21 Aug 2014

ഇന്ത്യയിലെ ആദ്യത്തെ കോക്കനട്ട്‌ ഫാർമർ പ്രോഡ്യൂസർ കമ്പനി


സണ്ണി ജോർജ്‌
ചെയർമാൻ, തേജസ്വിനി ഫാർമർ പ്രോഡ്യൂസർ കമ്പനി, ചെറുപുഴ, കണ്ണൂർ

1956ലെ ഇന്ത്യൻ കമ്പനി ആക്ട്‌ പ്രകാരം  രാജ്യത്ത്‌  ആദ്യമായി രജിസ്റ്റർ ചെയ്ത കർഷകരുടെ ഉത്പാദക കമ്പനിയാണ്‌ ചെറുപുഴ തേജസ്വിനി കോക്കനട്‌ ഫാർമേഴ്സ്‌ പ്രോഡ്യൂസർ കമ്പനി. 2013 ജൂൺ മൂന്നിനാണ്‌  കമ്പനി രജിസ്റ്റർ ചെയ്തു പ്രവർത്തനം ആരംഭിച്ചതു. കമ്പനിയുടെ പ്രവർത്തന പാതയിലെ ഏറ്റവും വലിയ നാഴിക കല്ലായി മാറിയത്‌ 2014 ജൂൺ 5-ന്‌ ബഹു. കേരള മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി കമ്പനിയുടെ ആധുനിക ഫാക്ടറി സമുച്ചയത്തിനു തറക്കല്ലിട്ട നടപടിയാണ്‌.  ചടങ്ങിൽ ഗ്രാമ വികസന മന്ത്രിയും ഇരിക്കൂർ എംഎൽഎയുമായ ശ്രീ കേശി ജോസഫും സന്നിഹിതനായിരുന്നു.
പ്രവർത്തനം തുടങ്ങി ആറുമാസത്തിനുള്ളിൽ തന്നെ കമ്പനി  ചെറുപുഴ - പയ്യന്നൂർ റോഡരികിൽ പെരിങ്ങോത്ത്‌ നാല്‌ ഏക്കർ സ്ഥലം വാങ്ങിയിരുന്നു. നാളികേരം മൂല്യ വർദ്ധിത ഉത്പ്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള ഫാക്ടറി സമുച്ചയം സ്ഥാപിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതിനാണ്‌ മുഖ്യമന്ത്രി തറക്കല്ലിട്ടിരിക്കുന്നത്‌. ഇവിടെ തന്നെയാണ്‌ കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ്‌ ബ്ലോക്കും നിർമ്മിക്കുക. കർഷക കൂട്ടായ്മയിലാണ്‌ കമ്പനിയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു നീങ്ങുന്നത്‌. ചീഫ്‌ എക്സിക്കുട്ടീവ്‌ ഓഫീസർ, എക്സിക്കുട്ടീവ്‌ ഓഫീസർ, കമ്പനി സെക്രട്ടറി, ഓഡിറ്റർ, അക്കൗണ്ടന്റ്‌ ഓഫീസ്‌ സ്റ്റാഫ്‌ എന്നിവരെയും നിയമിച്ചു കഴിഞ്ഞു. കമ്പനിയുടെ കീഴിലായി വിവിധ ഫെഡറേഷനുകളിൽ 10 കൃഷി അസിസ്റ്റന്റുമാരും സേവനം അനുഷ്ഠിക്കുന്നു. ഇപ്പോൾ കമ്പനിയുടെ ആസ്ഥാനം ചെറുപുഴയിലാണ്‌.
കണ്ണൂർ, കാസർഗോഡ്‌ ജില്ലകൾ പ്രവർത്തന മേഖലയായി നിശ്ചയിച്ച്‌ 10 ഫെഡറേഷനുകളും 152 സിപിഎസുകളും ചേർന്നാണ്‌ തേജസ്വിനി കമ്പനി രൂപീകരിച്ചിരിക്കുന്നത്‌. 16438 കർഷകർ കമ്പനിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. ഈ കർഷകരുടെ നാളികേരം സംഭരിച്ച്‌ കമ്പനിയിൽ എത്തിച്ച്‌, സംസ്കരിച്ച്‌ മൂല്യ വർധിത ഉത്പ്പന്നങ്ങളാക്കി വിപണനം നടത്തുക എന്നതാണ്‌ കമ്പനിയുടെ ആദ്യ ലക്ഷ്യം. അതിനായി കമ്പനി കർഷകരിൽ നിന്ന്‌ ഇടനിലക്കാരില്ലാതെ നേരിട്ട്‌ കാർഷികോത്പ്പന്നങ്ങൾ വാങ്ങുകയും കമ്പനി ഉത്പ്പാദിപ്പിക്കുന്ന ജൈവവളവും, ജൈവ കീടനാശിനികളും, നടീൽ വസ്തുക്കളും നേരിട്ട്‌ കർഷകരിൽ എത്തിക്കുകയും ചെയ്യുന്നു.  ഇതു വഴി ലഭിക്കുന്ന ലാഭം കർഷകർക്കു തന്നെ തിരികെ വിതരണം ചെയ്യുകയും ചെയ്യുന്നു. പത്തുകോടി രൂപയുടെ ഫാക്ടറി സമുച്ചയമാണ്‌ മൂന്നു ഘട്ടങ്ങളായി  തേജസ്വിനി  നിർമ്മിക്കുക. ചകിരിയിൽ നിന്ന്‌ നാര്‌ വേർതിരിക്കുന്ന ഡീഫൈബറിംങ്ങ്‌ യൂണിറ്റ്‌, അതിൽ നിന്നു ലഭിക്കുന്ന കൊയർ പിത്ത്‌ ഉപയോഗിച്ച്‌ ജൈവവളം നിർമ്മിക്കുന്ന യൂണിറ്റ്‌ എന്നിവ ആദ്യഘട്ടത്തിൽ ഉണ്ടാവും. 25 ലക്ഷമാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌.  കൂടാതെ ദിവസം 35000 തേങ്ങ കൊപ്രയാക്കാൻ ശേഷിയുള്ള ഡ്രയറും, മണിക്കൂറിൽ 1000 കിലോ കൊപ്ര വെളിച്ചെണ്ണയാക്കാൻ ശേഷിയുള്ള എക്സപ്പല്ലറും ഫാക്ടറിയുടെ പ്രധാന ഭാഗങ്ങളാണ്‌. ഇതോടൊപ്പം കോക്കനട്‌ ചിപ്സ്‌, തേങ്ങാവെള്ളത്തിൽ നിന്നുള്ള സോഡ, വെർജിൻ വെളിച്ചെണ്ണ, ഹെയർ ഓയിൽ, കോക്കനട്‌ ബിസ്ക്കറ്റ്‌ തുടങ്ങിയവയുടെ ഉത്പാദനവും കമ്പനി ലക്ഷ്യമിടുന്നു.
കമ്പനിയുടെ മേൽനോട്ടത്തിൽ ചെറുപുഴയിൽ, അത്യുത്പാദന ശേഷിയുള്ള തെങ്ങിൻ തൈകളുടെ നഴ്സറി പ്രവർത്തിച്ചുവരുന്നു. തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി 30000 കുറിയ ഇനം മലയൻ തെങ്ങിൻ തൈകളും, 50000 വിത്തു തേങ്ങയും കർഷകർക്ക്‌ വിതരണം ചെയ്തു. തിരുമേനിയിൽ മുതുവം എന്ന സ്ഥലത്ത്‌ പരിശീലന കേന്ദ്രം സ്ഥാപിച്ച്‌ തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തെ പരിശീലിപ്പിച്ചു വരുന്നു. ഏഴു ബാച്ചുകളായി 187 പേർ ഇതിനോടകം പരിശീലനം നേടി കഴിഞ്ഞു. ഇവർക്കെല്ലാം തിരിച്ചറിയൽ കാർഡുകളും നൽകിയിട്ടുണ്ട്‌.  നാളികേര ഉത്പ്പാദക സംഘം ഭാരവാഹികൾക്കുള്ള പരിശീലനവും ഇവിടെ നൽകുന്നുണ്ട്‌. ഇതിനകം നാലു ബാച്ചുകളിലായി 205 പേർ പരിശീലനം പൂർത്തിയാക്കി.
കമ്പനി നീര ടാപ്പിംങ്ങ്‌ ആരംഭിച്ചു കഴിഞ്ഞു. ആദ്യപടിയായി നീര പരമ്പരാഗത രീതിയിൽ സംസ്കരിച്ച്‌ പാനിയാക്കിയാണ്‌ വിൽപ്പന നടത്തുന്നത്‌. ഇതിന്റെ ആദ്യ വിൽപന ജൂൺ അഞ്ചിന്‌ മന്ത്രി ശ്രീ.കെ.സി ജോസഫ്‌ പെരിങ്ങോത്ത്‌ നിർവഹിക്കുകയുണ്ടായി. നിലവിൽ നീര ടാപ്പിങ്ങിനുള്ള ലൈസൻസ്‌ ലഭിച്ചിരിക്കുന്നത്‌  ചെറുപുഴ ഫെഡറേഷനാണ്‌. ചൂരപ്പടവ്‌ ഉത്പാദക സംഘം വക തെങ്ങുകളാണ്‌ ഇപ്പോൾ ടാപ്പു ചെയ്യുന്നത്‌.  ദിവസം 25 ലിറ്റർ നീര വീതമാണ്‌ ഇപ്പോൾ ഉത്പാദനം. മറ്റ്‌ ഫെഡറേഷനുകൾ നീര ടാപ്പിങ്ങിനുള്ള അപേക്ഷ നൽകി കാത്തിരിക്കുന്നു. കമ്പനിയുടെ ജൈവ വളയൂണിറ്റ്‌ ഈ മാസം പ്രവർത്തനം ആരംഭിക്കും.
കമ്പനിയുടെ കീഴിലുള്ള പത്തു ഫെഡറേഷനുകൾ തെങ്ങു പുനരുദ്ധാരണ പദ്ധതിപ്രകാരം  ഇതിനോടകം 15 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു. അംഗങ്ങളായ കർഷകരുടെ തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി കൃഷി ചെയ്യുന്നതിന്‌ കമ്പനി നേരിട്ട്‌ വാഴ, ചേന, ഇഞ്ചി തുടങ്ങിയവയുടെ വിത്തുകൾ വിതരണം ചെയ്തുവരുന്നു. നാളികേരത്തിനു പുറമെ മറ്റ്‌ കാർഷിക വിളകളുടെ ജൈവകൃഷിയും  ഉത്പാദനവും വിപണനവും കമ്പനി പ്രോത്സാഹിപ്പിക്കുന്നുണ്ട്‌. ജൈവ സാക്ഷ്യപത്രം നേടിയ 300 ഹെക്ടർ കൃഷിയിടം തേജസ്വിനിയുടെ പ്രവർത്തന പരിധിയിലുണ്ട്‌. കൂടുതൽ കർഷകർ സാക്ഷ്യപത്രത്തിനായി കാത്തിരിക്കുന്നു.
 ഗ്രാമീണ സഹവാസ പരിപാടി പ്രകാരം കേരള കാർഷിക സർവകലാശാലയിലെ  55 വിദ്യാർത്ഥികൾ ഒരാഴ്ച്ചക്കാലം തേജസ്വിനിയിൽ താമസിച്ച്‌ പ്രായോഗിക പരിശീലനം നേടുകയുണ്ടായി. കോഴിക്കോട്‌ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മന്റിൽ നിന്നുള്ള 14 വിദ്യാർത്ഥികളും ഇതുപോലെ കമ്പനിയിൽ പരിശീലനം നേടുന്നുണ്ട്‌. കാർഷിക സർവകലാശാലയുടെ വെള്ളാനിക്കരയിലുള്ള കോളജ്‌ ഓഫ്‌ കോഓപ്പറേഷൻ, ബാങ്കിംങ്ങ്‌ ആൻഡ്‌ മാനേജ്‌മന്റിലെ
രണ്ട്‌ വിദ്യാർത്ഥികൾ കമ്പനിയിൽ ഇന്റേൺഷിപ്പും ചെയ്തുവരുന്നു.
ഒത്തിരി സ്വപ്നപദ്ധതികളുമായാണ്‌ കമ്പനി മുന്നോട്ടു നീങ്ങുന്നത്‌. ഗുണമേന്മയുള്ള ജൈവവളം കർഷകർക്ക്‌ ലഭ്യമാക്കാൻ ഒരു ജൈവവളപ്ലാന്റ്‌, നീര സംസ്കരണയൂണിറ്റ്‌, ചകരിനാര്‌ ഉത്പാദന യൂണിറ്റ്‌ എന്നിവ 2014 ഒക്ടോബറിനു മുമ്പായി പൂർത്തിയാക്കണം. കമ്പനിയുടെ പെരിങ്ങോം ഫാക്ടറി സമുച്ചയത്തിൽ നിർമ്മാണം നടക്കുന്ന കൊപ്രഡ്രയർ, എക്സ്പെല്ലർ യൂണിറ്റുകൾ എന്നിവ നവംബറിൽ  കമ്മിഷൻ ചെയ്യണം. അതോടൊപ്പം നീര ബ്രാൻഡ്‌ ചെയ്ത്‌ വിപണിയിലിറക്കണം. അതിനുള്ള വിപണന ശ്രുംഖല ഉണ്ടാക്കണം. മാധ്യമങ്ങളിലൂടെയും മറ്റുമുള്ള പരസ്യ പ്രചാരണങ്ങൾ നടത്തണം. നീര പ്ലാന്റിൽ ഗുണപരിശോധനയ്ക്കായി ലാബ്‌ സ്ഥാപിച്ച്‌  അവിടെ  കെമിസ്റ്റിൻ നിയമിക്കണം. ഇക്കാര്യങ്ങളെല്ലാം സമയബന്ധിതമായി ഈ വർഷം തന്നെ പൂർത്തിയാക്കാമെന്നു കരുതുന്നു.
തേജസ്വിനി കൂട്ടായ്മയിൽ വിശ്വസിക്കുന്നു. കൂട്ടായ്മയിലൂടെ മാത്രമെ വലിയ ലക്ഷ്യങ്ങൾ നേടാനാവൂ. നീര പോലുള്ള ഉത്പ്പന്നങ്ങളുടെ വിപണനത്തിന്‌ അത്‌ അത്യാവശ്യമാണെന്ന്‌ തേജസ്വനി കരുതുന്നു. ഇന്ത്യയിൽ മുന്തിരി കർഷകർക്ക്‌ ഇത്തരം കൂട്ടായ്മയുണ്ട്‌. അതുകൊണ്ടാണ്‌ വിപണന, കയറ്റുമതി മേഖലയിൽ അവർക്ക്‌ വിജയിക്കാനായത്‌.കർഷിക മേഖലയിൽ ഒരു കൺസോർഷ്യം ഉണ്ടായാൽ, അതിലെ ഏറ്റവും സജീവമായ അംഗമാകാൻ തേജസ്വിനി ആഗ്രഹിക്കുന്നു.
നിറമുള്ള സ്വപ്നങ്ങളാണ്‌ തേജസ്വിനി കാണുന്നത്‌. കേരളത്തിലുടനീളം കർഷകരുടെ സൂപ്പർമാർക്കറ്റുകൾ തുടങ്ങണം. ഇവിടേയ്ക്കുള്ള കാർഷിക ഉത്പ്പന്നങ്ങളുടെ സംഭരണം ശേഖരണം സംസ്കരണം എന്നിവയ്ക്കായി ഓരോ സിപിഎസുകളിലേയും 10-20 കർഷകർക്ക്‌ ഉത്തരവാദിത്വം നൽകണം. കർഷകരുടെ ഉത്പ്പന്നങ്ങൾക്ക്‌ ഓൺലൈൻ വിപണി തുടങ്ങണം. എല്ലാ ഉത്പാദക സംഘങ്ങളിലും പരിശീലനം നേടിയ യുവാക്കളെ നിയമിച്ച്‌ പ്രവർത്തനങ്ങൾ ശാസ്ത്രീയമാക്കണം. കാർഷിക ഉത്പ്ന്നങ്ങളുടെ സംഭരണം, സംസ്കരണം, വിപണനം എന്നിവയ്ക്കായി സ്മോൾ ഫാർമേഴ്സ്‌ അഗ്രിബിസിനസ്‌ കൺസോർഷ്യവുമായി സഹകരണം ഉണ്ടാക്കണം. അന്താരാഷ്ട്ര സർട്ടിഫിക്കേഷനും അക്രഡിറ്റേഷനും നേടണം. അങ്ങനെ വാനോളം ഉയർന്ന സ്വപ്നപദ്ധതികളുമായി തേജസ്വിനി മുന്നോട്ടു പോകുന്നു. തേജസ്വിനിയുടെ സാരഥി ശ്രീ.ഷെബി സഖറിയായുടെ നിശ്ചയദാർഢ്യവും, ശ്രീ.ടി.എ റസാഖിന്റെ മാനേജ്‌മന്റ്‌ വൈദഗ്ധ്യവും, കർമ്മോത്സുകരായ ഡയറക്ടർമാരുടെ ആത്മാർത്ഥതയും  എല്ലാറ്റിനുമുപരി  തെങ്ങിനെ ഉപജീവനമാർഗ്ഗമായി കരുതി പരിപാലിക്കുന്ന കമ്പനിയുടെ നെടും തൂണുകളായ ഫെഡറേഷനുകളിലെ പതിനായിരക്കണക്കിനു കേര കർഷകരുടെ കൂട്ടായ പ്രവർത്തനങ്ങളുടെയും കേരളത്തിന്റെ കാർഷിക ചരിത്രത്തിൽ വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന്‌ ഉറപ്പാണ്‌.
ഫോൺ : 94951 47228

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...