21 Aug 2014

സമഗ്ര ജൈവകൃഷി പദ്ധതിയുമായി കറപ്പുറം കമ്പനി


അഡ്വ. ഡി. പ്രിയേഷ്കുമാർ
ചെയർമാൻ, കറപ്പുറം ഫാർമേഴ്സ്‌ പ്രോഡ്യൂസർ കമ്പനി, ആലപ്പുഴ    

ആലപ്പുഴ ജില്ലയിലെ ആദ്യ നാളികേര ഉത്പാദക കമ്പനിയെന്ന നിലയിൽ കറപ്പുറം കോക്കനട്ട്‌ പ്രോഡ്യൂസേഴ്സ്‌ കമ്പനി ഇതിനകം കർഷകർക്ക്‌ വലിയ പ്രതീക്ഷ നൽകികഴിഞ്ഞു. നല്ലയിനം തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുക, ഇടവിളക്കൃഷികൾക്ക്‌ ആവശ്യമായ പച്ചക്കറി വിത്തുകൾ, കിഴങ്ങുവിള നടീൽ വസ്തുക്കൾ സംഭരിച്ച്‌ വിതരണം ചെയ്യുക, പരമ്പരാഗത രീതിയിലുള്ള ഉരുക്ക്‌ വെളിച്ചെണ്ണ, അവയുടെ ക്യാപ്സൂളുകൾ, കോക്കനട്ട്‌ ചട്ണി പൗഡർ, കോക്കനട്ട്‌ ലഡ്ഡു, കുക്കീസ്‌ എന്നിവ നിർമ്മിച്ച്‌ വിപണനം നടത്തുക, കർഷകരിൽ നിന്നും തൊണ്ട്‌ സംഭരിച്ച്‌ ചകിരി ഉത്പാദിപ്പിക്കുകയും കെട്ടുചകിരിയായി ചെറുകിട കയർ ഫാക്ടറികൾക്ക്‌ നൽകുകയും ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങളാണ്‌ നിലവിൽ കമ്പനി നടത്തിക്കൊണ്ടിരിക്കുന്നത്‌.
കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത്‌ കോമ്പൗണ്ടിൽതന്നെയുള്ള കെട്ടിടത്തിന്റെ രണ്ടാംനിലയിൽ കോൺഫ്രൻസ്‌ ഹാൾ ഉൾപ്പെടെ നാല്‌ മുറികളുള്ള ഓഫീസിലാണ്‌ കമ്പനി പ്രവർത്തനങ്ങൾ നടക്കുന്നത്‌. സാമ്പത്തിക രംഗത്തും നിയമരംഗത്തും പരിചയസമ്പന്നനായ ഡോ. പി. കെ. മാണിയെ ചീഫ്‌ എക്സിക്യുട്ടീവ്‌ ആഫീസറായി നിയമിച്ചു.  കമ്പനി പ്രവർത്തനങ്ങൾ കൂടതൽ സജീവമാക്കുന്നതിന്‌ ഫുൾടൈം ഡയറക്ടറായി ശ്രീ. ടി. എസ്‌. വിശ്വനെയും നിയമിച്ചു. അതോടൊപ്പം അക്കൗണ്ടന്റ്‌,ആഫീസ്‌ അസിസ്റ്റന്റ്‌ എന്നീ തസ്തികകളിലും നിയമനം നടത്തി. കമ്പനി രൂപീകരണഘട്ടത്തിൽ (10 ഡയറക്ടർമാരിൽ നിന്നും) സമാഹരിച്ച 5 ലക്ഷം രൂപയുടെ ഓഹരിത്തുകയ്ക്ക്‌ പുറമേ സിപിഎസുകളിൽ നിന്നും കർഷകരിൽ നിന്നും ഓഹരി സമാഹരണത്തിനുള്ള നടപടികൾ ആരംഭിച്ചു. ഓഫീസ്‌ പ്രവർത്തനത്തിനാവശ്യമായ കമ്പ്യൂട്ടറുകൾ, പ്രിന്റർ, ഫർണ്ണീച്ചറുകൾ എന്നിവ സജ്ജമാക്കിക്കഴിഞ്ഞു.
കമ്പനി ഇപ്പോൾപ്രതിദിനം 100 നാളികേരം സംസ്ക്കരിച്ച്‌ ഉരുക്കുവെളിച്ചെണ്ണയും അനുബന്ധ ഉൽപന്നങ്ങളും തയ്യാറാക്കുന്നു. രണ്ട്‌ സിപിഎസുകൾ കരിക്ക്‌ ശേഖരിച്ച്‌ വിപണനം നടത്തുന്നു. കമ്പനി നേരിട്ട്‌ ഒരു കരിക്ക്‌ മിനിമൽ പ്രോസ്സസിംഗ്‌ യൂണിറ്റ്‌ (മൊബെയിൽ സംവിധാനത്തിൽ) ആരംഭിക്കുന്നതിനുള്ള പ്രോജക്ട്‌ നാളികേര വികസന ബോർഡിൽ സമർപ്പിച്ചിട്ടുണ്ട്‌.
കായംകുളം സിപിസിആർഐയുടെ കീഴിലുള്ള കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ സഹായത്തോടെ ഉരുക്കുവെളിച്ചെണ്ണ, വിസിഒ ക്യാപ്സൂളുകൾ, ലഡ്ഡു, ചട്നിപൗഡർ എന്നിവ നിർമ്മിച്ച്‌ കമ്പനിയോടനുബന്ധിച്ചുള്ള ഔട്ട്ലെറ്റ്‌, എക്സിബിഷനുകൾ, നാളികേര ഉത്പാദക സംഘങ്ങളുടെയും, ഫെഡറേഷനുകളുടെയും യോഗങ്ങൾ, കർഷക സംഗമങ്ങൾ എന്നിവ വഴി വിൽപ്പന നടത്തുന്നു.
കമ്പനിയുടെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടി 25 ബാച്ചുകൾ ഇതിനകം പിന്നിട്ടു. 600 തെങ്ങിന്റെ ചങ്ങാതിമാർക്ക്‌ പരിശീലനം നൽകാൻ സാധിച്ചു. ഇതിലൂടെ കറപ്പുറത്തെ കേരകർഷകർ അനുഭവിച്ചിരുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ്‌ പരിഹരിക്കപ്പെട്ടത്‌. നീര ടെക്നീഷ്യന്മാർക്കുള്ള പരിശീലനകേന്ദ്രം ആരംഭിക്കുന്നതിന്‌ അപേക്ഷ നാളികേര വികസന ബോർഡിൽ സമർപ്പിച്ചിട്ടുണ്ട്‌. ഇതിലേക്കാവശ്യമായ മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലനവും ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട്‌.
കമ്പനിയുടെ കീഴിലുള്ള 105 സിപിഎസുകളിലും തെങ്ങുകൃഷി  പുനരുദ്ധാരണപ്രവർത്തനങ്ങൾ വിജയകരമായി നടക്കുന്നു. കൃത്യസമയത്ത്‌ വളങ്ങൾ ലഭിച്ചതും മുറിച്ചുമാറ്റിയ തെങ്ങുകൾക്കുള്ള സാമ്പത്തിക സഹായം കൃത്യസമയത്ത്‌ ബാങ്ക്‌ അക്കൗണ്ടുകളിൽ ലഭിച്ചതും മൂലം കർഷകർ പൊതുവേ സംതൃപ്തരാണ്‌. യഥാസമയം തെങ്ങുകൾ കുറഞ്ഞ നിരക്കിൽ മുറിച്ച്‌ മാറ്റുന്നതിന്‌ തൊഴിലാളികളെ നിയോഗിച്ചതും മുറിച്ച തെങ്ങുകൾ അളന്ന്‌ വില നൽകി ശേഖരിക്കുന്നതിന്‌ വ്യാപാരികളെ ചുമതലപ്പെടുത്തിയതും കർഷകർക്ക്‌ വലിയ പ്രയോജനമായി. പകരം നടുന്നതിന്‌ ആവശ്യമായ കുറിയ ഇനം തൈകൾ കമ്പനിയുടെ കീഴിലുള്ള ആറു നഴ്സറികളിൽ തയ്യാറാക്കിയതും തെങ്ങുകൃഷി പുനരുജ്ജീവന പദ്ധതി കൂടുതൽ സുഗമമാക്കാൻ സഹായിച്ചു. ആദ്യഘട്ടത്തിൽ ഉത്പാദക സംഘങ്ങളിൽ അംഗത്വമെടുക്കാൻ വിമുഖത പ്രകടിപ്പിച്ച പലരും അംഗങ്ങളാകാൻ സ്വമേധയ മുന്നോട്ടുവരുന്ന സ്ഥിതിയുമുണ്ട്‌.
തണ്ണീർമുക്കം സൗത്ത്‌ നാളികേര ഫെഡറേഷന്‌ ലൈസൻസ്‌ ലഭിച്ചതു അനുസരിച്ച്‌ നീര ടാപ്പിംഗിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.200 തെങ്ങുകൾക്ക്‌ എക്സൈസ്‌ സർക്കിൾ ആഫീസിന്റെ സഹായത്തോടെ നമ്പർ രേഖപ്പെടുത്തി. മറ്റ്‌ ഫെഡറേഷനുകൾക്കും നീര ടാപ്പിംഗിന്‌ ഉത്തരവ്‌ ഉടൻ ലഭിക്കും. നീര സംസ്ക്കരണ പ്ലാന്റ്‌ സ്ഥാപിക്കുന്നതിന്‌ കഞ്ഞിക്കുഴി പഞ്ചായത്തിലെ അയ്യപ്പൻചേരി നാളികേര ക്ലസ്റ്റർ ബിൽഡിംഗ്‌, കമ്പനി ലീസിനെടുത്തിട്ടുണ്ട്‌. പ്ലാന്റിനുള്ള ധനസഹായത്തിനും മറ്റുമായി കൃഷിവകുപ്പ്‌, നാളികേര വികസന ബോർഡ്‌, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ എന്നിവയ്ക്ക്‌ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്‌. നീര പ്ലാന്റിലേക്ക്‌ ആവശ്യമായ യന്ത്രസാമഗ്രികളുടെ ക്വട്ടേഷനും ഇതോടൊപ്പം ചേർത്തിട്ടുണ്ട്‌.
കേരളത്തിലെ മറ്റ്‌ നാളികേര ഉത്പാദക കമ്പനികളുമായി ഒത്തുചേർന്ന്‌ കൺസോർഷ്യത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള ചർച്ചയിൽ കമ്പനി പങ്കെടുത്തു.  ഈ രംഗത്ത്‌ ആരോഗ്യകരമായ മത്സരവും വിപണന തന്ത്രങ്ങളും ആവിഷ്ക്കരിക്കുന്നതിന്‌ കമ്പനി തയ്യാറാണ്‌.
നാളികേര മേഖലയിൽ ഇടവിളകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്‌ കായംകുളം സിപിസിആർഐ യുടേയും നബാർഡിന്റേയും സഹായത്തോടെ ഒരു ജൈവകൃഷി പദ്ധതിക്ക്‌ കമ്പനി നേതൃത്വം കൊടുക്കുന്നു. എട്ടു ഫെഡറേഷനിൽ നിന്നുള്ള 50 മാതൃക കേരകർഷകരെ ഇതിലേക്ക്‌ തെരഞ്ഞെടുത്തിട്ടുമുണ്ട്‌. മണ്ണ്‌ പരിശോധന മുതൽ ജൈവവള ഉത്പാദനം, കീട രോഗ നിയന്ത്രണംഎന്നിവയൊക്കെ ഈ പദ്ധതിയുടെ ഭാഗമാണ്‌.ശാസ്ത്രജ്ഞന്മാർ നേരിട്ട്‌ കൃഷിയിടത്തിൽ എത്തി കർഷകർക്ക്‌ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നുവേന്നതാണ്‌ ഈ പദ്ധതിയുടെ സവിശേഷത. ഡോ. വി. കൃഷ്ണകുമാർ, ഡോ. കലാവതി എന്നിവരുടെ നേതൃത്വത്തിൽ ഒരു വിദഗ്ദ്ധസംഘം അമ്പതു കർഷകരുടെയും കൃഷിയിടങ്ങളിൽ ഒരു വട്ടം സന്ദർശനം പൂർത്തിയാക്കി.
കറപ്പുറത്തെ കേരകർഷകർ അനുഭവിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി കൊമ്പൻ, ചെമ്പൻ ചെല്ലികളാണെന്ന തിരിച്ചറിവുണ്ടായതോടെ കർഷകകൂട്ടായ്മകളുടേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും കൃഷിവകുപ്പിന്റേയും സഹായത്തോടെ സമ്പൂർണ്ണ ചെല്ലി നിർമ്മാർജ്ജന യജ്ഞത്തിന്‌ കമ്പനി നേതൃത്വം നൽകാൻ തീരുമാനിച്ചിരിക്കുകയാണ്‌. അതിന്റെ പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
കമ്പനിയുടെ കീഴിലുള്ള 8 ഹോർട്ടികൾച്ചർ അസിസ്റ്റന്റുമാർക്ക്‌ ചങ്ങാതിക്കൂട്ടം പരിശീലനം, നീര ടെക്നീഷ്യൻ പരിശീലനം, കുറിയ ഇനം തൈകളും വിൽപ്പന, മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ പ്രചാരണം തുടങ്ങിയ കാര്യങ്ങളിൽ ഏർപ്പെടുന്നതിനുള്ള നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്‌.
കമ്പനിയുടെ കീഴിൽ 8 ഫെഡറേഷനുകൾക്കു പുറമേ പെരുമ്പളം നാളികേരോത്പാദക ഫെഡറേഷനും അംഗമായിക്കഴിഞ്ഞു. ഏതാനും  ഫെഡറേഷനുകളും കൂടി കമ്പനിയുടെ ഭാഗമായിച്ചേരാൻ താൽപ്പര്യപ്പെട്ടിട്ടുണ്ട്‌. എല്ലാ ഫെഡറേഷനുകളും തൃപ്തികരമായ രീതിയിലുള്ള പ്രവർത്തനം കാഴ്ചവെയ്ക്കുന്നു. ഓഹരി സമാഹരണത്തെക്കുറിച്ചും നീര ഉത്പാദനത്തെക്കുറിച്ചും വിശദീകരണങ്ങൾ നടത്തുന്നതിന്‌ യോഗങ്ങൾ നടന്നു വരുകയാണ്‌. ഓരോ സി.പി.എസ്സിലും ഷെയർ കാമ്പയിനുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്‌.
ഫോൺ: 0478 2862446

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...