Showing posts with label ARUNKUMAR ANNUR. Show all posts
Showing posts with label ARUNKUMAR ANNUR. Show all posts

22 Nov 2014

പ്രണയപഞ്ചകം

22 Sept 2013

പ്രണയജാലകം

അരുൺകുമാർ അന്നൂർ
1. ക്ഷണം

ഞാൻ കോശത്തിലും പ്രണയാർദ്രനായിരിക്കുന്നു
വരൂ
നിന്റെ വെറുപ്പിന്റെ വ്യഞ്ജനങ്ങളുമായി
എന്റെ
രതിയുടെ സ്വരാക്ഷരങ്ങളിൽ

2.ചുമ്മാ

നിനക്ക്‌
മഴയുടെ മനസ്സാണ്‌
ചുമ്മാ
പെയ്തുകൊണ്ടിരിക്കുന്നു.

3. തീരുമാനം

അവൾ ഒരു പുഞ്ചിരിയാണ്‌
അവളെ ഞാനെന്റെ
ചുണ്ടുകളിൽ പടർത്തും

4. പ്രച്ഛന്നത്‌

വഴിവക്കിൽ
ഒരു മുല്ലപ്പെണ്ണ്‌
അവളെ വശീകരിക്കാനൊരുങ്ങുന്നു
ഒരു കിഴവൻ കാറ്റ്‌
ഞാൻ പറയട്ടെ
ബൂർഷ്വാസി മരിച്ചിട്ടില്ല
അത്‌ പലരൂപത്തിൽ വരും

5. സ്തുതി

നീ എത്ര സുന്ദരം
ജനിക്കുന്നതിനു മുമ്പുപോലും
ഇതുപോലൊന്നു ഞാൻ കണ്ടിട്ടില്ല.

6. ചതി

നീ പുഞ്ചിരിച്ചു
ഞാനറിഞ്ഞില്ല
അതെനിക്കെരിഞ്ഞു തീരാനുള്ള
ഒരു തീക്കുണ്ഠമാണെന്ന്‌

7. വാഗ്ദാനം
മേഘങ്ങളിൽ ഇടിമുഴക്കമായ്‌
ഞാൻ വെളിപ്പെടുമ്പോൾ
നീ എന്നെ ശ്രമിക്കുക
വെളിച്ചത്തിന്റെ പൂങ്കുലകളായി
പുലരിയിൽ ഞാൻ
വിടർന്നുജ്ജ്വലിക്കുമ്പോൾ
നീ എന്നെ ദർശിക്കുക
ഞാൻ നിന്റെ പ്രണയമാകുന്നു
നീ തന്നെയാകുന്നു.

8. നീയും ഞാനും

നീയെന്നിൽ നിന്നിരുളിന്റെ
പ്രേതങ്ങളെത്തിരികെ വിളിച്ചു
ഞാൻ വെളിച്ചത്തിന്റെ ഗോപുരമായ്‌
നീയെന്നിൽ നിന്നത്യുഷ്ണത്തിന്റെ
നക്ഷത്രങ്ങളെത്തിരികെ വാങ്ങി
ഞാൻ പ്രണയത്തിന്റെ കുളിരാർന്ന സരോവരമായി.

9. നീ

നഷ്ടപ്പെടാൻ സാധ്യതയുള്ള ഒരു ജീവിതം
നീയെനിക്കു മടക്കിത്തന്നു
പൊലിയാൻ താത്പര്യപ്പെടുന്ന
ഒരു നക്ഷത്രം
നീ എന്റെ ഹൃദയത്തിൽ ചാർത്തിത്തന്നു

10. മാപ്പ്‌

പ്രണയമേ നീ ഇരുകൈകളിലും
തളികയേന്തി വരുന്നു
ഒന്നിൽ ജീവിതത്തിന്റെ അമൃത്‌
മറ്റൊന്നിൽ മരണത്തിന്റെ വിഷം
ഒന്നുമാത്രം സ്വീകരിച്ച്‌
നിന്നെ പിണക്കുന്നതിഷ്ടമില്ലാഞ്ഞ്‌
പാപി ഞാൻ രണ്ടും ചുണ്ടോടുചേർക്കുന്നു
തോഴീ നീയത്‌ പൊറുത്താലും.

19 Jul 2013

മദ്ധ്യം


അരുൺകുമാർ അന്നൂർ

ബോധോദയത്തിന്റെ വക്കിൽ
നൂറ്റാണ്ടുകൾക്കിപ്പുറം
ഒരു ശങ്കരൻ വന്നു നിൽക്കുന്നു
ചണ്ഡാലൻ
ഒരുന്തിന്‌
അവനെ
ബുദ്ധനിലേക്ക്‌ തള്ളിയിടുന്നു
വെള്ളത്തിനു മുകളിലൂടെ
അവൻ നടന്നു
അവൻ ആകാശത്ത്‌
തർക്കങ്ങളുടെ പല പാളികളുണ്ടാക്കി.
അവൻ നിശൂന്യതയെപ്പറ്റിപ്പറഞ്ഞു
എങ്കിലും വിഗ്രഹങ്ങൾ പണിഞ്ഞൊരുക്കി
അവൻ അനശ്വരമായതിനുവേണ്ടി വാദിച്ചു
പക്ഷെ അതിനെ കൂട്ടിലടച്ചു
പ്രച്ഛന്നത ചിലത്‌ നിലനിർത്തി
ചിലത്‌ മടക്കിക്കൊണ്ടുവന്നു
കെട്ടിക്കിടന്നത്‌ നിലച്ചു
കെട്ടിപ്പൊക്കിയത്‌ തകിടം മറിഞ്ഞു

ഒടുക്കം


നിർവ്വാണലഹരിയിൽ
തെരുവിൽ ഒരേ മുഖമുള്ള
നപുംസകങ്ങളുടെ ഉന്മത്തനൃത്തം
ഒരു മൂലയിൽ
കരയുന്ന ബുദ്ധശിശുവിനെ
മാറോടൊതുക്കി പൂതന
ഇങ്ങനെ മന്ത്രിക്കുന്നു
'കരയുന്ന കുഞ്ഞിനേ പാലൊള്ളൂ'
അത്‌
പുതിയ വേദമാകും
മനുഷ്യനുള്ള കാലത്തോളം
അത്‌ അവനെ ഊട്ടും

21 Jun 2013

പരിണാമം


അരുൺകുമാർ അന്നൂർ
തുടക്കം
തെരുവിൽ
അപസ്മാരബാധിതരുടെ
പ്രളയം

ആലിലത്തുമ്പിൽ
നൃത്തമാടി
ഒരു ബുദ്ധൻ വരുന്നു
ചിലർ കല്ലെടുക്കുന്നു
ചിലർ പൂക്കൾ
ഒരൊറ്റ വാക്കിന്റെ ശിലയിൽ
ഒരു യുഗം പിറക്കുന്നു
ഒരൊറ്റ നോട്ടത്തിന്റെ ഉളിയിൽ
പുറംപൂച്ചുകൾ പൊളിഞ്ഞുവീഴുന്നു
വിശന്നിരിക്കുന്നവന്റെ പാത്രം
ഇനി പട്ടി നക്കില്ല
സ്വയം ബലിയാകാൻ ഒരാട്ടിൻകുട്ടിയും
യാഗവേദിക്ക്‌ പിന്നിൽ ഊഴം കാത്തിരിക്കില്ല.
മാരനും മരണത്തിനുമിടയിൽ
ഒരു ദൈവമില്ലെന്ന വെളിപാടിൽ
ആര്യദേശം വിറയ്ക്കുന്നു
നിരാസത്തിന്റെ ധ്യാനബിന്ദുവിൽ
മരണസൂര്യന്റെ ചകിതനൃത്തം
പുലരിയിൽ,
വിശുദ്ധരെന്നു നടിച്ചവർ
പൊടുന്നനെ
വിപ്ലവപക്ഷത്തു ചേരുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...