Showing posts with label t s viswan. Show all posts
Showing posts with label t s viswan. Show all posts

19 Jul 2014

തെങ്ങിന്റെ രക്ഷയ്ക്ക്‌ നീര


ടി. എസ്‌. വിശ്വൻ
ചിന്ത, തണ്ണീർമുക്കം, ആലപ്പുഴ

തെങ്ങിന്റെ രക്ഷയ്ക്ക്‌ നീര എന്നു കേൾക്കുമ്പോൾ ആദ്യം തമാശയായി തോന്നാം. എന്നാൽ യാഥാർത്ഥ്യം ബോധ്യപ്പെടുമ്പോൾ നമ്മുടെ കേരകർഷകർ നീരയെ മാത്രമല്ല തെങ്ങിനെയും സ്നേഹിക്കാൻ മുന്നോട്ടു വരും. നീര ചെത്തി എടുക്കാൻ പാകമായ എല്ലാ തെങ്ങുകളും നീര ഉത്പാദനത്തിന്‌ നൽകാൻ അവർ തയ്യാറാകും. നീരയുടെയും മൂല്യവർദ്ധിത ഉൽപന്നങ്ങളുടേയും വിലയെ ആശ്രയിച്ച്‌ തെങ്ങുടമകൾക്ക്‌ നല്ല തോതിൽ 'പാട്ട'വും ലഭിക്കും. തെങ്ങിൽ നിന്നും നീര ശേഖരിക്കുന്നതിന്‌ വിദഗ്ദ്ധ പരിശീലനം ലഭിക്കുന്ന നീര ടെക്നീഷ്യന്മാർ ദിവസേന രണ്ടുതവണ തെങ്ങിൽ കയറി ഇറങ്ങുന്നതുകൊണ്ട്‌ കീടരോഗ ബാധകളെ അപ്പോഴപ്പോൾത്തന്നെ തിരിച്ചറിയാനും പ്രതിരോധിക്കാനും സാധിക്കും. നീരയുടെ സംസ്ക്കരണം ഏറ്റെടുക്കുന്ന ഉത്പാദക കമ്പനി (ഇജഇ)കളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതോടെ നീര ചക്കര, നീര പഞ്ചസാര തുടങ്ങിയവ വിപണിയിൽ സുലഭമാവും.
കേരളത്തിൽ കള്ളുവ്യവസായവു മായി ബന്ധപ്പെട്ട്‌ ചെത്താൻ തെങ്ങില്ല എന്നു പറയുന്നത്‌ പൂർണ്ണമായും ശരിയല്ല. പാലക്കാടും തൃശ്ശൂരും കോഴിക്കോട്ടും തെങ്ങിൻ തോട്ടങ്ങൾ ധാരാളം കാണാം. മറ്റു പ്രദേശങ്ങളിൽ വീട്ടുവളപ്പുകളിലും ചുറ്റിനുമുള്ള പുരയിടങ്ങളിലുമാണ്‌ തെങ്ങു കൃഷിയുള്ളത്‌. അത്തരം സ്ഥലങ്ങളിൽ തെങ്ങു ചെത്താൻ നൽകുന്നതിൽ കുടുംബത്തിന്റെ വൈമനസ്യം പ്രകടമാണ്‌. മദ്യമെന്നനിലയിൽ അവയോടുള്ള മനോഭാവം, തെങ്ങുകളിൽ ചെമ്പൻ ചെല്ലി കൂടുതലായെത്താൻ സാദ്ധ്യത തുടങ്ങിയവ കാരണങ്ങളാണ്‌. ആവശ്യമായ വളപ്രയോഗമോ ജലസേചനമോ ലഭിക്കാതെ നിൽക്കുന്ന തെങ്ങുകളിൽ ചെത്തിയൊരുക്കുന്ന പൂങ്കുലയിൽ നിന്നും മധുരനീർ ആവശ്യത്തിന്‌ ലഭിക്കാറില്ല. തെങ്ങു ചെത്തും കള്ളു വിൽപനയും കുറഞ്ഞു വരാനുള്ള കാരണങ്ങളും, മേൽ പറഞ്ഞവയാണ്‌.
അൽപം പോലും വീര്യമില്ലാത്ത ഒരു പാനീയമാണ്‌ വീട്ടുവളപ്പിലെ തെങ്ങിൽ നിന്നും നീര ടെക്നീഷ്യന്മാർ ശേഖരിക്കുന്ന നീര എന്നു ബോധ്യപ്പെട്ടാൽ തെങ്ങു ചെത്തുന്നതിലുള്ള കർഷകരുടെ വൈമനസ്യം ഇല്ലാതാവും. ലളിതവും ശാസ്ത്രീയവുമായ മാർഗ്ഗങ്ങളിലൂടെ ആറു മാസം വരെ നീര സൂക്ഷിക്കാനുമാവും. ഇരുന്നൂറോ ഇരുന്നൂറ്റമ്പതോ മില്ലിലിറ്റർ നീര ഇതരപാനീയങ്ങളെപ്പോലെ പായ്ക്ക്‌ ചെയ്ത്‌ കുപ്പികളിൽ ലഭിക്കുമെന്നു കണ്ടാൽ നമ്മുടെ സ്ത്രീകളും കുട്ടികളും വരെ വാങ്ങി കഴിക്കും. ലഭിക്കാവുന്നതിൽ വെച്ച്‌ ഏറ്റവും പോഷക സമ്പുഷ്ടമായ ഒരു പാനീയമെന്ന്‌ നീരയെ ശാസ്ത്ര ലോകം അംഗീകരിച്ചിട്ടുണ്ട്‌.
നീരയിൽ നിന്നും ഉത്പാദിപ്പിക്കുന്ന ചക്കര (ജാഗറി) യുടെ മഹത്വം രാഷ്ട്രപിതാവായ മഹാത്മജി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. ഇപ്രകാരമുണ്ടാക്കുന്ന ചക്കര നാൽപതു ഗ്രാം വീതം ദിവസേന ഉപയോഗിച്ചിരുന്നതായും അദ്ദേഹം എഴുതിയിട്ടുണ്ട്‌. നൂറ്റിപ്പന്ത്രണ്ടു വർഷം മുമ്പ്‌ - തെങ്ങും പനയുമെല്ലാം ചെത്തുന്നതിന്‌ നിയന്ത്രണം വരുന്നതിനു മുമ്പ്‌ - കേരളത്തിലെ വീട്ടമ്മമാർ ഏർപ്പെട്ടിരുന്ന ഒരു പ്രധാന കൈത്തൊഴിൽ മേഖലയായിരുന്നു ചക്കര നിർമ്മാണം. അന്നു ചക്കരയ്ക്ക്‌ കരിപ്പെട്ടി എന്ന പേരും പ്രചാരത്തിലുണ്ടായിരുന്നു. അന്ന്‌ പനയിൽ നിന്നും തെങ്ങിൽ നിന്നും കരിപ്പെട്ടി നിർമ്മാണത്തിന്‌ ശേഖരിച്ചിരുന്ന മധുരകള്ള്‌ 'അക്കാനി' എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. വൃത്തിയും വെടിപ്പുമുള്ള പാത്രങ്ങളിലാണ്‌ തൊഴിലാളികൾ അക്കാനി ശേഖരിച്ചിരുന്നത്‌. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അക്കാനിയും കരിപ്പെട്ടിയും ഉത്പാദിപ്പിച്ചിരുന്നു. ഏറെപ്പേർക്കു തൊഴിൽ ലഭിച്ചിരുന്ന ഗ്രാമീണ വ്യവസായമായും വികസിച്ചിരുന്നു. എന്നാൽ വർദ്ധിച്ചു വന്ന മദ്യാസക്തി ലഹരിക്കുവേണ്ടി കള്ളിന്റെയും ചാരായത്തിന്റെയും പിന്നാലെയായി. നമ്മുടെ നിയമങ്ങളും അവയ്ക്കു പരിരക്ഷ നൽകി. സ്വാതന്ത്ര്യസമര ഘട്ടത്തിൽ അക്കാനിയിൽ നിന്ന്‌ ചക്കര നിർമ്മാണ വ്യവസായത്തെ പുനരുദ്ധരിക്കാൻ ഗാന്ധിജി പല ശ്രമങ്ങളും നടത്തിയതായി ചരിത്രത്തിൽ സൊ‍ാചനയുണ്ട്‌. ഈ വസ്തുതകൾ മനസ്സിലാക്കുമ്പോൾ ഇന്നു നീര ഉത്പാദിപ്പിക്കാനും നീരയിൽ നിന്നും മൂല്യ വർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കാനും ലൈസൻസ്‌ നാളികേര ഉത്പാദക സംഘങ്ങൾക്കും ഫെഡറേഷനുകൾക്കും ലഭിച്ചതു ഒട്ടും നിസ്സാര കാര്യമല്ല. അതിനു വേണ്ടി ഏറ്റവുമധികം സഹായിച്ചിട്ടുള്ള നാളികേര വികസന ബോർഡ്‌ ഒരു ചരിത്രദൗത്യമാണ്‌ നിർവ്വഹിച്ചിരിക്കുന്നത്‌.
നീരയ്ക്ക്‌ അംഗീകാരവും, ശാസ്ത്രീയമായി നീര ഉത്പാദിപ്പിക്കാൻ പഠിച്ചിറങ്ങുന്ന ടെക്നീഷ്യന്മാരും മാത്രം പോര ഉത്പാദനത്തിനാവശ്യമായ തെങ്ങുകളും ഉണ്ടാവണം. നാളികേര ഉത്പാദക സംഘങ്ങളും ഫെഡറേഷനുകളും നീരയ്ക്കു പറ്റിയ തെങ്ങിനങ്ങളുടെ നഴ്സറികൾ ആരംഭിക്കണം. ഇക്കാര്യത്തിൽ നാളികേര വികസന ബോർഡിന്റെ സഹായങ്ങളും ലഭിക്കും. കുറിയയിനങ്ങളും നെടിയയിനങ്ങളും സങ്കരയിനങ്ങളുമെല്ലാം നീര ഉത്പാദിപ്പിക്കാൻ പറ്റിയവയാണ്‌. നല്ല പരിചരണങ്ങൾ നൽകി വളർത്തിയാൽ കുറിയയിനങ്ങളും സങ്കരയിനങ്ങളും 3 - 4 വർഷത്തിനുള്ളിലും, നെടിയയിനങ്ങൾ 6 - 7 വർഷത്തിനുള്ളിലും നീര ഉത്പാദിപ്പിക്കാൻ പാകമാകും. തൈകളുടെ അകലം, നടുന്ന കുഴി, നടാൻ തെരഞ്ഞെടുക്കുന്ന തൈകളുടെ ഗുണമേന്മ, കരുത്ത്‌, ചേർക്കേണ്ട അടിവളം, തുടർന്നു ചെയ്യേണ്ട മേൽ വളങ്ങൾ, ജലസേചനം, കീടരോഗ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയവ ജാഗ്രതയോടെ പാലിച്ചാൽ മാത്രമേ നല്ല പരിചരണമാവൂ. നിലവിലുള്ള തെങ്ങുകളുടെ കാര്യത്തിൽ പോലും നമ്മുടെ പരിചരണം ഒട്ടും ആശാവഹമല്ലെന്ന്‌ തിരിച്ചറിയണം. നാളികേര വികസന ബോർഡിന്റെ വിവിധ പദ്ധതികളിലൂടെ വളങ്ങളും മറ്റും നൽകുന്നത്‌ കൃത്യമായി ഉപയോഗിച്ചു തുടങ്ങിയ കുറേപ്പേർ ഇക്കാര്യങ്ങൾ മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്
ട്‌.
നാളികേരത്തിന്റെ വിലയിൽ വന്ന അപ്രതീക്ഷിത വർദ്ധനവുമൂലം തെങ്ങിനെ സംരക്ഷിക്കാൻ തയ്യാറാകുന്ന കർഷകരുടെ എണ്ണം വർദ്ധിച്ചു വരുന്നുണ്ട്‌. യഥാസമയം വിളവെടുക്കാനും സംരക്ഷിക്കാനും പരിശീലനം നേടിയ ചങ്ങാതിമാർ ഉണ്ടായതും കർഷകർക്ക്‌ ആശ്വാസകരമാണ്‌. ഇപ്പോൾതന്നെ നീര ഉത്പാദിപ്പിക്കുന്നതിൽ പരീക്ഷണങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾ നിർദ്ദേശിക്കുന്നത്‌ ആറുമാസം നീര ഉത്പാദനവും ആറുമാസം നാളികേരം ഉത്പാദനവുമായി ക്രമീകരിക്കണമെന്നാണ്‌. നീരയും കരിക്കും ഉത്പാദനം തുടങ്ങിയാൽ കൊപ്ര, കയർ വ്യവസായങ്ങൾ തകരുമെന്ന്‌ ആശങ്കപ്പെടുന്നവർക്ക്‌ മറുപടിയാണ്‌ മുകളിൽ പറഞ്ഞ നിർദ്ദേശം. തെങ്ങിന്റെ പരിചരണവും മരുന്നു വയ്ക്കലുമെല്ലാം പഠിച്ചവരാണ്‌ നീര ടെക്നീഷ്യന്മാർ. രണ്ടു നേരം തെങ്ങിൽ കയറി ഓരോ ഓലമടലുമായി നിത്യ സമ്പർക്കം പുലർത്തുന്ന ടെക്നീഷ്യന്മാർക്ക്‌ യഥാസമയം കീടരോഗങ്ങൾ കണ്ടെത്താനും പ്രതിരോധപ്രവർത്തനങ്ങൾ നടത്താനുമാകും. എല്ലാം കണക്കിലെടുത്തു മുന്നേറാൻ കേര കർഷകരും താങ്ങും തണലുമായി ഉത്പാദക സംഘങ്ങളും അവയുടെ ഫെഡറേഷനുകളും ഉത്പാദക കമ്പനിയും പ്രവർത്തിക്കണം. അപ്പോൾ, തെങ്ങിന്റെ രക്ഷയ്ക്ക്‌ നീര ഒരു സങ്കൽപമല്ല തികച്ചും യാഥാർത്ഥ്യമാവും.

27 Jun 2014

കേരവൃക്ഷത്തണലിൽ കാഴ്ചകളുടെ വിരുന്ന്‌


ടി. എസ്‌. വിശ്വൻ,
ചിന്ത, തണ്ണീർമുക്കം, ആലപ്പുഴ
 ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്ത്‌ കടലിനഭിമുഖമായി നിലവിലുള്ള ഹോട്ടൽ സങ്കൽപ്പങ്ങളെ തിരുത്തിക്കുറിച്ച്‌ പതിനാറ്‌ വർഷം മുമ്പ്‌ ആരംഭിച്ച ?മാരാരി ബീച്ച്‌? ഇന്ന്‌ ലോക ടൂറിസം ഭൂപടത്തിൽ സ്ഥാനംപിടിച്ച വിനോദ വിശ്രമ കേന്ദ്രമാണ്‌. ടൂറിസം പണമുണ്ടാക്കാൻ എളുപ്പവഴിയായി മാറിയ കാലത്ത്‌ കടലോരത്തെ മുപ്പത്‌ ഏക്കർ ചൊരിമണലിൽ സ്വഭാവിക പ്രകൃതി അവസ്ഥകളെ സംരക്ഷിച്ച്‌ ഒരു ഹോട്ടൽ ആരംഭിക്കാൻ മുന്നോട്ടു വന്ന സി. ജി. എച്ച്‌ ഗ്രൂപ്പിലെ ഡൊമിനിക്ക്‌ കുടുംബത്തിന്‌ ഇന്ന്‌ അഭിമാനിക്കാൻ ഏറെ വകയുണ്ട്‌. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ പരിസ്ഥിതി അവാർഡ്‌, എനർജി കൺസർവേഷൻ അവാർഡ്‌, ഇന്റർനാഷണൽ എക്കോ ടൂറിസം അവാർഡ്‌, ബെസ്റ്റ്‌ ഹോട്ടൽ മാനേജർ അവാർഡ്‌ തുടങ്ങിയവ തുടർച്ചയായി മാരാരി ബീച്ചിന്‌ ലഭിക്കുന്നു. ഇവിടെ തലയുയർത്തി നിൽക്കുന്ന ആയിരത്തിനുമേൽ തെങ്ങുകളും ഇടവിളയായി ഫലവൃക്ഷങ്ങളും, ഔഷധ  മരങ്ങളും, നാലര ഏക്കർ ജൈവ പച്ചക്കറി തോട്ടവും, പൂച്ചെടികളും, കരനെൽക്കൃഷിയുമെല്ലാം വിനോദ സഞ്ചാരികൾക്ക്‌ കൗതുകം പകരുന്ന കാഴ്ചയാണ്‌. അസംഖ്യം ചിത്രശലഭങ്ങൾ ഒന്നിച്ചുകൂടുന്ന ശലഭോദ്യാനവും, പച്ചക്കറി വിഭവങ്ങൾ വിളവെടുത്ത്‌ പാകം ചെയ്ത്‌ കഴിക്കാൻ തോട്ടത്തിൽ തന്നെയുള്ള ഫാം കിച്ചണുമെല്ലാം വേറിട്ട അനുഭവങ്ങളാണ്‌.
രാജ്യത്തിനകത്തും പുറത്തുമുള്ള രാഷ്ട്രത്തലവന്മാർ, മന്ത്രിമാർ, അംബാസഡർമാർ, വ്യവസായികൾ, ശാസ്ത്രജ്ഞർ തുടങ്ങിയ വിശിഷ്ടാതിഥികൾ ഇവിടെ വന്ന്‌ മടങ്ങുമ്പോൾ കുറിച്ചിടുന്ന  അഭിപ്രായങ്ങളാണ്‌ തങ്ങളുടെ ഏറ്റവും വലിയ സമ്പത്തെന്ന്‌ മാരാരി ബീച്ച്‌ ജനറൽ മാനേജർ പി. സുബ്രഹ്മണ്യം വിനയത്തോടെ പറയുന്നു. ഇദ്ദേഹത്തിനു തന്നെ ഈ വർഷവും ഏറ്റർവ്വും നല്ല ഹോട്ടൽ മാനേജർക്കുള്ള സംസ്ഥാന അവാർഡ്‌ ലഭിച്ചതിൽ അത്ഭുതപ്പെടേണ്ടതില്ല! ഇക്കഴിഞ്ഞ മെയ്‌ മാസത്തിലാണ്‌ തിരുവനന്തപുരത്ത്‌  സംസ്ഥാന മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയിൽ നിന്ന്‌ സുബ്രഹ്മണ്യം അവാർഡ്‌ ഏറ്റുവാങ്ങിയത്‌.
ഏത്‌ രാജ്യത്തിൽ നിന്ന്‌ വരുന്ന അതിഥികളായാലും ആദ്യം ഇളനീർ നൽകി സ്വീകരിക്കുന്ന മാരാരി ബീച്ച്‌ ശൈലി ഇന്നോളം തെറ്റിയിട്ടില്ല. ആവശ്യമായ ഇളനീർ മുൻകൂട്ടി ശേഖരിച്ച്‌ ചെത്തി ഒരുക്കി മുകൾ ഭാഗത്ത്‌ ഒരു നാടൻ ചെമ്പരത്തിപ്പൂവും കുത്തിവെച്ച്‌ സൂക്ഷിക്കുന്നു. പഴയ നാലുകെട്ടിന്റെ ചിത്രപ്പണികളുള്ള സ്വീകരണ മന്ദിരത്തിന്റെ പൂമുഖത്ത്‌ കെടാവിളക്കായി കത്തുന്ന ആട്ട വിളക്കിന്‌ മുമ്പിൽ റിസോർട്ടിലെ ജീവനക്കാർ അതിഥികളെ സ്വീകരിക്കും. ആവശ്യമായ ഇളനീരും പൂവുമെല്ലാം മാരാരി ബീച്ചിലെ വിശാലമായ തോട്ടത്തിൽ നിന്ന്‌ തന്നെ ശേഖരിക്കും. അതിഥി ഗൃഹങ്ങളിൽ സുഗന്ധം പരത്താൻ ഹോട്ടൽ പരിസരത്തുള്ള മുല്ലത്തോട്ടത്തിൽ നിന്നും മുല്ല മൊട്ടുകൾ ശേഖരിച്ച്‌ വാഴയിലയിൽ പൊതിഞ്ഞ്‌ മുറികളിൽ എത്തിക്കും. ?അതിഥിദേവോഭവ:? എന്ന ഭാരതീയ സങ്കൽപ്പത്തിന്‌ അണുവിട വ്യത്യാസം ഉണ്ടാകാതിരിക്കാൻ ധനതത്വ ശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും, നിയമ ബിരുദവും, എംബിഎയും, ടൂറിസം മേഖലയിലെ ദശകങ്ങളുടെ അനുഭവവുമുള്ള സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിൽ റിസോർട്ടിലെ ജീവനക്കാർ ഒന്നടങ്കം ഒരേ മനസ്സായി പ്രവർത്തിക്കുന്നു. പരിസ്ഥിതി സൗഹൃദത്തിലും, ഊർജ സംരക്ഷണത്തിലും മാത്രമല്ല ജൈവകൃഷിയിൽ തുടങ്ങി പ്രകൃതി സൗഹൃദ കൃഷിയുടെ പുതുപുത്തൻ പാഠങ്ങളുമായാണ്‌ മാരാരി ബീച്ച്‌ മുന്നോട്ടു പോകുന്നത്‌.
മാരാരിക്കുളം വടക്ക്‌ പഞ്ചായത്തിന്റെ തെക്കേ അറ്റത്ത്‌ തുടങ്ങി മാരാരിക്കുളം ബീച്ചുവരെ 700 മീറ്റർ നീളത്തിലുള്ള കടപ്പുറമാണ്‌ റിസോർട്ടിന്റെ പടിഞ്ഞാറേ ഭാഗം. ഇവിടെ മുതൽ കിഴക്കോട്ട്‌ നിരനിരയായി നിൽക്കുന്ന തെങ്ങിൻ പുരയിടമാണ്‌ റിസോർട്ടിനുള്ളത്‌. തുടക്കത്തിൽ ആദായം കുറഞ്ഞതും രോഗകീടബാധയുള്ളതുമായ തെങ്ങുകൾ നീക്കം ചെയ്തു. ഹോട്ടൽ വരുമ്പോൾ ആദായമുള്ള തെങ്ങുകൾ പോലും വെട്ടി മാറ്റുമെന്ന്‌ കരുത്തിയവരുണ്ട്‌. എന്നാൽ തെങ്ങുകളെ സംരക്ഷിക്കുകയും പുതുതായി തെങ്ങിൻ തൈകൾ നട്ട്‌ വളർത്തുകയും ചെയ്യുന്നതിൽ മാരാരി ബീച്ച്‌ അധികൃതർ കൂടുതൽ താൽപ്പര്യമെടുത്തു. കോൺക്രീറ്റ്‌ സൗധങ്ങളോ, ടെയിലുകൾ വിരിച്ച മുറ്റങ്ങളോ അല്ല, പകരം ഒറ്റത്തായി മാതൃകയിലുള്ള ഗ്രാമീണ ഗൃഹങ്ങ (കോട്ടേജുകൾ) ളും, ചുറ്റും വിശാലമായ പുൽത്തകിടികളുമാണ്‌ ഇവിടെ അതിഥികൾക്കായി ഒരുക്കിയിരിക്കുന്നത്‌. നാടൻ ഇനമായ എരുമപ്പുല്ല്‌ (ബഫല്ലോ ഗ്രാസ്‌) വളർത്തിയാണ്‌ പുൽത്തകിടികൾ പരിപാലിക്കുന്നത്‌.
നാളികേര വികസന ബോർഡ്‌-മാരാരിക്കുളം വടക്ക്‌ പഞ്ചായത്ത്‌ ബയോ ഹെഡ്ജിംഗ്‌ പ്രോഗ്രാം
2008 ഏപ്രിൽ 13 ന്‌ മാരാരി റിസോർട്ടിൽ വിശ്രമിക്കാനെത്തിയ അന്നത്തെ കേന്ദ്ര കൃഷി വകുപ്പ്‌ മന്ത്രി ശരദ്‌ പവാറുമായി തീരദേശത്തെ കേര കർഷകർ നടത്തിയ ചർച്ചയെ തുടർന്നാണ്‌ ബോർഡിന്റെ സഹായത്തോടെ ബയോ ഹെഡ്ജിംഗ്‌ വില്ലേജ്‌ പ്രോഗ്രാം (കടൽത്തീര ജൈവക്കൃഷി സംരക്ഷണ പദ്ധതി) നടപ്പാക്കിയത്‌. 25 ഹെക്ടർ സ്ഥലത്തായിരുന്ന 2 വർഷക്കാലം നീണ്ടുനിന്ന ഈ പ്രത്യേക പദ്ധതി. മാരാരിക്കുളം വടക്ക്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 9, 10 വാർഡുകളിലായി 200 കർഷകരുടെ കൂട്ടായ്മയിൽ നടപ്പാക്കിയ പദ്ധതിക്ക്‌ മാരാരി ബീച്ചിന്റെ സഹകരണവും ലഭിച്ചിരുന്നു. രോഗബാധിതമായ തെങ്ങുകൾ മുറിച്ചു മാറ്റുകയും പകരം നല്ലയിനം തെങ്ങിൻ തൈകൾ നടുകയും ചെയ്തു. ഇടവിളകളായി ജാതി, വാഴ, ഇഞ്ചി, മഞ്ഞൾ, കിഴങ്ങുവർഗ്ഗങ്ങൾ, പച്ചക്കറികൾ എന്നിവയുടെ കൃഷി കടൽത്തീരത്തും വിജയകരമായി ചെയ്യാമെന്ന്‌ ഈ പദ്ധതിയിലൂടെ തെളിയിച്ചു. രണ്ട്‌ വർഷം കൃഷിക്കാവശ്യമായ ജൈവവളങ്ങൾ നൽകി. ഒപ്പം കീടനിവാരണ പ്രവർത്തനങ്ങളും ഏറ്റെടുത്തു. കടപ്പുറത്ത്‌ നാലുവരിയായി കാറ്റാടി തൈകളും നട്ടു പിടിപ്പിച്ചു. ഇന്ന്‌ സുനാമി വന്നാൽ പോലും നേരിടാൻ തയ്യാറായി നിൽക്കുന്ന കാറ്റാടി മരങ്ങൾ അന്നു നടപ്പാക്കിയ ബയോ ഹെഡ്ജിംഗ്‌ പദ്ധതിയുടെ ഭാഗമാണ്‌. ഇപ്പോൾ മാരാരിക്കുളം വടക്ക്‌ നാളികേര ഉൾപ്പാദക ഫെഡറേഷന്റെ കീഴിലുള്ള കേരകൈരളി സി. പി. എസ്സിലെ അംഗമാണ്‌ മാരാരി ബീച്ച്‌. ഇവിടെയുള്ള തെങ്ങുകളിൽ വിളവെടുക്കുന്നതും, സസ്യ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നതും പരിശീലനം നേടിയ ചങ്ങാതിമാരാണ്‌. കൃത്യമായി രണ്ട്‌ മാസം കൂടുമ്പോൾ വിളവെടുക്കാൻ സാധിക്കുന്നതുകൊണ്ട്‌ തെങ്ങിന്റെ ഉത്പാദനത്തിൽ നല്ല വർദ്ധനവുണ്ടെന്ന്‌ മാരാരി ബീച്ച്‌ പി. ആർ. ഒ. കൂടിയായ ഐസക്‌ പറയുന്നു.
മാരാരി ബീച്ചിലെത്തുന്ന വിദേശികൾ അടക്കമുള്ള വിനോദ സഞ്ചാരികൾ രമ്യഹർമ്യങ്ങളിൽ വാഴുന്നവരാണ്‌. അവർക്ക്‌ വേണ്ടത്‌ കൂറ്റൻ കോൺക്രീറ്റ്‌ സൗധങ്ങളോ, കുളിരണിയാൻ കൃത്രിമ കൂളറുകളോ അല്ല. പ്രകൃതിയുടെ പച്ചപ്പും, ഗ്രാമീണതയുടെ നൈർമ്മല്യവും മനുഷ്യ സ്നേഹത്തിന്റെ മാസ്മരികതയുമാണ്‌. അവർ ആഗ്രഹിക്കുന്നത്‌, രാസ കീടനാശിനികൾ കലരാത്ത നാടൻ രുചിയുള്ള ഭക്ഷ്യവിഭവങ്ങളാണ്‌. വ്യവസായ വളർച്ചയുടെയും വാഹനബാഹുല്യത്തിന്റെയും സൃഷ്ടിയായ അന്തരീക്ഷ മലിനീകരണത്തിൽ നിന്ന്‌ അകന്ന്‌ അൽപ്പമെങ്കിലും ആശ്വാസത്തിനുള്ള ശുദ്ധവായുവാണ്‌ അവർക്ക്‌ വേണ്ടത്‌.  കായ്ഫലമുള്ള ആയിരം തെങ്ങുകളും, ഇടവിളകളായി ഫലവൃക്ഷങ്ങളും ഔഷധ മരങ്ങളും, പൂച്ചെടികളും, പച്ചക്കറികളും, പഴവർഗ്ഗ വിളകളുമെല്ലാം സമ്മേളിക്കുന്ന മാരാരി ബീച്ച്‌ ടൂറിസത്തിനു തന്നെ പുത്തൻ കാഴ്ചപ്പാടുകൾ നൽകുന്നു. അശോകം, കൂവളം, അത്തി, ഇത്തി, അരയാൽ, പേരാൽ, കരിഞ്ഞങ്ങാലി, കാഞ്ഞിരം, മരോട്ടി, രുദ്രാക്ഷം തുടങ്ങിയ ഔഷധ മരങ്ങൾ അനവധിയുണ്ട്‌. അന്ന്യം നിന്നു പോകുന്ന നാടൻ മരങ്ങളായ ആഞ്ഞിലിയും,  പുന്നയും, മഞ്ചാടിയും, കുമ്പിളും, തമ്പകവും, കിളിഞ്ഞിലുമെല്ലാം ഇവിടെ പ്രത്യേക പ്രാധാന്യത്തോടെ സംരക്ഷിക്കുന്നു. അവയുടെയെല്ലാം പേരുകളും വിശേഷതകളും ചെറിയ തകിടിൽ ലിഖിതം ചെയ്ത്‌ പതിപ്പിച്ചിട്ടുള്ളത്‌ സന്ദർശകർക്കും വിദ്യാർത്ഥികൾക്കും പ്രയോജനപ്രദമാകുന്നുണ്ട്‌. ഹൈബ്രിഡ്‌ ഇനങ്ങളെയല്ല നാടൻ ഇനം സസ്യങ്ങളെയാണ്‌ ഇവിടെ ഏറെയും പരിപാലിക്കപ്പെടുന്നത്‌. രണ്ടായിരത്തിലേറെ ചെമ്പരത്തി ചെടികളുണ്ട്‌. പച്ച നിറമുള്ള അരമതിൽ പോലെ വെട്ടി ഒരുക്കി നിർത്തിയിരിക്കുന്ന ചെമ്പരത്തി ചെടികളുടെ മീതെ വിരിയുന്ന ചുവന്ന പൂക്കൾ കാഴ്ചയ്ക്ക്‌ മനോഹരങ്ങളാണ്‌. അരളി പൂക്കളും, കോളാമ്പി പൂക്കളും, കോംഗ്ങ്ങിണി പൂക്കളും, പിച്ചിയും, ചെത്തിയും, തുളസിയുമെല്ലാം സന്ദർശകരുടെ മനം കവരും. കറുവപ്പട്ടയും, സർവ്വസുഗന്ധിയും, കച്ചോലവും, രാമച്ചവും, ഇഞ്ചിപ്പുല്ലും, തൃത്താവും, ഉതിർക്കുന്ന ഔഷധ ഗന്ധത്തിനുമുണ്ട്‌ സ്വീകാര്യത. പൂക്കളിലെല്ലാം പറന്നുനടക്കുന്ന ചിത്രശലഭങ്ങൾക്ക്‌ ഒന്നിച്ചു കൂടാൻ ഒരു ശലഭോദ്യാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്‌.
ജൈവ പച്ചക്കറി തോട്ടവും ഫാം കിച്ചണും
വിശാലമായ റിസോർട്ട്‌ വളപ്പിൽ നാലര ഏക്കറിലുള്ള ജൈവ പച്ചക്കറി തോട്ടവും, വാഴയും, പപ്പായയുമെല്ലാം വിദേശ ടൂറിസ്റ്റുകളെ മോഹിപ്പിക്കുന്നവയാണ്‌. കായ്‌ കറികളായ പാവലും, പടവലവും, പയറും, മത്തനും, കുമ്പളവും, ചുരയ്ക്കയും നോക്കി കാണാനും ചിത്രങ്ങൾ എടുക്കാനും സന്ദർശകർ തമ്മിൽ മത്സരിക്കും. ഇലക്കറികളായ ചീരകളും, പാലക്ക്ച്ചീര, മല്ലിയില, പുതിനയില, കറിവേപ്പില തുടങ്ങിയവയും സുലഭമാണ്‌ തോട്ടത്തിൽ. ശീതകാല പച്ചക്കറികളായ കാബേജ്‌, കോളിഫ്ലവർ, മുള്ളങ്കി തുടങ്ങിയവയും സമൃദ്ധിയോടെ വളരുന്നു. കറിവാഴകളും, നേന്ത്രനും, ഞാലിപ്പൂവനുമെല്ലാം തോട്ടത്തിന്‌ അലങ്കാരമാണ്‌. കാർഷിക വിഭവങ്ങൾ നേരിൽ കണ്ട്‌ ഇഷ്ടമുള്ളത്‌ ശേഖരിച്ച്‌ ഷെഫിന്റെ സഹായത്തോടെ പാചകം ചെയ്ത്‌ ഭക്ഷിക്കാൻ എല്ലാവിധ സൗകര്യമുള്ള ഫാം കിച്ചനും തോട്ടത്തിന്‌ മദ്ധ്യേയുണ്ട്‌.
ജൈവകൃഷിയും, പ്രകൃതി സൗഹൃദ കൃഷിയും സ്വീകരിച്ചിട്ടുള്ള മാരാരി ബീച്ചിൽ ഇതിനുള്ള നടപടികൾ ഓരോന്നും സുബ്രഹ്മണ്യം വിശദീകരിക്കുന്നത്‌ ഇങ്ങനെ:
ഫ്രണ്ട്‌ ഓഫീസ്‌ മുതലുള്ള 62 കോട്ടേജുകൾ മേയുന്നതിന്‌ എഴുപതിനായിരം മെടഞ്ഞ തെങ്ങോലകൾ വേണം. മെയ്‌ മാസത്തിലാണ്‌ മേയുന്നത്‌. പഴകിയ ഓലകൾ മാറ്റി പുത്തൻ ഓലകൾ വച്ച്‌ ബന്ധിക്കുന്ന ജോലികൾക്ക്‌ പരിചയമുള്ളവർ തന്നെ വേണം. ഇപ്രകാരം നീക്കം ചെയ്യുന്ന പഴകിപ്പൊടിഞ്ഞ ഓലകളും ചവറുകളും ഞങ്ങൾ തെങ്ങിനും, വാഴകൾക്കും, ഇടവിളകൾക്കും പുതയായി ഇടും. കുറേ ഭാഗം നീക്കി വെച്ച്‌ മണ്ണിര കമ്പോസ്റ്റ്‌ ഉണ്ടാക്കും. രണ്ട്‌ ബയോഗ്യാസ്‌ പ്ലാന്റുകൾ ഇവിടെ പ്രവർത്തിക്കുന്നു. ഭക്ഷണ ശാലയിലെ ജൈവാവശിഷ്ടങ്ങളത്രയും ബയോഗ്യാസ്‌ പ്ലാന്റിൽ നിക്ഷേപിക്കുന്നു. വാതകം പാചകാവശ്യത്തിനും സ്ലറി നേർപ്പിച്ച്‌ പച്ചക്കറികൾക്ക്‌ വളമായും ഉപയോഗിക്കുന്നു.
 പ്രകൃതി സൗഹൃദ കൃഷിയുടെ ഭാഗമായി രണ്ട്‌ നാടൻ പശുക്കളെയും ഇവിടെ വളർത്തുന്നുണ്ട്‌. ഒന്ന്‌ വെച്ചൂർ പശുവും മറ്റൊന്ന്‌ കാസർഗോഡ്‌ ഡ്വാർഫുമാണ്‌. ചാണകവും, ഗോമൂത്രവും, ശർക്കരയും, പയർമാവും, മണ്ണും ചേർത്ത്‌ ജീവാമൃതമുണ്ടാക്കി ദിവസേന ചെടികൾക്ക്‌ നൽകും. താമസമുള്ള കോട്ടേജുകളിൽ നിന്നും വരുന്ന മലിന ജലം ശേഖരിച്ച്‌ സംസ്കരിക്കാൻ ഒരു സീവേജ്‌ ട്രീറ്റ്‌മന്റ്‌ പ്ലാന്റും ഇവിടെ പ്രവർത്തിക്കുന്നു. പ്ലാന്റിൽ നിന്നും പുറത്തേയ്ക്ക്‌ വരുന്ന വെള്ളം പൂച്ചെടികൾക്കും, ഔഷധമരങ്ങൾക്കുമെല്ലാം പൈപ്പ്‌ വഴി എത്തിക്കുന്നു. മഴവെള്ളം സംഭരിച്ച്‌ ഉപയോഗിക്കുന്നതിന്‌ വൈവിധ്യമാർന്ന പല മാർഗ്ഗങ്ങളും ഞങ്ങൾ സ്വീകരിക്കുന്നുണ്ട്‌. അധികവും ഭൂമിയിലേയ്ക്ക്‌ തന്നെ നിക്ഷേപിക്കുകയാണ്‌.?
പരിസ്ഥിതി സൗഹൃദം നിലനിർത്താൻ കൃഷിയെ സ്നേഹിക്കുകയാണ്‌ ഏറ്റവും നല്ല മാർഗ്ഗമെന്ന സന്ദേശമാണ്‌ മാരാരി ബീച്ച്‌ നൽകുന്നത്‌. ജൈവവൈവിധ്യത്തിന്‌ മാറ്റുകൂട്ടുന്ന ഓരോ ഘടകങ്ങളും ഇവിടെ പരസ്പര പൂരകമായി മാറുന്നു. പാചക പുരയുടെയോ, തീൻ പുരയുടെയോ പിന്നാമ്പുറങ്ങളിൽ മാലിന്യമോ ദുർഗ്ഗന്ധമോ ഇല്ല. മുമ്പുണ്ടായിരുന്ന കുളങ്ങളയെല്ലാം സംരക്ഷിക്കുക വഴി തെളിനീരിന്‌ പൂർണ്ണ ഉറവിടം ഇവിടെ തന്നെയുണ്ട്‌. ഹോട്ടൽ വളപ്പ്‌ മുഴുവൻ പരതിയാലും പ്ലാസ്റ്റിക്കിന്റെ ഒരംശം കണ്ടെത്താനാവില്ല. അഴുകുന്ന മാലിന്യങ്ങളത്രയും മണ്ണിന്‌ ലഭിക്കുന്നതിലൂടെയാണ്‌ ജൈവവൈവിധ്യത്തിന്‌ അസാധാരണത്വം കൈവന്നത്‌. മികവിനുള്ള പുരസ്ക്കാരങ്ങളത്രയും ഏതാനും വർഷങ്ങളായി മാരാരി ബീച്ചിന്‌ സ്വന്തമാകുന്നത്‌ തികച്ചും അർഹതയുടെ അംഗീകാരമാണ്‌. ജനറൽ മാനേജർ സുബ്രഹ്മണ്യത്തോടൊപ്പം മുഴുവൻ ജീവനക്കാരും അർപ്പണ മനസ്സോടെ യാണ്‌ ഇവിടെ പ്രവർത്തിക്കുന്നത്‌. ഇനി മാരാരി റിസോർട്ട്‌ എം. ഡി. മൈക്കിൾ ഡൊമിനിക്കിന്റെ വാക്കുകൾ: ?ഞങ്ങളുടെ ജീവനക്കാർ ഈ സ്ഥാപനത്തിലെ മുത്തുകളാണ്‌. ഇവരെക്കുറിച്ച്‌ അഭിമാനമേയുള്ളൂ. അവരാണ്‌ ഈ പച്ചപ്പിനും അവാർഡുകൾക്കും യഥാർത്ഥ കാരണക്കാർ.?

22 Sept 2013

ആലപ്പുഴയിൽ ആദ്യത്തെ നാളികേര ഉത്പാദകകമ്പനി പിറന്നു


ടി. എസ്‌. വിശ്വൻ
കറപ്പുറം കോക്കനട്ട്‌ പ്രോഡ്യൂസർ കമ്പനി, കഞ്ഞിക്കുഴി,എസ്‌. എൻ. പുരം പി. ഒ., ആലപ്പുഴ ജില്ല-688 582

നാളികേരത്തിന്റെ നാടാണ്‌ ആലപ്പുഴ. കയറിന്റെയും കയറുൽപന്നങ്ങളുടെയും പെരുമയിൽ വിദേശികൾക്കും പ്രിയപ്പെട്ട നാട്‌. കൊപ്രയുടേയും, വെളിച്ചെണ്ണയുടെയും വ്യാപാരവുമായി ബന്ധപ്പെട്ട്‌ ചേർത്തല, ആലപ്പുഴ പട്ടണങ്ങൾ ഏറെ സമ്പന്നമായിരുന്നു. നാളികേരത്തെ ആശ്രയിച്ച്‌ ചെറുതും വലുതുമായ ഒട്ടേറെ വ്യവസായങ്ങളും തൊഴിലവസരങ്ങളും ആലപ്പുഴക്കാർക്ക്‌ കൈവന്നിരുന്നു. പക്ഷേ നാളികേരം സമ്മാനിച്ച ആ സുവർണ്ണ കാലം ഒരു കടംകഥ പോലെ മാറി. ഒന്നല്ല ഒത്തിരി കാരണങ്ങളാൽ തകർച്ചയിലേയ്ക്ക്‌ പൊയ്ക്കൊണ്ടിരിക്കുന്ന നാളികേര കൃഷിയെ രക്ഷിക്കാൻ നടത്തിയ പരിശ്രമങ്ങളും പരീക്ഷണങ്ങളും ഉദ്ദേശിച്ച ഫലം കണ്ടില്ല! ഈ സാഹചര്യത്തിലാണ്‌ നാളികേര ബോർഡ്‌ ഏറ്റവും ഒടുവിൽ നിർദ്ദേശിച്ച നാളികേര ഉത്പാദക സംഘങ്ങളും അവയുടെ ഫെഡറേഷനുകളും രൂപംകൊണ്ടത്‌. അതിന്റെ ഫലമായി കേര മേഖലയിൽ പുത്തൻ ഉണർവിന്‌ തന്നെ കളമൊരുങ്ങി. നാളികേര ഉത്പാദകരായ കർഷകരുടെ ഈ കൂട്ടായ്മ നാളികേരാധിഷ്ഠിതമായ ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിന്റെയും അവയുടെ വിപണനത്തിന്റെയും മേഖലയിൽ സ്ഥാപിതമാകുന്ന കമ്പനിക്ക്‌ ശക്തമായ ഒരടിത്തറയായിരിക്കും. നാളികേര ഉത്പാദക കമ്പനിക്ക്‌  സുതാര്യവും പ്രായോഗികവുമായ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാനാകുമ്പോൾ നാളികേരത്തിന്റെ നാട്ടിൽ സ്വന്തമായിത്തിരി മണ്ണുള്ളതിൽ അഭിമാനിക്കുന്നവരാവും കറപ്പുറത്തെ കേരകർഷകർ!
ജില്ലയുടെ വടക്ക്‌ കടലോര - കായലോര ഗ്രാമങ്ങൾ ഉൾപ്പെട്ടതാണ്‌ കറപ്പുറം. കടൽ മാറി കരയായത്‌ എന്ന അർത്ഥത്തിൽ കടൽ കര വെച്ച ദേശമാണ്‌ കറപ്പുറം എന്നാണ്‌ ചരിത്രം. തെക്ക്‌ ആലപ്പുഴ പട്ടണവും വടക്ക്‌ കൊച്ചിയോടു ചേർന്നുള്ള കായലുകളുമാണ്‌ അതിരുകൾ. പടിഞ്ഞാറ്‌ അറബിക്കടലും കിഴക്ക്‌ വേമ്പനാട്ട്‌ കായലും. ആര്യാട്‌, കഞ്ഞിക്കുഴി, പട്ടണക്കാട്‌, തൈക്കാട്ടുശ്ശേരി എന്നീ നാല്‌ ബ്ലോക്ക്‌ പഞ്ചായത്തുകളിലായി ഇരുപത്തൊന്ന്‌ ഗ്രാമപഞ്ചായത്തുകളുണ്ട്‌. ഏതാണ്ട്‌ മധ്യ ഭാഗത്തായി ചേർത്തല മുനിസിപ്പാലിറ്റിയും സ്ഥിതി ചെയ്യുന്നു. കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്തിലെ അഞ്ച്‌ ഗ്രാമപഞ്ചായത്തുകളിലേയും 96 വാർഡുകളിലും സിപിഎസുകൾ പ്രവർത്തിക്കുന്നു. സിപിഎസുകളുടെ മുകളിൽ എട്ട്‌ ഫെഡറേഷനുകളുടെ പ്രവർത്തനവും സജീവമാണ്‌. മറ്റ്‌ ബ്ലോക്ക്‌ പഞ്ചായത്തുകളിലും സി പിഎസുകളും സിപിഎഫുകളും രൂപം കൊണ്ടിട്ടുണ്ട്‌. പഞ്ചായത്തുകളിലുള്ള എല്ലാ വാർഡുകളിലും സിപിഎസുകൾ രൂപീകൃതമായതോടെ എണ്ണായിരത്തിലധികം നാളികേര ഉത്പാദകരെ അണിനിരത്താൻ കഴിഞ്ഞ കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത്‌ നാളികേര ഉത്പാദക കമ്പനി രൂപീകരണത്തിലും മുൻനിരയിലെത്തി. ഒന്നിലേറെ പേരുകൾ നിർദ്ദേശിച്ചെങ്കിലും കറപ്പുറം കോക്കനട്ട്‌ പ്രോഡ്യൂസർ കമ്പനി  എന്ന പേരാണ്‌ കമ്പനിക്ക്‌ ലഭിച്ചതു. തേങ്ങ ഉത്പാദനത്തിന്റെ കുത്തക ദേശമായിരുന്ന കറപ്പുറത്തിന്റെ ഓർമ്മകൾ  നിലനിർത്തുന്ന പേര്‌ കമ്പനിക്ക്‌ ലഭിച്ചതു ഒരനുഗ്രഹമായി കരുതാം.
നാളികേരം കറപ്പുറത്തിന്റെ സമ്പത്ത്‌
കറപ്പുറത്തെ കയറും കയറുൽപന്നങ്ങളും ഏറെ പ്രസിദ്ധമാണ്‌. ഇവിടെയുള്ള കുളങ്ങളും തോടുകളും ചാലുകളും പൊഴികളുമെല്ലാം പണ്ട്‌ തൊണ്ട്‌ മൂടുന്നതിന്‌ ഉപയോഗിച്ചിരുന്നു. ഉപ്പിന്റെ സാന്നിദ്ധ്യമുള്ള വെള്ളത്തിൽ തൊണ്ട്‌ വേഗത്തിൽ അഴുകാനും തല്ലി ചകിരിയാക്കാനും പ്രയാസമില്ലായിരുന്നു. മറ്റ്‌ തൊഴിലുകൾ അധികമൊന്നും ആഗ്രഹിക്കാൻ ഇല്ലാതിരുന്ന കാലത്ത്‌ സ്ത്രീകൾക്ക്‌ ആശ്രയിക്കാവുന്ന തൊഴിലുകളായിരുന്നു തൊണ്ട്‌ തല്ലി ചകിരിയാക്കലും, ചകിരി പിരിച്ച്‌ കയറാക്കലും. പുരുഷന്മാർ ഈ കയർ ഉപയോഗിച്ച്‌ തടുക്കും പായും കാർപ്പറ്റുമെല്ലാം ഉത്പാദിപ്പിച്ചു. ഇവയെല്ലാം വിദേശ വിപണികളിൽ നല്ല വില കിട്ടുന്നവയായിരുന്നു. വീട്ടുമുറ്റത്തെ ഒറ്റത്തറി മുതൽ കൂറ്റൻ കയർ ഫാക്ടറികൾ വരെ കറപ്പുറത്തിന്റെ മാത്രം സവിശേഷതയായിരുന്നു. യന്ത്ര തറികളും, കയർ സംഘങ്ങളും സജീവമായതോടെ ചകിരിക്കും കയറിനും ക്ഷാമം നേരിട്ടു. ചകിരിയിൽ നിന്നും വേർതിരിച്ചെടുക്കുന്ന സുവർണ്ണ നാരിനു പകരം പലതരം നാരുകളും വന്ന്‌ തുടങ്ങി. പ്ലാസ്റ്റിക്ക്‌ നാരുകളും രംഗത്ത്‌ വന്നു. റബ്ബർ പാലിന്റെ ഒഴുക്കും കയറുൽപന്ന നിർമ്മാണത്തിനൊപ്പം എത്തിച്ചേർന്നു. യഥാർത്ഥ കയറിന്റെ ആവശ്യകത ഗണ്യമായി കുറയാൻ ഇക്കാരണങ്ങൾ മതിയല്ലോ. അതേ സമയം കയർ ബോർഡ്‌, കയർ കോർപ്പറേഷൻ, കയർ ഫെഡ്‌, കയർ ഡിപ്പാർട്ട്‌മന്റ്‌ തുടങ്ങിയ സ്ഥാപനങ്ങളുടെ ഇടപെടലുകൾ ഈ രംഗത്ത്‌ പ്രതീക്ഷാനിർഭരമായി തുടരുന്നുണ്ട്‌.
കിഴക്കിന്റെ വേണീസെന്ന്‌ അറിയപ്പെട്ടിരുന്ന ആലപ്പുഴയിൽ കൊപ്ര വ്യവസാത്തിന്റെയും ഗതി മറിച്ചല്ല. മുപ്പതോളം കൊപ്ര കന്നിട്ടകൾ (കൊപ്ര വ്യാപാര കേന്ദ്രങ്ങൾ) ആലപ്പുഴ പട്ടണത്തോട്‌ ചേർന്ന്‌ ഉണ്ടായിരുന്നു. ചേർത്തലയിലാവട്ടെ പത്തിലധികം സ്ഥാപനങ്ങൾ കൊപ്ര വാങ്ങുന്നതിന്‌ ഉണ്ടായിരുന്നു. രണ്ട്‌ സ്ഥലത്തേയ്ക്കും കൊപ്ര എത്തിച്ചിരുന്നത്‌ അധികവും കറപ്പുറത്തെ കർഷകരും, തേങ്ങ വ്യാപാരികളുമായിരുന്നു. ശേഖരിക്കുന്ന കൊപ്ര ബോംബെയിലെത്തിച്ച്‌ അവിടെയുള്ള വൻകിട മില്ലുകളിൽ ആട്ടിയെടുക്കുന്ന വെളിച്ചെണ്ണ മായം ചേർത്ത്‌ നാട്ടിൻപുറത്തെ കടകളിൽ വരെ എത്തുമായിരുന്നു. ഇന്നത്തെപ്പോലെ മറ്റ്‌ എണ്ണകളായ പാമോയിലോ, സൺഫ്ലവർ ഓയിലോ ഒന്നും അന്ന്‌ സുലഭമായിരുന്നില്ല. വെളിച്ചെണ്ണയുടെ ഉപയോഗമായിരുന്നു അധികവും. കറപ്പുറത്തുണ്ടായിരുന്ന ധാരാളം മരച്ചക്കുകളും ചെറിയ ചെറിയ യന്ത്ര മില്ലുകളും ഉത്പാദിപ്പിച്ച വെളിച്ചെണ്ണ നാട്ടുകാർ ഉപയോഗിച്ചിരുന്നു.
തെങ്ങുടമകൾക്ക്‌ ഏതു സമയവും താങ്ങും തണലുമായി നിന്നിരുന്ന തേങ്ങാക്കച്ചവടക്കാരെ ഇന്ന്‌ കണികാണാനില്ല. തേങ്ങാപ്പുരകൾ, അട്ടിപ്പുരകൾ, ഏരിപ്പുരകൾ എല്ലാം ഇന്ന്‌ നിശ്ചലം. യഥാസമയം വിളവെടുക്കാനും വിപണി കണ്ടെത്താനും സാധിക്കാത്ത അവസ്ഥയാണ്‌ കറപ്പുറത്തെ ഭൂരിഭാഗം കേരകർഷകർക്കും പറയാനുള്ളത്‌. നാഫെഡിന്റെ സഹായത്തോടെയുള്ള കൊപ്ര സംഭരണവും കേര ഫെഡിന്റെ സഹായത്തോടെയുള്ള പച്ചതേങ്ങ സംഭരണവും കറപ്പുറത്തെ കേരകർഷകരെ രക്ഷിക്കാൻ ഉപകരിക്കുമെങ്കിലും അവയുടെ പ്രവർത്തനം തൃപ്തികരമാകുന്നില്ല.
കറപ്പുറത്തെ പുതിയ സാദ്ധ്യതകൾ
കൊപ്രയും വെളിച്ചെണ്ണയും മാത്രമല്ല നാളികേരത്തിൽ നിന്നുള്ള ഒട്ടേറെ മൂല്യ വർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കാനുള്ള സാധ്യതകൾ കറപ്പുറത്തുണ്ട്‌. ആര്യാട്‌-കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്തുകളുടെ സംയുക്ത സംരംഭമായി ആരംഭിച്ച കേന്ദ്ര സർക്കാർ പദ്ധതി പ്രകാരം നിർമ്മിച്ച രണ്ട്‌ നാളികേര ക്ലസ്റ്റർ യൂണിറ്റുകൾ ഇവിടെയുണ്ട്‌. അവയിൽ ഒന്ന്‌ കഞ്ഞിക്കുഴിയിലും മറ്റൊന്ന്‌ മണ്ണഞ്ചേരിയിലുമാണ്‌. തേങ്ങ ശേഖരിക്കുന്നതിനും സംസ്ക്കരിച്ച്‌ കൊപ്രയും, വെളിച്ചെണ്ണയും, വെർജിനോയിലും, ചിപ്സുമൊക്കെ നിർമ്മിക്കുന്നതിനുള്ള സംവിധാനങ്ങൾ ഈ യൂണിറ്റുകളിലുണ്ട്‌. ആവശ്യമായ പരിശീലനം നൽകുന്നതിന്‌ നാളികേര വികസന ബോർഡിന്റെ സഹായവും ലഭിക്കുന്നതാണ്‌. കഞ്ഞിക്കുഴി ബ്ലോക്ക്‌ നേതൃത്വം കൊടുത്ത്‌ ആരംഭിച്ചിട്ടുള്ള നാളികേര ഉത്പാദക സംഘങ്ങളും ഫെഡറേഷനുകളും ഒത്തുചേർന്ന്‌ കറപ്പുറത്ത്‌ ആരംഭിക്കുന്ന നാളികേര ഉത്പാദക കമ്പനി കേര കർഷകർക്ക്‌ നേട്ടങ്ങൾ ഉണ്ടാക്കുന്ന ഒരു സംരംഭമായി മാറുന്നതിന്‌ അനുകൂല സാഹചര്യങ്ങൾ ധാരാളമുണ്ട്‌.
കമ്പനിക്കു മുന്നോടിയായി
സിപിഎഫ്‌ ജോയിന്റ്‌ സമിതി

കഞ്ഞിക്കുഴിയിലെ എട്ട്‌ ഫെഡറേഷനുകളും ചേർന്ന്‌ ഒരു താൽക്കാലിക സംവിധാനമെന്ന നിലയിലാണ്‌ ജോയിന്റ്‌ സമിതിക്ക്‌ രൂപം കൊടുത്തത്‌. എന്നാൽ ബ്ലോക്ക്‌ പഞ്ചായത്തിന്‌ കീഴിലുള്ള നൂറോളം സി പിഎസ്സുകളെയും, ഫെഡറേഷനുകളെയും ഏകോപിപ്പിക്കാനും വിവിധ സർക്കാർ, തൃത്താല പഞ്ചായത്ത്‌ പദ്ധതികൾ ഏറ്റെടുത്ത്‌ നടപ്പാക്കാനും കഴിഞ്ഞതോടെ ജോയിന്റ്‌ സമിതി ഒരു സ്ഥിരം സംവിധാനമായി മാറി. എഴുപതിനായിരത്തോളം കുറിയയിനം വിത്തു തേങ്ങകൾ തമിഴ്‌നാട്ടിലേയും, കർണ്ണാടകയിലേയും അംഗീകൃത തോട്ടങ്ങളിൽ നിന്ന്‌ സംഭരിച്ച്‌ പാകുന്നതിനും ഈ സമിതിയുടെ പ്രവർത്തനം ഉപകരിച്ചിട്ടുണ്ട്‌. തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലനമാണ്‌ ജോയിന്റ്‌ സമിതിയുടെ മറ്റൊരു പ്രധാന നേട്ടം. നാളികേര ബോർഡിന്റെ സഹായത്തോടെ നടപ്പാക്കുന്ന യന്ത്രമുപയോഗിച്ചുള്ള തെങ്ങു കയറ്റ പരിശീലനം എട്ട്‌ ബാച്ചുകൾ ഇപ്പോൾ പൂർത്തിയായി. അഭ്യസ്തവിദ്യരായ യുവതികൾ ഉൾപ്പെടെ 170 പേർക്കാണ്‌ ഇതിനകം പരിശീലനം നൽകിയത്‌. 2014 മാർച്ച്‌ മാസത്തിനകം 500 പേരെ പരിശീലിപ്പിക്കുന്നതിനാണ്‌ ലക്ഷ്യമിട്ടിട്ടുള്ളത്‌.
നാളികേര ഉത്പാദക
കമ്പനി രൂപീകരണം

നാളികേര ഉത്പാദക കമ്പനിയുടെ രൂപീകരണം സംബന്ധിച്ച ആദ്യത്തെ ചർച്ചാ യോഗം മെയ്‌ 25 ന്‌ നാളികേര ബോർഡ്‌ ചെയർമാൻ ശ്രീ. ടി. കെ. ജോസ്‌ ഐ. എ. എസ്സിന്റെ സാന്നിദ്ധ്യത്തിലാണ്‌ നടന്നത്‌. ഫെഡറേഷനുകളുടെ സെക്രട്ടറിമാരും പ്രസിഡന്റുമാരും പ്രസ്തുത യോഗത്തിൽ സംബന്ധിച്ചു. കഞ്ഞിക്കുഴിയിൽ പുതുതായി ആരംഭിക്കുന്ന ഉത്പാദക കമ്പനി സംസ്ഥാനത്തെ മൂന്നാമത്തെ കമ്പനിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന്‌ ജൂൺ 15 ന്‌ സിപിഎഫ്‌ പ്രവർത്തകരെയെല്ലാം പങ്കെടുപ്പിച്ചുകൊണ്ട്‌ വിശദമായ ഒരു യോഗം സംഘടിപ്പിച്ചു. നാളികേര ബോർഡിൽ നിന്നും റിട്ടയർ ചെയ്ത മുഖ്യ നാളികേര വികസന ഓഫീസർ ശ്രീ. എം. തോമസ്‌ മാത്യു മുഖ്യ ക്ഷണിതാവായി പങ്കെടുത്തു. നാളികേര ബോർഡ്‌ അസിസ്റ്റന്റ്‌ മാർക്കറ്റിംഗ്‌ ഓഫീസർ ശ്രീ. കെ. എസ്‌. സെബാസ്റ്റ്യൻ ഉത്പാദക കമ്പനി രൂപീകരണത്തിന്റെ നടപടി ക്രമങ്ങൾ വിശദീകരിച്ചു. ബോർഡിന്റെ ജില്ലയിലെ പ്രവർത്തനങ്ങൾ നടപ്പാക്കുന്ന ചാർജ്‌ ഓഫീസർ കുമാരി. പ്രീതാകുമാരിയും തദവസരത്തിൽ സംസാരിച്ചു. കമ്പനി രൂപീകരണവും പ്രവർത്തനവും സംബന്ധിച്ച്‌ അംഗങ്ങൾ ഉന്നയിച്ച സംശയങ്ങൾക്കെല്ലാം ബോർഡിനെ പ്രതിനിധീകരിച്ച്‌ എത്തിയവർ മറുപടിയും നൽകി. കമ്പനിക്ക്‌ നൽകുന്നതിന്‌ നിർദ്ദേശിച്ച വിവിധ പേരുകൾ യോഗത്തിൽ ചർച്ച ചെയ്തു. എട്ട്‌ ഫെഡറേഷനുകളിൽ നിന്നുമായി പത്ത്‌ പേരെ കമ്പനിയുടെ പ്രോമോട്ടർമാരായി തെരഞ്ഞെടുക്കുന്നതിനും യോഗം തീരുമാനമെടുത്തു. കമ്പനിയുടെ പ്രാരംഭ നടപടികൾ ഏറ്റെടുക്കുന്നതിന്‌ ജോയിന്റ്‌ സമിതിയെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു.
കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത്‌ മേഖലയിലെ എട്ട്‌ ഫെഡറേഷനുകളും ചേർന്നാണ്‌ കമ്പനി രൂപീകരിച്ചിട്ടുള്ളതെങ്കിലും കറപ്പുറത്തെ കേരകർഷകർക്ക്‌ പൊതുവെ ഗുണം ചെയ്യുന്ന വിധം പ്രവർത്തിക്കണമെന്നാണ്‌ സിപിഎഫ്‌ ഭാരവാഹികൾ ആഗ്രഹിക്കുന്നത്‌. കറപ്പുറം കോക്കനട്ട്‌ പ്രോഡ്യൂസേഴ്സ്‌ കമ്പനി എന്ന്‌ പേര്‌ ലഭിച്ചതിലും സിപിഎഫ്‌ പ്രവർത്തകർ സംതൃപ്തരാണ്‌.
കറപ്പുറം നാളികേരോത്പാദക കമ്പനി പ്രോമോട്ടർമാർ
1)    അഡ്വ. പ്രിയേഷ്കുമാർ, കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌
2) ശ്രീ. ടി. എസ്‌. വിശ്വൻ, സെക്രട്ടറി, തണ്ണീർമുക്കം സൗത്ത്‌ സിപിഎഫ്‌
3) ശ്രീ. എം.ജി. രഘുനാഥൻ നായർ, പ്രസിഡന്റ്‌, തണ്ണീർമുക്കം സൗത്ത്‌ സിപിഎഫ്‌
4)     ശ്രീ. വി. സുകുമാരൻ നായർ, പ്രസിഡന്റ്‌, മാരാരിക്കുളം നോർത്ത്‌
സിപിഎഫ്‌
5)    ശ്രീ. എൻ. സദാനന്ദൻ, പ്രസിഡന്റ്‌, തണ്ണീർമുക്കം നോർത്ത്‌ സിപിഎഫ്‌
6)    ശ്രീ. വി.സി. പണിക്കർ, പ്രസിഡന്റ്‌, ചെറുവാരണം സിപിഎഫ്‌
7)    ശ്രീ. അപ്പുക്കുട്ടൻപിള്ള, പ്രസിഡന്റ്‌, അർത്തുങ്കൽ സിപിഎഫ്‌
8) ശ്രീ. കെ. കൈലാസൻ, സെക്രട്ടറി, കഞ്ഞിക്കുഴി സിപിഎഫ്‌
9) ശ്രീ. കെ. രത്നാകരൻ, പ്രസിഡന്റ്‌, അരീപ്പറമ്പ്‌ സിപിഎഫ്‌
10)    ശ്രീ. എസ്‌.ശ്രീകുമാർ,ട്രഷറർ, കടക്കരപള്ളി സിപിഎഫ്‌
കമ്പനിയുടെ പ്രധാന ലക്ഷ്യങ്ങൾ
*  ഉത്പാദനക്ഷമത കുറഞ്ഞതും പ്രായാധിക്യം ഉള്ളതും, കീടരോഗബാധ മൂലം നശിക്കുന്നതുമായ തെങ്ങുകൾ നീക്കം ചെയ്ത്‌ പകരം കുറിയ ഇനങ്ങളും സങ്കരയിനങ്ങളും കൃഷി ചെയ്യുക.
*    നിലവിലുള്ള തെങ്ങുകൾക്ക്‌ മെച്ചപ്പെട്ട വിളവ്‌ തരാൻ ഉതകുന്ന വിധം സംരക്ഷണ     നടപടികൾ സ്വീകരിക്കുക.
*   നാളികേരവുമായി ബന്ധപ്പെട്ട മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഓരോന്നായി നിർമ്മിച്ച്‌  വിപണി കണ്ടെത്തുക.
*    സിപിഎസ്സ്‌ തലത്തിൽ തെരഞ്ഞെടുക്കുന്ന യുവതീ,യുവാക്കൾക്ക്‌ യന്ത്ര സഹായത്താൽ തെങ്ങുകയറ്റ പരിശീലനം, മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള പരിശീലനം, മാർക്കറ്റിംഗ്‌ നടത്തുന്നതിനുള്ള പരിശീലനം തുടങ്ങിയവ നൽകുക.
*   ആദ്യഘട്ടത്തിൽ വെളിച്ചെണ്ണ, വെർജിൻ ഓയിൽ, തേങ്ങാവെള്ളത്തിൽ നിന്നുള്ള  വിനാഗിരി, ചമ്മന്തിപ്പൊടി എന്നീ നാലിനങ്ങൾ ഉത്പാദിപ്പിക്കുക.
*    നീര ഉത്പാദനവും സംസ്ക്കരണവും കേരകർഷകന്റെ വരുമാനം വർദ്ധിപ്പിക്കുന്നതിനും തൊഴിൽ മേഖല ശക്തിപ്പെടുത്തുന്നതിനും വേണ്ടി ഏറ്റെടുക്കുക.
ഫെഡറേഷനുകളുടെ ജോയിന്റ്‌ സമിതി ചെയർമാനും ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമായ അഡ്വ. ഡി. പ്രിയേഷ്കുമാറിന്റെ നേതൃത്വത്തിൽ ഒരു ടീമായിട്ടാണ്‌ എട്ട്‌ ഫെഡറേഷനുകളും പ്രവർത്തിക്കുന്നത്‌. ജോയിന്റ്‌ സമിതിയുടെ പ്രവർത്തന മികവാണ്‌ കോക്കനട്ട്‌ പ്രോഡ്യൂസർ കമ്പനി രൂപീകരണത്തിന്‌ കൂടുതൽ സഹായകമായത്‌. കമ്പനി രൂപീകരണവും തുടർന്നുള്ള കമ്പനി പ്രവർത്തനങ്ങളും സിപിഎസ്‌. അംഗങ്ങളായ കർഷകരെ അറിയിക്കുന്നതിന്‌ കർഷക യോഗങ്ങൾ വാർഡു തലത്തിൽ സംഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ഇപ്പോൾ ഏറ്റെടുത്തിട്ടുണ്ട്‌. കൃഷിനടത്താനും സഹായങ്ങൾ നേടിയെടുക്കാനും മാത്രം ഒത്തുചേരുന്ന സന്നദ്ധസംഘടനയിൽ നിന്ന്‌ വിഭിന്നമാണ്‌ പ്രത്യേക നിയമങ്ങളും വ്യതിചലിക്കാനാവാത്ത നടപടിക്രമങ്ങളുമുള്ള കമ്പനികൾ. മുതൽ മുടക്കിലും ഉൽപന്നങ്ങളുടെ പുരോഗതിയിലുമെല്ലാം കമ്പനികൾക്ക്‌ വിട്ടുവീഴ്ചയില്ല. ആദായവും ലാഭവും കമ്പനികളുടെ ലക്ഷ്യമാണ്‌. മറിച്ചായാൽ കമ്പനികൾ വട്ടപ്പൂജ്യം!.
ഫോൺ: 0478-2862446

27 Apr 2013

തെങ്ങിന്റെ ചങ്ങാതിമാർ നാടിന്റെ ചങ്ങാതിമാർ


ടി.എസ്‌. വിശ്വൻ
ചിന്ത, തണ്ണീർമുക്കം, ആലപ്പുഴ

എന്റെ വളവുള്ള ഒരു തെങ്ങിൽ യന്ത്രം വച്ച്‌ കയറിയുത്‌ കണ്ടപ്പോൾ അത്ഭുതപ്പെട്ടുപോയി !? പറയുന്നത്‌ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്‌ 17-​‍ാം വാർഡിൽ ചാലുങ്കൽവീട്ടിൽ ചന്ദ്രനാണ്‌. ആകെ 15 സെന്റിൽ കായ്ഫലമുള്ള ഏഴോ എട്ടോ തെങ്ങേയുള്ളൂ. അവയിലൊന്നാണ്‌ പകുതിക്കുമേൽ ഭാഗത്ത്‌ സാമാന്യം നല്ല വളവുള്ള ഒരു തെങ്ങ്‌. നല്ല കായ്പിടുത്തം ഉണ്ടെങ്കിലും വിളവെടുത്തു തരാൻ സാധാരണ കയറ്റക്കാർ മടി കാണിക്കും. എന്നാൽ ഇക്കുറി വിളവെടുത്തത്‌ ചങ്ങാതിക്കൂട്ടം പരിശീലനം നേടിയ അർത്തുങ്കൽ സ്വദേശി പൊന്നപ്പനാണ്‌. തെങ്ങുകയറ്റ യന്ത്രം തെങ്ങിൽ ഉറപ്പിച്ചശേഷം അനായാസമായി മുകളിലേയ്ക്ക്‌ കയറിയ പൊന്നപ്പൻ സാവധാനം ബെൽറ്റ്‌ അയച്ചും മിഷ്യൻ പൊക്കിയും ഒരു മീറ്ററിലധികം വളവുള്ള ഭാഗം കടന്നപ്പോൾ കണ്ടുനിന്നവർക്ക്‌ ശ്വാസം നേരെയായി.! ഒരു വർഷം മുൻപ്‌ പരിശീലനം നേടിയ ഈ യുവാവ്‌ ഇതിനകം അഞ്ഞൂറിലധികം വളവുള്ള തെങ്ങുകളിൽ യന്ത്രസഹായത്താൽ കയറി വിളവെടുത്തിട്ടുണ്ട്‌. അഞ്ചുപേരടങ്ങുന്ന ചങ്ങാതിക്കൂട്ടത്തിന്റെ ലീഡറും പൊന്നപ്പനാണ്‌. സംഘത്തിലെ മൂന്ന്‌ പേർക്ക്‌ നാളികേര ബോർഡിന്റെ ധനസഹായത്തോടെ മോട്ടോർ ബൈക്കുകളും ലഭിച്ചിട്ടുണ്ട്‌.
മാരാരിക്കുളം വടക്ക്‌ പഞ്ചായത്തിൽ ഉൾപ്പെട്ട മാരാരി ബീച്ച്‌ റിസോർട്ടിന്റെ വക സ്ഥലത്തെ രണ്ടായിരത്തിലേറെ തെങ്ങുകളിലെ വിളവെടുക്കുന്നത്‌ പരിശീലനം നേടിയ തെങ്ങിന്റെ ചങ്ങാതിമാരാണ്‌. മൂന്നും നാലും മാസം കൂടുമ്പോൾ മാത്രം വിളവെടുത്തിരുന്ന റിസോർട്ടിലെ തെങ്ങുകളിൽ നിന്നും ഇപ്പോൾ കൃത്യം 60 ദിവസമാകുമ്പോൾ വിളവെടുക്കും. വിളവെടുക്കേണ്ട സമയം ഓർമിപ്പിക്കുന്നതുതന്നെ കേര ചങ്ങാതിമാരാണെന്ന്‌ റിസോർട്ട്‌ അധികാരികൾ പറയുന്നു. കൃത്യ സമയത്തുതന്നെ വിളവെടുക്കുന്നതുമൂലം തെങ്ങിന്റെ ആരോഗ്യവും ആദായവും മെച്ചപ്പെടുന്നതായി ?മാരാരി ബീച്ച്‌? ജനറൽ മാനേജർ സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടു.
മുഹമ്മ സ്വദേശിയായ ശാന്തപ്പൻ മുപ്പതിലധികം കുറിയ ഇനം തെങ്ങുകളുടെ ഉടമയാണ്‌. 15 അടിക്ക്‌ മേൽ ഉയരമുള്ള തെങ്ങുകളിൽ നിന്നും വിത്തുതേങ്ങ ശേഖരിക്കാൻ തുടങ്ങിയിട്ടുണ്ട്‌. ഇപ്പോൾ വിത്ത്തേങ്ങ ശേഖരിക്കാൻ തെങ്ങിന്റെ ചങ്ങാതിയെ ആണ്‌ ചുമതലപ്പെടുത്തിയിരിക്കുന്നത്‌. ചേർത്തല തെക്കു പഞ്ചായത്തിലെ ദിലീപനാണ്‌ ശാന്തപ്പന്റെ തോട്ടത്തിൽ വിത്ത്‌ തേങ്ങ വിളവെടുക്കാൻ എത്തിയത്‌. സാധാരണ ഗതിയിൽ കയർ കെട്ടിയാണ്‌ വിത്തുതേങ്ങ താഴെയിറക്കുന്നത്‌. എന്നാൽ ധാരാളം തേങ്ങകളും തിങ്ങിയിരിക്കുന്ന കുലകളുമുള്ളപ്പോൾ മുകളിൽ കയറിയിരുന്ന്‌ കയറുമായി ബന്ധിക്കുന്നതിനും എതിർ ദിശയിലൂടെ കയർ താഴെ ഇടുന്നതിനും പ്രയാസം നേരിടും. അതിനാലാണ്‌ വിത്തുതേങ്ങ ശേഖരിക്കാൻ തെരഞ്ഞെടുക്കുന്ന തെങ്ങ്‌ കുളത്തിനോ തോടിനോ സമീപത്താവാൻ ശ്രദ്ധിക്കുന്നത്‌.
ശാന്തപ്പന്റെ പത്ത്‌ തെങ്ങുകളിൽ നിന്നും സുരക്ഷിതമായി വിത്തുതേങ്ങ കുലയോടെ മുറിച്ച്‌ താഴെ ഇറക്കുന്നതിൽ ദിലീപൻ ഒരു വിദഗ്ധനായി മാറിയിട്ടുണ്ട്‌. ചുവട്ടിൽ വൈക്കോലോ ചവറുകളോ വിരിച്ച ശേഷമാണ്‌ യന്ത്ര സഹായത്താൽ ദിലീപൻ തെങ്ങിൽ കയറുന്നത്‌. മുകളിലെത്തി യന്ത്രം ലോക്ക്‌ ചെയ്ത ശേഷം വിത്തിനായി ശേഖരിക്കേണ്ട നാളികേരക്കുല മുറിച്ച്‌ കയ്യിലെടുക്കും. പിന്നെ സാവധാനം നാളികേരക്കുല താഴെ വിരിച്ച വൈക്കോലിലോ ചവറിലോ വീഴ്ത്തും. എണ്ണം കൂടുതലുണ്ടായാൽ ഏതാനും നാളികേരം അടർത്തി താഴെയിടാനും ശ്രദ്ധിക്കും. ചങ്ങാതിക്കൂട്ടം പരിശീലനത്തിനിടയിൽ നടന്ന ?കോക്കനട്ട്‌ ഒളിംപിക്സിൽ ഒന്നാം സ്ഥാനത്ത്‌ എത്തി ഏറ്റവും മികച്ച കേരചങ്ങാതിക്കുള്ള സമ്മാനവും ദിലീപിന്‌ ലഭിച്ചിട്ടുണ്ട്‌.
ഇളനീർ ശേഖരിക്കുന്നതിന്‌ ഇപ്പോൾ ധാരാളം ചങ്ങാതിമാർ മുന്നോട്ട്‌ വന്നിട്ടുണ്ട്‌. ഒരു വർഷം മുൻപ്‌ പരിശീലനം നേടിയ കണിച്ചുകുളങ്ങര സ്വദേശിയായ ജോസഫ്‌ സ്വയം ഇളനീർ ശേഖരിക്കുകയും തിരുവിഴയിൽ ദേശീയ പാതയുടെ സമീപം കൊണ്ടുവന്ന്‌ വിൽപ്പന നടത്തുകയും ചെയ്യുന്നു. ജോസഫിന്‌ ലഭിച്ച തെങ്ങുകയറ്റ യന്ത്രം സ്വന്തം ഓട്ടോറിക്ഷായിൽ വച്ച്‌ അതിരാവിലെ കടപ്പുറത്തെ തെങ്ങുടമകളെ സമീപിക്കും. ആവശ്യമായ ഇളനീർ ശേഖരിച്ച്‌ പതിനൊന്ന്‌ മണിയോടെ കരിക്ക്‌ വിൽപ്പന സ്ഥലത്ത്‌ എത്തിച്ചേരും. ഇളനീരിനൊപ്പം ലോട്ടറി ടിക്കറ്റിന്റെ വിൽപ്പനയും ജോസഫിനുണ്ട്‌.
മാർച്ച്‌ ആദ്യവാരത്തിലാണ്‌ കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്തിന്‌ കീഴിലുള്ള ചങ്ങാതിക്കൂട്ടം പരിശീലനത്തിന്റെ ഒന്നാമത്തെ ബാച്ച്‌ ആരംഭിച്ചതു. നാളികേര വികസന ബോർഡിന്റെ സഹായത്തോടെ 6 ദിവസത്തെ വിദഗ്ദ്ധ പരിശീലനം നടന്നു. മുൻ വർഷങ്ങളിൽ കൃഷി വിജ്ഞാനകേന്ദ്രങ്ങളായ കായംകുളത്തും, കുമരകത്തും നടന്ന ചങ്ങാതിക്കൂട്ടം പരിശീലനം നേടിയ പലരും തൃപ്തികരമായ ഒരു തൊഴിലായി തെങ്ങുകയറ്റത്തെ സ്വീകരിച്ചിട്ടുണ്ട്‌. കേരകർഷകർക്ക്‌ അതിന്റെ ഫലവും ലഭിച്ചു തുടങ്ങിയിരിക്കുന്നു. കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത്‌ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ചങ്ങാതിക്കൂട്ടം പരിശീലന കേന്ദ്രത്തിലേക്ക്‌ തൊഴിലാളികളുടെ സേവനം ആവശ്യപ്പെട്ട്‌ നിരവധി ഫോൺകോളുകൾ വരുന്നുണ്ട്‌. പരീശീലനം ആവശ്യപ്പെട്ടും പരിശീലനം നേടിയവരുടെ സേവനം ആവശ്യപ്പെട്ടും വരുന്നവർക്ക്‌ മാർഗ്ഗ നിർദ്ദേശങ്ങൽ നൽകുന്നതിനും സഹായിക്കുന്നതിനുമായി ഒരു താൽക്കാലിക സംവിധാവും ഇവിടെ പ്രവർത്തിക്കുന്നു. (ഫോൺ : 0478 - 2862446)
തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലനം നേടിയ ശേഷം തൊഴിലിൽ ഏർപ്പെടുന്ന മുഴുവൻ പേരെയും ഉൾപ്പെടുത്തി ഒരു തൊഴിൽ സേനക്ക്‌? രൂപം കൊടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ഡി. പ്രിയേഷ്കുമാർ. കേവലം തേങ്ങ ഇടുന്നവർ മാത്രമല്ല, കീട, രോഗങ്ങളെ ചെറുക്കാനും തെങ്ങിന്റെ തലപ്പ്‌ വൃത്തിയാക്കാനും കരിക്കും വിത്തുതേങ്ങയും ശേഖരിക്കാനും എന്തിന്‌ കൃത്രിമ പരാഗണം നടത്തി സങ്കരയിനം വിത്തുതേങ്ങ ഉത്പാദിപ്പിക്കാനും പരിശീലനം നേടിയവരാണ്‌ തെങ്ങിന്റെ ചങ്ങാതിമാരെന്നു വന്നാൽ വമ്പിച്ച തൊഴിൽ സാധ്യതയാണ്‌ മുന്നിലുള്ളത്‌. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ അംഗീകാരത്തോടെ ?നീര? ഉത്പാദിപ്പിക്കാനും തെങ്ങിൻ ചക്കര, തെങ്ങിൻ പഞ്ചസാര തുങ്ങിയ മൂല്യ വർദ്ധിത ഉൽപന്നങ്ങൾ ഉണ്ടാക്കാനും ഇവർക്ക്‌ പരിശീലനം നൽകിയാൽ തെങ്ങുകൃഷി ഉറപ്പായും രക്ഷപെടുമെന്ന അഭിപ്രായവും പ്രിയേഷ്‌ കുമാർ പ്രകടിപ്പിച്ചു.

22 Dec 2012

ചൊരിമണലിലെ സംയോജിത കൃഷി വിജയം


ടി. എസ്‌. വിശ്വൻ

ആലപ്പുഴ ജില്ലയിലെ ചൊരിമണൽ ഗ്രാമങ്ങളിലൊന്നായ കഞ്ഞിക്കുഴിയിൽ കൂട്ടായ്മയോടെ നടപ്പാക്കിയ കേരഗ്രാമം പദ്ധതിയും കുരുമുളക്‌, കുറ്റിമുല്ല, പച്ചക്കറി വിജയഗാഥകളും പ്രസിദ്ധി നേടിയിട്ടുള്ളതാണ്‌. കഠിനാദ്ധ്വാനികളും സ്ഥിരോത്സാഹികളുമായ ഒട്ടേറെപ്പേർ ഈ കാർഷിക മുന്നേറ്റത്തിന്‌ കാരണക്കാരായിട്ടുണ്ട്‌. നാളികേര വികസന ബോർഡ്‌ നടപ്പാക്കിയ നാളികേരക്ലസ്റ്റർ പദ്ധതിയിൽ അരഡസൻ ക്ലസ്റ്ററുകൾ ഈ പഞ്ചായത്തിൽത്തന്നെയായിരുന്നു. നാളികേര സ്വാശ്രയ ഗ്രൂപ്പുകൾ രൂപീകരിച്ചവയിൽ അഞ്ചുഗ്രൂപ്പുകൾ ഇപ്പോഴും പ്രവർത്തിക്കുന്നു. ഒടുവിൽ നാളികേര വികസന ബോർഡിന്റേയും കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്തിന്റേയും മാർഗ്ഗനിർദ്ദേശങ്ങളോടെ പതിനേഴ്‌ വാർഡുകളിലായി 22 നാളികേര ഉത്പാദക സംഘങ്ങളും പ്രവർത്തിക്കുന്നു. രണ്ട്‌ നാളികേര ഉത്പാദക ഫെഡറേഷനുകളും രൂപീകരിച്ചു ബോർഡിന്റെ അംഗീകാരം നേടിക്കഴിഞ്ഞു. വിവിധ പദ്ധതികളിലൂടെയും പരീക്ഷണങ്ങളിലൂടെയും ചൊരിമണൽ ഗ്രാമത്തിലെ കേരകർഷകർ ഇടവിള കൃഷിയിലും സമ്മിശ്രകൃഷിയിലും സംയോജിത കൃഷിയിലും കാര്യമായ പുരോഗതിതന്നെ നേടിയിട്ടുണ്ട്‌. നാമമാത്ര കർഷകനായ എസ്‌. എൽ. പുരം ഭാരതീസദനത്തിൽ ഹരിദാസിന്റെ കൃഷിയിടം തന്നെ അതിന്‌ ഒരു ഉദാഹരണമാണ്‌.

മുപ്പത്തിരണ്ട്‌ വർഷം മുമ്പ്‌ പട്ടാളത്തിൽ നിന്നും വിരമിച്ച്‌ നാട്ടിലെത്തുമ്പോൾ കയ്യിലുണ്ടായിരുന്ന സമ്പാദ്യം കൊണ്ട്‌ എഴുപതുസെന്റ്‌ വെളിസ്ഥലം സ്വന്തമാക്കി. ഏതാനും പാഴ്മരങ്ങളും കുറ്റിക്കാടുകളും മാത്രമുണ്ടായിരുന്ന ഒരു കൊച്ചുമണൽക്കാടായിരുന്നു തന്റെ ഭൂമിയെന്ന്‌ ഹരിദാസ്‌ പറയുന്നു. പഞ്ചാബിലും മറ്റും ജോലിനോക്കിയിരുന്ന കാലത്ത്‌ അവിടെയുള്ള കൃഷികളേയും കൃഷിക്കാരേയും കുറിച്ച്‌ നന്നായി മനസിലാക്കിയിരുന്നു. അതുകൊണ്ട്‌ തന്നെ നാട്ടിലെത്തി ഭൂമി സ്വന്തമാക്കിയതോടെ കൃഷി ചെയ്യാനുള്ള ഉത്സാഹത്തിലായി. അക്കാലത്ത്‌ കറപ്പുറത്തെ കൃഷിക്കാർ ചെയ്യുന്നത്‌ അനുകരിച്ച്‌ അമ്പതിലേറെ തെങ്ങിൻ തൈകൾ ഹരിദാസും നട്ട്‌ വളർത്തി. ഗുണമേന്മയുള്ള തൈകളുടെ ലഭ്യതയെക്കുറിച്ച്‌ അന്ന്‌ അറിവില്ല. കിട്ടിയ ഇടത്തുനിന്നെല്ലാം തെങ്ങിൻ തൈകൾ സംഘടിപ്പിക്കുകയായിരുന്നു. തന്റെ പ്രയത്നഫലമായി തൈകളെല്ലാം വളർന്നു വലുതായെങ്കിലും പ്രതീക്ഷിച്ചത്ര ഫലം നേടാനായില്ലെന്ന്‌ ഹരിദാസ്‌ നിരാശയോടെ ഓർമ്മിക്കുന്നു. ചെമ്പൻ ചെല്ലിയും കൊമ്പൻ ചെല്ലിയും കാറ്റുവീഴ്ചയുമൊക്കെ കടന്നുവന്ന്‌ ആദായംതരുന്ന തെങ്ങുകളെതന്നെ ഇല്ലാതാക്കിയത്‌ കൂടുതൽ വേദനിപ്പിച്ചു.
തെങ്ങുകൾ കുറഞ്ഞുവന്നപ്പോൾ ആദായത്തിനായി മറ്റ്‌ ഇടവിളകളെക്കുറിച്ചുള്ള അന്വേഷണമാണ്‌ കുരുമുളകുകൃഷിയിൽ എത്തിച്ചതു. അവിടവിടെയായി നിന്ന മരങ്ങളിലും തെങ്ങുകളിലും എന്തിന്‌ ശീമക്കൊന്ന മരങ്ങളിൽപ്പോലും കുരുമുളക്‌ വള്ളികൾ പടർത്തി. രണ്ടുക്വിന്റൽവരെ കുരുമുളക്‌ ഉത്പാദിപ്പിച്ചപ്പോൾ കൃഷിയിൽ വിജയം കണ്ടെത്താമെന്ന ആത്മവിശ്വാസം ഈ കർഷകനിൽ വർദ്ധിച്ചു. കേരളത്തിലെ ആദ്യത്തെ കേരകർഷക കൂട്ടായ്മയായ പൊന്നിട്ടുശ്ശേരി ഫാർമേഴ്സ്‌ ക്ലബ്ബിന്റെ പ്രവർത്തനം വന്നതോടെ കേടുവന്ന തെങ്ങുകൾ വെട്ടിമാറ്റാനും പകരം കുറച്ച്‌ നല്ല തൈകൾ നട്ടുപിടിപ്പിക്കാനും സാധിച്ചു. ഇടവിളയായി പച്ചക്കറികളും കൃഷി ചെയ്തു. ജൈവവളങ്ങൾ സ്വന്തമായി ഉത്പാദിപ്പിക്കാനുള്ള ആഗ്രഹം കൊണ്ടാണ്‌ നല്ലയിനം പശുക്കളെ വാങ്ങിയത്‌. ക്രമേണ ഇടവിള കൃഷികൾ വ്യാപിച്ചു. എല്ലാവിധ കിഴങ്ങുവർഗ്ഗങ്ങളും കൃഷിചെയ്തു. ചേമ്പും ചേനയും കാച്ചിലും മരച്ചീനിയും ഹരിദാസിന്‌ കൂടുതൽ പ്രിയപ്പെട്ട കൃഷികളായി. തെങ്ങുകളുടെ എണ്ണം നിയന്ത്രിച്ചതിനാൽ ഇടവിളകൾ നന്നായി വളർന്നു. പാവലും പടവലവും, പയറും പീച്ചിലും ഇവിടെ സ്ഥിരം കൃഷികളായി. വിവിധതരം വഴുതനകളും മുളകും വരെ ആദായം തരുന്ന കൃഷികൾ. തൊഴുത്തിലെ വളങ്ങളും പച്ചിലകളും കരിയിലയും പായലും ചാരവും ഒപ്പം രാസവളങ്ങളും ഉപയോഗിച്ചാണ്‌ അന്ന്‌ കൃഷിചെയ്തിരുന്നത്‌. ഉള്ള ഭൂമിയിൽ ഒത്തിരി വിളകൾ കൃഷിചെയ്ത്‌ നേടിയ വിജയം ഹരിദാസിനും കുടുംബത്തിനും ആശ്വാസം പകർന്നിരുന്നു. ഒരു പട്ടാളക്കാരന്റെ പെൻഷൻ തുകകൊണ്ട്‌ ഭാര്യയും രണ്ട്‌ പെൺമക്കളും അമ്മയും ഉൾപ്പെട്ട കുടുംബത്തിന്‌ മുന്നോട്ടുപോകുവാൻ പ്രയാസമായിരുന്നു. കൃഷിയിലൂടെ നേടിയ വരുമാനമാണ്‌ കുടുംബം പുലർത്താനും കുട്ടികളുട വിദ്യാഭ്യാസത്തിനും സഹായിച്ചതെന്ന്‌ ഈ നാമമാത്ര കർഷകൻ സമ്മതിക്കുന്നു.
"കൃഷിപ്പണികളെല്ലാം ഞാൻ തന്നെ ചെയ്യും. ഭാര്യ പങ്കജവും സഹായിക്കും. ചെറിയ കുട്ടികളായിരുന്നപ്പോൾ തന്നെ എന്റെ രണ്ട്‌ പെൺമക്കളും എന്നെ സഹായിച്ചിരുന്നു. കുരുമുളകായിരുന്നു എനിക്ക്‌ സംതൃപ്തി നൽകിയ ആദ്യത്തെ കൃഷി. വാട്ടം വന്ന്‌ കുറെ ചെടികൾ പോയെങ്കിലും ഇപ്പോഴും അമ്പതുമരങ്ങളിൽ കുരുമുളക്‌ നന്നായിട്ടുണ്ട്‌. തെങ്ങിന്റെ കാര്യത്തിൽ ആദ്യമൊക്കെ വിചാരിച്ച നേട്ടങ്ങളുണ്ടായില്ല. ഇപ്പോൾ പുതിയ ഇനങ്ങൾ കൃഷിചെയ്തിട്ടുണ്ട്‌.നല്ല വിളവ്‌ ലഭിച്ചുതുടങ്ങുന്നുമുണ്ട്‌. പച്ചക്കറികളും, കിഴങ്ങുകൃഷിയും, വെറ്റിലയും വാഴയുമൊക്കെ ആദായം തരുന്നുണ്ട്‌. ആദ്യമൊക്കെ രാസവളങ്ങളും മരുന്നുമൊക്കെ കാര്യമായി ഉപയോഗിച്ചിട്ടുണ്ട്‌. എന്നാൽ ഇവയെല്ലാം കുറച്ച്‌ ജൈവകൃഷിയിലേയ്ക്ക്‌ വന്നു. ഇപ്പോൾ സുഭാഷ്‌ പലേക്കറുടെ സീറോ ബജറ്റ്‌ കൃഷിയും പരീക്ഷിക്കുന്നുണ്ട്‌."
ജഴ്സി ഇനത്തിൽപ്പെട്ട രണ്ടു പശുക്കൾ ഹരിദാസിന്റെ തൊഴുത്തിലുണ്ട്‌. അവയ്ക്ക്‌ നൽകാൻ ആവശ്യമായ പച്ചപ്പുല്ലിന്റെ ണല്ലോരുപങ്കും പുരയിടത്തിൽത്തന്നെ കൃഷിചെയ്തിരിക്കുന്നു. അതിരുകളിലും മതിലിനോടുചേർന്നും മികച്ചയിനം പുല്ലുകൾ തഴച്ചുവളരുന്നു. പശുത്തൊഴുത്തിലെ ചാണകവും മൂത്രവും മറ്റും ശേഖരിച്ച്‌ കമ്പോസ്റ്റ്‌ വളവും ജീവാമൃതവും തയ്യാറാക്കുന്നുണ്ട്‌. തള്ളയും പിള്ളയുമായി പതിനഞ്ചിലേറെ ആടുകളുമുണ്ട്‌. വിവിധതരം കോഴികളുടെ എണ്ണം ഇരുപതിലേറെയുണ്ട്‌. മുട്ടയിടുന്ന പന്ത്രണ്ട്‌ താറാവുകളുമുണ്ട്‌. അവയുടെ പാലും മുട്ടയും മാത്രമല്ല അവ തരുന്ന ജൈവ വളങ്ങളാണ്‌ തന്റെ ഭൂമിയെ സംരക്ഷിക്കുന്നതെന്ന്‌ ഹരിദാസ്‌ പറയുന്നു.
"ഒരു പൈസയുടെ വളം പോലും ഇന്ന്‌ ഞാൻ പുറമെ നിന്നും വാങ്ങുന്നില്ല. പറമ്പിലെ മുഴുവൻ കളച്ചെടികളും കരിയിലയും ശീമക്കൊന്നയിലയുമെല്ലാം ശേഖരിച്ച്‌ ഓരോന്നിന്റേയും ചുവട്ടിൽ വയ്ക്കും. ചാണകവും ഗോമൂത്രവും പയർപൊടിയും ശർക്കരയും ഒരുപിടിമണ്ണും ചേർത്ത്‌ ജീവാമൃതമുണ്ടാക്കി തെങ്ങിനും വാഴയ്ക്കും പച്ചക്കറികൾക്കും കുരുമുളകിനുമൊക്കെ നൽകും. പലേക്കർജി പറയുംപോലെ നാടൻ പശു ഇല്ലെന്നേയുള്ളു. ജീവാമൃതമുണ്ടാക്കാൻ ഞാൻ കൂടുതൽ ചാണകവും ഗോമൂത്രവും ഉപയോഗിക്കും."
രണ്ടുവർഷമായി ജീവാമൃതം നൽകിപ്പോരുന്ന തൈത്തെങ്ങുകളെ ചൂണ്ടിക്കാട്ടിക്കൊണ്ട്‌ ഹരിദാസ്‌ പറഞ്ഞു.
"ഡി ഃ ടി ഇനത്തിൽപ്പെട്ട തെങ്ങുകളാണ്‌. രണ്ടുവർഷമായി ജീവാമൃതം ഒഴിക്കുന്നുണ്ട്‌. അതിന്റെ ഫലം മുകളിൽ കാണാനുണ്ട്‌."
നിറകുലകളുമായി നിൽക്കുന്ന തെങ്ങുകളുടെ കീഴിൽ ഹരിദാസ്‌ എന്ന കർഷകന്‌ തികഞ്ഞ ആത്മസംതൃപ്തി.
കന്യേയുള്ള കുളത്തിൽ നിറയെ മലേഷ്യൻ വാള എന്ന മത്സ്യത്തിന്റെ മലക്കം മറിച്ചിൽ! നാലുവർഷത്തിലേറെയായത്രേ മത്സ്യകൃഷി തുടങ്ങിയിട്ട്‌. നാല്‌ സെന്റ്‌ തികച്ചില്ലാത്ത തന്റെ കുളത്തിൽനിന്നും ഓരോവർഷവും അയ്യായിരം രൂപയിൽ കുറയാത്ത വരുമാനം ലഭിക്കുന്നുണ്ട്‌. കുളത്തിലെ വെള്ളം പുരയിടത്തിലെ പുല്ലിനും പച്ചക്കറികൾക്കും നൽകുന്നതുമൂലം അവയ്ക്കെല്ലാം നല്ല വളർച്ചയും കാണാനുണ്ട്‌. കുളത്തിൽ വളരുന്ന കുടപ്പായലും ഒന്നാംതരം ജൈവവളം!.
ചെറുതെങ്കിലും തികച്ചും സംയോജിതമെന്നു പറയാവുന്ന ഈ കൃഷിത്തോട്ടത്തിൽ ഇല്ലാത്ത ഇടവിളകളൊന്നുമില്ല. എല്ലാവിധ വാഴകളും വിവിധ പ്രായത്തിലുള്ള മരച്ചീനികളും ചേമ്പും, ചേനയും, വാഴക്കാച്ചിലും, എലിവാലൻ കാച്ചിലും, ഇഞ്ചിയും, മഞ്ഞളും കുരുമുളകുമെല്ലാം നിറഞ്ഞുനിൽക്കുന്നു. കായ്ച്ച്‌ തുടങ്ങിയ ജാതികൾ, മുറ്റത്തിനലങ്കാരമായി വിളഞ്ഞുകിടക്കുന്ന പാഷൻ ഫ്രൂട്ട്‌, പൈനാപ്പിൾ, കായ്‌ ഫലങ്ങളുള്ള ഒരു ഡസൻ പപ്പായകൾ....
പപ്പായയെ സംബന്ധിച്ച ഒരു രഹസ്യം കൂടി ഹരിദാസ്‌ വെളിപ്പെടുത്തി.
"ചെനച്ച്‌ തുടങ്ങുമ്പോൾതന്നെ പപ്പായക്കായ്കൾ അടർത്തി രണ്ടായി മുറിച്ച്‌ കോഴിക്കൂട്ടിൽ വയ്ക്കും. കോഴികൾ ഓരോന്നായി അവ മുഴുവൻ കൊത്തിത്തിന്നും. നിത്യവും അവ മുട്ടയിടുന്നതിനും ഇത്‌ സഹായിക്കുന്നുണ്ട്‌."
പത്തുവർഷമായി ആടിനെ വളർത്തുന്നു. ഒരു വർഷം പ്രായമായ മുട്ടനാടിനെ വിറ്റാൽ മൂവായിരത്തിൽ കുറയാതെ വിലകിട്ടും. ആവശ്യക്കാർക്ക്‌ വളർത്താൻ ആട്ടിൻ കുട്ടികളെയും നൽകും. വീട്ടാവശ്യത്തിന്‌ പുറമെ ചോദിച്ചുവരുന്നവർക്ക്‌ ആട്ടിൻപാൽ നൽകും. പശുവിൻ പാൽ തൊട്ടടുത്തുള്ള ക്ഷീരസഹകരണസംഘത്തിലാണ്‌ നൽകുന്നത്‌. പാലിനുവില കൂട്ടിയതുമൂലം ക്ഷീരകർഷകന്‌ ആശ്വാസമുണ്ടെന്ന്‌ ഹരിദാസ്‌ പറയുന്നു. പുല്ലും മറ്റും ഉത്പ്പാദിപ്പിച്ചുനൽകുന്നവർക്ക്
‌ കൂടുതൽ നേട്ടമുണ്ടാകുമെന്നാണ്‌ ഈ കർഷകന്റെ അഭിപ്രായം.
"പശുവും കോഴിയും താറാവും ആടുമെല്ലാം തരുന്ന വളമാണ്‌ കർഷകനെ സംബന്ധിച്ച്‌ മഹാകാര്യം!. അവ വേണ്ടവണ്ണം ഉപയോഗിച്ചാൽ നേട്ടം വലുതാണ്‌."
മണ്ണിനെ അടുത്തറിയുന്ന ഈ സംയോജിത കർഷകൻ ചെലവ്‌ കുറഞ്ഞ കൃഷിമാർഗ്ഗങ്ങളിലൂടെ കുടുതൽ ആദായമുണ്ടാക്കാമെന്ന്‌ മറ്റുള്ളവരെ പറഞ്ഞുമനസ്സിലാക്കും. ജൈവ കർഷകസമിതി അംഗമായ ഹരിദാസ്‌ കർഷകയോഗങ്ങളിൽ പങ്കെടുത്ത്‌ തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കാറുണ്ട്‌. കൃഷിയുടെ നഷ്ടക്കണക്കുകളും കൃഷിയിൽ നിന്നും അഭ്യസ്തവിദ്യരടക്കം അകന്നുപോകുന്നതുമെല്ലാം എന്തുകൊണ്ട്‌ എന്നുചോദിച്ചാൽ ഹരിദാസിന്‌ മറുപടി സ്വന്തം ജീവിതാനുഭവങ്ങൾ മാത്രമാണ്‌.
"എഴുപത്‌ സെന്റിലെ കൃഷികൊണ്ടുമാത്രമാണ്‌ എന്റെ കുടുംബം പുലരുന്നത്‌. എന്റെ മക്കളെ രണ്ടുപേരേയും അത്യാവശ്യം പഠിപ്പിച്ചതും വിവാഹം കഴിച്ച്‌ അയച്ചതുമെല്ലാം കൃഷികൊണ്ടാണ്‌. മൂത്തമകളുടെ ഭർത്താവ്‌ ജവാനാണ്‌. ഇളയയാളുടെ ഭർത്താവ്‌ കേരളാപോലീസിലും. എൺപത്തിയേഴ്‌ വയസ്സായ എന്റെ അമ്മയും എന്നോടൊപ്പമുണ്ട്‌.  പേരക്കുട്ടികളും അധികസമയവും ഞങ്ങളുടെ കൂടെയുണ്ട്‌. ഞങ്ങൾ തികച്ചും ഒരു സന്തുഷ്ടകുടുംബമായി കഴിയുന്നത്‌ കൃഷിയിലെ വരുമാനവും കൃഷി നൽകുന്ന അനുഗ്രഹവും കൊണ്ടാണ്‌."
ഫോൺ നമ്പർ: 9447952885
ചിന്ത, കരിക്കാട്‌ പി. ഒ., ആലപ്പുഴ, ഫോൺ : 9496884318

17 Jun 2012

ഇവർ തെങ്ങിന്‌ ചങ്ങാതിമാർ


ടി. എസ്‌. വിശ്വൻ



അഞ്ച്‌ ചെറുപ്പക്കാർ മൂന്ന്‌ മോട്ടോർ ബൈക്കുകളിൽ ഇരുമ്പുകമ്പികളും
വളയങ്ങളും കത്തിയും കയറുമൊക്കെയായി നാൽക്കവലകൾ പിന്നിട്ടപ്പോൾ പലരും
സൂക്ഷിച്ചു നോക്കി. അക്രമികളാണോ ഇവർ എന്നും സംശയിച്ചു. പിന്നീടാണ്‌
എല്ലാവർക്കും ബോദ്ധ്യമായത്‌ ഇവർ അക്രമകാരികളല്ല, ചങ്ങാതിമാരാണ്‌,
തെങ്ങിന്റെ ചങ്ങാതിമാർ! തെങ്ങ്‌ കയറുന്ന യന്ത്രങ്ങളും മറ്റ്‌
ഉപകരണങ്ങളുമായി ഒരുമിച്ചാണിവർ കൃഷിയിടങ്ങളിലെത്തുന്നത്‌. യഥാർത്ഥത്തിൽ
തെങ്ങിന്റെ ചങ്ങാതിമാർ മാത്രമല്ല തെങ്ങുടമയുടെയും ചങ്ങാതിമാരാണിവർ!
നാളികേര വികസന ബോർഡിന്റെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടിയിൽ
പങ്കെടുത്ത്‌ പരിശീലനം നേടിയ യുവാക്കളാണ്‌ ഇവർ അഞ്ച്‌ പേരും. ചേർത്തല
താലൂക്കിന്റെ തെക്കു-പടിഞ്ഞാറൻ കടലോര ഗ്രാമമായ അർത്തുങ്കൽ പ്രദേശത്താണ്‌
ഇവരുടെ വീടുകൾ. മുപ്പതിനും നാൽപ്പതിനും മദ്ധ്യേ പ്രായമുള്ളവർ. പൊന്നപ്പൻ,
പ്രസാദ്‌, ഷാജി, ആന്റണി, പ്രദീപ്‌ എന്നിവരാണ്‌ അഞ്ചംഗ സംഘത്തിലെ അംഗങ്ങൾ.
ആരുംതന്നെ തെങ്ങെന്നല്ല ഒരു മരത്തിലും കയറി മുൻപരിചയമുള്ളവരല്ല. ഓരോ
തൊഴിലുകളിലും ഏർപ്പെട്ട്‌ കുടുംബം പുലർത്തിയവരായിരുന്നു ഈ ഐവർ സംഘം.
എങ്ങനെയാണ്‌ ഇവർ ചങ്ങാതിക്കൂട്ടം പരിശീലനത്തിനും തുടർന്ന്‌ തെങ്ങുകയറ്റം
തൊഴിലായി സ്വീകരിച്ച്‌ മുന്നോട്ട്‌ പോകാനും തയ്യാറായതെന്ന്‌ നമ്മുടെ
സമൂഹം കണ്ണ്‌ തുറന്ന്‌ കാണേണ്ടതാണ്‌.


ഈ സംഘത്തിന്റെ ലീഡർ നാൽപ്പതുകാരനായ പൊന്നപ്പനാണ്‌. വിദ്യാർത്ഥികളായ
രണ്ട്‌ മക്കളും ഭാര്യയുമടങ്ങിയ കുടുംബം പുലർത്താൻ കെട്ടിട നിർമ്മാണ
തൊഴിലിൽ ഏർപ്പെട്ട്‌ കഴിയുകയായിരുന്നു. യാദൃച്ഛികമായാണ്‌ ഒരു ദിവസം
കണിച്ചുകുളങ്ങരയിൽ വീടുപണി നടന്നുകൊണ്ടിരുന്ന പുരയിടത്തിൽ തെങ്ങു കയറ്റ
യന്ത്രങ്ങളുമായി രണ്ട്‌ പേർ എത്തിയത്‌ ഈ യുവാവ്‌ കാണുന്നത്‌. തെങ്ങിന്റെ
ഇരുവശങ്ങളിലും ഉപകരണങ്ങൾ ബന്ധിച്ച്‌ അനായാസമായി തെങ്ങിൽ കയറുന്ന കാഴ്ച
കൗതുകത്തോടെ നോക്കി നിന്നു. മുകളിൽ ചെന്ന്‌ യന്ത്രം ലോക്ക്‌ ചെയ്ത ശേഷം
പിൻ ഭാഗത്ത്‌ തൂക്കിയിട്ടിരുന്ന കത്തി എടുത്ത്‌ വിളഞ്ഞ നാളികേര കുലകൾ
കൊത്തിയിടുന്നതും, പിന്നീട്‌ മെല്ലെ യന്ത്രത്തിലൂടെ താഴേക്ക്‌ വരുന്നതും
താൽപര്യപൂർവ്വം വീക്ഷിച്ചു. നാൽപ്പതോളം തെങ്ങുകളിൽ വിളവെടുത്തതിന്‌
ലഭിച്ച പ്രതിഫലവും പൊന്നപ്പൻ കണ്ടു; ആയിരം രൂപ. ഈ തുക അവർ രണ്ടുപേരും
വീതിച്ചെടുത്തു. രണ്ട്‌ മണിക്കൂർ നേരത്തെ ജോലിയാണിവർ ചെയ്തത്‌. ഇനിയും
രണ്ട്‌ മണിക്കൂർ ജോലി ചെയ്താൽ അഞ്ഞൂറ്‌ രൂപ വീതം നേടാം. ഈ അനുഭവ
സാക്ഷ്യമാണ്‌ പൊന്നപ്പനെ ചങ്ങാതിക്കൂട്ടം പരിശീലനത്തിലേയ്ക്ക്‌
ആകൃഷ്ടനാക്കിയത്‌. ഇതിനകം മറ്റൊരു നിർമ്മാണ തൊഴിലാളിയും പൊന്നപ്പന്റെ
ആത്മ സുഹൃത്തുമായ പ്രസാദും തെങ്ങുകയറ്റ പരിശീലനത്തിന്‌ താൽപര്യമെടുത്ത്‌
മുന്നോട്ടുവന്നു. മേസ്തിരി ജോലിക്ക്‌ നാട്ടിൽ പ്രിയമാണെങ്കിലും
മുപ്പത്തിയാറുകാരനായ പ്രസാദിന്‌ ഇഷ്ടം പുതിയ ഒരു തൊഴിൽ
അഭ്യസിക്കുന്നതിന്റെ ?'ത്രിൽ' ആയിരുന്നു.

       ആലപ്പുഴ ജില്ലയിൽ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടി സംഘടിപ്പിച്ച കലവൂർ
സർവ്വോദയപുരം സോഷ്യോ ഇക്കണോമിക്ക്‌ യൂണിറ്റിലാണ്‌ പ്രസാദും പൊന്നപ്പനും
രണ്ടും മൂന്നും ബാച്ചുകളിലായി പരിശീലനം നേടിയത്‌. പരിശീലനത്തിൽ
സ്ത്രീകളടക്കം ഇരുപതും മുപ്പതും പേർ ഒത്തുചേർന്ന്‌ ഒരാഴ്ചക്കാലം
പിന്നിട്ടതും ഒരു പുത്തൻ അനുഭവമായിരുന്നു. തെങ്ങിന്റെ കീട രോഗങ്ങൾ
തിരിച്ചറിയുന്നതും മരുന്ന്‌ ചെയ്യുന്നതും മാത്രമല്ല പ്രാഥമിക ആരോഗ്യ
സംരക്ഷണം, സാമ്പത്തിക ആസുത്രണം, യോഗാഭ്യാസം തുടങ്ങിയ ക്ലാസ്സുകളും ഈ
യുവാക്കളിൽ ഉണർവ്വ്വ്‌ പകർന്നു. പരിശീലനം പൂർത്തിയായ ശേഷം പൊന്നപ്പന്റെ
വീട്ടിലിരുന്ന്‌ ഇരുവരും പുതിയ തൊഴിലിലേയ്ക്ക്‌ പ്രവേശിക്കുവാൻ
തീരുമാനിച്ചു. ഇന്നലെ വരെ ചെയ്ത തൊഴിൽ മേഖലയിൽ ആളുകൾ ഏറെയുണ്ടാവും. പക്ഷെ
തെങ്ങിലെ വിളവെടുക്കാനും തെങ്ങിനെ സംരക്ഷിക്കുവാനുമാണ്‌ ഇന്ന്‌
ആളില്ലാത്തത്‌. ദിവസേന ആയിരം രൂപ സമ്പാദിക്കാൻ കഴിയുന്ന മറ്റൊരു തൊഴിലും
തങ്ങളുടെ മുമ്പിലില്ലെന്നും അവർ തിരിച്ചറിഞ്ഞു.


പുതിയ യന്ത്രവുമായി പ്രസാദും പൊന്നപ്പനും ചുറ്റുവട്ടത്തെ തെങ്ങുടമകളെ
സമീപിച്ച്‌ തെങ്ങുകൾ കയറി തുടങ്ങി. കുടുംബാംഗങ്ങൾക്കും ഇത്‌ കണ്ട്‌
അത്ഭുതമായി. ഒരു മരത്തിൽ പോലും കയറി വശമില്ലാത്തവർ ഇരുപതടിക്കു മേൽ
ഉയരമുള്ള തെങ്ങിൽ കയറി തേങ്ങ ചെത്തി ഇടുമ്പോൾ പലരും ശ്വാസം
അടക്കിപ്പിടിച്ചാണ്‌ നിന്നത്‌. അടുത്ത ദിവസങ്ങളിൽ നാട്ടുകാരായ തെങ്ങുടമകൾ
ഇവരെ സമീപിച്ച്‌ തുടങ്ങി. അഞ്ചും, പത്തും, അമ്പതും അതിനുമേലും
തെങ്ങുള്ളവർക്കെല്ലാം ഇവരുടെ സേവനം അത്യാവശ്യമായി തോന്നി.
ആവശ്യപ്പെടുന്നിടത്തെല്ലാം ചെന്നെത്താനുള്ള വിഷമവും ഇവർ നേരിട്ടു.
അപ്പോഴേക്കും പൊന്നപ്പന്റെ വീടുനു ചുറ്റുമുള്ള യുവാക്കളായ ഷാജിയും,
ആന്റണിയും, പ്രദീപും തെങ്ങുകയറ്റം പരിശീലിപ്പിക്കുന്ന ക്ലാസ്സിൽ പോകാൻ
തയ്യാറായി മുന്നോട്ടുവന്നു. നാളികേര ബോർഡും പരിശീലന കേന്ദ്രവുമായി
ബന്ധപ്പെട്ട്‌ മൂവരും പരിശീലനത്തിൽ പങ്കാളികളായി. ഷാജിയ്ക്ക്‌ തൊഴിൽ
സൈക്കിൾ റിപ്പയറിംഗ്‌ ആയിരുന്നു. രാത്രി ഇരുളും വരെ ജോലി ചെയ്താൽ ഒരു
ദിവസം ഇരുന്നൂറോ മുന്നൂറോ രൂപ ലഭിക്കും. കേര ചങ്ങാതിയായതോടെ ഭേദപ്പെട്ട
ഒരു വരുമാനം കൈവന്നു. സൗകര്യം കിട്ടിയാൽ വീട്ടിലിരുന്ന്‌ സൈക്കിൾ
റിപ്പയറിംഗും നടത്തും.


ആന്റണി കടലിൽ പോകുന്ന ഒരു മത്സ്യത്തൊഴിലാളി ആയിരുന്നു. എല്ലാ ദിവസവും
ജോലി ഉണ്ടാവില്ല. പോകുന്ന ദിവസങ്ങളിൽ ആയിരം രൂപ വരെ ലഭിച്ചിരുന്നു.
ചങ്ങാതിക്കൂട്ടം അംഗമായതോടെ എല്ലാ ദിവസവും വരുമാനമുണ്ടായി. കാറ്റും
കോളുമൊന്നും ഭയക്കേണ്ട. കൂടുതൽ സുരക്ഷിതത്വത്തിന്‌ യന്ത്രവും ദേഹവുമായി
ബെൽറ്റിട്ട്‌ ഉറപ്പിച്ചാണ്‌ ആന്റണി തെങ്ങിൽ കയറുന്നത്‌. സംഘത്തിലെ
ജൂനിയറായ പ്രദീപിന്‌ പ്രായം മുപ്പത്‌. പ്ലസ്‌ ടു വിദ്യാഭ്യാസം
നേടിയിട്ടുണ്ട്‌. പി. എസ്‌. സി. പരീക്ഷകൾ എഴുതി സർക്കാർ ജോലി
പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ചങ്ങാതിക്കൂട്ടം പരിശീലനം കഴിഞ്ഞതോടെ
സംഘാംഗമായി പ്രവർത്തിക്കുന്നു. ഇതിനകം ആയിരത്തോളം തെങ്ങുകളിൽ
കയറിയിട്ടുള്ള പ്രദീപിന്‌ ലഭിച്ച വരുമാനം കണക്കുകൂട്ടുമ്പോൾ തികഞ്ഞ
സംതൃപ്തി. ജോലി കിട്ടിയാലും ഒരു ഉപതൊഴിലായി       ചങ്ങാതിക്കൂട്ടത്തിൽ
ഉണ്ടാകുമെന്നും ഈ യുവാവ്‌ പറയുന്നു.


അഞ്ച്‌ പേരടങ്ങുന്ന നിങ്ങളുടെ ചങ്ങാതിക്കൂട്ടത്തിന്‌ ദിവസേന ജോലി
ലഭിക്കുന്നുണ്ടോ? തൊഴിൽ ഇല്ലാത്ത ദിവസങ്ങളും ഉണ്ടാകാറില്ലേ?
ജനുവരി മാസം മുതലാണ്‌ ഞാനും പ്രസാദും യന്ത്രമുപയോഗിച്ച്‌   തെങ്ങുകയറ്റം
തുടങ്ങുന്നത്‌. ഒരു പുരയിടത്തിൽ ജോലി ചെയ്യുമ്പോൾ തൊട്ടടുത്ത വീട്ടിലെ
ആള്‌ വന്ന്‌ ആവശ്യപ്പെടും. ഓരോ ദിവസവും കഴിയുന്തോറും ഞങ്ങളെ തേടി
വരുന്നവരുടെ എണ്ണം കൂടി. എല്ലാ സ്ഥലത്തും കൃത്യ സമയത്തു ചെല്ലാൻ പറ്റാത്ത
അവസ്ഥയായി. അപ്പോഴാണ്‌ മറ്റ്‌ മൂന്നു പേർ കൂടി പരിശീലിച്ച്‌ വന്നത്‌.
ഇപ്പോഴും ദിവസവും ഞങ്ങൾക്ക്‌ പണിയുണ്ട്‌. മഴ, കല്യാണം, മരണം, വീട്ടു
ചടങ്ങുകൾ, പണിമുടക്ക്‌ ഒക്കെ വരുമ്പോൾ മാത്രം മുടങ്ങും. അപ്പോൾ
ഞായറാഴ്ചയും പണിചെയ്ത്‌ ആവശ്യക്കാരെ പരമാവധി സഹായിക്കും.
ഒരു തെങ്ങിൽ യന്ത്രം ഉപയോഗിച്ച്‌ വിളവെടുക്കുന്നതിന്റെ പ്രതിഫലം
എങ്ങനെയാണ്‌ നിശ്ചയിക്കുന്നത്‌. കർഷകരുമായി വിലപേശൽ നടക്കാറുണ്ടോ?
തെങ്ങോന്നിന്‌ ഇരുപത്തഞ്ച്‌ രൂപയാണ്‌ ഫീസ്‌. കൂടുതൽ തെങ്ങുള്ള സ്ഥലത്ത്‌
അൽപം കുറവും വാങ്ങാറുണ്ട്‌. ഇപ്പോൾ ഇരുപത്തഞ്ച്‌ രൂപ കൂലി തരാൻ
കർഷകർക്ക്‌ ഒരു മടിയുമില്ല. മുകളിൽ കയറി രോഗം     വന്ന ഭാഗങ്ങൾ നീക്കം
ചെയ്യുന്നതിനും മരുന്ന്‌ ചെയ്യുന്നതിനുമൊക്കെ ഫീസ്‌ അധികം വാങ്ങും.
മരുന്ന്‌ തെങ്ങുടമകൾ തന്നെ വാങ്ങിത്തരണം.
സമൂഹം എങ്ങനെയാണ്‌ ചങ്ങാതിക്കൂട്ടത്തെ കാണുന്നത്‌?
ഇപ്പോൾ കൃത്യമായി രണ്ടാം മാസം തേങ്ങ ഇടാൻ ചെല്ലുമ്പോൾ സന്തോഷത്തോടെയാണ്‌
വീട്ടുകാർ ഞങ്ങളെ സ്വീകരിക്കുന്നത്‌. മുമ്പ്‌ ആറും എട്ടും മാസം
കഴിഞ്ഞാണ്‌ ഒരിടീൽ. ചങ്ങാതിക്കൂട്ടത്തിൽ പ്രവർത്തിക്കുന്നതുമൂലം
ഞങ്ങൾക്ക്‌ അഭിമാനമുണ്ട്‌. ഒരാൾക്കേ നേരത്തെ ബൈക്ക്‌ ഉണ്ടായിരുന്നുള്ളൂ.
ചങ്ങാതിക്കൂട്ടത്തിൽ പ്രവർത്തിച്ചുതുടങ്ങിയ ശേഷം രണ്ട്‌ പേർ കൂടി
സെക്കന്റ്‌ ഹാൻഡ്‌ ബൈക്കുകൾ വാങ്ങി. എവിടെയായാലും ഞങ്ങൾക്ക്‌ ഇപ്പോൾ
ചെന്നെത്താൻ പ്രയാസമില്ല. മൊബെയിൽ ഫോണിൽ വിളിച്ചാൽ മതി ആ സ്ഥലത്ത്‌ ഞങ്ങൾ
എത്തിച്ചേരും.

തൊഴിലുമായി ബന്ധപ്പെട്ട്‌ എന്തെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ടോ?
ഞങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന യന്ത്രത്തിന്‌ കേട്‌ പറ്റിയാൽ
നന്നാക്കാനും പകരം ഒരു യന്ത്രം ലഭിക്കാനും ഒരു വഴിയുമില്ല. ദിവസവും
ഉപയോഗിക്കുന്നതുമൂലം യന്ത്രത്തിന്‌ കേടു വരും. കമ്പിയും ബെൽറ്റുമെല്ലാം
ഇളകിവരും. ഈ തൊഴിലിൽ ഏർപ്പെടുന്നവർക്ക്‌ സബ്സിഡിയായിട്ടാണെങ്കിലും പുതിയ
യന്ത്രം കിട്ടാൻ സഹായിക്കണം. പിന്നെ കടന്നലിന്റെ കുത്ത്‌, തേനീച്ച ശല്യം,
കീടനാശിനി മൂലമുള്ള ദോഷങ്ങൾ ഇവയ്ക്കൊക്കെ വൈദ്യ സഹായവും, ഇൻഷുറൻസ്‌
പരിരക്ഷയും ലഭിക്കണം.


ജീവിക്കാൻ ഏതു തൊഴിലും മാന്യമെന്ന്‌ കരുതുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ
ജീവിതാനുഭവങ്ങളാണ്‌ മുകളിൽ വിവരിച്ചതു. പരമ്പരാഗത തൊഴിലാളികൾ പോലും
തെങ്ങു കയറ്റം ഉപേക്ഷിച്ചു വരുന്ന സ്ഥിതിയാണ്‌ ഇന്ന്‌. ഇത്‌ മാന്യത
കുറഞ്ഞ തൊഴിലായി വിചാരിക്കുന്നവരും ധാരാളമുണ്ട്‌. സാധാരണ ഗതിയിൽ
കായ്ഫലമുള്ള ഒരു തെങ്ങിൽ എട്ടു തവണ വരെ വിളവെടുക്കാൻ കയറാം.
കോടിക്കണക്കിന്‌ തെങ്ങുകളുള്ള കേരളത്തിൽ ഈ മേഖലയിൽ ഉണ്ടാകാവുന്ന
തൊഴിലവസരങ്ങൾ എത്രയോ വമ്പിച്ചതാണ്‌! മിടുക്കന്മാരായ നമ്മുടെ യുവാക്കൾ
മനസ്സു വെച്ചാൽ ഇപ്പോൾ ഉള്ളതും കൂടുതൽ സൗകര്യങ്ങളോടെ ഭാവിയിൽ
ഉണ്ടാകാവുന്നതുമായ ഉപകരണങ്ങളുടെ സഹായത്തോടെ നാളികേരത്തിന്റെ സംരക്ഷകരായി
മാറാം. പ്രധാന നാണ്യവിളയായ തെങ്ങിൽ നിന്നും സാമ്പത്തിക വികസനത്തിന്റെ
പുതിയ അദ്ധ്യായങ്ങൾ തുറക്കാം. തെങ്ങിനെ സംബന്ധിച്ചിടത്തോളം വിളവെടുപ്പ്‌
ഏറ്റവും പ്രധാന വിഷയമാണ്‌. വിളവെടുപ്പിന്‌ മുമ്പും പിമ്പുമുള്ള
പ്രവർത്തനങ്ങൾ നിലത്തുനിന്നും നിർവ്വഹിക്കാം. യഥാസമയങ്ങളിൽ
വിളവെടുത്തെങ്കിൽ മാത്രമേ അവയുടെ മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ സാദ്ധ്യത
തെളിയൂ. ഇളനീരും, കയറും, കൊപ്രയും, വെളിച്ചെണ്ണയും, ചിപ്സും, പാനീയവും
തുടങ്ങി ഒട്ടേറെ വർദ്ധിത മൂല്യങ്ങൾക്ക്‌ വഴിയൊരുക്കാനും വേണ്ടത്‌ ഇത്തരം
ചങ്ങാതിക്കൂട്ടങ്ങളുടെ ആത്മാർത്ഥമായ പ്രവർത്തനം കൂടിയാണ്‌.

ചങ്ങാതിക്കൂട്ടം അംഗങ്ങളുടെ ഫോൺ നമ്പറുകൾ, പൊന്നപ്പൻ:9645029698,
പ്രസാദ്‌: 9048602922, ഷാജി: 9048124092, ആന്റണി സിൽവസ്റ്റർ :9249385566,
പ്രദീപ്‌: 9048855023.

18 Mar 2012

മണലാരണ്യത്തിലെ കുറിയ തെൽങ്ങിനൽങ്ങളുടെ വിജയഗാഥ


ടി. എസ്‌. വിശ്വൻ

ഏതു മണ്ണിലും തഴച്ചുവളരാനും ഫലം തരാനും കഴിവുള്ള ഒരു ഫല വൃക്ഷമാണല്ലോ
തെങ്ങ്‌. ചൊരിമണൽ പ്രദേശത്തും കൃത്യമായ ജലസേചനവും കാര്യക്ഷമമായ വള
പ്രയോഗവും കൊണ്ട്‌ നല്ല വളർച്ചയും ഫല സമൃദ്ധിയും തെങ്ങു കൃഷിയിൽ നിന്നു
നേടാം. വിശേഷിച്ച്‌ കുറിയ ഇനങ്ങളും സങ്കര ഇനങ്ങളും കൃഷി ചെയ്യുമ്പോൾ
കൂടുതൽ അദ്ധ്വാനവും സംരക്ഷണവും കൂടിയേ തീരു. ആലപ്പുഴ ജില്ലയിലെ ചൊരിമണൽ
ഗ്രാമങ്ങളിലൊന്നായ മുഹമ്മ പഞ്ചായത്തിൽ തോട്ടത്തുശ്ശേരി ശാന്തപ്പൻ തന്റെ
40 സെന്റ്‌ ഭൂമിയിൽ കുറിയ ഇനങ്ങളും സങ്കര ഇനങ്ങളും മാത്രം കൃഷി ചെയ്ത്‌
മികച്ച വിളവ്‌ നേടുന്നത്‌ കുടുംബത്തിന്റെ കൂട്ടായ്മയും കഠിന പ്രയത്നവും
കൊണ്ടാണ്‌. മണലാരണ്യത്തിൽ കുറിയ തെങ്ങിനങ്ങളായ ഗൗരിഗാത്രം, മലയൻമഞ്ഞ,
മലയൻപച്ച, ഡി ഃ ടി തുടങ്ങിയവ പരീക്ഷിച്ച്‌ ഒരു കാർഷിക വിജയഗാഥ തന്നെ
രചിച്ച ശാന്തപ്പനെ ഇക്കഴിഞ്ഞ കർഷക ദിനത്തിൽ ഗ്രാമപഞ്ചായത്തും കൃഷി ഭവനും
ചേർന്ന്‌ ആദരിക്കുകയും ചെയ്തു.

ഇതിനകം ശാന്തപ്പന്റെ മാതൃകാപരമായ തെങ്ങു കൃഷി പ്രശസ്തിയിലേയ്ക്ക്‌
ഉയർന്നു കഴിഞ്ഞു. വിനോദ സഞ്ചാര വകുപ്പിൽ ജോലി ചെയ്യുന്ന ശാന്തപ്പന്‌
സ്വന്തം തെങ്ങിൻ തോട്ടത്തിലെ ഇളനീര്‌ തന്നെ ആലപ്പുഴയിൽ നടന്ന നെഹ്‌റു
ട്രോഫി ജലോത്സവത്തിന്‌ മുഖ്യാതിഥിയായിരുന്ന രാഷ്ട്രപതി ശ്രീമതി പ്രതിഭാ
പാട്ടീലിനും വിശിഷ്ടാതിഥികൾക്കും എത്തിച്ചു കൊടുക്കുവാൻ അവസരമുണ്ടായി.
നിലത്ത്‌ നിന്ന്‌ വിളവെടുത്തു തുടങ്ങിയ ഈ കുറിയ ഇനങ്ങളിൽ നിന്ന്‌ ഇപ്പോൾ
ആറടിയും എട്ടടിയും ഉയരത്തിൽ നാളികേരമടർത്താൻ സാധിക്കും. ആദ്യമൊക്കെ ജൈവ
വളവും രാസവളവുമുപയോഗിച്ചാണ്‌ കൃഷി ചെയ്തതെങ്കിലും ഇപ്പോൾ പൂർണ്ണമായും
ജൈവകൃഷിയാണ്‌ സ്വീകരിക്കുന്നത്‌. ജൈവ കൃഷി എന്നാൽ സുഭാഷ്‌ പലേക്കരുടെ
പ്രകൃതി സൗഹൃദ കൃഷി അഥവാ സീറോ ബജറ്റ്‌ ഫാമിംഗ്‌. അതിനായി ഒരു നാടൻ
പശുവിനേയും ശാന്തപ്പൻ സ്വന്തമാക്കി. ഈ നാടൻ പശുവും പ്രസവിച്ച്‌ അതിന്റെ
കിടാവും കൃഷിയിടത്തിന്‌ മുതൽക്കൂട്ടായി!

കാർഷിക ഫീച്ചറുകളിൽ വന്നതോടെ ശാന്തപ്പന്റെ കൃഷിയിടം സന്ദർശിക്കാനും
വിത്തുതേങ്ങ സംഭരിക്കാനും കർഷകർ ധാരാളം പേർ എത്തുന്നുണ്ട്‌. മികച്ച വിളവു
തരുന്ന കുറിയ ഇനങ്ങളുടെ വിത്തുതേങ്ങ ശേഖരിച്ച്‌ തൈകളാക്കി വിൽപ്പന
നടത്താനും ശ്രമങ്ങളാരംഭിച്ചുണ്ട്‌.
തെങ്ങു കൃഷി മാത്രമല്ല ആവശ്യത്തിന്‌ പച്ചക്കറികളും ഇടവിളകളായി കൃഷി
ചെയ്യുന്നു. പാവൽ, പടവലം, പയർ, തക്കാളി, മുളക്‌, ചീര തുടങ്ങിയവ നല്ല
വിളവ്‌ ലഭിക്കുന്ന നിലയിൽ കൃഷി ചെയ്തിട്ടുണ്ട്‌. ചേന, ചേമ്പ്‌, കാച്ചിൽ
തുടങ്ങിയ കിഴങ്ങ്‌ വർഗ്ഗ വിളകളും ഈ തെങ്ങിൻ തോപ്പിലെ ഇടവിളകളാണ്‌.
പൂർണ്ണമായും ജൈവകൃഷിയായതോടെ ശാന്തപ്പന്റെ കൃഷിയിടത്തിൽ നിന്ന്‌
പച്ചക്കറികൾ വിലയ്ക്ക്‌ വാങ്ങാൻ എത്തുന്നവരും കുറവല്ല. നാടൻ പശുവിന്റെ
ചാണകമുപയോഗിച്ച്‌ ബീജാമൃതവും, ജീവാമൃതവും തയ്യാറാക്കി വിളകളെ
സംരക്ഷിക്കുന്നു. തെങ്ങിന്‌ മാസന്തോറും ജീവാമൃതം നൽകും. തടത്തിൽ
മുടങ്ങാതെ പുത (​‍ാ​‍ൗഹരവശിഴ) വിരിക്കാനും ശ്രദ്ധിക്കുന്നു. കൃഷി
കാര്യങ്ങൾക്ക്‌ വീഴ്ച വരുത്താതെ സഹായിക്കാൻ ഭാര്യ ഷൈലമ്മ ഒപ്പമുണ്ട്‌.
എട്ടാം ക്ലാസ്സ്കാരി ശരണ്യയും നാടൻ പശുവിനെ സംരക്ഷിക്കാനും കോഴിയുടെയും
താറാവിന്റെയും കാര്യങ്ങൾ നോക്കാനും സഹായിക്കുന്നുണ്ട്‌.

     കുറിയ ഇനങ്ങളും സങ്കര ഇനങ്ങളും മാത്രം കൃഷി ചെയ്യാൻ പ്രത്യേകിച്ച്‌
എന്താണ്‌ കാരണം?
ഈ നാൽപ്പത്‌ സെന്റ്‌ സ്ഥലം ഞാൻ വാങ്ങിയതാണ്‌. വെളിമ്പ്രദേശം പോലെ മറ്റു
വിളകൾ ഒന്നുമില്ലാതെ കിടക്കുകയായിരുന്നു. അൽപ സ്വൽപം നിലം നികന്ന ഭാഗവും
ഉണ്ടായിരുന്നു. പുതുതായി തെങ്ങ്‌ നടുന്നതിനെപ്പറ്റി തീരുമാനിച്ചപ്പോൾ
മനസ്സിലുണ്ടായത്‌ കരിക്കിന്‌ പറ്റിയ ഇനങ്ങൾ വേണമെന്നായിരുന്നു. ടൂറിസം
ഡിപ്പാർട്ട്‌മന്റിലെ ജോലിക്കിടയിൽ കരിക്കിന്റെ വാങ്ങലും കൊടുക്കലുമായി
ധാരാളം ബന്ധപ്പെട്ടിട്ടുണ്ട്‌. കരിക്ക്‌ ലഭിക്കുന്നതിനുള്ള
ബുദ്ധിമുട്ടുകൾ അറിഞ്ഞിട്ടുണ്ട്‌. കരിക്കിന്‌ പറ്റിയ മലയൻമഞ്ഞ, മലയൻപച്ച,
ഗൗരിഗാത്രം, പതിനെട്ടാംപട്ട      തുടങ്ങിയ ഇനങ്ങൾ കലവൂരുള്ള നഴ്സറിയിൽ നിന്നു
വാങ്ങി കൃഷി ചെയ്തു.

    നല്ല തൈകൾ തന്നെ ലഭിക്കുന്നതിനും നന്നായി സംരക്ഷിക്കുന്നതിനുമൊക്കെ
ശാന്തപ്പന്‌ സാധിച്ചിട്ടുണ്ട്‌. അതെക്കുറിച്ച്‌ താങ്കൾക്ക്‌
പറയാനുള്ളത്‌?
പന്ത്രണ്ട്‌ വർഷം മുമ്പാണ്‌ ഞാൻ ആദ്യമായി കുറിയ ഇനങ്ങൾ നട്ടു
പിടിപ്പിക്കുന്നത്‌. നാളികേര ബോർഡിന്റെ നേര്യ മംഗലത്തുള്ള ഫാമിൽ നിന്നും
കുറിയ ഇനങ്ങളുടെ വിത്തുതേങ്ങ കൊണ്ടുവന്നു പാകുന്ന നഴ്സറി കലവൂർ ഉള്ളതായി
അറിഞ്ഞു. നാളികേര ബോർഡിന്റെ അംഗീകാരമുള്ള വർഗ്ഗീസ്‌ സാറിന്റെ നഴ്സറിയിൽ
നിന്നാണ്‌ മലയൻ ഇനങ്ങളും, ചാവക്കാടൻ ഇനങ്ങളുമെല്ലാം വാങ്ങി കൃഷി
ചെയ്തത്‌. അദ്ദേഹത്തിന്റെ ഉപദേശങ്ങളും നിർദ്ദേശങ്ങളും അനുസരിച്ചാണ്‌ കൃഷി
ചെയ്തത്‌. ചാണകവും, പച്ചിലയും, ചാരവും നന്നായി ഉപയോഗിച്ചു.
രാസവളത്തോടൊപ്പം വേപ്പിൻ പിണ്ണാക്ക്‌, എല്ലുപൊടി തുടങ്ങിയ വളങ്ങളും
ഉപയോഗിച്ചു. വേനൽ ആരംഭിക്കുമ്പോൾ തന്നെ നന തുടങ്ങും. നട്ട്‌ രണ്ടര വർഷം
കഴിഞ്ഞപ്പോൾ കുലച്ചു തുടങ്ങി. അക്കാലത്ത്‌ ഈ വെളിമ്പ്രദേശത്ത്‌ നിലംപറ്റെ
നാളികേരക്കുല ഇരിക്കുന്നത്‌ വഴിയാത്രക്കാർ നോക്കി നിൽക്കുമായിരുന്നു.

       ഇപ്പോൾ ശാന്തപ്പന്റെ കൃഷിയിടത്തിൽ ഉയരം കുറഞ്ഞതും കായ്ഫലം ഉള്ളതുമായ 28
തെങ്ങുകൾ ഉണ്ട്‌. മലയൻ മഞ്ഞ - 10 എണ്ണം, മലയൻ പച്ച - 4 എണ്ണം, ഗൗരിഗാത്രം
- 6 എണ്ണം, പതിനെട്ടാംപട്ട - 4 എണ്ണം, ഡി ഃ ടി - 2 എണ്ണം, നാടൻ - 2 എണ്ണം
- ഇപ്രകാരമാണ്‌ തെങ്ങുകൾ ഉള്ളത്‌. കുറിയ ഇനങ്ങളുടെ വിത്തുതേങ്ങ പാകി
നട്ടുപിടിപ്പിച്ചതിലൊരെണ്ണം മൂന്ന്‌ വർഷത്തിനകം കുലച്ചതിന്റെ സന്തോഷവും
ശാന്തപ്പൻ പങ്കുവെച്ചു.വിത്തുതേങ്ങ സംഭരിക്കാൻ തുടങ്ങിയതോടെ കരിക്ക്‌
വിപണനം നിയന്ത്രിച്ചു. ജനുവരി മുതൽ ഏപ്രിൽ വരെ വിളഞ്ഞ നാളികേരം
ശേഖരിച്ച്‌ പാകുന്നതിന്‌ ഉപയോഗിക്കും.

   കുറിയ ഇനങ്ങൾ കൃഷി ചെയ്ത്തതിലൂടെ ശാന്തപ്പനുണ്ടായ നേട്ടങ്ങൾ പറയാമോ?
നേട്ടങ്ങളെപ്പറ്റിയേ പറയാനുള്ളു. ഒന്നാമത്‌ വിളവെടുപ്പിന്‌
പ്രയാസങ്ങളില്ല. എന്റെ ഭാര്യയ്ക്കോ മകൾക്കോ വീട്ടാവശ്യത്തിന്‌ തേങ്ങയോ
കരിക്കോ അടർത്തിയെടുക്കാൻ ആരെയും ആശ്രയിക്കേണ്ട. കരിക്ക്‌ തേടി വരുന്ന
കച്ചവടക്കാർക്ക്‌ ഞാൻ തന്നെ ശേഖരിച്ച്‌ നൽകും. കുറിയ ഇനങ്ങളുടെയെല്ലാം
തേങ്ങ വീട്ടാവശ്യത്തിന്‌ ഉപയോഗിക്കുന്നുണ്ട്‌. നാടൻ പശുവിന്റെ ചാണകവും
പ്രകൃതി സൗഹൃദ കൃഷിയുമായപ്പോൾ തേങ്ങയുടെ സ്വാദ്‌ വർദ്ധിച്ചിട്ടുണ്ട്‌.
എണ്ണയുടെ അംശം കൂടിയിരിക്കുമെന്നാണ്‌ തോന്നുന്നത്‌.

    പ്രകൃതി സൗഹൃദ കൃഷിയിലേയ്ക്ക്‌ പ്രവേശിക്കാൻ ഇടയായത്‌ എങ്ങനെ?
മാരാരിക്കുളത്ത്‌ രണ്ട്‌ വർഷം മുമ്പാണ്‌ പലേക്കർജിയുടെ ഒരാഴ്ചത്തെ
ക്ലാസ്സിന്‌ പോയത്‌. ഞാൻ അവധിയെടുത്താണ്‌ ക്ലാസ്സിൽ പങ്കെടുത്തത്‌.
എസ്‌.എൽ.പുരം ഗാന്ധി സ്മാരക സേവാ കേന്ദ്രമാണ്‌ അത്‌ നടത്തിയത്‌.
പലേക്കർജി ഒരു ദിവസം തെങ്ങുകൃഷി മാത്രം വിശദീകരിച്ചതു ഞാൻ ഏറെ
ഉൾക്കൊണ്ടു. ജീവാമൃതവും, ബീജാമൃതവും ജൈവകീടനാശിനിയുമൊക്കെ തയ്യാറാക്കാൻ
പഠിച്ചു. ഒരു മാസത്തിനുള്ളിൽ ഞാൻ ഒരു നാടൻ പശുവിനെ വാങ്ങി. ഭാഗ്യത്തിന്‌
അവൾ പ്രസവിച്ചു; പശുക്കുട്ടി തന്നെ.

    തെങ്ങിന്റെ കീടബാധയും രോഗവുമൊക്കെ എങ്ങനെ നേരിടും?
ഓരോ തെങ്ങും ദിവസവും ഞാൻ ശ്രദ്ധിക്കും. കൃഷി ഭവനിൽനിന്നുള്ള
നിർദ്ദേശമനുസരിച്ച്‌ മരുന്നുകൾ ഉപയോഗിച്ചു. ഇപ്പോൾ
വേപ്പെണ്ണ-വെളുത്തുള്ളി-സോപ്പ്‌ ലായനി തയ്യാറാക്കി കൂമ്പിലും കവിളിലും
ഒഴിക്കും. എന്നാലും എന്റെ രണ്ട്‌ തെങ്ങുകൾ ചെമ്പൻ ചെല്ലി നശിപ്പിച്ചു.
ജൈവകൃഷിയായതോടെ കൂമ്പുചീയലും മറ്റും അൽപം കുറഞ്ഞിട്ടുണ്ട്‌. വിളവൽപം
കുറഞ്ഞാലും മണ്ണ്‌ നന്നാവും. ഇടവിള കൃഷിക്കും ഗുണമാണ്‌.

     കൃഷിയിൽ സംതൃപ്തനാണോ, പ്രത്യേകിച്ച്‌ കുറിയ ഇനം തെങ്ങുകൾ മാത്രം
തെരഞ്ഞെടുത്ത്‌ കൃഷി ചെയ്ത്തതിൽ?
തികഞ്ഞ സംതൃപ്തിയാണ്‌ എനിക്കും എന്റെ കുടുംബത്തിനും. അഭിമാനവും ഉണ്ട്‌.
പുന്നമട കായലിലെ ജലോത്സവത്തിന്‌ രാഷ്ട്രപതിയും മറ്റും വന്നപ്പോൾ ഈ
തെങ്ങുകളിൽ നിന്നാണ്‌ ഇരുന്നൂറ്‌ കരിക്ക്‌ ശേഖരിച്ച്‌ കൊണ്ടുപോയത്‌.
കണ്ണൂരിൽ നിന്ന്‌ വന്ന ഒരു കർഷകൻ പത്ത്‌ വിത്തു തേങ്ങ ഇവിടെ നിന്നും
വാങ്ങി പാക്ക്‌ ചെയ്ത്‌ കൊണ്ടുപോകുമ്പോൾ എനിക്കുണ്ടായ വികാരം
പറഞ്ഞറിയിക്കാനായില്ല! പല സ്ഥലത്തു നിന്ന്‌ പഠിക്കാനും കാണാനും കർഷകർ
എന്റെ ഈ ചെറിയ കൃഷി തോട്ടത്തിൽ വരുന്നതു തന്നെ ഏറ്റവും വലിയ സംതൃപ്തി!

       തെങ്ങ്‌ മാത്രമല്ല, പച്ചക്കറികളും മറ്റ്‌ വിളവുകളുമെല്ലാം ജൈവകൃഷി
രീതികൾ അവലംബിച്ച്‌ സംരക്ഷിക്കുകയാണ്‌ ശാന്തപ്പൻ. സ്വന്തമായൊരു ജോലി
ഉണ്ടായിട്ടും. ഒഴിവു സമയങ്ങൾ പൂർണ്ണമായും ഈ നാൽപ്പത്തിയേഴുകാരൻ തന്റെ
കൃഷിയിടത്തിന്‌ സമർപ്പിക്കുന്നു. വീട്ടമ്മയായ ഭാര്യയും എട്ടാം
ക്ലാസ്സ്കാരിയായ മകളും ഇളയ മകൻ വരെ പൂർണ്ണ മനസ്സോടെ ഇന്ന്‌ ഈ
കൃഷിയിടത്തിന്റെ സംരക്ഷകരാണ്‌. അതിന്റെ ഫലമാണ്‌ ഈ മണലാരണ്യത്തിൽ
അത്ഭുതക്കാഴ്ചയായി അമൃത കുംഭ നിരകളും ഹരിത സമൃദ്ധിയും!
ചിന്ത, കരിക്കാട്‌ പി.ഒ., തണ്ണീർമുക്കം, ചേർത്തല.
മൊബെയിൽ : 9496884318

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...