Showing posts with label THOMAS P KODIYAN. Show all posts
Showing posts with label THOMAS P KODIYAN. Show all posts

19 Jul 2013

അറിവുകള്‍ മുറിവുകള്‍

      തോമസ് പി കൊടിയന്‍
ഫോണ്‍: 9946430050
ലൂയിസ് ബാസ്റ്റിന്‍ ഇത്രപെട്ടെന്ന് ഇത്രമേല്‍ ക്ഷുഭിതനാവുമെന്നു ഞങ്ങളാരും കരുതിയതേയില്ല. പ്രത്യേകിച്ച് വര്‍ഗീസ്‌സാറിനോട്. 
ഇതിനുമുമ്പ്, എന്നെങ്കിലും ആരോടെങ്കിലും അവന്‍ ക്ഷുഭിതനായി ഞങ്ങളൊരിക്കലും കണ്ടിട്ടുമില്ല. അതുകൊണ്ടുതന്നെ സാറിനെപ്പോലെ ഞങ്ങളും അമ്പരന്നുപോയി. 
ഒരു ആഗോള സേവന ശൃംഖലയുടെ കേരളഘടകത്തിലെ സീനിയര്‍ സെക്രട്ടറിയാണദ്ദേഹം. ഞങ്ങളുടെയെല്ലാം പരമാധികാരി. പ്രസ്ഥാനത്തിന്റെ  ആസ്ഥാനമായ ഞങ്ങളുടെ ഓഫീസിനോടു ചേര്‍ന്നു നിര്‍മ്മിച്ചിട്ടുള്ള ഹാളുകളും മുറികളും ആവശ്യക്കാര്‍ക്കു വാടകയ്ക്കു കൊടുത്തു കിട്ടുന്ന തുകയാണു പ്രധാനമായും ഞങ്ങളുടെ വരുമാനമാര്‍ഗ്ഗം. ലൂയിസ് ബാസ്റ്റിന്‍ ഈ ഹാളുകളുടേയും മുറികളുടേയും നോട്ടക്കാരനും റൂംബോയിയുമായി ഞങ്ങളോടൊപ്പം ജോലിചെയ്തുവരികയാണ്. 
സൃഷ്ടിയുടെ നേരത്ത് ദൈവത്തിനു പറ്റിയ ഒരു നോട്ടപ്പിശകില്‍ അവന്റെ ബുദ്ധിയുടെ ഏതോ ഒരു ഭാഗത്ത് ഒരിറ്റ് ഇരുള്‍ പതിയിരുന്നു. ചില നേരങ്ങളില്‍ തലയില്‍ സന്ധ്യ കനക്കുമ്പോള്‍ അവന്‍ മാറിയിരുന്നു തെരുതെരെ സിഗരറ്റു വലിച്ചുകൂട്ടും. നീലയൂണിഫോമിനു പിന്നില്‍ കൈകള്‍ കെട്ടി തെരുതെരെ അങ്ങോട്ടുമിങ്ങോട്ടും നടക്കും. ആ സമയങ്ങളില്‍ എന്തെങ്കിലും ചോദിച്ചാല്‍ അവന്റെ മറുപടികള്‍ ചില മൂളലുകളിലും ഞരങ്ങലുകളിലും ഒതുങ്ങും. ചിലപ്പോള്‍ ഘനപ്പിച്ചുമുറിച്ച ചെറിയവാക്കില്‍ മറുപടിതരും. അല്പം കഴിയുമ്പോള്‍ അവന്‍ അവനിലേക്കു മടങ്ങിവരും. പിന്നെ പതിവുള്ള ചിരിയും ആഹ്‌ളാദവും ശരീരം കുഴഞ്ഞു കുഴഞ്ഞുള്ള നടപ്പും. ആര്‍ക്കും അവനെ കളിയാക്കാം. വഴക്കുപറയാം. മറുപടി ഒരു ചിരി മാത്രം. രാവിലെയും വൈകീട്ടും ഞങ്ങളുടെ ഇരിപ്പിടങ്ങളില്‍ ചായകൊണ്ടുവന്നുതരുന്നതും അവനാണ്.
ആ അവനാണിപ്പോള്‍ നിസ്സാരകാര്യത്തിനു വര്‍ഗീസ്‌സാറിനോട് അതിശക്തമായി കലഹച്ചിരിക്കുന്നത്. 
മറ്റന്നാള്‍ വീട്ടില്‍പ്പോകണമെന്ന അവന്റെ ആവശ്യം, ആ ദിവസങ്ങളില്‍ ക്യാമ്പ് നിറയെ ആളുകള്‍ വരുന്ന ദിവസങ്ങളായതുകൊണ്ട് ഒന്നു നീട്ടി വെയ്ക്കണമെന്നു മാത്രമേ സാര്‍ പറഞ്ഞുള്ളു. 
ആ മറുപടിയില്‍ അല്പനേരം മൗനിയായിരുന്നുകൊണ്ട് പെട്ടെന്നൊരു നിമിഷം വെളിപാടു കൊണ്ട ഒരുവനെപ്പോലെ അവന്‍ തിളച്ചു തൂവുകയായിരുന്നു. കത്തുന്ന വിരല്‍ സാറിനു നേരെനീട്ടിക്കൊണ്ട് അവന്‍ പൊട്ടിത്തെറിച്ചു. ''തനിക്കൊക്കെ വീട്ടീപ്പോകണോന്നു തോന്നുമ്പോ അപ്പത്തന്നെപ്പോകാവല്ല്? എന്നെപ്പോലത്ത പാവങ്ങളു പോവുമ്പമാത്രന്തന്നേ ലീവ്‌ലെറ്ററുകളും, സാലറികട്ടിംഗുകളും... ഇയാളനുഭവിക്കൂടോ.. ഇയാളനുഭവിക്കും. ഇയാളു സമ്മതിച്ചാലും ഇല്ലേലും ഞാന്‍ മറ്റന്നാളു പോവും. ഇയാക്കു മാത്രോല്ലല്ല് പിള്ളാരും കുടുംബോക്കെയൊള്ളത്. എനിക്കെന്റെ കൊച്ചിനെക്കാണണം.''
''എന്നാപ്പിന്നെ നീ മറ്റന്നാളത്തേയ്ക്കുവയ്ക്കണ്ടാ ഇന്നുതന്നെ പൊയ്‌ക്കോ'' സാറും ചൂടായി.
''എന്നാ ഞാനിപ്പത്തന്നെ പോകുവാ.''
''പോടാ പോ''
അവന്‍ കലിയുടെ ഭാവപ്പകര്‍ച്ചയില്‍ ഞങ്ങള്‍ക്കപരിചിതമായ മുഖഭാവത്തോടെ പുറത്തേക്കുപോയി. 
എല്ലാദിവസവും പത്തുമണിക്കുള്ളൊരു പ്രാര്‍ത്ഥനയോടെയാണു ഞങ്ങളുടെ ജോലികള്‍ ആരംഭിക്കുക. പ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ അല്പം നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും ലീവുപോലുള്ള സംഗതികളും ചര്‍ച്ചചെയ്യാറുണ്ട്. അതുപോലുള്ളൊരു നല്ലനേരമാണിപ്പോള്‍ കലുഷിതമായിരിക്കുന്നത്. അവനെന്തുപറ്റിയെന്നു ഞങ്ങളാലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ ഹെഡ്ക്ലാര്‍ക്കു പറഞ്ഞു. 
''അവന്‍ വര്‍ഷം മൂന്നു കാത്തിരുന്നുണ്ടായ കുഞ്ഞല്ലേ. അതു കൊണ്ടുള്ള കൊതിയായിരിക്കും''
''അതിനിപ്പൊ എല്ലാ മാസോം പോകാമ്പറ്റ്വോ കുര്യാക്കോസേ? മാസന്തോറും തിരുവനന്തപുരത്തു പോയിവരാനൊള്ള വരുമാനോണ്ടോ അവന്? ഇവനിങ്ങനെ എടയ്‌ക്കെടയ്ക്കു പോയി മൂന്നുനാലുദിവസം കഴിഞ്ഞുവരുമ്പൊ ഇവിടത്തെ കാര്യങ്ങള് അവതാളത്തിലാവില്ലേ. രണ്ടു മാസം കൂടുമ്പപ്പോകട്ടെ. 
അതല്ലായിരുന്നോ പതിവ്.'' വര്‍ഗീസ്‌സാര്‍ ചോദിച്ചു.  
പെട്ടെന്നാണവന്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത്. അകത്തെ സംഭാഷണം അവന്‍ വാതിലിനു മറഞ്ഞുനിന്നു 
കേള്‍ക്കുകയായിരുന്നുവെന്നു തോന്നുന്നു. ''താന്‍ രണ്ടുമാസം കൂടുമ്പത്തന്നേടോ വീട്ടീപ്പോണത്? മാസം മാസം പോണില്ലേടോ താന്‍. തനിക്കുമാത്രേ ഭാര്യേം മക്കളുവൊക്കെപ്പാടൊള്ളോ? പാവപ്പെട്ടോനും കുടുംബോം മക്കളുവൊക്കെയുണ്ടെന്നു താനോര്‍ക്കാറുണ്ടാ. ഞാന്‍ പോകുവാ. യെനിക്കു തന്റെ ജോലീം വേണ്ടാ ഒരു തൊപ്പീം വേണ്ടാ.''
''എന്നാപ്പോടാ നീ'' 
''പോകുവാ''
''എറങ്ങിപ്പോടാ മുറീന്ന്.''
''തനിക്കു തന്റെ മുറീന്നല്ലേ യെന്നെ എറക്കിവിടാമ്പറ്റത്തൊള്ള്. ഭൂമീന്നെറക്കിവിടാമ്പറ്റൂല്ലല്ല്. ഭൂമിയേ... വലുതാ.'' വലിയ ഭൂമിയുടെ വലിയ ആകൃതി കൈകൊണ്ടു കാണിച്ചുകൊണ്ട് അവന്‍ തുടര്‍ന്നു. ''എവടപ്പോയാലും പണികളെടുത്തുതന്നെ മനിഷേന് കഴിയാമ്പറ്റത്തൊള്ള്. ഇതെന്തരുമാതിരിപ്പണി? അടിമപ്പണി! ദൈവത്തിന്റെ പേരും!'' അവന്‍ കിതച്ചു. പ്രസ്ഥാനത്തിനു നേരെയാണവന്‍ വിരല്‍ ചൂണ്ടുന്നത്.
''ലൂയീസേ നീ പോ.'' ഞാന്‍ പറഞ്ഞു. 
''സാറു പറഞ്ഞാലക്കൊണ്ടു ഞാന്‍ പോകും. ഇവട മനിഷേന്‍ രാപകലില്ലാണ്ട് കഷ്ടപ്പെടണത് ഈ മനിഷേന്‍ കാണണില്ലല്ല്. അതിനെക്കൊണ്ടു പറഞ്ഞുപോയതാണിത്.'' അവന്‍ വീണ്ടും പുറത്തേക്കു പോയി.
അവന്റെ മനോനിലയ്‌ക്കെന്തോ തകരാറു പറ്റിയിട്ടുണ്ടെന്ന നിഗമനത്തില്‍ ഞങ്ങള്‍ പുറത്തേക്കിറങ്ങുകയായിരുന്നു. 
അപ്പോഴാണവന്‍, നാടകത്തിനിടയ്ക്കു ഡയലോഗ് മറന്ന നേഴ്‌സറിക്കുഞ്ഞു തിരികെവന്നു ഡയലോഗു പറയുന്നതുപോലെ സാറിന്റെ മുഖത്തു നോക്കി ഇത്രയുംകൂടിപ്പറഞ്ഞത്. 
''തന്റെയൊരു പ്രാര്‍ത്ഥന! യെന്തരിനെടോ താനൊക്കെ പ്രാര്‍ത്ഥിക്കണത്? കള്ളപ്രാര്‍ത്ഥനകള്!'' പുച്ഛത്തോടെ ചിറികോട്ടിക്കാണിച്ച് അവന്‍ വീണ്ടും അപ്രത്യക്ഷനായി.
ഏതാനും നിമിഷങ്ങള്‍ക്കകം എന്തൊക്കെയോ വാരിനിറച്ച ഒരു എയര്‍ബാഗുമെടുത്ത് ചുക്കിച്ചുളുങ്ങിയ ഒരു ഷര്‍ട്ടും ധരിച്ച് പുനഃപ്രത്യക്ഷനായി. ഇക്കുറി എന്റെ മുറിയിലാണവന്‍ അവതരിച്ചത്. ''സാറേ സാറും കേട്ടതുതന്നേ അയാളു പറഞ്ഞത്? അയാക്കതു പറയാന്‍കൊള്ളുവോ. എത്രകാലം കൂടികാത്തിരുന്നിട്ടുണ്ടായ കുഞ്ഞാണെന്റെ?. അതിനക്കാണാനക്കൊണ്ട് മാസത്തിലൊരു പ്രാവിശ്യോങ്കിലും പോകാതിരിക്കാനക്കൊണ്ടെനിക്കാവൂല്ല.'' അവന്റെ സ്വരമൊന്നിടറി. ഞങ്ങള്‍ക്കിടയില്‍ ഇഷ്ടത്തിന്റേതായ ഏതോ ഒരു ഇടം അടയാളപ്പെടുത്തപ്പെട്ടിരിന്നു. ആ സ്വാതന്ത്ര്യത്തിലാണവന്റെ സംഭാഷണം.
''അതിരിക്കട്ടെ. ഇയാളെന്തിനാ വര്‍ഗീസ്‌സാറിനെ എടോ പോടോന്നൊക്കെ വിളിച്ചത്?''
''യെനിക്കത്രേം ദെണ്ണവൊണ്ടായിട്ടുതന്നേണ് സാറേ.'' അല്‍പ്പം നിറുത്തിയിട്ട് അവന്‍ ചോദിച്ചു. ''അപ്പ ശെരി, സാറും അങ്ങേരടകൂടത്തന്നേണല്ലേ. ഒരാളെ ദെണ്ണിപ്പിക്കുമ്പോ യെല്ലാരും ചേര്‍ന്നുതന്നെ അതുചെയ്യണം സാറേ. ഇരിക്കട്ട്. യെനിക്കു ബാക്കി വല്ലതും തരാനക്കൊണ്ടൊണ്ടെങ്കി തന്നേര്. ലൂയിസിനക്കൊണ്ടിനി ഒരാള്‍ക്കും ഒരു തൊന്തരവൂണ്ടാവാമ്പോണില്ല.'' അവന്റെ കണക്കുതീര്‍ക്കുന്നേരം അധികമായി അയ്യായിരം രൂപകൂടി കൊടുത്തു.
''ഇതെന്തരിന് ഇത്രേം പൈസ?''
''ഇതുകൂടിത്തരാന്‍ സാറു പറഞ്ഞിരുന്നു''
അതു കേട്ടപ്പോള്‍ ആദ്യം അവനൊന്നിടറി. പിന്നെപ്പറഞ്ഞു. ''വേണ്ട. വേലയെടുക്കാത്ത പൈസകളു ലൂയിസിനു വേണ്ട സാറേ. യെന്റെ ശമ്പളം മാത്രം തരി.'' അതു പറഞ്ഞപ്പോള്‍ അവന്റെ സ്വരം കലമ്പി. ഇത്തരം കാര്യങ്ങളില്‍ അവനുള്ള പിടിവാശി അറിയാമായിരുന്നതുകൊണ്ട് അവനു കൊടുക്കുവാനുള്ള ശമ്പളം മാത്രം കൊടുത്തു. 
ഇറങ്ങുന്നേരം വര്‍ഗീസ്‌സാറിന്റെ മുറിവാതില്‍ക്കല്‍ച്ചെന്നു അകത്തേക്കു തലനീട്ടി അവന്‍ യാത്ര പറഞ്ഞു.
''ലൂയിസു പോകുവാ സാറേ'' പുറംകൈകൊണ്ടു കണ്ണുനീര്‍ തുടച്ചു പെരുവഴിയിലേക്കിറങ്ങുംമുന്‍പ് അവന്‍ നിരന്തരം  പരിപാലിച്ചിരുന്ന ബോണ്‍സായിച്ചെടികളേയും പൂച്ചെടികളേയും തഴുകിത്തലോടി ഇത്തിരി നേരം നിന്നു. അവന്റെ ഭാഷയില്‍ അവന്‍ അവയോടും യാത്ര ചോദിക്കുകയായിരിക്കണം. അവന്‍ പടി കടന്നു പോയി.
പൂന്തോട്ടം നനയ്ക്കല്‍ അവനു പലപ്പോഴുമൊരാഘോഷമായിരുന്നു. വൈകീട്ടു നാലുമണിയാവുമ്പോഴേയ്ക്കും സ്പ്രിംഗ്ലറുകള്‍ ഓണ്‍ചെയ്തും ഹോസുകൊണ്ടു ചെടികള്‍ നനച്ചും അവിടൊരു ജലോല്‍സവമായിരിക്കും നടക്കുക. ചെടികളോടൊപ്പം നനഞ്ഞുകുളിച്ച് അവനും ആകെയൊരു സന്തോഷത്തിമിര്‍പ്പിലായിരിക്കും
ആ അവസ്ഥയിലെ അവനെ നോക്കിയാല്‍ ചിലപ്പോഴവന്‍ ചോദിക്കും. ''സാറേ, ഞാന്‍ നട്ട റോസാച്ചെടി പൂത്തുനിക്കണതു കണ്ടാ?''
''സാറേ ആ നിക്കണ മഞ്ഞച്ചെമ്പരത്തി യെത്രകണ്ടു നനച്ചിട്ടും നന്നാവണില്ലല്ല്. ലേശം വളമിട്ടാലാ?''
ഇപ്പോള്‍, പൂജാരിയില്ലാത്ത അമ്പലത്തിലെ ശ്രീകോവില്‍ പോലെ പൂന്തോട്ടം അവന്റെ വേര്‍പാടില്‍ മനംനൊന്തു വിങ്ങുന്നുെണ്ടന്നു തോന്നി.  
അവിടം കടന്നുപോകുമ്പോള്‍ ഹോസുപിടിച്ച് ആകെ നനഞ്ഞുകുളിച്ച് ഒരു ചിരിയുടെ പൂവായി അവനവിടെ നില്‍ക്കുന്നുണ്ടെന്നു വെറുതെ തോന്നും.
ആ തോന്നല്‍ എനിക്കു മാത്രമല്ല, ഞങ്ങള്‍ക്കെല്ലാവര്‍ക്കുമുണ്ടായിരുന്നെന്ന് ഞങ്ങള്‍ പിന്നീടു തിരിച്ചറിഞ്ഞു. അവന്റെ സ്വരം ഇടയ്ക്കിടെ അവിടവിടെ കേള്‍ക്കുന്നതു പോലുള്ളൊരു തോന്നലും.
അവന്റെ അസാന്നിദ്ധ്യത്തില്‍ ചന്തം നഷ്ടപ്പെട്ടുകിടന്ന ഹാളുകളും, പൂന്തോട്ടവും, ചായസമയങ്ങളും ഞങ്ങളില്‍ അവന്റെ ഓര്‍മ്മയുണര്‍ത്തി. പ്രഭാതപ്രാര്‍ത്ഥനകളില്‍ അവനെയും ഞങ്ങളോര്‍ത്തു. ഇടയ്ക്കു വല്ലപ്പോഴും അവന്റെ അറിവില്ലായ്മയില്‍ നിന്നുണ്ടായ നിരുപദ്രവങ്ങളായ വിഡ്ഢിത്തരങ്ങള്‍ പറഞ്ഞുചിരിച്ചു. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു സംസ്ഥാന എയ്ഡ്‌സ്‌കണ്‍ട്രോള്‍ സൊസൈറ്റി, എയ്ഡ്‌സ്‌ബോധവല്‍ക്കരണ ക്ലാസുകള്‍ക്കായി  മൂന്നുദിവസത്തേക്കു ക്യാംമ്പ്‌സൈറ്റ് മൊത്തമായി ബുക്കുചെയ്ത ഒരു നാളിലുണ്ടായ സംഭാഷണം. 
ഫോണിലൂടെ ആരോ ഒരാള്‍, മുറിയുണ്ടോ എന്ന്  ഇംഗ്ലീഷില്‍ വിളിച്ചുചോദിച്ചു.
ചോദ്യം ഇംഗ്ലീഷിലായതുകൊണ്ട് മറുപടിയും ഇംഗ്ലീഷില്‍ത്തന്നെയായി. ''നോ റൂം ഫോര്‍ ത്രീ ഡേയ്‌സ്.
ഓള്‍ റൂംസ് ബുക്ക്ഡ് ബൈ എയ്ഡ്‌സ്....'' 
ദിവസങ്ങള്‍ പോകെ, പുതുതായി വന്ന പരിചാരകരിലാരിലും ലൂയിസിനെ കണാനാവാതെ വന്ന ചെടികള്‍ വെറുതെ വെള്ളം ശിരസ്സിലേന്തി നിന്നു. അവ തളിരിടുവാന്‍ മറന്നു. പൂക്കുവാന്‍ മറന്നു. പൂന്തോട്ടത്തിലാകെയൊരുദാസീനത. ചെടികള്‍ വാടിത്തുടങ്ങി. പരിസരങ്ങള്‍ മലിനമായി. 
അവനന്നെന്താണു പറ്റിപ്പോയതെന്നോര്‍ത്തു വര്‍ഗീസുസാറും ഇടയ്ക്കിടെ കുണ്ഠിതപ്പെട്ടു. അഗണ്യരെന്നു നാം കരുതുന്ന പലരും രംഗം വിട്ടാല്‍ മാത്രമേ അവര്‍ നമ്മുടെ ജീവിതപരിസരങ്ങളെ എത്രമാത്രം സ്വാധീനിച്ചിരുന്നുവെന്നു നാം തിരിച്ചറിയുന്നുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അങ്ങിനെയിരിക്കെ മൂന്നു മാസങ്ങള്‍ക്കു ശേഷം ഒരുദിവസം പൊടുന്നനവെ വര്‍ഗീസ്‌സാറിന്റെ മൊബൈലില്‍ ലൂയിസിന്റെ സ്വരം ഇടറിയെത്തി. ''സാറേ ഞാനങ്ങോടു വരുവാ. വരണ്ടാന്നു പറയരുത്.''
തിരിച്ചെന്തെങ്കിലും പറയുന്നതിനുമുമ്പു ഫോണ്‍ കട്ടായി. 
എല്ലാവര്‍ക്കും എന്തോ ആശ്വാസവും ചിരിയും. ഞങ്ങളറിയാതെ ഞങ്ങള്‍ക്കിടയില്‍ സുരഭിലമായൊരു സ്‌നേഹബന്ധത്തിന്റെ മൃദുലബന്ധനം നിലനിന്നിരുന്നു എന്ന തിരിച്ചറിവ്, ഏതോ ആഴങ്ങളില്‍ നിന്നുല്‍ഭവിക്കുന്ന ഒരു നീരുറവയുടെ കുളിരായി ഞങ്ങളില്‍ നിറഞ്ഞു.
പറഞ്ഞതുപോലെ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അവന്‍ വന്നു. മദ്ധ്യാഹ്നത്തിലെ തീക്കടല്‍ നീന്തി അവന്‍ വന്നു. പക്ഷെ, ചുക്കിച്ചുളിഞ്ഞ വേഷത്തില്‍. പട്ടിണികിടന്നു കോലം തിരിഞ്ഞ് കുഴഞ്ഞു കുഴഞ്ഞ്!
വര്‍ഗീസ്‌സാറിന്റെ മുന്നില്‍ വന്നു നിന്ന് അവന്‍ കണ്ണീര്‍ വാര്‍ത്തു. ക്ഷമ യാചിച്ചു. അവന്റെ തോളില്‍ തട്ടിക്കൊണ്ട് അദ്ദേഹം  പറഞ്ഞു. ''ലൂയിസേ, നീയാദ്യം പോയി കാന്റീനില്‍നിന്നു ഭക്ഷണം കഴിച്ചിട്ടു വാ''
അതു കേള്‍ക്കാത്തതുപോലെ അവന്‍ പറഞ്ഞു. ''സാര്‍, ഇനിയെനിക്കൊരിക്കലും ഞാന്‍ ലീവുകളു ചോദിക്കണില്ല. യെനിക്കിനി ലീവുകളൊന്നും വേണ്ട. ഞാനിനി യെങ്ങോട്ടും പോകണില്ല. മാസം മാസം കൊറച്ചു പൈസ തന്നാ മാത്രം മതി - സ്റ്റെല്ലയ്ക്കും മോള്‍ക്കും അയച്ചുകൊടുക്കാന്‍''
''അതെന്ത്യേ നിനക്കവരെ ഇടയ്‌ക്കെങ്കിലുമൊക്കെയൊന്നു കാണണ്ടേ?''
''വേണ്ട.''
''അതെന്ത്യേ?''
''ഇവടെ ഞാന്‍ നനയ്ക്കണ ചെടിയൊന്നും യെന്റെയല്ലല്ല്. എന്നാലും അതു നനയുമ്പഴും പുതിയ എല വരുമ്പഴും പൂ വരുമ്പഴും യെനിക്കു തോനെ സന്തോഷങ്ങളാണ്.'' പിന്നെ വാക്കുകള്‍ കിട്ടാതെ വിഷമിച്ച 
അവന്‍ കണ്ണുകള്‍ തുടച്ചുകൊണ്ടു പെട്ടെന്നു തന്നെ സ്വന്തം താവളത്തിലേക്കു പോയി. കുടുംബവുമായി ചേര്‍ന്നുനിന്ന വരുമാനമില്ലാതിരുന്ന വറുതിയുടെ ആ നാളുകളില്‍ അവനു ലഭിച്ച പുത്തനറിവുകളുടെ പുതുമുറിവുകള്‍ അവനെ വേറൊരാളാക്കിയിരിക്കുന്നു. 
അവന്‍ പോയ വഴിയില്‍, അവന്റെ അപരിമേയമായ ദുഃഖത്തിന്റെ രക്തത്തുള്ളികള്‍ വീണുകിടക്കുന്നു. ''ഇവടെ ഞാന്‍ നനയ്ക്കണ ചെടിയൊന്നും യെന്റെയല്ലല്ല്. എന്നാലും അതു നനയുമ്പഴും പുതിയ എല വരുമ്പഴും.....'' കാവ്യാലങ്കാരങ്ങളുടെ കലാലയസൂക്തങ്ങളറിഞ്ഞിട്ടില്ലാത്ത ഒരു നിരക്ഷരന്റെ നിഷ്‌കളങ്കമായ അര്‍ത്ഥാലങ്കാരപ്രയോഗം! അര്‍ത്ഥശൂന്യമായ ജീവിതത്തിന് അര്‍ത്ഥം തേടുന്ന ഒരുവന്റെ അകളങ്കമായ സ്‌നേഹപ്രകാശനത്തിനുമുന്നില്‍ ഒരുവള്‍ സമൂഹത്തില്‍ പതിവ്രതയാവുന്നു. ഒരു പെണ്‍കുഞ്ഞ് സനാഥയാവുന്നു....
അന്നു സായാഹ്നത്തില്‍ ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ തോട്ടം നനയിലേര്‍പ്പെട്ടിരുന്ന അവനു ശ്രീകോ വിലിനുള്ളില്‍ നിന്നു പുണ്യാഹം തളിക്കുന്ന പൂജാരിയുടെ മുഖമായിരുന്നു.
ഞാന്‍ ചോദിച്ചു. ''ലൂയീസ്, നീയും ചെടികളും വീണ്ടും നനയുവാന്‍ തുടങ്ങിയോ?''
മറുപടിയായി ആദ്യം അവനൊന്നു ചിരിച്ചു. പിന്നെ ചോദിച്ചു. ''ഇയ്റ്റിംങ്ങളും ലൂയീസിനെ കളിപ്പി
ക്കുവോ സാറേ?'' 
അങ്ങനെ ചോദിക്കുമ്പോള്‍ അവന്‍ ചിരിക്കുന്നുണ്ടായിരുന്നു. കരയുന്നുണ്ടായിരുന്നോ എന്നെനിക്കു നിശ്ചയമില്ല. കാരണം അപ്പോഴവന്‍ പതിവുപോലെ ആകെ നനഞ്ഞു കുതിര്‍ന്നിരുന്നു.
ലൂയീസ്, ചിരിയുടെ ലൂയീസ്, നമ്മുടെ തോട്ടത്തില്‍ പൂക്കള്‍ വിരിയിക്കുന്നവനേ, നിന്റെ ബുദ്ധിയുടെ കുഞ്ഞിരുളില്‍ നീ കൊളുത്തിവച്ചിരിക്കുന്ന പ്രകാശമേറ്റ് നിന്റെ തോട്ടത്തിലെ പൂക്കള്‍ക്കെങ്ങിനെ വിരിയാതിരിക്കാനാവും?. നിനക്കും ഞങ്ങള്‍ക്കും ലോകത്തിനും വേണ്ടി അവ വിരിയുക തന്നെ ചെയ്യും. 
ചെടികള്‍ നിന്നെ ചതിക്കുകയില്ല. കാരണം, അവ സ്‌നേഹവതിയായൊരു അമ്മക്കാക്കയുടെ അദ്ധ്വാനപ്പകലുകളെ സൂത്രത്തിലപഹരിച്ചു തന്റെ കുഞ്ഞിനെ വളര്‍ത്തുന്ന കുയിലുകളല്ല; മനുഷ്യരുമല്ല. 

25 May 2013

വിശുദ്ധമായ ചില വ്യാകരണപ്പിശകുകൾ

തോമസ്‌ പി.കൊടിയൻ
                           
"എന്തോരം ആൾവോളാ നുമ്മട ഇമ്മട്ടിക്കൊച്ചിനെ കാണാംവ്വന്നേക്കണേ?" അച്ചുനായരുടെ കണ്ണുകളിൽ അതിശയം.
   "മുണ്ടാണ്ടിരീട ചെമ്മാനേ. നവോമിയമ്മ എന്തൂട്ടാ പറഞ്ഞേ? ഒച്ചേം ബഹളോം ഒന്നും ഒണ്ടാക്കാണ്ട്‌ നല്ല കുട്ട്യോളായിട്ടു നിക്കണംന്നല്ലേ?" ഇക്കുറു സ്വരമടക്കി ശാസിച്ചു. ചെമ്മാണെന്നു വിളിച്ചതിലും ശാസിച്ചതിലുമൊന്നും കാലുഷ്യമേതുമില്ലാതെ പൂർവ്വജന്മത്തിൽ 'അച്ച്വായർ' എന്നു വിളിപ്പേരുണ്ടായിരുന്ന അച്ചുനായർ എന്ന ഇപ്പോഴത്തെ ചെമ്മാൻ നിഷ്കളങ്കതയോടെ തലകുലുക്കി. അച്ചുനായരെ ചെമ്മാനും മറന്നു കഴിഞ്ഞിരുന്നു.
    ആരാണ്‌ അച്ചുനായരെ ചെമ്മാനാക്കിയതെന്ന്‌ ആർക്കും വ്യക്തമായോർമ്മയില്ല.  പയസ്ഗാർഡൻസിലെ അന്തേവാസികളിൽ പലർക്കും അവരുടെ പൂർവ്വാശ്രമം മുഴുവൻ മറന്നു പോകത്തക്കവിധം കൃത്യമായ പേരുകളിട്ടതാരാണെന്നും ആർക്കുമറിയില്ല. പയസ്ഗാർഡൻസിലെ ചുറ്റുമതിലുകൾക്കുള്ളിൽ നിന്നും പുറംകാഴ്ചകളിലേയ്ക്കെത്തി നോക്കുന്ന കടലാസു പൂക്കളുടെ വർണ്ണക്കാവടികൾ താണ്ടി, വളർന്നു നിൽക്കുന്ന മുഗ്ധപ്രണയിനിയായ പൂന്തോട്ടത്തിനപ്പുറത്തെ നാലകത്തിനുള്ളിൽ പേരുകൾ പ്രകൃത്യാ അങ്ങിനെ സംഭവിച്ചുകൊണ്ടിരുന്നു. വേനലിനിടയിലെ മഴയിൽക്കിളുർക്കുന്ന പുതുമുളകൾ പോലെ - വളരെ നേരത്തേ തന്നെ അതവിടെ ഉണ്ടായിരുന്നു; മഴ വന്നുവിളിച്ചു. ബീജം മുളച്ചു. അതുപോലെ തന്നെ പെരുവഴികളിൽനിന്നും ആരൊക്കെയോ അവിടെ വന്നു. നവാഗതരുടെ പെരുമാറ്റവൈചിത്രങ്ങളും സാഹചര്യങ്ങളും നോക്കി പയസ്ഗാർഡൻസിലെ 'ആദിവാസികൾ' അവർക്കു ചില പേരുകളിട്ടു. അഥവാ ആ പേരുകൾ അവരെക്കാത്ത്‌ അവിടെ അജ്ഞാതമായി കഴിഞ്ഞുകൂടുകയായിരുന്നു. അവർ വന്നു; പേരുകൾ ഉണർന്നു. മറ്റുള്ളവർ അവരെ വിളിച്ചു - 'ഇമ്മട്ടി, ഇക്കുറു, മറവൻ, ചീക്കു, ചെമ്മാൻ, സോയ, മണിച്ചി, എച്ചിയമ്മ.....'. പൂർവ്വജന്മനാമങ്ങൾ മറന്നുതുടങ്ങിയ പലരും അവരുടെ പുതിയ പേരുകളിൽ സന്തോഷം കൊള്ളുകയും അഭിമാനം കൊള്ളുകയും ചെയ്തു!
    നയോമി സിസ്റ്ററുടെ സഹായികൾ കാവിവസ്ത്രധാരികളായ അച്ചൻമാരുടെ കാര്യവും അതു തന്നെ. ആശ്രമത്തിലെ അന്തേവാസികൾക്ക്‌, അതിലെ പൊക്കം കുറഞ്ഞ അച്ചൻ 'ദാവീദും' പൊക്കവും തടിയുമുള്ള അച്ചൻ 'ഗോല്യാത്തു'മാണ്‌. നയോമിസിസ്റ്റർ അവർക്കു നയോമിയമ്മയാണ്‌. അവരുടെ ആ വിളികൾ കേട്ടു കേട്ട്‌ മുപ്പത്തഞ്ചുകാരിയായ സിസ്റ്റർ അറിയാതെ തന്നെ അമ്മയായിത്തീർന്നു. പതിനെട്ടു പേരുടെ അമ്മ! അവരേക്കാൾ ഇരുപതു വയസ്സു മൂപ്പുള്ള എച്ചിയമ്മ എന്ന ലക്ഷ്മിയമ്മയുടെ വരെ അമ്മ. എല്ലാവരേയും അവർ 'മക്കളേ' എന്നു വിളിച്ചു. എച്ചിയമ്മ   ഉൾപ്പടെ എല്ലാവരും 'എന്തോ' എന്നു വിളിയും കേട്ടു.
   ആ വിളികേൾക്കലുകളിൽ നയോമിയമ്മയുടെ വന്ധ്യമായിരുന്ന മുലകളിൽ മാതൃത്വം വിങ്ങുകയും  ഗർഭപാത്രം അതിന്റെ ജന്മസാഫല്യം നേടിയ സാന്ത്വനമറിയുകയും ചെയ്തു. അവരുടെ ഹൃദയം നിറഞ്ഞു  സ്നേഹാമൃതമൊഴുകി അവരുടെ മക്കളിൽ നിറഞ്ഞു. തനിക്കു ചുറ്റുമുള്ള പതിനെട്ടുപേർ തന്റെ മക്കളാണെന്നും അവർ ഓരോരുത്തരും ക്രിസ്തുമാരാണെന്നും  താൻ അവരുടെ അമ്മയായ കന്യകാമറിയം ആണെന്നും  ആ അമ്മ വിശ്വസിച്ചു.
   സന്ധ്യാ പ്രാർത്ഥനകൾക്കൊടുവിൽ കന്യകാമറിയം വിളിച്ചു. "മക്കളേ.."
   ജാതിമതഭേദമില്ലാതെ, പ്രായവ്യത്യാസമില്ലാതെ പതിനെട്ടുപേരും വിളികേട്ടു. "എന്തോ"
   "ക്രിസ്തുമക്കളേ"           
                 
   "എന്തോ"                                                                                                                    
   "ക്രിസ്തുക്കളേ"
   "എന്തോ"
   അവർ ക്രിസ്തുക്കൾ ആയതുകൊണ്ട്‌ കന്യകാമറിയം അവരെ കഠിനമായി സ്നേഹിക്കുകയും തെറ്റുകൾ കാണുമ്പോൾ സൗമ്യമായി കലഹിക്കുകയും, ക്രിസ്തുവായിരുന്നെങ്കിൽ അങ്ങനെ ചെയ്യുകയില്ലായിരുന്നൂവേന്നു പറയുകയും ചെയ്തു. അപ്പോൾ അവർ വന്ന്‌ ആ അമ്മയുടെ കണ്ണുകൾ തുടയ്ക്കുകയും മാപ്പിറക്കുകയും ചെയ്തു.  
   ഇന്നു പക്ഷെ, നയോമി സിസ്റ്റർക്കു കണ്ണുനീർ തോരാതെ പെയ്യുന്ന ദിവസമാണ്‌. ഇന്നവിടെ വ്യാകുലതയുടെ ഗത്സെമനിയ വിരുന്നു വന്നു. സിസ്റ്ററുടെ ക്രിസ്തുമാരിൽ ഒരാൾ പോയി.
   പയസ്‌ ഗാർഡൻസ്‌ അതിന്റെ ഇരുപതു വർഷത്തെ ചരിത്രത്തിനിടയിലാദ്യമായൊരു മരണത്തിന്റെ നഖമുനകളിൽ കിടന്നു പിടയുകയായിരുന്നു. ഇന്നലെ രാത്രി ദൈവം പയസ്‌ ഗാർഡൻസിലെ പൂന്തോട്ടത്തിൽ സന്ദർശനത്തിനു വന്നപ്പോൾ ഏറ്റവും സുരഭിലമായൊരു പൂവു കണ്ടു വല്ലാതെ ഇഷ്ടപ്പെട്ട്‌ അതിറുത്തെടുത്തു കൊണ്ടു  മടങ്ങിപ്പോയി....
   ഇമ്മട്ടി എന്ന പേരിലറിയപ്പെട്ടിരുന്ന സെബാസ്റ്റ്യന്റെ ഹൃദയം  നിലച്ചു പോയി....
   ദൈവത്തിന്റെ  ഒരു കൗതുകം പയസ്‌ ഗാർഡൻസിൽ ഒരു മരണമായി. അവിടെ മരണം മെഴുകുതിരി വെളിച്ചമായി നിറഞ്ഞു. ചന്ദനത്തിരിയുടെ ഗന്ധവും പുകയുമായി ഒഴുകി നടന്നു.
   'ഇന്നലെയുള്ളോനിന്നിവിടില്ല ഇനി വരികില്ലാ യാത്രക്കാരാ, മുന്നിലതാ നിൻ കബറിടമല്ലോ' എന്നപാട്ടിന്റെ നേർത്ത ഈണമായും നയോമിയമ്മയുടെയും എച്ചിയമ്മയുടേയും, പിന്നെ, ഓർമ്മകൾ തിരികെ വന്നിട്ടും വേണ്ടപ്പെട്ടവർ വന്നു കൂട്ടിക്കൊണ്ടു പോകാത്ത മറ്റു ചിലരുടെ തേങ്ങലുകളായും പയസ്‌ ഗാർഡൻസിലൂടെ മരണം പ്രാഞ്ചി പ്രാഞ്ചി നടന്നു. വെള്ളിക്കുരിശിലെ കുഞ്ഞുമണികൾ ഇടയ്ക്കിടെ കാറ്റുമായി ഏറ്റുമുട്ടി.
   മരണത്തിനു വെളിച്ചമുണ്ട്‌, ഗന്ധമുണ്ട്‌, ശബ്ദമുണ്ട്‌....
   മരണത്തിന്റെ ഭയങ്കരത തിരിച്ചറിയാനാവാത്ത ലോപ്പസ്‌, ഇക്കുറു മുതൽപ്പേർ ഒരു കൗതുകം പൂണ്ട ഭയത്തോടെ അടുത്തും അകന്നും നിന്നു കാഴ്ചകൾ കാണുകയാണ്‌.
   ലക്ഷ്മിയമ്മയും നയോമിസിസ്റ്ററും മറ്റു പലരും സെബാസ്റ്റ്യനരുകിലിരിക്കുകയായിരുന്നു. സെബാസ്റ്റ്യൻ പൂക്കൾക്കിടയിൽ മരണത്തിനു പ്രിയപ്പെട്ടവനായിത്തീർന്നതിന്റെ സന്തോഷത്തിൽ സ്മേരവദനനായി പ്രകാശിച്ചു കിടന്നു. നയോമിസിസ്റ്റർ ഉരുകുന്ന മെഴുകുതിരിയായി. അവരുടെ മനസ്സിലൂടെ പയസ്സ്‌ ഗാർഡൻസ്‌ ആരംഭിച്ചപ്പോൾ ആദ്യം വന്ന സെബാസ്റ്റ്യനെന്ന മനോരോഗിയിൽ നിന്നും, രോഗവിമുക്തനായപ്പോഴേയ്ക്കും ആർക്കും വേണ്ടാത്തവനായി, ഇമ്മട്ടിയെന്ന കളിപ്പേരുകാരനായിപ്പോയ ആ നല്ല ചെറുപ്പക്കാരന്റെ ഒടുവിലെ വാക്കുകളിലും ഡയറിക്കുറിപ്പുകളിലും പേർത്തും പേർത്തും അശാന്തമായി സഞ്ചരിച്ചുകൊണ്ടിരുന്നു.
   "നയോമിയമ്മ എന്നെ പറഞ്ഞുവിടല്ലേ. ഭൂഗോളത്തിൽ നിങ്ങളൊക്കെയല്ലാതെ എനിക്കിനി ആരുണ്ട്‌? ഈ മതിലിനു പുറത്തുപോയാലെനിക്കൊന്നുമറിയില്ല. വീട്ടുകാർക്കു പോലും വേണ്ടാത്തവനെ നാട്ടിലാർക്കെങ്കിലും ആവശ്യമുണ്ടാവുമോ? ഭ്രാന്തന്റെ സഹോദരങ്ങൾക്കു നല്ല നല്ല ബന്ധങ്ങൾ കിട്ടട്ടെ. തറവാടിന്റെ ചരിത്രത്തിൽ നിന്നും ഒരു ഭ്രാന്തൻ മാഞ്ഞു പോവട്ടെ. ഇവിടെ നിങ്ങളെയൊക്കെപ്പോലെ മറ്റുള്ളവരെ ശുശ്രൂഷിച്ച്‌ ഞാൻ ഇനിയുള്ള കാലം ഇവിടെ കഴിഞ്ഞോളാം" അവൻ യാചിച്ചു.
   'എല്ലാ ജീവജാലങ്ങൾക്കും നിയതമായ ജീവിതപ്പാതകളുണ്ട്‌. പക്ഷികൾക്കുള്ള ആകാശത്തിനും അതിരുകളുണ്ട്‌. മഴവില്ല്‌ പ്രണയാതുരതയോടെ വിളിച്ചപ്പോൾ അതിന്റെ കാന്തിയിൽ മയങ്ങി അതിരുകൾ താണ്ടിപ്പോയ മണ്ടൻ പക്ഷിയുടെ മുതുക്‌ മഴവില്ലിന്റെ മുന കൊണ്ടു കീറിപ്പിളർന്നപ്പോഴല്ല അവൻ കരഞ്ഞത്‌. മുറിവായിൽ നിന്നിറ്റുന്ന ചോര കണ്ടു കളിയാക്കിച്ചിരിച്ച മഴവില്ലിന്റെ കരുണയില്ലായ്മ തിരിച്ചറിഞ്ഞപ്പോഴാണ്‌..' ഇസബെല്ലുമായി പിരിഞ്ഞതിന്റെ ഓർമ്മകളിൽ അവന്റെ ഡയറി പറഞ്ഞ കാര്യങ്ങൾ....
   ഇപ്പോഴിതാ അവന്റെ ആളുകൾ! പയസ്‌ ഗാർഡൻസ്‌ നിറയെ അവന്റെ ആളുകൾ!  ഇന്നു മുതൽ അവരുടെ ഭൂമിയിലൊരു മനോരോഗിയില്ല. അവരുടെ ജീവിത വ്യാപാരങ്ങൾക്കിടയിൽ നിന്നും അവനെന്ന ബന്ധനം നീങ്ങിയിരിക്കുന്നു. ജീവിച്ചിരിക്കുന്ന അവരുടെ അവിവാഹിതരായ മക്കൾക്ക്‌ മനോരോഗപശ്ചാത്തലമുള്ള കുടുംബമെന്ന അവമതിയിൽ നിന്നും രക്ഷകിട്ടിയിരിക്കുന്നു. അതുകൊണ്ട്‌ അവനിപ്പോൾ ഒരുപാടു ബന്ധങ്ങൾ. ധാരാളം ആളുകൾ....ഇടി വെട്ടിയപ്പോൾ  മുളച്ച കൂണുകൾ...അവൻ മരിച്ചതുകൊണ്ട്‌ അവർക്ക്‌ അവന്റെ പേർ ഇനിമേൽ അവരുടെ വീടുകളിൽ വിവാഹാലോചനകളുമായി വരുന്നവരോടു പറയേണ്ട കാര്യമില്ല. അവർക്കിനി ധൈര്യമായി വിവാഹാലോചനകൾ നടത്താം. അവർക്കിനിമേൽ പയസ്‌ ഗാർഡൻസിൽ വരേണ്ട കാര്യമില്ല. അവരിന്ന്‌ പയസ്ഗാർഡൻസും സെബാസ്റ്റ്യനും അവരും തമ്മിലുള്ള ബന്ധങ്ങളുടെ അടയാളങ്ങൾ മായ്ച്ചുകളയും. മരണത്തിനു നൈമിഷിക നേരത്തേയ്ക്ക്‌ ബന്ധങ്ങളെ ഉൽപ്പാദിപ്പിക്കാൻ ശേഷിയുണ്ട്‌. മരണം ഒരു ഫാക്ടറിയാണ്‌.....
   ഇക്കൂടെ അവന്റെ ഇസബെൽ ഉണ്ടാവുമോ? ഒരൊറ്റ മനുഷ്യജന്മത്തിലെ ഭഗ്നപ്രണയത്തിന്റെ മുൾക്കിരീടമണിഞ്ഞ്‌ മരണത്തിന്റെ ഗോൽഗോഥയോളം ചോരയൊലിപ്പിച്ച്‌ ഭ്രാന്തമായലഞ്ഞ തന്റെ പ്രണയിയെ ഓർത്ത്‌ അവൾ കരയുന്നുണ്ടാവുമോ?
  "ഇമ്മട്ടിയ്ക്കിത്രേം ആൾവോളുണ്ടായിട്ടാർന്നോ നമ്മടെടേല്‌ അനാഥനപ്പോല...." എച്ചിയമ്മ അടക്കം പറഞ്ഞു കരഞ്ഞു.
   വിരാമമില്ലാത്ത രംഗങ്ങളില്ലല്ലോ? സെബാസ്റ്റ്യനു യാത്ര പുറപ്പെടേണ്ട നേരമായി. ആമ്പുലൻസിൽ അവനെക്കയറ്റുമ്പോൾ ആകാശം മഴക്കാറു കൊണ്ടു മൂടിയിരുന്നു.ആമ്പുലൻസിൽ നയോമിസിസ്റ്ററും മറ്റു സിസ്റ്റർമാരും ലക്ഷ്മിയമ്മയും അച്ചൻമാരും വേറെ ഏതാനും പേരും കയറി. അവർക്കു മുന്നിൽ സെബാസ്റ്റ്യൻ നീണ്ടു നിവർന്നു കിടന്നു. സ്മേരവദനനായി. അവനു ചന്ദനത്തിരിയുടെ മണം. അവനു ബെന്തിയുടേയും ജെമന്തിയുടേയും സുഗന്ധങ്ങൾ... അവനു സന്തോഷമായിരുന്നു..... കാരണം അവനന്നു  രാജാവായിരുന്നു. മരണം അവനെ രാജാവാക്കി. അവനന്ന്‌ പുഷ്പകിരീടമുണ്ടായിരുന്നു!!
   വാഹനങ്ങളുടെ നീണ്ട നിര പള്ളിയിലെത്തി. കർമ്മങ്ങൾ തുടർന്നു കൊണ്ടിരിക്കെ ആകാശം പെയ്തിറങ്ങി - നിറുത്തില്ലാത്ത ഒരു വിഷാദഗീതം പോലെ അതു നീണ്ടു നീണ്ടുപോയി. കർമ്മങ്ങൾ കഴിഞ്ഞപ്പോഴും മഴ അവിരാമം പെയ്തു കൊണ്ടിരുന്നു.
   ഒടുവിൽ, ഒടുവിലെ ചുംബനങ്ങൾക്കായി സെബാസ്റ്റ്യൻ കാത്തുകിടന്നു. അപ്പൻ, അമ്മ, പ്രിയജനങ്ങൾ, ബന്ധുക്കൾ എല്ലാവരും മാറിയിട്ടും അവൻ വളരെ പ്രിയപ്പെട്ട ഒരാളെ തിരഞ്ഞു. പിന്നെ കൂട്ടുകാരെയും...
   ഒടുവിൽ അവരും വന്നു. അവന്റെ നയോമിയമ്മയും പിന്നെ കൂട്ടുകാരും....
   അവന്റെ നെറ്റിയിലെ മുടിയിഴകളൊതുക്കി അവിടെ തന്റെ ഹൃദയത്തിന്റെ മുദ്ര ചുണ്ടു കൊണ്ടു പതിപ്പിച്ചപ്പോൾ നയോമിയമ്മ പൊട്ടിക്കരഞ്ഞു. അവർ കരയുന്നതു കണ്ടപ്പോൾ അവന്റെ കൂട്ടുകാരും കരഞ്ഞു. അവരുടെ ചുംബനങ്ങളിലെ കണ്ണുനീരും ഉമിനീരും വീണ്‌ അവന്റെ മുഖം വിശുദ്ധമായി. പള്ളിയിൽ ഒരു വലിയ നിലവിളി നിറഞ്ഞു. പുറത്തു മഴയും അവരോടു ചേർന്നു.
    ഏറെ നേരം നീണ്ടു നിന്ന കുംഭമഴ ശമിച്ചപ്പോഴേയ്ക്കും അകത്തു കരച്ചിലുകളും പുറത്തു മഴയും നേർത്തു നേർത്തു വന്നിരുന്നു. സെബാസ്റ്റ്യന്റെ ആളുകൾ വളരെ തിടുക്കത്തോടെ അവനെ എടുക്കുകയും കഴിയുന്നതും വേഗം കൂടെ വരുന്നതിനായി പുരോഹിതനെ ഉൽസാഹിപ്പിക്കുകയും ചെയ്തു കൂടെച്ചേർത്തുകൊണ്ട്‌ സെമിത്തേരിയിലേയ്ക്കു നടന്നു. എല്ലാവരും അവരെ അനുഗമിച്ചു.
    പെയ്തു മറഞ്ഞ മഴ മണ്ണിൽ ജീവിച്ചു. മണ്ണു കുഴഞ്ഞിരുന്നു.
    മരിച്ച മഴയേയും നനഞ്ഞ മണ്ണിനേയും ശപിച്ചവർ സെബാസ്റ്റ്യന്റെ സ്വന്തക്കാർ മാത്രമായിരുന്നു. അവർക്കു കാലിൽ ചെളി പുരണ്ടു. അവരുടെ വണ്ടികളിൽ ചെളിയാവുമെന്നവർ പിറുപിറുത്തു. ഹൈറേഞ്ചിലെ സന്ധ്യയിലെ കാറ്റിനു ഭയങ്കര തണുപ്പെന്നു പറഞ്ഞു. അടുത്തൊന്നും കടകളില്ലായ്കകൊണ്ട്‌ വിശക്കുന്നുവേന്നു പരാതിപ്പെട്ടു.
   പയസ്‌ ഗാർഡൻസുകാർ ഒന്നുമറിഞ്ഞില്ല. അവർക്കും കാലിൽ ചെളിപുരണ്ടു. തണുത്തു. വിശന്നു. പക്ഷെ അതൊന്നുമവരെ തളർത്തിയില്ല. പെട്ടിയിലായിരുന്നുതുകൊണ്ടു സെബാസ്റ്റ്യനും ഒന്നുമറിഞ്ഞില്ല....
   അവസാനം, സെമിത്തേരിയിൽ, അവനുവേണ്ടിയൊരുക്കിയ കുഴിയിൽ ഇനിമേൽ നനവറിയാത്തവനും ചെളിയറയ്ക്കാത്തവനും തണുക്കാത്തവനും വിശക്കാത്തവനുമായി അവൻ കുഴിയിലേക്കിറങ്ങി മണ്ണു പുതച്ചു കിടന്നു.
  പുറത്ത്‌,  ചൂടുകാപ്പിയും ബണ്ണും പഴവും ജീവനുള്ളവരെക്കാത്തിരിപ്പുണ്ടായിരുന്നു. സെബാസ്റ്റ്യന്റെ സ്വന്തക്കാർ ഭക്ഷണത്തിനു വേണ്ടി കൂട്ടപ്പൊരിച്ചിൽ നടത്തി. വലുതെന്നും ചെറുതെന്നും, ആണെന്നും പെണ്ണെന്നും ഭേദമില്ലാതെ, പൊരുതി നേടിയവർ കുടിക്കുകയും വെട്ടിവിഴുങ്ങുകയും ചെയ്തു. കാരണം, അവർക്കു തണുത്തിരുന്നു. അവർക്കു വിശന്നിരുന്നു. അവർക്കു വേഗം പോകേണ്ടതുണ്ടായിരുന്നു.
   പക്ഷെ, അപ്പോഴും സെമിത്തേരിയുടെ ഗാഢഗംഭീരമായ സാന്ധ്യമൗനത്തിലേയ്ക്ക്‌ പയസ്ഗാർഡൻസിന്റെ ദുഃഖത്തിന്റെ തിരുമുറിവുകളിൽ നിന്നും രക്തം ഇറ്റു വീണു കൊണ്ടിരുന്നു. "മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്കു തമ്പുരാന്റെ മനോഗുണത്താൽ...." മരിച്ചവർക്കായുള്ള പ്രാർത്ഥന.
   മക്കൾ പതിനേഴായിക്കുറഞ്ഞുപോയ ദുഃഖത്തിൽ, കന്യകാമറിയം, തങ്ങളുടെ കൂട്ടത്തിൽനിന്നു പിരിഞ്ഞുപോയവനെച്ചൊല്ലി നൊമ്പരം കൊണ്ടു പ്രാർത്ഥിക്കുകയാണ്‌. പയസ്ഗാർഡൻസിലെ മറ്റുള്ളവർ അതിന്റെ ബാക്കി പ്രാർത്ഥനകൾ ചൊല്ലി. ചിലർ പ്രാർത്ഥനകൾക്കു പകരമായി വ്യഥയോടെ ഇമ്മട്ടീ, ഇമ്മട്ടീ എന്നു വിലപിച്ചുകൊണ്ടിരുന്നു. ആരൊക്കെയോ ദാനം കൊടുത്ത, പഴകിയതും പാകമാകാത്തതുമായ വസ്ത്രങ്ങൾക്കുള്ളിൽ, വൃത്തബദ്ധമല്ലാത്ത ശരീരഭാഷകളോടെയും വാമൊഴികളോടെയും, മനുഷ്യരുടെ അംഗീകൃത ജീവിതത്താളത്തിന്റെ പുറമ്പോക്കിൽ, സിമത്തേരിയിലെ സന്ധ്യയിൽ അവർ നിന്നു. വിശപ്പിൽ. തണുപ്പിൽ. പക്ഷെ, അതൊന്നുമവരെ തളർത്തിയിരുന്നില്ല.
   ഹൈറേഞ്ചുസന്ധ്യയിലെ തണുത്ത കാറ്റിൽ വിലാപപ്രാർത്ഥനയോടെ നിന്നിരുന്ന ആ ചെറുമനുഷ്യസംഘത്തെ നോക്കി പിരിഞ്ഞു പോകുന്നവർ കളിയാക്കിച്ചിരിച്ചുകൊണ്ടു പറഞ്ഞു: "ഒക്കെ വട്ടുകേസുകളാ. വ്യാകരണപ്പിശകുകൾ!..."
    ഹൈറേഞ്ചിന്റെ ഉർവ്വരതകളിൽ നിന്നും ഉയർന്നു പൊങ്ങിയ ആവിമഞ്ഞിൽ അവർ അലിഞ്ഞലിഞ്ഞുപോയി. ചുറ്റുപുറങ്ങളിലെ കാഴ്​‍്ചകൾ മറഞ്ഞു തുടങ്ങി. 
    "മക്കളേ,  സന്ധ്യ മയങ്ങുന്നു. വാ. എല്ലാവരും വാ." അമ്മ വിളിച്ചു.
   കാന്തക്കട്ടയിലേക്കു തിരിയുന്ന ഇരുമ്പുതരികൾ പോലെ എല്ലാവരും അമ്മയിലേക്കു തിരിഞ്ഞു - ഒരാളൊഴികെ. സോയ.... ഇരുപതു തികഞ്ഞിട്ടില്ലാത്ത ദൈവകൽപ്പന!
    "മോളേ... സോയമോളേ... വാ." അമ്മ വീണ്ടും വിളിച്ചു.
    "ഞാൻ വരുന്നില്ല നയോമിയമ്മേ... ഇമ്മട്ടിയെ ഇവിടെ ഒറ്റയ്ക്കാക്കി ഞാൻ വരില്ല. ഇമ്മട്ടി ഇപ്പോൾ മുളച്ചു വരും. ഇമ്മട്ടി പൂവിടും. ഇമ്മട്ടിപ്പൂവിനോടെനിക്കു ചോദിക്കണം: 'എന്നെ ഇഷ്ടമല്ലായിരുന്നോ എന്ന്‌....."
   അവൾ മുഖംപൊത്തി ഏങ്ങലടിച്ചു കരഞ്ഞു.
   നയോമി സിസ്റ്ററുടെ ഉള്ളുലഞ്ഞെത്തിയ ഒരു ഗദ്ഗദവും കിഴക്കൻകാറ്റും അവളെ അണച്ചുചേർത്തുപിടിച്ചു. അനാമികകളായ കാവുകളിൽ വിരിയുന്ന അജ്ഞാതപുഷ്പങ്ങൾക്കെന്തു പേരിടും എന്ന വ്യഥയിൽ നയോമിസിസ്റ്റർ ആകാശങ്ങളിലേക്കു മുഖമുയർത്തി നോക്കി ചോദിച്ചു: 'ക്രിസ്തുവേ നീ അവിടെയുണ്ടോ? ഇതെല്ലാം കാണുന്നുണ്ടോ നീ? ഈ നിത്യശൈശവഹൃദയങ്ങളിൽ താങ്ങാനാവാത്ത സ്നേഹത്തിന്റെ കദനഭാരം നിറച്ച്‌ എന്നെയും ഈ കുഞ്ഞുങ്ങളെയും നീ വേദനിപ്പിക്കുന്നതെന്തിനാണ്‌?' അവരുടെ ഹൃദയം വേദനകൊണ്ടു നിറഞ്ഞു തുളുമ്പി.

27 Apr 2013

ദിനപത്രവീതം

                           തോമസ്‌ പി  കൊടിയാൻ

       രാവിലെ പേപ്പര്‍ വന്നാല്‍ ആദ്യവായനയ്ക്കു വേണ്ടി ആ വീട്ടിലെന്നും പിടിച്ചുപറിയും ലഹളയുമാണ്.
ഒടുവില്‍ കുടുംബ ക്രമസമാധാനപാലകനെന്ന നിലയില്‍ പിതാവ് ശ്രീ. കുപ്ലേമാക്കല്‍ മാത്തന്‍ അവര്‍കള്‍ ഓരോ പേജുകള്‍ ഓരോരുത്തര്‍ക്കായി പങ്കുവച്ചു. 
മുന്‍പേജ് സ്വയമെടുത്തു. വീട്ടിലെ കാരണവരല്ലേ? എന്തും ആവാല്ലോ? വേണേല്‍ അടുപ്പിലും.... 
സ്‌പോര്‍ട്‌സ്‌പേജ് ചെക്കന്. ബ്രോയിലര്‍ച്ചിക്കനടിച്ചടിച്ച് മന്ദിപ്പായിപ്പോയ നിനക്കീപ്പേജ് കിട്ടീട്ട് എന്തൂട്ടു ചെയ്യാനാടാ ചെക്കാന്ന് ചോയിക്കണം ചോയിക്കണംന്ന്ണ്ട് അയാള്‍ക്ക്. പക്ഷെ കുരുത്തംകെട്ടേയ്‌ന്റെ വായിലെ നാക്കിനു മന്ദിപ്പൊന്നും ഇല്ലാത്തോണ്ട് എന്താ ങ്ങ്ട് വരണേന്ന് പരീക്ഷിക്കണ്ടാന്നു സ്വയങ്ങ്ട് തീരുമാനിച്ചതാണയാള്‍.
വാണിജ്യപേജ് അമ്മയ്ക്ക് - സ്വര്‍ണ്ണവില നോക്കാന്‍. വെല വാണം കത്തിച്ച മാതിരി മേപ്പോട്ടു പോണ കണ്ടു ചുമ്മാ സന്തോഷിച്ചോട്ടെ ശവം. അത്യാവശ്യത്തിനൊന്നു പണയം വയ്ക്കാന്‍ പോലും ചോയ്ച്ചാ ഒരു പണ്ടോം തരാത്ത പണ്ടാരം. നെനക്കു ഞാനായിട്ട് ഒരു പണത്തൂക്കം പോലും മേടിച്ചു തരൂല്ലാ ന്റെ താണ്ടമ്മേ... വെല കൂടിയാലും കൊറഞ്ഞാലും. പേപ്പറു കൊടുക്കുമ്പോള്‍ അയാളെന്നും മനസ്സില്‍പ്പറയും.
വിദ്യാഭ്യാസപേജ് പെണ്ണിന്. വിദ്യയെ ഇതുവരെ അഭ്യാസമായിക്കൊണ്ടു നടക്കുന്ന നിനക്കെന്തിനാണ്‍ടീ  വിവരോള്ളോര്ട ഈ പേജെന്ന് ചോയിക്കണം ചോയിക്കണംന്നോര്‍ക്കും അയാള്‍. പക്ഷേ പല കാര്യങ്ങളും ഓര്‍ത്തട്ടതങ്ങ്ട് വേണ്ടാന്നു വെയ്‌ക്കേണയാള്‍ - എന്നും.
പക്ഷേ, വേണ്ടെന്നു പലവട്ടം കെഞ്ചിപ്പറഞ്ഞിട്ടും ചരമപ്പേജ് സ്വന്തം അപ്പനും അമ്മയ്ക്കും അയാള്‍ കൊടുത്തുകൊണ്ടേയിരിക്കുന്നുണ്ട് - ഇപ്പോഴും....
''കൂട്ടുകാര്‍ ആരൊക്കെ ദിവസവും മരിക്കുന്നുണ്ടെന്നു ചുമ്മാ അറിഞ്ഞിരിക്കുന്നതു നല്ലതാണ്'' എന്ന മുഖവുരയോടെ! 

26 Mar 2013

അത്ര ഹൃദ്യമാകാനിടയില്ലാത്ത ചില ക്രിസ്തുമസ്‌, ഈസ്റ്റർ ചിന്തകൾ

      തോമസ്‌ പി.കൊടിയൻ
എന്നാൽ ക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു;
    അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കെ, അവർ സഹവസിക്കുന്നതിനു മുമ്പ്‌ അവൾ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി കാണപ്പെട്ടു. അവളുടെ ഭർത്താവായ ജോസഫ്‌ നീതിമാനാകയാലും അവളെ അപമാനിതയാക്കാൻ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കുവാൻ തീരുമാനിച്ചു. അവൻ ഇതേക്കുറിച്ച്‌ ആലോചിച്ചുകൊണ്ടിരിക്കെ, കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട്‌ അവനോടു പറഞ്ഞു: "ദാവീദിന്റെ പുത്രനായ ജോസഫ്‌, മറിയത്തെ ഭാര്യയായി സ്വീകരിക്കുവാൻ ശങ്കിക്കേണ്ട. അവൾ ഗർഭം ധരിച്ചിരിക്കുന്നത്‌ പരിശുദ്ധാത്മാവിൽ നിന്നാണ്‌. അവൾ ഒരു പുത്രനെ പ്രസവിക്കും......." (മത്തായി:18-21)
    തുടർന്ന്‌, സുവിശേഷകൻമാരായ മത്തായിയും ലൂക്കായും എഴുതിയ സുവിശേഷങ്ങളിൽ ആ തിരുപ്പിറവിയെ നാം തിരിച്ചറിയുന്നത്‌ ഇപ്രകാരമാണ്‌.
    നിയമങ്ങൾ അനുസരിക്കുന്ന എളിയവനായ ഒരു പ്രജ, പൂർണ്ണഗർഭിണിയായ തന്റെ പ്രിയതമയെയും ചേർത്ത്‌ സേൻസസിൽ പേരു ചേർക്കുന്നതിന്‌ ദാവീദിന്റെ പട്ടണമായ ബെത്ലഹെമിലേക്കു പോവുകയായിരുന്നു. ലോകമാസകലമുള്ള ജനങ്ങൾ അവരുടെ പേര്‌ സർക്കാർ രേഖകളിൽ ചേർക്കണമെന്ന അഗസ്റ്റസ്‌ സീസറിന്റെ കൽപ്പനയനുസരിച്ചായിരുന്നു ആ യാത്ര. (അയാൾക്ക്‌ അവരി ൽ നിന്നെല്ലാം കപ്പം പിരിക്കേണ്ടതുണ്ടായിരുന്നു. ഇന്നത്തെപ്പോലെ തന്നെ....)
     അതീവസൗമ്യനായ അവനു പേർ ജോസഫ്‌ എന്നായിരുന്നു. വഴിയിൽ അവന്റെ ഇണയ്ക്ക്‌ പ്രസവവേദനയനുഭവപ്പെട്ടു. വീടുകളിലും സത്രങ്ങളിലും അങ്ങനെയൊരു കാര്യത്തിന്‌ ഇടം കിട്ടായ്കയാൽ അവർ ഒരു കാലിത്തൊഴുത്തിൽ അഭയം തേടി.
    ഇന്നും ക്രിസ്തുമസ്‌ രാവുകൾ, നമ്മെ ഈറ്റില്ലം തേടി നടന്ന ഒരു പാവം അമ്മയുടെയും, ആ അമ്മയുടെയും അവളുടെ ഉദരഫലമായ മറ്റൊരു പ്രാണന്റെയും കാവലാളായി നടന്ന ഒരു പിതാവിന്റെയും സാന്നിദ്ധ്യം അനുഭവിപ്പിക്കുന്നു.
    വൃശ്ചികമാസത്തിന്റെ സ്വാഭാവികതയായ തണുതണുത്ത രാവുകളിലൊന്ന്‌. നിശ്ശബ്ദതയുടെ കട്ടിയേറിയ ആവരണം. കളങ്കലേശമില്ലാത്ത കുഞ്ഞാടുകളുടെയും മുനിഞ്ഞുകത്തുന്ന എണ്ണവിളക്കുകളുടെയും സൗമ്യപ്രകാശം. അതിനുള്ളിലേക്ക്‌ വിണ്ണിൽ നിന്നും ആ നക്ഷത്രം അടർന്നുവീണു. ദൈവത്തിന്റെ പ്രിയപുത്രൻ. മാനവരാശിയുടെ മഹാസന്തോഷം!
    പിറവിയുടെ വേദനയിൽ ആ നക്ഷത്രം അതിന്റെ മനുഷ്യമാതാവിനെ നോക്കി കരഞ്ഞുവോ? തന്റെ ഇണയായി വന്നുചേർന്ന പെണ്ണിനു മാനക്ഷതം വരാതിരിക്കുന്നതിനു വേണ്ടി അവളെയും അവളുടെ കടിഞ്ഞൂൽക്കനിയേയും പ്രാണനും മേലെ തന്നോടു ചേർത്തുനിർത്തി ക്ലേശഭരിതമായേക്കാവുന്ന ഒരു ജീവിതത്തിനു തീരുമാനമെടുത്ത മനുഷ്യപിതാവിനെ നോക്കി നിറഞ്ഞ നന്ദിയോടെ ചിരിച്ചുവോ? അറിയില്ല. എന്തായാലും മണ്ണിന്റെയും വിണ്ണിന്റെയും മഹാസന്തോഷം പഞ്ചഭൂതങ്ങളിൽപ്പിറന്ന്‌ കൈകാലുകൾ ഇളക്കി കളിക്കുന്നത്‌ കുഞ്ഞിന്റെ മാതാപിതാക്കൾക്കു ശേഷം ആദ്യം കണ്ടത്‌ ആ കുഞ്ഞ്‌ പിറവിയെടുത്ത കാലിത്തൊഴുത്തിലെ നിശ്ശബ്ദജീവികളായിരുന്നു.
    കവികൾ ആ രാത്രിയെ ശാന്തരാത്രിയെന്നും തിരുരാത്രിയെന്നും വിളിച്ചു. ദൈവദൂതൻ ആട്ടിടയരെ ഉണർത്തി ആ തിരുപ്പിറവിയുടെ ദിവ്യസന്ദേശമറിയിച്ചതു കൊട്ടാരക്കെട്ടിനകത്തേക്കുള്ള വഴിയറിയാഞ്ഞിട്ടാവുകയില്ല. ഹെറോദാവും അഗസ്റ്റസ്‌ സീസറും വിളിപ്പാടകലെ കിടന്നുറങ്ങുമ്പോൾ അക്ഷരജ്ഞാനത്തിന്റെ കാപട്യമില്ലാത്ത നാടൻജന്മങ്ങളെ തിരഞ്ഞെടുത്തുണർത്തിയത്‌, മനുഷ്യജന്മങ്ങളുടെ ഉൾപ്പൊരുളുറങ്ങുന്നത്‌ എളിമയിൽ മാത്രമാണെന്ന തിരിച്ചറിവുകൊണ്ടായിരിക്കാം.
    കാലം, ദൈവപുത്രന്റെ ജനനം നിഷ്കളങ്കതകൾ കൊണ്ട്‌ അടയാളപ്പെടുത്തുകയായിരുന്നു. എളിയവയുടെയും എളിയ ജന്മങ്ങളുടെയും മഹത്വം വിളിച്ചുപറയുകയായിരുന്നു. നിഷ്കളങ്കതകളിൽ ദൈവം എങ്ങനെ വ്യാപരിക്കുന്നുവേന്ന്‌ മനുഷ്യസമൂഹത്തെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു.
    എന്നിട്ടും നാം എളിമയെക്കുറിച്ചു വല്ലതും പഠിച്ചുവോ, വലിമയെക്കുറിച്ചല്ലാതെ? സംശയം. നാം
നിസ്സാരമായ ചിലചിലസംഗതികൾക്കുവേണ്ടി നിരന്തരം പോരടിച്ചുകൊണ്ടേയിരിക്കുന്നുണ്
ട്‌, ഞാനാണു വലിയവനെന്നു സ്ഥാപിക്കുവാൻ!
     ഞായറാഴ്ച ദിവസം അയൽക്കാരനോടു ലഹളകൂടിക്കൊണ്ടിരുന്ന ഒരു ക്രിസ്ത്യാനി കുർബ്ബാനയ്ക്കു സമയമായപ്പോൾ "ബാക്കി ഞാൻ വന്നിട്ടു പറയാമെടാ" എന്നു വെല്ലുവിളിച്ചുകൊണ്ടു കുർബ്ബാനയ്ക്കു പോകുന്നതിലെ അന്തഃസാരശൂന്യത നമുക്കിന്നും കൂട്ടാവുന്നു. നിന്റെ സഹോദരന്റെ പാദം കഴുകുന്നില്ലെങ്കിൽ നീയെനിക്കു പ്രിയപ്പെട്ടവനാകുന്നില്ലെന്നും, നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിപ്പിൻ എന്നും, മാലാഖമാരുടെ ഭാഷയറിഞ്ഞാലും മാലാഖമാരൊത്തു ജീവിച്ചാലും സ്നേഹമില്ലെങ്കിൽ അതൊക്കെ അർത്ഥശൂന്യമെന്നും തിരുമൊഴിയായവന്റെ അരുൾമൊഴികൾ ബൈബിളിലിരുന്ന്‌ ഇരട്ടവാലൻ പഠിച്ചു തീർക്കുന്നു. ഇരട്ടവാലന്റയൊരു ഭാഗ്യം!
    ചില മനുഷ്യർക്ക്‌ ആ അരുളപ്പാടുകൾ വാചകക്കസർത്തിനും വയറ്റുപിഴപ്പിനും ഉപാധിയാവുന്നു. പൊതുസ്ഥലങ്ങളിലും മേടകളിലും നിന്ന്‌ അവർ ഇപ്പോഴും അവ വിറ്റു കാശാക്കുന്നുണ്ട്‌. ക്രിസ്തു ജനിച്ചില്ലായിരുന്നുവേങ്കിൽ പട്ടിണികിടക്കുകയോ കൂലിപ്പണിക്കുപോകേണ്ടിവരികയോ ചെയ്യേണ്ടിവരുമായിരുന്ന ചില വിരുതന്മാർ!
    ക്രിസ്തു ജനിച്ചതു ഒരു പുൽക്കൂട്ടിലായിരുന്നു.....
    മറ്റു ചിലർ അരക്കിലോയിലധികം വരുന്ന സ്വർണ്ണമാലയിലും അംശവടിയിലും, സാമാന്യജനത്തെ ഭയപ്പെടുത്തുന്നതിനായി കണ്ണഞ്ചിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതായ നെടുങ്കൻ കുപ്പായങ്ങളിലും അമ്പരപ്പിക്കുന്ന മണിമേടകളിലും കോടികളുടെ വാഹനങ്ങളിലും സസുഖം വാണരുളുന്നു. അവിടെയിരുന്ന്‌ കൽപ്പനകൾ പുറപ്പെടുവിക്കുന്നു. ഇലക്ഷനുകളിൽ സ്വസമുദായത്തിന്റെ മസിൽ പെരുപ്പിച്ചുകാട്ടിയും കണ്ണുരുട്ടിക്കാട്ടിയും ഉദ്ദിഷ്ടകാര്യങ്ങളെ ചൊൽപ്പടിയിലാക്കുന്നു. (എല്ലാവരുമെന്നല്ല ഇതിനർത്ഥം. ഇവർക്കിടയിലും മനുഷ്യസ്നേഹികളും സമൂഹത്തോടു പ്രതിബദ്ധതയുള്ളവരും, എനിക്കൊരിക്കലും അപ്രാപ്യമായ മാനസിക വിശുദ്ധിയുമുള്ള അനേകം നേതാക്കളുണ്ട്‌.)
    ക്രിസ്തുവിന്‌ രാഷ്ട്രീയമുണ്ടായിരുന്നോ? അറിഞ്ഞിടത്തോളം, എല്ലാക്കാലങ്ങളിലും അവൻ ചന്തസ്ഥലങ്ങളിലും സാമാന്യജനങ്ങൾക്കിടയിലുമായിരുന്നു . അവൻ സൗമ്യോദാരമായ ചോദ്യങ്ങൾ ചോദിക്കുകയും, സാമാന്യജനങ്ങളെ ജീവിതം എന്തല്ല എന്നു പഠിപ്പിക്കുന്നതിനായി അഴകും അർത്ഥവുമുള്ള കഥകളും ഉപമകളും പറഞ്ഞുകൊണ്ട്‌ കടൽക്കരയിലും മലമുകളിലും ഇരിക്കുന്നതുമായിട്ടാണ്‌ കാണപ്പെടുന്നത്‌.  അടിച്ചു തകർക്കപ്പെടുവാൻ വേണ്ടി മാത്രമായിരുന്നു അവൻ കൊട്ടാരക്കെട്ടിലേക്ക്‌ ആട്ടിത്തെളിക്കപ്പെട്ടത്‌.
    ക്രിസ്തു ജനിച്ചതു പുൽക്കൂട്ടിലായിരുന്നു.....
    ഇനിയും ചിലരുണ്ട്‌. ചില സന്യാസികൾ. കാവി വസ്ത്രങ്ങളിൽ, കഴുത്തിൽ മരക്കുരിശുമായി ചിലർ. അവർ നഗ്നപാദരായി നടക്കുന്നു. ചില സന്യാസിനിമാരുണ്ട്‌. സിസ്റ്റേഴ്സ്‌ ഓഫ്‌ ചാരിറ്റി പോലുള്ള സംഘടനകളിലെ അംഗങ്ങൾ. അവർ അടുത്തുനിൽക്കുമ്പോൾ എനിക്ക്‌ ക്രിസ്തുവിനെ തോന്നും. ക്രിസ്തുവിനെ എനിക്കു ശ്വസിക്കുവാൻ സാധിക്കും. അവർ അധികം സംസാരിക്കാറില്ല. അവർ പ്രവർത്തിക്കുന്നു. പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു. പ്രസംഗം അവരുടെ കലയല്ല. അവരുടെ പ്രവൃത്തിയല്ല. അവർക്കതിനു സമയവുമില്ല. എന്തിന്‌, നല്ലതുപോലൊന്നണിഞ്ഞൊരുങ്ങാൻ പോലും അവർക്കു സമയമില്ല. ക്രിസ്തു അവരിലൂടെ സഞ്ചരിക്കുന്നു. തലമുറകളിൽ നിന്നും തലമുറകളിലൂടെ അവൻ അവരിലൂടെ മരണമില്ലാത്തവനായി സഞ്ചരിക്കുന്നു. അവർ വ്യഥിതരെയും പതിതരെയും അടുത്തറിയുന്നു. അവരോടൊത്തു ജീവിക്കുന്നു. ക്രിസ്തു ജനിച്ചതു ഒരു പുൽക്കൂട്ടിലായിരുന്നു എന്ന്‌ അവർ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്‌, അവരുടെ പ്രവൃത്തികളിലൂടെയും ചിന്തകളിലൂടെയും നിരന്തരം...
    എല്ലാ മതങ്ങളിലും നന്മയുടെ വിശുദ്ധഗന്ധം പ്രാണനോളം പ്രിയപ്പെട്ടതായി കൊണ്ടു നടക്കുന്ന  എത്രയോ എത്രയോ പേർ വേറെയുമുണ്ട്‌.
    മൂലമറ്റത്തുള്ള ഒരു കപ്പൂച്ചിയൻ പുരോഹിതൻ തന്റെ ആശ്രമത്തിലെ അന്തേവാസികളെ 'എന്റെ മക്കളേ' എന്നുവിളിക്കുമ്പോൾ അവിടെ ഒരു പുൽക്കൂടു പിറക്കുന്നത്‌ ഞാനറിഞ്ഞതാണ്‌. ആ പുരോഹിതന്റെ ചിരിയും ആ കുഞ്ഞുമക്കളുടെ തിരിച്ചുള്ള മുഖപ്രകാശനങ്ങളും എനിക്കിന്നും കാണാപ്പാഠമാണ്‌. അപ്രകാരമുള്ള ആശ്രമങ്ങളും സേവനങ്ങളുമായി അവരും അവരെപ്പോലുള്ളവരും നമ്മുടെ ഈ ഭൂമിയിൽത്തന്നെയുണ്ട്‌. ആരവങ്ങളില്ലാതെ. തിരച്ചൊന്നും കൊതിക്കാതെ അവരങ്ങനെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നതുകൊണ്ടാവാം നമ്മളിങ്ങനെ സുഖമായി കഴിഞ്ഞുപോവുന്നത്‌. ഭൂമി ഇനിയും ഒരൊറ്റ ഭൂകമ്പത്തിൽ തകർന്നുടഞ്ഞുപോകാത്തത്‌.
    ഇതു ക്രിസ്ത്യൻ പുരോഹിതർക്കിടയിലെ മാത്രം തിരിച്ചുവ്യത്യാസങ്ങളല്ല. എല്ലാ മതവിഭാഗങ്ങളിലും ഇത്‌ ഇപ്രകാരമൊക്കെത്തന്നെ നിലനിൽക്കുന്നുണ്ട്‌. എല്ലായിടങ്ങളിലും നന്മകളുമുണ്ട്‌. നന്മനിറഞ്ഞവരുമുണ്ട്‌.
    പറഞ്ഞുവരുന്നത്‌ കമ്പോളവത്കരിക്കപ്പെട്ട ക്രിസ്തുമസ്സിനെക്കുറിച്ചാണ്‌. തൊടിയിടകളിൽ
നിന്നും വെട്ടിക്കൊണ്ടുവന്ന വേലിപ്പത്തലുകളിൽ ഉയിർക്കൊണ്ടിരുന്ന പുൽക്കൂടുകളിൽ നിന്നും പാതിരാത്രികളിൽ അയൽവീടുകളിലേക്കു നടത്തിയ ആ യാത്രകളോളം നിഷ്കളങ്കമായ യാത്രകൾ പിന്നെ നടത്തിയിട്ടില്ല. അത്രയ്ക്കങ്ങ്‌ ഉള്ളുണർന്നു പാടിയിട്ടുമില്ല.
"അല്ലൽപ്പാതിര നേരത്ത്‌.... പുല്ലിൻമേലൊരു പൊന്നുണ്ണി
ഹല്ലേലുയ്യ പാടുക..... ആനന്ദം കൊണ്ടാടുക...."
    ഇപ്പോൾ പണ്ടത്തെ ആ പുൽക്കുടുകൾ പോയി തൽസ്ഥാനത്ത്‌ ഇൻസ്റ്റന്റ്‌ പുൽക്കൂടുകൾ വന്നു. പിളർക്കപ്പെടുന്ന വേദനയിൽ മനംനൊന്തു കരഞ്ഞ ഈറ കൂട്ടിയോജിപ്പിക്കപ്പെട്ടപ്പോൾ നക്ഷത്രമായിപ്പരിണമിച്ചപ്പോൾ ചിരിച്ചിരുന്ന ചിരി ഇന്ന്‌ ഫാക്ടറികൾ നിർമ്മിച്ചിറക്കുന്ന കടലാസ്‌ നക്ഷത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നു. കുഞ്ഞുങ്ങൾക്കു നഷ്ടപ്പെട്ട ഒരു ക്രിയേറ്റിവിറ്റി....
    ഇപ്പോൾ, കരോളുകൾ പിരിവുകൾക്കുള്ള ഒരു ഉപാധിയാണ്‌.  അത്‌ പള്ളിയിൽ നിന്നായാലും ക്ലബ്ബുകളിൽ നിന്നായാലും അങ്ങനെ തന്നെയാണ്‌. അതോടെ ആ കരോളിന്റെ ലാളിത്യം നഷ്ടപ്പെടുന്നു, സാംഗത്യം നഷ്ടപ്പെടുന്നു, അതിന്റെ സന്തോഷം നഷ്ടപ്പെടുന്നു....ലോകത്തിനൊരു നയാപ്പൈസ ചിലവില്ലാതിരുന്ന ഒരു തിരുപ്പിറവി എപ്രകാരമാണ്‌ ഇപ്രകാരമായതെന്ന്‌ അറിയില്ല.
    പിരിവുകളില്ലാത്ത, ആ തിരുജനനത്തിന്റെ സന്തോഷം മാത്രം തരുന്ന ഒരു കരോളുമായി, കൈയിലൊരു നാരങ്ങ മിഠായിയെങ്കിലുമായി  ഒരു ക്രിസ്തുമസ്സ്‌അപ്പൂപ്പൻ വീടിന്റെ പടികടന്നുവന്നെങ്കിലെന്ന്‌ ഒരു കൊതി....
    വിശേഷദിവസങ്ങൾ കമ്പോളക്കാരും ചാനലുകരും പങ്കിട്ടുകഴിഞ്ഞു. പണവുമായി കമ്പോളത്തിൽ ചെല്ലേണ്ടതേയുള്ളു. അവിടെ എന്തും കിട്ടും റെഡിമെയ്ഡ്‌ ക്രിസ്തുമസ്സ്‌, ഈസ്റ്റർ, ഓണം, വിഷു... എല്ലാം.... ആ വിപണികളിൽ ക്രിസ്തുമസ്സ്‌ കേക്കുകൾ വേവുന്നുണ്ട്‌. ആശംസാക്കാർഡുകളുണ്ട്‌, നക്ഷത്രങ്ങളുണ്ട്‌,  ബഹുരൂപികളും വർണ്ണാങ്കിതരുമായ ഉണ്ണികളും അമ്മമറിയമാരും യൗസേപ്പുപിതാക്കളുമുണ്ട്‌...
    പിന്നെ, എല്ലാറ്റിനുമുപരിയായി 'നീയില്ലെങ്കിലെനിക്കെന്താഘോഷമെന്ന' ആ മോഹൻലാൽച്ചോദ്യവുമായി  കേരളാ ബിവറേജസ്‌ കോർപ്പറേഷനുമുണ്ട്‌...
    ഇനിയുമൊന്നുണ്ട്‌; ക്രിസ്തുവിന്റെ തിരുപ്പിറവിക്കു സാക്ഷ്യം വഹിച്ച ആ നിശ്ശബ്ദ ജന്മങ്ങൾ ഇത്ര ഏറിയ അളവിൽ കുരുതി ചെയ്യപ്പെടുന്ന ഒരു കാലം വേറെയേതാണ്‌?
    സമാനമായ പരിതോവസ്ഥകളിൽത്തന്നെ ഒരു ഈസ്റ്റർ കൂടി വരുന്നു. ഗത്സെമനയിൽ താൻ അനുഭവിക്കേണ്ട പ്രാണവേദനകളെയോർത്തു രക്തം വിയർത്തവന്റെ, താൻ ഏകനല്ലെന്നു സ്വയം ബോദ്ധ്യപ്പെടുത്തുന്നതിനുവേണ്ടി തന്നോടൊപ്പം ഉണർന്നിരുന്നു തന്റെ പ്രാർത്ഥനയിലെങ്കിലും പങ്കാളികളാകണമേയെന്നു ശിഷ്യരോടു സഹായം ചോദിച്ച  പെസഹാകുഞ്ഞാടിന്റെ സഹതാപാർഹമായ ഏകാകിതയുടെ ഭയാനകത ആരുമറിഞ്ഞില്ല. ശിഷ്യർ ഉറങ്ങിപ്പോയി. അവർക്കു മുന്നിൽ വന്ന്‌ അവൻ തന്റെ വ്യസനം പങ്കുവയ്ക്കുകയും ചെയ്തു. എന്നിട്ടും അവർ ഉറങ്ങിപ്പോയി.
    ഏറെത്താമസിയാതെ തലയോട്ടിമലയിൽ, അറുക്കപ്പെടുന്നതിന്റെ വേദനയിൽ അവൻ ഉറക്കെ നിലവിളിക്കുന്നതും കേട്ടു....
    പുൽക്കൂട്ടിൽ ജനിച്ചവൻ മലമുകളിൽ മരിച്ചു. ലോകത്തിന്റെ നെറുകയിൽ....
     ഇത്‌, അവന്റെ ഓർമ്മകളിൽ മധുരപലഹാരക്കടകളിൽ കുരിശുറൊട്ടികൾ വേവുന്ന കാലം. ലാഭത്തിനു വിൽക്കപ്പെടേണ്ടതിന്‌.
    പൊള്ളാച്ചിയിലും പുതുക്കോട്ടയിലും പട്ടുക്കോട്ടയിലും ഈസ്റ്ററിന്‌ അറുക്കപ്പെടേണ്ട മാടുകളുടെ വിലപേശലുകളുടെ രക്തഗന്ധം അതിരുകൾ താണ്ടി വരുന്നു.
    കമ്പോളവത്കരിക്കപ്പെട്ട ബലികളുടെയും ത്യാഗങ്ങളുടെയും  ആഘോഷങ്ങളല്ലേ നമുക്കുചുറ്റും പലവിധത്തിൽ.... മതത്തിൽ മാത്രമല്ല.....

അത്ര ഹൃദ്യമാകാനിടയില്ലാത്ത ചില ക്രിസ്തുമസ്‌, ഈസ്റ്റർ ചിന്തകൾ

      തോമസ്‌ പി.കൊടിയൻ

-എന്നാൽ ക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു;
    അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കെ, അവർ സഹവസിക്കുന്നതിനു മുമ്പ്‌ അവൾ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി കാണപ്പെട്ടു. അവളുടെ ഭർത്താവായ ജോസഫ്‌ നീതിമാനാകയാലും അവളെ അപമാനിതയാക്കാൻ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കുവാൻ തീരുമാനിച്ചു. അവൻ ഇതേക്കുറിച്ച്‌ ആലോചിച്ചുകൊണ്ടിരിക്കെ, കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട്‌ അവനോടു പറഞ്ഞു: "ദാവീദിന്റെ പുത്രനായ ജോസഫ്‌, മറിയത്തെ ഭാര്യയായി സ്വീകരിക്കുവാൻ ശങ്കിക്കേണ്ട. അവൾ ഗർഭം ധരിച്ചിരിക്കുന്നത്‌ പരിശുദ്ധാത്മാവിൽ നിന്നാണ്‌. അവൾ ഒരു പുത്രനെ പ്രസവിക്കും......." (മത്തായി:18-21)
    തുടർന്ന്‌, സുവിശേഷകൻമാരായ മത്തായിയും ലൂക്കായും എഴുതിയ സുവിശേഷങ്ങളിൽ ആ തിരുപ്പിറവിയെ നാം തിരിച്ചറിയുന്നത്‌ ഇപ്രകാരമാണ്‌.
    നിയമങ്ങൾ അനുസരിക്കുന്ന എളിയവനായ ഒരു പ്രജ, പൂർണ്ണഗർഭിണിയായ തന്റെ പ്രിയതമയെയും ചേർത്ത്‌ സേൻസസിൽ പേരു ചേർക്കുന്നതിന്‌ ദാവീദിന്റെ പട്ടണമായ ബെത്ലഹെമിലേക്കു പോവുകയായിരുന്നു. ലോകമാസകലമുള്ള ജനങ്ങൾ അവരുടെ പേര്‌ സർക്കാർ രേഖകളിൽ ചേർക്കണമെന്ന അഗസ്റ്റസ്‌ സീസറിന്റെ കൽപ്പനയനുസരിച്ചായിരുന്നു ആ യാത്ര. (അയാൾക്ക്‌ അവരി ൽ നിന്നെല്ലാം കപ്പം പിരിക്കേണ്ടതുണ്ടായിരുന്നു. ഇന്നത്തെപ്പോലെ തന്നെ....)
     അതീവസൗമ്യനായ അവനു പേർ ജോസഫ്‌ എന്നായിരുന്നു. വഴിയിൽ അവന്റെ ഇണയ്ക്ക്‌ പ്രസവവേദനയനുഭവപ്പെട്ടു. വീടുകളിലും സത്രങ്ങളിലും അങ്ങനെയൊരു കാര്യത്തിന്‌ ഇടം കിട്ടായ്കയാൽ അവർ ഒരു കാലിത്തൊഴുത്തിൽ അഭയം തേടി.
    ഇന്നും ക്രിസ്തുമസ്‌ രാവുകൾ, നമ്മെ ഈറ്റില്ലം തേടി നടന്ന ഒരു പാവം അമ്മയുടെയും, ആ അമ്മയുടെയും അവളുടെ ഉദരഫലമായ മറ്റൊരു പ്രാണന്റെയും കാവലാളായി നടന്ന ഒരു പിതാവിന്റെയും സാന്നിദ്ധ്യം അനുഭവിപ്പിക്കുന്നു.
    വൃശ്ചികമാസത്തിന്റെ സ്വാഭാവികതയായ തണുതണുത്ത രാവുകളിലൊന്ന്‌. നിശ്ശബ്ദതയുടെ കട്ടിയേറിയ ആവരണം. കളങ്കലേശമില്ലാത്ത കുഞ്ഞാടുകളുടെയും മുനിഞ്ഞുകത്തുന്ന എണ്ണവിളക്കുകളുടെയും സൗമ്യപ്രകാശം. അതിനുള്ളിലേക്ക്‌ വിണ്ണിൽ നിന്നും ആ നക്ഷത്രം അടർന്നുവീണു. ദൈവത്തിന്റെ പ്രിയപുത്രൻ. മാനവരാശിയുടെ മഹാസന്തോഷം!
    പിറവിയുടെ വേദനയിൽ ആ നക്ഷത്രം അതിന്റെ മനുഷ്യമാതാവിനെ നോക്കി കരഞ്ഞുവോ? തന്റെ ഇണയായി വന്നുചേർന്ന പെണ്ണിനു മാനക്ഷതം വരാതിരിക്കുന്നതിനു വേണ്ടി അവളെയും അവളുടെ കടിഞ്ഞൂൽക്കനിയേയും പ്രാണനും മേലെ തന്നോടു ചേർത്തുനിർത്തി ക്ലേശഭരിതമായേക്കാവുന്ന ഒരു ജീവിതത്തിനു തീരുമാനമെടുത്ത മനുഷ്യപിതാവിനെ നോക്കി നിറഞ്ഞ നന്ദിയോടെ ചിരിച്ചുവോ? അറിയില്ല. എന്തായാലും മണ്ണിന്റെയും വിണ്ണിന്റെയും മഹാസന്തോഷം പഞ്ചഭൂതങ്ങളിൽപ്പിറന്ന്‌ കൈകാലുകൾ ഇളക്കി കളിക്കുന്നത്‌ കുഞ്ഞിന്റെ മാതാപിതാക്കൾക്കു ശേഷം ആദ്യം കണ്ടത്‌ ആ കുഞ്ഞ്‌ പിറവിയെടുത്ത കാലിത്തൊഴുത്തിലെ നിശ്ശബ്ദജീവികളായിരുന്നു.
    കവികൾ ആ രാത്രിയെ ശാന്തരാത്രിയെന്നും തിരുരാത്രിയെന്നും വിളിച്ചു. ദൈവദൂതൻ ആട്ടിടയരെ ഉണർത്തി ആ തിരുപ്പിറവിയുടെ ദിവ്യസന്ദേശമറിയിച്ചതു കൊട്ടാരക്കെട്ടിനകത്തേക്കുള്ള വഴിയറിയാഞ്ഞിട്ടാവുകയില്ല. ഹെറോദാവും അഗസ്റ്റസ്‌ സീസറും വിളിപ്പാടകലെ കിടന്നുറങ്ങുമ്പോൾ അക്ഷരജ്ഞാനത്തിന്റെ കാപട്യമില്ലാത്ത നാടൻജന്മങ്ങളെ തിരഞ്ഞെടുത്തുണർത്തിയത്‌, മനുഷ്യജന്മങ്ങളുടെ ഉൾപ്പൊരുളുറങ്ങുന്നത്‌ എളിമയിൽ മാത്രമാണെന്ന തിരിച്ചറിവുകൊണ്ടായിരിക്കാം.
    കാലം, ദൈവപുത്രന്റെ ജനനം നിഷ്കളങ്കതകൾ കൊണ്ട്‌ അടയാളപ്പെടുത്തുകയായിരുന്നു. എളിയവയുടെയും എളിയ ജന്മങ്ങളുടെയും മഹത്വം വിളിച്ചുപറയുകയായിരുന്നു. നിഷ്കളങ്കതകളിൽ ദൈവം എങ്ങനെ വ്യാപരിക്കുന്നുവേന്ന്‌ മനുഷ്യസമൂഹത്തെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു.
    എന്നിട്ടും നാം എളിമയെക്കുറിച്ചു വല്ലതും പഠിച്ചുവോ, വലിമയെക്കുറിച്ചല്ലാതെ? സംശയം. നാം
നിസ്സാരമായ ചിലചിലസംഗതികൾക്കുവേണ്ടി നിരന്തരം പോരടിച്ചുകൊണ്ടേയിരിക്കുന്നുണ്ട്‌, ഞാനാണു വലിയവനെന്നു സ്ഥാപിക്കുവാൻ!
     ഞായറാഴ്ച ദിവസം അയൽക്കാരനോടു ലഹളകൂടിക്കൊണ്ടിരുന്ന ഒരു ക്രിസ്ത്യാനി കുർബ്ബാനയ്ക്കു സമയമായപ്പോൾ "ബാക്കി ഞാൻ വന്നിട്ടു പറയാമെടാ" എന്നു വെല്ലുവിളിച്ചുകൊണ്ടു കുർബ്ബാനയ്ക്കു പോകുന്നതിലെ അന്തഃസാരശൂന്യത നമുക്കിന്നും കൂട്ടാവുന്നു. നിന്റെ സഹോദരന്റെ പാദം കഴുകുന്നില്ലെങ്കിൽ നീയെനിക്കു പ്രിയപ്പെട്ടവനാകുന്നില്ലെന്നും, നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിപ്പിൻ എന്നും, മാലാഖമാരുടെ ഭാഷയറിഞ്ഞാലും മാലാഖമാരൊത്തു ജീവിച്ചാലും സ്നേഹമില്ലെങ്കിൽ അതൊക്കെ അർത്ഥശൂന്യമെന്നും തിരുമൊഴിയായവന്റെ അരുൾമൊഴികൾ ബൈബിളിലിരുന്ന്‌ ഇരട്ടവാലൻ പഠിച്ചു തീർക്കുന്നു. ഇരട്ടവാലന്റയൊരു ഭാഗ്യം!
    ചില മനുഷ്യർക്ക്‌ ആ അരുളപ്പാടുകൾ വാചകക്കസർത്തിനും വയറ്റുപിഴപ്പിനും ഉപാധിയാവുന്നു. പൊതുസ്ഥലങ്ങളിലും മേടകളിലും നിന്ന്‌ അവർ ഇപ്പോഴും അവ വിറ്റു കാശാക്കുന്നുണ്ട്‌. ക്രിസ്തു ജനിച്ചില്ലായിരുന്നുവേങ്കിൽ പട്ടിണികിടക്കുകയോ കൂലിപ്പണിക്കുപോകേണ്ടിവരികയോ ചെയ്യേണ്ടിവരുമായിരുന്ന ചില വിരുതന്മാർ!
    ക്രിസ്തു ജനിച്ചതു ഒരു പുൽക്കൂട്ടിലായിരുന്നു.....
    മറ്റു ചിലർ അരക്കിലോയിലധികം വരുന്ന സ്വർണ്ണമാലയിലും അംശവടിയിലും, സാമാന്യജനത്തെ ഭയപ്പെടുത്തുന്നതിനായി കണ്ണഞ്ചിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതായ നെടുങ്കൻ കുപ്പായങ്ങളിലും അമ്പരപ്പിക്കുന്ന മണിമേടകളിലും കോടികളുടെ വാഹനങ്ങളിലും സസുഖം വാണരുളുന്നു. അവിടെയിരുന്ന്‌ കൽപ്പനകൾ പുറപ്പെടുവിക്കുന്നു. ഇലക്ഷനുകളിൽ സ്വസമുദായത്തിന്റെ മസിൽ പെരുപ്പിച്ചുകാട്ടിയും കണ്ണുരുട്ടിക്കാട്ടിയും ഉദ്ദിഷ്ടകാര്യങ്ങളെ ചൊൽപ്പടിയിലാക്കുന്നു. (എല്ലാവരുമെന്നല്ല ഇതിനർത്ഥം. ഇവർക്കിടയിലും മനുഷ്യസ്നേഹികളും സമൂഹത്തോടു പ്രതിബദ്ധതയുള്ളവരും, എനിക്കൊരിക്കലും അപ്രാപ്യമായ മാനസിക വിശുദ്ധിയുമുള്ള അനേകം നേതാക്കളുണ്ട്‌.)
    ക്രിസ്തുവിന്‌ രാഷ്ട്രീയമുണ്ടായിരുന്നോ? അറിഞ്ഞിടത്തോളം, എല്ലാക്കാലങ്ങളിലും അവൻ ചന്തസ്ഥലങ്ങളിലും സാമാന്യജനങ്ങൾക്കിടയിലുമായിരുന്നു. അവൻ സൗമ്യോദാരമായ ചോദ്യങ്ങൾ ചോദിക്കുകയും, സാമാന്യജനങ്ങളെ ജീവിതം എന്തല്ല എന്നു പഠിപ്പിക്കുന്നതിനായി അഴകും അർത്ഥവുമുള്ള കഥകളും ഉപമകളും പറഞ്ഞുകൊണ്ട്‌ കടൽക്കരയിലും മലമുകളിലും ഇരിക്കുന്നതുമായിട്ടാണ്‌ കാണപ്പെടുന്നത്‌.  അടിച്ചു തകർക്കപ്പെടുവാൻ വേണ്ടി മാത്രമായിരുന്നു അവൻ കൊട്ടാരക്കെട്ടിലേക്ക്‌ ആട്ടിത്തെളിക്കപ്പെട്ടത്‌.
    ക്രിസ്തു ജനിച്ചതു പുൽക്കൂട്ടിലായിരുന്നു.....
    ഇനിയും ചിലരുണ്ട്‌. ചില സന്യാസികൾ. കാവി വസ്ത്രങ്ങളിൽ, കഴുത്തിൽ മരക്കുരിശുമായി ചിലർ. അവർ നഗ്നപാദരായി നടക്കുന്നു. ചില സന്യാസിനിമാരുണ്ട്‌. സിസ്റ്റേഴ്സ്‌ ഓഫ്‌ ചാരിറ്റി പോലുള്ള സംഘടനകളിലെ അംഗങ്ങൾ. അവർ അടുത്തുനിൽക്കുമ്പോൾ എനിക്ക്‌ ക്രിസ്തുവിനെ തോന്നും. ക്രിസ്തുവിനെ എനിക്കു ശ്വസിക്കുവാൻ സാധിക്കും. അവർ അധികം സംസാരിക്കാറില്ല. അവർ പ്രവർത്തിക്കുന്നു. പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു. പ്രസംഗം അവരുടെ കലയല്ല. അവരുടെ പ്രവൃത്തിയല്ല. അവർക്കതിനു സമയവുമില്ല. എന്തിന്‌, നല്ലതുപോലൊന്നണിഞ്ഞൊരുങ്ങാൻ പോലും അവർക്കു സമയമില്ല. ക്രിസ്തു അവരിലൂടെ സഞ്ചരിക്കുന്നു. തലമുറകളിൽ നിന്നും തലമുറകളിലൂടെ അവൻ അവരിലൂടെ മരണമില്ലാത്തവനായി സഞ്ചരിക്കുന്നു. അവർ വ്യഥിതരെയും പതിതരെയും അടുത്തറിയുന്നു. അവരോടൊത്തു ജീവിക്കുന്നു. ക്രിസ്തു ജനിച്ചതു ഒരു പുൽക്കൂട്ടിലായിരുന്നു എന്ന്‌ അവർ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്‌, അവരുടെ പ്രവൃത്തികളിലൂടെയും ചിന്തകളിലൂടെയും നിരന്തരം...
    എല്ലാ മതങ്ങളിലും നന്മയുടെ വിശുദ്ധഗന്ധം പ്രാണനോളം പ്രിയപ്പെട്ടതായി കൊണ്ടു നടക്കുന്ന  എത്രയോ എത്രയോ പേർ വേറെയുമുണ്ട്‌.
    മൂലമറ്റത്തുള്ള ഒരു കപ്പൂച്ചിയൻ പുരോഹിതൻ തന്റെ ആശ്രമത്തിലെ അന്തേവാസികളെ 'എന്റെ മക്കളേ' എന്നുവിളിക്കുമ്പോൾ അവിടെ ഒരു പുൽക്കൂടു പിറക്കുന്നത്‌ ഞാനറിഞ്ഞതാണ്‌. ആ പുരോഹിതന്റെ ചിരിയും ആ കുഞ്ഞുമക്കളുടെ തിരിച്ചുള്ള മുഖപ്രകാശനങ്ങളും എനിക്കിന്നും കാണാപ്പാഠമാണ്‌. അപ്രകാരമുള്ള ആശ്രമങ്ങളും സേവനങ്ങളുമായി അവരും അവരെപ്പോലുള്ളവരും നമ്മുടെ ഈ ഭൂമിയിൽത്തന്നെയുണ്ട്‌. ആരവങ്ങളില്ലാതെ. തിരച്ചൊന്നും കൊതിക്കാതെ അവരങ്ങനെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നതുകൊണ്ടാവാം നമ്മളിങ്ങനെ സുഖമായി കഴിഞ്ഞുപോവുന്നത്‌. ഭൂമി ഇനിയും ഒരൊറ്റ ഭൂകമ്പത്തിൽ തകർന്നുടഞ്ഞുപോകാത്തത്‌.
    ഇതു ക്രിസ്ത്യൻ പുരോഹിതർക്കിടയിലെ മാത്രം തിരിച്ചുവ്യത്യാസങ്ങളല്ല. എല്ലാ മതവിഭാഗങ്ങളിലും ഇത്‌ ഇപ്രകാരമൊക്കെത്തന്നെ നിലനിൽക്കുന്നുണ്ട്‌. എല്ലായിടങ്ങളിലും നന്മകളുമുണ്ട്‌. നന്മനിറഞ്ഞവരുമുണ്ട്‌.
    പറഞ്ഞുവരുന്നത്‌ കമ്പോളവത്കരിക്കപ്പെട്ട ക്രിസ്തുമസ്സിനെക്കുറിച്ചാണ്‌. തൊടിയിടകളിൽ
നിന്നും വെട്ടിക്കൊണ്ടുവന്ന വേലിപ്പത്തലുകളിൽ ഉയിർക്കൊണ്ടിരുന്ന പുൽക്കൂടുകളിൽ നിന്നും പാതിരാത്രികളിൽ അയൽവീടുകളിലേക്കു നടത്തിയ ആ യാത്രകളോളം നിഷ്കളങ്കമായ യാത്രകൾ പിന്നെ നടത്തിയിട്ടില്ല. അത്രയ്ക്കങ്ങ്‌ ഉള്ളുണർന്നു പാടിയിട്ടുമില്ല.
"അല്ലൽപ്പാതിര നേരത്ത്‌.... പുല്ലിൻമേലൊരു പൊന്നുണ്ണി
ഹല്ലേലുയ്യ പാടുക..... ആനന്ദം കൊണ്ടാടുക...."
    ഇപ്പോൾ പണ്ടത്തെ ആ പുൽക്കുടുകൾ പോയി തൽസ്ഥാനത്ത്‌ ഇൻസ്റ്റന്റ്‌ പുൽക്കൂടുകൾ വന്നു. പിളർക്കപ്പെടുന്ന വേദനയിൽ മനംനൊന്തു കരഞ്ഞ ഈറ കൂട്ടിയോജിപ്പിക്കപ്പെട്ടപ്പോൾ നക്ഷത്രമായിപ്പരിണമിച്ചപ്പോൾ ചിരിച്ചിരുന്ന ചിരി ഇന്ന്‌ ഫാക്ടറികൾ നിർമ്മിച്ചിറക്കുന്ന കടലാസ്‌ നക്ഷത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നു. കുഞ്ഞുങ്ങൾക്കു നഷ്ടപ്പെട്ട ഒരു ക്രിയേറ്റിവിറ്റി....
    ഇപ്പോൾ, കരോളുകൾ പിരിവുകൾക്കുള്ള ഒരു ഉപാധിയാണ്‌.  അത്‌ പള്ളിയിൽ നിന്നായാലും ക്ലബ്ബുകളിൽ നിന്നായാലും അങ്ങനെ തന്നെയാണ്‌. അതോടെ ആ കരോളിന്റെ ലാളിത്യം നഷ്ടപ്പെടുന്നു, സാംഗത്യം നഷ്ടപ്പെടുന്നു, അതിന്റെ സന്തോഷം നഷ്ടപ്പെടുന്നു....ലോകത്തിനൊരു നയാപ്പൈസ ചിലവില്ലാതിരുന്ന ഒരു തിരുപ്പിറവി എപ്രകാരമാണ്‌ ഇപ്രകാരമായതെന്ന്‌ അറിയില്ല.
    പിരിവുകളില്ലാത്ത, ആ തിരുജനനത്തിന്റെ സന്തോഷം മാത്രം തരുന്ന ഒരു കരോളുമായി, കൈയിലൊരു നാരങ്ങ മിഠായിയെങ്കിലുമായി  ഒരു ക്രിസ്തുമസ്സ്‌അപ്പൂപ്പൻ വീടിന്റെ പടികടന്നുവന്നെങ്കിലെന്ന്‌ ഒരു കൊതി....
    
വിശേഷദിവസങ്ങൾ കമ്പോളക്കാരും ചാനലുകരും പങ്കിട്ടുകഴിഞ്ഞു. പണവുമായി കമ്പോളത്തിൽ ചെല്ലേണ്ടതേയുള്ളു. അവിടെ എന്തും കിട്ടും റെഡിമെയ്ഡ്‌ ക്രിസ്തുമസ്സ്‌, ഈസ്റ്റർ, ഓണം, വിഷു... എല്ലാം.... ആ വിപണികളിൽ ക്രിസ്തുമസ്സ്‌ കേക്കുകൾ വേവുന്നുണ്ട്‌. ആശംസാക്കാർഡുകളുണ്ട്‌, നക്ഷത്രങ്ങളുണ്ട്‌,  ബഹുരൂപികളും വർണ്ണാങ്കിതരുമായ ഉണ്ണികളും അമ്മമറിയമാരും യൗസേപ്പുപിതാക്കളുമുണ്ട്‌...
    പിന്നെ, എല്ലാറ്റിനുമുപരിയായി 'നീയില്ലെങ്കിലെനിക്കെന്താഘോഷമെന്ന' ആ മോഹൻലാൽച്ചോദ്യവുമായി  കേരളാ ബിവറേജസ്‌ കോർപ്പറേഷനുമുണ്ട്‌...
    ഇനിയുമൊന്നുണ്ട്‌; ക്രിസ്തുവിന്റെ തിരുപ്പിറവിക്കു സാക്ഷ്യം വഹിച്ച ആ നിശ്ശബ്ദ ജന്മങ്ങൾ ഇത്ര ഏറിയ അളവിൽ കുരുതി ചെയ്യപ്പെടുന്ന ഒരു കാലം വേറെയേതാണ്‌?
    സമാനമായ പരിതോവസ്ഥകളിൽത്തന്നെ ഒരു ഈസ്റ്റർ കൂടി വരുന്നു. ഗത്സെമനയിൽ താൻ അനുഭവിക്കേണ്ട പ്രാണവേദനകളെയോർത്തു രക്തം വിയർത്തവന്റെ, താൻ ഏകനല്ലെന്നു സ്വയം ബോദ്ധ്യപ്പെടുത്തുന്നതിനുവേണ്ടി തന്നോടൊപ്പം ഉണർന്നിരുന്നു തന്റെ പ്രാർത്ഥനയിലെങ്കിലും പങ്കാളികളാകണമേയെന്നു ശിഷ്യരോടു സഹായം ചോദിച്ച  പെസഹാകുഞ്ഞാടിന്റെ സഹതാപാർഹമായ ഏകാകിതയുടെ ഭയാനകത ആരുമറിഞ്ഞില്ല. ശിഷ്യർ ഉറങ്ങിപ്പോയി. അവർക്കു മുന്നിൽ വന്ന്‌ അവൻ തന്റെ വ്യസനം പങ്കുവയ്ക്കുകയും ചെയ്തു. എന്നിട്ടും അവർ ഉറങ്ങിപ്പോയി.
    ഏറെത്താമസിയാതെ തലയോട്ടിമലയിൽ, അറുക്കപ്പെടുന്നതിന്റെ വേദനയിൽ അവൻ ഉറക്കെ നിലവിളിക്കുന്നതും കേട്ടു....
    പുൽക്കൂട്ടിൽ ജനിച്ചവൻ മലമുകളിൽ മരിച്ചു. ലോകത്തിന്റെ നെറുകയിൽ....
     ഇത്‌, അവന്റെ ഓർമ്മകളിൽ മധുരപലഹാരക്കടകളിൽ കുരിശുറൊട്ടികൾ വേവുന്ന കാലം. ലാഭത്തിനു വിൽക്കപ്പെടേണ്ടതിന്‌.
    പൊള്ളാച്ചിയിലും പുതുക്കോട്ടയിലും പട്ടുക്കോട്ടയിലും ഈസ്റ്ററിന്‌ അറുക്കപ്പെടേണ്ട മാടുകളുടെ വിലപേശലുകളുടെ രക്തഗന്ധം അതിരുകൾ താണ്ടി വരുന്നു.
    കമ്പോളവത്കരിക്കപ്പെട്ട ബലികളുടെയും ത്യാഗങ്ങളുടെയും  ആഘോഷങ്ങളല്ലേ നമുക്കുചുറ്റും പലവിധത്തിൽ.... മതത്തിൽ മാത്രമല്ല.....

18 Mar 2012

ഋതുപാപം

തോമസ്‌ പി. കൊടിയൻ

വസുമതി കണ്ണുനീരിൽ പെയ്തിറങ്ങി.
സ്വന്തം കണ്ണുനീരിൽ അവളൊഴുകിപ്പോകാതിരിക്കാൻ ഞാനവൾക്കൊരു മൺതോണിയായി തുണനിന്നു.
"എന്റെ കൃഷ്ണാ..." അവൾ നെഞ്ചിലിടിച്ചു കരഞ്ഞു. "എന്റെ മോള്‌.. ഇനി
ഇതുംകൂടി... ഞാനിത്ര മഹാപാപിയായിപ്പോയല്ലോ കൃഷ്ണാ..." അവൾ മുഖം
പൊത്തിക്കരഞ്ഞു.
       എന്തു പറഞ്ഞ്‌, ഞാനെന്തു പറഞ്ഞ്‌ എന്റെ കൂട്ടുകാരിയെ ആശ്വസിപ്പിക്കും?
എന്റെ കളിക്കൂട്ടുകാരീ നിന്റെയീക്കോലം എന്നെ, വസന്തങ്ങളും നിറങ്ങളും
വാർന്നിറങ്ങിപ്പോയ ഉണങ്ങി വരണ്ടൊരു കടലാസുപൂവിനെയോർമ്മിപ്പിക്കുന്നു.
എവിടെപ്പോയീ നിന്റെ മാംസളമായിരുന്ന  ശരീരഭാഗങ്ങൾ? എവിടെപ്പോയീ നിന്റെ
ആഹ്ലാദത്തിന്റെ ഓണത്തുമ്പികൾ...
"എന്തു പറ്റി വസു."
"നീ നോക്ക്‌ ശാരീ.. അവളെന്തു പണിയാ കാണിച്ചേക്കണേന്ന്‌ അവളുടെ അടുത്തു
ചെന്നു നോക്ക്‌."
വസുമതി കുറ്റവാളിക്കു നേരെ വിരൽ ചൂണ്ടി. അവളുടെ ചൂണ്ടുവിരലിനുമുന്നിൽ
വിചിത്രമായൊരു അക്ഷരം പോലെ, ഒരു വീൽച്ചെയറിൽ അവളുടെ മകൾ ഇരുന്നിരുന്നു.
ഒന്നുമറിയാത്തവളെപ്പോലെ.
വിചിത്രങ്ങളായ ശബ്ദങ്ങളടെയും അംഗവിക്ഷേപങ്ങളുടെയും വിരോധാഭാസങ്ങളിൽ
നഷ്ടപ്പെട്ടവളായി അവൾ, അവളുടേതായ ലോകത്തിരുന്ന്‌ വിക്കുകയും
വിറയ്ക്കുകയും ചിരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്‌.
"ഇന്ദൂ, എന്റെ മോക്കെന്താ പറ്റിയേ. നീ നിന്റെ അമ്മയെ എന്തിനാ
വേദനിപ്പിക്കുന്നേ. ഇച്ചേച്ചി നോക്കട്ടെ." ഞാൻ വീൽച്ചെയറിൽ
അവൾക്കരുകിലായിരുന്നപ്പോൾ അവൾ ഒരു കുഞ്ഞാടിന്റെ സന്തോഷത്തിൽ ഇളകിയാടി.
എന്റെ കൂട്ടുകാരിയുടെ നിത്യദുഃഖം അയൽക്കാരിയായ എന്നെ നോക്കി അവ്യക്തവും
സന്തോഷസൊ‍ാചകങ്ങളുമായ സ്വരങ്ങൾ പുറപ്പെടുവിച്ചു.

       എന്റെ ശിരസ്സിനു മുകളിൽ അവളുടെ വിറയാർന്ന വിരലുകൾ അശാന്തമായി പരതുന്നു.
അവളുടെ ഉറയ്ക്കാത്ത ബുദ്ധിയുടെ വിലക്ഷണമായ ശബ്ദകോശങ്ങളിൽനിന്നും
സ്നേഹകാന്തങ്ങൾ എന്നിലേക്കു പ്രവഹിക്കുന്നതു ഞാനറിയുന്നു. അവളെ നെഞ്ചോടു
ചേർത്ത്‌ ആ വീൽച്ചെയറിലൊതുങ്ങിയ ആ ശുഷ്കദേഹം ആകമാനം
പരതിയവസാനിപ്പിക്കുമ്പോൾ ശോഷിച്ചുണങ്ങിയ വെളുത്ത തുടകൾക്കിടയിൽ നനവ്‌.
രക്തം! ഇളംതവിട്ടുനിറം കലർന്ന രക്തം. ഒരു നടുക്കവും വിറയലും എന്നെ
കടന്നുപോയി. വസന്തശ്രീ അവൾക്കും ക്ഷണപ്പത്രമയച്ചിരിക്കുന്നു!  ഒന്നും
മിണ്ടുവാനാവാതെ അവളെ വിട്ടെഴുന്നേറ്റ്‌, പ്രഭാതത്തിൽ പെയ്തൊഴിഞ്ഞ മഴ
ജീവിക്കുന്ന മുറ്റത്തേക്കു നോക്കി.

മധുവുണ്ണുവാൻ ഒരു മധുപനുമൊരു കാലവും വരില്ലെന്നറിഞ്ഞിട്ടും, നേരെ
നിൽക്കുവാൻ പോലും ആവതില്ലാത്തൊരു പൂവിൽ മധു നിറച്ച്‌ ആ ഭാരപീഢ കൂടി അതിനു
നൽകി ഒരു വിഷാദഫലിതമാസ്വദിക്കുകയാണു പ്രകൃതിയെന്നു തോന്നി.
       പുറത്ത്‌, ഇളംകാറ്റ്‌ ഇലകളിളക്കുന്നു. പൂക്കളിൽ നിന്നും ഇലകളിൽ നിന്നും
ജലകണങ്ങളിറ്റുന്നു. ചെറുപറവകൾ, ശലഭങ്ങൾ, ശബ്ദങ്ങൾ, ചലനങ്ങൾ.... എല്ലാം
വൃത്തനിബദ്ധമായൊരു കവിത പോലെ തുടരുന്നു. ആരോ ചിട്ടപ്പെടുത്തിയ ഒരു
സംഗീതത്തിന്റെ ഈണം പരക്കുന്നതു പോലെ... പുറത്ത്‌ എല്ലാം പഴയതുപോലെ.
എല്ലാം ഭദ്രം. ശാന്തം. സുന്ദരം.
       പക്ഷേ, അകത്ത്‌ - നാലുചുവരുകളുടെ മൺനിറത്തിനു നടുവിൽ,
വീൽച്ചെയറിലിരുന്ന്‌ ഒരു കന്യക ഋതുമതിയാവുകയെന്ന പാപം ചെയ്തിരിക്കുന്നു.
ആയതിനാൽ ഇനിമേൽ ഇവിടെയൊന്നും ഭദ്രമല്ല.
മകൾ ചെയ്ത പാപമോർത്ത്‌ ആഘോഷങ്ങളായിത്തീരേണ്ട നിമിഷങ്ങളെ
നിലവിളികളാക്കിമാറ്റി ഒരു അമ്മയിരിക്കുന്നു. നീയെന്തിനാണു മകളേ
ഋതുമതിയായത്‌?
       ആർക്കുവേണ്ടി? ഈശ്വരാ, വരുന്ന ഓരോ മാസവും ഒരമ്മയ്ക്കു നിലവിളികൾ
നൽകുന്നതിനായി പെൺകുഞ്ഞേ നീ പൂത്തുലഞ്ഞു കൊണ്ടിരിക്കും. ആർക്കും
വേണ്ടിയല്ലാതെ, ഒന്നിനും വേണ്ടിയല്ലാതെ വിടർന്ന്‌ ഇറുന്നു വീഴുന്ന പൂവുകൾ
ഒരു കഴകക്കാരിയെപ്പോലെ  പെറുക്കിയെടുത്ത്‌ ആ അമ്മ വേദനയോടെ പുറത്തുകളയും.
അകത്ത്‌ ഒന്നും ഭദ്രമല്ല. ശാന്തമല്ല. സുന്ദരവുമല്ല!
       അന്യരുടെ കൃഷിയിടങ്ങളിൽ നിന്നും അന്നം തേടിയിരുന്ന അവളുടെ പിതാവ,​‍്‌
വിളിപ്പാടിനുമപ്പുറത്ത്‌ ഇതൊന്നുമറിയാതെ, ആരുടെയോ കൃഷിയിടത്തിൽ
തളിക്കുന്നതിനുള്ള കീടനാശിനിയിൽ ജലം ലയിപ്പിക്കുന്ന ജോലിയിൽ
ഏർപ്പെട്ടിരിക്കുകയാണ്‌ ഇപ്പോൾ.

14 Dec 2011

ഋതുപാപം

തോമസ്‌ പി. കൊടിയൻ

വസുമതി കണ്ണുനീരിൽ പെയ്തിറങ്ങി.
സ്വന്തം കണ്ണുനീരിൽ അവളൊഴുകിപ്പോകാതിരിക്കാൻ ഞാനവൾക്കൊരു മൺതോണിയായി തുണനിന്നു.
"എന്റെ കൃഷ്ണാ..." അവൾ നെഞ്ചിലിടിച്ചു കരഞ്ഞു. "എന്റെ മോള്‌.. ഇനി
ഇതുംകൂടി... ഞാനിത്ര മഹാപാപിയായിപ്പോയല്ലോ കൃഷ്ണാ..." അവൾ മുഖം
പൊത്തിക്കരഞ്ഞു.
       എന്തു പറഞ്ഞ്‌, ഞാനെന്തു പറഞ്ഞ്‌ എന്റെ കൂട്ടുകാരിയെ ആശ്വസിപ്പിക്കും?
എന്റെ കളിക്കൂട്ടുകാരീ നിന്റെയീക്കോലം എന്നെ, വസന്തങ്ങളും നിറങ്ങളും
വാർന്നിറങ്ങിപ്പോയ ഉണങ്ങി വരണ്ടൊരു കടലാസുപൂവിനെയോർമ്മിപ്പിക്കുന്
നു.
എവിടെപ്പോയീ നിന്റെ മാംസളമായിരുന്ന  ശരീരഭാഗങ്ങൾ? എവിടെപ്പോയീ നിന്റെ
ആഹ്ലാദത്തിന്റെ ഓണത്തുമ്പികൾ...
"എന്തു പറ്റി വസു."
"നീ നോക്ക്‌ ശാരീ.. അവളെന്തു പണിയാ കാണിച്ചേക്കണേന്ന്‌ അവളുടെ അടുത്തു
ചെന്നു നോക്ക്‌."
വസുമതി കുറ്റവാളിക്കു നേരെ വിരൽ ചൂണ്ടി. അവളുടെ ചൂണ്ടുവിരലിനുമുന്നിൽ
വിചിത്രമായൊരു അക്ഷരം പോലെ, ഒരു വീൽച്ചെയറിൽ അവളുടെ മകൾ ഇരുന്നിരുന്നു.
ഒന്നുമറിയാത്തവളെപ്പോലെ.
വിചിത്രങ്ങളായ ശബ്ദങ്ങളടെയും അംഗവിക്ഷേപങ്ങളുടെയും വിരോധാഭാസങ്ങളിൽ
നഷ്ടപ്പെട്ടവളായി അവൾ, അവളുടേതായ ലോകത്തിരുന്ന്‌ വിക്കുകയും
വിറയ്ക്കുകയും ചിരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്‌.
"ഇന്ദൂ, എന്റെ മോക്കെന്താ പറ്റിയേ. നീ നിന്റെ അമ്മയെ എന്തിനാ
വേദനിപ്പിക്കുന്നേ. ഇച്ചേച്ചി നോക്കട്ടെ." ഞാൻ വീൽച്ചെയറിൽ
അവൾക്കരുകിലായിരുന്നപ്പോൾ അവൾ ഒരു കുഞ്ഞാടിന്റെ സന്തോഷത്തിൽ ഇളകിയാടി.
എന്റെ കൂട്ടുകാരിയുടെ നിത്യദുഃഖം അയൽക്കാരിയായ എന്നെ നോക്കി അവ്യക്തവും
സന്തോഷസൊ‍ാചകങ്ങളുമായ സ്വരങ്ങൾ പുറപ്പെടുവിച്ചു.
       എന്റെ ശിരസ്സിനു മുകളിൽ അവളുടെ വിറയാർന്ന വിരലുകൾ അശാന്തമായി പരതുന്നു.
അവളുടെ ഉറയ്ക്കാത്ത ബുദ്ധിയുടെ വിലക്ഷണമായ ശബ്ദകോശങ്ങളിൽനിന്നും
സ്നേഹകാന്തങ്ങൾ എന്നിലേക്കു പ്രവഹിക്കുന്നതു ഞാനറിയുന്നു. അവളെ നെഞ്ചോടു
ചേർത്ത്‌ ആ വീൽച്ചെയറിലൊതുങ്ങിയ ആ ശുഷ്കദേഹം ആകമാനം
പരതിയവസാനിപ്പിക്കുമ്പോൾ ശോഷിച്ചുണങ്ങിയ വെളുത്ത തുടകൾക്കിടയിൽ നനവ്‌.
രക്തം! ഇളംതവിട്ടുനിറം കലർന്ന രക്തം. ഒരു നടുക്കവും വിറയലും എന്നെ
കടന്നുപോയി. വസന്തശ്രീ അവൾക്കും ക്ഷണപ്പത്രമയച്ചിരിക്കുന്നു!  ഒന്നും
മിണ്ടുവാനാവാതെ അവളെ വിട്ടെഴുന്നേറ്റ്‌, പ്രഭാതത്തിൽ പെയ്തൊഴിഞ്ഞ മഴ
ജീവിക്കുന്ന മുറ്റത്തേക്കു നോക്കി.
മധുവുണ്ണുവാൻ ഒരു മധുപനുമൊരു കാലവും വരില്ലെന്നറിഞ്ഞിട്ടും, നേരെ
നിൽക്കുവാൻ പോലും ആവതില്ലാത്തൊരു പൂവിൽ മധു നിറച്ച്‌ ആ ഭാരപീഢ കൂടി അതിനു
നൽകി ഒരു വിഷാദഫലിതമാസ്വദിക്കുകയാണു പ്രകൃതിയെന്നു തോന്നി.
       പുറത്ത്‌, ഇളംകാറ്റ്‌ ഇലകളിളക്കുന്നു. പൂക്കളിൽ നിന്നും ഇലകളിൽ നിന്നും
ജലകണങ്ങളിറ്റുന്നു. ചെറുപറവകൾ, ശലഭങ്ങൾ, ശബ്ദങ്ങൾ, ചലനങ്ങൾ.... എല്ലാം
വൃത്തനിബദ്ധമായൊരു കവിത പോലെ തുടരുന്നു. ആരോ ചിട്ടപ്പെടുത്തിയ ഒരു
സംഗീതത്തിന്റെ ഈണം പരക്കുന്നതു പോലെ... പുറത്ത്‌ എല്ലാം പഴയതുപോലെ.
എല്ലാം ഭദ്രം. ശാന്തം. സുന്ദരം.
       പക്ഷേ, അകത്ത്‌ - നാലുചുവരുകളുടെ മൺനിറത്തിനു നടുവിൽ,
വീൽച്ചെയറിലിരുന്ന്‌ ഒരു കന്യക ഋതുമതിയാവുകയെന്ന പാപം ചെയ്തിരിക്കുന്നു.
ആയതിനാൽ ഇനിമേൽ ഇവിടെയൊന്നും ഭദ്രമല്ല.
മകൾ ചെയ്ത പാപമോർത്ത്‌ ആഘോഷങ്ങളായിത്തീരേണ്ട നിമിഷങ്ങളെ
നിലവിളികളാക്കിമാറ്റി ഒരു അമ്മയിരിക്കുന്നു. നീയെന്തിനാണു മകളേ
ഋതുമതിയായത്‌?
       ആർക്കുവേണ്ടി? ഈശ്വരാ, വരുന്ന ഓരോ മാസവും ഒരമ്മയ്ക്കു നിലവിളികൾ
നൽകുന്നതിനായി പെൺകുഞ്ഞേ നീ പൂത്തുലഞ്ഞു കൊണ്ടിരിക്കും. ആർക്കും
വേണ്ടിയല്ലാതെ, ഒന്നിനും വേണ്ടിയല്ലാതെ വിടർന്ന്‌ ഇറുന്നു വീഴുന്ന പൂവുകൾ
ഒരു കഴകക്കാരിയെപ്പോലെ  പെറുക്കിയെടുത്ത്‌ ആ അമ്മ വേദനയോടെ പുറത്തുകളയും.
അകത്ത്‌ ഒന്നും ഭദ്രമല്ല. ശാന്തമല്ല. സുന്ദരവുമല്ല!
       അന്യരുടെ കൃഷിയിടങ്ങളിൽ നിന്നും അന്നം തേടിയിരുന്ന അവളുടെ പിതാവ,​‍്‌
വിളിപ്പാടിനുമപ്പുറത്ത്‌ ഇതൊന്നുമറിയാതെ, ആരുടെയോ കൃഷിയിടത്തിൽ
തളിക്കുന്നതിനുള്ള കീടനാശിനിയിൽ ജലം ലയിപ്പിക്കുന്ന ജോലിയിൽ
ഏർപ്പെട്ടിരിക്കുകയാണ്‌ ഇപ്പോൾ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...