Showing posts with label payipra radhakrishnan. Show all posts
Showing posts with label payipra radhakrishnan. Show all posts

27 Apr 2013

തെങ്ങുകളുടെ വിഡ്ഢിത്തം


പായിപ്ര രാധാകൃഷ്ണൻ

കേരളത്തിന്റെ പ്രകൃതിഭംഗിയും വിഭവ സമ്പത്തും കണ്ട്‌ ഭ്രമിച്ച്‌ ആകർഷിക്കപ്പെട്ട വിദേശികൾ വിരുന്നുകാരായെത്തി ഭരണക്കാരായ കഥ ചരിത്രം നമുക്ക്‌ നൽകുന്നു. കേരളതീരത്തെ കേരങ്ങൾ തങ്ങളുടെ പീലിക്കൈകളാൽ മാടിവിളിച്ച്‌ അമൃതം നൽകി സൽക്കരിച്ച്‌ സ്വീകരിക്കാനിടയായതിൽ തെല്ല്‌ ഖേദിച്ചുകൊണ്ടുള്ള കവിതയാണ്‌ ചങ്ങമ്പുഴയുടെ "തെങ്ങുകളുടെ വിഡ്ഢിത്തം". 29-10-1954 ൽ രചിക്കപ്പെട്ട ഈ കവിത "സ്പന്ദിക്കുന്ന അസ്ഥിമാടം" എന്ന കൃതിയിൽ നിന്നുള്ളതാണ്‌.
"എന്തുവേണ, മെന്തുവേണ, മിങ്ങു പോരു നിങ്ങൾ
എന്തുവേണമെങ്കിലുമതേകാമല്ലോ ഞങ്ങൾ!
നോക്കു, നോക്കു ഞങ്ങളേന്തും കാഞ്ചനക്കുടങ്ങൾ
കേൾക്കു, കേൾക്കു ഞങ്ങളാണാക്കൽപദ്രുമങ്ങൾ!
ഭംഗിയില്ലേ കാണുവാ, നണിയണിയായ്‌ ഞങ്ങൾ
തിങ്ങിവിങ്ങി നിന്നിടുമീ വെൺമണൽത്തടങ്ങൾ?
ദൂരയാത്രകാരണം തളർന്നുപോയി നിങ്ങൾ
സാരമില്ലീപ്പൂന്തണലിൽ വിശ്രമിക്കു നിങ്ങൾ
മെല്ലെ, മെല്ലെ വീശി വീശി, സ്സൗഖ്യമേകാം ഞങ്ങൾ!
നല്ലപൊൻ കിനാക്കൾ പൂക്കും നിദ്ര പാകാം ഞങ്ങൾ!"
മാടിവിളിച്ചീവിധം മധുരമായ്‌ ക്ഷണിച്ചാൽ
മാറിയൊഴിഞ്ഞാരുപോകും മറ്റുദിക്കിൽ പിന്നെ ?
ആഴിയലമാലകളിൽ തത്തിയുലഞ്ഞാടി
കോഴിക്കോട്ട്‌ വന്നടുത്തിതന്നൊരു പായ്കപ്പൽ
ഗാമയുമനുചരരും കാലുകുത്തീമണ്ണിൽ;
ക്ഷേമലക്ഷ്മിക്കക്ഷണം കരടുപോയികണ്ണിൽ!
കേരകൽപഛായകളിൽ ചെന്നവരിരുന്നു;
ദൂരയാത്രാക്ലേശമവർ സർവ്വവും മറന്നു.
പ്രീതിയുൾച്ചേർന്നോതുകയായ്പ്പി
ന്നെയുമാക്കൽപ-
പാദപങ്ങൾ, ശോഭിതാഭിമാനവേപിതങ്ങൾ

(തുടരും)

23 Feb 2013

മഹാകവി കുട്ടമത്തിന്റെ ഒരു കേരകവിത


പായിപ്ര രാധാകൃഷ്ണൻ

കേരസംസ്ക്കാരത്തെ പോഷിപ്പിക്കുന്ന കാവ്യാനുഭവങ്ങൾ മലയാളത്തിലേറെയുണ്ട്‌. ചങ്ങമ്പുഴ, ഇടശ്ശേരി, വൈലോപ്പിള്ളി എന്നിവരുടെ സംഭാവനകൾ ശ്രദ്ധേയമാണ്‌. മഹാകവി കുട്ടമത്തിന്റെ 'ഇളം തളിരുകൾ' എന്ന ബാലസാഹിത്യകൃതിയിൽ ഉൾപ്പെടുന്ന 'കിളിയോല മാറി' എന്ന കവിത അതീവ ഹൃദ്യമാണ്‌.
ഒരു തൈത്തെങ്ങിനെ പ്രകൃതി എവ്വണ്ണമാണ്‌ മാതൃച്ഛായയിൽ ലാളിച്ച്‌ വളർത്തുന്നതെന്ന്‌ അതീവ ചാരുതയോടെ കുട്ടമത്ത്‌ അവതരിപ്പിക്കുന്നു. അത്യുത്തര കേരളത്തിൽ നിന്ന്‌ ഉദിച്ചുയർന്ന്‌ കൈരളിക്കാകെ കൗമുദിയായി ഭവിച്ച മഹാകവി കുട്ടമത്ത്‌ കുന്നിയൂര്‌ കുഞ്ഞിക്കൃഷ്ണക്കുറുപ്പിന്‌ ശ്രദ്ധാഞ്ജലി കൂടിയാകട്ടെ ഈ കവിത.




കിളിയോല മാറി
മഹാകവി കുട്ടമത്ത്‌

കിളിച്ചഞ്ചുപോലവേ വളഞ്ഞൊരങ്കുര-
ക്കളി ശൈശവത്തിൽ നിലകൊണ്ടുമെല്ലാം
തെളിവാർന്നുയർന്നു തൊഴുകയ്യുയർത്തി നീ-
യൊളി ചിന്നിവാണു ചെറുനാളികേരമേ!
കഴുകുന്നു നിന്നെ മഴവന്നു, നിത്യവും
തഴുകുന്നു നല്ല കുളിർ വായു സാദരം
മുഴു തിങ്കളും, രവിയുമൊന്നുപോലെ നിൻ -
തൊഴുകൈ വിടർത്തവേ വളർന്നിടുന്നു നീ.
കിളിയോല മാറിയിളതായ കോമള-
ത്തളിർ മാല കോർത്ത പല കൈകൾ കൊണ്ടു നീ
മിളിത പ്രഭം കുഴിയിൽ നിന്നു പൊങ്ങിവൻ
തെളിവാർന്ന ചക്രവലയം ച്ചറുക്കയായ്‌.
കനകക്കരിമ്പു തടിപോലെ നീണ്ടു നി-
ന്നനഘക്കരത്തിലിളകും ദളങ്ങളാൽ
ജനമാണസത്തിലെഴുതുന്നു ഭാവിയാ-
യിനി നീ തരുന്ന ശുഭമാം ഫലോദയം.
ശിശുവായ നിന്നെ ദുരപൂണ്ടശിക്കുവാൻ
പശുപാളിയുണ്ടു ബഹുവൈരിയെങ്കിലും
സ്വശുഭാശപൂണ്ട നരനുണ്ടു നിൻ യശ:
പിശുനാർത്ഥിയായ്‌ കൊടിയവേലി കെട്ടുവാൻ.
ബലമേകിടുന്നൊരമൃതം നിറഞ്ഞപൊൻ
കലശങ്ങളെത്ര ഹൃദയത്തിൽ വെപ്പു നീ
തല നീർന്നു കൽപതരുവായ്‌ വരുന്ന നിൻ
നിലനിൽപ്പു മുന്നിൽ നിഖിലോപകാരകം.

23 Nov 2012

കേരപ്പഴമ" ഹോർത്തൂസ്‌ മലബാറിക്കസും തെങ്ങും


പായിപ്ര രാധാകൃഷ്ണൻ

മലയാള ലിപിയിൽ അച്ചടി മഷി പുരണ്ട ആദ്യപുസ്തകമാണ്‌ ഹോർത്തുസ്‌  മലബാറിക്കസ്‌. കേരളത്തിലെ ഔഷധസസ്യങ്ങളുടെ സമഗ്ര വിജ്ഞാനം പകരുന്ന ഈ സചിത്ര ഗ്രന്ഥത്തിന്റെ രചയിതാവ്‌ വാന്റീഡാണ്‌. ആ കൃതിയ്ക്ക്‌ പ്രേരകമായതാകട്ടെ ഇട്ടി അച്യുതൻ വൈദ്യരുടെ 'കേരളാരാമ'വും. കൊച്ചിയിൽ വെച്ച്‌ തയ്യാറാക്കി ഹോളണ്ടിന്റെ തലസ്ഥാനമായ ആംസ്റ്റർഡാമിൽ 1678ൽ പ്രസിദ്ധീകരിക്കപ്പെട്ടതാണ്‌ 'ഹോർത്തൂസ്‌ മലബാറിക്കസ്‌' (മലബാറിന്റെ പൂന്തോട്ടം). മലയാളം, അറബി, കോംഗ്കണി ഭാഷകളാണ്‌ ഇതിൽ ഉപയോഗിച്ചിട്ടുള്ളത്‌.
ഈ മഹദ്‌ ഗ്രന്ഥത്തിന്റെ ഒന്നാം വാള്യത്തിലെ ആദ്യചിത്രങ്ങളിൽ തന്നെ റോമൻ ലിപികളിൽ രേഖപ്പെടുത്തിയിരിക്കുന്നത്‌ തെങ്ങിനെക്കുറിച്ചാണ്‌. ചൊട്ടയിൽ കട്ടം വെച്ചിട്ടുള്ള തെങ്ങിന്റേയും തെങ്ങോലയുടേയും, തേങ്ങക്കുലയുടേയും ചിത്രങ്ങൾ കൊടുത്തിട്ടുണ്ട്‌. തെങ്ങിന്റെ ഔഷധഗുണങ്ങളും കൃതിയിൽ വിവരിക്കുന്നുണ്ട്‌.
തെങ്ങ്‌ തരുന്ന മധുരദ്രവത്തെക്കുറിച്ചും തെങ്ങിന്റേയും തേങ്ങയുടേയും ഉത്ഭവത്തെക്കുറിച്ചും വളർച്ചയെക്കുറിച്ചും ഓരോ ഘട്ടത്തിലുമുള്ള ആകൃതി, ഉപയോഗം എന്നിവയെക്കുറിച്ചും വിശദമായി ഇതിൽ പ്രതിപാദിക്കുന്നു.
കള്ള്‌ ചെത്തിനെക്കുറിച്ച്‌ മൂന്നര നൂറ്റാണ്ട്‌ മുമ്പ്‌ ഈ ഗ്രന്ഥത്തിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ കൗതുകകരമത്രേ.
"തെങ്ങിൽ നിന്നും സൂരി എന്ന വീഞ്ഞുപോലുള്ള ലഹരിയുണ്ടാക്കുന്ന പാനീയം ലഭിക്കുന്നു. സ്വാദിഷ്ടമായതും നേർത്ത മധുരം, അൽപ്പം ഉപ്പ്‌ രസവും അമ്ലരസവുമുണ്ട്‌. എടുത്ത ഉടനെ നല്ല മധുരം, നേരം വൈകുന്നതിനനുസരിച്ച്‌ അമ്ലരസം, നിറം അൽപ്പം വെളുത്ത്‌ ആകാശനീലിമയുള്ളതും വിളറിയതും, കുമിളകൾ നിറഞ്ഞ്‌ പതഞ്ഞ്‌ പൊങ്ങുന്ന ഉപരിതലം, ചുരുങ്ങിയ സമയം കൊണ്ട്‌ കിണ്വനം നടക്കുന്നു. തത്സമയം സീൽക്കാര ശബ്ദം പുറപ്പെടുവിക്കുകയും ശക്തികൂടിയതും വീര്യമുള്ളതുമായ തുള്ളികൾ വായുവിലേക്ക്‌ ഉയരുകയും ചെയ്യുന്നു. വലിയ ഭാരം ധാന്യമാവ്‌ പുളിപ്പിക്കുവാനുള്ള കഴിവുണ്ട്‌. ഇതിൽ നിന്നും ലഹരിയുള്ള മദ്യം, വിനാഗിരി, ഇയാഗ്ര (iagre)) എന്ന ചക്കരയും ഉണ്ടാക്കുന്നു.

20 Sept 2012

കേരളത്തിലെ തെങ്ങുകൃഷിയുടെ വഴിത്താര


പായിപ്ര രാധാകൃഷ്ണൻ

പുഴകളും കടലും ചേർന്ന്‌ രൂപപ്പെടുത്തിയ കേരളത്തിലെ ഫലഭൂയിഷ്ടമായ തീരദേശം
തെങ്ങുകൃഷിയെ ഏക്കാളത്തും പ്രചോദിപ്പിച്ചു പോന്നിട്ടുണ്ട്‌. എഡി 1750 വരെ
ഈ തീരപ്രദേശം കൃഷിയോഗ്യമായിരുന്നില്ല. വിജനങ്ങളായ ചുള്ളിക്കാടുകളും
അസ്ത്രപ്പുൽമേടുകളുമായി തരിശായി കിടക്കുന്ന ആലപ്പുഴയുടെ തീരത്ത്‌ തുറമുഖം
സ്ഥാപിക്കുവാൻ രാജാകേശവദാസൻ അയച്ച വിദഗ്ദ്ധർ 1795ൽ കുറ്റിക്കാടുകൾ
വെട്ടിത്തെളിക്കാൻ തന്നെ രണ്ട്‌ മാസമെടുത്തുവത്രേ. 1805ൽ
വേലുത്തമ്പിദളവയും ഈ പ്രവൃത്തി തുടർന്നു. ആലപ്പുഴയുടെ വടക്കുഭാഗം
തെങ്ങിൻതോപ്പുകളും ബാക്കി നെൽപ്പാടങ്ങളുമാക്കിയത്‌ വേലുത്തമ്പിയാണ്‌.
കേരളത്തിലെ തെങ്ങുകൃഷിയുടെ ഉദയവികാസങ്ങൾ ആലപ്പുഴയുമായി ചേർന്ന്‌
നിൽക്കുന്നു.
1503ൽ ക്യൂറിയോമേറിയാ ദ്വീപിൽ നിന്നും പിടിച്ചെടുത്ത ഒരു കപ്പലിൽ
നിന്നുമാണ്‌ കപ്പലിനുവേണ്ട അലാസുകൾ (വടം) നിർമ്മിക്കാൻ കയർ
പറ്റിയതാണെന്ന്‌ പോർത്തുഗീസുകാർ മനസ്സിലാക്കുന്നത്‌. അങ്ങിനെയാണ്‌ കയർ
വ്യാപാരച്ചരക്കായി മാറുന്നത്‌.
എ.ഡി. 14-​‍ാം നൂറ്റാണ്ടിൽ കായംകുളം - കൊല്ലം തുറമുഖങ്ങളിലെ വിവിധയിനം
അരികളെക്കുറിച്ച്‌ പറയുന്നുണ്ടെങ്കിലും തേങ്ങയെക്കുറിച്ച്‌ ഉണ്ണുനീലി
സന്ദേശത്തിൽ ഒരു പരാമർശവും കാണുന്നില്ല. ഗുണവും വലുപ്പവും കൂടിയ
കപ്പത്തേങ്ങ (കപ്പൽ+തേങ്ങ) എന്ന പാക്കുതേങ്ങ പോർച്ചുഗീസുകാരാണ്‌
കേരളത്തിൽ കൊണ്ടുവരുന്നത്‌.
ഒമ്പതുമുതൽ 14 വരെ നൂറ്റാണ്ടുകളിലുള്ള അറബിയാത്രാ വിവരണങ്ങളിലോ,
കോഴിക്കോട്‌-കൊല്ലം കായൽ യാത്ര നടത്തിയ ഇബ്നുബതൂത്തയോ തെങ്ങ്‌
പരാമർശിച്ചു കാണുന്നില്ല. 1408ൽ ചെങ്ങ്‌ നാവിക പര്യവേഷണ സംഘത്തിലെ അറബി
ദ്വിഭാഷിയായിരുന്ന മാഹുവാനാണ്‌ തെങ്ങ്‌ കൃഷിയെക്കുറിച്ച്‌ ആദ്യമായി
പറയുന്നത്‌. കൊപ്രയും വെളിച്ചെണ്ണയും പ്രിയമുള്ള ചരക്കുകളായത്‌
ഡച്ചുകാരുടെ കാലത്താണ്‌.
മലബാറിലെ കൃഷി പറമ്പ്‌ കൃഷിയിലേക്ക്‌ ചുവടുമാറ്റേണ്ടതിനെക്കുറിച്ച്‌
വില്യം ലോഗൻ പറയുന്നുണ്ട്‌. 1810ൽ 30 ലക്ഷം തെങ്ങുകളുണ്ടെന്ന്‌ ഹാമിൽട്ടൺ
പറയുന്നു.1838 ൽ 36 ലക്ഷവും 1977 ആകുമ്പോഴേക്കും13,73,29,036 ആയും
തെങ്ങുകളുടെ എണ്ണം കേരളത്തിൽ വർദ്ധിച്ചു.
ഇന്നത്തെ തെങ്ങുകൃഷിയുടെ 74 ശതമാനവും 20-​‍ാം നൂറ്റാണ്ടിലുണ്ടായതത്രെ.
1896ൽ കരമനത്തോട്ടത്തോട്‌ ചേർന്ന്‌ കൃഷി പാഠശാലയും 1908ൽ കഴ്സൺ പ്രഭു
രൂപീകരിച്ച കൃഷിവകുപ്പും കേരളത്തിൽ കാർഷികമായ ഉണർവ്വ്വ്‌ പകർന്നു.
തുടർന്ന്‌ കോന്നിയിൽ മുളക്‌ തോട്ടവും ഓച്ചിറയിൽ തെങ്ങിൻതോട്ടവും
പുളിയറയിൽ മാതൃകാ കൃഷിത്തോട്ടവും പെരുമ്പാവൂരിലെ പച്ചില വളത്തോട്ടവും
(ഇന്നത്തെ സുഗന്ധതൈല ഗവേഷണ കേന്ദ്രം) ആരംഭിച്ചു. തുടർന്നുണ്ടായ
ഗവേഷണങ്ങളും അന്വേഷണങ്ങളും തെങ്ങുകൃഷിക്ക്‌ സാരമായ ഉത്തേജകമായി.

19 Jul 2012

നാളികേരത്തിന്റെ നാടോടിപ്പഴമ



പായിപ്ര രാധാകൃഷ്ണൻ
നാട്ടറിവുകളുടെ നിലവറയിൽ കേരവിജ്ഞാനം സമ്പന്നമാണ്‌. നാടൻപാട്ടുകൾ,
കടങ്കഥകൾ, പഴമൊഴികൾ, പുരാവൃത്തങ്ങൾ, ഐതിഹ്യങ്ങൾ, നാട്ടുഭക്ഷണം
എന്നിവയിലെല്ലാം നാളികേര സമൃദ്ധിയുണ്ട്‌. 'ചൊട്ട മുതൽ ചുടല വരെ' എന്ന
ചൊല്ലുതന്നെ മനുഷ്യജീവിതത്തിൽ കേരസംസ്കൃതിക്കുള്ള പ്രാമുഖ്യം
വിളിച്ചറിയിക്കുന്നതാണ്‌.പിറന്
നയുടനെ ശിശുവിന്റെ ആദ്യസ്നാനം 'ചെന്തെങ്ങിൻ
പാതിയിളനീർ' കൊണ്ടായിരുന്നു. കേരള ബ്രാഹ്മണരുടെ ജാതകർമ്മത്തിന്‌
'വിളക്ക്‌ വെച്ച്‌ കാണൽ' എന്നൊരു ചടങ്ങുണ്ട്‌. പത്ത്‌ പച്ചത്തേങ്ങ
കൂട്ടിവെച്ച്‌ അതിന്മേലിരുന്ന്‌ പിതാവ്‌ നവജാതശിശുവിനെക്കാണുന്ന
ചടങ്ങാണിത്‌.
മരിച്ച ആളെ ദർഭ വിരിച്ച്‌ കിടത്തി. തേങ്ങയുടച്ച്‌ അതിൽ തിരി കത്തിച്ച്‌
തലയയ്ക്കലും കാൽക്കലും വയ്ക്കാറുണ്ട്‌. സംസ്ക്കാരത്തിനും സഞ്ചയനത്തിനും
ശേഷം അവിടെ തെങ്ങിൻ തൈ നടുന്ന പതിവുണ്ട്‌.
കോട്ട, മരക്കലം, ആഭരണങ്ങൾ, ആയുധം എന്നിവ പണിതാൽ അവയുടെ അശുദ്ധി
നീക്കുന്നത്‌ ഇളനീരുകൊണ്ട്‌ കലശമാടിയാണ്‌.
"ചെന്തെങ്ങിന്റോരു കുലയിളനീര്‌ കൊണ്ടുവന്നാരേ
ചെത്തിയുരിച്ച്‌ കൊത്തിയുടച്ച്‌ കലശമാടുന്നാരേ...." (മരക്കലപ്പാട്ട്‌)
പുത്തൻനെൽക്കതിർ ഗൃഹത്തിൽ ആദ്യമായി കയറ്റുമ്പോൾ (നിറയ്ക്ക്‌) ഇളനീർ
കലശമാടാറുണ്ട്‌. രണ്ടു പച്ചത്തേങ്ങ കൂട്ടിക്കെട്ടിയ ഏരത്തേങ്ങ പല
മംഗളകർമ്മങ്ങൾക്കും വയ്ക്കുന്ന പതിവുണ്ട്‌. ഏരത്തേങ്ങയും നിറകുടവും
വെച്ചാണ്‌ ഉത്തരകേരളത്തിൽ സ്ത്രീകൾ കാമപൂജ നടത്തുന്നത്‌.  വിവാഹം
കഴിഞ്ഞുവരുന്ന വധുവിന്‌ ബന്ധുഗൃഹത്തിൽ നിന്നും തേങ്ങയും പണവും കൊടുക്കണം.
വിഷുവിന്‌ കണികാണാൻ ചക്ക, മാങ്ങ എന്നിവയോടൊപ്പം ഏരത്തേങ്ങയും
വയ്ക്കാറുണ്ട്‌.
ദേവതാപ്രീണനാർത്ഥം നടത്താറുള്ള താലപ്പൊലിയിൽ നാളികേരത്തിന്‌
മുഖ്യസ്ഥാനമാണുള്ളത്‌. ഹോമപൂജാദികളിൽ പത്മമിട്ട്‌ ദേവതാസങ്കൽപം
നടത്തുമ്പോൾ നാളികേരം വച്ചാണ്‌ ആരാധന നടത്തുന്നത്‌.
ഉത്സവാഘോഷങ്ങൾക്ക്‌ പന്തൽ അലങ്കരണത്തിൽ കുരുത്തോലയും പൂക്കുലയും
അവിഭാജ്യഘടകങ്ങളാണ്‌. തേങ്ങയുടെ ആകൃതിയിൽ ചേടിക്കളം വരയ്ക്കുന്ന
പതിവുമുണ്ട്‌. ചിരട്ടയിൽ നിന്നും ഇളകിയ തേങ്ങ പൂളിയെടുക്കാതെ
പ്രത്യേകരീതിയിൽ ഇളക്കിയെടുത്ത്‌ മാലപോലെ തൂക്കിയിടുന്ന പതിവ്‌ കളിയാട്ട
മഹോത്സവങ്ങളിലും മറ്റും ഉണ്ട്‌.
പുത്തരിയുണ്ട, പൂരക്കഞ്ഞി, പൂരയട, ഗണപതിഹോമം എന്നിവയ്ക്ക്‌ നാളികേരം
അത്യാവശ്യഘടകമാണ്‌. ഭഗവതിക്ഷേത്രങ്ങളിലെ പൊങ്ങൂറടി, സർപ്പബലിക്കുള്ള
നൂറും പാലും തുടങ്ങിയവയ്ക്ക്‌ ഇളനീർ അത്യാവശ്യമാണ്‌.
മന്ത്രവാദകർമ്മങ്ങളായ നാളികേര സ്തംഭനം, ശകുനം, നിമിത്തം, ഫലനിർണ്ണയം
തുടങ്ങിയവയിലും നാളികേരം ഉപയോഗിക്കാറുണ്ട്‌.
അടുക്കളയിലെ കഞ്ഞിക്കയിൽ മുതൽ ആഭരണച്ചെപ്പ്‌ വരെയുള്ള നിരവധി
ഗൃഹോപകരണങ്ങളുടേയും കൗതുക വസ്തുക്കളുടേയും നിർമ്മാണത്തിന്‌ ചിരട്ട
ഉപകരിക്കുന്നുണ്ട്‌. ഭസ്മക്കുടുക്കയായും
പൂഴിക്കുടുക്കയായുംഎണ്ണക്കുടുക്കയായും ചിരട്ട ഉപയോഗിച്ച്‌ പോന്നിരുന്നു.
അമരകോശത്തിലും മറ്റും നാളികേരത്തെ ഔഷധവർഗ്ഗത്തിലാണ്‌
പെടുത്തിയിട്ടുള്ളത്‌. ഇളനീർ, ചിരട്ട, ഈർക്കിൽ, തെങ്ങിൻവേര്‌
എന്നിവയൊക്കെ ഔഷധങ്ങളാണ്‌. 'മുലപ്പാലില്ലെങ്കിൽ കുലപ്പാൽ' എന്നാണല്ലോ
ചൊല്ല്‌!
ഗണപതിയുടെ കൈയ്യിൽ നിന്നും തേങ്ങ വീണുപൊട്ടി ഒരു മുറി ഭൂമിയും മറുമുറി
ആകാശവുമായെന്നൊരു പുരാവൃത്തവും നാടോടിഗാനങ്ങളിലുണ്ട്‌.

20 Apr 2012

ഫലമറിയാൻ നാളികേരം



പായിപ്ര രാധാകൃഷ്ണൻ

ലോകത്തെവിടെയുമുള്ളതുപോലെ കാർഷികമായ അനുഷ്ഠാന കർമ്മങ്ങൾ
കേരളത്തിലുമുണ്ടായിരുന്നു. പ്രാർത്ഥനാ പൂർവ്വമായിട്ടാണ്‌ കർഷകർ
വിളവിറക്കാൻ ആരംഭിക്കുന്നത്‌ തന്നെ. ഈ അനുഷ്ഠാന കർമ്മങ്ങളിൽ
നാളികേരത്തിന്‌ പ്രാധാന്യം ഉണ്ടായിരുന്നതായി കാണാം. കൃഷി ആരംഭത്തിനുള്ള
മുഹൂർത്തം നിശ്ചയിച്ച്‌ അതിൻപ്രകാരം കൃഷിഭൂമിയിൽ ഗണപതിപൂജ നടത്തും.  നല്ല
കാലാ വസ്ഥയ്ക്കും സമൃദ്ധമായ വിളവിനും വേണ്ടിയുള്ള പ്രാർത്ഥ നകൾക്ക്‌ ശേഷം
കൊഴുവിൻമേൽ നാളികേരമുടച്ച്‌ നാളികേരമുറികളുടെ വലിപ്പച്ചെറുപ്പം നോക്കി
ഫലം പറയുന്ന രീതിയുണ്ട്‌. രണ്ടു പകുതിയും സമമാണെങ്കിൽ ശരാശരി വിളവേന്നും,
 പിൻഭാഗം വലുപ്പം കൂടിയതാണെങ്കിൽ വിളവ്‌ അധികരിക്കുമെന്നും ഫലം.  വെള്ളം
തൂവി പോകുകയോ, കണ്ണിന്‌ പൊട്ടുവരികയോ ചെയ്താൽ ഫലം കഷ്ടകാലമെന്ന്‌
കണക്കാക്കണം. രണ്ടു മുറിയിലേയും നാളികേരവെള്ളത്തിൽ ഓരോ തുളസിയിലയിട്ട്‌
നോക്കും. തുളസിയില വലത്തോട്ട്‌ ചലിച്ചാൽ ശ്രേഷ്ഠമായ ഭാവിയും
മറിച്ചാണെങ്കിൽ വിപരീത ഫലവുമാകും.
പന്ത്രണ്ട്‌ വർഷമെങ്കിലും മൂപ്പുള്ള തെങ്ങിന്മേലുള്ള മൂപ്പെത്തിയ കുല
മെല്ലെ താഴെയിറക്കി വിത്ത്‌ പാകണം. പച്ചമഞ്ഞൾ മുളപ്പിച്ചതിന്നരികെ
കുഴികുത്തി മണലിട്ട്‌ ഉപ്പിട്ട്‌ തിരുവാതിര ഞാറ്റുവേലയിൽ തെങ്ങ്‌
വെയ്ക്കണ മെന്നാണ്‌ പഴമക്കാർ പറയുന്നത്‌.
"ഓരുതട്ടുന്ന ഭൂമിയിലേറ്റവും
പാരിക്കുന്നിതു കേരങ്ങളെത്രയും
പാരമില്ല ചിതലങ്ങു ഭൂമിയി-
ലോരു തട്ടുന്ന ദേശത്തു നിർണ്ണയം"
(കൃഷിഗീത)
തെങ്ങ്‌ വയ്ക്കുന്നത്‌ പുണ്യ കർമ്മമായിട്ടും കൃഷിഗീത ഉദ്ഘോഷിക്കു ന്നുണ്ട്‌.
"തെങ്ങ്‌ വെയ്ക്കുന്ന മാനുഷരെല്ലാരും
പൊങ്ങിടാതെയിരിക്കുന്നു സ്വർഗ്ഗത്തിൽ"
ഓരോ ഭവനവും ഒരുൽപാദന കേന്ദ്രവും ജീവിതത്തിന്റെ സ്വതന്ത്രശിൽപവും എന്ന
സങ്കൽപ മായിരുന്നു കേരളത്തിൽ നിലനിന്നിരു ന്നത്‌. ഓരോ വീട്ടിലെ
വിഭവങ്ങൾക്കും ഓരോ രുചി. ഓരോ വീട്ടിലെ അച്ചാറിനും, ചമ്മന്തിക്കും,
ഉപ്പേരിക്കും ഓരോ രുചി (ഇന്നിപ്പോൾ എല്ലായിടത്തേ യും രുചി മൾട്ടി നാഷണൽ
കോർപ്പറേറ്റ്‌ രുചിയാണ്‌!). ക്ഷാമ കാലത്തേയ്ക്ക്‌ കരുതിവെയ്ക്കേണ്ടതിൽ
വെളിച്ചെണ്ണ യ്ക്കും സ്ഥാനമുണ്ടാ യിരുന്നു.
"നല്ലെണ്ണ, വെളിച്ചെണ്ണ, പൂവത്തെണ്ണ
നല്ല കൊട്ടയെണ്ണായിവയൊക്കവേ
സംഭരിച്ച്‌ ഭരണിയിലാക്കണം
ശുഭവത്തായി സൂക്ഷിച്ച്‌ വെയ്ക്കണം...
പുരയൊക്കെ കെട്ടിമേഞ്ഞിട്ടുട-
നിരിക്കേണം സുഖിച്ചുടനേ വരും
സംഗ്രഹിക്കേണം സൂക്ഷിച്ചവയെല്ലാം
സംഗ്രഹചിത്തന്മാരെന്നറിഞ്ഞാലും."
(കൃഷിഗീത)
പരശുരാമൻ കേരള ബ്രാഹ്മണർക്ക്‌ കൃഷിയെക്കുറിച്ച്‌ ഉപദേശിച്ചു
കൊടുത്തതെന്ന്‌ കരുതപ്പെടുന്ന കൃഷിഗീത എന്ന മലയാളത്തിലെ ഏറ്റവും
പുരാതനമായ കൃഷി ശാസ്ത്ര ഗ്രന്ഥത്തിലാണ്‌ കേരസംബന്ധിയായ ഇത്തരം
പരാമർശങ്ങളുള്ളത്‌.

18 Mar 2012

കേരപ്പഴമ, അടുക്കളയിലെ തേങ്ങാപ്പൊലിമ


പായിപ്ര രാധാകൃഷ്ണൻ

കേരളീയരുടെ ദേശീയ ഭക്ഷണമാണല്ലോ കഞ്ഞി. ഔഷധമായും, ഭക്ഷ്യരൂപത്തിലും തേങ്ങ
(തേങ്ങാപ്പാൽ, പീര) ചേർത്ത ഔഷധക്കഞ്ഞികൾ പലതുണ്ട്‌. ത്രിദോഷങ്ങൾ
അകറ്റുന്നതിന്‌ ഇത്‌ ഉത്തമമത്രേ. കർക്കിടക കഞ്ഞിയിലും തേങ്ങ
അവിഭാജ്യഘടകമത്രേ. ഉത്തരമലബാറിലെ പൂരത്തിന്‌ ഉണക്കലരിയും പഴവും തേങ്ങയും
ചേർത്ത പൂരക്കഞ്ഞിയുണ്ടാക്കാറുണ്ട്‌.
വറുത്ത അരിപ്പൊടി ചൂടുവെള്ളത്തിൽ കുഴച്ച്‌ വാട്ടിയ വാഴയിലയിൽ നേർമ്മയായി
പരത്തി ശർക്കരയും തേങ്ങയും വെച്ച്‌ - ചിലയിടങ്ങളിൽ മധുരം ചേർക്കാതെയും -
മൺകലത്തിൽ ചുട്ടെടുക്കുന്ന അടയാണ്‌ തൃക്കാക്കരയപ്പനുള്ള ഓണഅട. ഈ അടയും
ഓലക്കുടയും വെച്ചാണ്‌ തൃക്കാക്കരയപ്പനെ ഓരോ വീട്ടിലും  വരവേൽക്കുന്നത്‌.
ഇളപ്പമുള്ള കമുകിൻ പാള കുതിർത്തെടുത്ത്‌ ഇരുതലകളും മുറിച്ച്‌ അരികുചീന്തി
അതിൽവാട്ടി നനച്ച അരിപ്പൊടി കൈകൊണ്ട്‌ പരത്തി ശർക്കരയും തേങ്ങയും വെച്ച്‌
മടക്കി പാളനാരുകൊണ്ട്കെട്ടി വട്ടക്കലത്തിൽ തിളയ്ക്കുന്ന വെള്ളത്തിലേക്ക്‌
തൂക്കിയിട്ടാണ്‌ ഈ അട വേവിയ്ക്കുന്നത്‌. ഇതിന്റെ തവിടുകൊണ്ട്‌ തവിടടയും
ഉണ്ടാക്കാറുണ്ട്‌. ചിലക്ഷേത്രങ്ങളിൽ കുംഭഭരണിക്ക്‌ ഇത്‌
പ്രത്യേകവഴിപാടാണ്‌.
വിവിധഇനം പുഴുക്കുകൾക്കും തേങ്ങ അത്യാവശ്യ ഘടകമാണ്‌. ചക്ക, കപ്പ,
ചേമ്പ്‌, ചേന, കാച്ചിൽ തുടങ്ങിയവയും പയറും ചേർത്തുണ്ടാക്കുന്ന
പുഴുക്കുകൾക്ക്‌ തേങ്ങ അരച്ച്‌ ചേർക്കാറുണ്ട്‌.
ഉണ്ണിയപ്പം, നെയ്യപ്പം, കിണ്ണത്തപ്പം, കനത്തപ്പം തുടങ്ങിയ
അപ്പത്തരങ്ങൾക്കും തേങ്ങ നുറുക്കിയും ചിരകിയും ചേർക്കാറുണ്ട്‌.
വെളിച്ചെണ്ണയിലാണ്‌ ഇവയൊക്കെ പാകം ചെയ്യുന്നത്‌.
കേരളീയരുടെ കഞ്ഞിക്ക്‌ പ്രധാന ഉപദംശം ചമ്മന്തിയാണ്‌. അടുക്കളയിലെ
സർഗ്ഗാത്മകതയുടേയും കൈപ്പുണ്യത്തിന്റേയും പ്രകാശനം ചമ്മന്തിയിലൂടെയാണ്‌
സാക്ഷാത്കൃതമാകുന്നത്‌. ചുട്ടരച്ചും അല്ലാതെയുമുള്ള വിവിധയിനം
തേങ്ങാചമ്മന്തികൾ മലയാളിയുടെ ഗൃഹാതുരതയെ തൊട്ടുണർത്തുന്നവയത്രേ.
മധുരക്കള്ള്‌ കുറുക്കിയെടുക്കുന്ന ചക്കരയിട്ടുള്ള ഔഷധക്കഞ്ഞികളുമുണ്ട്‌.
പ്രസവാനന്തര ശുശ്രൂഷയിലും, മരണാനന്തര ക്രിയകൾ കഴിഞ്ഞ്‌
കുളിച്ചുവരുന്നവർക്കും ചക്കര കൊടുക്കാറുണ്ട്‌. ആലപ്പുഴ പ്രദേശത്ത്‌
കുംഭം-മീനം മാസങ്ങളിലെ വേലകളോടനുബന്ധിച്ച്‌ ചക്കരച്ചോറുമുണ്ടാവും.
ഉത്തരകേരളത്തിലെ കുറത്തിതെയ്യത്തിനും വീടുകളിലു ണ്ടാക്കുന്ന ചക്കരച്ചോർ
നിവേദ്യം പ്രിയങ്കരമാണ്‌. പുകയില ഉപയോഗിക്കുന്നവർ അർബുദബാധ തടയാൻ
തേങ്ങാപ്പൂൾ ചേർത്ത്‌ ചവയ്ക്കുക പതിവുണ്ട്‌.

19 Feb 2012

ദേവാംശമായ കേരം


പായിപ്ര രാധാകൃഷ്ണൻ

ദേവാസുരന്മാർ പാലാഴി കടഞ്ഞപ്പോൾ കിട്ടിയ വിശിഷ്ടവസ്തുക്കളിലൊന്നാണ്‌
കൽപവൃക്ഷം എന്ന്‌ ഭാഗവതം പറയുന്നു.  നന്ദനവനത്തിലാണ്‌ ദേവവൃക്ഷമായി ഇത്‌
വളർന്നത്‌. ഈ കൽപവൃക്ഷത്തെ ദേവലോകം ആക്രമിച്ച രാവണൻ പിഴുതെടുത്ത്‌
ലങ്കയിലേക്ക്‌ കൊണ്ടുവന്ന്‌ നട്ടുവളർത്തിയതായി രാമായണത്തിൽ പറയുന്നു.
ശ്രീകൃഷ്ണൻ കൽപവൃക്ഷത്തെ സ്വർഗ്ഗത്തിൽ നിന്നും ദ്വാരകയിലേക്ക്‌
കൊണ്ടുപോയി. ഇതിനെ എതിർത്ത ഇന്ദ്രനെ തോൽപ്പിച്ച കഥ ഭാഗവതത്തിൽ
വിവരിക്കുന്നുണ്ട്‌. തെങ്ങിന്റെ കുരുത്തോലയും പൂക്കുലയും നാളികേരവും
വെളിച്ചെണ്ണയുമെല്ലാം, സർവ്വാംഗം ദേവപ്രീതികരമത്രെ.

ത്രിശങ്കു സ്വർഗ്ഗത്തിൽ വിശ്വാമിത്ര മഹർഷിയാണത്രെ തെങ്ങിന്‌ ജന്മം
നൽകിയത്‌. ത്രിശങ്കുവിന്‌ സ്വർഗ്ഗത്തിൽ പ്രവേശിക്കുവാനുള്ള മോഹം
വിശ്വാമിത്രനോട്‌ പറഞ്ഞു. മഹർഷി അദ്ദേഹത്തെ സ്വർഗ്ഗത്തിലേക്ക്‌
കൂട്ടിക്കൊണ്ടുപോയി. ഇന്ദ്രൻ ത്രിശങ്കുവിനെ സ്വർഗ്ഗത്തിലേക്ക്‌
കടത്തിയില്ല. ഭൂമിയിലേക്ക്‌ തള്ളിയിട്ടു. ത്രിശങ്കുവിനെ ഭൂമിയിലേക്ക്‌
പതിക്കാതെ വിശ്വാമിത്രൻ താങ്ങിനിർത്തി. ഭൂമിക്കും സ്വർഗ്ഗത്തിനുമിടയിൽ
ത്രിശങ്കുവിനുവേണ്ടി പുതിയൊരു സ്വർഗ്ഗം വിശ്വാമിത്രൻ സൃഷ്ടിച്ചു.
ത്രിശങ്കുസ്വർഗ്ഗത്തിൽ തന്റെ പ്രിയശിഷ്യന്റെ ആഹാരപാനീയങ്ങൾക്കായി
കൽപവൃക്ഷം സൃഷ്ടിക്കുകയും ചെയ്തുവത്രേ.

നാളികേരത്തിന്‌ ദൈവികമായ ഉത്ഭവമാണ്‌ ഫിലിപ്പീൻസുകാർ നൽകുന്നത്‌. ബഥല,
ഉലിലാങ്ങ്‌ കലുലുവ, ഗലാങ്ങ്‌ കലുലുവ എന്നീ ത്രിമൂർത്തികൾ പരസ്പരം
കണ്ടിട്ടില്ല. ഒരാൾക്ക്‌ മറ്റൊരാൾ ജീവിച്ചിരിക്കുന്ന കാര്യവും
അജ്ഞാതമാണ്‌. സ്ഥിരം ഊർച്ചുറ്റുന്ന പ്രകൃതക്കാരാണിവർ. ഒരിക്കൽ ഭൂമിയിൽ
വെച്ച്‌ ബഥലയും ഉലിലാങ്ങും കണ്ടുമുട്ടി. താനല്ലാതെ മറ്റൊരു
ദേവനില്ലെന്ന്‌ കരുതിയിരുന്ന അവർക്കത്‌ സഹിക്കാനായില്ല. പരസ്പരം
ഏറ്റുമുട്ടി. മൂന്ന്‌ രാപ്പകലുകൾ യുദ്ധം നീണ്ടുനിന്നു. ഒടുവിൽ ബഥല
ഉലിലാങ്ങിനെ വധിച്ചു. ഉലിലാങ്ങിന്റെ ശരീരം സംസ്ക്കരിച്ചു.
ഏറെക്കാലം കഴിഞ്ഞ്‌ മറ്റൊരു ദേവനായ ഗലാങ്ങ്‌ ബഥലയുടെ വീട്ടിലെത്തി.,
പക്ഷിശ്രേഷ്ഠനായ ഗലാങ്ങിനെ ബഥല സുഹൃത്തായി സ്വീകരിച്ചു. കുറേക്കാലം
കഴിഞ്ഞ്‌ രോഗബാധിതനായി ഗലാങ്ങ്‌ മരിച്ചു. ഉലിലാങ്ങിനെ സംസ്ക്കരിച്ച
സ്ഥലത്ത്‌ തന്നെയും സംസ്ക്കരിക്കണമെന്ന ഗലാങ്ങിന്റെ അഭീഷ്ടപ്രകാരം ബഥല
അപ്രകാരം ചെയ്തു.

അവരുടെ ശ്മശാനത്തിൽ നിന്നും വളർന്ന്‌ വന്ന മരമാണത്രെ തെങ്ങ്‌. അതിന്റെ
കായിന്‌ ഗലാങ്ങ്ദേവന്റെ ആകൃതിയും ഓലകൾ ചിറകുകൾ പോലെയുമാണത്രെ. അതിന്റെ
തടിയാകട്ടെ ഉലിലാങ്ങ്‌ എന്ന സർപ്പദേവന്റെ ഉടൽപോലെയിരുന്നു. ബഥല
തെങ്ങിന്റെ തടിയും ഓലയുമപയോഗിച്ച്‌ തന്റെ കൊട്ടാരം പണിതു. മനുഷ്യനേയും
മൃഗങ്ങളേയും സസ്യജാലങ്ങളേയും സൃഷ്ടിച്ചുവത്രേ. മനുഷ്യർ തേങ്ങാവെള്ളം
കുടിച്ച്‌ ദാഹമകറ്റുകയും തേങ്ങതിന്ന്‌ വിശപ്പടക്കുകയും ചെയ്തു.
ഓലകൾകൊണ്ട്‌ പായും ചൂലും തൊപ്പിയുമുണ്ടാക്കി. ചകിരികൊണ്ട്‌ കയർപിരിച്ചു.
ദൈവികമായ അനുഗ്രഹങ്ങൾ മനുഷ്യന്‌ ഏക്കാളവും വർഷിച്ചുകൊണ്ട്‌,
ആഗ്രഹിച്ചതെന്തും നൽകുന്ന ദൈവീകവൃക്ഷമായി ഫിലിപ്പീൻസുകാർക്കിടയിൽ തെങ്ങ്‌
പരിലസിക്കുന്നു.

14 Dec 2011

നഗരികാണിയ്ക്കൽ


പായിപ്ര രാധാകൃഷ്ണൻ

ഒരു കൃശപ്രവാഹത്തെ
നഗരികാണിയ്ക്കലിന്നിറങ്ങിയതാണ്‌
സ്മൃതിവൈവശ്യങ്ങളിൽ തളർന്ന്‌
മടിയിൽകിടന്ന്‌ മകളായി
ഒരിതരപ്രകൃതത്താൽ
ജീവപരാഗങ്ങളെ
പ്രകൃതിവിലാസങ്ങളെ
ജൈവാശ്ലേഷത്താൽ
സ്വായത്തമാക്കാനായുന്ന
പൂക്കളെപ്പോലെ
നാഗരികച്ചമയങ്ങളെവെടിഞ്ഞ്‌
പാതിവഴിയിൽ
എറിഞ്ഞുകളയാനാവാത്ത
പഴകിയ പാഥേയമായി
ഉപരിയാത്രയ്ക്കുള്ള
കുടുസ്സുലിഫ്റ്റിന്റെ
തണുപ്പിൽ ലഘുപാചകം
അടുക്കളയിൽവേവാത്ത അടുപ്പം
തൊടുകുറിയിൽ
പാതിവെന്ത തൊടുകുറി!
പതുക്കെപ്പതുക്കെ,
ചെറുചൂടിൽ,
പൊള്ളിക്കാതെ,ഒരു തുള്ളി!

15 Nov 2011

ധ്യാനചന്ദ്രന്‍


പായിപ്ര രാധാകൃഷ്ണന്‍
അജന്തയിലെ
ധ്യാനബുദ്ധന്‍മാര്‍ക്കുപോലും
പാല്‍പ്പായസവുമായി
വരുന്ന സുജാതമാരും
അവരെ ഉമ്മവയ്ക്കാനിടം
നല്‍കുന്ന സ്വകാര്യതകളുമുണ്ട്‌.
അഹങ്കാരിയായ
ബോധിവൃക്ഷംമാത്രം
ആര്‍ക്കുംനിഴലനുവദിക്കുന്നില്ല!
തന്നിലേക്ക്‌ പടരുന്ന
ആത്മരതിയുടെ വേരുകള്‍
ആസക്തിയുടെ
ധ്യാനമര്‍മ്മം
സ്മൃതിശിഷ്ടങ്ങളില്‍
ഗാഢരഹിത
അധരസംയോഗങ്ങള്‍
തിരസ്കാരത്തിന്റെ
ചവര്‍ക്കുന്നചതുപ്പുകള്‍ക്കപ്പുറം
മൌനത്തിന്റെ  മഹാഗിരികളില്‍
വീണ്ടും രാഗചന്ദ്രോദയം

13 Oct 2011

പാവഗന്ധർവ്വൻ


പായിപ്ര രാധാകൃഷ്ണൻ

പ്രണയിക്കാൻ ഒരു പാവക്കുട്ടി
പഴയ മുണ്ടുപെട്ടിയിൽ
പിന്നിയപട്ടുസാരിക്കുമടിയിൽ
ഓർമ്മകൾക്കിടയിൽ
പൂഴ്ത്തിവയ്ക്കാവുന്നഒന്ന്‌
ലാളിച്ചുംഓമനിച്ചും
മടിയിലും മാറത്തും
തലയിലും താഴത്തും
വയ്ക്കാതെ,
ചിതലരിക്കാതെ,
പേനരിക്കാതെ
ഒരു കളിക്കൂട്ട്‌
അച്ഛനും അമ്മയും
ഭർത്താവും അയൽക്കാരനും
കാണാതെ,
തീവ്രമായ ഏകാന്തത്തകളിൽ
കൂട്ടുവരുന്ന,
ഇണങ്ങാനും പിണങ്ങാനും
ഇറുക്കിപ്പിടിക്കാനും,
പാതിചാരിയ കിനാവുകളുടെ
കിടപ്പറകളെ,
സ്നേഹചുംബനങ്ങളാൽ
മുറിവേൽപിക്കാനും,
കൂട്ടിരിക്കാനും,
കൊക്കുരുമ്മിക്കൊഞ്ചാനും
കൊത്തിപ്പിണങ്ങാനും
തിളങ്ങുന്ന കണ്ണുകളും
തുടുത്ത അധരങ്ങളും
സ്വപ്നങ്ങൾ പൂക്കുന്ന
ഉടലഴകുകളുമുള്ള
ഒരു പാവം,
പാവഗന്ധർവ്വൻ!



--

14 Aug 2011

വല്ലാത്ത മാമ്പഴക്കാലം


പായിപ്ര രാധാകൃഷ്ണൻ


സ്നേഹത്തിനായുള്ള
മത്സരത്തിൽ
ഒരു മാമ്പഴത്തിനായി
മൂവുലകം ചുറ്റിവരുന്നു
മണ്ണുംചാരി നിന്നവൻ
പെണ്ണിനെയും കൊണ്ടുകടന്നു.
കൗശലക്കാരുടെ റിയാലിറ്റിഷോ
മൂർച്ചയേറിയ കത്തിയിൽ
മാമ്പഴം പാളുന്നു.
വൈലോപ്പിള്ളിയുടെ മാവിൻ‍ചുവട്ടിൽ
എംഎൻ‍വിജയന്റെ മാമ്പഴത്തിര കാളുന്നു
ഒടിഞ്ഞ പൂങ്കുലയുടെ
മുറിവേറ്റബോധ സ്ഥലങ്ങളിൽ
തണുപ്പ് പടരുന്നു
ഹൃദയതാപത്താൽ മാമ്പൂവ് കരിയുന്നു

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...