Showing posts with label sreejith muthetath. Show all posts
Showing posts with label sreejith muthetath. Show all posts

1 Mar 2016

കടലിരമ്പങ്ങളുടെ സംഗീതം

ശ്രിജിത്ത് മൂത്തേടത്ത്
                    കൃഷ്ണദാസിന്റെ കടലിരമ്പങ്ങള്‍ എന്ന നോവല്‍ വായിച്ചു. ഇതേവരെയുള്ള നോവല്‍ വായനാനുഭവങ്ങളില്‍ നിന്നും വ്യത്യസ്തമായ രുചി നല്‍കിയ നോവല്‍ എന്ന നിലയില്‍ ഈ നോവലിനെ അഭിനന്ദിക്കുന്നു. സാധാരണഗതിയില്‍ നോവല്‍ വായനാനുഭവം എന്നതിനെക്കുറിച്ച് ചില മുന്‍ധാരണകള്‍ മനസ്സില്‍ ഉണ്ടാവാറുണ്ട്. പ്രത്യേകിച്ചും മലയാള നോവലുകള്‍ വായിക്കുമ്പോള്‍. പക്ഷെ കടലിരമ്പങ്ങള്‍ അത് തകര്‍ത്തുകളയുന്നു.
                      യഥാതഥമാണ് നോവലിന്റെ പ്രമേയാവതരണ രീതി. സാധാരണ ഫിക്ഷന്‍ എഴുത്തുകളിലെ ഭ്രമാത്മകതയ്ക്കു പകരം ഒരു വ്യക്തിയുടെ ജീവിതത്തില്‍ നോവലില്‍ പരാമര്‍ശിതമായ സാഹചര്യത്തില്‍ സംഭവിക്കാനിടയുള്ള സ്വാഭാവികവും, തികച്ചും യാഥാര്‍ത്ഥ്യതുലിതവുമായ അവസ്ഥ നോവലെഴുത്തില്‍ കൃഷ്ണദാസ് അവലംബിച്ചിരിക്കുന്നു. ഈ എഴുത്തുരീതി മലയാളത്തില്‍ അധികം അനുഭവിച്ചിട്ടില്ലാത്തതാണ് എന്നതുകൊണ്ടുതന്നെ സാധാരണ വായനക്കാരനെ ചിലപ്പോള്‍ അങ്കലാപ്പിലാക്കിയേക്കാം. പക്ഷെ ലോകസാഹിത്യങ്ങള്‍ വായിക്കുന്ന ഒരാള്‍ക്ക് തീര്‍ച്ചയായും നല്ലൊരു അനുഭവം ഈ നോവലിനു നല്‍കുവാനാകും.
നാലു ഭാഗങ്ങളായാണ് നോവലിന്റെ ഘടന. ഒന്നാം ഭാഗത്തിലെ കടല്‍, ആകാശപ്പയര്‍ മരങ്ങള്‍, വര്‍ഷമേഘങ്ങള്‍ ഒന്ന്, രണ്ട് എന്നീ അദ്ധ്യായങ്ങള്‍ കടന്ന് രണ്ടാം ഭാഗത്തിലെ വസന്തത്തിലെ ശിശിരം എന്ന അദ്ധ്യായത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ആണ് നോവല്‍ ഒരു വ്യത്യസ്താനുഭവമായി മാറുന്നത്.
             “എന്റെ ശിരസ്സ് മറ്റേതോ ഭ്രമണപഥങ്ങളിലായിരുന്നു. രാത്രിമഴയുടെ അവശിഷ്ടങ്ങള്‍ ആകാശത്ത് ചിതറിക്കിടന്നിരുന്നു. കറുത്ത മേഘങ്ങള്‍ ആകാശക്കോണുകളിലുണ്ടായിരുന്നു. അന്തരീക്ഷത്തില്‍ വെയില്‍ നാളങ്ങള്‍ പരന്നുതുടങ്ങിയെങ്കിലും കാര്‍മേഘപടലങ്ങള്‍ സൂര്യനെ എപ്പോള്‍ വേണമെങ്കിലും മറയ്ക്കുമെന്നു തോന്നിച്ചു.”
വായനയ്ക്കും, മനോവിചാരത്തിനും ഉതകുന്ന വിഭവങ്ങളായി നോവല്‍ വികസിക്കുകയാണ്.
            “ ചരിത്രാതീതകാലത്തുനിന്ന് നടന്നുവരുന്ന പ്രാകൃതനെപ്പോലെ പഴയൊരു ഗ്രൂപ്പ് ഫോട്ടോയും ഉയര്‍ത്തിപ്പിടിച്ച് ചന്ദ്രശേഖരന്‍ കടന്നുവരുന്നു. ', ഇതാണോ ഇപ്പോഴത്തെ താങ്കള്‍? ശോഷിച്ചു മെലിഞ്ഞ എന്നെ നോക്കി അവന്‍ പതുക്കെ തലയാട്ടി. ആപാദചൂഡം നിരീക്ഷിച്ചു. കാലത്തിലൂടെ തിരിച്ചറിയാന്‍ ശ്രമിച്ചു.'
             “ഇനി താങ്കള്‍ താങ്കളെ തിരിച്ചറിയൂ"
             ഓര്‍മ്മകളിലൂടെ കഥ, അല്ല അനുഭവങ്ങള്‍, പിന്നിലേക്കു സഞ്ചരിക്കുന്നു. മരുഭൂമിയിലെ നീറുന്ന പ്രവാസാനുഭവങ്ങള്‍ എന്നതിലുപരി ഓരോ മനുഷ്യന്റെയും മനോനിലകള്‍ ജീവിതപരിസരങ്ങള്‍ ഇവിടെ നമ്മള്‍ പരിചയപ്പെടുന്നു.
നിരവധി കഥാപാത്രങ്ങള്‍, അല്ല ജീവിതപാത്രങ്ങള്‍, നമ്മളിവിടെ പരിചയപ്പെടുന്നുണ്ട്. ജോസഫേട്ടന്‍, ബോബന്‍ തുടങ്ങിയ സുഹൃത്തുക്കള്‍, സ്വവര്‍ഗ്ഗരതിക്കാരായ അറബികള്‍, തലശ്ശേരിക്കാരന്‍ റസാക്ക്, കോങ്കണ്ണനായ മധ്യവയസ്കന്‍, ഹംസ തുടങ്ങിയവര്‍, ജയില്‍ ശിക്ഷയനുഭവിച്ചു മരിക്കുന്ന രാജന്‍, സുലൈമാന്‍, അലി, അമാനുള്ളാഖാന്‍, റീത്ത, തുറുകണ്ണു വന്നു മരിക്കുന്ന ദാമോദരേട്ടന്‍... അങ്ങിനെ നിരവധി നിരവധി കഥാപാത്രങ്ങള്‍.. അവരുടെ ജീവിതങ്ങള്‍.. അനുഭവങ്ങള്‍.. അവയിലൂടെയാണ് നോവലിന്റെ വികാസവും പരിണാമവും.
             നോവലിസ്റ്റിന്റെ വിപ്ലവചിന്തയും, പ്രത്യയശാസ്ത്രബോധവും, പ്രതീക്ഷകളും, സ്വപ്നങ്ങളും, യാഥാര്‍ത്ഥ്യങ്ങളോടുള്ള അവയുടെ പൊരുത്തക്കേടുകളും സംഘര്‍ഷങ്ങളും നോവലിന്റെ ജീവനായി വര്‍ത്തിക്കുന്നു. ആ സംഘര്‍ഷങ്ങള്‍ ഉയര്‍ത്തുന്ന ഇരമ്പങ്ങള്‍ കടലിരമ്പങ്ങളായി വായനക്കാരന്റെ മനസ്സിനെ സ്പര്‍ശിക്കുന്നു. ഉലയ്ക്കുന്നു. പലപ്പോഴും അറിയാതെ കാതുപൊത്തിക്കുന്നു. ഈയൊരനുഭവം വായനക്കാരന് നല്‍കുവാനാകുന്നു എന്നതാണ് ഈ നോവലിന്റെ ശക്തി. അതുതന്നെയാണിതിന്റെ പ്രസക്തിയും.
            മരുഭൂമിയിലെ ദുരിതങ്ങള്‍ക്കിടയിലും മനസ്സിലെ കടലിരമ്പങ്ങളും, സംഘര്‍ഷങ്ങളും നാടകങ്ങളിലേക്ക് കഥാപാത്രങ്ങളെ നയിക്കുന്നതും, അവരുടെ ആത്മാവിഷ്കാരങ്ങള്‍ക്കായി, നിയമം വിലക്കുന്നുവെങ്കിലും അവയെ പ്രതിരോധിച്ചുകൊണ്ട് നാടകങ്ങള്‍ക്ക് രംഗാവിഷ്കാരങ്ങള്‍ നല്‍കുന്നതും, അവ നിയമപാലകരാല്‍ തച്ചുടക്ക്പ്പെടുന്നതും, ചോരതുപ്പുന്നതും, വീണ്ടുമുയിര്‍ക്കുന്നതുമായ മാനസിക, പ്രത്യയശാസ്ത്ര സംഘര്‍ഷങ്ങളുടെ അതിജീവനങ്ങള്‍ വായനക്കാരനില്‍ സ്ഫോടനങ്ങള്‍ സൃഷ്ടിക്കുന്നവയാണ്. സല്‍മാന്‍ റുഷ്ദിയുടെ സാത്താന്റെ വചനങ്ങള്‍ കൈവശം വെക്കുന്ന നോവലിസ്റ്റിന്റെ അനുഭവവും നെഞ്ചിടിപ്പിക്കുന്നവയാണ്. ജയിലനുഭവങ്ങളുടെ നേര്‍ച്ചിത്രങ്ങളും, ജയില്‍ വിവരണങ്ങളും ഭയപ്പെടുത്തുന്നു. “യാത്രയില്ലാതെ, യാത്രയയപ്പില്ലാതെ, ആരോരുമറിയാതെയുള്ള" മരുഭൂമിയില്‍ നിന്നുമുള്ള വിടവാങ്ങലോടെ നോവല്‍ പരിസമാപ്തിയിലേക്കടുക്കുന്നു.
             “ഭൂമി ജലകണങ്ങലെ തന്റെ ഗര്‍ഭത്തിലേക്കാവാഹിക്കുകയാണ്. പിന്നെ ദേവസംഗീതം പോലെ ചീവീടുകള്‍ ആര്‍ക്കുന്നു. ഇരുട്ടിനെ കീറിമുറിച്ചുകൊണ്ടൊരു മിന്നല്‍, വസന്തകാലത്തിന്റേതുപോലെ ഒരു ഇടിമുഴക്കം"
             യഥാതഥമെന്നു തോന്നിക്കാവുന്ന ജീവിതാനുഭവങ്ങള്‍ പറയുന്ന നോവല്‍ നോവലിസ്റ്റിന്റെ ജീവിതത്തിന്റെയൊരു നേര്‍വിവരണമല്ലേയിതിലൂടെ നല്‍കുന്നത് എന്നൊരു ആശങ്ക ശരാശരി വായനക്കാരനില്‍ സൃഷ്ടിക്കാം എന്നൊരു വിമര്‍ശനം മാത്രമേ ഇവിടെ ചൂണ്ടിക്കാട്ടാനുള്ളൂ. സ്വാഭാവികമായും ഇത് നോവലിസ്റ്റായ കൃ‌ഷ്ണദാസിന്റെ പ്രവാസ അനുഭവങ്ങളുടെ ഒരു നേരെഴുത്തു മാത്രമല്ലേ എന്നും തോന്നിപ്പിക്കാം. അതെങ്ങിനെ നോവലാകും എന്ന വിമര്‍ശനവുമുയരാം. അത് തോന്നലായാലും, യാഥാര്‍ത്ഥ്യമായാലും, നോവല്‍ സാങ്കേതികതയുടെ ഭ്രമകല്‍പ്പനകൊണ്ട് വായനക്കാരനില്‍ അങ്ങിനെയൊരു ചിന്ത ജിനിപ്പിക്കാനാകുന്നതുതന്നെ നോവലിസ്റ്റിന്റെ വിജയമാണ് എന്നാണ് വിലയിരുത്തേണ്ടത്. നോവലിസ്റ്റ് മാറിനില്‍ക്കുകയും നോവല്‍ നോവലായി ചിരപ്രയാണം ചെയ്യുകയും ചെയ്യുന്നിടത്താണ് നോവലിന്റെ സാര്‍ത്ഥകത.
                    കടലിരമ്പങ്ങള്‍ ഒരു സംഗീതമാണ്. സ്നേഹത്തിന്റെയും, യാതനകളുടെയും, സൗഹൃദങ്ങളുടെയും, ഹൃദയ നൊമ്പരങ്ങളുടെയും, കടപ്പാടുകളുടെയും, ജീവിതയാത്രയുടെയും നിലക്കാത്ത സംഗീതം. ആ സംഗീതം കടലായിരമ്പുകയാണ്. ബോറിസ് പാസ്റ്റര്‍നാക്കിന്റെ കവിതയിലേക്ക് അലയടിച്ചിറങ്ങുന്ന ജീവിതക്കടലിരമ്പത്തിന്റെ സംഗീതം അനുഭവവേദ്യമാക്കിയ കൃഷ്ണദാസിന് നന്ദി.

24 Aug 2013

കാതിക്കുടത്ത് ഞങ്ങള്‍ കണ്ടത്...




ശ്രീജിത്ത് മൂത്തേടത്ത്




ചേര്‍പ്പ് എഴുത്തുകൂട്ടം പ്രതിനിധികള്‍ കാതിക്കുടം നിറ്റാജലാറ്റിന്‍ സമരഭൂമി സന്ദര്‍ശിച്ചപ്പോള്‍...
കാതിക്കുടം നിറ്റാ ജലാറ്റിന്‍ ഇന്ത്യാ ലിമിറ്റഡ് കമ്പനിയുടെ പ്രധാന ഗേറ്റ്
ചേര്‍പ്പ് എഴുത്തുകൂട്ടം കമ്പനി പരിസരത്ത് സ്ഥാപിച്ച ബാനര്‍
പോലീസ് തല്ലിത്തകര്‍ത്ത സമരപ്പന്തലിനുപകരം പുതിയത് നിര്‍മ്മിക്കുന്നു.
കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനി
ചേര്‍പ്പ് എഴുത്തുകൂട്ടം പ്രവര്‍ത്തകരോട് സമരസമിതി ചെയര്‍മാന്‍ പ്രേംകുമാര്‍ സംസാരിക്കുന്നു.
പോസീസ് അതിക്രമത്തില്‍ തകര്‍ക്കപ്പെട്ട സമരപ്പന്തല്‍
സമരത്തിന് ഐക്യദാര്‍ഢ്യം
സമരസമിതി കണ്‍വീനര്‍ അനില്‍കുമാര്‍
സമരാന്തരീക്ഷം കനത്തുനില്‍ക്കുന്ന കാതിക്കുടത്ത് ഞങ്ങളെത്തുമ്പോള്‍ സമയം മൂന്നുമണിയായിരുന്നു. വാഹനം പാര്‍ക്ക് ചെയ്ത് സമരപ്പന്തല്‍ അന്വേഷിച്ചുചെന്ന ഞങ്ങളെ എതിരേറ്റത് യുദ്ധം കഴിഞ്ഞതുപോലെ തോന്നിക്കുന്ന വാരിവലിച്ചെറിയപ്പെട്ട സമരപ്പന്തലിന്റെ ഓലകളും, മുളകളും മറ്റവശിഷ്ടങ്ങളും. പോലീസ് നരനായാട്ടിനിടയില്‍ അടിച്ചുതകര്‍ക്കപ്പെട്ടവ.. പിഞ്ചുകുഞ്ഞുങ്ങളെപ്പോലും വെറുതെവിടാതെ തല്ലിച്ചതച്ച പോലീസ് കാടത്തം അതിജീവനസമരത്തിന്റെ പ്രതീകമായ സമരപ്പന്തലിന്റെ തൂണുകള്‍ പോലും അടിച്ചുതകര്‍ത്തിരുന്നു. പന്തല്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു സമരഭടന്‍മാര്‍.. നേരത്തെ ഫോണില്‍ ബന്ധപ്പെട്ടിരുന്ന സമരസമിതി കണ്‍വീനര്‍ അനില്‍കുമാറിനെ അന്വേഷിച്ച ഞങ്ങളെ അവിട കൂടിനിന്നവര്‍ സമരപ്പന്തലിന്റെ പിന്നിലെ ചായക്കടപോലെ തോന്നിക്കുന്ന ഒരു ഷെഡ്ഡിലേക്ക് കൊണ്ടുപോയി. ഇതു തന്നെയാണ് അനില്‍കുമാറിന്റെ വീടെന്ന് പിന്നീടറിയാന്‍ കഴിഞ്ഞു. അകത്ത് സമരസമിതി ചെയര്‍മാന്‍ പ്രേം കുമാര്‍ എന്തൊക്കെയോ എഴുതിത്തയ്യാറാക്കുന്ന തിരക്കിലായിരുന്നു. തങ്ങളെ സ്വീകരിച്ചിരുത്തിയ പ്രേംകുമാര്‍ എഴുത്ത് മാറ്റിവച്ച് ഞങ്ങളോട് സംസാരിക്കാന്‍ തയ്യാറായി. സ്ഥലം എം.എല്‍.എ ക്ക് കൊടുക്കാനാവശ്യമായ ചില നോട്ടുകള്‍ തയ്യാറാക്കുകയായിരുന്നുവത്രേ അദ്ദേഹം.
ഇവിടുത്തെ സ്ഥിതിഗതികളൊക്കെ അറിയാമായിരിക്കുമല്ലോ? പ്രേം കുമാര്‍ സംസാരിച്ചുതുടങ്ങി. നിറ്റാ ജലാറ്റിന്‍ ഇന്ത്യാ ലിമിറ്റഡ് കമ്പനിക്കെതിരെ നടന്നുവരുന്ന സമരത്തിന്റെ ഭാഗമായി ഇപ്പോള്‍ നടക്കുന്നത് ഉപരോധ സമരമാണ്. ദിവസവും രാവിലെമുതല്‍ അഞ്ചുപേര്‍ വീതം ഉപരോധമിരിക്കുന്നു. ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങളും ആ സമയത്ത് ഇവിടുണ്ടാവും. ഉപരോധം തീര്‍ക്കുന്ന അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിക്കഴിഞ്ഞാല്‍ ഉച്ചയോടെ എല്ലാവരും പിരിഞ്ഞുപോവുന്നു. വീണ്ടും ഭക്ഷണംകഴിഞ്ഞ് എല്ലാവരും വൈകിട്ട് അഞ്ച് മണിയോടെ സമരപ്പന്തലിനുമുന്നിലെത്തുന്നു.” ഇന്നാട്ടിലെ ജനങ്ങള്‍ ഒരനുഷ്ഠാനം പോലെ നടത്തുന്ന സഹനസമരത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി പ്രേംകുമാര്‍ പറഞ്ഞുനിര്‍ത്തി.
രാഷ്ട്രീയപ്പാര്‍ട്ടികളില്‍ സി.പി.എം. ആണ് ഞങ്ങളെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നത്. എന്തിനുവേണ്ടിയാണ് ഈ എതിര്‍പ്പ് എന്നു ഞങ്ങള്‍ക്ക് മനസ്സിലാവുന്നില്ല. കെട്ടുകണക്കിന് പണം എണ്ണിവാങ്ങിയിട്ടുണ്ടാവും. മുഖ്യമന്ത്രിയുടെയും വ്യവസായമന്ത്രിയുടെയും കാര്യവും ഇതുപോലെത്തന്നെ. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ പണം സംഭാവന നല്‍കുന്ന തൃശൂര്‍ ജില്ലയിലെ രണ്ട് സ്ഥാപനങ്ങളാണല്ലോ ഈ കമ്പനിയും (നിറ്റാ ജലാറ്റിന്‍ ഇന്ത്യാ ലിമിറ്റഡ്), ടോള്‍ പ്ലാസയും (പാലിയേക്കര ടോള്‍ പ്ലാസ). അപ്പോള്‍ അവര്‍ക്ക് പണം നല്‍കുന്ന യജമാനന്‍മാരുടെ മുന്നില്‍ വാലാട്ടാതിരിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് പറ്റില്ലല്ലോ?” പ്രേംകുമാര്‍ അമര്‍ഷം മറച്ചുവയ്ക്കുന്നില്ല. “പക്ഷെ കോണ്‍ഗ്രസിന്റെ പഞ്ചായത്ത് നേതൃത്വം ഞങ്ങള്‍ക്ക് അനുകൂലമാണ്. അവര്‍ ഞങ്ങളോട് സഹകരിക്കുന്നുണ്ട്. പക്ഷെ സി.പി.എം.ന്റെ പ്രാദേശിക നേതൃത്വം പോലും ഞങ്ങളോട് ശത്രുതാപരമായ നിലപാടാണ് സ്വീകരിക്കുന്നത്. കഴിഞ്ഞയാഴ്ച പോലീസ് അതിക്രമമുണ്ടായതിനെത്തുടര്‍ന്ന് പബ്ലിസിറ്റിക്കുവേണ്ടി അവര്‍ ഒരു പ്രതിഷേധപ്രകടനം നടത്തി. കമ്പനിക്ക് മുന്നില്‍ വേണമായിരുന്നു അവര്‍ പൊതുയോഗം നടത്തേണ്ട്ത്. അല്ലെങ്കില്‍ സമരപ്പന്തലിന് സമീപം. ഇതിനുപകരം അപ്പുറത്തെ വളപ്പില്‍ പൊതുയോഗം ചേര്‍ന്ന് സമരസമിതിയെ തെറിവിളിക്കുകയാണ് അന്നവിടെ പ്രസംഗിച്ച എം.ബി.രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ ചെയ്തത് . പക്ഷെ ബി.ജെ.പി.യുടെയും, ആര്‍.എസ്.എസ്.ന്റെയും, ഹിന്ദു ഐക്യവേദിയുടെയും പ്രവര്‍ത്തകര്‍ ഇവിടെ സജീവമാണ്.” പ്രേംകുമാര്‍ പറയുന്നു.
ലാത്തി ചാര്‍ജ്ജ് ഒന്നുമല്ല ഇവിടെ നടന്നത്. ആസൂത്രിതമായ അടിച്ചമര്‍ത്തല്‍ ശ്രമമായിരുന്നു. പ്രാദേശിക സമരപ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് അവര്‍ തല്ലിച്ചതച്ചു. ചെറിയ കുട്ടികളെപ്പോലും വെറുതവിട്ടില്ല. വീടുകള്‍ തോറും കയറി വീട്ടുകാരെ മുഴുവന്‍ തല്ലിയോടിച്ചു. വീട്ടുസാമാനങ്ങളും പാചകം ചെയ്തുവച്ചിരുന്ന ചോറും കറികളും വരെ തട്ടിത്തെറിപ്പിച്ചു. ടി.വി.യില്‍ നിങ്ങള്‍ കണ്ടുകാണുമല്ലോ?” പാറക്കടവ് മൂഴിക്കുളം പുഴസംരക്ഷണസമിതി പ്രവര്‍ത്തകനായിരുന്ന പ്രേംകുമാര്‍ ഇപ്പേള്‍ കാതിക്കുടം സമരസമിതിയുടെ ചെയര്‍മാന്‍ ആണ്. എന്നും രാവിരെ കാതിക്കുടത്ത് സമരപ്പന്തലിലെത്തുന്നു. രാത്രിയേറെ വൈകിമാത്രം തിരിച്ചുപോവുന്നു. ജീവിതം തന്നെ ജീവനുവേണ്ടിസമരംചെയ്യുന്ന ജനങ്ങള്‍ക്കുവേണ്ടി ഉഴിഞ്ഞുവച്ച ഈ സമരഭടന് പ്രായമിത്രയായിട്ടും വിശ്രമമില്ല.
ജനകീയ സമരങ്ങള്‍ വിജയിച്ചുകാണാന്‍ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ചിലര്‍ ഇഷ്ടപ്പെടുന്നില്ല. അവരുടെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന് അതുവെല്ലുവിളിയായിരിക്കുമെന്നതുകൊണ്ടാണതെന്നു തോന്നുന്നു. സി.പി.എം. ഏറ്റെടുത്ത സമരങ്ങളെല്ലാം തന്നെ അവസാനം അവര്‍തന്നെ ഒറ്റുകൊടുത്ത ചരിത്രമാണു നമുക്ക് കാണാന്‍ കഴിയുക.”ഇതിനിടെ ഓഫീസിലേക്ക് വന്ന പാലിയേക്കര സമരസമിതി കണ്‍വീനറും ആക്ടിവിസ്റ്റുമായ സ്വാമി എന്നുവിളിക്കപ്പെടുന്ന സാബു പറഞ്ഞു.
നിറ്റാജലാറ്റിന്‍ ഇന്ത്യാ ലിമിറ്റിഡ് എന്നത് ഒരു ജപ്പാനീസ് കമ്പനിയാണ്. കേരള വ്യവസായ വികസന കോര്‍പ്പറേഷന്(K.S.I.D.C.) ഇതില്‍ 33 ശതമാനം ഓഹരികള്‍ മാത്രമേയുള്ളൂ... അഞ്ച് ശതമാനം മറ്റ് സ്വകാര്യവ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും. ബാക്കി 62 ശതമാനവും ജപ്പാനീസ് കമ്പനിയുടെ ഓഹരിയാണ്. 51% ല്‍ കൂടുതല്‍ ഗവണ്‍മെന്റ് ഓഹരിയുണ്ടെങ്കില്‍ മാത്രമേ പൊതുമേഖലാ സ്ഥാപനമായി ഒരു സ്ഥാപനത്തെ കാണാന്‍ കഴിയൂ എന്നിരിക്കെ വെറും 33 ശതമാനം മാത്രം കെ.എസ്..ഡി.സി. ഓഹരിയുള്ള ഈ കമ്പനിയെ പൊതുമേഖലാ സ്ഥാപനമാണ് എന്നു പറഞ്ഞ് പൊതുജനത്തെ കബളിപ്പിച്ച്, കമ്പനിക്കെതിരെ നടക്കുന്ന സമരത്തെ ഗവണ്‍മെന്റിനെതിരെയുള്ള സമരമായി പ്രചരിപ്പിക്കുകയാണ് രാഷ്ട്രീയക്കാരും ഗവണ്‍മെന്റും പോലീസും. ഒരു വിദേശ കമ്പനിക്കെതിരെ അതിന്റ കെടുതിയനുഭവിക്കുന്ന ഗ്രാമവാസികള്‍ നടത്തുന്ന അതിജീവനസമരത്തെ ഗവണ്‍മെന്റിനെതിരെയുള്ള സമരമായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കാനുള്ള ആസൂത്രിതമായ ശ്രമത്തിന്റെ ഭാഗമാണിത്.”
കമ്പനി സൃഷ്ടിക്കുന്ന മാലിന്യപ്രശ്നങ്ങളെ ക്കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നുകഴിഞ്ഞു. എക്സ്പേര്‍ട്ട് കമ്മറ്റി, ജനനീതി സമിതി, നെതര്‍ലാന്റ് യൂണിവേഴ്സിറ്റി സംഘം എന്നിവയെല്ലാം നടത്തിയ പഠനങ്ങളില്‍ കമ്പനി മാരകമായ മാലിന്യങ്ങളാണ് പുറന്തള്ളുന്നത് എന്ന് തെളിഞ്ഞിട്ടുണ്ട്. നമ്മുടെ സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് (kerala pollution controll board)മാത്രമാണ് കമ്പനിക്ക് ക്ലീന്‍ ച്റ്റ് നല്‍കുന്നത്. പണത്തിന്റെ സ്വാധീനമാണ് ഇവിടെ കാണാന്‌ കഴിയുന്നത്. കോടതിയിലും നീതികിട്ടുമോ എന്ന് പ്രതീക്ഷയില്ലാതായിരിക്കുകയാണ്. അവി ഏത് ബെഞ്ചിലേക്ക് കേസ് പരിഗണിക്കപ്പെടണമെന്ന് നിശ്ചയിക്കുന്നത് പണമാണല്ലോ? മുമ്പ് മരണം വിതച്ച മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് കമ്പനിയുടെ വക്കീല്‍ ആയിരുന്ന ആന്റണി ഡോമിനിക് ആണ് ഇപ്പോഴത്തെ ഹൈക്കോടതി ജഡ്ജി. അദ്ദേഹത്തിന്റെ മുന്നില്‍ ഈ കേസ് കിട്ടിക്കഴിഞ്ഞാല്‍ അതിന്റെ വിധി എന്താവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.” പ്രേംകുമാര്‍ പറഞ്ഞു.
സമരസമിതി ചെയര്‍മാന്‍ പ്രേംകുമാര്‍ തൃശൂരില്‍ നടക്കുന്ന ഐക്യദാര്‍ഢ്യ സമിതി രൂപീകരണയോഗത്തിലേക്ക് പുറപ്പെട്ടു. അപ്പോഴേക്കും സമരസമിതി കണ്‍വീനര്‍ ആയ കെ..അനില്‍ കുമാര്‍ എത്തി. അദ്ദേഹം സന്തോഷത്തോടെ സമരസമിതിക്ക് പിന്തുണയുമായി എത്തിയ ഞങ്ങളോട് സംസാരിക്കാന്‍ തയ്യാറായി. പതിമൂന്നു വയസ്സുമുതല്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് അനില്‍കുമാര്‍. സി.പി.എം. കുടുംബം ആയിരുന്നു അദ്ദേഹത്തിന്റെത്. നേരത്തെ കമ്പനിയില്‍ ജീവനക്കാരനായിരുന്ന അനില്‍കുമാര്‍ ജോലിരാജിവച്ച് ഗള്‍ഫില്‍‌ ജോലിക്ക് പോയതായിരുന്നു. കമ്പനിയോട് ചേര്‍ന്ന് തന്നെയായിരുന്നു അനില്‍കുമാറിന്റെ വീടും. (അവിടെയാണ് ഈ സമരസമിതി ഓഫീസ് പ്രവര്‍ത്തിക്കുന്നതും) അമ്മ ക്യാന്‍സര്‍ ബാധിച്ച് മരണപ്പെട്ടതോടെയാണ് അനില്‍കുമാര്‍ സമരത്തില്‍ സജീവമാവുന്നത്. തുടര്‍ന്ന് കമ്പനി അനില്‍കുമാറിനെ വിലക്കെടുക്കാന്‍ ശ്രമിക്കുകയും വീണ്ടും ജോലിനല്‍കാന്‍ ശ്രമിക്കുകയും ചെയ്തുവെങ്കിലും അതിനുവഴങ്ങാതെ സമരരംഗത്ത് സജീവമാവുകയായിരുന്നു. ഇപ്പോള്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ആണ് അദ്ദേഹം. കഴിഞ്ഞ പോലീസ് അതിക്രമത്തില്‍ ഉണ്ടായ മര്‍ദ്ധനത്തില്‍ അനില്‍കുമാറിന്റെ നട്ടെല്ലിന് ക്ഷതമേറ്റിരുന്നു. ബെല്‍ട്ട് ധരിച്ചാണ് അദ്ദേഹം ഇപ്പോള്‍ സമരപ്പന്തലിലെത്തുന്നത്. സമരത്തിനാവശ്യമായ പണം കണ്ടെത്താനും അറസ്റ്റിലാവുന്നവരെ ജാമ്യത്തിലെടുക്കാനുള്ള നികുതി റസീറ്റുകള്‍ സംഘടിപ്പിക്കാനും ജയിലില്‍ കിടക്കുന്ന സമരഭടന്‍മാരെ സന്ദര്‍ശിക്കാനുമൊക്കെ അദ്ദേഹം ഇതിനിടയില്‍ സമയം കണ്ടെത്തുന്നു. അനില്‍കുമാറിനും പറയാനുള്ളത് രാഷ്ട്രീയപാര്‍ട്ടികളുടെ വഞ്ചനാപരമായ നിലപാടുകള്‍ക്കെതിരായ പരാതി തന്നെയാണ്. ആരും സഹായിക്കാനില്ലാതെ സമരം പരാജയപ്പെടുമോ എന്ന ഭീതിയുമുണ്ട് അദ്ദേഹത്തിന്റെ വാക്കുകളില്‍.
ഈ സമരം പരാജയപ്പെട്ടാല്‍ പിന്നെ കാതിക്കുടം എന്ന ഗ്രാമമില്ല. ഇവിടുത്തെ ജനങ്ങള്‍ മാരകരോഗങ്ങള്‍ വന്ന് പുഴുക്കളെപ്പോലെ നരകിച്ച് മരിക്കും.” അനില്‍കുമാറിന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പുന്നുണ്ടായിരുന്നു.
നാലുമണിയായതോടെ നാടിന്റെ പലഭാഗത്തുനിന്നുമായി പലരും വന്നുതുടങ്ങി. സമരസമിതി ഓഫീസില്‍ നിന്നും പുറത്തിറങ്ങിയ ഞങ്ങള്‍ പോലീസ് അതിക്രമത്തില്‍ തകര്‍ന്ന വീടുകളും അതിക്രമത്തില്‍ പരിക്കേറ്റ ജനങ്ങളേയും സന്ദര്‍ശിച്ചു. ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ സിന്ധുവിന്റെ ഭര്‍ത്താവ് സന്തോഷ് ഞങ്ങളെ കമ്പനി പുറന്തള്ളുന്ന മാലിന്യം സൃഷ്ടിക്കുന്ന ഭീകരത നേരിട്ട് കാണിച്ചുതന്നു. ശരീരമാസകലം പോലീസ് ലാത്തിയടിയേറ്റ പാടുകളുള്ള സന്തോഷ് കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെട്ടത്.
കണ്ടില്ലേ? മഴക്കാലത്തു തെഴുത്ത് തഴച്ചുനില്‍ക്കേണ്ടിയിരുന്ന പുല്ലുകളൊക്കെ കരിഞ്ഞിരിക്കുന്നതു കണ്ടില്ലേ?” സന്തോഷ് കാണിച്ചുതന്നു. കമ്പനി മതില്‍ക്കെട്ടിനോട് ചേര്‍ന്ന പാടങ്ങളിലെല്ലാം കറുത്ത് കൊഴുത്ത മലിനജലം കെട്ടിക്കിടക്കുന്നു. രൂക്ഷമായ ഗന്ധം അതില്‍‌നിന്നും മൂക്കിലേക്കടിച്ചുകയറുന്നു. മൂക്കുപൊത്തിയല്ലാതെ ഞങ്ങള്‍ക്ക് നടക്കാന്‍‌ കഴിഞ്ഞില്ല.
ഇവിടെയല്ലാം വീടുകളുണ്ടായിരുന്നു.” ഒഴിഞ്ഞ പറമ്പുകള്‍ ചൂണ്ടിക്കാണിച്ച് സന്തോഷ് പറഞ്ഞു.
രോഗപീഢയും കുടിക്കാന്‍ ശുദ്ധജലവുമില്ലാതെയും വീടുകള്‍ ഉപേക്ഷിച്ചു നാടുവിട്ടുപോയതാണവര്‍.”
ആള്‍ത്താമസമില്ലാത്ത നിരവധി വീടുകള്‍ ഞങ്ങള്‍ക്ക് കാണാന്‍ കാണാന്‍ കഴിഞ്ഞു. ജീവനുംകൊണ്ട് പാലായനം ചെയ്തവര്‍.. ഒരു വ്യവസായസ്ഥാപനം ഒരു ഗ്രാമത്തെ ഒഴിപ്പിച്ചെടുക്കുന്നതെങ്ങിനെയെന്ന് ഞങ്ങള്‍ക്ക് കാണാന്‍ പറ്റി.
ഇവിടെയാണ് മാലിന്യക്കുഴല്‍ തുറക്കുന്നത്.” ചാലക്കുടിപ്പുഴയിലേക്ക് മൂന്നടി വ്യാസമുള്ള മാലിന്യക്കുഴല്‍ തുറക്കുന്ന ഭാഗം സന്തോഷ് ഞങ്ങള്‍ക്ക് കാണിച്ചുതന്നു. വെള്ളം കറുത്ത് കൊഴുത്തു പരക്കുന്നു.
മഴക്കാലമായതുകൊണ്ട് ജലനിരപ്പുയര്‍ന്നതിനാല്‍ മനസ്സിലാവാഞ്ഞിട്ടാണ്. വേനല്‍ക്കാലത്തുവന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ മുഖം കാണാന്‍ സാധിക്കും. പുഴമുഴുവന്‍ വെഴുത്തു പാടപോലെ കമ്പനി മാലിന്യം മൂടിക്കിടക്കും.” സന്തോഷ് പറയുന്നു.
ഞങ്ങളുടെ കിണറുകളും അതുപോലെത്തന്നെയാണ്. വെള്ളം കുടിക്കാന്‍ പറ്റണമെങ്കില്‍ കോരിവച്ച് മാലിന്യപ്പൊടിയൊക്കെ അടിത്തട്ടിലേക്ക് ഊറിയതിനുശേഷം മുകളിലത്തെ തെളിഞ്ഞവെള്ളമെടുത്ത് തിളപ്പിച്ചുമാത്രമേ കുടിക്കാന്‍ പറ്റൂ.”
വിഷം കലര്‍ന്ന കിണര്‍വെള്ളം കുടിക്കേണ്ടിവരുന്ന ജനങ്ങളുടെ നിസ്സഹായാവസ്ഥ കണ്ണുനനയിപ്പിക്കുന്നതാണ്. മനംപുരട്ടലുണ്ടാക്കുന്നതും.
നേരത്തെ ഈ പുഴയില്‍ കരമനക്കാവ് ക്ഷേത്രത്തില്‍നിന്നും പൂരത്തിന്റെ ഭാഗമായി ആറാട്ടുണ്ടാവാറുണ്ടായിരുന്നു. ഇപ്പോള്‍ ആറാട്ടുപോയിട്ട് ആടിനെപ്പോലും ഈ പുഴയിലിറക്കാന്‍ പറ്റില്ല. ചടങ്ങിന് പുഴക്കരയില്‍ നിന്ന് ചെണ്ടയും കൊട്ടി തിരിച്ചുപോവും. പുഴയെക്കാണാന്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് വെറുപ്പാണ്.”
പുഴയില്‍തള്ളുന്ന മാലിന്യത്തിന്റെ ഭീകരത സന്തോഷിന്റെ വാക്കുകളില്‍ വ്യക്തമാവുന്നു. ഇവിടെ നിന്നാണ് കമ്പനി ജലമൂറ്റുന്നത്. പുഴയുടെ കുറച്ച് മുകള്‍ ഭാഗത്തുനിന്നും കമ്പനിയിലേക്ക് ജലമൂറ്റിയെടുക്കുന്ന പമ്പ് ഹൈസ് സന്തോഷ് കാണിച്ചുതന്നു.
ദിവസേന രണ്ടുകോടി ലിറ്റര്‍ വെള്ളമാണ് കമ്പനി ഊറ്റിയെടുക്കുന്നത്. ലിറ്ററിന് ഒരു രൂപ കണക്കാക്കിയാല്‍ത്തന്നെ (നമ്മള്‍ കടയില്‍നിന്നും വെള്ളം വാങ്ങുമ്പോള്‍ ലിറ്ററിന് പതിനഞ്ച് രൂപ കൊടുക്കണം) ദിവസവും കമ്പനി രണ്ടുകോടു രൂപ സര്‍ക്കാരില്‍ കെട്ടണം. പക്ഷെ ഒരു പൈസപോലും കൊടുക്കുന്നില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. പഞ്ചായത്തിന്റെ അനുമതിയില്ലാതെ നടത്തുന്ന ഈ ജലമൂറ്റല്‍ തടയാന്‍ പോലും ഗവണ്‍മെന്റിന് സാധിക്കുന്നില്ല.”
വെള്ളത്തിന് ലിറ്ററിന് 30 പൈസ വച്ച് സര്‍ക്കാരില്‍ അടക്കുന്നുണ്ടെന്നായിരുന്നു കമ്പനി നേരത്തെ അവകാശപ്പെട്ടിരുന്നത്. പക്ഷെ വിവരാവകാശനിയമപ്രകാരം ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കമ്പനിയുടെ കള്ളം പൊളിഞ്ഞത്. ഒരു പൈസപോലും ഇത്രനാളായിട്ടും കമ്പനി അടച്ചിട്ടില്ല.” - സന്തോഷ് പറയുന്നു.
കോണ്‍ഗ്രസ് ആണ് കാതിക്കുടം ഉള്‍പ്പെടുന്ന കാടുകുറ്റിപഞ്ചായത്ത് ഭരിക്കുന്നത്. കോണ്‍ഗ്രസ് പ്രതിനിധിയായ ഡേസി ഫ്രാന്‍സിസ് ആണ് പഞ്ചായത്ത് പ്രസിഡണ്ട്. കമ്പനി നിലനില്‍ക്കുന്ന വാര്‍ഡായ ഒന്‍പതാം വാര്‍ഡിനെ പ്രതിനിധീകരിക്കുന്നത് ആക്ഷന്‍കൗണ്‍സില്‍ പ്രതിനിധിയായ ഷെര്‍ലി പോള്‍ ആണ്. പഞ്ചായത്ത് സര്‍വ്വവിധ പിന്തുണയുമായി സമരത്തോടൊപ്പമുണ്ട്. മുമ്പ് കനകക്കുടമായിരുന്ന കാതിക്കുടത്തെ കാളകൂടമാക്കിമാറ്റിയ കമ്പനിയെ കെട്ടുകെട്ടിക്കാനുള്ള ശ്രമത്തിലാണ് പ്രതീക്ഷകൈവെടിയാതെ നാട്ടുകാര്‍. പക്ഷെ അവര്‍ ദുര്‍ബ്ബലരാണ്. സമരത്തിനാവശ്യമായ ധനശേഷിയും സംഘടനാശേഷിയും അവര്‍ക്കില്ല. പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികളുടെയോ നേതാക്കളുടെയോ പിന്തുണയില്ല. കേരളത്തിന്റെ പൊതുമനസ്സ് നിറ്റാജലാറ്റിന്‍ കമ്പനിയുടെ കാട്ടാളത്തിനെതിരെ ഉണര്‍ന്നേ മതിയാവൂ.. പക്ഷെ മാധ്യമങ്ങള്‍ ജനമനസ്സുണര്‍ത്താന്‍ മെനക്കെടുന്നില്ല. അവര്‍ക്ക് സരിതയുടെ സാരിയുടെ നിറവും, ശാലുമേനോന്റെ ശാലീനതയും, തെറ്റയിലിന്റെ തെറ്റുകളുമൊക്കെയാണ് കാര്യം. അതു പ്രക്ഷേപണം ചെയ്യാന്‍തന്നെ അവര്‍ക്ക് സമയം കിട്ടുന്നില്ലത്രേ! പിന്നെയാണ് ഇവിടെ ചാവാന്‍കിടക്കുന്ന ഗ്രാമവാസികളുടെ കാര്യം.
കാതിക്കുടത്തെ രക്ഷിക്കാന്‍ മുഴുവന്‍ ബ്ലോഗര്‍മാരുടെയും ധാര്‍മ്മികപിന്തുണ ആവശ്യമാണ്. കാതിക്കടത്തെക്കുറിച്ച് സാഹിത്യസൃഷ്ടികള്‍ രചിച്ചും, പ്രചരിപ്പിച്ചും, പറ്റിയാല്‍ ഒരു ബ്ലോഗേഴ്സ് സമ്മിറ്റ് കാതിക്കുടത്ത് സംഘടിപ്പിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും അതിജീവനത്തിനായി സഹനസമരം ചെയ്യുന്ന ജനതയെ സഹായിക്കണമെന്ന് എല്ലാ സഹൃദയരോടും അഭ്യര്‍ത്ഥിക്കുന്നു.

19 Aug 2012

രാമൻ മാഷുടെ പ്രേമം ശേഖരന്റെ ചോദ്യം

  ശ്രീജിത്ത് മൂത്തേടത്ത്
ണക്ക് രാമന്‍മാഷും സാവിത്രിടീച്ചറും തമ്മിലുള്ള പ്രേമം സ്കൂളിലെ കുട്ട്യോള്‍ക്കിടയലെ സംസാരവിഷയമായിരുന്നു. പഠിപ്പിക്കുന്ന വിഷയം കണക്കാണെങ്കിലും രാമന്‍മാഷ് ചങ്ങമ്പുഴയുടെയും, വൈലോപ്പിള്ളിയുടെയും ഇടപ്പള്ളിയുടെയുമൊക്കെയൊരാരാ
ധകനായിരുന്നു. കണക്കുക്ലാസ്സില്‍ ക്രിയകളെല്ലാം കഴിഞ്ഞ് കിട്ടുന്ന ഇത്തിരി സമയങ്ങളില്‍ മാഷ് ഈണത്തില്‍ മനസ്വിനിയും മാമ്പഴവുമൊക്കെ ചൊല്ലും. കുട്ടികളതില്‍ ലയിച്ചിരിക്കും.
ഒറ്റപ്പത്തിയിലായിരമുടലുകള്‍
ചുറ്റുപിണഞ്ഞൊരു മണിനാഗം
ചന്ദനലതകളിലധോമുഖ ശയനം
ചന്ദമൊടങ്ങിനെ ചെയ്യുമ്പോള്‍...”
മാഷ് മനസ്വിനി ചൊല്ലുമ്പോള്‍ കുട്ടികള്‍ മുകളിലത്തെ വിട്ടത്തിന്‍മേലേക്ക് നോക്കും. എലിയെപ്പിടിക്കാന്‍ കേറുന്ന ചേരകള്‍ ഇടക്കിടെ കഴുക്കോലുകളിലും, ഉത്തരത്തിലുമൊക്കെ തൂങ്ങിയാടാറുണ്ട്. അപ്പോഴൊക്കെ കുട്ടികള്‍ പേടിച്ചും അല്ലാതെയും കൂക്കിവിളിച്ചു് ഓടാറുണ്ട്. പക്ഷെ രാമന്‍മാഷ് കവിതചൊല്ലുമ്പോള്‍ ഇനി ചേരവന്നാല്‍ത്തന്നെയും കുട്ടികള്‍ വീര്‍പ്പടക്കിയിരിക്കുകയേയുള്ളൂ
. അത്രക്കിഷ്ടമായിരുന്നു കുട്ടികള്‍ക്ക് മാഷിനെ. കണക്കില്‍ വട്ടപ്പൂജ്യം വാങ്ങുന്ന ശേഖരനുപോലും മാഷെ ഇഷ്ടായിരുന്നൂന്ന് പറഞ്ഞാല്‍ മതിയല്ലോ.
കുട്ടികള്‍ക്കിടയിലെ ആദര്‍ശ പ്രണയജോടികളായിരുന്നു കണക്ക് രാമന്‍മാഷും, സാവിത്രിടീച്ചറും. അവരില്‍പ്പലരും മാഷെയും ടീച്ചറെയും മാതൃകകളാക്കി പ്രണയം നട്ടുനനച്ചുവളര്‍ത്തി. ഉച്ചസമയങ്ങളില്‍ സ്റ്റാഫ്റൂമിലോ ലൈബ്രറി മുറിയിലോ മ്യൂസിക് ടീച്ചറായ സാവിത്രിടീച്ചറുടെ പാട്ടുംകേട്ട് താളത്തില്‍ തലയാട്ടി ലയിച്ചിരിക്കുന്ന മാഷെ പിള്ളാര്‍ ഒളിഞ്ഞും തെളിഞ്ഞും നോക്കി നെടുവീര്‍പ്പിടാറുണ്ട്.
ഈ സമയത്താണ് സ്കൂളിനെ ഞെട്ടിച്ചുകളഞ്ഞ ഒരുസംഭവമുണ്ടാവുന്നത്. സ്കൂളിലെ സകലസമരങ്ങളുടെയും, കുണ്ടാമണ്ടികളുടെയും നേതൃസ്ഥാനമലങ്കരിക്കുന്ന വണ്‍ ഏന്റ് ഓണ്‍ലി ശേഖരന്‍, എട്ടാം ക്ലാസ് ബി.യില്‍ പഠിക്കുന്ന, സുന്ദരിയും സുശീലയും പഠനത്തില്‍ ഒന്നാമയും സര്‍വ്വോപരി മൂക്കത്തു കണ്ണടയും ശുണ്ഡിയും ഒരുമിച്ച് ഫിറ്റ്ചെയ്ത് സദാ കയ്യിലൊരു ചൂരലുമായി നടക്കുന്ന മലയാളം ആനന്ദവല്ലിടീച്ചറുടെ മകളുമായ സവിതയ്ക്ക് പ്രേമലേഖനം നല്‍കി സ്കൂളിന്റെ സമാധാനാന്തരീക്ഷം തകര്‍ത്തു. സുന്ദരിയായ സവിത സ്കൂളില്‍ വന്നുചേര്‍ന്ന ദിവസം മുതല്‍ സകല ആണ്‍പിള്ളാരുടെയും ശ്രദ്ധപിടിച്ചുപറ്റിക്കഴിഞ്ഞിരു
ന്നു. പക്ഷെ അവള്‍ക്കൊരു പ്രേമലേഖനം കൊടുക്കാന്‍മാത്രമുള്ള ധൈര്യമൊന്നും ആര്‍ക്കുമുണ്ടായിരുന്നില്ല. ആനന്ദവല്ലിട്ടീച്ചറുടെ ചൂരലിന്റെ കാര്യമോര്‍ത്താല്‍ത്തന്നെ മൂത്രം പോവും. പിന്നെയാ പ്രേമലേഖനം.
ശേഖരന്‍ പ്രശ്നക്കാരനും, കണക്കില്‍ സംപൂജ്യനുമൊക്കെയായിരുന്നുവെങ്
കിലും ആള് സുന്ദരനായിരുന്നു. ഏതു പെണ്ണും തലചുറ്റിവീണുപോവുന്ന ഉണ്ടക്കണ്ണിനുടമയായിരുന്നു ശേഖരന്‍. പക്ഷേ ശേഖരന്റെ ഉണ്ടക്കണ്ണിനൊന്നും സവിതയെ വളക്കാനാവില്ലെന്നായിരുന്നു സാമാന്യം വിവരമുള്ള സഹപഠിതാക്കളുടെയൊക്കെ ധാരണ. മാത്രമല്ല അവള്‍ ആനന്ദവല്ലിടീച്ചറോട് കാര്യംപറഞ്ഞ് ശേഖരന്റെ കഥകഴിക്കും. സ്കൂളിലെ ശേഖരന്റെ എതിരാളികള്‍ കൈനഖമുരച്ചു. പക്ഷെ സകലധാരണകളെയും തകിടംമറിച്ച് സവിതയും ശേഖരന്റെ ഉണ്ടക്കണ്ണിനുമുന്നില്‍ തലചുറ്റിവീണു. അവര്‍ മാവിന്‍ചുവട്ടിലും കിണറ്റിന്‍കരയിലും സല്ലപിച്ചുനടന്നു. അവരുടെ സല്ലാപത്തിലസൂയപൂണ്ട ചില കുബുദ്ധികള്‍ സ്കൂളിന്റെ വെള്ളപൂശിയ മതിലില്‍ കരികൊണ്ട് ചുവരെഴുത്തുനടത്തി.
സവിത + ശേഖരന്‍”
ശേഖരന്‍ അതുകണ്ട് അഭിമാനപുളകിതനായി. പക്ഷെ, സ്കൂളില്‍ പ്രശ്നം ആളിപ്പടര്‍ന്നു. ചുവരെഴുത്തുവൃത്താന്തം ആനന്ദവല്ലിട്ടീച്ചറുടെ ചെവിയിലുമെത്തി. ടീച്ചര്‍ വിറച്ചു. സ്കൂളാകെ വിറച്ചു. തെമ്മാടച്ചെക്കനായ ശേഖരനെ ഹെഡ് മാസ്റ്റര്‍ വിളിപ്പിച്ചു. ഹെഡ്ഡിന്റെ മുന്നിലിട്ട് ടീച്ചര്‍ ശേഖരന്റെ ചന്തിയില്‍ ചൂരലുകൊണ്ട് അരിശം തീര്‍ത്തു. പൊടുന്നനെയാണ് ശേഖരന്‍ അടുത്ത ബോംബ്പൊട്ടിച്ചത്.
കണക്കുമാഷക്ക് സാവിത്രിട്ടീച്ചറെ പ്രേമിക്കാമെങ്കി എനിക്കെന്താ?”
തികച്ചും അര്‍ത്ഥവത്തായ ചോദ്യമായിരുന്നു അത്. ഹെഡ് മാസ്റ്റര്‍ ചിന്തിച്ചു. ആനന്ദവല്ലിടീച്ചറുടെ തീപ്പാറുന്ന കണ്ണുകള്‍ കണ്ടപ്പോള്‍ ഹെഡ് മാസ്റ്റര്‍ ഒന്നും പറഞ്ഞില്ല. ആ കണ്ണുകള്‍ തന്നെ ഭസ്മമാക്കിക്കളയുമോയെന്ന് രാമന്‍മാഷ് ഭയന്നു. സാവിത്രിടീച്ചര്‍ ബാത്ത്റൂമില്‍ അഭയം തേടി.
ഇതിവിടവസാനിക്കണം”
ആനന്ദവല്ലി ആനയെപ്പോലെ ചിന്നംവിളിച്ചു.
മാഷമ്മാര്തന്ന്യാ പിള്ളാരെ ഓരോരോ തോന്ന്യാസം പഠിപ്പിക്കുന്നെ..”
രാമന്‍മാഷുടെ മേശപ്പുറത്തുണ്ടായിരുന്ന ചങ്ങമ്പുഴയും, ഇടപ്പള്ളിയും, വൈലോപ്പിള്ളിയുമൊക്കെ ആനന്ദവല്ലിടീച്ചറുടെ കയ്യിലൂടെ പുറത്തേക്ക് പറന്നു. ചൂളിനില്‍ക്കുന്ന രാമന്‍മാഷെ ശേഖരന്‍ പുച്ഛത്തോടെ നോക്കി.
അന്ന് വൈകിട്ട് സ്കൂള്‍വിട്ട് പുറത്തേക്ക്പോകുമ്പോള്‍ കണക്ക് രാമന്‍മാഷ് സാവിത്രിടീച്ചറോട് ഇങ്ങനെ പറഞ്ഞു.
പാടില്ലാ പാടില്ലാ നമ്മെനമ്മള്‍....”

21 Apr 2012

ജാലകങ്ങള്‍

ശ്രീജിത്ത് മൂത്തേടത്ത്

ക്ലാസ്സ് മുറിയില്‍ തുറന്നിട്ട ജാലകത്തിലൂടെ നീണ്ടുവന്ന സദാനന്ദിന്റെ കൈകള്‍ തന്നെ തോണ്ടുന്നതറിഞ്ഞ് ചരിത്രത്തിന്‍റെ മയക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന് ലോകയുദ്ധങ്ങളുടെ മുരള്‍ച്ചയില്‍ നിന്നും ജാലകപ്പഴുതിലൂടെ രക്ഷപ്പെടുന്പോള്‍ "തുറന്നിട്ട ജാലകം" സ്വാതന്ത്ര്യത്തിലേക്കുള്ള വാതായനമായിരുന്നു.
ഇന്റര്‍നെറ്റ് കഫെയുടെ ഇടുങ്ങിയ ചുവരുകള്‍ക്കുള്ളില്‍ മീനുവും, സദാനന്ദും "അരുതായ്മകള്‍" കണ്ടു. ഇത്തിരി "ചെയ്തു”. ഉള്ളില്‍ നിന്നും കൊളുത്തിട്ട ഹാഫ് ഡോറില്‍ മുട്ടുകേട്ട് ഞെട്ടി പിടഞ്ഞ് തുറന്നു വച്ചിരുന്ന "അരുതാത്ത ജാലകം' തിടുക്കത്തിന്‍ അടച്ച് കൊളുത്തിടാന്‍ മറന്ന് പുറത്തിറങ്ങി. സമയത്തിന്ന പണമൊടുക്കി നഗരത്തില്‍ ലയിച്ചു.
ബസ്സില്‍ സദാനന്ദുമൊത്ത് ഒരേ ഇരിപ്പിടത്തില്‍ ചേര്‍ന്നിരുന്ന് യാത്ര ചെയ്യുന്പോള്‍ ജാലകത്തിലൂടെ നാട്ടിലെ പരിചയക്കാരുടെ കണ്ണുകള്‍ തങ്ങളെ തിരിച്ചറിയുന്നത് മീനു തിരിച്ചറിഞ്ഞില്ല.
ബാങ്കില്‍ "ഏകജാലകം" - ഒന്നിലൂടെ പണം നിക്ഷേപിച്ച അയല്‍ക്കാരന്‍ രാമേട്ടന്‍ "ബസ്സ് ജാലക"ത്തിലൂടെ താന്‍ കണ്ട രഹസ്യം കൂടെ അച്ഛന്റെ മനസ്സില്‍ നിക്ഷേപിച്ച് വളിച്ച ചിരി ചിരിച്ച് നിര്‍വൃതിയോടെ പിരിഞ്ഞപ്പോള്‍ ". സി.” യുടെ തണുപ്പിലും അച്ഛന്‍ വിയര്‍ത്തു.
വൈകിട്ടി വീട്ടിലെത്തിയപ്പോള്‍ കൊളുത്തിടാന്‍ മറന്ന അടുക്കള ജാലകത്തിലൂടെ അകത്തു കടന്ന കള്ളിപ്പൂച്ച അമ്മ തനിക്കായി തിളപ്പിച്ചു വച്ചിരുന്ന പാല്‍ കട്ടു കുടിച്ചിരുന്നു. പാത്രം തട്ടി മറിച്ചിട്ടിരുന്നു.
തിരക്കിട്ട് ഭക്ഷണം കഴിച്ച് മുകളിലത്തെ തന്റെ മുറിയുടെ ജാലകങ്ങള്‍ തുറന്നിട്ട് അലസമായി പുറത്തേക്ക് നോക്കിയപ്പോള്‍ മതിലിന്നു വെളിയിലൂടെ റോഡില്‍ സൈക്കിളില്‍ ചൂളമടിച്ചെത്തിയ പൂവാലന്‍ അവള്‍ക്കു നേരെ "ഫ്ലയിംഗ് കിസ്സു് " പറത്തി. ചമ്മലോടെ മുഖം തിരിച്ചപ്പോള്‍ പൊടുന്നനെ ഒരു ശബ്ദം കേട്ടു. ബാലന്‍സു തെറ്റി സൈക്കിളില്‍ നിന്നും വീണതിന്റെ ചമ്മിയ ചിരി പൂവാലന്റെ മുഖത്ത്.
കഫേയില്‍ കൊളുത്തിടാന്‍ മറന്ന ജാല കത്തിന്‍റെ പാളി തുറന്ന് അകത്തു കയറിയ ഏതോ മാന്യ തസ്കരന്‍ തന്റെ പേരില്‍ നിരവധി മെയിലുകള്‍ അരുതാത്ത ".ഡി."കളിലേക്ക് പറത്തിയതറിഞ്ഞ് വാതിലുകളടച്ചിട്ട മുറിയില്‍ "പി.സി."ക്കു മുന്നിലിരുന്നു തന്റെ "മെയില്‍ പെട്ടി" തുറന്നപ്പോളായിരുന്നു. ഭാഗ്യം മറ്റനര്‍ത്ഥങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഓരോന്നായി "ഡിലീറ്റ് "ചെയ്യവേ "റിസീവ്ഡ് മെയിലി"ലൊന്നിന്റെ ഐ.ഡി.യില്‍ കണ്ണുടക്കി. തുറന്നു നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. പുറകില്‍ കരഞ്ഞ ജാലക വാതില്‍ക്കല്‍ അച്ഛന്‍ നിന്ന് പരുങ്ങുന്നത് മുന്നിലെ കണ്ണാടിയില്‍ പ്രതിഫലിച്ചു.
രാമേട്ടന്‍ പറഞ്ഞ അരുതാത്ത വാര്‍ത്തയുടെ നീറ്റലില്‍ നിന്നും രക്ഷ നേടാന്‍ "ഏകജാലകത്തിലെ" ഇടപാടുകള്‍ക്ക് അവധി കൊടുത്ത് സ്വന്തം മെയില്‍ ജാലകം തുറന്നപ്പോള്‍ കണ്ട "ഇക്കിളി മെയിലിന് " അലസമായി "റിപ്ലേ" ചെയ്തപ്പോള്‍ ഒരിക്കലും കരുതിയില്ല. സ്വന്തം മകളുടെതാവുമെന്ന്. സ്വയം ശപിച്ചുകൊണ്ട് അച്ഛന്‍ ജാലക വാതിലടച്ച് പിന്തിരിഞ്ഞപ്പോള്‍ മീനു വിളക്കുകള്‍ കെടുത്തി ഇത്തിരിക്കാറ്റിനായി പുറത്തേക്കുള്ള വാതിലുകള്‍ തുറന്നു. "തുറന്നിട്ട ജാലകങ്ങള്‍" വരുത്തി വച്ച പുലിവാലുകള്‍ ഓര്‍ത്തപ്പോള്‍ പെട്ടന്നു തന്നെ അടച്ച് കൊളുത്തിട്ട് മുറിക്കുള്ളിലെ ചൂട് സഹിച്ച് കിടന്നു.
ജാലകങ്ങളില്ലാത്ത സിനിമാ തിയേറ്ററിലെ സദാനന്ദുമൊത്തുള്ള "ചൂടുള്ള" അനുഭവങ്ങളില്‍ വിയര്‍ത്തു കൊണ്ട്....

15 Nov 2011

മണികിലുക്കം

മണികിലുക്കം
ശ്രീജിത്ത് മൂത്തേടത്ത്
 ഊയ്യോണ്റ്റമ്മേ രക്ഷിക്കണേ... മഠത്തും പറമ്പ്‌ കുമാരന്‍ മണ്ടുകയാണ്‌. പ്രാണനും ഇറുക്കിപ്പിടിച്ച്‌. തിരിഞ്ഞ്നോക്കാതെ. അയാളുടെ ഓട്ടം കണ്ടാല്‍, തന്നെ പിടിച്ച്‌ തിന്നുവാന്‍ വരുന്ന ഏതോ ഭീകരസത്വത്തില്‍ നിന്നും രക്ഷപ്പെടുവാനാണെന്ന്‌ തോന്നും. പാതി ഇരുട്ട്‌ പുരണ്ടുതുടങ്ങിയ നാട്ടിടവഴിയിലൂടെ റേഷന്‍കടയില്‍ നിന്നും വാങ്ങിയ പഞ്ചസാരപ്പൊതിയും ശ്വാസവും ഇറുക്കിപ്പിടിച്ച്‌ അയാള്‍ വെളിയാറ താഴക്കുനിയിലൂടെ നടന്നു വരികയായിരുന്നു. റേഷന്‍ കടയില്‍ നിന്നും വരുമ്പോള്‍ എളുപ്പവഴിയാണത്‌. കാളി, കൂളികളുടെ സഞ്ചാരമുണ്ടെന്ന്‌ വിശ്വസിക്കപ്പെടുന്നതിനാല്‍ വെളിയാറ താഴക്കുനി സന്ധ്യയോടടുത്താല്‍ വിജനമാണ്‌. 
പൊടുന്നനെ പിന്നില്‍ നിന്നും മണികിലുക്കം കേട്ട്‌ ഞെട്ടിത്തിരിഞ്ഞ്‌ നോക്കിയതായിരുന്നു കുമാരന്‍. എന്തോ ചുവന്ന തുണി കൊണ്ട്‌ മൂടിയ രൂപം കണ്ടപ്പോള്‍ കൂളിയുടെ രൂപം മനസ്സില്‍ തെളിഞ്ഞ്‌ വന്നു.
നെഞ്ചോടടുക്കിപ്പിടിച്ച ശ്വാസത്തിന്‍ പിടിവിട്ട്‌ പഞ്ചസാരപ്പൊതി സമീപത്തെ ആണിക്കുഴിയിലേക്ക്‌ വലിച്ചെറിഞ്ഞ്‌ അയാള്‍ ഒരു മരണപ്പാച്ചില്‍ പാഞ്ഞു. ഈ സമയം കുമാരണ്റ്റെ ഓട്ടം കണ്ടിട്ടോ, ഇനി മറ്റെന്തെങ്കിലും കണ്ടിട്ടോ എന്നറിയില്ല വെളിയാറക്കുന്നുമ്മല്‍ ബാലണ്റ്റെ മൂരിക്കുട്ടനും ബ്രാ യെന്ന്‌ നിലവിളിച്ച്‌ ഓട്ടം പടിച്ചിരുന്നു. കറവയുണ്ടായിരുന്ന പശുവിനെ കറന്ന്‌, കന്നുകുട്ടിയെ ബാക്കി പാല്‍ കുടിക്കാന്‍ തള്ളയുടെ അടുത്തുവിട്ട്‌, ബാലണ്റ്റെ ഭാര്യ മാത, താന്‍ പറിച്ച്‌ കൊണ്ട്‌ വച്ചിരുന്ന പച്ചപ്പുല്ല്‌ പശുവിന്നിട്ട്‌ കൊടുത്ത്‌, മുതുകത്തു പറക്കുന്ന ഈച്ചകളെ ആട്ടി താലോലിച്ച്‌ നില്‍ക്കുമ്പോഴാണ്‌ മൂരിക്കുട്ടന്‍ അലറിക്കൊണ്ട്‌ കുന്ന്‌ കയറി വരുന്നത്‌ കണ്ടത്‌.
ദെന്താപ്പോ പറ്റ്യത്‌ ?
ബാലേട്ടാ ങ്ങളൊന്നിങ്ങോട്ടോടി ബരീന്‍പറമ്പു പണിക്കാരനായ ബാലന്‍ അലക്കു കല്ലില്‍ കാലുരച്ച്‌ കഴുകി, ചെളികളയാന്‍ ശ്രമിക്കുന്നതിനിടയില്‍ ഭാര്യയുടെ പരിഭ്രമിച്ചുള്ള വിളി കേട്ട്‌ ഓടി വന്നു. അപ്പോഴേക്കും മൂരിക്കുട്ടന്‍ ഓടിക്കിതച്ച്‌ മുറ്റത്തു കേറിയിരുന്നു. ഇനിക്കിപ്പോ ന്താ പറ്റ്യേ വെറക്ക്ന്ന്ണ്ടല്ലോ. പരിഭ്രമിച്ചു നില്‍ക്കുന്ന മൂരിക്കിടാവിണ്റ്റെ മുതുകത്ത്‌ ബാലന്‍ തഴുകി. അപ്പോഴും അത്‌ ഭയന്നെന്ന വണ്ണം വിറക്കുന്നുണ്ടായിരുന്നു. കഴുത്തില്‍ കെട്ടിയിരുന്ന മണി ണീം.. ണീം.. ന്ന്‌ മുഴങ്ങി. മൂരിക്കുട്ടണ്റ്റെ മുതുകിനൊപ്പം ബാലണ്റ്റെ കയ്യും വിറച്ചു. ബാലന്‍ മൂരിക്കുട്ടനെ കൂടെ ആലയില്‍ കെട്ടി, പുല്ലിട്ട്‌ കൊടുത്ത്‌, കുളിക്കാന്‍ പോയി. തണ്റ്റെ മൂരിക്കുട്ടന്‍ എന്തിനാണാവ്വോ ഇങ്ങനെ പേടിച്ചോടിയതെന്ന്‌ മനസ്സിലാവാതെ മാത ഇടവഴിയിലേക്ക്‌ എത്തിനോക്കി. 
വെളിയാറകുന്നിണ്റ്റെ താഴ്‌വര വിജനമായിരുന്നു. ഇടവഴിയുടെ ഇരുവശവും ഉയര്‍ന്ന്‌ നിന്നിരുന്ന കൊള്ളിണ്റ്റെ പള്ളയില്‍ ഐരാണിപ്പൂക്കള്‍ കണ്ണ്‍ചിമ്മിത്തുടങ്ങിയിരുന്നു. മണിയൊച്ച കേട്ട്‌ തിരിഞ്ഞ്‌ നോക്കാതെ ഓടിയ കുമാരന്‍ ഇതിന്നകം മഠത്തും പറമ്പ്‌ വീട്ടിണ്റ്റെ മുറ്റത്തെത്തിയിരുന്നു.
വിയര്‍ത്ത്‌ കുളിച്ച്‌, വിറച്ചുകൊണ്ട്‌ അയാള്‍ കോലായിലുണ്ടായിരുന്ന കട്ടിലിലേക്ക്‌ വീണു. ഈയ്യോ ണ്റ്റെ കെട്ടിയോനെന്തോ പറ്റ്യേ... കുമാരണ്റ്റെ പരാക്രമം കണ്ട്‌ ജാനു അലക്കിത്തോരാനിട്ട്‌ കൊണ്ടിരുന്ന മുണ്ടും നിലത്തിട്ട്‌ ഓടി വന്നു. കുമാരന്‍ മച്ചിന്‍മുകളിലേക്ക്‌ തുറിച്ച്‌ നോക്കി കിടന്ന്‌ വിറക്കുകയാണ്‌. ജാനു നെഞ്ചത്തടിച്ച്‌ നിലവിളിക്കാന്‍ തുടങ്ങി. അയല്‍വീട്ടുകാരായ നാണുവും ഗോപാലനും ബഹളം കേട്ട്‌ ഓടിവന്നു. അവര്‍ തുള്ളിവിറക്കുന്ന കുമാരണ്റ്റെ കയ്യും കാലും പിടിച്ചുവച്ചു. അപസ്മാരം പിടിച്ചവനെ പോലെയായിരുന്നു അയാള്‍. ന്തു പറ്റി കുമാരാ, ഞ്ഞി വെറക്കാണ്ട്‌ കാര്യം പറ. കുമാരണ്റ്റെ കണ്ണുകള്‍ തുറിച്ചുതന്നെയിരുന്നു. വാ തുറന്നെങ്കിലും നാക്കു പൊങ്ങിയില്ല. നല്ല പനീണ്ട്‌. ജാന്വേ ഞ്ഞ്യൊര്‌ ശീല നനച്ചിങ്ങെട്ത്തോ. ജാനു ശീല നനച്ചു കൊണ്ടുവന്നു കുമാരണ്റ്റെ നെറ്റിയിലിട്ടു. ന്തോ കണ്ട്‌ പേടിച്ചതാ. ആന്നോ കുമാരാ ? - നാണു ചോദിച്ചു. കുമാരന്‍ അതെയെന്ന മട്ടില്‍ തലയിളക്കി. അയാളുടെ കാതുകളില്‍ മണിയൊച്ച മുഴങ്ങിക്കൊണ്ടിരുന്നു. 
കണ്ണ്‌ ചിമ്മുമ്പോള്‍ ചുവന്ന മുണ്ടു ചുറ്റി കണ്ണ്‌ തുറിച്ച്‌ രക്തമിറ്റുന്ന നാവുനീട്ടുന്ന കൂളി ഉറയുന്നു. എനിക്കാദ്യം തന്നെ തോന്നീട്ട്ണ്ട്‌, ഓന്‍ ദെവസോം വെളിയാറ താഴക്കുനീക്കൂട്യല്ലേ വര്‍വാ ആട കാളീടേം കൂളീടേം ഒക്കെ നടപ്പുള്ളതാ. ഗോപാലന്‍ പറഞ്ഞു. എത്രവട്ടം പറഞ്ഞിട്ട്ള്ളതാ ഓനോട്‌ മയിമ്പിന്‌ അയിലൂടെ വരര്‍തെന്ന്‌ ന്നിട്ടിപ്പം ന്തായി ?- കുമാരണ്റ്റെ അമ്മ മാണിക്കാമ്മ കോലായിന്‍ തുമ്പത്ത്‌ തലയില്‍ കയ്യും വച്ചിരുന്നു. ഇനീപ്പം ന്താ ചെയ്യാ ? - ജാനു കണ്ണീരു തുടച്ചു. മറ്റെന്ത്‌ ചെയ്യാനാ പൊട്ടമ്മീത്തല്‍ കണ്യാളെ കാണ്വന്നെ. ഓറിപ്പോ ആടണ്ടാവ്വോചെന്ന്വോക്ക്വാ. കണ്യാള്‌ കെടക്ക്ന്നണ്റ്റെ മുമ്പ്‌ തന്നെ പോണം. ജാന്വോ ഞ്ഞ്യാ ചൂട്ടിങ്ങോട്ടെട്ക്ക്‌. ഗോപാലന്‍ മുറ്റത്തേക്കിറങ്ങി. തൊടിയിലും ഇടവഴികളിലും ഇരുട്ടു കനത്തിരുന്നു. മണ്ണട്ടകളുടെ സംഗീതം. അന്തരീക്ഷത്തിന്നൊരാശ്വാസമെന്നപോലെ ഒരു ശീതക്കാറ്റു വീശി. ചൂട്ടില്‍ നിന്നും തീനാളങ്ങള്‍ ആളിപ്പടര്‍ന്നു. ഇരുട്ടു കട്ടപ്പിടിച്ച ഇടവഴികളിലൂടെ ഗോപാലന്‍ ചൂട്ടുവീശി മുന്നില്‍ നടന്നു. നാണുവും, ജാനുവും, പനിച്ച്‌ വിറച്ച്‌ കൊണ്ട്‌ കുമാരനും ഗോപാലനെ അനുഗമിച്ചു. വേഗം വരണേ കുമാരാ.. ഞാനിവിടെ ഒറ്റക്കാ - മാണിക്കാമ്മ കോലായിലന്‍ തുമ്പത്ത്‌ നിന്ന്‌ വിളിച്ചു പറഞ്ഞു. ഏതാണ്ടിതേ സമയം മറ്റൊരു ജാഥ വെളിയാറക്കുന്നിറങ്ങി വരുന്നുണ്ടായിരുന്നു. ജാഥാംഗങ്ങളില്‍ ചൂട്ടും പിടിച്ച്‌ മുന്നില്‍ നടക്കുന്നത്‌ ബാലന്‍ തൊട്ടു പിന്നില്‍ മാത, ഏറ്റവും പിന്നില്‍ മണികിലുക്കിക്കൊണ്ട്‌ മൂരിക്കുട്ടന്‍. മൂരിക്കുട്ടണ്റ്റെ കടിഞ്ഞാണ്‍ മാതയുടെ കയ്യില്‍. പേടിച്ചു വിറച്ച മൂരിക്കുട്ടനെ ബാലന്‍ ആലയില്‍ കെട്ടി പുല്ലിട്ട്‌ കൊടുത്തിട്ടും അത്‌ തിന്നാന്‍ കൂട്ടാക്കിയിരുന്നില്ല. നിന്നു വിറച്ചു കൊണ്ടിരുന്നു. കണിയാളെ കൊണ്ട്‌ ഒന്ന്‌ ഊതിക്കാമെന്ന നിര്‍ദ്ദേശം വച്ചത്‌ മാതയാണ്‌. ഇരു ജാഥകളും സംഗമിച്ച്‌ പൊട്ടന്‍മീത്തല്‍ തറവാടിണ്റ്റെ മുറ്റത്തെത്തുമ്പോള്‍ അച്ച്യുതക്കണിയാള്‍ തണ്റ്റെ ചുവപ്പ്‌ പട്ട്‌ മേല്‍മുണ്ട്‌ ഊരി അഴയിലിട്ട്‌ എണ്ണ പുരട്ടി കുളിമുറിയില്‍ ഭാര്യ അമ്മാളുവമ്മ വെള്ളം ചൂടാക്കി വച്ചിരുന്നു. ചൂട്ടും വീശി വരുന്ന ജാഥകണ്ട്‌ ഏതോ പിരിവുകാരാണെന്നു കരുതി കണിയാള്‍ അകത്തേക്കു വലിയാന്‍ നോക്കിയതാണ്‌.
മണികിലുക്കം കേട്ടപ്പോള്‍ കാര്യം മനസ്സിലാവാതെ നിന്നു. മുറ്റത്തു നിരന്നു നില്‍ക്കുന്ന ആളുകളെയും, മൂരിയെയും കണ്ട്‌ കണിയാള്‍ അമ്പരന്നു. അഴയില്‍ തൂങ്ങിക്കിടന്ന ചുവന്ന പട്ട്‌ കണ്ടിട്ടാണോ എന്നറിയില്ല, മൂറിക്കുട്ടന്‍ ശരോന്ന്‌ മൂത്രമൊഴിച്ചു. ചാണകവുമിട്ടു. നാണുവും, ഗോപാലനും, ബാലനും കോലായിലേക്ക്‌ കയറി. കണിയാള്‍ ഒരു വെറ്റിലയെടുത്ത്‌ ഞെട്ട്‌ കളഞ്ഞ്‌ ചുണ്ണാമ്പ്‌ തേച്ച്‌, പുകയിലയും അടക്കയും കൂട്ടി അണ്ണാക്കിലേക്ക്‌ തള്ളിവച്ച്‌ കവടി തഞ്ചിയെടുത്ത്‌ മേശപ്പുറത്തുവച്ചു. രാശിപ്പലകയിലെ ചതുരങ്ങളില്‍ കുഞ്ഞു ശംഖുകള്‍ നിറഞ്ഞു. ഗോപാലനും, ബാലനും വന്ന കാര്യം വിശദീകരിച്ചപ്പോള്‍ അച്ച്യുതക്കണിയാള്‍ കണ്ണുകളടച്ച്‌ ചിന്താധീനനായി. അന്ന്‌ വൈകുന്നേരം ആരും കാണാതിരിക്കാന്‍ തണ്റ്റെ ചുവന്ന മേല്‍മുണ്ട്‌ തലയിലിട്ട്‌ മൂടി, വെളിയാറത്താഴക്കുനിയില്‍ വയലില്‍ വീണുകിടന്ന അടക്ക പെറുക്കിയ കാര്യം മനസ്സില്‍ തെളിഞ്ഞ്‌ വന്നു. മുറുക്കാന്‍ പറ്റിയ നല്ല വണ്ണമുള്ള പഴുക്കടുക്ക വീണുകിടക്കുന്നതു കണ്ടപ്പോള്‍ മനസ്സില്‍ നുരഞ്ഞ്പൊന്തിയ ആഗ്രഹത്തെ അടക്കാന്‍ കഴിഞ്ഞില്ല. മോഷണമാണെന്ന ബോധ്യമുണ്ടായിട്ടും ആരും ആ സമയത്ത്‌ അതുവഴി വരില്ലെന്ന ധൈര്യത്തിലാണ്‌ അതിന്‌ തുനിഞ്ഞത്‌. പെട്ടന്ന്‌ ആരോ അലറിവിളിച്ച്‌ ഓടുന്നതും, മണിയൊച്ച മുഴങ്ങുന്നതും കേട്ട്‌, പേടിച്ച്‌, പെറുക്കിയ അടക്ക മുഴുവന്‍ തിരികെ നിലത്തിട്ട്‌ കാളി കൂളികളോട്‌ മാപ്പു പറഞ്ഞ്‌ ഏത്തമിട്ട്‌ വിറച്ചുനിന്ന നിമിഷങ്ങളെ ശപിച്ചുകൊണ്ട്‌ കണിയാള്‍ തലകുലുക്കി. വായിലെ കൊഴുത്ത മുറുക്കാന്‍ മുറ്റത്തേക്ക്‌ നീട്ടിത്തുപ്പിക്കൊണ്ട്‌ അയാള്‍ പറഞ്ഞു. ഊം.. മനസ്സിലായി. ന്നാലും സാരംല്ല. പരിഹാരംണ്ട്‌. - ഒരു കറുത്ത ചരട്‌ ജപിച്ച്‌ കുമാരണ്റ്റെ കയ്യില്‍ കെട്ടിക്കൊടുത്തു. ഇനി കന്നുകാലികളെ സന്ധ്യക്ക്‌ അവിടെ കെട്ടണ്ട. ആ സ്ഥലം അത്ര നന്നല്ല. മനസ്സിലായോ?മൂരിക്കുട്ടന്‍ അഴയില്‍ ഞാണ്ട്‌ കിടന്ന ചുവന്ന മുണ്ടില്‍ നോക്കി തലകുലുക്കിയപ്പോള്‍ വീണ്ടും മണികിലുങ്ങി.
കണിയാള്‍ അറിയാതൊന്നു ഞെട്ടി. അയാള്‍ മൂരിയുടെ ചെവിയില്‍ ജപിച്ചൂതി. കുമാരനും, ബാലനും നല്‍കിയ ദക്ഷിണ വാങ്ങി മുണ്ടിണ്റ്റെ കോണ്‍തലക്കല്‍ തിരുകി ഇരു സംഘത്തേയും യാത്രയാക്കി, തിരിച്ച്‌ കോലായിലേക്ക്‌ കയറി, ചാരുകസേരയില്‍ കിടന്ന്‌, നഷ്ടപ്പെട്ടു പോയ പഴുക്കടക്കകളെപ്പറ്റി ഓര്‍ക്കാതിരിക്കാന്‍ വേണ്ടി ശ്രമിക്കുമ്പോള്‍ അകലെ വഴിയിലെവിടെയോ മണികിലുങ്ങുന്നുണ്ടായിരുന്നു.


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...