Showing posts with label jijo agastian [thachan]. Show all posts
Showing posts with label jijo agastian [thachan]. Show all posts

20 Apr 2012

തീവണ്ടി


ജിജോ അഗസ്റ്റിൻ (തച്ചൻ)

തീവണ്ടി വരുന്നു
കൂവിപ്പാഞ്ഞ്‌
മരുന്നു വാങ്ങാനോരാൾ
പാളം കയറുന്നു
വണ്ടിയൊന്നു ഞെട്ടി,
ഈശ്വരാ! ഒന്നു കൂവാൻ കഴിഞ്ഞെങ്കിൽ!
ഇല്ല, നേരം പുലരുന്ന
സ്റ്റേഷനായിരുന്നില്ല
മുറിച്ചുകടക്കും മുമ്പയാൾ
മൂന്നു കഷണമാകുന്നത്‌
ഡ്രൈവർ കണ്ടില്ല
തീവണ്ടിയും മനുഷ്യന്റെ
കണ്ടുപിടുത്തമാണത്രെ!
മരുന്നു കിട്ടാതെ മകളും
ഉരുക്കു പാളത്തിലച്ഛനും
ആവി വണ്ടികളായി
അവരുടെ സൈറണിൽ
നേരം വെള്ളകീറുമ്പോൾ
പൊതിച്ചോറുമായി
പുലർച്ചവണ്ടി പിടിക്കാൻ വന്ന
അമ്മയുടെ തലയ്ക്കു മുകളിൽ
സ്റ്റേഷൻ കാക്കകൾ പറന്നിറങ്ങി

18 Mar 2012

നിലപാട്‌


ജിജോ അഗസ്റ്റിൻ (തച്ചൻ)

ആത്മീയവാദികൾക്ക്‌
എന്തിനുമേതിനും ഉത്തരമുണ്ട്‌
ചോദ്യം ചെയ്താലോ?
ഭയപ്പെടുത്തും, പിന്നെ തക്കത്തിനൊത്തുകിട്ടിയാൽ
തൊലിയുരിച്ച്‌ തിളച്ച എണ്ണയിൽ വറുക്കും
ഭൗതികവാദികൾക്കുമുണ്ട്‌
ഏതിനും പോംവഴി
പക്ഷേ ഉത്തരം മുട്ടിയാൽ
ആദ്യം കൊഞ്ഞനം കുത്തിനോക്കും
ഫലിച്ചില്ലെങ്കിൽ വാലു ചുരുട്ടിത്തിരുകി
ഓട്ടം പിടിക്കും
മിതവാദിയായാൽ
ഈ മാർഗങ്ങളെല്ലാം അവലംബിയ്ക്കാം
അതുകൊണ്ടു ഞാനും
കമ്യൂണിസ്റ്റായി.

14 Jan 2012

ഓട്ടുകിണ്ടി



ജിജോ അഗസ്റ്റിൻ (തച്ചൻ)
വക്കുപൊട്ടിയ സ്വപ്നങ്ങളും
ക്ലാവുപിടിച്ച ഓർമകളുമായി
ഇറയത്തു മൂക്കുകുത്തി വീണ
മോന്തായത്തിനു കീഴിൽ
അരഞ്ഞു വളഞ്ഞ
അരകല്ലിനു കൂട്ടായി
മഴയേറ്റും വെയിലേറ്റും
ആരാലും പെരുമാറാതെയും
ഏവർക്കും
തുപ്പാനുള്ള കോളാമ്പിയായ്‌;
മെതിയടിയൂരി തമ്പുരാൻ വന്നു
തൊട്ടുണർത്തുന്നതും
മെല്ലെ തലകുനിക്കുമ്പോൾ
നെഞ്ചിലൂടെപ്പായും
തണ്ണീരിൻ പ്രേമത്തിൽ
മുങ്ങിക്കുളിക്കുന്നതും
ഓർത്തോർത്തു പൊട്ടിച്ചിരിച്ചും
കയത്തിലിറങ്ങിപ്പോയ
പൊന്നാങ്ങള വന്നു വിളിക്കുമ്പോൾ
ഞെട്ടിയുണർന്നും
ആക്രിയഹമ്മദിൻ
കണ്ണേറിൽ പേടിച്ചും
ചോര ചത്തുപിടിച്ച നീലഞ്ഞരമ്പുകൾ
ഉഴുതിട്ട വെളുത്ത വയറു ചുളുക്കി
നീണ്ട മൂക്കിലൂടെയാസ്മാ വലിച്ച്‌
കൂനിക്കൂടി
ഒരു തമ്പുരാട്ടിക്കുട്ടി.

13 Sept 2011

കമ്പനിക്കാര്യം



ജിജോ അഗസ്റ്റിൻ (തച്ചൻ)



തലയിരിക്കുമ്പോൾ
ആടരുതെന്ന കൽപന
വാലു ശിരസ്സാ വഹിച്ചു
അതുകൊണ്ട്‌
തല തറയിലുരുണ്ടപ്പോൾ
വാലു കാലുകൾക്കിടയിൽ
മുഖമൊളിപ്പിച്ചു
തലയുടെയലമുറ കേട്ടു
വാലു വായപൊത്തിച്ചിരിച്ചു
തലയുടെ ഒരു വിധി!
ഒടുവിൽ തല നിശ്ചലമായപ്പോൾ
വാലിനുമനക്കം നിലച്ചു
വിധിയെ പഴിക്കാൻ പോലും
വാലിനു സമയം കിട്ടിയില്ല.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...