Showing posts with label 87. Show all posts
Showing posts with label 87. Show all posts

27 Apr 2013

നിശാഗന്ധി വിരിഞ്ഞപ്പോള്‍

ജാകേഷ് പി  കെ 


അന്ന് രാത്രിയില്‍ നിശാഗന്ധി വിരിഞ്ഞപ്പോള്‍ എനിക്കറിയില്ലാര്‍ന്നു അതിനു ഒരു ദിവസത്തെ ആയുസ്സേ ഉള്ളൂ എന്നു …..
രാത്രി അത്താഴത്തിനു ശേഷം പാത്രങ്ങള്‍ കഴുകി വെയ്ക്കുന്നിതിനടയില്‍ അമ്മയാണ് വിളിച്ചു പറഞ്ഞത് ‘കുട്ടാ നമ്മുടെ ബെതലഹേം വിരിയാറായെന്നു’..
എനിക്കൊന്നും ആദ്യം മനസ്സിലായില്ല!!.. അതൊരു പൂവിന്റെ പേരാണ്…
എന്റെ കുഞ്ഞു മനസ്സിനു പൂവിരിയുന്നത് കാണാന്‍ വളരെ ആഹ്ലാദമായിരുന്നു… മുറ്റത്ത് നില്‍ക്കുന്ന പനിനീര്‍പൂവ് വിരിയുന്നത് ഞാന്‍ എത്രെ പ്രാവശ്യം കണ്ടിരിക്കുന്നു… പക്ഷെ അതെല്ലാം പകലിലായിരുന്നു…. ഈ പൂവ് രാത്രി വിരിഞ്ഞാല്‍ ആര് കാണാനാ.. എന്റെ മനസ്സില്‍ നവ കൌതുകങ്ങള്‍ രൂപപ്പെട്ടുക്കൊണ്ടേയിരുന്നു….
എങ്കിലും ഞാന്‍ ഓടിപ്പോയി പൂ വിരിയുന്നിനടുത്ത് സ്ഥാനം പിടിച്ചു… അപ്പോള്‍ അത് ഒരു പൂ മൊട്ടു മാത്രമായിരുന്നു….
ഞാന്‍ ചോദിച്ചു ഇതെന്തു പൂവാണെന്ന്… അമ്മയും ആദ്യമായിരുന്നു അങ്ങനെ ഒരു പൂ വിരിയുന്നത് കാണുന്നത്!!! അത് കൊണ്ട് അമ്മ പറഞ്ഞു ‘നീ ആദ്യം അത് വിരിയുന്നത് നോക്ക്…’
എന്റെ കണ്ണുകളിലൂടെ അമ്മയ്ക്കും അതൊരു കാണാ കാഴ്ചയായി മാറി….
പുഞ്ചകൃഷി കഴിഞ്ഞ സമയമായിരുന്നു അത്.. വെളിയില്‍ നല്ല ഈച്ച ശല്യം ഉണ്ടായിരുന്നു… പോരാത്തതിനു രക്തം ഊറ്റി കുടിക്കുവാന്‍ പാറി നടക്കുന്ന കൊതുകുകളും… അന്ന് അവിടെയിരുന്നു പ്രാണന്‍ എടുത്ത കൊതുകുകളുടെ എണ്ണം ഈ അടുത്ത കാലം വരെ എനിക്ക് ഓര്‍മ്മയുണ്ടായിരുന്നു….
ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ആ മുട്ടു മെല്ലെ മെല്ലെ വിടര്‍ന്നു ഒരു പൂവായി മാറി..
അടുക്കള ചുമരിനോട് ചേര്‍ന്ന് പഴയ ഒരു ഭിത്തി, കയ്യാലപ്പുരയുടെ, അവിടെ നിന്നിരുന്നു…. കയ്യാലപ്പുര എന്ന് പേരില്‍ മാത്രമേ ഉള്ളു…. മേല്‍കൂര ഒന്നും ഉണ്ടായിരുന്നില്ല…. പൂവിരിഞ്ഞ ചെടി ആ ചുവരില്‍ പടര്‍ന്നു പന്തലിച്ച പോലെ ആയിരുന്നു… പൂവിരിഞ്ഞത് നമുക്ക് ശരിക്കും കാണാന്‍ എന്ന പോലെ താഴേക്കു നീണ്ടു വന്നിട്ടായിരുന്നു..
അതിന്റെ ഇതളുകള്‍ക്ക് തൂവെള്ള നിറമായിരുന്നു…. അതിന്റെ ഓരോ ദളവും വിടര്‍ന്നു ഓരോന്നോരോന്നായി വിരിഞ്ഞു വന്നു…..
ഉള്ളില്‍ അതാ പൂമ്പൊടികള്‍!!!!!!!!! ഏതാണ്ട് യേശു കുഞ്ഞു പിറന്ന കാലിത്തൊഴുത്ത് നമ്മള്‍ ക്രിസ്തുമസ്സിനു പുല്‍ക്കൂട്ടില്‍ ഒരുക്കി വെക്കുന്നത് പോലെ… അതോ മഹാ വിഷ്ണുവിന്റെ അനന്ത ശയനമോ????
അത് കണ്ടു അത്ഭുതത്തോടെ നോക്കി നിന്നിരുന്ന എന്നോട് അമ്മ പറഞ്ഞു… ‘കണ്ടോ കുട്ടാ, ആ പൂമ്പൊടികള്‍ കണ്ടോ?, അത് അങ്ങനെ ആയത് കൊണ്ടാ ഇതിനു ബെതലഹേം എന്നു പറയുന്നേ… ശരിക്കും ഇതിനു നിശാഗന്ധി എന്നാ പേര്…’
അതിന്റെ മണവും സൗന്ദര്യവും എന്നെ ഒരുപാടു ആകര്‍ഷിച്ചു… എന്തെന്നില്ലാത്ത ഒരു സന്തോഷം ആ പൂവിന് എന്നില്‍ സൃഷ്ട്ടിക്കാന്‍ കഴിഞ്ഞു….
രാത്രി ഏറെ വൈകി പൂവ് വിരിഞ്ഞത് കൊണ്ട് ബാക്കി നാളെ നേരം വെളുത്തു ശരിക്കും കാണാം എന്നു കരുതി ഞാന്‍ ഉറങ്ങാന്‍ കിടന്നു….
അന്ന് എന്റെ സ്വപ്നത്തിലെല്ലാം ആ പൂവ് വിരിയുന്ന ചിത്രങ്ങളായിരുന്നു…
രാവിലെ ഞാന്‍, ഇന്നലെ വിരിഞ്ഞ പൂവ് കാണാന്‍ ഓടിയെത്തി…. പക്ഷെ വാടി ക്ഷീണിച്ചു നില്‍ക്കുന്ന പൂവ് മാത്രമാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്…
എന്റെ കണ്ണുകള്‍ ഈറന്‍ അണിഞ്ഞു!!!…
ഇത് കണ്ടു വന്ന അമ്മ പറഞ്ഞു .. ‘നീ വെറുതെ കരയേണ്ട, ആ പൂവിന് ഒരു ദിവസ്സത്തെ ആയുസ്സേ ഉള്ളൂത്രേ… അടുത്ത പ്രാവശ്യം പൂവിരിയുമ്പോള്‍ നമുക്ക് അതിന്റെ ഫോട്ടോ എടുത്തു വെക്കാം.’
ആ ആശയം എന്റെ കുഞ്ഞു മനസ്സിനെ കുറച്ചൊന്നു ആശ്വസ്സിപ്പിച്ചെങ്കിലും എന്റെ സന്തോഷത്തിനെറ്റ മങ്ങല്‍, അത് മനസ്സിലങ്ങനെ കിടന്നു….
പിന്നീട് ഒരുപാട് നിശാഗന്ധികള്‍ വിരിയുന്നത് ഞാന്‍ കണ്ടെങ്കിലും, ആ വിരിഞ്ഞ പൂവുകള്‍ക്കൊന്നും, അന്ന് ആദ്യമായ് വിരിഞ്ഞ നിശാഗന്ധി തന്ന സന്തോഷവും സൗന്ദര്യവും മണവും എന്റെ ജീവിതത്തില്‍ ഉണ്ടാക്കാന്‍ പോന്നവ ആയിരുന്നില്ല….

26 Mar 2013

മീസാന്‍ സൂക്ക് .!!

ഫൈസൽബാബു 


ശീതീകരിച്ച മുറിയില്‍ മൂടിപ്പുതച്ചുള്ള മയക്കത്തില്‍ നിന്നും അതിരാവിലെയുണര്‍ന്നത് മൊബൈല്‍ ഫോണിന്റെ നിലയ്ക്കാത്ത ശബ്ദം കേട്ടായിരുന്നു.
‘മുജീബിനു നിന്നെ അവസാനമായി കാണണമെന്നു .അധികം വൈകാതെ വരില്ലേ ?’.ഫോണിനു മറുതലയ്ക്കല്‍ ജയില്‍ ഓഫീസര്‍ അലി ഹസ്സന്‍ ആയിരുന്നു .എല്ലാം നിര്‍വ്വികാരനായി മൂളികേള്‍ക്കാനേ അപ്പോള്‍ കഴിഞ്ഞുള്ളൂ .ഇനി ജീവനോടെ അവനെ കാണാനുള്ള അവസാന അവസരമാകുമോ ഇത് ? ആവരുതേയെന്നു മനസ്സില്‍ ഇതിനകം പലതവണ പറഞ്ഞു കഴിഞ്ഞു . മറിച്ചൊരത്ഭുതം പ്രതീക്ഷകള്‍ക്കുമപ്പുറമാണ് .
കാര്‍ സ്റ്റാര്‍ട്ടാക്കി സെന്‍ട്രല്‍ ജയിലിലേക്ക് കുതിക്കുമ്പോഴേക്കും വീശിയടിക്കുന്ന മണല്‍ കാറ്റ് അന്തരീക്ഷം പൊടിപടലമാക്കിയിരുന്നു .അസഹനീയമായ ഉഷ്ണത്തില്‍ നിന്നും തണുപ്പിലേക്ക് മാറാനുള്ള പ്രകൃതിയുടെ പുറപ്പാടാണെന്നു തോന്നുന്നു ഈ മണല്‍ കാറ്റ് , .മുന്നോട്ട് കുതിക്കുംതോറും കാറ്റിനും ശക്തി കൂടുന്നു ,കഷ്ട്ടിച്ച് മൂന്നു മീറ്ററിലധികം ദൂരം, കാഴ്ച ദുഷ്‌കരം തന്നെ ,എങ്കിലും മുജീബിനെ കാണാനായുള്ള യാത്ര പാതി വഴിയില്‍ ഉപേക്ഷിക്കാന്‍ കഴിയില്ല.
‘ഇന്നും കൂടിയേ നിനക്കവനെ കാണാന്‍ സാധിക്കൂ ,ഇനി ഒരു പക്ഷെ ,അതിനു കഴിഞ്ഞെന്നു വരില്ല ..അവനെ കാണാനുള്ള രേഖകളൊക്കെ ഞാന്‍ ശെരിയാക്കിയിട്ടുണ്ട്’. .
അലീഹസ്സന്റെ വാക്കുകള്‍ വീണ്ടും ഓര്‍മ്മവന്നു .മുജീബിനെ മാത്രമല്ലല്ലോ കാണേണ്ടത് ഹഫ്‌സ യും ഉണ്ട് .അവളെ കാണുമ്പോള്‍ എല്ലാ ധൈര്യവും ചോര്‍ന്നു പോകരുതേ എന്ന് മാത്രമായിരുന്നു പ്രാര്‍ത്ഥന. !!
ഒരിക്കല്‍ സിറ്റിയില്‍ നിന്നും അകലെയുള്ള ഒരുള്‍ഗ്രാമത്തില്‍ ജോലി തീര്‍ത്തു ധൃതിയില്‍ മടങ്ങുമ്പോഴായിരുന്നു മുജീബിനെ ഞാനാദ്യമായി കാണുന്നത്. നട്ടുച്ചനേരത്ത് വഴിയില്‍ ബ്രേക്ക് ഡൌണായ പിക്കപ്പ് വാന്‍ ഹസാര്‍ഡ് സിഗ്‌നലിട്ട് അത് വഴി കടന്നു പോകുന്ന വാഹനങ്ങളുടെ നേര്‍ക്ക് പ്രതീക്ഷയോടെ കൈകാണിക്കുകയായിരുന്നു അയാള്‍. വളരെ ദൂരെ നിന്നുതന്നെ ഞാനയാളെ ശ്രദ്ധിച്ചിരുന്നു ,അടുത്തെത്തിയപ്പോഴാണ് അതൊരു മലയാളിയാണന്ന് മനസ്സിലായത്. കാര്‍ വേഗതകുറച്ചു റോഡരികിലേക്ക് ഒതുക്കി നിര്‍ത്തി. ഏറെ പരിശ്രമത്തിനൊടുവില്‍ ഒരു ആശ്വാസം കിട്ടിയ സന്തോഷത്തിലയാള്‍ കാറിനടുത്തേക്ക് ഓടി വന്നു .
‘വാന്‍ ബ്രേക്ക് ഡൌണായി കുറെ നേരമായി ഈ വഴിയില്‍ നില്‍ക്കുന്നു ,ഞാനും കൂടി വരട്ടെ ?’
എന്റെ അനുമതിക്ക് കാത്തു നില്‍ക്കാതയാള്‍ ഡോര്‍ തുറന്നു കാറില്‍ കയറി. ഞാന്‍ പോയ അതേ ഗ്രാമത്തിലേക്ക് തന്നെയായിരുന്നു അയാള്‍ക്കും പോകേണ്ടിയിരുന്നത്. വഴിക്ക് വെച്ച് വാഹനം കേടുവരികയായിരുന്നു. .രാജ്യത്തിന്റെ ഒരറ്റത്തു നിന്നും ആയിരം കിലോമീറ്റര്‍ അകലെയുള്ള പട്ടണത്തിലേക്ക് സ്‌റ്റേഷനറി സാധനങ്ങള്‍ വില്‍ക്കുകയാണ് ജോലി. ഇടക്കുള്ള ഇത്തരം ഗ്രാമങ്ങളിലും സിറ്റികളിലുമൊക്കെ കച്ചവടം നടത്തുന്നു. ഇത്രയും കാര്യങ്ങള്‍ ചോദിക്കാതെ തന്നെ അയാളെന്നോട് പറഞ്ഞു .
പത്തുവര്‍ഷമായി മുജീബ് പ്രവാസം തുടങ്ങിയിട്ട്. അതിനിടയില്‍ ഒരിക്കല്‍ നാട്ടില്‍ പോയി ,പെങ്ങളുടെ വിവാഹവും തന്റെ വിവാഹവും കഴിഞ്ഞു, ആറുമാസത്തെ അവധിക്ക് ശേഷം വീണ്ടും പ്രവാസത്തിലേക്ക്. ഉമ്മയും ഉപ്പയും, രണ്ടു അനിയന്‍മാരും ഒരു അനിയത്തിയുമുള്ള കുടുംബം മുതിര്‍ന്നയാളായത് കൊണ്ട് ഉത്തരവാദിത്വം മുഴുവന്‍ തന്റെ തലയില്‍ .കമ്പനിയില്‍ നിന്നും കിട്ടുന്ന തുച്ചമായ വരുമാനം കൊണ്ട് തല്‍ക്കാലം കുടുംബം കഴിഞ്ഞു പോകുന്നു. ഇതൊക്കെയായിരുന്നു മുജീബ് എനിക്ക് തന്ന ചിത്രം ,
പരിചയമുള്ള ഒരു വര്‍ക്ക് ഷോപ്പില്‍ മുജീബിനെ ഇറക്കി ഞാന്‍ യാത്ര പറയുമ്പോള്‍ അതോടെ ആ ബന്ധം തീര്‍ന്നുവെന്നായിരുന്നു കരുതിയത്. മുജീബിന്റെ മൊബൈല്‍ നമ്പര്‍ വാങ്ങാനോ പുതിയൊരു സൗഹൃദം കൂടി തുടങ്ങാനോ എന്തോ എനിക്കപ്പോള്‍ തോന്നിയില്ല .
വെള്ളിയാഴ്ച വീണു കിട്ടിയ ഒരവധി നുണയാന്‍ കടല്‍ക്കരയില്‍ കാറ്റ് കൊള്ളുമ്പോഴാണ് ഞാന്‍ അവിചാരിതമായി മുജീബിനെ വീണ്ടും കാണുന്നത് , കടല്‍ക്കരയോട് ചേര്‍ന്നുള്ള കോഫീ ഷോപ്പിലേക്കാവശ്യമായ സാധനങ്ങള്‍ വില്‍ക്കാന്‍ വന്നതായിരുന്നു അയാള്‍. ഒരു കോഫിക്ക് കൂടി ഓര്‍ഡര്‍ നല്‍കി അവനും കൂടെ കൂടി. അതൊരു പുതിയ ചാങ്ങാത്തത്തിന്റെ തുടക്കമായിരുന്നു. നാടിനെക്കുറിച്ചും പ്രവാസത്തെക്കുറിച്ചുമൊക്കെ ഞങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായി. അന്നത്തെയാ കൂടിക്കാഴ്ച അവസാനിച്ചത് എന്റെ ഫ്‌ലാറ്റിലെത്തി ഒന്നിച്ചുള്ള ഭക്ഷണത്തോടെയായിരുന്നു.
പിന്നീടുള്ള എല്ലാ യാത്രയിലും ഞങ്ങള്‍ തമ്മില്‍ കണ്ടിരുന്നു. സിറ്റിയില്‍ ഞങ്ങള്‍ക്ക് കിട്ടാത്ത സാധനങ്ങള്‍ വാങ്ങി കൊണ്ട് വരും മുജീബ്. അടുത്ത വരവില്‍ മുജീബിനെ കൊണ്ട് പട്ടണത്തില്‍ നിന്നും വാങ്ങിക്കാനുള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കല്‍ ശ്രീമതിയുടെ പതിവായി. മുജീബുവന്നാല്‍ പിന്നെ മോള്‍ക്കും പെരുന്നാളാണ്. അവള്‍ക്ക് കൈ നിറയെ ചോക്ലേറ്റും മിട്ടായിയും കിട്ടും.വന്നാല്‍ പിന്നെ പോവുന്നത് വരെ അവളെ കഥകള്‍ പറഞ്ഞും മടിയിലിരുത്തിയും കളിപ്പിക്കും ,യാത്ര പറഞ്ഞു പോയാല്‍ പിന്നെ അടുത്ത വരവിനായി മോള്‍ ‘മുജിയങ്കിള്‍’ വരുന്ന ദിനമെണ്ണി കാത്തിരിക്കും .
ഒരു സന്തോഷവാര്‍ത്തയുമായാണ് പിന്നീട് മുജീബെന്നെ കാണുന്നത്. ജീവിത സഖി ഹഫ്‌സ ക്ക് ഫാമിലി വിസ ശരിയായി എന്നും ഉടന്‍ എത്തും എന്ന് പറയുമ്പോള്‍ മുഖത്തെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. കല്യാണം കഴിഞ്ഞിട്ടും സ്വന്തമായി തലോലിക്കാനൊരു പിന്‍ഗാമിയെ പടച്ചവന്‍ നല്‍കിയില്ല എന്ന ഹഫ്‌സ യുടെ മനസ്സിലെ വിങ്ങലിനു കുറെ ആശ്വാസമാകും അതെന്നു എനിക്കും തോന്നി. താനിപ്പോള്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്ന കമ്പനി മാറി പുതിയൊരാളുമായി ഇതേ ജോലി പങ്കു കച്ചവടമായി തുടങ്ങാന്‍ പോകുന്നുവെന്നും അത് ഇപ്പോഴുള്ള സാമ്പത്തിക വരുമാനം കൂട്ടും എന്നൊക്കെ പറഞ്ഞായിരുന്നു അന്ന് മുജീബ് സലാം ചൊല്ലി പിരിഞ്ഞത് .
ഹഫ്‌സ വന്നതോടെ ഞാനും മുജീബുമായുള്ള കൂടിക്കാഴ്ചയും കുറഞ്ഞു വന്നു ,വല്ലപ്പോഴും ഒരു ഫോണ്‍കാള്‍, അല്ലെങ്കില്‍ എവിടെയെങ്കിലും വെച്ച് കുറഞ്ഞ സമയത്തില്‍ ഒരു കൂടിക്കാഴ്ച. എങ്കിലും ശ്രീമതിയും ഹഫ്‌സയും തമ്മില്‍ ഫോണില്‍ കൂടി സംസാരിക്കാത്ത ദിനങ്ങള്‍ കുറവായിരുന്നു.
ഒരു പെരുന്നാള്‍ ദിനത്തില്‍ ഞങ്ങളുടെ അതിഥികളായി വന്നത് ഹഫ്‌സയും മുജീബുമായിരുന്നു .എല്ലാ തിരക്കും മാറ്റിവെച്ചു അവധി ആഘോഷിക്കാന്‍ അവരും കൂടി ,നാട്ടു വിശേഷവും വീട്ടു വിശേഷവും ചര്‍ച്ചക്ക് വന്നപ്പോഴായിരിന്നു, മുജീബ് താന്‍ നാട്ടില്‍ വാങ്ങിയ സ്ഥലത്തെക്കുറിച്ചും അതില്‍ അയ്യായിരം സ്‌ക്ക്വയര്‍ ഫീറ്റില്‍ പണിയാന്‍ പോകുന്ന വീടിനെ കുറച്ചുമൊക്കെ പറയുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് മുജീബ് ഒരു പാട് സമ്പാദിച്ചു എന്നത് എന്നില്‍ കൌതുകമുണ്ടാക്കിയെങ്കിലും അതെല്ലാം പുതുതായി തുടങ്ങിയ ബിസ് നെസ്സില്‍ നിന്നാകുമെന്ന് ശ്രീമതിയെക്കൂടി വിശ്വസിപ്പിച്ചു. കൂടുതല്‍ അവരുടെ സ്വാകാര്യതയിലേക്ക് കടക്കാന്‍ എന്തോ എനിക്ക് താല്‍പര്യം തോന്നിയില്ല .
അപ്രതീക്ഷിതമായ ഒരു വാര്‍ത്തയുമായിരുന്നു ആ ദിനമെന്നെ തേടി വന്നത്. മുജീബിനെയും ഹഫ്‌സയെയും ഞങ്ങളുടെ സിറ്റിക്കടുത്ത ചെക്ക് പോയന്റ് ല്‍ നിന്നും പോലീസ് പിടിച്ചുവെന്നും ഉടന്‍ എത്തണമെന്നുമായിരിന്നു ഉള്ളടക്കം .എല്ലാമിട്ടെറിഞ്ഞു കുതിക്കുകയായിരുന്നു പോലീസ് സ്‌റ്റേഷനിലേക്ക്. അന്വേഷണത്തില്‍ നിന്നും നര്‍ക്കോട്ടിക് സെല്ലിന്റെ കസ്റ്റഡിയിലാണ് രണ്ടുപേരും എന്ന് മനസ്സിലായി. അതിര്‍ത്തി രക്ഷാ സേനയുടെ കണ്ണ് വെട്ടിച്ചു യമനികളെ ത്തിക്കുന്ന മയക്കുമരുന്ന് അടുത്ത സിറ്റിയിലെത്തിക്കാന്‍ ശ്രമിച്ചു എന്നുതായിരുന്നു കുറ്റപത്രം. കര്‍ശന നിയമങ്ങള്‍ പാലിക്കുന്ന ഒരു നാട്ടില്‍ മയക്ക് മരുന്ന് കടത്താന്‍ ശ്രമിച്ചാല്‍ മരണത്തില്‍ കുറഞ്ഞു ഒരു ശിക്ഷയുമില്ല എന്നറിഞ്ഞിട്ടും എന്നെക്കാള്‍ കൂടുതല്‍ ലോകപരിചയവും അനുഭവവുമുള്ള മുജീബ് എന്തിനായിരിക്കും ഇത്തരം ഒരു സാഹസം കാണിച്ചത് .??
ചിന്തകളില്‍ നിന്നുമുണര്‍ന്നതു വീണ്ടും മൊബൈല്‍ ചിലച്ചപ്പോഴായിരുന്നു.
‘നീ എത്താറായോ ?.അലി ഹസന്‍ വീണ്ടും എന്റെ വരവിനെക്കുറിച്ച് അന്വേഷിക്കുകയാണ്.
‘പൊടിക്കാറ്റാ അലി , ,അഞ്ചു മിനിട്ടിനകം ഇന്ഷാ അള്ളാ അവിടെയെത്തും’
‘ശെരി ശെരി വേഗം വാ ഞാന്‍ കാത്തിരിക്കാം ‘
ജയില്‍ വാതിലിനു മുമ്പില്‍ തന്നെ അലി കാത്തിരിക്കുന്നുണ്ടായിരുന്നു. ബന്ധവസ്സാക്കിയ ഗെയ്റ്റിലെ കിളിവാതില്‍ തുറന്നു പോലീസുകാരന്‍ ഞങ്ങളെ നോക്കി ,പിന്നീട് തിരിച്ചറിയല്‍ കാര്‍ഡു വാങ്ങി അകത്തേക്ക് വിട്ടു .ഇതിപ്പോള്‍ പലതവണ മുജീബിനെ കാണാന്‍ ഞാന്‍ വന്നിട്ടുണ്ട്. അത് കൊണ്ടാവാം കൂടുതല്‍ സുരക്ഷാ പരിശോധനയില്ലാതെ പെട്ടന്നു അലി ഹസ്സന്റെ കൂടെ സന്ദര്‍ശന ഹാളിലെത്താന്‍ കഴിഞ്ഞത്.
‘ഇരിക്കൂ ഞാനിപ്പോള്‍ വരാം ‘
അലി എന്നെ അവിടെവിട്ടിട്ടു മറ്റൊരു ഓഫീസിലേക്ക് പോയി. തനിച്ചായപ്പോള്‍ വീണ്ടും ഞാന്‍ മുജീബിനെക്കുറിച്ച് ഓര്‍ത്തു. മഹാനഗരത്തിലേക്ക് മയക്കു മരുന്ന് കടത്തുന്ന ഒരു വലിയ റാക്കറ്റിന്റെ കണ്ണിയായതാണ് അയാള്‍ക്ക് ഈ വലിയ ദുരന്തം വരാനിടയായത്. എളുപ്പം പണമുണ്ടാക്കാനുള്ള ബുദ്ധി ഉപദേശിച്ചത് അയാളുടെ പുതിയ പങ്കു കച്ചവടക്കാരനായിരുന്നുവത്രേ. സ്ത്രീകള്‍ കൂടെയുള്ളപ്പോള്‍ ചെക്ക് പോസ്റ്റുകളില്‍ അധികം പരിശോധനയുണ്ടാവില്ല എന്ന ധാരണയിലായിരുന്നു ഹഫ്‌സയെ ഓരോ യാത്രയിലും അയാള്‍ കൂടെ ക്കൂട്ടിയിരുന്നത്. മുജീബിന്റെ യാത്രയില്‍ കൂട്ട് പോവുക എന്നതില്‍ കവിഞ്ഞു ഒരു പാവം നാട്ടിന്‍പുറത്തുകാരിക്ക് ഒന്നും അറിയില്ലായിരുന്നു. അവളുടെ നിരപരാധിത്വം പല തവണ തെളിയിക്കാന്‍ അവസരമുണ്ടായിട്ടും എന്തോ ഹഫ്‌സ കോടതിയില്‍ കുറ്റം നിഷേധിക്കുകയോ വിധിയില്‍ ആശങ്കപ്പെടുകയോ ചെയ്തില്ല. താന്‍ അറിയാതെ തന്നെയൊരു കാരിയര്‍ ആയി ഭര്‍ത്താവുതന്നെ ഉപയോഗിച്ചിട്ടും അയാളെ ഒന്ന് തള്ളിപ്പറയാന്‍ പോലും അവള്‍ മിനക്കെട്ടില്ല .
‘വരൂ .നേരെ പോയി മൂന്നാമത്തെ ബ്ലോക്കില്‍ ഒന്നാം നമ്പര്‍ മുറിയിലാണ് ഇപ്പോള്‍ മുജീബ് ,പൊയ്‌ക്കോളൂ’ !
അലി കാണിച്ചു തന്ന വഴിയെ തനിച്ചു നടക്കുമ്പോള്‍ കൈകാലുകള്‍ വിറക്കുന്നുണ്ടായിരുന്നു. ഇത് മുജീബിന്റെ പുതിയ വാസം. ഈ ബ്ലോക്കില്‍ പോയി തിരിച്ചു വരുന്ന സന്തര്‍ഷകരൊന്നും പ്രസന്നരായി വരാറില്ല. ഒന്നു മുതല്‍ അഞ്ചു വരെയുള്ള സെല്ലുകളിലുള്ളവര്‍ മരണം കാത്തു കിടക്കുന്നവരാണ്. ഒന്നാം നമ്പര്‍ സെല്ലിലെയാള്‍ ഇഹലോകം വെടിഞ്ഞാല്‍ അടുത്ത സെല്ലിലുള്ളവര്‍ ഈ കൂട്ടിലേക്ക് കൂടുമാറും. അഞ്ചാം സെല്ലില്‍ നിന്നും മുജീബ് ഇപ്പോള്‍ ഒന്നാം നമ്പറിലെത്തിയിരിക്കുന്നു. ഇനി ഏറിയാല്‍ എഴുപത്തി രണ്ടു മണിക്കൂറില്‍ കൂടുതല്‍ എന്റെ കൂട്ടുകാരനും കൂട്ടുകാരിയും എനിക്കൊപ്പമുണ്ടാവില്ലല്ലോ റബ്ബേ.
അവസാനത്തെ പരിശോധനയും കഴിഞ്ഞു ഞാന്‍ മുജീബ് ന്റെ സെല്ലിലെത്തിയപ്പോള്‍ ,സെല്ലില്‍ വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യുകയായിരുന്നു മുജീബ്. എന്നെ കണ്ടപ്പോള്‍ ഗ്രന്ഥം മടക്കി വെച്ച് അടുത്ത് വന്നു. ഇനി എത്രനാള്‍ നിന്നെയെനിക്ക് കാണാനാവും. മുജീബ് നിന്നോട് പറയാന്‍ എനിക്ക് പലതുമുണ്ട് .ഇത്രയും നമ്മള്‍ തമ്മില്‍ അടുത്തിട്ടും എല്ലാം എന്നില്‍ നിന്നും മറച്ചു വെച്ചതിന് ഒന്നു മറിയാത്ത ഹഫ്‌സയെയും നിന്റെ കൂടെ മരണത്തിലേക്ക് തള്ളിവിട്ടതിന്. ഒരു കുടുംബം അനാഥമാക്കിയതിന്. അങ്ങിനെ ഒരു പാട് ,.എന്നാല്‍ വാക്കുകള്‍ മനസ്സില്‍ കിടന്നു തിളക്കുകയല്ലാതെ ഒന്നും പുറത്തു വന്നില്ല.
പതിവിലേറെ പ്രസന്നമായിരുന്നു അയാളുടെ മുഖം .ജീവിതത്തിനും മരണത്തിനുമിടയിലുള്ള മണിക്കൂറുകളെണ്ണി കഴിയുന്ന ഒരാള്‍ എന്ന് തോന്നുകയേ ഇല്ല .മോളെ കുറിച്ചും കുടുംബത്തെ ക്കുറിച്ചും പതിവുപോലെ എന്തൊക്കെയോ ചോദിക്കുന്നു .അയാളുടെ ചോദ്യങ്ങള്‍ക്ക് മൂളിയും പരസ്പര ബന്ധമില്ലാതെയും ഞാന്‍ എന്തൊക്കെയോ മറുപടി നല്‍കി സലാം ചൊല്ലി യാത്ര പറയുമ്പോള്‍ മുജീബ് പറഞ്ഞു.
‘നിന്ന നില്‍പ്പില്‍ മനുഷ്യന്‍ മരിക്കുന്നു ,ഒരു പക്ഷെ എന്നെക്കാള്‍ മുന്നേ ഈ ലോകം വിടുന്നത് നീ യായിരിക്കും .എങ്കില്‍ നിനക്ക് അവസാനമായി എന്ത് ആഗ്രഹമാണ് മറ്റുള്ളവരോട് പറയാനുണ്ടാവുക ? ഇതും അത്രയേ ഉള്ളൂ ,എന്നെ കുറിച്ചോര്‍ത്തു സങ്കടപ്പെടുകയോ കരയുകയോ ചെയ്യരുത് .’ ഒന്നിനും മറുപടി പറയാതെ അവിടെ നിന്നും പുറത്തിറങ്ങി.
ഒരു മണിക്കൂര്‍ കാത്തിരിപ്പിന് ശേഷമാണ് ഹഫ്‌സയെ കണ്ടത് . മുജീബില്‍ കണ്ട ധൈര്യമൊന്നും അവളിലെനിക്ക് കാണാനായില്ല ,ശരീരമൊക്കെ മെലിഞ്ഞു ആളെ കണ്ടാല്‍ തിരിച്ചറിയാന്‍ തന്നെ പ്രയാസം. നിരപരാധിത്വം കോടതിയില്‍ തെളിയിക്കാതെ എന്തിനായിരുന്നു മുജീബിനോപ്പം കുറ്റം ഏറ്റെടുത്തതെന്ന മനസ്സിനുള്ളിലെ ചോദ്യം ചോദിക്കാതിരിക്കാന്‍ തോന്നിയില്ല.
‘മുജീബ് ഇല്ലാത്ത ഒരു ജീവിതം. സമൂഹത്തിന്റെ ‘മയക്കുമരുന്ന് കച്ചവടക്കാരി ‘എന്ന പരിഹാസം .പിന്നെ സ്വന്തമായി ഒരു കുഞ്ഞിക്കാല്‍ കാണാന്‍ പോലും ഭാഗ്യമില്ലാതെയുള്ള ശിഷ്ട ജീവിതം ഏകാന്തമായി ജീവിതം കഴിച്ചു കൂട്ടുന്നതിലും വലുത് ഇങ്ങിനെയങ്ങ് തീരുന്നതാണ് .
‘ഒരു തരം ആതമഹത്യ അല്ലെ ?’ എന്റെ ചോദ്യത്തിനുത്തരം ഒരു മൌനവും പിന്നെ തേങ്ങി തേങ്ങിയുള്ള കരച്ചിലും മാത്രമായിരിന്നു.
‘ഹഫ്‌സ നീ അപ്‌സറ്റ് ആവല്ലേ ഇനിയും നമുക്ക് പ്രതീക്ഷയുണ്ട് ,എല്ലാവരുടെയും പ്രാര്‍ത്ഥന നിനക്കുണ്ട് ..ഒന്നും സംഭവിക്കില്ല .ധൈര്യമായിരിക്കൂ ‘ പ്രയോജനമില്ലാത്ത ആശ്വാസ വാക്കുകള്‍ പറഞ്ഞു ഞാന്‍ അവിടെ നിന്നും പുറത്തേക്കിറങ്ങി.
ഇനിയെന്ത് പ്രതീക്ഷ ? മൂന്നാം നാള്‍ റിയാദ് സ്ട്രീറ്റിലെ വലിയ ചത്തുരത്തില്‍ കൈ കാലുകള്‍ ബന്ധിച്ച നിലയില്‍ മുജീബിനെ കൊണ്ട് വരും. വഴിയെ പോകുന്നവര്‍ അത് കാണാനായി തൊട്ടടുത്തുള്ള ഗ്രൗണ്ടില്‍ വാഹനം പാര്‍ക്ക് ചെയ്തു ആ കാഴ്ച കാണാന്‍ മത്സരിക്കും. കാലുകള്‍ കൂട്ടികെട്ടി കൈകള്‍ പിറകോട്ടു കയറില്‍ ബന്ധിച്ച നിലയിലയാളെ ഇരുത്തും. ആരാച്ചാര്‍ വന്നാല്‍ അയാള്‍ ചെയ്ത കുറ്റങ്ങള്‍ പുറത്തു കൂടി നില്‍കുന്നവര്‍ക്ക് ഉറക്കെ വായിച്ചു കേള്‍പ്പിക്കും. .പിന്നെ അവസാന മന്ത്രങ്ങള്‍ ചെവിയില്‍ ചൊല്ലികൊടുത്തു മൂര്‍ച്ചയേറിയ വാള്‌കൊണ്ട് ആഞ്ഞു വീശും അതോടെ തീരും എല്ലാം .
മീസാന്‍ സൂക്കിലെ മരണത്തറയില്‍ ഹഫ്‌സയെയും കൊണ്ട് വരും. ശേഷം അവിടെയുള്ള തൂണില്‍ അവളെ ചേര്‍ത്ത് നിര്‍ത്തും. അവിടെയും ചെയ്ത കുറ്റങ്ങള്‍ മാലോകരെ വായിച്ചു കേള്‍പ്പിക്കും പിന്നെ മൂന്നോ നാലോ വെടിയുണ്ടകള്‍ ആ മെലിഞ്ഞ ശരീരത്തിലേക്ക് .അതോടെ അതും കഴിയും ,കുറേ പേര്‍ സഹതപിക്കും മറ്റു ചിലര്‍ കുറ്റപ്പെടുത്തും പിന്നെ കാല കറക്കത്തില്‍ അവര്‍ ഒരോര്‍മ്മയാകും .
അലി ഹസ്സനോട് യാത്രയും പറഞ്ഞു പുറത്തിറങ്ങി കാറില്‍ കയറുമ്പോള്‍ കണ്ണുനീരിനെ തുടക്കാനെന്നപോലെ തണുത്ത കാറ്റ് വീശുന്നുണ്ടായിര്‍ന്നു ..അത്ഭുതങ്ങള്‍ സംഭവിക്കില്ല എന്നറിഞ്ഞിട്ടും ശുഭ പ്രതീക്ഷയുടെ തണുത്ത കാറ്റ്

22 Feb 2013

മൃത്യു ഒരു ശാന്തിമന്ത്രം പോലെ ?

ഡി. വിനയചന്ദ്രന്‍ 


========================= 
ദേവന്‍ തറപ്പില്‍
=============================
കണ്ടു നിന്നെ ഞാന്‍ പലപല നാളിലായ് 
കൊണ്ടു പോയല്ലോ തീരാത്ത രോഗവും ?.
മാഞ്ഞു പോയീ,..മനം കവര്‍ന്നെപ്പോഴോ 
മായയായൊരു മഴവില്ലു പോലെ നീ ,!
കണ്ടല്‍ ,കാടുകള്‍ ,പ്രകൃതി,നദികളേം 
എപ്പോഴും കണ്ടു പ്രണയിച്ചു തീരാതെ ,
യാത്രയെന്നും നടത്തി നീ നാടിന്‍റെ ,
ഭേദിച്ചീടുന്ന ക്രൂരതയറിയുവാന്‍ !
നാളെയെക്കുറിച്ചെപ്പോഴും നാടിന്‍റെ 
 ഉള്‍ക്കണ്ട ഗ്രാമഭംഗിയെ പ്രേമിച്ചും 
ഒപ്പിഗ്രാമത്തിന്‍ ഭങ്ങികളെപ്പോഴും 
പക്വമായി രചിച്ചല്ലോ കവിതയില്‍ 
കാവ്യരചനയില്‍ തീര്‍ഥാടണം ചെയ്തു 
കടലും,പര്‍വ്വതോം താണ്ടീ കവി ഭക്തന്‍ 
കാവ്യധാരയെ പ്രണയിച്ചു മൂല്യങ്ങള്‍ 
ചോര്‍ന്നിടാതെ നീ കാവ്യങ്ങള്‍ തീര്‍ത്തപ്പോള്‍ 
അഗ്നിയില്‍ തീര്‍ത്ത കാവ്യങ്ങള്‍ നാടിന്‍റെ 
അഗ്നി കുണ്ഡങ്ങള്‍ തീര്‍ത്തിടും നിശ്ചിയം !
ഒഴുകിയെത്തീതു നദിപോലെ ദിവ്യമാം 
ഓര്‍മ്മയില്‍ത്തഴുകിയെത്തീടുമാശയം !
കരള്‍കവര്‍ന്നിന്നു പോയല്ലോ,കവിതപോല്‍ 
കടലീലാഴത്തിന്‍ മുത്തായി നീയിന്നു !
മൃത്ത്യു നിന്നെയും പുല്‍കീ നിരന്തരം 
മുത്തമിട്ടു ചിരിച്ചു നീ നേരിട്ടു !
അക്ഷരങ്ങളില്‍ തീര്‍ക്കുവാനാകാതെ 
അര്‍പ്പിച്ചിടുന്നു ഞാനദരാഞ്ജലികളും !
ദേവന്‍ തറപ്പില്‍

24 Jan 2013

മരണത്തിന്റെ മണം

അഷ്രഫ് കളത്തോട് 



നിഴലുകളുടെ നീളം അളന്നു
നമസ്കാരം നടത്തിയ ഉമ്മൂമ്മ
ഇന്നില്ല, നിറങ്ങള്‍ക്ക് ഇതള്‍ വെയ്ക്കുന്ന
ഒരു പ്രഭാതത്തില്‍ അവരുടെ
ഹൃദയം ആരോ കടമെടുത്തു!

നിശ്ശബ്ദമായ സായാഹ്നം പോലെ
വീട്ടുമുറ്റം അവരുടെ കാല്‍പെരുമാറ്റത്തിന്
വേണ്ടി തേങ്ങി!

അദ്ഭുതലോകങ്ങളുടെ ആകാശം
ആ തേങ്ങലില്‍ ഉരുണ്ടുകൂടി,
പെയ്തലയ്ക്കുന്ന ദുഃഖം
ഇടിഞ്ഞുപൊളിഞ്ഞു വീണു.

കരിന്തേളുകള്‍
അനന്തതയിലെ മിന്നായങ്ങളില്‍
തുറിച്ചുനോക്കി.

എന്‍റ കണ്ണുകളില്‍
ബാല്യം പിന്നെ ഒരു പൂക്കാലം
പോലെ വിടര്‍ന്നു ആനന്ദനൃത്തം ചവിട്ടി.

കാലദേശങ്ങളെ പിറകിലാക്കിയ ഓര്‍മ
അടുത്ത് മുട്ടിയുരുമ്മി കിടക്കുമ്പോള്‍
ഒരു പെരുപ്പ് കെട്ടിവരിയുമ്പോള്‍
മനസിലാകാതെ പോയത് എന്നെ
എവിടെയാണ് കളഞ്ഞുപോയത്
എന്നത് തന്നെയാണ്!

ഏതു  നിലത്തുവീണപ്പോള്‍
ഏതു മിനുത്ത പ്രതലത്തിലൊന്നില്‍ പ്രത്യക്ഷപ്
പെടുമെന്ന്
സ്വപ്നം കാണുകയായിരുന്നു.

വേദനകളുടെ തിര വന്നടിക്കുന്ന
ഒരു പാറക്കെട്ടിലായിരുന്നു അതിന്റെ അന്ത്യം.
ഉയര്‍ന്നുതെറിച്ച ഒരു ജലബിന്ദു
മുത്തുകണക്കെ മുഖത്തു പതിച്ചപ്പോഴുണ്ടായ

ആന്തല്‍ ആരും കാണാതെ തട്ടത്തില്‍ ഒപ്പിയെടുത്തു
നടക്കുമ്പോള്‍ എന്നെ എവിടെയൊക്കെയോ
കളഞ്ഞുപോയത് ഞാനോര്‍ത്തു.
എന്റെതെന്ന അവകാശ വാദം
കുഴിച്ചു മൂടി.

അവസാനം ഒറ്റപെട്ടവളായി
മരണത്തിന്റെ മണം ഞാന്‍
ആഴത്തില്‍ അറിഞ്ഞു തുടങ്ങുകയാണ്

22 Dec 2012

ഒരു ദൈവപുത്രന്റെ യാത്ര ..

ജയ  ശ്രീരാഗം

കാര്‍മേഘങ്ങളെ തോളിലേറ്റി
വിങ്ങി പൊട്ടി നില്‍ക്കുന്ന ആകാശം
ഒരിറ്റു വെള്ളത്തിന്‍ കനിവിനായി
യാചിക്കുന്ന ഭൂമി ..
ദൈവത്തിന്റെ സ്വന്തം മകനായി
ഒരാള്‍ യാത്രക്ക് ഒരുങ്ങുന്നു ..
സ്വന്തം സുഖങ്ങള്‍ എല്ലാം ത്യജിച്ചു..
പിന്‍ഗാമികളുടെ പിന്‍വിളിക്കായി കാത്തു നില്‍ക്കാതെ
മനസ്സും ശരീരവും പകുത്തു കൊടുത്ത ശക്തിയുടെ
ഇനിയും പറയാത്ത കഥകള്‍ക്ക് കാത്തു നില്‍ക്കാതെ
അമ്മതന്‍ താരാട്ടിന്റെ വിലാപകാവ്യങ്ങള്‍
കേള്‍ക്കാതെ
മണിമുത്തുകളുടെ കണ്ണീര്‍ പുഴകള്‍ കാണാതെ
ഭൂമിയില്‍ നിന്നും പറന്നു പോയ  ദേഹി
ആകാശത്തില്‍ എത്താന്‍ ഇനിയും മണിക്കൂറുകള്‍ മാത്രം !!
മൂടി കെട്ടിയ കാര്‍മേഘം  പൊട്ടി പൊട്ടി കരയുമോ  
അതോ വിരുന്നുകാരന്റെ വരവേല്‍പ്പിനായി 
വഴി നീളെ പനിനീര്‍ തളിക്കുമോ  ..???

22 Nov 2012

ഡോ.കെ.ജി.ബാലകൃഷ്ണൻ ആസ്ട്രേലിയയിൽ നിന്നു എഴുതുന്നു


 dr k g balakrishnan

Hari,

 love.This is from Darwin,Australia.How calm,cool & inspiriting the light blue sky! Only now I feel really proud for myself to be a writer. Otherwise I would not have celebrated this enchanting trip so much. Even the breeze,it seems to me, is more gentle,honest, humane and sincere.No body is there to harass you here.No masked mass is poisoning the tune and tone of the rotating truth! In Kerala(also in India) everyone is bluffing. 

You fool me; and I fool you! The fun is that still we think that we are democratic! I know what am I! You too know that. Still we think we are true to our self. Sure, this would rain to be the Pralaya, the great Crunch. But as a poet I can only dream the Dawn golden! So I dream, so I write! More later. Release of "Ganga" is at the famous DARWIN PUBLIC LIBRARY in January,2013. Love
. drkgb. 

In Darwin-
                        ============
                        I wonder,
                        Is this Keralam?
                        Bright this November-day,
                        Pure blue sky;
                        That I enjoyed;
                        During my childhood days;
                        The Timor Sea quite and lovely;
                        (But at present not the Arabian Sea);
 -My reminiscence, how motherly she was!

23 Oct 2012

നാളികേരത്തിന്റെ മൂല്യവർദ്ധനവും കയറ്റുമതിയും കർഷക കൂട്ടായ്മകളിലൂടെ



ടി. കെ. ജോസ്‌  ഐ.എ.എസ്



നാളികേര കയറ്റുമതി രംഗത്തെപ്പറ്റി ചർച്ച ചെയ്യുമ്പോഴും വിലയിടിവിനെക്കുറിച്ചും, നാളികേര കൃഷിയുടെ ഭാവിയെക്കുറിച്ചും സ്പർശിക്കാതെ പോകാനാവില്ല. തെങ്ങ്‌ - വെളിച്ചെണ്ണമരം അഥവാ കൊപ്രാമരം എന്ന കാഴ്ചപ്പാട്‌ അതിവേഗം മാറ്റിയെടുക്കണം. ആഭ്യന്തര വിപണിയിലെ വെളിച്ചെണ്ണയുടെയും കൊപ്രയുടെയും മിച്ചം (സർപ്ലസ്‌) ആണ്‌ വിലയിടിവിന്റെ കാരണമെന്ന്‌ മാധ്യമങ്ങൾ എഴുതുന്നു. വിലയിടിവിന്റെ കാണാച്ചരടുകൾ-മറ്റു ഭക്ഷ്യഎണ്ണകളുടെ ആഭ്യന്തര ഉത്പാദനം, ഉപയോഗം, ഇറക്കുമതി, കാലവർഷം, സ്റ്റോക്ക്‌ എന്നിവയുടെ അറിയാത്ത, പരസ്യപ്പെടുത്താത്ത കഥകളിലേക്കും കണക്കുകളിലേക്കും ശ്രദ്ധിക്കേണ്ടതുണ്ട്‌.
കയറ്റുമതി - ഇറക്കുമതി മേഖലയിൽ, വെളിച്ചെണ്ണ, കൊപ്ര, പിണ്ണാക്ക്‌, നാളികേരം എന്നിവയ്ക്ക്‌ പുറമെ ഏതെല്ലാം ഉൽപന്നങ്ങൾ എത്രമാത്രം ഇന്ത്യയിൽ നിന്നും പോവുന്നു? എവിടേക്കു പോവുന്നു? മറ്റ്‌ നാളികേരോത്പാദക രാജ്യങ്ങളുടെ കയറ്റുമതി, ഇറക്കുമതി ചിത്രം എന്താണ്‌? ഇത്തരം ഇന്നവേറ്റീവ്‌ പ്രോഡക്റ്റുകൾ ഇന്ത്യയിലേക്ക്‌ ഏതെല്ലാം, എത്രമാത്രം, വരുന്നു? ഇവ എന്തുകൊണ്ടാണ്‌ ഇന്ത്യയിലുണ്ടാവാത്തത്‌? ഇത്തരം നിരവധി ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്തിയാൽ മാത്രമേ നമ്മുടെ കേരകൃഷിയേയും കർഷകരെയും വിലയിടിവിന്റെ ആഘാതത്തിൽ നിന്നും സംരക്ഷിക്കാനാവൂ. അതിനാൽതന്നെ കേന്ദ്ര-സംസ്ഥാന ഗവണ്‍മന്റുകളോടൊപ്പം കർഷകരും ഇത്തരം കാര്യങ്ങളെക്കുറിച്ച്‌ വ്യക്തമായി ബോധവാൻമാരാകേണ്ടതുണ്ട്‌. തുടർച്ചയായ അന്വേഷണ പഠനങ്ങൾ കൊണ്ടു മാത്രമേ ഇക്കാര്യത്തിൽ നമുക്ക്‌ വ്യക്തമായ ചിത്രം ലഭിക്കൂ.


ചെറുകിട, നാമമാത്ര കർഷകർക്ക്‌ തനിയെ ഇത്തരം കാര്യങ്ങളിൽ ഇടപെടാനാവില്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കിക്കൊണ്ടാണ്‌ കേരകർഷക കൂട്ടായ്മകൾ വളർത്തിയെടുക്കുന്നതിന്‌ ബോർഡ്‌ ഊർജ്ജിതമായ പരിശ്രമം തുടങ്ങിയത്‌. ഉത്പാദക സംഘങ്ങൾ 2013 മാർച്ച്‌ 31ന്‌ 3000 എണ്ണം ആവണമെന്നതാണ്‌ ലക്ഷ്യം. ഇപ്പോൾ തന്നെ 1600-ലേറെ സിപിഎസുകൾ രൂപീകരിച്ചു കഴിഞ്ഞു. അടുത്ത പടിയായി ഇതുവരെ രൂപീകൃതമായ സിപിഎസുകളുടെ ഫെഡറേഷനു കളിലേക്കുള്ള മുന്നേറ്റം വേഗത്തിലാവേണ്ടതുണ്ട്‌. ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോഴേക്കും 120-150 ഫെഡറേഷനുകളും കേരളത്തിലുണ്ടാവേണ്ടതുണ്ട്‌. ഈ ലക്കം മാസിക നിങ്ങളുടെ കൈകളിലെത്തുമ്പോഴേക്കും, ആദ്യത്തെ 30 ഫെഡറേഷനുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടാവും എന്നു പ്രതീക്ഷിക്കുന്നു. ഈ പ്രക്രിയ തുടർന്നുകൊണ്ടേയിരി ക്കുകയാണ്‌.
സിപിഎസുകൾ രൂപീകരിക്കുന്നതിൽ ആരംഭകാലത്തു ണ്ടായിരുന്ന താൽപര്യക്കുറവ്‌ ഇന്ന്‌ പല ജില്ലകളിലും മാറിക്കഴിഞ്ഞിരിക്കുന്നു. നാളികേരത്തിന്റെ വിലത്തകർച്ചയും, ഉത്പാദനോപാധികളിലുണ്ടായിക്കൊണ്ടിരിക്കുന്ന അടിക്കടിയുള്ള വിലവർദ്ധനവും, കർഷക കൂട്ടായ്മകൾ രൂപീകരിക്കുന്നതിനും അവ ശക്തിപ്പെടുത്തുന്നതിനുമുള്ള ശക്തമായ പ്രേരക ശക്തിയാവേണ്ടതല്ലേ? ഇപ്രകാരമുള്ള ബുദ്ധിമുട്ടുകൾ നിറഞ്ഞ കാലഘട്ടത്തിൽ നമുക്ക്‌ ഒത്തൊരുമയോടെ പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ ആരാണ്‌ കേര കർഷകരെ രക്ഷിക്കാനെത്തുക? ആലസ്യത്തിൽ നിന്നും സടകുട ഞ്ഞെഴുന്നേൽക്കുന്നില്ലെങ്കിൽ ഇത്തരത്തിലുള്ള അപകടകരമായ സാഹചര്യം മെച്ചപ്പെടുത്താൻ നമുക്കെങ്ങനെയാണ്‌ കഴിയുക. താങ്ങുവിലയ്ക്കുള്ള സംഭരണത്തിലേർപ്പെട്ടിരിക്കുന്ന സിപിഎസുകൾ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്‌. കൂട്ടായ്മകളിലൂടെ ഇത്തരം പ്രശ്നങ്ങൾ പരസ്പരം അറിയിച്ച്‌, ആശയവിനിമയം നടത്തി, ഒത്തൊരുമയോടെ നിന്നെങ്കിൽ മാത്രമെ, ആകെയുള്ള കച്ചിത്തുരുമ്പായ സംഭരണമെങ്കിലും സുഗമമായി നടത്താനാവൂ.


വടക്കൻ കേരളത്തിലെ ഒരു ജില്ലയിൽ നാഫെഡിന്റെ ഒരു ക്ലർക്ക്‌, മറ്റൊരു കൊപ്രസംഭരണ സ്ഥാപനത്തിന്റെ വാഹനത്തിൽ, സിപിഎസ്സിലെത്തി നാളികേരം നൽകിയ കർഷകർക്ക്‌ കൊടുക്കാനായി എഴുതി വച്ചിരുന്ന ചെക്കുകൾ പിടിച്ചെടുത്തുകൊണ്ടുപോവുന്നു! ബാങ്ക്‌ അക്കൗണ്ടില്ലാതിരുന്ന ഏതാനും കർഷകർക്ക്‌ പണമായി നാളികേരത്തിന്റെ വില നൽകിയതിനെ ക്രിമിനൽ കുറ്റമായി അവതരിപ്പിച്ച്‌ അറസ്റ്റു ചെയ്യുമെന്നു ഭീഷണിപ്പെടുത്തി, നാലു ലക്ഷം രൂപയ്ക്കുള്ള ഡിമാന്റ്‌ ഡ്രാഫ്റ്റ്‌, സിപിഎസ്‌ പ്രസിഡന്റിന്റെ വ്യക്തിഗത ഉത്തരവാദിത്വമാക്കി മാറ്റി, വാങ്ങിയെടുത്തുകൊണ്ടുപോവുന്നു. സിപിഎസ്‌ പ്രസിഡന്റ്‌ മകളുടെ വിവാഹത്തിനുവേണ്ടി, വസ്തു വിറ്റ്‌ സഹകരണ ബാങ്കിൽ സൂക്ഷിച്ചിരുന്ന പണം നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും സംഭരണവിലയും വിപണിവിലയും തമ്മിലുള്ള അന്തരം, അദ്ദേഹത്തിന്റെ വ്യക്തിപരമായ ബാധ്യതയാക്കിമാറ്റി എടുത്തുകൊണ്ടുപോവുന്നു. ഇതെല്ലാം നടക്കുന്നത്‌ സാക്ഷരതയിലും വിദ്യാഭ്യാസത്തിലും സാമൂഹ്യബോധത്തിലും മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിൽ തന്നെയുമാണ്‌. നമ്മുടെ സിപിഎസുകൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ, പരസ്പരം ബന്ധപ്പെടുകയോ, ആശയവിനിമയം  നടത്തുകയോ ജില്ലയുടെ ചാർജ്ജ്‌ ഓഫീസറുമായോ, നാളികേര വികസന ബോർഡുമായോ ബന്ധപ്പെടുകയോ ചെയ്തിരുന്നെങ്കിൽ ഇത്തരമൊരു അത്യാഹിതം സംഭവിക്കുമായിരുന്നോ? സമാനമായ സാഹചര്യം എറണാകുളം ജില്ലയിലെ സിപിഏശിലുണ്ടായപ്പോൾ, പരസ്പരം ബന്ധപ്പെടുകയും ബോർഡുമായി ബന്ധപ്പെടുകയും ചെയ്തതിനാൽ സിപിഏശിന്റെ ഭാഗത്തു നിന്നുണ്ടായ ലഘുവായ തെറ്റ്‌ തിരുത്താൻ നാഫെഡ്‌ സമയം നൽകുകയുണ്ടായി. നാഫെഡ്‌ പോലുള്ള ഒരു ദേശീയ സഹകരണ ഫെഡറേഷന്റെ ഏറ്റവും താഴത്തെ തട്ടിലുള്ള സാക്ഷരനായ ഒരു ജീവനക്കാരൻ കർഷകന്റെ മുമ്പിൽ 'രാക്ഷസനായി' അവതരിക്കുമ്പോൾ സാധാരണക്കാരനായ നാമമാത്രകർഷകൻ, സിപിഎസുകളുണ്ടായിട്ടുകൂടി, ഭയന്നു പോവുന്നെങ്കിൽ, നമ്മുടെ കൂട്ടായ്മകളുടെ ശക്തിയും ബലവും സംഖ്യയും ഇനിയും എത്ര കണ്ട്‌ വർദ്ധിപ്പിക്കേണ്ടിയിരിക്കുന്നു.

സിപിഎസുകൾ ആദ്യമായിട്ടാണ്‌ കൊപ്ര സംഭരണത്തിലേക്കിറങ്ങിയത്‌. സ്വാഭാവികമായും സംശയങ്ങളും ആശങ്കകളും അവർക്കുണ്ടാവും. യഥാസമയം അതു പരിഹരിക്കുന്നതിന്‌, അതാതു ജില്ലകളിലെ ചാർജ്ജ്‌ ഓഫീസർമാരുമായി നിരന്തരം ബന്ധപ്പെടുകയും എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ അപ്പോൾ തന്നെ ടെലഫോൺ വഴിയെങ്കിലും ബന്ധപ്പെട്ട്‌ പ്രശ്ന പരിഹാരത്തിന്‌ നമുക്ക്‌ കൂട്ടായി ശ്രമിക്കുകയും വേണം. അംഗങ്ങളായ കർഷകരിൽ നിന്നും മാത്രമെ തേങ്ങ വാങ്ങി കൊപ്രയാക്കാൻ പാടുള്ളൂ. വാങ്ങുന്ന തേങ്ങയുടെ എണ്ണവും കർഷകന്റെ പേരും, അഡ്രസ്സും, തീയതിയും ഒരു രജിസ്റ്ററിൽ ലളിതമായി എഴുതി സൂക്ഷിക്കുക. എല്ലാ അംഗങ്ങൾക്കും നൽകുന്ന പണം ചെക്കായി മാത്രം നൽകുക; ഗുണമേന്മയുള്ള കൊപ്ര മാത്രം സംഭരണ ഏജൻസിയിൽ എത്തിക്കുക. ഈ നാലു കാര്യങ്ങൾ പാലിക്കുന്ന ഏതു സിപിഏശിനും കൊപ്ര സംഭരണവുമായി ബന്ധപ്പെട്ട്‌, എന്തെങ്കിലും പ്രശ്നങ്ങൾ സംഭരണ ഏജൻസിയുടെ ജീവനക്കാരിൽ നിന്നോ, നാഫെഡിന്റെ ഉദ്യോഗസ്ഥരിൽ നിന്നോ, നാഫെഡിന്റെ ഗുണമേന്മ പരിശോധകരിൽ നിന്നോ ഉണ്ടായാൽ, തീർച്ചയായും അവ പരിഹരിക്കുന്നതിന്‌ ബോർഡ്‌ നിങ്ങളോടൊപ്പമുണ്ട്‌. യാതൊരു കാരണവശാലും പ്രലോഭനങ്ങളിൽ വീഴുകയോ, തെറ്റു തിരുത്തുന്നതിന്‌ കോഴ ആവശ്യപ്പെടുന്നവർക്ക്‌ അതു നൽകുകയോ ചെയ്യരുത്‌. അത്തരം ആവശ്യങ്ങളുണ്ടായാൽ ആ വിവരം ഉടനടി ബോർഡിനെ വ്യക്തമായി അറിയിക്കുക. തീർച്ചയായും വേണ്ട നടപടികൾക്കായി നിങ്ങളോടൊപ്പം ബോർഡുണ്ട്‌. പക്ഷേ യാതൊരു കാരണവശാലും മേൽ സൂചിപ്പിച്ച നാലു നിബന്ധനകളിൽ വെള്ളം ചേർക്കാൻ പാടില്ല.

ചെറിയ കൂട്ടായ്മകളാണ്‌ സിപിഎസുകൾ. 15 മുതൽ 25 വരെയുള്ള സിപിഎസുകളുടെ ഫെഡറേഷനുകൾ കൂടുതൽ വലിയ കൂട്ടായ്മയാണ്‌. തെറ്റിനെയും അഴിമതിയെയും കൂറെക്കൂടി ശക്തമായി നേരിടാനും സിപിഎസുകളുടെ ആവശ്യങ്ങളിൽ അവരെ സഹായിക്കാനും ഫെഡറേഷനുകൾക്കാവും. അതിനാലാണ്‌ സിപിഎസുകളുടെ ഭാരവാഹികൾക്ക്‌ കൃത്യമായ പരിശീലന പരിപാടികൾ ആവിഷ്ക്കരിച്ചിരിക്കുന്നത്‌. സ്വാഭിമാനത്തോടെ തന്റെ തൊഴിൽ ചെയ്യുന്നതിനും, ന്യായമായ അവകാശങ്ങൾക്കുവേണ്ടി തലയുയർത്തി നിന്നുകൊണ്ട്‌ പ്രവർത്തിക്കാനും തങ്ങളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനു വേണ്ട അറിവും അവബോധവും ആത്മവിശ്വാസവും നൽകുന്നതിനും, സിപിഎസ്കളിൽ നിന്ന്‌ വലിയ കൂട്ടായ്മയായ ഫെഡറേഷനുകളിലേക്ക്‌ എങ്ങനെയാണ്‌ മുന്നോട്ട്‌ പോവേണ്ടത്‌ എന്ന്‌ മനസ്സിലാക്കുന്നതിനും, ശക്തമായ ടീംവർക്ക്‌ നടത്തുന്നതിനും പരിശീലനം ആവശ്യമാണ്‌. മുൻപ്‌ സൂചിപ്പിച്ച കൊപ്ര സംഭരണത്തിൽ ചെറിയ പിശകു സംഭവിച്ച രണ്ട്‌ സിപിഎസുകളുടെയും പശ്ചാത്തലം പരിശോധിച്ചു. ആദ്യത്തെ സിപിഎസ്‌ പ്രസിഡന്റിന്‌ പരിശീലനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. രണ്ടാമത്തെ സിപിഏശിന്റെ മുഴുവൻ ഭാരവാഹികൾക്കും മൂന്നു ദിവസം നീണ്ടു നിന്ന പരിശീലനം ലഭിച്ചവരായിരുന്നു! പരിശീലനത്തിനവസരം നൽകുമ്പോൾ പലപ്പോഴും നിസ്സാര പ്രശ്നങ്ങളുടെ പേരിൽ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ മടി കാണിക്കുന്ന സിപിഎസ്‌ ഭാരവാഹികൾ ധാരാളമുണ്ട്‌. ചെറിയ അസൗകര്യങ്ങളുണ്ടെങ്കിലും അവ മാറ്റി വച്ച്‌, അൽപം ബുദ്ധിമുട്ട്‌, അറിവിനുവേണ്ടിയും പ്രവർത്തന മികവിനുവേണ്ടിയും സഹിക്കാൻ കഴിയില്ലെങ്കിൽ വരും കാലഘട്ടങ്ങളിലും കർഷകർ പ്രതിസന്ധികൾ നേരിടുമ്പോൾ തളർന്നു പോവില്ലേ?
സിപിഎസുകളിൽ നിന്നും ഫെഡറേഷനുകളിലേക്കുള്ള മുന്നേറ്റത്തിൽ കണ്ട രസാവഹമായ ചില അനുഭവങ്ങൾകൂടി പങ്കുവെയ്ക്കട്ടെ. ഫെഡറേഷനുകളിൽ 15 മുതൽ 25 വരെ സിപിഎസ്കളാണ്‌ വേണ്ടത്‌. ഏങ്കിലും കൊപ്ര സംഭരണവും, കൊപ്ര ഡ്രയറുകൾ സ്ഥാപിക്കാനുമൊക്കെയായി, 8 സിപിഎസുകളെങ്കിലും ആദ്യം ഒരുമിച്ച്‌ ചേർന്ന്‌ ഫെഡറേഷൻ രൂപീകരിക്കാം എന്ന്‌ ടെലഫോണിൽ ബന്ധപ്പെട്ട സിപിഎസ്‌ ഭാരവാഹികളോടു പറഞ്ഞിരുന്നു. എന്നാൽ തങ്ങളുടെ പ്രദേശത്ത്‌ രൂപീകൃതമായ എല്ലാ സിപിഎസുകളും ഒരുമിച്ചു ചേർക്കണമെന്നും ആരെയും മാറ്റി നിർത്തരുത്‌ എന്നും കൂടി പറഞ്ഞിരുന്നു. പക്ഷേ ഒരു കർഷക സുഹൃത്ത്‌ വളരെ കഷ്ടപ്പെട്ട്‌ തന്റെ വിശ്വസ്തരും, താൻ പറഞ്ഞാൽ അനുസരിക്കുന്നവരും മാത്രമായ സിപിഎസുകളെ കൂട്ടിച്ചേർത്ത്‌ ഒരു പഞ്ചായത്തിന്റെ ഒരു പുഴയുടെ ഒരു വശം മാത്രമുള്ള 8 സിപിഎസുകൾ മാത്രം ചേർത്ത്‌ ഫെഡറേഷനുണ്ടാക്കുകയും, രജിസ്ട്രേഷൻ ആദ്യം അദ്ദേഹത്തിന്റെ ഫെഡറേഷനു നൽകുകയാണെങ്കിൽ പുഴയ്ക്കക്കരെയുള്ളവരും തന്റെ ഫെഡറേഷനിലേക്ക്‌ തനിയെ വന്നു കൊള്ളും എന്ന അഭിപ്രായവുമായി ബോർഡിൽ ബന്ധപ്പെടുകയും ചെയ്യുന്നു. സിപിഎസ്‌ ഭാരവാഹികളുടെ പരിശീലനം പൂർത്തിയാക്കിയോ, തങ്ങളുടെ പ്രവർത്തന പരിധി ഒരു ബ്ലോക്കിന്റെ എത്രഭാഗം വരും തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുമ്പോൾ ഇക്കാര്യത്തിൽ ടെലഫോണിൽ  മണിക്കൂറുകളോളം തർക്കിക്കുന്നതിന്‌ അദ്ദേഹത്തിനു മടിയുമില്ല. സിപിഎസുകളുടെയും ഫെഡറേഷനുകളുടേയും ഉത്തരവാദിത്വവും നേതൃത്വവും ഏറ്റെടുക്കുന്നവർ, ഒരു പുഴയുടെ അക്കരയിലുള്ളവരോ, ഒരേ പഞ്ചായത്തിലെ മറ്റു സിപിഎസുകളോ, ഒരേ ബ്ലോക്കിലെ അയൽപഞ്ചായത്തുകളിലെ സിപിഎസുകളോ അല്ല തങ്ങളുടെ ശത്രു, മറിച്ച്‌ നാളികേരത്തിന്റെ വിലയിടിക്കുന്നതിന്‌ രാജ്യത്തിനകത്തും പുറത്തുമുള്ള ശക്തികളോടാണ്‌ നമുക്ക്‌ എതിർക്കേണ്ടത്‌ എന്ന്‌ ദയവായി മനസ്സിലാക്കുക; വ്യക്തിഗതമായ ചെറിയ സൗന്ദര്യപ്പിണക്കങ്ങളും, സങ്കുചിതമായ ഭൂപ്രദേശത്തിന്റെ പ്രാദേശികവാദവുമൊക്കെ നമുക്ക്‌ മാറ്റിവെച്ച്‌ കേരകർഷകർ എന്ന ഒരു വിഭാഗമായി കർഷകരെ കാണണം. അങ്ങനെ കാണാനും പ്രവർത്തിക്കാനും കഴിയില്ലെങ്കിൽ കർഷക കൂട്ടായ്മകളിലേക്ക്‌ ഇറങ്ങി പുറപ്പെടാതിരിക്കുക തന്നെയാണ്‌ ഭേദം. പലപ്പോഴും, തങ്ങളുടെ പരിമിതമായ അറിവുകളും, ഹ്രസ്വകാല കാഴ്ചപ്പാടും തന്നെയാവണം ആളുകളെ ഇത്തരത്തിൽ ചിന്തിക്കുന്നതിനും പ്രവർത്തിക്കുന്നതിനും പ്രേരിപ്പിക്കുന്നത്‌. ഇത്തരം സങ്കുചിത പ്രവർത്തനങ്ങളുടെ തിക്താനുഭവങ്ങൾ കർഷകർ വേണ്ടതിലേറെ അനുഭവിച്ച നാടാണ്‌ നമ്മുടേത്‌. ഇത്തരം സങ്കുചിത ചിന്തകൾക്ക്‌ അതീതമായി പ്രവർത്തിക്കാൻ, നാളികേര മേഖലയിലെ രൂക്ഷമായ പ്രതിസന്ധി നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്‌.

നീരയെക്കുറിച്ചും നീരയുത്പാദിപ്പിച്ച്‌ മൂല്യ വർദ്ധിത ഉൽപന്നങ്ങളുണ്ടാക്കുന്നതിനെക്കുറിച്ചുമൊക്കെ ഗൗരവമായ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്‌. കർഷക കൂട്ടായ്മകൾ വഴി മദ്യ രഹിത നീര ഉത്പാദിപ്പിച്ച്‌, അതിൽ നിന്നും മൂല്യ വർദ്ധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിനെ തീർച്ചയായും ബോർഡ്‌ പ്രോത്സാഹിപ്പിക്കുന്നു. ഇത്തരം മൂല്യ വർദ്ധിത ഉൽപന്നങ്ങൾക്ക്‌ സ്വദേശത്തും വിദേശത്തും നല്ല വിപണിയുണ്ട്‌; ഈ വിപണി വളരുകയുമാണ്‌. ശ്രീലങ്ക, ഫിലിപ്പെൻസ്‌, ഇന്തോനേഷ്യ, തായ്‌ലന്റ്‌, മലേഷ്യ, വിയറ്റ്നാം, ചൈന തുടങ്ങിയ രാജ്യങ്ങൾ, നീരയും നീരയിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപന്നങ്ങളും ഉത്പാദിപ്പിച്ച്‌ ആഭ്യന്തര ഉപയോഗത്തിലൂടെയും കയറ്റുമതിയിലൂടെയും മികച്ച വരുമാനം നേടുന്നു. ഇന്തോനേഷ്യ കഴിഞ്ഞ 5 വർഷങ്ങൾ കൊണ്ട്‌ നീരയിൽ നിന്നും ഉത്​‍്പാടിപ്പിക്കുന്ന കോക്കനട്ട്‌ പാം ഷുഗർ ഉത്പാദനം 11 ടണ്ണിൽ നിന്നും 6 ലക്ഷം ടണ്ണായി വർദ്ധിപ്പിച്ചിരിക്കുന്നു. അതിൽ തന്നെ 1,44,000 ടൺ കയറ്റുമതിയും കഴിഞ്ഞ വർഷം നടത്തിയിരിക്കുന്നു.

നാളികേര വികസന ബോർഡ്‌ അർത്ഥശങ്കക്കിടയില്ലാത്ത വിധം ചില കാര്യങ്ങൾ അറിയിക്കട്ടെ. മദ്യോപഭോഗം ഇപ്പോൾത്തന്നെ വളരെ ഉയർന്നു നിൽക്കുന്ന  കേരളത്തിൽ, മദ്യമായി ഉപയോഗിക്കാവുന്ന ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതില്ല. എന്നാൽ മദ്യരഹിതമായ (സീറോ ആൽക്കഹോൾ) നീര  ആരോഗ്യദായകമായ പോഷക പാനീയമാണ്‌. അത്‌ ഉത്പാദിപ്പിച്ച്‌, മദ്യം ആകാതെ സംസ്ക്കരിച്ച്‌ വിപണനം നടത്തുന്നതിന്‌ കർഷക കൂട്ടായ്മകൾക്ക്‌ (കൂട്ടായ്മകൾ വഴി മാത്രം) അനുവാദം നൽകുന്നത്‌, കേര കൃഷിക്ക്‌ ശക്തി പകരും; കേര കർഷകർക്ക്‌ അൽപമെങ്കിലും ആശ്വാസമാകും. എന്നാൽ ആദ്യത്തെ ഏതാനും വർഷങ്ങളിൽ പാനീയം എന്ന നിലയിലെ സംസ്ക്കരണത്തേക്കാൾ 'പാം ജാഗ്ഗറി'യും, 'പാം ഷുഗറും' നീരയിൽ നിന്ന്‌ ഉത്പാദിപ്പിക്കുന്നതു വഴി, കർഷക കൂട്ടായ്മകൾക്ക്‌, സംസ്ക്കരണ രംഗത്ത്‌ മുന്നേറുന്നതിന്‌ കഴിയും. പൊതു സമൂഹത്തിൽ മദ്യത്തെക്കുറിച്ചും, നീര മദ്യമായി ദുരുപയോഗം ചെയ്യപ്പെടുമോയെന്നതിനെക്കുറിച്ചും ആശങ്കയുണ്ടാവാതിരിക്കുന്നതിന്‌ ഇതു സഹായിക്കും. ഒരു വർഷമെങ്കിലും പ്രവർത്തന പരിചയമുള്ള സിപിഎസുകൾ, ഫെഡറേഷനുകളായി 6 മാസമെങ്കിലും പ്രവർത്തിച്ച്‌, ഇളനീർ സംഭരണം, കൊപ്ര സംഭരണം തുടങ്ങിയ ഏതെങ്കിലും ഒരു സാമ്പത്തിക പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞവർക്ക്‌ മാത്രം നീരയുത്പാദത്തിനുള്ള അനുമതി നൽകുകയാണെങ്കിൽ ഉത്തരവാദിത്വ പൂർണ്ണമായ പ്രവർത്തനം നടത്തുന്നതിന്‌ സഹായകരമായിക്കും. ഇക്കാര്യങ്ങളിൽ സിപിഎസുകളും ഫെഡറേഷനുകളും വഴി കർഷകരുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും ക്രോഡീകരിച്ച്‌ ഗവണ്‍മന്റിൽ സമർപ്പിക്കുന്നതിന്‌ സിപിഎസുകൾ മുൻകൈ എടുക്കണമെന്നഭ്യർത്ഥിക്കുന്നു.
   

19 Sept 2012

ധന്യ നിമിഷം.

രഘുനാഥ് പലേരി



മുടി വെട്ടുമ്പോള്‍ ഉറങ്ങാത്തവര്‍ ചുരുക്കം. കൈ വഴക്കമുള്ള ആയുധക്കാരന്നു മുന്നില്‍ സമസ്ത ആയുധങ്ങളും വെച്ചു കീഴടങ്ങിപ്പോകുന്ന ഉറക്കം. തലയില്‍ രക്തയോട്ടം കൂടുന്ന നേരം.
തറവാട്ടില്‍ മുന്‍പ് മുടിവെട്ടാന്‍ വരുന്ന ആളെ കാണുമ്പോഴേ മുടി എല്ലാം കൊഴിഞ്ഞിരുന്നെങ്കില്‍ എന്ന്‍ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. പറമ്പില്‍ മരച്ചുവട്ടില്‍ പലകയിട്ട് ഇരിക്കണം. കത്രികക്ക് ഒരു മയവും കാണില്ല. തല കുനിച്ച് മുന്നില്‍ ഇരുന്നാല്‍ ഊടുവഴിയിലുടെ വാഹനം ഓടിക്കുന്ന കൌതുകത്തോടെ, മുടി വെട്ടുന്ന ആള്‍ എന്‍റെ തല സ്റ്റിയറിംഗ് ആക്കി ഇടം വലം തിരിച്ചങ്ങിനെ കളിക്കും. അത് പിന്നേം സഹിക്കാം. അറിയാതെ ഉറങ്ങി തല സ്വല്‍പ്പം കുനിഞ്ഞാല്‍ ഒരു തട്ടുണ്ട്. അശേഷം മയമില്ലാത്ത വിരല്‍ അമര്‍ന്നാല്‍ വേദനിക്കും. ഒരിക്കല്‍ ഞാന്‍ അത് അഛനോട് പറഞ്ഞു. എന്റെ വേദന അറിഞ്ഞതും തട്ട് വേണ്ടെന്ന്‍ അഛന്‍ കത്രികക്കാരനോടും പറഞ്ഞു. പിന്നെ അദ്ദേഹം തട്ടിയിട്ടില്ല. വാസ്തവത്തില്‍ എനിക്ക് വേദനിക്കുന്നത് അദ്ദേഹത്തിന് അറിയില്ലായിരുന്നു എന്ന്‍ അഛന്‍ പറഞ്ഞു. നല്ല ആരോഗ്യമുള്ള വിരല്‍ അല്ലേ. വാളിന്നറിയില്ലല്ലോ വാളിന്‍റെ മൂര്‍ച്ച.
സ്ക്കുളില്‍ എത്തിയപ്പോള്‍ മുടി മുറിക്കാന്‍ അഛന്‍ കൊണ്ടുപോകാറുള്ളത് കോഴിക്കോട് നടക്കാവിലെ വേലുവിന്‍റെ കടയില്‍. കസേരക്കയ്യില്‍ ഇരിക്കാന്‍ പലക ഇട്ടു തരും.. മയത്തില്‍ സംസാരിക്കും. അശേഷം വേദനിക്കില്ല. പക്ഷെ തലയുടെ പിറകില്‍ ഒരു യന്ത്രം വെച്ചുള്ള വടിച്ചെടുക്കല്‍ ഉണ്ട്. അപ്പോഴുള്ള ഇക്കിളി സഹിക്കാന്‍ പറ്റില്ല. ഞാന്‍ വളഞ്ഞു പുളയും. വേലുവിന്ന്‍ ദേഷ്യം പിടിക്കും.
‘കുട്ടീ കാത് മുറിഞ്ചിടും..’
വേലു എന്നെ പേടിപ്പിക്കും.
അതും ഞാന്‍ അഛനോട് പറഞ്ഞു. അഛന്‍ പരിഹാരം കണ്ടു.
‘മെഷിന്‍ വേണ്ട വേലു..’
‘ഓ ..’
വേലു വടിക്കല്‍ നിര്‍ത്തി. പകരം കത്രികയാക്കി. പക്ഷെ അക്കാലത്ത് മുടി വെട്ടി വന്നാല്‍ പലരുടെ വകയും പരിശോധന ഉണ്ട്. അവരില്‍ ചിലര്‍ ‘ഇതെന്താ
പിറകില്‍ വടിക്കാഞേ…’ ന്ന് ചോദിക്കും. അവര്‍ക്കും അഛന്‍ ഉത്തരം കൊടുക്കും.
‘അവന്‍റെ മുടിയില്‍ ഇരുമ്പുണ്ട്.. മെഷീന്‍ മുറിയും..’
(ആ മെഷിന്‍ ശബ്ദത്തിന് പില്‍ക്കാലത്ത്‌ ഞാന്‍ കണ്ട ചില വിയറ്റ്‌നാം യുദ്ധ സിനിമകളിലെ ഭയപ്പെടുത്തി പറന്നു വരുന്ന ഹെലിക്കോപ്ടറുകളുടെ ശബ്ദമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.)
ഇപ്പോള്‍ മുടി തന്ന അഛനും അമ്മയും എല്ലാം തലയ്ക്കു മുകളില്‍ വസന്തം തീര്‍ത്ത കത്രിക ശബ്ദംപോല്‍ പറന്നകന്നു. എനിക്കിപ്പോള്‍ ഈ മുടിയെല്ലാം പൂര്‍ണ്ണമായും കൊഴിഞ്ഞു നല്ല ഒരു കഷണ്ടി വരണം എന്നാണ് ആഗ്രഹം. ഒരു മുടി നാരും
പാടില്ല. അറ്റം കാണാത്ത മരുഭുമി. അതിനി അഛനോട് എങ്ങിനെ പറയും… ഉണ്ടായിരുന്നെങ്കില്‍ അഛന്‍ അതും സാധിച്ചു തന്നേനെ….
ചിത്രത്തില്‍ കോവൈപുത്തൂരിലെ മരുത്തുവര്‍ വേലു. എന്‍റെ ഇത്തിരി മുടിയില്‍ വിളയാടുന്ന വേലു. ഈ വേലുവിനെ കാണുമ്പോള്‍ എനിക്ക് പഴയ വേലുവിനെ ഓര്‍മ്മ വരും. തമിഴില്‍ മുടി മുറിക്കുന്ന ആളെ മരുത്തുവര്‍ എന്നാണ് വിളിക്കുക. വേലു മരുത്തുവര്‍ . ഞാന്‍ ഒരു മരുത്തുവര്‍ ആയിരുന്നെങ്കില്‍ എന്‍റെ സിനിമയില്‍ പേര് വരുക ‘മരുത്തുവര്‍ രഘുനാഥ് പലേരി’ എന്നായിരിക്കും അല്ലെങ്കില്‍ ‘രഘുനാഥ് പലേരി മരുത്തുവര്‍ ‘‍. രണ്ടായാലും സിനിമ നന്നായാല്‍ മതി എന്നത് വേറൊരു സത്യം…!
അല്ലെങ്കില്‍ , എന്തെങ്കിലും കാരണംകൊണ്ട് സ്വന്തം മുടിയെങ്കിലും മുറിച്ചു മരുത്തുവര്‍ ആകാത്തവര്‍ ആരാണ് നമുക്ക് ചുറ്റും ഉള്ളത്… :)

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...