വിനോദ്കുമാർ പി ചെയർമാൻ, പാലക്കാട് നാളികേര ഉത്പാദക കമ്പനി ലിമിറ്റഡ്, മുതലമട നാളികേരത്തിന് മൂന്നര രൂപ, ചെറു നാരങ്ങായ്ക്ക് അഞ്ചു രൂപ - അങ്ങനെ വില വന്നത് 2011 ഓഗസ്റ്റിലായിരുന്നു. ഈ അവസ്ഥയിൽ നിന്ന് നാളികേര കർഷകരെ രക്ഷിക്കാനാവുമോ എന്നു പരീക്ഷിക്കാൻ 2011 സെപ്തംബറിലാണ് പാലക്കാട് മുതലമട ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈത്രിയുടെ ആഭിമുഖ്യത്തിൽ നാളികേര ഉത്പാദക സംഘത്തിന് രൂപം നൽകുന്നത്. അതായിരുന്നു പാലക്കാട് കമ്പനിയുടെ ആദ്യ രൂപം. തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തിന്റെ പരിശീലിനത്തിലാണ് തുടക്കം. നാളികേര വികസന ബോർഡിനൊപ്പം തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്ത പരിശീലിപ്പിക്കുന്നതിൽ നേതൃത്വനിരയിൽ നിന്ന മൈത്രി എന്ന സംഘടന നാളികേരോത്പാദക സംഘങ്ങളുടെ രൂപീകരണത്തിലും പങ്കാളികളായി. നാളികേര ബോർഡിന്റെ കാഴ്ചപ്പാടിനനുസൃതമായി കെട്ടുറപ്പോടുകൂടി ഉത്പാദക സംഘം രൂപീകരണം നിർവ്വഹിച്ചതുവഴി തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ഉറച്ച അടിത്തറയായി.ഉത്പാദക ഫെഡറേഷൻ രൂപീകരണവും പാലക്കാട് തന്നെയാണ് കേരളത്തിൽ ആദ്യം നിർവ്വഹിച്ചതു. കർഷകരുടെ കൂട്ടായ്മകളുടെ രൂപീകരണത്തോടൊപ്പം നാളികേര വികസന ബോർഡിന്റെ നേതൃത്വ പരിശീലനവും പാലക്കാട് ചിട്ടയായും സമയബന്ധിതമായും നടത്തുകയുണ്ടായി. ഇതിന്റെ ഫലമോ - ഏകലക്ഷ്യത്തോടെ, ഏകമാർഗ്ഗത്തിൽ വ്യത്യസ്തങ്ങളായ പശ്ചാത്തലത്തിൽ നിന്നും വരുന്ന പാലക്കാട്ടെ കർഷകർ ഒത്തൊരുമിച്ചു. 2012 ജനുവരിയിൽ കരിക്ക് വിൽപന എന്ന പദ്ധതിക്കു രൂപം നൽകി. ഇതിനായി കാക്കനാട് ഇൻഫോ പാർക്ക്, വൈറ്റില മൊബിലിറ്റി ഹബ്ബ് തുടങ്ങിയ ജനനിബിഡ കേന്ദ്രങ്ങളിൽ കരിക്കു പാർലറുകൾ ആരംഭിക്കുകയാണ് ആദ്യം ചെയ്തത്. ദിവസം 2000 കരിക്കുകൾ വിറ്റുപോയിരുന്നു. ക്രമേണ കരിക്ക് എത്തിക്കുക എന്നത് പ്രശ്നമായി. കാരണം ഒരു കരിക്ക് രണ്ടര കിലോഗ്രാം വരും. 300 എണ്ണം ആയാൽ ഒരു ടൺ ആയി. കൃഷിക്കാരുടെ തോട്ടങ്ങളിൽനിന്ന് കരിക്ക് സംഭരിക്കുക, പിന്നെ ഇത് വിൽപന കേന്ദ്രങ്ങളിൽ കൃത്യമായി എത്തിക്കുക തുടങ്ങിയ നടപടികൾ അത്ര സമയബന്ധിതമായി നടന്നില്ല. ട്രാൻസ്പോർട്ടേഷൻ തന്നെയായിരുന്നു മുഖ്യപ്രശ്നം. അങ്ങനെ കരിക്ക് പാർലറുകൾ മൂന്നെണ്ണമാക്കി ചുരുക്കി. നീരയും കരിക്കും ചേർത്ത് കൂടുതൽ വിൽപ്പന കേന്ദ്രങ്ങൾ തുടങ്ങുന്നതിന്റെ ആസൂത്രണത്തിലാണ് കമ്പനി. 2012 ലാണ് തുടർച്ചയായി ചങ്ങാതിക്കൂട്ടം പരിശീലന പരിപാടികൾ തുടങ്ങിയത്. വൈകാതെ മുതലമട കേന്ദ്രീകരിച്ച് കേരളത്തിൽ ആദ്യത്തെ നാളികേര ഉത്പാദക ഫെഡറേഷൻ ആരംഭിച്ചു. നാളികേര മേഖലയിൽ വലിയ പ്രതിസന്ധി നിലനിന്ന സമയമായിരുന്നു അത്. നാളികേര കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഇത്തരത്തിലുള്ള ഒരു കർഷക കൂട്ടായ്മയുടെ പ്രസക്തി തന്നെ ചോദ്യചിഹ്നമായി മുന്നിലുണ്ടായിരുന്നു. അതിനു കാരണം ആ കാലഘട്ടത്തിലാണ് പെരുമാട്ടിയിൽ രണ്ടു നാളികേര കർഷകർ ആത്മഹത്യ ചെയ്തത്. അതോടെ നാളികേര സംഭരണത്തിലേയ്ക്ക് തിരിഞ്ഞു. മുന്നിൽ മറ്റു പോംവഴികൾ ഒന്നും ഇല്ലായിരുന്നു. രണ്ടു ഡ്രയറുകൾ വാടകയ്ക്ക് എടുത്തു. തേങ്ങയ്ക്ക് 7-8 രൂപ വിലയുണ്ടായിരുന്ന സമയത്ത് 12 രൂപ വില നിശ്ചയിച്ച് 40 ലക്ഷം നാളികേരം സംഭരിച്ചു. വാടകയ്ക്ക് എടുത്ത ഡ്രയറുകളും പക്ഷെ, അത്ര പോരായിരുന്നു. മാത്രമല്ല അതിന്റെ പ്രവർത്തന ചെലവു തന്നെ 5000 രൂപയ്ക്കു മുകളിലായി. ഈ സന്ദർഭത്തിലാണ് സ്വന്തമായ ഡ്രയർ എന്ന ആശയം മുന്നിൽ വന്നത്. സാമ്പത്തിക ഭാരം അവഗണിച്ചു 2013 ൽ സ്വന്തം ഡ്രയർ കമ്മിഷൻ ചെയ്യാൻ ഫെഡറേഷനു സാധിച്ചു. സ്ഥലം വാടകയ്ക്ക് എടുത്തു,സൗഹൃദത്തിന്റെയും ധാരണയുടെയും പേരിൽ ഉടമതന്നെ കെട്ടിടവും നിർമ്മിച്ചു നൽകി. മൂന്നു തരം ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന ഈ ഡ്രയറിൽ ഇപ്പോൾ പ്രതിദിനം 40000 നാളികേരം സംസ്കരിച്ച് കൊപ്രയാക്കുന്നു. കൊപ്രയാക്കുന്ന പ്രക്രിയയിൽ ലഭിക്കുന്ന നാളികേര വെള്ളത്തിൽ നിന്നാണ് രണ്ടാമത്തെ ഇന്ധനമായ ബയോഗ്യാസ് ഉണ്ടാക്കുന്നത്. സൗരോർജ്ജവും ഉപയോഗിക്കുന്നുണ്ട്. കൊപ്രയുടെ കച്ചവടത്തിൽ ഇടയ്ക്ക് നാഫെഡുമായി വലിയ കലാപം ഉണ്ടാക്കേണ്ടി വന്നു. 25 ടൺ കൊപ്രയുടെ വില 60 ദിവസം വച്ചു താമസിപ്പിച്ചപ്പോൾ, അതും ഒരു ഓണക്കാലത്ത്, അവരോട് ഭീഷണിയുടെ ഭാഷയിൽ തന്നെ സംസാരിക്കേണ്ടി വന്നു. പക്ഷെ, പ്രതിസന്ധികളിൽ നിന്ന് ഊർജ്ജം സംഭരിച്ച് മുന്നോട്ടു പോകുകയാണ് ചെയ്തത്. ഇടയ്ക്ക് നാളികേരം കയറ്റുമതി ചെയ്യുന്നതിന് പരിശ്രമം നടത്തി. പക്ഷെ, പരാജയമായിരുന്നു. അതിനും പല കാരണങ്ങളുണ്ടായി. പാലക്കാടു മേഖലയിലെ നാളികേരത്തിനു ചിരട്ടക്കനം കുറവായിരുന്നു. 500 ഗ്രാമിൽ കൂടുതലുള്ള നാളികേരം മാത്രമെ കയറ്റി അയക്കാൻ സാധിക്കുള്ളു. നമുക്കാകട്ടെ കഷ്ടി 400 ഗ്രാമിൽ താഴെ തൂക്കമേ സാധാരണ നാളികേരത്തിന് ലഭിക്കുന്നുള്ളു. 2011 - 12 കാലഘട്ടത്തിലെ വരൾച്ച കൂടി കഴിഞ്ഞതോടെ, നാളികേരത്തിന്റെ എണ്ണവും വലിപ്പവും കുറഞ്ഞു. ഈ വർഷം നാളികേരത്തിന്റെ ഉത്പാദനം പാലക്കാടു മേഖലയിൽ വെറും 20 ശതമാനമാണ്. ഈ സീസണിലെ മഴക്കുറവ് അടുത്ത സീസണിലെ നാളികേര ഉത്പാദനം കുത്തനെ കുറയ്ക്കുമെന്നത് തർക്കമറ്റ വസ്തുതയാണ്. ഇപ്പോൾ തെങ്ങിൻ തോപ്പുകളിൽ മച്ചിങ്ങ പൊഴിച്ചിലിന്റെ കാലമാണ്. ചിറ്റൂർ മേഖലയിൽ നാളികേര കർഷകരെ സംഘടിപ്പിച്ച് തോട്ടങ്ങളിൽ തുള്ളി ജലസേചനത്തിനുള്ള സംവിധാനത്തെ കുറിച്ച് ആലോചിച്ചു വരികയാണ്. ഭീമമായ തുക ചെലവു വരുന്ന ഏർപ്പാടാണ്. എന്നിട്ടും കർഷകർ സഹകരിക്കാൻ മുന്നോട്ടു വന്നിരിക്കുന്നു. ജെയിൻ ഇറിഗേഷൻ കുറെ താഴ്ന്ന നിരക്കിൽ ഈ സംവിധാനം ചെയ്തു തരാം എന്നു പറഞ്ഞിരിക്കുന്നു. കാർഷിക മേഖലയിലെ തൊഴിലാളിപ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി ബ്ലോക്കിൽ ഗ്രീൻ ആർമി എന്ന പേരിൽ ഒരു തൊഴിൽ സേന രൂപീകരിക്കാനുള്ള പദ്ധതിയും പാലക്കാട് നാളികേര ഉത്പാദക കമ്പനിക്ക് ഉണ്ട്. 2013 ഓഗസ്റ്റിലാണ് കർണാടകത്തിലെ കൃഷിവകുപ്പിന്റെ നീര പ്ലാന്റ് ഏറ്റെടുത്തത്. അതിന്റെ കൺസൾട്ടൻസി ഡിഫൻസ് ഫുഡ് റിസർച്ച് ലബോറട്ടറീസ് (ഡി.എഫ്.ആർ.എൽ) ആയിരുന്നു. നിങ്ങൾക്ക് ഇത് ഏറ്റെടുത്തു പ്രവർത്തിപ്പിക്കാമോ എന്നായിരുന്നു അവരുടെ ചേദ്യം. സമ്മതം മൂളി. പണം നഷ്ടപ്പെടുത്താതെ സാങ്കേതിക വിദ്യ പഠിക്കാമല്ലോ എന്ന ആശയമായിരുന്നു മനസിൽ. ഒരു ടീമുമായി പ്ലാന്റിൽ പോയി. പ്ലാന്റ് കമ്മിഷൻ ചെയ്തത്തല്ലാതെ പ്രവർത്തിപ്പിച്ചിരുന്നില്ല. ഞങ്ങൾ ഓപ്പറേറ്റ് ചെയ്തു നോക്കി. ആ പ്ലാന്റ് ഡിസൈൻ ചെയ്തിരുന്നത് നീര സംസ്കരിച്ച് പൗച്ചിൽ പായ്ക്ക് ചെയ്യുന്നതിനായിരുന്നു. എന്തായാലും ഞങ്ങൾ അവരുടെ ഫാം ഏറ്റെടുത്തു. 30 തെങ്ങുകൾ ചെത്തി നീര എടുക്കാൻ തുടങ്ങി. നീര ടാപ്പിംങ്ങ് ടെക്നോളജി പലതും പരീക്ഷിച്ചു. മികച്ചതായി തോന്നിയത് സിപിസിആർഐയുടേതാണ്. അങ്ങനെയാണ് ടെക്നോളജി ലഭിക്കാൻ സിപിസിആർഐയിൽ പോയത്. അവർക്ക് ടാപ്പിംങ്ങ് സാങ്കേതിക വിദ്യമാത്രമെയുള്ളു. പെറ്റ് ബോട്ടിൽ പായ്ക്കിംങ്ങ് ടെക്നോളജിക്കായി സിഎഫ്ടിആർഐ യിലും പോയി. രണ്ടിടത്തും ശാസ്ത്രജ്ഞർ ആത്മാർത്ഥമായി സഹായിച്ചു. അവരുടേതാണ് ഞങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന നീര ടെക്നോളജി. തെങ്ങിൽ സാധാരണ മാട്ടം വച്ചാൽ ഒരു ചൊട്ട (പൂക്കുല) രണ്ടുമാസം( 60 ദിവസം) മാത്രമെ ചെത്താൻ സാധിക്കുകയുള്ളു. എന്നാൽ ഇവരുടെ സാങ്കേതിക വിദ്യ അവലംബിക്കുന്നതു കൊണ്ട് ഓരോ ചൊട്ടയും 90 ദിവസം വരെ ചെത്താൻ സാധിക്കുന്നു. അതൊരു ചെറിയ കാര്യമല്ലല്ലോ. അത്രയും കൂടി നീര നമുക്കു ലഭിക്കുന്നു. സിഎഫ്ടിആർഐ ഇപ്പോഴും നീര സംസ്കരിച്ച് പെറ്റ് ബോട്ടിലാക്കാൻ ശ്രമിക്കുന്നുണ്ട്. ഇതുവരെ ഞങ്ങൾ ആഗ്രഹിക്കുന്ന നിലവാരത്തിലേയ്ക്ക് എത്തിയിട്ടില്ല. അതുകൊണ്ടാണ് ഇപ്പോഴും ഞങ്ങൾ നീര പായ്ക്ക് ചെയ്യാതെ വിൽപന നടത്തുന്നത്. ഫ്രീസറിൽ വച്ചാൽ അഞ്ചു ദിവസം വരെ ഒരു മാറ്റവും നീരയ്ക്ക് ഉണ്ടാകില്ല. ഉത്പാദനം മുതൽ ഉപഭോക്താക്കളുടെ ചുണ്ടിലെത്തുവോളം മനുഷ്യ സ്പർശമേൽക്കാത്ത ആരോഗ്യ പാനീയമാണ് പാലക്കാട് നാളികേര ഉത്പാദക സംഘം വിൽപനയ്ക്ക് എത്തിക്കുന്ന നീര. കഴിഞ്ഞ മാസം മുതൽ തൃശൂരിലും കൊച്ചിയിലും പരീക്ഷണാടിസ്ഥാനത്തിൽ നീര വിൽപന നടത്തിയിരുന്നു. മണിക്കൂറിൽ 12-13 ലിറ്റർ നീര വിറ്റു പോയി. ഇപ്പോൾ ലീറ്ററിന് 125 രൂപ നിരക്കിലാണ് ഞങ്ങൾ നീര വിൽക്കുന്നത്. അതിൽ 50 രൂപ കൃഷിക്കാരന് നൽകും. 30 രൂപ രൊക്കം പണമായി നൽകുമ്പോൾ 20 രൂപ ഓഹരിയായി തിരിച്ചു വാങ്ങുന്നു. ഒരു ടാപ്പർക്ക് മാസം 20000 രൂപയെങ്കിലും വരുമാനം ലഭിക്കത്തക്ക വിധമാണ് ജോലി ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ 3750 രൂപയുടെ പെൻഷൻ പായ്ക്കേജും അടങ്ങിയിരിക്കുന്നു. 30 ലിറ്ററിൽ കൂടുതൽ അളക്കുന്ന ഓരോ ലിറ്ററിനും 12 രൂപ വച്ച് ടെക്നീഷ്യന് ഇന്റൻസീവും ലഭിക്കും. കമ്പനിയുടെ ഓഹരി സമാഹരണം ഈ വർഷത്തെ ലക്ഷ്യം നേടി കഴിഞ്ഞു. സ്വന്തമായി രജിസ്റ്റേർഡ് ഓഫീസും കോൾഡ് സ്റ്റോർ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും കമ്പനിക്ക് ഉണ്ട്. നീര പ്ലാന്റിനുള്ള സ്ഥലവും കണ്ടെത്തി കഴിഞ്ഞു. നിലവിൽ കമ്പനിക്ക് പത്തു നീര ടെക്നീഷ്യന്മാർ മാത്രമെയുള്ളു. അതിനാൽ മനുഷ്യവിഭവശേഷി വികസനം ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നത് ടെക്നീഷ്യന്മാരുടെ പരിശീലനത്തിലാണ്. കാരണം കൂടുതൽ ഫെഡറേഷനുകൾ നീര ടാപ്പിങ്ങിലേയ്ക്ക് വരുമ്പോൾ അവർക്കുള്ള ടെക്നീഷ്യന്മാർ തയാറായി ഇരിക്കണമല്ലോ. മുതലമടയിലെ തെങ്ങുകളിൽ നിന്നുള്ള നീര ഏതാണ്ട് പൂർണമായും അതേ രൂപത്തിൽ വിറ്റു പോകുന്നു. മംഗലാപുരത്തു നിന്നാണ് നീര ജാഗറിയും ഹണിയും കൊണ്ടുവരുന്നത്. ഇവിടെ തെങ്ങുകളുടെ എണ്ണവും നീരയുടെ അളവും കൂടുന്നതനുസരിച്ച് മൂല്യ വർധിത ഉത്പ്പന്നങ്ങളുടെ നിർമ്മാണം ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നു. പ്രതിദിനം 7500 ലിറ്റർ നീര സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റാണ് കമ്പനി മുതലമടയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. തുടക്കത്തിൽ 300 മില്ലി പേപ്പർ കവറുകളിലാവും നീര പായ്ക്ക് ചെയ്യുക. വില 25 രൂപ. ഭാവിയിൽ 500 മില്ലി, ഒരു ലിറ്റർ പായ്ക്കറ്റുകളും ലഭ്യമാക്കും.കൂടാതെ നീരയിൽ നിന്നുള്ള ചക്കര, പഞ്ചസാര എന്നിവയുടെ ഉത്പാദനവും കമ്പനി ലക്ഷ്യമിടുന്നു. ഇവ 100, 250, 500,1000 ഗ്രാം പായ്കറ്റുകളിലാണ് വിപണിയിൽ എത്തിക്കുക. നീരയിൽ പഴങ്ങളുടെ രുചിയും, കാർബണേഷനും പോലുള്ള മൂല്യവർധനവ് വരുത്തുന്നതിനുള്ള സാധ്യതകളും ഡിഎഫ്ആർഎൽ പരിശോധിക്കുന്നുണ്ട്. ഭാവിയിൽ നീരയുടെ ഗുണമേന്മാ പരിശോധനയ്ക്കുള്ള ഒരു ലാബും പ്ലാന്റിനോടനുബന്ധിച്ച് സ്ഥാപിക്കാൻ കമ്പനിക്ക് ഉദ്ദേശമുണ്ട്. കമ്പനിയുടെ ഏറ്റവും അടുത്ത ലക്ഷ്യം വൈറ്റില മൊബിലിറ്റി ഹബ്ബിലേതു പോലെ കേരളത്തിൽ നീരയ്ക്കു മാത്രമായി 20 കിയോസ്ക്കുകൾ(വിൽപന കേന്ദ്രങ്ങൾ) ആരംഭിക്കുക എന്നതാണ്. അതായത് ഗോ ടു മാർക്കറ്റ്, നേരിട്ട് വിപണിയിലേയ്ക്ക് പോവുക. അതുപോലെ ഈ വിൽപന കേന്ദ്രങ്ങളിലേയ്ക്ക് നീര എത്തിക്കുന്നതിന് ഒരു കോൾഡ് ചെയിൻ കൂടി ആരംഭിക്കണം. ഇതിന് ഫ്രീസറുകൾ, ഐസ് ക്രീം കൊണ്ടുപോകുന്നതുപോലെ റഫ്രിജറേഷൻ സംവിധാനമുള്ള വാഹനങ്ങൾ, റഫ്രിജറേറ്റഡ് ജൂസ് ഡിസ്പെൻസറുകൾ തുടങ്ങിയവ വേണം. ഈ മേഷീനുകൾ പുറത്തു നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. ഇതിനെല്ലാം കൂടി ഏകദേശം 50 ലക്ഷം രൂപയോളം ചെലവു പ്രതീക്ഷിക്കുന്നു. 8-10 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയിൽ നീര പുളിക്കാതെ, കേടു കൂടാതെ സൂക്ഷിച്ചുവെയ്ക്കാമെന്നുള്ള പ്രത്യേകത മനസ്സിലാക്കിക്കൊണ്ട് ഉപഭോക്താക്കൾക്ക് നേരിട്ട് രാസ പദാർത്ഥങ്ങളില്ലാതെ നീര ഫ്രേഷ് ആയിത്തന്നെ എത്തിക്കുക എന്നതാണ് പാലക്കാട് കമ്പനി തുടക്കത്തിൽ ലക്ഷ്യമിടുന്നത്. ഇതിനായി ശീതികരിച്ച ജ്യൂസ് ഡിസ്പൻസറുകൾ ഇറക്കുമതി ചെയ്തുവരുന്നു. 2013 ജൂൺ 26-ാം തീയതി രജിസ്റ്റർ ചെയ്ത പാലക്കാട് നാളികേരോത്പാദകകമ്പനിയുടെ ആദ്യപൊതുയോഗം 2014 ജൂലൈ 13-ാം തീയതി നടന്നപ്പോൾ പാലക്കാട് ജില്ലയിലെ കേരകർഷകർക്ക് അത് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന ഒരു അവസരമായി മാറി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകൾ അവതരിപ്പിച്ചപ്പോൾ കമ്പനി ലാഭമുണ്ടാക്കിയെന്ന് മാത്രമല്ല, ഓഹരിയെടുത്ത കർഷകർക്ക് 4 ശതമാനം ഡിവിഡന്റ്പ്രഖ്യാപിക്കുവാൻ സാധിച്ചു. കഴിഞ്ഞ സാമ്പത്തികവർഷം സംഭരിച്ച 80 ടൺ നാളികേരം നൽകിയ കർഷകർക്ക് കിലോയ്ക്ക് 1 രൂപ ഉത്പാദന ബോണസും നൽകുവാൻ സാധിച്ചു. കമ്പനിയുടെ ഇക്വറ്റി 5 കോടിയിൽ നിന്ന് 20 കോടിയായി വർദ്ധിപ്പിക്കുവാനും ധാരണയായി. പാലക്കാട് കമ്പനിയുടെ ഒഹരി തെങ്ങോന്നിന് 100 രൂപ എന്നത് 2013 ജൂണിൽ 110 രൂപയായി വർദ്ധിപ്പിക്കുവാൻ തീരുമാനിച്ചു. കർഷകനേതൃത്വത്തിൽ കൂട്ടായ്മകളുണ്ടാകുകയും അത് ശക്തിപ്രാപിച്ച് വ്യാവസായികാടിസ്ഥാനത്തിൽ കാർഷികോത്പാദനവും സംസ്ക്കരണവും വിപണനവും കയറ്റുമതിയും നിർവ്വഹിക്കുന്നതിന് പ്രാപ്തരാകും എന്ന ധാരണ കർഷകരിൽ ഉണ്ടാക്കുവാനും അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും പാലക്കാട് കമ്പനിക്ക് സാധിച്ചുവേന്നതിന്റെ ഉത്തമദൃഷ്ടാന്തങ്ങളാണ് ആദ്യ വാർഷിക പൊതുയോഗത്തിലെ ശക്തമായ തീരുമാനങ്ങൾ. അടുത്ത ഒരു വർഷം ഈ കമ്പനിക്ക് നിർണ്ണായകമാണ് - കർഷകശക്തി എന്ന ബലത്തിൽ ഏത് പ്രതിസന്ധിയും തരണം ചെയ്യാൻ തയ്യാറായി മുന്നേറുകയാണ് ഈ കർഷക പ്രസ്ഥാനം. (ഫോൺ : 9447179341) |
21 Aug 2014
നാളികേര കർഷകർക്കു വേണ്ടി മാത്രം...
എം കെ ഹരികുമാർ ഓണപ്പതിപ്പ് 2020
ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...