സബിത പ്രഭാകരൻ
സമയം രാവിലെ പതിനൊന്ന്
കഴിഞ്ഞതേയുള്ളൂ, ഇടയ്ക്കിടെ ചന്നം പിന്നം മഴയുണ്ട്, പാടത്ത് വിതയുടെ
സമയമായതുകൊണ്ടാവും ഓഫിസിൽ തിരക്കൊട്ടുമില്ല.
'സർ' വാതിൽക്കൽ ഒരു വൃദ്ധൻ. ശുഭ്രവസ്ത്രധാരി, പ്രായധിക്യത്തിന്റെ അസ്ക്യതകളുണ്ടെങ്കിലും ആഢ്യത സ്ഫുരിക്കുന്ന മുഖഭാവം.
'കയറി വരു' നനഞ്ഞകുട പുറത്തെ ബാസ്ക്കറ്റിൽ വെച്ചശേഷം വൃദ്ധൻ ഭവ്യതയോടെ അകത്തേക്ക് വന്നു.
"സാറെ
നമസ്ക്കാരം, ഞാൻ ഗോപാലൻ... ഇവിടെ വാളകം ചാലിന്റെ അപ്പുറത്താണ്.....ഇനി
ജീവിതത്തിൽ ഏലാപ്പീസിലേക്കില്ലാന്ന് തീരുമാനിച്ചതാ..... എന്നാലും മെമ്പർ
ശശി, ഇന്നലെ സാറ് എന്നെ അന്വേഷിച്ചൂന്ന് പറഞ്ഞപ്പോ ഒന്നു വരാന്ന്
വിചാരിച്ചു....."
എനിക്ക് ആളെ മനസ്സിലായി, ഗോപാലൻ. അങ്ങോട് പോയിക്കാണണം എന്ന്
വിചാരിച്ചിരുന്നതാണ്... കുറച്ച് കാലം ആഫീസർ ഇല്ലാതിരുന്നതിനാൽ കൃഷിഭവനിൽ
പിടിപ്പതു പണിയുണ്ടായിരുന്നത് കൊണ്ട് സാധിച്ചില്ല, ഇന്നലെ പഞ്ചായത്ത്
ഓഫീസിൽ വെച്ച് വാർഡ് മെമ്പർ ശശിയെ കണ്ടപ്പോൾ പറഞ്ഞിരുന്നു ഗോപാലൻ ചേട്ടനെ
ഒന്നുപോയിക്കാണണം എന്ന്.
'ഗോപാലൻ ചേട്ടൻ ഇരിക്ക്, ഞാൻ അങ്ങട് വന്ന് കാണണം എന്ന് കരുത്തിയതാ....
അലക്ക് ഒഴിഞ്ഞ് കാശിക്ക് പോകാൻ സമയം ഇല്ല എന്ന് പറഞ്ഞപോലെയാ നമ്മുടെ
അവസ്ഥ.... ഓരോരോ ജോലിത്തിരക്ക് മൂലം ഇറങ്ങാനൊത്തില്ല.....'
ഗോപാലൻ എനിക്കഭിമുഖമായി കസേരയിൽ ഇരുന്നു... 'ന്തേ.. സാറ് കാണണം എന്ന് പറഞ്ഞേ'
'ഹേയ് അങ്ങിനെ പ്രത്യേകിച്ചൊന്നൂല്ലാന്നെ..... എന്നാലും... ഗോപാലേട്ടൻ
എന്തിനാ പത്രത്തിൽ ഇങ്ങനെയൊരു വാർത്ത കൊടുത്തത്.." ഞാൻ ഫയലിൽ
സൂക്ഷിച്ചിരുന്ന ഗോപാലേട്ടന്റെ ചിത്രം സഹിതമുള്ള "തേങ്ങ ആവശ്യക്കാർ കയറി
ഇട്ട് എടുത്തുകൊള്ളുക" എന്ന വാർത്ത കാണിച്ചുകൊണ്ട് ചോദിച്ചു.
'അതോ... അത് പത്രത്തിൽ പടം വരാനും ഒന്നും അല്ല സാറെ.. ഒരുപാട് ദെണ്ണം
തോന്നിയപ്പൊഴാ പുരയിടത്തിൽ ഞാൻ അങ്ങിനെയൊരു ബോർഡ് വെച്ചതു... നടന്ന്
നടന്ന് എന്റെ ചെരുപ്പ് തേഞ്ഞു, മുട്ടാത്ത വാതിലുകളില്ല......
സാറിനറിയാമോ.. തെങ്ങുകയറാൻ ഇവിടെ ആളെക്കിട്ടണതും.. കേരള
ലോട്ടറിയടിക്കുന്നതും തുല്യമാ..... അവന്മാരുടെ കയ്യും കാലും പിടിച്ച്
മൂന്നും നാലും മാസം കൂടുമ്പോ ഇടീച്ചാലോ തേങ്ങയ്ക്ക് അടയ്ക്കായുടെ
വിലപോലുമില്ല.....ഏലാപ്പിസിലും പഞ്ചായത്തിലും ഒക്കെയായി കേറാത്ത
സ്ഥലമില്ല..... പഴേ പ്രായമാണോ... കാർന്നോമാരായി കൈമാറി വന്ന അഞ്ചാറേക്കർ
തെങ്ങിൻ പുരയിടം ഇപ്പോൾ ശാപം പോലെയായി സാറെ.. അങ്ങിനെ സഹികെട്ടാ
ആവശ്യക്കാര് തേങ്ങയിട്ടോണ്ട് പൊയ്ക്കോളാൻ ബോർഡ് വെച്ചേ......... അല്ലാതെ
ആളാവാനോ... പത്രത്തിൽ പടം വരാനോ അല്ല സാറെ...." വൃദ്ധൻ പറഞ്ഞു നിർത്തി.
" ങും" കാര്യങ്ങൾ ബോദ്ധ്യപ്പെട്ടതുപോലെ ഞാനൊന്ന് ഇരുത്തിമൂളി.
"
ഗോപാലേട്ടാ................. ഗോപാലേട്ടൻ ഈ പറഞ്ഞതിൽ കാര്യമുണ്ട്.......
എന്നാലും....... ഞാൻ ഒന്നു പറയട്ടെ... ...... എന്റെ കാര്യം
തന്നെയെടുക്കാം..... അമ്മ എന്നെ ഏഴുമാസം ഗർഭിണിയായിരിക്കുമ്പോഴായിരുന്നു
അച്ഛന്റെ മരണം ..... അന്ന് ലോകമെന്തെന്നറിയാത്ത അമ്മയ്ക്ക് കൂട്ട്
രണ്ട് വയസ് തികയാത്ത എന്റെ ചേച്ചിയും, എന്തിനും ഏതിനും കുറ്റം പറയുന്ന
ബന്ധുക്കളും മാത്രമായിരുന്നു... വീടിരിക്കുന്ന അറുപത്തിയഞ്ച് സെന്റിലെ
തെങ്ങിൽ നിന്നുള്ള വരുമാനം ഉറുമ്പ് സ്വരുക്കൂട്ടുന്നതുപോലെ
ശേഖരിച്ചുവെച്ചാണ് അമ്മ എന്നെയും ചേച്ചിയേയും വളർത്തിയതും പഠിപ്പിച്ചതും
ഒക്കെ...... ചേച്ചീടെ കല്ല്യാണം കഴിഞ്ഞിട്ടിപ്പോ രണ്ട് വർഷമായി...
അച്ഛനെകാണാനോ.... ആ സംരക്ഷണം ലഭിക്കാനോ ഭാഗ്യമില്ലാതെ പോയ എന്നെ
സംബന്ധിച്ചിടത്തോളം അച്ഛനോളം തന്നെ സ്ഥാനമുണ്ടേട്ടാ..... ആ അറുപത്തിയഞ്ച്
സെന്റ് തെങ്ങിൻ പുരയിടത്തിന്........."
അവസാന വാചകം പറയുമ്പൊൾ അറിയാതെ എന്റെ തൊണ്ടയിടറി..........ഇല്ലായ്മകളുടെ
വറുതിക്കടൽ താണ്ടുമ്പോഴും മക്കൾക്കു വേണ്ടി ഹവിസ്സായി എരിഞ്ഞ അമ്മയുടെ
മുഖം എന്റെ കണ്ണുകളെ ഒരുനിമിഷം ഈറനാക്കി.....പെട്ടെന്ന് മുഖം തുടച്ച് ഞാൻ
ഗോപാലേട്ടന്റെ മുഖത്തേക്ക് ഉറ്റുനോക്കി.... ആ കണ്ണുകളിൽ
വാത്സല്യത്തിന്റേയും സാന്ത്വനത്തിന്റേയും ഭാവം ..............
"സാറെ..... സാറ് പറയുന്നതൊക്കെ ശരിയാണ്............ എനിക്കും ജാനകിക്കും
നാലാണ് മക്കള്..... രണ്ടാണും രണ്ട് പെണ്ണും..............എനിക്കും
പാരമ്പര്യമായിക്കിട്ടിയ ഈ മണ്ണ് തന്നെയായിരുന്നു ആശ്രയം.... പിന്നെ
ഇച്ചിരി നെലമുണ്ടായിരുന്നത് കഴിഞ്ഞേന്റെ മുന്നത്തെയാണ്ടിൽ വിറ്റു.........
പെൺമക്കളെ രണ്ടിനേം കെട്ടിച്ചു.........ആണുങ്ങളും കെട്ടി... ഓരോരോ
ജോലികളുമായി ഓരോരോ ദിക്കിലാ......ഒരുത്തൻ വിദേശത്താ..... പിന്നെ ഇവിടെ.....
എറണാകുളത്തുള്ളവൻ വല്യ ബിൽഡറാ........ അവർക്കൊന്നും ഇവിടെ വരാനും ഇതൊക്കെ
നോക്കാനും നടത്താനും ഒന്നും സമയോമില്ല..... താൽപര്യവുമില്ല.......ഒള്ളതെല്ലാം
വിറ്റേച്ച്... അവന്റെ കൂടെ ചെല്ലാൻ മക്കള് നിർബന്ധിക്കുന്നുണ്ട്
സാറെ..... പക്ഷെ എനിക്കും ഓൾക്കും പറ്റുല്ലാ.. സാറെ..... പട്ടിണിക്കേടിന്റെ
കാലത്ത് പോറ്റി വളർത്തിയ ഈ മണ്ണ് അങ്ങനെ ഉപേക്ഷിക്കാൻ
മനസ്സുവരണില്ല......മരിക്കും വരെ ഇവിടെക്കെടക്കണം എന്ന് അവളെപ്പോഴും
പറയും........ എന്നാലും എനിക്കെന്തെങ്കിലും സംഭവിച്ചാ..............."
അവസാന കാലത്ത് ഒറ്റപ്പെട്ടുപോയതിന്റെ വിഷമത്താൽ ഘനം നിറഞ്ഞ വാക്കുകൾ
മുഴുമിപ്പിക്കാനാവാതെ ആ വൃദ്ധൻ നിർത്തി....... നിറഞ്ഞ കണ്ണുകൾ ഞാൻ
കാണാതിരിക്കാൻ ആ മനുഷ്യൻ മുഖം താഴ്ത്തി. മേശയ്ക്കുമുകളിലൂടെ
വാർദ്ധക്യത്തിന്റെ ചുളിവുകൾ നിറഞ്ഞ ആ കൈകളിൽ അമർത്തിപ്പിടിക്കുമ്പോൾ എന്റെ
മനസ്സും പിടഞ്ഞു. ആ ഒരു നിമിഷം ഞങ്ങൾക്കിടയിൽ തുടിച്ച മൗനത്തിന്
പറഞ്ഞറിയിക്കാനാവാത്ത നാനാർത്ഥങ്ങളുണ്ടായിരുന്നു.........
"ഗോപാലേട്ടന് ഞാനൊരു ചായ പറയട്ടെ....." സാഹചര്യത്തിന്റെ ഗൗരവം കുറയ്ക്കാൻ കൂടി ഞാൻ ചോദിച്ചു....
"വേണ്ട
സാറെ..." കണ്ണുകളിൽ പഴയ പ്രസന്നഭാവം നിറച്ച് അദ്ദേഹം മറുപടി നൽകി
"പത്തുമണിക്ക് ഇച്ചിരി തേങ്ങാ ചുരണ്ടിയിട്ട കഞ്ഞി കുടിച്ചാ പിന്നെ.....
മൂന്നിന് രണ്ടുതവി ചോറുണ്ണും..... പഴേ ശീലങ്ങൾ പലതും മാറിയിട്ടും ഇന്നും
ഇതിനു മാത്രം ഒരു മാറ്റവുമില്ല" അയാൾ ചിരിച്ചു.
"ചേട്ടാ..... പറഞ്ഞതൊക്കെ വാസ്തവമാണ്"ഞാൻ കാര്യത്തിലേക്ക് കടന്നു "
എന്നാൽ ഈ വർഷം സ്ഥിതിയാകെ മാറും, ഉത്പാദനം കുറഞ്ഞതോടെ തേങ്ങയ്ക്കിപ്പോ വില
വല്ലാതെ കയറിവരികയല്ലേ, കേറ്റക്കാരെ കിട്ടാത്ത സ്ഥിതി മാറാൻ കേന്ദ്ര
നാളികേര ബോർഡിന്റെ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം എന്നപേരിൽ യന്ത്രവത്കൃത
തെങ്ങുകയറ്റത്തിൽ പരിശീലനം സിദ്ധിച്ചവർ ഉണ്ട്. ഇവിടെ നിന്നും 10
ചെറുപ്പക്കാരെ ഞാൻ പരിശീലനത്തിന് അയച്ചുകഴിഞ്ഞു. ഇനി പഞ്ചായത്ത് ഹാളിൽ
തന്നെ അടുത്ത ബാച്ചുമുതൽ പരിശീലനം തുടങ്ങാൻ പോകുന്നു. കൂടാതെ കർഷകരുടെ
ഉത്പാദക സംഘങ്ങളും ഫെഡറേഷനുകളും നമ്മുടെ നാട്ടിലും സ്ഥാപിതമാകുന്നതോടെ
കർഷകരുടെ കൂട്ടായ്മയും വിലപേശൽ ശേഷിയും വർദ്ധിക്കും. ഉത്പാദക കമ്പനികളിലൂടെ
നാളികേരത്തിന്റെ മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിച്ച് വിൽക്കുമ്പോൾ
ഇപ്പോൾ ലഭിക്കുന്നതിന്റെ മൂന്നും നാലും ഇരട്ടിവില കർഷകർക്ക് ലഭിക്കും....
നീര ഉത്പാദനമൊക്കെ പ്രാബല്യത്തിൽ വരുമ്പോൾ തൊഴിൽ, വ്യവസായ രംഗങ്ങളിലും
ഉണർവ്വുണ്ടാക്കാൻ കഴിയും".. ഞാൻ ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി.
ഗോപാലേട്ടന്റെ കുഴിഞ്ഞ കണ്ണുകളിൽ പുതിയ പ്രതീക്ഷകളുടെ തിളക്കം. "സാറെ, കൃഷി
ഉപേക്ഷിക്കാൻ ഒട്ടും മനസ്സുണ്ടായിട്ടല്ല, തെങ്ങുകയറ്റക്കാരന്റെ വീട്ടിൽ
കയറിയിറങ്ങി മടുത്തു.. പിന്നെ തേങ്ങയ്ക്ക് വിലയും ഇല്ലാതായപ്പോ.....
അങ്ങിനെ ചെയ്തുന്നേയുള്ളു.." ആ ശബ്ദത്തിൽ നേരിയ കുറ്റബോധം.
" ഹേയ് അതൊന്നു സാരല്യ ഗോപാലേട്ടാ.. എനിക്ക് മനസ്സിലാകും....നിങ്ങളുടെ
വാർഡിലാണ് ഈ പഞ്ചായത്തിലെ ആദ്യ ഉത്പാദക സംഘം രൂപീകരിക്കണത്..
ഗോപാലേട്ടനുണ്ടാവണം മുന്നിൽ..... മെമ്പർ ശശിയുണ്ടാകും നമ്മുടെ കൂടെ..."
"
ഇങ്ങട് ഒട്ടും പ്രതീക്ഷയില്ലാതെയാണ് ഞാൻ വന്നത്......ന്നാലും സാറിന്റെ
വാക്കുകൾ ഒരുപിടി ആശ്വാസം നൽകി.... ഈ വൃദ്ധൻ നാളെ വീണുപോകും ..... എന്നാലും
നമ്മുടെ നാട്ടിൽ എന്നും തെങ്ങുകൃഷിയുണ്ടാവണം... അതിനുവേണ്ടി....പ്രായം
അനുവദിക്കുന്ന ഏതുകാര്യത്തിനും ഞാനുണ്ടാവും സാറെ...മുന്നിൽതന്നെ"..
ഗോപാലേട്ടന്റെ വാക്കുകളിൽ പുതിയൊരാവേശം.
ഗോപാലേട്ടനെ ഗേറ്റുവരെ ഞാനും അനുഗമിച്ചു. കൈയ്യിൽ പിടിച്ച്
ആശ്വസിപ്പിച്ച് രണ്ടു ദിശകളിലേക്ക് തിരിയുമ്പോൾ ഉള്ളിൽ ഒന്നിച്ചുപോകേണ്ട
ഒരു പാതയുടെ ചിത്രം വ്യക്തമായിരുന്നു.
|