ്ടോ മണിക്കൂറുകൾ കഴിഞ്ഞാവും ഭാരവണ്ടിയിൽ അവയുടെ വെറുൻഗലിച്ച ശരീരം കൊണ്ട് പോവുക.

പല തവണ വീട്ടു വളപ്പിലെ   തടന്ഗ്ഗലിൽ നിന്നും  സ്വതന്ത്രമായ    പുറം ലോകത്തേക്ക് പാഞ്ഞു പോകാൻ ശ്രമിച്ചിരുന്ന അവനെ, ഞങ്ങളുടെ വളർത്ത് നായെ  പട്ടിപിടുത്തക്കാർ പിടിച്ചിട്ടുണ്ട്. കഴുത്തിൽ ബെൽറ്റ്‌ ഉള്ളതിനാൽ ഉടനെ അവർ കൊല്ലില്ല. കുറച്ചു നേരം കാക്കും. ഉടമ ചെന്ന് കൈ മണി കൊടുത്താൽ വിട്ടു തരും.

അവന്റെ ഓലി കേട്ടാൽ അമ്മ ഉടനെ തിരിച്ചറിയും. പിന്നെ അന്ഗലാപ്പോടെ ചേട്ടന്മാരെ വിളിക്കും. അതൊരു വെളിപാട് പോലെയാണ്.അമ്മയ്ക്ക്., നമ്മുടെ ബ്രവുണിനെ ''പട്ടിവലക്കാർ'' പിടിച്ചു മക്കളെ എന്ന് പറഞ്ഞു അങ്ങുമിങ്ങും വീടിനുള്ളിൽ പാഞ്ഞു നടക്കും. അത് ശരിയാവാറുണ്ട്. എത്ര നായ്ക്കളുടെ കൂട്ടക്കരചിലിൽ നിന്നും അവന്റെ  കരച്ചിൽ അമ്മ തിരിച്ചറിഞ്ഞിരുന്നു.  അന്നും ഇന്നും അത് അത്ഭുതതോടെയെ ഓർക്കാനാവൂ.  അതൊരു വലിയ ആത്മ ബന്ധമായിരുന്നു. പതിനൊന്നു വയസ്സോളം അവൻ ഉണ്ടായിരുന്നു. പതിവ് പുറം സവാരിക്കിടയിൽ ഒരുദിവസം അവൻ ബസ്സിടിച്ച് ഈ ലോകം വിട്ടു പോയി…… അമ്മ കരഞ്ഞു . കുറെ നേരം...കുറെ ദിവസം. അവനു ഭക്ഷണം കൊടുക്കുന്ന പഴയ മണ്‍ചട്ടി    കണ്ടു, പൂട്ടിയിരുന്ന  ചങ്ങല കണ്ടു.  

അങ്ങനെ യുഗങ്ങൾക്കു മുൻപ് മനുഷ്യൻറെ ഉറ്റ ചങ്ങാതിയായി കാട്ടിൽ നിന്നും അനുനയിപ്പിച്ചു മാനവസമൂഹത്തിലേക്ക് ആനയിക്കപ്പെട്ട ആ  ജന്മത്തെയും നമ്മൾ പഴിക്കാൻ തുടങ്ങിയിരിക്കുന്നു. നായ്ക്കൾ അപകടകാരികൾ ആകുന്നതിനു പിന്നിൽ നിരവധി കാരണങ്ങളുണ്ട്. ഒന്നാമത്തേത് വിശപ്പ്‌ തന്നെ.  കുട്ടികളെ കടിച്ചു തിന്ന സംഭവം ഓർക്കുമ്പോൾ ഭയക്കുന്നു.

‘’A dog is a wolf in sheep’s clothing’’  എന്ന പഴമൊഴി അവഗണിക്കാനാവില്ല………….

ഇതു വെറും ഒരു മുന്നറിയിപ്പാണ്. അവ വിശന്നിട്ടാണ് അങ്ങനെ ചെയ്തത്. അവയെ കൊന്നൊടുക്കുക എത്ര ക്രൂരമാണ്. നാമല്ലേ സ്വന്തം ആവശ്യാർത്ഥം കാട്ടിൽ സുന്ദരമായി ജീവിച്ചിരുന്ന അവയെ മെരുക്കി ഇണക്കി ചതിച്ചു പുറം ലോകത്തേക്ക് കൊണ്ട് വന്നത്. നമുക്ക് അവയോടു ഒരു വളർത്ത് മൃഗമെന്ന പരിഗണന കൊടുക്കാനായില്ലെങ്ങിൽ  ഒരു'' ജീവൻ  ''  എന്നതെന്ഗിലും കൊടുക്കേണ്ടതല്ലേ. പട്ടികളെ സ്റ്റെരിലയ്സ് ചെയ്യാനുള്ള സാധ്യതകൾ മൃഗ ശാസ്ത്രകാരന്മാർ തീർപ്പുണ്ടാക്കേണ്ടിയിരിക്കുന്നു.

നായ്ക്കളെ വളർത്തുന്നവർ അവയുടെ മരണം വരെയുള്ള സംരക്ഷണം പരിപൂർണമായും ഏറ്റെടുക്കുവാനുള്ള സൻമനസ്സ് കാട്ടണം. തെരുവ് നായ്ക്കൾക്ക് പരിസരവാസികൾ ഭക്ഷണം കഴിയും പോലെ കൊടുക്കുക.

[അനുബന്ധം --ഞങ്ങളുടെ പിന്നാമ്പുറത്ത് പ്രസവിച്ചു കിടക്കുന്ന അനാഥ പട്ടിക്കും കുഞ്ഞുങ്ങൾക്കും ഭക്ഷണം കൊടുക്കാറുണ്ട്.]      .                                                

മഹാഭാരത യുദ്ധത്തിനു ശേഷം 36 വർഷം പാണ്ഡവർ രാജ്യം ഭരിച്ചു. തുടർന്ന് വാനപ്രസ്ഥത്തിനു യാത്രയായി. കൂടെ ഒപ്പം ഒരു നായ് ഉണ്ടായിരുന്നു. ദ്രൗപതി അടക്കം , യുധിഷ്ടിരനൊഴികെ എല്ലാവരും ആ യാത്രയിൽ മരിച്ചു വീണു. ഓരോരുത്തരായി. യുധിഷ്ടിരനോടൊപ്പം അവശേഷിച്ചത് നായ മാത്രമായിരുന്നു.

ധർമ ദേവന്റെ അവതാരമായിരുന്നു ഈ നായ്.

''ഒരു പട്ടി ഓലിയിടുന്നത് കേട്ടാൽ സാത്താന്റെ ഇടപെടലിൽ നിന്ന് ദൈവത്തോട് രക്ഷയ്ക്കായ് യാചിക്കുക. .....കാരണം അവയ്ക്ക് നിങ്ങള്ക്ക് കാണാൻ ആവാത്തത് കാണാൻ കഴിയും. ''

19 Oct 2014

ഞാൻ അങ്ങനെ ദയാബായിയായി



ദയാബായി 
എം.എസ്‌.ഡബ്ല്യു കോഴ്സിന്റെ ഭാഗമായുള്ള പ്രോജക്ട്‌ വർക്കിനായിട്ടാണ്‌ ഞാൻ സുർളാഘാപ്പ എന്ന ഗോത്രവർഗ്ഗ ഗ്രാമത്തിലെത്തിയത്‌. അവിടെ ഒരു വീടിന്റെ വരാന്തയിലായിരുന്നു താമസം. അവിടെ ആയിടയ്ക്കുവന്ന ചന്ദ്ര എന്ന പെൺകുട്ടിയുടെ പ്രസവത്തിന്‌ സഹായിക്കാൻ ഞാനും കൂടി കൊടുത്തു. അവളുടെ ക്ഷണമനുസരിച്ച്‌  അവളുടെ ഭർത്താവിന്റെ ഗ്രാമമായ തിൻസൈയിലെത്തി. ഗ്രാമവാസികൾ എന്റെ കാലുകൾ കഴുകി എന്നെ സ്വീകരിച്ചു. അവരോടൊപ്പമിരിക്കുമ്പോൾ ഒരു വൃദ്ധൻ ചോദിച്ചു. "ഞങ്ങൾ കാട്ടിലെ കുരങ്ങന്മാരാണ്‌. അങ്ങെന്താണ്‌ ഇവിടെ വന്നത്‌?". പണ്ടത്തെ ഗോണ്ടുരാജവംശത്തിൽ പെട്ടവരാണ്‌ ഇവർ എന്നിട്ടും ഇപ്പോൾ സ്വയം പറയുന്നത്‌ കുരങ്ങന്മാരാണെന്നാണ്‌. രാത്രിയിൽ ഒരു ഫ്ലാഷ്‌ ബാക്ക്‌ പോലെ ചില ചിത്രങ്ങൾ എന്റെ മനസ്സിലേക്കു വന്നു. അവർ തലച്ചുമടായി ചന്തയിലെത്തിക്കുന്ന പച്ചക്കറികളും മറ്റും മറ്റുള്ളവർ പിടിച്ചുവാങ്ങി ഒരു വില സ്വയം നിശ്ചയിച്ച്‌ അവർക്ക്‌ കൊടുക്കുന്നു. ഒന്നും മിണ്ടാതെ അവർ അത്‌ വാങ്ങുന്നു. ബസിൽ ആരെങ്കിലും നിൽക്കുകയും ഒരു ഗോണ്ടു സീറ്റിലിരിക്കുകയുമാണെങ്കിൽ കണ്ടക്ടർ അയാളെ മാറ്റിയിട്ട്‌ നിൽക്കുന്നയാളെ ഇരുത്തുന്നു. 
പിന്നീടൊരിക്കൽ അവരിലൊരു സ്ത്രീയെപ്പോലെ വേഷവും ധരിച്ച്‌ നടക്കുമ്പോൾ വെറും ഒരു മൃഗത്തോടെന്ന പോലെ എന്നോടും ആളുകൾ പെരുമാറിയിട്ടുണ്ട്‌. റിസർവ്വേഷനുണ്ടെങ്കിലും ട്രെയിനിലെ റിസർവ്വ്ഡ്‌ കമ്പാർട്ടുമന്റിൽ കയറുമ്പോൾ "ഇറങ്ങി പോടി" എന്ന ആക്രോശം കേട്ടിട്ടുണ്ട്‌. പോലീസുകാരുൾപ്പെടെ എത്ര പുരുഷന്മാർ എന്നെ സമീപിച്ചിട്ടുണ്ട്‌! ഇത്തരം സ്ത്രീകൾ "അത്തരക്കാരി ആണെന്നവർക്ക്‌ തോന്നിപ്പോകുന്നു. അവർക്കുമേൽ തങ്ങൾക്കെന്തോ അവകാശമുള്ളതുപോലെ പുരുഷന്മാർ പെരുമാറുന്നു. 
ഇവരുടെ ആത്മാഭിമാനം ഉയർത്തിയേ അടങ്ങു എന്ന വാശിയായി എനിക്ക്‌, അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലേർപ്പെട്ടു. അവരെ ഒരുമിപ്പിച്ച്‌ ലഭിക്കുന്ന കൂലിയിലെ വെട്ടിപ്പിനെ എതിർത്തു. സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ചു. 22 അധ്യാപകരെ പലയിടങ്ങളിൽ അധ്യാപനത്തിന്‌ നിയോഗിച്ചു. ഞാൻ പഠിപ്പിച്ച ആളുകൾക്ക്‌ ഞാനാദ്യം പരിചയപ്പെട്ടുത്തിയ വാക്ക്‌ "ഹക്ക്‌" എന്നതായിരുന്നു. "അവകാശം" എന്നർത്ഥം. അതുമായി ബന്ധപ്പെട്ട ചർച്ചകളും ക്ലാസിനോടനുബന്ധിച്ച്‌ ഉണ്ടായി. കാണെക്കാണെ അവർ സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങി.
'ഞാൻ എല്ലായിടത്തും വിക്ടിം ആകണം, എങ്കിലേ ഫലമുണ്ടാവുകയുള്ളൂ' എന്ന്‌ പറഞ്ഞത്‌ ഗാന്ധിജിയാണ്‌. ആധുനിക ഭാരതത്തിലെ ആരോഗ്യവകുപ്പധികൃതരുടെ മുമ്പിൽ സ്വന്തം ജീവിതം കൊണ്ട്‌ വേണം സത്യത്തെ മറനീക്കി കാണിച്ചു കൊടുക്കാൻ എന്ന്‌ എനിക്കും ബോധ്യമായി.
പൊതുജനാരോഗ്യ മേഖലയിൽ ഡോക്ടർമാരെയും ശുശ്രൂഷകരെയും തീറ്റിപ്പോറ്റുന്നതിന്‌ സർക്കാർ കോടികൾ ചിലവഴിക്കുന്നുണ്ട്‌. എന്നാൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ ശേഷിയില്ലാത്ത, പാവപ്പെട്ട ഗ്രാമീണജനത സാംക്രമിക രോഗങ്ങളുടെ പിടിയിലാവുന്നത്‌ കണ്ടെത്താൻ ആരോഗ്യവകുപ്പധികൃതർക്കോ ഡോക്ടർമാർക്കോ കഴിയുന്നില്ല. യാഥാർത്ഥ്യങ്ങൾ അവർക്കു മനസ്സിലാക്കി കൊടുക്കാൻ അസാമാന്യമായ ഇച്ഛാശക്തിയും അർപ്പണബോധവും വേണം. 
തിൻസൈയിലെ ഗ്രാമീണജീവിതത്തിന്റെ ഒരു ഘട്ടത്തിൽ എനിക്ക്‌ മനസ്സിലായി, ഗ്രാമത്തിലെല്ലാവർക്കും രാത്രി പത്തുമണിയാവുമ്പോൾ പനി തുടങ്ങുന്നു. ഉച്ചയാവുമ്പോഴേക്കും പനി വിടുന്നു. ശക്തിയായ വയറുവേദനയും ക്ഷീണവുമുണ്ട്‌. എങ്കിലും അവർ ജോലിക്കുപോകുന്നത്‌ നിർത്തിയില്ല. പരമ്പരാഗതമായി അവർക്കറിയാവുന്ന മരുന്നുകളുമായി അവർ രോഗത്തെ നേരിട്ടു.
എണ്ണയും വെള്ളവും ഒരുമിച്ച്‌ ചേർത്ത്‌ ശരീരത്തിൽ പുരട്ടുമ്പോൾ ക്ഷീണം കുറയുകയും പനികുറയുകയും ചെയ്യും. തുളസിയും കുരുമുളകും ചേർത്തുണ്ടാക്കിയ മറ്റു ചില മരുന്നുകളും അവർ ഉപയോഗിക്കുന്നുണ്ട്‌. ചിന്ത്‌വാഡായിലെ ആശുപത്രിയിൽ ചെന്ന്‌ ഒരു തുള്ളി രക്തം കൊടുത്താൽ, ഏതാനും ക്ലോറോക്വിൻ ഗുളികകൾ കൈയിൽ കൊടുക്കും. ചിലർ അതു വാങ്ങി കഴിക്കും. രക്തസാമ്പിളുകളെടുത്ത്‌ സ്ലൈഡുകൾ, ആരുടേതെന്നുള്ള പേരുപോലുമെഴുതാതെ ഒരു സ്ഥലത്ത്‌ കൂട്ടിവെയ്ക്കും. പിന്നീട്‌ നടപടികളോ ചികിത്സകളോ ഒന്നുമില്ല.
ഗ്രാമത്തിന്റെ പനി വിടാതെ തന്നെ നിന്നു. അവശരായ ഗ്രാമീണരുടെ ഇടയിൽ നിന്ന്‌ ഞാനവരെ ശുശ്രൂഷിക്കാൻ തുടങ്ങി. വയ്യാത്തവരെ എല്ലാ വിധത്തിലും സഹായിക്കും. ആശുപത്രിയിൽ പോയി മരുന്നു വാങ്ങിക്കൊണ്ടുവരും. ഉയർന്ന മെഡിക്കൽ ആഫീസർമാരെ കണ്ട്‌. മലേറിയ ആണോ എന്ന്‌ സംശയിക്കണം സർ, ഗ്രാമത്തിൽ വിശദമായ പരിശോധനകൾ നടത്തണം, എന്ന്‌ ആവശ്യപ്പെട്ടു. 
ആരു പറഞ്ഞു മലേറിയ ആണെന്ന്‌, എന്നു ചോദിച്ചുകൊണ്ട്‌ ഡോക്ടർമാർ അവഗണിച്ചു. ഒരു ഗോത്രവർഗ്ഗ ഗ്രാമത്തിനാകെ പനിച്ചിട്ടും ആരുമത്‌ കാര്യമായെടുത്തില്ല. തീരെ വയ്യാതായ ഏതാനും പേരെ മാത്രം അഡ്മിറ്റ്‌ ചെയ്ത്‌ അവർ വഴിപാടു പോലെ ചികിത്സകൾ നടത്തി. ഏതാനും ആഴ്ചകൾ കൊണ്ട്‌ ഗ്രാമത്തിലുള്ളവരുടെ പനി അൽപമൊന്നു കുറഞ്ഞു. എന്നാൽ ഗ്രാമവാസികളുടെ വീടുകളിൽ കയറിയിറങ്ങി നടന്ന എന്നെയും പനി പിടികൂടി.
ആദ്യം ഞാൻ കാര്യമായി ശ്രദ്ധിച്ചില്ല പിന്നീട്‌ ഗ്രാമീണരുടെ പാരമ്പര്യ ചികിത്സ പരീക്ഷിച്ചുനോക്കി. കാര്യമായ മാറ്റമൊന്നും വന്നില്ല. ഉച്ചയാവുമ്പോൾ പനിവിടുമെങ്കിലും ക്ഷീണം വർദ്ധിച്ചുവന്നു. നിവൃത്തിയില്ലാതായപ്പോൾ ഗ്രാമീണരുടെ സഹായം തേടി. അവർ കുതിരപ്പുറത്ത്‌ കൊണ്ടുവന്ന്‌ ഥാർവാ എന്ന സ്ഥലത്ത്‌ റോഡിൽവിട്ടു. അവിടെ നിന്ന്‌ കാളവണ്ടികളിലൊക്കെകേറി ചിന്ത്‌വാഡായിലെത്തി. അവിടെ ഡോക്ടർമാർ എനിക്കും ക്ലോറോക്വിൻ ചികിത്സതന്നെ നടത്തി. ഞാൻ ഗ്രാമത്തിലേക്കു തിരിച്ചുവന്നു. എന്നാൽ അസുഖം കൂടിക്കൂടി വന്നു. അഡ്മിറ്റായി ചികിത്സിക്കാതെ നിവൃത്തിയില്ലാതായി. ഇത്തവണ ആരെയും പ്രയാസപ്പെടുത്താതിരിക്കാൻ കാളവണ്ടിയെയും കുതിരയെയും ഒന്നും ആശ്രയിക്കാതെ ഞാൻ നടന്നു. കാട്ടുപാതയിലൂടെ 20 കിലോമീറ്ററോളം നടക്കേണ്ടിവന്നു. കുറച്ചു നടന്ന്‌ ഏതെങ്കിലും മരച്ചുവട്ടിൽ കിടന്നും ഇരുന്നും വിശ്രമിച്ചാണ്‌ യാത്ര. ഒരു ദിവസത്തെ യാത്രയ്ക്കുശേഷം രാത്രി ആശുപത്രി ക്യാഷ്വാലിറ്റിയിലെത്തി. എട്ടുമണിക്കാണ്‌ ഡോക്ടറെ കാണാൻ കഴിഞ്ഞത്‌. അവിടെ അഡ്മിറ്റ്‌ ചെയ്തു. 'നിനക്ക്‌ മലേറിയ ഒന്നുമില്ല' ഡോക്ടർ പറഞ്ഞു. അവർ തന്നത്‌ ആമ്പിസിലിൻ ഗുളികകൾ മാത്രം.
ആശുപത്രിയിൽ രോഗികളുടെ വലിയ തിരക്കാണ്‌ അഡ്മിറ്റ്‌ ചെയ്തവരും ചെയ്യാത്തവരും അനവധി. കട്ടിലുകൾക്കിടയിലും തറയിലുമെല്ലാം അഡ്മിറ്റ്‌ ചെയ്തവർ നിരന്നുകിടക്കുന്നു. വളരെ വൃത്തിഹീനമായ ചുറ്റുപാട്‌. ചികിത്സകളൊന്നും ഫലിച്ചില്ല. തീരെ അവശനിലയിലായി. പാരിഷിലുള്ളവർ കാണാൻ വന്നു. അവിടെ കിടന്നു മരിച്ചു പോകുകയേയുള്ളൂ എന്ന്‌ തോന്നി. 'ഫാദറിനോട്‌ പറയുക എനിക്ക്‌ അന്ത്യകൂദാശ തരാൻ' ഞാൻ അവരോട്‌ പറഞ്ഞു.
എസ്‌.ഡി.എം.ഉം ഭാര്യയും ആശുപത്രിയിൽ കാണാൻ വന്നു. പിന്നീട്‌ രോഗമൽപം ശമിച്ചു. തനിയെ എണീറ്റ്‌ നിൽക്കാമെന്നായി. ബാത്ത്‌ർറൂമിൽ പോകാനായി ഞാൻ പതുക്കെ എണീറ്റ്‌ ഇടനാഴിയിലേക്ക്‌ നടന്നു. നോക്കുമ്പോൾ തൊട്ടുമുന്നിലെ വരാന്തകളിലെല്ലാം മനുഷ്യമലം. ഒരു ചുവടുവെയ്ക്കാൻ കഴിയുന്നില്ല. വിരൽ നിലത്തുകുത്തി നടക്കണം. പിന്നീടവിടെ തറയിലെ മലത്തിൽ ചവിട്ടി വീണ്‌ ഒരു വൃദ്ധയുടെ കൈ ഫ്രാക്ചറായി. തൊട്ടപ്പുറത്തു തന്നെ, ർറൂമിൽ ഡോക്ടർമാർ ഇരിക്കുന്നുണ്ട്‌. അവർ ഇതൊന്നും കണ്ടതായി നടിക്കുന്നില്ല. അവർക്കു വേണ്ടത്‌ സ്വകാര്യ പ്രാക്ടീസും കൈക്കൂലിയുമാണ്‌. ഏതെങ്കിലും പാവപ്പെട്ട ഗർഭിണികളെ പ്രസവത്തിനായി അഡ്മിറ്റ്‌ ചെയ്യുമ്പോൾ അവർക്കുള്ള അലോട്ട്മന്റ്‌ പോലും തട്ടിയെടുക്കുന്നവരുണ്ട്‌. ഹരൈയിലെ ആശുപത്രിയിൽ എനിക്കത്‌ നേരിട്ട്‌ ബോധ്യപ്പെട്ടിട്ടുണ്ട്‌. ഗവണ്‍മന്റാശുപത്രികളിൽ പ്രസവിക്കുന്ന പെൺകുട്ടികൾക്ക്‌ ആയിരത്തി ഇരുനൂറ്‌ രൂപ സഹായം അന്ന്‌ മധ്യപ്രദേശ്‌ സർക്കാർ നൽകുന്നുണ്ട്‌. ഇതിൽ 200 രൂപ ഡോക്ടർമാർ എഴുതിയെടുക്കും. അതുകൊണ്ട്‌ അതു ചോദിക്കുന്ന വിദ്യാഭ്യാസമുള്ളkuവർ, ഗർഭിണികളുടെ കൂടെ ചെല്ലുന്നത്‌ അവർക്കിഷ്ടമല്ല. 
ഇരുപത്തിയഞ്ച്‌ ദിവസം കഴിഞ്ഞാണ്‌ ഡിശ്ചാർജ്ജ്‌ ചെയ്തത്‌. എന്നാൽ ഏതാനും ദിവസം കഴിഞ്ഞ്‌ പിന്നെയും പനി തുടങ്ങി. പിന്നെയും കുറെ ദിവസം അഡ്മിറ്റ്‌ ചെയ്തു. ഇനിയും അവിടെ ചികിത്സ തുടർന്നിട്ട്‌ കാര്യമില്ല എന്നു കരുതി നാട്ടിലേക്ക്‌ പോകാൻ തീരുമാനിച്ചു. ശാരീരിക അവശതകൾ മാറാതെ ഗ്രാമത്തിൽ തുടർന്നിട്ടു കാര്യമില്ലല്ലോ? 
കേരളത്തിലെത്തി ചങ്ങനാശ്ശേരിയിലെ മെഡിക്കൽ മിഷൻ സിസ്റ്റേഴ്സിന്റെ ഹോളിസ്റ്റിക്‌ ഹെൽത്ത്‌  സെന്റർ എന്ന യോഗചികിത്സാലയത്തിൽ ചികിത്സ തുടങ്ങി. യോഗയും ചികിത്സയുമായി ഏതാനും ആഴ്ചകൾകൊണ്ട്‌ ക്ഷീണവും വയറുവേദനയും മാറി. അസുഖം മാറിയെങ്കിലും സംശയം തീർക്കാം എന്നു കരുതി രക്തം പരിശോധിക്കാൻ തീർച്ചപ്പെടുത്തി. ഞാൻ ഭരണങ്ങാനത്തെ മേരിഗിരി ആശുപത്രിയിൽ എത്തി രക്തപരിശോധന നടത്തി. എന്റെ രക്തപരിശോധന നടത്തി. എന്റെ രക്ത സാമ്പിളുകൾ കണ്ട ഡോക്ടർമാർ അത്ഭുതം കൂറി. 'എം.പി. ഫ്രം എം.പി. ലുക്ക്‌ അറ്റ്‌ ദി സ്ലൈഡ്‌!' (മലേറിയ പാരസൈറ്റ്‌ ഫ്രം മധ്യപ്രദേശ്‌). 
ആശുപത്രിയിലെ നേഴ്സുമാരും മറ്റും ചുറ്റും കൂടി. ഏറെക്കാലം കൂടി അവർ മലേറിയ വൈറസിനെ തിരിച്ചറിയുകയായിരുന്നു. 
ഡോക്ടർമാരുടെ വാക്കുകൾ കേട്ടപ്പോൾ, തിൻസൈയിലെ വളരെയധികം പേർക്ക്‌ പനിയും വയറുവേദനയും വന്നിരുന്നല്ലോ എന്നാണ്‌ ഞാൻ ആദ്യം ചിന്തിച്ചതു. മലേറിയ പോലുള്ള സാംക്രമികരോഗങ്ങൾ കണ്ടെത്തിയാൽ ഏതെങ്കിലും സർക്കാർ ആശുപത്രിയിൽ ഒറ്റയ്ക്ക്‌ പാർപ്പിച്ചാണ്‌ ചികിത്സിക്കേണ്ടത്‌. അതുകൊണ്ട്‌ എന്നെ അവർ രക്തസാമ്പിളുകളും സർട്ടിഫിക്കറ്റുമായി ഭരണങ്ങാനത്തെ പ്രൈമറി ഹെൽത്ത്‌ സെന്ററിൽ ആംബുലൻസിൽ എത്തിച്ചു. രക്തസാമ്പിൾ കോട്ടയം മെഡിക്കൽ കോളേജിലേക്ക്‌ കൊടുത്തുവിട്ടശേഷം എന്നെ ഉടനെ അഡ്മിറ്റ്‌ ചെയ്ത്‌ കൊതുകുവലയ്ക്കുള്ളിലാക്കി. ചികിത്സ കഴിഞ്ഞ്‌ ഞാൻ ഡിശ്ചാർജ്ജ്‌ ആകുമ്പോൾ റിപ്പോർട്ടും ഡോക്ടറുടെ എഴുത്തും വാങ്ങിയിരുന്നു. 
തിൻസൈയിൽ തിരിച്ചെത്തുമ്പോൾ അവിടുത്തെ ആളുകൾക്ക്‌ ചെലവേറിയ പരിശോധനയും ചികിത്സയും സാധ്യമാവില്ലല്ലോ എന്ന ചിന്തയാണ്‌ എന്നെ മഥിച്ചതു. ഞാൻ ജില്ലാ മെഡിക്കൽ ആഫീസറെ പോയിക്കണ്ട്‌ വിവരങ്ങൾ ധരിപ്പിച്ചു. ഡോക്ടറും നേഴ്സുമാരുമടങ്ങുന്ന ഒരു ടീമിനെ അവിടേക്ക്‌ വിട്ടു. അവരും മുമ്പ്‌ ആശുപത്രിയിൽ ചെയ്തതുപോലെ പേരുപോലം രേഖപ്പെടുത്താതെ ഒരു മേശപ്പുറത്ത്‌ നിറയെ സ്ലൈഡുകൾ എടുത്ത്‌ കൂട്ടിവെച്ചു. പരിശോധനയിൽ എല്ലാം നേഗറ്റീവായിരുന്നു. മലേറിയ ഇല്ലായെന്ന്‌ തീർപ്പ്‌ കൽപ്പിച്ച്‌ അവരും സ്ഥലം വിട്ടു. 
എന്നാൽ എന്റെ സംശയം തീർന്നില്ല. നോക്കുമ്പോൾ മെഡിക്കൽ ടീം പരിശോധന നടത്തിയ സ്ഥലത്ത്‌ അവർ മറന്നിട്ടു പോയ ഒരു സ്ലൈഡ്‌ ദൃഷ്ടിയിൽപ്പെട്ടു. അത്‌ ഭദ്രമായെടുത്ത്‌ നാഗ്പൂർക്കു പോയി. ഒരു ലാബിൽ വിദഗ്ദ്ധ പരിശോധന നടത്തി. അവിടെ എന്റെ നിഗമനം ശരിയായി. പരിശോധനയിൽ മലേറിയ സ്ഥരീകരിക്കപ്പെട്ടു. ഈ ബ്ലഡ്‌ സാമ്പിൾ ആരുടേതാണെന്ന്‌ കണ്ടെത്താനാവില്ലെങ്കിലും, റിസൾട്ടും സാമ്പിളുമായി ചിന്ത്‌വാഡായിലെ മെഡിക്കൽ ആഫീസറുടെ അടുക്കലേക്ക്‌ ചെന്നു. മലേറിയ ഉണ്ടെന്ന്‌ ഡോക്ടർമാർക്ക്‌ സമ്മതിക്കേണ്ടിവന്നു. തുടർന്ന്‌ വിദഗ്ദ്ധ ഡോക്ടർമാരുടെ ഒരു സംഘം വന്ന്‌ പരിശോധന നടത്തി. ഗ്രാമത്തെ ചികിത്സിച്ചു. അങ്ങനെ ഒരു ഗ്രാമത്തെയാകെ സാംക്രമികരോഗത്തിൽ നിന്ന്‌ രക്ഷിക്കാനായി.
കന്യാസ്ത്രീ ആവുന്നതിലൂടെ ദൈവത്തെ അടുത്തറിയാനാണ്‌ മഠത്തിൽ ചേർന്നത്‌. എത്തിപ്പെട്ടതോ ശബ്ദമില്ലാത്ത ഒരു ജനതയ്ക്കിടയിൽ. അവർക്കിടയിൽ അവരോടൊപ്പം കഴിയുമ്പോൾ ജീവിതം തന്നെ പ്രാർത്ഥനയാവുകയായിരുന്നു. സഭയുമായുള്ള ബന്ധം അവസാനിച്ചിട്ടും ദൈവത്തോടടുക്കുവാൻ എനിക്ക്‌ കഴിയുന്നതും അതുകൊണ്ടാണ്‌. ദൈവം എനിക്ക്‌ 'ഗോയി'യാണ്‌ (ഗോയി എന്നത്‌ ഗോണ്ടു ആദിവാസി ഭാഷ ഏറ്റവും മമതയുള്ള പ്രിയപ്പെട്ട സുഹൃത്ത്‌ എന്നാണ്‌ അതിനർത്ഥം). ഞാൻ 'ഗോയി'യെ (ദൈവം) വിളിക്കുന്നത്‌ അവർക്കു വേണ്ടിയാണ്‌.

19 Sept 2014

പെണ്ണായി പിറന്നത്



 അനുപമ ആനന്ദ്




എന്തിനാണ് ഞാന്‍
പെണ്ണായി പിറന്നത്...,,?
എന്തിനാണ് എനിക്ക്
ചുറ്റും
മുള്ളുവേലികള്‍
തീര്‍ത്തത്..?
എന്തിനാണ് എന്റെ
മാംസത്തിനായി
കഴുകന്മാര്‍ വട്ടമിടുന്നത്..?
എന്തിനാണ് തമസ്സ്
എന്നെ ഭയപ്പെടുത്തുന്നത്..?
ആരോ വരച്ചിട്ട ലക്ഷ്മണ
രേഖക്കുള്ളില്‍
നീറി നീറി പുകയാന്‍
എങ്ങനെയാണ്
ഞാനെത്തിപ്പെട്ടതു..?
ആരാണ്, എന്തിനാണ്
എന്റെ വായമൂടി
കെട്ടിയതു..?
ഞാന്‍
പെണ്ണായിരുന്നില്ലെങ്കില്‍
എനിക്കും
പറക്കാമായിരുന്നു,,,
ചുറ്റും വേലികളില്ലാതെ,
കഴുകന്‍ കണ്ണുകളില്ലാതെ,
തമസ്സിനെ പേടിക്കാതെ,
വായമൂടികെട്ടാതെ,,
സ്വതന്ത്ര പറവയായി.....

21 Aug 2014

തിരിച്ചറിവ്‌

19 Jul 2014

UNWANTED CHILD , ബന്ധങ്ങൾ

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...